വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ട പഠനക്യാമ്പയിൻ
പരീക്ഷയിൽ പങ്കെടുക്കാൻ ഇവിടെ സന്ദർശിക്കുകവെളിച്ചം എട്ടാം ഘട്ടത്തിലെ ആറാമത്തെ ക്യാമ്പയിനിലൂടെ നാം കടന്നുപോകുന്നത് പരിശുദ്ധ ഖുർആനിലെ സൂറത്ത് ഇസ്റാഇലെ 78 മുതൽ 93 വരെയുള്ള വചനങ്ങളിലൂടെയാണ്. ഒരു സത്യവിശ്വാസിയുടെ ദൈനംദിന ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം, ഖുർആൻ എങ്ങനെയാണ് മനസ്സുകൾക്ക് ശമനമാകുന്നത്, മനുഷ്യബുദ്ധിയുടെ പരിമിതികൾ എന്തൊക്കെയാണ്, ഖുർആന്റെ അമാനുഷികതയും അതിനെതിരെയുള്ള അഹങ്കാരികളുടെ മുട്ടുചോദ്യങ്ങളും എങ്ങനെയായിരുന്നു തുടങ്ങി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ഒട്ടേറെ വിഷയങ്ങളാണ് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.
ഈ വലിയ പഠനഭാഗത്തെ അഞ്ച് പ്രധാന അധ്യായങ്ങളായി തിരിച്ച് നമുക്ക് വിശകലനം ചെയ്യാം.
അധ്യായം 1: ദൈനംദിന ജീവിതവും പ്രാർത്ഥനയുടെ ശക്തിയും (വചനങ്ങൾ 78-81)
ഒരു സത്യവിശ്വാസിയുടെ ഒരു ദിവസം എങ്ങനെയായിരിക്കണം എന്ന് നിർവ്വചിക്കുന്ന അതിമനോഹരമായ വചനങ്ങളാണിത്.
അഞ്ച് നേരത്തെ നമസ്കാരങ്ങളും ഫജ്‌റിന്റെ പ്രത്യേകതയും
‘ദുലൂക്കുശ്ശംസ്’ (സൂര്യൻ ഉച്ചതിരിയുമ്പോൾ) മുതൽ ‘ഗസഖുല്ലൈൽ’ (രാത്രി ഇരുട്ടുന്നത്) വരെയുള്ള സമയത്ത് ളുഹ്ർ, അസ്ർ, മഗ്‌രിബ്, ഇശാ എന്നീ നാല് നമസ്കാരങ്ങൾ നിലനിർത്താൻ അല്ലാഹു കൽപ്പിക്കുന്നു. മീറ്റിംഗുകൾക്കും യാത്രകൾക്കും അലാറം വെക്കുന്ന നാം, സ്രഷ്ടാവിന്റെ മുന്നിൽ നിൽക്കാനുള്ള ഈ സമയങ്ങളെ എത്രത്തോളം ഗൗരവമായി കാണുന്നുണ്ട് എന്ന് ചിന്തിക്കണം. വെറുതെ റുകൂഉം സുജൂദും ചെയ്യലല്ല, കൃത്യസമയത്ത് ഹൃദയസാന്നിധ്യത്തോടെ അത് നിർവ്വഹിക്കലാണ് നമസ്കാരം നിലനിർത്തൽ (തഫ്സീർ സഅ്ദി).
തുടർന്ന് സ്വുബ്ഹ് നമസ്കാരത്തെ അല്ലാഹു പ്രത്യേകം ‘ഖുർആനൽ ഫജ്ർ’ എന്ന് വിളിക്കുന്നു. കാരണം, സ്വുബ്ഹ് നമസ്കാരത്തിൽ ഖുർആൻ കൂടുതൽ ദൈർഘ്യത്തിൽ പാരായണം ചെയ്യുന്നതാണ് നബി(സ)യുടെ ചര്യ. ആ സമയത്തെ പാരായണത്തിന് രാത്രിയിലെയും പകലിലെയും മലക്കുകളുടെ വലിയൊരു സംഘം സാക്ഷ്യം വഹിക്കുന്നു (മശ്ഹൂദ).
പിശാചിന്റെ മൂന്ന് കെട്ടുകളും ആധുനിക കാലത്തെ അലസതയും:
ഉറങ്ങുന്ന മനുഷ്യന്റെ തലയ്ക്ക് പിന്നിൽ പിശാച് മൂന്ന് കെട്ടുകളിടുമെന്നും, “നിനക്ക് ഇനിയും നീണ്ട രാത്രിയുണ്ട്, സുഖമായി ഉറങ്ങിക്കോളൂ” എന്ന് മന്ത്രിക്കുമെന്നും തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഫജ്ർ സമയത്ത് ഉണർന്ന് അല്ലാഹുവിനെ സ്മരിക്കുമ്പോൾ ഒന്നാമത്തെ കെട്ടഴിയും, വുദു എടുക്കുമ്പോൾ രണ്ടാമത്തെ കെട്ടഴിയും, നമസ്കരിക്കുന്നതോടെ മൂന്നാമത്തെ കെട്ടും അഴിഞ്ഞ് അവൻ ഉന്മേഷവാനാകും. എന്നാൽ നേരം പുലരും വരെ ഉറങ്ങിക്കിടക്കുന്നവനെക്കുറിച്ച് നബി(സ) പറഞ്ഞത്, “അവന്റെ ചെവികളിൽ പിശാച് മൂത്രമൊഴിച്ചിരിക്കുന്നു” എന്നാണ്.
പ്രിയപ്പെട്ടവരേ, ഇതൊരു ആലങ്കാരിക പ്രയോഗമാണ്. ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളുമായി ഇതിനെ ഒന്ന് ചേർത്തു വായിച്ചു നോക്കൂ. പാതിരാത്രി വരെ മൊബൈൽ ഫോണുകളിൽ അനാവശ്യങ്ങളും അശുദ്ധവുമായ കാര്യങ്ങൾ കണ്ടും കേട്ടും സമയം കളയുമ്പോൾ, യഥാർത്ഥത്തിൽ പിശാച് നമ്മുടെ കാതുകളിലും മനസ്സിലും മാലിന്യം നിറയ്ക്കുകയാണ്. പ്രഭാതത്തിലെ ബാങ്കുവിളി കേൾക്കാൻ കഴിയാത്ത വിധം അവൻ നമ്മുടെ കാതുകളെ അടച്ചുകളയുന്നു. അശുദ്ധിയോടെ, പിശാചിന്റെ ആ മൂന്ന് കെട്ടുകളുമായി എഴുന്നേൽക്കുന്നതാണ് ഇന്നത്തെ പലരുടെയും അകാരണമായ ക്ഷീണത്തിനും, ഉന്മേഷക്കുറവിനും, ഡിപ്രഷനും യഥാർത്ഥ കാരണം! ഫജ്ർ നഷ്ടപ്പെടുത്തുന്നവന് ആ ദിവസത്തെ മുഴുവൻ അനുഗ്രഹങ്ങളും (ബറകത്തും) സമാധാനവുമാണ് നഷ്ടമാകുന്നത്.
തഹജ്ജുദും മഖാമുൻ മഹ്മൂദും
രാത്രിയിൽ ഉണർന്ന് ഐച്ഛികമായി നിർവ്വഹിക്കുന്ന തഹജ്ജുദ് നമസ്കാരത്തിലൂടെ അല്ലാഹു വാഗ്ദാനം ചെയ്യുന്ന പദവിയാണ് ‘മഖാമുൻ മഹ്മൂദ്’ (സ്തുതിക്കപ്പെടുന്ന സ്ഥാനം). ഖിയാമത്ത് നാളിൽ സകല മനുഷ്യരും വിചാരണ തുടങ്ങാൻ വേണ്ടി പ്രവാചകന്മാരെ സമീപിക്കുമ്പോൾ എല്ലാവരും കൈയൊഴിയും. അന്ന് തിരുനബി(സ) സുജൂദിൽ വീണ് അല്ലാഹുവിനോട് ശുപാർശ ചെയ്യുകയും വിചാരണ ആരംഭിക്കുകയും ചെയ്യും. ഈ മഹത്തായ ശുപാർശക്കാണ് (അശ്ശാഫാഅത്തുൽ കുബ്റാ) മഖാമുൻ മഹ്മൂദ് എന്ന് പറയുന്നത്.
ഹിജ്റയിലെ പ്രാർത്ഥനയും സത്യത്തിന്റെ വിജയവും
“رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا”
“എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാട് പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കൽനിന്നു എനിക്ക് സഹായകമായ ഒരു ശക്തിയും നീ ഏർപ്പെടുത്തിത്തരേണമേ!” എന്ന ഈ പ്രാർത്ഥന നബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുമ്പോഴാണ് അവതരിച്ചത്. നമ്മുടെ ജീവിതത്തിലെ പുതിയ ജോലികൾ, പുതിയ വീട്, പുതിയ സംരംഭങ്ങൾ തുടങ്ങിയ എല്ലാ തുടക്കങ്ങളിലും ഈ പ്രാർത്ഥന നാം ചൊല്ലണം.
ഈ പ്രാർത്ഥനയുടെ ഫലമായി എന്ത് സംഭവിച്ചു? വർഷങ്ങൾക്ക് ശേഷം പതിനായിരം സ്വഹാബാക്കളോടൊപ്പം ഒരു പോറൽ പോലുമേൽക്കാതെ തിരുനബി(സ) മക്കയിലേക്ക് തിരികെ പ്രവേശിച്ചു. കഅ്ബയിലെ 360 വിഗ്രഹങ്ങളെ വടികൊണ്ട് കുത്തിത്താഴെയിട്ടുകൊണ്ട് പ്രവാചകൻ പ്രഖ്യാപിച്ചു: “സത്യം വന്നു; അസത്യം നാമാവശേഷമായി.”
അധ്യായം 2: ഖുർആൻ: ശമനവും കാരുണ്യവും, പിന്നെ മനുഷ്യന്റെ കാപട്യവും (വചനങ്ങൾ 82-84)
മനുഷ്യന്റെ ആത്മീയവും മാനസികവുമായ അവസ്ഥകളെ ഖുർആൻ എത്ര കൃത്യമായാണ് കൈകാര്യം ചെയ്യുന്നത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സുപ്രധാന വചനങ്ങളാണിവ.
ഖുർആൻ എന്ന കണ്ണാടി
സത്യവിശ്വാസികൾക്ക് ഖുർആൻ വലിയൊരു ‘ശിഫാഅ്’ (ശമനം) ആണ്. മാനസിക സമ്മർദ്ദങ്ങൾ തളർത്തുമ്പോൾ ഖുർആനിലെ ഒരൊറ്റ ആയത്ത് മതി ശാന്തി ലഭിക്കാൻ. എന്നാൽ, അക്രമികൾക്ക് അത് നഷ്ടപ്പാട് മാത്രമേ വർദ്ധിപ്പിക്കൂ. കാരണം, അവർ ഇതിനെ സമീപിക്കുന്നത് മുൻവിധികളോടെയാണ് (with prejudice).
ഒരു ഉദാഹരണം: ‘ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്നു’ എന്ന മുൻവിധിയോടെ ഖുർആൻ വായിക്കുന്ന ഒരാൾക്ക് പർദ്ദയും അനന്തരാവകാശത്തിലെ നിയമങ്ങളും കാണുമ്പോൾ അത് സ്വാതന്ത്ര്യ നിഷേധമായേ തോന്നൂ. എന്നാൽ, മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ വായിക്കുന്ന ഒരാളോ? പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന 1400 വർഷങ്ങൾക്ക് മുമ്പുള്ള സമൂഹത്തിൽ, അവൾക്ക് സ്വത്തവകാശവും വിവാഹമോചന അവകാശവും നൽകിയതിന് പുറമെ, കുടുംബത്തിന്റെ യാതൊരു സാമ്പത്തിക ഭാരവും ഏൽക്കാതെ തന്നെ സ്വന്തമായി സമ്പാദിക്കാനുള്ള അവകാശവും, സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും നൽകി അവളെ ആദരിച്ച ഗ്രന്ഥമാണിതെന്ന് തിരിച്ചറിഞ്ഞ് അയാളുടെ കണ്ണ് നിറയും. ഖുർആൻ ഒരു കണ്ണാടിയാണ്; നല്ല മനസ്സോടെ വരുന്നവന് കാരുണ്യം കാണാം, അഹങ്കാരത്തോടെ വരുന്നവന് അന്ധകാരമേ കാണാൻ കഴിയൂ.
അനുഗ്രഹങ്ങളിലും പരീക്ഷണങ്ങളിലുമുള്ള മനുഷ്യന്റെ സ്വഭാവം
അല്ലാഹു ആരോഗ്യവും സമ്പത്തും നൽകുമ്പോൾ മനുഷ്യൻ അവനെ പൂർണ്ണമായി മറന്ന് അഹങ്കാരത്തോടെ ഊരതിരിച്ച് നടക്കും. എന്നാൽ സാമ്പത്തിക തകർച്ചയോ അപകടമോ വരുമ്പോൾ അവൻ പൂർണ്ണമായും ‘യഊസ്’ (തീരെ ആശയറ്റവൻ/നിരാശൻ) ആയി മാറും. ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും ഇങ്ങനെയാകില്ല. അവൻ അനുഗ്രഹങ്ങളിൽ നന്ദി കാണിക്കും (ശുക്ർ), പരീക്ഷണങ്ങളിൽ ക്ഷമിക്കും (സബ്ർ).
അധ്യായം 3: ആത്മാവിന്റെ രഹസ്യവും അറിവിന്റെ പരിമിതിയും (വചനങ്ങൾ 85-87)
മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ചും, ആധുനിക ശാസ്ത്രത്തിന് ഇന്നും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഏറ്റവും വലിയ രഹസ്യത്തെക്കുറിച്ചും അല്ലാഹു സംസാരിക്കുന്നു.
എന്താണ് ‘റൂഹ്’ (ആത്മാവ്)?
മദീനയിലെ യഹൂദന്മാർ നബി(സ)യെ പരീക്ഷിക്കാൻ വേണ്ടി റൂഹിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ വചനം അവതരിച്ചത്. ഇവിടെ ‘റൂഹ്’ എന്നത് മനുഷ്യന്റെ ജീവാത്മാവിനെ കുറിക്കുന്നു.
ഈ ആധുനിക കാലത്ത് നാം ശാസ്ത്ര സാങ്കേതിക വിദ്യയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI), റോബോട്ടിക്സിൽ എല്ലാം വലിയ പുരോഗതി നേടി. ഹൃദയം മാറ്റിവെക്കാനും തലച്ചോർ സ്കാൻ ചെയ്യാനും മെഡിക്കൽ സയൻസിന് കഴിയും. എന്നാൽ, മരിച്ചുകിടക്കുന്ന ഒരു ശരീരത്തിൽ നിന്ന് എന്താണ് നഷ്ടപ്പെട്ടത് എന്ന് വിശദീകരിക്കാൻ അവർക്ക് കഴിയില്ല (Clinical Death). ഈ ജീവാത്മാവ് അല്ലാഹുവിന്റെ ഒരു കൽപ്പന മാത്രമാണ്! “നിങ്ങൾക്ക് അറിവിൽ നിന്നും അല്പമല്ലാതെ നൽകപ്പെട്ടിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് മനുഷ്യന്റെ അഹങ്കാരത്തെ അല്ലാഹു ചോദ്യം ചെയ്യുന്നു.
ഖുർആനിലെ ആന്തരിക വെളിച്ചവും അല്ലാഹുവിന്റെ കഴിവും
അല്ലാഹു വിചാരിച്ചാൽ ഖുർആനെ അവൻ കൊണ്ടുപോകും എന്ന് 86-ാമത്തെ വചനത്തിൽ പറയുന്നു. അല്ലാഹു സർവ്വശക്തനാണ്; ലോകാവസാനത്തോട് അടുക്കുമ്പോൾ പുസ്തകത്താളുകളിൽ നിന്നും ആളുകളുടെ മനസ്സുകളിൽ നിന്നും ഖുർആനിലെ അക്ഷരങ്ങൾ പൂർണ്ണമായും അവൻ എടുത്തുമാറ്റുക തന്നെ ചെയ്യും എന്ന് പ്രബലമായ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു. അഥവാ ഖുർആൻ പൂർണ്ണമായി തിരിച്ചെടുക്കാൻ അല്ലാഹുവിന് കഴിയും.
അതോടൊപ്പം തന്നെ ഇതിനൊരു മാനസികമായ അർത്ഥം കൂടിയുണ്ട്. ഖുർആനിലെ ആന്തരികമായ വെളിച്ചം (Inner light / ഹിദായത്ത്) അല്ലാഹു ഒരാളിൽ നിന്ന് എടുത്തുമാറ്റിയാൽ, പിന്നെ ആ വ്യക്തിക്ക് ഈ ഖുർആൻ ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ പോലെയുള്ള വെറുമൊരു സാഹിത്യ സൃഷ്ടിയായി ചുരുങ്ങിപ്പോകും! അല്ലാഹുവിന്റെ അപാരമായ കാരുണ്യം (റഹ്മത്ത്) ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നും തുറന്ന മനസ്സുള്ളവർക്ക് ഈ ഗ്രന്ഥത്തിൽ നിന്ന് ശരിയായ വെളിച്ചം കിട്ടുന്നത്.
അധ്യായം 4: ഖുർആന്റെ മഹാ വെല്ലുവിളിയും ഭൗതിക മോഹങ്ങളും (വചനങ്ങൾ 88-90)
ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന, ലോകാവസാനം വരെയുള്ള മനുഷ്യർക്കും ജിന്നുകൾക്കും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത് (തഹദ്ദി).
മനുഷ്യരും ജിന്നുകളും ഒന്നിച്ചാലും
സാഹിത്യത്തിൽ അഗ്രഗണ്യരായ ഖുറൈശികളോട് 10 സൂറത്ത്, പിന്നെ 1 സൂറത്ത് കൊണ്ടുവരാൻ അല്ലാഹു ആവശ്യപ്പെട്ടു, അവർ തോറ്റു. ഒടുവിൽ മനുഷ്യരും അവർക്ക് കാണാൻ കഴിയാത്ത ജിന്നുകളും ഒത്തുചേർന്നാലും ഖുർആൻ പോലൊന്ന് കൊണ്ടുവരാൻ കഴിയില്ല എന്ന് അല്ലാഹു പ്രഖ്യാപിച്ചു.
ഇന്നത്തെ ആധുനിക കാലത്തെ നിർമ്മിത ബുദ്ധി (AI), ചാറ്റ് ജി.പി.ടി (ChatGPT), സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവയൊക്കെ വിചാരിച്ചാൽ ഖുർആൻ പോലൊന്ന് ഉണ്ടാക്കാൻ കഴിയില്ലേ? ഒരിക്കലും കഴിയില്ല! ഖുർആന്റെ അമാനുഷികത എന്നത് കേവലം ഭാഷയിലല്ല. മനുഷ്യന്റെ ഹൃദയത്തെ സ്വാധീനിക്കുന്ന രീതി, ശാസ്ത്രീയ സത്യങ്ങൾ, ഭാവിയെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ, മനുഷ്യന്റെ മനഃശാസ്ത്രം, നിയമനിർമ്മാണങ്ങളിലെ സൂക്ഷ്മത എന്നിവ ലോകത്തെ ഒരു കമ്പ്യൂട്ടറിനും കൊണ്ടുവരാൻ കഴിയില്ല. ഒരു അക്ഷരത്തെറ്റില്ലാത്ത ഈ വെല്ലുവിളി 1400 വർഷമായി നിലനിൽക്കുന്നു.
അരുവി പൊട്ടിയൊഴുക്കാനുള്ള ആവശ്യം
ഖുർആനിലെ ബൗദ്ധിക വെല്ലുവിളികൾക്ക് മുന്നിൽ തോറ്റപ്പോൾ ഖുറൈശികൾ മുട്ടുചോദ്യങ്ങൾ ഉന്നയിച്ചു. മക്കയിലെ വരണ്ട ഭൂമിയിൽ ഒരു വലിയ അരുവി പൊട്ടിയൊഴുക്കി കാണിച്ചുതന്നാലേ വിശ്വസിക്കൂ എന്ന് അവർ വാദിച്ചു. സത്യത്തിൽ അവർക്ക് ഭൗതിക ലാഭവും കൃഷിയുമായിരുന്നു ലക്ഷ്യം. വിരലുകൾക്കിടയിൽ നിന്ന് വെള്ളം വന്നതും, ചന്ദ്രൻ പിളർന്നതും കണ്ടപ്പോൾ ‘മായാജാലം (സിഹ്ർ)’ എന്ന് പറഞ്ഞവരാണവർ. അത്ഭുതങ്ങൾ കണ്ടല്ല, ഹൃദയം കൊണ്ട് ബോധ്യപ്പെട്ടാണ് വിശ്വസിക്കേണ്ടത്.
അധ്യായം 5: അഹങ്കാരികളുടെ മുട്ടുചോദ്യങ്ങളും പ്രവാചകന്റെ വിനയവും (വചനങ്ങൾ 91-93)
മുശ്‌രിക്കുകളുടെ ഭൗതികമായ ആവശ്യങ്ങൾ കൂടുതൽ വിചിത്രമാവുകയാണ്. അവർ പറയുന്ന ഡിമാൻഡുകൾ നോക്കൂ:
- ഈത്തപ്പനകളും മുന്തിരിവള്ളികളും ഇടതൂർന്ന് നിൽക്കുന്ന, നദികൾ ഒഴുകുന്ന വലിയൊരു തോട്ടം ഉണ്ടാകണം.
- ഞങ്ങളുടെ മേൽ ആകാശം കഷ്ണങ്ങളായി പൊട്ടിവീഴണം.
- അല്ലാഹുവിനെയും മലക്കുകളെയും നേരിട്ട് ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് നിർത്തണം!
- തങ്കം (സൂഖ്റുഫ്) കൊണ്ടുള്ള ഒരു വീടുണ്ടായിരിക്കണം.
- ഞങ്ങളുടെ മുന്നിലൂടെ ആകാശത്തേക്ക് കയറിപ്പോകുകയും, അവിടെ നിന്ന് ഞങ്ങൾക്ക് വായിക്കാവുന്ന ഒരു പുസ്തകം ഇറക്കിക്കൊണ്ടുവരികയും വേണം.
പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ മറുപടി
ഇത്രയും പരിഹാസങ്ങൾക്കും പ്രകോപനങ്ങൾക്കും മുൻപിൽ അല്ലാഹു പഠിപ്പിച്ച മറുപടി മനുഷ്യ ചിന്തകളെ മാറ്റിമറിക്കുന്നതാണ്: “എന്റെ റബ്ബ് മഹാ പരിശുദ്ധൻ! ഞാൻ ഒരു റസൂലായ മനുഷ്യനല്ലാതെ മറ്റുവല്ലവനുമാണോ?!”
അമാനുഷിക സംഭവങ്ങൾ കാണിക്കാൻ ഞാൻ ദിവ്യപുരുഷനല്ല, അത് അല്ലാഹുവിന്റെ മാത്രം അധികാരമാണ്. എനിക്ക് വിശക്കും, ദാഹിക്കും, സങ്കടങ്ങൾ വരും; ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യൻ (ബഷർ) മാത്രമാണ്. എന്റെ പ്രത്യേകത അല്ലാഹു എന്നെ ദൂതനായി തിരഞ്ഞെടുത്തു എന്നത് മാത്രമാണ്.
സമകാലിക പ്രസക്തി: റബീഉൽ അവ്വൽ മാസം കടന്നുവരുമ്പോൾ ഈ വചനത്തിന് വലിയ പ്രസക്തിയുണ്ട്. നബിദിനത്തിന്റെയും മാല-മൗലൂദുകളുടെയും പേരിൽ പ്രവാചകനെ പുകഴ്ത്തി അവസാനം അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ദിവ്യത്വവും അദൃശ്യജ്ഞാനവും കഴിവുകളും അദ്ദേഹത്തിന് വകവെച്ചുകൊടുക്കുന്ന പണ്ഡിതവേഷധാരികളെ നമുക്കിന്ന് കാണാം. പ്രവാചകൻ എത്ര ഉന്നതനായാലും അദ്ദേഹം മനുഷ്യനാണ്, സ്രഷ്ടാവല്ല! അതിരുകവിഞ്ഞ് പുകഴ്ത്തിയല്ല വിശ്വസിക്കേണ്ടത്, മറിച്ച് ഖുർആന്റെ ബൗദ്ധിക വെളിച്ചം ഉൾക്കൊണ്ടാണ്.
