വെളിച്ചം റമദാൻ 2026 –ഡേ- 04 (ഫെബ്രുവരി 24)

സൂറത്തു ഫാത്വിര്‍ : 27-32




  • വെളിച്ചം റമദാന്‍ ഡേ-04- സൂറ: ഫാത്വിര്‍ പാര്‍ട്ട് 04 – ആയത്ത് 27 മുതല്‍ 32 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 27-32
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 4

35:27

  • أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ ﴾٢٧﴿
  • അല്ലാഹു ആകാശത്തുനിന്നു വെള്ളം ഇറക്കിയിട്ടുള്ളതു നീ കണ്ടില്ലേ?- എന്നിട്ടു അതുമൂലം നാം [അല്ലാഹു] വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായിക്കൊണ്ടു ഫലവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിച്ചു. മലകളിലും തന്നെ, വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായും വെളുപ്പും ചുവപ്പുമായ – (തെളിഞ്ഞ) വഴികളും, തനി കറുത്തിരുണ്ടവയും ഉണ്ട്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ أَنزَلَ അല്ലാഹു ഇറക്കിയിട്ടുള്ളതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا بِهِ എന്നിട്ടു അതുമൂലം നാം പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) ثَمَرَاتٍ ഫല(വര്‍ഗ്ഗ)ങ്ങളെ مُّخْتَلِفًا വ്യത്യസ്തമായിട്ടു أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങള്‍ وَمِنَ الْجِبَالِ മലകളിലുമുണ്ട് جُدَدٌ വഴികള്‍ بِيضٌ വെളുത്തവ وَحُمْرٌ ചുവന്നവയും مُّخْتَلِفٌ أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങളില്‍ വ്യത്യസ്തമായ وَغَرَابِيبُ (കാക്കയെപ്പോലെ) കറുത്തിരുണ്ടവയും سُودٌ കറുത്ത

35:28

  • وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ﴾٢٨﴿
  • മനുഷ്യരിലും, ജീവജന്തുക്കളിലും, കന്നുകാലികളിലുമുണ്ട് അതുപോലെ വര്‍ണ്ണവ്യത്യാസമുള്ളത്. അല്ലാഹുവിന്റെ അടിയാന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്.
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് وَالدَّوَابِّ ജീവജന്തുക്കളിലും وَالْأَنْعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിലും مُخْتَلِفٌ أَلْوَانُهُ വര്‍ണ്ണം വ്യത്യസ്തമായതു كَذَٰلِكَ അതുപോലെ إِنَّمَا يَخْشَى തീര്‍ച്ചയായും ഭയപ്പെടുന്നുളളു اللَّـهَ അല്ലാഹുവിനെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു الْعُلَمَاءُ അറിവുള്ളവര്‍ (മാത്രം) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് غَفُورٌ വളരെ പൊറുക്കുന്നവനാണ്

മനുഷ്യന്‍ നിത്യേന പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുക്കളില്‍പോലും -ഒരേ ഇനത്തില്‍തന്നെ- വര്‍ണ്ണവൈവിധ്യങ്ങളും, ജാതി വ്യത്യാസങ്ങളും കാണുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ മനുഷ്യനെ അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഒരേ മഴവെള്ളം, ഒരേതരം വളം, ഒരേ ഭൂമി, ഇവയില്‍നിന്നുത്ഭവിച്ച ഫലവര്‍ഗ്ഗങ്ങള്‍ നോക്കുക! ഒന്നൊന്നില്‍നിന്നു നിറത്തിലും, രൂപത്തിലും വ്യത്യസ്തമായിരിക്കും. മലകള്‍ നോക്കുക! അവയും, അവയിലുള്ള വഴികളും വ്യത്യസ്ത രൂപത്തിലും വര്‍ണ്ണത്തിലും! മനുഷ്യരടക്കമുള്ള എല്ലാ ജീവികളും, അവര്‍ നിത്യം ഉപയോഗപ്പെടുത്തിവരുന്ന കന്നുകാലികളും അങ്ങിനെത്തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, വര്‍ണ്ണം, ആകൃതി, രുചി, ഗുണം ആദിയായവയുടെ ആധിക്യം നിമിത്തം അവയ്ക്കു ഒരു നിദാനം കണ്ടെത്തുവാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ കാലമത്രയും ഈ ലോകത്തു പുരോഗമിച്ചുകൊണ്ടേ ഇരുന്ന മനുഷ്യനു – കണ്ടതിനെല്ലാം പേരും പരിധിയും പറയുവാന്‍ വെമ്പുന്ന മനുഷ്യനു – വര്‍ണ്ണം, രുചി, ആകൃതി മുതലായവയില്‍ – വിരല്‍കൊണ്ടെണ്ണാവുന്ന എണ്ണങ്ങള്‍ മാത്രമേ ഇതേവരെ പേരുപറയുവാന്‍പോലും കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളതിലെല്ലാം ചെറുശിശുക്കളെപ്പോലെ, ‘ഇന്നതിന്റെ വര്‍ണ്ണം, അല്ലെങ്കില്‍ ഇന്നതിന്റെ രുചി, ഇന്നതിന്റെ രൂപം’ എന്നൊക്കെ പറയുവാനേ നാളിതുവരെ അവനു സാധിച്ചിട്ടുള്ളു.

അറിവുള്ളവരേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളു എന്നു പറഞ്ഞുവല്ലോ. ഇവിടെ ‘അറിവു’ കൊണ്ടുദ്ദേശ്യം ഏതാണെന്നു നോക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അപ്രീതിയും, ശിക്ഷയും സൂക്ഷിക്കുക, അതിന്നാസ്പദമായ അവന്റെ വിധിവിലക്കുകള്‍ സ്വീകരിക്കുക, ഇതാണ് അല്ലാഹുവിനെ ഭയപ്പെടുക എന്നതിന്റെ താല്പര്യം. ഇതിനു ഉപയുക്തമായ അറിവാണ് ഇവിടെ ഉദ്ദേശ്യമെന്നു പറയേണ്ടതില്ല. അഥവാ ഭൗതിക ലക്ഷ്യങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതോ, ദൈവവിശ്വാസത്തെയും ധാര്‍മ്മികബോധത്തെയും നശിപ്പിച്ചുകളയുന്നതോ ആയ അറിവുകളല്ല ഉദ്ദേശ്യം. അല്ലാഹു പറയുന്നു.

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا . ذَٰلِكَ مَبْلَغُهُم مِّنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ : سورة النجم – ٣٠,٢٩

(നമ്മുടെ ഓര്‍മ്മവിട്ട് തിരിഞ്ഞുപോകുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശിക്കാതിരിക്കുകയും, ചെയ്തവരില്‍നിന്ന് നീ വിട്ടുമാറുക. അറിവില്‍നിന്നുമുള്ള അവരുടെ ആകെത്തുക അതാണ്‌. (സൂ: നജ്മ് : 29,30). അപ്പോള്‍ ഇവിടെ അറിവുകൊണ്ടുദ്ദേശ്യം നബിമാരുടെ അറിവുകളും അവര്‍ സമുദായത്തിനു പ്രബോധനംചെയ്ത വിജ്ഞാനങ്ങളും ആയിരിക്കുവാനേ മാര്‍ഗ്ഗമുള്ളു. ഒരു സന്ദര്‍ഭത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: (فواللهِ إِنَّي لأعْلَمُهُمْ باللهِ ، وأشدُّهم لَهُ خشيَةً (متفق عليه)… (…..അല്ലാഹുവാണ സത്യം! ഞാന്‍ അല്ലാഹുവിനെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവനും, അവരെക്കാള്‍ കഠിനമായി അവനെ ഭയപ്പെടുന്നവനുമാണ്. (ബു.മു). അല്ലാഹുവിനെക്കുറിച്ചു ഏറ്റവും അറിവുള്ള ആള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകകൊണ്ടാണ്, അവനെക്കുറിച്ചു അവിടുത്തേക്കു കൂടുതല്‍ ഭയമുണ്ടായതെന്നും, അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെ ഏറ്റക്കുറവനുസരിച്ച് ഭയപ്പാടിലും വ്യത്യാസം വരുമെന്നും ഇതില്‍നിന്നും വ്യക്തമാണ്. മറ്റൊരിക്കല്‍ – ഒരു പ്രസംഗത്തില്‍ തന്നെ – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: (لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا : (متفق عليه (എനിക്കു അറിയാവുന്നതു നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു (ബു;മു). അല്ലാഹുവിന്റെ സ്മരണയും ഭയപ്പാടും പ്രദാനം ചെയ്യുന്ന അറിവു ലഭിക്കുവാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം വിശുദ്ധ ഖുര്‍ആനാണെന്നു തുടര്‍ന്നുള്ള ആയത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്:-

35:29

  • إِنَّ ٱلَّذِينَ يَتْلُونَ كِتَٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَٰرَةً لَّن تَبُورَ ﴾٢٩﴿
  • നിശ്ചയമായും, അല്ലാഹുവിന്റെ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെട്ടുപോകുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്;-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَتْلُونَ പാരായണം ചെയ്യുന്ന, ഓതുന്ന كِتَابَ اللَّـهِ അല്ലാഹുവിന്റെ (വേദ)ഗ്രന്ഥം وَأَقَامُوا നിലനിറുത്തുകയും ചെയ്ത الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും مِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും يَرْجُونَ അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു تِجَارَةً ഒരു വ്യാപാരം, കച്ചവടം لَّن تَبُورَ (ഒരിക്കലും) നഷ്ടപ്പെടാത്ത

35:30

  • لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ ﴾٣٠﴿
  • അവര്‍ക്കു തങ്ങളുടെ പ്രതിഫലങ്ങള്‍ അവന്‍ [അല്ലാഹു] നിറവേറ്റിക്കൊടുക്കുവാനും, അവന്റെ ദയാനുഗ്രഹത്തില്‍നിന്നു അവര്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും വേണ്ടി. (അതിനാണവര്‍ പ്രവര്‍ത്തിക്കുന്നത്). നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനാണ്, വളരെ നന്ദിയുള്ളവനാണ്.
  • لِيُوَفِّيَهُمْ അവന്‍ അവര്‍ക്കു നിറവേറ്റിക്കൊടുക്കുവാന്‍ أُجُورَهُمْ തങ്ങളുടെ പ്രതിഫലങ്ങളെ وَيَزِيدَهُم തങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ (ദയവില്‍, ഔദാര്യത്തില്‍) നിന്നു إِنَّهُ നിശ്ചയമായും അവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് شَكُورٌ വളരെ നന്ദിയുള്ളവനാണ്

വേദഗ്രന്ഥം ഖുര്‍ആനാണെന്നു വ്യക്തമാണ്. അതിന്റെ അര്‍ത്ഥം അറിയാതെയും, ഉള്ളടക്കം ശ്രദ്ധിക്കാതെയും ഉരുവിടുകയല്ല പാരായണംകൊണ്ടുദ്ദേശ്യം. അതിന്റെ ആശയങ്ങള്‍ ഗ്രഹിച്ചും, ചിന്തിച്ചുംകൊണ്ടായിരിക്കണം അത്. എന്നാല്‍ മാത്രമേ അതു ഫലപ്പെടുകയുള്ളു. ഖുര്‍ആന്‍ പാരായണത്തെപ്പറ്റി മുഖവുരയില്‍ നാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ‘പാരായണംചെയ്യുക, ഓതുക’ എന്നീ അര്‍ത്ഥങ്ങളുള്ള يَتْلُو എന്ന പദത്തിനു പിന്‍തുടരുക എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമാണ് ചില ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവ്യമാണ്. വിശുദ്ധഖുര്‍ആന്‍വഴി അറിവും ബോധവും ലഭിക്കുന്നു. അതിന്റെ പ്രതികരണം പ്രവര്‍ത്തനരംഗത്തു വരുമ്പോള്‍ നമസ്കാരത്തിനും ദാനധര്‍മ്മങ്ങള്‍ക്കും അതില്‍നിന്നു പ്രചോദനം ലഭിക്കുകയും ചെയ്യുന്നു. ഈ വ്യാപാരത്തിന്റെ ഫലമാകട്ടെ, ഒരിക്കലും മുറിഞ്ഞുപോകാത്ത വര്‍ദ്ധിച്ച ലാഭവും! സ്വാഭാവികമായി വന്നുപോയേക്കാവുന്ന തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും, സദുദ്ദേശ്യത്തോടുകൂടി ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങളെ നന്ദിപൂര്‍വ്വം സ്വീകരിച്ചു കൂടുതല്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. പരസ്യമായി ചിലവഴിക്കേണ്ടിവരുമ്പോള്‍ പരസ്യമായും, അല്ലാത്തപ്പോള്‍ രഹസ്യമായും ചിലവഴിക്കുക, അഥവാ ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ചിലവാക്കുക എന്നാണ് ‘രഹസ്യമായും പരസ്യമായും’ (سِرًّا وَعَلَانِيَةً) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം.

35:31

  • وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌ ﴾٣١﴿
  • വേദഗ്രന്ഥത്തില്‍നിന്നു നിനക്കു നാം ‘വഹ്‌യു’ [ബോധനം] നല്‍കിയിട്ടുള്ളതോ അതത്രെ യഥാര്‍ത്ഥം; അതിന്റെ മുമ്പിലുള്ളതിനെ [പൂര്‍വ്വഗ്രന്ഥങ്ങളെ] സത്യമാക്കി (ശരിവെച്ചു) കൊണ്ടാണ് (അതുള്ളതു). നിശ്ചയമായും, അല്ലാഹു അവന്റെ അടിയാന്മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും കാണുന്നവനും തന്നെ.
  • وَالَّذِي أَوْحَيْنَا നാം വഹ്‌യു നല്‍കിയിട്ടുള്ളതു إِلَيْكَ നിനക്കു مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ നിന്നു هُوَ الْحَقُّ അതാണ് യഥാര്‍ത്ഥം مُصَدِّقًا സത്യമാക്കിക്കൊണ്ട്, ശരിവെക്കുന്നനിലയില്‍ لِّمَا بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ളതിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി لَخَبِيرٌ സൂക്ഷ്മജ്ഞാനിതന്നെ بَصِيرٌ കാണുന്നവന്‍

35:32

  • ثُمَّ أَوْرَثْنَا ٱلْكِتَٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ ﴾٣٢﴿
  • പിന്നെ: നമ്മുടെ അടിയാന്‍മാരില്‍നിന്നു (നല്ലവരായി) നാം തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു (ഈ) വേദഗ്രന്ഥത്തെ നാം അവകാശപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, സ്വന്തം ആത്മാവിനോടു അക്രമം പ്രവര്‍ത്തിക്കുന്നവര്‍ അവരിലുണ്ട്; മിതം പാലിക്കുന്നവരും അവരിലുണ്ട്‌. അല്ലാഹുവിന്റെ അനുമതിയനുസരിച്ച് സല്‍ക്കാര്യങ്ങളുമായി മുന്‍കടക്കുന്നവരും അവരിലുണ്ട്‌. അതത്രെ വലുതായ അനുഗ്രഹം (അഥവാ യോഗ്യത).
  • ثُمَّ أَوْرَثْنَا പിന്നെ നാം അനന്തരം നല്‍കി, അവകാശപ്പെടുത്തി الْكِتَابَ വേദഗ്രന്ഥം الَّذِينَ اصْطَفَيْنَا നാം തിരഞ്ഞെടുത്തവര്‍ക്കു مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍ നിന്നു فَمِنْهُمْ എന്നാലവരിലുണ്ട് ظَالِمٌ لِّنَفْسِهِ തന്നോടു തന്നെ അക്രമം ചെയ്തവന്‍ وَمِنْهُم അവരിലുണ്ട് مُّقْتَصِدٌ മിതം പാലിക്കുന്നവനും وَمِنْهُمْ അവരിലുണ്ട് سَابِقٌ മുന്‍കടന്നവരും بِالْخَيْرَاتِ സല്‍കാര്യങ്ങള്‍ (നന്മകള്‍) കൊണ്ടു بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം) പ്രകാരം ذَٰلِكَ هُوَ അതുതന്നെയാണ് الْفَضْلُ അനുഗ്രഹം, ദയവു, ശ്രേഷ്ഠത الْكَبِيرُ വലുതായ

പൂര്‍വ്വവേദഗ്രന്ഥങ്ങളും, മുന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്ത സിദ്ധാന്തങ്ങളെ ശരിവെച്ചും, സത്യമെന്നു സ്ഥാപിച്ചുംകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നത്. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു അവതരിപ്പിച്ചുകൊടുത്തു, അവിടുന്നു അതു പ്രബോധനവും ചെയ്തു എന്നതുകൊണ്ടു കാര്യം അവസാനിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശേഷം അവിടുത്തെ സമുദായം കൈകാര്യം ചെയ്യേണ്ടുന്ന ഒരു അനന്തരസ്വത്താക്കി അതിനെ അവന്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകന്മാര്‍ പ്രബോധനം ചെയ്യുന്ന അറിവാണല്ലോ അവരില്‍നിന്നു സമുദായത്തിനു ലഭിക്കുന്ന അനന്തരാവകാശം. വേദഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായതും, അവസാനത്തേതുമായ ഈ ഗ്രന്ഥത്തെ, പ്രവാചകന്മാരില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും അവസാനത്തെ ആളുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായം – അതെ, മനുഷ്യവര്‍ഗ്ഗത്തില്‍ ഉളവായിട്ടുള്ള സമുദായങ്ങളില്‍വെച്ച് ഉത്തമസ്ഥാനം അര്‍ഹിക്കുന്ന ഈ സമുദായം (خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ) – കൈകാര്യം ചെയ്‌വാന്‍ ബാധ്യസ്ഥരാണ്. പഠിച്ചറിയുക, പഠിപ്പിക്കുക, ഉപദേശിക്കുക, പ്രചരിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ വരുത്തുക, തടസ്സമാര്‍ഗ്ഗങ്ങളെ നീക്കം ചെയ്യുക, അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിനു മാതൃകയാവുക, ഇതൊക്കെയാണവര്‍ നിറവേറ്റേണ്ടത്.

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا:سورة البقرة:١٤٣

(… അപ്രകാരം, നിങ്ങള്‍ മനുഷ്യര്‍ക്കു സാക്ഷികള്‍ – മാതൃക – ആയിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്കു സാക്ഷി – മാതൃക – ആയിരിക്കുവാനും വേണ്ടി നാം നിങ്ങളെ ഒരു മദ്ധ്യമ – ശ്രേഷ്ഠ – സമുദായമാക്കിയിരിക്കുന്നു. (സൂ: അല്‍ബഖറ: 143).

ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കേണ്ടതുണ്ട്. നേട്ടകോട്ടങ്ങള്‍ എന്തുണ്ടായാലും അതങ്ങിനെ നിലനില്‍ക്കുകയും ചെയ്യും. സ്വാഭാവികമായും – മൊത്തത്തില്‍ പറയുകയാണെങ്കില്‍ – അവര്‍ മൂന്നു തരക്കാരായിരിക്കുമെന്നു ഈ വചനം ചൂണ്ടിക്കാട്ടുന്നു:

1. തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവര്‍ (ظَالِمٌ لِّنَفْسِهِ).
2. മിതം പാലിക്കുന്നവര്‍ (مُّقْتَصِدٌ).
3. സല്‍ക്കര്‍മ്മങ്ങളുമായി മുന്‍കടന്നവര്‍ (سَابِقٌ بِالْخَيْرَاتِ).

ഈ മൂന്നു തരക്കാര്‍ ആരാണെന്നതിനെക്കുറിച്ചു പലരും പല അഭിപ്രായങ്ങളും പറഞ്ഞുകാണാം. എങ്കിലും, അവയില്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളതും, മിക്ക അഭിപ്രായങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്നതുമാണ് ഇമാം ഇബ്നുകഥീര്‍ (رحمه الله) ന്റെ വിശദീകരണം. അതു ഇപ്രകാരമാകുന്നു : 1-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളുടെ കാര്യത്തില്‍ കുറെയൊക്കെ വീഴ്ച്ചവരുത്തുകയും, നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. 2-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളെ മുഴുവന്‍ നിര്‍വ്വഹിക്കുന്നവരും, നിഷിദ്ധങ്ങളെയെല്ലാം ഉപേക്ഷിക്കുന്നവരുമാണ്. പക്ഷേ, ചിലപ്പോഴൊക്കെ മതത്തില്‍ തൃപ്തികരങ്ങളായ (പുണ്യകരങ്ങളായ) കാര്യങ്ങളെ ഉപേക്ഷിക്കുകയും, തൃപ്തികരങ്ങളല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തേക്കും. 3-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളും, മതത്തില്‍ തൃപ്തികരങ്ങളായ മറ്റു കാര്യങ്ങളും നിര്‍വ്വഹിക്കുകയും, നിഷിദ്ധമായതിനെയും തൃപ്തികരമല്ലാത്തതിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാകുന്നു.

ഈ ഒടുവില്‍ പറഞ്ഞവരാണ് ഏറ്റവും ഉയര്‍ന്ന പദവിയിലുള്ളതെന്നു പറയേണ്ടതില്ല. ഇവരെപ്പറ്റി പറഞ്ഞപ്പോള്‍ ‘അല്ലാഹുവിന്റെ അനുമതി അനുസരിച്ച്’ (بِإِذْنِ اللَّـهِ) എന്നുകൂടി വിശേഷിപ്പിച്ചതു ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവര്‍ക്കു ലഭിച്ചതുകൊണ്ടാണവര്‍ ആ നിലയിലെത്തിയതെന്നും, അല്ലാഹു അവരെക്കുറിച്ചു നല്ലപോലെ തൃപ്തിപ്പെടുന്നുവെന്നും അതു സൂചിപ്പിക്കുന്നു. അതുതന്നെയാണല്ലോ വമ്പിച്ച ശ്രേഷ്ഠതയും. (ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ). ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

പരായണം – Spotify
വിശദീകരണം- Spotify

Discover more from വെളിച്ചം സൗദി ഓൺലൈൻ

Subscribe now to keep reading and get access to the full archive.

Continue reading