വെളിച്ചം റമദാൻ 2026 –ഡേ- 07 (ഫെബ്രുവരി 27)

സൂറത്തു യാസീൻ : 01-12




  • വെളിച്ചം റമദാന്‍ 2026 ഡേ-07 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 12 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ

  1. സൂറത്തു യാസീൻ : 01-12
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

സൂറത്തു യാസീന്‍ : 01-27

യാസീൻ

മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 83 – വിഭാഗം (റുകുഅ്) 5

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

മഅഖലുബ്നുയസാര്‍ (റ) പറയുകയാണ്‌ : ‘യാസീന്‍’ ഖുര്‍ആന്‍റെ ഹൃദയമാണ്.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു. അതു അതിന്റെ ഒരു പേരായി തിരുമേനി എണ്ണുകയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.)

ഖിയാമത്ത് നാളിനേയും, അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും കുറിച്ച്  ഈ അധ്യായത്തില്‍  കൂടുതല്‍ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന്ന് ‘ഖുര്‍ആന്‍റെ ഹൃദയം’ (قلب القرآن) എന്നു പറഞ്ഞതെന്നു ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിരിക്കുന്നു.

36:1

  • يسٓ ﴾١﴿
  • ‘യാ_സീന്‍’
  • يس ‘യാ-സീന്‍’

36:2

  • وَٱلْقُرْءَانِ ٱلْحَكِيمِ ﴾٢﴿
  • വിജ്ഞാനപൂര്‍ണ്ണമായ ഖുര്‍ആന്‍ തന്നെയാണെ (സത്യം)!
  • وَالْقُرْآنِٰ ഖുര്‍ആന്‍ തന്നെയാണെ الْحَكِيم വിജ്ഞാനപ്രദമായ, തത്വപൂര്‍ണമായ, ബലവത്തായ

36:3

  • إِنَّكَ لَمِنَ ٱلْمُرْسَلِينَ ﴾٣﴿
  • നിശ്ചയമായും നീ ‘മുര്‍സലുകളില്‍ [ദൈവദൂതന്മാരില്‍] പെട്ടവന്‍ തന്നെ.
  • إنَّكَ നിശ്ചയമായും നീ لَمِنَ الْمُرْسَلِين മുര്‍സലുകളില്‍ പെട്ടവന്‍ തന്നെ

36:4

  • عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤﴿
  • (നേരെ) ചൊവ്വായ ഒരു പാതയിലാകുന്നു (നീ).
  • عَلَى صِرَطٍ ഒരു പാതയിലാകുന്നു, മാര്‍ഗ്ഗത്തിലാകുന്നു مُسْتَقِيمٍ ചൊവ്വായ, നേരായ

36:5

  • تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ ﴾٥﴿
  • കരുണാനിധിയായ പ്രതാപശാലി അവതരിപ്പിച്ചതു!
  • تَنْزِيلَ الْعَزِيزِ പ്രതാപശാലി അവതരിപ്പിച്ചതു الرَّحِيمِ കരുണാനിധിയായ

36:6

  • لِتُنذِرَ قَوْمًا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَٰفِلُونَ ﴾٦﴿
  • ഒരു ജനതയെ നീ താക്കീതു ചെയ്‌വാന്‍ വേണ്ടി(യാണത്): അവരുടെ പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെടുകയുണ്ടായിട്ടില്ല; അതിനാല്‍ അവര്‍ അശ്രദ്ധരാകുന്നു.
  • لِتُنْذِرَ നീ താക്കീതു ചെയ്‌വാന്‍ قَوْمًا ഒരു ജനതയെ مَا أُنْذِرَ താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത آبَاؤُهُمْ അവരുടെ പിതാക്കള്‍ فَهُمْ അതിനാല്‍ അവര്‍ غَافِلُونَ അശ്രദ്ധരാണ്

‘യാ-സീന്‍’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഒന്നിലധികം സ്ഥലത്ത്‌ സംസാരിച്ചിട്ടുണ്ട്. അവയെക്കുറിച്ച് പല മഹാന്മാരും പലതും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കപ്പെട്ടതു എന്താണെന്നു നമുക്ക് തിട്ടമായി അറിഞ്ഞുകൂടാ എന്നാണതിന്റെ ചുരുക്കം ‘യാസീന്‍’ എന്നാല്‍ ‘ഹേ, മനുഷ്യാ’(يا انسان) എന്നാണര്‍ത്ഥമെന്നു ഇബ്നു അബ്ബാസ് (റ), ഇക്‌രിമഃ (റ), ഹസന്‍ (റ), സുഫ്‌യാൻ (റ) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഏതായാലും, അതു ഈ അധ്യായത്തിന്റെ പേരാണെന്നു നാം മേല്‍ ഉദ്ദരിച്ച ഹദീസില്‍ കണ്ടുവല്ലോ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ റസൂലാണെന്നും, അവിടുന്നു സ്വീകരിച്ചിട്ടുള്ള മാര്‍ഗം യാതൊരു വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗമാണെന്നും, അതു അല്ലാഹു അവതരിപ്പിച്ചതു തന്നെയാണെന്നും ഖുര്‍ആന്‍ മുഖേന സത്യം ചെയ്തു കൊണ്ടാണ് അല്ലാഹു ഈ സൂറത്തു ആരംഭിക്കുന്നത്.

പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത ജനത എന്നു പറഞ്ഞതു വേദക്കാരല്ലാത്ത അറബികളെക്കുറിച്ചാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മുന്‍പ് അടുത്ത കാലത്തൊന്നും അവരില്‍ ദൈവദൂതന്മാര്‍ നിയോഗിക്കപ്പെടുകയുണ്ടായിട്ടില്ല. അതുകൊണ്ട് വേദഗ്രന്ഥത്തെക്കുറിച്ചോ, ദൈവികമതത്തെക്കുറിച്ചോ അറിയാത്തവരാണവര്‍. സൂ:സബഉ 28ലും മറ്റു പലേടത്തും പ്രസ്‌താവിക്കപ്പെട്ടിട്ടുള്ളതു പോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യലോകത്തിനു ആകമാനമുള്ള റസൂല്‍ തന്നെ. എങ്കിലും, അവിടുന്നു ജനിച്ചുവളര്‍ന്നതും, ഇപ്പോള്‍ -ഈ സൂറത്തും മറ്റു മക്കീസൂറത്തുകളും അവതരിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍- ജീവിച്ചുവരുന്നതും അവര്‍ക്കിടയിലാണ്. തല്‍സമയം പ്രബോധന കൃത്യം നടന്നുകൊണ്ടിരിക്കുന്നതും അവരില്‍ തന്നെ. അതുകൊണ്ടാണ് ഇവിടെയും, മക്കീസൂറത്തുകളില്‍പെട്ട മറ്റുചില ആയത്തുകളിലും അറബികളെ -വിശേഷിച്ചും ഖുറൈശികളെ- താക്കീതു ചെയ്യുന്നതിനെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു കാണുന്നത്.

36:7

  • لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ ﴾٧﴿
  • തീര്‍ച്ചയായും അവരില്‍ അധികമാളുകളുടെ മേലും വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എനി അവര്‍ വിശ്വസിക്കുകയില്ല.
  • لَقَدْ حَقَّ സ്ഥിരപ്പെട്ടിട്ടുണ്ട്‌, യഥാര്‍ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം عَلَىٰ أَكْثَرِهِمْ അവരിലധികമാളുകളുടെ മേല്‍ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നതല്ല

‘വാക്കു’ സ്ഥിരപ്പെട്ടു’ (حَقَّ الْقَوْلُ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മേലില്‍ ഹൃദയപരിവര്‍ത്തനം വന്ന് നന്നായിത്തീരുവാന്‍ മാര്‍ഗമില്ലാത്തവിധം അവരുടെ ഹൃദയങ്ങള്‍ ദുഷിച്ചുപോയിട്ടുണ്ടെന്നും, അതിനാല്‍ ശിക്ഷയെ സംബന്ധിച്ച താക്കീതു അവരില്‍ ബാധകമായികഴിഞ്ഞിട്ടുണ്ടെന്നും ആകുന്നു. സൂ: സജദഃ 13ഉം, അതിന്റെ വ്യാഖ്യാനവും നോക്കുക. അവര്‍ എത്രമാത്രം ദുഷിച്ചുപോയെന്നു അടുത്ത വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നു:-

36:8

  • إِنَّا جَعَلْنَا فِىٓ أَعْنَٰقِهِمْ أَغْلَٰلًا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ ﴾٨﴿
  • നിശ്ചയമായും, നാം അവരുടെ കഴുത്തുകളില്‍ ചില ആമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകള്‍ വരേക്കുമുണ്ട്; അതിനാല്‍ അവര്‍ തലപൊക്കപ്പെട്ടവരാകുന്നു.
  • إنَّا جَعَلْنَا നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളില്‍ أَغْلَالًا ചില ആമങ്ങളെ, കുടുക്കുകളെ فَهِيَ എന്നിട്ടവ إِلَى الْأَذْقَانِ താടിയെല്ലുകള്‍വരെയുണ്ട്‌ فَهُمْ അതിനാലവര്‍ مُّقْمَحُونَ തല പൊക്കപ്പെട്ടവരാണ്

36:9

  • وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَٰهُمْ فَهُمْ لَا يُبْصِرُونَ ﴾٩﴿
  • അവരുടെ മുമ്പില്‍കൂടി ഒരു (തരം) തടവും, അവരുടെ പിമ്പില്‍കൂടി ഒരു (തരം) തടവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്‌. അതിനാല്‍ അവര്‍ കണ്ടറിയുകയില്ല.
  • وَجَعَلْنَا നാം ആക്കുകയും ചെയ്തു مِنْ بَيْنِ أَيْدِيهِمْ അവരുടെ മുമ്പില്‍ക്കൂടി سَدًّا ഒരു തടവു, അണ, മറ وَمِنْ خَلْفِهِمْ അവരുടെ പിമ്പില്‍കൂടിയും سَدًّا ഒരു തടവ്‌ فَأَغْشَيْنَاهُمْ അങ്ങനെ നാമവരെ മൂടി فَهُمْ അതിനാലവര്‍ لَا يُبْصِرُون കണ്ടറിയുന്നതല്ല

കൈകള്‍ കഴുത്തിലേക്കു കൂട്ടിബന്ധിക്കുന്ന ഒരുതരം ആമങ്ങള്‍- അഥവാ വിലങ്ങുകള്‍ക്കാണ് (أغلال) എന്നു പറയുന്നത്. കൈകള്‍ താടിയെല്ലിനു താഴെ കൂട്ടിച്ചേര്‍ത്തു വെച്ചായിരിക്കും ഈ ആമങ്ങള്‍ കഴുത്തില്‍ കുടുക്കുന്നത്. അതുകൊണ്ട് ആമം വെക്കപ്പെട്ടവന് തലതാഴ്ത്തുവാനോ, യഥേഷ്ടം നോക്കിക്കാണുവാനോ സാധിക്കാത്ത വണ്ണം തലപ്പൊക്കിപ്പിടിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനായിരിക്കും. ‘തടവ്‌, മറ, മലന്തിട്ട, അണക്കെട്ട്’എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കാണ്‌. سَدًّا

മുശ്‌രിക്കുകള്‍ ഹൃദയങ്ങള്‍ എത്രമാത്രം കടുത്തു കഠിനമായിപ്പോയിരിക്കുന്നുവെന്നു കാണിക്കുന്ന രണ്ടു ഉപമകളാണ്‌ ഈ വചനങ്ങളിലുള്ളത്. മേല്‍പറഞ്ഞ തരത്തിലുള്ള ആമങ്ങളാല്‍ ബന്ധിക്കപ്പെടുകയും, അതോടുകൂടി മുമ്പിലും പിമ്പിലുമെല്ലാം വമ്പിച്ച മറകളാല്‍ വലയം ചെയ്യപ്പെടുകയും ചെയ്തതുപോലെയാണ് ഇവരുടെ സ്ഥിതി. ഇവര്‍ക്ക്‌ വെളിയില്‍ നടക്കുന്ന സംഭവങ്ങളൊന്നും നോക്കിക്കാണുവാന്‍ നിവൃത്തിയില്ല. സത്യം കണ്ടറിഞ്ഞേക്കുമെന്നോ അതിനെക്കുറിച്ച് ചിന്തിചേക്കുമെന്നോ ഇനിയവരെപറ്റി പ്രതീക്ഷിക്കുവാന്‍ പോലും മാര്‍ഗ്ഗമില്ല എന്ന് സാരം. അടുത്ത വചനം നോക്കുക:

36:10

  • وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴾١٠﴿
  • നീ അവരെ താക്കീതു ചെയ്തുവോ. അല്ലെങ്കില്‍ താക്കീതു ചെയ്തില്ലയോ അവരില്‍ (രണ്ടും) സമമാകുന്നു; അവര്‍ വിശ്വസിക്കുകയില്ല.
  • وسواء സമമാണ് عليهم അവരില്‍ أ أنذرتهم നീ അവരെ താകീതു ചെയ്തുവോ أم لمتنذرهم അഥവാ അവരെ താക്കീത് ചെയ്തില്ലയോ لا يؤمنون അവര്‍ വിശ്വസിക്കുകയില്ല

അതുകൊണ്ട് അവരെ താക്കീതുചെയ്യാന്‍ മിനക്കെടെണ്ടതില്ലെന്നു താല്‍പര്യം, താക്കീതു ചെയ്യേണ്ടത് ആരെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-

36:11

  • إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ ﴾١١﴿
  • പ്രബോധനത്തെ (അഥവാ പ്രമാണത്തെ) പിന്‍തുടരുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനായുള്ളവനെ ഭയപ്പെടുകയും ചെയ്യുന്നതാരോ അവനെ മാത്രമേ നീ താക്കീതു ചെയ്യേണ്ടതുള്ളു. എന്നാലവനു പാപമോചനത്തെയും, മാന്യമായ പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
  • إنَّمَا تُنْذِرُ നീ താക്കീതു مَنِ اتَّبَعَ പിന്‍തുടര്‍ന്നവനെ (മാത്രം) الذِّكْرَ പ്രമാണത്തെ, സ്മരണയെ, ഉപദേശം وَخَشِيَ الرَّحْمَٰنَ പരമകാരുണികനെ ഭയപ്പെടുകയും ചെയ്ത بِالْغَيْبِ അദൃശ്യത്തില്‍, കാണാതെ فَبَشِّرْهُ എന്നാലവനു സന്തോഷമറിയിക്കുക بِمَغْفِرَةٍ പാപമോചനം കൊണ്ടു وَأَجْرٍ كَرِيم മാന്യമായ പ്രതിഫലവും (കൊണ്ട്)

അല്ലാഹുവിനെ നേരില്‍ കാണാതെതന്നെ – ദൃഷ്ടാന്തങ്ങള്‍ വഴി – അവനില്‍ വിശ്വസിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യാത്തവരെയും, പ്രമാണങ്ങളും സദുപദേശങ്ങളും ചെവിക്കൊള്ളാത്തവരെയും താക്കീതു ചെയ്തിട്ടു ഫലമുണ്ടാകുന്നതല്ലല്ലോ.

36:12

  • إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ ﴾١٢﴿
  • നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുൻചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂലരേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
  • إنَّا നിശയമായും നാം نَحْنُ നാംതന്നെ نُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു وَنَكْتُبُ നാം എഴുതുക(രേഖപ്പെടുത്തുക)യും ചെയ്യുന്നു مَا قَدَّمُوا അവര്‍ മുന്ചെയ്തതിനെ وَآثَارَهُمْ അവരുടെ അവശിഷ്ട(പ്രവര്‍ത്തനഫല) ങ്ങളെയും وَكُلَّ شَيْءٍ എല്ലാ കാര്യവും أَحْصَيْنَاهُ നാം അതിനെ കണക്കാക്കി (ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു فِي إِمَامٍ ഒരു മൂലരേഖയില്‍,കേന്ദ്ര ഗ്രന്ഥത്തില്‍ مُبِينٍ സ്പഷ്ടമായ, വ്യക്തമായ

മരണത്തിനു മുന്‍പ് ഓരോരുത്തനും ചെയ്ത എല്ലാ കര്‍മ്മങ്ങളും -അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ- ‘അവര്‍ മുന്ചെയ്തു വെച്ചത് (مَا قَدَّمُوا) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. പ്രസ്തുത കര്‍മ്മങ്ങളുടെ ഫലമായി അവശേഷിക്കുന്ന എല്ലാ നന്മകളും, തിന്മകളും ‘അവരുടെ അവശിഷ്ടങ്ങള്‍, അഥവാ പ്രവര്‍ത്തന ഫലങ്ങള്‍ (آثَارَهُمْ) എന്ന് പറഞ്ഞതിലും ഉള്‍പ്പെടുന്നു. മനുഷ്യന്‍ മരണപ്പെടുന്നതിനു മുന്‍പ് ചെയ്തു കഴിഞ്ഞ പ്രവര്‍ത്തികള്‍ മാത്രമല്ല, അവന്റെ മരണ ശേഷം അവനു പുണ്യം ലഭിക്കുവാന്‍ ഉതകുന്ന എല്ലാ സല്‍പ്രവര്‍ത്തനഫലങ്ങളും, നേരമറിച്ചു അവനു ദോഷം ബാധിക്കുവാന്‍ കാരണമായിത്തീരുന്ന എല്ലാ ദുഷ്പ്രവര്‍ത്തന ഫലങ്ങളും -ഒന്നൊഴിയാതെ- അല്ലാഹു രേഖപ്പെടുത്തി വെക്കുന്നു. ഈ രേഖയെ കുറിച്ചാണ് صحيفة الأعمال (കര്‍മ്മങ്ങളുടെ ഏട്) എന്ന് പറയപ്പെടുന്നത്‌ .ഇതിനുപുറമെ മനുഷ്യ കര്‍മ്മങ്ങളടക്കമുള്ള എല്ലാകാര്യങ്ങളും രേഖപ്പെടുത്തപെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതത്രേ إمام مبين (സ്പഷ്ടമായ മൂലരേഖ) സൂ; ഖമറില്‍ അല്ലാഹു പറയുന്നു;

وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ – القمر

(അവര്‍ ചെയ്യുന്ന എല്ലാ കാര്യവും ഏടുകളിലുണ്ട്, എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹില്‍  ബജലി (റ) ഉദ്ധരിക്കുന്നു; ‘ഒരാളൊരു നല്ല നടപടി ക്രമം നടപ്പിലാക്കിയാല്‍,അവനു അതിന്റെ പ്രതിഫലവും, അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും – അവരുടെ പ്രതിഫലങ്ങളില്‍ ഒട്ടും കുറവ് വരാതെത്തന്നെ- ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാല്‍, അവനു അതിന്റെ കുറ്റവും, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും – അവരുടെ കുറ്റങ്ങളില്‍ ഒട്ടും കുറവ് വരാതെ തന്നെ- ഉണ്ടായിരിക്കുന്നതുമാണ്.’ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ എന്ന് (ഈ ആയത്ത്) ഓതുകയും ചെയ്തു.’ (أخرجه ابن ابي حاتم)

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 06 (ഫെബ്രുവരി 26)

സൂറത്തു ഫാത്വിര്‍ : 38-45




  • വെളിച്ചം റമദാന്‍ ഡേ-06- സൂറ: ഫാത്വിര്‍ പാര്‍ട്ട് 06 – ആയത്ത് 38 മുതല്‍ 39 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 38-45
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 5

35:38

  • إِنَّ ٱللَّهَ عَٰلِمُ غَيْبِ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٣٨﴿
  • നിശ്ചയമായും, അല്ലാഹു ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യത്തെ അറിയുന്നവനാണ്; നിശ്ചയമായും, അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَالِمُ അറിയുന്നവനാണ് غَيْبِ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യം وَالْأَرْضِ ഭൂമിയിലെയും إِنَّهُ عَلِيمٌ അവന്‍ അറിവുള്ളവനാണ് بِذَاتِ الصُّدُورِ നെഞ്ചു(ഹൃദയം)കളിലുള്ളതിനെപ്പറ്റി

35:39

  • هُوَ ٱلَّذِى جَعَلَكُمْ خَلَٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ إِلَّا خَسَارًا ﴾٣٩﴿
  • നിങ്ങളെ ഭൂമിയില്‍ (മുന്‍കഴിഞ്ഞവരുടെ) പിന്‍ഗാമികളാക്കിയവനത്രെ അവന്‍. അതിനാല്‍, ആരെങ്കിലും അവിശ്വസിച്ചാല്‍ അവന്റെ അവിശ്വാസം അവന്റെ മേല്‍ തന്നെയാണ് (ദോഷം ചെയ്യുക). അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ കഠിനകോപ മല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല; അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല
  • هُوَ الَّذِي അവന്‍ യാതൊരുവനാണ് جَعَلَكُمْ നിങ്ങളെ ആക്കിയ خَلَائِفَ പിന്‍ഗാമികള്‍, പ്രതിനിധികള്‍ فِي الْأَرْضِ ഭൂമിയില്‍ فَمَن كَفَرَ അതിനാല്‍ ആര്‍ അവിശ്വസിച്ചുവോ فَعَلَيْهِ എന്നാലവന്റെ മേലാണ് كُفْرُهُ അവന്റെ അവിശ്വാസം وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കുകയില്ല كُفْرُهُمْ അവരുടെ അവിശ്വാസം عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ إِلَّا مَقْتًا കഠിനകോപ (ക്രോധ)ത്തെയല്ലാതെ وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കയില്ല كُفْرُهُمْ അവരുടെ അവിശ്വാസം إِلَّا خَسَارًا നഷ്ടമല്ലാതെ

ഒരു സമുദായത്തിനുശേഷം മറ്റൊരു സമുദായമെന്ന നിലക്കു മുമ്പുള്ളവരുടെ പിന്നാലെ വരുന്നവര്‍ എന്നാണ് خَلَائِف എന്ന വാക്കുകൊണ്ടുദ്ദേശ്യം. ‘പിന്‍തുടര്‍ച്ചക്കാര്‍, പ്രതിനിധികള്‍, അനന്തരക്കാര്‍’ എന്നൊക്കെ ആ വാക്കിനു അര്‍ത്ഥം പറയാം

35:40

  • قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ أَمْ ءَاتَيْنَٰهُمْ كِتَٰبًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا ﴾٤٠﴿
  • (നബിയേ) പറയുക: ‘നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്ന നിങ്ങളുടെ പങ്കുകാരെ?! (ഇവരെപ്പറ്റി നിങ്ങളെന്തു പറയുന്നു?) ഭൂമിയില്‍നിന്നു അവര്‍ എന്തൊരു വസ്തുവാണ് സൃഷ്ടിച്ചുണ്ടാക്കിയതെന്നു എനിക്ക് കാട്ടിത്തരുവിന്‍! അല്ലാത്തപക്ഷം, അവര്‍ക്കു ആകാശങ്ങളില്‍ വല്ല പങ്കും ഉണ്ടോ?! അതല്ലെങ്കില്‍, അവര്‍ക്കു നാം വല്ല (പ്രത്യേക) വേദഗ്രന്ഥവും കൊടുത്തിട്ട് അതില്‍ നിന്നുള്ള വല്ല തെളിവിന്‍മേലുമാണോ അവര്‍ (നിലകൊള്ളുന്നത്‌)?! (അതൊന്നുമല്ല). പക്ഷെ, അക്രമികള്‍ – ചിലര്‍ ചിലരോടു – വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്യുന്നില്ല.
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ شُرَكَاءَكُمُ നിങ്ങളുടെ പങ്കുക്കാരെ الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَرُونِي എനിക്കു കാണിച്ചുതരുവിന്‍ مَاذَا خَلَقُوا അവരെന്തു സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ أَمْ آتَيْنَاهُمْ അതല്ലെങ്കില്‍ നാമവര്‍ക്കു കൊടുത്തിട്ടുണ്ടോ كِتَابًا വല്ല ഗ്രന്ഥവും فَهُمْ എന്നിട്ടവര്‍ عَلَىٰ بَيِّنَتٍ വല്ല തെളിവിന്‍മേലുമാണ് مِّنْهُ അതില്‍നിന്നു بَلْ പക്ഷെ إِن يَعِدُ വാഗ്ദാനം ചെയ്യുന്നില്ല الظَّالِمُونَ അക്രമികള്‍ بَعْضُهُم بَعْضًا അവരില്‍ ചിലര്‍ ചിലരോടു إِلَّا غُرُورًا വഞ്ചന (ചതി, കൃത്രിമം) അല്ലാതെ

അല്ലാഹുവിനു പങ്കുകാരാണെന്നു ഗണിച്ചുകൊണ്ടു അവര്‍ വിളിച്ചാരാധിച്ചുവരുന്ന ദൈവങ്ങള്‍ ഭൂമിയില്‍ വല്ലതും സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ആകാശങ്ങളില്‍ എന്തെങ്കിലും ഒരു കൂട്ടവകാശം അവര്‍ക്കുണ്ടോ? അല്ലെങ്കില്‍ തങ്ങളുടെ നിലപാടിനു തെളിവു നല്‍കത്തക്കവണ്ണം വല്ല വേദഗ്രന്ഥവും അവര്‍ക്കു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചു ബോധ്യപ്പെടുത്തുക എന്നു അവരെ വെല്ലുവിളിക്കുന്നു. അതൊന്നും ഇല്ലാത്ത സ്ഥിതിക്കു തങ്ങളുടെ ആരാധനയെയും, ആരാധ്യരെയും കുറിച്ചു അവര്‍ തമ്മതമ്മില്‍ ചെയ്യുന്ന പ്രസ്ഥാവനകളെല്ലാം തനികൃത്രിമവും വഞ്ചനയുമാണെന്നു സാരം

35:41

  • ۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا ﴾٤١﴿
  • നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തല്‍സ്ഥാനം വിട്ടു) നീങ്ങുന്നതിനു [നീങ്ങാതിരിക്കുവാന്‍] അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُمْسِكُ പിടിച്ചുനിറുത്തുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും أَن تَزُولَ അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍ وَلَئِن زَالَتَا അവരണ്ടും നീങ്ങിപ്പോയെങ്കിലോ إِنْ أَمْسَكَهُمَا അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല مِنْ أَحَدٍ ഒരാളും തന്നെ مِّن بَعْدِهِ അവനുപുറമെ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെപൊറുക്കുന്നവന്‍

ആകാശഭൂമികളുടെ സൃഷ്ടിയില്‍ വേറെ ആര്‍ക്കും പങ്കില്ലാത്തതുപോലെ, അവയുടെ നിലനില്‍പിന്റെ കാര്യത്തിലും ആര്‍ക്കും കയ്യില്ല. അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണവ സ്ഥിതിചെയ്യുന്നത്. ഭൂമിയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടാകാറുള്ള കമ്പനത്തിനോ, ഇളക്കത്തിനോപോലും പരിഹാരം ഉണ്ടാക്കാന്‍ മറ്റാര്‍ക്കും കഴിയാത്ത സ്ഥിതിക്ക് ആകാശഭൂമികള്‍ ഒന്നാകെ നിലതെറ്റിയാല്‍ ആര്‍ക്കാണവയെ പിടിച്ചു നിറുത്തുവാന്‍ കഴിയുക – അല്ലാഹുവിനല്ലാതെ?!

35:42

  • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا ﴾٤٢﴿
  • അവര്‍ [അവര്‍ മുശ്രിക്കുകള്‍] തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവിനെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു: ‘തങ്ങള്‍ക്കു ഒരു താക്കീതുകാരന്‍ [റസൂല്‍] വന്നുവെങ്കില്‍, (മറ്റുള്ള) സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും നിശ്ചയമായും തങ്ങള്‍ കൂടുതല്‍ സന്‍മാര്‍ഗ്ഗികളായിത്തീരും’ എന്നു. എന്നിട്ട് അവര്‍ക്കു താക്കീതുക്കാരന്‍ വന്നപ്പോഴാകട്ടെ, (സത്യത്തില്‍ നിന്നു) വിരണ്ടോടുകയല്ലാതെ (മറ്റൊന്നും) അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല;
  • وَأَقْسَمُوا അവര്‍ സത്യം ചെയ്തു بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍വെച്ച് ഞെരുങ്ങിയതു (കഴിയും പ്രകാരമുള്ളതു) لَئِن جَاءَهُمْ അവര്‍ക്കു വന്നുവെങ്കില്‍ نَذِيرٌ ഒരു താക്കീതുകാരന്‍ لَّيَكُونُنَّ നിശ്ചയമായും അവര്‍ ആയിരിക്കുമെന്നു أَهْدَىٰ കൂടുതല്‍ സന്മാര്‍ഗ്ഗികള്‍ مِنْ إِحْدَى الْأُمَمِ സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും فَلَمَّا جَاءَهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ نَذِيرٌ ഒരു താക്കീതുകാരന്‍ مَّا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല إِلَّا نُفُورًا വിരണ്ടോട്ടമല്ലാതെ, വെറുത്തുപോക്കല്ലാതെ

35:43

  • ٱسْتِكْبَارًا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا ﴾٤٣﴿
  • – ഭൂമിയില്‍ ഗര്‍വ്വു നടിക്കുകയും, ദുഷിച്ച [കടുത്ത] കുതന്ത്രം പ്രയോഗിക്കുകയും ചെയ്തതിനാല്‍. (വാസ്തവത്തില്‍) ദുഷിച്ച കുതന്ത്രം അതിന്റെ ആള്‍ക്കാരിലല്ലാതെ വന്നു ഭവിക്കുകയുമില്ല. എന്നിരിക്കെ, പൂര്‍വ്വികന്‍മാരുടെ (മേലുണ്ടായ) നടപടിച്ചട്ടത്തെയല്ലാതെ (മറ്റുവല്ലതും ഇവര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നുണ്ടോ?! എന്നാല്‍, അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു മാറ്റത്തിരുത്തവും നീ കണ്ടെത്തുന്നതല്ല. അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
  • اسْتِكْبَارًا ഗര്‍വ്വ്‌ നടിച്ചതിനാല്‍, അതായതു ഗര്‍വ്വ്‌ നടിക്കല്‍ (അല്ലാതെ) فِي الْأَرْضِ ഭൂമിയില്‍ وَمَكْرَ السَّيِّئِ ദുഷിച്ച കുതന്ത്രവും وَلَا يَحِيقُ വന്നു ഭവിക്കയില്ല الْمَكْرُ السَّيِّئُ ദുഷിച്ച (കടുത്ത) കുതന്ത്രം إِلَّا بِأَهْلِهِ അതിന്റെ ആള്‍ക്കാരിലല്ലാതെ فَهَلْ يَنظُرُونَ എന്നിരിക്കെ ഇവര്‍ നോക്കുന്നു (പ്രതീക്ഷിക്കുന്നു)ണ്ടോ إِلَّا سُنَّتَ നടപടി(ചട്ടം, മാര്‍ഗ്ഗം) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ فَلَن تَجِدَ എന്നാല്‍ നീകണ്ടെത്തുകയില്ല തന്നെ لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്ക് تَبْدِيلًا ഒരു മാറ്റവും, പകരം വരുത്തലും وَلَن تَجِدَ നീ കാണുകയുമില്ല لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്കു تَحْوِيلًا ഒരു ഭേദഗതി, ഭേദപ്പെടുത്തല്‍

ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് ജൂതന്മാരും ക്രിസ്ത്യാനികളുമാണ് വേദക്കാരെന്ന നിലയില്‍ അറേബ്യയിലുണ്ടായിരുന്നത്. ഈ രണ്ടു സമുദായങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പും വഴക്കുമാണുള്ളത്. തങ്ങളുടെ മാര്‍ഗ്ഗമാണ് ശരിയായതെന്നും, മറ്റേവര്‍ പിഴച്ചവരാണെന്നും ഇരുകൂട്ടരും വാദിക്കുക പതിവായിരുന്നു. ഇതെല്ലം കാണുമ്പോള്‍ ബഹുദൈവവിശ്വാസികളായ അറബികള്‍ ഗൗരവമേറിയ സത്യവാചകങ്ങള്‍ ഉപയോഗിച്ചുകൊണ്ടു പറയും: ‘തങ്ങള്‍ക്കു ഒരു റസൂല്‍ വന്നിരുന്നെങ്കില്‍ തങ്ങള്‍ മറ്റു സമുദായക്കാരെപ്പോലെ വഴിപിഴക്കാതെ, അവരെക്കാള്‍ സന്മാര്‍ഗ്ഗികളായിത്തീരുമായിരുന്നു.’ അങ്ങനെ, അവരില്‍ നിന്നുതന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റസൂലായി നിയോഗിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുന്നതിനുപകരം, പൂര്‍വ്വാധികം ധിക്കാരികളായിത്തീരുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ കടുത്ത കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയുമാണ് അവര്‍ ചെയ്തത്. ഇവരുടെ മുന്‍ഗാമികളായ ധിക്കാരികള്‍ അനുഭവിച്ചതുപോലെ, ഇവരുടെ ധിക്കാരഫലം ഇവരും അനുഭവിക്കാതിരിക്കുകയില്ലെന്നും, അതു അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണെന്നും, ആ നടപടിക്രമങ്ങള്‍ക്കു ഒരിക്കലും മാറ്റമോ ഭേദഗതിയോ ഉണ്ടാകുകയില്ലെന്നും അല്ലാഹു അവരെ താക്കീതു ചെയ്യുന്നു.

ശാം, യമന്‍, ഇറാഖ് മുതലായ ദൂരരാജ്യങ്ങളിലേക്കു ഇവര്‍ നടത്താറുള്ള കച്ചവടയാത്രകളില്‍, വഴിമദ്ധ്യെവെച്ച് ഇവരേക്കാള്‍ ഊക്കന്മാരായിരുന്ന മുന്‍സമുദായങ്ങള്‍ അനുഭവിച്ച ശിക്ഷകളുടെ പല അടയാളങ്ങളും, നശിച്ചുപോയ അവരുടെ പല അവശിഷ്ടങ്ങളും ഇവര്‍ക്കു കണ്ടു പാഠം പഠിക്കുവാനുണ്ടല്ലോ എന്നു അടുത്ത വചനത്തില്‍ അല്ലാഹു അവരെ ഉണര്‍ത്തുന്നു:-

35:44

  • أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا ﴾٤٤﴿
  • ഇവര്‍ ഭൂമിയില്‍കൂടി സഞ്ചരിക്കാറില്ലേ? ഇവര്‍ക്കു മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് അപ്പോള്‍ ഇവര്‍ക്കു നോക്കിക്കാണാമല്ലോ! -അവര്‍ ഇവരെക്കാള്‍ ശക്തിയില്‍ ഊക്കന്മാരായിരുന്നുതാനും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, യാതൊരു വസ്തുവും അല്ലാഹുവിനെ (തോല്‍പിച്ച്) അസാധ്യമാക്കുവാനില്ല തന്നെ. നിശ്ചയമായും, അവന്‍ സര്‍വ്വജ്ഞനാകുന്നു; സര്‍വ്വശക്തനാകുന്നു.
  • أَوَلَمْ يَسِيرُوا ഇവര്‍ (അവര്‍) സഞ്ചരിക്കാറില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോള്‍ അവര്‍ക്കു നോക്കാമല്ലോ, കാണാം كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ പര്യവസാനം مِن قَبْلِهِمْ ഇവരുടെ മുമ്പുള്ള وَكَانُوا അവര്‍ ആയിരുന്നുതാനും أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കുള്ളവര്‍, കഠിനമായവര്‍ قُوَّةً ശക്തിയാല്‍, ബലം കൊണ്ടു وَمَا كَانَ اللَّـهُ അല്ലാഹു അല്ല (ഇല്ല) لِيُعْجِزَهُ അവനെ അസാധ്യമാക്കാന്‍ مِن شَيْءٍ യാതൊന്നും തന്നെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല إِنَّهُ كَانَ തീര്‍ച്ചയായും അവനാകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ قَدِيرًا (എല്ലാറ്റിനും) കഴിവുള്ളവന്‍, സര്‍വ്വജ്ഞന്‍

35:45

  • وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا ﴾٤٥﴿
  • മനുഷ്യര്‍ പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ,-
    അതിന്റെ പുറഭാഗത്തു [ഭൂമുഖത്തു] ഒരു ജന്തുവെയും അവന്‍ (ബാക്കി) വിടുമായിരുന്നില്ല.
    പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവന്‍ അവര്‍ക്കു (കാല) താമസം ചെയ്തുകൊടുക്കുകയാണ്. അങ്ങനെ, അവരുടെ അവധിവന്നാല്‍, നിശ്ചയമായും അപ്പോള്‍, അല്ലാഹു തന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും)
  • وَلَوْ يُؤَاخِذُ പിടികൂടുകയാണെങ്കില്‍ اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِمَا كَسَبُوا അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു مَا تَرَكَ അവന്‍ വിട്ടേക്കുകയില്ല عَلَىٰ ظَهْرِهَا അതിന്റെ പുറത്തു, വെളിയില്‍ مِن دَابَّةٍ ഒരു ജന്തുവെയും وَلَـٰكِن പക്ഷേ يُؤَخِّرُهُمْ അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَإِنَّ اللَّـهَ അപ്പോള്‍ അല്ലാഹു كَانَ ആകുന്നു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍

മനുഷ്യസമുദായം ചെയ്തുകൂട്ടുന്ന പാപങ്ങളും, അക്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ ഭൂമുഖത്തു ഒരു ജീവിപോലും ഇല്ലാതാവത്തക്കവണ്ണം – മഴവര്‍ഷിപ്പിക്കാതെയോ, മറ്റേതെങ്കിലും വിധത്തിലോ – എല്ലാവരെയും, അല്ലാഹു നശിപ്പിക്കേണ്ടതാണ്. അത്രയും കടുത്തതും വമ്പിച്ചതുമാണവ. പക്ഷെ, അല്ലാഹു ക്ഷമാശീലനാണ്. കാരുണ്യവാനാണ്‌. അവന്‍ അവര്‍ക്കു – ഓരോരുത്തര്‍ക്കും പ്രത്യേകവും, എല്ലാവര്‍ക്കും പൊതുവായും – ഒരവധി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതുവരെ അവരെ ഒഴിവാക്കിവിട്ടിരിക്കയാണ്. ആ അവധി വന്നാല്‍ ഓരോരുത്തരിലും എടുക്കേണ്ട നടപടി എന്താണെന്ന് അവനു നല്ലപോലെ അറിയാം. അവന്‍ എടുക്കുകയും ചെയ്യും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അബൂമൂസല്‍ അശ്അരി (رضي الله عنه) ഉദ്ധരിക്കുന്നു:

مَا أَحَدٌ أَصْبَرَ عَلَى أَذًى يَسْمَعُهُ مِنَ اللهِ يَدَّعُونَ لَهُ الْوَلَدَ، ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ – متفق عليه

സാരം : ശല്യവാക്കുകള്‍ കേട്ടിട്ട് അതിനെപ്പറ്റി അല്ലാഹുവിനെക്കാള്‍ ക്ഷമിക്കുന്ന ഒരാളുംതന്നെ ഇല്ല. ജനങ്ങള്‍ അവനു മക്കളുണ്ടെന്നു വാദിക്കുന്നു. എന്നിട്ട് പിന്നെയും അവന്‍ അവര്‍ക്ക് ആരോഗ്യവും ആഹാരവും നല്‍കുന്നു: (ബു; മു).

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അവന്റെ സദ്‌വൃത്തരായ അടിയാന്മാരില്‍ നമ്മെ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ. ആമീന്‍.

[ولله الحمد والمنة]

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 05 (ഫെബ്രുവരി 25)

സൂറത്തു ഫാത്വിര്‍ : 33-37




  • വെളിച്ചം റമദാന്‍ ഡേ-05- സൂറ: ഫാത്വിര്‍ പാര്‍ട്ട് 05 – ആയത്ത് 33 മുതല്‍ 37 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 33-37
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

35:33

  • جَنَّٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٣٣﴿
  • (അതെ) നിത്യവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! അതിലവര്‍ പ്രവേശിക്കുന്നതാണ്‌. അവിടെ അവര്‍ക്ക് സ്വര്‍ണ്ണം കൊണ്ടുള്ള ചില (തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പു(വസ്ത്രം) പട്ടായിരിക്കും.
  • جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ يَدْخُلُونَهَا അതിലവര്‍ പ്രവേശിക്കുന്നതാണ് يُحَلَّوْنَ فِيهَا അതില്‍ അവര്‍ക്കു അണിയിക്കപ്പെടും مِنْ أَسَاوِرَ വളകളില്‍നിന്നു مِن ذَهَبٍ സ്വര്‍ണ്ണത്താലുള്ള وَلُؤْلُؤًا മുത്തും وَلِبَاسُهُمْ فِيهَا അതിലവരുടെ ഉടുപ്പ്, വസ്ത്രം حَرِيرٌ പട്ടാകുന്നു

35:34

  • وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ﴾٣٤﴿
  • അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങളില്‍നിന്നു ദുഃഖം നീക്കിത്തന്നവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, ഞങ്ങളുടെ റബ്ബ് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുംതന്നെ
  • وَقَالُوا അവര്‍ പറയുകയും ചെയ്യം الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي أَذْهَبَ പോക്കി (നീക്കി) ക്കളഞ്ഞ عَنَّا ഞങ്ങളില്‍ നിന്നു الْحَزَنَ ദുഃഖം إِنَّ رَبَّنَا നിശ്ചയമായും നമ്മുടെ റബ്ബ് لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ شَكُورٌ വളരെ നന്ദിയുള്ളവന്‍

35:35

  • ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ ﴾٣٥﴿
  • ‘അതായതു തന്റെ ദയാനുഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസത്തിന്റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കിത്തന്നിട്ടുള്ളവന്‍! യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല! യാതൊരു ക്ഷീണവും [അസഹ്യതയും] ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല!!’
  • الَّذِي أَحَلَّنَا നമ്മെ ഇറക്കി (എത്തിച്ചു) തന്ന دَارَ الْمُقَامَةِ (സ്ഥിര) താമസത്തിന്റെ ഭവനത്തില്‍ (വീട്ടില്‍) مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, ദയവായി لَا يَمَسُّنَا നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല فِيهَا ഇതില്‍, ഇവിടെ نَصَبٌ ഒരു ഞെരുക്കവും, വിഷമവും وَلَا يَمَسُّنَا നമ്മെ സ്പര്‍ശിക്കയുമില്ല فِيهَا ഇതില്‍ لُغُوبٌ ഒരു അസഹ്യതയും, ക്ഷീണവും

29-ാം വചനത്തില്‍, ഒരിക്കലും നഷ്ടംവരാത്ത ലാഭകരമായ വ്യാപാരം നടത്തുന്നവരെപ്പറ്റി പറഞ്ഞതിനെത്തുടര്‍ന്ന്‍ അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുമാണെന്നു ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആ വാഗ്ദാനം തികച്ചും സത്യമായി തങ്ങള്‍ക്കു അനുഭവപ്പെട്ടിരിക്കുന്നു എന്നു ആ വ്യാപാരികള്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു ഇപ്പോള്‍ ഇതാ സന്തോഷപൂര്‍വ്വം പ്രഖ്യാപിക്കുകയാണ്: إِنَّ رَبَّنَا لَغَفُورٌ شَكُورٌ (നമ്മുടെ റബ്ബ് വളരെ പൊറുക്കുന്നവനും വളരെ നന്ദിയുള്ളവനും തന്നെ) എന്ന്. കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച മൂന്നു വിഭാഗക്കാര്‍ ഉള്‍ക്കൊള്ളുന്ന സത്യവിശ്വാസികള്‍ക്കു ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു ഈ വചനങ്ങളില്‍ പ്രസ്താവിച്ചുകാണുന്നത്. ഈ മൂന്നിലും ഉള്‍പ്പെടാത്ത അവിശ്വാസികളുടെ പ്രതിഫലം തുടര്‍ന്നുള്ള ആയത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്.

അപ്പോള്‍, ഇവിടെ ചില സംശയങ്ങള്‍ക്കവകാശമുണ്ട്. മൂന്നു വിഭാഗക്കാരും തമ്മില്‍ വളരെ വ്യത്യസ്തമായ നിലപാടാണല്ലോ കര്‍മ്മരംഗങ്ങളില്‍ ഉണ്ടായിരുന്നത്. എന്നിരിക്കെ, എല്ലാവര്‍ക്കും ഒരേ പ്രതിഫലംതന്നെ ലഭിക്കുന്നതെങ്ങിനെ? അതു ന്യായമാണോ? സത്യവിശ്വാസിയാണെങ്കിലും അവരില്‍ കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതില്ലേ? അപ്പോള്‍ എല്ലാവരെയും ഒന്നിച്ചു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമോ? ഇതാണ് സംശയം. ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൂന്നു വിഭാഗക്കാര്‍ക്കും പൊതുവില്‍ ലഭിക്കുന്ന പ്രതിഫലം തന്നെ. പക്ഷെ, ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിഭവങ്ങളുടെയും, സുഖസൗകര്യങ്ങളുടെയും തോത് അതതു വ്യക്തിയുടെ വ്യത്യസ്ത നിലപാടനുസരിച്ചായിരിക്കും. അനേകം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും, നബി വചനങ്ങള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണിത്. കൂടാതെ, സത്യവിശ്വാസികളായ ആളുകള്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷമേ അവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയുമുള്ളു. സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടിക്കഴിഞ്ഞാല്‍ അവരുംതന്നെ ഈ പറഞ്ഞ സ്വര്‍ഗ്ഗീയസുഖസൗകര്യങ്ങളില്‍ പങ്കാളികളായിരിക്കും. മറ്റെവരെ അപേക്ഷിച്ചു താഴെ കിടയിലായിരിക്കും അവര്‍ക്കു ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ എന്നുമാത്രം. ഈ വസ്തുതയും ഖുര്‍ആനില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ധാരാളം ഹദീസുകളില്‍ വ്യക്തമായിത്തന്നെ അതു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഒരു ഹദീസു മാത്രം ഉദാഹരണത്തിന് ഉദ്ധരിക്കാം:-

നരകത്തിലെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷം ഏറ്റവും അവസാനമായി, നരകത്തില്‍നിന്നു രക്ഷകിട്ടി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുന്നവന്റെ കഥ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുള്ള സ്വല്‍പം ദീര്‍ഘമായ ഒരു ഹദീസില്‍, ഇപ്രകാരം കാണാം: (അവന്‍ സ്വര്‍ഗ്ഗത്തിലെത്തിയശേഷം) അല്ലാഹു അവനോടു പറയും : ‘നീ മോഹിച്ചുകൊള്ളുക!’ അപ്പോള്‍ അവന്‍ (പലതും പലതും) മോഹിച്ചു മോഹിച്ചുകൊണ്ടിരിക്കും. എന്നിട്ട് അല്ലാഹു ചോദിക്കും: ‘നീ മോഹിച്ചുകഴിഞ്ഞുവോ?’ അവന്‍ ‘അതെ’ എന്നു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘അതെല്ലാം നിനക്കുണ്ട്‌. അതോടൊപ്പം അത്രയും കൂടിയുണ്ട്…..’ ഇമാം ബുഖാരി, മുസ്‌ലിം മുതലായവര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടിയും ഉദ്ധരിച്ചിട്ടുള്ളതാണ് ഈ ഹദീസ്.

ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൊത്തത്തില്‍ മേല്‍പറഞ്ഞ മൂന്നു വിഭാഗക്കാര്‍ക്കും ബാധകമല്ലെന്നും, അതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ (ظَالِمٌ لِّنَفْسِهِ) തീരെ രക്ഷക്കവകാശപ്പെട്ടവരല്ലെന്നും ചിലര്‍ പ്രസ്താവിക്കാറുണ്ട്: നിഷിദ്ധമായ ഏതെങ്കിലും പാപം ചെയ്യുന്നവന്‍ അതോടെ സത്യവിശ്വാസത്തില്‍നിന്നു തെറ്റിപ്പോയെന്നും ചിലര്‍ വാദിക്കാറുണ്ട്. നിരവധി ഹദീസുകളുടെ വ്യക്തമായ പ്രസ്താവനകള്‍ക്കുപുറമെ, 32-ാം വചനത്തില്‍ മൂന്നുകൂട്ടരെപ്പറ്റിയും പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ടു 33-ാം വചനത്തില്‍ ആരെയും ഒഴിവാക്കാതെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (يَدْخُلُونَهَا) എന്നു പറഞ്ഞതും ഈ അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നു. മാത്രമല്ല, അടുത്ത വചനത്തില്‍ അവിശ്വാസികളാകട്ടെ, അവര്‍ക്കു നരകത്തിന്റെ അഗ്നിയാണ് (وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ) എന്നു എടുത്തുപറയുന്നതും കാണാം; 32-ാം വചനത്തില്‍ പറഞ്ഞ മൂന്നുതരം ആളുകളും, 33-ാം വചനത്തില്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരും അല്ലാത്തവര്‍ – അഥവാ ഖുര്‍ആന്റെ അനന്തരാവകാശം എറ്റുവാങ്ങാതിരിക്കുകയോ, ഏറ്റു വാങ്ങിയ ശേഷം പാടെ പുറംതള്ളുകയോ ചെയ്ത അവിശ്വാസികള്‍ മാത്രമാണിതുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. ഇമാം ഇബ്നുജരീര്‍ (رحمه الله), ഇബ്നുകഥീര്‍ (رحمه الله) എന്നീ മഹാന്മാര്‍ ഈ സംഗതി പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. والله المواقف للصواب

35:36

  • وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ ﴾٣٦﴿
  • അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു ‘ജഹന്നമി’ന്റെ അഗ്നിയുണ്ടായിരിക്കും. അവരില്‍ (മരണം) വിധിക്കപ്പെടുകയില്ല – എന്നാലവര്‍ക്കു മരണപ്പെട്ടു പോകാമായിരുന്നു! അതിന്റെ ശിക്ഷയില്‍നിന്നു അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല. അപ്രകാരമാണ്, എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുക.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ لَهُمْ അവര്‍ക്കുണ്ട് نَارُ جَهَنَّمَ ‘ജഹന്നമി’ന്റെ അഗ്നി لَا يُقْضَىٰ عَلَيْهِمْ അവരുടെമേല്‍ വിധിക്കപ്പെടുകയില്ല فَيَمُوتُوا എന്നാലവര്‍ക്കു മരണപ്പെടാമായിരുന്നു وَلَا يُخَفَّفُ عَنْهُم അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല مِّنْ عَذَابِهَا അതിന്റെ ശിക്ഷയില്‍ നിന്നു (ഒട്ടും) كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം കൊടുക്കും كُلَّ كَفُورٍ എല്ലാ നന്ദികെട്ടവര്‍ക്കും

35:37

  • وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ﴾٣٧﴿
  • അവര്‍ അതില്‍വെച്ചു അലമുറയിട്ടുകൊണ്ടിരിക്കും: ‘ഞങ്ങളുടെ റബ്ബേ! ഞങ്ങളെ (ഒന്നു്) പുറത്താക്കിത്തരേണമേ!- ഞങ്ങള്‍ (മുമ്പ്‌) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതല്ലാത്ത സല്‍കര്‍മ്മം ഞങ്ങള്‍ ചെയ്തുകൊള്ളാം!'(എന്ന്). ‘ഉറ്റാലോചിക്കുന്നവര്‍ക്കു ഉറ്റാലോചിക്കാവുന്നത്ര (കാലം) നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയിരുന്നില്ലേ!? – മുന്നറിയിപ്പു നല്‍കുന്നവര്‍ നിങ്ങള്‍ക്കു വരുകയും ചെയ്തിരുന്നു (വല്ലോ). അതുകൊണ്ട്, (ശിക്ഷ) ആസ്വദിച്ചു കൊള്ളുവിന്‍! എനി, അക്രമികള്‍ക്കു യാതൊരു സഹായകനും [രക്ഷകനും] ഇല്ല’. (ഇതായിരിക്കും അവര്‍ക്കു മറുപടി).
  • وَهُمْ يَصْطَرِخُونَ അവര്‍ മുറവിളി കൂട്ടും, അലമുറയിടും فِيهَا അതില്‍വെച്ച് رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ نَعْمَلْ صَالِحًا ഞങ്ങള്‍ നല്ലതു (സല്‍ക്കര്‍മ്മം) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാതെ كُنَّا نَعْمَلُ ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന أَوَلَمْ نُعَمِّرْكُم നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയില്ലേ مَّا يَتَذَكَّرُ ഉറ്റാലോചിക്കാവുന്നതു (അത്രകാലം) فِيهِ അതില്‍ مَن تَذَكَّرَ ഉറ്റാലോചിക്കുന്നവര്‍ وَجَاءَكُمُ നിങ്ങള്‍ക്കു വരുകയും ചെയ്തു النَّذِيرُ മുന്നറിയിപ്പുകാരന്‍ فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ فَمَا لِلظَّالِمِينَ എനി അക്രമികള്‍ക്കില്ല مِن نَّصِيرٍ ഒരു രക്ഷകനും, സഹായിയും

‘ജഹന്നം’ (جَهَنَّم) എന്നുള്ളതു നരകത്തിന്റെ പേരുകളില്‍ ഒന്നത്രെ. ശിക്ഷയുടെ കാഠിന്യംകൊണ്ടോ, കാലാവധി അവസാനിക്കുന്നതുകൊണ്ടോ മരണം അവിടെ സംഭവിക്കുകയില്ല. പരലോകജീവിതം -സ്വര്‍ഗ്ഗീയമാകട്ടെ നരകീയമാകട്ടെ- ശാശ്വതമാണ്. ഏതെങ്കിലും വിധേന മരണപ്പെട്ടുകിട്ടിയാല്‍ ഈ ശിക്ഷയില്‍നിന്നൊരു വിശ്രമം കിട്ടുമല്ലോ എന്നവര്‍ മോഹിക്കും. പക്ഷെ അതു സംഭവിക്കുകയില്ല. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ അവര്‍ നിലവിളി കൂടുന്നതും, അവര്‍ക്കു അപ്പോള്‍ ലഭിക്കുന്ന മറുപടിയുമാണ്‌ അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീന്‍.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി ഇബ്നുഅബ്ബാസ് (رضي الله عنه) നിവേദനം ചെയ്യുന്നു. ‘നരക്കാരില്‍വെച്ച് ഏറ്റവും എളിയ ശിക്ഷ അനുഭവിക്കുന്നവന്‍, അഗ്നികൊണ്ടുള്ള രണ്ടു ചെരുപ്പുകളും (ചെരുപ്പിന്റെ) രണ്ടു വാറും ഉള്ളവനായിരിക്കും. അവ രണ്ടുംനിമിത്തം അവന്റെ തലച്ചോറു (അടുപ്പത്തുവെച്ചു) കുടുക്ക തിളച്ചുമറിയും പോലെ തിളച്ചുമറിയുന്നതായിരിക്കും. അവനെക്കാള്‍ കഠിനമായ ശിക്ഷയുള്ളവന്‍ വേറെ ഉണ്ടെന്നു അവനു തോന്നുകയില്ല. അവനാകട്ടെ, അവരില്‍ ഏറ്റവും എളിയ ശിക്ഷകാരനാണുതാനും!’. (ബു;മു.)

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 04 (ഫെബ്രുവരി 24)

സൂറത്തു ഫാത്വിര്‍ : 27-32




  • വെളിച്ചം റമദാന്‍ ഡേ-04- സൂറ: ഫാത്വിര്‍ പാര്‍ട്ട് 04 – ആയത്ത് 27 മുതല്‍ 32 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 27-32
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 4

35:27

  • أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ ﴾٢٧﴿
  • അല്ലാഹു ആകാശത്തുനിന്നു വെള്ളം ഇറക്കിയിട്ടുള്ളതു നീ കണ്ടില്ലേ?- എന്നിട്ടു അതുമൂലം നാം [അല്ലാഹു] വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായിക്കൊണ്ടു ഫലവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിച്ചു. മലകളിലും തന്നെ, വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായും വെളുപ്പും ചുവപ്പുമായ – (തെളിഞ്ഞ) വഴികളും, തനി കറുത്തിരുണ്ടവയും ഉണ്ട്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ أَنزَلَ അല്ലാഹു ഇറക്കിയിട്ടുള്ളതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا بِهِ എന്നിട്ടു അതുമൂലം നാം പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) ثَمَرَاتٍ ഫല(വര്‍ഗ്ഗ)ങ്ങളെ مُّخْتَلِفًا വ്യത്യസ്തമായിട്ടു أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങള്‍ وَمِنَ الْجِبَالِ മലകളിലുമുണ്ട് جُدَدٌ വഴികള്‍ بِيضٌ വെളുത്തവ وَحُمْرٌ ചുവന്നവയും مُّخْتَلِفٌ أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങളില്‍ വ്യത്യസ്തമായ وَغَرَابِيبُ (കാക്കയെപ്പോലെ) കറുത്തിരുണ്ടവയും سُودٌ കറുത്ത

35:28

  • وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ﴾٢٨﴿
  • മനുഷ്യരിലും, ജീവജന്തുക്കളിലും, കന്നുകാലികളിലുമുണ്ട് അതുപോലെ വര്‍ണ്ണവ്യത്യാസമുള്ളത്. അല്ലാഹുവിന്റെ അടിയാന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്.
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് وَالدَّوَابِّ ജീവജന്തുക്കളിലും وَالْأَنْعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിലും مُخْتَلِفٌ أَلْوَانُهُ വര്‍ണ്ണം വ്യത്യസ്തമായതു كَذَٰلِكَ അതുപോലെ إِنَّمَا يَخْشَى തീര്‍ച്ചയായും ഭയപ്പെടുന്നുളളു اللَّـهَ അല്ലാഹുവിനെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു الْعُلَمَاءُ അറിവുള്ളവര്‍ (മാത്രം) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് غَفُورٌ വളരെ പൊറുക്കുന്നവനാണ്

മനുഷ്യന്‍ നിത്യേന പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുക്കളില്‍പോലും -ഒരേ ഇനത്തില്‍തന്നെ- വര്‍ണ്ണവൈവിധ്യങ്ങളും, ജാതി വ്യത്യാസങ്ങളും കാണുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ മനുഷ്യനെ അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഒരേ മഴവെള്ളം, ഒരേതരം വളം, ഒരേ ഭൂമി, ഇവയില്‍നിന്നുത്ഭവിച്ച ഫലവര്‍ഗ്ഗങ്ങള്‍ നോക്കുക! ഒന്നൊന്നില്‍നിന്നു നിറത്തിലും, രൂപത്തിലും വ്യത്യസ്തമായിരിക്കും. മലകള്‍ നോക്കുക! അവയും, അവയിലുള്ള വഴികളും വ്യത്യസ്ത രൂപത്തിലും വര്‍ണ്ണത്തിലും! മനുഷ്യരടക്കമുള്ള എല്ലാ ജീവികളും, അവര്‍ നിത്യം ഉപയോഗപ്പെടുത്തിവരുന്ന കന്നുകാലികളും അങ്ങിനെത്തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, വര്‍ണ്ണം, ആകൃതി, രുചി, ഗുണം ആദിയായവയുടെ ആധിക്യം നിമിത്തം അവയ്ക്കു ഒരു നിദാനം കണ്ടെത്തുവാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ കാലമത്രയും ഈ ലോകത്തു പുരോഗമിച്ചുകൊണ്ടേ ഇരുന്ന മനുഷ്യനു – കണ്ടതിനെല്ലാം പേരും പരിധിയും പറയുവാന്‍ വെമ്പുന്ന മനുഷ്യനു – വര്‍ണ്ണം, രുചി, ആകൃതി മുതലായവയില്‍ – വിരല്‍കൊണ്ടെണ്ണാവുന്ന എണ്ണങ്ങള്‍ മാത്രമേ ഇതേവരെ പേരുപറയുവാന്‍പോലും കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളതിലെല്ലാം ചെറുശിശുക്കളെപ്പോലെ, ‘ഇന്നതിന്റെ വര്‍ണ്ണം, അല്ലെങ്കില്‍ ഇന്നതിന്റെ രുചി, ഇന്നതിന്റെ രൂപം’ എന്നൊക്കെ പറയുവാനേ നാളിതുവരെ അവനു സാധിച്ചിട്ടുള്ളു.

അറിവുള്ളവരേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളു എന്നു പറഞ്ഞുവല്ലോ. ഇവിടെ ‘അറിവു’ കൊണ്ടുദ്ദേശ്യം ഏതാണെന്നു നോക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അപ്രീതിയും, ശിക്ഷയും സൂക്ഷിക്കുക, അതിന്നാസ്പദമായ അവന്റെ വിധിവിലക്കുകള്‍ സ്വീകരിക്കുക, ഇതാണ് അല്ലാഹുവിനെ ഭയപ്പെടുക എന്നതിന്റെ താല്പര്യം. ഇതിനു ഉപയുക്തമായ അറിവാണ് ഇവിടെ ഉദ്ദേശ്യമെന്നു പറയേണ്ടതില്ല. അഥവാ ഭൗതിക ലക്ഷ്യങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതോ, ദൈവവിശ്വാസത്തെയും ധാര്‍മ്മികബോധത്തെയും നശിപ്പിച്ചുകളയുന്നതോ ആയ അറിവുകളല്ല ഉദ്ദേശ്യം. അല്ലാഹു പറയുന്നു.

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا . ذَٰلِكَ مَبْلَغُهُم مِّنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ : سورة النجم – ٣٠,٢٩

(നമ്മുടെ ഓര്‍മ്മവിട്ട് തിരിഞ്ഞുപോകുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശിക്കാതിരിക്കുകയും, ചെയ്തവരില്‍നിന്ന് നീ വിട്ടുമാറുക. അറിവില്‍നിന്നുമുള്ള അവരുടെ ആകെത്തുക അതാണ്‌. (സൂ: നജ്മ് : 29,30). അപ്പോള്‍ ഇവിടെ അറിവുകൊണ്ടുദ്ദേശ്യം നബിമാരുടെ അറിവുകളും അവര്‍ സമുദായത്തിനു പ്രബോധനംചെയ്ത വിജ്ഞാനങ്ങളും ആയിരിക്കുവാനേ മാര്‍ഗ്ഗമുള്ളു. ഒരു സന്ദര്‍ഭത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: (فواللهِ إِنَّي لأعْلَمُهُمْ باللهِ ، وأشدُّهم لَهُ خشيَةً (متفق عليه)… (…..അല്ലാഹുവാണ സത്യം! ഞാന്‍ അല്ലാഹുവിനെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവനും, അവരെക്കാള്‍ കഠിനമായി അവനെ ഭയപ്പെടുന്നവനുമാണ്. (ബു.മു). അല്ലാഹുവിനെക്കുറിച്ചു ഏറ്റവും അറിവുള്ള ആള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകകൊണ്ടാണ്, അവനെക്കുറിച്ചു അവിടുത്തേക്കു കൂടുതല്‍ ഭയമുണ്ടായതെന്നും, അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെ ഏറ്റക്കുറവനുസരിച്ച് ഭയപ്പാടിലും വ്യത്യാസം വരുമെന്നും ഇതില്‍നിന്നും വ്യക്തമാണ്. മറ്റൊരിക്കല്‍ – ഒരു പ്രസംഗത്തില്‍ തന്നെ – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: (لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا : (متفق عليه (എനിക്കു അറിയാവുന്നതു നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു (ബു;മു). അല്ലാഹുവിന്റെ സ്മരണയും ഭയപ്പാടും പ്രദാനം ചെയ്യുന്ന അറിവു ലഭിക്കുവാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം വിശുദ്ധ ഖുര്‍ആനാണെന്നു തുടര്‍ന്നുള്ള ആയത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്:-

35:29

  • إِنَّ ٱلَّذِينَ يَتْلُونَ كِتَٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَٰرَةً لَّن تَبُورَ ﴾٢٩﴿
  • നിശ്ചയമായും, അല്ലാഹുവിന്റെ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെട്ടുപോകുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്;-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَتْلُونَ പാരായണം ചെയ്യുന്ന, ഓതുന്ന كِتَابَ اللَّـهِ അല്ലാഹുവിന്റെ (വേദ)ഗ്രന്ഥം وَأَقَامُوا നിലനിറുത്തുകയും ചെയ്ത الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും مِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും يَرْجُونَ അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു تِجَارَةً ഒരു വ്യാപാരം, കച്ചവടം لَّن تَبُورَ (ഒരിക്കലും) നഷ്ടപ്പെടാത്ത

35:30

  • لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ ﴾٣٠﴿
  • അവര്‍ക്കു തങ്ങളുടെ പ്രതിഫലങ്ങള്‍ അവന്‍ [അല്ലാഹു] നിറവേറ്റിക്കൊടുക്കുവാനും, അവന്റെ ദയാനുഗ്രഹത്തില്‍നിന്നു അവര്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും വേണ്ടി. (അതിനാണവര്‍ പ്രവര്‍ത്തിക്കുന്നത്). നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനാണ്, വളരെ നന്ദിയുള്ളവനാണ്.
  • لِيُوَفِّيَهُمْ അവന്‍ അവര്‍ക്കു നിറവേറ്റിക്കൊടുക്കുവാന്‍ أُجُورَهُمْ തങ്ങളുടെ പ്രതിഫലങ്ങളെ وَيَزِيدَهُم തങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ (ദയവില്‍, ഔദാര്യത്തില്‍) നിന്നു إِنَّهُ നിശ്ചയമായും അവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് شَكُورٌ വളരെ നന്ദിയുള്ളവനാണ്

വേദഗ്രന്ഥം ഖുര്‍ആനാണെന്നു വ്യക്തമാണ്. അതിന്റെ അര്‍ത്ഥം അറിയാതെയും, ഉള്ളടക്കം ശ്രദ്ധിക്കാതെയും ഉരുവിടുകയല്ല പാരായണംകൊണ്ടുദ്ദേശ്യം. അതിന്റെ ആശയങ്ങള്‍ ഗ്രഹിച്ചും, ചിന്തിച്ചുംകൊണ്ടായിരിക്കണം അത്. എന്നാല്‍ മാത്രമേ അതു ഫലപ്പെടുകയുള്ളു. ഖുര്‍ആന്‍ പാരായണത്തെപ്പറ്റി മുഖവുരയില്‍ നാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ‘പാരായണംചെയ്യുക, ഓതുക’ എന്നീ അര്‍ത്ഥങ്ങളുള്ള يَتْلُو എന്ന പദത്തിനു പിന്‍തുടരുക എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമാണ് ചില ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവ്യമാണ്. വിശുദ്ധഖുര്‍ആന്‍വഴി അറിവും ബോധവും ലഭിക്കുന്നു. അതിന്റെ പ്രതികരണം പ്രവര്‍ത്തനരംഗത്തു വരുമ്പോള്‍ നമസ്കാരത്തിനും ദാനധര്‍മ്മങ്ങള്‍ക്കും അതില്‍നിന്നു പ്രചോദനം ലഭിക്കുകയും ചെയ്യുന്നു. ഈ വ്യാപാരത്തിന്റെ ഫലമാകട്ടെ, ഒരിക്കലും മുറിഞ്ഞുപോകാത്ത വര്‍ദ്ധിച്ച ലാഭവും! സ്വാഭാവികമായി വന്നുപോയേക്കാവുന്ന തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും, സദുദ്ദേശ്യത്തോടുകൂടി ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങളെ നന്ദിപൂര്‍വ്വം സ്വീകരിച്ചു കൂടുതല്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. പരസ്യമായി ചിലവഴിക്കേണ്ടിവരുമ്പോള്‍ പരസ്യമായും, അല്ലാത്തപ്പോള്‍ രഹസ്യമായും ചിലവഴിക്കുക, അഥവാ ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ചിലവാക്കുക എന്നാണ് ‘രഹസ്യമായും പരസ്യമായും’ (سِرًّا وَعَلَانِيَةً) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം.

35:31

  • وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌ ﴾٣١﴿
  • വേദഗ്രന്ഥത്തില്‍നിന്നു നിനക്കു നാം ‘വഹ്‌യു’ [ബോധനം] നല്‍കിയിട്ടുള്ളതോ അതത്രെ യഥാര്‍ത്ഥം; അതിന്റെ മുമ്പിലുള്ളതിനെ [പൂര്‍വ്വഗ്രന്ഥങ്ങളെ] സത്യമാക്കി (ശരിവെച്ചു) കൊണ്ടാണ് (അതുള്ളതു). നിശ്ചയമായും, അല്ലാഹു അവന്റെ അടിയാന്മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും കാണുന്നവനും തന്നെ.
  • وَالَّذِي أَوْحَيْنَا നാം വഹ്‌യു നല്‍കിയിട്ടുള്ളതു إِلَيْكَ നിനക്കു مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ നിന്നു هُوَ الْحَقُّ അതാണ് യഥാര്‍ത്ഥം مُصَدِّقًا സത്യമാക്കിക്കൊണ്ട്, ശരിവെക്കുന്നനിലയില്‍ لِّمَا بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ളതിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി لَخَبِيرٌ സൂക്ഷ്മജ്ഞാനിതന്നെ بَصِيرٌ കാണുന്നവന്‍

35:32

  • ثُمَّ أَوْرَثْنَا ٱلْكِتَٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ ﴾٣٢﴿
  • പിന്നെ: നമ്മുടെ അടിയാന്‍മാരില്‍നിന്നു (നല്ലവരായി) നാം തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു (ഈ) വേദഗ്രന്ഥത്തെ നാം അവകാശപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, സ്വന്തം ആത്മാവിനോടു അക്രമം പ്രവര്‍ത്തിക്കുന്നവര്‍ അവരിലുണ്ട്; മിതം പാലിക്കുന്നവരും അവരിലുണ്ട്‌. അല്ലാഹുവിന്റെ അനുമതിയനുസരിച്ച് സല്‍ക്കാര്യങ്ങളുമായി മുന്‍കടക്കുന്നവരും അവരിലുണ്ട്‌. അതത്രെ വലുതായ അനുഗ്രഹം (അഥവാ യോഗ്യത).
  • ثُمَّ أَوْرَثْنَا പിന്നെ നാം അനന്തരം നല്‍കി, അവകാശപ്പെടുത്തി الْكِتَابَ വേദഗ്രന്ഥം الَّذِينَ اصْطَفَيْنَا നാം തിരഞ്ഞെടുത്തവര്‍ക്കു مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍ നിന്നു فَمِنْهُمْ എന്നാലവരിലുണ്ട് ظَالِمٌ لِّنَفْسِهِ തന്നോടു തന്നെ അക്രമം ചെയ്തവന്‍ وَمِنْهُم അവരിലുണ്ട് مُّقْتَصِدٌ മിതം പാലിക്കുന്നവനും وَمِنْهُمْ അവരിലുണ്ട് سَابِقٌ മുന്‍കടന്നവരും بِالْخَيْرَاتِ സല്‍കാര്യങ്ങള്‍ (നന്മകള്‍) കൊണ്ടു بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം) പ്രകാരം ذَٰلِكَ هُوَ അതുതന്നെയാണ് الْفَضْلُ അനുഗ്രഹം, ദയവു, ശ്രേഷ്ഠത الْكَبِيرُ വലുതായ

പൂര്‍വ്വവേദഗ്രന്ഥങ്ങളും, മുന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്ത സിദ്ധാന്തങ്ങളെ ശരിവെച്ചും, സത്യമെന്നു സ്ഥാപിച്ചുംകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നത്. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു അവതരിപ്പിച്ചുകൊടുത്തു, അവിടുന്നു അതു പ്രബോധനവും ചെയ്തു എന്നതുകൊണ്ടു കാര്യം അവസാനിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശേഷം അവിടുത്തെ സമുദായം കൈകാര്യം ചെയ്യേണ്ടുന്ന ഒരു അനന്തരസ്വത്താക്കി അതിനെ അവന്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകന്മാര്‍ പ്രബോധനം ചെയ്യുന്ന അറിവാണല്ലോ അവരില്‍നിന്നു സമുദായത്തിനു ലഭിക്കുന്ന അനന്തരാവകാശം. വേദഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായതും, അവസാനത്തേതുമായ ഈ ഗ്രന്ഥത്തെ, പ്രവാചകന്മാരില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും അവസാനത്തെ ആളുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായം – അതെ, മനുഷ്യവര്‍ഗ്ഗത്തില്‍ ഉളവായിട്ടുള്ള സമുദായങ്ങളില്‍വെച്ച് ഉത്തമസ്ഥാനം അര്‍ഹിക്കുന്ന ഈ സമുദായം (خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ) – കൈകാര്യം ചെയ്‌വാന്‍ ബാധ്യസ്ഥരാണ്. പഠിച്ചറിയുക, പഠിപ്പിക്കുക, ഉപദേശിക്കുക, പ്രചരിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ വരുത്തുക, തടസ്സമാര്‍ഗ്ഗങ്ങളെ നീക്കം ചെയ്യുക, അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിനു മാതൃകയാവുക, ഇതൊക്കെയാണവര്‍ നിറവേറ്റേണ്ടത്.

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا:سورة البقرة:١٤٣

(… അപ്രകാരം, നിങ്ങള്‍ മനുഷ്യര്‍ക്കു സാക്ഷികള്‍ – മാതൃക – ആയിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്കു സാക്ഷി – മാതൃക – ആയിരിക്കുവാനും വേണ്ടി നാം നിങ്ങളെ ഒരു മദ്ധ്യമ – ശ്രേഷ്ഠ – സമുദായമാക്കിയിരിക്കുന്നു. (സൂ: അല്‍ബഖറ: 143).

ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കേണ്ടതുണ്ട്. നേട്ടകോട്ടങ്ങള്‍ എന്തുണ്ടായാലും അതങ്ങിനെ നിലനില്‍ക്കുകയും ചെയ്യും. സ്വാഭാവികമായും – മൊത്തത്തില്‍ പറയുകയാണെങ്കില്‍ – അവര്‍ മൂന്നു തരക്കാരായിരിക്കുമെന്നു ഈ വചനം ചൂണ്ടിക്കാട്ടുന്നു:

1. തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവര്‍ (ظَالِمٌ لِّنَفْسِهِ).
2. മിതം പാലിക്കുന്നവര്‍ (مُّقْتَصِدٌ).
3. സല്‍ക്കര്‍മ്മങ്ങളുമായി മുന്‍കടന്നവര്‍ (سَابِقٌ بِالْخَيْرَاتِ).

ഈ മൂന്നു തരക്കാര്‍ ആരാണെന്നതിനെക്കുറിച്ചു പലരും പല അഭിപ്രായങ്ങളും പറഞ്ഞുകാണാം. എങ്കിലും, അവയില്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളതും, മിക്ക അഭിപ്രായങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്നതുമാണ് ഇമാം ഇബ്നുകഥീര്‍ (رحمه الله) ന്റെ വിശദീകരണം. അതു ഇപ്രകാരമാകുന്നു : 1-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളുടെ കാര്യത്തില്‍ കുറെയൊക്കെ വീഴ്ച്ചവരുത്തുകയും, നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. 2-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളെ മുഴുവന്‍ നിര്‍വ്വഹിക്കുന്നവരും, നിഷിദ്ധങ്ങളെയെല്ലാം ഉപേക്ഷിക്കുന്നവരുമാണ്. പക്ഷേ, ചിലപ്പോഴൊക്കെ മതത്തില്‍ തൃപ്തികരങ്ങളായ (പുണ്യകരങ്ങളായ) കാര്യങ്ങളെ ഉപേക്ഷിക്കുകയും, തൃപ്തികരങ്ങളല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തേക്കും. 3-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളും, മതത്തില്‍ തൃപ്തികരങ്ങളായ മറ്റു കാര്യങ്ങളും നിര്‍വ്വഹിക്കുകയും, നിഷിദ്ധമായതിനെയും തൃപ്തികരമല്ലാത്തതിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാകുന്നു.

ഈ ഒടുവില്‍ പറഞ്ഞവരാണ് ഏറ്റവും ഉയര്‍ന്ന പദവിയിലുള്ളതെന്നു പറയേണ്ടതില്ല. ഇവരെപ്പറ്റി പറഞ്ഞപ്പോള്‍ ‘അല്ലാഹുവിന്റെ അനുമതി അനുസരിച്ച്’ (بِإِذْنِ اللَّـهِ) എന്നുകൂടി വിശേഷിപ്പിച്ചതു ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവര്‍ക്കു ലഭിച്ചതുകൊണ്ടാണവര്‍ ആ നിലയിലെത്തിയതെന്നും, അല്ലാഹു അവരെക്കുറിച്ചു നല്ലപോലെ തൃപ്തിപ്പെടുന്നുവെന്നും അതു സൂചിപ്പിക്കുന്നു. അതുതന്നെയാണല്ലോ വമ്പിച്ച ശ്രേഷ്ഠതയും. (ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ). ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 03 (ഫെബ്രുവരി 23)

സൂറത്തു ഫാത്വിര്‍ : 14-26




  • വെളിച്ചം റമദാന്‍ ഡേ-03- സൂറ: ഫാത്വിര്‍ പാര്‍ട്ട് 03 – ആയത്ത് 14 മുതല്‍ 26 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 14-26
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

35:14

  • إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴾١٤﴿
  • നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരംചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) ‘ശിര്‍ക്കി’നെ അവര്‍ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള ഒരാള്‍ നിനക്കു വര്‍ത്തമാനമറിയിക്കുവാനില്ല
  • إِن تَدْعُوهُمْ നിങ്ങളവരെ വിളിക്കുന്നപക്ഷം لَا يَسْمَعُوا അവര്‍ കേള്‍ക്കയില്ല دُعَاءَكُمْ നിങ്ങളുടെ വിളി وَلَوْ سَمِعُوا അവര്‍ കേട്ടാലും مَا اسْتَجَابُوا അവര്‍ ഉത്തരം ചെയ്യില്ല لَكُمْ നിങ്ങള്‍ക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ يَكْفُرُونَ അവര്‍ അവിശ്വസിക്കും (നിഷേധിക്കും) بِشِرْكِكُمْ നിങ്ങളുടെ ശിര്‍ക്കില്‍, ശിര്‍ക്കിനെ وَلَا يُنَبِّئُكَ നിനക്കു വര്‍ത്തമാനം അറിയിക്കയില്ല مِثْلُ خَبِيرٍ സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള (ഒരു)വന്‍

യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശിര്‍ക്കു’ (شِرْكِكُمْ) എന്നു പറഞ്ഞതു അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല. ഇതുസംബന്ധിച്ചു സൂ: മര്‍യം 49, 50 എന്നീ വചനങ്ങളുടെ വിവരണത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അതു ശിര്‍ക്കുതന്നെയാണെന്നു കഴിഞ്ഞ സൂറ: 40, 41ലും അവയുടെ വ്യാഖ്യാനത്തിലും നാം കാണുകയും ചെയ്തു. അടുത്ത വചനവും താഴെ 22-ാം വചനവും പരിശോധിച്ചുനോക്കിയാലും മതിയാകും. എന്നിരിക്കെ, മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാമോ, അവരതു കേള്‍ക്കുമോ, ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോധിക്കുകയോ അതിനു ന്യായീകരണം ഉണ്ടാക്കുകയോ ചെയ്യുന്നതു ഖുര്‍ആനെ ധിക്കരിക്കല്‍ മാത്രമാകുന്നു. ഈ ആയത്തിലെ അവസാനവാക്യം (وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) അങ്ങിനെയുള്ളവര്‍ക്കു വമ്പിച്ചൊരു താക്കീതാണ് നല്‍കുന്നത്. മേല്‍പറഞ്ഞ വസ്തുതകള്‍ വിവരിച്ചുതരുന്നതു അല്ലാഹുവാണ്; അവന്‍ എല്ലാം സസൂക്ഷ്മം അറിയുന്നവനാണ്: അറിഞ്ഞുംകൊണ്ടുതന്നെയാണിതെല്ലാം പറയുന്നതും; ഇത്രയും വ്യക്തമായും വസ്തുനിഷ്ഠമായും ഇവയെക്കുറിച്ചു നിങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ വേറെ ആളില്ല; എന്നിരിക്കെ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നതും ന്യായീകരിക്കുന്നതും ആപത്താണ് എന്നൊക്കെയാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്.

വിഭാഗം – 3

35:15

  • ۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾١٥﴿
  • ഹേ, മനുഷ്യരേ, അല്ലാഹുവിങ്കലേക്കു ആശ്രയമുള്ളവരത്രെ നിങ്ങള്‍. അല്ലാഹുവാകട്ടെ, അവന്‍ (അന്യാശ്രയമില്ലാത്ത) ധന്യനാണ്; സ്തുത്യര്‍ഹനാണ്
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ أَنتُمُ الْفُقَرَاءُ നിങ്ങള്‍ ആശ്രയക്കാരാണ് إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ അല്ലാഹുവോ هُوَ الْغَنِيُّ ഞാന്‍ ധന്യനാണ്, അന്യാശ്രയനാണ് الْحَمِيدُ സ്തുത്യര്‍ഹനാണ്

35:16

  • إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ ﴾١٦﴿
  • അവന്‍ (വേണമെന്നു) ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി [നശിപ്പിച്ചു] കളയുകയും, ഒരു പുതിയ സൃഷ്ടിയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌
  • إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്നപക്ഷം يُذْهِبْكُمْ നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും) وَيَأْتِ വരുകയും ചെയ്യും بِخَلْقٍ جَدِيدٍ പുതിയൊരു സൃഷ്ടിയുംകൊണ്ടു

35:17

  • وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ ﴾١٧﴿
  • അതു അല്ലാഹുവിന്‍റെ മേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട] കാര്യമല്ലതാനും
  • وَمَا ذَٰلِكَ അതല്ലതാനും عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ട (പ്രയാസമായ) കാര്യം

മനുഷ്യന്‍റെ – അവന്‍ എത്ര ദുര്‍ബ്ബലനോ യോഗ്യനോ ആവട്ടെ – ഓരോ ചലനവും, ഓരോ അടക്കവും അല്ലാഹുവിന്‍റെ സഹായത്തെ മാത്രം ആശ്രയിക്കുന്നവയാണ്. അല്ലാഹുവില്‍നിന്നുള്ള സഹായം കൂടാതെ ഒരു വിരല്‍പോലും അനക്കുവാനും, മടക്കുവാനും അവനു സാധ്യമല്ല. അല്ലാഹുവിനാകട്ടെ ആരുടെയും യാതൊരു സഹായവും ആവശ്യവുമില്ല. എന്നിരിക്കെ മനുഷ്യന്‍ അവന്‍റെ എല്ലാ അപേക്ഷകളും പ്രാര്‍ത്ഥനകളും അല്ലാഹുവില്‍ മാത്രമാണ് അര്‍പ്പിക്കേണ്ടത്. ഒരു ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പുറകിലായി ഒരു വാഹനപ്പുറത്തു പോകുമ്പോള്‍ തന്നോടു ഇപ്രകാരം അവിടുന്നു പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (رحمه الله) ഉദ്ധരിക്കുന്നു:

يا غلام اني اعلمك كلمات : اخفظ الله يخفظك . اخفظ الله تجده تجاهك. اذا سألت فأسأل الله. واذا استغت فاستغن بالله. واعلم ان الامة لو اجتمعت على ان ينفعوك بشيء لم تنفعوك الا يشيء قد كتبه الله لك. وان اجتمعو على ان يضروك بشيء لم يضروك الا بشيء قد كتب الله عليك الخ – رواه الترمدي

സാരം: ‘കുട്ടി, ഞാന്‍ നിനക്കു ചില വാക്യങ്ങള്‍ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക – അവന്‍ നിന്നെ സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവനെ നിന്‍റെ മുമ്പില്‍ നീ കണ്ടെത്തും. നീ വലതും ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ വല്ല സഹായാഭ്യര്‍ത്ഥനയും ചെയ്യുന്നപക്ഷം അല്ലാഹുവിനോടു സഹായാഭ്യര്‍ത്ഥനചെയ്യുക. നീ അറിഞ്ഞേക്കൂ: നിനക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്‌വാന്‍ വേണ്ടി സമുദായം ഒന്നിച്ചു ചേര്‍ന്നാലും അല്ലാഹു നിനക്കു നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപകാരം ചെയ്കയില്ല. നിനക്കു ഏതെങ്കിലും ഒരു ഉപദ്രവം ചെയ്‌വാന്‍ അവര്‍ ഒരുമിച്ചുചേര്‍ന്നാലും അവന്‍ നിന്റെ പേരില്‍ നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപദ്രവം ചെയ്കയില്ല’. (തി).

ശിര്‍ക്കും ദൈവനിഷേധവും പുലര്‍ത്തിപ്പോരുന്ന മനുഷ്യസമുദായത്തെ നശിപ്പിച്ച് പകരം, തികച്ചും അനുസരണവും കൂറും ഭക്തിയുമുള്ള ഒരു ജനസമുദായത്തെ ഇവിടെ സ്ഥാപിക്കുവാന്‍ അല്ലാഹുവിനു കഴിയും. മനുഷ്യവര്‍ഗ്ഗത്തെത്തന്നെ നാമാവശേഷമാക്കി വേറൊരു വര്‍ഗ്ഗത്തെ ഭൂമിയില്‍ കൊണ്ടുവരുവാനും അവനു കഴിയും. അതൊന്നും അവനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ട കാര്യമല്ല. പക്ഷേ, അവന്‍ അതിനു ഉദ്ദേശിച്ചിട്ടില്ല. മഹത്തായ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ട് നിശ്ചിത അവധിവരെ അവരെ അവന്‍ അവശേഷിപ്പിക്കുകയാണ്.

35:18

  • وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾١٨﴿
  • കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല. ഭാരം പിടിപ്പെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുന്നതിനു് (മറ്റൊരാളെ) വിളിക്കുന്നപക്ഷം അതില്‍നിന്നു യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അതു അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റബ്ബിനെ (നേരില്‍ കാണാതെ) അദൃശ്യനിലയില്‍ ഭയപ്പെടുകയും, നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളു. ആര്‍ (ആത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍, തനിക്കു (ഗുണത്തിനു) വേണ്ടിതന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലല്‍.
  • وَلَا تَزِرُ കുറ്റം വഹിക്കയില്ല وَازِرَةٌ ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും) وِزْرَ أُخْرَىٰ മറ്റൊന്നിന്‍റെ കുറ്റം وَإِن تَدْعُ വിളിച്ചാല്‍, ക്ഷണിച്ചാല്‍ مُثْقَلَةٌ ഒരു ഭാരം പിടിപെട്ട ദേഹം إِلَىٰ حِمْلِهَا അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍) لَا يُحْمَلْ വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല مِنْهُ شَيْءٌ അതില്‍നിന്നു യാതൊന്നും وَلَوْ كَانَ അതു (അവന്‍) ആയിരുന്നാലും ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ إِنَّمَا تُنذِرُ നീ താക്കീതു ചെയ്യേണ്ടതുള്ളു الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവരെ (മാത്രം) رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യനിലയില്‍, കാണാതെ وَأَقَامُوا الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്ത وَمَن ആര്‍, ആരെങ്കിലും تَزَكَّىٰ പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി فَإِنَّمَا يَتَزَكَّىٰ എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചുചെല്ലല്‍

ഒരാളുടെ കുറ്റം മറ്റൊരാള്‍ ഏറ്റെടുക്കുകയോ, മറ്റൊരാളുടെമേല്‍ ചുമത്തപ്പെടുകയോ, രണ്ടും അല്ലാഹുവിന്‍റെ കോടതിയില്‍ സംഭവിക്കുകയില്ല. കുറ്റഭാരം താങ്ങാന്‍ വയ്യാത്തവര്‍, തങ്ങളുടെ ഭാരത്തില്‍നിന്നൊരു പങ്കു വഹിക്കുവാന്‍ തങ്ങളുടെ ഏറ്റവും ഉറ്റ ബന്ധുക്കളോടുപോലും അപേക്ഷിച്ചാല്‍, ആ അപേക്ഷ സ്വീകരിക്കുവാന്‍ ആളെ കിട്ടുകയുമില്ല. കാരണം, ഓരോരുത്തര്‍ക്കും മതിയാവോളം കാര്യം അവരവര്‍ക്കുതന്നെ ഉണ്ടായിരിക്കും. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ) ഒരാള്‍ അതിനു സമ്മതിച്ചുവെന്നു സങ്കല്‍പിച്ചാല്‍തന്നെ അതു നടപ്പിലാക്കുകയുമില്ല. കാരണം, ഓരോരുത്തനും ചെയ്യുന്ന പ്രവൃത്തിയുടെ ഗുണത്തിനും ദോഷത്തിനും ഉത്തരവാദി അവന്‍തന്നെയാണെന്നാണ് അല്ലാഹുവിങ്കലുള്ള നീതിനിയമം. (لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ) അപ്പോള്‍ ‘അതിന്‍റെ കുറ്റം ഞാന്‍ ഏറ്റുകൊള്ളാം, അതു പ്രവൃത്തിച്ചു കൊള്ളുക’ എന്നു ചിലര്‍ ചിലസന്ദര്‍ഭങ്ങളില്‍ പറയാറുള്ളത് വെറും പാഴ് വാക്കാണെന്നു പറയേണ്ടതില്ല. (സൂ: അങ്കബൂത്ത് 12ഉം, 13ഉം, വിവരണവും ഓര്‍ക്കുക.)

35:19

  • وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ﴾١٩﴿
  • അന്ധനും, കാഴ്ചയുള്ളവനും സമമാവുകയില്ല;
  • وَمَا يَسْتَوِي സമമാവുകയില്ല الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും

35:20

  • وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ﴾٢٠﴿
  • അന്ധകാരങ്ങളും, പ്രകാശവുമാകട്ടെ, (അവയും സമമാവുക) ഇല്ല.
  • وَلَا الظُّلُمَاتُ അന്ധകാരങ്ങളും (ഇരുട്ടുകളും) ഇല്ല وَلَا النُّورُ പ്രകാശവും ഇല്ല

35:21

  • وَلَا ٱلظِّلُّ وَلَا ٱلْحَرُورُ ﴾٢١﴿
  • തണലും, സൂര്യോഷ്ണവും (അഥവാ ഉഷ്ണക്കാറ്റും) ആകട്ടെ, (സമമാവുക) ഇല്ല.
  • وَلَا الظِّلُّ തണലുമില്ല وَلَا الْحَرُورُ സൂര്യോഷ്ണവുമില്ല, ഉഷ്ണക്കാറ്റുമില്ല

35:22

  • وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ ﴾٢٢﴿
  • ജീവിച്ചിരിക്കുന്നവരും, മരണമടഞ്ഞവരുമാകട്ടെ സമമാവുകയില്ല. നിശ്ചയമായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കും. ‘ഖബ്റു’ (ശ്മശാനം)കളില്‍ ഉള്ളവരെ നീ കേള്‍പ്പിക്കുന്നവനല്ല.
  • وَمَا يَسْتَوِي സമമാവുകയില്ല الْأَحْيَاءُ ജീവിച്ചിരിക്കുന്നവര്‍ وَلَا الْأَمْوَاتُ മരണപ്പെട്ടവരുമില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسْمِعُ കേള്‍പ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا أَنتَ നീ അല്ല بِمُسْمِعٍ കേള്‍പ്പിക്കുന്നവന്‍ مَّن فِي الْقُبُورِ ഖബറുകളിലുള്ളവരെ

35:23

  • إِنْ أَنتَ إِلَّا نَذِيرٌ ﴾٢٣﴿
  • നീ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
  • إِنْ أَنتَ നീ അല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ

സത്യവിശ്വാസവും സത്യനിഷേധവും തമ്മിലും, വിശ്വാസികളും അവിശ്വാസികളും തമ്മിലും – ഒരിക്കലും സന്ധിയും യോജിപ്പും ഉണ്ടാകാത്തവിധം – പരസ്പരം വൈരുദ്ധ്യമാണുള്ളതെന്നു ചില ഉദാഹരണങ്ങളാണ് ഇവ എന്നു മൊത്തത്തില്‍ പറയാം. ഓരോ ഉപമയെപ്പറ്റിയും ചിന്തിക്കുന്നവര്‍ക്കു ഓരോന്നിലും അടങ്ങിയ പ്രത്യേകത ഏറെക്കുറെ മനസ്സിലാക്കുവാന്‍ കഴിയുന്നതുമാണ്. ‘ഖബ്റുകളിലുള്ളവരെ നീ കേള്‍പ്പിക്കുകയില്ല’ എന്നതിനെക്കുറിച്ചു സൂ: നംല് 80ല്‍ വിവരിച്ചതു ഇവിടെയും സ്മരിക്കേണ്ടതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം സത്യവിശ്വാസംസ്വീകരിപ്പിക്കുവാന്‍ ബാദ്ധ്യസ്ഥനല്ല, അവരെ വേണ്ടപോലെ താക്കീതു ചെയ്‌താല്‍മതി എന്നാണ് 23-ാം വചനത്തിന്‍റെ താല്‍പര്യം. അല്ലാതെ, സന്തോഷവാര്‍ത്ത അറിയിക്കേണ്ടതില്ല എന്നല്ല ഉദ്ദേശ്യം. അടുത്ത വചനം നോക്കുക.

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 02 (ഫെബ്രുവരി 22)

സൂറത്തു ഫാത്വിര്‍ : 08-13




  • വെളിച്ചം റമദാന്‍ ഡേ-02- സൂറ: ഫാത്വിര്‍ പാര്‍ട്ട് 02 – ആയത്ത് 08 മുതല്‍ 13 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 08-13
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 2

35:8

  • أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ ﴾٨﴿
  • അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! [ഇവനുണ്ടോ സല്‍ക്കര്‍മ്മശാലികളെപ്പോലെ പ്രതിഫലം ലഭിക്കുന്നു?!] എന്നാല്‍, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താല്‍ അവരുടെ പേരില്‍ [അവരെചൊല്ലി] നിന്‍റെ ആത്മാവ് പോകാതിരുന്നുകൊള്ളട്ടെ! നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്.
  • أَفَمَن അപ്പോള്‍ യാതൊരുവനോ زُيِّنَ لَهُ അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ فَرَآهُ എന്നിട്ടവന്‍ അതിനെ കണ്ടു حَسَنًا നല്ലതായി فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي നേര്‍വഴിയിലുമാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ فَلَا تَذْهَبْ അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ نَفْسُكَ നിന്‍റെ ജീവന്‍, നിന്‍റെ ദേഹം عَلَيْهِمْ അവരുടെപേരില്‍ (അവരാല്‍) حَسَرَاتٍ സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി

ഐഹികജീവിതത്തിന്‍റെയും, പിശാചിന്‍റെയും വഞ്ചനകള്‍ക്കു പാത്രമാകുന്നവര്‍ക്കു യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കുവാനും, നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും സാധിക്കാതെവരും. അങ്ങനെ, തങ്ങള്‍ സ്വീകരിക്കുന്ന ദുര്‍ന്നടപ്പുകളുടെ കൊള്ളരുതായ്മ അവര്‍ക്കു അജ്ഞാതമായിത്തീരുകയും,അവ സല്‍പ്രവൃത്തികളായി ഗണിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇത്രയും ദുഷിച്ചുപോയ ഇവര്‍ എങ്ങിനെയാണ് അല്ലാഹുവിന്‍റെ പാപമോചനത്തിനും, പ്രതിഫലങ്ങള്‍ക്കും അര്‍ഹരാവുക?! എങ്ങിനെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു ഇവരെ ഉള്‍പ്പെടുത്തുക?! തങ്ങളുടെ നടപടികള്‍ ചീത്തയാണെന്ന ബോധമെങ്കിലും അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അവരെപ്പറ്റി വല്ല പ്രതീക്ഷക്കും വഴിയുണ്ടാകുമായിരുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവരുടെ കാര്യത്തില്‍ സങ്കടപ്പെട്ടു സ്വയം കഷ്ടപ്പെടേണ്ടതില്ല. അല്ലാഹു അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നുണ്ട്. അവന്‍ തക്ക നടപടി വഴിയെ എടുക്കുകയും ചെയ്യും. എന്നു സാരം.

35:9

  • وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَسُقْنَٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ ﴾٩﴿
  • അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവന്‍ [ചലിപ്പിക്കുന്നവന്‍]. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം [അല്ലാഹു] അതിനെ നിര്‍ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അതു നിര്‍ജീവമായതിനുശേഷം നാം ജീവിപ്പിക്കുകയായി. ഇതുപോലെ (ത്തന്നെ) യാണ് പുനരുത്ഥാനം!.
  • وَاللَّـهُ الَّذِي അല്ലാഹുവത്രെ أَرْسَلَ അയച്ചവന്‍ الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘം, മഴക്കാറ് فَسُقْنَاهُ എന്നിട്ടു നാമതിനെ തെളിക്കും, കൊണ്ടുപോകും إِلَىٰ بَلَدٍ വല്ല നാട്ടിലേക്കും مَّيِّتٍ നിര്‍ജ്ജീവമായ فَأَحْيَيْنَا بِهِ എന്നിട്ടു അതുകൊണ്ടു നാം ജീവിപ്പിക്കും الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന്‍റെ (നിര്‍ജ്ജീവതയുടെ) ശേഷം كَذَٰلِكَ അപ്രകാരമാണ് النُّشُورُ എഴുന്നേല്‍പ്പു (പുനരുത്ഥാനം)

അതിമഹത്തായ ഒരു അനുഗ്രഹവും, നിത്യസത്യമായ ഒരു ദൃഷ്ടാന്തവും എടുത്തുകാട്ടി മരണാനന്തരജീവിതത്തിന്‍റെ സാധ്യത തെളിയിക്കുകയാണ്. അതതു നാടുകളിലേക്കു മേഘം നീങ്ങുന്നതിലും, അതില്‍നിന്നു മഴ വര്‍ഷിച്ചു നിര്‍ജ്ജീവമായ ഭൂമി ഉല്‍പാദനയോഗ്യമായി ത്തീരുന്നതിലും അടങ്ങിയ ഗഹനമായ രഹസ്യങ്ങളിലേക്കുള്ള സൂചനയാണത്, വാചകഘടനയില്‍ ഇടക്കുവെച്ചു ‘അവന്‍’ എന്നതിന്‍റെ സ്ഥാനത്തു ‘നാം’ എന്ന മദ്ധ്യമപ്രയോഗം. ഈ പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പും നാം ഉണര്‍ത്തിയിട്ടുണ്ട്.

35:10

  • مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُو۟لَٰٓئِكَ هُوَ يَبُورُ ﴾١٠﴿
  • ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്‌. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (കടുത്ത) ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്‌. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക
  • مَن كَانَ ആരെങ്കിലും ആണെങ്കില്‍ يُرِيدُ الْعِزَّةَ പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْعِزَّةُ പ്രതാപം جَمِيعًا മുഴുവനും إِلَيْهِ അവങ്കലേക്കത്രെ يَصْعَدُ കയറിപ്പോകുന്നതു الْكَلِمُ വാക്കു, വാക്കുകള്‍ الطَّيِّبُ നല്ല, ശുദ്ധമായ وَالْعَمَلُ الصَّالِحُ സല്‍ക്കര്‍മ്മമാകട്ടെ يَرْفَعُهُ അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു وَالَّذِينَ يَمْكُرُونَ കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിന ശിക്ഷ وَمَكْرُ أُولَـٰئِكَ അക്കൂട്ടരുടെ കുതന്ത്രം هُوَ അതു (തന്നെ) يَبُورُ നാശമടയും, നഷ്ടപ്പെടും

മൂന്നുനാലു കാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. 1) പ്രതാപം മുഴുവനും അല്ലാഹുവിനുള്ളതാണ്. ആര്‍ക്കെങ്കിലും പ്രതാപം സിദ്ധിക്കേണമെന്നുണ്ടെങ്കില്‍ അതു അവനില്‍നിന്നു ലഭിക്കേണ്ടതും, അതിന് അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വഴി അവനോടു ആവശ്യപ്പെടേണ്ടതുമാണ്. അവന്‍ നല്‍കുന്ന പ്രതാപമേ സാക്ഷാല്‍ പ്രതാപമായിരിക്കയുള്ളു. അവന്‍ പ്രതാപം നല്‍കാതെ അവഗണിക്കുന്നവര്‍ക്കു മാന്യതയും, യശസ്സും ലഭിക്കുകയില്ല. (وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ) എന്നാല്‍ – പലരും ധരിക്കുന്നതു പോലെ – യശസ്സ് അല്ലെങ്കില്‍ പ്രതാപം എന്നു പറയുന്നതു കുറെ ധനശക്തിയോ, തോന്നിയതുപോലെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യമോ, മറ്റുള്ളവരെ കീഴ്പ്പെടുത്തി കയ്യൂക്കു നടത്തുവാനുള്ള സ്വാധീനമോ ഒന്നുമല്ല. സത്യവും നീതിയും അന്യനു അടിയറ വെക്കാതെ, അക്രമവും അനീതിയും അവലംബമാക്കാതെ – സല്‍സ്വഭാവം, ഹൃദയശുദ്ധി, മാനമര്യാദ, സല്‍ക്കര്‍മ്മം മുതലായവവഴി -സിദ്ധിക്കുന്ന അന്തസ്സും മനസ്സമാധനവുമാണ് സാക്ഷാല്‍ യശസ്സ് (الْعِزَّةُ). ഇങ്ങിനെയുള്ളവന് അല്ലാഹുവിനെ മാത്രമേ ഭയപ്പെടേണ്ടിവരികയുള്ളു. അവന്‍റെ സര്‍വ്വാശ്രയവും അവന്‍തന്നെ. ഇതോടൊപ്പം ജനമദ്ധ്യെ അവനു വിലയും നിലയും താനെ ഉണ്ടായിത്തീരുന്നു. യശസ്സു ലഭിക്കുവാനുള്ള മാര്‍ഗ്ഗം അടുത്ത വാക്യത്തില്‍ കണ്ടെത്താവുന്നതുമാണ്. ‘പ്രതാപം’ എന്നു നാം അര്‍ത്ഥം നല്‍കിയതു  عِزَّة എന്ന വാക്കിനാണ്. ‘യശസ്സ്, വീര്യം, യോഗ്യത, അന്തസ്സ്’ എന്നൊക്കെ സന്ദര്‍ഭോചിതം അതിനു അര്‍ത്ഥം പറയാം.

2,3) വിശ്വാസം കൊണ്ടും, ആത്മാര്‍ത്ഥതകൊണ്ടും പരിശുദ്ധമായ ഹൃദയത്തില്‍ നിന്നു ഉടലെടുത്ത്‌ നാവില്‍കൂടി വെളിക്കുവരുന്ന നല്ല വാക്കുകള്‍ – ദിക്ര്‍, ദുആ, ഖുര്‍ആന്‍, സദുപദേശം മുതലായ എല്ലാ സംസാരങ്ങളും – അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നു. അവന്‍ അവയെ സ്വീകരിച്ച് തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. നല്ല വാക്കുകളി (الْكَلِمُ الطَّيِّبُ)ല്‍ തൗഹീദിന്‍റെ സാക്ഷ്യവാചകമായ لا اله الا الله (അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല) എന്ന ‘കലിമഃ’ക്കാണ് പ്രഥമസ്ഥാനമുള്ളതെന്നു പറയേണ്ടതില്ല. സല്ക്കര്‍മ്മങ്ങളെയെല്ലാം – അവ ചെറുതോ വലുതോ, സ്വകാര്യമോ പരസ്യമോ ഏതാവട്ടെ – അല്ലാഹു ഉയര്‍ത്തുകയും അവയെ രേഖപ്പെടുത്തി യഥായോഗ്യം പ്രതിഫലം നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍, നല്ല വാക്കുകളോ പ്രവൃത്തികളോ ഒന്നുംതന്നെ അല്ലാഹു പാഴാക്കുകയില്ല.

وَالْعَمَلُ الصَّالِحُ يَرْفَعُهُ എന്ന വാക്യത്തിനു നാം വായിച്ച അര്‍ത്ഥം ഓര്‍മ്മിക്കുക. ‘അതിനെ അവന്‍ ഉയര്‍ത്തുന്നു’ ( يَرْفَعُهُ) എന്നതിലെ കര്‍ത്താവിന്‍റെ സ്ഥാനത്തു ‘അല്ലാഹു’വും, അതില്‍ കര്‍മ്മമായി നില്‍ക്കുന്നതു ‘ സല്‍ക്കര്‍മ്മവു’മാണല്ലോ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ച അഭിപ്രായമാണിത്. മറ്റൊരുവിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ ഈ ക്രിയയുടെ കര്‍ത്താവു ‘സല്‍കര്‍മ്മ’ (الْعَمَلُ الصَّالِحُ)വും, കര്‍മ്മം ‘നല്ല വാക്കും’ (الْكَلِمُ الطَّيِّبُ) ആകുന്നു. (*). അപ്പോള്‍, ഈ വാക്കിന്‍റെ അര്‍ത്ഥവിവര്‍ത്തനം ഇപ്രകാരം വരും : ‘സല്‍ക്കര്‍മ്മമാകട്ടെ, അതിനെ – നല്ല വാക്കിനെ – ഉയര്‍ത്തുകയും ചെയ്യും.’ അതായത് നല്ല വാക്കുകള്‍ ഉന്നതങ്ങളാകുന്നതും, ഫലപ്രദമാകുന്നതും സല്‍ക്കര്‍മ്മങ്ങള്‍ നിമിത്തമാണ് എന്നു സാരം.

‘നല്ല വാക്കുകള്‍ കയറിപ്പോകു’മെന്നും, ‘സല്‍ക്കര്‍മ്മം ഉയര്‍ത്തു’മെന്നും പറഞ്ഞതിന്‍റെ താല്പര്യം അല്ലാഹു അവയെ സ്വീകരിക്കുമെന്നോ, അറിയുമെന്നോ മാത്രമാണെന്നു കരുതേണ്ടതില്ല. വസ്തുതകള്‍ വസ്തുക്കളായി രൂപാന്തരപ്പെടുന്ന ഓരോ ലോകമാണ് (عالم يتجسد فيه المعاني) ആത്മീയലോകം – അഥവാ പരലോകം. അല്ലാഹുവിന്‍റെ കഴിവില്‍പെടാത്തതൊന്നുമില്ല. മാത്രമല്ല, പല ഹദീസുകളിലും ഇതിനു തെളിവുകള്‍ കാണാം. ഇന്നത്തെ ചില ശാസ്ത്രീയസിദ്ധാന്തങ്ങളും ഇതിനു ഉപോല്‍ബലങ്ങളായുണ്ടുതാനും.


(*). الكلم എന്ന വാക്കിനു ഏകവചനത്തിന്‍റെയും ബഹുവചനത്തിന്‍റെയും അര്‍ത്ഥം വരാവുന്നതാണ്.


4) ഉപായങ്ങളും, കാപട്യങ്ങളും പ്രയോഗിച്ചു നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ. എന്നാല്‍, അതു കടുത്തതും ദുഷ്ടതരവുമാകുമ്പോള്‍ കൂടുതല്‍ശിക്ഷാര്‍ഹമായിത്തീരുന്നതാണ്. മാത്രമല്ല, അതു അതിന്‍റെ കര്‍ത്താക്കളില്‍തന്നെ തിരിച്ചടിച്ച് നാശമായിക്കലാശിക്കുകയും ചെയ്യും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ കൊലപ്പെടുത്തുകയോ, പിടിച്ചു ബന്ധനത്തിലാക്കുകയോ, നാടുകടത്തി വിടുകയോ ചെയ്‌വാന്‍ ഖുറൈശികള്‍ ദാറുന്നദുവത്തി’ല്‍വെച്ചു ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടുവളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും, അവയുടെ അനന്തരഫലങ്ങളും അന്നും ഇന്നും ചരിത്രത്തില്‍ ധാരാളം കാണാവുന്നതാണ്. അതെ, കഠിനകുതന്ത്രം അതിന്‍റെ ആള്‍ക്കാരില്‍തന്നെ പിണയുന്നതായിരിക്കും. (‏‏(وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ

35:11

  • وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١١﴿
  • അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീടു ഇന്ദ്രീയത്തുള്ളിയില്‍നിന്നുമായി സൃഷ്ടിച്ചു; പിന്നെ, അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവോടെയല്ലാതെ യാതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. (ദീര്‍ഘിച്ച) ആയുസ്സു നല്‍കപ്പെട്ടിട്ടുള്ള എതൊരാള്‍ക്കും ആയുസ്സ് നല്‍കപ്പെടുന്നതാകട്ടെ, (ആര്‍ക്കെങ്കിലും) അവന്‍റെ ആയുസ്സില്‍ നിന്നും കുറക്കപ്പെടുന്നതാകട്ടെ, ഒരു (രേഖാ)ഗ്രന്ഥത്തില്‍ ഇല്ലാതില്ല. നിശ്ചയമായും, അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാണ്
  • وَاللَّـهُ അല്ലാഹു خَلَقَكُم നിങ്ങളെ സൃഷ്ടിച്ചു مِّن تُرَابٍ മണ്ണില്‍നിന്നു, മണ്ണിനാല്‍ ثُمَّ പിന്നെ مِن نُّطْفَةٍ ഒഴുകുന്ന ജലത്തില്‍ (ഇന്ദ്രീയത്തുള്ളിയില്‍) നിന്നു ثُمَّ جَعَلَكُمْ പിന്നെ നിങ്ങളെ അവന്‍ ആക്കി أَزْوَاجًا ഇണകള്‍ (ഭാര്യാഭര്‍ത്താക്കള്‍) وَمَا تَحْمِلُ ഗരഭംധരിക്കുന്നില്ല مِنْ أُنثَىٰ ഒരു പെണ്ണും സ്ത്രീയും وَلَا تَضَعُ അവള്‍ പ്രസവിക്കുന്നുമില്ല. إِلَّا بِعِلْمِهِ അവന്‍റെ അറിവോടെയല്ലാതെ وَمَا يُعَمَّرُ ആയുസ്സു നല്‍കപ്പെടുന്നതുമല്ല مِن مُّعَمَّرٍ ഒരു ആയുസ്സു നല്‍കപ്പെട്ടവന്നും وَلَا يُنقَصُ കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല مِنْ عُمُرِهِ അവന്‍റെ ആയുസ്സില്‍ (വയസ്സില്‍)നിന്നു إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرٌ നിസ്സാരമാണ്, ലഘുവായതാണ്

അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തില്‍ മാത്രമേ അറിയുന്നുള്ളുവെന്നും, ഓരോ കാര്യത്തിന്‍റെയും വിശദവിവരം അവന്‍ അറിയുകയില്ലെന്നും പറയുന്ന ധിക്കാരികളും, അതു ശരിയാണെന്നു ധരിച്ചുവശായ പാമരന്മാരും, മനസ്സിരുത്തി വായിക്കേണ്ടുന്ന ഖുര്‍ആന്‍വചനങ്ങളാണ് ഇതും, സൂറത്തുസബഇലെ 2ഉം 3ഉം പോലുള്ള മറ്റുചില വചനങ്ങളും. ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഓരോരുത്തന്‍റെ ആയുഷ്കാലത്തിന്‍റെ ഏറ്റക്കുറവുമെല്ലാം കൃത്യമായും സൂക്ഷമമായും അറിയുകയും, രേഖപെടുത്തുകയും ചെയ്യുന്നവനത്രെ അല്ലാഹു. ഓരോ കാര്യവും അവന്‍റെ അടുക്കല്‍ ഒരു തോതനുസരുച്ചാണുള്ളത്. (وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ) മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കും ആഹാരംകൊടുക്കുന്നകാര്യം അവന്‍ ഏല്‍ക്കുകയും ചെയ്തിരിക്കുന്നു. ( وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا) മനുഷ്യന്‍ അതു ആരാഞ്ഞു തിരഞ്ഞുപിടിക്കുകയേ വേണ്ടൂ. എന്നിരിക്കെ, കുറച്ചുകാലം കഴിയുമ്പോഴേക്കു ഈ ലോകത്തു ജനപ്പെരുപ്പംമൂലം ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാതെ പട്ടിണികിടന്നു മനുഷ്യന്‍ നശിച്ചുപോകുമെന്നു ഭയപ്പെട്ടുകൊണ്ടിരിക്കുവാന്‍ സത്യവിശ്വാസമുള്ള ഒരാള്‍ക്കും അവകാശമില്ല. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ (അതൊക്കെ അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമാണ്) എന്നുള്ള ഒടുവിലത്തെ വാക്യം ബുദ്ധിയും, വിശ്വാസവും ഉള്ളവര്‍ ചിന്തിച്ചു നോക്കട്ടെ!

35:12

  • وَمَا يَسْتَوِى ٱلْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٢﴿
  • രണ്ട് സമുദ്രങ്ങള്‍ [ജലാശയങ്ങള്‍] സമമാവുകയില്ല, ഇതാ ഒന്ന് കുടിക്കുവാനെളുപ്പമുള്ളതായ സ്വച്ഛജലം; മറ്റേതു കൈപ്പുരസമായ ഉപ്പുജലവും! ഓരോന്നില്‍നിന്നും നിങ്ങള്‍ പുതിയ മാംസം തിന്നുകയും നിങ്ങള്‍ ധരിക്കുന്ന ആഭരണവസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. അവന്‍റെ അനുഗ്രഹത്തില്‍നിന്നു നിങ്ങള്‍ അന്വേഷിക്കുവാന്‍വേണ്ടി അതില്‍ [സമുദ്രത്തില്‍] കൂടി ഭേദിച്ചുകൊണ്ട് കപ്പലുകള്‍ (സഞ്ചരിക്കുന്നതു) നിനക്കു കാണാം; നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്തേക്കാമല്ലോ.
  • وَمَا يَسْتَوِي സമമാവുകയില്ല الْبَحْرَانِ രണ്ടു സമുദ്ര (ജലാശയ)ങ്ങള്‍ هَـٰذَا ഇതു(ഒന്നു) عَذْبٌ നല്ല വെള്ളമാണ് فُرَاتٌ ശുദ്ധമായ سَائِغٌ കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്) شَرَابُهُ അതിലെ പാനീയം وَهَـٰذَا ഇതു (മറ്റേതു) مِلْحٌ ഉപ്പ് (ഉപ്പുരസമുള്ളതു) ആകുന്നു أُجَاجٌ കയ്പായ (ഉപ്പു കവിഞ്ഞ) وَمِن كُلٍّ എല്ലാറ്റില്‍നിന്നും تَأْكُلُونَ നിങ്ങള്‍ തിന്നുന്നു لَحْمًا മാംസം طَرِيًّا പുത്തനായ (പഴക്കമില്ലാത്ത) وَتَسْتَخْرِجُونَ നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു حِلْيَةً ആഭരണം, അലങ്കാര വസ്തു تَلْبَسُونَهَا നിങ്ങള്‍ ധരിക്കുന്ന وَتَرَى നീ കാണുന്നു, നിനക്കു കാണാം الْفُلْكَ കപ്പലുകള്‍ فِيهِ അതില്‍ مَوَاخِرَ ഭേദിച്ച് (മുറിച്ചു) പോകുന്നതായി لِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാന്‍ (തേടുവാന്‍) വേണ്ടി مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, ആയേക്കാം تَشْكُرُونَ നന്ദികാണിക്കും

അല്ലാഹു മനുഷ്യര്‍ക്കു ചെയ്തുകൊടുത്തിട്ടുള്ള ചില അനുഗ്രഹങ്ങളെയും, അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെയും ഓര്‍മ്മിപ്പിക്കുകയാണ്. സുഖമായി കുടിക്കുവാനും, ഉപയോഗിക്കുവാനും ഉതകുമാറ് രുചിയും, ശുചിയും തികഞ്ഞ ശുദ്ധജലാശയങ്ങളും, ചവര്‍പ്പും പുളിപ്പും കവിഞ്ഞ് കൈപ്പുരസമായിത്തീര്‍ന്നിട്ടുള്ള ഉപ്പുജലാശയങ്ങളും പ്രകൃത്യാ വ്യത്യസ്തങ്ങളാണല്ലോ. മുത്തു, ചിപ്പി, പവിഴം തുടങ്ങിയ പല വിഭവങ്ങളും അവയില്‍ നിന്നു ലഭിക്കുന്നു. മനുഷ്യരുടെ അലങ്കാരവസ്തുക്കളായും മറ്റും അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൂരസഞ്ചാരം ചെയ്തും, ചരക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്തും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തേടിത്തിരഞ്ഞുകൊണ്ട് മനുഷ്യന്‍ സമുദ്രത്തില്‍ കപ്പല്‍ യാത്ര നടത്തുന്നു. സമുദ്രജലം ഭേദിച്ചുകൊണ്ടും, തിരമാലകളെ പിന്നിട്ടുകൊണ്ടും കപ്പലുകള്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യന്‍റെ ഐഹികജീവിതാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്ന അല്ലാഹുവിനു അവന്‍ നന്ദിചെയ്യേണ്ടതില്ലയോ?! നിശ്ചയമായും ഉണ്ട്. അതവന്‍റെ ഭാവിജീവിത വിജയത്തിലേക്കുള്ള മൂലധനമായി വകയിരുത്തപ്പെടുകയും ചെയ്യും.

35:13

  • يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ ﴾١٣﴿
  • അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല
  • يُولِجُ അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും കടത്തുന്നു فِي اللَّيْلِ രാത്രിയില്‍ وَسَخَّرَ അവന്‍ കീഴ്പ്പെടുത്തി (വിധേയമാക്കി)ത്തരുകയും ചെയ്തു الشَّمْسَ وَالْقَمَرَ സൂര്യനെയും ചന്ദ്രനെയും كُلٌّ എല്ലാം, ഓരോന്നും يَجْرِي സഞ്ചരിക്കുന്നു لِأَجَلٍ ഒരു അവധിവരെക്കു مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട ذَٰلِكُمُ അവന്‍ (അങ്ങിനെയുള്ളവന്‍) اللَّـهُ رَبُّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവാണ് لَهُ അവന്നാണ്‌ الْمُلْكُ രാജത്വം, രാജാധികാരം وَالَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ مَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമപ്പെടുത്തുന്നില്ല مِن قِطْمِيرٍ ഒരു ഈത്തപ്പാടയും

ഉണങ്ങിയ ഉള്ളിത്തൊലിപോലെ, ഈത്തക്കുരുവെ പൊതിഞ്ഞുനില്‍ക്കുന്ന നേരിയ പാടയാണ് قِطْمِيرٍ.അവര്‍ക്ക് ഒട്ടും സ്വാധീനമില്ല എന്നു സാരം. സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തിയതിനെ സംബന്ധിച്ചു പലപ്പോഴും നാം വിവരിച്ചിട്ടുള്ളതാണ്.(*).


(*).ഇന്നിതാ മനുഷ്യന്‍ ചന്ദ്രഗോളത്തില്‍ ഇറങ്ങി തിരിച്ചു പോരുവാന്‍ തുടങ്ങിയിരിക്കുന്നു. എനിയും, ചന്ദ്രനിലും മറ്റും എന്തെല്ലാമോ അവന്‍ കൈകാര്യം ചെയ്‌വാന്‍ പോകുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ഈ പ്രസ്താവന നാള്‍ക്കുനാള്‍ പുലര്‍ന്നുവരികയാണ്.

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 01 (ഫെബ്രുവരി 21)

സൂറത്തു ഫാത്വിര്‍ : 01-07




  • വെളിച്ചം റമദാന്‍ ഡേ-01- സൂറ: ഫാത്വിര്‍ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 07 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 01-07
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 1

സൂറത്തു ഫാത്വിര്‍ : 01-07

ഫാത്വിർ (സ്രഷ്ടാവ്)

സൂറത്തുല്‍ – മലാഇക : (മലക്കുകള്‍) എന്നും ഇതിനു പേരുണ്ട്.

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകുഅ്) 5

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

വിഭാഗം – 1

35:1

  • ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു. (അതായതു) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവ്; മലക്കുകളെ ഈരണ്ടും മുമ്മൂന്നും നന്നാലും പക്ഷങ്ങള്‍ [ചിറകുകള്‍] ഉള്ള ദൂതന്‍മാരാക്കിയിട്ടുള്ളവന്‍: സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ദ്ധിപ്പിക്കുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
  • الْحَمْدُ സ്തുതി (യെല്ലാം) لِلَّـهِ അല്ലാഹുവിനാണ് فَاطِرِ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടികര്‍ത്താവ് وَالْأَرْضِ ഭൂമിയുടെയും جَاعِلِ الْمَلَائِكَةِ മലക്കുകളെ ആക്കിയവന്‍ رُسُلًا ദൂതന്മാര്‍ أُولِي أَجْنِحَةٍ ചിറകു (പക്ഷം) കളുള്ള مَّثْنَىٰ ഈരണ്ട് وَثُلَاثَ മുമ്മൂന്നും وَرُبَاعَ നന്നാലും يَزِيدُ അവന്‍ വര്‍ദ്ധിപ്പിക്കും فِي الْخَلْقِ സൃഷ്ടിയില്‍ مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനാണ്‌

الْحَمْدُ لِلَّـهِ (സ്തുതി അല്ലാഹുവിനാണ്) എന്ന വാക്യംകൊണ്ടു ആരംഭിക്കുന്ന സൂറത്തുകളില്‍ അവസാനത്തെതാണിത്. സ്തുതികീര്‍ത്തനങ്ങളുടെ അര്‍ഹതയും, അവകാശവും അല്ലാഹുവിനാണെന്നും, സൃഷ്ടികളെല്ലാം അവനു സ്തുതികീര്‍ത്തനം ചെയ്‌വാന്‍ കടപ്പെട്ടവരാണെന്നും കാണിക്കുന്ന ചില ഗുണവിശേഷങ്ങളും ഈ വാക്യത്തെത്തുടര്‍ന്നു ഓരോ സ്ഥലത്തും പറഞ്ഞിരിക്കുന്നതു കാണാം. അങ്ങിനെയുള്ള രണ്ടു ഗുണവിശേഷങ്ങള്‍ ഇവിടെയും പറഞ്ഞിരിക്കുന്നു. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടികര്‍ത്താവ് – അഥവാ ആകാശഭൂമികള്‍ക്കും അവയിലടങ്ങിയ സര്‍വ്വ ചരാചരങ്ങള്‍ക്കും അതതിന്‍റെ പ്രകൃതം നല്‍കി നൂതനമായി സൃഷ്ടിച്ചുണ്ടാക്കിയ കര്‍ത്താവ് – ഇതാണ് ഒന്നാമത്തേത്. പലതരത്തിലുള്ള മലക്കുകളെ ദൂതന്മാരാക്കി നിശ്ചയിച്ചവന്‍ എന്നത്രെ രണ്ടാമത്തേത്. ആദ്യത്തേതു അവന്‍റെ നിര്‍മ്മാണമഹാത്മ്യത്തെയും, ഒടുവിലത്തേതു അവന്‍റെ പരിപാലനപരിപാടികളില്‍ ചിലതിനെയും കുറിക്കുന്നു.

ഈരണ്ടും, മുമ്മൂന്നും, നന്നാലും ചിറകുകളുള്ളവര്‍ എന്നു പറഞ്ഞതു മലക്കുകളുടെ രൂപവ്യതാസത്തെയോ, സ്ഥാനപദവികളെയോ എടുത്തുകാട്ടിയതായിരിക്കാം. ഈ ചിറകുകള്‍ എങ്ങിനെയുള്ളവയാണെന്ന യഥാര്‍ത്ഥ്യം നമുക്കറിയുവാന്‍ നിവൃത്തിയില്ല. നമ്മുടെ ദൃഷ്ടിക്കു ഗോചരമല്ലാത്ത ആത്മീയ ജീവികളാണല്ലോ മലക്കുകള്‍. മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി മുസ്‌ലിമും, അഹ്മദും (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ വന്നിട്ടുണ്ട്. എങ്കിലും, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, ചില പ്രത്യേക രൂപങ്ങളിലായി മനുഷ്യര്‍ക്കു കാണത്തക്കവിധം മലക്കുകള്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നു ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മനസ്സിലാക്കാം. ഇബ്രാഹീം നബി (عليه السلام), ലൂത്ത് നബി (عليه السلام), മര്‍യം (അ) എന്നിവരുടെ അടുക്കല്‍ ദൈവദൂതന്മാരായി മലക്കുകള്‍ ചെന്ന വിവരം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ജിബ്രീല്‍ (عليه السلام) നെ കണ്ടിട്ടുള്ളതും പ്രസിദ്ധമാണ്. എന്നാല്‍, മലക്കിന്‍റെ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നപക്ഷം അതു മനുഷ്യപ്രകൃതിക്കു താങ്ങാനാവാത്ത കാഴ്ചയായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി രണ്ടുപ്രാവശ്യം ജിബ്രീല്‍ (عليه السلام) നെ സാക്ഷാല്‍ രൂപത്തില്‍ കണ്ടിട്ടുള്ളതായി ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിറാ ഗുഹയില്‍ച്ചുണ്ടായ ഒന്നാമത്തെ ആ കാഴ്ച വിവരിച്ചതില്‍, ‘ഞാന്‍ എന്നെപ്പറ്റി ഭയപ്പെട്ടുപോയി’ (لقد خشيت على نفسى)എന്നും, രണ്ടാമത്തെ കാഴ്ച്ചയുടെ വിവരണത്തില്‍ ‘ഞാന്‍ പേടിച്ചു നടുങ്ങി നിലത്തേക്കു വീഴാന്‍ പോയി’ ( فجثت منه رعبا حتى هويت الى الارض) എന്നും മറ്റും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു.

സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ അവസരത്തില്‍ ജിബ്രീല്‍ (عليه السلام) നു ആറു നൂറു ചിറകുകള്‍ ഉണ്ടായിരുന്നുവെന്നും ഇബ്നുമസ്ഊദു (رحمه الله) പ്രസ്താവിച്ചതായി മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഉദരത്തിലും, രണ്ടും നാലും കാലുകളിലും നടക്കുന്ന ജീവികളെക്കുറിച്ചു പറഞ്ഞശേഷം സൂ: നൂര്‍ 45ല്‍ ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്നു പറഞ്ഞുവല്ലോ. അതുപോലെ, ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളെപ്പറ്റി പറഞ്ഞശേഷം ‘സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ധിപ്പിക്കുന്നു’ (يَزِيدُ فِي الْخَلْقِ مَا يَشَاءُ) എന്നു ഇവിടെയും പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. കൂടാതെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഉണര്‍ത്തിയിരിക്കുന്നു. മലക്കുകളില്‍ ഈ മൂന്നു തരക്കാര്‍ക്കുപുറമെ വേറെയും പല തരക്കാരുണ്ടാവാമെന്നും, ചിറകുകളുടെ ആധിക്യം അനുസരിച്ച് അവരുടെ പദവികളിലും വ്യത്യാസമുണ്ടാവമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. الله اعلم

ലോകത്തിന്‍റെ നന്മക്കും, മനുഷ്യന്‍റെ വിജയത്തിനും ആവശ്യമായ ദൈവിക സന്ദേശങ്ങളെ നബിമാര്‍ക്കു അല്ലാഹു മലക്കുകള മുഖേന എത്തിച്ചുകൊടുക്കുന്നു. കൂടാതെ മറ്റുപല കാര്യങ്ങളും മലക്കുകള്‍ മുഖേന ലോകത്തു നടത്തപ്പെടുന്നുണ്ടെന്നു ഖുര്‍ആനില്‍ പലപ്പോഴും കാണാറുള്ളതാണ്. മലക്കുകളെ ദൂതന്മാരാക്കുക എന്നു പറഞ്ഞത് ഇതെല്ലം ഉള്‍പ്പെടുത്തിക്കൊണ്ടാകുന്നു. അല്ലാഹുവിന്‍റെ കല്പനയനുസരിച്ച് ഓരോ മലക്കും അവനവന്‍റെ കൃത്യം നിര്‍വ്വഹിക്കുമെന്നല്ലാതെ, അല്ലാഹുവിന്‍റെ ഏതെങ്കിലും അധികാരാവകാശങ്ങളില്‍ അവര്‍ക്കു വല്ല പങ്കും ഉണ്ടെന്നു ഇതിനര്‍ത്ഥമില്ല. അവര്‍ അല്ലാഹുവിന്‍റെ ആദരിക്കപ്പെട്ട അടിയാന്മാര്‍ മാത്രമാകുന്നു. അവന്‍ (بَلْ عِبَادٌ مُّكْرَمُونَ:سورة الأنبياء) അവരോടു എന്തു കല്പിച്ചുവോ അതിന് അവര്‍ എതിരു പ്രവര്‍ത്തിക്കുകയില്ല. അവരോട് കല്പിക്കപ്പെട്ടതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ : سورة التحريم :٦) സൂ: അമ്പിയാഉ്, 26-29 എന്നീ ആയത്തുകളും അവയുടെ വിവരണവും നോക്കുക.

മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കാത്തവര്‍ മലക്കുകളുടെ അസ്തിത്വം നിഷേധിക്കുക സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തിനുള്ളില്‍തന്നെ ചില ‘യുക്തിവാദി’കളുണ്ട്. മലക്കുകള്‍ എന്നു പറയപ്പെടുന്നതു വിദ്യുച്ഛക്തിപോലെയുള്ള എന്തോ ഒരു ശക്തിയായിരിക്കുമെന്നാണവരുടെ ധാരണയും, പ്രസ്താവനകളും. ധാരാളക്കണക്കിലുള്ള ഖുര്‍ആന്‍ വചനങ്ങളുടെയും, നബിവചനങ്ങളുടെയും പരസ്യമായ നിഷേധമാണത്. അല്ലാമാ ഫരീദു വജ്ദീ പറഞ്ഞതുപോലെ, മലക്കുകളെ തങ്ങള്‍ക്കു കാണുവാന്‍ സാധിച്ചിട്ടില്ല എന്നല്ലാതെ, അവര്‍ക്കു യാതൊരു തെളിവും അതിനില്ല. മനുഷ്യരില്‍വെച്ച് ഏറ്റവും സത്യവാന്മാരും, ചിന്തകന്മാരും, ബുദ്ധിമാന്മാരുമാണെന്നു സമ്മതിക്കപ്പെട്ട പ്രവാചകന്മാരും, പുണ്യാത്മാക്കളായ ചില മഹാന്മാരും മലക്കുകളെ കണ്ടിട്ടുണ്ടുതാനും. ഇവര്‍ മുഖാന്തരമാണ് സന്മാര്‍ഗ്ഗത്തിന്‍റെ ആധാരങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നതും. എന്നിരിക്കെ, അതിനെ നിഷേധിക്കുവാന്‍ ആര്‍ക്കാണധികാരം?!

35:2

  • مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢﴿
  • കാരുണ്യമായുള്ള ഏതൊന്നിനെയും അല്ലാഹു മനുഷ്യര്‍ക്കു തുറന്നുകൊടുക്കുന്നപക്ഷം, അതിനെ പിടിച്ച് വെക്കുന്നവനില്ല; അവന്‍ എന്തെങ്കിലും പിടിച്ച് വെക്കുന്നതായാല്‍, അതിനുശേഷം അതിനെ (തുറന്നു) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി
  • مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി

എന്നിരിക്കെ, അല്ലാഹു അല്ലാത്ത ഏതൊന്നിനെയും – അതു മലക്കുകളോ, പ്രവാചകന്മാരോ, പുണ്യാത്മാക്കളോ, ഗോളങ്ങളോ, പ്രതിമകളോ എന്തുതന്നെ ആയാലും ശരി – ആരാധിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഫലമില്ല. ആര്‍ക്കും അതിനു അര്‍ഹതയുമില്ല. നമസ്കാരത്തിലും പുറത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതായി പല ഹദീസു ഗ്രന്ഥങ്ങളിലും കാണാം:

اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد

(അല്ലാഹുവേ, നീ കൊടുക്കുന്നതിനെ മുടക്കുന്നവനില്ല; നീ മുടക്കിയതിനെ കൊടുക്കുന്നവനുമില്ല; ഐശ്വര്യക്കാരന് നിന്നെ സംബന്ധിച്ച് ഐശ്വര്യം ഉപയോഗം ചെയ്യുന്നതുമല്ല.)

35:3

  • يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣﴿
  • ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്‌?!
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍ هَلْ مِنْ خَالِقٍ വല്ല സൃഷ്ടാവുമുണ്ടോ غَيْرُ اللَّـهِ അല്ലാഹു അല്ലാതെ يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന مِّنَ السَّمَاءِ ആകാശത്തുനിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും لَا إِلَـٰهَ ഒരാരാധ്യനേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ فَأَنَّىٰ എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു

35:4

  • وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٤﴿
  • (നബിയേ) ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, നിനക്കുമുമ്പും ‘റസൂലു’ കള്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.
  • وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ വ്യാജമാക്കുന്നുവെങ്കില്‍ فَقَدْ كُذِّبَتْ എന്നാല്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ പല റസൂലുകള്‍ مِّن قَبْلِكَ നിനക്കുമുമ്പ് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു تُرْجَعُ തന്നെ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

പ്രവാചകന്മാരെ വ്യാജമാക്കള്‍ ഇപ്പോള്‍ മാത്രമുള്ളതല്ല. മുമ്പും അതു പതിവാണ്. എല്ലാ കാര്യങ്ങളുടെയും കലാശവും, തീരുമാനവും അല്ലാഹുവിങ്കലാണല്ലോ. വ്യാജവാദികളുടെമേല്‍ അവന്‍ നടപടി എടുത്തുകൊള്ളും. അതുകൊണ്ടു മുന്‍ പ്രവാചകന്മാരെപ്പോലെ ക്ഷമയും സ്ഥിരചിത്തതയും കൈക്കൊള്ളണം. എന്നു താല്‍പര്യം.

35:5

  • يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ﴾٥﴿
  • ഹേ, മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!!
  • يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ് فَلَا تَغُرَّنَّكُمُ ആകയാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, വഞ്ചിക്കരുതു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِاللَّـهِ അല്ലാഹുവിനെ സംബന്ധിച്ചു الْغَرُورُ മഹാ വഞ്ചകന്‍, ചതിയന്‍

35:6

  • إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ ﴾٦﴿
  • നിശ്ചയമായും, നിങ്ങള്‍ക്കു ശത്രുവാകുന്നു പിശാച്. ആകയാല്‍, നിങ്ങളവനെ ശത്രുവാക്കിവെക്കുവിന്‍! അവന്‍ തന്‍റെ കക്ഷിയെ ക്ഷണിക്കുന്നതു അവര്‍ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരായിരിക്കുവാന്‍ വേണ്ടി മാത്രമാണ്‌
  • إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് فَاتَّخِذُوهُ അതുകൊണ്ട് നിങ്ങളവനെ ആക്കുവിന്‍ عَدُوًّا ശത്രു إِنَّمَا يَدْعُو നിശ്ചയമായും അവന്‍ ക്ഷണിക്കുന്നു, ക്ഷണിക്കുന്നുള്ളു حِزْبَهُ അവന്‍റെ കക്ഷിയെ لِيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി (മാത്രം) مِنْ أَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍

മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ മുതലായവയാണ് അല്ലാഹുവിന്‍റെ വാഗ്ദാനംകൊണ്ടു ഉദ്ദേശ്യം. ഇവയെക്കുറിച്ചുള്ള വിശ്വാസത്തിനും, ഭാവിജീവിതത്തിലേക്കുള്ള മുന്‍കരുതലിനും മനുഷ്യനു വിഘാതമായി നിലകൊള്ളുന്ന രണ്ടു വന്‍ ശത്രുക്കളെക്കുറിച്ചാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ഒന്ന്, ഐഹികജീവിതം, മറ്റൊന്നു പിശാച്. ഐഹിക ജീവിതത്തില്‍ നിന്നാണ് മനുഷ്യന്‍ പാരത്രിക ജീവിതത്തിലേക്കു സമ്പാദിക്കേണ്ടതുള്ളത്. പക്ഷേ, ഐഹിക ജീവിതത്തെത്തന്നെ ജീവിതലക്ഷ്യമാക്കുകയോ, അതിനു അതിന്റേതിൽ കവിഞ്ഞ പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പക്ഷം, അതു അവന്‍റെ ശത്രുവും നാശഹേതുവുമായി കലാശിക്കുന്നു. പിശാചാണെങ്കില്‍, മനുഷ്യന്‍റെ വര്‍ഗ്ഗശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയെന്നതു അവന്‍റെ ലക്ഷ്യം മാത്രമാണ്. അതുകൊണ്ടു രണ്ടിനെക്കുറിച്ചും സദാ ജാഗരൂകരായിരിക്കുവാനും, ശത്രുതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുവാനില്ലാത്ത പിശാചിന്‍റെ അദൃശ്യവലകളെപ്പറ്റി പ്രത്യേകം സൂക്ഷിച്ചുകൊള്ളുവാനും അല്ലാഹു മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നു. പിശാചിനെപ്പറ്റി മഹാവഞ്ചകന്‍ എന്നും, അവന്‍ നിങ്ങള്‍ക്കു ശത്രുവാണെന്നും, അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കണമെന്നും, അവന്‍ തന്‍റെ ആള്‍ക്കാരെ നരകത്തിലേക്കു മാത്രമാണ് ക്ഷണിക്കുന്നതെന്നും അല്ലാഹു ആവര്‍ത്തിച്ചു നല്‍കിയ താക്കീതുകള്‍ നാം പ്രത്യേകം ഓര്‍മ്മവെക്കേണ്ടതുണ്ട്. പിശാചിന്‍റെ വഞ്ചനയുടെ കടുപ്പവും ഗൗരവവുമാണതു ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍.

35:7

  • ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌ شَدِيدٌ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴾٧﴿
  • യാതൊരുകൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്കു കഠിനമായ ശിക്ഷയുണ്ട്‌; യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കു പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ടായിരിക്കും.
  • الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിനശിക്ഷ وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَأَجْرٌ كَبِيرٌ വലിയ (വമ്പിച്ച) പ്രതിഫലവും

മനുഷ്യന്‍ കഠിന ശിക്ഷക്കര്‍ഹനായിത്തീരുവാന്‍ കാരണം അവിശ്വാസമാണ്. അവിശ്വാസത്തോടുകൂടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല നേരെമറിച്ച് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കാണ് പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026: പാഠഭാഗവും ഷെഡ്യൂളും

🍁 വെളിച്ചം റമദാൻ 2026 🍁

സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി

സൂറ: ഫാത്വിർ | സൂറ: യാസീൻ
ഫൈനൽ പരീക്ഷ: 2026 മാർച്ച് 13 വെള്ളി
✳️ 14 പ്രതിദിന പരീക്ഷകൾ
✳️ 3 റിവിഷനുകൾ
✳️ ഫൈനൽ എക്സാം
✳️ ഗ്രാന്റ് ഫിനാലെ

പരീക്ഷാ ഷെഡ്യൂൾ

ദിവസം സൂറഃ ആയത്തുകൾ എണ്ണം
ഫെബ്രുവരി 20Demo
ഫെബ്രുവരി 21 (ഡേ 01)ഫാത്വിർ1 – 77
ഫെബ്രുവരി 22 (ഡേ 02)ഫാത്വിർ8 – 136
ഫെബ്രുവരി 23 (ഡേ 03)ഫാത്വിർ14 – 2613
ഫെബ്രുവരി 24 (ഡേ 04)ഫാത്വിർ27 – 326
ഫെബ്രുവരി 25 (ഡേ 05)ഫാത്വിർ33 – 375
ഫെബ്രുവരി 26 (ഡേ 06)ഫാത്വിർ38 – 458
ഫെബ്രുവരി 27 (ഡേ 07)യാസീൻ1 – 1212
ഫെബ്രുവരി 28 (ഡേ 08)യാസീൻ13 – 2715
മാർച്ച് 01 (ഡേ 09)യാസീൻ28 – 4013
മാർച്ച് 02 (ഡേ 10)യാസീൻ41 – 5010
മാർച്ച് 03 (ഡേ 11)യാസീൻ51 – 6414
മാർച്ച് 04 (ഡേ 12)യാസീൻ65 – 706
മാർച്ച് 05 (ഡേ 13)യാസീൻ71 – 8313
മാർച്ച് 06 (ഡേ 14)യാസീൻവ്യാഖ്യാനം
മാർച്ച് 07 (ഡേ 15)Rev. 1ഫാത്വിർ (Full)45
മാർച്ച് 08 (ഡേ 16)Rev. 2യാസീൻ (1-47)47
മാർച്ച് 09 (ഡേ 17)Rev. 3യാസീൻ (Rest+വ്യാഖ്യാനം)36
ഫൈനൽ പരീക്ഷ: 2026 മാർച്ച് 13 വെള്ളി
(സൂറ: ഫാത്വിർ, സൂറ: യാസീൻ)

ഗ്രാൻഡ് ഫിനാലെ ആകർഷകമായ സമ്മാനങ്ങൾ

ഒന്നാം സമ്മാനം
10,000 രൂപയുടെ സമ്മാനങ്ങൾ
രണ്ടാം സമ്മാനം
5,000 രൂപയുടെ സമ്മാനങ്ങൾ
മൂന്നാം സമ്മാനം
3,000 രൂപയുടെ സമ്മാനങ്ങൾ

🎁 1,500 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങൾ

പ്രതിദിന നറുക്കെടുപ്പിലൂടെയും പ്രത്യേക സമ്മാനങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി:

+966 50 929 2062 | +966 54 130 3157

© 2026 വെളിച്ചം സൗദി ഓൺലൈൻ


👆👆 ഷെഡ്യൂൾ 👆👆

വെളിച്ചം റമദാൻ 2025 – റിവിഷൻ ടെസ്റ്റ് 02

സൂറ ശ്ശൂറാ



  • വെളിച്ചം റമദാന്‍ ഡേ-16- സൂറ ശ്ശൂറാ – റിവിഷൻ ടെസ്റ്റ് 02



E-book Link

വെളിച്ചം റമദാൻ 2025 – റിവിഷൻ ടെസ്റ്റ് 01

സൂറ ഫുസ്സിലത്ത്



  • വെളിച്ചം റമദാന്‍ ഡേ-15- സൂറ: ഫുസ്സിലത്ത് – റിവിഷൻ ടെസ്റ്റ് 01



E-book Link