വെളിച്ചം റമദാൻ 2023 –ഡേ- 18 (റമളാൻ 19)

സൂറത്തു ഖ്വാഫ് : 36-45



  • വെളിച്ചം റമദാന്‍ ഡേ-17 – സൂറത്തു ഖ്വാഫ്: പാർട്ട് 03 – ആയത്ത് 36 മുതല്‍ 45 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം



സൂറത്തു ഖ്വാഫ് : 36-45

50:36

  • وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ ٣٦
  • ഇവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു;- അവര്‍ ഇവരേക്കാള്‍ കടുത്ത കയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടു അവര്‍, നാടുകളില്‍കൂടി കരണ്ടുനോക്കി (അഥവാ പരക്കം പാഞ്ഞുകൊണ്ടിരുന്നു). ഓടി രക്ഷപ്പെടുന്ന വല്ല സ്ഥാനവും ഉണ്ടോ?!
  • وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ هُمْ അവര്‍ أَشَدُّ مِنْهُم ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ് بَطْشًا കയ്യൂക്ക് (ശക്തിയില്‍) فَنَقَّبُوا എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു فِي الْبِلَادِ നാടുകളില്‍, രാജ്യങ്ങളില്‍ هَلْ ഉണ്ടോ مِن مَّحِيصٍ ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും

نقب (നഖ് -ഖബ) എന്ന വാക്കിനു ‘കരണ്ടു, തുരന്നു, ചുഴിഞ്ഞു നോക്കി, സൂക്ഷ്മ പരിശോധന നടത്തി’ എന്നിങ്ങിനെയും, ‘യഥേഷ്ടം സഞ്ചരിച്ചു, പരതിനടന്നു, അലഞ്ഞുതിരിഞ്ഞു’ എന്നിങ്ങിനെയും അര്‍ഥങ്ങളുണ്ട്. രണ്ടുപ്രകാരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇവിടെ നല്‍കപ്പെട്ടുകാണാം.

(1) തങ്ങള്‍ക്കു മരണത്തില്‍നിന്നോ ശിക്ഷയില്‍ നിന്നോ വല്ല രക്ഷയും കിട്ടുമോ എന്നു അവര്‍ നാടുകളില്‍കൂടി സഞ്ചരിച്ചു പരതിനോക്കി. പക്ഷേ, രക്ഷാമാര്‍ഗ്ഗമൊന്നും കിട്ടിയില്ല.

(2) അവര്‍ യഥേഷ്ടം ഭൂമിയില്‍കൂടി സ്വൈരവിഹാരം നടത്തിക്കൊണ്ടിരുന്നു. പക്ഷേ, ഒടുക്കം അവര്‍ക്കു വല്ല രക്ഷാകേന്ദ്രവും  ലഭിച്ചുവോ? അല്ലെങ്കില്‍ ലഭിക്കുവാനുണ്ടോ? ഇല്ല.

50:37
  • إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ ٣٧
  • നിശ്ചയമായും അതില്‍ [മേല്‍വിവരിച്ചതില്‍] ഓര്‍മ്മിക്കുവാനുളള വകയുണ്ട്, യാതൊരുവന്നു ഹൃദയമുണ്ടോ, അല്ലെങ്കില്‍ (മനഃപൂര്‍വ്വം) സന്നദ്ധനായുംകൊണ്ടു കാതുകൊടുത്തു (കേട്ടു)വോ അങ്ങിനെയുള്ളവന്ന്.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَذِكْرَىٰ ഉപദേശം, സ്മരണ (ഉറ്റാലോചിക്കാന്‍വക) لِمَن യാതൊരുവനു كَانَ لَهُ അവനുണ്ടു, ഉണ്ടായിരിക്കുന്നു قَلْبٌ ഹൃദയം أَوْ أَلْقَى അല്ലെങ്കില്‍ അവന്‍ ഇട്ടു (കൊടുത്തു) السَّمْعَ കേള്‍വി (കാതു-ശ്രദ്ധ) وَهُوَ അവന്‍ (ആയിക്കൊണ്ടു) شَهِيدٌ ഹാജറുള്ളവന്‍, (സന്നദ്ധന്‍)

കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനും, ചിന്തിച്ചു മനസ്സിലാക്കുവാനുമുള്ള ബുദ്ധിയോ, തെളിവുകളും ഉപദേശങ്ങളും ശ്രദ്ധാപൂര്‍വ്വം കേട്ടു മനസ്സിരുത്തി ആലോചിച്ചുനോക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവര്‍ക്കു എന്തുതന്നെ കേട്ടാലും, എന്തുതന്നെ കണ്ടാലും അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ.

50:38
  • وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ٣٨
  • ആകാശങ്ങളെയും, ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും ആറുദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട്; (എന്നിട്ടു) യാതൊരു ക്ഷീണവും നമ്മെ തീണ്ടിയിട്ടില്ല.
  • وَلَقَدْ خَلَقْنَا നാം സൃഷ്ടിച്ചിട്ടുണ്ടു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ وَمَا مَسَّنَا നമ്മെ സ്പര്‍ശിച്ചതു (തീണ്ടിയതു)മില്ല مِن لُّغُوبٍ ഒരു കുഴക്കും, ക്ഷീണവും

50:39

  • فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ ٣٩
  • എന്നിരിക്കെ, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക:-
  • فَاصْبِرْ എന്നിരിക്കെ (എന്നാല്‍) ക്ഷമിക്കുക عَلَىٰ مَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു قَبْلَ طُلُوعِ الشَّمْسِ സൂര്യോദയത്തിനു മുമ്പു وَقَبْلَ الْغُرُوبِ അസ്തമനത്തിനു മുമ്പും

50:40

  • وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ ٤٠
  • രാത്രിയില്‍നിന്നുതന്നെ (കുറച്ചുസമയം) അവനു നീ ‘തസ്ബീഹു’ ചെയ്യുക; ‘സുജൂദി’ന്റെ [സാഷ്ടാംഗനമസ്കാരത്തിന്റെ] പിന്നിലും (ചെയ്യുക).
  • وَمِنَ اللَّيْلِ രാത്രിയില്‍നിന്നു (കുറച്ചു) فَسَبِّحْهُ അവനു തസ്ബീഹുചെയ്യുക وَأَدْبَارَ السُّجُودِ സുജൂദിന്റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും

ആകാശഭൂമികളെ ആറുദിവസങ്ങളില്‍ സൃഷ്ടിച്ചതിന്റെ താൽപര്യത്തെക്കുറിച്ചു സൂ: സജദഃ 4-ാം വചനത്തിലും മറ്റും വിവരിച്ചതു ഓര്‍ക്കുക. തസ്ബീഹുകൊണ്ടു ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നതു നമസ്കാരമാകുന്നു. തസ്ബീഹിനെയും, നമസ്കാരത്തെയും സംബന്ധിച്ചും, അവയ്ക്കു ചില പ്രത്യേകസമയങ്ങള്‍ അല്ലാഹു എടുത്തുപറയുന്നതിലടങ്ങിയ രഹസ്യങ്ങളെക്കുറിച്ചും സൂ: റൂം 17, 18 വചനങ്ങളിലും മറ്റും നാം വിവരിച്ചിട്ടുണ്ട്. സാമാന്യമായി പറഞ്ഞാല്‍, അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ വഴിയും മറ്റും അല്ലാഹുവിനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന പ്രധാന സന്ദര്‍ഭങ്ങളെയാണ് അല്ലാഹു – മറ്റു പല ആയത്തുകളിലുമെന്നപോലെ ഇവിടെയും ഉണര്‍ത്തുന്നത്.

السجود (സുജൂദ്) എന്നു പറഞ്ഞതു നമസ്കാരത്തെപ്പറ്റിയാകുന്നു. നമസ്കാരത്തിനു ‘സുജൂദു’ എന്നും, ‘റുകുഉ്’ എന്നും, ‘ഖിയാമ്’ (നിറുത്തം) എന്നും, ‘തസ്ബീഹു’ എന്നുമൊക്കെ ഖുര്‍ആന്‍ പറയാറുണ്ടെന്നു നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. أَدْبَارَ السُّجُودِ എന്ന വാക്കിനു സുജൂദിന്റെ – അഥവാ നമസ്കാരത്തിന്റെ – പിന്നീടു എന്നും, അവസാനത്തില്‍ എന്നും അര്‍ത്ഥം നല്കപ്പെടാറുണ്ട്. രണ്ടും, പരസ്പരവിരുദ്ധമല്ലതാനും. നമസ്കാരത്തിന്റെ അവസാനഭാഗമായ ഇരുത്തത്തിലും, അതില്‍ നിന്നു പിരിഞ്ഞ ഉടനെയും പ്രത്യേകം ദിക്റുകളും പ്രാര്‍ത്ഥനകളും നടത്തേണ്ടതുണ്ടെന്നു നബിചര്യയില്‍നിന്നു വ്യക്തമായി അറിയപ്പെട്ടതാണല്ലോ.

സുബ്ഹു അല്ലാത്ത നിര്‍ബ്ബന്ധ നമസ്കാരങ്ങളുടെശേഷം ചെയ്യേണ്ടുന്നതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയില്‍ നിന്നു അറിയപ്പെടുന്നതുമായ ഐച്ഛിക (‘സുന്നത്തു’) നമസ്കാരങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് അതെന്നും ചിലര്‍ക്കു അഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതെല്ലാം തന്നെ അടങ്ങുന്നതായിരിക്കാം ഈ വാക്യം. الله اعلم

എങ്കിലും – ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ സൂചിപ്പിക്കുന്നതുപോലെ – നമസ്കാരം കഴിഞ്ഞ ഉടനെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഈ വാക്യം ചൂണ്ടിക്കാട്ടുന്നതെന്നു വെക്കുവാന്‍ ഹദീസുകളില്‍ കൂടുതല്‍ ന്യായംകാണുന്നു. ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ പ്രധാന ഹദീസുപണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘മുഹാജിറുകളായ സഹാബികളിലെ ദരിദ്രന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഉന്നതമായ പദവികളും വമ്പിച്ച പ്രതിഫലങ്ങളുമെല്ലാം ധനികന്മാര്‍ കൈക്കലാക്കുന്നുവല്ലോ! ഞങ്ങളെപ്പോലെ നമസ്കാരവും നോമ്പുമൊക്കെ അവരും ചെയ്യുന്നു. അവര്‍ക്കാണെങ്കില്‍ മിച്ചധനങ്ങളുണ്ട്. അതുകൊണ്ട് അവര്‍ ധര്‍മവും സമരവും നടത്തുന്നു?!’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു പറഞ്ഞു : ‘നിങ്ങള്‍ക്കു മുന്‍കടക്കുവാനും, മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ യോഗ്യരല്ലാതാകുവാനും ഞാനൊരു കാര്യം പറഞ്ഞുതരാം: എല്ലാ നമസ്കാരത്തിന്റെയും പിന്നില്‍ മുപ്പത്തിമൂന്നുവീതം തസ്ബീഹും (سبحان الله), ഹംദും (الحمد لله), തക്ബീറും (الله اكبر) ചൊല്ലുക. (*) പിന്നീടു ഇതുകേട്ടു ധനികന്മാരായ തങ്ങളുടെ സഹോദരന്മാരും അപ്രകാരം ചെയ്തുവരുന്നുണ്ടെന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തിചപ്പോള്‍ അവിടുന്നു പറഞ്ഞു: ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ (അതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതു നല്‍കുന്നു.) ഇതുപോലെ വേറെയും ഹദീസുകള്‍ കാണാം. ഈ ഹദീസില്‍ നമസ്കാരത്തിന്റെ പിന്നില്‍ എന്നു പറഞ്ഞതു അതിനുശേഷം എന്ന അര്‍ത്ഥത്തിലാണല്ലോ.


(*). മൂന്നുംകൂടി 99 തികഞ്ഞ ശേഷം لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ എന്നു തുടങ്ങുന്ന ദിക്ര്‍ചൊല്ലി 100 തികക്കുകയോ, അല്ലെങ്കില്‍ തക്ബീറിന്റെ വാക്യം 34 ആക്കുകയോ ചെയ്യേണ്ടതാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

50:41
  • وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ ٤١
  • (മനുഷ്യാ) അടുത്തസ്ഥലത്തുനിന്നു വിളിച്ചേക്കുന്ന ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തുകൊണ്ടിരിക്കുക!-
  • وَاسْتَمِعْ ചെവിയോര്‍ക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക يَوْمَ يُنَادِ വിളിക്കുന്ന ദിവസം الْمُنَادِ വിളിക്കുന്നവന്‍ مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത

50:42

  • يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ ٤٢
  • അതായതു, (ആ) ഘോരശബ്ദം അവര്‍ [ജനങ്ങള്‍] യഥാര്‍ത്ഥമായി കേള്‍ക്കുന്ന ദിവസം! അതു (ഖബ്റുകളില്‍ നിന്നുള്ള) പുറപ്പാടിന്റെ ദിവസമത്രെ.
  • يَوْمَ يَسْمَعُونَ അവര്‍ കേള്‍ക്കുന്ന ദിവസം الصَّيْحَةَ ഘോരശബ്ദം, അട്ടഹാസം بِالْحَقِّ യഥാര്‍ത്ഥമായി (കേള്‍ക്കുന്ന) യഥാര്‍ത്ഥത്തെ സംബന്ധിച്ചു ذَٰلِكَ അതു, അതത്രെ يَوْمُ الْخُرُوجِ പുറപ്പാടിന്റെ (പുറത്തുവരുന്ന) ദിവസം

പുനര്‍ജീവിതത്തിനു വേണ്ടിയുള്ള വിളി, അഥവാ രണ്ടാമത്തെ കാഹളം ഊത്താണ് വിവക്ഷ. ആ ഘോരശബ്ദം എല്ലാവരും ഒരുപോലെ – അവരവരുടെ അടുത്തുനിന്നു തന്നെ വിളിക്കുന്നതുപോലെ – കേള്‍ക്കുന്നതായിരിക്കും.

50:43
  • إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ ٤٣
  • നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; നമ്മുടെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും;-
  • إِنَّا نَحْنُ നിശ്ചയമായും നാംതന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരിപ്പിക്കുകയും ചെയ്യുന്നു وَإِلَيْنَا നമ്മിലേക്കുതന്നെയാണ് الْمَصِيرُ തിരിച്ചുവരവു, മടങ്ങിയെത്തലും

50:44

  • يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ ٤٤
  • അവര്‍ (പുറത്തുവരുവാന്‍) ബദ്ധപ്പെട്ടുകൊണ്ടിരിക്കെ, അവരില്‍നിന്നു ഭൂമി പിളര്‍ന്നുപോകുന്ന ദിവസം ! അതു, നമ്മുടെമേല്‍ നിസ്സാരമായ ഒരു ഒരുമിച്ചുകൂട്ടലത്രെ.
  • يَوْمَ تَشَقَّقُ പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം الْأَرْضُ ഭൂമി عَنْهُمْ അവരില്‍നിന്നു سِرَاعًا ബദ്ധപ്പെട്ടവരായ നിലയില്‍ ذَٰلِكَ അതു حَشْرٌ ഒരു ഒരുമിച്ചുകൂട്ടലാണ്, ശേഖരിക്കലാണ് عَلَيْنَا നമ്മുടെമേല്‍ يَسِيرٌ നിസ്സാരമായ, എളിയ

എല്ലാവരും മഹ്ശറിലേക്കു സമ്മേളിക്കുവാനുള്ള ആ വിളി കേള്‍ക്കണ്ട താമസം! എല്ലാവരും ജീവിച്ചെഴുന്നേറ്റു പുറത്തുവരുവാന്‍ ധൃതികൂട്ടുന്നു! ഈ അവസരത്തില്‍ ഓരോരുത്തരും അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പൊട്ടിപ്പിളരുകയും ചെയ്യും. ഇങ്ങിനെ എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പിച്ചു ഒരേനിലയത്തില്‍ ഒരുമിച്ചുകൂട്ടുകയെന്ന കാര്യം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ടതല്ല; വളരെ നിസ്സാരമത്രെ. സൂ: മആരിജില്‍ അല്ലാഹു പറയുന്നു:

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ : سورة المعارج :٤٣

(സാരം : ഒരു നാട്ടപ്പെട്ട ഉന്നത്തിലേക്കു ഒഴുകിച്ചെല്ലുന്നുവെന്നോണം അവര്‍ ഖബ്റുകളില്‍ നിന്നു ബദ്ധപ്പെട്ടുകൊണ്ടു പുറത്തുവരുന്ന ദിവസം.)

50:45
  • نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ ٤٥
  • അവര്‍ പറഞ്ഞുവരുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (നബിയേ) നീ അവരുടെമേല്‍ (നിര്‍ബ്ബന്ധം ചെലുത്തുന്ന) ഒരു സ്വേച്ഛാധികാരിയൊന്നുമല്ലതാനും. ആകയാല്‍, എന്റെ താക്കീതു ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുക.
  • نَّحْنُ നാം أَعْلَمُ അധികം (നല്ലപോലെ) അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരില്‍, അവരുടെമേല്‍ بِجَبَّارٍ ഒരു സ്വേച്ഛാധികാരി, നിര്‍ബന്ധം ചെലുത്തുന്നവന്‍ فَذَكِّرْ ആകയാല്‍ ഓര്‍മിപ്പിക്കുക, ഉപദേശം നല്‍കുക بِالْقُرْآنِ ഖുര്‍ആന്‍ കൊണ്ടു مَن يَخَافُ ഭയപ്പെടുന്നവരെ وَعِيدِ എന്റെ താക്കീതിനെ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ആശ്വാസവും സമാധാനവും നല്‍കുന്നതാണ് ഈ വചനം. അവിശ്വാസികളുടെ വാദകോലാഹലങ്ങളും, നിഷേധങ്ങളുമെല്ലാം അല്ലാഹു അറിയുന്നുണ്ട്, വേണ്ടുന്ന നടപടികള്‍ അവന്‍ എടുത്തുകൊള്ളും. അവര്‍ക്കു ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കുക മാത്രമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മേല്‍ കടമയുള്ളൂ, എല്ലാവരെയും നിര്‍ബ്ബന്ധപൂര്‍വ്വം സന്മാര്‍ഗ്ഗത്തിലെത്തിച്ചേ തീരൂ എന്ന ബാധ്യതയൊന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കില്ല എന്നു സാരം.

فَإِنَّمَا عَلَيْكَ… الْبَلَاغُ وَعَلَيْنَا الْحِسَابُ :سورة الرعد :٤٠

(നിന്റെ മേല്‍ പ്രബോധനം മാത്രമേ ബാധ്യതയുള്ളൂ, നമ്മുടെ ബാധ്യതയാണ് വിചാരണ.)

എന്റെ താക്കീതിനെ ഭയപ്പെടുന്നവര്‍ക്കു ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കി ഓര്‍മ്മിപ്പിക്കുക (فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ എന്ന വാക്യം ശ്രദ്ധേയമാകുന്നു. ഇതില്‍നിന്നു ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്.

ഉദാഹരണം:

1) അല്ലാഹുവിനെക്കുറിച്ചും മതത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ മറ്റേതിനെക്കാളും ഉപയോഗപ്രദമായിരിക്കുക വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളായിരിക്കും. ആവശ്യവും സന്ദര്‍ഭവുമനുസരിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹദീസുകള്‍ മുഖേന അവയ്ക്കു വിശദീകരണവും നല്‍കാം. ഇന്നത്തെ നീട്ടിവലിച്ച പ്രസംഗങ്ങളെക്കാളും, തര്‍ക്കശാസ്ത്രത്തിന്റെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂറ്റന്‍ പ്രഭാഷണങ്ങളെക്കാളും ഫലപ്രദമാകുക അതാണെന്നു കാണാം. അടിക്കടി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള ഉപദേശങ്ങള്‍ കടുത്തുമരവിക്കാത്ത ഹൃദയങ്ങളില്‍ മാറ്റം വരുത്താതിരിക്കുകയില്ല.

2) അല്ലാഹുവിന്‍റെ താക്കീതുകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാടുണ്ടാകുന്നവര്‍ക്കു മാത്രമേ ഉപദേശം ഫലം ചെയ്യുകയുള്ളു. പേടിപ്പിച്ചറിയിക്കുന്ന കാലം കഴിഞ്ഞുപോയി, പരലോകവും നരകവും പറഞ്ഞിട്ടു ഇന്നു കാര്യമില്ല’ എന്നൊക്കെ ചിലര്‍ പറയാറുണ്ട്‌. അതൊരു വലിയ തത്വമായി ചിലര്‍ കരുതാറുമുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍ തന്നെ അല്ലാഹുവിന്‍റെ താക്കീതുകളുടെ ഗൗരവം മനസ്സിലാക്കാത്തതില്‍ നിന്നു ഉളവാകുന്നതാണെന്നുവേണം പറയുവാന്‍. ഏതായാലും, ഒരു കാര്യം തീര്‍ച്ചയാണ്. അല്ലാഹുവിന്‍റെ താക്കീതുകളുടെ നേരെ കണ്ണടക്കുകയും, അവയെ അവഗണിച്ചു തള്ളുകയും ചെയ്യുന്നവര്‍ – അവര്‍ ബുദ്ധിജീവികളെന്നു സ്വയം നടിച്ചാലും ശരി – മറ്റു വിധേന ധാര്‍മ്മികബോധമുള്ളവരായിത്തീരുക എന്ന കാര്യം കുറെ വിദൂരമാണ്. യുക്തിന്യായങ്ങളും, തത്വശാസ്ത്രങ്ങളും മുഖേന പ്രതിയോഗിയെ വായടപ്പിക്കുവാന്‍ കഴിഞ്ഞേക്കുമെങ്കിലും, മാനസാന്തരം വരുത്തി ധാർമിക ബോധം വളർത്തുവാൻ അവ വേണ്ടത്ര പര്യാപ്തങ്ങളല്ല. അല്ലാഹുവിന്റെ പേടിപ്പിച്ചറിയിക്കലിനും, സന്തോഷവാര്‍ത്ത‍ അറിയിക്കലിനും തന്നെയാണ് അതിനുവേണ്ട സ്വാധീനശക്തിയുള്ളത്. (സൂ: ജാഥിയഃ 6 – 10 മുതലായവ നോക്കുക).

3) ഖുര്‍ആന്‍ മുഖേനയുള്ള ഉപദേശം, അല്ലാഹുവിന്റെ താക്കീതുകളെ ഭയപ്പെടുന്നവരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നതായിരിക്കും. അഥവാ, ആ ഉപദേശം ഒരാളില്‍ ഒട്ടും മാനസാന്തരം വരുത്തുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ താക്കീതുകളെ ഭയപ്പെടാത്തവനായിരിക്കും. ഖുര്‍ആന്റെ ഭാഷയില്‍ അവര്‍ ബുദ്ധിഹീനരും, അന്ധരും, ബധിരരും, മൂകരുമത്രെ. (صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ). അല്ലാഹുവിനും, അവന്റെ ആയത്തുകള്‍ക്കും പുറമെ മറ്റേതൊരു വൃത്താന്തത്തിലാണവര്‍ക്കു വിശ്വസിക്കുവാനുള്ളത്?!

(فَبِأَيِّ حَدِيثٍ بَعْدَ اللَّـهِ وَآيَاتِهِ يُؤْمِنُونَ)

ഇങ്ങിനെയുള്ളവരെ ഉപദേശിച്ചിട്ടു ഫലമില്ല എന്നു സാരം.

إِنَّمَا تُنذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَـٰنَ بِالْغَيْبِ

(പ്രമാണത്തെ പിന്‍പറ്റുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ നീ മുന്നറിയിപ്പു നല്‍കേണ്ടതുള്ളു.)

ഖത്താദഃ (رضي الله عنه) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതുപോലെ നാമും പ്രാര്‍ത്ഥിക്കുക :

اَللَّهُمَّ اجْعَلْنَا مِمَّنْ يَخافُ وَعِيدَكَ وَيَرْجُو مَوْعُودَكَ يَا بَرُّ يَا رَحِيمُ

(അല്ലാഹുവേ, നിന്റെ താക്കീതിനെ ഭയപ്പെടുകയും, നിന്റെ വാഗ്ദാനത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തേണമേ! നന്മ ചെയ്യുന്നവനേ! കരുണാനിധിയായുള്ളവനേ!) ആമീന്‍.

اللهم لك الحمد ولك الفضل و المنة

വെളിച്ചം റമദാൻ 2023 –ഡേ- 17 (റമളാൻ 18)

സൂറത്തു ഖ്വാഫ് : 16-35



  • വെളിച്ചം റമദാന്‍ ഡേ-17 – സൂറത്തു ഖ്വാഫ്: പാർട്ട് 02 – ആയത്ത് 16 മുതല്‍ 35 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം



സൂറത്തു ഖ്വാഫ് : 16-35

വിഭാഗം – 2

50:16

  • وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ ١٦
  • തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു; അവന്റെ മനസ്സു യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം അറിയുകയും ചെയ്യുന്നു. അവനിലേക്കു നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അടുത്തവനുമത്രെ;-
  • وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ وَنَعْلَمُ നാം അറിയുകയും ചെയ്യും مَا യാതൊന്നു تُوَسْوِسُ بِهِ അതിനെപ്പറ്റി മന്ത്രിക്കും, ദുര്‍മന്ത്രണം ചെയ്യും نَفْسُهُ അവന്റെ മനസ്സു وَنَحْنُ നാം أَقْرَبُ إِلَيْهِ അവനിലേക്കു ഏറ്റം അടുത്തവനാണ് مِنْ حَبْلِ الْوَرِيدِ കണ്ഠനാഡിയെക്കാള്‍

50:17

  • إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ١٧
  • (അതെ) വലഭാഗത്തും, ഇടഭാഗത്തും (വേറിട്ടു പോകാതെ) ഇരുന്നു കൊണ്ടിരിക്കുന്ന രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന (അതേ) സന്ദര്‍ഭത്തില്‍!
  • إِذْ يَتَلَقَّى ഏറ്റെടുക്കുന്ന സന്ദര്‍ഭം الْمُتَلَقِّيَانِ രണ്ടു ഏറ്റെടുക്കുന്നവര്‍ عَنِ الْيَمِينِ വലഭാഗത്തു وَعَنِ الشِّمَالِ ഇടഭാഗത്തും قَعِيدٌ ഇരിക്കുന്നവരായ, ഇരുത്തക്കാരായ

50:18

  • مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ١٨
  • തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
  • مَّا يَلْفِظُ അവന്‍ ഉച്ചരിക്കുക (മൊഴിയുക)യില്ല مِن قَوْلٍ ഒരു വാക്കും إِلَّا لَدَيْهِ അവന്റെ അടുക്കല്‍ ഇല്ലാതെ رَقِيبٌ ഒരു വീക്ഷകന്‍, സൂക്ഷമവീക്ഷണം ചെയ്യുന്നവര്‍ عَتِيدٌ തയ്യാറുള്ള, സന്നദ്ധരായ

മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു പ്രധാന രക്തനാഡികളില്‍ ഓരോന്നിനും وَرِيدِ (കണ്ഠനാഡി) എന്നു പറയുന്നു. മനുഷ്യന്റെ മനസ്സില്‍ തോന്നുന്ന രഹസ്യങ്ങള്‍പോലും അല്ലാഹു അറിയുന്നു. അവന്റെ ജീവന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമായ അവന്റെ ഏറ്റവും പ്രധാനപ്പെട്ട അംശത്തെക്കാളും അടുത്ത ബന്ധമാണ് അല്ലാഹുവിനു അവനോടുള്ളത്. അതോടുകൂടി, അവന്റെ വലത്തും, ഇടത്തും സദാ ഇരുപ്പുറപ്പിച്ചുകൊണ്ട് അവന്റെ ചെയ്തികള്‍ ഒന്നൊഴിയാതെ രണ്ടാളുകള്‍ വീക്ഷിച്ചു രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നുമുണ്ട്. അവരുടെ വീക്ഷണത്തിലും സാന്നിദ്ധ്യത്തിലുമായിട്ടല്ലാതെ ഒരക്ഷരം ഉരിയാടുവാന്‍ പോലും മനുഷ്യനു കഴിവില്ല എന്നു സാരം.

മനുഷ്യന്റെ നന്മതിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകളെപ്പറ്റിയാണ് ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’. (الْمُتَلَقِّيَانِ)എന്നു പറഞ്ഞത്. അതായതു നന്മ രേഖപ്പെടുത്തുന്ന മലക്കും തിന്മ രേഖപ്പെടുത്തുന്ന മലക്കും. അവന്റെ ഓരോ ചെയ്തിയും – അതെത്ര നിസ്സാരമായാലും ശരി – അവര്‍ എഴുതിയെടുത്തു ആ രേഖയില്‍ സൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു:

وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾ – سورة الإنفطار

(സാരം : നിശ്ചയമായും നിങ്ങളുടെമേല്‍ ചില കാവല്‍ക്കാരുണ്ട്, അതായതു എഴുത്തുകാരായ ചില മാന്യന്മാര്‍. നിങ്ങള്‍ ചെയ്യുന്നതു അവര്‍ അറിയുന്നതാണ്. (സൂ: ഇന്‍ഫിത്വാര്‍).

إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ – سورة الجاثية

നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതു നിശ്ചയമായും നാം എഴുതിയെടുക്കുന്നുണ്ടായിരുന്നു. (സൂ: ജാഥിയഃ).

بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ – سورة الزخرف

(ഇല്ലാതെ, നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതികൊണ്ടിരിക്കുന്നു. (സൂ: സുഖ്റൂഫ്). എന്നാല്‍, മലക്കുകളുടെ എഴുത്തിന്റെ സ്വഭാവമെന്താണ്? ഏതിലാണ് അവര്‍ എഴുതി രേഖപ്പെടുത്തുക? ഇതൊന്നും നമുക്കറിഞ്ഞു കൂടാ. അല്ലാഹുവിനറിയാം. അദൃശ്യകാര്യങ്ങളത്രെ അവ.

16-ാം വചനത്തിന്റെ അന്ത്യഭാഗവും 17-ാം വചനവും തമ്മില്‍ ഘടനാപരമായ വാചകബന്ധം ഉണ്ടായിക്കൊണ്ടും, അല്ലാതെയും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തമ്മില്‍ ബന്ധമുണ്ടെന്നു വെക്കുമ്പോള്‍ ആശയം ഇപ്രകാരമായിരിക്കും : ‘മലക്കുകള്‍ മനുഷ്യന്റെ വലവും ഇടവും ഇരുന്നു അവന്റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതേ സമയത്തു അല്ലാഹുവിനു അതിന്റെ ആവശ്യമില്ലതാനും. കാരണം, അവന്‍ മനുഷ്യനോടു അവന്റെ ജീവനാഡിയെക്കാള്‍ അടുപ്പമുള്ളവനാണ്. രണ്ടു ആയത്തുകളും തമ്മില്‍ ഘടനാബന്ധമില്ലെന്നു വെക്കുമ്പോള്‍. 17-ാം വചനത്തിന്റെ ആരംഭത്തില്‍ – പല ആയത്തുകളിലും കാണാവുന്നതുപോലെ – ‘ഓര്‍ക്കുക’ (اذكر) എന്നോ മറ്റോ സങ്കല്‍പിക്കുന്നതു നന്നായിരിക്കും. الله اعلم

50:19
  • وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ١٩
  • മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്.; ‘യാതൊന്നില്‍നിന്നു നീ ഒഴിഞ്ഞുമാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.’ (എന്നു പറയപ്പെടും).
  • وَجَاءَتْ വരും, വന്നു سَكْرَةُ الْمَوْتِ മരണത്തിന്റെ ലഹരി, അബോധാവസ്ഥ بِالْحَقِّ യാഥാര്‍ത്ഥ്യവും കൊണ്ട് ذَٰلِكَ അതു, അതത്രെ مَا യാതൊന്നു, ഒരു കാര്യമാണ് كُنتَ مِنْهُ അതിനെക്കുറിച്ചു നീ ആയിരുന്ന تَحِيدُ തെറ്റിപ്പോകുക, ഒഴിഞ്ഞുമാറുക

മരണവേളയില്‍ ഭൗതികകാഴ്ച്ചകള്‍ കണ്ണില്‍നിന്നു മറയുകയും, അതോടൊപ്പംതന്നെ, മുമ്പില്ലാത്ത കാഴ്ചപ്പാടുകള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് അപ്പോള്‍ അവനു ബോധ്യപ്പെടുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുവാന്‍പോകുന്നതു ഖിയാമത്തു നാളിലായിരിക്കും. അതാണ്‌ അല്ലാഹു പറയുന്നത്:-

50:20
  • وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ ٢٠
  • കാഹളത്തില്‍ ഊതപ്പെടും; അതത്രെ, താക്കീതിന്റെ [താക്കീതു ചെയ്യപ്പെടുന്ന] ദിവസം!
  • وَنُفِخَ ഊതപ്പെടും , ഊതപ്പെട്ടു فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ ذَٰلِكَ അതു, അതത്രെ يَوْمُ الْوَعِيدِ താക്കീതിന്റെ ദിവസം

50:21

  • وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ ٢١
  • എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു (‘മഹ്ശറി’ല്‍) വരുന്നതാണ്.
  • وَجَاءَتْ വരും, വന്നു كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും (ആളും) مَّعَهَا അതിന്റെ കൂടെയുണ്ടായിരിക്കും سَائِقٌ ഒരു തെളിക്കുന്നവന്‍ وَشَهِيدٌ സാക്ഷിയും

ഓരോ ആളെയും അഖിലസൃഷ്ടികളുടെ മഹാ സമ്മേളനമാകുന്ന ‘മഹ്ശറി’ലേക്കു മലക്കുകള്‍ ശേഖരിച്ചു കൊണ്ടുവരുന്നതാണ്. ഇവരെക്കുറിച്ചാണ് سَائِقٌ (തെളിച്ചു കൊണ്ടുവരുന്ന ആള്‍) എന്നു പറഞ്ഞത്. ഓരോരുവന്റെയും നന്മതിന്മകളെ തെളിവുനല്‍കി സ്ഥാപിക്കുന്ന സാക്ഷികളും അവരോടൊന്നിച്ചുണ്ടായിരിക്കും. ഈ സാക്ഷി (شَهِيدٌ) കൊണ്ടുദ്ദേശ്യം മുജാഹിദ് (رحمه الله) മുതലായവര്‍ പറഞ്ഞതുപോലെ, മലക്കുകളൊ അല്ലെങ്കില്‍ മറ്റു പ്രകാരത്തിലുള്ള ഏതെങ്കിലും തെളിവുകളോ ആകാവുന്നതാണ്. الله اعلم

50:22
  • لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ ٢٢
  • ‘തീര്‍ച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍, നിനക്കു നിന്റെ മൂടി [മറ] നാം തുറന്നു (നീക്കി) തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു’ എന്നു പറയപ്പെടും.
  • لَّقَدْ كُنتَ തീര്‍ച്ചയായും നീയായിരുന്നു فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെപ്പറ്റി فَكَشَفْنَا ഇപ്പോള്‍ നാം തുറന്നു (നീക്കി) عَنكَ നിന്നില്‍നിന്നു غِطَاءَكَ നിന്റെ മൂടി فَبَصَرُكَ ആകയാല്‍ നിന്റെ കാഴ്ച, കണ്ണു الْيَوْمَ ഇന്നു حَدِيدٌ മൂര്‍ച്ചയുള്ളതാണ്

മരണത്തെത്തുടര്‍ന്നു വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോന്നും നിനക്കു ബോധവും ചിന്തയുമില്ലായിരുന്നു. അങ്ങനെ അതെല്ലാം മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ മറയൊക്കെ നീങ്ങി മുഴുവനും നേരില്‍ കണ്ടനുഭവിക്കാറായി എന്നു സാരം. ഒരു യാഥാര്‍ത്ഥ്യം ഈ വചനത്തില്‍നിന്നു ഗ്രഹിക്കാവുന്നതാണ്. ഈ ഭൗതികജീവിതത്തില്‍ മനുഷ്യന്റെ കാഴ്ചക്ക് – കാഴ്ചക്കു മാത്രമല്ല, മറ്റെല്ലാ ബാഹേന്ദ്രിയങ്ങള്‍ക്കും തന്നെ – വളരെ പരിമിതമായ തോതിലേ കാര്യങ്ങളെ മനസ്സിലാക്കാനുള്ള അവന്റെ കഴിവു നല്‍കപ്പെട്ടിട്ടുള്ളു.ചുറ്റുപാടിലായി സദാസ്ഥിതി ചെയ്യുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളെ കാണുവാനോ, മനസ്സിലാക്കുവാനോപോലും അവനു സാധിക്കുന്നില്ല. ഈ ഭൗതിക ലോകവുമായുള്ള ബന്ധം വേര്‍പെടുന്നതോടുകൂടി മുമ്പ് അവനു കണ്ടറിയുവാന്‍ കഴിയാതിരുന്ന പലതും കണ്ടറിയുവാൻ  കഴിയുന്നു. താന്‍ നിത്യേന ആസ്വദിച്ചു കൊണ്ടിരിക്കുന്ന വായുപോലും മനുഷ്യന്റെ കണ്ണിനു ഗോചരമല്ല. അടുത്തുകാണുമ്പോള്‍ വളരെ വലുതായിക്കാണുന്ന ഒരു വസ്തു കുറെ അകന്നുപോകുന്നതോടെ അവന്റെ കാഴ്ചയില്‍ ചെറുതായിത്തീരുന്നു ഒടുക്കം അതു അദൃശ്യമായിത്തീരുകയും ചെയ്യും. ഒരു കടലാസ്സുതുണ്ട് കണ്‍മുമ്പില്‍ പിടിക്കുന്നതോടെ ലോകം മുഴുവനും അവന്റെ കാഴ്ചയില്‍നിന്നു മറഞ്ഞുപോകുന്നു. ഇതിനു പ്രകൃതിപരമായ കാരണങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ശരി, ഏതോ ചില തടസ്സങ്ങള്‍ മനുഷ്യന്റെ കാഴ്ച്ചയെ പരിമിതമാക്കുന്നുണ്ടെന്നു നിഷേധിക്കാന്‍വയ്യ. ഈ തടസ്സങ്ങളാകുന്ന മറകള്‍ നീക്കപ്പെടുന്നപക്ഷം, അതുവരെ ഊഹിക്കുവാന്‍ പോലും കഴിയാത്ത യഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യനു കാണുവാന്‍ കഴിഞ്ഞേക്കും. ഉറങ്ങുന്നവന്‍ സ്വപ്നത്തിലും ചില പ്രത്യേക തരത്തിലുള്ള രോഗികള്‍ അവരുടെ അബോധാവസരത്തിലും കാണാറുള്ള ആശ്ചര്യകരങ്ങളായ കാഴ്ചകളില്‍നിന്നു ഇപ്പറഞ്ഞ യാഥാര്‍ത്ഥ്യം കുറെയൊക്കെ മനസ്സിലാക്കാം.

50:23
  • وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ ٢٣
  • അവന്റെ കൂട്ടുകാരന്‍ പറയും: ‘ഇതാ, എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളതു!’
  • وَقَالَ പറയും قَرِينُهُ അവന്റെ കൂട്ടാളി, തുണക്കാരന്‍ مَا هَـٰذَا ഇതാ യാതൊന്നു لَدَيَّ എന്റെ അടുക്കല്‍ عَتِيدٌ തയ്യാറായ

50:24

  • أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ٢٤
  • (കല്‍പനയുണ്ടാകും:) ‘ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ (അഥവാ നിഷേധികളെ)യെല്ലാം നിങ്ങള്‍ ‘ജഹന്നമി’ല്‍ [നരകത്തില്‍] ഇട്ടേക്കുവിന്‍,-
  • أَلْقِيَا ഇട്ടേക്കുവിന്‍ فِي جَهَنَّمَ ജഹന്നമില്‍ كُلَّ كَفَّارٍ എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും عَنِيدٍ ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന

50:25

  • مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ٢٥
  • ‘(അതെ) നന്മയെ മുടക്കുന്നവനും, അതിക്രമിയും, സംശയാലുവുമായ (എല്ലാവരെയും)!-
  • مَّنَّاعٍ മുടക്കുന്നവനായ, തടയുന്ന لِّلْخَيْرِ നന്മയെ, നല്ലകാര്യത്തെ مُعْتَدٍ അതിക്രമിയായ, ക്രമം തെറ്റിയ مُّرِيبٍ സംശയാലുവായ, സന്ദേഹക്കാരനായ
50:26
  • ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ ٢٦
  • ‘അതായതു, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ [ദൈവത്തെ] ഉണ്ടാക്കിയവനെ. അതിനാല്‍, നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍!’
  • الَّذِي جَعَلَ അതായതു ആക്കിയവന്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ദൈവത്തെ فَأَلْقِيَاهُ അതിനാല്‍ അവനെ ഇട്ടേക്കുവിന്‍ فِي الْعَذَابِ ശിക്ഷയില്‍ الشَّدِيدِ കഠിനമായ

23-ാം വചനത്തില്‍ ‘കൂട്ടുകാരന്‍’ (قَرِينُهُ) എന്നു പറഞ്ഞതു മേല്‍ പ്രസ്താവിച്ച പ്രകാരം നന്മതിന്മകളെ രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കിനെ ഉദ്ദേശിച്ചാകുന്നു. അദ്ദേഹം തയ്യാറാക്കിയ രേഖ ‘മഹ്ശറി’ല്‍ ഹാജറാക്കുമെന്നുസാരം. അതല്ല, മനുഷ്യനെ വഴിപിഴപ്പിച്ചിരുന്ന പിശാചിനെക്കുറിച്ചാണ്‌ ഇവിടെ ‘കൂട്ടുകാരന്‍’ എന്നു പറഞ്ഞിരിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. ഇതനുസരിച്ചു ‘എന്റെ അടുക്കല്‍ തയ്യാറായതു ഇതാ’ (هَـٰذَا مَا لَدَيَّ عَتِيدٌ) എന്ന വാക്യത്തിന്റെ സാരം, ‘ഞാന്‍ വഴിപിഴപ്പിച്ചു നരകശിക്ഷക്കു തയ്യാറാക്കിയവന്‍ ഇതാ’ എന്നായിരിക്കും. പക്ഷേ, അടുത്ത 27-ാം വചനത്തില്‍ പറയുന്ന കൂട്ടുകാരന്‍ പിശാചാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. അതേസമയത്തു 23-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും 27-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും തമ്മില്‍ യോജിപ്പു കാണുന്നില്ലതാനും. അതുകൊണ്ടു 23-ാം വചനത്തിലെ കൂട്ടുകാരനും, 27-ാം വചനത്തിലെ കൂട്ടുകാരനും ഒന്നല്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 24-ാം വചനത്തില്‍ ‘ഇട്ടേക്കുവിന്‍’ (أَلْقِيَا) എന്നു ദ്വിവചന (تشنية) രൂപത്തിലുള്ള കല്‍പന 21-ാം വചനത്തില്‍ പ്രസ്താവിച്ച രണ്ടുകൂട്ടരേ – മനുഷ്യനെ തെളിച്ചു കൊണ്ടു വരുന്നവരേയും സാക്ഷിയായി വരുന്നവരേയും – അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ്. അവരാണല്ലോ വിചാരണാനിലയത്തിലേക്കു അവരെ കൂട്ടിക്കൊണ്ടുവരുന്നതും, അവന്റെ കര്‍മ്മങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും.

നരകശിക്ഷക്കു ഇരയാകുവാനുള്ള കാരണങ്ങളെ അല്ലാഹു ഈ വചനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു : അല്ലാഹുവിനോടു നന്ദികേടുകാണിക്കുക, സത്യത്തിനെതിരെ ദുര്‍വാശി പിടിക്കുക, സല്‍ക്കാര്യങ്ങള്‍ക്കു തടസ്സം ഉണ്ടാക്കുക, നിയമാതിര്‍ത്തി ലംഘിച്ചു കടക്കുക, സത്യയാഥാര്‍ത്ഥ്യങ്ങളില്‍ സംശയം ഉണ്ടാക്കിത്തീര്‍ക്കുക ഇവയാണത്. സത്യനിഷേധികളുടെ ഏറ്റവും കടുത്ത ദുസ്വഭാവങ്ങളാണിവ.

50:27
  • قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ ٢٧
  • അവന്റെ കൂട്ടാളി പറയും : ‘ഞങ്ങളുടെ റബ്ബേ! ഞാന്‍ അവനെ (നേര്‍മാര്‍ഗ്ഗം) തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു.’
  • قَالَ قَرِينُهُ അവന്റെ കൂട്ടുക്കാരന്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا أَطْغَيْتُهُ ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല وَلَـٰكِن كَانَ എങ്കിലും അവനായിരുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ بَعِيدٍ വിദൂരമായ

50:28

  • قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ ٢٨
  • അവന്‍ [അല്ലാഹു] പറയും : ‘എന്റെ അടുക്കല്‍ വെച്ചു നിങ്ങള്‍ വിവാദം നടത്തേണ്ട; നിങ്ങള്‍ക്കു ഞാന്‍ മുമ്പേ താക്കീതു നല്‍കിയിട്ടുണ്ട്.
  • قَالَ അവന്‍ പറയും لَا تَخْتَصِمُوا നിങ്ങള്‍ വിവാദം (തര്‍ക്കം – വഴക്കു) നടത്തേണ്ടാ لَدَيَّ എന്റെ അടുക്കല്‍ وَقَدْ قَدَّمْتُ ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട് إِلَيْكُم നിങ്ങള്‍ക്കു بِالْوَعِيدِ താക്കീതിനെ

50:29

  • مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ ٢٩
  • ‘എന്റെ അടുക്കല്‍ വാക്കു മാറ്റപ്പെടുന്നതല്ല; ഞാന്‍ അടിമകളോടു (ഒട്ടും) അനീതി പ്രവര്‍ത്തിക്കുന്നവനല്ലതാനും.’
  • مَا يُبَدَّلُ മാറ്റപ്പെടുകയില്ല الْقَوْلُ വാക്കു لَدَيَّ എന്റെ അടുക്കല്‍ وَمَا أَنَا ഞാനല്ലതാനും بِظَلَّامٍ (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍ لِّلْعَبِيدِ അടിമകളോടു, അടിയാന്മാരോടു

27-ാം വചനത്തിലെ ‘കൂട്ടുകാരന്‍’ പിശാചുതന്നെ. മനുഷ്യനെ താന്‍ വഴിപിഴപ്പിച്ചതല്ലെന്നും, അവന്‍ സ്വയം പിഴച്ചു പോയതാണെന്നും സമര്‍ത്ഥിച്ചുകൊണ്ടു അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ കുറ്റത്തില്‍നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണ്. ദുര്‍മാര്‍ഗ്ഗികളും അവരുടെ നേതാക്കളും തമ്മില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചു പറഞ്ഞശേഷം മറ്റൊരു വചനത്തില്‍ അല്ലാഹു ഇങ്ങിനെ പ്രസ്താവിക്കുന്നു.

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ الخ – سورة ابراهيم : ٢٢

(സാരം: കാര്യം തീരുമാനിച്ചു കഴിയുമ്പോള്‍ പിശാചു പറയും : അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം ചെയ്തു; ഞാനും നിങ്ങളോടു വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനലംഘനം വരുത്തുകയാണ് ചെയ്തത്. എനിക്കു നിങ്ങളുടെ മേല്‍ ഒരധികാരശക്തിയും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ നിങ്ങളെ ക്ഷണിച്ചു; അപ്പോള്‍ നിങ്ങള്‍ എന്നിക്കു ഉത്തരം ചെയ്തു. ആകയാല്‍ നിങ്ങളെന്നെ ആക്ഷേപിക്കേണ്ട; നിങ്ങള്‍ നിങ്ങളെത്തന്നെ ആക്ഷേപിച്ചു കൊള്ളുവിന്‍. ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനല്ല; നിങ്ങള്‍ എനിക്കും സഹായം നല്‍കുന്നവരല്ല. നിങ്ങള്‍ മുമ്പു എന്നെ പങ്കുചേര്‍ത്തിരുന്നതിനെ ഞാന്‍ ഇതാ നിഷേധിക്കുകയാണ്… (സൂ: ഇബ്രാഹീം 22). കുറ്റവാളികളോടും, അവരെ വഴിപിഴപ്പിച്ച പിശാചുക്കളോടുമുള്ള അല്ലാഹുവിന്റെ മറുപടിയാണ് 28, 29 വചനങ്ങളില്‍ കാണുന്നത്, ഉദ്ദേശ്യം വ്യക്തമാണല്ലോ.

വിഭാഗം – 3

50:30

  • يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ ٣٠
  • ‘ജഹന്നമി’നോടു [നരകത്തോടു] ‘നീ നിറഞ്ഞുവോ’ എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും: ‘(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!’
  • يَوْمَ نَقُولُ നാം പറയുന്ന ദിവസം لِجَهَنَّمَ ജഹന്നമിനോടു هَلِ امْتَلَأْتِ നീ നിറഞ്ഞുവോ وَتَقُولُ അതു പറയുകയും ചെയ്യും هَلْ ഉണ്ടോ مِن مَّزِيدٍ കൂടുതലായി, വല്ല വര്‍ദ്ധനവും

കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്നു അല്ലാഹു മുമ്പ് നിശ്ചയിച്ചിട്ടുണ്ടല്ലോ. (സൂ: സജദഃ 13 നോക്കുക.). കുറ്റവാളികളുടെ ആധിക്യം നിമിത്തമോ, നരകത്തിന്റെ വിശാലക്കുറവു നിമിത്തമോ, ആര്‍ക്കും നരകശിക്ഷയില്‍ നിന്നു ഒഴിവു കിട്ടുവാനില്ല. കുറ്റവാളികളെ മുഴുവനും നരകത്തിലാക്കിക്കഴിഞ്ഞിട്ടു പിന്നെയും നരകം ചോദിക്കും : കൂടുതലായി വല്ലതും ഉണ്ടോ (هَلْ مِن مَّزِيدٍ)?! എന്ന്, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സജ്ജനങ്ങളുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു:-

50:31
  • وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ٣١
  • ഭയഭക്തന്മാര്‍ക്കു സ്വര്‍ഗ്ഗം അകലത്തല്ലാത്ത വിധം (വളരെ) സമീപത്തു കൊണ്ടുവരപ്പെടുന്നതുമാണ്.
  • ُزْلِفَتِ സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു غَيْرَ بَعِيدٍ അകലത്തല്ലാതെ

50:32

  • هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ٣٢
  • (പറയപ്പെടും:) ‘ഇതാ നിങ്ങളോടു – (പേടിച്ചു) മടങ്ങുന്നവരും, കാത്തു സൂക്ഷിക്കുന്നവരുമായ എല്ലാവര്‍ക്കും – വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
  • هَـٰذَا ഇതാ, ഇതു, ഇതാണ് مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു لِكُلِّ أَوَّابٍ എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും حَفِيظٍ കാത്തു സൂക്ഷിക്കുന്നവരായ
50:33
  • مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ ٣٣
  • അതായതു, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും, വിനയം കാണിക്കുന്ന ഹൃദയത്തോടെ വരുകയും ചെയ്തവര്‍ക്ക്.
  • مَّنْ خَشِيَ അതായതു പേടിച്ചവര്‍ الرَّحْمَـٰنَ പരമകാരുണികനെ بِالْغَيْبِ അദൃശ്യമായ നിലയില്‍, കാണാതെ وَجَاءَ വരുകയും ചെയ്തു بِقَلْبٍ ഹൃദയത്തോടെ مُّنِيبٍ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന

കുറ്റവാളികള്‍ നരകശിക്ഷ അനുഭവിക്കുവാനുള്ള കാരണങ്ങള്‍ മേല്‍ ആയത്തുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ , സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയസുഖം ലഭിക്കുവാനുള്ള കാരണങ്ങള്‍ ഈ വചനങ്ങളിലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതെ, പാപം ചെയ്യാതെ കാത്തുസൂക്ഷിക്കുക, അല്ലാഹുവിനെ പേടിച്ചു മടങ്ങുക, അല്ലാഹുവിനെ അങ്ങോട്ടു കാണുന്നിലെങ്കിളും അവന്‍ ഇങ്ങോട്ടു കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക, അല്ലാഹുവിന്റെ മുമ്പില്‍ നിഷ്കളങ്കമായ വിനയം അര്‍പ്പിക്കുന്ന ഹൃദയമുണ്ടായിരിക്കുക ഇവയാണത്. കുറ്റവാളികളെ നരകത്തിലേക്കു പിടിച്ചിടുവാന്‍ മലക്കുകളോടു കല്പിക്കപ്പെടുന്നു. എന്നാല്‍, സജ്ജനങ്ങളായ പുണ്യവാന്മാരോടു പറയപ്പെടുന്നതു നോക്കുക:-

50:34
  • ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ ٣٤
  • (‘ഹേ, ഭയഭക്തന്മാരെ,) നിങ്ങള്‍ (സമാധാന) ശാന്തിയോടെ അതില്‍ പ്രവേശിക്കുവിന്‍.’ അതു സ്ഥിരവാസത്തിന്റെ ദിവസമാകുന്നു. [അന്നു മുതല്‍ സ്ഥിരവാസം ആരംഭിക്കുന്നു]
  • ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ, സമാധാനത്തോടെ ذَٰلِكَ അതു يَوْمُ الْخُلُودِ സ്ഥിരവാസത്തിന്റെ ദിവസമാണ്

50:35

  • لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ ٣٥
  • അതില്‍ അവര്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതു അവര്‍ക്കുണ്ടായിരിക്കും : (മാത്രമല്ല) നമ്മുടെ അടുക്കല്‍ കൂടുതലായുള്ളതും ഉണ്ട്.
  • لَهُم അവര്‍ക്കുണ്ടു مَّا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു فِيهَا അതില്‍ وَلَدَيْنَا നമ്മുടെ അടുക്കലുണ്ടുതാനും مَزِيدٌ കൂടുതലായതു, വര്‍ദ്ധനവു

ഏതെങ്കിലും വിധേന അറിവും പരിചയവും ഉള്ളതിനെക്കുറിച്ചു മാത്രമാണല്ലോ മനുഷ്യനു ആഗ്രഹവും ആവശ്യവും തോന്നുക. സ്വര്‍ഗ്ഗത്തിലാകട്ടെ, ഊഹിക്കുവാനോ നിരൂപിക്കുവാനോ പോലും കഴിയാത്ത വസ്തുക്കള്‍ ധാരാളമുണ്ടുതാനും. അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെല്ലാം അവര്‍ക്കു ലഭിക്കുന്നതിനു പുറമെ, അല്ലാഹു അവന്റെ വകയായി കൂടുതല്‍ വേറെയും നൽകുന്നതാകുന്നു എന്നു സാരം. ഈ വചനത്തിലെ അവസാനവാക്യവും, 30-ാം വചനത്തിലെ അവസാനവാക്യവും ഒന്നു ശ്രദ്ധിച്ചുനോക്കുക. കുറ്റവാളികളായ ആളുകളെ എനിയും കിട്ടുവാനുണ്ടോ എന്നു നരകം ചോദിക്കുന്നു. ഇവിടെയാകട്ടെ, സജ്ജനങ്ങളുടെ ഉദ്ദേശങ്ങളെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതിനുപുറമെ എനിയും പല അനുഗ്രഹങ്ങളും കൂടുതല്‍ തരാമെന്നു അല്ലാഹു അവരോടു അങ്ങോട്ടു പറയുകയാണ്‌.

അല്ലാഹു അവന്റെ വകയായി കൂടുതല്‍ നല്‍കുമെന്നു പറഞ്ഞതിന്റെ വിവക്ഷ അല്ലാഹുവിനെ സന്ദര്‍ശിക്കുകയെന്ന മഹാഭാഗ്യമാണെന്നു ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്. സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലുതായ മറ്റൊരു ഭാഗ്യം ഇല്ലതന്നെ. അല്ലാഹു അരുളിചെയ്തതായി ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിക്കുന്നു: ‘എന്റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്കുവേണ്ടി യാതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെ മനസ്സിലും തോന്നിയിട്ടില്ലാത്തതും ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നു.’ പിന്നീടു ഇതിനു തെളിവായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: സജദഃ 17-ാം വചനം ചൂണ്ടിക്കാട്ടുകയും ചെയ്തു. (ബു; മു.) അവര്‍ക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുള്ള കണ്‍കുളുര്‍മ്മകളെപ്പറ്റി ആര്‍ക്കും അറിയാവുന്നതല്ല എന്നത്രെ ആ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.

വെളിച്ചം റമദാൻ 2023 –ഡേ- 16 (റമളാൻ 17)

സൂറത്തു ഖ്വാഫ് : 01-15



  • വെളിച്ചം റമദാന്‍ ഡേ-16 – സൂറത്തു ഖ്വാഫ്: പാർട്ട് 01 – ആയത്ത് 1 മുതല്‍ 15 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം



സൂറത്തു ഖ്വാഫ് : 01-15

ഖ്വാഫ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

മുഖവുരയില്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യായങ്ങള്‍ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗണിക്കപ്പെടാറുണ്ട്.

(1) ദീര്‍ഘമായ അദ്ധ്യായങ്ങള്‍ (السبع الطوال)

(2) നൂറോ അധികമോ ആയത്തുകള്‍ അടങ്ങുന്നവ (المؤن)

(3) നൂറില്‍ അല്‍പം കുറവുള്ളവ (المثانى)

(4) ചെറിയ ആയത്തുകളോടുകൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകള്‍ (المفصلات) ഇവയാണത്.

ഈ ഒടുവില്‍ പറഞ്ഞ المفصل (മുഫസ്സ്വല്‍) വിഭാഗത്തിന്റെ തുടക്കം ചിലര്‍ സൂറത്തുല്‍ ഹുജുറാത്ത് (الحجرات) മുതല്‍ക്കും, ചിലര്‍ വേറെ സൂറത്തു മുതല്‍ക്കും കണക്കാക്കുന്നു. ഇമാം ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ ‘മുഫസ്സ്വലി’ന്റെ തുടക്കം സൂറത്തു ഖ്വാഫ് മുതല്‍ക്കാണെന്നുള്ള അഭിപ്രായമായിരിക്കും കൂടുതല്‍ ശരിയായതെന്നാണ് മനസ്സിലാകുന്നത്. الله اعلم

تحزيب القرأن (ഖുര്‍ആനെ ‘ഹിസ്ബാ’ക്കല്‍, * അഥവാ ദിനകാണ്ഠമാക്കല്‍) എന്ന ശീര്‍ഷകത്തില്‍ ഇമാം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍, അതിന്റെറെ ‘റാവി’ (നിവേദകന്‍) ആയ ഔസുബ്നു ഹുദൈഫഃ (رحمه الله) ഇപ്രകാരം പറയുന്നു : ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികളോട് അവര്‍ എങ്ങിനെയായിരുന്നു ഖുര്‍ആനെ ‘ഹിസ്ബാ’ക്കിയിരുന്നതു എന്നു ഞാന്‍ ചോദിച്ചു. അവര്‍ ഇങ്ങിനെ പറഞ്ഞു ‘മൂന്നും, അഞ്ചും, ഏഴും, ഒമ്പതും, പതിനൊന്നും, പതിമൂന്നും, ‘മുഫസ്സ്വലി’ന്റെ വിഭാഗവും ഇങ്ങിനെയാണ്‌.’ വേറെ മാര്‍ഗ്ഗങ്ങളില്‍കൂടി ഇമാം അഹ്മദ്, ഇബ്നുമാജഃ (رحمه الله) എന്നിവരും ഇതുപോലെ നിവേദനം ചെയ്തിരിക്കുന്നു. ഇതിലെ ‘മൂന്ന്‍’ അല്‍ബഖറഃ മുതല്‍ തുടങ്ങുന്നു. ‘അഞ്ച്’ മാഇദഃ മുതലും, ‘ഏഴ്’ യൂനുസ് മുതലും, ‘ഒമ്പത്’ ഇസ്രാഉ് മുതലും, ‘പതിനൊന്ന്’ ശുഅറാഉ
മുതലും, ‘പതിമൂന്നു’ സ്വാഫ്-ഫാത്ത് മുതലും ആരംഭിക്കുന്നു. എല്ലാം ചേര്‍ന്നാല്‍ ആകെയുള്ള 48 എണ്ണം സൂ: ഹുജുറാത്തോടുകൂടി അവസാനിക്കുന്നു. അപ്പോള്‍ ‘മുഫസ്-സ്വലിന്റെ വിഭാഗം (حزب المفصل) സൂ:ഖ്വാഫ് മുതല്‍ അവസാനം വരെയാണെന്നു വ്യക്തമായല്ലോ.


(*). രാത്രി നമസ്കാരങ്ങളില്‍ ദിവസംതോറും ഖുര്‍ആനില്‍ നിന്നു കുറേഭാഗം പാരായണം ചെയ്യല്‍ പല സ്വഹാബികളുടെയും പതിവായിരുന്നു. സ്വഹാബികളുടെ മാത്രമല്ല, ഭയഭക്തന്മാരായ പലരുടെയും പതിവാണത്. ഓരോ ദിവസത്തെയും പാരായണത്തിനു ഉപയോഗിക്കപ്പെടാറുള്ള ഭാഗത്തിനു حزب (ഹിസ്ബ്= ദിനകാണ്ഡം) എന്നു പറയപ്പെട്ടിരുന്നു. ഖുര്‍ആന്റെ പാരായണ മര്യാദകള്‍ക്കനുസരിച്ചു നന്നായി പാരായണം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ – നമ്മുടെ രാജ്യങ്ങളില്‍ – ‘ഹിസ്ബ്’ എന്ന വാക്കു ഉപയോഗിച്ചു കാണുന്നു. ഇതെങ്ങിനെ വന്നുകൂടി എന്നറിയുന്നില്ല. ഒരുപക്ഷേ, ദിനംതോറും പാരായണം ചെയ്‌വാന്‍ നിശ്ചയിച്ച തോതിനെ ഉദ്ദേശിച്ചായിരിക്കാം അതു ഉപയോഗിക്കാന്‍ തുടങ്ങിയത്. എതായാലും, ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്നതിന് تجويد (തജ് വീദ്) എന്നത്രെ യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.


പെരുന്നാള്‍ നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: ഖ്വാഫും, സൂ: ഖമറും (ق ,اقْتَرَبَتِ السَّاعَةُ) ഓതാറുണ്ടായിരുന്നതായി അബൂവാഖിദില്ലൈഫി (ابوا واقد الليثى – رض) നിവേദനം ചെയ്തിരിക്കുന്നു. (അ; മു; ദാ; തി; ജ; ന). ‘സൂ: ഖ്വാഫ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). എല്ലാ വെള്ളിയാഴ്ചയും പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു ഓതാറുണ്ടായിരുന്നു. ഞങ്ങളുടേയും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും (റൊട്ടി പാകം ചെയ്‌വാനുള്ള) അടുപ്പ് കുറച്ച് കാലത്തോളം ഒന്നായിരുന്നു’. എന്നിങ്ങിനെ ഹാരിഥിന്റെ പുത്രിയായ ഉമ്മുഹിശാം (ام هشام بنت الحرث – رض) എന്ന വനിതാ സഹാബിയും പ്രസ്താവിച്ചിരിക്കുന്നു. (അ; മു; ദാ ജ; ന). സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ ആദിയായവയെ സംബന്ധിച്ചു ഈ സൂറത്തില്‍ ഊന്നി പ്രസ്താവിച്ചിട്ടുള്ളതും, 37-ാം വചനത്തിലും, അവസാനത്തെ വചനത്തിലും കാണാവുന്നതുപോലെ ചിന്തിക്കുന്ന ഹൃദയമുള്ള  എല്ലാവര്‍ക്കും ചിന്തിച്ചറിയുവാനും, ഭയഭക്തി ഉളവാക്കുവാനും പോരുന്നതുമായ ഒരു മഹത്തായ അദ്ധ്യായമത്രെ സൂ:ഖ്വാഫ് അതുകൊണ്ടുതന്നെയാണ് പെരുന്നാള്‍ ദിവസങ്ങളിലും, ജുമുഅഃ ദിവസങ്ങളിലും ജനസദസ്സുകളില്‍ വെച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതിക്കേള്‍പ്പിക്കുക പതിവാക്കിയിരുന്നതും.

50:1

  • قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ ١
  • ‘ഖ്വാഫ്’. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ (സത്യം)!
  • ق ‘ഖ്വാഫ് وَالْقُرْآنِ ഖുര്‍ആന്‍ തന്നെയാണ الْمَجِيدِ മഹത്വമേറിയ

‘ഖ്വാഫു’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെയും, ഖുര്‍ആനില്‍ കാണപ്പെടുന്ന സത്യവാചകങ്ങളെയും പരാമര്‍ശിച്ചുകൊണ്ടു നാം പലപ്പോഴും സംസാരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്ഥാവിക്കുന്നില്ല. ‘ഖ്വാഫുമല’ (جبل قاف) എന്ന പേരില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടുള്ള ഒരു മലയുണ്ടെന്നും, അതാണിവിടെ ഉദ്ദേശ്യമെന്നും മുമ്പ് ചില ആളുകള്‍ പ്രസ്താവിക്കാറുണ്ടായിരുന്നു. ചില പാമര മുസ്ലിംകളില്‍ ഇന്നും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്. ഇതു – ഇമാം ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ പ്രസ്താവിക്കുന്നത് പോലെ – അടിസ്ഥാനരഹിതമായ ഇസ്രാഈലീ കഥയോ, മതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു വിടുവാന്‍ വേണ്ടി നിര്‍മ്മതവാദികള്‍ പടച്ചു വിട്ടതോ ആയിരിക്കുമെന്നുള്ളതില്‍ സംശയമില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വം, മരണാനന്തരജീവതം തുടങ്ങി ഈ അദ്ധ്യായത്തിലും മറ്റും ഖുര്‍ആന്‍ പ്രസ്താവിക്കുന്ന വിഷയങ്ങളെല്ലാം പരമാര്‍ത്ഥങ്ങളാണെന്നു ഖുര്‍ആന്‍ മുഖേന ആണയിട്ടുകൊണ്ടു അല്ലാഹു സൂറത്ത് ആരംഭിക്കുന്നു. തുടര്‍ന്നുകൊണ്ടു ഗൗരവമേറിയ ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവരെക്കുറിച്ചു പറയുന്നു:-

50:2
  • بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ ٢
  • പക്ഷേ, അവര്‍ക്കു തങ്ങളില്‍നിന്നു ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്! എന്നിട്ട് (ആ) അവിശ്വാസികള്‍ പറയുന്നു: ‘ഇതൊരു ആശ്ചര്യകരമായ കാര്യമാണ്;-
  • بَلْ എങ്കിലും, എന്നാല്‍, പക്ഷേ عَجِبُوا അവര്‍ ആശ്ചര്യപ്പെടുകയാണ് أَن جَاءَهُم അവര്‍ക്ക് വന്നതിനാല്‍ مُّنذِرٌ ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍ مِّنْهُمْ അവരില്‍നിന്നു فَقَالَ എന്നിട്ടു പറഞ്ഞു, പറയുന്നു الْكَافِرُونَ അവിശ്വാസികള്‍ هَـٰذَا ഇതു شَيْءٌ عَجِيبٌ ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു
50:3
  • أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ ٣
  • ‘നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നതു)?! അതു വിദൂരമായ ഒരു മടക്കമത്രെ!’
  • أَءِذَا مِتْنَا നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും ذَٰلِكَ رَجْعٌ അതൊരു മടക്കമാണ് بَعِيدٌ വിദൂരമായ (പ്രയാസപ്പെട്ട)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെയും, മരണാനന്തരജീവിതത്തെയും നിഷേധിക്കുന്ന മുശ്രിക്കുകളുടെ ദൃഷ്ടിയില്‍, അതു രണ്ടും അസംഭവ്യമായ കാര്യങ്ങളായിട്ടാണുള്ളത്. മനുഷ്യരില്‍ നിന്നു ദൈവദൂതന്‍ ഉണ്ടാകുന്നതെങ്ങിനെ? മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യന്‍ പിന്നെ ജീവിക്കപ്പെടുന്നതെങ്ങിനെ? എന്നൊക്കെ അവര്‍ അത്ഭുതപ്പെടുകയാണ്. അല്ലാഹു പറയുന്നു :

50:4
  • قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ ٤
  • തീര്‍ച്ചയായും നമുക്കറിയാം, അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷമമായി (രേഖപ്പെടുത്തി) വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ടുതാനും.
  • قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് مَا تَنقُصُ ചുരുക്കുന്നതും, കുറവു വരുത്തുന്നതു الْأَرْضُ ഭൂമി مِنْهُمْ അവരില്‍ നിന്നു وَعِندَنَا നമ്മുടെ അടുക്കലുണ്ടുതാനും كِتَابٌ ഒരു ഗ്രന്ഥം, രേഖ حَفِيظٌ സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ

50:5

  • بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ ٥
  • എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച ഒരു വിഷയത്തിലാണ്. [അനിശ്ചിത നിലപാടിലാണ്.]
  • بَلْ എങ്കിലും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالْحَقِّ യാഥാര്‍ത്ഥ്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ فَهُمْ എന്നിട്ടവര്‍ فِي أَمْرٍ ഒരു വിഷയ (കാര്യ)ത്തിലാണ് مَّرِيجٍ ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)

മരണപ്പെട്ടവരുടെ ശരീരത്തില്‍ നിന്നു എന്തെല്ലാം, എത്രയെല്ലാം, എങ്ങിനെയെല്ലാം നശിച്ചുപോകുന്നുണ്ടെന്നും, എത്രഭാഗം നഷ്ടപ്പെടുന്നുണ്ടെന്നും നമുക്കറിയാം. എല്ലാം സസൂക്ഷ്മം നമ്മുടെ അടുക്കല്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്; ജഡം മണ്ണില്‍ ലയിച്ചാല്‍ പിന്നെയും അതിനെ ജീവിപ്പിക്കന്നതിനു നമുക്കു ഒട്ടും പ്രയാസമില്ല. ഇങ്ങിനെയുള്ള യഥാര്‍ത്ഥ്യങ്ങള്‍ പ്രവാചകന്‍ മുഖേന അവരെ മനസ്സിലാക്കുമ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാതെ, അവര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. നിഷേധത്തിലാകട്ടെ, അവരുടെ നില അസ്ഥിരമാണ് താനും എന്നു സാരം. ഖുര്‍ആനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സംബന്ധിച്ചു ‘ജാലം, ജാലക്കാരന്‍’ ‘കവിത, കവി’ ‘ജോത്സ്യം, ജോത്സ്യക്കാരന്‍’, ‘ഭ്രാന്തു, ഭ്രാന്തന്‍’ എന്നൊക്കെ പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകള്‍ അവരുടെ അനിശ്ചിതത്വത്തെയാണല്ലോ കാണിക്കുന്നത്.

50:6
  • أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ ٦
  • എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും.
  • أَفَلَمْ يَنظُرُوٓا۟ എന്നാലവര്‍ നോക്കുന്നില്ലേ إِلَى ٱلسَّمَآءِ ആകാശത്തേക്കു فَوْقَهُمْ തങ്ങളുടെ മീതെ كَيْفَ بَنَيْنَاهَا അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു وَزَيَّنَّاهَا അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു وَمَا لَهَا അതിനു ഇല്ലതാനും مِن فُرُوجٍ വിടവുകളായിട്ടു (ഒന്നും)

50:7

  • وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ ٧
  • ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു;-
  • وَالْأَرْضَ ഭൂമിയെയും مَدَدْنَاهَا അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) وَأَلْقَيْنَا നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍ وَأَنبَتْنَا فِيهَا അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളില്‍ പെട്ടതും بَهِيجٍ കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള

50:8

  • تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ٨
  • (മനസ്സുമടങ്ങി) വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടതിനും ഓര്‍മ്മക്കായും [അതിനായിട്ടാണ് ഇതെല്ലം ചെയ്തത്].
  • تَبْصِرَةً കണ്ടറിയേണ്ടതിനു وَذِكْرَىٰ ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും لِكُلِّ عَبْدٍ എല്ലാ അടിയാനും مُّنِيبٍ വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള

50:9

  • وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ ٩
  • ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളവും [മഴയും] നാം ഇറക്കി; എന്നിട്ട് അതുമൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
  • وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട فَأَنبَتْنَا بِهِ എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു جَنَّاتٍ പല തോട്ടങ്ങള്‍ وَحَبَّ ധാന്യവും, വിത്തും الْحَصِيدِ കൊയ്തെടുക്കപ്പെടുന്നതിന്റെ

50:10

  • وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ ١٠
  • (ഫലം വഹിച്ചുകൊണ്ട്) ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളും (ഉല്‍പാദിപ്പിച്ചു); അവയ്ക്കു (മേല്‍ക്കുമേലെ) അടുക്കായുള്ള കുലയുണ്ടായിരിക്കും.
  • وَالنَّخْلَ ഈത്തപ്പനയും,ഈന്തമരവും بَاسِقَاتٍ ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു لَّهَا അതിന്നുണ്ട്, അവക്കുണ്ട് طَلْعٌ കുല نَّضِيدٌ അടുക്കായ, ഇടതിങ്ങിയ

50:11

  • رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ ١١
  • (അതെ) അടിയാന്മാര്‍ക്കു ആഹാരത്തിനായിട്ട്. അതു [വെള്ളം] മൂലം, നിര്‍ജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് [പുനര്‍ജ്ജീവിതം].
  • رِّزْقًا ആഹാരത്തിനു, ഉപജീവനമായിട്ടു لِّلْعِبَادِ അടിയാന്മാര്‍ക്കു وَأَحْيَيْنَا بِهِ അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു بَلْدَةً രാജ്യത്തെ, പ്രദേശത്തെ مَّيْتًا ചത്ത, നിര്‍ജ്ജീവമായ كَذَٰلِكَ അതുപോലെ (അപ്രകാരം)യാണ് الْخُرُوجُ പുറപ്പാടു, പുറത്തുവരല്‍

മനുഷ്യന്‍ സദാ അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്ന ഈ നിത്യസത്യങ്ങളെ അവന്റെ മുമ്പില്‍ നിരത്തിക്കാട്ടിക്കൊണ്ടു, തൗഹീദിനും, മരണാനന്തരജീവിതത്തിനും അവയെല്ലാം സ്പഷ്ടമായ തെളിവുകളാണെന്നു ചൂണ്ടിക്കാട്ടുകയാണ്. മരവിച്ചതോ, ദുഷിച്ചു നശിച്ചതോ അല്ലാത്ത ഹൃദയങ്ങള്‍ക്കു ചിന്തിച്ചു മനസ്സിലാക്കുവാന്‍ ഇതൊക്കെത്തന്നെ മതി എന്നും ഓര്‍മ്മിപ്പിക്കുന്നു.

50:12
  • كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ ١٢
  • ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും ‘റസ്സി’ന്റെ ആള്‍ക്കാരും, ‘ഥമൂദു’ ഗോത്രവും വ്യാജമാക്കി;
  • كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ (അവരുടെ) മുമ്പു قَوْمُ نُوحٍ നൂഹിന്റെ ജനത وَأَصْحَابُ الرَّسِّ റസ്സുകാരും وَثَمُودُ ഥമൂദും

50:13

  • وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ ١٣
  • ‘ആദു’ വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്റെ സഹോദരങ്ങളും;
  • وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും وَإِخْوَانُ لُوطٍ ലൂത്ത്വിന്റെ സഹോദരങ്ങളും

50:14

  • وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ١٤
  • ‘ഐക്കത്തി’ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും, ‘തുബ്ബഇ’ന്റെ ജനതയും; എല്ലാവരുംതന്നെ, റസൂലുകളെ വ്യാജമാക്കി. അതിനാല്‍, എന്റെ താക്കീതു (അവരില്‍) യഥാര്‍ത്ഥമായിത്തീര്‍ന്നു.
  • وَأَصْحَابُ الْأَيْكَةِ ഐക്കത്തുകാരും وَقَوْمُ تُبَّعٍ തുബ്ബഇന്റെ ജനതയും كُلٌّ എല്ലാവരും كَذَّبَ കളവാക്കി الرُّسُلَ റസൂലുകളെ, ദൂതന്മാരെ فَحَقَّ അതിനാല്‍ യഥാര്‍ത്ഥമായി, ന്യായമായി, അര്‍ഹമായി وَعِيدِ എന്റെ താക്കീതു

الرس (റസ്സു) എന്ന വാക്കിനു കെട്ടിപ്പടുക്കാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്. ഏതോ ഒരു കിണറിന്റെ – അഥവാ വെള്ളതാവളത്തിന്റെ- അടുക്കല്‍ വസിച്ചിരുന്ന ഒരു ജനതയായിരുന്നു ‘റസ്സുകാര്‍’ (الصحاب الرس) എന്നും, അതല്ല ‘റസ്സു’ എന്ന പേരിലുള്ള ഒരു രാജ്യക്കാരാണെന്നും അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും, ഇവരും മുന്‍കഴിഞ്ഞുപോയ ഒരു ജനതതന്നെ ശുഐബ് (عليه السلام) നബിയുടെ ജനതയായിരുന്നു ‘ഐകത്തു’കാര്‍ (أَصْحَابُ الْأَيْكَةِ) മരക്കാവു എന്നാണ് ആ വാക്കിന്നര്‍ത്ഥം. മരങ്ങള്‍ ധാരാളമുള്ളതായിരുന്നു  അവരുടെ വാസസ്ഥലം. യമനിലെ ഒരു പ്രാചീന രാജകുടുംബത്തിലെ സദ്‌വൃത്തനായ ഒരു രാജാവിനെ ഉദ്ദേശിച്ചാണ് ‘തുബ്ബഉ്’ (تبع) എന്നു പറഞ്ഞിരിക്കുന്നത്. (ഇദ്ദേഹത്തെപ്പറ്റി സൂ:ദുഖാന്‍ 37ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്.). സത്യനിഷേധത്തില്‍നിന്നു പിന്‍മാറാത്തപക്ഷം ഇങ്ങിനെയുള്ള സമുദായങ്ങളുടെ അനുഭവം ഈ നിഷേധികള്‍ക്കും വന്നേക്കുമെന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്:

50:15
  • أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ ١٥
  • അപ്പോള്‍, ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ടു നാം കുഴങ്ങിപ്പോയോ?! (ഇല്ല) – എങ്കിലും ഇവര്‍, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു ആശങ്കയിലാണ്.
  • أَفَعَيِينَا അപ്പോള്‍ (എന്നാല്‍) നാം കുഴങ്ങിയോ, ക്ഷീണിച്ചോ بِالْخَلْقِ الْأَوَّلِ ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ട് بَلْ هُمْ എങ്കിലും അവര്‍ فِي لَبْسٍ സന്ദേഹത്തിലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് مِّنْ خَلْقٍ ഒരു സൃഷ്ടിക്കലിനെക്കുറിച്ചു جَدِيدٍ പുതുതായ

മനുഷ്യനെ ആദ്യം സൃഷ്ടിച്ചത് നാം തന്നെയാണല്ലോ. അതു നിമിത്തം നമുക്കു വല്ല ക്ഷീണമോ കുഴക്കോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടാമതു ജീവിപ്പിക്കുവാന്‍ നമുക്കു പ്രയാസമാണെന്നു കരുതാമായിരുന്നു. പക്ഷേ, അതുമൂലം നമുക്കു യാതൊരു ക്ഷീണവും പറ്റിയിട്ടില്ല. എന്നിരിക്കെ എനിയൊരു പുതിയ ജീവിതംകൂടി അവര്‍ക്കു നല്‍കുന്നതില്‍ നമുക്കു യാതൊരു തടസ്സവുമില്ല. പക്ഷേ, അവര്‍ വാസ്തവം ഗ്രഹിക്കാതെ സന്ദേഹത്തില്‍ കഴിഞ്ഞുകൂടുകയാണ്.

വെളിച്ചം റമദാൻ 2023 –ഡേ- 15 (റമളാൻ 16)

സൂറത്തുൽ ഹുജുറാത്ത് : 13-18



  • വെളിച്ചം റമദാന്‍ ഡേ-15 – സൂറത്തുൽ ഹുജുറാത്ത് : പാർട്ട് 03 – ആയത്ത് 13 മുതല്‍ 18 വരെ
    • വിശദീകരണം ബഹു. സഹ്ൽ ഹാദി ഹാദി, ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്


പരായണം

വിശദീകരണം



സൂറത്തുൽ ഹുജുറാത്ത് : 13-18

49:13

  • يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ١٣
  • ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.
  • يَا أَيُّهَا النَّاس ഹേ മനുഷ്യരേ إِنَّا خَلَقْنَاكُم നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن ذَكَرٍ ഒരു ആണിൽ നിന്ന് وَأُنثَىٰ ഒരു പെണ്ണിൽനിന്നും وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു شُعُوبًا ശാഖകൾ وَقَبَائِلَ ഗോത്രങ്ങളും لِتَعَارَفُوا നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ إِنَّ أَكْرَمَكُمْ നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ, മാന്യൻ عِندَ اللَّـهِ അല്ലാഹുവിങ്കൽ أَتْقَاكُمْ നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി) ഉള്ളവനാണ് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ് خَبِيرٌ സൂക്ഷ്മജ്ഞാനിയാണ്

കഴിഞ്ഞ ആയത്തുകൾ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ടുള്ളതായിരുന്നു. ഈ ആയത്താകട്ടെ, മനുഷ്യലോകത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ടാണുള്ളത്. ലോകരാഷ്ട്രങ്ങൾ അൽപം ദശവർഷങ്ങൾക്ക് മുമ്പു മാത്രം പ്രഖ്യാപനം ചെയ്യാൻ ധൈര്യപ്പെട്ടതും, പ്രഖ്യാപിച്ചവർക്കുപോലും ശരിക്ക് പ്രായോഗികരംഗത്ത്‌ വരുത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമായ ഒരു തത്വം, ഈ വിശുദ്ധവചനം മുഖേന ഖുർആൻ ആയിരത്തിനാനൂറ് കൊല്ലംമുമ്പ് ജനമദ്ധ്യേ തുറന്ന ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്: മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്; ആദമിന്റെയും ഹവ്വാഇന്റെയും സന്തതികളാണ്- നിങ്ങൾക്കിടയിൽ ആഭിജാത്യത്തിന്റെ പേരിലോ, തൊലിവർണത്തിന്റെ പേരിലോ മറ്റോ ഉച്ചനീചത്വമില്ല. എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികളും ഒരേ കുടുംബത്തിലെ പൗരൻമാരുമാണ്. അതേസമയത്ത്‌ അല്ലാഹു നിങ്ങളെ ചില ശാഖകളും ഗോത്രങ്ങളുമാക്കിവെച്ചിട്ടുണ്ട്. ഇത് ഉൽകൃഷ്ടതയുടെയോ, നികൃഷ്ടതയുടെയോ അടിസ്ഥാനത്തിലല്ല, നിങ്ങൾ അന്യോന്യം തിരിച്ചറിയുവാനും പരിചയപ്പെടുവാനുംവേണ്ടി മാത്രമാകുന്നു. പക്ഷേ, നിങ്ങൾക്കിടയിൽ ഉയർച്ചയും താഴ്ചയും കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമുണ്ട്. അത് ‘തഖ്‌വാ’ യാകുന്നു. അതെ, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരാരോ അവർ ഉന്നതൻമാരും, അല്ലാത്തവർ അധമൻമാരും, ഏറ്റവും ഭയഭക്തൻ ആരോ അവനാണ് അവന്റെ അടുക്കൽ ഏറ്റവും ആദരണീയൻ.

ഈ വചനത്തിന്റെ ആശയം വിശദീകരിക്കുന്ന പല നബിവചനങ്ങളും ഹദീഥുഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ഉദാഹരണാർത്ഥം ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:

1) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും, സ്വത്തുക്കളിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നോക്കുന്നു.’ (മു.)

2) മക്കാവിജയ ദിവസം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഹേ, മനുഷ്യരേ, മനുഷ്യർ രണ്ടുതരം ആളുകളാണ്: പുണ്യവാനും, സൂക്ഷ്മതയുള്ളവനും, അല്ലാഹുവിങ്കൽ ആദരണീയനുമായവൻ ഒന്ന്. ദുഷ്ടനും, ദുർമാർഗിയും അല്ലാഹുവിങ്കൽ നിന്ദ്യനുമായുള്ളവൻ മറ്റൊന്ന്. എല്ലാവരും ആദമിന്റെ സന്താനങ്ങളാണ്. ആദമിനെ അല്ലാഹു മണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു’. പിന്നീട് തിരുമേനി ഈ ആയത്ത് ഓതുകയും ചെയ്തു. (തി; ബ.)

3) തിരുമേനിയുടെ ഒടുക്കത്തെ ഹജ്ജിൽ ചെയ്ത പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു: ‘മനുഷ്യരേ, അറിഞ്ഞേക്കുക: നിങ്ങളുടെ റബ്ബ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനെക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന് അറബിയെക്കാളും ഇല്ല; കറുത്തവന് ചുവന്നവനെ (വെള്ളക്കാരനെ)ക്കാളും ഇല്ല; ചുവന്നവന് കറുത്തവനെക്കാളും ഇല്ല- ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു.’ (ബ)

4) ‘നിശ്ചയമായും ജാഹിലിയ്യാ കാലത്തിലെ ഡംഭും, പിതാക്കളുടെ പേരിലുള്ള ഗർവും നാട്യവും അല്ലാഹു നിങ്ങളിൽ നിന്നു എടുത്തു കളഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും ആദമിനും ഹവ്വാഇന്നും ഉള്ളവരത്രെ.’ (ബ.)

മനുഷ്യപിതാവ് ആദം നബി (അ)യാണോ അല്ലേ? മനുഷ്യരെയെല്ലാം ഒരേ ദേഹത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു (خَلَقْنَاكُم مِّن نَّفْسٍ وَاحِدَةٍ) എന്നു വേറെ സ്ഥലങ്ങളിൽ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളതും,ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചു (خَلَقْنَاكُم مِنْ ذَكَرٍ وَأُنْثَى) എന്ന്‌ പ്രസ്താവിച്ചിട്ടുള്ളതും തമ്മിൽ വല്ല പൊരുത്തക്കേടും ഉണ്ടോ? ഇതിനെപ്പറ്റിയും, ഈ വിഷയത്തിൽ ചിലർക്കുള്ള ആശയകുഴപ്പങ്ങളെപ്പറ്റിയും സൂറത്ത്- സുമർ, 6–ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചു പറഞ്ഞിട്ടുള്ളത് ഓർക്കുക.

49:14
  • قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ١٤
  • ‘അഅ്റാബികൾ’ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ‘ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു’ എന്ന്. പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല. എങ്കിലും, ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ [കീഴ്പ്പെട്ടിരിക്കുന്നു] എന്ന് നിങ്ങൾ പറഞ്ഞേക്കുക. നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം (ഇതുവരെയും) പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • قَالَتِ പറഞ്ഞു, പറയുന്നു الْأَعْرَابُ മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ آمَنَّا ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു قُل പറയുക لَّمْ تُؤْمِنُوا നിങ്ങൾ വിശ്വസിച്ചിട്ടല്ല وَلَـٰكِن قُولُوا എങ്കിലും നിങ്ങൾ പറഞ്ഞേക്കുക, أَسْلَمْنَا ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു وَلَمَّا يَدْخُلِ പ്രവേശിച്ചിട്ടേയില്ല الْإِيمَانُ സത്യവിശ്വാസം فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَإِن تُطِيعُوا നിങ്ങൾ അനുസരിക്കുന്ന പക്ഷം اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും لَا يَلِتْكُم അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം) വരുത്തുകയില്ല مِّنْ أَعْمَالِكُمْ നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് شَيْئًا യാതൊന്നും, ഒട്ടും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

49:15

  • إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ ١٥
  • നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു. അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ.
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ الَّذِينَ آمَنُوا വിശ്വസിച്ചവരത്രെ بِاللَّـهِ അല്ലാഹുവിൽ وَرَسُولِهِ അവന്റെ റസൂലിലും ثُمَّ പിന്നെ എന്നിട്ട് لَمْ يَرْتَابُوا അവർ സന്ദേഹം (സംശയം) വെച്ചതുമില്ല وَجَاهَدُوا അവർ സമരവും ചെയ്തു بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കൾ കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങളും (കൊണ്ട്) فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ أُولَـٰئِكَ هُمُ അക്കൂട്ടർ തന്നെയാണ് الصَّادِقُونَ സത്യവാൻമാർ, സത്യം പറഞ്ഞവർ

മദീനഃയുടെ വെളിപ്രദേശങ്ങളിൽ പാർക്കുന്ന മരുഭൂവാസികളായ ‘അസദ്‘ ഗോത്രത്തിൽ പെട്ട കുറെ ആളുകൾ തങ്ങൾക്കു ക്ഷാമം പിടിപെട്ട അവസരത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിക്കുകയുണ്ടായി. പല അറബി ഗോത്രങ്ങളും ചെയ്തതുപോലെ തങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല; അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് തങ്ങൾ ചെയ്ത ഔദാര്യമായിരുന്നു; തങ്ങൾ ഇപ്പോൾ വളരെ പ്രാരാബ്ധത്തിലും വിഷമത്തിലും അകപ്പെട്ടിരിക്കുകയാണ് എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അവർ ഉണർത്തുകയും, വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുസ്വത്തിൽനിന്ന് തങ്ങൾക്കു വല്ലതും തന്നു സഹായിക്കണമെന്നായിരുന്നു അവരുടെ വരവിന്റെ ആവശ്യം, ഇവരെപ്പറ്റിയാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. വിശ്വാസം നാവുകൊണ്ട് പ്രകടമാക്കിയാൽ പോരാ, അത് ഹൃദയത്തിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയത്തിൽ ഇതുവരെയും വിശ്വാസം പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. പക്ഷെ, നിങ്ങൾ ഇസ്‌ലാമിനെതിരിൽ സമരം നടത്താതെ അടങ്ങിയിരുന്ന സ്‌ഥിതിക്ക്‌ أَسْلَمْنَا ( ഞങ്ങൾ കീഴൊതുങ്ങി) എന്ന് പറയാമെന്നല്ലാതെ آمِنًا (ഞങ്ങൾ വിശ്വസിച്ചു) എന്ന് പറയുവാൻ നിങ്ങൾക്ക് അവകാശമില്ല. യാതൊരു സന്ദേഹത്തിനും ഇടമില്ലാത്തവണ്ണം അല്ലാഹുവിലും റസൂലിലും മനപൂർവ്വം വിശ്വസിക്കണം. മനസ്സിൽ വിശ്വസിച്ചുവെച്ചാലും പോരാ, അത് പ്രവർത്തനത്തിൽ പ്രകടമാക്കുകയും അങ്ങിനെ അല്ലാഹുവിന്റെ മാർഗത്തിൽ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുകയും വേണ്ടതുണ്ട്. എന്നാൽ മാത്രമേ നിങ്ങൾ യഥാർത്ഥ വിശ്വാസികളാവുകയുള്ളൂ, എന്നൊക്കെയാണ് അവരെ ഉൽബോധിപ്പിക്കുന്നത്.

‘ഈമാൻ’ എന്നത് വിശ്വാസത്തെ കുറിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ് ‘ഇസ്‌ലാം’. ഈമാൻ കൂടാതെയുള്ള ഇസ്‌ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഈമാന്റെ അനിവാര്യ ഫലമത്രെ ഇസ്‌ലാം. അതേസമയത്ത് ഇസ്‌ലാം ഉണ്ടായതുകൊണ്ട് ഈമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് ‘അഅ്റാബി‘ കളോട് ഈമാൻ സ്വീകരിച്ചു എന്ന് പറയരുതെന്നും ഇസ്‌ലാം സ്വീകരിച്ചു എന്ന് പറഞ്ഞാൽ മതിയെന്നും കല്പിച്ചത്. കപടവിശ്വാസികൾ എന്ന ഒരു വിഭാഗം ആളുകളുണ്ടാകുന്നതും ഇതുകൊണ്ടാണ്. പക്ഷെ, ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്നറിയുവാൻ മനുഷ്യനു സാധ്യമല്ല. അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളൂ. എങ്കിലും, ഇസ്‌ലാമിനെ അംഗീകരിച്ചു കാണുന്ന ഏവരെക്കുറിച്ചും അവർ മുസ്‌ലിമും മുഅ്മിനും ആണെന്നു – അഥവാ ഇസ്‌ലാമും ഈമാനും കൂടിയുണ്ടെന്നു – വിധി കൽപിക്കുവാനെ നമുക്ക് നിർവ്വാഹമുള്ളൂ. ഇസ്ലാമിന്റെ നിയമവും അത് തന്നെ. ലക്ഷ്യവും, തെളിവും വർദ്ധിക്കുന്തോറും ഈമാൻ ശക്തിപ്പെട്ടുകൊണ്ടിരിക്കും. സൽക്കർമങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്യും. നേരെമറിച്ച് ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഈമാനെ ക്ഷയിപ്പിക്കുകയും, ദുഷ്ക്കർമങ്ങൾ അതിനു തേയ്മാനം വരുത്തുകയും ചെയ്യും. ഈമാനും ഇസ്‌ലാമും ഒന്ന് തന്നെയാണെന്ന് ചില തൽപ്പര കക്ഷികൾ വാദിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഖുർആനിൽ നിന്നും ഹദീസിൽനിന്നും വേറെ പല തെളിവുകളാൽ ആ വാദം ശരിയല്ലെന്ന് സ്‌ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ അതിനെപ്പറ്റി കൂടുതൽ സ്പർശിക്കുന്നില്ല.

സത്യവിശ്വാസികളുടെ ഗുണങ്ങൾ വിവരിച്ചകൂട്ടത്തിൽ, വിശ്വസിച്ചിട്ട് പിന്നെ സന്ദേഹപ്പെട്ടതുമില്ല (ثُمَّ لَمْ يَرْتَابُوا) എന്ന് പറഞ്ഞുവല്ലോ. തെളിവുകൾ മുഖേന – യാതൊരുസംശയത്തിനും പഴുതില്ലാത്തവിധം – ഒരുവിഷയത്തിൽ വിശ്വാസം ഉണ്ടായിത്തീർന്നശേഷം വീണ്ടും പുതിയ തെളിവുകൾ ലഭിക്കുകയോ, വിശ്വസിക്കപ്പെട്ട കാര്യം നേരിൽ കണ്ടു അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ആ വിശ്വാസം പൂർവ്വാധികം ശക്തിപ്പെടുമെന്നും, മനസ്സിന് കൂടുതൽ സമാധാനവും, സംതൃപ്തിയും ഉണ്ടായിത്തീരുമെന്നും പറയേണ്ടതില്ല. ഇതുകൊണ്ട് മുമ്പത്തെ വിശ്വാസം സംശയാസ്പദമായിരുന്നുവെന്നോ, അപൂർണ്ണമായിരുന്നുവെന്നോ വരുന്നില്ലതാനും. (സൂ: ജാഥിയ: 3 – 5 ലും വിവരണത്തിലും വിശ്വാസത്തിന്റെ ഇനങ്ങളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.) ആകാശത്തിലൂടെ പറന്ന്‍ പായുന്ന വിമാനം കണ്ടിട്ടില്ലാത്തതുകൊണ്ട് ഇന്ന് അതിനെ ആരും നിഷേധിക്കുകയോ, അതിൽസംശയിക്കുകയോ ഇല്ല. അങ്ങനെ ഒന്നില്ലെന്ന്‍ പറഞ്ഞാൽ ആരും അത് സമ്മതിക്കുകയുമില്ല. പക്ഷെ, കണ്ണിൽ കണ്ടു കഴിയുമ്പോൾ ഉണ്ടാകുന്ന മനഃസ്സമാധാനവും സംതൃപ്തിയും അതിന്റെ മുമ്പ് അവർക്ക് തീർച്ചയായും ഉണ്ടായിരിക്കയില്ല. ഓരോ മുസ്‌ലിമും മലക്കുകളിൽ വിശ്വസിക്കുന്നു. പക്ഷേ മലക്കിനെ കണ്ടിട്ടുള്ള പ്രവാചകനും അല്ലാത്തവരും ഒരു പോലെയാണോ?!

മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ ആശങ്കയോ സംശയമോ കൂടാതെ, പരിപൂർണ്ണമായും വിശ്വസിച്ച പ്രവാചകവര്യനാണ് ഇബ്റാഹീം നബി(عليه السلام) എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അദ്ദേഹം അല്ലാഹുവിനോട് ‘ മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നത് എന്ന്‍ എനിക്ക് കാണിച്ചു തരേണമേ!‘ (رَبِّ أَرِنِي كَيْفَ تُحْيِ الْمَوْتَى) എന്ന്‍ പ്രാർത്ഥിച്ചതായി സൂ: അൽബക്വറഃ 260ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇതിനുള്ള കാരണം മേൽപറഞ്ഞതിൽനിന്ന് മനസ്സിലാക്കാം. മാത്രമല്ല, “നീ വിശ്വസിച്ചിട്ടില്ലേ?” (أَوَلَمْ تُؤْمِن) എന്ന് അല്ലാഹു അദ്ദേഹത്തോട് ചോദിച്ചതായും, അദ്ദേഹം, ‘ഇല്ലാതെ! എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാണ്.‘ (بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِي) എന്ന് അദ്ദേഹം ഉത്തരം പറഞ്ഞതായും അവിടെ തുടർന്ന് പറഞ്ഞിരിക്കുന്നു. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിച്ചു കണ്ടെങ്കിലേ താനത് വിശ്വസിക്കുകയുള്ളൂവെന്ന അർത്ഥത്തിലോ, ജീവിപ്പിക്കുന്നതിനെപ്പറ്റി തനിക്ക് അൽപമെങ്കിലും സംശയം തോന്നിയതുകൊണ്ടോ അല്ല ഇബ്റാഹീം (അ) ഈ പ്രാർത്ഥന ചെയ്തതെന്ന് വക്രബുദ്ധികളല്ലാത്ത ഏവർക്കും വ്യക്തമാണ്.

എന്നിരിക്കെ, 15-ാം വചനത്തിലെ ثُمَّ لَمْ يَرْتَابُوا (പിന്നെ അവർ സന്ദേഹപ്പെട്ടതുമില്ല) എന്ന വാക്കിന്റെ മറവുപിടിച്ചുംകൊണ്ട് ‘അല്ലാഹു മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുമെന്നതിൽ ഇബ്റാഹീം നബി (عليه السلام) ക്കു വിശ്വാസമുണ്ടായിരുന്നില്ലേ, അദ്ദേഹത്തിന് അതിനുമുമ്പ് ആ വിഷയത്തിൽ മനസ്സമാധാനമില്ലാതെ സംശയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവോ എന്നൊക്കെ പരിഹാസപൂർവ്വം ചിലർ ചോദിക്കുന്നതിന്റെ രഹസ്യം ആർക്കും അജ്ഞാതമല്ല. തങ്ങളുടെ ഭൗതികശാസ്ത്രങ്ങൾക്ക് അനുകൂലിക്കുവാൻ കഴിയാത്ത ഏതൊരു കാര്യവും ഖുർആനിലോ മറ്റോ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചുകണ്ടാൽ, മനസ്സുകൊണ്ട് അതിനെ വെറുക്കുകയും, നാവുകൊണ്ട് അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഒപ്പിക്കുകയും ചെയ്യാൻ മിനക്കെടുന്നവരാണ് ഈ ചോദ്യകർത്താക്കൾ. മരണപ്പെട്ടവരെ ഈ ലോകത്തുവെച്ച് ജീവിപ്പിക്കുകയെന്ന കാര്യം ഇവരുടെ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാകകൊണ്ട് (أَرِنِي كَيْفَ تُحْيِي الموتى) (മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാട്ടിത്തരണേ!) എന്ന വാക്യത്തിന് ‘നിർജ്ജീവമായ ഹൃദയങ്ങളെ എങ്ങനെയാണ് നീ ഉദ്ധരിക്കുക എന്ന് കാട്ടിത്തരണം‘ എന്നത്രെ ഇവർ കൽപ്പിക്കുന്ന അർത്ഥം. ليطمئن قلبي (എന്റെ മനസ്സ് സമാധാനമടയുവാൻ) എന്ന വാക്കിന് എന്റെ സംശയവും അസ്വാസ്ഥ്യവും തീർന്ന്‍ എന്റെ മനസ്സിന് സമാധാനം ലഭിക്കുവാൻ എന്നാണ് ഇവർ നൽകുന്ന വ്യാഖ്യാനം. ഖുർആനിൽ അല്ലാഹു ഉപയോഗിച്ച പല വാക്കുകളും അസ്‌ഥാനത്തായിപ്പോയിട്ടുണ്ടെന്നായിരിക്കും ഇവരുടെ ഇത്തരം ചില അർത്ഥവ്യാഖ്യാനം കാണുമ്പോൾ തോന്നിപ്പോകുക! الله اكبر സന്ദർഭവശാൽ ഈ വിഷയം ഇവിടെ സ്പർശിച്ചുവെന്നേയുള്ളൂ. ഇതിനെപ്പറ്റി സൂ: അൽബക്വറഃയിൽ വെച്ച് കൂടുതൽ വിവരിച്ചിട്ടുണ്ട്.

49:16
  • قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ١٦
  • (നബിയേ) പറയുക: നിങ്ങളുടെ മത (വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.
  • قُلْ നീ പറയുക أَتُعَلِّمُون നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ اللَّـهَ അല്ലാഹുവിനെ بِدِينِكُمْ നിങ്ങളുടെ മതത്തെ പറ്റി وَاللَّـهُ അല്ലാഹുവാകട്ടെ يَعْلَمُ അവൻ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ അറിവുള്ളവനാണ്

49:17

  • يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ ١٧
  • അവർ ‘ഇസ്‌ലാം’ സ്വീകരിച്ചത് [കീഴൊതുങ്ങിയത്], നിന്റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു)കാട്ടുന്നു. പറയുക: ‘നിങ്ങളുടെ ഇസ്ലാമിനെ [കീഴൊതുക്കത്തെ] എന്റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്. പക്ഷേ, നിങ്ങൾക്ക് സത്യവിശ്വാസത്തിലേക്ക് മാർഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ.’
  • يَمُنُّون അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു عَلَيْكَ നിൻെറ മേൽ, നിന്നോട് أَنْ أَسْلَمُوا അവർ ഇസ്ലാം സ്വീകരിച്ചത് قُل നീ പറയുക, لَّا تَمُنُّوا നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല عَلَىَّ എൻെറ മേൽ إِسْلَامَكُم നിങ്ങളുടെ ഇസ്ലാമിനെ بَلِ اللَّـهُ എങ്കിലും (പക്ഷേ) അല്ലാഹു يَمُنُّ عَلَيْكُمْ നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു أَنْ هَدَاكُمْ അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തത്, വഴികാട്ടിയത് لِلْإِيمَانِ സത്യവിശ്വാസത്തിലേക്ക് إِن كُنتُمْ നിങ്ങളാണെങ്കിൽ صَادِقِينَ സത്യവാൻമാർ, സത്യം പറയുന്നവർ

49:18

  • إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ ١٨
  • നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു غَيْبَ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്) وَالْأَرْضِ ഭൂമിയിലെയും وَاللَّـهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി

14-ാം വചനത്തിൽ പ്രസ്താവിച്ച ആ അഅ്റാബികളെ സംബന്ധിച്ചാണ് പറയുന്നത്. അവരുടെ പ്രസ്താവനകളും ഭാവവും കണ്ടാൽ, അല്ലാഹുവിന് അവരുടെ സ്ഥിതിഗതികൾ ഒന്നും അറിയുകയില്ല, അവർ മുസ്ലിംകളാണെന്നും വിശ്വസിച്ചിട്ടുണ്ടെന്നും അവർ അല്ലാഹുവിനെ പറഞ്ഞു പഠിപ്പിക്കുകയാണ് എന്നും തോന്നിപ്പോകും. ആകാശഭൂമികളിലുള്ള എല്ലാ കാര്യവും അറിയുന്നവനാണ് അല്ലാഹു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് അവരുടെ സംസാരം. മാത്രമല്ല, അവർ ഇസ്ലാമിനെ അംഗീകരിക്കുന്നതും, ശത്രുപക്ഷത്ത് ചേർന്ന് യുദ്ധത്തിനൊരുങ്ങാതിരുന്നതും അവർ ചെയ്ത ദയാദാക്ഷിണ്യമാണെന്നും, അതിന്റെ പേരിൽ അല്ലാഹുവും റസൂലും അവരോട് കടപ്പെട്ടിട്ടുണ്ടെന്നുമാണ് അവരുടെ നില. സത്യവിശ്വാസം സ്വീകരിച്ചുവെന്നും, തങ്ങൾ മുസ്‌ലിംകളാണെന്നും അവർ പറയുന്നത് വാസ്തവമാണെങ്കിൽ, കാര്യം നേരെ മറിച്ചാണുള്ളത്. കാരണം, അതിനുള്ള പ്രചോദനവും മനഃസ്ഥിതിയും അവരിൽ ഉളവാക്കി സത്യത്തിലേക്ക് നയിച്ചത് അല്ലാഹുവാണ്. അതിന്റെ ഫലം അവർക്കുതന്നെയാണ് താനും. എന്നിരിക്കെ, അല്ലാഹു അവർക്ക് അങ്ങോട്ടാണ് ദാക്ഷിണ്യം ചെയ്ത് കൊടുത്തിരിക്കുന്നത്. അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുകയാണ്. അവരോട് യാതൊരു കടപ്പാടും അല്ലാഹുവിന്നാകട്ടെ, റസൂലിന്നാകട്ടെ ഇല്ല എന്ന് സാരം. തങ്ങളുടെ പ്രവൃത്തികളടക്കമുള്ള എല്ലാ രഹസ്യ പരസ്യങ്ങളും- ചെറുതും, വലുതുമെന്ന വ്യത്യാസം കൂടാതെ- അല്ലാഹു അറിയുമെന്ന ബോധമില്ലാത്തത്കൊണ്ടാണല്ലോ ഇത്തരം ധാരണകളും പ്രസ്താവനകളും അവരിൽനിന്ന് ഉണ്ടായിത്തീരുന്നത്. അതുകൊണ്ട് അവസാനത്തെ വചനത്തിൽ, അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണെന്ന് ഒന്നുകൂടി ഊന്നി പറഞ്ഞിരിക്കുകയാണ്.

ഹുനൈൻ യുദ്ധത്തിൽ ലഭിച്ച ‘ഗനീമത്ത്’ സ്വത്തുകൾ ഭാഗിച്ചപ്പോൾ, ചില പ്രത്യേക കാരണങ്ങളെ മുൻനിർത്തി ചില ആളുകൾക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൂടുതൽ കൊടുക്കുകയുണ്ടായി. ഇത് ‘അൻസ്വാരി’കൾക്കിടയിൽ അൽപമൊരു മുറുമുറുപ്പിന് കാരണമായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിളിച്ചു കൂട്ടി ഉപദേശിക്കുകയും സംഗതി വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോൾ, തങ്ങളുടെ പക്കൽവന്നുപോയ അബദ്ധത്തിൽ അവരെല്ലാം വ്യസനിക്കുകയും, കരയുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് സംസാരിച്ച കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ഹേ, അൻസ്വാരികളെ നിങ്ങൾ വഴിപിഴച്ചവരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർമാർഗത്തിലാക്കിയില്ലേ? നിങ്ങൾ ദരിദ്രൻമാരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം നിങ്ങളെ ധന്യരാക്കിയില്ലേ? നിങ്ങൾ ശത്രുക്കളായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളുടെ മനസ്സുകൾക്കിടയിൽ ഇണക്കിച്ചേർത്തില്ലേ? ألم أجدكم ضلالاً فهداكم الله بي، وعالة فأغناكم الله بي، واعداء فالف بين قلوبكم بي ഈ ഓരോന്നിലും അൻസ്വാരികൾ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അതെ, അല്ലാഹുവും, അവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ചെയ്തവർ’ (الله ورسوله أمن)

اللهم لك الحمد ولك الفضل والمنة

[التبىض ليلة الإثنين ٢٨ جمادي الأخرى ١٣٩٠ها٧٠/٨/٣٠ والسويد ٦٢/٦/٣ م]

വെളിച്ചം റമദാൻ 2023 –ഡേ- 14 (റമളാൻ 15)

സൂറത്തുൽ ഹുജുറാത്ത് : 07-12



  • വെളിച്ചം റമദാന്‍ ഡേ-14 – സൂറത്തുൽ ഹുജുറാത്ത് : പാർട്ട് 02 – ആയത്ത് 07 മുതല്‍ 12 വരെ
    • വിശദീകരണം ബഹു. സഹ്ൽ ഹാദി ഹാദി, ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്


പരായണം

വിശദീകരണം



സൂറത്തുൽ ഹുജുറാത്ത് : 07-12

49:7

  • وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ ﴾٧﴿
  • അല്ലാഹുവിന്റെ റസൂൽ നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്കു ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്കു വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള) അക്കൂട്ടർതന്നെയാണു തന്റേടമുള്ളവർ [സന്മാർഗ്ഗികൾ];-
  • وَاعْلَمُوا നിങ്ങൾ അറിയുക أنّ فيكُمْ നിങ്ങളിലുണ്ടെന്നു رَسُولَ اللهِ അല്ലാഹുവിന്റെ റസൂൽ لَوْ يُطِيعُكُمْ അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ في كَثِيرٍ പലതിലും, مِنَ الأمْرِ കാര്യത്തിൽനിന്നു لَعَنِتُّمْ നിങ്ങൾ വിഷമിക്കുമായിരുന്നു, കഷ്ടപ്പെട്ടിരുന്നു وَلَٰكنَّ اللهَ എങ്കിലും അല്ലാഹു حَبَّبَ إلَيْكُمُ നിങ്ങൾക്കു ഇഷ്ടപ്പെടുത്തിത്തന്നിരിക്കുന്നു ٱلْإِيمَٰنَ സത്യവിശ്വാസം وَزَيَّنَهُ അതിനെ അലങ്കാരമാക്കുകയും ചെയ്തു في قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَكَرَّهَ إلَيْكُمُ നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു الكُفرَ അവിശ്വാസം وَالفُسُوقَ ദുർമ്മാർഗ്ഗവും, ദുർന്നടപ്പും, തോന്നിയവാസവും وَالعِصْيَانَ അനുസരണക്കേടും أُولَٰئِكَ هُمُ അക്കൂട്ടർ തന്നെയാണ്, الرّاشِدُون തന്റേടമുള്ളവർ, നേർമ്മാര്‍ഗ്ഗികൾ

49:8

  • فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ ٨
  • അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങിനെ ചെയ്തത്). അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • فَضْلًا ദയവായിട്ടു, ഔദാര്യമായികൊണ്ടു مِّنَ اللهِ അല്ലാഹുവിൽനിന്നുള്ള وَ نعْمَةً അനുഗ്രഹവും وَاللهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് حَكِيم അഗാധജ്ഞനാണ്, യുക്തിമാനാണ്

അല്ലാഹുവിന്റെ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമുണ്ട്. നിങ്ങളുടെ നന്മ ഏതിലാണു സ്ഥിതി ചെയ്യുന്നതെന്നു നിങ്ങളെക്കാൾ അറിയുക അദ്ദേഹത്തിന്നാണ്. നേരെമറിച്ച് നിങ്ങളുടെ ഇഷ്ടത്തിനോ ആവശ്യത്തിനോ അദ്ദേഹം വഴങ്ങണമെന്നു കരുതിയാൽ അതു പലപ്പോഴും നിങ്ങൾക്കു തന്നെ ആപത്തായിത്തീർന്നേക്കുമെന്നു നിങ്ങൾ മനസ്സിലാക്കണം. സത്യവിശ്വാസത്തിൽ നിങ്ങൾക്കു പ്രേമവും, അവിശ്വാസത്തിലും ദുർന്നടപ്പിലും വെറുപ്പും ജനിപ്പിച്ചു തന്നതു അല്ലാഹുവാണ്. അതു അവന്റെ അനുഗ്രഹവും ദയവും നിമിത്തം നിങ്ങൾക്കു സിദ്ധിച്ച മഹാഭാഗ്യമത്രെ. എന്നിരിക്കെ, റസൂലിന്റെ ഹിതത്തിനും കല്‍പനക്കും എതിരായി ഒരു താൽപര്യവും നിങ്ങള്‍ക്കു ഉണ്ടായിക്കൂടാത്തതാണ് എന്നൊക്കെയാണ് അല്ലാഹു ഉണർത്തുന്നത്. وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ -المؤمنون: ٧١ (യഥാർത്ഥം അവരുടെ ഇച്ഛകളെ അനുസരിച്ചുകൊണ്ടായിരുന്നെങ്കിൽ ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. സൂ: മുഅ്‌മിനൂൻ – 71).

യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നു: മനസ്സുകൊണ്ടുള്ള വിശ്വാസം, (تصديق بالقلب) രണ്ട്: നാവുകൊണ്ടു അതു ഏറ്റുപറയലും പ്രഖ്യാപിക്കലും (إقرار باللسان), മൂന്ന്: വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ (عمل بالأركان). ഈ മൂന്നിന്റെയും മറുവശങ്ങളാണ് അവിശ്വാസം, ദുർന്നടപ്പു, അനുസരണക്കേട് (ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ) എന്നിവ സൂചിപ്പിക്കുന്നത്. ഈ മൂന്നു കാര്യങ്ങളോടും വെറുപ്പുണ്ടാകുമ്പോഴാണ് സത്യവിശ്വാസം സാക്ഷാൽകൃതമാകുന്നത്. ഈ നില പ്രാപിച്ചവരാണ് തന്റേടം തികഞ്ഞവരും നേർമ്മാർഗ്ഗികളും (أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ). അനസ് (رضي الله عنه)  പ്രസ്താവിച്ചതായി അഹ്‌മദ്‌ (رحمه الله) നിവേദനം ചെയ്യുന്നു. ‘ഇസ്‌ലാം’ പരസ്യവും, ‘ഈമാൻ’ ഹൃദയത്തിലുമാകുന്നു എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയാറുണ്ടായിരുന്നു. പിന്നീടു നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘തഖ്‌വാ’ ഇവിടെയാണു എന്നു മൂന്നു പ്രാവശ്യം പറയുകയും ചെയ്തിരുന്നു. 15-ാം വചനത്തിൽ കൂടുതൽ വിവരം കാണാം. إن شاء اللّه.

അടുത്ത വചനങ്ങളിൽ സത്യവിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന പല സാമൂഹ്യമര്യാദകളും വിവരിക്കുന്നു:-

49:9

  • وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ٩
  • സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാക്കുവിൻ. എന്നിട്ടു, അവയിലൊന്നു മറ്റേതിന്റെമേൽ അതിക്രമം നടത്തിയെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയിലേക്കു മടങ്ങി [ഒതുങ്ങി] വരുന്നതുവരെ നിങ്ങൾ അതിനോടു സമരം നടത്തുവിൻ. അങ്ങനെ, അതു മടങ്ങിയെങ്കിൽ, അപ്പോൾ അവ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നന്നാക്കിത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
  • وَإن എങ്കിൽ, പക്ഷം, طائِفَتَان രണ്ടു വിഭാഗങ്ങൾ, مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽ നിന്ന്, اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ), فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ, بَيْنَهُمَا അവ രണ്ടും തമ്മിൽ, فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ, إحْداهُمَا ആ രണ്ടിലൊന്ന്, على الأُخْرَى മറ്റേതിന്റെ മേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ, الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോട്, حَتَّى تَفِيئَ അത് മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്നത് വരെ, إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്ക്, فَإن فَاءتْ ഇനി അത് മടങ്ങിയാൽ, فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാകുവിൻ, بَيْنَهُمَا രണ്ടിനുമിടയിൽ, بِالعَدْلِ നീതിയനുസരിച്ചു, وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ, إنَّ اللهَ നിശ്ചയമായും അല്ലാഹു, يُحِبُّ ഇഷ്ടപ്പെടുന്നു,സ്നേഹിക്കും, المُقْسِطِين നീതിമുറ പാലിക്കുന്നവരെ

وَإن എങ്കിൽ,….പക്ഷം طائِفَتَان രണ്ടുവിഭാഗങ്ങൾ مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽനിന്നു اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ) فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ بَيْنَهُمَا അവ രണ്ടുംതമ്മിൽ فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ إحْداهُمَا ആ രണ്ടിലൊന്നു على الأُخْرَى മറ്റേതിന്റെമേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോടു حَتَّى تَفِيئَ അതു മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്ന വരെ إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്കു فَإن فَاءتْ ഇനി അത് മടങ്ങിയാൽ فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാക്കുവിൻ بَيْنَهُمَا രണ്ടിനുമിടയിൽ بِالعَدْلِ നീതിയനുസരിച്ചു وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ إنَّ اللهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും المُقْسِطِين നീതിമുറ പാലിക്കുന്നവരെ

49:10
  • إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ١٠
  • നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ്. അതിനാൽ, നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം.
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ إِخْوَةٌ സഹോദരങ്ങൾതന്നെ, (മാത്രമാണു) فَأَصْلِحُوا ആകെയാൽ നിങ്ങൾ നന്നാക്കുവിൻ بَيْنَ أَخَوَيْكُمْ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ وَاتَّقُوا اللَّـهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാൻ تُرْحَمُونَ കരുണ ചെയ്യപ്പെടും

രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവർ – നേതാക്കൾ വിശേഷിച്ചും – അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുന്നതു അവരുടെ കടമയാണ്. നല്ല വാക്കു പറഞ്ഞും, സദുപദേശം നൽകിയും, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഓർമ്മിപ്പിച്ചും ഇതു നിർവ്വഹിക്കാം. എത്ര പരിശ്രമിച്ചിട്ടും ഒരു വിഭാഗക്കാർ നീതിക്കും നിയതിക്കും വഴങ്ങാതെ ആക്രമം തുടരുകയാണെങ്കിൽ – അതല്ലെങ്കിൽ ഇരുവിഭാഗവും തമ്മിൽ നന്നായിപ്പിരിഞ്ഞശേഷം ഒരു വിഭാഗം വീണ്ടും അക്രമത്തിനു മുതിരുന്നപക്ഷം – നീതിനിയമങ്ങൾ അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ അക്രമവിഭാഗത്തിനെതിരിൽ മറ്റുള്ളവർ പൊരുതുകയും ചെയ്യണം. അങ്ങിനെ, സത്യത്തിന്റെയും നീതിയുടെയും പക്ഷത്തിനു സഹായം നൽകണം. രണ്ടു കക്ഷികളും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുവാൻ സമുദായത്തിനു പാടില്ല. ഇങ്ങിനെ ചെയ്താൽ അക്രമത്തിന്റെ കക്ഷി സത്യത്തിനു വഴങ്ങുവാൻ നിർബന്ധിതമാകും. അപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നീതിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുണ്ടാക്കി നന്നാക്കി പിരിച്ചുവിടണം. അക്രമത്തിനു മുതിർന്നതിന്റെ പേരിൽ ആ കക്ഷിക്കു നീതി നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. ഏതൊരു കാര്യത്തിലും – ആരോടും – നീതിമുറ പാലിക്കുന്നതു സത്യവിശ്വാസികളുടെ കടമയത്രെ. ഏതെങ്കിലും വിധേന കക്ഷികളെ യോജിപ്പിച്ചാൽപോരാ, ഓരോ ഇടപെടലും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കു യോജിച്ചതാണോ, നീതിയുക്തമാണോ എന്നുകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ളവരെ അല്ലാഹുവിനു വളരെ ഇഷ്ടമാകുന്നു.

സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ്യേഷ്ഠാനുജൻമാരാണ്. ഒരേ സൃഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഒന്നാണ് – ഒന്നായിരിക്കണം. അതുകൊണ്ടു ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ടു സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. വല്ലതും ഉണ്ടായിക്കഴിഞ്ഞാൽ, മറ്റുള്ളവർ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയുവുമാണത്. പക്ഷേ, ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും, സംഘങ്ങൾ തമ്മിലും, സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുവാനും, നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് ഇന്നു കൂടുതൽ ആളെ കാണുന്നത്. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം!

അനസ് (رضي الله عنه) പ്രസ്താവിക്കുന്നു:- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” ഞാൻ ചോദിച്ചു: ‘റസൂലേ, ഇതാ, അക്രമിക്കപ്പെട്ടവനായിരിക്കെ എനിക്കവനെ സഹായിക്കാം. എന്നാൽ, അവൻ അക്രമിയായിരിക്കെ ഞാൻ എങ്ങിനെ അവനെ സഹായിക്കും?’ തിരുമേനി പറഞ്ഞു: ‘നീ അവനെ അക്രമത്തിൽ നിന്നു തടയണം. അതാണ് നീ അവനു ചെയ്യുന്ന സഹായം’. (ബു.) മറ്റൊരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നീതിപാലകന്മാരായ ആളുകൾ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും. അതായതു, തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തിലും, തങ്ങൾക്കു അധികാരം നല്കപ്പെട്ടിട്ടുള്ള വിഷയത്തിലും വിധി കല്പിക്കുന്നതിൽ നീതി പ്രവർത്തിക്കുന്ന ആളുകൾ.’ (മു.). മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യബന്ധത്തെ വിശദീകരിക്കുന്ന നബിവചനകൾ ധരാളം ഇവിടെ ഉദ്ധരിക്കുവാനുണ്ട്. ഒന്നു രണ്ടു വചനങ്ങളെങ്കിലും ഈ സന്ദർഭത്തിൽ നാം ഓർമ്മിക്കുക:-

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-

1). “നിങ്ങൾ പരസ്പരം അസൂയപ്പെടരുത്, അന്യോന്യം (മത്സരിച്ച് ചരക്കുകൾക്കു) വില കയറ്റരുതു. അന്യോന്യം ഈർഷ്യത വെക്കരുതു, അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുതു്. ചിലർ ചിലരുടെ കച്ചവടത്തിനുമീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ സഹോദരന്മാരായിരിക്കുവിൻ! മുസ്ലിം, മുസ്ലിമിന്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കുകയില്ല, അവനെ കൈവെടിയുകയില്ല, അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്കു ചൂണ്ടികാട്ടിക്കൊണ്ടു) ‘തഖ്‌വാ’ (ഭയഭക്തി) ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്. ഒരു മനുഷ്യൻ അവന്റെ മുസ്ലിം സഹോദരനെ അവഗണിക്കുന്നതുതന്നെ മതി, അവനു ആപത്തിനു! (കൂടുതലൊന്നും വേണ്ടാ) മുസ്ലിമിന്റെ സർവ്വസ്വവും മുസ്ലിമിനു ‘ഹറാം‘ (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും, അവന്റെ ധനവും, അവന്റെ മാനവും. (മു.)

2). ‘നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിനു എന്തു ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവൻ സത്യവിശ്വാസിയാവുകയില്ല.’ (ബു, മു.)

അൽപം ആലോചിച്ചുനോക്കിയാൽ, മുസ്ലിംകളുടെ സാമുദായികവും, സാമൂഹ്യവുമായ കടമകളെല്ലാം ഉൾകൊള്ളുന്നതാണ് ഈ ഹദീസ് എന്നു കാണാം.

‘രണ്ടു വിഭാഗങ്ങൾ സമരത്തിലായാൽ’ (وَإِن طَآئِفَتَانِ الخ) എന്നു പറഞ്ഞിരിക്കകൊണ്ടു ഓരോ വശത്തും ഒന്നിലധികം ആളുകളുണ്ടാകുമ്പോൾ മാത്രമേ അവർ തമ്മിൽ നന്നാക്കുവാൻ ശ്രമിക്കേണ്ടതുള്ളൂ എന്നർത്ഥമില്ല. രണ്ടു വ്യക്തികൾ തമ്മിൽ ശണ്ഠകൂടിയാലും ഈ കല്പന ബാധകം തന്നെ. ഇമാം ബുഖാരി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, തൊട്ടടുത്തവചനത്തിൽ ‘നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ നിങ്ങൾ നന്നാക്കുവിൻ’ (فَأَصْلِحُوا بَيْنَ أَخَوَيْكُمْ) എന്നു പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇതു വ്യക്തമാണ്. സത്യവിശ്വാസികളുടെ സൽക്കർമ്മങ്ങൾ മുഖേന സത്യവിശ്വാസം ശക്തിപ്പെടുകയും, ദുഷ്കർമ്മങ്ങൾ മുഖേന അതു ക്ഷയിച്ചു പോകുകയും ചെയുന്നു. പക്ഷേ ‘കുഫ്‌റോ, ശിർക്കോ’ (അവിശ്വാസമോ ബഹുദൈവവിശ്വാസമോ) അല്ലാത്ത ഏതെങ്കിലും പാപം ചെയ്തതിന്റെ പേരിൽ ഒരാളെപ്പറ്റി – ചില തൽപരകക്ഷികൾ പറയുന്നതുപോലെ – അയാൾ ഇസ്‌ലാമിനു പുറത്തു പോയെന്നോ, അവിശ്വാസിയാണെന്നോ പറയുവാൻ പാടില്ലെന്നും ഈ വചനങ്ങളിൽനിന്നും മനസിലാക്കാം. പരസ്പരം കൊലവരെയുള്ള സമരം നടത്തുന്ന രണ്ടു വിഭാഗക്കാർക്കിടയിൽ നന്നാക്കണമെന്നു പറഞ്ഞപ്പോൾ, രണ്ടു കൂട്ടരെയും ‘സത്യവിശ്വാസികളിൽപെട്ടവർ’ (مِنَ الْمُؤْمِنِينَ) എന്നാണല്ലോ അല്ലാഹു വിശേഷിപ്പിച്ചത്. തുടർന്നുകൊണ്ട് അവർ സഹോദരങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

വിഭാഗം – 2

49:11

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ١١
  • ഹേ, വിശ്വസിച്ചവരേ, ഒരു ജനത (വേറെ) ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവർ [പരിഹസിക്കപ്പെടുന്നവർ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്. ഇവർ [പരിഹസിക്കപ്പെടുന്ന സ്ത്രീകൾ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ [തമ്മതമ്മിൽ] കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര് (ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികൾ.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا يَسْخَرْ പരിഹസിക്കരുത്, കളിയാക്കരുത് قَوْمٌ ഒരു ജനത, ചില പുരുഷന്മാർ مِّن قَوْمٍ ഒരു ജനതയെ عَسَىٰ أَن يَكُونُوا അവർ ആയിരുന്നേക്കാം خَيْرًا مِّنْهُمْ അവരെക്കാൾ ഉത്തമം, നല്ലവർ وَلَا نِسَاءٌ സ്ത്രീകളും അരുത് مِّن نِّسَاءٍ സ്ത്രീകളെപ്പറ്റി عَسَىٰ أَن يَكُنَّ അവർ ആയിരുന്നേക്കാം خَيْرًا مِّنْهُنَّ അവരെക്കാൾ ഉത്തമം وَلَا تَلْمِزُوا നിങ്ങൾ കുറവാക്കുക (അപമാനിക്കുക, കുത്തിപ്പറയുക)യും അരുത് أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ وَلَا تَنَابَزُوا അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത് بِالْأَلْقَابِ അർത്ഥപ്പേര് (സ്ഥാനപ്പേര്)കൾ കൊണ്ട് بِئْسَ വളരെ ചീത്ത, എത്ര മോശം الِاسْمُ الْفُسُوقُ ദുഷ്ടപ്പേർ ചീത്ത നാമം, തോന്ന്യാസപ്പേർ بَعْدَ الْإِيمَانِ സത്യ വിശ്വാസത്തിന് ശേഷം وَمَن لَّمْ يَتُبْ ആർ പശ്ചാത്തപിച്ചില്ലയോ فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الظَّالِمُونَ അക്രമികൾ

قوم (കൗമ്) എന്ന വാക്കിന് ജനത, ജനങ്ങൾ എന്നൊക്കെയാണ് വാക്കർത്ഥം. പക്ഷേ, പുരുഷന്‍മാരെമാത്രം ഉദ്ദേശിച്ചും, സ്ത്രീകളെയും കൂടി ഉദ്ദേശിച്ചും, അത് ഉപയോഗിക്കപ്പെടാറുണ്ട്. ഒരാൾക്ക് എന്തെങ്കിലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം. അതേ സമയത്ത് അയാൾക്ക് മറ്റ് ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഒരാൾ പ്രത്യക്ഷത്തിൽ, കുറ്റമറ്റവനാണെങ്കിലും, യഥാർത്ഥത്തിൽ ദുഷിച്ചവനായിരിക്കാം. ചുരുക്കത്തിൽ, ആരെല്ലാമാണ് ഉത്തമരെന്നും, ആരെല്ലാമാണ് അധമരെന്നും തീർച്ചപ്പെടുത്തുവാൻവയ്യ. അതുകൊണ്ട് പുരുഷനായാലും, സ്ത്രീയായാലും ഒരാൾക്ക് ഒരാളെ പരിഹസിക്കുവാൻ അർഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.

സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരൻമാരുമാണെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഒരേ ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീഥിൽ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളെ ഉപമിച്ചിരിക്കുന്നത്. എന്നിരിക്കെ, ഒരാൾ മറ്റേയാളെ പരിഹസിക്കുകയോ, അപമാനിക്കുകയോ ചെയ്യുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു. ‘നിങ്ങൾ നിങ്ങളെത്തന്നെ കുറവാക്കരുത്’ (لَا تَلْمِزُوا أَنفُسَكُمْ) എന്ന പ്രയോഗം വഴി ഇങ്ങനെയുള്ള വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയർച്ചയോ താഴ്ച്ചയോ കുറിക്കുന്ന പേരുകൾക്കാണ് الألقاب (അർത്ഥപ്പേരുകൾ) എന്ന് പറയുന്നത്. ഹാസ്യനാമങ്ങൾ, പരിഹാസപ്പേരുകൾ മുതലായവ ഉപയോഗിച്ച് നിന്ദിക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. നേരെമറിച്ച് യോഗ്യതയെയോ, സ്നേഹത്തെയോ കുറിക്കുന്ന പേരുകൾ ഉപയോഗിക്കുന്നതിന് വിരോധമില്ല. അത് നല്ലതും കൂടിയാകുന്നു.

സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ് (بِئْسَ الِاسْم الْفُسُوق بَعْد الْإِيمَان) എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ല; ഇസ്‌ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല; ‘ജാഹിലിയ്യാ’ സമ്പ്രദായമാണ്; സംസ്കാര വിരുദ്ധവുമാണ്; മുസ്‌ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോ, മുസ്‌ലിംകളെപറ്റി അവ ഉപയോഗിക്കുകയോ ചെയ്തുകൂടാ എന്നൊക്കെയാണ് അതിന്റെ താൽപര്യം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നു: لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلَا اللَّعَّانِ وَلَا الْفَاحِشِ وَلَا الْبَذِيءِ – الترمذي والبيهقي (സാരം: ‘സത്യവിശ്വാസി കുത്തിപ്പറയുന്നവനായിരിക്കില്ല, ശപിച്ചു പറയുന്നവനുമായിരിക്കയില്ല. ദുഷ്ടനുമായിരിക്കയില്ല, അസഭ്യം പുലമ്പുന്നവനുമായിരിക്കയില്ല’. (തി; ബ.) ഒരാളുടെ പക്കൽനിന്ന് അങ്ങനെ വല്ല വീഴ്ചയും വന്നുപോയാൽ ഉടനെ പശ്ചാത്തപിച്ചുമടങ്ങണം. എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കും. മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാർഹവുമാണ് എന്നൊക്കെ അവസാനത്തെ വാക്യം ഓർമിപ്പിക്കുന്നു

49:12

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ١٢
  • ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിനു നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അതു നിങ്ങൾ വെറുക്കുന്നു. [അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اجْتَنِبُوا നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക كَثِيرًا മിക്കതും, പലതും, അധികം, مِّنَ الظَّنِّ ഊഹത്തിൽ (ധാരണയിൽ) നിന്ന് إِنَّ بَعْضَ الظَّنِّ നിശ്ചയമായും ഊഹത്തിൽ ചിലത് إِثْمٌ കുറ്റമാണ്, പാപമാണ് وَلَا تَجَسَّسُوا നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത് وَلَا يَغْتَب (അഭാവത്തിൽ) ദൂഷണം പറയുകയും അരുത് بَّعْضُكُم നിങ്ങളിൽ ചിലർ بَعْضًا ചിലരെക്കുറിച്ച് أَيُحِبُّ ഇഷ്ടപ്പെടുമോ أَحَدُكُمْ നിങ്ങളിലൊരാൾ أَن يَأْكُلَ അവൻ തിന്നുവാൻ لَحْمَ أَخِيهِ തന്റെ സഹോദരന്റ മാംസം مَيْتًا മരണപ്പെട്ടവനായ (ശവമായ) നിലയിൽ فَكَرِهْتُمُوهُ എന്നാലത് നിങ്ങൾ വെറുക്കുന്നു وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽ ഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാണിത്.

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا – متفق عليه

(നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (ബു; മു.) ഉമർ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്നു പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.’ (ابن كثير)

തെറ്റായധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുതലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത് പര്യാപ്തമാകുകയുള്ളു. അൽപം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനു മുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്‌ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. والله موفق

സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലും കണ്ടേക്കുന്നതുമായ ഒരു ദുസ്വഭാവമത്രെ ‘ഗീബത്തു’ (الغيبة) അഥവാ പരദൂഷണം. ഗീബത്തു എന്നാലെന്താണെന്നു സ്വഹാബികൾക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചുകൊടുത്തത് ഇങ്ങിനെയാണ്: ذِكرُكَ أَخَاكَ بما يَكرَهُ (നീ നിന്റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യം പ്രസ്താവിക്കലാണ്.) ‘എന്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉണ്ടായിരുന്നാലോ?’ എന്നു ചോദിക്കപ്പെട്ടപ്പോൾ തിരുമേനി പറഞ്ഞു:

إنْ كَانَ فِيهِ مَا تَقُولُ فَقَدْ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ – مسلم

(നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ ‘ഗീബത്തു’ പറഞ്ഞു. അതവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ചു നുണ കെട്ടിപ്പറഞ്ഞു. (മുസ്‌ലിം.) ഒരാൾ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിനു തുല്യമാണ് പരദൂഷണം എന്നു അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. എത്ര ഭയങ്കര പാപമാണ്‌ അതെന്ന്‌ ഈ ഉപമയിൽനിന്നു മനസ്സിലാക്കാം. മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞതു ഇപ്രകാരമായിരുന്നു: الْمُسْلِمُ مَنْ سَلَمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ – متفق عليه (ഏതൊരുവന്റെ നാവിൽ നിന്നും, കയ്യിൽ നിന്നും മുസ്‌ലിംകൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്. (ബു: മു)

ഒന്നിലധികം മാർഗങ്ങളിൽകൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ വായിക്കാം: ‘അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാൾ സംസാരിക്കുമ്പോൾ, അതിനു ഒരു നിലയും വിലയും ഉള്ളതായി അവൻ ധരിച്ചിരിക്കയില്ല. എങ്കിലും അതുമൂലം അല്ലാഹു അവനു പല പദവികൾ ഉയർത്തികൊടുക്കുന്നതായിരിക്കും. ഒരാൾ അല്ലാഹു കോപിക്കുന്ന ഒരു വാക്കു സംസാരിക്കുമ്പോൾ, അയാൾ അതിനു ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല, എങ്കിലും അതുമൂലം അവൻ നരകത്തിൽ ആഴ്ന്നുപോയേക്കും’. വാചകങ്ങളിൽ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും, മുസ്‌ലിമും (رحمهما الله ) മറ്റും ഈ ഹദീഥ് ഉദ്ധരിച്ചുകാണാം. സംസാരത്തിൽ പൊതുവെയും, മറ്റൊരാളെപ്പറ്റി ഗുണദോഷിക്കുമ്പോൾ പ്രത്യേകിച്ചും വളരെ ഗൗനിക്കേണ്ടതുണ്ടെന്നു ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതാകുന്നു. ഒരിക്കൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രിയപത്നി ആയിശഃ (رضي الله عنها) തന്റെ സഹകളത്രയായ ഹഫ്സ്വഃ (رضي الله عنها) യെപ്പറ്റി ‘കുറിയവൾ’ (قصيرة) എന്നു കൈകൊണ്ടു ആംഗ്യം കാണിച്ചപ്പോൾ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓർമിച്ചിരിക്കേണ്ടതാണ്;

لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ – أبو داودو الترمذي (സമുദ്രജലത്തിൽ കലർത്തിയാൽ അതിനെ കുലുക്കുമാറുള്ള ഒരു വാക്കാണ്‌ നീ പറഞ്ഞത്!) ഇങ്ങിനെയുള്ള വസ്തുതകളാണ് واتقوا الله (അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം സൂചിപ്പിക്കുന്നത്. തുടർന്നുകൊണ്ടു പശ്ചാത്താപത്തിന്റെ കാര്യവും ഓർമിപ്പിച്ചിരിക്കുന്നു.

വെളിച്ചം റമദാൻ 2023 –ഡേ- 13 (റമളാൻ 14)

സൂറത്തുൽ ഹുജുറാത്ത് : 01-06



  • വെളിച്ചം റമദാന്‍ ഡേ-13 – സൂറത്തുൽ ഹുജുറാത്ത് : പാർട്ട് 01 – ആയത്ത് 01 മുതല്‍ 06 വരെ
    • വിശദീകരണം ബഹു. സഹ്ൽ ഹാദി ഹാദി, ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്


പരായണം

വിശദീകരണം


സൂറത്തുൽ ഹുജുറാത്ത് : 01-06

ഹുജുറാത്ത് (അറകൾ)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

‘സൂറത്തുല്‍ – ഖിത്താല്‍’ (യുദ്ധത്തിന്റെ അദ്ധ്യായം) എന്നുകൂടി പേരുള്ള ‘സൂറത്ത്‌ മുഹമ്മദി’ല്‍ യുദ്ധ സംബന്ധമായ പല കാര്യങ്ങളും അല്ലാഹു വിവരിച്ചു. പിന്നീടു, ‘വിജയത്തിന്റെ അദ്ധ്യായ’മായ ‘സൂറത്തുല്‍ ഫത്‌ഹി’ല്‍ വിജയത്തിന്റെ മാര്‍ഗ്ഗങ്ങളും നേട്ടങ്ങളും വിവരിച്ചു. തുടര്‍ന്നുകൊണ്ടു ഈ അദ്ധ്യായത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അവിടുത്തെ അനുയായികളും തമ്മിലും, സത്യവിശ്വാസികള്‍ തമ്മതമ്മിലും എങ്ങനെ വര്‍ത്തിക്കണമെന്നു വിവരിക്കുന്നു. ഏതൊരു സമുദായത്തിന്റെയും കെട്ടുറപ്പും നിലനില്‍പും, അഭിവൃദ്ധിയും, പുരോഗതിയുമെല്ലാം തന്നെ, ആ സമുദായത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന നേതൃത്വത്തിന്റെയും, ആ നേതൃത്വത്തിന്‍ കീഴില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെയും ഗുണങ്ങളെ ആശ്രയിച്ചിരിക്കും. നേതൃത്വം, സമര്‍ത്ഥവും തൃപ്‌തികരവുമായതായിരിക്കണം. സമൂഹമാകട്ടെ, നേതൃത്വത്തോട്‌ കൂറും മതിപ്പും പുലര്‍ത്തുന്നതും, അച്ചടക്കത്തോടും, അനുസരണയോടും, പരസ്‌പര സ്‌നേഹത്തോടുംകൂടി വര്‍ത്തിക്കുന്നതുമായിരിക്കണം.

ഏതൊരു സമൂഹത്തിനും അതിന്റെ നേതാവിനോടുണ്ടായിരിക്കേണ്ടുന്നതിനെക്കാള്‍ കവിഞ്ഞതാണ്‌ മുസ്‌ലിം സമുദായത്തിന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടുള്ള ബാധ്യത. النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ – الأحزاب (നബി സത്യവിശ്വാസികളോട്‌ അവരുടെ സ്വന്തം ദേഹങ്ങളെക്കാളും ബന്ധപ്പെട്ട ആളാണ്‌.) സൂഃ അഹ്‌സാബിലെ ഈ വചനത്തെപ്പറ്റി അവിടെ വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. ഈ സൂറത്തിലും ഇതു സംബന്ധമായി പലതും കാണാവുന്നതാണ്‌. സൂറത്തിന്റെ ആദ്യഭാഗം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടുന്ന മര്യാദകളെക്കുറിച്ചു വിവരിക്കുന്നു. അതോടുകൂടി- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികള്‍ മറ്റാര്‍ക്കും ഉണ്ടാകാവതല്ലെങ്കിലും- എല്ലാ കാലത്തും മുസ്‌ലിം സമുദായം അവരുടെ പൊതുനേതാവിനോടും, ഓരോ സംഘവും ആ സംഘത്തിന്റെ നേതാവിനോടും എങ്ങിനെ പെരുമാറണമെന്നുള്ളതിന്റെ ഒരു പ്രായോഗിക മാതൃകകൂടി അതില്‍ അടങ്ങിയിരിക്കുന്നതു കാണാം.

ക്വുര്‍ആന്റെ സാധാരണ പതിവുപോലെത്തന്നെ ഈ അദ്ധ്യായത്തിലും, വലിയ ബുദ്ധിമാന്‍മാര്‍ക്കുമാത്രം മനസ്സിലാക്കാവുന്ന അതിഗഹനങ്ങളായ കുറെ തത്വങ്ങള്‍ സമര്‍പ്പിക്കുകയല്ല അല്ലാഹു ചെയ്‌തിരിക്കുന്നത്‌. സാധാരണക്കാര്‍ക്കുപോലും വേഗത്തില്‍ മനസ്സിലാക്കാവുന്നതും, പ്രായോഗികരംഗത്തു എല്ലാവര്‍ക്കും ഒരുപോലെ സ്വീകരിക്കുവാന്‍ കഴിയുന്നതുമായ ചില കാര്യങ്ങളാണ്‌ അല്ലാഹു വിവരിച്ചിരിക്കുന്നത്‌. അതേസമയത്തു, ചിന്തകന്മാരായ ആളുകള്‍ക്കു അവ ഓരോന്നിലും ഗൗരവമേറിയ തത്വവിജ്ഞാനങ്ങള്‍ അടങ്ങിയിട്ടുള്ളതായി കാണാവുന്നതുമാണ്‌. والله ولي التوفيق

49:1

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ١
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെയും, അവന്റെ ‘റസൂലി’ന്റെയും മുമ്പിൽ നിങ്ങൾ മുൻകടന്നു (ഒന്നും) പ്രവർത്തിക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.
  • يَاأَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُقَدِّمُوا നിങ്ങള്‍ മുൻകടന്നു പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത് بَيْنَ يَدَىِ اللَّـهِ അല്ലാഹുവിന്റെ മുമ്പിൽ وَرَسُولِهِ അവന്റെ റസൂലിന്റെയും وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേൾക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്

‘സത്യവിശ്വാസികളേ’ എന്ന സംബോധനയോടുകൂടി ആരംഭിക്കുകയും ഇടക്കിടെ ആ സംബോധന ആവർത്തിക്കുകയും ചെയ്യുന്ന ഈ സൂറത്തിലെ മിക്ക വിഷയങ്ങളും മുസ്‌ലിം സമുദായത്തെ അഭിമുഖീകരിക്കുന്നവയാകുന്നു. ഏതൊരു കാര്യമായാലും, ആ കാര്യം ഇന്നപ്രകാരമായിരിക്കണമെന്നു അല്ലാഹുവും റസൂലും തീരുമാനമെടുക്കുന്നതിനു- അഥവാ അല്ലാഹുവിന്റെ വിധി റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന ലഭിക്കുന്നതിനു- മുമ്പായി സത്യവിശ്വാസികൾ അതിൽ തീരുമാനവും നടപടിയും എടുക്കുവാൻ പാടില്ലെന്നു അല്ലാഹു കൽപിക്കുന്നു. റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ ഒരു സത്യവിശ്വാസി അങ്ങനെ ചെയ്യുന്നതു അല്ലാഹുവിനോടും, റസൂലിനോടും കാണിക്കുന്ന അനാദരവും, അവിവേകവുമാണെന്നു വ്യക്തമാണല്ലോ. റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അഭാവത്തിൽ, മതസംബന്ധമായ ഏതൊരു കാര്യത്തിലും ഖുർആന്റെയും സുന്നത്തിന്റെയും വിധി അന്വേഷിക്കാതെ, ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ലെന്നുള്ള വസ്തുതയും ഈ കൽപനയിൽ അടങ്ങിയിരിക്കുന്നു.

യമനിലെ മുസ്‌ലിംകൾക്കു മതകാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുവാനായി മുആദ് (معاد بن جبل – رض) നെ അയച്ച അവസരത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: താൻ എന്തുകൊണ്ടാണ് – അഥവാ ഏതിനെ ആസ്പദമാക്കിയാണ് – വിധി കൊടുക്കുക? മുആദ് (رضي الله عنه) പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ട്.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): ‘അതിൽ കണ്ടെത്തിയില്ലെങ്കിലോ?’ മുആദ് (رضي الله عنه): ‘അല്ലാഹുവിന്റെ റസൂലിന്റെ ‘സുന്നത്തു’ (ചര്യ) കൊണ്ട്.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): ‘അതില്‍ കണ്ടത്തിയില്ലെങ്കിലോ?’ മുആദ് (رضي الله عنه): ‘ഞാൻ എന്റെ അഭിപ്രായം ആരാഞ്ഞെടുക്കും.’ അപ്പോൾ തിരുമേനി, അദ്ദേഹത്തിന്റെ നെഞ്ചിനു കൊട്ടിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലിന്റെ ദൂതന്ന് അല്ലാഹുവിന്റെ റസൂൽ തൃപ്തിപ്പെടുന്ന കാര്യത്തിലേക്കു സഹായം ചെയ്തുകൊടുത്ത അല്ലാഹുവിനു സ്തുതി!’ (അ; ദാ; തി; ജ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സത്യവിശ്വാസികൾ എത്രമാത്രം ബഹുമാനത്തോടും, മര്യാദയോടും കൂടി പെരുമാറേണ്ടതുണ്ടെന്നു അടുത്ത ഒരേ ഒരു വചനത്തിൽ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്:

49:2
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ٢
  • ഹേ, വിശ്വസിച്ചവരേ, പ്രവാചകന്റെ ശബ്ദത്തിനു മീതെ നിങ്ങൾ നിങ്ങളുടെ ശബ്ദം ഉയർത്തരുതു; നിങ്ങളിൽ ചിലർ ചിലരോടു [തമ്മതമ്മിൽ] ഉച്ചത്തിൽ പറയുന്നതു പോലെ, അദ്ദേഹത്തോടു (പറയുന്ന) വാക്കു ഉച്ചത്തിലാക്കുകയും ചെയ്യരുതു; നിങ്ങൾ അറിയാത്ത നിലയിൽ, നിങ്ങളുടെ കർമ്മങ്ങൾ ഫലശൂന്യമായിപ്പോയേക്കുന്നതു കൊണ്ടത്രെ (ഇതു വിരോധിക്കുന്നത്).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَرْفَعُوا നിങ്ങള്‍ ഉയർത്തരുതു أَصْوَاتَكُمْ നിങ്ങളുടെ ശബ്ദങ്ങൾ فَوْقَ صَوْتِ ശബ്ദത്തിന്റെ മീതെ النَّبِيِّ പ്രവാചകന്റെ, നബിയുടെ وَلَا تَجْهَرُوا നിങ്ങള്‍ ഉച്ചത്തിലാക്കുകയും അരുതു لَهُ അദ്ദേഹത്തോടു بِالْقَوْلِ വാക്കു (സംസാരം) കൊണ്ടു, വാക്കിൽ كَجَهْرِ بَعْضِكُمْ നിങ്ങളിൽ ചിലർ ഉച്ചത്തിലാക്കുന്നതുപോലെ لِبَعْضٍ ചിലരോടു أَن تَحْبَطَ ഫലശൂന്യമാകുന്നതിനാൽ أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങൾ وَأَنتُمْ നിങ്ങള്‍ لَا تَشْعُرُونَ അറിയാതെ, അറിയുന്നതുമല്ല

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽവെച്ചു സംസാരിക്കുമ്പോൾ, അവിടുത്തെ ശബ്ദത്തെക്കാൾ കവിഞ്ഞ ശബ്‌ദത്തിൽ സംസാരിക്കുന്നതും, അവിടുത്തോടു വല്ലതും പറയുമ്പോൾ, തമ്മതമ്മിൽ സംസാരിക്കാറുള്ള അത്ര ഉച്ചത്തിൽ സംസാരിക്കുന്നതും സത്യവിശ്വാസികൾക്കു പാടില്ലാത്തതാണെന്നും, അവരറിയാതെത്തന്നെ അവരുടെ സൽക്കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുവാൻ അതു കാരണമായിത്തീരുമെന്നും അല്ലാഹു അറിയിക്കുന്നു. മുസ്‌ലിംകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ തങ്ങളുടെ ഒരു നേതാവെന്ന നിലക്കുമാത്രം വീക്ഷിച്ചാൽപോരാ, അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകൻമാരിൽ ശ്രേഷ്‌ഠനും ലോകർക്കു മുഴുവനും അനുഗ്രഹവും, മാര്‍ഗ്ഗദർശകനുമായി അയക്കപ്പെട്ട ദൂതനുമാണെന്നു കൂടി ഓർക്കേണ്ടതുണ്ട്. സാധാരണ നേതാക്കളോടു പോലും അവരുടെ അനുയായികൾ ഇത്തരം മര്യാദകൾ അവഗണിക്കുന്നതു ആക്ഷേപാർഹമാണല്ലോ. അപ്പോൾ, തിരുമേനിയുടെ കാര്യത്തിൽ ഇതിന്റെ ഗൗരവം എത്രത്തോളം വമ്പിച്ചതായിരിക്കുമെന്നു ഊഹിക്കാവുന്നതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്തെന്ന പോലെ, അതിനുശേഷവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  യെക്കുറിച്ചുള്ള സംസാരങ്ങളിലും പരാമർശങ്ങളിലും ഇത്തരം മര്യാദകൾ ഗൗനിക്കപ്പെടേണ്ടതുണ്ട്. അവിടുത്തെ സ്ഥാനത്തിനും പദവിക്കും അനുയോജ്യമായ ഭാഷയിലും, സ്വരത്തിലുമായിരിക്കണം അത്. അവിടുത്തോടുള്ള ആദരവു സത്യവിശ്വാസത്തിൽനിന്നു ഉടലെടുക്കുന്നതും, അനാദരവു അവിശ്വാസത്തിൽനിന്നും കാപട്യത്തിൽനിന്നും ഉടലെടുക്കുന്നതുമാകുന്നു. തിരുമേനിയെ സംബോധന ചെയ്യുന്നതിലും, തിരുമേനിയുടെ സദസ്സിൽ സമ്മേളിക്കുന്നതിലും, വീട്ടിൽ പ്രവേശിക്കുന്നതിലുമെല്ലാംതന്നെ പ്രത്യേകം അച്ചടക്കമര്യാദകൾ പാലിക്കേണ്ടതുണ്ടെന്നു സൂഃ നൂറിലും, സൂഃ അഹ്സാബിലും മറ്റും അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളതു ഇവിടെ സ്മരണീയമാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികൾ അല്ലാഹുവിന്റെ ഈ കൽപനകളെ എങ്ങിനെ വിലയിരുത്തിയിരുന്നുവെന്നു കാണിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങൾ ഇവിടെ അറിയുന്നതു നന്നായിരിക്കും. തമീം ഗോത്രക്കാരുടെ നിവേദകസംഘം (ഇവരെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്) തിരുമേനിയുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബക്‌റും (رضي الله عنه), ഉമറും (رضي الله عنه) തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ക്വുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു. പിന്നീട് ഉമർ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സംസാരിക്കുമ്പോൾ, അതുകേട്ട് മനസ്സിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെ വരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും കാണാം. അബൂബക്ർ (رضي الله عنه) ആകട്ടെ, സ്വകാര്യ സംഭാഷണം നടത്തുവാൻവേണ്ടി വന്ന ഒരാളെപ്പോലെയായിരുന്നു അതുമുതൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സംസാരിച്ചിരുന്നതു എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വല്ല നിവേദകസംഘവും വരുമ്പോൾ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സലാം പറയുന്നതും അവിടുത്തോടു സംസാരിക്കുന്നതും എങ്ങിനെയായിരിക്കണമെന്നു അദ്ദേഹം മുൻകൂട്ടി അവർക്കു അറിയിച്ചുകൊടുക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. ഈ വചനം അവതരിച്ച ശേഷം ഥാബിത്ത്ബ്നുഖൈസ് ( (رضي الله عنه)ثا بت بن قيش) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്കുള്ള തന്റെ വരവു നിറുത്തുകയുണ്ടായി. വിവരമറിഞ്ഞു തിരുമേനി ആളയച്ചു സംഗതി അന്വേഷിച്ചു. വിഷാദത്തിൽ മുഴുകിക്കൊണ്ടിരുന്ന അദ്ദേഹം പറഞ്ഞു: ‘വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളാണ് ഞാൻ. തിരുമേനിയുടെ ശബ്ദത്തെക്കാൾ എന്റെ ശബ്‌ദം ഉച്ചത്തിലായിപ്പോകാറുണ്ട്. ഇക്കാരണത്താൽ എന്റെ കർമ്മങ്ങൾ (ആയത്തിൽ കണ്ടതുപോലെ) ഫലശൂന്യമായിപ്പോയേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.’ ഇതു കേട്ടപ്പോൾ, ‘അദ്ദേഹം നല്ല നിലയിൽ ജീവിക്കുകയും, മരിക്കുകയും ചെയുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽപെട്ട ആളാണെ‘ന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കുവാൻ തിരുമേനി വീണ്ടും ആളയച്ചു. ഈ സംഭവവും ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നതു നോക്കുക:

49:3
  • إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ٣
  • നിശ്ചയമായും, അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽവെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവർ (ആരോ), അവരുടെ ഹൃദയങ്ങളെ ‘തഖ്‌വാ’ [ഭയഭക്തി]ക്കുവേണ്ടി അല്ലാഹു പരീക്ഷി(ച്ച് പരിശീലിപ്പി)ച്ചിട്ടുള്ളവരത്രെ അക്കൂട്ടർ. അവർക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട്.
  • إِنَّ الَّذِينَ നിശ്ചയമായും യതൊരുവർ يَغُضُّونَ അവർ താഴ്ത്തും, പതുക്കെയാക്കുന്നു أَصْوَاتَهُمْ തങ്ങളുടെ ശബ്ദങ്ങളെ عِندَ رَسُولِ اللَّـهِ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ أُولَـٰئِكَ الَّذِينَ യാതൊരുവരാണ് അക്കുട്ടർ امْتَحَنَ اللَّـهُ അല്ലാഹു പരീക്ഷിച്ചിരിക്കുന്നു, പരിശീലിപ്പിച്ചിരിക്കുന്നു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ لِلتَّقْوَىٰ ഭയഭക്തി (സൂക്ഷ്മത) ക്കുവേണ്ടി, തഖ്‌വയിലേക്കു لَهُم അവർക്കുണ്ടു مَّغْفِرَةٌ പൊറുതി, പാപമോചനം وَأَجْرٌ عَظِيمٌ മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും

تَقْوَىٰ (തഖ്‌വാ) എന്ന വാക്കിനു ‘സൂക്ഷിക്കുക, കാക്കുക’ എന്നൊക്കെയാണ് ഭാഷാർത്ഥം. ‘ഭയപ്പാട്’ എന്ന അർത്ഥത്തിലും അതു ഉപയോഗിക്കപ്പെടും. മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാർഹവുമായ കാര്യങ്ങളെ സൂക്ഷിക്കുക – അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുക – എന്ന ഉദ്ദേശ്യത്തിലാണ് ഖുർആനിലും, ഹദീഥിലും,ഇസ്‌ലാമിക സാഹിത്യങ്ങളിലും ‘തഖ്‌വാ’ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ‘ഭയഭക്തി’ എന്നു അതിനു അർത്ഥം കൽപ്പിക്കപ്പെടുന്നതും. ഹൃദയത്തിൽ ഭയഭക്തിയില്ലാത്തവൻ വിധിവിലക്കുകളെ മാനിക്കുകയില്ലല്ലോ. നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘തഖ്‌വാ’  ഇവിടെയാണ് (التَّقوى هَاهُنا) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നതു പ്രസിദ്ധമാണ്. ഹൃദയത്തിൽ ‘തഖ്‌വാ’ ഉള്ളതിന്റെ ലക്ഷണമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അച്ചടക്കത്തിലും ബഹുമാനത്തിലും പെരുമാറുന്നതു; എല്ലാ ഹൃദയങ്ങളും തഖ്‌വായുടെ ഇരിപ്പിടമായിരിക്കുവാൻ കൊള്ളുന്നവയല്ല; അതിനു കൊള്ളാവുന്ന ഹൃദയങ്ങളിൽ അല്ലാഹുവിനാൽ പ്രദാനം ചെയ്യപ്പെടുന്ന ഒരു അനുഗ്രഹമാണ് അത് എന്നൊക്കെ ഈ വചനത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണ്.

മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി അഹ്‌മദ് (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: ഉമർ (رضي الله عنه)  നോടു ഇപ്രകാരം എഴുതിച്ചോദിക്കപ്പെട്ടു: ‘അമീറുൽ മുഅ്മിനീൻ! ഒരു മനുഷ്യൻ (അല്ലാഹുവിനോടു) അനുസരണക്കേടു ചെയ്‍വാൻ ആഗ്രഹിക്കുന്നില്ല, അവനതു ചെയ്യുന്നുമില്ല. ഇവനാണോ ഉത്തമൻ? അതല്ല, അനുസരണക്കേടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു, അതു പ്രവർത്തിക്കാറില്ല, ഇങ്ങിനെയുള്ള മനുഷ്യനോ?’ അദ്ദേഹം മറുപടി എഴുതി: ‘അനുസരണക്കേടു ചെയ്‌വാന്‍ ആഗ്രഹിക്കുകയും, എന്നിട്ടതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹു ‘തഖ്‌വാ’ ക്കുവേണ്ടി ഹൃദയങ്ങളെ പരീക്ഷിച്ചറിഞ്ഞകൂട്ടർ.’

49:4
  • إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ ٤
  • (നബിയേ) അറകളുടെ പിന്നിൽനിന്നു നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُنَادُونَكَ നിന്നെ വിളിക്കും مِن وَرَاءِ പിമ്പുറത്തു (അപ്പുറത്തു) നിന്നു الْحُجُرَاتِ അറ (മുറി)കളുടെ أَكْثَرُهُمْ അവരിലധികവും لَا يَعْقِلُونَ മനസ്സിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല

49:5

  • وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ٥
  • നീ അവരുടെ അടുക്കലേക്കു പുറപ്പെട്ടു ചെല്ലുന്നതുവരേക്ക് അവർ ക്ഷമിച്ചിരുന്നുവെങ്കിൽ അതവർക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • وَلَوْ أَنَّهُمْ അവരായിരുന്നെങ്കിൽ صَبَرُوا ക്ഷമിച്ചിരുന്നു (എങ്കിൽ) حَتَّىٰ تَخْرُجَ നീ പുറപ്പെട്ടുവരുന്നതുവരെ إِلَيْهِمْ അവരിലേക്കു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവർക്കു ഉത്തമം, ഗുണം, കൂടുതൽ നല്ലത് وَاللَّـهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പത്നിമാർക്കു താമസിക്കുവാൻവേണ്ടി മദീനാ പളളിയുടെ പരിസരങ്ങളിൽ കെട്ടിയുണ്ടാക്കപ്പെട്ടിരുന്ന ചെറുകുടിലുകളെക്കുറിച്ചാണ് ‘അറകൾ’ (ٱلْحُجُرَٰت) എന്നു പറഞ്ഞത്. തിരുമേനി ആ അറകളിൽ പോകുകയും താമസിക്കുകയും ചെയ്യുമായിരുന്നു. ഈന്തത്തടികൾകൊണ്ടു നിർമ്മിക്കപ്പെട്ടിരുന്ന അവയുടെ മേൽപുരകൾ ഒരാൾക്കു കയ്യെത്തത്തക്ക ഉയരത്തിൽ കമ്പിളി പാവിയതായിരുന്നു. വലീദുബ്നു അബ്ദിൽമലിക്ക് ഖലീഫയായിരുന്ന കാലത്ത് മദീനാപ്പള്ളി വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം പ്രസ്തുത കുടിലുകൾ നീക്കം ചെയ്ത് ആ സ്ഥലങ്ങൾ പളളിയിൽ ഉൾപ്പെടുത്തി. ഇതു നിമിത്തം പലരും വ്യസനിച്ചു കരയുകയുണ്ടായി. സഈദുബ്നുൽ മുസയ്യബ് (رضي الله عنه) പറഞ്ഞു: ‘മദീനായിൽ ജനിച്ചു വളരുന്നവരും, വിദേശത്തുനിന്നു വരുന്നവരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ജീവിതരീതി എങ്ങിനെയായിരുന്നുവെന്നുകണ്ടു മനസ്സിലാക്കുമാറ് അവ അങ്ങിനെത്തന്നെ വിട്ടേച്ചിരുന്നെങ്കിൽ എത്ര നന്നായേനെ! പെരുമയും പത്രാസും കാണിക്കുന്നതിൽ ജനങ്ങൾക്കു വിരസം തോന്നിക്കുവാൻ അതു പര്യാപ്തമാകുമായിരുന്നു.’ എങ്കിലും ഈ അദ്ധ്യായത്തിന്റെ പേര് (ٱلْحُجُرَٰت) ആ അറകളുടെ ചരിത്രസ്മരണ ജനഹൃദയങ്ങളിൽ ലോകാവസാനം വരെ നിലനിറുത്തുകതന്നെ ചെയ്യുന്നു.

തമീം ഗോത്രക്കാരുടെ ഒരു നിവേദകസംഘം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ വരികയുണ്ടായി. മേൽ പ്രസ്താവിച്ച അറകളിൽ ഒന്നിലായിരുന്നു തിരുമേനി. തിരുമേനിയെ കാണുവാൻ ധൃതിപ്പെട്ടുകൊണ്ട് അവരിൽ ചിലർ തങ്ങളുടെ സഹജമായ പരുക്കൻ സ്വരത്തിൽ അറകളുടെ പിൻപുറത്തുനിന്നു ‘മുഹമ്മദേ, പുറത്തു വരൂ’ എന്നു വിളിച്ചു സ്വൈരം കെടുത്തുകയുണ്ടായി. സംസ്കാരം സിദ്ധിക്കാത്ത ഉൾനാട്ടുകാരായിരുന്നു അവർ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറത്തുവന്നു. ‘ള്വുഹ്ർ’ നമസ്കാരത്തിന് സമയമായിരുന്നു. തിരുമേനി നമസ്കാരത്തിനു തിരിഞ്ഞപ്പോൾ അവർ തിരുമേനിയെ പറ്റിക്കൂടി. ‘ഞങ്ങൾ ഞങ്ങളൂടെ കവിയെയും പ്രാസംഗികനെയും കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. നമുക്കൊരു മത്സരപ്പരീക്ഷ നടത്താം’ എന്നായി. (*) ‘കവിതയുമായിട്ടല്ല നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആഭിജാത്യാഹങ്കാരത്തിനല്ല നമ്മോടു കല്പിക്കപ്പെട്ടിട്ടുളളതും’ എന്നു പറഞ്ഞ് തിരുമേനി നമസ്കാരത്തിനു തിരിഞ്ഞു. നമസ്കാരാനന്തരം നടന്ന സംഭാഷണങ്ങൾക്കുശേഷം നിവേദകസംഘം ഇസ്ലാമിൽ വിശ്വസിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമ്മാനം ലഭിച്ച് മടങ്ങിപ്പോകുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഇതുപോലെയുളള പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നാണ് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നത്. മാന്യമല്ലാത്ത ഈ പെരുമാറ്റത്തിനു കാരണം, കാര്യങ്ങൾ ഗ്രഹിക്കുവാനുളള ബുദ്ധിയില്ലായ്മയാണെന്നു 4-ാം വചനത്തിന്റെ അന്ത്യഭാഗവും, അറിവില്ലായ്മകൊണ്ടു വരുന്ന ഇത്തരം കാര്യങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നു 5-ാം വചനത്തിന്റെ അന്ത്യഭാഗവും ചൂണ്ടിക്കാട്ടുന്നു.


(*) ഗോത്രങ്ങൾ തമ്മിൽ കവിതയിലും പ്രസംഗത്തിലും മത്സരങ്ങൾ നടത്തി ആഭിജാത്യം വർണ്ണിച്ച് ജയാപജയം നോക്കുന്നതു ജാഹിലിയ്യാ അറബികളുടെ പതിവായിരുന്നു.

49:6
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ ٦
  • ഹേ, വിശ്വസിച്ചവരേ, ദുർമ്മാര്‍ഗ്ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങിനെ കല്പിക്കുന്നത്.]
  • يَا أَيُّهَا الَّذِينَ ഹേ, യാതൊരുകൂട്ടരേ آمَنُوا വിശ്വസിച്ച إِن جَاءَكُمْ നിങ്ങളുടെ അടുക്കൽ വന്നാൽ فَاسِقٌ ഒരു ദുർമ്മാർഗ്ഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ بِنَبَإٍ വല്ല വൃത്താന്ത (വർത്തമാന)വുമായി فَتَبَيَّنُوا എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ) أَن تُصِيبُوا നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ قَوْمًا വല്ല ജനങ്ങൾക്കും بِجَهَالَةٍ വിഡ്ഢിത്തത്തിൽ, അറിയായ്മകൊണ്ടു فَتُصْبِحُوا അങ്ങനെ (എന്നിട്ട്) നിങ്ങളായിത്തീരും عَلَىٰ مَا فَعَلْتُمْ നിങ്ങൾ ചെയ്തതിന്റെമേൽ نَادِمِين ഖേദിക്കുന്നവർ

ഈ വചനത്തിന്റെ ആശയം വ്യക്തമാണ്. ധാർമ്മികബോധവും, സന്മാര്‍ഗ്ഗനിഷ്ഠയുമില്ലാത്തവർക്കു എന്തുംചേരും. ഏതു വിഷയത്തിലും അവരെ സൂക്ഷിച്ചുവേണം വിശ്വസിക്കുവാൻ. അല്ലാത്തപക്ഷം പലപ്പോഴും തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകൾ നേരിട്ടേക്കും. അവരുടെ വാർത്തകളെ അടിസ്ഥാനമാക്കി – ശരിക്കും അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടാതെ – അന്യരുമായി ഇടപെടുമ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്നു അല്ലാഹു ഉണർത്തുന്നു. സത്യാവസ്ഥ മനസ്സിലാക്കാതെ എടുക്കുന്ന നടപടികളെപ്പറ്റി അവസാനം ഖേദിക്കേണ്ടിവരുക സാധാരണമാണല്ലോ. നമ്മുടെ നിത്യാനുഭവങ്ങളിൽതന്നെ ഇതിനു ധാരാളം ഉദാഹരണങ്ങൾ ലഭിച്ചേക്കും. ഒരു വർത്തമാനം ഒരാളിൽനിന്നു കേട്ടാൽ അയാൾ ഒരു സന്മാർഗ്ഗിയും വിശ്വസ്തനുമാണെങ്കിൽ അതു വിശ്വസിക്കാമെന്നും, അയാളുടെ സ്ഥിതിഗതികൾ അറിയപ്പെടാത്തപക്ഷം അതു അന്വേഷിക്കും മുമ്പു അതു വിശ്വസിക്കരുതെന്നും ഈ വചനത്തിൽനിന്നു മനസ്സിലാക്കുവാൻ കഴിയുമല്ലോ. ഈ ആയത്തിന്റെ താൽപര്യമനുസരിച്ചുതന്നെയാണ് ഹദീഥുകളുടെ നിവേദകൻമാരെല്ലാം സത്യവാൻമാരും മര്യാദക്കാരുമായിരിക്കണമെന്നു ഹദീഥിന്റെ പണ്ഡിതൻമാർ നിഷ്കർഷവെച്ചിരിക്കുന്നതും. സത്യവാനും മര്യാദക്കാരനുമായി അറിയപ്പെടുന്നവരുടെ ഹദീഥ് സ്വീകരിക്കേണ്ടതാണെന്നും, സ്ഥിതിഗതികൾ അറിയപ്പെടാത്ത നിവേദകൻമാരുടെ ഹദീഥുകൾ സ്വീകാര്യമല്ലെന്നും, നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ.

വെളിച്ചം റമദാൻ 2023 –ഡേ- 12 (റമളാൻ 13)

സൂറത്തുല്‍ ഫത്ത്ഹ് : 27-29



  • വെളിച്ചം റമദാന്‍ ഡേ-12 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 04 – ആയത്ത് 27 മുതല്‍ 29 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ ഫത്ത്ഹ് : 27-29

വിഭാഗം – 4

48:27

  • لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا ٢٧
  • തീര്‍ച്ചയായും, അല്ലാഹു അവന്റെ റസൂലിനു സ്വപ്നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു’ (അതായതു:) അല്ലാഹു ഉദ്ദേശിച്ചാല്‍ നിശ്ചയമായും ‘മസ്ജിദുല്‍ ഹറാമില്‍ [അലംഘനീയമായ പള്ളിയില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ – നിങ്ങളുടെ തലമുടി കളഞ്ഞവരും വെട്ടിയവരുമായിക്കൊണ്ടു- പ്രവേശിക്കുന്നതാണ്, നിങ്ങള്‍ പേടിക്കേണ്ടി വരികയില്ല. (ഇതാണ് സ്വപ്നം.) എന്നാല്‍, നിങ്ങള്‍ക്കറിയാത്ത (ചില)തു അവന്‍ [അല്ലാഹു] അറിഞ്ഞിരിക്കുന്നു. അങ്ങിനെ, അതിനുപുറമെ ഒരു സമീപമായ വിജയം അവന്‍ ഉണ്ടാക്കി.
  • لَّقَدْ صَدَقَ തീര്‍ച്ചയായും സത്യമാക്കിയിരിക്കുന്നു اللَّـهُ അല്ലാഹു رَسُولَهُ തന്റെ റസൂലിനു, റസൂലിനോടു الرُّؤْيَا സ്വപ്നം بِالْحَقِّ യഥാര്‍ത്ഥപ്രകാരം (ന്യായമായവിധം) لَتَدْخُلُنَّ നിശ്ചയമായും നിങ്ങള്‍ പ്രവേശിക്കും (എന്നു) الْمَسْجِدَ الْحَرَامَ മസ്ജിദുല്‍ ഹറാമില്‍ إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ آمِنِينَ നിര്‍ഭയരായ നിലയില്‍ (സമാധാനപൂര്‍വ്വം) مُحَلِّقِينَ (മുടി) കളഞ്ഞ(വരണ്ടിയ)വരായി رُءُوسَكُمْ നിങ്ങളുടെ തല (മുടി)കളെ وَمُقَصِّرِينَ വെട്ടിയവരായും لَا تَخَافُونَ നിങ്ങള്‍ പേടിക്കാത്ത നിലയില്‍, പേടിക്കുക (പേടിക്കേണ്ടി വരിക)യില്ല فَعَلِمَ എന്നാല്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا യാതൊന്നു, ചില കാര്യം لَمْ تَعْلَمُوا നിങ്ങള്‍ക്കറിയാത്ത فَجَعَلَ അങ്ങിനെ അവന്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി مِن دُونِ ذَٰلِكَ അതിനുപുറമെ, അതുകൂടാതെ فَتْحًا ഒരു വിജയം قَرِيبًا അടുത്ത, ആസന്നമായ

ഹജ്ജിനും ഉംറാക്കും പ്രവേശിക്കുന്നതോടെ തലമുടി എടുക്കുവാന്‍ പാടില്ലാതായിത്തീരുന്നു. പിന്നീടു ആ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടുകൂടി തലമുടി വടിക്കുകയോ വെട്ടുകയോ ചെയ്യല്‍ നിര്‍ബ്ബന്ധവുമാകുന്നു. (തലമുടി മുഴുവന്‍ കളയുകയാണ് കൂടുതല്‍ നല്ലതെന്നു നബി വചനങ്ങളില്‍നിന്നും മനസ്സിലാക്കാം.) ഇങ്ങിനെ – പതിവുപ്രകാരം – ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ ‘മസ്ജിദുല്‍ ഹറാമി’ല്‍ പ്രവേശിക്കുന്നതായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വപ്നം കണ്ടത്.

പ്രസ്തുത സ്വപ്നം യഥാര്‍ത്ഥം തന്നെയാണെന്നും, അതു തികച്ചും സാക്ഷാല്‍കരിക്കപ്പെടുന്ന താണെന്നും അല്ലാഹു ഈ വചനത്തില്‍ അവര്‍ക്കു സന്തോഷവാര്‍ത്ത‍ അറിയിക്കുന്നു. അക്കൊല്ലത്തില്‍ തന്നെ സ്വപ്നം സാക്ഷാല്‍കൃതമാകാത്തതില്‍ പലര്‍ക്കും സംശയം തോന്നുകയുണ്ടായെങ്കിലും – അബൂബക്കര്‍ (رضي الله عنه) ഉമര്‍ (رضي الله عنه) നെ ഓര്‍മ്മിപ്പിച്ചതു പോലെ – ആ വരവില്‍ തന്നെ സ്വപ്നം പുലരുമെന്നു അറിയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആ പ്രാവശ്യത്തെ വരവില്‍ ഉംറഃ നിര്‍വ്വഹിക്കുവാന്‍ സാധിക്കാതെ വന്നതില്‍നിന്നാണല്ലോ അപ്രതീക്ഷിതമായി ലഭിച്ച വിജയങ്ങളുടെ വിജയം (فتح الفتوح)- അതെ, ഹുദൈബിയ്യാ സന്ധി – ഉണ്ടായിത്തീര്‍ന്നത്. സ്വപ്നം മുഖേന അല്ലാഹു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച – അല്ലാഹുവിനുമാത്രം അറിയാവുന്ന – ഒരു രഹസ്യമായിരുന്നു അതെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. സന്ധിയിലെ നിശ്ചയപ്രകാരം അടുത്ത കൊല്ലം അതു സമാധാനപൂര്‍വ്വം സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തു. ഈ പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും മക്കായില്‍ പ്രവേശിച്ചപ്പോള്‍, ഖുറൈശി നേതാക്കള്‍ക്കു ആ കാഴ്ച കണ്ടു സഹിക്കുവാന്‍ കഴിയാതെ അവര്‍ സ്ഥലം വിട്ടു വെളിയില്‍ പോയിരുന്നു. സാധാരണക്കാരും, സ്ത്രീകളും, കുട്ടികളുമെല്ലാം തങ്ങളുടെ വീടുകളിലിരുന്നു അതു നോക്കിക്കാണുകയും ചെയ്തു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വപ്നം വിവരിച്ചപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കും (لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളു അതുകൊണ്ടു വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടു എന്നു ഇതു കാണിക്കുന്നു. ഈ വിഷയം സൂ: അല്‍കഹ്ഫ്‌ 23, 24ല്‍ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിച്ചതാണ്. അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കുന്നതിനും, അവന്‍ ഉദ്ദേശിക്കുന്നതു പ്രവര്‍ത്തിക്കുന്നതിനും അവനു യാതൊരു തടസ്സവും നേരിടുവാനില്ലെന്ന്‍ തീര്‍ച്ചയാണ്. എന്നിട്ടു പോലും, ആ വാഗ്ദാനം വിവരിച്ചപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചെങ്കില്‍’ എന്നു പറഞ്ഞതില്‍നിന്ന്‍ മനുഷ്യ ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തെക്കുറിച്ചുള്ള ബോധവും വിശ്വാസവും എത്രത്തോളം വേരൂന്നിയിരിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാവുന്നതാണ്. ആ വിശ്വാസവും, ബോധവും മനുഷ്യനു അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ക്കും കാരണമായിത്തീരുന്നതുമാകുന്നു. സംശയമില്ല.

48:28
  • هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا ٢٨
  • അവനത്രെ, സന്മാര്‍ഗ്ഗവും, യഥാര്‍ത്ഥമതവുമായി തന്റെ റസൂലിനെ അയച്ചവന്‍, എല്ലാ മതങ്ങളെക്കാളും അതിനെ (മേലേയാക്കി) പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട്‌!.
  • هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَرْسَلَ അയച്ച رَسُولَهُ തന്റെ റസൂലിനെ بِالْهُدَىٰ സന്മാര്‍ഗ്ഗ (നേര്‍മാര്‍ഗ്ഗ)വുമായി وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ) മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍, മേലെയാക്കുവാന്‍ عَلَى الدِّينِ മതത്തെക്കാള്‍ كُلِّهِ എല്ലാ (മതത്തെക്കാളും) وَكَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്നതോടൊപ്പം തന്നെ, ഇതിനുമുമ്പ് വിവരിച്ചതു പോലെയുള്ള വമ്പിച്ച സഹായങ്ങളും വിജയങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിക്കുവാനുള്ള കാരണമെന്താണെന്നും ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കട്ടിയിരിക്കുന്നു. മാത്രമല്ല, മേലിലും വമ്പിച്ച സഹായങ്ങള്‍ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, ഇസ്ലാമാകുന്ന യഥാര്‍ത്ഥ മതത്തിനു ലോകത്തു പ്രചാരവും പ്രശസ്തിയും ലഭിക്കുമെന്നുമുള്ള വാഗ്ദാനവും ഇതില്‍ അടങ്ങിയിരിക്കുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സ്വയം ഒരു റസൂലായി ചമഞ്ഞിരിക്കുകയല്ല, അല്ലാഹു അവന്റെ സ്വന്തം ദൂതനായി നിയോഗിച്ചതാണ്. എന്നിരിക്കെ, അല്ലാഹുവിന്റെ സ്നേഹാദരവും സഹായവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഉണ്ടാവാതിരിക്കുകയില്ല. എന്നിങ്ങിനെയുള്ള ചില സൂചനകള്‍ هُوَ الَّذِي أَرْسَلَ رَسُولَهُ (അവനത്രെ അവന്റെ റസൂലിനെ അയച്ചവന്‍) എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ മുഖേനയും, മറ്റു തെളിവുകള്‍ മുഖാന്തരവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗദര്‍ശനങ്ങളും, തത്വോപദേശങ്ങളും بِالْهُدَىٰ (സന്മാര്‍ഗ്ഗവുമായി) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. ഈ സന്മാര്‍ഗ്ഗമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പ്രായോഗിക നടപടി ക്രമങ്ങളാണ് – അഥവാ നിയമവ്യവസ്ഥയാണ് – وَدِينِ الْحَقِّ (സത്യമതവും) എന്ന വാക്കുകൊണ്ടുദ്ദേശ്യം.

لِيُظْهِرَهُ عَلَى الدِّينِ كُلِّهِ (എല്ലാ മതത്തെക്കാളും ആ മതത്തെ മേലേയാക്കി പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി) എന്ന ലക്ഷ്യം സാക്ഷാല്‍കൃതമാകുന്നതു പല മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കാം. 1). മൗലികതത്വങ്ങളും, സാന്മാര്‍ഗ്ഗിക മൂല്യങ്ങളും ഒന്നായതോടൊപ്പംതന്നെ, കാലദേശസാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്‍വേദങ്ങളില്‍ അംഗീകരിക്കപ്പെട്ടു വന്നിരുന്ന ശാഖാപരവും കാലികവുമായ നടപടിമാര്‍ഗ്ഗങ്ങളെ ദുര്‍ബ്ബലപ്പെടുത്തുക. പകരം സാര്‍വ്വത്രികവും, സാര്‍വ്വജനീനവുമായ ഒരു നിയമസംഹിത സുസ്ഥാപിതമാക്കുക. 2). ദൈവികമല്ലാത്ത മതാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അനാചാര ദുരാചാരങ്ങള്‍ ആദിയായവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സദാചാരമൂല്യങ്ങള്‍ ജനഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതിനും വ്യക്തവും പര്യാപ്തവുമായ തെളിവുകളും ദൃഷ്ടാന്തങ്ങളും പരിപൂര്‍ണ്ണമായിരിക്കുക. 3) പ്രമാണങ്ങള്‍ സുരക്ഷിതമായി അവശേഷിക്കുക. 4).സ്വൈര്യവിഹാരം കൊള്ളുവാനും, പ്രചാരണം സാധ്യമാകുവാനും വേണ്ടുന്ന ശക്തിയും, പ്രതാപവും സംസിദ്ധമാകുക ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഈ ഉപാധികളെല്ലാം അല്ലാഹു പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല.

ചിരകാലമായി, ഒടുവില്‍ പ്രസ്താവിച്ച വിഷയത്തില്‍ – പ്രതാപത്തിന്റെയും യശസ്സിന്റെയും കാര്യത്തില്‍ – മുസ്‌ലിംസമുദായം വളരെ ദയനീയാവസ്ഥയിലേക്കു അധഃപതിച്ചുപോയിരിക്കയാണെന്ന പരമാര്‍ത്ഥം നാം മറക്കുന്നില്ല. ഇതിനുത്തരവാദി അല്ലാഹുവല്ല, ഇസ്ലാമുമല്ല. ഇതു അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള ഒരു ന്യൂനതയുമല്ല. നേരെമറിച്ചു മുസ്‌ലിംസമുദായം തന്നെ ആദ്യത്തെ രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം, തങ്ങളുടെമേല്‍ വരുത്തിവെച്ചതും, പിന്നീടുള്ള തലമുറകള്‍ വ്യാസം വര്‍ദ്ധിപ്പിച്ചുകൊണ്ടേ വന്നതുമായ ഒരു മഹാവിനയാണത്. (സൂ: അമ്പിയാഉ് 105, സൂ: നൂര്‍ 55 മുതലായവയും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക. കൂടുതല്‍ വിവരം അവിടങ്ങളില്‍ കാണാം.) ഏതായാലും, ഒരു കാര്യം തീര്‍ത്തുപറയാം. മുസ്‌ലിംസമുദായത്തിന്റെ യശസ്സും പ്രതാപവും എത്രതന്നെ അധഃപതിച്ചിട്ടുണ്ടെങ്കിലും ശരി, പ്രമാണങ്ങളുടെയും ലക്ഷ്യങ്ങളുടെയും, വ്യക്തതയിലും, അവയുടെ പരിപൂര്‍ണ്ണതയിലും മറ്റേതു മതത്തെക്കാളും ഉന്നതസ്ഥാനം ഇസ്ലാമിനാണ് – അന്നും, ഇന്നും, എന്നും – ഉള്ളതെന്നു അതിന്റെ ശത്രുക്കള്‍പോലും സമ്മതിക്കുന്ന ഒരു പരമാര്‍ത്ഥമത്രെ. ഇത്രയും പറഞ്ഞതില്‍നിന്ന് അല്ലാഹു അവന്റെ വാഗ്ദാനം പൂര്‍ത്തിയാക്കാതിരുന്നിട്ടില്ലെന്നു സ്പഷ്ടമാണല്ലോ. ആ വാഗ്ദാനം പാലിക്കുമെന്നു പറഞ്ഞപ്പോള്‍, അതിനു ഏക സാക്ഷിയായി അല്ലാഹു തന്നെ മതി എന്നു അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. വാഗ്ദാനം അവന്‍ പാലിച്ചുകഴിഞ്ഞുവെന്നുള്ളതിനും അവന്‍ തന്നെ മതി സാക്ഷിയായിട്ട്‌. (وَكَفَىٰ بِاللَّـهِ شَهِيدًا)

ശരി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അല്ലാഹു അയച്ചതാണെന്നും, അവിടുന്നു അയക്കപ്പെട്ടിരിക്കുന്നതു നേര്‍മ്മാര്‍ഗ്ഗവും, യഥാര്‍ത്ഥ മതവും കൊണ്ടാണെന്നും, മറ്റെല്ലാ മതങ്ങളെക്കാളും അതിനെ വിജയിപ്പിക്കുവാന്‍ വേണ്ടിയാണ് അവിടത്തെ അല്ലാഹു അയച്ചിരിക്കുന്നതെന്നും പറയുമ്പോള്‍, അക്കാര്യം പരിപൂര്‍ണ്ണമായും പ്രായോഗികമാകുമെന്നും ഉറപ്പിച്ചുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്കു ആവേശപൂര്‍വ്വം മുന്നോട്ടു നീങ്ങാമല്ലോ. ഈ മഹത്തായ വാഗ്ദാനം അവരുടെ കൈക്കു നിറവേറ്റുകയെന്ന മഹാഭാഗ്യം ലഭിക്കുമാറ് അതിനാസ്പദമായ ചില സവിശേഷഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നു വ്യക്തമാണ്. പ്രസ്തുത ഗുണങ്ങള്‍ തികഞ്ഞവര്‍ തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒന്നിച്ചുള്ള സഹാബികളും. അടുത്ത വചനത്തില്‍ അല്ലാഹു അവര്‍ക്കു നല്‍കുന്ന സാക്ഷ്യപത്രം നോക്കുക. സഹാബികളുടെ സവിശേഷതകളും, അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ള ബഹുമാനവും മനസ്സിലാക്കുവാന്‍ ഈ ഒരേ ഒരു സാക്ഷ്യപത്രം തന്നെ മതിയാകും :

48:29
  • مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا ٢٩
  • മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാകുന്നു. [ദൂതനാണ്‌]. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേല്‍ കഠിനന്മാരാണ്, തങ്ങള്‍ക്കിടയില്‍ ദയാലുക്കളാണ്. ‘റുകൂഉം’, ‘സുജൂദും’ ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിര്‍വ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. ‘സുജൂദി’ന്റെ [സാഷ്ടാംഗ നമസ്കാരത്തിന്റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. ‘തൌറാത്തി’ല്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ ‘ഇഞ്ചീലി’ലും ഉണ്ടു; (അതായതു) ഒരു വിളപോലെ: അതു അതിന്റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തില്‍നിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളില്‍ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികള്‍ക്കു അവര്‍മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളര്‍ത്തികൊണ്ടുവന്നത്). അവരില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
  • مُّحَمَّدٌ മുഹമ്മദു رَّسُولُ اللَّـهِ അല്ലാഹുവിന്റെ ദൂതനാണ്‌ وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ أَشِدَّاءُ കഠിനന്മാരാണ്, ഊക്കന്മാരാണ് عَلَى الْكُفَّارِ അവിശ്വാസികളുടെമേല്‍ رُحَمَاءُ ദയാലുക്കളാണ്, കൃപയുള്ളവരാണ് بَيْنَهُمْ തങ്ങള്‍ക്കിടയില്‍, തമ്മില്‍ تَرَاهُمْ നിനക്കവരെ കാണാം, നീ അവരെ കാണും رُكَّعًا റുകൂഉ് ചെയ്യുന്നവരായി سُجَّدًا സുജൂദു ചെയ്യുന്നവരായി يَبْتَغُونَ അവര്‍ തേടിക്കൊണ്ടിരിക്കും, അന്വേഷിക്കുന്നു فَضْلًا അനുഗ്രഹം, ദയവു, ദാക്ഷിണ്യം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും سِيمَاهُمْ അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത فِي وُجُوهِهِم അവരുടെ മുഖങ്ങളിലുണ്ടു مِّنْ أَثَرِ السُّجُودِ സുജൂദിന്റെ ഫലമായി, പാടുനിമിത്തം ذَٰلِكَ അതു مَثَلُهُمْ അവരുടെ ഉപമയാണ് فِي التَّوْرَاةِ തൌറാത്തില്‍ وَمَثَلُهُمْ അവരുടെ ഉപമ فِي الْإِنجِيلِ ഇഞ്ചീലിലുമുണ്ട് كَزَرْعٍ അതായതു ഒരു വിളപോലെ, വിളപോലെയാണ് أَخْرَجَ അതു പുറത്തുകാട്ടി, വെളിപ്പെടുത്തി شَطْأَهُ അതിന്റെ കൂമ്പു, സൂചിമുള فَآزَرَهُ എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷിപ്പിച്ചു فَاسْتَغْلَظَ എന്നിട്ടതു കട്ടികൂടി, തടിച്ചുവന്നു فَاسْتَوَىٰ എന്നിട്ടത് ശരിക്കു നിന്നു, ശരിയായി വന്നു عَلَىٰ سُوقِهِ അതിന്റെ തണ്ടുകളില്‍, തടിമരങ്ങളില്‍ يُعْجِبُ ആശ്ചര്യപ്പെടുത്തുമാറു, അതിശയിപ്പിച്ചുകൊണ്ടു الزُّرَّاعَ കൃഷിക്കാരെ لِيَغِيظَ കോപിപ്പിക്കുവാന്‍ വേണ്ടിയാണ്, ദ്വേഷ്യം പിടിപ്പിക്കുവാന്‍ بِهِمُ അവര്‍ മൂലം, അവരെകൊണ്ടു الْكُفَّارَ അവിശ്വാസികളെ وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത مِنْهُم അവരില്‍നിന്നു, അവരാകുന്നു مَّغْفِرَةً പാപമോചനം, പൊറുതി وَّأَجْرًا عَظِيمًا മഹത്തായ പ്രതിഫലവും, കൂലിയും

കഴിഞ്ഞ ആയത്തിലെ ആശയങ്ങളുടെ രത്നച്ചുരുക്കത്തോടുകൂടിയ ഒരാവര്‍ത്തനമാണ് ഈ വചനത്തിലെ ആദ്യവാക്യം. مُّحَمَّدٌ رَّسُولُ اللَّـهِ (മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാകുന്നു) അതെ, സത്യനിഷേധികള്‍ നിഷേധിച്ചാലും ശരി, അസൂയക്കാര്‍ വെറുത്താലും ശരി, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. സത്യാന്വേഷികള്‍ ചിന്തിക്കട്ടെ, സത്യവിശ്വാസികള്‍ ഉറപ്പിച്ചുകൊള്ളട്ടെ, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. റസൂലിനു വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിനു വേണ്ടുന്ന സഹായങ്ങളും രക്ഷയും അല്ലാഹു നല്‍കുകയും ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ, ഈ മുശ്രിക്കുകള്‍ അതു സമ്മതിക്കേണ്ടതായും വരും, അതാ, ഹുദൈബിയ്യാ സന്ധിപത്രം എഴുതിയപ്പോള്‍. ‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദും ഖുറൈശികളും തമ്മില്‍ നടന്ന സന്ധിവ്യവസ്ഥ ‘ എന്നെഴുതുവാന്‍ സമ്മതിക്കാതെ ശഠിച്ചു നില്‍ക്കുകയും, ‘അബ്ദുല്ലാ മകന്‍ മുഹമ്മദും….’ എന്നുതന്നെ ചേര്‍ക്കുവാന്‍ വാശിപിടിക്കുകയും ചെയ്ത അതേ മുശ്രിക്കുകള്‍ ഏറെത്താമസിയാതെ ആ വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു.

എനി, അദ്ദേഹത്തിന്റെ അനുയായികളുടെ സ്ഥിതിയോ? ഗുരുവിനൊത്ത ശിഷ്യന്മാരും, നേതാവിനൊത്ത നീതന്മാരും! സത്യനിഷേധികളെയും, സന്മാര്‍ഗ്ഗവിരോധികളെയും സംബന്ധിച്ചിടത്തോളം അവര്‍ കഠിനഹൃദയന്മാരാണ്. (أَشِدَّاءُ عَلَى الْكُفَّارِ) ശൂരന്മാരും, വീരന്മാരുമാണ്. തമ്മതമ്മിലോ? അങ്ങേയറ്റം കൃപയോടും കരുണയോടുംകൂടി പെരുമാറുന്ന ദയാശീലന്മാരുമത്രെ. (رُحَمَاءُ بَيْنَهُمْ) അതെ, മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതുപോലെ, സത്യവിശ്വാസികളില്‍ എളിയവരും, അവിശ്വാസികളില്‍ ഗൗരവം നിറഞ്ഞവരും (أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ – سورة المائدة) അവിശ്വാസികളെ കാണുമ്പോഴേക്കും നീതികേടോ, കയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. യുദ്ധവേളകളിലും, സന്ദര്‍ഭം ആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടും എന്നുദ്ദേശ്യം. അപ്രകാരംതന്നെ, സത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍ കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നും ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. നേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ രണ്ടു വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നതു സമയോചിതമാകുന്നു:

1. ‘സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയും, ദയ കാണിക്കുകയും, അനുഭാവം കാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ, ഒരു ശരീരംപോലെയായിരിക്കും – അഥവാ അങ്ങിനെ ആയിരിക്കണം. അതിന്റെ ഒരു അവയവത്തിനു അസുഖം നേരിട്ടാല്‍ ആ ശരീരത്തിന്റെ മറ്റെല്ലാ വശങ്ങളും ഉറക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളി കൂടുന്നതാണ്.’ (ബു; മു).

2. ‘നിങ്ങളില്‍ ആരെങ്കിലും വെറുക്കപ്പെട്ട – നിഷിദ്ധമായ – ഒരു കാര്യം കണ്ടാല്‍, അവന്റെ കൈകൊണ്ടു അതു മാറ്റിക്കൊള്ളട്ടെ. അതിനു സാധിക്കാത്തപക്ഷം അവന്റെ നാവുകൊണ്ട്, അതിനും സാധിക്കാത്തപക്ഷം അവന്റെ ഹൃദയംകൊണ്ട് (വെറുത്തുകൊള്ളട്ടെ). ഇപ്പറഞ്ഞതു വിശ്വാസത്തില്‍വെച്ചു ഏറ്റവും ദുര്‍ബ്ബലമായതാകുന്നു.’ (മു.).

ജനങ്ങളോടു സഹാബികളുടെ പെരുമാറ്റരീതിയാണു മുകളില്‍ പറഞ്ഞത്. എന്നാല്‍, അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്? അല്ലാഹുവിനു ആരാധനാവണക്കങ്ങള്‍ ചെയ്യുന്നതില്‍ നിരതന്മാരാണവര്‍. വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍. അതുകൊണ്ടു നമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ ‘റുകൂഇ’ലും, ‘സുജൂദി’ലുമായി അവരെ കണ്ടുകൊണ്ടിരിക്കും. (تَرَاهُمْ رُكَّعًا سُجَّدًا) ഇതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലും കാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ല. നിഷ്കളങ്കരും, നിസ്വാര്‍ത്ഥരുമാണവര്‍. അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ ദയാദാക്ഷിണ്യവും, പൊരുത്തവുമാണ് അവരുടെ ആവശ്യം. (يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا) അതാണവരുടെ തേട്ടവും. അല്ലാഹുവിങ്കല്‍നിന്നുള്ള പൊരുത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും വെച്ചു ഏറ്റവും വലുത്. (وَرِضْوَانٌ مِنَ اللَّهِ أَكْبَرُ). ഇങ്ങിനെയുള്ള ഈ പുണ്യവാന്മാരെ തിരിച്ചറിയുവാന്‍ വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ല. അവരെ തിരിച്ചറിയുവാനുള്ള വിശിഷ്ട ലക്ഷണവും, പ്രത്യേക അടയാളവും അവരുടെ മുഖങ്ങളില്‍ തന്നെയുണ്ട്. (سِيمَاهُمْ فِي وُجُوهِهِم) അല്ലാഹുവിന്റെ മുമ്പില്‍ മുഖം കുത്തി സാഷ്ടാംഗ നമസ്കാരം നടത്തികൊണ്ടിരിക്കുന്നതിന്റെ ഫലമായി സിദ്ധിച്ചതത്രെ അത്. (مِّنْ أَثَرِ السُّجُودِ).

ഈ അടയാളംകൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു – ‘നിസ്കാരത്തഴമ്പ്’ എന്ന പേരില്‍ – ചിലരുടെ നെറ്റിയില്‍ കാണപ്പെടാറുള്ള അടയാളമെന്നാണ് ചിലരൊക്കെ ധരിച്ചുവശായിട്ടുള്ളത്. ഈ ധാരണ ശരിയല്ലെന്നു മാത്രമല്ല, പാമര ജനങ്ങള്‍ക്കിടയില്‍ പല അന്ധവിശ്വാസങ്ങള്‍ക്കും ആ ധാരണ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഈ അടയാളം കൊണ്ടുള്ള വിവക്ഷയെപ്പറ്റി പല മഹാന്മാരുടെയും അഭിപ്രായങ്ങള്‍ ഇമാം ഇബ്നു കഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍നിന്നു പലതും മനസ്സിലാക്കുവാനുള്ളതുകൊണ്ടു അതിവിടെ ചുരുക്കി ഉദ്ധരിക്കാം:

1) ഇബ്നു അബ്ബാസ്‌ (رضي الله عنه) പറയുന്നു: ‘നല്ല രീതിയാണത്. അഥവാ ആകര്‍ഷിക്കത്തക്ക മുഖഭാവം എന്നര്‍ത്ഥം.

2) മുജാഹിദും (رحمه الله) മറ്റു പലരും പറയുന്നു: അതു ഭക്തിയും വിനയവുമാണ്.

3) മുജാഹിദു (رحمه الله) നോടു ഒരാള്‍ ഇങ്ങിനെ പറഞ്ഞു: ‘ മുഖത്തുണ്ടാകുന്ന ഈ അടയാളം – നിസ്കാരത്തഴമ്പ്:- തന്നെയാണ് അതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു’ അദ്ദേഹം പറഞ്ഞു: ‘ഒരുപക്ഷേ, ഫിര്‍ഔനേക്കാള്‍ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകള്‍ക്കിടയിലും അതു -നിസ്കാരത്തഴമ്പ്- ഉണ്ടായെന്നു വരാം.’

4) സുദ്ദീ (رحمه الله) പറയുന്നതു, നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.

5) ചില മഹാന്മാര്‍ പറയുന്നു: രാത്രിയില്‍ ഒരാള്‍ അധികമായി നമസ്കരിച്ചാല്‍ പകലില്‍ അവന്റെ മുഖം സുന്ദരമാകുമെന്ന്.

6) വേറെ ചില മഹാന്മാര്‍ പറയുന്നു: പുണ്യകര്‍മ്മം നിമിത്തം ഹൃദയത്തില്‍ പ്രകാശവും, മുഖത്തു ശോഭയും ഉപജീവനമാര്‍ഗ്ഗത്തില്‍ വിശാലതയും, ജനഹൃദയങ്ങളില്‍ സ്നേഹവും ഉണ്ടാകുന്നു.

7). ഉസ്മാന്‍ (رضي الله عنه) പറയുന്നു: ‘ഏതൊരാളും തന്നെ, ഒരു സ്വകാര്യസമ്പ്രദായം മറച്ചുവെച്ചാല്‍, അവന്റെ മുഖത്തും, സംസാരത്തിലും അല്ലാഹു അതു വെളിവാക്കാതിരിക്കയില്ല.’ മനുഷ്യഹൃദയത്തില്‍ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളും, അവന്റെ സ്വഭാവവിശേഷതകളും അവന്റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. ഒരു സത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെങ്കില്‍, അവന്റെ ബാഹ്യനിലയും അല്ലാഹു നന്നാക്കിത്തീര്‍ക്കുന്നതാണ്. (مختصرا من ابن كثير).

രാത്രി നമസ്കരിക്കുന്നവരുടെ മുഖത്തു അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെ ‘അടയാളം’ കൊണ്ടുദ്ദേശ്യമെന്ന അഭിപ്രായം ഉദ്ധരിച്ചുകൊണ്ടു ഇമാംറാസീ (رحمه الله) പറയുന്നു: ‘ഇതു ബുദ്ധിമാന്മാര്‍ക്കു അറിയാവുന്ന ഒരു യഥാര്‍ത്ഥമാണ്. രണ്ടു മനുഷ്യന്മാര്‍ രാത്രി ഉറക്കൊഴിക്കുന്നു: ഒരാള്‍ കുടിയിലും കളിയിലും ഏര്‍പ്പെടുന്നു; മറ്റേവന്‍, നമസ്കാരം, ഖുര്‍ആന്‍പാരായണം, വിദ്യാസമ്പാദനം എന്നിവയിലും ഏര്‍പ്പെടുന്നു. പിറ്റേ ദിവസം രണ്ടുപേരുടെയും ഇടക്കുള്ള വ്യത്യാസം കാണാവുന്നതാണ്.’ (الرازى).  ‘സുജൂദിന്റെ ഫലമായുണ്ടായ അടയാളം’ എന്താണെന്നു ഇതില്‍നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാം. ഒരാള്‍ നമസ്കാരം അധികരിപ്പിക്കുന്നതിന്റെ ഫലമായി അയാള്‍ക്കു നമസ്കാരത്തഴമ്പുണ്ടായെന്നു വരാം. പക്ഷേ – മുജാഹിദ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ – അതുകൊണ്ടു അയാള്‍ നല്ലവനെന്നോ അല്ലെന്നോ വേര്‍തിരിക്കുവാന്‍ നിവൃത്തിയില്ല. ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്റെ നാമമാത്രനമസ്കാരം കൊണ്ടും, ജനമദ്ധ്യെ പേരും പൗരോഹിത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്.

സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹു വിവരിച്ചിട്ടുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷവാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോ. അക്കൂട്ടത്തില്‍, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. (ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ). തൌറാത്തില്‍ മാത്രമല്ല, ഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. (وَمَثَلُهُمْ فِي الْإِنجِيلِ). എന്നാല്‍, ഇഞ്ചീലില്‍ അവരെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. (كَزَرْعٍ) മുളയില്‍തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയും, ചിനച്ച്‌ തടിച്ചു വളര്‍ന്നു തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. (أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ) ഇതാണ് ഇഞ്ചീലിലെ ഉപമ. ഇസ്‌ലാമാകുന്ന വിള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയും തറ്റയുമായ സഹാബികളായിരുന്നു. പിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നു. അങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു.

സാക്ഷാല്‍ തൌറാത്തോ ഇഞ്ചീലിലോ ആകട്ടെ, അവയുടെ യഥാര്‍ത്ഥ പരിഭാഷയാകട്ടെ, എവിടെയും നിലവിലില്ല. പഴയ നിയമമെന്നും പുതിയ നിയമമെന്നും പറയപ്പെടുന്ന നിലവിലുള്ള തൌറാത്തു ഇഞ്ചീലുകളില്‍ വളരെയധികം കൃത്രിമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേകിച്ചു മാറ്റത്തിരുത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്. എന്നിരിക്കെ, സഹാബികളെ സംബന്ധിച്ച ഈ വിവരണവും ഉപമയും അവയില്‍ കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നു. എന്നിരുന്നാലും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും അതിന്റെ ചില സൂചനകള്‍ ഇന്നും അവശേഷിക്കുന്നുണ്ടുതാനും. വേദക്കാര്‍ അവയെ അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിപ്പെടുകയാണ് ഇപ്പോള്‍.

പഴയ നിയമത്തില്‍ ഇങ്ങിനെ കാണാം : ‘ദൈവപുരുഷനായ മോശെ (മൂസാനബി) തന്റെ മരണത്തിനുമുമ്പെ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവന്‍ പറഞ്ഞതെന്തെന്നാല്‍ : യഹോവ (ദൈവം) സീനായില്‍നിന്നു വന്നു, അവര്‍ക്കു സേയീരില്‍നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി, ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍നിന്നു വന്നു. അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യില്‍ ഉണ്ടായിരുന്നു…..’ (ആവര്‍ത്തന പുസ്തകം: 33ല്‍ 1 -3). യഹോവ സീനായില്‍നിന്നു വന്നുവെന്നു പറഞ്ഞതു സീനായില്‍വെച്ചു മൂസാ (عليه السلام) നബിക്കു തൌറാത്തു നല്‍കപ്പെട്ടതിനെയും, സെയീറില്‍ നിന്നു ഉദിച്ചുവെന്നു പറഞ്ഞതു ഈസാ (عليه السلام) നബിക്കു ഇഞ്ചീല്‍ ലഭിച്ചതിനെയും സൂചിപ്പിക്കുന്നു. സേയീര്‍ ഫലസ്തീനില്‍ സ്ഥിതി ചെയ്യുന്ന മലകളാണ്. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഖുര്‍ആന്‍ ലഭിച്ചതിനെ സൂചിപ്പിക്കുന്നു. ഹിജാസിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന പര്‍വ്വതനിരകളാണ് പാറാന്‍ ലക്ഷോപലക്ഷം വിശുദ്ധന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അനുയായികളുമാകുന്നു. പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ‘പിന്നെ അവന്‍ (യേശു) പറഞ്ഞത്: ദൈവരാജ്യം, ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, അവന്‍ അറിയാതെ വിത്തു മുളച്ചു വരുന്നതുപോലെയാകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും, പിന്നെ കതിരും, പിന്നെ കതിരില്‍ നിറഞ്ഞ മണിയും, ഇങ്ങിനെ വിളയുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു. പിന്നെ അവന്‍ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയില്‍ അതിനെ വര്‍ണ്ണിക്കേണ്ടു? അത് കടുകുമണിയോട് സദൃശം. അതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാത്തിലും ചെറുത്. എങ്കിലും വിതച്ചശേഷം വളര്‍ന്നു സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നു. ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാര്‍ക്കോസ് 4:26 – 32).

ഖുലഫാഉര്‍-റാഷിദീന്റെ കാലത്തു നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മാലിക് (رحمه الله) നിവേദനം ചെയ്യുന്നു: ‘അല്ലാഹുതന്നെ സത്യം! നമ്മുടെ അറിവില്‍ പെട്ടിടത്തോളം ഇക്കൂട്ടര്‍ ‘ഹവാരിയ്യു’ (الحواريون)കളെക്കാള്‍ ഉത്തമന്മാരാകുന്നു.’ (ഈസാ (عليه السلام) നബിയുടെ അനുയായികളില്‍ പ്രധാനികളായ ആളുകള്‍ (അപ്പോസ്തലന്മാര്‍)ക്കാണു ‘ഹവാരിയ്യുകള്‍’ എന്നു പറയപ്പെടുന്നത്.).

സഹാബികള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതില്‍നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാമല്ലോ. എന്തിനുവേണ്ടിയാണ് മുന്‍വേദഗ്രന്ഥങ്ങളില്‍ പോലും ഇവരെപ്പറ്റി ഇത്ര പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത്? ഇത്രയും വിശുദ്ധന്മാരായ നിലയില്‍ ഇവരെ വളര്‍ത്തി വികസിപ്പിച്ചുകൊണ്ടു വന്നതിന്റെ ഉദ്ദേശ്യമെന്താണ്? അല്ലാഹു തന്നെ അതിവിടെ വിവരിക്കുന്നു : അതെ, അല്ലാഹുവിലും, അവന്റെ തൌഹീദിലും വിശ്വസിക്കാത്തവരെ അരിശം കൊള്ളിക്കുവാനും, കുപിതരാക്കുവാനും തന്നെ. (لِيَغِيظَ بِهِمُ الْكُفَّارَ) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സഖാക്കളെ പഴിക്കുകയും ആക്ഷേപിച്ചു പറയുകയും ചെയ്യുന്ന ‘റാഫിള്വീ’ (الرافضة) കക്ഷിക്കാര്‍ അതുമൂലം ഇസ്‌ലാമില്‍നിന്നു പുറത്തുപോകുമെന്ന്പോലും ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചില മഹാന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ‘പുരോഗമനാശയത്തി’ന്റെ പേരില്‍, പല ഇസ്ലാമിക പാരമ്പര്യങ്ങളെയും നിഷേധിച്ചും പരിഹസിച്ചും വരുന്ന ചില ആധുനിക ‘മുസ്‌ലിം പരിഷ്കാരി’കളും സഹാബികളെ തരം താഴ്ത്തി പുച്ഛസ്വരത്തില്‍ സംസാരിക്കുന്നതു കാണാം. അല്ലാഹുവിന്റെ ഈ വാക്യം അവരും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്റെ സഹാബികളെ പഴിക്കരുത്. എന്റെ ആത്മാവു യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളിലൊരാള്‍ ഉഹ്ദു മലയാളം സ്വര്‍ണ്ണം ചിലവഴിച്ചാലും, അവരിലൊരാള്‍ ഒരു ‘മുദ്ദോ’ (കൈകൊണ്ടു ഒരു വാരല്‍) അതിന്റെ പകുതിയോ ചിലവഴിക്കുന്നതിന് അതു കിടയൊക്കുകയില്ല.’ (മു.). മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ജനങ്ങളില്‍ വെച്ചു ഉത്തമന്മാര്‍, എന്റെ കാലക്കാരാണ്. പിന്നീടു അവരെ തുടര്‍ന്നുള്ളവരും, പിന്നീടവരെ തുടര്‍ന്നുള്ളവരും. പിന്നീടു ഒരു ജനതവരും: അവരിലൊരാളുടെ സാക്ഷ്യം അവന്റെ സത്യത്തെ മുന്‍കടക്കുകയും, അവന്റെ സത്യം അവന്റെ സാക്ഷ്യത്തെ മുന്‍കടക്കുകയും ചെയ്യും.’ (ബു.). സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനും, സാക്ഷ്യം നിര്‍വ്വഹിക്കുവാനും മടിക്കുകയില്ല എന്നു സാരം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടൊപ്പം ഇടപഴകി സഹവസിക്കുകയും, വിവിധരംഗങ്ങളില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു പങ്കെടുക്കുകയും, അവിടുത്തെ ശിക്ഷണങ്ങളും ഉപദേശങ്ങളും നേരില്‍ ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാനുഭാവന്മാരെക്കാള്‍ ഭാഗ്യവാന്മാര്‍ മറ്റാരാണ്‌?! ഇവരില്‍, ആദ്യമാദ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും, ഇസ്ലാമിനു ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചു വരുന്നതിനു മുമ്പ് അതിനുവേണ്ടി ത്യാഗവും സേവനവുമനുഷ്ഠിക്കുകയും ചെയ്തവരും, അല്ലാത്തവരും തമ്മില്‍ പദവിയില്‍ വ്യത്യാസമുണ്ടായിരിക്കും. അല്ലാഹു പറയുന്നു; لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَـٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ -سورة الحديد – 10 (സാരം: നിങ്ങളില്‍നിന്നു വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ – മറ്റുള്ളവരുമായി – സമമാവുകയില്ല. അതിനുശേഷം, ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരേക്കാള്‍ വമ്പിച്ച പദവിയുള്ളവരാണവര്‍. എല്ലാവര്‍ക്കുംതന്നെ, അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. (സൂ: ഹദീദ് : 10).

സഹാബികളുടെ ഉത്തമഗുണങ്ങളും മാതൃകാഗുണങ്ങളും വിവരിച്ചശേഷം, അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും നല്‍കുമെന്നു അല്ലാഹു വാഗ്ദാനവും ചെയ്തിരിക്കുന്നു. (وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا) മേല്‍ വിവരിച്ച വിശിഷ്ട ഗുണങ്ങളോടു കൂടിയവര്‍ സത്യവിശ്വാസികളും സല്‍കര്‍മ്മികളുമായിരിക്കുമെന്നതില്‍ സംശയമില്ല. അവരുടെ വിശ്വാസകര്‍മ്മങ്ങള്‍ തന്നെയാണല്ലോ ആ ഗുണങ്ങള്‍ക്കു നിദാനവും. എന്നിരിക്കെ, وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم (അവരില്‍നിന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തു.) എന്ന വാക്യത്തില്‍നിന്ന് അവരില്‍ സത്യവിശ്വാസികളും, സല്‍കര്‍മ്മികളും അല്ലാത്തവരും ഉണ്ടെന്നു ഊഹിച്ചുകൂടാത്തതാണ്. അവരെ ഇത്രയും ഉല്‍കൃഷ്ടന്മാരാക്കിത്തീര്‍ത്ത ആ വിശ്വാസകര്‍മ്മങ്ങള്‍ക്കു നല്‍കപ്പെടുന്ന പ്രതിഫലം, മറ്റുള്ളവര്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഹത്തരമായിരിക്കും എന്നത്രെ അതിന്റെ താല്‍പര്യം. ഏതൊരു കര്‍മ്മത്തിനും നല്‍കപ്പെടുന്ന പ്രതിഫലത്തിന്റെ തോത്, ആ കര്‍മ്മം ചെയ്യുന്ന ആളുടെ മനസ്ഥിതി, പരിതസ്ഥിതി, മുതലായ ചുറ്റുപാടുകള്‍ക്കനുസരിച്ചായിരിക്കും ഉണ്ടാവുക. പുണ്യകര്‍മ്മങ്ങള്‍ക്കു പത്തു മുതല്‍ എഴുന്നൂറു വരെ – അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അതിലധികവും – ഇരട്ടി പ്രതിഫലം നല്‍കപ്പെടുമെന്നു പറഞ്ഞിരിക്കുന്നതു അതുകൊണ്ടാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടൊപ്പം സഹവസിക്കുവാനും, അവിടുത്തെ ശിക്ഷണങ്ങള്‍ ലഭിക്കുവാനുമുള്ള ഭാഗ്യം സഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലല്ലോ. മറ്റുള്ളവര്‍ ഒരു മലയോളം ചിലവഴിച്ചാലും അവരുടെ ഒരു മുദ്ദിനു കിടയൊക്കുകയില്ല എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതിന്റെ രഹസ്യവും അതത്രെ. എന്നാല്‍, സത്യവിശ്വാസവും, സല്‍കര്‍മ്മങ്ങളുമാണ് എല്ലാവിധ ഉന്നത സ്ഥാനങ്ങള്‍ക്കും നിദാനം, അതില്ലെങ്കില്‍ മറ്റുള്ള ഗുണഗണങ്ങളൊന്നും – സഹാബികളിലാകട്ടെ, അല്ലാത്തവരിലാകട്ടെ – പരിഗണിക്കപ്പെടുന്നതല്ല എന്നുള്ള തത്വവും ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. والله أعلم.

സഹാബികളെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിച്ചു പറഞ്ഞിരിക്കെ, ഓരോരുവരും എല്ലാ വിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരിക്കുമെന്നു വിധികല്‍പിക്കുവാന്‍ നിവൃത്തിയില്ല. എല്ലാ പാപങ്ങളില്‍ നിന്നും പരിശുദ്ധരായവര്‍ പ്രവാചകന്മാര്‍ മാത്രമാകുന്നു. മനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളും, പാകപ്പിഴവുകളും അവരിലും ഉണ്ടാകാം. ചിലരില്‍നിന്നു ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്. പക്ഷേ, അഭിപ്രായങ്ങളിലോ, വ്യാഖ്യാനങ്ങളിലോ വന്ന വ്യത്യസ്ത വീക്ഷണഗതികളായിരുന്നു അവയ്ക്കു മിക്കവാറും കാരണമെന്നു പരിശോധിച്ചാല്‍ കാണുവാന്‍ കഴിയും. അഥവാ തന്നിഷ്ടം, ഭൗതികനേട്ടം, വിശ്വാസക്കുറവു ആദിയായവയില്‍ നിന്നു ഉടലെടുത്ത പാപകൃത്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സഹവസിച്ചു പോന്ന സഹാബികളില്‍ കാണപ്പെടുവാന്‍ പ്രയാസമാണ്. അതേസമയത്തു, ഏതൊരു അബദ്ധത്തിലകപ്പെട്ടാലും ശരി, അതു തെറ്റാണെന്നു ബോധ്യം വന്നാല്‍ – അല്ലെങ്കില്‍ അതു തെറ്റാണെന്നു കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനമോ, നബിചര്യയോ ശ്രദ്ധയില്‍പെട്ടാല്‍ – പിന്നീടവിടെ തര്‍ക്കത്തിനും ന്യായവാദത്തിനും അവര്‍ ഒരുമ്പെടുകയില്ല. തല്‍ക്ഷണം അതില്‍നിന്നു ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യും. ഇതു സഹാബികളില്‍ പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃകയാകുന്നു.

رضي الله عنهم وصدق الله وصدق رسوله وبلغ ونحن على ذلك من الشاهدين اللهم لك الحمد و لك المنة والفضل

വെളിച്ചം റമദാൻ 2023 –ഡേ- 11 (റമളാൻ 12)

സൂറത്തുല്‍ ഫത്ത്ഹ് : 18-26



  • വെളിച്ചം റമദാന്‍ ഡേ-11 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 03 – ആയത്ത് 18 മുതല്‍ 26 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ ഫത്ത്ഹ് : 18-26

വിഭാഗം – 3

ഹുദൈബിയായില്‍വെച്ചു ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌വാന്‍ പ്രതിജ്ഞയെടുത്ത സഹാബികളെ പ്രശംസിച്ചുകൊണ്ടും, അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു :-

48:18

  • لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا ١٨
  • (ആ) വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ [‘ബൈഅത്തു’] ചെയ്യുമ്പോള്‍ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.
  • لَّقَدْ رَضِيَ തീര്‍ച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് اللَّـهُ അല്ലാഹു عَنِ الْمُؤْمِنِينَ സത്യവിശ്വാസികളെക്കുറിച്ചു إِذْ يُبَايِعُونَكَ അവര്‍ നിന്നോടു ബൈഅത്തു ചെയ്യുമ്പോള്‍ تَحْتَ الشَّجَرَةِ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചു فَعَلِمَ അപ്പോള്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളതു فَأَنزَلَ അതിനാല്‍ (എന്നിട്ടു) അവന്‍ ഇറക്കി السَّكِينَةَ ശാന്തത, അടക്കം, സമാധാനം عَلَيْهِمْ അവരില്‍ وَأَثَابَهُمْ അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു فَتْحًا قَرِيبًا ആസന്നമായ (അടുത്ത) ഒരു വിജയം

48:19

  • وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ١٩
  • (കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ ‘ഗനീമത്തു’കളും! അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
  • وَمَغَانِمَ ‘ഗനീമത്തു’കളെയും كَثِيرَةً വളരെ يَأْخُذُونَهَا അവര്‍ പിടിച്ചെടുക്കുന്ന, അവരതു എടുക്കും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞനായ

‘ആസന്നവിജയം’, ഖൈബര്‍ വിജയവും, ‘വളരെ ഗനീമത്തുകള്‍’ ഖൈബറിലെ യഹൂദികളില്‍നിന്നു ലഭിച്ച സ്വത്തുക്കളുമാകുന്നു. മുസ്‌ലിംകളില്‍ പതിനഞ്ചു പേര്‍ ‘ശഹീദാ’ (രക്തസാക്ഷിയാ) യെങ്കിലും, ശത്രുക്കളുടെ ഏറ്റവും വലിയ കോട്ടയും കേന്ദ്രവുമായിരുന്ന ആ രാജ്യം അവര്‍ ഉപേക്ഷിച്ചുപോകേണ്ടിവന്നു. വമ്പിച്ച കോട്ടകളും, വളരെ കൃഷിസ്ഥലങ്ങളും അടക്കം ധാരാളം സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയും ചെയ്തു. ഈ വിജയം മാത്രമല്ല, ഭാവിയില്‍ സത്യവിശ്വാസികള്‍ക്കു എനിയും പല വിജയങ്ങള്‍ ലഭിക്കുവാനുണ്ടെന്നുകൂടി അടുത്ത വചനത്തില്‍ അവരെ അല്ലാഹു അറിയിക്കുന്നു:

48:20
  • وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا ٢٠
  • നിങ്ങള്‍ (പിന്നീടു) പിടിച്ചെടുക്കുന്ന വളരെ ‘ഗനീമത്തുകളെ’ അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, ഇതു അവന്‍ നിങ്ങള്‍ക്കു വേഗമാക്കിത്തന്നിരിക്കുകയാണ്.
    ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്നു അവന്‍ തടുക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നിങ്ങളെ ചൊവ്വായ പാതയില്‍ നയിക്കുവാനും കൂടിയാകുന്നു (ഇതെല്ലാം).
  • وَعَدَكُمُ اللَّـهُ അല്ലാഹു നിങ്ങളോടു (നിങ്ങള്‍ക്കു) വാഗ്ദാനം ചെയ്തിരിക്കുന്നു مَغَانِمَ كَثِيرَةً വളരെ ഗനീമത്തുകള്‍ تَأْخُذُونَهَا നിങ്ങള്‍ പിടിച്ചെടുക്കുന്ന, നിങ്ങളതു എടുക്കും فَعَجَّلَ എന്നാല്‍ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു لَكُمْ هَـٰذِهِ നിങ്ങള്‍ക്കു ഇതു وَكَفَّ അവന്‍ തടുക്കുക (തടയുക)യും ചെയ്തു أَيْدِيَ النَّاسِ ജനങ്ങളുടെ കൈകളെ عَنكُمْ നിങ്ങളില്‍ നിന്നു وَلِتَكُونَ അതു (ഇതു) ആകുവാനും آيَةً لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തം وَيَهْدِيَكُمْ നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا പാത, വഴി مُّسْتَقِيمًا ചൊവ്വായ, നേരായ

നിഷ്കളങ്കമായ ത്യാഗത്തിനും, സേവനത്തിനും തയ്യാറുള്ളപക്ഷം, എല്ലാ സത്യവിശ്വാസികള്‍ക്കും ഇതുപോലെയുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരുമെന്നും, ഇതു അതിനൊരു ദൃഷ്ടാന്തമാണെന്നും അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. ‘വളരെ ഗനീമത്തുകളെ വാഗ്ദാനം ചെയ്തിരിക്കുന്നു’വെന്നു പറഞ്ഞതു മുസ്‌ലിംകള്‍ക്കു ഭാവിയില്‍ കൈവരുവാനിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ‘ഇതു വേഗമാക്കിത്തന്നിരിക്കുകയാണു’ എന്നു പറഞ്ഞതു ഹുദൈബിയാ വിജയത്തെ ഉദ്ദേശിച്ചോ, ഖൈബര്‍ വിജയത്തെക്കുറിച്ചോ ആയിരിക്കാം. ഹുദൈബിയായില്‍ വെച്ചു മുശ്രിക്കുകള്‍ ഏറ്റുമുട്ടുവാനുള്ള സാഹചര്യം ഒഴിവാക്കിയത്, ഖൈബറിലേക്കു മുസ്‌ലിംകള്‍ പടയെടുത്തു പോയിരുന്നപ്പോള്‍ മദീനാ പരിസരങ്ങളിലുള്ള യഹൂദികള്‍ മദീനായെ ആക്രമിക്കുവാന്‍ മുതിരാതിരുന്നത്, വമ്പിച്ച ആയുധസജ്ജീകരണങ്ങളും വന്‍ കോട്ടകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഒരു ഘോരസമരം നടത്തുവാന്‍ ഖൈബറിലെ യഹൂദര്‍ക്കു ധൈര്യമില്ലാതാക്കിയത്, ഇതെല്ലാം അല്ലാഹുവിന്റെ കാവല്‍ മാത്രമായിരുന്നു. وَكَفَّ أَيْدِيَ النَّاسِ عَنكُمْ (ജനങ്ങളുടെ കൈകളെ അവന്‍ നിങ്ങളില്‍നിന്നു തടുക്കുകയും ചെയ്തു.) എന്ന വാക്യത്തില്‍ ഇതൊക്കെ ഉള്‍പ്പെടുന്നു.

48:21
  • وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ٢١
  • വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. [സൂക്ഷ്മമായി അറിയുന്നുണ്ട്.] അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • وَأُخْرَىٰ വേറെയും (ചിലതു) لَمْ تَقْدِرُوا നിങ്ങള്‍ക്കു കഴിവുണ്ടായിട്ടില്ല عَلَيْهَا അതിനു, അവയ്ക്കു قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് اللَّـهُ അല്ലാഹു بِهَا അവയെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും , എല്ലാ വസ്തുവിന്റെ മേലും قَدِيرًا കഴിവുള്ളവന്‍

‘വേറെ ചിലതും’ (وَأُخْرَىٰ) എന്നു പറഞ്ഞത് ഏറെത്താമസിയാതെ മുസ്‌ലിംകള്‍ക്കു കൈവരുവാനിരിക്കുന്ന ചില നേട്ടങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍ അവര്‍ക്കു അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടില്ലെങ്കിലും, അടുത്ത ഭാവിയില്‍ അതവര്‍ നേടിയെടുക്കാതിരിക്കുകയില്ലെന്ന സന്തോഷവാര്‍ത്ത അല്ലാഹു മുന്‍കൂട്ടി അറിയിക്കുകയാണ്. ഹിജ്റ 8-ാം കൊല്ലത്തില്‍ നടന്ന ഹുനൈന്‍ യുദ്ധത്തെയും, ആ യുദ്ധത്തില്‍ ഹവാസിന്‍ (هَوَازِن) ഗോത്രക്കാരില്‍ നിന്നു ലഭിച്ച വമ്പിച്ച ‘ഗനീമത്തു’കളെയും ഉദ്ദേശിച്ചായിരിക്കാം ഈ വാഗ്ദാനം. അല്ലെങ്കില്‍ ഉമര്‍ (رضي الله عنه) ന്റെ ഖിലാഫത്തു കാലത്തു കൈവന്ന പേര്‍ഷ്യന്‍ വിജയങ്ങളെയും മറ്റും ഉദ്ദേശിച്ചും ആകാവുന്നതാണ്. ഏതായാലും, ഈ വാഗ്ദാനവും, സന്തോഷവാര്‍ത്തയും സത്യവിശ്വാസികള്‍ക്കു കൂടുതല്‍ പ്രോത്സാഹനവും ആവേശവും നല്‍കുന്നതാണെന്നു പറയേണ്ടതില്ല. പേര്‍ഷ്യന്‍ സാമ്രാജ്യവും, റോമാ സാമ്രാജ്യവും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ലെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അവര്‍ക്കു പലപ്പോഴും സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍, ശരിക്കും അതെല്ലാം സംഭവിക്കുകയും ഉണ്ടായി.

48:22
  • وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا ٢٢
  • (ആ) അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍തന്നെ, അവര്‍ പിന്‍തിരിഞ്ഞുപോകുമായിരുന്നു. പിന്നീടു, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ) യാകട്ടെ, ഒരു സഹായകനെയാകട്ടെ, അവര്‍ കണ്ടെത്തുന്നതല്ല.
  • وَلَوْ قَاتَلَكُمُ നിങ്ങളോടു യുദ്ധം ചെയ്തിരുന്നെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوَلَّوُا അവര്‍ തിരിക്കും الْأَدْبَارَ പിന്‍പുറങ്ങള്‍ (പിന്‍തിരിഞ്ഞു പോകും) ثُمَّ لَا يَجِدُونَ പിന്നീടവര്‍ കണ്ടെത്തുകയില്ല (കിട്ടുകയില്ല) وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ (ബന്ധുവെയും) وَلَا نَصِيرًا സഹായകനെയും ഇല്ല
48:23
  • سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ٢٣
  • (അതെ) മുമ്പുമുതല്‍ക്കേ (നടന്നു) കഴിഞ്ഞിട്ടുള്ള അല്ലാഹുവിന്റെ നടപടിക്രമം! അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ.
  • سُنَّةَ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമം, ചട്ടം, വഴക്കം الَّتِي قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ളതായ مِن قَبْلُ മുമ്പേ, മുമ്പുമുതല്‍ وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമത്തിനു تَبْدِيلًا ഒരു മാറ്റത്തിരുത്തവും, മാറ്റലും

പ്രവാചകന്മാരുടെ ചേരിയും, ശത്രുക്കളുടെ ചേരിയും – സത്യവിശ്വാസികളും അവിശ്വാസികളും – തമ്മില്‍ നടക്കുന്ന ധര്‍മ്മസമരങ്ങളില്‍, പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും കക്ഷിക്കായിരിക്കും അന്ത്യവിജയമെന്നതു അല്ലാഹു മുമ്പേ നടപ്പിലാക്കിവന്നിട്ടുള്ള ഒരു നടപടിക്രമമാണ്. അതില്‍ മാറ്റം വരുന്നതല്ല. എന്നിരിക്കെ, ഹുദൈബിയായിലോ, ഖൈബറിലോ മറ്റോ അവര്‍ മുസ്‌ലിംകളുമായി നേരിട്ടു യുദ്ധം നടത്തിയിരുന്നാല്‍ തന്നെയും അവര്‍ ഒടുക്കം പിന്‍തിരിഞ്ഞു പരാജയപ്പെടാതിരിക്കയില്ല എന്നു സാരം.

48:24
  • وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ٢٤
  • മക്കായുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും, നിങ്ങളുടെ കൈകളെ അവരില്‍നിന്നും (പരസ്പരം ഏറ്റുമുട്ടാതെ) തടുത്തുവെച്ചവനും അവനത്രെ; നിങ്ങള്‍ക്കു അവരുടെമേല്‍ ജയം നല്‍കിയതിനുശേഷം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • وَهُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് كَفَّ أَيْدِيَهُمْ അവരുടെ കൈകളെ തടുത്ത, തടഞ്ഞ عَنكُمْ നിങ്ങളില്‍നിന്നു وَأَيْدِيَكُمْ നിങ്ങളുടെ കൈകളെയും عَنْهُم അവരില്‍നിന്നു بِبَطْنِ مَكَّةَ മക്കായുടെ ഉള്ളില്‍വെച്ചു مِن بَعْدِ ശേഷം, പിന്നീടായി أَنْ أَظْفَرَكُمْ നിങ്ങളെ ജയിപ്പിച്ച (നിങ്ങള്‍ക്കു ജയം നല്‍കിയ) തിന്റെ عَلَيْهِمْ അവരോടു, അവരുടെമേല്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍

ഹുദൈബിയായിലെ സന്ധി പൂര്‍ത്തിയാകുന്നതിനുമുമ്പു അവിടെവെച്ചു ഒരു ഏറ്റുമുട്ടലിന്റെ വക്കോളം എത്തുന്ന ചില സംഭവങ്ങള്‍ നടക്കുകയുണ്ടായി. ആയുധധാരികളായ ഒരു സൈന്യസംഘം വന്നു മുസ്‌ലിംകളുടെ നേരെ അക്രമത്തിനു മുതിര്‍ന്നു. സഹാബികള്‍ക്കു അവരെ പിടിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ സാധിച്ചു. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്കു മാപ്പുനല്‍കി വിടുകയാണുണ്ടായത്. അങ്ങിനെ, മക്കായുടെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് ഒരു യുദ്ധം കൂടാതെ അല്ലാഹു കാത്തു. വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു ‘ബൈഅത്തു-രിള്വ്-വാന്‍’ (അല്ലാഹുവിന്റെ തൃപ്തി ലഭിച്ച ആ പ്രതിജ്ഞ) കഴിഞ്ഞശേഷം പൂര്‍വ്വാധികം ധീരതയും മനക്കരുത്തും കൈവന്ന സഹാബികളുടെ ഭാഗത്തുനിന്നും, കേവലം നിരായുധരായ ആ 1400 ആളുകളുടെ നേരെ സുശക്തമായ ഒരു ആക്രമണം നടത്തിനോക്കുവാന്‍ കെല്‍പുള്ള ഖുറൈശികളുടെ ഭാഗത്തുനിന്നും ഒരു യുദ്ധത്തിനു തുടക്കമുണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്നു. അതും സംഭവിച്ചില്ല. അങ്ങിനെ, പരിശുദ്ധ മക്കായില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുവാന്‍ ഹേതുവായില്ല. മക്കായില്‍നിന്നു അല്‍പമാത്രം നാഴിക അകലെയായി തൊട്ടുകിടക്കുന്ന സ്ഥലമാണ് ഹുദൈബിയാ. അതിന്റെ കുറെ ഭാഗം മക്കാ ഹറമില്‍ പെട്ടതാണെന്നും പറയപ്പെടുന്നു.

ഹുദൈബിയാ സന്ധിയാണല്ലോ മക്കാവിജയത്തിനു കളം ഒരുക്കിയത്. ഖുറൈശികളില്‍നിന്നു സന്ധി ലംഘനം ഉണ്ടായപ്പോള്‍ പതിനായിരം വരുന്ന സഹാബികളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായില്‍ പ്രവേശിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ അവരെ വലയം ചെയ്തു. അതുവരെയുള്ള ചരിത്രം നോക്കിയാലും, അപ്പോഴത്തെ പരിതസ്ഥിതികള്‍ ആലോചിച്ചാലും അവിടെ ഒരു ഘോരയുദ്ധം നടക്കുവാനുള്ള കാരണങ്ങളുണ്ടായിരുന്നു. അതു സംഭവിക്കാതെ മക്കാ ജയിച്ചടക്കുവാന്‍ സാധ്യമായതിനെ ഉദ്ദേശിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നതു എന്നത്രെ ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. പക്ഷേ, ഈ അദ്ധ്യായം അവതരിച്ചതു മക്കാവിജയത്തിനു മുമ്പാണെന്ന വസ്തുത അതിനു അനുകൂലമല്ല.

48:25
  • هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا ٢٥
  • അവിശ്വസിക്കുകയും, ‘മസ്ജിദുല്‍ഹറാമി’ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു നിങ്ങളെ തടയുകയും ചെയ്തവരത്രെ അവര്‍; ബലിമൃഗം അതിന്റെ നിശ്ചിതസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍, അതായതു, നിങ്ങള്‍ അവരെ ചവിട്ടി [അപകടപ്പെടുത്തി]യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തില്‍ അവര്‍മൂലം നിങ്ങള്‍ക്കു വല്ല അനിഷ്ടവും [തെറ്റുകുറ്റവും] പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കില്‍). [എന്നാല്‍ ഇരുകൂട്ടരെയും അവന്‍ കൂട്ടിമുട്ടിക്കുമായിരുന്നു.] (അതെ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടിയാണ് (കൂട്ടിമുട്ടിക്കാതിരുന്നത്). അവര്‍ (വേറിട്ടു) നീങ്ങി നിന്നിരുന്നുവെങ്കില്‍, അവരില്‍ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു.
  • هُمُ അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് وَصَدُّوكُمْ നിങ്ങളെ തടയുക (മുടക്കുക)യും ചെയ്ത عَنِ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍നിന്നു وَالْهَدْيَ ബലിമൃഗത്തെയും مَعْكُوفًا മുടക്കപ്പെട്ട (തടസ്സം ചെയ്യപ്പെട്ട) നിലയില്‍ أَن يَبْلُغَ അതു എത്തിച്ചേരുന്നതു مَحِلَّهُ അതിന്റെ നിശ്ചിത സ്ഥലത്തു, എത്തേണ്ട സ്ഥാനത്തു وَلَوْلَا رِجَالٌ ചില പുരുഷന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ مُّؤْمِنُونَ സത്യവിശ്വാസികളായ وَنِسَاءٌ مُّؤْمِنَاتٌ വിശ്വാസിനികളായ സ്ത്രീകളും لَّمْ تَعْلَمُوهُمْ നിങ്ങളവരെ അറിഞ്ഞിട്ടില്ലാത്ത أَن تَطَئُوهُمْ അതായതു നിങ്ങളവരെ ചവിട്ടിയേക്കുന്നതു (നശിപ്പിക്കുന്നതു) فَتُصِيبَكُم അങ്ങനെ (അതിനാല്‍) നിങ്ങള്‍ക്കു ബാധിക്കുക (പിണയുക)യും مِّنْهُم അവര്‍ മൂലം, അവരാല്‍ مَّعَرَّةٌ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യതയും) بِغَيْرِ عِلْمٍ അറിയാതെ لِّيُدْخِلَ اللَّـهُ അല്ലാഹു പ്രവേശിപ്പിക്കുവാന്‍വേണ്ടി فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ لَوْ تَزَيَّلُوا അവര്‍ നീങ്ങി (വേറിട്ടു) നിന്നിരുന്നുവെങ്കില്‍ لَعَذَّبْنَا നാം ശിക്ഷിക്കുക തന്നെ ചെയ്തിരുന്നു الَّذِينَ كَفَرُوا مِنْهُمْ അവരില്‍ അവിശ്വസിച്ചവരെ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ

പരിശുദ്ധ കഅബായും അതിന്റെ പരിസരപ്രദേശങ്ങളുമാണു ‘മസ്ജിദുല്‍ ഹറാം’ (مَسْجِدُ الْحَرَامِ) കൊണ്ടുദ്ദേശ്യം. അനാദരിക്കുവാന്‍ പാടില്ലാത്ത അലംഘനീയമായ പള്ളി എന്നു വാക്കര്‍ത്ഥം. മക്കയിലേക്കു ബലികര്‍മ്മം നടത്തുവാന്‍ കൊണ്ടുപോകുന്ന മൃഗങ്ങള്‍ക്കാണു ‘ഹദ് യു’ (الْهَدْي) എന്നു പറയുന്നത്. ബലി നടത്തപ്പെടേണ്ടുന്ന സ്ഥലം മിനാ (منى)യാണ്. അതാണ്‌ നിശ്ചിതസ്ഥാനം (مَحِلّ) എന്നു പറഞ്ഞത്. എഴുപതു ഒട്ടകങ്ങളെ ബലിക്കായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ന് കൂടെ കൊണ്ടുപോയിട്ടുണ്ടായിരുന്നു. ആയത്തിന്റെ സാരം ഇതാണ്:

മുശ്രിക്കുകളുടെ നില നോക്കുകയാണെങ്കില്‍, നിശ്ചയമായും അവര്‍ മുസ്‌ലിംകളുടെ കരങ്ങളാല്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. കാരണം, അവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നില്ല; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും മുസ്‌ലിംകളെയും പരിശുദ്ധ ഹറമിലേക്കു പ്രവേശിക്കുവാനോ, അവിടെവെച്ച് ചെയ്യേണ്ടുന്ന ബലികര്‍മ്മം നിര്‍വ്വഹിക്കുവാനോ സമ്മതിക്കുന്നുമില്ല. പക്ഷേ, മറ്റു ചില സംഗതികളുണ്ട്: ഹുദൈബിയാ സംഭവം നടക്കുന്ന അവസരത്തില്‍, സത്യവിശ്വാസം സ്വീകരിച്ച കൂറെ പുരുഷന്മാരും സ്ത്രീകളും മക്കായിലുണ്ട്. തങ്ങളുടെ വിശ്വാസം തുറന്നു പ്രഖ്യാപിക്കുവാനോ, നാടു വിട്ടു (ഹിജ്റ) പോകുവാനോ നിവൃത്തിയില്ലാതിരിക്കുകയാണവര്‍. അവര്‍ മുശ്രിക്കുകളുടെ മര്‍ദ്ദനം ഭയന്നുകൊണ്ടു അവര്‍ക്കിടയില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. ആരൊക്കെയാണതെന്നും മറ്റും മുസ്‌ലിംകള്‍ക്കു അറിഞ്ഞുകൂടാ. ഒരു പൊതുസംഘട്ടനം നടക്കുമ്പോള്‍ – മനപൂര്‍വ്വമല്ലെങ്കിലും – അതുമൂലം ആ പാവങ്ങള്‍ക്കും പലവിധ ആപത്തുകള്‍ നേരിടും. അതിനു മുസ്‌ലിംകള്‍ ഉത്തരവാദികളാകരുതല്ലോ. മാത്രമല്ല, അല്ലാഹുവിന്റെ കാരുണ്യത്തിനു വിധേയരാകുന്ന സജ്ജനങ്ങള്‍ എനിയും മക്കായില്‍ ഉണ്ടാകണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഇതെല്ലാം കാരണമായിട്ടാണു ഒരു യുദ്ധം കൂടാതെ അവന്‍ കലാശിപ്പിച്ചത്. നേരെമറിച്ച് ആ സത്യവിശ്വാസികള്‍ മുശ്രിക്കുകളില്‍ നിന്നു പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കൊണ്ടായിരുന്നു ഉള്ളതെങ്കില്‍, അല്ലാഹു അവര്‍ക്കു അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമായിരുന്നു.

48:26
  • إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ٢٦
  • (ആ) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം! അപ്പോള്‍, അല്ലാഹു അവന്റെ റസൂലിന്റെമേലും, സത്യവിശ്വാസികളുടെ മേലും അവന്റെ (വക) ശാന്തത ഇറക്കിക്കൊടുത്തു. സൂക്ഷ്മതയുടെ വാക്യം (മുറുകെ പിടിക്കുവാന്‍) അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അവര്‍, അതിനു കൂടുതല്‍ അര്‍ഹതയുള്ളവരും, അതിന്റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാകുന്നു.
  • إِذْ جَعَلَ ആക്കിയ (വെച്ചു കൊണ്ടിരുന്ന)പ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْحَمِيَّةَ ചൂടു (ദുരഭിമാനം, കോപത്തള്ളല്‍) حَمِيَّةَ الْجَاهِلِيَّةِ അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ചൂടു (ദുരഭിമാനം) فَأَنزَلَ اللَّـهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്റെ (വക) ശാന്തത, സമാധാനം عَلَىٰ رَسُولِهِ തന്റെ റസൂലിന്റെ മേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَلْزَمَهُمْ അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു كَلِمَةَ التَّقْوَىٰ സൂക്ഷ്മതയുടെ വാക്യം وَكَانُوا അവരായിരുന്നു (ആകുന്നു) താനും أَحَقَّ بِهَا അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍ وَأَهْلَهَا അതിന്റെ ആള്‍ക്കാരും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും عَلِيمًا അറിവുള്ളവന്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഉംറാ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വേണ്ടിമാത്രം വന്നതാണെന്നു മനസ്സിലായിട്ടു പോലും ഖുറൈശി മുശ്രിക്കുകള്‍ അവരെ മക്കായില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ‘കണ്ണു കാണുന്ന ഒരാള്‍ ഞങ്ങളിലുള്ള കാലം ഞങ്ങളതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവരുടെ വാശി. അതുകാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്നു ഉംറ നിര്‍വ്വഹിക്കേണ്ടി വന്നു. സന്ധിപത്രം എഴുതിയപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ (بسم الله) എന്നു ആരംഭിക്കുവാന്‍പോലും അവര്‍ വിസമ്മതിച്ചു. ഇതെല്ലാം, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചൊടിയും വെമ്പലും ഉണ്ടാക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികള്‍ പതറിയില്ല. ഇത്തരം സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടുന്നവരും, തൌഹീദിന്റെ മുദ്രാവാക്യത്തില്‍ അടിയുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവര്‍. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കി അവരെ ശാന്തരാക്കി.

വെളിച്ചം റമദാൻ 2023 –ഡേ- 10 (റമളാൻ 11)

സൂറത്തുല്‍ ഫത്ത്ഹ് : 10-17



  • വെളിച്ചം റമദാന്‍ ഡേ-10 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 02 – ആയത്ത് 10 മുതല്‍ 17 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ ഫത്ത്ഹ് : 10-7

വിഭാഗം – 2

48:11

  • سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا ١١
  • ‘അഅ്റാബി’ [മരുഭൂവാസികളായ (ഗ്രാമീണ) അറബി]കളില്‍നിന്നു പിന്നോക്കം നിന്നവര്‍ നിന്നോടു പറഞ്ഞേക്കും: ‘ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടണം’. തങ്ങളുടെ ഹൃദയത്തില്‍ ഇല്ലാത്തതു അവര്‍ തങ്ങളുടെ നാവുകൊണ്ടു പറയുന്നതാണ്. പറയുക: ‘എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല ഉപദ്രവവും [തിന്മയും] ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളില്‍ വല്ല ഉപകാരവും [നന്മയും] ഉദ്ദേശിക്കുകയോ ചെയ്തുവെങ്കില്‍ അവനില്‍നിന്നു നിങ്ങള്‍ക്കു വല്ല ഒരു കാര്യത്തിനും സാധിക്കുന്നവര്‍ ആരാണുള്ളത്?! പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു.
  • سَيَقُولُ لَكَ നിന്നോടു (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്തിക്കപ്പെട്ടവര്‍ (പിന്നോക്കം നിന്നവര്‍) مِنَ الْأَعْرَابِ അഅ്റാബി (മരുഭൂവാസികളായ – ഗ്രാമീണ – അറബി)കളില്‍ നിന്നു شَغَلَتْنَا ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാക്കി) أَمْوَالُنَا ഞങ്ങളുടെ സ്വത്തുക്കള്‍ وَأَهْلُونَا ഞങ്ങളുടെ കുടുംബങ്ങളും فَاسْتَغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്കു പാപമോചനം തേടണം يَقُولُونَ അവര്‍ പറയുന്നു, പറയും بِأَلْسِنَتِهِم അവരുടെ നാവുകളാല്‍ مَّا لَيْسَ ഇല്ലാത്തതു فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, മനസ്സില്‍ قُلْ പറയുക فَمَن يَمْلِكُ എന്നാല്‍ ആര്‍ക്കു സാധിക്കും, ആര്‍ സ്വാധീനമാക്കും لَكُم നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു شَيْئًا ഒരു കാര്യത്തിനു, വല്ലതിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍ بِكُمْ നിങ്ങളില്‍ ضَرًّا ഒരു ഉപദ്രവം (തിന്മ) أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിച്ചു بِكُمْ نَفْعًا നിങ്ങളില്‍ വല്ല ഉപകാരവും بَلْ പക്ഷേ, എങ്കിലും كَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മമായറിയുന്നവന്‍
48:12
  • بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا ١٢
  • ‘പക്ഷെ, നിങ്ങള്‍ ധരിച്ചു, ‘റസൂലും’ സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്കു ഒരിക്കലും തിരിച്ചെത്തുകയില്ലെന്നു. അതു നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നിപ്പി)ക്ക പ്പെടുകയും, നിങ്ങള്‍ ദുഷിച്ചധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശോന്മുഖരായ ഒരു ജനതയു മാകുന്നു.’
  • بَلْ ظَنَنتُمْ പക്ഷെ നിങ്ങള്‍ ധരിച്ചു, കരുതി أَن لَّن يَنقَلِبَ തിരിച്ചെത്തുന്നതേയല്ലെന്നു الرَّسُولُ റസൂല്‍ وَالْمُؤْمِنُونَ സത്യവിശ്വാസികളും إِلَىٰ أَهْلِيهِمْ അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി) ലേക്കു أَبَدًا ഒരിക്കലും, എന്നും وَزُيِّنَ ذَٰلِكَ അതു ഭംഗിയാക്കപ്പെടുകയും ചെയ്തു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍, മനസ്സില്‍ وَظَنَنتُمْ നിങ്ങള്‍ ധരിക്കുകയും ചെയ്തു ظَنَّ السَّوْءِ ദുഷിച്ച ധാരണ, ദുര്‍വിചാരം وَكُنتُمْ നിങ്ങളാണു താനും , ആകുകയും ചെയ്തു قَوْمًا بُورًا നശിച്ച (നാശോന്മുഖരായ) ഒരു ജനത

48:13

  • وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًا ١٣
  • അല്ലാഹുവിലും, അവന്റെ ‘റസൂലി’ലും ആര്‍ വിശ്വസിക്കുന്നില്ലയോ, എന്നാല്‍, (ആ) അവിശ്വാസികള്‍ക്കു നിശ്ചയമായും നാം ജ്വലിക്കുന്ന അഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
  • وَمَن لَّمْ يُؤْمِن ആര്‍ വിശ്വസിച്ചില്ലയോ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِنَّا أَعْتَدْنَا എന്നാല്‍ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു سَعِيرًا ജ്വലിക്കുന്ന അഗ്നി

48:14

  • وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ١٤
  • അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം وَالْأَرْضِ ഭൂമിയുടെയും يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

ഹിജ്റ 6-ാം കൊല്ലാവസാനത്തില്‍ ഹുദൈബിയ്യാ സംഭവം നടന്നു. ഏഴാം കൊല്ലം ആദ്യത്തില്‍ തന്നെ, ഖൈബറില്‍വെച്ച് വഞ്ചനാവര്‍ഗ്ഗമായ യഹൂദികളുമായി നേരിടേണ്ടി വന്നു. ഹുദൈബിയാ സന്ധി നിമിത്തം ഖുറൈശികളും അവരുമായി സഖ്യബന്ധമുള്ളവരും അടങ്ങിയിരിക്കുകയായതുകൊണ്ട് ഈ സംഘട്ടനം വിജയത്തില്‍ കലാശിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ വകയുണ്ടായിരുന്നു. മാത്രമല്ല, കുറെ ‘ഗനീമത്തു’ (യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തു) ലഭിച്ചേക്കുവാനും ഇടയുണ്ടായിരുന്നു. അതുകൊണ്ടു കഴിഞ്ഞ പ്രാവശ്യം ഒഴികഴിവു പറഞ്ഞു പിന്തിനിന്നവര്‍ ഇപ്രാവശ്യം സ്വയം മുന്നോട്ടു വരുകയുണ്ടായി. പക്ഷേ, ഹുദൈബിയ്യായില്‍ പങ്കെടുത്ത സഹാബികള്‍ മാത്രം ഇതില്‍ പങ്കെടുത്താല്‍ മതിയെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹുവില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:

48:15
  • سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا ١٥
  • നിങ്ങള്‍ വല്ല ‘ഗനീമത്തു’ [യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന] സ്വത്തുക്കളിലേക്കും – അവ എടുക്കുവാന്‍വേണ്ടി – പോകുന്നതായാല്‍ (ആ) പിന്നോക്കം നിന്നവര്‍ പറഞ്ഞേക്കും : ‘ഞങ്ങളെ വിട്ടേക്കണം [അനുവദിക്കണം] ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ.’ അവര്‍ അല്ലാഹുവിന്റെ വാക്യത്തെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്. (നബിയേ) പറയുക : ‘നിങ്ങള്‍ ഞങ്ങളെ അനുഗമിച്ചു വരികയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങിനെ പറഞ്ഞിരിക്കുന്നു.’ അപ്പോള്‍ അവര്‍ പറഞ്ഞേക്കും : ‘(അല്ല) പക്ഷെ, നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ്.’ (അല്ല) പക്ഷേ, അവര്‍ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹിക്കാതിരിക്കുകയാണ്.
  • سَيَقُولُ (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്നോക്കം നിന്നവര്‍ إِذَا انطَلَقْتُمْ നിങ്ങള്‍ പോയാല്‍, പോകുമ്പോള്‍ إِلَىٰ مَغَانِمَ ‘ഗനീമത്തു’കളിലേക്കു لِتَأْخُذُوهَا നിങ്ങള്‍ അതു എടുക്കുവാന്‍വേണ്ടി ذَرُونَا ഞങ്ങളെ വിട്ടേക്കുവിന്‍ (അനുവദിക്കണം) نَتَّبِعْكُمْ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ, പിന്‍തുടരട്ടെ يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُبَدِّلُوا മാറ്റിമറിക്കുവാന്‍ كَلَامَ اللَّـهِ അല്ലാഹുവിന്റെ വാക്യം قُل പറയുക لَّن تَتَّبِعُونَا നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നതേയല്ല كَذَٰلِكُمْ അപ്രകാരം قَالَ اللَّـهُ അല്ലാഹു പറഞ്ഞിരിക്കുന്നു مِن قَبْلُ മുമ്പ്, മുമ്പേ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ പറഞ്ഞേക്കും بَلْ تَحْسُدُونَنَا പക്ഷേ നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ് بَلْ كَانُوا പക്ഷേ അവരാകുന്നു, ആയിരിക്കുന്നു لَا يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നില്ല إِلَّا قَلِيلًا അൽപമല്ലാതെ

‘ഗനീമത്തു’ (الغنيمة) കരസ്ഥമാക്കുവാന്‍ പോകുക എന്നു പറഞ്ഞതു ഖൈബറിലേക്കുള്ള പടയെടുപ്പും, അല്ലാഹുവിന്റെ വാക്യം (كَلَامَ اللَّـهِ) എന്നു പറഞ്ഞതു, ഖൈബറില്‍നിന്നു ലഭിക്കുന്ന ഗനീമത്തുകള്‍ ഹുദൈബിയ്യാ സംഭവത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമുള്ളതാണെന്ന വാഗ്ദാനവുമാകുന്നു. ഒരു സംഘട്ടനത്തിനുള്ള യാതൊരു മുന്‍കരുതലുമില്ലാത്ത ഒരവസരത്തില്‍, തങ്ങളെക്കാള്‍ എത്രയോ വമ്പിച്ച ഒരു ശത്രുവെ ഓര്‍ക്കാപ്പുറത്തു നേരിടേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോള്‍ യാതൊരു വൈമനസ്യവും കാണിക്കാതെ, ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവരാണ് ആ ധീര മുജാഹിദുകളായ സഹാബികള്‍. അവര്‍ക്കു പ്രത്യേകമായി അല്ലാഹു നിശ്ചയിച്ചു കൊടുത്തതായിരുന്നു ഖൈബറിലെ ഗനീമത്തുകള്‍. അതുകൊണ്ട് ഗനീമത്തില്‍നിന്നു യാതൊരു പങ്കും ആവശ്യപ്പെടാതെ, യുദ്ധത്തെ മാത്രം ഉദ്ദേശിച്ചു പോരുന്നവര്‍ക്കല്ലാതെ ഖൈബറിലേക്കു പുറപ്പെടുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവാദം കൊടുത്തിരുന്നില്ല.

48:16
  • قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا ١٦
  • ‘അഅ്റാബി’ [മരുഭൂവാസികളായ അറബി]കളില്‍ പിന്നോക്കം നിന്നവരോടു പറയുക: ‘ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെട്ടേക്കും; നിങ്ങളവരോടു യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം അവര്‍ കീഴൊതുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം). അപ്പോള്‍, നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്കു നല്ലതായ പ്രതിഫലം നല്‍കും; നിങ്ങള്‍ മുമ്പ് പിന്‍തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കിലോ, അവന്‍ നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
  • قُل لِّلْمُخَلَّفِينَ പിന്നോക്കം നിന്നവരോടു പറയുക مِنَ الْأَعْرَابِ അഅ്റാബികളില്‍നിന്നു سَتُدْعَوْنَ നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെടും إِلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കലേക്കു أُولِي بَأْسٍ സമരശേഷി (ശക്തി, ധീരത)യുള്ളവരായ شَدِيدٍ കഠിനമായ, ശക്തമായ تُقَاتِلُونَهُمْ നിങ്ങളവരോടു യുദ്ധം ചെയ്യണം أَوْ يُسْلِمُونَ അല്ലെങ്കില്‍ അവര്‍ കീഴൊതുങ്ങണം (മുസ്ലിമാവണം) فَإِن تُطِيعُوا അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം يُؤْتِكُمُ اللَّـهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കും أَجْرًا حَسَنًا നല്ലകൂലി, പ്രതിഫലം وَإِن تَتَوَلَّوْا നിങ്ങള്‍ പിന്‍തിരിയുന്ന പക്ഷം كَمَا تَوَلَّيْتُم നിങ്ങള്‍ പിന്‍തിരിഞ്ഞതുപോലെ مِّن قَبْلُ മുമ്പ് يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയറിയ ശിക്ഷ

യുദ്ധം ചെയ്തു – പുണ്യം നേടുവാനും, മതത്തെ സഹായിക്കുവാനുമുള്ള അവസരം കഴിഞ്ഞുപോയിട്ടില്ല, എനിയും, പലരുമായും ഏറ്റുമുട്ടേണ്ടിവരും, അവരാണെങ്കില്‍ വലിയ ധീരപരാക്രമികളുമായിരുന്നേക്കും, അവര്‍ ഇസ്ലാമിനെ അംഗീകരിച്ചു കീഴൊതുങ്ങുന്ന കാലംവരെ യുദ്ധത്തിന്റെ ആവശ്യം നിലനിന്നേക്കും, അപ്പോഴൊക്കെ നിങ്ങള്‍ യുദ്ധത്തിനായി വീണ്ടും ക്ഷണിക്കപ്പെടും, ആ ക്ഷണം നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്കു വമ്പിച്ച പ്രതിഫലവും ലഭിക്കും, മുമ്പു ചെയ്തപോലെ അപ്പോഴും നിങ്ങള്‍ പിന്നോക്കം നിന്നാല്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷയും അനുഭവപ്പെടും. എന്നൊക്കെ അവരെ അറിയിക്കുകയാണ്.

സമരശേഷിയുള്ള ജനങ്ങളിലേക്കു നിങ്ങള്‍ ക്ഷണിക്കപ്പെടും (سَتُدْعَوْنَ إِلَىٰ قَوْمٍ الخ) എന്നു പറഞ്ഞതു, മുസ്‌ലിംകള്‍ക്കു പിന്നീടു നേരിടേണ്ടി വന്ന ചില പ്രത്യേക സൈന്യങ്ങളെയും, യുദ്ധങ്ങളെയും ഉദ്ദേശിച്ചാണെന്നു ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയതുപോലെ, ഒരു പ്രത്യേക യുദ്ധത്തെയോ ജനതയെയോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല – ഭാവിയെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചതാണു – എന്നുള്ളതാണു ശരിയായ അഭിപ്രായം. അറബി മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, മക്കാവിജയത്തിനുശേഷം ഒന്നുകില്‍ ഇസ്‌ലാമിനെ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധം (الإِسْلاَم أَوْ الْقِتَال) എന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സൂറത്തു ത്തൗബഃയില്‍ ഇതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അവര്‍ ഇസ്‌ലാമിനെ അംഗീകരിക്കുകയോ, സ്വീകാര്യമായ സന്ധിവ്യവസ്ഥകളനുസരിച്ചു കീഴൊതുങ്ങുകയോ ചെയ്യുന്നതുവരേക്കു മാത്രമേ അവരുമായി യുദ്ധത്തിനു സ്ഥാനമുള്ളു. أَوْ يُسْلِمُونَ (അല്ലെങ്കില്‍ കീഴൊതുങ്ങണം) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അടുത്ത വചനത്തില്‍, യുദ്ധത്തിന്റെ നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാക്കപ്പെട്ടവരെപ്പറ്റി പ്രസ്താവിക്കുന്നു:-

48:17
  • لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا ١٧
  • അന്ധന്റെ മേല്‍ വിഷമം [കുറ്റം] ഇല്ല; മുടന്തന്റെ മേലും വിഷമം ഇല്ല; രോഗിയുടെമേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവനെ, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. ആര്‍ പിന്തിരിയുന്നുവോ അവനെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
  • لَّيْسَ عَلَى الْأَعْمَىٰ അന്ധന്‍റെ മേല്‍ ഇല്ല حَرَجٌ ഒരു വിഷമവും (കുറ്റം, തെറ്റു) وَلَا عَلَى ٱلْأَعْرَجِ മുടന്തന്റെ മേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى ٱلْمَرِيضِ രോഗിയുടെ മേലും ഇല്ല حَرَجٌ വിഷമം وَمَن يُطِعِ ആര്‍ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ اللَّـهَ അല്ലാഹുവിനു وَرَسُولَهُ അവന്‍റെ റസൂലിനും يُدْخِلْهُ എന്നാലവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي സഞ്ചരിക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദി)കള്‍ وَمَن يَتَوَلَّ ആര്‍ പിന്തിരിഞ്ഞുവോ يُعَذِّبْهُ അവനെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ

വെളിച്ചം റമദാൻ 2023 –ഡേ- 9 (റമളാൻ 10)

സൂറത്തുല്‍ ഫത്ത്ഹ് : 01-09



  • വെളിച്ചം റമദാന്‍ ഡേ-9 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 09 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ ഫത്ത്ഹ് : 01-09

ഫത്ത്ഹ് (വിജയം)

മദനീ അദ്ധ്യായം – വചനങ്ങള്‍ 29 – വിഭാഗം (റുകൂഅ്) 4

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

1. ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സഹാബികളൊന്നിച്ച് ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ചാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. മദീനാ ഹിജ്റക്കു ശേഷം അവതരിച്ചതാകകൊണ്ട് ഇതും മദനീ അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുന്നു.

2. അഹ്മദ്, ബുഖാരി, തിര്‍മുദി (َحِمَهُمُ الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഉമര്‍ (رضي الله عنها) പറയുകയാണു : ‘ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ഒരു യാത്രയിലായിരുന്നു. ഞാന്‍ തിരുമേനിയോടു ഒരു കാര്യം ചോദിക്കുകയുണ്ടായി. മൂന്നു പ്രാവശ്യം ചോദിച്ചിട്ടും അവിടുന്നു മറുപടി പറഞ്ഞില്ല. ‘മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിനക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു മറുപടി കിട്ടിയില്ലല്ലോ! നീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിഷമിപ്പിച്ചുവല്ലോ ! എന്നു ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്റെ കാര്യത്തില്‍ വല്ല വഹ്‌യും വന്നേക്കുമോ എന്നും എനിക്കു ഭയം തോന്നി. അങ്ങിനെയിരിക്കെ, അതാ ഒരു വിളി ! ഞാന്‍ വീണ്ടും ഭയപ്പെട്ടുകൊണ്ട് മടങ്ങിച്ചെന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘കഴിഞ്ഞ രാത്രി എനിക്കൊരു സൂറത്തു അവതരിച്ചിട്ടുണ്ട്. ഈ ലോകത്തെക്കാളും, അതിലുള്ള വസ്തുക്കളെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതാണത്. അതായതു: إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (എന്ന ഈ അദ്ധ്യായം).’

3. മുആവിയത്തുബ്നു ഖുര്‍-റ (معاوية بن قرة رضي) പറയുന്നു : മക്കാ വിജയത്തിന്റെ അന്ന് യാത്രയില്‍ വാഹനപ്പുറത്തുവെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂറത്തുല്‍ ഫത്ത്ഹ് നീട്ടി നീട്ടി ഓതുകയുണ്ടായി, ആളുകള്‍ നമ്മുടെ അടുക്കല്‍ തടിച്ചുകൂടുമെന്ന ഭയമില്ലായിരുന്നുവെങ്കില്‍, തിരുമേനിയുടെ ആ ഓത്തിന്റെ മാതിരി ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരുമായിരുന്നു. (അ; ബു; മു.)

4. ഹുദൈബിയാ സന്ധി :- ഈ അദ്ധ്യായത്തില്‍ ഹുദൈബിയാ സംഭവത്തിന്റെ പല വശങ്ങളെക്കുറിച്ചും പ്രസ്ഥാവിക്കുന്നതുകൊണ്ടു ആ സംഭവത്തിന്റെ ചുരുക്കം അറിയുന്നതു നന്നായിരിക്കും. അതു ഇപ്രകാരമാണ് :

സഹാബികളോന്നിച്ച് ‘മസ്ജിദുല്‍ ഹറാമില്‍’ (മക്കായിലെ പള്ളിയില്‍) പ്രവേശിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വപ്നം കണ്ടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സ്വപ്നം യഥാര്‍ത്ഥമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ (عمرة) കര്‍മ്മം ചെയ്‌വാനായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറപ്പെട്ടു. ആയിരത്തി നാനൂറില്‍പരം സഹാബികളും ഒന്നിച്ചുണ്ടായിരുന്നു. ഖുറൈശികളില്‍ നിന്നു വല്ല തടസ്സവും നേരിട്ടുവെങ്കിലോ എന്നു കരുതി ഉള്‍നാട്ടുകാരായ അറബി (അഅ്റാബി)കളെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ഷണിച്ചു.പക്ഷെ അവര്‍ ഖുറൈശികളെ ഭയന്ന് പിന്നോക്കം നില്‍ക്കുകയാണ് ചെയ്തത്. സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിര്‍ദേശപ്രകാരം, സാധാരണ അവര്‍ ഉപയോഗിക്കാറുള്ള ഉറയിലിട്ട വാളുകളല്ലാതെ യുദ്ധായുധങ്ങള്‍ കൊണ്ടുപോയിരുന്നില്ല.

അസ്ഫാന്‍ (عسفان) എന്ന സ്ഥലത്തെത്തിയപ്പോള്‍, ഖുറൈശികള്‍ തങ്ങളെ തടയുവാന്‍ വട്ടം കൂട്ടുന്നതായും, ഒരു മുന്നോടി സൈന്യം പുറപ്പെട്ടിരിക്കുന്നതായും വിവരം കിട്ടി. അതിനാല്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറ്റൊരു വഴിയായി യാത്ര തുടര്‍ന്നു. വഴിക്കുവെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒട്ടകം മുന്നോട്ടു നടക്കാതെ മുട്ടുകുത്തി. ‘ഖസ്വ്വാഉ് (*) നടക്കാതായി’ (خَلَأَتْ الْقَصْوَاءُ) എന്നു ആളുകള്‍ പറയാന്‍ തുടങ്ങി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘അതു അതിനു സമ്പ്രദായമില്ലാത്തതാണ്. ആനയെ തടഞ്ഞുവെച്ചവന്‍ അതിനെ തടഞ്ഞുവെച്ചതാണ്. (**) . അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ ബഹുമാനിച്ചുകൊണ്ടുള്ള ഏതു കാര്യത്തിലേക്കും ഖുറൈശികള്‍ എന്നെ ക്ഷണിച്ചാല്‍ ഞാനതു സമ്മതിക്കാതിരിക്കയില്ല.’


(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒട്ടകത്തിന്റെ പേരാണു ‘ഖസ്വ്വാഉ്.

(**) മുമ്പ്‌ കഅ്ബഃയെ നശിപ്പിക്കുവാന്‍ അബീസീനിയക്കാര്‍ കൊണ്ടുവന്ന ആനപ്പട്ടാളത്തെ തടഞ്ഞുവെച്ച അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ ഇതും എന്ന് സാരം.


മക്കായില്‍ നിന്നും അല്‍പം നാഴിക അകലെ ഹുദൈബിയ്യഃ (حديبية) എന്ന കിണറ്റിന്നരികെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇറങ്ങി. ഖുറൈശികള്‍ ആളയച്ച് അവരുടെ വരവിന്റെ ഉദ്ദേശ്യം എന്താണെന്നു അന്വേഷിച്ചു. ഉംറഃ കര്‍മ്മം മാത്രമാണെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയിച്ചു. പക്ഷെ, ഖുറൈശികള്‍ പറഞ്ഞതു ഇതായിരുന്നു: “മുഹമ്മദ്‌ അവന്റെ സൈന്യത്തോടു കൂടി നമ്മുടെ ഇടയില്‍ വന്ന് ഉംറഃക്ക് പ്രവേശിക്കുകയോ? നാം അവനുമായി സമരത്തിലായിരിക്കെ, അവന്‍ ഇങ്ങിനെ ബലമായി പ്രവേശിച്ചതു അറബികള്‍ കേള്‍ക്കുമല്ലോ. അതുകൊണ്ട് നാമുള്ള കാലം അതു സംഭവിക്കാന്‍ പോകുന്നില്ല. തുടര്‍ന്നുകൊണ്ട് അന്യോന്യം പല സംസാരങ്ങളും ദൗത്യങ്ങളും നടന്നു. ഇതിനിടെ ഉസ്മാന്‍ (رضي الله عنها) നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലേക്കു അയച്ചിട്ടുണ്ടായിരുന്നു. മക്കായില്‍ അവശേഷിച്ചിരുന്ന ദുര്‍ബ്ബലരായ ചില സത്യവിശ്വാസികള്‍ക്കു മനസ്സമാധാനം നല്കുവാനായിരുന്നു അത്. തന്റെ കുടുംബത്തില്‍പെട്ട ഒരാള്‍ അഭയം നല്‍കിയതനുസരിച്ചായിരുന്നു അദ്ദേഹം പോയതും. അദ്ദേഹത്തെ ‘ത്വവാഫ്’ (കഅ്ബ പ്രദക്ഷിണം) ചെയ്‌വാന്‍ അവര്‍ അനുവദിച്ചുവെങ്കിലും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അതു അനുവദിക്കപ്പെടാത്ത സ്ഥിതിക്ക് അദ്ദേഹം ‘ത്വവാഫ്’ കര്‍മ്മം ചെയ്കയുണ്ടായില്ല.

ഉസ്മാന്‍ (رضي الله عنها) നെ ഖുറൈശികള്‍ അവിടെ തടഞ്ഞുവെച്ചു. അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ (***) ചുവട്ടില്‍ വെച്ച് ഒരു പ്രതിജ്ഞ (بيعة) നടന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ചു മരണംവരെ തങ്ങള്‍ യുദ്ധം ചെയ്തുകൊള്ളാമെന്നായിരുന്നു പ്രതിജ്ഞ. വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചായതു കൊണ്ടു ഇതിന്നു بيعة الشجرة (വൃക്ഷത്തിങ്കല്‍ വെച്ചുണ്ടായ പ്രതിജ്ഞ) എന്നും, താഴെ (18-ആം വചനത്തില്‍) കാണുന്ന സന്തോഷവാര്‍ത്തയനുസരിച്ച് بيعة الرضروان (അല്ലാഹുവിന്റെ പ്രീതി ലഭിച്ച പ്രതിജ്ഞ എന്നും) പറയപ്പെടുന്നു. ഈ ‘ബൈഅത്തി’നെ (പ്രതിജ്ഞയെ) പ്പറ്റി അറിഞ്ഞപ്പോള്‍ ഖുറൈശികള്‍ക്കു ഭയമായി. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി ഒരു സന്ധിക്കു മുമ്പോട്ടു വന്നു.


(***) ഉമര്‍ (رضي الله عنها) ന്റെ ഖിലാഫത്തുകാലത്തു ജനങ്ങള്‍ അതിനെ ഒരു പുണ്യവൃക്ഷമായി ഗണിച്ചുവരുന്നുണ്ടെന്നു അദ്ദേഹം അറിഞ്ഞു. അതിനാല്‍ അതു വെട്ടിക്കളയുവാന്‍ അദ്ദേഹം കല്‍പിക്കുകയുണ്ടായി.


ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങേഅറ്റത്തെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവരുമായി സന്ധിവ്യവസ്ഥ രേഖപ്പെടുത്തി. അതിന്റെ ചുരുക്കം ഇതാണു : 1) ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക. 2) ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ അങ്ങോട്ടു തിരിച്ചയക്കുക, മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ തിരിച്ചയക്കാതിരിക്കുകയും ചെയ്യുക. 3) അടുത്ത കൊല്ലം തിരുമേനിയും സഹാബികളും നിരായുധരായി വന്ന് ഉംറഃ കര്‍മ്മം നിര്‍വഹിക്കുക മൂന്നു ദിവസം താമസിക്കുകയും ചെയ്യാം. 4) ഇരുകക്ഷികളും അവരവരുടെ ഇഷ്ടംപോലെ ആരുമായും സഖ്യം നടത്തുന്നതിനു വിരോധമില്ല.

ഇത്രയും വിട്ടുവീഴ്ചകള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവദിച്ചതു സഹാബികള്‍ക്കു പൊതുവില്‍ ഇഷ്ടമായിരുന്നില്ല. പലരും പലതും പറയുകയുണ്ടായി. നമ്മുടെ അടുക്കല്‍ മുസ്‌ലിമായി വരുന്നവരെ നാമെങ്ങിനെ അവര്‍ക്കു തിരിച്ചുകൊടുക്കും? ഇതായിരുന്നു അവര്‍ക്കു തീരെ സഹിക്കാന്‍ കഴിയാഞ്ഞത്. അല്ലാഹു അവര്‍ക്കു രക്ഷാമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മറുപടി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വപ്നത്തെക്കുറിച്ചായിരുന്നു മറ്റൊരു സംശയം. ഈ സംശയത്തിനു മറുപടിയായി ഉമര്‍ (رضي الله عنه) നോടു അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം ചോദിക്കുകയുണ്ടായി: ‘ഇക്കൊല്ലം തന്നെയാണ് അതെന്ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിട്ടുണ്ടോ? ഇതില്‍നിന്നു ഉമര്‍ (رضي الله عنه)നു കാര്യം മനസ്സിലായി. സന്ധിക്കുശേഷം, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും തല്‍കാലം തിരിച്ചുപോരുകയും, അടുത്ത കൊല്ലം പോയി ഉംറഃ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ഈ ഉംറഃക്കാണ് عُمْرَةُ الْقَضَاءِ (ഉംറത്തുല്‍ -ഖള്വാഉ്) എന്നു പറയുന്നത്. ഹിജ്റ ആറാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തിലാണ് പ്രസ്തുത സന്ധി നടന്നത്.

സന്ധിവ്യവസ്ഥകള്‍ക്കെതിരായി ഖുറൈശികളില്‍നിന്നു ചില സംഭവങ്ങള്‍ ഉണ്ടായി. അതിനെത്തുടര്‍ന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമീപിച്ച് സന്ധി പുതുക്കുവാനും, കാലം ദീര്‍ഘിപ്പിക്കുവാനും ഉപായത്തില്‍ ശ്രമം നടത്തി നോക്കി. പക്ഷേ, ഫലപ്പെടുകയുണ്ടായില്ല. ഇരുകൂട്ടരും സമാധാനത്തില്‍ കഴിഞ്ഞ കാലത്ത് ഇസ്ലാമിന്റെ പ്രബോധനം അയല്‍പ്രദേശങ്ങളിലേക്കു വ്യാപിപിക്കുവാനും, കിസ്രാ, ഖൈസര്‍ തുടങ്ങിയ പല നാടുവാഴികളെയും ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു എഴുത്തുകുത്തുകള്‍ നടത്തുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അവസരം കിട്ടി. ഖുറൈശികളുടെ ഭാഗത്തുനിന്നു സന്ധിലംഘനം ഉണ്ടായപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പതിനായിരം വരുന്ന സഹാബികളും വേണ്ടുന്ന ഒരുക്കത്തോടുകൂടി മക്കായിലേക്കു നീങ്ങുകയും, വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ചരിത്രപ്രസിദ്ധമായ മക്കാവിജയസംഭവം ഉണ്ടാകുകയും ചെയ്തു. അതോടുകൂടി ഖുറൈശികള്‍ മുഴുവനും, അറബികള്‍ പൊതുവിലും ഇസ്‌ലാമിനു കീഴൊതുങ്ങി. ഇതിനെല്ലാം വഴി തെളിയിച്ചതു ഹുദൈബിയ്യാ സന്ധിയായിരുന്നു. എനി, നമുക്ക് ‘വിജയ’ത്തിന്റെ അദ്ധ്യായം വായിക്കാം:-

48:1

  • إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ١
  • (നബിയേ) നിശ്ചയമായും നാം നിനക്കു പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു; –
  • إِنَّا فَتَحْنَا നിശ്ചയമായും നാം തുറന്നുതന്നു (വിജയം നല്‍കി) لَكَ നിനക്കു فَتْحًا مُّبِينًا സ്പഷ്ടമായ ഒരു തുറവി (വിജയം)

48:2

  • لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا ٢
  • നിന്റെ പാപത്തില്‍നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു നിനക്കു പൊറുത്തുതരുവാന്‍ വേണ്ടിയും, അവന്റെ അനുഗ്രഹം നിനക്കവന് പരിപൂര്‍ണ്ണമാക്കുവാനും, (നേരെ) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുവാനും,-
  • لِّيَغْفِرَ لَكَ നിനക്കു പൊറുത്തുതരുവാന്‍ വേണ്ടി اللَّـهُ അല്ലാഹു مَا تَقَدَّمَ മുമ്പുണ്ടായതു, മുന്‍കഴിഞ്ഞതു مِن ذَنبِكَ നിന്റെ പാപത്തില്‍ നിന്നു وَمَا تَأَخَّرَ പിന്നീടുണ്ടാകുന്നതും, പിന്തിയതും وَيُتِمَّ അവന്‍ പരിപൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكَ നിന്റെമേല്‍, നിനക്കു وَيَهْدِيَكَ നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا مُّسْتَقِيمًا ചൊവ്വായ വഴി, നേരായപാത

48:3

  • وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا ٣
  • അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിന്നെ സഹായിക്കുവാനും (വേണ്ടിയും).
  • وَيَنصُرَكَ اللَّـهُ അല്ലാഹു നിന്നെ സഹായിക്കുവാനും نَصْرًا ഒരു സഹായം عَزِيزًا വീര്യപ്പെട്ട (അന്തസ്സാര്‍ന്ന), പ്രതാപകരമായ

ഈ അദ്ധ്യായത്തിന് الفتح (വിജയം) എന്നു പേര്‍ പറയപ്പെടുവാനുള്ള കാരണം ഒന്നാമത്തെ വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഈ വചനത്തില്‍ പ്രസ്താവിച്ച ‘വിജയം’ കൊണ്ടുദ്ദേശ്യം ഹുദൈബിയാ സന്ധിയത്രെ. മക്കാവിജയത്തിനു വഴിതെളിയിച്ച ഈ സംഭവം നിമിത്തം വമ്പിച്ച നേട്ടങ്ങള്‍ ഇസ്ലാമിനുണ്ടായിട്ടുണ്ട്. സുഹ്‌രീ (رحمه الله) പ്രസ്താവിച്ചതുപോലെ, എത്രയോ അധികം ജനങ്ങള്‍ ഇസ്ലാമിനെ ആശ്ലേഷിക്കുവാനും, മുസ്ലിംകളും മുശ്രിക്കുകളും കുറേകാലം ഇടകലര്‍ന്നു സമാധാനപൂര്‍വ്വം പെരുമാറുവാനും, ഇസ്ലാമിനെപ്പറ്റി ജനങ്ങള്‍ക്കു പരിചയപ്പെടുവാനും, അങ്ങിനെ ഇസ്ലാമിനു കൂടുതല്‍ അനുകൂലമായ അന്തരീക്ഷം കൈവരുവാനും കാരണമായിരുന്നു ഹുദൈബിയാ സന്ധി. ഈ സന്ധിക്കും മക്കാവിജയ സംഭവത്തിനും ഇടയ്ക്കുള്ള രണ്ടുകൊല്ലക്കാലം കൊണ്ടു മുസ്ലിംകളുടെ എണ്ണം അതിനുമുമ്പുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആയി വര്‍ദ്ധിക്കുകയുണ്ടായി. ഹുദൈബിയാ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു ആയിരത്തി നാനൂറു പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, മക്കാവിജയസംഭവത്തില്‍ പങ്കെടുത്ത സഹാബികളുടെ എണ്ണം ഏറെക്കുറെ പതിനായിരമായിരുന്നു. ഈ ഇടക്കാലത്താണ് പ്രസിദ്ധമായ ഖൈബര്‍ വിജയവും മുസ്ലിംകള്‍ക്കു കൈവന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ധിയാണ് അറേബ്യ മുഴുവനും ഇസ്ലാമിന്റെ രാജ്യമായിത്തീരുവാന്‍ വഴിവെച്ചത്. അതുകൊണ്ടു തന്നെയാണ് ഇതിനു فتح الفتوح (വിജയങ്ങളുടെ വിജയം – അഥവാ വിജയങ്ങളുടെ ഉദ്ഘാടനം) എന്നു പറയപ്പെടുന്നതും.

ബറാഉ് (رحمه الله) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു. ‘നിങ്ങളൊക്കെ മക്കാവിജയത്തെയാണ് ‘വിജയ’ (الفتح)മായി എണ്ണിവരുന്നത്. മക്കാവിജയം ഒരു വിജയം തന്നെ. പക്ഷേ, ഞങ്ങള്‍ ‘വിജയമായി എണ്ണിവരുന്നതു ഹുദൈബിയാ സന്ധിയെയാകുന്നു……’ ഇതു പോലെ ഇബ്നുമസ്ഊദ് (رضي الله عنه) മുതലായ ചില സഹാബികളില്‍ നിന്നും നിവേദനങ്ങള്‍ കാണാം. ഈ അദ്ധ്യായം അവതരിച്ചതു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹുദൈബിയാ സന്ധികഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യെ വെച്ചാണെന്നുള്ളതും സ്മരണീയമാണ്. എന്നാല്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലരുടെ അഭിപ്രായം മക്കാവിജയമാണ് ഇവിടെ ഉദ്ദേശ്യമെന്നാകുന്നു. ‘നാം നിനക്കു വിജയംനല്‍കി’ (إِنَّا فَتَحْنَا لَكَ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, ആ സന്ധിനിമിത്തം പിന്നീടു കൈവരുവാനിരിക്കുന്ന വിജയത്തെക്കുറിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വാഗ്ദാനവും, സന്തോഷവാര്‍ത്തയും നല്‍കലാണെന്നും അവര്‍ പറയുന്നു. ഖുര്‍ആന്റെ വാചകങ്ങളും, മേല്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളും നോക്കുമ്പോള്‍ ‘വിജയം’ കൊണ്ടുദ്ദേശ്യം ഹുദൈബിയാ സംഭവമാണെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തിയുള്ളത്.

ഈ വിജയം മുഖേനയുള്ള നേട്ടങ്ങളാണ് 2ഉം 3ഉം വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുന്‍കഴിഞ്ഞതും, വരാനിരിക്കുന്നതുമായ പാപങ്ങള്‍ അതുമൂലം അല്ലാഹു പൊറുത്തുകൊടുക്കുമെന്നുള്ളതാണ് ഒന്നാമത്തേത്. നബിമാരുടെ പാപങ്ങള്‍ കൊണ്ടു വിവക്ഷ, കേവലം കുറ്റകരമോ ശിക്ഷാര്‍ഹമോ ആയ ദുഷ്കര്‍മ്മങ്ങളല്ല. കാരണം, അത്തരം പാപങ്ങളില്‍ നിന്നെല്ലാം പരിശുദ്ധരാണ് പ്രവാചകന്മാര്‍. അവരുടെ ഉന്നതപദവിയെ കണക്കിലെടുക്കുമ്പോള്‍ അതിനു അനുയോജ്യമല്ലാത്തതായി ഗണിക്കപ്പെടുന്ന മര്യാദക്കുറവുകളോ, അവര്‍ക്ക് പിണഞ്ഞേക്കാവുന്ന നിസ്സാര അബദ്ധങ്ങളോ ആയിരിക്കും അവരുടെ പാപങ്ങള്‍, ഇതിനെപ്പറ്റി കഴിഞ്ഞ അദ്ധ്യായം 19-ാം വചനത്തിന്റെ വിവരണത്തിലും, സൂ: സ്വാദ് 34 – 38 ന്റെ വിവരണത്തിലും നാം വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മേല്‍ അല്ലാഹു അവന്റെ അനുഗ്രഹം പരിപൂര്‍ണ്ണമാക്കിക്കൊടുക്കുക, ചൊവ്വായ വഴിക്കു നയിക്കുക, പ്രബലവും അന്തസ്സോടുകൂടിയതുമായ സഹായം നല്‍കുക ഇവയാണ് മറ്റു നേട്ടങ്ങള്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനോദ്ദേശ്യം ഇസ്‌ലാമിക പ്രബോധനവും, പ്രചരണവുമാണല്ലോ. ഇതിനുവേണ്ടുന്ന സാഹചര്യങ്ങളും മാര്‍ഗ്ഗങ്ങളും അവന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സജ്ജമാക്കിക്കൊടുത്തു. അതിന്നെതിരില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്ന എല്ലാ തടസ്സങ്ങളെയും അത്ഭുതകരമാംവണ്ണം തട്ടിനീക്കി. അറേബ്യാ മുഴുവനും ഇസ്ലാമിനെ അംഗീകരിക്കുകയും, നൂറ്റാണ്ടുകളായി അവിടെ തേര്‍വാഴ്ച്ച നടത്തിപ്പോന്ന ശിര്‍ക്കിന്റെ ആധിപത്യം നിശ്ശേഷം അവസാനിക്കുകയും, തല്‍സ്ഥാനത്തു ഇസ്ലാമിന്റെ ഏക നേതൃത്വം സ്ഥാപിതമാകുകയും ചെയ്തു. ചുരുക്കത്തില്‍, അറേബ്യായുടെ ചരിത്രം, മിന്നല്‍വേഗം പാടുമാറി. ലോകചരിത്രം തന്നെ മാറ്റി എഴുതപ്പെടുവാനുള്ള അവസരവും അതോടെ സംജാതമായി. ഇതെല്ലാം ഈ വിജയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. ഇഹത്തില്‍വെച്ചു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു നല്‍കിയ അനുഗ്രഹങ്ങളാണിവ, പരലോകത്തു അവന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു പറയേണ്ടതുമില്ല.

കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടതായി അല്ലാഹുവില്‍നിന്നു ലഭിച്ച ആ സന്തോഷവാര്‍ത്ത – അതിനെക്കാള്‍ വലുതായ സന്തോഷവാര്‍ത്ത മറ്റെന്താണ്?- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ ഉളവാക്കിയ പ്രതികരണം എന്തായിരുന്നുവെന്നു ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതാണ്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അഹങ്കരിച്ചില്ല. എനി ഒന്നും ഭയപ്പെടാനില്ല എന്നു വെച്ചു വെറുതെ ഇരുന്നതുമില്ല. മുഗീറഃ (الْمُغِيرَة بْن شُعْبَةَ – رض) പറയുന്നതു നോക്കുക: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അവിടുത്തെ കാലുകളില്‍ നീരുകെട്ടുമാറ് (രാത്രി അധികനേരം) നിന്നു നമസ്കാരം നടത്താറുണ്ടായിരുന്നു. തിരുമേനിയോടു ചോദിക്കപ്പെട്ടു: ‘അല്ലാഹു അങ്ങയുടെ മുന്‍ചെയ്ത പാപങ്ങളും പിന്നീടുള്ള പാപങ്ങളും അങ്ങേക്കു പൊറുത്തുതന്നിട്ടുണ്ടല്ലോ. (പിന്നെ, എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്)?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ ഉത്തരം പറഞ്ഞു : أَفَلاَ أَكُونُ عَبْدًا شَكُورًا (അപ്പോള്‍, ഞാനൊരു നന്ദിയുള്ള അടിമയായിരിക്കേണ്ടതല്ലേ?! (അ; ബു; മു; തി; ന; ജ.)

48:4
  • هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ٤
  • അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنزَلَ ഇറക്കിയ السَّكِينَةَ ശാന്തത, സമാധാനം, അടക്കം فِي قُلُوبِ ഹൃദയങ്ങളില്‍ الْمُؤْمِنِينَ സത്യവിശ്വാസികളുടെ لِيَزْدَادُوا അവര്‍ (അവര്‍ക്കു) വര്‍ദ്ധിപ്പിക്കുവാന്‍ إِيمَانًا വിശ്വാസം, വിശ്വാസത്തില്‍ مَّعَ إِيمَانِهِمْ അവരുടെ വിശ്വാസത്തോടു കൂടി وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍

48:5

  • لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا ٥
  • സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകി കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ – അവരതില്‍ നിത്യവാസികളായ നിലക്ക് – അവന്‍ പ്രവേശിപ്പിക്കുവാനും; അവര്‍ക്കു അവരുടെ തിന്മകളെ (മാപ്പ് ചെയ്ത്) മൂടിവെച്ച് കൊടുക്കുവാനും വേണ്ടി (യാണ് അത്) അതു അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ ഭാഗ്യമാകുന്നു.
  • لِّيُدْخِلَ അവന്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടി الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദികള്‍) خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിട്ടു وَيُكَفِّرَ عَنْهُمْ അവര്‍ക്കു മാപ്പ് ചെയ്‌വാനും, മൂടിവെക്കുവാനും سَيِّئَاتِهِمْ അവരുടെ തിന്മകള്‍ وَكَانَ ذَٰلِكَ അതാകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَوْزًا عَظِيمًا മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഹുദൈബിയാ വിജയംമൂലം സിദ്ധിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞശേഷം, സത്യവിശ്വാസികളായ അല്ലാഹുവിന്റെ സൈന്യങ്ങള്‍ക്കു അതുമൂലം സിദ്ധിച്ചതും, സിദ്ധിക്കുവാനിരിക്കുന്നതുമായ അനുഗ്രഹങ്ങളെ ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തില്‍വെച്ച് അവര്‍ക്കു മനസ്സമാധാനവും, വിശ്വാസവര്‍ദ്ധനവും അവയെത്തുടര്‍ന്നുള്ള മറ്റു കാര്യങ്ങളും ലഭിക്കുന്നുവെങ്കില്‍, പരലോകത്തു സര്‍വ്വഗുണസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയജീവിതമാണ് അവര്‍ക്കുള്ളത്. അല്‍പജ്ഞാനികളും, അവിശ്വാസികളും തങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമായിക്കണക്കാക്കുന്നതു ഐഹികജീവിതത്തിന്റെ സുഖസൗകര്യങ്ങളാണല്ലോ. അല്ലാഹുവിന്റെ അടുക്കല്‍ അതല്ല മനുഷ്യന്റെ ഭാഗ്യം. ഇഹത്തില്‍ മനസ്സമാധാനം, സത്യവിശ്വാസം മുതലായവയും, പരലോകത്തു പാപമോചനം, സ്വര്‍ഗ്ഗീയജീവിതം ആദിയായവയുമാകുന്നു.

അല്ലാഹുവിനു ഭൂമിയില്‍ മാത്രമല്ല, ആകാശത്തും കണക്കറ്റ സൈന്യങ്ങളുണ്ട്. (وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ) അവന്റെ സൈന്യങ്ങളെക്കുറിച്ച് അവന്നല്ലാതെ മറ്റാര്‍ക്കും അറിയുന്നതുമല്ല. (وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ- المدثر )ആകാശത്തുള്ള ഒരു മലക്കു മാത്രം മതി, ഈ ഭൂമിയില്‍ അല്ലാഹുവിന്റെ ശത്രുക്കളെ മുഴുവനും നശിപ്പിക്കുവാന്‍. പക്ഷേ, മഹത്തായ ചില ലക്ഷ്യങ്ങളെ മുന്‍നിറുത്തിക്കൊണ്ട് സത്യവിശ്വാസികളാകുന്ന സൈന്യത്തെയാണ് അവന്‍ ധര്‍മ്മസമരത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്.

48:6
  • وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًا ٦
  • അല്ലാഹുവിനെക്കുറിച്ച് ദുഷിച്ചധാരണ ധരിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളെയും, കപടവിശ്വാസിനികളെയും, ബഹുദൈവവിശ്വാസികളെയും, ബഹുദൈവ വിശ്വാസിനികളെയും അവന്‍ ശിക്ഷിക്കുവാനും (കൂടിയാകുന്നു അത്.) അവരുടെമേല്‍ തിന്മയുടേതായ വലയം ഉണ്ട്; അല്ലാഹു അവരുടെമേല്‍ കോപിക്കുകയും, അവരെ ശപിക്കുകയും, അവര്‍ക്ക് ‘ജഹന്നം’ [നരകം] ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
    അതു വളരെ മോശമായ പര്യവസാന സ്ഥലം!
  • وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവവിശ്വാസിനികളെയും الظَّانِّينَ ധരിക്കുന്ന (ഊഹിക്കുന്ന – വിചാരിക്കുന്ന)വരായ بِاللَّـهِ അല്ലാഹുവിനെപ്പറ്റി ظَنَّ السَّوْءِ ദുഷിച്ച ധാരണ, ചീത്തവിചാരം عَلَيْهِمْ അവരുടെമേല്‍ ഉണ്ട് دَائِرَةُവൃത്തം, വലയം السَّوْءِ തിന്മയുടെ, ദൂഷ്യത്തിന്റെ وَغَضِبَ കോപിക്കുകയും ചെയ്തിരിക്കുന്നു اللَّـهُ അല്ലാഹു عَلَيْهِمْ അവരുടെമേല്‍ وَلَعَنَهُمْ അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നം وَسَاءَتْ അതു വളരെ മോശപ്പെട്ടതാണ് مَصِيرًا പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം

48:7

  • وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ٧
  • അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
  • وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞന്‍

ഹുദൈബിയാ വിജയത്തിന്റെ നേട്ടങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ലഭിച്ചതായ നാലു നന്മകളെ 2-ഉം 3-ഉം ആയത്തുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടി:

1) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുക. 2) അനുഗ്രഹം പൂര്‍ണ്ണമാക്കിക്കൊടുക്കുക. 3) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നയിക്കുക. 4) അന്തസ്സുറ്റ സഹായം നല്‍കുക, ഇവയാണത്. 4ഉം 5ഉം വചനങ്ങളില്‍ സത്യവിശ്വാസികള്‍ക്കു ലഭിച്ച നാലു നന്മകളെയും ചൂണ്ടിക്കാട്ടി: 1) മനശ്ശാന്തി, 2) സത്യവിശ്വാസത്തില്‍ വര്‍ദ്ധനവ്. 3) സ്വര്‍ഗ്ഗപ്രവേശനം. 4) പാപമോചനം. അതേസമയത്തു അല്ലാഹുവിന്റെ ശത്രുക്കളും, അവനെപ്പറ്റി തെറ്റായ ധാരണയും, ദുഷ്ടവിചാരങ്ങളും വെച്ചു പുലര്‍ത്തിവരുന്ന കപടവിശ്വാസികളോ, ബഹുദൈവ വിശ്വാസികളോ ആയ സ്ത്രീപുരുഷന്മാര്‍ക്കു അതുമൂലം ലഭിക്കുന്നതെന്താണെന്നത്രെ 6-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്: 1) ശിക്ഷ, ശിര്‍ക്കിന്റെയും നിഫാഖിന്റെയും (ബഹുദൈവ വിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെ)യും നാരായവേരറ്റു പോയതു ഹുദൈബിയ്യാ സന്ധി മുതല്‍ക്കാണല്ലോ. 2) അല്ലാഹുവിന്റെ കോപം. 3) അവന്റെ ശാപം. 4) അവസാനം നരകവും! ഓരോ വിഭാഗക്കാരുടെയും നേട്ടങ്ങള്‍ തമ്മിലുള്ള അന്തരം നോക്കുക!

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും മേല്‍കണ്ട ഗുണദോഷഫലങ്ങളില്‍ പങ്കുകാരാണെന്നു അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതും, അവനു ആകാശങ്ങളിലും ഭൂമിയിലും സൈന്യങ്ങളുണ്ടെന്നു ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞതും ശ്രദ്ധേയമാകുന്നു. അവന്‍ സര്‍വ്വജ്ഞനാണ്, യുക്തിമത്തായ നിലയില്‍ കാര്യങ്ങള്‍ നടത്തുന്ന അഗാധജ്ഞനാണ്, ആര്‍ക്കും വെല്ലുവാന്‍ കഴിയാത്ത പ്രതാപശാലിയാണു എന്നൊക്കെ ഉണര്‍ത്തിയതും, സഗൗരവം മനസ്സിരുത്തേണ്ടതുണ്ട്.

48:8
  • إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا ٨
  • (നബിയേ) നിശ്ചയമായും നിന്നെ ഒരു സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി നാം (നിയോഗിച്ച്) അയച്ചിരിക്കുകയാണ്.
  • إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായിട്ടു وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതുകാരനായും

സൂ: അഹ്സാബ് 45-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.

48:9
  • لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ٩
  • നിങ്ങള്‍ അല്ലാഹുവിലും, അവന്റെ ‘റസൂലി’ലും വിശ്വസിക്കുകയും, അവനെ (ബഹുമാനിച്ച്) സഹായിക്കുകയും, വന്ദിക്കുകയും ചെയ്‌വാനും, കാലത്തും, വൈകുന്നേരവും നിങ്ങള്‍ അവന് ‘തസ്ബീഹു’ (സ്തോത്രകീര്‍ത്തനം) ചെയ്‌വാനും (വേണ്ടിയാണത്).
  • لِّتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി وَرَسُولِهِ بِاللَّـهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُعَزِّرُوهُ അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും وَتُوَقِّرُوهُ അവനെ വന്ദിക്കുവാനും وَتُسَبِّحُوهُ അവന് തസ്ബീഹു ചെയ്യുവാനും بُكْرَةً രാവിലെ, നേരത്തെ وَأَصِيلًا വൈകുന്നേരവും, വൈകിയിട്ടും

സാക്ഷി, സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍, താക്കീതു നല്‍കുന്നവന്‍ എന്നീ മൂന്നു സ്ഥാനവിശേഷതകളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ നിയോഗിച്ചതിന്റെ ലക്ഷ്യം എന്തൊക്കെയാണെന്നാണ് ഈ വചനത്തില്‍ സംക്ഷിപ്തമായി ചൂണ്ടിക്കാട്ടുന്നത്. ഒരു സത്യവിശ്വാസി അവന്റെ ജീവിതത്തില്‍ സ്വീകരിക്കുകയും, അനുഷ്ഠിക്കുകയും ചെയ്യേണ്ടതുള്ള എല്ലാ കാര്യങ്ങളും ഈ വചനത്തില്‍ പ്രസ്താവിച്ച നാലു കാര്യങ്ങളുടെ പൂര്‍ത്തീകരണവും വിശദാംശങ്ങളുമാണെന്നു പറയാം. تُعَزِّرُ എന്ന വാക്കിനു ‘ശക്തിപ്പെടുത്തുക, ബഹുമാനിക്കുക, സഹായിക്കുക’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ബഹുമാനാര്‍ത്ഥം സഹായിക്കുക എന്നത്രെ ഇവിടെ ഉദ്ദേശ്യം. (مفرادة الراغب). അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം, അവന്റെ മതത്തെ സഹായിക്കുക എന്നാകുന്നു.