എട്ടാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തുല്‍ ഇസ്രാഉ് : ആയത്ത് 01 മുതൽ 10 വരെ

സൂറത്തുല്‍ ഇസ്രാഉ് : 01-10

ഇസ്റാഅ്‌ (നിശായാത്ര)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 111 – വിഭാഗം (റുകുഅ്) 12

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

ജുസ്ഉ് – 15

വിഭാഗം – 1

[‘സൂറത്തുല്‍ ബനൂ ഇസ്രാഈല്‍’ എന്നും ‘സൂറത്ത് സുബ്ഹാന’ എന്നും ഈ സൂറത്തിനു പേര് പറയപ്പെടാറുണ്ട്. ഇസ്രാഈല്യരുടെ ചരിത്ര സംഭവങ്ങള്‍ പലതും ഇതില്‍ വിവരിക്കപ്പെട്ടിരിക്കുന്നതില്‍ നിന്നാണ് സൂറത്ത് ബനൂഇസ്രാഈല്‍ എന്ന പേരു വന്നത്. ‘സുബ്ഹാന’ എന്ന പേര്‍ സൂറത്തിന്റെ തുടക്കത്തെയും, ‘ഇസ്രാഉ്’ എന്ന പേര്‍ ആദ്യവചനത്തില്‍ പ്രസ്താവിക്കുന്ന ഇസ്രാഉ് (രാപ്രയാണ) സംഭവത്തെയും സൂചിപ്പിക്കുന്നു. ഇതു മക്കീ സൂറത്തുകളില്‍പെട്ടതായി എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്. അവ ഇന്നതൊക്കെയാണെന്നുള്ളതില്‍ ഏകോപിച്ച അഭിപ്രായമില്ല.]

എല്ലാ രാത്രിയിലും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനി സൂറത്തുബനൂഇസ്രാഈലും, സൂറത്തുസുമറും ഓതാറുണ്ടായിരുന്നുവെന്നു ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അഹ്മദു, തിര്‍മദീ, നസാഈ (رحمهم الله) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു.

17:1

  • سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١﴿
  • യാതൊരുവന്‍ മഹാപരിശുദ്ധന്‍! തന്റെ അടിയാനെ ഒരു രാത്രിയില്‍ ‘മസ്ജിദുല്‍ ഹറാമി’ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു അവന്‍ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു, ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) ‘മസ്ജിദുല്‍ അഖ്സ്വാ’ [അങ്ങേഅറ്റത്തെ പള്ളി]യിലേക്കു; നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതെല്ലാം) അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി. നിശ്ചയമായും, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമായുള്ളവന്‍.
  • سُبْحَانَ മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു الَّذِي أَسْرَىٰ രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ بِعَبْدِهِ തന്റെ അടിമയെ, അടിയാനെ لَيْلًا ഒരു രാത്രിയില്‍ مِّنَ الْمَسْجِدِ മസ്ജിദില്‍ (പള്ളിയില്‍) നിന്നു الْحَرَامِ ഹറാമായ (അലംഘനീയമായ – പവിത്രമായ) إِلَى الْمَسْجِدِ മസ്ജിദിലേക്കു (പള്ളിയിലേക്കു) الْأَقْصَى അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള) الَّذِي യാതൊരു (പള്ളി) بَارَكْنَا നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം – അനുഗ്രഹം – ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു حَوْلَهُ അതിന്റെ ചുറ്റുപാടില്‍ لِنُرِيَهُ അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു إِنَّهُ هُوَ നിശ്ചയമായും അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْبَصِيرُ കാണുന്നവന്‍, കാണുന്നവനായ

[നമ്മുടെ അടിയാന്നു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും (ചിലതെല്ലാം) കാണിച്ചു കൊടുക്കുവാന്‍ വേണ്ടി ‘മസ്ജിദുല്‍ ഹറാമി’ല്‍നിന്ന് ഒരു രാത്രിയില്‍ ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചിട്ടുള്ള ‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു അദ്ദേഹത്തെ രാപ്രയാണം ചെയ്യിച്ചവന്‍ (അല്ലാഹു) മഹാപരിശുദ്ധന്‍ തന്നെ, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമായുള്ളവന്‍].

ഒരു രാത്രിയില്‍ മക്കായില്‍നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്കും, പിന്നീട് അവിടെനിന്ന് ആകാശത്തേക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത രണ്ടു യാത്രകളില്‍ ഒന്നാമത്തേത് اَلْإِسْرَاء (രാപ്രയാണം – അഥവാ രാവുയാത്ര) എന്നും, രണ്ടാമത്തേത് اَلْمِعْرَاج (ആകാശാരോഹണം – അഥവാ വാനയാത്ര) എന്നുമുള്ള പേരുകളില്‍ പ്രസിദ്ധമാണ്. സാമാന്യമായിട്ടെങ്കിലും അവയെക്കുറിച്ചു അറിയാത്തവര്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരിക്കുവാന്‍ പ്രയാസമാണ്. ആകാശാരോഹണത്തെ (മിഅ്റാജി’നെ) സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ സൂറത്തുന്നജ്മ് : 13-18ല്‍ കാണാവുന്നതാണ്. (ആ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക) രാപ്രയാണത്തെ (‘ഇസ്രാഉ്-നെ) ക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദവിവരം നമുക്ക് ലഭിക്കുന്നത് ഹദീഥുകളില്‍ നിന്നാകുന്നു. ‘ഇസ്രാഉ്’ സംബന്ധിച്ചു ഈ വചനത്തില്‍ അല്ലാഹു പറഞ്ഞ വാക്യങ്ങളെ നമുക്ക് പരിശോധിക്കാം.

سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ രാപ്രയാണം ചെയ്യിച്ചവന്‍ മഹാപരിശുദ്ധന്‍) എന്നുള്ള ‘തസ്ബീഹി’ന്റെ പ്രയോഗം, ആ പ്രയാണം കേവലം സാധാരണപോലെയുള്ള ഒരു യാത്രയല്ലെന്നും, അത്ഭുതകരവും അസാധാരണവുമായ ഒരു യാത്രയായിരുന്നുവെന്നും കാണിക്കുന്നു. سُبْحَانَ (സുബ്ഹാന) എന്ന പദം ഉപയോഗിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നതായി ക്വുര്‍ആനില്‍ വന്നിട്ടുള്ള സ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. أَسْرَىٰ (അസ്റാ) എന്ന ക്രിയയില്‍ നിന്നു തന്നെ ആ യാത്ര രാത്രി കാലത്തായിരുന്നുവെന്നറിയാമെങ്കിലും ഒരു രാത്രിയുടെ ഏതാനും ഭാഗമേ അതിന് എടുത്തിട്ടുള്ളുവെന്നു لَيْلًا (ഒരു രാത്രിയില്‍) എന്ന വാക്കില്‍ നിന്നു മനസ്സിലാക്കാം. യാത്രയുടെ തുടക്കത്തെപ്പറ്റി مِّنَ الْمَسْجِدِ الْحَرَامِ (‘മസ്ജിദുല്‍ ഹറാമില്‍’ നിന്നു) എന്നത്രെ അല്ലാഹു പറഞ്ഞത്.

കഅ്ബയുടെ ചുറ്റുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന പള്ളിക്കാണ് സാധാരണമായി ‘മസ്ജിദുല്‍ഹറാം’ എന്നു പറയാറുള്ളത്. ഹദീഥുകളിലാകട്ടെ, മസ്ജിദുല്‍ ഹറാമില്‍ നിന്നു എന്നും, ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ നിന്നു എന്നും, ഹിജ്റില്‍ നിന്നു എന്നും രിവായത്തുകള്‍ വ്യത്യസ്ത രൂപത്തില്‍ വന്നിട്ടുണ്ട് താനും. അതുകൊണ്ട് ‘മസ്ജിദുല്‍ ഹറാമു’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപെട്ടിരിക്കുന്നത് – പല മഹാന്‍മാരും പറയുന്നതുപോലെ, മക്കാഹറമോ, മക്കാരാജ്യമോ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. മക്കയെയും, മക്ക ഹറമിനെയും ഉദ്ദേശിച്ചു ‘മസ്ജിദുല്‍ ഹറാം’ എന്നു പറയാമെന്നു അല്‍ബക്വറ: 191, 196 എന്നീ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ടുതാനും. ഉമ്മുഹാനീ (رضي الله عنها) യുടെ വീടും മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തിലായിരുന്നുവെന്നുള്ളതും, ഹിജ്ര്‍ കഅ്ബയുടെ ഒരു ഭാഗമാണെന്നുള്ളതും (*) പ്രസ്താവ്യമാകുന്നു. ഇതും ഹദീഥിന്റെ രിവായത്തുകളുംകൂടി പരിശോധിക്കുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹോദരി ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നേടത്തു നിന്ന് എഴുന്നേറ്റ് മസ്ജിദുല്‍ ഹറാമിലേക്ക് പോയെന്നും, പിന്നീട് ഹിജ്റില്‍വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ (ശരിക്കും ഉറങ്ങി കഴിഞ്ഞിട്ടില്ലാത്ത) അവസ്ഥയിലായിരിക്കുമ്പോഴായിരുന്നു ഇസ്രാഇന്റെ തുടക്കമുണ്ടായതെന്നും, കിടന്നിരുന്ന വിരുപ്പില്‍ തന്നെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയെന്നും പല മഹാന്‍മാരും ചൂണ്ടിക്കാട്ടുന്നു.


(*) ഇപ്പോഴുള്ള കഅ്ബാ കെട്ടിടത്തിനുള്ളില്‍ പെടുത്താതെ, അതോടു ചേര്‍ത്തു അല്‍പം ഉയരത്തില്‍ മതില്‍ കെട്ടപ്പെട്ടു കിടക്കുന്നതും, സാക്ഷാല്‍ കഅ്ബയുടെ സ്ഥാനം തന്നെ ഉള്ളതുമായ സ്ഥലത്തിനത്രെ ഹിജ്ര്‍ – അഥവാ ഹിജ്ര്‍ ഇസ്മാഈല്‍ – എന്നു പറയപ്പെടുന്നത്.


إِلَى الْمَسْجِدِ الْأَقْصَى (‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു) – അഥവാ ബൈത്തുല്‍ മുഖദ്ദസുവരെ – ആയിരുന്നു ആ യാത്ര. അവിടുന്നങ്ങോട്ടു ഉപരി ലോകത്തേക്കുണ്ടായ യാത്രയാണു ‘മിഅ്റാജ്’. അതിനെക്കുറിച്ചു ഇവിടെ പരാമര്‍ശമൊന്നുമില്ല. ബൈത്തുല്‍ മുഖദ്ദസിലെ പള്ളി മക്കായില്‍നിന്നു വളരെ – അഥവാ അക്കാലത്ത് ഒരു മാസത്തെ യാത്രാദൂരം – അകലെയായതുകൊണ്ടും, അക്കാലത്തു അതിനപ്പുറം പള്ളി ഇല്ലാതിരുന്നതുകൊണ്ടുമാണ് അതിനെ അങ്ങേ അറ്റത്തേതു (الْأَقْصَى) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. الَّذِي بَارَكْنَا حَوْلَهُ (ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചത്‌_ എന്നു അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. വിവിധതരം കൃഷികളാലും തോട്ടങ്ങളാലും സമൃദ്ധവും അനുഗ്രഹീതവുമത്രെ അന്നും ഇന്നും ആ പ്രദേശങ്ങള്‍. അതോടുകൂടി, ഇബ്രാഹീം (عليه الصلاة والسلام) നബി മുതല്‍ അനേകം പ്രവാചകന്‍മാരുടെയും, അവരുടെ മതപ്രബോധന സംരംഭങ്ങളുടെയും ചരിത്രങ്ങള്‍ക്ക് ചിരകാല സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യവും ആ നാടുകള്‍ക്കു അല്ലാഹു നല്‍കിയിട്ടുണ്ട്. لِنُرِيَهُ مِنْ آيَاتِنَا (നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നും അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടി) ഇതായിരുന്നു ആ പ്രയാണത്തിന്റെ ലക്‌ഷ്യം. ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുദ്ദേശ്യം എന്താണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്രസ്തുത യാത്രാ വേളയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കണ്ടതും, അനുഭവിച്ചതുമായി പ്രബലമായ ഹദീഥുകളില്‍ വന്നിട്ടുള്ള അല്‍ഭുതകരമായ സംഭവങ്ങളും, അവിടുത്തേക്കു സിദ്ധിച്ച അനുഗ്രഹങ്ങളുമായിരിക്കും അതുകൊണ്ടു വിവക്ഷയെന്നു സാമാന്യമായി മനസ്സിലാക്കാവുന്നതാണ്. ഒരു രാത്രിയുടെ ഏതാനും സമയംകൊണ്ടു ഒരു മാസത്തെ വഴി ദൂരമുള്ള സ്ഥലത്തെത്തി മടങ്ങുവാന്‍ കഴിഞ്ഞത്, ചരിത്ര പ്രധാനമായ ബൈത്തുല്‍ മുഖദ്ദസു പള്ളിയും കണ്ടത്, കഴിഞ്ഞുപോയ പല പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് എന്നിങ്ങിനെ ഹദീഥുകളില്‍ വന്നിട്ടുള്ളതെല്ലാം ആ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു.

തന്റെ അടിയാന്റെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ – എല്ലാ സ്ഥിതിഗതികളും കേട്ടും കണ്ടും അറിയുന്നവനാണ് അല്ലാഹു, അതുകൊണ്ടു തന്നെയാണു അസാധാരണവും അത്ഭുതകരവുമായ ഈ യാത്രപോലെയുള്ള അനുഗ്രഹങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചതും, ഇങ്ങിനെയുള്ള സൂചനയാണു അവസാനത്തെ വാക്യം. إِنَّهُ هُوَ السَّمِيعُ الْبَصِيرُ (നിശ്ചയമായും അവന്‍ കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു).


‘ഇസ്രാഉം’, ‘മിഅ്റാജും’. (രാവുയാത്രയും, വാനയാത്രയും)

ഉമര്‍, അലി, ഇബ്നു മസ്ഊദു, അനസ്, അബൂഹുറൈറ, അബൂദര്‍റ്ഃ, ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُم) മുതലായ സ്വഹാബീ പ്രമുഖന്‍മാരില്‍നിന്നും, ഉമ്മുഹാനീ, അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْهُما) എന്നീ പ്രമുഖ വനിതാ സ്വഹാബികളില്‍ നിന്നുമായി ബുഖാരീ, മുസ്‌ലിം (رحمهما الله) തുടങ്ങിയ ഹദീഥു പണ്ഡിതന്‍മാര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടി ഈ വിഷയം സംബന്ധിച്ചു ധാരാളം ഹദീഥുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ചിലതില്‍ സുദീര്‍ഘമായും, ചിലതില്‍ സംക്ഷിപ്തമായും സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളില്‍ ചില രിവായത്തുകള്‍ തമ്മില്‍ അല്‍പം ചില വ്യത്യാസങ്ങള്‍ കാണപ്പെടുമെങ്കിലും പ്രധാന വശങ്ങളില്‍ അവ തമ്മില്‍ യോജിപ്പു കാണാവുന്നതാണ്. മിക്കവാറും ഹദീഥുകളും രിവായത്തുകളും ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ (رحمه الله) ഇസ്രാഇനെപ്പറ്റി പ്രസ്താവിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കുന്നു:-

‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ച്ചയിലായിരുന്നപ്പോള്‍ തന്നെ – സ്വപ്നത്തിലല്ല – മക്കയില്‍ നിന്നു ബൈത്തുല്‍ മുഖദ്ദസിലേക്ക് ‘ബുറാക്വി’ന്‍മേല്‍ രാത്രിയില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊണ്ടുപോകപ്പെട്ടു. പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ മൃഗത്തെ (ബുറാക്വിനെ) വാതില്‍ക്കല്‍ കെട്ടി. പള്ളിയില്‍ കടന്ന് രണ്ടു റക്അത്തു ‘തഹിയ്യത്ത്’ (*) നമസ്കരിച്ചു. പിന്നീട് ‘മിഅ്റാജ്’ (**) കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണിപോലെയായിരുന്നു അത്. അതിലായി അടുത്ത ആകാശത്തിലേക്കും, മറ്റുള്ള ആകാശത്തിലേക്കും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കയറിപ്പോയി. അതതിലെ പ്രധാനികളായ ആളുകള്‍ (മലക്കുകള്‍) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സ്വീകരിച്ചു. ആകാശങ്ങളിലുണ്ടായിരുന്ന പ്രവാചകന്‍മാര്‍ (***)ക്ക് അവരവരുടെ പദവിക്രമമനുസരിച്ച്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സലാം പറയുകയും ചെയ്‌തു. അങ്ങനെ, ആറാം ആകാശത്തില്‍ ‘കലീമായ’ (അല്ലാഹുവിന്റെ സംസാരം നേരില്‍ കേട്ട പ്രവാചകനായ) മൂസാനബി (عليه الصلاة والسلام)യുടെയും, ഏഴാം ആകാശത്തില്‍ ‘ഖലീലായ (അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി എന്ന് അല്ലാഹു വിശേഷിപ്പിച്ച) ഇബ്രാഹീം നബി (عليه الصلاة والسلام)യുടെയും അടുക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെന്നു. പിന്നീട് അവിടെ നിന്നും അപ്പുറം കടന്നു അല്ലാഹു കണക്കാക്കുന്ന കാര്യങ്ങളെ രേഖപ്പെടുത്തുന്ന പേനകളുടെ ചലനം കേള്‍ക്കുമാറുള്ള ഒരു മണ്ഡലത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്തി. ‘സിദ്റതുല്‍ മുന്‍തഹാ’ (****) എന്ന വൃക്ഷവും കണ്ടു. അതിമഹത്തായ പല കാര്യങ്ങളും കണക്കറ്റ വര്‍ണങ്ങളും, മലക്കുകളും അതിനെ ആവാരണം ചെയ്തിരുന്നു. അവിടെവെച്ച് ജിബ്‌രീല്‍ (عليه الصلاة والسلام) നെ അദ്ദേഹത്തിന്റെ സാക്ഷാല്‍രൂപത്തില്‍ അറുന്നൂറ് ചിറകുകള്‍ സഹിതം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണുകയുണ്ടായി (*****). ‘ബൈത്തുല്‍മഅ്മൂറും’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടു (******). ഭൂമിയിലെ ‘കഅ്ബഃ’ യുടെ സ്ഥാപകനായ ഇബ്രാഹീം നബി (عليه الصلاة والسلام) അതിലേക്ക് പുറംചാരി ഇരിക്കുന്നതായിട്ടാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടത്. കാരണം അത് ആകാശത്തിലെ ‘കഅ്ബഃ’യാകുന്നു. ദിവസംതോറും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചു ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നു. അവര്‍ പിന്നീട് ക്വിയാമത്തുനാള്‍വരെ അതിലേക്ക് മടങ്ങിവരുകയില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വര്‍ഗ്ഗവും നരകവും കണ്ടു. അമ്പതു നേരത്തെ നമസ്കാരം അവിടെ വെച്ചു നിര്‍ബന്ധമാക്കപ്പെട്ടു. അനന്തരം (മൂസാനബിയുടെ ഉപദേശപ്രകാരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോട് അപേക്ഷിച്ചതനുസരിച്ച് എണ്ണം കുറേശ്ശെ ചുരുക്കിക്കൊടുത്തുകൊണ്ട്) അതില്‍ ലഘുത്വം നല്‍കി. അത് അഞ്ച് നേരമാക്കി ഇളവുചെയ്തുകൊടുക്കുകയും ചെയ്തു. നമസ്കാരത്തിന്റെ മഹത്വവും, മനുഷ്യരോട് അല്ലാഹുവിനുള്ള കാരുണ്യവും നിമിത്തമാണത്. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബൈത്തുല്‍ മുഖദ്ദസിലേക്ക് ഇറങ്ങിപ്പോരുകയും (അവിടെ വെച്ചു കണ്ട) പ്രവാചകന്‍മാരെയും കൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നീട്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബുറാക്വിന്‍മേല്‍ കയറിക്കൊണ്ട് (നിശാന്ത്യത്തിലെ) ഇരുട്ടത്ത് തന്നെ മക്കായിലേക്ക് മടങ്ങിവരുകയും ചെയ്തു. വാസ്തവം അല്ലാഹുവിനറിയാം. ആ യാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പാലും, തേനും മറ്റും കാണിക്കപ്പെട്ടതും അവിടുന്ന് പാല്‍ തിരഞ്ഞെടുത്തതും ബൈത്തുല്‍ മുഖദ്ദസില്‍ വെച്ചാണെന്നും, ആകാശത്തു വെച്ചാണെന്നും (രിവായത്ത്) വന്നിട്ടുണ്ട്. ഒരു പക്ഷേ, രണ്ടിടത്ത് വെച്ചും അത് ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ട്. കാരണം, സന്ദര്‍ശനത്തിന് വരുന്ന ആള്‍ക്ക് നല്‍കപ്പെടുന്ന ഒരു സല്‍ക്കാരം പോലെയുള്ളതാണല്ലോ അത്. അല്ലാഹുവിനറിയാം. [‘ഇബ്നു കഥീറി’ന്റെ പ്രസ്താവന അവസാനിച്ചു.]


(*) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഒരു ഉപചാരമെന്നോണം ചെയ്യപ്പെടേണ്ടുന്ന നമസ്കാരമാണ് തഹിയ്യത്ത്.
(**). കയറിപ്പോകാനുള്ള സാധനം.
(***). ഈ കാഴ്ച്ചയെപ്പറ്റിയും മറ്റും താഴെ വിവരിക്കുന്നുണ്ട്.
(****). സ്വര്‍ഗത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരത്ഭുത മഹാവൃക്ഷമാണ് ‘സിദ്റത്തുല്‍ മുന്‍തഹാ’ (سدرة المنتهى). ഇതിനെപ്പറ്റി സൂറത്തുന്നജ്മ് 14-18ലും ,ഹദീഥുകളിലും വിവരിക്കപ്പെട്ടിരിക്കുന്നു. സൂറത്തുന്നജ്മിന്റെ വ്യാഖ്യാനത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചത് നോക്കുക.
(*****). ഇതിനെപ്പറ്റിയും സൂറത്തുന്നജ്മില്‍ പരാമര്‍ശമുണ്ട്.
(******). സദാ പെരുമാറ്റമുള്ള ഭവനം എന്നാണ് ‘ബൈത്തുല്‍ മഅ്മൂര്‍’ എന്ന വാക്കിന്റെ സാരം. തുടര്‍ന്നുള്ള വിവരണത്തില്‍ നിന്ന് ഇതിനെപ്പറ്റി സാമാന്യം ഗ്രഹിക്കാം.


നേരം പുലര്‍ന്നശേഷം, രാത്രിയിലുണ്ടായ അസാധാരണവും അത്യല്‍ഭുതകരവുമായ ഈ സംഭവത്തെക്കുറിച്ചു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ജനങ്ങളെ അറിയിക്കേണ്ട താമസം, ജനമദ്ധ്യെ അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ പലതരത്തിലായിരുന്നു. കൈകൊട്ടിച്ചിരിക്കുന്നവര്‍, തലയില്‍ കൈവെച്ച് ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ എന്നിങ്ങിനെ പല രൂപത്തിലും അവര്‍ പരിഹാസത്തിന്റെയും, നിഷേധത്തിന്റെയും പ്രകടനങ്ങള്‍ നടത്തി. ചിലര്‍ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അടുക്കലേക്ക് ഓടി വിവരം പറഞ്ഞ് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെ പറഞ്ഞുവോ?, എന്നു മാത്രമേ അദ്ദേഹത്തിന് അറിയേണ്ടതുണ്ടായിരുന്നുള്ളു. ‘അതെ, അദ്ദേഹം അങ്ങിനെ പറഞ്ഞു’ എന്നറിഞ്ഞതോടെ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സത്യമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’. അവര്‍ ചോദിച്ചു: ‘ ഒരു രാത്രികൊണ്ടു അവന്‍ ശാമില്‍ പോയി വന്നുവെന്ന് പറഞ്ഞത് താങ്കള്‍ വിശ്വസിക്കുന്നുവോ? അദ്ദേഹം മറുപടി പറഞ്ഞു: ‘അതിനെക്കാള്‍ വിദൂരമായ വിഷയത്തിലും ഞാനദ്ദേഹത്തെ വിശ്വസിക്കും. ആകാശത്തുനിന്നുള്ള വര്‍ത്തമാനത്തില്‍ ഞാനദ്ദേഹത്തെ വിശ്വസിച്ചു വരുന്നു’. ഇതു മുതല്‍ക്കാണ് അദ്ദേഹത്തെപ്പറ്റി ‘സിദ്ദീഖ്’ (الصديق മഹാ സത്യവാന്‍ – അഥവാ സത്യസന്ധന്‍) എന്നു വിളിക്കപ്പെട്ടുവന്നതെന്നു പറയപ്പെടുന്നു.

പിന്നീട്, ബൈത്തുല്‍ മുഖദ്ദസ് നേരില്‍ പോയി കണ്ടിട്ടുള്ളവരുടെ മുമ്പില്‍ വെച്ചു ആ പള്ളിയെപ്പറ്റി പലതും ചോദിച്ചുകൊണ്ട് മുശ്രിക്കുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ പരീക്ഷണം നടത്തിനോക്കി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവരണം തികച്ചും ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ‘ഈ വിവരണമൊക്കെ ശരിതന്നെ. എന്നാല്‍, ഞങ്ങളുടെ ഒരു വര്‍ത്തക സംഘം ശാമിലേക്ക് പോയിട്ടുണ്ട്. അവരുടെ വര്‍ത്തമാനമെന്താണ്?’ ഇതായിരുന്നു അടുത്ത ചോദ്യം. ആ സംഘത്തില്‍ ഇത്ര ആളുകളുണ്ട്; ഇത്ര ഒട്ടകങ്ങളുണ്ട്‌; ഇന്ന ദിവസം അവര്‍ തിരിച്ചെത്തും എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രതിവചിച്ചു. അതുപോലെ അവര്‍ വന്നുചേരുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ടൊന്നും അവര്‍ വിശ്വസിക്കുവാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ‘മുഹമ്മദിന്റെ സിഹ്ര്‍ വല്ലാത്ത സിഹ്ര്‍ തന്നെ’ എന്നു പറഞ്ഞ് തടിതപ്പിക്കളയുകയാണ് അവര്‍ ചെയ്തത്.

ബലവത്തായ അനേകം ഹദീഥുകളെ അടിസ്ഥാനമാക്കി ഇസ്രാഇലും മിഅ്റാജിലും നടന്ന പ്രധാന സംഭവങ്ങള്‍ ഇന്നവയാണെന്ന് ഇബ്നു കഥീര്‍ (رحمه الله) ന്റെ മേലുദ്ധരിച്ച പ്രസ്താവനയില്‍ നിന്നു മനസ്സിലായല്ലോ. ഇസ്രാഇന്റെ ലക്‌ഷ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് لِنُرِيَهُ مِنْ آيَاتِنَا (അദ്ദേഹത്തിനു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും കാണിച്ചു കൊടുക്കുവാന്‍ വേണ്ടി) എന്നു അല്ലാഹു പറഞ്ഞതിന്റെ സാരം ഏറെക്കുറെ അതില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. മിഅ്റാജില്‍ നടന്ന ചില സംഭവങ്ങളെപ്പറ്റി സൂറത്തുന്നജ്മിലെ വചനങ്ങളിലും ഇതുപോലെ അതിന്റെ ലക്ഷ്യത്തെ സൂചിപ്പിച്ചുകൊണ്ട് സൂറത്തുന്നജ്മില്‍ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ (തീര്‍ച്ചയായും, അദ്ദേഹം തന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍നിന്നും കണ്ടിട്ടുണ്ട്) എന്നു പറഞ്ഞുകാണാം. കൂടാതെ, ഹദീഥുകളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള മേലുദ്ധരിച്ചതില്‍പെട്ട ചില കാര്യങ്ങളും അല്ലാഹു അവിടെ എടുത്തുപറഞ്ഞിരിക്കുന്നു.

യുക്തിവാദക്കാര്‍ക്കും, ക്വുര്‍ആനിലോ, ഹദീഥിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളെ കഴിവതും സാധാരണവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമെടുക്കുന്നവര്‍ക്കും ഇസ്രാഇന്റെയും മിഅ്റാജിന്റെയും വിവരണത്തില്‍ പലതും ദഹിക്കാത്തവയുണ്ടായിരിക്കും. അത് സ്വാഭാവികവുമാണ്. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ച ഏതു കാര്യവും മുഖവിലക്കു തന്നെ സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നു. ഒരു രാത്രികൊണ്ടു മക്കായില്‍ നിന്നു ഒരാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി വന്നത്, ഒരു മനുഷ്യന്‍ ആകാശത്തേക്ക് കയറി തിരിച്ചുവന്നത്, മരണപ്പെട്ടുപോയ പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തക്കവണ്ണം അവര്‍ക്ക് രൂപം നല്‍കപ്പെട്ടത്‌ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ അറിവിലും പരിചയത്തിലുമുള്ള പ്രകൃതി നിയമങ്ങള്‍ക്കതീതം തന്നെ. പക്ഷേ, ബുദ്ധിപരമായി നോക്കുമ്പോള്‍ അവയൊന്നും അസംഭവ്യങ്ങളല്ല. അല്ലാഹുവിനെ സംബന്ധിച്ചാണെങ്കില്‍, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാറ്റം സ്വീകരിക്കാത്ത പ്രകൃതി നിയമം എന്നൊന്നില്ലതാനും. പ്രകൃതിയെന്നു നാം ഏതിനെപ്പറ്റി പറയുന്നുവോ അത്, അല്ലാഹു സാധാരണമായി നടപ്പാക്കിവരുന്ന ചില നടപടി ക്രമങ്ങള്‍ മാത്രമാകുന്നു. നമുക്ക് അതില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നതു ശരി. അല്ലാഹുവിന്, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യാവുന്നതാകുന്നു.

(وَ يَفْعَلُ اللهُ مَا يَشَاءُ).

ഉണര്‍ച്ചയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശരീരത്തോടുകൂടിത്തന്നെയായിരുന്നു ആ യാത്രയെന്നും, ഉറക്കത്തില്‍ സ്വപ്നരൂപത്തിലായിരുന്നു അതെന്നും രണ്ടഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ മുമ്പേ നിലവിലുണ്ട്. ആധുനിക കാലത്ത് ഈ രണ്ടാമത്തെ അഭിപ്രായത്തിന് പൂര്‍വ്വാധികം സ്വീകരണവും, പ്രചാരവും കാണുമെങ്കിലും, സഹാബികള്‍തൊട്ട് അടുത്ത കാലംവരെയുള്ള – മുന്‍ഗാമികളും പിന്‍ഗാമികളുമടങ്ങുന്ന – ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും ഒന്നാമത്തെ അഭിപ്രായക്കാരാകുന്നു. ആയിശാ, മുആവിയാ, ഹസന്‍ (رَضِيَ اللهُ تَعَالَى عَنْهُم) എന്നിവര്‍ രണ്ടാമത്തെ അഭിപ്രായക്കാരായിട്ടാണ് അറിയപ്പെടുന്നത്. ഇസ്രാഉ് ശാരീരികവും, മിഅ്റാജു ആത്മീയവും (അഥവാ സ്വപ്നത്തിലും) ആയിരുന്നുവെന്ന മൂന്നാമതൊരു അഭിപ്രായവും നിലവിലുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടഭിപ്രായങ്ങളും തമ്മില്‍ കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമമായേ അതു ഗണിക്കേണ്ടതുള്ളൂ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയായിരുന്നു ആ യാത്രയെന്നു സ്ഥാപിക്കുന്നതിനു താഴെ കാണുന്നവിധം പല തെളിവുകളും ഇബ്നുജരീര്‍, ഇബ്നു കഥീര്‍, റാസീ (رحمهم الله) പോലെയുള്ള പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇമാം അസ്ക്വലാനീ (رحمه الله) പോലെയുള്ള ഹദീഥ് പണ്ഡിതന്‍മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു ഉദാഹരണമായി:-

(1). سُبْحَانَ الَّذِي الخ എന്ന ‘തസ്ബീഹി’ന്റെ വാക്യത്തോടെയാണ് അല്ലാഹു ഇസ്രാഇനെക്കുറിച്ചു പ്രസ്താവിച്ചത്. വമ്പിച്ച കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഇങ്ങിനെയുള്ള തസ്ബീഹിന്റെ രൂപത്തിലുള്ള വാചകങ്ങള്‍ പ്രയോഗിക്കുക പതിവ്. അതുകേവലം ഒരു സ്വപ്നം മാത്രമായിരുന്നുവെങ്കില്‍, ഈ പ്രയോഗത്തിന് ഇവിടെ വിശേഷിച്ച് സ്ഥാനമൊന്നുമില്ല.

(2). അതൊരു സ്വപ്നമായിരുന്നെങ്കില്‍, ക്വറൈശികള്‍ അതിനെ നിഷേധിക്കുവാനോ ഇസ്ലാം സ്വീകരിച്ച ചിലര്‍ സംശയത്തോടെ ചോദ്യം ചെയ്യുവാനോ മുതിരുമായിരുന്നില്ല. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ആ വാര്‍ത്ത കേട്ട ഉടനെ അത് ശരിവെച്ചതില്‍ ഒരു പ്രത്യേകതയും ഉണ്ടായിരിക്കുവാനും അവകാശമില്ല. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യസന്ധതക്ക് ഒരു തെളിവായിരിക്കുകയുമില്ല. സ്വപ്നത്തില്‍ ഇതുപോലെയുള്ള പലതും സംഭവിക്കാമെന്നുള്ളതില്‍ വിശേഷബുദ്ധിയുള്ളവരാരും തര്‍ക്കിക്കുകയില്ലല്ലോ.

(3). أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ അവന്‍ രാവുയാത്ര ചെയ്യിച്ചു) എന്നാണ് അല്ലാഹു പറഞ്ഞത്. ആത്മാവിനെ മാത്രം ഉദ്ദേശിച്ചു അടിയാന്‍ (عَبْد) എന്ന് പറയപ്പെടാറില്ല.

(4). ‘ബുറാക്വ്’ എന്ന ഒരു മൃഗത്തിന്റെ പുറത്തായിരുന്നു ആ യാത്രയെന്ന് ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്നല്ലാതെ – ആത്മാവിന് ഒരു മൃഗത്തിന്‍മേല്‍ സവാരി ചെയ്യേണ്ടുന്ന ആവശ്യമില്ല.

(5). രാവിലെയും, വൈകുന്നേരവും ഓരോ മാസത്തെ വഴിദൂരം സുലൈമാന്‍ (عليه الصلاة والسلام) നബിയെയുംകൊണ്ട് കാറ്റ് ചലിച്ചിരുന്നുവെന്നു 34:12ലും, കണ്ണടച്ചുമിഴിക്കുമ്പോഴേക്കും യമനിലെ രാജ്ഞിയുടെ സിംഹാസനം അവിടെ നിന്നു ശാമില്‍ സുലൈമാന്‍ (عليه الصلاة والسلام) ന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടതായി 27:40ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍ ഒരു രാത്രിയില്‍ ഒരു മാസത്തെ ദൂരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഞ്ചരിച്ചതില്‍ അസാംഗത്യമൊന്നുമില്ല.

(6). ക്വുര്‍ആനിലും ഹദീഥുകളിലും വന്ന വാക്കുകള്‍ പരിശോധിച്ചാല്‍ നേര്‍ക്കുനേരെ മനസ്സിലാക്കാന്‍ കഴിയുന്നത് ആ യാത്ര ശാരീരികവും ഉണര്‍ച്ചയിലും ആയിരുന്നുവെന്നാകുന്നു. എന്നിരിക്കെ, അതിനെ ആത്മീയമെന്നോ, സ്വപ്നക്കാഴ്ച എന്നോ വ്യാഖ്യാനിക്കുന്നത് ന്യായമല്ല.

(7). സ്വഹാബികളില്‍പെട്ട ചുരുക്കം പേര്‍ അത് ആത്മീയമായിരുന്നുവെന്നോ, സ്വപ്നത്തിലായിരുന്നുവെന്നോ പ്രസ്താവിച്ചിരുന്നാല്‍ തന്നെയും അവരെക്കാള്‍ എത്രയോ അധികം സ്വഹാബികള്‍ അതിന് എതിരായിരിക്കെ ചിലരുടെ മാത്രം പ്രസ്താവന തെളിവായി എടുത്തുകൂടാത്തതാണ്. മാത്രമല്ല, എതിരഭിപ്രായക്കാരായി അറിയപ്പെടുന്ന സ്വഹാബികള്‍ മറ്റുള്ളവരെപ്പോലെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുമായി അധികകാലം സഹവസിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവരുമാകുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.

ആത്മീയമായിരുന്നു, അഥവാ സ്വപ്നമായിരുന്നു എന്നതിന് പറയപ്പെടാറുള്ള പ്രധാന തെളിവുകള്‍ ഇവയാകുന്നു:

(1). അന്ന് റസൂല്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَയുടെ ശരീരം കാണപ്പെടാതായിട്ടില്ല എന്ന് ആഇശാ (رضي الله عنها) യുടെ ഒരു പ്രസ്താവന.

(2) അത് സ്വപ്നത്തില്‍ അല്ലാഹു കാണിച്ചുകൊടുത്ത കാഴ്ചയായിരുന്നുവെന്ന മുആവിയഃ (رضي الله عنه) യുടെ പ്രസ്താവന. വാസ്തവത്തില്‍ ഈ രണ്ടു തെളിവുകള്‍ വിമര്‍ശന വിധേയങ്ങളാകുന്നു. കാരണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആ യാത്ര ഉണ്ടായകാലത്ത് ആഇശഃ (رضي الله عنها) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിയായിട്ടില്ലെന്ന് മാത്രമല്ല, വളരെ ചെറുപ്പവുമായിരുന്നു. മുആവിയഃ (رضي الله عنه) ആകട്ടെ, ആ സംഭവകാലത്ത് മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് ഏതാനും കൊല്ലങ്ങള്‍ക്ക് ശേഷമാണദ്ദേഹം മുസ്ലിമായതും. ആ സ്ഥിതിക്ക് ആ രണ്ടുപേര്‍ക്കും വിഷയത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ശരിക്ക് അറിയുവാനിടയില്ല. പിന്നീടത് ഏതാനും ചില യുക്തിന്യായങ്ങള്‍ മാത്രമാണ്. അവയെ അതേ നിലവാരത്തിലുള്ള യുക്തിന്യായങ്ങള്‍ കൊണ്ടുതന്നെ വിമര്‍ശിക്കാവുന്നതുമാകുന്നു. والله أعلم

ലോകാവസാനം വരെയുള്ള മനുഷ്യസമുദായത്തിന്റെ റസൂലാണ് നബിതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). എക്കാലത്തേക്കും ബാധകവും പക്വവുമായ ഒരു വേദഗ്രന്ഥവും നിയമസംഹിതയുമാണ്‌ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ജനമദ്ധ്യെ സമര്‍പ്പിക്കുവാനുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കാണെങ്കില്‍, വല്ല പാഠശാലയില്‍ നിന്നോ, അന്യരുടെ ശിക്ഷണത്തില്‍ വെച്ചോ മറ്റോ ഒന്നും പഠിച്ചറിയുവാന്‍ സന്ദര്‍ഭം കിട്ടിയിട്ടുമില്ല. വേദഗ്രന്ഥങ്ങളോ, ചരിത്രകൃതികളോ വായിച്ചറിഞ്ഞിട്ടുമില്ല. എഴുത്തും വായനയുംപോലും അറിഞ്ഞുകൂടാ. മനുഷ്യസമുദായമാകട്ടെ, ബുദ്ധിപരവും, ചിന്താപരവും, ശാസ്ത്രപരവുമെല്ലാം തന്നെ വളര്‍ന്നു വളര്‍ന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന് ക്രമേണ സിദ്ധിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമണ്ഡലങ്ങളുടെയും പുരോഗമന സാഹചര്യങ്ങളുടെയും ഫലമായി ഭാവിതലമുറകള്‍ പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു ഓര്‍ക്കുവാന്‍പോലും കഴിയാത്ത പല കാര്യങ്ങളും, അന്ന് അസംഭവ്യമാണെന്നു പരക്കെ കരുതപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്നു മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഉദാഹരണമായി: വായുവില്‍ മനുഷ്യന്‍ യഥേഷ്ടം സഞ്ചരിക്കുന്നതിനെപ്പറ്റി മുന്‍കാലത്തു വിഭാവനം ചെയ്‌വാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്ന് വായുവിലെ യാത്രയെ അല്ല – വായുമണ്ഡലത്തിനപ്പുറം കടന്നു – ഗോളാന്തര യാത്രകള്‍കൂടി മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്നു. നാളത്തെ കഥ എന്തൊക്കെയായിരിക്കുമെന്നു അല്ലാഹുവിനേ അറിഞ്ഞുകൂടൂ! അപ്പോള്‍, മനുഷ്യസാധാരണമായ പ്രകൃതിയുടെ പരിമിതികളെ കവച്ചുവെക്കുമാറ് ആത്മീയ സവിശേഷതകളാല്‍ അനുഗ്രഹീതരായ പ്രവാചകന്‍മാര്‍ക്കു – വിശേഷിച്ചും പ്രവാചകപ്രഭുവായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു – ഈ ഭൗതിക മണ്ഡലങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമായ അല്ലാഹു വെളിവാക്കിക്കൊടുക്കുകയും, പ്രവാചകന്മാരല്ലാത്ത മനുഷ്യര്‍ക്കു സിദ്ധിക്കാവതല്ലാത്ത ചില സിദ്ധികള്‍ കൊടുക്കുകയും ചെയ്യുന്നതില്‍ യുക്തിവിരുദ്ധമായി എന്താണുള്ളത്?! ഈ ബാഹ്യലോകത്തിനപ്പുറം നമ്മുടെ ഊഹത്തിനും, വിഭാവനത്തിനും അതീതമായ കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നടമാടുന്ന മറ്റൊരു ആത്മീയ ലോകമുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കു ഇസ്രാഈലോ, മിഅ്റാജിലോ അസംഗതമായി ഒന്നുമില്ല.

അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّـهِ عَلَيْكَ عَظِيمًا (നിനക്കു അല്ലാഹു വേദഗ്രന്ഥവും വിജ്ഞാനവും ഇറക്കിത്തരുകയും, നിന്നക്കറിയാതിരുന്നതു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (സൂ: നിസാഉ് 113).

17:2

  • وَءَاتَيْنَا مُوسَى ٱلْكِتَٰبَ وَجَعَلْنَٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا ﴾٢﴿
  • മൂസാക്കു നാം (വേദ)ഗ്രന്ഥം നല്‍കിയിരിക്കുന്നു; അതിനെ നാം ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു; എന്നെക്കൂടാതെ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നു (കല്‍പിച്ചുകൊണ്ടു);
  • وَآتَيْنَا നാം നല്‍കി مُوسَى മൂസാക്ക് الْكِتَابَ ഗ്രന്ഥം وَجَعَلْنَاهُ അതിനെ നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَلَّا تَتَّخِذُوا നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത് – ഏര്‍പ്പെടുത്തരുതു) എന്നു مِن دُونِي എന്നെക്കൂടാതെ, എനിക്കു പുറമെ وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ

17:3

  • ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًا شَكُورًا ﴾٣﴿
  • നൂഹിന്റെ കൂടെ നാം (കപ്പലില്‍) കയറ്റിയവരുടെ സന്തതികളേ! [നിങ്ങളോടാണു ഇങ്ങിനെ കല്‍പിച്ചത്‌] നിശ്ചയമായും അദ്ദേഹം, വളരെ നന്ദിയുള്ള ഒരു അടിയാനായിരുന്നു.
  • ذُرِّيَّةَ സന്തതികളേ مَنْ حَمَلْنَا നാം വഹിച്ച (കയറ്റിയ)വരുടെ مَعَ نُوحٍ നൂഹിന്റെ ഒപ്പം إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു عَبْدًا ഒരു അടിയാന്‍, അടിമ شَكُورًا വളരെ നന്ദിയുള്ള

‘ഇസ്രാഉ്’ എന്ന രാവുയാത്ര മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അനുഗ്രഹിച്ചാദരിച്ച സംഭവത്തെത്തുടര്‍ന്ന് മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്തു നല്‍കി അനുഗ്രഹിച്ച വിവരം ഉണര്‍ത്തുകയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെപ്പറ്റി പ്രസ്താവിച്ചശേഷം, മൂസാ (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രസ്താവിക്കുക ക്വുര്‍ആനില്‍ പലപ്പോഴും പതിവുള്ളതാകുന്നു. ഒരു വമ്പിച്ച സമുദായത്തെ ഒരു വേദഗ്രന്ഥത്തിന്റെയും നിയമസംഹിതയുടെയും കീഴില്‍ ഏകീകരിച്ചു സമുദ്ധരിക്കുകയെന്ന ഗൗരവമേറിയ ചുമതലാ നിര്‍വഹണത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മുമ്പ് ഒരു ചരിത്രം സൃഷ്‌ടിച്ച പ്രവാചകവര്യനാണല്ലോ അദ്ദേഹം. പ്രസ്തുത കൃത്യനിര്‍വ്വഹണത്തില്‍ മൂസാ (عليه الصلاة والسلام) നബിയുടെ ചരിത്രത്തില്‍ നിന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു പലതും പഠിക്കുവാനുള്ളതായിരിക്കണം അതിനു കാരണം.

ഇസ്രാഈല്യര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും, അല്ലാഹു അല്ലാത്ത ആരെയും കൈകാര്യക്കാരാക്കരുതെന്നു കല്‍പിച്ചുകൊണ്ടുമാണു മൂസാ (عليه الصلاة والسلام) ക്ക് വേദഗ്രന്ഥം നല്‍കിയതെന്നു അല്ലാഹു ആദ്യം പറഞ്ഞു. തുടര്‍ന്നുകൊണ്ട് ആ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥമായ ഒരു പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് നിങ്ങള്‍ – അഥവാ നൂഹ് (عليه الصلاة والسلام) നബിയുടെ നേതൃത്വത്തില്‍ കപ്പലില്‍ കയറി ജലപ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട സത്യവിശ്വാസികളുടെ സന്താനപരമ്പരയാണല്ലോ നിങ്ങള്‍ – എന്നു ഇസ്രാഈല്യരെ അനുസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയാണെങ്കില്‍, അല്ലാഹുവിനോടു വളരെ കൂറും നന്ദിയും അനുസരണവുമുള്ള ആളായിരുന്നു, ആ മാതൃക നിങ്ങളും പിന്‍പറ്റേണ്ടതാണല്ലോ എന്നും ഓര്‍മ്മിപ്പിചിരിക്കുന്നു. ആ മാതൃകക്കും പാരമ്പര്യത്തിനും എതിരായി ഇസ്രാഈല്യരില്‍ ഉണ്ടായ ചില ചെയ്തികളാണ് അടുത്ത വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്:-

17:4

  • وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴾٤﴿
  • ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.
  • وَقَضَيْنَا നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) إِلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലേക്കു فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ لَتُفْسِدُنَّ തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും فِي الْأَرْضِ ഭൂമിയില്‍ مَرَّتَيْنِ രണ്ടു പ്രാവശ്യം وَلَتَعْلُنَّ നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും عُلُوًّا ഔന്നത്യം (പൊങ്ങച്ചം) كَبِيرًا വലുതായ

17:5

  • فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا ﴾٥﴿
  • അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്.

    അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.
  • فَإِذَا جَاءَ അങ്ങനെ വന്നാല്‍ وَعْدُ വാഗ്ദത്തം, താക്കീതു أُولَاهُمَا ആ രണ്ടില്‍ ആദ്യത്തേതിന്റെ بَعَثْنَا നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും) عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ عِبَادًا ചില അടിയാന്‍മാരെ لَّنَا നമ്മുടെ أُولِي ഉള്ളവരായ, ഉടയവരായ بَأْسٍ ശൗര്യം (പരാക്രമ ശക്തി) شَدِيدٍ കഠിനമായ, കടുത്ത فَجَاسُوا എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും خِلَالَ ഇടയിലൂടെ الدِّيَارِ വീടു (വസതി – വാസസ്ഥലം) കളുടെ وَكَانَ അതായിരിക്കുന്നു, (ആകുന്നു) താനും وَعْدًا ഒരു വാഗ്ദത്തം مَّفْعُولًا ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).

17:6

  • ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَٰكُمْ أَكْثَرَ نَفِيرًا ﴾٦﴿
  • പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.
  • ثُمَّ رَدَدْنَا പിന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു لَكُمُ നിങ്ങള്‍ക്ക് الْكَرَّةَ എടുത്തുചാട്ടം (ശക്തി – വിജയം) عَلَيْهِمْ അവരുടെമേല്‍ (എതിരെ) وَأَمْدَدْنَاكُم നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ (ധനം) കൊണ്ടും وَبَنِينَ മക്കളും (കൊണ്ടും) وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്യും أَكْثَرَ വളരെ അധികമുള്ളവര്‍ نَفِيرًا സംഘം (കൂട്ടം).

17:7

  • إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْءَاخِرَةِ لِيَسُۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا ﴾٧﴿
  • നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ പള്ളിയില്‍ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).
  • إِنْ أَحْسَنتُمْ നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം أَحْسَنتُمْ നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു) لِأَنفُسِكُمْ നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് وَإِنْ أَسَأْتُمْ നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ فَلَهَا എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും فَإِذَا جَاءَ എനി (എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം الْآخِرَةِ അവസാനത്തേതിന്റെ لِيَسُوءُوا അവര്‍ തിന്‍മ (മോശം – വഷളത്വം) ചെയ്‌വാന്‍ വേണ്ടി وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ وَلِيَدْخُلُوا അവര്‍ പ്രവേശിക്കുവാനും الْمَسْجِدَ പള്ളിയില്‍ كَمَا دَخَلُوهُ അവരതില്‍ പ്രവേശിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَلِيُتَبِّرُوا അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും مَا عَلَوْا അവര്‍ ഔന്നത്യം (മേന്‍മ – വിജയം – ഊക്ക്) നേടിയതിനെ تَتْبِيرًا ഒരു (കടുത്ത) നശിപ്പിക്കല്‍

17:8

  • عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَٰفِرِينَ حَصِيرًا ﴾٨﴿
  • നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം.

    നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് ‘ജഹന്നമി’നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.
  • عَسَىٰ ആയേക്കാം رَبُّكُمْ നിങ്ങളുടെ റബ്ബ് أَن يَرْحَمَكُمْ നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ് وَإِنْ عُدتُّمْ നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ عُدْنَا നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി وَجَعَلْنَا നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു حَصِيرًا തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ.

മുന്‍കൂട്ടി വേദഗ്രന്ഥം മുഖേന അല്ലാഹു താക്കീതു നല്‍കിയിട്ടും അതിനെ വിലവെക്കാതെ ഇസ്രാഈല്യര്‍ കൈക്കൊണ്ട ചില അഴിമതികളെയും, അതിന്റെ അനന്തരഫലം അവര്‍ അനുഭവിക്കേണ്ടിവന്നതിനെയും സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. മതകല്‍പനകളെ ലംഘിക്കലും, അക്രമം പ്രവര്‍ത്തിക്കലും ഇസ്രാഈല്യരില്‍ നിത്യസംഭവങ്ങളായിരുന്നു. അവയില്‍ ഏറ്റവും അതിരുകവിഞ്ഞ രണ്ടു അവസരങ്ങളെ (അഥവാ കുഴപ്പങ്ങളെ) പ്പറ്റി അല്ലാഹു അവരെ പ്രത്യേകം താക്കീതുചെയ്തിരുന്നു. ഒന്നാമത്തെ കുഴപ്പത്തിന്റെ ഘട്ടത്തിലായിരുന്നു ശഅ്-യാഉ് (شعياء – عليه الصلاة والسلام) നബി കൊല്ലപ്പെട്ടതെന്നും, അവര്‍ക്ക് നേരിടുവാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്ന അര്‍മിയാഉ് (عليه الصلاة والسلام) ബന്ധനസ്ഥനാക്കപ്പെട്ടതെന്നും പറയപ്പെടുന്നു. അതുപോലെ, രണ്ടാമത്തെ കുഴപ്പത്തിന്റെ കാലത്താണ് സകരിയ്യാ (عليه الصلاة والسلام) യഹ്-യാ (عليه الصلاة والسلام) എന്നീ നബിമാര്‍ കൊല്ലപ്പെട്ടതെന്നും പറയപ്പെട്ടു കാണുന്നു.

രണ്ടില്‍ ഓരോന്നിന്റെയും ഘട്ടം വന്നപ്പോള്‍, അവര്‍ പിന്‍മാറാത്തപക്ഷം അവര്‍ക്കനുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളെയും ദുരിതങ്ങളെയും കുറിച്ച് പ്രവാചകന്‍മാര്‍ മുഖേന നേരത്തെ തന്നെ അവര്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം പ്രാവശ്യത്തെക്കുറിച്ചുള്ള താക്കീതാണ് 5-ാം വചനത്തില്‍ കാണുന്നത്. അല്ലാഹു അവന്റെ അടിയാന്‍മാരില്‍ ചിലരെ അവരില്‍ നിയോഗിക്കും, അവര്‍ കനത്ത പരാക്രമശാലികളും ഊക്കന്‍മാരുമായിരിക്കും, അവര്‍ നാട്ടിലൂടെയും പാര്‍പ്പിടങ്ങളിലൂടെയും പരതി നടക്കും എന്നൊക്കെയായിരുന്നു താക്കീതിന്റെ ചുരുക്കം. അഥവാ, കണ്ടതും കിട്ടിയതുമെല്ലാം നശിപ്പിക്കും. തേടിത്തിരിഞ്ഞ് കണ്ടുകിട്ടിയവരെയെല്ലാം കൊല്ലുകയോ ബന്ധനസ്ഥരാക്കുകയോ അടിമകളാക്കുകയോ ചെയ്യും. കൊള്ളയും കവര്‍ച്ചയും നടത്തും. അങ്ങനെ അവരെയും അവരുടെ സര്‍വസ്വവും നശിപ്പിക്കും എന്ന് സാരം. അത് അപ്പടി തന്നെ സംഭവിക്കുകയും ചെയ്തു. ‘ഈ അടിയാന്‍മാര്‍’ ആരായിരുന്നുവെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ട് മൂന്നഭിപ്രായങ്ങള്‍ കാണപ്പെടുന്നു. (1).ജാലൂത്ത് (جَالُوت) രാജാവും സൈന്യവുമാണെന്നും, (2) സന്‍ഹാരീബ് (سَنْحَارِيب) രാജാവും കൂട്ടരുമായിരുന്നുവെന്നും (3) ബുഖ്തുനസ്വറും (بُخْتَنَصَر) സൈന്യവുമായിരുന്നുവെന്നുമാണ് ആ അഭിപ്രായങ്ങള്‍.

ഇവയില്‍ മൂന്നാമത്തെ അഭിപ്രായത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. الله أعلم. ജാലൂത്തിനെപ്പറ്റി സൂറത്തുല്‍ബക്വറഃയില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്രാഈല്യരുടെ നേരെ പടയെടുക്കുകയും, വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും നിര്‍ദ്ദയം കൊന്നൊടുക്കുകയും ചെയ്ത ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു സന്‍ഹാരീബ്. (*). ബുഖ്തുനസ്വറും ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു. ഇയാള്‍ ബൈത്തുല്‍ മുക്വദ്ദസിലെ പള്ളിയും, ഇസ്രാഈല്യരുടെ മതസംസ്കാര ചിഹ്നങ്ങളും, സ്വത്തുക്കളുമെല്ലാം തകര്‍ക്കുകയും അവരെ കൂട്ടത്തോടെ ബന്ധനസ്ഥരാക്കി ബാബിലോണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. (**). ബാബിലോണ്യരുടെ ആക്രമങ്ങളില്‍ തൗറാത്തിന്റെ പകര്‍പ്പുകളെല്ലാം – സാക്ഷാല്‍ തൗറാത്തുപോലും -അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി. (പിന്നീട് കുറേ കാലത്തിനുശേഷം സ്വന്തം ഓര്‍മ്മയില്‍ നിന്നും മറ്റുമായിട്ടാണ് ഉസൈര്‍ (عليه الصلاة والسلام) ന്റെ കാലത്ത് അത് പുനര്‍ലേഖനം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു.


(*). ക്രി. മു. 701ല്‍ സന്‍ഹേരീബ് സിരിയാ രാജ്യത്തെ ആക്രമിച്ചു. നാല്‍പത്താറ് കോട്ടകള്‍ പിടിച്ചു. രണ്ടുലക്ഷം ജനങ്ങളെ അടിമകളാക്കി നാട്ടിലേക്ക് കൊണ്ടുപോയി… പിന്നീട് യെരുശലേം പട്ടണത്തെ വളഞ്ഞു. (വേ.പു. നിഘണ്ടു. പേ. 28).

(**). നെബൂഖദ് നേസര്‍ (ബുഖ്തുന്നസ്വര്‍) ക്രി. മു. 604 മുതല്‍ 561 വരെ രാജ്യം ഭരിച്ചു…. യെരുശലേമിനെ വീണ്ടും വന്നു നിരോധിച്ചു. അതിലെ ജനങ്ങളെ ആസകലം ബന്ധനസ്ഥരാക്കി ബാബിലോണ്യായിലേക്ക് കൊണ്ടുപോയി. ശലെമോണ്‍ (സുലൈമാന്‍ നബി) പണിത ദേവാലയത്തെ (ബൈത്തുല്‍ മുക്വദ്ദസ് പള്ളിയെ) ക്രി.മു. 586-ല്‍  ഇവന്‍ നിശ്ശേഷം നശിപ്പിച്ചു. (വേ.പു. നി. പേ. 209, 390).


ഒന്നാമത്തെ പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷകൊണ്ടുദ്ദേശ്യം ഈ മൂന്നില്‍ ഏതായിരുന്നാലും ശരി, പിന്നീട് അതിനുശേഷം ക്രമേണ അവരുടെ സ്ഥിതിഗതി മാറി. അവര്‍ നന്നായിത്തീരുകയും അന്യരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടുകയും ചെയ്തു. രാജ്യവും രാഷ്ട്രവും പുനര്‍നിര്‍മാണം ചെയ്യുവാനും, സംസ്കാരവും പ്രതാപവും നിറഞ്ഞ ഭരണങ്ങള്‍ സ്ഥാപിക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ജനസംഖ്യയിലും സമ്പല്‍മൃദ്ധിയിലും അവര്‍ മികച്ചു നില്‍ക്കുകയും ചെയ്തു. പല രാജാക്കന്‍മാരും പ്രവാചകന്‍മാരും അവരെ നയിക്കുവാനുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തില്‍ പ്രസ്ഥാവിക്കുനാന്ത്. അവരുടെ സ്വന്തം നിലപാട് നന്നായിത്തീര്‍ന്നപ്പോഴാണ് അവരുടെ ദുഃസ്ഥിതി മാറി നന്മ കൈവന്നതെന്നും മനുഷ്യന്‍ ചെയ്യുന്ന നന്മ തിന്മകളുടെ ഫലം ഇഹത്തിലും പരത്തിലും അവന്‍ അനുഭവിക്കേണ്ടി വരുമെന്നും അതോടൊപ്പം 7-ാം വചനത്തില്‍ ആദ്യവാക്യങ്ങളിൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

കാലക്രമത്തിൽ ഇസ്രാഈല്യരുടെ നില വീണ്ടും പഴയപടിയായിത്തീർന്നു. മതമൂല്യങ്ങൾക്കു വിലകൽപിക്കാതായി. ശിർക്കിലും തോന്നിയവാസങ്ങളിലും മുഴുകി. ഈ ഘട്ടത്തെപറ്റിയുള്ള മുന്നറിയിപ്പാണ് 7-ആം വചനത്തിൽ പിന്നീട് പറയുന്നത് എന്നത്രെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായം. മുമ്പ് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളില്‍ വരുത്തിത്തീരത്ത അതേമാതിരി നാശനഷ്ടങ്ങളും അക്രമമര്‍ദ്ദനങ്ങളും വീണ്ടും അഴിച്ചുവിടുമാറ് നിങ്ങളില്‍ അല്ലാഹു ശത്രുക്കളെ നിയോഗിക്കുമെന്ന് സാരം. രണ്ടാം പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ആരുടെ കൈകൊണ്ടാണ് അനുഭവപ്പെട്ടതെന്നു നിര്‍ണയിച്ചു പറയത്തക്ക തെളിവുകളില്ല. ചില റോമന്‍ കൈസര്‍മാരുടെ കാലത്ത് ഇസ്രാഈല്യര്‍ കണക്കറ്റ അക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. ജൂദ – ക്രിസ്തീയ ചരിത്രങ്ങളില്‍ ഇവയുടെ നീണ്ട പട്ടിക തന്നെ കാണാം. ഇവയില്‍പെട്ട ഏതെങ്കിലുമായിരിക്കാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. ഏതായാലും ഇമാം റാസീ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ – ഏതുകാലത്തു, ആരുടെ കൈക്കാണത് സംഭവിച്ചതെന്ന് നിര്‍ണയിച്ചറിയായ്കകൊണ്ട് ഈ വചനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ മനസ്സിലാക്കുന്നതിന് തടസ്സമൊന്നുമില്ലല്ലോ.

അവസാനം ചില കാര്യങ്ങള്‍ അല്ലാഹു അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
(1). عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ (നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് കരുണ ചെയ്തേക്കാം) നിങ്ങളുടെ അക്രമങ്ങള്‍ നിമിത്തം രണ്ടു പ്രാവശ്യം അല്ലാഹുവിന്റെ കോപത്തിന് പാത്രമാകേണ്ടിവന്നാലും അവന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ സ്ഥിതിഗതികള്‍ നിങ്ങള്‍ നന്നാക്കിത്തീര്‍ത്താല്‍ അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും എന്നു സാരം. ഈ വാഗ്ദാനം അല്ലാഹു അവരില്‍ പാലിക്കുക തന്നെ ചെയ്തിട്ടുണ്ടെന്നും എല്ലാ നിലക്കും ആ സമുദായം അഭിവൃദ്ധിപ്പെടുകയുണ്ടായിട്ടുണ്ടെന്നും അവരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാവുന്നതാണ്.

(2). وَإِنْ عُدتُّمْ عُدْنَا (നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കും.) അതായത് പിന്നെയും നിങ്ങളുടെ നില മുമ്പുണ്ടായതുപോലെ വഷളായിത്തീരുന്നപക്ഷം നിങ്ങളുടെമേല്‍ അല്ലാഹു നടപടി എടുക്കുവാന്‍ മടിക്കുകയില്ലെന്ന് താല്‍പര്യം. ഈ മുന്നറിയിപ്പും അവരില്‍ സാക്ഷാല്‍കൃതമാകുകയുണ്ടായി. തൗറാത്തിന്റെയും പ്രവാചകന്മാരുടെയും അദ്ധ്യാപനങ്ങളില്‍ നിന്ന് അകന്നകന്ന് കൊണ്ടിരുന്ന അവര്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നിയോഗിക്കപ്പെട്ടപ്പോള്‍ തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും ഇസ്ലാമിന്റെയും കഠിന ശത്രുക്കളായിത്തീര്‍ന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്ലാമിനുമെതിരില്‍ അവര്‍ സ്വീകരിച്ച നിലപാട് കുപ്രസിദ്ധമാണ്. അതിന്‍ ഫലമായി മുസ്ലിംകളുടെ കൈക്കു പല അവശതകളും അവര്‍ അനുഭവിക്കേണ്ടിവരുകയും ഒടുക്കം അറേബ്യയില്‍ നിന്നു കൂട്ടത്തോടെ അവര്‍ നാടുകടത്തപ്പെടുകയും ചെയ്തു.

ഇസ്ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടുകൊണ്ട് കുറെയൊക്കെ ശാന്തമായി കഴിഞ്ഞുകൂടിയശേഷം ദുസ്വാര്‍ത്ഥങ്ങള്‍മൂലം ഇസ്ലാമിനെതിരെയുള്ള ഗൂഢപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലംവരെ അവഹേളിക്കപ്പെട്ട ഒരധമ സമൂഹമായിക്കൊണ്ടല്ലാതെ ലോകത്ത് ജീവിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാലു ദശകങ്ങള്‍ക്കപ്പുറം ജര്‍മനിയിലെ സര്‍വാധിപതിയായിരുന്ന ഹിറ്റ്ലറുടെ കൈക്ക് അവര്‍ അനുഭവിക്കേണ്ടി വന്ന കൂട്ടക്കൊലകളുടെയും കഷ്ടതകളുടെയും കഥ പ്രസിദ്ധമാകുന്നു. ഇപ്പോള്‍, ഹിറ്റ്ലറുടെ എതിരാളികളായിരുന്ന വന്‍കോയ്മകളുടെ ഇടപെടല്‍ നിമിത്തം അവരുടെ വകയായി ഫലസ്തീനില്‍ ഒരു ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപികപ്പെട്ടതോടെ മുസ്ലിംകള്‍ക്കെതിരില്‍ അവരുടെ ധിക്കാരവും വൈരവും പൂര്‍വാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുത ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ, ഒരു കൂട്ടരുടെ കൈക്കല്ലെങ്കില്‍ മറ്റൊരു കൈക്ക് അവര്‍ അനുഭവിക്കാതിരിക്കുകയില്ലെന്നുള്ളതില്‍ സംശയമില്ല. ‘നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കു’മെന്ന് അല്ലാഹു പറഞ്ഞ വാക്ക് പുലരാതിരിക്കുകയില്ല.

(3). وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا (അവിശ്വാസികള്‍ക്കു നാം ജഹന്നമിനെ തടങ്ങൽ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു). മേല്‍കണ്ടതെല്ലാം ഈ ലോകത്ത് വെച്ചുതന്നെയുള്ള നടപടികളാണ്. ഇതുകൊണ്ട് അവരുടെ മേലുള്ള നടപടി അവസാനിക്കുന്നില്ല. ഇസ്രാഈല്യരായ അവിശ്വാസികളടക്കം എല്ലാ അവിശ്വാസികള്‍ക്കും പരലോകത്ത് നരകമായിരിക്കും ആധാരമെന്ന് സാരം. ഇസ്രാഈല്യരെ അഭിമുഖീകരിച്ചും, അവരുടെ ചരിത്രമെന്ന നിലക്കുമാണ് ഈ വചനങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, സത്യവിശ്വാസികള്‍ക്ക് അവരുടെ ചരിത്രങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുവാനുണ്ടെന്നു തീര്‍ച്ച. അതിനുവേണ്ടിയാണ് അല്ലാഹു ക്വുര്‍ആനില്‍ ഇത് പ്രസ്താവിച്ചിരിക്കുന്നതും. ഇസ്രാഈല്‍ സമുദായത്തെപ്പോലെ മുസ്ലിം സമുദായം ധിക്കാരത്തില്‍ മുഴുകിയാല്‍ അവരും ഇതുപോലെ ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്ക് പാത്രമാകേണ്ടിവരുമെന്നുള്ളതിന് പുറമെ മറ്റൊരു പാഠംകൂടി നാം ഇതില്‍ നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, ഇസ്രാഈല്യര്‍ക്ക് നേരിട്ട കഷ്ടനഷ്ടങ്ങള്‍ അവരെക്കാള്‍ സത്യവിശ്വാസത്തിലും സന്മാര്‍ഗത്തിലും മികച്ചുനിന്നിരുന്ന മറ്റൊരു സമുദായത്തിന്റെ കൈക്കായിരുന്നില്ല. വിശ്വാസാചാരങ്ങളില്‍ അവരെക്കാള്‍ ദുഷിച്ച ചില സമുദായക്കാരുടെ കൈക്കായിരുന്നു അത്. അതുപോലെ മുസ്ലിം സമുദായം ദുഷിക്കുമ്പോഴും അവരെക്കാള്‍ ദുഷിച്ച മറ്റൊരു കൂട്ടരുടെ കൈക്കാവാം അവര്‍ പരീക്ഷിക്കപ്പെടുന്നതും. ചരിത്രം പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഉദാഹരണങ്ങള്‍ പലതും മുസ്‌ലിം സമുദായത്തില്‍ ഇതഃപര്യന്തം കഴിഞ്ഞുപോയിട്ടുണ്ടുതാനും. അല്ലാഹു സമുദായത്തിനു സന്മാര്‍ഗവും തന്റേടവും പ്രദാനം ചെയ്യട്ടെ. ആമീന്‍.

17:9

  • إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴾٩﴿
  • നിശ്ചയമായും ഈ ക്വുര്‍ആന്‍ ഏറ്റവും ചൊവ്വായ (അഥവാ ബലവത്തായ)തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലം ഉണ്ടെന്നു അതവരെ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു;-
  • إِنَّ هَٰذَا നിശ്ചയമായും ഇത് الْقُرْآنَ (ഈ) ക്വുര്‍ആന്‍ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്നു, വഴികാട്ടും لِلَّتِي യാതൊന്നിലേക്ക് هِيَ അത് أَقْوَمُ ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ് وَيُبَشِّرُ അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു الْمُؤْمِنِينَ സത്യവിശ്വാസികളെ ٱلَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്‍കര്‍മങ്ങളെ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് أَجْرًا പ്രതിഫലം, കൂലി كَبِيرًا വലിയ.

17:10

  • وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴾١٠﴿
  • പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവര്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നുവെന്നും.
  • وَأَنَّ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.

വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം : പാഠഭാഗവും ഷെഡ്യൂളും

വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം

സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി

സൂറ: ഇസ്റാഅ് | സൂറ: കഹ്ഫ്
ക്യാമ്പയിൻ: 2026 ജൂൺ 15 മുതൽ 2027 ജനുവരി വരെ
🎯 13 ക്യാമ്പയിനുകൾ
📚 2 റിവിഷനുകൾ
📝 ഫൈനൽ എക്സാം
🏆 ഗ്രാൻഡ് ഫിനാലെ

📅 പരീക്ഷാ ഷെഡ്യൂൾ

ക്യാമ്പയിൻ സൂറ: ആയത്തുകൾ എണ്ണം കാലാവധി
# 1 അൽ ഇസ്റാഅ് 1-11 11 ജൂൺ 15 തിങ്കൾ – ജൂലൈ 5 ഞായർ
# 2 അൽ ഇസ്റാഅ് 12-24 13 ജൂലൈ 6 തിങ്കൾ – ജൂലൈ 19 ഞായർ
# 3 അൽ ഇസ്റാഅ് 25-40 16 ജൂലൈ 20 തിങ്കൾ – ഓഗസ്റ്റ് 2 ഞായർ
# 4 അൽ ഇസ്റാഅ് 41-60 20 ഓഗസ്റ്റ് 3 തിങ്കൾ – ഓഗസ്റ്റ് 16 ഞായർ
# 5 അൽ ഇസ്റാഅ് 61-77 17 ഓഗസ്റ്റ് 17 തിങ്കൾ – ഓഗസ്റ്റ് 30 ഞായർ
# 6 അൽ ഇസ്റാഅ് 78-93 16 ഓഗസ്റ്റ് 31 തിങ്കൾ – സെപ്റ്റംബർ 13 ഞായർ
# 7 അൽ ഇസ്റാഅ് 94-111 18 സെപ്റ്റംബർ 14 തിങ്കൾ – സെപ്റ്റംബർ 27 ഞായർ
# 8 അൽ കഹ്ഫ് 1-17 17 സെപ്റ്റംബർ 28 തിങ്കൾ – ഒക്ടോബർ 11 ഞായർ
# 9 അൽ കഹ്ഫ് 18-31 14 ഒക്ടോബർ 12 തിങ്കൾ – ഒക്ടോബർ 25 ഞായർ
# 10 അൽ കഹ്ഫ് 32-53 22 ഒക്ടോബർ 26 തിങ്കൾ – നവംബർ 8 ഞായർ
# 11 അൽ കഹ്ഫ് 54-70 17 നവംബർ 9 തിങ്കൾ – നവംബർ 22 ഞായർ
# 12 അൽ കഹ്ഫ് 71-88 18 നവംബർ 23 തിങ്കൾ – ഡിസംബർ 6 ഞായർ
# 13 അൽ കഹ്ഫ് 89-110 22 ഡിസംബർ 7 തിങ്കൾ – ഡിസംബർ 20 ഞായർ
Rev 1 അൽ ഇസ്റാഅ് 1-111 111 ഡിസംബർ 21 തിങ്കൾ – ഡിസംബർ 27 ഞായർ
Rev 2 അൽ കഹ്ഫ് 1-110 110 ഡിസംബർ 28 തിങ്കൾ – 2027 ജനുവരി 3 ഞായർ
ഫൈനൽ പരീക്ഷ
2027 ജനുവരി 8 വെള്ളി
(അൽ ഇസ്റാഅ് & അൽ കഹ്ഫ്)
ഗ്രാൻഡ് ഫിനാലെ
2027 ജനുവരി 15 വെള്ളി
(അൽ ഇസ്റാഅ് & അൽ കഹ്ഫ്)

🎁 ആകർഷകമായ സമ്മാനങ്ങൾ

സമ്മാനവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്…

വെളിച്ചം റമദാൻ 2026ഫൈനൽ പരീക്ഷ

🌟 വെളിച്ചം സൗദി ഓൺലൈൻ
വെളിച്ചം റമദാൻ 2026 – ഫൈനൽ പരീക്ഷ
ഇന്ന്! 📝
📅 2026 മാർച്ച് 13, വെള്ളി ⏰ സമയം: 45 മിനിറ്റ്
🇸🇦 സൗദി 2:00 PM – 2:45 PM
🇮🇳 ഇന്ത്യ 4:30 PM – 5:15 PM
🎁 ആകർഷകമായ സമ്മാനങ്ങൾ!
🥇 ഒന്നാം സമ്മാനം ₹10,000
🥈 രണ്ടാം സമ്മാനം ₹5,000
🥉 മൂന്നാം സമ്മാനം ₹3,000
🎖 10 പ്രോത്സാഹന സമ്മാനങ്ങളും മറ്റും!
📚 നന്നായി തയ്യാറെടുക്കുക.. വിജയങ്ങൾ നേടുക!
🌹 വിജയാശംസകളോടെ,
കോർഡിനേറ്റർ, വെളിച്ചം സൗദി ഓൺലൈൻ
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ

വെളിച്ചം റമദാൻ 2026 –ഡേ- 17 (മാർച്ച് 09)

സൂറത്തു യാസീൻ

വെളിച്ചം റമദാൻ 2026 –ഡേ- 16 (മാർച്ച് 08)

സൂറത്തു യാസീൻ

വെളിച്ചം റമദാൻ 2026 –ഡേ- 15 (മാർച്ച് 07)

സൂറത്തു ഫാത്വിർ

വെളിച്ചം റമദാൻ 2026 –ഡേ- 14 (മാർച്ച് 06)

സൂറത്തു യാസീൻ : വ്യാഖ്യാനം




സൂറത്തു യാസീന്‍ : വ്യാഖ്യാനക്കുറിപ്പ്

ഖബറിലെ സ്ഥിതിഗതികള്‍
(ٲحوال القبر)

മനുഷ്യന്‍ ഖബറില്‍വെച്ച് – അതായതു മരണപ്പെട്ടതിനു ശേഷം പുനരുദ്ധാരത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ – സുഖദുഃഖങ്ങളൊന്നും കൂടാതെ കേവലം തനി നിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കില്‍ അവനു സുഖസന്തോഷങ്ങളുടെയും, ചീത്തപ്പെട്ടവനാണെങ്കില്‍ അവനു ഭയദുഃഖങ്ങളുടെയും അനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടുകൊണ്ടിരിക്കുമെന്നും ചില ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടും, അനേകം ഹദീസുകള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്. മുസ്ലിംകള്‍ പൊതുവില്‍ അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു. ഭൌതികകാഴ്ചപ്പാടിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുകയും, പ്രസ്തുത വ്യാഖ്യാനത്തിനു നിരക്കാത്ത ഹദീസുകളെല്ലാം പുറംതള്ളുകയും പതിവുള്ളവര്‍ക്കു മാത്രമേ – മുസ്ലിംകളുടെ കൂട്ടത്തില്‍ – ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ. ഈ വിഷയകമായി ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതിന്റെ ചുരുക്കം എന്താണെന്നും, അതില്‍ ബുദ്ധിക്കോ, ഖുര്‍ആന്റെ മറ്റേതെങ്കിലും പ്രസ്താവനകള്‍ക്കോ വിരുദ്ധമായി വല്ലതും ഉണ്ടോ എന്നും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം والله الموفق .

കുറ്റവാളികളായ ആളുകള്‍ മരണവേളയില്‍, തങ്ങളുടെ ഐഹികജീവിതത്തിലേക്കു ഒന്നുകൂടി മടക്കിത്തരേണമെന്നു അപേക്ഷിക്കുമെന്നും, ആ അപേക്ഷ ഗൗനിക്കപ്പെടുകയില്ലെന്നും പ്രസ്താവിച്ചുകൊണ്ട് സൂറ: മുഅ്മിനൂന്‍ 100-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (അവരുടെ അപ്പുറം അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു ‘ബര്‍സഖു’ണ്ട്) തുടര്‍ന്നുകൊണ്ട് ഖിയാമത്തുനാളില്‍ അവരുടെനില എന്തായിരിക്കുമെന്നും പ്രസ്താവിക്കുന്നു. ‘ബര്‍സഖ്‌ ‘ (بَرْزَخٌ) എന്ന വാക്കിന് ‘രണ്ടു വസ്തുക്കള്‍ക്കിടയിലുണ്ടാകുന്ന മറ – അല്ലെങ്കില്‍ – തടസ്സം’ (الحاجز بين الشيئين) എന്നത്രെ ഭാഷാര്‍ത്ഥം. ഈ അര്‍ത്ഥം പരിഗണിച്ചുകൊണ്ടാണ് ‘യവനിക, കടലിടുക്ക്’ മുതലായവക്കു് ആ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് സൂ: ഫുര്‍ഖാനില്‍   وَجَعَلَ بَيْنَهُمَا بَرْزَخًا(രണ്ടു സമുദ്രത്തിനുമിടയില്‍ അവന്‍ ഒരു മറ ഏര്‍പ്പെടുത്തിയിരിക്കുന്നു) എന്നും സൂ: റഹ്മാനില്‍ بَيْنَهُمَا بَرْزَخًا (രണ്ടിനുമിടയില്‍ ഒരു മറയുണ്ട്‌) എന്നും പറഞ്ഞത്.

മരണത്തിനും ഖിയാമത്തുനാളിനും ഇടയ്ക്കുള്ള കാലത്തെ- അഥവാ മരണത്തോടുകൂടി അവസാനിക്കുന്ന ഐഹികജീവിതത്തിനും പുനരുത്ഥാനത്തോടുകൂടി ആരംഭിക്കുന്ന പാരത്രിക ജീവിതത്തിനും മദ്ധ്യെയുള്ള കാലഘട്ടത്തെ – ഉദ്ദേശിച്ചാണ് മേലുദ്ധരിച്ച ആയത്തില്‍ ആ വാക്കു ഉപയോഗിച്ചിരിക്കുന്നതെന്നു സ്പഷ്ടമാകുന്നു. ഈ വാക്കിനു പല മഹാന്മാരും നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങള്‍ ഇമാം ഇബ്നു ജരീര്‍, ഇബ്നു കഥീര്‍ (رحمهما الله) മുതലായവര്‍ അവരുടെ തഫ്സീറുകളില്‍ ഉദ്ധരിച്ചു കാണാം. വാക്കുകളില്‍ വ്യത്യാസം കാണുമെങ്കിലും ഉദ്ദേശ്യത്തില്‍ പരസ്പരം യോജിക്കുന്ന ആ ഉദ്ധരണികളുടെ സാരം ഇതാണ്: ‘ദുന്‍യാ’വിന്റെയും ‘ആഖിറ’ത്തിന്റെയും ഇടയ്ക്കാലത്തെ മറയാണ് ‘ബര്‍സഖ്’. അതായതു, ദുന്‍യാവിലെപ്പോലെ ഭക്ഷണപാനീയങ്ങളും മറ്റും കൂടാതെയും, ആഖിറത്തിലെപ്പോലെ കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിയാതെയും ഇരിക്കുന്ന അവസ്ഥ.’ (*)


(*) ഖബറുകളില്‍വെച്ച് അനുഭവപ്പെടുന്ന സുഖദുഃഖങ്ങള്‍ ഒരു തരത്തില്‍ കര്‍മ്മഫലം തന്നെയാണെങ്കിലും, കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ഫലമല്ല അവ. ഇതിനെ പറ്റി താഴെ വിവരിക്കുന്നുണ്ട്.


തഫ്സീറു ഗ്രന്ഥങ്ങളില്‍ മാത്രമല്ല, പ്രധാന അറബിനിഘണ്ടുക്കളിലും ‘ബര്‍സഖി’നു ഈ അര്‍ത്ഥം കല്‍പ്പിച്ചു കാണാം. ‘ഖാമൂസി’ലെ വാചകം البرزخ : الحاجز بين الشيئين ، ومن وقت الموت إلى القيامة ، ومن مات دخله (‘ബര്‍സഖു്’ എന്നാല്‍, രണ്ടു വസ്തുക്കള്‍കിടയിലുള്ള മറയും, മരണസമയം മുതല്‍ ഖിയാമത്തുനാള്‍ വരെയുമാകുന്നു. ആര്‍ മരണപ്പെട്ടുവോ അവന്‍ അതില്‍ പ്രവേശിക്കുന്നു) എന്നാണ്. ‘ലിസാനുല്‍ അറബി’ (لسان العرب) ല്‍ ഇങ്ങിനെയാണ്‌: البَرْزَخُ: ما بين الدنيا والآخرة قبل الحشر من وقت الموت إِلى البعث، فمن مات فقد دخل البَرْزَخَ (**) (‘ബര്‍സഖ്’ എന്നാല്‍, ഇഹലോകത്തിനും പരലോകത്തിനുമിടക്കു – ‘ഹശ്റി’ ന്റെ മുമ്പ് (***) – മരണസമയം മുതല്‍ പുനരുത്ഥാനംവരെയുള്ള കാലമാകുന്നു. അപ്പോള്‍ ആര്‍ മരിച്ചുവോ അവന്‍ ബര്‍സഖില്‍ പ്രവേശിച്ചു). പരലോകത്തിനും ഇഹലോകത്തിനും ഇടയ്ക്ക് രണ്ടില്‍നിന്നും കേവലം വ്യത്യസ്തമായ ഒരു ലോകം സ്ഥിതി ചെയ്യുന്നുണ്ടെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു. എനി, ഈ അദൃശ്യലോകത്തുവെച്ച് നടക്കുന്ന ചില സ്ഥിതികളെക്കുറിച്ച് മനസ്സിലാക്കാം:-


(**) كما في مجلة الحج الجزء ٢ – السنة ٢٣(٢٠شعبان ٨٨ هـ)

(***) വിചാരണക്കായി ഒരുമിച്ചുകൂട്ടുന്നതിനുമുമ്പ്.


ഫിര്‍ഔനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെപ്പറ്റി പറഞ്ഞശേഷം, സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍) 46ല്‍ അല്ലാഹു പറയുന്നു:

 النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا

(അവര്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദര്‍ശിക്കപ്പെടുന്നു.) ഈ പ്രദര്‍ശിപ്പിക്കല്‍ ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേ ആയത്തില്‍തന്നെ തുടര്‍ന്നുകൊണ്ടു ഇപ്രകാരം പറയുന്നു: ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍ എന്നു കല്‍പനയുണ്ടാകും.’ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)) അപ്പോള്‍, സമുദ്രത്തില്‍ മുങ്ങിനശിച്ചതിനുശേഷം ഖിയാമത്തുനാളിനുമുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്കു ചില പ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അതു അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലമാകുന്ന നരകശിക്ഷയല്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. ഈ വാസ്തവം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതു കാണുക:

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്നു ഉമര്‍ (رضي الله عنهما) ഉദ്ധരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം – വാസസ്ഥലം – അവനു പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗക്കാരില്‍നിന്നും, അവന്‍ നരകക്കാരനാണെങ്കില്‍ നരകക്കാരില്‍നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ ഖിയാമത്തുനാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്നു അവനോടു പറയപ്പെടുകയും ചെയ്യും.’ (ബു :മു.)

ഖബ്റുകളില്‍വെച്ച് അനുഭവപ്പെടുന്ന പല സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവിച്ചിട്ടുള്ള ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുവാനുണ്ട്, ഉദാഹരണത്തിനുമാത്രം ചിലതു ഇവിടെ ഉദ്ധരിക്കാം:

1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അനസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘മനുഷ്യന്‍ ഖബറില്‍ വെക്കപ്പെടുകയും, അവന്റെ ആള്‍ക്കാര്‍ തിരിഞ്ഞുപോകുകയും ചെയ്‌താല്‍ – അവരുടെ ചെരുപ്പിന്റെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരിക്കും (അതു അടുത്ത സമയം) – അവന്റെ അടുക്കല്‍ രണ്ടു മലക്കുകള്‍വരും. അവര്‍ അവനെ ഇരുത്തി അവനോടു ചോദിക്കും: ‘ഈ മനുഷ്യനെ – അതായതു, മുഹമ്മദിനെ – ക്കുറിച്ചു നീ എന്തു പറഞ്ഞിരുന്നു?’ അപ്പോള്‍ സത്യവിശ്വാസി പറയും: ‘അദ്ദേഹം അല്ലാഹുവിന്റെ അടിയാനും റസൂലുമാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ അവനോടു പറയപ്പെടും: ‘നരകത്തില്‍നിന്നും നിനക്കുള്ള (നിനക്കു ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്കു നോക്കു! ഇതാ, അല്ലാഹു നിനക്കു അതിനുപകരം സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഇരിപ്പിടം തന്നിരിക്കുന്നു.’ അങ്ങനെ, അവന്‍ അതുരണ്ടും (സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങള്‍) കാണും. എന്നാല്‍, കപടവിശ്വാസിയും അവിശ്വാസിയുമാകട്ടെ, അവനോടും ചോദിക്കപ്പെടും: ‘നീ ഈ മനുഷ്യനെപ്പറ്റി എന്തു പറഞ്ഞിരുന്നു? അവന്‍ പറയും: ‘എനിക്കറിഞ്ഞുകൂടാ! ആളുകള്‍ പറയുംപ്രകാരം ഞാനും പറഞ്ഞിരുന്നു.’ അവനോടു പറയപ്പെടും: ‘നീ അറിഞ്ഞതുമില്ല, പിന്‍പറ്റിയതുമില്ല.’ അവന്‍ ഇരുമ്പിന്റെ ചുറ്റികകളാല്‍ അടിക്കപ്പെടും. അവന്‍ വമ്പിച്ച അട്ടഹാസം അട്ടഹസിക്കും ഇരുസമുദായങ്ങള്‍ (മനുഷ്യരും ജിന്നുകളും) അല്ലാത്തവരെല്ലാം അതു കേള്‍ക്കുന്നതാണ്. (ബു; മു)

(2, 3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘നിങ്ങളൊരാള്‍ (നമസ്കാരത്തില്‍) അവസാനത്തെ ‘തശഹ്-ഹുദി’ല്‍ (അത്തഹിയ്യാത്തി’ല്‍)നിന്നു വിരമിച്ചാല്‍, അവന്‍ നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോടു രക്ഷ തേടികൊള്ളട്ടെ: നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തില്‍നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മു.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കാരത്തില്‍ اللهم إنّي أعوذُ بِكَ مِن عذابِ القَبرِ الخ (അല്ലാഹുവേ, നിന്നോടു ഞാന്‍ ഖബറിലെ ശിക്ഷയില്‍നിന്നു രക്ഷ തേടുന്നു) എന്നു തുടങ്ങിയ പ്രാര്‍ത്ഥന ചെയ്യാറുണ്ടായിരുന്നതായി ആയിശ (رضي الله عنها) നിവേദനം ചെയ്യുന്നു. (ബു: മു.) ഇതനുസരിച്ചാണ് മുസ്‌ലിംകള്‍ ഈ ദുആ അത്തഹിയ്യാത്തില്‍ നിത്യവും ചൊല്ലിവരുന്നതും. (*) ഖബറുകളില്‍ വെച്ചു സജ്ജനങ്ങള്‍ക്ക് സുഖപ്രദമായ ചില അനുഭവങ്ങളും, ദുര്‍ജ്ജനങ്ങള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും ഉണ്ടാകുമെന്നു ഇപ്പോള്‍ ഖുര്‍ആന്‍കൊണ്ടും ഹദീസുകൊണ്ടും ശരിക്കും വ്യക്തമായല്ലോ. വിശദീകരണത്തിനു ഇവിടെ ഉദ്ദേശിക്കുന്നില്ല.


(*) എന്നാല്‍, ഖബറിലെ ശിക്ഷയെ നിഷേധിക്കുന്നവരില്‍ ചിലര്‍പോലും – അറിഞ്ഞോ അറിയാതെയോ – നമസ്കാരത്തില്‍ ഈ ദുആ ചെയ്യുന്നതും, ചിലര്‍ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന കൂട്ടത്തില്‍ ഈ ദുആയും ഉള്‍പ്പെടുത്തുന്നതും കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു.


ഓരോരുവനും ചെയ്ത കര്‍മ്മങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നതു അവരവരുടെ വിചാരണ കഴിഞ്ഞശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നതുമുതല്‍ക്കാണല്ലോ. എന്നിരിക്കെ, ഖബറുകളില്‍വെച്ചു ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ്? എന്നിങ്ങനെ വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തില്‍ പരലോകത്തു വെച്ചു നല്‍കപ്പെടുന്ന രക്ഷാശിക്ഷകള്‍തന്നെയാണ് കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലങ്ങള്‍. അതിനുമുമ്പുണ്ടാകുന്ന സുഖദുഃഖങ്ങളെല്ലാം ഓരോരുത്തന്റെയും കര്‍മ്മങ്ങള്‍ക്കനുസരിച്ചു അവരവരില്‍ പ്രത്യക്ഷപ്പെടുന്ന ചില അനന്തര ഫലങ്ങള്‍ മാത്രമാകുന്നു. ഒരു ഉദാഹരണം മൂലം ഇതു മനസ്സിലാക്കാം. ഒരു കൊലക്കേസ്സില്‍ പിടിക്കപ്പെട്ട പ്രതി കുറ്റക്കാരനാണന്നു കോടതി വിധിച്ചശേഷമേ അവനു കൊലക്കുറ്റത്തിനു നിയമപ്രകാരമുള്ള യഥാര്‍ത്ഥ പ്രതിഫലം – അഥവാ ശിക്ഷ – നല്‍കപ്പെടാറുള്ളു. എങ്കിലും, പ്രഥമ വീക്ഷണത്തില്‍ അവന്റെമേല്‍ കൊലക്കുറ്റം ചുമത്തപ്പെട്ടതു മുതല്‍ – അവന്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ കോടതി തീരുമാനിക്കുന്നതുവരെയുള്ള ഇടക്കാലത്തു – അവന്‍ ഒരു കൊലയാളിയെപ്പോലെ ഗണിക്കപ്പെടുകയും, കുറ്റക്കാരനാണെന്ന നിലക്കു അവനോടു പെരുമാറപ്പെടുകയും ചെയ്യുമല്ലോ: പ്രത്യക്ഷത്തില്‍ അവനൊരു കൊലയാളിയാണെന്നതാണ് ഇതിനു കാരണം. എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുണ്ട്. ഈ കൊലക്കുറ്റം ചുമത്തപ്പെട്ട ആള്‍ ഒരുപക്ഷേ നിരപരാധിയാണെന്നായിരിക്കും കോടതിയുടെ വിധി. അതോടു കൂടി അവന്‍ വിട്ടയക്കപ്പെടുകയും ചെയ്യും.

മരണപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്കു മാത്രമേ ശിക്ഷാപരമായ അനുഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇങ്ങിനെയുള്ളവരെക്കുറിച്ച് അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ നിരപരാധികളായി തെളിയിക്കപ്പെടുമെന്നോ വിധിയുണ്ടാകുമെന്നോ പ്രതീക്ഷിക്കുവാനുമില്ല. അവിടെ എല്ലാ കാര്യവും യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുക. ഖബറുകളില്‍വെച്ചു മാത്രമല്ല അതിനുമുമ്പുതന്നെ – മരണപ്പെടുന്ന അവസരത്തിലും, പിന്നീടു ഖബറുകളില്‍നിന്നു എഴുന്നേറ്റു മഹ്ശറിലേക്കു വരുമ്പോഴും, വിചാരണവേളയിലും, വിചാരണ കഴിഞ്ഞു നരകത്തിലേക്കു കൊണ്ടുപോകുമ്പോഴും – എല്ലാംതന്നെ വിവിധ തരത്തിലുള്ള കഷ്ടപ്പാടുകള്‍ കുറ്റവാളികള്‍ അനുഭവിക്കുന്നതാണെന്നും, നേരെമറിച്ച് സജ്ജനങ്ങള്‍ക്ക്‌ എല്ലായിടത്തും സന്തോഷത്തിന്റെ അനുഭവങ്ങളുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍റെ പല പ്രസ്താവനകളിലും കാണാവുന്നതാണ്. (8:50; 32:12; 55:41; 20:102; 37:24; 41:31; 27:89; മുതലായവ) എന്നിരിക്കെ ഖബറിലെ അനുഭവത്തെ സംബന്ധിച്ചു മാത്രം ഈ സംശയത്തിനു അവകാശമില്ല.

ഖബറിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവര്‍ക്ക് അതിനുള്ള പ്രധാന ന്യായം ഇതാണ്: ഖബറുകള്‍ തുറന്നുനോക്കിയാല്‍ അവിടെ ശിക്ഷകളോ മറ്റുവല്ലതുമോ നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.ജഡമാണെങ്കില്‍ നശിച്ചു പോകുന്നു. ആത്മാവും എങ്ങോ പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാന്‍ അവിടെ ആരാണുള്ളത്?! ഈ ന്യായം കേള്‍ക്കുമ്പോള്‍ ചില സാധാരണക്കാരും സംശയത്തിനു വിധേയരാകും. ബാഹ്യലോകവും യാഥാര്‍ത്ഥ്യലോകവും തമ്മിലും, ഭൗതികലോകവും ആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അല്പമെങ്കിലും ആലോചിക്കുന്ന പക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയില്‍ കുറ്റവാളികളുടെ അടുക്കല്‍ മലക്കുകള്‍ വന്ന് നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍ എന്ന്‍ പറയുമെന്നും, അവരുടെ മുഖത്തും, പിന്‍പുറത്തും അടിക്കുമെന്നും മറ്റും അല്ലാഹു പറയുന്നു. (6:93; 8:50 മുതലായവ നോക്കുക.) കുറ്റവാളികള്‍ തങ്ങളെ ഒന്നുകൂടി ഐഹികജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാന്‍ മരണവേളയില്‍ അപേക്ഷിക്കുമെന്നും പറയുന്നു. (23:99 ഉം മറ്റും കാണുക.) മരണം നമ്മുടെ മുമ്പില്‍വെച്ചുതന്നെ സംഭവിക്കുകയും, കുറേക്കാലം ആ ജഡം നാം കണ്ണ് തെറ്റാതെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്താലും ഇതെല്ലാം നമുക്കു കാണുവാന്‍ കഴിയുമോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കു ഇക്കാരണത്താല്‍ ഈ പറഞ്ഞതെല്ലാം ശരിയല്ലെന്നു പറയാമോ?! ഇതെല്ലാം കേവലം ഉപമകളും അലങ്കാരപ്രയോഗങ്ങളുമാക്കിക്കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ ആരെങ്കിലും മുതിരുന്നപക്ഷം അയാള്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നില്ലെന്നേ പറയുവാനുള്ളു. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെക്കുറിച്ച് ഇവിടെ നാം സംസാരിക്കുന്നുമില്ല.

ഖബറിലെ അനുഭവങ്ങളെക്കുറിച്ചുമാത്രമല്ല,നമ്മുടെ അനുമാനങ്ങൾക്കും ഈ ഐഹിക ലോകത്തെ സാധാരണ നടപടിക്രമങ്ങൾക്കും എതിരായി ഖുർആനിലും ഹദീസിലും വന്നിട്ടുള്ള പല കാര്യങ്ങളെക്കുറിചും വളരെ ഗഹനങ്ങളായ ചർച്ചകൾ നടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള രണ്ടു പണ്ഡിതവര്യന്മാരാണു ഇമാം ഗസ്സാലി (റ) യും, അല്ലാമ ശാഹ്‌ വലിയ്യുള്ളാഹ്‌ ദഹ്‌ലവിയും (റ) ഈ രണ്ട് മഹാന്മാരും കേവലം മത പണ്ഡിതന്മാർ മാത്രമല്ല, ദാർശനിക പ്രമുഖന്മാർ കൂടിയാണു. ഇവരുടെ ചില പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കുന്നതു-ഖബറിലെ അനുഭവങ്ങളെക്കുറിച്ചു മാത്രമല്ല- അതുപോലെനമുക്കു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ പ്രയാസമുള്ള മറ്റു പലതിനെക്കുറിച്ചും മനസ്സിലാക്കുവാൻ വളരെ പ്രയോജനകരമായിരിക്കും. “ഇസ്ലാം ശരീഅത്തിന്റെ യുക്തിരഹസ്യങ്ങൾ” (اسرار الشريعة) എന്ന വിഷയത്തില്‍ രചിക്കപ്പെട്ട ഒരു നിസ്തുല മഹൽ ഗ്രന്ഥമത്രെ ശാഹ് വലിയുല്ലാഹിയുടെ ‘ഹുജ്ജത്തുല്ലാഹിൽ ബാലിഗ’ (حجة الله البالغة) ഈ ഭൗതിക ലോക പ്രകൃതിക്കും, അതിലെനടപടിക്രമങ്ങൾക്കും നിരക്കാത്ത പല യാഥാർഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അഭൗതിക ലോകത്തെക്കുറിച്ചു ഖുർആനിലും, ഹദീസിലും വന്നിട്ടുള്ള പല തെളിവുകളും, ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കുന്ന മധ്യേ അതിൽ അദ്ധേഹം ചെയ്തിട്ടുള്ള സ്വല്പം ദീർഘമായ ഒരു പ്രസ്താവനയുടെ ചുരുക്കം താഴെ ചേർക്കാം. ഈ വിശയത്തിൽ ഇമാം ഗസ്സാലി (റ) യുടെ വാചകങ്ങളും അതിലദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് മഹാന്മാരുടെയും അഭിപ്രായം നമുക്കു ഒന്നിച്ചു കാണുവാൻ സാധിക്കും.

മര്‍യം (അ) ന്റെ അടുക്കൽ മനുഷ്യരൂപത്തിൽ മലക്ക് ചെന്നത്, ഖബറിൽ വെച്ച് മലക്കുകള്‍ ചോദ്യം ചെയ്യുന്നതു, മരണപ്പെട്ടവർ അട്ടഹസിക്കുന്നത്, അവനെ പാമ്പ് കൊത്തുന്നത്, നബി(സ)യുടെ അടുക്കൽ മലക്ക് വന്ന് പോകുമ്പോൾ സഹാബികൾക്കത് കാണാൻ കഴിയാത്തത്, നബി(സ)‘ഇസ്റാഉ്’ എന്ന രാവ് യാത്രയിലെ ചില സഭവങ്ങൾ, നമസ്കരം,മുതലായ കർമങ്ങൾ അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുന്നത് എന്നിങ്ങിനെ ഖുർആനിലും ഹദീസിലും കാണപ്പെടുന്ന പലതിനേയും ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ധേഹം പറയുകയാണു:- ’ഇങ്ങിനെയുള്ള വിഷയങ്ങളിൽ ചിന്തിച്ചു നോക്കുന്നവർ മൂന്നിലൊരു തരക്കാരായിരിക്കും: 1) ഒന്നുകിൽ അവയുടെ ബാഹ്യമായ സ്വഭാവത്തിൽ തന്നെ നേർക്കു നേരെ സമ്മതിക്കുക.അപ്പോൾ, നാം മേല്പറഞ്ഞ തരത്തിലുള്ള ഒരു ലോകം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഹദീസു പണ്ഡിതന്മാരുടെ ചട്ടം അതാണു. ഇതിനെപറ്റി സുയൂത്ത്വി (റ) ഉണർത്തിയിട്ടുണ്ടു, ഇതാണു ഞാൻ പറയുന്നതും, ഞാൻ അഭിപ്രായപ്പെടുന്നതും. 2) അല്ലെങ്കിൽ, വെളിയിൽ അവയ്ക്കു യാഥാർഥ്യമൊന്നും ഇല്ലെങ്കിലും അവ അനുഭവപ്പെടുന്നതിന്റെ അനുഭവത്തിലും കാഴ്ചയിലും അങ്ങിനെ രൂപാന്തരപ്പെട്ടു കാണുകയാണെന്ന് (*) വെക്കുക (يوم تأتي السماء يدخان مبين) (ആകാശം ഒരു വ്യക്തമായ പുകയും കൊണ്ടു വരുന്ന ദിവസം) എന്നു അള്ളാഹു (സൂ: ദുഖാനിൽ) പ്രസ്താവച്ചതിനെപ്പറ്റി ഇബ്നു മസ്ഊദ്(റ) പറയുന്നത് ഇത് പോലെയാണു. അറബികൾക്ക് ഒരു ക്ഷാമം പിടിപെട്ടപ്പോൾ വിശപ്പ് നിമിത്തം ആകാശത്തേക്ക് നോക്കുമ്പോൾ അവർക്ക് പുക മൂടിയതായി തോന്നിയിരുന്നുവെന്നാണു അദ്ദേഹം പറയുന്നത് 3) അതുമല്ലെങ്കിൽ, ചില വസ്തുതകളെ മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടി ഉപമാ രൂപത്തിൽ പറയപ്പെട്ടതാണു അവ എന്നു വെക്കുക. ഈ മൂന്നാമത്തെ നിലപാട് കൊണ്ട് തൃപ്തി അടയുന്നവരെ സത്യത്തിന്റെ പക്ഷക്കാരായി ഞൻ വിചാരിക്കുന്നില്ല. (**)

അദ്ദേഹം തുടരുന്നു: ‘ഇമാം ഗസ്സാലി (റ) ഖബറിലെ ശിക്ഷയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു നിലപാടുകളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇങ്ങനെയുള്ള ഹദീസുകള്‍ക്ക് ശരിയായ ബാഹ്യസാരങ്ങളും ഗൂഢമായ അന്തസാരങ്ങളും ഉണ്ട്. ഉള്‍ക്കാഴ്ച്ചയുള്ളവര്‍ക്ക് അവ വ്യക്തങ്ങളായിരിക്കും. അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് അവയുടെ ബാഹ്യസാരങ്ങളെ നിഷേധിക്കുവാന്‍ പാടില്ല. പക്ഷെ, സത്യവിശ്വാസത്തിന്റെ ഏറ്റവും കുറഞ്ഞ പടി അവ സമ്മതിക്കലും, സത്യമെന്ന് വിശ്വസിക്കലുമാകുന്നു.’ അവിശ്വാസിയായ മനുഷ്യനെ അവന്‍റെ ഖബറില്‍ വെച്ച് നാം കുറേക്കാലം വീക്ഷിച്ചു കൊണ്ടിരുന്നാലും നാം ഒന്നും കാണുകയില്ലല്ലോ. എന്നിരിക്കെ, പിന്നെയെങ്ങനെയാണതു സത്യമെന്ന് വെക്കുക’ എന്ന് വല്ലവരും പറഞ്ഞേക്കുന്ന പക്ഷം, നീ അറിഞ്ഞു കൊള്ളുക: ഇതു സത്യമാണെന്ന് സ്വീകരിക്കുന്നതില്‍ നിനക്കു മൂന്നു നിലപാടുകള്‍ ഉണ്ടായിരിക്കാവുന്നതാണ്:-

‘ഒന്നാമത്തേത്- അതാണ്‌ കൂടുതല്‍ വ്യക്തവും, ശരിയും, രക്ഷയുമായിട്ടുള്ളത്- അവയെല്ലാം യഥാര്‍ത്ഥം തന്നെയാണെന്ന് നീ വിശ്വസിക്കുകയാകുന്നു. (ഖബറില്‍വെച്ച്) മരിച്ചവനെ പാമ്പ് കൊത്തുന്നു; പക്ഷെ ഈ കണ്ണു അതു കാണാന്‍ പറ്റിയതല്ല; അതെല്ലാം അദൃശ്യലോകവുമായി ബന്ധപ്പെട്ടതാണ് എന്നു വെക്കുക. ജിബ്രീല്‍ (അ) വന്നിരുന്നുവെന്നും, അദ്ദേഹത്തെ നബി (സ) കണ്ടിരുന്നുവെന്നും സഹാബികള്‍ വിശ്വസിച്ചിരുന്നുവല്ലോ. അതില്‍ നിനക്കു വിശ്വാസമില്ലെങ്കില്‍, ആദ്യമായി നീ മലക്കുകളിലും വഹ്യിലും വിശ്വസിച്ചുകൊണ്ട് നിന്റെ ഈമാന്റെ മൌലികവശം ശരിപ്പെടുത്തുകയാണ് വേണ്ടത്. അതല്ല, നീയതു വിശ്വസിക്കുകയും, സമുദായത്തിനു കാണാന്‍ കഴിയാത്തത് നബി (സ) ക്കു കാണാമെന്നു വെക്കുകയുമാണ് ചെയ്യുന്നതെങ്കില്‍, എന്തുകൊണ്ടു മരിച്ചവരിലും അങ്ങിനെ പാടില്ല?! മലക്കുകള്‍ മനുഷ്യരോടും, മറ്റു ജീവികളോടും സാമ്യമില്ലാത്തതുപോലെത്തന്നെ, ഖബറുകളില്‍ വെച്ചു മരിച്ചവരെ കടിക്കുന്ന പാമ്പും, തേളും ഈ ലോകത്തുള്ള പാമ്പും തേളുമായി സാമ്യമില്ല.അതു മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ടതും, (ഈ ബാഹ്യേന്ദ്രിയങ്ങളല്ലാത്ത) മറ്റൊരു ഗ്രഹണശക്തികൊണ്ട് അറിയേണ്ടതുമാകുന്നു.

‘രണ്ടാമത്തേത്, ഉറങ്ങുന്നവന്റെ സ്ഥിതി ഓര്‍ക്കുകയാണ്. സ്വപ്നത്തില്‍ പാമ്പു കടിക്കുന്നതായി അവന്‍ കാണുന്നു. വേദനയനുഭവിക്കുന്നു. ചിലപ്പോള്‍ ഉറക്കെ ശബ്ധമുണ്ടാക്കുകയും, വിയര്‍ക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യും. നീയാണെങ്കില്‍, അവന്‍ ശാന്തമായി ഉറങ്ങുന്നതായേ കാണുന്നുള്ളൂ. പാമ്പിനെയോ മറ്റോ നീ കാണുന്നില്ല. എങ്കിലും ഉറങ്ങുന്നവന്‍ അത് കാണുകയും, വേദനയും ശിക്ഷയും അനുഭവിക്കുകയും ചെയ്യുന്നു. അപ്പോള്‍ കാഴ്ചയിലുള്ള പാമ്പും മായയിലുള്ള പാമ്പും തമ്മില്‍ അവനെ സംബന്ധിച്ചിടത്തോളം വ്യത്യാസമില്ലല്ലോ.’

‘മൂന്നാമത്തേത് ഇതാണ്: വാസ്തവത്തില്‍ പാമ്പിന്റെ ദേഹമല്ല നിന്നെ ഉപദ്രവിക്കുന്നത്.അതിന്‍റെ വിഷവുമല്ല. വിഷം നിമിത്തം നിന്നിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് നിനക്കു ഉപദ്രവമായിത്തീരുന്നത്. അപ്പോള്‍ വിഷം തീണ്ടാതെതന്നെ അതേ മാറ്റങ്ങള്‍ നിനക്കു അനുഭവപ്പെട്ടാലും പാമ്പിനെക്കൊണ്ടുണ്ടാകുന്ന ഉപദ്രവവും ശിക്ഷയും നിനക്കു അനുഭവപ്പെടുമല്ലോ. ഇങ്ങനെയുള്ള ശിക്ഷകളെപ്പറ്റി പറയുമ്പോള്‍, അതിനു സാധാരണ കാരണമാകാറുള്ള സംഗതികളോട് ബന്ധിപ്പിച്ചു പറഞ്ഞല്ലാതെ അതിനെ നിര്‍വചിക്കുക സാധ്യമല്ല. ഒരു കാരണത്താല്‍ സിദ്ധിക്കാറുള്ള സുഖാനുഭവം ആ കാരണം കൂടാതെ സിദ്ധിച്ചാലും അതിനെ ആ കാരണത്തോടു ബന്ധപ്പെടുത്തിയേ പറയുവാന്‍ സാധിക്കുകയുള്ളൂ. കാരണമല്ല അവിടെ ഉദ്ദേശ്യം, അതുകൊണ്ട് സിദ്ധിക്കുന്ന ഫലമാണ്. ഇങ്ങനെയുള്ള ചില വിഷമാവസ്ഥകള്‍ മരണപ്പെട്ടവന് അനുഭവപ്പെടുകയും, പാമ്പു കൂടാതെത്തന്നെ പാമ്പു കടിക്കുന്നതുപോലെയുള്ള വേദന അവനു ഉണ്ടാകുകയും ചെയ്യുന്നു. [ഉദ്ധരണി അവസാനിച്ചു]


(*) സ്വപ്നത്തിലും, രോഗം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അബോധാവസ്ഥയിലും കാണുന്ന അനുഭവങ്ങള്‍ ഏതാണ്ട് ഈ തരത്തില്‍പ്പെട്ടതാണ്. കണ്ണാടി, സിനിമ, ടെലിവിഷന്‍ മുതലായവയിലെ ദൃശ്യങ്ങളും വേണമെങ്കില്‍ ഉദാഹരണമായെടുക്കാം.
(**) ഈ മൂന്നിലും പെടാത്തവര്‍ തനി നിഷേധികളുമായിരിക്കും.


ഇമാം ഗസ്സാലി (റ) പാമ്പിനെപ്പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാകുന്നു. പാമ്പുപോലെത്തന്നെ ഭയാനകമായ മറ്റു പല വസ്തുക്കളെയും സ്വപ്നത്തില്‍ കാണാറുള്ളതാണ്. ഉറങ്ങുന്നവന്‍, ഉണര്‍ച്ചയില്‍ അവയെ കണ്ടാലുള്ളതുപോലത്തന്നെ വിഷമിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു ആനന്ദകരമായ സ്വപ്നങ്ങളും, ഉറങ്ങുന്നവനില്‍ അവ നിമിത്തം പ്രത്യക്ഷപ്പെടുന്ന ചില പ്രകടനങ്ങളും നമുക്ക് സുപരിചിതമാണല്ലോ. ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് പരിഭ്രമത്തോടെ എഴുന്നേറ്റ് തലയണയോ, കയ്യില്‍കിട്ടിയ മറ്റു സാധനമോ എടുത്തു ‘ പാമ്പ്! പാമ്പ്! ‘ എന്നു ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് അവിടവിടെ അടിക്കുകയും, പിന്നീട് പാമ്പിനെ അടിച്ചു കൊന്നുവെന്ന ഭാവേന വീണ്ടും പോയി കിടക്കുകയും ചെയ്തിരുന്ന ഒരു സ്നേഹിതനെ നമുക്ക് നേരില്‍ പരിചയമുണ്ട്. ഉറക്കത്തിലല്ലാതെത്തന്നെ, ഏതെങ്കിലും ചില രോഗങ്ങള്‍ കാരണമായി ചിലര്‍ക്ക് ഭയാനകമായ പല കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകാറുള്ളതും അപൂര്‍വമല്ല. ഇതുപോലെ മറ്റു ചിലര്‍ക്ക് ആശ്ചര്യകരമോ, സന്തോഷകരമോ ആയ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍, ബോധാവസ്ഥക്ക് ശേഷം തങ്ങളുടെ പ്രസ്തുത അനുഭവങ്ങളെ കുറിച്ച് ഓര്‍മ്മയുള്ളവരും ഇല്ലാത്തവരും ഉണ്ടാകാറുണ്ട്.നമ്മുടെ ബാഹ്യേന്ധ്രിയങ്ങള്‍ക്കതീതമായി എന്തൊക്കെയോ ചില യാഥാര്‍ത്ഥൃങ്ങള്‍ നടമാടി കൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ അറിവിനപ്പുറം പലതും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ നിന്നൊക്കെ സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാം. എന്നല്ലാതെ, തര്‍ക്ക ശാസ്ത്രത്തിന്റെയോ, ഭൗതിക ശാസ്ത്രങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടാവുന്നതല്ല ഇത്തരം സംഗതികള്‍.

എനി, ഖബറിലെ അനുഭവങ്ങളെ നിഷേധിക്കുന്നവര്‍, തങ്ങള്‍ക്കനുകൂലമായി ഖുര്‍ആനില്‍ നിന്ന് ചൂണ്ടിക്കാട്ടാറുള്ള ഒന്നുരണ്ടു തെളിവുകളെക്കുറിച്ചാണ് രണ്ടു വാക്ക് പറയുവാനുള്ളത്. രണ്ടും പരലോകത്ത് വെച്ച് അവിശ്വാസികള്‍ പറയുന്ന ചില വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്താനും

1) സൂ : യാസീനിലെ 52-ാം വചനത്തില്‍, പുനരുത്ഥാനസമയത്ത് അവിശ്വാസികള്‍ പറയുന്നതായി അല്ലാഹു ഉദ്ധരിച്ച വാക്യമാണ് يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന് ഞങ്ങളെ എഴുന്നേൽപ്പിച്ചത്?!) എന്നത്രേ അത് മരണപ്പെട്ടവര്‍ പുനരുത്ഥാനദിവസം വരെ സുഖമോ ദു:ഖമോ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, അതിനാല്‍ ഖബറുകളില്‍ ‘തല്ലും കുത്തും’ (ശിക്ഷാനുഭവങ്ങള്‍) ഉണ്ടാകുമെന്നു പറയുന്നതു ശരിയല്ലെന്നും ഇവര്‍ പരിഹാസപൂര്‍വ്വം പറയാറുണ്ട്‌. മേലുദ്ധരിച്ചത് പോലുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നേരെ മൗനം അവലംബിക്കുകയും, ഹദീസുകളെ അവഗണിച്ചു പുറംതള്ളുകയുമാണവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ഉറക്കിലായിരുന്നാല്‍ പോലും, പാപികള്‍ക്ക് ‘തല്ലും കുത്തും’ മറ്റു പലതും അനുഭവപ്പെടാമെന്നും, സല്‍ക്കര്‍മ്മികളായുള്ളവര്‍ക്ക് സുഖകരമായ അനുഭവങ്ങളും ഉണ്ടാകുമെന്നും മേല്‍വിവരിച്ചതില്‍ നിന്നു വ്യക്തമായല്ലോ. വാസ്തവത്തില്‍ മരണത്തോടുകൂടി ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞുപോകുകയും, അതില്‍നിന്നും വ്യത്യസ്തമായതും, അതിനേക്കാള്‍ വിശാലമായതുമായ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയുമാണ് മരണപ്പെട്ടവര്‍ ചെയ്യുന്നത്. ഇവിടെ നടപ്പില്ലാത്ത പലതും നടക്കുന്ന ഒരു ലോകമാണത്. ‘ഞങ്ങള്‍ ഉറങ്ങുന്നിടം’ مَرْقَدِنَا എന്ന് അവിശ്വാസികള്‍ പറയുവാനുള്ള കാരണവും, ആ വാക്കിന്റെ ശരിയായ ഉദ്ദേശ്യവും നാം യഥാസ്ഥാനത്തു വെച്ച് വിവരിച്ചിട്ടുണ്ട്. ഇവിടെ അത് ആവര്‍ത്തിക്കുന്നില്ല.

2) പുനരുത്ഥാനദിവസത്തിലെ അത്യധികമായ ഭയവും, പരിഭ്രമവും നിമിത്തം അതിനു മുമ്പ് തങ്ങള്‍ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് അവിശ്വാസികള്‍ക്ക്‌ പറയുവാന്‍ സാധിക്കുകയില്ലെന്നു കാണിക്കുന്ന ആയത്തുകളാണ്. (സൂ: മുഅ്മിനൂന്‍ 112, 113 പോലെയുള്ള ആയത്തുകള്‍). അവര്‍ക്ക് അത് അറിയാതിരിക്കാന്‍ കാരണം, അവര്‍ മരണം മുതല്‍ അതുവരെ ഉറങ്ങിക്കിടക്കുകയായിരുന്നത് കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഈ വാദം തീരെ വാസ്തവവിരുദ്ധമാണെന്നും, ആ ആയത്തുകളുടെ യഥാര്‍ത്ഥത്തിലുള്ള ഉദ്ദേശ്യം എന്താണെന്നും സൂ:മുഅ്മിനൂനിന് ശേഷമുള്ള രണ്ടാം വ്യാഖ്യാനക്കുറിപ്പിലും നാം കാര്യകാരണസഹിതം വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇവിടെ അതിനെപ്പറ്റിയും കൂടുതലൊന്നും പറയേണ്ടതില്ല.നബി (സ) നമസ്കാരത്തില്‍ ദുആ ചെയ്യാറുണ്ടായിരുന്നത് പോലെ – നമ്മോടും അങ്ങിനെ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിച്ചിട്ടുമുണ്ട് – നാമും ദുആ ചെയ്യുക:

اللهم اني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال

(അല്ലാഹുവേ, ഖബറിലെ ശിക്ഷയില്‍ നിന്നും, നരകത്തിന്റെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും, കള്ളവാദിയും സഞ്ചാരിയുമായ ദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ഞാന്‍ നിന്നോടു രക്ഷതേടുന്നു.)

വെളിച്ചം റമദാൻ 2026 –ഡേ- 13 (മാർച്ച് 05)

സൂറത്തു യാസീൻ : 71-83


  • വെളിച്ചം റമദാന്‍ 2026 ഡേ-13 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 07 – ആയത്ത് 71 മുതല്‍ 83 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ


സൂറത്തു യാസീന്‍ : 71-83

36:71

  • أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ ﴾٧١﴿
  • അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
  • أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളതു لَهُمْ അവര്‍ക്കുവേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَ നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവക്കു مَالِكُونَ ഉടമസ്ഥന്‍മാരാണ്

36:72

  • وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴾٧٢﴿
  • അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍നിന്നുതന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
  • وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍നിന്നുതന്നെ يَأْكُلُونَ അവര്‍ തിന്നുന്നു

36:73

  • وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴾٧٣﴿
  • അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്കു നന്ദി കാണിച്ചുകൂടെ?!
  • وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَ എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ

കൃഷിവ്യവസായങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലനിലക്കും പങ്കുണ്ട്. എന്നാല്‍, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. അതോടുകൂടി മനുഷ്യന്‍ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോടു നന്ദി കാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേടു കാണിക്കുകയാണ് ചെയ്യുന്നത്.

36:74

  • وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴾٧٤﴿
  • അല്ലാഹുവിനു പുറമെ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍വേണ്ടി.
  • وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമെ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും

36:75

  • لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴾٧٥﴿
  • അവര്‍ [ആരാധ്യന്മാര്‍]ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്കു സന്നദ്ധ സൈന്യവുമാണ്!
  • لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട

36:76

  • فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٦﴿
  • എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
  • فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും

മേല്‍ വിവരിച്ചതുപോലെയുളള എത്രയോ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്- അവര്‍ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങള്‍ അവര്‍ ആസ്വദിക്കുന്നുണ്ട്- അവര്‍ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാന്‍ ഒട്ടുംതന്നെ കഴിയാത്തവരെ ദൈവങ്ങളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടന്മാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവര്‍. അതുകൊണ്ട് കവിയെന്നും കവിതയെന്നും മറ്റും പറഞ്ഞ് ഖുര്‍ആനെയും, സത്യപ്രബോധനത്തെയും അവര്‍ നിരസിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുണ്ട്‌; വേണ്ടതു അവന്‍ ചെയ്തുകൊള്ളും. എന്നുസാരം. അടുത്ത വചനങ്ങളില്‍ മനുഷ്യനു അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-

36:77

  • أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٧٧﴿
  • മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
  • أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി (എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ

36:78

  • وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ﴾٧٨﴿
  • അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ് : ‘ആരാണ് (ഈ) അസ്ഥികളെ- അവ ജീര്‍ണ്ണിച്ചതായിരിക്കെ – ജീവിപ്പിക്കുക’?!
  • وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്കു ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചതു

36:79

  • قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴾٧٩﴿
  • പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
  • قُلْ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

36:80

  • ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴾٨٠﴿
  • അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
  • الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَ തീ കത്തിക്കുന്നു

സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു- അല്ലാഹുവിനു നല്‍കുന്ന ഉപമ എത്രമേല്‍ ചീത്തയാണ്‌?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ.

മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍.

പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും’, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!

36:81

  • أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴾٨١﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്.
  • أَوَلَيْسَ الَّذِي യാതൊരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍തന്നെ الْخَلَّاقُ മഹാ സൃഷ്ടാവും (വലിയ സൃഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ

36:82

  • إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴾٨٢﴿
  • നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്നു പറയുകയേവേണ്ടു – അപ്പോഴത് ഉണ്ടാകുന്നതാണ്.
  • إِنَّمَا أَمْرُهُ നിശ്ചയമായും അവന്റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴതു ഉണ്ടാകും

പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം -യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം- എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൌഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്‌?!

36:83

  • فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴾٨٣﴿
  • അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
  • فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന്നു കീര്‍ത്തനം بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

ഈ സൂറത്തില്‍ ഇതുവരെയുള്ള സൂക്തങ്ങളില്‍ പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമാണ് ഈ ചെറിയ സമാപനസൂക്തം ഉള്‍കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്‌; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ്‌ അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും.

രണ്ടുമൂന്നു ദശവത്സരങ്ങള്‍ക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെകന്‍റു) കൊണ്ട് 1,86,000 നാഴിക വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്കു മദ്ധ്യബിന്ദുവിലൂടെ നേര്‍ക്കുനേരെ എത്തിച്ചേരുവാന്‍ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്കു കൃത്യവും ശരിയുമാണെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ എത്ര സമര്‍ത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകള്‍ എത്ര വിജയകരമായിത്തീര്‍ന്നാലും ശരി, അഖിലാണ്ഡത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്നു കണ്ടുപിടിക്കുവാന്‍ കഴിയുമെന്നു വിചാരിക്കാന്‍ സാധ്യമല്ല. ഒരു കാലത്തു മനുഷ്യന്‍ അവയെല്ലാം ചുറ്റിസഞ്ചരിക്കുമെന്നു ഊഹിക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്കു ഏറെക്കുറെ ശരിയാണെന്നുവെക്കുക: എന്നാല്‍ തന്നെയും, അതിലടങ്ങുന്ന വാനങ്ങള്‍, അവയിലെ കോടാനുകോടി നക്ഷത്രങ്ങള്‍, നിരവധി സൗരയൂഥങ്ങള്‍, ഓരോന്നിന്റെയും ഉപഗ്രഹങ്ങള്‍ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങള്‍, പര്‍വതങ്ങള്‍ ആദിയായവയും, മലക്കുകള്‍, മനുഷ്യര്‍ തുടങ്ങിയ ജീവികളും, നമുക്കു കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഈവിധം സൃഷ്ടിച്ചു ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തിപ്പോരുന്ന രാജാധിരാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!!

فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ

(والحد لله اولً وآخراً وله الفضل والمنة)

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 12 (മാർച്ച് 04)

സൂറത്തു യാസീൻ : 65-70


  • വെളിച്ചം റമദാന്‍ 2026 ഡേ-12 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 06 – ആയത്ത് 65 മുതല്‍ 70 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ


സൂറത്തു യാസീന്‍ : 65-70

36:65

  • ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴾٦٥﴿
  • ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
  • الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക

കുറ്റവാളികള്‍ മഹ്ശറയില്‍ വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെ കുറിച്ച് മാത്രമാണ് ഇവിടെ പ്രസ്ഥാവിചിട്ടുള്ളതെങ്കിലും അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവാ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റു പറയുന്നതാണെന്നും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ്‌ ആ കോടതിയിലെ വിധി കര്‍ത്താവ്‌. ഓരോവ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുതുന്നതാകുന്നു.

മഹ്ശറയില്‍ വെച്ച് മുശ്രിക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍, സൂറത്ത് അന്‍ആമില്‍ അല്ലാഹു പറയുന്നു

ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ – الانعام ٢٣

(പിന്നീട് അവരെകൊണ്ടുള്ള കുഴപ്പം, “ഞങ്ങളുടെരക്ഷിതാവായ അല്ലാഹു തന്നെ സത്യം! ഞങ്ങള്‍ മുശ്രിക്കുകള്‍ ആയിരുന്നില്ല.” എന്ന് അവര്‍ പറയുന്നതല്ലാതെ മറ്റൊന്നുമല്ല.)അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരകത്തിന്റെ അടുക്കലേക്കു കൊണ്ട് വരപ്പെടുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ട് സൂറത്ത് ഹാമീം സജദയില്‍ ഇപ്രകാരം പറയുന്നു;

حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ-

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ

(അങ്ങിനെ. അവര്‍ അതിനടുത് വരുമ്പോള്‍, അവരുടെ കേള്‍വിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്). നിങ്ങള്‍ എന്തിനാണ് നമുക്കെതിരില്‍ സാക്ഷി പറയുന്നത്?!’ എന്ന് അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും; “എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്.” (41:20, 21)

നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘ഖിയാമത്തുനാളില്‍ അടിയാന്‍ -മനുഷ്യന്‍-‘ എനിക്ക് എന്നില്‍ നിന്നല്ലാതെ (പുറമേ നിന്ന്) സാക്ഷി ലഭിക്കുവാനില്ല’ എന്ന് പറയും. അപ്പോള്‍, അല്ലാഹു അവന്‍റെ വായില്‍ മുദ്ര വെക്കും. അവന്‍റെ അംഗങ്ങളോട് സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെ പറ്റി അവ സംസാരിക്കും. പിന്നീട് അവനു സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോടു പറയും: നിങ്ങള്‍ക്ക് വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്!’ (മുസ്‌ലിം)

മഹ്ശറില്‍ വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്ന് പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അത് കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നും വ്യക്ത്തമാണ്. പക്ഷെ ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേട്‌ തോന്നിയത് കൊണ്ടായിരിക്കാം അവര്‍ ഇത് സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കാറുള്ളത്. ഹാമീം സജദയില്‍ നിന്ന് മേലുദ്ധരിച്ച വചനത്തില്‍ തന്നെ, വാസ്തവത്തില്‍ അവര്‍ക്ക് മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തില്‍ വെച്ച് നമുക്ക് കൂടുതല്‍ വിവരിക്കാം. إن شاء الله

36:66

  • وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴾٦٦﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും,
    അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും
    ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?!
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക

36:67

  • وَلَوْ نَشَآءُ لَمَسَخْنَٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَٰعُوا۟ مُضِيًّا وَلَا يَرْجِعُونَ ﴾٦٧﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു
    വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു)
    പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ
    مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല

അവരുടെ ആന്തരികമായ കണ്ണു -മാനസികദൃഷ്ടി- ഉപയോഗിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ഇത്രയും ദുഷിച്ചത്‌. അതുപോലെ, ഇഹത്തില്‍ വെച്ചുതന്നെ അവരുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും, അങ്ങനെ വഴി കാണാതെ തപ്പിപ്പിടിച്ചു നടക്കുമാറാക്കുവാനും അല്ലാഹുവിനു പ്രയാസമില്ല. വേണമെങ്കില്‍, അവരുടെ രൂപം പെട്ടെന്ന് മാറ്റി അവര്‍ക്ക് വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നല്‍കുവാനും അവനു കഴിയും. പക്ഷെ, അതൊന്നും ചെയ്യാതെ അവരുടെ പാട്ടിനു വിട്ടുകൊടുത്തിരിക്കുന്നത് അവന്‍റെ കാരുണ്യം കൊണ്ടായിരുന്നു എന്ന് സാരം.

വിഭാഗം – 5

36:68

  • وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴾٦٨﴿
  • ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സു നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്കു (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടേ?!
  • وَمَنْ ആര്‍, യാതൊരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സു നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി (പ്രകൃതി)യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ

മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാല്‍, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം മാറ്റുവാനും – എന്നുവേണ്ട, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്‌വാന്‍- കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ് وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ (നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ!)

36:69

  • وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ ﴾٦٩﴿
  • അദ്ദേഹത്തിന്നു [നബിക്കു] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അതു ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു ‘ഖുര്‍ആനും’ [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
  • وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അതു യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും مُبِينٌ വ്യക്തമായ, വ്യക്തമാക്കുന്ന

36:70

  • لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ﴾٧٠﴿
  • ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
  • لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു കവിയാണെന്നു അവിശ്വാസികള്‍ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ വചനങ്ങള്‍. തിരുമേനി കവിത രചിക്കാറില്ല, അവിടുത്തേക്ക്‌ കവിതാവാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്കു കവിത പഠിപ്പിച്ചിട്ടില്ല. (وَمَا عَلَّمْنَاهُ الشِّعْرَ) എന്നാല്‍, അതു തിരുമേനിയുടെ സ്ഥിതിക്കു യോജിച്ചതും, ചേര്‍ന്നതുമാണോ? അതുമല്ല (وَمَا يَنبَغِي لَهُ) എന്നിരിക്കെ, ഖുര്‍ആനെപ്പറ്റി കവിതയെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപറ്റി കവിയെന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അല്ലാഹുവിങ്കല്‍നിന്നു ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ (ذِكْرٌ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിനു തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രന്ഥ (قُرْآنٌ) വുമാണത്. അല്ലാതെ മറ്റൊന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിര്‍ജ്ജീവമായിത്തീരുകയും, ഐഹിക താല്‍പര്യങ്ങളില്‍ മതിമറന്ന് ആത്മീയചൈതന്യം നശിച്ചു പോകുകയും ചെയ്യാതെ, ജീവസ്സോടെ ഇരിക്കുന്ന എല്ലാവരെയും ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി താക്കീതു ചെയ്തു രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ശിക്ഷിക്കുന്നതിനു ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം.

ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്കു നിര്‍വ്വഹിക്കുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല എന്നു ഹദീസുഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ തിരുമേനി ഒരു വരി പദ്യം ചൊല്ലിയതു ശരിയാകാതെ കണ്ടപ്പോള്‍, അബൂബക്കര്‍ (رضي الله عنه) ഇങ്ങിനെ പറയുകയുണ്ടായി: ‘അവിടുന്നു അല്ലാഹുവിന്റെ റസൂലാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ അങ്ങേക്കു കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്കു യോജിക്കുന്നതുമല്ല’.

(أشهد انك رسول الله ما علمك الشعر وما ينبغي لك – ابن أبي حاتم وغيره)

കവിതകളില്‍ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങള്‍ സാധിതമാക്കുവാന്‍ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവില്‍, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം മനസ്സാക്ഷിക്കും, യാഥാര്‍ത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദര്‍ഭത്തിനും അനുസരിച്ചു വസ്തുതകളില്‍ മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തില്‍ നീക്കുപോക്കു കൂടാതെ, നേര്‍ക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകള്‍ക്കു കവിതാലോകത്തു സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാള്‍ ഭാഷക്കും, യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭാവനക്കും, വിജ്ഞാനത്തെക്കാള്‍ വികാരത്തിനുമാണ് കവിതയില്‍ മുന്‍ഗണന. കവിയുടെ വാസനക്കും, ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. أعذب الشعر أكذبه (കവിതയില്‍വെച്ച് കൂടുതല്‍ ആസ്വാദ്യമായതു അതില്‍വെച്ചു കൂടുതല്‍ കളവായതാണ്) എന്നൊരു ആപ്തവാക്യം പോലും ഉടലെടുത്തതു ഇക്കാരണത്താലാണ്. പ്രവാചകത്വവും, കവിത്വവും തമ്മില്‍ യോജിപ്പും, ചേര്‍ച്ചയും ഇല്ലാതിരിക്കുവാന്‍ കാരണവും അതാണ്‌. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അതു പ്രകടിപ്പിക്കുവാന്‍ ചില മഹാന്മാര്‍ മുന്നോട്ടു വരാതിരുന്നതും ഇതുകൊണ്ടായിരുന്നു. (*) (കവിതയെക്കുറിച്ചും, അതില്‍ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: ശുഅറാഅ് 224 – 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചതു ഓര്‍ക്കുക.)


(*) മീര്‍സാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്നു വാദിച്ചിരുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളില്‍ കുറെ പരുക്കന്‍ കവിതകള്‍ ഉള്‍കൊള്ളുന്നതും, ചിലതില്‍ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിനു വെല്ലുവിളിക്കുന്നതും കാണുമ്പോള്‍ നമുക്കു ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തസ്സിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളില്‍ സാധാരണമാണെന്നോര്‍ക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ലതാനും.


അല്ലാഹുവിന്റെ ഏകത്വമാകുന്ന ‘തൗഹീദ്’,സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമ്മേളിക്കപ്പെടുന്ന ‘ഹശ്ര്‍’, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യമാകുന്ന ‘രിസാലത്തു’ (التوحيد، الحشر، الرسالة) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീദിന്റെ ചില ദൃഷ്ടാന്തങ്ങള്‍കൂടി ഉണര്‍ത്തുന്നു:

പരായണം – Spotify
വിശദീകരണം- Spotify

വെളിച്ചം റമദാൻ 2026 –ഡേ- 11 (മാർച്ച് 03)

സൂറത്തു യാസീൻ : 51-64


  • വെളിച്ചം റമദാന്‍ 2026 ഡേ-11 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 05 – ആയത്ത് 51 മുതല്‍ 64 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ


സൂറത്തു യാസീന്‍ : 51-64

വിഭാഗം – 4

36:51

  • وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴾٥١﴿
  • കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ഖബറു’ കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
  • وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു

36:52

  • قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴾٥٢﴿
  • അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
  • قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍

36:53

  • إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٥٣﴿
  • അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
  • إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും

36:54

  • فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٥٤﴿
  • അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
  • فَالْيَوْمَ അന്ന്‍, ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ

ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോള്‍ ജനങ്ങള്‍ ‘മഹ്ശറി’ലേക്ക് ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂ: മആരിജില്‍ (سورة المعارج) ഇങ്ങനെ പറഞ്ഞിരിക്കുന്നു: يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞുചെല്ലുന്ന പ്രകാരം ധൃതിപ്പെട്ടുകൊണ്ട് അവര്‍ ഖബ്റുകളില്‍ നിന്ന് പുറത്തു വരുന്ന ദിവസം! – 70:43)

പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ 48- ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചത് പോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ (متى هذا الوعد) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്യങ്ങളാന്നെന്നു അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷെ, ഈ അവസരത്തില്‍ ബോധ്യപ്പെട്ടത് കൊണ്ട് കാര്യമില്ലതാനും.

مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേല്‍പ്പിച്ചതാരാണ്‌.) എന്ന് പറഞ്ഞു കൊണ്ടു, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍ -ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്‍ത്ഥത്തില്‍ ഉറക്കില്‍ത്തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക്‌ സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതാനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ?! മഹ്ശറിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെ നല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണ്താനും.

ഖബറില്‍ വെച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈ വാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍ നിന്ന് വ്യക്തമാണെന്നും, അതുകൊണ്ട് അവര്‍ക്ക് ഖബറില്‍ വെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് അവരുടെ വാദം.പക്ഷെ, സജ്ജനങ്ങള്‍ക്ക്‌ സന്തോഷത്തിന്റെയും, ദുര്‍ജനങ്ങള്‍ക്ക്‌ സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതാണ്. ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും അതു മനസ്സിലാക്കാവുന്നതാണ്. (ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ്‌ നോക്കുക.) എന്നിരിക്കെ ഈ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യത്തിനു എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ.

അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ച ശേഷം, സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:

36:55

  • إِنَّ أَصْحَٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَٰكِهُونَ ﴾٥٥﴿
  • നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍ക്കാർ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
  • إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും

36:56

  • هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴾٥٦﴿
  • അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
  • هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില് (സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും

36:57

  • لَهُمْ فِيهَا فَٰكِهَةٌ وَلَهُم مَّا يَدَّعُونَ ﴾٥٧﴿
  • അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
  • لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്

36:58

  • سَلَٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴾٥٨﴿
  • ’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ)!!
  • سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക് (തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ

സ്വര്‍ഗസ്ഥരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതോടെ അവര്‍ക്ക് ആനന്ദസമ്പൂര്‍ണ്ണവും, വിഭവ സമൃദ്ധവുമായ സുഖസൗകര്യങ്ങള്‍ ലഭിക്കുകയും, അവര്‍ അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവര്‍ക്കുണ്ടാകുന്നതല്ല. ഇണകള്‍- ഭാര്യാഭര്‍ത്താക്കന്മാര്‍- ഒന്നിച്ചു വിവിധ സുഖാഡംബരങ്ങളില്‍ അവര്‍ മുഴുകി കൊണ്ടിരിക്കും. ഒരു ഹദീസില്‍ നബി (സ) പറഞ്ഞത് പോലെ, ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്‍റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുക. (ബു:മു.) സന്തോഷത്തിനും, രസത്തിനും വേണ്ടി കഴിക്കുന്ന പഴങ്ങള്‍ മുതലായ ഭോജ്യവസ്തുക്കള്‍ക്കാണ് فاكِهَة എന്ന് പറയുന്നത്.

സൂ: അഹ്സാബ് 44ലും അതിന്‍റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവര്‍ക്ക് എല്ലാവരില്‍നിന്നും ‘സലാമിന്‍റെ ഉപചാരവും സ്വീകരണവും ലഭിച്ചു കൊണ്ടിരിക്കും. അതില്‍വെച്ചു ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്‍റെ സലാം. ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരില്‍ കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. അവിശ്വാസികളോട് അന്നു ഇപ്രകാരം പറയപ്പെടും:-

36:59

  • وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴾٥٩﴿
  • ‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
  • وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ

36:60

  • ۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٠﴿
  • ‘നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
  • أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക്يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്

36:61

  • وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
  • وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ

36:62

  • وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴾٦٢﴿
  • ’തീര്‍ച്ചയായും, അവന്‍ നിങ്ങളില്‍ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
  • وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا
    വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക, (മനസ്സിരുത്തുന്ന)വര്‍

36:63

  • هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴾٦٣﴿
  • ‘ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ‘ജഹന്നം’ [നരകം]!-
  • هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീതു ചെയ്യപ്പെട്ടിരുന്ന

36:64

  • ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴾٦٤﴿
  • ‘നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!’
  • اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക

ഇതായിരിക്കും അന്നു കുറ്റവാളികളായ അവിശ്വാസികളോട് മഹ്ശറില്‍ വെച്ച് പറയപ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

يا بني آدم (ആദമിന്റെ മക്കളേ) എന്ന് വിളിച്ചു കൊണ്ട് പിശാചിനെ ആരാധിച്ചു വന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നത് വളരെ അര്‍ത്ഥഗര്ഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്ക് തന്നെ അവന്‍ നിങ്ങളുടെ സ്ഥിരം ശത്രു ആണ്‌; അദ്ധേഹത്തോടും, അദ്ധേഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപറ്റി ഞാന്‍ വളരെ താക്കീതു ചെയ്തിട്ടുമുണ്ട്‌. എന്നിട്ടു പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവന്‍ പിഴപ്പിച്ചുകളഞ്ഞു. നിങ്ങള്‍ക്കു ബുദ്ധി ഉണ്ടായിരുന്നില്ലേ?! നിങ്ങള്‍ ഒട്ടും ബുദ്ധി കൊടുത്തു ആലോചിച്ചില്ലേ?! എന്നു സാരം. മനുഷ്യപിതാവായ ആദം (അ) നബിക്ക്‌ സുജൂദ്‌ ചെയ്‌വാന്‍ പിശാച് കൂട്ടാക്കാതിരിക്കുകയും, അവനദ്ധേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുവാന്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ആദമിന്റെ മക്കളെ, പിശാചു നിങ്ങളുടെ മാതാപിതാക്കളേ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ പോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ!

(يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ – الأعراف : ٢٧)

تعبدالشيطان (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശം അവനെ അനുസരിക്കുക (تطعيه) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്. അവന്‍റെ ദുഷ്പ്രേരണയില്‍ കുടുങ്ങിയും അതിനെ അനുസരിച്ചുമാണല്ലോ മനുഷ്യന്‍ വഴി പിഴക്കുന്നത്‌. വാസ്തവത്തില്‍, പിശാചിനെ അനുസരിക്കുക മാത്രമല്ല മനുഷ്യന്‍ ചെയ്യാറുള്ളത്. പിശാചിനു- വിഗ്രഹങ്ങൾക്കും മറ്റുമെന്ന പോലെ – യഥാര്‍ത്ഥ ആരാധനാകര്‍മ്മങ്ങള്‍ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ട് താനും. (സൂ: സബഅ് 41ലും അതിന്‍റെ വിവരണത്തിലും പ്രസ്താവിച്ചത് നോക്കുക) ദേഹേചഛകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെ പറ്റി “അവന്റെ ഇച്ചയെ അവന്‍ ദൈവമാക്കി” (اتَّخَذَ إِلَٰهَهُ هَوَاهُ) എന്ന് പറയുന്നത് പോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. (“ഇബാദത്തി”ന്‍റെ അർത്ഥം സൂറത്ത് ഫാത്തിഹയുടെ വിവരണത്തില്‍ നോക്കുക.”)

പരായണം – Spotify
വിശദീകരണം- Spotify