സൂറത്തുല്‍ ഇസ്രാഉ് :11-24
വിഭാഗം – 2
17:11
- وَيَدْعُ ٱلْإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَٰنُ عَجُولًا ﴾١١﴿
- മനുഷ്യന്‍ ഗുണത്തിനു പ്രാര്‍ത്ഥിക്കുന്ന പ്രകാരം, അവന്‍ ദോഷത്തിനും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഒരു ധൃതി കൂട്ടുന്നവനാകുന്നുതാനും.
- وَيَدْعُ പ്രാര്‍ത്ഥിക്കുന്ന الْإِنسَانُ മനുഷ്യന്‍ بِالشَّرِّ ദോഷത്തിനു, തിന്മയെക്കുറിച്ചു دُعَاءَهُ അവന്റെ പ്രാര്‍ത്ഥന بِالْخَيْرِ ഗുണത്തിനു, നന്മയെപ്പറ്റി وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും عَجُولًا ധൃതികൂട്ടുന്നവന്‍.
മനുഷ്യസഹജമായ ഒരു സ്വഭാവദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അനിഷ്ടകരമായ വല്ല കാര്യവും വന്നുഭവിക്കുമ്പോഴേക്കും അവന്‍ അക്ഷമനും വികാരഭരിതനുമായിത്തീരുന്നു. തനിക്കോ, തന്റെ മക്കള്‍, സ്വത്തുക്കള്‍ മുതലായവക്കോ ദോഷകരമായ പ്രാര്‍ത്ഥനകളും ശാപവാക്കുകളും അവനില്‍ നിന്നുണ്ടാകുന്നു. ‘ഞാന്‍ മരിച്ചെങ്കില്‍! ഇവന്‍ നശിച്ചാല്‍ നന്നായിരുന്നു! തുലഞ്ഞു നശിക്കട്ടെ!’ എന്നിത്യാദി പലതും അവന്റെ നന്മക്കുവേണ്ടി ധൃതിപ്പെടുന്ന അതേ രൂപത്തില്‍ അവന്‍ ധൃതികൂട്ടിക്കൊണ്ടിരിക്കും. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുവാനോ, ദീര്‍ഘദൃഷ്ടിയോടുകൂടി കാര്യങ്ങളെ വിലയിരുത്തുവാനോ ഭാവിയെക്കുറിച്ചുള്ള സുപ്രതീക്ഷയോടുകൂടിയിരിക്കുവാണോ അവനു കഴിയാതെ പോകുന്നു. പക്ഷേ, അവന്റെ കഥകേടും അക്ഷമയുമെല്ലാം അറിയുന്നവനും, പരമ കാരുണികനുമാണല്ലോ അല്ലാഹു. അതുകൊണ്ട് അത്തരം പ്രാര്‍ത്ഥനകളെ അപ്പടി സ്വീകരിക്കാതെ അല്ലാഹു അവനോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത് എന്നു താല്‍പര്യം. അല്ലാഹു പറയുന്നു: وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ – يونس (സാരം: മനുഷ്യര്‍ ഗുണത്തിന് ധൃതികാണിക്കുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് ദോഷത്തെ ധൃതികൂട്ടിക്കൊടുക്കുമായിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. (10:11). ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളുടെ സ്വന്തങ്ങള്‍ക്കോ, നിങ്ങളുടെ സ്വത്തുക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത്. അല്ലാഹു പ്രാര്‍ത്ഥനകള്‍ക്കുത്തരം ചെയ്യുന്ന വല്ല സമയവുമായി അത് ഒത്തുകൂടിയെന്നുവരാം.’ (മു). അഥവാ അതിന് ഇടവരുന്നത് സൂക്ഷിക്കണമെന്നര്‍ത്ഥം.
17:12
- وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَٰهُ تَفْصِيلًا ﴾١٢﴿
- രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാല്‍, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടിയെടുക്കാന്‍ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാന്‍ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമതു വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).
- وَجَعَلْنَا നാം ആക്കിയിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും آيَتَيْنِ രണ്ടു ദൃഷ്ടാന്തങ്ങള്‍ فَمَحَوْنَا എന്നാല്‍ (എന്നിട്ടു – അങ്ങനെ) നാം മായിച്ചു آيَةَ اللَّيْلِ രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ وَجَعَلْنَا നാം ആക്കുകയും ചെയ്തു آيَةَ النَّهَارِ പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ مُبْصِرَةً കാണത്തക്കതു (കാണാവുന്നതു) لِّتَبْتَغُوا നിങ്ങള്‍ തേടു, (തെടിയെടുക്കു – അന്വേഷിക്കു)വാന്‍വേണ്ടി فَضْلًا അനുഗ്രഹത്തെ, ദയവിനെ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَلِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും عَدَدَ എണ്ണം السِّنِينَ കൊല്ലങ്ങളുടെ وَالْحِسَابَ കണക്കും وَكُلَّ شَيْءٍ എല്ലാ കാര്യവും (വസ്തുവും) فَصَّلْنَاهُ നാമതിനെ വിശദീകരിച്ചിരിക്കുന്നു تَفْصِيلًا ഒരു (നല്ല) വിശദീകരണം.
ശാന്തത, സ്വസ്ഥത, വിശ്രമം എന്നിവക്കു ഉതകുമാറ് രാത്രിയെ ഇരുട്ടുമയമാക്കിയത്, ഉപജീവന മാര്‍ഗ്ഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളും അന്വേഷിച്ചു നേടിയെടുക്കുവാന്‍ സാധിക്കുമാറ് പകലിനെ വെളിച്ചമയമാക്കിയത്, രാവും പകലും മാറി മാറിക്കൊണ്ടു വരുന്നത് എന്നിവയിലൊക്കെ അല്ലാഹുവിന്റെ മഹിതമഹത്വങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു ഈ വിഷയങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ക്വുര്‍ആനില്‍ ഉണര്‍ത്തിക്കാണാം. രാപ്പകലുകളുടെ മാറ്റത്തില്‍ നിന്നാണല്ലോ സമയങ്ങളുടെയും മറ്റും കണക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. സൂ: ക്വസ്വസ് 71,72 വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചതുപോലെ, സദാ സമയവും പകലോ, രാത്രിയോ മാത്രമായിരുന്നാലത്തെ അവസ്ഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുക!
17:13
- وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ﴾١٣﴿
- എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തില്‍ നാം ഏര്‍പ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു.
ക്വിയാമത്തു നാളില്‍ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവന്‍ കണ്ടെത്തുന്നതാണ്. - وَكُلَّ إِنسَانٍ എല്ലാ മനുഷ്യനും أَلْزَمْنَاهُ അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി – വേറിടാതാക്കിയിരിക്കുന്നു) طَائِرَهُ അവന്റെ ശകുനം, ലക്ഷണം فِى عُنُقِهِ അവന്റെ കഴുത്തില്‍ وَنُخْرِجُ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും لَهُ അവനു يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ كِتَابًا ഒരു ഗ്രന്ഥം, രേഖ يَلْقَاهُ അതവന്‍ കാണും, കണ്ടെത്തും مَنشُورًا വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി.
17:14
- ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ﴾١٤﴿
- (പറയപ്പെടും:) ‘നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക!-
നിന്റെ പേരില്‍ കണക്കുനോക്കുന്നവനായി ഇന്ന് നീ തന്നെ മതി!’ - اقْرَأْ വായിക്കുക كِتَابَكَ നിന്റെ ഗ്രന്ഥം كَفَىٰ മതി بِنَفْسِكَ നീ തന്നെ, നിന്റെ സ്വന്തം الْيَوْمَ ഇന്നു عَلَيْكَ നിന്റെ പേരില്‍ حَسِيبًا കണക്കു നോക്കുന്നവനായി.
കൂട്ടില്‍നിന്നു പക്ഷികള്‍ വലത്തോട്ടു പാറിയാല്‍ ശുഭം, ഇടത്തോട്ടു പാറിയാല്‍ അശുഭം എന്നും മറ്റും പക്ഷികളുടെ ചലനം നോക്കി ശകുനം നിശ്ചയിക്കുന്ന ഒരു പതിവു അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍ നിന്നു ‘പക്ഷി’ എന്നര്‍ത്ഥമുള്ള طَائِر (ത്വാഇര്‍) എന്ന വാക്ക് ‘ശകുനം’ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെട്ടു വന്നു. ഇവിടെയും ഈ അര്‍ത്ഥമാണു അതിനുള്ളത്. പക്ഷേ, ഇവിടെ പക്ഷിയല്ല – മനുഷ്യകര്‍മ്മങ്ങളാണ് – പക്ഷി (ശകുനം) എന്നതു കൊണ്ടു വിവക്ഷ. ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു:-
ഒരോരുത്തന്റെയും ശകുനം അവന്റെ കഴുത്തില്‍ കെട്ടിത്തൂക്കി വെച്ചിട്ടുള്ള താലിപോലെ അവനോടൊപ്പം തന്നെ സ്ഥിതി ചെയ്യുന്നു. ഒരോരുത്തന്റെയും കര്‍മ്മങ്ങളെ ആശ്രയിച്ചാണു അവന്റെ ശുഭാശുഭ ഫലങ്ങള്‍ നിലകൊള്ളുന്നത്. പക്ഷികളെയോ മറ്റോ ആശ്രയിച്ചല്ല അത്. അതിനു പുറമെ, ക്വിയാമത്തുനാളില്‍ ഒരോരുവന്റെയും സകല കര്‍മ്മങ്ങളും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു രേഖാഗ്രന്ഥം അവന്റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അതില്‍ എല്ലാം അവനു വ്യക്തമായി രേഖപ്പെടുത്തി കാണാവുന്നതായിരിക്കും. അതു കാണുമ്പോള്‍, തന്റെ ഗുണദോഷങ്ങളെയും, രക്ഷാശിക്ഷകളെയും, നേട്ടകോട്ടങ്ങളെയും കുറിച്ചു ഓരോരുത്തര്‍ക്കും ശരിക്കും വ്യക്തമാകുന്നതാണ്. പരസഹായമൊന്നും കൂടാതെ, തന്റെ കണക്കു തികച്ചും തനിക്കുതന്നെ പരിശോധിച്ചറിയാം.
17:15
- مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴾١٥﴿
- ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല.
ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും. - مَّنِ ആര്‍, ആരെങ്കിലും, യാതൊരുവന്‍ اهْتَدَىٰ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍) فَإِنَّمَا يَهْتَدِي എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത് لِنَفْسِهِ തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം وَمَن ആരെങ്കിലും, വല്ലവനും ضَلَّ വഴിപിഴച്ചു (എങ്കില്‍) فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത് عَلَيْهَا അതിന്റെമേല്‍ (എതിരില്‍) തന്നെ وَلَا تَزِرُ (കുറ്റം) പേറുക (വഹിക്കുക) യില്ല وَازِرَةٌ ഒരു (കുറ്റം) പേറിയ ദേഹം (ആള്‍) وِزْرَ കുറ്റത്തെ, കുറ്റഭാരം أُخْرَىٰ മറ്റേതിന്റെ, മറ്റൊന്നിന്റെ وَمَا كُنَّا നാമായിരിക്കുകയുമില്ല مُعَذِّبِينَ ശിക്ഷിക്കുന്നവര്‍ حَتَّىٰ نَبْعَثَ നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ رَسُولًا ഒരു റസൂലിനെ.
മനുഷ്യരുടെ രക്ഷാശിക്ഷകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്നു അടിസ്ഥാന തത്വങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്.
(1) ഓരോ ആളുടെയും സല്‍ക്കര്‍മ്മ ദുഷ്കര്‍മ്മങ്ങളുടെ ഫലം ആ ആള്‍ക്ക് തന്നെയായിരിക്കും അനുഭവപ്പെടുക.
(2) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയോ, വഹിക്കേണ്ടി വരുകയോ ഇല്ല. ഈ രണ്ടു വിഷയത്തെപ്പറ്റിയും അല്ലാഹു ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചു കാണാം. 1-ാമത്തേതിനെപ്പറ്റി 10:108; 27:92; 39:41 മുതലായ വചനങ്ങളിലും, 2-ാമത്തേതിനെപ്പറ്റി 6:164; 35:18; 39:7; 53:38 മുതലായ വചനങ്ങളിലും നോക്കുക.
(3) റസൂലുകളെ അയച്ചു നേര്‍മ്മാര്‍ഗവും, ദുര്‍മ്മാര്‍ഗവും വിവരിച്ചുകൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചുപോകുന്നപക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.
പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ) എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു.
17:16
- وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَٰهَا تَدْمِيرًا ﴾١٦﴿
- ഒരു രാജ്യത്തെ നാം നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍, അതിലെ സുഖിയന്‍മാരോട് നാം കല്‍പിക്കും (അനുസരിക്കുവാന്‍ കല്‍പ്പന കൊടുക്കും); എന്നിട്ട് അവര്‍ അതില്‍ തോന്നിയവാസം പ്രവര്‍ത്തിക്കും; അങ്ങനെ, അതിന്റെമേല്‍ (ആ) വാക്കു (ന്യായമായി) സ്ഥിരപ്പെടും; അപ്പോള്‍, നാം അതിനെ ഒരു തകര്‍ക്കല്‍ തകര്‍ക്കുന്നതാണ്.
- وَإِذَا أَرَدْنَا നാം ഉദ്ദേശിച്ചാല്‍ أَن نُّهْلِكَ നാം നശിപ്പിക്കുവാന്‍ قَرْيَةً ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും أَمَرْنَا നാം കല്‍പിക്കുന്നതാണ് مُتْرَفِيهَا അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു فَفَسَقُوا എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം – ധിക്കാരം) പ്രവര്‍ത്തിക്കും فِيهَا അതില്‍ فَحَقَّ അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും عَلَيْهَا അതിന്റെ മേല്‍ الْقَوْلُ വാക്കു (ആ പറഞ്ഞതു) فَدَمَّرْنَاهَا അപ്പോള്‍ നാം അതിനെ തകര്‍ക്കും تَدْمِيرًا ഒരു തകര്‍ക്കല്‍
റസൂലുകള്‍ മുഖാന്തരം അല്ലാഹു നല്‍കിയിട്ടുള്ള കല്‍പനകളെ വകവെക്കാതെ ധിക്കരിച്ചുകൊണ്ട് രാജ്യത്തുള്ള നേതാക്കള്‍, മൂപ്പന്‍മാര്‍ തുടങ്ങിയ സുഖലോലുപന്‍മാര്‍ തോന്നിയ വാസത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും മുഴുകിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ധാര്‍മ്മികമായ അരാജകത്വം നടമാടുകയും അപ്പോള്‍ രാജ്യം ഉന്‍മൂല നാശത്തിന്നു അവകാശപ്പെട്ടതായിത്തീരുകയും ചെയ്യുന്നു. അപ്പോഴാണു അല്ലാഹു അവിടെ ഉന്‍മൂല നാശം വരുത്തുന്നത്. അല്ലാതെ, നാട്ടുകാര്‍ പൊതുവെ നിരപരാധികളായിരിക്കുമ്പോള്‍ ഒരു രാജ്യവും അല്ലാഹു നശിപ്പിക്കാറില്ല, അങ്ങനെ അവനു ഉദ്ദേശവുമില്ല എന്നു സാരം. എവിടെ നോക്കിയാലും തോന്നിയവാസത്തിലും, സദാചാരലംഘനങ്ങളിലും മുമ്പന്‍മാരായിരിക്കുക അവിടത്തെ സുഖലോലുപന്‍മാരായിരിക്കുമല്ലോ. പൊതുജനങ്ങളും, സാധാരണക്കാരും ക്രമേണ അവരുടെ അഭീഷ്ടങ്ങള്‍ക്കുവഴങ്ങി അവരില്‍ ലയിക്കുകയാണു പതിവ്. അതുകൊണ്ടാണു സുഖിയന്‍മാരുടെ തോന്നിയവാസത്തെപ്പറ്റി എടുത്തു പറയുന്നത്.
17:17
- وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا ﴾١٧﴿
- നൂഹിനു ശേഷമായി എത്ര (യേറെ) തലമുറകളെയാണ് നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റബ്ബ് തന്നെ മതിതാനും!
- وَكَمْ എത്രയാണു, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِنَ الْقُرُونِ തലമുറകളില്‍ (കാലക്കാരില്‍) നിന്നു مِن بَعْدِ ശേഷം, ശേഷമായിട്ടു نُوحٍ നൂഹിന്റെ وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബു (തന്നെ) بِذُنُوبِ പാപങ്ങളെപ്പറ്റി عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു بَصِيرًا കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ
നൂഹ് (عليه الصلاة والسلام) നബിയുടെ കാലശേഷം മുതല്‍ ഇതുവരെയായി മേല്‍ പ്രസ്താവിച്ച പ്രകാരം പൊതുശിക്ഷക്കു വിധേയരാകേണ്ടി വന്ന എത്രയോ ജനസമൂഹങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടു! ഓരോ കൂട്ടരുടെയും തെറ്റുകുറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും, അതു എത്രമാത്രം കവിഞ്ഞുപോയിരുന്നുവെന്നുമൊക്കെ അല്ലാഹുവിനു ശരിക്കും സൂക്ഷ്മമായും അറിയാം. അതനുസരിച്ചു തന്നെയാണു അവരെ അവന്‍ ശിക്ഷിച്ചതും. അല്ലാതെ ഒരു മൊത്തക്കണക്കിലോ, ഏകദേശ അനുമാനപ്രകാരമോ അല്ല അല്ലാഹു അങ്ങിനെ ചെയ്തതു എന്നു താല്‍പര്യം. അതുപോലെയുള്ള വല്ല പൊതുശിക്ഷക്കും ബാധ്യസ്ഥരായിത്തീര്‍ന്നേക്കാനിടയുണ്ടെന്ന് നിലവിലുള്ള ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നുള്ള ഒരു സൂചനകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു.
17:18
- مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴾١٨﴿
- ആര്‍ (ഈ) ക്ഷണികമായതിനെ (ഐഹിക ജീവിതത്തെ) ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് – (അതെ) നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം ‘ജഹന്നമി’നെ (നരകത്തെ) ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തില്‍നിന്നും) ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും.
- مَّن كَانَ ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കും الْعَاجِلَةَ ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് عَجَّلْنَا നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും لَهُ അവനു فِيهَا അതില്‍ مَا نَشَاءُ നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത് لِمَن نُّرِيدُ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ثُمَّ جَعَلْنَا പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും) لَهُ അവനു جَهَنَّمَ ജഹന്നമിനെ يَصْلَاهَا അവന്‍ അതില്‍ ഏരിയും, കടക്കും (കടന്നെരിയും) مَذْمُومًا ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി
17:19
- وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴾١٩﴿
- ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തു (വോ), എന്നാല്‍ അക്കൂട്ടര്‍ – അവരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.
- وَمَنْ أَرَادَ ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍ الْآخِرَةَ പിന്നീടുള്ളതിനെ (പരലോകത്തെ) وَسَعَىٰ لَهَا അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക)യും (ചെയ്‌താല്‍) سَعْيَهَا അതിന്റേ(തായ) പരിശ്രമം وَهُوَ അവന്‍, അവനാകട്ടെ مُؤْمِنٌ സത്യവിശ്വാസിയുമാണ് فَأُولَٰئِكَ എന്നാല്‍ ആ കൂട്ടര്‍ كَانَ ആയിരിക്കും سَعْيُهُم അവരുടെ പരിശ്രമം مَّشْكُورًا നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു
17:20
- كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴾٢٠﴿
- എല്ലാവര്‍ക്കും – ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും (തന്നെ) – നിന്റെ റബ്ബിന്റെ കൊടുതിയില്‍ (ദാനത്തില്‍) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ, റബ്ബിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കയില്ലതാനും.
- كُلًّا എല്ലാവര്‍ക്കും نُّمِدُّ നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും هَٰؤُلَاءِ ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു وَهَٰؤُلَاءِ ഇക്കൂട്ടര്‍ക്കും, അവര്‍ക്കും مِنْ عَطَاءِ കൊടുതിയില്‍ (ദാനത്തില്‍) നിന്നു رَبِّكَ നിന്റെ റബ്ബിന്റെ وَمَا كَانَ ആയിട്ടില്ല, ആയിരിക്കയില്ല عَطَاءُ رَبِّكَ നിന്റെ റബ്ബിന്റെ കൊടുതി مَحْظُورًا മുടക്കപ്പെട്ട(തടയപ്പെട്ട)ത്.
ക്ഷണികമായ ഈ ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഇഹത്തില്‍ താനുദ്ദേശിക്കുന്ന ഏതാനും ചില നേട്ടങ്ങള്‍ അല്ലാഹു തല്‍ക്കാലം നല്‍കിയേക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായി ലഭിക്കുകയില്ല. അവരുടെ പര്യവസാനം നരകവുമായിരിക്കും. ശാശ്വതമായ പരലോക സുഖസൗകര്യങ്ങളെ ലക്‌ഷ്യം വെക്കുകയും, അതോടുകൂടി അതിനുവേണ്ടി വിശ്വാസപൂര്‍വ്വം പ്രയത്നം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു സസന്തോഷം സ്വീകരിക്കുകയും, അര്‍ഹമായ പ്രതിഫലം അവര്‍ക്കു നല്‍കുകയും ചെയ്യും. ഉപജീവനമാര്‍ഗ്ഗങ്ങള്‍, ജീവിതാവശ്യങ്ങള്‍ ആദിയായ ഭൗതികാനുഗ്രഹങ്ങളാകട്ടെ, എല്ലാവര്ക്കും അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. അതില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ വ്യത്യാസം കാണിക്കുകയില്ല, എന്നൊക്കെയാണു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ ചുരുക്കമെന്നു പറയാം. എന്നാല്‍, അല്ലാഹു ഉപയോഗിച്ച വാക്യങ്ങള്‍ പരിശോധിക്കുന്ന പക്ഷം അതില്‍നിന്നു നമുക്കു പല കാര്യങ്ങളും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. ഉദാഹരണമായി:-
(1). ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞപ്പോള്‍, പരലോകത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞതുപോലെ وَسَعَىٰ لَهَا سَعْيَهَا (അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തി) എന്നോ മറ്റോ ഒരു ഉപാധി പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ പരലോകത്ത് ഗുണം കിട്ടുമെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവര്‍ത്തങ്ങളും ലക്‌ഷ്യം പ്രാപിക്കുകയില്ല. അല്ലാഹുവും റസൂലും നിര്‍ദ്ദേശിച്ച പ്രകാരമുള്ള സല്‍ക്കര്‍മ്മങ്ങളും അനുഷ്ഠാനമുറകളും സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കുന്ന ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലം ലഭിക്കുകയില്ലെന്നും അവ തള്ളപ്പെടേണ്ടതാണെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തില്‍ ജീവിതത്തിന്റെ പരമലക്ഷ്യം പരലോകവിജയമായിരിക്കണം.
(2). എന്നാല്‍ ഐഹിക നേട്ടങ്ങളെ ലക്ഷ്യംവെക്കുവന്നവര്‍ക്കു അവരുടെ ഉദ്ദിഷ്ട കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുമോ? അതുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നതും അവന്‍ കണക്കാക്കിയതും മാത്രമേ ലഭിക്കുകയുള്ളുതാനും. ആര്‍ക്കൊക്കെ, എന്തൊക്കെയാണ് വേണ്ടത് എന്നുള്ള കാര്യവും അവന്റെ ഉദ്ദേശത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതിനപ്പുറം വല്ലതും നേടുവാന്‍ അവര്‍ക്കും സാദ്ധ്യമല്ല.
(3). പരലോകത്തെ ഉന്നംവെക്കുന്നവരുടെ യത്നങ്ങളും കര്‍മ്മങ്ങളും അല്ലാഹു ഒന്നും പാഴാക്കുകയില്ല. എല്ലാം നന്ദിപൂര്‍വ്വം സ്വീകരിക്കുകതന്നെ ചെയ്യും. അഥവാ, അവരുടെ ഓരോ ചലങ്ങള്‍ക്കും ഇരട്ടിക്കണക്കില്‍ പ്രതിഫലം നല്‍കുകയും, അവയെ വളര്‍ത്തി പോഷിപ്പിച്ചുകൊടുക്കുകയും ചെയ്യും.
(4). ജീവിതലക്ഷ്യത്തെ ആസ്പദമാക്കി മനുഷ്യര്‍ മേല്‍ക്കണ്ടപ്രകാരം രണ്ടു തരക്കാരായി വിഭജിക്കപ്പെട്ടുവെങ്കിലും ആഹാരം, ആരോഗ്യം, ധനം, സന്താനം ആദിയായ ഭൗതികമായ അനുഗ്രഹങ്ങളില്‍ ആ വിവേചനം ഉണ്ടായിരിക്കയില്ല. സത്യവിശ്വാസി, അവിശ്വാസി, ഇഹലോക ജീവിതത്തെ ഉന്നം വെച്ചവന്‍ എന്നിങ്ങിനെ വ്യത്യാസമില്ലാതെ അല്ലാഹു എല്ലാവര്‍ക്കും അതു പ്രദാനം ചെയ്യുകതന്നെ ചെയ്യും. പക്ഷേ, വ്യക്തികളെ സംബന്ധിച്ചിടത്തോളം അവയുടെ തോതു വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ളതിന്റെ മാനദണ്ഡം അല്ലാഹുവിനുമാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ. അടുത്ത വചനത്തില്‍ ഈ യാഥാര്‍ത്ഥ്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു കാണാം. അല്ലാഹു പറയുന്നു:-
17:21
- ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْءَاخِرَةُ أَكْبَرُ دَرَجَٰتٍ وَأَكْبَرُ تَفْضِيلًا ﴾٢١﴿
- നോക്കുക; അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നതു എങ്ങിനെയാണെന്നു! പരലോകമാകട്ടെ, പദവികളില്‍ ഏറ്റം വലുതും, ശ്രേഷ്ഠതയില്‍ ഏറ്റം വലുതും തന്നെയാകുന്നു.
- انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണു فَضَّلْنَا നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത് بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَلَلْآخِرَةُ പരലോകം തന്നെ أَكْبَرُ ഏറ്റം വലുതു دَرَجَاتٍ പദവികളില്‍, പടികളാല്‍ وَأَكْبَرُ ഏറ്റം വലുതും تَفْضِيلًا ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും)
ധനം, ദാരിദ്ര്യം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, സന്താനലാഭം, സന്താനനഷ്ടം, ജ്ഞാനം, അജ്ഞാനം, ബുദ്ധി, ഭോഷത്തം ആദിയായ അനേകമനേകം ഭൗതികകാര്യങ്ങളില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും തമ്മില്‍ പൊതുവെ വ്യത്യാസപ്പെടാറില്ല. പക്ഷേ, രണ്ടു വിഭാഗത്തിലെയും വ്യതികളെ സംബന്ധിച്ചിടത്തോളം വ്യത്യാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലപ്പോഴെല്ലാം ഇതിനു – വ്യക്തിപരമോ സാഹചര്യപരമോ ആയ – ബാഹ്യമായ വല്ല കാരണങ്ങളും നമുക്കു കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഈ ഏറ്റക്കുറവിന്റെ സാക്ഷാല്‍ കാരണം അല്ലാഹുവിനേ അറിഞ്ഞുകൂടൂ. അവന്റെ ഉദ്ദേശത്തെയും, നിയന്ത്രണത്തെയും മാത്രം ആശ്രയിച്ചാണു അതുള്ളതു എന്നു അല്‍പം ആലോചിച്ചാല്‍ കാണാവുന്നതാകുന്നു.
ബുദ്ധിമതികളും, വിദ്യാസമ്പന്നരും, അതിസമര്‍ത്ഥരുമായ ആളുകളെ ദരിദ്രന്‍മാരും രോഗികളുമായി കാണപ്പെടുകയും, മറിച്ച് ഭോഷന്‍മാരും വിഡ്ഢികളും ദുര്‍ബ്ബലരുമായവരെ ആരോഗ്യവാന്‍മാരും, ധനാഡ്യന്‍മാരുമായി കാണപ്പെടുകയും ചെയ്യുന്നതു ദുര്‍ല്ലഭമല്ലല്ലോ. ആവശ്യമായ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണക്രമവും ആരോഗ്യശാസ്ത്രവിധികളും മുറതെറ്റാതെ സൂക്ഷിച്ചുപോരുന്ന വ്യക്തികള്‍ക്കു മഹാരോഗം പിടിപെടുന്നതും, താളും തവരയും തിന്നും, വൈദ്യോപദേശങ്ങള്‍ അറിയാതെയും കഴിഞ്ഞുകൂടുന്ന വ്യക്തികള്‍ ആരോഗ്യദൃഢഗാത്രന്‍മാരായി നടക്കുന്നതും അപൂര്‍വ്വമല്ല. അപ്പോള്‍, ഇതിന്റെയെല്ലാം പിന്നില്‍ ഒരു അദൃശ്യമായ നിയന്ത്രണം നടക്കുന്നുവെന്നു സ്പഷ്ടമാണ്. അതു അല്ലാഹുവിന്റേതല്ലാതെ മറ്റാരുടേതുമല്ല. അതാണ് ഈ വചനത്തിലെ ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം സൂ: അന്‍ആം 165; സുഖ്റുഫ്:32 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചു കാണാം.
മേല്‍ പ്രസ്താവിച്ച പ്രകാരം ഐഹിക സുഖസൗകര്യങ്ങളില്‍ ചിലര്‍ ചിലരെക്കാള്‍ കവിഞ്ഞവരും, കുറഞ്ഞവരുമായിരിക്കും, എന്നാല്‍, പരലോകത്തില്‍ ഈ ഏറ്റക്കുറവു ഏറ്റവും അധികം വമ്പിച്ചതോതിലായിരിക്കും ഉണ്ടായിരിക്കുക എന്നത്രെ രണ്ടാമത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സജ്ജനങ്ങള്‍ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍ നിത്യാനന്ദരായിരിക്കും. ദുര്‍ജ്ജനങ്ങള്‍ നരകീയ കഠിനശിക്ഷകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. ഇരുവിഭാഗക്കാരിലുമുള്ള വ്യക്തികളാകട്ടെ, ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ക്കനുസരിച്ച് പദവികളില്‍ വ്യത്യസ്തരുമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “അല്ലാഹുവിന്റെ സദ്-വൃത്തരായ അടിയാന്‍മാര്‍ക്കു ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരാളുടെ മനസ്സിലും തോന്നിയിട്ടില്ലാത്തതും (ആയ അനുഗ്രഹങ്ങള്‍) അവന്‍ ഒരുക്കിവെച്ചിരിക്കുന്നു.” (ബു.മു). മറ്റൊരു ഹദീഥില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “ഉന്നതപദവിക്കാരായ ആളുകള്‍ ‘ഇല്ലിയീനി’ല്‍ വസിക്കുന്നവരെ കാണുന്നതു നിങ്ങള്‍ ആകാശത്തിലെ വിദൂര നക്ഷത്രങ്ങളെ കാണുന്നതു പോലെയായിരിക്കും.” (ബു. മു). സ്വര്‍ഗ്ഗവാസികളായ സജ്ജനങ്ങളില്‍ തന്നെയുള്ള പദവി വ്യത്യാസമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെ, നരകവാസികള്‍ക്കിടയിലും ശിക്ഷാനുഭവങ്ങളില്‍ വമ്പിച്ച വ്യത്യാസങ്ങളുണ്ടായിരിക്കും.
പരലോകത്തെ ലക്‌ഷ്യംവെച്ചുകൊണ്ട് സത്യവിശ്വാസത്തോടുകൂടി പരലോക നന്മക്കുവേണ്ടി പരിശ്രമിക്കുകയാണു വിജയത്തിനുള്ള മാര്‍ഗ്ഗമെന്നു മുന്‍വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ആ മാര്‍ഗ്ഗം ഏതാണെന്നുള്ളതിനു ഒരു വിശദീകരണമാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങള്‍. സ്വാഭാവികമായും ഏകദൈവ വിശ്വാസമാണു എല്ലാറ്റിന്റെയും അടിത്തറയെന്നു പറയേണ്ടതില്ല. അല്ലാഹു പറയുന്നു:-
17:22
لَّا تَجْعَلْ നീ ആക്ക (ഉണ്ടാക്ക – ഏര്‍പ്പെടുത്ത) രുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ إِلَٰهًا آخَرَ വേറെ ആരാധ്യനെ فَتَقْعُدَ എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും مَذْمُومًا ആക്ഷേപിക്കപ്പെട്ടവനായി مَّخْذُولًا കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി.
لَّا تَجْعَلْ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا ﴾٢٢﴿
അല്ലാഹുവോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തരുത്; എന്നാല്‍ (അങ്ങിനെ ചെയ്‌താല്‍), നീ ആക്ഷേപിക്കപ്പെട്ടവനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും.
വിഭാഗം – 3
17:23
- ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴾٢٣﴿
- നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു ‘പ്ഫെ!’ (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
- وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള
17:24
- وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴾٢٤﴿
- കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: “റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!” എന്ന്.
- وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തു പോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍)
ഈ വചനങ്ങളിലും, തുടര്‍ന്നുള്ള ചില വചനങ്ങളിലും ‘നീ’ എന്നും ‘നിന്റെ’ എന്നും പോലെയുള്ള സംബോധനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സമുദായത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു പ്രസംഗവേളകളില്‍ സദസ്യരെ മുഴുവനും ഉന്നംവെച്ചുകൊണ്ട് ‘സഹോദരാ’ എന്നും മറ്റും ഏകവചന രൂപത്തില്‍ സംബോധനചെയ്യാറുണ്ടല്ലോ.
യാതൊരു വിട്ടുവീഴ്ചയും കൂടാതെ രണ്ടു കാര്യങ്ങള്‍ അല്ലാഹു തീരുമാനിച്ചുറപ്പിച്ചു വെച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് ആദ്യത്തെ രണ്ടു കല്‍പനകളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശേഷിച്ചൊന്നും വിവരിക്കേണ്ട ആവശ്യമില്ല.
(2). മാതാപിതാക്കളോടു നന്മചെയ്യണമെന്ന്. മനുഷ്യന്റെ ജന്മത്തിനു കാരണക്കാരും, അവന്‍ ജീവിക്കുവാന്‍ സ്വയംപര്യാപ്തനായിത്തീരുന്നതുവരെ കണക്കറ്റ കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് അവനെ പരിപാലിച്ചു വളര്‍ത്തിപോന്നവരും അവരാണല്ലോ. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ – അതോടുചേര്‍ത്തുകൊണ്ടു – മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍ നിന്നു അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. ഇവിടെ മാത്രമല്ല, വേറെ പല വചനങ്ങളിലും ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്‍മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. (അങ്കബൂത്ത് 8; ലുഖ്മാന്‍ 14; അഹ്ഖാഫ് 15 എന്നിവിടങ്ങളില്‍ നോക്കുക).
മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നുവിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നല്‍കിയ ആ വിവരണങ്ങള്‍ ഇവയാകുന്നു:-
(1). മാതാവോ, പിതാവോ, അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം പ്രാപിക്കുന്നപക്ഷം, മക്കള്‍ അവരോടു ‘പ്ഫെ! ച് ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ഒരു കടമതന്നെയാണ് ഇത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.
(2). അവരോടു കയര്‍ത്തു സംസാരിക്കുകയോ, പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.
(3). അതും പോരാ, അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും, മര്യാദയും, ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്. ഈ ‘മാന്യമായ വാക്കു’ (قَوْلًا كَرِيمًا) കൊണ്ടു എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്നു ജരീര്‍ (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: قَوْلُ الْعَبْدِ الْمُذْنِبِ لِلسَّيِّدِ الْفَظِّ (പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്). അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്‌വാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബ്ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, സൂറത്തു ലുഖ്മാനില്‍ അവരോടു ഇഹത്തില്‍ സദാചാരമനുസരിച്ചു – നല്ല നിലയില്‍ – സഹവസിക്കുകയും വേണം (وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا) എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.
(4). അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ടു അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍’ (خفض الجناح). ഒരുകാലത്തു സ്നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, ഇപ്പോള്‍ അവരോടങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ, അഭിനയമോ ആയിക്കൂടാ – അവരുടെ നേരെയുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു مِنَ الرَّحْمَةِ (കാരുണ്യം നിമിത്തം) എന്ന വാക്കു സൂചിപ്പിക്കുന്നത്.
(5). അവര്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ റബ്ബേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ത്ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചു തന്നിരിക്കുകയാണ്. ചെറുപ്പക്കാലത്തു എന്നെ വളര്‍ത്തിയുണ്ടാക്കുവാന്‍ അവര്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാടു വേണ്ടതുപോലെ നിര്‍വ്വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ! എന്നാണാ പ്രാര്‍ത്ഥനയുടെ താല്‍പര്യം.
മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ മറുപടി പറയുകയുണ്ടായി: ‘ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസഃ) നമസ്കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും. ഇവയാണു അവരുടെ മരണശേഷം അവരോടു ചെയ്യേണ്ടുന്ന പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്.’ (അ; ദാ; ജ). ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരിക്കല്‍ മക്കായിലെ ഒരു തെരുവീഥിയില്‍വെച്ചു ഒരു ‘അഅ്റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തു നിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും, തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്നുദീനാര്‍ (റ) പറയുകയാണ്: “ഈ അഅ്റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ” എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ഇയാളുടെ പിതാവു (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്. “പുണ്യത്തില്‍വെച്ചു വളരെ നല്ല ഒരു പുണ്യമാണു പിതാവു പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്.” (മു.).
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലും, അവരോടുള്ള കടപ്പാടുകളും സംബന്ധിച്ച് പല ക്വുര്‍ആന്‍ വചനങ്ങളും നിലവിലുള്ളതിനു പുറമെ, ധാരാളം ഹദീഥുകളും കാണാവുന്നതാകുന്നു. ഓര്‍മ്മക്കായി, ചുരുക്കം ചിലത് ഇവിടെ ഉദ്ധരിക്കാം.
1. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?” എന്ന് ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിച്ചു അവിടുന്ന് പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.” (ബു. മു).
2. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല.” (മു.).
3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു: “തന്റെ മാതാപിതാക്കളെ – ഒരാളെയോ രണ്ടാളെയും തന്നെയോ – (അവരുടെ) വാര്‍ദ്ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മു.).
4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹിബ്നുഅംറിബ്നില്‍ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോടു പങ്ക് ചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.” (ബു; മു.). പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടി കഴിഞ്ഞു പിരിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ. സൂ: ലുഖ്മാനിലെ ആയത്തില്‍ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് കാണാം.
സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോടു എത്രമാത്രം സൗമ്യത്തിലും മയത്തിലും പെരുമാറേണ്ടതുണ്ടെന്നുള്ളതു ഇതില്‍ നിന്നൊക്കെ നല്ലപോലെ മനസ്സിലാക്കാം. ധാര്‍മ്മിക മൂല്യങ്ങളും, മാനുഷിക ഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് – മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് – മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നും, അവര്‍ നിമിത്തമാണ് നാം ഈ ജീവിതക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഇടയായതെന്നും തുറന്നാക്ഷേപിക്കുവാന്‍ പോലും ചില മനുഷ്യരൂപികള്‍ ധൈര്യപ്പെടുന്ന ഈ കാലത്ത് – ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥിലും വിശ്വാസമുള്ള ഓരോ മുസ്‌ലിമും ഈ തുറയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, പക്ഷേ അനുഭവം വെച്ചുനോക്കുമ്പോള്‍, കുറെയൊക്കെ അറിവും പഠിപ്പുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും, അലംഭാവനയവും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളതു വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! അല്ലാഹുവില്‍ ശരണം! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു:
