എട്ടാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 78 മുതൽ 93 വരെ

സൂറത്തുല്‍ ഇസ്രാഉ് : 78-93

വിഭാഗം – 9

17:78

  • أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴾٧٨﴿
  • സൂര്യന്‍ (ഉച്ച) തിരിയുമ്പോള്‍ (മുതല്‍) രാത്രി ഇരുട്ടുന്നതുവരെ നീ നമസ്‌കാരം നിലനിറുത്തുക; പ്രഭാത (നമസ്‌കാര)ത്തിലെ [ക്വുര്‍ആന്‍] പാരായണവും [നിലനിറുത്തുക] നിശ്ചയമായും, പ്രഭാത [നമസ്‌കാര] ത്തിലെ [ക്വുര്‍ആന്‍] പാരായണം, സാക്ഷ്യപ്പെടുത്തപ്പെടുന്നതാകുന്നു.
  • أَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുക لِدُلُوكِ നീക്കത്തിനു, തിരിയുന്നതിനു (തിരിയുമ്പോള്‍) الشَّمْسِ സൂര്യന്റെ, സൂര്യന്‍ إِلَىٰ غَسَقِ ഇരുട്ടു(ന്നതു)വരെ اللَّيْلِ രാത്രി وَقُرْآنَ പാരായണവും, ക്വുര്‍ആനും الْفَجْرِ പ്രഭാത (നമസ്‌കാര)ത്തിലെ إِنَّ قُرْآنَ നിശ്ചയമായും പാരായണവും, ക്വുര്‍ആന്‍ الْفَجْرِ പ്രഭാതത്തിലെ كَانَ അതാകുന്നു, ആയിരിക്കുന്നു مَشْهُودًا സാക്ഷ്യം വഹിക്കപ്പെടുന്നത്, ഹാജറാക്കപ്പെടുന്നത്

17:79

  • وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ﴾٧٩﴿
  • രാത്രിയില്‍നിന്നും [തന്നെ, അല്‍പസമയം] അതുമായി നീ ‘തഹജ്ജുദ്‌’ [ഉറക്കമുണര്‍ന്നുള്ള നമസ്‌കാരം] ചെയ്‌തുകൊള്ളുക; നിനക്കു [നിര്‍ബന്ധത്തിനു പുറകെ] കൂടുതലായുള്ള ഒരു കാര്യം (ഐച്ഛികം) എന്ന നിലക്ക്‌. നിന്റെ റബ്ബ്‌ നിന്നെ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്ത്‌ എഴുന്നേല്‍പിച്ചു തന്നേക്കാം.
  • وَمِنَ اللَّيْلِ രാത്രിയില്‍ നിന്നു (തന്നെ) فَتَهَجَّدْ നീ തഹജ്ജുദ്‌ (നമസ്‌കാരം) ചെയ്യുക بِهِ അതുമായി, അതുകൊണ്ട് نَافِلَةً കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്കു لَّكَ നിനക്കു عَسَىٰ ആയേക്കാം أَن يَبْعَثَكَ നിന്നെ നിയോഗിക്കുക, എഴുന്നേല്‍പിക്കുക, അയക്കുക رَبُّكَ നിന്റെ റബ്ബ്‌ مَقَامًا ഒരു സ്ഥാനത്തു مَّحْمُودًا സ്‌തുതിക്കപ്പെടുന്നതായ

സ്വുബ്‌ഹ്‌ നമസ്‌കാരത്തെ ഉദ്ദേശിച്ചാണു പ്രഭാതത്തിലെ ക്വുര്‍ആന്‍ പാരായണം (قُرْآنَ الْفَجْرِ) എന്നു പറഞ്ഞിരിക്കുന്നത്‌. നമസ്‌കാര കര്‍മ്മത്തിലെ പ്രധാന ഘടകങ്ങളായ സുജൂദ്‌ (السجود സാഷ്‌ടാംഗം ചെയ്യല്‍), റുകൂഉ്‌ (الركوع കുമ്പിടല്‍), ക്വിയാമു (القيام – നിറുത്തം) എന്നിവപോലെയുള്ള ഒരു പ്രധാന ഘടകം തന്നെയാണ്‌ ക്വുര്‍ആന്‍ പാരായണവും. അതുകൊണ്ട്‌ നമസ്‌കാര കര്‍മ്മത്തെ ഉദ്ദേശിച്ച്‌ ആ മൂന്നു വാക്കുകളും ഉപയോഗിക്കാറുള്ളപോലെ ‘ക്വുര്‍ആന്‍’ (പാരായണം ചെയ്യല്‍) എന്ന വാക്കും ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്‌. എങ്കിലും സ്വുബ്‌ഹ്‌ നമസ്‌കാരത്തെപ്പറ്റി മാത്രം ആ വാക്കു ഉപയോഗിച്ചതില്‍ – ചില വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ – സ്വുബ്‌ഹ്‌ നമസ്‌കാരത്തില്‍ മറ്റു നമസ്‌കാരങ്ങളെക്കാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതു നന്നായിരിക്കുമെന്ന ഒരു സൂചന കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ചര്യ പരിശോധിക്കുമ്പോള്‍ അങ്ങിനെത്തന്നെയാണു കാണപ്പെടുന്നതും. ‘തഹജ്ജുദ്‌’ (تَهَجّد) എന്ന വാക്കിനു ഉറക്കില്‍ നിന്നുണരുക എന്നും മറ്റുമാണ്‌ അര്‍ത്ഥം. രാത്രിയില്‍ അല്‍പമെങ്കിലും ഉറങ്ങിയശേഷം എഴുന്നേറ്റ്‌ ചെയ്യപ്പെടുന്ന ഐച്ഛിക നമസ്‌കാരത്തിന്‌ صلاة التهجد (തഹജ്ജുദു നമസ്‌കാരം) എന്നു പറയുവാന്‍ കാരണം ഇതില്‍നിന്നു വ്യക്തമാണ്‌.

ദിനംപ്രതി അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളാണല്ലോ ഇസ്‌ലാമിലുള്ളത്‌. അവയില്‍ ള്വുഹ്‌ര്‍, അസ്വര്‍, മഗ്‌രിബ്‌, ഇശാഅ്‌ എന്നീ നാലും സൂര്യന്‍ ഉച്ചതിരിഞ്ഞത്‌ മുതല്‍ രാത്രി ശരിക്കും ഇരുട്ടുമൂടുന്നതു വരെയുള്ള സമയങ്ങളിലാകുന്നു. ഈ നാലും സമയം തെറ്റാതെ കൃത്യനിഷ്‌ഠയോടുകൂടി നിര്‍വ്വഹിച്ചുപോരണമെന്നും അഞ്ചാമത്തേതായ സ്വുബ്‌ഹു നമസ്‌കാരം പ്രഭാതവേളയില്‍ അനുഷ്‌ഠിച്ചുപോരണമെന്നും അല്ലാഹു കല്‍പിക്കുന്നു. കല്‍പന നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു കൊണ്ടാണെങ്കിലും എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറയേണ്ടതില്ല. പ്രഭാതനമസ്‌കാരം സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്‌ (مَشْهُودًا) (എന്നു ഓര്‍മിപ്പിച്ചുകൊണ്ട്‌ അതിന്റെ കാര്യം പ്രത്യേകം ഗൗനിക്കപ്പെടേണ്ടതുണ്ടെന്നും ഉണര്‍ത്തിയിരിക്കുന്നു. ആ നമസ്‌കാരത്തിങ്കല്‍ മലക്കുകള്‍ ഒരുമിച്ചു കൂടുകയും, അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നാണ്‌ ‘അത്‌ സാക്ഷ്യപ്പെടുത്തപ്പെടു’മെന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നു ഹദീഥുകളില്‍ നിന്നു വ്യക്തമാകുന്നു. മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്‌താവിക്കുന്നതും അതുതന്നെ. സ്വുബ്‌ഹു നമസ്‌കാരവേളയില്‍ രാത്രിയിലെ മലക്കുകളും, പകലിലെ മലക്കുകളും ഒരുമിച്ചു കൂടുന്നതാണെന്നും അതില്‍ അവര്‍ സംബന്ധിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഒന്നിലധികം ഹദീഥുകളില്‍ വന്നിട്ടുണ്ട്‌. (അ;ബു; തി;ന) ഉറക്കില്‍നിന്ന്‌ ഉണര്‍ച്ചയിലേക്കും, സ്വസ്ഥതയില്‍ നിന്നു ജോലിത്തിരക്കിലേക്കും, ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കും പോലെയുള്ള പല സ്ഥിതിമാറ്റങ്ങളും അല്ലാഹുവിന്റെ മഹത്വത്തിന്‌ സാക്ഷ്യം വഹിക്കുന്ന സമയമാണ്‌ അതെന്നത്രെ ചില വ്യാഖ്യാതാക്കള്‍ അതിനു നല്‍കുന്ന വ്യാഖ്യാനം. الله أعلم

തഹജ്ജുദ്‌ നമസ്‌കാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച്‌ പല ക്വുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും കാണാവുന്നതാണ്‌. പുണ്യകര്‍മ്മങ്ങളുടെ കൂട്ടത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കര്‍മ്മമാണിത്‌. നിര്‍ബന്ധ നമസ്‌കാരങ്ങളെപ്പറ്റി കല്‍പിച്ചശേഷം, രാത്രിയില്‍ തഹജ്ജുദ്‌ നമസ്‌കാരം ചെയ്യണമെന്ന്‌ പ്രത്യേകം എടുത്തുപറഞ്ഞതില്‍നിന്ന്‌ തന്നെ അതിന്റെ പ്രാധാന്യം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. نَافِلَةً لَّكَ (നിനക്ക്‌ കൂടുതലായുള്ള കാര്യം) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു പറഞ്ഞതിന്‌ രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു.
(1) നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും അവിടുത്തെ സമുദായത്തിനും അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക്‌ പുറമെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ഐച്ഛിക കര്‍മ്മമാണത്‌.
(2) മറ്റുള്ളവര്‍ക്കൊന്നും കൂടാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ പ്രത്യേകമായി നിശ്ചയിക്കപ്പെട്ട ഒരു നിര്‍ബന്ധ കര്‍മ്മമാണത്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഐച്ഛികവുമായിരിക്കും.

രണ്ടായാലും ശരി, രാത്രിയിലെ ഐച്ഛിക നമസ്‌കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെയധികം നിഷ്‌കര്‍ഷ പാലിച്ചിരുന്നുവെന്നും, കാലില്‍ നീര്‌ കെട്ടുമാറ്‌ ദീര്‍ഘനേരം നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും ഹദീഥുകളില്‍ നിന്നു അറിയപ്പെട്ടതാകുന്നു. അങ്ങയുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുതന്നിരിക്കെ, ഇത്രയധികം ബുദ്ധിമുട്ടുന്നതു എന്തിനാണെന്ന്‌ ആഇശഃ (رَضِيَ اللهُ تَعَالَى عَنْها) ചോദിച്ചപ്പോള്‍ أَفَلَا أَكُونُ عَبْدًا شكورًا (ആ സ്ഥിതിക്ക്‌ ഞാനൊരു നന്ദിയുള്ള അടിയാനായിരിക്കേണ്ടേ?!) എന്നായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത്‌.

നമസ്‌കാരങ്ങളെ നിലനിറുത്തുവാനും, രാത്രിയില്‍ തഹജ്ജുദ്‌ നമസ്‌കരിക്കുവാനും കല്‍പിച്ചതിനെത്തുടര്‍ന്ന്‌ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ പറയുന്നു: عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا (നിന്റെ റബ്ബ്‌ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്തു നിന്നെ എഴുന്നേല്‍പിച്ചു തന്നേക്കാം.) ‘ഉണ്ടായേക്കാം’ എന്നു അല്ലാഹു പറയുന്ന കാര്യം ഉണ്ടാകുകതന്നെ ചെയ്യുന്നതാണ്‌. മേല്‍പറഞ്ഞ കല്‍പനകള്‍ പാലിക്കുന്നപക്ഷം, എല്ലാവരാലും സ്‌തുതിക്കപ്പെടുന്ന ഒരു ഉന്നത സ്ഥാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുമെന്നുള്ള ഒരു വാഗ്‌ദാനവും ആ കല്‍പനകള്‍ പാലിക്കുവാനുള്ള ഒരു പ്രോത്സാഹനവും കൂടിയാണിത്‌. ‘സ്‌തുതിക്കപ്പെടുന്ന സ്ഥാനം’ കൊണ്ടുള്ള വിവക്ഷ എന്താണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും മഹ്‌ശര്‍ മഹാസമ്മേളനത്തില്‍ താഴെ കാണുന്നവിധം സൃഷ്‌ടികള്‍ക്കെല്ലാം ആശ്വാസം ലഭിക്കുമാറ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ ശുപാര്‍ശ ചെയ്‌വാന്‍ അനുവദിച്ചുകൊടുക്കുന്ന ആസ്ഥാനമാണതുകൊണ്ട്‌ വിവക്ഷയെന്നു ഹദീഥുകളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുജരീര്‍ (റ) പ്രസ്‌താവിച്ചത് പോലെ, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികമാളുകളുടെ അഭിപ്രായവും അതുതന്നെയാണ്‌.

ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്‌ടികളെല്ലാം സമ്മേളിക്കുന്ന അതിമഹത്തായ സദസ്സാണല്ലോ മഹ്‌ശര്‍. അവിടെ വെച്ച്‌ എല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുത്തു തരുവാന്‍ അല്ലാഹുവിനോട്‌ ശുപാര്‍ശ ചെയ്യണമെന്ന്‌ പ്രവാചക പ്രമുഖന്‍മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന്‌ ഒഴിവാകും. അവസാനം അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സമീപിക്കും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യും. അല്ലാഹു അത്‌ സ്വീകരിച്ച് എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ്‌ പ്രസ്‌തുത ഹദീഥുകളുടെ രത്‌നച്ചുരുക്കം.

സൃഷ്‌ടികളെയെല്ലാം ബാധിക്കുന്നതും, എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതും എല്ലാവരുടെയും സ്‌തുതിക്ക്‌ കാരണമായിത്തീരുന്നതുമായ ശുപാര്‍ശയാണത്‌. الشفاعة الكبرى (ഏറ്റവും മഹത്തായ ശുപാര്‍ശ) എന്ന പേരില്‍ അതറിയപ്പെടുന്നു. ഇതിനെപ്പറ്റി പ്രബലങ്ങളായ-ചെറുതും വലുതുമായ – പല ഹദീഥുകളും നിലവിലുണ്ട്‌. അവയില്‍ കേവലം ചെറുതായ ഒരു ഹദീഥു മാത്രം ഓര്‍മ്മക്കായി ഇവിടെ ഉദ്ധരിക്കാം. ഇബ്‌നുഉമര്‍ (رَضِيَ اللهُ تَعَالَى عَنْهما) ഇപ്രകാരം പ്രസ്‌താവിക്കുന്നു: ‘ക്വിയാമത്തുനാളില്‍, മനുഷ്യര്‍ മുട്ടുകുത്തി വീണവരായിത്തീരും. ഇന്നവരേ, ഇന്നവരേ, ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യണമെന്നു പറഞ്ഞുകൊണ്ട്‌ ഓരോ സമുദായവും അതിന്റെ നബിമാരുടെ പിന്നാലെ കൂടും. അവസാനം ഈ ശുപാര്‍ശ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ ചെന്നവസാനിക്കും. അതാണ്‌ അദ്ദേഹത്തെ സ്‌തുതിക്കപ്പെടുന്ന ഒരു സ്ഥാനത്ത്‌ അല്ലാഹു എഴുന്നേല്‍പിച്ചു കൊടുക്കുന്ന ആ ദിവസം.’ (ബുഖാരി).

‘ബാങ്കുവിളി കേട്ടാല്‍ (അതു കഴിഞ്ഞ ഉടനെ) ഇപ്രകാരം പറയുന്നവര്‍ക്ക്‌ ക്വിയാമത്തുനാളില്‍ എന്റെ ശുപാര്‍ശ ലഭിക്കുന്നതാണ്‌’, എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തതായി ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വഴി ഇമാം ബുഖാരീ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثَهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ (സാരം: ഈ പരിപൂര്‍ണ്ണമായ വിളിയുടെയും, നിലനിന്നുപോരുന്ന നമസ്‌കാരത്തിന്റെയും അധിപനായ അല്ലാഹുവേ! മുഹമ്മദിന്‌ നീ ‘വസീലത്തും,’ ‘ഫദ്വീലത്തും’ നല്‍കേണമേ! അദ്ദേഹത്തോട്‌ നീ വാഗ്‌ദാനം ചെയ്‌തിട്ടുള്ള സ്‌തുതിക്കപ്പെടുന്ന സ്ഥാനത്തു അദ്ദേഹത്തെ എഴുന്നേല്‍പിച്ചുകൊടുക്കുകയും ചെയ്യേണമേ! ‘വസീലത്ത്‌’ എന്നാല്‍ അല്ലാഹുവിന്റെ സാമീപ്യമാകുന്ന ഉന്നത പദവി എന്നും, ‘ഫദ്വീലത്തു’ എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത ശ്രേഷ്‌ഠ പദവി എന്നും സാമാന്യമായി പറയാം. (كما يظهر – فتح البارى).

17:80

  • وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَٰنًا نَّصِيرًا ﴾٨٠﴿
  • [നബിയേ] നീ പറയുകയും ചെയ്യുക: ‘എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കല്‍നിന്നു എനിക്കു സഹായകമായ ഒരു (അധികൃത) ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ!’
  • وَقُل പറയുകയും ചെയ്യുക رَّبِّ റബ്ബേ, രക്ഷിതാവേ أَدْخِلْنِي എന്നെ പ്രവേശിപ്പിക്കണേ مُدْخَلَ പ്രവേശിപ്പിക്കല്‍ (പ്രവേശനം) صِدْقٍ സത്യത്തിന്റെ وَأَخْرِجْنِي എന്നെ പുറപ്പെടുവിക്കുകയും വേണമേ مُخْرَجَ പുറപ്പെടുവിക്കല്‍ (പുറപ്പാട്) صِدْقٍ സത്യത്തിന്റെ وَاجْعَل നീ ആക്കു (ഏര്‍പ്പെടുത്തു)കയും വേണമേ لِّي എനിക്കു مِن لَّدُنكَ നിന്റെ പക്കല്‍നിന്നു سُلْطَانًا ശക്തി, അധികാരം نَّصِيرًا സഹായിക്കുന്ന (സഹായകമായ)

مُدْخَلَ صِدْقٍ എന്ന വാക്കിനു ‘സത്യത്തിന്റെ പ്രവേശിപ്പിക്കല്‍’ എന്നും, مُخْرَجَ صِدْقٍ എന്ന വാക്കിനു ‘സത്യത്തിന്റെ പുറപ്പെടുവിക്കല്‍’ എന്നുമാണ്‌ സാക്ഷാല്‍ വാക്കര്‍ത്ഥം നല്‍കേണ്ടത്‌. ഉദ്ദേശ്യം കൂടുതല്‍ വ്യക്തമായി മനസ്സിലാകുവാന്‍ കൂടുതല്‍ എളുപ്പമെന്ന നിലക്ക്‌ പരിഭാഷയില്‍ കണ്ടപ്രകാരം രണ്ടു വാക്കിനു ഉദ്ദേശാര്‍ത്ഥം കൊണ്ടു മതിയാക്കിയിരിക്കുകയാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ പ്രാര്‍ത്ഥിക്കുവാന്‍ കല്‍പിച്ച ഈ പ്രാര്‍ത്ഥനയുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: ‘ഞാന്‍ വല്ല കാര്യത്തിലും പ്രവേശിക്കുമ്പോള്‍ ആ പ്രവേശനം സത്യത്തിന്റെ പാതയില്‍ അധിഷ്‌ഠിതവും പ്രശംസനീയമായതും ആക്കിത്തരേണമേ! ഞാന്‍ വല്ല കാര്യത്തില്‍നിന്നും വിരമിച്ചു പുറത്തുവരുന്നതും സത്യത്തിന്റെ പാത പിഴക്കാതെ ശുഭകരവും തൃപ്‌തികരവുമായ വിധത്തില്‍ ആക്കിത്തരേണമേ! എന്റെ കൃത്യങ്ങളെല്ലാം വേണ്ടതുപോലെ നിര്‍വ്വഹിക്കുവാനും, അതിനെതിരില്‍ വിലങ്ങടിക്കുന്ന തടസ്സങ്ങളെ അതിജയിക്കുവാനും സഹായകമായ അധികാരശക്തിയും ന്യായബലവും എനിക്കു തന്നരുളേണമേ!’.

ഇന്നിന്ന വിഷയങ്ങളിലുള്ള പ്രവേശനമെന്നും, ഇന്നിന്ന വിഷയങ്ങളില്‍നിന്നുള്ള പുറപ്പാടു എന്നും നിജപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്കു ഏതെങ്കിലും ചില പ്രത്യേക വിഷയങ്ങളെ സംബന്ധിച്ച പ്രവേശനവും പുറപ്പാടുമാണു ഉദ്ദേശ്യമെന്ന് വെച്ച്‌ ഈ പ്രാര്‍ത്ഥനയെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല. മദീനയിലേക്കുള്ള പ്രവേശനവും, മക്കായില്‍നിന്നുള്ള പുറപ്പാടും, മരണശേഷം ക്വബ്‌റിലേക്കുള്ള പ്രവേശനവും പിന്നീടു പുനരുത്ഥാന ദിവസം മഹ്‌ശറയിലേക്കുള്ള പുറപ്പാടും അടക്കം ആവശ്യമായ എല്ലാ കാര്യങ്ങളിലേക്കുമുള്ള പ്രവേശനങ്ങളും, എല്ലാ വിഷയങ്ങളില്‍ നിന്നുള്ള പുറപ്പാടുകളും സത്യത്തിന്റെ പാതയിലൂടെ ആക്കിക്കിട്ടുവാനുള്ള പ്രാര്‍ത്ഥനയാണിതെന്നു വെക്കുവാനാണു ന്യായം.

അഹ്‌മദു, തിര്‍മദീ, ഹാകിം, ത്വബ്‌റാനീ (رحمهم الله) തുടങ്ങിയവര്‍ ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്‌താവിച്ചതായി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലായിരുന്നു. പിന്നീടു തിരുമേനിയോടു ഹിജ്‌റഃ പോകുവാന്‍ കല്‍പിക്കപ്പെട്ടു. അപ്പോഴാണു ഈ വചനം അവതരിച്ചതും’. ഈ പ്രസ്‌താവന അടിസ്ഥാനമാക്കിയാണു ഇബ്‌നു ജരീര്‍ (رحمه الله) മുതലായവരും മദീനായിലേക്കുള്ള പ്രവേശനവും, മക്കായില്‍നിന്നുള്ള പുറപ്പാടും, മദീനായില്‍ ചെന്നതിന്നു ശേഷം ശത്രുക്കളെ ജയിച്ചടക്കുവാനുള്ള സഹായശക്തിയുമാണു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്‌. അവതരണ സന്ദര്‍ഭം അതായിരുന്നാല്‍ തന്നെയും അക്കാര്യങ്ങള്‍ പ്രത്യേകം അതില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുമെന്നല്ലാതെ, മറ്റുള്ള കാര്യങ്ങളും ഉദ്ദേശിക്കപ്പെടുന്നതിനു അതു തടസ്സമാകുന്നില്ല. മദീനായിലെ പ്രവേശനത്തെയും, മക്കായില്‍നിന്നുള്ള പുറപ്പാടിനെയും, ഇസ്‌ലാമിനു പിന്നീടു ലഭിച്ച ശക്തി പ്രതാപത്തെയും സംബന്ധിച്ചിടത്തോളം നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഈ പ്രാര്‍ത്ഥന തികച്ചും ഫലവത്തായിട്ടുണ്ടെന്നു പറയേണ്ടതില്ലതാനും. അടുത്ത വചനത്തില്‍ അതിലേക്കുള്ള ഒരു സൂചനയും കാണാം.

17:81

  • وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ ۚ إِنَّ ٱلْبَٰطِلَ كَانَ زَهُوقًا ﴾٨١﴿
  • (ഇങ്ങിനെയും) പറയുക: ‘യഥാര്‍ത്ഥം (വെളിക്കു) വന്നു; അയഥാര്‍ത്ഥം (നശിച്ചു) നാമാവശേഷമാകുകയും ചെയ്തു.’ നിശ്ചയമായും അയഥാര്‍ത്ഥം നാമാവശേഷമാകുന്നതാകുന്നു.
  • وَقُلْ പറയുകയും ചെയ്യുക جَاءَ വന്നു الْحَقُّ യഥാര്‍ത്ഥം وَزَهَقَ നശിച്ചുപോയി, നാമാവശേഷമാകയും ചെയ്തു الْبَاطِلُ അയഥാര്‍ത്ഥം إِنَّ الْبَاطِلَ നിശ്ചയമായും അയഥാര്‍ത്ഥം كَانَ ആകുന്നു زَهُوقًا നശിച്ചു (തേഞ്ഞുമാഞ്ഞു – നാമാവശേഷമായി) പോകുന്നത്

മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ഒരു അന്ത്യശാസനവും, കനത്ത താക്കീതുമാണതില്‍ അടങ്ങിയിരിക്കുന്നത്. തൗഹീദും, തൗഹീദില്‍ അധിഷ്ഠിതമായ സത്യമാര്‍ഗ്ഗവും ഇതാ പുലര്‍ന്നു കഴിഞ്ഞു. ശിര്‍ക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ദുര്‍മ്മാര്‍ഗ്ഗവും ഇതാ നശിച്ചു കഴിഞ്ഞു. നിങ്ങള്‍ എത്രതന്നെ എതിരിപ്പും നിഷേധവും കാണിച്ചാലും അതിന്റെ സമയം ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു. മിഥ്യയായുള്ളതിനു നിലനില്‍പില്ല. അടുത്ത ഭാവിയില്‍ തന്നെ മുശ്‍രിക്കുകള്‍ ഈ യഥാര്‍ത്ഥം അനുഭവത്തില്‍ കാണുകയും ചെയ്തു. മക്കാ വിജയദിവസം കഅ്ബഃയിലും പരിസരങ്ങളിലും ഉണ്ടായിരുന്ന നൂറു കണക്കിലുള്ള വിഗ്രഹങ്ങളെ കയ്യിലുണ്ടായിരുന്ന ഒരു കൊള്ളിക്കഷ്ണം കൊണ്ടു കുത്തിക്കൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനവും, സൂ: സബഇലെ 49-ാം വചനവും ഓതിയിരുന്നതായി ബുഖാരി, മുസ്‌ലിം (رحمهما الله) മുതലയാവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

17:82

  • وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا ﴾٨٢﴿
  • സത്യവിശ്വാസികള്‍ക്കു ശമനവും, കാരുണ്യവുമായുള്ളതിനെ ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കു അതു നഷ്ടപ്പാടല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല.
  • وَنُنَزِّلُ നാം അവതരിപ്പിക്കുന്നു مِنَ الْقُرْآنِ ക്വുര്‍ആനില്‍ നിന്നായി (ക്വുര്‍ആനിലൂടെ) مَا യാതൊന്ന് هُوَ അത് شِفَاءٌ ശമനം, ആശ്വാസവും وَرَحْمَةٌ കാരുണ്യവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് وَلَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുകയുമില്ല الظَّالِمِينَ അക്രമികള്‍ക്ക് إِلَّا خَسَارًا നഷ്ടപ്പാടല്ലാതെ

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, സംശയം, ആശയക്കുഴപ്പം, അന്ധവിശ്വാസം, കാപട്യം, വക്രത, അജ്ഞത ആദിയായ മനോരോഗങ്ങള്‍ക്കു ക്വുര്‍ആന്‍ ശമനം നല്‍കുന്നു. അതിന്റെ നിയമനിര്‍ദ്ദേശങ്ങളും സിദ്ധാന്തങ്ങളും വഴി ഐഹികവും പാരത്രികവുമായ കണക്കറ്റ അനുഗ്രഹങ്ങളും അവര്‍ക്കു സിദ്ധിക്കുന്നു. സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ സംബന്ധിച്ചിടത്തോളം, അവര്‍ അതിലേക്കു ശ്രദ്ധ കൊടുക്കുകയോ, അതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാത്തതുകൊണ്ടു പ്രസ്തുത ഗുണങ്ങളൊന്നും അവര്‍ക്കു ലഭിക്കുകയില്ല. മാത്രമല്ല, അവര്‍ക്കതുമൂലം നഷ്ടം വര്‍ദ്ധിക്കുകയേ ചെയ്കയുള്ളുതാനും. കാരണം, ക്വുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുമ്പോഴും അതിനെ നിഷേധിക്കുകയും എതിര്‍ക്കുകയുമാണല്ലോ അവര്‍ ചെയ്യുന്നത്. അതോടെ അവരുടെ നഷ്ടം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കും.

17:83

  • وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا ﴾٨٣﴿
  • മനുഷ്യനു നാം അനുഗ്രഹം ചെയ്തു കൊടുത്താല്‍ അവന്‍ (അവഗണിച്ചു) തിരിഞ്ഞുകളയുകയും, (ഊരതിരിച്ച്) അവന്റെ പാര്‍ശ്വവുംകൊണ്ടു അവന്‍ അകന്നു പോകുകയും ചെയ്യും. അവനു ദോഷം ബാധിച്ചാലാവട്ടെ, അവന്‍ വളരെ നിരാശനുമായിരിക്കും.
  • وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താല്‍ عَلَى الْإِنسَانِ മനുഷ്യനു, മനുഷ്യന്റെ മേല്‍ أَعْرَضَ അവന്‍ തിരിഞ്ഞു കളയും وَنَأَىٰ അവന്‍ അകന്നു പോകയും ചെയ്യും بِجَانِبِهِ അവന്റെ പാര്‍ശ്വവുംകൊണ്ടു (അവന്റെ പാട്ടില്‍ – ഊര തിരിച്ച്) وَإِذَا مَسَّهُ അവനെ സ്പര്‍ശി(ബാധി)ച്ചാല്‍ الشَّرُّ ദോഷം, തിന്‍മ كَانَ അവനായിരിക്കും يَئُوسًا തീരെ ആശയറ്റവന്‍

17:84

  • قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا ﴾٨٤﴿
  • പറയുക: ‘എല്ലാവരും അവ(രവ)രുടെ സമ്പ്രദായമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങളുടെ റബ്ബ്, മാര്‍ഗ്ഗം കൂടുതല്‍ നേരെയുള്ളവനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.’
  • قُلْ പറയുക كُلٌّ എല്ലാവരും يَعْمَلُ പ്രവര്‍ത്തിക്കുന്നു عَلَىٰ شَاكِلَتِهِ അവന്റെ സമ്പ്രദായത്തില്‍, ആകൃതി (രീതി) അനുസരിച്ച് فَرَبُّكُمْ എന്നാല്‍, നിങ്ങളുടെ റബ്ബു أَعْلَمُ അധികം (നന്നായി) അറിയുന്നവനാണ് بِمَنْ യാതൊരുവനെപ്പറ്റി هُو أَهْدَىَٰ അവന്‍ കൂടുതല്‍ നേര്‍മാര്‍ഗ്ഗി (നേരെയുള്ളവന്‍) ആണ് سَبِيلًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്താല്‍

നന്‍മയും അനുഗ്രഹവും ലഭിക്കുമ്പോള്‍ നന്ദികാണിക്കാതെ, അവഗണിച്ചുതള്ളലും, അഹങ്കാരപൂര്‍വ്വം ഊര തിരിച്ചു പിന്‍മാറിപ്പോകലും, തിന്‍മയും ഉപദ്രവവും വരുമ്പോള്‍ നിരാശയും അക്ഷമയും കാണിക്കലും മനുഷ്യന്റെ പൊതു സ്വഭാവമാണെന്നു ആദ്യത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹു കാത്തുരക്ഷിച്ചവര്‍ക്കേ ഈ സ്വഭാവദൂഷ്യം ബാധിക്കാതെ രക്ഷപ്പെടുകയുള്ളു. മുശ്‍രിക്കുകളടക്കമുള്ള എല്ലാ ദുര്‍ന്നടപ്പുകാര്‍ക്കുമുള്ള ഒരു താക്കീതാണു രണ്ടാമത്തെ വചനത്തിലുള്ളത്. അതായതു, ഓരോരുത്തരും അവരവരുടെ ഹിതവും ആശയാദര്‍ശവും അനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങളും കര്‍മ്മങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ഇപ്പോള്‍ അതിനു തടസ്സമൊന്നുമില്ല. പക്ഷേ, ആരാണു കൂടുതല്‍ നല്ല മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍, ആരാണു മോശപ്പെട്ടവര്‍ എന്നൊക്കെ അല്ലാഹുവിനു ശരിക്കും അറിയാം. അതനുസരിച്ചു ഓരോരുത്തരുടെ മേലും പിന്നീടു അവന്‍ തക്ക നടപടി എടുക്കുകതന്നെ ചെയ്യും എന്നു താല്‍പര്യം.

വിഭാഗം – 10

17:85

  • وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا ﴾٨٥﴿
  • (നബിയേ) നിന്നോടു അവര്‍ ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: ‘ആത്മാവു എന്റെ റബ്ബിന്റെ കാര്യത്തില്‍ പെട്ടതാണ്; നിങ്ങള്‍ക്കു അറിവില്‍ നിന്നും അല്‍പമല്ലാതെ നൽകപ്പെട്ടിട്ടില്ലതാനും.’
  • وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും عَنِ الرُّوحِ ആത്മാവിനെപ്പറ്റി قُلِ പറയുക الرُّوحُ ആത്മാവ് مِنْ أَمْرِ കാര്യത്തില്‍പെട്ടതാണ് رَبِّي എന്റെ റബ്ബിന്റെ وَمَا أُوتِيتُم നിങ്ങള്‍ക്കു നൽകപ്പെട്ടിട്ടില്ലതാനും مِّنَ الْعِلْمِ അറിവില്‍ നിന്ന് إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ

ചില പ്രത്യേക അടയാളങ്ങള്‍ ഒരു വസ്തുവില്‍ കാണപ്പെടുമ്പോള്‍ അതിനു ജീവനുണ്ടെന്നും, അതില്ലാതിരിക്കുമ്പോള്‍ അതിനു ആത്മാവില്ലെന്നും നാം പറയുന്നു. എന്നാല്‍, ആത്മാവ് എന്നാലെന്താണ്? എങ്ങിനെയാണ്? എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? ഇതിനെപ്പറ്റിയെല്ലാം സൂക്ഷ്മവും, ശരിയുമായ അറിവു അല്ലാഹുവിനു മാത്രമേയുള്ളു. ആത്മാവിനു കൃത്യവും ശരിയുമായ ഒരു നിര്‍വ്വചനം നല്‍കുവാന്‍ പോലും മനുഷ്യനു ഇതേവരെ സാധിച്ചിട്ടില്ല. ആ അജ്ഞാത രഹസ്യം കണ്ടെത്തുവാന്‍ വേണ്ടി വിവിധതരത്തിലുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പില്ലാത്ത പല അറിവുകളും അതുമൂലം അവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഇന്നിന്ന വസ്തു ഇന്നിന്ന പ്രകാരത്തിലായിത്തീരുമ്പോള്‍ ജീവാത്മാവു ഉണ്ടായിത്തീരുന്നുവെന്നതില്‍ കവിഞ്ഞു വല്ലതും പറയുവാനോ, ആത്മാവിനെ സൃഷ്ടിച്ചുണ്ടാക്കുവാനോ, കാണുവാനോ, വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാനോ ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. മനുഷ്യന്റെ അറിവും കഴിവും എത്രതന്നെ പുരോഗമിച്ചാലും അതൊക്കെ പദാര്‍ത്ഥലോകവും, ബാഹ്യലോകവുമായി ബന്ധപ്പെട്ടവയായിരിക്കും. ആത്മീയലോകവും, അദൃശ്യലോകവും സംബന്ധിച്ച വിവരങ്ങള്‍ അല്ലാഹുവില്‍ നിന്ന് പ്രവാചകന്‍മാര്‍ മുഖേന മാത്രം ലഭിക്കുന്നവയത്രെ. പദാര്‍ത്ഥ ലോകത്തെയും ബാഹ്യലോകത്തെയും സംബന്ധിച്ചു തന്നെയും മനുഷ്യന്റെ അറിവ് പരിപൂര്‍ണ്ണമാണോ? അതുമല്ല, അറിവു വര്‍ദ്ധിക്കുംതോറും അവന്റെ അജ്ഞതയുടെ ആഴവും പരപ്പും അവനു കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നത്. അതെ, وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (നിങ്ങള്‍ക്കു അറിവില്‍നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല.) എന്നു മനുഷ്യന്റെ സ്രഷ്ടാവു ഉറപ്പിച്ചു പറഞ്ഞതാണല്ലോ.

الرُّوحُ (റൂഹ്) കൊണ്ടു ഇവിടെ വിവക്ഷ ജിബ്രീല്‍ (عليه الصلاة والسلام) എന്ന മലക്കാണെന്നും, ഈസാ (عليه الصلاة والسلام) നബിയാണെന്നും, ക്വുര്‍ആനാണെന്നും മറ്റും ചിലര്‍ അഭിപ്രായപ്പെട്ടു കാണാം. ക്വുര്‍ആനില്‍ സന്ദര്‍ഭമനുസരിച്ചു ചില സ്ഥലങ്ങളില്‍ പ്രസ്തുത ഉദ്ദേശ്യങ്ങളില്‍ വന്നിട്ടുള്ളതു ശരിയാണ്. പക്ഷേ, പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, ഹദീഥിന്റെ പിന്‍ബലമുള്ളതും, ഭൂരിഭാഗം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നതും ജീവാത്മാവു തന്നെയാണു ഇവിടെ ‘റൂഹ്’ കൊണ്ടു വിവക്ഷ എന്നത്രെ. ബുഖാരിയും, മുസ്‌ലിമും (رحمة الله عليهما) അടക്കം പല മഹാന്‍മാരും ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു:- അദ്ദേഹം പറയുന്നു: “മദീനായില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു യഹൂദ സംഘത്തിന്റെ അടുക്കല്‍ കൂടി പോകുമ്പോള്‍ അവരില്‍ ചിലര്‍, അദ്ദേഹത്തോടു റൂഹിനെക്കുറിച്ചു ചോദിച്ചു നോക്കാമെന്നു പറഞ്ഞു.അതു ചോദിക്കേണ്ടതില്ലെന്നും, ചോദിച്ചാല്‍ നിങ്ങള്‍ക്കു ഇഷ്ടകരമല്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്നും വേറെ ചിലരും പറഞ്ഞു. അവസാനം അവര്‍ ചോദിക്കുക തന്നെ ചെയ്തു. അല്‍പനേരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൗനമവലംബിച്ചു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വരികയാണെന്നു എനിക്കു മനസ്സിലായി. പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وَيَسْأَلُونَكَ عَنِ الرُّوحِ… എന്നുള്ള ഈ വചനം ഓതിക്കേള്‍പ്പിച്ചു.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉത്തരം മുട്ടിച്ചു വിജയഭേരി അടിക്കാമെന്നു കരുതിയ യഹൂദികള്‍ ചോദിച്ച ഈ ചോദ്യത്തില്‍ പറഞ്ഞ ‘റൂഹ്’ കൊണ്ടുദ്ദേശ്യം ജീവാത്മാവല്ലാത്ത മറ്റൊന്നുമായിരിക്കുവാന്‍ തരമില്ലെന്നും, ജീവാത്മാവിനെക്കുറിച്ചു തന്നെയാണു അവര്‍ ചോദിച്ചതെന്നും ഇമാം ഖുര്‍ത്വുബി (رحمه الله) പോലുള്ള ചില മഹാന്‍മാര്‍ ന്യായസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലദൈര്‍ഘ്യം ഭയന്നു അതിവിടെ ഉദ്ധരിക്കുന്നില്ല.

17:86

  • وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا ﴾٨٦﴿
  • നാം ഉദ്ദേശിച്ചുവെങ്കില്‍, നിശ്ചയമായും, നിനക്കു നാം വഹ്‌യു (സന്ദേശം) നല്‍കിയിട്ടുള്ളതിനെ നാം കൊണ്ടുപോകുകതന്നെ ചെയ്യുന്നതാണ്; പിന്നെ, നമുക്കെതിരില്‍ അതിനു ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിനക്കു നീ കണ്ടെത്തുകയില്ല;-
  • وَلَئِن شِئْنَا തീര്‍ച്ചയായും നാം ഉദ്ദേശിച്ചെങ്കില്‍ لَنَذْهَبَنَّ നാം പോകുകതന്നെ ചെയ്യും بِالَّذِي أَوْحَيْنَا നാം വഹ്‌യു (സന്ദേശം) നല്‍കിയതും കൊണ്ട് إِلَيْكَ നിനക്കു ثُمَّ പിന്നെ لَا تَجِدُ لَكَ നീ കണ്ടെത്തുകയില്ല بِهِ അതിനു, അതിനെപ്പറ്റി عَلَيْنَا നമ്മുടെ മേല്‍ (എതിരെ) وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്ന (ഏറ്റെടുക്കുന്ന)വനെ.

17:87

  • إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا ﴾٨٧﴿
  • പക്ഷേ, നിന്റെ റബ്ബിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (അങ്ങിനെ ചെയ്യാത്തത്). നിശ്ചയമായും, നിന്റെ മേല്‍ അവന്റെ അനുഗ്രഹം (വളരെ) വലുതാകുന്നു.
  • إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ടു, കാരുണ്യമായിട്ടല്ലാതെ مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നുള്ള إِنَّ فَضْلَهُ നിശ്ചയമായും അവന്റെ ദയവ്, അനുഗ്രഹം, പുണ്യം كَانَ ആകുന്നു عَلَيْكَ നിന്റെ മേല്‍ كَبِيرًا വലിയത്

അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, ജനഹൃദയങ്ങളിലാകട്ടെ, ‘മുസ്വ്‌ഹഫു`കളിലാകട്ടെ അവശേഷിക്കാത്ത വിധം ക്വുര്‍ആനെ മായിച്ചു നീക്കം ചെയ്‌വാന്‍ അവനു കഴിയും. അങ്ങിനെ സംഭവിച്ചാല്‍ അതിനെതിരായ ഒരു നടപടിയും എടുക്കുവാന്‍ സാധിക്കുന്ന ആരും തന്നെ ഇല്ല. എങ്കിലും അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ട്‌ അങ്ങിനെ ചെയ്യുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അതിമഹത്തരമായതാണ്‌. അക്കൂട്ടത്തില്‍ ക്വുര്‍ആനെ ലോകാവസാനം വരെ നിലനിറുത്തുവാനാണ്‌ അവന്‍ ഉദ്ദേശിക്കുന്നത്‌.

17:88

  • قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴾٨٨﴿
  • (നബിയേ) പറയുക: ‘തീര്‍ച്ചയായും, ഈ ക്വുര്‍ആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.
  • قُل പറയുക لَّئِنِ തീര്‍ച്ചയായും എങ്കില്‍ اجْتَمَعَتِ ഒരുമിച്ചുകൂടി(യെങ്കില്‍) الْإِنسُ മനുഷ്യര്‍ وَالْجِنُّ ജിന്നുകളും عَلَىٰ أَن يَأْتُوا അവര്‍ വരുവാന്‍ بِمِثْلِ പോലെയുള്ളതുകൊണ്ട് هَٰذَا الْقُرْآنِ ഈ ക്വുര്‍ആന്‍ لَا يَأْتُونَ അവര്‍ വരികയില്ല بِمِثْلِهِ ഇതു (അതു) പോലെയുള്ളതുകൊണ്ട് وَلَوْ كَانَ ആയിരുന്നാലും ശരി بَعْضُهُمْ അവരില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക്‌ ظَهِيرًا പിന്‍തുണ (സഹായം) നല്‍കുന്നവര്‍

ക്വുര്‍ആന്റെ അമാനുഷികതയെ സ്ഥാപിക്കുന്ന സുവ്യക്തമായ ഒരു ദൃഷ്‌ടാന്തമാണ്‌ ഈ വചനത്തില്‍ കാണുന്ന പ്രവചനം. മനുഷ്യവര്‍ഗ്ഗവും, ജിന്ന്‌ വര്‍ഗ്ഗവുമാണല്ലോ അല്ലാഹുവിന്റെ നിയമശാസനങ്ങള്‍ക്കു വിധേയരായവര്‍. ഈ രണ്ടു വര്‍ഗ്ഗവും കൂടി ഒത്തൊരുമിച്ച് പരസ്‌പരം സഹായം നല്‍കിക്കൊണ്ടിരുന്നാലും ഈ ക്വുര്‍ആനോടു കിടയൊത്ത ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ സാധിക്കുകയില്ലെന്നു അല്ലാഹു ഖണ്‌ഡിതമായ ഭാഷയില്‍ ഉറപ്പിച്ചുപറയുന്നു. ക്വുര്‍ആന്‍ നിലവിലുള്ള കാലത്തോളം ഈ വെല്ലുവിളി അതില്‍ അവശേഷിക്കുകയും ചെയ്യും. ക്വുര്‍ആന്റെ മുരത്ത ശത്രുക്കളായി ധാരാളം ആളുകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നിട്ടും ഇക്കാലം വരെ ആര്‍ക്കും അതിനു സാധിച്ചിട്ടില്ല. മേലിലും സാധിക്കുകയില്ലെന്നും തീര്‍ച്ച തന്നെ.

ഈ ക്വുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരുവാനാണു ഈ വചനത്തില്‍ ശത്രുക്കളെ വെല്ലുവിളിച്ചിരിക്കുന്നതെങ്കിലും, ക്വുര്‍ആനിലെ ഏതെങ്കിലും പത്തു സൂറത്തുപോലെയുള്ളതു കൊണ്ടുവന്നാലും മതിയെന്നു 11:13ലും, ഒരു സൂറത്തു പോലെയുള്ളതു കൊണ്ടുവന്നാലും മതിയെന്നു 10:38ലും, 2:23ലും അല്ലാഹു വെല്ലുവിളിക്കുകയുണ്ടായിട്ടുണ്ട്‌. എന്നിട്ടും ഇവയില്‍ ഒന്നിനെ നേരിടുവാന്‍ പോലും ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല. മേലിലും കഴിയുകയില്ലതാനും. (കൂടുതല്‍ വിവരണം അവിടങ്ങളില്‍ കഴിഞ്ഞുപോയിട്ടുള്ളത്‌ നോക്കുക.)

17:89

  • وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ﴾٨٩﴿
  • തീര്‍ച്ചയായും, ഈ ക്വുര്‍ആനില്‍ എല്ലാ (വക) ഉപമകളെയും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, മനുഷ്യരില്‍ അധികമാളും നന്ദികേടു കാണി(ച്ചു നിഷേധി)ക്കുന്നതിന്നല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്‌.
  • وَلَقَدْ صَرَّفْنَا തീര്‍ച്ചയായും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌ لِلنَّاسِ മനുഷ്യര്‍ക്കു فِي هَٰذَا الْقُرْآنِ ഈ ക്വുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ ഉപമകളെയും, എല്ലാ ഉപമയില്‍ നിന്നും فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു أَكْثَرُ النَّاسِ മനുഷ്യരില്‍ അധികവും إِلَّا كُفُورًا നന്ദികേടിന്നല്ലാതെ

17:90

  • وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا ﴾٩٠﴿
  • അവര്‍ പറയുകയും ചെയ്‌തു: ‘ഭൂമിയില്‍നിന്നും നീ ഞങ്ങള്‍ക്കു ഒരു ഉറവിടം പൊട്ടി ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല;-
  • وَقَالُوا അവര്‍ പറയുകയും ചെയ്‌തു لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല لَكَ നിന്നെ حَتَّىٰ تَفْجُرَ നീ പൊട്ടി ഒഴുക്കുന്നതുവരെ لَنَا ഞങ്ങള്‍ക്കു مِنَ الْأَرْضِ ഭൂമിയില്‍നിന്ന് يَنبُوعًا ഒരു ഉറവിടത്തെ

17:91

  • أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَٰرَ خِلَٰلَهَا تَفْجِيرًا ﴾٩١﴿
  • ‘അല്ലെങ്കില്‍, നിനക്കു ഈത്തപ്പനയും, മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കുക; എന്നിട്ട്‌ അതിന്റെ ഇടയിലൂടെ നീ അരുവികളെ ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍ ഒഴുക്കുക;-
  • أَوْ تَكُونَ അല്ലെങ്കില്‍ ഉണ്ടാവുക, ഉണ്ടാകുന്നതു(വരെ) لَكَ നിനക്കു جَنَّةٌ ഒരു തോട്ടം مِّن نَّخِيلٍ ഈത്തപ്പനയാല്‍ وَعِنَبٍ മുന്തിരിയാലും فَتُفَجِّرَ എന്നിട്ടു നീ പൊട്ടി ഒഴുക്കുക, ഒഴുക്കുന്നതു (വരെ) الْأَنْهَارَ അരുവി (നദി – തോടു)കളെ خِلَالَهَا അതിന്റെ (അവയുടെ) ഇടയില്‍ تَفْجِيرًا ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍

17:92

  • أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَٰٓئِكَةِ قَبِيلًا ﴾٩٢﴿
  • ‘അല്ലെങ്കില്‍, നീ ജല്‍പിച്ചതുപോലെ ഞങ്ങളുടെമേല്‍ നീ ആകാശത്തെ കഷ്‌ണങ്ങളായി വീഴ്‌ത്തുക; അല്ലെങ്കില്‍, അല്ലാഹുവിനെയും, മലക്കുകളെയും നീ അഭിമുഖമായി കൊണ്ടുവരുക;-
  • أَوْ تُسْقِطَ അല്ലെങ്കില്‍ നീ വീഴ്‌ത്തുക, വീഴ്ത്തുന്നതു (വരെ) السَّمَاءَ ആകാശത്തെ كَمَا زَعَمْتَ നാം ജല്‍പിച്ച (വാദിച്ച) പോലെ عَلَيْنَا ഞങ്ങളുടെമേല്‍ كِسَفًا കഷ്‌ണങ്ങളായി أَوْ تَأْتِيَ അല്ലെങ്കില്‍ നീ വരുക, വരുന്നതു (വരെ) بِاللَّهِ അല്ലാഹുവിനെകൊണ്ടു وَالْمَلَائِكَةِ മലക്കുകളെയും قَبِيلًا അഭിമുഖമായി

17:93

  • أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا ﴾٩٣﴿
  • ‘അല്ലെങ്കില്‍, നിനക്കു തങ്കംകൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കില്‍, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളില്‍ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക്‌ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല തന്നെ,’
    (നബിയേ) പറയുക: ‘എന്റെ റബ്ബു മഹാ പരിശുദ്ധന്‍! (അവനെ ഞാന്‍ വാഴ്‌ത്തുന്നു.) ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?!’
  • أَوْ يَكُونَ അല്ലെങ്കില്‍ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ) لَكَ നിനക്കു بَيْتٌ ഒരു വീടു مِّن زُخْرُفٍ തങ്കം (സ്വര്‍ണ്ണം) കൊണ്ടു, തങ്കത്താല്‍ أَوْ تَرْقَىٰ അല്ലെങ്കില്‍ നീ കയറുക, കയറിപ്പോകുന്നതു (വരെ) فِي السَّمَاءِ ആകാശത്തില്‍ وَلَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയുമില്ലതന്നെ لِرُقِيِّكَ നിന്റെ കയറിപ്പോക്കിനെ حَتَّىٰ تُنَزِّلَ നീ ഇറക്കുവോളം (ഇറക്കാതെ) عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങളില്‍ كِتَابًا ഒരു ഗ്രന്ഥം نَّقْرَؤُهُ ഞങ്ങളതിനെ വായിക്കുമാറു (ഞങ്ങള്‍ക്കു വായിക്കാവുന്ന) قُلْ പറയുക سُبْحَانَ മഹാ പരിശുദ്ധന്‍ (ഞാന്‍ വാഴ്ത്തുന്നു) رَبِّي എന്റെ റബ്ബു (റബ്ബിനെ) هَلْ كُنتُ ഞാനാകുന്നുവോ إِلَّا بَشَرًا ഒരു മനുഷ്യനല്ലാതെ رَّسُولًا റസൂലായ, (ദൈവ) ദൂതനായ

സത്യം വേണ്ടതുപോലെ ഗ്രഹിക്കുവാനാവശ്യമായ എല്ലാതരം വിശദീകരണങ്ങളും തെളിവുകളും ഈ ക്വുര്‍ആന്‍ മുഖേന അല്ലാഹു നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌. എന്നിട്ടും നന്ദിപൂര്‍വം അതു സ്വീകരിക്കുന്നതിനു പകരം, നന്ദികേടും നിഷേധവുമാണു മിക്ക മനുഷ്യരും കൈക്കൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ടും മതിയാക്കാതെ ധിക്കാരപരമായ കുറേ മുട്ടുചോദ്യങ്ങളും വെല്ലുവിളികളും നടത്തുകയാണു അവര്‍ ചെയ്യുന്നതെന്നും പ്രസ്‌താവിച്ചുകൊണ്ടു ക്വുറൈശീ പ്രമാണികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുമ്പില്‍ സമര്‍പ്പിച്ച ചില ആവശ്യങ്ങള്‍ അല്ലാഹു വിവരിക്കുന്നു. നീ അല്ലാഹുവിന്റെ ദൂതനാണെന്നും, നീ പ്രബോധനം ചെയ്യുന്ന ഈ ക്വുര്‍ആന്‍ അവന്‍ അവതരിപ്പിച്ചതാണെന്നുമാണല്ലോ നിന്റെ വാദം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവനു കഴിയാത്ത കാര്യമൊന്നുമില്ല. ആ സ്ഥിതിക്കു ഞങ്ങള്‍ ആവശ്യപ്പെടുന്ന ഈ കാര്യങ്ങളില്‍ ഒന്നെങ്കിലും സംഭവിച്ചു കാണാതെ നിന്റെ വാക്കു ഞങ്ങള്‍ വിശ്വസിക്കുന്ന പ്രശ്നമേ ഇല്ല എന്നത്രെ അവര്‍ പറയുന്നത്‌. അവര്‍ ഉന്നയിച്ച സംഗതികള്‍ ഇവയാണ്‌:-

(1) വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന ഈ നാട്ടില്‍, ഭൂമിയില്‍ നിന്നൊരു ഉറവിടം പൊട്ടി ഒഴുക്കി വെള്ളത്തിന്റെ ക്ഷാമം വേണ്ടതുപോലെ തീര്‍ത്തു തരുക.

(2) അല്ലെങ്കില്‍, ഈ തരിശായിക്കിടക്കുന്ന നാട്ടില്‍ ഈത്തപ്പനയും മുന്തിരിയും മുറ്റി നില്‍ക്കുന്ന ഫലസമൃദ്ധമായ ഒരു തോട്ടമുണ്ടാക്കി അതിനിടയിലൂടെ അരുവികളും തോടുകളും ഒഴുകുമാറാക്കുക.

(3) അല്ലെങ്കില്‍, ഒരിക്കല്‍ ഈ ലോകം നശിക്കുമെന്നും, അപ്പോള്‍ ആകാശം പൊട്ടിപ്പിളരുമെന്നുമൊക്കെ നീ പറയാറുണ്ടല്ലോ. അതുപോലെ, ഇപ്പോള്‍ തന്നെ ഞങ്ങളുടെ മീതെ ആകാശം തുണ്ടുതുണ്ടായി വീഴ്‌ത്തിക്കാണിക്കുക.

(4) അതുമല്ലെങ്കില്‍, നീ സത്യവാനാണെന്നു സാക്ഷ്യപ്പെടുത്തുമാറ്‌ അല്ലാഹുവിനെയും മലക്കുകളെയും കൂട്ടത്തോടെ ഇങ്ങ്‌ കൊണ്ടുവരിക.

(5) അല്ലെങ്കില്‍, തങ്കത്താല്‍ നിര്‍മ്മിതമായ ഒരു വീട്‌ നിനക്കുണ്ടായിക്കാണുക.

(6) ഇതുമല്ലെങ്കില്‍, നീ ആകാശത്തിലൂടെ ഒന്ന്‌ കയറിപ്പോകുന്നതു കാണുക. പക്ഷേ, വല്ല മായവിദ്യയും കാട്ടി ഞങ്ങളെ കബളിപ്പിച്ചാല്‍ പോരാ. നീ യഥാര്‍ഥത്തില്‍ കയറിപ്പോയിട്ടുണ്ടെന്നു ഉറപ്പു വരുത്തുവാന്‍ വേണ്ടി, ഞങ്ങള്‍ക്കു നേരില്‍ തന്നെ വായിച്ചു ഗ്രഹിക്കുവാന്‍ ഉതകുന്ന വിധം ഒരു ഗ്രന്ഥം നീ അവിടെനിന്നു കൊണ്ടുവരുകകൂടി വേണം. എന്നാലേ അതു ഞങ്ങള്‍ വിശ്വസിക്കൂ.

ഇത്രയും കാര്യങ്ങളില്‍ ഒന്നെങ്കിലും ചെയ്‌തു കാണിക്കാതെ ഞങ്ങള്‍ ഒരിക്കലും നിന്നെ വിശ്വസിക്കുകയില്ലെന്നു ആ ധിക്കാരികള്‍ ശഠിച്ചു പറഞ്ഞു. മലക്കുകളെ ഇറക്കിയാലും, മരണപ്പെട്ടവര്‍ എഴുന്നേറ്റു വന്നു സംസാരിച്ചാലും, എന്നു വേണ്ടാ, എല്ലാ വസ്‌തുക്കളെയും ഒന്നായി ഒരുമിച്ചുകൂട്ടി കാണിച്ചാലും വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവരാണവര്‍ എന്ന്‌ 6:111 ല്‍ അല്ലാഹു പ്രസ്‌താവിച്ച ആ ദുര്‍ബുദ്ധികള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചതിലുണ്ടോ വല്ല ആശ്ചര്യവും?!

സദുദ്ദേശത്തിന്റെയോ സത്യാന്വേഷണത്തിന്റെയോ കണികപോലുമില്ലാതെ, ധിക്കാരത്തില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും മാത്രം ഉടലെടുത്ത ഈ വെല്ലുവിളിക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു യോടു നല്‍കുവാന്‍ കല്‍പിച്ച മറുപടിയൊന്നു നോക്കുക! هَلْ كُنتُ إِلَّا بَشَرًا رَّسُولًا (ഞാന്‍ റസൂലായ ഒരു മനുഷ്യനല്ലാതെ മറ്റു വല്ലവനുമാണോ?) ഹാ! എന്തൊരു നയത്തിലും മയത്തിലുമുള്ള മറുപടി?! അതോടൊപ്പം വളരെ അര്‍ഥഗര്‍ഭവും, വിശേഷബുദ്ധിയുള്ള ആരെയും ഇരുത്തി ചിന്തിപ്പിക്കുവാന്‍ പോന്നതും! നിങ്ങളുടെ സ്ഥിതി വളരെ അത്ഭുതകരം തന്നെ. ഞാനൊരു റസൂലാണെന്നുള്ളതുകൊണ്ടു ഞാനൊരു മനുഷ്യനല്ലാതാകുമോ? ഒരു മനുഷ്യനു ഇതൊക്കെ ചെയ്യുവാന്‍ എങ്ങനെ കഴിയും? എന്നു സാരം. അമാനുഷിക സംഭവങ്ങള്‍ കാണിക്കുവാനുള്ള കഴിവ്‌ അല്ലാഹുവിന്‌ മാത്രമേ ഉള്ളൂ, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അത്‌ സംഭവിക്കുമെന്നു മാത്രം. നബിയായതുകൊണ്ടോ, റസൂലായതുകൊണ്ടോ മറ്റോ ആര്‍ക്കും അതിനു സാധ്യമല്ല, എന്നത്രെ ഇതിലടങ്ങിയ തത്വം. മുശ്‌രിക്കുകള്‍ തങ്ങളുടെ നിഷേധത്തിനു എടുത്തുപറയാറുള്ള വേറെ ഒരു കാരണവും അതിനുള്ള മറുപടിയുമാണ്‌ അടുത്ത വചനത്തില്‍ കാണുന്നത്‌.

എട്ടാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 61 മുതൽ 77 വരെ

സൂറത്തുല്‍ ഇസ്രാഉ് : 61-77

വിഭാഗം – 7

ആദം നബി (عليه الصلاة والسلام) യെ സൃഷ്ടിച്ചപ്പോള്‍, മലക്കുകളോട് അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകയും ശപിക്കപ്പെട്ട ഇബ്ലീസ്‌ മാത്രം സൂജൂദ് ചെയ്യാതിരിക്കുകയും ചെയ്ത സംഭവവും, അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുമാണ് തുടര്‍ന്നുള്ള ചില വചനങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നത്. ഈ വിഷയകമായി മുകളില്‍ അല്‍ബക്വറഃ, അഅ്റാഫ്, ഹിജ്ര്‍ എന്നീ സൂറത്തുകളിലും, താഴെ അല്‍കഹ്ഫ്‌, ത്വാഹ, സ്വാദ് എന്നീ സൂറത്തുകളിലും വിവരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വിഷയം ഇവിടെ അധികമൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ ജന്മശത്രുവും, ആജീവനാന്ത ശത്രുവുമാണ് ഇബ്ലീസും അവന്റെ സൈന്യങ്ങളുമെന്നും, അവന്‍ മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവനും, പലതരം ദുരുപദേശങ്ങളും ഗൂഢതന്ത്രങ്ങളും അതിനായി അവന്‍ ഉപയോഗിക്കുമെന്നും അതുകൊണ്ട് മനുഷ്യന്‍ അവനെ സദാ സൂക്ഷിച്ചുകൊണ്ടിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുവാനാണ് ഈ വിഷയം അല്ലാഹു പലേടത്തും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതെന്ന് നാം പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. പിശാചിന്റെ ദുഷ്പ്രേരണകളില്‍ നിന്നു അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

17:61

  • وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا ﴾٦١﴿
  • ‘നിങ്ങള്‍ ആദമിനു ‘സുജൂദു’ ചെയ്യുവിന്‍’ എന്നു മലക്കുകളോടു നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍, അവര്‍ ‘സുജൂദു’ ചെയ്തു – ഇബ്ലീസ്‌ ഒഴികെ. അവന്‍ പറഞ്ഞു: ‘നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവനു ഞാന്‍ ‘സുജൂദു’ ചെയ്യുകയോ?!’
  • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ قَالَ അവന്‍ പറഞ്ഞു أَأَسْجُدُ ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ لِمَنْ خَلَقْتَ നീ സൃഷ്ടിച്ചവനു طِينًا കളിമണ്ണാല്‍

17:62

  • قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا ﴾٦٢﴿
  • അവന്‍ പറഞ്ഞു: ‘കണ്ടുവോ, ഇവനോ എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ളവന്‍? (ഒന്നു പറഞ്ഞു തരൂ)! തീര്‍ച്ചയായും, ക്വിയാമത്തുനാള്‍വരെ നീ എന്നെ (ഒഴിവാക്കി) പിന്തിച്ചുവെങ്കില്‍, ഇവന്റെ സന്തതികളെ അല്‍പം ഒഴിച്ച് (ബാക്കിയെല്ലാം) ഞാന്‍ അടക്കി ഒതുക്കുകതന്നെ ചെയ്യും.
  • قَالَ അവന്‍ പറഞ്ഞു أَرَأَيْتَكَ നീ കണ്ടുവോ (പറഞ്ഞു തരുക) هَـٰذَا الَّذِي ഈയൊരുവനെ, യാതൊരുവന്‍ ഇവനോ كَرَّمْتَ നീ ആദരിച്ചു عَلَيَّ എന്നെക്കാള്‍ لَئِنْ أَخَّرْتَنِ തീര്‍ച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു) വെങ്കില്‍ إِلَىٰ يَوْمِ നാള്‍വരേക്ക് الْقِيَامَةِ ക്വിയാമത്തിന്റെ لَأَحْتَنِكَنَّ ഞാന്‍ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും ذُرِّيَّتَهُ അവന്റെ സന്തതികളെ إِلَّا قَلِيلًا അല്‍പമൊഴികെ, കുറച്ചല്ലാതെ

17:63

  • قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا ﴾٦٣﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: ‘നീ പോയിക്കൊള്ളുക. എന്നാല്‍, അവരില്‍നിന്നു നിന്നെ ആര്‍ പിന്തുടര്‍ന്നുവോ, അപ്പോള്‍ നിശ്ചയമായും, ‘ജഹന്നം’ [നരകം] നിങ്ങളുടെ പ്രതിഫലമായിരിക്കും; (അതെ) പൂര്‍ണ്ണമാക്കപ്പെട്ട പ്രതിഫലം!
  • قَالَ അവന്‍ പറഞ്ഞു اذْهَبْ നീ പോകുക فَمَن എന്നാല്‍ ആര്‍, വല്ലവനും تَبِعَكَ നിന്നെ തുടര്‍ന്ന്, നിന്നെ പിന്തുടര്‍ന്നുവോ مِنْهُمْ അവരില്‍നിന്നു فَإِنَّ എന്നാല്‍ നിശ്ചയമായും جَهَنَّمَ ജഹന്നം, നരകം جَزَاؤُكُمْ നിങ്ങളുടെ പ്രതിഫലമാകുന്നു جَزَاءً ഒരു പ്രതിഫലം مَّوْفُورًا നിറവേറ്റിക്കൊടുക്കപ്പെട്ട, പൂര്‍ത്തിയാക്കപ്പെട്ട (പൂര്‍ണ്ണമായ)

17:64

  • وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ﴾٦٤﴿
  • ‘നിന്റെ ശബ്ദം [ക്ഷണം] കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക; അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും, നിന്റെ കാലാള്‍പടയെയും നീ വിളിച്ച് കൂട്ടിക്കൊള്ളുകയും ചെയ്യുക; സ്വത്തുക്കളിലും, മക്കളിലും അവരുമായി നീ പങ്കുചേരുകയും ചെയ്യുക; അവരോടു നീ വാഗ്ദാനവും ചെയ്തുകൊള്ളുക.’ വഞ്ചനയല്ലാതെ പിശാചു അവരോടു വാഗ്ദാനം ചെയ്കയില്ലതാനും.
  • وَاسْتَفْزِزْ നീ ഇളക്കിവിടുകയും ചെയ്യുക مَنِ اسْتَطَعْتَ നിനക്കു സാധിച്ചവരെ مِنْهُم അവരില്‍ നിന്നു بِصَوْتِكَ നിന്റെ ശബ്ദം കൊണ്ട് وَأَجْلِبْ വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുക – ശേഖരിച്ചു കൂട്ടുക)യും ചെയ്യുക عَلَيْهِم അവര്‍ക്കെതിരെ, അവരുടെമേല്‍ (എതിരായി) بِخَيْلِكَ നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ وَرَجِلِكَ നിന്റെ കാലാള്‍ (പട്ടാളം) കൊണ്ടും, കാലാള്‍പ്പടയെയും وَشَارِكْهُمْ അവരോട് നീ പങ്കുചേരുകയും ചെയ്യുക فِي الْأَمْوَالِ സ്വത്തുക്കളില്‍ وَالْأَوْلَادِ മക്കളിലും وَعِدْهُمْ അവരോടു നീ വാഗ്ദാനവും ചെയ്യുക وَمَا يَعِدُهُمُ അവരോടു വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ പിശാചു إِلَّا غُرُورًا വഞ്ചന (കൃത്രിമം) അല്ലാതെ

17:65

  • إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا ﴾٦٥﴿
  • ‘നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ – അവരുടെ മേല്‍ നിനക്ക് ഒരധികാരശക്തിയുമില്ല.’ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്നവനായി നിന്റെ റബ്ബുതന്നെ മതിതാനും!
  • إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കില്ല عَلَيْهِمْ അവരുടെമേല്‍, അവര്‍ക്കെതിരെ سُلْطَانٌ ഒരുഅധികാരവും, അധികാരശക്തി وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബ് (തന്നെ) وَكِيلًا ഭരമേല്‍പിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി)

62-ാം വചനത്തില്‍ إِلَّا قَلِيلًا (അല്‍പം ആളുകളൊഴികെ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ അടിയാന്‍മാരായ ആളുകളാണെന്നു 65-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് പിശാചിന്റെ ഇംഗിതങ്ങള്‍ക്കു അടിമപ്പെടുവാന്‍ കൂട്ടാക്കാത്ത സജ്ജനങ്ങളോടു അവന്റെ അധികാരശക്തിയോ കുസൃതിയോ വിലപ്പോകുകയില്ലെന്നു താല്‍പര്യം. ‘നിഷ്കളങ്കരായ നിന്റെ അടിയാന്‍മാരൊഴിച്ചു ബാക്കിയുള്ളവരെയാണു ഞാന്‍ വഴിപിഴപ്പിക്കുക’ എന്നു ഇബ്ലീസും, ‘നിന്നെ പിന്‍പറ്റിയ വഴികെട്ടവരുടെ മേലല്ലാതെ നിനക്കൊരു അധികാരശക്തിയുമില്ല’ എന്നു അല്ലാഹുവും പറഞ്ഞതായി സൂ: ഹിജ്ര്‍ 40, 42 വചനങ്ങളില്‍ പ്രസ്താവിച്ചതും ഈ നല്ല അടിയാന്മാരെക്കുറിച്ചു തന്നെ. മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ നിനക്കു കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും നിര്‍വിഘ്നം നടത്തുവാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നീ എന്തു തന്നെ പ്രയോഗിച്ചാലും എന്റെ നിഷ്ക്കളങ്കരായ നല്ല അടിയാന്‍മാരെ വശീകരിക്കുവാനും, വഴിപിഴപ്പിക്കുവാനും നിനക്കു സാധ്യമാകുന്നതല്ല. നിന്റെ ദുഷ്പ്രേരണകള്‍ക്കു അടിമപ്പെടുന്നവരെ മാത്രമേ നിന്റെ കെണിയില്‍ പെടുത്തുവാന്‍ നിനക്കു കഴിയുകയുള്ളു, എന്നത്രെ ഇബ്ലീസിനോടു അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം. ഇബ്ലീസിന്റെ ശബ്ദകോലാഹലങ്ങളും, കാലദേശങ്ങള്‍ക്കനുസരിച്ച പരിഷ്കൃതങ്ങളായ പ്രചരണ പരിപാടികള്‍കൊണ്ടു അന്തരീക്ഷം മുറ്റിനില്‍ക്കുന്ന ഇക്കാലത്തു – അവന്റെ വക്താക്കളും, സഹകാരികളും, അനുയായികളുമായ ജനക്കൂട്ടം ധാരാളക്കണക്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അവന്റെ ശബ്ദത്തെയും, കുതിരപ്പടയെയും, കാലാള്‍പ്പടയെയും കുറിച്ചു വിശേഷിച്ചൊന്നും പറയേണ്ടുന്ന ആവശ്യമില്ല. അല്‍പം സത്യവിശ്വാസവും നിഷ്കളങ്ക ബുദ്ധിയുമുള്ള ഏവര്‍ക്കും ഊഹിച്ചറിയാവുന്നതാണ്.

ധനത്തിന്റെ സമ്പാദനം, വിനിയോഗം, ക്രയവിക്രയം, മക്കളുടെ പരിപാലനം, പരിശീലനം, ശിക്ഷണം, പഠനം ആദിയായ തുറകളിലെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കും പ്രീതിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുമാറ്‌ മനുഷ്യരില്‍ ദുഷ്‌പ്രേരണയും സ്വാധീനവും ചെലുത്തുക എന്നത്രെ, മനുഷ്യരുടെ സ്വത്തുക്കളിലും മക്കളിലും പങ്കുചേര്‍ന്നുകൊള്ളുക എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. (കൂടുതല്‍ വിവരം സൂ: നിസാഉ്‌: 118-120 വചനങ്ങളിലും വ്യാഖ്യാനത്തിലും കാണുക) പിശാചിനു മനുഷ്യരെ വഴിപിഴപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭമാണെങ്കിലും അതില്‍നിന്നെല്ലാം രക്ഷ പ്രാപിക്കുവാനുള്ള ഏക മാര്‍ഗവും കൂടി وَكَفَىٰ بِاللَّهِ وَكِيلًا (ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി) എന്ന വാക്യത്തിലൂടെ അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു. അതെ, പിശാചിനെ കൈകാര്യകര്‍ത്താവാക്കാതെ, അല്ലാഹുവില്‍ മാത്രം എല്ലാം അര്‍പ്പിക്കുകയും, അവന്റെ കൈകാര്യങ്ങള്‍ക്കു വിധേയമായി നിലകൊള്ളുകയും ചെയ്യുന്നപക്ഷം, പിശാചിന്റെ വലയില്‍ അകപ്പെടാതെ രക്ഷപ്പെടാം എന്നത്രെ ആ സൂചന.

17:66

  • رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًا ﴾٦٦﴿
  • നിങ്ങളുടെ റബ്ബ്‌ നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ കപ്പലിനെ ചലിപ്പിച്ചുതരുന്നവനത്രെ; അവന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ തേടുവാന്‍വേണ്ടി. നിശ്ചയമായും അവന്‍, നിങ്ങളില്‍ കരുണയുള്ളവനാകുന്നു.
  • رَّبُّكُمُ നിങ്ങളുടെ റബ്ബ്‌ الَّذِي يُزْجِي ഇളക്കി (ചലിപ്പിച്ചു) വിടുന്ന (തെളിക്കുന്ന) വനത്രെ لَكُمُ നിങ്ങള്‍ക്കുവേണ്ടി الْفُلْكَ കപ്പലിനെ فِي الْبَحْرِ സമുദ്രത്തില്‍ لِتَبْتَغُوا നിങ്ങള്‍ തേടു(അന്വേഷിക്കു)വാന്‍ വേണ്ടി مِن فَضْلِهِ അവന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നു إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِكُمْ നിങ്ങളില്‍, നിങ്ങളെപ്പറ്റി, നിങ്ങളോടു رَحِيمًا കരുണയുള്ളവന്‍

17:67

  • وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَٰنُ كَفُورًا ﴾٦٧﴿
  • സമുദ്രത്തില്‍വെച്ച്‌ നിങ്ങള്‍ക്കു ഉപദ്രവം ബാധിച്ചാല്‍ നിങ്ങള്‍ വിളി (ച്ചു പ്രാര്‍ഥി)ക്കുന്നവര്‍ (നിങ്ങളുടെ മനസ്സുകളില്‍ നിന്നു) അപ്രത്യക്ഷമാകും- അവന്‍ (മാത്രം) ഒഴികെ. എന്നാല്‍, അവന്‍ നിങ്ങളെ കരയിലേക്കു രക്ഷപ്പെടുത്തുമ്പോള്‍, നിങ്ങള്‍ തിരിഞ്ഞു കളയുകയായി! മനുഷ്യന്‍ നന്ദികെട്ടവനാകുന്നുതാനും!
  • وَإِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, കഷ്ടത فِي الْبَحْرِ സമുദ്രത്തില്‍ ضَلَّ വഴിതെറ്റി (മറഞ്ഞു – അപ്രത്യക്ഷമായി) പോകും مَن تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാർത്ഥിക്കുന്ന)വര്‍ إِلَّا إِيَّاهُ അവന്‍ ഒഴികെ فَلَمَّا نَجَّاكُمْ എന്നാലവന്‍ നിങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്കു أَعْرَضْتُمْ നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ് وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു كَفُورًا നന്ദികെട്ടവന്‍

മനുഷ്യര്‍ക്കു ഉപജീവന മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനും സമ്പാദിക്കുവാനും വേണ്ടി സമുദ്രത്തിലൂടെ കപ്പല്‍ യാത്ര നടത്തുവാനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചു തന്നിട്ടുള്ളവന്‍ ആരാണോ അവനാണു നിങ്ങളുടെ റബ്ബ്‌ എന്നു അല്ലാഹു ഉണര്‍ത്തുന്നു. അഥവാ ഈ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചാല്‍ തന്നെ അവനാണ്‌ നിങ്ങളുടെ ഏക റബ്ബ്‌ എന്നും, അതു അവന്‍ നിങ്ങള്‍ക്കു ചെയ്‌തു തന്ന വമ്പിച്ച ഒരനുഗ്രഹമാണെന്നും നിങ്ങള്‍ക്കു വ്യക്തമാകുമെന്നു് താല്‍പര്യം. പക്ഷെ, അനുഗ്രഹത്തിനു സദാ നന്ദി ചെയ്‌വാന്‍ കടപ്പെട്ട മനുഷ്യന്‍ നന്ദിക്കു പകരം നന്ദികേടു കാണിക്കുകയാണു ചെയ്യുന്നതെന്നും തുടര്‍ന്നുകൊണ്ടു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത്‌ സമുദ്രത്തില്‍വെച്ച്‌ കാറ്റും കോളുംപോലെയുള്ള വല്ല അത്യാപത്തുകളും നേരിടുമ്പോള്‍, ബഹുദൈവവിശ്വാസികളായ ആളുകള്‍ തങ്ങളുടെ ദൈവങ്ങളെയും, ആരാധ്യന്‍മാരെയുമെല്ലാം മറന്നുകളയുന്നു. എന്നിട്ട്‌ അല്ലാഹുവിനെ മാത്രം വിളിച്ച് രക്ഷക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആപത്തില്‍ നിന്നു രക്ഷപ്പെട്ടു കഴിഞ്ഞാലാകട്ടെ, വീണ്ടും പഴയ നില തന്നെ തുടരുകയും ചെയ്യും. ഇതെത്രമാത്രം കടുത്ത നന്ദികേടാണെന്നു ആലോചിച്ചുനോക്കുക! ഇത്തരം നന്ദികെട്ട മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-

17:68

  • أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا ﴾٦٨﴿
  • അപ്പോള്‍ (ഹേ, കൂട്ടരേ,) നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? കരയുടെ ഭാഗത്തു നിങ്ങളെ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ! അല്ലെങ്കില്‍, നിങ്ങളുടെമേല്‍ വല്ല ചരല്‍മഴയും അവന്‍ അയക്കുന്നതിനെ! പിന്നെ നിങ്ങള്‍ക്കു (കാര്യങ്ങള്‍) ഭരമേല്‌പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
  • أَفَأَمِنتُمْ അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ أَن يَخْسِفَ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ بِكُمْ നിങ്ങളെ, നിങ്ങളെയും കൊണ്ട് جَانِبَ ഭാഗത്ത്‌, ഭാഗത്തെ الْبَرِّ കരയുടെ أَوْ يُرْسِلَ അല്ലെങ്കില്‍ അയക്കുന്നതിനെ عَلَيْكُمْ നിങ്ങളില്‍, നിങ്ങളുടെമേല്‍ حَاصِبًا വല്ല ചരല്‍ വര്‍ഷവും, ഒരു ചരല്‍മഴ, കൊടുങ്കാറ്റ് ثُمَّ പിന്നെ لَا تَجِدُوا നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ وَكِيلًا ഭരമേൽപിക്കപ്പെടുന്നവനെ (ഏറ്റെടുക്കുന്നവനെ)

17:69

  • أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا ﴾٦٩﴿
  • അതല്ല, നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അതില്‍ [സമുദ്രത്തില്‍] മറ്റൊരു പ്രാവശ്യം നിങ്ങളെ (വീണ്ടും) മട(ക്കി എത്തി)ക്കുന്നതിനെ! എന്നിട്ട്‌ ഒരു (ശക്തിയായ) കൊടുങ്കാറ്റ്‌ നിങ്ങളുടെമേല്‍ അവന്‍ അയച്ച് നിങ്ങള്‍ നന്ദികേട്‌ കാണിച്ചതിന്നു നിങ്ങളെ മുക്കിക്കൊന്നു കളയുന്നതിനെ! പിന്നെ നിങ്ങള്‍, നമുക്കെതിരില്‍ അതിനെപ്പറ്റി (നടപടി എടുക്കുവാന്‍) പിന്നാലെ കൂടുന്ന ഒരാളെയും നിങ്ങള്‍ക്ക്‌ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
  • أَمْ അതോ, അതല്ല, അല്ലാത്തപക്ഷം أَمِنتُمْ നിങ്ങള്‍ നിര്‍ഭയരായോ أَن يُعِيدَكُمْ അവന്‍ നിങ്ങളെ മടക്കുന്ന (ആവര്‍ത്തിക്കുന്ന) തിനെ فِيهِ അതില്‍ تَارَةً പ്രാവശ്യം أُخْرَىٰ വേറെ, മറ്റു فَيُرْسِلَ എന്നിട്ട്‌ അയക്കുകയും عَلَيْكُمْ നിങ്ങളുടെമേല്‍ قَاصِفًا ഒരു കഠോരമായത്, രൂക്ഷമായത് مِّنَ الرِّيحِ കാറ്റില്‍ നിന്ന് فَيُغْرِقَكُم എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക بِمَا كَفَرْتُمْ നിങ്ങള്‍ അവിശ്വസിച്ച (നന്ദികേട്‌ കാണിച്ച) തിനു (പകരം) ثُمَّ لَا تَجِدُوا പിന്നെ നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ عَلَيْنَا നമ്മുടെമേല്‍, നമുക്കെതിരെ بِهِ അതിനെപ്പറ്റി, അതിന് تَبِيعًا പിന്നാലെ കൂടുന്ന ഒരാളെയും

സാരം:-മേല്‍ സൂചിപ്പിച്ച പ്രകാരം ആപത്തുകളില്‍നിന്നു രക്ഷപ്പെട്ട് കരയില്‍ എത്തിച്ചേര്‍ന്നാല്‍ വീണ്ടും പഴയ ശിര്‍ക്കിലേക്കുതന്നെ മടങ്ങുകയാണല്ലോ നിങ്ങള്‍ ചെയ്യുന്നത്‌. അപ്പോള്‍, വീണ്ടും മേലില്‍ അങ്ങിനെയുള്ള ആപത്തുകളിലൊന്നും പെടുത്തുവാന്‍ അല്ലാഹുവിനു കഴിയുകയില്ലെന്നാണോ നിങ്ങളുടെ വിചാരം?! ഉദാഹരണമായി: കരയില്‍ എത്തിയശേഷം നിങ്ങളെ ഭൂമിയില്‍ ആഴ്‌ത്തിക്കളയുക, അല്ലെങ്കില്‍, നിങ്ങളില്‍ വല്ല ചരല്‍മഴയും വര്‍ഷിപ്പിച്ചു നശിപ്പിക്കുക, അല്ലെങ്കില്‍ എനിയും ഒരു തവണ നിങ്ങളെ സമുദ്രത്തിലേക്കു തിരിച്ചുവരുത്തി വീണ്ടും ഒരു കൊടുങ്കാറ്റയച്ച് നിങ്ങളുടെ നന്ദികേടിനു പകരം നിങ്ങളെ മുക്കിക്കൊല്ലുക മുതലായവയൊന്നും സംഭവിക്കുകയില്ലെന്നും, മേലില്‍ അങ്ങിനെയൊന്നും നിങ്ങള്‍ക്കു ഭയപ്പെടാനില്ലെന്നുമാണോ നിങ്ങള്‍ കരുതുന്നത്‌?! അങ്ങിനെ വല്ലതും സംഭവിക്കുന്നപക്ഷം, നിങ്ങളുടെ കാര്യം ഏറ്റെടുക്കുവാനോ നിങ്ങളെ സഹായിക്കുവാനോ ആരും ഉണ്ടായിരിക്കയില്ല. അതിന്റെ പേരില്‍ അല്ലാഹുവിനെതിരെ വല്ല അനന്തര നടപടിയും എടുക്കുവാനും നിങ്ങള്‍ക്കു ആരെയും കിട്ടുകയില്ല.

മക്കാവിജയത്തില്‍ ക്വുറൈശികള്‍ ഇസ്‌ലാമിനു കീഴൊതുങ്ങിയ അവസരത്തില്‍ ഇക്‌രിമത്തുബ്‌നു അബീജഹ്‌ല്‍ (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നു ഓടി രക്ഷപ്പെടുവാന്‍വേണ്ടി ഒരു കപ്പലില്‍ കയറി അബീസീനിയയിലേക്കു യാത്രയായി. സമുദ്രത്തില്‍വെച്ചു കപ്പല്‍ ഒരു കൊടുങ്കാറ്റിലും കോളിലും അകപ്പെട്ടു. ഈ സമയത്ത്‌ അല്ലാഹുവിനോടുമാത്രം പ്രാര്‍ത്ഥിക്കുന്നതു കൊണ്ടല്ലാതെ ഫലമില്ലെന്നു കപ്പലിലുള്ളവര്‍ തമ്മതമ്മില്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍, സമുദ്രത്തില്‍ രക്ഷനല്‍കുവാന്‍ അല്ലാഹു മാത്രമാണുള്ളതെങ്കില്‍, കരയിലും അങ്ങിനെ തന്നെ ആയിരിക്കുവാനേ നിവൃത്തിയുള്ളൂവെന്ന്‌ ഇക്‌രിമഃ (رَضِيَ اللهُ تَعَالَى عَنْهُ) യുടെ ഹൃദയം അദ്ദേഹത്തോട്‌ മന്ത്രിച്ചു. അദ്ദേഹം സ്വയം പറഞ്ഞു: `അല്ലാഹുവേ! ഈ ആപത്തില്‍ നിന്ന്‌ നീ എന്നെ രക്ഷപ്പെടുത്തിത്തന്നാല്‍, നിശ്ചയമായും ഞാന്‍, മുഹമ്മദിന്റെ അടുക്കല്‍ ചെന്നു എന്റെ കൈ അദ്ദേഹത്തിന്റെ കൈയില്‍ വെക്കുമെന്ന്‌ (ഇസ്‌ലാമിന്റെ പ്രതിജ്ഞ ചെയ്യുമെന്നു) ഞാനിതാ കരാര്‍ ചെയ്യുന്നു.’ പ്രസ്‌തുത ആപത്തില്‍ നിന്ന്‌ രക്ഷ കിട്ടിയപ്പോള്‍, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്ക്‌ മടങ്ങി വന്നു മുസ്‌ലിമാകുകയും ചെയ്‌തു. ഇസ്‌ലാമിനുവേണ്ടി വളരെ ധീരമായ സേവനങ്ങള്‍ അനുഷ്‌ഠിച്ച ഒരു യുവസ്വഹാബിയായിത്തീര്‍ന്നു ഇക്‌രിമഃ (റ).

17:70

  • ۞ وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴾٧٠﴿
  • തീര്‍ച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്‌; കരയിലും കടലിലും അവരെ നാം [വാഹനം] കയറ്റുകയും ചെയ്‌തിരിക്കുന്നു; നല്ല [വിശിഷ്‌ട] വസ്‌തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും ചെയ്‌തിരിക്കുന്നു; നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവര്‍ക്ക്‌ നാം നല്‍കുകയും ചെയ്‌തിരിക്കുന്നു.
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് كَرَّمْنَا നാം ആദരിക്കുക – മാനിക്കുക (ഉണ്ടായിട്ടുണ്ടു) بَنِي آدَمَ ആദമിന്റെ മക്കളെ وَحَمَلْنَاهُمْ നാം വഹിക്ക (കയറ്റുക) യും ചെയ്‌തിരിക്കുന്നു അവരെ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലി(സമുദ്രത്തി)ലും وَرَزَقْنَاهُم അവര്‍ക്കു നാം (ആഹാരം – ഉപജീവനം) നല്‍കുകയും ചെയ്‌തിരിക്കുന്നു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്‌ട) വസ്‌തുക്കളില്‍ നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്‌ഠരാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്‌തിരിക്കുന്നു عَلَىٰ كَثِيرٍ പലരെയും (മിക്കവരെയും, അധികത്തെയും) കാള്‍ مِّمَّنْ خَلَقْنَا നാം സൃഷ്‌ടിച്ചവരില്‍ നിന്നു تَفْضِيلًا ഒരു ശ്രേഷ്‌ഠമാക്കല്‍, മെച്ചപ്പെടുത്തല്‍

ആദം സന്തതികളാകുന്ന മനുഷ്യവര്‍ഗത്തിനു അല്ലാഹു ചെയ്‌തുകൊടുത്തിട്ടുള്ള ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചാണ്‌ പ്രസ്‌താവിക്കുന്നത്‌:

(1) അവരെ നാം ആദരിച്ചിരിക്കുന്നുവെന്ന്‌, ഇതരജീവികളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യര്‍ക്കു പ്രകൃത്യാ ലഭിച്ചിട്ടുള്ള എല്ലാ വിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു കാലുകളില്‍ നിവര്‍ന്ന്‌ നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന ശരീരപ്രകൃതി, കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനുള്ള വിവേചനശക്തി, പഞ്ചേന്ദ്രിയങ്ങള്‍ മുഖേന കാര്യങ്ങളെ വിലയിരുത്തുവാനുള്ള ഗ്രഹണശക്തി, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനുള്ള കഴിവ്‌, ഇതര ജീവികളെ അടക്കിഭരിക്കുവാനുള്ള പ്രാപ്‌തി, ഭൂവിഭവങ്ങളെ ചൂഷണം ചെയ്യുവാനുള്ള സാമര്‍ത്ഥ്യം, കൈകൊണ്ടു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തുതിന്നുവാനുള്ള കഴിവ്‌, ഇതരജീവികള്‍ക്കൊന്നും സാധ്യമല്ലാത്ത എത്രയോ കാര്യങ്ങള്‍ ചെയ്‌വാന്‍ സാധിക്കുമാറുള്ള ശരീരഘടന, വേഷഭൂഷാദി അലങ്കാരങ്ങളും സൗന്ദര്യവിഭവങ്ങളും ആസ്വദിക്കുവാനുള്ള വാസനയും കഴിവും, വിവിധ ജീവിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുവാനുള്ള സാമര്‍ത്ഥ്യം, എഴുത്തും വായനയും ശീലിക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സാധ്യത, സംസാര ശേഷി എന്നിത്യാദി എത്രയോ കാര്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു.

(2) കരയിലും, കടലിലും അവരെ നാം വഹിച്ചു -അഥവാ വാഹനത്തില്‍ കയറ്റി – കൊണ്ടുപോയിരിക്കുന്നുവെന്നു്. വായുവിലൂടെയും, ശൂന്യാകാശത്തിലൂടെയും മനുഷ്യന്‍ സഞ്ചരിക്കുന്ന പതിവു മുന്‍കാലത്തില്ലാത്തതു കൊണ്ടു അതു രണ്ടിനെക്കുറിച്ചും പ്രത്യേകം എടുത്തു പറയപ്പെട്ടില്ലെങ്കിലും അതതു കാലത്തു മനുഷ്യനു യഥേഷ്‌ടം സഞ്ചാരം ചെയ്‌വാനുതകുന്ന വിവിധതരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ആ വാഹനങ്ങള്‍ വഴി സഞ്ചരിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തിട്ടുള്ളതിനെയാണിതു സൂചിപ്പിക്കുന്നത്‌. വാഹനങ്ങള്‍ ജീവജന്തുക്കളായിരുന്നാലും, മനുഷ്യനിര്‍മിത വസ്‌തുക്കളായിരുന്നാലും അവയെ അവനു വിധേയമാക്കിക്കൊടുത്തതും, നിര്‍മാണത്തിനു വേണ്ടുന്ന സാധനസാമഗ്രികളും, സംവിധാനങ്ങളും ശരിപ്പെടുത്തിക്കൊടുക്കുന്നതും അല്ലാഹുവാണല്ലോ.

(3) നല്ല വിശിഷ്‌ടമായ ആഹാരവസ്‌തുക്കളെ നാം അവര്‍ക്കു നല്‍കിയിരിക്കുന്നുവെന്ന്‌- ഹൃദ്യവും, രുചികരവും, പോഷകകരവുമായ എല്ലാ ഭക്ഷ്യപദാര്‍ഥങ്ങളും, ധാന്യങ്ങള്‍, ഫലങ്ങള്‍, മല്‍സ്യമാംസങ്ങള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യവിഭവങ്ങളും الطَّيِّبَات (നല്ല വിശിഷ്‌ട വസ്‌തുക്കള്‍) എന്ന വാക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

(4) നാം സൃഷ്‌ടിച്ച വസ്‌തുക്കളില്‍ മിക്കതിനെക്കാളും അവരെ നാം ശ്രേഷ്‌ഠമാക്കിവെച്ചിരിക്കുന്നുവെന്ന്‌. മേല്‍വിവരിച്ചതുപോലെയുള്ള പ്രകൃതിവിശേഷങ്ങൾക്കു പുറമെ, ഐഹിക ജീവിതത്തില്‍വെച്ച്‌ ബുദ്ധിയും, അറിവും, പരിചയവും ഉപയോഗപ്പെടുത്തിക്കൊണ്ടു പുരോഗമനപരവും, സാന്‍മാര്‍ഗ്ഗികവുമായ ജീവിതം നയിക്കുവാനും, ആത്മീയ പുരോഗതി നേടി പാരത്രിക മോക്ഷം ലഭിക്കുവാനും മനുഷ്യനു സാധ്യമാക്കിയിരിക്കുന്നതും മനുഷ്യന്റെ വിശേഷത തന്നെ.

എല്ലാവിധ സൃഷ്‌ടികളിലും വെച്ച്‌ ശ്രേഷ്‌ഠനാണു മനുഷ്യന്‍ എന്നു പലരും പ്രസ്‌താവിച്ചു കാണാറുണ്ട്‌. പുരോഗമനവാദികളെന്ന്‌ അഭിമാനിക്കുന്ന ചിലരില്‍ ഈ ധാരണ കുറേക്കൂടി ശക്തമായിട്ടാണ്‌ കാണപ്പെടുന്നത്‌. അങ്ങിനെയുള്ള ചില വ്യക്തികള്‍ മനുഷ്യസൃഷ്‌ടിയുടെ മഹത്വങ്ങള്‍ വിവരിക്കുന്നതു കണ്ടാല്‍, മനുഷ്യന്‍ പുരോഗമിച്ച് പുരോഗമിച്ച് അല്ലാഹുവിന്റെ ഉന്നതപദവിവരേക്കും എത്തിച്ചേര്‍ന്നേക്കുമെന്നു (تعالى الله عن ذلك) തോന്നിപ്പോകും! (تعالى الله عن ذلك) അതേ സമയത്ത്‌ മലക്കുകളെപ്പറ്റി ഇവര്‍ വര്‍ണിക്കുന്നത്‌ കാണുമ്പോള്‍, അവര്‍ കേവലം യന്ത്രസമാനമായ ചില ജീവികളാണെന്നും തോന്നിപ്പോകുന്നു!

മറ്റൊരു വിഷയത്തെപ്പറ്റി പ്രസ്‌താവിച്ചുകൊണ്ടിരിക്കെ- സന്ദര്‍ഭവശാല്‍- മനുഷ്യന്റെ ശ്രേഷ്‌ഠതയെ സംബന്ധിച്ച്‌ ചില സൂചനകള്‍ നല്‍കുകയല്ല അല്ലാഹു ഈ വചനം മുഖേന ചെയ്‌തിരിക്കുന്നത്‌. ഈ വചനത്തിന്റെ ഇതിവൃത്തം തന്നെ മനുഷ്യന്റെ ശ്രേഷ്‌ഠത വിവരിക്കലത്രെ. ഇതോര്‍ത്തുകൊണ്ട്‌ …وَلَقَدْ كَرَّمْنَا بَنِي آدَمَ (നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍നിന്നു മിക്കവരെക്കാളും നാം അവരെ- മനുഷ്യരെ- ശ്രേഷ്‌ഠമാക്കിയിരിക്കുന്നു) എന്ന വാക്യം ഒന്ന്‌ പരിശോധിച്ചുനോക്കുക. നാം സൃഷ്‌ടിച്ചവരെക്കാള്‍ ശ്രേഷ്‌ഠരാക്കി’ എന്നോ മറ്റോ പറയാതെ, ‘നാം സൃഷ്‌ടിച്ചവരില്‍ മിക്കവരെക്കാളും ശ്രേഷ്‌ഠരാക്കി’ എന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അപ്പോള്‍, മനുഷ്യന്റെ അത്രയോ, അല്ലെങ്കില്‍ അവനെക്കാള്‍ അധികമോ ശ്രേഷ്‌ഠതയുള്ള മറ്റു വല്ല സൃഷ്‌ടികളും ഉണ്ടാവാം-അഥവാ ഉണ്ടായിരിക്കും-എന്നാണല്ലോ ഇതില്‍നിന്നു വ്യക്തമാകുന്നത്‌. പക്ഷേ, ആ സൃഷ്‌ടി ആരാണെന്നോ, ഏതാണെന്നോ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. നമ്മുടെ അറിവില്‍ പെട്ടിടത്തോളം മനുഷ്യനു പുറമെ, ജിന്നുകളും മലക്കുകളും എന്നിങ്ങനെ രണ്ടു സമുദായമാണ്‌ ബുദ്ധിജീവികളായി വേറെയുള്ളത്‌. എങ്കിലും, ഈ രണ്ടു വര്‍ഗ്ഗമല്ലാതെ വേറെയും വല്ല ബുദ്ധിവര്‍ഗവും ഉണ്ടായിക്കൂടാ എന്നില്ലല്ലോ. ആ രണ്ടു സമുദായത്തെക്കുറിച്ചും വേണ്ടത്ര നമുക്കറിയുകയുമില്ലതാനും.

അല്ലാഹു പറയുന്നു:

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ

(നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല. (74:31)

وَيَخْلُقُ مَا لَا تَعْلَمُونَ

(നിങ്ങള്‍ അറിയാത്തത്‌ അവന്‍ സൃഷ്‌ടിക്കുകയും ചെയ്യും. (16:8).

يَخْلُقُ اللَّـهُ مَا يَشَاءُ

(അല്ലാഹു ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്‌ടിക്കുന്നു. (24:45).

يَزِيدُ فِي الْخَلْقِ مَا يَشَاءُ

(സൃഷ്‌ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ വര്‍ധിപ്പിക്കുന്നു. (35:1).

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ

(അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌ ആകാശങ്ങളെയും, ഭൂമിയെയും അവ രണ്ടിലും ജീവിയായി അവന്‍ വിതരണം ചെയ്‌തിട്ടുള്ളതിനെയും സൃഷ്‌ടിച്ചത്‌ 42:29).

അപ്പോള്‍, ആകാശങ്ങളില്‍ മലക്കുകളല്ലാത്തതും, നമുക്കറിഞ്ഞുകൂടാത്തതുമായ വേറെയും ജീവവര്‍ഗ്ഗം ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ടെന്നു ഇതൊക്കെ സൂചിപ്പിക്കുന്നു. ആകാശങ്ങളിലുള്ളവരെപ്പറ്റി പൊതുവെ മലക്കുകള്‍ എന്ന്‌ പറയപ്പെടുമെന്നു വന്നാലും അവരില്‍ പലതരക്കാരും പല പദവിക്കാരും ഉണ്ടെന്നുള്ളതും അനിഷേധ്യമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍വസൃഷ്‌ടികളെക്കാളും ശ്രേഷ്‌ഠരാണ്‌ മനുഷ്യരെന്ന്‌ അല്ലാഹു പറഞ്ഞിട്ടില്ല. മനുഷ്യനെപ്പോലെയോ അതിലധികമോ ശ്രേഷ്‌ഠതയുള്ള വേറെയും സൃഷ്‌ടികളുണ്ടാവാമെന്നാണ്‌ ഈ വാക്യത്തില്‍ നിന്നു സ്‌പഷ്‌ടമാകുന്നതും. ഈ സൃഷ്‌ടികള്‍ ഒരു പക്ഷെ, മലക്കുകളല്ലാത്ത വേറെ വല്ല കൂട്ടരുമാവാം. അല്ലെങ്കില്‍ മലക്കുകളുടെ വര്‍ഗമോ, അവരില്‍പെട്ട ഏതെങ്കിലും വിഭാഗമോ ആയിരിക്കാവുന്നതാണ്‌. അല്ലാഹുവിന്നറിയാം. والله أعلم بالصواب

വിഭാഗം – 8

17:71

  • يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَٰمِهِمْ ۖ فَمَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَأُو۟لَٰٓئِكَ يَقْرَءُونَ كِتَٰبَهُمْ وَلَا يُظْلَمُونَ فَتِيلًا ﴾٧١﴿
  • എല്ലാ മനുഷ്യരെയും അവരുടെ നേതാവുസഹിതം നാം വിളിക്കുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍, ആര്‍ക്കു തന്റെ (രേഖാ) ഗ്രന്ഥം തന്റെ വലം കയ്യില്‍ നല്‍കപ്പെടുന്നുവോ അക്കൂട്ടര്‍ അവരുടെ (രേഖാ) ഗ്രന്ഥം വായിക്കുന്നതാണ്‌. അവര്‍ ഒരു തരിമ്പും (ഒട്ടും) അനീതി ചെയ്യപ്പെടുകയുമില്ല.
  • يَوْمَ ദിവസം نَدْعُوا۟ നാം വിളിക്കുന്ന كُلَّ أُنَاسٍ എല്ലാമനുഷ്യരെയും بِإِمَامِهِمْ അവരുടെ മുമ്പന്‍ (നേതാവു) സഹിതം فَمَنْ അപ്പോള്‍ ആര്‍ أُوتِيَ നല്‍കപ്പെട്ടു كِتَابَهُ അവന്റെ ഗ്രന്ഥം بِيَمِينِهِ തന്റെ വലങ്കയ്യില്‍ فَأُولَـٰئِكَ എന്നാല്‍ ആ കൂട്ടര്‍, അവര്‍ يَقْرَءُونَ വായിക്കും, വായിച്ചുകൊണ്ടിരിക്കും كِتَابَهُمْ അവരുടെ ഗ്രന്ഥം وَلَا يُظْلَمُونَ അവര്‍ അനീതി (അവര്‍ അക്രമം) ചെയ്യപ്പെടുകയുമില്ല فَتِيلًا ഒരു ആരോളം (തരിമ്പും – ഒട്ടും)

17:72

  • وَمَن كَانَ فِى هَٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْءَاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا ﴾٧٢﴿
  • ഇവിടത്തില്‍ (ഇഹത്തില്‍) ആര്‍ അന്ധനായിരുന്നുവോ അവന്‍ പരത്തിലും അന്ധനായിരിക്കും; ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
  • وَمَن كَانَ ആര്‍ ആയിരുന്നാല്‍ فِي هَـٰذِهِ ഇതില്‍ (ഇവിടത്തില്‍) أَعْمَىٰ അന്ധന്‍ فَهُوَ എന്നാലവന്‍ فِي الْآخِرَةِ പരലോകത്തിൽ أَعْمَىٰ അന്ധനായിരിക്കും وَأَضَلُّ ഏറ്റം (കൂടുതല്‍) പിഴച്ചവനും سَبِيلًا വഴി

إِمَام (ഇമാമ്‌) എന്ന വാക്കിനാണ്‌ ‘നേതാവ്‌’ എന്നര്‍ത്ഥം കല്‍പിച്ചത്‌. ‘മുമ്പില്‍ നിലകൊള്ളുന്നത്‌, പിന്‍പറ്റപ്പെടുന്നത്‌, മാതൃക, തുറന്ന വഴി’ എന്നൊക്കെ അതിനു അര്‍ത്ഥങ്ങള്‍ വരും. ഇവിടെ ‘അവരുടെ നേതാവ്‌’ കൊണ്ടുദ്ദേശിക്കപ്പെടുന്നത്‌ ഓരോ മനുഷ്യസമൂഹവും തങ്ങള്‍ക്കു മാതൃകയായി സ്വീകരിച്ചുവന്നിരുന്ന നേതാക്കളാണെന്നും, അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥരേഖകളാണെന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. രണ്ടു വ്യാഖ്യാനങ്ങളും തമ്മില്‍ എതിരില്ലതാനും. ഓരോ സമൂഹത്തിനുമുള്ള നബിമാരെയും സാക്ഷികളെയും കര്‍മരേഖകളെയും മഹ്‌ശറില്‍ ഹാജരാക്കുമെന്നു ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. (സൂ: സുമര്‍: 69ഉം മറ്റും നോക്കുക). വലങ്കയ്യില്‍ ഗ്രന്ഥം നല്‍കപ്പെടുക സജ്ജനങ്ങള്‍ക്കും, ഇടങ്കയ്യില്‍ ഗ്രന്ഥം നല്‍കപ്പെടുക ദുര്‍ജ്ജനങ്ങള്‍ക്കുമായിരിക്കും. സജ്ജനങ്ങള്‍ അവരുടെ ഗ്രന്ഥം കയ്യില്‍ കിട്ടുമ്പോള്‍, തങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ മുഴുവനും അതില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ കണ്ട് സന്തോഷിക്കുകയും, സാവേശം അത്‌ വായിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇടങ്കയ്യില്‍ നല്‍കപ്പെട്ടവരാകട്ടെ, ‘അത്‌ കയ്യില്‍ കിട്ടാതിരുന്നെങ്കില്‍ നന്നായേനെ!’ എന്നു കൊതിച്ചുപോകും. (സൂറഃ അല്‍ഹാഖ്-ഖ്വഃ 19, 20, 25, 26, 27 നോക്കുക.)

സജ്ജനങ്ങള്‍ സന്തോഷപൂര്‍വം അത്‌ വായിക്കുന്നതിനെപ്പറ്റിയാണ്‌ ‘അവര്‍ അവരുടെ ഗ്രന്ഥം വായിക്കും’ എന്നു ഇവിടെ പറഞ്ഞത്‌. അവരുടെ ഏതെങ്കിലും ഒരു കര്‍മ്മം അതില്‍ രേഖപ്പെടുത്താതെയോ, ഏതെങ്കിലും കര്‍മ്മത്തിന്‌ തക്ക പ്രതിഫലം നല്‍കപ്പെടാതെയോ വരുകയില്ല എന്നത്രെ ‘അവരോട്‌ തരിമ്പു പോലും അനീതി ചെയ്യപ്പെടുകയില്ല’ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. فَتِيلًا (ഫതീലന്‍) എന്ന വാക്കിനാണ്‌ ‘ഒരു തരിമ്പും- അഥവാ ഒട്ടും’ എന്നു നാം അര്‍ത്ഥം നല്‍കിയിരിക്കുന്നത്‌. ഈ വാക്കിന്റെ അര്‍ത്ഥത്തെയും ഉദ്ദേശ്യത്തെയും കുറിച്ചു സൂറഃ നിസാഉ്‌ 49 ന്റെ വ്യാഖ്യാനത്തില്‍ മുമ്പ്‌ വിവരിച്ചിട്ടുണ്ട്‌.

72-ാം വചനത്തിന്റെ സാരം ഇതാണ്‌: നേര്‍മ്മാര്‍ഗം അന്വേഷിക്കുക, ദൃഷ്‌ടാന്തങ്ങളെപ്പറ്റി ചിന്തിക്കുക, ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നിവയൊന്നും ചെയ്യാതെ, ഈ ലോകത്ത്‌ അന്ധരായി കഴിഞ്ഞുകൂടിയവര്‍ പരലോകത്ത്‌ യാതൊരു രക്ഷാമാര്‍ഗ്ഗവും കാണാതെ അന്ധരായിത്തന്നെ കഴിയേണ്ടിവരും. ഏറ്റവും പിഴച്ചവരും ഏറ്റവും നഷ്‌ടം പിടിപെട്ടവരുമായിരിക്കും അവര്‍. സൂറത്തുല്‍ ഹജ്ജ്‌ 46-ല്‍ അല്ലാഹു പറയുന്നു:

فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ

(സാരം: കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്‌. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണ്‌ അന്ധത ബാധിക്കുന്നത്‌).

17:73

  • وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا ﴾٧٣﴿
  • (നബിയേ) നിശ്ചയമായും, നിനക്കു നാം ‘വഹ്‌യ്‌’ (സന്ദേശം) നല്‍കിയിട്ടുള്ളതില്‍ നിന്നു അവര്‍ നിന്നെ (തെറ്റിച്ചു) കുഴപ്പത്തിലാക്കുമാറായിരിക്കുന്നു; ഇതല്ലാത്തതു (വല്ലതും) നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി. എന്നാല്‍ (അപ്പോള്‍) അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകതന്നെ ചെയ്യുന്നതുമാണ്‌.
  • وَإِن كَادُوا നിശ്ചയമായും അവരാകാറായിരിക്കുന്നു, ആകുമാറായി لَيَفْتِنُونَكَ നിന്നെ കുഴപ്പത്തിലാക്കുക തന്നെ عَنِ الَّذِي യാതൊന്നില്‍ നിന്നു أَوْحَيْنَا നാം വഹ്‌യു നല്‍കിയ إِلَيْكَ നിനക്കു, നിന്നിലേക്ക്‌ لِتَفْتَرِيَ നീ കെട്ടിച്ചമക്കു (കെട്ടിപ്പറയു)വാന്‍ عَلَيْنَا നമ്മുടെ പേരില്‍ غَيْرَهُ ഇതല്ലാ (അതല്ലാ) ത്തതിനെ وَإِذًا لَّاتَّخَذُوكَ അപ്പോള്‍, അന്നേരം എന്നാല്‍ لَّٱتَّخَذُوكَ അവര്‍ നിന്നെ ആക്കുകതന്നെ ചെയ്യുന്നതാണ്‌ خَلِيلًا ഒരു ചങ്ങാതി, സുഹൃത്ത്

17:74

  • وَلَوْلَآ أَن ثَبَّتْنَٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ﴾٧٤﴿
  • നിന്നെ നാം ഉറപ്പിച്ചു നിറുത്തിയിട്ടില്ലായിരുന്നെങ്കില്‍; തീര്‍ച്ചയായും, നീ അവരിലേക്കു അല്‌പമൊന്ന്‌ ചാഞ്ഞു പോയേക്കുകതന്നെ ചെയ്യുമായിരുന്നു.
  • وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن ثَبَّتْنَاكَ നിന്നെ നാം ഉറപ്പിച്ചു നിറുത്തല്‍ لَقَدْ كِدتَّ തീര്‍ച്ചയായും നീ ആയേക്കും (ആകുമാറാകുന്നതാണ്) تَرْكَنُ നീ ചായുക, ചെരിയുക إِلَيْهِمْ അവരിലേക്കു شَيْئًا قَلِيلًا കുറഞ്ഞ വസ്തു (അല്‍പമൊന്നു – കുറച്ചൊന്നു)

17:75

  • إِذًا لَّأَذَقْنَٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ﴾٧٥﴿
  • എന്നാല്‍ (ചാഞ്ഞുപോയാല്‍) നിനക്കു നാം (ഈ) ജീവിതത്തിലെ ഇരട്ടി (ശിക്ഷ)യും മരണത്തിലെ ഇരട്ടി (ശിക്ഷ) യും ആസ്വദിപ്പിക്കുകതന്നെ ചെയ്യുന്നതാണ്‌. പിന്നെ, നമുക്കെതിരില്‍ ഒരു സഹായകനെയും നീ കണ്ടെത്തുകയുമില്ല.
  • إِذًا എന്നാല്‍, അപ്പോള്‍ لَّأَذَقْنَاكَ നിനക്കു (നിന്നെ) നാം ആസ്വദി (അനുഭവി) പ്പിക്കുക തന്നെ ചെയ്യും ضِعْفَ ഇരട്ടി الْحَيَاةِ ജീവിതത്തിന്റെ (ലെ) وَضِعْفَ ഇരട്ടിയും الْمَمَاتِ മരണത്തിന്റെ (ലെ) ثُمَّ പിന്നെ لَا تَجِدُ നീ കണ്ടെത്തുക (നിനക്കു കിട്ടുക)യില്ല لَكَ നിനക്കു عَلَيْنَا നമുക്കെതിരെ نَصِيرًا ഒരു സഹായകനെയും

തൗഹീദിന്റെ പ്രബോധനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വല്ല അയവോ വിട്ടുവീഴ്‌ചയോ കാണിക്കുന്നപക്ഷം, തങ്ങള്‍ക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായുള്ള വൈരം അവസാനിപ്പിക്കുകയും, അനുഭാവത്തില്‍ വര്‍ത്തിക്കുകയും ചെയ്യാമെന്ന്‌ മുശ്‌രിക്കുകള്‍ ആഗ്രഹിച്ചിരുന്നു. അതിനായി അവര്‍ ചില ഉപായങ്ങള്‍ പ്രയോഗിക്കുകയും ചിലപ്പോള്‍ ചില ഉപാധികള്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. അവരുടെ സമ്മര്‍ദത്തിന്റെ ശക്തിയും അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കുള്ള അതീവ താല്‍പര്യവും നോക്കുമ്പോള്‍, അവരുടെ ആവശ്യത്തിന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കുറച്ചെങ്കിലും വഴങ്ങിക്കൊടുക്കുവാന്‍ തയ്യാറാകുവാന്‍ എളുപ്പമാണ്‌. പക്ഷേ, അങ്ങിനെ ഒരിക്കലും സംഭവിക്കുകയുണ്ടായിട്ടില്ല. കാരണം, സത്യത്തിന്റെ നേര്‍രേഖയില്‍ നിന്ന്‌ അണുപോലും തെറ്റാതെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സ്ഥിരപ്പെടുത്തി ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്‌. അതില്ലായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വാഭാവികമായും അവരുടെ നേരെ അല്‍പമൊന്നു ചാഞ്ഞുപോകുമായിരുന്നു. എനി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ അങ്ങിനെ ഒരു ചായ്‌വുണ്ടായെന്നു സങ്കല്‍പിക്കുക. എന്നാലത്‌ അല്ലാഹു ഒരിക്കലും അവഗണിക്കുവാന്‍ പോകുന്നില്ല. അതിന്റെ പേരില്‍ ഇഹത്തിലും പരത്തിലും അല്ലാഹു ഇരട്ടിക്കണക്കില്‍ അതിനു ശിക്ഷ നല്‍കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയമായാലാകട്ടെ, അതില്‍ നിന്നു രക്ഷ നല്‍കുവാന്‍ ഒരാള്‍ക്കും സാധ്യമാകുന്നതുമല്ല എന്നൊക്കെയാണ്‌ ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ ചുരുക്കം.

താഴെ പറയുന്ന സംഗതികള്‍ ഈ വചനങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്‌.
(1) എത്ര ഉന്നതനിലവാരത്തിലുള്ള ആളായാലും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേക കാവല്‍ ഇല്ലാത്തപക്ഷം, സമ്മര്‍ദ്ദങ്ങളുടെ പ്രവാഹം നിമിത്തം മനുഷ്യന്‍ അബദ്ധത്തില്‍ പതിച്ചേക്കുവാന്‍ ഇടയുണ്ട്‌. ഈ വചനം അവതരിച്ചപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിച്ചതായി ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: اللَّهُمَّ لاَ تَكِلْنِى إِلَى نَفْسِى طَرْفَةَ عَيْنٍ സാരം: അല്ലാഹുവേ, ഒരു കണ്ണിമവെട്ടുന്ന നേരം പോലും നീ എന്നെ എന്നിലേക്ക്‌ തന്നെ ഭരമേല്‍പിച്ചു വിടരുതേ!) അഥവാ എന്റെ എല്ലാ കാര്യവും എല്ലായ്‌പ്പോഴും നീ തന്നെ ഏറ്റെടുത്തു നല്ല നിലയിലാക്കിത്തരണേ എന്നുദ്ദേശ്യം.

(2). ഒരാളുടെ ഉന്നത പദവിയോ, ഉല്‍കൃഷ്‌ട സ്ഥാനമോ നിമിത്തം അയാള്‍ ചെയ്യുന്ന തെറ്റുകുറ്റങ്ങളുടെ ശിക്ഷയില്‍ നിന്നു അയാള്‍ക്ക്‌ ഒഴിവു കിട്ടുകയില്ല. പ്രവാചകന്‍മാര്‍ പാപമുക്തരാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാകട്ടെ, അവരില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്‌ഠനും. എന്നിട്ടുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു പറയുന്നു: നീ അങ്ങിനെ ചെയ്‌തുപോയാല്‍ നിനക്കു ഈ ജീവിതത്തിലും മരണത്തിലും – അഥവാ മരണശേഷവും – ഇരട്ടിശിക്ഷ അനുഭവിപ്പിക്കുമെന്ന്‌. മറ്റൊരു സ്ഥലത്ത്‌ പറയുന്നു: ‘നീയെങ്ങാനും ശിര്‍ക്ക്‌ പ്രവര്‍ത്തിച്ചെങ്കില്‍, നിശ്ചയമായും, നിന്റെ കര്‍മം നിഷ്‌ഫലമാകുകയും, നീ നഷ്‌ടക്കാരില്‍ പെട്ടുപോകുകയും തന്നെ ചെയ്യും’. (സുമര്‍ 65). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും പ്രവാചകന്‍മാരോടുമുള്ള ഇത്തരം കനത്ത താക്കീതുകളുടെയും ഉന്നം പ്രധാനമായും അവരുടെ സമുദായങ്ങളായിരിക്കുന്നതാണ്‌.

(3) ഉന്നതന്‍മാരായ ആളുകളില്‍ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്ക്‌ സാധാരണക്കാരുടേതിനെക്കാള്‍ കവിഞ്ഞ തോതിലായിരിക്കും ശിക്ഷ നല്‍കപ്പെടുകയെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. ഇതനുസരിച്ചാണ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്‌നിമാരോട്‌ ഇങ്ങിനെ പറഞ്ഞത്‌:

يَا نِسَاءَ النَّبِيِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرً

(നബിയുടെ പത്‌നിമാരേ, നിങ്ങളില്‍ നിന്നു ആരെങ്കിലും വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവരുന്ന പക്ഷം, അവള്‍ക്ക്‌ രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിച്ചുകൊടുക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവിന്റെ അടുക്കല്‍ ഒരു നിസ്സാരമായ കാര്യമാകുന്നു. (അഹ്‌സാബ്‌: 30)

17:76

  • وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَٰفَكَ إِلَّا قَلِيلًا ﴾٧٦﴿
  • നിശ്ചയമായും, അവര്‍ നിന്നെ ഭൂമിയില്‍ (നാട്ടില്‍) നിന്ന്‌ മിരട്ടി വിടുമാറായിരിക്കുന്നു; നിന്നെ അതില്‍നിന്നും പുറത്താക്കുവാന്‍ വേണ്ടി. എന്നാല്‍, (അപ്പോള്‍) നിന്റെ പിന്നീട്‌ അവര്‍ അല്‍പമല്ലാതെ (അവിടെ) താമസിക്കുകയില്ലതാനും.
  • وَإِن كَادُوا നിശ്ചയമായും അവര്‍ ആകാറായിരിക്കുന്നു لَيَسْتَفِزُّونَكَ നിന്നെ ഇളക്കി (മിരട്ടി) വിടുക തന്നെ ചെയ്യുക مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു لِيُخْرِجُوكَ നിന്നെ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ (അവിടെ) നിന്നു وَإِذًا എന്നാല്‍, അപ്പോള്‍ لَّا يَلْبَثُونَ അവര്‍ താമസിക്കുക (കഴിഞ്ഞുകൂടുക)യില്ല خِلَافَكَ നിന്റെ പിന്നീടു, നിനക്കെതിരില്‍ [خَلْفَكَ നിന്റെ പിന്നില്‍] إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ

17:77

  • سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا ﴾٧٧﴿
  • (അതെ) നമ്മുടെ റസൂലുകളില്‍നിന്ന്‌ നിന്റെ മുമ്പ്‌ നാം അയക്കുകയുണ്ടായിട്ടുള്ളവരുടെ (കാര്യത്തിലുണ്ടായ) നടപടിച്ചട്ടം! നമ്മുടെ നടപടിച്ചട്ടത്തിന്‌ ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
  • سُنَّةَ നടപടിച്ചട്ടം, പതിവു مَن യാതൊരുവരുടെ قَدْ أَرْسَلْنَا നാം അയക്കുകയുണ്ടായ قَبْلَكَ നിന്റെ മുമ്പ്‌ مِن رُّسُلِنَا നമ്മുടെ റസൂലുകളില്‍നിന്നു وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല لِسُنَّتِنَا നമ്മുടെ നടപടിച്ചട്ടത്തിനു تَحْوِيلًا ഒരു സ്ഥിതിമാറ്റം (ഭേദഗതി) വരുത്തല്‍

خِلَافَكَ എന്ന വാക്കിനു ‘നിന്റെ പിന്നീടു’ എന്നും ‘നിനക്കെതിരില്‍’ എന്നും അര്‍ത്ഥമാകാവുന്നതാണ്. خَلْفَكَ ഖല്‍ഫക (‘നിന്റെ പിന്നില്‍’) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഒരേ സാരത്തില്‍ തന്നെയാണു രണ്ടും കലാശിക്കുന്നത്.

കുതന്ത്രങ്ങളും ഉപദ്രവങ്ങളും വഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ മക്കയില്‍നിന്നു പുറത്താക്കി സ്വൈരം കൊളളുവാൻ മുശ്‌രിക്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന യത്‌നങ്ങളെക്കുറിച്ചാണ്‌ പ്രസ്‌താവിക്കുന്നത്‌. രാജ്യം ത്യജിച്ചുപോകുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ നിര്‍ബന്ധിതനാക്കുമാറുള്ള ശ്രമങ്ങള്‍ പലതും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇതുവരെ അവര്‍ക്കതിനു കഴിഞ്ഞിട്ടില്ല. അങ്ങിനെ സംഭവിച്ചാലാകട്ടെ, അവര്‍ക്കതുകൊണ്ടു രക്ഷ കിട്ടുവാന്‍ പോകുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബഹിഷ്‌കൃതനായിക്കഴിഞ്ഞാല്‍, പിന്നീടവര്‍ക്കു അധികമൊന്നും അവിടെ സമാധാനത്തോടിരിക്കുവാന്‍ സാധിക്കുകയില്ല. മുന്‍പ്രവാചകന്‍മാരുടെ ചരിത്രത്തിലും അല്ലാഹു സ്വീകരിച്ചുവന്ന ഒരു നടപടിച്ചട്ടമാണ്‌, അവരുടെ ജനത അവരെ ബഹിഷ്‌ക്കരിച്ചാല്‍ പിന്നെ അവര്‍ ശിക്ഷക്കു വിധേയരാകുമെന്നുള്ളത്‌. ഇവരുടെ ഗതിയും അതുതന്നെയായിരിക്കും. ആ ചട്ടത്തില്‍ ഭേദഗതിയൊന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്നു സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്‌റഃ പോയി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബദ്‌റില്‍വെച്ച്‌ അവരിലുള്ള നെടും തൂണുകളായിരുന്ന എഴുപതുപേര്‍ കൊല്ലപ്പെടുകയും, എഴുപതുപേര്‍ ബന്ധനസ്ഥരാകുകയും ചെയ്‌തു. നട്ടെല്ലൊടിഞ്ഞ അവര്‍ പല ഏറ്റുമുട്ടലുകള്‍ക്കുശേഷം, അധികം താമസിയാതെ മുഴുവന്‍ ഇസ്‌ലാമിനു കീഴൊതുങ്ങേണ്ടി വരുകയും ചെയ്യും.

എട്ടാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 41 മുതൽ 60 വരെ

സൂറത്തുല്‍ ഇസ്രാഉ് : 41-60

വിഭാഗം – 5

17:41

  • وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًا ﴾٤١﴿
  • അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി തീര്‍ച്ചയായും, ഈ ക്വുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. അതവര്‍ക്കു വിരണ്ടോട്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല താനും!
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് صَرَّفْنَا വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട് فِيهَٰذَاالْقُرْآنِ ഈ ക്വുര്‍ആനില്‍ لِيَذَّكَّرُوا അവര്‍ഉറ്റാലോചിക്കുവാന്‍ വേണ്ടി وَمَايَزِيدُ അതുവര്‍ദ്ധിപ്പിക്കുന്നുമില്ല هُمْ അവര്‍ക്ക് إِلَّانُفُورًا വിരണ്ടോട്ടമല്ലാതെ

ക്വുര്‍ആന്‍ കാര്യങ്ങളെ വേണ്ടതുപോലെ വിവരിച്ചുകൊടുക്കാത്തതുകൊണ്ടല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നത്. ഉറ്റാലോചിക്കുന്നവര്‍ക്ക് ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുമാറ് എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ആവര്‍ത്തിച്ചു ഈ ക്വുര്‍ആനില്‍ വിവരിക്കുകതന്നെ ചെയ്തിട്ടുണ്ട്. പക്ഷേ, ആലോചിക്കുവാനും, ചിന്തിക്കുവാനും ഒരുക്കമില്ലാതെ വിരണ്ടോടുകയേ അവര്‍ ചെയ്യുന്നുള്ളു.

17:42

  • قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا ﴾٤٢﴿
  • (നബിയേ) പറയുക: അവര്‍ (ഈ) പറയുന്നതു പോലെ അവനോടൊപ്പം (വേറെ) വല്ല ആരാധ്യരും ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ – സിംഹാസനാധിപന്റെ അടുക്കലേക്ക് അവര്‍ വല്ല മാര്‍ഗ്ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
  • قُل പറയുക لَّوْكَانَ ഉണ്ടായിരുന്നെങ്കില്‍ مَعَهُ അവനോടൊപ്പം (കൂടെ) آلِهَةٌവല്ല ആരാധ്യരും كَمَايَقُولُونَ അവര്‍ പറയുന്നതുപോലെ إِذًاഎന്നാല്‍, അപ്പോള്‍ لَّابْتَغَوْا അവര്‍ തേടുക (അന്വേഷിക്കുക) തന്നെചെയ്യും إِلَىٰذِىٱلْعَرْشِ അര്‍ശിന്റെ ഉടയവനിലേക്കു (സിംഹാസനാധിപനിലേക്കു) سَبِيلًا ഒരു മാര്‍ഗ്ഗം, വല്ലവഴിയും

17:43

  • سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا ﴾٤٣﴿
  • അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ അവന്‍ ഉന്നതനാകുന്നു, വമ്പിച്ച ഉന്നതി.
  • سُبْحَانَهُ അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു وَتَعَالَىٰ അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു عَمَّا يَقُولُونَ അവര്‍ പറയുന്നതിനേക്കാള്‍ عُلُوًّا ഒരു ഉന്നതി, മേന്‍മ كَبِيرًا വലുതായ, വമ്പിച്ച.

ഏതു വസ്തുക്കളെ ദൈവമാക്കി ആരാധിച്ചുവരുന്നവരും ആ വസ്തുക്കളെ സാക്ഷാല്‍ സൃഷ്ടാക്കളായോ, ലോകത്തിന്റെ സര്‍വ്വാധികാരികളായ കൈകാര്യകര്‍ത്താക്കളായോ ഗണിക്കുന്നില്ല. അല്ലാഹുവിങ്കലേക്കുള്ള ശുപാര്‍ശക്കാരും, അവന്റെ സാമീപ്യം സിദ്ധിക്കുവാനുള്ള മദ്ധ്യസ്ഥന്‍മാരുമായേ അവയെ കണക്കാക്കുന്നുള്ളു. എന്നിരിക്കെ, അവയെല്ലാം ആരാധ്യവസ്തുക്കളാണെന്നു സങ്കല്‍പിച്ചാല്‍ തന്നെയും അവയൊക്കെ സര്‍വ്വാധിനാഥനായ അല്ലാഹുവിന്റെ സഹായവും സാമീപ്യവും ആവശ്യമുള്ളവരും അവനെ ആശ്രയിക്കേണ്ടുന്നവരുമാണല്ലോ. അപ്പോള്‍, അല്ലാഹുവിനെ ആശ്രയിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത അവയെ ആരാധിക്കുന്നതിന് എന്താണര്‍ത്ഥം?! അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് അവന്റെ സഹായവും സാമീപ്യവും നേര്‍ക്കുനേരെ അങ്ങു തേടുകയല്ലേ ഇവര്‍ ചെയ്യേണ്ടത്?! തങ്ങളുടെ ആരാധ്യവസ്തുക്കള്‍ക്ക് അല്ലാഹുവിങ്കല്‍ ഉണ്ടെന്ന്‍ ഇവര്‍ വാദിച്ചുവരുന്ന എല്ലാ സങ്കല്‍പങ്ങളില്‍ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമത്രെ അല്ലാഹു എന്നു സാരം.

17:44

  • تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا ﴾٤٤﴿
  • ഏഴു ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും അവനു ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു.
    ഒരു വസ്തുവും തന്നെ, അവനെ സ്തുതിച്ചുകൊണ്ടു അവന് ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] ചെയ്യാതെയില്ല. എങ്കിലും, അവരുടെ ‘തസ്ബീഹു’ നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. നിശ്ചയമായും, അവന്‍ സഹനശീലനും, വളരെ പൊറുക്കുന്നവനുമാകുന്നു.
  • تُسَبِّحُ തസ്ബീഹു (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു لَهُ അവനു السَّمَاوَاتُ ആകാശങ്ങള്‍ السَّبْعُ ഏഴു وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും وَإِن ഇല്ല, ഇല്ലതാനും مِّن شَيْءٍ ഒരു വസ്തുവും തന്നെ إِلَّا يُسَبِّحُ തസ്ബീഹു ചെയ്യാതെ, സ്തോത്രകീര്‍ത്തനം നടത്താതെ بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു وَلَٰكِن എങ്കിലും لَّا تَفْقَهُونَ നിങ്ങള്‍ക്കു മനസ്സിലാവില്ല تَسْبِيحَهُمْ അവരുടെ തസ്ബീഹു إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍.

ആകാശഭൂമികളും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുവിനെ സ്തുതിക്കുകയും, അവന് സ്തോത്രകീര്‍ത്തനം നടത്തുകയും ചെയ്തുവരുന്നുണ്ടെന്നും,  പക്ഷേ, മനുഷ്യരായ നിങ്ങള്‍ക്കതു ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്നും അല്ലാഹു ഈ വചനത്തില്‍ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു. ഓരോ വസ്തുവിന്റെയും സ്തോത്രകീര്‍ത്തനരൂപത്തെപ്പറ്റി ഗ്രഹിക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി അതിന്റേത് ഇന്നിന്നപ്രകാരത്തിലായിരിക്കുമെന്ന് ആര്‍ക്കും അഭിപ്രായം പറയുവാന്‍ നിവൃത്തിയില്ല. അല്ലാഹുവിന്റെ മഹത്വത്തിനും ഏകത്വത്തിനും അവ സാക്ഷ്യം വഹിക്കുന്നുവെന്നോ, ഓരോ വസ്തുവും ചില പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായിരിക്കയാണെന്നോ അതിനു വ്യാഖ്യാനം നല്‍കി തൃപ്തി അടയുന്നതും ശരിയല്ല. ഓരോ വസ്തുവും അതതില്‍ നിന്നു അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഹംദും തസ്ബീഹും (സ്തുതിയും സ്തോത്രകീര്‍ത്തനവും) നടത്തുന്നുവെന്നും, ബുദ്ധിജീവികളുടെയെന്നപോലെത്തന്നെ, അല്ലാത്തവയുടെയും ഹംദും, തസ്ബീഹും അതിനോട് യോജിക്കുന്ന വിധത്തിലായിരിക്കുമെന്നും, ബുദ്ധിജീവികളുടെ ഹംദു – തസ്ബീഹുകളില്‍ ഇഷ്ടാനുസരണമുള്ളതും ഇഷ്ടാനുസരണമല്ലാത്തതും കൂടിയുണ്ടാവാമെന്നും നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാവുന്നതാണ്.

രാവും പകലും മലക്കുകള്‍ അല്ലാഹുവിന് തസ്ബീഹു നടത്തുന്നു (21:20); പര്‍വ്വതങ്ങളും പറവകളും തസ്ബീഹു നടത്തുന്നു (21:79), ഇഷ്ടാനുസരണമോ, നിര്‍ബ്ബന്ധപൂര്‍വ്വമോ ആകാശ ഭൂമികളിലുള്ളവര്‍ അല്ലാഹുവിന് സുജൂദു ചെയ്യുന്നു; രാവിലെയും, വൈകുന്നേരവും അവരുടെ നിഴലുകളും ചെയ്യുന്നു (13:15). ആകാശഭൂമികളിലുള്ള എല്ലാ ജീവികളും, മലക്കുകളും സുജൂദു ചെയ്യുന്നു. (16:49) എന്നിങ്ങിനെ പല പ്രസ്താവനകളും ക്വുര്‍ആനില്‍ കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു ഭക്ഷണം കഴിച്ചപ്പോള്‍ ഭക്ഷണം തസ്ബീഹ് നടത്തുന്നത് സഹാബികള്‍ കേള്‍ക്കയുണ്ടായെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പ്രസംഗിക്കുവാന്‍ ഒരു ‘മിമ്പര്‍’ (പ്രസംഗപീഠം) ഉണ്ടാക്കിയപ്പോള്‍ അതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചാരിനിന്ന് പ്രസംഗിക്കാറുണ്ടായിരുന്ന ഒരു ഈന്തത്തടി തേങ്ങിക്കരയുകയുണ്ടായെന്നും, മക്കായില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഒരു കല്ലു സലാം പറഞ്ഞിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈയില്‍ വെച്ച് ചരല്‍കല്ല് തസ്ബീഹ് ചെയ്യുകയുണ്ടായെന്നും മറ്റും പ്രബലങ്ങളായ ഹദീഥുകളിലും വന്നിട്ടുണ്ട്. ഓരോ ജീവവര്‍ഗ്ഗത്തിനും അതിന്റേതായ ചില പ്രത്യേക ഗ്രഹണശക്തികളുണ്ടെന്നും ചില പ്രത്യേക ശബ്ദങ്ങളോ ചേഷ്ടകളോ വഴി അവയുടെ ഇംഗിതങ്ങള്‍ അവ കാണിക്കാറുണ്ടെന്നും ഇന്നത്തെ ജന്തുശാസ്ത്രജ്ഞന്‍മാര്‍ സിദ്ധാന്തിക്കുകയും ചെയ്യുന്നു. അത്രയുമല്ല, സസ്യങ്ങള്‍ക്ക് ഗാനാലാപങ്ങള്‍ മൂലം ചില പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ടെന്നുപോലും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ പല വസ്തുക്കളിലും മുമ്പ് മനുഷ്യര്‍ക്ക് അജ്ഞാതവും, ദുരൂഹവുമായിരുന്ന പല രഹസ്യങ്ങളും അടങ്ങിയിട്ടുള്ളതായി ഇതിനകം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മേലിലും കൂടുതല്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്തേക്കാം. എങ്കിലും എല്ലാ വസ്തുക്കളിലും അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി അറിയുവാന്‍ മനുഷ്യര്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ കഴിയുകയില്ലെന്നു തീര്‍ത്തും പറയാം. മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് താഴെ 85-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (അറിവില്‍നിന്നു അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല) ലോകാവസാനംവരെ മനുഷ്യര്‍ക്ക് ലഭിക്കുന്ന അറിവുകളെല്ലാം ഈ ‘അല്‍പമായ അറിവിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നതാകുന്നു. ആ പരിധിക്കുപുറമെയുള്ളതത്രെ ഈ തസ്ബീഹും, ഹംദും, സുജൂദ്ദുമൊക്കെ. والله أعلم

മറ്റു പല സ്ഥലങ്ങളിലുമെന്നപോലെ ‘ഏഴു ആകാശങ്ങള്‍’ എന്നു അല്ലാഹു ഇവിടെയും പറഞ്ഞിരിക്കുന്നു. ഈ ഏഴിനെപ്പറ്റി മുമ്പും പിമ്പുമുള്ള സൂറത്തുകളില്‍ ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.

17:45

  • وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ حِجَابًا مَّسْتُورًا ﴾٤٥﴿
  • (നബിയേ) നീ ക്വുര്‍ആന്‍ വായിക്കുന്നതായാല്‍, നിന്റെയും, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ മറക്കപ്പെട്ട [ദൃശ്യമല്ലാത്ത] ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്.
  • وَإِذَا قَرَأْتَ നീ വായിച്ചാല്‍, ഓതിയാല്‍ الْقُرْآنَ ക്വുര്‍ആന്‍ جَعَلْنَا നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ് بَيْنَكَ നിന്റെ ഇടയില്‍ وَبَيْنَ الَّذِينَ യാതൊരുവരുടെ ഇടയിലും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ حِجَابًا ഒരു മറ مَّسْتُورًا മറക്കപ്പെട്ടതായ

17:46

  • وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَٰرِهِمْ نُفُورًا ﴾٤٦﴿
  • അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളും, അവരുടെ കാതുകളില്‍ ഒരു (തരം) ഭാരവും നാം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.
    ക്വുര്‍ആനില്‍ നിന്റെ റബ്ബിനെ (കുറിച്ച്) മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് തങ്ങളുടെ പിന്‍പുറങ്ങളിലായി തിരിഞ്ഞു പോകുന്നതാണ്.
  • وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു(ചെവി)കളിലും وَقْرًا ഒരു ഭാരം, കട്ടി وَإِذَا ذَكَرْتَ നീ പ്രസ്താവിച്ചാല്‍ رَبَّكَ നിന്റെ റബ്ബിനെ فِي الْقُرْآنِ ക്വുര്‍ആനില്‍ وَحْدَهُ അവനെ മാത്രം, ഏകനായി وَلَّوْا അവര്‍ തിരിഞ്ഞുപോകുന്നതാണ് عَلَىٰ أَدْبَارِهِمْ അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം) نُفُورًا വിരണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്.

പരലോകത്തില്‍ വിശ്വാസമില്ലാത്ത ആ അവിശ്വാസികള്‍ ക്വുര്‍ആന്‍ കേട്ടാല്‍ അതിലേക്കു ശ്രദ്ധിക്കുകയോ, ചെവികൊടുക്കുകയോ ചെയ്യാത്തവിധം അവര്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുമിടയില്‍ അദൃശ്യമായ ഒരുതരം മറ അല്ലാഹു ഏര്‍പ്പെടുത്തും. അഥവാ അവരുടെ അവിശ്വാസം അതിനു അവര്‍ക്കു തടസ്സ്മായിരിക്കും. അതുകൊണ്ടു അവര്‍ അതിലേക്കു ശ്രദ്ധകൊടുക്കുകയില്ല. അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്നതു അവര്‍ക്കു വമ്പിച്ച വെറുപ്പാകുന്നു. അതു കേള്‍ക്കുമ്പോഴേക്കും അവര്‍ വിറളിപിടിച്ചു പിന്നോക്കം തിരിഞ്ഞോടുകയാണു ചെയ്യുക എന്നു സാരം. മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: “അല്ലാഹുവിനെക്കുറിച്ച് മാത്രം പ്രസ്താവിക്കപ്പെട്ടാല്‍, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാല്‍, അപ്പോള്‍ അവരതാ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്!” (സുമര്‍: 45).

17:47

  • نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾٤٧﴿
  • അവര്‍ നിന്നിലേക്കു (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും – അതായതു, ‘മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല’ എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം – (നാം നല്ലവണ്ണം അറിയുന്നവനാണ്).
  • نَّحْنُ أَعْلَمُ നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു) يَسْتَمِعُونَ അവര്‍ ചെവികൊടുക്കുന്നു بِهِ അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി إِذْ يَسْتَمِعُونَ അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം) إِلَيْكَ നിന്നിലേക്കു وَإِذْ هُمْ അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും نَجْوَىٰ സ്വകാര്യം (രഹസ്യം) പറയുന്നവര്‍ إِذْ يَقُولُ അതായതു പറയുമ്പോള്‍ الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു) إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ مَّسْحُورًا മാരണം ചെയ്യപ്പെട്ട (ബാധിച്ച).

17:48

  • ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا ﴾٤٨﴿
  • (നബിയേ) നോക്കൂ: എങ്ങിനെയാണ് അവര്‍ നിനക്കു ഉപമകള്‍ വിവരിച്ചതെന്നു! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു; എനി, അവര്‍ക്കു ഒരു മാര്‍ഗ്ഗവും (പ്രാപിക്കുക) സാധ്യമാകുകയില്ല.
  • انظُرْ നോക്കുക كَيْفَضَرَبُوا അവര്‍ എങ്ങിനെ ആക്കി (വിവരിച്ചു) لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ فَضَلُّوا അങ്ങനെ അവര്‍വഴിപിഴച്ചു فَلَايَسْتَطِيعُونَ എനി അവര്‍ക്കു സാധിക്കുകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും

മുശ്രിക്കുകള്‍ ചിലപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വുര്‍ആന്‍ ഓതുന്നതു രഹസ്യമായി ചെവിയോര്‍ത്തു കൊണ്ടിരിക്കും. കാര്യം ഗ്രഹിക്കുവാനോ, സത്യം മനസ്സിലാക്കുവാനോ വേണ്ടിയല്ല. പരിഹാസത്തിനും, നിഷേധത്തിനും വല്ല മാര്‍ഗ്ഗവും കണ്ടെത്തുവാന്‍ വേണ്ടി മാത്രം. പിന്നീട്, ഇവനു ആരോ മാരണം ചെയ്തിരിക്കുകയാണു, ഇവന്റെ ബുദ്ധി ഭ്രമിച്ചുപോയിരിക്കുന്നു. ഇവനെ പിന്‍പറ്റുന്നതിന്റെ അര്‍ത്ഥം ഭ്രാന്തനെ പിന്‍പറ്റുക എന്നാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യും. അവരുടെ ഈ ഗൂഢപ്രവര്‍ത്തനങ്ങളും, അതിനു അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളുമൊക്കെ അല്ലാഹുവിനു നന്നായറിയാം എന്നത്രെ ആദ്യത്തെ വചനത്തില്‍ പറഞ്ഞതിന്റെ സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി മാരണം ബാധിച്ചവന്‍, ഗണിതക്കാരന്‍, ഭ്രാന്തന്‍, മാരണക്കാരന്‍, കവി എന്നിങ്ങിനെ പലതും അവര്‍ പറയാറുള്ളതിനെപ്പറ്റിയാണ് രണ്ടാമത്തെ വചനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

17:49

  • وَقَالُوٓا۟ أَءِذَا كُنَّا عِظَٰمًا وَرُفَٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ﴾٤٩﴿
  • അവര്‍ പറയുകയാണു: “നാം എല്ലുകളും തുരുമ്പുകളും ആയിത്തീര്‍ന്നിട്ടാണോ?- നിശ്ചയമായും നാം, ഒരു പുതിയ സൃഷ്ടിയായി (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു?!”
  • وَقَالُوا അവര്‍ പറയുകയാണു, പറയുകയും ചെയ്യുന്നു أَإِذَا كُنَّا നാം ആയിത്തീര്‍ന്നിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും أَإِنَّا നമ്മളോ, നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ (തന്നെ ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതുതായ.

17:50

  • ۞ قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا ﴾٥٠﴿
  • പറയുക: “നിങ്ങള്‍ കല്ലോ, ഇരുമ്പോ ആയിക്കൊള്ളുക;-
  • قُلْ പറയുക كُونُوا നിങ്ങളായിരിക്കുക حِجَارَةً കല്ലു أَوْ حَدِيدًا അല്ലെങ്കില്‍ ഇരുമ്പു

17:51

  • أَوْ خَلْقًا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًا ﴾٥١﴿
  • അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചു [ഹൃദയം] കളില്‍ വലുതായിത്തോന്നുന്ന (മറ്റു) വല്ല സൃഷ്ടിയോ (ആയിക്കൊള്ളുക). [നിങ്ങള്‍ എന്തുതന്നെ ആയിരുന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടാതിരിക്കുകയില്ല]. അപ്പോള്‍, (വഴിയെ) അവര്‍ പറഞ്ഞേക്കും: “ആരാണ് നമ്മെ മട(ക്കി സൃഷ്ടി)ക്കുക?!” പറയുക: “ഒന്നാം പ്രാവശ്യം നിങ്ങളെ സൃഷ്ടിച്ചവന്‍ (തന്നെ).” അപ്പോള്‍, നിന്റെ നേരെ അവര്‍ തങ്ങളുടെ തലയാട്ടിയേക്കും; അവര്‍ പറയുകയും ചെയ്യും: “എപ്പോഴായിരിക്കും അതു?!”
    പറയുക: “അതു അടുത്ത് (തന്നെ) ആയേക്കാവുന്നതാണ്.”
  • أَوْ خَلْقًا അല്ലെങ്കില്‍ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും مِّمَّا يَكْبُرُ വലുതായിരിക്കുന്ന (വലുതായി തോന്നുന്ന) فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളില്‍ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ വഴിയെ പറഞ്ഞേക്കും مَن يُعِيدُنَا നമ്മെ ആര്‍ മടക്കും, ആര്‍ നമ്മെ ആവര്‍ത്തിച്ചുണ്ടാക്കും قُلِ പറയുക الَّذِي فَطَرَكُمْ നിങ്ങള്‍ക്കു പ്രകൃതം നല്‍കിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ)വന്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം فَسَيُنْغِضُونَ അപ്പോള്‍ (എന്നാല്‍) അവര്‍ ആട്ടും, ഇളക്കും إِلَيْكَ നിന്റെ നേരെ, നിന്നിലേക്കു رُءُوسَهُمْ അവരുടെ തലകളെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും مَتَىٰ هُوَ എപ്പോഴാണ് അത് قُلْ പറയുക عَسَىٰ ആയേക്കാം أَن يَكُونَ അതായിരിക്കുക قَرِيبًا അടുത്ത്, സമീപത്തില്‍

17:52

  • يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا ﴾٥٢﴿
  • (അതെ) അവന്‍ നിങ്ങളെ വിളിക്കുകയും, അപ്പോള്‍, അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ (ആ വിളിക്ക്) ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം; നിങ്ങള്‍ അല്‍പമല്ലാതെ താമസിക്കുകയുണ്ടായിട്ടില്ലെന്നു നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
  • يَوْمَ يَدْعُوكُمْ നിങ്ങളെ അവന്‍ വിളിക്കുന്ന ദിവസം فَتَسْتَجِيبُونَ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കും (നല്‍കുന്ന) بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു, അവന്റെ സ്തുതിയോടെ وَتَظُنُّونَ നിങ്ങള്‍ വിചാരിക്കുക (ധരിക്കുക – കരുതുക)യും ചെയ്യും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല (എന്നു) إِلَّا قَلِيلًا അല്‍പമല്ലാതെ, കുറച്ചൊഴികെ.

പുനരുത്ഥാനത്തെയും, പരലോകത്തെയും നിഷേധിക്കുന്ന അവര്‍ പരിഹാസത്തോടും ആശ്ചര്യത്തോടും കൂടി ചോദിക്കുന്ന ചില ചോദ്യങ്ങളും, മറുപടികളുമാണ് അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്. മരണശേഷം എല്ലും തുരുമ്പുമായി നശിച്ചു മണ്ണോടു കലര്‍ന്ന ശേഷം മനുഷ്യര്‍ രണ്ടാമതു ജീവിപ്പിക്കപ്പെടുമെന്നാണോ നിങ്ങള്‍ പറയുന്നത്? ഇതാണ് ഒന്നാമത്തെ ചോദ്യം. ഒരിക്കല്‍ ജീവനുണ്ടായിരുന്ന വസ്തുക്കളാണല്ലോ ആ എല്ലും തുരുമ്പുമൊക്കെ. എന്നാല്‍ ജീവന്റെ പ്രവേശനം ഉണ്ടായിട്ടില്ലാത്ത കരിങ്കല്ലോ, ഇരുമ്പോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ അതിനേക്കാള്‍ വിദൂരമായിത്തോന്നുന്ന വേറെ ഏതെങ്കിലും വസ്തുവോ തന്നെ ആയിത്തീര്‍ന്നാലും അതു സംഭവിക്കാതിരിക്കയില്ല എന്നാണതിന് നല്‍കിയ മറുപടി. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ഇന്നിന്ന തരത്തില്‍പെട്ട വസ്തുക്കള്‍ക്കേ ജീവന്‍ നല്‍കുവാന്‍ സാധിക്കുകയുള്ളുവെന്നില്ല. എല്ലാം അവന്റെ അടുക്കല്‍ ആ വിഷയത്തില്‍ ഒരുപോലെയാണ് എന്നു സാരം. ശരി, എന്നാല്‍, ആരാണു രണ്ടാമതു ജീവിപ്പിക്കുന്നവന്‍? അഥവാ ആര്‍ക്കാണതിനു കഴിയുക? ഇതാണ് അടുത്ത ചോദ്യം. നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയവന്‍ ആരോ അവന്‍ തന്നെ എന്നാണതിനുള്ള മറുപടി. ശുദ്ധ ശൂന്യതയില്‍ നിന്നു ആദ്യമായുണ്ടാക്കിയവന് അവശിഷ്ടങ്ങളില്‍ നിന്നു രണ്ടാമതും സൃഷ്ടിക്കുവാന്‍ കഴിയാതെ വരുമോ? അഥവാ അതല്ലേ കൂടുതല്‍ എളുപ്പമായത്? എന്നു സാരം.

ഇതു ഒരു വായടപ്പന്‍ മറുപടി തന്നെയാണെങ്കിലും ന്യായത്തില്‍ മുട്ടിയതുകൊണ്ട് സത്യനിഷേധികളുണ്ടോ അടങ്ങുന്നു? അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നേരെ തലയാട്ടി പരിഹസിച്ചുകൊണ്ടു ചോദിക്കും: എന്നാല്‍ എപ്പോഴായിരിക്കും അതു സംഭവിക്കുക? പുനരുത്ഥാനത്തിന്റെ സമയമാകട്ടെ, ആര്‍ക്കും അല്ലാഹു അറിയിച്ചു കൊടുക്കാത്ത ഒരു പരമരഹസ്യമാണത്. അതുകൊണ്ടു മറുപടിയില്‍ അതിന്റെ സമയം ഇന്നതാണെന്നു പറയാതെ, ഒരു പക്ഷേ അടുത്തുതന്നെ ആയേക്കാം എന്നുമാത്രം പറഞ്ഞു മതിയാക്കിയിരിക്കുകയാണ്. വരാനിരിക്കുന്നതെല്ലാം സമീപിച്ചുകൊണ്ടേ ഇരിക്കുകയാണല്ലോ. എപ്പോഴാണത് സംഭവിക്കുക എന്നല്ല നിങ്ങള്‍ ആരായേണ്ടത്: ആ സമയം വരുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ചെല്ലുക തന്നെ വേണ്ടിവരും; ആ ജീവിതത്തെ അപേക്ഷിച്ചു ഈ ജീവിതം വളരെ തുച്ഛമായിരിക്കും; അതുകൊണ്ടു അപ്പോഴേക്കും വേണ്ടുന്ന മുന്‍കരുതലുകള്‍ എടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. എന്നുകൂടി അതോടൊപ്പം സൂചിപ്പിക്കുകയും ചെയ്യുന്നു.

വിഭാഗം – 6

17:53

  • وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَٰنَ كَانَ لِلْإِنسَٰنِ عَدُوًّا مُّبِينًا ﴾٥٣﴿
  • (നബിയേ) എന്റെ അടിയാന്മാരോടു പറയുകയും ചെയ്യുക: “കൂടുതല്‍ നന്നായുള്ളതേതോ അതു [ആ വാക്കു] അവര്‍ പറഞ്ഞുകൊള്ളട്ടെ’ എന്ന്. (കാരണം) നിശ്ചയമായും, പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നതാണ്. നിശ്ചയമായും, പിശാച് മനുഷ്യനു സ്പഷ്ടമായ ഒരു ശത്രുവാകുന്നു.
  • وَقُل പറയുകയും ചെയ്യുക لِّعِبَادِي എന്റെ അടിയാന്‍മാരോടു يَقُولُوا അവര്‍പറയട്ടെ الَّتِي യാതൊന്നു, ഏതോ ഒന്നു هِيَ അത് أَحْسَنُ കൂടുതല്‍ (ഏറ്റം) നല്ലതാണ് إِنَّ الشَّيْطَانَ നിശ്ചയമായും പിശാച് يَنزَغُ ഇളക്കിവിടും, തോണ്ടിവിടും بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلْإِنسَانِ മനുഷ്യനു عَدُوًّا ശത്രു مُّبِينًا സ്പഷ്ടമായ, വ്യക്തമായ, തനി.

സത്യവിശ്വാസികള്‍ തമ്മതമ്മിലും, മറ്റുള്ളവരോടും സംഭാഷണങ്ങളില്‍ കഴിയുന്നത്ര നല്ലവാക്കും ശൈലിയും ഉപയോഗിക്കണമെന്നു അവരെ ഉപദേശിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അല്ലാഹു കല്‍പിക്കുന്നു. അല്ലാത്തപക്ഷം അവര്‍ക്കിടയില്‍ എന്തെങ്കിലും കുഴപ്പങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകത്തക്കവണ്ണം നിങ്ങളെ അന്യോന്യം ഇളക്കിവിടുവാന്‍ പിശാച് നിങ്ങളുടെ സംസാരത്തെ ഉപയോഗപ്പെടുത്തും. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്. അതുകൊണ്ടു അതിനു ഇടവരുത്താതെ സൂക്ഷിക്കണം, എന്നിങ്ങനെ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ തന്റെ സഹോദരനു നേരെ ആയുധംകൊണ്ടു ആംഗ്യം കാണിക്കരുത്. കാരണം, നിങ്ങള്‍ ഒരാള്‍ക്കു അറിയുകയില്ല; പിശാചു അവന്റെ കൈക്ക് കുഴപ്പം ഇളക്കിവിട്ടേക്കാമെന്ന്. അങ്ങനെ, അവന്‍ നരകക്കുണ്ടില്‍ വീണേക്കും.’ (അ;ബു;മു).

17:54

  • رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَٰكَ عَلَيْهِمْ وَكِيلًا ﴾٥٤﴿
  • നിങ്ങളുടെ റബ്ബ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം, അവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും; അല്ലെങ്കില്‍ – അവന്‍ ഉദ്ദേശിക്കുന്നപക്ഷം – അവന്‍ നിങ്ങളെ ശിക്ഷിക്കും.
    (നബിയേ) നിന്നെ നാം അവരുടെ മേല്‍ (അധികാരം) ഏല്‍പിക്കപ്പെട്ടവനായി അയച്ചിട്ടില്ലതാനും.
  • رَّبُّكُمْ നിങ്ങളുടെ റബ്ബ് أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِكُمْ നിങ്ങളെപ്പറ്റി إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يَرْحَمْكُمْ നിങ്ങള്‍ക്കവന്‍ കരുണ ചെയ്യും أَوْ അല്ലെങ്കില്‍, അല്ലാത്ത പക്ഷം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ലതാനും عَلَيْهِمْ അവരുടെ മേല്‍ وَكِيلًا ഏല്‍പിക്കപ്പെട്ടവനായി.

17:55

  • وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّۦنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا ﴾٥٥﴿
  • നിന്റെ റബ്ബ് ആകാശങ്ങളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ.
    നബിമാരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിനു നാം ‘സബൂര്‍’ [എട്] നല്‍കുകയും ചെയ്തിരിക്കുന്നു.
  • وَرَبُّكَ നിന്റെ റബ്ബു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَن യാതൊരുവരെപ്പറ്റി فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും وَلَقَدْ فَضَّلْنَا നാം തീര്‍ച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട് بَعْضَ ചിലരെ النَّبِيِّينَ നബിമാരില്‍ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَآتَيْنَا നാം നല്‍കുകയും ചെയ്തിരിക്കുന്നു دَاوُودَ ദാവൂദിനു زَبُورًا സബൂര്‍ (ഏട്).

നിങ്ങളില്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരും, ദുര്‍മ്മാര്‍ഗ്ഗികളായിത്തീരുന്നവരും ആരാണ്? പിശാചിന്റെ കെണിയില്‍ അകപ്പെടുന്നവരും, അല്ലാത്തവരും ആരാണ്? എന്നൊക്കെയുള്ള വിവരം സവിശദം അല്ലാഹുവിനറിയാം. ആ അടിസ്ഥാനത്തില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കാരുണ്യവും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ശിക്ഷയും അവന്‍ നല്‍കുന്നുവെന്നല്ലാതെ, ഇന്നിന്നവര്‍ക്കു കാരുണ്യവും, ഇന്നിന്നവര്‍ക്കു ശിക്ഷയും ലഭിക്കുവാന്‍ അര്‍ഹരാണെന്നു തീരുമാനിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം, കാരുണ്യത്തിന്റെ മാര്‍ഗ്ഗം പിന്‍പറ്റുകയും, ശിക്ഷയുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കയുമാണ്‌ നിങ്ങളുടെ കടമ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു വേണ്ടതു ഉപദേശിക്കുകയല്ലാതെ, നിങ്ങളുടെ നന്മതിന്മകളുടെ ഉത്തവരാദിത്വമോ, നിങ്ങളെയൊക്കെ നേര്‍വഴിയിലാക്കുവാനുള്ള ചുമതലയോ, അധികാരമോ അദ്ദേഹത്തിനില്ല. നിങ്ങളെക്കുറിച്ചു മാത്രമല്ല, ആകാശഭൂമികളിലുള്ള എല്ലാവരെപ്പറ്റിയും നല്ലപോലെ അറിയുന്നവനാണ് അല്ലാഹു. അവരില്‍ ഉല്‍കൃഷ്ടരും, ഉന്നതന്‍മാരും ആരാണ് എന്നൊക്കെ അവനറിയാം. ആ അടിസ്ഥാനത്തിലാണു നബിമാരില്‍ ചിലര്‍ക്കു ചിലരെക്കാള്‍ ശ്രേഷ്ഠസ്ഥാനങ്ങള്‍ അവന്‍ നല്‍കിയിരിക്കുന്നതും. അതിനൊരു ഉദാഹരണമാണ് ദാവൂദ് നബിعليه الصلاة والسلامക്ക് ‘സബൂര്‍’ നല്‍കിയത്. അതുപോലെ മുഹമ്മദ്‌ നബിصَلَّى اللَّهُ عَلَيْهِ وَسَلَّمക്ക് നല്‍കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആനും എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍.

زَبُور (സബൂര്‍) എന്ന വാക്കിനു ‘ഗ്രന്ഥം’, അഥവാ ‘ഏട്’ എന്നര്‍ത്ഥം. ദാവൂദ് (عليه الصلاة والسلام) നബി ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തെ പ്രത്യേകം ഉദ്ദേശിച്ചും ‘സബൂര്‍’ എന്നു പറയപ്പെടാറുണ്ട്. ‘സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആ പുസ്തകമാണ് അതെന്നാണ്‌ സാധാരണമായി പറയപ്പെടുന്നത്. എങ്കിലും ബൈബ്ലില്‍ ഇന്നു നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതുതന്നെയാണു യഥാര്‍ത്ഥ സബൂര്‍ എന്നു പറയുവാന്‍ നിവൃത്തിയില്ല. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുവാന്‍ തരമില്ലാത്ത പലതും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാം.

വേദഗ്രന്ഥത്തിന്റെ പാരായണത്തിലും, അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങളടങ്ങുന്ന സംഗീതാലാപനങ്ങളിലും ദാവൂദ് عليه الصلاة والسلام നബിക്കു ചില സവിശേഷതകള്‍ ഉണ്ടായിരുന്നതായി ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും വ്യക്തമാണ്. അദ്ദേഹത്തോടൊപ്പം മലകളും, പറവകളും തസ്ബീഹു ചെയ്തിരുന്നതായി 21:79 ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ബുഖാരീ (رحمه الله) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ഇങ്ങിനെയും കാണാം: “ദാവൂദിനു ക്വുര്‍ആന്‍ (പാരായണഗ്രന്ഥം) ലഘുവാക്കപ്പെട്ടിരുന്നു. (*). അദ്ദേഹം തന്റെ മൃഗത്തിന് ജീനി ഇടുവാന്‍ കല്‍പ്പിച്ചിട്ട് അതു തീരും മുമ്പായി അദ്ദേഹം അതു ഓതിത്തീര്‍ക്കുമായിരുന്നു.” അദ്ദേഹത്തിന്റെ ഈ സവിശേഷതകളെ മുന്‍നിറുത്തിയായിരിക്കാം അദ്ദേഹത്തിനു സബൂര്‍ നല്‍കപ്പെട്ടതു ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത്. الله أعلم ഒരു മഹാരാജാവും, പ്രവാചകവര്യനും എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പല പ്രത്യേകതകളും ക്വുര്‍ആനില്‍ പലേടത്തുമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ടുതാനും.


(*). ഈ ഹദീഥില്‍ ‘ക്വുര്‍ആന്‍’ എന്നു പറഞ്ഞതു ‘സബൂറി’നെ ഉദ്ദേശിച്ചാകുന്നു. ‘ക്വുര്‍ആന്‍’ എന്ന വാക്കിന്റെ അര്‍ത്ഥത്തെയും പ്രയോഗത്തെയും സംബന്ധിച്ചു സൂ: റഅ്ദു: 31-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചതില്‍ നിന്നു ഇതിന്റെ കാരണം മനസ്സിലാകുന്നതാണ്.


17:56

  • قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا ﴾٥٦﴿
  • പറയുക: ‘അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; – എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല.
  • قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ الَّذِينَ യാതൊരുവരെ زَعَمْتُم നിങ്ങള്‍ വാദിച്ച, ജല്‍പിച്ച مِّن دُونِهِ അവനു പുറമെ, അവനെക്കൂടാതെ فَلَا يَمْلِكُونَ എന്നാല്‍ അവര്‍ സ്വാധീനമാക്കുകയില്ല (അവര്‍ക്കു സാധിക്കുകയില്ല) كَشْفَ തുറവിയാക്കല്‍, നീക്കുവാന്‍ الضُّرِّ ഉപദ്രവത്തെ عَنكُمْ നിങ്ങളില്‍ നിന്നു وَلَا تَحْوِيلًا (സ്ഥിതി) മാറ്റം വരുത്തുവാനുമില്ല

17:57

  • أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴾٥٧﴿
  • അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു.
  • أُولَـٰئِكَഅക്കൂട്ടര്‍ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ يَبْتَغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു إِلَىٰ رَبِّهِمُ അവരുടെ റബ്ബിങ്കലേക്കു الْوَسِيلَةَ സമീപനമാര്‍ഗ്ഗം (മാദ്ധ്യമം) أَيُّهُمْ അവരില്‍ ഏതോ (അവര്‍) أَقْرَبُ ഏറ്റവും അടുത്തവര്‍ وَيَرْجُونَ അവര്‍ അഭിലഷിക്കുക (ആശിക്കുക – പ്രതീക്ഷിക്കുക)യും ചെയ്യുന്നു رَحْمَتَهُ അവന്റെ കാരുണ്യം وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു عَذَابَهُ അവന്റെ ശിക്ഷയെ إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ كَانَ ആകുന്നു, ആയിരിക്കുന്നു مَحْذُورًا ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് – കരുതിയിരിക്കേണ്ടത്)

അല്ലാഹുവിനെ ആരാധിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടു അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ തക്ക അര്‍ഹത തങ്ങള്‍ക്കില്ലെന്നും, അതുകൊണ്ടാണ് അവന്റെ സാമീപ്യം സിദ്ധിച്ചവരെ തങ്ങള്‍ വിളിച്ചും ആരാധിച്ചും വരുന്നതെന്ന് മുശ്രിക്കുകള്‍ വാദിക്കുന്നതിന്റെ ഖണ്ഡനമാണിത്. നിങ്ങള്‍ ആരാധ്യ ദൈവങ്ങളായി സങ്കല്‍പിച്ചുവരുന്ന ഏതൊന്നിനെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാലും യാതൊരു ഫലവും നിങ്ങള്‍ക്കു ലഭിക്കുവാന്‍ പോകുന്നില്ല. നിങ്ങളുടെ വല്ല വിഷമതകളും നീക്കുവാനോ, അതില്‍ വല്ല മാറ്റവും വരുത്തുവാനോ, അവര്‍ക്കു സാധ്യമല്ല. എന്നിങ്ങിനെ ആദ്യം ഓര്‍മ്മപ്പെടുത്തിയശേഷം, ആരാധ്യ ദൈവങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് അവരെ അറിയിക്കുന്നു. അതായത്: ആ ആരാധ്യവസ്തുക്കളില്‍ അല്ലാഹുവിനോടു ഏറ്റവും അടുത്തവരായ ആളുകള്‍ – മലക്കുകള്‍, പ്രവാചകന്‍മാര്‍ മുതലായവര്‍ – പോലും അവന്റെ സാമീപ്യവും പ്രീതിയും തേടിക്കൊണ്ടിരിക്കുന്നവരും, അവന്റെ കാരുണ്യം ആശിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു. അവന്റെ ശിക്ഷയെപ്പറ്റി എല്ലാവരും സദാജാഗരൂകരായിരിക്കേണ്ടതുള്ളതുകൊണ്ട് അവര്‍ അതിനെപ്പറ്റി വളരെ ഭയപ്പാടോടുകൂടിയിരിക്കുന്നവരുമാകുന്നു. അല്ലാഹുവിനോടു വളരെ അടുത്ത ആളുകളുടെ സ്ഥിതി തന്നെ ഇതാണെങ്കില്‍, മറ്റുള്ള ആരാധ്യവസ്തുക്കളുടെ സ്ഥിതി എന്താണെന്ന് പിന്നെ പറയേണ്ടുന്ന ആവശ്യമില്ലല്ലോ, വാസ്തവം ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയും വിളിച്ചു പ്രാര്‍ത്ഥിച്ചതുകൊണ്ടോ, ആരാധിച്ചതുകൊണ്ടോ അല്ലാഹുവിന്റെ സാമീപ്യവും കാരുണ്യവും മറ്റുള്ളവര്‍ക്ക് നേടിക്കൊടുക്കുവാന്‍ അവര്‍ക്കു എങ്ങിനെ കഴിയും?!

وَسِيلَة (വസീല) എന്ന വാക്കിനു സമീപനമാര്‍ഗ്ഗം – അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം (ما يتوسل به الى المقصود) എന്നാണു വാക്കര്‍ത്ഥം. അല്ലാഹുവിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സല്‍ക്കര്‍മ്മങ്ങള്‍ വഴി അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ യത്നിക്കുക എന്നാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. (സൂ: മാഇദഃ 38-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നല്കിയ വിവരണം ഓര്‍ക്കുക.)

17:58

  • وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَٰمَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا ﴾٥٨﴿
  • ഒരു രാജ്യവും (തന്നെ ഇല്ല,) ക്വിയാമത്തുനാളിനു മുമ്പ് നാം അതിനെ (അതിലെ നിവാസികളെ) നശിപ്പിക്കുന്നവരോ, അല്ലെങ്കില്‍ അതിനെ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുന്നവരോ ആയിരിക്കാതെ. അതു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമായിരിക്കുന്നു.
  • وَإِنمِّنقَرْيَةٍ ഒരു രാജ്യവും ഇല്ല إِلَّانَحْنُ നാം അല്ലാതെ مُهْلِكُوهَاഅതിനെ നശിപ്പിക്കുന്നവര്‍ قَبْلَيَوْمِ ദിവസത്തിനു മുമ്പ് الْقِيَامَةِക്വിയാമത്തിന്റെ أَوْمُعَذِّبُوهَا അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍عَذَابًا ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ كَانَذَٰلِكَആയിരിക്കുന്നു فِيالْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مَسْطُورًاരേഖപ്പെടുത്ത (എഴുതപ്പെട്ട)ത്.

ക്വിയാമത്തുനാളില്‍, സകല രാജ്യങ്ങളും അവയിലെ വസ്തുക്കളും നശിച്ചുപോകുമെന്നുള്ളതു തീര്‍ച്ചയാണ്. എന്നാല്‍, അതിനുമുമ്പുതന്നെ, ഒരു നാട്ടിലെ ജനങ്ങള്‍ അവിശ്വാസത്തിലും തോന്നിയവാസത്തിലും അതിരുകവിയുമ്പോള്‍, ആ ജനതയെ നിശ്ശേഷം നശിപ്പിക്കുകയോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വല്ല കഠിനശിക്ഷയും അവര്‍ക്കു നല്‍കുകയോ അല്ലാഹു ചെയ്യാതിരിക്കുകയില്ല. ഇക്കാര്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന ഗ്രന്ഥത്തില്‍ – ‘ലൗഹുല്‍മഹ്ഫൂദ്വി’ല്‍ – മുമ്പേ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു എന്ന് സാരം. ‘കഠിനമായ ശിക്ഷ’ എന്ന് പറഞ്ഞതില്‍, യുദ്ധം, കലഹം, കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം ആദിയായവയെല്ലാം ഉള്‍പ്പെടുന്നതാകുന്നു. الله أعلم

ജനങ്ങള്‍ ധിക്കാരത്തില്‍ മുഴുകുമ്പോള്‍, ഇഹത്തില്‍ വെച്ചുതന്നെ അവരുടെമേല്‍ ചില ശിക്ഷാ നടപടികള്‍ എടുക്കുമെന്നത്രെ അല്ലാഹു പറയുന്നത്. അല്ലാതെ, രാജ്യത്തുള്ളവര്‍ നിര്‍ദ്ദോഷികളായിരുന്നാല്‍പോലും എല്ലാ രാജ്യത്തെയും നശിപ്പിക്കുകയോ, പൊതുശിക്ഷക്ക് വിധേയമാക്കുകയോ ചെയ്യുമെന്നല്ല ഈ വചനത്തില്‍ പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹു പറയുന്നു:

وَمَا كُنَّا مُهْلِكِي الْقُرَىٰ إِلَّا وَأَهْلُهَا ظَالِمُونَ : – القصص٥٩

(രാജ്യക്കാര്‍ അക്രമികളായിരിക്കവെയല്ലാതെ നാം അവയെ നശിപ്പിക്കുന്നവരല്ല. (28:59).

നശിപ്പിക്കപ്പെട്ട സമുദായങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു:

 101 وَمَاظَلَمْنَاهُمْوَلَـٰكِنظَلَمُواأَنفُسَهُمْ – هود

(നാം അവരോടു അക്രമം ചെയ്തിട്ടില്ല. എങ്കിലും അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചു. (11:101).

17:59

  • وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْءَايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْءَايَٰتِ إِلَّا تَخْوِيفًا ﴾٥٩﴿
  • ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ.

    ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും.
  • وَمَا مَنَعَنَا നമ്മെ മുടക്കി (നമുക്കു തടസ്സമാ)യിട്ടില്ല أَن نُّرْسِلَ നാം അയക്കുന്നതിനു بِالْآيَاتِ ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി إِلَّا أَن كَذَّبَ വ്യാജമാക്കിയതല്ലാതെ بِهَا അവയെ الْأَوَّلُونَ ആദ്യത്തേവര്‍, പൂര്‍വ്വികന്‍മാര്‍ وَآتَيْنَا നാം നല്‍കി, നല്‍കുകയും ചെയ്തു ثَمُودَ ഥമൂദിനു النَّاقَةَ ഒട്ടകത്തെ مُبْصِرَةً കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ടു) فَظَلَمُوا എന്നിട്ടവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അതുനിമിത്തം, അതു സംബന്ധിച്ചു وَمَا نُرْسِلُ നാം അയക്കുന്നില്ല, അയക്കാറില്ല بِالْآيَاتِ ദൃഷ്ടാന്തങ്ങളെ إِلَّا تَخْوِيفًا ഭയപ്പെടുത്തുന്നതിനല്ലാതെ.

ഇമാം അഹ്മദ്, നസാഈ, ഇബ്നുജരീര്‍, ത്വബ്റാനി, ഹാകിം, ബസ്സാര്‍, (رحمهم الله) മുതലായവര്‍ ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: “മക്കാ നിവാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സ്വഫാ എന്ന കുന്ന് (جبل صفا) സ്വര്‍ണ്ണമാക്കി കൊടുക്കണമെന്നും, അവരില്‍ നിന്നു (മക്കായിലെ) മലകള്‍ നീക്കം ചെയ്തു കൃഷിചെയ്യുമാറാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോടു പറയപ്പെട്ടു: “വേണമെങ്കില്‍ അവര്‍ക്കു സാവകാശം നല്‍കാം. (അവര്‍ക്ക് തല്‍ക്കാലം ഒഴിവ് നല്‍കാം.) അവര്‍ ചോദിച്ചതുതന്നെ വേണമെങ്കില്‍ അതും ചെയ്യാം. എന്നിട്ട് അവര്‍ അവിശ്വസിക്കുന്നപക്ഷം അവരുടെ മുമ്പുണ്ടായിരുന്ന സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടതുപോലെ അവര്‍ നശിപ്പിക്കപ്പെടും. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: (വേണ്ടാ) എന്നാല്‍ ഞാന്‍ അവര്‍ക്ക് സാവകാശം നല്‍കിക്കൊള്ളാം. ഈ അവസരത്തില്‍ ….. وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ എന്നുള്ള (ഈ) വചനം അല്ലാഹു അവതരിപ്പിച്ചു. ഇബ്നു അബ്ബാസ് رَضِيَ اللهُ تَعَالَى عَنْهُല്‍ നിന്ന് തന്നെ വേറൊരു മാര്‍ഗ്ഗത്തിലൂടെ ഇങ്ങിനെയും നിവേദനം വന്നിട്ടുണ്ട്: സ്വാലിഹ് (عليه الصلاة والسلام) നബിയും (മറ്റു) നബിമാരും കൊണ്ടുവന്നതുപോലെ, താന്‍ ഞങ്ങള്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നെങ്കില്‍! എന്നു ജനങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞു. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: നിങ്ങള്‍ക്കു വേണമെന്നുണ്ടെങ്കില്‍ ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കാം. അവന്‍ അതു ഇറക്കിയിട്ടു നിങ്ങള്‍ അനുസരണക്കേടു കാണിച്ചാല്‍ നിങ്ങള്‍ നാശമടയും. അപ്പോള്‍, അവര്‍ പറഞ്ഞു: ഞങ്ങള്‍ അതു ആവശ്യപ്പെടുന്നില്ല.’ (അ; ബ). ഏതാണ്ടു ഈ സ്വഭാവത്തിലുള്ള രിവായത്തുകള്‍ വേറെയും കാണാം.

മേലുദ്ധരിച്ചതില്‍ നിന്ന് ഈ വചനത്തിന്റെ താല്‍പര്യം വ്യക്തമായി മനസ്സിലാക്കാം. അതായത്, ഈ അവിശ്വാസികള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ – അവര്‍ കെട്ടിച്ചോദിക്കുന്നതോ, സ്വാലിഹുനബി (عليه الصلاة والسلام), മൂസാനബി (عليه الصلاة والسلام) മുതലായവര്‍ക്കു നല്‍കപ്പെട്ടതുപോലെയുള്ളതോ ആയ പ്രത്യക്ഷ ദൃഷ്ടാന്തങ്ങള്‍ – നാം അവര്‍ക്കു അയച്ചുകൊടുക്കാത്തതിന്റെ കാരണം ഇതാണ്: മുന്‍സമുദായങ്ങള്‍ക്കു അത്തരം ദൃഷ്ടാന്തങ്ങള്‍ അയച്ചുകൊടുത്തിട്ട് അവര്‍ അവയെ വ്യാജമാക്കുകയും, അങ്ങനെ അവര്‍ നാശത്തിനു വിധേയരാകുകയുമാണു ചെയ്തത്. അതുപോലെ, ഈ സമുദായത്തിനും നാശം സംഭവിക്കുവാന്‍ ഇടവരരുതെന്നുദ്ദേശിച്ചാണ്. മുന്‍ സമുദായങ്ങള്‍ അവര്‍ക്കു നല്‍കപ്പെട്ട പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് സ്വാലിഹു (عليه الصلاة والسلام) നബിയുടെ സമുദായമായ ഥമൂദുഗോത്രത്തിനു നല്‍കിയിരുന്ന ഒട്ടകത്തിന്റെ ദൃഷ്ടാന്തം. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ആ പ്രത്യക്ഷദൃഷ്ടാന്തം അവര്‍ക്കു നല്‍കിയത്. അവര്‍ ആ ദൃഷ്ടാന്തത്തെ നിഷേധിക്കുകയും, ആ ഒട്ടകത്തെ അക്രമിക്കുകയുമാണുണ്ടായത്. അതുമൂലം അവര്‍ പൊതുശിക്ഷക്കു വിധേയരാകുകയും ചെയ്തു. ഥമൂദു ഗോത്രത്തിന്റെ ഒട്ടകത്തെപ്പറ്റി പലപ്പോഴും ക്വുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കു ഭയപ്പാടുണ്ടാക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നു അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അഥവാ സത്യത്തിന്റെ സ്ഥാപനത്തിനു വേണ്ടിയോ, നിര്‍ബ്ബന്ധ പൂര്‍വ്വം ജനങ്ങളെ വിശ്വസിപ്പിക്കുകയോ അല്ല – അല്ലാഹുവിനെക്കുറിച്ചു ഭയവും ബോധവും ഉണ്ടായിത്തീരുകയും, അങ്ങിനെ, സത്യത്തിലേക്കു മടങ്ങുവാന്‍ പ്രേരണ ലഭിക്കുകയുമാണു – ദൃഷ്ടാന്തം കൊണ്ടുദ്ദേശ്യം. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നതാണ്. അതായത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പുത്രന്‍ ഇബ്രാഹീം എന്ന കുട്ടി ചരമമടഞ്ഞ ദിവസം സൂര്യഗ്രഹണമുണ്ടായി. അതു കുട്ടിയുടെ മരണം നിമിത്തമാണെന്നു ചിലര്‍ പറഞ്ഞു. ആ അവസരത്തില്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: “നിശ്ചയമായും, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാകുന്നു. ഒരാളുടെയും മരണം നിമിത്തമോ, ജീവിതം നിമിത്തമോ അവക്കു ഗ്രഹണം ബാധിക്കുകയില്ല. എങ്കിലും അതു രണ്ടും മുഖേന അല്ലാഹു അവന്റെ അടിയാന്‍മാരെ ഭയപ്പെടുത്തുന്നു. അതിനാല്‍, അതു (ഗ്രഹണം) നിങ്ങള്‍ കണ്ടാല്‍, അവന്റെ സ്മരണയിലേക്കും, പ്രാര്‍ത്ഥനയിലേക്കും, പാപമോചനം തേടുന്നതിലേക്കും നിങ്ങള്‍ അഭയം പ്രാപിച്ചുകൊള്ളുവിന്‍.’ പിന്നീടു തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു : “മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവിനെത്തന്നെ സത്യം! എനിക്കറിയാവുന്നത് നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍, നിങ്ങള്‍ അല്‍പം (മാത്രം) ചിരിക്കുകയും, ധാരാളം കരയുകയും ചെയ്തേക്കുമായിരുന്നു.’ (ബു; മു).

17:60

  • وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَٰنًا كَبِيرًا ﴾٦٠﴿
  • ‘നിശ്ചയമായും, നിന്റെ റബ്ബ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു’ എന്നു നാം നിന്നോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നിനക്കു നാം കാണിച്ചുതന്നതായ (ആ) കാഴ്ചയെ മനുഷ്യര്‍ക്കു ഒരു പരീക്ഷണമായിട്ടല്ലാതെ നാം ആക്കിയിട്ടില്ല. ക്വുര്‍ആനിലെ (ആ) ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു). നാം അവരെ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു; എന്നാല്‍ അതവര്‍ക്കു വലുതായ അതിരുകവിയലിനെ [ധിക്കാരത്തെ] യല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല.
  • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لَكَ നിന്നോടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് أَحَاطَ വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു بِالنَّاسِ മനുഷ്യരെ, മനുഷ്യരില്‍ وَمَا جَعَلْنَا നാം ആക്കിയിട്ടുമില്ല الرُّؤْيَا കാഴ്ച്ചയെ الَّتِي أَرَيْنَاكَ നിനക്കു നാം കാണിച്ചു (കാട്ടി) തന്ന إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്ക് وَالشَّجَرَةَ വൃക്ഷ(മര) ത്തെയും الْمَلْعُونَةَ ശപിക്കപ്പെട്ട فِي الْقُرْآنِ ക്വുര്‍ആനില്‍ (ഉള്ള) وَنُخَوِّفُهُمْ നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു فَمَا يَزِيدُ എന്നാല്‍ (എന്നിട്ടും) അതു വര്‍ദ്ധിപ്പിക്കുന്നില്ല هُمْ അവര്‍ക്കു إِلَّا طُغْيَانًا അതിരുവിടല്‍ (ധിക്കാരം) അല്ലാതെ كَبِيرًا വലുതായ.

നാലു വാക്യങ്ങളടങ്ങിയ ഈ വചനത്തില്‍ അല്ലാഹു പ്രസ്‌താവിച്ച കാര്യങ്ങള്‍ ഇങ്ങിനെ മനസ്സിലാക്കാം:

(1) മനുഷ്യരെ അല്ലാഹു വലയം ചെയ്‌തിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ട്‌ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അല്ലാഹു മനസ്സമാധാനവും ധൈര്യവും നല്‍കുന്നു. അതായത്‌, അല്ലാഹുവിന്റെ അധികാരനിയന്ത്രണങ്ങളുടെ വലയത്തിലാണ്‌ മനുഷ്യരുള്ളത്‌. ആ വലയം ലംഘിച്ച് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ ദ്രോഹിക്കുവാനോ, പ്രബോധന കൃത്യത്തിന്‌ തടസ്സം വരുത്തുവാനോ അവര്‍ക്ക്‌ കഴിയുകയില്ല. അതുകൊണ്ട്‌ ആ കൃത്യം ശരിക്കു നിര്‍വഹിച്ചുകൊണ്ടേയിരിക്കണമെന്ന്‌ അല്ലാഹു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അറിയിച്ചിട്ടുണ്ട്‌ എന്നു സാരം. സൂ: മാഇദഃയില്‍ അല്ലാഹു പറയുന്നു: وَاللَّـهُ يَعْصِمُكَ مِنَ النَّاسِ (അല്ലാഹു മനുഷ്യരില്‍നിന്ന്‌ നിന്നെ കാത്തുരക്ഷിക്കുന്നതാണ്‌.)

(2) നബി صَلَّى اللَّهُ عَلَيْهِ وَسَلَّم ക്ക്‌ അല്ലാഹു കാണിച്ചുകൊടുത്ത ആ കാഴ്‌ച ജനങ്ങള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമായിരുന്നു. അഥവാ വിശ്വാസികളുടെ വിശ്വാസം വര്‍ദ്ധിക്കുവാനും, അവിശ്വാസികളുടെ നിഷേധം കൂടുതല്‍ മൂര്‍ഛിക്കുവാനും അതുകാരണമാകുമെന്നു സാരം.

الرُّؤْيَا الَّتِي أَرَيْنَاكَ (നിനക്ക്‌ നാം കാണിച്ചുതന്ന ആ കാഴ്‌ച) കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌ എന്താണെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടുമൂന്നു അഭിപ്രായങ്ങള്‍ കാണാം. അവയില്‍ വെച്ചു കൂടുതല്‍ സ്വീകാര്യമായ അഭിപ്രായം ഈ സൂറത്തിലെ 1-ാം വചനത്തില്‍ പ്രസ്‌താവിക്കപ്പെട്ട `ഇസ്‌റാഇ’ന്റെ യാത്രയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അല്ലാഹു കാട്ടിക്കൊടുത്ത അത്ഭുതദൃഷ്‌ടാന്തങ്ങളാണുദ്ദേശ്യം എന്നുള്ളതാകുന്നു. ആ വാര്‍ത്ത സത്യവിശ്വാസികള്‍ക്ക്‌ വിശ്വാസദാര്‍ഢ്യത്തിനും, അവിശ്വാസികള്‍ക്ക്‌ നിഷേധ വര്‍ദ്ധനവിനും കാരണമായിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. ഈ വാക്യത്തിലെ `കാഴ്‌ച’ (الرُّؤْيَا) കൊണ്ടുദ്ദേശ്യം, `ഇസ്‌റാഇ’ന്റെ രാത്രിയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ കണ്‍ കാഴ്‌ചയായി കാണിക്കപ്പെട്ട കാഴ്‌ചയാണെന്നും, ‘ശപിക്കപ്പെട്ട വൃക്ഷം’ (الشَّجَرَةَالْمَلْعُونَةَ) കൊണ്ടുദ്ദേശ്യം ‘സഖ്-ഖൂം’ (الزقوم) വൃക്ഷവുമാണെന്നും ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്‌താവിച്ചതായി അഹ്‌മദ്‌, ബുഖാരി (رحمة الله عليهما) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഖ്യാതാക്കളില്‍ അധികഭാഗവും സ്വീകരിച്ചിട്ടുള്ളതും ഈ അഭിപ്രായം തന്നെയാകുന്നു. (*)


(*) الرُّؤْيَا എന്ന വാക്ക് സ്വപ്നക്കാഴ്ചയിലാണ് കൂടുതല്‍ ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും കണ്ണുകൊണ്ടുള്ള കാഴ്ച്ചയെ ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ടെന്നും, ‘ഇസ്രാഉം, മിഅ്റാജും’ സ്വപ്നത്തിലായിരുന്നുവെന്ന വാദക്കാര്‍ ഈ വാക്ക് തങ്ങള്‍ക്ക് തെളിവായി എടുത്തു കാണിക്കാറുണ്ടെന്നും, അത് ശരിയല്ലെന്നും 1-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.


(3) ക്വുര്‍ആനില്‍ ശപിക്കപ്പെട്ട വൃക്ഷത്തെയും അല്ലാഹു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. അതായത്‌: നരകത്തില്‍ ‘സഖ്=ഖൂം’ എന്ന ഒരു വൃക്ഷമുണ്ടെന്നും അത്‌ പാപികളുടെ ഭക്ഷണമാണെന്നും അതും അവരുടെ ശിക്ഷാവകുപ്പുകളില്‍പെട്ട ഒന്നാണെന്നും അല്ലാഹു ക്വുര്‍ആനില്‍ (സ്വാഫ്‌ഫാത്ത്‌, ദുഖാന്‍, വാക്വിഅഃ എന്നീ സൂറത്തുകളില്‍) പ്രസ്‌താവിച്ചിരിക്കുന്നു. ഈ വൃക്ഷത്തെപ്പറ്റി കേട്ടപ്പോള്‍, `നരകം കല്ലുകള്‍ പോലും കരിച്ചുകളയുമെന്ന്‌ മുഹമ്മദ്‌ പറയുന്നു, അതേ സമയത്ത്‌ അതില്‍ വൃക്ഷങ്ങളുണ്ടെന്നും അവന്‍ പറയുന്നു. തീയില്‍ കരിഞ്ഞുപോകുന്ന വൃക്ഷം തീയില്‍ എങ്ങനെ മുളച്ചുണ്ടാകും? എന്നും മറ്റും പറഞ്ഞു അബൂജഹ്‌ല്‍ മുതലായ മുശ്‌രിക്കുകള്‍ പരിഹസിക്കുകയുണ്ടായി. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നരകത്തെക്കുറിച്ചു‌ അതവര്‍ക്ക്‌ കൂടുതല്‍ ഭയപ്പാടുളവാക്കുകയേ ചെയ്‌തുള്ളൂതാനും. ഇതിനെപ്പറ്റിയാണ്‌ ക്വുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷത്തെയും ഒരു പരീക്ഷണമാക്കിയിരിക്കുന്നുവെന്ന്‌ പറഞ്ഞത്‌. ശപിക്കപ്പെട്ട വൃക്ഷം എന്ന്‌ പറഞ്ഞത്‌ ‘സഖ്-ഖൂ’മിനെപ്പറ്റിയാണെന്ന്‌ ഇബ്‌നു അബ്ബാസ്‌ (റ) പ്രസ്‌താവിച്ചത്‌ മുമ്പ്‌ ഉദ്ധരിച്ചുവല്ലോ. സ്വര്‍ഗത്തിലെയും നരകത്തിലെയും വസ്‌തുക്കള്‍ക്ക്‌ ഭൗതികവസ്‌തുക്കളുമായി നാമമാത്ര സാമ്യമേ ഉള്ളൂ. മനുഷ്യര്‍ക്ക്‌ പരിചിതമായ പേരുകളിലും വാക്കുകളിലുമല്ലാതെ അവയെക്കുറിച്ച്‌ വിവരിക്കുവാന്‍ നിവൃത്തിയില്ലല്ലോ. ഭൗതികവസ്‌തുക്കളില്‍ തന്നെ തീയില്‍ കരിഞ്ഞുപോകാത്ത ചിലതുണ്ടെന്നും, ചില വൃക്ഷങ്ങളില്‍ നിന്ന്‌ തീ ഉല്‌പാദിപ്പിക്കപ്പെടാമെന്നും ആലോചിക്കുമ്പോള്‍ നരകാഗ്നിയില്‍ വൃക്ഷം വളരുവാനുള്ള സാധ്യതയില്‍ സംശയത്തിന്നവകാശമില്ല. അത്രയുമല്ല, സസ്യവര്‍ഗ്ഗങ്ങളിലും ജലത്തിലുമെല്ലാം അഗ്നിയുടെ അംശം കൂടി അടങ്ങിയിട്ടുണ്ടെന്നുള്ളത് ആധുനിക ശാസ്‌ത്രം തെളിയിച്ചുകഴിഞ്ഞതാണ്‌.

(4) മനുഷ്യരെ അല്ലാഹു ഭയപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അവര്‍ക്ക്‌ വലിയ അതിരു കവിയലും ധിക്കാരവും വര്‍ദ്ധിക്കുകയാണ്‌ ചെയ്യുന്നത്‌. അതായതു, താക്കീതുകള്‍ ദൃഷ്‌ടാന്തങ്ങള്‍ മുതലായവ മനുഷ്യര്‍ക്ക്‌ ഭയപ്പാടുണ്ടാക്കുവാനും, അങ്ങനെ അവര്‍ മാനസാന്തരപ്പെട്ടു നന്നായിത്തീരുവാനും വേണ്ടിയാണ്‌ നല്‍കിവരുന്നത്‌. എന്നാല്‍, അവിശ്വാസികള്‍ അതുകൊണ്ടൊന്നും ഭയപ്പെടുകയോ, മാനസാന്തരപ്പെടുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, അവരുടെ നിഷേധവും പരിഹാസവും വര്‍ദ്ധിക്കുകയാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത് എന്നു സാരം.

എട്ടാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 25 മുതൽ 40 വരെ

സൂറത്തുല്‍ ഇസ്രാഉ് :25-40

17:25

  • رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا ﴾٢٥﴿
  • നിങ്ങളുടെ റബ്ബ് നിങ്ങളുടെ മനസ്സുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം, അവന്‍ (മനസാ ഖേദിച്ചു) മടങ്ങുന്നവര്‍ക്കു വളരെ പൊറുക്കുന്നവനാകുന്നു.
  • رَّبُّكُمْ നിങ്ങളുടെ റബ്ബു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി فِي نُفُوسِكُمْ നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍ إِن تَكُونُوا നിങ്ങളായിരിക്കുന്ന പക്ഷം صَالِحِينَ നല്ലവര്‍, സദ്‌വൃത്തര്‍ فَإِنَّهُ كَانَ എന്നാല്‍ അവനാകുന്നു لِلْأَوَّابِينَ (മനസാ) മടക്കുമുള്ളവര്‍ക്കു غَفُورًا വളരെ പൊറുക്കുന്നവന്‍

മനുഷ്യമനസ്സുകളിലെ വിചാര വികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മനുഷ്യനെക്കാള്‍ അറിയുന്നവനാണ് അല്ലാഹു. അതനുസരിച്ചായിരിക്കും അവന്റെ ചെയ്തികളെ അവന്‍ വിലയിരുത്തുക. മനുഷ്യന്‍ സല്‍ക്കര്‍മ്മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം – സ്വന്തം പാകപ്പിഴവുകളെയും, തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക അതിന്റെ അനിവാര്യ ഫലവുമാണ്‌ – അതിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുക തന്നെ ചെയ്യും എന്നു സാരം.

ഇപ്പറഞ്ഞതു ഒരു പൊതുതത്വമെന്ന നിലക്കാണെങ്കിലും – സന്ദര്‍ഭം നോക്കുമ്പോള്‍ – ഇതില്‍ ചില സൂചനകള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാവുന്നതാണ്.

(1). മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ത്ഥ മനഃസ്ഥിതി എന്താണെന്നു അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെ അടുക്കല്‍ സ്വീകാര്യമായിരിക്കയില്ലെന്നു ഓര്‍ക്കേണ്ടതാകുന്നു.

(2). സദുദ്ദേശ്യത്തോടു കൂടിയും, ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരും.

മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചു പ്രസ്താവിച്ചശേഷം, അവര്‍ക്കു പുറമെയുള്ള അടുത്ത ബന്ധുക്കളോടും മറ്റും പാലിക്കേണ്ടുന്ന കടമകളെപ്പറ്റി പ്രസ്താവിക്കുന്നു:-

17:26

  • وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴾٢٦﴿
  • അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്.
  • وَآتِ നല്‍കുകയും ചെയ്യുക ذَا الْقُرْبَىٰ അടുത്ത ബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ وَالْمِسْكِينَ സാധുവിന്നും, പാവപ്പെട്ടവനും وَابْنَ السَّبِيلِ വഴിപോക്കനും وَلَا تُبَذِّرْ വിതറുക (വിതക്കുക – ധൂര്‍ത്തടിക്കുക – ദുര്‍വ്യയം ചെയ്യുക)യും അരുതു تَبْذِيرًا ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം

17:27

  • إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا ﴾٢٧﴿
  • നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും.
  • إِنَّ الْمُبَذِّرِينَ നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍ كَانُوا ആയിരിക്കുന്നു إِخْوَانَ സഹോദരന്മാര്‍ الشَّيَاطِينِ പിശാചുക്കളുടെ وَكَانَ ആകുന്നു (ആയിരിക്കുന്നു) താനും الشَّيْطَانُ പിശാചു لِرَبِّهِ തന്റെ റബ്ബിനു كَفُورًا നന്ദികെട്ടവന്‍

17:28

  • وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ﴾٢٨﴿
  • നിന്റെ റബ്ബിങ്കല്‍നിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതിനാല്‍, നീ അവരില്‍നിന്നു (വല്ലപ്പോഴും) തിരിഞ്ഞുകളയുന്ന പക്ഷം, അവരോടു എളുപ്പമുള്ള (സൗമ്യതയുള്ള) വാക്കു പറഞ്ഞുകൊള്ളുക.
  • وَإِمَّا تُعْرِضَنَّ നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം عَنْهُمُ അവരെപ്പറ്റി, അവരില്‍ നിന്നു ابْتِغَاءَ ആഗ്രഹിച്ചു (തേടി)ക്കൊണ്ടു رَحْمَةٍ വല്ല കാരുണ്യവും (അനുഗ്രഹവും) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു تَرْجُوهَا നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു فَقُل എന്നാല്‍ പറയുക لَّهُمْ അവരോടു قَوْلًا വാക്കു مَّيْسُورًا എളുപ്പമുള്ള (ലഘുവായ – സൗകര്യപ്പെട്ട – സൗമ്യതയുള്ള)

حَقّ (കടമ – അഥവാ അവകാശം) എന്നതില്‍ ധനപരമായും, സ്വഭാവ സംബന്ധമായും പാലിക്കപ്പപെടേണ്ടുന്ന എല്ലാ ബാധ്യതകളും ഉള്‍പ്പെടുന്നു. എങ്കിലും തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്ന് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു ധനപരമായ ബാധ്യത നിറവേറ്റലാണെന്നു മനസ്സിലാകുന്നു. ആവശ്യത്തില്‍ കവിഞ്ഞു ചിലവഴിക്കുക, അനാവശ്യ വിഷയങ്ങളില്‍ ചിലവഴിക്കുക, അനുവദനീയമല്ലാത്ത വിഷയത്തില്‍ വിനിയോഗിക്കുക – ഇതെല്ലാം ധനം ധൂര്‍ത്തടിക്കലാകുന്നു. ധൂര്‍ത്തടിക്കല്‍ തനി പൈശാചിക സ്വഭാവമാണെന്നും, അല്ലാഹുവിനോടുള്ള നന്ദികേടും, ധിക്കാരവുമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു. തല്‍ക്കാലം കയ്യിലൊന്നുമില്ല, എന്നാലും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു താമസിയാതെ വല്ലതും ലഭിച്ചേക്കുമെന്നു പ്രതീക്ഷയുമുണ്ട്‌. കിട്ടിയാല്‍ അതില്‍നിന്നു ചിലവഴിക്കുവാന്‍ സന്നദ്ധതയുമുണ്ട്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ മേല്‍പറഞ്ഞവര്‍ സമീപിച്ചാല്‍ അവരോടു നല്ല വാക്കുകള്‍ പറഞ്ഞ് തൃപ്തിപ്പെടുത്തണം – മുറുമുറുപ്പും വെറുപ്പും ഉണ്ടായിത്തീരരുതു – എന്നുകൂടി കല്‍പിക്കുന്നു.

17:29

  • وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴾٢٩﴿
  • നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും.
  • وَلَا تَجْعَلْ ആക്കുകയും ചെയ്യരുത് يَدَكَ നിന്റെ കൈ مَغْلُولَةً ബന്ധിക്കപ്പെട്ടതു إِلَىٰ عُنُقِكَ നിന്റെ പിരടിയിലേക്കു وَلَا تَبْسُطْهَا അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു كُلَّ الْبَسْطِ മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍) فَتَقْعُدَ എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും) مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി مَّحْسُورًا ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി

17:30

  • إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ﴾٣٠﴿
  • നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം (അഥവാ ആഹാരം) വിശാലമാക്കുകയും, കണക്കാ(ക്കി കുടുസ്സാ)ക്കുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍, തന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമാകുന്നു.
  • إِنَّ رَبَّكَ നിശ്ചയമായും അല്ലാഹു يَبْسُطُ നീട്ടും, വിരുത്തും (വിശാലമാക്കും) الرِّزْقَ ആഹാരം, ഉപജീവനം لِمَنيَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്وَيَقْدِرُ കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും إِنَّهُ നിശ്ചയമായുംഅവന്‍ كَانَ ആകുന്നു بِعِبَادِهِഅവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞന്‍ بَصِيرًا കണ്ടറിയുന്നവന്‍

ആവശ്യത്തിനുപോലും ചിലവഴിക്കാതെ പിശുക്കുപിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്കു ബന്ധിക്കപ്പെട്ടതാക്കരുത് എന്നു പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങു നീട്ടരുത് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. സ്വന്താവശ്യങ്ങള്‍ക്കു വേണ്ടിയാകട്ടെ, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാകട്ടെ ധനം ചിലവഴിക്കുമ്പോള്‍ അതില്‍ മിതത്വം പാലിക്കല്‍ നിര്‍ബ്ബന്ധമാണെന്നു സാരം. പിശുക്കു പിടിക്കുന്നവന്‍ – അല്ലാഹുവിന്റെയും ജനങ്ങളുടെയും അടുക്കല്‍ ആക്ഷേപവിധേയനും, അമിതവ്യയം ചെയ്യുന്നവന്‍ ഉള്ളത് നഷ്ടപ്പെട്ട് ഖേദക്കാരനും ആയിത്തീരുമെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. തുടര്‍ന്നുകൊണ്ട് ജീവിത സൗകര്യങ്ങള്‍ ചിലര്‍ക്കു വിശാലമായും, ചിലര്‍ക്കു പരിമിതമായും നല്‍കപ്പെടുന്നതു അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നും, ആര്‍ക്കു അധികം നല്‍കണം, ആര്‍ക്കു കുറച്ചു കൊടുക്കണം എന്നൊക്കെ അവനു ശരിക്കും കൃത്യമായും അറിയാമെന്നും ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

ക്വുര്‍ആനിലും ഹദീഥിലും വളരെ നിഷ്കര്‍ഷമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമത്രെ മിതവ്യയം. വിളവെടുപ്പു നടത്തുമ്പോള്‍ അതില്‍ നിന്നു കൊടുത്തുതീര്‍ക്കേണ്ടുന്ന കടമ തീര്‍ക്കണമെന്നു കല്‍പിച്ചതിനെത്തുടര്‍ന്ന് അല്ലാഹു പറയുന്നു:

وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأنعام

(അമിതമാക്കുകയും അരുത്, അമിതമാക്കുന്നവരെ അവന്‍ – അല്ലാഹു ഇഷ്ടപ്പെടുകയില്ല. 6:141). മറ്റൊരു സ്ഥലത്തു പറയുന്നു:

وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأعراف

(തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. അമിതമാക്കുകയും ചെയ്യരുത്. അവന്‍ അമിതമാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. 7:31). സജ്ജനങ്ങളുടെ സല്‍ഗുണങ്ങളെ വിവരിക്കുന്ന മദ്ധ്യെ സൂ: ഫുര്‍ഖാനില്‍ പറയുന്നു:

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا: الفرقان: ٦٧

(സാരം: ചിലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകയാകട്ടെ, പിശുക്കു കാണിക്കുകയാകട്ടെ ചെയ്യാതെ അതിനിടയില്‍ അതു മിതമായ നിലക്കായിരിക്കുന്നവരും). അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “മിതവ്യയം പാലിച്ചവനു ദാരിദ്ര്യം പിണയുകയില്ല.” ബൈഹഖി (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥില്‍, ‘മിതത്വം പാലിക്കല്‍ ഉപജീവനമാര്‍ഗ്ഗത്തിന്റെ പകുതിയാകുന്നു” എന്നും വന്നിരിക്കുന്നു.

വിഭാഗം – 4

17:31

  • وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا ﴾٣١﴿
  • ദാരിദ്ര്യത്തെഭയന്ന് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം (ആഹാരം) നല്‍കുന്നത്. നിശ്ചയമായും, അവരെ കൊല്ലല്‍ ഭീമമായ ഒരു തെറ്റാകുന്നു.
  • وَلَا تَقْتُلُوا നിങ്ങള്‍ കൊള്ളുക (വധിക്കുക) യും ചെയ്യരുത് أَوْلَادَكُمْ നിങ്ങളുടെ കുട്ടികളെ خَشْيَةَ ഭയന്നതിനാല്‍ إِمْلَاقٍ ദാരിദ്ര്യത്തെ, വലയുന്നതിനെ نَّحْنُ നാം (തന്നെ), നാമത്രെ نَرْزُقُهُمْ അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത് وَإِيَّاكُمْ നിങ്ങള്‍ക്കും إِنَّ قَتْلَهُمْ നിശ്ചയമായും അവരെ കൊല്ലല്‍ كَانَ ആകുന്നു خِطْئًا ഒരു തെറ്റു, കുറ്റം كَبِيرًا വലിയ, ഭീമമായ

ഉപജീവനമാര്‍ഗ്ഗം വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണെന്നു കഴിഞ്ഞ വചനത്തില്‍ പറഞ്ഞുവല്ലോ. തുടര്‍ന്നുകൊണ്ട് ഈ വചനത്തില്‍, പെണ്‍മക്കള്‍ ജനിക്കുന്നതു ദാരിദ്ര്യത്തിനു കാരണമാകാമെന്നു കരുതി സ്വന്തം മക്കളെ കൊന്നുകളയുന്ന മുന്‍കാല അറബികളുടെ പതിവിനെ നിരോധിക്കുകയും ആക്ഷേപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. ആ കുട്ടികള്‍ ബാക്കിയായാല്‍ അവര്‍ക്കു ആഹാരത്തിനു വഴിയുണ്ടാക്കുന്നതു നിങ്ങളല്ല, അവര്‍ക്കും നിങ്ങള്‍ക്കു തന്നെയും ആഹാരം നല്‍കുന്നത് നാമാണ്, എന്നിരിക്കെ ദാരിദ്ര്യത്തിന്റെ പേരില്‍ അവരെ കൊല്ലുന്നതിന് അര്‍ത്ഥമില്ല, അതു വളരെ വമ്പിച്ച ഒരു അപരാധമാണു എന്നു താക്കീതും നല്‍കുന്നു. ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെ സൂ: അന്‍ആം 151-ാം വചനത്തിലും വിരോധിച്ചിരിക്കുന്നത് നാം കണ്ടു. പക്ഷേ, അവിടെ നിലവിലുള്ള ദാരിദ്ര്യം നിമിത്തം (مِنْ إِمْلَاقٍ) കൊല്ലരുത് എന്നായിരുന്നു പറഞ്ഞത്. ഇവിടെ ദാരിദ്ര്യം ഉണ്ടാകുമെന്ന ഭയം നിമിത്തം (خَشْيَةَ إِمْلَاقٍ) കൊല്ലരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഈ വിരോധത്തെത്തുടര്‍ന്ന്‍ അവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاهُمْ (നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്ന്, ഇവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ (അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്നും പറഞ്ഞിരിക്കുന്നു. വിശ്വാസവും ചിന്താശക്തിയും ഉള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടുന്ന രണ്ട് വാക്യങ്ങളാണിവ.

ശിര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വമ്പിച്ച പാപമാണു മനുഷ്യവധം. അതു നിര്‍ദ്ദോഷിയും, പാവവുമായ സ്വന്തം കുഞ്ഞിനെ കൂടിയാകുമ്പോള്‍ ആ പാപം കൂടുതല്‍ കൂടുതല്‍ ഗൗരവപ്പെട്ടതായിത്തീരുന്നു. കൊലപ്പെടുത്തുവാനുള്ള കാരണം ദാരിദ്ര്യഭയം കൂടിയാകുമ്പോള്‍ അപരാധത്തിന്റെ കാഠിന്യം വീണ്ടും കൂടിപ്പോകുന്നു. ആഹാരത്തിന്റെ കാര്യം മുഴുവനും തങ്ങളുടെ കയ്യിലും നിയന്ത്രണത്തിലുമാണെന്നുള്ള തെറ്റായ ധാരണ – അല്ല, അഹങ്കാരം – ആണല്ലോ ഇതിന്റെ പിന്നിലുള്ളത്. അടുത്ത രണ്ടാമത്തെ വചനത്തില്‍ മനുഷ്യവധത്തെപ്പറ്റി പ്രത്യേകം വിരോധിക്കുന്നുണ്ട്. സൂ: അന്‍ആമിലാകട്ടെ, അതേ ആയത്തില്‍ തന്നെ അതു വിരോധിച്ചിരിക്കുന്നതു കാണാം. അപ്പോള്‍, പൊതുവായ ആ നിരോധത്തില്‍ ഉള്‍പ്പെടുത്താതെ, ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതും ആ അപരാധത്തിന്റെ ഗൗരവംകൊണ്ടുതന്നെ.

നമ്മുടെ രാജ്യമടക്കം ‘പരിഷ്കൃത രാജ്യ’ങ്ങളെന്നു അഭിമാനിക്കുന്ന പല രാജ്യങ്ങളിലും – ചില സങ്കല്‍പക്കണക്കുകളെ അടിസ്ഥാനമാക്കി – അടുത്ത ഭാവിയില്‍ ഉണ്ടായേക്കുമെന്ന് അനുമാനിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ പേരില്‍ നടപ്പില്‍ വരുത്തപ്പെടുന്ന സന്താന നിയന്ത്രണത്തിനും, ആ ആവശ്യാര്‍ത്ഥം അംഗീകരിക്കപ്പെട്ടുവരുന്ന ലജ്ജാവഹവും സംസ്കാരശൂന്യവുമായ പല സംരംഭങ്ങള്‍ക്കും ഇസ്‌ലാമിക ദൃഷ്ട്യാ എന്തായിരിക്കും സ്ഥാനമുള്ളതെന്നു ആലോചിച്ചു നോക്കുക! അതിനു സന്താനഹത്യയെന്നു പേര്‍ പറയാതെ, മറ്റെന്തെങ്കിലും അഭികാമ്യമായ പേരുകള്‍ നല്‍കി തൃപ്തി അടയുന്നത് കൊണ്ടോ, ജനിച്ചശേഷം കൊല ചെയ്യുന്നില്ലല്ലോ എന്ന സമര്‍ത്ഥനം കൊണ്ടോ അല്ലാഹുവിന്റെ മുമ്പില്‍ ഒരിക്കലും അതിനു ന്യായീകരണം ഉണ്ടാവാന്‍ പോകുന്നില്ല. ‘ദാരിദ്ര്യം നിമിത്ത’വും, ‘ദാരിദ്ര്യത്തെ ഭയന്നും’ കൊല ചെയ്യരുതെന്നും, ‘നിങ്ങള്‍ക്കും അവര്‍ക്കും’, ‘അവര്‍ക്കും നിങ്ങള്‍ക്കും’ ഞാനാണു ആഹാരം നല്‍കുന്നതെന്നുമുള്ള അല്ലാഹുവിന്റെ വാക്കുകള്‍ ശരിക്കും വിലയിരുത്തിക്കൊണ്ടു ആലോചിക്കുന്നവര്‍ക്കു ഇതില്‍ സംശയത്തിനവകാശമില്ല. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തെ പതിവിനെ ആസ്പദമാക്കി ‘കൊലപ്പെടുത്തരുത്’ എന്ന വാക്കാണ്‌ അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ആ നിരോധത്തിനു ആധാരമായി അല്ലാഹു ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ ഇന്നത്തെ സന്താന നിയന്ത്രണത്തിലും കാണാവുന്നതാണ്. സന്താന നിയന്ത്രണം നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിയ ചില പരിഷ്കൃത രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയും പില്‍ക്കാലത്ത് കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി വരുന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്.

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: പാപത്തില്‍ വെച്ച് ഏറ്റവും വമ്പിച്ചതു ഏതാണെന്നു ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചതു അല്ലാഹുവായിരിക്കെ, അവനു നീ സമന്‍മാരെ ഏര്‍പ്പെടുത്തലാകുന്നു.’ പിന്നെ ഏതെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ സന്താനം നിന്നോടൊപ്പം ഭക്ഷണം കഴിക്കുമെന്നു ഭയന്ന് – അതിനെ നീ കൊല്ലലാകുന്നു.’ പിന്നെ ഏതാണെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ അയല്‍ക്കാരന്റെ പത്നിയെ നീ വ്യഭിചിരിക്കുകയാണ്.’ (ബു. മു). സൂ: അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക.

17:32

  • وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا ﴾٣٢﴿
  • നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്.
  • وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത് الزِّنَا വ്യഭിചാരത്തെ إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً ഒരു നീചവൃത്തി وَسَاءَ അതു വളരെ ദുഷിച്ചതുമാണ് سَبِيلًا മാര്‍ഗ്ഗം, വഴി

വ്യഭിച്ചരിക്കരുത് എന്നു പറയാതെ, അതിനെ സമീപികരുതെന്നത്രെ അല്ലാഹു പറഞ്ഞവാക്ക് വളരെ ശ്രദ്ധേയമാണിത്. വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിനു വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാകുന്നു. അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങള്‍ക്കും പ്രേമപ്രകടനങ്ങള്‍ക്കും പരിഷ്കാരത്തിന്റെയും, പുരോഗമനത്തിന്റെയും പേരു നല്‍കി പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ഈ കാലത്തു വ്യഭിചാരം ഒരു വന്‍കുറ്റമായി ഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്. പക്ഷേ, കാലദേശങ്ങളുടെയോ, ജനാഭിലാഷങ്ങളുടെയോ വ്യത്യാസം കൂടാതെ എക്കാലത്തും വ്യഭിചാരം വളരെ നീചവും നിന്ദ്യവുമായ ഒരു മഹാപാപമായിട്ടാണ് അല്ലാഹു കണക്കാക്കുന്നത്.

ഈ വചനത്തിലും, അടുത്ത ചില വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും, കഴിഞ്ഞ സൂറത്തുകളിലും, താഴെ സൂറത്തുകളിലുമായി കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതുകൊണ്ടു ഇവ ഓരോന്നിനെയും പറ്റി കൂടുതലൊന്നും വിവരിക്കുന്നില്ല.

17:33

  • وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا ﴾٣٣﴿
  • അല്ലാഹു (കൊല) നിഷിദ്ധമാക്കിയ (അഥവാ പരിപാവനമാക്കിയ) ദേഹത്തെ (ആളെ) ന്യായപ്രകാരമല്ലാതെ നിങ്ങള്‍ കൊല്ലുകയും ചെയ്യരുത്. അക്രമിക്കപ്പെട്ടവനായ നിലയില്‍ ആരെങ്കിലും കൊല്ലപ്പെടുന്നപക്ഷം, അവന്റെ കൈകാര്യക്കാരനു നാം ഒരധികാരം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാലവന്‍ കൊലയില്‍ അതിരു കവിഞ്ഞു പോകരുത്. നിശ്ചയമായും, അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
  • وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുകയും ചെയരുത് النَّفْسَ ദേഹത്തെ, ആത്മാവിനെ الَّتِي حَرَّمَ നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ اللَّهُ അല്ലാഹു إِلَّا بِالْحَقِّ ന്യായ (മുറ – അവകാശ) പ്രകാരമല്ലാതെ وَمَن قُتِلَ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ مَظْلُومًا അക്രമിക്കപ്പെട്ടവനായിക്കൊണ്ട് فَقَدْ جَعَلْنَا എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട് لِوَلِيِّهِ അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് سُلْطَانًا ഒരു അധികാരം, ശക്തി فَلَا يُسْرِف എന്നാലവന്‍ അമിതമാക്കരുത് فِّي الْقَتْلِ കൊലയില്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു مَنصُورًا സഹായിക്കപ്പെടുന്നവന്‍

കൊലക്കുപകരം കൊലയായോ, കൊലശിക്ഷ വിധിക്കപ്പെട്ട കുറ്റങ്ങള്‍ക്കു ശിക്ഷയായോ അല്ലാതെ മറ്റുതരത്തിലുള്ള കൊലകളൊന്നും പാടില്ലെന്നാണു إِلَّا بِالْحَقِّ (ന്യായപ്രകാരമല്ലാതെ) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നു സൂ: അന്‍ആം 151-ാം വചനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യായപ്രകാരമല്ലാതെ അക്രമമായി ആരെങ്കിലും കൊല്ലപ്പെടുന്നതായാല്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അധികാരമുണ്ടെന്നും, ആ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കയ്യേറ്റം ചെയ്തോ, പ്രതികാരത്തിന്റെ രൂപത്തില്‍ കാഠിന്യം കൂട്ടിയോ മറ്റോ അതിരുകവിഞ്ഞുപോകുവാന്‍ പാടില്ലെന്നും അല്ലാഹു അറിയിക്കുന്നു. വിശദീകരണം സൂ: അല്‍ബഖറ 178ലും നിസാഉ് 92, 93ലും, മാഇദ 32ലും മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. إِنَّهُ كَانَ مَنصُورًا (നിശ്ചയമായും അവന്‍ സഹായിക്കപ്പെട്ടവനാകുന്നു) എന്നു പറഞ്ഞതു കൊല്ലപ്പെട്ടവനെ ഉദ്ദേശിച്ചും, അവന്റെ കൈകാര്യക്കാരനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. തത്വത്തില്‍ രണ്ടും ഒരുപോലെത്തന്നെ. വധിക്കപ്പെട്ടവന്റെ ഭാഗത്തിനാണു – അന്യായമായി വധിച്ചവന്റെ ഭാഗത്തിനല്ല – സഹായം നല്‍കപ്പേടെണ്ടതെന്നു വ്യക്തമാണല്ലോ.

17:34

  • وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا ﴾٣٤﴿
  • ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
  • وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് مَالَ സ്വത്തിനെ الْيَتِيمِ അനാഥയുടെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ അതു أَحْسَنُ ഏറ്റം (കൂടുതല്‍) നല്ലതാണ് حَتَّىٰ يَبْلُغَ അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ بِالْعَهْدِ കരാറിനെ, ഉടമ്പടിയെ إِنَّ الْعَهْدَ നിശ്ചയമായും കരാര്‍ كَانَ ആകുന്നു مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്

17:35

  • وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾٣٥﴿
  • നിങ്ങള്‍ അള(ന്നു കൊടു)ക്കുമ്പോള്‍ അളവു പൂര്‍ത്തിയാക്കുകയും ചെയ്യുവിന്‍. (കൃത്രിമമില്ലാതെ) ചൊവ്വിനു നിലകൊള്ളുന്ന തുലാസ്സുകൊണ്ടു തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിന്‍. അതു കൂടുതല്‍ ഗുണ(കര)വും, ഏറ്റവും നല്ല പര്യവസാനമുള്ളതുമാണ്.
  • وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ الْكَيْلَ അളത്തം إِذَا كِلْتُمْ നിങ്ങള്‍ അളന്നാല്‍ وَزِنُوا തൂക്കുകയും ചെയ്യുക بِالْقِسْطَاسِ തുലാസുകൊണ്ടു الْمُسْتَقِيمِ ചൊവ്വായ, നേരെയുള്ള ذَٰلِكَ അതു خَيْرٌ ഗുണമാണ്, കൂടുതല്‍ നന്മയാണ് وَأَحْسَنُ ഏറ്റം (അധികം) تَأْوِيلًا നല്ലതുമാണ് പര്യവസാനം

ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെയല്ലാതെ അനാഥയുടെ സ്വത്തിനെ സമീപിക്കരുതു എന്നു പറഞ്ഞതിന്റെ താല്‍പര്യം സൂ: അന്‍ആം 152ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കരാറുകള്‍ പാലിച്ചുവോ, അതിലെ നിശ്ചയങ്ങള്‍ നിറവേറ്റിയോ എന്നൊക്കെ അല്ലാഹു ചോദ്യം ചെയ്യുമെന്നത്രെ കരാറ് ചോദ്യം ചെയ്യപ്പെടുമെന്ന് പറഞ്ഞതിന്റെ സാരം. അളത്തത്തിലും തൂക്കത്തിലും കൃത്രിമം നടത്തി വല്ലതും വഞ്ചിക്കപ്പെടുന്നപക്ഷം, തല്‍ക്കാലം അതൊരു നേട്ടമായി തോന്നാമെങ്കിലും അതിന്റെ ഭാവി നഷ്ടത്തിലാണു കലാശിക്കുകയെന്നും, രണ്ടിലും കൃത്യം പാലിക്കുന്നതു മൂലം ഇഹത്തിലും പരത്തിലും പല നന്മയും അഭിവൃദ്ധിയും ഉണ്ടായിത്തീരുമെന്നുമാണ് അവസാനം പറഞ്ഞതിന്റെ താല്‍പര്യം.

17:36

  • وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا ﴾٣٦﴿
  • നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
  • وَلَا تَقْفُ നീ പിന്തുടരുകയും ചെയ്യരുത് مَا لَيْسَ ഇല്ലാത്തതിനെ لَكَ بِهِ നിനക്കു അതിനെപ്പറ്റി عِلْمٌ ഒരറിവും, അറിവ് إِنَّ السَّمْعَ നിശ്ചയമായും കേള്‍വി وَالْبَصَرَ കാഴ്ചയും وَالْفُؤَادَ ഹൃദയവും كُلُّ أُولَٰئِكَ അക്കൂട്ടരെല്ലാം (അവയെല്ലാം) كَانَ ആകുന്നു عَنْهُ അതിനെപ്പറ്റി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്

ശരിയായ അറിവു ലഭിക്കാതെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും, ഊഹത്തെയും ധാരണയെയും അടിസ്ഥാനമാക്കി കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതും ഈ വചനംമൂലം അല്ലാഹു വിരോധിക്കുന്നു. വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാണിത്. ഊഹം പലപ്പോഴും തെറ്റായിരിക്കും. അല്ലാഹു പറയുന്നു:

اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ

(ഊഹത്തില്‍ മിക്കതിനെയും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. നിശ്ചയമായും, ഊഹത്തില്‍ ചിലതു കുറ്റകരമായിരിക്കും. (49:12).

വീണ്ടും പറയുന്നു:

وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا

(നിശ്ചയമായും, ഊഹം യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല. (53:28). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

إَيَّاكُمْ وَالظًّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ

(നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. കാരണം ഊഹം വര്‍ത്തമാനത്തില്‍വെച്ച് ഏറ്റം കളവായതാകുന്നു. (ബു). വേറൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: بِئْسَ مَطِيَّةُ الرَّجُلِ زَعَمُوا (‘ആളുകള്‍ പറയുന്നു’ വെന്നുള്ളതു മനുഷ്യന്റെ വളരെ ദുഷിച്ച വാഹനമാകുന്നു (ദാ).). അതായത്, തക്കതായ അറിവു കൂടാതെ, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി വല്ലതും പറയുകയും, ‘ആളുകള്‍ അങ്ങിനെ പറയുന്നു’വെന്നും മറ്റും പറഞ്ഞു ഉത്തരവാദിത്വം അന്യരുടെമേല്‍വെച്ചു കെട്ടുകയും ചെയ്യുന്നതു വളരെ ദുഷിച്ച സമ്പ്രദായമാണെന്നു സാരം.

കാതുകൊണ്ടു കേട്ടും, കണ്ണുകൊണ്ടു കണ്ടും, ഹൃദയം കൊണ്ടു ചിന്തിച്ചും ഇങ്ങിനെ മൂന്നു വിധത്തിലാണല്ലോ കാര്യങ്ങളെപ്പറ്റി ശരിയായ അറിവു സമ്പാദിക്കുക. അതതിനെ ഉപയോഗിക്കേണ്ട പ്രകാരം ഉപയോഗിച്ചുവോ ഇല്ലേ, എന്തില്ലെല്ലാമാണു ഉപയോഗിച്ചതു എന്നിത്യാദി സംഗതികളെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അല്ലാഹു താകീതു ചെയ്യുന്നു. ഈ ചോദ്യംചെയ്യപ്പെടല്‍ ഒരര്‍ത്ഥത്തില്‍ ഇവിടെവെച്ചുതന്നെ ഉണ്ടാവാമെങ്കിലും, യഥാര്‍ത്ഥത്തില്‍ അതു നടക്കുക പരലോകത്തുവെച്ചായിരിക്കും. അതെ, നാവും, കയ്യും, കാലുമെല്ലാം സാക്ഷ്യം വഹിക്കുന്ന ആ ദിവസത്തില്‍. يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم : سورة النو:٢٤

എന്നാല്‍, മുഴുവന്‍ കാര്യങ്ങളിലും മനുഷ്യനു ശരിയായ അറിവു – അഥവാ ഉറപ്പായ വിവരം – സാധ്യമല്ലെന്നും, ഉറപ്പായ അറിവു ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത പല കാര്യങ്ങളുമുണ്ടെന്നും തീര്‍ച്ചയാണ്. അപ്പോള്‍, ഉറപ്പായ അറിവു ലഭിക്കുവാന്‍ സാദ്ധ്യമാകുന്ന വിഷയങ്ങളെപ്പറ്റിയാണ്‌ ഇവിടെ പ്രസ്താവിക്കുന്നതെന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ്, മൗലികമായതും, വിശ്വാസപരമായതുമായ കാര്യങ്ങളിലും, സ്പഷ്ടമായ തെളിവുകളുള്ള വിഷയങ്ങളിലും يَقِين (ഉറപ്പായ അറിവു) ഉണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമാണെന്നും, ഭിന്നാഭിപ്രായത്തിനു സാധ്യതയുള്ള ശാഖാപരവും, അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ ഉറപ്പായ അറിവുണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമില്ലെന്നും പണ്ഡിതന്‍മാര്‍ പറയുന്നത്. ഇതുസംബന്ധിച്ച വിശദവിവരങ്ങളുടെ സ്ഥാനം ‘ഉസ്വൂലി’ന്റെ (മതനിദാന ശാസ്ത്രങ്ങളുടെ) ഗ്രന്ഥങ്ങളാകുന്നു.

17:37

  • وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ﴾٣٧﴿
  • നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ.
  • وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِي الْأَرْضِ ഭൂമിയില്‍ مَرَحًا അഹന്തയായി إِنَّكَ നിശ്ചയമായും നീ لَن تَخْرِقَ നീ കീറുക (പിളര്‍ക്കുക – ചിന്തുക) യേ ഇല്ല الْأَرْضَ ഭൂമിയെ وَلَن تَبْلُغَ നീ എത്തുകയുമില്ലതന്നെ الْجِبَالَ പര്‍വ്വതങ്ങളോളം طُولًا നീളത്തില്‍, നീളംകൊണ്ടു

നടത്തത്തിലും പെരുമാറ്റത്തിലും അഹന്തയും അഹങ്കാരവും പ്രകടിപ്പിക്കുന്നതിനെ അല്ലാഹു വളരെ ഗൗരവപൂര്‍വ്വം വിരോധിക്കുന്നു. നീ എത്രതന്നെ അഹന്ത കാണിച്ചാലും ഭൂമിയെ പിളര്‍ക്കുവാനോ, വലുപ്പംകൊണ്ടു മലകളോളം എത്തുവാനോ നിനക്കു സാദ്ധ്യമല്ലെന്നു അത്തരക്കാരെ പരിഹസിക്കുകയും ചെയ്യുന്നു. അവരോടു അല്ലാഹുവിനുള്ള കടുത്ത വെറുപ്പാണിതു കാണിക്കുന്നത്. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുള്ളതായി ഇബ്നുകഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: “അല്ലാഹുവിനു ആരെങ്കിലും താഴ്മകാണിച്ചാല്‍, അല്ലാഹു അവനെ ഉയര്‍ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ നിസ്സാരനും, ജനങ്ങളുടെ അടുക്കല്‍ വലിയവനുമായിരിക്കും. ആരെങ്കിലും ഗര്‍വ്വു നടിച്ചാല്‍, അല്ലാഹു അവനെ താഴ്ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ വലിയവനും, ജനങ്ങളുടെ അടുക്കല്‍ നിസ്സാരനുമായിരിക്കും. എത്രത്തോളമെന്നാല്‍, അവന്‍ അവരുടെ അടുക്കല്‍ നായയെക്കാളും പന്നിയെക്കാളും നിസ്സാരനായിരിക്കും.”

17:38

  • كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا ﴾٣٨﴿
  • (മേല്‍പറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചതു (ഒക്കെയും) നിന്റെ റബ്ബിന്റെ അടുക്കല്‍ വെറുക്കപ്പെട്ടതാകുന്നു.
  • كُلُّ ذَٰلِكَ അതെല്ലാം كَانَ ആകുന്നു سَيِّئُهُ അതില്‍ ദുഷിച്ചതു عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ مَكْرُوهًا വെറുക്കപ്പെട്ടതു

17:39

  • ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا ﴾٣٩﴿
  • അതു (ഒക്കെയും) നിന്റെ റബ്ബ് വിജ്ഞാനമായി നിനക്കു ‘വഹ്‌യു’ [സന്ദേശം] നല്‍കിയതില്‍ പെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തുകയും ചെയ്യരുത്: എന്നാല്‍, കുറ്റപ്പെടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവനായും കൊണ്ട് നീ ‘ജഹന്നമി’ല്‍ [നരകത്തില്‍] ഇടപ്പെടും.
  • ذَٰلِكَ അതു مِمَّا أَوْحَىٰ വഹ്‌യു നല്‍കിയതില്‍ പെട്ടതാണ് إِلَيْكَ നിനക്കു, നിന്നിലേക്ക്‌ رَبُّكَ നിന്റെ റബ്ബു مِنَ الْحِكْمَةِ വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു وَلَا تَجْعَلْ നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ (ഒപ്പം) إِلَٰهًا ആരാധ്യനെ, ദൈവത്തെ آخَرَ വേറെ فَتُلْقَىٰ എന്നാല്‍ നീ ഇടപ്പെടും فِي جَهَنَّمَ ജഹന്നമില്‍ مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി مَّدْحُورًا ആട്ടപ്പെട്ടവനായി

23-ാം വചനത്തില്‍ അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കരുതു എന്നു തുടങ്ങി ഇതേവരെയായി പല ഉപദേശ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും അല്ലാഹു നല്‍കുകയുണ്ടായി. അവയിലേക്ക് ചൂണ്ടിക്കൊണ്ട് അല്ലാഹു ഉണര്‍ത്തുകയാണ്: അവയില്‍ ചെയ്യരുതാത്തതും വിലക്കപ്പെട്ടതുമായ കാര്യങ്ങളെല്ലാം അല്ലാഹു ഇഷ്ടപ്പെടാത്തതും അവന്‍ വെറുക്കുന്നതുമായ കാര്യങ്ങളാണ്; അതുകൊണ്ടാണവന്‍ അവ വിരോധിച്ചത്; ആകയാല്‍ അവയൊന്നും ചെയ്തു അല്ലാഹുവിന്റെ വെറുപ്പു സമ്പാദിക്കരുത് എന്നൊക്കെ. അനന്തരം, മേല്‍പറഞ്ഞ കാര്യങ്ങള്‍ മുഴുവനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം ജനങ്ങള്‍ക്കുവേണ്ടി അല്ലാഹു അറിയിച്ചു തരുന്ന തത്വവിജ്ഞാനങ്ങളാണെന്നു വീണ്ടും ഉണര്‍ത്തിയിരിക്കുന്നു. ഏറ്റവും ആദ്യമായി പ്രസ്താവിച്ച കാര്യം – അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു എന്നുള്ള ഏറ്റവും മൗലികപ്രധാനമായ ഉപദേശം – അവസാനം ഒരു വട്ടംകൂടി ഓര്‍മ്മിപ്പിക്കുകയും, ഈ ഉപദേശം വിലവെക്കാത്തപക്ഷം, കാരുണ്യത്തിന്റെയും അനുഭാവത്തിന്റെയും കണികപോലും ലഭിക്കാതെ കാലാകാല നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു താകീതു ചെയ്കയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കല്‍പനകള്‍ മുഴുവനും കഴിവതും അനുസരിക്കുകയും, അവന്റെ വിരോധങ്ങള്‍ മുഴുവനും വര്‍ജ്ജിക്കുകയും ചെയ്‌വാന്‍ അവന്‍ നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍.

17:40

  • أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَٰٓئِكَةِ إِنَٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا ﴾٤٠﴿
  • എന്നാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങളുടെ റബ്ബ് ആണ്‍മക്കളെക്കൊണ്ടു നിങ്ങളെ പ്രത്യേകപ്പെടുത്തുകയും, മലക്കുകളില്‍ നിന്നു പെണ്ണുങ്ങളെ [പെണ്‍മക്കളെ] അവന്‍ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ?! നിശ്ചയമായും, വമ്പിച്ച ഒരു വാക്കുതന്നെയാണ് നിങ്ങള്‍ പറയുന്നത്!
  • أَفَأَصْفَاكُمْ എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ رَبُّكُم നിങ്ങളുടെ റബ്ബ് بِالْبَنِينَ ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട് وَاتَّخَذَ അവന്‍ ആക്കി (ഉണ്ടാക്കി – സ്വീകരിച്ചു)വെച്ചിരിക്കുകയും مِنَالْمَلَائِكَةِ മലക്കുകളില്‍ നിന്ന് إِنَاثًا പെണ്ണുങ്ങളെ إِنَّ നീശ്ചയമായും كُمْ നിങ്ങള്‍ لَتَقُولُونَ പറയുകതന്നെ ചെയ്യുന്നു قَوْلًا ഒരു വാക്ക് عَظِيمًا വമ്പിച്ചതായ

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിച്ചുകൊണ്ട് അവരെ ആരാധ്യദൈവങ്ങളാക്കി വെച്ചിരുന്ന മുശ്രിക്കുകളോടാണ് ഈ ചോദ്യം. നിങ്ങള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍, മക്കളുടെ കൂട്ടത്തില്‍ കൂടുതല്‍ ശ്രേഷ്ഠത കല്‍പിക്കപ്പെടുന്ന ആണ്‍മക്കളെ അല്ലാഹു നിങ്ങള്‍ക്കായി നീക്കിവെക്കുകയും, താണതരക്കാരായി ഗണിക്കപ്പെട്ടു വരുന്ന പെണ്‍മക്കളെ അവന്‍ എടുത്തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇതൊട്ടും നീതിയായില്ല. കളവ് പറയുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! എന്ന് സാരം.

(أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢

(നിങ്ങള്‍ക്ക് ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അത് നീതികെട്ട ഒരു വിഭജനമാകുന്നു. (സൂറ: അന്നജ്മ് : 21,22). മറ്റുള്ള ശിര്‍ക്കിന്റെ വാദങ്ങളെ അപേക്ഷിച്ചു വളരെ കടുത്തതും നികൃഷ്ടവുമായതുമായ ഒരു വാദമാണിത്‌. അല്ലാഹുവിനെ സൃഷ്ടിസമാനമാക്കി താഴ്ത്തുക, അവന്റെ അവകാശം മറ്റുള്ളവര്‍ക്കും വകവെച്ചുകൊടുക്കുക, മലക്കുകളെ സ്ത്രീകളാക്കി സങ്കല്‍പിക്കുക, എന്നിട്ട് ഇല്ലാത്ത ആ സ്ത്രീകളെ അല്ലാഹുവിന്റെ മക്കളാക്കുകയും അവരെ ആരാധ്യരാക്കുകയും ചെയ്യുക. ഇങ്ങിനെ പലതും. അതേ സമയത്ത് അവര്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിത്തീര്‍ന്നാലോ? അങ്ങേയറ്റം വെറുപ്പും ലജ്ജയും. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് അവരോട് ‘നിങ്ങള്‍ വമ്പിച്ച ഒരു വാക്കുതന്നെയാണ് പറയുന്നത്’ (إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا) എന്നു അല്ലാഹു പറയുന്നത്.

എട്ടാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 11 മുതൽ 24 വരെ

സൂറത്തുല്‍ ഇസ്രാഉ് :11-24

വിഭാഗം – 2

17:11

  • وَيَدْعُ ٱلْإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَٰنُ عَجُولًا ﴾١١﴿
  • മനുഷ്യന്‍ ഗുണത്തിനു പ്രാര്‍ത്ഥിക്കുന്ന പ്രകാരം, അവന്‍ ദോഷത്തിനും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഒരു ധൃതി കൂട്ടുന്നവനാകുന്നുതാനും.
  • وَيَدْعُ പ്രാര്‍ത്ഥിക്കുന്ന الْإِنسَانُ മനുഷ്യന്‍ بِالشَّرِّ ദോഷത്തിനു, തിന്മയെക്കുറിച്ചു دُعَاءَهُ അവന്റെ പ്രാര്‍ത്ഥന بِالْخَيْرِ ഗുണത്തിനു, നന്മയെപ്പറ്റി وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും عَجُولًا ധൃതികൂട്ടുന്നവന്‍.

മനുഷ്യസഹജമായ ഒരു സ്വഭാവദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അനിഷ്ടകരമായ വല്ല കാര്യവും വന്നുഭവിക്കുമ്പോഴേക്കും അവന്‍ അക്ഷമനും വികാരഭരിതനുമായിത്തീരുന്നു. തനിക്കോ, തന്റെ മക്കള്‍, സ്വത്തുക്കള്‍ മുതലായവക്കോ ദോഷകരമായ പ്രാര്‍ത്ഥനകളും ശാപവാക്കുകളും അവനില്‍ നിന്നുണ്ടാകുന്നു. ‘ഞാന്‍ മരിച്ചെങ്കില്‍! ഇവന്‍ നശിച്ചാല്‍ നന്നായിരുന്നു! തുലഞ്ഞു നശിക്കട്ടെ!’ എന്നിത്യാദി പലതും അവന്റെ നന്മക്കുവേണ്ടി ധൃതിപ്പെടുന്ന അതേ രൂപത്തില്‍ അവന്‍ ധൃതികൂട്ടിക്കൊണ്ടിരിക്കും. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുവാനോ, ദീര്‍ഘദൃഷ്ടിയോടുകൂടി കാര്യങ്ങളെ വിലയിരുത്തുവാനോ ഭാവിയെക്കുറിച്ചുള്ള സുപ്രതീക്ഷയോടുകൂടിയിരിക്കുവാണോ അവനു കഴിയാതെ പോകുന്നു. പക്ഷേ, അവന്റെ കഥകേടും അക്ഷമയുമെല്ലാം അറിയുന്നവനും, പരമ കാരുണികനുമാണല്ലോ അല്ലാഹു. അതുകൊണ്ട് അത്തരം പ്രാര്‍ത്ഥനകളെ അപ്പടി സ്വീകരിക്കാതെ അല്ലാഹു അവനോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത് എന്നു താല്‍പര്യം. അല്ലാഹു പറയുന്നു: وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ – يونس (സാരം: മനുഷ്യര്‍ ഗുണത്തിന് ധൃതികാണിക്കുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് ദോഷത്തെ ധൃതികൂട്ടിക്കൊടുക്കുമായിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. (10:11). ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളുടെ സ്വന്തങ്ങള്‍ക്കോ, നിങ്ങളുടെ സ്വത്തുക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത്. അല്ലാഹു പ്രാര്‍ത്ഥനകള്‍ക്കുത്തരം ചെയ്യുന്ന വല്ല സമയവുമായി അത് ഒത്തുകൂടിയെന്നുവരാം.’ (മു). അഥവാ അതിന് ഇടവരുന്നത് സൂക്ഷിക്കണമെന്നര്‍ത്ഥം.

17:12

  • وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَٰهُ تَفْصِيلًا ﴾١٢﴿
  • രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാല്‍, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടിയെടുക്കാന്‍ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാന്‍ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമതു വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).
  • وَجَعَلْنَا നാം ആക്കിയിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും آيَتَيْنِ രണ്ടു ദൃഷ്ടാന്തങ്ങള്‍ فَمَحَوْنَا എന്നാല്‍ (എന്നിട്ടു – അങ്ങനെ) നാം മായിച്ചു آيَةَ اللَّيْلِ രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ وَجَعَلْنَا നാം ആക്കുകയും ചെയ്തു آيَةَ النَّهَارِ പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ مُبْصِرَةً കാണത്തക്കതു (കാണാവുന്നതു) لِّتَبْتَغُوا നിങ്ങള്‍ തേടു, (തെടിയെടുക്കു – അന്വേഷിക്കു)വാന്‍വേണ്ടി فَضْلًا അനുഗ്രഹത്തെ, ദയവിനെ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَلِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും عَدَدَ എണ്ണം السِّنِينَ കൊല്ലങ്ങളുടെ وَالْحِسَابَ കണക്കും وَكُلَّ شَيْءٍ എല്ലാ കാര്യവും (വസ്തുവും) فَصَّلْنَاهُ നാമതിനെ വിശദീകരിച്ചിരിക്കുന്നു تَفْصِيلًا ഒരു (നല്ല) വിശദീകരണം.

ശാന്തത, സ്വസ്ഥത, വിശ്രമം എന്നിവക്കു ഉതകുമാറ് രാത്രിയെ ഇരുട്ടുമയമാക്കിയത്, ഉപജീവന മാര്‍ഗ്ഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളും അന്വേഷിച്ചു നേടിയെടുക്കുവാന്‍ സാധിക്കുമാറ് പകലിനെ വെളിച്ചമയമാക്കിയത്, രാവും പകലും മാറി മാറിക്കൊണ്ടു വരുന്നത് എന്നിവയിലൊക്കെ അല്ലാഹുവിന്റെ മഹിതമഹത്വങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു ഈ വിഷയങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ക്വുര്‍ആനില്‍ ഉണര്‍ത്തിക്കാണാം. രാപ്പകലുകളുടെ മാറ്റത്തില്‍ നിന്നാണല്ലോ സമയങ്ങളുടെയും മറ്റും കണക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. സൂ: ക്വസ്വസ് 71,72 വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചതുപോലെ, സദാ സമയവും പകലോ, രാത്രിയോ മാത്രമായിരുന്നാലത്തെ അവസ്ഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുക!

17:13

  • وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ﴾١٣﴿
  • എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തില്‍ നാം ഏര്‍പ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു.
    ക്വിയാമത്തു നാളില്‍ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവന്‍ കണ്ടെത്തുന്നതാണ്.
  • وَكُلَّ إِنسَانٍ എല്ലാ മനുഷ്യനും أَلْزَمْنَاهُ അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി – വേറിടാതാക്കിയിരിക്കുന്നു) طَائِرَهُ അവന്റെ ശകുനം, ലക്ഷണം فِى عُنُقِهِ അവന്റെ കഴുത്തില്‍ وَنُخْرِجُ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും لَهُ അവനു يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ كِتَابًا ഒരു ഗ്രന്ഥം, രേഖ يَلْقَاهُ അതവന്‍ കാണും, കണ്ടെത്തും مَنشُورًا വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി.

17:14

  • ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ﴾١٤﴿
  • (പറയപ്പെടും:) ‘നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക!-
    നിന്റെ പേരില്‍ കണക്കുനോക്കുന്നവനായി ഇന്ന് നീ തന്നെ മതി!’
  • اقْرَأْ വായിക്കുക كِتَابَكَ നിന്റെ ഗ്രന്ഥം كَفَىٰ മതി بِنَفْسِكَ നീ തന്നെ, നിന്റെ സ്വന്തം الْيَوْمَ ഇന്നു عَلَيْكَ നിന്റെ പേരില്‍ حَسِيبًا കണക്കു നോക്കുന്നവനായി.

കൂട്ടില്‍നിന്നു പക്ഷികള്‍ വലത്തോട്ടു പാറിയാല്‍ ശുഭം, ഇടത്തോട്ടു പാറിയാല്‍ അശുഭം എന്നും മറ്റും പക്ഷികളുടെ ചലനം നോക്കി ശകുനം നിശ്ചയിക്കുന്ന ഒരു പതിവു അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍ നിന്നു ‘പക്ഷി’ എന്നര്‍ത്ഥമുള്ള طَائِر (ത്വാഇര്‍) എന്ന വാക്ക് ‘ശകുനം’ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെട്ടു വന്നു. ഇവിടെയും ഈ അര്‍ത്ഥമാണു അതിനുള്ളത്. പക്ഷേ, ഇവിടെ പക്ഷിയല്ല – മനുഷ്യകര്‍മ്മങ്ങളാണ് – പക്ഷി (ശകുനം) എന്നതു കൊണ്ടു വിവക്ഷ. ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു:-

ഒരോരുത്തന്റെയും ശകുനം അവന്റെ കഴുത്തില്‍ കെട്ടിത്തൂക്കി വെച്ചിട്ടുള്ള താലിപോലെ അവനോടൊപ്പം തന്നെ സ്ഥിതി ചെയ്യുന്നു. ഒരോരുത്തന്റെയും കര്‍മ്മങ്ങളെ ആശ്രയിച്ചാണു അവന്റെ ശുഭാശുഭ ഫലങ്ങള്‍ നിലകൊള്ളുന്നത്. പക്ഷികളെയോ മറ്റോ ആശ്രയിച്ചല്ല അത്. അതിനു പുറമെ, ക്വിയാമത്തുനാളില്‍ ഒരോരുവന്റെയും സകല കര്‍മ്മങ്ങളും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു രേഖാഗ്രന്ഥം അവന്റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അതില്‍ എല്ലാം അവനു വ്യക്തമായി രേഖപ്പെടുത്തി കാണാവുന്നതായിരിക്കും. അതു കാണുമ്പോള്‍, തന്റെ ഗുണദോഷങ്ങളെയും, രക്ഷാശിക്ഷകളെയും, നേട്ടകോട്ടങ്ങളെയും കുറിച്ചു ഓരോരുത്തര്‍ക്കും ശരിക്കും വ്യക്തമാകുന്നതാണ്. പരസഹായമൊന്നും കൂടാതെ, തന്റെ കണക്കു തികച്ചും തനിക്കുതന്നെ പരിശോധിച്ചറിയാം.

17:15

  • مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴾١٥﴿
  • ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല.
    ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും.
  • مَّنِ ആര്‍, ആരെങ്കിലും, യാതൊരുവന്‍ اهْتَدَىٰ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍) فَإِنَّمَا يَهْتَدِي എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത് لِنَفْسِهِ തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം وَمَن ആരെങ്കിലും, വല്ലവനും ضَلَّ വഴിപിഴച്ചു (എങ്കില്‍) فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത് عَلَيْهَا അതിന്റെമേല്‍ (എതിരില്‍) തന്നെ وَلَا تَزِرُ (കുറ്റം) പേറുക (വഹിക്കുക) യില്ല وَازِرَةٌ ഒരു (കുറ്റം) പേറിയ ദേഹം (ആള്‍) وِزْرَ കുറ്റത്തെ, കുറ്റഭാരം أُخْرَىٰ മറ്റേതിന്റെ, മറ്റൊന്നിന്റെ وَمَا كُنَّا നാമായിരിക്കുകയുമില്ല مُعَذِّبِينَ ശിക്ഷിക്കുന്നവര്‍ حَتَّىٰ نَبْعَثَ നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ رَسُولًا ഒരു റസൂലിനെ.

മനുഷ്യരുടെ രക്ഷാശിക്ഷകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്നു അടിസ്ഥാന തത്വങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്.
(1) ഓരോ ആളുടെയും സല്‍ക്കര്‍മ്മ ദുഷ്കര്‍മ്മങ്ങളുടെ ഫലം ആ ആള്‍ക്ക്‌ തന്നെയായിരിക്കും അനുഭവപ്പെടുക.
(2) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയോ, വഹിക്കേണ്ടി വരുകയോ ഇല്ല. ഈ രണ്ടു വിഷയത്തെപ്പറ്റിയും അല്ലാഹു ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചു കാണാം. 1-ാമത്തേതിനെപ്പറ്റി 10:108; 27:92; 39:41 മുതലായ വചനങ്ങളിലും, 2-ാമത്തേതിനെപ്പറ്റി 6:164; 35:18; 39:7; 53:38 മുതലായ വചനങ്ങളിലും നോക്കുക.
(3) റസൂലുകളെ അയച്ചു നേര്‍മ്മാര്‍ഗവും, ദുര്‍മ്മാര്‍ഗവും വിവരിച്ചുകൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചുപോകുന്നപക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ) എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു.

17:16

  • وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَٰهَا تَدْمِيرًا ﴾١٦﴿
  • ഒരു രാജ്യത്തെ നാം നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍, അതിലെ സുഖിയന്‍മാരോട് നാം കല്‍പിക്കും (അനുസരിക്കുവാന്‍ കല്‍പ്പന കൊടുക്കും); എന്നിട്ട് അവര്‍ അതില്‍ തോന്നിയവാസം പ്രവര്‍ത്തിക്കും; അങ്ങനെ, അതിന്റെമേല്‍ (ആ) വാക്കു (ന്യായമായി) സ്ഥിരപ്പെടും; അപ്പോള്‍, നാം അതിനെ ഒരു തകര്‍ക്കല്‍ തകര്‍ക്കുന്നതാണ്.
  • وَإِذَا أَرَدْنَا നാം ഉദ്ദേശിച്ചാല്‍ أَن نُّهْلِكَ നാം നശിപ്പിക്കുവാന്‍ قَرْيَةً ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും أَمَرْنَا നാം കല്‍പിക്കുന്നതാണ് مُتْرَفِيهَا അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു فَفَسَقُوا എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം – ധിക്കാരം) പ്രവര്‍ത്തിക്കും فِيهَا അതില്‍ فَحَقَّ അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും عَلَيْهَا അതിന്റെ മേല്‍ الْقَوْلُ വാക്കു (ആ പറഞ്ഞതു) فَدَمَّرْنَاهَا അപ്പോള്‍ നാം അതിനെ തകര്‍ക്കും تَدْمِيرًا ഒരു തകര്‍ക്കല്‍

റസൂലുകള്‍ മുഖാന്തരം അല്ലാഹു നല്‍കിയിട്ടുള്ള കല്‍പനകളെ വകവെക്കാതെ ധിക്കരിച്ചുകൊണ്ട് രാജ്യത്തുള്ള നേതാക്കള്‍, മൂപ്പന്‍മാര്‍ തുടങ്ങിയ സുഖലോലുപന്‍മാര്‍ തോന്നിയ വാസത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും മുഴുകിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ധാര്‍മ്മികമായ അരാജകത്വം നടമാടുകയും അപ്പോള്‍ രാജ്യം ഉന്‍മൂല നാശത്തിന്നു അവകാശപ്പെട്ടതായിത്തീരുകയും ചെയ്യുന്നു. അപ്പോഴാണു അല്ലാഹു അവിടെ ഉന്‍മൂല നാശം വരുത്തുന്നത്. അല്ലാതെ, നാട്ടുകാര്‍ പൊതുവെ നിരപരാധികളായിരിക്കുമ്പോള്‍ ഒരു രാജ്യവും അല്ലാഹു നശിപ്പിക്കാറില്ല, അങ്ങനെ അവനു ഉദ്ദേശവുമില്ല എന്നു സാരം. എവിടെ നോക്കിയാലും തോന്നിയവാസത്തിലും,  സദാചാരലംഘനങ്ങളിലും മുമ്പന്‍മാരായിരിക്കുക അവിടത്തെ സുഖലോലുപന്‍മാരായിരിക്കുമല്ലോ. പൊതുജനങ്ങളും, സാധാരണക്കാരും ക്രമേണ അവരുടെ അഭീഷ്ടങ്ങള്‍ക്കുവഴങ്ങി അവരില്‍ ലയിക്കുകയാണു പതിവ്. അതുകൊണ്ടാണു സുഖിയന്‍മാരുടെ തോന്നിയവാസത്തെപ്പറ്റി എടുത്തു പറയുന്നത്.

17:17

  • وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا ﴾١٧﴿
  • നൂഹിനു ശേഷമായി എത്ര (യേറെ) തലമുറകളെയാണ്‌ നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റബ്ബ് തന്നെ മതിതാനും!
  • وَكَمْ എത്രയാണു, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِنَ الْقُرُونِ തലമുറകളില്‍ (കാലക്കാരില്‍) നിന്നു مِن بَعْدِ ശേഷം, ശേഷമായിട്ടു نُوحٍ നൂഹിന്റെ وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബു (തന്നെ) بِذُنُوبِ പാപങ്ങളെപ്പറ്റി عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു بَصِيرًا കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ

നൂഹ് (عليه الصلاة والسلام) നബിയുടെ കാലശേഷം മുതല്‍ ഇതുവരെയായി മേല്‍ പ്രസ്താവിച്ച പ്രകാരം പൊതുശിക്ഷക്കു വിധേയരാകേണ്ടി വന്ന എത്രയോ ജനസമൂഹങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടു! ഓരോ കൂട്ടരുടെയും തെറ്റുകുറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും, അതു എത്രമാത്രം കവിഞ്ഞുപോയിരുന്നുവെന്നുമൊക്കെ അല്ലാഹുവിനു ശരിക്കും സൂക്ഷ്മമായും അറിയാം. അതനുസരിച്ചു തന്നെയാണു അവരെ അവന്‍ ശിക്ഷിച്ചതും. അല്ലാതെ ഒരു മൊത്തക്കണക്കിലോ, ഏകദേശ അനുമാനപ്രകാരമോ അല്ല അല്ലാഹു അങ്ങിനെ ചെയ്തതു എന്നു താല്‍പര്യം. അതുപോലെയുള്ള വല്ല പൊതുശിക്ഷക്കും ബാധ്യസ്ഥരായിത്തീര്‍ന്നേക്കാനിടയുണ്ടെന്ന് നിലവിലുള്ള ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നുള്ള ഒരു സൂചനകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു.

17:18

  • مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴾١٨﴿
  • ആര്‍ (ഈ) ക്ഷണികമായതിനെ (ഐഹിക ജീവിതത്തെ) ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് – (അതെ) നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം ‘ജഹന്നമി’നെ (നരകത്തെ) ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തില്‍നിന്നും) ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും.
  • مَّن كَانَ ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കും الْعَاجِلَةَ ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് عَجَّلْنَا നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും لَهُ അവനു فِيهَا അതില്‍ مَا نَشَاءُ നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത് لِمَن نُّرِيدُ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ثُمَّ جَعَلْنَا പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും) لَهُ അവനു جَهَنَّمَ ജഹന്നമിനെ يَصْلَاهَا അവന്‍ അതില്‍ ഏരിയും, കടക്കും (കടന്നെരിയും) مَذْمُومًا ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി

17:19

  • وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴾١٩﴿
  • ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തു (വോ), എന്നാല്‍ അക്കൂട്ടര്‍ – അവരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.
  • وَمَنْ أَرَادَ ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍ الْآخِرَةَ പിന്നീടുള്ളതിനെ (പരലോകത്തെ) وَسَعَىٰ لَهَا അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക)യും (ചെയ്‌താല്‍) سَعْيَهَا അതിന്റേ(തായ) പരിശ്രമം وَهُوَ അവന്‍, അവനാകട്ടെ مُؤْمِنٌ സത്യവിശ്വാസിയുമാണ് فَأُولَٰئِكَ എന്നാല്‍ ആ കൂട്ടര്‍ كَانَ ആയിരിക്കും سَعْيُهُم അവരുടെ പരിശ്രമം مَّشْكُورًا നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു

17:20

  • كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴾٢٠﴿
  • എല്ലാവര്‍ക്കും – ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും (തന്നെ) – നിന്റെ റബ്ബിന്റെ കൊടുതിയില്‍ (ദാനത്തില്‍) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ, റബ്ബിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കയില്ലതാനും.
  • كُلًّا എല്ലാവര്‍ക്കും نُّمِدُّ നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും هَٰؤُلَاءِ ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു وَهَٰؤُلَاءِ ഇക്കൂട്ടര്‍ക്കും, അവര്‍ക്കും مِنْ عَطَاءِ കൊടുതിയില്‍ (ദാനത്തില്‍) നിന്നു رَبِّكَ നിന്റെ റബ്ബിന്റെ وَمَا كَانَ ആയിട്ടില്ല, ആയിരിക്കയില്ല عَطَاءُ رَبِّكَ നിന്റെ റബ്ബിന്റെ കൊടുതി مَحْظُورًا മുടക്കപ്പെട്ട(തടയപ്പെട്ട)ത്.

ക്ഷണികമായ ഈ ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഇഹത്തില്‍ താനുദ്ദേശിക്കുന്ന ഏതാനും ചില നേട്ടങ്ങള്‍ അല്ലാഹു തല്‍ക്കാലം നല്‍കിയേക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായി ലഭിക്കുകയില്ല. അവരുടെ പര്യവസാനം നരകവുമായിരിക്കും. ശാശ്വതമായ പരലോക സുഖസൗകര്യങ്ങളെ ലക്‌ഷ്യം വെക്കുകയും, അതോടുകൂടി അതിനുവേണ്ടി വിശ്വാസപൂര്‍വ്വം പ്രയത്നം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു സസന്തോഷം സ്വീകരിക്കുകയും, അര്‍ഹമായ പ്രതിഫലം അവര്‍ക്കു നല്‍കുകയും ചെയ്യും. ഉപജീവനമാര്‍ഗ്ഗങ്ങള്‍, ജീവിതാവശ്യങ്ങള്‍ ആദിയായ ഭൗതികാനുഗ്രഹങ്ങളാകട്ടെ, എല്ലാവര്ക്കും അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. അതില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ വ്യത്യാസം കാണിക്കുകയില്ല, എന്നൊക്കെയാണു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ ചുരുക്കമെന്നു പറയാം. എന്നാല്‍, അല്ലാഹു ഉപയോഗിച്ച വാക്യങ്ങള്‍ പരിശോധിക്കുന്ന പക്ഷം അതില്‍നിന്നു നമുക്കു പല കാര്യങ്ങളും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. ഉദാഹരണമായി:-

(1). ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞപ്പോള്‍, പരലോകത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞതുപോലെ وَسَعَىٰ لَهَا سَعْيَهَا (അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തി) എന്നോ മറ്റോ ഒരു ഉപാധി പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ പരലോകത്ത് ഗുണം കിട്ടുമെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവര്‍ത്തങ്ങളും ലക്‌ഷ്യം പ്രാപിക്കുകയില്ല. അല്ലാഹുവും റസൂലും നിര്‍ദ്ദേശിച്ച പ്രകാരമുള്ള സല്‍ക്കര്‍മ്മങ്ങളും അനുഷ്ഠാനമുറകളും സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കുന്ന ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലം ലഭിക്കുകയില്ലെന്നും അവ തള്ളപ്പെടേണ്ടതാണെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തില്‍ ജീവിതത്തിന്റെ പരമലക്ഷ്യം പരലോകവിജയമായിരിക്കണം.

(2). എന്നാല്‍ ഐഹിക നേട്ടങ്ങളെ ലക്ഷ്യംവെക്കുവന്നവര്‍ക്കു അവരുടെ ഉദ്ദിഷ്ട കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുമോ? അതുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നതും അവന്‍ കണക്കാക്കിയതും മാത്രമേ ലഭിക്കുകയുള്ളുതാനും. ആര്‍ക്കൊക്കെ, എന്തൊക്കെയാണ് വേണ്ടത് എന്നുള്ള കാര്യവും അവന്റെ ഉദ്ദേശത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതിനപ്പുറം വല്ലതും നേടുവാന്‍ അവര്‍ക്കും സാദ്ധ്യമല്ല.

(3). പരലോകത്തെ ഉന്നംവെക്കുന്നവരുടെ യത്നങ്ങളും കര്‍മ്മങ്ങളും അല്ലാഹു ഒന്നും പാഴാക്കുകയില്ല. എല്ലാം നന്ദിപൂര്‍വ്വം സ്വീകരിക്കുകതന്നെ ചെയ്യും. അഥവാ, അവരുടെ ഓരോ ചലങ്ങള്‍ക്കും ഇരട്ടിക്കണക്കില്‍ പ്രതിഫലം നല്‍കുകയും, അവയെ വളര്‍ത്തി പോഷിപ്പിച്ചുകൊടുക്കുകയും ചെയ്യും.

(4). ജീവിതലക്ഷ്യത്തെ ആസ്പദമാക്കി മനുഷ്യര്‍ മേല്‍ക്കണ്ടപ്രകാരം രണ്ടു തരക്കാരായി വിഭജിക്കപ്പെട്ടുവെങ്കിലും ആഹാരം, ആരോഗ്യം, ധനം, സന്താനം ആദിയായ ഭൗതികമായ അനുഗ്രഹങ്ങളില്‍ ആ വിവേചനം ഉണ്ടായിരിക്കയില്ല. സത്യവിശ്വാസി, അവിശ്വാസി, ഇഹലോക ജീവിതത്തെ ഉന്നം വെച്ചവന്‍ എന്നിങ്ങിനെ വ്യത്യാസമില്ലാതെ അല്ലാഹു എല്ലാവര്‍ക്കും അതു പ്രദാനം ചെയ്യുകതന്നെ ചെയ്യും. പക്ഷേ, വ്യക്തികളെ സംബന്ധിച്ചിടത്തോളം അവയുടെ തോതു വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ളതിന്റെ മാനദണ്ഡം അല്ലാഹുവിനുമാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ. അടുത്ത വചനത്തില്‍ ഈ യാഥാര്‍ത്ഥ്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു കാണാം. അല്ലാഹു പറയുന്നു:-

17:21

  • ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْءَاخِرَةُ أَكْبَرُ دَرَجَٰتٍ وَأَكْبَرُ تَفْضِيلًا ﴾٢١﴿
  • നോക്കുക; അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നതു എങ്ങിനെയാണെന്നു! പരലോകമാകട്ടെ, പദവികളില്‍ ഏറ്റം വലുതും, ശ്രേഷ്ഠതയില്‍ ഏറ്റം വലുതും തന്നെയാകുന്നു.
  • انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണു فَضَّلْنَا നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത് بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَلَلْآخِرَةُ പരലോകം തന്നെ أَكْبَرُ ഏറ്റം വലുതു دَرَجَاتٍ പദവികളില്‍, പടികളാല്‍ وَأَكْبَرُ ഏറ്റം വലുതും تَفْضِيلًا ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും)

ധനം, ദാരിദ്ര്യം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, സന്താനലാഭം, സന്താനനഷ്ടം, ജ്ഞാനം, അജ്ഞാനം, ബുദ്ധി, ഭോഷത്തം ആദിയായ അനേകമനേകം ഭൗതികകാര്യങ്ങളില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും തമ്മില്‍ പൊതുവെ വ്യത്യാസപ്പെടാറില്ല. പക്ഷേ, രണ്ടു വിഭാഗത്തിലെയും വ്യതികളെ സംബന്ധിച്ചിടത്തോളം വ്യത്യാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലപ്പോഴെല്ലാം ഇതിനു – വ്യക്തിപരമോ സാഹചര്യപരമോ ആയ – ബാഹ്യമായ വല്ല കാരണങ്ങളും നമുക്കു കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഈ ഏറ്റക്കുറവിന്റെ സാക്ഷാല്‍ കാരണം അല്ലാഹുവിനേ അറിഞ്ഞുകൂടൂ. അവന്റെ ഉദ്ദേശത്തെയും, നിയന്ത്രണത്തെയും മാത്രം ആശ്രയിച്ചാണു അതുള്ളതു എന്നു അല്‍പം ആലോചിച്ചാല്‍ കാണാവുന്നതാകുന്നു.

ബുദ്ധിമതികളും, വിദ്യാസമ്പന്നരും, അതിസമര്‍ത്ഥരുമായ ആളുകളെ ദരിദ്രന്‍മാരും രോഗികളുമായി കാണപ്പെടുകയും, മറിച്ച് ഭോഷന്‍മാരും വിഡ്ഢികളും ദുര്‍ബ്ബലരുമായവരെ ആരോഗ്യവാന്‍മാരും, ധനാഡ്യന്‍മാരുമായി കാണപ്പെടുകയും ചെയ്യുന്നതു ദുര്‍ല്ലഭമല്ലല്ലോ. ആവശ്യമായ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണക്രമവും ആരോഗ്യശാസ്ത്രവിധികളും മുറതെറ്റാതെ സൂക്ഷിച്ചുപോരുന്ന വ്യക്തികള്‍ക്കു മഹാരോഗം പിടിപെടുന്നതും, താളും തവരയും തിന്നും, വൈദ്യോപദേശങ്ങള്‍ അറിയാതെയും കഴിഞ്ഞുകൂടുന്ന വ്യക്തികള്‍ ആരോഗ്യദൃഢഗാത്രന്‍മാരായി നടക്കുന്നതും അപൂര്‍വ്വമല്ല. അപ്പോള്‍, ഇതിന്റെയെല്ലാം പിന്നില്‍ ഒരു അദൃശ്യമായ നിയന്ത്രണം നടക്കുന്നുവെന്നു സ്പഷ്ടമാണ്. അതു അല്ലാഹുവിന്റേതല്ലാതെ മറ്റാരുടേതുമല്ല. അതാണ്‌ ഈ വചനത്തിലെ ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം സൂ: അന്‍ആം 165; സുഖ്റുഫ്:32 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചു കാണാം.

മേല്‍ പ്രസ്താവിച്ച പ്രകാരം ഐഹിക സുഖസൗകര്യങ്ങളില്‍ ചിലര്‍ ചിലരെക്കാള്‍ കവിഞ്ഞവരും, കുറഞ്ഞവരുമായിരിക്കും, എന്നാല്‍, പരലോകത്തില്‍ ഈ ഏറ്റക്കുറവു ഏറ്റവും അധികം വമ്പിച്ചതോതിലായിരിക്കും ഉണ്ടായിരിക്കുക എന്നത്രെ രണ്ടാമത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സജ്ജനങ്ങള്‍ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍ നിത്യാനന്ദരായിരിക്കും. ദുര്‍ജ്ജനങ്ങള്‍ നരകീയ കഠിനശിക്ഷകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. ഇരുവിഭാഗക്കാരിലുമുള്ള വ്യക്തികളാകട്ടെ, ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ക്കനുസരിച്ച് പദവികളില്‍ വ്യത്യസ്തരുമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “അല്ലാഹുവിന്റെ സദ്‌-വൃത്തരായ അടിയാന്‍മാര്‍ക്കു ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരാളുടെ മനസ്സിലും തോന്നിയിട്ടില്ലാത്തതും (ആയ അനുഗ്രഹങ്ങള്‍) അവന്‍ ഒരുക്കിവെച്ചിരിക്കുന്നു.” (ബു.മു). മറ്റൊരു ഹദീഥില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “ഉന്നതപദവിക്കാരായ ആളുകള്‍ ‘ഇല്ലിയീനി’ല്‍ വസിക്കുന്നവരെ കാണുന്നതു നിങ്ങള്‍ ആകാശത്തിലെ വിദൂര നക്ഷത്രങ്ങളെ കാണുന്നതു പോലെയായിരിക്കും.” (ബു. മു). സ്വര്‍ഗ്ഗവാസികളായ സജ്ജനങ്ങളില്‍ തന്നെയുള്ള പദവി വ്യത്യാസമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെ, നരകവാസികള്‍ക്കിടയിലും ശിക്ഷാനുഭവങ്ങളില്‍ വമ്പിച്ച വ്യത്യാസങ്ങളുണ്ടായിരിക്കും.

പരലോകത്തെ ലക്‌ഷ്യംവെച്ചുകൊണ്ട് സത്യവിശ്വാസത്തോടുകൂടി പരലോക നന്മക്കുവേണ്ടി പരിശ്രമിക്കുകയാണു വിജയത്തിനുള്ള മാര്‍ഗ്ഗമെന്നു മുന്‍വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ആ മാര്‍ഗ്ഗം ഏതാണെന്നുള്ളതിനു ഒരു വിശദീകരണമാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങള്‍. സ്വാഭാവികമായും ഏകദൈവ വിശ്വാസമാണു എല്ലാറ്റിന്റെയും അടിത്തറയെന്നു പറയേണ്ടതില്ല. അല്ലാഹു പറയുന്നു:-

17:22

لَّا تَجْعَلْ നീ ആക്ക (ഉണ്ടാക്ക – ഏര്‍പ്പെടുത്ത) രുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ إِلَٰهًا آخَرَ വേറെ ആരാധ്യനെ فَتَقْعُدَ എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും مَذْمُومًا ആക്ഷേപിക്കപ്പെട്ടവനായി مَّخْذُولًا കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി.

لَّا تَجْعَلْ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا ﴾٢٢﴿

അല്ലാഹുവോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തരുത്; എന്നാല്‍ (അങ്ങിനെ ചെയ്‌താല്‍), നീ ആക്ഷേപിക്കപ്പെട്ടവനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും.

വിഭാഗം – 3

17:23

  • ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴾٢٣﴿
  • നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു ‘പ്ഫെ!’ (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
  • وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള

17:24

  • وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴾٢٤﴿
  • കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: “റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!” എന്ന്.
  • وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തു പോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍)

ഈ വചനങ്ങളിലും, തുടര്‍ന്നുള്ള ചില വചനങ്ങളിലും ‘നീ’ എന്നും ‘നിന്റെ’ എന്നും പോലെയുള്ള സംബോധനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സമുദായത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു പ്രസംഗവേളകളില്‍ സദസ്യരെ മുഴുവനും ഉന്നംവെച്ചുകൊണ്ട് ‘സഹോദരാ’ എന്നും മറ്റും ഏകവചന രൂപത്തില്‍ സംബോധനചെയ്യാറുണ്ടല്ലോ.

യാതൊരു വിട്ടുവീഴ്ചയും കൂടാതെ രണ്ടു കാര്യങ്ങള്‍ അല്ലാഹു തീരുമാനിച്ചുറപ്പിച്ചു വെച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് ആദ്യത്തെ രണ്ടു കല്‍പനകളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശേഷിച്ചൊന്നും വിവരിക്കേണ്ട ആവശ്യമില്ല.

(2). മാതാപിതാക്കളോടു നന്മചെയ്യണമെന്ന്. മനുഷ്യന്റെ ജന്മത്തിനു കാരണക്കാരും, അവന്‍ ജീവിക്കുവാന്‍ സ്വയംപര്യാപ്തനായിത്തീരുന്നതുവരെ കണക്കറ്റ കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് അവനെ പരിപാലിച്ചു വളര്‍ത്തിപോന്നവരും അവരാണല്ലോ. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ – അതോടുചേര്‍ത്തുകൊണ്ടു – മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍ നിന്നു അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. ഇവിടെ മാത്രമല്ല, വേറെ പല വചനങ്ങളിലും ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്‍മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. (അങ്കബൂത്ത് 8; ലുഖ്മാന്‍ 14; അഹ്ഖാഫ് 15 എന്നിവിടങ്ങളില്‍ നോക്കുക).

മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നുവിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നല്‍കിയ ആ വിവരണങ്ങള്‍ ഇവയാകുന്നു:-

(1). മാതാവോ, പിതാവോ, അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം പ്രാപിക്കുന്നപക്ഷം, മക്കള്‍ അവരോടു ‘പ്ഫെ! ച് ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ഒരു കടമതന്നെയാണ് ഇത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(2). അവരോടു കയര്‍ത്തു സംസാരിക്കുകയോ, പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.

(3). അതും പോരാ, അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും, മര്യാദയും, ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്. ഈ ‘മാന്യമായ വാക്കു’ (قَوْلًا كَرِيمًا) കൊണ്ടു എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്നു ജരീര്‍ (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: قَوْلُ الْعَبْدِ الْمُذْنِبِ لِلسَّيِّدِ الْفَظِّ (പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്). അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്‌വാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബ്ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, സൂറത്തു ലുഖ്മാനില്‍ അവരോടു ഇഹത്തില്‍ സദാചാരമനുസരിച്ചു – നല്ല നിലയില്‍ – സഹവസിക്കുകയും വേണം (وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا) എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(4). അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ടു അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍’ (خفض الجناح). ഒരുകാലത്തു സ്നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, ഇപ്പോള്‍ അവരോടങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ, അഭിനയമോ ആയിക്കൂടാ – അവരുടെ നേരെയുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു مِنَ الرَّحْمَةِ (കാരുണ്യം നിമിത്തം) എന്ന വാക്കു സൂചിപ്പിക്കുന്നത്.

(5). അവര്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ റബ്ബേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ത്ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചു തന്നിരിക്കുകയാണ്. ചെറുപ്പക്കാലത്തു എന്നെ വളര്‍ത്തിയുണ്ടാക്കുവാന്‍ അവര്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാടു വേണ്ടതുപോലെ നിര്‍വ്വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ! എന്നാണാ പ്രാര്‍ത്ഥനയുടെ താല്‍പര്യം.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ മറുപടി പറയുകയുണ്ടായി: ‘ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസഃ) നമസ്കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും. ഇവയാണു അവരുടെ മരണശേഷം അവരോടു ചെയ്യേണ്ടുന്ന പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്.’ (അ; ദാ; ജ). ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരിക്കല്‍ മക്കായിലെ ഒരു തെരുവീഥിയില്‍വെച്ചു ഒരു ‘അഅ്റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തു നിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും, തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്നുദീനാര്‍ (റ) പറയുകയാണ്‌: “ഈ അഅ്റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ” എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ഇയാളുടെ പിതാവു (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്. “പുണ്യത്തില്‍വെച്ചു വളരെ നല്ല ഒരു പുണ്യമാണു പിതാവു പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്.” (മു.).

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലും, അവരോടുള്ള കടപ്പാടുകളും സംബന്ധിച്ച് പല ക്വുര്‍ആന്‍ വചനങ്ങളും നിലവിലുള്ളതിനു പുറമെ, ധാരാളം ഹദീഥുകളും കാണാവുന്നതാകുന്നു. ഓര്‍മ്മക്കായി, ചുരുക്കം ചിലത് ഇവിടെ ഉദ്ധരിക്കാം.

1. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്‌: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?” എന്ന് ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിച്ചു അവിടുന്ന് പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.” (ബു. മു).

2. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല.” (മു.).

3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു: “തന്റെ മാതാപിതാക്കളെ – ഒരാളെയോ രണ്ടാളെയും തന്നെയോ – (അവരുടെ) വാര്‍ദ്ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മു.).

4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹിബ്നുഅംറിബ്നില്‍ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോടു പങ്ക് ചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.” (ബു; മു.). പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടി കഴിഞ്ഞു പിരിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ. സൂ: ലുഖ്മാനിലെ ആയത്തില്‍ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് കാണാം.

സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോടു എത്രമാത്രം സൗമ്യത്തിലും മയത്തിലും പെരുമാറേണ്ടതുണ്ടെന്നുള്ളതു ഇതില്‍ നിന്നൊക്കെ നല്ലപോലെ മനസ്സിലാക്കാം. ധാര്‍മ്മിക മൂല്യങ്ങളും, മാനുഷിക ഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് – മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് – മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നും, അവര്‍ നിമിത്തമാണ് നാം ഈ ജീവിതക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഇടയായതെന്നും തുറന്നാക്ഷേപിക്കുവാന്‍ പോലും ചില മനുഷ്യരൂപികള്‍ ധൈര്യപ്പെടുന്ന ഈ കാലത്ത് – ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥിലും വിശ്വാസമുള്ള ഓരോ മുസ്‌ലിമും ഈ തുറയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, പക്ഷേ അനുഭവം വെച്ചുനോക്കുമ്പോള്‍, കുറെയൊക്കെ അറിവും പഠിപ്പുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും, അലംഭാവനയവും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളതു വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! അല്ലാഹുവില്‍ ശരണം! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു:

എട്ടാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 01 മുതൽ 10 വരെ

സൂറത്തുല്‍ ഇസ്രാഉ് : 01-10

ഇസ്റാഅ്‌ (നിശായാത്ര)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 111 – വിഭാഗം (റുകുഅ്) 12

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

ജുസ്ഉ് – 15

വിഭാഗം – 1

[‘സൂറത്തുല്‍ ബനൂ ഇസ്രാഈല്‍’ എന്നും ‘സൂറത്ത് സുബ്ഹാന’ എന്നും ഈ സൂറത്തിനു പേര് പറയപ്പെടാറുണ്ട്. ഇസ്രാഈല്യരുടെ ചരിത്ര സംഭവങ്ങള്‍ പലതും ഇതില്‍ വിവരിക്കപ്പെട്ടിരിക്കുന്നതില്‍ നിന്നാണ് സൂറത്ത് ബനൂഇസ്രാഈല്‍ എന്ന പേരു വന്നത്. ‘സുബ്ഹാന’ എന്ന പേര്‍ സൂറത്തിന്റെ തുടക്കത്തെയും, ‘ഇസ്രാഉ്’ എന്ന പേര്‍ ആദ്യവചനത്തില്‍ പ്രസ്താവിക്കുന്ന ഇസ്രാഉ് (രാപ്രയാണ) സംഭവത്തെയും സൂചിപ്പിക്കുന്നു. ഇതു മക്കീ സൂറത്തുകളില്‍പെട്ടതായി എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്. അവ ഇന്നതൊക്കെയാണെന്നുള്ളതില്‍ ഏകോപിച്ച അഭിപ്രായമില്ല.]

എല്ലാ രാത്രിയിലും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനി സൂറത്തുബനൂഇസ്രാഈലും, സൂറത്തുസുമറും ഓതാറുണ്ടായിരുന്നുവെന്നു ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അഹ്മദു, തിര്‍മദീ, നസാഈ (رحمهم الله) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു.

17:1

  • سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١﴿
  • യാതൊരുവന്‍ മഹാപരിശുദ്ധന്‍! തന്റെ അടിയാനെ ഒരു രാത്രിയില്‍ ‘മസ്ജിദുല്‍ ഹറാമി’ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു അവന്‍ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു, ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) ‘മസ്ജിദുല്‍ അഖ്സ്വാ’ [അങ്ങേഅറ്റത്തെ പള്ളി]യിലേക്കു; നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതെല്ലാം) അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി. നിശ്ചയമായും, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമായുള്ളവന്‍.
  • سُبْحَانَ മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു الَّذِي أَسْرَىٰ രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ بِعَبْدِهِ തന്റെ അടിമയെ, അടിയാനെ لَيْلًا ഒരു രാത്രിയില്‍ مِّنَ الْمَسْجِدِ മസ്ജിദില്‍ (പള്ളിയില്‍) നിന്നു الْحَرَامِ ഹറാമായ (അലംഘനീയമായ – പവിത്രമായ) إِلَى الْمَسْجِدِ മസ്ജിദിലേക്കു (പള്ളിയിലേക്കു) الْأَقْصَى അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള) الَّذِي യാതൊരു (പള്ളി) بَارَكْنَا നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം – അനുഗ്രഹം – ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു حَوْلَهُ അതിന്റെ ചുറ്റുപാടില്‍ لِنُرِيَهُ അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു إِنَّهُ هُوَ നിശ്ചയമായും അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْبَصِيرُ കാണുന്നവന്‍, കാണുന്നവനായ

[നമ്മുടെ അടിയാന്നു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും (ചിലതെല്ലാം) കാണിച്ചു കൊടുക്കുവാന്‍ വേണ്ടി ‘മസ്ജിദുല്‍ ഹറാമി’ല്‍നിന്ന് ഒരു രാത്രിയില്‍ ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചിട്ടുള്ള ‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു അദ്ദേഹത്തെ രാപ്രയാണം ചെയ്യിച്ചവന്‍ (അല്ലാഹു) മഹാപരിശുദ്ധന്‍ തന്നെ, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമായുള്ളവന്‍].

ഒരു രാത്രിയില്‍ മക്കായില്‍നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്കും, പിന്നീട് അവിടെനിന്ന് ആകാശത്തേക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത രണ്ടു യാത്രകളില്‍ ഒന്നാമത്തേത് اَلْإِسْرَاء (രാപ്രയാണം – അഥവാ രാവുയാത്ര) എന്നും, രണ്ടാമത്തേത് اَلْمِعْرَاج (ആകാശാരോഹണം – അഥവാ വാനയാത്ര) എന്നുമുള്ള പേരുകളില്‍ പ്രസിദ്ധമാണ്. സാമാന്യമായിട്ടെങ്കിലും അവയെക്കുറിച്ചു അറിയാത്തവര്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരിക്കുവാന്‍ പ്രയാസമാണ്. ആകാശാരോഹണത്തെ (മിഅ്റാജി’നെ) സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ സൂറത്തുന്നജ്മ് : 13-18ല്‍ കാണാവുന്നതാണ്. (ആ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക) രാപ്രയാണത്തെ (‘ഇസ്രാഉ്-നെ) ക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദവിവരം നമുക്ക് ലഭിക്കുന്നത് ഹദീഥുകളില്‍ നിന്നാകുന്നു. ‘ഇസ്രാഉ്’ സംബന്ധിച്ചു ഈ വചനത്തില്‍ അല്ലാഹു പറഞ്ഞ വാക്യങ്ങളെ നമുക്ക് പരിശോധിക്കാം.

سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ രാപ്രയാണം ചെയ്യിച്ചവന്‍ മഹാപരിശുദ്ധന്‍) എന്നുള്ള ‘തസ്ബീഹി’ന്റെ പ്രയോഗം, ആ പ്രയാണം കേവലം സാധാരണപോലെയുള്ള ഒരു യാത്രയല്ലെന്നും, അത്ഭുതകരവും അസാധാരണവുമായ ഒരു യാത്രയായിരുന്നുവെന്നും കാണിക്കുന്നു. سُبْحَانَ (സുബ്ഹാന) എന്ന പദം ഉപയോഗിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നതായി ക്വുര്‍ആനില്‍ വന്നിട്ടുള്ള സ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. أَسْرَىٰ (അസ്റാ) എന്ന ക്രിയയില്‍ നിന്നു തന്നെ ആ യാത്ര രാത്രി കാലത്തായിരുന്നുവെന്നറിയാമെങ്കിലും ഒരു രാത്രിയുടെ ഏതാനും ഭാഗമേ അതിന് എടുത്തിട്ടുള്ളുവെന്നു لَيْلًا (ഒരു രാത്രിയില്‍) എന്ന വാക്കില്‍ നിന്നു മനസ്സിലാക്കാം. യാത്രയുടെ തുടക്കത്തെപ്പറ്റി مِّنَ الْمَسْجِدِ الْحَرَامِ (‘മസ്ജിദുല്‍ ഹറാമില്‍’ നിന്നു) എന്നത്രെ അല്ലാഹു പറഞ്ഞത്.

കഅ്ബയുടെ ചുറ്റുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന പള്ളിക്കാണ് സാധാരണമായി ‘മസ്ജിദുല്‍ഹറാം’ എന്നു പറയാറുള്ളത്. ഹദീഥുകളിലാകട്ടെ, മസ്ജിദുല്‍ ഹറാമില്‍ നിന്നു എന്നും, ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ നിന്നു എന്നും, ഹിജ്റില്‍ നിന്നു എന്നും രിവായത്തുകള്‍ വ്യത്യസ്ത രൂപത്തില്‍ വന്നിട്ടുണ്ട് താനും. അതുകൊണ്ട് ‘മസ്ജിദുല്‍ ഹറാമു’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപെട്ടിരിക്കുന്നത് – പല മഹാന്‍മാരും പറയുന്നതുപോലെ, മക്കാഹറമോ, മക്കാരാജ്യമോ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. മക്കയെയും, മക്ക ഹറമിനെയും ഉദ്ദേശിച്ചു ‘മസ്ജിദുല്‍ ഹറാം’ എന്നു പറയാമെന്നു അല്‍ബക്വറ: 191, 196 എന്നീ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ടുതാനും. ഉമ്മുഹാനീ (رضي الله عنها) യുടെ വീടും മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തിലായിരുന്നുവെന്നുള്ളതും, ഹിജ്ര്‍ കഅ്ബയുടെ ഒരു ഭാഗമാണെന്നുള്ളതും (*) പ്രസ്താവ്യമാകുന്നു. ഇതും ഹദീഥിന്റെ രിവായത്തുകളുംകൂടി പരിശോധിക്കുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹോദരി ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നേടത്തു നിന്ന് എഴുന്നേറ്റ് മസ്ജിദുല്‍ ഹറാമിലേക്ക് പോയെന്നും, പിന്നീട് ഹിജ്റില്‍വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ (ശരിക്കും ഉറങ്ങി കഴിഞ്ഞിട്ടില്ലാത്ത) അവസ്ഥയിലായിരിക്കുമ്പോഴായിരുന്നു ഇസ്രാഇന്റെ തുടക്കമുണ്ടായതെന്നും, കിടന്നിരുന്ന വിരുപ്പില്‍ തന്നെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയെന്നും പല മഹാന്‍മാരും ചൂണ്ടിക്കാട്ടുന്നു.


(*) ഇപ്പോഴുള്ള കഅ്ബാ കെട്ടിടത്തിനുള്ളില്‍ പെടുത്താതെ, അതോടു ചേര്‍ത്തു അല്‍പം ഉയരത്തില്‍ മതില്‍ കെട്ടപ്പെട്ടു കിടക്കുന്നതും, സാക്ഷാല്‍ കഅ്ബയുടെ സ്ഥാനം തന്നെ ഉള്ളതുമായ സ്ഥലത്തിനത്രെ ഹിജ്ര്‍ – അഥവാ ഹിജ്ര്‍ ഇസ്മാഈല്‍ – എന്നു പറയപ്പെടുന്നത്.


إِلَى الْمَسْجِدِ الْأَقْصَى (‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു) – അഥവാ ബൈത്തുല്‍ മുഖദ്ദസുവരെ – ആയിരുന്നു ആ യാത്ര. അവിടുന്നങ്ങോട്ടു ഉപരി ലോകത്തേക്കുണ്ടായ യാത്രയാണു ‘മിഅ്റാജ്’. അതിനെക്കുറിച്ചു ഇവിടെ പരാമര്‍ശമൊന്നുമില്ല. ബൈത്തുല്‍ മുഖദ്ദസിലെ പള്ളി മക്കായില്‍നിന്നു വളരെ – അഥവാ അക്കാലത്ത് ഒരു മാസത്തെ യാത്രാദൂരം – അകലെയായതുകൊണ്ടും, അക്കാലത്തു അതിനപ്പുറം പള്ളി ഇല്ലാതിരുന്നതുകൊണ്ടുമാണ് അതിനെ അങ്ങേ അറ്റത്തേതു (الْأَقْصَى) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. الَّذِي بَارَكْنَا حَوْلَهُ (ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചത്‌_ എന്നു അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. വിവിധതരം കൃഷികളാലും തോട്ടങ്ങളാലും സമൃദ്ധവും അനുഗ്രഹീതവുമത്രെ അന്നും ഇന്നും ആ പ്രദേശങ്ങള്‍. അതോടുകൂടി, ഇബ്രാഹീം (عليه الصلاة والسلام) നബി മുതല്‍ അനേകം പ്രവാചകന്‍മാരുടെയും, അവരുടെ മതപ്രബോധന സംരംഭങ്ങളുടെയും ചരിത്രങ്ങള്‍ക്ക് ചിരകാല സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യവും ആ നാടുകള്‍ക്കു അല്ലാഹു നല്‍കിയിട്ടുണ്ട്. لِنُرِيَهُ مِنْ آيَاتِنَا (നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നും അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടി) ഇതായിരുന്നു ആ പ്രയാണത്തിന്റെ ലക്‌ഷ്യം. ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുദ്ദേശ്യം എന്താണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്രസ്തുത യാത്രാ വേളയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കണ്ടതും, അനുഭവിച്ചതുമായി പ്രബലമായ ഹദീഥുകളില്‍ വന്നിട്ടുള്ള അല്‍ഭുതകരമായ സംഭവങ്ങളും, അവിടുത്തേക്കു സിദ്ധിച്ച അനുഗ്രഹങ്ങളുമായിരിക്കും അതുകൊണ്ടു വിവക്ഷയെന്നു സാമാന്യമായി മനസ്സിലാക്കാവുന്നതാണ്. ഒരു രാത്രിയുടെ ഏതാനും സമയംകൊണ്ടു ഒരു മാസത്തെ വഴി ദൂരമുള്ള സ്ഥലത്തെത്തി മടങ്ങുവാന്‍ കഴിഞ്ഞത്, ചരിത്ര പ്രധാനമായ ബൈത്തുല്‍ മുഖദ്ദസു പള്ളിയും കണ്ടത്, കഴിഞ്ഞുപോയ പല പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് എന്നിങ്ങിനെ ഹദീഥുകളില്‍ വന്നിട്ടുള്ളതെല്ലാം ആ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു.

തന്റെ അടിയാന്റെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ – എല്ലാ സ്ഥിതിഗതികളും കേട്ടും കണ്ടും അറിയുന്നവനാണ് അല്ലാഹു, അതുകൊണ്ടു തന്നെയാണു അസാധാരണവും അത്ഭുതകരവുമായ ഈ യാത്രപോലെയുള്ള അനുഗ്രഹങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചതും, ഇങ്ങിനെയുള്ള സൂചനയാണു അവസാനത്തെ വാക്യം. إِنَّهُ هُوَ السَّمِيعُ الْبَصِيرُ (നിശ്ചയമായും അവന്‍ കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു).


‘ഇസ്രാഉം’, ‘മിഅ്റാജും’. (രാവുയാത്രയും, വാനയാത്രയും)

ഉമര്‍, അലി, ഇബ്നു മസ്ഊദു, അനസ്, അബൂഹുറൈറ, അബൂദര്‍റ്ഃ, ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُم) മുതലായ സ്വഹാബീ പ്രമുഖന്‍മാരില്‍നിന്നും, ഉമ്മുഹാനീ, അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْهُما) എന്നീ പ്രമുഖ വനിതാ സ്വഹാബികളില്‍ നിന്നുമായി ബുഖാരീ, മുസ്‌ലിം (رحمهما الله) തുടങ്ങിയ ഹദീഥു പണ്ഡിതന്‍മാര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടി ഈ വിഷയം സംബന്ധിച്ചു ധാരാളം ഹദീഥുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ചിലതില്‍ സുദീര്‍ഘമായും, ചിലതില്‍ സംക്ഷിപ്തമായും സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളില്‍ ചില രിവായത്തുകള്‍ തമ്മില്‍ അല്‍പം ചില വ്യത്യാസങ്ങള്‍ കാണപ്പെടുമെങ്കിലും പ്രധാന വശങ്ങളില്‍ അവ തമ്മില്‍ യോജിപ്പു കാണാവുന്നതാണ്. മിക്കവാറും ഹദീഥുകളും രിവായത്തുകളും ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ (رحمه الله) ഇസ്രാഇനെപ്പറ്റി പ്രസ്താവിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കുന്നു:-

‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ച്ചയിലായിരുന്നപ്പോള്‍ തന്നെ – സ്വപ്നത്തിലല്ല – മക്കയില്‍ നിന്നു ബൈത്തുല്‍ മുഖദ്ദസിലേക്ക് ‘ബുറാക്വി’ന്‍മേല്‍ രാത്രിയില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊണ്ടുപോകപ്പെട്ടു. പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ മൃഗത്തെ (ബുറാക്വിനെ) വാതില്‍ക്കല്‍ കെട്ടി. പള്ളിയില്‍ കടന്ന് രണ്ടു റക്അത്തു ‘തഹിയ്യത്ത്’ (*) നമസ്കരിച്ചു. പിന്നീട് ‘മിഅ്റാജ്’ (**) കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണിപോലെയായിരുന്നു അത്. അതിലായി അടുത്ത ആകാശത്തിലേക്കും, മറ്റുള്ള ആകാശത്തിലേക്കും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കയറിപ്പോയി. അതതിലെ പ്രധാനികളായ ആളുകള്‍ (മലക്കുകള്‍) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സ്വീകരിച്ചു. ആകാശങ്ങളിലുണ്ടായിരുന്ന പ്രവാചകന്‍മാര്‍ (***)ക്ക് അവരവരുടെ പദവിക്രമമനുസരിച്ച്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സലാം പറയുകയും ചെയ്‌തു. അങ്ങനെ, ആറാം ആകാശത്തില്‍ ‘കലീമായ’ (അല്ലാഹുവിന്റെ സംസാരം നേരില്‍ കേട്ട പ്രവാചകനായ) മൂസാനബി (عليه الصلاة والسلام)യുടെയും, ഏഴാം ആകാശത്തില്‍ ‘ഖലീലായ (അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി എന്ന് അല്ലാഹു വിശേഷിപ്പിച്ച) ഇബ്രാഹീം നബി (عليه الصلاة والسلام)യുടെയും അടുക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെന്നു. പിന്നീട് അവിടെ നിന്നും അപ്പുറം കടന്നു അല്ലാഹു കണക്കാക്കുന്ന കാര്യങ്ങളെ രേഖപ്പെടുത്തുന്ന പേനകളുടെ ചലനം കേള്‍ക്കുമാറുള്ള ഒരു മണ്ഡലത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്തി. ‘സിദ്റതുല്‍ മുന്‍തഹാ’ (****) എന്ന വൃക്ഷവും കണ്ടു. അതിമഹത്തായ പല കാര്യങ്ങളും കണക്കറ്റ വര്‍ണങ്ങളും, മലക്കുകളും അതിനെ ആവാരണം ചെയ്തിരുന്നു. അവിടെവെച്ച് ജിബ്‌രീല്‍ (عليه الصلاة والسلام) നെ അദ്ദേഹത്തിന്റെ സാക്ഷാല്‍രൂപത്തില്‍ അറുന്നൂറ് ചിറകുകള്‍ സഹിതം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണുകയുണ്ടായി (*****). ‘ബൈത്തുല്‍മഅ്മൂറും’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടു (******). ഭൂമിയിലെ ‘കഅ്ബഃ’ യുടെ സ്ഥാപകനായ ഇബ്രാഹീം നബി (عليه الصلاة والسلام) അതിലേക്ക് പുറംചാരി ഇരിക്കുന്നതായിട്ടാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടത്. കാരണം അത് ആകാശത്തിലെ ‘കഅ്ബഃ’യാകുന്നു. ദിവസംതോറും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചു ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നു. അവര്‍ പിന്നീട് ക്വിയാമത്തുനാള്‍വരെ അതിലേക്ക് മടങ്ങിവരുകയില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വര്‍ഗ്ഗവും നരകവും കണ്ടു. അമ്പതു നേരത്തെ നമസ്കാരം അവിടെ വെച്ചു നിര്‍ബന്ധമാക്കപ്പെട്ടു. അനന്തരം (മൂസാനബിയുടെ ഉപദേശപ്രകാരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോട് അപേക്ഷിച്ചതനുസരിച്ച് എണ്ണം കുറേശ്ശെ ചുരുക്കിക്കൊടുത്തുകൊണ്ട്) അതില്‍ ലഘുത്വം നല്‍കി. അത് അഞ്ച് നേരമാക്കി ഇളവുചെയ്തുകൊടുക്കുകയും ചെയ്തു. നമസ്കാരത്തിന്റെ മഹത്വവും, മനുഷ്യരോട് അല്ലാഹുവിനുള്ള കാരുണ്യവും നിമിത്തമാണത്. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബൈത്തുല്‍ മുഖദ്ദസിലേക്ക് ഇറങ്ങിപ്പോരുകയും (അവിടെ വെച്ചു കണ്ട) പ്രവാചകന്‍മാരെയും കൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നീട്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബുറാക്വിന്‍മേല്‍ കയറിക്കൊണ്ട് (നിശാന്ത്യത്തിലെ) ഇരുട്ടത്ത് തന്നെ മക്കായിലേക്ക് മടങ്ങിവരുകയും ചെയ്തു. വാസ്തവം അല്ലാഹുവിനറിയാം. ആ യാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പാലും, തേനും മറ്റും കാണിക്കപ്പെട്ടതും അവിടുന്ന് പാല്‍ തിരഞ്ഞെടുത്തതും ബൈത്തുല്‍ മുഖദ്ദസില്‍ വെച്ചാണെന്നും, ആകാശത്തു വെച്ചാണെന്നും (രിവായത്ത്) വന്നിട്ടുണ്ട്. ഒരു പക്ഷേ, രണ്ടിടത്ത് വെച്ചും അത് ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ട്. കാരണം, സന്ദര്‍ശനത്തിന് വരുന്ന ആള്‍ക്ക് നല്‍കപ്പെടുന്ന ഒരു സല്‍ക്കാരം പോലെയുള്ളതാണല്ലോ അത്. അല്ലാഹുവിനറിയാം. [‘ഇബ്നു കഥീറി’ന്റെ പ്രസ്താവന അവസാനിച്ചു.]


(*) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഒരു ഉപചാരമെന്നോണം ചെയ്യപ്പെടേണ്ടുന്ന നമസ്കാരമാണ് തഹിയ്യത്ത്.
(**). കയറിപ്പോകാനുള്ള സാധനം.
(***). ഈ കാഴ്ച്ചയെപ്പറ്റിയും മറ്റും താഴെ വിവരിക്കുന്നുണ്ട്.
(****). സ്വര്‍ഗത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരത്ഭുത മഹാവൃക്ഷമാണ് ‘സിദ്റത്തുല്‍ മുന്‍തഹാ’ (سدرة المنتهى). ഇതിനെപ്പറ്റി സൂറത്തുന്നജ്മ് 14-18ലും ,ഹദീഥുകളിലും വിവരിക്കപ്പെട്ടിരിക്കുന്നു. സൂറത്തുന്നജ്മിന്റെ വ്യാഖ്യാനത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചത് നോക്കുക.
(*****). ഇതിനെപ്പറ്റിയും സൂറത്തുന്നജ്മില്‍ പരാമര്‍ശമുണ്ട്.
(******). സദാ പെരുമാറ്റമുള്ള ഭവനം എന്നാണ് ‘ബൈത്തുല്‍ മഅ്മൂര്‍’ എന്ന വാക്കിന്റെ സാരം. തുടര്‍ന്നുള്ള വിവരണത്തില്‍ നിന്ന് ഇതിനെപ്പറ്റി സാമാന്യം ഗ്രഹിക്കാം.


നേരം പുലര്‍ന്നശേഷം, രാത്രിയിലുണ്ടായ അസാധാരണവും അത്യല്‍ഭുതകരവുമായ ഈ സംഭവത്തെക്കുറിച്ചു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ജനങ്ങളെ അറിയിക്കേണ്ട താമസം, ജനമദ്ധ്യെ അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ പലതരത്തിലായിരുന്നു. കൈകൊട്ടിച്ചിരിക്കുന്നവര്‍, തലയില്‍ കൈവെച്ച് ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ എന്നിങ്ങിനെ പല രൂപത്തിലും അവര്‍ പരിഹാസത്തിന്റെയും, നിഷേധത്തിന്റെയും പ്രകടനങ്ങള്‍ നടത്തി. ചിലര്‍ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അടുക്കലേക്ക് ഓടി വിവരം പറഞ്ഞ് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെ പറഞ്ഞുവോ?, എന്നു മാത്രമേ അദ്ദേഹത്തിന് അറിയേണ്ടതുണ്ടായിരുന്നുള്ളു. ‘അതെ, അദ്ദേഹം അങ്ങിനെ പറഞ്ഞു’ എന്നറിഞ്ഞതോടെ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സത്യമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’. അവര്‍ ചോദിച്ചു: ‘ ഒരു രാത്രികൊണ്ടു അവന്‍ ശാമില്‍ പോയി വന്നുവെന്ന് പറഞ്ഞത് താങ്കള്‍ വിശ്വസിക്കുന്നുവോ? അദ്ദേഹം മറുപടി പറഞ്ഞു: ‘അതിനെക്കാള്‍ വിദൂരമായ വിഷയത്തിലും ഞാനദ്ദേഹത്തെ വിശ്വസിക്കും. ആകാശത്തുനിന്നുള്ള വര്‍ത്തമാനത്തില്‍ ഞാനദ്ദേഹത്തെ വിശ്വസിച്ചു വരുന്നു’. ഇതു മുതല്‍ക്കാണ് അദ്ദേഹത്തെപ്പറ്റി ‘സിദ്ദീഖ്’ (الصديق മഹാ സത്യവാന്‍ – അഥവാ സത്യസന്ധന്‍) എന്നു വിളിക്കപ്പെട്ടുവന്നതെന്നു പറയപ്പെടുന്നു.

പിന്നീട്, ബൈത്തുല്‍ മുഖദ്ദസ് നേരില്‍ പോയി കണ്ടിട്ടുള്ളവരുടെ മുമ്പില്‍ വെച്ചു ആ പള്ളിയെപ്പറ്റി പലതും ചോദിച്ചുകൊണ്ട് മുശ്രിക്കുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ പരീക്ഷണം നടത്തിനോക്കി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവരണം തികച്ചും ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ‘ഈ വിവരണമൊക്കെ ശരിതന്നെ. എന്നാല്‍, ഞങ്ങളുടെ ഒരു വര്‍ത്തക സംഘം ശാമിലേക്ക് പോയിട്ടുണ്ട്. അവരുടെ വര്‍ത്തമാനമെന്താണ്?’ ഇതായിരുന്നു അടുത്ത ചോദ്യം. ആ സംഘത്തില്‍ ഇത്ര ആളുകളുണ്ട്; ഇത്ര ഒട്ടകങ്ങളുണ്ട്‌; ഇന്ന ദിവസം അവര്‍ തിരിച്ചെത്തും എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രതിവചിച്ചു. അതുപോലെ അവര്‍ വന്നുചേരുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ടൊന്നും അവര്‍ വിശ്വസിക്കുവാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ‘മുഹമ്മദിന്റെ സിഹ്ര്‍ വല്ലാത്ത സിഹ്ര്‍ തന്നെ’ എന്നു പറഞ്ഞ് തടിതപ്പിക്കളയുകയാണ് അവര്‍ ചെയ്തത്.

ബലവത്തായ അനേകം ഹദീഥുകളെ അടിസ്ഥാനമാക്കി ഇസ്രാഇലും മിഅ്റാജിലും നടന്ന പ്രധാന സംഭവങ്ങള്‍ ഇന്നവയാണെന്ന് ഇബ്നു കഥീര്‍ (رحمه الله) ന്റെ മേലുദ്ധരിച്ച പ്രസ്താവനയില്‍ നിന്നു മനസ്സിലായല്ലോ. ഇസ്രാഇന്റെ ലക്‌ഷ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് لِنُرِيَهُ مِنْ آيَاتِنَا (അദ്ദേഹത്തിനു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും കാണിച്ചു കൊടുക്കുവാന്‍ വേണ്ടി) എന്നു അല്ലാഹു പറഞ്ഞതിന്റെ സാരം ഏറെക്കുറെ അതില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. മിഅ്റാജില്‍ നടന്ന ചില സംഭവങ്ങളെപ്പറ്റി സൂറത്തുന്നജ്മിലെ വചനങ്ങളിലും ഇതുപോലെ അതിന്റെ ലക്ഷ്യത്തെ സൂചിപ്പിച്ചുകൊണ്ട് സൂറത്തുന്നജ്മില്‍ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ (തീര്‍ച്ചയായും, അദ്ദേഹം തന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍നിന്നും കണ്ടിട്ടുണ്ട്) എന്നു പറഞ്ഞുകാണാം. കൂടാതെ, ഹദീഥുകളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള മേലുദ്ധരിച്ചതില്‍പെട്ട ചില കാര്യങ്ങളും അല്ലാഹു അവിടെ എടുത്തുപറഞ്ഞിരിക്കുന്നു.

യുക്തിവാദക്കാര്‍ക്കും, ക്വുര്‍ആനിലോ, ഹദീഥിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളെ കഴിവതും സാധാരണവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമെടുക്കുന്നവര്‍ക്കും ഇസ്രാഇന്റെയും മിഅ്റാജിന്റെയും വിവരണത്തില്‍ പലതും ദഹിക്കാത്തവയുണ്ടായിരിക്കും. അത് സ്വാഭാവികവുമാണ്. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ച ഏതു കാര്യവും മുഖവിലക്കു തന്നെ സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നു. ഒരു രാത്രികൊണ്ടു മക്കായില്‍ നിന്നു ഒരാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി വന്നത്, ഒരു മനുഷ്യന്‍ ആകാശത്തേക്ക് കയറി തിരിച്ചുവന്നത്, മരണപ്പെട്ടുപോയ പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തക്കവണ്ണം അവര്‍ക്ക് രൂപം നല്‍കപ്പെട്ടത്‌ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ അറിവിലും പരിചയത്തിലുമുള്ള പ്രകൃതി നിയമങ്ങള്‍ക്കതീതം തന്നെ. പക്ഷേ, ബുദ്ധിപരമായി നോക്കുമ്പോള്‍ അവയൊന്നും അസംഭവ്യങ്ങളല്ല. അല്ലാഹുവിനെ സംബന്ധിച്ചാണെങ്കില്‍, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാറ്റം സ്വീകരിക്കാത്ത പ്രകൃതി നിയമം എന്നൊന്നില്ലതാനും. പ്രകൃതിയെന്നു നാം ഏതിനെപ്പറ്റി പറയുന്നുവോ അത്, അല്ലാഹു സാധാരണമായി നടപ്പാക്കിവരുന്ന ചില നടപടി ക്രമങ്ങള്‍ മാത്രമാകുന്നു. നമുക്ക് അതില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നതു ശരി. അല്ലാഹുവിന്, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യാവുന്നതാകുന്നു.

(وَ يَفْعَلُ اللهُ مَا يَشَاءُ).

ഉണര്‍ച്ചയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശരീരത്തോടുകൂടിത്തന്നെയായിരുന്നു ആ യാത്രയെന്നും, ഉറക്കത്തില്‍ സ്വപ്നരൂപത്തിലായിരുന്നു അതെന്നും രണ്ടഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ മുമ്പേ നിലവിലുണ്ട്. ആധുനിക കാലത്ത് ഈ രണ്ടാമത്തെ അഭിപ്രായത്തിന് പൂര്‍വ്വാധികം സ്വീകരണവും, പ്രചാരവും കാണുമെങ്കിലും, സഹാബികള്‍തൊട്ട് അടുത്ത കാലംവരെയുള്ള – മുന്‍ഗാമികളും പിന്‍ഗാമികളുമടങ്ങുന്ന – ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും ഒന്നാമത്തെ അഭിപ്രായക്കാരാകുന്നു. ആയിശാ, മുആവിയാ, ഹസന്‍ (رَضِيَ اللهُ تَعَالَى عَنْهُم) എന്നിവര്‍ രണ്ടാമത്തെ അഭിപ്രായക്കാരായിട്ടാണ് അറിയപ്പെടുന്നത്. ഇസ്രാഉ് ശാരീരികവും, മിഅ്റാജു ആത്മീയവും (അഥവാ സ്വപ്നത്തിലും) ആയിരുന്നുവെന്ന മൂന്നാമതൊരു അഭിപ്രായവും നിലവിലുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടഭിപ്രായങ്ങളും തമ്മില്‍ കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമമായേ അതു ഗണിക്കേണ്ടതുള്ളൂ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയായിരുന്നു ആ യാത്രയെന്നു സ്ഥാപിക്കുന്നതിനു താഴെ കാണുന്നവിധം പല തെളിവുകളും ഇബ്നുജരീര്‍, ഇബ്നു കഥീര്‍, റാസീ (رحمهم الله) പോലെയുള്ള പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇമാം അസ്ക്വലാനീ (رحمه الله) പോലെയുള്ള ഹദീഥ് പണ്ഡിതന്‍മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു ഉദാഹരണമായി:-

(1). سُبْحَانَ الَّذِي الخ എന്ന ‘തസ്ബീഹി’ന്റെ വാക്യത്തോടെയാണ് അല്ലാഹു ഇസ്രാഇനെക്കുറിച്ചു പ്രസ്താവിച്ചത്. വമ്പിച്ച കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഇങ്ങിനെയുള്ള തസ്ബീഹിന്റെ രൂപത്തിലുള്ള വാചകങ്ങള്‍ പ്രയോഗിക്കുക പതിവ്. അതുകേവലം ഒരു സ്വപ്നം മാത്രമായിരുന്നുവെങ്കില്‍, ഈ പ്രയോഗത്തിന് ഇവിടെ വിശേഷിച്ച് സ്ഥാനമൊന്നുമില്ല.

(2). അതൊരു സ്വപ്നമായിരുന്നെങ്കില്‍, ക്വറൈശികള്‍ അതിനെ നിഷേധിക്കുവാനോ ഇസ്ലാം സ്വീകരിച്ച ചിലര്‍ സംശയത്തോടെ ചോദ്യം ചെയ്യുവാനോ മുതിരുമായിരുന്നില്ല. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ആ വാര്‍ത്ത കേട്ട ഉടനെ അത് ശരിവെച്ചതില്‍ ഒരു പ്രത്യേകതയും ഉണ്ടായിരിക്കുവാനും അവകാശമില്ല. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യസന്ധതക്ക് ഒരു തെളിവായിരിക്കുകയുമില്ല. സ്വപ്നത്തില്‍ ഇതുപോലെയുള്ള പലതും സംഭവിക്കാമെന്നുള്ളതില്‍ വിശേഷബുദ്ധിയുള്ളവരാരും തര്‍ക്കിക്കുകയില്ലല്ലോ.

(3). أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ അവന്‍ രാവുയാത്ര ചെയ്യിച്ചു) എന്നാണ് അല്ലാഹു പറഞ്ഞത്. ആത്മാവിനെ മാത്രം ഉദ്ദേശിച്ചു അടിയാന്‍ (عَبْد) എന്ന് പറയപ്പെടാറില്ല.

(4). ‘ബുറാക്വ്’ എന്ന ഒരു മൃഗത്തിന്റെ പുറത്തായിരുന്നു ആ യാത്രയെന്ന് ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്നല്ലാതെ – ആത്മാവിന് ഒരു മൃഗത്തിന്‍മേല്‍ സവാരി ചെയ്യേണ്ടുന്ന ആവശ്യമില്ല.

(5). രാവിലെയും, വൈകുന്നേരവും ഓരോ മാസത്തെ വഴിദൂരം സുലൈമാന്‍ (عليه الصلاة والسلام) നബിയെയുംകൊണ്ട് കാറ്റ് ചലിച്ചിരുന്നുവെന്നു 34:12ലും, കണ്ണടച്ചുമിഴിക്കുമ്പോഴേക്കും യമനിലെ രാജ്ഞിയുടെ സിംഹാസനം അവിടെ നിന്നു ശാമില്‍ സുലൈമാന്‍ (عليه الصلاة والسلام) ന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടതായി 27:40ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍ ഒരു രാത്രിയില്‍ ഒരു മാസത്തെ ദൂരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഞ്ചരിച്ചതില്‍ അസാംഗത്യമൊന്നുമില്ല.

(6). ക്വുര്‍ആനിലും ഹദീഥുകളിലും വന്ന വാക്കുകള്‍ പരിശോധിച്ചാല്‍ നേര്‍ക്കുനേരെ മനസ്സിലാക്കാന്‍ കഴിയുന്നത് ആ യാത്ര ശാരീരികവും ഉണര്‍ച്ചയിലും ആയിരുന്നുവെന്നാകുന്നു. എന്നിരിക്കെ, അതിനെ ആത്മീയമെന്നോ, സ്വപ്നക്കാഴ്ച എന്നോ വ്യാഖ്യാനിക്കുന്നത് ന്യായമല്ല.

(7). സ്വഹാബികളില്‍പെട്ട ചുരുക്കം പേര്‍ അത് ആത്മീയമായിരുന്നുവെന്നോ, സ്വപ്നത്തിലായിരുന്നുവെന്നോ പ്രസ്താവിച്ചിരുന്നാല്‍ തന്നെയും അവരെക്കാള്‍ എത്രയോ അധികം സ്വഹാബികള്‍ അതിന് എതിരായിരിക്കെ ചിലരുടെ മാത്രം പ്രസ്താവന തെളിവായി എടുത്തുകൂടാത്തതാണ്. മാത്രമല്ല, എതിരഭിപ്രായക്കാരായി അറിയപ്പെടുന്ന സ്വഹാബികള്‍ മറ്റുള്ളവരെപ്പോലെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുമായി അധികകാലം സഹവസിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവരുമാകുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.

ആത്മീയമായിരുന്നു, അഥവാ സ്വപ്നമായിരുന്നു എന്നതിന് പറയപ്പെടാറുള്ള പ്രധാന തെളിവുകള്‍ ഇവയാകുന്നു:

(1). അന്ന് റസൂല്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَയുടെ ശരീരം കാണപ്പെടാതായിട്ടില്ല എന്ന് ആഇശാ (رضي الله عنها) യുടെ ഒരു പ്രസ്താവന.

(2) അത് സ്വപ്നത്തില്‍ അല്ലാഹു കാണിച്ചുകൊടുത്ത കാഴ്ചയായിരുന്നുവെന്ന മുആവിയഃ (رضي الله عنه) യുടെ പ്രസ്താവന. വാസ്തവത്തില്‍ ഈ രണ്ടു തെളിവുകള്‍ വിമര്‍ശന വിധേയങ്ങളാകുന്നു. കാരണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആ യാത്ര ഉണ്ടായകാലത്ത് ആഇശഃ (رضي الله عنها) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിയായിട്ടില്ലെന്ന് മാത്രമല്ല, വളരെ ചെറുപ്പവുമായിരുന്നു. മുആവിയഃ (رضي الله عنه) ആകട്ടെ, ആ സംഭവകാലത്ത് മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് ഏതാനും കൊല്ലങ്ങള്‍ക്ക് ശേഷമാണദ്ദേഹം മുസ്ലിമായതും. ആ സ്ഥിതിക്ക് ആ രണ്ടുപേര്‍ക്കും വിഷയത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ശരിക്ക് അറിയുവാനിടയില്ല. പിന്നീടത് ഏതാനും ചില യുക്തിന്യായങ്ങള്‍ മാത്രമാണ്. അവയെ അതേ നിലവാരത്തിലുള്ള യുക്തിന്യായങ്ങള്‍ കൊണ്ടുതന്നെ വിമര്‍ശിക്കാവുന്നതുമാകുന്നു. والله أعلم

ലോകാവസാനം വരെയുള്ള മനുഷ്യസമുദായത്തിന്റെ റസൂലാണ് നബിതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). എക്കാലത്തേക്കും ബാധകവും പക്വവുമായ ഒരു വേദഗ്രന്ഥവും നിയമസംഹിതയുമാണ്‌ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ജനമദ്ധ്യെ സമര്‍പ്പിക്കുവാനുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കാണെങ്കില്‍, വല്ല പാഠശാലയില്‍ നിന്നോ, അന്യരുടെ ശിക്ഷണത്തില്‍ വെച്ചോ മറ്റോ ഒന്നും പഠിച്ചറിയുവാന്‍ സന്ദര്‍ഭം കിട്ടിയിട്ടുമില്ല. വേദഗ്രന്ഥങ്ങളോ, ചരിത്രകൃതികളോ വായിച്ചറിഞ്ഞിട്ടുമില്ല. എഴുത്തും വായനയുംപോലും അറിഞ്ഞുകൂടാ. മനുഷ്യസമുദായമാകട്ടെ, ബുദ്ധിപരവും, ചിന്താപരവും, ശാസ്ത്രപരവുമെല്ലാം തന്നെ വളര്‍ന്നു വളര്‍ന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന് ക്രമേണ സിദ്ധിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമണ്ഡലങ്ങളുടെയും പുരോഗമന സാഹചര്യങ്ങളുടെയും ഫലമായി ഭാവിതലമുറകള്‍ പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു ഓര്‍ക്കുവാന്‍പോലും കഴിയാത്ത പല കാര്യങ്ങളും, അന്ന് അസംഭവ്യമാണെന്നു പരക്കെ കരുതപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്നു മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഉദാഹരണമായി: വായുവില്‍ മനുഷ്യന്‍ യഥേഷ്ടം സഞ്ചരിക്കുന്നതിനെപ്പറ്റി മുന്‍കാലത്തു വിഭാവനം ചെയ്‌വാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്ന് വായുവിലെ യാത്രയെ അല്ല – വായുമണ്ഡലത്തിനപ്പുറം കടന്നു – ഗോളാന്തര യാത്രകള്‍കൂടി മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്നു. നാളത്തെ കഥ എന്തൊക്കെയായിരിക്കുമെന്നു അല്ലാഹുവിനേ അറിഞ്ഞുകൂടൂ! അപ്പോള്‍, മനുഷ്യസാധാരണമായ പ്രകൃതിയുടെ പരിമിതികളെ കവച്ചുവെക്കുമാറ് ആത്മീയ സവിശേഷതകളാല്‍ അനുഗ്രഹീതരായ പ്രവാചകന്‍മാര്‍ക്കു – വിശേഷിച്ചും പ്രവാചകപ്രഭുവായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു – ഈ ഭൗതിക മണ്ഡലങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമായ അല്ലാഹു വെളിവാക്കിക്കൊടുക്കുകയും, പ്രവാചകന്മാരല്ലാത്ത മനുഷ്യര്‍ക്കു സിദ്ധിക്കാവതല്ലാത്ത ചില സിദ്ധികള്‍ കൊടുക്കുകയും ചെയ്യുന്നതില്‍ യുക്തിവിരുദ്ധമായി എന്താണുള്ളത്?! ഈ ബാഹ്യലോകത്തിനപ്പുറം നമ്മുടെ ഊഹത്തിനും, വിഭാവനത്തിനും അതീതമായ കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നടമാടുന്ന മറ്റൊരു ആത്മീയ ലോകമുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കു ഇസ്രാഈലോ, മിഅ്റാജിലോ അസംഗതമായി ഒന്നുമില്ല.

അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّـهِ عَلَيْكَ عَظِيمًا (നിനക്കു അല്ലാഹു വേദഗ്രന്ഥവും വിജ്ഞാനവും ഇറക്കിത്തരുകയും, നിന്നക്കറിയാതിരുന്നതു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (സൂ: നിസാഉ് 113).

17:2

  • وَءَاتَيْنَا مُوسَى ٱلْكِتَٰبَ وَجَعَلْنَٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا ﴾٢﴿
  • മൂസാക്കു നാം (വേദ)ഗ്രന്ഥം നല്‍കിയിരിക്കുന്നു; അതിനെ നാം ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു; എന്നെക്കൂടാതെ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നു (കല്‍പിച്ചുകൊണ്ടു);
  • وَآتَيْنَا നാം നല്‍കി مُوسَى മൂസാക്ക് الْكِتَابَ ഗ്രന്ഥം وَجَعَلْنَاهُ അതിനെ നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَلَّا تَتَّخِذُوا നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത് – ഏര്‍പ്പെടുത്തരുതു) എന്നു مِن دُونِي എന്നെക്കൂടാതെ, എനിക്കു പുറമെ وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ

17:3

  • ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًا شَكُورًا ﴾٣﴿
  • നൂഹിന്റെ കൂടെ നാം (കപ്പലില്‍) കയറ്റിയവരുടെ സന്തതികളേ! [നിങ്ങളോടാണു ഇങ്ങിനെ കല്‍പിച്ചത്‌] നിശ്ചയമായും അദ്ദേഹം, വളരെ നന്ദിയുള്ള ഒരു അടിയാനായിരുന്നു.
  • ذُرِّيَّةَ സന്തതികളേ مَنْ حَمَلْنَا നാം വഹിച്ച (കയറ്റിയ)വരുടെ مَعَ نُوحٍ നൂഹിന്റെ ഒപ്പം إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു عَبْدًا ഒരു അടിയാന്‍, അടിമ شَكُورًا വളരെ നന്ദിയുള്ള

‘ഇസ്രാഉ്’ എന്ന രാവുയാത്ര മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അനുഗ്രഹിച്ചാദരിച്ച സംഭവത്തെത്തുടര്‍ന്ന് മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്തു നല്‍കി അനുഗ്രഹിച്ച വിവരം ഉണര്‍ത്തുകയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെപ്പറ്റി പ്രസ്താവിച്ചശേഷം, മൂസാ (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രസ്താവിക്കുക ക്വുര്‍ആനില്‍ പലപ്പോഴും പതിവുള്ളതാകുന്നു. ഒരു വമ്പിച്ച സമുദായത്തെ ഒരു വേദഗ്രന്ഥത്തിന്റെയും നിയമസംഹിതയുടെയും കീഴില്‍ ഏകീകരിച്ചു സമുദ്ധരിക്കുകയെന്ന ഗൗരവമേറിയ ചുമതലാ നിര്‍വഹണത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മുമ്പ് ഒരു ചരിത്രം സൃഷ്‌ടിച്ച പ്രവാചകവര്യനാണല്ലോ അദ്ദേഹം. പ്രസ്തുത കൃത്യനിര്‍വ്വഹണത്തില്‍ മൂസാ (عليه الصلاة والسلام) നബിയുടെ ചരിത്രത്തില്‍ നിന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു പലതും പഠിക്കുവാനുള്ളതായിരിക്കണം അതിനു കാരണം.

ഇസ്രാഈല്യര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും, അല്ലാഹു അല്ലാത്ത ആരെയും കൈകാര്യക്കാരാക്കരുതെന്നു കല്‍പിച്ചുകൊണ്ടുമാണു മൂസാ (عليه الصلاة والسلام) ക്ക് വേദഗ്രന്ഥം നല്‍കിയതെന്നു അല്ലാഹു ആദ്യം പറഞ്ഞു. തുടര്‍ന്നുകൊണ്ട് ആ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥമായ ഒരു പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് നിങ്ങള്‍ – അഥവാ നൂഹ് (عليه الصلاة والسلام) നബിയുടെ നേതൃത്വത്തില്‍ കപ്പലില്‍ കയറി ജലപ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട സത്യവിശ്വാസികളുടെ സന്താനപരമ്പരയാണല്ലോ നിങ്ങള്‍ – എന്നു ഇസ്രാഈല്യരെ അനുസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയാണെങ്കില്‍, അല്ലാഹുവിനോടു വളരെ കൂറും നന്ദിയും അനുസരണവുമുള്ള ആളായിരുന്നു, ആ മാതൃക നിങ്ങളും പിന്‍പറ്റേണ്ടതാണല്ലോ എന്നും ഓര്‍മ്മിപ്പിചിരിക്കുന്നു. ആ മാതൃകക്കും പാരമ്പര്യത്തിനും എതിരായി ഇസ്രാഈല്യരില്‍ ഉണ്ടായ ചില ചെയ്തികളാണ് അടുത്ത വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്:-

17:4

  • وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴾٤﴿
  • ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.
  • وَقَضَيْنَا നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) إِلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലേക്കു فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ لَتُفْسِدُنَّ തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും فِي الْأَرْضِ ഭൂമിയില്‍ مَرَّتَيْنِ രണ്ടു പ്രാവശ്യം وَلَتَعْلُنَّ നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും عُلُوًّا ഔന്നത്യം (പൊങ്ങച്ചം) كَبِيرًا വലുതായ

17:5

  • فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا ﴾٥﴿
  • അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്.

    അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.
  • فَإِذَا جَاءَ അങ്ങനെ വന്നാല്‍ وَعْدُ വാഗ്ദത്തം, താക്കീതു أُولَاهُمَا ആ രണ്ടില്‍ ആദ്യത്തേതിന്റെ بَعَثْنَا നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും) عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ عِبَادًا ചില അടിയാന്‍മാരെ لَّنَا നമ്മുടെ أُولِي ഉള്ളവരായ, ഉടയവരായ بَأْسٍ ശൗര്യം (പരാക്രമ ശക്തി) شَدِيدٍ കഠിനമായ, കടുത്ത فَجَاسُوا എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും خِلَالَ ഇടയിലൂടെ الدِّيَارِ വീടു (വസതി – വാസസ്ഥലം) കളുടെ وَكَانَ അതായിരിക്കുന്നു, (ആകുന്നു) താനും وَعْدًا ഒരു വാഗ്ദത്തം مَّفْعُولًا ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).

17:6

  • ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَٰكُمْ أَكْثَرَ نَفِيرًا ﴾٦﴿
  • പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.
  • ثُمَّ رَدَدْنَا പിന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു لَكُمُ നിങ്ങള്‍ക്ക് الْكَرَّةَ എടുത്തുചാട്ടം (ശക്തി – വിജയം) عَلَيْهِمْ അവരുടെമേല്‍ (എതിരെ) وَأَمْدَدْنَاكُم നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ (ധനം) കൊണ്ടും وَبَنِينَ മക്കളും (കൊണ്ടും) وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്യും أَكْثَرَ വളരെ അധികമുള്ളവര്‍ نَفِيرًا സംഘം (കൂട്ടം).

17:7

  • إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْءَاخِرَةِ لِيَسُۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا ﴾٧﴿
  • നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ പള്ളിയില്‍ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).
  • إِنْ أَحْسَنتُمْ നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം أَحْسَنتُمْ നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു) لِأَنفُسِكُمْ നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് وَإِنْ أَسَأْتُمْ നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ فَلَهَا എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും فَإِذَا جَاءَ എനി (എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം الْآخِرَةِ അവസാനത്തേതിന്റെ لِيَسُوءُوا അവര്‍ തിന്‍മ (മോശം – വഷളത്വം) ചെയ്‌വാന്‍ വേണ്ടി وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ وَلِيَدْخُلُوا അവര്‍ പ്രവേശിക്കുവാനും الْمَسْجِدَ പള്ളിയില്‍ كَمَا دَخَلُوهُ അവരതില്‍ പ്രവേശിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَلِيُتَبِّرُوا അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും مَا عَلَوْا അവര്‍ ഔന്നത്യം (മേന്‍മ – വിജയം – ഊക്ക്) നേടിയതിനെ تَتْبِيرًا ഒരു (കടുത്ത) നശിപ്പിക്കല്‍

17:8

  • عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَٰفِرِينَ حَصِيرًا ﴾٨﴿
  • നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം.

    നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് ‘ജഹന്നമി’നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.
  • عَسَىٰ ആയേക്കാം رَبُّكُمْ നിങ്ങളുടെ റബ്ബ് أَن يَرْحَمَكُمْ നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ് وَإِنْ عُدتُّمْ നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ عُدْنَا നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി وَجَعَلْنَا നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു حَصِيرًا തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ.

മുന്‍കൂട്ടി വേദഗ്രന്ഥം മുഖേന അല്ലാഹു താക്കീതു നല്‍കിയിട്ടും അതിനെ വിലവെക്കാതെ ഇസ്രാഈല്യര്‍ കൈക്കൊണ്ട ചില അഴിമതികളെയും, അതിന്റെ അനന്തരഫലം അവര്‍ അനുഭവിക്കേണ്ടിവന്നതിനെയും സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. മതകല്‍പനകളെ ലംഘിക്കലും, അക്രമം പ്രവര്‍ത്തിക്കലും ഇസ്രാഈല്യരില്‍ നിത്യസംഭവങ്ങളായിരുന്നു. അവയില്‍ ഏറ്റവും അതിരുകവിഞ്ഞ രണ്ടു അവസരങ്ങളെ (അഥവാ കുഴപ്പങ്ങളെ) പ്പറ്റി അല്ലാഹു അവരെ പ്രത്യേകം താക്കീതുചെയ്തിരുന്നു. ഒന്നാമത്തെ കുഴപ്പത്തിന്റെ ഘട്ടത്തിലായിരുന്നു ശഅ്-യാഉ് (شعياء – عليه الصلاة والسلام) നബി കൊല്ലപ്പെട്ടതെന്നും, അവര്‍ക്ക് നേരിടുവാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്ന അര്‍മിയാഉ് (عليه الصلاة والسلام) ബന്ധനസ്ഥനാക്കപ്പെട്ടതെന്നും പറയപ്പെടുന്നു. അതുപോലെ, രണ്ടാമത്തെ കുഴപ്പത്തിന്റെ കാലത്താണ് സകരിയ്യാ (عليه الصلاة والسلام) യഹ്-യാ (عليه الصلاة والسلام) എന്നീ നബിമാര്‍ കൊല്ലപ്പെട്ടതെന്നും പറയപ്പെട്ടു കാണുന്നു.

രണ്ടില്‍ ഓരോന്നിന്റെയും ഘട്ടം വന്നപ്പോള്‍, അവര്‍ പിന്‍മാറാത്തപക്ഷം അവര്‍ക്കനുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളെയും ദുരിതങ്ങളെയും കുറിച്ച് പ്രവാചകന്‍മാര്‍ മുഖേന നേരത്തെ തന്നെ അവര്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം പ്രാവശ്യത്തെക്കുറിച്ചുള്ള താക്കീതാണ് 5-ാം വചനത്തില്‍ കാണുന്നത്. അല്ലാഹു അവന്റെ അടിയാന്‍മാരില്‍ ചിലരെ അവരില്‍ നിയോഗിക്കും, അവര്‍ കനത്ത പരാക്രമശാലികളും ഊക്കന്‍മാരുമായിരിക്കും, അവര്‍ നാട്ടിലൂടെയും പാര്‍പ്പിടങ്ങളിലൂടെയും പരതി നടക്കും എന്നൊക്കെയായിരുന്നു താക്കീതിന്റെ ചുരുക്കം. അഥവാ, കണ്ടതും കിട്ടിയതുമെല്ലാം നശിപ്പിക്കും. തേടിത്തിരിഞ്ഞ് കണ്ടുകിട്ടിയവരെയെല്ലാം കൊല്ലുകയോ ബന്ധനസ്ഥരാക്കുകയോ അടിമകളാക്കുകയോ ചെയ്യും. കൊള്ളയും കവര്‍ച്ചയും നടത്തും. അങ്ങനെ അവരെയും അവരുടെ സര്‍വസ്വവും നശിപ്പിക്കും എന്ന് സാരം. അത് അപ്പടി തന്നെ സംഭവിക്കുകയും ചെയ്തു. ‘ഈ അടിയാന്‍മാര്‍’ ആരായിരുന്നുവെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ട് മൂന്നഭിപ്രായങ്ങള്‍ കാണപ്പെടുന്നു. (1).ജാലൂത്ത് (جَالُوت) രാജാവും സൈന്യവുമാണെന്നും, (2) സന്‍ഹാരീബ് (سَنْحَارِيب) രാജാവും കൂട്ടരുമായിരുന്നുവെന്നും (3) ബുഖ്തുനസ്വറും (بُخْتَنَصَر) സൈന്യവുമായിരുന്നുവെന്നുമാണ് ആ അഭിപ്രായങ്ങള്‍.

ഇവയില്‍ മൂന്നാമത്തെ അഭിപ്രായത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. الله أعلم. ജാലൂത്തിനെപ്പറ്റി സൂറത്തുല്‍ബക്വറഃയില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്രാഈല്യരുടെ നേരെ പടയെടുക്കുകയും, വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും നിര്‍ദ്ദയം കൊന്നൊടുക്കുകയും ചെയ്ത ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു സന്‍ഹാരീബ്. (*). ബുഖ്തുനസ്വറും ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു. ഇയാള്‍ ബൈത്തുല്‍ മുക്വദ്ദസിലെ പള്ളിയും, ഇസ്രാഈല്യരുടെ മതസംസ്കാര ചിഹ്നങ്ങളും, സ്വത്തുക്കളുമെല്ലാം തകര്‍ക്കുകയും അവരെ കൂട്ടത്തോടെ ബന്ധനസ്ഥരാക്കി ബാബിലോണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. (**). ബാബിലോണ്യരുടെ ആക്രമങ്ങളില്‍ തൗറാത്തിന്റെ പകര്‍പ്പുകളെല്ലാം – സാക്ഷാല്‍ തൗറാത്തുപോലും -അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി. (പിന്നീട് കുറേ കാലത്തിനുശേഷം സ്വന്തം ഓര്‍മ്മയില്‍ നിന്നും മറ്റുമായിട്ടാണ് ഉസൈര്‍ (عليه الصلاة والسلام) ന്റെ കാലത്ത് അത് പുനര്‍ലേഖനം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു.


(*). ക്രി. മു. 701ല്‍ സന്‍ഹേരീബ് സിരിയാ രാജ്യത്തെ ആക്രമിച്ചു. നാല്‍പത്താറ് കോട്ടകള്‍ പിടിച്ചു. രണ്ടുലക്ഷം ജനങ്ങളെ അടിമകളാക്കി നാട്ടിലേക്ക് കൊണ്ടുപോയി… പിന്നീട് യെരുശലേം പട്ടണത്തെ വളഞ്ഞു. (വേ.പു. നിഘണ്ടു. പേ. 28).

(**). നെബൂഖദ് നേസര്‍ (ബുഖ്തുന്നസ്വര്‍) ക്രി. മു. 604 മുതല്‍ 561 വരെ രാജ്യം ഭരിച്ചു…. യെരുശലേമിനെ വീണ്ടും വന്നു നിരോധിച്ചു. അതിലെ ജനങ്ങളെ ആസകലം ബന്ധനസ്ഥരാക്കി ബാബിലോണ്യായിലേക്ക് കൊണ്ടുപോയി. ശലെമോണ്‍ (സുലൈമാന്‍ നബി) പണിത ദേവാലയത്തെ (ബൈത്തുല്‍ മുക്വദ്ദസ് പള്ളിയെ) ക്രി.മു. 586-ല്‍  ഇവന്‍ നിശ്ശേഷം നശിപ്പിച്ചു. (വേ.പു. നി. പേ. 209, 390).


ഒന്നാമത്തെ പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷകൊണ്ടുദ്ദേശ്യം ഈ മൂന്നില്‍ ഏതായിരുന്നാലും ശരി, പിന്നീട് അതിനുശേഷം ക്രമേണ അവരുടെ സ്ഥിതിഗതി മാറി. അവര്‍ നന്നായിത്തീരുകയും അന്യരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടുകയും ചെയ്തു. രാജ്യവും രാഷ്ട്രവും പുനര്‍നിര്‍മാണം ചെയ്യുവാനും, സംസ്കാരവും പ്രതാപവും നിറഞ്ഞ ഭരണങ്ങള്‍ സ്ഥാപിക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ജനസംഖ്യയിലും സമ്പല്‍മൃദ്ധിയിലും അവര്‍ മികച്ചു നില്‍ക്കുകയും ചെയ്തു. പല രാജാക്കന്‍മാരും പ്രവാചകന്‍മാരും അവരെ നയിക്കുവാനുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തില്‍ പ്രസ്ഥാവിക്കുനാന്ത്. അവരുടെ സ്വന്തം നിലപാട് നന്നായിത്തീര്‍ന്നപ്പോഴാണ് അവരുടെ ദുഃസ്ഥിതി മാറി നന്മ കൈവന്നതെന്നും മനുഷ്യന്‍ ചെയ്യുന്ന നന്മ തിന്മകളുടെ ഫലം ഇഹത്തിലും പരത്തിലും അവന്‍ അനുഭവിക്കേണ്ടി വരുമെന്നും അതോടൊപ്പം 7-ാം വചനത്തില്‍ ആദ്യവാക്യങ്ങളിൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

കാലക്രമത്തിൽ ഇസ്രാഈല്യരുടെ നില വീണ്ടും പഴയപടിയായിത്തീർന്നു. മതമൂല്യങ്ങൾക്കു വിലകൽപിക്കാതായി. ശിർക്കിലും തോന്നിയവാസങ്ങളിലും മുഴുകി. ഈ ഘട്ടത്തെപറ്റിയുള്ള മുന്നറിയിപ്പാണ് 7-ആം വചനത്തിൽ പിന്നീട് പറയുന്നത് എന്നത്രെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായം. മുമ്പ് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളില്‍ വരുത്തിത്തീരത്ത അതേമാതിരി നാശനഷ്ടങ്ങളും അക്രമമര്‍ദ്ദനങ്ങളും വീണ്ടും അഴിച്ചുവിടുമാറ് നിങ്ങളില്‍ അല്ലാഹു ശത്രുക്കളെ നിയോഗിക്കുമെന്ന് സാരം. രണ്ടാം പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ആരുടെ കൈകൊണ്ടാണ് അനുഭവപ്പെട്ടതെന്നു നിര്‍ണയിച്ചു പറയത്തക്ക തെളിവുകളില്ല. ചില റോമന്‍ കൈസര്‍മാരുടെ കാലത്ത് ഇസ്രാഈല്യര്‍ കണക്കറ്റ അക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. ജൂദ – ക്രിസ്തീയ ചരിത്രങ്ങളില്‍ ഇവയുടെ നീണ്ട പട്ടിക തന്നെ കാണാം. ഇവയില്‍പെട്ട ഏതെങ്കിലുമായിരിക്കാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. ഏതായാലും ഇമാം റാസീ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ – ഏതുകാലത്തു, ആരുടെ കൈക്കാണത് സംഭവിച്ചതെന്ന് നിര്‍ണയിച്ചറിയായ്കകൊണ്ട് ഈ വചനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ മനസ്സിലാക്കുന്നതിന് തടസ്സമൊന്നുമില്ലല്ലോ.

അവസാനം ചില കാര്യങ്ങള്‍ അല്ലാഹു അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
(1). عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ (നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് കരുണ ചെയ്തേക്കാം) നിങ്ങളുടെ അക്രമങ്ങള്‍ നിമിത്തം രണ്ടു പ്രാവശ്യം അല്ലാഹുവിന്റെ കോപത്തിന് പാത്രമാകേണ്ടിവന്നാലും അവന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ സ്ഥിതിഗതികള്‍ നിങ്ങള്‍ നന്നാക്കിത്തീര്‍ത്താല്‍ അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും എന്നു സാരം. ഈ വാഗ്ദാനം അല്ലാഹു അവരില്‍ പാലിക്കുക തന്നെ ചെയ്തിട്ടുണ്ടെന്നും എല്ലാ നിലക്കും ആ സമുദായം അഭിവൃദ്ധിപ്പെടുകയുണ്ടായിട്ടുണ്ടെന്നും അവരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാവുന്നതാണ്.

(2). وَإِنْ عُدتُّمْ عُدْنَا (നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കും.) അതായത് പിന്നെയും നിങ്ങളുടെ നില മുമ്പുണ്ടായതുപോലെ വഷളായിത്തീരുന്നപക്ഷം നിങ്ങളുടെമേല്‍ അല്ലാഹു നടപടി എടുക്കുവാന്‍ മടിക്കുകയില്ലെന്ന് താല്‍പര്യം. ഈ മുന്നറിയിപ്പും അവരില്‍ സാക്ഷാല്‍കൃതമാകുകയുണ്ടായി. തൗറാത്തിന്റെയും പ്രവാചകന്മാരുടെയും അദ്ധ്യാപനങ്ങളില്‍ നിന്ന് അകന്നകന്ന് കൊണ്ടിരുന്ന അവര്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നിയോഗിക്കപ്പെട്ടപ്പോള്‍ തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും ഇസ്ലാമിന്റെയും കഠിന ശത്രുക്കളായിത്തീര്‍ന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്ലാമിനുമെതിരില്‍ അവര്‍ സ്വീകരിച്ച നിലപാട് കുപ്രസിദ്ധമാണ്. അതിന്‍ ഫലമായി മുസ്ലിംകളുടെ കൈക്കു പല അവശതകളും അവര്‍ അനുഭവിക്കേണ്ടിവരുകയും ഒടുക്കം അറേബ്യയില്‍ നിന്നു കൂട്ടത്തോടെ അവര്‍ നാടുകടത്തപ്പെടുകയും ചെയ്തു.

ഇസ്ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടുകൊണ്ട് കുറെയൊക്കെ ശാന്തമായി കഴിഞ്ഞുകൂടിയശേഷം ദുസ്വാര്‍ത്ഥങ്ങള്‍മൂലം ഇസ്ലാമിനെതിരെയുള്ള ഗൂഢപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലംവരെ അവഹേളിക്കപ്പെട്ട ഒരധമ സമൂഹമായിക്കൊണ്ടല്ലാതെ ലോകത്ത് ജീവിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാലു ദശകങ്ങള്‍ക്കപ്പുറം ജര്‍മനിയിലെ സര്‍വാധിപതിയായിരുന്ന ഹിറ്റ്ലറുടെ കൈക്ക് അവര്‍ അനുഭവിക്കേണ്ടി വന്ന കൂട്ടക്കൊലകളുടെയും കഷ്ടതകളുടെയും കഥ പ്രസിദ്ധമാകുന്നു. ഇപ്പോള്‍, ഹിറ്റ്ലറുടെ എതിരാളികളായിരുന്ന വന്‍കോയ്മകളുടെ ഇടപെടല്‍ നിമിത്തം അവരുടെ വകയായി ഫലസ്തീനില്‍ ഒരു ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപികപ്പെട്ടതോടെ മുസ്ലിംകള്‍ക്കെതിരില്‍ അവരുടെ ധിക്കാരവും വൈരവും പൂര്‍വാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുത ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ, ഒരു കൂട്ടരുടെ കൈക്കല്ലെങ്കില്‍ മറ്റൊരു കൈക്ക് അവര്‍ അനുഭവിക്കാതിരിക്കുകയില്ലെന്നുള്ളതില്‍ സംശയമില്ല. ‘നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കു’മെന്ന് അല്ലാഹു പറഞ്ഞ വാക്ക് പുലരാതിരിക്കുകയില്ല.

(3). وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا (അവിശ്വാസികള്‍ക്കു നാം ജഹന്നമിനെ തടങ്ങൽ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു). മേല്‍കണ്ടതെല്ലാം ഈ ലോകത്ത് വെച്ചുതന്നെയുള്ള നടപടികളാണ്. ഇതുകൊണ്ട് അവരുടെ മേലുള്ള നടപടി അവസാനിക്കുന്നില്ല. ഇസ്രാഈല്യരായ അവിശ്വാസികളടക്കം എല്ലാ അവിശ്വാസികള്‍ക്കും പരലോകത്ത് നരകമായിരിക്കും ആധാരമെന്ന് സാരം. ഇസ്രാഈല്യരെ അഭിമുഖീകരിച്ചും, അവരുടെ ചരിത്രമെന്ന നിലക്കുമാണ് ഈ വചനങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, സത്യവിശ്വാസികള്‍ക്ക് അവരുടെ ചരിത്രങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുവാനുണ്ടെന്നു തീര്‍ച്ച. അതിനുവേണ്ടിയാണ് അല്ലാഹു ക്വുര്‍ആനില്‍ ഇത് പ്രസ്താവിച്ചിരിക്കുന്നതും. ഇസ്രാഈല്‍ സമുദായത്തെപ്പോലെ മുസ്ലിം സമുദായം ധിക്കാരത്തില്‍ മുഴുകിയാല്‍ അവരും ഇതുപോലെ ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്ക് പാത്രമാകേണ്ടിവരുമെന്നുള്ളതിന് പുറമെ മറ്റൊരു പാഠംകൂടി നാം ഇതില്‍ നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, ഇസ്രാഈല്യര്‍ക്ക് നേരിട്ട കഷ്ടനഷ്ടങ്ങള്‍ അവരെക്കാള്‍ സത്യവിശ്വാസത്തിലും സന്മാര്‍ഗത്തിലും മികച്ചുനിന്നിരുന്ന മറ്റൊരു സമുദായത്തിന്റെ കൈക്കായിരുന്നില്ല. വിശ്വാസാചാരങ്ങളില്‍ അവരെക്കാള്‍ ദുഷിച്ച ചില സമുദായക്കാരുടെ കൈക്കായിരുന്നു അത്. അതുപോലെ മുസ്ലിം സമുദായം ദുഷിക്കുമ്പോഴും അവരെക്കാള്‍ ദുഷിച്ച മറ്റൊരു കൂട്ടരുടെ കൈക്കാവാം അവര്‍ പരീക്ഷിക്കപ്പെടുന്നതും. ചരിത്രം പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഉദാഹരണങ്ങള്‍ പലതും മുസ്‌ലിം സമുദായത്തില്‍ ഇതഃപര്യന്തം കഴിഞ്ഞുപോയിട്ടുണ്ടുതാനും. അല്ലാഹു സമുദായത്തിനു സന്മാര്‍ഗവും തന്റേടവും പ്രദാനം ചെയ്യട്ടെ. ആമീന്‍.

17:9

  • إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴾٩﴿
  • നിശ്ചയമായും ഈ ക്വുര്‍ആന്‍ ഏറ്റവും ചൊവ്വായ (അഥവാ ബലവത്തായ)തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലം ഉണ്ടെന്നു അതവരെ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു;-
  • إِنَّ هَٰذَا നിശ്ചയമായും ഇത് الْقُرْآنَ (ഈ) ക്വുര്‍ആന്‍ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്നു, വഴികാട്ടും لِلَّتِي യാതൊന്നിലേക്ക് هِيَ അത് أَقْوَمُ ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ് وَيُبَشِّرُ അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു الْمُؤْمِنِينَ സത്യവിശ്വാസികളെ ٱلَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്‍കര്‍മങ്ങളെ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് أَجْرًا പ്രതിഫലം, കൂലി كَبِيرًا വലിയ.

17:10

  • وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴾١٠﴿
  • പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവര്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നുവെന്നും.
  • وَأَنَّ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.