വെളിച്ചം റമദാൻ 2021 – റമദാൻ 12

സൂറത്തുസ്-സ്വഫ്ഫ് : 07-14

സ്വഫ്ഫ് (അണി)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 14 – വിഭാഗം (റുകൂഅ്) 2

61:7

  • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴾٧﴿
  • അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവനേക്കാള്‍ അക്രമി ആരുണ്ടു. അവനാകട്ടെ, ഇസ്‌ലാമിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്യുന്നു (എന്നിട്ടും)?! അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
  • وَمَنْ أَظْلَمُ ആരാണ് ഏറ്റവും അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ الْكَذِبَ വ്യാജം, കളവു وَهُوَ അവനാകട്ടെ يُدْعَىٰ ക്ഷണിക്കപ്പെടുന്നു إِلَى الْإِسْلَامِ ഇസ്‌ലാമിലേക്കു وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനങ്ങളെ

61:8

  • يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ ﴾٨﴿
  • തങ്ങളുടെ വായകൊണ്ടു അല്ലാഹുവിന്റെ പ്രകാശം കെടുത്തികളയുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനുമാണ് – അവിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
  • يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു لِيُطْفِئُوا അവര്‍ കെടുത്തുകളയുവാന്‍ نُورَ اللَّـهِ അല്ലാഹുവിന്റെ പ്രകാശത്തെ بِأَفْوَاهِهِمْ അവരുടെ വായകള്‍കൊണ്ടു وَاللَّـهُ അല്ലാഹുവാകട്ടെ مُتِمُّ نُورِهِ തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാണ് وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْكَافِرُونَ അവിശ്വാസികള്‍

61:9

  • هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ﴾٩﴿
  • അവനത്രെ, തന്റെ റസൂലിനെ മാര്‍ഗദര്‍ശനവും, യഥാര്‍ത്ഥമതവും കൊണ്ട് അയച്ചിട്ടുള്ളവന്‍, എല്ലാ മതത്തെക്കാളും അതിനെ (വിജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി; ബഹുദൈവ വിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
  • هُوَ الَّذِي അവന്‍ യാതൊരുവനത്രെ أَرْسَلَ അയച്ച, നിയോഗിച്ച رَسُولَهُ തന്റെ റസൂലിനെ بِالْهُدَىٰ സന്‍മാര്‍ഗവും കൊണ്ടു وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍വേണ്ടി عَلَى الدِّينِ كُلِّهِ എല്ലാ മതത്തെക്കാളും, മതത്തിനു മീതെയും وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْمُشْرِكُونَ ബഹുദൈവവിശ്വാസികള്‍

ഈ പ്രവചനം ഇവിടെ മാത്രമല്ല, സൂ: തൗബഃ 32, 33ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യവിഷയങ്ങളുമാണ് അല്ലാഹുവിന്റെ പ്രകാശംകൊണ്ടു വിവക്ഷ. അതിനെ വായകൊണ്ടു ഊതിക്കെടുക്കുവാനോ, ദുരാരോപണങ്ങളും അപവാദങ്ങളും വഴി കെടുത്തിക്കളയുവാനോ ആര്‍ക്കും സാധ്യമല്ല. ലക്ഷ്യങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും ദൃഢത, പ്രമാണങ്ങളുടെ സ്വീകാര്യത, വിശുദ്ധ ഖുര്‍ആന്റെ സുരക്ഷത, അതിന്റെ സത്യത, ന്യായത, വ്യക്തത എന്നിവമൂലം മറ്റേതു മതത്തേക്കാളും അതു മികച്ചുകൊണ്ടു തന്നെയിരിക്കും. ലോകമുള്ള കാലത്തോളം സത്യനിഷേധികളും എതിരാളികളും അതിന്നുണ്ടായേക്കാം. അവരുടെ പ്രതിഷേധമോ അമര്‍ഷമോ അതിന്നൊരിക്കലും പ്രതിബന്ധമായിരിക്കയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുള്ളതുപോലെ, ഒരു വിഭാഗം ആളുകളെങ്കിലും അതിന്റെ യഥാര്‍ത്ഥ അനുയായികളായി ലോകാവസാനംവരെ ശേഷിക്കാതിരിക്കയുമില്ല.  (كمافي البخاري ومسلم)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ശിര്‍ക്കിന്റെയും, കുഫ്റിന്റെയും ആള്‍ക്കാരെല്ലാം ഇസ്‌ലാമിനു വഴങ്ങേണ്ടിവന്ന ചരിത്രം പ്രസിദ്ധമാണ്. ഇസ്‌ലാമല്ലാത്ത ഏതൊരു മതത്തെ എടുത്താലും ആ മതത്തിന്റെ സാക്ഷാല്‍ പ്രമാണമായി അതിന്റെ അനുയായികളെന്നു അവകാശപ്പെടുന്നവര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥരേഖ – യാതൊന്നും അതില്‍ കൂട്ടുവാനോ കിഴിക്കുവാനോ ഇല്ലെന്നു അവര്‍ ഏകകണ്ഠമായി സമ്മതിക്കുന്ന ഒരു വേദഗ്രന്ഥം – സമര്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലതന്നെ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്കിടയില്‍ എന്തുതന്നെ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും തങ്ങളുടെ മൂലപ്രമാണം വിശുദ്ധ ഖുര്‍ആനാണെന്നും, അതില്‍ വല്ലതും ചേര്‍ക്കുവാനോ കുറക്കുവാനോ ഇല്ലെന്നുമുള്ള കാര്യത്തില്‍ അവര്‍ എകാഭിപ്രായക്കാരാക്കുന്നു. അപ്പോള്‍, വിശുദ്ധ ഖുര്‍ആന്‍ നിലവിലുള്ള കാലത്തോളം – അതാകട്ടെ, ലോകാവസാനംവരെ നിലനില്‍ക്കുകയും ചെയ്യും – അല്ലാഹുവിന്റെ പ്രകാശം പൊലിയാതെയും, അവന്റെ മതം തിരോധാനം ചെയ്യാതെയും അവശേഷിക്കുകതന്നെ ചെയ്യും.

വിഭാഗം – 2

61:10

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴾١٠﴿
  • ഹേ, വിശ്വസിച്ചവരേ, വേദനയേറിയ ഒരു ശിക്ഷയില്‍നിന്നു നിങ്ങള്‍ക്കു രക്ഷനല്‍കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ?-
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ تِجَارَةٍ ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി تُنجِيكُم നിങ്ങളെ രക്ഷപ്പെടുത്തുന്ന مِّنْ عَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയില്‍നിന്നു

61:11

  • تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١١﴿
  • നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു – നിങ്ങള്‍ക്കു അറിയാമെങ്കില്‍!
  • تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുക, വിശ്വസിക്കണം بِاللَّـهِ وَرَسُولِهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُجَاهِدُونَ നിങ്ങള്‍ സമരം ചെയ്യുകയും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ بِأَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടു وَأَنفُسِكُمْ നിങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ്, നല്ലതാണ് إِن كُنتُمْ നിങ്ങള്‍ആകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (വെങ്കില്‍)

61:12

  • يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢﴿
  • (എന്നാല്‍) നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലും, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളിലുള്ള വിശിഷ്ടമായ പാര്‍പ്പിടങ്ങളിലും നിങ്ങളെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ, മഹത്തായ ഭാഗ്യം.
  • يَغْفِرْ لَكُمْ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങള്‍ وَيُدْخِلْكُمْ നിങ്ങളെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി) കള്‍ وَمَسَاكِنَ പാര്‍പ്പിടങ്ങളിലും طَيِّبَةً വിശിഷ്ടമായ, നല്ല, പരിശുദ്ധമായ فِي جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ ذَٰلِكَ അതു, അതത്രെ الْفَوْزُ الْعَظِيمُ വമ്പിച്ചഭാഗ്യം

61:13

  • وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾١٣﴿
  • മറ്റൊരു കാര്യവും (കൂടി) – അതു നിങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും, ആസന്നമായ ഒരു വിജയവും! (നബിയേ) സത്യവിശ്വാസികള്‍ക്കു നീ സന്തോഷ വാര്‍ത്ത അറിയിച്ചുകൊള്ളുക.
  • وَأُخْرَىٰ മറ്റൊരു കാര്യവും تُحِبُّونَهَا നിങ്ങളതു ഇഷ്ടപ്പെടും, ഇഷ്ടപ്പെടുന്ന نَصْرٌ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നുള്ള സഹായം وَفَتْحٌ قَرِيبٌ ആസന്നമായ ഒരു വിജയവും وَبَشِّرِ സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിന്റെ പ്രാധാന്യം ആദ്യം ചൂണ്ടിക്കാട്ടി. മൂസാ (عليه السلام) നബിയുടെ ജനതയെപ്പോലെ ഉപദ്രവകാരികളാവരുതെന്നും ഈസാ (عليه السلام) നബിയുടെ ജനതയെപ്പോലെ തെളിവുകളെ നിരാകരിക്കരുതെന്നും തുടര്‍ന്നു ഉപദേശിച്ചു. അതിനുശേഷം സത്യവിശ്വാസികളെ ആ സമരമാകുന്ന വ്യാപാരത്തില്‍ വ്യാപ്തരാകുവാന്‍ ക്ഷണിക്കുകയാണ്. ഈ കച്ചവടത്തിനുള്ള മൂലധനം സത്യവിശ്വാസം. അതിലെ ചരക്കുകള്‍ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്യലും. അതിന്റെ നേട്ടമോ ? വേദനയേറിയ നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടലും, പാപം പൊറുത്തുകിട്ടലും, സുഖസമ്പൂര്‍ണ്ണമായ ശാശ്വത സ്വര്‍ഗവും! ഇതെല്ലാം ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളാണല്ലോ. ഈ ജീവിതത്തില്‍ ഈ കച്ചവടം മുഖേനനേട്ടമൊന്നും ഉണ്ടാകാനില്ലേ? ഉണ്ട്. വേറെയും നേട്ടങ്ങളുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെ. അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും താമസംവിനാ ശത്രുക്കള്‍ക്കെതിരില്‍ കൈവരുന്ന വിജയവുമാണത്. ഇതില്‍പരം ഭാഗ്യകരമായ വ്യാപാരം മറ്റെന്തുണ്ട്?! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും സഹാബികള്‍ക്കും മാത്രമല്ല, സത്യവിശ്വാസികള്‍ ഏതെല്ലാം കാലത്തു വിശ്വാസപൂര്‍വ്വം ഈ കച്ചവടത്തില്‍ വ്യാപൃതരായിട്ടുണ്ടോ അക്കാലത്തെല്ലാം അവര്‍ക്കു അല്ലാഹുവിന്റെ സഹായവും, വിജയവും ലഭിച്ചിട്ടുണ്ടുതാനും. ഭാവിവാഗ്ദാനങ്ങള്‍ പരലോകത്തുവെച്ചു അവര്‍ക്കു ലഭിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍വെച്ചു അല്ലാഹുവിങ്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണെന്നു അന്വേഷിച്ച ചില സഹാബികള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതികേള്‍പ്പിക്കുകയുണ്ടായെന്നു ഹദീസില്‍ വന്നിരിക്കുന്നു (അ;തി.) അല്ലാഹു നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍.

61:14

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّۦنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ ﴾١٤﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുവിന്‍; മര്‍യമിന്റെ മകന്‍ ഈസാ ‘ഹവാരി’ കളോടു; ‘അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരാണ് എന്നു പറഞ്ഞതുപോലെ; ‘ഹവാരി’കള്‍ പറഞ്ഞു : ‘ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്’ എന്ന്‍. [ഇതുപോലെ നിങ്ങളും ആയിരിക്കുവിന്‍.] എന്നിട്ട്, ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു അവരുടെ ശത്രുവിന്നെതിരെ നാം ബലം നല്‍കി; അങ്ങനെ അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ كُونُوا നിങ്ങള്‍ ആയിരിക്കുവിന്‍ أَنصَارَ اللَّـهِ അല്ലാഹുവിന്റെ സഹായികള്‍ كَمَا قَالَ പറഞ്ഞതുപോലെ عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ لِلْحَوَارِيِّينَ ഹവാരികളോടു (ശിഷ്യഗണങ്ങളോടു) مَنْ أَنصَارِي എന്റെ സഹായികള്‍ ആരാണു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു قَالَ الْحَوَارِيُّونَ ഹവാരികള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّـهِ അല്ലാഹുവിന്റെ സഹായികളാണു فَآمَنَت എന്നിട്ടു വിശ്വസിച്ചു طَّائِفَةٌ ഒരു വിഭാഗം مِّن بَنِي إِسْرَائِيلَ ഇസ്രാഈല്യരില്‍ നിന്നു وَكَفَرَت അവിശ്വസിക്കയും ചെയ്തു طَّائِفَةٌ ഒരു വിഭാഗം فَأَيَّدْنَا അപ്പോള്‍ നാം ബലപ്പെടുത്തി الَّذِينَ آمَنُوا വിശ്വസിച്ചവരെ عَلَىٰ عَدُوِّهِمْ അവരുടെ ശത്രുക്കളുടെ മേല്‍ (എതിരെ) فَأَصْبَحُوا അങ്ങനെ അവരായിത്തീര്‍ന്നു ظَاهِرِينَ പ്രത്യക്ഷപ്പെട്ടവര്‍, വിജയികള്‍

حَوَارِيِّونَ (‘ഹവാരി’കള്‍) എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നു അല്ലാഹുവിനറിയാം. ‘വസ്ത്രം അലക്കുന്നവര്‍, ഹൃദയം ശുദ്ധീകരിക്കുന്നവര്‍, വേട്ടക്കാര്‍’ എന്നിങ്ങിനെയുള്ള ചില അര്‍ത്ഥങ്ങളും, ആ പേരു വരാനുള്ള ചില കാരണങ്ങളും പലരും പറഞ്ഞു കാണുന്നു. ഒന്നും തിട്ടപ്പെടുത്തുവാന്‍ തെളിവില്ല. ഏതായാലും ഈസാ (عليه السلام) ന്റെ പ്രധാന ശിഷ്യഗണങ്ങളായ പന്ത്രണ്ടുപേരെ ഉദ്ദേശിച്ചാണ് ഈ വാക്കു ഉപയോഗിക്കപ്പെടുന്നതു എന്നതില്‍ തര്‍ക്കമില്ല. ഇവര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രബോധനം അതിവിദൂര രാജ്യങ്ങളിലെല്ലാം എത്തിക്കഴിഞ്ഞത്. അതുകൊണ്ട് ഈസാ (عليه السلام)ന്റെ ദൂതന്‍മാര്‍ എന്നു ഈ വാക്കിനു വിവക്ഷ നല്കപ്പെടുന്നു. ഇവരെക്കുറിച്ചാണ് ‘അപ്പോസ്തലന്മാര്‍’ (Apostles) എന്നു പറയപ്പെടുന്നത്.

ഈസാ നബി (عليه السلام) ജനങ്ങളെ സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചുകൊണ്ടു ചെയ്ത പ്രസ്താവനകള്‍ ഉദ്ധരിച്ച ശേഷം സൂഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:

فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللَّـهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّـهِ آمَنَّا بِاللَّـهِ وَاشْهَدْ بِأَنَّا مُسْلِمُونَ – ال عمران :٥٢

(സാരം: എന്നിട്ടു, ഈസാക്ക് അവരില്‍നിന്നു അവിശ്വാസം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ആരാണു അല്ലാഹുവിങ്കലേക്കുള്ള എന്റെ സഹായികള്‍?’ ‘ഹവാരികള്‍’ പറഞ്ഞു : ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വാസിച്ചിരിക്കുന്നു; ഞങ്ങള്‍ മുസ്‌ലിംകളാണെന്നു താങ്കള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.’ ആലുഇംറാന്‍: 52) ഇതു പോലെ അവിശ്വാസത്തിനെതിരില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗവും സേവനവും ചെയ്‌വാന്‍ നിങ്ങളും സന്നദ്ധരാകണമെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.

എന്നാല്‍, ഈസാ (عليه السلام) നബിയുടെ ദൗത്യം ഇസ്രാഈല്യരില്‍ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചുവെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇവരാണ് -യഹൂദികള്‍- നിഷേധിക്കയാണുണ്ടായത്. വിശ്വസിച്ചവര്‍ അല്ലാഹുവിന്റെ സഹായത്തിനും, അനുഗ്രഹത്തിനും പാത്രമായി. ആത്മീയശക്തി നല്‍കി അല്ലാഹു അവരെ ബലപ്പെടുത്തുകയും എതിരാളികളെ പരാജയപ്പെടുത്തി അവര്‍ക്കു വിജയം നല്‍കുകയും ചെയ്തു. അതുപോലെ, നിങ്ങളും അല്ലാഹുവിനെ – അല്ലാഹുവിന്റെ മതത്തെ – സഹായിച്ചാല്‍ അല്ലാഹു നിങ്ങളെയും സഹായിക്കും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ കാലടികളെ ഉറപ്പിച്ചു വിജയം നല്‍കുകയും ചെയ്യും എന്നു ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ എന്നു താല്‍പര്യം. (إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ)

اللهم اجعلنا ممن نصر الله ورسوله اللهم لك الحمد ولك المنة الفضل

വെളിച്ചം റമദാൻ 2021 – റമദാൻ 11

സൂറത്തുസ്-സ്വഫ്ഫ് : 01-06

സ്വഫ്ഫ് (അണി)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 14 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

61:1

  • سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയത്രെ.
  • سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ

ഇതു പോലെയുള്ള വചനങ്ങളും അവയുടെ വ്യാഖ്യാനവും ഒന്നിലധികം സൂറത്തുകളില്‍ മുമ്പു കഴിഞ്ഞിട്ടുണ്ട്.

61:2

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴾٢﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തതു നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്?!
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لِمَ تَقُولُونَ നിങ്ങള്‍ പറയുന്നതു എന്തിനുവേണ്ടിയാണു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തതു, പ്രവര്‍ത്തിക്കാത്തതു

61:3

  • كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ﴾٣﴿
  • നിങ്ങള്‍ ചെയ്യാത്തതു പറയുക എന്നുള്ളതു, അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്.
  • كَبُرَ വളരെ വലുതാണ്‌, വമ്പിച്ചതാണ് مَقْتًا ക്രോധം, ക്രോധത്തില്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ أَن تَقُولُوا നിങ്ങള്‍ പറയല്‍, പറയുകയെന്നതു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തത്

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്‌വാന്‍ അനുമതി കിട്ടിയാല്‍ കൊള്ളാമെന്നു ആഗ്രഹം പ്രകടിപ്പിക്കപ്പെടുകയും, യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍ ചിലര്‍ക്കതു അസഹ്യമായിത്തോന്നുകയും ചെയ്ത സന്ദര്‍ഭത്തിലാണു ഈ വചനങ്ങള്‍ അവതരിച്ചതെന്നാണ് അധിക മുഫസ്സിറുകളും പറയുന്നത്. ചില രിവായത്തുകളും ഇതുസംബന്ധിച്ചു വന്നിട്ടുണ്ട്. അടുത്ത വചനം ഇതിനു പിന്‍ബലം നല്‍കുന്നതും കാണാം. അവതരിച്ച സന്ദര്‍ഭം ഏതായാലും അതിലെ ആശയം സ്പഷ്ടമായതും ഗൗരവമേറിയതുമായ ഒരു പൊതുതത്വം ആകുന്നു. വാഗ്ദത്തമായിട്ടോ, ശപഥംമുഖേനയോ, നേര്‍ച്ചാരൂപത്തിലോ – എങ്ങിനെയായാലും ശരി – നല്ല കാര്യങ്ങള്‍ ചെയ്യാമെന്നു വായകൊണ്ടു പറഞ്ഞാല്‍ അതു പ്രവൃത്തിയില്‍ വരുത്തല്‍ ആ പറഞ്ഞ ആളുകളുടെ കടമയത്രെ. ചെയ്‌വാന്‍ തയ്യാറില്ലാത്തകാര്യം ചെയ്തുകൊള്ളാമെന്നു പറയല്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച ക്രോധകരമായതാണ്. അല്ലാഹുവിന്റെ ക്രോധത്തിനു കാരണമായ ഏതു കാര്യവും കുറ്റകരമാണെന്നു പറയേണ്ടതില്ലല്ലോ.

‘കപടവിശ്വാസിയുടെ (മുനാഫിഖിന്‍റെ) അടയാളം മൂന്നെണ്ണമാണ്. അവന്‍ വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വര്‍ത്തമാനം പറഞ്ഞാല്‍ കളവു പറയും, വിശ്വസിക്കപ്പെട്ടാല്‍ ചതിക്കും’ (ബു.മു.) എന്ന നബിവചനം പ്രസിദ്ധമാണല്ലോ. മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു : ‘നാലുകാര്യങ്ങള്‍ ഏതൊരുവനില്‍ ഉണ്ടായോ അവന്‍, തനി കപടവിശ്വാസിയാകുന്നു. അവയില്‍ ഒന്നു ആരിലെങ്കിലും ഉണ്ടായിരുന്നാല്‍ അതവന്‍ ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്‍റെ ഒരു കാര്യം അവനില്‍ ഉണ്ടായിരിക്കും. വിശ്വസിക്കപ്പെട്ടാല്‍ ചതിക്കുക, വര്‍ത്തമാനം പറഞ്ഞാല്‍ കളവു പറയുക, ഉടമ്പടി ചെയ്‌താല്‍ വഞ്ചിക്കുക, പിണങ്ങിയാല്‍ തോന്നിയവാസം പ്രവര്‍ത്തിക്കുക.'(ബു.മു). ആമിറുബ്നു റബീഅഃ (عامر بن ربيعة – رض) പറയുകയാണ്: ‘ഞാന്‍ കുട്ടിയായിരുന്ന കാലത്തു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളുടെ അടുക്കല്‍ വരുകയുണ്ടായി. ഞാന്‍ കളിക്കുവാന്‍ പോയപ്പോള്‍ എന്‍റെ ഉമ്മ എന്നോടു പറഞ്ഞു: ‘ഇങ്ങോട്ടുവാ, ഞാന്‍ നിനക്കു തരാം.’ ഇതുകേട്ടപ്പോള്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ചോദിച്ചു: ’എന്താണ് നിങ്ങള്‍ അവനു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്?’  അവര്‍ പറഞ്ഞു: ’കാരക്ക’ അപ്പോള്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു ‘’എന്നാല്‍, അങ്ങിനെ ചെയ്തില്ലെങ്കില്‍ അതു നിങ്ങളുടെ പേരില്‍ ഒരു കളവായി രേഖപ്പെടുത്തപ്പെടുമായിരുന്നു.’ (അ). പ്രവര്‍ത്തനത്തില്‍ വരുത്തുവാനുദ്ദേശിക്കാത്ത വാക്കുകളുടെ ഗൗരവം ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.

61:4

  • إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَٰنٌ مَّرْصُوصٌ ﴾٤﴿
  • നിശ്ചയമായും അല്ലാഹു, ഓരായം ചേര്‍ത്തുണ്ടാക്കപ്പെട്ട ഒരു ഭിത്തി എന്നോണം ഒരു അണിയായി അവന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.
  • إِنَّ اللَّـهَ നിശ്ചമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു الَّذِينَ يُقَاتِلُونَ യുദ്ധം ചെയ്യുന്നവരെ فِي سَبِيلِهِ തന്റെ മാര്‍ഗത്തില്‍ صَفًّا ഒരു അണി (നിര)യായി كَأَنَّهُم അവര്‍ ആണെന്നതുപോലെ بُنْيَانٌ ഒരു പടവു (ഭിത്തി -മതില്‍- കെട്ടിടം) مَّرْصُوصٌ ഓരായം ചേര്‍ക്കപ്പെട്ട, ഈയം ഒഴിക്കപ്പെട്ട, ഇടതൂര്‍ക്കപ്പെട്ട

ഇടയ്ക്കു ഒട്ടും വിടവില്ലാതെ, വളവും പുളവുമില്ലാതെ കെട്ടുറപ്പോടുകൂടി അണികെട്ടിനിന്നുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സധീരം ശത്രുക്കളോടു അടരാടുന്ന പടയാളികളെ അല്ലാഹു പ്രശംസിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അണിഉറപ്പിച്ചു നില്‍ക്കുകയെന്നതു കേവലം ഒരു പട്ടാളച്ചിട്ട മാത്രമല്ല, ശത്രുവിന്റെ പരാജയത്തിനു അത്യന്താപേക്ഷിതവുമാണ്. സംഘമായി നമസ്കരിക്കുമ്പോള്‍പോലും അണികള്‍ അപ്രകാരം ആയിരിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും വളരെയധികം നിഷ്കര്‍ഷിച്ചിരുന്നു. അതുപോലെത്തന്നെ, ഒരു വരി ശരിക്കും പൂര്‍ത്തിയായ ശേഷമേ അടുത്ത വരി പൂര്‍ത്തിയാക്കാവൂ എന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൽപിച്ചിരുന്നു. തിരുമേനി ഇങ്ങിനെ താക്കീതും ചെയ്തിട്ടുണ്ട്.

لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللَّه بيْنَ وجُوهكُمْ – متفق

(നിങ്ങള്‍ നിങ്ങളുടെ അണികളെ ശരിപ്പെടുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ അല്ലാഹു ഭിന്നിപ്പുണ്ടാക്കും . (ബു.മു.). അഥവാ നിങ്ങളുടെ ഉദ്ദേശങ്ങളിലും ഗതികളിലും അനൈക്യം സംഭവിക്കും എന്നു താല്‍പര്യം. ഇന്നു നമ്മുടെ സ്ഥിതിയോ? നമസ്കരിക്കുവാന്‍ നില്‍ക്കുമ്പോള്‍ അണിയൊപ്പിച്ചു നില്‍ക്കലും, തൊട്ടുതൊട്ടു നില്‍ക്കലുമെല്ലാം തീരെ അവഗണിക്കപ്പെട്ടിരിക്കയാണ്. ചിലര്‍ക്കതു തങ്ങളുടെ പരിഷ്കാരത്തിനു യോജിക്കാത്തതായും, മറ്റു ചിലര്‍ക്കു തങ്ങളുടെ അന്തസ്സിനു നിരക്കാത്തതായും തോന്നുകയാണ്! ഇതിന്റെ ഫലം – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതുചെയ്ത അതേ അവസ്ഥ – നാം അനുഭവിച്ചു കൊണ്ടിരിക്കയും ചെയ്യുന്നു. മുസ്‌ലിംകളുടെ അഭ്യന്തരകാര്യങ്ങളിലാകട്ടെ, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള സമീപനങ്ങളിലാകട്ടെ, പരസ്പരം യോജിച്ചു വല്ലതും പ്രവര്‍ത്തിക്കുവാനുള്ള ആഗ്രഹമോ, സാധ്യതയോ ഇല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. ഒട്ടും വിഷമംകൂടാതെ നിര്‍വ്വഹിക്കാവുന്ന ഇക്കാര്യം – നമസ്കാരത്തില്‍ അണിശരിപ്പെടുത്തല്‍ – പോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്രയോ ഊന്നിപ്പറഞ്ഞിട്ടുകൂടി – ഗൗനിക്കാത്തവര്‍ സമരാങ്കണത്തില്‍ ശത്രുക്കളുടെ മുമ്പാകെ എങ്ങിനെ അണി ശരിപ്പെടുത്തുവാനാണ്?! و الى الله المشتكى

61:5

  • وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ﴾٥﴿
  • മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘എന്റെ ജനങ്ങളെ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാണെന്നു നിങ്ങള്‍ക്കു അറിയാമല്ലോ!അങ്ങനെ അവര്‍ (നേര്‍മാര്‍ഗം) തെറ്റിയപ്പോള്‍ , അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍ന്നടപ്പുകാരായ ജനതയെ സന്മാര്‍ഗത്തിലാക്കുന്നതുമല്ല.
  • وَإِذْ قَالَ مُوسَىٰ മൂസാ പറഞ്ഞപ്പോള്‍ لِقَوْمِهِ തന്റെ ജനതയോടു يَا قَوْمِ എന്റെ ജനങ്ങളേ لِمَ تُؤْذُونَنِي എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്, സ്വൈരം കെടുത്തുന്നു وَقَد تَّعْلَمُونَ നിങ്ങള്‍ക്കറിയാമല്ലോ أَنِّي رَسُولُ اللَّـهِ ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു إِلَيْكُمْ നിങ്ങളിലേക്കു فَلَمَّا زَاغُوا അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ أَزَاغَ اللَّـهُ അല്ലാഹു തെറ്റിച്ചു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ وَاللَّـهُ അല്ലാഹുവാകട്ടെ لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (നേര്‍മാര്‍ഗം കാണിക്കുക)യില്ല الْقَوْمَ الْفَاسِقِينَ ദുര്‍ന്നടപ്പുകാരായ (തോന്നിയവാസികളായ) ജനതക്കു

മൂസാ (عليه السلام) നബിയെ ഇസ്രാഈല്യര്‍ ദ്രോഹിച്ചതിനും സ്വൈര്യം കെടുത്തിയതിനും പല ഉദാഹരണങ്ങളും ഖുര്‍ആനില്‍ തന്നെ കാണാവുന്നതാണ്. തീഹു വനാന്തരത്തില്‍വെച്ചു അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട ഫലസ്തീനില്‍ പ്രവേശിക്കുവാന്‍ അദ്ദേഹം കല്‍പിച്ചപ്പോള്‍ അവിടെ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവരുമെന്നു കണ്ടതുകൊണ്ട് അവര്‍ വിസമ്മതിച്ചു. അവിടെ വമ്പന്മാരായ ഒരു ജനതയാണുള്ളത്. അവര്‍ അവിടെനിന്നു പോയല്ലാതെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല എന്നു അവര്‍ പറഞ്ഞു. മാത്രമോ? വേണമെങ്കില്‍ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക; ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ് فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ എന്നുവരെ അവര്‍ തുറന്നുപറഞ്ഞു. ഒടുക്കം മൂസാ (عليه السلام) ദുആ ചെയ്തു. ‘റബ്ബേ! എന്റെ ദേഹത്തെയും എന്റെ സഹോദരനെയുമല്ലാതെ ഞാന്‍ അധീനമാക്കുന്നില്ല. അതുകൊണ്ടു ഞങ്ങള്‍ക്കും ദുര്‍ന്നടപ്പുകാരായ ജനതക്കുമിടയില്‍ നീ വേര്‍പ്പെടുത്തണേ!’ (رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي) ഈ രംഗം ഒന്നു ആലോചിക്കുക! ഏറേത്താമസിയാതെ ആ പ്രവാചകവര്യന്‍ കാലഗതി പ്രാപിച്ചു. ആ ജനതയാകട്ടെ നാല്‍പതുകൊല്ലം ആ വനാന്തരത്തില്‍ വട്ടം കറങ്ങേണ്ടിയും വന്നു. ഇസ്രാഈല്യര്‍ മൂസാ (عليه السلام) നബിയോടു ചെയ്തതുപോലെ നിങ്ങള്‍ നിങ്ങളുടെ നബിയോടു അനുവര്‍ത്തിക്കെരുതെന്നു മുസ്‌ലിംകളോടുള്ള താക്കീതാണ് ഈ വചനം. അടുത്ത വചനത്തില്‍, ഈസാ (عليه السلام) നബിയുടെ ജനത സ്വീകരിച്ച നയം സ്വീകരിക്കരുതെന്നും സൂചിപ്പിക്കുന്നത് കാണാം.

61:6

  • وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرًۢا بِرَسُولٍ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَٰتِ قَالُوا۟ هَٰذَا سِحْرٌ مُّبِينٌ ﴾٦﴿
  • മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും ഞാന്‍, നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാകുന്നു; തൗറാത്താകുന്ന എന്റെ മുമ്പിലുള്ളതിനെ [വേദഗ്രന്ഥത്തെ] സത്യമാ(ക്കി ശരിവെ)ക്കുന്നവനായിക്കൊണ്ടും, എന്റെശേഷം വരുന്നതായ, ‘അഹ്മദ്’ [അധികം സ്തുതിയുള്ളവന്‍] എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ചു സുവിശേഷം അറിയിക്കുന്നവനായിക്കൊണ്ടും (നിയോഗിക്കപ്പെട്ടവനാണ്).അങ്ങനെ, അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇതു (തനി) സ്പഷ്ടമായ ജാലമാണു’ എന്നു!
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ إِنِّي رَسُولُ اللَّـهِ നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്‌ إِلَيْكُم നിങ്ങളിലേക്കു مُّصَدِّقًا സത്യമാക്കുന്ന (ശരിവെക്കുന്ന) വനായിക്കൊണ്ടു لِّمَا بَيْنَ يَدَيَّ എന്റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍നിന്നും وَمُبَشِّرًا സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവനായും بِرَسُولٍ ഒരു റസൂലിനെക്കുറിച്ചു يَأْتِي വരുന്ന, അദ്ദേഹം വരും مِن بَعْدِي എന്റെ ശേഷം اسْمُهُ അദ്ദേഹത്തിന്റെ പേര്‍ أَحْمَدُ അഹ്മദു (അധികം സ്തുതിയുള്ളവന്‍) എന്നാണ് فَلَمَّا جَاءَهُم എന്നിട്ടു അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ സ്പഷ്ടമായ (തനി)

ഈസാ (عليه السلام) നബിയുടെ ദൗത്യോദ്ദേശ്യങ്ങളില്‍ പ്രധാനമായ രണ്ടു കാര്യങ്ങളാണ് അദ്ദേഹം തന്റെ ജനതയായ ഇസ്രാഈല്യരെ അറിയിക്കുന്നത്. (1) അദ്ദേഹത്തിന്റെ മുമ്പു അവതരിച്ചതും, തന്റെ മുന്നില്‍ നിലവിലുള്ളതുമായ തൗറാത്തിന്റെ സത്യത സ്ഥാപിക്കുകയും, ശരിവെക്കുകയും ചെയ്യുക. അഥവാ അതിന്റെ നിയമങ്ങള്‍ നടപ്പില്‍ വരുത്തുക.

(2) തന്റെ ശേഷം അഹ്മദു എന്നു പേരുള്ള ഒരു റസൂല്‍ വരാനിരിക്കുന്നുവെന്ന സുവിശേഷം അറിയിക്കുക. അഥവാ ആ റസൂലിനെ അനുസരിക്കുവാന്‍ ജനങ്ങളെ സജ്ജമാക്കുക. ഈസാ (عليه السلام) ഒരു പുതിയ നിയമ സംഹിതകൊണ്ടു വന്നിട്ടില്ലെന്നും, അദ്ദേഹം തൗറാത്തിന്റെ നിയമ വ്യവസ്ഥകളെ അനുകരിക്കുകയാണ് ചെയ്തതെന്നും ഇതില്‍ നിന്നു വ്യക്തമാണ്. അദ്ദേഹം കൊണ്ടുവന്ന വേദഗ്രന്ഥമായ ‘ഇഞ്ചീലാ’കട്ടെ, ഉപദേശങ്ങളുടെയും സുവിശേഷങ്ങളുടെയും സമാഹാരവുമാകുന്നു. ‘ഇഞ്ചീല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘സുവിശേഷം’ എന്നത്രെ, ഈ വസ്തുത ബൈബ്ളും സമ്മതിക്കുന്നതാണ്. അതില്‍ ഇങ്ങിനെ പറയുന്നു : ‘ഞാന്‍ ന്യായപ്രമാണത്തെയോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നിരിക്കുന്നത്. (മത്തായി 5:17)

എനി, ഈസാ (عليه السلام) നബിയുടെ ശേഷം വരാനിരിക്കുന്ന ‘അഹ്മദു’ എന്ന റസൂലിനെക്കുറിച്ചാണ് പരിശോധിക്കുവാനുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജൂബൈറുബ്നുമുത്വ്ഇം (جبير ابن مطئم) വഴി ബുഖാരി (റ) ഉദ്ധരിക്കുന്നു : ‘എനിക്കു പല പേരുകള്‍ ഉണ്ട്. ഞാന്‍ ‘മുഹമ്മദാണ്’ (അധികമായി സ്തുതിക്കപ്പെടുന്നവനാണ്) ഞാന്‍ അഹ്മദു’ മാണ് (അധികം സ്തുതിയുള്ളവനാണ്). ഞാന്‍ ‘മാഹീ’യുമാണ്‌ (മായിച്ചു കളയുന്നവനാണ്). എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായിച്ചുകളയുന്നു.

(إنَّ لي أسْماءً، أنا مُحَمَّدٌ، وأنا أحْمَدُ، وأنا الماحِي الذي يَمْحُو اللَّهُ بيَ الكُفْرَ) (البخارى)

ഇതില്‍നിന്നു അഹ്മദു എന്ന് പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉദ്ദേശിച്ചുതന്നെയാണെന്നു മനസ്സിലാക്കാമല്ലോ. ഈസാ (عليه السلام) നബിക്കും തിരുമേനിക്കുമിടയില്‍ വേറൊരു റസൂല്‍ വന്നിട്ടുള്ളതായി അറിയപ്പെട്ടിട്ടില്ലതാനും. തിരുമേനിയാണെങ്കില്‍ അന്ത്യപ്രവാചകനുമാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തെപ്പറ്റി ഈസാ (عليه السلام) നല്‍കിയ സുവിശേഷങ്ങള്‍ അതേപടി ഇന്നത്തെ ഇഞ്ചീലുകളില്‍ കാണപ്പെടുവാന്‍ ന്യായമില്ല. കാരണം, യഥാര്‍ത്ഥ ഇഞ്ചീല്‍ ഇന്നു നിലവിലില്ലെന്നു പരക്കെ അറിയപ്പെട്ടതാണ്. കൈകടത്തപ്പെട്ട ഇഞ്ചീലുകളിലാകട്ടെ, ഏറ്റവുമധികം കൈകടത്തലിനു വിധേയമായ വിഷയം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിക്കുന്നവയാണുതാനും. എന്നിരുന്നാലും ഖുര്‍ആന്റെ ഈ പ്രസ്താവനയെ ശരിവെക്കുന്നതും നിഷ്പക്ഷമതികള്‍ക്കു മനസ്സിലാക്കുവാന്‍ ഉതകുന്നതുമായ ചില അവശിഷ്ടങ്ങള്‍ ഇന്നത്തെ ഇഞ്ചീലുകളില്‍പോലും കാണാവുന്നതാകുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക :-

(1) യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ (ഇഞ്ചീലില്‍) യേശു പറഞ്ഞതായി പറയുന്നു; ‘…എന്നാല്‍ ഞാന്‍ പിതാവിനോടു (ദൈവത്തോടു) ചോദിക്കും. അവന്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും…’ (14:16) ‘പരിശുദ്ധാത്മാവു’ എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും, ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.’ (14:26) ‘…നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന ‘സത്യാത്മാവു’ വരുമ്പോള്‍ അവന്‍ എന്നെക്കുറിചു സാക്ഷ്യം പറയും.; (15:26) ‘…ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം : ഞാന്‍ പോകാഞ്ഞാല്‍ ‘കാര്യസ്ഥന്‍’ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.’ (16:7-8) ലോകത്തു ഇപ്പറഞ്ഞപ്രകാരം ബോധം വരുത്തിയ ‘കാര്യസ്ഥന്‍’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയല്ലാതെ മറ്റാരാണ്‌?! ആലോചിച്ചുനോക്കുക, യോഹന്നാന്‍ വീണ്ടും തുടരുന്നു : ‘ഇനിയും വളരെ നിങ്ങളോടു പറവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ, താന്‍ കേള്‍ക്കുന്നതു സംസാരിക്കയും, വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരികയും ചെയ്യും… (16: 12-13). ഈ ഒടുവിലത്തെ വാക്യങ്ങള്‍ സൂ: നജ്മിലെ 3ഉം 4ഉം വചനങ്ങളിലെ ആശയമത്രെ.

ക്രി. 1844 ല്‍ ലണ്ടനില്‍ അച്ചടിച്ച ഇഞ്ചീലിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ‘സത്യത്തിന്റെ ആത്മാവ്’ എന്ന വാക്കിനു പകരം ‘പാറഖലീത്ത’ (Paraclete = فار قليط ) എന്നായിരുന്നു. ഇതു യുനാനി (ഗ്രീക്ക്) പദമാണ്. ഇഞ്ചീലിന്റെ അറബി പതിപ്പുകളില്‍ ഈ പദം സുലഭമാകുന്നു. ഈ വാക്കിന് ‘ആശ്വാസം നല്‍കുന്നവന്‍, ആശ്വാസപ്രദന്‍, കാര്യദര്‍ശി’ എന്നൊക്കെയാണ് അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്. ഈ വാക്കിനോടു അക്ഷരാര്‍ത്ഥങ്ങളില്‍ സാദൃശ്യമുള്ള മറ്റൊരു വാക്കാണ്‌ ‘പീറഖലീത്ത’ (Periclyte = بير قليوس او بيرقليط ) ‘മഹാന്‍, വിശ്രുതന്‍, ഉന്നതന്‍’ എന്നൊക്കെ ഇതിനു അര്‍ത്ഥം വരുന്നു. ‘മുഹമ്മദു, അഹ്മദു, മഹ്മൂദ്’ എന്നീ വാക്കുകളുമായി അര്‍ത്ഥസാദൃശ്യമുള്ളവയാണ് ഇതെല്ലാം. ഈസാ (عليه السلام) ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഏതായിരുന്നുവെന്നു അല്ലാഹുവിനറിയാം. അദ്ദേഹം ഹിബ്രു (Hebrew = العبرية) വായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞ സാക്ഷാല്‍ വാക്കിനു വിവിധ ഭാഷകളിലുള്ള പരിഭാഷകളുടെ കര്‍ത്താക്കളും, ഇഞ്ചീലുകളുടെ കര്‍ത്താക്കളും – അറിഞ്ഞോ അറിയാതെയോ – എന്തെല്ലാം അര്‍ത്ഥവ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നു നമ്മുക്കറിഞ്ഞുകൂടാ. എങ്കിലും, കുറെ മാറ്റതിരുത്തങ്ങള്‍ വന്നിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. അല്ലാത്തപക്ഷം, ഒരേ വിഷയത്തില്‍തന്നെ ഇഞ്ചീലുകള്‍ പരസ്പരവിരുദ്ധമായ വിവരണം നല്കുകയില്ലല്ലോ. ലൂക്കോസിന്റെ ഇഞ്ചീലിന്റെ ആരംഭംതന്നെ ഇതു തെളിയിക്കുന്നു. ‘നമ്മുടെ ഇടയില്‍ പ്രമാണിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചു പലരും ചരിത്രം എഴുതാന്‍ തുനിഞ്ഞിരിക്കക്കൊണ്ടാണ് തനിക്കു ഇതു ക്രമമായി എഴുതുവാന്‍ തോന്നിയത് എന്ന് അദ്ദേഹം അതില്‍ തുറന്നു പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 1:2-4 നോക്കുക)

മേല്‍ കാണിച്ച فار قليط എന്ന ഹിബ്രുപദത്തിന്റെ സ്ഥാനത്തു ബൈബിളിന്റെ മലയാള വിവര്‍ത്തനങ്ങളില്‍ ഉള്ളതു ‘ആശ്വാസപ്രദന്‍, സത്യത്തിന്റെ കാര്യസ്ഥന്‍’ തുടങ്ങിയ വാക്കുകളാണ്. ഇംഗ്ലീഷു ബൈബ്ളുകളിലാകട്ടെ, ‘Comforter, Advocate’ എന്നിവയും, അറബിപ്പതിപ്പുകളില്‍ معرى,محاج എന്നും മറ്റും കാണാം. ഈ വാക്കുകളുടെ മുമ്പും പിമ്പും പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമ്പോഴും ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചാണ് ആ വാക്കു ഉപയോഗിച്ചതെന്നു മനസ്സിലാകുന്നതാണ്. ചുരുക്കത്തില്‍ ഈസാ (عليه السلام) സുവിശേഷം അറിയിച്ച ആളെക്കുറിച്ചു അദ്ദേഹം ഉപയോഗിച്ച യഥാര്‍ത്ഥ വാക്കു ഇഞ്ചീലിന്റെ കര്‍ത്താക്കള്‍ മാറ്റി വെച്ചിട്ടുണ്ടെന്നു തീര്‍ത്തുപറയാം.

ക്രിസ്തീയ ചര്‍ച്ചുകള്‍ അംഗീകരിച്ച ഒരു വേദപുസ്തകമാണ് പഴയനിയമത്തിലെ ഹഗ്ഗായി. അതില്‍ ഇങ്ങിനെ കാണാം. ‘ഞാന്‍ ആകാശത്തെയും, ഭൂമിയെയും, കടലിനെയും, കരയെയും ഇളക്കും. ഞാന്‍ സകലജാതികളെയും ഇളക്കും. സകലജാതികളുടെയും ‘മനോഹരവസ്തു’ വരികയും ചെയ്യും… എന്നു സൈന്യങ്ങളുടെ യഹോവ (ദൈവം) അരുളിചെയ്യുന്നു.’ (ഹഗ്ഗായി, 2; 6-7) ‘ഇളക്കം’ എന്നതിന്റെ സ്ഥാനത്തു അറബി പതിപ്പുകളില്‍ ازلزل (വിറകൊള്ളിക്കും) എന്നും, ‘മനോഹര വസ്തു’വിന്റെ സ്ഥാനത്തു مشتهي (കാമ്യമായതു, മോഹിക്കപ്പെട്ടതു) എന്നുമാകുന്നു.

ഈ വാക്കു അഹ്മദു എന്ന വാക്കുമായി ആശയത്തില്‍ യോജിപ്പുണ്ട്. ഹിബ്രുഭാഷയില്‍ ഈ സ്ഥാനത്തു നല്‍കപ്പെടുന്ന വാക്കു ‘അഹ്മദു’ എന്നതിനോടു രൂപസാദൃശ്യമുള്ളതുമാകുന്നു. പഴയ നിയമത്തില്‍പെട്ട ശലോമോന്റെ ഉത്തമഗീതാപുസ്തകത്തില്‍ (5:16ല്‍) ‘അവന്‍ സര്‍വ്വാംഗസുന്ദരന്‍’ എന്നാണ് മലയാളപ്പതിപ്പിലുള്ളതെങ്കില്‍, അറബിപ്പതിപ്പുകളില്‍ وكله مشتهيات (അവന്റെ സര്‍വ്വവും കാമ്യമാണ്) എന്നാണ്. ഹിബ്രുവില്‍ ഈ സ്ഥാനത്തുള്ളതാകട്ടെ : ‘മഹമദ്ദീം’ (محمديم) എന്നുമാകുന്നു. ‘ഹംദു’ (حمد) എന്ന ധാതുവില്‍നിന്നുള്ളതും അര്‍ത്ഥത്തില്‍ പരസ്പരം യോജിപ്പുള്ളതുമായ ‘അഹ്മദു, മുഹമ്മദു, മഹ്മൂദു’ എന്നിവപോലെ ഹിബ്രുഭാഷയിലുള്ള ഒരു രൂപ ഭേദമാണിതെന്നേ വിചാരിക്കാന്‍ തരമുളളു. ഇത്രയും പറഞ്ഞതില്‍ നിന്നു ഈസാ (عليه السلام) നബിയുടെ സുവിശേഷവാര്‍ത്ത മുമ്പ് ഇഞ്ചീലില്‍ ഉണ്ടായിരുന്നു വെന്നും, പിന്നീടതില്‍ കൈകടത്തലുകള്‍ വന്നിട്ടുണ്ടെന്നും, എങ്കില്‍കൂടി അതിന്‍റെ അടയാളമായി ചിലതെല്ലാം ഇന്നും അവശേഷിക്കുന്നുണ്ടെന്നും ഗ്രഹിക്കാമല്ലോ.

فَلَمَّا جَآءَهُم بِٱلْبَيِّنَٰتِ قَالُواْ هَٰذَا سِحْرٌ مُّبِينٌ (അങ്ങനെ, അദ്ദേഹം അവര്‍ക്കു വ്യക്തമായ തെളിവുകളുമായി വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലമാണു എന്ന്). ‘അദ്ദേഹം’ എന്ന സര്‍വനാമം ഈസാ (عليه السلام) സുവിശേഷം നല്‍കിയ ആ റസൂലിനെ- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ-ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. ‘അവര്‍’ എന്നതുകൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ജനതയുമായിരിക്കും. ‘അദ്ദേഹം’ എന്നു പറഞ്ഞതു ഈസാ (عليه السلام) നബിയും ‘അവര്‍’ എന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ജനതയും ആയിരിക്കുന്നതിനും വിരോധമില്ല. الله اعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അന്ത്യപ്രവാചകനാണെന്ന ഇസ്‌ലാമിന്റെ മൗലികതത്വം സ്വീകരിക്കാത്തവരും, ‘ഖാദിയാനി’കള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുമായ ചില അഹ്മദീയാ മതക്കാര്‍ ഈ ആയത്തില്‍ പ്രസ്താവിക്കപ്പെട്ട ‘അഹ്മദ്’ തങ്ങള്‍ പ്രവാചകനായി സ്വീകരിച്ച മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയാണെന്നു വാദിക്കാറുണ്ട്. പ്രവാചകത്വ സമാപ്തിയില്‍ വിശ്വാസിക്കാത്തതില്‍നിന്നു ഉടലെടുത്ത അവരുടെ അനേക വ്യാജവാദങ്ങളില്‍ ഒന്നു മാത്രമാണിത്. ഇവരുടെ വാദങ്ങളെക്കുറിച്ചു സൂഃഅഹ്സാബില്‍ നാം സംസാരിച്ചിട്ടുണ്ട്.

വെളിച്ചം റമദാൻ 2021 – റമദാൻ 10

സൂറത്തുല്‍ മുംതഹിനഃ : 07-13

മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 13 – വിഭാഗം (റുകുഅ്) 2
[ഈ സൂറത്തിനു ‘മുംതഹനഃ’ എന്നും ‘ഇംതിഹാന്‍’ എന്നും പേരുകളുണ്ട്. പേരുകള്‍ക്കാസ്പദമായ കാരണം 10-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം.]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 2

60:7

  • ۞ عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَٱللَّهُ قَدِيرٌ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٧﴿
  • നിങ്ങള്‍ക്കും, അവരില്‍നിന്ന് നിങ്ങള്‍ ശത്രുതവെച്ചവര്‍ക്കുമിടയില്‍ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്‌; അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
  • عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَجْعَلَ ഉണ്ടാക്കുക, ആക്കുവാന്‍ بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَ الَّذِينَ യാതൊരു കൂട്ടര്‍ക്കുമിടയില്‍ عَادَيْتُم مِّنْهُم അവരില്‍നിന്നു നിങ്ങള്‍ ശത്രുതവെച്ച مَّوَدَّةً സ്നേഹബന്ധം وَاللَّـهُ قَدِيرٌ അല്ലാഹു കഴിവുള്ളവനാണ്‌ وَاللَّـهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

‘ഉണ്ടായേക്കാം’ എന്നു അല്ലാഹു ഒരു കാര്യത്തെപ്പറ്റി പറഞ്ഞാല്‍ പിന്നെ അതു ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ലല്ലോ. അതാ, മക്കാവിജയത്തോടെ അക്കാര്യം യഥാര്‍ത്ഥമായിത്തീരുകയും ചെയ്തു. ക്വുറൈശികള്‍ ഇസ്ലാം സ്വീകരിച്ചു. അറബികളാകമാനം തുരുതുരെ ഇസ്ലാമിനു കീഴൊതുങ്ങി അതിന്റെ പതാകയിന്‍കീഴില്‍ അണിനിരന്നു. പഴയ വൈരങ്ങളും, പുതിയ ശത്രുതകളുമെല്ലാം അവസാനിച്ചു. സാഹോദര്യം പൂര്‍വ്വാധികം ബലപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അതായതു, നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം: എന്നിട്ടു നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കിച്ചേര്‍ത്തു. അങ്ങനെ അവന്റെ അനുഗ്രഹംകൊണ്ടു നിങ്ങള്‍ സഹോദരങ്ങളായി.’ (وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ – الخ : آل عمران:١٠٤). ‘ഭൂമിയിലുള്ളതു മുഴുവനും നീ ചിലവാക്കിയിരുന്നാലും അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ നീ ഇണക്കിച്ചേര്‍ക്കുമായിരുന്നില്ല. പക്ഷെ, അല്ലാഹു അവര്‍ക്കിടയില്‍ ഇണക്കിയിരിക്കുന്നു.’ (لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا الخ – الأنفال: ٦٣). റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരവസരത്തില്‍ പറഞ്ഞു: ‘നിങ്ങളെ വഴിപിഴച്ചവരായി ഞാന്‍ കണ്ടില്ലേ? എന്നിട്ട് എന്നെകൊണ്ടു അല്ലാഹു നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കി. നിങ്ങള്‍ ഭിന്നിച്ചവരായിരുന്നില്ലേ? എന്നിട്ടു അല്ലാഹു എന്നെക്കൊണ്ടു നിങ്ങളെ ഇണക്കി.’

എല്ലാ അവിശ്വാസികളോടും സത്യവിശ്വാസികള്‍ സദാ വെറുപ്പും ശത്രുതയും പുലര്‍ത്തേണ്ടതുണ്ടോ? മുസ്‌ലിംകളല്ലാത്തവരോടു മുസ്‌ലിംകള്‍ നല്ലനിലക്കു പെരുമാറേണ്ടതില്ലേ? അല്ലെങ്കില്‍ ഏതുതരം അവിശ്വാസികളോട് വെറുപ്പും ശത്രുതയും പുലര്‍ത്തേണമെന്നാണു പറയുന്നത്? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കു അടുത്ത വചനങ്ങളില്‍ മറുപടി കാണാം:-

60:8

  • لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴾٨﴿
  • മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
  • لَّا يَنْهَاكُمُ اللَّـهُ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി لَمْ يُقَاتِلُوكُمْ നിങ്ങളോടു യുദ്ധം ചെയ്തിട്ടില്ലാത്ത فِي الدِّينِ മത (കാര്യ) ത്തില്‍ وَلَمْ يُخْرِجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്യാത്ത مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ (വീടുകളില്‍) നിന്നു أَن تَبَرُّوهُمْ അവര്‍ക്കു നന്‍മ (ഗുണം) ചെയ്യുന്നതിനെ وَتُقْسِطُوا നീതിമുറ പാലിക്കുകയും إِلَيْهِمْ അവരോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും الْمُقْسِطِينَ നീതിമുറ പാലിക്കുന്നവരെ

60:9

  • إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴾٩﴿
  • മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം). അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
  • إِنَّمَا يَنْهَاكُمُ اللَّـهُ നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു(ള്ളു) عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി (മാത്രം) قَاتَلُوكُمْ നിങ്ങളോടവര്‍ യുദ്ധം ചെയ്തു فِي الدِّينِ മത(വിഷയ)ത്തില്‍ وَأَخْرَجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്തു مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു وَظَاهَرُوا അവര്‍ പിന്തുണ (സഹകരണം) നല്‍കുകയും ചെയ്തു عَلَىٰ إِخْرَاجِكُمْ നിങ്ങളെ പുറത്താക്കുന്നതിനു أَن تَوَلَّوْهُمْ അതായതു അവരോടു മൈത്രി കാണിക്കുന്നതിനെ وَمَن يَتَوَلَّهُمْ അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الظَّالِمُونَ അക്രമികള്‍

രണ്ടു വചനങ്ങളുടെയും ഉദ്ദേശ്യം വ്യക്തമാണല്ലോ. ഇങ്ങോട്ടു അക്രമത്തിനും കയ്യേറ്റത്തിനും മുതിരാത്ത ആരോടും – അവര്‍ ഏതു മതക്കാരായാലും ശരി – അങ്ങോട്ടു ശത്രുത കാണിക്കണമെന്നു അല്ലാഹു ആവശ്യപ്പെടുന്നില്ല. മാത്രമല്ല, അവരോടു നീതിമുറയനുസരിച്ചു പെരുമാറണമെന്നു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇങ്ങോട്ടു മതവിഷയത്തില്‍ ധിക്കാരത്തിനും മര്‍ദ്ദനത്തിനും വരുന്നവരോടു സ്നേഹവും മൈത്രിയും സ്ഥാപിക്കുവാന്‍ മുസ്‌ലിംകള്‍ തുനിയുന്നതു അക്രമമാണ്, കാപട്യമാണ്, കുറ്റകരമാണ്. രണ്ടു വചനങ്ങളിലെയും അവസാന വാക്യങ്ങള്‍ പ്രത്യേകം മനസ്സിരുത്തേണ്ടതാണ്.

60:10

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا جَآءَكُمُ ٱلْمُؤْمِنَٰتُ مُهَٰجِرَٰتٍ فَٱمْتَحِنُوهُنَّ ۖ ٱللَّهُ أَعْلَمُ بِإِيمَٰنِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَٰتٍ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَءَاتُوهُم مَّآ أَنفَقُوا۟ ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا۟ بِعِصَمِ ٱلْكَوَافِرِ وَسْـَٔلُوا۟ مَآ أَنفَقْتُمْ وَلْيَسْـَٔلُوا۟ مَآ أَنفَقُوا۟ ۚ ذَٰلِكُمْ حُكْمُ ٱللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٠﴿
  • ഹേ, വിശ്വസിച്ചവരേ, വിശ്വസിച്ച സ്ത്രീകള്‍ നാടുവിട്ടു (അഭയാര്‍ത്ഥിനികളായും) കൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍, നിങ്ങള്‍ അവരെ പരീക്ഷിച്ചു നോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട്, അവര്‍ വിശ്വാസിനികളാണെന്നു നിങ്ങള്‍ അറിഞ്ഞാല്‍ അവരെ അവിശ്വാസികളിലേക്ക്‌ നിങ്ങള്‍ മടക്കി വിടരുത്. ആ സ്ത്രീകള്‍ അവര്‍ക്കു അനുവദനീയമല്ല; അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാവുകയില്ല. അവര്‍ [അവിശ്വാസികള്‍] ചിലവഴിച്ചതു നിങ്ങള്‍ അവര്‍ക്കു കൊടുക്കുകയും വേണം. നിങ്ങള്‍ ആ സ്ത്രീകളുടെ പ്രതിഫലങ്ങള്‍ [‘മഹ്റു’കള്‍] കൊടുത്താല്‍ നിങ്ങളവരെ വിവാഹം ചെയ്യുന്നതിനു നിങ്ങളുടെമേല്‍ തെറ്റില്ല. അവിശ്വാസിനികളുടെ സംബന്ധങ്ങളെ [വിവാഹബന്ധങ്ങളെ] നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ ചിലവഴിച്ചതു നിങ്ങള്‍ ചോദിച്ചു (വാങ്ങി) കൊള്ളുകയും ചെയ്യുക; അവര്‍ ചിലവഴിച്ചതു അവരും ചോദിച്ചു (വാങ്ങി) കൊള്ളട്ടെ. അതെല്ലാം അല്ലാഹുവിന്റെ വിധി (നിയമം) ആകുന്നു; അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا جَاءَكُمُ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ مُهَاجِرَاتٍ ഹിജ്ര (നാടുവിട്ടു) വരുന്നവരായി فَامْتَحِنُوهُنَّ നിങ്ങളവരെ പരീക്ഷിച്ചു നോക്കുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِإِيمَانِهِنَّ അവരുടെ വിശ്വാസത്തെക്കുറിച്ചു فَإِنْ عَلِمْتُمُوهُنَّ എന്നിട്ടു നിങ്ങള്‍ അവരെ അറിഞ്ഞാല്‍ (ബോധ്യംവന്നാല്‍) مُؤْمِنَاتٍ വിശ്വാസിനികളാണെന്നു فَلَا تَرْجِعُوهُنَّ എന്നാലവരെ മടക്കരുത് إِلَى الْكُفَّارِ അവിശ്വാസികളിലേക്കു لَا هُنَّ അവര്‍ (ആ സ്ത്രീകള്‍) അല്ല حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയം وَلَا هُمْ يَحِلُّونَ അവരും അനുവദനീയമാവുകയില്ല لَهُنَّ അവര്‍ (സ്ത്രീകള്‍) ക്കു وَآتُوهُم അവര്‍ക്കു കൊടുക്കുകയും വേണം مَّا أَنفَقُوا അവര്‍ ചിലവഴിച്ചതു وَلَا جُنَاحَ عَلَيْكُمْ നിങ്ങള്‍ക്കു തെറ്റില്ല, കുറ്റമില്ല أَن تَنكِحُوهُنَّ അവരെ വിവാഹം ചെയ്യല്‍ إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫല (മഹ്ര്‍- വിവാഹമൂല്യ)ങ്ങള്‍ وَلَا تُمْسِكُوا നിങ്ങള്‍ വെച്ചുകൊണ്ടിരിക്കരുതു, പിടിച്ചുവെക്കരുതു بِعِصَمِ സംബന്ധ (കെട്ടു – വിവാഹ ബന്ധ)ങ്ങളെ الْكَوَافِرِ കാഫിറു (അവിശ്വാസി) കളായ സ്ത്രീകളുടെ وَاسْأَلُوا നിങ്ങള്‍ ചോദിച്ചുകൊള്ളുക مَا أَنفَقْتُمْ നിങ്ങള്‍ ചിലവഴിച്ചതു وَلْيَسْأَلُوا അവരും ചോദിച്ചുകൊള്ളട്ടെ مَا أَنفَقُوا അവര്‍ ചിലവഴിച്ചതു ذَٰلِكُمْ അതു حُكْمُ اللَّـهِ അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ് يَحْكُمُ അവന്‍ വിധിക്കുന്നു, നിയമിക്കുന്നു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനാണ്

പല നിയമങ്ങളും തത്വങ്ങളും ഉള്‍കൊള്ളുന്നതാണ് കേവലം ദീര്‍ഘമായ ഈ വചനം. അവിശ്വാസികളില്‍ സ്നേഹബന്ധത്തിനും മൈത്രിക്കും പാടില്ലാത്തവര്‍ ആരാണെന്നും ആരോടെല്ലാമാണ് നല്ല നിലക്കും നീതിമുറയോടും പെരുമാറേണ്ടതെന്നും വിവരിച്ചശേഷം, ഇരുകൂട്ടര്‍ക്കുമിടയില്‍ പാലിക്കപ്പെടേണ്ടുന്ന തത്വപരവും, നീതിപരവുമായ ചില കാര്യങ്ങള്‍ അല്ലാഹു വിവരിക്കുന്നു.

സൂറത്തുല്‍ ഫത്ഹില്‍ വെച്ചും മറ്റും പ്രസ്താവിക്കപ്പെട്ടതുപോലെ, ഹുദൈബിയാ സന്ധി നിശ്ചയ പ്രകാരം, മുശ്രിക്കുകളുടെ പക്ഷത്തുനിന്നു മുസ്‌ലിം പക്ഷത്തേക്കു വരുന്നവരെ തിരിച്ചയച്ചുകൊടുക്കണമെന്നു നിബന്ധന വെച്ചിരുന്നുവല്ലോ. സന്ധിവ്യവസ്ഥകള്‍ എഴുതി രേഖപ്പെടുത്തപ്പെട്ടശേഷം, മക്കായില്‍ നിന്നും ഇസ്‌ലാമില്‍ വിശ്വസിച്ചിരുന്ന അബലരായ ചില ആളുകളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വ്യവസ്ഥയനുസരിച്ചു മടക്കി അയക്കുകയും വേണ്ടിവന്നു. ഇതുപോലെ, വിശ്വസിച്ചിരുന്ന ചില സ്ത്രീകളും ഹിജ്രക്കു ഒരുങ്ങിവരുകയുണ്ടായി. അവരെയും തിരിച്ചുതരണമെന്നു ക്വുറൈശികള്‍ വാദിച്ചു. സന്ധിനിശ്ചയങ്ങള്‍ പുരുഷന്‍മാരെ മാത്രം ബാധിക്കുന്നതാണെന്നും, സ്ത്രീകളെപ്പറ്റി അതില്‍ ഒന്നും വ്യവസ്ഥവെച്ചിട്ടില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടികൊടുത്തു. ഇങ്ങിനെയുള്ള സ്തീകളുടെ വിഷയത്തിലാണ് ഈ വചനം അവതരിച്ചത്. ഈ വചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാദം ശരിവെക്കുകയും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തുടര്‍ന്നു സ്വീകരിക്കപ്പെടേണ്ടുന്ന നടപടികള്‍ എന്തൊക്കെയാണെന്നു വിവരിക്കുകയും ചെയ്യുന്നു. അവ ഇങ്ങിനെ സംഗ്രഹിക്കാം:-

(1). അവിശ്വാസികളുടെപക്ഷത്തു നിന്നു വല്ല സ്ത്രീകളും തങ്ങള്‍ സത്യവിശ്വാസിനികളാണെന്നു പറഞ്ഞു കൊണ്ടു മുസ്ലിംകളുടെ അടുക്കല്‍ അഭയാര്‍ത്ഥികളായി വന്നാല്‍, അവരുടെ വാദം ശരിയാണെന്നു ഉറപ്പു വരുത്തുവാനായി അവരെ പരീക്ഷിക്കേണ്ടതുണ്ട്. അവരുടെ യഥാര്‍ത്ഥ നിലയെപ്പറ്റി അല്ലാഹുവിനു ധാരാളം അറിയാം. പക്ഷേ, ബാഹ്യമായ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇഹത്തിലെ നിയമ നടപടികള്‍ എടുക്കപ്പെടുക. അതുകൊണ്ടു മുസ്‌ലിംകള്‍ക്കു അവരുടെ നിലപാട് ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഈ കല്‍പ്പനപ്രകാരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹുദൈബിയാ കരാറിന് ശേഷം വന്ന ആ സ്ത്രീകളെ പരീക്ഷിക്കയുണ്ടായി. താന്‍ വന്നിരിക്കുന്നതു ഭര്‍ത്താവിനോടുള്ള വിദ്വേഷം കൊണ്ടല്ലെന്നും, നാടുവിട്ടു മറ്റൊരു നാട്ടില്‍ പോകുവാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഐഹിക നന്‍മയെ ഉദ്ദേശിച്ചല്ലെന്നും, അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം കൊണ്ടു മാത്രമാണെന്നും ഒരോ സ്ത്രീയില്‍ നിന്നും സത്യവാങ്ങ് മൂലം ലഭിച്ച ശേഷമേ അവരെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചുള്ളൂ.

(2). അങ്ങിനെ, പരീക്ഷണത്തില്‍നിന്നു അവര്‍ യഥാര്‍ത്ഥ വിശ്വാസിനികളാണെന്നു ബോദ്ധ്യം വന്നു കഴിഞ്ഞാല്‍, അവരെപ്പിന്നെ അവിശ്വാസികളായ ഭര്‍ത്താക്കളുടെയോ നാട്ടുകാരുടെയോ അടുക്കലേക്കു മടക്കി അയക്കുവാന്‍ പാടില്ല. ഇരുകൂട്ടരും വിശ്വാസത്തില്‍ പരസ്പര വിരുദ്ധരായതുകൊണ്ടു എനി അവര്‍ക്കു യോജിച്ചു പോകുവാന്‍ നിവൃത്തിയില്ല.

(3). സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളും അവിശ്വാസികളായ പുരുഷന്‍മാരും തമ്മില്‍ വിവാഹബന്ധം പാടില്ല.

(4). സ്ത്രീ മുസ്ലിമായിതീരുകയും, പുരുഷന്‍ അവിശ്വാസത്തില്‍ നിലകൊള്ളുകയുമാണെങ്കില്‍ അവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പെടും.

(5). ഇതുപോലെത്തന്നെ, പുരുഷന്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം സ്ത്രീ അവിശ്വാസത്തില്‍ ഉറച്ചുനിന്നാലും വിവാഹബന്ധം തുടരുന്നതല്ല – ദുര്‍ബ്ബലപ്പെട്ടുപോകും.

(6). സ്ത്രീ മുസ്ലിമായതു നിമിത്തം വിവാഹബന്ധം വേര്‍പെട്ടു പോകുമ്പോള്‍ ആ സ്ത്രീയെ മുസ്‌ലിംകള്‍ക്കു വിവാഹം ചെയ്യാവുന്നതാണ്.

ഈ ആയത്തിന്റെ അവതരണത്തോടുകൂടി ഇതെല്ലാം ഇസ്ലാമിന്റെ സ്ഥിരവും അംഗീകൃതവുമായ നിയമങ്ങളായിത്തീര്‍ന്നു. ഇതിനുമുമ്പ് ഇവയെക്കുറിച്ചു പ്രത്യേക നിയമങ്ങളൊന്നും ഇസ്‌ലാമില്‍ നിലവില്‍ വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പുത്രി സൈനബ് (رَضِيَ اللهُ تَعَالَى عَنْها) നെ വിവാഹം ചെയ്തുകൊടുത്തിരുന്ന അബുല്‍ആസു (ابو العاص – (رَضِيَ اللهُ تَعَالَى عَنْه) മായുള്ള ബന്ധം വേര്‍പെടുത്തപ്പെടാതിരുന്നത്. സൈനബ് (رَضِيَ اللهُ تَعَالَى عَنْها) ആദ്യമേ മുസ്ലിമായിരുന്നുവെങ്കിലും അവര്‍ മക്കായില്‍ ഭര്‍ത്താവോടൊന്നിച്ചു തന്നെ താമസമായിരുന്നു. അബുല്‍ആസു (رَضِيَ اللهُ تَعَالَى عَنْه) ബദ്ര്‍ യുദ്ധത്തില്‍ ബന്ധനസ്ഥനായി. അദ്ദേഹത്തിനു മോചനമൂല്യം നല്‍കേണ്ടതിനു സൈനബ് (رَضِيَ اللهُ تَعَالَى عَنْها) അവരുടെ ഒരു ആഭരണം അയച്ചുകൊടുത്തിരുന്നു. ആ ആഭരണം അവര്‍ക്കു അവരുടെ മാതാവു ഖദീജ (رَضِيَ اللهُ تَعَالَى عَنْها) ബീവിയില്‍നിന്നു ലഭിച്ചതായിരുന്നു. അതു കണ്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹൃദയത്തില്‍ അലിവുതോന്നി. അങ്ങനെ, സ്വഹാബികള്‍ അഭിപ്രായപ്പെട്ടതനുസരിച്ച് സൈനബ് (رَضِيَ اللهُ تَعَالَى عَنْها) യെ മദീനായിലേക്കു അയച്ചുകൊടുക്കണമെന്ന നിശ്ചയത്തോടുകൂടി അബുല്‍ആസ് (رَضِيَ اللهُ تَعَالَى عَنْه) വിട്ടയക്കപ്പെട്ടു. നിശ്ചയപ്രകാരം സൈനബ് (رَضِيَ اللهُ تَعَالَى عَنْها) മദീനായില്‍ എത്തി. പിന്നീട് അല്‍പം കൊല്ലങ്ങള്‍ക്കുശേഷമാണ് അബുല്‍ആസ് (رَضِيَ اللهُ تَعَالَى عَنْه) സത്യവിശ്വാസം സ്വീകരിച്ചത്. അനന്തരം അവരുടെ പഴയ വിവാഹബന്ധം തുടരുകയും ചെയ്തു.

(7) മേല്‍പറഞ്ഞപ്രകാരം വിവാഹബന്ധം മുറിഞ്ഞുപോയ സ്ത്രീകളെ മുസ്‌ലിംകള്‍ വിവാഹം ചെയ്യുമ്പോള്‍ ആ സ്ത്രീകള്‍ക്കു അവരുടെ മഹ്ര്‍ – മര്യാദയനുസരിച്ചു നല്‍കപ്പെടേണ്ടുന്ന വിവാഹമൂല്യം – നല്‍കേണ്ടതാണ്. ‘അവര്‍ ചിലവഴിച്ചത്’ (مَّا أَنفَقُوا) എന്നും ‘ആ സ്ത്രീകളുടെ പ്രതിഫലം’ (أُجُورَهُنَّ) എന്നും പറഞ്ഞതിന്റെ വിവക്ഷ വിവാഹമൂല്യമാകുന്ന ‘മഹ്ര്‍’ എന്നാകുന്നു.

(8). മുന്‍വിവാഹങ്ങളില്‍ ആ സ്ത്രീകള്‍ക്കു അവരുടെ ഭര്‍ത്താക്കള്‍ കൊടുത്തിരുന്ന മഹ്ര്‍, മുസ്ലിംകള്‍ക്കു അവിശ്വാസികളുടെ ഭാഗത്തുനിന്നും, അവിശ്വാസികള്‍ക്കു മുസ്ലിംകളുടെ ഭാഗത്തുനിന്നും തിരിച്ചു വാങ്ങാവുന്നതാണ്. ഈ ഇനത്തില്‍ മുസ്ലിംകളുടെ ഭാഗത്തുനിന്നു നല്‍കപ്പെടേണ്ടുന്ന സംഖ്യക്കു ‘ഗനീമത്തു’ മുതലായ പൊതുനിധിയില്‍നിന്നു ഇമാം (ഭരണനേതാവ്) പരിഹാരം ഉണ്ടാക്കേണ്ടതാണ്. എനി അമുസ്ലിംകളുടെ ഭാഗത്തുനിന്നു ഈ ഇനത്തില്‍ ലഭിക്കേണ്ടുന്ന സംഖ്യ അവരില്‍നിന്നു ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തപക്ഷം, അതിനുള്ള പരിഹാരം അല്ലാഹു തുടര്‍ന്നു നിര്‍ദ്ദേശിക്കുന്നു:-

60:11

  • وَإِن فَاتَكُمْ شَىْءٌ مِّنْ أَزْوَٰجِكُمْ إِلَى ٱلْكُفَّارِ فَعَاقَبْتُمْ فَـَٔاتُوا۟ ٱلَّذِينَ ذَهَبَتْ أَزْوَٰجُهُم مِّثْلَ مَآ أَنفَقُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴾١١﴿
  • നിങ്ങളുടെ ഭാര്യമാരില്‍നിന്ന് വല്ലവരും അവിശ്വാസികളിലേക്കു (പോയി) നിങ്ങള്‍ക്കു നഷ്ടമാകുകയും, എന്നിട്ടു നിങ്ങള്‍ അനന്തരനടപടി എടുക്കുകയും (അഥവാ അതിന്നവസരം വരുകയും) ചെയ്തുവെങ്കില്‍. അപ്പോള്‍, യാതൊരു കൂട്ടരുടെ ഭാര്യമാര്‍ (നഷ്ടപ്പെട്ടു) പോയോ അവര്‍ക്കു അവര്‍ ചിലവഴിച്ചതുപോലെ നിങ്ങള്‍ കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനില്‍ വിശ്വസിക്കുന്നവരാണോ ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
  • وَإِن فَاتَكُمْ നിങ്ങള്‍ക്കു പാഴായി (നഷ്ടമായി) പ്പോയെങ്കില്‍ شَيْءٌ വല്ലതും (വല്ലവരും) مِّنْ أَزْوَاجِكُمْ നിങ്ങളുടെ ഭാര്യമാരില്‍നിന്നു إِلَى الْكُفَّارِ അവിശ്വാസികളിലേക്കു (പോയിട്ടു) فَعَاقَبْتُمْ എന്നിട്ടു നിങ്ങള്‍ അനന്തര നടപടി എടുത്താല്‍ (നിങ്ങള്‍ക്കു ഊഴം ലഭിച്ചാല്‍) فَآتُوا എന്നാല്‍ നിങ്ങള്‍ കൊടുക്കുവിന്‍ الَّذِينَ യാതൊരുവര്‍ക്കു ذَهَبَتْ പോയതായ أَزْوَاجُهُم അവരുടെ ഭാര്യമാര്‍ مِّثْلَ مَا യാതൊന്നുപോലെ أَنفَقُوا അവര്‍ ചിലവഴിച്ച وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ أَنتُم بِهِ നിങ്ങള്‍ അവനില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു

അതായതു മുസ്ലിംകളുടെ ഭാര്യമാരായിരുന്നവര്‍ അമുസ്ലിം പക്ഷത്തേക്കു പോകുകയും, അവര്‍ക്കു കൊടുത്തിരുന്ന മഹ്റിന്റെ സംഖ്യ അവരില്‍നിന്നു കിട്ടുവാന്‍ മാര്‍ഗ്ഗമില്ലാതിരിക്കുകയും ചെയ്‌താല്‍ അതിനുള്ള നിവാരണം ഇതാണ്: അമുസ്ലിംകളുമായി അതിനു അനന്തര നടപടി കൈകൊള്ളുവാന്‍ അവസരം കാണുമ്പോള്‍ ആ നഷ്ടസംഖ്യ ഈടാക്കികൊടുക്കണം. യുദ്ധത്തില്‍ ഗനീമത്തു സ്വത്തുക്കള്‍ ലഭിക്കുന്നപക്ഷം അതില്‍നിന്നോ അല്ലെങ്കില്‍ മുസ്ലിംകളുടെ ഭാഗത്തുനിന്നു അവര്‍ക്കു കൊടുക്കേണ്ടതുള്ള മഹ്റു വകകളില്‍നിന്നോ ഇതു ഈടാക്കിക്കൊടുക്കേണ്ടതാണ്. ഗനീമത്തുകളില്‍നിന്നു ഇതു കഴിച്ചു ബാക്കിയേ ഓഹരി ചെയ്യപ്പെടേണ്ടതുള്ളൂ. ഇതു സംബന്ധമായ വിശദവിവരങ്ങള്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതാണ്‌. വിവാഹത്തില്‍ മഹ്റിനുള്ള സ്ഥാനവും, അതിന്റെ ഉത്തരവാദിത്തത്തിന്റെ ഗൗരവവും ഇസ്ലാമില്‍ എത്രമാത്രം വമ്പിച്ചതാണെന്നു ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എന്നിട്ടും, ഒരു മാമൂല്‍, അല്ലെങ്കില്‍ നിയമപരമായ ഒരു ചടങ്ങു എന്നു മാത്രമേ പല പണ്ഡിതന്‍മാര്‍പോലും മഹ്റിനെപ്പറ്റി ഇന്നു ധരിച്ചിട്ടുള്ളൂവെന്നതു വളരെ ഖേദകരമാണ്.

60:12

  • يَٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَٰدَهُنَّ وَلَا يَأْتِينَ بِبُهْتَٰنٍ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٢﴿
  • ഹേ, നബിയേ, വിശ്വാസികളായ സ്ത്രീകള്‍, തങ്ങള്‍ അല്ലാഹുവിനോടു യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നു ‘ബൈഅത്തു’ [പ്രതിജ്ഞ] നല്‍കിക്കൊണ്ടു നിന്റെ അടുക്കല്‍ വന്നാല്‍,- അവര്‍ മോഷ്ടിക്കുകയുമില്ല, വ്യഭിചാരം ചെയ്യുകയുമില്ല, തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയുമില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ച് (മനപൂര്‍വ്വം) കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയുമില്ല,- ഒരു (സദാചാരപരമായ) സല്‍കാര്യത്തിലും നിന്നോടു അവര്‍ അനുസരണക്കേടു കാണിക്കുകയുമില്ല എന്നും (ബൈഅത്തു നല്‍കിക്കൊണ്ടുവന്നാല്‍), നീ അവരോടു ‘ബൈഅത്തു’ [പ്രതിജ്ഞ] വാങ്ങിക്കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا النَّبِيُّ ഹേ, നബിയേ إِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ يُبَايِعْنَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) നല്‍കിക്കൊണ്ടു عَلَىٰ أَن لَّا يُشْرِكْنَ അവര്‍ പങ്കുചേര്‍ക്കയില്ലെന്നു بِاللَّـهِ അല്ലാഹുവിനോടു شَيْئًا യാതൊന്നിനെയും وَلَا يَسْرِقْنَ മോഷ്ടിക്കുക (കളവു നടത്തുക) യില്ല എന്നും وَلَا يَزْنِينَ വ്യഭിചാരം ചെയ്കയുമില്ല وَلَا يَقْتُلْنَ കൊല ചെയ്കയുമില്ല أَوْلَادَهُنَّ തങ്ങളുടെ സന്താനങ്ങളെ وَلَا يَأْتِينَ തങ്ങള്‍ വരികയുമില്ല بِبُهْتَانٍ കള്ളവാദവുംകൊണ്ടു, നുണയുമായി يَفْتَرِينَهُ തങ്ങള്‍ കെട്ടിച്ചമക്കുന്ന بَيْنَ أَيْدِيهِنَّ തങ്ങളുടെ കൈകള്‍ക്കിടയില്‍വെച്ചു وَأَرْجُلِهِنَّ തങ്ങളുടെ കാലുകള്‍ക്കും وَلَا يَعْصِينَكَ നിന്നോടു അവര്‍ അനുസരണക്കേടും കാണിക്കയില്ല (എന്നും) فِي مَعْرُوفٍ ഒരു സദാചാരത്തിലും, സല്‍കാര്യത്തിലും فَبَايِعْهُنَّ എന്നാല്‍ നീ അവര്‍ക്കു ബൈഅത്തു കൊടുക്കുക, അവരോടു പ്രതിജ്ഞ വാങ്ങുക وَاسْتَغْفِرْ لَهُنَّ അവര്‍ക്കുവേണ്ടി പാപമോചനവും തേടുക اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

മുന്‍വിഷയങ്ങളുമായി ഒരു തരത്തില്‍ ബന്ധപ്പെട്ട വിഷയങ്ങള്‍തന്നെയാണ് ഈ വചനത്തിലും ഉള്ളത്. മക്കാവിജയത്തെത്തുടര്‍ന്നു മക്കാനിവാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വന്ന്‍ തങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ചതായും, ഇസ്ലാമികശാസനങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ തയ്യാറുള്ളതായും ‘ബൈഅത്ത്’ (بَيْعَة – പ്രതിജ്ഞ) നടത്തുകയുണ്ടായി. (മറ്റു ചില പ്രത്യേക സന്ദര്‍ഭങ്ങളിലും ഇങ്ങിനെ ബൈഅത്തു നടക്കാറുണ്ടായിരുന്നു). കൂട്ടത്തില്‍, മക്കായിലെ സ്ത്രീകളും ബൈഅത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ ബൈഅത്തിനു വരുമ്പോള്‍ അവരില്‍നിന്നു ബൈഅത്തു വാങ്ങേണ്ടുന്ന രൂപം അല്ലാഹു ഈ വചനത്തില്‍ എടുത്തുകാട്ടുന്നു. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമ്പ്രദായം ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നുവല്ലോ. അതുപോലെത്തന്നെ, അന്യപുരുഷ സ്പര്‍ശനത്തില്‍ ജനിച്ച ജാരസന്താനങ്ങളെ സ്വഭർത്താക്കളുടെ സന്താനങ്ങളായും, ഏതെങ്കിലും ഒരാളുടെ അവിഹിത കൂട്ടുകെട്ടിൽ ജനിച്ച  കുട്ടികളെ സ്ത്രീ ഇഷ്ടപ്പെടുന്ന മറ്റൊരാളുടേതായും നിശ്ചയിക്കുന്ന പതിവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഉദ്ദേശിച്ചുകൊണ്ടാണ്‌ സന്താനങ്ങളെ കൊല്ലുകയില്ലെന്നും, കൈകാലുകള്‍ക്കിടയില്‍ വെച്ച് കെട്ടിച്ചമക്കുന്ന കള്ളവാദം കൊണ്ടുവരികയില്ലെന്നും (وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ الخ) അവരുടെ ബൈഅത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്താനങ്ങള്‍ ജനിച്ചുവളരുന്നതു സ്ത്രീകളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ചാണല്ലോ. ഇത്രയും സ്പഷ്ടമായി അറിയാവുന്ന ഒരു പച്ചപ്പരമാര്‍ത്ഥത്തെ മറച്ചു വെച്ചാണ് ആ കള്ളം കെട്ടിച്ചമക്കുന്നതെന്നത്രെ ആ വാക്കു സൂചിപ്പിക്കുന്നത്.

مَعْرُوف (മഅ്റൂഫ്) എന്ന വാക്കില്‍ ബുദ്ധികൊണ്ടോ മതം മുഖേനയോ നല്ല കാര്യങ്ങളായി അറിയപ്പെടുന്നതെല്ലാം (*) ഉള്‍പ്പെടും. അറിയപ്പെട്ടതു എന്നാണ് വാക്കര്‍ത്ഥമെങ്കിലും ‘സദാചാരം, സല്‍കാര്യം’, എന്നൊക്കെയാണ് ഉദ്ദേശ്യാര്‍ത്ഥം. مُنكَر (മുങ്കര്‍ = ദുരാചാരം, ദുഷ്കാര്യം) എന്നാണ് ഇതിന്റെ എതിര്‍പദം. ചില പ്രത്യേക ഉപാധികള്‍ ആദ്യം എടുത്തു പറഞ്ഞശേഷം, സല്‍കാര്യങ്ങളില്‍പെട്ട ഏതൊന്നു കൽപിച്ചാലും അതു അനുസരിക്കാതിരിക്കുകയില്ലെന്നു ബൈഅത്തിന്റെ വാചകത്തില്‍ ഒരു പൊതു ഉപാധികൂടി വെച്ചിരിക്കുന്നതു ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്റെ കല്പനക്കെതിരായി ആര്‍ക്കും ഒന്നും കൽപിക്കുവാന്‍ അധികാരമില്ല. അങ്ങിനെ കൽപിച്ചാല്‍ അതു അനുസരിക്കേണ്ടതുമില്ല. എന്നാല്‍, അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത കാര്യമായിരുന്നാലും, സല്‍കാര്യങ്ങളുടെ ഇനത്തില്‍പെട്ട ഒരു കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ, ഉത്തരവാദപ്പെട്ട നേതാവോ കല്പിച്ചാല്‍ അതു മറ്റുള്ളവര്‍ അനുസരിക്കേണ്ടതുണ്ട് എന്നു ഇതില്‍നിന്നും മറ്റു പല തെളിവുകളില്‍നിന്നും മനസ്സിലാക്കാം. വല്ലവരും മരണപ്പെടുമ്പോള്‍ ജാഹിലിയ്യത്തില്‍ പതിവുണ്ടായിരുന്നതും ഇന്നും ചില സമുദായങ്ങളില്‍ കാണാവുന്നതുമായ വിലാപഗോഷ്ടികളും, അനുശോചന ചടങ്ങുകളും നടത്തുകയില്ലെന്നും സ്ത്രീകളുടെ ബൈഅത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉള്‍പ്പെടുത്തിയിരുന്നതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇതും ‘മഅ്റൂഫി’ന്റെ ഇനത്തില്‍ പെട്ടതുതന്നെ.


(*). المعروف إسم لكل فعل يعرف بالعقل والشرع حسنة والمنكر ما ينكر بهما – مفردات الراغب


ഒരാള്‍ ഒരാള്‍ക്കു ‘ബൈഅത്തു’ ചെയ്യുമ്പോള്‍ അന്യോന്യം കൈപിടിച്ചുകൊണ്ടാണു അതു നടക്കാറുള്ളത്. എന്നാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ത്രീകളുമായി ബൈഅത്തു നടത്തിയപ്പോള്‍ ഓരോ സ്ത്രീയും മേല്‍പറഞ്ഞ നിബന്ധനകളെല്ലാം സ്വീകരിച്ചുകഴിഞ്ഞശേഷം അവരോടു قَدْ بَايَعْتُكَ ‏‏على ذلك (തന്നോടു അപ്രകാരം ഞാന്‍ പ്രതിജ്ഞ നടത്തി) എന്നു പറയുകയല്ലാതെ, സ്ത്രീകള്‍ക്കു കൈ കൊടുക്കുകയുണ്ടായിട്ടില്ല എന്നു ആയിശാ (رَضِيَ اللهُ تَعَالَى عَنْها) നിവേദനം ചെയ്തിരിക്കുന്നു. (ബു). ഞങ്ങള്‍ക്കു കൈതരാത്തതെന്താണെന്നു സ്ത്രീകള്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ സ്ത്രീകള്‍ക്കു കൈ കൊടുക്കുന്നതല്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയും ചെയ്തു. (അ). സൂറത്തിന്റെ ആരംഭത്തില്‍ സംസാരവിഷയമായിരുന്ന കാര്യം സത്യവിശ്വാസികളെ വിളിച്ച് വീണ്ടും ഒന്നു ചുരുക്കി ആവര്‍ത്തിച്ചുണര്‍ത്തിക്കൊണ്ടു അല്ലാഹു സൂറത്തു സമാപിപ്പിക്കുന്നു:-

60:13

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُوا۟ مِنَ ٱلْءَاخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَٰبِ ٱلْقُبُورِ ﴾١٣﴿
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹു കോപിച്ചിട്ടുള്ള ജനതയോടു നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്. ക്വബ്റുകളിലുള്ളവരെ സംബന്ധിച്ചു അവിശ്വാസികള്‍ നിരാശപ്പെട്ടിരിക്കുന്നതുപോലെ, പരലോകത്തെ സംബന്ധിച്ചു തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുകയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَوَلَّوْا നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്, സ്നേഹബന്ധം പുലര്‍ത്തരുത് قَوْمًا ഒരു ജനതയോടു غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِمْ അവരുടെമേല്‍ قَدْ يَئِسُوا തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുന്നു, ആശമുറിഞ്ഞു مِنَ الْآخِرَةِ പരലോകത്തെ സംബന്ധിച്ചു كَمَا يَئِسَ الْكُفَّارُ അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ مِنْ أَصْحَابِ الْقُبُورِ ക്വബ്റുകളിലുള്ളവരെപ്പറ്റി, ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട

‘അല്ലാഹു കോപിച്ച ജനത’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രമായ എല്ലാ അവിശ്വാസികളും ആയിരിക്കാവുന്നതാകുന്നു. ക്വുര്‍ആനില്‍ യഹൂദികളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ചില പ്രസ്താവനകളെ അടിസ്ഥാനമാക്കി യഹൂദികളാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ചിലര്‍ അഭിപ്രായപ്പെടുന്നത്. അല്ലാഹുവിനറിയാം. ഒന്നാമത്തെ അഭിപ്രായം അനുസരിച്ച് അവസാന വാക്യത്തിന്റെ സാരം ഈ രണ്ടിലൊരു പ്രകാരമായിരിക്കും:

(1). ആ അവിശ്വാസികള്‍ ക്വബ്റിലുള്ളവരെ സംബന്ധിച്ച് ആശ മുറിഞ്ഞിട്ടുള്ളതുപോലെ, പരലോകത്തെക്കുറിച്ചും ആശ മുറിഞ്ഞിട്ടുണ്ട്‌. അതായതു മരിച്ചു മണ്ണടിഞ്ഞുപോയവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അവര്‍ക്കില്ലാത്തതുപോലെ, പരലോകത്തുവെച്ചു വല്ല ഗുണവും ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കില്ല. പരലോകത്തിലും മരണാനന്തര സംഭവങ്ങളിലും അവര്‍ക്കു വിശ്വാസമില്ലല്ലോ.

(2). ക്വബ്റുകളിലുള്ളവരെക്കുറിച്ചു അവിശ്വാസികള്‍ ആശ മുറിഞ്ഞവരാണെന്നതുപോലെ, യഹൂദികള്‍ പരലോകഗുണത്തിലും ആശ നഷ്ടപ്പെട്ടവരാണ്. യഹൂദികള്‍ പരലോകത്തെ നിഷേധിക്കുന്നവരല്ലെങ്കിലും, തങ്ങളുടെ തോന്നിയവാസങ്ങള്‍ നിമിത്തം തങ്ങള്‍ക്കു രക്ഷയില്ലെന്നു അവര്‍ക്കുതന്നെ അറിയാം എന്നു താല്‍പര്യം.

ആ വാക്യത്തിനു ഇങ്ങിനെയും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്: ‘ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ, ആ ജനത -അല്ലാഹുവിന്റെ കോപത്തിനു വിധേയരായ ജനത- പരലോകത്തെ സംബന്ധിച്ചു നിരാശപ്പെട്ടിട്ടുണ്ട്.’ മരിച്ചു ക്വബ്റുകളില്‍ കിടക്കുന്ന സത്യവിശ്വാസികള്‍ക്കു പരലോകത്തു നന്‍മ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരിക്കുമല്ലോ. അതുപോലെ മരണപ്പെട്ട അവിശ്വാസികള്‍ക്കു ഒരിക്കലും ആ പ്രതീക്ഷക്കു അവകാശമില്ല എന്നു സാരം. مِنْ (മിന്‍) എന്ന അവ്യയത്തിനു ‘സംബന്ധിച്ച്’ എന്നും ‘ഇല്‍നിന്നു’ എന്നും അര്‍ത്ഥം വരാം. ഇതില്‍നിന്നാണ് ഈ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്കു സാധ്യതയുണ്ടായത്. ഇതനുസരിച്ചു كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ എന്ന വാക്യത്തിനു ‘ക്വബ്റിലെ ആള്‍ക്കാരില്‍നിന്നുള്ള അവിശാസികള്‍ നിരാശപ്പെട്ടതുപോലെ’ എന്നും, ആദ്യം പറഞ്ഞതനുസരിച്ച് ‘അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ’ എന്നും വിവര്‍ത്തനം നല്‍കാവുന്നതാണ്. ഏതു സ്വീകരിച്ചാലും ഉദ്ദേശ്യം വ്യക്തം തന്നെ. والله أعلم

اللَّهُمَّ لك الحمد والمنة والفضل

വെളിച്ചം റമദാൻ 2021 – റമദാൻ 9

സൂറത്തുല്‍ മുംതഹിനഃ : 01-06

മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 13 – വിഭാഗം (റുകുഅ്) 2
[ഈ സൂറത്തിനു ‘മുംതഹനഃ’ എന്നും ‘ഇംതിഹാന്‍’ എന്നും പേരുകളുണ്ട്. പേരുകള്‍ക്കാസ്പദമായ കാരണം 10-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം.]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

60:1

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴾١﴿
  • ഹേ, വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്). നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുതു عَدُوِّي എന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവും أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ تُلْقُونَ നിങ്ങള്‍ ഇട്ടുകൊണ്ടു إِلَيْهِم അവരോടു, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധം, താല്‍പര്യം وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുമുണ്ട്, അവിശ്വസിച്ചിരിക്കെ بِمَا جَاءَكُم നിങ്ങള്‍ക്കു വന്നെത്തിയതില്‍ مِّنَ الْحَقِّ യഥാര്‍ത്ഥമായിട്ടു, സത്യത്തില്‍നിന്നു يُخْرِجُونَ അവര്‍ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു الرَّسُولَ റസൂലിനെ وَإِيَّاكُمْ നിങ്ങളെയും أَن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ بِاللَّـهِ رَبِّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ خَرَجْتُمْ പുറപ്പെട്ടിരിക്കുന്നു (എങ്കില്‍) جِهَادًا സമരത്തിനു فِي سَبِيلِي എന്റെ മാര്‍ഗത്തില്‍ وَابْتِغَاءَ തേടുന്ന (അന്വേഷിക്കുന്ന) തിനും مَرْضَاتِي എന്റെ പ്രീതി, പൊരുത്തം تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നു إِلَيْهِم അവരോടും, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധത്തെ وَأَنَا أَعْلَمُ ഞാന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا أَخْفَيْتُمْ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെച്ചതിനെപ്പറ്റി وَمَا أَعْلَنتُمْ നിങ്ങള്‍ പരസ്യമാക്കിയതിനെയും وَمَن يَفْعَلْهُ ആരെങ്കിലും (വല്ലവനും) അതു ചെയ്യുന്നതായാല്‍ مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു, തെറ്റി سَوَاءَ السَّبِيلِ നേരായ വഴി, ശരിയായ മാര്‍ഗം

ഈ വചനത്തിന്റെ താല്‍പര്യവും, ഇതു അവതരിപ്പിച്ച സന്ദര്‍ഭവും ഇമാം ബുഖാരിയും, മുസ്ലിമും (رحمهما الله) തുടങ്ങിയ മഹാന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തില്‍നിന്നു കൂടുതല്‍ മനസ്സിലാക്കാം. അതിന്റെ സാമാന്യരൂപം ഇപ്രകാരമാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കാവിജയ യാത്രക്കു ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് (حاطب بن ابي بلتعة -رض) എന്നു പേരുള്ള ഒരു സ്വഹാബി മക്കായിലേക്കു പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യക്കത്തു ക്വുറൈശികള്‍ക്കു കൊടുത്തയച്ചു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങോട്ടു വരുന്നുണ്ട്, സൂക്ഷിക്കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഇതു വഹ്യുമൂലം അറിവായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വേഗം, അലി (رَضِيَ اللهُ تَعَالَى عَنْهُ) മുതലായ ചിലരെ വിളിച്ചു ആ സ്ത്രീ ‘ഖാഖ്’ (روضة خاخ) എന്ന തോട്ടത്തില്‍ ഉണ്ടായിരിക്കുമെന്നും, സ്ത്രീയുടെ പക്കല്‍നിന്നു ആ എഴുത്തുവാങ്ങി വരണമെന്നും കല്‍പിച്ചയച്ചു. അവള്‍ ആദ്യം കത്തു നിഷേധിച്ചുവെങ്കിലും, അലി (رَضِيَ اللهُ تَعَالَى عَنْهُ) ഭീഷണിപ്പെടുത്തിയപ്പോള്‍ തന്റെ മുടിക്കെട്ടില്‍നിന്നു കത്തെടുത്തു കൊടുത്തു. കത്തു കിട്ടിയപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) നെ വിളിച്ചു കാരണം ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘റസൂലേ, ഞാന്‍ ഇസ്ലാമില്‍ വന്നശേഷം അവിശ്വാസിയായിട്ടില്ല; അവിടുത്തെ ഗുണകാംക്ഷിയായതിനുശേഷം അവിടുത്തെ വഞ്ചിച്ചിട്ടുമില്ല; ക്വുറൈശികളെ വിട്ടുപോന്നശേഷം അവരെ സ്നേഹിച്ചിട്ടുമില്ല. പക്ഷേ, ഞാന്‍ ക്വുറൈശികളില്‍പെട്ടവനല്ലെങ്കിലും അവരുമായി കെട്ടുപാടുള്ളവനാണ്. തിരുമേനിയുടെ കൂടെയുള്ള എല്ലാ മുഹാജിറുകള്‍ക്കും തന്നെ (നാം അവിടെച്ചെന്നു ക്വുറൈശികളുമായി ഏറ്റുമുട്ടുന്ന പക്ഷം) അവരുടെ വകയായി അവിടെയുള്ള കുടുംബങ്ങളെയും സ്വത്തുക്കളെയും കാത്തു രക്ഷിക്കുവാനുള്ള ബന്ധുക്കള്‍ അവര്‍ക്കു അവിടെയുണ്ട്. (എനിക്കു അതില്ല). എനിക്കു ക്വുറൈശികളുമായി കുടുംബ ബന്ധമില്ലാത്ത സ്ഥിതിക്ക് അവര്‍ (അവിടെയുള്ള) എന്റെ കുടുംബത്തെ കാക്കുമാറ് ഒരു സഹായ ഹസ്തം അവര്‍ക്കു നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. അത്രമാത്രം. അല്ലാതെ, അവിശ്വാസമോ, ഇസ്‌ലാമില്‍ നിന്നുള്ള വ്യതിയാനമോ നിമിത്തം ചെയ്തതല്ല.’ അദ്ദേഹത്തിന്റെ ഒഴികഴിവു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമ്മതിക്കുകയും ചെയ്തു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “റസൂലേ, എന്നെ വിട്ടേക്കൂ ഈ കപടവിശാസിയുടെ കഴുത്തു ഞാന്‍ വെട്ടിക്കളയാം.” തിരുമേനി: “അദ്ദേഹം ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. താങ്കള്‍ക്കു എന്തറിയാം, ബദ്റില്‍ സംബന്ധിച്ചവരോടു ഒരു പക്ഷെ, അല്ലാഹു പറഞ്ഞിരിക്കാം: “നിങ്ങള്‍ ഉദ്ദേശിച്ചതു ചെയ്തേക്കുക: ഞാന്‍ പൊറുക്കും എന്നു!” ഇതാണ് സംഭവം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇതു പറഞ്ഞപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) കണ്ണുനീരൊഴുക്കി എന്നും, ഈ ആയത്തു ഈ വിഷയത്തിലാണ് അവതരിച്ചതെന്നും ബുഖാരിയുടെ ചില രിവായത്തുകളിലുണ്ട്.

ദുരുദ്ദേശംകൊണ്ടോ വഞ്ചനനിമിത്തമോ അല്ല ഹാത്വിബ് (رَضِيَ اللهُ تَعَالَى عَنْهُ) ഇതു ചെയ്തതെന്നും, തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ദീര്‍ഘദൃഷ്ടിയില്ലാതെ അബദ്ധം പ്രവര്‍ത്തിച്ചതാണെന്നും ഇതില്‍നിന്നു വ്യക്തമാണ്. അദ്ദേഹം ഒരു മുഹാജിറും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളുമാണ്. മനുഷ്യസഹജമായ ദൗര്‍ബ്ബല്യം പ്രവാചകന്‍മാരല്ലാത്ത മനുഷ്യരിലെല്ലാം അനുഭവപ്പെട്ടേക്കും. അങ്ങിനെ ഒരു അബദ്ധം പിണഞ്ഞുപോയെങ്കിലും, പിന്നീടദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസ്ഥിതി തികച്ചും വെളിവാക്കുന്നുണ്ട്. എന്തെങ്കിലും ദുര്‍ന്യായങ്ങള്‍ പറഞ്ഞു തെറ്റു ലഘൂകരിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഇതു സ്വഹാബികളുടെ മാതൃകാപരമായ ഒരു സ്വഭാവമത്രെ.

ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതായിരുന്നാലും ശരി, അതിലടങ്ങിയ കാര്യം എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. ആ നിലക്കാണ്, ശത്രുക്കളുമായി മുസ്ലിംകള്‍ സ്നേഹബന്ധവും, സ്വകാര്യ കൂട്ടുകെട്ടും സ്ഥാപിക്കുന്നതു വമ്പിച്ച തെറ്റാണെന്നും, മേലില്‍ ആരെങ്കിലും അപ്രകാരം ചെയ്‌താല്‍ അവന്‍ ദുര്‍മാര്‍ഗിയാണെന്നും അല്ലാഹു ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നതും. ഈ നിരോധത്തിനു അല്ലാഹു എടുത്തു കാണിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നും അതിനു മതിയായ കാരണമാണെന്നു വ്യക്തമാണ്.

60:2

  • إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءً وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ ﴾٢﴿
  • നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
  • إِن يَثْقَفُوكُمْ അവര്‍ക്കു നിങ്ങളെ പിടികിട്ടിയാല്‍, നിങ്ങളെ കണ്ടെത്തിയാല്‍ يَكُونُوا لَكُمْ അവന്‍ നിങ്ങള്‍ക്കു ആയിത്തീരും أَعْدَاءً ശത്രുക്കള്‍ وَيَبْسُطُوا അവര്‍ നീട്ടുകയും (വിരുത്തുകയും) ചെയ്യും إِلَيْكُمْ നിങ്ങളുടെ നേരെ, നിങ്ങളിലേക്കു أَيْدِيَهُمْ അവരുടെ കൈകളെ وَأَلْسِنَتَهُم അവരുടെ നാവുകളെയും بِالسُّوءِ തിന്‍മയുംകൊണ്ടു, തീയതുമായി وَوَدُّوا അവര്‍ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു لَوْ تَكْفُرُونَ നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്നു

കയ്യും നാവും നീട്ടുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം, ദേഹോപദ്രവവും അക്രമവും നടത്തുകയും, ചീത്തയും ശകാരവും പൊഴിക്കുകയും ചെയ്യും എന്നാകുന്നു.

60:3

  • لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَٰدُكُمْ ۚ يَوْمَ ٱلْقِيَٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٣﴿
  • നിങ്ങളുടെ രക്തബന്ധങ്ങളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്തുനാളില്‍ നിങ്ങള്‍ക്കു ഉപകരിക്കുകയില്ലതന്നെ. അവന്‍ [അല്ലാഹു] നിങ്ങളുടെ ഇടയില്‍ (തീരുമാനമെടുത്തു) വേര്‍പിരിക്കുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • لَن تَنفَعَكُمْ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ أَرْحَامُكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും ഇല്ല يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ يَفْصِلُ അവന്‍ പിരിക്കും, തീരുമാനമെടുക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്

60:4

  • قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ ﴾٤﴿
  • ഇബ്രാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ലതായ ഒരു മാതൃകയുണ്ടായിട്ടുണ്ട്; (അതെ) അവര്‍ തങ്ങളുടെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: “നിശ്ചയമായും ഞങ്ങള്‍ നിങ്ങളില്‍നിന്നും, നിങ്ങള്‍ അല്ലാഹുവിനുപുറമെ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നും (ബന്ധമറ്റ്‌) ഒഴിവായവരാകുന്നു; ഞങ്ങള്‍ നിങ്ങളെ അവിശ്വസി[നിഷേധി]ച്ചിരിക്കുന്നു; അല്ലാഹു ഏകന്‍ എന്ന നിലക്കു നിങ്ങളവനില്‍ വിശസിക്കുന്നതുവരേക്കും – എക്കാലത്തും – ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു.” (പക്ഷേ) ഇബ്രാഹീം തന്റെ പിതാവിനോട് ‘നിശ്ചയമായും, ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടും; അല്ലാഹുവിങ്കല്‍നിന്നു താങ്കള്‍ക്കു യാതൊന്നുംതന്നെ (ചെയ്‌വാന്‍) ഞാന്‍ അധീനമാക്കുന്നില്ല’ എന്നു പറഞ്ഞതൊഴികെ [ഇതില്‍ നിങ്ങള്‍ക്കു മാതൃകയില്ല]. (അവര്‍ പറഞ്ഞിരുന്നു:) ‘ഞങ്ങളുടെ റബ്ബേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു; നിന്റെ അടുക്കലേക്കുതന്നെ ഞങ്ങള്‍ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്തിരിക്കുന്നു; നിങ്കലേക്കു തന്നെയാണ് തിരിച്ചെത്തലും.’
  • قَدْ كَانَتْ لَكُمْ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട് أُسْوَةٌ മാതൃക حَسَنَةٌ നല്ലതായ فِي إِبْرَاهِيمَ ഇബ്രാഹീമില്‍ وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لِقَوْمِهِمْ അവരുടെ ജനതയോടു إِنَّا بُرَءَآؤُاْ നിശ്ചയമായും ഞങ്ങള്‍ ഒഴിവായവരാണ് مِنكُمْ നിങ്ങളില്‍നിന്നു وَمِمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ كَفَرْنَا بِكُمْ നിങ്ങളില്‍ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു) وَبَدَا بَيْنَنَا ഞങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു وَبَيْنَكُمُ നിങ്ങള്‍ക്കുമിടയില്‍ الْعَدَاوَةُ ശത്രുത, പക وَالْبَغْضَاءُ വിദ്വേഷവും, അമര്‍ഷവും أَبَدًا എക്കാലത്തും حَتَّىٰ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതുവരെ بِاللَّـهِ അല്ലാഹുവില്‍ وَحْدَهُ അവന്‍ ഏകനായ നിലയില്‍ إِلَّا قَوْلَ إِبْرَاهِيمَ ഇബ്രാഹീമിന്റെ വാക്കു (പറഞ്ഞതു) ഒഴികെ لِأَبِيهِ തന്റെ പിതാവിനോടു لَأَسْتَغْفِرَنَّ لَكَ നിശ്ചയമായും ഞാന്‍ താങ്കള്‍ക്കു പാപമോചനം തേടും وَمَا أَمْلِكُ لَكَ താങ്കള്‍ക്കു ഞാന്‍ അധീനമാക്കുന്നില്ല (എനിക്കു കഴിവില്ല) مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നുംതന്നെ رَّبَّنَا ഞങ്ങളുടെ രക്ഷിതാവേ عَلَيْكَ تَوَكَّلْنَا നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു وَإِلَيْكَ നിന്നിലേക്കു തന്നെ أَنَبْنَا ഞങ്ങള്‍ മനസ്സുമടങ്ങി, വിനയപ്പെട്ടു وَإِلَيْكَ നിങ്കലേക്കു തന്നെയാണു الْمَصِيرُ തിരിച്ചെത്തല്‍, മടക്കം

60:5

  • رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾٥﴿
  • ‘ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി.’
  • رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു പരീക്ഷണം (പരീക്ഷണപാത്രം) لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَاغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ أَنتَ നിശ്ചയമായും നീതന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

തൗഹീദിന്റെയും നിങ്ങളുടെയും ശത്രുക്കളായ ആളുകളുമായി നിങ്ങള്‍ക്കു യാതൊരു കൂട്ടുകെട്ടും സ്നേഹബന്ധവും പാടില്ലെന്നുള്ളതിനു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുടെയും ചര്യയില്‍തന്നെ നിങ്ങള്‍ക്കു നല്ല മാതൃകയുണ്ടല്ലോ. നിങ്ങളോടും നിങ്ങളുടെ ആരാധ്യവസ്തുക്കളോടും ഞങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും, അല്ലാഹുവില്‍ വിശ്വസിക്കാത്ത കാലത്തോളം നാം തമ്മില്‍ പ്രത്യക്ഷ ശത്രുക്കളാണെന്നും അവര്‍ തങ്ങളുടെ എതിരാളികളോടു തുറന്നു പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാര്യം അവര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും, ശത്രുക്കളില്‍നിന്നു രക്ഷക്കും പാപമോചനത്തിനുംവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അഥവാ, ശത്രുക്കളുമായി വല്ല വേഴ്ചയും സ്ഥാപിക്കുവാനോ, അവര്‍ക്കു വഴങ്ങുവാനോ ശ്രമിക്കാതെ, അവര്‍ സധീരം ഉറച്ചു നിന്നു. അതുപോലെയാണ് നിങ്ങളും ചെയ്യേണ്ടത്. പക്ഷേ, ഇബ്രാഹീം (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ അവിശ്വാസിയായ പിതാവിനുവേണ്ടി പാപമോചനം തേടുകയുണ്ടായി. അതില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചു കൂടാത്തതാകുന്നു എന്നൊക്കെയാണ് ഈ വചനങ്ങളിലെ ആശയത്തിന്റെ ചുരുക്കം.

പിതാക്കളോടു മക്കള്‍ക്കു സ്വാഭാവികമായുണ്ടാകുന്ന വാത്സല്യവും, സ്വന്തം പിതാവു നന്നായിത്തീരുവാനുള്ള മോഹവും നിമിത്തമായിരിക്കും ഇബ്രാഹീം (عليه الصلاة والسلام) പിതാവിനുവേണ്ടി പാപമോചനം തേടാമെന്നു പറഞ്ഞതെന്നു വ്യക്തമാണ്. എങ്കിലും അതു മാതൃകയാക്കുവാന്‍ പാടില്ലെന്നും, ഇബ്രാഹീം (عليه الصلاة والسلام) അങ്ങിനെ ചെയ്‌വാന്‍ കാരണമെന്താണെന്നും സൂ: തൗബഃ 113-114 ല്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ‘അടുത്ത കുടുംബങ്ങളായിരുന്നാലും, അവര്‍ നരകത്തിന്റെ ആള്‍ക്കാരാണെന്നു വ്യക്തമായിക്കഴിഞ്ഞശേഷം മുശ്രിക്കുകള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ പ്രവാചകനോ വിശ്വസിച്ചവര്‍ക്കോ പാടില്ലാത്തതാണ്. ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയതു, അയാളോടു അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ടു, അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്നു അദ്ദേഹത്തിനു വ്യക്തമായപ്പോള്‍ അദ്ദേഹം അയാളില്‍നിന്നു ഒഴിഞ്ഞുമാറി…’ (مَا كَانَ لِلنَّبِيِّ إلى قوله وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ الخ – سورة التوبة : 113, 114)

നബിമാരെ സംബന്ധിച്ചിടത്തോളം ഒരാള്‍ നരകക്കാരില്‍ പെട്ടവനാണെന്ന വസ്തുത വഹ്യുമൂലം അറിയുവാന്‍ സാധ്യതയുണ്ട്. നബിമാരല്ലാത്തവരെ സംബന്ധിച്ചിടത്തോളം നബിമാര്‍ മുഖേന വിവരം കിട്ടാതെ ഇതു സാധ്യമല്ല. എങ്കിലും, ഒരാള്‍ ശിര്‍ക്കിലും,കുഫ്റിലും (ബഹുദൈവ വിശ്വാസത്തിലും അവിശ്വാസത്തിലും) ആണ് മരണപ്പെട്ടിരിക്കുന്നതെന്നു കണ്ടാല്‍ മറ്റുള്ളവര്‍ക്കും അതു മനസ്സിലാക്കാമല്ലോ. അഥവാ അപ്പോഴേ അതു ഉറപ്പിക്കാവൂ. ഏതു അക്രമിയും, ഏതു പാപിയും മരണത്തിനു മുമ്പു പശ്ചാത്തപിച്ചാല്‍ അല്ലാഹു മാപ്പുചെയ്തുകൊടുക്കുന്നതാണ്. ഏതെങ്കിലും മാര്‍ഗത്തിലൂടെ, ശിര്‍ക്കിന്റെയും കുഫ്റിന്റെയും ആളെന്നു വ്യക്തമായിക്കഴിഞ്ഞ ആള്‍ക്കു വേണ്ടി പാപമോചനത്തിനും രക്ഷക്കും പ്രാര്‍ത്ഥിക്കുവാന്‍ സത്യവിശ്വാസികള്‍ക്കു പാടില്ലാത്തതാണെന്നു ഈ ക്വുര്‍ആന്‍ വചനങ്ങള്‍കൊണ്ടു സ്പഷ്ടമാക്കുന്നു. അപ്പോള്‍ – ഇന്നത്തെ പുരോഗമനാശയക്കാരെന്നു പറയപ്പെടുന്ന ചില ആളുകള്‍ ചെയ്യാറുള്ളതുപോലെ – സത്യവിശ്വാസികളല്ലാത്ത ആളുകള്‍ മരണപ്പെട്ടശേഷം അവരുടെ ശാന്തിക്കും മോക്ഷത്തിനും വേണ്ടി മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തുന്നതും, അതില്‍ പങ്കുവഹിക്കുന്നതും അനിസ്ലാമികമായ ദുരാചാരമാണെന്നു പറയേണ്ടതില്ല. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെയും അനുയായികളുടെയും മാതൃകയെക്കുറിച്ച് വീണ്ടും അല്ലാഹു പറയുന്നു:-

60:6

  • لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ ۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٦﴿
  • തീര്‍ച്ചയായും അവരില്‍ നിങ്ങള്‍ക്കു നല്ലതായ മാതൃകയുണ്ടായിരുന്നു; അതായതു, അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്. ആരെങ്കിലും തിരിഞ്ഞു കളയുന്നപക്ഷം അപ്പോള്‍, നിശ്ചയമായും അല്ലാഹുതന്നെയാണ് ധന്യനും സ്തുത്യര്‍ഹനുമായുള്ളവന്‍.
  • لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു لَكُمْ فِيهِمْ നിങ്ങള്‍ക്കു അവരില്‍ أُسْوَةٌ മാതൃക, തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവനു كَانَ يَرْجُو അഭിലഷിക്കുന്ന, പ്രതീക്ഷിച്ചു വരുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞു പോകുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ الْغَنِيُّ അവനത്രെ ധന്യന്‍, അവന്‍ അനാശ്രയനത്രെ الْحَمِيدُ സ്തുത്യര്‍ഹനായ

അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചുമുള്ള ഭയവും, അന്നത്തെ ദിവസം അല്ലാഹുവില്‍നിന്നുള്ള പ്രതിഫലവും രക്ഷയും ലഭിക്കണമെന്ന ആഗ്രഹവും ഉള്ളവര്‍ മാത്രമെ പ്രസ്തുതമാതൃക സ്വീകരിക്കുവാന്‍ തയ്യാറുണ്ടാവുകയുള്ളു. അങ്ങിനെയുള്ളവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ, സ്വീകരിക്കുവാന്‍ തയ്യാറില്ലാത്തവരെക്കൊണ്ടു അല്ലാഹുവിനു യാതൊരു ദോഷവും ബാധിക്കുവാനില്ല. അതിന്റെ ഭവിഷ്യത്തു അവര്‍ക്കുതന്നെയാണ് അനുഭവപ്പെടുക, എന്നു സാരം. ഈ വചനങ്ങള്‍ സ്വഹാബികളുടെ ഹൃദയത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു ഒരു ഉദാഹരണം കാണുക: അബൂബകര്‍ (رَضِيَ اللهُ تَعَالَى عَنْه) ന്റെ മകള്‍ അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْها) ന്റെ വീട്ടില്‍ അവരുടെ മാതാവു – മാതാവു അന്നു വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല – അവര്‍ക്കു ചില സമ്മാനങ്ങളുമായി വന്നപ്പോള്‍ അവര്‍ മാതാവിനെ സ്വീകരിക്കുകയുണ്ടായില്ല. മാതാവിനെ സ്വീകരിച്ചുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപദേശിച്ചതിനുശേഷമേ അവര്‍ സ്വീകരിച്ചുള്ളു. (അ; ബു; മു). ഹുദൈബിയാസന്ധി നിലവിലുള്ള കാലത്തായിരുന്നു അത്. ശത്രുക്കളുമായുള്ള ഈ സംഘര്‍ഷാവസ്ഥ അധികകാലം നിലനില്‍ക്കുകയില്ലെന്നും, താമസിയാതെ അതിനൊരു പരിഹാരമുണ്ടാകുമെന്നും അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ സമാശ്വസിപ്പിക്കുന്നു:-

വെളിച്ചം റമദാൻ 2021 – റമദാൻ 8

സൂറത്തുല്‍ ഹശ്ര്‍ : 18-24

വിഭാഗം – 3

59:18
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَلْتَنظُرْ നോക്കട്ടെ, ആലോചിക്കട്ടെ نَفْسٌ ഓരോ ദേഹവും (ആത്മാവും, ആളും) مَّا قَدَّمَتْ അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു لِغَدٍ നാളേക്കുവേണ്ടി وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

59:19

  • وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴾١٩﴿
  • അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന്‍ മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍.
  • وَلَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരുവരെപ്പോലെ نَسُوا اللَّـهَ അവര്‍ അല്ലാഹുവിനെ മറന്നു فَأَنسَاهُمْ അപ്പോള്‍ അവന്‍ അവരെ മറപ്പിച്ചു أَنفُسَهُمْ അവരെത്തന്നെ, അവരുടെ ദേഹങ്ങളെ أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

59:20

  • لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ ﴾٢٠﴿
  • നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്‍.
  • لَا يَسْتَوِي സമമാവുകയില്ല أَصْحَابُ النَّارِ നരകക്കാര്‍ وَأَصْحَابُ الْجَنَّةِ സ്വര്‍ഗക്കാരും أَصْحَابُ الْجَنَّةِ സ്വര്‍ഗക്കാര്‍ هُمُ الْفَائِزُونَ അവരത്രെ ഭാഗ്യവാന്മാര്‍

വളരെ വിലയേറിയ മൂന്നു ഉപദേശങ്ങള്‍! മനുഷ്യന്‍റെ ഭാവിനിര്‍ണ്ണയവും, അവനു രക്ഷയും മോക്ഷവും ലഭിക്കലും ആ മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

(1) അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സ്വീകരിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരായി ജീവിക്കുക എന്നാണ് അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുകൊണ്ടു വിവക്ഷ. ഇതാണ് എല്ലാറ്റിലുംവെച്ചു മര്‍മ്മപ്രധാനമായ വിഷയവും. അതുകൊണ്ടു ഇക്കാര്യം ഒരേ വചനത്തില്‍ തന്നെ രണ്ടുവട്ടം ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നു.

(2) ഓരോരുത്തനും അവന്‍റെ നാളത്തേക്കുവേണ്ടി -ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി- എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നു ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന്‍ അവന്‍റെ കുറവുകളും വിടവുകളും കണ്ടെത്തുമല്ലോ. അപ്പോള്‍, അതു പരിഹരിക്കുവാന്‍ അവന്‍ ശ്രമിക്കയും ചെയ്യും.

(3) അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഭയമോ ഇല്ലാതെ, അവന്‍റെ നിയമനിര്‍ദ്ദേശങ്ങളെ വകവെക്കാതെ, അവനെ മറന്നുകളയുകയും അങ്ങനെ സ്വന്തം രക്ഷാമാര്‍ഗങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതായിത്തീരുകയും ചെയ്ത താന്തോന്നിവര്‍ഗ്ഗങ്ങളെപ്പോലെ ആയിത്തീരരുത്. അതെ, അവരെ അനുകരിക്കാതെ, അവരോടു സാദൃശ്യപ്പെടാതെ, അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഹാ! എത്ര മഹത്തായ ഉപദേശങ്ങള്‍! എത്ര സാരവത്തായ ഉപദേശങ്ങള്‍! ഈ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍. അവര്‍തന്നെയാണ് ഭാഗ്യവാന്മാരും. ഈ ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.

അബൂഹുറൈറഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനത്തിന്‍റെ സാരം ഇതാകുന്നു: ‘ഏഴു കാര്യങ്ങള്‍ക്കുമുമ്പായി നിങ്ങള്‍ ധൃതിപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ ചെയ്യുവിന്‍: (എല്ലാം) മറപ്പിച്ചുകളയുന്ന (കടുത്ത) ദാരിദ്ര്യത്തെയോ, അല്ലെങ്കില്‍ അമിതമായ ധനത്തെയോ, അല്ലെങ്കില്‍ നാശകരമായ രോഗത്തെയോ, അല്ലെങ്കില്‍ കൊള്ളരുതാതാക്കുന്ന വാര്‍ദ്ധക്യത്തെയോ, അല്ലെങ്കില്‍ (ജീവിതം അവസാനിപ്പിച്ചു) യാത്ര അയക്കുന്ന മരണത്തെയോ, അല്ലെങ്കില്‍ ദജ്ജാലിനെയോ -അതാണെങ്കില്‍, പ്രതീക്ഷിക്കപ്പെടുന്ന അദൃശ്യങ്ങളില്‍വെച്ചു മോശപ്പെട്ടതാണ്- അല്ലെങ്കില്‍ അന്ത്യസമയത്തെയോ അല്ലാതെ നിങ്ങള്‍ക്കു വല്ലതും കാത്തിരിക്കുവാനുണ്ടോ? അന്ത്യസമയമാകട്ടെ, ഏറ്റവും ആപല്‍ക്കരവും ഏറ്റവും കൈപ്പേറിയതും! (തി.)

59:21

  • لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴾٢١﴿
  • ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
  • لَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ هَـٰذَا الْقُرْآنَ ഈ ഖുര്‍ആന്‍ عَلَىٰ جَبَلٍ ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍ لَّرَأَيْتَهُ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ خَاشِعًا വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി مُّتَصَدِّعًا പൊട്ടിപ്പൊളിയുന്നതായി مِّنْ خَشْيَةِ اللَّـهِ അല്ലാഹുവിനെ പേടിച്ചതു നിമിത്തം وَتِلْكَ الْأَمْثَالُ ആ ഉപമ (ഉദാഹരണം, മാതിരി)കള്‍ نَضْرِبُهَا നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു لِلنَّاسِ ജനങ്ങള്‍ക്കു لَعَلَّهُمْ يَتَفَكَّرُونَ അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം

വിശുദ്ധ ഖുര്‍ആന്‍റെ മഹത്വവും ഉന്നത നിലപാടും ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് ഈ വചനം. മനുഷ്യന്‍റെ തന്റേടക്കുറവും അശ്രദ്ധയും കാരണമായി അതിനു അവന്‍ വേണ്ടത്ര വില കല്‍പിക്കുന്നില്ല; അവന്‍റെ മനസ്സില്‍ അതര്‍ഹിക്കുന്ന ഗൗരവം അനുഭവപ്പെടുന്നുമില്ല. ഇതു ഖുര്‍ആന്‍റെ ഏതെങ്കിലും പോരായ്‌മകൊണ്ടല്ല. ഖുര്‍ആന്‍ അവതരിപ്പിച്ചതു വല്ല പര്‍വതത്തിനുമായിരുന്നെങ്കില്‍ -അതെത്ര കടുത്തതും ഉറച്ചതുമായികൊള്ളട്ടെ- ഖുര്‍ആന്‍റെ ഗൗരവത്താല്‍ അതു അല്ലാഹുവിനോടു ഭക്തിവിനയം കാണിക്കുന്നതും, അല്ലാഹുവിനെ പേടിച്ചു സ്വയം പൊട്ടിപ്പിളര്‍ന്നുപോകുന്നതുമായിത്തീര്‍ന്നേക്കും. അത്രയും മഹത്തായ ഒന്നാണത്. പക്ഷേ, മനുഷ്യഹൃദയത്തിന്‍റെ കടുപ്പം അതിലും കഠിനമായിപ്പോയി. അതുകൊണ്ടാണ് അവന്‍റെ മനസ്സിനു അതര്‍ഹിക്കുന്ന മാറ്റം വരാത്തതു എന്നു സാരം. എന്നല്ലാതെ, ഖുര്‍ആന്‍ ഒരു മലയുടെമീതെ കൊണ്ടുപോയി വെച്ചാല്‍ ഉടനെ അതു പൊട്ടിത്തകരും എന്നൊന്നുമല്ല. മനുഷ്യന്‍ ചിന്തിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനാണ് ഇതും, ഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹു എടുത്തുകാട്ടുന്നതു എന്നു പ്രത്യേകം ഉണര്‍ത്തിയിട്ടുള്ളതില്‍ നിന്നുതന്നെ ഇതു സ്പഷ്ടമാണല്ലോ.

വേദക്കാരെ അഭിമുഖീകരിച്ചുകൊണ്ടു സൂഃ ബഖറഃ 74ല്‍ അല്ലാഹു ഇങ്ങിനെ പറയുന്നു: ‘പിന്നീടു അതിനു ശേഷം, നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. എന്നിട്ടു അവ കല്ലുപോലിരിക്കുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനകടുപ്പമുള്ളതാണ്. കല്ലില്‍തന്നെയും (ചിലതു) അരുവികള്‍ പൊട്ടി ഒഴുകുന്നവയുണ്ട്; അവയില്‍തന്നെ പൊട്ടിപ്പിളര്‍ന്നു വെള്ളം പുറത്തുവരുന്നവയുമുണ്ട്; അവയില്‍തന്നെ അല്ലാഹുവിനെ പേടിച്ചതുനിമിത്തം (കീഴ്പോട്ടു) ഇറങ്ങുന്നവയും ഉണ്ട്.’ – (ثُمَّ قَسَتْ قُلُوبُكُم – إلى قوله : مِنْ خَشْيَةِ اللَّـهِ)

59:22

  • هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ ﴾٢٢﴿
  • താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാനിധിയാണ്‌.
  • هُوَ അവന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാകുന്നു لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവന്‍ (താന്‍) അല്ലാതെ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവന്‍ وَالشَّهَادَةِ ദൃശ്യത്തെയും هُوَ الرَّحْمَـٰنُ അവന്‍ പരമകാരുണികനാണ് الرَّحِيمُ കരുണാനിധിയാണ്

59:23

  • هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٢٣﴿
  • (അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്‍) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്‌, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്‍കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്‍!
  • هُوَ اللَّـهُ الَّذِي അവന്‍ യാതൊരു അല്ലാഹുവാണ് لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْمَلِكُ രാജാവാണു, അധിപതിയാണു الْقُدُّوسُ പരമ പരിശുദ്ധന്‍, വിശുദ്ധന്‍ السَّلَامُ രക്ഷ, അന്യൂനന്‍, രക്ഷപ്പെടുത്തുന്നവന്‍ الْمُؤْمِنُ അഭയം, നിര്‍ഭയത നല്‍കുന്നവന്‍ الْمُهَيْمِنُ മേല്‍നോട്ടം ചെയ്യുന്നവന്‍, മേലന്വേഷണം നടത്തുന്നവന്‍ الْعَزِيزُ പ്രതാപശാലി, അജയ്യന്‍ الْجَبَّارُ പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവന്‍ الْمُتَكَبِّرُ മഹത്വശാലി, മഹത്വം കാണിക്കുന്നവന്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

59:24

  • هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٤﴿
  • സൃഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്‍കുന്നവനായ അല്ലാഹുവത്രെ അവന്‍! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!
  • هُوَ اللَّـهُ അവന്‍ ആല്ലാഹുവാണു الْخَالِقُ സൃഷ്ടാവായ الْبَارِئُ നിര്‍മ്മിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവന്‍ الْمُصَوِّرُ രൂപം നല്‍കുന്നവനായ, ആകൃതിപ്പെടുത്തുന്നവന്‍ لَهُ അവന്നുണ്ട്‌ الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, (അത്യുല്‍കൃഷ്ടമായ) يُسَبِّحُ لَهُ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയാകുന്നു الْحَكِيمُ അഗാധജ്ഞനായ

അല്ലാഹുവിന്‍റെ പരമോല്‍കൃഷ്ടങ്ങളായ ഗുണഗണങ്ങളെ വിശേഷിപ്പിക്കുന്ന അത്യുത്തമ നാമവിശേഷണങ്ങളില്‍ (الْأَسْمَاءُ الْحُسْنَىٰ) യില്‍പെട്ട ചിലതാണ് ഈ വചനങ്ങളില്‍ കാണുന്നത്. الْقُدُّوسُ എന്ന നാമം, സകലവിധ കുറവുകളില്‍നിന്നും, പോരായ്‌മകളില്‍ നിന്നും പരിശുദ്ധനായുള്ളവന്‍ എന്നും, السَّلَامُ എന്നതു, സകല കെടുതലുകളില്‍നിന്നും സുരക്ഷിതനും മറ്റുള്ളവര്‍ക്കു രക്ഷ നല്‍കുന്നവന്‍ എന്നും കുറിക്കുന്നു. സത്യവാന്മാരും അര്‍ഹരുമായവര്‍ക്ക് അഭയവും വിശ്വസ്തതയും നല്‍കുന്നവന്‍ എന്ന് الْمُؤْمِنُ എന്ന നാമവും, എല്ലാവരുടെയും എല്ലാ കാര്യത്തിന്‍റെയും മേല്‍നോട്ടവും മേലന്വേഷണവും ചെയ്യുന്നവന്‍ എന്നു الْمُهَيْمِنُ എന്ന നാമവും കുറിക്കുന്നു. എല്ലാ ശക്തികളെയും അതിജയിക്കുന്ന അതുല്യനായ പ്രതാപശാലി എന്നു الْعَزِيزُ നും, എല്ലാ വസ്തുവെയും അടക്കിവാഴുകയും, തന്‍റെ അധികാരശക്തിക്കു എല്ലാവരെയും അധീനപ്പെടുത്തുകയും ചെയ്യുന്ന പരമാധികാരി എന്നു الْجَبَّارُ നും, എല്ലാവിധ മഹല്‍ഗുണങ്ങളും യോഗ്യതയും തികഞ്ഞ മഹത്വശാലി എന്നു الْمُتَكَبِّرُ നും അര്‍ത്ഥം വരുന്നു. അഖിലവസ്തുക്കളെയും ഇന്നിന്നപ്രകാരമെന്നു നിര്‍ണ്ണയം ചെയ്ത് അതതിനുവേണ്ടുന്ന ക്രമീകരണവും വ്യവസ്ഥയും നല്‍കി ആകൃതിയും പ്രകൃതിയും കൊടുത്ത് രൂപപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കിയവന്‍ എന്നത്രെ الْخَالِقُ الْبَارِئُ الْمُصَوِّرُ എന്നീ നാമങ്ങളുടെ വിവക്ഷ.

ഇവയും ഇതുപോലെ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതുമായ അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടനാമങ്ങളില്‍ അടങ്ങുന്ന സാരാര്‍ത്ഥങ്ങളെയും, ആന്തരോദ്ദേശ്യങ്ങളെയും ശരിക്കു ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഭാഷയില്‍ വിരളമാകുന്നു. പ്രസ്തുത നാമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു ചില മഹാന്മാര്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിട്ടുണ്ട്. എല്ലാ നാമങ്ങളുടെയും അന്തസാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാക്കാണ്‌ ‘ഇലാഹു’ (إلاه) അപ്പോള്‍, തൗഹീദിന്‍റെ വാക്യമായ لا إلهَ إلاَّ اللَّه (അല്ലാഹു അല്ലാതെ ഒരു ഇലാഹും -ആരാധ്യനും- ഇല്ല) എന്ന വാക്കിന്‍റെ പ്രാധാന്യവും, അതു ഖുര്‍ആനില്‍ ഇടക്കിടെ ആവര്‍ത്തിച്ചുകാണുന്നതിനുള്ള കാരണവും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നതായി ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്നു; ‘അല്ലാഹുവിനു തൊണ്ണൂറ്റൊമ്പതു -ഒന്നു കുറച്ചു നൂറു- നാമങ്ങളുണ്ട്. അവയെ സൂക്ഷ്മമായി പഠിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവന്‍ ഒറ്റയാണ്, ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.’

(إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ ‏.وهو إِنَّهُ وِتْرٌ يُحِبُّ الْوِتْرَ – متفق)

ഈ തൊണ്ണൂറ്റൊമ്പതെണ്ണം ഏതൊക്കെയാണെന്നു നമുക്കു തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ഖുര്‍ആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള നാമങ്ങളിൽ നിന്നു ചിലർ തൊണ്ണൂറ്റൊമ്പതു നാമങ്ങൾ തിരഞ്ഞെടുത്തു രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. ഈ നാമങ്ങളെ മനപ്പാഠമാക്കിയതുകൊണ്ടോ, ഉരുവിടുന്നതുകൊണ്ടോ മാത്രം സ്വര്‍ഗത്തില്‍ പ്രവേശനം തീര്‍ച്ചപ്പെട്ടുവെന്നല്ല ഹദീസിന്‍റെ താല്‍പര്യം. അവയെ ഗ്രഹിക്കുകയും അവയിലടങ്ങിയ സാരങ്ങളും അവയുടെ ഗൗരവങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ വിധത്തില്‍ ബോധപൂര്‍വ്വം നിലക്കൊള്ളുന്നവര്‍ക്കു രക്ഷയുണ്ടു എന്നത്രെ താല്‍പര്യം.

والله اعلم وهو الموفق والمعين

വെളിച്ചം റമദാൻ 2021 – റമദാൻ 7

സൂറത്തുല്‍ ഹശ്ര്‍ : 11-17

വിഭാഗം – 2

59:11

  • ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ ﴾١١﴿
  • (നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരില്‍നിന്ന്‍ അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: ‘നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.’ അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്‍.
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു نَافَقُوا കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) يَقُولُونَ അവര്‍ പറയുന്നു لِإِخْوَانِهِمُ തങ്ങളുടെ സഹോദരന്‍മാരോടു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന്‍ لَئِنْ أُخْرِجْتُمْ നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍ لَنَخْرُجَنَّ നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും مَعَكُمْ നിങ്ങളുടെ കൂടെ, ഒപ്പം وَلَا نُطِيعُ ഞങ്ങള്‍ അനുസരിക്കുകയുമില്ല فِيكُمْ നിങ്ങളുടെ വിഷയത്തില്‍ أَحَدًا ഒരാളെയും أَبَدًا ഒരു കാലത്തും وَإِن قُوتِلْتُمْ നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ لَنَنصُرَنَّكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ എന്ന്‍

കപടവിശ്വാസികളുടെ നേതൃത്വം വഹിക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് മുതലായവര്‍ നള്വീര്‍ ഗോത്രക്കാരായ യഹൂദികളോടു പറഞ്ഞിരുന്ന വാക്കുകളാണിവ. രണ്ടുകൂട്ടരും തമ്മില്‍ ജാതിവ്യത്യാസമുണ്ടെങ്കിലും, അവിശ്വാസത്തിലും, മുസ്‌ലിംകളോടുള്ള പകയിലും പരസ്പരം സഹോദരന്‍മാരാണല്ലോ. അവരുടെ വീരവാദങ്ങളും വാഗ്ദാനങ്ങളും തനി കള്ളവും പൊള്ളയുമാണെന്നു അല്ലാഹു ഉറപ്പിച്ചു പറയുന്നു. അതെ,-

59:12
  • لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ ﴾١٢﴿
  • അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
  • لَئِنْ أُخْرِجُوا അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍ لَا يَخْرُجُونَ ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല مَعَهُمْ അവരുടെ ഒപ്പം وَلَئِن قُوتِلُوا അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ لَا يَنصُرُونَهُمْ ഇവര്‍ അവരെ സഹായിക്കയില്ല وَلَئِن نَّصَرُوهُمْ അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും لَيُوَلُّنَّ الْأَدْبَارَ ഇവര്‍ പിന്‍തിരിഞ്ഞോടും ثُمَّ لَا يُنصَرُونَ പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക)യില്ല

സംഭവിച്ചതും അല്ലാഹു പറഞ്ഞതുപോലെത്തന്നെ എന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തില്‍ മാത്രമല്ല, നള്വീറിന്‍റെ സഹോദരഗോത്രങ്ങളായ ഖുറൈളഃയിലെയും, ഖൈബറിലെയും യഹൂദികളുമായുണ്ടായ യുദ്ധങ്ങളിലും മുനാഫിഖുകള്‍ അവരെ സഹായിക്കുകയുണ്ടായില്ല.

59:13
  • لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴾١٣﴿
  • നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
  • لَأَنتُمْ നിങ്ങള്‍, നിങ്ങള്‍തന്നെ أَشَدُّ رَهْبَةً പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്) فِي صُدُورِهِم അവരുടെ നെഞ്ചു (ഹൃദയം)കളില്‍ مِّنَ اللَّـهِ അല്ലാഹുവിനെക്കാളും ذَٰلِكَ അതു بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത

59:14

  • لَا يُقَٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴾١٤﴿
  • കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
  • لَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല جَمِيعًا മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു) إِلَّا فِي قُرًى രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ مُّحَصَّنَةٍ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട أَوْ مِن وَرَاءِ അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെجُدُرٍ വല്ല മതിലുകളുടെയും بَأْسُهُم അവരുടെ സമരം, ശക്തി, ശൂരത بَيْنَهُمْ അവര്‍ക്കിടയില്‍ شَدِيدٌ കഠിനമായതാണ് تَحْسَبُهُمْ നീ അവരെ വിചാരിക്കും, ഭാവിക്കുന്നു جَمِيعًا ഒരുമിച്ച (യോജിച്ച)വരാണെന്നു وَقُلُوبُهُمْ അവരുടെ ഹൃദയങ്ങളാകട്ടെ شَتَّىٰ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് ذَٰلِكَ അതു بِأَنَّهُمْ അവര്‍ ആകുന്നുവെന്നതു കൊണ്ടാണ് قَوْمٌ ഒരു ജനത لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത

കപടവിശ്വാസികള്‍ ബുദ്ധിഹീനരും ചിന്താശൂന്യരുമാകകൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ളതിനെക്കാള്‍ ഭയം അവര്‍ക്കു സത്യവിശ്വാസികളെക്കുറിച്ചാകുന്നു. അതുകൊണ്ടാണല്ലോ അവര്‍ പ്രത്യക്ഷത്തില്‍ വിശ്വാസികളായി നടിക്കുന്നതും. സത്യവിശ്വാസികളുടെ ആത്മാര്‍ത്ഥതയും ധീരതയും വിശ്വാസദാര്‍ഢ്യതയും അവര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ടു സത്യവിശ്വാസികളോടു യുദ്ധത്തിനിറങ്ങുവാന്‍ അവര്‍ ധൈര്യപ്പെടുകയില്ല. എനി, അവരും അവരുടെ കൂട്ടുകാരും ഒത്തൊരുമിച്ചു യുദ്ധത്തിനു മുതിരുകയാണെങ്കില്‍ തന്നെ, വല്ല കോട്ടക്കുള്ളില്‍വെച്ചോ, മതിലുകളുടെ മറവുപിടിച്ചോ ഒളിപ്പോരു നടത്തുവാനല്ലാതെ, വെളിക്കിറങ്ങി യുദ്ധം നടത്തുവാനും അവര്‍ ധൈര്യപ്പെടുകയില്ല. അവര്‍ തമ്മതമ്മില്‍ പോരാട്ടം നടക്കുകയാണെങ്കില്‍ അവര്‍ വളരെ ശൂരതയും ശക്തിയും പ്രകടിപ്പിച്ചേക്കും. പക്ഷേ, അല്ലാഹുവിന്‍റെ സൈന്യത്തെ എതിരിടുവാന്‍ ധൈര്യം അവര്‍ക്കില്ല. കാഴ്ചയില്‍ അവരെല്ലാം ഒത്തൊരുമിച്ചവരാണെങ്കിലും, വാസ്തവത്തില്‍ ഹൃദയം ഭിന്നിച്ചവരും തമ്മതമ്മില്‍ വെറുപ്പും പകയും വെച്ചുകൊണ്ടിരിക്കുന്നവരുമാണ്.

59:15
  • كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾١٥﴿
  • (ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
  • كَمَثَلِ الَّذِينَ യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള قَرِيبًا അടുത്തു, സമീപകാലത്തു ذَاقُوا അവര്‍ ആസ്വദിച്ചു, രുചിനോക്കി وَبَالَ أَمْرِهِمْ അവരുടെ കാര്യത്തിന്‍റെ ദുഷ്ഫലം, കെടുതി, നാശം وَلَهُمْ അവര്‍ക്കുണ്ട്താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ

ഇവരുടെ അല്‍പം മുമ്പു ഒരു ജനത ഇവരെപ്പോലെത്തന്നെ അക്രമം പ്രവര്‍ത്തിച്ചു. അതിന്‍റെ ഭവിഷ്യത്തു ഇഹത്തില്‍വെച്ചു അവര്‍ അനുഭവിച്ചു. പരലോകത്തുവെച്ചുള്ള വമ്പിച്ച ശിക്ഷ പുറമെയും ഉണ്ടായിരിക്കും. അതു പോലെത്തന്നെയാണ് ഇവരുടെ -ഈ യഹൂദികളുടെ, അല്ലെങ്കില്‍ യഹൂദികളുടെയും മുനാഫിഖുകളുടെയും- അവസ്ഥ എന്നു സാരം. അടുത്തു കഴിഞ്ഞ സംഭവംകൊണ്ടു വിവക്ഷ ബദര്‍യുദ്ധമാണെന്നും, ഖൈനുഖാഉ് (قينقاع) ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവമാണെന്നും രണ്ടഭിപ്രായമുണ്ട്. ബനൂനള്വീറിന്‍റെ സംഭവം ബനൂഖൈനുഖാഇന്‍റെ സംഭവത്തിന്‍റെ മുമ്പാണോ, അതല്ല പിമ്പാണോ സംഭവിച്ചതെന്ന അഭിപ്രായത്തില്‍നിന്നു ഉത്ഭവിച്ചതാണ് ഈ രണ്ടു അഭിപ്രായങ്ങള്‍. നള്വീറിന്‍റെ സംഭവമുണ്ടാകുന്നതിനു മുമ്പു തന്നെ ഖൈനുഖാഇന്‍റെ സംഭവം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ശരിയായ അഭിപ്രായം. ആ നിലക്ക് ഖൈനുഖാഇലെ യഹൂദികളുടെ മാതിരിത്തന്നെയാണ് നള്വീറിലെ യഹൂദികളുടെയും അവസ്ഥ എന്നായിരിക്കും ആയത്തിന്‍റെ താല്‍പര്യം.

ഖൈനുഖാഇലെ യഹൂദികളും ഇവരെപ്പോലെ കരാറുലംഘനവും ചതിയും നടത്തുകയാണ് ചെയ്തത്. അതിനാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെനേരെ പടയെടുത്തു. അവര്‍ കോട്ടയില്‍ അഭയം പ്രാപിച്ചുവെങ്കിലും പതിനഞ്ചു ദിവസത്തെ ഉപരോധനത്തിനുശേഷം, തങ്ങളുടെ പരിവാരസമേതം നാടുവിട്ടുപോയിക്കൊള്ളുവാന്‍ തങ്ങളെ അനുവദിക്കണമെന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അപേക്ഷിച്ചു. തിരുമേനി അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്റുആത്തി (اذرعات) ലേക്കു നാടുവിട്ടുപോയി. മുനാഫിഖുകള്‍ അവരുടെ തുരപ്പന്‍ വേലകള്‍ ഈ സംഭവത്തിലും നടത്തുകയുണ്ടായി. ഇതാണ് ഖൈനുഖാഇലെ യഹൂദികളുടെ സംഭവത്തിന്‍റെ ചുരുക്കം. അടുത്ത ആയത്തില്‍, മുനാഫിഖുകളുടെയും, യഹൂദികള്‍ അവരുടെ വാക്കു വിശ്വാസിച്ചതിന്‍റെയും ഉപമ വിവരിക്കുന്നു:

59:16
  • كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴾١٦﴿
  • (അതെ) പിശാചിന്‍റെ മാതിരി; അവന്‍ മനുഷ്യനോട്’നീ അവിശ്വാസിച്ചുകൊള്ളുക’ എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന്‍ [മനുഷ്യന്‍] അവിശ്വസിച്ചപ്പോഴോ, അവന്‍ പറഞ്ഞു : ‘ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.’
  • كَمَثَلِ الشَّيْطَانِ പിശാചിനെപ്പോലെ, പിശാചിന്‍റെ മാതിരി إِذْ قَالَ അവന്‍ പറഞ്ഞ സന്ദര്‍ഭം لِلْإِنسَانِ മനുഷ്യനോടു اكْفُرْ നീ അവിശ്വസിക്കുക فَلَمَّا كَفَرَ എന്നിട്ടവന്‍ അവിശ്വസിച്ചപ്പോഴോ قَالَ അവന്‍ പറഞ്ഞു إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായ (ബന്ധമില്ലാത്ത – ഉത്തരവാദമില്ലാത്ത) വനാണു مِّنكَ നിന്നില്‍നിന്നു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു اللَّـهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ

59:17

  • فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴾١٧﴿
  • അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്.
  • فَكَانَ അങ്ങനെ ആയി عَاقِبَتَهُمَا രണ്ടാളുടെയും പര്യവസാനം, കലാശം أَنَّهُمَا فِي النَّارِ രണ്ടുപേരും നരകത്തിലാണു എന്നുള്ളതു خَالِدَيْنِ فِيهَا അതില്‍ രണ്ടാളും നിത്യവാസികളായ നിലയില്‍ وَذَٰلِكَ അതു جَزَاءُ الظَّالِمِينَ അക്രമികളുടെ പ്രതിഫലമത്രെ

പിശാചു പല സൂത്രങ്ങളും പ്രയോഗിച്ചു മനുഷ്യനെ വഴിപിഴപ്പിക്കുന്നു. അതു സംഭവിച്ചു കഴിഞ്ഞാല്‍ അവന്‍ ഒഴിഞ്ഞുമാറുകയും ചെയുന്നു. അവനെ സഹായിക്കുവാനോ രക്ഷിക്കുവാനോ പിന്നെ പിശാചിനെ കിട്ടുകയില്ല. അവസാനം ശിക്ഷയില്‍ രണ്ടുപേരും പങ്കാളികളാണുതാനും. ഇതുപോലെത്തന്നെയാണ് കപടവിശ്വാസികളുടെയും അവരുടെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും കേട്ടു വഞ്ചിതരായ ആ യഹൂദികളുടെയും അവസ്ഥ എന്നു സാരം. അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു അവരെ ഉപദേശിക്കുന്നു:-

വെളിച്ചം റമദാൻ 2021 – റമദാൻ 6

സൂറത്തുല്‍ ഹശ്ര്‍ : 07-10

59:7

  • مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٧﴿
  • (എന്നുവെച്ചാല്‍) അല്ലാഹു അവന്‍റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി (‘ഫൈആ’ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും ഉള്ളതാകുന്നു:- നിങ്ങളില്‍ നിന്നുള്ള ധനികന്മാര്‍ക്കിടയില്‍ കൈമാറപ്പെടുന്നതാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതു). റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു.
  • مَّا أَفَاءَ اللَّـهُ അല്ലാഹു ‘ഫൈആക്കി’ (കൈവരുത്തി) ക്കൊടുത്തതു എന്തോ عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْ أَهْلِ الْقُرَىٰ രാജ്യക്കാരില്‍ (നാട്ടുകാരില്‍) നിന്നു فَلِلَّـهِ (അതു) അല്ലാഹുവിനാണ് وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബത്തിനും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കന്നും كَيْ لَا يَكُونَ അതാവാതിരിക്കുന്നതിനുവേണ്ടി دُولَةً ഉപയോഗിക്ക (കൈമാറ്റം ചെയ്യ)പ്പെടുന്നതു بَيْنَ الْأَغْنِيَاءِ ധനികന്‍മാര്‍ക്കിടയില്‍ مِنكُمْ നിങ്ങളില്‍നിന്ന് وَمَا آتَاكُمُ നിങ്ങള്‍ക്കു എന്തു നല്‍കിയോ, കൊണ്ടുതന്നുവോ الرَّسُولُ റസൂല്‍ فَخُذُوهُ അതു നിങ്ങള്‍ സ്വീകരിക്കുവിന്‍ وَمَا نَهَاكُمْ عَنْهُ അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ, വിലക്കിയോ فَانتَهُوا അപ്പോള്‍ നിങ്ങള്‍ വിരമിക്കുവിന്‍ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാര (ശിക്ഷാ) നടപടി കഠിനമായവനാണ്

ബനൂനള്വീറില്‍ നിന്നു അല്ലാഹു റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കു കൈവരുത്തിക്കൊടുത്തപോലെ, എനി മേലിലും വല്ല നാട്ടുകാരില്‍നിന്നും ലഭിച്ചേക്കുന്ന എല്ലാ ‘ഫൈഉ’കളും റസൂലിനും, അവിടുത്തെ അടുത്ത കുടുംബം, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ (നിരാലംബരായ യാത്രക്കാര്‍) എന്നിവര്‍ക്കും ഉള്ളതാണ്. ‘അല്ലാഹുവിനും’ (لله) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അല്ലാഹുവിനും ഒരു ഓഹരി വേണമെന്നല്ല. യഥാര്‍ത്ഥത്തില്‍ ആ സ്വത്തു അല്ലാഹുവിന്‍റേതാണ്, അതുകൊണ്ടു അവന്‍ നിയമിക്കുന്നപ്രകാരം കൈകാര്യം ചെയ്യേണ്ടതാണ് എന്ന സൂചനയത്രെ അതില്‍ അടങ്ങിയിരിക്കുന്നത്. ‘അല്ലാഹുവിനും’ എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, മേല്‍ പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു നല്‍കപ്പെടുന്നതിനുപുറമെ ആറാമതൊരുഭാഗംകൂടി പ്രത്യേകം നീക്കിവെക്കേണ്ടതുണ്ടെന്നും, ആ ഓഹരി – അല്ലാഹുവിന്‍റെ ഓഹരി – പൊതുവിഷയത്തില്‍ ചിലവാക്കുവാനുള്ളതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പല തെളിവുകളുടെയും പിന്‍ബലമുള്ളതും, പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും ആദ്യം പറഞ്ഞതാണ്.

‘ഗനീമത്തു’ സ്വത്തുക്കള്‍ അഞ്ചു ഭാഗമായി ഭാഗിക്കപ്പെടുന്നതും, അതില്‍ നാലുഭാഗവും യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കു വീതിച്ചുകൊടുക്കപ്പെടുന്നതുമാണ്. ബാക്കിയുള്ള അഞ്ചിലൊന്നു മാത്രമായിരിക്കും മേല്‍പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു – റസൂലിനും, കുടുംബത്തിനും, അനാഥകള്‍ക്കും, സാധുക്കള്‍ക്കും, വഴിപോക്കര്‍ക്കും കൂടി – നല്‍കപ്പെടുക. ‘ഫൈഉ’ സ്വത്തുക്കളാകട്ടെ, ഈ അഞ്ചുകൂട്ടര്‍ക്കു മാത്രമുള്ളതാണ്. നള്വീര്‍ ഗോത്രത്തില്‍നിന്നു ലഭിച്ച ഫൈഉ സ്വത്തുകളില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവിടുത്തെ വീട്ടുകാരുടെ ഒരു കൊല്ലത്തെ ഭക്ഷണത്തിനുള്ള വക എടുത്തു വിനിയോഗിക്കുകയും, യുദ്ധസാമഗ്രികള്‍ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്തിരിക്കുന്നു. (ബു.മു.) ‘അടുത്ത കുടുംബം’ കൊണ്ടുദ്ദേശ്യം, സക്കാത്തിന്‍റെ ഇനത്തില്‍നിന്നു അംശം നല്‍കപ്പെടാത്ത നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ അടുത്ത ബന്ധുക്കളത്രെ. ‘ഈ ദാനധര്‍മ്മങ്ങള്‍ ജനങ്ങളുടെ അഴുക്കുകള്‍ മാത്രമാണ്. അതു മുഹമ്മദിനും, മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല’. എന്നു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്തിട്ടുണ്ട്. (ബു:മു.) അതുകൊണ്ടു അവര്‍ക്കു ഫൈഇല്‍ പ്രത്യേകം അവകാശം നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ കാലശേഷം അവിടുത്തെ എല്ലാ സ്വത്തുക്കളുമെന്നപോലെ, ഫൈഇന്‍റെ അവകാശവും പൊതു ഭണ്ഡാരത്തിലേക്കു (ബൈത്തുല്‍ മാലിലേക്കു) നീങ്ങുന്നതാകുന്നു. ‘ഞങ്ങള്‍ -നബിമാര്‍- അനന്തരാവകാശവും എടുക്കപ്പെടുന്നവരല്ല. ഞങ്ങള്‍ വിട്ടുപോകുന്നതെല്ലാം ധര്‍മ്മമാകുന്നു’ എന്നും നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ഒരു ഹദീസില്‍ വന്നിരിക്കുന്നു. (ദാ.) അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്‍റെ ഖിലാഫത്തുകാലത്ത് ഈ നിയമം നടപ്പില്‍ വരുത്തപ്പെടുകയും ഉണ്ടായി.

ഫൈഉ സ്വത്തുക്കള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്കും തുടര്‍ന്നു പറഞ്ഞ നാലു കൂട്ടര്‍ക്കുമുള്ളതാണെന്നും, മറ്റുള്ളവര്‍ക്കു അതില്‍ അവകാശമില്ലെന്നും നിശ്ചയിച്ചതിനു അല്ലാഹു എടുത്തുകാണിച്ച കാരണം വളരെ പ്രധാനപ്പെട്ട ഒരു ഇസ്‌ലാമിക സിദ്ധാന്തത്തെയാണ് വ്യക്തമാക്കുന്നത്. അതെ, ധനം ധനികന്‍മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആയിക്കൂട. അതിനുവേണ്ടിയാണ് അങ്ങിനെ നിശ്ചയിച്ചിരിക്കുന്നത്‌. (كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ) (സ്വത്തു സമ്പാദിക്കുവാനും, വിനിയോഗിക്കുവാനുമുള്ള അവസരവും സൗകര്യവും ധനികന്മാര്‍ക്കാണല്ലോ കൂടുതലുണ്ടാവുക. ഗനീമത്തു സ്വത്തുകള്‍ ഭാഗിക്കുമ്പോഴും താരതമ്യേന അവര്‍ക്കായിരിക്കും കൂടുതല്‍ ലഭിക്കുവാന്‍ സാധ്യത. ഉദാഹരണമായി, കാല്‍പടയാളിയുടെ ഇരട്ടി കുതിരപ്പടയാളിക്കു ലഭിച്ചേക്കും. പടക്കുതിര തയ്യാറാക്കുക പോലെയുള്ള കാര്യങ്ങള്‍ ദരിദ്രന്‍മാര്‍ക്കു സാധിക്കാത്തതാണല്ലോ. അതുകൊണ്ടു ദരിദ്രന്മാരും സാധുക്കളുമായവര്‍ക്കും ധനം കൈമാറുവാനുള്ള അവസരങ്ങള്‍ ഉണ്ടാവണം, ഉണ്ടാക്കുകയും വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നത്രെ ഈ പദ്ധതി.

ഈ ലക്ഷ്യം-ധനം ധനികന്മാര്‍ക്കിടയില്‍ കൈകാര്യം ചെയ്യുന്നതായാല്‍ പോര, മറ്റുള്ളവര്‍ക്കിടയിലും കൈകാര്യം ചെയ്യപ്പെടുന്നതാവണം എന്ന ലക്ഷ്യം – വെച്ചു ഇസ്‌ലാം ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങളും പദ്ധതികളും പലതുണ്ട്. സക്കാത്തു സമ്പ്രദായം നിയമിച്ചത്, പൂഴ്ത്തിവെപ്പും പലിശയും നിരോധിച്ചത് തുടങ്ങിയ പലതും. ഈ മൂന്നു കാര്യങ്ങള്‍ മാത്രം സമുദായം വേണ്ടതുപോലെ നടപ്പില്‍ വരുത്തിയിരുന്നുവെങ്കില്‍, ഇന്നുവരെ ശരിക്കൊരു നിര്‍വ്വചനം പോലും ചെയ്യപ്പെട്ടിട്ടില്ലാത്ത ‘സോഷ്യലിസ’ത്തിന്‍റെ (സ്ഥിതിസമത്വവാദത്തിന്‍റെ) പേരില്‍ -ഇന്നു കാണപ്പെടുന്നതുപോലെ- ലോകം മുഴുക്കെ ബഹളം കൂട്ടേണ്ടിവരികയില്ലായിരുന്നു. നിയമപ്രകാരമുള്ള സകാത്തിനുപുറമെ അപ്പപ്പോള്‍ നേരിടുന്ന വ്യക്തിപരമോ, സാമൂഹ്യമോ ആയ ആവശ്യങ്ങളില്‍ കഴിവുള്ളവര്‍ കഴിവനുസരിച്ചു ചിലവഴിക്കല്‍ നിര്‍ബന്ധമാണെന്നും ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, അടിയന്തരഘട്ടങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം അതു ചെയ്യിക്കുവാനുള്ള അധികാരവും അവകാശവും ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടുതാനും. പക്ഷേ, സോഷ്യലിസത്തിന്‍റെ ലഹരിയില്‍ മതിമറന്നവര്‍ ആഗ്രഹിക്കുന്നതുപോലെ, സ്വത്തു സമ്പാദിക്കുവാനും അതു വിനുയോഗിക്കുവാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയോ, ധനികന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു മറ്റുള്ളവര്‍ക്കു വീതിച്ചുകൊടുത്തുകൊണ്ടുള്ള ഒരു ക്രത്രിമ സ്ഥിതിസമത്വം സ്ഥാപിക്കുകയോ ചെയ്‌വാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ല. മനുഷ്യപ്രകൃതിയും, മനുഷ്യന്‍റെ വികാരവും, ആവശ്യവുമെല്ലാം മനുഷ്യനെക്കാള്‍ അറിയുന്ന അല്ലാഹു അതെങ്ങിനെ അനുവദിക്കും?!

അടുത്ത വാക്യത്തില്‍ ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതും, ഇസ്‌ലാമിന്‍റെ അടിത്തറയുമായ ഒരു മൗലികസിദ്ധാന്തമാണു അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്. ‘റസൂല്‍ നിങ്ങള്‍ക്കു എന്തു കൊണ്ടുതന്നുവോ അതു നിങ്ങള്‍ സ്വീകരിക്കണം; അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ അതില്‍നിന്നു വിലകിനില്‍ക്കണം’ (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്നാണത്. ‘റസൂല്‍ കല്‍പിച്ചതു’ എന്നു പറയാതെ, റസൂല്‍ കൊണ്ടുതന്നതു مَا آتَاكُمُ എന്നു പറഞ്ഞിരിക്കുന്നതു വളരെ ശ്രദ്ധേയമാണ്. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ സമ്മതംകൊണ്ടോ റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതന്നതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഖുര്‍ആനും അതില്‍ ഉള്‍പ്പെട്ടതുതന്നെ. ഇവയൊക്കെയും ഉള്‍ക്കൊള്ളത്തക്കവിധം വിശാലാര്‍ത്ഥമുള്ളതാണ് ആ വാക്ക്. അല്ലാതെ, ഫൈഇന്‍റെ സ്വത്തുക്കളില്‍ നിന്നും അദ്ദേഹം നിങ്ങള്‍ക്കനുവദിച്ചുതന്നതു സ്വീകരിക്കണമെന്നോ, വായകൊണ്ടു കല്‍പിച്ചതു അനുസരിക്കണമെന്നോ മാത്രമല്ല അതിന്‍റെ അര്‍ത്ഥം. നേരെമറിച്ച് തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതരാത്തതെല്ലാം വിരോധിക്കപ്പെട്ടതാണെന്നുണ്ടോ? ഇല്ല. അവിടുന്നു നിരോധിച്ചതെന്തോ അതുമാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടാണ് ‘അദ്ദേഹം കൊണ്ടുതരാത്തത്’ എന്നു പറയാതെ ‘അദ്ദേഹം വിരോധിച്ചതു (مَا نَهَاكُمْ)’ എന്നും പറഞ്ഞിരിക്കുന്നത്.

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്യുന്നു: ‘ഞാന്‍ നിങ്ങളെ ഒഴിവാക്കുമ്പോഴെല്ലാം നിങ്ങളെന്നെ വിട്ടേക്കണം. നിങ്ങള്‍ക്കു മുമ്പുള്ളവരെ നാശത്തില്‍പെടുത്തിയതു, അവരുടെ ചോദ്യം ചെയ്യലിന്‍റെ ആധിക്യവും നബിമാരോടുള്ള ഭിന്നിപ്പുമാകുന്നു. അതുകൊണ്ടു ഞാന്‍ നിങ്ങളോടു വല്ലതിനെക്കുറിച്ചും വിരോധിച്ചാല്‍ നിങ്ങളതു വര്‍ജ്ജിക്കുവിന്‍, ഞാന്‍ നിങ്ങളോടു വല്ല കാര്യവും കല്‍പിച്ചാല്‍ അതില്‍നിന്നു നിങ്ങള്‍ക്കു സാധിക്കുന്നത്ര കൊണ്ടുവരികയും ചെയ്യുവിന്‍.’ (ബു;മു.) ഈ വചനത്തിലെ ആശയം വ്യത്യസ്ത വാക്കുകളിലായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ‘നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ട്’ (33:21). ‘അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല. അതു വഹ്-യല്ലാതെ മറ്റൊന്നുമല്ല. (53: 3,4) ‘റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു.’ (4:80) അദ്ദേഹത്തിന്‍റെ കല്‍പനക്കു എതിരു പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്കു വല്ല കുഴപ്പവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നതു സൂക്ഷിച്ചു കൊള്ളട്ടെ!’ (24:63). മുതലായ എത്രയോ ഖുര്‍ആന്‍ വാക്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു.

ഇതെല്ലാം കണ്‍മുമ്പില്‍ കണ്ടുകൊണ്ട് -മുസ്‌ലിംകളാണെന്നു അഭിമാനിക്കുകയോ ജല്പിക്കുകയോ ചെയ്തു കൊണ്ടുതന്നെ- ചിലര്‍ പറയുന്നു, ഖുര്‍ആന്‍ മാത്രമേ ഇസ്‌ലാമില്‍ അംഗീകരിക്കേണ്ടുന്ന പ്രമാണമായുള്ളു എന്നു. മറ്റു ചിലര്‍ ഇതു തുറന്നു പറയുവാന്‍ – മടികൊണ്ടോ പേടികൊണ്ടോ ആവട്ടെ- തയ്യാറില്ലെങ്കിലും ഫലത്തില്‍ ആ നയം സ്വീകരിക്കുകയും, വേറെ ചിലര്‍, നബി (رَضِيَ اللهُ تَعَالَى عَنْهُ)യുടെ വാക്കുകളിലും ചര്യകളിലും തങ്ങളുടെ ഇച്ഛക്കും യുക്തി ന്യായങ്ങൾക്കും യോജിക്കാത്തതായി കാണുന്നവയുടെ നേരെ പുച്ഛവും പരിഹാസവും കൈകൊള്ളുകയും ചെയ്യുന്നു. ഇങ്ങിനെയുള്ളവരെല്ലാം -യഥാര്‍ത്ഥത്തില്‍ അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നുവെങ്കില്‍- താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങള്‍ തുറന്ന മനസ്സോടെ ഓര്‍മ്മിക്കുന്നതു നന്നുവെന്നു മാത്രമേ നമുക്കു പറയുവാനുള്ളു:-

1. (നബിയേ) എന്നാല്‍ ഇല്ല – നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം)! അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്ന കാര്യത്തില്‍ നിന്നെ അവര്‍ വിധികര്‍ത്താവാക്കുകയും, പിന്നീടു നീ തീരുമാനം ചെയ്തതിനെക്കുറിച്ചു അവരുടെ മനസ്സുകളില്‍ യാതൊരു വിഷമവും അവര്‍ക്കുണ്ടാകാതിരിക്കുകയും, അവര്‍ (അതിനെ) ശരിക്കു സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസിക്കുകയില്ല. (4:65)

2.ഒരു സത്യവിശ്വാസിക്കാകട്ടെ, സത്യവിശ്വാസിനിക്കാകട്ടെ, അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍, തങ്ങളുടെ കാര്യത്തെക്കുറിച്ച് തങ്ങള്‍ക്കു തിരഞ്ഞെടുപ്പു (അഭിപ്രായം) ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു. (33:36).

റസൂല്‍ കൊണ്ടുതന്നതെല്ലാം സ്വീകരിക്കണം, വിരോധിച്ചതെല്ലാം വര്‍ജ്ജിക്കണം (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്ന വചനത്തിന്‍റെ അര്‍ത്ഥവ്യാപ്തിയെപ്പറ്റി സഹാബികള്‍ എങ്ങിനെ മനസ്സിലാക്കിയിരുന്നുവെന്നു കാണുന്നതു നന്നായിരിക്കും. ‘ശരീരത്തില്‍ പച്ചകുത്തുകയും, കുത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെയും, ഭംഗിക്കുവേണ്ടി പല്ലുരാവി ശരിപ്പെടുത്തുകയും, രാവി വിടവുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെയും റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ശപിച്ചിരിക്കുന്നു.’ എന്നു ഇബ്നു മസ്ഊദു (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയുണ്ടായി. ഈ വിവരം ഉമ്മുയഅ്ഖൂബ് (رَضِيَ اللهُ تَعَالَى عَنْها) എന്ന ഒരു സ്ത്രീ കേട്ടു. അവര്‍ അദ്ദേഹത്തോട്: ‘താങ്കള്‍ ഇന്നിന്നവരെ ശപിച്ചു പറഞ്ഞുവോ?’ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ തിരുമേനി ശപിച്ചവരെ എന്തുകൊണ്ടു എനിക്കു ശപിച്ചുകൂടാ? അതു അല്ലാഹുവിന്‍റെ കിതാബിലുണ്ടുതാനും.’ സ്ത്രീ പറഞ്ഞു: ‘മുസ്ഹഫിന്‍റെ രണ്ടു ചട്ടകള്‍ക്കിടയിലുള്ളതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്നും ഇതു കണ്ടില്ലല്ലോ?’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘നിങ്ങളതു വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളതു കണ്ടിട്ടുമുണ്ട്. وَمَا آتَاكُمُ الرَّسُولُ الخ ‘റസൂല്‍ നിങ്ങള്‍ക്കു കൊണ്ടു തന്നതു…… എന്ന വാക്യം വായിച്ചിട്ടില്ലേ? സ്ത്രീ: ‘വായിക്കാതേ?’ ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘എന്നാല്‍ മേല്‍ പറഞ്ഞതെല്ലാം തിരുമേനി വിരോധിച്ചിരിക്കുന്നു.’ (ബു;മു.)

നബിചര്യകളെ പുറംതള്ളിക്കൊണ്ടു ഖുര്‍ആന്‍ മാത്രം മതിയെന്നു പറയുന്നവരെപ്പറ്റി തിരുമേനി നേരത്തെ തന്നെ പ്രവചനം ചെയ്തിട്ടുള്ളതു കാണുമ്പോള്‍, ഓരോ സത്യവിശ്വാസിക്കും ആശ്ചര്യവും ആത്മവിശ്വാസവും തോന്നിയേക്കുന്നതാകുന്നു. ഏതുതരം ആളുകളില്‍നിന്നാണ് അത്തരം വാദങ്ങള്‍ പുറത്തുവരികയെന്നുകൂടി ആ പ്രവചനത്തില്‍ അവിടുന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു! തിരുമേനി പറയുന്നു :

‏ لاَ أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الأَمْرُ مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ لاَ أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ ‏‏ – أحمد وأبو داود ، والترمذي ، وابن ماجه ، والبيهقي

(സാരം: നിങ്ങളിലൊരാള്‍ തന്‍റെ അലംകൃതമായ കട്ടിലില്‍ ചാരിയിരുന്നു സുഖിച്ചുകൊണ്ടിരിക്കെ, ഞാന്‍ കല്പിച്ചതോ, വിരോധിച്ചതോ ആയ വല്ല കാര്യവും അവന്‍റെ അടുക്കല്‍ വരുകയും, അപ്പോള്‍ അവന്‍ ‘എനിക്കു (അതൊന്നും) അറിഞ്ഞുകൂടാ, നാം അല്ലാഹുവിന്‍റെ കിതാബില്‍ കണ്ടതു നമുക്കു പിന്‍പറ്റാം.’ എന്നു പറയുകയും ചെയ്യുന്നതു ഞാന്‍ കണ്ടെത്താതിരിക്കട്ടെ. (അ:ദാ: തി: ജ: ബ.) ആയത്തിന്റെ അവസാനത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞതും, അല്ലാഹു കഠിനമായ ശിക്ഷാനടപടി എടുക്കുന്നവനാണെന്നു പറഞ്ഞതും അത്തരക്കാര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

‘ഫൈഇ’ന്‍റെ സ്വത്തുക്കള്‍ നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കുപുറമെ നാലുകൂട്ടരില്‍ വിനിയോഗിക്കുവാനുള്ളതാണ് എന്നു പറഞ്ഞുവല്ലോ. ഈ നാലുകൂട്ടര്‍ എത്തരത്തിലുള്ളവരാണെന്നും, അവരുടെ പ്രത്യേകതകള്‍ എന്താണെന്നും അല്ലാഹു തുടര്‍ന്നു പറയുന്നു:-

59:8
  • لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴾٨﴿
  • അതായതു, തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും, സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള ‘മുഹാജിറുകളായ [സ്വദേശം വിട്ടുപോയ] ദരിദ്രന്‍മാര്‍ക്കു; അല്ലാഹുവിങ്കല്‍നിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സഹായിച്ചു കൊണ്ടുമിരിക്കവെ (പുറത്താക്കപ്പെട്ടവര്‍) അക്കൂട്ടര്‍തന്നെയാണ് സത്യവാന്മാര്‍.
  • لِلْفُقَرَاءِ ദരിദ്രന്‍മാര്‍ക്ക് الْمُهَاجِرِينَ മുജാഹിറുകളായ, അഭയാര്‍ത്ഥികളായ الَّذِينَ أُخْرِجُوا അതായതു പുറത്താക്കപ്പെട്ടവര്‍ مِن دِيَارِهِمْ തങ്ങളുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്നു وَأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കളില്‍നിന്നും يَبْتَغُونَ അവര്‍ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ فَضْلًا ദയവ്, അനുഗ്രഹം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പൊരുത്തവും, പ്രീതിയും وَيَنصُرُونَ അവര്‍ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الصَّادِقُونَ സത്യവാന്മാര്‍

‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു (رَبُّنَا اللَّـهُ) എന്നു പറഞ്ഞ കാരണത്താല്‍ മക്കയില്‍നിന്ന് നാടും വീടും സ്വത്തുമെല്ലാം വിട്ടേച്ചു മദീനയിലേക്കു നാടു കടക്കുവാന്‍ നിര്‍ബ്ബന്ധിതരായ മുഹാജിറുകളാണ് ഫൈഇന്നു അര്‍ഹരായ മേല്‍പ്രസ്താവിച്ച നാലുകൂട്ടരില്‍ ഒരു വിഭാഗം. അല്ലാഹുവിന്‍റെ അനുഗ്രഹവും പൊരുത്തവുമാണവരുടെ ലക്ഷ്യം. അല്ലാഹുവിന്‍റെ ദീനിനേയും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയേയും സഹായിച്ചു സംരക്ഷിക്കുവാന്‍ സര്‍വ്വവും സമര്‍പ്പിച്ചവരാണവര്‍. അപ്പോള്‍, അവര്‍ തന്നെയാണ് സത്യവിശ്വാസം സത്യമായി പുലര്‍ത്തിയര്‍. മറുതുണിയിരിക്കട്ടെ, ഉടുതുണിപോലുമില്ലാത്ത – ഭാവിജീവിതത്തിനു പോകട്ടെ, ഹിജ്റീയാത്രക്കുള്ള ചിലവിനു പോലുമില്ലാത്ത. വിധത്തിലാണവര്‍ മദീനയില്‍ വന്നിരിക്കുന്നത്. ബനൂനള്വീറിന്‍റെ ഈ സംഭവം നടക്കുമ്പോഴും അവര്‍ ദരിദ്രവര്‍ഗം തന്നെ. മദീനക്കാരായ അന്‍സാരികളുടെ സഹായമാണ് അവര്‍ക്കവിടെ പ്രധാനമായും അവലംബം. ഇതുകൊണ്ടായിരിക്കും ‘ദരിദ്രന്മാരായ മുഹാജിറുകള്‍’ എന്നു പറയാതെ ‘മുഹാജിറുകളായ ദരിദ്രന്‍മാര്‍’ (لِلْفُقَرَاءِ الْمُهَاجِرِينَ) എന്നു അല്ലാഹു പറഞ്ഞതും. നള്വീറില്‍ നിന്നു ലഭിച്ച ഫൈഉ സ്വത്തില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അധികം നല്‍കിയതു മുഹാജിറുകള്‍ക്കായിരുന്നു. അന്‍സാരികള്‍ക്കു ചുരുക്കം ചിലര്‍ക്ക് മാത്രമേ നല്‍കുകയുണ്ടായുള്ളൂ. അതിനും കാരണം ഇതുതന്നെ. മുഹാജിറുകളെപ്പോലെ, അവരുടെ സുഖദുഃഖങ്ങളിലും, ഇസ്‌ലാമിന്‍റെ സേവനത്തിലും പങ്കുകൊള്ളുന്നവരാണല്ലോ അന്‍സാരികള്‍. അവരുടെ സ്ഥിതിയോ?-

59:9
  • وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٩﴿
  • അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
  • الَّذِينَ യാതൊരുകൂട്ടരും تَبَوَّءُوا അവര്‍ സൗകര്യപ്പെടുത്തി, ഒരുക്കംചെയ്തു, താമസമാക്കി, സ്വീകരിച്ചു الدَّارَ വാസസ്ഥലം പാര്‍പ്പിടത്തിനു وَالْإِيمَانَ സത്യവിശ്വാസവും, വിശ്വാസത്തിന്നും مِن قَبْلِهِمْ അവരുടെ മുമ്പു يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു مَنْ هَاجَرَ ഹിജ്ര (നാടുവിട്ടു) വന്നവരെ إِلَيْهِمْ തങ്ങളിലേക്കു وَلَا يَجِدُونَ അവര്‍ കാണുന്നില്ല, കണ്ടെത്തുന്നില്ല فِي صُدُورِهِمْ അവരുടെ നെഞ്ചു (മനസ്സു) കളില്‍ حَاجَةً ഒരാവശ്യവും مِّمَّا أُوتُوا അവര്‍ക്കു നല്‍കപ്പെട്ടത്തില്‍ وَيُؤْثِرُونَ അവര്‍ പ്രാധാന്യം നല്‍കുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു عَلَىٰ أَنفُسِهِمْ തങ്ങളുടെ ദേഹങ്ങളേക്കാള്‍ وَلَوْ كَانَ بِهِمْ തങ്ങളില്‍ ഉണ്ടായിരുന്നാലും خَصَاصَةٌ വല്ല വിടവും, ദാരിദ്ര്യവും, അടിയന്തരാവശ്യവും وَمَن يُوقَ ആരെങ്കിലും (യാതൊരുവന്‍) കാത്തുരക്ഷിക്കപ്പെടുന്നുവോ شُحَّ نَفْسِهِ തന്‍റെ മനസ്സിന്‍റെ പിശുക്കു, ആര്‍ത്തി (യില്‍ നിന്നു) فَأُولَـٰئِكَ هُمُ എന്നാല്‍ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

അൻസാരികളുടെ സ്ഥിതി ഇതാണ്. ഫൈഇൽനിന്നു നല്കപ്പെടുവാൻ അവരിലുള്ള ദരിദ്രന്മാരാണ് അവകാശപ്പെട്ട മറ്റൊരു വിഭാഗം. മുഹാജിറുകൾ തങ്ങളുടെ അടുക്കലേക്കു വരുന്നതിനു മുമ്പായിത്തന്നെ, അവർ മദീനായിൽ പാർപ്പിടം ഉറപ്പിക്കുകയും മുഹജിറുകൾക്ക് വസിക്കുവാൻ വേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസത്തിനു നേരത്തെത്തന്നെ അവർ സ്വീകരണം നൽകിയിട്ടുമുണ്ട്. അതെ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി മക്കായിൽവെച്ച് പല ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന അവസരത്തിൽ, മദീനായിൽനിന്നു ഹജ്ജിനുവന്നിരുന്ന അഞ്ചാറുപേർ ആദ്യം നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യിൽ വിശ്വസിക്കുകയുണ്ടായി. അടുത്ത കൊല്ലം പന്ത്രണ്ടുപേരും. അങ്ങിനെ, ഇസ്‌ലാം അവരിൽ സംസാരവിഷയമായി. അടുത്ത വർഷം മദീനക്കാർ പലരും ഹജ്ജിനു വന്നു. അന്ന് ഖുറൈശികൾ അറിയാതെ അവർ അഖബഃ العقبة യിൽവെച്ചു തിരുമേനിക്കു ‘ബൈഅത്തു’ (ഇസ്‌ലാമിക പ്രതിജ്ഞ) ചെയ്കയുണ്ടായി. എഴുപതിൽപരം പുരുഷന്മാരും രണ്ടു സ്ത്രീകളും അതിൽ പങ്കെടുത്തിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ‘ബൈഅത്തി’ൽ ഇസ്‌ലാമിനും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നു അവർ ഏറ്റിരുന്നു. അതിനുശേഷം ഖുറൈശികളുടെ അക്രമം കൊടുമ്പിരിക്കൊള്ളുകയും മുസ്‌ലിംകൾ മദീനായിലേക്കു ഹിജ്‌റ പോകുകയുമാണുണ്ടായത്. അങ്ങിനെ, മുഹാജിറുകൾ അവിടെ ചെല്ലുമ്പോഴേക്കുതന്നെ തങ്ങളുടെ നാട്ടിൽ അവർക്കു താമസിക്കുവാനുള്ള സൗകര്യം അവർ സംജാതമാക്കിയിരുന്നു. മദീനായിലെ വീടുകളിൽ സത്യവിശ്വാസം സ്ഥലം പിടിക്കുകയും ചെയ്തിരുന്നു.

മുഹാജിറുകൾ ചെന്നുചേർന്ന ശേഷമോ? ഓരോ മുഹാജിറിനെയും ഓരോ സഹോദരൻ തന്റെ ഒന്നിച്ചു താമസിപ്പിച്ചു; തങ്ങളുടെ സ്വത്തിൽനിന്നും ഓരോ പങ്കുകൊടുത്തു; രണ്ടു ഭാര്യമാരുള്ള ചിലർ ഒരാളെ വിവാഹമോചനം ചെയ്തു തന്റെ സഹോദരനു വിവാഹം കഴിപ്പിച്ചുകൊടുത്തു. തങ്ങൾ പട്ടിണി കിടന്നും അവര്‍ക്കു ഭക്ഷണം നല്‍കി. അതെ, ബൈഅത്തുല്‍ അഖബഃയിലെ കരാറുകള്‍ തികച്ചും, അതിനപ്പുറവും അവര്‍ പാലിച്ചു. അന്‍സാരികളുടെ പെരുമാറ്റത്തെക്കുറിച്ചു മുഹാജിറുകള്‍ ഇപ്രകാരം പ്രസ്താവിച്ചതായി അനസ് (رَضِيَ اللهُ تَعَالَى عَنْه) പറയുകയുണ്ടായി: ‘റസൂലേ, നാം വന്നു ചേര്‍ന്നിട്ടുള്ള ഈ ജനതയെപ്പോലെ, ഏതൊരു നിസ്സാരകാര്യത്തിലും ഇത്രയും നന്നായി സഹകരണം ചെയ്യുന്നതും, ഇത്ര വളരെ ഔദാര്യം ചെയുന്നതുമായ ഒരു ജനതയെ ഞങ്ങള്‍ കണ്ടിട്ടില്ല. ഞങ്ങളുടെ ഭാരങ്ങള്‍ അവര്‍ ഞങ്ങള്‍ക്കു തീര്‍ത്തുതരുന്നു. ഞങ്ങളുടെ ജോലികളിൽ അവര്‍ ഞങ്ങളോടു പങ്കുചേരുന്നു. ആകയാല്‍ (അല്ലാഹുവിങ്കല്‍നിന്നുള്ള) കൂലിയെല്ലാം അവര്‍ കൊണ്ടുപോയിക്കളയുമോ എന്നു ഞങ്ങള്‍ക്കു ഭയമായിരിക്കുന്നു.’ ഇതു കേട്ടപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല-നിങ്ങള്‍ അവരെപ്പറ്റി പുകഴ്ത്തിപ്പറയുകയും, അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അതുണ്ടാവുകയില്ല-‘ (അ) ചുരുക്കിപ്പറഞ്ഞാല്‍ മുഹാജിറുകളെ അവര്‍ അങ്ങേയറ്റം ഹൃദയംഗമമായി സ്നേഹിച്ചിരുന്നു. (يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ)

എനി, ഇത്രയെല്ലാം ഉദാരമായി അവര്‍ മുഹാജിറുകളോടു പെരുമാറിയിരുന്നുവെങ്കിലും, തങ്ങള്‍ക്കു ലഭിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ലഭ്യങ്ങളിലോ നേട്ടങ്ങളിലോ അന്‍സാരികള്‍ക്കു വല്ല അസൂയയോ വെറുപ്പോ ഉണ്ടായിരുന്നുവോ? ഒരിക്കലുമില്ല. വേണമെങ്കില്‍, ബനൂനള്വീറില്‍നിന്നു ലഭിച്ച ‘ഫൈഉ’ അവര്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭാഗിച്ചുകൊടുക്കുമായിരുന്നു. പക്ഷേ, മുഹാജിറുകളില്‍ ഭാഗിച്ചുകൊടുക്കുവാന്‍ അവര്‍ സമ്മതിക്കുകയാണു ചെയ്തത്. ബഹ്‌റൈനിയില്‍നിന്നു ലഭിച്ച ഭൂമികള്‍ അവര്‍ക്കു ഭാഗിച്ചു കൊടുക്കാമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞപ്പോള്‍, ‘വേണ്ടാ, ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്കും അതുപോലെ നല്‍കുന്നുണ്ടെങ്കില്‍ മതി’ എന്നായിരുന്നു അവരുടെ മറുപടി. (ബു.) ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ തന്‍റെ ദാരിദ്രത്തെക്കുറിച്ചു സങ്കടപ്പെട്ടുകൊണ്ടു വന്ന ഒരു അതിഥിയെ സല്‍ക്കരിക്കുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരുടെ വീടുകളില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ രാത്രി അദ്ദേഹത്തെ സല്‍ക്കരിക്കുവാന്‍ ആരുണ്ടു എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചു. അന്‍സാരിക്കാരനായ അബൂത്വല്‍ഹഃ (رَضِيَ اللهُ تَعَالَى عَنْه) മുമ്പോട്ടുവന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെവീട്ടിലാകട്ടെ, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞുങ്ങളെ നേരത്തെത്തന്നെ കിടത്തി ഉറക്കുവാനും, ഭക്ഷണത്തിനിരിക്കുമ്പോള്‍ വിളക്കില്ലാതെ കഴിച്ചുകൂട്ടുവാനും ആ മാന്യന്‍ തന്‍റെ ഭാര്യയുമായി പരിപാടിയിട്ടു. അങ്ങനെ, വീട്ടുകാരെല്ലാം പട്ടിണികിടന്ന് ഉള്ള ഭക്ഷണംകൊണ്ടു അതിഥിയെ സല്‍ക്കരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇവരെപ്പറ്റി വളരെ പ്രശംസിക്കുകയുണ്ടായി. ഈ സംഭവം പ്രധാനപ്പെട്ട പല ഹദീസുപണ്ഡിതന്മാരും വിസ്തരിച്ചു രേഖപ്പെടുത്തിക്കാണാം. അന്‍സാരികളുടെ ഇത്തരത്തിലുള്ള ഗുണഗണങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് അവരെപ്പറ്റി, അവരില്‍ എന്തെങ്കിലും വിടവു -അഥവാ പ്രാരാബ്ധമോ വിഷമമോ- ഉണ്ടായാലും അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്കു പ്രാധാന്യം നല്‍കും എന്നു അല്ലാഹു പറയുന്നതും.

സ്നേഹം, ഔദാര്യം, ത്യാഗം, നിസ്വാര്‍‍ത്ഥത ആദിയായ ഗുണങ്ങളില്‍ അന്‍സാരികള്‍ ഈ നിലക്ക് എത്തിച്ചേരുവാനുള്ള കാരണമെന്താണെന്നും, മനുഷ്യര്‍ക്കിടയില്‍ ഇതുപോലെയുള്ള ഗുണങ്ങള്‍ വിരളമായിത്തീരുവാനുള്ള കാരണമെന്താണെന്നും അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു: وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ (തന്‍റെ മനസ്സിന്‍റെ പിശുക്കില്‍നിന്നു ആര്‍ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍തന്നെയാണ് വിജയികള്‍) ‘പിശുക്കു’ എന്നു വിവര്‍ത്തനം ചെയ്തത് شُحّ (ശുഹ്-ഹു) എന്ന പദത്തെയാണ്. കൈവശമുള്ളതു ചിലവഴിക്കാതെ ലുബ്ധത കാണിക്കുകയും, മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുന്നതാണ് ‘ശുഹ്-ഹ്.’ ഈ രണ്ടു കാര്യങ്ങളുംകൂടി ദ്യോതിപ്പിക്കുന്ന ഒറ്റ വാക്കു മലയാളത്തില്‍ കാണുന്നില്ല. ഏതായാലും അന്‍സാരികള്‍ ‘ശുഹ-ഹി’ല്‍ നിന്നും വിമുക്തരായിരുന്നുവെന്നും, ശുഹ്-ഹ്’ നിമിത്തമാണ് മനുഷ്യന്‍ സ്വാര്‍ത്ഥം മുതലായ ദുര്‍ഗ്ഗുണങ്ങള്‍ക്കു വശംവദരാകുന്നതെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ‘ശുഹ്-ഹ്’ (പിശുക്ക്) സൂക്ഷിക്കുവിന്‍. കാരണം, ‘ശുഹ്-ഹു’ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെ നാശത്തില്‍ പതിപ്പിച്ചിരിക്കുന്നു. തങ്ങുടെ രക്തം ചിന്തുവാനും, അവരില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കുവാനും അതു അവരെ പ്രേരിപ്പിച്ചു.’ (മു.) മറ്റൊരു നബി വചനം ഇപ്രകാരം വന്നിരിക്കുന്നു; ‘അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ (യുദ്ധം മൂലമുണ്ടാകുന്ന) പൊടിയും, നരകാഗ്നിയുടെ പുകയുംകൂടി ഒരു അടിയാന്‍റെ ഉള്ളില്‍ ഒരിക്കലും സമ്മേളിക്കുകയില്ല. സത്യവിശ്വാസവും, ശുഹ്-ഹും കൂടി ഒരു അടിയാന്‍റെ ഹൃദയത്തില്‍ ഒരിക്കലും സമ്മേളിക്കുന്നതുമല്ല. (തിര്‍മദീയും മറ്റു ചിലരും) അല്ലാഹു നമ്മെ പിശുക്കില്‍നിന്നും അതിന്‍റെ ദോഷങ്ങളില്‍നിന്നും കാത്തുരക്ഷിക്കട്ടെ. ആമീന്‍.

ഫൈഇന്‍റെ അവകാശികളായ പാവപ്പെട്ടവര്‍ ഉള്‍കൊള്ളുന്ന ദരിദ്രരായ മുഹാജിറുകളെപ്പറ്റിയും, അന്‍സാരികളെപ്പറ്റിയും വിവരിച്ചശേഷം അവര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ വിഭാഗത്തെക്കുറിച്ചു പറയുന്നു:-

59:10
  • وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ ﴾١٠﴿
  • അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! ‘സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്’.
  • وَالَّذِينَ جَاءُوا വന്നവരും مِن بَعْدِهِمْ അവരുടെശേഷം يَقُولُونَ അവര്‍ പറയും, പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തു തരേണമേ وَلِإِخْوَانِنَا ഞങ്ങളുടെ സഹോദരങ്ങള്‍ക്കും الَّذِينَ سَبَقُونَا ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ بِالْإِيمَانِ സത്യവിശ്വാസത്തോടെ وَلَا تَجْعَلْ ആക്കരുതേ, ഉണ്ടാക്കരുതേ فِي قُلُوبِنَا ഞങ്ങളുടെ ഹൃദയങ്ങളില്‍ غِلًّا വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക് لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ رَءُوفٌ വളരെ കൃപ (ദയ) ഉള്ളവനാണു رَّحِيمٌ കരുണാനിധിയാണു

സഹാബികളുടെ തൊട്ട് ശേഷം വരുന്ന അവരുടെ പിന്‍ഗാമികളായ ‘താബിഉ’ (التابعون) കളാണ് പ്രധാനമായും ഉദ്ദേശ്യം. പിന്നീടു ഖിയാമത്തുനാള്‍വരെയുണ്ടാകുന്ന അവരുടെ പിന്‍ഗാമികള്‍ പൊതുവിലും ഉള്‍പ്പെടുന്നു. സൂഃ തൗബഃയില്‍ മുഹാജിറുകളെയും അന്‍സാരികളെയും കുറിച്ചു വിവരിച്ചശേഷം (100-ാം വചനത്തില്‍) وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ (സുകൃതം ചെയ്തുകൊണ്ടു അവരെ പിന്‍പറ്റിയവരും) എന്നു പറഞ്ഞിരിക്കുന്നു. സഹാബികളുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ടു പില്‍ക്കാലങ്ങളില്‍ ജീവിച്ചു പോന്ന, സത്യവിശ്വാസികളാണ് ഇതു കൊണ്ടുദ്ദേശ്യം എന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ഇങ്ങനെയുള്ളവരില്‍പെട്ട ദരിദ്ര ജനങ്ങള്‍ക്കും അതതുകാലത്തു ലഭിക്കുന്ന ഫൈഇല്‍ നിന്നു നല്‍കപ്പെടെണ്ടതാണ് എന്നു താല്‍പര്യം.

സഹാബികളുടെ കാലടികളെ പിന്‍പറ്റിയ സജ്ജനങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതിനു അവരുടെ ഈ പ്രാര്‍ത്ഥനതന്നെ തെളിവാകുന്നു. അവരുടെ ജീവിതക്രമങ്ങളെയും സല്‍ഗുണങ്ങളെയും തൃപ്തിപ്പെടുകയും, മാനിക്കുകയും ചെയ്തതുകൊണ്ടാണല്ലോ അവര്‍ക്കും തങ്ങള്‍ക്കും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയിലാകട്ടെ, തങ്ങളുടെ മുന്‍കഴിഞ്ഞ ആ സത്യവിശ്വാസികളോടു തങ്ങളുടെ ഉള്ളില്‍ യാതൊരു വിദ്വേഷമോ, പകയോ വെറുപ്പോ ഒന്നും ഉണ്ടാകരുതെന്നുംകൂടി അവര്‍ അല്ലാഹുവിനോടപേക്ഷിക്കുന്നു. മുന്‍ഗാമികളായ സജ്ജനങ്ങളോടു ബഹുമാനമുള്ളവരുടെ ഹൃദയത്തില്‍നിന്നും, നാവില്‍നിന്നും മാത്രമേ ഈ പ്രാര്‍ത്ഥന പുറപ്പെടുകയുള്ളൂ. നേരെമറിച്ച് – ഇന്നത്തെ മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകളില്‍ (*) പടര്‍ന്നുപിടിച്ചിട്ടുള്ളതുപോലെ – സഹാബികളോടും അവരുടെ നടപടിക്രമങ്ങളനുസരിച്ചുപോന്ന മുന്‍ഗാമികളോടും ആദരവും സ്നേഹവും തോന്നാത്തവര്‍ മനഃപൂര്‍വ്വം ഇങ്ങിനെയുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യുന്നതിനുപകരം, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അവരെ പഴിക്കുവാനും അവരോടു വെറുപ്പും വിദ്വേഷവും വെച്ചുകൊണ്ടു അവരെ ഇടിച്ചു താഴ്ത്തുവാനുമാണല്ലോ മുതിരുക. സൂറത്തുല്‍ ഹദീദ് 10-ാം വചനത്തില്‍ വ്യാഖ്യാനത്തില്‍ സഹാബികളെക്കുറിച്ചു ഉദ്ധരിച്ച ഹദീസുകള്‍ ഓര്‍ക്കുക.


(*) ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണെന്ന് സ്വയം വാദിക്കുന്നതോടൊപ്പം ഖുര്‍ആനെയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അനുയായികളാണെന്നു അവകാശപ്പെട്ടുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും പഴഞ്ചനെന്നും അപരിഷ്കൃതരെന്നും മറ്റും പറഞ്ഞു പരിഹസിക്കുവാന്‍ -പോരാ, അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെന്നു ജല്‍പ്പിച്ചുകൊണ്ടു അല്ലാഹുവിന്‍റെ ചില മഹല്‍ഗുണങ്ങളെ വിമര്‍ശന വിധേയമാക്കുവാന്‍ പോലും- സങ്കോചമില്ലാത്ത മുസ്‌ലിം നാമധാരികള്‍ ഇന്നു വിരളമല്ല. എന്നിരിക്കെ, സഹാബികളേയും, മുന്‍ഗാമികളായ സജ്ജനങ്ങളേയും അപമാനിച്ചു പറയുന്നതില്‍ അത്ഭുതപ്പെടുവാന്‍ എന്തുണ്ട്?! معاذ الله


ഈ വചനത്തില്‍നിന്നു നമുക്കു ചില സംഗതികള്‍ മനസ്സിലാക്കാവുന്നതാണ്.

(1) ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടുപോയ സത്യവിശ്വാസിക്കുവേണ്ടിയും പ്രാര്‍‍ത്ഥിക്കുന്നതു സല്‍ക്കര്‍മവും, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്നതുമാകുന്നു. അതു സജ്ജനങ്ങളുടെ ലക്ഷണവുമാണ്. ഈ വചനത്തില്‍ കാണുന്ന പ്രാര്‍ത്ഥന അതിനൊരു മാതൃകയുമാകുന്നു. ഇക്കാര്യം നബി വചനങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതത്രെ.

(2) മുന്‍ഗാമികളായ സജ്ജനങ്ങളെ കുറ്റം പറയുകയും, അവരെക്കുറിച്ചു വിദ്വേഷവും വെറുപ്പും വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതു ദുർജനങ്ങളുടെ ലക്ഷണമാകുന്നു. പ്രത്യേകിച്ചും സഹാബികളെപ്പറ്റി.സഹാബികളെ പഴിക്കുന്നവരായ റാഫിള്വഃ (الرافضة) കക്ഷിക്കു ഫൈഉ സ്വത്തില്‍നിന്നു ഓഹരി നല്‍കികൂടാ എന്നു ഇമാം മാലിക്ക് (رحمة الله عليه) ഈ ആയത്തില്‍ നിന്നു മനസ്സിലാക്കിയിരിക്കുന്നതു ഇവിടെ പ്രസ്താവ്യമാകുന്നു. മുഹാജിറുകളും, അന്‍സാരികളുമായ സഹാബികളെയും അവരെ പിന്‍പറ്റിയ പിന്‍ഗാമികളെയും സംബന്ധിച്ച പ്രസ്താവനകള്‍ക്കു ശേഷം, പിന്നീടു മദീനായില്‍ അവശേഷിക്കുന്ന മുസ്‌ലിം വേഷധാരികളായ മുനാഫിഖുകളെപ്പറ്റി അല്ലാഹു വിവരിക്കുന്നു:-

വെളിച്ചം റമദാൻ 2021 – റമദാൻ 5

സൂറത്തുല്‍ ഹശ്ര്‍ : 01-06

ഹശ്ര്‍ (തുരത്തിയോടിക്കല്‍)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 24 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

‘അല്‍ഹശ്ര്‍ ‘ (തുരത്തിവിടല്‍ അഥവാ നാടുകടത്തല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അദ്ധ്യായത്തിലെ പ്രധാനവിഷയം ‘ബനൂനള്വീര്‍’ എന്ന യഹൂദി ഗോത്രവും, അവരെ മദീനായില്‍നിന്നു നാടുകടത്തിവിട്ട സംഭവവുമാകുന്നു. അതുകൊണ്ട് – ഇമാം ബുഖാരീ (رحمه الله) രേഖപ്പെടുത്തിയതുപോലെ – ഈ സൂറത്തിന്നു – സൂറത്തുല്‍ ന്നള്വീര്‍ എന്നും ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പേരു പറഞ്ഞിരിക്കുന്നു.

മദീനാപരിസരങ്ങളില്‍ വസിച്ചിരുന്ന രണ്ടു യഹൂദി ഗോത്രങ്ങളായിരുന്നു ‘ഖുറൈളഃ’യും, ‘നള്വീറും.’ ഈ രണ്ടു ഗോത്രങ്ങളുമായും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സമാധാനസഖ്യം സ്ഥാപിച്ചിരുന്നു. പക്ഷേ, വിശ്വാസവഞ്ചനയും, ചതിയും അവരുടെ പ്രകൃതിയായി മാറിയിരുന്നു. ഖന്‍ദഖു യുദ്ധത്തില്‍ മുസ്‌ലീംകള്‍ക്കെതിരില്‍ ഖുറൈളഃ ഗോത്രം ഖുറൈശികളെ സഹായിച്ചു. അതിനെത്തുടര്‍ന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരുടെ നേര്‍ക്കു പടയെടുക്കുകയുണ്ടായി. ഈ വിവരം സൂഃ അഹ്സാബില്‍ വിവരിക്കപ്പെട്ടിട്ടുണ്ടല്ലോ. നള്വീര്‍ ഗോത്രവും ഉടമ്പടിക്കെതിരായ പല വഞ്ചനകളും നടത്തി. അവരുടെ ഒരു നേതാവായിരുന്ന കഅ്ബുബ്നുല്‍ അശ്റഫ് (كعب بن الاشرف‎) ഒരു കവിയായിരുന്നു. അവന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സത്യവിശ്വാസികളെയും പഴിച്ചുകൊണ്ടു കവിതകള്‍ രചിച്ചു പ്രചരിപ്പിക്കുകയും, അവര്‍ക്കെതിരായി ഖുറൈശികളെ ഇളക്കി വിടുകയും ചെയ്തിരുന്നു. കഅ്ബിനെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവനെ ഉപായത്തില്‍ കൊലപ്പെടുത്തുവാന്‍ ഏര്‍പ്പാട് ചെയ്കയുണ്ടായി.

ഒരിക്കല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന്‍ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അവരുടെ ചതിയില്‍പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു സൈന്യം തയ്യാറാക്കി. നള്വീര്‍ ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള്‍ മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്‍റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും സൈന്യവും ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്‌ലിംകള്‍ മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.

ഓരോ മുമ്മൂന്നു വീട്ടുകാര്‍ക്കും ഒരു ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്ന വീട്ടുസാമാനങ്ങള്‍ സഹിതം, യാതൊരു യുദ്ധസാമഗ്രികളും കൂടാതെ കടന്നുപോകണമെന്നായിരുന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ കല്‍പന. അങ്ങിനെ കഴിയുന്നത്ര സാമാനങ്ങള്‍ കൂടെ എടുത്തുകൊണ്ടും, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിക്കുവാനായി കഴിയുന്നിടത്തോളം സാധനങ്ങള്‍ സ്വന്തം കൈകളാല്‍ നശിപ്പിച്ചുകൊണ്ടും അവര്‍ കൂട്ടത്തോടെ സ്ഥലംവിട്ടു. അവരില്‍ രണ്ടു കുടുംബങ്ങലൊഴിച്ചു ബാക്കിയുള്ളവര്‍ ശാമിലേക്കു (സിരിയയിലേക്കു) നീങ്ങി. അരീഹാ, അദ്രിആത്ത് (اريحاء, اذرعات) എന്നിവിടങ്ങളില്‍ താമസമാക്കി. രണ്ടു കുടുംബങ്ങളില്‍ ഒന്നു ഖൈബറിലേക്കും, മറ്റേതു ഹീറഃയിലേക്കുമാണ് മാറിത്താമസിച്ചത്. അമ്പതു പടഅങ്കികളും, അമ്പതു പടത്തൊപ്പികളും അടങ്ങുന്ന കുറെ യുദ്ധസാമഗ്രികളും, അവര്‍ വിട്ടേച്ചുപോയ മറ്റു സ്വത്തുക്കളും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു അധീനമാക്കുകയും ചെയ്തു. കൂടുതല്‍ വിവരം സൂറത്തില്‍വെച്ചു കാണാവുന്നതാണ്.

‘തസ്ബീഹി’ന്‍റെ വാചകംകൊണ്ടു ആരംഭിക്കുന്ന രണ്ടാമത്തെ സൂറത്താണിത്. ഒന്നാമത്തേതായ സൂറത്തുല്‍ ഹദീദിന്റെ ആരംഭത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെയും, ഇതുപോലെ താഴെ വരുന്ന സൂറത്തുകളിലും സ്മരണീയമത്രെ. എല്ലാ സ്തോത്രകീര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിനുള്ള അര്‍ഹതയെ ഉദാഹരിക്കുന്നതായിരിക്കും തുടര്‍ന്നുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളെന്നു കാണാവുന്നതാണ്.59:1

  • سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയായുള്ളവനത്രെ.
  • سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

59:2

  • هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ ﴾٢﴿
  • വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ – കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ !
  • هُوَ അവന്‍ الَّذِي أَخْرَجَ പുറത്താക്കിയവനാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു مِن دِيَارِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു لِأَوَّلِ الْحَشْرِ ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി مَا ظَنَنتُمْ നിങ്ങള്‍ ധരിച്ചില്ല أَن يَخْرُجُوا അവര്‍ പുറത്തുപോകുമെന്നു وَظَنُّوا അവര്‍ ധരിക്കയും ചെയ്തു أَنَّهُم നിശ്ചയമായും അവരാണെന്നു مَّانِعَتُهُمْ അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു حُصُونُهُم അവരുടെ കോട്ടകള്‍ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു فَأَتَاهُمُ اللَّـهُ എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു مِنْ حَيْثُ വിധത്തില്‍ കൂടി, വിധേന لَمْ يَحْتَسِبُوا അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, പേടി يُخْرِبُونَ അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു بُيُوتَهُم തങ്ങളുടെ വീടുകളെ بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍ وَأَيْدِي الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൈകളാലും فَاعْتَبِرُوا അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍ يَا أُولِي الْأَبْصَارِ കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ

മുമ്പു പറഞ്ഞതുപോലെ, നള്വീര്‍ ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവത്തെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒന്നാമത്തെ തുരത്തിവിടല്‍ (ِأَوَّلِ الْحَشْر) എന്നു പറഞ്ഞതില്‍നിന്ന് അവരെ തുരത്തിവിടുന്ന സംഭവം ഇതുകൂടാതെ വേറെയും ഉണ്ടാകുമെന്നു ധ്വനിക്കുന്നുവല്ലോ. അതെ, അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവര്‍ തുടര്‍ന്നു വന്നതുകൊണ്ട് ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ)ന്‍റെ ഖിലാഫത്തുകാലത്തു ഖൈബറില്‍നിന്നു രണ്ടാമതും അവര്‍ പുറത്താക്കപ്പെടുകയുണ്ടായി.

തങ്ങളുടെ ശക്തമായ കോട്ടകളില്‍ അടച്ചിരുന്നാല്‍ മുസ്‌ലിംകള്‍ക്കു അവരെ പുറത്തിറക്കുവാന്‍ സാധ്യമല്ലെന്നു അവര്‍ കരുതി. സാധാരണ നിലക്കു നോക്കുമ്പോള്‍, അവര്‍ സ്വയം പുറത്തിറങ്ങുമെന്നു വിചാരിക്കുവാന്‍ മുസ്‌ലിംകള്‍ക്കും വഴിയുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ മനസ്സില്‍ ഭീതിനിറച്ചു. തങ്ങള്‍ ഒഴിച്ചു പോകേണ്ടി വരുമെന്നു കണ്ടപ്പോള്‍, മുസ്‌ലിംകള്‍ക്കു ഒഴിഞ്ഞു കൊടുക്കേണ്ടിയിരിക്കുന്ന തങ്ങളുടെ വസ്തുക്കള്‍ കഴിവതും നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ വീടുകള്‍ അവരുടെ കരങ്ങള്‍കൊണ്ടുതന്നെ അവര്‍ നശിപ്പിച്ചിരുന്നു. അവര്‍ വെളിക്കുവരാന്‍ നിര്‍ബന്ധിതരാകേണ്ടതിനുവേണ്ടി മുസ്‌ലിംകളും കുറെ നശിപ്പിച്ചിരുന്നു. അതാണ്‌ അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാണിച്ചത്. കേവലം എതിര്‍വശത്തുള്ള പട്ടാളശക്തിയോ, ആയുധബലമോ കൊണ്ടല്ല ഇത്രയും ദയനീയ നിലയില്‍ അവര്‍ എത്തിച്ചേര്‍ന്നതെന്നു വ്യകതമാണ്. എന്നിരിക്കെ, കാഴ്ചയും മനസ്സാക്ഷിയുമുള്ളവര്‍ക്കെല്ലാം ഇതില്‍ ചിന്തിക്കുവാനും പാഠങ്ങള്‍ മനസ്സിലാക്കുവാനും വകയില്ലേ ?! തീര്‍ച്ചയായും ഉണ്ട്.

അറേബ്യായില്‍ പ്രത്യക്ഷപ്പെടുമെന്നു പല പ്രവാചകന്മാരാലും പ്രവചനം ചെയ്യപ്പെട്ടിരുന്ന പ്രവാചകന്‍റെ വരവും പ്രതീക്ഷിച്ചുകൊണ്ടു ശതക്കണക്കായ വര്‍ഷങ്ങളായി യഥ്‌രിബില്‍ (മദീനായില്‍) വന്നു കുടിയേറിപ്പാര്‍ത്തിരുന്നവരാണ് അവിടത്തെ യഹൂദികള്‍. പക്ഷേ ആ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍, അദ്ദേഹം തങ്ങളുടെ വര്‍ഗ്ഗത്തില്‍ – ഇസ്രാഈല്യരില്‍-പെട്ട ആളല്ലാത്തതിനാലും, ചിരകാലമായി തങ്ങളില്‍ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച പാരമ്പര്യങ്ങളെയും അദ്ദേഹം അനുകൂലിക്കാത്തതിനാലും അദ്ദേഹത്തോടു അവര്‍ അസൂയയും ശത്രുതയും വെച്ചുപുലര്‍ത്തുകയാണ് ചെയ്തത്. മൂസാ (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ഇതുവരേക്കുമുള്ള അവരുടെ ചരിത്രവും സമ്പ്രദായങ്ങളും നോക്കുമ്പോള്‍, അവരവിടെ നിവസിക്കുന്ന കാലത്തോളം ഇസ്‌ലാമിന് അവിടെ സ്വൈരവിഹാരം കൊള്ളുവാന്‍ നിവൃത്തിയില്ല എന്നു അല്ലാഹുവിനു അറിയാം. അതുകൊണ്ടു അവരെ അവിടെ നിന്നു തുരത്തിവിടുവാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. അതു നടപ്പില്‍ വരുത്തുകയത്രെ ഇപ്പോള്‍ ചെയ്തത്. ഇസ്‌ലാമിന്‍റെ മറ്റു ശത്രുക്കളോടു കാണിക്കപ്പെട്ടിട്ടില്ലാത്ത കര്‍ശനം ഇവരുടെ കാര്യത്തില്‍ സ്വീകരിക്കുവാന്‍ അതാണ്‌ കാരണം, അല്ലാഹു പറയുന്നു:-

59:3
  • وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابُ ٱلنَّارِ ﴾٣﴿
  • (ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന്‍ (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്.
  • وَلَوْلَا ഇല്ലെങ്കിലും, ഇല്ലായിരുന്നാലും أَن كَتَبَ എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍ اللَّـهُ അല്ലാഹു عَلَيْهِمُ അവരുടെ മേല്‍ الْجَلَاءَ നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു لَعَذَّبَهُمْ അവരെ അവന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابُ النَّارِ നരകശിക്ഷ

59:4

  • ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٤﴿
  • അതു അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അവര്‍ കക്ഷിപിടി(ച്ചു മല്‍സരി) ച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോടു ആരെങ്കിലും കക്ഷിപിടി(ച്ചു മല്‍സരി)ക്കുന്നതായാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷാനടപടിയെടുക്കുന്നവനാണ്.
  • ذَٰلِكَ അതു بِأَنَّهُمْ شَاقُّوا അവര്‍ ചേരിതിരിഞ്ഞതു (കക്ഷിപിടിച്ചതു-മല്‍സരിച്ചതു) കൊണ്ടാണ് اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്‍റെ റസൂലിനോടും وَمَن يُشَاقِّ اللَّـهَ അല്ലാഹുവിനോടു ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ തീര്‍ച്ചയായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാരം (ശിക്ഷാനടപടി) കഠിനമായവനാണ്

59:5

  • مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَٰسِقِينَ ﴾٥﴿
  • (സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു.
  • مَا قَطَعْتُم നിങ്ങള്‍ മുറിച്ചതു, നിങ്ങള്‍ മുറിച്ചാല്‍ مِّن لِّينَةٍ വല്ല ഈത്തപ്പനയും أَوْ تَرَكْتُمُوهَا അല്ലെങ്കില്‍ നിങ്ങളതിനെ വിട്ടേച്ചാലും قَائِمَةً നില്‍ക്കുന്ന നിലയില്‍, നിലകൊള്ളുന്നതായി عَلَىٰ أُصُولِهَا അവയുടെ മുരടുകളിന്‍മേല്‍ فَبِإِذْنِ اللَّـهِ എന്നാലതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാണ് وَلِيُخْزِيَ അപമാനപ്പെടുത്തുവാനും, വഷളാക്കുവാനും الْفَاسِقِينَ തോന്നിയവാസികളെ, ദുര്‍ജ്ജനങ്ങളെ

ആ യഹൂദികളുടെ കോട്ട ഉപരോധം ചെയ്തിരുന്നപ്പോള്‍, വെളിയിലുള്ള അവരുടെ ഈത്തപ്പനകള്‍ കുറെ മുറിച്ചു നശിപ്പിക്കാന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കപിക്കുകയുണ്ടായി. ഇതു സാധാരണനിലക്കു ഒരു നല്ല വഴക്കമല്ലല്ലോ. ശത്രുക്കളുടെ മരങ്ങള്‍ മുറിച്ചു നശിപ്പിക്കുക, കന്നുകാലികളെ കൊന്നു നശിപ്പിക്കുക മുതലായ കാര്യങ്ങള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വിരോധിക്കാറുള്ളതുമാണ്. യഹൂദികള്‍ ഇതിനെപ്പറ്റി അപലപിക്കുകയും ചെയ്തു. ആകയാല്‍, മുസ്‌ലിംകളില്‍ തന്നെ ചിലര്‍ക്കു അസുഖം തോന്നുകയുണ്ടായി. മുറിക്കുന്നതു വിരോധമില്ലെങ്കില്‍ എന്തുകൊണ്ടു മുഴുവന്‍ നശിപ്പിച്ചുകൂടാ എന്നും ചിലര്‍ക്കു തോന്നിയതായി പറയപ്പെടുന്നു. ആ പ്രത്യേക പരിതസ്ഥിയില്‍ അതു ആവശ്യമായിരുന്നുവെന്നും, അതിന് അല്ലാഹു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു സമ്മതം കൊടുത്തിട്ടുണ്ടെന്നും അല്ലാഹു വ്യകതമാക്കുന്നു. യഹൂദികളെ അപമാനപ്പെടുത്തുകയും അവരെ കോട്ടയില്‍ നിന്നു പുറത്തുവന്നു കീഴൊതുങ്ങുവാന്‍ പ്രേരിപ്പിക്കുകയുമാണല്ലോ അതിന്‍റെ ലക്ഷ്യം.

59:6
  • وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٦﴿
  • അവരില്‍നിന്നു അല്ലാഹു തന്‍റെ റസൂലിനു കൈവരുത്തി (‘ഫൈആ’ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല.
    എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍ തന്‍റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
  • وَمَا أَفَاءَ മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, ‘ഫൈആക്കി’യതു اللَّـهُ അല്ലാഹു عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْهُمْ അവരില്‍നിന്നു فَمَا أَوْجَفْتُمْ നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല عَلَيْهِ അതിനു, അതിന്‍റെ പേരില്‍ مِنْ خَيْلٍ കുതിരുകളില്‍നിന്നു وَلَا رِكَابٍ വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُسَلِّطُ അവന്‍ അധികാരപ്പെടുത്തുന്നു رُسُلَهُ അവന്‍റെ റസൂലുകളെ عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്നും قَدِيرٌ കഴിയുന്നവനാണ്

ബനൂനള്വീര്‍ ഒഴിച്ചുപോയപ്പോള്‍ വിട്ടേച്ചുപോയ സ്വത്തുക്കളെക്കുറിച്ചാണു പറയുന്നത്. ഇതും ‘ഗനീമത്തു’ (غنيمة) സ്വത്തുക്കളും തമ്മില്‍ വ്യത്യാസമുണ്ട്. കുതിരപ്പടയും ഒട്ടകപ്പടയും ഇതിനായി ഓട്ടേണ്ടിവന്നിട്ടില്ല. അഥവാ ശത്രുക്കളുമായി ഏറ്റുമുട്ടലും, പടവെട്ടലും കൂടാതെ അല്ലാഹു അവന്‍റെ റസൂലിനു കൈവരുത്തിക്കൊടുത്തതാണ് ഈ സ്വത്ത്‌. ഗനീമത്തുകള്‍ ലഭിക്കുന്നതു യുദ്ധം നിമിത്തമായതുകൊണ്ടു അതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടുന്നു. ഇതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടേണ്ടതില്ല. ഇതു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാനുള്ളതാണ് എന്നു സാരം. ഇങ്ങിനെ ലഭിക്കുന്ന സ്വത്തുക്കള്‍ ‘ഫൈഉ്’ (الفيي) എന്നപേരില്‍ അറിയപ്പെടുന്നു. ‘ഫൈഉ്’ സ്വത്തുക്കളില്‍നിന്നു നല്‍കപ്പെടേണ്ടവര്‍ ആരൊക്കെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:

വെളിച്ചം റമദാൻ 2021 – റമദാൻ 4

സൂറത്തുൽ മുജാദലഃ : 014-022

വിഭാഗം – 3

58:14

  • ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ ﴾١٤﴿
  • (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ (നോക്കുന്നില്ലേ) إِلَى الَّذِينَ تَوَلَّوْا യാതൊരു കൂട്ടരിലേക്കു മൈത്രീബന്ധം സ്ഥാപിച്ചവരിലേക്ക് قَوْمًا ഒരു ജനതയോടു, ജനതയെ غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِم അവരോടു, അവരുടെ മേല്‍ مَّا هُم അവരല്ല مِّنكُمْ നിങ്ങളില്‍ പെട്ട(വര്‍) وَلَا مِنْهُمْ അവരില്‍പെട്ടവരുമല്ല وَيَحْلِفُونَ അവര്‍ ശപഥം (സത്യം) ചെയ്യുന്നു عَلَى الْكَذِبِ വ്യാജത്തി(അസത്യത്തി)ന്റെ മേല്‍ وَهُمْ അവര്‍, അവരോ يَعْلَمُونَ അറിഞ്ഞുകൊണ്ട്, അറിയുന്നു (താനും)

58:15

  • أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾١٥﴿
  • അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്.
  • أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ إِنَّهُمْ നിശ്ചയമായും അവര്‍ سَاءَ വളരെ (എത്രയോ) ദുഷിച്ചതു (ചീത്ത, മോശം) مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ പ്രവര്‍ത്തിക്കും

58:16

  • ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ ﴾١٦﴿
  • തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
  • اتَّخَذُوا അവര്‍ ആക്കി, ആക്കിത്തീര്‍ത്തു أَيْمَانَهُمْ അവരുടെ സത്യങ്ങളെ, ആണകളെ جُنَّةً ഒരു മറവു (തടവു – പരിച) فَصَدُّوا അങ്ങനെ അവര്‍ തടഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു فَلَهُمْ അതിനാല്‍ അവര്‍ക്കുണ്ടു عَذَابٌ مُّهِينٌ അപമാനകരമായ (നിന്ദിക്കുന്ന) ശിക്ഷ

കപടവിശ്വാസികളെ -മുനാഫിഖുകളെ- ക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ ശാപകോപത്തിനു പാത്രമായ യഹൂദരുമായി അവർ കൂട്ടുകെട്ടും, സ്നേഹബന്ധവും പുലർത്തിപ്പോരുകയും, മുസ്ലിംകൾക്കെതിരായ ഗൂഢാലോചനകളിൽ അവരെ സഹായിക്കയും ചെയ്യും. മുസ്‌ലിംകളോടുള്ള വിദ്വേഷമല്ലാതെ ഇരുകൂട്ടരെയും തമ്മിൽ യോജിപ്പിക്കുന്ന മറ്റു ബന്ധങ്ങളൊന്നുമില്ല. അവർ യഹൂദികളുടെ കൂട്ടത്തിൽപെട്ടവരാണോ? അല്ല. എന്നാൽ മുസ്‌ലിംകളാണോ? അതുമല്ല. ചുരുക്കത്തിൽ, അല്ലാഹു മറ്റൊരു സ്ഥലത്തു പറഞ്ഞതുപോലെ, അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ ആടിക്കളിച്ചു കൊണ്ടിരിക്കുകയാണവർ. (مُّذَبْذَبِينَ بَيْنَ ذَٰلِكَ لَا إِلَىٰ هَـٰؤُلَاءِ وَلَا إِلَىٰ هَـٰؤُلَاءِ) തങ്ങൾ സത്യവിശ്വാസം സ്വീകരിച്ചവരാണെന്നും, ഇസ്‌ലാമിന്റെ ഗുണകാംക്ഷികളാണെന്നും അവർ ആവർത്തിച്ചു ശപഥം ചെയ്തുകൊണ്ടിരിക്കും. തങ്ങളുടെ യാഥാർത്ഥനില വെളിച്ചത്താകാതിരിക്കുന്നതിനുള്ള ഒരു മറവായി അവർ ആ കള്ളസത്യങ്ങളെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, വാസ്തവമറിയാത്ത ശുദ്ധാത്മാക്കളായ മുസ്‌ലിംകൾ അതുകേട്ടു വഞ്ചിതരാവുകയും ചെയ്യും. ഈ കപടന്മാർക്കു കനത്ത ശിക്ഷയെകുറിച്ചു അല്ലാഹു ശക്തിയായി താക്കീതു ചെയ്തിരിക്കുന്നു. അല്ലാഹു തുടരുന്നു:-

58:17
  • لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴾١٧﴿
  • അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും.
  • لَّن تُغْنِيَ ധന്യമാക്കുക (പരിഹരിക്കുക – ഉപകരിക്കുക – തടയുക – ഐശ്വര്യമാക്കുക) ഇല്ലതന്നെ عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا ഒട്ടും, ഒന്നിനെയും, യാതൊന്നും أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്

58:18

  • يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ ﴾١٨﴿
  • അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍.
  • يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരെയും فَيَحْلِفُونَ അപ്പോള്‍ അവര്‍ ശപഥം (സത്യം) ചെയ്യും لَهُ അവനോടു كَمَا يَحْلِفُونَ അവര്‍ ശപഥം ചെയ്യുന്നപോലെ لَكُمْ നിങ്ങളോട് وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും أَنَّهُمْ നിശ്ചയമായും അവര്‍ (ആകുന്നു) എന്നു عَلَىٰ شَيْءٍ ഒരു കാര്യത്തില്‍, ഏതെങ്കിലും ഒന്നില്‍ أَلَا അല്ലാ (അറിയുക) إِنَّهُمْ هُمُ നിശ്ചയമായും അവര്‍ തന്നെ الْكَاذِبُونَ വ്യാജം പറയുന്നവര്‍, അസത്യവാദികള്‍

തങ്ങൾ സത്യവിശ്വാസികളാണെന്നും മറ്റും ഇഹത്തിൽവെച്ചു അവർ കള്ളസത്യം ചെയ്തു പറഞ്ഞിരുന്നതു പോലെ, പരലോകത്തു അല്ലാഹുവിന്റെ മുമ്പിലും അവർ കള്ളസത്യം ചെയ്‌തേക്കും. പരലോകത്തുവെച്ച് മുശ്‌രിക്കുകളും അങ്ങിനെ കള്ളസത്യം ചെയ്യുമെന്ന് (6:23 ൽ) അല്ലാഹു പ്രസ്താവിച്ചു കാണാം. ഇഹത്തിൽവെച്ചു തങ്ങളുടെ കള്ളസത്യം മുഖേന ചില കാര്യങ്ങളെല്ലാം സാധിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നതുപോലെ, അവിടെ വെച്ചും ആ സത്യം അവർക്കു വല്ല കാര്യവും നേടിക്കൊടുക്കുമെന്നായിരിക്കും അവരുടെ വിചാരം. പക്ഷെ, അതുണ്ടോ സാധിക്കുന്നു?! അവർ തനിവ്യാജവാദികളാണെന്ന വസ്തുത സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കയാണല്ലോ.

58:19
  • ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ ﴾١٩﴿
  • പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍.
  • اسْتَحْوَذَ عَلَيْهِمُ അവരില്‍ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു الشَّيْطَانُ പിശാചു فَأَنسَاهُمْ എന്നിട്ടവന്‍ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു ذِكْرَ اللَّـهِ അല്ലാഹുവിന്റെ ഓര്‍മ്മ, സ്മരണ أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ الشَّيْطَانِ പിശാചിന്റെ കക്ഷിയാണ്, സംഘമാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ حِزْبَ الشَّيْطَانِ നിശ്ചയമായും പിശാചിന്റെ കക്ഷി هُمُ الْخَاسِرُونَ അവർ തന്നെയാണ് നഷ്ടപ്പെട്ടവര്‍

58:20

  • إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ ﴾٢٠﴿
  • നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحَادُّونَ اللَّـهَ അല്ലാഹുവിനോടു (കക്ഷി) മത്സരം നടത്തുന്ന وَرَسُولَهُ അവന്റെ റസൂലിനോടും أُولَـٰئِكَ അക്കൂട്ടര്‍ فِي الْأَذَلِّينَ ഏറ്റം നിസ്സാര (നിന്ദ്യ) മായവരിലായിരിക്കും

58:21

  • كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ ﴾٢١﴿
  • അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു.
  • كَتَبَ اللَّـهُ അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു لَأَغْلِبَنَّ നിശ്ചയമായും ഞാന്‍ ജയിക്കും أَنَا ഞാന്‍ തന്നെ وَرُسُلِي എന്റെ റസൂലുകളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാണ്, ഊക്കനാണ് عَزِيزٌ പ്രതാപശാലിയാണ്

ഞാനും എന്റെ റസൂലുകളും തന്നെയാണ് വിജയിക്കുക എന്ന കാര്യം അല്ലാഹു മുമ്പേ നിശ്ചയിച്ചു രേഖപ്പെടുത്തി വെച്ചതാണ്, അതിൽ മാറ്റമില്ല എന്നു സാരം. സൂ : സ്വാഫ് -ഫാത് 171-173 ഉം വിവരണവും നോക്കുക. പിശാചിന്റെ കക്ഷിയെക്കുറിച്ചു പ്രസ്താവിച്ചശേഷം, അല്ലാഹുവിന്റെ കക്ഷിയുടെ സ്വഭാവവും, നേട്ടങ്ങളും വിവരിക്കുന്നു:-

58:22
  • لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴾٢٢﴿
  • അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ – അതില്‍ നിത്യവാസികളായ നിലയില്‍ – അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (-അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍.
  • لَّا تَجِدُ നീ കണ്ടെത്തുകയില്ല قَوْمًا ഒരു ജനതയെ يُؤْمِنُونَ വിശ്വസിക്കുന്ന بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും يُوَادُّونَ അവര്‍ സ്നേഹബന്ധം (താല്‍പര്യം) പുലര്‍ത്തുന്ന (കാണിക്കുന്ന) തായി مَنْ حَادَّ മല്‍സരം കാണിക്കുന്നവരുമായി اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും وَلَوْ كَانُوا അവര്‍ ആയിരുന്നാലും آبَاءَهُمْ തങ്ങളുടെ പിതാക്കള്‍ أَوْ أَبْنَاءَهُمْ അല്ലെങ്കില്‍ തങ്ങളുടെ പുത്രന്‍മാര്‍ أَوْ إِخْوَانَهُمْ അല്ലെങ്കില്‍ തങ്ങളുടെ സഹോദരന്‍മാര്‍ أَوْ عَشِيرَتَهُمْ അല്ലെങ്കില്‍ തങ്ങളുടെ ബന്ധു (കുടുംബം) أُولَـٰئِكَ അക്കൂട്ടര്‍ كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْإِيمَانَ സത്യവിശ്വാസം وَأَيَّدَهُم അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു بِرُوحٍ ഒരു ആത്മാവ് (ജീവന്‍) കൊണ്ടു مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُدْخِلُهُمْ അവന്‍ അവരെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായ നിലയില്‍ رَضِيَ اللَّـهُ അല്ലാഹു തൃപ്തി (പൊരുത്ത) പ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെട്ടു عَنْهُ അവനെപ്പറ്റി أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ اللَّـهِ അല്ലാഹുവിന്റെ കക്ഷിയാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ നിശ്ചയമായും حِزْبَ اللَّـهِ അല്ലാഹുവിന്റെ കക്ഷി هُمُ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

അല്ലാഹുവിന്റെയും റസൂലിന്റെയും എതിർകക്ഷികളും, ശത്രുക്കളുമായി നിലകൊള്ളുന്നവരോടു – അവർ എത്ര അടുത്ത ബന്ധുക്കളായിരുന്നാലും ശരി – സ്നേഹബന്ധം പുലർത്തുവാൻ യഥാർത്ഥ സത്യവിശ്വാസികളായ ആളുകൾക്കു സാധ്യമല്ല. ഇങ്ങിനെയുള്ള വിശ്വാസികളുടെ വിശ്വാസമായിരിക്കും ഹൃദയത്തിൽ വേരുറച്ച അചഞ്ചലമായ വിശ്വാസം. അവർക്കു അല്ലാഹുവിങ്കൽനിന്നു ഒരു പ്രത്യേക ചൈതന്യവും ആത്മീയശക്‌തിയും ലഭിക്കുന്നതുമാകുന്നു. കപടവിശ്വാസികളെപ്പോലെ ഇവരുടെ വിശ്വാസം ഒരിക്കലും ആടിക്കളിക്കുകയോ, അന്യർക്കു വഴങ്ങിക്കൊടുക്കുകയോ ചെയ്യുന്നതല്ല. പരീക്ഷണഘട്ടങ്ങളിൽ അതു പതറിപോകുന്നതുമല്ല. അല്ലാഹുവിന്റെ കക്ഷിയുടെയും, പിശാചിന്റെ കക്ഷിയുടെയും വിശ്വാസങ്ങൾ തമ്മിലുള്ള വ്യത്യാസമാണത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കുറിച്ചു പഴിവാക്കുകൾ പറയുന്നതുകേട്ട് സഹിക്കവയ്യാതെ ഒരിക്കൽ അബൂബക്കർ (رَضِيَ اللهُ تَعَالَى عَنْهُ) തന്റെ പിതാവായ അബൂഖുഹാഫഃ (رَضِيَ اللهُ تَعَالَى عَنْهُ) യെ തട്ടിത്തള്ളുകയും അദ്ദേഹം മറിഞ്ഞുവീഴുകയും ഉണ്ടായി. അന്നു അബൂഖുഹാഫഃ (رَضِيَ اللهُ تَعَالَى عَنْهُ) വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. ബദ്ര്‍ യുദ്ധത്തിൽ താനുമായി ഏറ്റുമുട്ടിയ സ്വപിതാവിനെ അബു ഉബൈദഃ (رَضِيَ اللهُ تَعَالَى عَنْهُ) കൊലപ്പെടുത്തുകയുണ്ടായി. ഇതെല്ലാം അവരുടെ ഹൃദയത്തിൽ കൂടിക്കൊണ്ടിരുന്ന വിശ്വാസശക്തിയുടെ ബഹിർഗമനമത്രെ. ബദ്ര്‍യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരിൽ എന്തു നടപടിയാണ് എടുക്കേണ്ടതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികളുമായി ആലോചന നടത്തിയപ്പോൾ, അവരെ നിർദ്ദയം കൊല്ലണമെന്നായിരുന്നു ഉമർ (رَضِيَ اللهُ تَعَالَى عَنْهُ) അഭിപ്രായപ്പെട്ടത്. ഇതും അദ്ദേഹത്തിന്റെ അടിയുറച്ച സത്യവിശ്വാസത്തിന്റെ വികാരമായിരുന്നു. മാതാപിതാക്കൾ അവിശ്വാസികളായിരുന്നാൽപോലും അവരോടു നല്ലനിലക്കു സഹവസിക്കണമെന്നും, ശത്രുപക്ഷത്തുള്ളവരോടു നല്ല നിലയിൽ വർത്തിക്കണമെന്നും അല്ലാഹുവും റസൂലും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇതും മേൽകണ്ടതുപോലുള്ള സംഭവങ്ങളും പരസ്പര വിരുദ്ധമല്ല. രണ്ടിന്റെയും സ്ഥാനം വ്യത്യസ്തമാണെന്നു മാത്രം. അടുത്ത രണ്ടാമത്തെ അദ്ധ്യായമായ സൂ : മുംതഹനഃയിൽ ഇതു സംബന്ധിച്ചു കൂടുതൽ വിവരം കാണാവുന്നതാണ്. إن شاء الله

“അല്ലാഹു അവരെക്കുറിച്ചും, അവർ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞതിന്റെ താല്‍പര്യം ഇതാണ്: നിഷ്കളങ്കവും, അജയ്യവുമായ അവരുടെ വിശ്വാസശക്തിയും, തദടിസ്ഥാനത്തിലുള്ള അവരുടെ ജീവിതക്രമവും അല്ലാഹുവിന്റെ തൃപ്തിക്കു അവരെ പാത്രമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ വിധി വിലക്കുകളുടെ കാര്യത്തിലും, അവർക്കു അല്ലാഹുവിൽനിന്ന് ലഭിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും അവരും തികച്ചും സംതൃപ്തരായിരിക്കും. والله أعلم

വെളിച്ചം റമദാൻ 2021 – റമദാൻ 3

സൂറത്തുൽ മുജാദലഃ : 007-013

വിഭാഗം – 2

58:7

  • أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٧﴿
  • നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവന്‍ അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന്‍ അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന്‍ അവരോടൊപ്പമില്ലാതില്ല – അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന്‍ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ, നിനക്കു കണ്ടുകൂടേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും (എന്നു) مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مَا يَكُونُ ഉണ്ടാകുകയില്ല مِن نَّجْوَىٰ ഒരു രഹസ്യ സംഭാഷണ (ഗൂഢസംസാര)വും, സ്വകാര്യാലോചനയും ثَلَاثَةٍ മൂന്നാളുടെ إِلَّا هُوَ അവനായിട്ടില്ലാതെ رَابِعُهُمْ അവരില്‍ നാലാമന്‍ وَلَا خَمْسَةٍ അഞ്ചാളുടേതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ سَادِسُهُمْ അവരില്‍ ആറാമന്‍ وَلَا أَدْنَىٰ താണതും (കുറഞ്ഞതും) ഇല്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْثَرَ അധികമായതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ مَعَهُمْ അവരോടൊപ്പം أَيْنَ مَا كَانُوا അവര്‍ എവിടെയായിരുന്നാലും ثُمَّ يُنَبِّئُهُم പിന്നെ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ إِنَّ ٱللَّهَ നിശ്ചയമായും അല്ലാഹു بِكُلِّ شَىْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്

ഏതു രഹസ്യസംസാരവും – ആർ, എവിടെ, എങ്ങിനെ നടത്തപ്പെട്ടാലും ശരി – അല്ലാഹു അതെല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. ക്വിയാമത്തുനാളിൽ അതു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും എന്നു സാരം. ആകാശത്തിലാകട്ടെ, ഭൂമിയിലാകട്ടെ ഒരു അണു അളവിലുള്ള കാര്യവും അല്ലാഹുവിനു അറിയാതെ പോകുന്നതല്ല. (لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ الخ)

58:8

  • أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ ﴾٨﴿
  • രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:] പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: ‘നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്’ എന്നു. അവര്‍ക്കു ‘ജഹന്നം’ [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!!
  • أَلَمْ تَرَ നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ نُهُوا അവര്‍ വിരോധിക്കപ്പെട്ടു عَنِ النَّجْوَىٰ രഹസ്യസംസാരത്തെക്കുറിച്ചു ثُمَّ يَعُودُونَ പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) لِمَا نُهُوا അവര്‍ വിലക്കപ്പെട്ടതിലേക്കു عَنْهُ അതിനെപ്പറ്റി وَيَتَنَاجَوْنَ അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു بِالْإِثْمِ പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَإِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ حَيَّوْكَ അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു بِمَا യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു) لَمْ يُحَيِّكَ بِهِ അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല اللَّـهُ അല്ലാഹു وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു فِي أَنفُسِهِمْ അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍ لَوْلَا يُعَذِّبُنَا നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ اللَّـهُ അല്ലാഹു بِمَا نَقُولُ നാം പറയുന്നതുകൊണ്ടു حَسْبُهُمْ അവര്‍ക്കു മതി جَهَنَّمُ ജഹന്നം (നരകം) يَصْلَوْنَهَا അതിലവര്‍ കടക്കും, ഏരിയും فَبِئْسَ വളരെ ചീത്ത الْمَصِيرُ (ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിൽ ചെന്നശേഷം യഹൂദികളുമായി സമാധാന സന്ധിയിൽ ഏർപ്പെട്ടിരുന്നുവല്ലോ. എന്നാൽ മുസ്ലിംകൾ അവരുടെ ഇടയിൽകൂടി നടക്കുമ്പോൾ അവർ തമ്മതമ്മിൽ ചില രഹസ്യ സംസാരങ്ങൾ നടത്തുക പതിവുണ്ടായിരുന്നു. തങ്ങൾ മുസ്ലിംകൾക്കെതിരിൽ വല്ല ഗൂഢസംസാരവും നടത്തുകയാണെന്നു മുസ്‌ലിംകൾക്കു തോന്നിപ്പിക്കുകയും, അവരെ പരിഹസിക്കുകയുമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതു മുസ്‌ലിംകൾക്കു സംശയവും ശങ്കയും ജനിപ്പിക്കുമല്ലോ. അതിനാൽ, അത്തരം ഗൂഢസംസാരങ്ങൾ നടത്തരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു വിരോധിച്ചിരുന്നു. പക്ഷേ, അവർ വീണ്ടും അതാവർത്തിച്ചു വന്നു. ഇതിൽ കപടവിശ്വാസികളായ മുസ്‌ലിം വേഷധാരികളും അവരുടെ പങ്കുവഹിക്കാതിരുന്നില്ല. യഹൂദികളുടെയും കപടവിശ്വാസികളുടെയും, ഗൂഢസംസാരവിഷയം പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടുമായിരിക്കുമെന്നു പറയേണ്ടതില്ല. ഇതിനെപ്പറ്റിയാണ് ഈ വചനത്തിന്റെ ആദ്യഭാഗം പ്രസ്താവിക്കുന്നത്.

യഹൂദികളുടെ മറ്റൊരു തോന്നിവാസത്തെക്കുറിച്ചാണ് അവസാനഭാഗം ചൂണ്ടിക്കാട്ടുന്നത്. അവർ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ വരുമ്പോൾ, പ്രത്യക്ഷത്തിൽ اَلسَّلاَمُ عَلَيْكُمْ (അസ്സലാമു അലൈക്കും) എന്നുള്ള ഇസ്‌ലാമിന്റെ ഉപചാരവാക്യമാണെന്നു തോന്നത്തക്കവിധം അക്ഷരവ്യത്യാസം ശരിക്കു സ്പഷ്ടമാക്കാതെ السام عليكم (അസ്സാമു അലൈക്കും) എന്നു സലാം പറയും. ഒന്നാമത്തേതിന്റെ അര്‍ത്ഥം ‘നിങ്ങൾക്കു സമാധാനശാന്തി ഉണ്ടാവട്ടെ’ എന്നാണല്ലോ. രണ്ടാമത്തേതിനാകട്ടെ ‘നിങ്ങൾക്കു മരണം ഉണ്ടാകട്ടെ’ എന്നാണർത്ഥം. ഇതാണ് ‘അല്ലാഹു ഉപചാരം ചെയ്തിട്ടില്ലാത്ത ഉപചാരം’ കൊണ്ട് വിവക്ഷ. ആയിശ (رَضِيَ اللهُ تَعَالَى عَنْها) പറഞ്ഞിരിക്കുന്നു: ‘ഒരിക്കൽ കുറെ യഹൂദികൾ വന്നു നബിക്കു ‘അസ്സാമു അലൈക’ എന്നു സലാം പറയുന്നതു ഞാൻ കേട്ടു മനസ്സിലാക്കി. ഞാൻ ഇങ്ങിനെ പറഞ്ഞു: وعليكم السام واللعنة (നിങ്ങൾക്കു മരണവും ശാപവും ഭവിക്കട്ടെ). തിരുമേനി എന്നോടു പറഞ്ഞു: ‘ആയിഷാ, ക്ഷമിക്കൂ! എല്ലാ കാര്യത്തിലും മയം പ്രവർത്തിക്കുന്നതു അല്ലാഹു ഇഷ്ട്ടപെടുന്നു.’ ആയിശ (رَضِيَ اللهُ تَعَالَى عَنْها) പറഞ്ഞു: ‘അവർ പറഞ്ഞതു അങ്ങുന്നു കേട്ടില്ലേ?’. തിരുമേനി പറഞ്ഞു: ‘ഞാൻ عليكم (അലൈകും) എന്നു പറഞ്ഞുവല്ലോ’. (ബു; മു). ‘അലൈകും’ എന്നാൽ ‘നിങ്ങൾക്കുണ്ടാകട്ടെ ‘ എന്നര്‍ത്ഥമാകുന്നു. അതായതു എനിക്കല്ല – നിങ്ങൾക്കുണ്ടാവട്ടെ മരണം – എന്നു സാരം. ‘മുഹമ്മദു പ്രവാചകനാണെങ്കിൽ ഇങ്ങിനെ സലാം പറയുന്നതു നിമിത്തം നമുക്കു വല്ല ശിക്ഷയും അല്ലാഹുവിൽനിന്നുണ്ടായിക്കാണേണ്ടതല്ലേ? ഒന്നും, സംഭവിച്ചു കാണാത്തതെന്താണ്?! എന്നു യഹൂദികൾ സ്വയം ഭുരഭിമാനം നടിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് അവസാനത്തെ രണ്ടു വാക്യങ്ങൾ. അതെ, അവർക്കു ജഹന്നം തന്നെ മതി ശിക്ഷക്ക്! അതിലേറെ ദുഷിച്ച പര്യവസാനം മറ്റെന്താണുള്ളത്?!

അല്ലാഹു അഭിവാദ്യമാക്കിയിട്ടില്ലാത്തതുകൊണ്ടു അവർ അഭിവാദ്യം ചെയ്യും (حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّـهُ) എന്ന വാക്യം പരിശോധിച്ചാൽ, ഒരു കാര്യം അതിൽനിന്നു നമുക്കു മനസ്സിലാക്കുവാൻ കഴിയും. അതായതു, മുസ്‌ലിംകൾ തമ്മിൽ സലാം പറയുമ്പോൾ അതു ഇസ്‌ലാമിക സലാംതന്നെ ആയിരിക്കേണ്ടതും, മുസ്‌ലിംകൾ അനിസ്ലാമികമായ അഭിവാദ്യവാക്യങ്ങൾ സ്വീകരിക്കാതിരിക്കേണ്ടതുമാകുന്നു. അടുത്ത വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു ഉപദേശിക്കുന്നു:-

58:9

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَٰجَيْتُمْ فَلَا تَتَنَٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴾٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസപരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا تَنَاجَيْتُمْ നിങ്ങള്‍ രഹസ്യ സംസാരം നടത്തുന്നതായാല്‍ فَلَا تَتَنَاجَوْا എന്നാല്‍ നിങ്ങള്‍ രഹസ്യ സംസാരം ചെയ്യരുത് بِالْإِثْمِ പാപം സംബന്ധിച്ചു وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَتَنَاجَوْا നിങ്ങള്‍ രഹസ്യ സംസാരം ചെയ്തു കൊള്ളുവിന്‍ بِالْبِرِّ പുണ്യം (സല്‍കാര്യം) സംബന്ധിച്ചു وَالتَّقْوَىٰ സൂക്ഷ്മത (ഭയഭക്തി)യും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ إِلَيْهِ تُحْشَرُونَ അവനിലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും

58:10

  • إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٠﴿
  • നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
  • إِنَّمَا النَّجْوَىٰ നിശ്ചയമായും രഹസ്യഭാഷണം, ഗൂഢാലോചന مِنَ الشَّيْطَانِ പിശാചില്‍ നിന്നുതന്നെ (മാത്രം) ആകുന്നു لِيَحْزُنَ അതു വ്യസനിപ്പിക്കുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيْسَ അതല്ലതാനും بِضَارِّهِمْ അവര്‍ക്കു ഉപദ്രവമുണ്ടാകുന്നതു, ദോഷം ചെയ്യുന്നതു شَيْئًا യാതൊന്നും, ഒട്ടും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിയില്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ എന്നാല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

രഹസ്യമായോ ഗൂഢമായോ സംസാരിക്കുകയും, കൂടിയാലോചന നടത്തുകയും ചെയ്യുന്നതിനു വിരോധമില്ല. പക്ഷേ, അതു നല്ല കാര്യത്തിലും, വേണ്ടപ്പെട്ട വിഷയത്തിലുമായിരിക്കണം. യഹൂദികളും, കപടവിശ്വാസികളും ചെയ്യുന്നതുപോലെ ചീത്തകാര്യങ്ങളിലും, ദുരുദ്ദേശ്യത്തോടുകൂടിയും ആകരുത്. എല്ലാം അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ടായിരിക്കണം. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. അവരുടെ ഗൂഢാലോചനകൊണ്ടു വല്ല ആപത്തും വന്നേക്കുമെന്നു സത്യവിശ്വാസികൾ ഭയപ്പെടേണ്ടതില്ലെന്നും ഉണർത്തുന്നു.

‘സത്യവിശ്വാസികളെ വ്യസനിപ്പിക്കുവാൻ വേണ്ടി’ (لِيَحْزُنَ الَّذِينَ آمَنُوا) എന്ന വാക്യം ശ്രദ്ധേയമാകുന്നു. സത്യവിശ്വാസികൾ തമ്മതമ്മിലായിരുന്നാലും ഒരു കൂട്ടരുടെ രഹസ്യസംസാരം മുഖേന മറ്റൊരു കൂട്ടർക്കു അനിഷ്ടംവരാതെ സൂക്ഷിക്കേണ്ടതുണ്ടെന്നു ഇതിൽനിന്നു ഗ്രഹിക്കാവുന്നതാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു നോക്കുക: ‘നിങ്ങൾ മൂന്നുപേരായിരുന്നാൽ, രണ്ടുപേർ തങ്ങളുടെ സ്നേഹിതനെക്കൂടാതെ തമ്മിൽ രഹസ്യസംസാരം നടത്തരുത്. കാരണം അതവനെ വ്യസനിപ്പിക്കുന്നതാണ്. (അ; ബു; മു.)

58:11

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾١١﴿
  • ഹേ, വിശ്വസിച്ചവരേ, ‘ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍’ എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു ‘എഴുന്നേല്‍ക്കുവിന്‍’ എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരെ إِذَا قِيلَ لَكُمْ നിങ്ങളോട് പറയപ്പെട്ടാല്‍ تَفَسَّحُوا വിശാലത (സൗകര്യം – ഒഴിവ്) ചെയ്യുവിന്‍ എന്നു فِي الْمَجَالِسِ ഇരിപ്പിടങ്ങളില്‍, സദസ്സുകളില്‍ فَافْسَحُوا എന്നാല്‍ നിങ്ങള്‍ വിശാലത നല്‍കുവിന്‍ يَفْسَحِ اللَّـهُ അല്ലാഹു വിശാലത നല്‍കും لَكُمْ നിങ്ങള്‍ക്കു وَإِذَا قِيلَ പറയപ്പെട്ടാല്‍ انشُزُوا നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്നു فَانشُزُوا എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ يَرْفَعِ اللَّـهُ അല്ലാഹു ഉയര്‍ത്തും الَّذِينَ آمَنُواവിശ്വസിച്ചവരെ مِنكُمْ നിങ്ങളില്‍നിന്ന് وَالَّذِينَ أُوتُوا നല്‍കപ്പെട്ടവരെയും الْعِلْمَ അറിവ്, ജ്ഞാനം دَرَجَاتٍ പല പടികള്‍, പദവികള്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

ജനങ്ങൾ സമ്മേളിക്കുന്ന സദസ്സുകളിൽ അനുവർത്തിക്കപ്പെടേണ്ടുന്ന ചില മര്യാദകളും കടമകളുമാണ് ഈ വചനത്തിൽ കാണുന്നത്. മറ്റുള്ളവർക്കു വന്നിരിക്കുവാൻ ഇടം പോരാതെ വരികയും, അവർക്കു സ്ഥലത്തിനാവശ്യം നേരിടുകയും ചെയ്‌താൽ സ്ഥലസൗകര്യം കൊടുക്കണമെന്നും ഒരു കൂട്ടർ ഇരുന്നു കഴിഞ്ഞ സ്ഥലത്തുനിന്നു എഴുന്നേൽക്കേണ്ടുന്ന ആവശ്യം വന്നാൽ എഴുന്നേറ്റു കൊടുക്കേണ്ടതാണെന്നും അല്ലാഹു കല്പിക്കുന്നു. ഇക്കാലത്തു എന്നത്തെക്കാളും ജനങ്ങൾ ഈ കൽപന ഓർമ്മിക്കേണ്ടതായിട്ടാണിരിക്കുന്നത്. വാഹനങ്ങളിലും, പൊതുസ്ഥലങ്ങളിലുമെല്ലാംതന്നെ, ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ സൗകര്യം ഗൗനിക്കുകയോ, മറ്റൊരാൾക്കു സ്ഥലസൗകര്യം മുതലായ സഹായസഹകരണം ചെയ്തുകൊടുക്കുകയോ ചെയ്യുന്നതു ഇന്നു വിരളമാകുന്നു. അല്പമൊന്നു ഞെരുങ്ങിയിട്ടെങ്കിലും അന്യന്നുകൂടി സൗകര്യമുണ്ടാക്കികൊടുക്കുന്നതിനുപകരം നാലഞ്ചുപേർക്കിരിക്കാവുന്ന സ്ഥലം അത്രയും മുടക്കിക്കൊണ്ടു കാലുനീട്ടി സുഖംകൊള്ളുന്നവരെയും, നിൽക്കുവാൻപോലും വയ്യാത്ത രോഗികളും വയോധികന്മാരും നിന്നു വിഷമിക്കുന്നതു കാണുമ്പോൾ കാലൊന്നു ചുരുക്കുവാൻപോലും സന്മനസ്സു കാണിക്കാത്തവരെയും ഇന്നു ധാരാളം കാണുകയും ചെയ്യാം. മറ്റുള്ളവർ കഷ്ടപ്പെട്ടു കാണുന്നതിൽ ഇവർക്കു സന്തോഷമാണെന്നുപോലും തോന്നിപ്പോകും! അന്യരുടെ ആവശ്യം കണ്ടറിഞ്ഞ് അവർ ആവശ്യപ്പെടുന്നതിനു മുമ്പായിത്തന്നെ കഴിയുന്ന സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ആവശ്യപ്പെടുകകൂടി ചെയ്‌താൽ ആ കടമ വർദ്ധിക്കുന്നു. ആവശ്യപെടുന്നതു ഉത്തരവാദപ്പെട്ടവർ കൂടിയാകുമ്പോൾ, അതു കൂടുതൽ നിർബന്ധവുമായിത്തീരുന്നു.

സദസ്സിൽ ആദ്യമാദ്യം വരുന്നവർ സ്ഥലം പിടിക്കുമല്ലോ. ഒരവസരത്തിൽ പ്രധാനികളായ ചില സഹാബികൾ വന്നെത്തിയപ്പോയേക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സദസ്സിൽ അടുത്ത സ്ഥലങ്ങളിലെല്ലാം ആൾ നിറഞ്ഞിരുന്നു. അവരാണെങ്കിൽ പല നിലക്കും തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുത്തുതന്നെ ഉണ്ടായിരിക്കേണ്ടതുമുണ്ടായിരുന്നു. അടുത്തിരിക്കുന്നവർ സ്വയം സംഗതി മനസ്സിലാക്കി അവർക്കു വന്നിരിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമില്ല. ഈ അവസരത്തിൽ, ഒരിക്കൽ അടുത്തിരിക്കുന്ന ചിലരോടു ആ പ്രധാനികൾക്കുവേണ്ടി സ്ഥലസൗകര്യം ചെയ്തുകൊടുക്കുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആവശ്യപ്പെടുകയുണ്ടായി. കപടവിശ്വാസികൾ ഈ സന്ദർഭം ചൂഷണം ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നീതി പാലിക്കുന്നില്ലെന്നും, പക്ഷം കാണിക്കുകയാണെന്നും അവർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചതെന്നു മുഫസ്സിറുകൾ പറഞ്ഞു കാണുന്നു. അപ്പോൾ, ഇങ്ങിനെയുള്ള പൊതുസദസ്സുകളിൽ മുൻപന്തിയിൽ ഉണ്ടായിരിക്കൽ ആവശ്യമായ ആളുകൾക്കുവേണ്ടി മറ്റുള്ളവർ സ്ഥലം ഒഴിവാക്കിക്കൊടുക്കേണ്ടതുണ്ടെന്നും, ഉത്തരവാദപ്പെട്ടവർ അതിനാവശ്യപെടുമ്പോൾ അതു അനുസരിച്ചുകൊടുക്കൽ കടമയാണെന്നും ഇതിൽനിന്നു മനസിലാക്കാം. സദസ്സിലെ നടപടികളെക്കുറിച്ചും മറ്റും കാര്യാലോചനകൾ നടത്തുക മുതലായ പലതിനും ഇങ്ങിനെ സദസ്യരോടു ആവശ്യപ്പെടേണ്ടതായി വന്നേക്കുമല്ലോ.

فَافْسَحُوا يَفْسَحِ اللَّـهُ لَكُمْ (നിങ്ങൾ വിശാലത ചെയ്യുവിൻ, അല്ലാഹു നിങ്ങൾക്കു വിശാലത ചെയ്യും) എന്ന വാക്യം ശ്രദ്ധേയമാകുന്നു. മനുഷ്യൻ ചെയ്യുന്ന പുണ്യകർമങ്ങൾക്കു അതേ തരത്തിൽപെട്ട – എന്നാൽ അതിനേക്കാൾ ഉന്നതവും വർദ്ധിച്ചതുമായ – വിധത്തിലായിരിക്കും അല്ലാഹു പ്രതിഫലം നൽകുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇഹത്തിലെ ദുഃഖങ്ങളിൽപെട്ട ഒരു ദുഃഖം ഒരു സത്യവിശ്വാസിക്കു ആരെങ്കിലും ആശ്വാസമാക്കിക്കൊടുത്താൽ, ക്വിയാമത്തുനാളിലെ ദുഃഖങ്ങളിൽനിന്നു ഒരു ദുഃഖം അല്ലാഹു അവനു ആശ്വാസമാക്കിക്കൊടുക്കുന്നതാണ്. ഞെരുക്കക്കാരനായ ഒരാൾക്കു (വല്ല കാര്യവും) ആരെങ്കിലും എളുപ്പമാക്കിക്കൊടുത്താൽ, അല്ലാഹു അവനു ഇഹത്തിലും പരത്തിലും എളുപ്പമാക്കിക്കൊടുക്കുന്നതാണ്. ഒരു മുസ്‌ലിമിനെ (അവന്റെ പോരായ്മ വെളിക്കുവരാതെ) ഒരാൾ മറച്ചുപിടിച്ചാൽ, അല്ലാഹു അവനെ ഇഹത്തിലും പരത്തിലും (അതുപോലെ) മറച്ചുകൊടുക്കുന്നതാണ്. ഒരടിയാൻ തന്റെ സഹോദരനു സഹായത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവന്റെ സഹായത്തിലുമായിരിക്കും….'(മു.)

يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ

(നിങ്ങളിൽ വിശ്വസിച്ചവരെയും, അറിവു നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തും) എന്ന വാക്യത്തിൽനിന്നു ചിലതെല്ലാം മനസ്സിലാക്കുവാനുണ്ട്. ഉദാഹരണമായി:

(1) സത്യവിശ്വാസികളും, അറിവുള്ളവരുമാണ് ഇത്തരം മര്യാദ പ്രത്യേകം പാലിക്കേണ്ടതു എന്നു പറയേണ്ടതില്ല. എന്നാൽ അന്യർക്കുവേണ്ടി വിട്ടുവീഴ്ച ചെയുന്നതു അവർക്കു ഒരിക്കലും താഴ്ചയല്ല, അതവർക്കു അല്ലാഹുവിങ്കൽ ഉയർച്ചയാണു ഉണ്ടാക്കുക. മുസ്‌ലിം (رحمة الله عليه) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു ധർമ്മവും ധനത്തിൽ ചുരുക്കം വരുത്തുന്നതല്ല. ഒരടിയാനും മാപ്പു ചെയ്യുന്നതുകൊണ്ടു അവനു വീര്യം -പ്രതാപം- അല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയുമില്ല. ഏതൊരുവനും അല്ലാഹുവിനുവേണ്ടി താഴ്മ -വിനയം- കാണിക്കുന്നതായാൽ അല്ലാഹു അവനെ ഉയർത്താതെയും ഇരിക്കുകയില്ല.’

(2). വിശ്വാസവും അറിവുമുള്ളവർ മറ്റുള്ളവരോടു ഔന്നത്യം കാണിച്ചുകൂട. എങ്കിലും, മറ്റുള്ളവർ അവരുടെ സ്ഥാനം പരിഗണിക്കേണ്ടതാകുന്നു. അവർക്കു മുൻഗണന നൽകേണ്ടുന്ന സ്ഥാനത്തു അതു നൽകുകയും വേണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളിൽ ബുദ്ധിയും വിവേകവുമുള്ളവർ എന്റെ അടുത്തു വരട്ടെ പിന്നീടു അവരോടു അടുത്തുനിൽക്കുന്നവർ. (ഈ വാക്കു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൂന്നുവട്ടം പറഞ്ഞു). നിങ്ങൾ അങ്ങാടിത്തിരക്കുകൾ -അങ്ങാടിയിലെപോലെ അച്ചടക്കമില്ലായ്‌മ- വർജ്ജിക്കണം.’ (മു). മറ്റൊരു നബി വചനം: ‘നമ്മളിലുള്ള ചെറിയവനോടു കരുണകാണിക്കുകയും നമ്മിലുള്ള വലിയവന്റെ യോഗ്യത മനസ്സിലാക്കുകയും ചെയ്യാത്തവർ നമ്മിൽ പെട്ടവരല്ല’. (ദാ: തി.).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കൽ സാധാരണയായി സഹാബികൾ ഇരുന്നിരുന്നതു അവരുടെ സ്ഥാനങ്ങൾക്കനുസരിച്ചായിരുന്നു. അബൂബക്കർ (رَضِيَ اللهُ تَعَالَى عَنْه) തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വല ഭാഗത്തും ഉമർ (رَضِيَ اللهُ تَعَالَى عَنْه) ഇടഭാഗത്തുമായിരുന്നു ഇരിക്കുക പതിവ്. ഉസ്മാൻ (رَضِيَ اللهُ تَعَالَى عَنْه), അലി (رَضِيَ اللهُ تَعَالَى عَنْه), എന്നിവർ മിക്കവാറും മുമ്പിലുമായിരിക്കും. കാരണം അവർ രണ്ടു പേരും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ എഴുത്തുകാരായിരുന്നു. ഇമാം മുസ്‌ലിം തുടങ്ങിയ ഹദീസുപണ്ഡിതന്മാർ ഇതു രേഖപ്പെടുത്തിക്കാണാം. രണ്ടുപേർ ചേർന്നു ഇരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ അവരുടെ ഇടയിൽ ചെന്നിരിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നു. (ദാ; തി). ഒരാൾ ഇരിക്കുന്ന ഇടത്തിൽനിന്നു അയാളെ എഴുന്നേല്പിച്ച് ആ സ്ഥാനത്തു ഇരിക്കരുതെന്നും, വിശാലതയും സൗകര്യവും ചെയ്‌തു കൊടുക്കണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിയിരിക്കുന്നു. (ബു:മു) ഒരാൾ ഒരു ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റുപോയിട്ടു പിന്നീടു അതിലേക്കുതന്നെ മടങ്ങിവന്നാൽ അവൻ അതിനു കൂടുതൽ അർഹനാണ് എന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു. (മു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരു സദസ്സിൽ വരുമ്പോൾ മുമ്പ് എത്തിയവർ ഇരുന്നു കഴിഞ്ഞു ബാക്കിയുള്ള സ്ഥലത്തായിരുന്നു അവിടുന്നു ഇരുന്നിരുന്നതു എന്നും നബി ചര്യകളിൽ അറിയപ്പെട്ടിട്ടുള്ളതാണ്. ഇത്തരം ആചാരമര്യാദകളെപ്പറ്റി ഗൗനിക്കുന്നവർ ഇക്കാലത്തു തുലോം കുറവാണെന്നതു ഖേദകരമത്രെ. ജനങ്ങൾ തമ്മിൽ സ്‌നേഹവും ഇണക്കവുമില്ലാതായിത്തീരുന്നതിനു ഇതൊക്കെത്തന്നെയാണ് കാരണവും.

58:12
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٢﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ – എന്നാല്‍ – അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا نَاجَيْتُمُ നിങ്ങള്‍ സ്വകാര്യ സംസാരം നടത്തുന്നതായാല്‍ الرَّسُولَ റസൂലുമായി فَقَدِّمُوا എന്നാല്‍ മുന്തിക്കുവിന്‍, സമര്‍പ്പിക്കുവിന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യ ഭാഷണത്തിനു മുമ്പില്‍ صَدَقَةً ഒരു ദാനധര്‍മ്മം ذَٰلِكَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമം (ഗുണം) ആകുന്നു وَأَطْهَرُ കൂടുതല്‍ ശുദ്ധമായതും فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍ فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ ചെന്ന് പലരും പലതും ചോദിച്ചും അന്വേഷിച്ചും കൊണ്ടിരിക്കും. കൂട്ടത്തിൽ വളരെ നിസ്സാരാവശ്യങ്ങൾക്കുവേണ്ടി സമയം മിനക്കെടുത്തുന്നവരും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിലയേറിയ സമയം നഷ്ടപെടുത്തുവാൻ കൽപിച്ചു കൂടി ചെല്ലുന്ന കപടവിശ്വാസികളും ഉണ്ടായിരിക്കും. ഇതിൽ ഒരു നിയന്ത്രണം ഉണ്ടാകുവാൻ വേണ്ടി, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ സ്വകാര്യ സംസാരത്തിനു ചെല്ലുന്നവർ ധർമ്മവിഷയത്തിൽ വിനിയോഗിക്കുവാൻ എന്തെങ്കിലും സമർപ്പിക്കണമെന്നാണ് ഈ വചനത്തിൽ പറയുന്നത്. സംഖ്യ ഇത്രയെന്നു നിർണയിക്കപ്പെട്ടിട്ടില്ല. സത്യവിശ്വാസികളും, അല്ലാത്തവരും, നിഷ്കളങ്കന്മാരും അല്ലാത്തവരും തമ്മിൽ വേർതിരിച്ചറിയുവാനും, അതേ സമയത്തു ദരിദ്രൻമാരായ ആളുകൾക്കു പ്രയോജനപ്പെടുവാനും, സംസാരത്തിനു ചെല്ലുന്നവരുടെ ഉദ്ദേശ്യശുദ്ധി പ്രകടമാകുവാനും, അവർക്കു പുണ്യം ലഭിക്കുവാനുമെല്ലാം ഇതു ഉതകുമല്ലോ. സാധിക്കാത്തവർ ചെയേണ്ടതില്ലെന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതു കൊണ്ടു ഇതൊരു കർശനമായ നിർബന്ധമല്ലെന്നും മനസ്സിലാക്കാം. صَدَقَة (എന്തെങ്കിലും ദാനധർമ്മം) എന്നു പറഞ്ഞതിൽനിന്നു ഇതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വേണ്ടിയല്ല, സാധുക്കൾക്കു വേണ്ടിയാണതെന്നും മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദാനധർമ്മം സ്വീകരിക്കുയില്ലെന്നും ഇനാമു (هَدْيَة) കൾ മാത്രമെ സ്വീകരിക്കുകയുള്ളുവെന്നും പ്രസിദ്ധമാണല്ലോ. ഈ കൽപന മുഖേന നിവൃത്തിയാകേണ്ടുന്ന കാര്യങ്ങൾ താമസംവിനാ നിവൃത്തിയായിട്ടുണ്ടെന്നും, അതുകൊണ്ടു ഈ കല്പനയിൽ താമസിയാതെ അയവുവരുത്തുകയുണ്ടായെന്നും അടുത്ത വചനത്തിൽനിന്നു വ്യക്തമാകും.

58:13
  • ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٣﴿
  • നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, ‘സകാത്തു’ കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
  • أَأَشْفَقْتُمْ നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ أَن تُقَدِّمُوا നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍ صَدَقَاتٍ വല്ല ദാനധര്‍മ്മങ്ങളും فَإِذْ لَمْ تَفْعَلُوا എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍ وَتَابَ اللَّـهُ അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ) عَلَيْكُمْ നിങ്ങളോടു فَأَقِيمُوا الصَّلَاةَ എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍ وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും وَاللَّـهُ അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ദാനധർമ്മം സമർപ്പിക്കുവാൻ കഴിവില്ലാത്തവർക്കു മുൻ ആയത്തിൽതന്നെ അല്ലാഹു ഒഴിവു നൽകിയിട്ടുണ്ട്. കഴിവുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി സ്വകാര്യ സംസാരം നടത്തേണ്ടുന്ന ആവശ്യം നേരിടുമ്പോൾ മാത്രമേ ഈ പ്രത്യേക ദാനധർമ്മത്തിന്റെ പ്രശ്നം ഉൽഭവിക്കുന്നുമുള്ളൂ. ഒരു പക്ഷേ, ചിലർ അതു തങ്ങൾക്കു വിഷമകരമായതാണെന്നോ മറ്റോ ഭയപ്പെട്ട് അതിനു മുതിരാതെയും ഇരുന്നിരിക്കാം. ‌‌‌‍‍​​‌‌الله أعلم. ഏതായാലും ഇങ്ങിനെ ഒരു ദാനധർമ്മം സമർപ്പിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ സ്വകാര്യസംഭാഷണത്തിനു ആരും തയ്യാറായി വരികയുണ്ടായില്ല. അങ്ങിനെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ ആധിക്യം നിലച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സ്വൈരം കിട്ടി. അതിനാൽ അല്ലാഹു ഈ കല്പനയിൽ നിന്നു സത്യവിശ്വാസികൾക്കു ഈ വചനം മുഖേന ഒഴിവു നൽകുകയാണ് ചെയ്‌തത്‌. നമസ്‌കാരം, സക്കാത്തു മുതലായ നിർബന്ധകടമകൾ നിറവേറ്റുവാനും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്‌തു. അലി (رَضِيَ اللهُ تَعَالَى عَنْهُ) മാത്രം ഈ കൽപ്പന പിൻവലിക്കുന്നതിനു മുമ്പ് ഒരിക്കൽ ഒരു സംഖ്യ ധർമ്മമായി സമർപ്പിച്ചുകൊണ്ടു സ്വകാര്യ സംഭാഷണം നടക്കുകയുണ്ടായിട്ടുണ്ടെന്നും ചില നിവേദനങ്ങളിൽ കാണുന്നുണ്ട്. അല്ലാഹുവിന്നറിയാം.