വെളിച്ചം റമദാൻ 2024 –ഡേ- 09 (മാർച്ച് 20)

സൂറത്തുദ്ദുഖാന്‍ : 01-16



  • വെളിച്ചം റമദാന്‍ ഡേ-09 – സൂറത്തുദ്ദുഖാന്‍ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 16 വരെ
    • വിശദീകരണം : ബഹു. ഇഖ്ബാൽ സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ദമാം


പരായണം

വിശദീകരണം


സൂറത്തുദ്ദുഖാന്‍ : 01-16

ദുഖാൻ (പുക)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 59 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

44:1

  • حمٓ ﴾١﴿
  • ‘ഹാ-മീം.’
  • حمٓ ‘ഹാമീം’

44:2

  • وَٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ (സത്യം)!
  • وَالْكِتَابِ ഗ്രന്ഥംതന്നെ الْمُبِينِ സ്പഷ്ടമായ

44:3

  • إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴾٣﴿
  • നിശ്ചയമായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പു നല്‍കുന്നവരാകുന്നു.
  • إِنَّا أَنزَلْنَاهُ നിശ്ചയമായും നാം അതു അവതരിപ്പിച്ചു فِي لَيْلَةٍ ഒരു രാത്രിയില്‍ مُّبَارَكَةٍ അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവര്‍

44:4

  • فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴾٤﴿
  • യുക്തിമത്തായ എല്ലാ കാര്യവും അതില്‍ [ആ രാത്രിയില്‍] വേര്‍തിരി(ച്ചു വിവരി)ക്കപ്പെടുന്നു;
  • فِيهَا അതില്‍ يُفْرَقُ വേര്‍തിരിക്കപ്പെടുന്നു, വിവേചിക്കപ്പെടും كُلُّ أَمْرٍ എല്ലാ കാര്യവും حَكِيمٍ യുക്തിമത്തായ, തത്വപൂര്‍ണ്ണമായ, ബലവത്തായ

44:5

  • أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ ﴾٥﴿
  • -നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്. (കാരണം:) നാം ദൗത്യം നല്‍കുന്ന [റസൂലുകളെ അയക്കുന്ന]വരാകുന്നു;
  • أَمْرًا കല്‍പനയായിട്ടു, കാര്യമെന്നനിലക്കു مِّنْ عِندِنَا നമ്മുടെ പക്കലുള്ള إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُرْسِلِينَ അയക്കുന്നവര്‍, ദൗത്യം നല്‍കുന്നവര്‍

44:6

  • رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦﴿
  • നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള കാരുണ്യമായിക്കൊണ്ട്. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും.
  • رَحْمَةً കാരുണ്യമായിട്ടു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നുള്ള إِنَّهُ هُوَ അവന്‍തന്നെയാണ് السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍

44:7

  • رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴾٧﴿
  • അതായതു, ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രക്ഷിതാവിന്റെ (കാരുണ്യം); – നിങ്ങള്‍ ദൃഢവിശ്വാസികളാണെങ്കില്‍.
  • رَبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ റബ്ബിന്റെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ദൃഢ (ഉറച്ച) വിശ്വാസികള്‍

44:8

  • لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴾٨﴿
  • അവനല്ലാതെ ആരാധ്യനേയില്ല; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവന്‍).
  • لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ

വാചകഘടനയില്‍ പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്ന ഈ വചനങ്ങളില്‍ പല വിഷയങ്ങളും അല്ലാഹു ഉണര്‍ത്തുന്നു. വക്രതയും കെട്ടിപ്പിണവും കൂടാതെ വിഷയങ്ങള്‍ സ്പഷ്ടമായി വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് ആ ഗ്രന്ഥം ഒരു അനുഗ്രഹീതരാത്രിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും, ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്നതും, അവര്‍ക്കു നേരിടുവാനിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയാണ് അതിന്റെ അവതരണോദ്ദേശ്യമെന്നും 2ഉം 3ഉം വചനങ്ങളില്‍ പ്രസ്താവിക്കുന്നു.

‘അനുഗ്രഹീതമായ ഒരു രാത്രി’ (لَيْلَة مُّبَارَكَة) കൊണ്ടു വിവക്ഷ ‘റമസാന്‍ മാസത്തില്‍ ലൈലത്തുല്‍ – ഖദ്ര്‍’ (لَيْلَةُ الْقَدْرِ) എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമത്രെ. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതു റമസാന്‍ മാസത്തില്‍ ആണെന്ന് (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ) സൂറത്തുല്‍ ബഖറഃയിലും, അതിനെ ലൈലത്തുല്‍ ഖദ്റില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് (إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ) സൂറത്തുല്‍ ഖദ്റിലും പ്രസ്താവിച്ചിരിക്കുന്നു. ശഅ്ബാന്‍ മാസത്തിലെ പതിനഞ്ചാം രാത്രിയാണ് ഉദ്ദേശ്യമെന്നു ചിലര്‍ പറയാറുള്ളതു ശരിയല്ലെന്നു പ്രധാനപ്പെട്ട മുഫസ്സിറുകളെല്ലാം ചൂണ്ടിക്കാട്ടുന്നതു ഇതുകൊണ്ടാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രവാചകത്വം ലഭിച്ചതുമുതല്‍ 23 കൊല്ലക്കാലം കൊണ്ടായിരുന്നു ഖുര്‍ആന്റെ അവതാരണം പൂര്‍ത്തിയായതെന്ന വസ്തുത പ്രസിദ്ധമാണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നുംകൂടാതെ, സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരുന്നു അത്. എന്നിരിക്കെ, ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്താണ്? ഈ വിഷയത്തില്‍ രണ്ടു അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്.

1). അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രന്ഥത്തി (أُمِّ الْكِتَاب) ല്‍ നിന്ന് – അഥവാ ‘ലൗഹുല്‍ മഹ്ഫൂള്വി’ (اللوح المحفوظ) ല്‍ നിന്ന് – ഖുര്‍ആന്റെ മുഴുവന്‍ ഭാഗവും അടുത്ത ആകാശലോകത്തേക്കു ആ രാത്രിയില്‍ അവതരിപ്പിച്ചു; പിന്നീടു ആവശ്യാനുസരണം കുറേശ്ശെയായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവിടെനിന്നു അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (رضي الله عنهما) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫസ്സിറുകളില്‍ അധികമാളുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അബ്ബാസ് (رضي الله عنهما) ല്‍ നിന്നു ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനീ (رَحِمَهُمُ الله) മുതലായ പല മഹാന്‍മാരും ഇതു നിവേദനം ചെയ്തിട്ടുണ്ട്. (كما في الاتقان) ഇതാണ് ശരിയും സ്വീകാര്യവുമായ അഭിപ്രായമെന്നു ഇമാം അസ്ഖലാനീ (رحمه الله) പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു.

2). ഖുര്‍ആന്‍റെ അവതാരണം ആരംഭിച്ചതു പ്രസ്തുത രാത്രിയിലാകുന്നുവെന്നാണ് ഇമാം ശുഅ്ബീ (رحمه الله) മുതലായവരുടെ വ്യാഖ്യാനം. പല മുഫസ്സിറുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. الله أعلم

പക്ഷേ, ഹിറാഗുഹയില്‍വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഒന്നാമതായി ഖുര്‍ആന്‍ അവതരിച്ചതു ഏതു ദിവസത്തിലായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാന്‍ മതിയായ തെളിവുകളില്ല. റമസാന്‍ പതിനേഴായിരുന്നുവെന്നാണ് സൂക്ഷ്മാന്വേഷികളായ ചില പണ്ഡിതന്‍മാര്‍ പറയുന്നത്. അതല്ല, റമസാന്റെ ഒടുവിലത്തെ പത്തില്‍ ഒരു രാത്രിയായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം. ഇതിനെപ്പറ്റി സൂറത്തുല്‍ ഖദ്റില്‍ വെച്ചു കുറെകൂടി വിവരം പ്രതീക്ഷിക്കാവുന്നതാണ്. إِن شَاءَ اللَّـهُ. ഏതായാലും, ആ രാത്രിയെപ്പറ്റി ‘അനുഗ്രഹീതമായതു -അഥവാ ആശീര്‍വ്വദിക്കപ്പെട്ടതു’ (مُّبَارَكَة) എന്നു വിശേഷിപ്പിച്ചതില്‍ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. (فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ) ഇതാണത്.

كُلُّ أَمْرٍ حَكِيمٍ എന്ന വാക്കിന് ‘യുക്തമായ എല്ലാ കാര്യങ്ങളും’ എന്നും ‘ബലവത്തായ എല്ലാ കാര്യങ്ങളും’ എന്നും ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ‘നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്’ (أَمْرًا مِّنْ عِندِنَا) എന്നു പറഞ്ഞിരിക്കകൊണ്ട് രണ്ടാമത്തെ അര്‍ത്ഥത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാകയാല്‍ മാറ്റത്തിരുത്തങ്ങള്‍ക്കോ, ഏതെങ്കിലും ന്യൂനതകള്‍ക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങള്‍ ആ രാത്രിയില്‍ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്നു ഈ വാക്കു സൂചിപ്പിക്കുന്നു. എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ‘ലൗഹുല്‍ മഹ്ഫൂള്വി’ല്‍ നിന്നു അതതു കൊല്ലങ്ങളില്‍ ലോകത്തു നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്കു ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്നാണ് 4-ാം വചനത്തിന്റെ വ്യാഖ്യാനമായി പ്രധാന മുഫസ്സിറുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ളത്. ഇബ്നു ഉമര്‍ (رضي الله عنهما), മുജാഹിദ് (رحمه الله), അബൂമാലിക് (رحمه الله), ള്വഹ്-ഹാക് (رحمه الله) തുടങ്ങിയവര്‍ പ്രസ്താവിക്കുന്നതും അതു തന്നെയാകുന്നു. ‘ലൈലത്തുല്‍ ഖദ്ര്‍’ കൊല്ലംതോറും ആവര്‍ത്തിക്കപ്പെടുന്ന ഒരു വിശേഷരാത്രിയാണെന്ന അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം എന്നു സ്പഷ്ടമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയ ആ ഒരേ ഒരു രാത്രിക്കാണ് ‘ലൈലത്തുല്‍ ഖദ്ര്‍’ എന്നു പറയുന്നതെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം. ഖുര്‍ആന്റെ അവതാരണംമുഖേന, സത്യാസത്യ വിവേചനവും, ലോകര്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനവും നല്‍കുവാന്‍ ആരംഭിച്ചതിനെയാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നതു എന്നുമാണ് ഈ അഭിപ്രായക്കാര്‍ പറയുന്നത്.

ലൈലത്തുല്‍ ഖദ്റില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നു പറഞ്ഞതു ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയതിനെ ഉദ്ദേശിച്ചാണെന്നുവെച്ചാല്‍പോലും ലൈലത്തുല്‍ ഖദ്ര്‍ കൊല്ലംതോറും ആവര്‍ത്തിക്കുമെന്നുള്ളതിന് അതു വിരുദ്ധമാകുന്നില്ല. ‘പ്രബലവും പ്രസിദ്ധവുമായ പല ഹദീസുകള്‍ മുഖേനയും സ്ഥാപിതമായിട്ടുള്ളതുമാണത്. ഖുര്‍ആന്റെ വാചകങ്ങള്‍ ഇതിനു ബലം കൂട്ടുകയും ചെയ്യന്നു. ഖുര്‍ആന്റെ അവതരണത്തെപ്പറ്റി ‘നാം അതിനെ അവതരിപ്പിച്ചു’ (إِنَّا أَنزَلْنَاهُ) എന്നു ഭൂതകാലരൂപത്തിലാണു ഇവിടെയും സൂ: ഖദ്റിലും അല്ലാഹു പറഞ്ഞിരിക്കുന്നത്. അവതിരിപ്പിച്ചുവെന്നു പറഞ്ഞതു ലൗഹുല്‍ മഹ്ഫൂള്വില്‍നിന്നു ആകാശത്തിലേക്കു അവതരിപ്പിച്ചതിനെ ഉദ്ദേശിച്ചാകട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിച്ചുകൊടുക്കുവാന്‍ തുടങ്ങിയതിനെ ഉദ്ദേശിച്ചാകട്ടെ, – രണ്ടായാലും ശരി – കഴിഞ്ഞുപോയ ഒരു സംഭവത്തെപ്പറ്റിയാണതു പറഞ്ഞതെന്നു വ്യക്തം. അതേസമയത്തു, പ്രസ്തുത രാത്രിയെപ്പറ്റി പറഞ്ഞപ്പോള്‍ ‘അതില്‍ വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു’ (فِيهَا يُفْرَقُ) എന്നു ഇവിടെയും, ‘ആ രാത്രിയില്‍ മലക്കുകള്‍ ഇറങ്ങു’മെന്നും മറ്റും (تَنَزَّلُ الْمَلَائِكَةُ) സൂറത്തുല്‍ ഖദ്റിലും പ്രസ്താവിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇതു പോലെയുള്ള ക്രിയാരൂപങ്ങള്‍ വര്‍ത്തമാനകാലത്തെയോ ഭാവികാലത്തെയോ ആണ് കുറിക്കുന്നതെന്നു പറയേണ്ടതില്ല. അപ്പോള്‍, മലക്കുകളുടെ വരവും, കാര്യങ്ങളെ വേര്‍തിരിക്കലും ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞുവെന്നല്ല – ഉണ്ടായിക്കൊണ്ടിരിക്കും എന്നത്രെ – ഈ വാക്കുകള്‍ നേര്‍ക്കുനേരെ കാട്ടിത്തരുന്നത്. ഹദീസുകളിലാണെങ്കില്‍ ഈ സംഗതി തുറന്ന ഭാഷയില്‍ വ്യക്തമായിത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. കൂടുതല്‍ വിവരം സൂറത്തുല്‍ ഖദ്റിന്റെ വ്യാഖ്യാനത്തില്‍ വരുന്നതാണ്. إِنْ شَاءَ اللَّهُ

ലോകരുടെ എല്ലാ സ്ഥിതിഗതികളും, ആവശ്യങ്ങളും കണ്ടറിയുന്നവനാണ്‌ അല്ലാഹു. അവന്റെ കാരുണ്യം നിമിത്തമാണ് അവന്‍ ഖുര്‍ആന്‍ മുതലായ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചും, പ്രവാചകന്‍മാരെ അയച്ചും ജനങ്ങള്‍ക്കു സന്ദേശങ്ങള്‍ എത്തിക്കുന്നത്. അവനാണ് സര്‍വ്വലോകനിയന്താവും, ആരാധനക്കര്‍ഹനും എന്നൊക്കെയാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം.

44:9

  • بَلْ هُمْ فِى شَكٍّ يَلْعَبُونَ ﴾٩﴿
  • എങ്കിലും, അവര്‍ [അവിശ്വാസികള്‍] സംശയത്തില്‍ (പെട്ട്) കളിച്ചു കൊണ്ടിരിക്കുകയാണ്.
  • بَلْ هُمْ എങ്കിലും (പക്ഷേ) അവര്‍ فِي شَكٍّ സംശയത്തില്‍ يَلْعَبُونَ കളിക്കുകയാണ്, വിളയാടുന്നു

44:10

  • فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ ﴾١٠﴿
  • അതിനാല്‍, ആകാശം സ്പഷ്ടമായ ഒരു (തരം) പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീക്ഷിക്കുക ; –
  • فَارْتَقِبْ അതിനാല്‍ നീ പ്രതീക്ഷിക്കുക يَوْمَ تَأْتِي വരുന്ന ദിവസം السَّمَاءُ ആകാശം بِدُخَانٍ ഒരു പുകയുംകൊണ്ടു مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

44:11

  • يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ ﴾١١﴿
  • അതു മനുഷ്യരെ മൂടുന്നതാണ്. ഇതു വേദനയേറിയ ഒരു ശിക്ഷയായിരിക്കും.
  • يَغْشَى النَّاسَ അതു മനുഷ്യരെ മൂടും هَـٰذَا ഇതു عَذَابٌ أَلِيمٌ വേദനയേറിയ ഒരു ശിക്ഷയാണ്

44:12

  • رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ﴾١٢﴿
  • (അവര്‍ പറയും:) ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു ശിക്ഷ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും, ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്’.
  • رَّبَّنَا ഞങ്ങളുടെ റബ്ബേ اكْشِفْ عَنَّا ഞങ്ങളില്‍നിന്നു ഒഴിവാക്കി (തുറവിയാക്കി)ത്തരണേ الْعَذَابَ ശിക്ഷയെ إِنَّا مُؤْمِنُونَ നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്

44:13

  • أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ ﴾١٣﴿
  • എവിടെനിന്നാണ് അവര്‍ക്ക് ഉപദേശം (ഫലപ്രദമാകുന്നതു)? അവരുടെ അടുക്കല്‍ സ്പഷ്ടമായ ഒരു റസൂല്‍ [ദൈവദൂതന്‍] ചെന്നിട്ടുണ്ടല്ലോ! –
  • أَنَّىٰ എങ്ങിനെ (എവിടെ നിന്നു) لَهُمُ അവര്‍ക്കു الذِّكْرَىٰ ഓര്‍മ്മ, ബോധം, ഉപദേശം وَقَدْ جَاءَهُمْ അവര്‍ക്കു വന്നിട്ടുണ്ട് رَسُولٌ مُّبِينٌ സ്പഷ്ടമായ ഒരു റസൂല്‍

44:14

  • ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ ﴾١٤﴿
  • എന്നിട്ട് അവര്‍ അദ്ദേഹത്തില്‍നിന്ന് പിന്‍മാറിക്കളയുകയാണ് ചെയ്തത്. അവര്‍ പറയുകയും ചെയ്തു: ‘അഭ്യസിക്കപ്പെട്ടവന്‍, ഭ്രാന്തന്‍’ (എന്നൊക്കെ)!
  • ثُمَّ تَوَلَّوْا عَنْهُ എന്നിട്ടു അദ്ദേഹത്തില്‍നിന്നു അവര്‍ പിന്‍മാറി (തിരിഞ്ഞുപോയി) وَقَالُوا അവര്‍ പറയുകയും ചെയ്തു مُعَلَّمٌ അഭ്യസിപ്പിക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവന്‍ مَّجْنُونٌ ഭ്രാന്തന്‍

44:15

  • إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ ﴾١٥﴿
  • നാം ശിക്ഷ അല്‍പമൊന്ന്‍ ഒഴിവാക്കിക്കൊടുക്കുന്നതാണ്. (അവിശ്വാസികളേ) നിശ്ചയമായും നിങ്ങള്‍ (വീണ്ടും) മടങ്ങുന്നവരാകുന്നു.
  • إِنَّا كَاشِفُو നാം ഒഴിവാക്കുന്ന (തുറവിയാക്കുന്ന)വരാണ് الْعَذَابِ ശിക്ഷയെ قَلِيلًا അല്‍പം, കുറച്ചു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ عَائِدُونَ മടങ്ങുന്നവരാണ്, ആവര്‍ത്തിക്കുന്നവരാണ്

44:16

  • يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ﴾١٦﴿
  • ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം! നിശ്ചയമായും (അന്ന്) നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരായിരിക്കും.
  • يَوْمَ نَبْطِشُ നാം പിടിക്കുന്ന ദിവസം الْبَطْشَةَ الْكُبْرَىٰ ഏറ്റവും വലിയ പിടുത്തം إِنَّا مُنتَقِمُونَ നിശ്ചയമായും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്

ആകാശം പുക കൊണ്ടുവരുന്ന ദിവസം (يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ) എന്നു പറഞ്ഞതു കഴിഞ്ഞുപോയ ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ, ഖിയാമത്തുനാളിന്റെ അടയാളങ്ങളില്‍ ഒന്നായി വരുവാനിരിക്കുന്ന ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ, എന്നു വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു പക്ഷമുണ്ട്. ഇബ്നു മസ്ഊദ് (رضي الله عنه) ന്റെയും മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഒന്നാമത്തേതാകുന്നു. രണ്ടാമത്തേതു ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെയും മറ്റു ചിലരുടെയും അഭിപ്രായവുമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ച ഒരു ഹദീസിന്റെ സാരം ഇപ്രകാരമാകുന്നു: ‘ഖിയാമത്തുനാളിനടുത്തു സംഭവിക്കാനിരിക്കുന്ന ഒരു പുകയാണ് ഇതു എന്നു കൂഫായില്‍വെച്ച് ഒരാള്‍ പ്രസ്താവിക്കുകയുണ്ടായി. അതിനെപ്പറ്റി മസ്റൂഖ് (مَسْرُوق رضي الله عنه) ഇബ്നു മസ്ഊദ് (رضي الله عنه) നോടു ചോദിച്ചു. നിശ്ചയമില്ലാത്തതിനെക്കുറിച്ചു അല്ലാഹുവിനറിയാം എന്നു പറഞ്ഞാല്‍ പോരേ എന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചു കൊണ്ട് ഇബ്നു മസ്ഊദു (رضي الله عنه) ഇങ്ങിനെ പ്രസ്താവിച്ചു:-

‘ഖുറൈശികളുടെ ധിക്കാരം മുഴുത്തപ്പോള്‍, മുമ്പ് യൂസുഫ് (عليه الصلاة والسلام) നബിയുടെ കാലത്തുണ്ടായതു പോലെയുള്ള ഒരു ക്ഷാമം വഴി അവരെ പാകപ്പെടുത്തണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. അങ്ങിനെ, ക്ഷാമം പിടിപെടുകയും, അവര്‍ എല്ലും ശവവും ഭക്ഷിക്കേണ്ടിവരികയും ചെയ്തു. പട്ടിണിയുടെ കാഠിന്യം നിമിത്തം മേല്‍പ്പോട്ടു നോക്കിയാല്‍ ആകമാനം പുകമൂടിയതായി അവര്‍ക്കു തോന്നിയിരുന്നു. ഈ ശിക്ഷയില്‍ നിന്നു തങ്ങളെ ഒഴിവാക്കിത്തരുവാന്‍ പ്രാര്‍ത്ഥിക്കണമെന്നും, തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്നും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അപേക്ഷിച്ചു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിക്കുകയും മഴ വര്‍ഷിച്ച് സുഖം കൈവരുകയും ഉണ്ടായി. ഈ അവസരത്തിലായിരുന്നു إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ (നാം ശിക്ഷ അല്‍പമൊന്നു ഒഴിവാക്കുന്നതാണ്. നിശ്ചയമായും നിങ്ങള്‍ വീണ്ടും മടങ്ങുന്നവരാണ്.) എന്ന് അല്ലാഹു അവതരിപ്പിച്ചത്. സൗഖ്യം ലഭിച്ചപ്പോള്‍ അവര്‍ പഴയപടിതന്നെ ആയിത്തീരുകയും ചെയ്തു. അപ്പോള്‍ يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنتَقِمُونَ (നാം ഏറ്റവും വലിയ പിടുത്തം പിടിക്കുന്ന ദിവസം! നാം പ്രതികാരശിക്ഷ നടത്തുന്നവരാണ്.) എന്ന വചനം അവതരിച്ചു. അങ്ങിനെ, ബദ്ര്‍ യുദ്ധത്തില്‍വെച്ചു അല്ലാഹു അവരില്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തു. (ബു; മു).

കഴിഞ്ഞുപോയ രണ്ടു സംഭവങ്ങളാണ് ‘പുക’ (الدخان) യും ‘ഏറ്റവും വലിയ പിടുത്ത’ (الْبَطْشَةَ الْكُبْرَىٰ) വും, എന്നു ഈ ഹദീസില്‍ നിന്നു വ്യക്തമാകുന്നു. ഈ ശിക്ഷക്കുള്ള കാരണമാണ് 9-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ശിക്ഷയെക്കുറിച്ചുള്ള താക്കീതും, അതിന്റെ സ്വഭാവവുമാണ് 10ഉം 11ഉം വചനങ്ങളില്‍ കാണുന്നത്. 12-ാം വചനത്തില്‍ ശിക്ഷയില്‍നിന്നു മോചനം നല്‍കുവാനുള്ള അവരുടെ അപേക്ഷയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യവും, ഉപദേശങ്ങളും സ്വീകരിക്കാത്തതിരിക്കട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പറ്റി അവര്‍ പല അസംബന്ധങ്ങളും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ‘ഇവനെ ആരൊക്കെയോ എന്തൊക്കെയോ പഠിപ്പിച്ചുവിട്ടതാണ്’ എന്നും, ‘ഇവനൊരു ഭ്രാന്തനാണ്’ എന്നുമൊക്കെപ്പറഞ്ഞു പരിഹസിച്ചുകൊണ്ടിരിക്കുകയാണവര്‍. എന്നിരിക്കെ, ഇപ്പോള്‍ അവര്‍ക്കു എവിടെ നിന്നാണ് ഈ ബോധം വന്നത്? എന്നത്രെ 13, 14 വചനങ്ങളില്‍ ചോദിക്കുന്നത്. ഏതായാലും, കുറച്ചു കാലത്തേക്ക് ശിക്ഷയില്‍ നിന്നു അവര്‍ക്കു ഒഴിവു നല്‍കാം. പക്ഷേ, അവരുടെ മനസ്സു മടങ്ങിയിട്ടില്ല; അവര്‍ എനിയും പഴയ സ്വഭാവം ആവര്‍ത്തിക്കുകതന്നെ ചെയ്യും, എന്നിങ്ങനെയുള്ള ഒരു പ്രവചനമാണ് 15-ാം വചനം. വീണ്ടും പഴയ നിലയിലേക്കു മടങ്ങുന്നപക്ഷം ഉണ്ടാകുന്ന പ്രതികാരശിക്ഷയെക്കുറിച്ചു 16-ാം വചനത്തില്‍ താക്കീതു നല്‍കുകയും ചെയ്യുന്നു. ഈ പ്രതികാരശിക്ഷയായിരുന്നു ബദ്റില്‍വെച്ചു മുശ്രിക്കുകള്‍ അനുഭവിക്കേണ്ടിവന്നത്.

ഖിയാമത്തുനാളിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ച കൂട്ടത്തില്‍ ഒന്ന് ‘പുക’ (الدخان) യാണെന്നു ഹുദൈഫഃ (رضي الله عنه) യും അബൂഹുറൈറ (رضي الله عنه) യും പറഞ്ഞതായി മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുണ്ട്. ഈ പുകയാണ് ഇവിടെയും ഉദ്ദേശ്യമെന്നും, വമ്പിച്ച പിടുത്തം കൊണ്ടുദ്ദേശ്യം ഖിയാമത്തുനാളിലെ പിടുത്തമാണെന്നുമാണ് ഇബ്നു അബ്ബാസ് (رضي الله عنهما) മുതലായ ചിലരുടെ അഭിപ്രായം. ഇബ്നുഅബ്ബാസ്‌ (رضي الله عنهما) പ്രസ്താവിച്ചതായി ഇബ്നുജരീര്‍ (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘ഏറ്റവും വലിയ പിടുത്തം’ എന്നു പറഞ്ഞതു ബദര്‍ യുദ്ധമാണെന്നു ഇബ്നുമസ്ഊദു (رضي الله عنه) പറയുന്നു. എന്റെ അഭിപ്രായം അതു ഖിയാമത്തുനാളാണെന്നാകുന്നു.’ ഇബ്നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഇബ്നു മസ്ഊദ് (رضي الله عنه) ന്റെ വ്യാഖ്യാനം അനുസരിച്ച് ഒരു പുക യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടില്ലെന്നും, പട്ടിണിയുടെ കാഠിന്യം നിമിത്തം മേല്പോട്ടു നോക്കിയാല്‍ പുക മൂടിയ പ്രതീതി ഖുറൈശികള്‍ക്കു തോന്നുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വ്യക്തമാണ്. ഖുര്‍ആനിലാകട്ടെ, ആകാശം പുകകൊണ്ടുവരുമെന്നും, അതു സ്പഷ്ടമായ പുകയായിരിക്കുമെന്നും, ആ പുക മനുഷ്യരെ മൂടുമെന്നും, ഇതു വേദനയേറിയ ഒരു ശിക്ഷയാണെന്നും വ്യക്തമായി പ്രസ്താവിച്ചിരിക്കയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ഇബ്നു അബ്ബാസ്‌ (رضي الله عنهما) ന്റെ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തി കാണുന്നത്. എനി, ഈ ആയത്തില്‍ പ്രസ്താവിച്ച പുക ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ച അതേ പുക തന്നെയാണെന്നുവെച്ചാലും, ഖിയാമത്തുനാളില്‍ മറ്റൊരു പുക – നബിവചനത്തില്‍ പ്രസ്താവിക്കപ്പെട്ട പുക – വേറെയും ഉണ്ടാകുന്നതിനു വിരോധമില്ല. എല്ലാറ്റിലും വെച്ചു ഏറ്റവും വമ്പിച്ച പിടുത്തത്തിന്റെ ദിവസം അതാണല്ലോ. ഖിയാമത്തുനാളില്‍ ശിക്ഷയില്‍ നിന്നു ഒഴിവാക്കിക്കൊടുത്താല്‍ ഞങ്ങള്‍ മേലില്‍ വിശ്വസിച്ചു കൊള്ളാമെന്നു അവിശ്വാസികള്‍ അപേക്ഷിക്കുമെന്നും, ഐഹിക ജീവിതത്തിലേക്കു രണ്ടാമതു മടക്കിയാലും അവര്‍ പഴയ നിലതന്നെ ആവര്‍ത്തിക്കുമെന്നും ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതുമാകുന്നു. الله أعلم

വെളിച്ചം റമദാൻ 2024 –ഡേ- 08 (മാർച്ച് 19)

സൂറത്തു സുഖ്റുഫ് : 79-89



  • വെളിച്ചം റമദാന്‍ ഡേ-07 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 08 – ആയത്ത് 79 മുതല്‍ 89 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 79-89

വിഭാഗം – 7

43:79

  • أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ ﴾٧٩﴿
  • അതല്ല (-ഒരുപക്ഷെ) അവര്‍ വല്ല കാര്യവും [പരിപാടിയും] ഉറപ്പിച്ചുവെച്ചിരിക്കുന്നുവോ?! എന്നാല്‍, നിശ്ചയമായും നാമും (ചിലതു) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.
  • أَمْ أَبْرَمُوا അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ أَمْرًا വല്ല കാര്യവും فَإِنّا എന്നാല്‍ നാം مُبْرِمُونَ ഉറപ്പിക്കുന്നവരാണ്

43:80

  • أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴾٨٠﴿
  • അതല്ലെങ്കില്‍, അവര്‍ വിചാരിക്കുന്നുണ്ടോ, അവരുടെ രഹസ്യവും, (സ്വകാര്യ) മന്ത്രവും നാം കേള്‍ക്കുന്നില്ലെന്നു?! ഇല്ലാതെ! (കേള്‍ക്കുന്നുണ്ട്). നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതിക്കൊണ്ടുമിരിക്കുന്നു.
  • أَمْ يَحْسَبُونَ അതല്ല അവര്‍ വിചാരിക്കുന്നു (കണക്കാക്കുന്നു) വോ أَنَّا لَا نَسْمَعُ നാം കേള്‍ക്കയില്ലെന്നു سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُم അവരുടെ മന്ത്രവും, ഗൂഢഭാഷണവും بَلَىٰ അല്ലാതെ, ഇല്ലാതേ (ഉണ്ടു) وَرُسُلُنَا നമ്മുടെ ദൂതന്മാര്‍ لَدَيْهِمْ അവരുടെ അടുക്കല്‍ يَكْتُبُونَ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു

സത്യപ്രബോധനത്തെ പരാജയപ്പെടുത്തുവാനുള്ള വല്ല പരിപാടിയോ കുതന്ത്രമോ നടത്തുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ക്കു നല്ലതിനല്ല; അവരുടെമേല്‍ തക്ക നടപടി എടുക്കുവാനുള്ള പരിപാടി അല്ലാഹുവും എടുക്കും; അല്ലാഹുവിന്റെ നടപടി വിജയിക്കാതിരിക്കയില്ല. രഹസ്യമായി വല്ലതും നടത്തിക്കളയാമെന്ന ധാരണയും വേണ്ട. അവരുടെ ഏതു രഹസ്യവും അല്ലാഹു അറിയാത്തതായിട്ടില്ല. മാത്രമല്ല, അവരുടെ ചെയ്തികളെല്ലാം രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ അവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് എന്നു സാരം.

43:81

  • قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ ﴾٨١﴿
  • (നബിയേ) പറയുക: ‘പരമകാരുണികന് വല്ല സന്താനവും ഉണ്ടെന്നു വരികില്‍, ഞാന്‍ (അതിന്റെ) ആരാധകന്മാരില്‍ ഒന്നാമത്തേവനായിരിക്കും.’
  • قُلْ പറയുക إِن كَانَ ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ لِلرَّحْمَـٰنِ റഹ്മാന്നു وَلَدٌ വല്ല സന്താനവും, മക്കളും فَأَنَا എന്നാല്‍ ഞാന്‍ أَوَّلُ الْعَابِدِينَ ആരാധിക്കുന്നവരില്‍ ഒന്നാമാത്തേവനായിരിക്കും

43:82

  • سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾٨٢﴿
  • ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് – അതായത്, ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] റബ്ബ് – അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു എത്രയോ പരിശുദ്ധന്‍!
  • سُبْحَٰنَ മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു رَبِّ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ وَٱلْأَرْضِ ഭൂമിയുടെയും رَبِّ ٱلْعَرْشِ അര്‍ശിന്റെ റബ്ബ് عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു)

മക്കളെ സ്വീകരിക്കുക, മക്കള്‍ ജനിക്കുക എന്നിങ്ങിനെ സൃഷ്ടികളുടേതായ സകലഗുണവിശേഷങ്ങളില്‍നിന്നും പരിശുദ്ധനാണവന്‍. അതൊന്നും പരമോന്നതനായ അവന്റെ മഹത്വത്തിനു യോജിച്ചതല്ല.

43:83

  • فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ ﴾٨٣﴿
  • ആകയാല്‍ അവരെ വിട്ടേക്കുക; അവരോടു താക്കീതു ചെയ്യപ്പെട്ടുവരുന്ന അവരുടെ (ആ) ദിവസവുമായി കണ്ടുമുട്ടുന്നതുവരേക്കും അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും, കളിച്ചുംകൊണ്ടിരിക്കട്ടെ!
  • فَذَرْهُمْ ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകട്ടെ, മുഴുകുമാറു وَيَلْعَبُوا വിളയാടുകയും, കളിക്കുകയും حَتَّىٰ يُلَاقُوا അവര്‍ കണ്ടെത്തുന്നതുവരെ يَوْمَهُمُ അവരുടെ ദിവസം الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന

43:84

  • وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌ وَفِى ٱلْأَرْضِ إِلَـٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ ﴾٨٤﴿
  • അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവന്‍. അവന്‍തന്നെയാണ്, അഗാധജ്ഞനും, സര്‍വ്വജ്ഞനും.
  • وَهُوَ الَّذِي അവന്‍ യാതൊരുവനാണ് فِي السَّمَاءِ إِلَـٰهٌ ആകാശത്തില്‍ ആരാധ്യനായ (ദൈവമായ) وَفِي الْأَرْضِ إِلَـٰهٌ ഭൂമിയിലും ആരാധ്യനായ وَهُوَ الْحَكِيمُ അവന്‍തന്നെ അഗാധജ്ഞന്‍ الْعَلِيمُ സര്‍വ്വജ്ഞന്‍

43:85

  • وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ ﴾٨٥﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും, അവക്കിടയിലുള്ളതിന്റെയും രാജാധിപത്യം യാതൊരുവന്നുള്ളതാണോ അവന്‍, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനുമാകുന്നു. അവന്റെ അടുക്കലാണ് അന്ത്യസമയത്തിന്റെ അറിവുള്ളതും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • وَتَبَارَكَ الَّذِي യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) ഏറിയവനുമാകുന്നു لَهُ അവനാണ് مُلْكُ السَّمَاوَاتِആകാശങ്ങളുടെ ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിന്നിടയിലുള്ളതിന്റെയും وَعِندَهُ അവന്റെ അടുക്കലാണുതാനും عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

43:86

  • وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ ﴾٨٦﴿
  • അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്‌വാന്‍ അധികാരം (അഥവാ കഴിവ്) ഉണ്ടാകുന്നതല്ല; തങ്ങള്‍ അറിഞ്ഞുകൊണ്ടു യഥാര്‍ത്ഥത്തിനു സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ.
  • وَلَا يَمْلِكُ സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല الَّذِينَ يَدْعُونَ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ الشَّفَاعَةَ ശുപാര്‍ശക്ക് إِلَّا مَن شَهِدَ സാക്ഷ്യം വഹിച്ചവരല്ലാതെ بِالْحَقِّ യഥാര്‍ത്ഥത്തിനു وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ടു

അല്ലാഹു അല്ലാത്ത ആരാധ്യന്മാര്‍ക്ക് തങ്ങളുടെ ആരാധകന്മാര്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌വാനോ, സ്വാധീനം ചെലുത്തുവാനോ സാധിക്കുന്നതല്ല. പക്ഷേ, തൗഹീദിനെപ്പറ്റി ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് അതിനു സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി (عليه السلام), ഉസൈര്‍ (عليه السلام), മലക്കുകള്‍ മുതലായവര്‍ അതില്‍നിന്നു ഒഴിവാകുന്നു. തങ്ങളെ ആരാധിച്ചുവന്നിരുന്നവരുടെ ആരാധനയെക്കുറിച്ച് അവര്‍ ഒന്നും അറിയുന്നതല്ല. അതിനെ അനുകൂലിക്കുന്നവരുമല്ല അവര്‍. ഇങ്ങിനെയുള്ളവര്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം സജ്ജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്തെന്നു വരാം

يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَرَضِيَ لَهُ قَوْلًا : سورة طه : ١٠٩

(അന്നത്തെ ദിവസം, പരമകാരുണികന്‍ യാതൊരാള്‍ക്കു അനുമതി നല്‍കുകയും, അവന്നുവേണ്ടി പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തുവോ അങ്ങിനെയുള്ളവനല്ലാതെ ശുപാര്‍ശ ഫലം ചെയ്കയില്ല.).

 وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء : ٢٨

(അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കുവേണ്ടിയല്ലാതെ അവര്‍ -മലക്കുകള്‍- ശുപാര്‍ശ ചെയ്കയില്ല.)

43:87

  • وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٨٧﴿
  • ആരാണ്, അവരെ സൃഷ്ടിച്ചതെന്നു അവരോടു നീ ചോദിച്ചെങ്കില്‍, അവര്‍ നിശ്ചയമായും പറയും: ‘അല്ലാഹു’ എന്ന്‌. അപ്പോള്‍, എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നു) തെറ്റിക്കപ്പെടുന്നത്‌?!
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു

സൃഷ്ടാവു അല്ലാഹുവാണെന്നു ബോധ്യമുള്ള സ്ഥിതിക്കു അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതു യുക്തിക്കും, ന്യായത്തിനും നിരക്കാത്ത ഒരപരാധമാണ്; വൈരുദ്ധ്യം നിറഞ്ഞതും ആശ്ചര്യകരവുമാണ്.

43:88

  • وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ ﴾٨٨﴿
  • അദ്ദേഹത്തിന്റെ [റസൂലിന്റെ] വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്): ‘എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!’
  • وَقِيلِهِ അദ്ദേഹത്തിന്റെ വാക്കും (അദ്ദേഹം പറയുന്നതും) يَا رَبِّ എന്റെ റബ്ബേ إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ قَوْمٌ لَّا يُؤْمِنُونَ വിശ്വസിക്കാത്ത ഒരു ജനതയാണ്

وَعِندَهُ عِلْمُ السَّاعَةِ (അന്ത്യസമയത്തെക്കുറിച്ചുള്ള അറിവു അല്ലാഹുവിങ്കലാണ്) എന്നു 85-ാം വചനത്തില്‍ പറഞ്ഞുവല്ലോ. അതിനോടു ചേര്‍ന്നതാണ് ഈ വചനവും. അതായതു, ജനങ്ങളെ സത്യത്തിലേക്കു വളരെയധികം ക്ഷണിച്ചിട്ടും അവരതു സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അല്ലാഹുവിനോടു സങ്കടപ്പെടുന്നതും അല്ലാഹു അറിയുന്നുണ്ടെന്നു സാരം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സാന്ത്വനപ്പെടുത്തിക്കൊണ്ടും, അതേസമയം വിശ്വസിക്കാത്തവരെ താക്കീതുചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:

43:89

  • فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌ ۚ فَسَوْفَ يَعْلَمُونَ ﴾٨٩﴿
  • എന്നാല്‍, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക, (അവരോടു) പറഞ്ഞേക്കുകയും ചെയ്യുക: ‘സലാം’! അവര്‍ വഴിയേ അറിഞ്ഞുകൊള്ളും!
  • فَاصْفَحْ ആകയാല്‍ തിരിഞ്ഞു (മാറി) കളയുക عَنْهُمْ അവരെവിട്ടു, അവരില്‍നിന്നു وَقُلْ പറയുകയും ചെയ്യുക سَلَامٌ സലാം എന്നു فَسَوْفَ എന്നാല്‍ പിന്നീട്, വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്

തല്‍ക്കാലം അവരില്‍നിന്നു സമാധാനപൂര്‍വ്വം സലാം പറഞ്ഞു പിരിഞ്ഞ് ക്ഷമ കൈക്കൊള്ളുക, അധികം താമസിയാതെ അവരുടെ ധിക്കാരത്തിന്റെ ഫലം അവര്‍ക്കറിയാറാകും എന്നു താല്‍പര്യം. ഈ വചനം അവതരിച്ച് അല്‍പ വര്‍ഷങ്ങള്‍ക്കകം ഈ വാഗ്ദാനം പുലര്‍ന്നുകാണുവാനുള്ള മഹാഭാഗ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ലഭിക്കുകയും ചെയ്തു. ശത്രുക്കള്‍ അമ്പേ പരാജയപ്പെടുകയും, ജനങ്ങള്‍ കൂട്ടംകൂട്ടമായി സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുകയും ചെയ്തു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْسَلِينَ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

വെളിച്ചം റമദാൻ 2024 –ഡേ- 07 (മാർച്ച് 18)

സൂറത്തു സുഖ്റുഫ് : 68-78



  • വെളിച്ചം റമദാന്‍ ഡേ-07 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 07 – ആയത്ത് 68 മുതല്‍ 78 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 68-78

വിഭാഗം – 7

43:68

  • يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ ﴾٦٨﴿
  • ‘എന്റെ അടിയാന്മാരേ, നിങ്ങളുടെമേല്‍ ഇന്നു യാതൊരു ഭയവും ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയുമില്ല;
  • يَا عِبَادِ എന്റെ അടിയാന്മാരേ لَا خَوْفٌ ഭയമില്ല عَلَيْكُمُ നിങ്ങളുടെമേല്‍ الْيَوْمَ ഇന്നു وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ വ്യസനപ്പെടും

43:69

  • ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ ﴾٦٩﴿
  • ‘അതായതു, നമ്മുടെ ‘ആയത്തു’കളില്‍ [ലക്ഷ്യസന്ദേശങ്ങളില്‍] വിശ്വസിക്കുകയും, (ഇസ്ലാമിനെ അനുസരിച്ചു) ‘മുസ്ലിം’കളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍!-
  • الَّذِينَ آمَنُوا അതായതു വിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ وَكَانُوا مُسْلِمِينَ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും

43:70

  • ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ ﴾٧٠﴿
  • ‘നിങ്ങളും, നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍.’
  • ادْخُلُوا الْجَنَّةَ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍ أَنتُمْ وَأَزْوَاجُكُمْ നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും) تُحْبَرُونَ നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍

ഇതാണവര്‍ക്കു അവിടെ ലഭിക്കുന്ന സ്വീകരണത്തിന്റെ സ്വഭാവം. എനി, സ്വര്‍ഗ്ഗീയജീവിതത്തില്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നതോ? അതിന്റെ സാമാന്യരൂപം ഇതായിരിക്കും:-

43:71

  • يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ ﴾٧١﴿
  • സ്വര്‍ണ്ണംകൊണ്ടുള്ള തളികകളും, കോപ്പകളുമായി അവരില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും.
  • يُطَافُ عَلَيْهِم അവരില്‍ ചുറ്റിനടക്കപ്പെടും بِصِحَافٍ തളികകളുമായി مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَأَكْوَابٍ കോപ്പകളുമായും وَفِيهَا അതിലുണ്ടുതാനും مَا تَشْتَهِيهِ ഇച്ഛിക്കുന്നതു الْأَنفُسُ മനസ്സുകള്‍, ദേഹങ്ങള്‍ وَتَلَذُّ രസിക്കുകയും ചെയ്യുന്ന الْأَعْيُنُ കണ്ണുകള്‍ وَأَنتُمْ فِيهَا നിങ്ങള്‍ അതില്‍ خَالِدُونَ നിത്യവാസികളുമായിരിക്കും

43:72

  • وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴾٧٢﴿
  • അതത്രെ, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു് നിങ്ങള്‍ക്കു അവകാശമായി നല്‍കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗം!
  • وَتِلْكَ الْجَنَّةُ അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ് الَّتِي أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ പ്രവര്‍ത്തിക്കും

43:73

  • لَكُمْ فِيهَا فَـٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ ﴾٧٣﴿
  • നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗ്ഗങ്ങളുണ്ടായിരിക്കും; അതില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കും.
  • لَكُمْ فِيهَا അതില്‍ നിങ്ങള്‍ക്കുണ്ടു فَاكِهَةٌ പഴവര്‍ഗ്ഗം كَثِيرَةٌ വളരെ, ധാരാളം مِّنْهَا تَأْكُلُونَ അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു: ‘തന്റെ തോട്ടങ്ങള്‍, തന്റെ ഭാര്യമാര്‍, ഭൃത്യന്മാര്‍, സുഖസൗകര്യത്തിനുള്ള വിഭവങ്ങള്‍, കട്ടിലുകള്‍ മുതലായവയെ ആയിരം കൊല്ലത്തെ ദൂരത്തോളം നോക്കിക്കാണാവുന്നവനായിരിക്കും സ്വര്‍ഗ്ഗക്കാരില്‍ ഏറ്റവും താണ പടിയിലുള്ളവന്‍. അല്ലാഹുവിങ്കല്‍ കൂടുതല്‍ ആദരണീയനായിട്ടുള്ളവനാകട്ടെ, രാവിലെയും, വൈകുന്നേരവും അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ദര്‍ശിക്കുന്നവനുമായിരിക്കും.’ പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുര്‍ആന്‍ വചനം ഓതി:

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ :سورة القيامة

(സന്തോഷത്താല്‍ പ്രശോഭിതമായ ചില മുഖങ്ങള്‍ അന്ന് അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.) (അ.തി.) . സത്യവിശ്വാസവും, സല്‍ക്കര്‍മ്മവും സ്വീകരിക്കുവഴി ഭയഭക്തന്മാരായ ആളുകളുടെ പ്രതിഫലം വിവരിച്ചശേഷം, അവിശ്വാസികളായ കുറ്റവാളികളുടെ പ്രതിഫലം വിവരിക്കുന്നു:-

43:74

  • إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ ﴾٧٤﴿
  • നിശ്ചയമായും, കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.
  • إِنَّ الْمُجْرِمِينَ നിശ്ചയമായും കുറ്റവാളികള്‍ فِي عَذَابِ جَهَنَّمَ ‘ജഹന്നമി’ന്റെ (നരക)ശിക്ഷയില്‍ خَالِدُونَ നിത്യവാസികളായിരിക്കും

43:75

  • لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴾٧٥﴿
  • അവരില്‍നിന്ന് അതു അയവു വരുത്തപ്പെടുന്നതല്ല; അവരതില്‍ ആശയറ്റവരുമായിരിക്കും.
  • لَا يُفَتَّرُ അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു وَهُمْ فِيهِ അതില്‍ അവര്‍ مُبْلِسُونَ ആശയറ്റ (ആശ മുറിഞ്ഞ)വരുമാകുന്നു

43:76

  • وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ ﴾٧٦﴿
  • നാം അവരോടു അക്രമം പ്രവര്‍ത്തിച്ചിട്ടില്ല; പക്ഷേ, അവര്‍ തന്നെയാണ് അക്രമികാരികളായിരിക്കുന്നത്.
  • وَمَا ظَلَمْنَاهُمْ നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല وَلَـٰكِن പക്ഷെ, എങ്കിലും كَانُوا هُمُ അവര്‍ തന്നെയാകുന്നു الظَّالِمِينَ അക്രമികള്‍

43:77

  • وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ ﴾٧٧﴿
  • അവര്‍ വിളിച്ചുപറയും: ‘മാലികേ’! തന്റെ റബ്ബ് ഞങ്ങളില്‍ (മരണത്തിന്ന്‍) തീരുമാനമെടുക്കട്ടെ!’ അദ്ദേഹം പറയും: ‘നിശ്ചയമായും നിങ്ങള്‍, (ശിക്ഷയില്‍തന്നെ) താമസിക്കുന്നവരാകുന്നു.’
  • وَنَادَوْا അവര്‍ വിളിച്ചുപറയും يَا مَالِكُ മാലികേ لِيَقْضِ عَلَيْنَا ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ رَبُّكَ തന്റെ (താങ്കളുടെ)റബ്ബ് قَالَ അദ്ദേഹം പറയും إِنَّكُم مَّاكِثُونَ നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്

43:78

  • لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ ﴾٧٨﴿
  • തീര്‍ച്ചയായും, നിങ്ങള്‍ക്കു നാം യഥാര്‍ത്ഥം കൊണ്ടുവ(ന്നു ത)ന്നിരിക്കുന്നു. പക്ഷെ, നിങ്ങളില്‍ അധികമാളും യഥാര്‍ത്ഥത്തെ വെറുക്കുന്നവരാണ്.
  • لَقَدْ جِئْنَاكُم തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു وَلَـٰكِنَّ أَكْثَرَكُمْ എങ്കിലും നിങ്ങളിലധികവും لِلْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു) كَارِهُونَ വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്

ശിക്ഷ സഹിക്കവയാതെ ഗതിമുട്ടുമ്പോള്‍, തങ്ങളുടെ യാതനക്കു ഒരറുതി ലഭിച്ചെങ്കിലോ എന്ന് മോഹിച്ചുകൊണ്ട് നരകവാസികള്‍ അതിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിനെ – മാലികിനെ – വിളിച്ച് അപേക്ഷിക്കുകയാണ്, തങ്ങള്‍ മരണപ്പെട്ടു പോകത്തക്കവണ്ണം അല്ലാഹുവില്‍നിന്നും ഒരു വിധി കിട്ടുവാന്‍ ശുപാര്‍ശ ചെയ്യണമെന്നു്. എന്നാല്‍, എനി- പരലോകത്തുവെച്ച് – മരണം ഇല്ലെന്ന കാര്യം അല്ലാഹു തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാണ്. അതുകൊണ്ട് മാലിക്കിന്റെ മറുപടി, അതിനു നിവൃത്തിയില്ല – നിങ്ങള്‍ ശിക്ഷയില്‍ സ്ഥിരമായി കഴിഞ്ഞുകൂടേണ്ടവരാണു – എന്നായിരിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

വെളിച്ചം റമദാൻ 2024 –ഡേ- 06 (മാർച്ച് 17)

സൂറത്തു സുഖ്റുഫ് : 57-67



  • വെളിച്ചം റമദാന്‍ ഡേ-06 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 06 – ആയത്ത് 57 മുതല്‍ 67 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 57-67

വിഭാഗം – 6

43:57

  • وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ ﴾٥٧﴿
  • (നബിയേ) മര്‍യമിന്റെ മകന്‍ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍, അപ്പോഴതാ നിന്റെ ജനത അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്ത് വിളിക്കുന്നു!
  • وَلَمَّا ضُرِبَ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോള്‍ ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ مَثَلًا ഒരു ഉപമ (ഉദാഹരണം, മാതൃക) യായി إِذَا قَوْمُكَ അപ്പോഴതാ നിന്റെ ജനത مِنْهُ അതിനെപ്പറ്റി, അതിനാല്‍ يَصِدُّونَ ആര്‍ത്തുവിളിക്കുന്നു

43:58

  • وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴾٥٨﴿
  • അവര്‍ പറയുകയും ചെയ്തു: ‘ഞങ്ങളുടെ ആരധ്യന്മാരാണോ ഉത്തമം, അതോ അദ്ദേഹമോ?!’ നിന്നോടു ഒരു തര്‍ക്കമായിട്ടല്ലാതെ അതിനെ അവര്‍ ആക്കുന്നില്ല. പക്ഷെ, (അത്രയുമല്ല) അവര്‍ തര്‍ക്കശീലന്മാരായ ഒരു ജനതയാകുന്നു.
  • وَقَالُوا അവര്‍ പറഞ്ഞു, പറയുന്നു أَآلِهَتُنَا ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യന്മാരോ خَيْرٌ ഉത്തമം أَمْ هُوَ അതോ അദ്ദേഹമോ مَا ضَرَبُوهُ അതിനെ അവര്‍ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല لَكَ നിന്നോടു إِلَّا جَدَلًا ഒരു തര്‍ക്കമായിട്ടു (തര്‍ക്കത്തിനു) അല്ലാതെ بَلْ هُمْ പക്ഷേ (എന്നാല്‍) അവര്‍ قَوْمٌ خَصِمُونَ തര്‍ക്കശീലരായ ഒരു ജനതയാണ്

43:59

  • إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ ﴾٥٩﴿
  • അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാനല്ലാതെ (മറ്റൊന്നും) അല്ല; ഇസ്രാഈല്‍ സന്തതികള്‍ക്കു അദ്ദേഹത്തെ നാം ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു.
  • إِنْ هُوَ അദ്ദേഹമല്ല إِلَّا عَبْدٌ ഒരു അടിയാന്‍ (അടിമ) അല്ലാതെ أَنْعَمْنَا നാം അനുഗ്രഹം ചെയ്ത عَلَيْهِ അദ്ദേഹത്തിന്റെമേല്‍ وَجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തിരിക്കുന്നു مَثَلًا ഒരു മാതൃക, ഉപമ لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു

43:60

  • وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ ﴾٦٠﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്കു) പകരം വരുമാറ് നിങ്ങളില്‍നിന്നുതന്നെ മലക്കുകളെ നാം ഏര്‍പ്പെടുത്തുമായിരുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَا നാം ഉണ്ടാക്കു(ഏര്‍പ്പെടുത്തു)മായിരുന്നു مِنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു (പകരം) مَّلَائِكَةً മലക്കുകളെ فِي الْأَرْضِ ഭൂമിയില്‍ يَخْلُفُونَ പകരം വരുന്ന, പിന്‍ഗമിക്കുന്നവരായിട്ടു

‘നിങ്ങളും, അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനവുമാകുന്നു’

(إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ – سورة الأنبياء : ٩٨)

എന്നു സൂ: അമ്പിയാഉ 98ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നുവല്ലോ. കിട്ടുന്ന സന്ദര്‍ഭമെല്ലാം കുതര്‍ക്കങ്ങള്‍ക്കു ഉപയോഗിക്കാറുള്ള ആ മുശ്രിക്കുകള്‍ ഇതുകേട്ടപ്പോള്‍, ഒരവസരം കണ്ടെത്തി, അങ്ങിനെയാണെങ്കില്‍, ചിലര്‍ മലക്കുകളെയും, ചിലര്‍ ഉസൈര്‍ (عليه السلام) നെയും, മറ്റു ചിലര്‍ ഈസാ (عليه السلام) നബിയെയും ആരാധിച്ചുവരുന്നുണ്ടല്ലോ; ഇവരെല്ലാവരും നരകത്തിന്റെ വിറകായിരിക്കേണ്ടതല്ലേ? അതേ സമയത്തു ഇവരെല്ലാം അല്ലാഹുവിങ്കല്‍ നല്ല ആളുകളാണെന്നു മുഹമ്മദു സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അക്കൂട്ടത്തില്‍ ഞങ്ങളും, ഞങ്ങള്‍ ആരാധിച്ചുവരുന്ന വസ്തുക്കളും നരകത്തില്‍ പോകുകയാണെങ്കില്‍ ആയിക്കൊള്ളട്ടെ.’ ഇതായിരുന്നു തര്‍ക്കം. ഇതിനുള്ള മറുപടി സൂ: അമ്പിയാഉ: 101ല്‍ തന്നെ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. ബഹുദൈവാരാധനയെ ഒരിക്കലും തൃപ്തിപ്പെടാത്ത സജ്ജനങ്ങള്‍ അതില്‍ നിന്നു ഒഴിവാണെന്നത്രെ ആ മറുപടിയുടെ സാരം. ഈസാ (عليه السلام) നബിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും, പ്രമുഖനായ ഒരു പ്രവാചകവര്യനാണെന്നു മുസ്ലിംകളും വിശ്വസിക്കുന്നു. ആ സ്ഥിതിക്കു അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കംകൊണ്ടു വരുവാന്‍ മുശ്രിക്കുകള്‍ കൂടുതല്‍ ശ്രമം നടത്തുമല്ലോ. ഇതിനെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

ഈസാ (عليه السلام) പിതാവില്ലാതെ ജനിച്ച ആളാണെന്നതുകൊണ്ടു അദ്ദേഹം ഒരു മനുഷ്യനല്ലാതാകുന്നില്ല. അല്ലാഹു പല അനുഗ്രഹങ്ങളും ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാന്‍ മാത്രമാണദ്ദേഹം, ഇസ്രാഈല്യര്‍ക്കു മാതൃകാപുരുഷനായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. എന്നല്ലാതെ, അദ്ദേഹം ഒരു ദൈവമോ, ദൈവപുത്രനോ, മലക്കോ ഒന്നുമല്ല. പിതാവില്ലാതെ മനുഷ്യനെ സൃഷ്ടിക്കുകയെന്നതു അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വമ്പിച്ച കാര്യമൊന്നുമല്ല. വേണമെങ്കില്‍, മനുഷ്യരില്‍ നിന്നുതന്നെ മലക്കുകളെ സൃഷ്ടിക്കുവാനും, മനുഷ്യര്‍ക്കു പകരം അവരെ ഭൂമിയിലെ പ്രതിനിധികളാക്കുവാനും അവനു കഴിയും. എന്നൊക്കെയാണ് 59, 60 എന്നീ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ഈസാ (عليه السلام) നെപ്പറ്റി വീണ്ടും പറയുന്നു:-

43:61

  • وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. ആകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. (ശരിക്കു) ചൊവ്വായ പാതയാണ് ഇത്.
  • وَإِنَّهُ നിശ്ചയമായും അദ്ദേഹം لَعِلْمٌ ഒരു അറിവു(അടയാളം) തന്നെയാണ് لِّلسَّاعَةِ അന്ത്യസമയത്തിനു فَلَا تَمْتَرُنَّ ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത് بِهَا അതിനെപ്പറ്റി وَاتَّبِعُونِ എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍ هَـٰذَا ഇതു صِرَاطٌ പാതയാണ് مُّسْتَقِيمٌ ചൊവ്വായ, നേരായ

43:62

  • وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٢﴿
  • പിശാചു നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു.
  • وَلَا يَصُدَّنَّكُمُ നിങ്ങളെ തടയാതിരിക്കട്ടെ الشَّيْطَانُ പിശാചു إِنَّهُ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കു അവന്‍ عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ, (തനി)

وَإِنَّهُ لَعِلْمٌ لِّلسَّاعَةِ (അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിവുമാകുന്നു.) എന്ന വാക്യത്തിന്റെ സാരം, അന്ത്യനാളിന്റെ ആസന്നതയെക്കുറിക്കുന്ന ഒരു അടയാളമാണ് ഈസാ നബി (عليه السلام) എന്നത്രെ. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ അംഗീകരിച്ച വ്യാഖ്യാനം ഇതാകുന്നു. عَلَمٌ (അലമുന്‍) എന്നും ഇവിടെ വായനയുണ്ട്. ‘അടയാളം’ എന്നാണു ആ വാക്കിനര്‍ത്ഥം. ഇതു ഈ അഭിപ്രായത്തിനു ബലം നല്‍കുന്നുമുണ്ട്: കൂടാതെ, ലോകാവസാനത്തിനുമുമ്പ് ഈസാ നബി (عليه السلام) ഭൂമിയില്‍ ഇറങ്ങിവരുമെന്നു പ്രബലമായ പല ഹദീസുകളാലും സ്ഥാപിതമായതാണ്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടത്രെ ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ അര്‍ത്ഥവ്യാഖ്യാനം സ്വീകരിച്ചിരിക്കുന്നത്. ഈ അഭിപ്രായപ്രകാരം (‘അതു’ എന്നും, ‘അദ്ദേഹം’ എന്നും അര്‍ത്ഥം വരാവുന്ന) وَإِنَّهُ എന്ന വാക്കിലെ സര്‍വ്വനാമം (ضمير) ഈസാ (عليه السلام) നബിയെക്കുറിച്ചാകുന്നു. ആ സര്‍വ്വനാമം, ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണെന്നും ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടു കാണാം. എങ്കിലും ആ അഭിപ്രായത്തിനു പ്രസക്തിയില്ല. കാരണം, 57-ാം വചനം മുതല്‍ ഇതുവരേക്കുമുള്ള സംസാരം ഈസാ (عليه السلام) നബിയെക്കുറിച്ചാണല്ലോ. ഇടയ്ക്കു വെച്ചു എവിടെയെങ്കിലും ഇവ രണ്ടിനെക്കുറിച്ചും ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ല. അതിന്റെ മുമ്പാകട്ടെ, മൂസാ (عليه السلام) നബിയെയും അദ്ദേഹത്തിന്റെ ജനതയെയും സംബന്ധിച്ചായിരുന്നു സംസാരിച്ചിരുന്നതും.

മുമ്പ് ആരും പറഞ്ഞുകാണാത്ത ഒരു വിചിത്രമായ അഭിപ്രായം ഈയിടെയായി ചിലര്‍ പുറപ്പെടുവിച്ചു കാണുന്നു. ലോകാവസാനഘട്ടത്തെയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയുമാണ്‌ ആ സര്‍വ്വനാമം കുറിക്കുന്നതു എന്നത്രെ അത്. وَإِنَّهُ لَعِلْمٌ لِّلسَّاعَةِ الخ എന്ന വാക്യത്തിനു ഇവര്‍ കൊടുക്കുന്ന അര്‍ത്ഥവ്യാഖ്യാനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതു – മുമ്പു പറഞ്ഞതു – അന്ത്യസമയത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനം തന്നെയാകുന്നു. അഥവാ അല്ലാഹു അങ്ങിനെ പറഞ്ഞിരിക്കുന്നതു അവന്റെ സൂക്ഷ്മജ്ഞാനത്തില്‍നിന്നു എടുത്തു പറഞ്ഞതാണ്. അതില്‍ സംശയിക്കേണ്ടതില്ല’. പത്തിരുപതു ആയത്തുകള്‍ക്കുമുമ്പ് (38, 39ല്‍) മാത്രം ഒരിടത്തു അന്ത്യനാളില്‍ ബഹുദൈവവിശ്വാസികളുടെ സ്ഥിതിയെപ്പറ്റി ഒരു പരാമര്‍ശമുണ്ടെന്നതു ശരിയാണ്. അതൊഴിച്ചാല്‍, ആ വിഷയകമായി ഈ സൂറത്തില്‍ എവിടെയും തന്നെ കാര്യമായൊന്നും പ്രസ്താവിക്കുന്നില്ല തന്നെ. എന്നിരിക്കെ, ഈ വ്യാഖ്യാനം ഒട്ടും സ്വീകാര്യമല്ല. ഈസാ (عليه السلام) ജീവിച്ചിരിപ്പുണ്ടെന്നും, അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവരുമെന്നും ഇവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാത്തതാണ് യാതൊരടിസ്ഥാനവുമില്ലാത്ത ഈ പുതിയ വ്യാഖ്യാനത്തിനു മുതിരുവാന്‍ വാസ്തവത്തില്‍ ഇവരെ പ്രേരിപ്പിച്ചത്. (ഈസാ (عليه السلام) നബിയുടെ വരവിനെയും, ജീവിച്ചിരിപ്പിനെയും സംബന്ധിച്ചും, അവയെ നിഷേധിക്കുന്നവരെ സംബന്ധിച്ചും കൂടുതല്‍ വിവരം സൂ: ആലുഇംറാനിലും, സൂ: നിസാഇലും വെച്ച് പ്രതിപാദിച്ചിട്ടുണ്ട്).

ഈസാ (عليه السلام) ലോകവസാനത്തിനു മുമ്പായി ഭൂമിയില്‍ ഇറങ്ങിവരുമെന്നു കാണിക്കുന്ന ഹദീസുകള്‍, പ്രധാനപ്പെട്ട എല്ലാ ഹദീസു പണ്ഡിതന്മാരും അവരവരുടെ ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവ മിക്കവാറും പരക്കെ അറിയപ്പെട്ടതുമാകുന്നു. ഇവിടെ അവ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അന്ത്യനാളിനു മുമ്പായി അദ്ദേഹം ഇറങ്ങിവരുമെന്നും, നീതിമാനായ ഒരു വിധികര്‍ത്താവെന്ന നിലക്കു ഇസ്ലാമിക വിധിവിലക്കുകള്‍ നടപ്പിലാക്കുമെന്നും, ഇസ്ലാമികബോധം വളര്‍ത്തുമെന്നുമാണ് അവയുടെ രത്നച്ചുരുക്കം. ഈ വിഷയകമായി ഇമാം ബുഖാരീ (رحمه الله) യും, മുസ്ലിമും (رحمه الله) യും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിനു തെളിവായി സൂ: നിസാഇലെ ഈ വചനം ഉദ്ധരിച്ചിരിക്കുന്നത് കാണാം:

وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ : سورة النساء: ١٥٩

(സാരം: വേദക്കാരില്‍ ഒരാളും അദ്ദേഹത്തിന്റെ – ഈസാനബിയുടെ – മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല.)

43:63

  • وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾٦٣﴿
  • വ്യക്തമായ തെളിവുകളും കൊണ്ടു ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നതില്‍ ചിലതു നിങ്ങള്‍ക്കു വിവരിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (വന്നിരിക്കുന്നതു). ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • وَلَمَّا جَاءَ عِيسَىٰ ഈസാ വന്നപ്പോള്‍ بِالْبَيِّنَاتِ തെളിവുകളുമായി قَالَ അദ്ദേഹം പറഞ്ഞു قَدْ جِئْتُكُم തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു بِالْحِكْمَةِ വിജ്ഞാനം കൊണ്ടു وَلِأُبَيِّنَ لَكُم നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലതു تَخْتَلِفُونَ فِيه അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

43:64

  • إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦٤﴿
  • ‘നിശ്ചയമായും, അല്ലാഹു തന്നെയാണ് എന്റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍, നിങ്ങള്‍ അവനെ ആരാധിക്കണം. ഇതു (ശരിക്കും) നേരായ പാതയാകുന്നു.’
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ ആകയാല്‍ നിങ്ങളവനെ ആരാധിക്കണം هَـٰذَا ഇതു صِرَاطٌ مُّسْتَقِيمٌ നേരായ (ചൊവ്വായ പാതയാണ്)

43:65

  • فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ ﴾٦٥﴿
  • എന്നിട്ട് അവര്‍ക്കിടയില്‍നിന്ന് (പല) കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!
  • فَاخْتَلَفَ എന്നിട്ടു ഭിന്നിപ്പിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവര്‍ക്കിടയില്‍നിന്നു فَوَيْلٌ അതിനാല്‍ നാശം, കഷ്ടം لِّلَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു مِنْ عَذَابِ ശിക്ഷമൂലം, ശിക്ഷയാല്‍ يَوْمٍ أَلِيمٍ വേദനയേറിയ ഒരു ദിവസത്തെ

43:66

  • هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٦٦﴿
  • അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നുവോ? അതായതു, അവര്‍ (ബോധപൂര്‍വ്വം) അറിയാതിരിക്കെ, പെട്ടെന്ന്‍ അതവര്‍ക്കു വന്നെത്തുന്നതിനെ(യല്ലാതെ)!.
  • هَلْ يَنظُرُونَ അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതായതു അതവര്‍ക്കു വരുന്നതു بَغْتَةً പെട്ടെന്നു, യാദൃശ്ചികമായി وَهُمْ لَا يَشْعُرُونَ അവര്‍ അറിയാതിരിക്കെ

43:67

  • ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ ﴾٦٧﴿
  • അന്നത്തെ ദിവസം, ചങ്ങാതിമാര്‍ – അവരില്‍ ചിലര്‍ ചിലര്‍ക്ക് – ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
  • الْأَخِلَّاءُ ചങ്ങാതിമാര്‍ يَوْمَئِذٍ ആ ദിവസം بَعْضُهُمْ لِبَعْضٍ അവരില്‍ ചിലര്‍ ചിലര്‍ക്കു عَدُوٌّ ശത്രുവായിരിക്കും إِلَّا الْمُتَّقِينَ സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ

ഈസാ (عليه السلام) നബിയെ ക്രിസ്ത്യാനികള്‍ ആരാധിച്ചുവരുന്നതിന്റെ പേരില്‍ മുശ്രിക്കുകള്‍ കൊണ്ടുവന്ന കുതര്‍ക്കങ്ങളെപ്പറ്റി മുമ്പു പറഞ്ഞുവല്ലോ. എന്നാല്‍, ഈസാ (عليه السلام) നബിയുടെ നില എന്തായിരുന്നു? അദ്ദേഹം അവരെ ഉപദേശിച്ചതു എന്തായിരുന്നു? എന്നൊക്കെ ഈ വചനങ്ങളില്‍ വിവരിക്കുന്നു. അതായതു: അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ് തന്നെ ഇസ്റാഈല്യര്‍ സത്യമാര്‍ഗ്ഗത്തില്‍നിന്നു പിഴച്ചുപോയിരുന്നു. അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നതിനാവശ്യമായ വേദവിജ്ഞാനങ്ങളും, ദൃഷ്ടാന്തങ്ങളും കൊണ്ടാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. അദ്ദേഹം ഉപദേശിച്ചതാകട്ടെ, യഥാര്‍ത്ഥ തൌഹീദും അതിന്റെ അടിസ്ഥാനത്തിലുള്ള നേര്‍മ്മാര്‍ഗ്ഗവുമായിരുന്നു. പക്ഷേ, അവരില്‍ വീണ്ടും ഭിന്നിപ്പും ഛിദ്രവും ഉടലെടുക്കുകയും, നേര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ വ്യതിചലിക്കുകയുമാണുണ്ടായത്. അങ്ങിനെ, ഖിയാമത്തുനാളില്‍ വമ്പിച്ച ശിക്ഷക്കു അവര്‍ കാരണഭൂതരായിരിക്കുകയാണ്. ഇന്ന് അക്രമത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും അന്യോന്യം സഹായിച്ചും സഹകരിച്ചും വര്‍ത്തിക്കുന്ന മിത്രങ്ങളെല്ലാം അന്നു പരസ്പരം ശത്രുക്കളായി മാറും. സജ്ജനങ്ങളായ ഭയഭക്തന്മാര്‍മാത്രമേ ഇതില്‍നിന്നൊഴിവാകുകയുള്ളു. അവരോടു ഇപ്രകാരം പറയപ്പെടും:-

വെളിച്ചം റമദാൻ 2024 –ഡേ- 05 (മാർച്ച് 16)

സൂറത്തു സുഖ്റുഫ് : 46-56



  • വെളിച്ചം റമദാന്‍ ഡേ-05 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 05 – ആയത്ത് 46 മുതല്‍ 56 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 46-56

വിഭാഗം – 5

43:46

  • وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ ﴾٤٦﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്റെയും, അവന്റെ പ്രമുഖന്മാരുടെയും അടുക്കലേക്കു നാം മൂസായെ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും ഞാന്‍ (സര്‍വ്വ) ലോകരക്ഷിതാവിന്റെ റസൂലാകുന്നു.’
  • وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു وَمَلَئِهِ അവന്റെ (പ്രമുഖ) സംഘക്കാരിലേക്കും فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ رَسُولُ ദൂതനാണ്‌ رَبِّ الْعَالَمِينَ (സര്‍വ്വ) ലോക രക്ഷിതാവിന്റെ

43:47

  • فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ ﴾٤٧﴿
  • അങ്ങനെ, അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരില്‍ ചെന്നപ്പോള്‍, അവരതാ അവയെപ്പറ്റി ചിരിക്കുന്നു [പരിഹസിക്കുന്നു]!
  • فَلَمَّا جَاءَهُم അങ്ങനെ അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ടു إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا يَضْحَكُونَ അവയെപ്പറ്റി ചിരിക്കുന്നു

43:48

  • وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ ﴾٤٨﴿
  • ഒരു ദൃഷ്ടാന്തവുംതന്നെ, അതിന്റെ ഇണയെക്കാള്‍ വലുതായിക്കൊണ്ടല്ലാതെ നാം അവര്‍ക്കു കാണിച്ചുകൊടുത്തിരുന്നില്ല. നാം അവരെ ശിക്ഷമൂലം പിടിക്കുകയും ചെയ്തു – അവര്‍ മടങ്ങുവാന്‍വേണ്ടി.
  • وَمَا نُرِيهِم അവര്‍ക്കു നാം കാട്ടികൊടുത്തിരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും إِلَّا هِيَ അതു ആവാതെ أَكْبَرُ അധികം വലുതു مِنْ أُخْتِهَا അതിന്റെ സഹോദരി (ഇണ)യെക്കാള്‍ وَأَخَذْنَاهُم നാമവരെ പിടിക്കയും ചെയ്തു بِالْعَذَابِ ശിക്ഷകൊണ്ടു, ശിക്ഷമൂലം لَعَلَّهُمْ അവരാകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക (മടങ്ങുവാന്‍)

ക്ഷാമം, വരള്‍ച്ച, വെട്ടുകിളി, പേന്‍, തവള, രക്തം, വെള്ളപ്പൊക്കം ഇങ്ങിനെ ഒന്നിനൊന്നു വലുതായ പല ശിക്ഷകളും അവരെ ബാധിച്ചു. അവര്‍ മടങ്ങിയില്ല.

43:49

  • وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ ﴾٤٩﴿
  • അവര്‍ പറയുകയും ചെയ്തു: ‘ഹേ, ജാലവിദ്യക്കാരാ! നിന്റെ റബ്ബ് നിന്റെ പക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോടു പ്രാര്‍ത്ഥിക്കുക; നിശ്ചയമായും, ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരായിരിക്കും.
  • وَقَالُوا അവര്‍ പറയുകയും ചെയ്തു يَا أَيُّهَ السَّاحِرُ ഹേ ജാലവിദ്യക്കാരാ ادْعُ لَنَا ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്റെ റബ്ബിനോടു بِمَا عَهِدَ അവന്‍ ഉടമ്പടി(വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതു കൊണ്ടു عِندَكَ നിന്റെ അടുക്കല്‍ (നിന്നോടു) إِنَّنَا لَمُهْتَدُونَ നിശ്ചയമായും ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്ന (സ്വീകരിക്കുന്ന)വരാണ്

43:50

  • فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ ﴾٥٠﴿
  • എന്നിട്ട്, നാം അവരില്‍നിന്നു ശിക്ഷയെ തുറവിയാക്കികൊടുത്തപ്പോള്‍, അവരതാ (കരാറ്) ലംഘനം ചെയ്യുന്നു!
  • فَلَمَّا كَشَفْنَا എന്നിട്ടു നാം തുറവിയാക്കി (നീക്കി)യപ്പോള്‍ عَنْهُمُ الْعَذَابَ അവരില്‍നിന്നും ശിക്ഷയെ إِذَا هُمْ അപ്പോള്‍ അവരതാ يَنكُثُونَ ലംഘിക്കുന്നു, ഉടക്കുന്നു

يَا أَيُّهَ السَّاحِرُ (ജാലവിദ്യക്കാരാ) എന്നു മൂസാ (عليه السلام) നബിയെ വിളിച്ചതു പരിഹാസമെന്ന നിലക്കായിക്കൊള്ളണമെന്നില്ല. ഇവിടെ പരിഹാസത്തിന്റെ സന്ദര്‍ഭമല്ലല്ലോ. ജാലവിദ്യക്കാര്‍ക്കും, ജാലവിദ്യക്കും വളരെ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു കാലഘട്ടമായിരുന്നു അത്. ആ നിലക്ക് ‘ഹേ, പണ്ഡിതാ’ എന്നതുപോലെ ആദരിച്ചുകൊണ്ടുള്ള ഒരു പ്രയോഗമായിരിക്കും അതെന്നു കരുതേണ്ടിയിരിക്കുന്നു. മൂസാ (عليه السلام) നബിയുടെ പ്രവാചകത്വത്തെയും, വിശ്വസിച്ചാല്‍ ശിക്ഷ ഒഴിവാക്കാമെന്ന വാഗ്ദാനം മുതലായതിനെയും ഉദ്ദേശിച്ചായിരിക്കും بِمَا عَهِدَ عِندَكَ (നിന്റെ അടുക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ചു) എന്നു പറഞ്ഞത്. ഓരോ ശിക്ഷയും അനുഭവപ്പെടുമ്പോള്‍, അതില്‍ നിന്നു രക്ഷപ്പെട്ടാല്‍ തങ്ങള്‍ മേലില്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചുകൊള്ളാമെന്നു അവര്‍ ഏറ്റുപറയുകയും, രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൂസാ (عليه السلام) നബിയോടു അപേക്ഷിക്കുകയും ചെയ്യും. രക്ഷപ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും പഴയ നിലതന്നെ തുടരുകയാണവര്‍ ചെയ്തിരുന്നത്.

43:51

  • وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ ﴾٥١﴿
  • ഫിര്‍ഔന്‍ തന്റെ ജനങ്ങളില്‍ വിളിച്ചു പറഞ്ഞു [വിളംബരം ചെയ്തു]; അവന്‍ പറഞ്ഞു: ‘എന്റെ ജനങ്ങളേ, മിസ്‌റിന്റെ ഭരണാധിപത്യം എനിക്കല്ലയോ?! ഈ നദികള്‍ എന്റെ താഴ്ഭാഗത്തുകൂടി ഒഴുകുകയും ചെയ്യുന്നു(വല്ലോ)?! അപ്പോള്‍, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!’
  • وَنَادَىٰ فِرْعَوْنُ ഫിര്‍ഔന്‍ വിളിച്ചു (പറഞ്ഞു – വിളംബരപ്പെടുത്തി) فِي قَوْمِهِ അവന്റെ ജനതയില്‍ قَالَ അവന്‍ പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ أَلَيْسَ لِي എനിക്കല്ലയോ مُلْكُ مِصْرَ മിസ്‌റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം وَهَـٰذِهِ الْأَنْهَارُ ഈ നദികള്‍ تَجْرِي നടക്കുകയും ചെയ്യുന്നു مِن تَحْتِي എന്റെ അടിയില്‍കൂടി أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കണ്ടറിയുന്നില്ലേ

43:52

  • أَمْ أَنَا۠ خَيْرٌ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴾٥٢﴿
  • ‘അഥവാ, നിന്ദ്യനായുള്ളവനും, വ്യക്തമായി സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാനാകുന്നു.’ [ഇതും നിങ്ങള്‍ക്കു കണ്ടുകൂടേ?!].
  • أَمْ أَنَا അഥവാ (അതല്ല) ഞാന്‍ خَيْرٌ ഉത്തമനാണ് مِّنْ هَـٰذَا الَّذِي ഈ ഒരുവനെക്കാള്‍ هُوَ مَهِينٌ അവന്‍ നിന്ദ്യനാണ് (അങ്ങിനെയുള്ള) وَلَا يَكَادُ അവന്‍ ആയേക്കുകയുമില്ല (ആകാറാവുകയുമില്ല) يُبِينُ വ്യക്തമാക്കും (വ്യക്തമായി സംസാരിക്കും)

43:53

  • فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ ﴾٥٣﴿
  • ‘എന്നാല്‍, [അവന്‍ പറയുന്നതു നേരാണെങ്കില്‍] അവന്റെ മേല്‍ സ്വര്‍ണ്ണംകൊണ്ടുള്ള വളകള്‍ ഇട്ടുകൊടുക്കപ്പെടാത്തതെന്താണ്?! അല്ലെങ്കില്‍, അവനോടൊപ്പം കൂട്ടുചേര്‍ന്നു കൊണ്ട് മലക്കുകള്‍ വരുകയോ (ചെയ്യാത്തതെന്ത്)?!’
  • فَلَوْلَا أُلْقِيَ എന്നാല്‍ (എങ്കില്‍) ഇട്ടുകൊടുക്കപ്പെടാത്തതെന്ത്, എന്തുകൊണ്ട് ഇടപ്പെട്ടില്ല عَلَيْهِ അവന്റെമേല്‍ أَسْوِرَةٌ വളകള്‍ مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള أَوْ جَاءَ അല്ലെങ്കില്‍ വരുകയോ (ചെയ്യാത്തതെന്തു) مَعَهُ അവനോടൊപ്പം الْمَلَائِكَةُ മലക്കുകള്‍ مُقْتَرِنِينَ ഇണ (കൂട്ടു) ചേര്‍ന്നവരായിക്കൊണ്ടു

43:54

  • فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٥٤﴿
  • അങ്ങനെ, അവന്‍ തന്റെ ജനതയെ ലഘുവാക്കി [വിഡ്ഢികളാക്കി] ത്തീര്‍ത്തു‌; അതിനാല്‍ അവര്‍ അവനെ അനുസരിച്ചു. നിശ്ചയമായും അവര്‍, തോന്നിയവാസികളായ ഒരു ജനതയായിരുന്നു.
  • فَاسْتَخَفَّ അങ്ങനെ അവന്‍ ലഘുവാക്കി (വിഡ്ഢികളാക്കി) قَوْمَهُ തന്റെ ജനതയെ, ജനതക്കു فَأَطَاعُوهُ അതിനാല്‍ (എന്നിട്ടു) അവര്‍ അവനെ അനുസരിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു, ആകുന്നു قَوْمًا فَاسِقِينَ തോന്നിയവാസികളായ ഒരു ജനത

മിസ്‌റിലെ (ഈജിപ്തിലെ) ഭരണാധിപതിയാണു താന്‍; ആ നാടിനെ ഫലഭൂയിഷ്ടമാക്കുന്ന നീല നദിയും, അതിന്റെ ശാഖകളുമെല്ലാം തന്റെ രാജകൊട്ടാരങ്ങളുടെ താഴെ ഒഴുകുന്നു: അതവന്റെ അധികാരാതിര്‍ത്തിയിലും അധീനത്തിലുമാണുതാനും. എന്നിരിക്കെ തനിക്കല്ലാതെ മറ്റൊരാള്‍ക്കും ആ നാട്ടില്‍ പ്രതാപത്തിനു അര്‍ഹതയില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതേസമയത്തു മൂസാ (عليه السلام) നബിയാകട്ടെ, ഒരു ദരിദ്രന്‍; അധമവര്‍ഗ്ഗമായി ഗണിക്കപ്പെടുന്ന ഇസ്രാഈലില്‍ ജനിച്ചവന്‍; വാചാലതപോലുമില്ലാത്തവന്‍! എന്നിരിക്കെ, അവന്‍ എങ്ങിനെ നേതാവാകും? നേതാവായി നിശ്ചയിക്കപ്പെടുന്നവര്‍ക്കു – നാട്ടിലെ പതിവുപ്രകാരം- അണിയിക്കപ്പെടാറുള്ള സ്വര്‍ണ്ണവളകളോ, ഔദ്യോഗിക ചിഹ്നങ്ങളോ വേണ്ടതുണ്ട്. അതും അവനു ലഭിച്ചിട്ടില്ല. അവന്‍ പറയുന്നതു ശരിയാണെന്നു തെളിയിക്കുമാറു അവന്റെ ഒന്നിച്ചു കൂറെ മലക്കുകള്‍ അയക്കപ്പെട്ടിരുന്നുവെങ്കില്‍ അവന്റെ വാദം നമുക്കു സമ്മതിക്കാമായിരുന്നു. അതും ഇല്ല. എന്നിങ്ങിനെയുള്ള പല പ്രചാരവേലകള്‍ നടത്തി തന്റെ ജനതയെ സ്വന്തം അഭീഷ്ടത്തിനു ഫിര്‍ഔന്‍ അനുകൂലികളാക്കിത്തീര്‍ത്തു. ദുര്‍ന്നടപ്പില്‍ മൂടുറച്ചിരുന്ന അവര്‍ അവന്റെ ഇംഗിതത്തിനു വഴങ്ങുകയും ചെയ്തു.

43:55

  • فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ ﴾٥٥﴿
  • അങ്ങനെ, അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു. എന്നിട്ട് അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു.
  • فَلَمَّا آسَفُونَا അങ്ങനെ അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, (അതൃപ്തമായി) പെരുമാറിയപ്പോള്‍ انتَقَمْنَا നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു مِنْهُمْ അവരോടു فَأَغْرَقْنَاهُمْ എന്നിട്ടു നാമവരെ മുക്കി (നശിപ്പിച്ചു) أَجْمَعِينَ എല്ലാവരെയും, മുഴുവനും

43:56

  • فَجَعَلْنَـٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ ﴾٥٦﴿
  • അങ്ങനെ, പിന്നീടുള്ളവര്‍ക്ക് അവരെ നാം മുന്‍മാതൃകയും ഉപമയും ആക്കി.
  • فَجَعَلْنَاهُمْ അങ്ങനെ അവരെ നാം ആക്കി سَلَفًا ഒരു മുന്‍മാതൃക (മുന്‍കഴിഞ്ഞ സംഭവം) وَمَثَلًا ഒരു മാതൃകയും, ഉപമയും لِّلْآخِرِينَ പിന്നീടുള്ളവര്‍ക്കു

ഫിര്‍ഔനെയും തന്റെ ജനതയെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ച സംഭവം പ്രസിദ്ധമാണല്ലോ.

വെളിച്ചം റമദാൻ 2024 –ഡേ- 04 (മാർച്ച് 15)

സൂറത്തു സുഖ്റുഫ് : 36-45



  • വെളിച്ചം റമദാന്‍ ഡേ-04 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 04 – ആയത്ത് 36 മുതല്‍ 45 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 36-45

വിഭാഗം – 4

43:36

  • وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًا فَهُوَ لَهُۥ قَرِينٌ ﴾٣٦﴿
  • പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും.
  • وَمَن يَعْشُ ആരെങ്കിലും ചരിഞ്ഞു (തിരിഞ്ഞു) പോകുന്നതായാല്‍ عَن ذِكْرِ الرَّحْمَـٰنِ റഹ്മാന്റെ സ്മരണ (ഓര്‍മ്മ)യില്‍നിന്നു نُقَيِّضْ لَهُ അവനു നാം നിയോഗിക്കും, ഏര്‍പ്പെടുത്തും شَيْطَانًا ഒരു പിശാചിനെ فَهُوَ لَهُ എന്നിട്ടു അവന്‍ അവനു قَرِينٌ ഇണ (തുണ)യായിരിക്കും, കൂട്ടാളിയാണ്

43:37

  • وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴾٣٧﴿
  • അവര്‍ [പിശാചുക്കള്‍] ആകട്ടെ, അവരെ (യഥാര്‍ത്ഥ) മാര്‍ഗ്ഗത്തില്‍നിന്നു തടയുന്നതുമാകുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യും.
  • وَإِنَّهُمْ നിശ്ചയമായും അവര്‍ لَيَصُدُّونَهُمْ അവരെ തടയും, തടുക്കും عَنِ السَّبِيلِ വഴിയില്‍ നിന്നു وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും أَنَّهُم مُّهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു

അല്ലാഹുവിനെ ഭയപ്പെടാതെയും, അവന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ വിലവെക്കാതെയും ഇരിക്കുന്നവര്‍ക്കു ലഭിക്കുന്ന കൂട്ടാളികള്‍ പിശാചുക്കളായിരിക്കും. പിശാചുക്കള്‍ മനുഷ്യരെ വഴിപിഴപ്പിക്കുകയും, എല്ലാ തോന്നിയവാസങ്ങളും ഭൂഷണമാക്കി കാണിച്ചു കൊടുക്കുകയുമാണു ചെയ്യുക എന്നു പറയേണ്ടതില്ല. തങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് കൂടുതല്‍ നല്ല മാര്‍ഗ്ഗമെന്ന ധാരണ വന്നു കഴിഞ്ഞാല്‍ പിന്നെ എന്തിനും ധൃഷ്ടരാവുകയാണല്ലോ അതിന്റെ ഫലം. ഈ പിശാചുക്കള്‍ മനുഷ്യവര്‍ഗ്ഗത്തിലും, ജിന്നുവര്‍ഗ്ഗത്തിലുമുള്ള പിശാചുക്കളായിരിക്കാവുന്നതാണ്. (സൂ: ഹാമീം സജദഃ 25ഉം വിവരണവും ഓര്‍ക്കുക). പരലോകത്തു ചെല്ലുമ്പോള്‍ ഈ കൂട്ടാളികളും അവരും തമ്മില്‍ പിണങ്ങുന്നതുമാണ്:-

43:38

  • حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ ﴾٣٨﴿
  • അങ്ങനെ, നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്‍ (കൂട്ടാളിയോടു) പറയും: ‘അയ്യോ! എന്റെയും നിന്റെയും ഇടയ്ക്ക് ഉദയാസ്തമനങ്ങളുടെ (അത്ര) ദൂരമുണ്ടായിരുന്നെങ്കില്‍ നന്നായേനെ!’ അപ്പോള്‍, (ആ) കൂട്ടുകാരന്‍ എത്രയോ ചീത്ത!
  • حَتَّىٰ إِذَا جَاءَنَا അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍ قَالَ അവന്‍ പറയും يَا لَيْتَ അയ്യോ ഉണ്ടായെങ്കില്‍ നന്നായേനെ بَيْنِي وَبَيْنَكَ എന്റെയും നിന്റെയും ഇടയില്‍ بُعْدَ الْمَشْرِقَيْنِ ഉദയാസ്തമനങ്ങളുടെ അകലം, ദൂരം فَبِئْسَ അപ്പോള്‍ എത്ര ചീത്ത الْقَرِينُ ഇണ, കൂട്ടുകാരന്‍

43:39

  • وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ ﴾٣٩﴿
  • ഹേ, (കൂട്ടരേ,) നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിങ്ങള്‍ (ഇരുക്കൂട്ടരും) ശിക്ഷയില്‍ പങ്കു ചേരുന്നവരാണെന്നുള്ളതു അന്നു നിങ്ങള്‍ക്കു ഉപകാരം ചെയ്യുന്നതല്ലതന്നെ.
  • وَلَن يَنفَعَكُمُ നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതേയല്ല الْيَوْمَ അന്നു, ആ ദിവസം إِذ ظَّلَمْتُمْ നിങ്ങള്‍ അക്രമം ചെയ്തിരിക്കെ أَنَّكُمْ നിങ്ങളാണെന്നുള്ളതു فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്ക് ചേരുന്നവര്‍

الْمَشْرِق (ഉദയസ്ഥാനം) എന്നതിന്റെ ദ്വിവചനമാണ് الْمَشْرِقَيْنِ എന്ന വാക്ക്. ഏതെങ്കിലും തുല്യസ്ഥാനമുള്ള രണ്ടെണ്ണത്തെ ഉദ്ദേശിച്ചു ആ രണ്ടിലൊന്നിന്റെ ഏകവചനത്തിനു ദ്വിവചന (تثنية) രൂപം നല്‍കി ഉപയോഗിക്കുന്ന ഒരു സമ്പ്രദായം അറബിഭാഷയിലുണ്ട്. മാതാക്കളെ ഉദ്ദേശിച്ച് (ابوان (രണ്ടു പിതാക്കള്‍) എന്നും, സൂര്യചന്ദ്രന്മാരെ ഉദ്ദേശിച്ചു قمران (രണ്ടു ചന്ദ്രന്മാര്‍) എന്നും മറ്റും പറയാറുള്ളതു ഇതനുസരിച്ചാകുന്നു. ഇഹത്തില്‍വെച്ച് അക്രമ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൂട്ടാളികളായിരുന്നതുപോലെ, പരലോകശിക്ഷയിലും അവര്‍ കൂട്ടുകാരായിരിക്കും. എന്നാല്‍ മുമ്പത്തെ സ്നേഹബന്ധത്തിനു പകരം അന്നു അവര്‍ക്കിടയില്‍ അങ്ങേഅറ്റം അറപ്പും വെറുപ്പുമായിരിക്കും ഉണ്ടായിരിക്കുക.

43:40

  • أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍ مُّبِينٍ ﴾٤٠﴿
  • എന്നാല്‍, (നബിയേ) ബധിരന്‍മാരെ നീ കേള്‍പ്പിക്കുമോ? അല്ലെങ്കില്‍, അന്ധന്‍മാരെയും, സ്പഷ്ടമായ വഴിപിഴവിലായവരെയും നീ നേര്‍മ്മാര്‍ഗ്ഗം കാട്ടുമോ?!
  • أَفَأَنتَ تُسْمِعُ അപ്പോള്‍ (എന്നാല്‍) നീ കേള്‍പ്പിക്കുമോ الصُّمَّ ബധിരന്മാരെ, ചെവി കേള്‍ക്കാത്തവരെ أَوْ تَهْدِي അല്ലെങ്കില്‍ നീ വഴി കാട്ടുമോ الْعُمْيَ അന്ധന്മാര്‍ക്കു وَمَن كَانَ ആയവനെയും فِي ضَلَالٍ مُّبِينٍ സ്പഷ്ടമായ വഴിപിഴവില്‍

43:41

  • فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ ﴾٤١﴿
  • എനി, നിന്നെ നാം (ഇവിടെനിന്നു) കൊണ്ടു പോകുകയാണെങ്കില്‍, അവരോടു നിശ്ചയമായും നാം ശിക്ഷാനടപടി എടുക്കുന്നവരാകുന്നു.
  • فَإِمَّا نَذْهَبَنَّ بِكَ എനി, (എന്നാല്‍) നിന്നെ നാം കൊണ്ടുപോകുകയാണെങ്കില്‍, കൊണ്ടുപോയാല്‍ فَإِنَّا مِنْهُم എന്നാല്‍ നിശ്ചയമായും നാം അവരോടു مُّنتَقِمُونَ പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്

43:42

  • أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ ﴾٤٢﴿
  • അല്ലെങ്കില്‍, അവരോടു നാം താക്കീതു ചെയ്തതു [ശിക്ഷ] നിനക്കു കാട്ടിത്തരുകയാണെങ്കിലും, നിശ്ചയമായും നാം അവരോടു (അതിനു) കഴിവുള്ളവരാകുന്നു.
  • أَوْ نُرِيَنَّكَ അല്ലെങ്കില്‍ നിനക്കു നാം കാട്ടിത്തരുന്നുവെങ്കില്‍ الَّذِي وَعَدْنَاهُمْ നാമവരോടു താക്കീതു (വാഗ്ദത്തം) ചെയ്തതു فَإِنَّا عَلَيْهِم എന്നാല്‍ നിശ്ചയമായും നാം അവരുടെമേല്‍ (അവരോടു) مُّقْتَدِرُونَ കഴിവുള്ളവരാണ്

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചരമം പ്രാപിച്ചാലും, അവരില്‍ അല്ലാഹു ശിക്ഷാനടപടി എടുക്കാതിരിക്കയില്ല; അല്ലെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരിക്കെത്തന്നെ വേണമെങ്കിലും അല്ലാഹുവിനു അതിനു കഴിവുണ്ട് എന്നു സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ കൊടി അവിടെ പറക്കുകയും, അവര്‍ നിശ്ശേഷം പരാജയമടഞ്ഞ് കീഴടങ്ങുകയും ചെയ്തുവല്ലോ.

43:43

  • فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤٣﴿
  • ആകയാല്‍, നിനക്കു ബോധനം നല്‍കപ്പെട്ടിട്ടുളളതിനെ [ഖുര്‍ആനെ] നീ മുറുകെ പിടിച്ചുകൊള്ളുക. നീ (ശരിക്കു) നേരായ പാതയില്‍ തന്നെയാകുന്നു.
  • فَاسْتَمْسِكْ ആകയാല്‍ നീ മുറുകെ പിടിക്കുക بِالَّذِي أُوحِيَ വഹ്‌യു (ബോധനം) നല്‍കപ്പെട്ടതിനെ إِلَيْكَ നിനക്കു إِنَّكَ നിശ്ചയമായും നീ عَلَىٰ صِرَاطٍ പാത (വഴി) യിലാണ് مُّسْتَقِيمٍ നേരായ, ചൊവ്വായ

43:44

  • وَإِنَّهُۥ لَذِكْرٌ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ ﴾٤٤﴿
  • അതാകട്ടെ നിനക്കും, നിന്റെ ജനതക്കും നിശ്ചയമായും ഒരു കീര്‍ത്തിയാകുന്നു. വഴിയെ നിങ്ങളോടു (അതിനെപ്പറ്റി) ചോദിക്കപ്പെടുകയും ചെയ്യും.
  • وَإِنَّهُ നിശ്ചയമായും അതു لَذِكْرٌ لَّكَ നിനക്കു ഒരു കീര്‍ത്തി (സ്മരണ) തന്നെ وَلِقَوْمِكَ നിന്റെ ജനതക്കും وَسَوْفَ വഴിയെ, പിന്നീടു تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുകയും ചെയ്യും

ذِكْرٌ (ദിക്ര്‍) എന്ന വാക്കിനു ‘സ്മരണ, കീര്‍ത്തി, ഉപദേശം, പ്രശസ്തി, സന്ദേശം, പ്രസ്താവന’ എന്നിങ്ങിനെ സന്ദര്‍ഭോചിതം പല അര്‍ത്ഥങ്ങളും വരാവുന്നതാണ്. കീര്‍ത്തി, പ്രശസ്തി എന്നിങ്ങിനെയുള്ള അര്‍ത്ഥമാണ് ഇവിടെ പല മഹാന്മാരും സ്വീകരിച്ചിട്ടുള്ളത്. ഖുര്‍ആന്റെ അനുയായികളായിരിക്കുന്ന കാലത്തോളം, മുസ്ലിംകള്‍ക്കു പൊതുവിലും, അറബികള്‍ക്കു പ്രത്യേകിച്ചും അതൊരു കീര്‍ത്തി തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.

43:45

  • وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةً يُعْبَدُونَ ﴾٤٥﴿
  • നിന്റെ മുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് ചോദി(ച്ചു നോ)ക്കുക: പരമകാരുണികനു പുറമെ, ആരാധിക്കപ്പെടുന്ന വല്ല ദൈവങ്ങളെയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു?!
  • وَسْـَٔلْ ചോദിക്കുക مَنْ أَرْسَلْنَا നാം അയച്ചവരോടു مِن قَبْلِكَ നിന്റെ മുമ്പായി مِن رُّسُلِنَا നമ്മുടെ ദൂതന്മാരില്‍നിന്നു أَجَعَلْنَا നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു) مِن دُونِ الرَّحْمَـٰنِ പരമകാരുണികനെ കൂടാതെ (പുറമെ) ءَالِهَةً വല്ല ദൈവങ്ങളെ (ആരാധ്യന്മാരെ)യും يُعْبَدُونَ ആരാധിക്കപ്പെടുന്ന

മുന്‍കഴിഞ്ഞുപോയ റസൂലുകളോടു ചോദിച്ചുനോക്കുക എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മുന്‍വേദഗ്രന്ഥങ്ങള്‍ പരിശോധിക്കുകയും, അവയെപ്പറ്റി അറിയുന്നവരോടു അന്വേഷിക്കുകയും ചെയ്യുക എന്നത്രെ. മുന്‍കഴിഞ്ഞ ഒരു റസൂലും, ഒരു വേദഗ്രന്ഥവും, തൗഹീദല്ലാതെ പ്രബോധനം ചെയ്തിട്ടില്ലെന്നു താല്‍പര്യം.

വെളിച്ചം റമദാൻ 2024 –ഡേ- 03 (മാർച്ച് 14)

സൂറത്തു സുഖ്റുഫ് : 26-35



  • വെളിച്ചം റമദാന്‍ ഡേ-03 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 03 – ആയത്ത് 26 മുതല്‍ 35 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 26-35

വിഭാഗം – 3

43:26

  • وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ ﴾٢٦﴿
  • ഇബ്രാഹീം, തന്റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘നിശ്ചയമായും ഞാന്‍, നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും ഒഴിവായവനാണ്;
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ പിതാവിനോടു وَقَوْمِهِ തന്റെ ജനതയോടും إِنَّنِي നിശ്ചയമായും ഞാന്‍ بَرَاءٌ ഒഴിവായവനാണ് مِّمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതില്‍നിന്നു

43:27

  • إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ﴾٢٧﴿
  • -എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഒഴികെ. കാരണം, അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കുന്നതാണ്.
  • إِلَّا الَّذِي യാതൊരുവനൊഴികെ فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയ فَإِنَّهُ എന്നാല്‍ (കാരണം) അവന്‍ سَيَهْدِينِ (വഴിയെ) എന്നെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കും, മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കും

43:28

  • وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ ﴾٢٨﴿
  • അതു [ആ വാക്യം] അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ അവശേഷിക്കുന്ന ഒരു വാക്യമാക്കുകയും ചെയ്തു, അവര്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിയേക്കാമല്ലോ.
  • وَجَعَلَهَا അതിനെ ആക്കുകയും ചെയ്തു كَلِمَةً بَاقِيَةً അവശേഷിക്കുന്ന ഒരു വാക്യം فِي عَقِبِهِ തന്റെ പിന്‍ഗാമികളില്‍, പിന്‍തുടര്‍ച്ചക്കാരില്‍ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക

ഏകസൃഷ്ടാവായ അല്ലാഹുവിനെമാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിന്റെ മുദ്രാവാക്യം അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരയിലും നിലനിന്നുപോന്നു. ഇബ്രാഹീം നബി (عليه والسلام) തന്റെ മക്കളോടും, പൗത്രനായ യഅ്ഖൂബ് (عليه والسلام) തന്റെ മക്കളോടും ഇതിനെക്കുറിച്ച് ഒസ്യത്ത് ചെയ്തിട്ടുള്ളതായും, തങ്ങളുടെ പിതാക്കളായ ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് (عليهم والسلام) എന്നിവര്‍ സ്വീകരിച്ചുവന്ന ആ തൗഹീദിനെ തങ്ങള്‍ നിലനിറുത്തുമെന്നു യഅ്ഖൂബ് (عليه والسلام) ന്റെ മക്കള്‍, അദ്ദേഹത്തോടു സമ്മതിച്ചതായും സൂ : അല്‍ബഖറഃ (132, 133)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് യഅ്ഖൂബ് (عليه والسلام) ന്റെ സന്തതികളാകുന്ന വേദക്കാര്‍ മുഖേന അതു ലോകത്തു നിലനിന്നുംപോന്നു. അനന്തരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി ഇസ്മാഈല്‍ സന്തതികളായ അറബികള്‍ ആ മുദ്രാവാക്യത്തിന്റെ കൊടിവാഹകരായിത്തീരുകയും ചെയ്തു.

جَعَلَهَا كَلِمَةً بَاقِيَةً (അതിനെ അവശേഷിക്കുന്ന ഒരു വാക്യമാക്കി) എന്നതിലുള്ള ക്രിയയുടെ കര്‍ത്താവു ഇബ്രാഹീം (عليه والسلام) ആണെന്നും, അല്ലാഹു ആണെന്നും വരാം.അല്ലാഹുവാണെന്നു വെക്കുമ്പോള്‍ جَعَلَ എന്നതിനു ‘അവന്‍ ആക്കി’ എന്നും, ഇബ്രാഹീം (عليه والسلام) ആണെന്നുവെക്കുമ്പോള്‍ ‘അദ്ദേഹം ആക്കി’ എന്നും അര്‍ത്ഥം കല്‍പിക്കാം. രണ്ടായിരുന്നാലും ആശയം ഒന്നുതന്നെ.

43:29

  • بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ ﴾٢٩﴿
  • എങ്കിലും, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും ഞാന്‍ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥവും സ്പഷ്ടമായ (അഥവാ സ്പഷ്ടമാക്കുന്ന) ഒരു റസൂലും വന്നു.
  • بَلْ എങ്കിലും مَتَّعْتُ ഞാന്‍ സുഖഭോഗം നല്‍കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്കു وَآبَاءَهُمْ അവരുടെ പിതാക്കള്‍ക്കും حَتَّىٰ جَاءَهُمُ അവര്‍ക്കു വരുവോളം, അങ്ങിനെ അവര്‍ക്കു വന്നു الْحَقُّ യഥാര്‍ത്ഥം وَرَسُولٌ ഒരു റസൂലും (ദൈവദൂതനും) مُّبِينٌ പ്രത്യക്ഷനായ, സ്പഷ്ടമാക്കുന്ന

43:30

  • وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ ﴾٣٠﴿
  • അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോഴാകട്ടെ, അവര്‍ പറഞ്ഞു: ‘ഇതൊരു ജാലമാണ്; ഞങ്ങള്‍ ഇതില്‍ അവിശ്വസിക്കുന്നവരാണ്’ എന്നു!
  • وَلَمَّا جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് وَإِنَّا بِهِ ഞങ്ങള്‍ അതില്‍ كَافِرُونَ അവിശ്വാസികളാണ്

വളരെക്കാലത്തോളം, ധനം,നേതൃത്വം, സ്വാധീനം മുതലായവ നല്‍കി ഇവരെയും ഇവരുടെ പൂര്‍വ്വികന്മാരെയും അല്ലാഹു സുഖജീവിതം അനുഭവിക്കുവാന്‍ വിട്ടു. അവരുടെ ദുര്‍മ്മാര്‍ഗ്ഗത്തിന്റെയും, ശിര്‍ക്കിന്റെയും പേരില്‍ അല്ലാഹു നടപടി എടുത്തില്ല. ഒടുക്കം യഥാര്‍ത്ഥം തുറന്നുകാട്ടുന്ന വേദഗ്രന്ഥവും (ഖുര്‍ആനും) സ്പഷ്ടമായ തെളിവുകള്‍ സഹിതം റസൂലിനെയും അയച്ചുകൊടുത്തു. ഈ അനുഗ്രഹത്തിനു നന്ദികാണിക്കുന്നതിനു പകരം, അതു ജാലമാണെന്നു പറഞ്ഞുതള്ളുകയും നിഷേധിക്കുകയുമാണവര്‍ ചെയ്തത്.

43:31

  • وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ ﴾٣١﴿
  • അവര്‍ (ഇങ്ങിനെയും) പറഞ്ഞു: ‘ഈ ഖുര്‍ആന്‍ (ഈ) രണ്ടു രാജ്യങ്ങളില്‍നിന്നുള്ള മഹാനായ ഒരു പുരുഷന്റെ മേല്‍ ഇറക്കപ്പെട്ടുകൂടേ?!
  • وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, ഇറക്കപ്പെട്ടുകൂടേ هَـٰذَا الْقُرْآنُ ഈ ഖുര്‍ആന്‍ عَلَىٰ رَجُلٍ ഒരു പുരുഷന്റെ (മനുഷ്യന്റെ) മേല്‍ مِّنَ الْقَرْيَتَيْنِ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള عَظِيمٍ മഹാനായ

രണ്ടു രാജ്യങ്ങള്‍ എന്നു പറഞ്ഞതു മക്കായും, ത്വാഇഫുമാകുന്നു. മക്കായില്‍നിന്നു ഏതാണ്ട് നാല്‍പതു നാഴികയോളം കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും, വളരെ ഫലഭൂയിഷ്ഠവുമായ ഒരു രാജ്യമാണ് ത്വാഇഫ്. മിക്ക കാര്‍ഷികോല്പന്നങ്ങളും കൃഷിരഹിതമായ മക്കാനിവാസികള്‍ക്കു എത്തിച്ചുകൊടുക്കുന്നതു ആ രാജ്യമത്രെ. ഖുര്‍ആന്‍ മഹത്തായ ഒരു ഗ്രന്ഥമാണെങ്കില്‍, ഈ രണ്ടിലൊരു രാജ്യത്തു തലയെടുപ്പുള്ള ഏതെങ്കിലും ഒരു മഹാന്റെ മേലല്ലേ അതു അവതരിപ്പിക്കേണ്ടത്?! കേവലം ഒരു അനാഥബാലനായി വളര്‍ന്ന ഈ സാധുവായ മുഹമ്മദിന്റെ മേല്‍ അവതരിച്ചതു എന്തുകൊണ്ടാണ്?! എന്നാണവര്‍ പറയുന്നത്. ഇതിനു അല്ലാഹുവിന്റെ മറുപടി ഇതാണ്:-

43:32

  • أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ ﴾٣٢﴿
  • (നബിയേ) അവരാണോ നിന്റെ റബ്ബിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹികജീവിതത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗം അവര്‍ക്കിടയില്‍ നാംതന്നെ ഭാഗിച്ചിരിക്കുകയാണ്. അവരില്‍ ചിലരെ ചിലര്‍ക്കുമീതെ നാം പല പടികള്‍ ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. [അതിനു വേണ്ടിയാണത്]. നിന്റെ റബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍ ഉത്തമമാകുന്നു.
  • أَهُمْ അവരോ يَقْسِمُونَ ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നതു رَحْمَتَ رَبِّكَ നിന്റെ റബ്ബിന്റെ കാരുണ്യം نَحْنُ قَسَمْنَا നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു بَيْنَهُم അവര്‍ക്കിടയില്‍ مَّعِيشَتَهُمْ അവരുടെ ജീവിതമാര്‍ഗ്ഗം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ فَوْقَ بَعْضٍ ചിലരുടെമേല്‍ دَرَجَاتٍ പല പദവികള്‍, പടികള്‍ لِّيَتَّخِذَ ആക്കുവാന്‍വേണ്ടി بَعْضُهُم അവരില്‍ ചിലര്‍ بَعْضًا ചിലരെ سُخْرِيًّا കീഴ്പെടുത്തപ്പെട്ട(വര്‍), വിധേയമായവര്‍ وَرَحْمَتُ رَبِّكَ നിന്റെ റബ്ബിന്റെ കാരുണ്യം خَيْرٌ ഉത്തമമാണ്, നല്ലതാണ് مِّمَّا يَجْمَعُونَ അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍.

ഈ വചനത്തില്‍നിന്നു പ്രധാനപ്പെട്ട പല സംഗതികളും മനസ്സിലാക്കാവുന്നതാണ്. 1). കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ച അവിശ്വാസികളുടെ ചോദ്യത്തിനുള്ള മറുപടിയാണിത്‌. മറുപടിയുടെ ചുരുക്കം ഇതാകുന്നു: ‘നുബുവ്വത്തും’ ‘രിസാലത്തും’ (പ്രവാചകത്വവും, ദിവ്യദൗത്യവും) അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം ലഭിക്കുന്നതാണ്. അവന്റെ അനുഗ്രഹങ്ങള്‍ വിഹിതിച്ചുകൊടുക്കുന്നതു- വ്യക്തികള്‍ക്കാകട്ടെ, സമുദായത്തിനാകട്ടെ – അവന്‍ മാത്രമാകുന്നു. അതില്‍ മുന്‍ഗണന നല്‍കേണ്ടതും, ഏറ്റക്കുറവു വരുത്തേണ്ടതും ആര്‍ക്കെല്ലാമാണ്‌, എങ്ങിനെയൊക്കെയാണ് എന്നൊക്കെ കണക്കാക്കുന്നതും അവന്‍തന്നെ. പ്രത്യക്ഷത്തിൽ, മനുഷ്യന്റെ പ്രവര്‍ത്തനംമൂലം സിദ്ധിക്കുന്ന ജീവിതമാര്‍ഗ്ഗങ്ങള്‍പോലും വാസ്തവത്തില്‍ അല്ലാഹു നല്‍കുന്ന അനുഗ്രഹമത്രെ. പരക്കെ എല്ലാവര്‍ക്കും സിദ്ധിക്കുന്ന അനുഗ്രഹംപോലും അവന്‍ ഉദ്ദേശിച്ചപ്രകാരം ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ തോതിലാണു അവന്‍ വിഹിതിച്ചിട്ടുള്ളത്. എന്നിരിക്കെ, മനുഷ്യന്റെ ആഗ്രഹത്തിനോ, പ്രയത്നത്തിനോ, സാമര്‍ത്ഥ്യത്തിനോ ഒന്നുംതന്നെ പങ്കില്ലാത്ത ആ അനുഗ്രഹം – പ്രാവചകത്വവും ദൗത്യവും – ഇവര്‍ ഉദ്ദേശിക്കുന്നവര്‍ക്കു നല്‍കാത്തതു എന്തുകൊണ്ടാണെന്നു ആക്ഷേപിക്കുവാന്‍ ഇവര്‍ ആരാണ്? ഇവരാണോ അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓഹരി ചെയ്തുകൊടുക്കുന്നവര്‍?! (أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ)

2). മനുഷ്യരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ അവരവര്‍ക്കു വിഹിതിച്ചുകൊടുക്കുന്നതു – ഭൂമിയില്‍ മനുഷ്യന്‍ വളരെ കുറവായിരുന്ന മുന്‍കാലങ്ങളിലും, ജനപ്പെരുപ്പംകൊണ്ടു മനുഷ്യസമുദായം പട്ടിണി കിടന്നു ചാവേണ്ടിവരുമെന്നു അവിശ്വാസികളും അല്പവിശ്വാസികളും ഭയപ്പെട്ട് അസ്വസ്ഥരായിത്തീര്‍ന്നേക്കുന്ന പില്‍ക്കാലങ്ങളിലും തന്നെ – യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ്. മനുഷ്യന്‍ അതിനുവേണ്ടി അന്വേഷണം നടത്തുന്നു. പ്രയത്നിക്കുന്നു. അവനാല്‍ കഴിയുന്ന സാമര്‍ത്ഥ്യങ്ങളെല്ലാം പ്രയോഗിക്കുന്നു. അതു ആവശ്യമാണുതാനും. പക്ഷേ, അതുകൊണ്ടു മാത്രം കാര്യം അവസാനിക്കുന്നില്ലെന്നു കാണാം. കാരണം, ഓരോരുവനും ലഭിക്കുന്നതിന്റെ അളവ് അവന്റെ ആഗ്രഹത്തിന്റെയോ, പ്രവര്‍ത്തനത്തിന്റെയോ, സാമര്‍ത്ഥ്യത്തിന്റെയോ തോതനുസരിച്ചല്ല. അല്ലാഹു കണകാക്കുന്ന തോതനുസരിച്ചു മാത്രമായിരിക്കും. ബുദ്ധിയിലും, സാമര്‍ത്ഥ്യത്തിലും വളരെ പിന്നോക്കമുള്ള ചിലര്‍ക്കു സമ്പല്‍ സമൃദ്ധിയും, വമ്പിച്ച സുഖസൌകര്യങ്ങളും ലഭിക്കുന്നതും, വലിയ ബുദ്ധിമതികളും അതിസമര്‍ത്ഥരുമായ ചിലര്‍ക്കു ശുഷ്കിച്ച ജീവിതമാര്‍ഗ്ഗം മാത്രം ലഭിക്കുന്നതും, ഒരേ കണക്കിനു മുതല്‍മുടക്കം, ഒരേതരത്തില്‍ പ്രവര്‍ത്തനവും ഉപയോഗപ്പെടുത്തി ആസൂത്രിതമായി നടത്തിയാല്‍പോലും രണ്ടുപേരുടെ അദ്ധ്വാനഫലങ്ങള്‍ പരസ്പരം വ്യത്യസ്തമായിത്തീരുന്നതുമെല്ലാം ഇതുകൊണ്ടാകുന്നു. അതെ, യഥാര്‍ത്ഥത്തില്‍ ഐഹികജീവിതത്തിലെ ജീവിതമാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കുന്നതു അല്ലാഹുതന്നെ. (نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا)

3) ഉപജീവനമാര്‍ഗ്ഗങ്ങളില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യര്‍ പരസ്പരം വ്യത്യസ്ത നിലക്കാരായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ധനം, സന്താനം, ആരോഗ്യം, യോഗ്യത, ബുദ്ധി, അറിവു, പെരുമാറ്റം എന്നിങ്ങിനെ ഏതെടുത്താലും ശരി, എണ്ണത്തിലോ, വണ്ണത്തിലോ, സ്വാഭാവത്തിലോ, ഉപയോഗത്തിലോ വ്യത്യാസം കാണാതിരിക്കയില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാനിലക്കും സമന്മാരായ വ്യക്തികളെ കണ്ടെത്തുക സാധ്യമല്ല. അതെ, അല്ലാഹു ചിലരെക്കാള്‍ ചിലരെ പല നിലക്കും ഉയര്‍ത്തിയാണ് വെച്ചിരിക്കുന്നത്. (وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ).

4) ഖുര്‍ആനില്‍ മറ്റു സ്ഥലങ്ങളിലൊന്നും ഇത്ര വ്യക്തമായി പ്രസ്താവിച്ചിട്ടില്ലാത്ത ഒരു വമ്പിച്ച യുക്തിതത്വമാണ് നാലാമത്തേത്. ഇങ്ങിനെ വ്യത്യസ്തമായ നിലയില്‍ മനുഷ്യര്‍ക്കു അവന്റെ അനുഗ്രഹങ്ങള്‍ വിഹിതിച്ചുകൊടുക്കുവാനും, ചിലരെ മറ്റുചിലരെക്കാള്‍ ഓരോ നിലക്കു ഉയര്‍ത്തിവെക്കുവാനുമുള്ള കാരണം- അഥവാ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന യുക്തി രഹസ്യം – അവരില്‍ ചിലര്‍ ചിലരെ കീഴ്പെടുത്തിവെക്കുകയാണ്. അതിനുവേണ്ടിയാണത്. (لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا).

സൂ:ശൂറാ 27ല്‍ പ്രസ്താവിച്ചതുപോലെ, എല്ലാവര്‍ക്കും ഇഷ്ടംപോലെ ഉപജീവനമാര്‍ഗ്ഗം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ മനുഷ്യന്‍ ഭൂമിയില്‍ അക്രമവും, കുഴപ്പവും നിറക്കുമായിരുന്നു. നേരെമറിച്ച് എല്ലാവര്‍ക്കും ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നാലത്തെ കഥയും അതുതന്നെ. മനുഷ്യരെല്ലാം ഒരേ നിലവാരത്തിലുള്ളവരാണെങ്കില്‍, ജോലി ചെയ്‌വാനും ചെയ്യിക്കാനും, തൊഴില്‍ശാലകള്‍ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അതു കേള്‍ക്കുവാനും, നേതൃത്വം കൊടുക്കുവാനും അതു സ്വീകരിക്കുവാനും, പഠിക്കുവാനും പഠിപ്പിക്കുവാനും ആളെക്കിട്ടുമോ? ദരിദ്രനില്ലെങ്കില്‍ ധനവാന്റെ ധനംകൊണ്ടോ, മൂഢനില്ലെങ്കില്‍ ബുദ്ധിമാന്റെ ബുദ്ധിശക്തികൊണ്ടോ, തൊഴിലാളിയില്ലെങ്കില്‍ മുതലാളിയുടെ മൂലധനംകൊണ്ടോ രോഗിയില്ലെങ്കില്‍ വൈദ്യന്റെ നൈപുണ്യംകൊണ്ടോ എന്താണ് പ്രയോജനം?! കര്‍ഷകനുവേണ്ടി തുണി നെയ്യുവാനും, കച്ചവടക്കാരനു ഭക്ഷണമെത്തിക്കുവാനും രോഗിക്കു ചികിത്സിക്കുവാനും ആളെക്കിട്ടുമോ?! ചുരുക്കിപ്പറഞ്ഞാല്‍, മനുഷര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായ സ്ഥിതിസമത്വമാണ് നല്‍കപ്പെട്ടിരിക്കുന്നതെങ്കില്‍, മാനുഷലോകമാസകാലം ഒരേ മൂശയില്‍ വാര്‍ത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങള്‍ കണക്കെ മറ്റെന്തോ ഒരു തരം ജീവിയായി മാറുമായിരുന്നേനെ!

ഒരാള്‍ തനിക്കുവേണ്ടി സമ്പാദിച്ചു കുന്നുകൂട്ടുവാനായി മറ്റൊരുവനെക്കൊണ്ടു വേലചെയ്യിക്കുന്നു; വേലക്കാരന്‍ അവന്റെ അന്നത്തെ പട്ടിണിക്കു പരിഹാരത്തിനായി അവനു വേലയെടുക്കാന്‍ മുമ്പോട്ടു വരുന്നു: ഒരാള്‍ തന്റെ ഉപജീവനാര്‍ത്ഥം മരുന്നുണ്ടാക്കി വില്‍പന നടത്തുന്നു; വേറൊരുവന്‍ തന്റെ രോഗശമനത്തിനായി അതു തേടിച്ചെന്നു വില കൊടുത്തു മേടിക്കുന്നു: ഒരാള്‍ അധികാരമോഹത്താല്‍ നേതാവായി രംഗത്തിറങ്ങുന്നു; വേറൊരാള്‍ അയാളുടെ ചില താല്പര്യങ്ങളെ മുന്‍നിറുത്തി അയാള്‍ക്കു വഴങ്ങുന്നു… ഇങ്ങിനെ പരസ്പരഭിന്നങ്ങളായ ഉദ്ദേശ്യങ്ങളില്‍, പരസ്പരഭിന്നമായ സ്വഭാവത്തോടുകൂടി, ആളുകള്‍ തമ്മതമ്മില്‍ ഇണക്കത്തിലും വണക്കത്തിലും കഴിഞ്ഞുകൂടുന്നു.

പ്രഥമവീക്ഷണത്തില്‍ നോക്കുമ്പോള്‍ ദരിദ്രന്റെ മുമ്പില്‍ ധനികനും, പ്രജയുടെ മുമ്പില്‍ രാജാവും, തൊഴിലാളിയുടെ മുമ്പില്‍ മുതലാളിയും, സാധാരണക്കാരന്റെ മുമ്പില്‍ നേതാവും വലിയവരായിരിക്കാം. എങ്കിലും, അല്പം ഉള്ളോട്ടു കടന്നു ആലോചിച്ചാല്‍, അവരുടെ വലുപ്പവും, യോഗ്യതയും മറ്റേവരെ ആശ്രയിച്ചാണിരിക്കുന്നതെന്നു കാണാവുന്നതാണ്. അതെ, ഒരു തുലാസ്സിന്റെ രണ്ടുതട്ടുകളെന്നോണം, മനുഷ്യസമുദായത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളുടെ തട്ടുകളെയും അല്ലാഹു പാകപ്പെടുത്തിവെച്ചിരിക്കുകയാണ്. മനുഷ്യപ്രകൃതിക്കു അനുയോജ്യമായി അല്ലാഹു നിശ്ചയിച്ചരുളിയ ഈ പ്രകൃതിനിയമത്തെ മാറ്റി തല്‍സ്ഥാനത്തു പരിപൂര്‍ണ്ണമായ ഒരു സ്ഥിതിസമത്വം സ്ഥാപിക്കുവാന്‍ ഏതൊരു ‘ഇസ’ത്തിനോ ‘ഇസക്കാര്‍’ക്കോ സാധ്യമല്ലതന്നെ. وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا (അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.) .

5). ഐഹികമായ അനുഗ്രഹങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന കൂട്ടത്തില്‍ പാരത്രികകാര്യങ്ങളെയും ഓര്‍മ്മിപ്പിക്കുകയെന്നതു ഖുര്‍ആന്റെ പതിവാണ്. അതു ഇവിടെയും കാണാം. ഐഹികജീവിതമാര്‍ഗ്ഗങ്ങളെപ്പറ്റിയാണിവിടെ സംസാരം: അവ കഴിവതും സമ്പാദിക്കുവാനും, അതിനുവേണ്ടുന്ന പരിശ്രമം നടത്തുവാനും – വളരെ പ്രോത്സാഹനമൊന്നും കൂടാതെത്തന്നെ – മനുഷ്യന്‍ സ്വയം പ്രേരിതനാണ്. അവനവന്റെ കണക്കില്‍ അല്ലാഹു ഉദ്ദേശിച്ചതു ലഭിക്കുകയും ചെയ്യും. പക്ഷേ, ഒരു കാര്യം അവന്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (നിന്റെ റബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചുണ്ടാക്കുന്നതിനെക്കാള്‍ ഉത്തമമാണ്). എന്നത്രെ അത്. ഇവിടെ കാരുണ്യം – അഥവാ അനുഗ്രഹം (رَحْمَة) എന്നു പറഞ്ഞതുകൊണ്ടു ഉദ്ദേശ്യം മനുഷ്യന്‍ സാധാരണ സമ്പാദിക്കാറുള്ള അനുഗ്രഹങ്ങളല്ല – ഇതിനുമുമ്പത്തെ വാക്യങ്ങളിലെ സംസാരവിഷയമായ പ്രവാചകത്വമാകുന്ന അനുഗ്രഹവും, അതുമുഖേന ലഭിക്കുവാനിരിക്കുന്ന അനുഗ്രഹങ്ങളുമാകുന്നു. എന്നുവെച്ചാല്‍, ശാരീരികവും, ഐഹികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു; വാസ്തവത്തില്‍ അതിനെക്കാള്‍ ആവശ്യമായിട്ടുള്ളതു ആത്മീയവും പാരത്രികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ പരിശ്രമിക്കുകയാണ്; കാരണം, അതത്രെ മറ്റേതിനെക്കാള്‍ ഉത്തമം എന്നു താല്‍പര്യം. الله أعلم . അടുത്ത വചനങ്ങളില്‍നിന്നു ഇപ്പറഞ്ഞതു കൂടുതല്‍ വ്യക്തമാകുന്നതാണ്:-

43:33

  • وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ ﴾٣٣﴿
  • മനുഷ്യര്‍ (എല്ലാവരും) ഒരേ ഒരു സമുദായമായിത്തീരുകയില്ലായിരുന്നുവെങ്കില്‍, പരമകാരുണികനില്‍ [അല്ലാഹുവില്‍] അവിശ്വസിക്കുന്നവര്‍ക്കു നാം ഉണ്ടാക്കികൊടുക്കുമായിരുന്നു, അവരുടെ വീടുകള്‍ക്കു വെള്ളികൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്കു (മേല്പോട്ടു) കയറിപോകാനുള്ള കോണികളും,-
  • وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن يَكُونَ ആയിരിക്കല്‍ النَّاسُ മനുഷ്യര്‍ أُمَّةً وَاحِدَةً ഒരു (ഏക) സമുദായം لَّجَعَلْنَا നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു لِمَن يَكْفُرُ അവിശ്വസിക്കുന്നവര്‍ക്കു بِالرَّحْمَـٰنِ പരമകാരുണികനില്‍ لِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു سُقُفًا മേല്‍പുരകള്‍ مِّن فِضَّةٍ വെള്ളിയാല്‍, വെള്ളികൊണ്ടു وَمَعَارِجَ കോണിപ്പടികളും عَلَيْهَا അവയില്‍കൂടി, അതിന്മേല്‍ يَظْهَرُونَ അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന

43:34

  • وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ ﴾٣٤﴿
  • അവരുടെ വീടുകള്‍ക്കു (വെള്ളി കൊണ്ടുള്ള) വാതിലുകളും, അവര്‍ക്കു ചാരിയിരിക്കുവാനുള്ള കട്ടിലുകളും.
  • وَلِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു أَبْوَابًا വാതിലുകളും وَسُرُرًا കട്ടിലുകളും عَلَيْهَا അവയില്‍, അതിന്മേല്‍ يَتَّكِئُونَ അവര്‍ ചാരിയിരിക്കും

43:35

  • وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ ﴾٣٥﴿
  • (കൂടാതെ) സ്വര്‍ണ്ണാലങ്കാരവും! (വാസ്തവത്തില്‍) അതെല്ലാം, ഐഹികജീവിതത്തിന്റെ ഉപകരണമല്ലാതെ (മറ്റൊന്നും) അല്ലതന്നെ. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ പരലോകം (സൂക്ഷിക്കുന്ന) ഭയഭക്തന്മാര്‍ക്കാകുന്നു.
  • وَزُخْرُفًا സ്വര്‍ണ്ണവും, അലങ്കാരവും, തങ്കവും, മോടിയും وَإِن كُلُّ ذَٰلِكَ അവയെല്ലാം തന്നെ, അവയെല്ലാം അല്ല لَمَّا مَتَاعُ ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ وَالْآخِرَةُ പരലോകമാകട്ടെ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്കാണ്, ഭയഭക്തന്മാര്‍ക്കാണ്

ഐഹികവിഭവങ്ങളും, സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ അടുക്കല്‍ ഒട്ടും വിലപ്പെട്ടതല്ല. വേണമെങ്കില്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത എല്ലാവര്‍ക്കും അവരുടെ വീടും ഉപകരണങ്ങളുമെല്ലാം വെള്ളിയും സ്വര്‍ണ്ണവും ആകുമാറു വമ്പിച്ച തോതില്‍ സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു മുടക്കുമില്ല. പക്ഷേ, അതു കണ്ടു മറ്റുള്ളവര്‍ വഞ്ചിതരായി വഴിപിഴച്ചുപോകുകയും, അങ്ങിനെ എല്ലാവരും ഒരുപോലെ ആയിത്തീരുകയും ചെയ്‌വാന്‍ കാരണമാകും. അതുകൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്. അല്ലാതെ, ഐഹിക സുഖസൗകര്യങ്ങള്‍ക്കു വില കല്പിച്ചതുകൊണ്ടല്ല. അവ എത്ര തന്നെ ഉന്നതതരമായിരുന്നാലും ശരി, താല്‍ക്കാലികവും നശ്വരവുമാകുന്നു. നേരെമറിച്ചു പരലോകവിഭവങ്ങളാകട്ടെ, അവയെക്കാള്‍ എത്രയോ ഉയര്‍ന്നതും, നശിച്ചുപോകാത്തതുമാണ്. അതാണെങ്കില്‍, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തന്മാര്‍ക്കുള്ളതുമാണുതാനും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : ‘നിങ്ങള്‍ സ്വര്‍ണ്ണത്തിന്റെയും, വെള്ളിയുടെയും പാത്രങ്ങളില്‍ കുടിക്കുകയും, അവയുടെ തളികകളില്‍ തിന്നുകയും, ചെയ്യരുത്. കാരണം, അതു ഇഹത്തില്‍ അവര്‍ക്കു – അവിശ്വാസികള്‍ക്കു – ഉള്ളതാകുന്നു. പരലോകത്തില്‍ നമുക്കും – സത്യവിശ്വാസികള്‍ക്കും.’ (ബു; മു). വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇഹലോകം അല്ലാഹുവിന്റെ അടുക്കല്‍ ഒരു കൊതുവിന്റെ ചിറകിനു സമാനമുണ്ടായിരുന്നുവെങ്കില്‍, അതില്‍നിന്ന് ഒരിക്കലും ഒരു അവിശ്വാസിക്കു ഒരു മുറുക്കു വെള്ളം അവന്‍ കുടിക്കുവാന്‍ കൊടുക്കുമായിരുന്നില്ല.’ (തി; ജ.). ഈ ലോകത്തു ഒരാള്‍ക്കു എന്തുതന്നെ സമ്പാദിക്കുവാന്‍ കഴിഞ്ഞാലും അവന്‍ അതില്‍നിന്നു യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നതു എത്രമാത്രമായിരിക്കുമെന്നു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുള്ളതു നോക്കുക: ‘എന്റെ ധനം! എന്റെ ധനം! എന്നു മനുഷ്യന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്റെ ധനത്തില്‍നിന്നു അവനുള്ളതു മൂന്നെണ്ണമാണ്: അവന്‍ തിന്നു നശിപ്പിച്ചത്, അല്ലെങ്കില്‍ അവന്‍ ഉടുത്തു പഴക്കിയത്, അല്ലെങ്കില്‍ അവന്‍ (ധര്‍മ്മം) കൊടുത്തു (പിന്നേക്കു) സൂക്ഷിച്ചുവെച്ചത്. ഇവയല്ലാത്തതെല്ലാം പോയിപ്പോകുന്നതും, അവന്‍ ജനങ്ങള്‍ക്കായി വിട്ടേക്കുന്നതുമാകുന്നു. (മു).

വെളിച്ചം റമദാൻ 2024 –ഡേ- 02 (മാർച്ച് 13)

സൂറത്തു സുഖ്റുഫ് : 16-25



  • വെളിച്ചം റമദാന്‍ ഡേ-02 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 02 – ആയത്ത് 16 മുതല്‍ 25 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 16-25

വിഭാഗം – 2

43:16

  • أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ ﴾١٦﴿
  • അതല്ലാ – അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു അവന്‍ പെണ്‍മക്കളെ സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുകയാണോ?!
  • أَمِ اتَّخَذَ അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ مِمَّا يَخْلُقُ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു بَنَاتٍ പെണ്‍മക്കളെ, പുത്രിമാരെ وَأَصْفَاكُم നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) بِالْبَنِينَ ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ

സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്‍മക്കളാണെന്ന ജല്‍പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്‍മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്‍മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു അവരുടെ നില എന്താണെന്നു നോക്കുക:

43:17

  • وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴾١٧﴿
  • താന്‍ പരമകാരുണികനു യാതൊന്നിനെ തുല്യമാക്കിയോ അതിനെ [പെണ്‍സന്താനത്തെ]പ്പറ്റി അവരില്‍ ഒരാള്‍ക്കുസന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്‍ കോപം നിറഞ്ഞവനായുംകൊണ്ടു അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നതാണ്.
  • وَإِذَا بُشِّرَ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്കു بِمَا ضَرَبَ അവന്‍ ആക്കിയ ഒന്നിനെപ്പറ്റി لِلرَّحْمَـٰنِ പരമകാരുണികനു مَثَلًا ഉപമ, തുല്യമായതു ظَلَّ وَجْهُهُ അവന്റെ മുഖം ആയിത്തീരും مُسْوَدًّا കറുത്തതായി وَهُوَ അവന്‍ كَظِيمٌ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും

അല്ലാഹുവിനു മക്കളുണ്ടെന്നും; അതു പെണ്‍മക്കളാണെന്നും ജല്‍പിക്കുന്ന അവരില്‍ ഒരാള്‍ക്കു, അവന്‍ അല്ലാഹുവിനുള്ളതായി ജല്‍പിച്ച അതേ ഇനത്തില്‍പെട്ട ഒന്നു – ഒരു പെണ്‍കുട്ടി – ജനിച്ചിരിക്കുന്നുവെന്നു ആരെങ്കിലും വിവരം അറിയിക്കുകയേവേണ്ടു, അപ്പോഴേക്കും അവന്‍ കുപിതനാകും. അവന്റെ മുഖം കറുത്തിരുളുകയും ചെയ്യും. പെണ്‍മക്കള്‍ ജനിച്ചാലുടനെ ജീവനോടെ അവര്‍ കുഴിച്ചുമൂടിയിരുന്നതും പ്രസിദ്ധമാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. സന്താനങ്ങള്‍ മാതാപിതാക്കളുടെ വര്‍ഗ്ഗത്തില്‍ പെട്ടവരായിരിക്കണമല്ലോ. അതുകൊണ്ടാണ് ‘പരമകാരുണികനു (അല്ലാഹുവിനു) തുല്യമാക്കിയത്’ എന്നു മക്കളെപ്പറ്റി പറഞ്ഞത്. അല്ലാഹു ചോദിക്കുന്നു:

43:18

  • أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ ﴾١٨﴿
  • ആഭരണാലങ്കാരത്തിലായി വളര്‍ത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തില്‍ (ന്യായം) വ്യകതമാക്കാ(ന്‍ കഴിയാ)ത്ത ആളുമാകുന്നു?! [ഇങ്ങിനെയുള്ളവരെയാണോ നിങ്ങള്‍ അല്ലാഹുവിന്റെ മക്കളാണെന്നു വാദിക്കുന്നത്?!].
  • أَوَمَن യാതൊരുവനോ (ഒരാളോ) يُنَشَّأُ വളര്‍ത്തപ്പെടുന്ന فِي الْحِلْيَةِ ആഭരണത്തില്‍, അലങ്കാരത്തിലായി وَهُوَ അവനാകട്ടെ فِي الْخِصَامِ വിവാദത്തില്‍, വാഗ്വാദത്തില്‍ غَيْرُ مُبِينٍ വ്യക്തമാക്കാത്തവനുമാണ്

അല്ലാഹുവിനു പെണ്‍മക്കളുണ്ടെന്ന വാദത്തിലടങ്ങിയ മറ്റൊരു തെറ്റു ആശ്ചര്യപൂര്‍വ്വം ചൂണ്ടിക്കാട്ടുകയാണ്. പെണ്മക്കളെ ചെറുപ്പം മുതല്‍ക്കേ വളര്‍ത്തുന്നതു ആഭരണാധി അലങ്കാരങ്ങള്‍ അണിയിച്ചുകൊണ്ടാണല്ലോ. വലുപ്പത്തിലും അതു തുടരുന്നു. ഇതു അവരുടെ പ്രകൃത്യാ ഉള്ള എന്തോ ഒരു പോരായ്മ നികത്തുവാനാണ്. നേരെമറിച്ച് ആണ്‍സന്താനങ്ങളുടെ സൗന്ദര്യത്തിനോ മറ്റോ ഇത്യാദി മാറ്റുകൂട്ടലൊന്നും ആവശ്യമായി വരുന്നില്ല. ഒരു കവി പാടുന്നു:

وَمَا الحِلْيُ إِلَّا زِينَةٌ مِنْ نَقِيصَةٍ *** يُتَمِّمُ مِنْ حُسْنٍ إِذَا الحُسْنُ قَصَّرَا
وَأَمَّا إِذَا كَانَ الجَمَالُ مُوَفَّرًا *** كَحُسْنِكَ لَمْ يَحْتَجْ إِلَى أَنْ يُزَوَّرَا

‘ആഭരണങ്ങള്‍, ഒരു പോരായ്മനിമിത്തം ഉണ്ടാക്കുന്ന അലങ്കാരമെന്നല്ലാതെ മറ്റൊന്നുമല്ല. ഭംഗി കുറവായിരിക്കുമ്പോള്‍ അതു ഭംഗി പൂര്‍ത്തിയാക്കുന്നു. എന്നാല്‍, തങ്ങളെപ്പോലെ, പരിപൂര്‍ണ്ണമായ സൗന്ദര്യമാണുള്ളതെങ്കില്‍, അതു കൃത്രിമമായി ഉണ്ടാക്കപ്പെടേണ്ടതില്ല’, എന്നു സാരം.

അതുപോലെത്തന്നെ, വല്ല കാര്യത്തിലും ന്യായവാദം നടത്തുമ്പോള്‍, പുരുഷന്മാരെപ്പോലെ കാര്യങ്ങള്‍ സമര്‍ത്ഥിക്കുവാനും, ന്യായം അവതരിപ്പിക്കുവാനുമുള്ള കഴിവും സ്ത്രീകള്‍ക്കില്ല. ഇതു അവരുടെ ബുദ്ധിപരമായ പോരായ്മയും കാണിക്കുന്നു. എന്നിരിക്കെ, അല്ലാഹുവിന് മക്കളുണ്ടെന്ന് കെട്ടിപ്പറയുകയും, അതോടുകൂടി തങ്ങള്‍ക്കിഷ്ടപ്പെട്ട ഉയര്‍ന്ന വിഭാഗത്തെ – ആണ്‍മക്കളെ – തങ്ങള്‍ക്കും, തങ്ങള്‍ വെറുത്തുകളഞ്ഞ ആ താണ വിഭാഗത്തെ- പെണ്‍മക്കളെ – അല്ലാഹുവിനും നിശ്ചയിക്കുകയുമാണവര്‍ ചെയ്യുന്നത്. കള്ളം പറയുന്നതിലും വേണ്ടേ ഒരു അതിര്?! സൂ: നജ്മില്‍ ഇവരോടു അല്ലാഹു പറയുന്നു:

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢﴾ سورة النجم

(നിങ്ങള്‍ക്കു ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അതു അക്രമപരമായ ഒരു ഓഹരിയാണ്). ചില ദേവീദേവന്മാരെ ആരാധിക്കുകയും, അവരെ ദൈവപുത്രികളും പുത്രന്മാരുമായി വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ ഇന്നും കാണാം. ഈ ആക്ഷേപങ്ങളെല്ലാം അവരെയും ബാധിക്കുമെന്നതില്‍ സംശയമില്ല. അതിനീചവും ഭീമവുമായ ഈ ആരോപണത്തിലടങ്ങിയ വേറെ ഒരു തെറ്റുംകൂടി അടുത്ത വാക്യത്തില്‍ അല്ലാഹു എടുത്തുകാട്ടുന്നു:-

43:19

  • وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ ﴾١٩﴿
  • പരമകാരുണികന്റെ അടിയാന്മാരാകുന്ന മലക്കുകളെ അവര്‍ സ്ത്രീകളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടുകയും, ചെയ്തേക്കുന്നതാണ്.
  • وَجَعَلُوا അവർ ആക്കുകയും ചെയ്തു الْمَلَائِكَةَ الَّذِينَ യാതൊരു മലക്കുകളെ هُمْ അവര്‍ عِبَادُ الرَّحْمَـٰنِ പരമകാരുണികന്റെ അടിയാന്മാരാണു إِنَاثًا സ്ത്രീകള്‍ أَشَهِدُوا അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ خَلْقَهُمْ അവരെ സൃഷ്ടിച്ചതു سَتُكْتَبُ (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും شَهَادَتُهُمْ അവരുടെ സാക്ഷ്യം وَيُسْأَلُونَ അവരോടു ചോദിക്കപ്പെടുകയും ചെയ്യും

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു പറയുവാന്‍ ഇവര്‍ക്കെന്താണ് തെളിവു? അല്ലാഹു അവരെ സൃഷ്ടിച്ചപ്പോള്‍ ഇവര്‍ അവിടെ ഹാജരുണ്ടായിരിക്കുകയും, അവരെ സ്ത്രീകളാക്കി സൃഷ്ടിച്ചതു കാണുകയും ചെയ്തിരുന്നുവോ? ഇല്ല. (മലക്കുകളെ സ്ത്രീപുരുഷവ്യത്യാസമില്ലാതെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.) ഇവരുടെ ഇത്തരം പ്രസ്താവനകളെല്ലാം അല്ലാഹു രേഖപ്പെടുത്തിവെക്കുകയും, അതിനെപ്പറ്റി അവരോടു ചോദ്യം ചെയ്തു നടപടി എടുക്കുകയും ചെയ്യാതിരിക്കയില്ല എന്നു സാരം. മലക്കുകളുടെ പേരില്‍ വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്നവരാണ് ഈ മുശ്രിക്കുകള്‍. അവര്‍ അതിനെ ന്യായീകരിക്കുവാന്‍വേണ്ടി സമര്‍പ്പിക്കാറുള്ള ഒരു ന്യായവാദത്തെക്കുറിച്ചാണ് അടുത്തവചനം:-

43:20

  • وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ ﴾٢٠﴿
  • അവര്‍ പറയുന്നു: ‘പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ [മലക്കുകളെ] ആരാധിക്കുമായിരുന്നില്ല’ എന്നു്. അതിനെക്കുറിച്ചു യാതൊരറിവും അവര്‍ക്കില്ല; അവര്‍ മതിപ്പിട്ട് (ഊഹിച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല.
  • وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْ شَاءَ الرَّحْمَـٰنُ പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَاهُم ഞങ്ങളവരെ ആരാധിക്കയില്ലായിരുന്നു مَّا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِنْ هُمْ അവരല്ല إِلَّا يَخْرُصُونَ മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ

43:21

  • أَمْ ءَاتَيْنَـٰهُمْ كِتَـٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ ﴾٢١﴿
  • അതല്ലാ – അവര്‍ക്കു ഇതിനുമുമ്പായി വല്ല വേദഗ്രന്ഥവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?!
  • أَمْ آتَيْنَاهُمْ അതല്ല അവര്‍ക്കു നാം നല്‍കിയിരിക്കുന്നോ كِتَابًا വല്ല ഗ്രന്ഥവും مِّن قَبْلِهِ ഇതിനു മുമ്പായി فَهُم بِهِ എന്നിട്ടു അവര്‍ അതിനെ مُسْتَمْسِكُونَ മുറുകെ പിടിക്കുന്ന(പിടിച്ചു നില്‍ക്കുന്ന)വരാണു

43:22

  • بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ ﴾٢٢﴿
  • (അതൊന്നുമല്ല) പക്ഷേ, അവര്‍ പറയുന്നു: ‘ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ (ചരിച്ചു കൊണ്ട്) സന്മാര്‍ഗ്ഗം പ്രാപിച്ചവരുമാണ്.’
  • بَلْ قَالُوا പക്ഷേ (എങ്കിലും) അവര്‍ പറഞ്ഞു, പറയുന്നു إِنَّا وَجَدْنَا നിശ്ചയമായും ഞങ്ങള്‍ കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു സമുദായത്തിലായി, ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പ്പാടുകളിലൂടെ, അവശിഷ്ടങ്ങളിലായി مُّهْتَدُونَ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരാണ്, നേര്‍മ്മാര്‍ഗ്ഗികളാണു

തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിക്കുവാന്‍ പര്യാപ്തമായ തെളിവുകളില്ലാതെ ഉത്തരം മുട്ടിയ ആ മുശ്രിക്കുകള്‍ എടുത്ത ഒരു അടവാണിത്. അതായത്, അല്ലാഹുവിന്റെ വിധിയെയും, ഉദ്ദേശത്തെയും ശരണം പ്രാപിച്ച് കുറ്റത്തില്‍നിന്നു ഒഴിഞ്ഞുമാറുക. മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു തൃപ്തിപ്പെട്ട കാര്യമാണ്, അതുകൊണ്ടാണ് തങ്ങളെ അവന്‍ അതില്‍നിന്നു മുടക്കം ചെയ്യാതിരുന്നത്. അവന്‍ ഉദ്ദേശിക്കാതെ ഒരു കാര്യവും സംഭവിക്കുകയില്ലല്ലോ ഇതാണവരുടെ വാദം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു അതിനു ഉദ്ദേശിച്ചതുകൊണ്ടാണ്, അപ്പോള്‍ അതവന്‍ തൃപ്തിപ്പെടുന്ന കാര്യവുമാണ് എന്നര്‍ത്ഥം.

വാസ്തവത്തില്‍ യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ഒരു ഉപായംമാത്രമാണിത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നതു വാസ്തവമാണ്. പക്ഷേ, സന്മാര്‍ഗ്ഗവും ദുര്‍മ്മാര്‍ഗ്ഗവും സ്വീകരിക്കുവാനുള്ള കഴിവും, അതിനുള്ള സ്വാതന്ത്ര്യവും കൂടി മനുഷ്യനു അവന്‍ നല്‍കിയിട്ടുണ്ട്. ഇതും അവന്‍ ഉദ്ദേശിച്ചതാണ്. മനുഷ്യന്‍ നന്മയും തിന്മയും സ്വീകരിക്കാവുന്ന സൃഷ്ടിയായിത്തീര്‍ന്നതും അവന്റെ ഉദ്ദേശം അനുസരിച്ചുതന്നെ. അതോടുകൂടി, സന്മാര്‍ഗ്ഗം തിരഞ്ഞെടുക്കണമെന്നും ദുര്‍മ്മാര്‍ഗ്ഗം സ്വീകരിക്കരുതെന്നും അവന്‍ മനുഷ്യനെ ശാസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു തൃപ്തിപ്പെടുന്ന സന്മാര്‍ഗ്ഗം ഇന്നതാണെന്നും, അവന്‍ വെറുക്കുന്ന ദുര്‍മ്മാര്‍ഗ്ഗം ഇന്നതാണെന്നും അവന്‍ വിവരിച്ചു കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം അവന്റെ ഉദ്ദേശം അനുസരിച്ചാണല്ലോ ഉണ്ടായിട്ടുള്ളത്. അപ്പോള്‍, മനുഷ്യനില്‍നിന്ന് ഉണ്ടായെക്കുന്ന എല്ലാ നല്ല കാര്യവും, എല്ലാ ചീത്ത കാര്യവും – രണ്ടും തന്നെ – അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചു ഉണ്ടാകുന്നതത്രെ. അല്ലാത്തപക്ഷം, ചില കാര്യങ്ങള്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു വിപരീതമായും സംഭവിക്കേണ്ടതായി വരുമല്ലോ. അതേ സമയത്തു നല്ല കാര്യം മാത്രമേ അവന്റെ അടുക്കല്‍ തൃപ്തിപ്പെട്ടതായിരിക്കയുള്ളു. ചീത്തകാര്യം വെറുക്കപ്പെട്ടതുമായിരിക്കും. അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നതെന്നുവെച്ച് അവയെല്ലാം അവന്‍ തൃപ്തിപ്പെടുന്ന കാര്യമാണെന്നു ധരിക്കുന്നതു ശരിയല്ല.

മുശ്രിക്കുകളുടെ ഈ ന്യായത്തെ രണ്ടുമൂന്നു പ്രകാരത്തില്‍ അല്ലാഹു ഖണ്ഡിക്കുന്നു.

1) അതു ശരിയാണെന്നു – തങ്ങളുടെ ആരാധന അല്ലാഹു ഉദ്ദേശിച്ചതായിരിക്കെ അതവന്റെ അടുക്കല്‍ സ്വീകാര്യവുമാണ് എന്നു- ഉറപ്പിക്കത്തക്ക യാതൊരു അറിവും അവരുടെ പക്കലില്ല. അവര്‍ വെറും ഊഹത്തെ അടിസ്ഥാനമാക്കി മതിപ്പിട്ടു പറയുകയാണ്‌.

2) മുന്‍കഴിഞ്ഞ ഏതെങ്കിലും ഒരു ദൈവികഗ്രന്ഥം ആ ആരാധനയെ അനുകൂലിക്കുന്നതായി ഉണ്ടായിട്ടുമില്ല ഉണ്ടായിരുന്നുവെങ്കില്‍ ഇവരുടെ വാദം ന്യായീകരിക്കാമായിരുന്നു. പക്ഷെ, എല്ലാ വേദഗ്രന്ഥങ്ങളും തൗഹീദുമാത്രമേ പ്രബോധനം ചെയ്യുന്നുള്ളു.

3) ഇതിനെല്ലാംപുറമെ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ബഹുദൈവാരാധന ചെയ്യുന്നതായി അവര്‍ കണ്ടു. അതനുസരിച്ചു തങ്ങളും അവരെ അനുഗമിച്ചും അനുകരിച്ചും പോന്നിരിക്കയാണെന്നു ഇവര്‍ തുറന്നു പ്രസ്താവിക്കാറുള്ളതാണ്. ഇവരുടെ ശിര്‍ക്കിന്നു യഥാര്‍ത്ഥ കാരണം ഇതായിരിക്കെ, മറ്റുള്ള ന്യായങ്ങളെല്ലാം കേവലം ജല്‍പനങ്ങള്‍ മാത്രമാണ്.

مَّا لَهُم بِذَٰلِكَ مِنْ عِلْمٍ (അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവുമില്ല) എന്ന വാക്കിന്റെ താല്‍പര്യം ഇപ്രകാരവും ആയിരിക്കാവുന്നതാണ്: തങ്ങള്‍ മലക്കുകളെ ആരാധിച്ചു കഴിഞ്ഞതിനുശേഷമാണ് അതു അല്ലാഹു ഉദ്ദേശിച്ചതാണെന്നു അവര്‍ അറിഞ്ഞത്. അവന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നു അറിഞ്ഞശേഷം, അതിന്റെ അടിസ്ഥാനത്തിലല്ല അവര്‍ ആരാധന നടത്തിയിരിക്കുന്നത്. എന്നിരിക്കെ, അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണു തങ്ങളതു ചെയ്തതെന്നു പറയുവാന്‍ ഇവര്‍ക്കു ന്യായമില്ല. തങ്ങള്‍ സ്വന്തം നിലക്കു ചെയ്ത ആ തെറ്റിനെ മൂടിവെക്കുവാനുള്ള ഒരു ന്യായം മാത്രമാണത്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു പങ്കില്ലെന്നു വാദിക്കുകയും, ദൈവവിധിയെ (القضاء والقدر) നിഷേധിക്കുകയും ചെയ്യുന്ന കക്ഷി (القدرية والمعتزلة) കളും, അവരെ അനുകരിക്കുന്ന ചില യുക്തിവാദക്കാരും ഈ 20-ാം വചനവും, ഈ ആശയം ഉള്‍ക്കൊള്ളുന്ന സൂ: അന്‍ആമിലെ 148-ാം വചനവും, സൂ: നഹ്ലിലെ 35-ാം വചനവും തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. തങ്ങള്‍ക്കു അനുകൂലമായ രൂപത്തില്‍ ഇവയെ വ്യാഖ്യാനിക്കുന്നതോടൊപ്പം, ഖുര്‍ആനിലെ നിരവധി ആയത്തുകളുടെ വ്യക്തമായ അര്‍ത്ഥങ്ങള്‍ അതിനുവേണ്ടി, മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനവും ചെയ്യുകയും ഇവരുടെ പതിവാണ്. ഇതിനെപ്പറ്റി സൂറത്തുല്‍ ഹദീദിന്റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദമായി വിവരിക്കുന്നതാണ്. إن شاء الله അതുകൊണ്ടു ഇവിടെ അതിനെ സ്പര്‍ശിക്കുന്നില്ല.

43:23

  • وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ ﴾٢٣﴿
  • (നബിയേ) അപ്രകാരംതന്നെ, നിന്റെ മുമ്പ് ഒരു രാജ്യത്തിലും, ഒരു താക്കീതുകാരനെ [പ്രവാചകനെ] നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതെ (ഉണ്ടായിട്ടില്ല); നിശ്ചയമായും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ പിന്‍തുടരുന്നവരാണ്’ എന്ന്.
  • وَكَذَٰلِكَ അതുപോലെ مَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്റെ മുമ്പു فِي قَرْيَةٍ ഒരു രാജ്യത്തിലും, നാട്ടിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖിയന്മാര്‍, സുഖലോലുപന്മാര്‍ إِنَّا وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ مُّقْتَدُونَ തുടരുന്നവരാണ്

43:24

  • قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ ﴾٢٤﴿
  • അദ്ദേഹം [താക്കീതുകാരന്‍] പറയും: ‘നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെത്തിയോ അതിനെക്കാള്‍ മാര്‍ഗ്ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലോ? [എന്നാലും നിങ്ങള്‍ അവരെത്തന്നെ പിന്‍തുടരുമോ?]’ അവര്‍ പറയും: ‘നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വസിച്ചവരാണ്.’
  • قَالَ അദ്ദേഹം പറയും أَوَلَوْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടെങ്കിലുമോ بِأَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായതുകൊണ്ടു (നല്ല വഴിയുമായി) مِمَّا وَجَدتُّمْ നിങ്ങള്‍ കണ്ടെത്തിയതിനെക്കാള്‍ عَلَيْهِ അതിന്റെമേല്‍ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ قَالُوا അവര്‍ പറയും إِنَّا بِمَا നിശ്ചയമായും ഞങ്ങള്‍ യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വസിച്ചവരാണ്

43:25

  • فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴾٢٥﴿
  • അങ്ങനെ, നാം അവരോടു (പ്രതികാര) ശിക്ഷാ നടപടിയെടുത്തു. അപ്പോള്‍ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു!
  • فَانتَقَمْنَا അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു مِنْهُمْ അവരോടു, അവരില്‍ നിന്നു فَانظُرْ അപ്പോള്‍ (എന്നാല്‍) നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ

പൂര്‍വ്വപിതാക്കളെ അനുകരിച്ച് വഴിപിഴച്ചുപോകലും, ശിര്‍ക്കു തുടങ്ങിയ ദുര്‍മ്മാര്‍ഗ്ഗങ്ങളെ ആ അനുകരണത്തിന്റെ പേരില്‍ ന്യായീകരിക്കലും അറബി മുശ്രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും, അതു മുന്‍സമുദായങ്ങളുടെയും പതിവായിരുന്നുവെന്നും, പ്രസ്തുത ന്യായീകരണത്തില്‍പോലും ഇവര്‍ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഈ മഹാവ്യാധി വളരെ കാലമായി മുസ്ലിം സമുദായത്തിലും പടര്‍ന്നു പിടിച്ചിരിക്കയാണ്‌. മുസ്ലിംകള്‍ വിഗ്രഹാരാധന നടത്താറില്ലെന്നു സമ്മതിക്കാം. എങ്കിലും ശിര്‍ക്കുപരമായ എത്രയോ കാര്യങ്ങള്‍ – അവക്കു മതഛായ നല്‍കപ്പെട്ടുകൊണ്ടുതന്നെ – സമുദായത്തില്‍ നിലനിന്നുവരുന്നതു ഈ അനുകരണം ഒന്നുകൊണ്ടുമാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതില്‍ മുമ്പന്‍മാരെന്നതും അനിഷേധ്യമത്രെ. 23ഉം 24ഉം വചനങ്ങളില്‍ മുശ്രിക്കുകളെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ച സംഗതികള്‍ അക്ഷരംപ്രതി ഇന്നു നമ്മെക്കുറിച്ചും പറയുവാനുള്ളതുതന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു 25-ആം വചനത്തില്‍നിന്നു മനസ്സിലാക്കാവുന്നതുമാകുന്നു. അല്ലാഹുവില്‍ ശരണം!.

വെളിച്ചം റമദാൻ 2024 –ഡേ- 01 (മാർച്ച് 12)

സൂറത്തു സുഖ്റുഫ് : 01-15



  • വെളിച്ചം റമദാന്‍ ഡേ-01 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 15 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം

സൂറത്തു സുഖ്റുഫ് : 01-15

സുഖ്റുഫ് (സുവർണ്ണാലങ്കാരം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 89 – വിഭാഗം (റുകുഅ്) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

43:1

  • حمٓ ﴾١﴿
  • ‘ഹാ -മീം.’
  • حمٓ ‘ഹാ-മീം’

43:2

  • وَٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • സ്പഷ്ടമായ (ഈ) വേദഗ്രന്ഥം തന്നെയാണ (സത്യം)!
  • وَالْكِتَابِ വേദഗ്രന്ഥംതന്നെയാണ الْمُبِينِ സ്പഷ്ടമായ

43:3

  • إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ﴾٣﴿
  • നിശ്ചയമായും, അതിനെ നാം അറബി ഭാഷയിലുള്ള ഒരു ‘ഖുര്‍ആന്‍’ [പാരായണഗ്രന്ഥം] ആക്കിയിരിക്കുന്നു; നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി.
  • إِنَّا جَعَلْنَاهُ നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുര്‍ആന്‍ لَّعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍

43:4

  • وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ ﴾٤﴿
  • നിശ്ചയമായും, അതു മൂലഗ്രന്ഥത്തില്‍ – നമ്മുടെ അടുക്കല്‍ – ഉന്നതമായതും, വിജ്ഞാനദായകവും തന്നെ.
  • وَإِنَّهُ നിശ്ചയമായും അതു فِي أُمِّ الْكِتَابِ മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്റെ മൂലത്തില്‍ لَدَيْنَا നമ്മുടെ അടുക്കല്‍ لَعَلِيٌّ ഉന്നതമായതുതന്നെ حَكِيمٌ വിജ്ഞാനദായകമായ, യുക്തിമത്തായത്

أُمِّ الْكِتَابِ (‘ഉമ്മുല്‍കിത്താബ്’) എന്ന വാക്കിന് ‘ഗ്രന്ഥത്തിന്റെ മാതാവ്, ‘ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ തള്ള’ എന്നു വാക്കര്‍ത്ഥം. അതായത്, ‘മൂലഗ്രന്ഥം’ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ മൗലികവശം’ എന്നു സാരം. ഇവിടെ ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഉദ്ദേശ്യം എന്താണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം. 2-ാം വചനത്തില്‍ സ്പഷ്ടമായ ഗ്രന്ഥം (الْكِتَابِ الْمُبِينِ) എന്നു പറഞ്ഞതും, 3-ാം വചനത്തില്‍ അറബിഭാഷയിലുള്ള ഖുര്‍ആന്‍ (قُرْآنًا عَرَبِيًّا) എന്നു പറഞ്ഞതും വിശുദ്ധ ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. അതേ ഖുര്‍ആനെ ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെയാണ് 4-ാം വചനത്തില്‍ ‘അതു ഉമ്മുല്‍കിത്താബില്‍ നമ്മുടെ അടുക്കല്‍ ഉന്നതമായതാണ്.'(وَإِنَّهُ فِي أُمِّ الْكِتَابِ الخ) എന്നു പ്രസ്താവിക്കുന്നത്. അപ്പോള്‍ – ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ – ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടത്തെ ഉദ്ദേശ്യം ആ ഗ്രന്ഥത്തിന്റെ മൗലികവശമാണെന്നുവെക്കുവാന്‍ വഴി കാണുന്നില്ല. നിയമപ്രധാനങ്ങളായ ആയത്തുകളെപ്പറ്റി സൂ: ആലുഇംറാന്‍ 7ല്‍ هُنَّ أُمُّ الْكِتَابِ (അവ ഗ്രന്ഥത്തിന്റെ തള്ളയാണ് – അഥവാ ഖുര്‍ആന്റെ മൂലപ്രധാനമായ ഭാഗമാണ്) എന്നു പറഞ്ഞിരിക്കുന്നു. ഇതാണ് ഇവര്‍ ഇതിന് കൊണ്ടുവരുന്ന ന്യായം. ഈ ന്യായം ഇവിടെ യോജിക്കുന്നതല്ല. കാരണം, അപ്പോള്‍ ഖുര്‍ആന്‍ അതിന്റെ മൗലികവശങ്ങളില്‍ ഉന്നതവും, വിജ്ഞാനീയവുമാണെങ്കിലും, മറ്റുവശങ്ങളില്‍ ഉന്നതമല്ലാത്തതും, വിജ്ഞാനീയവുമല്ലാത്തതുമാണെന്നു വരുമല്ലോ. മാത്രമല്ല, താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍, ‘ഉമ്മുല്‍കിത്താബി’നു ഇവിടെ അനുയോജ്യമായ അര്‍ത്ഥം ‘മൂലഗ്രന്ഥം’ എന്നുതന്നെയാണെന്നും, അതുകൊണ്ടുള്ള വിവക്ഷ ഖുര്‍ആനല്ലാത്ത മറ്റൊന്നാണെന്നും മനസ്സിലാക്കാവുന്നതാണ്:-
സൂറത്തുല്‍ വാഖിഅഃയില്‍ അല്ലാഹു പറയുന്നു:

إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾ –  سورة الواقعة 77 -79

(നിശ്ചയമായും അതു ആദരണീയമായ ഒരു ഖുര്‍ആനാകുന്നു: ഭദ്രമായി മറച്ചുവെക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണ് അതുള്ളത്. പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.). സൂറത്തുല്‍ ബുറൂജില്‍ ഇങ്ങിനെ പറയുന്നു:

(بَلْ هُوَ قُرْآنٌ مَّجِيدٌ .فِي لَوْحٍ مَّحْفُوظٍ – سورة البروج)

(പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാണ്: സൂക്ഷിക്കപ്പെട്ട ഒരു ഫലകത്തിലാണുള്ളത്.) സൂ: റഅ്ദില്‍ ഇപ്രകാരം പറയുന്നു:

(يَمْحُو اللَّـهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتَابِ – ٣٩ : سورة الرعد)

അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലുണ്ടുതാനും.). ഈ വചനങ്ങളുടെ വെളിച്ചത്തില്‍, ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എല്ലാ കാര്യങ്ങളുടെയും മൂലരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂള്വ് (സൂക്ഷിക്കപ്പെട്ട ഫലകം) ആണെന്നും, അല്ലാഹുവിന്റെ അനാദിയായ അറിവ് (علم الله الأزلي) ആണെന്നും ഇങ്ങിനെ രണ്ടു അഭിപ്രായങ്ങളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. الله اعلم

ഏതായാലും സയ്യിദ് ഖുത്ത്ബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഈ രണ്ടിനെയും – ‘ലൌഹുല്‍ മഹ്ഫൂള്വി’നെയും, അല്ലാഹുവിന്റെ അനാദിയായ അറിവുകളാകുന്ന രേഖാഗ്രന്ഥത്തെയും – സംബന്ധിച്ചു അക്ഷരാര്‍ത്ഥത്തില്‍ ശരിയായിക്കൊണ്ടുള്ള ഒരു നിര്‍വ്വചനമോ, വിവരണമോ നല്‍കുവാന്‍ സാധ്യമല്ല. പക്ഷേ, ഒരു യാഥാര്‍ത്ഥ്യം – അതാണിവിടെ മര്‍മ്മപ്രധാനമായതും – നമുക്കു ഈ വചനത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഖുര്‍ആന്റെ മഹത്വവും, അതിനു അല്ലാഹുവിങ്കലുള്ള ഉന്നതസ്ഥാനവുമാണത് ഉണര്‍ത്തുന്നത്. അതെ, ആ ഗ്രന്ഥം ഏതുനിലക്കും വളരെ ഉന്നതസ്ഥാനം അര്‍ഹിക്കുന്ന ഒരു ഗ്രന്ഥമാണ്.

43:5

  • أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ ﴾٥﴿
  • എന്നിരിക്കെ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിനാല്‍ നിങ്ങളില്‍നിന്ന് (ഈ) ഉല്‍ബോധനത്തെ നാം അവഗണിച്ച്‌ തിരിച്ചു കളയുകയോ?!
  • أَفَنَضْرِبُ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ عَنكُمُ നിങ്ങളില്‍നിന്നു الذِّكْرَ ഉല്‍ബോധനത്തെ صَفْحًا പുറംതിരിച്ചു (അവഗണിച്ചു) കൊണ്ടു أَن كُنتُمْ നിങ്ങളായതിനാല്‍ قَوْمًا مُّسْرِفِينَ അതിരു കവിഞ്ഞ ഒരു ജനത

അതു സംഭവിക്കാന്‍ പോകുന്നില്ല. ഒരു കൂട്ടര്‍ അതിരുകവിഞ്ഞ നിഷേധികളാണെങ്കില്‍, വേറൊരു കൂട്ടര്‍ അതു സ്വീകരിക്കുന്നവരും ഉണ്ടായിരിക്കും.

إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴿٨٧﴾ وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ ﴿٨٨﴾ : سورة ص

അതു ലോകര്‍ക്കു വേണ്ടിയുള്ള ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ വൃത്താന്തം കുറച്ചുകാലത്തിനുശേഷം നിശ്ചയമായും നിങ്ങള്‍ക്കറിയാറാകും.)

43:6

  • وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ ﴾٦﴿
  • പ്രവാചകരായി എത്രയോ ആളുകളെ പൂര്‍വ്വികന്മാരില്‍ നാം അയച്ചിരിക്കുന്നു.
  • وَكَمْ أَرْسَلْنَا നാം എത്ര(യോ) അയച്ചിരിക്കുന്നു مِن نَّبِيٍّ പ്രവാചകരില്‍നിന്നു فِي الْأَوَّلِينَ പൂര്‍വ്വികന്മാരില്‍

43:7

  • وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٧﴿
  • ഏതൊരു പ്രവാചകനും അവരുടെ അടുക്കല്‍ ചെല്ലുന്നതായാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കുന്നവരാകാതിരുന്നിട്ടുമില്ല.
  • وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن نَّبِيٍّ ഒരു പ്രവാചകനും إِلَّا كَانُوا അവര്‍ ആകാതെ بِهِ يَسْتَهْزِئُونَ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും

43:8

  • فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ ﴾٨﴿
  • അങ്ങനെ, ഇവരേക്കാള്‍ കയ്യൂക്കില്‍ ശക്തന്മാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂര്‍വ്വികന്മാരുടെ ഉപമകള്‍ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
  • فَأَهْلَكْنَا അങ്ങനെ, നാം നശിപ്പിച്ചു أَشَدَّ مِنْهُم ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ بَطْشًا കയ്യൂക്കില്‍, ഊക്കുകൊണ്ടു وَمَضَىٰ കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു مَثَلُ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ ഉപമ

43:9

  • وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ ﴾٩﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതു ആരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കില്‍, നിശ്ചയമായും അവര്‍ പറയും: ‘സര്‍വ്വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ അവയെ സൃഷ്ടിച്ചിരിക്കുന്നു’ എന്ന്.
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَ ആര്‍ സൃഷ്ടിച്ചുവെന്നു السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും خَلَقَهُنَّ അവയെ സൃഷ്ടിച്ചു الْعَزِيزُ പ്രതാപശാലി الْعَلِيم സര്‍വ്വജ്ഞനായ

ലോകസൃഷ്ടാവും, നിയന്താവും അല്ലാഹുതന്നെയാണെന്നു മുശ്രിക്കുകള്‍ സമ്മതിക്കും. അതേ സമത്തു ആരാധനയില്‍ അവനു പുറമെയുള്ളവരെ അവനോടു പങ്കുചേര്‍ക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടികള്‍ തൃത്വം സമ്മതിക്കുന്ന അടിസ്ഥാനത്തില്‍, അവര്‍ക്കു നിത്യം കണ്ടറിയാവുന്ന ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും അവരെ ഓര്‍മ്മിപ്പിക്കുന്നു:-

43:10

  • ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ ﴾١٠﴿
  • (അതെ) നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ (അഥവാ വിരുപ്പ്) ആക്കിയവനാകുന്നു (അവന്‍); നിങ്ങള്‍ക്കു (ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു) വഴിചേരുവാന്‍വേണ്ടി അതില്‍ പല മാര്‍ഗ്ഗങ്ങളെയും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
  • الَّذِي യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ആക്കി الْأَرْضَ ഭൂമിയെ مَهْدًا ഒരു തൊട്ടില്‍, വിരുപ്പു, വിതാനം وَجَعَلَ لَكُمْ നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു فِيهَا سُبُلًا അതില്‍ മാര്‍ഗ്ഗങ്ങളെ, لَّعَلَّكُمْ تَهْتَدُونَ നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍) വേണ്ടി

43:11

  • وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ ﴾١١﴿
  • ആകാശത്തുനിന്ന് ഒരു തോത് [ക്ലിപ്തം] അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവന്‍). എന്നിട്ട് അതുമൂലം നാം [അല്ലാഹു] നിര്‍ജ്ജീവമായ വല്ല രാജ്യത്തെയും പുനര്‍ജ്ജീവിപ്പിക്കുന്നു. അതുപോലെ, (മരണാനന്തരം) നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നതാണ്.
  • وَالَّذِي نَزَّلَ ഇറക്കിയവനുമാണ് مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം بِقَدَرٍ ഒരു തോതു (അളവുംകണക്കു, ക്ളിപ്തം) അനുസരിച്ചു فَأَنشَرْنَا بِهِ എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു بَلْدَةً مَّيْتًا ചത്ത (നിര്‍ജ്ജീവമായ) രാജ്യം كَذَٰلِكَ അപ്രകാരം تُخْرَجُونَ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും

എല്ലാതരം യാത്രമാര്‍ഗ്ഗങ്ങളും سُبُلًا (മാര്‍ഗ്ഗങ്ങള്‍) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കും, അല്ലാഹു ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ക്കും യോജിച്ച നിലയില്‍ എന്നത്രെ بِقَدَرٍ (ഒരു തോതനുസരിച്ച്) എന്ന വാക്കു കാണിക്കുന്നത്. യാത്രാമാര്‍ഗ്ഗങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചശേഷം യാത്രക്കുള്ള വാഹനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു:-

43:12

  • وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ ﴾١٢﴿
  • എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണ് (അവന്‍). കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു;
  • وَالَّذِي خَلَقَ സൃഷ്ടിച്ചവനുമാണ് الْأَزْوَاجَ ഇണകളെ كُلَّهَا അവയെല്ലാം وَجَعَلَ لَكُم നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു مِّنَ الْفُلْكِ കപ്പലുകളില്‍നിന്നും وَالْأَنْعَامِ കാലികളില്‍ നിന്നും مَا تَرْكَبُونَ നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം)

43:13

  • لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ﴾١٣﴿
  • നിങ്ങള്‍ക്കു അതിന്റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും: ‘ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല;
  • لِتَسْتَوُوا നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍ عَلَىٰ ظُهُورِهِ അതിന്റെ പുറത്തു ثُمَّ تَذْكُرُوا പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും نِعْمَةَ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം إِذَا اسْتَوَيْتُمْ നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍ عَلَيْهِ അതിന്മേല്‍ وَتَقُولُوا നിങ്ങള്‍ പറയുവാനും سُبْحَانَ الَّذِي യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു سَخَّرَ لَنَا ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന هَـٰذَا ഇതിനെ وَمَا كُنَّا ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല لَهُ ഇതിനെ مُقْرِنِينَ ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍)

43:14

  • وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴾١٤﴿
  • ‘നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്.’
  • وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു لَمُنقَلِبُونَ തിരിച്ചെത്തുന്നവര്‍ തന്നെയാണ്

വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ -വാഹനം ഏതായാലും ശരി- അല്ലാഹു തങ്ങള്‍ക്കുചെയ്തു തന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കില്‍ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു: (سُبْحَانَ الَّذِي എന്നു തുടങ്ങി لَمُنقَلِبُونَ എന്നതുവരെ). വാഹനത്തില്‍ കയറി സവാരിചെയ്യുന്ന ഓരോരുവനും അല്ലാഹു പഠിപ്പിച്ചുതന്ന ഈ തസ്ബീഹു ചൊല്ലേണ്ടാതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാത്ര പുറപ്പെട്ടു ഒട്ടകപ്പുറത്തുകയറിയിരുന്നു കഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, പിന്നീടു ആയത്തില്‍കണ്ട പ്രസ്തുത വാചകങ്ങള്‍ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു. (അ; മു; തി; ദാ.) ഇതേ ഹദീസില്‍തന്നെ ഇപ്രകാരംകൂടി കാണാം: ‘പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയും:

اللَّهُمَّ إِنَّي اَسْأَلُكَ فِي سَفَرِي هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا السَّفَرَ وَاطْوِ لَنَا اَلْبَعِيد. اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ اللَّهُمَّ اصْحَبْنا فِي سَفَرِنَا وَاخْلفْنا فِي اهْلِنا

(സാരം: അല്ലാഹുവേ, എന്റെ ഈ യാത്രയില്‍ പുണ്യവും ഭയഭക്തിയും നല്‍കണമെന്നും, നീ തൃപ്തിപ്പെടുന്ന പ്രവൃത്തി ചെയ്‌വാന്‍ സാധിപ്പിക്കണമെന്നും ഞാന്‍ നിന്നോടു ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങള്‍ക്കു നീ യാത്ര ലഘുവാക്കിത്തരുകയും, ദൂരപ്പെട്ട- ദീര്‍ഘമായ-തിനെ ചുരുക്കിത്തരുകയും വേണമെ! അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ, അല്ലാഹുവേ, ഞങ്ങളുടെ യാത്രയില്‍ നീ ഞങ്ങളെ തുണക്കുകയും, ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യേണമേ!) കുടുംബത്തിലേക്കു മടങ്ങിവരുമ്പോള്‍ അവിടുന്നു ഇപ്രകാരം പറയും:

آيبُونَ تَائِبُونَ اِن شَاء الله عَابِدُونَ لِرَبِّنَا حَامِدُونَ

(സാരം: ഞങ്ങള്‍ മടങ്ങിവരുന്നു; അല്ലാഹു ഉദ്ദേശിച്ചാല്‍, പശ്ചാത്തപിച്ചു മടങ്ങുന്നവരുമാണ്. ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും, സ്തുതിക്കുന്നവരുമാണ്).

അല്ലാഹുവാണ് ലോകസൃഷ്ടാവു എന്നു സമ്മതിക്കുകയും, അതോടൊപ്പം മലക്കുകള്‍ അവന്റെ പെണ്‍മക്കളാണെന്നു വാദിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-

43:15

  • وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌ مُّبِينٌ ﴾١٥﴿
  • അവന്റെ അടിയാന്മാരില്‍നിന്നു അവര്‍ അവനു അംശം [മക്കള്‍] ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെ!
  • وَجَعَلُوا لَهُ അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി مِنْ عِبَادِهِ അവന്റെ അടിയാന്മാരില്‍നിന്നു جُزْءًا അംശം, ഭാഗം إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ مُّبِينٌ പ്രത്യക്ഷനായ, വ്യക്തമായ

സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്‍മക്കളാണെന്ന ജല്‍പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്‍മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്‍മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു അവരുടെ നില എന്താണെന്നു നോക്കുക: