ക്യാമ്പയിൻ 12 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 67 മുതൽ 78 വരെ

  • لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴾٦٧﴿
  • എല്ലാ (ഓരോ) സമുദായത്തിനും നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു, അവര്‍ അതു അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാല്‍, (ഈ) കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കടിക്കാതിരുന്നുകൊള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നു.
  • لِّكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ هُمْ അവര്‍ نَاسِكُوهُ അതു അനുഷ്ഠിക്കുന്നവരാണ് فَلَا يُنَازِعُنَّكَ ആകയാല്‍ അവര്‍ നിന്നോടു വഴക്കടിക്കാതിരുന്നുകൊള്ളട്ടെ فِي الْأَمْرِ കാര്യത്തില്‍ وَادْعُ നീ വിളിച്ചുകൊള്ളുക, ക്ഷണിക്കുക إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്ക് إِنَّكَ നിശ്ചയമായും നീ لَعَلَىٰ هُدًى സന്മാര്‍ഗ്ഗത്തില്‍തന്നെ مُّسْتَقِيمٍ ചൊവ്വായ, നേരായ

22:67

22:68

  • وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ ﴾٦٨﴿
  • അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: “നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു!”
  • وَإِن جَادَلُوكَ അവര്‍ നിന്നോട് തര്‍ക്കിച്ചാല്‍ فَقُلِ അപ്പോള്‍ നീ പറയുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു

22:69

  • ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٦٩﴿
  • ‘യാതൊന്നില്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ [അക്കാര്യത്തില്‍] ഖിയാമത്തുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചുകൊള്ളും [ഞാന്‍ നിങ്ങളുമായി തര്‍ക്കിക്കുന്നില്ല]’ എന്ന്.
  • اللَّـهُ يَحْكُمُ അല്ലാഹു വിധിച്ചുകൊള്ളും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍, യാതൊരു കാര്യത്തില്‍ كُنتُمْ فِيهِ അതില്‍ നിങ്ങളായിരിക്കുന്നു تَخْتَلِفُونَ ഭിന്നിച്ചുകൊണ്ടിരിക്കും, ഭിന്നിക്കുന്ന(വര്‍)

22:70

  • أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٧٠﴿
  • നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളതു (ഒക്കെയും) അറിയുന്നുവെന്ന്?! നിശ്ചയമായും, അതു (മുഴുവനും) ഒരു ഗ്രന്ഥത്തില്‍ [രേഖയില്‍] ഉണ്ട്; നിശ്ചയമായും, അതു അല്ലാഹുവിന് നിസ്സാരമത്രെ.
  • أَلَمْ تَعْلَمْ നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയുന്നു (എന്നു) مَا فِي السَّمَاءِ ആകാശത്തിലുള്ളതു وَالْأَرْضِ ഭൂമിയിലും إِنَّ ذَٰلِكَ നിശ്ചയമായും അതു فِي كِتَابٍ ഒരു ഗ്രന്ഥത്തിലുണ്ട്, രേഖയിലുണ്ട് إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന് يَسِيرٌ നിസ്സാരമാണ്, എളിയ കാര്യമാണ്

യഹൂദര്‍, ക്രിസ്ത്യാകള്‍ തുടങ്ങിയ സമുദായങ്ങള്‍ക്കു പ്രത്യേകം പ്രത്യേകം അനുഷ്ഠാന മുറകളും, കര്‍മ്മമാര്‍ഗ്ഗങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. യഹൂദര്‍ക്കു മൂസാ (عليه الصلاة والسلام) നബിയുടെ കൈക്കും, ക്രിസ്ത്യാനികള്‍ക്കു ഈസാ (عليه الصلاة والسلام) നബിയുടെ കൈക്കുമായിരുന്നു അത്. ഇതുപോലെ ദൈവികമതാവലംബികളായ സമുദായങ്ങള്‍ക്കു വേറെയും നല്‍കപ്പെട്ടിരിക്കാവുന്നതാണ്. അതതു കാലത്തിന്റെയും, സമുദായത്തിന്റെയും പരിതസ്ഥിതിക്കനുസരിച്ച കര്‍മ്മമുറകളും അനുഷ്ഠാനമാര്‍ഗ്ഗങ്ങളും നല്‍കപ്പെട്ടശേഷം പിന്നീട്, അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഏറ്റവും പരിപൂര്‍ണ്ണവും, പരിഷ്കൃതവും, ശാശ്വതവുമായ അനുഷ്ഠാനമുറ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.

മൂസാ (عليه الصلاة والسلام) നബിയുടെ സമുദായം ഈസാ (عليه الصلاة والسلام) നബിയില്‍ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ മാര്‍ഗ്ഗം അനുഷ്ഠിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍, അവരില്‍ അധികമാളുകളും അതു ചെയ്തില്ല. അവരുടെ പഴയ നടപടി – ആ നടപടിയില്‍ കാലക്രമത്തിലുണ്ടായ അനാചാരദുരാചാരങ്ങള്‍ സഹിതം – അവര്‍ മുറുകെ പിടിച്ചു. അതുപോലെത്തന്നെ, മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വന്നപ്പോള്‍, യഹൂദരും, ക്രിസ്ത്യാനികളും അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ കൈക്കു അല്ലാഹു അവതരിപ്പിച്ച കര്‍മ്മപദ്ധതി സ്വീകരിക്കുകയും ചെയ്‌വാന്‍ കടമപ്പെട്ടിരുന്നു. എന്നാല്‍, അവരില്‍ അധികഭാഗവും അതിനു കൂട്ടാക്കിയില്ല. ഇങ്ങനെ, ആദ്യം അല്ലാഹുവിനാല്‍ നല്‍കപ്പെട്ടതും, പിന്നീടു അതതു സമുദായങ്ങളുടെ കൈകടത്തലിനു വിധേയമായതുമായ മാര്‍ഗ്ഗങ്ങള്‍ അവരവര്‍ കൈവിടാതെ അതില്‍ ഉറച്ചുനിന്നുപോകുകയാണ് ചെയ്തത്. ഇതിനുപുറമെ, ദൈവിക മതങ്ങളല്ലാതെ, ബഹുദൈവാരാധകന്‍മാരെപ്പോലെയുള്ള കൃത്രിമമതക്കാരുടെ അനുഷ്ഠാനമുറകള്‍ വേറെയും.

ഈ വ്യത്യസ്തങ്ങളായ മാര്‍ഗ്ഗമുറകളനുസരിച്ചു ഓരോ സമുദായത്തിന്റെ ജീവിതരീതി, ചിന്താഗതി, സംസ്കാരം, വിശ്വാസം തുടങ്ങിയ ഓരോന്നിലും അതിന്റേതായ സ്വഭാവപ്രകൃതി കാണാവുന്നതാണ്‌. തങ്ങള്‍ സ്വീകരിച്ചു പുലര്‍ത്തിപ്പോരുന്ന പാരമ്പര്യം വിട്ട് ഉല്‍കൃഷ്ടവും സത്യവുമായതിനെ അന്വേഷിച്ചു സ്വീകരിക്കുവാന്‍ അവര്‍ തയ്യാറില്ലെന്നു മാത്രമല്ല, അതിനെതിരില്‍ ശത്രുതയും ധിക്കാരവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നിരിക്കെ, അവരോടു തര്‍ക്കത്തിനും, വാഗ്വാദസമരത്തിനും പോകേണ്ടുന്ന ആവശ്യമില്ല – അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല – വ്യഥാ വഴക്കും വാശിയും അധികരിക്കുകയേയുള്ളു. ആകയാല്‍, അല്ലാഹുവില്‍ നിന്നു ലക്ഷ്യസഹിതം തനിക്കു ലഭിച്ചിട്ടുള്ള സത്യമാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജനങ്ങളെ അതിലേക്കു് ക്ഷണിച്ചുകൊള്ളുക. സത്യം മുമ്പില്‍ തുറന്നുവെച്ചുകൊടുത്തിട്ടും തര്‍ക്കത്തിനു മിനക്കെടുന്നവരുടെ ഉത്തരവാദിത്വം തനിക്കില്ല. എന്നിങ്ങനെ അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുകയാണ്. എന്നിട്ടും, അവര്‍ കുതര്‍ക്കത്തിനും, വ്യഥാ വാദത്തിനും വരികയാണെങ്കില്‍ ‘ഞാനതിനു തയ്യാറില്ല, നിങ്ങളുടെ കര്‍മ്മങ്ങളെയും, സ്ഥിതിഗതികളെയും കുറിച്ച് അല്ലാഹുവിനു വേണ്ടതുപോലെ അറിയാം, ക്വിയാമത്തുനാളില്‍ അതിനെപ്പറ്റി ശരിയായ തീരുമാനം അവന്‍ എടുത്തുകൊള്ളും. അപ്പോള്‍ അറിയാം അതിന്റെ യഥാര്‍ത്ഥ നിലപാട്.’ എന്നു പറഞ്ഞുകൊള്ളുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു.

ആകാശ ഭൂമിയിലുള്ളതെല്ലാം – ഓരോ വസ്തുവും അതിന്റെ ആവശ്യങ്ങളും ഭൂത വര്‍ത്തമാന ഭാവി ചെയ്തികളും – അല്ലാഹുവിന്നു ശരിക്കറിയാം. അതെല്ലാം ഉള്‍ക്കൊള്ളുന്ന രേഖകളും അവന്റെ പക്കലുണ്ട്. അവനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല, കേവലം നിസ്സാരവും നിഷ്പ്രയാസവുമാണ്. അപ്പോള്‍, അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമേതോ അതു മാത്രമാണ് നേരായതും ചൊവ്വായതും. അവന്‍ നിര്‍ദ്ദേശിച്ചുവെന്നുള്ളതുതന്നെ മതി അതിനു തെളിവും. അവങ്കല്‍നിന്നുള്ള ലക്ഷ്യമില്ലാത്തതേതോ അതും പിഴച്ചതും ദുര്‍മ്മാര്‍ഗ്ഗവുംതന്നെ. എന്നാല്‍ അവിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗ്ഗമാകട്ടെ, അതു ഇപ്രകാരമാണ്:-

22:71

  • وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَمَا لَيْسَ لَهُم بِهِۦ عِلْمٌ ۗ وَمَا لِلظَّٰلِمِينَ مِن نَّصِيرٍ ﴾٧١﴿
  • അല്ലാഹുവിനു പുറമെ, യാതൊരു അധികൃതരേഖയും അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനെയും, തങ്ങള്‍ക്കു യാതൊരു അറിവും ഇല്ലാത്തതിനെയും അവര്‍ ആരാധിച്ചു വരുന്നു. അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കു യാതൊരു സഹായകനും ഉണ്ടായിരിക്കയില്ല.
  • وَيَعْبُدُونَ അവര്‍ ആരാധിച്ചു (ഇബാദത്ത് ചെയ്തു) വരുന്നുمِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا യാതൊന്നിനെ لَمْ يُنَزِّلْ അവന്‍ അവതരിപ്പിച്ചിട്ടില്ല, ഇറക്കിയിട്ടില്ല بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു അധികൃതരേഖയും (ലക്ഷ്യവും) وَمَا യാതൊന്നിനെയും لَيْسَ لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി عِلْمٌ ഒരുഅറിവും, (ഉറപ്പും) വിവരവും وَمَا لِلظَّالِمِينَ അക്രമികള്‍ക്കു ഇല്ല مِن نَّصِيرٍ ഒരു സഹായകനും

വിഗ്രഹങ്ങള്‍ തുടങ്ങിയുള്ള ഏതു പരദൈവങ്ങളെയും ആരാധിക്കുന്നതിന് ഒന്നുകില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല പ്രമാണവും ലഭിച്ചിരിക്കണം; അല്ലെങ്കില്‍ അവയ്ക്കു അതിനുള്ള അര്‍ഹതയും, അവകാശവും ഉണ്ടെന്നു ആരാധകന്‍മാര്‍ക്കു ഉറപ്പുണ്ടായിരിക്കണം. ഇതൊന്നുമില്ലാതെ വെറും ഊഹാടിസ്ഥാനത്തില്‍ അവര്‍ അവയെ ആരാധിച്ചു വരികയാണ്. ഈ വിഡ്ഢിത്തത്തില്‍ മുഴുകിയ ഇവര്‍, സത്യവും ദൃഷ്ടാന്തവും വിവരിച്ചുകൊടുക്കുന്നതു ചെവിക്കൊള്ളുവാനും തയ്യാറില്ല. മാത്രമല്ല:

22:72

  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ تَعْرِفُ فِى وُجُوهِ ٱلَّذِينَ كَفَرُوا۟ ٱلْمُنكَرَ ۖ يَكَادُونَ يَسْطُونَ بِٱلَّذِينَ يَتْلُونَ عَلَيْهِمْ ءَايَٰتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُوا۟ ۖ وَبِئْسَ ٱلْمَصِيرُ ﴾٧٢﴿
  • സുവ്യക്തമായ നിലയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങളില്‍ അനിഷ്ടം (വെളിപ്പെടുന്നതായി) നിനക്കു മനസ്സിലാകുന്നതാണ്; നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുന്നവരോട് അവര്‍ കയ്യേറ്റം നടത്തുമാറായേക്കും! പറയുക: ‘എന്നാല്‍, അതിനെക്കാള്‍ ദോഷകരമായ ഒന്നിനെപ്പറ്റി നിങ്ങള്‍ക്ക് ഞാന്‍ അറിവ് തരട്ടെയോ? നരകം! (അതാണത്). അവിശ്വസിച്ചവര്‍ക്കു അല്ലാഹു അതു നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. (ആ) പ്രാപ്യസ്ഥാനം വളരെ മോശപ്പെട്ടതും തന്നെ!’
  • وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) بَيِّنَاتٍ സുവ്യക്തങ്ങളായ നിലയില്‍ تَعْرِفُ നിനക്കു മനസ്സിലാക്കാം, നീ അറിയും فِي وُجُوهِ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങളില്‍ كَفَرُوا അവിശ്വസിച്ചിട്ടുള്ള الْمُنكَرَ അനിഷ്ടം, വെറുപ്പു يَكَادُونَ അവര്‍ ആകുമാറാകും يَسْطُونَ കയ്യേറ്റം ചെയ്‌വാന്‍, അക്രമം പ്രവര്‍ത്തിപ്പാന്‍ بِالَّذِينَ يَتْلُونَ ഓതിക്കൊടുക്കുന്നവരോട് (…രില്‍) عَلَيْهِمْ അവര്‍ക്കു آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ قُلْ പറയുക أَفَأُنَبِّئُكُم എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ അറിവുതരട്ടെയോ, ബോധപ്പെടുത്തിത്തരട്ടെയോ بِشَرٍّ ദോഷകരമായ ഒന്നിനെപ്പറ്റി مِّن ذَٰلِكُمُ അതിനെക്കാള്‍ النَّارُ നരകമാണ് وَعَدَهَا اللَّـهُ അല്ലാഹു അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്നു, കരാര്‍ ചെയ്തിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് وَبِئْسَ വളരെ മോശപ്പെട്ടതാണ്, എത്ര മോശം الْمَصِيرُ പ്രാപ്യസ്ഥാനം, മടങ്ങിയെത്തുന്ന സ്ഥാനം

സത്യം അന്വേഷിച്ചറിയുവാനും, അറിഞ്ഞ സത്യം സ്വീകരിക്കുവാനും, തെളിവു പരിശോധിച്ചു മനസ്സമാധാനം വരുത്തുവാനും ഒരുക്കമില്ലാത്തവരുടെ ഒരു സ്വഭാവമാണിപ്പറഞ്ഞത്. എത്ര വ്യക്തമായ തെളിവുകളായിരുന്നാലും ശരി, അതു കേള്‍പ്പിക്കുന്നതും, കേള്‍ക്കുന്നതും അവര്‍ക്കു വെറുപ്പും അനിഷ്ടവുമായിരിക്കും. പ്രതിഷേധം രേഖപ്പെടുത്തുക മാത്രമല്ല, ഏതെങ്കിലും പ്രകാരത്തില്‍ അതു മുടക്കുവാനും, ലക്ഷ്യം കേള്‍പ്പിക്കുന്നവരെ അക്രമിക്കുവാനും മുതിരുകയും ചെയ്യും ഇന്നും അനുഭവത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരമാര്‍ത്ഥമാണിത്. ന്യായത്തെ ന്യായം കൊണ്ടോ, ലക്ഷ്യത്തെ ലക്ഷ്യം കൊണ്ടോ എതിര്‍ക്കുവാന്‍ അവര്‍ക്കു സാധ്യമല്ല. കാരണം, അതവരുടെ പക്കല്‍ ഉണ്ടായിരിക്കയില്ല. അപ്പോള്‍, തങ്ങളുടെ പാരമ്പര്യത്തെയും സ്വാര്‍ത്ഥങ്ങളെയും നിലനിറുത്തുവാന്‍ അക്രമമാര്‍ഗ്ഗത്തെ ശരണം പ്രാപിക്കുകയല്ലാതെ അവര്‍ക്കു മറ്റു പോംവഴികള്‍ ഉണ്ടായിരിക്കയില്ല. അഹംഭാവം, ക്ഷോഭം, കോപം, വിദ്വേഷം ആദിയായവ ഇവരുടെ നിത്യസ്വഭാവങ്ങളുമായിരിക്കും. ഇങ്ങിനെയുള്ളവരോടു സദുപദേശം ചെയ്യുന്നതു കൊണ്ട് ഫലം സിദ്ധിക്കുകയില്ല. അതുകൊണ്ടാണ് ക്വുര്‍ആന്‍ അവരോടു ഗൗരവസ്വരത്തില്‍ ഇങ്ങിനെ താക്കീതു ചെയ്യുന്നത്: “നിങ്ങള്‍ക്കു അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുതരുന്നവരോടു നിങ്ങള്‍ക്കുള്ള വിദ്വേഷത്തെക്കാള്‍ വിദ്വേഷവും, വെറുപ്പും നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടുന്ന മറ്റൊന്നുണ്ട് – അതാണ്‌ നിങ്ങള്‍ വെറുക്കേണ്ടതു്; അതു നരകമല്ലാതെ മറ്റൊന്നുമല്ല. ഈ നില നിങ്ങള്‍ തുടര്‍ന്നുപോയാല്‍, അതില്‍നിന്നു നിങ്ങള്‍ക്കു യാതൊരു രക്ഷയും കിട്ടുന്നതല്ല; അതില്‍പരം മോശപ്പെട്ട ഒരു വാസസ്ഥലം വേറെയില്ല. അതുകൊണ്ട് നിങ്ങള്‍ നല്ലപോലെ സൂക്ഷിച്ചുകൊള്ളുക!”

അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിരര്‍ത്ഥത അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

വിഭാഗം – 10

22:73

  • يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ ﴾٧٣﴿
  • ഹേ, മനുഷ്യരെ! ഒരു ഉപമ (ഇതാ) വിവരിക്കപ്പെടുന്നു – അതിലേക്ക് നിങ്ങള്‍ ചെവികൊടുക്കുവിന്‍. നിശ്ചയമായും, അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവര്‍, ഒരു ഈച്ചയെ (പ്പോലും) സൃഷ്ടിക്കുകയില്ലതന്നെ – അതിനായി അവര്‍ (എല്ലാവരും) ഒരുമിച്ചു കൂടിയാലും ശരി. ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നതായാല്‍, അതിന്റെ പക്കല്‍ നിന്ന് അവരതു വീണ്ടെടുക്കുകയുമില്ല. അപേക്ഷിക്കുന്നവനും, അപേക്ഷിക്കപ്പെടുന്നവനും ബലഹീനന്‍ തന്നെ!
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ ضُرِبَ വിവരിക്കപ്പെടുന്നു, വിവരിക്കപ്പെട്ടിരിക്കുന്നു مَثَلٌ ഒരു ഉപമ, ഉദാഹരണം فَاسْتَمِعُوا ആകയാല്‍ ചെവി (ശ്രദ്ധ) കൊടുക്കുവിന്‍ لَهُ അതിനു, അതിലേക്ക് إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ تَدْعُونَ നിങ്ങള്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَن يَخْلُقُواഅവര്‍ സൃഷ്ടിക്കുന്നതല്ല തന്നെ ذُبَابًا ഒരു ഈച്ചയെയും وَلَوِ اجْتَمَعُوا അവര്‍ ഒരുമിച്ചു കൂടിയാലും ശരി لَهُ അതിനു, അതിനായി وَإِن يَسْلُبْهُمُ അവരില്‍ നിന്ന് തട്ടിയെടുക്കുന്നതായാല്‍ الذُّبَابُ ഈച്ച شَيْئًا വല്ലതും, വല്ല വസ്തുവും لَّا يَسْتَنقِذُوهُ അതവര്‍ വീണ്ടെടുക്കുകയില്ല, രക്ഷപ്പെടുത്തി എടുക്കുകയില്ല مِنْهُ അതിന്റെ പക്കല്‍നിന്ന് ضَعُفَ ബലഹീനം തന്നെ, (കഴിവില്ലാത്തതു തന്നെ) الطَّالِبُ അപേക്ഷകന്‍, തേടുന്നവന്‍ وَالْمَطْلُوبُ അപേക്ഷിക്കപ്പെടുന്നവനും, തേടപ്പെടുന്ന വസ്തുവും

22:74

  • مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴾٧٤﴿
  • അല്ലാഹുവിന്, അവന് കല്‍പിക്കേണ്ടുന്ന യഥാര്‍ത്ഥ നിലപാട് അവര്‍ കല്‍പിച്ചിട്ടില്ല; നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയും തന്നെയാണ്.
  • مَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, അവനെ കണക്കാക്കേണ്ട യഥാര്‍ത്ഥപ്രകാരം, അവനു കല്‍പിക്കേണ്ട മുറപ്രകാരം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയും, പ്രതാപശാലിയായ

മനസ്സിലാക്കുവാന്‍ ഒട്ടും പ്രയാസമില്ലാത്ത വ്യക്തമായ ഒരു ഉപമ – നിത്യാനുഭവം സാക്ഷീകരിക്കുന്ന സ്പഷ്ടമായ ഒരു വസ്തുത – മനുഷ്യവര്‍ഗ്ഗത്തെ ആകമാനം വിളിച്ചുണര്‍ത്തിക്കൊണ്ട് അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയാണ്. അല്ലാഹുവിനുപുറമെ, ജനങ്ങള്‍ ആരാധിക്കുകയോ, വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന ഏതൊരു ആരാധ്യവസ്തുവിന്നും തന്നെ, ഒരു നിസ്സാര കാര്യത്തിനുപോലും കഴിവില്ലെന്നും, ആകയാല്‍ അല്ലാഹു മാത്രമേ ആരാധ്യനും, പ്രാര്‍ത്ഥിക്കപ്പെടുന്നവനും ആയിരിക്കുവാന്‍ നിവൃത്തിയുള്ളുവെന്നും ഇതുമൂലം സ്ഥാപിക്കുന്നു.

വിഗ്രഹങ്ങളാകട്ടെ, മനുഷ്യവര്‍ഗ്ഗത്തിലോ മറ്റോ ഉള്‍പ്പെട്ടവരാകട്ടെ, ആരാധ്യന്‍മാരായി സങ്കല്‍പിക്കപ്പെടുന്ന എല്ലാവരും ഒത്തുചേര്‍ന്നു പരിശ്രമിക്കുകയും, ആരാധകന്‍മാരെല്ലാം ഒന്നിച്ചുചേര്‍ന്നു് അവരോടു പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍പോലും, ഒരൊറ്റ ഈച്ചയെപ്പോലും – അഥവാ ഏറ്റവും നിസ്സാരമായ ഒരു ജന്തുവെപ്പോലും – സൃഷ്ടിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലെന്നു് അല്ലാഹു ഖണ്ഡിതമായി പറഞ്ഞിരിക്കുകയാണ്. ഇതേവരെ അതിന് ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതുപോലെ, ഭാവിയിലും അതു കഴിയുകയില്ലെന്നാണ്, لَن يَخْلُقُوا (അവര്‍ സൃഷ്ടിക്കുന്നതേയല്ല) എന്ന വാക്കു സ്പഷ്ടമാക്കുന്നത്. ജീവന്റെ കാര്യം നില്‍ക്കട്ടെ, ഈച്ചയുടെ ശരീരംപോലും, ശുദ്ധശൂന്യതയില്‍ നിന്നു നിര്‍മ്മിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക?! ജീവനെ സംബന്ധിച്ചിടത്തോളം – അങ്ങിനെ ഒന്നു നിലവിലുണ്ട് എന്നതിനപ്പുറം – അതെന്താണ്, എങ്ങിനെയാണ് എന്നുപോലും മനുഷ്യന് സൂക്ഷ്മമായി അറിയുവാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിട്ടാണിരിക്കുന്നതും. മേലിലും അതങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. ഈച്ചയുടെ കാര്യംതന്നെ ഇതാണെങ്കില്‍, ഒട്ടകത്തിന്റെയും, ആനയുടെയും മറ്റും മറ്റും കഥ പറയുവാനുണ്ടോ?!

തുടര്‍ന്നുകൊണ്ട് വീണ്ടും ഒരടി മുന്നോട്ടുകടന്നു ക്വുര്‍ആന്‍ ഉറപ്പിച്ചുപറയുകയാണ്‌: സൃഷ്ടിക്കുന്ന കാര്യം ഇരിക്കട്ടെ, ആ നിസ്സാരജീവി അവരില്‍നിന്നു വല്ലതും തട്ടിയെടുത്തു കൊണ്ടുപോയാല്‍ അതു മടക്കി വാങ്ങുവാന്‍പോലും അവര്‍ക്കു സാധ്യമല്ലെന്നു! വിഗ്രഹങ്ങളെയും, ബിംബങ്ങളെയും സംബന്ധിച്ച് മാത്രമല്ല, മറ്റാരെ സംബന്ധിച്ചുമുള്ള വിധിയും ഇതുതന്നെയാണ്. ബിംബങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുന്ന നിവേദ്യങ്ങളില്‍നിന്നോ, അവയുടെ തലയ്ക്കുമീതെ ഒഴിക്കപ്പെടുന്ന നെയ്യ് മുതലായവയില്‍നിന്നോ ഈച്ച വല്ലതും തട്ടിക്കൊണ്ടുപോയാല്‍ അവയ്ക്കു് അതു തിരിച്ചു വാങ്ങുവാന്‍ സാധ്യമല്ലെന്നതു ആര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ദൈവമായി സങ്കല്‍പിക്കപ്പെടുന്നതു മനുഷ്യനോ മറ്റോ ആണെങ്കിലോ? അതും വാസ്തവത്തില്‍ അങ്ങനെത്തന്നെ. മനുഷ്യന്റെ രക്തം കുടിച്ച – അല്ലെങ്കില്‍ അവനില്‍നിന്നു മറ്റു വല്ലതും തട്ടിയെടുത്ത – ഈച്ചയില്‍നിന്നോ കൊതുവില്‍നിന്നോ അതു വീണ്ടെടുക്കുവാന്‍ അവനു കഴിയുമോ? ഒരിക്കലുമില്ല! ഒരുപക്ഷേ, അവന്‍ കുപിതനായി വല്ലപ്പോഴും ഈച്ചയെപ്പിടിച്ചു കൊന്നേക്കാം. എന്നാലും നഷ്ടപ്പെട്ടതു വീണ്ടെടുത്തു യഥാസ്ഥാനത്തു മടക്കി എത്തിക്കുക അസാധ്യം തന്നെയാണല്ലോ. ഈച്ച, കൊതു, ഉറുമ്പ് മുതലായ നിസ്സാരവസ്തുക്കളോടു പോലും പരാജയം സമ്മതിക്കേണ്ടിവരുന്നവരെ ആരാധിച്ചിട്ടെന്തു ഫലം? അവരോടു പ്രാര്‍ത്ഥിച്ചിട്ടെന്തു പ്രയോജനം? തേടുന്നവനും, തേടപ്പെടുന്നവനും അബലന്‍മാര്‍! ഇരുകൂട്ടരും ദുര്‍ബ്ബലന്‍മാര്‍!

വാസ്തവം ഇതാണെങ്കില്‍ – കഴിവുകളെല്ലാം അല്ലാഹുവിനു മാത്രമാണെങ്കില്‍ – പിന്നെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! പക്ഷെ, ജനങ്ങള്‍ അല്ലാഹുവിനു കല്പിക്കേണ്ടുന്ന നിലപാട് അവനു കല്‍പിക്കുന്നില്ല; സംഗതി ഇത്രയും വ്യക്തമായിരുന്നിട്ടും, അവര്‍ അല്ലാഹുവിന്റെ ശക്തിയെയും, പ്രതാപത്തെയുംകുറിച്ചു ഗൌനിക്കുന്നുമില്ല: ഇതാണതിനു കാരണം.

22:75

  • ٱللَّهُ يَصْطَفِى مِنَ ٱلْمَلَٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾٧٥﴿
  • അല്ലാഹു മലക്കുകളില്‍നിന്നു് ചില ദൂതന്‍മാരെ തിരഞ്ഞെടുക്കുന്നു – മനുഷ്യരില്‍നിന്നും (തിരഞ്ഞെടുക്കുന്നു). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
  • اللَّـهُ يَصْطَفِي അല്ലാഹു തിരഞ്ഞെടുക്കുന്നു مِنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു് رُسُلًا ദൂതന്‍മാരെ وَمِنَ النَّاسِ മനുഷ്യരില്‍നിന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്

22:76

  • يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٧٦﴿
  • അവരുടെ മുന്നിലുള്ളതും, പിന്നിലുള്ളതും അവന്‍ അറിയുന്നു;
    അല്ലാഹുവിങ്കലേക്കത്രെ, കാര്യങ്ങള്‍ മടക്കപ്പെടുന്നതും.
  • يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളത് وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കുതന്നെ تُرْجَعُ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രവാചകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുക മുതലായ പല കാര്യങ്ങള്‍ക്കും മലക്കുകളില്‍ നിന്ന് അവന്‍ ദൂതന്‍മാരെ നിശ്ചയിക്കുന്നു. മനുഷ്യര്‍ക്ക്‌ അതു എത്തിച്ചുകൊടുക്കാനായി മനുഷ്യരില്‍ നിന്നും ദൂതന്മാരെ നിയോഗിക്കുന്നു. രണ്ടു തരത്തിലുള്ള ദൂതന്‍മാരുടെയും രഹസ്യപരസ്യങ്ങളും, ഭൂതഭാവികളും എല്ലാം അവന്‍ അറിയുന്നു. അവര്‍ അതിനു യോജിച്ചവരാണോ വിശ്വസ്തരാണോ എന്നു തുടങ്ങിയ വിവരങ്ങളൊന്നും അവന് അജ്ഞാതമല്ല. എല്ലാ കാര്യവും അവന്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. ഒടുക്കം എല്ലാറ്റിന്റെയും പര്യവസാനവും, തീരുമാനവും അവന്റെ സന്നിധിയിലേക്കു തന്നെയാണുതാനും. പിന്നെ, എങ്ങിനെയാണ്, ആ ദൂതന്‍മാര്‍ മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന ലക്ഷ്യങ്ങള്‍ സത്യവും യഥാര്‍ത്ഥവുമാല്ലാതിരിക്കുക?!22:77

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩ ﴾٧٧﴿
  • ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍, ‘റുകൂഉം, സുജൂദും’ [കുമ്പിട്ടും, സാഷ്ടാംഗം പതിച്ചുമുള്ള നമസ്ക്കാരം] ചെയ്യുവീന്‍; നിങ്ങളുടെ റബ്ബിന് ‘ഇബാദത്തും’ [ആരാധനയും] ചെയ്യുവീന്‍; നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍; നിങ്ങള്‍ക്കു വിജയം സിദ്ധിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ ارْكَعُوا നിങ്ങള്‍ റുകൂഉ ചെയ്യുവീന്‍ (കുമ്പിട്ടു നമസ്കാരം ചെയ്യുവീന്‍) وَاسْجُدُوا സുജൂദും ചെയ്യുവീന്‍ (സാഷ്ടാംഗം നമസ്ക്കരിക്കുകയും ചെയ്യുവീന്‍) وَاعْبُدُوا ഇബാദത്ത് (ആരാധന) ചെയ്കയും ചെയ്യുവീന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനു وَافْعَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍ الْخَيْرَ നന്മ, നല്ലതു, പുണ്യം لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُفْلِحُونَ വിജയം പ്രാപിക്കും

[ഈ സൂറത്തില്‍ ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന രണ്ടാമത്തെ ആയത്താണിത്. മുന്‍ഗാമികളായ പലരില്‍ നിന്നും ഈ ആയത്തിനുശേഷം സുജൂദു ചെയ്യേണ്ടതുണ്ടെന്നു കാണിക്കുന്ന ‘രിവായത്തു’കള്‍ വന്നിരിക്കുന്നു. പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ആയത്തിന്റെ വിവരണം താഴെ വരുന്നതാണ്.]

22:78

  • وَجَٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ ﴾٧٨﴿
  • നിങ്ങള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം സമരം ചെയ്യുവീന്‍. അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തില്‍ നിങ്ങളുടെമേല്‍ യാതൊരു വിഷമതയും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! (അതാണ്‌ നിങ്ങളോട് ഉപദേശിക്കുന്നത്.) മുമ്പും, ഇതിലും [മുന്‍ വേദഗ്രന്ഥങ്ങളിലും ഈ വേദത്തിലും] നിങ്ങള്‍ക്കു ‘മുസ്ലിംകള്‍’ എന്നു് അവന്‍ പേരുവെച്ചിരിക്കുന്നു; റസൂല്‍, നിങ്ങള്‍ക്കു സാക്ഷിയും, നിങ്ങള്‍, മനുഷ്യര്‍ക്കു് സാക്ഷികളും ആയിത്തീരുവാന്‍വേണ്ടിയാകുന്നു (അതു). ആകയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും ‘സകാത്ത്’ [വിശുദ്ധ ധര്‍മ്മം] കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവീന്‍! അവന്‍, നിങ്ങളുടെ യജമാനനാകുന്നു. അപ്പോള്‍, (നിങ്ങളുടെ യജമാനന്‍) എത്രയോ നല്ല സഹായകനും!
  • وَجَاهِدُوا നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവീന്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ حَقَّ جِهَادِهِ അവന്റെ (അവനു വേണ്ടിയുള്ള) സമരത്തിന്റെ മുറപ്രകാരം, സമരം ചെയ്യേണ്ടുന്ന മുറയനുസരിച്ചു هُوَ അവന്‍ اجْتَبَاكُمْ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ فِي الدِّينِ മതത്തില്‍, മതകാര്യത്തില്‍ مِنْ حَرَجٍ ഒരു വിഷമതയും, ബുദ്ധിമുട്ടും مِّلَّةَ أَبِيكُمْ നിങ്ങളുടെ പിതാവിന്റെ മാര്‍ഗ്ഗം إِبْرَاهِيمَ അതായതു ഇബ്രാഹീമിന്റെ هُوَ അവന്‍ سَمَّاكُمُ നിങ്ങള്‍ക്കു പേര്‍ വെച്ചിരിക്കുന്നു الْمُسْلِمِينَ മുസ്ലിംകള്‍ എന്നു് مِن قَبْلُ മുമ്പു وَفِي هَـٰذَا ഇതിലും لِيَكُونَ الرَّسُولُ റസൂല്‍ ആയിരിക്കുവാന്‍, ആയിത്തീരുവാന്‍ വേണ്ടി شَهِيدًا عَلَيْكُمْ നിങ്ങള്‍ക്കു സാക്ഷി وَتَكُونُوا നിങ്ങള്‍ ആയിത്തീരുവാനും شُهَدَاءَ സാക്ഷികള്‍ عَلَى النَّاسِ മനുഷ്യര്‍ക്കു, ജനങ്ങളുടെ മേല്‍ فَأَقِيمُوا ആകയാല്‍ നിങ്ങള്‍ നിലനിറുത്തുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا കൊടുക്കുകയും ചെയ്യുവീന്‍ الزَّكَاةَ സകാത്തു, വിശുദ്ധ ധര്‍മ്മം وَاعْتَصِمُوا മുറുകെ പിടിക്കുകയും ചെയ്യുവീന്‍, രക്ഷ പ്രാപിക്കുകയും ചെയ്യുവീന്‍ بِاللَّـهِ അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ടു هُوَ അവന്‍ مَوْلَاكُمْ നിങ്ങളുടെ യജമാനനാണ്, നാഥനാണ് فَنِعْمَ അപ്പോള്‍ എത്ര നല്ലവന്‍, വളരെ നല്ലവനത്രെ الْمَوْلَىٰ യജമാനന്‍ وَنِعْمَ എത്ര നല്ലവനും, വളരെ നല്ലവനുമത്രെ النَّصِيرُ സഹായകന്‍, രക്ഷകന്‍

ഈ അവസാനത്തെ രണ്ടു ആയത്തുകളിലായി, പല ഉപദേശങ്ങളും, സന്തോഷവാര്‍ത്തകളും അല്ലാഹു നമുക്കു നല്‍കുന്നു. അതോടുകൂടി മുസ്‌ലിമിന്റെ വ്യക്തിപരമായ ബാധ്യതകളെയും, മുസ്ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള ബാധ്യതകളെയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ആയത്തുകളിലെ ഉള്ളടക്കം നമുക്കു ചുരുക്കത്തില്‍ ഇങ്ങിനെ ഗ്രഹിക്കാം:-

(1). ‘സത്യവിശ്വാസികളേ’ എന്നു സംബോധന ചെയ്തുകൊണ്ട് ആദ്യമായി ഉപദേശിക്കുന്നതു ‘റുകൂഉം’ ‘സുജൂദും’, ചെയ്‌വാനാകുന്നു. നമസ്കാരത്തില്‍ അനുഷ്ഠിക്കപ്പെടേണ്ടുന്ന കര്‍മ്മങ്ങള്‍ പലതുമുള്ളതില്‍, കൂടുതല്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് റുകൂഉം, സുജൂദും. നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ട് ‘റുകൂഉം സുജൂദും ചെയ്യുക’ എന്നു ക്വുര്‍ആനില്‍ പലപ്പോഴും പറയാറുണ്ട്. അതുപോലെത്തന്നെ നമസ്കാരത്തിലെ മറ്റൊരു പ്രധാന ഭാഗമായ നിറുത്തവും (قِيَام) ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നിര്‍വ്വഹിക്കപ്പെടുന്ന പല കര്‍മ്മങ്ങളുടെയും സമാഹാരമാണ് നമസ്കാരം. ഹൃദയസാന്നിദ്ധ്യം അതിന്റെ ജീവനുമാണു. അഞ്ചു നേരത്തെ നിര്‍ബ്ബന്ധ നമസ്കാരമെന്നോ (المكتوبات) അവയ്ക്കു പുറമെയുള്ള ഐച്ഛിക നമസ്കാരമെന്നോ (النوافيل) വ്യത്യാസമില്ലാതെ, മൊത്തത്തില്‍ നമസ്കാരം വര്‍ദ്ധിപ്പിക്കുവാന്‍ ഉപദേശിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിന് ഇസ്‌ലാമിലുള്ള സ്ഥാനവും, മനുഷ്യനില്‍ ആത്മശുദ്ധിയും ദൈവഭക്തിയും ഉണ്ടാക്കുന്നതില്‍ നമസ്കാരത്തിനുള്ള സ്വാധീനശക്തിയും പരക്കെ അറിയപ്പെട്ടതാണല്ലോ.

(2). അടുത്തതായി, നമസ്കാരവും അല്ലാത്തവയും അടങ്ങുന്നതായ ‘ഇബാദത്തു’കള്‍ – ആരാധനാകര്‍മ്മങ്ങള്‍ – ചെയ്‌വാന്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നു. നമസ്കാരം, ദിക്ര്‍, ദുആ, തസ്ബീഹു, ക്വുര്‍ആന്‍ പാരായണം, പാപമോചനം തേടല്‍, ബലികര്‍മ്മങ്ങള്‍ മുതലായവ – അഥവാ അല്ലാഹുവിന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കുന്നതും, അവനോടു പ്രാര്‍ത്ഥിക്കുന്നതും, അവന്റെ സ്തുതികീര്‍ത്തനങ്ങളെ പ്രകാശിപ്പിക്കുന്നതുമായ പുണ്യകര്‍മ്മങ്ങള്‍ – ഇവയ്ക്കാണ് സാധാരണ ‘ഇബാദത്ത്’ (عِبَادَة) എന്നും, ‘ആരാധന’ എന്നും പറയുന്നത്. (ഇബാദത്തിനെ സംബന്ധിച്ച് വിശദമായ ഒരു വിവരണം സൂ: ഫാത്തിഹയുടെ വ്യാഖ്യാനത്തില്‍ നല്‍കിയിട്ടുണ്ട്).

(3). പിന്നീട് തുടര്‍ന്നു ഉപദേശിക്കുന്നതു നന്‍മ പ്രവര്‍ത്തിക്കുവാനാണ്. മേല്‍പറഞ്ഞ നമസ്ക്കാരം തുടങ്ങിയ എല്ലാ ആരാധനാകര്‍മ്മങ്ങള്‍ക്കുംപുറമെ, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുക, ദാനധര്‍മ്മം ചെയ്യുക, നന്നായി പെരുമാറുക, നല്ലതിനെ ഉപദേശിക്കുക, കുടുംബബന്ധം പാലിക്കുക, സഹജീവികളോടു ദയ കാണിക്കുക, ഇടപാടുകളിലും മറ്റും മര്യാദ പാലിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നമസ്കാരത്തിന്റെ കാര്യം പ്രത്യേകമായി ആദ്യം എടുത്തുപറഞ്ഞശേഷം, രണ്ടാമത്തെയും, മൂന്നാമത്തെയും ഉപദേശങ്ങളുടെ കൂട്ടത്തില്‍ വീണ്ടും വീണ്ടും അതു ആവര്‍ത്തിച്ചടക്കം ചെയ്യപ്പെട്ടിരിക്കുന്നതായും, ഇബാദത്തിന്റെ കാര്യം മൂന്നാമത്തെ ഉപദേശത്തില്‍ ഒന്നുകൂടി ഉള്‍പ്പെടുത്തി ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതായും കാണാം. ഇതില്‍ നിന്നു ഓരോ ഇനത്തിന്റെയും പ്രാധാന്യം നമുക്കു മനസ്സിലാക്കാം.

(4). ഈ ഉപദേശങ്ങള്‍ സ്വീകരിക്കുന്നപക്ഷം നിങ്ങള്‍ക്കു വിജയം സിദ്ധിച്ചേക്കാമെന്നാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്. ഇതില്‍ നാം മനസ്സിരുത്തേണ്ടുന്ന ഒരു പ്രധാനസംഗതി അടങ്ങുന്നുണ്ട്. മേല്‍പറഞ്ഞ മൂന്ന് ഇനങ്ങളില്‍ (നമസ്ക്കാരം, ഇബാദത്ത്, നന്‍മ പ്രവര്‍ത്തിക്കല്‍ എന്നിവയില്‍) ഏതെങ്കിലും ഒന്നില്‍മാത്രം മുഴുകിയിരിക്കയും, മറ്റുള്ളവയില്‍ അശ്രദ്ധ കാണിക്കുകയും ചെയ്‌താല്‍പോര – സന്ദര്‍ഭത്തിനും കഴിവിനും അനുസരിച്ച് എല്ലാ ഇനത്തില്‍പെട്ട സല്‍കാര്യങ്ങളും അനുഷ്ഠിച്ചെങ്കില്‍ മാത്രമേ വിജയം കൈവരികയുള്ളു – എന്നുള്ളതാണത്. വാസ്തവത്തില്‍ മനുഷ്യന്‍ അനുഷ്ഠാനത്തില്‍ വരുത്തേണ്ടുന്ന കടമകളെല്ലാം തന്നെ ഈ മൂന്നു വാക്കില്‍ അടങ്ങിയിട്ടുണ്ട്. അവസാനത്തെ ആയത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളത് ആ മൂന്നു ഇനത്തില്‍പെട്ട ചില പ്രധാന വിഷയങ്ങളെ മാത്രമാണെന്നു കാണാം. അതുകൊണ്ടാണ് വിജയസിദ്ധിയുടെ വാഗ്ദാനം ഈ മൂന്നു കാര്യങ്ങളോട് ചേര്‍ത്തുതന്നെ നല്‍കുന്നതും.

(5). പിന്നീട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്‌വാന്‍ (اَلْجِهَادُ فِي سَبِيلِ اللهِ) കല്‍പിക്കുന്നു. മേല്‍ പറഞ്ഞ സല്‍ക്കാര്യങ്ങളുടെ കൂട്ടത്തില്‍ അതിപ്രധാനമായ ഒന്നത്രെ അല്ലാഹുവിനുവേണ്ടിയുള്ള – അതെ അവന്റെ മത വിഷയത്തിലുള്ള – സമരം. സമരമുഖങ്ങള്‍ പലതുണ്ട്: 1. അവിശ്വാസികള്‍ തുടങ്ങിയ ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളുമായുള്ള സമരം. ഇതില്‍ യുദ്ധംവരെയുള്ള പലതും ഉള്‍പ്പെടുന്നു. 2. പിശാചിനോടുള്ള സമരം. 3. തന്നിഷ്ടത്തോടുള്ള സമരം. ഒരു കണക്കിന് ഈ ഒടുവില്‍ പറഞ്ഞ സമരമാണ്, മറ്റു രണ്ടിലും വെച്ചു കൂടുതല്‍ പ്രയാസകരമായത്. അതുകൊണ്ടാണ് ഇമാം ബൈഹക്വീ (رحمه الله)യും മറ്റും രിവായത്തു ചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണുന്നത്:- ഒരു യുദ്ധം കഴിഞ്ഞു വരുന്ന സ്വഹാബികളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞു:- “നിങ്ങള്‍ ചെറിയ സമരത്തില്‍ നിന്നു വലിയ സമരത്തിലേക്ക് വന്നിരിക്കുന്നു.” അപ്പോള്‍ ചോദിക്കപ്പെട്ടു: “ഏതാണ് വലിയ സമരം?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: مُجَاهَدَةُ الْعَبْدِ هَوَاهُ (അടിയന്‍ തന്റെ തന്നിഷ്ടത്തോട് നടത്തുന്ന സമരമാണ്).” മേല്‍ പറഞ്ഞ എല്ലാ സമരങ്ങളും, അതതിന്റെ സ്ഥാനവും, സ്ഥലവും അനുസരിച്ചു നടത്തപ്പെടണമെന്നാണ് ഇവിടെ കല്‍പിക്കപ്പെടുന്നത്. ദേഹംകൊണ്ടും, ധനംകൊണ്ടുമുള്ള എല്ലാ സമരവകുപ്പുകളും അതില്‍ ഉള്‍പ്പെടുന്നു. വേദനയേറിയ ശിക്ഷയില്‍നിന്നു രക്ഷ നല്‍കുന്നതും, പാപങ്ങള്‍ പൊറുക്കുവാനും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും കാരണമാക്കുന്നതുമായ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് സൂ: സ്വഫ്-ഫില്‍ (الصف) അല്ലാഹു ഇങ്ങിനെ പറയുന്നു:-

تُؤْمِنُونَ بِاللَّـهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾ – الصف

സാരം: (നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. അതു നിങ്ങള്‍ക്കു ഉത്തമമായിട്ടുള്ളതാണ് – നിങ്ങള്‍ അറിയുന്നവരാണെങ്കില്‍).

(6). ‘അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു’ വെന്ന വാക്യം, മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കുന്ന ഒരു കീര്‍ത്തിമുദ്രയാകുന്നു. പ്രവാചകന്‍മാരില്‍വെച്ച് ഏറ്റവും ശ്രേഷ്ഠനായ റസൂലിനെയും, വേദഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായ വേദഗ്രന്ഥവും, നിയമസംഹിതയില്‍വെച്ച് കൂടുതല്‍ പരിപൂര്‍ണ്ണമായ നിയമ സംഹിതയും തന്ന് നിങ്ങളെ അവന്‍ ശ്രേഷ്ഠമാക്കിയിട്ടുണ്ട് എന്നു സാരം. അതുകൊണ്ട് മേല്‍പറഞ്ഞ ഉപദേശങ്ങളനുസരിച്ച് നടക്കുവാന്‍ മറ്റേതു സമുദായത്തെക്കാളുമധികം നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്ന ഒരു സൂചനയും അതിലടങ്ങുന്നു.

(7). ഇത്രയും പറയുമ്പോള്‍, നിങ്ങള്‍ക്കു വഹിക്കുവാന്‍ കഴിയാത്തതോ, അനുഷ്ഠിക്കുക സാധ്യമല്ലാത്തതോ ആയ വമ്പിച്ച ഒരു ഭാരമാണ് നിങ്ങളില്‍ ചുമത്തപ്പെട്ടിരിക്കുന്നതെന്ന് കരുതേണ്ട – ‘മതത്തില്‍ നിങ്ങളുടെമേല്‍ യാതൊരു വിഷമതയും ഏര്‍പ്പെടുത്തിയിട്ടില്ല.’ (وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ) – എന്ന് പരമകാരുണികനായ അല്ലാഹു നമ്മെ സമാധാനിപ്പിക്കുന്നു. നമസ്കാരം തുടങ്ങി ജിഹാദു (സമരം) വരെയുള്ള എല്ലാ കാര്യങ്ങളും ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് മാത്രമാണ് ചെയ്യേണ്ടതുള്ളത്; ഓരോ ദേഹത്തിനും ചെയ്യാന്‍ നിവൃത്തിയുള്ളതല്ലാതെ അവന്‍ നിങ്ങളോട് ശാസിക്കുന്നില്ല. ( لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) . ഓരോ കല്‍പനയും അനുസരിക്കുന്നതില്‍ സാന്ദര്‍ഭികമായി ഏര്‍പ്പെട്ടേക്കുന്ന ബുദ്ധുമുട്ടുകളില്‍ അതാതിന്നനുയോജ്യമായ വിട്ടുവീഴ്ചകളും, ഇളവുകളും (الرخصة) അവന്‍ അനുവദിച്ചിട്ടുണ്ട്. നിങ്ങളെ ഞെരുക്കണമെന്ന് അവന്‍ ഉദ്ദേശിക്കുന്നേയില്ല (وَلَا يُرِيدُ بِكُمُ الْعُسْرَ) . യാത്രകളില്‍ രണ്ടുനേരത്തെ നമസ്ക്കാരം ഒരേസമയത്ത് നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ത്തു (جمع ആക്കി) നമസ്ക്കരിക്കാം, വലിയ നമസ്ക്കാരങ്ങള്‍ ചുരുക്കി (قصر ആക്കി) നമസ്ക്കരിക്കുകയും ചെയ്യാം. യാത്രയിലോ, രോഗത്തിലോ ആകുമ്പോള്‍ നോമ്പ് നീട്ടി വെക്കാം. അങ്ങിനെ എത്രയോ ഉദാഹരണങ്ങള്‍! എനി, കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിങ്ങള്‍ വല്ല അലസതയും വരുത്തിയെന്നിരിക്കട്ടെ; എന്നാല്‍, നിങ്ങള്‍ക്കു നിങ്ങളുടെ റബ്ബിനോട് പാപം പൊറുത്തുതരുവാനപേക്ഷിക്കാം. നിശ്ചയമായും അവന്‍ ധാരാളം പൊറുക്കുന്നവനാണ്. (اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا).

(8). മുമ്പ് ആര്‍ക്കുമില്ലാത്ത ഒരു പുതിയ മാര്‍ഗ്ഗമൊന്നുമല്ല നിങ്ങളോട് ഉപദേശിക്കുന്നതും, കല്‍പിക്കുന്നതും. നിങ്ങളുടെ പൂര്‍വ്വപിതാവും, എല്ലാവരാലും ആദരിക്കപ്പെടുന്ന പ്രവാചകനുമായ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗം പിന്‍പറ്റണമെന്നാണ്, നിങ്ങളോട് ഉപദേശിക്കപ്പെടുന്നതിന്റെ ചുരുക്കം. അദ്ദേഹം ആചരിച്ചതും, പ്രബോധനം ചെയ്തതും ഇങ്ങിനെത്തന്നെയായിരുന്നു, എന്നൊക്കെയാണ് ‘നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം’ എന്നു പ്രസ്താവിച്ചതിന്റെ വിവക്ഷ.

സത്യവിശ്വാസികളില്‍, അറബികളും, അല്ലാത്തവരും ഉള്‍പ്പെടുമല്ലോ. അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ ജൂതന്‍മാരോ ക്രിസ്ത്യാനികളോ ആയിക്കൊള്ളട്ടെ – അവരുടെ പൂര്‍വ്വപിതാവാണ് ഇബ്രാഹീം നബി (عليه الصلاة والسلام) എന്നു വ്യക്തമാകുന്നു. ക്വുര്‍ആന്‍ അവതരിച്ചു കൊണ്ടിരിക്കുമ്പോഴത്തെ മുസ്ലിംകള്‍ മിക്കവാറും അറബികളായിരുന്നു. ക്വുര്‍ആന്‍ ആദ്യമായി അഭിമുഖീകരിക്കുന്നതും അവരെയാണ്. കൂടാതെ, ക്വുര്‍ആനില്‍

النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ – الأحزاب

(സത്യവിശ്വാസികളോട്, അവരുടെ സ്വന്തം ദേഹത്തെക്കാള്‍ ബന്ധപ്പെട്ട ആളാണ്‌ പ്രവാചകന്‍) എന്നും അല്ലാഹു പറയുന്നുണ്ട്. ആ നിലക്ക് പ്രവാചകന്‍മാര്‍ സമുദായത്തിന്റെ ആത്മപിതാക്കളുമാണ്. അതുകൊണ്ടുതന്നെയാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഭാര്യമാരെക്കുറിച്ചു ‘സത്യവിശ്വാസികളുടെ ഉമ്മമാര്‍’ (اُمَّهَاتُ الْمُؤْمِنِين) എന്നു പറയുന്നതും. ഇങ്ങിനെ നോക്കുമ്പോള്‍ ‘നിങ്ങളുടെ പിതാവ്’ എന്ന ഇബ്രാഹീം (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രസ്താവിച്ചത്, അറബികളല്ലാത്തവരെ സംബന്ധിച്ചും അര്‍ത്ഥവത്താണെന്നു കാണാം. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ നടപടി മാര്‍ഗ്ഗത്തെപ്പറ്റി ഇങ്ങിനെ വിശേഷിപ്പിക്കപ്പെടാറുണ്ട്. الحنيفية السمحة ليلها كنهارها (സാരം: വളവും തിരിവുമില്ലാത്ത ഋജുവായ വിശാലമാര്‍ഗ്ഗം. അതിന്റെ രാത്രിയും പകല്‍പോലെതന്നെ സ്പഷ്ടവും, വ്യക്തവുമാണ്.)

(9). മുന്‍വേദങ്ങളിലും, ഈ വേദത്തിലും ‘മുസ്‌ലിംകള്‍’ എന്നു അല്ലാഹു നമുക്ക് പേരുവെച്ചിരിക്കുന്നതായി അല്ലാഹു നമ്മെ അറിയിക്കുന്നു. അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി തൃപ്തിപ്പെട്ടുകൊടുത്ത ഒരേ മതമാണ്‌ ഇസ്‌ലാം. അത് അനുസരിക്കുന്നവര്‍ക്ക്‌ അന്നും, ഇന്നും മുസ്ലിംകള്‍ എന്നുതന്നെ പേര്‍. അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍, തന്റേതെല്ലാം അല്ലാഹുവിനായി വിട്ടുകൊടുക്കുന്നവര്‍ എന്നൊക്കെയാണ് ആ പേരിന്റെ അര്‍ത്ഥം. ഹാ! എത്ര നല്ല പേര്‍! എത്ര അര്‍ത്ഥവത്തായ നാമം! ഈ പരിപാവന നാമത്തിന്റെ യഥാര്‍ത്ഥ അര്‍ഹന്മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! آمين

(10). മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സമുദായമേ! ഇങ്ങിനെയൊക്കെ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നതുമൂലം, നിങ്ങളെക്കൊണ്ട് ചില കാര്യങ്ങള്‍ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്; അത് നിങ്ങള്‍ ഓര്‍ക്കേണ്ടതും, പ്രായോഗികമാക്കേണ്ടതുമാണ് എന്നത്രെ പിന്നീട് അല്ലാഹു നമ്മെ ഉണര്‍ത്തുന്നത്. ‘റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയും, നിങ്ങള്‍ മനുഷ്യര്‍ക്ക്‌ സാക്ഷികളും ആയിത്തീരുവാന്‍ വേണ്ടി’ എന്ന വാക്യം അതാണ്‌ കാണിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ പല ജനതകളും, പലപ്പോഴായി കാലം കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിലും, ഒന്നോ അധികമോ പ്രവാചകന്‍മാരും ഉണ്ടായിരുന്നു. എന്നാല്‍, നിങ്ങളുടെ പ്രവാചകന്‍ അന്ത്യപ്രവാചകനാണ്‌; എനിയൊരു പ്രവാചകന്‍ എഴുന്നേല്‍പ്പിക്കപ്പെടുവാനില്ല. അതുകൊണ്ട് നിങ്ങള്‍ മുസ്‌ലിം സമുദായങ്ങളില്‍വെച്ചു അവസാനത്തെ സമുദായമാകുന്നു. ലോകാവസാനം വരെ നിങ്ങള്‍ നിലനില്‍ക്കണം. അഥവാ, നിങ്ങള്‍ വഴി ഇസ്ലാം നിലനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങളുടെ മാര്‍ഗ്ഗം നിങ്ങള്‍ക്കു കാണിച്ചും, പഠിപ്പിച്ചും തരുവാന്‍ വേണ്ടി നാം മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയെ നിങ്ങളില്‍ അയച്ചുതന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനവും, ചര്യയും പിന്‍തുടര്‍ന്നുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ നിങ്ങള്‍ക്കു സാക്ഷിയും, മാതൃകയുമായി സ്വീകരിക്കേണ്ടതുണ്ട്. അതേ സാക്ഷ്യവും, മാതൃകയും നിങ്ങള്‍വഴി ലോകാവസാനംവരെയുള്ള ജനങ്ങളിലും നിലനില്‍ക്കേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ നടപടികളത്രയും, നിങ്ങള്‍ റസൂലില്‍നിന്ന് പഠിച്ചു പരിചയിക്കുകയും, അത് മറ്റുള്ളവര്‍ക്ക് അതേപടി നിങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഈ മാതൃകാസാക്ഷ്യം മുസ്‌ലിംകള്‍ നിറവേറ്റുന്നപക്ഷം, ഇതിനെക്കാള്‍ ഉന്നതവും, മഹത്വം കൂടിയതുമായ ഒരു സാക്ഷ്യത്തിന്റെ പദവി അവര്‍ക്ക് പരലോകത്തുവെച്ചും ലഭിക്കുവാനുണ്ട്. അതാണിവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. പക്ഷേ, ഈ ഐഹിക സാക്ഷ്യം നിറവേറ്റാത്തവന് ആ ഉന്നത സാക്ഷ്യത്തിന്റെ പദവിക്ക് അര്‍ഹതയുണ്ടായിരിക്കയില്ല.

അതായത്: മേല്‍പറഞ്ഞ ഉദ്ദേശ്യങ്ങളനുസരിച്ചും, ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗം പിന്‍പറ്റിയും കൊണ്ടു ജീവിക്കുന്നപക്ഷം ക്വിയാമത്തുനാളില്‍, നിങ്ങള്‍ ഉത്തമന്‍മാരും നേര്‍മാര്‍ഗ്ഗികളുമാണെന്നതിന് റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. മാത്രമല്ല, ഇതര ജനങ്ങള്‍ നല്ലവരോ, ചീത്തപ്പെട്ടവരോ എന്നതിനു നിങ്ങളും അവിടെ സാക്ഷികളായിരിക്കുമെന്നര്‍ത്ഥം. അല്ലാഹുവിന്റെ ന്യായാധിപത്യത്തില്‍ നടക്കുന്ന ആ വമ്പിച്ച കോടതിയില്‍ സ്വീകരിക്കപ്പെടുന്ന സാക്ഷികള്‍ അതിഭാഗ്യവാന്‍മാര്‍തന്നെ! അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ! ആമീന്‍! റസൂല്‍ നിങ്ങള്‍ക്കും, നിങ്ങള്‍ ജനങ്ങള്‍ക്കും സാക്ഷികളായിത്തീരുക എന്നു പറഞ്ഞതിനു മുന്‍ഗാമികളാല്‍ പ്രമാണിക്കപ്പെട്ടു വന്നിട്ടുള്ള വ്യാഖ്യാനം ഈ രണ്ടാമതു പറഞ്ഞതാണ്. ഈ സ്ഥാനം ലഭിക്കേണമെങ്കില്‍ ആദ്യം ചൂണ്ടിക്കാട്ടിയ സാക്ഷ്യം നാം നിറവേറ്റിയേ തീരൂ എന്നു വ്യക്തമാണ്. അതോടു ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു തുടര്‍ന്നു പറയുന്നതു നോക്കുക:

(11). ‘ആകയാല്‍, നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍’. (فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّـهِ). ഈ മൂന്നു കാര്യങ്ങളും വാസ്തവത്തില്‍, മുകളില്‍ പറഞ്ഞ ഉപദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുതന്നെയാണ്. അതെ, അതിന്റെ ഒരു വകഭേദത്തോടുകൂടിയുള്ള ആവര്‍ത്തനമാകുന്നു. ഇസ്ലാമിലെ മൗലികപ്രധാനമായ രണ്ടു നിര്‍ബ്ബന്ധ കര്‍മ്മങ്ങളുടെ – നമസ്കാരത്തിന്റെയും സകാത്തിന്റെയും – കാര്യം ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. മനുഷ്യനും സൃഷ്ടാവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതിഫലിപ്പിക്കുന്നതും, ആത്മീയശുദ്ധി കൈവരുത്തുന്നതിന് മറ്റേതിനെക്കാളും ഉപയുക്തവുമായ ഒരു ആരാധനാകര്‍മ്മമാണ് നമസ്കാരം. മനുഷ്യനും സമുദായവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതിഫലിപ്പിക്കുന്ന സാമൂഹ്യമായ കടമകളില്‍ മികച്ചു നില്‍ക്കുന്നതാണ് സകാത്ത്. മതത്തിന്റെ പേരില്‍, ക്വുര്‍ആന്റെ പേരില്‍, തൗഹീദിന്റെ പേരില്‍ – അങ്ങനെ പല നിലക്കും – മനുഷ്യന്‍ പലതും അംഗീകരിക്കേണ്ടതുണ്ട്; പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവയ്ക്കെല്ലാം നിദാനമായിട്ടുള്ള ഏകാടിസ്ഥാനമാണ്, ‘നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിന്‍’ (وَاعْتَصِمُوا بِاللَّـهِ) എന്നു പറഞ്ഞത്. വളരെ വിപുലമായ സാരങ്ങളാണ് ആ വാക്ക് ഉള്‍ക്കൊള്ളുന്നത് എന്നു ചിന്തിക്കുന്നവര്‍ക്കറിയാം, കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

(12). അല്ലാഹു നിര്‍ദ്ദേശിച്ചതും, കല്‍പിച്ചതുമെല്ലാം നിങ്ങള്‍ സ്വീകരിക്കണം; ഒരിക്കലും അവന്‍ നിശ്ചയിച്ച പരിധി വിട്ടുപോകരുത്; എല്ലാവരും ഈ ഒരു അടിസ്ഥാനത്തില്‍ നിലകൊള്ളണം; തമ്മില്‍ ഭിന്നിച്ചുകൊണ്ടോ, അല്ലാഹുവിന്റെ മാര്‍ഗ്ഗവും പിശാചിന്റെ മാര്‍ഗ്ഗവും തമ്മില്‍ കൂട്ടിക്കലര്‍ത്തിക്കൊണ്ടോ ആയിരിക്കരുത്; നിങ്ങളുടെ ഉദ്ദിഷ്ടങ്ങള്‍ ശരിപ്പെടുന്നതിലും, വിഷമങ്ങള്‍ക്കു പരിഹാരമുണ്ടാകുന്നതിലുമെല്ലാം നിങ്ങള്‍ അല്ലാഹുവിനെ മാത്രം ശരണം പ്രാപിക്കണം; മറ്റാരിലും നിങ്ങളുടെ അപേക്ഷ അര്‍പ്പിക്കരുത്; നിങ്ങള്‍ അവനെ മാത്രം ആശ്രയിക്കുകയും, അവനില്‍ മാത്രം വിശ്വാസവും ഭക്തിയും അര്‍പ്പിക്കുകയും ചെയ്യുന്നപക്ഷം, അവന്‍ നിങ്ങള്‍ക്കു എല്ലാവിധ സഹായവും, രക്ഷയും നല്‍കുന്നതാണ്. എന്നിങ്ങിനെയുള്ള അനേകം സൂചനകള്‍ وَاعْتَصِمُوا بِاللَّـهِ (നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിന്‍) എന്ന തിരുവാക്യത്തില്‍ അന്തര്‍ഭവിച്ചുകിടപ്പുണ്ട്. സത്യവിശ്വാസികള്‍ക്കു സന്തോഷവും, ആവേശവും നല്‍കിക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം ഇങ്ങനെ ഉപസംഹരിക്കുന്നു: ‘അവന്‍ നിങ്ങളുടെ യജമാനനാണ്. അപ്പോള്‍ നിങ്ങളുടെ യജമാനന്‍ എത്രയോ നല്ല യജമാനന്‍! എത്രയോ നല്ല സഹായകാനും!’ (هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ).

والحمد لله رب العالمين وله المنة والفضل

ക്യാമ്പയിൻ 11 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 49 മുതൽ 66 വരെ

വിഭാഗം – 7

22:49
  • قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ ﴾٤٩﴿
  • (നബിയേ) പറയുക: ‘ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്.’
  • قُلْ പറയുക يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരെ إِنَّمَآ أَنَا۠ നിശ്ചയമായും ഞാൻ لَكُمْ നിങ്ങൾക്കു نَذِيرٌ ഒരു താക്കീതുകാരൻ തന്നെ مُّبِينٌ വ്യക്തമായ, സ്പഷ്ടമായ

22:50

  • فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٥٠﴿
  • എന്നാൽ, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പാപമോചനവും, മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
  • فَٱلَّذِينَ എന്നാൽ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവൃത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ لَهُم അവർക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ

22:51

  • وَٱلَّذِينَ سَعَوْا۟ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ ﴾٥١﴿
  • (നമ്മെ) തോൽപിക്കാമെന്ന് നടിച്ചുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളിൽ (കുഴപ്പമുണ്ടാക്കുവാൻ) പരിശ്രമം നടത്തുന്നവരാകട്ടെ, അവർ നരകത്തിന്റെ ആൾക്കാരുമത്രെ.
  • وَٱلَّذِينَ യാതൊരുകൂട്ടരാകട്ടെ سَعَوْا۟ അവർ പരിശ്രമം നടത്തി (കുഴപ്പത്തിനു) فِىٓ ءَايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളിൽ مُعَـٰجِزِينَ തോൽപ്പിക്കാമെന്നു നടിക്കുന്നവരായി, അസാദ്ധ്യപ്പെടുത്തുവാൻ നോക്കുന്നവരായി أُو۟لَـٰٓئِكَ അക്കൂട്ടർ أَصْحَـٰبُ ٱلْجَحِيمِ നരകത്തിന്റെ ആൾക്കാരാണ്

ശിക്ഷയും, പ്രതിഫലവും ഒന്നും തന്നെ എന്റെ കയ്യിലില്ല, അതെല്ലാം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ് ഞാൻ അവന്റെ കൽപ്പനപ്രകാരം നിങ്ങളെ താക്കീതു ചെയ്‍വാൻവേണ്ടിമാത്രം നിയോഗിക്കപ്പെട്ടവനത്രെ ഈ താക്കീത് സ്വീകരിക്കുന്നപക്ഷം നിങ്ങൾക്കു ലഭിക്കുന്ന നേട്ടവും, അല്ലാഹുവിനെ തോൽപിക്കാമെന്നുള്ള ഭാവത്തിൽ അവന്റെ ലക്ഷ്യങ്ങളെ ധിക്കരിക്കുന്ന പക്ഷം അതിനു ശിക്ഷയും – ഇതാ – ഇപ്പറഞ്ഞ പ്രകാരമാണ് അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തേക്കുക. എന്നിങ്ങിനെ അവരോട് പറയുവാൻ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുകയാണ്. അടുത്ത ആയത്തിൽ ഇങ്ങനെ അറിയിക്കുകയും ചെയ്യുന്നു:-

22:52

  • وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٢﴿
  • നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതക്കൊടുത്താൽ (ആ) ഓതിക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു, സർവ്വജ്ഞനും യുക്തിജ്ഞാനിയുമാകുന്നു.
  • وَمَآ أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പ് مِن رَّسُولٍ ഒരു റസൂലിനെ (ദൂതനെ)യും وَلَا نَبِىٍّ നബിയെ (പ്രവാചകനെ)യും ഇല്ല إِلَّآ ഒഴികെ, അല്ലാതെ إِذَا تَمَنَّىٰٓ അദ്ദേഹം ഓതിക്കൊടുത്താൽ أَلْقَى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയും (ഇങ്ങിനെയായിട്ടല്ലാതെ) فِىٓ أُمْنِيَّتِهِۦ അദ്ദേഹം ഓതികൊടുത്തതിൽ فَيَنسَخُ ٱللَّـهُ എന്നാൽ അല്ലാഹു ദുർബ്ബലപെടുത്തും مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുന്നതിനെ ثُمَّ يُحْكِمُ പിന്നെ പ്രബലപ്പെടുത്തും, ശക്തിപ്പെടുത്തും ٱللَّـهُ അല്ലാഹു ءَايَـٰتِهِۦ തന്റെ ആയത്തുകളെ, ലക്ഷ്യങ്ങളെ وَٱللَّـهُ عَلِيمٌ അല്ലാഹു സർവ്വജ്ഞനാണ് حَكِيمٌ യുക്തിജ്ഞാനിയാണ്, അഗാധജ്ഞനാണ്

22:53

  • لِّيَجْعَلَ مَا يُلْقِى ٱلشَّيْطَٰنُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَفِى شِقَاقٍۭ بَعِيدٍ ﴾٥٣﴿
  • പിശാച് ഇട്ടു കളയുന്നതിനെ [ദുർബ്ബോധങ്ങളെ] ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയിട്ടുള്ളവർക്കും ഒരു പരീക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂരമായ [കഠിനമായ] കക്ഷിത്വത്തിലാണ്.
  • لِّيَجْعَلَ ആക്കുവാൻ വേണ്ടി مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുതു فِتْنَةً ഒരു പരീക്ഷണം لِّلَّذِينَ യാതൊരുകൂട്ടർക്കു فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْقَاسِيَةِ കടുത്തവർക്കും قُلُوبُهُمْ തങ്ങളുടെ ഹൃദയങ്ങൾ وَإِنَّ ٱلظَّـٰلِمِينَ നിശ്ചയമായും അക്രമകാരികൾ لَفِى شِقَاقٍۭ കക്ഷിത്വത്തിലാണ്, പിളർപ്പിലാണ് بَعِيدٍ വിദൂരമായ (കഠിനമായ)

22:54

  • وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٥٤﴿
  • അറിവ് നൽകപ്പെട്ടിട്ടുള്ളവർക്ക്, അത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാണെന്ന് അറിയുവാനും, അങ്ങിനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയങ്ങൾ അതിലേക്ക് വിനയപ്പെടുവാനും [ലയിക്കുവാനും] വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചിട്ടുള്ളവരെ നേരായ പാതയിലേക്ക് നയിക്കുവനാകുന്നു.
  • وَلِيَعْلَمَ ٱلَّذِينَ യാതൊരുകൂട്ടർ അറിയുവാനും أُوتُوا۟ ٱلْعِلْمَ അവർക്ക് അറിവു നൽകപ്പെട്ടിരിക്കുന്നു (അങ്ങിനെയുള്ളവർ) أَنَّهُ ٱلْحَقُّ അതു യാഥാർത്ഥം തന്നെയാണെന്നു مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നുള്ള فَيُؤْمِنُوا۟ അങ്ങിനെ അവർ വിശ്വാസിക്കുവാനും بِهِۦ അതിൽ فَتُخْبِتَ അതിനാൽ വിനയപ്പെടുവാനും لَهُۥ അതിലേക്കു قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَإِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَهَادِ നയിക്കുന്നവനാണ്, മാർഗ്ഗദർശനം ചെയ്യുന്നവനാണ് ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചിട്ടുള്ളവരെ إِلَىٰ صِرَٰطٍ പാതയിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരായ

നബിമാർ ജനങ്ങളിൽ സത്യപ്രബോധനം നടത്തുന്ന അവസരങ്ങളിലെല്ലാം തന്നെ, പിശാച് അവന്റെ വകയായി പല ദുർബോധനങ്ങളും അതിൽ കടത്തികൂട്ടി ദുഷ്പ്രചാരം ചെയ്ത് പ്രതിബന്ധം ഉണ്ടാക്കിക്കൊണ്ടിരിക്കുക പതിവാണ്. നബിമാരുടെ ശത്രുക്കളായ ജനങ്ങൾ അത് ഏറ്റ് പാടുകയും അതുവഴി ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കി സത്യത്തിൽനിന്ന് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ‘ജാലവിദ്യയാണ്’, കവിതയാണ്, കെട്ടുകഥയാണ്, ഊഹാപോഹമാണ്, യുക്തിഹീനമാണ്, അശാസ്‌ത്രീയമാണ്’ എന്നിങ്ങിനെയുള്ള വിവിധ ആരോപണങ്ങൾ പുറപ്പെടുവിക്കും. പൊതുജനങ്ങളെ കബളിപ്പിക്കുന്ന പല ദുർന്യായങ്ങളും അവർ പറഞ്ഞു പരത്തും. ഈ പിശാചുക്കളെ അല്ലാഹു പെട്ടെന്ന് പിടിച്ചു ശിക്ഷിക്കാതെ വിടുന്നത് നബിമാരുടെ പ്രബോധനങ്ങൾ സത്യമല്ലാത്തതുകൊണ്ടല്ല. സത്യത്തെ അല്ലാഹു വിജയിപ്പിക്കുകതന്നെ ചെയ്യും. പക്ഷേ, അതിൽ ചില രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ട്. സത്യം സ്വീകരിക്കുവാനും, അന്വേഷിച്ചറിയുവാനും തയ്യാറില്ലാത്ത ദുഷ്ടമനസ്ഥിതിയും, ധിക്കാര ബുദ്ധിയുമുള്ളവർക്ക് അതൊരു പരീക്ഷണമാകുന്നു. അതേസമയത്ത്, അറിവും, ബോധവുമുള്ള സത്യാന്വേഷികൾക്ക് അസത്യത്തിൽ നിന്ന് സത്യത്തെ ശരിക്കും തിരിച്ചറിഞ്ഞ്ആ സ്വദിക്കുവാനുള്ള ഒരവസരവുമാണത്. അല്ലാഹു അവരെ അതിനു സഹായിക്കുകയും ചെയ്യും. പിശാചുക്കളുടെ പ്രവർത്തനം എത്രകണ്ടു ബലപ്പെട്ടതാണോ അത്രകണ്ട്, സത്യത്തിന്റെ കക്ഷിയും സംശുദ്ധരായിത്തീരുകയും, ശക്തിപ്പെടുകയും ചെയ്യും. അങ്ങനെ, പിശാചിന്റെ കക്ഷിയുടെ തിന്മയും, നബിമാരുടെ കക്ഷികളുടെ നന്മയും വർദ്ധിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ശത്രുക്കളായ ‘മുശ്രിക്കുകളെ സംബന്ധിച്ചു പറയുന്ന കൂട്ടത്തിൽ അല്ലാഹു അപ്രകാരം പറയുന്നു :-

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴿١١٢﴾ وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ﴿ ١١٣﴾ – (الانعام)

സാരം: അതുപോലെ എല്ലാ നബിമാർക്കും തന്നെ, മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ നാം ശത്രുക്കളായി ഏർപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലർ മറ്റു ചിലരോടു കൃത്രിമമായി പകിട്ടു വാക്കുകൾ ബോധനം ചെയ്യുന്നതാണ്. (അതു മുടക്കണമെന്നു) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരതു ചെയ്കയില്ലായിരുന്നു. ആകയാൽ അവരേയും, അവർ കെട്ടിയുണ്ടാക്കുന്നതിനെയും (അതിന്റെ പാട്ടിന്) വിട്ടേക്കുക. പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അതിലേക്ക് ചെവി കൊടുക്കുവാനും, അവരതു തൃപ്തിപ്പെടുവാനും അവർ പ്രവർത്തിച്ചുണ്ടാക്കുന്നതൊക്കെ പ്രവർത്തിച്ചുണ്ടാക്കുവാനും വേണ്ടിയാണത്. (സൂ :അൻആം – 112, 113)

ഈ ആയത്തിൽനിന്നും, നാം മേൽ വിവരിച്ചതിൽനിന്നുമായി 52-54 ആയത്തുകളുടെ ഉദ്ദേശ്യം ശരിക്ക് വ്യക്തമായല്ലോ. അടിസ്ഥാനരഹിതവും, ഇസ്‌ലാമിന്റെ ശത്രുക്കളാൽ വിരചിതവുമായ ചില കഥകളുടെ വെളിച്ചത്തിൽ, നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) അടിത്തറക്കുതന്നെ കളങ്കം വരുത്തുന്ന ചില വ്യാഖ്യാനങ്ങൾ ഇവിടെ ചിലർ കൽപ്പിക്കാറുണ്ട്. ദുരുദ്ദേശ്യപൂർവ്വമല്ലെങ്കിലും – ബുദ്ധിയുടെയും, ന്യായത്തിന്റെയും, മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ ശരിക്കു ചിന്തിക്കാതെ – ചില വ്യാഖ്യാതാക്കൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ അതു പകർത്തിയിട്ടുമുണ്ട്. അതനുസരിച്ച് ആയത്തുകൾക്ക് അവർ കൽപ്പിക്കുന്ന സാരം ഏതാണ്ടിങ്ങിനെയായിരിക്കും. ‘ഏതൊരു നബിയും വേദഗ്രന്ഥം ഓതിക്കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ വായിൽകൂടി, അദ്ദേഹം അറിയാതെ, പിശാചും ചില വാക്യങ്ങൾ കൂട്ടിച്ചേർത്തു പുറത്തുവിടും. പിന്നീട് അതു ദുർബ്ബലപ്പെടുത്തപ്പെടുകയും ചെയ്യും…’ ഇതിന്ന് ഇവർ നിദാനമായി എടുക്കുന്ന ഒരു കഥയുടെ ചുരുക്കം ഇതാണ് :- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂറത്തു വന്നജ്മി (وَالنَّجْمِ) ഓതിക്കേൾപ്പിക്കുമ്പോൾ അതിൽ ‘ലാത്ത’, ‘ഉസ്സ’ എന്നീ വിഗ്രഹങ്ങളെപ്പറ്റി أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ الخ എന്ന് പ്രസ്താവിച്ചശേഷം അവയെ പ്രശംസിച്ചുകൊണ്ട് ചില വാക്യങ്ങൾ, തിരുമേനി അറിയാതെ – പിശാചിന്റെ വകയായി – കൂട്ടിപ്പറഞ്ഞുപോയി; അതു കേട്ടപ്പോൾ അവിശ്വാസികൾ വളരെ സന്തോഷിച്ചു. ആരോ കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥയും അതിനൊപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളും വിവിധ രേഖകളോടുകൂടി പല മഹാന്മാരും യുക്തിയുക്തം ഖണ്ഡിച്ചും നിഷേധിച്ചും വന്നിട്ടുള്ളതാകകൊണ്ടു, അതിനെപ്പറ്റി നാം ഇവിടെ കൂടുതലായൊന്നും വിവരിക്കേണ്ടതില്ല. പിശാചിന്റെ ദുർമ്മന്ത്രങ്ങൾ പിൻപറ്റുന്നവരെയും, സത്യ വിശ്വാസികളെയും സംബന്ധിച്ച് വീണ്ടും അല്ലാഹു പറയുന്നു:-

22:55

  • وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ فِى مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ ﴾٥٥﴿
  • പെട്ടന്നൊരിക്കൽ അന്ത്യസമയം [ലോകവസാന സമയം] തങ്ങൾക്ക് വന്നെത്തുന്നതുവരെ, അവിശ്വാസിച്ചവർ അതിനെക്കുറിച്ചു സംശയത്തിലായിക്കൊണ്ടേയിരിക്കുന്നതാണ്; അല്ലെങ്കിൽ, ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ അവർക്ക് വന്നെത്തുവോളം (അവരങ്ങിനെയിരിക്കും).
  • وَلَا يَزَالُ ആയിക്കൊണ്ടിരിക്കും ٱلَّذِينَ كَفَرُوا۟ അവിശ്വസിച്ചവർ فِى مِرْيَةٍ സംശയത്തിൽ مِّنْهُ അതിനെക്കുറിച്ച് حَتَّىٰ تَأْتِيَهُمُ അവർക്കു വന്നെത്തുവോളം ٱلسَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്ന്, യാദൃശ്ചികമായി أَوْ يَأْتِيَهُمْ അല്ലെങ്കിൽ അവർക്കു വന്നെത്തുവോളം عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَقِيمٍ ഗുണംകെട്ട, നന്മയില്ലാത്ത

22:56

  • ٱلْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فِى جَنَّٰتِ ٱلنَّعِيمِ ﴾٥٦﴿
  • അന്നത്തെ ദിവസം, ആധിപത്യം (മുഴുവനും) അല്ലാഹുവിനാകുന്നു. അവർക്കിടയിൽ അവൻ വിധികൽപിക്കും. എന്നാൽ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർ സൗഖ്യജീവിതത്തിന്റെ സ്വർഗ്ഗങ്ങളിലായിരിക്കും.
  • ٱلْمُلْكُ ആധിപത്യം, രാജത്വം يَوْمَئِذٍ അന്നു, അന്നത്തെ ദിവസം لِّلَّـهِ അല്ലാഹുവിനാണ് يَحْكُمُ അവൻ വിധിനടത്തും بَيْنَهُمْ അവർക്കിടയിൽ فَٱلَّذِينَ അപ്പോൾ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവർത്തിക്കയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ فِى جَنَّـٰتِ സ്വർഗ്ഗങ്ങളിലായിരിക്കും ٱلنَّعِيمِ സുഖജീവിതത്തിന്റെ, സുഖാനുഗ്രഹത്തിന്റെ

22:57

  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَا فَأُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٥٧﴿
  • അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെ കളവാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടർക്ക് തന്നെയാണ് നിന്ദ്യമായ ശിക്ഷ.
  • وَٱلَّذِينَ യാതൊരു കൂട്ടരാകട്ടെ كَفَرُوا۟ അവർ വിശ്വസിച്ചു وَكَذَّبُوا۟ കളവാക്കുകയും ചെയ്തു بِـَٔايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളെ فَأُو۟لَـٰٓئِكَ എന്നാൽ അക്കൂട്ടർ لَهُمْ അവർക്കാണ് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യമായ, നിന്ദ്യമാക്കുന്ന, അപമാനകരമായ

എല്ലാ കാലത്തുമുള്ള സർവ്വാധിപത്യം അല്ലാഹുവിനു തന്നെയാണെങ്കിലും, ഇന്ന് ബാഹ്യമായ ചില അധികാരശക്തികൾ നിലവിലുണ്ടല്ലോ. മാത്രമല്ല, മനുഷ്യന് അവന്റെ ഐഹികജീവിതം അവസാനിക്കുന്നതുവരേക്കും പരിമിതമായ ചില സ്വാതന്ത്ര്യങ്ങൾ നൽകപ്പെട്ടിട്ടുമുണ്ട്. ഖിയാമത്തുനാളിൽ അങ്ങിനെയുള്ള യാതൊരു അധികാരത്തിന്റേയോ, സ്വാതന്ത്ര്യത്തിന്റേയോ ശകലംപോലും ഉണ്ടായിരിക്കുകയില്ല. അന്ന് സർവ്വ അധികാരങ്ങളും, ഏക ഇലാഹായ, സർവ്വാധികാരിയായ അല്ലാഹുവിനുമാത്രം! (لله الواحد القهار) സത്യവിശ്വാസികളെപ്പറ്റി പൊതുവിൽ പറഞ്ഞ ശേഷം, അവിശ്വാസികളുടെ മർദ്ദനങ്ങൾ നിമിത്തം നാടുവിടേണ്ടിവന്നവരെപ്പറ്റി  പ്രത്യേകം എടുത്തുപറയുന്നു:-

വിഭാഗം – 8

22:58

  • وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٥٨﴿
  • അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായി സ്വരാജ്യംവിട്ടു (ഹിജ്ര) പോകുകയും, പിന്നീട് (ശത്രുക്കളാല്‍) കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്കയും ചെയ്തിട്ടുള്ളവരാകട്ടെ, നിശ്ചയമായും അല്ലാഹു അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനം നല്‍കുന്നതാണ്. നിശ്ചയമായും, അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ (ഏറ്റവും) ഉത്തമനായുള്ളവന്‍.
  • وَالَّذِينَ യാതൊരുകൂട്ടര്‍ هَاجَرُوا അവര്‍ നാടുവിട്ടുപോയി, ഹിജ്രപോയി فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ثُمَّ قُتِلُوا പിന്നെ അവര്‍ കൊല്ലപ്പെട്ടു أَوْ مَاتُوا അല്ലെങ്കില്‍ മരണപ്പെട്ടു لَيَرْزُقَنَّهُمُ നിശ്ചയമായും അവര്‍ക്കു നല്‍കും اللَّـهُ അല്ലാഹു رِزْقًا حَسَنًا നല്ല ഉപജീവനം وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമന്‍

22:59

  • لَيُدْخِلَنَّهُم مُّدْخَلًا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌ ﴾٥٩﴿
  • അവര്‍ തൃപ്തിപ്പെടുന്നതായ ഒരു പ്രവേശനസ്ഥലത്ത് [സ്വര്‍ഗ്ഗത്തില്‍] അവരെ അവന്‍ പ്രവേശിപ്പിക്കുകതന്നെചെയ്യും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, ക്ഷമാലുവും തന്നെ.
  • لَيُدْخِلَنَّهُم നിശ്ചയമായും അവന്‍ അവരെ പ്രവേശിപ്പിക്കും مُّدْخَلًا ഒരു പ്രവേശനസ്ഥലത്തു يَرْضَوْنَهُ അവരതു തൃപ്തിപ്പെടും (അങ്ങനെയുള്ള) وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَلِيمٌ സര്‍വ്വജ്ഞന്‍ തന്നെ حَلِيمٌ ക്ഷമാലുവായ, സഹനശീലനായവന്‍

22:60

  • ۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌ ﴾٦٠﴿
  • (കാര്യത്തിന്റെ നില) അതാണ്‌. ആരെങ്കിലും, തന്നോട് എടുക്കപ്പെട്ട ശിക്ഷാനടപടിക്ക് തുല്യമായതുകൊണ്ട് (അങ്ങോട്ടു) പ്രതികാരനടപടി എടുക്കുകയും, പിന്നെയും തന്നോട് അതിക്രമം പ്രവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും അല്ലാഹു അവനെ സഹായിക്കുന്നതാകുന്നു. നിശ്ചയമായും അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
  • ذَٰلِكَ അതാണ്‌ (കാര്യം) وَمَنْ عَاقَبَ ആരെങ്കിലും പ്രതികാര നടപടിയെടുത്താല്‍ بِمِثْلِ
    مَا യാതൊന്നിനു തുല്യമായതുകൊണ്ട് عُوقِبَ അവന്‍ ശിക്ഷാനടപടി എടുക്കപ്പെട്ടിരിക്കുന്നു بِهِ അതുകൊണ്ട് ثُمَّ പിന്നെ, പിന്നെയും بُغِيَ عَلَيْهِ അവനോടു അതിക്രമം ചെയ്യപ്പെട്ടു (എന്നാല്‍) لَيَنصُرَنَّهُ നിശ്ചയമായും അവനെ സഹായിക്കും اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പ് ചെയ്യുന്നവന്‍തന്നെയാണ് غَفُورٌ പൊറുക്കുന്നവനും

22:61

  • ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾٦١﴿
  • അത് [ആ സഹായം], അല്ലാഹു രാവിനെ പകലില്‍ കടത്തുകയും, പകലിനെ രാവില്‍ കടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനും ആണെന്നും ഉള്ളതുകൊണ്ടാകുന്നു.
  • ذَٰلِكَ അതു بِأَنَّ اللَّـهَനിശ്ചയമായും അല്ലാഹു ആണെന്നതുകൊണ്ടാണ് يُولِجُ അവന്‍ കടത്തുന്നു (എന്നതു) اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ അവന്‍ കടത്തുകയും ചെയ്യുന്നു النَّهَارَ പകലിനെ فِي اللَّيْلِ രാത്രിയില്‍ وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നതും سَمِيعٌ കേള്‍ക്കുന്നവന്‍ بَصِيرٌ കാണുന്നവനും

22:62

  • ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ ﴾٦٢﴿
  • അല്ലാഹുവാണ് യഥാര്‍ത്ഥത്തിലുള്ളവന്‍, അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവ തന്നെയാണ് നിരര്‍ത്ഥമായത്, അല്ലാഹു തന്നെയാകുന്നു ഉന്നതനും മഹാനുമായുള്ളവനും, എന്നീ കാരണത്താലാണത്.
  • ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു ആണെന്നതുകൊണ്ടാണ് هُوَ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവന്‍ അവന്‍ തന്നെ وَأَنَّ مَا يَدْعُونَ അവര്‍ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു) ആണെന്നതും مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ هُوَ الْبَاطِلُ അതു തന്നെ നിരര്‍ത്ഥമായതു, അയഥാര്‍ത്ഥമായതു وَأَنَّ اللَّـهَ അല്ലാഹു ആണെന്നതും هُوَ الْعَلِيُّ അവന്‍ തന്നെ ഉന്നതന്‍ الْكَبِيرُ മഹാന്‍, വലിയവന്‍

“അതു” (ذَٰلِكَ) എന്ന സൂചനാനാമം (إسم الإشارة) വാക്യങ്ങളുടെ ആരംഭത്തില്‍ ചില പ്രത്യേക സാരങ്ങളെ ഉദ്ദേശിച്ചുകൊണ്ടുണ്ടാവാറുണ്ടെന്ന് 32-ാം ആയത്തിന്റെ താഴെ നാം പറഞ്ഞുവല്ലോ. 60-ാം ആയത്തിലുള്ളതും അപ്രകാരം തന്നെ. അതാണ്‌ – അഥവാ മേല്‍ ആയത്തുകളില്‍ വിവരിച്ചതാണ് – സ്ഥിതിഗതികളുടെ യഥാര്‍ത്ഥം. അതുകൊണ്ടാണ് മര്‍ദ്ദിതരായ സത്യവിശ്വാസികള്‍ക്ക് യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുവാദം നല്‍കപ്പെട്ടത്‌. മാത്രമല്ല, അക്രമത്തിനുപകരം, അതേ അളവില്‍ അങ്ങോട്ടും പ്രതികാരനടപടി എടുക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതു ലോകനീതിയത്രെ. ഈ അവകാശ നടപടി എടുക്കുമ്പോള്‍ വീണ്ടും മറുഭാഗത്തുനിന്ന് അതിക്രമവും കയ്യേറ്റവുമാണുണ്ടാകുന്നതെങ്കില്‍, അതിനെതിരില്‍, അല്ലാഹുവിന്റെ സഹായം നീതിയുടെ ഭാഗത്തുള്ളവര്‍ക്കു അവന്‍ നല്‍കാതിരിക്കുകയില്ല. അക്രമവും ധിക്കാരവും നടത്തിയവരാകട്ടെ, ശരിക്കു മടങ്ങി ഖേദിക്കുന്ന പക്ഷം, അല്ലാഹു അവര്‍ക്കു മാപ്പ് നല്‍കുവാനും, പൊറുക്കുവാനും സദാ തയ്യാറുമാകുന്നു എന്നു സാരം.

മര്‍ദ്ദിതര്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അല്ലാഹു അവകാശം നല്‍കി; സ്വയ രക്ഷക്കുവേണ്ടി യുദ്ധം ചെയ്‌വാന്‍ അനുവാദം കൊടുത്തു: കുഴപ്പങ്ങളും കലഹങ്ങളും ഇല്ലാതാക്കുവാന്‍ വേണ്ടി ഒരു കൂട്ടരുടെ അക്രമത്തെ മറ്റൊരു കൂട്ടരെക്കൊണ്ട് അവന്‍ തടയുന്നു; സത്യത്തിന്റെ കക്ഷിയെ സഹായിക്കുമെന്ന് നിശ്ചയിച്ചു; അസത്യത്തിന്റെ കക്ഷിയെ ശിക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു; ഇതിനെല്ലാം കാരണമെന്ത്? രാപ്പകലുകളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവന്റെ പക്കലാണ്; അവനാണെങ്കില്‍ എല്ലാം കണ്ടറിഞ്ഞും, കേട്ടറിഞ്ഞും കൊണ്ടിരിക്കുകയും ചെയ്യുന്നു; എന്നിരിക്കെ, ലോകത്തിന്റെ നിലനില്‍പിന്നും, വ്യവസ്ഥക്കും ഇങ്ങിനെയുള്ള ചില നിയമനടപടികള്‍ അവശ്യം ആവശ്യമാണ്‌.

രാവ് പകലിലും, പകല്‍ രാവിലും കടത്തുന്നു എന്നു പറഞ്ഞതിന്റെ പ്രത്യക്ഷത്തിലുള്ള സാരം: രാവ് അവസാനിക്കുമ്പോഴേക്ക് പകലും, പകല്‍ അവസാനിക്കുമ്പോഴേക്ക് രാവും വരത്തക്കവണ്ണം, ഒന്നിന്റെ അവസാനത്തോടുകൂടി മറ്റേതിന്റെ ആരംഭവും ഏര്‍പ്പെടുത്തുന്നു എന്നായിരിക്കാം. രാപ്പകലുകള്‍ സമമായിരിക്കാത്തകാലത്തു് ഒന്നു ചുരുങ്ങിയും, മറ്റേതു വര്‍ദ്ധിച്ചും കൊണ്ടിരിക്കുമല്ലോ. അപ്പോള്‍, ഒന്നില്‍ കുറവുള്ളത് മറ്റേതില്‍ വര്‍ദ്ധിപ്പിക്കുകയും, ഒന്നിന്റെ വര്‍ദ്ധനവ് മറ്റേതില്‍ കുറയ്ക്കുകയും ചെയ്യുന്നു എന്നും ആയിരിക്കാം. ഏതായാലും, രാപ്പകലുകള്‍ നിയന്ത്രിക്കുന്നതും, രാപ്പകലുകളിലായി ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അല്ലാഹു തന്നെ. ആയതുകൊണ്ടാണ്‌ മേല്‍പറഞ്ഞ ഭരണനിയമങ്ങള്‍ അവന്‍ നടപ്പില്‍ വരുത്തുന്നത്.

എല്ലാറ്റിനും അടിസ്ഥാന നിദാനമായിട്ടുള്ള ഒരു വസ്തുതയാണ് ഒടുവിലത്തെ വചനം കാണിക്കുന്നത്; ദൈവങ്ങളായും, ആരാധ്യവസ്തുക്കളായും അവര്‍ പലതിനെയും ഗണിച്ചു വരുന്നു. അവയില്‍ ഒന്നുപോലും, പരിപൂര്‍ണ്ണമായ അസ്ഥിത്വമോ, സ്ഥിരമായ നിലനില്‍പ്പോ, ശക്തിയോ, കഴിവോ ഒന്നും തന്നെ ഉള്ളതല്ല. കേവലം നിരര്‍ത്ഥവും, മിഥ്യയും മാത്രമാണ്. യഥാര്‍ത്ഥവും സ്ഥിരവുമായ അസ്തിത്വമുള്ളവനും, യഥാര്‍ത്ഥ ഔന്നത്യവും മഹത്വവും തികഞ്ഞവനും അല്ലാഹു ഒരേ ഒരുവന്‍ മാത്രം. ഇതാണതിന്റെയെല്ലാം ഏറ്റവും പിന്നിലുള്ള മൂല കാരണം. ഏറ്റവും ശരിയായതും, സര്‍വ്വപ്രധാനമായതുമായ ഈ യാഥാര്‍ത്ഥ്യത്തെയാണ്‌, ഈ ലോകത്തു കാണപ്പെടുന്ന എല്ലാ വസ്തുക്കളും, വസ്തുതകളും വെളിപ്പെടുത്തുന്നത്, നോക്കുക:-

22:63

  • أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ ﴾٦٣﴿
  • നീ കണ്ടില്ലേ: അല്ലാഹു ആകാശത്തുനിന്ന് (മഴ) വെള്ളം ഇറക്കിയിട്ട്‌ ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്?! നിശ്ചയമായും, അല്ലാഹു സസൂക്ഷ്മനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു أَنزَلَ ഇറക്കിയിരിക്കുന്നു എന്ന് مِنَ السَّمَاءِ ആകാശത്തു നിന്ന് مَاءً വെള്ളം (മഴ) فَتُصْبِحُ എന്നിട്ടു ആയിത്തീരുന്നു الْأَرْضُ ഭൂമി مُخْضَرَّةً പച്ചപിടിച്ചതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَطِيفٌ സസൂക്ഷ്മനാണ്, സൂക്ഷ്മജ്ഞനാണ്, വളരെ സൗമ്യമുള്ളവനാണ് خَبِيرٌ സൂക്ഷ്മജ്ഞാനി, സൂക്ഷ്മമായി അറിയുന്നവന്‍

22:64

  • لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٦٤﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അവന്റേതാകുന്നു. നിശ്ചയമായും, അല്ലാഹു തന്നെയാണ് സ്തുത്യര്‍ഹനായ നിരാശ്രയന്‍.
  • لَّهُ അവന്റേതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് الْغَنِيُّ നിരാശ്രയന്‍, ഐശ്വര്യവാന്‍ الْحَمِيدُ സ്തുത്യാര്‍ഹന്‍

لَطِيفٌ (ലത്വീഫ്) എന്ന വാക്കിനാണ് സസൂക്ഷ്മന്‍ എന്ന് അര്‍ത്ഥം കല്‍പിച്ചത്‌. സൃഷ്ടികള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയാത്തവണ്ണം അതിസൂക്ഷ്മമായുള്ളവന്‍ എന്നും, അതിസൂക്ഷ്മങ്ങളായ എല്ലാ കാര്യങ്ങളും, അറിയുന്നവന്‍ എന്നും ഇവിടെ വിവക്ഷിക്കപ്പെടാവുന്നതാകുന്നു. മയം ചെയ്യുന്നവന്‍, കനിവും അലിവുമുള്ളവന്‍, സൗമ്യശീലന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലും ഈ വാക്കു ഉപയോഗിക്കപ്പെടുന്നു

വിഭാഗം – 9

22:65

  • أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلْأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِۦ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلْأَرْضِ إِلَّا بِإِذْنِهِۦٓ ۗ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ ﴾٦٥﴿
  • നീ കണ്ടില്ലേ: ഭൂമിയിലുള്ളതും, തന്റെ കല്‍പ്പനയനുസരിച്ചു സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളും അല്ലാഹു നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നത്?! അവന്റെ അനുമതി [കല്‍പ്പന] പ്രകാരമല്ലാതെ ഭൂമിയില്‍ വീണുപോകുന്നതിന്, ആകാശത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹു ജനങ്ങളോടു വളരെ കൃപയുള്ളവന്‍ തന്നെയാണ്, കരുണാനിധിയാണ്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ لَكُم നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു (എന്നു) مَّا فِي الْأَرْضِ ഭൂമിയിലുള്ളതു وَالْفُلْكَ കപ്പലിലും تَجْرِي അതു നടക്കുന്നു, സഞ്ചരിക്കുന്നു فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ بِأَمْرِهِ അവന്റെ കല്‍പനയനുസരിച്ചു وَيُمْسِكُ അവന്‍ പിടിച്ചുനിറുത്തുകയും ചെയ്യുന്നു السَّمَاءَ ആകാശത്തെ أَن تَقَعَ അതു വീണുപോകുന്നതിനു عَلَى الْأَرْضِ ഭൂമിയുടെമേല്‍ إِلَّا بِإِذْنِهِ അവന്റെ അനുമതി (കല്‍പന) പ്രകാരമല്ലാതെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِالنَّاسِ മനുഷ്യരോട് لَرَءُوفٌ വളരെ കൃപയുള്ളവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്

22:66

  • وَهُوَ ٱلَّذِىٓ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ ٱلْإِنسَٰنَ لَكَفُورٌ ﴾٦٦﴿
  • അവനത്രെ, നിങ്ങളെ ജീവിപ്പിച്ചിട്ടുള്ളവനും, പിന്നെ, നിങ്ങളെ അവന്‍ മരണപെടുത്തുന്നു; പിന്നെയും നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വളരെ നന്ദികെട്ടവന്‍ തന്നെയാണ്!
  • وَهُوَ അവന്‍, അവനത്രെ الَّذِي أَحْيَاكُمْ നിങ്ങളെ ജീവിപ്പിച്ചവനാണ്, ജീവിപ്പിച്ചവന്‍ ثُمَّ يُمِيتُكُمْ പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يُحْيِيكُمْ പിന്നെ അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ, കൃതഘ്നന്‍ തന്നെ

ഈ ആയത്തുകളുടെ സാരം വിവരിക്കേണ്ടുന്ന ആവശ്യമില്ല; ഉദ്ദേശ്യം വ്യക്തമാണ്. അവയുടെ ഉള്ളടക്കം വേണ്ടതുപോലെ ഗ്രഹിക്കുന്നതിനും, അതില്‍ ചിന്തിക്കുന്നതിനും അല്ലാഹു നമുക്കു ‘തൗഫീഖ്’ നല്‍കട്ടെ! آمين

അല്ലാഹുവിന്റെ – അതിവിശാലമായ ഈ പ്രപഞ്ചമഹാരംഗത്തു നടമാടിക്കൊണ്ടിരിക്കുന്ന ശക്തിപ്രഭാവത്തിന്റെ – ലക്ഷ്യലക്ഷങ്ങളെപ്പറ്റി വിവരിച്ചശേഷം, വിഷയം മറ്റൊരു ഗതിയിലേക്കു തിരിയുകയാണ്. ഏറ്റവും നല്ല മാര്‍ഗ്ഗമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു തിരഞ്ഞെടുത്തു കൊടുത്തിട്ടുള്ളതും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും പ്രബോധനം ചെയ്യുവാനും ആജ്ഞാപിക്കപ്പെട്ടിട്ടുള്ളതുമായ പരിപാവന മാര്‍ഗ്ഗത്തില്‍നിന്ന് ഒട്ടും വ്യതിച്ചലിക്കരുത്, അതിനെ കളങ്കപ്പെടുത്തുവാനോ, മുടക്കിക്കളയുവാനോ വേണ്ടി രംഗപ്രവേശം ചെയ്യുന്ന ഏതൊരു ദുശ്ശക്തിയെയും വകവെക്കരുത്, അങ്ങനെ സധീരം മുന്നോട്ടു മുന്നോട്ടു പോയിക്കൊണ്ടിരിക്കണം, എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉപദേശിക്കുന്നു:-

ക്യാമ്പയിൻ 10 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 34 മുതൽ 48 വരെ

22:34

  • وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۗ فَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴾٣٤﴿
  • എല്ലാ സമുദായത്തിനും തന്നെ – അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി – നാം [അല്ലാഹു] ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു (മാത്രം) നിങ്ങള്‍ കീഴ്പെടുക. [‘ഇസ്‌ലാം’ അനുഷ്ഠിക്കുക.] (നബിയേ) വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ لِّيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാന്‍, പറയുവാന്‍ سْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَىٰ مَا رَزَقَهُم അവന്‍ അവര്‍ക്കു നല്‍കിയതിന്റെമേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍ നിന്നു فَإِلَـٰهُكُمْ എന്നാല്‍ നിങ്ങളുടെ ഇലാഹു, ആരാധ്യന്‍ إِلَـٰهٌ وَاحِدٌ ഏക ഇലാഹാണ് فَلَهُ ആകയാല്‍ അവനു أَسْلِمُوا നിങ്ങള്‍ കീഴ്പ്പെടുവിന്‍, ഇസ്‌ലാമിനെ അനുഷ്ഠിക്കുവിന്‍ وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُخْبِتِينَ വിനീതന്മാര്‍ക്ക്, താഴ്മ കാട്ടുന്നവര്‍ക്കു

مَنسَكًا (കര്‍മ്മാനുഷ്ഠാനമുറ) എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ബലികര്‍മ്മങ്ങളാകുന്നു. മൃഗങ്ങളെ ബലി ചെയ്യുക എന്ന കര്‍മ്മം മുസ്‌ലിം സമുദായത്തിന് – അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ‘ഉമ്മത്തി’നു – മാത്രം നിശ്ചയിക്കപ്പെട്ട ഒന്നല്ല. മുമ്പുള്ള ദൈവിക മതസമുദായങ്ങളിലും ബലിസമ്പ്രദായങ്ങളുണ്ടായിരുന്നു. ആചാരണരീതിയില്‍ വ്യത്യാസമുണ്ടായിരിക്കുമെങ്കിലും അവയുടെയെല്ലാം ഉദ്ദേശ്യം ഒന്നുതന്നെ. അല്ലാഹുവിനു മുമ്പില്‍ താഴ്മയും ഭക്തിയും പ്രദര്‍ശിപ്പിക്കുക, അവന്റെ പ്രീതിക്കുവേണ്ടി ത്യാഗം ചെയ്യുക. അവന്റെ നാമം കീര്‍ത്തനം ചെയ്യുക മുതലായവയാണത്. എല്ലാവരുടെയും ഇലാഹ് ഏക ഇലാഹായതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ അവനെ ഉദ്ദേശിച്ചുമാത്രമേ ആരും ചെയ്യാവു; അവനു മാത്രമേ കീഴ് വണങ്ങാവു; വിനീ-ത ഹൃദയന്‍മാരായ ആളുകള്‍ക്കാണ് ഇങ്ങിനെയുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ഫലപ്രദമാകുക; അവര്‍ക്കത് വമ്പിച്ച പ്രതിഫലം ലഭിക്കുവാന്‍ കാരണമാകുകയും ചെയ്യും. എന്നെല്ലാം അല്ലാഹു ഉണര്‍ത്തുന്നു. വിനീതന്മാര്‍ ആരാണെന്ന് അടുത്ത വചനത്തില്‍ കാണാം:-

22:35

  • ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴾٣٥﴿
  • (അതായത്) യാതൊരുകൂട്ടര്‍ : അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, തങ്ങളുടെ ഹൃദയങ്ങള്‍ വിറകൊള്ളുന്നതാണ്;- തങ്ങള്‍ക്ക് ബാധിക്കുന്നതില്‍ [ആപത്തുകളില്‍] സഹനശാലികളും, നമസ്കാരം നിലനിരുത്തുന്നവരും! നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് (സല്‍കാര്യങ്ങളില്‍) ചിലവഴിക്കുകയും ചെയ്യും, (ഇങ്ങിനെയുള്ളവരാണത്).
  • الَّذِينَ യാതൊരു കൂട്ടരാണ് إِذَا ذُكِرَ اللَّـهُ അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, പറയപ്പെട്ടാല്‍ وَجِلَتْ വിറകൊള്ളും (ഭയപ്പെടും) قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَالصَّابِرِينَ സഹനശാലികളും, ക്ഷമാലുക്കളും عَلَىٰ مَا أَصَابَهُمْ തങ്ങള്‍ക്കു ബാധിച്ചതില്‍ وَالْمُقِيمِي നിലനിറുത്തുന്നവരും الصَّلَاةِ നമസ്കാരം وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കുകയും ചെയ്യും

22:36

  • وَٱلْبُدْنَ جَعَلْنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴾٣٦﴿
  • ബലിയൊട്ടകങ്ങളാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് ‘അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുകയാണ്; നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍, വരിവരിയായ നിലയില്‍ (നിറുത്തിക്കൊണ്ട്) അവയുടെമേല്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍! അങ്ങനെ, (അറുത്തശേഷം) അവയുടെ പാര്‍ശ്വങ്ങള്‍ നിലംപതിച്ചാല്‍ [ജീവന്‍ പോയി വീണാല്‍] അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, (ചോദിച്ചുവാങ്ങാൻ വരാതെ) സംതൃപ്തിയടഞ്ഞു നില്‍ക്കുന്നവന്നും, ആഗ്രഹിച്ചു വരുന്നവന്നും ഭക്ഷിക്കുവാന്‍ കൊടുക്കുകയും ചെയ്യുവിന്‍. അപ്രകാരം അവയെ നിങ്ങള്‍ക്ക് നാം കീഴ്പെടുത്തന്നിരിക്കുകയാണ് നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി.
  • وَالْبُدْنَ ഒട്ടകങ്ങളെ (ബലിയൊട്ടകങ്ങളെ) جَعَلْنَاهَا അവയെ നാം ആക്കിയിരിക്കുന്നു لَكُم നിങ്ങള്‍ക്കു مِّن شَعَائِرِ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതു لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അതില്‍ خَيْرٌ ഗുണം, നന്മ فَاذْكُرُوا അതിനാല്‍ നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَيْهَا അവയുടെമേല്‍ صَوَافَّ വരികളായി, വരിവരിയായി فَإِذَا وَجَبَتْ അങ്ങനെ നിലംപതിച്ചാല്‍, വീണാല്‍ جُنُوبُهَا അവയുടെ പാര്‍ശ്വങ്ങള്‍, ഭാഗങ്ങള്‍ فَكُلُوا അപ്പോള്‍ ഭക്ഷിച്ചുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا ഭക്ഷിക്കാന്‍ കൊടുക്കയും ചെയ്യുവിന്‍ الْقَانِعَ സംതൃപ്തി അടഞ്ഞുവനു (ചോദിക്കാതെ ഉള്ളതുകൊണ്ടു തൃപ്തിയടഞ്ഞുവനു) وَالْمُعْتَرَّ ആഗ്രഹിച്ചുവരുന്നവന്നും, ചോദിച്ചുവരുന്നവന്നും كَذَٰلِكَ അപ്രകാരം سَخَّرْنَاهَا അതിനെ നാം കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങള്‍ ആയേക്കാം, നിങ്ങള്‍ ആകുവാന്‍വേണ്ടി تَشْكُرُونَ കൃതജ്ഞ കാണിക്കും

الْبُدْنَ എന്ന വാക്ക് ബലികര്‍മം ചെയ്യപ്പെടുന്ന ഒട്ടകങ്ങള്‍ക്ക് പ്രത്യേകമായും, മാടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പൊതുവായും ഉപയോഗിക്കപ്പെടും. ഒട്ടകങ്ങളെ അറുക്കുന്നത് അവയെ നിറുത്തിക്കൊണ്ടാകുന്നു. ജീവന്‍പോകുമ്പോള്‍ അവ ഒരു വശത്തേക്ക് മറിഞ്ഞുവീഴ്ന്നു. അതുകൊണ്ടാണ് ‘അവയുടെ പാര്‍ശ്വങ്ങള്‍ വീണാല്‍’ എന്നു പറഞ്ഞത്. ഉള്ളതിലും, കിട്ടിയതിലും തൃപ്തിയടഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുമ്പില്‍ ആവശ്യം പ്രകടിപ്പിക്കാത്തവനാണ് قانع (സംതൃപ്തി അടഞ്ഞവന്‍). ദാനധര്‍മ്മങ്ങള്‍ ലഭിക്കുവാന്‍വേണ്ടി മുന്നോട്ട് വരുന്നവരാണ് مُعْتَرَّ (ആഗ്രഹിച്ചുവരുന്നവന്‍). ഈ രണ്ട് തരക്കാര്‍ക്കും ബലിമൃഗങ്ങളുടെ മാംസം ദാനം ചെയ്യണമെന്ന് സാരം.

കേവലം വലിപ്പവും ശക്തിയുമുള്ള മൃഗമാണ്‌ ഒട്ടകം. എങ്കിലും, വളരെ സഹനവും സൗമ്യശീലവുമുള്ള ഒരു ജീവിമാണത്. അറുക്കുവാന്‍ കൊണ്ട് വന്നു നിറുത്തുമ്പോള്‍ പോലും യാതൊരു മിരട്ടും കാണിക്കാതെ, അത് അനുസരിച്ചു നില്‍ക്കുന്നു. ഉഷ്ണമേറിയ മരുഭൂമിയില്‍ കൂടിയുള്ള യാത്രകളില്‍ ഒട്ടകത്തിന്റെ സേവനം വളരെ വമ്പിച്ചതാണ്. വളരെ നാളുകളോളം ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ചുകൊണ്ടും, വലിയഭാരം ചുമന്നുകൊണ്ടും, യജമാനന്റെ അജ്ഞയനുസരിച്ച് അത് സുദീര്‍ഘം സഞ്ചരിച്ചുകൊണ്ടിരിക്കും. ഇങ്ങിനെയെല്ലാം അതിനെ മനുഷ്യന്റെ നിയന്ത്രണത്തിന് വിധേയമാക്കിക്കോടുത്തത് അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമത്രെ.

ബലികര്‍മ്മ സമ്പ്രദായം മുന്‍സമുദായങ്ങളിലും നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഉണര്‍ത്തുകയും, പ്രത്യേക പരിഗണനയോടെ അതിനെപ്പറ്റി പ്രോത്സാഹനം നല്‍കുകയും ചെയ്തശേഷം അതിലടങ്ങിയ യുക്തിതത്വത്തെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

22:37

  • لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ ﴾٣٧﴿
  • അവയുടെ മാംസങ്ങളാകട്ടെ, രക്തങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ എത്തുന്നില്ലതന്നെ; പക്ഷെ, നിങ്ങളില്‍നിന്നുള്ള ഭക്തി അവങ്കല്‍ എത്തുന്നതാണ്. നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തുതന്നതിന് നിങ്ങള്‍ അല്ലാഹുവിന് ‘തക്ബീര്‍’ [മഹത്വപ്രകീര്‍ത്തനം] നടത്തുവാന്‍വേണ്ടി അപ്രകാരം അവയെ അവന്‍ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സുകൃതവാന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • لَن يَنَالَ എത്തുന്നതല്ലതന്നെ اللَّـهَ അല്ലാഹുവിങ്കല്‍ لُحُومُهَا അവയുടെ മാംസ وَلَا دِمَاؤُهَا അവയുടെ രക്തവും (എത്തുക) ഇല്ല وَلَـٰكِن പക്ഷെ, എങ്കിലും يَنَالُهُ അവങ്കല്‍ എത്തുന്ന التَّقْوَىٰ ഭക്തി, ഭയഭക്തി مِنكُمْ നിങ്ങളില്‍ നിന്ന് كَذَٰلِكَ അപ്രകാരം سَخَّرَهَا അവയെ അവന്‍ കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് لِتُكَبِّرُوا നിങ്ങള്‍ തക്ബീര്‍ (മഹത്വ പ്രകീര്‍ത്തനം) നടത്തുവാന്‍വേണ്ടി, തക്ബീര്‍ മുഴക്കുവാനായി اللَّـهَ അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ അവന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തതിന് وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്ക്, പുണ്യകര്‍മ്മം ചെയ്യുന്നവര്‍ക്ക്

ബലിമൃഗങ്ങളുടെ മാംസം വല്ലവര്‍ക്കും കൊടുത്തത്കൊണ്ടോ, വിഗ്രങ്ങളുടെയും ദേവൻമാരുടെയും ആരാധകന്മാര്‍ അവയുടെ പ്രസാദത്തിനുവേണ്ടി ചെയ്യാറുള്ളത് പ്രകാരം കുറെ രക്തം ഒഴിക്കിയതുകൊണ്ടോ, മക്കാ മുശ്രിക്കുകള്‍ കഅ്ബഃയില്‍ ചെയ്തിരുന്നതുപോലെ ബലിമൃഗങ്ങളുടെ രക്തം എവിടെയെങ്കിലും വാരിപ്പുരട്ടുന്നതു കൊണ്ടോ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയില്ല. മാംസമോ രക്തമോ അല്ല അല്ലാഹു സ്വീകരിക്കുന്നത്. അതവന് ആവശ്യവുമില്ല. എന്നാല്‍ ബലികര്‍മ്മം മുഖേന മനുഷ്യന്‍ അവന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവോടുള്ള ഭക്തിയും പ്രകടമാക്കുന്നതാണ് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നത്. അത് പ്രകടമാക്കുകയാണ് ബലികര്‍മ്മം കൊണ്ടുദ്ദേശ്യം. അല്ലാഹുവിന്റെ പ്രീതി മാത്രം ഉന്നംവെച്ച് നിശ്ചകളങ്കമായി ചെയ്യുന്ന ബലികര്‍മ്മങ്ങളടക്കമുള്ള സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ അവങ്കല്‍ സ്വീകാര്യമാകുകയുള്ളു എന്നു സാരം.

ഇബ്രാഹീം (അ) നബി സ്വപുത്രനായ ഇസ്മാഈല്‍ (അ) നബിയെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ സംഭവത്തെത്തുടര്‍ന്നാണ് പിന്നീട് ബലികര്‍മ്മസമ്പ്രദായം നടപ്പാക്കപ്പെട്ടത്. അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് അതു മുഖേന അവര്‍ പ്രകടമാക്കുന്നു. ആ നിലക്ക് ബലി ചെയ്യപ്പെടുന്ന മൃഗം കേവലം ഒരു നാമമാത്ര മൃഗമായിരിക്കാതെ – കഴിയുന്നത്ര വിലപിടിച്ചതും, ആകൃതിയിലും പ്രകൃതിയിലുമെല്ലാം തന്നെ ആകര്‍ഷകവും, കോട്ടവും കുറവുമില്ലാത്തതും – ആയിരിക്കുന്നതാവാശ്യമാണ് എന്നു അധികം ചിന്തിക്കാതെത്തന്നെ ആര്‍ക്കും മനസില്ലാക്കുവാന്‍ സാധിക്കും. അതു പോലെത്തന്നെ, ബലിനടത്തല്‍ കേവലം ആരാധനാകര്‍മ്മങ്ങളില്‍ (العبادات) ഒന്നാകകൊണ്ട് ആ കര്‍മ്മം നടത്തേണ്ടുന്ന രൂപവും അതിന്റെ മര്യാദകളും അല്ലാഹുവും റസൂലും നിര്‍ദ്ദേശിച്ചമാതിരിതന്നെ ആയിരിക്കേണ്ടതുമാണ്. ഇതൊന്നും ആലോചിക്കേണ്ടതില്ലെന്നോ, ബലിമൃഗങ്ങളുടെ മാംസമോ രക്തമോ തോലോ ഒന്നും ഒരു പ്രശ്നമാക്കേണ്ടതില്ലെന്നോ, ഈ വക സംഗതികളെക്കുറിച്ച് പരിഗണിക്കല്‍ വെറും ആചാരങ്ങളും ചടങ്ങുകളും മാത്രമാണെന്നോ ഈ ആയത്തില്‍ നിന്നു തെറ്റിദ്ധരിക്കാവതല്ല. ചിലര്‍ ഇതില്‍നിന്നു അങ്ങനെ സമര്‍ത്ഥിച്ചുകാണുന്നതു പ്രമാണപ്പെട്ട പല ഹദീസുകളുടെയും ശരിയായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമത്രെ. ഉദാഹരണമായി : ‘വ്യക്തമായ നിലയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളവ, വ്യക്തമായ രോഗം പിടിപെട്ടിട്ടുള്ളവ, വ്യക്തമാംവണ്ണം കോട്ടം കാണാവുന്ന മുടന്ത്, പ്രായാധിക്യത്താല്‍ മേദസ്സു നഷ്ടപ്പെട്ടവ എന്നീ നാലും ബലികര്‍മ്മത്തിനു (اضحية) കൊള്ളുകയില്ല’ എന്നു നബി (സ) പ്രസംഗിച്ചതായി ബറാഉ് (റ) ഉദ്ധരിക്കുന്നു. (رواه اصحاب السنن باسانيد صحيحة).  ‘കണ്ണ്‍, ചെവി എന്നിവയെപ്പറ്റി (വല്ല കേടുപാടും ഉണ്ടോ എന്ന്‍) പ്രത്യേകം ഗൗനിക്കുവാനും, മുടന്തുള്ളതിനെയും, ചെവിയുടെ മുന്‍വശമോ പിന്‍വശമോ കീറിപ്പൊളിഞ്ഞുകിടക്കുന്നതിനെയും, ഇരുചെവികളും കീറിപ്പിളര്‍ന്നതിനെയും, മുന്‍പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുള്ളതിനെയും ബലികര്‍മ്മത്തിനു ഉപയോഗിക്കാതിരിക്കാനും നബി (സ) ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടെന്ന് അലി (റ)യും പ്രസ്താവിച്ചിരിക്കുന്നു. (رواه احمد والاربعة) സ്ഥലദൈര്‍ഘ്യം ഓര്‍ത്ത് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. നബി (സ)യില്‍ നിന്നു ഒന്നുരണ്ട് ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് നാം മേലുദ്ധരിച്ച പ്രകാരമാണ് ഈ ആയത്തിന്റെ സാരം എന്നു സൂചിപ്പിച്ചശേഷം മഹാനായ ഇബ്നുകഥീര്‍ (റ) തന്റെ തഫ്സീറില്‍ ഏതാണ്ട് ഇങ്ങനെ പറയുന്നതു കാണാം: ‘അപ്പോള്‍ ഇപ്പറഞ്ഞതിന്റെ (ബലിമൃഗങ്ങളുടെ മാംസങ്ങളും രക്തങ്ങളും അല്ലാഹുവിങ്കല്‍ എത്തുന്നില്ല, നിങ്ങളുടെ ഭക്തിയാണ് അവങ്കല്‍ എത്തുന്നത് എന്നു പറഞ്ഞതിന്റെ) താല്‍പര്യം, കര്‍മ്മങ്ങളില്‍ നിഷ്കളങ്കത പാലിച്ചുവനു അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വീകരണം ശരിക്കു ലഭിക്കുന്നതാണെന്നു കാണിക്കലാണ്. സത്യാന്വേഷികളായ പണ്ഡിതന്‍മാരുടെ അടുക്കല്‍ ഇപ്പറഞ്ഞതിനു ഇതല്ലാതെ വേറൊരു പ്രത്യക്ഷമായ അര്‍ത്ഥവുമില്ല.’

25-ാം വചനത്തില്‍, മുശ്രിക്കുകള്‍ ചെയ്തിരിക്കുന്ന ഒരു ധിക്കാരത്തെപ്പറ്റി – കഅ്ബഃയില്‍ മുസ്‌ലിംകള്‍ക്കു പ്രവേശനം അനുവദിക്കാതിരിക്കുന്നതിനെപ്പറ്റി – പറഞ്ഞുവല്ലോ. അവരുടെ അനേകം അക്രമങ്ങളില്‍ ഒന്നായിരുന്നു അത്. തുടര്‍ന്നുകൊണ്ട് കഅ്ബഃയുടെ സ്ഥാപനവും, സ്ഥാപനോദ്ദ്ദേശ്യവും, തങ്ങളുടെ വന്ദ്യപിതാവായ ഇബ്രാഹീം (അ) നബിക്കു അതുമായുള്ള ബന്ധവും വിവരിച്ചു. ആ പുണ്യാലയത്തില്‍വെച്ചു നടത്തപ്പെടേണ്ടുന്ന പല കര്‍മ്മങ്ങളെക്കുറിച്ചും – അറബികളുടെ ശിര്‍ക്കുപരമായ കൈകടത്തലുകള്‍ക്കു വിധേയമായിരുന്ന ബലികര്‍മ്മത്തെപ്പറ്റി പ്രത്യേകിച്ചും – സംസാരിച്ചു. ബലികര്‍മ്മത്തിന്റെ സാക്ഷാല്‍ ഉദ്ദേശ്യവും വ്യക്തമാക്കി. ഇങ്ങനെയുള്ള പരിപാവനകര്‍മ്മങ്ങള്‍ ചെയ്യാനായി, മക്കക്കാരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പുരാതനകാലം മുതല്‍ക്കേ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ വിശുദ്ധ മന്ദിരത്തിങ്കല്‍നിന്ന് അതേ നാട്ടുകാരായ സത്യവിശ്വാസികളെ മാത്രം തടഞ്ഞുകളയുകയും, അവിടെ ശിര്‍ക്കിന്റെ കര്‍മ്മങ്ങള്‍ മാത്രം നടത്തപ്പെടുകയും ചെയ്യുമ്പോള്‍, അതു എത്രമാത്രം ധിക്കാരമാണ്?! 25-ാം വചനത്തില്‍ അന്തര്‍ഭവിച്ചുകണ്ട ആ കനത്ത താക്കീതിന്റെ പ്രത്യാഘാതം അടുത്ത ആയത്തുകളില്‍ പ്രത്യക്ഷപ്പെടുന്നു:-

വിഭാഗം – 6

22:38

  • ۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ ﴾٣٨﴿
  • നിശ്ചയമായും, അല്ലാഹു, വിശ്വസിച്ചവരില്‍ നിന്ന് (അന്യാക്രമത്തെ) തടുക്കുന്നതാണ്; നിശ്ചയമായും അല്ലാഹു, നന്ദികെട്ട എല്ലാ വഞ്ചകരെയും ഇഷ്ടപ്പെടുന്നതല്ല;
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدَافِعُ തടുക്കുന്നു عَنِ الَّذِينَ آمَنُوا വിശ്വസിച്ച കൂട്ടര്‍ക്ക് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നതല്ല كُلَّ خَوَّانٍ എല്ലാ വഞ്ചകനെയും, ചതിയനെയും كَفُورٍ നന്ദികെട്ട, നന്ദികെട്ടവനായ

22:39

  • أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴾٣٩﴿
  • (ഇങ്ങോട്ട്) സമരം ചെയ്യപ്പെടുന്ന കൂട്ടര്‍ക്ക് – അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് – (അങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുവാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, അല്ലാഹു അവരെ സഹായിക്കുന്നതിന് കഴിവുള്ളവനുമത്രെ.
  • أُذِنَ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്ക് يُقَاتَلُونَ അവര്‍ സമരം ചെയ്യപ്പെടുന്നു, അവരോട് യുദ്ധം ചെയ്യപ്പെടുന്നു بِأَنَّهُمْ ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നുവെന്നതു കൊണ്ട് وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ نَصْرِهِمْ അവരെ സഹായിക്കുവാന്‍ لَقَدِيرٌ കഴിവുള്ളവനും തന്നെയാണ്

മുസ്‌ലിംകള്‍ക്കു യുദ്ധത്തിനു അനുമതി നല്‍കുന്നതില്‍ ആദ്യമായി അവതരിച്ച ആയത്താണിത്. യുദ്ധം ചെയ്യാന്‍ ‘കല്‍പിക്ക’പ്പെട്ടിരിക്കുന്നുവെന്നു പറയാതെ ‘അനുവാദം നല്‍കപ്പെട്ടിരിക്കുന്നു’ വെന്നു പറഞ്ഞതു ശ്രദ്ധാര്‍ഹമാണ്. മര്‍ദ്ദനം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ മാത്രമാണ് യുദ്ധത്തിന് അനുവാദം ലഭിക്കുന്നതെന്നും, മുസ്‌ലിംകള്‍ക്കു ശത്രുപക്ഷത്തെ നേരിടാന്‍ വല്ല കഴിവും ഉണ്ടായിരുന്നെങ്കില്‍ തന്നെ ഈ അനുവാദം ലഭിക്കുന്നതിനുമുമ്പ് അവര്‍ക്കങ്ങോട്ടു യുദ്ധം നടത്തുവാന്‍ പാടില്ലായിരുന്നുവെന്നും ഇതില്‍നിന്നു അനുമാനിക്കാം. മദീന ഹിജ്റക്കു മാര്‍ഗ്ഗം തെളിയിച്ചതും, മദീനക്കാരായ ഏതാനും മുസ്‌ലിംകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും തമ്മില്‍ അല്‍അഖബഃയില്‍ വെച്ചു നടന്നതുമായ സ്വകാര്യ ഉടമ്പടി (بيعة العقبة) കഴിഞ്ഞശേഷം – തങ്ങള്‍ക്കു താല്‍ക്കാലികമായ ഒരു നേരിയ കഴിവെങ്കിലും കൈവന്നിട്ടുണ്ടെന്നു കരുതിയായിരിക്കാം – ചില സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഇങ്ങനെ ചോദിക്കയുണ്ടായി : الا نميل على أهل الوادى فنقتلهم മീനാതാഴ്‌വരയില്‍ അന്ന്‍ ഹജ്ജ്കര്‍മത്തിനായി സമ്മേളിച്ചിരുന്ന ശത്രുക്കളുടെ നേരെതിരിഞ്ഞു നമുക്കവരെ കൊന്നുകളഞ്ഞുകൂടേ എന്ന്‍ സാരം. ഇതിന് തിരുമേനി നല്‍കിയ മറുപടി انى لم أومربهذا (എനിക്കു ഇതിനു കല്‍പന കിട്ടിയിട്ടില്ല) എന്നായിരുന്നു.

യുദ്ധത്തിന് അനുവാദം നല്‍കുവാനുള്ള കാരണവും ന്യായവും അല്ലാഹു ഇവിടെ ശരിക്കു വ്യക്തമാക്കിയിരിക്കുന്നു. അവര്‍ അക്രമിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നതാണ് അതിനുകാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തൗഹീദു പ്രബോധനം ചെയ്യാന്‍ തുടങ്ങിയതുമുതല്‍ തിരുമേനിയും സത്യവിശ്വാസം സ്വീകരിച്ച സഹാബികളും ശത്രുക്കളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന മൃഗീയമായ മര്‍ദ്ദനങ്ങളുടെയും, യാതനകളുടെയും നീണ്ട പട്ടിക ചരിത്രപ്രസിദ്ധമാണല്ലോ. ഒടുക്കം സ്വന്തം നാടും വീടും ഉപേക്ഷിച്ചു മദീനായില്‍ അഭയം പ്രാപിക്കയും ചെയ്യേണ്ടിവന്നു. ഇതിനെപ്പറ്റി അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നതു കാണാം. മാത്രമല്ല, മര്‍ദ്ദിതരായ ജനങ്ങള്‍ക്കു സ്വരക്ഷക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുമതി നല്‍കപ്പെടാതെയും, അല്ലാഹുവിന്റെ പ്രത്യേക സഹായം സ്വരക്ഷക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുമതി നല്‍കപ്പെടാതെയും, അല്ലാഹുവിന്റെ പ്രത്യേക സഹായം അവര്‍ക്കു ലഭിക്കാതെയുമിരിക്കുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുകളും അതോടൊപ്പം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

22:40

  • ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴾٤٠﴿
  • ‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്നു പറയുന്നുവെന്നുള്ളതല്ലാതെ (വേറെ)യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ, (അക്രമത്തിനുവിധേയരായവര്‍). മനുഷ്യരെ – അവരില്‍ചിലരെ (മറ്റു) ചിലരെക്കൊണ്ട് അല്ലാഹു തടുക്കല്‍ ഇല്ലായിരുന്നുവെങ്കില്‍, അല്ലാഹുവിന്റെ നാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, (മുസ്‌ലിം) പള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു നിശ്ചയമായും സഹായിക്കും. നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയുംതന്നെയാകുന്നു.
  • الَّذِينَ أُخْرِجُوا പുറത്താക്കപ്പെട്ടിട്ടുള്ളവര്‍ مِن دِيَارِهِم അവരുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്ന് بِغَيْرِ حَقٍّ ഒരു ന്യായവും കൂടാതെ إِلَّا أَن يَقُولُوا അവര്‍ പറയുന്നതല്ലാതെ رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ دَفْعُ اللَّـهِ അല്ലാഹു തടുക്കല്‍ النَّاسَ മനുഷ്യരെ بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ട് لَّهُدِّمَتْ പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു صَوَامِعُ സന്യാസിമഠങ്ങള്‍ وَبِيَعٌ ക്രിസ്തീയ ദേവാലയങ്ങളും وَصَلَوَاتٌ ജൂതദേവാലയങ്ങളും وَمَسَاجِدُ (മുസ്‌ലിം) പള്ളികളും يُذْكَرُ പറയപ്പെടുന്ന, കീര്‍ത്തനം ചെയ്യപ്പെടുന്ന فِيهَا അവയില്‍വെച്ച് اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം كَثِيرًا ധാരാളം وَلَيَنصُرَنَّ اللَّـهُ നിശ്ചയമായും അല്ലാഹു സഹായിക്കും مَن يَنصُرُهُ അവനെ സഹായിക്കുന്നവനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയായ

മുസ്‌ലിംകള്‍ക്കു യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുവാദം നല്‍കിയതിന്റെ പാശ്ചാത്തലവും, കാരണവും ചൂണ്ടിക്കാട്ടി. അനുവാദം നല്‍കാതിരുന്നാലുള്ള ദോഷവും വ്യക്തമാക്കി. അല്ലാഹുവിനെ സഹായിക്കുന്നവരെ – അതേ, അവന്റെ മതത്തെ സഹായിക്കുന്നവരെ – നിശ്ചയമായും അവന്‍ സഹായിക്കുമെന്ന്‍ ഉറപ്പും പ്രോത്സാഹനവും നല്‍കുകയും ചെയ്തു. എന്നാല്‍, ഈ അനുവാദം അവര്‍ എങ്ങിനെ ഉപയോഗപ്പെടുത്തും? അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും അവര്‍ എങ്ങിനെ വിനിയോഗിക്കും? ഇതാണ് എനി ആലോചിക്കുവാനുള്ളത്. ഇതിനെക്കുറിച്ച് അടുത്ത വചനത്തില്‍ പറയുന്നതു നോക്കുക:-

22:41

  • ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ ﴾٤١﴿
  • (മാത്രമല്ല) ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണ് (അവര്‍). കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു.
  • الَّذِينَ യാതൊരു കൂട്ടരാണ് إِن مَّكَّنَّاهُمْ അവര്‍ക്ക് നാം സ്വാധീനം (സൗകാര്യം) നല്‍കിയാല്‍ فِي الْأَرْضِ ഭൂമിയില്‍ أَقَامُوا അവര്‍ നിലനിര്‍ത്തും الصَّلَاةَ നമസ്കാരം وَآتَوُا അവര്‍ കൊടുക്കയും ചെയ്യും الزَّكَاةَ സക്കാത്ത് وَأَمَرُوا അവര്‍ കല്‍പിക്കയും ചെയ്യും بِالْمَعْرُوفِ സദാചാരംകൊണ്ട് (സല്ക്കാര്യം കൊണ്ട്) وَنَهَوْا അവര്‍ വിരോധിക്കയും ചെയ്യും عَنِ الْمُنكَرِ ദുരാചാരത്തെപ്പറ്റി وَلِلَّـهِ അല്ലാഹുവിനാകുന്നു عَاقِبَةُ الْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം

ഈ ആയത്തില്‍ ഉള്ളടക്കം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ഭൂമിയില്‍ സ്വാധീനം ലഭിച്ചാല്‍ ധാര്‍മ്മികമായും, വ്യക്തിപരമായും, സാമൂദായികമായും, സാമൂഹികമായുമുള്ള മനുഷ്യകടമകളെല്ലാം അവര്‍ നിറവേറ്റുമെന്നത്രെ ഇതിന്റെ സാരം. ധാര്‍മ്മികവും, വ്യക്തിപരവുമായ കടമകളില്‍ പ്രധാനമായതാണ്‌ നമസ്കാരം. സാമുദായികവും സാമൂഹ്യവുമായ കടമകളില്‍ പ്രധാനമായതാണ്‌ സകാത്ത്. ഇങ്ങിനെയുള്ള ബാധ്യതകള്‍ സ്വയം അനുഷ്ഠിക്കുക മാത്രമല്ല, മറ്റുള്ളവരില്‍ സദാചാരബോധമുണ്ടാക്കാന്‍ വേണ്ടത് ചെയ്കയുംകൂടി ചെയ്തെങ്കിലേ മുസ്‌ലിംകളുടെ കടമ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെടുകയുള്ളു. മുസ്‌ലിംകള്‍, അവരുടെ സ്വാധീനശക്തി ഉപയോഗപ്പെടുത്തേണ്ടത് ഈ അവശ്യാര്‍ത്ഥമാണെങ്കില്‍, അവരുടെ ആ കടമ പാലിക്കപ്പെടുന്ന ഭൂമിയുടെ മുകളില്‍ ജീവിതം എത്രമാത്രം പരിശുദ്ധവും അഭികാമ്യവുമായിരിക്കും? പരലോകജീവിതമാകട്ടെ, കൂടുതല്‍ വിജയകരമായിരിക്കുമെന്നു പറയേണ്ടതുമില്ല.

22:42

  • وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ ﴾٤٢﴿
  • (നബിയേ) ഇവര്‍ [മുശ്രിക്കുകള്‍] നിന്നെ കളവാക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ഇവരുടെ മുമ്പ് (ഇതുപോലെ) നൂഹിന്റെ ജനതയും, ‘ആദും’, ‘ഥമൂദും’ (റസൂലുകളെ) കളവാക്കിയിട്ടുണ്ട്;
  • وَإِن يُكَذِّبُوكَ ഇവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ فَقَدْ كَذَّبَتْ തീര്‍ച്ചയായും കളവാക്കിയിട്ടുണ്ട് قَبْلَهُمْ ഇവരുടെമുമ്പ് قَوْمُ نُوحٍ നൂഹിന്റെ ജനത وَعَادٌ ആദും وَثَمُودُ ഥമൂദും

22:43

  • وَقَوْمُ إِبْرَٰهِيمَ وَقَوْمُ لُوطٍ ﴾٤٣﴿
  • ഇബ്രാഹീമിന്റെ ജനതയും, ലൂത്ത്വിന്റെ ജനതയും (കളവാക്കിയിട്ടുണ്ട്);
  • وَقَوْمُ إِبْرَاهِيمَ ഇബ്രാഹീമിന്റെ ജനതയും وَقَوْمُ لُوطٍ ലൂത്ത്വിന്റെ ജനതയും

22:44

  • وَأَصْحَٰبُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَٰفِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ ﴾٤٤﴿
  • മദ്‌യൻ നിവാസികളും (കളവാക്കി); മൂസായും കളവാക്കപ്പെട്ടു. എന്നാല്‍, അവിശ്വാസികള്‍ക്ക് ഞാന്‍ സാവകാശം നല്‍കി, പിന്നീട്, ഞാന്‍ അവരെ (വമ്പിച്ച ശിക്ഷവഴി) പിടിക്കുകയും ചെയ്തു. അപ്പോള്‍, എന്റെ പ്രതിഷേധം എങ്ങിനെയായി ?!
    (അതു കുറിക്കുകൊണ്ടില്ലേ!?)
  • وَأَصْحَابُ مَدْيَنَ മദ്‌യൻകാരും, മദ്‌യൻ നിവാസികളും وَكُذِّبَ مُوسَىٰ മൂസായും കളവാക്കപ്പെട്ടു فَأَمْلَيْتُ എന്നാല്‍ ഞാന്‍ സാവകാശം നല്‍കി (അയച്ചുവിട്ടു) കൊടുത്തു لِلْكَافِرِينَ അവിശ്വാസികള്‍ക്കു ثُمَّ أَخَذْتُهُمْ പിന്നീട് ഞാന്‍ അവരെ പിടിച്ചു فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി نَكِيرِ എന്റെ പ്രതിഷേധം, വെറുപ്പ്

22:45

  • فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَٰهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴾٤٥﴿
  • അങ്ങനെ, അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ എത്ര നാടുകളെ [ജനതയെ]യാണ് നാം നശിപ്പിച്ചത്! എന്നിട്ട്, മേല്‍പുരകളോടെ അവ വീണടിഞ്ഞുകിടക്കുകയാണ്! ഉപയോഗശൂന്യമായ കിണറുകളും, കെട്ടിഉയര്‍ത്തപ്പെട്ട മാളികകളും (എത്രയാണ് നാശമടഞ്ഞു കിടക്കുന്നത്)!
  • فَكَأَيِّن അങ്ങിനെ (എന്നാല്‍) എത്രയാണ് مِّن قَرْيَةٍ നാടുകള്‍, നാട് أَهْلَكْنَاهَا നാം അത് നശിപ്പിച്ചിരിക്കുന്നു وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നവ فَهِيَ എന്നിട്ട് അവ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നവയാണ് عَلَىٰ عُرُوشِهَا അവയുടെ മേല്‍പുരകളോടെ وَبِئْرٍ കിണറും (എത്രയാണ്) مُّعَطَّلَةٍ ഉപയോഗ ശൂന്യമായ (ഉപേക്ഷിച്ചു കിടപ്പുള്ള) وَقَصْرٍ മാളികയും (എത്രയാണ്) مَّشِيدٍ കെട്ടിപ്പൊക്കപ്പെട്ട

നബിമാരെ വ്യാജമാക്കി ധിക്കരിക്കലും, അക്രമത്തിനൊരുങ്ങലും അവിശ്വാസികളുടെ മുമ്പേയുള്ള പതിവാണ്. എന്നാല്‍, ആദ്യം അല്ലാഹു അവര്‍ക്കു കുറേ അയവുകൊടുക്കുന്നു. പിന്നീട് ശക്തിയായ ശിക്ഷമൂലം അവരെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വമ്പിച്ച സംഭവങ്ങളുടെ എത്രയോ ദൃഷ്ടാന്തങ്ങളും, അവശിഷ്ടങ്ങളും ഇവര്‍ക്കു കണ്ടറിയത്തക്കവണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇപ്രകാരം നബി (സ)യെ സാന്ത്വനപ്പെടുത്തുകയാണ്. സ്വാലിഹ് (അ) നബിയുടെ ജനതയാണ് ‘ഥമൂദ്’. ഹൂദ്‌ (അ) നബിയുടെ ജനതയാണ് ‘ആദ്’. ഇവരെപ്പറ്റി ഇതിനുമുമ്പ് പല സൂറകളിലും പ്രസ്താവിച്ചിട്ടുണ്ട്. സുറത്തു- ശുഅറായില്‍ വെച്ച് കൂടുതല്‍ വിവരം നമുക്ക് കാണാം ان شاء الله

22:46

  • أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ ﴾٤٦﴿
  • ഇവര്‍ ഭൂമിയില്‍ (രാജ്യങ്ങള്‍) കൂടി സഞ്ചരിക്കുന്നില്ലേ ? എന്നാലവര്‍ക്ക് (ചിന്തിച്ചു) മനസ്സിലാക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറിയുവാനുള്ള കാതുകളോ ഉണ്ടാകേണ്ടിയിരുന്നു! എന്നാല്‍ (വാസ്‌തവത്തില്‍ ഈ ബാഹ്യമായ) കണ്ണുകള്‍ക്ക് അന്ധത ബാധിക്കുന്നില്ല; എങ്കിലും, നെഞ്ചുകള്‍ക്കകത്തുള്ള ഹൃദയങ്ങള്‍ക്കത്രെ അന്ധത ബാധിക്കുന്നത്.
  • أَفَلَمْ يَسِيرُوا എന്നാല്‍ ഇവര്‍ സഞ്ചരിക്കുന്നില്ലേ, നടക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍കൂടി فَتَكُونَ എന്നാല്‍ ഉണ്ടാക്കേണ്ടിയിരുന്നു, ഉണ്ടാകുമായിരുന്നു لَهُمْ ഇവര്‍ക്കു قُلُوبٌ ഹൃദയങ്ങള്‍ يَعْقِلُونَ മനസ്സിലാക്കുന്ന, മനസ്സിലാക്കാവുന്ന بِهَا അവകൊണ്ട് أَوْ آذَانٌ അല്ലെങ്കില്‍ കാതുകള്‍ يَسْمَعُونَ കേള്‍ക്കുന്ന, കേള്‍ക്കാവുന്ന بِهَا അതുകൊണ്ട് فَإِنَّهَا എന്നാല്‍ നിശ്ചയമായും കാര്യം لَا تَعْمَى അന്ധത ബാധിക്കുന്നതല്ല, അന്ധമാവുകയില്ല الْأَبْصَارُ കണ്ണുകള്‍ക്ക്, കണ്ണുകള്‍ وَلَـٰكِن പക്ഷെ, എങ്കിലും تَعْمَى അന്ധത ബാധിക്കും, അന്ധമാകും الْقُلُوبُ ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങള്‍ الَّتِي فِي الصُّدُورِ നെഞ്ചുകളിലുള്ള

മേല്‍പറഞ്ഞ സമുദായങ്ങളുടെ വാസസ്ഥലങ്ങളായിരുന്ന പ്രദേശങ്ങളില്‍കൂടി ഇവര്‍ പലപ്പോഴും സഞ്ചരിച്ചു വരുന്നുണ്ട്. എന്നിട്ടും, അവരുടെ സ്ഥിതിഗതികള്‍ ഏറെക്കുറെ മനസ്സിലാക്കുവാനും, അതുവഴി പാഠം പഠിക്കുവാനും ഇവര്‍ക്കു കഴിയാഞ്ഞതെന്താണ് ? ഇവരുടെ അന്ധതയല്ലാതെ മറ്റൊന്നുമല്ല ! പുറംകണ്ണുകളുടെ അന്ധതയല്ല – അകംകണ്ണുകളാകുന്ന ഹൃദയങ്ങളുടെ അന്ധതയാണ്. ശാരീരിക രോഗങ്ങള്‍ മൂലം ബാഹ്യദൃഷ്ടികള്‍ നഷ്ടപ്പെടുന്നതുപോലെ, ആത്മീയവും മാനസികവുമായ രോഗങ്ങള്‍ നിമിത്തം ഹൃദയത്തിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു. പിന്നെ, ബാഹ്യമായ കാഴ്ചയും കേള്‍വിയും ഉള്ളതുകൊണ്ടുമാത്രം കാര്യം ഗ്രഹിക്കുവാന്‍ സാധ്യമാകാതെ വരികയും ചെയ്യുന്നു.

22:47

  • وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُۥ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ ﴾٤٧﴿
  • (നബിയേ) നിന്നോട് അവര്‍ ശിക്ഷക്ക് ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അല്ലാഹു അവന്റെ നിശ്ചയം ലംഘിക്കുകയില്ലതന്നെ. നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം (എന്നത്), നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (ഇതവര്‍ അറിഞ്ഞിരിക്കട്ടെ.)
  • وَيَسْتَعْجِلُونَكَ അവര്‍ നിന്നോട് ധൃതികൂട്ടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَن يُخْلِفَ ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല اللَّـهُ അല്ലാഹു وَعْدَهُ അവന്റെ നിശ്ചയം, കരാര്‍ وَإِنَّ يَوْمًا നിശ്ചയമായും ഒരു ദിവസം عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ كَأَلْفِ سَنَةٍ ആയിരം കൊല്ലംപോലെയാണ് مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്ന തരത്തില്‍ ഉള്ള

22:48

  • وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ ﴾٤٨﴿
  • എത്രയോ നാടുകള്‍, അവ അക്രമം ചെയ്തുകൊണ്ടിരിക്കവെ ഞാന്‍ അതിന് സാവകാശം നല്‍കി. പിന്നീട് അതിനെ ഞാന്‍ പിടി(ച്ചുശിക്ഷി)ക്കുകയും ചെയ്തിട്ടുണ്ട്! എന്റെ അടുക്കലേക്ക് തന്നെയാണ് (എല്ലാവരുടെയും) മടക്കവും.
  • وَكَأَيِّن എത്രയാണ്, എത്രയോ مِّن قَرْيَةٍ നാടുകള്‍, നാടുകളായിട്ടു أَمْلَيْتُ ഞാന്‍ സാവകാശം നല്‍കി, അയച്ചുകൊടുത്തു لَهَا അതിനു, അതിനെ وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നതു ثُمَّ أَخَذْتُهَا പിന്നെ ഞാനതിനെ പിടിച്ചു (ശിക്ഷിച്ചു) وَإِلَيَّ എന്റെ അടുക്കലേക്കുതന്നെയാണ് الْمَصِيرُ മടക്കം, തിരിച്ചുവരവ്

മുന്‍സമുദായങ്ങളില്‍ പലര്‍ക്കും സംഭവിച്ചതുപോലെ ഞങ്ങള്‍ക്കും നാശം സംഭവിക്കുമെങ്കില്‍ എന്താണതു ഉണ്ടാകാത്തത് ? ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ! എന്നു ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന അവിശ്വാസികളോടുള്ള മറുപടിയാണിത്‌. ഈ ലോകവ്യവസ്ഥയില്‍ അല്ലാഹു അംഗീകരിച്ചിട്ടുള്ള ഒരു ചട്ടം – വളരെ ശ്രദ്ധേയമായ ഒരു വസ്തുത – അല്ലാഹു വെളിപ്പെടുത്തുന്നു. അതായത് : അല്‍പകാലജീവിയായ മനുഷ്യന്‍ നശ്വരമായ ഈ ഭൂമിയില്‍ കണക്കാക്കി വരുന്ന നാഴികയും, സമയവുമല്ല അല്ലാഹുവിന്റെ അടുക്കലുള്ള കണക്ക്. അഖിലാണ്ഡത്തിനാകമാനം സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു കണക്കും ഘടികാരവും അവന്റെ പക്കല്‍ വേറെയുണ്ട്. നിങ്ങളുടെ കണക്കിലുള്ള ആയിരം കൊല്ലവും, ഒരു ദിവസവും തമ്മിലുള്ള താരതമ്യമാണ് ആ രണ്ടു കണക്കുകള്‍ക്കിടയിലുള്ളത്. ഈ നിയമമനുസരിച്ചാണ്, മുമ്പ് ശിക്ഷക്ക് വിധേയരായ ധിക്കാരസമുദായങ്ങള്‍ക്കും കുറെ കാലതാമസം അനുവദിക്കപ്പെട്ടത്. ആകയാല്‍ ഇക്കൂട്ടര്‍, അവര്‍ കണക്കാക്കുന്ന നാഴികയും, വിനാഴികയും നോക്കി ധൃതികൂട്ടേണ്ടതില്ല. അവര്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ – സമയമാകുമ്പോള്‍ – അതു സംഭവിക്കുകതന്നെ ചെയ്യും! അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞ യാതൊരു കാര്യത്തിനും മാറ്റം വരികയില്ല, വരുത്തുകയുമില്ല.

ക്യാമ്പയിൻ 9 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 16 മുതൽ 33 വരെ

22:16

  • وَكَذَٰلِكَ أَنزَلْنَٰهُ ءَايَٰتٍۭ بَيِّنَٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ ﴾١٦﴿
  • അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്.
  • وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ

22:17

  • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾١٧﴿
  • നിശ്‌ചയമായും, ‘ഈമാൻ’ [സത്യവിശ്വാസം] സ്വീകരിച്ചിട്ടുള്ളവർ, ജൂതന്മാരായുള്ളവർ, ‘സാബീ’കൾ, ‘നസ്രാനി’കൾ ‘മജൂസി’കൾ, ‘ശിർക്ക്‌’ [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവർ എന്നിവർക്കിടയിൽ, ഖിയാമത്തുനാളിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നതാകുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനാകുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടർ آمَنُوا അവർ ഈമാൻ (സത്യവിശ്വാസം) സ്വീകരിച്ചു وَالَّذِينَ യാതൊരു കൂട്ടരും هَادُوا അവർ ജൂതരായി وَالصَّابِئِينَ സാബികളും وَالنَّصَارَىٰ നസാറാ (നസ്രാനി) കളും وَالْمَجُوسَ മജൂസികളും (അഗ്നി ആരാധകരും) وَالَّذِينَ യാതൊരുകൂട്ടരും أَشْرَكُوا അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْصِلُ തീർപ്പ് കൽപിക്കും بَيْنَهُمْ അവർക്കിടയിൽ يَوْمَ الْقِيَامَةِ ഖിയാമത്തുനാളിൽ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ സാക്ഷ്യം വഹിക്കുന്നു (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന) വനാണ്

ലോകത്ത് കൂടുതൽ പ്രചാരത്തിലിരിക്കുന്ന ആറ് മതവർഗ്ഗങ്ങളാണിവർ. ‘ഈമാൻ’ സ്വീകരിച്ചവരെന്നു പറഞ്ഞത് സത്യവിശ്വാസം സ്വീകരിച്ച മുസ്‌ലിംകളെപ്പറ്റിയാണ്. ‘ജൂതന്മാർ’ മൂസാനബി (അ)യുടെ മതാവലംബികളെന്നപേരിൽ അവശേഷിച്ചവരാകുന്നു. ‘നസ്രായനി’കൾ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയാകുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെ ദേവിദേവന്മാരാക്കി ആരാധിക്കുന്നവരാണ് ‘സാബികൾ’ അഗ്നി ആരാധകൻമാരാണ് ‘മജൂസികൾ, വിഗ്രഹാരാധനകൾ സ്വീകരിച്ചവരാണ് ‘ശിർക്ക്‌’ സ്വീകരിച്ചവർ. ഇവരിൽ സത്യവിശ്വാസം സ്വീകരിച്ച ഒന്നാമത്തെ കക്ഷിയൊഴിച്ചു ബാക്കിയെല്ലാം ചെകുത്താന്റെ’ കക്ഷികളും ഒന്നാമത്തേത് ‘റഹ്മാന്റെ’ കക്ഷിയുമാകുന്നു. ഓരോ കക്ഷിയുടേയും, അതിലെ അവാന്തര വിഭാഗങ്ങളുടെയും എല്ലാ സ്ഥിതി ഗതികളും അല്ലാഹു കണ്ടറിഞ്ഞും വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഓരോ കക്ഷിയെയും, അതിലെ വ്യക്തികളെയും ഖിയാമത്തുനാളിൽ അവൻ വിചാരണചെയ്തു തക്കതീർപ്പ് കൽപിക്കുന്നതാണ് എന്നു സാരം. ഓരോ വ്യക്തിയോടുമായി അല്ലാഹു പറയുന്നു:-

22:18

  • أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩ ﴾١٨﴿
  • നീ കണ്ടില്ലേ: നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, [മനുഷ്യരിൽ നിന്ന് വളരെ ആളുകളും, അവന് ‘സൂജൂദ് സാഷ്ടാംഗം നമസ്കാരം] ചെയ്തുവരുന്ന വസ്തുത?!’ വളരെ ആളുകളാകട്ടെ, അവരുടെമേൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഏതൊരുവനെ നിന്ദിക്കുന്നുവോ അവനെ മാനിക്കുന്ന ഒരാളും ഉണ്ടാവുകയില്ല . നിശ്ചയമായും അല്ലാഹു , അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാകുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു يَسْجُدُ لَهُ അവനു സുജൂദു ചെയ്യുന്നു (എന്ന്) مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവർ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും وَالشَّمْسُ സൂര്യനും وَالْقَمَرُ ചന്ദ്രനും وَالنُّجُومُ നക്ഷത്രങ്ങളും وَالْجِبَالُ പർവ്വതങ്ങളും وَالشَّجَرُ വൃക്ഷവും (വൃക്ഷങ്ങളും) وَالدَّوَابُّ ജീവജാലങ്ങളും وَكَثِيرٌ വളരെ ആളുകളും, പലരും مِّنَ النَّاسِ മനുഷ്യരിൽ നിന്നു وَكَثِيرٌ വളരെ ആളുകൾ حَقَّ സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു عَلَيْهِ അവരിൽ, അവർക്കു الْعَذَابُ ശിക്ഷ وَمَن ആർ, ആരെങ്കിലും يُهِنِ اللَّـهُ അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ فَمَا لَهُ എന്നാൽ അവന്നില്ല مِن مُّكْرِمٍ യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവൻ ചെയ്യും, പ്രവർത്തിക്കും مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നതു

ഓത്തിന്റെ സുജൂദ് (سجود التلاوة) ചെയ്യേണ്ടുന്ന ഒരു ആയത്താണിത്. ഓത്തിന്റെ സുജൂദിനെപ്പറ്റി സുഃ മർയം 58-ന്റെ വിവരണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സൂറത്തിൽ രണ്ടുസ്ഥലത്ത് സുജൂദ് ചെയ്യേണ്ടതുള്ളതായി

ഹദീസുകളില്‍ (*) വന്നിട്ടുണ്ട്. രണ്ടാമത്തെ സ്ഥലം 77-ാം വചനത്തിലാകുന്നു.

ജാതിവര്‍ഗ്ഗവ്യത്യാസമില്ലാതെ, എല്ലാവര്‍ക്കിടയിലും ഖിയാമത്തുനാളില്‍ അല്ലാഹു തീരുമാനം കല്‍പിക്കുമെന്നും, അവന്‍ എല്ലാകാര്യവും കണ്ടറിയുന്നുണ്ടെന്നും മുന്‍ ആയത്തില്‍ പറഞ്ഞുവല്ലോ. അതിന് ഒരു തെളിവാണ് ഇവിടെ കാണിക്കുന്നത്. ജീവി, നിര്‍ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാസങ്ങളോ, ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു, ഉപരിലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോ കൂടാതെ, സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. ഓരോന്നും, അതതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അവന്റെ സര്‍വ്വനിയമത്തിനും, ചട്ടത്തിനും തികച്ചും വിധേയമാണ്. അതില്‍നിന്ന് അല്‍പംപോലും പതറുവാന്‍ അവയ്ക്ക് സാധ്യമല്ല. എന്നിരിക്കെ, ഖിയാമത്ത്നാളില്‍ മനുഷ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കുന്നതില്‍ അവന് എന്താണ് പ്രയാസമുള്ളത്?! ഒന്നുമില്ല.

അല്ലാഹുവിന്റെ ഭരണ വ്യവസ്ഥയും, ഓരോ വസ്തുവിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതി നിയമവും അനുസരിക്കുക, അതിന് പൂര്‍ണ്ണവിധേയമായി നിലകൊള്ളുക, എന്നീ അര്‍ത്ഥത്തിലുള്ള സുജൂദിന്ന്‍ (തലകുനിക്കലിന്) മേല്‍പറഞ്ഞ എല്ലാ വസ്തുക്കളും വിധേയരാകുന്നു. യാതൊന്നും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ഓരോന്നിന്റെയും സുജൂദ് എപ്രകാരം പ്രകടമാക്കുമെന്ന് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിവില്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്നേ അതറിയുകയുള്ളു. സുഃ അമ്പിയാഉ് 79ന്റെ വിവരണത്തില്‍ മലകളുടെയും, പറവകളുടെയും തസ്ബീഹിനെപ്പറ്റി പറഞ്ഞ സംഗതികള്‍ ഇവിടെയും സ്മരണീയമാകുന്നു.

എന്നാല്‍, വിശേഷബുദ്ധിയുള്ളവരോട് – മനുഷ്യരോട് വിശേഷവും – മേല്‍പറഞ്ഞ അനുസരണമാകുന്ന സുജൂദിന് പുറമെ, കീഴ്വണക്കത്തിന്റെ – അഥവാ ആരാധനയുടെ – സുജൂദുകൂടി കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അതിന് കടമപ്പെട്ടവരുമാകുന്നു. ഈ സുജൂദിന്റെ നിര്‍വ്വഹണത്തില്‍ മനുഷ്യന് താല്‍ക്കാലിക സ്വാതന്ത്രം (الاختيار) അനുവദിക്കപ്പെട്ടിരിക്കുകയാണ്. അതു നിര്‍വ്വഹിക്കുവാനും, നിര്‍വ്വഹിക്കാതിരിക്കുവാനും അവന് സാധിക്കുന്നു. ഈ കല്‍പന അനുസരിച്ച് സുജൂദ് ചെയ്യുന്നവര്‍തന്നെ രണ്ടുതരക്കാരായിക്കാണാം: പ്രത്യക്ഷത്തില്‍ അനുസരിക്കുന്നവരും യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നവരും. അല്ലാഹുവിന് പുറമെ മറ്റു വല്ലതിനെയും അതില്‍ ഏതെങ്കിലും വിധേന പങ്കുചേര്‍ക്കുന്നവര്‍ പ്രത്യക്ഷത്തില്‍ മാത്രം സുജൂദ് ചെയ്യുന്നവരും, അല്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ സുജൂദ് ചെയ്യുന്നവരുമാകുന്നു. ‘മനുഷ്യരില്‍ വളരെ ആളുകളും’ (كَثِيرٌ مِّنَ ٱلنَّاسِ) എന്ന് പറഞ്ഞതില്‍ ഇവരെല്ലാം ഉള്‍പ്പെടുന്നു. തീരെ സുജൂദ് ചെയ്യാത്തവരും, കാപട്യത്തോടും ശിര്‍ക്കോടുംകൂടി സുജൂദ് ചെയ്യുന്നവരും ശിക്ഷക്ക് വിധേയരാണ്. ഇവരെക്കുറിച്ചാണ് وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ (വളരെ ആളുകളാകട്ടെ അവരില്‍ ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞത്. എന്നാല്‍, പ്രകൃതിനിയമം അനുസരിക്കുക എന്ന അര്‍ത്ഥത്തില്‍ലുള്ള സുജൂദില്‍നിന്ന് ഇവരാകട്ടെ, മറ്റാരെങ്കിലുമാകട്ടെ ഒഴിവാകുന്നില്ല.

وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ എന്ന വാക്യം ഒരു സ്വതന്ത്ര വാക്യമായിട്ടാണല്ലോ നാം വായിച്ചത്. അത് മുന്‍പറഞ്ഞ വാക്യത്തോട് കൂട്ടിച്ചേര്‍ത്തുകൊണ്ടും (عطف സഹിതവും) അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന് ‘ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു വളരെ ആളുകളും (സുജൂദ് ചെയ്യുന്നു).’ എന്ന് അര്‍ത്ഥമായിരിക്കാം. ഇതനുസരിച്ച് സാക്ഷാല്‍ ആരാധനയുടെ സുജൂദ് ചെയ്യാന്‍ കൂട്ടാക്കാത്തവരായിരിക്കും അതുകൊണ്ടുദ്ദേശ്യം. അതിന്റെ പേരിലാണവര്‍ ശിക്ഷക്കര്‍ഹരായിരിക്കുന്നതും. എന്നല്ലാതെ – ചിലര്‍ ധരിച്ചതുപോലെ – പ്രകൃതി നിയമങ്ങള്‍ ലംഘിക്കുന്നതുമൂലമുള്ള ശിക്ഷയല്ല ഇവിടെ ഉദ്ദേശ്യം. അടുത്ത ആയത്ത് നോക്കുക.

അല്ലാഹുവിന്റെ കല്‍പന അനുസരിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ ആരുണ്ടോ, അവന്‍ നിന്ദ്യനും, നികൃഷ്ടനുമാണ്. അല്ലാഹുവില്‍നിന്ന് നിന്ദ്യതയുടെ മുദ്ര അടിക്കപ്പെട്ടിട്ടുള്ളവനെ ഒരു കാലത്തും ഉന്നതിയിലേക്കും, മാന്യതയിലേക്കും കൊണ്ടുവരുക ആരാലും സാധ്യമല്ല. നിന്ദ്യതക്കും മാന്യതക്കും പാത്രമാകുന്ന വിഭാഗക്കാര്‍ ആരായിരിക്കുമെന്ന് അടുത്ത ആയത്തുകളില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

22:19

  • ۞ هَٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ ﴾١٩﴿
  • ഈ രണ്ടുകൂട്ടര്‍, തങ്ങളുടെ റബ്ബിന്റെ കാര്യത്തില്‍ (പരസ്പരം) എതിര്‍വാദം ചെയ്തുവന്ന രണ്ടു കക്ഷികളത്രെ ; എന്നാല്‍, (അവരില്‍) യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്ക് അഗ്നിയുടെ വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളം ചൊരിയപ്പെടും!
  • هَـٰذَانِ ഇത് രണ്ടും, ഈ രണ്ടുകൂട്ടര്‍ خَصْمَانِ രണ്ടു (എതിര്‍) കക്ഷികളാണ് اخْتَصَمُوا എതിര്‍വാദം ചെയ്തു, പിണങ്ങി, തര്‍ക്കം നടത്തി فِي رَبِّهِمْ തങ്ങളുടെ റബ്ബില്‍, റബ്ബിന്റെകാര്യത്തില്‍ فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ച കൂട്ടര്‍ قُطِّعَتْ لَهُمْ അവര്‍ക്കു മുറിച്ചുകൊടുക്കപ്പെടും ثِيَابٌ വസ്ത്രങ്ങള്‍مِّن نَّارٍ തീയിനാല്‍, അഗ്നിയുടെ يُصَبُّ ചൊരിയപ്പെടും, ഒഴുക്കപ്പെടും مِن فَوْقِ മുകളില്‍കൂടി رُءُوسِهِمُ അവരുടെ തലകളുടെ الْحَمِيمُ ചുട്ടുതിളക്കുന്ന വെള്ളം

22:20

  • يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ ﴾٢٠﴿
  • അതു മൂലം, അവരുടെ വയറുകളിലുള്ളതും, തൊലികളും ഉരുക്കപ്പെടുന്നതാണ്.
  • يُصْهَرُ ഉരുക്കപ്പെടും بِهِ അതുമൂലം, അതിനാല്‍ مَا فِي بُطُونِهِمْ അവരുടെ വയറുകളിലുള്ളത് وَالْجُلُودُ തൊലികളും

22:21

  • وَلَهُم مَّقَٰمِعُ مِنْ حَدِيدٍ ﴾٢١﴿
  • അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്.
  • وَلَهُم അവര്‍ക്കുണ്ട് مَّقَامِعُ ദണ്ഡുകള്‍ (കൊണ്ടുള്ള ശിക്ഷ) مِنْ حَدِيدٍ ഇരുമ്പിന്റെ

22:22

  • كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴾٢٢﴿
  • ദുഃഖത്താല്‍ (പൊറുതിമുട്ടി) അതില്‍ നിന്ന് പുറത്തുപോകുവാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം, അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാകുന്നു. ‘വെന്തു കരിയുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുവീന്‍’ (എന്നു പറയപ്പെടുകയും ചെയ്യും)!
  • كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴേല്ലാം أَن يَخْرُجُوا അവര്‍ പുറപ്പെടുവാന്‍ مِنْهَا അതില്‍നിന്നു مِنْ غَمٍّ ദുഃഖത്താല്‍ أُعِيدُوا അവര്‍ മടക്കപ്പെടും فِيهَا അതില്‍, അതിലേക്ക് وَذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുവിന്‍ عَذَابَ الْحَرِيقِ വെന്തുകരിയുന്ന ശിക്ഷ

മതത്തിന്റെയും, ജാതിവര്‍ഗ്ഗങ്ങളുടെയും പേരില്‍ മനുഷ്യന്‍ എത്ര കക്ഷികളെങ്കിലും ആയിക്കൊള്ളട്ടെ, വാസ്തവത്തില്‍ അവര്‍ രണ്ടു കക്ഷികള്‍ മാത്രമാണ്. അനുസരണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ, മാന്യതയുടെ താവളത്തില്‍ എത്തിച്ചേരുന്ന ഒരു കക്ഷി, നിഷേധത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നിന്ദ്യതയുടെ താവളത്തില്‍ ചെന്നുചേരുന്ന മറ്റൊരു കക്ഷി, രണ്ടാമത്തേതിനെപ്പറ്റിതാണ് ഇവിടെ പ്രസ്താവിച്ചത്. ഒന്നാമത്തേതിനെക്കുറിച്ചു അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്.

خصمان (രണ്ടുകക്ഷികള്‍ എന്നു പറഞ്ഞത് വേദക്കാരും, മുസ്‌ലിംകളുമാണെന്നും, ബദര്‍യുദ്ധത്തില്‍ സത്യവിശ്വാസികളുടെ ഭാഗത്ത് ദ്വന്ദയുദ്ധം നടത്തിയ ഹംസഃ (റ), അലി (റ), ഉബൈദഃ (റ) എന്നിവരും, അവരുടെ എതിരില്‍ മുന്നോട്ടുവന്ന ഉത്ത്ബഃ, ശൈബഃ, വലീദ് എന്നിവരുമാണെന്നും പല സഹാബികളില്‍നിന്നും ബലപ്പെട്ട നിവേദനങ്ങള്‍ (രിവായത്തുകള്‍) വന്നിട്ടുണ്ട്. വേറയും ചില അഭിപ്രായങ്ങള്‍ കാണാം. മുന്‍ഗാമികളായ മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്നുജരീര്‍ അവയെല്ലാം ഉദ്ധരിച്ചശേഷം, നാം ആദ്യം സൂചിപ്പിച്ചപ്രകാരമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രസ്‌താവിച്ചതില്‍നിന്ന്‍ ചില പ്രധാന സംഗതികള്‍ മനസ്സിലാക്കുവാനുള്ളതു കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു :-

‘ഈ അഭിപ്രായങ്ങളില്‍വെച്ചു എന്റെ അടുക്കല്‍, വാസ്തവത്തോടും, ആയത്തിന്റെ വ്യാഖ്യാനത്തോടും കൂടുതല്‍ യോജിച്ചത് : എല്ലാം തരക്കാരും അടങ്ങുന്ന അവിശ്വാസികളും, സത്യവിശ്വാസികളുമാണ് ആ രണ്ടു കക്ഷികള്‍ എന്നുള്ളതാകുന്നു. ഇങ്ങിനെ പറയുവാന്‍ കാരണം; അല്ലാഹു ഇതിനുമുമ്പ് രണ്ടു തരക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിച്ചു സുജൂദ് ചെയ്യുന്നവരും, ശിക്ഷാര്‍ഹരായ അനുസരണമില്ലാത്തവരും. തുടര്‍ന്നുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതിഗതിയും വിവരിച്ചു. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം : ഈ രണ്ടു കക്ഷികള്‍ അവരാണെന്ന്. എന്നാല്‍, ഇത് ബദര്‍ യുദ്ധത്തില്‍ ദ്വന്ദയുദ്ധം നടത്തിയവരാണെന്ന അഭിപ്രായത്തെപ്പറ്റി (അതാണ്‌ കൂടുതല്‍ ബലപ്പെട്ട രിവായത്ത്) താനെന്തുപറയുന്നുവെന്ന് വല്ലവരും ചോദിച്ചാല്‍ ഇങ്ങിനെ പറയാം : ശരി, അതങ്ങിനെത്തന്നെ. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെത്തുടര്‍ന്ന്‍ ആയത്ത് അവതരിച്ചെന്നു വരും. (അത് അതിലേക്കു മാത്രം ബാധകമാണെന്ന് അതിന്നര്‍ത്ഥമില്ല). അതുപോലെയുള്ള എല്ലാ സംഗതിയിലേക്കും അത് പൊതുവില്‍ ബാധകവുമായിരിക്കും. ഇതാ, ഇവിടെയും തന്നെ, ദ്വന്ദ്വയുദ്ധം നടത്തിയവരില്‍ ഒരു കക്ഷി ‘കുഫ്റി’ന്റെയും, ‘ശിര്‍ക്ക്’ന്റെയും കക്ഷിയാണ്. മറ്റേത് ‘ഈമാനി’ന്റെയും അനുസരണത്തിന്റെയും കക്ഷിയുമാണല്ലോ. അപ്പോള്‍ ആയത്തിന്റെ വ്യാഖ്യാനം ഇങ്ങിനെ വരുന്നു : ‘റബ്ബിന്റെ കാര്യത്തില്‍ അഥവാ റബ്ബിന്റെ മതത്തില്‍ പരസ്പരം എതിര്‍വാദം ചെയ്യുന്ന രണ്ടു കക്ഷികളാണിത്…’ (تفسير ابن جرير – رح)

ഏതെങ്കിലും ഒരു വിഷയത്തിലോ, ഒരു വിഷയത്തെത്തുടര്‍ന്നോ അവതരിക്കുന്ന ആയത്തു, അതുപോലെയുള്ള എല്ലാ സംഭവത്തിലേക്കും ബാധകമാണെന്ന ഈ തത്വം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതു ഒരു അംഗീകൃത തത്വമത്രെ. അടുത്ത ആയത്തില്‍ മറ്റേ കക്ഷിയെപ്പറ്റി വിവരിക്കുന്നു :-

വിഭാഗം – 3

22:23

  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٢٣﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. അവര്‍ക്കു അവിടെ സ്വര്‍ണ്ണത്തിന്റെ വളകളും, മുത്തും അണിയിക്കപ്പെടും; അതില്‍ അവരുടെ വസ്ത്രം പട്ടുമാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്കു ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും فِيهَا അതില്‍ مِنْ أَسَاوِرَ വളകള്‍ مِن ذَهَبٍ പൊന്നിന്റെ وَلُؤْلُؤًا മുത്തും وَلِبَاسُهُمْ അവരുടെ വസ്ത്രം فِيهَا അതില്‍, അവിടത്തില്‍ حَرِيرٌ പട്ടാണ്

22:24

  • وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ ﴾٢٤﴿
  • വാക്കില്‍ (സംസാരത്തില്‍] വെച്ച് പരിശുദ്ധമായ [നല്ല]തിലേക്ക് അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുകയാണ്; സ്തുത്യര്‍ഹനായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ടിരിക്കുന്നു.
  • وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു إِلَى الطَّيِّبِ നല്ലതിലേക്കും, പരിശുദ്ധമായതിലേക്കു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്ന് وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു إِلَىٰ صِرَاطِ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കുള്ള الْحَمِيدِ സ്തുത്യര്‍ഹനായുള്ളവന്റെ

തൗഹീദിന്റെ വാക്യം തുടങ്ങിയ ഉത്തമവും പരിശുദ്ധവുമായ വാക്കുകള്‍ സംസാരിക്കുവാനും, അല്ലാഹു നിര്‍ദ്ദേശിച്ച സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുവാനുമുള്ള മാര്‍ഗ്ഗദര്‍ശനവും, ഭാഗ്യവും സിദ്ധിച്ചവരാണവര്‍. അതു കൊണ്ടാണ് അവര്‍ക്കു് ഇത്രയും മാന്യമായ പ്രതിഫലങ്ങള്‍ ലഭിച്ചത്.

22:25

  • إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَٰهُ لِلنَّاسِ سَوَآءً ٱلْعَٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ﴾٢٥﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നാം മനുഷ്യര്‍ക്കായി – താമസമുറപ്പിച്ചവരും വെളിപ്രദേശത്തുനിന്ന് വരുന്നവരും സമമായിക്കൊണ്ട് – ഏര്‍പ്പെടുത്തിയിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ [പവിത്രമായ പള്ളിയില്‍] നിന്നും (ജനങ്ങളെ) തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍! (അവര്‍ കരുതിക്കൊള്ളട്ടെ!) വല്ലവനും, അതില്‍ അന്യായമായി ധര്‍മ്മവിരോധം ചെയ്‌വാന്‍ ഉദ്ദേശിക്കുന്ന പക്ഷം, വേദനയേറിയ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَيَصُدُّونَ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന(വര്‍) عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَالْمَسْجِدِ الْحَرَامِ പരിപാവനമായ പള്ളിയില്‍ നിന്നും الَّذِي യാതൊരു (പള്ളി) جَعَلْنَاهُ നാമതിനെ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി سَوَاءً സമമായിക്കൊണ്ട് الْعَاكِفُ താമസമുറപ്പിച്ചവന്‍, സ്ഥിരവാസി فِيهِ അതില്‍ وَالْبَادِ വെളിപ്രദേശത്തുനിന്നു വരുന്നവനും وَمَن يُرِدْ വല്ലവനും ഉദ്ദേശിക്കുന്നതായാല്‍ فِيهِ അതില്‍ بِإِلْحَادٍ ധര്‍മ്മവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ بِظُلْمٍ അന്യായമായി, വല്ല അക്രമത്താലും نُّذِقْهُ അവനു നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും مِنْ عَذَابٍ ശിക്ഷയില്‍നിന്നു أَلِيمٍ വേദനയേറിയ

സ്വദേശവിദേശ വ്യത്യാസമില്ലാതെ, പൊതുവില്‍ എല്ലാ മനുഷ്യരും അല്ലാഹുവിന് ആരാധനാകര്‍മ്മങ്ങള്‍ നടത്തുവാനായി ഭൂമിയില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിശുദ്ധദേവാലയമായ ‘കഅ്ബഃയും, പരിസരവുമാണ് ‘മസ്ജിദുല്‍ ഹറാം’ കൊണ്ട് ഉദ്ദേശ്യം. അലംഘ്യമായ അഥവാ, പരിപാവനമായ – പള്ളി എന്ന് ഈ വാക്കിന് അര്‍ത്ഥം പറയാം. ജനങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്നതും, സത്യവിശ്വാസികള്‍ ‘ഹജ്ജ്’, ‘ഉംറഃ’, മുതലായ കര്‍മ്മങ്ങള്‍ക്കായി ‘ഹറമി’ല്‍ പ്രവേശിക്കുന്നതും കഴിയുന്നത്രശക്തി ഉപയോഗിച്ചു തടഞ്ഞുവന്നിരുന്ന മുശ്രിക്കുകള്‍ക്ക് ഒരു താക്കീതാണിത്. ആ പുണ്യസ്ഥലത്തെ ക്രമവിരുദ്ധമായും ധര്‍മ്മവിരുദ്ധമായും അനാദരിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാകുന്നു. ഈ താക്കീതിന്റെ ഗൗരവത്തിനുള്ള കാരണം താഴെ ആയത്തുകളില്‍നിന്നു് ഗ്രഹിക്കാം.

വിഭാഗം – 4

22:26

  • وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾٢٦﴿
  • ഇബ്രാഹീമിന് നാം ‘പുണ്യാലയത്തിന്റെ [കഅ്ബഃയുടെ] സ്ഥാനം ഉറപ്പിച്ചുകൊടുത്ത സന്ദര്‍ഭം (ഓര്‍ക്കുക); ‘യാതൊരു വസ്തുവെയും എന്നോട് പങ്കുചേര്‍ക്കരുത്; ‘ത്വവാഫ്’ [പ്രദക്ഷണം] ചെയ്യുന്നവര്‍ക്കും, നിന്നുകൊണ്ട് (ആരാധന) നടത്തുന്നവര്‍ക്കും, ‘റുകൂഉ-സുജൂദി’ലായി [സാഷ്ടാംഗം കുമ്പിട്ട് ആരാധന] നടത്തുന്നവര്‍ക്കും വേണ്ടി എന്റെ ആലയത്തെ ശുദ്ധമാക്കുകയും ചെയ്യുക!’ എന്ന് (നാം പറഞ്ഞു).
  • وَإِذْ بَوَّأْنَا നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം لِإِبْرَاهِيمَ ഇബ്രാഹീമിന് مَكَانَ الْبَيْتِ ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം أَن لَّا تُشْرِكْ നീ പങ്കുചേര്‍ക്കരുതെന്ന് بِي എന്നോട് شَيْئًا ഒരു വസ്തുവെയും وَطَهِّرْ നീ ശുദ്ധമാക്കുകയും ചെയ്യുക بَيْتِيَ എന്റെ ആലയത്തെ (വീട്ടിനെ) لِلطَّائِفِينَ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു وَالْقَائِمِينَ നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും) وَالرُّكَّعِ റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും) السُّجُودِ സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ

കഅ്ബഃയെ പ്രദക്ഷിണം ചെയ്തോ, നിന്നുകൊണ്ടും, റുകൂഉം സുജൂദും ചെയ്തുകൊണ്ടും ആരാധനാ നമസ്ക്കാരങ്ങള്‍ നടത്തിയോ അല്ലാഹുവിനെ ആരാധിക്കുവാന്‍വേണ്ടി വരുന്ന ആളുകളുടെ ആവശ്യാര്‍ത്ഥം, ബിംബങ്ങള്‍ മുതലായ മാലിന്യങ്ങളില്‍ നിന്നു് കഅ്ബഃയെ ശുദ്ധമാക്കുവാനും തൗഹീദിന് വിരുദ്ധമായ യാതൊന്നും ചെയ്യാതിരിക്കുവാനുമുള്ള നിര്‍ദ്ദേശമാണിത്. ഇബ്രാഹീം (عليه الصلاة والسلام) നബിയും, ഇസ്മാഈല്‍ (عليه الصلاة والسلام) നബിയും കൂടി കഅ്ബഃ കെട്ടി ഉയര്‍ത്തിയതിനെക്കുറിച്ച് സൂഃ ബഖറയിലും സൂഃ ഇബ്റാഹീമിന്റെ പ്രാരംഭത്തിലും പ്രസ്‌താവിച്ചിരിക്കുന്നുവല്ലോ.

22:27

  • وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾٢٧﴿
  • ‘ഹജ്ജുകര്‍മ്മത്തിന് (വരുവാന്‍) ജനങ്ങളില്‍ പ്രഖ്യാപനവും ചെയ്യുക; കാല്‍നടക്കാരായും, ദൂരസ്ഥമായ സകല മാര്‍ഗ്ഗങ്ങളില്‍ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവര്‍ നിന്റെ അടുക്കല്‍ [ഈ ആലയത്തിങ്കല്‍] വന്നുകൊള്ളുന്നതാണ്.’ (എന്നു നാം പറഞ്ഞു.)
  • وَأَذِّن നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പു നല്‍ക്കുക فِي النَّاسِ മനുഷ്യരില്‍ بِالْحَجِّ ഹജ്ജിനു, ഹജ്ജുകര്‍മ്മം ചെയ്യാന്‍ يَأْتُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നുകൊള്ളും رِجَالًا കാല്‍നടക്കാരായി وَعَلَىٰ كُلِّ ضَامِرٍ എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും يَأْتِينَ വരുന്ന, അവ വരും مِن كُلِّ فَجٍّ എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും, എല്ലാ മലവഴിയില്‍കൂടിയും عَمِيقٍ ദൂരസ്ഥമായ

വിശുദ്ധ കഅ്ബാലയം കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജുകര്‍മ്മത്തിന് വന്നുകൊള്ളുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യണമെന്നു് അല്ലാഹു ഇബ്രാഹീം (عليه الصلاة والسلام) നബിയോട് കല്‍പിക്കുകയാണ് ചെയ്യുന്നത്. ഈ കല്‍പന കിട്ടിയപ്പോള്‍ ‘എന്റെ ശബ്ദം എവിടെ എത്തുവാനാണ്?’ എന്നു് അദ്ദേഹം പറയുകയുണ്ടായി. ‘വിളിച്ചുപ്രഖ്യാപിച്ചു കൊള്ളുക! വിളി എത്തിക്കുന്നത് എന്റെ ബാധ്യതയാണ്.’ എന്നു് അല്ലാഹു മറുപടി നല്‍കി. അതനുസരിച്ചു അദ്ദേഹം കല്‍പന പ്രഖ്യാപനം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചവരെല്ലാം ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഹജ്ജുകര്‍മ്മത്തിന് വരുന്നത്. ഇപ്രകാരം, ഇബ്നു അബ്ബാസ് (റ), മുജാഹിദ് (رحمه الله), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله) മുതലായവരില്‍നിന്നു് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിവിധമാര്‍ഗ്ഗേണ എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് കൊല്ലംതോറും ലക്ഷക്കണക്കായ അടിയാന്മാര്‍ ഇന്നുവരെയും ആ വിളിക്കു് ഉത്തരം നല്‍കിവരുന്നു. الحمد لله

ഇബ്രാഹീം നബി (عليه الصلاة والسلام) സ്ഥാപിച്ച ആ കെട്ടിടമല്ല, ഇന്ന് നിലവിലുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തുണ്ടായ ഒരു മലവെള്ളം നിമിത്തം അതിന് കേടുപാടുകള്‍ ബാധിക്കുകയും, ഖുറൈശികള്‍ അതുപൊളിച്ചു പണിയുകയും ഉണ്ടായി. അന്നു് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു് 35വയസ്സ് പ്രായമായിരുന്നു. പിന്നീട് യസീദിന്റെ ഖിലാഫത്തു കാലത്ത് അബ്ദുല്ലാഹിബ്നു സുബൈറു (رضي الله عنه) മായുണ്ടായ യുദ്ധത്തില്‍ അതിന് വീണ്ടും പരുക്കുകള്‍ പറ്റുകയും, ഇബ്നു സുബൈര്‍ കെട്ടിടം പുതുക്കിയുണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ, വീണ്ടും അദ്ദേഹവും ഹജ്ജാജുമായുണ്ടായ മറ്റൊരു യുദ്ധത്തില്‍ പിണഞ്ഞ കേടുപാടുകള്‍ നിമിത്തം ഹജ്ജാജു അതു് വീണ്ടും പുതുക്കിപ്പണിതു. ഇത് ഹിജ്ര 74ല്‍ ആയിരുന്നു. അന്നത്തെ കെട്ടിടമാണ് ഇന്നും നിലവിലുള്ളത്. എന്നാല്‍, ഇബ്രാഹീം നബിക്ക് മുമ്പ് അതു് സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നുവോ ഇല്ലേ – അഥവാ, ജീര്‍ണ്ണിച്ചുപോയ ഒരു പ്രാചീന കെട്ടിടം അദ്ദേഹം പുനസ്ഥാപിച്ചതാണോ, അതോ മുമ്പൊന്നുമില്ലാത്ത ഒരു പുതിയകെട്ടിടം അദ്ദേഹം സ്ഥാപിച്ചതാണോ – എന്നു് തീര്‍ത്തുപറയുവാന്‍ മതിയായ തെളിവുകളില്ല. അദ്ദേഹത്തിന് മുമ്പുതന്നെ അത് നിലവിലുണ്ടായിരുന്നുവെന്നും, ആദ്യമായി സ്ഥാപിച്ചത് മലക്കുകളോ, ആദം (عليه الصلاة والسلام) നബിയോ ആയിരുന്നുവെന്നും ചില അഭിപ്രായങ്ങള്‍ പലരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്റെ ചില പ്രസ്‌താവനകള്‍ നോക്കുമ്പോള്‍ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മുമ്പ് തന്നെ കഅ്ബഃ കെട്ടിടം ഉണ്ടായിരുന്നതായി തോന്നിയേക്കുകയും ചെയ്യും. വാസ്തവം അല്ലാഹുവിനറിയാം. ഹജ്ജിനുവേണ്ടി ജനങ്ങളെ ക്ഷണിച്ചതിലുള്ള ഉദ്ദേശ്യം എന്താണെന്നു് അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-

22:28

  • لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ ﴾٢٨﴿
  • അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ – തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) – അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
  • لِّيَشْهَدُوا അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി مَنَافِعَ പ്രയോജനകരമായ കാര്യങ്ങളില്‍ لَهُمْ അവര്‍ക്ക് وَيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം فِي أَيَّامٍ ചില ദിവസങ്ങളില്‍ مَّعْلُومَاتٍ അറിയപ്പെട്ടവയായ, നിശ്ചിത عَلَىٰ مَا رَزَقَهُم അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍നിന്നു فَكُلُوا അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍ الْبَائِسَ പരവശനു, കഷ്ടപ്പെട്ടവന്നു الْفَقِيرَ ദരിദ്രനായ

22:29

  • ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ ﴾٢٩﴿
  • പിന്നീട്, അവര്‍ തങ്ങളുടെ അഴുക്ക് (നീക്കല്‍) നിര്‍വ്വഹിച്ചുകൊള്ളുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, (ആ) പുരാതനാലയത്തെ ‘ത്വവാഫ്’ [പ്രദക്ഷണം] ചെയ്കയും ചെയ്തുകൊള്ളട്ടെ.
  • ثُمَّ പിന്നെ, അനന്തരം لْيَقْضُوا അവര്‍ നിര്‍വ്വഹിക്കട്ടെ تَفَثَهُمْ അവരുടെ അഴുക്കു (നീക്കല്‍) وَلْيُوفُوا അവര്‍ നിറവേറ്റുകയും ചെയ്യട്ടെ نُذُورَهُمْ അവരുടെ നേര്‍ച്ചകളെ, വഴിപാടുകളെ وَلْيَطَّوَّفُوا അവര്‍ ത്വവാഫും ചെയ്യട്ടെ بِالْبَيْتِ ആ ആലയത്തെ الْعَتِيقِ പുരാതനമായ, വിമുക്തമായ

مَنَافِعَ لَهُمْ (അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍) എന്നു പറഞ്ഞതില്‍ ഹജ്ജുകര്‍മ്മങ്ങള്‍, ആ പുണ്യസ്ഥലത്തുവെച്ചു ചെയ്യുന്ന മറ്റു ആരാധനാകര്‍മ്മങ്ങള്‍ എന്നിവക്കുപുറമെ ഹജ്ജുകാലത്തു നടത്തപ്പെടുന്ന കച്ചവടം മുതലായവയും ഉള്‍പ്പെടുന്നു. أَيَّامٍ مَّعْلُومَاتٍ (അറിയപ്പെട്ട ദിവസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യം, വലിയപെരുന്നാള്‍ ദിവസവും അതിന്റെ അടുത്ത ദിവസങ്ങളുമാണ്. ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്തുദിവസമാണെന്നും, ആ മാസം 8, 9, 10 എന്നീ ദിവസങ്ങളാണെന്നും അഭിപ്രായങ്ങളുണ്ട്. بَهِيمَةِ ٱلْأَنْعَٰمِ (കന്നുകാലി മൃഗങ്ങള്‍) എന്നതിന്റെ വിവക്ഷ മേപ്പടി ദിവസങ്ങളില്‍ ഹജ്ജ് കാലത്തു ബലിയര്‍പ്പിക്കപ്പെടുന്ന ഒട്ടകം, മാട്, ആട് എന്നീ മൃഗങ്ങളത്രെ وَيَذْكُرُوا۟ ٱسْمَ ٱللَّهِ الخ (അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യപ്പെടുക) എന്നു പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെ നാമത്തിലും, ‘തക്ബീര്‍’ മുഴക്കിക്കൊണ്ടും അവയെ അറുത്ത് ബലികഴിക്കുക എന്നുമാണ്. ബലികര്‍മ്മങ്ങള്‍ നടത്തുന്നത് വഴി മനുഷ്യന്റെ ത്യാഗവും, ഭക്തിയും പ്രകടമാക്കുന്നതിന് പുറമെ, അതുകൊണ്ടുളവാകുന്ന മറ്റൊരു പ്രയോജനത്തെയാണ് فَكُلُوا مِنْهَا وَأَطْعِمُوا (നിങ്ങള്‍ അതില്‍നിന്നു തിന്നുകയും, ദരിദ്രനായ പരവശനു ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമിനുമുമ്പ് ബലിമൃഗങ്ങളുടെ മാംസ ഭക്ഷിക്കാറില്ലായിരുന്നുവെന്നു കാണുന്നു. ആ നിലക്കു ഇതു ഒരു പുതിയ സാമൂഹ്യസേവനമാര്‍ഗ്ഗവും കൂടിയാകുന്നു.

نفث എന്ന വാക്കിനു ‘അഴുക്ക്, മാലിന്യം’ എന്നൊക്കെയാണര്‍ത്ഥം. മുടിയെടുക്കല്‍, നഖം മുറിക്കല്‍, വാസനദ്രവ്യം ഉപയോഗിക്കല്‍ മുതലായവ ഹജ്ജ് വേളയില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളാണ്. അങ്ങിനെയുണ്ടാകുന്ന ജടയും അഴുക്കും ഹജ്ജിന്റെ അവസാനത്തില്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതാണിവിടെ ‘പിന്നീട് അഴുക്കു നീക്കല്‍ നിര്‍വ്വഹിക്കണം’ (ثُمَّ لْيَقْضُوا تَفَثَهُمْ) എന്നു പ്രസ്‌താവിച്ചതിന്റെ സാരം. ഇതും ഹജ്ജുകര്‍മ്മങ്ങളില്‍ ഉള്‍പ്പെട്ട ഒരു കര്‍മ്മമത്രെ. ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ച് തങ്ങളുടെ കടമ നിറവേറ്റണമെന്നാണ് മൊത്തത്തില്‍ ഇപ്പറഞ്ഞതിന്റെ സാരമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹജ്ജ് കാലത്ത് അവിടെവെച്ചു ചെയ്യാന്‍ നേര്‍ന്നിട്ടുള്ള നേര്‍ച്ച വഴിപാടുകളും, അവിടെ നിര്‍വ്വഹിക്കേണ്ടതുള്ള കടമകളും وَلْيُوفُوا نُذُورَهُمْ (തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റിക്കൊള്ളട്ടെ) എന്ന കല്‍പ്പനയില്‍ ഉള്‍പ്പെടുന്നു. കഅ്ബഃയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ പൊതുവായും, ഹജ്ജ് കര്‍മ്മങ്ങളില്‍ പ്രത്യേകമായും ചെയ്യാനുള്ള ഒരു പുണ്യകര്‍മ്മമത്രെ ‘ത്വവാഫ്’ (طواف) അഥവാ കഅ്ബഃയെ പ്രദക്ഷിണം ചെയ്യല്‍. ഓരോ പ്രാവശ്യത്തിലും ഏഴുവട്ടം കഅ്ബഃയെ വലം വെക്കേണ്ടതുണ്ട്.

കഅ്ബഃയെ ഉദ്ദേശിച്ചാണ് البيت العتيق (പുരാതനാലയം, അല്ലെങ്കില്‍ വിമുക്തമായ ആലയം) എന്നു പറയുന്നത്. മനുഷ്യര്‍ക്കു പൊതുവില്‍ ഒന്നാമതായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ദേവാലയവും, ഏറ്റവും കാലപ്പഴക്കം ചെന്ന ആരാധനാമന്ദിരവും അതായത് കൊണ്ട് ആ പേരിനു അതു തികച്ചും അര്‍ഹമായതുതന്നെ. അക്രമികളുടെ അക്രമങ്ങളൊന്നും ബാധിക്കാത്ത ‘വിമുക്തമായ ആലയം’ എന്ന അര്‍ത്ഥത്തിലാണ് ആ പേര്‍ സിദ്ധിച്ചിട്ടുള്ളതെന്നും ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. بَيْت اللَّـهِ (അല്ലാഹുവിന്റെ വീട് – അല്ലെങ്കില്‍ ആലയം) എന്നും الْمَسْجِد الْحَرَامِ (പരിപാവനമായ പള്ളി) എന്നും മറ്റും അതിനെപ്പറ്റി പറയാറുണ്ട്. ചിലപ്പോള്‍ മക്കായെ ഉദ്ദേശിച്ചും, ചിലപ്പോള്‍ കഅ്ബഃയുടെ ചുറ്റുപാടുമായി നിലകൊള്ളുന്ന പള്ളിയെ ഉദ്ദേശിച്ചും അങ്ങനെ പറയാറുണ്ട്.

22:30

  • ذَٰلِكَ وَمَن يُعَظِّمْ حُرُمَٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ ﴾٣٠﴿
  • അതാണ്‌ (ഹജ്ജിന്റെ വിഷയം)! ആരെങ്കിലും, അല്ലാഹുവിന്റെ അലംഘ്യ(മായ പരിപാവന) വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍, അതവന് തന്റെ റബ്ബിന്റെ അടുക്കല്‍ ഗുണകരമാകുന്നു. നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ചു – (എല്ലാ) കന്നുകാലികളും (ആടുമാടൊട്ടകവും) നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍, വിഗ്രഹങ്ങളാകുന്ന അശുദ്ധിയെ നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍; കള്ളം പറയലും വര്‍ജ്ജിക്കുവിന്‍;-
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ حُرُمَاتِ اللَّـهِ അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ فَهُوَ എന്നാലതു خَيْرٌ لَّهُ അവന്നു ഗുണകരമാണ് عِندَ رَبِّهِ തന്റെ റബ്ബിന്റെയടുക്കല്‍ وَأُحِلَّتْ അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْأَنْعَامُ കന്നുകാലികള്‍ (ആടുമാടൊട്ടകങ്ങള്‍) إِلَّا مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു فَاجْتَنِبُوا ആകയാല്‍ വര്‍ജ്ജിക്കുവിന്‍ الرِّجْسَ അശുദ്ധിയെ, മാലിന്യത്തെ مِنَ الْأَوْثَانِ വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള وَاجْتَنِبُوا വര്‍ജ്ജിക്കുകയും ചെയ്യുവിന്‍ قَوْلَ الزُّورِ കള്ളം പറയുന്നതു, കള്ളവാക്കു

22:31

  • حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ ﴾٣١﴿
  • അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമാനസരായി – അവനോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കാത്ത നിലയില്‍ (ആയിരിക്കണം). ആരെങ്കിലും, അല്ലാഹുവിനോട് (വല്ലതിനെയും) പങ്കു ചേര്‍ക്കുന്നതായാല്‍ അവന്‍, ആകാശത്തു നിന്ന് വീണിട്ട് അവനെ പറവകള്‍ റാഞ്ചിക്കൊണ്ടു പോകുകയോ, ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയിടുകയോ ചെയ്തതു പോലെയായിത്തീരുന്നു! (അത്രയും ആപല്‍ക്കരമാണത്.)
  • حُنَفَاءَ നിഷ്കളങ്കഹൃദയന്മാരായി (നേരായ മനസ്സോടെ) لِلَّـهِ അല്ലാഹുവിനുവേണ്ടി غَيْرَ مُشْرِكِينَ പങ്കു ചേര്‍ക്കുന്നവരല്ലാതെ بِهِ അവനോട് وَمَن يُشْرِكْ ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّـهِ അല്ലാഹുവിനോടു فَكَأَنَّمَا خَرَّ എന്നാല്‍ അവന്‍ വീണതുപോലെയായിരിക്കും مِنَ السَّمَاءِ ആകാശത്തു നിന്നു فَتَخْطَفُهُ എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും الطَّيْرُ പറവകള്‍, പക്ഷികള്‍ أَوْ تَهْوِي بِهِ അല്ലെങ്കില്‍ അവനെ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും الرِّيحُ കാറ്റ് فِي مَكَانٍ ഒരു സ്ഥലത്തു سَحِيقٍ ദൂരപ്പെട്ട, ആപല്‍ക്കരമായ

حُرُمَاتِ എന്ന വാക്കിനാണ് ‘അലംഘ്യമായ വസ്തുക്കള്‍’ എന്ന് അര്‍ത്ഥം കല്‍പ്പിച്ചത്. ബഹുമാനിക്കപ്പെടേണ്ടതും, അനാദരിക്കുവാന്‍ പാടില്ലാത്തതും, പരിപാവനമായതും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുവാന്‍ പാടില്ലെന്നു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നതുമായ എല്ലാറ്റിനും – അതു കാര്യങ്ങളോ, വസ്തുക്കളോ, സ്ഥലങ്ങളോ ആകട്ടെ. ഈ വാക്കുപയോഗിക്കപ്പെടുന്നു. حُرْمَة (ഹുര്‍മത്ത്) എന്നാണതിന്റെ ഏകവചനം. മലയാള ഭാഷയില്‍ ഇതിനോടു ശരിക്കും യോജിക്കുന്ന ഒറ്റവാക്കു കാണപ്പെടുന്നില്ല. ഇതിന്റെ ധാതുവില്‍ നിന്നുതന്നെ حَريم ، حَرام ، مُحترَم ، حَرَم (ഹരീം, ഹറാം, മുഹ്തറം, ഹറം) മുതലായ രൂപങ്ങളും – അല്‍പാല്‍പം വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളില്‍ – സന്ദര്‍ഭോചിതം നാമങ്ങളായും, വിശേഷണങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവിടെ ഹജ്ജിന്റെ കര്‍മ്മങ്ങളും, ഓരോന്നിനും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളും ഈ വാക്കില്‍ ഉള്‍പ്പെടുന്നു. പരിപാവന വസ്തുക്കളായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെല്ലാം ബഹുമാനിക്കുകയെന്നത് അവന്റെ അടുക്കല്‍ വളരെ പ്രധാനപ്പെട്ട പുണ്യകര്‍മ്മമാണെന്നത്രെ 30-ാം ആയത്തിന്റെ ആദ്യഭാഗം കുറിക്കുന്നത്.

തുടര്‍ന്നുകൊണ്ട് ഹജ്ജുകാര്യങ്ങളോടും, ഖുര്‍ആന്റെ അവതരണകാലത്തു അറബികള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന ആചാരങ്ങളോടും ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ആടുമാടൊട്ടകങ്ങള്‍ക്കാണല്ലോ انعام (കന്നുകാലികള്‍) എന്നു പറയുന്നത്. ഭക്ഷ്യവസ്തുക്കളായും, വാഹനങ്ങളായും, ബലിമൃഗങ്ങളായും ഇസ്‌ലാമിനു മുമ്പും അറബികള്‍ ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷേ, അവരാല്‍ കെട്ടിച്ചമക്കപ്പെട്ടതും, അല്ലാഹു വിരോധിച്ചതും, ബഹുദൈവാരാധനയില്‍ അധിഷ്ഠിതവുമായ പല നടപടികളും അവര്‍ അനുഷ്ഠിച്ചു വന്നിരുന്നു. വിരോധിക്കപ്പെട്ട പലതും അനുവദനീയമായും, അനുവദിക്കപ്പെട്ട പലതും വിരോധമായും അവര്‍ കരുതിവന്നു. അതുകൊണ്ട്, എല്ലാതരം ശവങ്ങളും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെടുകയോ ബലി ചെയ്യപ്പെടുകയോ ചെയ്യുന്നവയും ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിരിക്കുന്നു. അത്തരത്തില്‍ പെടാത്ത എല്ലാ ആടുമാടൊട്ടകവും ഭക്ഷിക്കുകയും, അല്ലാഹുവിനു ബലിയര്‍പ്പിക്കുകയും ചെയ്‌വാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നത്രെ അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. വിഗ്രഹങ്ങളും, അവയുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും അടങ്ങുന്ന അശുദ്ധികളെയും ആ ഇനത്തില്‍ അന്നു നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ എല്ലാ കള്ളവാദങ്ങളെയും വ്യാജ സംസാരങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിഷ്കളങ്കതയോടുകൂടി വെണമെന്നാണ് 31-ാം വചനത്തിന്റെ ആദ്യഭാഗം കാണിക്കുന്നത്. ശിര്‍ക്കുകൊണ്ടുണ്ടാകുന്ന നാശത്തിന്റെ ഭയങ്കരത ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് അതിന്റെ അവസാനഭാഗം ചെയ്യുന്നത്.

22:32

  • ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ ﴾٣٢﴿
  • അതാണ്‌ (കാര്യം)! ആരെങ്കിലും, അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, (അവന്‍ ഭക്തന്‍തന്നെ. കാരണം:) നിശ്ചയമായും അത്, ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്.
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ فَإِنَّهَا എന്നാല്‍ നിശ്ചയമായും അതു مِن تَقْوَى ഭക്തിയില്‍ നിന്നുള്ളതാണു, ഭക്തി നിമിത്തമാണു, സൂക്ഷമതയാലാണ് الْقُلُوبِ ഹൃദയങ്ങളുടെ

ഒരു വിഷയമോ, വാചകമോ തീര്‍ന്നശേഷം, വ്യാകരണപരമായ പ്രത്യേക ഘടനാബന്ധമൊന്നുമില്ലാത്ത മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോള്‍, രണ്ടും തമ്മില്‍ വിഷയപരമായ ഒരു ബന്ധം സ്ഥാപിക്കുവാന്‍വേണ്ടി هَـٰذَا، ذَٰلِكَ، كَذَٰلِكَ (ഇതാണ്, അതാണ്‌, ഇങ്ങനെയാണ്, അങ്ങിനെയാണ്) എന്നിങ്ങനെയുള്ള സൂചനാ നാമങ്ങള്‍ അറബിഭാഷയില്‍ ഉപയോഗിക്കുക പതിവുണ്ട്. അതനുസരിച്ചാണ് ഇവിടെയും 30-ാം വചനത്തിലും ذلك (അതാണ്‌) എന്ന പദം ആരംഭത്തില്‍ വന്നുകാണുന്നത്. ഇത്തരം പ്രയോഗങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത സൂചനാസാരങ്ങള്‍ പലതും അതില്‍ അടങ്ങിയിട്ടുമുണ്ടാകും. ഏതാണ്ട് ഇതുപോലെയുള്ള ചില പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയിലും കാണാം. ‘അതെ, അങ്ങിനെ, ശരി’ തുടങ്ങിയ പല പദങ്ങളും ഈ ആവശ്യാര്‍ത്ഥം മലയാളത്തിലും ഉപയോഗിക്കപ്പെടുന്നു.

شَعَائِرَ (ചിഹ്നങ്ങള്‍) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മതസംബന്ധമായ പ്രത്യേക അടയാളങ്ങളായി കരുതപ്പെടുന്ന കാര്യങ്ങളാണ്. കര്‍മ്മങ്ങള്‍, വേഷഭൂഷണങ്ങള്‍, സംസാരം, പ്രവൃത്തി ആദിയായവയിലെല്ലാം തന്നെ, കക്ഷികള്‍ക്കിടയിലും, മതസ്ഥര്‍ക്കിടയിലും, സമുദായങ്ങള്‍ക്കിടയിലും പലപ്പോഴും ചില വ്യത്യസ്ത രീതികളുമുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ – അവര്‍ ഇന്ന കൂട്ടത്തില്‍പെട്ടവരാണെന്ന് – സാമാന്യേന കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിന്റേതായ പ്രത്യേക അടയാളങ്ങളമാകുന്നതെല്ലാം شَعَائِرُ اللَّـهِ شَعَائِرُ الْإِسْلَامِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍, ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഒരു കൂട്ടരുടെ പ്രത്യേക ചിഹ്നങ്ങളെ ആദരിക്കുന്നതും, അനുകൂലിക്കുന്നതും ആ കൂട്ടരോടുള്ള പ്രത്യേക ബഹുമാനംകൊണ്ടോ അനുഭാവം കൊണ്ടോ ആണെന്നും, അതിനെ അനാദരിക്കുന്നതും, ധിക്കരിക്കുന്നതും അവരോടുള്ള വെറുപ്പുകൊണ്ടാണെന്നും വ്യക്തമാണ്. ഒരു കക്ഷിയുടെയോ, മതത്തിന്റെയോ പ്രത്യേക ചിഹ്നമായി കരുതപ്പെടുന്ന കേവലം നിസ്സാരമായ ഒരു കാര്യത്തെ അവമതിക്കുകയെന്നത്, ആ കക്ഷിയുടെയോ മതത്തിന്റെയോ തന്നെ കര്‍ശനമായ ഒരു നിയമത്തെ ലംഘിക്കുന്നതിനെക്കാള്‍ വലിയ അപരാധമായിട്ടായിരിക്കും കരുതപ്പെടുക. ഇതാണിതിന് കാരണം. അതു കൊണ്ടുതന്നെയാണ്, അല്ലാഹുവിന്റെ ചിഹ്നങ്ങളെ ഒരുവന്‍ ബഹുമാനിക്കുന്നതുകണ്ടാല്‍, അതു് അല്ലാഹുവിനോട് അയാള്‍ക്കുള്ള ഹൃദയംഗമായ ഭക്തിയുടെ ലക്ഷണമായി അല്ലാഹു പ്രസ്താവിച്ചതും.

ഈ തത്വം, ഇക്കാലത്തെ മുസ്‌ലിം സഹോദരന്മാര്‍ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. ‘ഏകസംസ്കാരാ’ ദിവാദങ്ങളില്‍ അറിഞ്ഞും അറിയാതെയും – വാക്കുകൊണ്ടല്ലെങ്കില്‍ പ്രവൃത്തികൊണ്ടെങ്കിലും – മനുഷ്യന്‍ ലയിച്ചു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ദുരുദ്ദേശത്തോടുകൂടിയല്ലെങ്കിലും, അനിസ്ലാമിക ചിഹ്നങ്ങള്‍ സ്വീകരിച്ചുവരികയും, ഇസ്‌ലാമിക ചിഹ്നങ്ങളെ – അവ ചെറുതോ വലുതോ ആക്കട്ടെ – അവഗണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. മുസ്‌ലിമിനെ ക്രമേണ അമുസ്ലിമാക്കിത്തീര്‍ക്കുവാനുള്ള പൈശാചിക പ്രേരണയാണെന്നു് ഓര്‍ക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവാക്കള്‍ – പാമരന്മാര്‍ മാത്രമല്ല ചില പണ്ഡിതരും – ഇന്നത്തെ ആധുനിക പരിഷ്കാരലഹരി പിടിപെട്ടും, അനിസ്‌ലാമിക സംസ്കാരത്തിന്റെ ബാഹ്യമായ മോടിയില്‍ ആകൃഷ്ടരായും കൊണ്ട് ഇസ്‌ലാമിക ശിക്ഷണ വലയത്തിന് പുറത്തുപോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച മതഭക്തിയുള്ള ഏതൊരു മുസ്‌ലിം ഹൃദയത്തെയും വ്യസനിപ്പിക്കാതിരിക്കയില്ല. വേഷഭൂഷാദികളില്‍ നിന്നാരംഭിക്കുന്ന ഈ അനുകരണ വാഞ്ഛ ക്രമേണ ആചാരാനുഷ്ഠാനങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുകയും ഒടുക്കം നാമത്തിലും പ്രസംഗവേദികളിലും മാത്രം മുസ്‌ലിമായിത്തീരുകയുമാണ് ഇതിന്റെ അനന്തരഫലം. (مَعَاذَ اللَّـهِ) മനഃശാസ്ത്രം പഠിപ്പിച്ചുതരുന്ന ഈ പരമാര്‍ത്ഥത്തെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു ഹദീസു നമ്മെ പഠിപ്പിക്കുന്നത്.

مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ – احمد وابو داودو صححه ابن حبان

(ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം സ്വീകരിച്ചാല്‍ അവന്‍ അവരില്‍ ഉള്‍പ്പെട്ടവനാകുന്നു).

‘അല്ലാഹുവിന്റെ ചിഹ്നങ്ങള്‍’ എന്നു ഇവിടെ പറയുമ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പ്രധാനമായും, ഹജ്ജുകാര്യ സംബന്ധമായ ബലിമൃഗങ്ങളാകുന്നു. എങ്കിലും, അതിനെപ്പറ്റിമാത്രം പറഞ്ഞുമതിയാക്കാതെ, ഒരു പൊതുതത്വമെന്ന നിലക്കാണ് ഇക്കാര്യം ഇവിടെ അല്ലാഹു പ്രസ്താവിച്ചതും, ഓര്‍മ്മപ്പെടുത്തിയതും. ഈ വസ്തുത പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. മറ്റൊരു സംഗതി: ഓരോ സമുദായത്തിനും ചില ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്, അതുപോലെ ഇസ്‌ലാമിനും ചിലതെല്ലാം ഉണ്ടെന്നല്ലാതെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെന്താണ് ഇത്ര വിശേഷത? എന്നൊരു സംശയം വല്ലവര്‍ക്കും തോന്നുവാന്‍ അവകാശമുണ്ട്. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ (شَعَائِرُ اللَّـهِ) എന്നും, ‘അല്ലാഹുവിന്റെ അലംഘ്യവസ്തുക്കള്‍’ (حُرُمَاتِ اللَّهِ) എന്നുമുള്ള പ്രയോഗംതന്നെ അതിനുള്ള മറുപടിയാകുന്നു. അതായത്: അല്ലാഹു നിശ്ചയിച്ചതും, അവന്‍ ഇഷ്ടപ്പെടുന്നതുമായ ചിഹ്നങ്ങളേതോ അതാണ്‌ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍; മറ്റുള്ളതെല്ലാം സൃഷ്ടികളുടെ നിശ്ചയങ്ങളും ഇഷ്ടങ്ങളുമാണ് എന്നു സാരം. ബലിമൃഗങ്ങളാകുന്ന ചിഹ്നങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു:-

22:33

  • لَكُمْ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ ﴾٣٣﴿
  • (ബലിമൃഗങ്ങളാകുന്ന) അവയില്‍, ഒരു നിശ്ചിത അവധിവരേക്കും നിങ്ങള്‍ക്ക് പ്രയോജനങ്ങളുണ്ട്; പിന്നീട്, അവയുടെ (ബലികര്‍മ്മത്തിന്) അനുവദിക്കപ്പെട്ട സ്ഥലം (ആ) ‘പുരാതനാലയത്തി’ന്നടുത്താക്കുന്നു.
  • لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അവയില്‍ مَنَافِعُ പ്രയോജനങ്ങള്‍ إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട ثُمَّ പിന്നെ, പിന്നീട് مَحِلُّهَا അവയുടെ അനുവദിക്കപ്പെട്ട സ്ഥലം, അനുവദിക്കപ്പെട്ട സമയം إِلَى الْبَيْتِ ആ ആലയത്തിനടുത്താണു, ആലയത്തിലേക്കു (എത്തുക) ആകുന്നു الْعَتِيقِ പുരാതനമായ, വിമുക്തമായ

ബലിക്കായി നിശ്ചയിക്കപ്പെട്ട മൃഗങ്ങളെ ബലിയറുക്കുന്നതിനു മുമ്പ് അവയെ വാഹനമായി ഉപയോഗിക്കാം, അവയുടെ പാല്‍ മുതലായവയും ഉപയോഗിക്കാം. ബലികര്‍മ്മം നടത്തുവാനുള്ള സമയം വന്നാല്‍, അവയെ കഅ്ബഃയുടെ അടുത്ത് – ഹറമില്‍ – വെച്ച് അറുത്ത് ബലി നടത്തേണ്ടതാണ്.

ക്യാമ്പയിൻ 8 -സൂറത്തുല്‍ ഹജ്ജ്‌ ആയത്ത് 1 മുതൽ 15 വരെ

ഹജ്ജ് (തീർത്ഥാടനം)

[52 മുതല്‍ 55 കൂടിയ ആയത്തുകള്‍ മക്കയുടെയും മദീനയുടെയും ഇടയ്‌ക്കുവെച്ച്‌ അവതരിച്ചതും, ബാക്കി മദീനയില്‍ അവതരിച്ചതാണെന്നും, 19 മുതല്‍ 24 കൂടിയ വചനങ്ങളൊഴിച്ച്‌ ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്‌. മിക്കവാറും വചനങ്ങള്‍ മദനിയും, ബാക്കി മക്കിയും ആണെന്ന്‌ പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിട്ടുള്ളത്‌.]

വചനങ്ങള്‍ 78 – വിഭാഗം (റുകുഅ്) 10

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങള്‍ മൊത്തത്തില്‍ മൂന്നാകുന്നു:

1. മരണാനന്തര ജീവിതത്തെക്കുറിച്ച്‌.

2. ഹജ്ജിനെയും മസ്‌ജിദുല്‍ ഹറാമി’നെയും സംബന്ധിച്ച്‌.

3. യുദ്ധം, അക്രമകാരികളുടെ നാശം, സ്രഷ്‌ടാവിന്റെ അസ്‌തിത്വം, വിഗ്രഹാദിദൈവങ്ങളുടെ ദുര്‍ബ്ബലത മുതലായ പൊതുകാര്യങ്ങളെ സംബന്ധിച്ച്‌.

22:1

  • يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ﴾١﴿
  • ഹേ, മനുഷ്യരേ! നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍! നിശ്ചയമായും, അന്ത്യസമയത്തിലെ [ലോകാവസാനഘട്ടത്തിലെ] പ്രകമ്പനം വമ്പിച്ച ഒരു കാര്യമത്രെ!
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اتَّقُوا നിങ്ങള്‍ ഭയപ്പെടുവിന്‍, സൂക്ഷിക്കുവിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവിനെ إِنَّ زَلْزَلَةَ നിശ്ചയമായും കുലുക്കം, പ്രകമ്പനം السَّاعَةِ അന്ത്യസമയത്തിന്റെ, അന്ത്യഘട്ടത്തിന്റെ شَيْءٌ عَظِيمٌ വമ്പിച്ച ഒരു കാര്യമാണ്‌

22:2

  • يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٌ ﴾٢﴿
  • നിങ്ങള്‍ അതു കാണുന്ന ദിവസം, മുല കൊടുക്കുന്ന ഓരോ സ്‌ത്രീയും അവള്‍ മുലകൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ അശ്രദ്ധയിലായിത്തീരും; ഗര്‍ഭവതിയായ ഓരോ സ്‌ത്രീയും അവളുടെ ഗര്‍ഭം പ്രസവിച്ചു പോകുകയും ചെയ്യുന്നതാണ്‌! ജനങ്ങളെ മത്തന്മാരായി നിനക്ക്‌ കാണാം. [വാസ്‌തവത്തില്‍] അവര്‍ മത്തന്‍മാരേയല്ല; പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രെ!
  • يَوْمَ تَرَوْنَهَا നിങ്ങളത്‌ കാണുന്ന ദിവസം تَذْهَلُ അശ്രദ്ധയിലാകും, അന്തം വിട്ടുപോകും كُلُّ مُرْضِعَةٍ എല്ലാ മുല കൊടുക്കുന്നവളും عَمَّا أَرْضَعَتْ അവള്‍ മുല കൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ وَتَضَعُ പ്രസവിക്കുകയും ചെയ്യും كُلُّ ذَاتِ حَمْلٍ എല്ലാ ഗര്‍ഭവതിയും, ഗര്‍ഭമുള്ളവളും حَمْلَهَا അവളുടെ ഗര്‍ഭത്തെ وَتَرَى നീ കാണും, നിനക്ക്‌ കാണാം النَّاسَ മനുഷ്യരെ سُكَارَىٰ മത്തന്‍മാരായി وَمَا هُم അവരല്ല, അവരല്ലതാനും بِسُكَارَىٰ മത്തന്‍മാര്‍, മത്തുപിടിച്ചവര്‍ وَلَٰكِنَّ പക്ഷേ, എങ്കിലും عَذَابَ اللَّهِ അല്ലാഹുവിന്റെ ശിക്ഷ شَدِيدٌ കഠിനമായതാണ്‌

ലോകാവസാനകാലത്ത്‌ സംഭവിക്കുന്ന അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളാകുന്നു ഇവിടെ പ്രകമ്പനം അഥവാ കുലുക്കം (زَلْزَلَةَ ) കൊണ്ടുദ്ദേശ്യം. അതിന്റെ കാഠിന്യവും, ഗൗരവവും നിമിത്തം ശിശുക്കള്‍ക്ക്‌ മുലകൊടുക്കുന്ന മാതാക്കള്‍ അവരുടെ സ്വന്തം ദേഹത്തെക്കാള്‍ സ്‌നേഹിക്കുന്ന അരുമക്കുഞ്ഞുങ്ങളുടെ കാര്യംപോലും മറന്നുപോകും. ഗര്‍ഭിണികളായ സ്‌ത്രീകള്‍ സമയമെത്താതെതന്നെ പെട്ടെന്ന്‌ പ്രസവിച്ചുപോകും. മനുഷ്യരെല്ലാം ലഹരിപിടിച്ച മത്തന്‍മാരെപ്പോലെ എന്തെന്നില്ലാത്തവണ്ണം പരിഭ്രാന്തരായിത്തീരും. ക്വബ്‌റുകളില്‍ നിന്ന്‌ എഴുന്നേല്‌പിക്കപ്പെടുന്നതിന്റെ മുമ്പത്തെ സ്ഥിതിതന്നെ ഇതാണെങ്കില്‍, അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സ്ഥിതിഗതികളും എത്രമേല്‍ ഭയാനകമായിരിക്കും?! അല്ലാഹു കാക്കട്ടെ! ആമീന്‍. ബനൂമുസ്‌തലഖ്‌ (بَنُو المُصْطَلَق) യുദ്ധകാലത്താണ്‌ ഈ ആയത്ത്‌ അവതരിച്ചതെന്നും, നബി (സ.അ) അത്‌ സ്വഹാബികള്‍ക്ക്‌ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍, മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്ര അധികം കരയുകയുണ്ടായെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

22:3

  • وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَٰنٍ مَّرِيدٍ ﴾٣﴿
  • യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും, ധിക്കാരശീലനായ എല്ലാ (തരം) പിശാചിനെയും പിൻപറ്റുകയും ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട്
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن ചിലർ يُجَـٰدِلُ അവർ തർക്കിക്കും فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരു അറിവും കൂടാതെ وَيَتَّبِعُ പിൻപറ്റുകയും ചെയ്യും كُلَّ شَيْطَـٰنٍ എല്ലാ പിശാചിനെയും مَّرِيدٍ ധിക്കാരശീലനായ

22:4

  • كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ ﴾٤﴿
  • തന്നെ ആർ കാര്യകർത്താവാക്കിയോ അവനെ വഴിപിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് അവനെ (പിശാചിനെ)ക്കുറിച്ചു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (അതിൽ മാറ്റം വരുകയില്ല)
  • كُتِبَ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, നിശ്ചയിക്കപ്പെട്ടിരിക്കുന്നു عَلَيْهِ അവനെപ്പറ്റി, അവന്റെ പേരിൽ أَنَّهُۥ അവനാണെന്ന് مَن تَوَلَّاهُ അവനെ ആർ കാര്യകർത്താവാക്കിയോ فَأَنَّهُۥ يُضِلُّهُۥ എന്നാൽ അവൻ അവനെ വഴി പിഴപ്പിക്കുന്നതാണെന്ന് وَيَهْدِيهِ അവനെ നയിക്കുകയും ചെയ്യും, അവന് വഴി കാണിക്കുകയും ചെയ്യും إِلَىٰ عَذَابِ ശിക്ഷയിലേക്ക്ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ

അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ, അവന്റെ ശക്തിമാഹാത്മ്യങ്ങളെകുറിക്കുന്ന മഹൽഗുണങ്ങൾ, അവന്റെ മതകാര്യങ്ങൾ ആദിയായവയെല്ലാം ‘അല്ലാഹുവിന്റെ കാര്യ’ത്തിൽ ഉൾപ്പെടുന്നു. സത്യവിശ്വാസം, സദാചാരം, ധാർമ്മികബോധം മുതലായവയിൽനിന്ന് മനുഷ്യരെ അകറ്റി നിറുത്തുവാൻ പരിശ്രമം നടത്തുക, നിർമ്മതനിരീശ്വരസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിർത്തുവാൻ യത്നിക്കുക, ശരിയായ അറിവോ ലക്ഷ്യമോ ന്യായമോ കൂടാതെയുള്ള തർക്കങ്ങൾ നടത്തുക, സത്യത്തിലും ലക്ഷ്യത്തിലും സംശയം ജനിപ്പിക്കുന്ന വിമർശനങ്ങൾ നടത്തുക എന്നിങ്ങിനെയുള്ള ദുസ്സമ്പ്രദായക്കാരായ ഏതുതരം പിശാചുക്കളെയും – അവർ മനുഷ്യവർഗ്ഗത്തിൽപെട്ടവരാകട്ടെ – ജിന്നു വർഗ്ഗത്തിൽപ്പെട്ടവരാകട്ടെ – പിൻതുടരുന്നവരെ ഈ വചനം ശക്തിയായി താക്കീതു ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, ഇത്തരക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും ഇഹലോകത്തു ദുർമാർഗ്ഗത്തെയും, പരലോകത്തു നരകശിക്ഷയെയും മാത്രമാണ് പ്രദാനം ചെയ്യുക എന്നും അത് ചൂണ്ടിക്കാട്ടുന്നു. 8 ാം വചനത്തിൽ കൂടുതൽ വിവരം കാണാം.

സത്യവും ലക്ഷ്യവും മറച്ചുകൊണ്ടോ, അവയെ ചോദ്യം ചെയ്തുകൊണ്ടോ തർക്കത്തിനും, വിമർശനത്തിനും മിനക്കെടുന്നവർ ധിക്കാരശീലന്മാരായ പിശാചുക്കൾ (شيطان مريد) തന്നെ. ലക്ഷ്യവും, യാഥാർത്ഥ്യവും അറിയുവാൻ ശ്രമിക്കാതെ അതിനു വഴങ്ങുന്നവർ, അവരെ പിൻപ്പറ്റിനടക്കുന്ന അനുയായികളുമാകുന്നു. സത്യം വെളിപ്പെടുവാൻവേണ്ടി ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വാഗ്വാദം നടത്തുന്നതിനു വിരോധമില്ലെന്നുമാത്രമല്ല, അതു ആവശ്യവും കൂടിയായിരിക്കും. സത്യം വെളിപ്പെട്ടാൽ ഉടനെ അതു സ്വീകരിക്കുകയും, ലക്ഷ്യത്തെ പരാജയപ്പെടുത്തുവാൻ മാർഗ്ഗം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നത് നല്ല തർക്കത്തിന്റെ ലക്ഷണമാകുന്നു. നബി (സ) അരുളിചെയ്ത ഒരു ഹദീസ് ഇവിടെ ശ്രദ്ധേയമാകുന്നു :

ما ضل قوم بعد هدى كانوا عليه، إلا أوتوا الجدل – احمد وابن ماجه والترمذي

ഏതൊരു ജനതയും, നേർമ്മാർഗ്ഗത്തിലായിരുന്നതിനു ശേഷം അവരിൽ തർക്കം നൽകപ്പെട്ടിട്ടല്ലാതെ വഴിപിഴക്കാറില്ല എന്നു സാരം.

22:5

  • يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ ﴾٥﴿
  • ഹേ, മനുഷ്യരേ! (മരണശേഷം) ഉയർത്തെഴുന്നേൽപിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക) : നിശ്ചയമായും, നിങ്ങളെ നാം മണ്ണിൽ നിന്നും, പിന്നീട് ഇന്ദ്രിയത്തുള്ളിയിൽനിന്നും, പിന്നെ രക്തപിണ്ഡത്തിൽനിന്നും, പിന്നീട് ശരിയായ രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു; നിങ്ങൾക്ക് (നമ്മുടെ സൃഷ്ടി മാഹാത്മ്യം) വ്യക്തമാക്കിത്തരുവാൻവേണ്ടി (യാണ് അങ്ങിനെ ചെയ്തത്).
    നാം ഉദ്ദേശിക്കുന്നതിനെ ഒരു നിർണ്ണയിക്കപ്പെട്ട ഒരവധിവരെ ഗർഭാശയങ്ങളിൽ നാം താമസിപ്പിക്കുന്നു; പിന്നീട്, നിങ്ങളെ ശിശുക്കളായി നാം പുറത്തുകൊണ്ടുവരുന്നു; പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണദശ പ്രാപിക്കുംവരെയും (വളർത്തിക്കൊണ്ടുവരുന്നു). നിങ്ങളിൽ (നേരത്തെ) മരണമടയുന്നവരുമുണ്ട്; അറിവുണ്ടായിരുന്നതിനു ശേഷം (അതു നഷ്ടപ്പെട്ട്) യാതൊന്നും അറിയാതായിത്തീരുമാറ് ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരേക്കും ഒഴിവാക്കിവിടപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി, വരണ്ടുകിടക്കുന്നതായി നീ കാണുന്നു; എന്നിട്ട് അതിൻമേൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (ചൈതന്യം പൂണ്ട്) സ്ഫുരിച്ചുവരികയും, ചീർക്കുകയും ചെയ്യുന്നു; കൗതുകമുള്ള എല്ലാ (സസ്യ) ഇണകളെയും അതു ഉൽപാദിപ്പിക്കുകയും ചെയ്യുന്നു!
  • يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ إِن كُنتُمْ നിങ്ങളാണെങ്കിൽ فِى رَيْبٍ വല്ല സംശയത്തിലും مِّنَ ٱلْبَعْثِ ഉയിർത്തെഴുന്നേൽ പ്പിക്കുന്ന (രണ്ടാമത്തെ ജീവിതത്തെ)പ്പറ്റി فَإِنَّا എന്നാൽ നിശ്ചയമായും നാം خَلَقْنَـٰكُم നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن تُرَابٍ മണ്ണിൽനിന്നു, മണ്ണിനാൽ ثُمَّ مِن نُّطْفَةٍ പിന്നെ ഇന്ദ്രിയത്തുള്ളിയിൽനിന്നും ثُمَّ مِنْ عَلَقَةٍ പിന്നെ രക്തപിണ്ഡത്തിൽ അള്ളിപ്പിടിക്കുന്നതിൽ നിന്നും ثُمَّ مِن مُّضْغَةٍ പിന്നെ മാംസപിണ്ഡത്തിൽ നിന്നും مُّخَلَّقَةٍ രൂപം നൽകപ്പെട്ടതായ وَغَيْرِ مُخَلَّقَةٍ രൂപം നൽകപ്പെടാത്തതുമായ لِّنُبَيِّنَ നാം വ്യക്തമാക്കിത്തരുവാൻ വേണ്ടി لَكُمْ നിങ്ങൾക്ക്وَنُقِرُّ നാം താമസിപ്പിക്കുന്നു فِى ٱلْأَرْحَامِ ഗർഭാശയങ്ങളിൽ مَا نَشَآءُ നാം ഉദ്ദേശിക്കുന്നതിനെ إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിർണ്ണയിക്കപ്പെട്ട ثُمَّ പിന്നീട് نُخْرِجُكُمْ നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്ന طِفْلًا ശിശുവായി, ശിശുക്കളായി ثُمَّ പിന്നീട് لِتَبْلُغُوٓا۟ നിങ്ങൾ എത്തുന്നതുവരെയും, എത്തുവാൻവേണ്ടിയും أَشُدَّكُمْ നിങ്ങളുടെ പൂർണ്ണദശ നിങ്ങളുടെ ഏറ്റവും ശക്തിയായ അവസ്ഥ وَمِنكُم നിങ്ങളിലുണ്ട് مَّن يُتَوَفَّىٰ മരണമടയുന്നവർ وَمِنكُم നിങ്ങളിലുണ്ട് مَّن يُرَدُّ ഒഴിവാക്കി വിടപ്പെടുന്നവർ, ആക്കപ്പെടുന്നവർ إِلَىٰٓ أَرْذَلِ ٱلْعُمُرِ ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരെ, ഏറ്റവും താണ നിലവരെ لِكَيْلَا يَعْلَمَ അവൻ അറിയാതിരിക്കുവാൻ (അറിയാതിരിക്കുമാറ്) مِنۢ بَعْدِ عِلْمٍ അറിവിന്‌ (അറിവ് ഉണ്ടായതിന്) ശേഷം شَيْـًٔا യാതൊന്നും وَتَرَى നിനക്കു കാണാം നീകാണുന്നു ٱلْأَرْضَ ഭൂമിയെ هَامِدَةً വരണ്ടതായി, അടങ്ങികിടക്കുന്നതായി فَإِذَآ أَنزَلْنَا എന്നിട്ടു നാം ഇറക്കിയാൽ عَلَيْهَا അതിൻമേൽ, അതിൽ ٱلْمَآءَ വെള്ളം (മഴ) ٱهْتَزَّتْ അതു സ്ഫുരിക്കുന്ന, ഇളകുന്നു وَرَبَتْ അതു ചീർക്കുക്കയും ചെയ്യുന്നു, പൊന്തുകയും ചെയ്യുന്നു وَأَنۢبَتَتْ അതു ഉൽപാദിപ്പിക്കുകയും (മുളപ്പിക്കുകയും) ചെയ്യുന്നു مِن كُلِّ زَوْجٍۭ എല്ലാ ഇണകളെയും بَهِيجٍ കൗതുകമുള്ള, അഴകുള്ള

മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോടു, തങ്ങളുടെ സ്വന്തം സൃഷ്ടിയുടെ ആരംഭം മുതൽ മരണം വരെയുള്ള അവസ്ഥാ വിശേഷങ്ങളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അല്ലാഹു കല്പിക്കുന്നു. അപ്രകാരം അവരുടെ ആദ്യസൃഷ്ടിയുടെ കർത്താവായ അല്ലാഹുവിനു അവരെ ജീവിപ്പിക്കുവാൻ നിശ്ചയമായും കഴിവുണ്ടെന്നും, അനേകം സ്ഥിതി മാറ്റങ്ങൾക്കു വിധേയരായ അവർ വീണ്ടും ചില മാറ്റങ്ങൾക്കു കൂടി വിധേയരാകുന്നതിൽ അസാംഗത്യമൊന്നുമില്ലെന്നും അപ്പോഴവർക്കു മനസ്സിലാക്കുവാൻ കഴിയും. മനുഷ്യന്റെ ഉത്ഭവം മുതൽ മരണംവരെയുള്ള കാലഘട്ടത്തിൽ അവന്റെ ശരീരത്തിൽ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വാസ്തവത്തിൽ കണക്കറ്റതാകുന്നു. എങ്കിലും അവയിൽ പ്രധാനമായ ഏഴു അവസ്ഥകളെ കുറിച്ചാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്.

1-ാമത്തേത്: അവന്റെ തുടക്കം മണ്ണിൽ നിന്നും ആകുന്നു (من تراب). മനുഷ്യന്റെ ആദ്യ പിതാവായ ആദം (അ) നബിയെ അല്ലാഹു സൃഷ്ടിച്ചതും, ഇന്ദ്രിയത്തിൽ അടക്കം ചെയ്ത മനുഷ്യബീജത്തിന്റെ ഉത്ഭവവും മണ്ണിൽ നിന്നാണല്ലോ. മണ്ണിൽ നിന്നും ജലത്തിൽ നിന്നുമായി ഉല്പാദിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന്‌ ആദ്യം രക്തവും പിന്നീട് ശുക്ലവും ഉണ്ടാകുന്നു.

2-ാമത്തേത്: ശുക്ലബീജത്തിൽ നിന്നും തുടങ്ങുന്നു (ثم من نطفه). ശുക്ലജലത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നു. താമസിയാതെ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് അത് നീങ്ങുന്നു.

3: അനന്തരം അത് ഗർഭാശയഭിത്തികളിൽ അള്ളിപ്പിടിക്കുന്ന ഒരു രക്തക്കട്ട (علقة) ആയി മാറുന്നു.

4: അൽപദിവസത്തിനകം അത് മാംസപിണ്ഡമായി (مضغة) മാറുന്നു. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ നാലാമത്തെ ഈ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയിലായി വിവരിക്കുന്നു; ശരിയായ രൂപം നൽകപ്പെട്ടതും അല്ലാത്തതും (مخلقة وغيرمخلقة).

مخلقة എന്ന പദം രണ്ടു മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അതായത്: രൂപവും അവയവങ്ങളും, ഇന്ദ്രിയശക്തികളുമെല്ലാം പൂർത്തിയായി നൽകപ്പെട്ടത് എന്നും, ജീവനോടു കൂടി പ്രസവിക്കപ്പെടത്തക്കവണ്ണം പൂർണനില നൽകപ്പെട്ടതു എന്നും, മനുഷ്യരൂപം പൂർത്തിയായി നൽകപ്പെട്ടതു എന്നും – ഇങ്ങനെ മൂന്നൂ വിധത്തിൽ -വ്യാഖ്യാനിക്കപ്പെട്ടു കാണാം. രൂപം നല്കപ്പെടാത്തതു (غيرمخلقة) എന്ന വാക്കിന്റെ ഉദ്ദേശ്യവും ഇതനുസരിച്ചു വ്യാഖ്യാനിക്കപ്പെടാം. ഏതഭിപ്രായം നാം സ്വീകരിച്ചാലും, മേൽപറഞ്ഞ നാലു ഘട്ടങ്ങളിൽവെച്ചു കൂടുതൽ സമയം പിടിക്കുന്നത് ഈ നാലാമത്തെ ഘട്ടത്തിലാകുന്നു. ഗർഭസ്ഥശിശുവിന്റെ പൂർണ്ണതയും അപൂർണ്ണതയും നിർണ്ണയിക്കപ്പെടുന്നതും, ആകൃതിയും പ്രകൃതിയും നൽകപ്പെടുന്നതും ഈ ഘട്ടത്തിലാകുന്നു. അങ്ങിനെ കുറച്ചു മാസങ്ങളോളം ആ ശിശു ഗർഭാശയലോകത്ത് വെച്ചു വളർത്തപ്പെടുന്നു. അനുനിമിഷം അതിനുവേണ്ടുന്ന എല്ലാ ശുശ്രുഷകളും അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ഹസ്തം നടത്തിക്കൊണ്ടിരിക്കുന്നു. വളരുവാനും, വികസിക്കുവാനും, ഭക്ഷണ പാനീയങ്ങൾക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും അവിടെ അത് ശരിപ്പെടുത്തിക്കൊടുക്കുന്നു. ഇത്രയും കാലത്തെ അത്ഭുതകരമായ – അജ്ഞാതമായ – ആ ജീവിതത്തെപ്പറ്റി മനുഷ്യനു വേഗം കണ്ടറിയുക സാധ്യമല്ലെങ്കിലും അവനു അത് നിഷേധിക്കുവാൻ സാദ്ധ്യമല്ല. ഇതിനെ പറ്റി മാത്രം ആലോചിക്കുന്നതായാൽ അല്ലാഹുവിന്റെ ശക്തി മാഹാത്മ്യവും, അവന്റെ സൃഷ്ടിവൈഭവവും മനുഷ്യനു മനസ്സിലാക്കുവാൻ പ്രയാസവുമില്ല. അതുകൊണ്ടാണ് ഇത്രയും സംഗതികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് لنبين لكم (നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാൻ വേണ്ടി) എന്ന് അല്ലാഹു പറയുന്നത് .

ഡോക്ടർ എ. സി. സെൽമൺ, M.D. അദ്ദേഹത്തിന്റെ ‘ആരോഗ്യവും ദീർഘായുസ്സും’ എന്ന ഗ്രന്ഥത്തിൽ (*) പറയുന്ന ചില സംഗതികൾ ഉദ്ധരിക്കുന്നത് ഇവിടെ സന്ദർഭോചിതമായിരിക്കും:-


(*) ആരോഗ്യ സംബന്ധമായ പ്രധാനപ്പെട്ട പല തത്ത്വങ്ങളും ഉൾക്കൊള്ളുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ഈ ഗ്രന്ഥം പല ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


‘ഒരു സ്‌ത്രീ ഗർഭം ധരിച്ചു കഴിഞ്ഞാലുടൻ തന്നെ, കടുകുമണിയേക്കാൾ ചെറുതായ അണ്ഡം (ഇതിന്റെ വ്യാസം ഒരു അംഗുലത്തിന്റെ നൂറ്റി ഇരുപത്തഞ്ചിൽ ഒരു ഭാഗം മാത്രമാണ്) വളരുവാൻ തുടങ്ങുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അതിനൊരു മൽബറി (Mulberry = അമറാത്തി) പഴത്തിന്റെ ആകൃതിയും, ഏകദേശം അത്രത്തോളം വലിപ്പവും ഉണ്ടാകുന്നു. നാലാഴ്ച കൊണ്ടു അതൊരു പ്രാവിന്റെ മുട്ടയോളമാകുന്നു. രണ്ടാം മാസാവസാനത്തോടു കൂടി ഒരു കോഴി മുട്ടയോളം വലിപ്പമുണ്ടാവുകയും, ഒരു മനുഷ്യശരീരത്തിന്റെ ആകൃതി ഉണ്ടായിത്തുടങ്ങുകയും ചെയ്യും. ഗർഭാശയത്തിന്റെ ഉൾഭാഗത്തോട് അതിനെ ബന്ധിച്ചിരിക്കുന്ന ഏതാനും രക്തനാഡികൾ ഉണ്ട്. മാതാവ് ഭക്ഷിച്ചു ദഹിക്കുന്ന ഭക്ഷണങ്ങൾ അവളുടെ രക്തനാഡികൾ വഴി ഗർഭശിശുവിലേക്ക് കടന്നു ചെല്ലുന്നു.’

‘ഒരു മൾബറിപ്പഴത്തെപ്പോലെ കാണപ്പെടുന്ന ചെറുപിണ്ഡം വളർന്നു 206 അസ്ഥികളും, 500ൽ പരം മാംസപേശികളും, കണ്ണ്, ചെവി, ഹൃദയം, തലച്ചോറ് മുതലായ അവയവങ്ങളും ഉള്ള ഒരു മനുഷ്യ ശരീരമായിത്തീരുന്നു എന്നുള്ളത് അത്യത്ഭുതകരമായ ഒരു സംഗതി തന്നെ! മനുഷ്യനെ സൃഷ്ടിച്ചതും ആ ചെറുപിണ്ഡം വളർന്നു ഒരു പുതിയ പരിപൂർണ്ണ ശരീരമായിത്തീരുവാനിടയാക്കുന്നതും സർവ്വശക്തനായ ദൈവം തന്നെയാണെന്നുള്ളതിന് ഇത് വേറൊരു തെളിവത്രെ…….’

‘നാലാം മാസാന്ത്യത്തിൽ ശിശുവിന് അഞ്ചംഗുലം നീളമുണ്ടായിരിക്കും. ആറുമാസം കഴിയുമ്പോൾ അതിനു രണ്ടരറാത്തൽ ഘനം കാണും. 6-ആം മാസാവസാനത്തിൽ ജനിക്കുന്ന പക്ഷം ശിശു ഏതാനും ദിവസത്തിലധികം ജീവിച്ചിരിക്കുകയില്ല. 9-ആം മാസാവസാനത്തിൽ ശിശുവിന് 4 മുതൽ 6 വരെ റാത്തൽ ഘനവും, ഏകദേശം 18 അംഗുലം നീളവും ഉണ്ടായിരിക്കും… 10-ആം മാസാവസാനത്തിൽ (280 ദിവസം കഴിയുമ്പോൾ) അത് പരിപൂർണ്ണ വളർച്ച പ്രാപിച്ചിരിക്കും. അപ്പോൾ 6 മുതൽ 10 റാത്തൽ വരെ ഘനവും, ഉദ്ദേശ്യം 20 അംഗുലം നീളവും കാണും.’

‘ഗർഭകാലം ഏകദേശം ഇരുനൂറ്റി എൺപതു ദിവസങ്ങളാണ്… എങ്കിലും, ശരിയായ ജനനതിയ്യതി നിശ്ചയിക്കുവാൻ ഒരു പ്രകാരത്തിലും സാദ്ധ്യമാകുന്നതല്ല. കണക്കാക്കപ്പെട്ടിരിക്കുന്ന ദിവസത്തിന് ഒരാഴ്ച മുമ്പായോ, ഒരാഴ്ച കഴിഞ്ഞിട്ടോ കുട്ടി ജനിച്ചേക്കാം….’ (പേജ് 145, 146). ഒരാഴ്ച്ച മുമ്പോ പിമ്പോ ആകാമെന്ന് ഡോക്ടർ പറഞ്ഞത് സാധാരണ സ്ഥിതി മാത്രമാണ്. സാധാരണക്കെതിരായി സംഭവിക്കാവുന്നതിനെപ്പറ്റി ആർക്കും ഏകദേശ അഭിപ്രായം പറയുവാനും സാദ്ധ്യമല്ല.

5-ാമത്തെ അവസ്ഥ: അല്ലാഹു ഉദ്ദേശിച്ച കാലം തികയുമ്പോൾ, ഈ ബാഹ്യലോകത്തേക്ക് അവൻ (മനുഷ്യൻ) ശിശുവായി പുറത്തു വരുന്നു. (ثم نخرجكم طفلا) പുറത്തുവരുമ്പോൾ, കരയുവാൻ മാത്രം പഠിച്ച അവൻ ഉടനെ മുലപ്പാൽ കുടിക്കുവാനും, ക്രമേണ ഓരോ അറിവും, അഭ്യാസവും കരസ്ഥമാക്കുവാനും ശീലിച്ചുവരുന്നു. അജ്ഞാതലോകത്തു വെച്ചു പരിപാലിച്ച അതേ ഹസ്തം തന്നെ, അവനെ വളർത്തിക്കൊണ്ടു പോരുവാൻ വേണ്ടതു ഈ ലോകത്തും അവനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെച്ചിട്ടുണ്ട്.

6-ാമത്തേത്: അങ്ങനെ, അവൻ പ്രായപൂർത്തിയും, യുവത്വവും പ്രാപിക്കുന്നു. ബുദ്ധിയും തന്റേടവും ഉള്ളവനായിത്തീരുന്നു.

7-ാമത്തെ സ്ഥിതി മാറ്റം – ഇതാണ് അവസാനത്തേത് – അവനെ വീണ്ടും അദൃശ്യമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അഥവാ അവൻ മരണമടയുന്നു. ഇതെപ്പോഴാണ്, എങ്ങിനെയാണു, എവിടെ വെച്ചാണ് എന്നൊന്നും ആർക്കും അറിഞ്ഞു കൂടാ. അവന്റെ സൃഷ്ടാവിനു മാത്രമേ അത് അറിഞ്ഞുകൂടൂ. ചിലർക്ക് ആയുഷ്ക്കാലം കുറവായിരിക്കും. അവർ നേരത്തെ മരിച്ചുപോകുന്നു. മറ്റു ചിലർക്ക് ദീർഘായുസ്സ് നൽകപ്പെടുന്നു. വാർദ്ധക്യം നിമിത്തം അറിവും, കഴിവുമെല്ലാം നഷ്ടപ്പെട്ടു കേവലം ശിശുസമാനമായിത്തീർന്ന ശേഷമേ അവർ മരണമടയുന്നുള്ളൂ.

ഏതാണ്ട് ഇതുപോലെത്തന്നെയാണ് ഭൂമുഖത്തു കാണപ്പെടുന്ന സസ്യലതാദികളുടെ ചരിത്രവും. ഉണങ്ങി വരണ്ടു തരിശായിക്കിടക്കുന്ന ഭൂമിയിൽ അല്ലാഹു മഴ വർഷിപ്പിക്കുന്നു. ഉടനെ അതിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് പെട്ടെന്ന് ചൈതന്യമുള്ളതായിത്തീരുന്നു. ചീർത്തു പിളരുന്നു. അൽപദിവസത്തിനകം പച്ചപിടിക്കുന്നു. കുറച്ചു ദിവസം കൂടി കഴിയുമ്പോൾ ഹാ! എന്തൊരു കാഴ്ച്ച! വൃക്ഷങ്ങളും ചെടികളും ആയി! പൂവും കായുമായി! ഇങ്ങിനെ മനുഷ്യന്റെയും, ഭൂമുഖത്തു വളരുന്ന വസ്തുക്കളുടെയും, സ്ഥിതിഗതികളെപ്പറ്റി അൽപമാത്രമായ ചിന്തയെങ്കിലും ചെലുത്തുന്നവർക്കു താഴെ പറയുന്ന പരമാർത്ഥങ്ങൾ കണ്ടെത്തുവാൻ കഴിയും:-

22:6

  • ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٦﴿
  • അല്ലാഹു തന്നെയാണ് സ്ഥിരയാഥാർത്ഥ്യമുള്ളവൻ എന്നും, അവൻ മരിച്ചവരെ ജീവിപ്പിക്കുന്നുവെന്നും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നുമുള്ള കാരണം കൊണ്ടാണത്.
  • ذَٰلِكَ അതു بِأَنَّ ٱللَّـهَ അല്ലാഹു ആണെന്നതു കൊണ്ടാണ്هُوَ അവൻ തന്നെ ٱلْحَقُّ യാഥാർത്ഥമായുള്ളവൻ, സ്ഥിരമായുള്ളവൻ وَأَنَّهُۥ يُحْىِ അവൻ ജീവിപ്പിക്കുന്നു എന്നതുകൊണ്ടും ٱلْمَوْتَىٰ മരണപ്പെട്ടവരെ وَأَنَّهُۥ അവൻ ആണെന്നതു കൊണ്ട് عَلَىٰ كُلِّ شَىْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവൻ, ശക്തൻ

22:7

  • وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ﴾٧﴿
  • നിശ്ചയമായും, അന്ത്യസമയം, വരുന്നതാണ് – അതിൽ യാതൊരു സംശയവുമില്ല-എന്നും, അല്ലാഹു ഖബ്റുകളിൽ ഉള്ളവരെ ഉയിർത്തെഴുന്നേൽപിക്കുന്നതാണെന്നും (ഉള്ളതു കൊണ്ടും ആകുന്നു).
  • وَأَنَّ ٱلسَّاعَةَ അന്ത്യസമയം ആണെന്നതുകൊണ്ടും ءَاتِيَةٌ വരുന്നതു لَّا رَيْبَ സംശയമേ ഇല്ല فِيهَا അതിൽ وَأَنَّ ٱللَّـهَ അല്ലാഹു ആകുന്നു എന്നതുകൊണ്ടും يَبْعَثُ ഉയിർത്തെഴുന്നേൽപിക്കുന്നു مَن فِى ٱلْقُبُورِ ഖബ്റുകളിൽ (ശ് മശാനങ്ങളിൽ) ഉള്ളവരെ

അതായത് മേൽ വിവരിച്ച രണ്ടു കാര്യങ്ങൾ – മനുഷ്യന്റെ ഉത്ഭവം മുതൽ മരണം വരെ സ്ഥിതിയും, സസ്യലതാദികളുടെ ഉൽപാദനവും – ആലോചിച്ചുനോക്കിയാൽ ഇത്രയും സംഗതികൾ ശരിക്കും ബോധ്യമാകും :-

(1) ഇങ്ങിനെയെല്ലാം പ്രവർത്തിച്ചു നിയന്ത്രിച്ചുവരുന്ന മഹാശക്തി അല്ലാഹുവല്ലാതെ മറ്റാരുമല്ല. യഥാർത്ഥ ദൈവവും, സ്ഥിരമായി നിലകൊള്ളുന്നവനും അവൻ മാത്രമാണ് (إن لله هو الحق). മറ്റുള്ളതെല്ലാം അസ്ഥിരവും, നാശമടയുന്നതുമാകുന്നു.

(2) മാതൃകയില്ലാത്ത ഈ മഹൽകൃത്യങ്ങളെല്ലാം നടത്തിപ്പോരുന്ന അവൻ ഒരു വസ്തുവിനെ മറ്റൊന്നായി മാറ്റുവാനും, ഉള്ളതിനെ ഇല്ലാതാക്കുംവാനും, ഇല്ലാത്തതിനെ നിർമ്മിക്കുവാനും കഴിയുന്നതു പോലെ, മരണപെട്ടവരെ ജീവിപ്പിക്കുവാനും, കഴിയുന്നവനാകുന്നു. അവനതു ചെയ്യുന്നതുമാണ് (وإنه يحي الموتي) മാത്രമല്ല,

(3) അവൻ ഉദ്ദേശിക്കുന്ന ഏതു കാര്യത്തിനും അവനു കഴിവുണ്ട് ; അതു നടപ്പിലാക്കുവാൻ അവനു ഒട്ടും പ്രയാസമില്ല. (و إنه على كل شي قدير) അതുപോലെത്തന്നെ, മനുഷ്യനും സസ്യവർഗ്ഗങ്ങളും മാത്രമല്ല – ഈ ഭൂമിയിലുള്ളതെല്ലാം തന്നെ – നിത്യേന വന്നും, പോയും, ഉത്ഭവിച്ചും, നശിച്ചും കൊണ്ടിരിക്കുകയാണ്. അപ്പോൾ ഈ ലോകം തന്നെ ഒരിക്കൽ നശിച്ചുപോകും.

(4) അതെ, അല്ലാഹു പറഞ്ഞതുപോലെ, ലോകാവസാനമാകുന്ന ഒരു അന്ത്യഘട്ടം സംഭവിക്കുമെന്നതിൽ യാതൊരു സന്ദേഹത്തിനും വകയില്ല. (وإن الساعة لا ريب فيها) ഇത്രയും കാര്യങ്ങൾ സംഭവിക്കുമ്പോൾ.

(5) മരണപ്പെട്ടു മൺമറിഞ്ഞവർ, കുറെ കഴിയുമ്പോൾ വീണ്ടും എഴുന്നേൽപിക്കപ്പെടുകയും അവരുടെ കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടുകയും ചെയ്യുന്നതു കേവലം യുക്തവും, സംഭവ്യവും മാത്രമാണ്. (وإن الله بغث من فى القبور)

22:8

  • وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَٰبٍ مُّنِيرٍ ﴾٨﴿
  • യാതൊരു അറിവാകട്ടെ, മാർഗ്ഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന വേദഗ്രന്ഥമാകട്ടെ, (ഒന്നും) കൂടാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചുവരുന്ന ചിലർ മനുഷ്യരിലുണ്ട്;-
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കിച്ചുവരുന്ന ചിലർ فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവും കൂടാതെ وَلَا هُدًى ഒരു മാർഗ്ഗദർശനമില്ലാതെയും وَلَا كِتَـٰبٍ ഒരു (വേദ) ഗ്രന്ഥമില്ലാതെയും مُّنِيرٍ വെളിച്ചം നൽകുന്ന, പ്രകാശം നൽകുന്ന

22:9

  • ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَٰمَةِ عَذَابَ ٱلْحَرِيقِ ﴾٩﴿
  • അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി, (അഹംഭാവപൂർവ്വം) ചുമൽഭാഗം തിരിച്ചുകൊണ്ടത്രെ (അങ്ങിനെ ചെയ്യുന്നതു); അവനു ഇഹലോകത്തു നിന്ദ്യാവസ്ഥയുണ്ട്; ഖിയാമത്തുനാളിൽ അവനു നാം ചുട്ടുകരിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ്.
  • ثَانِىَ തിരിച്ചവനായിക്കൊണ്ട് عِطْفِهِۦ അവന്റെ ഭാഗം, തോൾ (ചുമൽ) لِيُضِلَّ വഴിപിഴപ്പിക്കുവാനായി عَن سَبِيلِ ٱللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന്لَهُ ۥ അവനുണ്ട് فِى ٱلدُّنْيَا ഇഹലോകത്ത് خِزْىٌ നിന്ദ്യത, നിന്ദ്യാവസ്ഥ, അപമാനംوَنُذِيقُهُۥ അവന് നാം അനുഭവിപ്പിക്കയും ചെയ്യും يَوْمَ ٱلْقِيَـٰمَةِ ഖിയാമത്തുനാളിൽ عَذَابَ ٱلْحَرِيقِ ചുട്ടെരിക്കുന്ന ശിക്ഷ

22:10

  • ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّٰمٍ لِّلْعَبِيدِ ﴾١٠﴿
  • ‘(അംഹഭാവപൂർവ്വം തർക്കിക്കുന്നവനേ!) നിന്റെ കൈകൾ മുമ്പു ചെയ്‌തുവെച്ചിട്ടുള്ളതും, അല്ലാഹു അടിയാൻമാരോടു ഒട്ടും അനീതി ചെയ്യുന്നവനല്ലെന്നുള്ളതും കൊണ്ടാണ് അത്.’ (എന്നു അവനോടു പറയപ്പെടും).
  • ذَٰلِكَ അതു بِمَا قَدَّمَتْ മുമ്പ് ചെയ്തുവെച്ചതുകൊണ്ടാണ് يَدَاكَ നിന്റെ രണ്ടുകൈകൾ وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നതും لَيْسَ അവൻ അല്ല (എന്നുള്ളതും) بِظَلَّـٰمٍ ഒട്ടും അക്രമിക്കുന്നവൻ, അനീതി ചെയ്യുന്നവൻ لِّلْعَبِيدِ അടിമകളെ, അടിയാന്മാരോട്

അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവരെ സംബന്ധിച്ചു 3 ാം വചനത്തിന്റെ വിവരണത്തിൽ ചിലതെല്ലാം പറഞ്ഞുവല്ലോ. യഥാർത്ഥവും, ലക്ഷ്യവും കാട്ടിക്കൊടുത്താലും, അതു സ്വീകരിക്കാതെ വല്ല മുടന്തൻ ന്യായങ്ങളിലും പറ്റിക്കൂടി തർക്കം നടത്തുക അവരുടെ പതിവായിരിക്കും. യുക്തവും സ്വീകാര്യവുമായ തെളിവിന്റെയോ, പ്രവാചകന്മാർ മുഖേന ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെയോ, വേദപ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ അവർക്കൊന്നും പറയുവാനുണ്ടായിരിക്കയില്ല. ചിന്താശൂന്യരായ ആളുകളെ കബളിപ്പിക്കുവാൻ മാത്രം പോരുന്ന ദുർന്യായങ്ങളും, ധാർമ്മികബോധമില്ലാത്തവരെ തൃപ്തിപ്പെടുത്തുവാൻ ഉതകുന്ന യുക്തിവാദങ്ങളുമായിരിക്കും അവരുടെ  ആയുധം. ആകർഷകമായ വാക്കുകളും, കൃത്രിമപ്രയോഗങ്ങളും അവരുടെ പ്രചാരമാർഗ്ഗങ്ങളുമായിരിക്കും. ഈ ദുർവൃത്തിയുടെ നേതൃത്വം വഹിക്കുന്നവരെകുറിച്ചാണ്  3 ാം വചനത്തിൽ ‘ധിക്കാരശീലനായ പിശാച് (شيطان مريد) എന്നു പറഞ്ഞത്. ഇവരെ അനുകരിക്കുന്നവരെയും, അതിന്റെ അനന്തരഫലത്തെയും സംബന്ധിച്ചു അവിടെ പ്രസ്താവിച്ചു. ആ നേതാക്കളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്.

بغير علم ولاهدى ولاكتاب منير (യാതൊരു അറിവും, മാർഗ്ഗദർശനവും, വേദഗ്രന്ഥവും ഒന്നുമില്ലാതെ) എന്നവാക്ക് പ്രത്യേകം ശ്രദ്ധാർഹമാണ്. അല്ലാഹു സദാ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളെ വകവെക്കാതെ, പരലോകം, മരണാന്തരജീവിതം, രക്ഷാശിക്ഷകൾ മുതലായവയെ നിരാകരിക്കുന്നതുമാത്രം വമ്പിച്ച കുറ്റമാണെന്നല്ല ഈ വചനത്തിൽ അടങ്ങിയിട്ടുള്ളത്. ഖുർആനെയും, നബിചര്യകളെയും അവഗണിച്ചുകൊണ്ട് അവയ്‌ക്കെതിരായി പ്രചാരവേലയും, പരിശ്രമങ്ങളും നടത്തുന്ന നേതാക്കളുടെയും, അവരെ അനുകരിച്ചു വഴിപിഴച്ചുപോകുന്ന അനുഗാമികളുടെയും ചെയ്തികൾകൂടി ഈ വചനങ്ങളിൽ ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. സത്യത്തിനെതിരായി പ്രചാരവേല നടത്തുന്ന നേതാക്കൾക്കു അതിന്റെ പിന്നിൽ ചില പ്രത്യേക താൽപര്യങ്ങളും, സ്വാർത്ഥങ്ങളും ഉണ്ടായിരിക്കുമെന്നു സാധാരണക്കാർ ധരിച്ചിരിക്കേണ്ടതാണ്. അവർ തങ്ങളുടെ താൽക്കാലിക കാര്യലബ്ധിക്കായിട്ടാണ് സത്യം മൂടിവെക്കുന്നതെന്നു അവർ ഓർക്കേണ്ടതുണ്ട്. ഒരു കവി പറഞ്ഞതെത്ര വാസ്തവം! –

ويارب مقفؤ الخطا عند قومه – طريق نجاة عندهم مستونهج

സാരം: ഹാ! രക്ഷാമാർഗ്ഗം ജനങ്ങളുടെ അടുക്കൽതന്നെ ശരിക്കു തെളിഞ്ഞുകിടപ്പുണ്ടായിട്ടും അതു ശ്രദ്ധിക്കാതെ, എത്ര ആളുകളുടെ പിന്നാലെയാണു ജനങ്ങൾ അവരുടെ കാലടികളെ അനുഗമിച്ചു നടന്നുവരുന്നത് !

വിഭാഗം – 2

22:11

  • وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْءَاخِرَةَ ۚ ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ ﴾١١﴿
  • ഒരു തെല്ലിന്‍ മേലായി (സ്ഥിതിചെയ്തു) കൊണ്ട് അല്ലാഹുവിനെ ആരാധിച്ചുവരുന്ന ചിലര്‍ മനുഷ്യരിലുണ്ട്; അവന് വല്ല നന്മയും വന്നെത്തിയാല്‍ അവന്‍ അതുകൊണ്ട് അടങ്ങികൊള്ളും; വല്ല പരീക്ഷണവും അവനെ ബാധിച്ചുവെങ്കില്‍ അവന്‍ മുഖംകുത്തി മറിഞ്ഞു (അവതാളത്തിലായി) പോകയും ചെയ്യുന്നതാണ്. അവന്‍ ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടുപോയി! അത് തന്നെയാണ് വ്യക്തമായ നഷ്ടം (അതില്‍പരം നഷ്ടമില്ല).
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يَعْبُدُ ആരാധിച്ച് (ഇബാദത്ത് ചെയ്തു) വരുന്ന ചിലര്‍ ٱللَّـهَ അല്ലാഹുവിനെ عَلَىٰ حَرْفٍ ഒരു തെല്ലിന്‍മേല്‍ആയി, ഒരു ഓരത്തിലായിക്കൊണ്ട് فَإِنْ أَصَابَهُۥ അങ്ങനെ അവന് വന്നെത്തിയാല്‍, ബാധിച്ചാല്‍ خَيْرٌ വല്ല നന്മയും ٱطْمَأَنَّ അവന്‍ അടങ്ങും بِهِۦ അതുകൊണ്ട് وَإِنْ أَصَابَتْهُ അവന് ബാധിച്ചെങ്കിലോ فِتْنَةٌ വല്ല പരീക്ഷണവും, വല്ല കുഴപ്പവും ٱنقَلَبَ അവന്‍ മറിഞ്ഞുപോകും, അവതാളത്തിലാകും عَلَىٰ وَجْهِهِۦ തന്റെ മുഖത്തിന്‍മേല്‍ (മുഖംകുത്തി) خَسِرَ അവന്‍ നഷ്ടപ്പെട്ടു ٱلدُّنْيَا ഇഹലോകം, ഇഹത്തില്‍ وَٱلْـَٔاخِرَةَ പരലോകവും, പരലോകത്തും ذَٰلِكَ هُوَ അത്തന്നെയാണ് ٱلْخُسْرَانُ നഷ്ടം ٱلْمُبِينُ വ്യക്തമായ, സ്പഷ്ടമായ

22:12

  • يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ ﴾١٢﴿
  • അല്ലാഹുവിന് പുറമെ, തനിക്ക് ഉപദ്രവം ചെയ്യാത്തതിനെയും, ഉപകാരം ചെയ്യാത്തതിനെയും അവന്‍ വിളിക്കുന്നു [(പ്രാര്‍ത്ഥിക്കുന്നു;] അതു തന്നെയാണ് വിദൂരമായ വഴിപിഴവ്!
  • يَدْعُوا۟ അവന്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ ٱللَّـهِ അല്ലാഹുവിന് പുറമെ مَا لَا يَضُرُّهُۥ അവന് ഉപദ്രവം ചെയ്യാത്തതിനെ وَمَا لَا يَنفَعُهُۥ അവന് ഉപകാരം ചെയ്യാത്തതിനെയും ذَٰلِكَ هُوَ അതുതന്നെയാണ് ٱلضَّلَـٰلُ വഴിപിഴവ് ٱلْبَعِيدُ വിദൂരമായ

22:13

  • يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ ﴾١٣﴿
  • യാതൊരുത്തന്റെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ കൂടുതല്‍ അടുത്തതാണോ അങ്ങനെയുള്ള വനെത്തന്നെ, അവന്‍ വിളിച്ചുകൊണ്ടിരിക്കുന്നു! അവനത്രെ ദുഷിച്ച രക്ഷാധികാരി! അവനെത്രെ ദുഷിച്ച കൂട്ടുകാരനും.
  • يَدْعُوا۟ അവന്‍ വിളിക്കുന്നു لَمَن ഒരുവനെത്തന്നെ, യാതൊരുവനെത്തന്നെ ضَرُّهُۥٓ അവന്റെ ഉപദ്രവം أَقْرَبُ കൂടുതല്‍ അടുത്തതാണ് (എളുപ്പമുള്ളതാണ്) مِن نَّفْعِهِۦ അവന്റെ ഉപകാരത്തെക്കാള്‍ لَبِئْسَ എത്ര ദുഷിച്ചത്‌, വളരെ മോശപ്പെട്ടത് ٱلْمَوْلَىٰ സഹായകന്‍, രക്ഷാകര്‍ത്താവ്, യജമാനന്‍ وَلَبِئْسَ എത്ര ദുഷിച്ചതും ٱلْعَشِيرُ കൂട്ടാളി, കൂട്ടുകാരന്‍

ലക്ഷ്യവും തെളിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ച ശേഷം, മതത്തില്‍ അടിയുറപ്പും, വിശ്വാസത്തില്‍ സ്ഥിരതയുമില്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോള്‍ തങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിത സ്ഥിതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവര്‍ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറവക്കില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യവുമാണ് അവര്‍ക്കു കൈവരുന്നതെങ്കില്‍, അവര്‍ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവര്‍ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ, ധനപരമോ ആയ വല്ല ദോഷവും ബാധിച്ചു വെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന്‍ അവതാളത്തിലാകുന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുര്‍നടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങള്‍ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കിപ്പറഞ്ഞാല്‍ : അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ ആടിക്കളിച്ചുകൊണ്ടിരിക്കുന്നവരാണവര്‍.

(مذبذ بين ذالك لاالى هؤلاء ولاالى هؤلاء) നബി (സ) തിരുമേനിയുടെ കാലത്തുണ്ടായിരുന്ന ഇത്തരം ചില ആളുകളുടെ ചെയ്തികളെ വെളിപ്പെടുത്തിക്കൊണ്ടാണ് ഈ വചനം അവതരിച്ചതെന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, എങ്കിലും, ഈ സ്വഭാവക്കാരായ ആളുകള്‍ എല്ലാ കാലത്തുമെന്നപോലെ ഇന്നും കാണപ്പെടുന്നതാണ്.

‘കുഫ്റിന്റെ (അവിശ്വാസത്തിന്റെ) അനിവാര്യഫലങ്ങളാണ് സംശയവും, നിരാശയും, ‘ഈമാനി’ല്‍ (സത്യവിശ്വാസത്തില്‍) അടിയുറച്ചിട്ടുള്ളവനെ സംശയവും, നിരാശയും ബാധിക്കയില്ല. അവന്‍, സന്തോഷത്തില്‍ നന്ദിയുള്ളവനും, സന്താപത്തില്‍ ക്ഷമയുള്ളവനും, ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ളവനുമായിരിക്കും. അവനെ ബാധിക്കുന്ന വിഷമങ്ങളും, പരീക്ഷണങ്ങളും അവന്‍ സഹനപൂര്‍വ്വം തരണംചെയ്യും. അതവന്റെ വിശ്വാസത്തെ ദൃഡപ്പെടുത്തുകയും, കളങ്കരഹിതമാക്കുകയുമാണ്‌ ചെയ്യുക. തന്റെ വിശ്വാസത്തിന്റെയും, നടപടിക്രമങ്ങളുടെയും, ഫലം താല്‍ക്കാലിക സുഖസൗകര്യങ്ങളില്‍ അധിഷ്ഠിതമാണെന്നു അവന്‍ കരുതുകയില്ല. സത്യം പ്രാപിക്കുക, സൃഷ്ടാവിനെ അനുസരിക്കുക, അവന്റെ ശിക്ഷയെ ഭയപ്പെടുക, അവന്റെ പ്രതിഫലം പ്രതീക്ഷിക്കുക ഇത്യാദി ഗുണങ്ങളാണ് മതവിശ്വാസിക്കുണ്ടായിരിക്കേണ്ടത്. ഭൗതികവും, താല്‍ക്കാലികവുമായ നന്മകളെ ഉന്നംവെക്കുന്ന മതവിശ്വാസി കേവലം ‘മുനാഫിഖ്’ (കപടവിശ്വാസി) ആകുന്നു.

മേല്പറഞ്ഞവിധം അസ്ഥിരമായ നില കൈക്കൊള്ളുന്നതുകൊണ്ട് അവര്‍ക്കുണ്ടാക്കുന്ന നേട്ടമേന്താണ് ? ഇഹത്തിലും പരത്തിലും നഷ്ടം തന്നെ! ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന സകല ഗുണങ്ങളും അവര്‍ക്ക് നഷ്ടപ്പെടുന്നു. ഏതൊരു വ്യാമോഹമാണ് അവരെ മതത്തില്‍ നിന്ന് വ്യതിചലിപ്പിച്ചതെങ്കില്‍, ആ വ്യാമോഹമെങ്കിലും അതുമൂലം സാദ്ധ്യമാകുമോ? അതുമില്ല! അല്ലാഹു അവര്‍ക്ക് കണക്കാക്കിയതിലപ്പുറം ഒന്നുംതന്നെ, ആ വ്യതിയാനം അവര്‍ക്ക് നേടിക്കൊടുക്കുന്നില്ല. പരലോകത്താകട്ടെ, കാലാകാല ശിക്ഷയും! ഇതില്‍പരം എന്തൊരു നഷ്ടമാണ് സംഭവിക്കുവാനുള്ളത്?!

അല്ലാഹുവിനെ ആരാധിച്ചും, സന്തോഷ സന്താപങ്ങളില്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും വരുന്നവന്‍ – അതുമൂലം തനിക്കുവേണ്ടത്ര നന്മകള്‍ ലഭിച്ചില്ലെന്നോ, തിന്മകളില്‍ നിന്ന് രക്ഷ കിട്ടിയില്ലെന്നോ കരുതി-അതു ഉപേക്ഷിച്ചെന്നു വെക്കുക : എന്നാല്‍ പിന്നെ അവന്റെ ആശകള്‍ അര്‍പ്പിക്കുവാനും, അപേക്ഷകള്‍ സമര്‍പ്പിക്കുവാനും മറ്റാരാണുള്ളത്? അല്ലാഹു അല്ലാതെ എതൊന്നിനെ അവന്‍ തിരഞ്ഞെടുത്താലും ശരി, അതിനെ വിളിച്ചാരാധിച്ചതു കൊണ്ട് ഒരു നേട്ടമോ, വിളിച്ചാരാധിക്കാത്തതുകൊണ്ട് ഒരു കോട്ടമോ അവന് നേരിടുവാനില്ല. എന്നിരിക്കെ, എല്ലാ നന്മയും, എല്ലാ തിന്മയും ഏതൊരു മഹാശക്തിയുടെ കൈയ്യിലാണോ ആ മഹാശക്തിയെ വിട്ടു മറ്റൊന്നിനെ ശരണം പ്രാപിക്കുന്നതില്‍പരം ദൗര്‍ഭാഗ്യകരമായിട്ടുള്ളതെന്താണ്?! ഉപകാരവും അപകാരവുമില്ലെങ്കില്‍ പോകട്ടെ എന്നുവെച്ച് തൃപ്തി അടയുവാനും തരമില്ല. കാരണം, അതുമൂലം ഖിയാമത്തുനാളില്‍ വമ്പിച്ച ശിക്ഷയും ആപത്തുകളും അവനെ ബാധിക്കാനിരിക്കുന്നുമുണ്ട്. നരകശിക്ഷ അനുഭവപ്പെടുമ്പോള്‍ അവന്‍ ഇങ്ങിനെ വിളിച്ചു അട്ടഹസഹിച്ചേക്കും: ‘അയ്യോ! സഹായകനും ബന്ധുവുമായി ഞാന്‍ കരുതി വന്നവന്‍ വളരെ മോശപ്പെട്ടവനായല്ലോ! ഞാന്‍ തുണക്കാരനും കൂട്ടുകാരനുമാക്കി വെച്ചവന്‍ ഇത്രത്തോളം കൊള്ളരുതാത്തവനായല്ലോ…!’ എന്നൊക്കെ. (لبئس المولى ولبئس العشير)

22:14

  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ ﴾١٤﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാക്കുന്നു. നിശ്ചയമായും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു പ്രവര്‍ത്തിക്കുന്നതാകുന്നു.
  • إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു ٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരെ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّـٰتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِى ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ٱلْأَنْهَـٰرُ നദികള്‍, അരുവികള്‍ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവന്‍ പ്രവര്‍ത്തിക്കും, ചെയ്യും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നത്

22:15

  • مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْءَاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ ﴾١٥﴿
  • ആരെങ്കിലും, ഇഹലോകത്തും, പരലോകത്തും അല്ലാഹു അവനെ സഹായിക്കുന്നതേയല്ല എന്നു വിചാരിക്കുന്നുണ്ടെങ്കില്‍, അവന്‍ ഉപരിഭാഗത്തേക്കു ഒരു കയര്‍ നീട്ടി (ക്കെട്ടി) ക്കൊള്ളട്ടെ, പിന്നീട് (കഴുത്തുകുടുക്കി) മുറിച്ചുകൊള്ളുകയും ചെയ്യട്ടെ! [അതില്‍ ആത്മാഹത്യ ചെയ്യട്ടെ]. എന്നിട്ടു, അവന്റെ (ഈ) തന്ത്രം (അവനെ) ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ പൊക്കി [ഇല്ലാതാക്കി]ക്കളയുമോ എന്നു നോക്കിക്കൊള്ളട്ടെ!
  • مَن كَانَ ആരെങ്കിലും ആയാല്‍ يَظُنُّ വിചാരിക്കുന്ന أَن لَّن يَنصُرَهُ അവനെ സഹായിക്കുന്നതേ അല്ല എന്ന് ٱللَّـهُ അല്ലാഹു فِى ٱلدُّنْيَا ഇഹത്തില്‍ وَٱلاخرةِ പരലോകത്തിലും فَلْيَمْدُدْ എന്നാലവന്‍ നീട്ടിയിട്ട് കൊള്ളട്ടെ بِسَبَبٍ ഒരു കയറിനെ, ഒരു ബന്ധത്തെ إِلَى ٱلسَّمَآءِ ഉപരിഭാഗത്തേക്ക്, വാനത്തിലേക്ക് ثُمَّ പിന്നെ لْيَقْطَعْ അവന്‍ മുറിച്ചുകൊള്ളട്ടെ فَلْيَنظُرْ എന്നിട്ടവന്‍ നോക്കട്ടെ هَلْ يُذْهِبَنَّ നിശ്ചയമായും പൊക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്നു) كَيْدُهُۥ അവന്റെ തന്ത്രം, ഉപായം مَا يَغِيظُ ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ)

ان ينصره (അവനെ സഹായിക്കുന്നതേയല്ല) എന്നു പറഞ്ഞതില്‍ ‘അവനെ’ (ه) എന്ന സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം, നബി (സ) തിരുമേനിയാണെന്നാണ് അധിക മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുള്ളത്‌. മറ്റുള്ളവര്‍ പറയുന്നത് പ്രസ്തുതവിചാരം വിചാരിക്കുന്നവനെത്തന്നെ ഉദ്ദേശിച്ചാണെന്നാകുന്നു.

ആദ്യത്തെ അഭിപ്രായം അനുസരിച്ചു ആയതിന്റെ സാരം ഇപ്രകാരമായിരിക്കും : നബി (സ)യെ – അതായതു, അവിടുന്നു പ്രബോധനം ചെയ്യുന്ന മതത്തെ – ഇഹത്തിലും പരത്തിലും അല്ലാഹു സഹായിച്ചു വിജയിപ്പിക്കുകയില്ലെന്നു വല്ലവനും വിചാരിക്കുന്നുവെങ്കില്‍, അവന്റെ ആ ആഗ്രഹം ഒരിക്കലും നിറവേറുവാന്‍ പോക്കുന്നില്ല. ആകയാല്‍, മേല്‍പുരയിലോ മറ്റോ ഒരു കയര്‍ നീട്ടിക്കെട്ടി അതില്‍ തൂങ്ങിമരിച്ചു സ്വയം നശിച്ചിട്ടെങ്കിലും, അവന്റെ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുവാന്‍ മാര്‍ഗ്ഗമുണ്ടെങ്കില്‍ അവനതു ചെയ്തുകൊള്ളട്ടെ. ഏതായാലും അവന്റെ നിരാശക്ക് പരിഹാരമുണ്ടാകാത്തതാകുന്നു. അല്ലാഹു അവന്റെ റസൂലിനെയും, മതത്തെയും വിജയിപ്പിക്കുമെന്നത് തീര്‍ച്ചപ്പെട്ട കാര്യമാണ്. രണ്ടാമത്തെ അഭിപ്രായമനുസരിച്ചു സാരം ഇപ്രകാരമായിരിക്കും : ഒരാള്‍, ഇഹത്തിലും പരത്തിലും തനിക്ക് അല്ലാഹുവിന്റെ സഹായവും രക്ഷയുമില്ലെന്ന് കരുതുന്നപക്ഷം – അഥവാ അല്ലാഹുവിന്റെ സഹായത്തില്‍ അവന്‍ നിരാശപ്പെട്ടാല്‍ – പിന്നെ അവന് രക്ഷയില്ലതന്നെ. ആ മനഃക്ലേശം തീര്‍ക്കുവാന്‍ ആത്മാഹത്യ വേണമെങ്കിലും ചെയ്തുകൊള്ളട്ടെ. എന്നാലും അതിന് അറുതി ലഭിക്കുകയില്ല. ഇതാണ് സാരം. സത്യവിശ്വാസിക്ക് ഒരിക്കലും നിരാശയുണ്ടാവാന്‍ പാടില്ലെന്നു മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം നല്കപ്പെടുന്നത്.

മനുഷ്യജീവിതത്തിന്റെ ഐഹികവും, പാരത്രികവുമായ നേട്ടങ്ങളുടെ അടിസ്ഥാനം ആശയാണ്, അല്ലെങ്കില്‍ പ്രത്യാശയാണ്. പ്രത്യാശയില്ലാത്തവന്‍ പരിശ്രമിക്കുകയില്ല. പരിശ്രമിക്കാത്തവന്‍ വിജയിക്കുകയുമില്ല. വിഷമങ്ങള്‍ക്കുശേഷം ആശ്വാസത്തെയും, ഞെരുക്കത്തിനുശേഷം എളുപ്പത്തെയും, പാപത്തിന്ശേഷം മോചനത്തെയും, ദാരിദ്ര്യത്തിനുശേഷം ധന്യതയെയും അവന്‍ ആശിക്കുന്നു. അവന്റെ രക്ഷിതാവിന്റെ കാരുണ്യത്തിലും, അനുഗ്രഹത്തിലും ഒരിക്കലും അവന് നിരാശ അനുഭവപ്പെടുന്നതല്ല. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുന്നത് എത്രമാത്രം ഭയങ്കര നഷ്ടമായിരിക്കുമെന്നു നോക്കുക:-

1: ഇബ്രാഹീം നബി (അ) പറഞ്ഞതായി ഖുര്‍ആനില്‍ ഇങ്ങിനെ കാണാം : ‘വഴിപിഴച്ചവരല്ലാതെ ആരാണ് തന്റെ രക്ഷിതാവിന്റെ കാരുണ്യത്തില്‍നിന്നു നിരാശപ്പെടുക ?!’ (15:56)
2: യഅ്ഖൂബ് നബി (അ) തന്റെ പുത്രന്മാരോട് ഉപദേശിച്ചകൂട്ടത്തില്‍ ഇങ്ങിനെ കാണാം : നിങ്ങള്‍ അല്ലാഹുവില്‍നിന്നുള്ള ആശ്വാസത്തെക്കുറിച്ചു നിരാശ അടയരുത് ; നിശ്ചയമായും അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തില്‍ നിരാശ അടയുകയില്ല. (12:87)
3: അല്ലാഹു അവന്റെ അടിയാന്മാരെ സംബോധന ചെയ്തുകൊണ്ട് അരുളി ചെയ്യുന്നു : ‘(നബിയേ,) പറയുക : തങ്ങളുടെ സ്വന്തം ദേഹങ്ങളോട് അതിരുകവിഞ്ഞു പോയിട്ടുള്ള എന്റെ (പാപികളായ) അടിയാന്‍മാരേ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്നു ആശ മുറിഞ്ഞുപോകരുത് എന്ന് (39:53)

സൂറത്തുല്‍ അമ്പിയാഉ് : വ്യാഖ്യാനക്കുറിപ്പ്‌

ഇബ്രാഹീം നബി (عليه السلام) അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ടിട്ടില്ലേ?!

മുഹമ്മദ്‌ മുസ്തഫാ (صلى الله عليه وسلم) തിരുമേനിക്കുശേഷം, വീണ്ടും പുതിയ പ്രവാചകന്മാര്‍ ഉണ്ടാവാമെന്നു വിശ്വസിക്കുന്ന ചില കക്ഷികള്‍, നബിമാരുടെ കൈക്ക് വെളിപ്പെട്ട അമാനുഷികസംഭവങ്ങളെ നിഷേധിക്കുകയും, അന്യഥാ വ്യാഖ്യാനിക്കുകയും ചെയ്യുക പതിവാണ്. നബിമാരുടെ നുബുവ്വത്തിന് (പ്രവാചകത്വത്തിന്) ഒരു പ്രധാന തെളിവാണല്ലോ അങ്ങിനെയുള്ള സംഭവങ്ങള്‍. അതില്ലെന്നു വന്നുകഴിഞ്ഞാല്‍, നുബുവ്വത്ത് വാദക്കാര്‍ക്ക് രംഗപ്രവേശത്തിനുള്ളമാര്‍ഗ്ഗം സുഗമമാകുമല്ലോ. ഈ വിഷയത്തില്‍ അഹ്മദീ (ഖാദിയാനി) കളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുമ്പേ പ്രസിദ്ധമാണ്. ഇപ്പോള്‍, വേറെ ചിലരും ഈ വിഷയത്തില്‍ അവരെ അനുകരിച്ചുകൊണ്ട് – മറ്റു ചില അസാധാരണസംഭവങ്ങളെപ്പോലെ – ഇബ്രാഹീം (عليه السلام) നബിയെ തീകുണ്ഡത്തിലിട്ട സംഭവത്തെ നിഷേധിച്ചു വരുന്നു. സംഭവത്തെപ്പറ്റി അവര്‍ പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:-

“ഇബ്രാഹീം (عليه السلام) നബിയെ അഗ്നിക്ക് ഇരയാക്കണമെന്ന് ശത്രുക്കള്‍ സ്വകാര്യമായി തീരുമാനിച്ചു – പരസ്യമായിട്ടല്ല. ഇത്തരം കുറ്റങ്ങള്‍ക്കു (ഇബ്രാഹീം നബി ചെയ്തതുപോലുള്ള കുറ്റങ്ങള്‍ക്കു) അക്കാലത്തുണ്ടായിരുന്ന ശിക്ഷയാണത്. അതിനായിട്ടായിരിക്കണം അവര്‍ (37:97ല്‍ പറഞ്ഞപ്രകാരം) ഒരു കെട്ടിടം (بُنْيَانًا) ഉണ്ടാക്കിയത്. ഇതു അറിഞ്ഞ ഉടനെ അദ്ദേഹം നാടുവിട്ടു. അദ്ദേഹത്തെ തീയിലിടുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അഗ്നിയോടു തണുത്തുപോകുവാനും, രക്ഷയായിത്തീരുവാനും (സൂ: അമ്പിയാഇല്‍ കണ്ടതുപോലെ) അല്ലാഹു പറഞ്ഞത് അലങ്കാരപ്രയോഗം മാത്രമാണ്. ബിംബങ്ങളെ അദ്ദേഹം തല്ലിത്തകര്‍ത്തിയതിനാല്‍, അവിടെ ആളിക്കത്തിയിരുന്ന അഗ്നി (കോപാഗ്നി)യോടാണു അല്ലാഹു അണയുവാന്‍ കല്‍പിച്ചത്‌. (അല്ലാതെ, യഥാര്‍ത്ഥത്തിലുള്ള അഗ്നിയോടല്ല).” ഇതാണ് ഇവരുടെ പ്രസ്താവനയുടെ ചുരുക്കം. ഇതിന്ന് ഇവര്‍ പറയുന്ന ദുര്‍ന്യായങ്ങളില്‍ പ്രധാനമായത്, ശത്രുക്കള്‍ അദ്ദേഹത്തെ അപകടപ്പെടുത്തണമെന്നു – അഥവാ ഒരു കുതന്ത്രം ചെയ്യണമെന്നു – ഉദ്ദേശിച്ചുവെന്നല്ലാതെ, ‘തീയിലിട്ടു’ എന്ന് ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല എന്നുള്ളതാകുന്നു. ബാക്കി ന്യായങ്ങളെല്ലാം ഈ അടിസ്ഥാനത്തില്‍ ചെരുപ്പിനൊത്തു കാല്‍ മുറിച്ചു ശരിപ്പെടുത്തിയതാണെന്നു കാണാം.

ഇബ്രാഹീം (عليه السلام) നബിയുടെ പേരിലുള്ള കുറ്റം മതദ്രോഹവും, രാജദ്രോഹവുമാണ്. അത്തരം കുറ്റങ്ങള്‍ക്ക് അഗ്നിശിക്ഷയാണ് നല്‍കപ്പെട്ടിരുന്നതെന്നു ഇവര്‍ സമ്മതിക്കുന്നു. പഴയകാലചരിത്രംകൊണ്ട് അതു ശരിയാണെന്നു നാമും മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ മുഴുവനും രാജാവും, പിതാവും – എല്ലാം തന്നെ – അദ്ദേഹത്തിന്റെ എതിര്‍കക്ഷി. അദ്ദേഹം അവരുടെ മുമ്പില്‍, മഹാപാപിയും, തനി ധിക്കാരിയുമായ ഒരു ചെറുപ്പക്കാരനും. പരസ്യമായി അവര്‍ അദ്ദേഹത്തെ വിചാരണയുംചെയ്തു. (അമ്പിയാഉ് 61,62) എന്നിട്ട് അവര്‍ വിധി കല്‍പിച്ചു: ‘നിങ്ങള്‍ വല്ലതും ചെയ്യുന്നവരാണെങ്കില്‍, ഇവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിന്‍’ എന്ന്

(قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ – الأنبياء :٦٨)

എന്നിരിക്കെ, പതിവനുസരിച്ച് അദ്ദേഹത്തിന്റെമേല്‍ നടത്തപ്പെടേണ്ടുന്ന ശിക്ഷ – അഗ്നിശിക്ഷ – അവര്‍ സ്വകാര്യമായി നടത്തുവാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നു ഇക്കൂട്ടര്‍ ധരിച്ചതു ആശ്ചര്യം തന്നെ.

വസ്-സ്വാഫ്-ഫാത്ത് 98ലും, അമ്പിയാഉ് 70ലും أَرَادُوا۟ بِهِ كَيْدًا (അദ്ദേഹത്തെക്കൊണ്ടു അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു) എന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍ തന്ത്രം എന്ന അര്‍ത്ഥത്തിനു ഉപയോഗിച്ച പദം كَيْد (‘കൈദ്’) എന്നാകുന്നു. ഈ പദത്തെ അടിസ്ഥാനമാക്കിയാണ്, അവര്‍ അദ്ദേഹത്തെ തീയില്‍ ഇടുവാന്‍ ഉദ്ദേശിച്ചതു സ്വകാര്യമായിട്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ പറയുന്നത്. ‘കൈദ്’ എന്നാല്‍ ‘ഉപായം, തന്ത്രം, കുതന്ത്രം, ചതി, ദുസ്സാമാര്‍ത്ഥ്യം, കൗശലം, വഞ്ചന’ എന്നിങ്ങിനെ അര്‍ത്ഥങ്ങളുള്ള പദംതന്നെ. സ്വകാര്യമായോ, ഗൂഡാലോചനയോടുക്കൂടിയോ നടത്തുന്ന തന്ത്രങ്ങള്‍ക്കു മാത്രമേ ‘കൈദ്’ എന്നു പറയാവൂ എന്നു് യാതൊരു നിബന്ധനയുമില്ല. മൂസാ (عليه السلام) നബിയില്‍ വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കുവാന്‍ ഫിര്‍ഔന്‍ കല്‍പന പാസ്സാക്കിയതിനെപ്പറ്റിയും, മൂസാ (عليه السلام) നബിയുടെ ഇലാഹി’ന്റെ അടുക്കലേക്കു കയറിപ്പോകുവാനായി ഒരുന്നതസൗധം കെട്ടണമെന്നു് അവന്‍ ഹാമാനോടു കല്‍പിച്ചതിനെപ്പറ്റിയും അല്ലാഹു ‘കൈദ്’ എന്നു ഉപയോഗിച്ചിട്ടുണ്ട്. സൂ: 40 മുഅ്മിന്‍ 25ഉം 37ഉം ആയത്തുകളും മറ്റും നോക്കുക. ഇവിടെ ശത്രുക്കള്‍ ഉദ്ദേശിച്ച ‘കൈദ്’ എന്താണെന്നാണ് നാം നോക്കേണ്ടത്. ന്യായവും തെളിവും മുഖേന സ്ഥാപിക്കപ്പെട്ട ഒരു പരമാര്‍ത്ഥത്തെ (തൗഹീദിനെ), ശക്തിയും ബലവും ഉപയോഗിച്ചു പരാജയപ്പെടുത്തുകയാണ് ശത്രുക്കളുടെ ഉദ്ദേശ്യം. ഇതാണ് ഇവിടെ അവരുദ്ദേശിച്ച ‘കൈദ്’. അതുകൊണ്ടാണ് ഇബ്രാഹീം (عليه السلام) നബിയോട് ഉത്തരം മുട്ടിയ പൂജാരികള്‍ ‘നിങ്ങള്‍ വല്ലതും ചെയ്യുന്നവരാണെങ്കില്‍ അവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിന്‍’ എന്നു പറയുന്നത്. അഥവാ അതിന്നായി അദ്ദേഹത്തെ കൊലചെയ്യുകയോ, പതിവുപ്രകാരം ചുട്ടെരിക്കുകയോ, രണ്ടിലൊന്നു കൂടാതെ കഴിയുകയില്ലെന്നായിരുന്നു അവരുടെ തീരുമാനം. സൂ: അങ്കബൂത്തില്‍ അല്ലാഹു പറയുന്നു:-

فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا اقْتُلُوهُ أَوْ حَرِّقُوهُ فَأَنجَاهُ اللَّـهُ مِنَ النَّارِ —:العنكبوت:٢٤

(അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി: അവനെ കൊലചെയ്യുവിന്‍, അല്ലെങ്കില്‍ ചുട്ടെരിക്കുവിന്‍ എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ തീയില്‍നിന്നു രക്ഷിച്ചു.) തീയിലിട്ടോ, കൊലചെയ്തോ ഏതെങ്കിലും വിധേന അദ്ദേഹത്തെ ജീവഹാനിവരുത്തി തങ്ങളുടെ മതത്തെ സംരക്ഷിക്കുവാനുള്ള ഏര്‍പ്പാടാണ് ഇവിടെ ‘കൈദു’ കൊണ്ടുദ്ദേശ്യമെന്നു വ്യക്തമാണ്. അല്ലാതെ ആരും അറിയാതെ സ്വകാര്യമായി വല്ലതും പ്രവര്‍ത്തിക്കണമെന്നു കരുതിയതല്ല.

സൂ: വസ്-സ്വാഫ്-ഫാത്തില്‍ ‘നിങ്ങള്‍ അവന്നായി ഒരു കെട്ടിടം സ്ഥാപിക്കുവിന്‍, എന്നിട്ട് അവനെ ജ്വലിക്കുന്ന തീയില്‍ ഇട്ടേക്കുക’ (قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ : الصافات:٩٧) എന്നും ശത്രുക്കള്‍ പറഞ്ഞതായി അല്ലാഹു പറയുന്നുണ്ട്. ഇതില്‍ ‘കെട്ടിടം’ എന്നര്‍ത്ഥം കൊടുക്കുന്നതു بُنْيَان (ബുന്‍യാന്‍) എന്ന പദത്തിനാണ്. ഇബ്രാഹീം (عليه السلام) നബിയെ ഉപായത്തില്‍ തീയില്‍ ചാടിക്കുവാനുള്ള ഒരു സൂത്രമായിരിക്കണം ഇതെന്നാണ് ഇക്കൂട്ടരുടെ വാദം. ‘ബുന്‍യാന്‍’ എന്ന പദം, വീടുപോലെയുള്ള കെട്ടിടത്തിനു മാത്രമല്ല ഉപയോഗിക്കുക. പടുത്തുണ്ടാക്കിയ മതില്‍, ഭിത്തി, കിണറ്റിന്റെ ആള്‍മറ മുതലായതിനും ഉപയോഗിക്കാവുന്ന വാക്കാണത്. സ്വകാര്യമായി തീയില്‍ ഇടുവാനാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍, നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു കെട്ടിടത്തിനുള്ളില്‍വെച്ചോ മറ്റോ അവര്‍ അതിനു ചട്ടവട്ടം ചെയ്യുകയല്ലാതെ, അതിനായി ഒരു പുതിയ കെട്ടിടം ഉണ്ടാക്കുമോ?! സാധാരണയില്‍ കവിഞ്ഞതോതിലുള്ള ഒരു വമ്പിച്ച ശിക്ഷ – മേലില്‍ ആരും ഇത്തരം അപരാധം ചെയ്‌വാന്‍ മുതിരാതിരിക്കത്തക്കവണ്ണം കഠിനകഠോരവും, പരസ്യവുമായ ഒരു ശിക്ഷ – ഇബ്രാഹീമിനു നല്‍കുവാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. മതദ്രോഹത്തിനും, രാജദ്രോഹത്തിനും അന്ന് സാധാരണ നല്‍കപ്പെട്ടിരുന്ന ശിക്ഷ അഗ്നിക്കിരയാക്കുകയാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം അവരുടെ ദൃഷ്ടിയില്‍ കൂടുതല്‍ ധിക്കാരപരമായതാകകൊണ്ട് അദ്ദേഹത്തിനു നല്‍കുന്ന ശിക്ഷയും കൂടുതല്‍ വമ്പിച്ചതായിരിക്കണം. അതിനായി, മുമ്പൊന്നുമില്ലാത്ത ഒരു വമ്പിച്ച തീകുണ്ഡം പടുത്തുണ്ടാക്കണം. എന്നിട്ട് അതില്‍ ശക്തിയായ നിലയില്‍ തീ കത്തിച്ചു ജ്വലിപ്പിക്കണം. അങ്ങിനെ, അദ്ദേഹത്തെ പരസ്യമായി അതില്‍ ഇട്ടുകളയണം. ഇതാണ് ആ വാക്യത്തിന്റെ സാരം. ഇബ്രാഹീം (عليه السلام) നബിയെ പരസ്യമായി വിചാരണ നടത്തി വമ്പിച്ച കുറ്റക്കാരനാണെന്നു കണ്ടശേഷം ‘കോപാഗ്നി ജ്വലിക്കുന്ന’ ആ ഹൃദയങ്ങള്‍, അദ്ദേഹത്തിന്റെമേല്‍ എടുക്കേണ്ട ശിക്ഷാനടപടിയെപ്പറ്റി ഒന്നും മിണ്ടാതെ, തല്‍ക്കാലം പിരിഞ്ഞുപോകുകയും, അനന്തരം അദ്ദേഹത്തെ ഉപായത്തില്‍ വല്ല തീയിലും കൊണ്ടുപോയി ചാടിക്കാമെന്നു ഗൂഡാലോചന നടത്തുകയാണുണ്ടായതെന്നു വിചാരിക്കുന്നത് എത്രമാത്രം യുക്തിഹീനമാണെന്നു ചിന്തിച്ചുനോക്കുക!

യഥാര്‍ത്ഥത്തില്‍ അവിടെ നടന്ന സംഭവം, ശത്രുക്കള്‍ ‘കൈദിനെ ഉദ്ദേശിച്ചത്’ മാത്രമാണെന്നും, ബാക്കി ആയത്തുകളെല്ലാം ആ അടിസ്ഥാനത്തിലേ വ്യാഖ്യാനിച്ചുകൂടൂ എന്നുമാണ് തീ സംഭവത്തെ നിഷേധിക്കുന്നവര്‍ ജല്‍പിക്കുന്നത്. ഈ ജല്‍പനത്തിന്റെ അന്തരംഗം എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ പിന്നെ, തീയിനോട് അല്ലാഹു തണുക്കുവാന്‍ കല്‍പിച്ചതും മറ്റും അലങ്കാരപ്രയോഗങ്ങളാണെന്നു പറഞ്ഞു തള്ളിക്കളയുവാന്‍ വേഗം സാധിക്കുമല്ലോ! ഈ സംഭവത്തെക്കുറിച്ചു വന്ന ആയത്തുകളുടെയും മറ്റും വ്യക്തമായ താല്‍പര്യങ്ങള്‍ക്ക്‌ ‘കൈദ്’ എന്ന ഒരു പദം എതിരായി വന്നിരിക്കുകയാണെന്ന് ഇവര്‍ക്ക് തോന്നിപ്പോയെങ്കില്‍, ആ ഒരൊറ്റ പദം അലങ്കാരപ്രയോഗമായി അങ്ങു തള്ളി ബാക്കിയെല്ലാം ശരിയായ രൂപത്തില്‍തനെന്‍ സ്വീകരിച്ചുകൂടേ?! അതല്ലേ ന്യായം?!

يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ : الأنبياء : ٦٩ (തീയേ! നീ ഇബ്രാഹീമിനു ശീതളവും, രക്ഷയും ആയിക്കൊള്ളുക) എന്ന് അല്ലാഹു പറഞ്ഞത് ശത്രുക്കളുടെ കൊപാഗ്നിയോടാണു’ പോല്‍! ഇങ്ങിനെ ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ മുതിരുന്നപക്ഷം, ഏതു വാക്കിന്റെയും അര്‍ത്ഥം മാറ്റുവാനും, ഏതു വാദവും തെളിയിക്കുവാനും ആര്‍ക്കും സാധിക്കും. ‘അവര്‍ അദ്ദേഹത്തെ തീകുണ്ഡത്തില്‍ ഇട്ടു’ എന്നുതന്നെ അല്ലാഹു പറഞ്ഞിരുന്നാലും, ‘അദ്ദേഹത്തിനു കോപാഗ്നി ബാധിച്ചു’ എന്നും മറ്റും ഇക്കൂട്ടര്‍ അര്‍ത്ഥം കല്‍പിക്കുകയില്ലേ? തീര്‍ച്ചയായും കല്‍പിക്കും! കാരണം: ഖുര്‍ആന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുകയല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവരുടെ ഉദ്ദേശ്യം – സ്വന്തം അഭിമതങ്ങളെ ഖുര്‍ആന്റെ പേരില്‍ പുറത്തു വിടുക മാത്രമാണ്. പല സ്ഥലത്തും ഇവര്‍ ഇങ്ങിനെ ചെയ്തിട്ടുമുണ്ട്. ‘ഇബ്രാഹീം (عليه السلام) നബിയെ തീയില്‍ ഇട്ടു’ എന്ന വാചകം ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. പക്ഷേ ഹദീസില്‍ അതേ വാചകം തന്നെ കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഇക്കൂട്ടര്‍ ഹദീസുകള്‍ പാടെ പുറംതള്ളുന്നതും ഒരു പതിവാണ്. പക്ഷേ, സത്യാന്വേഷികള്‍ക്കു അതിനു നിവൃത്തിയില്ലല്ലോ. ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ഇമാം ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു:-

حَسْبُنَا اللهُ وَنِعْمَ الوَكِيلُ : قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِي فِي النَّارِ ، وَقَالَهَا مُحَمَّدٌ صلى الله عليه وسلم حِينَ قَالُوا : (إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

(‘നമുക്ക് അല്ലാഹു മതി; അവന്‍ ഭരമേല്‍പിക്കപ്പെടുവാന്‍ വളരെ നല്ലവനത്രെ’ – حَسْبُنَا اللهُ وَنِعْمَ الوَكِيلُ – എന്ന് ഇബ്രാഹീം നബി തീയില്‍ ഇടപ്പെട്ടപ്പോള്‍ പറഞ്ഞു. ‘ജനങ്ങള്‍ നിങ്ങളോട് (യുദ്ധത്തിനു) ജനശേഖരണം ചെയ്തിരിക്കുന്നു’ എന്നു ജനങ്ങള്‍ പറഞ്ഞ (ഭീഷണി പ്രചരിപ്പിച്ച) അവസരത്തില്‍ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും അതു പറയുകയുണ്ടായി.) (*). അദ്ദേഹത്തെ തീയില്‍ ഇട്ടു കരിക്കുവാനും, അതിനായി ഒരു കെട്ടിടം – തീകുണ്ഡം – തന്നെ നിര്‍മ്മിക്കുവാനും അദ്ദേഹത്തിന്റെ ശത്രുക്കള്‍ തീരുമാനിച്ചു. തീയില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തിയെന്നും, തീയിനോടു തണുത്തുകൊള്ളുവാന്‍ കല്‍പിച്ചുവെന്നും അല്ലാഹുവും പറഞ്ഞു. ഇതില്‍നിന്നെല്ലാം – മറ്റു മുസ്ലിംകളെപ്പോലെ – ഇബ്രാഹീം (عليه السلام) നബിയെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ തീയില്‍ ഇട്ടതായി ഇബ്നുഅബ്ബാസും മനസ്സിലാക്കിയിരിക്കുന്നുവല്ലോ. ആ അവസരത്തില്‍ ഇബ്രാഹീം (عليه السلام) മേല്‍പറഞ്ഞ വാക്യം – ദിക്ര്‍ – ഉദ്ധരിച്ചുവെന്ന് ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു കേട്ടതായിരിക്കുവാനേ നിവൃത്തിയുള്ളുവെന്ന് പറയേണ്ടതില്ല.

(*).ഉഹ്ദ് യുദ്ധാനന്തരമുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും പറഞ്ഞതാണ് ഇവിടെ സൂചിപ്പിച്ചതെന്ന് സൂ: ആലുഇംറാന്‍ 173ല്‍ നിന്നു മനസ്സിലാക്കാം.

മുമ്പും പിമ്പും പറയപ്പെട്ട വാക്യങ്ങളില്‍നിന്നോ, സന്ദര്‍ഭംകൊണ്ടോ ഉദ്ദേശ്യം മനസ്സിലാകുമെന്ന് കാണുന്നിടത്ത്, ചില വാക്കുകളെയോ, വാക്യങ്ങളെയോ വ്യക്തമാക്കാതെ വിട്ടുകളയുന്ന സമ്പ്രദായം, സാധാരണ എല്ലാവരുടെ സംസാരത്തിലും കാണാവുന്നതാണ്. സാഹിത്യകാരന്‍മാരുടെ സംസാരങ്ങളിലാണ് ഇതു കൂടുതല്‍ കണ്ടെത്തുക. ഖുര്‍ആനിലാകട്ടെ, ഇതു സര്‍വ്വസാധാരണമാണ്. സൂ: സ്വാഫ്ഫാത്ത് 101ഉം 102ഉം നോക്കുക: ഇബ്രാഹീം (عليه السلام) നബിക്ക് ഒരു കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിച്ചു എന്ന് പറഞ്ഞ ഉടനെത്തന്നെ, തുടര്‍ന്നു പറയുന്നത്, ആ കുട്ടി തന്നോടൊപ്പം യത്നിക്കാറായപ്പോള്‍, കുട്ടിയെ ബലിയര്‍പ്പിക്കുന്നതിനെപ്പറ്റി കുട്ടിയോട് ആലോചന നടത്തിയ വിവരമാണ് (… فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢) . കുട്ടിയുണ്ടായതും, കുട്ടി വളര്‍ന്നുവന്നതും അതിന്നിടക്കുവെച്ച് പ്രസ്താവിച്ചിട്ടില്ല. അതുപോലെത്തന്നെ, യൂസുഫ് (عليه السلام) നബി ജയിലിലായിരുന്നപ്പോള്‍, ജയിലില്‍ നിന്നു ഒഴിവായി പുറത്തുപോരുന്ന ഒരുവനോട് എന്റെ കാര്യം രാജാവിനെ ഓര്‍മ്മപ്പെടുത്തണം (اذْكُرْنِي عِندَ رَبِّكَ) എന്നു അദ്ദേഹം പറഞ്ഞിരുന്നു. കുറെ കൊല്ലങ്ങള്‍ക്കുശേഷം രാജാവ് ഒരു സ്വപ്നം കാണുകയും, അതിന്റെ വ്യാഖ്യാനം പറഞ്ഞുകൊടുക്കുവാന്‍ ആര്‍ക്കും കഴിയാതെ വരികയും ചെയ്തപ്പോഴാണ് അയാള്‍ക്കതു ഓര്‍മ്മവന്നത്. അപ്പോള്‍ യൂസുഫിനെപ്പറ്റി അയാള്‍ അവരെ വിവരം അറിയിക്കുകയും, അദ്ദേഹത്തിനു സ്വപ്നവ്യാഖ്യാനം അറിയുമെന്നും മറ്റും പറയുകയും ചെയ്തു. മാത്രമല്ല, വേണമെങ്കില്‍ ചെന്നു ചോദിച്ചുവരാമെന്നും അറിയിച്ചു. അങ്ങനെ, അവര്‍ അവനെ അയച്ചു. അയാള്‍ ജയിലില്‍ചെന്ന് സ്വപ്നവ്യാഖ്യാനം ചോദിച്ചറിഞ്ഞു വരികയും ചെയ്തു. ഈ സംഭവത്തെപ്പറ്റി സൂ: യൂസുഫില്‍ പറയുന്നത് നോക്കുക:-

وَادَّكَرَ بَعْدَ أُمَّةٍ أَنَا أُنَبِّئُكُم بِتَأْوِيلِهِ فَأَرْسِلُونِ ﴿٤٥﴾ يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ …… ﴿٤٦﴾

(കുറെ കാലത്തിനുശേഷം അവനു ഓര്‍മ്മവന്നു: ‘ഞാന്‍ നിങ്ങള്‍ക്കു അതിന്റെ വ്യാഖ്യാനം പറഞ്ഞുതരാം, എന്നാല്‍ നിങ്ങള്‍ എന്നെ അയക്കുവിന്‍. യൂസുഫ്! ഹേ പരമസത്യവാന്‍! ഞങ്ങള്‍ക്ക് ഒരേഴു പശുക്കളുടെ കാര്യത്തില്‍ തീരുമാനം പറഞ്ഞു താ….’) അയാളെ അവര്‍ പറഞ്ഞയച്ചതോ, അയാള്‍ ജയിലില്‍ ചെന്നതോ ഒന്നുംതന്നെ അവിടെ പ്രസ്താവിച്ചിട്ടില്ലാത്തതുകൊണ്ട്, അവന്‍ നിന്നനിലയില്‍ തന്നെ ‘യൂസുഫേ’ എന്നു വിളിച്ചുവെന്നാണോ നാം കരുതേണ്ടത്? ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാം. ഇബ്രാഹീം (عليه السلام) നബിയുടെ കഥയില്‍തന്നെ ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ (അവനു നിങ്ങള്‍ ഒരു കെട്ടിടം സ്ഥാപിക്കുവിന്‍. എന്നിട്ട് അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇടുക) എന്നു പറഞ്ഞുവല്ലോ. ഇവിടെ, ഒരു കെട്ടിടം അവര്‍ ഉണ്ടാക്കി എന്നു പ്രസ്താവിച്ചിട്ടില്ല. പക്ഷെ, അത് ഉണ്ടാക്കി എന്ന് – കെട്ടിടംകൊണ്ടുള്ള വിവക്ഷ എന്തെങ്കിലുമാകട്ടെ – ഇക്കൂട്ടരും സമ്മതിക്കുന്നു. അതേ സമയത്ത് ജ്വലിക്കുന്ന തീയില്‍ ഇട്ടതുമാത്രം സംഭവിക്കാത്ത ഒരലങ്കാര പ്രയോഗമാക്കിത്തള്ളുവാന്‍ ഇവര്‍ മുതിര്‍ന്നിരിക്കുകയാണ്.

فَأَنجَاهُ اللَّـهُ مِنَ النَّارِ – العنكبوت (എന്നിട്ടു അല്ലാഹു അദ്ദേഹത്തെ തീയില്‍നിന്നു് രക്ഷപ്പെടുത്തി) എന്നു് അല്ലാഹു പറയുന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ചുട്ടെരിക്കുവാന്‍ വേണ്ടി ജ്വലിക്കുന്ന തീയില്‍ ഇട്ടുവെങ്കിലും, തീയിനോട് തണുപ്പും രക്ഷയുമായിക്കൊള്ളുവാന്‍ അല്ലാഹു കല്‍പിച്ചതുമൂലം, അദ്ദേഹം കരിഞ്ഞുപോകാതെ രക്ഷപ്പെട്ടുവെന്നാണ് ഇതിന്റെ താല്‍പര്യമെന്നു വ്യക്തമത്രെ. പക്ഷേ, ഇക്കൂട്ടര്‍ പറയുന്നത്: തീയില്‍ അകപ്പെടാതെ രക്ഷിച്ചു – അഥവാ തീയില്‍ അകപ്പെടുന്നതിനുമുമ്പായി അദ്ദേഹം നാടുവിട്ടുപോയിക്കളഞ്ഞു – എന്നാകുന്നു. പല നബിമാരുടെയും സമുദായങ്ങളെ അല്ലാഹു ശിക്ഷിക്കുകയുണ്ടായപ്പോള്‍, നബിമാരെ അതില്‍നിന്നു രക്ഷപ്പെടുത്തി എന്നു് ഖുര്‍ആനില്‍ പറയാറുണ്ട്‌. ഇതിന്റെ ഉദ്ദേശ്യം, നബിമാരെ ആ ശിക്ഷകളില്‍ അകപ്പെടാതെ രക്ഷിച്ചു എന്നാണല്ലോ. അതുപോലെ ഇവിടെയും തീയില്‍ അകപ്പെടാതെ രക്ഷിച്ചു എന്നായിരിക്കണം താല്‍പര്യമെന്നത്രെ ഇവരുടെ ന്യായം. ശരി, ഇബ്രാഹീം (عليه السلام) നബിയുടെ സമുദായത്തിനു നല്‍കിയ ഒരു ശിക്ഷയില്‍നിന്നായിരുന്നു ഇബ്രാഹീം (عليه السلام) നബിയെ അല്ലാഹു ഇവിടെ രക്ഷപ്പെടുത്തിയതെന്നുവരികില്‍, ആ ന്യായം ഇവിടെയും പറഞ്ഞുനോക്കാമായിരുന്നു. മറിച്ച് സമുദായം അദ്ദേഹത്തിനു നല്‍കിയ ശിക്ഷയില്‍നിന്നു അദ്ദേഹത്തെ രക്ഷിച്ച വിവരമാണ് ഇവിടെ പറയുന്നത്. ശിക്ഷയാണെങ്കില്‍, തീയിലിട്ടു കരിച്ചുകൊല്ലലുമാണ്. അതില്‍നിന്ന് കരിയാതെയും, മരണപ്പെടാതെയും രക്ഷപ്പെടുത്തിയെന്നാണ് പറയുന്നത്. മാത്രമല്ല, രക്ഷപ്പെടുത്തല്‍ (أَنجَاهُ) എല്ലാ സ്ഥലത്തും ഒരേ പ്രകാരത്തിലാണെന്നു ധരിക്കുന്നതും ശരിയല്ല. കൊലയില്‍നിന്നു രക്ഷപ്പെടുത്തി എന്നു പറയുമ്പോള്‍ കൊല ബാധിക്കാതെ രക്ഷപ്പെടുത്തിയെന്നു തന്നെയാണര്‍ത്‌ഥം. എന്നാല്‍, രോഗത്തില്‍നിന്നു രക്ഷപ്പെടുത്തി എന്നു പറയുമ്പോള്‍, രോഗം ബാധിക്കാതെ രക്ഷിച്ചുവെന്നും, ബാധിച്ചശേഷം വമ്പിച്ച യാതനകളോ, മരണമോ സംഭവിക്കാതെ രക്ഷപ്പെടുത്തി എന്നും അര്‍ത്ഥം ആകാവുന്നതാണ്. ഇത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ. സൂ: അമ്പിയാഉ് 88-ാം വചനം നോക്കുക: യൂനുസ് നബിയെക്കുറിച്ച് وَنَجَّيْنَاهُ مِنَ الْغَمِّ (അദ്ദേഹത്തെ നാം ദുഃഖത്തില്‍നിന്നു രക്ഷപ്പെടുത്തി) എന്നു പറയുന്നു. അദ്ദേഹത്തെ മല്‍സ്യം വീഴുങ്ങുകയും, അതിന്റെ വയറ്റില്‍ അദ്ദേഹം കുറെ താമസിക്കേണ്ടിവരികയും ചെയ്ത ദുഃഖമാണിവിടെ ഉദ്ദേശ്യം. മത്സ്യം വിഴുങ്ങാതെ രക്ഷപ്പെടുത്തി എന്നല്ല ഉദ്ദേശ്യമെന്ന് സ്പഷ്ടമാണല്ലോ. സൂ: അല്‍ബഖറ 49ല്‍ ‘ഫിര്‍ഔന്റെ കൂട്ടര്‍ കഠിനമായ ശിക്ഷ നിങ്ങളെ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, നാം നിങ്ങളെ അവരില്‍നിന്നു് രക്ഷപ്പെടുത്തി (وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ – البقرة) എന്നു് ഇസ്രാഈല്യരോട് അല്ലാഹു പറയുന്നു. ആണ്‍കുട്ടികളെ അറുത്തുകൊല്ലുക മുതലായ ശിക്ഷയാണവര്‍ നടത്തിയിരുന്നതെന്നു അവിടെത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. ആ ശിക്ഷ ഒന്നും അനുഭവിക്കാതെ രക്ഷപ്പെടുത്തി എന്നല്ലല്ലോ അവിടെ വിവക്ഷ. ഇതുപോലെ എനിയും പല ഉദാഹരണങ്ങള്‍ ഉദ്ധരിക്കുവാനുണ്ട്.

ഇബ്രാഹീം (عليه السلام) നബിയെ ശിക്ഷിക്കുവാനായി ഒരു തീകുണ്ഡം, അല്ലെങ്കില്‍ കെട്ടിടമുണ്ടാക്കിയശേഷം, അതില്‍ അകപ്പെടാതെ ഒളിച്ചുചാടിയോ മറ്റോ രക്ഷപ്പെടുത്തുന്നതിനെക്കാള്‍ വലിയ അനുഗ്രഹം, തീയില്‍ ഇട്ടശേഷം വെന്തുകരിയാതെ രക്ഷപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ്, ഇബ്രാഹീം (عليه السلام) നബിയെ രക്ഷപ്പെടുത്തിയതും, ശത്രുക്കളെ കൂടുതല്‍ പരാജിതരാക്കിയതും (അമ്പിയാഉ് : 70ല്‍) അല്ലാഹു ‘അഭിമാനത്തോടെ’ എടുത്തു പറയുന്നതും. വമ്പിച്ച ഒരു അഗ്നികുണ്ഡത്തില്‍ പരസ്യമായി എറിയപ്പെട്ടശേഷം, ഇബ്രാഹീം (عليه السلام) നബി കരിഞ്ഞുപോകാതിരിക്കുന്നതു കണ്ടപ്പോള്‍, അവിടെക്കൂടിയ കാണികളുടെ ഹൃദയത്തില്‍ എന്തുമാത്രം പ്രതികരണമുണ്ടായിരിക്കുമെന്നു പറയേണ്ടതില്ല! തൗഹീദിന്റെ പ്രബോധനത്തെ പാടെ നശിപിക്കുവാന്‍ ചെയ്ത ഈ പരിശ്രമം, അടിയോടെ പരാജയപ്പെടുത്തിയെന്നുമാത്രമല്ല, ഫലം നേരെമറിച്ചാവുകയും ചെയ്തു. അപ്പോള്‍ ആ ശത്രുക്കള്‍ ഏറ്റവും പരാജിതര്‍ തന്നെ.

ഇബ്രാഹീം ((عليه السلام) നബിയെ തീയിലിട്ടു, കരിഞ്ഞില്ല, നേരെമറിച്ച് തീ തണുപ്പും രക്ഷയുമായി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു കാണിക്കുന്ന പല ഖുര്‍ആന്‍ വാക്യങ്ങളെ – അവയുടെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തില്‍ – സമ്മതിക്കുമ്പോള്‍, അതില്‍ അസാധാരണത്വം കാണുകയാല്‍, വിറളിപിടിച്ച് ദുര്‍വ്യാഖ്യാനത്തിനു മുതിരുന്ന ഇത്തരക്കാരില്‍ ചിലര്‍, ഇബ്രാഹീം (عليه السلام) നബിയെ സംബന്ധിച്ച മറ്റൊരു അത്ഭുതസംഭവത്തെ നിഷേധിക്കുന്നതിനു കളമൊരുക്കുവാന്‍വേണ്ടി (സൂ: അല്‍ബഖറ 260ന്റെ വ്യാഖ്യാനത്തില്‍വെച്ചു) അദ്ദേഹത്തെ ‘തീയിലിട്ടു’ എന്നും അദ്ദേഹം ‘അഗ്നിക്കിരയായി’ എന്നും ‘അഗ്നിപരീക്ഷണത്തിന് ഇരയായിട്ടുണ്ട്’ എന്നുംമറ്റും തുറന്നുസമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം കാണുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഒരു ഹദീസാണ് ഓര്‍മ്മവരുന്നത്: “ഒരു വസ്തുവിനോടു നിനക്കുണ്ടാകുന്ന പ്രേമം, നിന്നെ അന്ധനും, ബധിരനുമാക്കിയേക്കും.” ( حُبُّكَ الشَّيْءَ يُعْمِي وَيُصِمُّ :رواه أبو داود)

القرأن يفسر بعضه بعضا (ഖുര്‍ആന്റെ ഒരുവശം മറ്റൊരുവശത്തെ വിശദീകരിക്കുന്നു) എന്ന സുസമ്മതമായ തത്വത്തെ പൊക്കിപ്പിടിച്ചും, അത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വേണ്ടത്ര ഗൗനിക്കാറിലെന്നു് സദാ വ്യസനം പ്രകടിപ്പിച്ചുംകൊണ്ടായിരിക്കും ഇക്കൂട്ടര്‍ പലപ്പോഴും സത്യത്തെ വിമര്‍ശിക്കുവാനൊരുങ്ങുക. എന്നിട്ട്, തങ്ങള്‍ക്ക് അനുകൂലമായ ഒരു അര്‍ത്ഥത്തില്‍ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒരു വാക്കിന്റെ അടിസ്ഥാനത്തില്‍, വിമര്‍ശനം മുന്നോട്ടു കൊണ്ടുപോകുക ഇവരുടെ പതിവാണ്. അതിന് ഒരു ഉദാഹരണമാണ് ഇബ്രാഹീം (عليه السلام) നബിയുടെ കഥയില്‍ ഉപയോഗിച്ച മേല്‍കണ്ട ‘കൈദ്’ (كَيْد) എന്ന പദം ഇവര്‍ ഉപയോഗപ്പെടുത്തിയത്. അങ്ങനെ, അതുവഴി ഒരുപാട് യാഥാര്‍ഥ്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുവല്ലോ. ഇതുപോലെ, തങ്ങള്‍ക്കാവശ്യം നേരിടുമ്പോള്‍ മറ്റു പല വാക്കുകളും ഇവര്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇതെല്ലാം ഇവിടെ വിവരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല. അതതു സന്ദര്‍ഭങ്ങളില്‍ ചിലതെല്ലാം ചൂണ്ടിക്കാട്ടേണ്ടതായി വരുമ്പോള്‍, ചൂണ്ടിക്കാട്ടാതെ തരമില്ലല്ലോ. ഇതുപോലെത്തന്നെ, തങ്ങള്‍ നിഷേധിക്കുനന്‍ സംഗതികള്‍ക്കു എതിരായിക്കാണുന്ന ഹദീസുകള്‍ ഉണ്ടെങ്കില്‍, അവയുടെ നേരെ കണ്ണടക്കലും ഇവരുടെ ഒരു പതിവാകുന്നു. ഹദീസുകളെ പ്രത്യക്ഷത്തിലങ്ങു തള്ളിക്കളയുന്നത് തങ്ങളെപ്പറ്റി സംശയമുളവാക്കുമെന്നതുകൊണ്ട് ഹദീസുകളെപ്പറ്റി ഒന്നും പ്രസ്താവിക്കാതെ വിട്ടുകളഞ്ഞേക്കും. അല്ലാത്തപക്ഷം, തങ്ങള്‍ക്കുതന്നെയും അനുകൂലമായിവരുന്ന ഹദീസുകള്‍, വേണ്ടുമ്പോള്‍ സ്വീകരിക്കുവാനും മാര്‍ഗ്ഗമുണ്ടാവുകയില്ലല്ലോ. അല്ലാഹു നമുക്കു സത്യബോധവും, അവന്റെ മതത്തില്‍ സ്ഥിരചിത്തതയും പ്രദാനംചെയ്യട്ടെ! ആമീന്‍.

ولله المنة والفضل وهو الموفق المداد والصواب والحمد لله أولا وأخرا

വെളിച്ചം സൗദി ഓൺലൈൻ – രണ്ടാംഘട്ടം- ക്യാമ്പയിൻ 7


സൂറഃ അൽ അമ്പിയാഅ്‌

98 മുതൽ  112 വരെയുള്ള

ആയത്തുകളെ ആസ്‌പദമാക്കി

ഡിസംബർ 1 മുതൽ 15 വരെ


21:98

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ﴾٩٨﴿

‘(അവിശ്വാസികളേ) നിശ്ചയമായും നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (എല്ലാം തന്നെ) നരകത്തിന്റെ ഇന്ധനമായിരിക്കും; നിങ്ങള്‍ അതിലേക്കു വന്നു ചേരുന്നവരാകുന്നു.’

إِنَّكُمْ നിശ്ചയമായും നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നവയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ حَصَبُ جَهَنَّمَ ജഹന്നമി (നരകത്തി)ന്റെ ഇന്ധനമാണ്, വിറകാണ്, എറിയപ്പെടുന്നതാണ് أَنتُمْ നിങ്ങള്‍ لَهَا അതിലേക്കു وَارِدُونَ വന്നുചേരുന്നവരാണ്, വരുന്നവരാണ്

21:99

لَوْ كَانَ هَٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَٰلِدُونَ ﴾٩٩﴿

ഇക്കൂട്ടര്‍ (യഥാര്‍ത്ഥത്തില്‍) ആരാധ്യന്‍മാരായിരുന്നുവെങ്കില്‍ അതില്‍ [നരകത്തില്‍] അവര്‍ വന്നുചേരുകയില്ലായിരുന്നു; എല്ലാവരും അതില്‍ നിത്യവാസികളുമായിരിക്കുന്നതാണ്.

لَوْ كَانَ ആയിരുന്നുവെങ്കില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ آلِهَةً ആരാധ്യന്മാര്‍, ദൈവങ്ങള്‍ مَّا وَرَدُوهَا അവര്‍ അതില്‍ വന്നുചേരുന്നതല്ല, അതില്‍ വരികയില്ല وَكُلٌّ എല്ലാവരും فِيهَا അതില്‍ خَالِدُون നിത്യവാസികളാണു, ശാശ്വതന്‍മാരാണ്

21:100

لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ ﴾١٠٠﴿

അതില്‍ അവര്‍ക്ക് ദീര്‍ഘശ്വാസം [ഏക്കം] ഉണ്ടായിരിക്കും; അതില്‍വെച്ചു അവര്‍ കേള്‍ക്കുകയുമില്ല.

لَهُمْ അവര്‍ക്കുണ്ടായിരിക്കും فِيهَا അതില്‍ زَفِيرٌ ദീര്‍ഘശ്വാസം, ഏക്കംവലി, നെടുവീര്‍പ്പ് وَهُمْ അവര്‍, അവരാകട്ടെ فِيهَا അതില്‍വെച്ച് لَا يَسْمَعُونَ കേള്‍ക്കുന്നതല്ല

നരകത്തില്‍ കത്തിക്കപ്പെടുന്ന വിറക് മനുഷ്യരും കല്ലുമാണെന്ന് (وَقُودُهَا النَّاسُ وَالْحِجَارَةُ – لبقرة:٢٤) എന്നു സൂ: അല്‍ബഖറഃയില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍, പ്രതിമകള്‍ മുതലായവ ആരാധ്യവസ്തുക്കളാണ് കല്ലുകൊണ്ടുദ്ദേശ്യം. ഇതുമൂലം, ആരാധകന്‍മാരുടെ ശിക്ഷക്കു കാഠിന്യം വരുത്തലും, അവര്‍ക്കു പരിഹാസവും സ്വൈര്യക്കേടും വര്‍ദ്ധിപ്പിക്കലും ഉണ്ടായിത്തീരുന്നു. എനി, ആരാധിക്കപ്പെട്ടു വന്നിരുന്നത് സദ്‌വൃത്തരായ മനുഷ്യരോ, മലക്കുകളോ ആണെന്ന് വെക്കുക: അവര്‍ നരകശിക്ഷയില്‍ നിന്നു ഒഴിവാക്കപ്പെടുന്നവരാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത വചനത്തില്‍ അതിനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. നേരെമറിച്ച് തങ്ങളെ ആരാധിക്കണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന ആരാധ്യന്‍മാരാണെന്നിരിക്കട്ടെ: അവര്‍ ആരാധകന്‍മാരെക്കാളധികം ശിക്ഷാര്‍ഹരുമായിരിക്കും. 29-ാം വചനത്തില്‍ ഇതും വ്യക്തമായി പറഞ്ഞിരിക്കുന്നുവല്ലോ. നരകത്തില്‍വെച്ചു അവര്‍ കേള്‍ക്കുകയില്ല എന്നു പറഞ്ഞത് അതിലെ ശിക്ഷയുടെ കാഠിന്യത്തെയും ഗൗരവത്തെയുമാണ് കുറിക്കുന്നത്.

21:101

إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ ﴾١٠١﴿

നിശ്ചയമായും, യാതൊരു കൂട്ടര്‍ക്കു നമ്മുടെ പക്കല്‍നിന്ന് സല്‍വാര്‍ത്ത മുന്‍കഴിഞ്ഞിരിക്കുന്നുവോ ആ കൂട്ടരാകട്ടെ, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് ദൂരത്താക്കപ്പെടുന്നവരാകുന്നു;-

إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ سَبَقَتْ لَهُم അവര്‍ക്കു മുന്‍കഴിഞ്ഞിരിക്കുന്നു (അങ്ങിനെയുള്ള) مِّنَّا നമ്മുടെ പക്കല്‍നിന്നു الْحُسْنَىٰ സല്‍വാര്‍ത്ത, ഏറ്റവും നല്ലതു أُولَـٰئِكَ അക്കൂട്ടര്‍ عَنْهَا അതില്‍നിന്നു مُبْعَدُونَ ദൂരത്താക്കപ്പെടുന്നവരായിരിക്കും

21:102

لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ ﴾١٠٢﴿

അതിന്റെ ഒച്ചപ്പാട് (പോലും) അവര്‍ കേള്‍ക്കുകയില്ല; അവരാകട്ടെ, തങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതെന്തോ അതില്‍ നിത്യവാസം കൊള്ളുന്നവരുമാണ്.

لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല حَسِيسَهَا അതിന്റെ ഒച്ചപ്പാട് وَهُمْ അവര്‍, അവരകാട്ടെ فِيمَا اشْتَهَتْ ഇച്ഛിച്ചതില്‍, ആശിച്ചതില്‍ أَنفُسُهُمْ അവരുടെ മനസ്സുകള്‍ خَالِدُونَ നിത്യവാസികളായിരിക്കും.

21:103

لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ ﴾١٠٣﴿

(ആ) മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല; മലക്കുകള്‍ അവരെ എതിരേല്‍ക്കുകയും ചെയ്യും: ‘ഏതൊരു ദിവസത്തെക്കുറിച്ച് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവോ, ഇതാണ് നിങ്ങളുടെ ആ ദിവസം!’ എന്ന് (പറഞ്ഞുംകൊണ്ട്);-

لَا يَحْزُنُهُمُ അവരെ വ്യസനിപ്പിക്കുകയില്ല الْفَزَعُ വിഭ്രമം, ഭയം, നടുക്കം الْأَكْبَرُ അതിമഹത്തായ, വളരെ വമ്പിച്ച وَتَتَلَقَّاهُمُ അവരെ എതിരേല്‍ക്കുകയും ചെയ്യും الْمَلَائِكَةُ മലക്കുകള്‍ هَـٰذَا يَوْمُكُمُ ഇതാ, നിങ്ങളുടെ ദിവസം الَّذِي യാതൊരു (ദിവസം) كُنتُمْ നിങ്ങളായിരുന്നു تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.

21:104

يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَٰعِلِينَ ﴾١٠٤﴿

ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നപ്രകാരം ആകാശത്തെ നാം ചുരുട്ടുന്ന ദിവസം! നാം ആദ്യത്തെ സൃഷ്ടിക്കല്‍ തുടങ്ങിയതുപോലെത്തന്നെ അതിനെ നാം മടക്കി സൃഷ്ടിക്കുന്നതാണ്; നമ്മുടെ മേലുള്ള [ചുമതലപ്പെട്ട] ഒരു വാഗ്ദത്തമത്രെ! (അതിനു മാറ്റമില്ല.) നിശ്ചയമായും നാം (ഇങ്ങിനെയെല്ലാം) പ്രവര്‍ത്തിക്കുന്നവരാകുന്നു.

يَوْمَ نَطْوِي നാം ചുരുട്ടുന്ന ദിവസം السَّمَاءَ ആകാശത്തെ كَطَيِّ السِّجِلِّ എടുകളെ, കഷ്ണങ്ങളെ ചുരുട്ടുന്നപോലെ لِلْكُتُبِ ഗ്രന്ഥങ്ങളുടെ كَمَا بَدَأْنَا നാം തുടങ്ങിയതുപ്രകാരം أَوَّلَ خَلْقٍ ആദ്യസൃഷ്ടിപ്പു, സൃഷ്ടിപ്പിന്റെ ആദ്യം نُّعِيدُهُ നാം അതിനെ മടക്കും, മടക്കി സൃഷ്ടിക്കും وَعْدًا വാഗ്ദത്തം, കരാര്‍ عَلَيْنَا നമ്മുടെമേലുള്ള, നമുക്കു ബാധ്യതയുള്ള, ചുമതലപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാമാകുന്നു فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍

الْحُسْنَىٰ എന്ന വാക്കിന്റെ ഉദ്ദേശ്യാര്‍ത്ഥമാണ് ‘സല്‍വാര്‍ത്ത’ എന്നു് കണ്ടത്. ‘ഏറ്റവും നല്ലത്’ എന്നാണ് വാക്കര്‍ത്ഥം. വിജയവും നല്ല പ്രതിഫലവും ലഭിക്കുമെന്നു് അല്ലാഹുവിങ്കല്‍നിന്നു് മുമ്പേ ഉണ്ടായിട്ടുള്ള സന്തോഷവാര്‍ത്തക്ക് അര്‍ഹരായിത്തീര്‍ന്ന സജ്ജനങ്ങള്‍ നരകശിക്ഷയുടെ യാതൊരു അനുഭവവും ഏല്‍ക്കേണ്ടി വരികയില്ല. അവര്‍ എന്തെല്ലാം ഇച്ഛിക്കുന്നുവോ അതെല്ലാം അവര്‍ക്ക് പരിപൂര്‍ണ്ണമായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിത്യസുഖം അനുഭവിക്കുകയാണവര്‍ ചെയ്യുക. മാത്രമല്ല, ഖിയാമത്തുനാളില്‍ മനുഷ്യരെയെല്ലാം എഴുന്നേല്‍പ്പിച്ച് കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഏറ്റവും ഭയങ്കരമായ ആ വിഭ്രമവും അവരെ അലട്ടുകയില്ല. ‘നിങ്ങള്‍ക്ക് വിജയവും ഉത്തമമായ പ്രതിഫലവും നല്കപ്പെടുമെന്നു് വാഗ്ദാനം ചെയ്യപ്പെട്ട ദിവസം ഇതാ – ഇതാണ്’ എന്നു് പറഞ്ഞ് അനുമോദിച്ചുകൊണ്ട് മലക്കുകള്‍ അവരെ എതിരേറ്റു സ്വീകരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:-

(وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ – (النمل : ٨٧

(കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം! അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും വിഭ്രമിച്ചു പോകും – അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. (സൂ: നംല്‍). മേല്‍പറഞ്ഞ സജ്ജനങ്ങള്‍ ഈ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അല്ലാഹുവിനെ റബ്ബായി സ്വീകരിച്ചുകൊണ്ട് നേര്‍വഴിക്കു് ചരിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷവാര്‍ത്തകളുടെ കൂട്ടത്തില്‍ അല്ലാഹു ഇപ്രകാരം അരുളിച്ചെയ്യുന്നു:

(وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ – (فصلت :٣١

(നിങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതെന്തോ അതെല്ലാം നിങ്ങള്‍ക്കിവിടെ – സ്വര്‍ഗ്ഗത്തില്‍ – ഉണ്ട്; നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതും അവിടെ നിങ്ങള്‍ക്കുണ്ട്‌. (41:31).

ആ മഹാ വിഭ്രമദിവസം (يَوْم الْفَزَعُ الْأَكْبَرُ) ഏതാണെന്നു് 104-ാം വചനം വ്യക്തമാക്കുന്നു: ഒരു എഴുത്തുകാരന്‍ ഗ്രന്ഥത്തിന്റെ ഏടു ചുരുട്ടിപ്പിടിക്കുന്നത്ര ലളിതമായനിലയില്‍ അല്ലാഹു ആകാശത്തെ – അതിലുള്ള സര്‍വ്വ വസ്തുക്കളുമടക്കം – ചുരുട്ടിപ്പിടിക്കുന്ന ആ മഹാദിനമത്രെ അത്. അതെ, ഖിയാമത്തുനാള്‍. ആകാശങ്ങളും, കോടാനുകോടി വന്‍ഗോളങ്ങളുമടങ്ങുന്ന ഈ അഖിലാണ്ഡത്തിന്റെ ഇന്നത്തെ നിലയെല്ലാം അന്നു് മാറിപ്പോകുന്നു. ഈ വ്യവസ്ഥിതി മറ്റൊരു പുതിയ വ്യവസ്ഥ ഉടലെടുക്കുന്നു. അതെല്ലാം, ആദ്യം ശൂന്യതയില്‍നിന്നു് സൃഷ്‌ടിച്ച സര്‍വ്വശക്തന്‍ വീണ്ടും അവയെ പുതിയൊരു സൃഷ്ടിയായി മാറ്റുന്നു! ഇതെല്ലാം വെറുതെയങ്ങ്‌ പറയുന്നതല്ല. ഉറപ്പും ഖണ്ഡിതവുമായ തീരുമാനമത്രെ. إِنَّا كُنَّا فَاعِلِينَ (നിശ്ചയമായും നാം ഇങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നവരാണ്). അതിലൊട്ടും സംശയമില്ല.

21:105

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ ﴾١٠٥﴿

തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) ‘പ്രമാണ’ത്തിനുശേഷം, ‘സബൂറില്‍’ നാം രേഖപ്പെടുത്തിയിട്ടുണ്ട്.

وَلَقَدْ كَتَبْنَا തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിരിക്കുന്നു, എഴുതിയിരിക്കുന്നു فِي الزَّبُورِ സബൂറില്‍ مِن بَعْدِ الذِّكْرِ പ്രമാണത്തിനുശേഷം أَنَّ الْأَرْضَ നിശ്ചയമായും ഭൂമി (ആണെന്നു) يَرِثُهَا അതിനെ അനന്തരമെടുക്കും (എന്നു) عِبَادِيَ എന്റെ അടിയാന്‍മാര്‍ الصَّالِحُونَ സദ്‌വൃത്തരായ, നല്ലവരായ

21:106

إِنَّ فِى هَٰذَا لَبَلَٰغًا لِّقَوْمٍ عَٰبِدِينَ ﴾١٠٦﴿

നിശ്ചയമായും, ഇതില്‍ [ഇപ്പറഞ്ഞതില്‍] ആരാധന ചെയ്യുന്ന ജനങ്ങള്‍ക്ക് സന്ദേശമുണ്ട്.

إِنَّ فِي هَـٰذَا നിശ്ചയമായും ഇതിലുണ്ട് لَبَلَاغًا സന്ദേശം لِّقَوْمٍ ജനങ്ങള്‍ക്കു عَابِدِينَ ആരാധന ചെയ്യുന്ന, ആരാധനക്കാരായ

21:107

وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ ﴾١٠٧﴿

(നബിയേ,) ലോകത്തുള്ളവര്‍ക്കു് (മുഴുവന്‍) കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا رَحْمَةً കാരുണ്യമായിട്ടല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകത്തുള്ളവര്‍ക്ക്.

ഇവയില്‍ ഒന്നാമത്തെ വചനത്തിലെ ചില വാക്കുകളെ സംബന്ധിച്ച് അല്പം വിവരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ നിവൃത്തിയുള്ളു. ‘പ്രമാണം’ എന്നര്‍ത്ഥം കല്‍പിച്ചിട്ടുള്ള ذِّكْر (ദിക്ര്‍) എന്ന പദത്തിന് ‘സ്മരണ, ഉപദേശം, ഉല്‍ബോധനം, പ്രസ്താവന’ എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ്. ഖുര്‍ആനെയും, മറ്റു വേദഗ്രന്ഥങ്ങളെയും ഉദ്ദേശിച്ച് ഈ പദം ഉപയോഗിക്കാറുണ്ട്. ഇവിടെ അതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാണെന്നാണ് മുന്‍ഗാമികളും പിന്‍ഗാമികളുമായ പല മുഫസ്സിറുകളും പറയുന്നത്. ആ രേഖയാണ് أُمُّ الْكِتَاب (മൂലഗ്രന്ഥം) എന്നും, اَلْلَوْحُ الْمَحْفُوظ (സൂക്ഷിക്കപ്പെട്ട ഫലകം) എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്നത്. മൂസാ (عليه السلام) നബിക്ക് ഇറക്കപ്പെട്ട തൗറാത്താണ് ഇവിടെ ഉദ്ദേശ്യമെന്നും ചില മുഫസ്സിറുകള്‍ പറയുന്നുണ്ട്. ‘ഗ്രന്ഥം, ഏട്’ എന്നീ അര്‍ത്ഥങ്ങള്‍ക്കു വരുന്ന ഒരു പദമാണ് زَّبُور (സബൂര്‍). ദാവൂദ് (عليه السلام) നബിയുടെ വേദഗ്രന്ഥത്തിനുള്ള പ്രത്യേക പേരായും ‘സബൂര്‍’ എന്നു പറയപ്പെടും. ഇവിടെ അതുകൊണ്ടുദ്ദേശ്യം പൊതുവിലുള്ള ഏടുകള്‍ – അഥവാ ദൈവികഗ്രന്ഥങ്ങള്‍ – ആകുന്നുവെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. ചിലര്‍, ദാവൂദ് (عليه السلام) നബിയുടെ ഏടാണെന്നും പറയുന്നു. അപ്പോള്‍ وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ എന്ന വാക്യത്തിനു ഒന്നാമത്തെ അഭിപ്രായം അനുസരിച്ചു അല്ലാഹുവിന്റെ ജ്ഞാനമാകുന്ന മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയതിനു പുറമെ, പ്രവാചകന്‍മാരുടെ വേദഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സാരമാകുന്നു. രണ്ടാമത്തെ അഭിപ്രായപ്രകാരം, മൂസാ (عليه السلام) നബിയുടെ തൗറാത്തില്‍ രേഖപ്പെടുത്തിയതിനു പുറമെ ദാവൂദ് (عليه السلام) നബിയുടെ സബൂറിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സാരം.

എനി, الْأَرْض (ഭൂമി) എന്ന പദം കൊണ്ടുദ്ദേശ്യം, നമ്മുടെ ഈ ഭൂമി തന്നെയാണെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. വാക്കിന്റെ പ്രത്യക്ഷാര്‍ത്ഥവും അതുതന്നെ. സ്വര്‍ഗ്ഗഭൂമിയാണ്‌ ഉദ്ദേശ്യമെന്നും, ശാം ഭൂമി (أَرْض الشام) ആണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഓരോവിധ തെളിവുകളും ഉദ്ധരിക്കപ്പെടുന്നു. أَرْض (ഭൂമി) എന്ന വാക്കും, അനന്തരമെടുക്കുക (يَرِث) എന്ന വാക്കും സന്ദര്‍ഭോചിതം പല ഉദ്ദേശങ്ങളിലായി ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളതാണ് ഈ അഭിപ്രായങ്ങള്‍ക്കു കാരണം. എന്നാല്‍, താഴെ പറയുന്നതില്‍ നിന്ന് മേല്‍ കണ്ട ഭിന്നാര്‍ത്ഥങ്ങളില്‍ ഏതു സ്വീകരിച്ചാലും, അത് വാസ്തവവിരുദ്ധമായി അനുഭവപ്പെടുകയില്ല എന്നത് പ്രസ്താവ്യമാകുന്നു. ഇത് ഖുര്‍ആന്റെ അര്‍ത്ഥവിശാലതക്കും, സവിശേഷതക്കും ഒരു ഉദാഹരണമായിട്ടാണിരിക്കുന്നത്.

الصَّالِحُونَ (സദ്‌വൃത്തന്‍മാര്‍) ആരാണ്? തൊട്ട 106-ാം വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതുപോലെ, അല്ലാഹുവോട് ഭയഭക്തിയുള്ള എല്ലാ ജനതയും പൊതുവില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും സത്യവിശ്വാസികളുമാണ് ഉദ്ദേശ്യമെന്നും, ഇങ്ങിനെ രണ്ടഭിപ്രായങ്ങളുണ്ട്‌. മൂന്നാമതൊരഭിപ്രായമുള്ളത്, കാലാനുസൃതമായ നിലയില്‍ ഭൂമിയുടെ ഭരണം കൊണ്ടുനടത്തുവാന്‍ പ്രാപ്തിയും പക്വതയുമുള്ളവരാരോ അവരാണ് എന്നത്രെ. ഈ പദത്തിന് ‘നല്ലവര്‍’ എന്നും, ‘പറ്റിയവര്‍’ അഥവാ ‘യോജിച്ചവര്‍’ എന്നും അര്‍ത്ഥം വരാവുന്നതാണ്.

എനി, നമുക്ക് മേലുദ്ധരിച്ച അര്‍ത്ഥവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍, 105-ാം വചനത്തിന്റെ താല്പര്യമെന്താണെന്ന് പരിശോധിക്കാം. സജ്ജനങ്ങളായ സത്യവിശ്വാസികള്‍ക്ക് പരലോകത്തു സ്വര്‍ഗ്ഗമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ, ഈ ഭൂമിയിലെ നേതൃത്വവും, പ്രാതിനിധ്യവും അവര്‍ക്കു തന്നെയാണെന്ന് നമ്മെ അറിയിക്കുകയാണ് ഈ വചനത്തിന്റെ താല്‍പര്യം ഇതിനെക്കുറിച്ച് സൂറത്തുന്നൂറിലും,സൂറത്തുല്‍ മുഅ്മിനിലും അല്ലാഹു പറയുന്നത് നോക്കുക:

(1). وَعَدَ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا …. النور: ٥٥

(2). إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ : غافر (المؤمن)٥١

സാരം:

1. നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട്: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം (*) നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണെന്നും, അവര്‍ക്ക് തൃപ്തിപ്പെട്ടുകൊടുത്തിട്ടുള്ളതായ അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതാണെന്നും, അവര്‍ക്ക് ഭയത്തിനുശേഷം നിര്‍ഭയത്തെ പകരം നല്‍കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. (24: 55).

(*) പ്രാതിനിധ്യം കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ അധികാരത്തിലുള്ള പ്രാതിനിധ്യമല്ല. സ്വാധീനത്തില്‍ ഒരു ജനതക്കുശേഷം മറ്റൊരു ജനത മാറിവന്നുകൊണ്ടിരിക്കുക എന്ന പിന്‍ഗാമിത്വമാകുന്നു. കൂടുതല്‍ വിവരം അല്‍ബഖറഃ 30ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. മുഹമ്മദ്‌ അമാനി.

2. ഇഹലോകജീവിതത്തില്‍വെച്ചും, സാക്ഷികള്‍ നില്‍ക്കുന്ന ദിവസവും (അന്ത്യനാളിലും) നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരേയും നാം സഹായിക്കുന്നതാണ്. (40: 51).

സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുള്ളത് അല്ലാഹുവിന്റെ മുമ്പേയുള്ള തീരുമാനമാണ്. സ്വര്‍ഗ്ഗസ്ഥരായ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചശേഷം ഇപ്രകാരം പറയുന്നതായി സൂ: സുമറില്‍ അല്ലാഹു പറയുന്നു: ‘നമ്മോട് വാഗ്ദാനം സത്യമാക്കി (നിറവേറ്റി) ത്തന്ന അല്ലാഹുവിനത്രെ, സര്‍വ്വസ്തുതിയും! സ്വര്‍ഗ്ഗത്തില്‍ നിന്നും നാം ഉദ്ദേശിക്കുന്നിടത്ത് നമുക്ക് നിവസിക്കാവുന്നവിധത്തില്‍ (ഈ സ്വര്‍ഗ്ഗ) ഭൂമിയെ അവന്‍ നമുക്ക് അനന്തരമാക്കിത്തരുകയും ചെയ്തിരിക്കുന്നു….’ (وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ … الزمر : ٧٤) . സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാകുന്നു. ഈ ഭൗതിക ഭൂമിയാകട്ടെ, സജ്ജനങ്ങളും, ദുര്‍ജ്ജനങ്ങളും അധീനപ്പെടുത്തുന്നത് നാം കാണുന്നു. 98 – 100 വചനങ്ങള്‍ ദുര്‍ജ്ജനങ്ങള്‍ക്കുള്ള നരകശിക്ഷയും, 101 മുതല്‍ക്കുള്ള വചനങ്ങള്‍ സജ്ജനങ്ങള്‍ക്കുള്ള സ്വര്‍ഗ്ഗീയഭാഗ്യവും വിവരിക്കുന്നു. അതിനെത്തുടര്‍ന്നാണ് ഈ വചനം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുതകള്‍ ഈ വ്യാഖ്യാനത്തിന് ഉപോല്‍ബലമായ തെളിവുകളാകുന്നു. 106-ാം വചനം ഈ രണ്ട് വ്യാഖ്യാനത്തോടും യോജിക്കുന്നതുതന്നെ. സൂറത്തുല്‍ അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ഭൂമി അല്ലാഹുവിന്റേതാണ്. അതിനെ അവന്റെ അടിയാന്‍മാരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അനന്തരമാക്കിക്കൊടുക്കുന്നു. ശുഭപര്യവസാനം (അന്ത്യവിജയം) ഭയഭക്തന്‍മാര്‍ക്കാണ്”.

إِنَّ الْأَرْضَ لِلَّـهِ يُورِثُهَا مَن يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ : الأعراف:١٢٨

മേല്‍പറഞ്ഞ വ്യാഖ്യാനങ്ങളില്‍ ഏതു സ്വീകരിച്ചാലും അവതമ്മില്‍ പരസ്പരവൈരുദ്ധ്യമില്ല. സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടതാണ് (أُعِدَّتْ لِلْمُتَّقِينَ). അതില്‍ മറ്റാര്‍ക്കും പ്രവേശനവുമില്ല. സൂ: നൂറിലെ ആയത്തില്‍, ഭൂമിയിലെ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്നു് പ്രസ്താവിച്ചിട്ടുള്ള ഉപാധികള്‍ മുസ്‌ലിം സമുദായത്തില്‍ നിലനിന്നു വരുന്നപക്ഷം, അവര്‍ തന്നെയായിരിക്കും – ഒരു കാലത്തുണ്ടായിരുന്നതുപോലെ – ഭൂമിയിലെ സ്വാധീനശക്തിയുള്ള കക്ഷിയായിരിക്കുക. അവരുടെ വിലവീര്യം അവര്‍ നിലനിറുത്താത്ത കാലത്തോളം, ഭൂമിയെ ഭരിക്കുവാന്‍ പ്രാപ്തിയും ശക്തിയുമുള്ളവരാരോ അവരിലേക്കു ഭരണനേതൃത്വം നീങ്ങുകയും ചെയ്യും. അതവര്‍ എന്നു വീണ്ടെടുക്കുന്നുവോ അന്നു് വീണ്ടും സ്വാധീനം അവര്‍ക്കു് ലഭിക്കുകയും ചെയ്യും. ഭരണ നേതൃത്വം ലഭിക്കലും, നഷ്ടപ്പെടലും ഒരു ദിവസംകൊണ്ട് ക്ഷിപ്രസാധ്യമാകുന്നതല്ല. അതിനുള്ള ഉപാധികള്‍ കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അതതിന്റെ ഫലങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും ‘അല്ലാഹുവിന്റെ നിയമനടപടിക്കു നീ യാതൊരു മാറ്റവും കാണുന്നതേയല്ല. وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا : الفتح :٢٣

സൂറത്തുന്നൂറിലെ വാഗ്ദാനത്തെത്തുടര്‍ന്നു് പറയുന്ന ഉപാധികള്‍ ഇവയാണ്:-

يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ

وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ

النور : ٥٥,٥٦

(അവര്‍ എന്നോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. അതിന് (പ്രാതിനിധ്യം നല്‍കിയതിനു) ശേഷം, ആരെങ്കിലും നന്ദികേടു കാണിച്ചുവെങ്കില്‍, അവര്‍ തന്നെയാണ് തോന്നിയവാസികള്‍. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, ‘സകാത്തു’ കൊടുക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കുന്നതാണ്.) ഇതില്‍നിന്നു് കാര്യം വ്യക്തമാണല്ലോ. ഏതോ ചില വ്യക്തികള്‍ മാത്രം നന്നായതുകൊണ്ട് ആ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് ഭൂമിയിലെ സ്വാധീനശക്തി കൈവരുകയില്ല. സമുദയാത്തിന്റെ പൊതുനില ആയത്തില്‍ കാണിച്ചപ്രകാരം നന്നായിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വാഗ്ദാനം ലഭിക്കുവാന്‍ സമുദായത്തിന് അര്‍ഹതയുണ്ടാകുന്നത്. അതേസമയത്ത്, ഈ വചനത്തിലെ ഓരോ ഇനവും മുമ്പില്‍വെച്ചുകൊണ്ട് ഇന്നത്തെ മുസ്ലിംസമുദായത്തിന്റെ പൊതുനിലയൊന്നു പരിശോധിച്ചുനോക്കുക! ഹാ! വ്യസനകരം!

അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ആ മൂലരേഖ (اَلْلَوْحُ الْمَحْفُوظ) യില്‍ രേഖപ്പെടുത്തിയ ഈ വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ മേല്‍കണ്ടതുപോലെയുള്ള പല വചനങ്ങളും കാണാം. അത് ലോകാവസാനംവരെ എല്ലാവര്‍ക്കും കാണത്തക്കവണ്ണം അവശേഷിക്കുകയും ചെയ്യും. എന്നാല്‍, അനേകം മാറ്റത്തിരുത്തങ്ങള്‍ക്കു വിധേയമായിത്തീര്‍ന്ന തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ മുന്‍വേദഗ്രന്ഥങ്ങളിലും ഈ വാഗ്ദാനത്തിന്റെ സാക്ഷ്യങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ഉദാഹരണമായി:-

സബൂറില്‍ ഇങ്ങിനെ കാണാം: ‘യഹോവാ (ദൈവ) ഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ട വഴി താന്‍ അവന് കാണിച്ചുകൊടുക്കും. അവന്‍ സുഖത്തോടെ വസിക്കും. അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവായുടെ സഖിത്വം തന്റെ ഭക്തന്‍മാര്‍ക്കുണ്ടാകും…. (സങ്കീര്‍ത്തനങ്ങള്‍: 25ല്‍ 12 – 14.). ‘ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും. യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.’ (സങ്കീ: 37ല്‍ 9). തൗറാത്തില്‍ മൂസാ (عليه السلام) ദൈവത്തോട് പറയുന്നതായി ഇങ്ങിനെ കാണാം: ‘നിന്റെ ദാസന്‍മാരായ അബ്രഹാമിനെയും, യിസ്ഹാഖിനെയും, ഇസ്രാഈലിനെയും ഓര്‍ക്കേണമേ! ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കുകയും, ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവര്‍ അതിനെ എന്നെന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്നു് നീ നിന്നെക്കൊണ്ടുതന്നെ അവരോട് സത്യം ചെയ്തുവല്ലോ.’ (പുറപ്പാടു: 32ല്‍ 13). ഇഞ്ചീലില്‍ ഇങ്ങിനെ പറയുന്നു: ‘ആത്മാവില്‍ ദരിദ്രരായവര്‍ (*) ഭാഗ്യവാന്‍മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു…. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ ഭൂമി അവകാശമാക്കും’ (മത്തായി: 5ല്‍ 3-5).

(*) ആത്മാവില്‍ ദരിദ്രരായവര്‍ = Poor in Spirit.

മുസ്‌ലിംകളേ! സത്യവിശ്വാസമുള്ളവരേ! ചിന്തിച്ചു നോക്കുക. അല്ലാഹു, അവന്റെ വാഗ്ദത്തം എപ്പോഴും പാലിച്ചിട്ടുണ്ടെന്നു് നമുക്ക് കാണാം. ഈ സൂറത്തില്‍തന്നെ പറയപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രം ഓര്‍ത്തുനോക്കുക. ഓരോ പ്രവാചകനും ഏതേതു ഭാഗത്തേക്കുള്ള റസൂലായിരുന്നുവോ ആ നാട്ടില്‍ അവര്‍ക്കും, അവരുടെ അനുയായികള്‍ക്കും സ്വാധീനവും പ്രതാപവും ലഭിച്ചു. പിന്നീട്, അവരുടെശേഷം അവരുടെ സമുദായങ്ങള്‍ അച്ചടക്കത്തോടും, ദൈവബോധത്തോടും കൂടി ജീവിച്ചകാലം എത്രയായിരുന്നുവോ അക്കാലമത്രയും, ആ അവസ്ഥ നിലനില്‍ക്കുകയും ചെയ്തു. എന്നുമുതല്‍ അവര്‍ തങ്ങളുടെ പ്രവാചകന്‍മാരുടെ ശിക്ഷണവലയത്തില്‍നിന്നു് വിട്ടുപോകുവാന്‍ തുടങ്ങിയോ അതോടെ, അവര്‍ അന്യാധീനപ്പെടുവാനും തുടങ്ങി. ഇബ്രാഹീം നബിയുടെയും, മൂസാനബിയുടെയും, ദാവൂദ് നബിയുടെയും, സുലൈമാന്‍ നബിയുടെയും, ഈസാനബിയുടെയും, എന്നുവേണ്ട അറിയപ്പെടുന്ന എല്ലാ നബിമാരുടെയും (അല്ലാഹുവില്‍നിന്നും അവര്‍ക്കെല്ലാം സമാധാനവും ശാന്തിയും ഉണ്ടായിരിക്കട്ടെ!) സമുദായങ്ങളുടെ നില അതായിരുന്നു. രാജാക്കളും പ്രവാചകന്‍മാരും കൂടിയായിരുന്ന സുലൈമാന്‍ (عليه السلام) നബിയുടെയും, പിതാവിന്റെയും സമുദായങ്ങള്‍പോലും ഈ വിഷയത്തില്‍ വ്യത്യസ്തരായിരുന്നില്ല. ഇസ്രാഈല്യരുടെ ചരിത്രങ്ങള്‍ മറിച്ചുനോക്കുകയാണെങ്കില്‍, ഈ സ്ഥിതിമാറ്റത്തിനു എത്രയോ ഉദാഹരണങ്ങളുണ്ട്.

വേണ്ടാ, ദൂരെയൊന്നും പോകേണ്ടാ; നമ്മുടെ ചരിത്രം തന്നെ ഒന്ന് ഓര്‍ത്തുനോക്കുക. ഓരോ സംഭവവും, യാതൊരു കറയും കൂടാതെ തെളിഞ്ഞു കാണപ്പെടുന്ന ഒരു ചരിത്രമാണല്ലോ നമ്മുടേത്. ഹിജ്ര മുതല്‍ 10 കൊല്ലം കൊണ്ട്, ഏറെക്കുറെ 1800 നാഴിക തെക്കുവടക്കും, 1200 നാഴിക കിഴക്കുപടിഞ്ഞാറും നീണ്ടു കിടക്കുന്ന അറേബ്യാ ഉപഭൂഖണ്ഡം (*) മുഴുവനും മുസ്‌ലിംകള്‍ക്കു അധീനമായി. റോമാ സാമ്രാജ്യവും, പേര്‍ഷ്യന്‍ സാമ്രാജ്യവും തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇഹലോകവാസം വെടിഞ്ഞതോടെ, അറേബ്യ ഏതാണ്ട് മുഴുവന്‍ ഭാഗത്തും ഒരേ സമയത്തുണ്ടായ കുഴപ്പം – അതെ, അറേബ്യന്‍ഗോത്രങ്ങള്‍ (#) മിക്കവാറും മതഭ്രഷ്ടരായിപ്പോയതുകൊണ്ട് നേരിട്ട വമ്പിച്ച കുഴപ്പം – അവസാനിക്കുവാന്‍ കുറേ മാസങ്ങള്‍ തന്നെ വേണ്ടിവന്നു. എന്നിട്ടും, അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) മരണമടയും മുമ്പായി ഇറാഖും, ശാമും മുസ്ലിംകളുടെ അധീനത്തില്‍ വന്നു. വെറും 2 1/4 വര്‍ഷമായിരുന്നു, ആ മഹാന്റെ ഖിലാഫത്തുകാലും. രണ്ട് വമ്പിച്ച മഹാശക്തികളോടും – ഏറെക്കുറെ അവരുടെ പട്ടാളത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം വരുന്ന – മുസ്‌ലിംകള്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍, അദ്ദേഹം തന്റെ മരണശയ്യയില്‍ കിടന്നുകൊണ്ട് അടുത്ത പിന്‍ഗാമിയായ ഉമറിന് (رَضِيَ اللهُ تَعَالَى عَنْهُ) നല്‍കിയ ഉപദേശങ്ങളിലെ ചില വാചകങ്ങള്‍ ഇതായിരുന്നു:-

(*) പടം 8, 10, 11 നോക്കുക.

(#) പടം 11ല്‍ നോക്കുക.

‘ഉമറേ! അല്ലാഹുവിനോട് രാത്രി ചെയ്യേണ്ടുന്ന ചില കടമകളുണ്ട്: അവ പകല്‍ ചെയ്‌താല്‍ പോരാ, പകല്‍ ചെയ്യേണ്ടത് രാത്രിയും ചെയ്‌താല്‍ മതിയാവുകയില്ല. ഉമറേ! നിര്‍ബ്ബന്ധമായ കര്‍മ്മം നിര്‍വ്വഹിക്കാതെ ഐച്ഛികമായത് സ്വീകരിക്കപ്പെടുകയില്ല. ഉമറേ! ഖിയാമത്തുനാളില്‍ കര്‍മ്മങ്ങളുടെ തൂക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സത്യത്തെ പിന്‍പറ്റുകമൂലമാണ് സാധ്യമാവുക എന്നോര്‍ക്കണം. സന്തോഷത്തെയും, കാഠിന്യത്തെയും കുറിച്ചുള്ള (ഖുര്‍ആന്‍) ആയത്തുകള്‍, ഇടകലര്‍ന്നുകൊണ്ടാണ് അവതരിച്ചിട്ടുള്ളതെന്നു നിനക്ക് അറിഞ്ഞുകൂടേ? സത്യവിശ്വാസികള്‍ എപ്പോഴും ആവേശത്തിലും, ഭയപ്പാടിലും ആയിരിക്കുവാന്‍ വേണ്ടിയാണത്. ഉമറേ! അല്ലാഹു നരകക്കാരെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ അവരുടെ ദുഷ്പ്രവര്‍ത്തികളെ എടുത്തു പറയാറുള്ളത് കാണുന്നില്ലേ! അതു കാണുമ്പോള്‍, അവരുടെ കൂട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടരുതെന്ന് നീ ആശിക്കണം. സ്വര്‍ഗ്ഗക്കാരെപ്പറ്റി പറയുമ്പോള്‍, അവരുടെ സല്‍പ്രവൃത്തികളെയും എടുത്തുപറയുന്നത് കാണാം. അതു കാണുമ്പോള്‍, ഹാ! അവരുടെ കര്‍മ്മങ്ങളും, എന്റെ കര്‍മ്മങ്ങളുമായി എത്ര അകലമുണ്ട്?! എന്നും നീ പറയണം…..’ (അദ്ദേഹത്തിന്റെ ഈ മഹത്തായ ഉപദേശം നമുക്ക് പാഠമായിരിക്കട്ടെ. ആമീന്‍.)

അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചരമം പ്രാപിച്ചു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) രംഗത്തുവന്നു. പത്തുകൊല്ലം അദ്ദേഹം മുസ്ലിംകളുടെ ഭരണകര്‍ത്താവായി. അപ്പോഴേക്കും പേര്‍ഷ്യാരാജ്യം മുഴുവനും, റോമായുടെ അധികഭാഗങ്ങളും മുസ്ലിംകള്‍ക്കധീനമായി. ഇറാനും, ഖുറാസാനും, ഈജിപ്തും, ശാമും, ഇറാഖുമെല്ലാം മുസ്‌ലിം രാജ്യത്തില്‍ ലയിച്ചു. ഖുലഫാഉ -റാശിദീന്റെ 30 കൊല്ലക്കാലം കൊണ്ട് വിസ്തീര്‍ണ്ണത്തിലോ, ജനസംഖ്യയിലോ അതിനോടു കിടപിടിക്കുവാന്‍ ലോകത്തു മറ്റൊരു രാഷ്ട്രവും, ജനതയും ഇല്ലാതായി. അതിന്റെനേരെ വിരല്‍ചൂണ്ടുവാന്‍ അമുസ്‌ലിം രാഷ്ട്രങ്ങള്‍ പേടിച്ചു. തുര്‍ക്കിസ്ഥാന്‍വരെ കിഴക്കോട്ടും, തുനീസ്യാ (تونس) വരെ പടിഞ്ഞാട്ടും അര്‍മേനിയാ വരെ വടക്കോട്ടും, ഇസ്ലാമിന്റെ പതാക പാറിക്കളിച്ചിരുന്നു. തുടര്‍ന്നുകൊണ്ട് ഉമവീ ഖിലാഫത്തിലും, അബ്ബാസീഖിലാഫത്തിലുമായി ഇസ്ലാമിന്റെ വൃത്തം വീണ്ടും വീണ്ടും വികസിച്ചു. (*). അതെല്ലാം ഇവിടെ പ്രസ്താവിക്കേണ്ടതില്ല.

(*) പടം 7 നോക്കുക.

ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലിംകളുടെ ചരിത്രത്തില്‍, ഈ ഖുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥവും, താല്‍പര്യവും തികച്ചും പ്രായോഗികമായി അനുഭവപ്പെട്ടു കഴിഞ്ഞതാണ്. നന്മയിലും, പാകതയിലും (الصلاح والصلاحية) അവര്‍ എപ്പോള്‍ പിന്നോക്കം വെക്കുവാന്‍ തുടങ്ങിയോ, സത്യനിഷ്ഠയിലും, ഭയഭക്തിയിലും അവരെപ്പോള്‍ പിന്‍ഗതിയിലായോ, ഐക്യത്തിലും സാമൂഹ്യമായ കെട്ടുറപ്പിലും അവരില്‍ എപ്പോള്‍ അഴവും വിടവും ഉണ്ടായിത്തീര്‍ന്നുവോ അതു മുതല്‍ക്കുതന്നെ, അവയുടെ വിപരീതഫലങ്ങള്‍ അവര്‍ അനുഭവിക്കുവാനും തുടങ്ങി. ഇത്രയും പറഞ്ഞതില്‍ നിന്ന് 106-ാം വചനത്തിലെ അര്‍ത്ഥഗര്‍ഭമായ ആശയം നമുക്ക് മനസ്സിലാക്കാം. അതെ, ‘നിശ്ചയമായും ഇതിൽ ആരാധകന്‍മാരായ ജനങ്ങള്‍ക്ക് സന്ദേശമുണ്ട്.’ إِنَّ فِي هَـٰذَا لَبَلَاغًا لِّقَوْمٍ عَابِدِينَ

മനുഷ്യജീവിതത്തിന്റെ വശങ്ങളായി ഏതെല്ലാം തുറകളുണ്ടോ അവയിലെല്ലാം, അവന് വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ ചെയ്തുകൊടുപ്പാനായി അയക്കപ്പെട്ട അന്ത്യപ്രവാചകനാണ് പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. അവിടുത്തെ ദൗത്യം, കാലദേശവ്യത്യാസമില്ലാതെ മനുഷ്യസമുദായത്തിന് ആകമാനമുള്ളതാണ്. പാരത്രികകാര്യങ്ങള്‍ മാത്രമല്ല, ഐഹികകാര്യങ്ങളും, വ്യക്തിപരമായതു മാത്രമല്ല, സാമൂഹ്യവും, സാമുദായികവും – അങ്ങിനെ മനുഷ്യന്റെ എല്ലാ ജീവിതവശങ്ങളെ സ്പര്‍ശിക്കുന്ന കാര്യങ്ങളും – അവിടുന്ന് ഖുര്‍ആന്‍ മുഖേനയും, വാക്കുകളും പ്രവൃത്തികളുമാകുന്ന ചര്യകള്‍ മുഖേനയും ലോകത്തിന്റെ മുമ്പില്‍വെച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിട്ടില്ലാത്ത ചിന്തകന്‍മാര്‍പോലും ഈ പരമാര്‍ത്ഥം – അതവര്‍ അനുഷ്ഠാനത്തില്‍ സ്വീകരിച്ചില്ലെങ്കിലും ശരി – സമ്മതിക്കുന്നു. ഇസ്ലാമിനുശേഷം ലോകത്തുണ്ടായിട്ടുള്ള സാക്ഷാല്‍ പുരോഗമനപരമായ എല്ലാ മാറ്റങ്ങളും ഇസ്ലാമിനോടു കടപ്പെട്ടവയത്രെ. മരണംവരെ സമാധാനത്തോടും, മര്യാദയോടും കൂടി കഴിഞ്ഞുകൂടുവാനും, മരണാനന്തരം കാലാകലത്തെ നരകശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗ്ഗീയജീവിതം ലഭിക്കുവാനും വേണ്ടുന്ന മാര്‍ഗ്ഗദര്‍ശിയായി, ലോകാവസാനംവരെയുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണിച്ചുതരുന്ന വേദഗ്രന്ഥത്തോടുകൂടി, നിയോഗിക്കപ്പെട്ട നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ലോകര്‍ക്കെല്ലാം മഹത്തായ ഒരു അനുഗ്രഹംതന്നെ. അവിടുത്തെ പ്രബോധനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വവും, മറ്റെല്ലാ ഉപദേശനിര്‍ദ്ദേശങ്ങളുടെയും അടിത്തറയായി സ്ഥിതി ചെയ്യുന്നതും എന്താണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു:-

21:108

قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ ﴾١٠٨﴿

(നബിയേ) പറയുക: “നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാകുന്നുവെന്നത്രെ എനിക്കു ബോധനം നല്‍കപ്പെടുന്നത്. എന്നാല്‍, നിങ്ങള്‍ (അവനു്) കീഴൊതുങ്ങുന്നവരാണോ?! [അതിനു തയ്യാറാണോ?!]

قُلْ പറയുക إِنَّمَا يُوحَىٰ നിശ്ചയമായും വഹ്-യു (ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) ആണെന്നു് إِلَـٰهٌ وَاحِدٌ ഏക ഇലാഹു (മാത്രം) فَهَلْ أَنتُم എന്നാല്‍ നിങ്ങളാണോ مُّسْلِمُونَ കീഴൊതുങ്ങുന്നവര്‍, അനുസരണം കാണിക്കുന്നവര്‍ (മുസ്ലിംകള്‍)

21:109

فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ ﴾١٠٩﴿

എന്നിട്ട്, അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: “ഞാന്‍ നിങ്ങളോട് ശരിയായ നിലയില്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നു: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം അടുത്തു സംഭവിക്കുന്നതോ, അഥവാ വിദൂരമായതോ എന്നു് എനിക്കു് അറിഞ്ഞുകൂടാ!

فَإِن تَوَلَّوْا എന്നിട്ടു അവന്‍ തിരിഞ്ഞുപോയാല്‍ فَقُلْ അപ്പോള്‍ പറയുക آذَنتُكُمْ ഞാന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങള്‍ക്കു അറിയിച്ചുതന്നിരിക്കുന്നു عَلَىٰ سَوَاءٍ ശരിക്കു, ശരിയായ നിലയില്‍ وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല أَقَرِيبٌ അടുത്തതാണോ أَم بَعِيدٌ അഥവാ ദൂരമായതാണോ, വിദൂരമാണോ مَّا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതു

21:110

إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ ﴾١١٠﴿

നിശ്ചയമായും, സംസാരത്തില്‍ നിന്നു് പരസ്യമായത് അവന്‍ അറിയും; നിങ്ങള്‍ ഒളിച്ചുവെക്കുന്നതും അവന്‍ അറിയും.

إِنَّهُ നിശ്ചയമായും അവന്‍ يَعْلَمُ അറിയും, അറിയുന്നു الْجَهْرَ പരസ്യമായതു, ഉറക്കെയുള്ളതു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്നു وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതു.

21:111

وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَٰعٌ إِلَىٰ حِينٍ ﴾١١١﴿

എനിക്കു അറിഞ്ഞുകൂടാ; ഒരു പക്ഷേ അതു [ആ വാഗ്ദാനം സംഭവം] നിങ്ങള്‍ക്കു് ഒരു പരീക്ഷണവും, കുറച്ചു സമയംവരേക്ക് സുഖസൗകര്യവും ആയിരിക്കാം.”

وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല لَعَلَّهُ അതായിരിക്കാം فِتْنَةٌ ഒരു പരീക്ഷണം لَّكُمْ നിങ്ങള്‍ക്കു وَمَتَاعٌ സുഖസൗകര്യവും إِلَىٰ حِينٍ കുറച്ചു സമയംവരേക്കു.

21:112

قَٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ ﴾١١٢﴿

അദ്ദേഹം [നബി] പറഞ്ഞു: “റബ്ബേ! യഥാര്‍ത്ഥ പ്രകാരം നീ വിധിച്ചാലും! നമ്മുടെ രക്ഷിതാവ് പരമകാരുണികനായുള്ളവനത്രെ; (അവനെതിരായി) നിങ്ങള്‍ പ്രസ്താവിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനത്രെ.

قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ احْكُم നീ വിധിക്കുക, വിധിച്ചാലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, യഥാര്‍ത്ഥംകൊണ്ട് وَرَبُّنَا നമ്മുടെ രക്ഷിതാവ് الرَّحْمَـٰنُ റഹ്മാനാണു, പരമകാരുണികനാണു الْمُسْتَعَانُ സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനാണു عَلَىٰ مَا تَصِفُونَ നിങ്ങള്‍ പ്രസ്താവിക്കുന്ന, വിവരിക്കുന്ന, വര്‍ണ്ണിക്കുന്ന(തിനെപ്പറ്റി).

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം എന്നു് പറഞ്ഞതുകൊണ്ട് വിവക്ഷ 105-ാം വചനത്തില്‍ പ്രസ്താവിച്ചത് – ഭൂമി സദ്‌വൃത്തന്‍മാര്‍ അനന്തരമെടുക്കുമെന്നത് – ആകാവുന്നതാണ്. അല്ലെങ്കില്‍, സത്യം സ്വീകരിക്കാതെ, നിഷേധത്തിലും, ധിക്കാരത്തിലും നിരതരായിക്കൊണ്ടിരുന്നതിന് മരണാനന്തരം ഉണ്ടാകുന്ന ശിക്ഷയും ആയിരിക്കാവുന്നതാണ്. രണ്ടായിരുന്നാലും അത് അടുത്തുതന്നെ സംഭവിക്കുമോ എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളു. ഒരുപക്ഷേ, അതിന് അല്‍പം കാലതാമസം ഉണ്ടായേക്കാം. ആ താമസം അവര്‍ക്കു താല്‍ക്കാലിക സുഖസൗകര്യമായിത്തീര്‍ന്നേക്കുകയും ചെയ്തേക്കാം. അങ്ങിനെയാണെങ്കില്‍, അതു വാസ്തവത്തില്‍ അവര്‍ക്കൊരു പരീക്ഷണഘട്ടമായിരിക്കും. അതവര്‍ നല്ലപ്പോലെ തരണം ചെയ്‌താല്‍ അവര്‍ക്ക് ഗുണകരമാകും. ഇല്ലെങ്കിലോ, ഭയങ്കര ദോഷവും!

അല്ലാഹുവിന് യോജ്യമാല്ലത്തതും, അവന്റെ ബോധനങ്ങള്‍ക്കു് വിരുദ്ധവുമായ അവരുടെ പ്രസ്താവനകളെയും ആരോപണങ്ങളെയും സംബന്ധിച്ചിടത്തോളം, അതിന്നെതിരില്‍ സഹായം അര്‍ത്ഥിക്കപ്പെടുവാന്‍ പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മറ്റാരുടെയും സഹായം ആവശ്യവുമില്ല എന്നു് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമാധാനിക്കുന്നതാണ് ഒടുവിലത്തെ വചനത്തില്‍ കാണുന്നത്.

[وربنا الرحمان المستعان وله الحمد والمنة]