Category: VelichamRamadan2025
വെളിച്ചം റമദാൻ 2026 –ഡേ- 16 (മാർച്ച് 08)
സൂറത്തു യാസീൻ
സൂറത്തു യാസീൻ – വിശദീകരണങ്ങൾ
വെളിച്ചം റമദാൻ 2026 –ഡേ- 15 (മാർച്ച് 07)
സൂറത്തു ഫാത്വിർ
സൂറത്തു ഫാത്വിര് – വിശദീകരണങ്ങൾ
വെളിച്ചം റമദാൻ 2026 –ഡേ- 14 (മാർച്ച് 06)
സൂറത്തു യാസീൻ : വ്യാഖ്യാനം
സൂറത്തു യാസീന്‍ : വ്യാഖ്യാനക്കുറിപ്പ്
ഖബറിലെ സ്ഥിതിഗതികള്‍
(ٲحوال القبر)
മനുഷ്യന്‍ ഖബറില്‍വെച്ച് – അതായതു മരണപ്പെട്ടതിനു ശേഷം പുനരുദ്ധാരത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ – സുഖദുഃഖങ്ങളൊന്നും കൂടാതെ കേവലം തനി നിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കില്‍ അവനു സുഖസന്തോഷങ്ങളുടെയും, ചീത്തപ്പെട്ടവനാണെങ്കില്‍ അവനു ഭയദുഃഖങ്ങളുടെയും അനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടുകൊണ്ടിരിക്കുമെന്നും ചില ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടും, അനേകം ഹദീസുകള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്. മുസ്ലിംകള്‍ പൊതുവില്‍ അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു. ഭൌതികകാഴ്ചപ്പാടിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുകയും, പ്രസ്തുത വ്യാഖ്യാനത്തിനു നിരക്കാത്ത ഹദീസുകളെല്ലാം പുറംതള്ളുകയും പതിവുള്ളവര്‍ക്കു മാത്രമേ – മുസ്ലിംകളുടെ കൂട്ടത്തില്‍ – ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ. ഈ വിഷയകമായി ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതിന്റെ ചുരുക്കം എന്താണെന്നും, അതില്‍ ബുദ്ധിക്കോ, ഖുര്‍ആന്റെ മറ്റേതെങ്കിലും പ്രസ്താവനകള്‍ക്കോ വിരുദ്ധമായി വല്ലതും ഉണ്ടോ എന്നും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം والله الموفق .
കുറ്റവാളികളായ ആളുകള്‍ മരണവേളയില്‍, തങ്ങളുടെ ഐഹികജീവിതത്തിലേക്കു ഒന്നുകൂടി മടക്കിത്തരേണമെന്നു അപേക്ഷിക്കുമെന്നും, ആ അപേക്ഷ ഗൗനിക്കപ്പെടുകയില്ലെന്നും പ്രസ്താവിച്ചുകൊണ്ട് സൂറ: മുഅ്മിനൂന്‍ 100-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (അവരുടെ അപ്പുറം അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു ‘ബര്‍സഖു’ണ്ട്) തുടര്‍ന്നുകൊണ്ട് ഖിയാമത്തുനാളില്‍ അവരുടെനില എന്തായിരിക്കുമെന്നും പ്രസ്താവിക്കുന്നു. ‘ബര്‍സഖ് ‘ (بَرْزَخٌ) എന്ന വാക്കിന് ‘രണ്ടു വസ്തുക്കള്‍ക്കിടയിലുണ്ടാകുന്ന മറ – അല്ലെങ്കില്‍ – തടസ്സം’ (الحاجز بين الشيئين) എന്നത്രെ ഭാഷാര്‍ത്ഥം. ഈ അര്‍ത്ഥം പരിഗണിച്ചുകൊണ്ടാണ് ‘യവനിക, കടലിടുക്ക്’ മുതലായവക്കു് ആ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് സൂ: ഫുര്‍ഖാനില്‍ وَجَعَلَ بَيْنَهُمَا بَرْزَخًا(രണ്ടു സമുദ്രത്തിനുമിടയില്‍ അവന്‍ ഒരു മറ ഏര്‍പ്പെടുത്തിയിരിക്കുന്നു) എന്നും സൂ: റഹ്മാനില്‍ بَيْنَهُمَا بَرْزَخًا (രണ്ടിനുമിടയില്‍ ഒരു മറയുണ്ട്) എന്നും പറഞ്ഞത്.
മരണത്തിനും ഖിയാമത്തുനാളിനും ഇടയ്ക്കുള്ള കാലത്തെ- അഥവാ മരണത്തോടുകൂടി അവസാനിക്കുന്ന ഐഹികജീവിതത്തിനും പുനരുത്ഥാനത്തോടുകൂടി ആരംഭിക്കുന്ന പാരത്രിക ജീവിതത്തിനും മദ്ധ്യെയുള്ള കാലഘട്ടത്തെ – ഉദ്ദേശിച്ചാണ് മേലുദ്ധരിച്ച ആയത്തില്‍ ആ വാക്കു ഉപയോഗിച്ചിരിക്കുന്നതെന്നു സ്പഷ്ടമാകുന്നു. ഈ വാക്കിനു പല മഹാന്മാരും നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങള്‍ ഇമാം ഇബ്നു ജരീര്‍, ഇബ്നു കഥീര്‍ (رحمهما الله) മുതലായവര്‍ അവരുടെ തഫ്സീറുകളില്‍ ഉദ്ധരിച്ചു കാണാം. വാക്കുകളില്‍ വ്യത്യാസം കാണുമെങ്കിലും ഉദ്ദേശ്യത്തില്‍ പരസ്പരം യോജിക്കുന്ന ആ ഉദ്ധരണികളുടെ സാരം ഇതാണ്: ‘ദുന്‍യാ’വിന്റെയും ‘ആഖിറ’ത്തിന്റെയും ഇടയ്ക്കാലത്തെ മറയാണ് ‘ബര്‍സഖ്’. അതായതു, ദുന്‍യാവിലെപ്പോലെ ഭക്ഷണപാനീയങ്ങളും മറ്റും കൂടാതെയും, ആഖിറത്തിലെപ്പോലെ കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിയാതെയും ഇരിക്കുന്ന അവസ്ഥ.’ (*)
(*) ഖബറുകളില്‍വെച്ച് അനുഭവപ്പെടുന്ന സുഖദുഃഖങ്ങള്‍ ഒരു തരത്തില്‍ കര്‍മ്മഫലം തന്നെയാണെങ്കിലും, കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ഫലമല്ല അവ. ഇതിനെ പറ്റി താഴെ വിവരിക്കുന്നുണ്ട്.
തഫ്സീറു ഗ്രന്ഥങ്ങളില്‍ മാത്രമല്ല, പ്രധാന അറബിനിഘണ്ടുക്കളിലും ‘ബര്‍സഖി’നു ഈ അര്‍ത്ഥം കല്‍പ്പിച്ചു കാണാം. ‘ഖാമൂസി’ലെ വാചകം البرزخ : الحاجز بين الشيئين ، ومن وقت الموت إلى القيامة ، ومن مات دخله (‘ബര്‍സഖു്’ എന്നാല്‍, രണ്ടു വസ്തുക്കള്‍കിടയിലുള്ള മറയും, മരണസമയം മുതല്‍ ഖിയാമത്തുനാള്‍ വരെയുമാകുന്നു. ആര്‍ മരണപ്പെട്ടുവോ അവന്‍ അതില്‍ പ്രവേശിക്കുന്നു) എന്നാണ്. ‘ലിസാനുല്‍ അറബി’ (لسان العرب) ല്‍ ഇങ്ങിനെയാണ്: البَرْزَخُ: ما بين الدنيا والآخرة قبل الحشر من وقت الموت إِلى البعث، فمن مات فقد دخل البَرْزَخَ (**) (‘ബര്‍സഖ്’ എന്നാല്‍, ഇഹലോകത്തിനും പരലോകത്തിനുമിടക്കു – ‘ഹശ്റി’ ന്റെ മുമ്പ് (***) – മരണസമയം മുതല്‍ പുനരുത്ഥാനംവരെയുള്ള കാലമാകുന്നു. അപ്പോള്‍ ആര്‍ മരിച്ചുവോ അവന്‍ ബര്‍സഖില്‍ പ്രവേശിച്ചു). പരലോകത്തിനും ഇഹലോകത്തിനും ഇടയ്ക്ക് രണ്ടില്‍നിന്നും കേവലം വ്യത്യസ്തമായ ഒരു ലോകം സ്ഥിതി ചെയ്യുന്നുണ്ടെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു. എനി, ഈ അദൃശ്യലോകത്തുവെച്ച് നടക്കുന്ന ചില സ്ഥിതികളെക്കുറിച്ച് മനസ്സിലാക്കാം:-
(**) كما في مجلة الحج الجزء ٢ – السنة ٢٣(٢٠شعبان ٨٨ هـ)
(***) വിചാരണക്കായി ഒരുമിച്ചുകൂട്ടുന്നതിനുമുമ്പ്.
ഫിര്‍ഔനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെപ്പറ്റി പറഞ്ഞശേഷം, സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍) 46ല്‍ അല്ലാഹു പറയുന്നു:
النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا
(അവര്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദര്‍ശിക്കപ്പെടുന്നു.) ഈ പ്രദര്‍ശിപ്പിക്കല്‍ ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേ ആയത്തില്‍തന്നെ തുടര്‍ന്നുകൊണ്ടു ഇപ്രകാരം പറയുന്നു: ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍ എന്നു കല്‍പനയുണ്ടാകും.’ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)) അപ്പോള്‍, സമുദ്രത്തില്‍ മുങ്ങിനശിച്ചതിനുശേഷം ഖിയാമത്തുനാളിനുമുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്കു ചില പ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അതു അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലമാകുന്ന നരകശിക്ഷയല്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. ഈ വാസ്തവം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതു കാണുക:
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്നു ഉമര്‍ (رضي الله عنهما) ഉദ്ധരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം – വാസസ്ഥലം – അവനു പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗക്കാരില്‍നിന്നും, അവന്‍ നരകക്കാരനാണെങ്കില്‍ നരകക്കാരില്‍നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ ഖിയാമത്തുനാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്നു അവനോടു പറയപ്പെടുകയും ചെയ്യും.’ (ബു :മു.)
ഖബ്റുകളില്‍വെച്ച് അനുഭവപ്പെടുന്ന പല സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവിച്ചിട്ടുള്ള ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുവാനുണ്ട്, ഉദാഹരണത്തിനുമാത്രം ചിലതു ഇവിടെ ഉദ്ധരിക്കാം:
1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അനസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘മനുഷ്യന്‍ ഖബറില്‍ വെക്കപ്പെടുകയും, അവന്റെ ആള്‍ക്കാര്‍ തിരിഞ്ഞുപോകുകയും ചെയ്‌താല്‍ – അവരുടെ ചെരുപ്പിന്റെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരിക്കും (അതു അടുത്ത സമയം) – അവന്റെ അടുക്കല്‍ രണ്ടു മലക്കുകള്‍വരും. അവര്‍ അവനെ ഇരുത്തി അവനോടു ചോദിക്കും: ‘ഈ മനുഷ്യനെ – അതായതു, മുഹമ്മദിനെ – ക്കുറിച്ചു നീ എന്തു പറഞ്ഞിരുന്നു?’ അപ്പോള്‍ സത്യവിശ്വാസി പറയും: ‘അദ്ദേഹം അല്ലാഹുവിന്റെ അടിയാനും റസൂലുമാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ അവനോടു പറയപ്പെടും: ‘നരകത്തില്‍നിന്നും നിനക്കുള്ള (നിനക്കു ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്കു നോക്കു! ഇതാ, അല്ലാഹു നിനക്കു അതിനുപകരം സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഇരിപ്പിടം തന്നിരിക്കുന്നു.’ അങ്ങനെ, അവന്‍ അതുരണ്ടും (സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങള്‍) കാണും. എന്നാല്‍, കപടവിശ്വാസിയും അവിശ്വാസിയുമാകട്ടെ, അവനോടും ചോദിക്കപ്പെടും: ‘നീ ഈ മനുഷ്യനെപ്പറ്റി എന്തു പറഞ്ഞിരുന്നു? അവന്‍ പറയും: ‘എനിക്കറിഞ്ഞുകൂടാ! ആളുകള്‍ പറയുംപ്രകാരം ഞാനും പറഞ്ഞിരുന്നു.’ അവനോടു പറയപ്പെടും: ‘നീ അറിഞ്ഞതുമില്ല, പിന്‍പറ്റിയതുമില്ല.’ അവന്‍ ഇരുമ്പിന്റെ ചുറ്റികകളാല്‍ അടിക്കപ്പെടും. അവന്‍ വമ്പിച്ച അട്ടഹാസം അട്ടഹസിക്കും ഇരുസമുദായങ്ങള്‍ (മനുഷ്യരും ജിന്നുകളും) അല്ലാത്തവരെല്ലാം അതു കേള്‍ക്കുന്നതാണ്. (ബു; മു)
(2, 3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘നിങ്ങളൊരാള്‍ (നമസ്കാരത്തില്‍) അവസാനത്തെ ‘തശഹ്-ഹുദി’ല്‍ (അത്തഹിയ്യാത്തി’ല്‍)നിന്നു വിരമിച്ചാല്‍, അവന്‍ നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോടു രക്ഷ തേടികൊള്ളട്ടെ: നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തില്‍നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മു.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കാരത്തില്‍ اللهم إنّي أعوذُ بِكَ مِن عذابِ القَبرِ الخ (അല്ലാഹുവേ, നിന്നോടു ഞാന്‍ ഖബറിലെ ശിക്ഷയില്‍നിന്നു രക്ഷ തേടുന്നു) എന്നു തുടങ്ങിയ പ്രാര്‍ത്ഥന ചെയ്യാറുണ്ടായിരുന്നതായി ആയിശ (رضي الله عنها) നിവേദനം ചെയ്യുന്നു. (ബു: മു.) ഇതനുസരിച്ചാണ് മുസ്‌ലിംകള്‍ ഈ ദുആ അത്തഹിയ്യാത്തില്‍ നിത്യവും ചൊല്ലിവരുന്നതും. (*) ഖബറുകളില്‍ വെച്ചു സജ്ജനങ്ങള്‍ക്ക് സുഖപ്രദമായ ചില അനുഭവങ്ങളും, ദുര്‍ജ്ജനങ്ങള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും ഉണ്ടാകുമെന്നു ഇപ്പോള്‍ ഖുര്‍ആന്‍കൊണ്ടും ഹദീസുകൊണ്ടും ശരിക്കും വ്യക്തമായല്ലോ. വിശദീകരണത്തിനു ഇവിടെ ഉദ്ദേശിക്കുന്നില്ല.
(*) എന്നാല്‍, ഖബറിലെ ശിക്ഷയെ നിഷേധിക്കുന്നവരില്‍ ചിലര്‍പോലും – അറിഞ്ഞോ അറിയാതെയോ – നമസ്കാരത്തില്‍ ഈ ദുആ ചെയ്യുന്നതും, ചിലര്‍ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന കൂട്ടത്തില്‍ ഈ ദുആയും ഉള്‍പ്പെടുത്തുന്നതും കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
ഓരോരുവനും ചെയ്ത കര്‍മ്മങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നതു അവരവരുടെ വിചാരണ കഴിഞ്ഞശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നതുമുതല്‍ക്കാണല്ലോ. എന്നിരിക്കെ, ഖബറുകളില്‍വെച്ചു ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ്? എന്നിങ്ങനെ വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തില്‍ പരലോകത്തു വെച്ചു നല്‍കപ്പെടുന്ന രക്ഷാശിക്ഷകള്‍തന്നെയാണ് കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലങ്ങള്‍. അതിനുമുമ്പുണ്ടാകുന്ന സുഖദുഃഖങ്ങളെല്ലാം ഓരോരുത്തന്റെയും കര്‍മ്മങ്ങള്‍ക്കനുസരിച്ചു അവരവരില്‍ പ്രത്യക്ഷപ്പെടുന്ന ചില അനന്തര ഫലങ്ങള്‍ മാത്രമാകുന്നു. ഒരു ഉദാഹരണം മൂലം ഇതു മനസ്സിലാക്കാം. ഒരു കൊലക്കേസ്സില്‍ പിടിക്കപ്പെട്ട പ്രതി കുറ്റക്കാരനാണന്നു കോടതി വിധിച്ചശേഷമേ അവനു കൊലക്കുറ്റത്തിനു നിയമപ്രകാരമുള്ള യഥാര്‍ത്ഥ പ്രതിഫലം – അഥവാ ശിക്ഷ – നല്‍കപ്പെടാറുള്ളു. എങ്കിലും, പ്രഥമ വീക്ഷണത്തില്‍ അവന്റെമേല്‍ കൊലക്കുറ്റം ചുമത്തപ്പെട്ടതു മുതല്‍ – അവന്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ കോടതി തീരുമാനിക്കുന്നതുവരെയുള്ള ഇടക്കാലത്തു – അവന്‍ ഒരു കൊലയാളിയെപ്പോലെ ഗണിക്കപ്പെടുകയും, കുറ്റക്കാരനാണെന്ന നിലക്കു അവനോടു പെരുമാറപ്പെടുകയും ചെയ്യുമല്ലോ: പ്രത്യക്ഷത്തില്‍ അവനൊരു കൊലയാളിയാണെന്നതാണ് ഇതിനു കാരണം. എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുണ്ട്. ഈ കൊലക്കുറ്റം ചുമത്തപ്പെട്ട ആള്‍ ഒരുപക്ഷേ നിരപരാധിയാണെന്നായിരിക്കും കോടതിയുടെ വിധി. അതോടു കൂടി അവന്‍ വിട്ടയക്കപ്പെടുകയും ചെയ്യും.
മരണപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്കു മാത്രമേ ശിക്ഷാപരമായ അനുഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇങ്ങിനെയുള്ളവരെക്കുറിച്ച് അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ നിരപരാധികളായി തെളിയിക്കപ്പെടുമെന്നോ വിധിയുണ്ടാകുമെന്നോ പ്രതീക്ഷിക്കുവാനുമില്ല. അവിടെ എല്ലാ കാര്യവും യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുക. ഖബറുകളില്‍വെച്ചു മാത്രമല്ല അതിനുമുമ്പുതന്നെ – മരണപ്പെടുന്ന അവസരത്തിലും, പിന്നീടു ഖബറുകളില്‍നിന്നു എഴുന്നേറ്റു മഹ്ശറിലേക്കു വരുമ്പോഴും, വിചാരണവേളയിലും, വിചാരണ കഴിഞ്ഞു നരകത്തിലേക്കു കൊണ്ടുപോകുമ്പോഴും – എല്ലാംതന്നെ വിവിധ തരത്തിലുള്ള കഷ്ടപ്പാടുകള്‍ കുറ്റവാളികള്‍ അനുഭവിക്കുന്നതാണെന്നും, നേരെമറിച്ച് സജ്ജനങ്ങള്‍ക്ക് എല്ലായിടത്തും സന്തോഷത്തിന്റെ അനുഭവങ്ങളുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍റെ പല പ്രസ്താവനകളിലും കാണാവുന്നതാണ്. (8:50; 32:12; 55:41; 20:102; 37:24; 41:31; 27:89; മുതലായവ) എന്നിരിക്കെ ഖബറിലെ അനുഭവത്തെ സംബന്ധിച്ചു മാത്രം ഈ സംശയത്തിനു അവകാശമില്ല.
ഖബറിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവര്‍ക്ക് അതിനുള്ള പ്രധാന ന്യായം ഇതാണ്: ഖബറുകള്‍ തുറന്നുനോക്കിയാല്‍ അവിടെ ശിക്ഷകളോ മറ്റുവല്ലതുമോ നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.ജഡമാണെങ്കില്‍ നശിച്ചു പോകുന്നു. ആത്മാവും എങ്ങോ പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാന്‍ അവിടെ ആരാണുള്ളത്?! ഈ ന്യായം കേള്‍ക്കുമ്പോള്‍ ചില സാധാരണക്കാരും സംശയത്തിനു വിധേയരാകും. ബാഹ്യലോകവും യാഥാര്‍ത്ഥ്യലോകവും തമ്മിലും, ഭൗതികലോകവും ആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അല്പമെങ്കിലും ആലോചിക്കുന്ന പക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയില്‍ കുറ്റവാളികളുടെ അടുക്കല്‍ മലക്കുകള്‍ വന്ന് നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍ എന്ന്‍ പറയുമെന്നും, അവരുടെ മുഖത്തും, പിന്‍പുറത്തും അടിക്കുമെന്നും മറ്റും അല്ലാഹു പറയുന്നു. (6:93; 8:50 മുതലായവ നോക്കുക.) കുറ്റവാളികള്‍ തങ്ങളെ ഒന്നുകൂടി ഐഹികജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാന്‍ മരണവേളയില്‍ അപേക്ഷിക്കുമെന്നും പറയുന്നു. (23:99 ഉം മറ്റും കാണുക.) മരണം നമ്മുടെ മുമ്പില്‍വെച്ചുതന്നെ സംഭവിക്കുകയും, കുറേക്കാലം ആ ജഡം നാം കണ്ണ് തെറ്റാതെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്താലും ഇതെല്ലാം നമുക്കു കാണുവാന്‍ കഴിയുമോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കു ഇക്കാരണത്താല്‍ ഈ പറഞ്ഞതെല്ലാം ശരിയല്ലെന്നു പറയാമോ?! ഇതെല്ലാം കേവലം ഉപമകളും അലങ്കാരപ്രയോഗങ്ങളുമാക്കിക്കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ ആരെങ്കിലും മുതിരുന്നപക്ഷം അയാള്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നില്ലെന്നേ പറയുവാനുള്ളു. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെക്കുറിച്ച് ഇവിടെ നാം സംസാരിക്കുന്നുമില്ല.
ഖബറിലെ അനുഭവങ്ങളെക്കുറിച്ചുമാത്രമല്ല,നമ്മുടെ അനുമാനങ്ങൾക്കും ഈ ഐഹിക ലോകത്തെ സാധാരണ നടപടിക്രമങ്ങൾക്കും എതിരായി ഖുർആനിലും ഹദീസിലും വന്നിട്ടുള്ള പല കാര്യങ്ങളെക്കുറിചും വളരെ ഗഹനങ്ങളായ ചർച്ചകൾ നടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള രണ്ടു പണ്ഡിതവര്യന്മാരാണു ഇമാം ഗസ്സാലി (റ) യും, അല്ലാമ ശാഹ് വലിയ്യുള്ളാഹ് ദഹ്‌ലവിയും (റ) ഈ രണ്ട് മഹാന്മാരും കേവലം മത പണ്ഡിതന്മാർ മാത്രമല്ല, ദാർശനിക പ്രമുഖന്മാർ കൂടിയാണു. ഇവരുടെ ചില പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കുന്നതു-ഖബറിലെ അനുഭവങ്ങളെക്കുറിച്ചു മാത്രമല്ല- അതുപോലെനമുക്കു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ പ്രയാസമുള്ള മറ്റു പലതിനെക്കുറിച്ചും മനസ്സിലാക്കുവാൻ വളരെ പ്രയോജനകരമായിരിക്കും. “ഇസ്ലാം ശരീഅത്തിന്റെ യുക്തിരഹസ്യങ്ങൾ” (اسرار الشريعة) എന്ന വിഷയത്തില്‍ രചിക്കപ്പെട്ട ഒരു നിസ്തുല മഹൽ ഗ്രന്ഥമത്രെ ശാഹ് വലിയുല്ലാഹിയുടെ ‘ഹുജ്ജത്തുല്ലാഹിൽ ബാലിഗ’ (حجة الله البالغة) ഈ ഭൗതിക ലോക പ്രകൃതിക്കും, അതിലെനടപടിക്രമങ്ങൾക്കും നിരക്കാത്ത പല യാഥാർഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അഭൗതിക ലോകത്തെക്കുറിച്ചു ഖുർആനിലും, ഹദീസിലും വന്നിട്ടുള്ള പല തെളിവുകളും, ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കുന്ന മധ്യേ അതിൽ അദ്ധേഹം ചെയ്തിട്ടുള്ള സ്വല്പം ദീർഘമായ ഒരു പ്രസ്താവനയുടെ ചുരുക്കം താഴെ ചേർക്കാം. ഈ വിശയത്തിൽ ഇമാം ഗസ്സാലി (റ) യുടെ വാചകങ്ങളും അതിലദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് മഹാന്മാരുടെയും അഭിപ്രായം നമുക്കു ഒന്നിച്ചു കാണുവാൻ സാധിക്കും.
മര്‍യം (അ) ന്റെ അടുക്കൽ മനുഷ്യരൂപത്തിൽ മലക്ക് ചെന്നത്, ഖബറിൽ വെച്ച് മലക്കുകള്‍ ചോദ്യം ചെയ്യുന്നതു, മരണപ്പെട്ടവർ അട്ടഹസിക്കുന്നത്, അവനെ പാമ്പ് കൊത്തുന്നത്, നബി(സ)യുടെ അടുക്കൽ മലക്ക് വന്ന് പോകുമ്പോൾ സഹാബികൾക്കത് കാണാൻ കഴിയാത്തത്, നബി(സ)‘ഇസ്റാഉ്’ എന്ന രാവ് യാത്രയിലെ ചില സഭവങ്ങൾ, നമസ്കരം,മുതലായ കർമങ്ങൾ അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുന്നത് എന്നിങ്ങിനെ ഖുർആനിലും ഹദീസിലും കാണപ്പെടുന്ന പലതിനേയും ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ധേഹം പറയുകയാണു:- ’ഇങ്ങിനെയുള്ള വിഷയങ്ങളിൽ ചിന്തിച്ചു നോക്കുന്നവർ മൂന്നിലൊരു തരക്കാരായിരിക്കും: 1) ഒന്നുകിൽ അവയുടെ ബാഹ്യമായ സ്വഭാവത്തിൽ തന്നെ നേർക്കു നേരെ സമ്മതിക്കുക.അപ്പോൾ, നാം മേല്പറഞ്ഞ തരത്തിലുള്ള ഒരു ലോകം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഹദീസു പണ്ഡിതന്മാരുടെ ചട്ടം അതാണു. ഇതിനെപറ്റി സുയൂത്ത്വി (റ) ഉണർത്തിയിട്ടുണ്ടു, ഇതാണു ഞാൻ പറയുന്നതും, ഞാൻ അഭിപ്രായപ്പെടുന്നതും. 2) അല്ലെങ്കിൽ, വെളിയിൽ അവയ്ക്കു യാഥാർഥ്യമൊന്നും ഇല്ലെങ്കിലും അവ അനുഭവപ്പെടുന്നതിന്റെ അനുഭവത്തിലും കാഴ്ചയിലും അങ്ങിനെ രൂപാന്തരപ്പെട്ടു കാണുകയാണെന്ന് (*) വെക്കുക (يوم تأتي السماء يدخان مبين) (ആകാശം ഒരു വ്യക്തമായ പുകയും കൊണ്ടു വരുന്ന ദിവസം) എന്നു അള്ളാഹു (സൂ: ദുഖാനിൽ) പ്രസ്താവച്ചതിനെപ്പറ്റി ഇബ്നു മസ്ഊദ്(റ) പറയുന്നത് ഇത് പോലെയാണു. അറബികൾക്ക് ഒരു ക്ഷാമം പിടിപെട്ടപ്പോൾ വിശപ്പ് നിമിത്തം ആകാശത്തേക്ക് നോക്കുമ്പോൾ അവർക്ക് പുക മൂടിയതായി തോന്നിയിരുന്നുവെന്നാണു അദ്ദേഹം പറയുന്നത് 3) അതുമല്ലെങ്കിൽ, ചില വസ്തുതകളെ മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടി ഉപമാ രൂപത്തിൽ പറയപ്പെട്ടതാണു അവ എന്നു വെക്കുക. ഈ മൂന്നാമത്തെ നിലപാട് കൊണ്ട് തൃപ്തി അടയുന്നവരെ സത്യത്തിന്റെ പക്ഷക്കാരായി ഞൻ വിചാരിക്കുന്നില്ല. (**)
അദ്ദേഹം തുടരുന്നു: ‘ഇമാം ഗസ്സാലി (റ) ഖബറിലെ ശിക്ഷയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു നിലപാടുകളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇങ്ങനെയുള്ള ഹദീസുകള്‍ക്ക് ശരിയായ ബാഹ്യസാരങ്ങളും ഗൂഢമായ അന്തസാരങ്ങളും ഉണ്ട്. ഉള്‍ക്കാഴ്ച്ചയുള്ളവര്‍ക്ക് അവ വ്യക്തങ്ങളായിരിക്കും. അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് അവയുടെ ബാഹ്യസാരങ്ങളെ നിഷേധിക്കുവാന്‍ പാടില്ല. പക്ഷെ, സത്യവിശ്വാസത്തിന്റെ ഏറ്റവും കുറഞ്ഞ പടി അവ സമ്മതിക്കലും, സത്യമെന്ന് വിശ്വസിക്കലുമാകുന്നു.’ അവിശ്വാസിയായ മനുഷ്യനെ അവന്‍റെ ഖബറില്‍ വെച്ച് നാം കുറേക്കാലം വീക്ഷിച്ചു കൊണ്ടിരുന്നാലും നാം ഒന്നും കാണുകയില്ലല്ലോ. എന്നിരിക്കെ, പിന്നെയെങ്ങനെയാണതു സത്യമെന്ന് വെക്കുക’ എന്ന് വല്ലവരും പറഞ്ഞേക്കുന്ന പക്ഷം, നീ അറിഞ്ഞു കൊള്ളുക: ഇതു സത്യമാണെന്ന് സ്വീകരിക്കുന്നതില്‍ നിനക്കു മൂന്നു നിലപാടുകള്‍ ഉണ്ടായിരിക്കാവുന്നതാണ്:-
‘ഒന്നാമത്തേത്- അതാണ് കൂടുതല്‍ വ്യക്തവും, ശരിയും, രക്ഷയുമായിട്ടുള്ളത്- അവയെല്ലാം യഥാര്‍ത്ഥം തന്നെയാണെന്ന് നീ വിശ്വസിക്കുകയാകുന്നു. (ഖബറില്‍വെച്ച്) മരിച്ചവനെ പാമ്പ് കൊത്തുന്നു; പക്ഷെ ഈ കണ്ണു അതു കാണാന്‍ പറ്റിയതല്ല; അതെല്ലാം അദൃശ്യലോകവുമായി ബന്ധപ്പെട്ടതാണ് എന്നു വെക്കുക. ജിബ്രീല്‍ (അ) വന്നിരുന്നുവെന്നും, അദ്ദേഹത്തെ നബി (സ) കണ്ടിരുന്നുവെന്നും സഹാബികള്‍ വിശ്വസിച്ചിരുന്നുവല്ലോ. അതില്‍ നിനക്കു വിശ്വാസമില്ലെങ്കില്‍, ആദ്യമായി നീ മലക്കുകളിലും വഹ്യിലും വിശ്വസിച്ചുകൊണ്ട് നിന്റെ ഈമാന്റെ മൌലികവശം ശരിപ്പെടുത്തുകയാണ് വേണ്ടത്. അതല്ല, നീയതു വിശ്വസിക്കുകയും, സമുദായത്തിനു കാണാന്‍ കഴിയാത്തത് നബി (സ) ക്കു കാണാമെന്നു വെക്കുകയുമാണ് ചെയ്യുന്നതെങ്കില്‍, എന്തുകൊണ്ടു മരിച്ചവരിലും അങ്ങിനെ പാടില്ല?! മലക്കുകള്‍ മനുഷ്യരോടും, മറ്റു ജീവികളോടും സാമ്യമില്ലാത്തതുപോലെത്തന്നെ, ഖബറുകളില്‍ വെച്ചു മരിച്ചവരെ കടിക്കുന്ന പാമ്പും, തേളും ഈ ലോകത്തുള്ള പാമ്പും തേളുമായി സാമ്യമില്ല.അതു മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ടതും, (ഈ ബാഹ്യേന്ദ്രിയങ്ങളല്ലാത്ത) മറ്റൊരു ഗ്രഹണശക്തികൊണ്ട് അറിയേണ്ടതുമാകുന്നു.
‘രണ്ടാമത്തേത്, ഉറങ്ങുന്നവന്റെ സ്ഥിതി ഓര്‍ക്കുകയാണ്. സ്വപ്നത്തില്‍ പാമ്പു കടിക്കുന്നതായി അവന്‍ കാണുന്നു. വേദനയനുഭവിക്കുന്നു. ചിലപ്പോള്‍ ഉറക്കെ ശബ്ധമുണ്ടാക്കുകയും, വിയര്‍ക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യും. നീയാണെങ്കില്‍, അവന്‍ ശാന്തമായി ഉറങ്ങുന്നതായേ കാണുന്നുള്ളൂ. പാമ്പിനെയോ മറ്റോ നീ കാണുന്നില്ല. എങ്കിലും ഉറങ്ങുന്നവന്‍ അത് കാണുകയും, വേദനയും ശിക്ഷയും അനുഭവിക്കുകയും ചെയ്യുന്നു. അപ്പോള്‍ കാഴ്ചയിലുള്ള പാമ്പും മായയിലുള്ള പാമ്പും തമ്മില്‍ അവനെ സംബന്ധിച്ചിടത്തോളം വ്യത്യാസമില്ലല്ലോ.’
‘മൂന്നാമത്തേത് ഇതാണ്: വാസ്തവത്തില്‍ പാമ്പിന്റെ ദേഹമല്ല നിന്നെ ഉപദ്രവിക്കുന്നത്.അതിന്‍റെ വിഷവുമല്ല. വിഷം നിമിത്തം നിന്നിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് നിനക്കു ഉപദ്രവമായിത്തീരുന്നത്. അപ്പോള്‍ വിഷം തീണ്ടാതെതന്നെ അതേ മാറ്റങ്ങള്‍ നിനക്കു അനുഭവപ്പെട്ടാലും പാമ്പിനെക്കൊണ്ടുണ്ടാകുന്ന ഉപദ്രവവും ശിക്ഷയും നിനക്കു അനുഭവപ്പെടുമല്ലോ. ഇങ്ങനെയുള്ള ശിക്ഷകളെപ്പറ്റി പറയുമ്പോള്‍, അതിനു സാധാരണ കാരണമാകാറുള്ള സംഗതികളോട് ബന്ധിപ്പിച്ചു പറഞ്ഞല്ലാതെ അതിനെ നിര്‍വചിക്കുക സാധ്യമല്ല. ഒരു കാരണത്താല്‍ സിദ്ധിക്കാറുള്ള സുഖാനുഭവം ആ കാരണം കൂടാതെ സിദ്ധിച്ചാലും അതിനെ ആ കാരണത്തോടു ബന്ധപ്പെടുത്തിയേ പറയുവാന്‍ സാധിക്കുകയുള്ളൂ. കാരണമല്ല അവിടെ ഉദ്ദേശ്യം, അതുകൊണ്ട് സിദ്ധിക്കുന്ന ഫലമാണ്. ഇങ്ങനെയുള്ള ചില വിഷമാവസ്ഥകള്‍ മരണപ്പെട്ടവന് അനുഭവപ്പെടുകയും, പാമ്പു കൂടാതെത്തന്നെ പാമ്പു കടിക്കുന്നതുപോലെയുള്ള വേദന അവനു ഉണ്ടാകുകയും ചെയ്യുന്നു. [ഉദ്ധരണി അവസാനിച്ചു]
(*) സ്വപ്നത്തിലും, രോഗം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അബോധാവസ്ഥയിലും കാണുന്ന അനുഭവങ്ങള്‍ ഏതാണ്ട് ഈ തരത്തില്‍പ്പെട്ടതാണ്. കണ്ണാടി, സിനിമ, ടെലിവിഷന്‍ മുതലായവയിലെ ദൃശ്യങ്ങളും വേണമെങ്കില്‍ ഉദാഹരണമായെടുക്കാം.
(**) ഈ മൂന്നിലും പെടാത്തവര്‍ തനി നിഷേധികളുമായിരിക്കും.
ഇമാം ഗസ്സാലി (റ) പാമ്പിനെപ്പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാകുന്നു. പാമ്പുപോലെത്തന്നെ ഭയാനകമായ മറ്റു പല വസ്തുക്കളെയും സ്വപ്നത്തില്‍ കാണാറുള്ളതാണ്. ഉറങ്ങുന്നവന്‍, ഉണര്‍ച്ചയില്‍ അവയെ കണ്ടാലുള്ളതുപോലത്തന്നെ വിഷമിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു ആനന്ദകരമായ സ്വപ്നങ്ങളും, ഉറങ്ങുന്നവനില്‍ അവ നിമിത്തം പ്രത്യക്ഷപ്പെടുന്ന ചില പ്രകടനങ്ങളും നമുക്ക് സുപരിചിതമാണല്ലോ. ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് പരിഭ്രമത്തോടെ എഴുന്നേറ്റ് തലയണയോ, കയ്യില്‍കിട്ടിയ മറ്റു സാധനമോ എടുത്തു ‘ പാമ്പ്! പാമ്പ്! ‘ എന്നു ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് അവിടവിടെ അടിക്കുകയും, പിന്നീട് പാമ്പിനെ അടിച്ചു കൊന്നുവെന്ന ഭാവേന വീണ്ടും പോയി കിടക്കുകയും ചെയ്തിരുന്ന ഒരു സ്നേഹിതനെ നമുക്ക് നേരില്‍ പരിചയമുണ്ട്. ഉറക്കത്തിലല്ലാതെത്തന്നെ, ഏതെങ്കിലും ചില രോഗങ്ങള്‍ കാരണമായി ചിലര്‍ക്ക് ഭയാനകമായ പല കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകാറുള്ളതും അപൂര്‍വമല്ല. ഇതുപോലെ മറ്റു ചിലര്‍ക്ക് ആശ്ചര്യകരമോ, സന്തോഷകരമോ ആയ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍, ബോധാവസ്ഥക്ക് ശേഷം തങ്ങളുടെ പ്രസ്തുത അനുഭവങ്ങളെ കുറിച്ച് ഓര്‍മ്മയുള്ളവരും ഇല്ലാത്തവരും ഉണ്ടാകാറുണ്ട്.നമ്മുടെ ബാഹ്യേന്ധ്രിയങ്ങള്‍ക്കതീതമായി എന്തൊക്കെയോ ചില യാഥാര്‍ത്ഥൃങ്ങള്‍ നടമാടി കൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ അറിവിനപ്പുറം പലതും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ നിന്നൊക്കെ സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാം. എന്നല്ലാതെ, തര്‍ക്ക ശാസ്ത്രത്തിന്റെയോ, ഭൗതിക ശാസ്ത്രങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടാവുന്നതല്ല ഇത്തരം സംഗതികള്‍.
എനി, ഖബറിലെ അനുഭവങ്ങളെ നിഷേധിക്കുന്നവര്‍, തങ്ങള്‍ക്കനുകൂലമായി ഖുര്‍ആനില്‍ നിന്ന് ചൂണ്ടിക്കാട്ടാറുള്ള ഒന്നുരണ്ടു തെളിവുകളെക്കുറിച്ചാണ് രണ്ടു വാക്ക് പറയുവാനുള്ളത്. രണ്ടും പരലോകത്ത് വെച്ച് അവിശ്വാസികള്‍ പറയുന്ന ചില വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്താനും
1) സൂ : യാസീനിലെ 52-ാം വചനത്തില്‍, പുനരുത്ഥാനസമയത്ത് അവിശ്വാസികള്‍ പറയുന്നതായി അല്ലാഹു ഉദ്ധരിച്ച വാക്യമാണ് يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന് ഞങ്ങളെ എഴുന്നേൽപ്പിച്ചത്?!) എന്നത്രേ അത് മരണപ്പെട്ടവര്‍ പുനരുത്ഥാനദിവസം വരെ സുഖമോ ദു:ഖമോ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, അതിനാല്‍ ഖബറുകളില്‍ ‘തല്ലും കുത്തും’ (ശിക്ഷാനുഭവങ്ങള്‍) ഉണ്ടാകുമെന്നു പറയുന്നതു ശരിയല്ലെന്നും ഇവര്‍ പരിഹാസപൂര്‍വ്വം പറയാറുണ്ട്. മേലുദ്ധരിച്ചത് പോലുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നേരെ മൗനം അവലംബിക്കുകയും, ഹദീസുകളെ അവഗണിച്ചു പുറംതള്ളുകയുമാണവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ഉറക്കിലായിരുന്നാല്‍ പോലും, പാപികള്‍ക്ക് ‘തല്ലും കുത്തും’ മറ്റു പലതും അനുഭവപ്പെടാമെന്നും, സല്‍ക്കര്‍മ്മികളായുള്ളവര്‍ക്ക് സുഖകരമായ അനുഭവങ്ങളും ഉണ്ടാകുമെന്നും മേല്‍വിവരിച്ചതില്‍ നിന്നു വ്യക്തമായല്ലോ. വാസ്തവത്തില്‍ മരണത്തോടുകൂടി ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞുപോകുകയും, അതില്‍നിന്നും വ്യത്യസ്തമായതും, അതിനേക്കാള്‍ വിശാലമായതുമായ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയുമാണ് മരണപ്പെട്ടവര്‍ ചെയ്യുന്നത്. ഇവിടെ നടപ്പില്ലാത്ത പലതും നടക്കുന്ന ഒരു ലോകമാണത്. ‘ഞങ്ങള്‍ ഉറങ്ങുന്നിടം’ مَرْقَدِنَا എന്ന് അവിശ്വാസികള്‍ പറയുവാനുള്ള കാരണവും, ആ വാക്കിന്റെ ശരിയായ ഉദ്ദേശ്യവും നാം യഥാസ്ഥാനത്തു വെച്ച് വിവരിച്ചിട്ടുണ്ട്. ഇവിടെ അത് ആവര്‍ത്തിക്കുന്നില്ല.
2) പുനരുത്ഥാനദിവസത്തിലെ അത്യധികമായ ഭയവും, പരിഭ്രമവും നിമിത്തം അതിനു മുമ്പ് തങ്ങള്‍ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് അവിശ്വാസികള്‍ക്ക് പറയുവാന്‍ സാധിക്കുകയില്ലെന്നു കാണിക്കുന്ന ആയത്തുകളാണ്. (സൂ: മുഅ്മിനൂന്‍ 112, 113 പോലെയുള്ള ആയത്തുകള്‍). അവര്‍ക്ക് അത് അറിയാതിരിക്കാന്‍ കാരണം, അവര്‍ മരണം മുതല്‍ അതുവരെ ഉറങ്ങിക്കിടക്കുകയായിരുന്നത് കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഈ വാദം തീരെ വാസ്തവവിരുദ്ധമാണെന്നും, ആ ആയത്തുകളുടെ യഥാര്‍ത്ഥത്തിലുള്ള ഉദ്ദേശ്യം എന്താണെന്നും സൂ:മുഅ്മിനൂനിന് ശേഷമുള്ള രണ്ടാം വ്യാഖ്യാനക്കുറിപ്പിലും നാം കാര്യകാരണസഹിതം വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇവിടെ അതിനെപ്പറ്റിയും കൂടുതലൊന്നും പറയേണ്ടതില്ല.നബി (സ) നമസ്കാരത്തില്‍ ദുആ ചെയ്യാറുണ്ടായിരുന്നത് പോലെ – നമ്മോടും അങ്ങിനെ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിച്ചിട്ടുമുണ്ട് – നാമും ദുആ ചെയ്യുക:
اللهم اني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال
(അല്ലാഹുവേ, ഖബറിലെ ശിക്ഷയില്‍ നിന്നും, നരകത്തിന്റെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും, കള്ളവാദിയും സഞ്ചാരിയുമായ ദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ഞാന്‍ നിന്നോടു രക്ഷതേടുന്നു.)
വെളിച്ചം റമദാൻ 2026 –ഡേ- 13 (മാർച്ച് 05)
സൂറത്തു യാസീൻ : 71-83
- വെളിച്ചം റമദാന്‍ 2026 ഡേ-13 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 07 – ആയത്ത് 71 മുതല്‍ 83 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 71-83
36:71
- أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ ﴾٧١﴿
- അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
- أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളതു لَهُمْ അവര്‍ക്കുവേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَ നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവക്കു مَالِكُونَ ഉടമസ്ഥന്‍മാരാണ്
36:72
- وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴾٧٢﴿
- അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍നിന്നുതന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
- وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍നിന്നുതന്നെ يَأْكُلُونَ അവര്‍ തിന്നുന്നു
36:73
- وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴾٧٣﴿
- അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്കു നന്ദി കാണിച്ചുകൂടെ?!
- وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَ എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ
കൃഷിവ്യവസായങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലനിലക്കും പങ്കുണ്ട്. എന്നാല്‍, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. അതോടുകൂടി മനുഷ്യന്‍ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോടു നന്ദി കാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേടു കാണിക്കുകയാണ് ചെയ്യുന്നത്.
36:74
- وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴾٧٤﴿
- അല്ലാഹുവിനു പുറമെ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍വേണ്ടി.
- وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമെ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും
36:75
- لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴾٧٥﴿
- അവര്‍ [ആരാധ്യന്മാര്‍]ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്കു സന്നദ്ധ സൈന്യവുമാണ്!
- لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ് مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട
36:76
- فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٦﴿
- എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
- فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
മേല്‍ വിവരിച്ചതുപോലെയുളള എത്രയോ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്- അവര്‍ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങള്‍ അവര്‍ ആസ്വദിക്കുന്നുണ്ട്- അവര്‍ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാന്‍ ഒട്ടുംതന്നെ കഴിയാത്തവരെ ദൈവങ്ങളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടന്മാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവര്‍. അതുകൊണ്ട് കവിയെന്നും കവിതയെന്നും മറ്റും പറഞ്ഞ് ഖുര്‍ആനെയും, സത്യപ്രബോധനത്തെയും അവര്‍ നിരസിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുണ്ട്; വേണ്ടതു അവന്‍ ചെയ്തുകൊള്ളും. എന്നുസാരം. അടുത്ത വചനങ്ങളില്‍ മനുഷ്യനു അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-
36:77
- أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٧٧﴿
- മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
- أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി (എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ
36:78
- وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ﴾٧٨﴿
- അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ് : ‘ആരാണ് (ഈ) അസ്ഥികളെ- അവ ജീര്‍ണ്ണിച്ചതായിരിക്കെ – ജീവിപ്പിക്കുക’?!
- وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്കു ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചതു
36:79
- قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴾٧٩﴿
- പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
- قُلْ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
36:80
- ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴾٨٠﴿
- അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
- الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَ തീ കത്തിക്കുന്നു
സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു- അല്ലാഹുവിനു നല്‍കുന്ന ഉപമ എത്രമേല്‍ ചീത്തയാണ്?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ.
മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍.
പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും’, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!
36:81
- أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴾٨١﴿
- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്.
- أَوَلَيْسَ الَّذِي യാതൊരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍തന്നെ الْخَلَّاقُ മഹാ സൃഷ്ടാവും (വലിയ സൃഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ
36:82
- إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴾٨٢﴿
- നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്നു പറയുകയേവേണ്ടു – അപ്പോഴത് ഉണ്ടാകുന്നതാണ്.
- إِنَّمَا أَمْرُهُ നിശ്ചയമായും അവന്റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴതു ഉണ്ടാകും
പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം -യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം- എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൌഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്?!
36:83
- فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴾٨٣﴿
- അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
- فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന്നു കീര്‍ത്തനം بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
ഈ സൂറത്തില്‍ ഇതുവരെയുള്ള സൂക്തങ്ങളില്‍ പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമാണ് ഈ ചെറിയ സമാപനസൂക്തം ഉള്‍കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ് അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും.
രണ്ടുമൂന്നു ദശവത്സരങ്ങള്‍ക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെകന്‍റു) കൊണ്ട് 1,86,000 നാഴിക വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്കു മദ്ധ്യബിന്ദുവിലൂടെ നേര്‍ക്കുനേരെ എത്തിച്ചേരുവാന്‍ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്കു കൃത്യവും ശരിയുമാണെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ എത്ര സമര്‍ത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകള്‍ എത്ര വിജയകരമായിത്തീര്‍ന്നാലും ശരി, അഖിലാണ്ഡത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്നു കണ്ടുപിടിക്കുവാന്‍ കഴിയുമെന്നു വിചാരിക്കാന്‍ സാധ്യമല്ല. ഒരു കാലത്തു മനുഷ്യന്‍ അവയെല്ലാം ചുറ്റിസഞ്ചരിക്കുമെന്നു ഊഹിക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്കു ഏറെക്കുറെ ശരിയാണെന്നുവെക്കുക: എന്നാല്‍ തന്നെയും, അതിലടങ്ങുന്ന വാനങ്ങള്‍, അവയിലെ കോടാനുകോടി നക്ഷത്രങ്ങള്‍, നിരവധി സൗരയൂഥങ്ങള്‍, ഓരോന്നിന്റെയും ഉപഗ്രഹങ്ങള്‍ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങള്‍, പര്‍വതങ്ങള്‍ ആദിയായവയും, മലക്കുകള്‍, മനുഷ്യര്‍ തുടങ്ങിയ ജീവികളും, നമുക്കു കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഈവിധം സൃഷ്ടിച്ചു ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തിപ്പോരുന്ന രാജാധിരാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!!
فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ
(والحد لله اولً وآخراً وله الفضل والمنة)
പരായണം – Spotify
വിശദീകരണം- Spotify
പരായണം-Youtube link
വിശദീകരണം – Youtube Link
വെളിച്ചം റമദാൻ 2026 –ഡേ- 12 (മാർച്ച് 04)
സൂറത്തു യാസീൻ : 65-70
- വെളിച്ചം റമദാന്‍ 2026 ഡേ-12 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 06 – ആയത്ത് 65 മുതല്‍ 70 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 65-70
36:65
- ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴾٦٥﴿
- ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
- الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക
കുറ്റവാളികള്‍ മഹ്ശറയില്‍ വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെ കുറിച്ച് മാത്രമാണ് ഇവിടെ പ്രസ്ഥാവിചിട്ടുള്ളതെങ്കിലും അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവാ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റു പറയുന്നതാണെന്നും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ് ആ കോടതിയിലെ വിധി കര്‍ത്താവ്. ഓരോവ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുതുന്നതാകുന്നു.
മഹ്ശറയില്‍ വെച്ച് മുശ്രിക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍, സൂറത്ത് അന്‍ആമില്‍ അല്ലാഹു പറയുന്നു
ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ – الانعام ٢٣
(പിന്നീട് അവരെകൊണ്ടുള്ള കുഴപ്പം, “ഞങ്ങളുടെരക്ഷിതാവായ അല്ലാഹു തന്നെ സത്യം! ഞങ്ങള്‍ മുശ്രിക്കുകള്‍ ആയിരുന്നില്ല.” എന്ന് അവര്‍ പറയുന്നതല്ലാതെ മറ്റൊന്നുമല്ല.)അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരകത്തിന്റെ അടുക്കലേക്കു കൊണ്ട് വരപ്പെടുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ട് സൂറത്ത് ഹാമീം സജദയില്‍ ഇപ്രകാരം പറയുന്നു;
حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ-
وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ
(അങ്ങിനെ. അവര്‍ അതിനടുത് വരുമ്പോള്‍, അവരുടെ കേള്‍വിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്). നിങ്ങള്‍ എന്തിനാണ് നമുക്കെതിരില്‍ സാക്ഷി പറയുന്നത്?!’ എന്ന് അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും; “എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്.” (41:20, 21)
നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘ഖിയാമത്തുനാളില്‍ അടിയാന്‍ -മനുഷ്യന്‍-‘ എനിക്ക് എന്നില്‍ നിന്നല്ലാതെ (പുറമേ നിന്ന്) സാക്ഷി ലഭിക്കുവാനില്ല’ എന്ന് പറയും. അപ്പോള്‍, അല്ലാഹു അവന്‍റെ വായില്‍ മുദ്ര വെക്കും. അവന്‍റെ അംഗങ്ങളോട് സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെ പറ്റി അവ സംസാരിക്കും. പിന്നീട് അവനു സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോടു പറയും: നിങ്ങള്‍ക്ക് വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്!’ (മുസ്‌ലിം)
മഹ്ശറില്‍ വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്ന് പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അത് കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നും വ്യക്ത്തമാണ്. പക്ഷെ ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേട് തോന്നിയത് കൊണ്ടായിരിക്കാം അവര്‍ ഇത് സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കാറുള്ളത്. ഹാമീം സജദയില്‍ നിന്ന് മേലുദ്ധരിച്ച വചനത്തില്‍ തന്നെ, വാസ്തവത്തില്‍ അവര്‍ക്ക് മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തില്‍ വെച്ച് നമുക്ക് കൂടുതല്‍ വിവരിക്കാം. إن شاء الله
36:66
- وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴾٦٦﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും,
അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും
ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?! - وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക
36:67
- وَلَوْ نَشَآءُ لَمَسَخْنَٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَٰعُوا۟ مُضِيًّا وَلَا يَرْجِعُونَ ﴾٦٧﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു
വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു)
പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല. - وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ
مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല
അവരുടെ ആന്തരികമായ കണ്ണു -മാനസികദൃഷ്ടി- ഉപയോഗിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ഇത്രയും ദുഷിച്ചത്. അതുപോലെ, ഇഹത്തില്‍ വെച്ചുതന്നെ അവരുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും, അങ്ങനെ വഴി കാണാതെ തപ്പിപ്പിടിച്ചു നടക്കുമാറാക്കുവാനും അല്ലാഹുവിനു പ്രയാസമില്ല. വേണമെങ്കില്‍, അവരുടെ രൂപം പെട്ടെന്ന് മാറ്റി അവര്‍ക്ക് വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നല്‍കുവാനും അവനു കഴിയും. പക്ഷെ, അതൊന്നും ചെയ്യാതെ അവരുടെ പാട്ടിനു വിട്ടുകൊടുത്തിരിക്കുന്നത് അവന്‍റെ കാരുണ്യം കൊണ്ടായിരുന്നു എന്ന് സാരം.
വിഭാഗം – 5
36:68
- وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴾٦٨﴿
- ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സു നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്കു (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടേ?!
- وَمَنْ ആര്‍, യാതൊരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സു നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി (പ്രകൃതി)യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ
മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാല്‍, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം മാറ്റുവാനും – എന്നുവേണ്ട, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്‌വാന്‍- കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ് وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ (നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ!)
36:69
- وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ ﴾٦٩﴿
- അദ്ദേഹത്തിന്നു [നബിക്കു] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അതു ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു ‘ഖുര്‍ആനും’ [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
- وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അതു യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും مُبِينٌ വ്യക്തമായ, വ്യക്തമാക്കുന്ന
36:70
- لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ﴾٧٠﴿
- ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
- لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു കവിയാണെന്നു അവിശ്വാസികള്‍ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ വചനങ്ങള്‍. തിരുമേനി കവിത രചിക്കാറില്ല, അവിടുത്തേക്ക് കവിതാവാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്കു കവിത പഠിപ്പിച്ചിട്ടില്ല. (وَمَا عَلَّمْنَاهُ الشِّعْرَ) എന്നാല്‍, അതു തിരുമേനിയുടെ സ്ഥിതിക്കു യോജിച്ചതും, ചേര്‍ന്നതുമാണോ? അതുമല്ല (وَمَا يَنبَغِي لَهُ) എന്നിരിക്കെ, ഖുര്‍ആനെപ്പറ്റി കവിതയെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപറ്റി കവിയെന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അല്ലാഹുവിങ്കല്‍നിന്നു ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ (ذِكْرٌ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിനു തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രന്ഥ (قُرْآنٌ) വുമാണത്. അല്ലാതെ മറ്റൊന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിര്‍ജ്ജീവമായിത്തീരുകയും, ഐഹിക താല്‍പര്യങ്ങളില്‍ മതിമറന്ന് ആത്മീയചൈതന്യം നശിച്ചു പോകുകയും ചെയ്യാതെ, ജീവസ്സോടെ ഇരിക്കുന്ന എല്ലാവരെയും ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി താക്കീതു ചെയ്തു രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ശിക്ഷിക്കുന്നതിനു ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം.
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്കു നിര്‍വ്വഹിക്കുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല എന്നു ഹദീസുഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ തിരുമേനി ഒരു വരി പദ്യം ചൊല്ലിയതു ശരിയാകാതെ കണ്ടപ്പോള്‍, അബൂബക്കര്‍ (رضي الله عنه) ഇങ്ങിനെ പറയുകയുണ്ടായി: ‘അവിടുന്നു അല്ലാഹുവിന്റെ റസൂലാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ അങ്ങേക്കു കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്കു യോജിക്കുന്നതുമല്ല’.
(أشهد انك رسول الله ما علمك الشعر وما ينبغي لك – ابن أبي حاتم وغيره)
കവിതകളില്‍ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങള്‍ സാധിതമാക്കുവാന്‍ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവില്‍, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം മനസ്സാക്ഷിക്കും, യാഥാര്‍ത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദര്‍ഭത്തിനും അനുസരിച്ചു വസ്തുതകളില്‍ മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തില്‍ നീക്കുപോക്കു കൂടാതെ, നേര്‍ക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകള്‍ക്കു കവിതാലോകത്തു സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാള്‍ ഭാഷക്കും, യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭാവനക്കും, വിജ്ഞാനത്തെക്കാള്‍ വികാരത്തിനുമാണ് കവിതയില്‍ മുന്‍ഗണന. കവിയുടെ വാസനക്കും, ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. أعذب الشعر أكذبه (കവിതയില്‍വെച്ച് കൂടുതല്‍ ആസ്വാദ്യമായതു അതില്‍വെച്ചു കൂടുതല്‍ കളവായതാണ്) എന്നൊരു ആപ്തവാക്യം പോലും ഉടലെടുത്തതു ഇക്കാരണത്താലാണ്. പ്രവാചകത്വവും, കവിത്വവും തമ്മില്‍ യോജിപ്പും, ചേര്‍ച്ചയും ഇല്ലാതിരിക്കുവാന്‍ കാരണവും അതാണ്. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അതു പ്രകടിപ്പിക്കുവാന്‍ ചില മഹാന്മാര്‍ മുന്നോട്ടു വരാതിരുന്നതും ഇതുകൊണ്ടായിരുന്നു. (*) (കവിതയെക്കുറിച്ചും, അതില്‍ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: ശുഅറാഅ് 224 – 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചതു ഓര്‍ക്കുക.)
(*) മീര്‍സാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്നു വാദിച്ചിരുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളില്‍ കുറെ പരുക്കന്‍ കവിതകള്‍ ഉള്‍കൊള്ളുന്നതും, ചിലതില്‍ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിനു വെല്ലുവിളിക്കുന്നതും കാണുമ്പോള്‍ നമുക്കു ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തസ്സിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളില്‍ സാധാരണമാണെന്നോര്‍ക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ലതാനും.
അല്ലാഹുവിന്റെ ഏകത്വമാകുന്ന ‘തൗഹീദ്’,സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമ്മേളിക്കപ്പെടുന്ന ‘ഹശ്ര്‍’, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യമാകുന്ന ‘രിസാലത്തു’ (التوحيد، الحشر، الرسالة) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീദിന്റെ ചില ദൃഷ്ടാന്തങ്ങള്‍കൂടി ഉണര്‍ത്തുന്നു:
പരായണം – Spotify
വിശദീകരണം- Spotify
പരായണം-Youtube link
വിശദീകരണം – Youtube Link
വെളിച്ചം റമദാൻ 2026 –ഡേ- 11 (മാർച്ച് 03)
സൂറത്തു യാസീൻ : 51-64
- വെളിച്ചം റമദാന്‍ 2026 ഡേ-11 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 05 – ആയത്ത് 51 മുതല്‍ 64 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 51-64
വിഭാഗം – 4
36:51
- وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴾٥١﴿
- കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ഖബറു’ കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
- وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു
36:52
- قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴾٥٢﴿
- അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
- قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ് مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍
36:53
- إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٥٣﴿
- അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
- إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും
36:54
- فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٥٤﴿
- അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
- فَالْيَوْمَ അന്ന്‍, ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ
ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോള്‍ ജനങ്ങള്‍ ‘മഹ്ശറി’ലേക്ക് ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂ: മആരിജില്‍ (سورة المعارج) ഇങ്ങനെ പറഞ്ഞിരിക്കുന്നു: يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞുചെല്ലുന്ന പ്രകാരം ധൃതിപ്പെട്ടുകൊണ്ട് അവര്‍ ഖബ്റുകളില്‍ നിന്ന് പുറത്തു വരുന്ന ദിവസം! – 70:43)
പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ 48- ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചത് പോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ (متى هذا الوعد) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്യങ്ങളാന്നെന്നു അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷെ, ഈ അവസരത്തില്‍ ബോധ്യപ്പെട്ടത് കൊണ്ട് കാര്യമില്ലതാനും.
مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേല്‍പ്പിച്ചതാരാണ്.) എന്ന് പറഞ്ഞു കൊണ്ടു, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍ -ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്‍ത്ഥത്തില്‍ ഉറക്കില്‍ത്തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക് സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതാനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ?! മഹ്ശറിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെ നല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണ്താനും.
ഖബറില്‍ വെച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈ വാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍ നിന്ന് വ്യക്തമാണെന്നും, അതുകൊണ്ട് അവര്‍ക്ക് ഖബറില്‍ വെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് അവരുടെ വാദം.പക്ഷെ, സജ്ജനങ്ങള്‍ക്ക് സന്തോഷത്തിന്റെയും, ദുര്‍ജനങ്ങള്‍ക്ക് സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതാണ്. ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും അതു മനസ്സിലാക്കാവുന്നതാണ്. (ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക.) എന്നിരിക്കെ ഈ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യത്തിനു എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ.
അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ച ശേഷം, സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:
36:55
- إِنَّ أَصْحَٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَٰكِهُونَ ﴾٥٥﴿
- നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍ക്കാർ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
- إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും
36:56
- هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴾٥٦﴿
- അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
- هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില് (സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും
36:57
- لَهُمْ فِيهَا فَٰكِهَةٌ وَلَهُم مَّا يَدَّعُونَ ﴾٥٧﴿
- അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
- لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്
36:58
- سَلَٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴾٥٨﴿
- ’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ)!!
- سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക് (തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ
സ്വര്‍ഗസ്ഥരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതോടെ അവര്‍ക്ക് ആനന്ദസമ്പൂര്‍ണ്ണവും, വിഭവ സമൃദ്ധവുമായ സുഖസൗകര്യങ്ങള്‍ ലഭിക്കുകയും, അവര്‍ അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവര്‍ക്കുണ്ടാകുന്നതല്ല. ഇണകള്‍- ഭാര്യാഭര്‍ത്താക്കന്മാര്‍- ഒന്നിച്ചു വിവിധ സുഖാഡംബരങ്ങളില്‍ അവര്‍ മുഴുകി കൊണ്ടിരിക്കും. ഒരു ഹദീസില്‍ നബി (സ) പറഞ്ഞത് പോലെ, ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്‍റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുക. (ബു:മു.) സന്തോഷത്തിനും, രസത്തിനും വേണ്ടി കഴിക്കുന്ന പഴങ്ങള്‍ മുതലായ ഭോജ്യവസ്തുക്കള്‍ക്കാണ് فاكِهَة എന്ന് പറയുന്നത്.
സൂ: അഹ്സാബ് 44ലും അതിന്‍റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവര്‍ക്ക് എല്ലാവരില്‍നിന്നും ‘സലാമിന്‍റെ ഉപചാരവും സ്വീകരണവും ലഭിച്ചു കൊണ്ടിരിക്കും. അതില്‍വെച്ചു ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്‍റെ സലാം. ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരില്‍ കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. അവിശ്വാസികളോട് അന്നു ഇപ്രകാരം പറയപ്പെടും:-
36:59
- وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴾٥٩﴿
- ‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
- وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ
36:60
- ۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٠﴿
- ‘നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
- أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക്يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്
36:61
- وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
- നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
- وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ
36:62
- وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴾٦٢﴿
- ’തീര്‍ച്ചയായും, അവന്‍ നിങ്ങളില്‍ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
- وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا
വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക, (മനസ്സിരുത്തുന്ന)വര്‍
36:63
- هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴾٦٣﴿
- ‘ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ‘ജഹന്നം’ [നരകം]!-
- هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീതു ചെയ്യപ്പെട്ടിരുന്ന
36:64
- ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴾٦٤﴿
- ‘നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!’
- اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക
ഇതായിരിക്കും അന്നു കുറ്റവാളികളായ അവിശ്വാസികളോട് മഹ്ശറില്‍ വെച്ച് പറയപ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
يا بني آدم (ആദമിന്റെ മക്കളേ) എന്ന് വിളിച്ചു കൊണ്ട് പിശാചിനെ ആരാധിച്ചു വന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നത് വളരെ അര്‍ത്ഥഗര്ഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്ക് തന്നെ അവന്‍ നിങ്ങളുടെ സ്ഥിരം ശത്രു ആണ്; അദ്ധേഹത്തോടും, അദ്ധേഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപറ്റി ഞാന്‍ വളരെ താക്കീതു ചെയ്തിട്ടുമുണ്ട്. എന്നിട്ടു പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവന്‍ പിഴപ്പിച്ചുകളഞ്ഞു. നിങ്ങള്‍ക്കു ബുദ്ധി ഉണ്ടായിരുന്നില്ലേ?! നിങ്ങള്‍ ഒട്ടും ബുദ്ധി കൊടുത്തു ആലോചിച്ചില്ലേ?! എന്നു സാരം. മനുഷ്യപിതാവായ ആദം (അ) നബിക്ക് സുജൂദ് ചെയ്‌വാന്‍ പിശാച് കൂട്ടാക്കാതിരിക്കുകയും, അവനദ്ധേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുവാന്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ആദമിന്റെ മക്കളെ, പിശാചു നിങ്ങളുടെ മാതാപിതാക്കളേ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ പോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ!
(يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ – الأعراف : ٢٧)
تعبدالشيطان (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശം അവനെ അനുസരിക്കുക (تطعيه) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്. അവന്‍റെ ദുഷ്പ്രേരണയില്‍ കുടുങ്ങിയും അതിനെ അനുസരിച്ചുമാണല്ലോ മനുഷ്യന്‍ വഴി പിഴക്കുന്നത്. വാസ്തവത്തില്‍, പിശാചിനെ അനുസരിക്കുക മാത്രമല്ല മനുഷ്യന്‍ ചെയ്യാറുള്ളത്. പിശാചിനു- വിഗ്രഹങ്ങൾക്കും മറ്റുമെന്ന പോലെ – യഥാര്‍ത്ഥ ആരാധനാകര്‍മ്മങ്ങള്‍ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ട് താനും. (സൂ: സബഅ് 41ലും അതിന്‍റെ വിവരണത്തിലും പ്രസ്താവിച്ചത് നോക്കുക) ദേഹേചഛകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെ പറ്റി “അവന്റെ ഇച്ചയെ അവന്‍ ദൈവമാക്കി” (اتَّخَذَ إِلَٰهَهُ هَوَاهُ) എന്ന് പറയുന്നത് പോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. (“ഇബാദത്തി”ന്‍റെ അർത്ഥം സൂറത്ത് ഫാത്തിഹയുടെ വിവരണത്തില്‍ നോക്കുക.”)
പരായണം – Spotify
വിശദീകരണം- Spotify
പരായണം-Youtube link
വിശദീകരണം – Youtube Link
വെളിച്ചം റമദാൻ 2026 –ഡേ- 10 (മാർച്ച് 02)
സൂറത്തു യാസീൻ : 41-50
- വെളിച്ചം റമദാന്‍ 2026 ഡേ-10 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 04 – ആയത്ത് 41 മുതല്‍ 50 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 41-50
36:41
- وَءَايَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ ﴾٤١﴿
- തങ്ങളുടെ സന്താനങ്ങളെ (സാമാനം) നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചുകൊണ്ടു പോകുന്നതും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
- وَآيَةٌ لَهُمْ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് أَنَّا حَمَلْنَا നാം വഹിക്കുന്നത് ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ സാമാനം നിറക്കപ്പെട്ട
36:42
- وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ ﴾٤٢﴿
- അതുപോലെയുള്ള വസ്തുക്കളില്‍നിന്നു അവര്‍ക്കു സവാരി ചെയ്യാവുന്ന (പല)തിനെയും അവര്‍ക്കു നാം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.
- وَخَلَقْنَا لَهُمْ അവര്‍ക്കു നാം സൃഷ്ടിച്ചിരിക്കുന്നു مِنْ مِثْلِهِ അതുപോലെയുള്ളതില്‍നിന്നു مَا يَرْكَبُونَ അവര്‍ സവാരിചെയ്യുന്നതു, വാഹനമേറാവുന്നത്
36:43
- وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ ﴾٤٣﴿
- നാം ഉദ്ദേശിക്കുകയാണെങ്കില്‍, അവരെ (സമുദ്രത്തില്‍) നാം മുക്കിക്കളഞ്ഞേക്കും; അപ്പോള്‍ അവര്‍ക്കു (നിലവിളികേട്ട്) സഹായിക്കുന്ന ഒരാളും ഉണ്ടാവുകയില്ല; അവര്‍ രക്ഷപ്പെടുത്തപ്പെടുകയുമില്ല;-
- وَإِنْ نَشَأْ നാം ഉദ്ദേശിക്കുന്ന പക്ഷം نُغْرِقْهُمْ നാമവരെ മുക്കുന്നതാണ് فَلَا صَرِيخَ അപ്പോള്‍ (നിലവിളിക്കുത്തരം നല്‍കി) സഹായിക്കുന്നവനില്ല لَهُمْ അവര്‍ക്കു وَلَا هُمْ അവരില്ലതാനും يُنْقَذُونَ രക്ഷപ്പെടുത്തപ്പെടും
36:44
- إِلَّا رَحْمَةً مِّنَّا وَمَتَٰعًا إِلَىٰ حِينٍ ﴾٤٤﴿
- പക്ഷെ, നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യമായിട്ടും, ഒരു (നിശ്ചിത) സമയംവരേക്കുള്ള ജീവിതസുഖമായിട്ടുമത്രേ (നാമവരെ രക്ഷപ്പെടുത്തുന്നത്).
- إِلَّا رَحْمَةً പക്ഷേ, കാരുണ്യമായിട്ടു, കാരുണ്യമല്ലാതെ مِنَّا നമ്മില്‍നിന്നുള്ള وَمَتَاعًا (ജീവിത) സുഖവും, ഉപയോഗവും إِلَىٰ حِينٍ ഒരു കാലം (സമയം) വരെ
ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സമുദ്രത്തില്‍ സഞ്ചരിക്കുവാന്‍ പായക്കപ്പലുകളും, കരയില്‍ സഞ്ചരിക്കുവാന്‍ ഒട്ടകം, കുതിര മുതലായവയുമായിരുന്നു പ്രധാന വാഹനങ്ങള്‍. ഇന്നാകട്ടെ, ഏറ്റവും പരിഷ്കൃത രീതിയിലുള്ള യാന്ത്രിക വാഹനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. ഇന്നു അവന്റെ യാത്രാമണ്ഡലം, കരയും കടലും മാത്രമല്ല, വായുവും, ഉപരിയാകാശവും കൂടിയാണ്. ഇന്നത്തെ വാഹനങ്ങള്‍ മനുഷ്യ കരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യനു അഹങ്കരിച്ചുകൂടാ. അവ കണ്ടുപിടിക്കുവാനുള്ള ബുദ്ധി, നിര്‍മ്മിക്കുവാനുള്ള ഉപകരണങ്ങള്‍, ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം അല്ലാഹു നല്‍കിയതും, അവന്‍ സജ്ജമാക്കിക്കൊടുത്തതും മാത്രമാണ്. അതെ, واللهُ خَلَقَكُمْ وَمَا تَعْمَلون – الصافات (നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചതാണ്.)
വാഹനങ്ങള്‍ സുഖകരവും, സുരക്ഷിതവും ആയിരിക്കേണ്ടതിന്നും, യാത്രാപരിപാടിയില്‍ വിഘ്നം നേരിടാതിരിക്കേണ്ടതിനും കാലേക്കൂട്ടിതന്നെ വിവിധ മുന്‍കരുതലുകള്‍ എടുക്കപ്പെടുന്നു. പ്രതിവിധികള്‍ പലതും ആസൂത്രണം ചെയ്യപ്പെടുന്നു. എന്നിട്ടും അവിചാരിതവും, അപ്രതീക്ഷിതവുമായ അത്യാഹിതങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിര്‍മ്മാണത്തിന്റെ വൈദഗ്ദ്ധ്യമോ, നിയന്ത്രണത്തിന്റെ സാമര്‍ത്ഥ്യമോ ഒന്നുംതന്നെ അവിടെ ഉപകരിക്കുന്നില്ല. പുറമെനിന്നുള്ള സഹായവും ലഭ്യമാകുന്നില്ല. സംഭവിക്കുന്നത് അനുഭവിക്കുവാനേ മനുഷ്യനു കഴിയുന്നുള്ളൂ. ഇതെല്ലാം കേവലം സങ്കല്‍പ്പമല്ല. നമ്മുടെ അനുഭവങ്ങളാണ്, കടലിലോ, കരയിലോ, വായുവിലോ, ശൂന്യാകാശത്തിലോ എന്ന വ്യത്യാസംകൂടാതെ, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, അവന്‍ ഉദ്ദേശിച്ചപ്രകാരം എല്ലാം സംഭവിക്കുന്നുവെന്നു മാത്രം. അപ്പോള്‍, ഇങ്ങിനെയുള്ള ആപല്‍സന്ധികളില്‍ അകപ്പെടാതെ രക്ഷപ്പെടുകയെന്നതു മനുഷ്യന്റെ കഴിവിനെയല്ല, അല്ലാഹുവിന്റെ കാരുണ്യത്തെയാണ് യഥാര്‍ത്ഥത്തില്‍ ആശ്രയിക്കുന്നതു എന്നു വ്യക്തമത്രെ.
36:45
- وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴾٤٥﴿
- ‘നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.’ എന്ന് അവരോടു പറയപ്പെട്ടാല്‍ (അവര്‍ തിരിഞ്ഞുകളയുന്നു)!
- وَإِذَا قِيلَ لَهُمُ അവരോടു പറയപ്പെട്ടാല്‍ اتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്നു مَا بَيْنَ أَيْدِيكُمْ നിങ്ങളുടെ മുമ്പിലുള്ളത് وَمَا خَلْفَكُمْ നിങ്ങളുടെ പിമ്പിലുള്ളതും لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ നിങ്ങള്‍ കരുണചെയ്യപ്പെടും
36:46
- وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ ﴾٤٦﴿
- അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട ഏതൊരു ദൃഷ്ടാന്തവും വരുന്നില്ല, അവരതില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ.
- وَمَا تَأْتِيهِمْ അവര്‍ക്കു വരുകയില്ല مِنْ آيَةٍ ഒരു ദൃഷ്ടാന്തവും مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍പെട്ട رَبِّهِمْ തങ്ങളുടെ റബ്ബിന്റെ إِلَّا كَانُوا അവരാകാതെ عَنْهَا അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന)വര്‍
‘മുമ്പിലുള്ളതു’ എന്നു പറഞ്ഞതു, മുന്‍സമുദായങ്ങള്‍ക്കു ബാധിച്ചതുപോലെയുള്ള ഐഹികശിക്ഷകളും, ‘പിമ്പിലുള്ളതു’ എന്നു പറഞ്ഞതു വരാനിരിക്കുന്ന പരലോകശിക്ഷയുമാകുന്നു.
36:47
- وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَٰلٍ مُّبِينٍ ﴾٤٧﴿
- ‘നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍നിന്നു ചിലവഴിക്കുവിന്‍’ എന്ന് അവരോട് പറയപ്പെട്ടാല്‍- (ആ) അവിശ്വസിച്ചവര്‍ വിശ്വസിച്ചിട്ടുള്ളവരോടു പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ?! നിങ്ങള്‍ സ്പഷ്ടമായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല -‘
- وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ أَنْفِقُوا ചിലവഴിക്കുവിന്‍ എന്നു مِمَّا رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍നിന്നു اللَّهُ അല്ലാഹു قَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോടു أَنُطْعِمُ ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ مَنْ ഒരുവര്‍ക്കു, ഒരുവന്നു لَوْ يَشَاءُ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ أَطْعَمَهُ അവന്നു ഭക്ഷണം നല്‍കുമായിരുന്നു إِنْ أَنْتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവിലല്ലാതെ مُبِينٍ സ്പഷ്ടമായ
ധനികന്മാരായ പലരിലും ഇന്നും കാണപ്പെടാറുള്ള ഒരു മനോഭാവമാണിത്: സാധുക്കളും, പാവങ്ങളുമായ ആളുകള്‍ക്കു സുഖവും സമ്പത്തും കൊടുക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കാത്തതുകൊണ്ടു അവര്‍ക്കതു ലഭിക്കാത്തതാണ്. ആ സ്ഥിതിക്കു അവര്‍ക്കു ഞങ്ങളെന്തിനു സഹായം നല്‍കണം?! അവര്‍ക്കു വേണമെങ്കില്‍ അല്ലാഹു കൊടുത്തുകൊള്ളുമല്ലോ. ഇതാണവരുടെ നില. സാധുക്കളെ സഹായിക്കുവാനും, സല്‍കാര്യങ്ങളില്‍ ചിലവഴിക്കുവാനും ഉപദേശിക്കുന്നവരോടു ഇതു തുറന്നു പറയുവാനും, അവരെ പരിഹസിക്കുവാനും ധൈര്യപ്പെടുന്നവരും ഇല്ലാതില്ല. ധനം ഒരു പരീക്ഷണം മാത്രമാണ്. അതു ആര്‍ക്കും സ്ഥിരാവകാശമല്ല; അല്ലാഹു തല്‍ക്കാലം അവരുടെ കൈവശം കൊടുത്തിരിക്കുന്നുവെന്നേയുള്ളൂ എന്നൊന്നും അവര്‍ ഓര്‍ക്കുന്നില്ല. ഈ മനോഭാവവും, ഈ ന്യായവാദവും അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കു് യോജിച്ചതല്ലെന്നും, ഇതു അവിശ്വാസികളുടെ സ്വഭാവമാണെന്നും ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.
36:48
- وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٤٨﴿
- അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (സംഭവിക്കുക) – നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍?!’
- وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
36:49
- مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴾٤٩﴿
- ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവര്‍ നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നില്ല; അവര്‍ (തര്‍ക്കിച്ച്) വഴക്കു കൂട്ടിക്കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.
- مَا يَنْظُرُونَ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നില്ല إِلَّا صَيْحَةً ഒരു ഘോരശബ്ദം(അട്ടഹാസം) അല്ലാതെ وَاحِدَةً ഒരേ, ഒന്നു تَأْخُذُهُمْ അതവരെ പിടികൂടും وَهُمْ അവരായിരിക്കെ يَخِصِّمُونَ തര്‍ക്കിക്കുക, വഴക്കടിച്ചുകൊണ്ടിരിക്കുക
36:50
- فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ ﴾٥٠﴿
- അപ്പോള്‍, വല്ല ഒസിയ്യത്തും ചെയ്‌വാന്‍ അവര്‍ക്കു സാദ്ധ്യമാകുകയില്ല; അവരുടെ സ്വന്തക്കാരിലേക്കു അവര്‍ മടങ്ങിച്ചെല്ലുകയുമില്ല.
- فَلَا يَسْتَطِيعُونَ അപ്പോഴവര്‍ക്കു സാധിക്കുകയില്ല تَوْصِيَةً വല്ല ഒസിയ്യത്തിനും وَلَا إِلَىٰ أَهْلِهِمْ അവരുടെ സ്വന്തക്കാരിലേക്കു (കുടുംബത്തിലേക്കു) ഇല്ലതാനും يَرْجِعُونَ അവര്‍ മടങ്ങിച്ചെല്ലും
‘വാഗ്ദാനം’ (ٱلْوَعْدُ) കൊണ്ടുദ്ദേശ്യം ലോകാവസാനസമയമാകുന്നു. മുശ്രിക്കുകള്‍ അന്ത്യനാളില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അതെപ്പോഴാണുണ്ടാകുക എന്ന് അവര്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നത്. അതു സംഭവിക്കുന്ന സമയത്തെക്കുറിച്ചല്ല അവര്‍ അന്വേഷിക്കേണ്ടത്; അതു ആര്‍ക്കും അറിയുകയില്ല; അല്ലാഹുവിനു മാത്രമേ അറിയൂ; പക്ഷെ, അതു സംഭവിക്കുന്നതു വളരെ പെട്ടെന്നായിരിക്കും; അവര്‍ അന്യോന്യം തര്‍ക്കിച്ചും വഴക്കടിച്ചും കൊണ്ടിരിക്കുന്നതിനിടയില്‍ -ഒരു മുന്നറിയിപ്പും കൂടാതെ- വമ്പിച്ച ഒരു ഘോരശബ്ദം ഉണ്ടായേക്കും. അത്ര മാത്രം! എല്ലാവരും അതോടെ നാശമടയും അതു വന്നു കഴിഞ്ഞാല്‍, സാധാരണപോലെ വല്ല ഒസിയത്തും ചെയ്‌വാനോ, കുടുംബത്തിലേക്കു പോയിച്ചേരുവാനോ ഒന്നുംതന്നെ ആര്‍ക്കും സാധ്യമല്ല. എന്നൊക്കെയാണ് മറുപടിയുടെ സാരം. അല്ലാഹു പറയുന്നു:
وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ : النحل ٧٧
(അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നതുപോലെയല്ലാതെ മറ്റൊന്നുമല്ല. അഥവാ അതു അതിനെക്കാള്‍ സമീപത്തിലായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. (സൂ: നഹ്ല്‍)
ഒരു ഘോരശബ്ദം (صَيْحَةً) എന്നു പറഞ്ഞതു, ഈ ലോകം അവസാനിക്കുകയും, എല്ലാവരും നാശമടയുകയും ചെയ്യുന്നതിനുള്ള ഒന്നാമത്തെ കാഹളമൂത്തിനെ ഉദ്ദേശിച്ചാകുന്നു. പിന്നീടു പുനരുത്ഥാനത്തിനുവേണ്ടിയുള്ള രണ്ടാമതൊരു ഊത്തും ഉണ്ടാകുന്നതാണ്. ഇതിനെക്കുറിച്ചാണ് അടുത്ത വചനത്തില്‍ ‘കാഹളത്തില്‍ ഊതപ്പെടു’മെന്നും, 53-ാം വചനത്തില്‍ ‘ഒരു ഘോരശബ്ദം’ എന്നും പറഞ്ഞിരിക്കുന്നത്.
പരായണം – Spotify
വിശദീകരണം- Spotify
പരായണം-Youtube link
വിശദീകരണം – Youtube Link
വെളിച്ചം റമദാൻ 2026 –ഡേ- 09 (മാർച്ച് 01)
സൂറത്തു യാസീൻ : 28-40
- വെളിച്ചം റമദാന്‍ 2026 ഡേ-09 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 03 – ആയത്ത് 28 മുതല്‍ 40 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 28-40
ജുസ്ഉ് – 23
36:28
- ۞ وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ ﴾٢٨﴿
- അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ ആകാശത്തു നിന്നു നാം ഒരു സൈന്യത്തേയും ഇറക്കിയിട്ടില്ല: നാം (അങ്ങിനെ) ഇറക്കുന്നവരുമല്ല.
- وَمَا أَنْزَلْنَا നാം ഇറക്കിയിട്ടില്ല عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ مِنْ بَعْدِهِ അദ്ദേഹത്തിന് ശേഷം مِنْ جُنْدٍ ഒരു സേനയും, പട്ടാളവും مِنَ السَّمَاءِ ആകാശത്തുനിന്ന്‍ وَمَا كُنَّا നാം അല്ല, ആയിട്ടുമില്ല مُنْزِلِينَ ഇറക്കുന്നവര്‍
36:29
- إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ خَٰمِدُونَ ﴾٢٩﴿
- അതു (ആ സംഭവം) ഒരൊറ്റ ഘോര ശബ്ദമല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. അപ്പോള്‍, അവരതാ (നശിച്ച്) കെട്ടടങ്ങിയവരായിരിക്കുന്നു!
- إِنْ كَانَتْ അതായിരുന്നില്ല إِلَّا صَيْحَةً ഒരു അട്ടഹാസം (ഘോര ശബ്ദം) അല്ലാതെ وَاحِدَةً ഒറ്റ فَإِذَا هُمْ അപ്പോഴതാ അവര്‍ خَامِدُونَ കെട്ടടങ്ങിയ (നശിച്ച) വരായിരിക്കുന്നു
36:30
- يَٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٠﴿
- ഹാ! (ആ) അടിയാന്മാരുടെ മേലുള്ള കഷ്ടമേ! അവരുടെ അടുക്കല്‍ ഏതൊരു റസൂല്‍ ചെല്ലുന്നതായാലും അവര്‍ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുകയല്ലാതെ ചെയ്തിരുന്നില്ല.
- يَا حَسْرَةً കഷ്ടമേ,സങ്കടമേ عَلَى الْعِبَادِ അടിയാന്മാരുടെ മേലുള്ള مَا يَأْتِيهِمْ അവര്‍ക്ക് വന്നിരുന്നില്ല مِنْ رَسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ദേഹത്തെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കുക
ദൂതന്മാരെ ധിക്കരിക്കുകയും ഉപദേഷ്ടാവിനെ അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ആ ജനതയെ അല്ലാഹു വമ്പിച്ച ശിക്ഷ മൂലം നശിപ്പിച്ചു. അതിന്നായി ആകാശത്ത് നിന്ന് ഒരു പട്ടാളത്തെ അയക്കുകയുണ്ടായില്ല, അതിന്റെ ആവശ്യവുമില്ല, അങ്ങിനെ അല്ലാഹുവിനു പതിവുമില്ല. ഒരൊറ്റ ഘോരശബ്ദം മാത്രം ഉണ്ടായി. അതോടെ ആ ജനതയുടെ കഥ കഴിഞ്ഞു! ഇത്രയും വമ്പിച്ച ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വന്നത് ദൈവദൂതന്മാരേയും, ദിവ്യദൗത്യത്തേയും പരിഹസിക്കല്‍ അവര്‍ ഒരു പതിവാക്കിത്തീര്‍ത്തത് കൊണ്ടായിരുന്നു.
36:31
- أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ ﴾٣١﴿
- അവരുടെ മുമ്പ് (പല) തലമുറകളില്‍ നിന്നും എത്രയോ നാം നശിപ്പിച്ചിരിക്കുന്നു -അവര്‍ (ആരും) ഇവരിലേക്കു മടങ്ങിവരുന്നില്ല- എന്ന് അവര്‍ക്കു കണ്ടുകൂടെ?!
- أَلَمْ يَرَوْا അവര്‍ക്ക് കണ്ടുകൂടെ كَمْ أَهْلَكْنَا നാം എത്ര (എത്രയോ) നശിപ്പിച്ചിരിക്കുന്നു എന്ന് قَبْلَهُمْ അവരുടെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്ന് أَنَّهُمْ അവര്‍ ആണെന്ന് إِلَيْهِمْ അവരിലേക്ക് لَا يَرْجِعُونَ മടങ്ങി വരുന്നില്ല
36:32
- وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٣٢﴿
- എല്ലാവരും – മുഴുവനുംതന്നെ- നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെടുന്നവരല്ലാതെ ഇല്ല.
- وَإِنْ كُلٌّ എല്ലാവരുമില്ല لَمَّا جَمِيعٌ മുഴുവനും അല്ലാതെ (ഇല്ല) لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍
മുമ്പ് നശിച്ചുപോയവരാരെങ്കിലും മടങ്ങിവന്ന് മരണശേഷം യാതൊന്നും സംഭവിക്കുവാനില്ലെന്നു ഇവര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടെങ്കില്‍, ഇവര്‍ക്ക് മരണാനന്തരകാര്യങ്ങളെ നിഷേധിക്കാമായിരുന്നു. പക്ഷെ, ആരും മടങ്ങി വരുന്നില്ല, വരുകയുമില്ല. ഒന്നടങ്കം അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുകയും, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആരും ഒഴിവില്ല. ഒരു കവി പറഞ്ഞ വാക്യങ്ങള്‍ ശ്രദ്ധേയമാണ്:-
ولو أنّا إذا متنا تركنا * لكان الموت راحةُ كلِّ حيٍّ
ولكنّا إذا متنا بُعثنا * ونسأل بُعدهُ عن كلِّ شيئٍ
(നാം മരണപ്പെട്ടാല്‍ നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കില്‍, മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു! പക്ഷെ മരിച്ചാല്‍ നാം എഴുന്നേല്‍പ്പിക്കപ്പെടുകയും, എന്നിട്ട് എല്ലാ കാര്യത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമല്ലോ!)
വിഭാഗം – 3
36:33
- وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ ﴾٣٣﴿
- അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, നിര്‍ജ്ജീവമായ ഭൂമി, – നാമതിനെ ജീവിപ്പിക്കുകയും, അതില്‍ നിന്നു ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതില്‍ നിന്ന് അവര്‍ തിന്നുകൊണ്ടിരിക്കുന്നു.
- وَآيَةٌ ഒരു ദൃഷ്ടാന്തമാണ് لَهُمُ അവര്‍ക്കു الْأَرْضُ الْمَيْتَةُ ചത്ത (നിര്‍ജ്ജീവമായ) ഭൂമി أَحْيَيْنَاهَا നാമതിനെ ജീവിപ്പിച്ചിരിക്കുന്നു وَأَخْرَجْنَا مِنْهَا അതില്‍നിന്നു പുറത്തു വരുത്തുക (ഉൽപാദിപ്പിക്കുക)യും ചെയ്തു حَبًّا ധാന്യം فَمِنْهُ എന്നിട്ടതില്‍നിന്നു يَأْكُلُونَ അവര്‍ തിന്നുന്നു, ഭക്ഷിക്കുന്നു
36:34
- وَجَعَلْنَا فِيهَا جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ﴾٣٤﴿
- അതില്‍, ഈത്തപ്പനയുടെയും, മുന്തിരികളുടെയും തോട്ടങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. നീരുറവകളെയും നാമതില്‍ തുറന്നുവിട്ടു;-
- وَجَعَلْنَا فِيهَا അതില്‍ നാം ഉണ്ടാക്കുകയും ചെയ്തു جَنَّاتٍ തോട്ടങ്ങള്‍ مِنْ نَخِيلٍ ഈത്തപ്പനയാല്‍, (ഈത്തപ്പനയുടെ) وَأَعْنَابٍ മുന്തിരികളായും وَفَجَّرْنَا നാം തുറന്നു വിടുക(പിളര്‍ത്തിയുണ്ടാക്കുക)യും ചെയ്തു فِيهَا അതില്‍ مِنَ الْعُيُونِ നീരുരവകളില്‍നിന്നും
36:35
- لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ ﴾٣٥﴿
- അതിന്റെ ഫലങ്ങളില്‍നിന്നും, തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ക്കു തിന്നുവാന്‍ വേണ്ടി(യാണ് അതെല്ലാം), അപ്പോള്‍, അവര്‍ക്കു നന്ദി കാണിച്ചുകൂടേ?!
- لِيَأْكُلُوا അവര്‍ക്ക് തിന്നുവാന്‍ مِنْ ثَمَرِهِ അതിന്റെ ഫലത്തില്‍നിന്നും وَمَا യാതൊന്നില്‍ നിന്നും عَمِلَتْهُ അതു പ്രവര്‍ത്തിച്ചുണ്ടാക്കി أَيْدِيهِمْ അവരുടെ കൈകള്‍ أَفَلَا يَشْكُرُونَ അപ്പോള്‍ അവര്‍ നന്ദി കാണിക്കുന്നില്ലേ, കാണിച്ചുകൂടേ!
36:36
- سُبْحَٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ ﴾٣٦﴿
- എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവന്‍ മഹാ പരിശുദ്ധനത്രെ! (അതെ) ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍നിന്നും, അവരുടെ ദേഹങ്ങളില്‍നിന്നും, അവര്‍ക്ക് അറിഞ്ഞുകൂടാത്തവയില്‍നിന്നും (ഇണകളെ സൃഷ്ടിച്ചവന്‍)
- سُبْحَانَ الَّذِي യാതൊരുവന്‍, മഹാപരിശുദ്ധന്‍ خَلَقَ الْأَزْوَاجَ ഇണകളെ സൃഷ്ടിച്ച كُلَّهَا അവയെല്ലാറ്റിനെയും مِمَّا تُنْبِتُ ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്നു الْأَرْضُ ഭൂമി وَمِنْ أَنْفُسِهِمْ അവരുടെ ദേഹങ്ങളില്‍നിന്നും وَمِمَّا യാതൊന്നില്‍ നിന്നും لَا يَعْلَمُونَ അവര്‍ അറിയാത്ത
അറേബ്യായിലെ പ്രധാന ഉല്‍പന്നവും, അറബികള്‍ക്കു കൂടുതല്‍ പരിചിതവുമാണ് ഈന്തത്തോട്ടങ്ങളും, മുന്തിരിത്തോട്ടങ്ങളും. അതുകൊണ്ടാണ് അവയെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. എല്ലാതരം കൃഷിവിഭവങ്ങളും ‘കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതി’ല്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷത്തില്‍ അവ മനുഷ്യന്റെ പ്രയത്നഫലങ്ങളാണെങ്കിലും, അവ മുളക്കുന്നതും, വളരുന്നതും, വിളയുന്നതുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണല്ലോ, അതു കൊണ്ടു ഓരോന്നിലും മനുഷ്യന്‍ അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കേണ്ടതുണ്ട്.
(1) സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, ജീവജന്തുക്കള്‍ തുടങ്ങിയ എല്ലാ വര്‍ഗ്ഗത്തിലും – മനുഷ്യരില്‍തന്നെയും – വിവിധ വിഭാഗങ്ങളും, തരങ്ങളും ഉള്‍കൊള്ളുന്നു. ഓരോന്നിലും ഏതെല്ലാം ഇനങ്ങളാണുള്ളതെന്നു തിട്ടപ്പെടുത്തുവാന്‍പോലും മനുഷ്യനു സാധ്യമല്ല. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കളും, അവയിലെ തരാതരങ്ങളും ഇതിനു പുറമെയും ഇതെല്ലാം സൃഷ്ടിച്ചുണ്ടാക്കി നിലനിറുത്തിപ്പോരുന്ന സൃഷ്ടാവ് അതിമഹാന്‍ തന്നെ! ഈ കണക്കറ്റ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും, മഹത്വത്തെ കീര്‍ത്തനം ചെയ്‌വാനും ബാധ്യസ്ഥനല്ലേ?! നിശ്ചയമായും അതെ.
(1) 35-ാം ആയത്തില്‍ لِيَأْكُلُوا مِنْ ثَمَرِهِ (അതിന്റെ ഫലങ്ങളില്‍നിന്നു അവര്‍ക്കു തിന്നുവാന്‍വേണ്ടി എന്നതിനോടു ചേര്‍ത്തു (عطف) കൊണ്ടാണ് وَمَا عَمِلَتْهُ أَيْدِيهِمْ (തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും) എന്ന വാക്കു നിലകൊള്ളുന്നതു എന്ന അഭിപ്രായമനുസരിച്ചത്രെ മുകളില്‍ വായിച്ച അതിന്റെ പരിഭാഷയും വ്യാഖ്യാനവും. രണ്ടാമത്തെ വാക്ക് (وَمَا عَمِلَتْهُ أَيْدِيهِمْ) ഒന്നാമത്തേതിനോടു ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നു അതിലെ مَا എന്ന പദം ‘ഇല്ല’ എന്ന അര്‍ത്ഥത്തിലുള്ള നിഷേധത്തിന്റെ അവ്യയമാണെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍ അതിന് ഇങ്ങിനെ അര്‍ത്ഥമായിരിക്കും: ‘അതിനെ അവരുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിട്ടുമില്ല,’ അതായതു അവര്‍ക്കു തിന്നുവാനുള്ള ആ ഫലങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയതു അല്ലാഹു മാത്രമാണ് – അവരുടെ പ്രവര്‍ത്തികൊണ്ടല്ല അതുണ്ടായത് – എന്നു സാരം. മുഹമ്മദ് അമാനി.
36:37
- وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ ﴾٣٧﴿
- അവര്‍ക്കൊരു ദൃഷ്ടാന്തമാണ് രാത്രിയും;- നാം അതില്‍നിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോള്‍ അവരതാ, ഇരുട്ടില്‍പ്പെട്ടവരാകുന്നു!
- وَآيَةٌ لَهُمُ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് اللَّيْلُ രാത്രി نَسْلَخُ مِنْهُ അതില്‍നിന്നും നാം ഉരിച്ചെടുക്കുന്നു, വേര്‍പ്പെടുത്തുന്നു النَّهَارَ പകലിനെ فَإِذَا هُمْ അപ്പോഴവര്‍ مُظْلِمُونَ ഇരുളടഞ്ഞവരാകുന്നു
36:38
- وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾٣٨﴿
- സൂര്യന്‍ അതിന്റേതായ ഒരു താവളത്തിലേക്കു (അഥവാ നിശ്ചിത അതിര്‍ത്തിയിലേക്കു) ചലിച്ചുകൊണ്ടുമിരിക്കുന്നു. അതു സര്‍വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ (വ്യവസ്ഥ ചെയ്ത്) കണക്കാക്കിയതാണ്.
- وَالشَّمْسُ സൂര്യനും تَجْرِي നടക്കുന്നു, സഞ്ചരിക്കുന്നു لِمُسْتَقَرٍّ لَهَا അതിന്റെ ഒരു താവളത്തേക്കു ذَٰلِكَ അതു تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ കണക്കാക്കല്‍ (വ്യവസ്ഥ) ആകുന്നു الْعَلِيمِ സര്‍വ്വജ്ഞനായ
36:39
- وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ ﴾٣٩﴿
- ചന്ദ്രന്നും തന്നെ, നാം ചില ഭവനങ്ങള്‍ കണക്കാക്കിയിരിക്കുന്നു. അങ്ങനെ, അതു (ഈത്തപ്പനയുടെ) പഴക്കം ചെന്ന കുലത്തണ്ടുപോലെ ആയിത്തീരുന്നു.
- وَالْقَمَرَ ചന്ദ്രനെയും, ചന്ദ്രന്നും قَدَّرْنَاهُ അതിനെ (അതിനു) നാം കണക്കാക്കിയിരിക്കുന്നു مَنَازِلَ ചില ഭവനങ്ങള്‍, പതനസ്ഥാനങ്ങള്‍ حَتَّىٰ عَادَ അങ്ങിനെ അതു മടങ്ങിവരും (പരിണമിക്കും), ആയിത്തീരുവോളം كَالْعُرْجُونِ (ഈന്തപ്പനയുടെ) കുലത്തണ്ടു (കുലച്ചില്‍) പോലെ الْقَدِيمِ പഴകിയ
36:40
- لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ ﴾٤٠﴿
- സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാന്‍ പറ്റുകയില്ല; രാത്രി പകലിനെ മുന്‍കടക്കുന്നതുമല്ല, എല്ലാവരും [ഓരോ ഗ്രഹവും] ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു.
- لَا الشَّمْسُ സൂര്യനില്ല يَنْبَغِي لَهَا അതിനു യോജിക്കുക, പറ്റുക(യില്ല) أَن تُدْرِكَ അതു പ്രാപിക്കല്‍, കണ്ടുമുട്ടല്‍ ْتُدْرِكَ الْقَمَرَ ചന്ദ്രനെ وَلَا اللَّيْلُ രാത്രിയുമല്ല سَابِقُ النَّهَارِ പകലിനെ മുന്‍കടക്കുന്നതു وَكُلٌّ എല്ലാം, എല്ലാവരും فِي فَلَكٍ ഓരോ സഞ്ചാരമണ്ഡല(പഥ)ത്തില്‍ يَسْبَحُونَ നീന്തുന്നു
ഭൂവിഭവങ്ങളിലടങ്ങിയ ചില ദൃഷ്ടാന്തങ്ങളെക്കുറിച്ചു പറഞ്ഞശേഷം, ആകാശത്തില്‍ കാണാവുന്ന ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടുകയാണ്:
1) ഭൂഗോളത്തിന്റെ അര്‍ദ്ധഭാഗങ്ങളിലായി രാപ്പകലുകള്‍ ഒന്നൊന്നിനെ അനുഗമിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു സ്ഥലത്തുനിന്നു പകല്‍വെളിച്ചത്തെ അല്ലാഹു നീക്കി എടുക്കുന്നുവോ അവിടെ ഇരുട്ടുമൂടി രാത്രിയായിത്തീരുന്നു. ഇതിനെ ആടു മുതലായ ജന്തുക്കളുടെ തോലുരിച്ചു വേര്‍പ്പെടുത്തുന്നതിനോടു ഉപമിച്ചിരിക്കുകയാണ്.
2) സൂര്യന്‍ ചില നിശ്ചിതമാര്‍ഗ്ഗങ്ങളില്‍ കൂടി ഒരു നിശ്ചിത അതിര്‍ത്തിവരെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ദിവസക്കണക്കിലും, മാസക്കണക്കിലും, കൊല്ലക്കണക്കിലും അതിന്റെ സഞ്ചാരത്തിനു കൃത്യമായ ലക്ഷ്യവും മാര്‍ഗ്ഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള ആ കണക്കും, ചിട്ടയും തെറ്റാതെ അതു സഞ്ചരിച്ചുവരുന്നു. നമ്മുടെ കാഴ്ചയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പറഞ്ഞത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും ഇപ്പറഞ്ഞതു ശരിതന്നെ. ഭൂമിയെ അപേക്ഷിക്കുമ്പോള്‍ സൂര്യന്‍ ഒരേ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുകയാണെങ്കിലും, സൗരയൂഥം ഒന്നാകെ മറ്റൊരു കേന്ദ്രത്തെ ലക്‌ഷ്യംവെച്ചു – മറ്റനേകം നക്ഷത്രവ്യൂഹങ്ങളെപ്പോലെ – കറങ്ങുന്നുവെന്നാണ് ഗോളശാസ്ത്രസിദ്ധാന്തം.
3) ചന്ദ്രന്നുമുണ്ട് അതിന്റേതായ സഞ്ചാര മാര്‍ഗ്ഗവും, യാത്രാപരിപാടിയും ഓരോ ദിവസവും ചന്ദ്രമുഖം വികസിച്ചോ, സങ്കോചിച്ചോ, കൊണ്ടിരിക്കുന്നു. ചന്ദ്രമാസാരംഭത്തില്‍ ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അര്‍ദ്ധവളയം പോലെ അതു വാനത്തു പ്രത്യക്ഷപ്പെടും. ക്രമേണ വികസിച്ച് വികസിച്ച് ഒരു പൂര്‍ണ്ണവൃത്തമായിത്തീരുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്കുതന്നെ മടങ്ങി അവസാനം ഈത്തപ്പനയുടെ ഉണങ്ങിപ്പഴകിയ കുലത്തണ്ടു പോലെ നേര്‍ത്ത ഒരു വളയമായിത്തീരുന്നു.
4) ഏതെങ്കിലും ക്രമക്കേടോ, പാകപ്പിഴവോ ബാധിച്ച് സൂര്യചന്ദ്രന്മാര്‍ തമ്മില്‍ കൂട്ടിമുട്ടുകയോ, രാത്രി പകലിനെ കവച്ചുവെക്കുകയോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഓരോന്നും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥപ്രകാരം ഒട്ടും കൃത്യ ദോഷം ബാധിക്കാതെ അതതിന്റെ പരിധിയില്‍ നീന്തിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്നും, ശക്തിമഹാത്മ്യത്തിന്നും ഇവ ഓരോന്നിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (*).
(*). കൂടുതല്‍ വിവരം അല്‍കഹ്ഫ് : 109 ന്റെയും, അമ്പിയാഉ് : 33ന്റെയും വിവരണത്തില്‍ നോക്കുക.
كُلٌّ فِي فَلَكٍ يَسْبَحُونَ (എല്ലാവരും ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു) എന്ന വാക്യത്തിലെ ക്രിയ (يَسْبَحُونَ) ബഹുവചന രൂപത്തിലും, ബുദ്ധിജീവികളില്‍ മാത്രം ഉപയോഗപ്പെടാറുള്ള രൂപത്തിലുമാണുള്ളത്. സാധാരണ നിലക്കു ഇതിന്‍റെ കര്‍ത്താവ് രണ്ടിലധികം വസ്തുക്കള്‍ അടങ്ങിയതും, അവ ബുദ്ധിജീവികളുമായിരിക്കേണ്ടതുമാണ്. അപ്പോള്‍, സൂര്യനും ചന്ദ്രന്നും മാത്രമല്ല, ഭൂമിയും, രാവും, പകലും എല്ലാംതന്നെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും, ഇവ ഓരോന്നും ബുദ്ധി വര്‍ഗ്ഗത്തെപ്പോലെ അതതിന്റെ ചലനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നുവെന്നും അതില്‍ സൂചന കാണാം. കൂടാതെ, ‘ചലിക്കുന്നു’ വെന്നോ മറ്റോ പറയാതെ ‘നീന്തുന്നു’ വെന്നു പ്രയോഗിച്ചതും ശ്രദ്ധേയമാകു
പരായണം – Spotify
വിശദീകരണം- Spotify
പരായണം-Youtube link
വിശദീകരണം – Youtube Link
വെളിച്ചം റമദാൻ 2026 –ഡേ- 08 (ഫെബ്രുവരി 28)
സൂറത്തു യാസീൻ : 13-27
- വെളിച്ചം റമദാന്‍ 2026 ഡേ-08 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 01 – ആയത്ത് 13 മുതല്‍ 27 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീൻ : 13-27
വിഭാഗം – 2
36:13
- وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ ﴾١٣﴿
- (നബിയേ) നീ അവര്‍ക്ക് (ആ) രാജ്യക്കാരെ ഒരു ഉപമയായി വിവരിച്ചു കൊടുക്കുക: അതായതു, അവിടെ ‘മുര്‍സലുകള്‍’ (ദൂതന്മാരായി അയക്കപ്പെട്ടവര്‍) ചെന്ന സന്ദര്‍ഭം.
- وَاضْرِبْ لَهُمْ അവര്‍ക്ക് വിവരിച്ചു കൊടുക്കുക مَثَلًا ഒരു ഉപമ أَصْحَابَ الْقَرْيَةِ (ആ) രാജ്യക്കാരെ إِذْ جَاءَهَا അവിടെ ചെന്ന സന്ദര്‍ഭം الْمُرْسَلُونَ ദൂതന്മാര്‍, മുര്‍സലുകള്‍
36:14
- إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ ﴾١٤﴿
- അവരുടെ അടുക്കലേക്കു നാം രണ്ടാളെ അയച്ചപ്പോള്‍, അവര്‍ അവരെ വ്യാജമാക്കി. അപ്പോള്‍ മൂന്നാമതൊരാളെ കൊണ്ട് നാം (അവര്‍ക്ക്) പ്രാബല്യം നല്‍കി. എന്നിട്ട് അവര്‍ (ദൂതന്മാര്‍) പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളിലേക്ക് (അയക്കപ്പെട്ട) ദൂതന്മാരാണ്’.
- إِذْ أَرْسَلْنَا നാം അയച്ചപ്പോള്‍ إِلَيْهِمُ അവരിലേക്ക് اثْنَيْنِ രണ്ടാളെ فَكَذَّبُوهُمَا എന്നിട്ടവര്‍ അവരെ വ്യാജമാക്കി فَعَزَّزْنَا അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി بِثَالِثٍ ഒരു മൂന്നാമനെ കൊണ്ട് فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് مُرْسَلُونَ അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)
36:15
- قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴾١٥﴿
- അവര്‍ [രാജ്യക്കാര്‍] പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; പരമകാരുണികനായുള്ളവന്‍ യാതൊന്നും തന്നെ ഇറക്കിയിട്ടുമില്ല, നിങ്ങള്‍ വ്യാജം പറയുകയല്ലാതെ ചെയ്യുന്നില്ല’.
- قَالُوا അവര്‍ പറഞ്ഞു مَا أَنْتُمْ നിങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِثْلُنَا ഞങ്ങളെപ്പോലുള്ള وَمَا أَنْزَلَ ഇറക്കിയിട്ടുമില്ല الرَّحْمَٰنُ പരമകാരുണികന്‍ مِنْ شَيْءٍ യാതൊന്നും إِنْ أَنْتُمْ നിങ്ങളല്ല إِلَّا تَكْذِبُونَ നിങ്ങള്‍ കളവു പറയുകയല്ലാതെ
36:16
- قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ ﴾١٦﴿
- അവര്‍ [ദൂതന്മാര്‍] പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവിന്നറിയാം, നിശ്ചയമായും ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവര്‍ തന്നെയാണെന്ന്’.
- قَالُوا അവര്‍ പറഞ്ഞു رَبُّنَا يَعْلَمُ ഞങ്ങളുടെ റബ്ബ് അറിയും, റബ്ബിന്നറിയാം إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് لَمُرْسَلُونَ അയക്കപ്പെട്ടവര്‍തന്നെ എന്നു
36:17
- وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴾١٧﴿
- ‘സ്പഷ്ടമായ സന്ദേശം (എത്തിക്കല്‍) അല്ലാതെ, ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും’.
- وَمَا عَلَيْنَا ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും إِلَّا الْبَلَاغُ സന്ദേശം (പ്രബോധനം, എത്തിക്കല്‍) അല്ലാതെ الْمُبِينُ സ്പഷ്ടമായ, വ്യക്തമായ
അറബിമുശ്‌രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും, തൗഹീദിലേക്ക് ക്ഷണിക്കുവാന്‍ നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥയാണ് ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഈ രാജ്യക്കാര്‍ (أَصْحَابَ الْقَرْيَةِ) എതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. ഇവര്‍ അന്താക്കിയ (*) നിവാസികളായിരുന്നുവെന്നും, ഈസാ (عليه السلام) നബി മതപ്രബോധനാര്‍ത്ഥം അവരിലേക്കയച്ച ദൂതന്മാരെ (**) ക്കുറിച്ചാണ് ഇവിടെ ദൂതന്മാര്‍ (الْمُرْسَلُونَ) എന്ന് പറഞ്ഞിട്ടുള്ളതെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കവരും പറയുന്നത്. അന്താക്കിയായിലേക്ക് ഈസാ (عليه السلام) നബിയുടെ ദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട സംഭവം മറ്റൊന്നാണെന്നത്രേ മറ്റു ചിലരുടെ അഭിപ്രായം. ഇബ്നു കഥീര്‍ (رحمه الله) പ്രസ്താവിക്കുന്നത് പോലെ ഖുര്‍ആനിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ ഈ രണ്ടാമത്തെ അഭിപ്രായത്തിനാണ് പ്രാബല്യം കാണുന്നത്.
(*) സിറിയയുടെ (ശാമിന്റെ) ഉത്തര പ്രദേശത്ത് അലക്സാന്തരിയാറ്റ (الإسكندرية) ഉള്‍ക്കടലിന്റെ അല്‍പ്പം തെക്കും മധ്യധരണ്യാഴിയില്‍ നിന്ന് അല്‍പ്പം കിഴക്കുമായി സ്ഥിതി ചെയ്യുന്ന ഒരു പൌരാണിക പട്ടണമാണ് അന്താക്കിയ أنطاكية) antioche – അന്തോക്യ) . 6-ാം പടം നോക്കുക. ക്രിസ്ത്യാനികള്‍ക്കിടയില്‍ ചരിത്ര പ്രാധാന്യമുള്ള ഒരു പട്ടണമാണിത് . ക്രിസ്താബ്ദം 638 ല്‍ മുസ്‌ലിംകള്‍ അവിടെ പ്രവേശിച്ചു.1098ല്‍ കുരിശുയുദ്ധത്തില്‍ വെച്ച് ക്രിസ്ത്യാനികള്‍ അത് അധീനപ്പെടുത്തുകയും ഫ്രെഞ്ചുകാര്‍ അതൊരു തലസ്ഥാനനഗരിയാക്കി വെക്കുകയും ചെയ്തു. ഇപ്പോള്‍ ഈ രാജ്യത്തിന്റെ കീര്‍ത്തി നഷ്ടപ്പെട്ടിരിക്കുന്നു. ജനസംഖ്യ ഒരു കാലത്ത് അഞ്ചു ലക്ഷം വന്നിരുന്നുവെന്നു കാണുന്നു.
(**) ഈസാ (عليه السلام) നബിയുടെ ശിഷ്യഗണങ്ങളും സഹായികളുമായ അപ്പോസ്തലന്മാരെ الحواريون) – ശ്ലീഹാന്മാര്‍ – Aposties) ഉദ്ദേശിച്ചാണ് ആയത്തില്‍ ‘മുര്‍സലുകള്‍‘ എന്നു പറഞ്ഞിരിക്കുന്നതെന്നാണ് ഈ വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത്.
ഭൂരിപക്ഷം മുഫസ്സിറുകളുടെയും അഭിപ്രായം ഉദ്ദരിച്ച ശേഷം ഇബ്നു കഥീര്‍ (رحمه الله) പ്രസ്ഥാവിക്കുന്നതിന്റെ ചുരുക്കം ഇതാണ്:- ഇതില്‍ പലനിലക്കും ആലോചിക്കേണ്ടതായുണ്ട്.
(1) ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തരുന്നത് പ്രസ്തുത ദൂതന്മാര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ (റസൂലുകള്‍) തന്നെയായിരുന്നുവെന്നാണ്. ഈസാ നബിയുടെ ദൂതന്മാരാണെന്നു കാണിക്കുന്ന യാതൊന്നും അതിലില്ല. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ മറ്റൊന്നുമല്ല’ (أَنتُمْ إِلَّا بَشَرٌ مِّثْلُنَا) എന്നുള്ള വാക്യവും ഇതാണ് കാണിക്കുന്നത്.
(2) ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളായിരുന്നു ; അല്‍ ഖുദ്സ്, അന്താക്കിയ,അലക്സാന്തരിയ, റൂമിയ എന്നിവ. ഓരോന്നിന്റെയും പ്രാധാന്യം ഓരോ നിലക്കായിരുന്നു. ഒരു രാജ്യക്കാര്‍ മുഴുവനും കൂടി ഈസാ (عليه السلام) നബിയില്‍ വിശ്വസിച്ച ഒന്നാമത്തെ രാജ്യമെന്ന നിലക്കായിരുന്നു അന്താക്കിയക്കുള്ള സ്ഥാനം. ആയത്തില്‍ പ്രസ്താവിച്ച രാജ്യക്കാരാകട്ടെ, ദൂതന്മാരെ നിഷേധിക്കുകയും, (താഴെ കാണുന്ന പ്രകാരം) അല്ലാഹുവില്‍ നിന്ന് പൊതു ശിക്ഷക്ക് വിധേയരാകുകയുമാണ് ഉണ്ടായത്.
(3) തൌറാത്ത് അവതരിച്ചതിന് ശേഷം ഒരു ജനത ആകമാനം പൊതു ശിക്ഷയാല്‍ നശിപ്പിക്കപ്പെടുകയുണ്ടായിട്ടില്ലെന്നും, അതിനു ശേഷമാണ് ബഹുദൈവ വിശ്വാസികളുമായി യുദ്ധം നടന്നിട്ടുള്ളതെന്നുമാണ് അബൂസഈദില്‍ ഖുദ്‌രി (رضي الله عنه) യും പല മുന്‍ഗാമികളും പറയുന്നതു. അപ്പോള്‍, ഖുര്‍ആനില്‍ പറഞ്ഞ ഈ രാജ്യം -മുന്‍ഗാമികള്‍ ആയ പലരും പറഞ്ഞതുപോലെ- അന്താകിയ ആയിരിക്കുകയില്ല അല്ലെങ്കില്‍ അതേ പേരിലുള്ള വേറെ രാജ്യമയിരിക്കാം. (*) കാരണം, ക്രിസ്തീയ കാലത്താകട്ടെ, അതിനു മുന്പാകട്ടെ ഒരു രാജ്യം നശിപ്പിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല, അല്ലാഹുവിനറിയാം. (راجع ابن كثير)
(*) ‘ക്രി.മു. 300ല്‍ സൂരിയാ മുതലായ പ്രദേശങ്ങളെ ഭരിച്ച ഒരു രാജാവ് പണികഴിപ്പിച്ചതായി ഇതേ പേരുള്ള 16 പട്ടണങ്ങളില്‍ രണ്ടു മാത്രം പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നു. 1. സുരിയയിലുള്ള അന്ത്യോക്യാ…. 2.പിസിദ്യാ ദേശത്തിലെ അന്ത്യോക്യാ….’ (വേ. പു. നിഘണ്ടു.)
ആദ്യം അല്ലാഹു ആ രാജ്യക്കാരിലേക്ക് രണ്ടു പേരെ ദൂതന്മാരായി അയച്ചു , അവര്‍ അവരെ വ്യജമാക്കി നിഷേധിച്ചപ്പോള്‍ മൂന്നാമത് ഒരാളെയും (*) നിയോഗിച്ചു കൊണ്ട് പ്രബോധനം ശക്തിപ്പെടുത്തി. പക്ഷെ ജനങ്ങള്‍ നിഷേധത്തില്‍ തന്നെ ഉറച്ചു നിന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങളുടെ ചുരുക്കം മാത്രമാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. സത്യനിഷേധികളുടെ സാധാരണ പതിവുപോലെ ഒടുക്കം ഈ രാജ്യക്കാരും ഭീഷണി പുറപ്പെടുവിക്കുകയായി:-
(*) ഈ ദൂതന്മാര്‍ ഈസാ (عليه السلام) നബിയുടെ അപ്പോസ്തലന്മാരായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലര്‍, ആദ്യത്തെ രണ്ടു ദൂതന്മാര്‍ യോഹന്നാനും, പൗലൂസും ആണെന്നും, മൂന്നാമത്തെ ദൂതന്‍ ശിമയോന്‍ ആണെന്നും പറയുന്നു. വേറെയും അഭിപ്രായമുണ്ട്.
36:18
- قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ ﴾١٨﴿
- അവര്‍ പറഞ്ഞു: ‘നിങ്ങള്‍ നിമിത്തം ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു; നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുകതന്നെ ചെയ്യുന്നതാണ്; ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷ ബാധിക്കുന്നതുമാണ്.’
- قَالُوا അവര്‍ പറഞ്ഞു إِنَّا تَطَيَّرْنَا ഞങ്ങള്‍ ശകുനപ്പിഴവില്‍ (ലക്ഷണക്കേടില്‍) ആയിരിക്കുന്നു بِكُمْ നിങ്ങള്‍ നിമിത്തം لَئِنْ لَمْ تَنْتَهُوا നിശ്ചയമായും നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍ لَنَرْجُمَنَّكُمْ ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും وَلَيَمَسَّنَّكُمْ നിങ്ങള്‍ക്ക് തീര്‍ച്ചയായും ബാധിക്കുക (സ്പര്‍ശിക്കുക)യും ചെയ്യും مِنَّا ഞങ്ങളില്‍ നിന്നും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
36:19
- قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴾١٩﴿
- അവര്‍ [ദൂതന്മാര്‍] പറഞ്ഞു: ‘ നിങ്ങളുടെ ശകുനപ്പിഴ നിങ്ങളോന്നിച്ചു തന്നെയാണുള്ളത്. നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെട്ടതിനാലാണോ (ഇങ്ങിനെ പറയുന്നത്)?! പക്ഷേ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയാണ്.’
- قَالُوا അവര്‍ പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ, ദുര്‍ലക്ഷണം مَعَكُمْ നിങ്ങളുടെ ഒന്നിച്ചാണ് أَئِنْ ذُكِّرْتُمْ നിങ്ങള്‍ക്ക് ഉപദേശം (പ്രബോധനം) നൽകപ്പെട്ടിട്ടാണോ بَلْ എങ്കിലും, പക്ഷെ أَنْتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُسْرِفُونَ അതിരു കവിഞ്ഞ
പ്രവാചകന്മാരുടെ പ്രബോധനത്തെ ധിക്കരിച്ച മുന്‍സമുദായങ്ങളിലും കാണാവുന്ന ഒന്നാണ് ഈ ദുശ്ശകുനവാദം. ഫിര്‍ഔന്റെ ആള്‍ക്കാരെ പറ്റി അല്ലാഹു പറയുന്നു:
فَإِذَا جَاءَتْهُمُ الْحَسَنَةُ قَالُوا لَنَا هَٰذِهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا بِمُوسَىٰ وَمَنْ مَعَهُ ۗ أَلَا إِنَّمَا طَائِرُهُمْ عِنْدَ اللَّهِ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ – الأعراف
(അവര്‍ക്ക് നന്മ വന്നാല്‍ അവര്‍ പറയും: ‘ നമ്മുടെതാണ് ഇതു’ എന്നും വല്ല തിന്മയും അവര്‍ക്ക് ബാധിക്കുന്ന പക്ഷം, മൂസായും അദ്ദേഹത്തിന്റെ കൂടെയുള്ളവരും നിമിത്തം തങ്ങള്‍ക്കു ശകുനപ്പിഴ ബാധിച്ചതായി ഗണിക്കുകയും ചെയ്യും അല്ലാ! (അറിയുക:) അവരുടെ ശകുനപ്പിഴ അല്ലാഹുവിങ്കലാണുള്ളത് (സൂ: അഅ് റാഫ് : 131) ഇതുപോലെ, സ്വാലിഹു (അ) നബിയുടെ ജനത അദ്ദേഹത്തെയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ദുശ്ശകുനക്കാരാക്കിയതു സൂറത്തുന്നംല് 47ലും പ്രസ്താവിച്ചിട്ടുണ്ട്.
ദൂതന്മാര്‍ അവരോടു പറഞ്ഞ മറുപടിയുടെ സാരം ഇതാണ്: നിങ്ങള്‍ക്ക് വല്ല ദുശ്ശകുനവും ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ദോഷം കൊണ്ട് തന്നെയാണ്. നിങ്ങളുടെ ദുര്‍ന്നടപ്പാണതിനു കാരണം.ഞങ്ങള്‍ നിങ്ങളെ തൌഹീദിലേക്കും സന്‍മാര്‍ഗത്തിലേക്കും ക്ഷണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇതൊരിക്കലും ശകുനപ്പിഴക്കു കാരണമല്ല. നിങ്ങള്‍ ഞങ്ങളുടെ ഉപദേശം സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ഞങ്ങളെ ധിക്കരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.ഈ അതിരുകവിച്ചലാണ് നിങ്ങള്‍ക്ക് ദുശ്ശകുനമായിത്തീരുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.
36:20
- وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ ﴾٢٠﴿
- പട്ടണത്തിന്റെ അങ്ങേഅറ്റത്തു നിന്ന് ഒരു മനുഷ്യന്‍ ഓടികൊണ്ടു വന്നു. അവന്‍ പറഞ്ഞു: ‘എന്റെ ജനങ്ങളെ, നിങ്ങള്‍ ദൂതന്മാരെ പിന്‍പറ്റുവിന്‍!-
- وَجَاءَ വന്നു مِنْ أَقْصَى അങ്ങേ അറ്റത്ത്(ദൂരത്ത്) നിന്ന് الْمَدِينَةِ പട്ടണത്തിന്റെ, നഗരത്തിന്റെ رَجُلٌ ഒരു പുരുഷന്‍(മനുഷ്യന്‍) يَسْعَىٰ ഓടി (ബദ്ധപ്പെട്ടു) കൊണ്ട് قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ الْمُرْسَلِينَ ദൂദന്മാരെ, മുര്സലുകളെ
36:21
- ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴾٢١﴿
- ‘നിങ്ങളോടു യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, തങ്ങള്‍ സന്മാര്‍ഗികളുമാണ്, അങ്ങിനെയുള്ളവരെ പിന്‍പറ്റുവിന്‍!’
- اتَّبِعُوا مَنْ യാതൊരു കൂടരെ പിന്‍പറ്റുവിന്‍ لَا يَسْأَلُكُمْ നിങ്ങളോടു ചോദിക്കാത്ത أَجْرًا ഒരു പ്രതിഫലം وَهُمْ അവര്‍ مُهْتَدُونَ സാന്മാര്‍ഗ്ഗികളുമാണ്
ഈ മനുഷ്യനെപ്പറ്റി കൂടുതല്‍ വിവരമൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ പേരും മറ്റും നമുക്ക് ആരായേണ്ടതില്ല. വിഷയം മനസ്സിലാക്കുവാന്‍ അതാവശ്യവുമില്ല. സത്യവിശ്വാസിയും, ഗുണകാംക്ഷിയുമായ ഒരു സല്‍പുരുഷനായിരുന്നു അദ്ദേഹമെന്നു വ്യക്തമാണ്. ഇമാം റാസി (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ, ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു അപരിചിതനായിരുന്നു അദ്ദേഹം എന്നത്രേ ഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ച വാചകം കാണുമ്പോള്‍ മനസ്സിലാകുന്നത്. അപരിചിതനായ ഒരാളുടെ ഉപദേശം- അയാള്‍ ഒരു കക്ഷിതാല്പര്യക്കാരനാണെന്നോ മറ്റോ പറഞ്ഞു- വേഗമങ്ങു പുറം തള്ളുന്നത് യുക്തമല്ലല്ലോ.
തങ്ങളെ ഉപദേശിക്കുന്ന ദൂതന്മാര്‍, അവരുടെ ഉപദേശം വഴി യാതൊരു കാര്യലാഭവും ഉദ്ദേശിക്കുന്നില്ല; അതോടുകൂടി അവര്‍ എല്ലാനിലക്കും വളരെ നല്ല മനുഷ്യരുമാണ്; എന്നിരിക്കെ അവരുടെ ഉപദേശം നിങ്ങള്‍ സ്വീകരിക്കാതിരിക്കുവാന്‍ യാതൊരു ന്യായവുമില്ല എന്നാണ് ആ മനുഷ്യന്‍ ജനങ്ങളെ ആദ്യം പറഞ്ഞു മനസ്സിലാക്കുന്നത്. ഇതു ഫലപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം സംസാരഗതി മാറ്റുകയും, തന്നെത്തന്നെ സംസാരവിഷയമാക്കുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു:-
36:22
- وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ ﴾٢٢﴿
- ‘എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ ഞാന്‍ ആരാധന ചെയ്യാതിരിക്കുവാന്‍ എനിക്ക് എന്താണ് (തടസ്സം) ഉള്ളത്?! അവന്‍റെ അടുക്കലേക്കു തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
- وَمَا لِيَ എനിക്കെന്താണ്, (എനിക്കു പാടില്ല) لَا أَعْبُدُ ഞാന്‍ ആരാധിക്കുകയില്ലെന്നു, (ആരാധിക്കാതിരിക്കുവാന്‍) الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ وَإِلَيْهِ അവനിലേക്ക് തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
36:23
- ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّى شَفَٰعَتُهُمْ شَيْـًٔا وَلَا يُنقِذُونِ ﴾٢٣﴿
- ‘അവനു പുറമേ വല്ല ദൈവങ്ങളെയും ഞാന്‍ സ്വീകരിക്കുകയോ?! (ആ)
പരമകാരുണികന്‍ എനിക്കു വല്ല ഉപദ്രവവും ഉദ്ദേശിക്കുന്നപക്ഷം, അവരുടെ ശുപാര്‍ശ എനിക്കു ഒട്ടും തന്നെ ഉപകാരപ്പെടുകയില്ല; അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല! - أَأَتَّخِذُ ഞാന്‍ സ്വീകരിക്കുക(ഉണ്ടാക്കുക)യോ مِنْ دُونِهِ അവനു പുറമേ آلِهَةً വല്ല ദൈവങ്ങളെയും إِنْ يُرِدْنِ എനിക്കു ഉദ്ദേശിക്കുന്നതായാല്‍ الرَّحْمَٰنُ പരമ കാരുണികന്‍ بِضُرٍّ വല്ല ഉപദ്രവത്തെ(ദോഷത്തെ)യും لَا تُغْنِ ഉപകാരപ്പെടുക (പര്യാപ്തമാക്കുക, ധന്യമാക്കുക) യില്ല عَنِّي എനിക്കു, എന്നെപറ്റി شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും,ഒട്ടും وَلَا يُنْقِذُونِ അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല
36:24
- إِنِّىٓ إِذًا لَّفِى ضَلَٰلٍ مُّبِينٍ ﴾٢٤﴿
- ‘അപ്പോള്‍ (അങ്ങിനെയാണെങ്കില്‍) ഞാന്‍ നിശ്ചയമായും സ്പഷ്ടമായ ദുര്‍മ്മാര്‍ഗത്തില്‍ തന്നെയായിരിക്കും.
- إِنِّي നിശ്ചയമായും ഞാന്‍ إِذًا അപ്പോള്‍, അങ്ങിനെയാണെങ്കില്‍ لَفِي ضَلَالٍ ദുര്മാര്ഗ്ഗത്ത്തില്‍ തന്നെയായിരിക്കും مُبِينٍ സ്പഷ്ടമായ
36:25
- إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ ﴾٢٥﴿
- ‘നിശ്ചയമായും ഞാന്‍, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍ എന്നെ [എന്റെ ഉപദേശം] കേട്ടു കൊള്ളുവിന്‍!’ - إِنِّي آمَنْتُ നിശ്ചയമായും ഞാന്‍ വിശ്വസിച്ചു بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ فَاسْمَعُونِ അത്കൊണ്ട് എന്നെ കേള്‍ക്കുവിന്‍ (അനുസരിക്കുവിന്‍), എനിക്കു സക്ഷിയാകുവിന്‍
നിഷ്പക്ഷനായ ഒരു ഗുണകാംക്ഷി എന്ന നിലക്ക് ആദ്യം അദ്ദേഹം ദൂതന്മാരെക്കുറിച്ച് അവരെ മനസ്സിലാക്കി. അനന്തരം, അവര്‍ പ്രബോധനം ചെയ്യുന്ന തൗഹീദ് സ്വീകരിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നും, അതുകൊണ്ട് താന്‍ അതില്‍ വിശ്വസിക്കുന്നവനാണെന്നും വ്യക്തമാക്കി. അതുപോലെ അവരും അതു സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, ആ ജനത അതൊന്നും ചെവികൊണ്ടില്ല.
36:26
- قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَٰلَيْتَ قَوْمِى يَعْلَمُونَ ﴾٢٦﴿
- (അദ്ദേഹത്തോട്) പറയപ്പെട്ടു: ‘സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക,’ എന്നു! അദ്ദേഹം പറഞ്ഞു: ‘ഹാ! എന്റെ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നന്നായേനെ’-
- قِيلَ പറയപ്പെട്ടു ادْخُلِ പ്രവേശിക്കുക الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ قَالَ അദ്ദേഹം പറഞ്ഞുيَا لَيْتَ قَوْمِي എന്റെ ജനത ആയിരുന്നെങ്കില്‍ നന്നായേനെ! يَعْلَمُونَ അറിയു (മായിരുന്നെങ്കില്‍)
36:27
- بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ ﴾٢٧﴿
- ‘എന്റെ റബ്ബ് എനിക്കു പൊറുത്തു തരികയും, എന്നെ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ആക്കിത്തരുകയും ചെയ്തതിനെക്കുറിച്ച്‘
- بِمَا غَفَرَ لِي എനിക്കു പൊറുത്തു തന്നതിനെ പറ്റി رَبِّي എന്റെ റബ്ബ് وَجَعَلَنِي എന്നെ ആക്കുകയും مِنَ الْمُكْرَمِينَ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍
ആ ജനതയുടെ ഗുണകാംക്ഷിയായിരുന്ന ആ മാന്യന്‍റെ മരണത്തെക്കുറിച്ച് ഖുര്‍ആന്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെയും, ആ ജനതയെയും കുറിച്ചുള്ള പ്രസ്താവനകളില്‍ നിന്ന് അദ്ദേഹം അവരാല്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നു കരുതുവാന്‍ ന്യായമുണ്ട്. പല വ്യഖ്യാതാക്കളും അങ്ങനെ പറയുകയും ചെയ്തിരിക്കുന്നു. ഏതായാലും, മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു അല്ലാഹുവിങ്കല്‍ ആദരണീയസ്ഥാനം ലഭിക്കുകയും, അദ്ദേഹം സ്വര്‍ഗ്ഗാവകാശിയായി സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.തന്‍റെ ജനത സത്യം സ്വീകരിക്കുകയും, സദുപദേശം ചെവികൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍ ഇതുപോലെയുള്ള മഹാഭാഗ്യം അവര്‍ക്കും കൈവരുമായിരുന്നുവല്ലോ എന്നു അദ്ദേഹം ആശിച്ചു. അവരാകട്ടെ, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുകയാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:-
