🔅 വെളിച്ചം റമദാൻ 2022 ഡെമോ ക്വിസ്സ് 🔅

🌱ഏറെ പ്രതീക്ഷകളോടെ പരിശുദ്ധ റമദാനിനെ വരവേൽക്കാൻ കാത്തിരിക്കുകയാണല്ലോ നാമെല്ലാം, പുണ്യങ്ങൾ നിറയെ വാരിക്കൂട്ടാൻ ഏവർക്കുമാകട്ടെ എന്നുളള പ്രാർത്ഥനയോടെ….

🍂 പരിശുദ്ധ ഖുർആനിന്റെ വെളിച്ചം കൂടുതൽ ആഴത്തിൽ നുകരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെളിച്ചം റമദാൻ 2022 ഇൻശാ അല്ലാഹ് റമദാൻ 01 മുതൽ തുടങ്ങാനിരിക്കുകയാണ്.

🌱 ഇതിനു മുന്നോടിയായി വെളിച്ചം സൗദി ഓൺലൈൻ ആപ്ലിക്കേഷനും വെബ്സൈറ്റും പഠിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി
ഒരു ഡെമോ ക്വിസ് ഇപ്പോൾ മുതൽ ആക്റ്റീവ് ആയിട്ടുണ്ട്.

http://Velichamonline.islahiweb.org

📕 വെളിച്ചം റമദാൻ ഖുർആൻ പഠന പദ്ധതിയുടെ പാഠഭാഗമായ ജുസ്അ് 27 ഇൽ ഉൾക്കൊള്ളുന്ന എഴു സൂറത്തുകളുടെ നാമങ്ങളെ ആസ്പദമാക്കിയാണ് ഡെമോ ക്വിസ്സിലെ ചോദ്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ ലഭിക്കുന്ന മാർക്ക് മത്സരത്തിൽ പരിഗണിക്കുന്നതല്ല.

🗓 ഇപ്പോൾ മുതൽ റമദാൻ 01 (ഏപ്രിൽ 2)ശനി സൗദി സമയം രാവിലെ 04 മണി വരെ (ഇന്ത്യൻ സമയം രാവിലെ 06.30 വരെ) വരെയുള്ള സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ക്വിസ് പൂർത്തീകരിക്കാവുന്നതാണ്; പിന്നീട് പ്രതിദിന മത്സരങ്ങൾ ആരംഭിക്കുന്നതാണ്.

🔖 എല്ലാ പഠിതാക്കളും ഡെമോ ക്വിസ്സിൽ പങ്കു ചേരുക, വെളിച്ചം റമദാൻ പഠന പദ്ദതിയിലേക്ക് നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുകയും ചേർക്കുക 👨‍👨‍👦‍👦👩‍👦‍👦

🤲 നാഥൻ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ,
എക്സാം കോർഡിനേറ്റർ
വെളിച്ചം സൗദി ഓൺലൈൻ

വെളിച്ചം റമദാൻ 2021 – റമദാൻ 21

സൂറത്തുല്‍-ത്തഹ്‍രീം : 08-12

തഹ്‌രീം (നിഷിദ്ധമാക്കല്‍)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 2

66:8

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിന്‍. (എന്നാല്‍) നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി) തരുകയും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുമ്പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങൾക്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.’
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ഹേ വിശ്വസിച്ചവരേ تُوبُوا പശ്ചാത്തപിക്കു (മടങ്ങു-ഖേദിക്കു) വിന്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് تَوْبَةً ഒരു പശ്ചാത്താപം, മടക്കം نَّصُوحًا നിഷ്കളങ്കമായ, ആത്മാര്‍ഥമായ عَسَىٰ رَ‌بُّكُمْ നിങ്ങളുടെ റബ്ബ് ആയേക്കാം أَن يُكَفِّرَ‌ عَنكُمْ നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക) سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളെ وَيُدْخِلَكُمْ നിങ്ങളെ പ്രവേശിപ്പിക്കുകയും جَنَّاتٍ സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِ‌ي مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന الْأَنْهَارُ‌ അരുവി (നദി)കള്‍ يَوْمَ ദിവസം لَا يُخْزِي اللَّـهُ അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത النَّبِيَّ നബിയെ, പ്രവാചകനെ وَٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരേയും مَعَه അദ്ദേഹത്തോടൊപ്പം نُورُ‌هُمْ അവരുടെ പ്രകാശം يَسْعَىٰ – പാഞ്ഞു (നടന്നു-വ്യാപിച്ചു) കൊണ്ടിരിക്കും بَيْنَ أَيْدِيهِمْ അവരുടെ മുമ്പിലൂടെ وَبِأَيْمَانِهِمْ അവരുടെ വലഭാഗങ്ങളിലും يَقُولُونَ അവര്‍ പറയും رَ‌بَّنَا ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ أَتْمِمْ لَنَا ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണമേ نُورَ‌نَا ഞങ്ങളുടെ പ്രകാശം وَاغْفِرْ‌ لَنَا ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ إِنَّكَ നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ‌ കഴിവുള്ളവനാണ്

تَوْبَةً نَّصُوحًا (ആത്മാര്‍ത്ഥമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം കുറ്റത്തില്‍ നിന്ന് മനപൂര്‍വ്വം ഖേദിച്ചു മടങ്ങുക എന്ന് തന്നെ. ചെയ്തു കഴിഞ്ഞ കുറ്റത്തെപ്പറ്റി ഖേദം, മേലാല്‍ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയം, നിര്‍വ്വഹിക്കുവാന്‍ ബാക്കിയുള്ള കടമ നിറവേറ്റല്‍, അന്യനെ  സംബന്ധിക്കുന്ന കുറ്റമാണെങ്കില്‍ അവനോടു മാപ്പ് വാങ്ങുകയും അവന്റെ കടപ്പാട് തീര്‍ക്കുകയും ചെയ്യല്‍, മേലില്‍ നല്ല നില കൈകൊള്ളല്‍ ഇതെല്ലാമാണ് അതിനു ഉപാധികള്‍. ഇങ്ങനെയുള്ള ‘തൌബഃ’ (പശ്ചാത്താപം) ചെയ്യുന്നവര്‍ക്ക് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, അവര്‍ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ് എന്ന്‍ കൂടി അല്ലാഹു അറിയിക്കുന്നു (സൂഃ ഫുര്‍ഖാന്‍ 70ഉം നോക്കുക) സത്യവിശ്വാസികളുടെ പ്രകാശത്തെക്കുറിച്ച്  സൂഃ ഹദീദ് 12ല്‍ പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുക. കപട വിശ്വാസികള്‍ തങ്ങള്‍ക്കു വെളിച്ചം കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ്‌ സത്യവിശ്വാസികള്‍ അല്ലാഹുവിനോട് തങ്ങളുടെ പ്രകാശം പൂര്‍ത്തിയാക്കിക്കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്ന് മുജാഹിദ്, ള്വഹ്-ഹാക്ക് മുതലായവരില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

66:9

  • يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴾٩﴿
  • ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക; അവരോടു പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം ‘ജഹന്നം’ [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥലം എത്രയോ ചീത്ത!
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ جَاهِدِ സമരം ചെയ്യുക الْكُفَّارَ‌ അവിശ്വാസികളോട് وَالْمُنَافِقِينَ കപടവിശ്വാസികളോടും وَاغْلُظْ പരുഷത കാണിക്കുകയും ചെയ്യുക عَلَيْهِمْ അവരോടു وَمَأْوَاهُمْ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്ത الْمَصِيرُ‌ തിരിച്ചെത്തുന്ന സ്ഥലം

അവിശ്വാസികള്‍ പ്രത്യക്ഷത്തില്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കളാകുക കൊണ്ട് അവരോടുള്ള സമരം ന്യായങ്ങളും തെളിവുകളും മുഖേന മതിയാവുകയില്ല. ആയുധങ്ങളും സംഘട്ടനങ്ങളും ആവശ്യമായിരിക്കും. എന്നാല്‍ കപടവിശ്വാസികള്‍ ബാഹ്യത്തില്‍ മുസ്‌ലിങ്ങളാകുക കൊണ്ട് അവരോടുള്ള സമരം നീതിന്യായങ്ങളുടെയും തെളിവുകളുടെയും  അടിസ്ഥാനത്തിലും, അവരില്‍ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത് മുഖേനയും ആയിരിക്കും. രണ്ടു കൂട്ടരോടും സൗമ്യനയവും വിട്ടു വീഴ്ചയും കാണിക്കുന്നപക്ഷം, അവര്‍ ആ തക്കം ഇസ്‌ലാമിനു എതിരായി ഉപയോഗപ്പെടുത്തുകയാണല്ലോ ചെയ്യുക.

66:10

  • ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ﴾١٠﴿
  • അവിശ്വസിച്ചവര്‍ക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെയും, ലൂത്ത്വിന്റെ ഭാര്യയെയും. രണ്ടു സ്ത്രീകളും നമ്മുടെ അടിയാന്‍മാരില്‍പെട്ട രണ്ടു സദ്‌വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാല്‍, അവര്‍ക്ക് [ആ രണ്ടു സ്ത്രീകള്‍ക്കും] അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും അവര്‍ രണ്ടാളും ഒഴിവാക്കിക്കൊടുത്തില്ല. (അവരോടു) പറയപ്പെടുകയും ചെയ്തു: ‘നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങള്‍ രണ്ടുപേരും (അതില്‍) പ്രവേശിച്ചുകൊള്ളുക’ എന്ന്!
  • ضَرَ‌بَ اللَّـهُ അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു ) مَثَلًا ഒരു ഉദാഹരണം, ഉപമ لِّلَّذِينَ كَفَرُ‌وا അവിശ്വസിച്ചവര്‍ക്ക് امْرَ‌أَتَ نُوحٍ നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) وَامْرَ‌أَتَ لُوطٍ ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും) كَانَتَا രണ്ടു പേരുമായിരുന്നു تَحْتَ عَبْدَيْنِ രണ്ടു അടിയന്മാരുടെ കീഴില്‍ مِنْ عِبَادِنَا നമ്മുടെ അടിയന്മാരിൽപെട്ട صَالِحَيْنِ (രണ്ടു) സദ്‌വൃത്തരായ, നല്ലവരായ فَخَانَتَاهُمَا എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു فَلَمْ يُغْنِيَا എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല عَنْهُمَا അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും مِنَ اللَّـهِ അല്ലാഹുവില്‍ നിന്ന് شَيْئًا യാതൊന്നും, ഒരു വസ്തുവും وَقِيلَ പറയപ്പെടുകയും ചെയ്തു ادْخُلَا النَّارَ‌ രണ്ടാളും നരകത്തില്‍ പ്രവേശിക്കുക مَعَ الدَّاخِلِينَ പ്രവേശിക്കുന്നവരോടൊപ്പം

66:11

  • وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾١١﴿
  • വിശ്വസിച്ചവര്‍ക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു, ഫിര്‍ഔന്റെ ഭാര്യയെ, അതായതു, അവള്‍ പറഞ്ഞ സന്ദര്‍ഭം; ‘എന്റെ റബ്ബേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് സ്ഥാപിച്ചു തരേണമേ! ഫിര്‍ഔനില്‍നിന്നും, അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ! അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ!’
  • وَضَرَ‌بَ اللَّـهُ അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു مَثَلًا ഒരു ഉദാഹരണം لِّلَّذِينَ ءَامَنُوا۟ വിശ്വസിച്ചവര്‍ക്ക്‌ ٱمْرَأَتَ فِرْعَوْنَ ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ إِذْ قَالَتْ അവള്‍ പറഞ്ഞ സന്ദര്‍ഭം رَ‌بِّ ابْنِ لِي റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരേണമേ عِندَكَ بَيْتًا നിന്റെ അടുക്കല്‍ ഒരു വീട് فِي الْجَنَّةِ സ്വര്‍ഗത്തില്‍ وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ مِن فِرْ‌عَوْنَ ഫിര്‍ഔനില്‍ നിന്നും وَعَمَلِهِ അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും وَنَجِّنِي എന്നെ രക്ഷപ്പെടുത്തുകയും വേണമേ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ

66:12

  • وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ ﴾١٢﴿
  • ഇംറാന്റെ മകള്‍ മര്‍യമിനെയും (ഉദാഹരണമാക്കുന്നു); (അതായതു) തന്റെ ഗുഹ്യസ്ഥാനം സൂക്ഷി(ച്ച് ചാരിത്ര്യശുദ്ധി സംരക്ഷി)ക്കുകയും, അങ്ങനെ, നമ്മുടെ (വക) ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയും ചെയ്തവള്‍. തന്‍റെ റബ്ബിന്റെ വചനങ്ങളെയും, അവന്റെ വേദഗ്രന്ഥങ്ങളെയും അവള്‍ സത്യമാ(യി വിശ്വസി)ക്കുകയും ചെയ്തു. അവള്‍ ഭക്തരുടെ കൂട്ടത്തില്‍ (പെട്ടവള്‍) ആയിരുന്നുതാനും.
  • وَمَرْ‌يَمَ മറിയമിനെയും ابْنَتَ عِمْرَ‌انَ ഇംറാന്റെ മകള്‍, പുത്രി الَّتِي أَحْصَنَتْ സൂക്ഷിച്ച (കാത്ത)വളായ فَرْ‌جَهَا തന്‍റെ ഗുഹ്യസ്ഥാനം فَنَفَخْنَا فِيهِ അങ്ങനെ നാം അതില്‍ ഊതി مِن رُّ‌وحِنَا നമ്മുടെ ആത്മാവില്‍ (ജീവനില്‍) നിന്ന് وَصَدَّقَتْ അവള്‍ സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു بِكَلِمَاتِ വചനങ്ങളെ, വാക്ക് (കൽപന)കളെ رَ‌بِّهَا അവളുടെ റബ്ബിന്റെ وَكُتُبِهِ അവന്റെ വേദഗ്രന്ഥങ്ങളെയും وَكَانَتْ അവള്‍ ആയിരുന്നുതാനും, ആയിത്തീരുകയും مِنَ الْقَانِتِينَ ഭക്തന്മാരില്‍പെട്ട (വള്‍), കീഴ്‌വണക്കമുള്ളവരുടെ കൂട്ടത്തില്‍

സത്യവിശ്വാസവും, സൽക്കര്‍മ്മവും കൊണ്ടല്ലാതെ ആര്‍ക്കും രക്ഷയില്ല, പ്രവാചകന്മാരടക്കമുള്ള മഹാന്മാരുടെ സന്ധുബന്ധുക്കള്‍ പോലും ഇതില്‍ നിന്ന് ഒഴിവല്ല, അല്ലാഹുവില്‍ നിന്നുണ്ടാകുന്ന ശിക്ഷാ നടപടികളെ ആര്‍ക്കും ആരില്‍ നിന്നും തടയുവാന്‍ സാധ്യമല്ല, നേരെമറിച്ച് എത്ര ധിക്കാരികളായ അവിശ്വാസികളുടെ ബന്ധുക്കളായിരുന്നാലും അവര്‍ സത്യവിശ്വാസികളും സൽക്കര്‍മ്മികളുമാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയും പ്രതിഫലവും ഉണ്ട്. ഇതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കു ചില ഉദാഹരണങ്ങളാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തുകാണിക്കുന്നത്.

ആദ്യം പറഞ്ഞതിന് ഉദാഹരണമായി നൂഹ് (عليه السلام), ലൂത്ത്വ് (عليه السلام) എന്നീ പ്രവാചകന്മാരുടെ ഭാര്യമാരെ അല്ലാഹു എടുത്തുകാട്ടി. രണ്ടു സ്ത്രീകളും അവരുടെ ഭര്‍ത്താക്കളായ ആ പ്രവാചകന്മാരെ വഞ്ചിച്ചു. നൂഹ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന് ഭ്രാന്താണെന്ന് ജനമദ്ധ്യേ പ്രചരിപ്പിച്ചിരുന്നുവെന്നും, ലൂത്ത്വ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തിന്റെ അടുക്കല്‍ വരുന്ന അതിഥികളെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് – പ്രകൃതിവിരുദ്ധമായ ദുര്‍ന്നടപ്പുകളില്‍ മുഴുകിയിവരായിരുന്നല്ലോ അവര്‍ -ഗൂഢമായി വിവരം കൊടുത്തിരുന്നുവെന്നും മറ്റും പറയപ്പെടുന്നു. അല്ലഹുവിനറിയാം. ഏതായാലും രണ്ടു പേരും തങ്ങളുടെ ഭര്‍ത്താക്കന്മാരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കും അദ്ധ്യാപനങ്ങള്‍ക്കും എതിരായി കാപട്യം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, പ്രവാചകന്മാര്‍ക്കു അവരെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിഞ്ഞില്ല. പ്രവാചകന്മാരുടെ ഭാര്യമാരാണെന്നതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും രക്ഷ കിട്ടിയതുമില്ല.

വമ്പിച്ച ശക്തിയും പ്രതാപവുമുള്ളവനും, അങ്ങേ അറ്റത്തെ ധിക്കാരിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യയുടെ നില – ഇവരുടെ പേര് ആസിയ: എന്നാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട് – ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാന്‍ വേണ്ടി വമ്പിച്ച ത്യാഗങ്ങള്‍ വരിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇത് പോലെ, അല്ലാഹുവിന്റെ വമ്പിച്ച അനുഹ്രഹങ്ങള്‍ക്ക് പാത്രമായ മറ്റൊരു മഹതിയാണ് ഇംറാന്റെ മകളും, ഈസാ (عليه السلام) നബിയുടെ മാതാവുമായ മര്‍യം (عليها السلام). ഗുണവതിയും സദ്‌വൃത്തയുമായിരുന്ന അവര്‍ തന്‍റെ ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും അല്ലാഹുവിന്‍റെ കൽപനകളും വേദവാക്യങ്ങളും ശരിക്കു പാലിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം ജീവിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ മഹത്തായ ആദരവിനും അനുഗ്രഹത്തിനും പാത്രമായിത്തീര്‍ന്നു.

‘ഗുഹ്യസ്ഥാനം സൂക്ഷിച്ചവള്‍’ (الَّتِي أَحْصَنَتْ فَرْ‌جَهَا) എന്ന് പറഞ്ഞതിന്റെ സാരം തന്‍റെ ചാരിത്ര്യശുദ്ധി സരക്ഷിച്ചവള്‍ എന്നത്രെ. ഈ അര്‍ത്ഥത്തിനു ഖുര്‍ആന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചതില്‍ അടങ്ങിയ ചില സൂചനകളും മറ്റും സൂ: അമ്പിയാഉ്  91ന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചത് ഓര്‍ക്കുക. ഈ സൂറത്തിന്റെ അവസാനത്തില്‍ രണ്ടു ദുഷിച്ച സ്ത്രീകളുടെ ഉദാഹരണങ്ങളും, രണ്ടു സദ്‌വൃത്തരായ സ്ത്രീകളുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചതില്‍, നബി (صلّى الله عليه وسلّم) യുടെ പത്നിമാര്‍ ആദ്യത്തെ രണ്ടുപേരെപ്പോലെ ആകാതിരിക്കുവാനും, ഒടുവിലത്തെ രണ്ടു സ്ത്രീകളെപ്പോലെ ആയിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഒരു സൂചന കാണാം. والله علم

اللهم اجعلنا من القانتين واحشرنا مع الذين أَنْعَمت عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا

വെളിച്ചം റമദാൻ 2021 – റമദാൻ 20

സൂറത്തുല്‍-ത്തഹ്‍രീം : 01-07

തഹ്‌രീം (നിഷിദ്ധമാക്കല്‍)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

66:1

  • يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾١﴿
  • ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു?! നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ لِمَ تُحَرِّ‌مُ എന്തിനാണ് ഹറാമാ (നിഷിദ്ധമാ)ക്കുന്നത് مَا أَحَلَّ اللَّـهُ അല്ലാഹു ഹലാല (അനുവദനീയമാ) ക്കിയതിനെ لَكَ നിനക്ക് تَبْتَغِي നീ ഉദ്ദേശിച്ചു(തേടി)ക്കൊണ്ട്, നീ തേടുന്നു مَرْ‌ضَاتَ പ്രീതി, തൃപ്തി أَزْوَاجِكَ നിന്റെ ഇണകളുടെ (ഭാര്യമാരുടെ) وَاللَّـهُ غَفُورٌ ‌അല്ലാഹു പൊറുക്കുന്നവനും رَّ‌حِيمٌ കരുണാനിധിയുമാണ്

ആയിഷ (رضي الله عنها) പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം (رحمه الله) മുതലായവര്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: അസര്‍ നമസ്കാരം കഴിഞ്ഞാല്‍ നബി (صلّى الله عليه وسلّم) തന്‍റെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു. (അക്കൂട്ടത്തില്‍) സൈനബ (رضي الله عنها) യുടെ അടുത്ത് പോകുകയും, അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്തിരുന്നു. ഞാനും ഹഫ്സയും കൂടി ഇങ്ങനെ പറഞ്ഞു ഒത്തു. നബി (صلّى الله عليه وسلّم) ഞങ്ങള്‍ രണ്ടു പേരില്‍ ആരുടെ അടുക്കല്‍ വന്നാലും അവള്‍ അവിടത്തോട് ഇങ്ങനെ പറയണം. ‘തിരുമേനിയില്‍ നിന്ന് ‘മഗാഫീരിന്റെ’ന്റെ വാസന അനുഭവപ്പെടുന്നുവല്ലോ!’. അങ്ങനെ, തിരുമേനി ഒരാളുടെ അടുക്കല്‍ ചെന്നപ്പോള്‍ അവള്‍ അങ്ങനെ പറയുകയും ചെയ്തു. തിരുമേനി പറഞ്ഞു: ‘ഇല്ല. ഞാന്‍ സൈനബയുടെ അടുക്കല്‍ നിന്നും തേന്‍ കുടിച്ചതാണ്. ഇനി, അത് ആവര്‍ത്തിക്കുന്നതുമല്ല. ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നീ മറ്റാരോടും ഇതിനെ പറ്റി പ്രസ്താവിക്കരുത് .’ (മഗാഫീര്‍ എന്ന് പറഞ്ഞത് ഏതോ ഒരു വൃക്ഷത്തിന്റെ കറ -അഥവാ ഗൂന്ത്- ആകുന്നു. അതിന്റെ വാസന സുഖകരമല്ല. രുചിയാകട്ടെ മധുരവുമാണ്). ഈ സംഭവത്തെ തുടര്‍ന്നാണ്‌ ഈ വചനങ്ങള്‍ അവതരിപ്പിച്ചത് എന്നാണു ബലമായ അഭിപ്രായം. വേറെയും അഭിപ്രായങ്ങള്‍ ഉണ്ട്.

ആയിഷ (رضي الله عنها) അബൂബക്കര്‍ (رضي الله عنه) ന്റെ മകളും, ഹഫ്സ (رضي الله عنها) ഉമര്‍ (رضي الله عنه) ന്റെ മകളുമാകുന്നു. തിരുമേനിയുടെ പത്നിമാരില്‍ ഇവര്‍ രണ്ടുപേരും തമ്മില്‍ പ്രത്യേക സ്നേഹ ബന്ധമുണ്ടായിരുന്നു. മറ്റുള്ളവരേക്കാള്‍ അഭിമാനികളുമായിരുന്നു. ആ നിലക്ക് സൈനബ (رضي الله عنها) യുടെ അടുക്കല്‍ നിന്നും നബി (صلّى الله عليه وسلّم) തേന്‍ കുടിക്കാറുള്ള വിവരം അറിഞ്ഞപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും അതത്ര രസിച്ചില്ല. മേലില്‍ ആ പതിവ് ഇല്ലാതാക്കിത്തീര്‍ക്കുവാന്‍ വേണ്ടി രണ്ടുപേരും കൂടി എടുത്ത ഒരു സൂത്രമായിരുന്നു അത്. ഇത് കേവലം സ്ത്രീ സഹജമായ ഒരു സ്വഭാവമാണല്ലോ. നബി (صلّى الله عليه وسلّم) തിരുമേനിയാകട്ടെ, തന്നില്‍ നിന്ന് സുഗന്ധമല്ലാതെ, ദുര്‍ഗന്ധം പുറത്തു വരുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളുമാണ്.

അല്ലാഹു ഹലാലാക്കിയ (അനുവദനീയമാക്കിയ) ഒരു ഉത്തമ വസ്തുവാണ് തേന്‍. ചില ഭാര്യമാരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടിയാണ് തിരുമേനി മേലില്‍ അത് കുടിക്കുകയില്ലെന്നു ശപഥം ചെയ്തത്. ഇതിനെക്കുറിച്ചാണ് അല്ലാഹു തിരുമേനിയെ ആക്ഷേപിച്ചത്. അത് തിരുമേനിയുടെ പദവിക്ക് യോജിച്ചതായില്ല- അഥവാ, ഭാര്യമാരുടെ പ്രീതിക്ക് വേണ്ടി ആ പറഞ്ഞത് നന്നായില്ല – എന്നതാണ് ആക്ഷേപത്തിന് കാരണം. എന്നല്ലാതെ, അല്ലാഹു അനുവദനീയമാണെന്ന് കൽപിച്ച ഒരു കാര്യം തിരുമേനി നിഷിദ്ധമാണെന്ന് (ഹറാമാണെന്ന്) വിധിച്ചു എന്നോ, അല്ലാഹുവിന്‍റെ വിധിയെ നബി (صلّى الله عليه وسلّم) അവഗണിച്ചു എന്നോ അല്ല ഉദ്ദേശം. നബി (صلّى الله عليه وسلّم) തിരുമേനി ഒരിക്കലും അങ്ങിനെ ചെയ്യുകയില്ലെന്നു സ്പഷ്ടമാണല്ലോ. ‘നബിയേ’ എന്ന് വിളിച്ചു കൊണ്ടാണ് അല്ലാഹു ആക്ഷേപം ഉന്നയിക്കുന്നത്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ് എന്ന് പറഞ്ഞുകൊണ്ട് അത് സമാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതുപോലെ നന്നല്ലാത്ത വല്ല വിഷയത്തെ കുറിച്ചും സത്യം ചെയ്ത് കഴിഞ്ഞാല്‍, പിന്നീട് അതിനു പ്രായശ്ചിത്തം ചെയ്തു മടങ്ങേണ്ടതുണ്ട് എന്ന് അടുത്ത വചനത്തില്‍ ചൂണ്ടികാട്ടുന്നു;-

66:2

  • قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ ﴾٢﴿
  • നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമിച്ചു തന്നിട്ടുണ്ട്; അല്ലാഹു നിങ്ങളുടെ ‘മൗലാ’ [യജമാനന്‍] ആകുന്നു; അവനത്രേ അഗാധജ്ഞനായ സര്‍വ്വജ്ഞന്‍!
  • قَدْ فَرَ‌ضَ اللَّـهُ അല്ലാഹു നിയമിച്ചിട്ടുണ്ട് لَكُمْ നിങ്ങള്‍ക്ക് تَحِلَّةَ أَيْمَـٰنِكُمْ നിങ്ങളുടെ സത്യങ്ങളുടെ പരിഹാരം وَاللَّـهُ അല്ലാഹു مَوْلَاكُمْ നിങ്ങളുടെ യജമാനന്‍, (രക്ഷാധികാരി, സഹായകന്‍, ഉറ്റ ബന്ധു) ആകുന്നു وَهُوَ അവന്‍ തന്നെ ٱلْعَلِيمُ സര്‍വ്വജ്ഞന്‍ ٱلْحَكِيمُ അഗാധജ്ഞനായ, യുക്തിമാന്‍

ചെയ്ത സത്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അതിനു പ്രായശ്ചിത്തം നല്‍കേണ്ടതുണ്ടെന്ന നിയമം ഓര്‍മ്മിപ്പിക്കുകയാണ് ഈ വചനം ചെയ്യുന്നത്. പ്രായശ്ചിത്തം എന്താണെന്ന്‍ സൂ:മാഇദ: 92-ാം വചനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പത്തു ദരിദ്രന്മാര്‍ക്കു ഭക്ഷണമോ വസ്ത്രമോ നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക, സാധിക്കാത്ത പക്ഷം മൂന്നു ദിവസം നോമ്പ് പിടിക്കുക, ഇതാണ് സത്യത്തിന്റെ പ്രായശ്ചിത്തം (الكفارة). നബി (صلّى الله عليه وسلّم) അരുള്‍ ചെയ്തതായി അബൂ ഹുറൈറ (رضي الله عنه) ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: “ഒരാള്‍ ഒരു കാര്യം സത്യം ചെയ്തിട്ട്‌ അതിനേക്കാള്‍ ഉത്തമം മറ്റൊന്നാണെന്ന് കണ്ടാല്‍, അവന്‍ തന്‍റെ സത്യത്തിനു പ്രായശ്ചിത്തം നല്‍കുകയും, ഉത്തമമായത് ഏതോ അത് ചെയ്യുകയും ചെയ്തു കൊള്ളട്ടെ” – (മു). ഏതെങ്കിലും നല്ല കാര്യത്തിനു തടസ്സം ആയേക്കുന്നതോ, നന്നല്ലാത്ത കാര്യത്തിനു കാരണമായേക്കുന്നതോ ആയ വല്ല ശപഥവും ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം നല്‍കികൊണ്ട് അതില്‍ നിന്ന് മടങ്ങേണ്ടതാണെന്നു സാരം.

66:3

  • وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ ﴾٣﴿
  • തന്‍റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം: എന്നിട്ട് അവള്‍ അതിനെക്കുറിച്ച് (മറ്റൊരാളോട്) വിവരമറിയിക്കുകയും, അല്ലാഹു അദ്ദേഹത്തിന് [നബിക്ക്] അതിനെ പറ്റി വെളിവാക്കിക്കൊടുക്കുകയും ചെയ്തപ്പോള്‍, അതിന്റെ ചിലഭാഗം അദ്ദേഹം അറിയിച്ചുകൊടുക്കുകയും, ചിലഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ, അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരമറിയിച്ചപ്പോള്‍, അവള്‍ പറഞ്ഞു: ‘ഇത് ആരാണ് അങ്ങേക്ക് വിവരമറിയിച്ചു തന്നത്?!’ അദ്ദേഹം പറഞ്ഞു: എനിക്ക് സൂക്ഷ്മമായി അറിയുന്ന സര്‍വ്വജ്ഞന്‍ വിവരമറിയിച്ചിരിക്കുന്നു’.
  • وَإِذْ أَسَرَّ‌ രഹസ്യം (സ്വകാര്യം) പറഞ്ഞ സന്ദര്‍ഭം النَّبِيّ നബി, പ്രവാചകന്‍ إِلَىٰ بَعْضِ ചിലരിലേക്ക് أَزْوَاجِهِ തന്റെ ഭാര്യമാരിലെ حَدِيثًا ഒരു വര്‍ത്തമാനം فَلَمَّا نَبَّأَتْ എന്നിട്ടവള്‍ വിവരമറിയിച്ചപ്പോള്‍ بِهِ അതിനെക്കുറിച്ച് وَأَظْهَرَ‌ه അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും اللَّـهُ അല്ലാഹു عَلَيْهِ അതിനെപ്പറ്റി عَرَّ‌فَ അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി بَعْضَهُ അതില്‍ ചിലത് وَأَعْرَ‌ضَ തിരിഞ്ഞു (വിട്ടു)കളയുകയും ചെയ്‌തു عَن بَعْضٍ ചിലതിനെ, ചിലതില്‍ നിന്ന് فَلَمَّا نَبَّأَهَا അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍ بِهِ അതിനെ പറ്റി قَالَتْ അവള്‍ പറഞ്ഞു مَنْ أَنبَأَكَ അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു هَـٰذَا ഇത് قَالَ അദ്ദേഹം പറഞ്ഞു نَبَّأَنِيَ എനിക്ക് വിവരമറിയിച്ചു الْعَلِيمُ ‌സര്‍വ്വജ്ഞന്‍ الْخَبِيرُ സൂക്ഷ്മമായറിയുന്നവനായ

സൈനബ (رضي الله عنها) യുടെ വീട്ടില്‍ നിന്നും തേന്‍ കുടിച്ചതും, മേലില്‍ കുടിക്കുകയില്ലെന്നു സത്യം ചെയ്തതും തിരുമേനി ഹഫ്സ (رضي الله عنها) യോട് പറഞ്ഞപ്പോള്‍ ഇത് ആരെയും അറിയിക്കരുതെന്ന് കൂടി പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ. പക്ഷെ ഹഫ്സ (رضي الله عنها) ആ വിവരം ആയിഷ (رضي الله عنها) യോട് പറഞ്ഞു. ഈ വിവരം വഹ്‌യു മുഖേന അല്ലാഹു നബി (صلّى الله عليه وسلّم)ക്കു വിവരം കൊടുത്തു. തിരുമേനി തന്‍റെ സ്വകാര്യം പുറത്തായ വിവരം ഹഫ്സ (رضي الله عنها)യെ അറിയിച്ചു എങ്കിലും, ചില ഭാഗം മാത്രമേ തിരുമേനി പ്രസ്‌താവിച്ചിട്ടുള്ളൂ. കാരണം, മുഴുവന്‍ ഭാഗം അറിഞ്ഞതായി പ്രസ്‌താവിച്ചാല്‍ അത് അവര്‍ക്ക് അപമാനകരമായിരിക്കുമല്ലോ. തങ്ങള്‍ തമ്മില്‍ നടന്ന ഈ രഹസ്യം എങ്ങിനെയാണ് തിരുമേനി അറിഞ്ഞത്? ആയിഷ (رضي الله عنها) നബി (صلّى الله عليه وسلّم) യോട് പറഞ്ഞിരിക്കുമോ? എന്നൊന്നും അറിയാതെ അവര്‍ക്ക് പരിഭ്രമമായി. ആരാണ് അങ്ങേക്ക് ഈ വിവരം അറിയിച്ചു തന്നത് എന്നവര്‍ തിരുമേനിയോട് ചോദിച്ചു. എല്ലാം അറിയുന്ന അല്ലഹുവാണ് അറിയിച്ചു തന്നതെന്നും അവിടുന്ന് ഉത്തരം പറഞ്ഞു. ഇതാണ് ഈ വചനത്തിന്റെ താൽപര്യം. നബി (صلّى الله عليه وسلّم) ക്കെതിരായി നടന്ന ഈ ഗൂഡ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രണ്ടു പേരുടെയും പേര് വ്യക്തമാക്കാതെ, രണ്ടുപേരെയും അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:-

66:4

  • إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴾٤﴿
  • നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുന്നപക്ഷം (അതാവശ്യം തന്നെ); (കാരണം) നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിട്ടുണ്ട്. നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിനെതിരെ പരസ്പരം പിന്തുണ നല്‍കുകയാണെങ്കിലോ, എന്നാല്‍, (അറിഞ്ഞേക്കുക:) അല്ലാഹുവത്രെ അദ്ദേഹത്തിന്റെ ‘മൗലാ'[സഹായി] ജിബ്രീലും സത്യവിശ്വാസികളിലെ സദ്‌വൃത്തരും (സഹായികളാകുന്നു). അതിനുപുറമെ, മലക്കുകളും പിന്തുണ നല്‍കുന്നവരാണ്.
  • إِن تَتُوبَا നിങ്ങള്‍ രണ്ടാളും പശ്ചാത്തപിക്കുന്ന പക്ഷം, ഖേദിച്ചു മടങ്ങിയാല്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് فَقَدْ صَغَتْ എന്നാല്‍ തെറ്റി (വഴുതി – ചെരിഞ്ഞു) പോയിട്ടുണ്ട് قُلُوبُكُمَا നിങ്ങളുടെ ഹൃദയങ്ങള്‍ وَإِن تَظَاهَرَ‌ا നിങ്ങള്‍ രണ്ടാളും പിന്തുണ (സഹായം) നല്‍കിയാലോ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ (എതിരായി) فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ مَوْلَاهُ അവനത്രെ അദ്ദേഹത്തിന്റെ മൗല وَجِبْرِ‌يلُ ജിബ്രീലും وَصَـٰلِحُ ٱلْمُؤْمِنِينَ സത്യവിശ്വാസികളില്‍ നല്ല (സദ്‌വൃത്തരായ) വരും وَالْمَلَائِكَةُ മലക്കുകളും بَعْدَ ذَٰلِكَ അതിനുപുറകെ, അതിന്റെ പുറമെ ظَهِيرٌ പിന്തുണക്കാരാണ്, സഹായം നല്‍കുന്നവരാണ്

ഏതെങ്കിലും വിധേനയുള്ള അടുത്ത ബന്ധു എന്നാണു مولى (മൗലാ) എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം. അടുപ്പത്തിന്റെ സ്വഭാവമനുസരിച്ചു പല അര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. (സൂ: അഹ്സാബ് 5-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇതിനെ പറ്റി വിവരിച്ചത് ഓര്‍ക്കുക) ‘ഖാമൂസി’ല്‍ ഇരുപതില്‍ പരം അര്‍ത്ഥങ്ങള്‍ ഈ വാക്കിനു നല്‍കിക്കാണാം. ‘യജമാനന്‍, അടിമ, ഉറ്റവന്‍, ചങ്ങാതി, അതിഥി, രക്ഷാധികാരി, സഹായി, ബന്ധു’ മുതലായവ അതില്‍പെടുന്നു. അപ്പോള്‍ ആരെക്കുറിച്ചാണോ ‘മൗലാ’ എന്ന് പറയുന്നതെങ്കില്‍ ആ ആളുമായുള്ള ബന്ധത്തിന്റെ സ്വഭാവം അനുസരിച്ച് അതിനു അര്‍ത്ഥം നല്‍കാം.

നബി (صلّى الله عليه وسلّم) ക്കെതിരായ ആ സംരംഭത്തില്‍ പരസ്പരം സഹായിച്ച രണ്ടു പത്നിമാര്‍ ആരാണെന്നു ഉമര്‍ (رضي الله عنه) നോട് ചോദിച്ചറിയുവാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം നിമിത്തം, കുറേ കാലത്തോളം അതിനു ധൈര്യപ്പെട്ടില്ലെന്നും, ഒരു ഹജ്ജു യാത്രയില്‍ നിന്നുള്ള മടക്കത്തില്‍ ലഭിച്ച ഒരു സന്ദര്‍ഭം താന്‍ അതിനു ഉപയോഗപ്പെടുത്തിയെന്നും അത് ഹഫ്സയും, ആയിഷയും (رضي الله عنها) ആയിരുന്നുവെന്ന് ഉമര്‍ (رضي الله عنه) മറുപടി പറഞ്ഞുവെന്നും ഇബ്നു അബ്ബാസ്‌ (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു. (ബു; മു.)

66:5

  • عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا ﴾٥﴿
  • (നബിയുടെ പത്നിമാരെ) നിങ്ങളെ അദ്ദേഹം വിവാഹ മോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റബ്ബ് പകരം നൽകിയേക്കാം. അതായത്, മുസ്‌ലിംകളായ, സത്യവിശ്വാസിനികളായ, ഭക്തി കാണിക്കുന്നവരായ, പശ്ചാത്തപിക്കുന്നവരായ, ആരാധനക്കാരികളായ, വ്രതം ആചരിക്കുന്നവരായ, വിധവകളും കന്യകകളുമായ സ്ത്രീകളെ.
  • عَسَىٰ رَ‌بُّهُ അദ്ധേഹത്തിന്റെ റബ്ബ് ആയേക്കാം إِن طَلَّقَكُنَّ നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍ أَن يُبْدِلَهُ അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം) أَزْوَاجًا ഭാര്യമാരെ خَيْرً‌ا مِّنكُنَّ നിങ്ങളെക്കാള്‍ ഉത്തമരായ مُسْلِمَاتٍ മുസ്‌ലിം സ്ത്രീകളെ مُّؤْمِنَاتٍ സത്യവിശ്വസിനികളായ قَانِتَاتٍ ഭക്തകളായ تَائِبَاتٍ പശ്ചാത്തപിക്കുന്നവരായ عَابِدَاتٍ ആരാധന ചെയ്യുന്നവരായ سَائِحَاتٍ വ്രതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന ثَيِّبَاتٍ വിധവകളായ وَأَبْكَارًا കന്യകകളായ

سائحات എന്ന വാക്കിനാണ് വ്രതം ആചരിക്കുന്നവര്‍ -അഥവാ നോമ്പുകാര്‍- എന്ന് അര്‍ത്ഥം കല്‍പിച്ചത്‌. സഹാബികളും, താബിഉകളുമായ പല മഹാന്മാരും ആ അര്‍ത്ഥമാണ് അതിനു കല്‍പിച്ചിരിക്കുന്നത്. സഞ്ചാരം ചെയുന്നവര്‍ -അഥവാ മതസംബന്ധമായ ആവശ്യാർത്ഥം ഹിജ്റ പോകുവാന്‍ തയ്യാറുള്ളവര്‍- എന്നും ചിലര്‍ അതിനു അര്‍ത്ഥം കൽപിക്കാറുണ്ട്. الله اعلم നിലവിലുള്ള ഭാര്യമാരെ മുഴുവനും വിവാഹമോചനം നല്‍കി വിടേണ്ടി വന്നാലും നബി (صلّى الله عليه وسلّم)ക്കു അതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ലെന്നും, അവരെക്കാള്‍ ഏതു നിലക്കും നല്ലവരായ സ്ത്രീകളെ അവിടുത്തേക്ക്‌ അല്ലാഹു പകരം നല്‍കിയേക്കുമെന്നാണ് ആയത്തിന്റെ സാരം.

മേല്‍ കഴിഞ്ഞ തിരുവചനങ്ങളില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി;

(1) നബി (صلّى الله عليه وسلّم)യുടെ സ്ഥാനപദവികള്‍ക്ക് അനുയോജ്യമല്ലാത്ത വല്ല നിസ്സാരകാര്യം പോലും തിരുമേനിയില്‍ നിന്ന് ഉണ്ടായേക്കുന്നപക്ഷം അല്ലാഹു അത് തിരുത്തിക്കൊടുക്കുന്നതാണ്.

(2) അല്ലാഹു ഹലാലാക്കിയ – അനുവദനീയമാക്കിയ വസ്തുക്കളെ ഉപയോഗിക്കുകയില്ലെന്നു ആരും, ദൃഡ നിശ്ചയം ചെയ്തു കൂടാത്തതാണ്.

(3) നന്നല്ലാത്ത വിഷയങ്ങളില്‍ സത്യം ചെയ്യരുത്.

(4) അങ്ങിനെ സത്യം ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം (‘കഫ്ഫാറത്ത്‌’) നല്‍കി അതില്‍ നിന്ന് വിരമിക്കേണ്ടതാണ്.

(5) സ്‌ത്രീകള്‍ എത്ര ഉന്നത പദവിയുള്ളവരായാലും അവരുടേതായ ചില സ്വഭാവങ്ങള്‍ അവരില്‍ നിന്ന് പ്രകടമായേക്കുക സ്വാഭാവികമാണ്.

(6) ഒരാളോട് ഒരാള്‍ ഒരു രഹസ്യ വിവരം പറഞ്ഞാല്‍ അതു മറ്റൊരാളെ അറിയിച്ചുകൂട.

(7) നബി (صلّى الله عليه وسلّم) തിരുമേനിയുടെ സ്ഥാന പദവി അല്ലാഹുവിങ്കല്‍ ഉന്നതമായിട്ടുള്ളതാണ്.

(8) അല്ലാഹുവിന്റെയും, റസൂലിന്റെയും കൽപനക്കോ തൃപ്തിക്കോ എതിരായി പ്രവര്‍ത്തിക്കുന്നത് ആര്‍ തന്നെ ആയാലും അല്ലാഹു അത് ഒട്ടും ഇഷ്ടപ്പെടുന്നതല്ല.

(9) ഭാര്യമാരുടെയോ മറ്റോ ഇഷ്ടത്തെ മുന്‍നിര്‍ത്തി നന്നല്ലാത്ത കാര്യങ്ങളില്‍ പ്രവേശിക്കരുത്. അങ്ങനെ പലതും. ഇത് വരെ പ്രസ്താവിച്ചുവന്നതു നബി (صلّى الله عليه وسلّم) തിരുമേനിക്കും അവിടുത്തെ പത്നിമാര്‍ക്കുമിടയില്‍ നടന്ന ചില ഗാര്‍ഹിക കാര്യങ്ങളെക്കുറിച്ചായിരുന്നുവല്ലോ.

അടുത്ത വചനത്തില്‍, ഗൃഹനായകന്മാര്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിഷയത്തിലുള്ള ഉത്തരവാദിത്തം അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു.

66:6

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾٦﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില്‍ നിന്ന് കാത്തു കൊള്ളുവിന്‍! അതില്‍ കത്തിക്കപ്പെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു. അതിന്റെ മേല്‍ (നോട്ടത്തിനു) പരുഷ സ്വഭാവക്കാരും കഠിനന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അവരോടു കൽപിച്ചതില്‍ അവര്‍ അല്ലാഹുവിനോട് അനുസരണക്കേട്‌ കാട്ടുകയില്ല; അവരോടു കൽപിക്കപ്പെടുന്നത് (ഏതും) അവര്‍ ചെയ്യുകയും ചെയ്യും.
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ഹേ, വിശ്വസിച്ചവരേ قُوٓا۟ നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍ أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ, നിങ്ങളെത്തന്നെ وَأَهْلِيكُمْ നിങ്ങളുടെ കുടുംബങ്ങളെ (വീട്ടുകാരെ)യും نَارً‌ا ഒരു അഗ്നി (തീ)യെ وَقُودُهَا അതിലെ വിറക് النَّاسُ മനുഷ്യരാണ് وَالْحِجَارَ‌ةُ കല്ലും عَلَيْهَا അതിന്മേലുണ്ട് مَلَائِكَةٌ ചില മലക്കുകള്‍ غِلَاظٌ പരുഷ (കടുത്ത) സ്വാഭാവികളായ شِدَادٌ കഠിനരായ, ഊക്കന്മാരയ لَّا يَعْصُونَ اللَّـهَ അല്ലാഹുവിനോട് അവര്‍ അനുസരണക്കേട്‌ കാട്ടുന്നതല്ല مَا أَمَرَ‌هُمْ അവരോടു കൽപിച്ചതിനു (കൽപിച്ചതില്‍) وَيَفْعَلُونَ അവര്‍ ചെയ്യുകയും ചെയ്യും مَا يُؤْمَرُ‌ونَ അവരോടു കല്‍പിക്കപ്പെടുന്നത്

66:7

  • يَٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾٧﴿
  • (പറയപ്പെടും:) ‘ഹേ, അവിശ്വസിച്ചവരെ, ഇന്ന് നിങ്ങള്‍ ഒഴിവു കഴിവ് പറയേണ്ട നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ.’
  • يَا أَيُّهَا الَّذِينَ كَفَرُ‌وا ഹേ, അവിശ്വസിച്ചവരെ لَا تَعْتَذِرُ‌وا നിങ്ങള്‍ ഒഴിവു കഴിവ് പറയേണ്ടാ الْيَوْمَ ഇന്ന്, ഈ ദിവസം إِنَّمَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു (മാത്രം) تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും

ഈ ലോകത്തുള്ള അഗ്നിയേക്കാള്‍ എഴുപത് ഇരട്ടി ഉഷ്ണമേറിയതാണ് നരകാഗ്നി എന്ന് നബി (صلّى الله عليه وسلّم) അരുളി ചെയ്തതായി ഹദീസില്‍ വന്നിരിക്കുന്നു. (ബു; മു) അതില്‍ വിറകായി ഉപയോഗിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ് എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഈ മനുഷ്യര്‍ മഹാ പാപികളായിയുള്ളവരായിരിക്കുമെന്നു പറയേണ്ടതില്ല. എന്നാല്‍ കല്ലുകള്‍ ഏതുതരം കല്ലുകളായിരിക്കും? അല്ലഹുവിനറിയാം. കൽക്കരിയാണ് ഇത് കൊണ്ട് ഉദ്ദേശ്യമെന്നും, കൽക്കരിയെപ്പറ്റി അറിയപ്പെടാതിരുന്ന ഒരു കാലത്ത് തന്നെ ഖുര്‍ആന്‍ അതിനെപ്പറ്റി പ്രസ്താവിച്ചത് അതിന്റെ അമാനുഷികതക്ക് ഒരു ദൃഷ്ടാന്തമാണെന്നും ആധുനികരായ ചില ആളുകള്‍ എഴുതിക്കാണുന്നു. നരകാഗ്നിയും, ഇവിടുത്തെ അഗ്നിയും ഒരുപോലെയാണെന്ന നിഗമനത്തില്‍ നിന്നും, കല്‍ക്കരിയേക്കാള്‍ കടുപ്പമേറിയതും നമുക്ക് അറിയാത്തതുമായ മറ്റേതെങ്കിലും കല്ലുകളാല്‍ കത്തിക്കപ്പെടാവുന്ന ഏറ്റവും ശക്തിയേറിയ ഒരഗ്നിയെ കുറിച്ച് വിഭാവനം ചെയ്യാന്‍ കഴിയാത്തതില്‍ നിന്നും ഉടലെടുക്കുന്നതാണ് ഈ പ്രസ്താവന എന്ന് പറയേണ്ടിയിരിക്കുന്നു. പതിമൂന്നു നൂറ്റാണ്ടു കാലത്തോളം ഒരാള്‍ക്കും ഉദ്ദേശം മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരു വാക്ക് (المجارة) ഖുര്‍ആനില്‍ ഉണ്ടായിരുന്നു. കല്‍ക്കരി കണ്ടുപിടിച്ചതിനു ശേഷം മാത്രമാണ് അതിന്റെ അര്‍ത്ഥം മനസ്സിലായത്, അതും ഇവര്‍ക്ക് മാത്രമേ മനസ്സിലായുള്ളു, എന്നൊക്കെയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. ഇത് വാസ്തവത്തില്‍, നരകാഗ്നിയെ -അല്ല, ഖുര്‍ആനിനെ തന്നെയും- കുറച്ചു കാണിക്കലായിരിക്കും.

കല്ല് കൊണ്ട് വിഗ്രഹമുണ്ടാക്കി അരാധിച്ചിരുന്നവരെ വഷളാക്കുവാനായി ആ കല്ലുകളും അവരോടൊപ്പം നരകത്തിലിട്ടു കത്തിക്കപ്പെടുമെന്നും, അതാണ്‌ ഇവടെ കല്ല് കൊണ്ട് ഉദ്ദേശമെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണാം. വളരെ ദുര്‍ഗന്ധം വമിക്കുന്നതും, ശക്തിയായി ആളികത്തുന്നതുമായ ഒരുതരം ഗന്ധകക്കല്ലുകളായിരിക്കും അതെന്നു മുന്‍ഗാമികളായ ചില മഹാന്‍മാരും പ്രസ്താവിച്ചു കാണുന്നു. ഈ പ്രസ്താവനകള്‍ ശരിയാണോ അല്ലേ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാന്‍ തെളിവില്ല. എങ്കിലും ഈ പ്രസ്താവനകള്‍ പല നിലക്കും – കല്‍ക്കരിയേക്കാള്‍ – ന്യായീകരണം കാണാവുന്നതാണ്. الله اعلم ഏതായാലും,നാം വിഭാവനം ചെയ്യുന്നതിനേക്കാളെല്ലാം ശക്തിയേറിയതാണ് നരകത്തിലെ തീ എന്ന് ശരിക്കു വ്യക്തമാകുന്നു. അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.

നരകാഗ്നിയുടെ കാഠിന്യത്തെക്കുറിച്ച് പറഞ്ഞ ശേഷം, അതിന്റെ നോട്ടക്കാരും കൈകാര്യക്കാരുമായ മലക്കുകളുടെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ഒട്ടും ദയ തോന്നാത്തവരും, അതി ശക്തന്മാരും, അല്ലാഹുവിന്‍റെ ഏതു കൽപനയും അപ്പടി അനുസരിക്കുന്നവരുമായ മലക്കുകളാണവര്‍. ശിക്ഷയുടെ ഭയങ്കരതയും കഠോരതയും സഹിക്കവയ്യാതെ നരകസ്ഥരായ ആളുകള്‍ സമര്‍പ്പിക്കുന്ന ഒഴിവു കഴിവുകളോ, അപേക്ഷകളോ അവിടെ ഗൗനിക്കപെടുന്നതുമല്ല. ഇങ്ങനെയുള്ള നരകശിക്ഷയില്‍ അകപ്പെടാന്‍ കാരണമാകാതെ ഓരോ സത്യവിശ്വാസിയും തന്താങ്ങളെയും, തന്താങ്ങളുടെ ഭാര്യാമക്കള്‍ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.

അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മത ബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നല്‍കുക, അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്തു ജീവിക്കുവാനും സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍. ഒരാള്‍ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കുകയും, അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നല്‍കാതിരിക്കുകയും ചെയ്യുന്ന പക്ഷം – സ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽകര്‍മ്മിയും ആയിരുന്നാലും ശരി – അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കുറ്റക്കാരന്‍ തന്നെയായിരിക്കും. അല്ലാഹു നമ്മുക്ക് തൗഫീഖു നല്‍കട്ടെ.

വെളിച്ചം റമദാൻ 2021 – റമദാൻ 19

സൂറത്തു-ത്ത്വലാഖ് : 08-12

ത്വലാഖ് (വിവാഹ മോചനം)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

വിഭാഗം – 2

65:8

  • وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَٰهَا حِسَابًا شَدِيدًا وَعَذَّبْنَٰهَا عَذَابًا نُّكْرًا ﴾٨﴿
  • എത്രയോ രാജ്യം [രാജ്യക്കാര്‍] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്‍പന ധിക്കരിച്ചു കളഞ്ഞു! അതിനാല്‍, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.
  • وَكَأَيِّن എത്രയോ, എത്രയാണു مِّن قَرْيَةٍ രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു عَتَتْ അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു عَنْ أَمْرِ കല്‍പനവിട്ടു رَبِّهَا അതിന്റെ റബ്ബിന്റെ وَرُسُلِهِ അവന്റെ റസൂലുകളുടെയും فَحَاسَبْنَاهَا അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി حِسَابًا ഒരു വിചാരണ (കണക്കുനോക്കല്‍) شَدِيدًا കഠിനമായ وَعَذَّبْنَاهَا അതിനെ നാം ശിക്ഷിക്കുകയും ചെയ്തു عَذَابًا نُّكْرًا വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ

65:9

  • فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَٰقِبَةُ أَمْرِهَا خُسْرًا ﴾٩﴿
  • അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്‌ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നു താനും.
  • فَذَاقَتْ അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു وَبَالَ ദുഷ്ഫലം, ഭവിഷ്യത്തു, നാശം أَمْرِهَا അതിന്റെ കാര്യത്തിന്റെ وَكَانَ ആയിരുന്നു عَاقِبَةُ أَمْرِهَا അതിന്റെ കാര്യത്തിന്റെ കലാശം خُسْرًا നഷ്ടം

65:10

  • أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًا ﴾١٠﴿
  • അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ – ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്‍ച്ചയായും, നിങ്ങള്‍ക്കു അല്ലാഹു ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു:-
  • أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ فَاتَّقُوا اللَّـه ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ قَدْ أَنزَلَ ٱللَّهُ തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു ذِكْرًا ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം

65:11

  • رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا ﴾١١﴿
  • (അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന്‍ അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും നിത്യവാസികളായ നിലയില്‍. അല്ലാഹു അ(ങ്ങിനെയുള്ള)വനു ഉപജീവനം നന്നാ(യി ഒരു)ക്കി വെച്ചിട്ടുണ്ട്.
  • رَّسُولًا അതായതു ഒരു റസൂല്‍ يَتْلُو عَلَيْكُمْ നിങ്ങള്‍ക്കു ഓതി (പാരായണം ചെയ്തു) തരുന്ന آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ مُبَيِّنَاتٍ വ്യക്തമാക്കുന്നു (വിവരിക്കുന്ന)വയായിട്ടു لِّيُخْرِجَ വെളിക്കുവരുത്തുവാന്‍ (പുറപ്പെടുവിക്കുവാന്‍) വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ الصَّالِحَاتِ وَعَمِلُوا സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തു مِنَ الظُّلُمَاتِ ഇരുട്ടു (അന്ധകാരം) കളില്‍ നിന്നു إِلَى النُّورِ പ്രകാശ (വെളിച്ച)ത്തിലേക്കു وَمَن يُؤْمِن ആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ وَيَعْمَلْ صَالِحًا സല്‍കര്‍മം പ്രവര്‍ത്തിക്കുകയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ പല സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന, നടക്കുന്ന الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ടു أَبَدًا എന്നെന്നും, എക്കാലവും قَدْ أَحْسَنَ اللَّـهُ അല്ലാഹു തീര്‍ച്ചയായും നന്നാക്കി വെച്ചിട്ടുണ്ട് لَهُ അങ്ങിനെയുള്ളവനു رِزْقًا ആഹാരം, ഉപജീവനം

അല്ലാഹുവിന്റെയും, അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ ധിക്കരിച്ച ജനങ്ങള്‍ ഇഹത്തില്‍ അനുഭവിച്ചതും, പരത്തില്‍ അനുഭവിക്കുവാനിരിക്കുന്നതുമായ ദുരന്തഫലങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സത്യവിശ്വാസികളാകുന്ന ബുദ്ധിമാന്മാരെ-അവരാണല്ലോ യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍- അല്ലാഹു ഉപദേശിക്കുകയാണ്: നിങ്ങള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു കൊണ്ട് അവനെ സൂക്ഷിക്കണം, നിങ്ങള്‍ക്കു നേര്‍മാര്‍ഗം വ്യക്തമായി വിവരിച്ചു തരുന്ന വേദഗ്രന്ഥവും ദൈവദൂതനും ഉണ്ട്, ദുര്‍മാര്‍ഗത്തിന്റെ അന്ധകാരങ്ങളില്‍ നിന്നു സന്മാര്‍ഗത്തിന്റെ വെളിച്ചത്തിലേക്കു അദ്ദേഹം നിങ്ങളെ കൊണ്ടുവരും, നിങ്ങള്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും കൈവിടാതിരിക്കുന്ന പക്ഷം നിങ്ങള്‍ക്കു ശാശ്വതമായ സ്വര്‍ഗീയ ജീവിതം ലഭിക്കും, നിങ്ങള്‍ക്കു വേണ്ടതെല്ലാം അല്ലാഹു ഒരുക്കിക്കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ.

8-ാം വചനത്തില്‍ അവരെ കഠിനമായ വിചാരണ നടത്തിയെന്നും ശിക്ഷിച്ചുവെന്നും പറഞ്ഞതു പരലോകത്തു വെച്ചു നിസ്സംശയം നടക്കുവാനിരിക്കുന്ന സംഭവങ്ങളെ ഭൂതകാല രൂപത്തില്‍ എടുത്തു കാട്ടിയിരിക്കുകയാണ് എന്നത്രെ മിക്ക മുഫസ്സിറുകളും പറയുന്നത്. ഈ ലോകത്തുവെച്ച് അവര്‍ അനുഭവിക്കേണ്ടിവന്ന വിചാരണയും, ശിക്ഷയുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റു ചില മുഫസ്സിറുകള്‍ പറയുന്നത്. അപ്പോള്‍, വിചാരണ ചെയ്തു എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ കര്‍മങ്ങളെ ശരിക്കും കണക്കു വെച്ചു രേഖപ്പെടുത്തുകയും, ശരിയായ കണക്കിനുതന്നെ അവരുടെമേല്‍ നടപടിയെടുക്കുകയും ചെയ്തു എന്നായിരിക്കും. 10-ാം വചനത്തില്‍ അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞതു പരലോകശിക്ഷയെക്കുറിച്ചു തന്നെയാണ് എന്നതില്‍ സംശയമില്ല. الله اعلم

65:12

  • ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا ﴾١٢﴿
  • ഏഴു ആകാശങ്ങളെ – ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും, നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).
  • اللَّـهُ അല്ലാഹു الَّذِي خَلَقَ സൃഷ്ടിച്ചവനത്രെ سَبْعَ سَمَاوَاتٍ ഏഴു ആകാശങ്ങളെ وَمِنَ الْأَرْضِ ഭൂമിയില്‍ നിന്നും തന്നെ مِثْلَهُنَّ അവയെപ്പോലെ, അവയുടെ അത്ര يَتَنَزَّلُ ഇറങ്ങിക്കൊണ്ടിരിക്കുന്നു الْأَمْرُ കല്‍പന, കാര്യം بَيْنَهُنَّ അവയ്ക്കിടയില്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി (യാണ്) أَنَّ اللَّـهَ അല്ലാഹു (ആകുന്നു)വെന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍ ആകുന്നു (എന്നു) وَأَنَّ اللَّـهَ അല്ലാഹു (ഉണ്ട്)എന്നും قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് (എന്നും) بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عِلْمًا അറിവിനാല്‍, (അറിവുകൊണ്ടു)

ഏഴു ആകാശങ്ങള്‍ (سَبْعَ سَمَاوَاتٍ) എന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി സൂ: മുഅ്മിനൂന്‍ 17-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. അതിന്റെ ചുരുക്കം ഇതാണ്: ഏഴു ആകാശങ്ങള്‍ ഏതെല്ലാമാണ്, എങ്ങിനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞു കൂട. അല്ലാഹുവിനറിയാം. ഇന്നേവരെ ശാസ്ത്രജ്ഞന്‍മാര്‍ക്കും അതു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിനു കണ്ടെത്തുവാന്‍ കഴിയാത്ത കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തം മറ്റൊരിക്കല്‍ ശാസ്ത്രം തന്നെ തെറ്റാണെന്നു തെളിയിക്കലും അപൂര്‍വമല്ല. ഇന്നുവരെ ഉപരിമണ്ഡലത്തില്‍ ശാസ്ത്രദൃഷ്ടിക്കു കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടുള്ളതത്രയും ഒന്നാമത്തെ ആകാശാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നവയാണെന്നും അതിനപ്പുറത്തുള്ള ബാക്കി ആറു ആകാശങ്ങളെക്കുറിച്ചും ശാസ്ത്രത്തിനു ഊഹിക്കുവാന്‍ പോലും കഴിയാതിരിക്കുകയാണെന്നും വരാം. ഏതായാലും, ആകാശങ്ങളടക്കമുള്ള എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു അവ എഴെണ്ണമാണ് എന്നു ആവര്‍ത്തിച്ചു പറഞ്ഞതിനെ മറ്റേതെങ്കിലും അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചൊപ്പിക്കുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവുമില്ല തെന്നെ.

ഭൂമിയെക്കുറിച്ച് ‘ഏഴു ഭൂമികള്‍ (سبع ارضين)’ എന്നു ഖുര്‍ആനില്‍ വ്യക്തമായി എവിടെയും പ്രസ്താവിച്ചിട്ടില്ല. എങ്കിലും, ഭൂമിയും എഴുണ്ടെന്നാണ് ഈ വചനത്തില്‍ നിന്നു മനസ്സിലാ കുന്നത്. وَمِنَ الْأَرْضِ مِثْلَهُنَّ (ഭൂമിയില്‍ നിന്നും അവയെ – ഏഴു ആകാശങ്ങളെ – പ്പോലെ) എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അതാണല്ലോ. ചില നബിവചനങ്ങളില്‍ ഏഴു ഭൂമികള്‍ എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അവയില്‍ ഒന്ന് ഇതാണ്:

من ظلم قيد شبر من الارض طوقه الله من سبع ارضين – متفق

(ഒരാള്‍ ഭൂമിയില്‍നിന്നു ഒരു ചാണ്‍ സ്ഥലം അക്രമിച്ചെടു ത്താല്‍, ഏഴു ഭൂമികളില്‍ നിന്നുമായി അതു അവനു മാലയിടപ്പെടും. (ബു.മു.) ‘ഏഴു ഭൂമികളെപ്പറ്റി വന്നിട്ടുള്ള ഹദീസുകളുടെ അദ്ധ്യായം’ (باب ما جاء فى سبع ارضين) എന്ന ശീര്‍ഷകത്തില്‍ ഇതു കൂടാതെയും ഹദീസു ബുഖാരി (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഖുര്‍ആന്‍ വചനം അതില്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ആകാശങ്ങളെക്കുറിച്ചു പറഞ്ഞതു പോലെത്തന്നെയാണ് ഏഴു ഭൂമികളെക്കുറിച്ചും പറയുവാനുള്ളത്. അതിന്റെ യാഥാര്‍ത്ഥ്യവും വിശദവിവരവും അല്ലാഹുവിനു മാത്രം അറിയാം. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടേതായ ചില വ്യാഖ്യാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടാറുണ്ടെന്നല്ലാതെ, സൂക്ഷ്മമായോ, തെളിവു സഹിതമോ സ്വീകാര്യമായ ഒരു അഭിപ്രായം ഇതേവരെ ആര്‍ക്കും രേഖപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. മനുഷ്യന്റെ അറിവിനും, അവന്റെ നിരീക്ഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ലാത്ത ചില ഭൂലോകങ്ങള്‍ അനന്തവിസ്തൃതമായ ആകാശമണ്ഡലത്തില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുന്നതില്‍ യാതൊരു അസാംഗത്യവുമില്ല.

سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ

(ഏഴു ആകാശങ്ങളെയും, ഭൂമിയില്‍ നിന്നും തന്നെ അതു പോലെ)’ എന്ന ആശയത്തിന്റെ വ്യാഖ്യാനം ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അവിശ്വസിച്ചുപോയേക്കും- അഥവാ വ്യജമാക്കിയേക്കും’ എന്നും മറ്റും ഇബ്നു അബ്ബാസ്‌ (رضي الله عنه) പ്രസ്താവിച്ചതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു അറിയിച്ചു തന്നതു യാതൊരു ഏറ്റക്കുറവും വരുത്താതെ അങ്ങു വിശ്വസിക്കുക, യാഥാര്‍ത്ഥ്യം അവങ്കലേക്കു വിട്ടേക്കുക, കിട്ടിക്കഴിഞ്ഞ അറിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു അവന്റെ സൃഷ്ടി വൈഭവത്തെപ്പറ്റി ചിന്തിക്കുക, ഇതാണ് നമുക്ക് ചെയ്യുവാനുള്ളത്.

ആകാശലോകങ്ങളാകട്ടെ, ഭൂമിലോകങ്ങളാകട്ടെ, അവയിലെല്ലാം തന്നെ അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് കാര്യങ്ങളെല്ലാം നടമാടിക്കൊണ്ടിരിക്കുന്നത്. അവന്‍ അറിയാതെയോ, അവന്റെ കല്‍പനാധികാരങ്ങള്‍ക്കനുസരിച്ചല്ലാതെയോ ഒരു കാര്യവും നടക്കുന്നില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവെന്ന പോലെ എല്ലാറ്റിന്റെയും നിയന്താവും, ഭരണകര്‍ത്താവും അവന്‍ തന്നെ. അവന്‍ സര്‍വ്വശക്തനും, അവന്‍ സര്‍വ്വജ്ഞനുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഈ പരമാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ സദാ ഓര്‍ത്തും അറിഞ്ഞുമിരിക്കേണ്ടതുണ്ട്. അവന്റെ സകല നന്മയുടെയും അടിത്തറ ഇതത്രെ.

اللهم لك الحمد ولك المنة

വെളിച്ചം റമദാൻ 2021 – റമദാൻ 18

സൂറത്തു-ത്ത്വലാഖ് : 01-07

ത്വലാഖ് (വിവാഹ മോചനം)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

65:1

  • يَٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا ﴾١﴿
  • ഹേ, നബിയേ നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അവരുടെ വീടുകളില്‍നിന്നു നിങ്ങളവരെ പുറത്താക്കരുത്‌; അവര്‍ പുറത്തുപോകുകയും ചെയ്യരുത്;- പ്രത്യക്ഷത്തിലുള്ളതായ വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവരുന്നതായാലല്ലാതെ, [അപ്പോള്‍ പുറത്താക്കാവുന്നതാണ്.] അതു എല്ലാം അല്ലാഹുവിന്റെ നിയമാ തിര്‍ത്തികളാകുന്നു. അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ ആര്‍ വിട്ടു കടക്കുന്നുവോ, തീര്‍ച്ചയായും അവന്‍ തന്നോടുതന്നെ അക്രമം പ്രവൃത്തിച്ചിരിക്കുന്നു. നിനക്കറിഞ്ഞു കൂടാ – അതിനുശേഷം അല്ലാഹു വല്ല കാര്യവും പുത്തനായുണ്ടാക്കിയേക്കാം.
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ إِذَا طَلَّقْتُمُ നിങ്ങള്‍ ‘ത്വലാഖ്’(വിവാഹമോചനം) ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَطَلِّقُوهُنَّ എന്നാലവരെ മോചനം ചെയ്യുവിന്‍ لِعِدَّتِهِنَّ അവരുടെ ഇദ്ദഃയിലേക്കു (തക്കവണ്ണം), ഇദ്ദഃ സമയത്തേക്കു وَأَحْصُوا നിങ്ങള്‍ കണക്കാക്കുക (ക്ളിപ്തപ്പെടുത്തുക)യും ചെയ്യുവിന്‍ الْعِدَّةَ ഇദ്ദഃയെ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ لَا تُخْرِجُوهُنَّ അവരെ നിങ്ങള്‍ പുറത്താക്കരുത്‌ مِن بُيُوتِهِنَّ അവരുടെ വീടുകളില്‍ നിന്നു وَلَا يَخْرُجْنَ അവര്‍ പുറത്തുപോകയും അരുത് إِلَّا أَن يَأْتِينَ അവര്‍ വന്നാലല്ലാതെ (ചെയ്യാതെ) بِفَاحِشَةٍ വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ مُّبَيِّنَةٍ വ്യക്തമാക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ وَتِلْكَ അതു, അവ حُدُودُ اللَّـهِ അല്ലാഹുവിന്റെ (നിയമങ്ങളാകുന്ന) അതൃത്തികളാണു وَمَن يَتَعَدَّ ആര്‍ വിട്ടുകടക്കുന്നുവോ حُدُودَ اللَّـهِ അല്ലാഹുവിന്റെ അതൃത്തികളെ فَقَدْ ظَلَمَ എന്നാല്‍ തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു نَفْسَهُ തന്നോടു, തന്റെ ആത്മാവിനെ تَدْرِي لَا നീ അറിയുകയില്ല, അതിന്നറിഞ്ഞുകൂട لَعَلَّ اللَّـهَ അല്ലാഹു ആയേക്കാം يُحْدِثُ ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും بَعْدَ ذَٰلِكَ അതിനുശേഷം أَمْرً വല്ല കാര്യവും

വിവാഹമോചന വിഷയകമായി മുസ്‌ലിം സമുദായം അനുഷ് ഠിക്കേണ്ടുന്ന പല നിയമങ്ങളും നബി (സ) തിരുമേനിയെ സംബോധന ചെയ്തുകൊണ്ടു അല്ലാഹു ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നു. വിവാഹമോചനം (‘ത്വലാഖു’) മൂലമോ മറ്റോ വിവാഹബന്ധം വേര്‍പ്പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭവതിയാണോ അല്ലേ എന്നറിയുക, വിവാഹമോചനം ചെയ്തു കഴിഞ്ഞശേഷം അതിനെപ്പറ്റി ഖേദിക്കുകയും, പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു അതിനു ഒരവസരം നല്‍കുക മുതലായ ആവശ്യങ്ങളെ മുന്‍നിറുത്തി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ കുറച്ചുകാലം നിര്‍ബന്ധമായി കാത്തിരിക്കേണ്ടതുണ്ട്. ഇക്കാലത്തിനു ‘ഇദ്ദഃ’ (العدة) എന്നു പറയപ്പെടുന്നു. ഇദ്ദഃയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ പല തരക്കാരുണ്ട്.

1. ഭര്‍ത്താവിന്റെ മരണം കൊണ്ടു വേര്‍പെട്ടവള്‍. ഇവളുടെ ഇദ്ദഃ കാലം നാലു മാസവും പത്തു ദിവസവുമാകുന്നു (2:234)

2. ഭര്‍ത്താവുമായി സ്പര്‍ശനമുണ്ടാകുന്നതിനു മുമ്പുതന്നെ ത്വലാഖ് ചെയ്യപ്പെട്ടവള്‍. ഇവള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല. (33:49)

3. ഗര്‍ഭമുണ്ടെന്നു അറിയപ്പെട്ടവള്‍.

4. ആര്‍ത്തവരക്തം ഉണ്ടാവാതിരിക്കുകയോ, ഉണ്ടായശേഷം അതു നിലച്ചു പോകുകയോ ചെയ്തവര്‍. ഈ രണ്ടു കൂട്ടരുടെ ഇദ്ദഃയെക്കുറിച്ചും താഴെ വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. ഈ നാലു കൂട്ടരുടെയും ഇദ്ദഃ കാലങ്ങളില്‍ ഏറ്റക്കുറവു വരുന്ന പ്രശ്നമില്ല.

5. ആര്‍ത്തവവും ആര്‍ത്തവശുദ്ധിയും ഉണ്ടാകാറുള്ളവള്‍. ഇവളുടെ ഇദ്ദഃ മൂന്നു ആര്‍ത്തവശുദ്ധി കഴിയുന്ന കാലമാണ്. (2:228) ഇങ്ങിനെയുള്ളവരായിരിക്കുമല്ലോ വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകളില്‍ അധിക ഭാഗവും. ഈ വകുപ്പില്‍പെട്ടവരുടെ ഇദ്ദഃ കാലം ഏറിയും കുറഞ്ഞും വരാന്‍ സാധ്യതയുള്ളതുകൊണ്ടു -അതില്‍ ദൈര്‍ഘ്യം വരാതി രിക്കുവാന്‍ വേണ്ടി- അല്ലാഹു നിയമിച്ച ഒരു നിയമമാണ് ഈ വചനത്തിന്റെ ആദ്യത്തില്‍ കാണുന്നത്.

അതായതു: സ്ത്രീയുടെ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയാവുകയും, ആ ശുദ്ധികാലത്തു ഭര്‍ത്താവിന്റെ സ്പര്‍ശനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസരത്തിലേ ത്വലാഖു നടക്കുവാന്‍ പാടുള്ളൂ. ഇതാണ് ഇദ്ദഃ സമയത്തേക്കായിരിക്കണം ത്വലാഖ് (طلقوهن لعدتهن) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇങ്ങിനെ ചെയ്യുന്നപക്ഷം, ത്വലാഖ് നടന്ന ആ ശുദ്ധികാലം ഒരെണ്ണമായി കണക്കാക്കപ്പെടുന്നതുകൊണ്ട് പിന്നീടു രണ്ടു ആര്‍ത്തവം കഴിഞ്ഞു മൂന്നാമത്തെ ശുദ്ധിയില്‍ പ്രവേശിക്കുന്നതോടെ, അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്. നേരെ മറിച്ച് ആര്‍ത്തവ കാലത്താണ് ത്വലാഖ് നടന്നതെങ്കില്‍ ഇദ്ദഃകാലം ദീര്‍ഘിക്കുമല്ലോ, എനി ശുദ്ധകാലത്തു തന്നെയാണെങ്കിലും അക്കാലത്തു ഭര്‍ത്താവിന്റെ സ്പര്‍ശന മുണ്ടായിട്ടുണ്ടെങ്കില്‍ അതുമൂലം അവള്‍ ഗര്‍ഭവതിയാകുവാനും, അങ്ങിനെ, ഇദ്ദഃകാലം ദീര്‍ഘിക്കുവാനും കാരണമായിത്തീരുമല്ലോ.

ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘അബ്ദുല്ലാഹിബ്നു ഉമര്‍ (റ) തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. ആ സ്ത്രീക്കു അപ്പോള്‍ ആര്‍ത്തവകാലമായിരുനു. ഈ വിവരം ഉമര്‍ (റ) നബി (സ) തിരുമേനിയെ അറിയിച്ചു. അവിടുന്നു ദ്വേഷ്യപ്പെട്ടു കൊണ്ടു ഇപ്രകാരം പറഞ്ഞു: ‘അവന്‍ അവളെ മടക്കിയെടുക്കട്ടെ; എന്നിട്ട് അവള്‍ക്കു ശുദ്ധിയുണ്ടാകുകയും, പിന്നെ ആര്‍ത്തവമുണ്ടാകുകയും, പിന്നെ ശുദ്ധിയാവുകയും ചെയ്യുന്നതുവരെ അവളെ വെച്ചുകൊണ്ടിരിക്കട്ടെ. എന്നിട്ട് അവളെ ത്വലാഖ് ചെയ്യണമെന്നു അവനു തോന്നുന്ന പക്ഷം (ആ ശുദ്ധികാലത്തു) അവളെ സ്പര്‍ശിക്കുന്നതിനു മുമ്പ് അവന്‍ ത്വലാഖു നടത്തിക്കൊള്ളട്ടെ. ഇതാണ്, ഇദ്ദഃ സമയത്തേക്ക് ത്വലാഖ് നടത്തണമെന്ന് അല്ലാഹു കല്‍പിച്ചിട്ടുള്ള ആ കാലം’. ഈ ഹദീസില്‍ നിന്നു മേല്‍ വിവരിച്ചതു കൂടുതല്‍ വ്യക്തമാണല്ലോ.

ഈ ഖുര്‍ആന്‍ വചനത്തിന്റെയും, നബിവചനത്തിന്റെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ത്വലാഖിനെ മൂന്നായി ഭാഗിച്ചിരിക്കുന്നു. (1) സുന്നത്തിനോടു യോജിക്കുന്ന ശരിയായ ത്വലാഖ് (طلاق سنة). സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്തുണ്ടാകുന്ന ത്വലാഖും, പ്രത്യക്ഷത്തില്‍ ഗര്‍ഭവതിയായവളുടെ ത്വലാഖും ഇതില്‍ ഉള്‍പ്പെടുന്നു. (2) സുന്നത്തിനെതിരായ ത്വലാഖ് (طلاق بدعة) ഗര്‍ഭവതിയായി അറിയപ്പെടാത്ത സ്ത്രീയെ അവളുടെ ആര്‍ത്തവകാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ നടത്തുന്ന ത്വലാഖ്. (3) രണ്ടുമല്ലാത്തത്. ഇതില്‍ പലതും ഉള്‍പ്പെടുന്നു. വിശദ വിവരം ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

ഇദ്ദഃ ആരംഭിക്കുന്നതിനു പറ്റിയ സമയത്തായിരിക്കണം ത്വലാഖ് നടത്തുന്നതെന്നു കല്‍പിച്ചശേഷം, ഇദ്ദഃയെ ശരിയായി എണ്ണിക്കണക്കാക്കുകയും വേണം (وَأَحْصُوا الْعِدَّةَ) എന്നുകൂടി അല്ലാഹു കല്‍പിക്കുന്നു. തുടക്കവും അവസാനവും ശരിക്കു കണക്കാക്ക പ്പെടാത്തപക്ഷം, അതുമൂലം പല കുഴപ്പങ്ങളും വഴക്കുകളും ഉണ്ടാകുവാന്‍ സാധ്യത യുള്ളതുകൊണ്ടാണു ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. പഴയ വിവാഹബന്ധ ത്തിലേക്കു തന്നെ മടക്കിയെടുക്കല്‍, പുതിയ വിവാഹ കാര്യം ആലോചിക്കല്‍, ഇദ്ദഃകാലത്തെ ഭക്ഷണച്ചിലവും താമസ സൗകര്യവും നല്‍കല്‍ മുതലായതെല്ലാം ആ കാലത്തെ ആശ്രയിച്ചു തീരുമാനിക്കപ്പെടേണ്ടതുണ്ടല്ലോ. ഇദ്ദഃ കാലത്തിന്റെ നിര്‍ണ്ണയത്തില്‍ തര്‍ക്കം വരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വഴക്കും വക്കാണവും നടക്കാറുള്ളതു സാധാരണമാണ്  وَاتَّقُوا اللَّـهَ رَبَّكُمْ (നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം ഇക്കാര്യത്തിന്റെ ഗൗരവത്തെയും, കണിശതയെയും കുറിക്കുന്നു.

നമ്മുടെ നാടുകളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീരെ വിസ്മരിക്കപ്പെട്ടിരിക്കുന്നതും, അതേ സമയത്തു അല്ലാഹു ശക്തവും വ്യക്തവുമായ ഭാഷയില്‍ ശാസിച്ചിട്ടുള്ളതുമായ ഒരു നിയമമാണ് മറ്റൊന്ന്. അതെ, ‘അവരെ അവരുടെ വീടുകളില്‍നിന്നു പുറത്താക്കരുത്‌, അവര്‍ പുറത്തു പോകുകയും അരുത്’ (لَا تُخْرِجُوهُنَّ الخ). വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ അതുവരെ താമസിച്ചിരുന്ന വീട്ടില്‍നിന്നു -ഭര്‍ത്താവിന്റെ വക വീട്ടില്‍ നിന്നു- അവളെ ഇറക്കി അയക്കുവാനും, അവള്‍ക്കു ഇറങ്ങിപ്പോകുവാനും പാടില്ലെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്ക മില്ല. എന്നാല്‍, ഇരുകൂട്ടരുടെയും വല്ല ഗുണത്തെയും മുന്‍നിറുത്തി രണ്ടുകൂട്ടരും -ഭാര്യയും ഭര്‍ത്താവും- യോജിച്ചു ഇഷ്ടപ്പെട്ടാല്‍പോലും അവള്‍ക്കു മാറിത്താമസിക്കാന്‍ പാടില്ലെന്നാണ് ഒരു പക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.

إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ (അവര്‍ വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവന്നാലല്ലാതെ) എന്ന വാക്യം നോക്കുമ്പോള്‍ ഈ അഭിപ്രായത്തിനാണ് പിന്‍ബലം കാണുന്നതും, الله اعلم വാസ്തവത്തില്‍, അല്ലാഹുവിന്റെ ഈ നിയമം അതര്‍ഹിക്കുന്ന വിധത്തില്‍ മുസ്ലിംകള്‍ക്കി ടയില്‍ നടപ്പിലുണ്ടായിരുന്നുവെങ്കില്‍, ഇന്നു നടക്കുന്ന വിവാഹമോചനങ്ങളില്‍ അധികഭാഗവും താനേ ദുര്‍ബ്ബലപ്പെട്ടുപോകുമായിരുന്നു. കാരണം, വിവാഹമോചനം ചെയ്യപ്പെട്ടശേഷം ഇദ്ദഃ കഴിയുന്നതുവരെ – ഏറെക്കുറെ മൂന്നുമാസകാലം – ആ സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടുമ്പോള്‍, വിവാഹമോചനത്തിനു ഇടയാക്കിയ അസുഖം ക്രമേണ തീര്‍ന്നുപോകുവാനും, രണ്ടുപേര്‍ക്കുമിടയില്‍ പഴയബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങിനെ ഇദ്ദഃകാലം കഴിയുമ്പോഴേക്കും അവന്‍ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീരുന്നു. മനുഷ്യമനസ്സിനെക്കുറിച്ച് മനുഷ്യനെക്കാള്‍ അറിയാവുന്ന അല്ലാഹുവിന്റെ ഈ നിയമം എത്രകണ്ടു യുക്തിമത്തായ ഒന്നാണെന്നു ആലോചിച്ചു നോക്കുക! പക്ഷേ, മുസ്‌ലിംകള്‍ അതു അവഗണിച്ചുകളഞ്ഞു. കൂട്ടത്തില്‍, ഇദ്ദഃയിലിരിക്കുന്ന സ്ത്രീകള്‍ക്കു ചിലവുകൊടുക്കെണ്ടതുണ്ടെന്ന നിയമവും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം തിക്തഫലം സമുദായം അനുഭവിച്ചും വരുന്നു. നിസ്സാരകാര്യത്തെച്ചൊല്ലി വിവാഹമോചനം നടക്കും, അതോടെ -അല്ലെങ്കില്‍ അതിനു മുമ്പു തന്നെ- അവള്‍ വീട്ടില്‍നിന്നു ബഹിഷ്കരിക്കപ്പെടും. അല്ലെങ്കില്‍ അവള്‍ സ്വയം ഇറങ്ങിപ്പോകും. അനന്തരം കുറേ നാളുകളോളം പരസ്പരം ആ വൈരമനസ്ഥിതി നിലനില്‍ക്കുകയും ചെയ്യും. അതിനിടക്കു ഇദ്ദഃയുടെ അവധിയും അവസാനിക്കും. അങ്ങിനെ, മടക്കിയെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടുപോകുന്നു. പിന്നീടാണ് ഭാവിഷ്യത്തുകളെപ്പറ്റി ആലോചന വരുന്നതും, അയ്യോ അതു വേണ്ടിയിരുന്നില്ല എന്നു അനുഭവങ്ങള്‍ തെളിയിക്കുന്നതും. ഇതൊന്നും കേവലം സങ്കല്‍പമല്ല, നിത്യേന സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്.

വ്യക്തമായ വല്ല നീചവൃത്തിയും ചെയ്താലല്ലാതെ, വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ വീട്ടില്‍ നിന്നു പുറത്താക്കപ്പെടുവാനോ, പുറത്തു പോവാനോ പാടില്ലെന്നു പറഞ്ഞതില്‍നിന്ന്, അങ്ങിനെ വല്ല നീചവൃത്തിയും അവരില്‍നിന്നു വെളിപ്പെട്ടാല്‍ അതുമുതല്‍ അവരെ പുറത്താക്കാമെന്നു വ്യക്തമാകുന്നു. ‘വ്യക്തമായ നീചവൃത്തി’ (فاحشة مبينة) കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വ്യഭിചാരമാണെന്നാണ് ഒരഭിപ്രായം. സദാചാരവിരുദ്ധമായ വ്യഭിചാരം, കളവു മുതലായവയും എപ്പോഴും വഴക്കും വക്കാണവും ഉണ്ടാക്കിക്കൊണ്ടിരിക്കല്‍ മുതലായവയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. ഏതായാലും, സഹിക്കാവതല്ലാത്ത നീചവൃത്തികളൊന്നും ചെയ്യാത്തകാലത്തോളം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ അവള്‍ വസിച്ചിരുന്ന പാര്‍പ്പിടം വിട്ടുപോയിക്കൂടാത്തതാണ്. പാര്‍പ്പിടം മാത്രം പോരാ, അവള്‍ക്കു ഭക്ഷണത്തിനുള്ള വക കൂടി കൊടുക്കേണ്ടതും ഉണ്ട്. ഇതിനെപ്പറ്റി താഴെ പ്രസ്താവിക്കുന്നതാണ്. അപ്പോള്‍, കാര്യം എത്ര ഗൗരവപ്പെട്ടതാണെന്നു ആലോചിച്ചു നോക്കുക. പോരാ, ഇതെല്ലം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാണെന്നും, അവയെ ലംഘിക്കുന്നവര്‍ തങ്ങളോടു തന്നെയാണ് അനീതി പ്രവര്‍ത്തിക്കുന്നതെന്നു കൂടി അല്ലാഹു താക്കീതു ചെയ്യുന്നു!

ഈ താക്കീതുകൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. ഹേ, മനുഷ്യാ, തല്ക്കാലം നീ വിവാഹ മോചനമങ്ങു നടത്തിയെങ്കിലും, പിന്നീടു എന്തെല്ലാം കാര്യങ്ങളാണ് നടക്കുവാനിരിക്കുന്നത്. അല്ലാഹു എന്തെല്ലാം പുതിയ മാറ്റങ്ങളാണ് സംഭവിപ്പിക്കുവാന്‍ പോകുന്നത് എന്നൊന്നും നിനക്കറിഞ്ഞുകൂടല്ലോ. ഒരു പക്ഷെ, നീ സ്വയം തന്നെ ഖേദിച്ചേക്കും, അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ തമ്മില്‍ പൂര്‍വ്വാധികം സ്നേഹത്തില്‍ കഴിഞ്ഞു കൂടാന്‍ അവസരമുണ്ടായേക്കും, അങ്ങിനെ പലതും സംഭവിച്ചേക്കാം. (*) അതു കൊണ്ടു അല്ലാഹുവിന്റെ നിയമാതിര്‍ത്തി വിട്ടു കടക്കാതെ അതിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുകയാണ് നിനക്കു നല്ലത്. എന്നൊക്കെയാ ണ് അല്ലാഹു ആയത്തിന്റെ അവസാനവാക്യത്തില്‍ ഉണര്‍ത്തുന്നത്. (لَا تَدْرِي لَعَلَّ اللَّـهَ الخ) നിയമപരമായി നോക്കുമ്പോള്‍ മതത്തില്‍ അനുവദിക്കപ്പെട്ട ഒന്നാണ് ത്വലാഖ് എങ്കിലും അല്ലാഹുവിനു ഒട്ടും ഇഷ്ടമില്ലാത്തതാണ് അതെന്നു ഒരു നബിവചനത്തില്‍ വന്നിട്ടുമുണ്ട്. (ദാ.) ത്വലാഖു നടന്നാല്‍തന്നെ വീണ്ടും മടക്കി എടുക്കുവാനുള്ള പ്രോത്സാഹനങ്ങളും അവസരങ്ങളും ഇതിനു പുറമെയും. ഇതെല്ലം മുസ്‌ലിംകള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയങ്ങളാകുന്നു. والله الموفق


(*) വിവാഹമോചനം നല്‍കപ്പെട്ടവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുവാന്‍ കല്‍പിച്ചതിലടങ്ങിയ തത്വം ഇപ്പറഞ്ഞതാണെന്ന അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് മരണ പ്പെട്ടവളുടെയും, മടക്കിയെടുക്കുവാന്‍ പാടില്ലാത്ത വിധത്തില്‍ ത്വലാഖ് ചെയ്യപ്പെട്ടവളുടെയും ഇദ്ദകാലത്തിനു ഇതു ബാധകമല്ലെന്നു ഇമാം അഹ് മദു (റ) മുതലായവര്‍ അഭിപ്രായപ്പെടുന്നത്.

65:2

  • فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا۟ ذَوَىْ عَدْلٍ مِّنكُمْ وَأَقِيمُوا۟ ٱلشَّهَٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴾٢﴿
  • അങ്ങനെ, അവര്‍ [ആ സ്ത്രീകള്‍] അവരുടെ അവധിക്കലെത്തുമ്പോള്‍, നിങ്ങള്‍ അവരെ (സദാചാര) മര്യാദ പ്രകാരം വെച്ചുകൊള്ളുകയോ, അല്ലെങ്കില്‍ (സദാചാര) മര്യാദപ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്‍മാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശരിക്കും) നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിച്ചു വരുന്നവര്‍ക്കു ഉപദേശം നല്‍കപ്പെടുന്നതാണ് ഇതൊക്കെ. ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും;-
  • فَإِذَا بَلَغْنَ അങ്ങനെ അവര്‍ എത്തുമ്പോള്‍, എത്തിയാല്‍ أَجَلَهُنَّ അവരുടെ അവധിക്കല്‍ فَأَمْسِكُوهُنَّ എന്നാലവരെവെച്ചു കൊണ്ടിരിക്കുക, നിറുത്തിവെക്കുക بِمَعْرُوفٍ സദാചാരപ്രകാരം, നല്ല മര്യാദക്കു أَوْ فَارِقُوهُنَّ അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക بِمَعْرُوفٍ മര്യാദപ്രകാരം, സദാചാരമനുസരിച്ചു وَأَشْهِدُوا സാക്ഷ്യപ്പെടുത്തുകയും ചെയ്യുക ذَوَيْ عَدْلٍ രണ്ടു നീതിമാന്മാരെ, മര്യാദക്കാരെ مِّنكُمْ നിങ്ങളില്‍ നിന്നുള്ള وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (നിര്‍വ്വഹിക്കുക)യും ചെയ്യുവിന്‍ الشَّهَادَةَ സാക്ഷ്യത്തെ لِلَّـهِ അല്ലാഹുവിനു വേണ്ടി ذَٰلِكُمْ അതു, അതൊക്കെ يُوعَظُ بِهِ അതുമുഖേന ഉപദേശിക്കപ്പെടുന്ന مَن كَانَ يُؤْمِنُ വിശ്വസിച്ചു വരുന്നവരോടു بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും يَتَّقِ اللَّـهَ وَمَن ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ يَجْعَل لَّهُ അവന്‍ അവനു ആക്കും, ഏര്‍പ്പെടുത്തും مَخْرَجًا പോംവഴി (രക്ഷാമാര്‍ഗ്ഗം)

65:3

  • وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا ﴾٣﴿
  • (മാത്രമല്ല) അവന്‍ കണക്കാക്കാത്തവിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആര്‍ അല്ലാഹുവിന്റെ മേല്‍ (കാര്യങ്ങളെല്ലാം) ഭാരമേല്‍പ്പിക്കുന്നുവോ അവനു അവന്‍ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം [വ്യവസ്ഥ] ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • وَيَرْزُقْهُ അവനു (ഉപജീവനം-ആഹാരം)നല്‍കുകയും ചെയ്യും مِنْ حَيْثُ വിധത്തില്‍ കൂടി لَا يَحْتَسِبُ അവന്‍ കണക്കാക്കാത്ത, വിചാരിക്കാത്ത وَمَن يَتَوَكَّلْ ആര്‍ ഭാരമേല്‍പിക്കുന്നുവോ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَهُوَ حَسْبُهُ എന്നാല്‍ അവന്‍ അവനുമതി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بَالِغُ പ്രാപിക്കുന്ന (എത്തിച്ചേരുന്ന) വനാണ് أَمْرِهِ തന്റെ കാര്യം, കാര്യത്തില്‍ قَدْ جَعَلَ اللَّـهُ അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടുണ്ട് لِكُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും (സംഗതിക്കും) قَدْرًا ഒരു നിര്‍ണ്ണയം, കണക്കു, തോതു, വ്യവസ്ഥ

ത്വലാഖ് നടക്കുന്നതു ഇദ്ദഃ ആരംഭിക്കുവാന്‍ പറ്റിയ അവസരത്തില്‍ ആയിരിക്കണമെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ഇദ്ദഃകാലത്തു എപ്പോള്‍ വേണമെങ്കിലും അവനു അവളെ മടക്കിയെടുക്കാം. അങ്ങിനെ ചെയ്തിട്ടില്ലെങ്കില്‍, ഇദ്ദഃയുടെ കാലാവധി അവസാനിക്കുന്നതോടെ അവന്‍ രണ്ടിലൊന്നു തീരുമാനിക്കാതിരിക്കുവാന്‍ അവനു നിവൃത്തിയില്ല. ഒന്നുകില്‍, അവളെ വെച്ചുകൊണ്ടിരിക്കുക എന്നു തീരുമാനിക്കണം. അഥവാ ത്വലാഖ് നടപ്പിലാക്കുന്നതില്‍ നിന്നു പിന്‍വലിച്ചു അവളെ പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലാത്ത പക്ഷം, അവളെ പിരിച്ചു വിടണം. അഥവാ ത്വലാഖ് നടപ്പില്‍ വരുത്തണം. രണ്ടില്‍ ഏതായിരുന്നാലും ശരി, അതു സദാചാരമര്യാദയനുസരി ച്ചായിരിക്കണം. ഉപദ്രവകരമോ, ദുരുദ്ദേശ്യപൂര്‍വ്വമോ ആയിരിക്കരുത്. ഇരുകൂട്ടരുടെയും നന്മയും സൗകര്യവും കണക്കിലെടുത്തുകൊണ്ടായിരിക്കണം എന്നര്‍ത്ഥം. ത്വലാഖ് സ്ഥിരപ്പെടുത്തുകയാണെങ്കിലും, മടക്കിയെടുക്കുകയാണെങ്കിലും അതിനു മര്യാദക്കാരായ രണ്ടു മുസ്ലിംകളെ സാക്ഷി നിറുത്തുകയും ചെയ്യേണ്ടതുണ്ട്. പിന്നീടു തര്‍ക്കമോ വഴക്കോ ഉണ്ടാകാതിരിക്കുവാനും, ഉണ്ടായേക്കുന്ന പക്ഷം സത്യം തെളിയിക്കുവാനും അതു ഉപയോഗപ്പെടുന്നു. മടക്കിയെടുക്കുമ്പോള്‍ സാക്ഷിയുടെ ആവശ്യകത ത്വലാഖിനെ അപേക്ഷിച്ച് കൂടുതലായിരിക്കും. ആവശ്യം നേരിടുമ്പോള്‍ സാക്ഷികള്‍ അല്ലാഹുവിനെ ഓര്‍ത്തു തങ്ങളുടെ സാക്ഷ്യം യഥാവിധി നിറവേറ്റലും നിര്‍ബന്ധമാകുന്നു. എന്നൊക്കെയാണ് ഈ വചനത്തില്‍ അല്ലാഹു കല്‍പ്പിക്കുന്നത്.

ഇതരഗ്രന്ഥങ്ങളെപ്പോലെ, ഒരു വിഷയം ആദ്യം തൊട്ട് അവസാനം വരെ വിവരിക്കുന്ന പതിവല്ല ഖുര്‍ആനിലുള്ളത്. നിയമങ്ങളും കല്പനകളും വിവരിക്കുന്നതിനിടയില്‍ തന്നെ ഉപദേശങ്ങളും തത്വങ്ങളും, പ്രോത്സാഹനങ്ങളും, താക്കീതുകളും അടങ്ങിയിരിക്കും. ഖുര്‍ആന്റെ പ്രതിപാദനരീതിയെപ്പറ്റി വിവരിച്ച കൂട്ടത്തില്‍ മുഖവുരയില്‍ ഈ സംഗതി നാം വിശദീകരിച്ചിട്ടുണ്ട്. 1-ാം വചനത്തിന്റെ അവസാനത്തില്‍, ഇതെല്ലം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാണെന്നും, അവയെ അതിലംഘിക്കുന്നവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്കയാണെന്നും പ്രസ്താവിച്ചു. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. അതുകൊണ്ട് അവന്റെ നിയമാതിര്‍തികള്‍ പാലിക്കുന്നതിലാണ് മനുഷ്യന്റെ നന്മ സ്ഥിതിചെയ്യുന്നതു എന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഈ വചനത്തിലാകട്ടെ, ത്വലാഖിനെ സംബന്ധിച്ച കല്‍പനകളെത്തുടര്‍ന്നുകൊണ്ട് ഇതെല്ലം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികളോടുള്ള ഉപദേശങ്ങളാണ് എന്ന ഒരു മുഖവുരയോടു കൂടി വളരെ പ്രധാനമായ പല യാഥാര്‍ത്യങ്ങളും അവരെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ മാത്രമേ ഇങ്ങിനെയുള്ള നിയമങ്ങള്‍ പാലിക്കുകയും വിലവെക്കുകയുമുള്ളു, അവയെ അനുസരിക്കാതെയും, വിലവെക്കാതെയും ഇരിക്കുന്നവര്‍ – പ്രത്യക്ഷത്തില്‍ അവര്‍ മുസ്ലിംകളായിരുന്നാലും ശരി – യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരായിരിക്കും. എന്നൊക്കെയാണ് ആ മുഖവുരയിലടങ്ങിയ സൂചനകള്‍.

ഈ മുഖവുരക്കുശേഷം, ഒന്നാമതായി ‘തഖ്‌വായെ’പ്പറ്റി -അഥവാ അല്ലാഹുവിന്റെ വിധിവില ക്കുകളെ അനുസരിക്കുക വഴി അവനെ സൂക്ഷിക്കുന്നതിനെപ്പറ്റി- യാണ് ഉണര്‍ത്തിയിരി ക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്കു അവരുടെ പ്രശ്നങ്ങള്‍ക്കു പോംവഴിയും, വിഷമങ്ങള്‍ക്കു രക്ഷാമാര്‍ഗവും അവന്‍ ഉണ്ടാക്കിക്കൊടുക്കുമെന്നും , അവര്‍ വിചാരിക്കാത്ത വിധത്തിലൂടെ ഉപജീവനമാര്‍ഗം നല്‍കുമെന്നുമാണ് അതിന്റെ ചുരുക്കം. ത്വലാഖു സംബ ന്ധമായ കാര്യങ്ങളെ വിവരിക്കുന്ന മദ്ധ്യേയാണ് ഇവിടെ ഇക്കാര്യം ഉണര്‍ത്തി യിട്ടുള്ളതെങ്കിലും, അവയടക്കം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്ന വിധി വിലക്കുകളെ സൂക്ഷിച്ചുപോരലാണ് തഖ്‌വാ കൊണ്ടു വിവക്ഷ. അപ്പോള്‍ മനുഷ്യന്റെ ഐഹികവും പാരത്രികവുമായ എല്ലാ നന്മകള്‍ക്കും എല്ലാ വിധ രക്ഷക്കും നിദാനം ഈ സൂക്ഷ്മതയാകുന്ന തഖ്‌വാതന്നെ. അതുകൊണ്ടാണ് അടിക്കടി തഖ്‌വായെപ്പറ്റി അല്ലാഹു ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെത്തന്നെ, 4-ാം വചനത്തില്‍, തഖ്‌വാ അനുഷ്ടിക്കുന്ന വര്‍ക്കു അല്ലാഹു അവരുടെ കാര്യങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും, 5-ാം വചനത്തില്‍ അവര്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും, വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുമെന്നും പ്രസ്താവിക്കുന്നതു നോക്കുക.

അല്ലാഹുവിന്റെ മേല്‍ കാര്യങ്ങളെ ഭാരമേല്‍പ്പിക്കുന്നവര്‍ക്കു അല്ലാഹു തന്നെ മതി എന്നാണ് അടുത്ത വാക്യത്തില്‍ ഉണര്‍ത്തുന്നത്. ഇതിനുള്ള കാരണവും അതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ പ്രാപിക്കും. അതിനു യാതൊരു തടസ്സമോ വിഘ്നമോ നേരിടുകയില്ല. അതില്‍ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല ഓരോരോ കാര്യത്തിനും – അതു ഇന്നിന്ന പ്രകാരം ഇന്നിന്നപോലെ എന്നൊക്കെ അവന്‍ വ്യവസ്ഥയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ട്. അതു അതുപോലെത്തന്നെ സംഭവിക്കും. അങ്ങിനെ മാത്രമേ സംഭവിക്കുകയുമുള്ളു. ഇതിലൊന്നും മറ്റാരുടെ കൈകടത്തലിനോ ഉദ്ദേശത്തിനോ യാതൊരു പഴുതുമില്ല. എന്നിരിക്കെ, അവനില്‍ കാര്യങ്ങളര്‍പ്പിക്കുന്ന അവന്റെ അടിയാന്റെ കാര്യങ്ങള്‍ വേണ്ടതിന്‍വണ്ണം ശരിപ്പെടുത്തിക്കൊടുക്കുവാന്‍ അവന്‍ തന്നെ പോരേ?! (اليس الله بكاف عبده) തീര്‍ച്ചയായും മതി!

നബി (സ) ഒരിക്കല്‍ ഇബ്നു അബ്ബാസ്‌ (റ)ന്നു നല്‍കിയ ചില ഉപദേശങ്ങള്‍ നമുക്കു ഇവിടെ ഓര്‍മ്മിക്കാം. തിരുമേനി പറഞ്ഞു: കുട്ടീ, നിനക്കു ഞാന്‍ ചില വാക്കുകള്‍ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ കാത്തുസൂക്ഷിച്ചു കൊള്ളുക, അവന്‍ നിന്നെയും കാത്തുസൂക്ഷിക്കും. നീ അല്ലാഹുവിനെ കാത്തുസൂക്ഷിക്കുക, അവനെ നിന്റെ മുമ്പില്‍ നിനക്കു കണ്ടെത്താം. നീ (വല്ലതും) ആവശ്യപ്പെടുന്നതായാല്‍, അല്ലാഹുവിനോടു ആവശ്യപ്പെടുക. നീ സഹായ മഭ്യര്‍ത്ഥിക്കുന്നതായാല്‍, അല്ലാഹുവിനോടു സഹായമര്‍ത്ഥിക്കുക. നീ അറിയണം: നിനക്കു ഉപകാരം ചെയ്‌വാന്‍ വേണ്ടി സമുദായങ്ങള്‍ എല്ലാം ഒരുമിച്ചുചേര്‍ന്നാലും, അല്ലാഹു നിനക്കു നിശ്ചയിച്ചുവെച്ചതല്ലാത്ത യാതൊന്നുകൊണ്ടും അവര്‍ നിനക്കു ഉപകാരം ചെയകയില്ല. നിനക്കു ഉപദ്രവം ചെയ്‌വാന്‍ അവരെല്ലാം ഒരുമിച്ചു ചേര്‍ന്നാലും, അല്ലാഹു നിന്റെ പേരില്‍ നിശ്ചയിച്ചതല്ലാത്ത യാതൊന്നുകൊണ്ടും അവര്‍ നിനക്കു ഉപദ്രവം ചെയ്കയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും, (*) ഏടുകള്‍ (മഷി) വറ്റുകയും ചെയ്തിരിക്കുന്നു. (അ; തി.)


(*) നടക്കുവാനിരിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു എന്നു സാരം. ‘ഖള്വാ‍ – ഖദ്റി’നെ നിഷേധിക്കുന്ന യുക്തിവാദക്കാര്‍ ഇതുപോലുള്ള ഹദീസുകളെയെല്ലാം തള്ളിക്കളയുക പതിവാണ്. ഇതിനെപ്പറ്റി സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ പ്രതിപാദിച്ചിട്ടുള്ളതു ഓര്‍ക്കുക.


അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കു (തഖ്‌വാ അനുഷ്ട്ടിക്കുന്നവര്‍ക്കു) അവര്‍ വിചാരിക്കാത്ത വിധത്തിലൂടെ ഉപജീവനം ലഭിക്കുമെന്നും, അല്ലാഹുവിന്റെമേല്‍ ഭാരമേല്‍പിക്കുന്നവര്‍ക്ക് (തവക്കുല്‍ ചെയ്യുന്നവര്‍ക്ക്) അവന്‍ തന്നെ മതി എന്നും പറഞ്ഞതിന്റെ താല്‍പര്യം, മനുഷ്യന്‍ ഒന്നും പ്രവര്‍ത്തിക്കാതെ ചുമ്മാ ഇരുന്നാലും അവന്‍ ഉദ്ദേശിച്ചതും ഇച്ഛിച്ചതുമെല്ലാം അങ്ങ് സാധിക്കുമെന്നല്ല. അല്‍പം തന്റേടവും അല്പം സത്യവിശ്വാസവുമുള്ള ആരും അങ്ങിനെ ധരിക്കുകയുമില്ല. അവിശ്വാസികളും യുക്തിവാദികളും പൊതുജനങ്ങളെ മതവിശ്വാസത്തില്‍ നിന്നു അകറ്റിക്കളയുവാന്‍ വേണ്ടി കല്‍പിച്ചുകൂട്ടി പൊക്കിക്കാട്ടാറുള്ള ഒരു സംശയം മാത്രമാണത്. മനുഷ്യനോടു ഓരോ തുറയിലും ചെയ്‌വാന്‍ കല്പിച്ചതു അവന്റെ പരമാവധി കഴിവുപയോഗിച്ചു അവന്‍ നിര്‍വ്വഹിക്കണം. അപ്പോള്‍, അതിലൂടെ അവന്‍ നിനക്കാത്ത നന്മകള്‍ അവനു ലഭിച്ചുകൊണ്ടിരിക്കുകയും, അവന്‍ ഊഹിക്കാത്ത രൂപത്തില്‍ അവനില്‍ നിന്നു തിന്മകള്‍ തട്ടിനീങ്ങിക്കൊണ്ടിരിക്കുകയും, അവന്റെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ അവനു നിവൃത്തിയായിക്കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ, ഇഹത്തില്‍ അവനു മനസ്സമാധാനവും, പരത്തില്‍ ശാശ്വത സുഖവും അല്ലാഹു അവനു കൈവരുത്തും എന്നത്രെ ചുരുക്കം. ധാരാളം ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവാക്യങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ് ഈ വാസ്തവം. സന്ദര്‍ഭം പോലെ പലപ്പോഴും നാമതു ചൂണ്ടിക്കാട്ടാറുമുണ്ട്. അല്ലാഹു തുടര്‍ന്നു പറയുന്നു:-

65:4

  • وَٱلَّٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَٰثَةُ أَشْهُرٍ وَٱلَّٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا ﴾٤﴿
  • നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ, – നിങ്ങള്‍ സംശയപ്പെടുകയാണെങ്കില്‍ – അവരുടെ ‘ഇദ്ദഃ’ മൂന്നുമാസമാകുന്നു:- ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങിനെ) തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാണ്. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ കാര്യത്തെക്കുറിച്ച് അവന്‍ എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
  • وَاللَّائِي യാതൊരു സ്ത്രീകള്‍ يَئِسْنَ നിരാശപ്പെട്ട مِنَ الْمَحِيضِ ആര്‍ത്തവത്തെ സംബന്ധിച്ചു مِن نِّسَائِكُمْ നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് إِنِ ارْتَبْتُمْ നിങ്ങള്‍ സംശയ (സന്ദേഹ) പ്പെടുന്ന പക്ഷം فَعِدَّتُهُنَّ എന്നാലവരുടെ ഇദ്ദഃ ثَلَاثَةُ أَشْهُرٍ മൂന്നു മാസമാണ് وَاللَّائِي യാതൊരു സ്‌ത്രീകളും, സ്‌ത്രീകളുടെയും لَمْ يَحِضْنَ ആര്‍ത്തവമുണ്ടാകാത്ത, ഋതുവായിട്ടില്ലാത്ത وَأُولَاتُ الْأَحْمَالِ ഗര്‍ഭമുള്ള സ്‌ത്രീകള്‍ أَجَلُهُنَّ അവരുടെ അവധി أَن يَضَعْنَ അവര്‍ പ്രസവിക്കലാണു حَمْلَهُنَّ അവരുടെ ഗര്‍ഭം وَمَن يَتَّقِ ആര്‍ സൂക്ഷിക്കുന്നുവോ اللَّـهَ അല്ലാഹുവിനെ يَجْعَل لَّهُ അവന്‍ അവനു ഉണ്ടാക്കി (ഏര്‍പ്പെടുത്തി) ക്കൊടുക്കും مِنْ أَمْرِهِ അവന്റെ കാര്യത്തെ സംബന്ധിച്ചു يُسْرًا എളുപ്പം, സൗകര്യം

65:5

  • ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا ﴾٥﴿
  • അതു അല്ലാഹുവിന്റെ കല്‍പനയാകുന്നു; അവന്‍ അതു നിങ്ങള്‍ക്കു ഇറക്കിത്തന്നി രിക്കുകയാണ്‌. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ തിന്മകളെ അവന്‍ (മാപ്പാക്കി) മറച്ചുവെച്ചുകൊടുക്കുകയും, അവനു പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും.
  • ذَٰلِكَ അതു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പനയാണ് أَنزَلَهُ അതിനെ ഇറക്കിയിരി ക്കുന്നു إِلَيْكُمْ നിങ്ങളിലേക്കു وَمَن يَتَّقِ اللَّـهَ അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ يُكَفِّرْ عَنْهُ അവന്‍ അവന്നു മറച്ചു (മൂടി) വെച്ചുകൊടുക്കും سَيِّئَاتِهِ അവന്റെ തിന്‍മകളെ يُعْظِمْ لَهُ അവനു വമ്പിച്ചതാ (വലുതാ) ക്കുകയും ചെയ്യും أَجْرًا പ്രതിഫലം

ആര്‍ത്തവമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃകാലം മൂന്നു ആര്‍ത്തവശുദ്ധി ഉണ്ടാകലാണെന്നു മുമ്പു 1-ാം വചനത്തിന്റെ വിവരണത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രായാധിക്യം നിമിത്തം ആര്‍ത്തവം നിലച്ചുപോയവളുടെയും, തീരെ ആര്‍ത്തവമുണ്ടായിട്ടില്ലാത്തവളുടെയും ഇദ്ദഃ മൂന്നു മാസക്കലമാണെന്നു ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. ഇവരുടെ ഇദ്ദഃയെപ്പറ്റി നിങ്ങള്‍ സംശയപ്പെടുന്നപക്ഷം (إِنِ ارْتَبْتُمْ) എന്നു പറയുവാന്‍ കാരണം, സൂറത്തുല്‍ ബഖറഃയില്‍ ആര്‍ത്തവമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, ആര്‍ത്തവം ഉണ്ടാകാത്ത സ്ത്രീകളുടെ ഇദ്ദഃയെക്കുറിച്ചു ചിലര്‍ക്കു സംശയം ഉണ്ടായതാണെന്നും, അതിനെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (ഹാ;ബ.) രക്തം കാണുകയും, അതു ആര്‍ത്തവമോ രക്തസ്രാവമോ എന്നറിയപ്പെടാതെ സംശയപ്പെട്ടാല്‍ എന്നാണ് ആ വാക്കുകൊണ്ടു ഉദ്ദേശ്യം എന്നത്രെ മുജാഹിദ് (റ) മുതലായ ചിലരുടെ അഭിപ്രായം. ആദ്യം പറഞ്ഞതാണ് ഇബ്നുജരീര്‍ (റ) ബലപ്പെടുത്തിയിരിക്കുന്നത്. എനി ബാക്കിയുള്ളതു ത്വലാഖു നടക്കുമ്പോള്‍ ഗര്‍ഭവതികളായ സ്ത്രീകളാണ്. അവരുടെ ഇദ്ദഃ അവരുടെ പ്രസവം വരെയാണ്. പ്രസവം ഉടനെത്തന്നെ സംഭവിച്ചാലും ശരി, കുറേ മാസങ്ങള്‍ക്കുശേഷമായിരുന്നാലും ശരി, അതോടെ ഇദ്ദഃയും അവസാനിക്കും.

കഴിഞ്ഞ വചനങ്ങളില്‍ കണ്ടതുപോലെ, ഈ രണ്ടു വചനങ്ങളിലും തന്നെ അല്ലാഹുവിനെ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നതും, 5-ാം വചനത്തില്‍ ഇതൊക്കെ അല്ലാഹു നിങ്ങള്‍ക്കു ഇറക്കിത്തന്ന കല്‍പനകളാണെന്നു ഉണര്‍ത്തിയി രിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇങ്ങിനെയുള്ള വാക്യങ്ങള്‍ ഓരോന്നും സശ്രദ്ധം മനസ്സിരുത്തിക്കൊണ്ടായിരിക്കണം നാം ഖുര്‍ആന്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും. അല്ലാഹു നമുക്ക് അതിനു തൗഫീഖു നല്‍കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള ചില ബാധ്യതകളെക്കുറിച്ചും മറ്റും പ്രസ്താവിക്കുന്നു:-

65:6

  • أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَٰتِ حَمْلٍ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ ﴾٦﴿
  • നിങ്ങള്‍ താമസിക്കുന്നിടത്തില്‍പെട്ട -അതായതു, നിങ്ങളുടെ കഴിവില്‍പെട്ട- (ഒരു) സ്ഥലത്തു നിങ്ങള്‍ അവരെ താമസിപ്പിക്കുവിന്‍. അവരുടെ മേല്‍ ഇടുക്കം [ഞെരുക്കം] ഉണ്ടാക്കുവാന്‍വേണ്ടി നിങ്ങള്‍ അവരോടു ഉപദ്രവം പ്രവര്‍ത്തിക്കരുത്‌. അവര്‍ ഗര്‍ഭവതികളാണെങ്കില്‍, അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കുന്നതുവരേക്കും നിങ്ങള്‍ അവര്‍ക്കു ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവര്‍ നിങ്ങള്‍ക്കുവേണ്ടി (കട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങള്‍ തമ്മില്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ (അന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്‍, അപ്പോള്‍ അവനു (ഭര്‍ത്താവിനു) വേണ്ടി വേറൊരുവള്‍ (കുട്ടിക്കു) മുല കൊടുത്തേക്കാവുന്നതാണ്.
  • أَسْكِنُوهُنَّ നിങ്ങള്‍ അവരെ താമസി (പാര്‍പ്പി)ക്കുവിന്‍ مِنْ حَيْثُ سَكَنتُم നിങ്ങള്‍ താമസിക്കുന്നതില്‍പെട്ട സ്ഥലത്തു مِّن وُجْدِكُمْ അതായതു നിങ്ങളുടെ കഴിവില്‍ (നിവൃത്തിയില്‍)പെട്ട وَلَا تُضَارُّوهُنَّ അവരോടു നിങ്ങള്‍ ഉപദ്രവം പ്രവര്‍ത്തിക്കരുതു, ഉപദ്രവനയം കാട്ടരുത് لِتُضَيِّقُوا നിങ്ങള്‍ ഇടുക്കം (കുടുക്കം-ഞെരുക്കം) ഉണ്ടാക്കുവാന്‍ عَلَيْهِنَّ അവരുടെമേല്‍ وَإِن كُنَّ അവരാണെങ്കില്‍ أُولَاتِ حَمْلٍ ഗര്‍ഭവതികള്‍ فَأَنفِقُوا എന്നാല്‍ ചിലവഴിക്കുവിന്‍, ചിലവുകൊടുക്കണം عَلَيْهِنَّ അവര്‍ക്കു حَتَّىٰ يَضَعْنَ അവര്‍ പ്രസവിക്കുന്നതു വരെ حَمْلَهُنَّ അവരുടെ ഗര്‍ഭം فَإِنْ أَرْضَعْنَ എനി (എന്നിട്ടു) അവര്‍ മുല (പാല്‍) കൊടുത്തെങ്കില്‍ لَكُمْ നിങ്ങള്‍ക്കു വേണ്ടി فَآتُوهُنَّ എന്നാലവര്‍ക്കു കൊടുക്കുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ وَأْتَمِرُوا നിങ്ങള്‍ കാര്യലോചന നടത്തുകയും ചെയ്യുവിന്‍ بَيْنَكُم നിങ്ങള്‍ക്കിടയില്‍, തമ്മില്‍ بِمَعْرُوفٍ സദാചാരം (മര്യാദ- നല്ല വഴക്കം) അനുസരിച്ചു وَإِن تَعَاسَرْتُمْ നിങ്ങള്‍ അന്യോന്യം ഞെരുക്കം കാട്ടിയാല്‍ (പ്രകടിപ്പിച്ചാല്‍) فَسَتُرْضِعُ അപ്പോള്‍ മുലകൊടുത്തേക്കാം, മുലകൊടുക്കണം لَهُ അവനുവേണ്ടി أُخْرَىٰ മറ്റൊരുവള്‍.

65:7

  • لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا ﴾٧﴿
  • നിവൃത്തിയുള്ളവന്‍ തന്റെ നിവൃത്തിയില്‍നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതോരുവന്റെമേല്‍ അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍, തനിക്കു അല്ലാഹു നല്‍കിയതില്‍നിന്നും ചിലവഴിച്ചുകൊള്ളട്ടെ.
    ഒരു ദേഹത്തോടും [ആളോടും] അല്ലാഹു അതിനു നല്‍കിയതല്ലാതെ (ചിലവാക്കുവാന്‍) അവന്‍ ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്‍പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്.
  • لِيُنفِقْ ചിലവഴിക്കട്ടെ ذُو سَعَةٍ നിവൃത്തിഉള്ളവന്‍ مِّن سَعَتِهِ അവന്റെ നിവൃത്തിയില്‍ നിന്നു وَمَن യാതൊരുവന്‍ قُدِرَ عَلَيْهِ അവന്റെ മേല്‍ കണക്കാക്കപ്പെട്ടു (കുടുസ്സാക്കപ്പെട്ടു) എന്നാല്‍ رِزْقُهُ അവന്റെ ആഹാരം, ഉപജീവനം فَلْيُنفِقْ എന്നാലവന്‍ ചിലവഴിക്കട്ടെ مِمَّا آتَاهُ അവന്നു നല്‍കിയതില്‍ നിന്നു اللَّـهُ അല്ലാഹു لَا يُكَلِّفُ اللَّـهُ അല്ലാഹു ശാസിക്കുക (കീര്‍ത്തിക്കുക – വിഷമിപ്പിക്കുക)യില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും إِلَّا مَا آتَاهَا അതിനു അവന്‍ നല്‍കിയതു (നല്‍കിയതനുസരിച്ചു) അല്ലാതെ سَيَجْعَلُ اللَّـهُ അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും بَعْدَ عُسْرٍ ഒരു ഞെരുക്കത്തിനു (പ്രയാസത്തിനു) ശേഷം يُسْرًا ഒരു എളുപ്പം, സൗകര്യം

സാരം: വിവാഹമോചനം (ത്വലാഖ്) ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു അവരുടെ ഇദ്ദഃകാലം കഴിയുന്നതുവരെ ഭര്‍ത്താവ് പാര്‍പ്പിടം നല്‍കേണ്ടതാണ്. അവന്റെ വസതികളില്‍ ഏതെങ്കിലും ഒന്നില്‍, ഒരേവസതി മാത്രമാണുള്ളതെങ്കില്‍ – ഖത്താദഃ (റ) പറഞ്ഞതു പോലെ – അതിന്റെ ഒരു വശത്തു അവളെ താമസിപ്പിക്കണം. വീട്ടിന്റെ നിലവാരവും തോതും കണക്കാക്കുന്നതു അവനവന്റെ സ്ഥിതിയും കഴിവുമനുസരിച്ചു മാത്രമായിരിക്കും. ഏതെങ്കിലും വിധേന അവളെ സ്വൈരം കേടുത്തുവാനോ വിഷമിപ്പിക്കുവാനോ പാടുള്ളതല്ല. അവളെ ശല്യപ്പെടുത്തുമാറുള്ള പെരുമാറ്റവും പാടില്ല. അവള്‍ ഗര്‍ഭവതിയാണെന്നു കണ്ടാല്‍ പ്രസവം കുഴിയുന്നതുവരെ അവളുടെ ചിലവ് നടത്തുകയും വേണം. പ്രസവാനന്തരം കുട്ടിക്കു അവള്‍ തന്നെ മുലകൊടുക്കുന്ന പക്ഷം – അതാണ്‌ വേണ്ടതും – മുലകുടി മാറ്റുന്നതുവരേക്കും അവള്‍ക്കു തക്കതായ പ്രതിഫലവും നല്‍കേണ്ടതുണ്ട്. പ്രതിഫലം എന്തായിരിക്കണമെന്നും, അവള്‍ക്കു തന്നെ അതു നിര്‍വഹിക്കാമോ എന്നും മറ്റും ഇരുഭാഗക്കാരും അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാകുന്നു. കുട്ടിക്കോ, അവള്‍ക്കോ, അവനോ പ്രത്യേക വിഷമമൊന്നും ഏര്‍പ്പെടാത്ത വിധം തീരുമാനമെടുക്കണം. എനി, അവള്‍ മുലകൊടുക്കുന്നത് ഏതെങ്കിലും വിധേന വിഷമകരമാണെന്നു കാണുന്ന പക്ഷം, വേറെ സ്ത്രീകളെ മുലകൊടുക്കുവാന്‍ ഏല്‍പ്പിക്കുകയും ചെയ്യാം. വിരോധമില്ല. ഏതായാലും, ചിലവുകൊടുക്കുന്നതിലും, പ്രതിഫലം നല്‍കുന്നതിലും, പാര്‍പ്പിട സൗകര്യം അനുവദിക്കുന്നതിലുമെല്ലാം തന്നെ, ഓരോരുത്തരുടെയും കഴിവും, നിവൃത്തിമാര്‍ഗവുമാണ്‌ പരിഗണിക്കപ്പെടെണ്ടത്. കഴിവുള്ളവര്‍ തങ്ങളുടെ കഴിവനുസരിച്ചും, കഴിവില്ലാത്തവര്‍ താന്താങ്ങളുടെ സ്ഥിതിക്കനുസരിച്ചും ചിലവഴിക്കണമെന്നല്ലാതെ, കഴിവിനപ്പുറം വല്ലതും ചെയ്‌വാന്‍ ആരോടും നിര്‍ബന്ധിക്കുവാന്‍ പാടില്ല. എന്നൊക്കെയാണ് അല്ലാഹു ഈ വചനങ്ങളില്‍ കല്പിക്കുന്നത്. ദാരിദ്ര്യം കൊണ്ടും മറ്റും ഞെരുങ്ങിക്കഴിയുന്നവര്‍ ഒരിക്കലും നിരാശപ്പെടരുതെന്നും, അല്‍പം കഴിയുമ്പോള്‍ തങ്ങളുടെ നില അല്ലാഹു ഭേദപ്പെടുത്തി ആശ്വാസം നല്‍കുമെന്നും, സല്‍പ്രതീക്ഷ കൈവിടരുതെന്നും, അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുന്നവര്‍ക്ക് അവന്‍ വഴിയെ നന്‍മ കൈവരുത്തുമെന്നും അവസാനമായി സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയും ചെയ്യുന്നു.

മടക്കിയെടുക്കാവുന്ന ത്വലാഖ് (*) മൂലം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു അവര്‍ ഇദ്ദഃയിലിരിക്കുന്ന സമയത്തു താമസസ്ഥലവും ഭക്ഷണച്ചിലവും ഭര്‍ത്താവു നല്‍കേണ്ടതാണ് എന്നിരിക്കെ ഗര്‍ഭവതികളാണെങ്കില്‍ ഗര്‍ഭം പ്രസവിക്കുന്നതു വരെ അവള്‍ക്കു ചിലവു കൊടുക്കണം (الخ وَإِن كُنَّ أُولَاتِ حَمْلٍ) എന്നു പറഞ്ഞതിന്റെ താല്‍പര്യം രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. (1) സ്‌ത്രീ ഗര്‍ഭവതിയാണെങ്കില്‍ മടക്കിയെടുക്കാവുന്ന ത്വലാഖായാലും മടക്കിയെടുക്കുവാന്‍ പാടില്ലാത്ത ത്വലാഖായാലും അവള്‍ പ്രസവിക്കുന്നതു വരെ ചിലവു കൊടുക്കണമെന്നാണ് ഇതിന്റെ താല്പര്യമെന്നത്രെ അധിക പണ്ഡിത ന്മാരുടെയും അഭിപ്രായം. (2) അതല്ല, മടക്കി എടുക്കാവുന്ന ത്വലാഖിനു വിധേയരായ സ്ത്രീകളെക്കുറിച്ചു തന്നെയാണ് ഈ പ്രസ്താവനയും. പക്ഷേ, അവര്‍ക്കു ഗര്‍ഭമുണ്ടെങ്കില്‍ സാധാരണ ഗതിയിലുള്ള അവരുടെ ഇദ്ദഃകാലം അവസാനിക്കുന്നതോടെ അവരുടെ ചിലവിന്റെ ബാധ്യത അവസാനിക്കുന്നില്ല. അവര്‍ എപ്പോള്‍ പ്രസവിക്കുന്നുവോ അതുവരെ ചിലവു കൊടുക്കണം. പ്രസവം ഒരുപക്ഷേ, പിന്നെയും കുറേകൂടി ദീര്‍ഘിച്ചേക്കാനിടയുണ്ടല്ലോ. അതാണു ഈ വാക്യത്തിലെ സൂചന എന്നാണ് മറ്റൊരുപക്ഷം. (كما فى ابن كثير والله اعلم) ത്വലാഖിന്റെ ചില രൂപങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ പാര്‍പ്പിടത്തിന്റെയും ചിലവിന്റെയും വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണാവുന്നതാണ്. പ്രസ്തുത അഭിപ്രായങ്ങളും, ഓരോ വിഭാഗക്കാര്‍ക്കും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും പറയുവാനുള്ള ന്യായങ്ങളും, ഇവിടെ വിവരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതെല്ലാം ഫിഖ്ഹു (കര്‍മ്മശാസ്‌ത്ര) ഗ്രന്ഥങ്ങളില്‍ നിന്നു അറിയേണ്ടതാകുന്നു.


(*) ഒരു ഭര്‍ത്താവു തന്റെ ഭാര്യയെ വിവാഹമോചനം (ത്വലാഖ്) ചെയ്യുന്നതു ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രാവശ്യമാണെങ്കില്‍ അതിനു മടക്കിയെടുക്കാവുന്ന ത്വലാഖ് (الطلاق الرجعى) എന്നു പറയപ്പെടുന്നു. അല്ലാത്ത വേര്‍പാടുകളെല്ലാം മടക്കിയെടുക്കുവാന്‍ പാടില്ലാത്തതും (البائن) ആകുന്നു. ഓരോന്നിനും അതിന്റേതായ ഉപാധികളും നിയമങ്ങളുമുണ്ടുതാനും.


ഇദ്ദഃയിലിരിക്കുന്ന സ്ത്രീകള്‍ക്കു പാര്‍പ്പിടവും ചിലവും നല്‍കുന്നതു സംബന്ധിച്ചു ഇന്നു മുസ്‌ലിം സമുദായം കൈകൊണ്ടുവരുന്ന അലസനയത്തെയും അതിന്റെ ഭവിഷ്യത്തിനെയും കുറിച്ച് നാം മുകളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ഇങ്ങിനെയുള്ള ദൈവിക കല്‍പനകളെ അതിലംഘിച്ച സമുദായങ്ങള്‍ക്കു ഇഹത്തിലും പരത്തിലും നേരിടുന്ന അനന്തര ഫലങ്ങള്‍ എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍നിന്നു മുസ്‌ലിംകള്‍ക്കു മനസ്സിലാക്കാവുന്നതാണ്.

വെളിച്ചം റമദാൻ 2021 – റമദാൻ 17

സൂറത്തു-ത്തഗാബുന്‍ : 11-18

തഗാബുൻ (നഷ്ടം വെളിപ്പെടല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 2

64:11

  • مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾١١﴿
  • യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
  • مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

64:12

  • وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ﴾١٢﴿
  • അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
  • وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.

64:13

  • ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٣﴿
  • അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേല്‍ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
  • اللَّـهُ അല്ലാഹു لَا إِلَـٰهَ ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ ഭരമേൽപിച്ചു കൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല. ഇതു അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമത്രെ. അല്ലാഹുവില്‍ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്‍ സന്മാർഗം കാണിച്ചു കൊടുക്കുകയും, അതിലേക്കു നയിക്കുകയും ചെയ്യും. അവനു ബാധിക്കുന്നതെല്ലാം – നന്മയാകട്ടെ, തിന്മയാകട്ടെ – അവനു ഗുണകരമായി കലാശിക്കുകയും ചെയ്യും. അതാണ് ഒരു തിരുവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളി ചെയ്തിരിക്കുന്നത്: ‘സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യമാണ്! അവനു അല്ലാഹു ഏതൊന്നു വിധിച്ചാലും അതവനു ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്ടപ്പാടും) അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ, അതവനു ഗുണമായിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യും. അങ്ങനെ അതും അവനു ഗുണമായിത്തീരും. ഇതു സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമുണ്ടാവുകയില്ല’.(ബു; മു.)

അല്ലാഹുവിങ്കല്‍ നിന്നു ‘ഹിദായത്തു’ (സന്മാർഗ്ഗദർശനം) ലഭിക്കുവാനുള്ള ഒന്നാമത്തെ ഉപാധി വിശ്വാസം തന്നെ. വിശ്വാസത്തിന്റെ സാക്ഷാൽകരണം അല്ലാഹുവിനെയും, റസൂലിനെയും -അവരുടെ വിധിവിലക്കുകളെ- അനുസരിക്കൽ കൊണ്ടുമാകുന്നു. ഇതു രണ്ടും സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവനുതന്നെ. റസൂലിനു അതില്‍ ബാധ്യതയൊന്നുമില്ല. അല്ലാഹുവിന്റെ ദൗത്യം ശരിക്കും പ്രബോധനം ചെയ്തു എത്തിച്ചുകൊടുക്കുക മാത്രമേ അദ്ദേഹത്തിനു ചുമതലയുള്ളൂ. അതദ്ദേഹം നിർവഹിച്ചിട്ടുമുണ്ട്. എന്നിട്ട് പിന്നെയും പിന്‍തിരിഞ്ഞു പോകുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരിലെങ്കിലും അർപ്പിച്ചുകൊള്ളട്ടെ. തൗഹീദിന്റെ ആൾക്കാരായ സത്യവിശ്വാസികള്‍ അവരുടെ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ മാത്രം അർപ്പിക്കേണ്ടാതാണ്. അവന്‍ മതി അവർക്ക്.

64:14

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٤﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

64:15

  • إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ ﴾١٥﴿
  • നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
  • إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം (തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി

നിത്യേന നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങളാണ് അല്ലാഹു ഈ വചനങ്ങളില്‍ ഉണർത്തുന്നത്. മനുഷ്യന്‍ അവന്റെ ഐഹികജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളുടെ സിംഹഭാഗവും തന്റെ ഭാര്യാമക്കളെച്ചൊല്ലിയോ, അല്ലെങ്കില്‍ അവരുടെ ഹേതുമൂലം സംഭവിക്കുന്നതോ ആയിരിക്കും. ഭാര്യാമക്കളുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി, അല്ലെങ്കില്‍ അവരോടുള്ള വാത്സല്യം നിമിത്തം, അല്ലെങ്കില്‍ അവരുടെ ഏതെങ്കിലും കൊള്ളരുതായ്മ മൂലം അവന്‍ പല അപകടത്തിലും, വേണ്ടാവൃത്തിയിലും ചെന്നുചാടും. അപമാനം സഹിക്കേണ്ടിവരുന്നു, അക്രമത്തിനും വഞ്ചനക്കും ഒരുമ്പെടുന്നു, കുടുംബങ്ങളോടും മിത്രങ്ങളോടും പിണങ്ങേണ്ടിവരുന്നു, ദാനധർമങ്ങള്‍ മുടങ്ങേണ്ടിവരുന്നു, ദുർവ്യയം ചെയ്യുന്നു, കടംപേറുന്നു, വാഗ്ദത്തം ലംഘിക്കുന്നു, മതപരവും സദാചാരപരവുമായ നിർബന്ധകടമകള്‍ ഉപേക്ഷിക്കുന്നു, അങ്ങിനെ പലതും. ചുരുക്കത്തില്‍ ഐഹികവും പാരത്രികവുമായ തുറകളില്‍ അവര്‍ നിമിത്തം അവനു നേരിട്ടേക്കുന്ന ദോഷങ്ങള്‍ നിരവധിയാണ്. അതുകൊണ്ടു ഭാര്യാമക്കള്‍ നിമിത്തം ഇങ്ങിനെയുള്ള ദുരവസ്ഥയില്‍ പതിക്കുവാന്‍ കാരണമാക്കുന്നതിനെക്കുറിച്ച് എപ്പോഴും വളരെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളണമെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതുചെയ്യുന്നു.

അതേ സമയത്തു മറ്റൊരു വശവും നോക്കേണ്ടാതായുണ്ട്. ഒരാളുടെ ഭാര്യാമക്കള്‍ സ്വാഭാവികമായും അയാളുടെ അത്രതന്നെ പാകത പ്രാപിച്ചവരായിരിക്കയില്ലല്ലോ. അവരെ നന്നാക്കിത്തീർക്കേണ്ടുന്ന ചുമതലയും അവനുണ്ട്. ആകയാല്‍, അവരിൽ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്കെല്ലാം അവർക്കെതിരെ നടപടിയെടുക്കുവാന്‍ മുതിരുന്നതും ശരിയല്ല. ചില സന്ദർഭുങ്ങളില്‍ അതു ആവശ്യവും സ്വീകാര്യവുമായിരിക്കാമെന്നു മാത്രം. കഴിയുന്നതും ക്ഷമിക്കുക, മാപ്പും വിട്ടുവീഴ്ചയും കൈകൊള്ളുക, ഇതാണ് കരണീയമായിട്ടുള്ളത്. ഇതിനു പ്രോത്സാഹനം നൽകുക മാത്രമല്ല അല്ലാഹു ചെയ്തിരിക്കുന്നത്. അതു നിമിത്തം അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പൊറുതിയും കാരുണ്യവും ലഭിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (14-ാം വചനത്തിന്റെ അവസാനഭാഗം നോക്കുക.) അപ്പോള്‍, നല്ലതും ചീത്തയും നോക്കാതെ, ന്യായാന്യായവ്യത്യാസം കൂടാതെ, ഹലാലും ഹറാമും (പാടുളളതും പാടില്ലാത്തതും) ആലോചിക്കാതെ കണ്ടമാനം ഭാര്യാമക്കളുടെ ഇഷ്ടത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്കും, നേരെമറിച്ചു വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സ്വന്തം ഭാര്യയെയും മക്കളെയും ശാസിച്ചും മർദ്ദിച്ചും വരുന്നവർക്കും ഈ വചനത്തില്‍ താക്കീതുണ്ടെന്നുകാണാം.

‘നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. പലപ്പോഴും ഐഹികനന്മയും, പാരത്രികനന്മയും തമ്മില്‍ വൈരുദ്ധ്യമായിരിക്കും ഉണ്ടായിരിക്കുക. അങ്ങിനെ വരുമ്പോള്‍, മുൻഗണന നൽകേണ്ടതു ഏതിനാണ് എന്നും അല്ലാഹു അതോടൊപ്പം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ പരീക്ഷണം വിജയകരമായി കലാശിക്കേണമെങ്കില്‍, സ്വത്തുമൂലവും മക്കള്‍മൂലവും ലഭിച്ചേക്കുന്ന എല്ലാ ഐഹിക താൽപര്യങ്ങളെയും വർജ്ജിക്കണമെന്നുണ്ടോ?’അതില്ല.

وَلا تَنْسَ نَصِيبَكَ مِنَ الدُّنْيَا – القصص (ഇഹത്തില്‍ നിന്നുള്ള നിന്റെ പങ്കു വിസ്മരിക്കുകയും വേണ്ടാ.) എന്നാല്‍, പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ ആരായിരിക്കുമെന്നു അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം.

64:16

  • فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٦﴿
  • അതുകൊണ്ട് നിങ്ങൾക്കു സാധ്യമായപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; കേൾക്കുകയും, അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങൾക്കു സ്വന്തംതന്നെ ഗുണകരമായ നിലക്കു (ധനം) ചിലവഴിക്കുകയും ചെയ്യുവിന്‍. യാതൊരുവന്‍ അവന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആർത്തിയില്‍) നിന്നു കാത്തുരക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ مَااسْتَطَعْتُمْ നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര وَاسْمَعُوا കേൾക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ وَأَنفِقُوا ചിലവു ചെയ്യുകയും ചെയ്യുവിൻ خَيْرً ഗുണമായിട്ടു, ഗുണമായ നിലക്കു لِّأَنفُسِكُمْ നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി وَمَن يُوقَ ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

ധനം മുഖേനയും മക്കള്‍ മുഖേനയുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടുവാനുള്ള മാർഗങ്ങള്‍ ഇവയാണ്: (1) എല്ലാ വിഷയത്തിലും അവനവനു കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക. അഥവാ അവന്റെ വിധിവിലക്കുകളെ അതിലംഘിക്കാതെയും, അവന്റെ ശിക്ഷയെ സൂക്ഷിച്ചും കൊണ്ടിരിക്കുക. (2) ഓരോ വിഷയത്തിലും അല്ലാഹുവും അവന്റെ റസൂലും കൽപ്പിക്കുന്ന കൽപ്പനകളും, നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങളും കേട്ടു മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക. (3) അതനുസരിച്ചു പ്രവർത്തിക്കുക. (4) അവനവനു യഥാർത്ഥത്തില്‍ ഗുണകരമായി കലാശിക്കുന്ന വിഷയങ്ങളില്‍ പരമാവധി ചിലവുചെയ്യുക. ഈ നാലു കാര്യങ്ങളും വേണ്ടതുപോലെ ഗൗനിക്കുന്നവർക്കു തങ്ങളുടെ മക്കളും സ്വത്തുക്കളുമെല്ലാം വമ്പിച്ച അനുഗ്രഹമായിരിക്കും. ഇല്ലെങ്കിലോ? ശാപവും! എന്നാല്‍, ഇക്കാര്യങ്ങള്‍ ഗൗനിക്കപ്പെടുന്നതിനു ഏറ്റവും വലിയ വിഘാതമായിത്തീരുന്നതു മനസ്സിന്റെ അടിത്തട്ടില്‍ ഒളിച്ചു കിടക്കുന്ന ഒരു പൈശാചിക ദുർഗുണമത്രെ. അതെ, സ്വന്തം കയ്യിലുള്ളതു ചിലവാക്കുവാനുള്ള പിശുക്കും, മറ്റുള്ളവരുടെ പക്കലുള്ളതുകൂടി ലഭിക്കുവാനുള്ള ആർത്തിയും. ഇതിനാണ്  شح (‘ശുഹ്-ഹ്) എന്നുപറയുന്നത്. ഏതൊരു ഹൃദയത്തില്‍ ‘ശുഹ്-ഹു’ കുടികൊണ്ടിരിക്കുന്നുവോ ആ ഹൃദയത്തിനു മേല്‍പ്രസ്താവിച്ച നാലുകാര്യങ്ങളും യഥാവിധി സ്വീകരിക്കുവാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് ‘ശുഹ്-ഹി’ല്‍ നിന്നു രക്ഷപ്പെട്ടവരാണ് വിജയികള്‍ എന്ന് അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നത്. (ശുഹ്ഹി-‘ നെപ്പറ്റി സൂ: ഹശ്ര്‍ 9-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓർക്കുക.)

അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞപ്പോള്‍ നിങ്ങൾക്കു് ‘സാധ്യമായത്ര’ (مَا اسْتَطَعْتُمْ) എന്നു ഉപാധിവെച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. ഒരോരുത്തന്റെയും പരമാവധി കഴിവുപോലെ അല്ലാഹുവിനെ സൂക്ഷിക്കണം എന്നു സാരം. സൂ: ആലുഇംറാന്‍ 102ല്‍ ‘അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുവിന്‍’ (اتَّقُوا اللَّـهَ حَقَّ تُقَاتِهِ) എന്നു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. അല്ലാഹുവിനോടുള്ള കടപ്പാടു പരിപൂർണ്ണുമായി നിറവേറ്റുവാന്‍ മനുഷ്യർക്കു സാധ്യമല്ലെന്നും, സാധ്യതയുടെ അളവില്‍തന്നെ വ്യക്തികളെല്ലാം സമനിലക്കാരല്ലെന്നും വ്യക്തമാണല്ലോ. ഒരാളോടുംതന്നെ ആ ആളുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) എന്നു അല്ലാഹു അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതുകൊണ്ടുതന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നതും:

اذا امرتكم بامر فأتو منه ما استطعتم وما نهيتكم عنه فاجتنبوه – متفق عليه

(നിങ്ങളോടു ഞാന്‍ വല്ല കാര്യവും കൽപ്പിച്ചാൽ നിങ്ങള്‍ അതില്‍ നിങ്ങൾക്കു സാധിക്കുന്നത്ര കൊണ്ടുവരുവിന്‍. നിങ്ങളോടു ഞാന്‍ എന്തു വിരോധിച്ചുവോ അതു നിങ്ങള്‍ വർജ്ജിക്കുകയും ചെയ്യുവിന്‍, (ബു;മു.) കൽപിച്ചതു മുഴുവന്‍ ചെയ്‌വാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ വിരോധിച്ചതു വിട്ടുകളയുവാന്‍ സാധിക്കാതെ വരികയില്ലല്ലോ. അതുകൊണ്ടാണ് വിരോധിച്ചതു അപ്പടി വർജ്ജിക്കുകതന്നെ വേണമെന്നു തിരുമേനി കൽപ്പിക്കുന്നത്.

64:17

  • إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ ﴾١٧﴿
  • അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.
  • إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്

64:18

  • عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْعَزِيزُ ٱلْحَكِيمُ ﴾١٨﴿
  • (അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞനാണ്!
  • عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെ (പരസ്യമായതിനെ)യും الْعَزِيزُ പ്രതാപശാലിയാണു الْحَكِيمُ അഗാധജ്ഞനാണു, യുക്തിമാനാണു

അല്ലാഹുവിനു നല്ല വിധത്തില്‍ കടം ക്കൊടുക്കുന്നതിനെപ്പറ്റി സൂ: ഹദീദില്‍ വിവരിച്ചിരിക്കുന്നതു ഓർമ്മിക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: (أن الله تعالى يقول: من يقرض غير ظلوم ولا عديم – متفق) ‘അക്രമം ചെയ്യുന്നവനോ കൈവലഞ്ഞവനോ ഒന്നുമല്ലാത്തവനു കടം കൊടുക്കുന്നവര്‍ ആരുണ്ട് എന്നാണ് അല്ലാഹു പറയുന്നത്’ എന്നു സാരം.

اللهم لك الحمد و لك المنة

വെളിച്ചം റമദാൻ 2021 – റമദാൻ 16

സൂറത്തു-ത്തഗാബുന്‍ : 01-10

തഗാബുൻ (നഷ്ടം വെളിപ്പെടല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

64:1

  • يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു. അവനാണു രാജാധ്യപത്യം; അവന്നാണു സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لَهُ الْمُلْكُ അവനാണു രാജത്വം, ആധിപത്യം وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതിയും وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

‘തസ്ബീഹി’ന്റെ (സ്തോത്രകീർത്തനത്തിന്റെ) വാക്യം കൊണ്ടാരംഭിക്കുന്ന സൂറത്തുകളി (المسبحات)ല്‍ അവസാനത്തേതാണിത്. ‘തസ്ബീഹി’നെക്കുറിച്ചു നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. എല്ലാ വസ്തുക്കളും എന്തുകൊണ്ടു അല്ലാഹുവിനു തസ്ബീഹു ചെയ്യുന്നു, എന്തുകൊണ്ടു ചെയ്യണം? ഇതിനുള്ള കാരണവും ഈ വചനത്തില്‍ തന്നെ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നതു കാണാം. തുടർന്നുള്ള വചനങ്ങളില്‍ നിന്നു കൂടുതല്‍ വിശദീകരണവും ലഭിക്കുന്നു.

64:2

  • هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٢﴿
  • അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ടു, നിങ്ങളില്‍ (ചിലര്‍) അവിശ്വാസിയുണ്ട്; നിങ്ങളില്‍ (ചിലര്‍) സത്യവിശ്വാസിയും ഉണ്ട്. നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനുമാകുന്നു.
  • هُوَ അവനത്രെ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ فَمِنكُمْ എന്നിട്ടു നിങ്ങളില്‍ നിന്നു (ചിലര്‍), നിങ്ങളിലുണ്ടു كَافِرٌ അവിശ്വാസി وَمِنكُم നിങ്ങളിൽനിന്നു, നിങ്ങളിലുണ്ടു مُّؤْمِنٌ സത്യവിശ്വാസി(യും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്‌

64:3

  • خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ, നിങ്ങളുടെ രൂപങ്ങളെ നന്നാക്കിത്തീർക്കുകകയും ചെയ്തിരിക്കുന്നു. അവങ്കലേക്കത്രെ, തിരിച്ചെത്തലും.
  • خَلَقَ السَّمَاوَاتِ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാർത്ഥ (മുറ – ന്യായ – കാര്യ) പ്രകാരം وَصَوَّرَكُمْ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ അങ്ങനെ അവന്‍ നന്നാക്കി صُوَرَكُمْ നിങ്ങളുടെ രൂപങ്ങളെ وَإِلَيْهِ അവങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, ചെന്നുചേരല്‍

64:4

  • يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٤﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു; നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു, നെഞ്ചുകളില്‍ [ഹൃദയങ്ങളില്‍] ഉള്ളതിനെപ്പറ്റി അറിയുന്നവനുമാണ്.
  • يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനുമാണ്‌ بِذَاتِ الصُّدُور നെഞ്ചു (ഹൃദയം) കളിലുള്ളതിനെ

മേല്‍ വിവരിച്ച യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അവിശ്വാസികളായിത്തീർന്ന മുൻസമുദായങ്ങള്‍ അനുഭവിക്കേണ്ടിവന്ന അതേ ദുരന്തഫലങ്ങള്‍ നിലവിലുള്ള ഈ ജനതക്കും ഒരു പാഠമായിരിക്കേണ്ടതുണ്ടെന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു.

64:5

  • أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾٥﴿
  • മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങൾക്കു വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
  • أَلَمْ يَأْتِكُمْ നിങ്ങൾക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം, വര്‍ത്തമാനം الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ (വിഷയ) ത്തിന്റെ وَلَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ

64:6

  • ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَٰتِ فَقَالُوٓا۟ أَبَشَرٌ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌ ﴾٦﴿
  • അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
  • ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്

റസൂലുകള്‍ വേണ്ടത്ര തെളിവുകളുമായി ചെന്നിട്ടും അതൊന്നും വകവെക്കാതെ, നമ്മെ നേർമാർഗത്തിലാക്കുവാന്‍ വന്നിരിക്കുന്നതു നമ്മെപ്പോലുള്ള മനുഷ്യരാണോ എന്നു പറഞ്ഞ് അതെല്ലാം അവര്‍ നിരസിച്ചു. അല്ലാഹുവിന്റെ ആശ്രയവും സഹായവും തങ്ങൾക്കാവശ്യമില്ലാത്ത നിലപാടാണ് അവര്‍ സ്വീകരിച്ചത്. അല്ലാഹുവാകട്ടെ ആരുടെയും യാതൊരാശ്രയവും ആവശ്യമില്ലാത്ത ധന്യനുമാണ്. അവര്‍ അവരുടെ പാട്ടിനു പോകട്ടെ എന്നുവെച്ച് അല്ലാഹു അവരെ പുറംതള്ളുകയും ചെയ്തു. ഇതാണവർക്കു വമ്പിച്ച നാശങ്ങള്‍ പിണയുവാന്‍ കാരണമായത്.

64:7

  • زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٧﴿
  • അവിശ്വസിച്ചവര്‍ ജൽപിക്കുകയാണ്. അവര്‍ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: ‘ഇല്ലാതേ! എന്റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും; പിന്നീടു നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്കു വൃത്താന്തമറിയിക്കപ്പെടും. അതു അല്ലാഹുവിന്റെമേല്‍ നിസ്സാര കാര്യമാകുന്നു.’
  • زَعَمَ ജൽപിച്ചു, വാദിച്ചു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن لَّن يُبْعَثُوا അവര്‍ എഴുന്നേല്‍പിക്ക (പുനരെഴുന്നേല്‍പിക്ക) പ്പെടുന്നതേയല്ല എന്നു قُلْ പറയുക بَلَىٰ ഇല്ലാതേ, ഉണ്ട്, ഉവ്വ് وَرَبِّي എന്റെ റബ്ബു തന്നെയാണ لَتُبْعَثُنَّ നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും ثُمَّ لَتُنَبَّؤُنَّ പിന്നീടു നിങ്ങൾക്കു വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം بِمَا عَمِلْتُمْ നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി وَذَٰلِكَ അതു عَلَى اللَّـه അല്ലാഹുവിന്റെമേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമുള്ളതാണ്

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഇങ്ങിനെ ശക്തിയായി ആണയിട്ട് ഉറപ്പിച്ചു മറുപടി പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കൽപിക്കുന്ന മൂന്നു തിരുവചനങ്ങളുള്ളതില്‍ മൂന്നാമത്തേതാണ് ഈ വചനം. ഒന്നാമത്തേതു സൂ: യൂനുസ്: 53ലും, രണ്ടാമത്തേതു സൂ: സബഉ്: 3ലും കാണാം. വിഷയത്തിന്റെ ഗൗരവത്തെയാണിതു കുറിക്കുന്നത്. രണ്ടാമതൊരു ജീവിതം നൽകൽ ഒരു അസാധ്യകാര്യമായി നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതു ഒട്ടും തന്നെ പ്രയാസപ്പെട്ടതല്ല -വളരെ നിസ്സാരമാണ്- എന്നു ഓർമ്മിപ്പിക്കുകയും ചെയ്യുന്നു:

64:8

  • فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٨﴿
  • ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
  • فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

ഖുർആനെ ഉദ്ദേശിച്ചാണ് ഇവിടെ പ്രകാശം (النُّور) എന്നു പറഞ്ഞിരിക്കുന്നത്. അജ്ഞത, അസത്യം, ദുർമാർഗം ആദിയായ ഇരുട്ടുകളില്‍നിന്നു ജ്ഞാനത്തിലേക്കും, സത്യത്തിലേക്കും, സന്മാർഗത്തിലേക്കും വെളിച്ചം നൽകുന്ന പ്രകാശമാണല്ലോ അത്.

64:9

  • يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾٩﴿
  • ഒരുമിച്ചുകൂട്ടുന്ന (ആ) ദിവസത്തേക്കു നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക);- അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവനു അവന്റെ തിന്മകളെ അവന്‍ മറച്ചു (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അതത്രെ മഹത്തായ ഭാഗ്യം!
  • يَوْمَ يَجْمَعُكُمْ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം لِيَوْمِ الْجَمْعِ ഒരുമിച്ചുകൂട്ടുന്ന ദിവസത്തേക്കു ذَٰلِكَ അതു, അതത്രെ يَوْمُ التَّغَابُنِ നഷ്ടം വെളിപ്പെടുത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം وَمَن يُؤْمِن بِاللَّـهِ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ وَيَعْمَلْ പ്രവർത്തിക്കുകയും صَالِحًا സൽകർമ്മം, നല്ലതു يُكَفِّرْ عَنْهُ അവനിൽനിന്നു മറച്ചു (മൂടി) കൊടുക്കും سَيِّئَاتِهِ അവന്റെ തിന്മകളെ وَيُدْخِلْهُ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും جَنَّاتٍ സ്വർഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ അരുവി (നദി) കള്‍ خَالِدِينَ فِيهَا അതില്‍ സ്ഥിര (ശാശ്വത) വാസികളായ നിലക്കു أَبَدًا എന്നെന്നും എക്കാലവും ذَٰلِكَ الْفَوْزُ അതത്രെ ഭാഗ്യം, അതു വിജയമത്രെ الْعَظِيمُ മഹത്തായ, വമ്പിച്ച

64:10

  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ خَٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ ﴾١٠﴿
  • അവിശ്വസിക്കുകയും നമ്മുടെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആൾക്കാരാകുന്നു – അതില്‍ സ്ഥിരവാസികളായ നിലയില്‍. (ആ) തിരിച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത!
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍أَصْحَابُ النَّارِ നരകക്കാരാണ് خَالِدِينَ فِيهَا അതില്‍ സ്ഥിരവാസികളായ നിലയില്‍ وَبِئْسَ എത്രയോ ചീത്ത, വളരെ മോശമാണ് الْمَصِيرُ (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം

ഇഹത്തില്‍വെച്ചു ജീവപര്യന്തം നടത്തിയ വ്യാപാരങ്ങളുടെയെല്ലാം കണക്കു പരിശോധിച്ച് ആർക്കെല്ലാമാണ്‌ നഷ്ടം പിണഞ്ഞിരിക്കുന്നത്. ആർക്കെല്ലാമാണ്‌ ലാഭം കിട്ടിയിരിക്കുന്നത് എന്നു തിട്ടപ്പെടുത്തുന്ന ദിവസം അന്നാണല്ലോ. അതുകൊണ്ടാണ് ആ ദിവസത്തിനു നഷ്ടം വെളിപ്പെടുത്തുന്ന – അഥവാ ലാഭനഷ്ടം കണക്കു നോക്കുന്ന – ദിവസം (يومُ التَّغَابُنِ) എന്നു പറഞ്ഞത്. ആരാണ് ലാഭം നേടിയവരെന്നും എന്താണ് അവർക്കു ലാഭം കിട്ടിയതെന്നും, ആരാണ് നഷ്ടക്കാരെന്നും, എന്താണവർക്കു പിണഞ്ഞ നഷ്ടമെന്നും തുടർന്നു പറഞ്ഞതില്‍നിന്നു തന്നെ സ്പഷ്ടമാണ്.

വെളിച്ചം റമദാൻ 2021 – റമദാൻ 15

സൂറത്തുല്‍ മുനാഫിഖൂൻ : 01-11

മുനാഫിഖൂൻ (കപടവിശ്വാസികൾ)
മദീനയിൽ അവതരിച്ചത് – വചനങ്ങൾ 11 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

കഴിഞ്ഞ സൂറത്തിന്റെ പ്രാരംഭത്തിൽ ഈ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതു ഓർമിക്കുക

63:1

  • إِذَا جَآءَكَ ٱلْمُنَٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَٰفِقِينَ لَكَٰذِبُونَ ﴾١﴿
  • (നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: ‘താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു’ എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
  • إِذَا جَاءَكَ നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ الْمُنَافِقُونَ കപടവിശ്വാസികൾ قَالُوا അവർ പറയും إِنَّكَ നിശ്ചയമായും നീ لَرَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ തന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു إِنَّكَ لَرَ‌سُولُهُ നീ അവന്റെ റസൂൽ തന്നെ എന്ന് وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികൾ لَكَاذِبُونَ കളവുപറയുന്നവർ തന്നെ എന്നു

63:2

  • ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾٢﴿
  • തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ്‌ (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ!
  • اتَّخَذُوا അവർ ആക്കിയിരിക്കുന്നു أَيْمَانَهُمْ തങ്ങളുടെ ശപഥ (സത്യ)ങ്ങളെ جُنَّةً ഒരു തടവു, മറവു, പരിച فَصَدُّوا അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെت മാർഗത്തിൽനിന്നു إِنَّهُمْ നിശ്ചയമായും അവർ سَاءَ എത്രയോ (വളരെ) ദുഷിച്ചതാണു مَا كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

63:3

  • ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾٣﴿
  • അതു, അവർ വിശ്വസിക്കുകയും, പിന്നീടു അവിശ്വസിക്കുകയും ചെയ്തതു കൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയങ്ങൾക്കു മുദ്രവെക്കപ്പെട്ടിരിക്കുന്നു; ആകയാൽ, അവർ (കാര്യം) ഗ്രഹിക്കുന്നതല്ല.
  • ذَٰلِكَ അതു بِأَنَّهُمْ آمَنُوا അവർ വിശ്വസിച്ചതു നിമിത്തമാണ് ثُمَّ كَفَرُ‌وا പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു فَطُبِعَ അതിനാൽ മുദ്രയടിക്കപ്പെട്ടു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങൾക്ക് فَهُمْ എനി അവർ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല

മുസ്‌ലിം വേഷമണിയുകയും, അതേ സമയത്തു ഉള്ളിൽ അവിശ്വാസം പുലർത്തിപ്പോരുകയും, ഇസ്ലാമിന്നെതിരിൽ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണല്ലോ കപടവിശ്വാസികൾ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കൽ വരുമ്പോൾ ഞങ്ങൾ സത്യവിശ്വാസികളാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ വിശ്വസിച്ചിട്ടുണ്ടെന്നും നടിക്കും. അതു സത്യം ചെയ്തു സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പറയുന്ന കാര്യം യഥാർത്ഥത്തിൽ ശരിയാണെങ്കിലും, മനസ്സാക്ഷിക്കെതിരായി ചെയ്യുന്ന കള്ളസത്യമാണതെന്നു വ്യക്തമാണ്. തങ്ങളുടെ മറ വെളിപ്പെടാതെയും, തങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടാതെയും തങ്ങൾ ഇരിക്കുവാനുള്ള ഒരു തടവായിട്ടത്രെ അവരതു ചെയ്യുന്നത്. അവരുടെ ഉള്ളുകള്ളി അറിയാത്ത മുസ്‌ലിംകളെ വഞ്ചിച്ചുകളയുവാനും, അവരുടെ ചില കെണിവലകളിൽ അവർ അകപ്പെടുവാനും അതു കാരണമായിത്തീരുന്നു. ‘അവർ അല്ലാഹുവിന്റെ മാർഗത്തിൽനിന്നു തടയുകയാണ്’ എന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ആദ്യം എല്ലാ മുസ്‌ലിംകളെയുംപോലെ അവരും സത്യവിശ്വാസം രേഖപ്പെടുത്തി, പിന്നീടു അവിശ്വാസത്തിൽതന്നെ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അവരുടെ ഹൃദയങ്ങൾ അങ്ങേഅറ്റം ദുഷിക്കുകയും, മേലിൽ യാതൊരു നന്മയും സത്യവും പ്രവേശിക്കാത്ത വിധം അവ ഭദ്രമായി അടച്ചുപൂട്ടി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു എനി അവർ കാര്യം ഗ്രഹിക്കുമെന്നു പ്രതീക്ഷിക്കാവതല്ല. ഇതാണ് അവരുടെ നില എന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിനു ഈ കപടവിശ്വാസികളോടുള്ള വെറുപ്പിന്റെ കാഠിന്യം അടുത്ത വചനങ്ങളിൽ കാണുക:63:4

  • ۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ ﴾٤﴿
  • അവരെ നീ കണ്ടാൽ, അവരുടെ ശരീരങ്ങൾ നിന്നെ ആശ്ച്ചര്യപ്പെടുത്തും; അവർ (വല്ലതും) പറയുന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദവും തങ്ങൾക്കെതിരെയാണെന്നു അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടുന്നത്?!
  • وَإِذَا رَ‌أَيْتَهُمْ അവരെ നീ കണ്ടാൽ تُعْجِبُكَ നിന്നെ ആശ്ച്ചര്യപ്പെടുത്തും أَجْسَامُهُمْ അവരുടെ ശരീരങ്ങൾ وَإِن يَقُولُوا അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ تَسْمَعْ നീ കേട്ടു (ചെവികൊടുത്തു) പോകും لِقَوْلِهِمْ അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു كَأَنَّهُمْ خُشُبٌ അവർ മരത്തടികളെന്ന പോലെയുണ്ട് مُّسَنَّدَةٌ ചാരിവെക്കപ്പെട്ട يَحْسَبُونَ അവർ ഗണിക്കും, വിചാരിക്കും كُلَّ صَيْحَةٍ എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും عَلَيْهِمْ തങ്ങൾക്കെതിരാണെന്നു هُمُ الْعَدُوُّ അവരത്രെ ശത്രു فَاحْذَرْ‌هُمْ ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക قَاتَلَهُمُ اللَّـهُ അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ) أَنَّىٰ എങ്ങിനെയാണ്, എവിടെ നിന്നാണു يُؤْفَكُونَ അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു)

അഴകും കൊഴുപ്പുമുള്ള ശരീരം, ചൊടിയും ചുണയുമുള്ള സംസാരം, കണ്ടാൽ ആശ്ചര്യം ജനിക്കും, കേട്ടാൽ ചെവിയോർത്തുപോകും, പക്ഷെ, മരത്തടികൾ ചാരിവെച്ച പോലെയാണ്, ഉപകാരമില്ല, ജീവസ്സില്ല. പൗരുഷമോ ധീരതയോ ഉണ്ടോ? അതുമില്ല. ഉച്ചത്തിലൊരു ശബ്ദം കേട്ടാൽ വിറളിയായി, തങ്ങൾക്കെതിരിൽ എന്തോ ആപത്തു വരുന്നുവെന്നാണ് ധാരണ. പക്ഷെ, കുസൃതിയിലും, വഞ്ചനയിലും മിടുക്കന്മാരാണ്. അതുകൊണ്ടു അവരെപ്പറ്റി സദാ ജാഗരൂകരായിരിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സത്യവിശ്വാസികളെയും ഉണർത്തുന്നു. അല്ലാഹുവിനു അവരോടുള്ള കഠിനമായ വെറുപ്പു രേഖപ്പെടുത്തുകയും ചെയ്യുന്നു. قاتل എന്ന വാക്കിനു ‘യുദ്ധം ചെയ്തു’വെന്നാണ് ഭാഷാർത്ഥമെങ്കിലും ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ‘നശിപ്പിക്കട്ടെ, ശപിക്കട്ടെ’ എന്ന അർത്ഥത്തിലാണ് അതു ഉപയോഗിക്കപ്പെടുന്നത്.

63:5

  • وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ﴾٥﴿
  • ‘വരുവിൻ, അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു വേണ്ടി പാപമോചനം തേടിക്കൊള്ളും’ എന്നു അവരോടു പറയപ്പെട്ടാൽ, അവർ തങ്ങളുടെ തല തിരിച്ചുകളയും. അഹംഭാവം നടിക്കുന്നവരായും കൊണ്ടു അവർ തട്ടിതിരിഞ്ഞു പോകുന്നതായി നീ കാണുകയും ചെയ്യും.
  • وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാൽ تَعَالَوْا വരുവിൻ يَسْتَغْفِرْ‌ لَكُمْ നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും رَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ لَوَّوْا അവർ തിരിക്കും, ആട്ടും رُ‌ءُوسَهُمْ അവരുടെ തലകളെ وَرَ‌أَيْتَهُمْ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും يَصُدُّونَ തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി وَهُم അവർ ആയിക്കൊണ്ടു مُّسْتَكْبِرُ‌ونَ അഹംഭാവം (വലുപ്പം) നടിക്കുന്നവർ

63:6

  • سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ﴾٦﴿
  • അവർക്കുവേണ്ടി നീ പാപമോചനം തേടിയോ, അവർക്കുവേണ്ടി നീ പാപമോചനം തേടിയില്ലയോ (രണ്ടും) അവരിൽ സമമാകുന്നു; അല്ലാഹു അവർക്കു പൊറുത്തു കൊടുക്കുന്നതേയല്ല. നിശ്ചയമായും തോന്നിവാസികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.
  • سَوَاءٌ عَلَيْهِمْ അവരിൽ സമമാണ് أَسْتَغْفَرْ‌تَ لَهُمْ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ أَمْ لَمْ تَسْتَغْفِرْ‌ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ لَهُمْ അവർക്കുവേണ്ടി لَن يَغْفِرَ‌ اللَّـهُ അല്ലാഹു പൊറുക്കുന്നതേയല്ല لَهُمْ അവർക്കു إِنَّ اللَّـهَ നിശ്ചയം അല്ലാഹു لَا يَهْدِي അവന്‍ സന്മാർഗത്തിലാക്കുകയില്ല الْقَوْمَ الْفَاسِقِينَ തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ

തങ്ങളുടെ പാപംപൊറുത്തു കിട്ടേണമെന്നൊ, അതിനായി റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാർത്ഥിച്ചാൽ കൊള്ളാമെന്നോ ഒന്നും തന്നെ അവർക്ക് ആഗ്രഹമില്ല. അതെല്ലാം അവർക്കു പുച്ഛവും പരിഹാസവുമാണ്. എനി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവർക്കുവേണ്ടി പാപമോചനം തേടിയതുകൊണ്ടു വല്ല മെച്ചവും അവർക്കു ലഭിക്കുവാനുണ്ടോ? അതുമില്ല. കാരണം അവർ അത്രയും തോന്നിവാസികളും ദുഷിച്ച ധിക്കാരികളുമാകുന്നു. അവരുടെ ധിക്കാരത്തിന്‍റെ ഒരു ഉദാഹരണം ഇതാ:

63:7

  • هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَفْقَهُونَ ﴾٧﴿
  • അവരത്രെ പറയുന്നവർ: ‘അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ളവര്‍ക്കു നിങ്ങൾ (ഒന്നും) ചിലവുചെയ്യരുത്; അങ്ങനെ അവർ വേറിട്ടു പോയിക്കൊള്ളും’ എന്ന്! ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ [ഭണ്ഡാരങ്ങൾ] അല്ലാഹുവിനാണു താനും. പക്ഷെ, കപടവിശ്വാസികൾ ഗ്രഹിക്കുന്നില്ല.
  • هُمُ അവരത്രെ الَّذِينَ يَقُولُونَ പറയുന്നവർ لَا تُنفِقُوا നിങ്ങൾ ചിലവുചെയ്യരുത് عَلَىٰ مَنْ ചിലർക്കു, യാതൊരുവരിൽ عِندَ رَ‌سُولِ اللَّـهِഅല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള حَتَّىٰ يَنفَضُّوا അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, ..പോകുവാൻ വേണ്ടി, … പോകുന്നതുവരെ وَلِلَّـهِ അല്ലാഹുവിന്നാണു താനും خَزَائِنُ ഖജനാക്കൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ السَّمَاوَاتِ وَالْأَرْ‌ضِ ആകാശങ്ങളുടെയും ഭൂമിയുടെയും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ, കപടവിശ്വാസികൾ لَا يَفْقَهُونَ ഗ്രഹിക്കുന്നില്ല, ഗ്രഹിക്കുകയില്ല

63:8

  • يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَعْلَمُونَ ﴾٨﴿
  • അവർ പറയുന്നു: ‘നാം മദീനായിലേക്കു മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരായുള്ളവരെ അവിടെനിന്നു പുറത്താക്കുക തന്നെ ചെയ്യും’ എന്നു!
    പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല.
  • يَقُولُونَ അവർ പറയുന്നു لَئِن رَّ‌جَعْنَا തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ إِلَى الْمَدِينَةِ മദീനായിലേക്കു لَيُخْرِ‌جَنَّ പുറത്താക്കുകതന്നെ ചെയ്യും الْأَعَزُّ കൂടുതൽ പ്രതാപശാലി مِنْهَا അതിൽ (അവിടെ) നിന്നു الْأَذَلَّ കൂടുതൽ നിന്ദ്യനായവനെ وَلِلَّـهِ الْعِزَّةُ പ്രതാപം അല്ലാഹുവിന്നാണുതാനും وَلِرَ‌سُولِهِ അവന്റെ റസൂലിനും وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ കപടവിശ്വാസികൾ لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല

കപടവിശ്വാസികളുടെ മനസ്സിൽ മുസ്ലിംകളോടുള്ള പകയും വിദ്വേഷവും എത്രത്തോളമുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാക്കാം. ‘അല്ലാഹുവിന്റെ റസൂലാണെന്നു പറയുന്ന ഇദ്ദേഹത്തിന്റെ ഒന്നിച്ചു കുറേ ആളുകളുണ്ടല്ലോ, നാം തീറ്റിപ്പോറ്റിയിട്ടാണ് അവർ ഇത്ര അന്തസ്സും പ്രതാപവുമുള്ളവരായിതീർന്നതു,  എനി അവർക്കുവേണ്ടി നാമൊന്നും ചിലവഴിക്കരുത്. അങ്ങനെ അവരെല്ലാം വിട്ടൊഴിഞ്ഞുപോകട്ടെ.’ എന്നു അവർ തമ്മിൽ പറയുന്നു. മനുഷ്യരുടെ ആഹാരാദികാര്യങ്ങളെല്ലാം അവരുടെ കയ്യിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നാണ് അവരുടെ വാക്കുകേട്ടാൽ തോന്നുക. ആകാശഭൂമികളുടെ സകല ഭണ്ഡാരങ്ങളും അല്ലാഹുവിന്റെ  കൈവശമാണെന്ന യാഥാർത്ഥ്യം ആ കപടവിശ്വാസികൾ ഗ്രഹിക്കാത്തതാണ് അതിനു കാരണം. അതുപോലെത്തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സ്വഹാബികളും മദീനാ വിട്ടുപോയ ചില യുദ്ധയാത്രകളിൽ അവർ പറഞ്ഞിരുന്നു: ‘നാം നാട്ടിൽ മടങ്ങി എത്തട്ടെ, ഇവരുടെ അന്തസ്സും യോഗ്യതയും കാണിച്ചുകൊടുക്കാം, ആർക്കാണ് അന്തസ്സും പ്രതാപവുമുള്ളതെന്നു മനസ്സിലാക്കിക്കൊടുക്കാം. നാം അവരെ അവിടെനിന്നു നിശ്ചയമായും പുറത്താക്കും’ എന്നൊക്കെ. പ്രതാപവും അന്തസ്സുമെല്ലാമുള്ളതു അല്ലാഹുവിനും, അവന്റെ കക്ഷിയായ റസൂലിനും സത്യവിശ്വാസികൾക്കുമാണ്, അതു ഇല്ലാതാക്കാനോ പിടിച്ചുപറ്റാനോ ഈ കപടൻമാർക്കു സാധ്യമല്ല. ഈ വാസ്തവം അവർക്കറിഞ്ഞുകൂട. അതാണ്‌ ഈ വീമ്പിളക്കലിനു കാരണം എന്ന് സാരം. മുനാഫിഖുകള്‍ മേല്‍പറഞ്ഞ പ്രസ്താവനകളും, വീരവാദങ്ങളും പുറപ്പെടുവിച്ച  സന്ദര്‍ഭങ്ങളെപ്പറ്റി ബുഖാരിയിലും മറ്റും പല രിവായത്തുകളും കാണാം. അതിലെല്ലാം പ്രധാന പങ്കുവഹിച്ചിരുന്നതു അവരുടെ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുതന്നെയായിരുന്നു.

വിഭാഗം – 2

കപടവിശ്വാസികളെപ്പറ്റി വളരെ ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചു കൊണ്ട് അവരുടെ അന്തരംഗങ്ങൾ പലതും തുറന്നു കാട്ടിയശേഷം, സത്യവിശ്വാസികൾ അവരെപ്പോലെ ആകാതിരിക്കുവാൻ സൂക്ഷിക്കേണ്ടതു എങ്ങിനെയാണെന്നു അല്ലാഹു അവരെ ഉൽബോധിപ്പിക്കുന്നു:-

63:9

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴾٩﴿
  • ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تُلْهِكُمْ നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കൾ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും عَن ذِكْرِ‌ اللَّـهِ അല്ലാഹുവിന്റെ സ്മരണയിൽനിന്നു وَمَن يَفْعَلْ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذَٰلِكَ അതു (അപ്രകാരം) فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الْخَاسِرُ‌ونَ നഷ്ടപ്പെട്ടവർ

63:10

  • وَأَنفِقُوا۟ مِن مَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ﴾١٠﴿
  • നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ നിന്നു നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ, നിങ്ങൾ ഒരാൾക്കു [ഓരോരുവനും] മരണം വന്നെത്തുകയും, എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുന്നതിനുമുമ്പ്: ‘എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? – എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!’
  • وَأَنفِقُوا നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ مِن مَّا رَ‌زَقْنَاكُم നിങ്ങൾക്കു നാം നൽകിയതിൽ നിന്നു مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി أَحَدَكُمُ നിങ്ങളിലൊരാൾക്കു الْمَوْتُ മരണം فَيَقُولَ അപ്പോളവൻ പറയും رَ‌بِّ എന്റെ റബ്ബേ لَوْلَا أَخَّرْ‌تَنِي എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ إِلَىٰ أَجَلٍ ഒരു അവധിവരെ قَرِ‌يبٍ അടുത്തതായ فَأَصَّدَّقَ എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു وَأَكُن ഞാൻ ആയിത്തീരുകയും مِّنَ الصَّالِحِينَ സദ് വൃത്തൻമാരിൽപ്പെട്ടവൻ

63:11

  • وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١١﴿
  • ഒരു ദേഹത്തെയും (ആളെയും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്‌.
  • وَلَن يُؤَخِّرَ‌ اللَّـهُ അല്ലാഹു പിന്തിക്കുന്നതല്ല തന്നെ نَفْسًا ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും إِذَا جَاءَ വന്നാൽ أَجَلُهَا അതിന്റെ അവധി وَاللَّـهُ خَبِيرٌ‌ അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി

ധനസംബന്ധമായ കാര്യങ്ങളിലും, സന്താനങ്ങളുടെ സുഖസൗകര്യാദികളിലും ബദ്ധശ്രദ്ധരായിക്കൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. മനുഷ്യന്റെ നന്മക്കെന്നപോലെ, തിന്മക്കും കാരണമാകുന്ന രണ്ടു വസ്തുക്കളാണ് ധനവും മക്കളും. അടുത്ത അദ്ധ്യായത്തിൽ അല്ലാഹു പറയുന്നു: ‘ നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്,’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ – التغابن) ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രെ ഭാഗ്യവാൻമാർ, ഇതിൽ പരാജയപ്പെട്ടവരത്രെ നഷ്ടപ്പെട്ടവർ, വിജയം നേടുവാനുള്ള മാർഗമാണു ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. ധനമാകട്ടെ, അല്ലാഹു തന്ന അനുഗ്രഹമാണ്‌ താനും. മറ്റു തുറകളിൽ ഏറെക്കുറെ നല്ല നിലക്കാരായ ആളുകൾ പോലും മിക്കവാറും ദാനധർമാദികളിലും പൊതുനന്മകളിലും ധനം ചിലവാക്കാൻ മടിക്കുന്നവരായി കാണാം. സത്യവിശ്വാസികളായ ആളുകൾക്കും പിണയുന്ന ഒരു മഹാവിപത്താണിത്. അതുകൊണ്ടാണ് സത്യവിശ്വാസികളെ വിളിച്ചു ഇക്കാര്യം പ്രത്യേകം അല്ലാഹു ഉണർത്തുന്നത്. ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്നും, ആ ഖേദം കൊണ്ടു യാതൊരു ഫലവും ലഭിക്കുകയില്ലെന്നും അല്ലാഹു മുന്നറിയിപ്പു നൽകുന്നു. സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടേണമെന്നു ആഗ്രഹിക്കുന്നവർ ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്നു ഇതിൽനിന്നു നല്ലപോലെ മനസ്സിലാക്കാമല്ലോ.

ദാനധർമങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായതു ഏതാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരവസരത്തിൽ നൽകിയ മറുപടി ഓരോ സത്യവിശ്വാസിയും സദാ ഓർത്തിരിക്കേണ്ടതാണ്. ഇതാണ്‌ ആ മറുപടി: ‘നീ ദാരിദ്ര്യത്തെ പേടിച്ചും, ധനത്തിനു മോഹിച്ചുംകൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോൾ ദാനധർമം ചെയ്യലാണ്. (ഇതാണ് ഏറ്റവും ഉത്തമമായത്) ജീവൻ തൊണ്ടക്കുഴിയിലെത്തുന്നതു വരേക്കും നീട്ടിവെക്കരുത്, ആ അവസരത്തിൽ നീ പറഞ്ഞേക്കും: ‘ഇന്ന ആൾക്കു ഇത്ര, ഇന്ന ആൾക്കു ഇത്ര’ എന്നു. അപ്പോഴാകട്ടെ, അതു ഇന്ന ആൾക്കു (അവകാശികൾക്കു) ആയിക്കഴിയുകയും ചെയ്തിരിക്കും.’ (ബു.മു.)

അവിശ്വാസികളും സത്യനിഷേധികളും മരണസമയത്തു ഖേദിച്ചു വിലപിക്കുകയും, തങ്ങളെ അൽപകാലത്തേക്കുകൂടി മടക്കിത്തന്നാൽ തങ്ങൾ മേലിൽ നന്നായിക്കൊള്ളാമെന്നു അല്ലാഹുവിനോടു കേണപേക്ഷിക്കുകയും ചെയ്യുമെന്നു സൂ: ഇബ്രാഹിം 44ലും മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, സത്യവിശ്വാസികളിൽതന്നെ, സൽക്കർമങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തിയവരും തങ്ങളുടെ വീഴ്ചയെപ്പറ്റി ഖേദിക്കുമെന്നും, ആ വീഴ്ച നികത്തുവാൻ അൽപംകൂടി അവസരം നൽകണേ എന്നു അല്ലാഹുവിനോടു അപേക്ഷിക്കുമെന്നും ഈ വചനത്തിൽനിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മെയെല്ലാം അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ. ومن الله التوفيق

اللهم لك الاحمد ولك المنة والفضل

വെളിച്ചം റമദാൻ 2021 – റമദാൻ 14

സൂറത്തുജുമുഅ : വ്യാഖ്യാനക്കുറിപ്പ്‌

ജുമുഅഃ നമസ്കാരവും ഖുത്ത്ബഃയും

صلاة الجمعة والخطبة

ഇസ്‌ലാമികാനുഷ്ടാനകര്‍മങ്ങളില്‍ പല നിലക്കും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിര്‍ബന്ധകര്‍മമത്രെ ജുമുഅഃ നമസ്കാരവും ഖുത്ത്ബയും. ജുമുഅഃയുടെ അന്തസാരങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി അതര്‍ഹിക്കുന്ന രൂപത്തില്‍ നടത്തിപോരുന്നപക്ഷം, നാട്ടില്‍ ഇസ്‌ലാമികബോധവും, സാമൂഹ്യമര്യാദയും, മതഭക്തിയും നിലനിറുത്തുവാന്‍ അത് തികച്ചും പര്യാപ്തമാണെന്നു തീര്‍ത്തു പറയാം. പക്ഷേ, വ്യസനകരം! ഇന്നത്തെ ജുമുഅഃ സമ്പ്രദായങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ മിക്കവാറും ഒരു ചടങ്ങ്, അല്ലെങ്കില്‍ ഒരു പൊതുസമ്മേളനം മാത്രമായി അതു അവശേഷിച്ചിരിക്കുകയാണ്! മുസ്‌ലിം സമുദായത്തില്‍ നമസ്കാരകര്‍മ്മം പാടെ ഉപേക്ഷിക്കുന്ന നാമമാത്രമുസ്‌ലിംകള്‍ ഇന്ന് ധാരാളമാണ്. നമസ്കരിക്കാറുള്ളവരില്‍ പോലും ജുമുഅഃയില്‍ സംബന്ധിക്കണമെന്ന നിര്‍ബന്ധം ഇല്ലാത്ത പലരെയും കാണാം. അതുകൊണ്ട് ഈ അദ്ധ്യായത്തില്‍ ജുമുഅഃയെ പരാമര്‍ശിച്ചുകൊണ്ടുള്ള 9ഉം 10ഉം വചനങ്ങളുടെ അര്‍ത്ഥോദ്ദേശ്യ വ്യാപ്തിക്കുള്ളില്‍ അടങ്ങുന്ന ഒരു ലഘുവിവരണം നല്‍കുന്നത് ഇവിടെ ഉചിതമായിരിക്കും.

يَا أَيُّهَا الَّذِينَ آمَنُوا (ഹേ വിശ്വസിച്ചവരേ,) എന്നു വിളിച്ചുകൊണ്ടാണ്‌ അല്ലാഹു ജുമുഅഃയെക്കുറിച്ചു പ്രസ്താവിക്കുന്നത്. അപ്പോള്‍, പ്രത്യേക പ്രതിബന്ധമില്ലാത്ത ഓരോ സത്യവിശ്വാസിക്കും താഴെ പറയുന്ന കല്പന ബാധകമാണെന്നു വന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പെടുമോ ഇല്ലേ? ഇതു ഇന്നു നമ്മുടെ നാടുകളില്‍ ഒരു തര്‍ക്കവിഷയമായിട്ടാണിരിക്കുന്നത്. ഇതുപോലെ സത്യവിശ്വാസികളെ സംബോധനചെയ്തുകൊണ്ടുള്ള കല്‍പനകളില്‍ ചിലതു പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നതും, പ്രധാനമായും പുരുഷന്മാരെ ബാധിക്കുന്നതും, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെ മാത്രം ബാധിക്കുന്നതും (ഉദാഹരണം : നിസ്സാഅ്:19) ഉണ്ടായിരിക്കും. നബി വചനങ്ങളിലും തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ ജുമുഅഃ നിര്‍ബന്ധമാണെന്നു വ്യക്തമാക്കുന്ന ഒന്നും അറിയപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് നിയമപരമായി പറയുമ്പോള്‍ സ്ത്രീകള്‍ക്കും ജുമുഅഃ നിര്‍ബന്ധമാണെന്നു പറയുവാന്‍ – ക്വുര്‍ആന്‍റെയും നബിവചനങ്ങളുടെയും- അടിസ്ഥാനത്തില്‍ – നിവൃത്തിയില്ല. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും സ്വഹാബത്തിന്‍റെയും കാലത്തെ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ജുമുഅഃയിലും, അഞ്ചുനേരത്തെ ജമാഅത്തു നമസ്കാരങ്ങളിലും, പെരുന്നാള്‍ നമസ്കാരങ്ങളിലും അവര്‍ പങ്കെടുക്കുകയുണ്ടായിരുന്നുവെന്നും, അതിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും, ധാരാളം തെളിവുകളുണ്ട്. അതെല്ലാം ഇവിടെ എടുത്തുദ്ധരിക്കുവാന്‍ സാധ്യമല്ല. കുറെയെല്ലാം പൊതുവില്‍ അറിയപ്പെട്ടതുമാകുന്നു.ഉദാഹരണത്തിനു മാത്രം ചിലത് ചൂണ്ടിക്കാട്ടാം.

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വെള്ളിയാഴ്ച ഖുത്തുബ നടത്തുമ്പോള്‍ പന്ത്രണ്ടു പുരുഷന്മാരല്ലാത്തവരെല്ലാം എഴുന്നേറ്റുപോയി എന്ന ഹദീഥിന്‍റെ ചില രിവായത്തുകളില്‍ ഒരു സ്ത്രീയും ബാക്കിയിരുന്നതായി പ്രസ്താവിച്ചതു 11ാം വചനത്തിന്‍റെ വിവരണത്തില്‍ നാം ഉദ്ധരിച്ചുവല്ലോ. ഇതു പല പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചു കാണാം.

(2) ഉമ്മുഹിശാം (റ) എന്ന വനിതാ സ്വഹാബി സൂറത്ത് ഖ്വാഫ് പാഠമാക്കിയതു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു ഓതിക്കേട്ടിരുന്നതില്‍ നിന്നാണ് എന്നു അവര്‍ പറഞ്ഞതായി ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിക്കുന്നു.

(3) ‘ഫര്‍ദു’ (നിര്‍ബന്ധ) നമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ സ്ത്രീകള്‍ എഴുന്നേറ്റു പോകുന്നതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പുരുഷന്മാരും കാത്തിരിക്കുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നി ഉമ്മുസലമഃ (റ) യില്‍ നിന്നു ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു.

(4) ഞാന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ ശിശുക്കളുടെ ശബ്ദം കേള്‍ക്കുകയും അപ്പോള്‍ അവരുടെ മാതാക്കള്‍ക്ക്‌ വിഷമമുണ്ടാകരുതെന്നു കരുതി ചുരുക്കുകയും ചെയ്യും’മെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. ജുമുഅഃയിലും ജമാഅത്ത് നമസ്കാരങ്ങളിലും സ്ത്രീകള്‍ അക്കാലത്തു സാധാരണ പങ്കെടുക്കാറുണ്ടായിരുന്നുവെന്നു മനസ്സിലാക്കുവാന്‍ ഈ ഹദീസുകള്‍ തന്നെ മതിയാകും. എന്നാല്‍, പുരുഷന്മാരെപ്പോലെ എല്ലാ സ്ത്രീകളും നിര്‍ബന്ധമായി പങ്കെടുത്തിരുന്നുവെന്നു കാണിക്കുന്ന തെളിവുകളൊന്നും അറിയപ്പെടുന്നില്ല.

സ്ത്രീകള്‍ പുരുഷന്മാരുമായി സമ്പര്‍ക്കമുണ്ടാകുവാന്‍ കാരണമാണെന്നതാണ് സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരില്‍ പറയുവാനുള്ള പ്രധാന തടസ്സം. ഈ തടസ്സം ജുമുഅഃക്കോ ജമാഅത്തിനോ സ്ത്രീകള്‍ സംബന്ധിക്കുന്നതിനെ മാത്രം ബാധിക്കുന്നതല്ല. എവിടെവെച്ചും, എപ്പോഴും ഗൗനിക്കേണ്ടുന്ന ഒരു നിര്‍ബന്ധ വിഷയമാണിത്. ഇക്കാര്യത്തില്‍ ഇന്നു മുസ്‌ലിം സമുദായം പൊതുവിലും ‘പരിഷ്കൃതര്‍’ എന്ന് കരുതപ്പെടുന്നവര്‍ വിശേഷിച്ചും അല്ലാഹുവിന്‍റെയും റസൂലിന്‍റെ صلى الله عليه وسلم യുടെയും ശാസനകളെ അവഗണിച്ചിരിക്കുകയാണ്. സ്ത്രീകള്‍ പള്ളിയിലേക്ക് പോകുമ്പോഴും വരുമ്പോഴും, പള്ളിയില്‍വെച്ചും ഇസ്‌ലാമിലെ പര്‍ദാനിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും, പള്ളികളില്‍ അതിനു വിഘ്നം വരുന്ന പരിതസ്ഥിതികള്‍ ഉണ്ടാകരുതെന്നും മാത്രമേ ചുരുക്കത്തില്‍ ഇതുസംബന്ധിച്ചു ഇവിടെ പറയുവാനുള്ളു. അതേ സമയത്ത് സ്ത്രീകള്‍ ജുമുഅഃയില്‍ പങ്കെടുക്കാറുള്ള ചില ഇടങ്ങളിലെ സ്ഥിതിഗതികള്‍ നോക്കുമ്പോള്‍, വല്ല കല്യാണാഘോഷങ്ങള്‍ക്കും വേണ്ടി അണിഞ്ഞൊരുങ്ങാറുള്ള ഒരു പ്രതീതിയാണ് കാണപ്പെടുന്നത്. അഥവാ അല്ലാഹുവിന്‍റെ പള്ളിയില്‍ ഒരു ആരാധനാകര്‍മ്മത്തില്‍, സംബന്ധിക്കുന്നതിനു അനുയോജ്യമായ വേഷഭൂഷണങ്ങളും അച്ചടക്കങ്ങളും കുറവായിരിക്കുമെന്നര്‍ത്ഥം. ഈ നിലപാടു ഒട്ടും ക്ഷന്തവ്യമല്ല.

إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ (ജുമുഅഃ ദിവസത്തിലെ നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍) എന്നാണല്ലോ പിന്നീടുള്ള വാക്യത്തിന്‍റെ തുടക്കം. ‘ജുമുഅഃ ദിവസം’ (يوم الجمعة ) എന്നാണു അറബിയില്‍ വെള്ളിയാഴ്ചയ്ക്കു പേര്‍. ‘ജുമുഅഃ’ എന്നാല്‍ ‘കൂട്ടം, സമ്മേളനം’ എന്നിങ്ങനെയാണര്‍ത്ഥം. അന്നു ജുമുഅഃ കര്‍മ്മം നടക്കുന്നതുകൊണ്ടു അതിനു ഈ പേര്‍ വന്നു. മുന്‍കാലത്ത് മറ്റു ദിവസങ്ങള്‍ക്കുള്ളത് പോലെ ഏതോ ഒരുപേര്‍ വെള്ളിയാഴ്ചയ്ക്കും അറബിയില്‍ ഉണ്ടായിരുന്നിരിക്കും. الله اعلم. ജുമുഅഃ ദിവസത്തിലെ നമസ്കാരം (الصَّلَاةِ مِن يَوْمِ الْجُمُعَةِ)എന്നു പറഞ്ഞിരിക്കകൊണ്ടു ഈ കല്‍പന വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്കാരമായ ജുമുഅഃ നമസ്കാരത്തെ ഉദ്ദേശിച്ചാണെന്നു വ്യക്തം. അപ്പോള്‍ മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച് ഈ നമസ്കാരത്തിന്‍റെ വിളിക്ക് പ്രത്യേകം പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കാമല്ലോ. ‘വിളി’ കൊണ്ടുദ്ദേശ്യം ബാങ്കുവിളിയാണെന്നും പറയേണ്ടതില്ല. ഇമാം മിമ്പറില്‍ കേറിയ ഉടനെ നടത്തപ്പെടുന്ന ബാങ്കാണ് ഇത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തു അതു മാത്രമായിരുന്നു ഉണ്ടായിരുന്നതും.

ഈ ബാങ്കിന് മുമ്പായി മറ്റൊരു ബാങ്ക് വിളിക്കുന്ന ഇന്നത്തെ സമ്പ്രദായം ഉസ്മാന്‍ (رضي الله عنه)ന്‍റെ ഖിലാഫത്ത് കാലത്താണ് ആദ്യമായി ഉണ്ടായതെന്നും, ജനങ്ങള്‍ വളരെ അധികരിച്ചപ്പോള്‍ അങ്ങിനെ ഒരാവശ്യം നേരിട്ടതുകൊണ്ടാണ് അതു ചെയ്തതെന്നും ബുഖാരീ (رحمه الله)യില്‍ കാണാം. അതല്ല, മുആവിയ (رضي الله عنه)യുടെ കാലത്തുണ്ടാക്കിയതാണെന്നും ഒരഭിപ്രായമുണ്ട്. ഏതായാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലശേഷം ഒരു പുതിയ മതാചാരം ആര്‍ക്കും ഏര്‍പ്പെടുത്തുവാന്‍ പാടില്ലെന്നും, സ്വഹാബികള്‍ വിശേഷിച്ചും അങ്ങിനെ ചെയ്യുകയില്ലെന്നുമുള്ളതില്‍ തര്‍ക്കത്തിനവകാശമില്ല. അപ്പോള്‍, അതൊരു അനുകരണീയമായ മതകര്‍മ്മമെന്ന നിലക്കല്ല, ഒരു താല്‍ക്കാലിക ആവശ്യമെന്ന നിലക്കു ചെയ്തതാണ് എന്നേ അതിനെപ്പറ്റി പറയുവാനുള്ളു. കവിഞ്ഞപക്ഷം, അത്യാവശ്യം നേരിടുമ്പോള്‍ – വേണ്ടിവന്നാല്‍ – അങ്ങിനെ ഒരേര്‍പ്പാടുചെയ്യാം, അതില്ലാത്തപ്പോള്‍ അതു കരണീയവുമല്ല. എന്നല്ലാതെ, അതിനപ്പുറം ഒരു സ്ഥാനം അതിനു കല്പിക്കുവാന്‍ യാതൊരു ന്യായവുമില്ല. അതുകൊണ്ടാണ്, ഉസ്മാന്‍ (رحمه الله), മുആവിയ (رضي الله عنه) എന്നിവരില്‍ ആരാണത് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ കുറിച്ചു സംസാരിക്കവെ ഇമാം ശാഫിഈ (رحمه الله) അദ്ദേഹത്തിന്‍റെ പ്രസിദ്ധഗ്രന്ഥമായ ‘ഉമ്മി’ല്‍ ഇങ്ങിനെ പറഞ്ഞത്. وايهما كان فالامر الذي في عهد رسول الله صل الله عليه وسلم احب الى -كتاب الام (ആ രണ്ടുപേരില്‍ ആരായിരിക്കട്ടെ, റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള കാര്യമത്രെ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത്.) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. ശാഫിഈ മദ്ഹബുകാരെന്നു അവകാശപ്പെടുന്നവര്‍ ഈ വാക്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നേരത്തെക്കൂട്ടി ഒരു ബാങ്കോ അറിയിപ്പോ ഇല്ലാതെ, ഇമാം മിമ്പറില്‍ കേറുമ്പോഴത്തെ ബാങ്കുകൊണ്ട് മതിയാക്കുന്നപക്ഷം ജനങ്ങള്‍ സമയത്തേക്കു എത്തിച്ചേരുകയില്ല എന്നു പറയുന്നതു നിരര്‍ത്ഥമാണെന്നുള്ളതിനു അനുഭവം തന്നെ തെളിവാകുന്നു. രണ്ടു ബാങ്കു പതിവാക്കിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ അതു പ്രതീക്ഷിക്കുക സ്വാഭാവികം തന്നെ. പക്ഷേ, ഒരു ബാങ്കുകൊണ്ടു മതിയാക്കുന്ന സമ്പ്രദായം നടപ്പിലുള്ള എവിടെയും അക്കാരണത്താല്‍ ആളുകള്‍ എത്തിച്ചേരാത്ത ദോഷം കാണുന്നില്ല. ബാങ്കു ഒന്നോ അധിലധികമോ ആയാലും ചുരുക്കം ചിലര്‍ വൈകിപ്പോയേക്കുന്നത് സാധാരണമാണ്. മറ്റൊരു വസ്തുതകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. രണ്ടു ബാങ്കു നടപ്പുള്ള സ്ഥലങ്ങളില്‍ ആദ്യത്തെ (പുതിയ) ബാങ്കു ഉച്ചത്തില്‍ വിളിക്കപ്പെടുന്നു. അതേ സമയത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തുള്ളതും, കേട്ട ഉടനെ വ്യാപാരങ്ങളെല്ലാം നിറുത്തിവെച്ചു ജുമുഅഃക്കു വന്നുകൊള്ളണമെന്നു അല്ലാഹു കല്പിച്ചതുമായ സാക്ഷാല്‍ ബാങ്കാകട്ടെ, സദസ്സില്‍ ഹാജറുള്ളവര്‍ പോലും മുഴുവനും കേള്‍ക്കരുതാത്ത വിധം പതുക്കെയും! ഇതെന്തൊരു വിരോധാഭാസമാണ്? അല്ലാഹുവും റസൂലും നിയമിച്ചതിനെ ഒരു ചടങ്ങു മാത്രമായും, നാം നിയമിക്കുന്നതിനെ ഒഴിച്ചുകൂടാത്ത കൃത്യമായും കരുതുക. അല്ലാഹു നമുക്ക് സത്യം സ്വീകരിക്കുവാനുള്ള ബോധം നല്‍കട്ടെ. ആമീന്‍. എനി, ഉസ്മാന്‍ (رضي الله عنه) വര്‍ദ്ധിപ്പിച്ച ബാങ്കാകട്ടെ, പള്ളിയുടെ ഉള്ളില്‍ വെച്ചല്ല, ഒരു ഉയര്‍ന്ന സ്ഥലത്ത് (زورام ഇല്‍) വെച്ചായിരുന്നു. ആദ്യത്തെ ബാങ്കിനു വല്ല ന്യായീകരണവും വേണമെങ്കില്‍ തന്നെ, അതു നാട്ടുകാര്‍ കേള്‍ക്കുവാന്‍ കൂടുതല്‍ ഉപയോഗപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ചായിരിക്കേണ്ടതും യഥാര്‍ത്ഥ ബാങ്ക് യഥാവിധി നടത്തപ്പെടുന്നതും ആയിരിക്കണമല്ലോ.

ദിവസങ്ങളുടെ കൂട്ടത്തില്‍ വെള്ളിയാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി പല നബിവചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. അന്നു പ്രത്യേകം ഒരു നമസ്കാരവും പ്രസംഗവും നിശ്ചയിക്കപ്പെട്ടതു തന്നെ അതിന്‍റെ പ്രാധാന്യം കുറിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ വെച്ചു നല്ല ദിവസം വെള്ളിയാഴ്ചയാകുന്നു. അന്നാണ് ആദം (عليه السلام) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും, അന്നാണ് അദ്ദേഹം അതില്‍നിന്നു പുറത്താക്കപ്പെട്ടതും’. (മു). മറ്റൊരു ഹദീസു ഇപ്രകാരമാകുന്നു : അതില്‍ – വെള്ളിയാഴ്ചയില്‍ – ഒരു നാഴിക സമയമുണ്ട്. മുസ്‌ലിമായ ഒരു അടിയാന്‍ അല്ലാഹുവിനോടു വല്ലതും ചോദിച്ചുകൊണ്ട് നിന്നു നമസ്കരിക്കുന്ന നിലയില്‍ ആ സമയവുമായി ഒത്തുകൂടിയാല്‍, അല്ലാഹു അവനു അതു കൊടുക്കാതിരിക്കുകയില്ല.’ എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: കൈകൊണ്ടു ആംഗ്യം കാണിച്ച് ആ സമയം അല്‍പനേരമേയുള്ളുവെന്നു അറിയിക്കുകയും ചെയ്തു. (ബു;മു).

ജുമുഅക്കു സംബന്ധിക്കുന്നവര്‍ അനുഷ്ടിക്കേണ്ടുന്ന മര്യാദകളെക്കുറിച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ പലതും കാണാം. ഒന്നുരണ്ടെണ്ണം ഉദ്ധരിക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘ഒരു പുരുഷന്‍ വെള്ളിയാഴ്ച കുളിക്കുകയും, കഴിയുന്നത്ര ശുദ്ധീകരിക്കുകയും, അവന്‍റെ എണ്ണ ഉപയോഗിക്കുകയോ വീട്ടിലെ സുഗന്ധദ്രവ്യം തൊടുകയോ ചെയ്യുകയും, പിന്നീടു പോയി രണ്ടാളുകള്‍ക്കിടയില്‍ (തിരക്കിക്കടന്നു) വേര്‍പ്പിരിക്കാതിരിക്കുകയും, പിന്നീടു അവനു വിധിക്കപ്പെട്ടതു നമസ്കരിക്കുകയും, പിന്നെ ഇമാം സംസാരം തുടങ്ങിയാല്‍ മൗനമായിരിക്കുകയും ചെയ്യുന്നപക്ഷം അതിന്‍റെയും (അടുത്ത) മറ്റേ ജുമുഅഃയുടെയും ഇടയ്ക്കുള്ള പാപം പൊറുക്കപ്പെടാതിരിക്കുകയില്ല.’ (ബു). ‘നിങ്ങളുടെ ശ്രേഷ്ടമായ ദിവസങ്ങളില്‍പ്പെട്ടതാണ് വെള്ളിയാഴ്ച ദിവസം. അന്നു നിങ്ങള്‍ എന്‍റെ പേരില്‍ ‘സ്വലാത്ത്’ (അനുഗ്രഹം നേരല്‍) വര്‍ദ്ധിപ്പിക്കുവിന്‍. നിങ്ങളുടെ ‘സ്വലാത്ത് ‘ എനിക്കു പ്രദര്‍ശിപ്പിക്കപ്പെടുന്നതാകുന്നു.’ (ദാ).

വെള്ളിയാഴ്ചത്തെ നമസ്കാരത്തിന്‍റെ വിളി കേട്ടാല്‍ അല്ലാഹുവിന്‍റെ സ്മരണയിലേക്കു ഉത്സാഹിച്ചു വരണം (فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. سعي (‘സഅ് യു’) എന്നാല്‍ ‘യത്നിക്കുക, പരിശ്രമിക്കുക, ഉല്‍സാഹിക്കുക, വേഗം പോകുക, ഓടുക’ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട്. ബാങ്കു കേട്ടാല്‍ മറ്റെല്ലാ ജോലിയും ഉടനെ നിര്‍ത്തിവെച്ചു പോകണം എന്നു സാരം. ഓടിപ്പോകണമെന്നര്‍ത്ഥത്തിലല്ല ഇതു പറഞ്ഞിരുക്കുന്നതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു ഹദീസില്‍ നിന്നു ഗ്രഹിക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ഇഖാമത്തു (നമസ്കാരം തുടങ്ങുന്നു എന്നു അറിയിക്കുന്ന വിളി) കേട്ടാല്‍ നമസ്കാരത്തിലേക്കു നടന്നുപോയ്ക്കൊളളുവിന്‍. നിങ്ങളില്‍ അടക്കവും ഒതുക്കവും ഉണ്ടായിരിക്കണം; ധൃതിപ്പെടരുത്; എന്നിട്ടു (ജമാഅത്തോടൊപ്പം) കിട്ടിയതു നമസ്കരിക്കുകയും നഷ്ടപ്പെട്ടുപോയ ഭാഗം (സ്വന്തം) പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബു;മു). അല്ലാഹുവിന്‍റെ മുമ്പില്‍ ആരാധന നടത്തുവാന്‍ പോകുന്നതു അടക്കത്തിലും ഒതുക്കത്തിലുമായിരിക്കണമെന്നതാണ് ഇതിലടങ്ങിയ തത്വം. അബൂഖത്താദഃ (റ) പറയന്നു: ‘ഒരിക്കല്‍ ഞങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമൊന്നിച്ചു നമസ്കരിക്കുമ്പോള്‍ ഒരു തിരക്കുകേട്ടു. ‘എന്താ വിഷയം?’ എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചു. ‘ഞങ്ങള്‍ നമസ്കാരത്തിലേക്ക് ബദ്ധപ്പെട്ടു വന്നതാണ് ‘ എന്നു അവര്‍ മറുപടി പറഞ്ഞു; തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്നാല്‍ അങ്ങിനെ ചെയ്യരുത്. നമസ്കാരത്തിനു വരുമ്പോള്‍ (സാധാരണ പോലെ) നടന്നുവരണം; നിങ്ങളില്‍ അടക്കം വേണം എന്നിട്ടു കിട്ടിയതു നമസ്കരിക്കുക; നഷ്ടമായത് പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബു;മു).

ഇതെല്ലാം കാരണമായിട്ടാണ് فَاسْعَوْا (നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍ ) എന്ന വാക്കിന്‍റെ ഉദ്ദേശ്യം ان تسعى بقلبك و عملك (നിന്‍റെ ഹൃദയം കൊണ്ടും പ്രവര്‍ത്തികൊണ്ടും ഉത്സാഹിക്കുക) എന്നാണെന്നു ഖത്താദഃ (റ)യും ما هو بالسعى على الاقدام ولكن بالقلوب والنية والخشوع (അതു കാലുകൊണ്ടു പാഞ്ഞുപോകല്ലല്ല, പക്ഷേ ഹൃദയം കൊണ്ടും ഉദ്ദേശം കൊണ്ടും ഭക്തികൊണ്ടുമാകുന്നു) എന്നു ഹസന്‍ (റ) യും പറഞ്ഞിരിക്കുന്നതും. (كما في ابن كثير) ആരാധനാകര്‍മങ്ങളുടെ അന്തസ്സത്തകളെക്കുറിച്ചും, ആത്മീയവശങ്ങളെ കുറിച്ചും മനസ്സിലാക്കുന്നവര്‍ക്കേ ഇതുപോലെയുള്ള ഉപദേശങ്ങളുടെ വില കാണ്മാന്‍ കഴിയൂ.

ബാങ്കുവിളി കേട്ടാല്‍പിന്നെ താമസിക്കുവാന്‍ പാടില്ലെന്നു മാത്രമാണ് ഈ ക്വുര്‍ആന്‍ വാക്യത്തില്‍ പറയുന്നത്. അഥവാ ജുമുഅക്ക് പുറപ്പെടേണ്ടതിന്‍റെ അവസാനത്തെ അവസരമാണ് ബാങ്ക് കുറിക്കുന്നത്. കഴിവതും നേരത്തെ പോകുകയാണ് വേണ്ടതെന്നും, നേരത്തെ പോകുന്നതിനു കൂടുതല്‍ പുണ്യം ലഭിക്കുമെന്നും നബിവചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ ‘ജനാബത്ത്’ കുളിയെപോലെ (പൂര്‍ണമായും) കുളിച്ച് ഒന്നാമത്തെ നാഴികയില്‍ തന്നെ ജുമുഅക്കു പോയാല്‍ ഒരു ഒട്ടകത്തെ ബാലിനടത്തിയതിന്‍റെയും, രണ്ടാം നാഴികയില്‍ പോയാല്‍ ഒരു പശുവിനെ ബലികഴിച്ചതിന്‍റെയും, മൂന്നാമത്തേതില്‍ പോയാല്‍ ഒരു കൊമ്പനാടിനെ ബലികഴിച്ചതിന്‍റെയും, നാലാമത്തേതില്‍ പോയാല്‍ കോഴിയെ ബലിചെയ്തതിന്‍റെയും, അഞ്ചാമത്തേതില്‍ പോയാല്‍ ഒരു മുട്ട കൊടുത്തതിന്‍റെയും അത്ര പ്രതിഫലമുണ്ടെന്നും, ഇമാം ഖുത്ത്ബഃക്കു പുറപ്പെട്ടാല്‍ ഈ പ്രത്യേക പ്രതിഫലം നിലച്ചുപോകുമെന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ വന്നിരിക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികളെ’ന്നു പറയപ്പെടുന്ന ചില പുത്തന്‍ കൂറ്റുകാര്‍ ഇതുപോലെയുള്ള പല ഹദീസുകളെയും പുച്ഛഭാവത്തില്‍ വീക്ഷിക്കുന്നതും തള്ളിക്കളയുന്നതും കാണാം. അതിനുള്ള കാരണങ്ങളെപ്പറ്റി മതബോധവും ഇസ്‌ലാമിക ചിന്താഗതിയുമുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇസ്‌ലാമില്‍ തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതായി തോന്നുന്നതെല്ലാം യുക്തിവാദം മുഖേന ദുര്‍വ്യാഖ്യാനം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യുക, മതത്തിന്‍റെ ധാര്‍മികവും ആത്മീയവുമായ വശങ്ങളെ ഇടിച്ചുതാഴ്ത്തുക മുതലായവയാണ് ഇവരുടെ ലക്ഷ്യങ്ങള്‍ എന്നു എല്ലാവര്‍ക്കും അറിയാം. ആ സ്ഥിതിക്കു അങ്ങിനെയുള്ളവരുടെ പഞ്ചസാര വാക്കുകള്‍ക്ക് സത്യവിശ്വാസികള്‍ ഒട്ടും വില കല്പിക്കേണ്ടതില്ല. കല്‍പിക്കുകയുമില്ല. ജുമുഅഃക്കു നേരത്തെ പോകല്‍, സുന്നത്തു നമസ്കാരം, സുന്നത്തു നോമ്പു മുതലായ കര്‍മങ്ങളെല്ലാം ഇവരുടെ ഭാഷയില്‍ ‘അദ്ധ്വനിക്കാത്ത മടിയവര്‍ഗത്തിന്‍റെ സൃഷ്ടികളാണ്’. വയറ്റിന്‍റെ പൂര്‍ണവും ഭൗതികനേട്ടവും മാത്രമാണല്ലോ ഇവരുടെ അടുക്കല്‍ ‘ജീവിതവിജയം’.

ബാങ്കുകേട്ടാല്‍ ജോലികള്‍ വിട്ടേച്ചു ജുമുഅഃക്കു പോകണമെന്നാണ് അല്ലാഹുവിന്‍റെ കല്‍പന. ജുമുഅഃ ഒരു നിര്‍ബ്ബന്ധകടമയാണ് എന്നു ഇതില്‍നിന്നു വ്യക്തമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ കടമയുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നതു കാണുക: അവിടുന്നു ഒരിക്കല്‍ ഇങ്ങിനെ പറഞ്ഞു: ‘ചില ആളുകള്‍ ജുമുഅഃകളെ ഉപേക്ഷിച്ചു വരുന്നതില്‍നിന്നും അവര്‍ വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം, അല്ലാഹു നിശ്ചയമായും അവരുടെ ഹൃദയങ്ങളില്‍ മുദ്ര വെക്കുകയും തന്നെ ചെയ്യും പിന്നീടു അവര്‍ (ഹൃദയങ്ങളില്‍ നന്മ പ്രവേശിക്കാത്ത) അശ്രദ്ധന്മാരുടെ കൂട്ടത്തിലായിത്തീരും.’ (മുസ്‌ലിം). മറ്റൊരു നബിവചനത്തില്‍ ഇങ്ങിനെ കാണാം : ‘ആരെങ്കിലും നിസ്സാരഭാവേന മൂന്നു ജുമുഅഃ ഉപേക്ഷിച്ചാല്‍ അല്ലാഹു അവന്‍റെ ഹൃദയത്തില്‍ മുദ്രകുത്തുന്നതാകുന്നു.’ (ദാ; തി; ജ; ന). ജുമുഅഃയില്‍ സംബന്ധിക്കണമെന്ന നിഷ്കര്‍ഷയില്ലാത്ത ആളുകളെക്കുറിച്ചു പരിശോധിക്കുമ്പോള്‍ ഈ തിരുവചനങ്ങളുടെ യാഥാര്‍ത്ഥ്യം മതബോധമുള്ളവര്‍ക്കു വേഗം മനസ്സിലാകുന്നതാണ്.

‘നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ നമസ്കാരത്തിനു വരണം’ എന്നല്ല, അല്ലാഹുവിന്‍റെ സ്മരണയാകുന്ന ‘ദിക്ര്‍’ലേക്കു (إِلَىٰ ذِكْرِ اللَّـهِ) വരണം എന്നാണു പറഞ്ഞിരിക്കുന്നത് ഇതും വളരെ ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്‍റെ സ്മരണക്കായി അവന്‍റെ മുമ്പില്‍ തലകുനിച്ചും പ്രാര്‍ത്ഥനയര്‍പ്പിച്ചും നടത്തപ്പെടുന്ന മഹത്തായ ഒരാരാധനയാണ് നമസ്കാരം. ഖുത്ത്ബഃയാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും ഭക്തിയും ശ്രോതാക്കളില്‍ ഉളവാക്കുകയും, അവയെ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഖുത്ത്ബഃയെക്കുറിച്ചു തദ്കീര്‍ (التذكير ഉല്‍ബോധനം ) എന്നു പറയപ്പെടുന്നതും. ഈ രണ്ടും ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെയാണ് അല്ലാഹു – രണ്ടിലൊന്നിനെ പ്രത്യേകം എടുത്തുപറയാതെ – ‘ദിക്ര്‍’ലേക്കു- എന്നു പറഞ്ഞിരിക്കുന്നതും. അപ്പോള്‍, ജുമുഅഃയില്‍ സംബന്ധിക്കാത്ത ആളുകള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിയതുപോലെ – അല്ലാഹുവിന്‍റെ സ്മരണയെ സംബന്ധിച്ചിടത്തോളം അശ്രദ്ധന്മാരാണെന്നു സ്പഷ്ടമാണല്ലോ. ഖുത്ത്ബഃക്കു ഇസ്‌ലാം കല്‍പിക്കുന്ന സ്ഥാനം എത്രത്തോളമാണെന്നു മനസ്സിലാക്കുവാന്‍ ഒന്നുരണ്ടു നബിവചനങ്ങള്‍ ധാരാളം മതിയാകും:-

തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : ‘ഒരാള്‍ വെള്ളിയാഴ്ച ദിവസം ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ സംസാരിച്ചാല്‍; അവന്‍ ഗ്രന്ഥങ്ങള്‍ പേറുന്ന കഴുതയെപ്പോലെയാണ്. അവനോടു ‘മിണ്ടാതിരിക്കുക’ എന്നു പറയുന്നവനാകട്ടെ ‘അവനു ജുമുഅഃയും ഇല്ല.’ (അ). കഴുതകളെപ്പോലുള്ള മൂഢന്മാരെ അതു ചെയ്കയുള്ളു, അവരോടു ഉപദേശിച്ചിട്ടു ഫലം കാണുകയില്ല, അവരെ ഉപദേശിക്കുവാന്‍ മിനക്കെടുന്നവര്‍ക്ക് ആ സമയം ഖുത്ത്ബഃ കേള്‍ക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയും ചെയ്യും. ഇതൊക്കെയാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു നബിവചനം നോക്കുക, ‘ആരെങ്കിലും വുളുചെയ്തു – നന്നായി വുളുചെയ്തു – എന്നിട്ടു ജുമുഅഃക്കു വന്നു ശ്രദ്ധിച്ചു കേള്‍ക്കുകയും മൗനമായിരിക്കുകയും ചെയ്തു. എന്നാലവനു അതിന്‍റെയും മറ്റേ ജുമുഅഃയുടെയും, ഇടക്കുള്ളതും, മൂന്നു ദിവസത്തെ കൂടുതലും (പത്തു ദിവസത്തെ പാപങ്ങള്‍) പൊറുക്കപ്പെടുന്നതാണ്. ആരെങ്കിലും ഒരു ചരക്കല്ല് തൊട്ടുപോയാല്‍, അവന്‍ വ്യഥാവിലായിപ്പോയി.'(മു). അതായത്, ഏതെങ്കിലും ഒരു നിസ്സാരകാര്യത്തിലേക്ക് അവന്‍ ശ്രദ്ധ തിരിച്ചാല്‍ ഉപദേശം കേള്‍ക്കുവാന്‍ കഴിയാതെ, അവന്‍ വന്ന കാര്യം നഷ്ടപ്പെട്ടുവെന്നു സാരം. ഇപ്പറഞ്ഞതെല്ലാം മനസ്സിരുത്തിക്കൊണ്ട് ഒന്നാലോചിച്ചു നോക്കുക! ജുമുഅഃക്കു പങ്കെടുക്കുന്നവരില്‍ തന്നെ ചിലര്‍ ഖുത്ത്ബഃവേളയില്‍ അന്യോന്യം സംസാരിച്ചും കളിച്ചും ചിരിച്ചും കൊണ്ടിരിക്കുന്നതും, മറ്റു ചിലര്‍ അന്നേരം കിടന്നും ഉറങ്ങിയും സമയം കഴിക്കുന്നതും നമ്മുടെ നാടുകളില്‍ – ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും – നിത്യാനുഭവങ്ങളാണ്. ഇവരെക്കാള്‍ ഭേദം ജുമുഅഃക്ക് വരാത്ത മടിയന്മാരും, കപടന്മാരും ആണെന്നും തോന്നിപ്പോകുന്നു. കാരണം, അവരെ കൊണ്ടു മറ്റുള്ളവര്‍ക്കു ശല്യമില്ലല്ലോ.

എനി, ഖുത്ത്ബഃ എങ്ങിനെയുള്ളതാവണം? ഇതാണല്ലോ ഖുത്ത്ബഃയുടെ കാതലായ വശം. ഈ വിഷയകമായി സത്യന്വേഷികള്‍ക്കു കാര്യം മനസ്സിലാക്കുവാന്‍ പോരുന്ന ചില ഹദീസുകള്‍ ഉദ്ധരിക്കാം:

(1) ജാബിറു ബ്നു സമൂറ:(റ) പറയുന്നു: ‘നബി صلى الله عليه وسلمക്കു രണ്ടു ഖുത്ത്ബഃ (പ്രസംഗം) പതിവുണ്ടായിരുന്നു. രണ്ടിനുമിടയില്‍ അവിടുന്നു ഇരിക്കുമായിരുന്നു. (ഖുത്ത്ബഃയില്‍) ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടുത്തെ നമസ്കാരവും മിതമായിരുന്നു, അവിടുത്തെ ഖുത്തുബഃയും മിതമായിരുന്നു’. (മു). അബൂദാവുദ്(റ)ന്‍റെ രിവായത്തില്‍ ‘ഖുര്‍ആനില്‍ നിന്നും പല ആയത്തുകള്‍ പാരായണം ചെയ്യുകയും ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു’ എന്നാണുള്ളത്.

(2) ജാബിര്‍ (റ) പറയുന്നു : ‘റസൂല്‍صلى الله عليه وسلم പ്രസംഗം ചെയ്യുമ്പോള്‍ അവിടുത്തെ രണ്ടുകണ്ണുകളും ചുവപ്പു വര്‍ണ്ണമാകും, ശബ്ദം ഉച്ചത്തിലാകും, കോപം കഠിനമാകും, എത്രത്തോളമെന്നാല്‍, അവിടുന്നു ഒരു സൈന്യത്തെക്കുറിച്ചു താക്കീതു നല്കുന്നവനാണ് എന്നു തോന്നും …..! (മു).

(3) ഉമ്മുഹിശാം (റ) എന്ന വനിതാ സഹാബീ പറയുന്നു : ‘സൂറത്തു ഖ്വാഫ് റസൂല്‍ തിരുമേനി صلى الله عليه وسلم യുടെ നാവില്‍നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). തിരുമേനി صلى الله عليه وسلم എല്ലാ ജുമുഅഃയിലും ജനങ്ങള്‍ക്കു പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ വെച്ചു അതു ഓതാറുണ്ടായിരുന്നു.’ (മു).

ഈ മൂന്നു ഹദീഥുകളില്‍ നിന്നുമായി – ഇതിനു ഉപോല്‍ബലകങ്ങളായ മറ്റു പലതും ഉണ്ടുതാനും – നമുക്ക് താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും: (1) വെള്ളിയാഴ്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടു പ്രസംഗങ്ങള്‍ ചെയ്യുകയും രണ്ടിനുമിടയില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഒരു ആശ്വസമെന്ന നിലക്കും, ഒന്നാമത്തെ പ്രസംഗത്തില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറഞ്ഞവസാനിച്ചശേഷം അടുത്തതിലേക്കുള്ള വിഷയത്തെപ്പറ്റി അല്‍പമൊന്നു ആലോചിക്കുവാനും ഇതു ഉപകരിക്കുന്നു. അതൊക്കെതന്നെയായിരിക്കാം അതിന്റെ ഉദ്ദേശ്യവും. الله اعلم ഏതായാലും ഈ ഇരുത്തത്തിനു അധികസമയം എടുക്കേണ്ടതില്ല. എങ്കിലും ചിലര്‍ ചെയ്യാറുള്ളതുപോലെ, ഇരുന്നു കഴിയും മുമ്പായി എഴുന്നേല്‍ക്കുവാന്‍ ധൃതികൂട്ടുന്നതും നന്നല്ല. സ്വന്തം യുക്തിയുടെ മാനദണ്ഡംകൊണ്ടുമാത്രം നബിചര്യയെ വിലയിരുത്തുക പതിവുള്ളവര്‍ ഈ ഇരുത്തത്തെ വിമര്‍ശിക്കുകയും, രണ്ടു ഖുത്ത്ബഃയുടെ ആവശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ അതിശയിക്കാനില്ല.അവര്‍ അതും അതിനപ്പുറവും വാദിക്കുവാന്‍ ഒരുമ്പെട്ടവരാണ്. സത്യവിശ്വാസികള്‍ അതില്‍ വഞ്ചിതരാകേണ്ടതില്ല.

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഖുത്ത്ബഃയില്‍ ഖുര്‍ആന്‍ വചനങ്ങളും ഉപദേശങ്ങളുമായിരുന്നു അടങ്ങിയിരു ന്നത്. നാമും അതേ മാതൃക സ്വീകരിക്കേണ്ടതാണ്. സൂ: ഖ്വാഫ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുത്ത്ബഃയില്‍ സാധാരണ ഓതാറുണ്ടായിരുന്നതില്‍നിന്നു ഒരു സംഗതികൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും, പരലോകം, വിചാരണ മുതലായവയെക്കുറിച്ചുമായിരുന്നു അവിടുന്നു പ്രധാനമായും സ്പര്‍ശിച്ചിരുന്നതെന്നുള്ളതാണ് അത്. സൂ: ഖ്വാഫിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഉപദേശം എന്നു പറയുമ്പോള്‍, അതു സന്ദര്‍ഭത്തിനൊത്തതായിരിക്കണമെന്നു വ്യക്തമാണ്, സദസ്സ്യരെക്കുറിച്ചും, സന്ദര്‍ഭങ്ങളെക്കുറിച്ചും അറിയാവുന്നവനും, ഹൃദയത്തില്‍ ഭയഭക്തിയുള്ളവനുമായ ഒരു ‘ഖത്തീബ്’ (പ്രാസംഗികന്‍) സംസാരിക്കുമ്പോള്‍, അയാളുടെ മനസ്സില്‍ വികാരവും, സംസാരത്തില്‍ ഗൗരവവും, പ്രത്യക്ഷപ്പെടാതിരിക്കയില്ല. ഇന്നത്തെ മിക്ക പ്രാസംഗികന്മാരെയുംപോലെ രസവും ഫലിതവും പറഞ്ഞോ, കുറെ സാഹിത്യക്കസര്‍ത്തുകള്‍ ഉപയോഗിച്ചോ, പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പുതുവിഷയങ്ങള്‍ അവതരിപ്പിച്ചോ – ഖുത്ത്ബഃകള്‍ നിര്‍വഹിക്കുന്നതായാല്‍ അതുകൊണ്ടു ജുമുഅഃഖുത്ത്ബഃയുടെ ലക്‌ഷ്യം പൂര്‍ത്തിയാകുന്നതല്ല. മതബോധവും ദൈവബോധവും ഉണ്ടാക്കുവാന്‍ അതു ഉപകരിക്കുന്നതുമല്ല. അതുകൊണ്ടു തന്നെയാണ് മനുഷ്യരില്‍ വെച്ച് ഏറ്റവും മാര്‍ദ്ദവശീലനുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പ്രസംഗിക്കുമ്പോള്‍, അവിടുത്തെ തിരുമുഖം ചുവക്കുകയും, അവിടുത്തേക്കു ദേഷ്യം കഠിനമാകുകയും, ശബ്ദം ഉയരുകയും ചെയ്തിരുന്നത്. സംസാരിക്കുന്ന വിഷയം ഗൗരവപ്പെട്ടതും, അതു പ്രാസംഗികന്റെ ഹൃദയത്തില്‍ നിന്നു പൊന്തിവരുന്നതുമാണെങ്കില്‍ മാത്രമേ ഈ വികാരം ഉണ്ടാകുകയുള്ളു.

ജുമുഅഃഖുത്ത്ബഃയുടെ ലക്ഷ്യം ഇന്നതാണെന്ന് അറിയാവുന്നവരില്‍ നിന്നുപോലും സദസ്സ്യര്‍ക്കു ദൈവഭക്തിയും മതബോധവും ഉണ്ടാക്കുന്ന തരത്തിലുള്ള ഖുത്ത്ബഃകള്‍ കേള്‍ക്കുവാനുള്ള ഭാഗ്യം ഇന്നു വളരെ വിരളമായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നെടുനീളനും പൊടിപൊടിപ്പനുമായ പ്രസംഗങ്ങള്‍ കേള്‍ക്കാം. പേരിനു മാത്രം ഒന്നുരണ്ടു ഖുര്‍ആന്‍ വാക്യങ്ങളും കേട്ടേക്കാം. പക്ഷേ വിഷയം വായില്‍ വന്നതും, ഖുത്ത്ബഃയുടെ ലക്ഷ്യവുമായി ബന്ധമില്ലാത്തതുമായിരിക്കും. പലരുടെയും പ്രസംഗങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കയില്ല. മറ്റു ചിലരുടെ ഉദ്ദേശം തന്നെ മതത്തിന്റെ നിഴലില്‍ കൂടി തങ്ങളുടെ ഭൗതികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കൽ കൂടിയാണെന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങിനെയൊക്കെയാണ് ഇന്നത്തെ ഖത്തീബുമാരില്‍ ഒരു വിഭാഗത്തിന്റെ നിലയെങ്കില്‍, മറ്റൊരു വിഭാഗക്കാര്‍ ചെയ്യുന്നതു മുന്‍കാലത്തു ആരെങ്കിലും രചിച്ചുവെച്ച ഏടുകള്‍ നോക്കി വായിച്ചു തൃപ്തി അടയലാണ്. അതു അറബിയില്‍ തന്നെ വേണമെന്നു അവര്‍ക്കു നിഷ്കര്‍ഷയുമുണ്ട്. സദസ്സ്യരില്‍ ആര്‍ക്കും, അല്ലെങ്കില്‍ ബഹുഭൂരിഭാഗത്തിന് അറബി അറിയുകയില്ല താനും. അത്രയുമല്ല, ആ ഏടു നോക്കി വായിക്കുന്നവനു – അവരുടെ ഭാഷയില്‍ ഖത്തീബിനു – തന്നെയും ചിലപ്പോള്‍ ആ വായിക്കപ്പെടുന്നതിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കയില്ല. ഇതു വാസ്തവത്തില്‍ ‘ഖുത്ത്ബഃ’ (പ്രസംഗം) അല്ല. കേവലം ‘ഖിറാഅത്ത്’ (വായന) മാത്രമാണ്.

ജുമുഅഃഖുത്ത്ബഃ അറബിയില്‍തന്നെ ആയിരിക്കല്‍ നിര്‍ബന്ധമാണോ? അതല്ല, അതാതുനാട്ടിലെ ജനങ്ങള്‍ക്കറിയാവുന്ന ഭാഷയിലായിരിക്കയാണോ വേണ്ടത്? ഇന്നത്തെ ഒരു തര്‍ക്കവിഷയമാണിത്. അല്‍പം തന്‍റേടമുള്ള ഒരു സത്യാന്വേഷിക്ക് ഇതില്‍ സംശയത്തിനവകാശമില്ല. ഈ വിഷയകമായി ഇവിടെ കൂടുതല്‍ സംസാരിച്ചു ദീര്‍ഘിപ്പിക്കുവാന്‍ മുതിരുന്നില്ല. ഖുത്ത്ബഃയുടെ ലക്ഷ്യം സദസ്സ്യരെ ഉപദേശിക്കലും, അവര്‍ക്കു ബോധാമുണ്ടാക്കലുമാണെങ്കില്‍ – അതാണ്‌ ലക്ഷ്യം എന്നു തീര്‍ച്ചയുമാണ്- ഖുത്ത്ബഃ ജനങ്ങള്‍ക്കു ഗ്രഹിക്കാവുന്ന ഭാഷയിലായിരിക്കണമെന്നുള്ളതില്‍ സംശയമില്ലല്ലോ. അറബിയില്‍ തന്നെ വേണമെന്നുള്ളതിനു പ്രസക്തമായ എന്തെങ്കിലും ഒരു തെളിവു ഇല്ലതാനും. അതുകൊണ്ടാണ് മറ്റു പലതിലുമെന്നപ്പോലെ, ഖുത്ത്ബഃയിലെ – ‘ഹംദ്’- തശ്ഹൂദ് – സ്വലാത്ത് ‘ മുതലായ ഭാഗങ്ങള്‍ അറബിയില്‍ ആയിരിക്കണമെന്നും, ഉപദേശത്തിന്‍റെ ഭാഗം അറബിയിലായിരിക്കേണ്ടതി ല്ലെന്നും, കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ (ഫുഖഹാക്കൾ) പ്രസ്താവിക്കുന്നത്. പക്ഷേ, കക്ഷിപിടിച്ചു തര്‍ക്കത്തിനു മിനക്കെടുന്നവര്‍ക്കും, സത്യത്തിനു വഴങ്ങിയാല്‍ സ്വാര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്കും തെളിവും ന്യായവും സ്വീകാര്യമായിരിക്കയില്ലല്ലോ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സുന്നത്തിനെയാണ് പിന്‍പറ്റേണ്ടതെന്നു ബോധ്യമുള്ള ഖത്തീബുമാര്‍ വേണ്ടതു കഴിയുന്നത്ര ഖുര്‍ആന്‍ വാക്യങ്ങള്‍ ജനങ്ങളെ ഓതികേള്‍പ്പിച്ചു മനസ്സിലാക്കുകയും, അതിന്‍റെ വിവരണത്തില്‍ കഴിയുന്നത്ര നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥുകളും ഉള്‍ക്കൊള്ളിക്കുകയാണ്. സ്വന്തംവക സമര്‍ത്ഥനങ്ങളെക്കാളും, സദസ്സ്യരില്‍ മിക്കവര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്ത സാഹിത്യപ്രയോഗങ്ങളെക്കാളും, കാമ്യവും ഉപയോഗപ്രദവും അതായിരിക്കും. നാമമാത്രം ഏതെങ്കിലും അരമുറി ഖുര്‍ആന്‍ വാക്യം ഉദ്ധരിക്കുകയും, പിന്നീടു സ്വന്തം വൈഭവം പ്രകടിപ്പിക്കുകയും, തനിക്കു താല്‍പര്യമുള്ള ആദര്‍ശം പ്രചരിപ്പിക്കുവാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരെ ഖത്തീബുമാരായി ജനങ്ങള്‍ സ്വീകരിക്കരുതെന്നും, കുറെയൊക്കെ വിവരവും, ബോധവും, ഭക്തിയുമുള്ളവരെ മാത്രമേ തങ്ങളുടെ ഖത്തീബുമാരായി സ്വീകരിക്കാവൂ എന്നും എല്ലാ പള്ളിമഹല്ലു ഭാരവാഹികളും പൊതുജനങ്ങളും ഓര്‍ത്തിരിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം, ഇസ്‌ലാമിനെതിരില്‍ ഇന്നു നടമാടികൊണ്ടിരിക്കുന്ന വിവിധ സംരംഭങ്ങള്‍ക്കു – നാം അറിഞ്ഞോ അറിയാതെയോ – നല്‍കുന്ന ഒരു മുതല്‍കൂട്ടായി നമ്മുടെ ഖുത്ത്ബഃകള്‍ കലാശിച്ചേക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. ഖുത്ത്ബഃ മാതൃഭാഷയില്‍ നടത്തപ്പെടുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യംഉളവാക്കുന്നു. ഈ നിലക്കു ഇവരുടെ മാതൃഭാഷയിലുള്ള പ്രസംഗങ്ങളെക്കാള്‍ ഉത്തമം ഇന്നത്തെ അറബിഖുത്ത്ബഃ വായനയാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, ഖുത്ത്ബഃയുടെ ലക്ഷ്യം സാധിക്കാത്ത ദോഷം അതിലുണ്ടെങ്കിലും അതുമൂലം ഇങ്ങിനെയുള്ള ആപത്തുകള്‍ നേരിടാനില്ലല്ലോ.

(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഖുത്ത്ബഃയും, നമസ്കാരവും മിതമായിരുന്നു. ഇതുംതന്നെ ഇന്നു മിക്കവരും അവഗണിച്ചിരിക്കുകയാണ്. ഖുത്ത്ബഃ കൂടുതല്‍ നേരം നീട്ടികൊണ്ടുപോകല്‍ പലരുടെയും പതിവാകുന്നു. സാരവത്തും, കാര്യമാത്രപ്രസക്തവുമായ സംസാരമായിരിക്കുക, ചുരുങ്ങിയ സമയം കൊണ്ടവസാനിപ്പിക്കുക, ഇതാണു കരണീയമായതും, തിരുമേനിയുടെ നടപടിയോടു യോജിച്ചതും. ശ്രോതാക്കളുടെ ശ്രദ്ധയും ക്ഷമയും സജീവമായിരിക്കുവാനും അതാണ്‌ ഉപകരിക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു തിരുവചനത്തില്‍ നിന്നു ഇതു നല്ലപോലെ മനസ്സിലാക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘ഒരു മനുഷ്യന്‍റെ നമസ്കാരം ദീര്‍ഘിക്കലും, അവന്‍റെ പ്രസംഗം (ദീര്‍ഘിക്കാതെ) ചുരുങ്ങലും അവന്‍റെ വിജ്ഞാനത്തിന്‍റെ അടയാളമാകുന്നു.’ (മു). പക്ഷേ, നമസ്കാരം സംഘമായിട്ടാകുമ്പോള്‍ അതു കൂടുതല്‍ ദീര്‍ഘിപ്പിച്ചുകൂടാ എന്നു ഹദീഥുകളില്‍ തന്നെ പ്രസിദ്ധമായി അറിയപ്പെട്ടതാണ്. താരതമ്യേന നോക്കുകയാണെങ്കില്‍ പ്രസംഗം കഴിവതും ചുരുങ്ങുകയും, നമസ്കാരം ദീര്‍ഘിക്കുകയുമാണ് വേണ്ടതു എന്നു സാരം. ‘ഇതു ജുമുഅഃയെ സംബന്ധിച്ചുമാത്രം പ്രസ്തവിച്ചതല്ല. പൊതുവില്‍ ഉള്ള ഒരു വസ്തുതയത്രെ. പ്രസംഗം ചുരുക്കണമെന്നു പറഞ്ഞതില്‍ അടങ്ങിയ തത്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ ചൂണ്ടിക്കാട്ടുന്നതു നോക്കുക : ‘ആകയാല്‍, നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുവിന്‍, പ്രസംഗം ചുരുക്കുകയും ചെയ്യുവിന്‍. നിശ്ചയമായും വിവരണത്തിൽ ഒരു വശ്യശക്തിയുണ്ട്. ‘ ഇതാണു ഈ ഹദീഥിന്‍റെ ബാക്കിഭാഗം. വിഷയം ശരിക്കു അവതരിപ്പിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് പ്രസംഗം നീണ്ടുപോകുന്നതെന്നു ഇതില്‍ സൂചന കാണാം.

وَذَرُوا الْبَيْعَ (കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ജുമുഅഃയില്‍ പങ്കെടുക്കുന്നതിനു മുടക്കായിത്തീരുന്ന എല്ലാ ജോലികളും ബാങ്കുവിളി കേട്ടാല്‍ പിന്നീടു തുടരാതെ നിറുത്തിവെക്കണമെന്നാകുന്നു. എന്നല്ലാതെ, കച്ചവടക്കാര്‍ മാത്രം തങ്ങളുടെ ജോലി നിറുത്തി പങ്കെടുത്താല്‍ മതി എന്നു അതിനു അര്‍ത്ഥമില്ല. അടുത്ത വചനത്തില്‍ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കച്ചവടം നടത്തിക്കൊള്ളുവിന്‍ എന്നു പറയാതെ ‘ഭൂമിയില്‍ വ്യാപിച്ച് ഉപജീവനമാര്‍ഗങ്ങള്‍ തേടിക്കൊളുവിന്‍’ എന്നുപറഞ്ഞതില്‍ നിന്നുതന്നെ മനസ്സിലാക്കാം. കച്ചവടത്തെ പ്രത്യേകം എടുത്തുപറയുവാനുള്ള കാരണം പലതുമാവാം. സ്വഹാബികളില്‍ പലരും കച്ചവടക്കാരായിരുന്നു. കച്ചവടങ്ങള്‍ മിക്കവാറും പട്ടണങ്ങളില്‍ ആയിരിക്കും നടക്കുന്നത്. ജുമുഅഃ പോലെയുള്ള പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഉള്‍നാട്ടുകാര്‍ തങ്ങളുടെ ജോലിത്തിരക്കുകള്‍ നേരത്തെ തന്നെ നിറുത്തിവെച്ചു ഒരുങ്ങുന്നതും, അങ്ങാടിയില്‍ വസിക്കുന്നവരും കച്ചവടക്കാരും സമയം അടുക്കുമ്പോള്‍ മാത്രം ജോലി നിറുത്തിവെച്ചു പുറപ്പെടുന്നതുംസാധാരണ പതിവാണല്ലോ. കൂടാതെ ചില വ്യാഖ്യാതാക്കള്‍ സൂചിപ്പിച്ചത് പോലെ (*) വെള്ളിയാഴ്ച മദീനാ പരിസരങ്ങളില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ദിവസം ആയിരിക്കുവാനും കാരണമുണ്ട്. മദീനാപരിസരം യഹൂദപ്രദേശമായിരുന്നുവല്ലോ. അവര്‍ക്കു ശനിയാഴ്ച ഒഴിവുദിവസമാണ്. ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും ഒഴിവുദിവസമാണ്. ആ നിലക്കു വെള്ളിയാഴ്ച അങ്ങാടി കൂടുതല്‍ സജീവമായിരിക്കുക സ്വാഭാവികമായിരിക്കും. ഈ രണ്ടു ദിവസത്തിനും മുമ്പിലായി വെള്ളിയാഴ്ച ദിവസം വാരാന്തപ്പെരുന്നാളായി ആചരിക്കുവാന്‍ അല്ലാഹു നിയമിച്ചത് ഈ സമുദായത്തിനു ലഭിച്ച ഒരു ഭാഗ്യമായി ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടിയതും സ്മരണീയമാകുന്നു. (**). ഏതായാലും ജുമുഅഃക്കു ബാങ്കുവിളിച്ചാല്‍ കച്ചവടം നിറുത്തിവെക്കണമെന്നു അല്ലാഹു കല്പിച്ചിരിക്കെ, ആ കല്‍പന അനുസരിക്കാതെ നടത്തപ്പെടുന്ന എല്ലാ കച്ചവടവും മുസ്‌ലിംകള്‍ക്ക് ഹറാം (കുറ്റകരമായ നിഷിദ്ധം) ആണെന്നുള്ളതില്‍ സംശയമില്ല. ഹറാമാണെന്നു മാത്രമല്ല, ആ കൊള്ളകൊടുക്കലുകള്‍ മതദൃഷ്ട്യാ സാധുവാകുകയില്ല എന്നുപോലും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനു ന്യായവും ഇല്ലാതില്ല.


كما في تفسير المدارك (*)
كما في البخارى و مسلم (**)


തുടര്‍ന്നുകൊണ്ടു അല്ലാഹു പറയുന്നു : ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (അതു നിങ്ങള്‍ക്കു ഗുണകരമാണ് – നിങ്ങള്‍ക്കറിയാമെങ്കില്‍). വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാണിത്. അല്‍പനേരം നിങ്ങളുടെ ലൗകീകകാര്യങ്ങളും ജോലിത്തിരക്കുകളും ഒന്നു നിറുത്തിവെച്ചാലുണ്ടാകുന്ന നഷ്ടവും, ജുമുഅഃയില്‍ പങ്കെടുത്താല്‍ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും ഒന്നു തുലനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം. ഇതാണു നിങ്ങള്‍ക്കു ഉത്തമം – ഇതാണു നിങ്ങള്‍ക്കു കൂടുതല്‍ ലാഭകരം എന്നു താല്പര്യം. ഖുത്ത്ബഃയില്‍ നിന്നു ലഭിക്കാവുന്ന അറിവുകള്‍, സംഘമായി നമസ്കരിക്കുന്നതിലുള്ള നന്മകള്‍, ഒരു നാട്ടിലെ സഹോദരങ്ങള്‍ ഒരിടത്തു സമ്മേളിക്കുന്നതില്‍ അടങ്ങിയ രഹസ്യങ്ങള്‍, സര്‍വ്വോപരി അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിച്ചുകൊണ്ട് അല്‍പ്പനേരം ഐഹിക കാര്യങ്ങളില്‍ നിന്നു സ്വസ്ഥമായി അല്ലാഹുവിന്‍റെ വീട്ടില്‍ അവന്‍റെ സ്മരണയിലും, അവനോടുള്ള പ്രാര്‍ത്ഥനയിലും കഴിഞ്ഞുക്കൂടല്‍, ഇവ ഓരോന്നും സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ വിലപിടിച്ച സമ്പാദ്യം തന്നെയാണ്.

ബാങ്കുവിളിയോടുകൂടി നിറുത്തിവെക്കുവാന്‍ കല്‍പിച്ചിരുന്ന ഏര്‍പ്പാടുകളെല്ലാം ജുമുഅഃ നമസ്കാരം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പുറത്തിറങ്ങി പുനരാരംഭിക്കാമെന്നും, അങ്ങിനെ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്പെടുത്തി കൊടുത്തിട്ടുള്ള ഉപജീവനമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നുമാണ് അടുത്ത (فَإِذَا قُضِيَتِ الصَّلَاةُ االخ) വചനത്തില്‍ അല്ലാഹു അറിയിക്കുന്നത്. നമസ്കാരം കഴിയുന്നതുവരെ എല്ലാ വ്യാപാരങ്ങളും നിറുത്തിവെക്കല്‍ നിര്‍ബന്ധമായിരുന്നതുപോലെ, അതുകഴിഞ്ഞ് ഉടന്‍ ഭൂമിയില്‍ വ്യാപിച്ചു ജോലിയില്‍ പ്രവേശിക്കലും നിര്‍ബന്ധമാണ്‌ എന്ന അര്‍ത്ഥത്തിലുള്ള ഒരു കല്‍പനയല്ല ഇത്. ആദ്യത്തെ നിരോധാജ്ഞയുടെ സമയം നമസ്കാരത്തോടുകൂടി അവസാനിച്ചുവെന്ന അറിയിപ്പും, എനി അതു വീണ്ടും തുടര്‍ന്നുകൊള്ളുവാനുള്ള അനുവാദവും അതോടൊപ്പം അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്ന ആഹാരമാര്‍ഗം തേടിക്കൊള്ളുവാനുള്ള പ്രോത്സാഹനവുമാണ്  അതിൽ അടങ്ങിയിരിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് അസ്ഥാനത്താവുകയില്ല. ജുമുഅഃയിലാകട്ടെ, മറ്റു ജമാഅത്ത് നമസ്കരങ്ങളിലാകട്ടെ, നമസ്കാരം കഴിഞ്ഞാല്‍ ചില പ്രത്യേക രൂപത്തിലുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ കഴിഞ്ഞേ എഴുന്നേറ്റു പോകാവു എന്നൊരു അലിഖിത നിയമം പലരും പലേടത്തും ആചരിച്ചുവരുന്നുണ്ടല്ലോ. നമസ്കാരം കഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപിക്കാമെന്നു അനുവദിച്ചുകൊണ്ടുള്ള അല്ലാഹുവിന്‍റെ കല്പനക്ക് എതിരാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോ, സ്വഹാബികളോ, അവരെ പിന്‍തുടര്‍ന്നുവന്ന മുന്‍ഗാമികളോ അങ്ങിനെ ചെയ്തിരുന്നതുമില്ല. അതേസമയത്തു നമസകാരാനന്തരം പല ദിക്റുകള്‍ ചൊല്ലുവാനും ദുആ ചെയ്‌വാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഊന്നിപ്പറയുകയും, പ്രവര്‍ത്തനത്തില്‍ കാണിച്ചുതരുകയും ചെയ്തിട്ടുണ്ടുതാനും. പക്ഷേ, കൂട്ടായിരുന്നുകൊണ്ടോ, നിര്‍ബന്ധമെന്ന നിലക്കോ അല്ല അത്. ഐച്ഛികവും, പുണ്യകരവും എന്ന നിലക്കുമാത്രം. മതസംബന്ധമായ മിക്ക അനുഷ്ഠാനകര്‍മങ്ങളും പരിശോധിച്ചാല്‍, ഇന്നു നമ്മുടെ സമുദായത്തിന്‍റെ പൊതുനില അങ്ങേഅറ്റം വ്യസനകരമാകുന്നു. ഒന്നുകില്‍, അതില്‍ വെച്ചുകെട്ടിയും കൂട്ടിച്ചേര്‍ത്തും മതത്തിന്‍റെ അതിര്‍ത്തിക്കപ്പുറം കടന്ന ഒരു വിഭാഗത്തെ അല്ലെങ്കില്‍ വെട്ടിച്ചുരുക്കിയും തള്ളിക്കളഞ്ഞും മതത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിച്ചേരാത്ത ഒരു വിഭാഗത്തെ, ഇങ്ങനെയാണധികവും കാണ്മാന്‍ കഴിയുന്നത്. നമസ്കാരത്തിനു ശേഷമുള്ള ദിക്ര്‍, ദുആ മുതലായതും അതില്‍ ഉള്‍പ്പെടുന്നു. ഒരു കൂട്ടര്‍ നമസ്കാരത്തെപ്പോലെയോ നമസ്കരത്തെക്കാളധികമോ പ്രാധാന്യം അതിനു നല്‍കുന്നു. മറ്റൊരു കൂട്ടരാകട്ടെ, അതെല്ലാം പഴഞ്ചനും പരിഹാസവുമായി ഗണിക്കുകയും ചെയ്യുന്നു. അല്ലാഹു നമ്മെയെല്ലാം അവന്‍റെ ഋജുവായ പാതയില്‍നിന്നു ഇടത്തോട്ടും വലത്തോട്ടും തെറ്റാതെ നേര്‍ക്കുനേരെ ചരിക്കുവാന്‍ തൗഫീഖു നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

ജുമുഅഃയെ സംബന്ധിച്ച കാര്യങ്ങള്‍ പ്രസ്താവിച്ചതിനുശേഷം, ജുമുഅഃ കര്‍മങ്ങളില്‍ മാത്രമല്ല, എല്ലാ അവസരത്തിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ബോധവും സത്യവിശ്വാസികള്‍ക്കുണ്ടായിരി ക്കണമെന്നും, ഇങ്ങനെയുള്ള കല്‍പനകളും ഉപദേശങ്ങളുമെല്ലാം നല്‍കുന്നത് അവരുടെ വിജയത്തിനും നന്മക്കും വേണ്ടിത്തന്നെയാണെന്നും ഉണര്‍ത്തികൊണ്ടാണ് അല്ലാഹു രണ്ടാമത്തെ വചനം അവസാനിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (നിങ്ങള്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യണം – നിങ്ങള്‍ വിജയിച്ചേക്കാം.).

അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അങ്ങനെ വിജയം പ്രാപിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ നമ്മെയെല്ലാം അവന്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. آمين

വെളിച്ചം റമദാൻ 2021 – റമദാൻ 13

സൂറത്തുജുമുഅ : 01-11

ജുമുഅഃ

മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 11- വിഭാഗം (റുകുഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില്‍ ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൂറത്തില്‍ ജുമുഅയെ പറ്റി പ്രസ്താവിക്കുന്നതിനു പുറമെ ഇസ്‌ലാമിന്റെ ശത്രുക്കളായ യഹൂദികളെ കുറിച്ചും, അടുത്ത സൂറത്തില്‍ മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്‍പ്പിക്കുന്നത് മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളെക്കുറിച്ച് സദാ ജാഗ്രത ഉണ്ടായിരിക്കുവാനും, ജുമുയുടെ പ്രാധാന്യം വിസ്മരിക്കപ്പെടാതിരിക്കാനും ഉതകുമല്ലോ.

62:1

  • يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീരത്തനം ചെയ്തു വരുന്നു; രാജാധിപതിയും, മഹാപരിശുദ്ധനും, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനായ (അല്ലാഹുവിനു).
  • يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും الْمَلِكِ രാജാവായ الْقُدُّوسِ മഹാ പരിശുദ്ധനായ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ

62:2

  • هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّۦنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ ﴾٢﴿
  • അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍. അവര്‍ക്കു തന്റെ ‘ആയത്തുകള്‍’ ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു.
  • هُوَ الَّذِي അവന്‍ യാതൊരുവനത്രെ بَعَثَ فِي الْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്തവരില്‍ നിയോഗിച്ച, അയച്ച, എഴുന്നേല്‍പ്പിച്ച رَسُولًا مِّنْهُمْ അവരില്‍ നിന്നൊരു റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും آيَاتِهِ അവന്റെ ആയത്തു (ലക്‌ഷ്യം – ദൃഷ്ടാന്തം)കളെ وَيُزَكِّيهِمْ അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും وَيُعَلِّمُهُمُ അവര്‍ക്കു പഠിപ്പിക്കുകയും الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവര്‍ ആയിരുന്നു مِن قَبْلُ മുമ്പ് لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ സ്പഷ്ടമായ

62:3

  • وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣﴿
  • (മാത്രമല്ല) അവരില്‍ നിന്നുള്ള വേറെ ആളുകള്‍ക്കും – അവര്‍ ഇവരുമായി (എത്തി) ചേര്‍ന്നു കഴിഞ്ഞിട്ടില്ല – [വന്നു ചേരുന്നേയുള്ളു] – പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനത്രെ അവന്‍.
  • آخَرِينَ വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച) مِنْهُمْ അവരില്‍ നിന്നുള്ള لَمَّا يَلْحَقُوا അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടില്ല بِهِمْ അവരു (ഇവരു)മായി وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

62:4

  • ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٤﴿
  • അതു അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവനത് നല്‍കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്.
  • ذَٰلِكَ അതു فَضْلُ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹമാണു, ദയവാണു يُؤْتِيهِ അവനതു നല്‍കും, നല്‍കുന്നു مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَاللَّـهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു الْعَظِيمِ വമ്പിച്ച

أُمِّيِّينَ (ഉമ്മിയ്യീന്‍) എന്ന വാക്കിനു എഴുത്തും വായനയും അറിയാത്തവര്‍ എന്നര്‍ത്ഥം. ഇതിന്റെ ഏകവചനം أمي ഉമ്മിയ്യ്‌ എന്നത്രെ. അറബികളില്‍ അല്‍പം ചില വ്യക്തികള്‍ എഴുത്തും വായനയും അറിയുന്നവര്‍ ഉണ്ടായിരുന്നുവെങ്കിലും, പൊതുവില്‍ അവര്‍ ഉമ്മിയ്യുകളായിരുന്നു. വേദഗ്രന്ഥങ്ങളുമായി പരിചയമില്ലാത്തതയിരുന്നു ഇതിനു ഒരു പ്രധാന കാരണം. അതുകൊണ്ടു വേദക്കാര്‍ അല്ലാത്തവര്‍ എന്ന ഉദ്ദേശ്യത്തിലും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ‘അക്ഷരജ്ഞാനമില്ലാത്തവരില്‍ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ നിയോഗിച്ചു’ എന്നു പറഞ്ഞതില്‍ ഒന്നിലധികം സൂചനകള്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി:

(1) അവരില്‍പ്പെട്ട ഒരാളാകകൊണ്ടു അദ്ദേഹത്തെപ്പറ്റി അവര്‍ക്ക് വേണ്ടത്ര പരിചയമുണ്ട്. അദ്ദേഹവുമായി ഇടപഴകുന്നതിനും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും തെറ്റിദ്ധരിക്കാതിരിക്കുന്നതിനും ഇതവര്‍ക്ക് കൂടുതല്‍ സൗകര്യമാണ്.

(2) അദ്ദേഹം ഇസ്രാഈല്യരില്‍ നിന്നോ, മറ്റേതെങ്കിലും ജനതയില്‍ നിന്നോ അല്ലാതെ സ്വന്തം ജനതയില്‍ നിന്നുള്ള ആളായതുകൊണ്ടു അദ്ദേഹത്തിന്റെ നിയോഗം അവര്‍ക്കു കൂടുതല്‍ അഭിമാനത്തിനും ശ്രേഷ്ടതക്കും കാരണമാണ്.

(3) അദ്ദേഹവും അവരെ പോലെ അക്ഷരജ്ഞാനമില്ലാത്ത ആളായിരിക്കെ, അദ്ദേഹം കൊണ്ടുവന്ന മഹത്തായ സന്ദേശങ്ങളും വേദഗ്രന്ഥവും അദ്ദേഹത്തിന്റെ സ്വന്തം കൃതി ആയിരിക്കുവാന്‍ തരമില്ല എന്നിങ്ങനെ പലതും.

ഉമ്മിയ്യുകളില്‍ നിയോഗിച്ചു (بَعَثَ فِي الْأُمِّيِّينَ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അറബികള്‍ക്കു മാത്രമുള്ള റസൂലായി അയച്ചുവെന്നാണെന്നു ഇസ്ലാമിന്റെ ശത്രുക്കള്‍ ചിലപ്പോള്‍ വാദിക്കാറുണ്ട്. വാസ്തവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എല്ലാ ജനതയ്ക്കുമുള്ള റസൂലാണെന്നതിനു മറ്റൊരു തെളിവും ഇല്ലെങ്കില്‍പോലും ഈ വാക്കിന്റെ അര്‍ത്ഥം അതല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഇടയില്‍ ആണ് വെളിപ്പെട്ടതു എന്നാണതിന്റെ ഉദ്ദേശ്യം. അല്ലായിരുന്നുവെങ്കില്‍ الى الا امين (ഉമ്മിയ്യുകളിലെക്കു) എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതേ സമയത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യര്‍ക്ക് ആകമാനമുള്ള റസൂല്‍ ആണെന്നു ഖുര്‍ആന്‍ വ്യക്തമായും ആവര്‍ത്തിച്ചും പറഞ്ഞിട്ടുള്ളതാണുതാനും. (സൂ: അഅ്റാഫ്: 158; സബഅ് : 28 മുതലായവ നോക്കുക). വേണ്ട, ഇവിടെത്തന്നെ وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ എന്നു അല്ലാഹു പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാകുന്നു. ഇതുവരേയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്തവരും ഭാവിയില്‍ വരാനിരിക്കുന്നവരുമായ മറ്റെല്ലാവര്‍ക്കും ബാധകമാണ് അദ്ദേഹത്തിന്റെ ദൗത്യവും അദ്ധ്യാപനങ്ങളും എന്നാണു ഈ വാക്കു കാണിക്കുന്നത്.

ഇബ്രാഹീം (عليه السلام) നബി കഅ്ബ കെട്ടിടം ഉയര്‍ത്തിയശേഷം പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു:

رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١٢٩﴾ – سورة البقر

(ഞങ്ങളുടെ റബ്ബേ, ഇവര്‍ക്കു നിന്റെ ലക്ഷ്യങ്ങള്‍ ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗധാജ്ഞനായ പ്രതാപശാലി.) (2:129). ഈ പ്രാര്‍ത്ഥനയില്‍ കാണുന്ന അതെ വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം (عليه السلام) യുടെ പ്രാര്‍ത്ഥനാഫലത്തിന്റെ പുലര്‍ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന്‍ എന്റെ പിതാവു ഇബ്രാഹിമിന്റെ പ്രാര്‍ത്ഥനയാണ്'(أَنَا دَعْوَةُ أَبِي إِبْرَاهِيمَ) എന്നു അവിടുന്നു പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ابن اسحق و غيره) റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കര്‍ത്തവ്യങ്ങള്‍ ഏതൊക്കെയാണെന്നു ഈ വചനങ്ങളില്‍ നിന്നു വ്യക്തമാണ്. അതെ, അല്ലാഹുവിന്റെ സന്ദേശങ്ങള്‍, ലക്ഷ്യദൃഷ്ടാന്തങ്ങള്‍, തിരുവചനങ്ങള്‍ ആദിയായവ ജനങ്ങള്‍ക്കു ഓതികേള്‍പ്പിക്കുക, മാനസികവും ധാര്‍മികവുമായ വശങ്ങളില്‍ അവരെ സംസ്കാരസമ്പന്നരാക്കുക, വേദഗ്രന്ഥമാകുന്ന ക്വുര്‍ആന്‍ പഠിപ്പിക്കുക, അതിന്റെ അദ്ധ്യാപനങ്ങളും, സിദ്ധാന്തങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ വിജ്ഞാനങ്ങള്‍ ഗ്രഹിപ്പിക്കുക. ഇവയാണത്.

നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും) അല്ലാഹു നല്‍കുന്ന അനുഗ്രഹം മാത്രമാണ്. അതു മനുഷ്യന്റെ അര്‍ഹത കൊണ്ടോ മറ്റോ സിദ്ധിക്കുന്ന സ്ഥാനമല്ല; അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ ആ സ്ഥാനം നല്‍കുന്നു; അവന്‍ ഉദ്ദേശിച്ചിരുന്നവരില്‍നിന്നു മാത്രം അവരെ നിയോഗിക്കുകയും ചെയ്യുന്നു. എന്നൊക്കെയാണ് 4ാം വചനത്തിലെ സൂചനകള്‍. അറബികളാകുന്ന ഉമ്മിയ്യുകള്‍ വളരെയധികം വഴിപിഴച്ച ജനതയാണെങ്കിലും പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും കുത്തകാവകാശം വാദിച്ചുകൊണ്ടിരുന്ന വേദക്കാരെക്കാള്‍ ഈ ദൗത്യം ഏറ്റെടുത്തു നടത്തുവാന്‍ നല്ലത് അവരാണെന്നു അല്ലാഹുവിന്നറിയാമെന്നും വേദക്കാര്‍ ഈ ദൗത്യം ഏറ്റെടുക്കുവാന്‍ കൊള്ളാത്തവിധം ദുഷിച്ചു പോയിരിക്കുന്നുവെന്നും അതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അടുത്ത വചനങ്ങള്‍ നോക്കുക.

62:5

  • مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴾٥﴿
  • ‘തൗറാത്ത്’ ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടു(ത്തു നിര്‍വഹി)ക്കാതിരുന്നവരുടെ ഉപമ, (വന്‍) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടെ മാതിരിയാകുന്നു. അല്ലാഹുവിന്റെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
  • مَثَلُ ഉപമ, മാതിരി, ഉദാഹരണം الَّذِينَ حُمِّلُوا വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ التَّوْرَاةَ തൌറാത്തു ثُمَّ لَمْ يَحْمِلُوهَا പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്‍വഹിച്ചില്ല) كَمَثَلِ الْحِمَارِ കഴുതയുടെ മാതിരിയാണ് يَحْمِلُ വഹിക്കുന്ന أَسْفَارًا വന്‍ഗ്രന്ഥങ്ങള്‍ بِئْسَ എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു مَثَلُ الْقَوْمِ ജനതയുടെ ഉപമ الَّذِينَ كَذَّبُوا വ്യാജമാക്കിയതായ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ

താനെന്തു വഹിക്കുന്നു? താന്‍ വഹിക്കുന്ന വസ്തുവില്‍ എന്താണുള്ളത്? അതിന്റെ ലക്ഷ്യമെന്ത്? പ്രയോജനമെന്ത്‌? ഇതൊന്നും പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്ന കഴുതയ്ക്ക് അറിയുകയില്ലല്ലോ. അതും പേറി നടക്കണം, അതിനുള്ള വിഷമവും സഹിക്കണം. അത്രമാത്രം. ഇതുപോലെത്തന്നെയാണ് തൗറാത്തിന്‍റെ ഭാരവാഹികളായ യഹൂദരുടെയും നില. തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്‍റെ അദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ അവര്‍ ശ്രദ്ധിക്കുന്നേയില്ല. പകരം പരമ്പരാഗതമായ ഐതിഹ്യങ്ങള്‍ കൊണ്ടും തങ്ങളുടെ വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണവര്‍. മൃഗങ്ങള്‍ക്കു കാര്യം മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ല. ഇവര്‍ക്കു അതുണ്ട്. അതു ഇവര്‍ ഉപയോഗപ്പെടുത്താതിരിക്കുകയാണ്. ആ നിലക്കു – മറ്റൊരു സ്ഥലത്ത് അള്ളാഹു പറഞ്ഞതുപോലെ – മൃഗങ്ങളെക്കാള്‍ പിഴച്ചവരാണ് ഇവർ. (أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ) ഗ്രന്ഥക്കെട്ടു വഹിക്കുന്ന ഒട്ടകത്തോടോ മറ്റോ ഉപമിക്കാതെ, കഴുതയോട് ഉപമിച്ചിരിക്കുന്നതു അല്ലാഹുവിനു അവരുടെ നേരെയുള്ള വെറുപ്പിന്‍റെ കാഠിന്യമാണ് കാണിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍റെ  അനുയായികളുടെ ഇന്നത്തെ പൊതുനിലയും ഈ വചനവും മുമ്പില്‍ വെച്ചുകൊണ്ട് ഒന്നാലോചിച്ചു നോക്കുക! ഇനിയൊരു വേദഗ്രന്ഥം അവതരിക്കുമായിരുന്നെങ്കില്‍ അവരെപ്പറ്റി അല്ലാഹു എങ്ങനെ പറയുമായിരിക്കും? ചിന്തിച്ചുനോക്കുക. والعياد بالله

62:6

  • قُلْ يَٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَٰدِقِينَ ﴾٦﴿
  • (നബിയേ) പറയുക: ‘ഹേ, യഹൂദികളായുള്ളവരേ, (മറ്റു) മനുഷ്യരെക്കൂടാതെ, നിങ്ങള്‍ (മാത്രം) അല്ലാഹുവിനു മിത്രങ്ങളാണു എന്നു നിങ്ങള്‍ ജല്‍പ്പിക്കുകയാണെങ്കില്‍ എന്നാല്‍ – നിങ്ങള്‍ മരണത്തിനു (ഒന്നു) കൊതിക്കുവിന്‍ – നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!’
  • قُلْ പറയുക يَا أَيُّهَا الَّذِينَ هَادُوا യഹൂദികളായിട്ടുള്ളവരെ إِن زَعَمْتُمْ നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം أَنَّكُمْ أَوْلِيَاءُ നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു لِلَّـهِ അല്ലാഹുവിനു مِن دُونِ النَّاسِ മനുഷ്യരെക്കൂടാതെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക الْمَوْتَ മരണത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍

62:7

  • وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّٰلِمِينَ ﴾٧﴿
  • തങ്ങളുടെ കരങ്ങള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളതു നിമിത്തം, ഒരുകാലത്തും അവര്‍ അതിനു കൊതിക്കുകയില്ല. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനാകുന്നു.
  • وَلَا يَتَمَنَّوْنَهُ അതിനവര്‍ കൊതിക്കുകയില്ല أَبَدًا ഒരു കാലത്തും, ഒരിക്കലും بِمَا قَدَّمَتْ മുന്‍ചെയ്തു വെച്ചതുനിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍ وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി

‘ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാണ്’ (മാഇദ: 18). ‘എണ്ണികണക്കാക്കപ്പെട്ട ചില ദിവസങ്ങളില്ലല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല.'(അല്‍ബഖറ: 80) എന്നിങ്ങിനെ പലതും യഹൂദികള്‍ വാദിച്ചിരുന്നു. ഇതെല്ലം മനസ്സാക്ഷിയോടെ പറയുന്നതാണെങ്കില്‍, അല്ലാഹുവിന്‍റെ ഇഷ്ടവും പ്രീതിയും വേഗം ലഭിക്കേണ്ടതിനും, അതിനായി വേഗം മരിക്കുന്നതിനും നിങ്ങള്‍ ആഗ്രഹിക്കണമല്ലോ. ഇതൊക്കെ സത്യമാണെന്നുണ്ടെങ്കില്‍ നിങ്ങള്‍ മരണപ്പെടുവാന്‍ ഒന്നു കൊതിച്ചു കാണട്ടെ, നിങ്ങളുടെ സത്യത കാണാമല്ലോ എന്നാണ് അല്ലാഹു അവരെ വെല്ലുവിളിക്കുന്നത്. അവരുണ്ടോ അതിനു ധൈര്യപ്പെടുന്നു?! പ്രത്യക്ഷത്തില്‍ വായ കൊണ്ടെങ്കിലും ഒരൊറ്റ യഹൂദിയും ആ വെല്ലുവിളി നേരിടുവാന്‍ മുമ്പോട്ടു വന്നില്ല. വെല്ലുവിളിയോടൊപ്പം തന്നെ, അവരതിനു ധൈര്യപ്പെടുന്നതല്ലെന്നു അല്ലാഹു ഉറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്നറിയാമല്ലോ അവരതു വൃഥാ വ്യാജം പറയുകയാണെന്ന്. ഏതാണ്ട് ഇതുപോലെ മറ്റൊരു വെല്ലുവിളി ക്രിസ്ത്യാനികളോടും നടത്തപ്പെടുകയുണ്ടായിട്ടുണ്ട്. (ആലുഇംറാൻ 61ല്‍ ഇതിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു). ക്രിസ്ത്യാനികള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇതെല്ലം ഖുര്‍ആന്‍റെ ദിവ്യതയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതയും തെളിയിക്കുന്ന പ്രത്യക്ഷ ദൃഷ്ടാന്തങ്ങള്‍ ആകുന്നു.

62:8

  • قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٨﴿
  • പറയുക: ‘നിങ്ങള്‍ പേടിച്ചോടി പോകുന്നതായ (ആ) മരണം – നിശ്ചയമായും അതു – നിങ്ങളുമായി കണ്ടുമുട്ടുനതാണ്. പിന്നീട്, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നതുമാകുന്നു. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്.
  • قُلْ പറയുക إِنَّ الْمَوْتَ നിശ്ചയമായും മരണം الَّذِي تَفِرُّونَ നിങ്ങള്‍ (പേടിച്ചു) ഓടി പോകുന്നതായ مِنْهُ അതില്‍നിന്നു فَإِنَّهُ مُلَاقِيكُمْ നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ് ثُمَّ تُرَدُّونَ പിന്നെ നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും إِلَىٰ عَالِمِ الْغَيْبِ അദൃശ്യം അറിയുന്നവന്നിലേക്ക് وَالشَّهَادَةِ ദൃശ്യവും فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും

നിങ്ങള്‍ ആ വെല്ലുവിളി നേരിടുവാന്‍ ധൈര്യപ്പെടട്ടെ, ധൈര്യപ്പെടാതിരിക്കട്ടെ, ഇതാണു നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്. ഇതു ഓര്‍മവെച്ചുകൊള്ളുക എന്നു താല്‍പര്യം.

വിഭാഗം – 2

62:9

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾٩﴿
  • ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്റെ സ്മരണയിലേക്കു നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്‍. അതു നിങ്ങള്‍ക്ക് ഗുണകരമാകുന്നു – നിങ്ങള്‍ക്കു അറിയാവുന്നതാണെങ്കില്‍!
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا نُودِيَ വിളിക്കപ്പെട്ടാല്‍ لِلصَّلَاةِ നമസ്ക്കാരത്തിനു مِن يَوْمِ الْجُمُعَةِ ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ فَاسْعَوْا എന്നാല്‍ നിങ്ങള്‍ ഉത്സാഹിച്ചു (പരിശ്രമിച്ചു – വേഗം) വരുവിന്‍ إِلَىٰ ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്ക് وَذَرُوا ഉപേക്ഷിക്കുകയും ചെയ്യുവിന്‍ الْبَيْعَ കച്ചവടം ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണം (ഉത്തമം) ആകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (എങ്കില്‍)

62:10

  • فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴾١٠﴿
  • എന്നിട്ട് നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിച്ചുകൊള്ളുകയും ചെയ്യുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക – നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം.
  • فَإِذَا قُضِيَتِ എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല്‍ വ്യാപിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَابْتَغُوا തേടുകയും (അന്വേഷിക്കയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍ كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്‍)

62:11

  • وَإِذَا رَأَوْا۟ تِجَٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ ﴾١١﴿
  • ഒരു കച്ചവടമോ, വിനോദമോ കണ്ടാല്‍ അവര്‍ അതിലേക്കു പിരിഞ്ഞു പോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്റെ പക്കലുള്ളത്‌, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.
  • وَإِذَا رَأَوْا അവര്‍ കണ്ടാല്‍ تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില്‍ വിനോദം انفَضُّوا അവര്‍ പിരിഞ്ഞു (വേറിട്ടു – ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്‍ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള്‍ ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണു

അഹ്മദ്, ബുഖാരി, മുസ്ലിം, (رحمهما الله) മുതലായവര്‍ ജാബിര്‍ (رضي الله عنه) പ്രസ്താവിച്ചതായി ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘ഭക്ഷണസാധനങ്ങള്‍ വഹിച്ച ഒരു ഒട്ടക സംഘം മദീനായില്‍ വന്നെത്തി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജനങ്ങള്‍ പുറത്തുപോയി. പന്ത്രണ്ടു പുരുഷന്മാര്‍ ബാക്കിയായി. അപ്പോഴാണ്‌ ഈ (11-ാം) വചനം അവതരിച്ചത്.’ ജാബിര്‍ (رضي الله عنه)യില്‍ നിന്നുതന്നെ അബുയഅ്ലാ (رضي الله عنه)യും വേറെ ചിലരും ഇങ്ങനെ നിവേദനം ചെയ്യുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കുന്നതി നിടയ്ക്കു മദീനായിലേക്കു ഭക്ഷണസാധനം വഹിച്ചു കൊണ്ടുള്ള ഒരു ഒട്ടകസംഘം എത്തി. അപ്പോള്‍, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികള്‍ അതിലേക്കു ദ്രുതഗതിയില്‍ പോകുകയായി. ഒടുക്കം പന്ത്രണ്ടു പുരുഷന്മാരല്ലാതെ അവശേഷിച്ചില്ല. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാളും ശേഷിക്കാത്ത വിധം നിങ്ങള്‍ തുടര്‍ന്നുപോയിരുന്നെങ്കില്‍ നിങ്ങളെയും കൊണ്ട് (ഈ) താഴ്‌വരയില്‍ അഗ്നി ഒഴുകുമായിരുന്നു.’ ഈ 11-ാം വചനം അവതരിക്കുകയും ചെയ്തു.’ പ്രസ്തുത പന്ത്രണ്ടു പേരില്‍ താനും, അബൂബക്കറും, ഉമറും (رضي الله عنه) ഉള്‍പ്പെട്ടിരുന്നുവെന്നും ജാബിര്‍ (رضي الله عنه) പ്രസ്താവിച്ചതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘പന്ത്രണ്ടു പേർ ഒഴികെ’ (إلا اثنا عشر رجالاً) എന്നു ബുഖാരിയില്‍ പറഞ്ഞതിനെപ്പറ്റി സംസാരിച്ചുകൊണ്ട് ഇമാം അസ്ഖലാനി (رحمه الله) പറയുന്നു : ‘പന്ത്രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അല്ലാതെ’ എന്നു ഖത്താദഃ (رضي الله عنها) വഴി ത്വബ്‌രീ (رحمه الله)യുടെ നിവേദനം ഉണ്ട്. ‘രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമല്ലാതെ അവശേഷിച്ചിട്ടില്ല’ എന്നു അദ്ദേഹം വഴി അബ്ദുറസ്സാഖ് നിവേദനം ചെയ്തിട്ടുള്ളതിനേക്കാള്‍ ശരിയായതു ഈ നിവേദനമാണ്. (فتح البارى)

‘നിന്നുകൊണ്ടിരിക്കെ നിന്നെ വിട്ടുപോയി’ (وَتَرَكُوكَ قَائِمًا) എന്ന വാക്യം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു കഥീര്‍ (رحمه الله) ഇങ്ങിനെ പറയുന്നു : ‘നിന്നുകൊണ്ടായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം (ഖുത്തുബഃ) നടത്തിയിരുന്നത് എന്നതിന് ഇതില്‍ രേഖയുണ്ട്.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടു പ്രസംഗം ചെയ്യാറുണ്ടായിരുന്നു; രണ്ടിനുമിടയില്‍ ഇരിക്കുമായിരുന്നു; ക്വുര്‍ആന്‍ പരയാണം ചെയ്യുകയും ജനങ്ങള്‍ക്കു ഉപദേശം നല്‍കുകയും ചെയ്തിരുന്നു.’ എന്ന് ജാബിര്‍ (رضي الله عنه)വില്‍ നിന്നു മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇവിടെ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് ആവശ്യമാണ്‌. അതായതു വെള്ളിയാഴ്ച പ്രസംഗത്തിനു മുമ്പായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം നിര്‍വഹിച്ചിരുന്ന കാലത്താണ് ഇതു സംഭവിച്ചിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്.’ തുടര്‍ന്നുകൊണ്ടു ഇതിനു ആസ്പദമായ അബൂദാവൂദ് (رضي الله عنه) ന്റെ ‘മുര്‍സ്സലായ’ (നിവേദകനായ സ്വഹാബിയുടെ പേര്‍ പറയപ്പെട്ടിട്ടില്ലാത്ത) ഒരു രിവായത്തും ഇബ്നു കഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. അതിന്‍റെ സാരം ഇപ്രകാരമാകുന്നു : ‘പെരുന്നാള്‍ ദിവസം ചെയ്യുന്നതു പോലെ പ്രസംഗത്തിനു മുമ്പായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കരിച്ചിരുന്നത്. ഒരുദിവസം അവിടുന്നു നമസ്കരിച്ചു കഴിഞ്ഞു പ്രസംഗം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു ദഹിയ്യത്തിന്റെ കച്ചവടസംഘം വന്നിട്ടുണ്ടെന്നു പറഞ്ഞു. അപ്പോള്‍, ഒരു ചെറിയ സംഘം ഒഴിച്ചു മറ്റെല്ലാവരും പിരിഞ്ഞുപോയി.’

മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്നു സംഭവത്തിന്റെ രൂപം മനസ്സിലായല്ലോ. അറബികളുടെ കച്ചവടസംഘങ്ങള്‍ വരുകയും പോകുകയും ചെയ്യുമ്പോള്‍ ചെണ്ട മുതലായ ആർഭാടങ്ങളും വിനോദങ്ങളും നടക്കുക പതിവാണ്. അവരെ യാത്ര അയക്കുന്നതിലും, തിരിച്ചു വരുമ്പോള്‍ സ്വീകരിക്കുന്നതിലും സകുതൂഹലം പങ്കെടുക്കലും പതിവായിരുന്നു. ഒരിക്കല്‍ അങ്ങിനെ ഒരു രംഗം നേരിട്ടപ്പോള്‍, സ്വഹാബികള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രസംഗം കേട്ടുക്കൊണ്ടിരിക്കുകയായിരുന്നു. ചിരകാല ശീലത്തില്‍ അധികമൊന്നും ആലോചിക്കാതെ പലരും അങ്ങ് എഴുന്നേറ്റുപോയിക്കളഞ്ഞു. ഇതാണു സംഭവിച്ചത്. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍നിന്നു – അതും മിമ്പറില്‍ നിന്നുകൊണ്ടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ – അവര്‍ എഴുന്നേറ്റു പോയതു ഉചിതമല്ലല്ലോ. അതുകൊണ്ടാണ് ആക്ഷേപരൂപത്തില്‍ അല്ലാഹു ഈ സംഭവം ഉദ്ധരിച്ചത്. അതോടുകൂടി, അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുവാനിരിക്കുന്ന നന്മകള്‍ക്കാണ് സത്യവിശ്വാസികള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും, മേലില്‍ ഇങ്ങനെയുള്ള വഴക്കങ്ങള്‍ ഉണ്ടായിക്കൂടാ എന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.