വെളിച്ചം റമദാൻ 2022 – റമദാൻ 08

സൂറത്തുല്‍ ഖമര്‍ : 01-22



  • റമദാന്‍ 8 – സൂറത്തുല്‍ ഖമര്‍ – പാര്‍ട്ട് 1 -ആയത്ത് 01 മുതല്‍ 22 വരെ
    • വിശദീകരണം : ബഹു. സഹ്ല്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്.



സൂറത്തുല്‍ഖമര്‍ : 01-22

ഖമർ (ചന്ദ്രൻ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 55 – വിഭാഗം (റുകുഅ്) – 3

[45ഉം 46ഉം വചനങ്ങള്‍ മദനീ വിഭാഗത്തില്‍ പെട്ടതാണെന്നും അഭിപ്രായമുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസങ്ങളിലും പ്രസംഗത്തില്‍ സൂ: ഖാഫും ഈ സൂറത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതാറുണ്ടായിരുന്നുവെന്നു ഹദീസില്‍ വന്നിട്ടുള്ളതും അതിനുള്ള കാരണവും സൂ: ഖാഫിന്‍റെ ആരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.

54:1

  • ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴾١﴿
  • അന്ത്യസമയം അടുത്തുവന്നിരിക്കുന്നു; ചന്ദ്രന്‍ പിളരുകയും ചെയ്തു!
  • اقْتَرَبَتِ സമീപിച്ചുവന്നു, അടുത്തുകൂടി السَّاعَةُ (അന്ത്യ) സമയം وَانشَقَّ പിളരുകയും ചെയ്തു الْقَمَرُ ചന്ദ്രന്‍

54:2

  • وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴾٢﴿
  • വല്ല ദൃഷ്ടാന്തവും കാണുന്നതായാല്‍ അവര്‍ (അവഗണിച്ച്) തിരിഞ്ഞുകളയും; അവര്‍ പറയുകയും ചെയ്യും: നടമാടികൊണ്ടിരിക്കുന്ന ഒരു ജാലവിദ്യയാണ് എന്ന്
  • وَإِن يَرَوْا അവര്‍ കാണുന്നതായാല്‍, കണ്ടാലും آيَةً വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം يُعْرِضُوا അവര്‍ തിരിഞ്ഞു (അവഗണിച്ചു) കളയും وَيَقُولُوا പറയുകയും ചെയ്യും سِحْرٌ ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്നു مُّسْتَمِرٌّ നിലനില്‍ക്കുന്ന, നടമാടികൊണ്ടിരിക്കുന്ന

54:3

  • وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴾٣﴿
  • അവര്‍ വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യവും (ഓരോ താവളത്തില്‍) ഉറച്ചു നില്‍ക്കുന്നതാകുന്നു.
  • وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ, മോഹങ്ങളെ وَكُلُّ أَمْرٍ എല്ലാ കാര്യവും مُّسْتَقِرٌّ സ്ഥിരപ്പെട്ടതാണ്, ഉറച്ചതാണ്

അന്ത്യസമയം ആസന്നമായിട്ടുണ്ടെന്നും, അതുകൊണ്ടു മനുഷ്യന്‍ ജാഗ്രതയായിരിക്കേണ്ടതുണ്ടെന്നും, അല്ലാഹു കഴിഞ്ഞ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ ഉണര്‍ത്തി. ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ അതു വീണ്ടും ആവര്‍ത്തിച്ചുണര്‍ത്തുന്നു. മനുഷ്യജീവിതത്തിന്‍റെ യഥാര്‍ത്ഥ ജയാപജയങ്ങള്‍ അന്ത്യനാളിലാണല്ലോ സാക്ഷാല്‍കരിക്കപ്പെടുന്നത്. അതുകൊണ്ടു അന്നത്തെ ദിവസം വിജയം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുകയാണ് പ്രവാചകന്മാരുടെയും, വേദഗ്രന്ഥങ്ങളുടെയും പ്രധാന ലക്ഷ്യം. അല്ലാഹുവിലും, അന്ത്യനാളിലും – മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍റെ ഉത്ഭവത്തെയും പര്യവസാനത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ – വിശ്വസിക്കാത്തവരോട് ധാര്‍മികമൂല്യങ്ങളും സദാചാരമാര്‍ഗങ്ങളും ഉപദേശിച്ചിട്ടു യാതൊരു ഫലവുമില്ല. അതുകൊണ്ടാണ് ഖുര്‍ആനില്‍ ഉടനീളം – മക്കീസൂറത്തുകളില്‍ വിശേഷിച്ചും – ഈ രണ്ടു വിഷയത്തെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉണര്‍ത്തികൊണ്ടിരിക്കുന്നതും.

ലോകാവസാനം എപ്പോഴാണുണ്ടാവുക എന്നതിനെപ്പറ്റി അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. ഒരിക്കല്‍ അതു സംഭവിക്കുമെന്ന കാര്യത്തില്‍ സംശയം . കഴിഞ്ഞുപോയികൊണ്ടിരിക്കുന്ന ഓരോ നാഴികയും, ഓരോ വിനാഴികയും അതിന്‍റെ സമയം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദൂരമല്ലാത്ത ഭാവിയില്‍ – അതു ഏതൊരു നിമിഷത്തിലും ആയേക്കാം – അതു സംഭവിക്കുമെന്നുള്ളതിന്‍റെ അടയാളങ്ങള്‍ പലതും വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകരായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനം അവയില്‍ മുഖ്യമായ ഒന്നത്രെ. രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് തിരുമേനി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഞാനും അന്ത്യസമയവും ഈ രണ്ടു വിരലുകള്‍ കണക്കെ ആയിക്കൊണ്ടാണ് എന്നെ നിയോഗിച്ചിട്ടുള്ളത്.’ (അ; ബു; മു).

അന്ത്യസമയത്തിന്‍റെ സംഭവ്യതയും, ആസന്നതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷദൃഷ്ടാന്തവും ഒരു അസാധാരണ സംഭവവുമത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു അതു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അതു കണ്ണില്‍ കണ്ടിട്ടുപോലും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുശ്രിക്കുകള്‍ കൂട്ടാക്കിയില്ല. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലവിദ്യയാണെന്നു വിധി കല്‍പിച്ച് ഒഴിഞ്ഞുമാറുന്ന അവരുടെ ആ പഴയ പതിവ് ഇവിടെയും ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ പറഞ്ഞു ‘അബൂകബ്ശഃയുടെ (*) മകന്‍ നിങ്ങളോടു ജാലവിദ്യ നടത്തിയിരിക്കുകയാണ്. (لقد سحركم ابي كبشة)


(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുമ്മയായ ഹലീമഃയുടെ ഭര്‍ത്താവായിരുന്നു അബൂകബ്ശത്ത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പരിഹസിച്ചു കൊണ്ടാണ്  ‘അബൂകബ്ശഃയുടെ മകന്‍’ എന്ന് അവര്‍ പറയുന്നത്.

سِحْرٌ مُّسْتَمِرٌّ (നടമാടികൊണ്ടിരിക്കുന്ന ജാലം) എന്ന വാക്കിനു രണ്ടുമൂന്നു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിരിക്കുന്നു.

(1) ഇതുപോലെ ഉള്ള ജാലവിദ്യകള്‍ പലതും വളരെ മുമ്പ് മുതല്‍ക്കേ നടപ്പുണ്ട്. അവയില്‍ ഒന്നത്രെ ഇതും.

(2) വളരെ ശക്തമായതും സാധാരണ ജാലവിദ്യകളെ വെല്ലുന്നതുമാണ്.

(3) നിലനില്‍പ്പില്ലാതെ വേഗമങ്ങു നീങ്ങിപ്പോയേക്കുന്നതായിരിക്കും. ഇവയില്‍ ആദ്യത്തെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കപ്പെട്ടിരിക്കുന്നത്.

ഓരോ കാര്യത്തിനും ഓരോ പര്യവസാനവും തീരുമാനവുമുണ്ട്. നന്മയാകട്ടെ, തിന്മയാകട്ടെ, രക്ഷയാകട്ടെ, ശിക്ഷയാകട്ടെ ഓരോന്നിനും അല്ലാഹു ഓരോ വ്യവസ്ഥയും ചിട്ടയും നിശ്ചയിച്ചിട്ടുണ്ടു എന്നത്രെ 3-ാം വചനത്തിന്‍റെ അവസാനഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഹിജ്റയുടെ ഏതാണ്ട് അഞ്ചുകൊല്ലം മുമ്പാണ് ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഉണ്ടായത്. ബുഖാരി, മുസ്‌ലിം, അഹ്മദ്, ഹാകിം, അബൂദാവൂദ്, ബൈഹഖി, തിര്‍മദി, ഇബ്നുജരീര്‍ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാരെല്ലാം വിവധമാര്‍ഗങ്ങളില്‍ കൂടി പ്രസ്തുത സംഭവം ഉദ്ധരിച്ചിരിക്കുന്നു. അലി, ഇബ്നുമസ്ഊദ്, അനസ്, ഇബ്നുഉമര്‍, ഇബ്നുഅബ്ബാസ്‌, ഹുദൈഫ, ജുറൈറുബ്നു മുത്വീം (رضي الله عنهم) മുതലായ സഹാബികളില്‍ നിന്നു അത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ – ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം പ്രബലമായ നിരവധി ഹദീസുകളാല്‍ സ്ഥാപിതമായതും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസുപണ്ഡിതന്മാരും ഭിന്നാഭിപ്രായം കൂടാതെ സ്ഥിരപ്പെടുത്തിയിട്ടുള്ളതുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു ഒരു രാത്രിയില്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു മലയുടെ ഇരുഭാഗത്തുമായി കാണുകയുണ്ടായെന്നും, അതുകണ്ട മക്കാമുശ്രിക്കുകള്‍ അതു മുഹമ്മദിന്‍റെ ജാലവിദ്യയാണെന്നു പറഞ്ഞുവെന്നുമാണ് ഹദീസുകളുടെ രത്നച്ചുരുക്കം. ചില ഹദീസുകളില്‍ പലഭാഗത്തുനിന്നും വന്ന യാത്രക്കാരും അതു തങ്ങള്‍ കണ്ടതായി പ്രസ്താവിച്ചുവെന്നും കൂടി വന്നിട്ടുണ്ട്.

ഭൗതികവാദികളും തത്വശാസ്ത്രത്തിന്‍റെ അനുയായികളും ഇത്തരം സംഭവങ്ങളെ നിഷേധിക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍, മുസ്ലിംകളില്‍ ചുരുക്കം ചില ആളുകളും അവരെ അനുകരിച്ചുകാണുന്നതു അത്ഭുതമത്രെ. ഈ വചനത്തില്‍ ചന്ദ്രന്‍ പിളര്‍ന്നു (وَانشَقَّ الْقَمَرُ ) എന്നു ഭൂതകാലരൂപത്തിലാണ് പറഞ്ഞിട്ടുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ഭാവിയില്‍ വരാനിരിക്കുന്ന -അഥവാ ലോകവസാന ഘട്ടത്തിലെ സംഭവവികാസങ്ങളില്‍പെട്ട- ഒരു സംഭവത്തെയാണ് കുറിക്കുന്നതു എന്നത്രെ അവരുടെ വാദം. ഭാവികാര്യങ്ങളെക്കുറിച്ചു ഖുര്‍ആന്‍ ചിലപ്പോള്‍ ഭൂതകാലക്രിയ പ്രയോഗിക്കാറുണ്ടല്ലോ. അക്കൂട്ടത്തില്‍ ഒന്നാണ് ഈ വാക്യവും എന്നു അവര്‍ പറയുന്നു. പക്ഷേ, ഇവിടെ ചില സംഗതികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ വാക്യത്തിന്‍റെ തൊട്ടുമുമ്പുള്ള വാക്യം اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തു വന്നിരിക്കുന്നു) എന്നാണല്ലോ. ഈ ക്രിയ – അക്ഷരത്തിലും അര്‍ത്ഥത്തിലും – ഭൂതകാലത്തെ തന്നെ കുറിക്കുന്നതാണ്. ഇതില്‍ തര്‍ക്കമുണ്ടായിരിക്കയില്ല. ആ നിലക്ക് അതോട് ചേര്‍ത്തു പറയപ്പെട്ട ഈ ക്രിയയും അക്ഷരത്തിലെന്നപോലെ അര്‍ത്ഥത്തിലും ഭൂതകാലത്തെ കുറിക്കുന്നതാകുവാനാണ് കൂടുതല്‍ സാധ്യതയുള്ളത്. മാത്രമല്ല ഒരു ക്രിയാരൂപത്തിന്‍റെ സാക്ഷാല്‍ അര്‍ത്ഥം നല്‍കുന്നതിനു വല്ല തടസ്സവും ഉള്ളപ്പോള്‍ മാത്രമേ അതിനു മറ്റൊരു അര്‍ത്ഥം കല്‍പ്പിക്കുവാന്‍ പാടുള്ളുവെന്ന് പരക്കെ അറിയപ്പെടുന്ന ഒരു പൊതു നിയമവുമാകുന്നു. ഇവിടെയാകട്ടെ, അങ്ങനെയൊരു തടസ്സമില്ലെന്നു മാത്രമല്ല, ഭൂതകാലാര്‍ത്ഥം തന്നെ ആ ക്രിയക്ക് നല്‍കേണ്ടതാണെന്നു കാണിക്കുന്ന മതിയായ തെളിവുകളും ഉണ്ട്.

അന്ത്യസമയം അടുത്തുവന്നിരിക്കുന്നുവെന്നുള്ളതിനു ഒരു ദൃഷ്ടാന്തമായിക്കൊണ്ടാണ് ചന്ദ്രന്‍റെ പിളര്‍പ്പിനെപറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അതു ജാലമാണെന്നു പറഞ്ഞു തിരിഞ്ഞുകളയലും വ്യാജമാക്കലും അവരുടെ പതിവാണ്. (وَإِن يَرَوْا آيَةً يُعْرِضُوا الح) എന്നു അടുത്ത ആയത്തിൽ  പറയുന്നതും അതുകൊണ്ടാണ്. അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന ഒരു സംഭവമാണ് ഈ സംഭവമെങ്കില്‍, ഈ പ്രസ്താവനക്കു ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. കാരണം, ഖിയമാത്തുനാളില്‍ ചന്ദ്രന്‍ പിളരുകപോലെയുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ അതു ജാലവിദ്യയാണെന്നു പറഞ്ഞു തള്ളിക്കളയുവാനോ, വ്യാജമാക്കി ദേഹേച്ഛകളെ പിന്‍തുടരുവാനോ മനുഷ്യന്‍ ധൈര്യപ്പെടുമോ? അങ്ങിനെ വല്ലവരും കരുതുന്നുവെങ്കില്‍ അതില്‍പരം മൗഢ്യം മറ്റെന്താണ് ?! അല്ലാഹു പറയുന്നു إِذَا وَقَعَتِ الْوَاقِعَةُ لَيْسَ لِوَقْعَتِهَا كَاذِبَةٌ (ആ സംഭവം സംഭവിച്ചാല്‍ അതിന്‍റെ സംഭവ്യതയെ കളവാക്കുന്ന ഒന്നും തന്നെയില്ല. (56: 1,2).

മറ്റൊരു സംഗതി: اية (ആയത്ത്) എന്ന പദത്തിനു ‘ദൃഷ്ടാന്തം, തെളിവ്, അടയാളം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഖുര്‍ആനില്‍ ഈ വാക്കു പല ഉദ്ദേശ്യത്തിലും ഉപയോഗിച്ചുകാണാം. പ്രകൃതിദൃഷ്ടാന്തങ്ങള്‍, വേദവാക്യങ്ങള്‍, ദൈവിക നിയമനിര്‍ദ്ദേശങ്ങള്‍, ചരിത്ര പാഠങ്ങള്‍ മുതലായവയെ ഉദ്ദേശിച്ചുകൊണ്ടു ഉപയോഗിക്കപ്പെട്ടിരിക്കുന്നു. (ഇതു സംബന്ധിച്ചു മുഖവുരയില്‍ ചിലതെല്ലാം നാം വിവരിച്ചിട്ടുണ്ട്.). ഖുര്‍ആനെക്കുറിച്ചും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ക്കുറിച്ചും ജാലമെന്നും, ജാലക്കാരന്‍ എന്നും മുശ്രിക്കുകള്‍ പറയാറുണ്ടെങ്കിലും അത്തരം വിഷയങ്ങളെക്കുറിച്ചു ജാലമെന്നു അവര്‍ പറഞ്ഞതായി കാണുന്നില്ല. പ്രവാചകന്മാരുടെ സത്യതക്കു തെളിവായിട്ടുള്ളതും, മൂസാ (عليه السلام) നബിയുടെ വടിയും സ്വലിഹു (عليه السلام) നബിയുടെ ഒട്ടകവും പോലെയുള്ളതുമായ അസാധാരണ ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചാണ് ആ പദം  (ആയത്ത്) ഖുര്‍ആനില്‍ ഉപയോഗിക്കാറുള്ള മറ്റൊരവസരം. ഈ ഇനത്തില്‍പ്പെട്ട കാര്യങ്ങളെക്കുറിച്ച് സത്യനിഷേധികള്‍ ജാലം (‘സിഹ്ര്‍’) എന്നു പറയാറുണ്ട്. ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഇതു വേഗം മനസ്സിലാക്കുവാന്‍ കഴിയും. പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടിയാകുന്നു ഇത്തരം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുന്നത്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ സംഭവിക്കുന്നുവെന്നല്ലാതെ, നബിമാരുടെ കഴിവില്‍പ്പെട്ടതല്ല അവ. (ഇതിനെപ്പറ്റിയും നാം മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്.) മൂസാ (عليه السلام) നബിയുടെ വടി സര്‍പ്പമായപ്പോള്‍ അവിശ്വാസികള്‍ അതു ജാലവിദ്യയാണെന്നു പറയുകയുണ്ടായത് പ്രസിദ്ധമാണ്. ഇതനുസരിച്ച് ചന്ദ്രന്‍റെ പിളര്‍പ്പിനെത്തുടര്‍ന്നു സത്യനിഷേധികള്‍ അതു ജാലമാണെന്നു പറഞ്ഞു തള്ളികള്ളഞ്ഞുവെന്നുവരുമ്പോള്‍, അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തിനു ഉപോല്‍ബലമായ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു തന്നെ സംഭവിച്ചിരിക്കേണ്ടതുമാണ്. നേരെമറിച്ചു ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണ് അതെങ്കില്‍, അവിടെ ജാലത്തിന്‍റെ ആരോപണത്തിന് എന്താണ് സ്ഥാനമുള്ളത്?!. ആലോചിച്ചു നോക്കുക.

പൌരാണിക തത്വശാസ്ത്രസിദ്ധാന്തമനുസരിച്ചു ആകാശമണ്ഡലത്തില്‍പൊട്ടോ പിളര്‍പ്പോ ഉണ്ടാവാനോ, വല്ലതും കൂടിചേരുവാനോ (الخرق و الالتتام) പാടില്ല എന്നായിരുന്നു. ആധുനിക ശാസ്ത്രം ആ വാദം തെറ്റാണെന്നു തളിയിച്ചു കഴിഞ്ഞിരിക്കയാണ്. സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങളില്‍നിന്നു ചില അംശങ്ങള്‍ പുറത്തുപോകലും, ചില ഗോളങ്ങളില്‍ നിന്നുള്ള അംശങ്ങള്‍ മറ്റുചിലതില്‍ ചെന്നു പതിക്കലും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഇന്നു ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. വേണ്ടാ, അടുത്തകാലത്തു മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നു അവിടത്തെ പാറക്കഷ്ണം ഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു. ചന്ദ്രഗോളത്തില്‍ വമ്പിച്ച ഉല്‍ക്കകള്‍ പതിച്ചതിന്‍റെ ആഘാതങ്ങളെപ്പറ്റി ചന്ദ്രഗോള സഞ്ചാരികളും, ആഗോളനീരിക്ഷകന്മാരും സദാ പ്രസ്താവിച്ചു കൊണ്ടുമിരിക്കുന്നു. ഈ ഭൂമിയും, ചന്ദ്രനുമെല്ലാം സൂര്യനില്‍ നിന്നു തെറ്റിത്തെറിച്ച ചില കഷ്ണങ്ങളാണെന്നു പോലും ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. എന്നിരിക്കെ, ചന്ദ്രനില്‍ ഒരു പിളര്‍പ്പോ, പിളര്‍പ്പിനു ശേഷം ഒരു കൂടിച്ചേരല്ലോ ഉണ്ടായേക്കുന്നതിന്‍റെ സാധ്യത ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമല്ല. അങ്ങിനെ വല്ലതും സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതു എന്തായിരുന്നു എന്നു മാത്രമേ ആലോചിക്കുവാനുള്ളൂ. ഇതിനു വ്യക്തമായ മറുപടി പറയുവാന്‍ ശാസ്ത്രതത്വങ്ങളെക്കാള്‍ കഴിവ് ചരിത്രസത്യങ്ങള്‍ക്കാണുള്ളത്. അതാണ്‌ ഈ ഖുര്‍ആന്‍ വചനവും, മേല്‍ സൂചിപിച്ച അനേകം ഹദീസുകളും നമ്മുക്കു കാട്ടി തരുന്നതും.

ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തെപ്പറ്റി ഒന്നിലധികം അദ്ധ്യായങ്ങളിലായി ഇമാം ബുഖാരീ (رحمه الله) പല ഹദീസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവരണത്തില്‍, ഈ സംഭവത്തെ നിഷേധിക്കുന്നവരുടെ സംശയങ്ങള്‍ സന്ദര്‍ഭോചിതം ഉദ്ധരിച്ചുകൊണ്ടു ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനി അവക്കു മറുപടി കൊടുത്തുകാണാം. അക്കൂട്ടത്തില്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ കുറിച്ചുള്ള അദ്ധ്യായത്തി (باب انشقق القمر)ല്‍ അദ്ദേഹം പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താവനയുടെ ചുരുക്കം ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു : ‘തത്വശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗം ആളുകള്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിക്കുന്നവരാണ്. ആകാശത്തില്‍നിന്നു വല്ലതും പൊട്ടിപ്പോരുകയോ അതില്‍ വല്ലതും കൂടിചേരുകയോ ഇല്ലെന്ന തത്വത്തെ ആസ്പദമാക്കിയാണ് അവരുടെ നിഷേധം. ഇവിടെ മാത്രമല്ല, മിഅ്റാജിന്‍റെ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ആകാശ മാര്‍ഗങ്ങള്‍ തുറക്കപ്പെട്ടതും, ഖിയമാത്തുനാളില്‍ സൂര്യന്‍റെ നില തെറ്റുന്നതും പോലെയുള്ള സംഭവങ്ങളെല്ലാം അവര്‍ നിഷേധിക്കുന്നു. ഇങ്ങിനെയുള്ളവര്‍ അവിശ്വാസികള്‍ ആണെങ്കില്‍ ആദ്യമായി അവരോടു വിവാദം നടത്തേണ്ടതു ഇസ്ലാമിന്‍റെ സ്വീകാര്യതയെ കുറിച്ചാകുന്നു. (പ്രസ്തുത നിഷേധത്തെക്കുറിച്ചല്ല). (*) പിന്നീടു ഇത്തരം സംഗതികളെ നിഷേധിക്കുന്ന മുസ്‌ലിംകളോടെന്ന പോലെ അവരോടും സംസാരിക്കാം. ഇത്തരം വിഷങ്ങളില്‍ ചിലതു സമ്മതിക്കുകയും, ചിലതു സമ്മതിക്കാതിരിക്കുകയും ചെയ്‌വാന്‍ മുസ്ലിമിനു പാടില്ല. ഖിയമാത്തുനാളില്‍ ആകാശത്തില്‍ തകര്‍ച്ചയും വളര്‍ച്ചയും (അഥവാ സ്ഥിതിമാറ്റങ്ങള്‍) ഉണ്ടാകാമെന്നു ഇവര്‍ സമ്മതിക്കുമെങ്കില്‍, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്‍റെ പ്രവാചകത്വത്തിനു തെളിവായ ഒരു അമാനുഷിക ദൃഷ്ടാന്തം എന്ന നിലക്കു അതു സമ്മതിക്കാതിരിക്കുവാന്‍ തരമില്ല. മുന്‍കഴിഞ്ഞ മാഹന്മാര്‍ തന്നെ ഇക്കൂട്ടര്‍ക്കു മറുപടി നല്‍കികഴിഞ്ഞിട്ടുണ്ട്. അബൂഇസ്ഹാഖ് സജ്ജാദ് (رحمه الله ) പറയുന്നു : മതവിരോധികളെ അനുകരിച്ചുകൊണ്ട് ബിദ്അത്തിന്‍റെ കക്ഷിക്കാരായ (നൂതനവാദക്കാരായ) ചിലരും ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍, ബുദ്ധി അതിനെ നിഷേധിക്കുന്നില്ല, കാരണം ഖിയമാത്തുനാളില്‍ സൂര്യനെയും ചന്ദ്രനെയും ഒരുമിച്ചുകൂട്ടുകയും മറ്റും ചെയ്യുന്ന അല്ലാഹുവിനു അതിനെ പിളര്‍ക്കുകയും ചെയ്യാം. അതവന്‍റെ സൃഷ്ടിയാണല്ലോ. അവന്‍റെ സൃഷ്ടിയില്‍ അവന്‍റെ ഇഷ്ടംപോലെ അവനു പ്രവര്‍ത്തിക്കാവുന്നതാകുന്നു.’( فتح الباري)


(*). ശ്രദ്ധേയമായ ഒരു തത്വമാണ് അസ്ഖലാനി (رحمه الله) ഈ പ്രസ്താവിക്കുന്നത്. അടിസ്ഥാനപരമായ കാര്യങ്ങളില്‍ യോജിക്കുന്നവരോടും അല്ലാത്തവരോടും, ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരോടും അല്ലാത്തവരോടും വിവാദങ്ങള്‍ നടത്തേണ്ടുന്ന വിഷയത്തിലും, സ്വഭാവത്തിലും വ്യത്യാസമുണ്ടെന്നു സാരം.


ചന്ദ്രന്‍ പിളര്‍ന്നിട്ടുണ്ടെങ്കില്‍ അതു ലോകപ്രസിദ്ധമാകേണ്ടതാണല്ലോ എന്നു നിഷേധികളില്‍ ചിലര്‍ വാദിക്കാറുണ്ട്. രാത്രിയാണതു സംഭവിച്ചത്. ജനങ്ങള്‍ ഉറങ്ങികിടക്കുകയായിരിക്കുമല്ലോ. ആ സംഭവ സമയത്ത് ഉറങ്ങാതെ ആകാശത്തേക്കു നോക്കിയവര്‍ക്ക് മാത്രമേ അതു കാണുവാന്‍ സാധ്യമാകൂ എന്നു പറയേണ്ടതില്ല. ദൃഷ്ടാന്തം ആവശ്യപ്പെട്ടവര്‍ മാത്രമേ കല്പിച്ചുകൂട്ടി അതിനു തയ്യാറായിരിക്കുകയുമുള്ളൂ. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എല്ലാവരും കാണുകയോ അറിയുകയോ ചെയ്യാറില്ലല്ലോ. അതേ സമയത്ത് ഒരു നാട്ടില്‍ ദൃശ്യമായ ഗ്രഹണം വേറൊരു നാട്ടുകാര്‍ക്ക് ദൃശ്യമല്ലാതെയുമിരിക്കും. ഇതുപോലെത്തന്നെ ചന്ദ്രപ്പിറവിയും. ഒരു രാജ്യത്തു ചന്ദ്രപ്പിറവി കാണുമ്പോള്‍ മറ്റൊരു രാജ്യത്തു അതു കാണാതിരിക്കുക സാധാരണമാണല്ലോ. നേരം പുലരുവോളം അന്നത്തെ രാത്രി ആകാശം വീക്ഷിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒരാള്‍ ആ സംഭവം ഉണ്ടായതായി താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല. മരുഭൂമികളില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ് താരതമ്യേന ആ സംഭവം കാണുവാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഇങ്ങിനെയുള്ള പലരും തങ്ങള്‍ അതുകണ്ടതായി സാക്ഷ്യം വഹിക്കുകയുണ്ടായ വിവരം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ച ഹദീസില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ബൈഹഖി رحمه الله))യുടെ നിവേദനത്തില്‍, എല്ലാ ഭാഗത്തുനിന്നും വന്ന സഞ്ചാരികളോടും ഖുറൈശികള്‍ അന്വേഷിക്കുകയുണ്ടായെന്നും, അവരെല്ലാം അതു കണ്ടുവെന്നു മറുപടി പറഞ്ഞുവെന്നും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.

ചുരുക്കത്തില്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം പരക്കെ അറിയാതിരിക്കുവാന്‍ പല കാരണങ്ങളും ഉണ്ടാവാം. എനി, കുറെയെല്ലാം ആളുകള്‍ യഥാര്‍ത്ഥത്തില്‍ അതു കണ്ടിരുന്നാല്‍ പോലും, മുസ്‌ലിംകള്‍ പിന്നീടു തങ്ങളുടെ ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തി സൂക്ഷിച്ചു വന്നതുപോലെ, മറ്റൊരു കൂട്ടരും അക്കാലത്തു തങ്ങളുടെ സംഭവങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചുപോന്നിരുന്നില്ലെന്ന വസ്തുതയും പ്രസ്താവ്യമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു ഏറ്റവും വലിയ തെളിവായി കാലാവസാനത്തോളം നിലനില്‍ക്കുന്ന മഹാ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെ. എങ്കിലും, മറ്റു പല അസാധാരണ സംഭവങ്ങളും തിരുമേനിയുടെ കൈക്ക് വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്ന പരമാര്‍ത്ഥം ചരിത്ര സത്യങ്ങളുടെ നേരെ പാടെ കണ്ണടച്ചേക്കുന്ന കുബുദ്ധികള്‍ക്കല്ലാതെ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല. അവയില്‍ ഒന്നും തന്നെ, മുഴുവന്‍ മുസ്ലിംകളും കണ്ടതോ, എല്ലാ സമുദായക്കാരും കാണത്തക്കവണ്ണം ചിരകാലം നീണ്ടുനിന്നതോ ആയി ഒന്നുമില്ല. ആയിരിക്കാവുന്നതുമല്ല. കാരണം, മുന്‍പ്രവാചകന്മാരുടെ സമുദായങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കാലക്കാരും ദേശക്കാരുമായി രുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സമുദായത്തിന്‍റെ സ്ഥിതി അതല്ല. ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കുന്നതും, അവിടുത്തെ പ്രബോധനം ഭൂലോകജനതയ്ക്കു ആകമാനം ബാധകമായതുമാണ്. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ ആയതും.

മൊത്തത്തില്‍ പറഞ്ഞാല്‍ -അല്ലാമാ ശൌക്കാനി (رحمه الله) പ്രസ്താവിക്കുന്നതു പോലെ- അല്ലാഹുവിന്‍റെ കിത്താബില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നു കാണുന്നു. അഥവാ പിന്നീടു പിളരും എന്നല്ല അതില്‍ പറഞ്ഞിരിക്കുന്നത്. ഹദീസുകള്‍ പരിശോധിച്ചാലും അതു സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു, മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലാകട്ടെ, അതില്‍ ഭിന്നാഭിപ്രായവുമില്ല. എന്നിരിക്കെ, തല്പരകക്ഷികളുടെ അഭിപ്രായത്തിനോ, അവരുടേതായ വ്യാഖ്യാനത്തിനോ നാം ഒട്ടും വില കല്പിക്കേണ്ടതില്ല. മേല്‍ പ്രസ്താവിച്ചതിനു പുറമേ വേറെയും ചില്ലറ കുതര്‍ക്കങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്. അവക്കെല്ലാം പല മഹാന്മാരും തക്കതായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. അതെല്ലാം ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും കാണുന്നില്ല. അല്ലാഹു പറയുന്നു :-

54:4

  • وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ﴾٤﴿
  • (നിഷേധത്തില്‍ നിന്നു) വിട്ടുമാറി നില്‍ക്കത്തക്ക വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു.
  • وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കുവന്നിട്ടുണ്ട് مِّنَ الْأَنبَاءِ വൃത്താന്തങ്ങളില്‍ നിന്നു مَا യാതൊന്നു (ഒരളവ്) فِيهِ അതിലുണ്ട് (ഉണ്ടാവത്തക്ക) مُزْدَجَرٌ വിലക്കി നില്‍ക്കല്‍, വിരമിക്കാവുന്നതു, വിട്ടുമാറല്‍

54:5

  • حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ ﴾٥﴿
  • തികഞ്ഞ (പരിപൂര്‍ണ്ണമായ) വിജ്ഞാനം! എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല!
  • حِكْمَةٌ വിജ്ഞാനം, തത്വം بَالِغَةٌ തികഞ്ഞ (പൂര്‍ണ്ണമായ) فَمَا تُغْنِ എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല) النُّذُرُ താക്കീതുകള്‍, താക്കീതുകാര്‍

കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിക്കൊണ്ടു സത്യനിഷേധത്തില്‍നിന്നു പിന്‍വാങ്ങുവാന്‍ മതിയായത്ര ചരിത്രപാഠങ്ങളും ഉപദേശങ്ങളും അവര്‍ക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഖുര്‍ആനാകട്ടെ, അങ്ങേയറ്റം, പരിപൂര്‍ണ്ണമായ തികഞ്ഞ വിജ്ഞാനവും. ഇതെല്ലാമായിട്ടും അവര്‍ക്കു താക്കീതുകള്‍ ഫലപ്പെടാതെയാണിരിക്കുന്നത് എന്നു സാരം.

54:6

  • فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ ﴾٦﴿
  • ആകയാല്‍ (നബിയേ) അവരില്‍നിന്നു നീ വിട്ടുമാറിക്കൊള്ളുക. അനിഷ്ടകരമായ ഒരു (ഗൗരവപ്പെട്ട) കാര്യത്തിലേക്കു വിളിക്കുന്ന ആള്‍ വിളിക്കുന്ന ദിവസം,-
  • فَتَوَلَّ അതിനാല്‍ വിട്ടു(മാറി, തിരിഞ്ഞു) പോകുക عَنْهُمْഅവരില്‍നിന്നു, അവരെ വിട്ടു يَوْمَ يَدْعُ വിളിക്കുന്ന ദിവസം الدَّاعِ വിളിക്കുന്ന (ക്ഷണിക്കുന്ന)വന്‍ إِلَىٰ شَيْءٍ ഒരു വസ്തുവി (കാര്യത്തി)ലേക്കു نُّكُرٍ അനിഷ്ടകരമായ, അനാശാസ്യമായ, വെറുപ്പായ (കടുത്ത)

54:7

  • خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴾٧﴿
  • അവരുടെ ദൃഷ്ടികള്‍ (പേടിച്ചു) വിനയപ്പെട്ടവരായ നിലയില്‍, ചിന്നിപ്പരന്ന വെട്ടുകിളികളെന്നോണം ശവക്കുഴി [‘ഖബ്റു’]കളില്‍ നിന്നും അവര്‍ പുറത്തുവരുന്നതാണ്;-
  • خُشَّعًا വിനയപ്പെട്ടുകൊണ്ടു, ഭക്തിപ്പെട്ടുകൊണ്ടു أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍ يَخْرُجُونَ അവര്‍ പുറത്തുവരും مِنَ الْأَجْدَاثِ ഖബ്റു (ശവക്കുഴി) കളില്‍നിന്നു كَأَنَّهُمْ جَرَادٌ അവര്‍ ജറാദു (വെട്ടുകിളി)കളെന്നപോലെ مُّنتَشِرٌ ചിന്നിപ്പരന്ന, നിരന്ന

54:8

  • مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ ﴾٨﴿
  • വിളിക്കുന്ന ആളിലേക്കു (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായും കൊണ്ട്. അവിശ്വാസികള്‍ പറയും; ഇതു ഞെരുക്കമേറിയ ഒരു ദിവസമാകുന്നു’ എന്നു!
  • مُّهْطِعِينَ (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ടു إِلَى الدَّاعِ വിളിക്കുന്നവനിലേക്കു يَقُولُ الْكَافِرُونَ അവിശ്വാസികള്‍ പറയും هَـٰذَا يَوْمٌ ഇതൊരു ദിവസമാണ് عَسِرٌ ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ

ഖിയാമത്തുനാളില്‍ എല്ലാവരെയും പുനര്‍ജീവിപ്പിക്കുന്നതിനുള്ള വിളി -അഥവാ രണ്ടാമത്തെ കാഹളം ഊത്തു- ഉണ്ടാകുന്നു. ആ അവസരത്തില്‍ എല്ലാവരും ആ വിളിയെ ലാക്കാക്കി വളരെ ദ്രുതഗതിയില്‍ വമ്പിച്ച വെട്ടുകിളിക്കൂട്ടം കണക്കെ ഖബ്റുകളില്‍ നിന്നു വിചാരണനിലയത്തിലേക്കു എഴുന്നേറ്റു ചെല്ലുന്നതാകുന്നു. ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടോ, തത്വങ്ങളും വിജ്ഞാനങ്ങളും ലഭിച്ചിട്ടോ, താക്കീതുകള്‍ കേട്ടിട്ടോ ഒന്നും തന്നെ നിഷേധത്തില്‍ നിന്നു പിന്‍മാറാത്ത ആ അവിശ്വാസികളെ ആ ദിവസത്തെക്കുറിച്ചു അല്ലാഹു ഗൗരവപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. ഇവരെ പോലെ നിഷേധത്തില്‍ ശഠിച്ചു നിന്ന മുന്‍സമുദായങ്ങളുടെ പര്യവസാനങ്ങളെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു:-

54:9

  • كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ ﴾٩﴿
  • നൂഹിന്‍റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി ; അങ്ങനെ, അവര്‍ നമ്മുടെ അടിയാനെ വ്യാജമാക്കുകയും, ‘ഭ്രാന്തന്‍’ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു
  • كَذَّبَتْ قَبْلَهُمْ അവരുടെ മുമ്പു വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി عَبْدَنَا നമ്മുടെ അടിയാനെ وَقَالُوا അവര്‍ പറയുകയും ചെയ്തു مَجْنُونٌ ഭ്രാന്തന്‍ എന്നു وَازْدُجِرَ അദ്ദേഹം വിലക്ക (ആക്ഷേപിക്ക, മുടക്ക)പ്പെടുകയും ചെയ്തു, ആട്ടപ്പെട്ടു

നൂഹ് (عليه السلام) നബിയെ തന്‍റെ പ്രബോധനകൃത്യം നിര്‍വ്വഹിക്കുവാന്‍ സമ്മതിക്കാതെ അവര്‍ അക്രമവും ഭീഷണിയും പ്രയോഗിച്ചു കൊണ്ടിരുന്നു എന്നു സാരം.

54:10

  • فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ ﴾١٠﴿
  • അപ്പോള്‍, അദ്ദേഹം തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു): ‘ഞാന്‍ പരാജിതനാണ്, ആകയാല്‍ നീ രക്ഷാനടപടിയെടുക്കേണമേ’ എന്നു!
  • فَدَعَا അപ്പോഴദ്ദേഹം വിളിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنِّي مَغْلُوبٌ ഞാന്‍ പരാജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്നു فَانتَصِرْ ആകയാല്‍ നീ രക്ഷാ (പ്രതികാര) നടപടി എടുക്കണേ

54:11

  • فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ﴾١١﴿
  • അങ്ങനെ, കുത്തിച്ചൊരിയുന്ന ഒരു (മഴ) വെള്ളം കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങളെ നാം തുറന്നു (വിട്ടു)
  • فَفَتَحْنَا അങ്ങനെ (അതിനാല്‍) നാം തുറന്നു أَبْوَابَ السَّمَاءِ ആകാശവാതിലു (കവാടം) കളെ بِمَاءٍ ഒരു വെള്ളം (ജലം) മുഖേന مُّنْهَمِرٍ കുത്തിച്ചൊരിയുന്ന.

54:12

  • وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ﴾١٢﴿
  • ഭൂമിയെ നാം ഉറവുകള്‍ പൊട്ടിഒഴുക്കുകയും ചെയ്തു. എന്നിട്ട്, നിര്‍ണ്ണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തില്‍ (ആ) വെള്ളം കൂട്ടിമുട്ടി.
  • وَفَجَّرْنَا നാം പൊട്ടി ഒഴുക്കുക (കീറുക)യും ചെയ്തു الْأَرْضَ ഭൂമിയെ عُيُونًا ഉറവുകളാല്‍ فَالْتَقَى അങ്ങിനെ (എന്നിട്ടു) കൂട്ടിമുട്ടി (ഒരുമിച്ചുകൂടി) الْمَاءُ വെള്ളം عَلَىٰ أَمْرٍ ഒരു കാര്യത്തില്‍, കാര്യത്തിന്മേല്‍ قَدْ قُدِرَനിര്‍ണ്ണയിക്ക (കണക്കാക്ക)പ്പെട്ടിട്ടുള്ള.

54:13

  • وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ﴾١٣﴿
  • പലകകളും ആണികളുമുള്ള ഒന്നിന്മേല്‍ [കപ്പലില്‍] അദ്ദേഹത്തെ നാം വഹി (ച്ചു രക്ഷി)ക്കുകയും ചെയ്തു
  • وَحَمَلْنَاهُ അദ്ദേഹത്തെ നാം വഹിക്കുക (കയറ്റുക)യും ചെയ്തു عَلَىٰ ذَاتِ أَلْوَاحٍ പലകകളുള്ളതിന്മേല്‍ وَدُسُرٍ ആണി(കുറ്റി)കളും

54:14

  • تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ﴾١٤﴿
  • അതു [ആ കപ്പല്‍] നമ്മുടെ കണ്‍മുമ്പില്‍ [പ്രത്യേക പരിഗണനയിലായി] സഞ്ചരിച്ചിരുന്നു. യാതൊരുവനോടു നന്ദികേടു (അഥവാ അവിശ്വാസം) കാണിക്കപ്പെട്ടുവോ അദ്ദേഹത്തിനു വേണ്ടിയുള്ള പ്രതിഫലമായിട്ടത്രെ (അങ്ങിനെ ചെയ്തത്)
  • تَجْرِي അതു സഞ്ചരിക്കും, നടന്നിരുന്നു بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയില്‍, കണ്‍മുമ്പില്‍, കാഴ്ചയില്‍ جَزَاءً പ്രതിഫല (പ്രതികാര)മായിട്ടു لِّمَن യാതൊരുവനുവേണ്ടിയുള്ള كَانَ كُفِرَ അദ്ദേഹത്തോടു നന്ദികേടു കാണിക്കപ്പെട്ടിരുന്നു, അവിശ്വസിക്ക(നിഷേധിക്ക)പ്പെട്ടിരുന്നു

പൊറുതിമുട്ടിയപ്പോള്‍ നൂഹ് (عليه السلام) നബി അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിച്ചു, അതിനെത്തുടര്‍ന്ന് ആകാശത്തുനിന്നു അതിശക്തമായ മഴ വര്‍ഷിക്കുകയും, ഭൂമിയില്‍ നിന്ന് വമ്പിച്ചതോതില്‍ ഉറവുപൊടിയുകയും ഉണ്ടായി. അങ്ങിനെ ജലപ്രളയം സംഭവിക്കുകയും, അല്ലാഹു മുമ്പേ നിശ്ചയിച്ചു കണക്കാക്കി വെച്ചിട്ടുള്ള ഒരു കാര്യത്തില്‍ – അതെ, ആ ജനതയുടെ ഉന്മൂലനാശത്തില്‍ – അതു കലാശിക്കുകയും ചെയ്തു. അതേ സമയത്ത് ധാരാളം പലകകളും ആണികളും കൂട്ടിച്ചേര്‍ത്തുണ്ടാക്കപ്പെട്ട ഒരു കപ്പലില്‍ കയറ്റി നൂഹ് (عليه السلام) നബിയേയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു. അങ്ങിനെ, നൂഹ്(عليه السلام) നബിയോടു ആ ജനത കാണിച്ച നന്ദികേടിന്‍റെയും, നിഷേധത്തിന്‍റെയും പ്രതികാരമാകുന്ന കടുത്ത ശിക്ഷ അവര്‍ക്കു അല്ലാഹു നല്‍കി എന്നു സാരം.

കപ്പലിനെപ്പറ്റി മനുഷ്യവര്‍ഗ്ഗത്തിനു ഒട്ടും പരിചയമില്ലാതിരുന്ന കാലം. ഇരുമ്പുകൊണ്ടു മനുഷ്യന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയിട്ടില്ലാത്ത കാലം. അപ്പോള്‍, ആ കപ്പല്‍ നിര്‍മ്മാണത്തിനുള്ള എല്ലാ ഉപദേശ നിര്‍ദ്ദേശങ്ങളും അല്ലാഹുവില്‍ നിന്നുതന്നെ നൂഹു (عليه السلام) നബിക്ക് ലഭിക്കേണ്ടിയിരുന്നു. അതു ലഭിക്കുകയും ചെയ്തു. അങ്ങിനെ, അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം അനേകം പലകകളും ആണികളും കൂട്ടി ഘടിപ്പിച്ചുകൊണ്ട് നൂഹു (അ) പണിതീര്‍ത്തതായിരുന്നു മനുഷ്യ ചരിത്രത്തില്‍ ഒന്നാമത്തേതും, ലോകചരിത്രത്തില്‍ അതിപ്രാധാന്യമുള്ളതുമായ ആ കപ്പല്‍. പലകകളും ആണികളുള്ളതു (ذَاتِ أَلْوَاحٍ وَدُسُرٍ) എന്ന വാക്കു അതാണ്‌ ചൂണ്ടിക്കാട്ടുന്നത്. ഈ കപ്പലിന്‍റെ ആകൃതി, അതിന്‍റെ നിര്‍മ്മാണത്തിനു അല്ലാഹു നല്‍കിയ വിശദ നിര്‍ദ്ദേശങ്ങള്‍ എന്നിവയെപ്പറ്റി തൌറാത്തില്‍ വളരെയധികം വിവരിച്ചു പറഞ്ഞിരിക്കുന്നു.

54:15

  • وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ ﴾١٥﴿
  • തീര്‍ച്ചയായും നാം അതിനെ ഒരു ദൃഷ്ടാന്തമായിഅവശേഷിപ്പിച്ചിരി ക്കുന്നു. എന്നാല്‍, (മനസ്സിരുത്തി) ഓര്‍മ്മിക്കുന്നവരായി വല്ലവരുമുണ്ടോ?!
  • وَلَقَد تَّرَكْنَاهَا തീര്‍ച്ചയായും നാം അതിനെ ഉപേക്ഷിച്ചുവെച്ചു, അവശേഷിപ്പിച്ചു آيَةً ഒരു ദൃഷ്ടാന്തമായി فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവനും, ഓര്‍മിക്കുന്നവരായി (വല്ലവരും)

54:16

  • فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾١٦﴿
  • അപ്പോള്‍, എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (ആലോചിച്ചു നോക്കുക!)
  • فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും

ലോകപ്രസിദ്ധമായ ആ കപ്പലിന്‍റെ നിര്‍മ്മാണം, അതു മുഖേന നൂഹ്(عليه السلام) നബിയെയും സത്യവിശ്വാസികളെയും അല്ലാഹു ജലപ്രളയത്തില്‍നിന്നു രക്ഷപ്പെടുത്തിയതു, അവിശ്വാസികള്‍ മുക്കി നശിപ്പിക്കപ്പെട്ടതു ഇവയിലെല്ലാം തന്നെ, ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തവും പാഠവുമുണ്ട് എന്നു വ്യക്തമാണ്. ആ കപ്പലിന്‍റെ അവശിഷ്ടം ഇന്നും ശേഷിക്കുന്നുണ്ടെന്ന നിഗമനത്തില്‍ പല ചരിത്രനിരീക്ഷക സംഘങ്ങളും അന്വേഷണം നടത്തികൊണ്ടിരിക്കുന്നതും, ചില പുരാവസ്തു ഗവേഷകന്മാര്‍ അല്‍പവര്‍ഷങ്ങള്‍ക്കുമുമ്പ് അറാറാത്ത് (1) പര്‍വ്വതത്തിന്‍റെ ചരുവില്‍ 14,000 അടി ഉയരത്തില്‍വെച്ച് ആ കപ്പലിന്‍റെ അവശിഷ്ടങ്ങളാണെന്നു സംശയിക്കപ്പെടുന്ന വളരെ പഴക്കം ചെന്ന മരത്തടികള്‍ കണ്ടെത്തിയതും, (2) നൂഹ് (عليه السلام) നബിയുടെ രാജ്യമായ ബാബിലോണിയയില്‍ ഉണ്ടായ ആ ജലപ്രളയത്തിന്‍റെ അടയാളങ്ങള്‍ അടുത്ത കാലത്തു ചില ചരിത്രനിരീക്ഷകന്മാര്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞതും ഇവിടെ പ്രസ്താവ്യമാകുന്നു. ഈ സമുദായത്തിന്‍റെ ആദ്യകാലത്തുള്ളവര്‍ക്കു ആ കപ്പലിന്‍റെ അവശിഷ്ടം കാണുവാന്‍ സാധിച്ചിട്ടുണ്ട് എന്നു ഖത്താദഃ (رحمه الله) പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമത്രെ


(1) 6-ാം ഭൂപടത്തില്‍ നോക്കുക.
(2) 4-9-62 ലെ ചന്ദ്രികാ പത്രത്തിലെ ഒരു റിപ്പോര്‍ട്ടില്‍ നിന്ന്.

54:17

  • وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾١٧﴿
  • തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?!
  • وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന – ഉപദേശം ഫലിക്കുന്ന) വല്ലവരും

ഒരു പ്രത്യേക താൽപര്യമോ ആശയമോ മുന്‍നിറുത്തിക്കൊണ്ടല്ലാതെ, സത്യാന്വേഷണബുദ്ധിയോടും ഉറ്റാലോചനയോടും കൂടി ഖുര്‍ആനെ സമീപിക്കുന്നവര്‍ക്ക് അതു ഗ്രഹിക്കുവാനും ഓര്‍മ്മിക്കുവാനും വേണ്ടത്ര ഉപദേശങ്ങള്‍, പാഠങ്ങള്‍ തുടങ്ങിയ എല്ലാ ഉപാധികളോടും കൂടിയാണ് അല്ലാഹു അതിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു തയ്യാറുള്ളവര്‍ ആരുണ്ട്? ഉള്ളവര്‍ അതിനെ ആ നിലക്ക് സമീപിക്കട്ടെ. നിശ്ചയമായും അവര്‍ക്കതു തികച്ചും ഫലപ്പെടാതിരിക്കുകയില്ല. കെട്ടിക്കുടുക്കുകളോ, ബുദ്ധിക്കു ദഹിക്കാത്തതോ, ഗ്രഹിക്കുവാന്‍ പറ്റാത്തതോ, ഒന്നും തന്നെ അതിലില്ല എന്നു സാരം. പരസഹായം കൂടാതെ ഖുര്‍ആന്‍റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുവാന്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമല്ല, പരസഹായത്തോടെ ഖുര്‍ആനെപ്പറ്റി ചിന്തിക്കുവാന്‍ തയ്യാറാകുന്നവര്‍ക്കു ഈ പരമാര്‍ത്ഥം അനുഭവത്തില്‍ കാണാവുന്നതാകുന്നു. إن شاء الله

ചിലര്‍ ധരിക്കാറുള്ളതുപോലെ, അല്‍പസ്വല്പമായ അറബിഭാഷാ പരിചയം സിദ്ധിക്കുമ്പോഴേക്കും ഖുര്‍ആന്‍റെ അര്‍ത്ഥവും ആശയവും വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ സാധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. വാസ്തവം പറയുകയാണെങ്കില്‍, ഇസ്ലാമിന്‍റെ ഗുണകാംക്ഷികളായി വേഷംകെട്ടിക്കൊണ്ട് ഖുര്‍ആനെ വിമര്‍ശിക്കുവാനും അതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും മിനക്കെടാറുള്ള ഇസ്ലാമിന്‍റെ ശത്രുക്കളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള ആപത്തുകളില്‍ ഒട്ടും കുറവല്ലാത്ത ആപത്തുകള്‍ ഈ ‘അരമുറിയരായ അറബികള്‍ ‘ഖുര്‍ആന്‍ കൈകാര്യം നടത്തുന്നതുകൊണ്ടും ഉണ്ടായിക്കൊണ്ടിരി ക്കുന്നു. യഥാവിധി ഖുര്‍ആന്‍ മനസ്സില്ലാക്കുവാന്‍ ആവശ്യമായ സാങ്കേതിക വിജ്ഞാനങ്ങള്‍ പലതുമുണ്ട്. (ഇതിനെപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചിരിക്കുന്നു). അവയെല്ലാം കരസ്ഥമായിരുന്നാല്‍ തന്നെയും, തുറന്ന ഹൃദയവും സത്യദീക്ഷയുമില്ലാത്തപക്ഷം, ഖുര്‍ആന്‍റെ മഹത്വം കണ്ടെത്തുവാനോ, അതിലെ വിജ്ഞാനമാധുര്യം ആസ്വദിക്കുവാനോ കഴിയുന്നതല്ല.

ഖുര്‍ആന്‍റെ ഉപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍ ആദിയായവയെപ്പറ്റി ശരിക്കും ആലോചിച്ചു ചിന്തിക്കുന്ന സത്യന്വേഷികള്‍ക്ക് അതിന്‍റെ സന്ദേശങ്ങളും തത്വങ്ങളും ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും പ്രയാസമില്ല എന്ന വസ്തുത നൂഹ് (عليه السلام) നബിയുടെ സമുദായത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. കൂടാതെ, ആദുഗോത്രത്തെക്കുറിച്ചും, ഥമൂദുഗോത്രത്തെക്കുറിച്ചും, ലൂത്ത് (عليه السلام) നബിയുടെ ജനതയെക്കുറിച്ചും സംസാരിച്ചശേഷം വീണ്ടുംവീണ്ടും ഈ പ്രസ്താവന ആവര്‍ത്തിച്ചും കാണാം. ആപ്പോള്‍, ഇങ്ങിനെയുള്ള ഗുണപാഠങ്ങളെ മനസ്സിരുത്തുന്നത് ഖുര്‍ആന്‍റെ സന്ദേശങ്ങളും ഉപദേശങ്ങളും മനസ്സിലാക്കുവാന്‍ ഉപകരിക്കുന്നതാണെന്നു ഇതില്‍നിന്നു ഗ്രഹിക്കാമല്ലോ. അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍.

54:18

  • كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾١٨﴿
  • ആദു (ഗോത്രം) വ്യാജമാക്കുകയുണ്ടായി. എന്നിട്ടു എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക)
  • كَذَّبَتْ عَادٌ ആദു വ്യാജമാക്കി فَكَيْفَ كَانَ എന്നിട്ട് എങ്ങിനെ ഉണ്ടായി, ആയി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും

54:19

  • إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ ﴾١٩﴿
  • നാം അവരുടെമേല്‍, (മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ഒരു ദുശ്ശകുന ദിവസത്തില്‍ (‘ശരശരെ’യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു;-
  • إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരുടെമേല്‍ رِيحًا ഒരു കാറ്റു صَرْصَرًا ശരശരെയുള്ള, ഉഗ്രമായ فِي يَوْمِ نَحْسٍ ഒരു ദുശ്ശകുന ദിവസത്തില്‍ مُّسْتَمِرٍّ നിലനില്‍ക്കുന്ന (മുറിഞ്ഞുപോകാത്ത)

54:20

  • تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ﴾٢٠﴿
  • അതു മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു; അവര്‍ കടപുഴങ്ങിവീണ ഈന്തമരത്തിന്‍റെ മുരടുകളെന്നോണമായിരുന്നു (നിലം പതിചിരുന്നത്)
  • تَنزِعُ അതു നീക്കം ചെയ്യും (പറിച്ചെറിയും) النَّاسَ മനുഷ്യരെ كَأَنَّهُمْ അവരാകുന്നുവെന്നോണം أَعْجَازُ نَخْلٍ ഈന്തപ്പനയുടെ മുരടുകള്‍, കടകള്‍ مُّنقَعِرٍ പുഴങ്ങി വീണ, കടപുഴങ്ങിയ

54:21

  • فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾٢١﴿
  • അപ്പോള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! [അതു കുറിക്കു കൊള്ളുക തന്നെ ചെയ്തു!]
  • فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും

54:22

  • وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٢٢﴿
  • നിശ്ചയമായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! [ഉണ്ടെങ്കില്‍ മുമ്പോട്ടുവരട്ടെ!]
  • وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന – ഉപദേശം ഫലിക്കുന്ന) വല്ലവരും

ഏഴു രാത്രിയും, എട്ടുപകലും തുടര്‍ച്ചയായി അടിച്ചുവീശിയ ആ അത്യുഗ്രമായ കാറ്റില്‍ ആ സമുദായം മുഴുവന്‍ – ഈന്തത്തടികള്‍ കടപുഴങ്ങി മറിഞ്ഞു വീഴുന്ന പ്രകാരം- അടിയോടെ പിഴുതെറിയപ്പെട്ടു. ഒന്നടങ്കം അതിദാരുണമാംവണ്ണം നാശമടഞ്ഞുപോയി. ഇതില്പരം വമ്പിച്ച ദുശ്ശകുനം മറ്റെന്തുണ്ട്! അതാകട്ടെ, ഇവിടം കൊണ്ടവസാനിക്കുന്നുമില്ല. കാലാകാലം അവശേഷിക്കുന്നതുമാകുന്നു. نَحْسٍ (ദുശ്ശകുനം) സംബന്ധിച്ചു സൂ: ഹാമീം സജദഃ 16ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓര്‍ക്കുക.

വെളിച്ചം റമദാൻ 2022 – റമദാൻ 07

സൂറത്തു ന്നജ്മ് : 33-62



  • റമദാന്‍ 7 – സൂറ: നജ്മ് പാര്‍ട്ട് 2 – ആയത്ത് 33 മുതല്‍ 62 വരെ
    • വിശദീകരണം ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.



വിഭാഗം – 3

53:33

  • أَفَرَءَيْتَ ٱلَّذِى تَوَلَّىٰ ﴾٣٣﴿
  • എന്നാല്‍ (നബിയേ) പിന്‍മാറിപ്പോയ ഒരുവനെ നീ കണ്ടുവോ? –
  • أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي تَوَلَّىٰ പിന്‍മാറിയ ഒരുവനെ

53:34

  • وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ ﴾٣٤﴿
  • അവന്‍ അല്‍പം കൊടുക്കുകയും (പിന്നീടതു) നിറുത്തിക്കളയുകയും ചെയ്തു.
  • وَأَعْطَىٰ അവന്‍ കൊടുക്കുകയും ചെയ്തു قَلِيلًا അല്‍പം, കുറച്ചു وَأَكْدَىٰ അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു

53:35

  • أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ ﴾٣٥﴿
  • അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ടു അവന്‍ (അതുവഴി) കണ്ടറിയുന്നുവോ?!
  • أَعِندَهُ അവന്റെ പക്കലുണ്ടോ عِلْمُ الْغَيْبِ അദൃശ്യത്തിന്റെ ജ്ഞാനം, അറിവ് فَهُوَ يَرَىٰ എന്നിട്ടവന്‍ കാണുന്നു(വോ)

53:36

  • أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴾٣٦﴿
  • അഥവാ, മൂസായുടെ ഏടുകളിലുള്ളതിനെക്കുറിച്ചു അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ?!
  • أَمْ لَمْ يُنَبَّأْ അതല്ല, (അഥവാ) അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ بِمَا യാതൊന്നിനെപ്പറ്റി فِي صُحُفِ مُوسَىٰ മൂസായുടെ ഏടിലുള്ള

53:37

  • وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴾٣٧﴿
  • (കടമകള്‍) നിറവേറ്റിയവനായ ഇബ്രാഹീമിന്റെയും (ഏടിലുള്ളത്)?!
  • وَإِبْرَاهِيمَ ഇബ്രാഹീമിന്റെയും الَّذِي وَفَّىٰ നിറവേറ്റിയവനായ

സത്യോപദേശങ്ങള്‍ സ്വീകരിക്കുവാനും, സന്‍മാര്‍ഗ്ഗം പിന്‍പറ്റുവാനും തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നവരും, കൊടുത്തുതീര്‍ക്കുകയോ ചെയ്തുതീര്‍ക്കുകയോ ചെയ്യേണ്ടുന്ന കടമകളില്‍ ഏതോ ചിലതു മാത്രം നിര്‍വ്വഹിച്ചു ബാക്കിയുള്ളവ നിര്‍വ്വഹിക്കാതെ വിട്ടുകളയുന്നവരുമായ ആളുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. കിണറോ മറ്റോ കുഴിക്കുമ്പോള്‍ ഇടക്കുവെച്ച് പാറകണ്ടെത്തുക നിമിത്തം തുടര്‍ന്നു കുഴിക്കുവാന്‍ നിവൃത്തിയില്ലാതെ പ്രവര്‍ത്തനം നിറുത്തിവെച്ചു എന്നാണ് اكدى (അക്ദാ) എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം. അതുപോലെ, കൊടുക്കേണ്ടുന്ന ധനം അല്‍പം കൊടുത്തു – അല്ലെങ്കില്‍ നിര്‍വ്വഹിക്കേണ്ടുന്ന കടമ അല്‍പം നിര്‍വ്വഹിച്ചു – ബാക്കിയുള്ളതു നിര്‍വ്വഹിക്കുവാന്‍ മനസ്സ് സമ്മതിച്ചതുമില്ല എന്നു സാരം. തുടര്‍ന്നു ചിലവഴിച്ചാല്‍ തങ്ങളുടെ ധനം നഷ്ടപ്പെട്ടു വലഞ്ഞു പോകും, ചില കടമകള്‍ മാത്രം നിര്‍വ്വഹിച്ചാലും തങ്ങള്‍ക്കു രക്ഷ കിട്ടും, തങ്ങളുടെ കുറ്റഭാരം മറ്റുള്ളവര്‍ ഏറ്റെടുക്കുകയോ അവരുടെ മേല്‍ ചുമത്തുകയോ ചെയ്യാം എന്നിത്യാദി വിചാരങ്ങളായിരിക്കും ഇവര്‍ക്കുണ്ടാവുക. ഒന്നുകില്‍, ഇതൊക്കെ ശരിയാണെന്നു കാണിക്കുന്ന വല്ല അദൃശ്യവിവരങ്ങളും അവര്‍ക്കുണ്ടായിരിക്കണം, അല്ലെങ്കില്‍ പൂര്‍വ്വഗ്രന്ഥങ്ങളില്‍ നിന്ന് അതിനു അവര്‍ക്കു വല്ല തെളിവും ലഭിച്ചിരിക്കണം. അദൃശ്യജ്ഞാനമാണെങ്കില്‍ അതു അല്ലാഹുവിനു മാത്രമാണുള്ളത്. പൂര്‍വ്വവേദങ്ങളാകട്ടെ, ഇവരുടെ നിലപാടിനു കടകവിരുദ്ധമായ തെളിവുകളാണ് നല്‍കുന്നതും. അവയുടെ സിദ്ധാന്തങ്ങള്‍ താഴെ പ്രസ്താവിക്കുന്ന പ്രകാരത്തിലാണുള്ളത്. എന്നിരിക്കെ, എന്താണ് ഇവര്‍ക്ക് ന്യായീകരണമുള്ളത്?! ഇവര്‍ക്കെങ്ങിനെയാണ് രക്ഷ കിട്ടുക!

ഈ വചനങ്ങളുടെ അവതരണ സന്ദര്‍ഭത്തെക്കുറിച്ച് മുജാഹിദു (رحمه الله) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഖുര്‍ആന്‍ പാരായണവും ഉപദേശവും കേട്ട് വലീദുബ്നു മുഗീറഃ (وليد بن مغيرة) ക്കു ഇസ്‌ലാമിനോടു അനുഭാവമുണ്ടായി. അയാള്‍ നന്നായിത്തീര്‍ന്നേക്കുമെന്നു തിരുമേനി പ്രതീക്ഷിച്ചു. ഇങ്ങിനെയിരിക്കെ, മുശ്‌രിക്കുകളില്‍ ചിലര്‍ അയാളെ പരിഹസിക്കുകയും, കാരണവന്‍മാരുടെ മതം ഉപേക്ഷിച്ചതില്‍ ആക്ഷേപിക്കുകയും ചെയ്തു. താന്‍ പരലോകശിക്ഷയെ ഭയപ്പെടുന്നതായി വലീദു പറഞ്ഞു. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം, തന്റെ പരലോകശിക്ഷ, ഞാന്‍ ഏറ്റെടുത്തു കൊള്ളാമെന്നു ആ മുശ്‌രിക്കു മറുപടി നല്‍കി. വലീദു അതു സമ്മതിച്ച് ഇസ്‌ലാമില്‍ നിന്നു പിന്‍വാ ങ്ങുകയും ചെയ്തു. പക്ഷേ, മറേറയാള്‍ക്ക് നിശ്ചയിച്ച സംഖ്യയുടെ ഒരു ഭാഗം മാത്രം കൊടുത്തശേഷം പിശുക്കുമൂലം ബാക്കി കൊടുത്തു തീര്‍ത്തില്ല. ഇതാണ് സംഭവം. അവതരണഹേതു ഇതാണെങ്കിലും അല്ലെങ്കിലും ശരി, ഇത്തരം ആളുകളെക്കുറിച്ചു പൊതുവിലാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നതെന്നു വ്യക്തമാണ്. മൂസാ (عليه السلام) നബിക്കും ഇബ്രാഹീം (عليه السلام) നബിക്കും ലഭിച്ചിട്ടുള്ള വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ എന്തായിരുന്നുവെന്നു തുടര്‍ന്നു വിവരിക്കുന്നു. അവയത്രയും ഖുര്‍ആന്റെയും മൗലിക സിദ്ധാന്തങ്ങളത്രെ.

53:38

  • أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ﴾٣٨﴿
  • അതായതു, കുറ്റംവഹിക്കുന്ന ഒരു ദേഹം (അഥവാ ആത്മാവു) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല എന്നും;
  • أَلَّا تَزِرُ (കുറ്റം) വഹിക്കുകയില്ലെന്നു وَازِرَةٌ ഒരു കുറ്റം വഹിക്കുന്നതു (ദേഹം – ആത്മാവു) وِزْرَ أُخْرَىٰ മറ്റൊന്നിന്റെ കുറ്റം

53:39

  • وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ ﴾٣٩﴿
  • മനുഷ്യന് അവന്‍ (സ്വയം) പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ലെന്നും;
  • وَأَن لَّيْسَ ഇല്ലെന്നും لِلْإِنسَانِ മനുഷ്യനു إِلَّا مَا سَعَىٰ അവന്‍ പ്രയത്നിച്ച (പ്രവര്‍ത്തിച്ച – പരിശ്രമിച്ച)തല്ലാതെ

53:40

  • وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴾٤٠﴿
  • അവന്റെ പ്രയത്നം വഴിയെ അവനു കാട്ടിക്കൊടുക്കപ്പെടുമെന്നും;
  • وَأَنَّ سَعْيَهُ അവന്റെ പ്രയത്നം ആണെന്നും سَوْفَ يُرَىٰ വഴിയെ അവനു കാണിക്കപ്പെടും (എന്നും)

53:41

  • ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ﴾٤١﴿
  • പിന്നീടു അവനു അതിനു പരിപൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുകയം ചെയ്യും –
  • ثُمَّ يُجْزَاهُ പിന്നീടവനു അതിനു പ്രതിഫലം നല്‍കപ്പെടും الْجَزَاءَ പ്രതിഫലം الْأَوْفَىٰ പരിപൂര്‍ണ്ണമായ, നിറവേറിയ

53:42

  • وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ ﴾٤٢﴿
  • നിന്റെ റബ്ബിങ്കലേക്കു തന്നെയാണ് (എല്ലാം) ചെന്നവസാനിക്കുന്നതു എന്നും;
  • وَأَنَّ إِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്കാണെന്നും الْمُنتَهَىٰ അവസാനം എത്തല്‍, ചെന്നവസാനിക്കല്‍, അറ്റം

53:43

  • وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ ﴾٤٣﴿
  • അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നതു എന്നും;
  • وَأَنَّهُ هُوَ അവന്‍ തന്നെയാണെന്നും أَضْحَكَ ചിരിപ്പിക്കുന്നതു وَأَبْكَىٰ കരയിപ്പിക്കുകയും

53:44

  • وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا ﴾٤٤﴿
  • അവന്‍ തന്നെ, മരണപ്പെടുത്തുകയും, ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും;
  • وَأَنَّهُ هُوَ أَمَاتَ അവന്‍ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും وَأَحْيَا ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു)

53:45

  • وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ ﴾٤٥﴿
  • അവന്‍ തന്നെ, ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ സൃഷ്ടിക്കുന്നുവെന്നും;
  • وَأَنَّهُ خَلَقَ അവന്‍ സൃഷ്ടിച്ചു എന്നും الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ ആണും وَالْأُنثَىٰ പെണ്ണും

53:46

  • مِن نُّطْفَةٍ إِذَا تُمْنَىٰ ﴾٤٦﴿
  • (അതെ) ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു – അതു (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുമ്പോള്‍, –
  • مِن نُّطْفَةٍ ഇന്ദ്രിയബിന്ദു (തുള്ളി)യില്‍ നിന്നു إِذَا تُمْنَىٰ അതു സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോള്‍, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോള്‍

53:47

  • وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ ﴾٤٧﴿
  • അവന്റെ മേല്‍ തന്നെയാണ് മറ്റേ ഉല്‍പത്തിയാക്കലും [രണ്ടാമത്തെ ജീവിപ്പിക്കലും] എന്നും;
  • وَأَنَّ عَلَيْهِ അവന്റെ മേലാണെന്നും النَّشْأَةَ ഉല്‍പത്തി, ഉണ്ടാക്കല്‍ നിര്‍മ്മാണം الْأُخْرَىٰ മറ്റേ

53:48

  • وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ ﴾٤٨﴿
  • അവന്‍ തന്നെ ധന്യമാക്കുക. (അഥവാ ഐശ്വര്യം നല്‍കുക)യും, സംതൃപ്തി നല്‍കുകയും ചെയ്യുന്നുവെന്നും;
  • وَأَنَّهُ هُوَ أَغْنَىٰ അവന്‍ തന്നെ ധന്യമാക്കി (ഐശ്വര്യം നല്‍കി) എന്നും وَأَقْنَىٰ സംതൃപ്തി നല്‍കുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാന്‍ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു

53:49

  • وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ ﴾٤٩﴿
  • അവന്‍ തന്നെയാണ് ‘ശിഅ്റാ’യുടെ [ചോതി നക്ഷത്രത്തിന്റെ] റബ്ബ് എന്നും;
  • وَأَنَّهُ هُوَ അവന്‍ തന്നെയെന്നും رَبُّ الشِّعْرَىٰ ശിഅ്റാ (ചോതി) നക്ഷത്രത്തിന്റെ റബ്ബ്

53:50

  • وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ ﴾٥٠﴿
  • അവന്‍ തന്നെ, ആദിമ (ജനതയായ) ‘ആദി’നെ നശിപ്പിച്ചുവെന്നും;
  • وَأَنَّهُ أَهْلَكَ അവന്‍ നശിപ്പിച്ചുവെന്നും عَادًا الْأُولَىٰ ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ

53:51

  • وَثَمُودَا۟ فَمَآ أَبْقَىٰ ﴾٥١﴿
  • ഥമൂദിനെയും (നശിപ്പിച്ചു); എന്നിട്ട് (അവരെ) ബാക്കിയാക്കിയില്ല; –
  • وَثَمُودَ ഥമൂദിനെയും فَمَا أَبْقَىٰ എന്നിട്ടു അവന്‍ ബാക്കിയാക്കിയില്ല, ശേഷിപ്പിച്ചില്ല

53:52

  • وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ ﴾٥٢﴿
  • മുമ്പ് നൂഹിന്റെ ജനതയെയും (നശിപ്പിച്ചു); (കാരണം) നിശ്ചയമായും അവര്‍ ഏറ്റവും അക്രമം ചെയ്തവരും ഏറ്റം ധിക്കാരം പ്രവര്‍ത്തിച്ചവരും തന്നെയായിരുന്നു;-
  • وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു هُمْ അവര്‍ തന്നെ أَظْلَمَ വലിയ (വളരെ) അക്രമം ചെയ്യുന്നവര്‍ وَأَطْغَىٰ വലിയ ധിക്കാരി (അതിക്രമി)കളും

53:53

  • وَٱلْمُؤْتَفِكَةَ أَهْوَىٰ ﴾٥٣﴿
  • (കീഴ് മേലായി) മറിഞ്ഞുകിടക്കുന്ന (ആ) രാജ്യത്തെ അവന്‍ വീഴത്തുകയും ചെയ്തു;-
  • وَالْمُؤْتَفِكَةَ മറിഞ്ഞുകിടക്കുന്നതിനെയും (രാജ്യം) أَهْوَىٰ അവന്‍ വീഴത്തി

53:54

  • فَغَشَّىٰهَا مَا غَشَّىٰ ﴾٥٤﴿
  • എന്നിട്ടു അതിനെ ആവരണം ചെയ്തതു (ഒക്കെയും) ആവരണം ചെയ്തു!
  • فَغَشَّاهَا എന്നിട്ടതിനെ ആവരണം ചെയ്തു, മൂടി مَا غَشَّى മൂടിയതു, ആവരണം ചെയ്തതു (ഒക്കെയും)

53:55

  • فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ ﴾٥٥﴿
  • (മനുഷ്യാ) എന്നിരിക്കെ, നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെക്കുറിച്ചാണ് നീ (തര്‍ക്കം നടത്തി) സംശയം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്?!
  • فَبِأَيِّ آلَاءِ അപ്പോള്‍ (എന്നിരിക്കെ) ഏതു അനുഗ്രഹത്തെക്കുറിച്ചാണ് رَبِّكَ നിന്റെ റബ്ബിന്റെ تَتَمَارَىٰ നീ സംശയം പ്രകടിപ്പിക്കുന്നു, തര്‍ക്കം നടത്തുന്നു

പൂര്‍വ്വവേദഗ്രന്ഥങ്ങളും മുന്‍ പ്രവാചകന്‍മാരും പ്രബോധനം ചെയ്തുവന്നതും, വിശുദ്ധഖുര്‍ആനും മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതുമായ പല മൗലികസിദ്ധാന്തങ്ങളും, അല്ലാഹുവിന്റെ മഹത്തായ പല അനുഗ്രഹങ്ങളും, പ്രവാചകന്മാരാല്‍ പ്രബോധനം ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെ ധിക്കരിച്ച സമുദായങ്ങള്‍ക്കു നേരിട്ട പല ശിക്ഷാസംഭവങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടി. സൃഷ്ടിയുടെ ആരംഭം തൊട്ടു മനുഷ്യന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈക്കാണ് നടന്നുവരുന്നതെന്നും, അതുപോലെ അവന്റെ ഭാവികാര്യങ്ങളും അല്ലാഹുവിന്റെ കയ്യിലാണിരിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. വാസ്തവം, ഇതെല്ലാമായിരിക്കെ, പിന്നെ എങ്ങിനെയാണ് – മനുഷ്യാ – നീ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു സംശയിക്കുവാനും തര്‍ക്കിക്കുവാനും മുതിരുന്നത്? അഥവാ അതില്‍ ഏതിനെയാണ് നിഷേധിക്കുവാന്‍ നിനക്കു കഴിയുക?! എന്നാണ് അല്ലാഹു തുടര്‍ന്നു ചോദിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു ബോധമില്ലായ്മയില്‍ നിന്നും, അവനോടു നന്ദിയില്ലായ്മയില്‍ നിന്നുമാണല്ലോ എല്ലാ ദുര്‍മാര്‍ഗ്ഗങ്ങളും ഉടലെടുക്കുന്നത്. 38 മുതല്‍ ഇതുവരെയുള്ള വചനങ്ങളില്‍ പ്രസ്‌താവിച്ച കാര്യങ്ങള്‍ ഇവയാണ്:-

(1, 2) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുന്നതല്ല, വഹിക്കേണ്ടിവരികയുമില്ല. അവനവന്റെ കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദി. ഒരാള്‍ യത്നിച്ചതിന്റെ -അഥവാ പ്രവര്‍ത്തിച്ചതിന്റെ- നന്‍മ അയാള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ നേതൃത്വം, മാതൃക, ഉപദേശം, കല്‍പന ആദിയായ ഏതെങ്കിലും മാര്‍ഗ്ഗേണ ഒരാളുടെ കര്‍മ്മങ്ങളില്‍ മറ്റൊരാള്‍ പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍ ആ കര്‍മ്മങ്ങളുടെ ഫലത്തില്‍ അയാള്‍ക്കും പങ്കു ലഭിക്കുന്നതായിരിക്കും. നല്ല കര്‍മ്മങ്ങളെങ്കില്‍ നന്‍മയുടെ പങ്കും, ചീത്ത കര്‍മ്മങ്ങളെങ്കില്‍ തിന്‍മയുടെ പങ്കുമായിരിക്കും. ഇതു ഈ തത്വത്തിനു എതിരല്ല. കാരണം, ആ കര്‍മ്മത്തില്‍ ഒരു പങ്കു അവനുമുണ്ടല്ലോ. മറ്റേവന്റെ ഫലത്തില്‍ ഇതുമൂലം കുറവു വരുന്നതുമല്ല. സൂ: അങ്കബൂത്ത് 13 ല്‍ അവിശ്വാസികളെക്കുറിച്ചു وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ (അവര്‍ അവരുടെ ഭാരങ്ങളും, അവരുടെ ഭാരങ്ങളോടൊപ്പം വേറെ ഭാരങ്ങളും നിശ്ചയമായും വഹിക്കുന്നതാകുന്നു.) എന്നു പറഞ്ഞിട്ടുള്ളതു ഇതനുസരിച്ചാകുന്നു. കൂടുതല്‍ വിവരം അവിടെ നോക്കുക.

ഇമാം മുസ്‌ലിമും മറ്റും നിവേദനം ചെയ്ത ഒരു നബിവചനം ഇപ്രകാരമാകുന്നു: ‘ഒരാള്‍ ഒരു നല്ല നടപടി നടപ്പിലാക്കിയാല്‍ അവനു അതിന്റെ പ്രതിഫലവും, ഖിയാമത്തുനാള്‍വരെ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പിലാക്കിയാല്‍ അവനു അതിന്റെ കുറ്റവും, ഖിയാമത്തുനാള്‍വരെ അതനുസരിച്ചു പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും. (من سن سنة حسنة الخ ومن سن سنة سيئة الخ – مسلم وغيره) ഭംഗം കൂടാതെ നടന്നു കൊണ്ടിരിക്കുന്ന ദാനധര്‍മ്മം, ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്നീ മൂന്നു കാര്യങ്ങളും മനുഷ്യന്റെ മരണത്തോടുകൂടി മുറിഞ്ഞു പോകാതെ അവശേഷിക്കുന്ന കര്‍മ്മങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിട്ടുള്ളതും പ്രസ്താവ്യമാകുന്നു. (رواه مسلم) മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ അരുളിച്ചെയ്യുന്നു: ‘ഒരാള്‍ ഒരു സന്മാര്‍ഗ്ഗത്തിലേക്കു (മറ്റുള്ളവരെ) ക്ഷണിക്കുന്നപക്ഷം, അവനെ പിന്‍പറ്റുന്നവരുടെ പ്രതിഫലങ്ങളില്‍ യാതൊരു കുറവും ബാധിക്കാതെത്തന്നെ അവരുടെ പ്രതിഫലങ്ങള്‍ പോലെയുള്ള പ്രതിഫലം അവന്നുണ്ടായിരിക്കും. ഒരാള്‍ ഒരു ദുര്‍മ്മാര്‍ഗ്ഗത്തിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുന്ന പക്ഷം, അവനെ പിന്‍പറ്റിയവരുടെ പാപങ്ങളില്‍ യാതൊരു കുറവും ബാധിക്കാതെത്തന്നെ, അവരുടെ പാപങ്ങള്‍പോലെയുള്ള പാപം അവന്റെ മേലുണ്ടായിരിക്കും’. (مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ الخ – مسلم)

ഹുസൈനുബ്നു ഫള്ലി (حسين بن فضل) നോടു ഖുറാസാനിലെ ഭരണത്തലവനായിരുന്ന ത്വാഹിര്‍ ചോദിച്ചു: ‘മനുഷ്യനു അവന്‍ യത്നിച്ചതല്ലാതെ ഇല്ല’ എന്ന ഈ (39 -ാമത്തെ) വചനവും, ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഇരട്ടിയാക്കിക്കൊടുക്കും’ (وَاللَّـهُ يُضَاعِفُ لِمَن يَشَاءُ – البقرة 261) എന്ന വചനവും തമ്മില്‍ എങ്ങിനെ യോജിക്കും? അദ്ദേഹം മറുപടി പറഞ്ഞു: ‘അവനു -മനുഷ്യനു- നീതി ന്യായപ്രകാരം താന്‍ യത്നിച്ചതല്ലാതെ ഒന്നുമില്ല. (അല്ലാഹുവിന്റെ) ഔദാര്യം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചതു അവനു കിട്ടും’. (ليس له بالعدل الا ما سعى وله بالفضل ما شاء الله هـ من روح المعانى)

ഇമാം ഇബ്നുകഥീര്‍ (رحمه الله) ഇവിടെ പ്രസ്താവിച്ചിട്ടുള്ള ചില വരികളുടെ സാരം കൂടി അറിയുന്നതു നന്ന്‍. അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ കൂലി മരിച്ചുപോയവര്‍ക്കു ദാനം ചെയ്‌താല്‍ അതവര്‍ക്കു കിട്ടുകയില്ല എന്നു ഇമാം ശാഫീ (رحمه الله)യും, അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ (39-ാം) ആയത്തില്‍ നിന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. കാരണം, അതവരുടെ പ്രവൃത്തിയോ പ്രയത്നമോ അല്ല. ഇതുകൊണ്ടാണ് വ്യക്തമായോ, സൂചനയായോ ഇതിലേക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സമുദായത്തിനു പ്രോല്‍സാഹനമോ പ്രേരണയോ നല്‍കാതിരുന്നത്. സഹാബികളില്‍ പെട്ട ഒരാളില്‍ നിന്നും അതു ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. അതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍ അതിലേക്ക് അവര്‍ നമ്മുടെ മുമ്പില്‍ കടക്കേണ്ടാതായിരുന്നു. ‘ഖുര്‍ബത്തു’കളെ സംബന്ധിച്ചു (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുവാനായി ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളില്‍) ‘നസ്സ്വ്’കൊണ്ടു മതിയാക്കേണ്ടതാണ്. (ഖുര്‍ആന്റെയോ ഹദീസിന്റെയോ തുറന്ന ഭാഷയിലുള്ള പ്രസ്താവന മാത്രമേ സ്വീകരിക്കാന്‍ നിവൃത്തിയുള്ളൂ.) അതില്‍ അനുമാനവും അഭിപ്രായവും വഴി കൈകാര്യം നടത്തിക്കൂടാ. എന്നാല്‍, (മരിച്ചവര്‍ക്കു വേണ്ടിയുള്ള) പ്രാര്‍ത്ഥനയും, ധര്‍മ്മവുമാകട്ടെ, അവയുടെ കൂലി അവര്‍ക്കു എത്തുമെന്നുള്ളതു (ഭിന്നിപ്പില്ലാത്ത) ഏകകണ്ഠമായ അഭിപ്രായവും, ‘ശാരിഇ’ (*) നാല്‍ തുറന്നു പ്രസ്താവിക്കപ്പെട്ടതുമാകുന്നു’. (هـ ابن كثير)


(*) ‘ശാരിഉ’ (شارع) എന്നാല്‍ മതസ്ഥാപകന്‍ എന്നര്‍ത്ഥം. യഥാര്‍ത്ഥ മതസ്ഥാപകന്‍ അല്ലാഹു തന്നെ. അതു പ്രബോധനം ചെയ്യുന്ന ആളായതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു.


തുടര്‍ന്നുകൊണ്ടു മേലുദ്ധരിച്ച ഹദീസുകളില്‍ പ്രസ്താവിച്ച സംഗതികളില്‍ മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കുമെന്നു പറഞ്ഞിരിക്കുന്നത് അവ അവരുടെ യത്നത്തിന്റെയും, പ്രവര്‍ത്തനത്തിന്റെയും ഇനത്തില്‍ ഉള്‍പ്പെടുന്നതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഖുര്‍ആന്‍ ഓതി ദാനം ചെയ്‌താല്‍ മരിച്ചവര്‍ക്കു അതിന്റെ പുണ്യം കിട്ടുമെന്നു പറയുന്ന പണ്ഡിതന്മാര്‍ പോലും ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി അന്യരെ കൂലിക്കു വിളിച്ചാല്‍ ശരിയാവുകയില്ലെന്ന അഭിപ്രായത്തിന്നാണ് പിന്‍ബലം നല്‍കുന്നത്. മാത്രമല്ല, ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം (കൂലി) അതു ഓതിയ ആള്‍ക്കുതന്നെയാണ് ലഭിക്കുക എന്നും, ‘അവന്‍ ഓതിയതു പോലെയുള്ളതിന്റെ പ്രതിഫലം’ മാത്രമാണ് മരണപ്പെട്ട ആള്‍ക്കു ലഭിക്കുക എന്നും, ആകയാല്‍ ഓതുന്ന ആള്‍ ‘അല്ലാഹുവേ, ഞാന്‍ ഈ ഓതിയതുപോലെയുള്ളതിന്റെ പ്രതിഫലം ഇന്ന ആള്‍ക്കു എത്തിച്ചു കൊടുക്കണേ’ (أللهم اوصل مثل ثواب ما قرأته) എന്നു പ്രാര്‍ഥിക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു. അപ്പോള്‍, യാതൊന്നും, ഓതാതെത്തന്നെ ‘അല്ലാഹുവേ, ഒരു യാസീന്‍ ഓതിയാലുണ്ടാകുന്ന പ്രതിഫലം ഇന്ന ആള്‍ക്കു എത്തിക്കണേ’ എന്നു പറഞ്ഞാലും മതിയാവുകയില്ലേ? ആലോചിച്ചു നോക്കുക! ഇതൊന്നും ആലോചിക്കാതെയാണ് നമ്മുടെ രാജ്യങ്ങളില്‍ പലരും ഈ വിഷയത്തില്‍ ധനം വ്യയം ചെയ്തുവരുന്നത്. അതേ ധനം ഇത്തരം കലര്‍പ്പു കൂടാത്ത പരിശുദ്ധമായ ദാനധര്‍മ്മങ്ങളില്‍ വിനിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ! അതു അവര്‍ക്കും, മരണപ്പെട്ടവര്‍ക്കും ഉപകരിക്കുമായിരുന്നു! والله الموفق للسداد والرشاد

(3) ‘മഹ്ശറി’ല്‍ വെച്ച് മനുഷ്യനു അവന്റെ കര്‍മ്മങ്ങള്‍ കാട്ടിക്കൊടുക്കുകയും അവനെ ബോധ്യ പ്പെടുത്തുകയും ചെയ്യുന്നതാണ്.

(4) പിന്നീടു അതിന്റെ പ്രതിഫലം ശരിക്കും കൃത്യമായും നല്‍കപ്പെടും. ഒരോരുത്തന്റെ കര്‍മ്മങ്ങള്‍ അവന്റെ മുമ്പാകെ കാട്ടി ബോധ്യപ്പെടുത്തുകയും, തെളിവുകള്‍ മൂലം സ്ഥാപിക്കുകയും ചെയ്യും. സല്‍കര്‍മ്മമാണെങ്കില്‍ അവനു സന്തോഷവും, ദുഷ്കര്‍മ്മമാണെങ്കില്‍ അവനു സന്താപവും ഉളവാക്കുമെന്ന് പറയേണ്ടതില്ല.

ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ – الجمعة

(പിന്നീടു അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്. എന്നിട്ടു നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ചു നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തും.)

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ – الزلزال

(അപ്പോള്‍, ആര്‍ ഒരു അണുവോളം ഗുണം ചെയ്യുന്നുവോ അവന്‍ അതു കാണും, ആര്‍ ഒരു അണുവോളം ദോഷം ചെയ്യുന്നുവോ അവന്‍ അതും കാണും.)

(5) എല്ലാ കാര്യങ്ങളും, എല്ലാ ആളുകളും ഒടുക്കം ചെന്നുചേരുന്നത് അല്ലാഹുവിങ്കലേക്കാകുന്നു. എല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും മാത്രമായിരിക്കും. എല്ലാവരും അവന്റെ വിധിക്കു വിധേയരുമായിരിക്കും واليه يرجع الامر كله – هود (അവനിലേക്കു തന്നെ എല്ലാ കാര്യവും മടക്കപ്പെടുന്നു:) إِلَيْهِ مَرْجِعُكُمْ جَمِيعًا – يونس (നിങ്ങളുടെ മുഴുവനും മടങ്ങിച്ചെല്ലല്‍ അവന്റെ അടുക്കലേക്കാകുന്നു.)

(6) ചിരിയും, കരച്ചിലും നല്‍കുന്നവന്‍ അല്ലാഹുവാണ്. സുഖദുഖങ്ങളും, സന്തോഷ സന്താപങ്ങള്‍ക്കുള്ള കാരണങ്ങളും അവന്റെ സൃഷ്ടി തന്നെ. അപ്പോള്‍, ചിരിവരുന്നതും, കരച്ചില്‍ വരുന്നതും അവന്റെ വകയാണ്. കാരണം കൂടാതെ ചിരിക്കുവാനോ, കാരണമുള്ളപ്പോള്‍ ചിരിക്കാതിരിക്കുവാനോ മനുഷ്യനു സാദ്ധ്യമല്ല. ഇതുപോലെത്തന്നെ കരച്ചിലും.

(7) മരണവും ജീവിതവും ഉണ്ടാക്കുന്നവനും അവന്‍ തന്നെ. അതെ, – الملك الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (നിങ്ങളില്‍ എതാളാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്നു നിങ്ങളെ പരീക്ഷണം നടത്തുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ്.)

(8) നിസ്സാരമായ ഒരു ഇന്ദ്രിയബിന്ദു ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുന്നു. അവിടെവെച്ച് അതു ആണായും പെണ്ണായും, -ചിലപ്പോള്‍ രണ്ടും കൂടിയും- രൂപാന്തരപ്പെട്ടു പുറത്തു വരുന്നു. അതിനു മുമ്പായി എത്രയോ കാര്യങ്ങള്‍ അവിടെ വെച്ചു വ്യവസ്ഥിതമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം സൃഷ്ടി കര്‍ത്താവ് അല്ലാഹുവല്ലാതെ മറ്റാരുമല്ല. ആണിനെ ആണും, പെണ്ണിനെ പെണ്ണും ആക്കുന്നതില്‍ നാമമാത്രമായെങ്കിലും മറ്റൊരാള്‍ക്കും പങ്കില്ല.

(9) ഇങ്ങിനെയെല്ലാം സൃഷ്ടിച്ച് പോറ്റിവളര്‍ത്തിക്കൊണ്ടു വന്ന്‍ പിന്നീടു മരണപ്പെടുത്തിയ അതേ കര്‍ത്താവായ അല്ലാഹുവിന്റെ ബാദ്ധ്യത തന്നെയാണ് മുന്‍ജീവിതത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലം അനുഭവിക്കേണ്ടതിനായി മനുഷ്യനു വീണ്ടും രണ്ടാമതൊരു ജിവിതം കൂടി നല്‍കലും, അതെല്ലാം നിവ്വഹിച്ച അവന്നുണ്ടോ ഇതിനു വല്ല പ്രയാസവും?! ഒരു കണക്കിന് ആദ്യത്തെ സൃഷ്ടിപ്പിനെക്കള്‍ എളുപ്പമാണല്ലോ രണ്ടാമത്തെ സൃഷ്ടിപ്പ്.

(وَهُوَ أَهْوَنُ عَلَيْهِ) (10) ചില ആളുകള്‍ക്ക് ധനവും സമ്പത്തും നല്‍കുന്നതും, അവരെ അന്യന്റെ ആശ്രയം കൂടാതെ ജീവിക്കുമാറാക്കുന്നതും മറ്റു ചിലര്‍ക്കു ദാരിദ്ര്യവും വിഷമവുമുണ്ടെങ്കിലും അവരെ നല്ല സംതൃപ്തിയോടെ കഴിഞ്ഞു കൂടുന്നവരാക്കുന്നതും അല്ലാഹുവാകുന്നു.

اغنى (അഗ്നാ) എന്ന വാക്കിനു ‘ധന്യമാക്കി, ഐശ്വര്യം നല്‍കി, ധനം കൊടുത്തു, ആശ്രയമില്ലാതാക്കി, പര്യാപ്തമാക്കി’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്. ധനവും ആവശ്യമായ ജീവിതോപാധികളും നല്‍കി എന്നു സാരം. اقنى (അഖ്നാ) എന്ന്‍ വാക്കിനു ‘സമ്പാദ്യം നല്‍കി, ശേഖരിച്ചു കൊടുത്തു, മതിവരുത്തി, തൃപ്തി നല്‍കി’ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ വരും. ഈ വാക്കിനു രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. രണ്ടായാലും അതു അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ് കുറിക്കുന്നത്. ആവശ്യങ്ങള്‍ക്കു പുറമെ, സൂക്ഷിച്ചു വെക്കത്തക്കവണ്ണം ധാരാളം ധനം നല്‍കി തൃപ്തിപ്പെടുത്തി എന്നതാണ് ഒരു വ്യാഖ്യാനം. ഈ വ്യാഖ്യാനപ്രകാരം ഇവിടെ (48-ാം വചനത്തില്‍) ദാരിദ്ര്യത്തെക്കുറിച്ചു ഒന്നും പ്രസ്താവിച്ചിട്ടില്ലെന്നു വരും. സ്വത്തും ധനവുമില്ല -ദാരിദ്ര്യവും ബുദ്ധി മുട്ടുമുണ്ട്- എങ്കിലും അതില്‍ അക്ഷമയും അതൃപ്തിയും തോന്നാതെ, ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്യുമാറാക്കി എന്നാണ് മറ്റൊരു വ്യാഖ്യാനം. ഈ വ്യാഖ്യാനത്തിനാണ് ഇവിടെ കൂടുതല്‍ ഔചിത്യം കാണുന്നത്. കാരണം, ധനത്തെക്കള്‍ കവിഞ്ഞ അനുഗ്രഹമാണ് ദാരിദ്ര്യമുള്ളതോടൊപ്പം ധന്യമായ മനസ്ഥിതി ഉളവാകുക എന്നുള്ളത്. ആവശ്യത്തില്‍ കവിഞ്ഞ തോതില്‍ ധനം ശേഖരിച്ചു വെക്കുന്നതു ഇസ്‌ലാമിക ദൃഷ്ട്യാ അഭിലഷണീയമല്ലതാനും. മാത്രമല്ല, ഇതിനു മുമ്പ് (43 – 45) ‘ചിരിപ്പിച്ചു – കരയിപ്പിച്ചു’ എന്നും: മരിപ്പിച്ചു – ജീവിപ്പിച്ചു’ എന്നും ‘ആണിനേയും പെണ്ണിനെയും സൃഷ്ടിച്ചു’ എന്നുമൊക്കെയാണല്ലോ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ആ നിലക്ക് ധനം നല്‍കിയും, ദാരിദ്ര്യത്തില്‍ സംതൃപ്തി നല്‍കിയും അനുഗ്രഹിക്കുക എന്നു വെക്കുന്നതായിരിക്കും കൂടുതല്‍ യോജിപ്പ്. الله اعلم സംതൃപ്തിയും മനസ്സമാധാനവും കൂടാതെയുള്ള സമ്പത്തിനേക്കാള്‍ ഉത്തമം, അവയോടുകൂടിയുള്ള ദാരിദ്യമാകുന്നു.

لَيس الغِنَي عَن كثْرَةِ العَرضِ، وَلكِنَّ الغنِيَ غِنَي النَّفسِ – متفق عليه

(വിഭവങ്ങള്‍ അധികരിക്കുന്നതുകൊണ്ടല്ല ധനമുണ്ടാകുന്നത്. പക്ഷേ, ധനമെന്നത് മനസ്സിന്റെ ധന്യതയാണ്‌. (ഹ.ശ.)

(11) ‘ശിഅ്റാ’ (الشعرى) യുടെ റബ്ബും അല്ലാഹു തന്നെ. മിഥുന നക്ഷത്രത്തിന്റെ പിന്നിലായി ഗ്രീഷ്മ കാലത്ത് പ്രത്യക്ഷപ്പെടാറുള്ള ചോതി നക്ഷത്രമാണ് ‘ശിഅ്റാ’.* മുന്‍കാലത്തു ചില അറബികള്‍ അതിനെ ആരാധിച്ചു വന്നിരുന്നതുകൊണ്ടാണ് അതിനെ പ്രത്യേകം എടുത്തു പറഞ്ഞത്.

(12) ആദിമ ‘ആദു’ വര്‍ഗ്ഗത്തെയും ‘ഥമൂദു’ ഗോത്രത്തെയും നിശ്ശേഷം നശിപ്പിച്ചതും, അതിന്റെ എത്രയോ മുമ്പു നൂഹ് (അ) ന്റെ ജനതയെ നശിപ്പിച്ചതുമെല്ലാം അല്ലാഹു തന്നെ. ഒരു സമുദായത്തിന്റെ ധിക്കാ രവും അക്രമവും അതിരു കടക്കുമ്പോഴാണ് അല്ലാഹു ഏതെങ്കിലും പൊതുശിക്ഷ വഴി അതിനെ ഒന്നടങ്കം നശിപ്പിക്കുന്നത്. ഇതെല്ലാം പിന്നീടുള്ളവര്‍ക്കും പാഠമായിരിക്കേണ്ടതാണ്. ആദിമ ;ആദു’ വര്‍ഗ്ഗം (عاد الاولى) ഹൂദ്‌ (അ) ന്റെ സമുദായവും, ‘ഥമൂദു’ സമുദായം സ്വാലിഹ് (അ) ന്റെ സമുദായവുമാകുന്നു. നൂഹ് (അ)നു ശേഷം ഹൂദ്‌ (അ) നു മുമ്പു കഴിഞ്ഞുപോയ ഒരു ജനതയായിരുന്നു ആദിമ ‘ആദു’ വര്‍ഗ്ഗമെന്നും അഭിപ്രായമുണ്ട്.

(13) അടിമേലായി മറിഞ്ഞു കിടക്കുന്ന ആ രാജ്യത്തെ (المؤتفكة) തല കീഴായി മറിച്ചു വീഴത്തിയവനും അല്ലാഹു തന്നെ. ലൂത്ത് (അ) നബിയുടെ രാജ്യമാണ് ഉദ്ദേശ്യം.

 82 جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ – هود

(അതിന്റെ മേല്‍ ഭാഗം നാം കീഴ്ഭാഗമാക്കി. അവരുടെ മേല്‍ നാം ചൂളക്കല്ലു കൊണ്ടുള്ള മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (സൂ: ഹൂദ്‌ 82.)

الْقَرْيَةِ الَّتِي أُمْطِرَتْ مَطَرَ السَّوْءِ – الفرقان 40

(ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട രാജ്യം (സൂ: ഫുര്‍ഖാന്‍ 40) എന്നൊക്കെ പറഞ്ഞിട്ടുള്ളതു ഇന്നും തലകീഴായിക്കിടക്കുന്ന ആ രാജ്യത്തെക്കുറിച്ചാകുന്നു. ഇവയെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് ‘അതിനെ ആവരണം ചെയ്തതൊക്കെ ആവരണം ചെയ്തു (فَغَشَّاهَا مَا غَشَّىٰ) ഏന്നു പറഞ്ഞത്.


(*) മിഥുന നക്ഷത്രം = ال جوزاء (Gemini); ചോതി നക്ഷത്രം അഥവാ അഗ്നി നക്ഷത്രം = الشعرى (Sirius)


മനുഷ്യന്‍ പ്രത്യക്ഷത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും, അവനു ആലോചിച്ചറിയുവാന്‍ സാധിക്കുന്നതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളെയും നിരത്തിക്കാട്ടിയശേഷം, അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലും പ്രവര്‍ത്തനങ്ങളിലും തര്‍ക്കം നടത്തിക്കൊണ്ടിരിക്കുന്നവരോട് അല്ലാഹു ചോദി ക്കുകയാണ്: ഹേ, മനുഷ്യാ, എന്നിരിക്കെ നിന്റെ റബ്ബിന്റെ ഏതു അനുഗ്രഹത്തെക്കുറിച്ചാണ് നിനക്ക് സംശയിച്ചു തര്‍ക്കിക്കുവാനുള്ളത് എന്നു?! മേല്‍ വിവരിച്ച യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍വെച്ചു കൊണ്ടു ഈ ചോദ്യത്തിന്റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിലപാടും, അവിടുത്തേക്കു അല്ലാഹുവിന്റെ ദൗത്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗ്ഗവും, അവിടുന്നു പ്രബോധനം ചെയ്യുന്ന സിദ്ധാന്തങ്ങളും വിവരിച്ച ശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു അല്ലാഹു പറയുന്നു: –

53:56

  • هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ ﴾٥٦﴿
  • ഇതു പൂര്‍വ്വികന്മാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനത്രെ.
  • هَـٰذَا نَذِيرٌ ഇതു ഒരു താക്കീതുകാരനാണ് مِّنَ النُّذُرِ താക്കീതുകാരില്‍പെട്ട الْأُولَىٰ ആദ്യത്തവരായ, പൂര്‍വ്വികന്മാരായ

53:57

  • أَزِفَتِ ٱلْـَٔازِفَةُ ﴾٥٧﴿
  • (ആ) ആസന്നസംഭവം (ഇതാ) ആസന്നമായി!-
  • أَزِفَتِ ആസന്നമായി, അടുത്തു الْآزِفَةُ ആസന്നമായതു (സംഭവം)

53:58

  • لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ﴾٥٨﴿
  • അല്ലാഹുവിനു പുറമെ, അതിനെ തുറവിയാക്കുന്ന ഒരു ശക്തിയും ഇല്ല.
  • لَيْسَ لَهَا അതിന്നില്ല مِن دُونِ اللَّـهِ അല്ലാഹുവിനെകൂടാതെ, പുറമെ كَاشِفَةٌ തുറവിയാക്കുന്ന (ശക്തി) ഒന്നും

ജനങ്ങളെ താക്കീതു ചെയ്യാനായി നിയോഗിക്കപ്പെട്ട വളരെയധികം പ്രവാചകന്‍മാർ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാൾ മാത്രമാണ് നിങ്ങളുടെ പ്രവാചകനും. അദ്ദേഹം ഈ രംഗത്തു പുതുതായി പ്രത്യക്ഷപ്പെട്ട ഒരാളല്ല.

9 قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ – الاحقاف

(പറയുക: ഞാന്‍ റസൂലുകളില്‍ ഒരു പുത്തനല്ല). പക്ഷേ, എനി ഒരു പ്രവാചകനെ നിങ്ങള്‍ക്കു പ്രതീക്ഷിക്കുവാനില്ല. അദ്ദേഹം അവസാനത്തെ പ്രവാചകനാണ്‌. കാലം ഇതാ അവസാനിക്കാറായി. ആ മഹാസംഭവം -ലോകാവസാനസംഭവം- ഇതാ ആസന്നമായി. അതു വന്നാല്‍ അതിനെ തടയുവാൻ അല്ലാഹു അല്ലാത്ത മറ്റാരാലും സാധ്യമല്ല.

لْآزِفَةِ (ആസന്ന സംഭവം) എന്നു പറഞ്ഞതു ഖിയാമത്തു നാളിനെക്കുറിച്ചാകുന്നു. അടുത്ത അദ്ധ്യായത്തിന്റെ ആരംഭത്തില്‍ اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തെത്തി) എന്നു പറയുന്നു. ഖിയാമത്തു നാളിന്റെ നാമവിശേഷണങ്ങളായി الواقعة (ആ സംഭവം), القارعة (ആ ഭയങ്കര സംഭവം), الحاقة (ആ യഥാര്‍ത്ഥ സംഭവം) എന്നൊക്കെ അല്ലാഹു ഖുര്‍ആനിൽ പ്രസ്താവിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒരു നാമമത്രെ ഇതും. ‘തുറവിയാക്കുന്ന ശക്തിയില്ല’ എന്ന (58-ാം) വാക്യത്തിനു

1) അതു സംഭവിക്കുമ്പോള്‍ അതിൽനിന്നു തുറവി നല്‍കുവാനും അതിനെ തടുക്കുവാനും അല്ലാഹുവിനല്ലാതെ ആര്‍ക്കും കഴിയുന്നതല്ല എന്നും,

2) അതിനെ വെളിക്കുകൊണ്ടുവരുന്നതും സംഭവിപ്പിക്കുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്നും മറ്റും വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അല്ലാഹു വീണ്ടും ചോദിക്കുന്നു:-

53:59

  • أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ ﴾٥٩﴿
  • അപ്പോള്‍, (കാര്യം ഇങ്ങിനെയിരിക്കെ) ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്? –
  • أَفَمِنْ هَـٰذَا الْحَدِيثِ അപ്പോള്‍ ഈ വര്‍ത്തമാനത്തെ സംബന്ധിച്ചോ تَعْجَبُونَ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു

53:60

  • وَتَضْحَكُونَ وَلَا تَبْكُونَ ﴾٦٠﴿
  • നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും? –
  • وَتَضْحَكُونَ നിങ്ങള്‍ ചിരിക്കുകയും ചെയ്യുന്നു وَلَا تَبْكُونَ നിങ്ങള്‍ കരയുന്നുമില്ല, കരയാതെയും

53:61

  • وَأَنتُمْ سَـٰمِدُونَ ﴾٦١﴿
  • നിങ്ങളാകട്ടെ, (അശ്രദ്ധരായി) മേല്‍പോട്ടു നോക്കുന്നവരുമാകുന്നു.
  • وَأَنتُمْ നിങ്ങളോ, നിങ്ങളാകട്ടെ سَامِدُونَ മേല്‍പോട്ടു നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികള്‍) ആകുന്നു

അബൂ ഹുറൈറഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിന്റെ സാരം ഇപ്രകാരമാകുന്നു: ഈ (59-61) വചനങ്ങള്‍ ഓതിക്കേട്ടപ്പോൾ, സഹാബികള്‍ കണ്ണുനീരോഴുക്കി കരയുകയുണ്ടായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കരഞ്ഞു. ഞങ്ങളും ഒന്നിച്ചു കരഞ്ഞു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടു നിമിത്തം കരയുന്നവൻ നരകത്തിൽ പ്രവേശിക്കയില്ല; അനുസരണ ക്കേടില്‍ നിരതനായവൻ സ്വര്‍ഗ്ഗത്തിലും പ്രവേശിക്കയില്ല….’ (لا يَلِجُ النَّارَ مِنْ بَكَى مِنْ خَشْيَةِ اللَّه تعالى ولا يدخل الجنة مصر على معصية الخ – البيهقى فى الشعب) ‘ഈ വര്‍ത്തമാനം’ എന്നു പറഞ്ഞതു ഖുര്‍ആനെ ഉദ്ദേശിച്ചാകുന്നു.

53:62

  • فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩ ﴾٦٢﴿
  • (മനുഷ്യരേ) അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവിനു ‘സുജൂദു’ [സാംഷടാംഗ നമസക്കാരം] ചെയ്യുവിന്‍; ആരാധനയും ചെയ്യുവിന്‍!
  • فَاسْجُدُوا അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു وَاعْبُدُوا ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍

ഇബ്നു അബ്ബാസ്‌ (رحمه الله) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: ‘നജ്മു’ ഓതി സുജൂദ് ചെയ്തു. തിരുമേനിയോടൊപ്പം (അവിടെ സന്നിഹിതരായിരുന്ന) മുസ്‌ലിംകളും, മുശ്രിക്കുകളും, ജിന്നും, ഇന്‍സും (മനുഷ്യരും) സുജൂദ് ചെയ്തു. (ബുഖാരി.) അര്‍ത്ഥവും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയ സാന്നിദ്ധ്യത്തോടുകൂടിയും ഈ അദ്ധ്യായം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നപക്ഷം, മനുഷ്യ ഹൃദയമുള്ള ആരും നിശ്ചയമായും അവരറിയാതെത്തന്നെ അല്ലാഹുവിനു സുജൂദു ചെയ്‌വാൻ പ്രചോദിതരാകാതിരിക്കയില്ല. ഇബ്നു അബ്ബാസ്‌ (رحمه الله) ന്റെ ഈ പ്രസ്‌താവനയിൽ നാം കണ്ടതും അതാണ്‌.

അല്ലാഹുവേ! നിന്റെ ശിക്ഷയും താക്കീതും ഭയപ്പെടുന്ന, അശ്രദ്ധയും പരിഹാസവും കാണിക്കാത്ത ഭയഭക്തന്മാരുടെ കൂട്ടത്തില്‍ ഞങ്ങളെയെല്ലാം നീ ഉള്‍പ്പെടുത്തേണമേ! നിനക്കു ‘സുജൂദും ഇബാദത്തും’ ചെയ്യുന്ന സജ്ജനങ്ങളിൽ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ! آمين

اللــهـم ولـك الحـمـد والمـنة

വെളിച്ചം റമദാൻ 2022 – റമദാൻ 06

സൂറത്തു ന്നജ്മ് : 01-32



  • റമദാന്‍ 6 – സൂറ: നജ്മ് പാര്‍ട്ട് 1 – ആയത്ത് 01 മുതല്‍ 32 വരെ
    • വിശദീകരണം ബഹു. സയ്യിദ് സുല്ലമി, ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.



നജ്മ് (നക്ഷത്രം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 62 – വിഭാഗം (റുകൂഅ്) 3

[32-ാം വചനം മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيم

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ رحمهم الله എന്നീ മഹാന്‍മാര്‍ ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സുജൂദ് (ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന ആയത്തു) അവതരിച്ച ആദ്യത്തെ അദ്ധ്യായം ‘സൂറത്തു-ന്നജ്മ്’ ആകുന്നു. എന്നിട്ട് (അതു ഓതിക്കൊണ്ടു) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സുജൂദ് ചെയ്കയുണ്ടായി. (അതു കേട്ടവരില്‍) ഒരാള്‍ ഒഴിച്ചു മറ്റെല്ലാവരും സുജൂദു ചെയ്തു. ആ മനുഷ്യന്‍ ഒരു പിടി മണ്ണു കയ്യിലെടുത്ത് അതിന്‍മേല്‍ സുജൂദു ചെയ്കയാണ് ചെയ്‌തത്‌. പിന്നീടു അയാള്‍ അവിശ്വാസിയായ നിലയില്‍ കൊല്ലപ്പെട്ടതു ഞാന്‍ കാണുകയുണ്ടായി. ഉമയ്യത്തുബ്നു ഖലഫ് (امية بن خلف) ആയിരുന്നു അത്’. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനമദ്ധ്യേ പരസ്യമായി ഓതിക്കേള്‍പ്പിച്ച ഒന്നാമത്തെ സൂറത്തു ഇതാണെന്നും, മക്കാഹറമില്‍ വെച്ച് മുശ്‌രിക്കുകളും കൂടിയുള്ള സദസ്സില്‍വെച്ചു തിരുമേനി അതു ഓതിയെന്നും ഇബ്നു മസ്ഊദി (رضي الله عنه) ല്‍ നിന്നു തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (رواه بن مردوية) അവസാനത്തെ ആയത്തിലാണ് സുജൂദിന്റെ സ്ഥാനം. ഈ സൂറത്തിലെ വചനങ്ങള്‍ ഓരോന്നും ഹൃദയത്തിന്റെ ഉള്ളോട്ടു തുളച്ചു ചെല്ലുവാന്‍ പോരുന്നവയത്രെ. കൂടാതെ, ആകര്‍ഷകമായ ഒരു ശ്രവണ മാധുര്യം കൂടി അവര്‍ക്കുള്ളതായിക്കാണാം.

53:1

  • وَٱلنَّجْمِ إِذَا هَوَىٰ ﴾١﴿
  • നക്ഷത്രം തന്നെയാണ് സത്യം – അതു താണുവരുമ്പോള്‍!
  • وَالنَّجْمِ നക്ഷത്രം തന്നെയാണ് إِذَا هَوَىٰ അതു വീണു (താണു) വരുമ്പോള്‍, അസ്തമിച്ചാല്‍

53:2

  • مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴾٢﴿
  • നിങ്ങളുടെ ആള്‍ [നബി] വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല.
  • مَا ضَلَّ വഴിപിഴച്ചിട്ടില്ല صَاحِبُكُمْ നിങ്ങളുടെ ആള്‍ , കൂട്ടുകാരന്‍, ചങ്ങാതി وَمَا غَوَىٰ അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല

53:3

  • وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴾٣﴿
  • അദ്ദേഹം (സ്വന്തം) ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.
  • وَمَا يَنطِقُ അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക)യുമില്ല عَنِ الْهَوَىٰ ഇച്ഛയാല്‍, ഇച്ഛപ്രകാരം

53:4

  • إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴾٤﴿
  • അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന ‘വഹ്‌യു’ [ദൈവികബോധനം] അല്ലാതെ (മറ്റൊന്നും) അല്ല.
  • إِنْ هُوَ അതല്ല إِلَّا وَحْيٌ വഹ്‌യല്ലാതെ يُوحَىٰ അദ്ദേഹത്തിനു വഹ്‌യു നല്‍കപ്പെടുന്ന

അല്ലാഹു ഏതെങ്കിലും വസ്തുവിന്റെ പേരില്‍ സത്യം ചെയ്തു പറയുമ്പോള്‍, അതില്‍ ചില രഹസ്യങ്ങളും ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സ്ഥിരീകരിക്കുന്ന ചില ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാണ്. പരിഷ്കൃത രീതിയിലുള്ള ഇന്നത്തെ നിരീക്ഷണ സമ്പ്രദായങ്ങള്‍ നിലവില്‍ വരും മുമ്പ് പ്രാകൃത രൂപത്തില്‍ മനുഷ്യന്‍ ആകാശത്തെ നിരീക്ഷണം ചെയ്‌വാന്‍ തുടങ്ങിയ കാലം മുതല്‍ക്കുതന്നെ, നക്ഷത്രങ്ങള്‍ മുഖേന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ മനുഷ്യനു കഴിയുമായിരുന്നു. കണക്കറ്റ നക്ഷത്ര ഗോളങ്ങള്‍ ദിനം പ്രതി ഉദിക്കുന്നു, അസ്തമിക്കുന്നു, മുന്നോട്ടുവരുന്നു, പിന്നോട്ടു പോകുന്നു, ശോഭിക്കുന്നു, പ്രകാശിക്കുന്നു…..! വലുപ്പത്തിലും ഗതിവിഗതിയിലും വ്യത്യസ്തങ്ങളെങ്കിലും ഓരോന്നും ഒരു വ്യവസ്ഥാപിതമായ പരിപാടിയനുസരിച്ചു നിലകൊള്ളുന്നു. ഘടികാരവും, വടക്കുനോക്കിയന്ത്രവും കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് ദിക്കു നിര്‍ണ്ണയത്തിലും, നക്ഷത്രങ്ങള്‍ക്കുള്ള സ്ഥാനം വമ്പിച്ചതായിരുന്നു. സമുദ്രത്തിലും മരുഭൂമിയിലും യാത്ര ചെയ്യുന്നവര്‍ക്കു നക്ഷത്രമാര്‍ഗ്ഗങ്ങളെപ്പറ്റി സാമാന്യമായ അറിവെങ്കിലും ഒഴിച്ചു കൂടാത്തതായിരുന്നു. നക്ഷത്രങ്ങളായിരുന്നു അവരുടെ പ്രധാന മാര്‍ഗ്ഗദര്‍ശകന്മാര്‍. (وَبِالنَّجْمِ هُمْ يَهْتَدُونَ)

പരിഷ്കൃത ഗവേഷണ നിരീക്ഷണ ഫലങ്ങള്‍ വെച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യത്തെയും അനുഗ്രഹങ്ങളെയും കുറിച്ചു ചിന്തിക്കുന്നവര്‍ക്കു മുന്‍കാലത്തു കണ്ടെത്താന്‍ കഴിയാത്ത വിലപ്പെട്ട പല വിജ്ഞാനങ്ങളും ലഭിക്കുന്നു. ഒരുകാലത്തു ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്ത എത്രയോ രഹസ്യങ്ങളും വസ്തുതകളും ഇന്ന് മനുഷ്യനു അറിവായിട്ടുണ്ട്. മുപ്പതിനായിരമോ, മുപ്പതുലക്ഷമോ നക്ഷത്രങ്ങളാണ് ആകാശത്തുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന കാലം നാം പിന്നിട്ടു കഴിഞ്ഞു. മുവ്വായിരം കോടി നക്ഷത്രകുടുംബങ്ങള്‍ – അഥവാ സൗരയൂഥങ്ങള്‍ – ആകാശ ഗംഗയിലുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അവയിലൊന്നത്രെ നമ്മുടെ സൗരയൂഥം. ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ദൂരം അഞ്ഞൂറു കൊല്ലത്തെ നടത്ത യാത്രാദൂരമോ, അതിലധികമോ ആണെന്നു ഒരുകാലത്തു കരുതപ്പെട്ടിരുന്നു. ഭൂഗോളം ആകമാനം ഒന്നു ചുറ്റുവാന്‍ ഒരു സെക്കന്റിന്റെ എഴില്‍ ഒരു ഭാഗം സമയം മാത്രം എടുക്കുന്ന വെളിച്ചം – അല്ലെങ്കില്‍ വൈദ്യുത തരംഗം – ശാസ്ത്രത്തിന്റെ കണ്ണാടിയില്‍ ഇന്നു അറിയപ്പെട്ട ആകാശ മണ്ഡലത്തെ ഒന്നു വൃത്തം വെച്ചു പൂര്‍ത്തിയാക്കുവാന്‍ ഏതാണ്ട് പത്തുകോടി കൊല്ലങ്ങള്‍ വേണം എന്നാണത്രെ ഇപ്പോഴത്തെ നിഗമനം!

ഈ മഹാമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കണക്കറ്റ നക്ഷത്ര ഗോളങ്ങളെപ്പറ്റി മുമ്പില്ലാത്ത വിവരങ്ങള്‍ എത്രതന്നെ ഇന്ന് മനുഷ്യനു കരസ്ഥമായിട്ടുണ്ടെങ്കിലും ശരി, അവനു കിട്ടുന്ന ഓരോ അറിവും, അവയെപ്പറ്റി അവനു അറിയുവാന്‍ കഴിയാത്ത അജ്ഞാത യാഥാര്‍ത്ഥ്യങ്ങളുടെ വിസ്തൃതി വലുതാക്കിക്കാട്ടുകയാണ് ചെയ്യുന്നത്. പക്ഷേ, ഒളിഞ്ഞു കിടപ്പുള്ള അദൃശ്യ ശക്തികളിലേക്കൊന്നും ഹൃദയം കൊണ്ടു നോക്കാതെ, വെളിയില്‍ കണ്ട പദാര്‍ത്ഥങ്ങളിലേക്കു മാത്രം കണ്ണുകൊണ്ടു നോക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരു മഹാദൃഷ്ടാന്തവും ‘പ്രകൃതിയുടെ പ്രക്രിയ’യെന്ന ഒരൊറ്റ വാക്കിലൊതുക്കി അവന്‍ വിധി കല്‍പ്പിച്ചു സംതൃപ്തിയടഞ്ഞേക്കും. അതേ സമയത്തു സത്യവിശ്വാസിയുടെ വിശ്വാസത്തെ അവ മേല്‍ക്കുമേല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നക്ഷത്രങ്ങളില്‍ നിന്നു അറിവും ദൃഷ്ടാന്തവും ലഭിക്കുവാനുള്ള സൗകര്യം അവ ഒരിടത്തു നിശ്ചലമായിരിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതലുണ്ടായിരിക്കുക അവ ഏതെങ്കിലും പ്രകാരത്തില്‍ ചലിക്കുമ്പോഴായിരിക്കുമല്ലോ. അതുകൊണ്ടായിരിക്കാം നക്ഷത്രം കൊണ്ടു സത്യം ചെയ്‌തപ്പോള്‍ إِذَا هَوَىٰ (അതു താണുപോകുമ്പോള്‍) എന്നൊരു ഉപാധി അല്ലാഹു പറഞ്ഞിരിക്കുന്നത്. الله اعلم ഇതേ വാക്കിനു തന്നെ ‘മേല്‍പ്പോട്ടു ഉയരുമ്പോള്‍’ എന്നും ഭാഷയില്‍ അര്‍ത്ഥം വരാവുന്നതാണ്. രണ്ടര്‍ത്ഥങ്ങളും ഒരേ സമയത്തു കല്‍പിച്ചു കൂടാ. പക്ഷേ, ഓരോന്നും ഇവിടെ യോജിക്കുന്നതു തന്നെ. വ്യാഖ്യാതാക്കള്‍ രണ്ടര്‍ത്ഥവും സ്വീകരിച്ചും കാണാം. ഈ രണ്ടു അര്‍ത്ഥങ്ങളെ ആസ്പദമാക്കിയാണ് ‘മറഞ്ഞു, അസ്തമിച്ചു’ എന്നും, ‘പ്രത്യക്ഷപ്പെട്ടു, ഉദിച്ചു’ എന്നുമൊക്കെ അതിനു വിവക്ഷ നല്‍കപ്പെട്ടു കാണുന്നതും. النجم (നക്ഷത്രം) കൊണ്ടു ഉദ്ദേശ്യം ഒരു പ്രത്യേക നക്ഷത്രമല്ല – നക്ഷത്രം പൊതുവിലാണ് – എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ നിലക്കാണ് നാമും മുകളില്‍ സംസാരിച്ചത്. കാര്‍ത്തിക നക്ഷത്രത്തെ (الثريا) പ്രത്യേകം ഉദ്ദേശിച്ചും النجم എന്നു പറയപ്പെട്ടിരുന്നതുകൊണ്ടു അതാണു ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും മുകളില്‍ ചൂണ്ടിക്കാട്ടിയതു പോലുള്ള പല അന്തസാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സത്യവാചകം.

നിങ്ങളുടെ ആള്‍ അഥവാ മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബി നേര്‍മ്മാര്‍ഗ്ഗം വിട്ടു തെറ്റുകയോ, അദ്ദേഹത്തിനു അബദ്ധം പിണയുകയോ ഉണ്ടായിട്ടില്ല എന്നത്രെ നക്ഷത്രം മുഖേന ആണയിട്ടു കൊണ്ടു അല്ലാഹു പറയുന്നത്. അതെ, അദ്ദേഹം നിങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നു. നാല്‍പതു വര്‍ഷം നിങ്ങളുടെ എല്ലാ ബഹുമാനാദരവുകള്‍ക്കും തികച്ചും പാത്രമായിരുന്നു. അങ്ങനെ, നിങ്ങളുടെ സ്വന്തം ആളാണ്‌ (صاحبكم) അദ്ദേഹം. ഇപ്പോള്‍, അദ്ദേഹം നിങ്ങളുടെ മുമ്പില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ പ്രബോധനം ചെയ്‌വാന്‍ തുടങ്ങിയിരിക്കുകയാണ്. അതോടുകൂടി അദ്ദേഹത്തോടു നിങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പും വിശ്വാസവും നഷ്ടപ്പെടുകയും, അദ്ദേഹത്തെപ്പറ്റി പല ആശങ്കകള്‍ക്കും നിങ്ങള്‍ വശംവദരാവുകയും ചെയ്തിരിക്കയാണ്. വാസ്തവത്തില്‍ അദ്ദേഹത്തിനു യാതൊരു പിഴവും പിണഞ്ഞിരിക്കുകയല്ല. തന്നിഷ്ടം പറയുന്ന ആളുമല്ല അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവന്റെ ദൂതനാക്കി നിശ്ചയിച്ചിരിക്കുകയാണ്. അതുകൊണ്ടു അദ്ദേഹത്തിനു ദിവ്യബോധനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ ഈ പ്രബോധനകൃത്യവുമായി മുന്നോട്ടു വരുവാന്‍ ഇതു മാത്രമാണ് കാരണം. ആ സ്ഥിതിക്കു അദ്ദേഹത്തെപ്പറ്റി യാതൊരു ആശങ്കക്കും, സംശയങ്ങള്‍ക്കും അവകാശമില്ല എന്നു താല്‍പര്യം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇച്ഛപ്രകാരം സംസാരിക്കുകയില്ല (وَمَا يَنطِقُ عَنِ الْهَوَىٰ) എന്ന വാക്യം വളരെ ശ്രദ്ധേയമാകുന്നു. തന്നിഷ്ടമോ സ്വാര്‍ത്ഥമോ മുന്‍നിറുത്തി സംസാരിക്കുകയെന്ന സ്വഭാവമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കില്ല എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. എന്നാല്‍, പിന്നെ അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും ഏതിനെ ആധാരമാക്കിയാണ് എന്നു ചോദിക്കപ്പെട്ടേക്കാം. അതിനുള്ള മറുപടിയായിട്ടാണ്, അതു അദ്ദേഹത്തിനു ലഭിക്കുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല (إِنْ هُوَ إِلَّا وَحْيٌ يُوحَىٰ) എന്നു പറഞ്ഞിരിക്കുന്നത്. ഈ വാക്യത്തിലെ ‘അതു’ (هو) എന്ന സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സംസാരിക്കുന്നതു എന്നായിരിക്കാം. അഥവാ വഹ്‌യുമൂലവും, വഹ്‌യിന്റെ അടിസ്ഥാനത്തിലും മാത്രമാണ് അവിടുന്നു സംസാരിക്കാറുള്ളത്‌ എന്നു സാരം. അവിടുത്തെ സംസാരങ്ങളില്‍ ഏറ്റവും പ്രധാനമായതു അവിടുന്നു പ്രബോധനം ചെയ്യുന്ന ഖുര്‍ആനാണെന്നുള്ളതില്‍ സംശയമില്ല. അതിന്റെ പേരിലാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നേരെ ആക്ഷേപങ്ങളും നിഷേധങ്ങളും ഉണ്ടായിരിക്കുന്നതും. ആകയാല്‍, ആ സര്‍വ്വനാമം ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നു വരാം. സൂ: ശൂറായുടെ അവസാനത്തില്‍ കണ്ടതുപോലെ, വഹ്‌യു ഒന്നിലധികം പ്രകാരത്തില്‍ ഉണ്ടാകാമെങ്കിലും, ഖുര്‍ആന്റെ വഹ്‌യു ജിബ്‌രീല്‍ (عليه السلام) എന്ന മലക്ക് മുഖാന്തരമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത വചനത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്.

അബ്ദുല്ലാഹ് ഇബ്നു അംറ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഞാന്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  യില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കണമെന്ന ഉദ്ദേശ്യത്തോടെ എഴുതി വെക്കാറുണ്ടായിരുന്നു. ചില ആളുകള്‍ എന്നെ വിരോധിച്ചു. അവര്‍ പറഞ്ഞു: ‘താന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ നിന്നു കേള്‍ക്കുന്നതെല്ലാം എഴുതുന്നു. റസൂലാകട്ടെ, ഒരു മനുഷ്യനാണ്, ദ്വേഷ്യമുള്ള അവസരത്തിലും സംസാരിക്കുമല്ലോ? (അതുകൊണ്ട് ചിലപ്പോള്‍ സംസാരത്തില്‍ വല്ല നീക്കുപോക്കും ഉണ്ടായേക്കാമല്ലോ.) അങ്ങനെ ഞാന്‍ അതു നിറുത്തിവെച്ചു. ഞാനിതു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരു മേനിയോടു പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: اكتب فوالذى نفسى بيده ما خرج منى الا الحق (എഴുതിക്കൊള്ളുക. എന്റെ ദേഹം യതൊരുവന്റെ കയ് വശമാണോ അവന്‍ തന്നെ സത്യം! എന്നില്‍ നിന്നു യഥാര്‍ത്ഥമല്ലാതെ പുറത്തു വരികയില്ല (അ; ദ;) അബൂഹുറൈറഃ (رضي الله عنه) യില്‍ നിന്നു ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: ‘ഞാന്‍ യഥാര്‍ത്ഥമല്ലാതെ പറയുകയില്ല (لا أَقُولُ إِلا حَقًّا) എന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. അപ്പോള്‍ സഹാബികളില്‍ ചിലര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവിടുന്നു ഞങ്ങളോടു വിനോദം (തമാശ) പറയാറുണ്ടല്ലോ?’തിരുമേനി പറഞ്ഞു: (إِنِّي لاَ أَقُولُ إِلاَّ حَقًّا) (നിശ്ചയമായും ഞാന്‍ യഥാര്‍ത്ഥം – അഥവാ കാര്യം – അല്ലാതെ പറയുകയില്ല (അ.)

അടുത്ത 5 മുതല്‍ 18 വരെയുള്ള ആയത്തുകളിലെ ചില വാക്യങ്ങളുടെ വ്യാഖ്യാനത്തില്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ പരസ്‌പരം വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ കാണാവുന്നതാണ്. ചില പദങ്ങളുടെയും, ചില സര്‍വ്വനാമ (ضمير) ങ്ങളുടെയും ഉദ്ദേശ്യം ഓരോരുത്തരും മനസ്സിലാക്കിയതില്‍ നിന്നാണ് പ്രസ്‌തുത അഭിപ്രായങ്ങള്‍ ഉല്‍ഭവിക്കുന്നത്. മാത്രമല്ല, അവയിലെ പ്രതിപാദ്യ വിഷയം, നമ്മുടെ അറിവിനും, ഭൗതിക കാഴ്ചപ്പാടുകള്‍ക്കും ഉപരിയായതുമാകുന്നു. എന്നിരിക്കെ, പരസ്പര വിരുദ്ധമല്ലെങ്കിലും ഒരാള്‍ മനസ്സിലാക്കുന്നതില്‍ നിന്നു വ്യത്യസ്തമായ രൂപത്തില്‍ വേറൊരാള്‍ മനസ്സിലാക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍, പ്രാമാണ്യരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളില്‍ നിന്ന്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും, ചില വാക്കുകള്‍ക്കു നിഘണ്ടുക്കളില്‍ കാണുന്ന ഏതെങ്കിലും പ്രത്യേക അര്‍ത്ഥങ്ങളെ തിരഞ്ഞെടുത്തും കൊണ്ടു ആ വചനങ്ങളിലെ ആശയങ്ങളെ ഭൗതിക കാഴ്ചപ്പാടുകളില്‍ ഒതുക്കി നിറുത്തത്തക്ക അര്‍ത്ഥവ്യാഖ്യാനം നല്‍കുവാന്‍ – മറ്റു ചിലേടങ്ങളിലുമെന്നപോലെ – സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ മുതിര്‍ന്നു കാണാം. സ്വീകാര്യമായ പ്രമാണങ്ങള്‍ക്കും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനങ്ങള്‍ക്കും തികച്ചും എതിരായ ആ ന്യൂതന വ്യാഖ്യാനം സ്വീകരിക്കുവാന്‍ മനസ്സാക്ഷിയുള്ള സത്യവിശ്വാസികള്‍ക്കു സാധിക്കുമെന്നു തോന്നുന്നില്ല. അതിനെപ്പറ്റി ഒരു വിശകലനം നടത്തുവാന്‍ മിനക്കെടുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോയേക്കുമെന്നത് കൊണ്ട് അതിലേക്കു പ്രവേശിക്കുവാന്‍ നാം ഉദ്ദേശിക്കുന്നില്ല.

ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസ്‌തുത വചനങ്ങളുടെ വ്യാഖ്യാനങ്ങളില്‍ വ്യത്യസ്താഭിപ്രായമുണ്ടെന്നു പറഞ്ഞുവല്ലോ. എങ്കിലും ഒരു വാസ്‌തവം ശ്രദ്ധേയമാണ്. 5 മുതല്‍ 18 വരെ യുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയം, ജിബ്‌രീല്‍ (عليه السلام) എന്ന മലക്കു അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യക്ഷപ്പെട്ട അവസരത്തിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രസിദ്ധമായ ‘മിഅ്റാജു’ യാത്ര ഉണ്ടായ അവസരത്തിലും സംഭവിച്ച സംഭവങ്ങളാണെന്നുള്ളതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമില്ല. സഹാബികളും മുന്‍ഗാമികളായ പണ്ഡിതവര്യന്മാരും അടങ്ങുന്ന ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതില്‍ യോജിച്ചിരിക്കുന്നു. ഖുര്‍ആന്‍ വാക്യങ്ങളുടെയും, ഹദീസുകളുടെയും അടിസ്ഥാനത്തിലുള്ള ആ മാര്‍ഗ്ഗം തന്നെ നമുക്കും സ്വീകരിക്കാം. മറ്റുള്ളതെല്ലാം തള്ളിക്കളയുകയും ചെയ്യാം. ومن الله التوفيق

53:5

  • عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ﴾٥﴿
  • ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുകയാണ്; –
  • عَلَّمَهُ അദ്ദേഹത്തെ പഠിപ്പിച്ചു شَدِيدُ കഠിനമായവന്‍, ഊക്കന്‍, ശക്തന്‍ الْقُوَىٰ ശക്തികള്‍ (വന്‍കഴിവു)

53:6

  • ذُو مِرَّةٍ فَٱسْتَوَىٰ ﴾٦﴿
  • (അതെ) ബലവാനായുള്ള ഒരുവന്‍. അങ്ങനെ, അദ്ദേഹം ശരിക്കു നിലകൊണ്ടു.
    [സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.]
  • ذُو مِرَّةٍ ബലവാന്‍, ബുദ്ധിശക്തിയുള്ളവന്‍ فَاسْتَوَىٰ എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു

53:7

  • وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ﴾٧﴿
  • അദ്ദേഹമാകട്ടെ, ഉന്നതമായ (നഭോ) മണ്ഡലത്തിലുമായിരുന്നു.
  • وَهُوَ അദ്ദേഹമാകട്ടെ, അദ്ദേഹം بِالْأُفُقِ മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു,
    ബഹിര്‍ഭാഗത്തിലാണു الْأَعْلَىٰ ഉന്നതമായ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന സന്ദേശങ്ങള്‍ അവിടുത്തേക്കു എങ്ങിനെ ലഭിക്കുന്നുവെന്നു വിവരിക്കുകയാണ്. പലവിധശക്തികളുള്ള അതി ബലവാനായ ഒരാള്‍ നഭോമണ്ഡലത്തില്‍ ശരിയായ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അത് പഠിപ്പിച്ചിരിക്കുകയാണ്. അങ്ങിനെയാണ് അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിവു ലഭിക്കുന്നത്. അല്ലാതെ, അദ്ദേഹം കളവു പറയുന്നതോ, ഭ്രാന്തുപറയുന്നതോ ഒന്നുമല്ല എന്നു സാരം.

ശക്തിമത്തായ കഴിവുകളുള്ളവന്‍ (شَدِيدُ الْقُوَىٰ) എന്നും, ബലവാന്‍ (ذُو مِرَّةٍ) എന്നും പറഞ്ഞ ജിബ്‌രീല്‍ (عليه السلام) എന്ന മലക്കിനെ ഉദ്ദേശിച്ചാകുന്നു. مِرَّةٍ എന്ന വാക്കിനു ‘ബുദ്ധിശക്തി, ആലോചനാ ശക്തി, വമ്പിച്ച ശക്തി, കൗതുകമുള്ള പ്രകൃതി’ എന്നൊക്കെ അര്‍ത്ഥം കൊടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങിനെയുള്ള ഗുണങ്ങളെല്ലാം തികഞ്ഞ ആളാണ്‌ ജിബ്‌രീല്‍ (عليه السلام) എന്നതില്‍ സംശയമില്ല. അദ്ദേഹമാണ്‌ അല്ലാഹുവിന്റെ അനുമതിയോടെ അതു ഇറക്കിക്കൊടുത്തിരിക്കുന്നതെന്നു സൂ: അല്‍ബഖറഃ 97 ല്‍ അല്ലാഹു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 26: 193ല്‍ വിശ്വസ്തനായ ആത്മാവു (الروح الامين) എന്നും, 16: 102 ല്‍ പരിശുദ്ധാത്മാവു ( روح القدس) എന്നും ജിബ്രീലിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. സൂ: തക് വീര്‍ التكوير) ) 19:23 ല്‍ അല്ലാഹു പറയുന്നു: ‘നിശ്ചയമായും ഇതു മാന്യനായ, ശക്തിമാനായ, അര്‍ശിന്റെ നാഥന്റെ അടുക്കല്‍ സ്ഥാനമുള്ളവനായ, അവിടെ അനുസരിക്കപ്പെടുന്നവനായ, വിശ്വസ്തനായ ഒരു ദൂതന്‍ പറഞ്ഞുകൊടുത്ത വാക്കാകുന്നു. നിങ്ങളുടെ ആള്‍ (നബി) ഒരു ഭ്രാന്തനൊന്നുമല്ല. അദ്ദേഹം അദ്ദേഹത്തെ (ആ ദൂതനെ) സ്പഷ്ടമായ നഭോ മണ്ഡലത്തില്‍വെച്ച് കാണുകയുണ്ടായിട്ടുണ്ട്’.

(إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ – الى قوله : بِالْأُفُقِ الْمُبِينِ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീലിനെ (عليه السلام) അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ രണ്ടു പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്നു ഹിറാമലയില്‍ വെച്ചും, മറ്റൊന്നു ‘മിഅ്റാജ്’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ വാനാരോഹണയാത്രയിലും. ഇവയില്‍ ഒന്നാമത്തേതിനെക്കുറിച്ചാണിവിടെ 5 മുതല്‍ 12 വരെയും താഴെ  സൂ: തക് വീര്‍ 19 മുതല്‍ 23 വരെയുള്ള വചനങ്ങളിലും പ്രസ്താവിക്കുന്നത്. രണ്ടാമത്തേതിനെക്കുറിച്ചു തുടര്‍ന്നുള്ള 13 മുതല്‍ 18 വരെ വചനങ്ങളിലും പ്രസ്താവിക്കുന്നുണ്ട്. രണ്ടാമത്തേതിനെപ്പറ്റി സൂ: തക് വീറില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ഇബ്നു കഥീര്‍ (رحمه الله) പറയുന്നതുപോലെ, സൂ: തക് വീറിന്റെ അവതരണം മിഅ്റാജിന്റെ മുമ്പായിരിക്കാം. الله اعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഹിറാഗുഹയില്‍വെച്ചു ഒന്നാമതായി മലക്കുമുഖേന വഹ്‌യു ലഭിച്ചതും, അപ്പോള്‍ സൂ:അലഖ് (سورة اقرأ) അവതരിച്ചതും പ്രസിദ്ധമാണല്ലോ. പിന്നീടു കുറെ നാളത്തേക്കു വഹ്‌യു വരാതിരിക്കുകയുണ്ടായി. വഹ്‌യു വീണ്ടും ലഭിച്ചു കൊണ്ടിരിക്കുവാനുള്ള ആവേശവും, ആ മഹാനുഗ്രഹം നിന്നുപോയതിനെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം തിരുമേനിക്കു അസ്വസ്ഥത തോന്നി. വല്ല കുന്നിന്‍ മുകളിലും കയറി താഴെ വീണു മരണപ്പെട്ടെങ്കിലോ എന്നുപോലും തിരുമേനിക്കു തോന്നിപ്പോയിരുന്നു. ഇങ്ങിനെയുള്ള അവസരത്തില്‍ തിരുമേനിയെ സമാധാനിപ്പിക്കുന്ന ചില വാക്കുകള്‍ – അശരീരി ശബ്ദം – അവിടുന്നു കേള്‍ക്കുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ മനസ്സിനു സമാധാനം വരും. വീണ്ടും അസ്വാസ്ഥ്യം തോന്നും. ഇങ്ങിനെയിരിക്കെ, ഒരിക്കല്‍ മലക്കു – ജിബ്‌രീല്‍ (عليه السلام) തന്റെ സാക്ഷാല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിനു അറുനൂറു ചിറകുകള്‍ ഉണ്ടായിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ – ഉപരിമണ്ഡലത്തില്‍ – ഒരു പീഠത്തിലായിക്കൊണ്ടായിരുന്നു അദ്ദേഹം പ്രത്യക്ഷനായത്. അദ്ദേഹത്തിന്റെ വമ്പിച്ച ആ സൃഷ്ടിരൂപം ചക്രവാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടുമാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ്   فَاسْتَوَىٰ وَهُوَ بِالْأُفُقِ الْأَعْلَىٰ  (അദ്ദേഹം ശരിക്കു – യഥാരൂപത്തില്‍ – നിലകൊണ്ടു; അദ്ദേഹം ഉന്നതമായ മണ്ഡലത്തിലുമായിരുന്നു) എന്നു പറഞ്ഞതും, തുടര്‍ന്നു 8 മുതല്‍ 12 കൂടിയ അഞ്ചുവചനങ്ങളില്‍ വിവരിക്കുന്നതും. അഹ് മദു (رحمه الله) ബുഖാരി (رحمه الله) മുസ്‌ലിം (رحمه الله) തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയതും, ഇസ്‌ലാം ചരിത്രത്തില്‍ പ്രസിദ്ധമായതുമാണ് ഈ സംഭവം. ജിബ്‌രീലിനെ (عليه السلام) കണ്ടശേഷം നടന്നതെന്താണെന്നു അടുത്ത വചനങ്ങളില്‍ തുടര്‍ന്നു പറയുന്നു:-

53:8

  • ثُمَّ دَنَا فَتَدَلَّىٰ ﴾٨﴿
  • പിന്നീടു അദ്ദേഹം അടുത്തു; അങ്ങിനെ (കൂടുതല്‍) അടുത്തുവന്നു; –
  • ثُمَّ دَنَا പിന്നെ അദ്ദേഹം അടുത്തു فَتَدَلَّىٰ അങ്ങിനെ അടുത്തുകൂടി, കീഴ്പോട്ടു വന്നു

53:9

  • فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴾٩﴿
  • എന്നിട്ട് രണ്ടു വില്ലിന്റെ അളവില്‍, അല്ലെങ്കില്‍ (അതിലും) കൂടുതല്‍ അടുപ്പമായിത്തീര്‍ന്നു.
  • فَكَانَ എന്നിട്ടു ആയി قَابَ അളവില്‍, തോതു, ഞാണ്‍ (പോലെ) قَوْسَيْنِ രണ്ടു വില്ലിന്റെ أَوْ أَدْنَىٰ അല്ലെങ്കില്‍ കൂടുതല്‍ അടുത്തത്

അതായതു, ചക്രവാളത്തിനുമീതെ പ്രത്യക്ഷപ്പെട്ടശേഷം മലക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി അടുത്തടുത്തു അങ്ങേഅറ്റം അടുത്തു വന്നു എന്നു സാരം. രണ്ടു മനുഷ്യന്മാര്‍ തമ്മിലോ, മറ്റേതെങ്കിലും രണ്ടു ഭൗതിക ജീവികള്‍ തമ്മിലോ അടുക്കുന്നതുപോലെയുള്ള അടുപ്പമല്ല ഇത്. ജഡജീവിയും ഭൂവാസിയുമായ മനുഷ്യവര്‍ഗ്ഗത്തിന്റെ നേതാവും, ആത്മീയജീവിയും ഉപരിലോകവാസിയുമായ മലക്ക് വര്‍ഗ്ഗത്തിന്റെ നേതാവും തമ്മില്‍ കൂടിയിണങ്ങുവാനുള്ള ഒരസാധാരണ കൂടിക്കാഴ്ച യായിരുന്നു ഇത്. എന്നിരിക്കെ, അല്ലാഹുവും റസൂലും പറഞ്ഞുതന്നതിനപ്പുറം ആ അടുപ്പത്തെക്കുറിച്ചു വിശദീകരിക്കുവാന്‍ നമുക്കു സാധ്യമല്ല. قَابَ قَوْسَيْنِ എന്ന വാക്കിനു ‘രണ്ടു വില്ലിന്റെ അളവ്’ അല്ലെങ്കില്‍ ‘രണ്ടു വില്ലിന്റെ ഞാണ്‍’ എന്നു വാക്കര്‍ത്ഥം. രണ്ടു വസ്തുക്കള്‍ തമ്മില്‍ അങ്ങേഅറ്റം അടുത്തുവെന്നു കാണിക്കുന്ന ഒരു ഉപമാലങ്കാര പ്രയോഗമാണിത്. ഈ പ്രയോഗത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചു ഭിന്നമായ പ്രസ്‌താവനകള്‍ കാണാമെങ്കിലും ഉദ്ദേശ്യം അതാണ്‌ എന്നതില്‍ തര്‍ക്കമില്ല.

53:10

  • فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ ﴾١٠﴿
  • അങ്ങനെ, അദ്ദേഹം അവന്റെ (അല്ലാഹുവിന്റെ) അടിയാന്നു ‘വഹ്‌യു’ [ബോധനം] നല്‍കിയതു (ഒക്കെ) നല്‍കി.
  • فَأَوْحَىٰ എന്നിട്ടു അദ്ദേഹം (അവന്‍) വഹ്‌യു നല്‍കി إِلَىٰ عَبْدِهِ അവന്റെ (തന്റെ) അടിയാന്നു مَا أَوْحَىٰ വഹ്‌യു നല്‍കിയതു

തമ്മില്‍ അങ്ങേഅറ്റം അടുത്ത ശേഷം, അല്ലാഹുവിന്റെ അടിയാനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ജിബ്‌രീല്‍ (عليه السلام) അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശങ്ങള്‍ ബോധനം നല്‍കി എന്നു സാരം. اوحى എന്ന ക്രിയയുടെ കര്‍ത്താവായി അതില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള സര്‍വ്വനാമം (الضمير المستـتر) ജിബ്‌രീലിനെ ഉദ്ദേശിച്ചാണെന്ന നിലക്കാണ് ഇപ്പറഞ്ഞത്. അതു അല്ലാഹുവിനെ ഉദ്ദേശിച്ചുള്ളതാണെന്നും വരാം. ചില വ്യാഖ്യാതാക്കള്‍ അങ്ങിനെയും അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോള്‍ അതിന്റെ സാരം, ജിബ്‌രീല്‍ (عليه السلام) മുഖാന്തരം അല്ലാഹു തന്റെ അടിയാനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വഹ്‌യു നല്‍കി എന്നുമായിരിക്കും. രണ്ടായാലും ആശയം ഒന്നു തന്നെ.

53:11

  • مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ ﴾١١﴿
  • അദ്ദേഹം (നബി) കണ്ടതിനെ ഹൃദയം (നിഷേധിച്ചു) കളവാക്കിയില്ല.
  • مَا كَذَبَ കളവാക്കിയില്ല (നിഷേധിച്ചില്ല) الْفُؤَادُ ഹൃദയം مَا رَأَىٰ അതു (അദ്ദേഹം) കണ്ടതു

53:12

  • أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ ﴾١٢﴿
  • എന്നിരിക്കെ, അദ്ദേഹം കാണുന്നതിന്റെ പേരില്‍ അദ്ദേഹത്തോടു നിങ്ങള്‍ (സംശയിച്ചു) തര്‍ക്കം നടത്തുകയോ?!
  • أَفَتُمَارُونَهُ എന്നിരിക്കെ നിങ്ങളദ്ദേഹത്തോടു തര്‍ക്കം നടത്തുകയോ, വഴക്കടിക്കുകയോ عَلَىٰ مَا يَرَىٰ അദ്ദേഹം കാണുന്നതിന്റെ പേരില്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ണുകൊണ്ടു കണ്ട ആ കാഴ്ചയെപ്പറ്റി വല്ല സംശയമോ, ചാഞ്ചല്യമോ തോന്നി അവിടുന്നു നിഷേധിച്ചില്ല; അതു യഥാര്‍ത്ഥവും സത്യവുമായ അനുഭവമാണെന്നു ഹൃദയത്തിനു ബോധ്യം വരുകതന്നെ ചെയ്തു. എന്നിരിക്കെ, അദ്ദേഹത്തിനുണ്ടാകുന്ന ഇത്തരം ദര്‍ശനങ്ങളെപ്പറ്റി നിങ്ങള്‍ നിഷേധിച്ചു തര്‍ക്കിച്ചും കൊണ്ടിരിക്കുന്നത് ന്യായമല്ല എന്നു സാരം. എത്രയോ പ്രാവശ്യം ജിബ്‌രീല്‍ (عليه السلام) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു വഹ്‌യു നല്‍കുകയുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ശബ്ദം മാത്രം കേട്ടും, ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടും, മറ്റു വിധത്തിലും അതു സംഭവിക്കും. എന്നാല്‍ മേലുദ്ധരിച്ച ഹദീസില്‍ കണ്ടതുപോലെ സാക്ഷാല്‍ രൂപത്തില്‍ രണ്ടു പ്രാവശ്യമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ കണ്ടിട്ടുള്ളു. ഒന്നാമത്തേതു ഭൂമിയില്‍ – മക്കായില്‍ – വെച്ചുതന്നെ. അതിനെപ്പറ്റിയാണ് മുകളില്‍ പ്രസ്താവിച്ചത്. ഉപരിലോകത്തുവെച്ചുണ്ടായ രണ്ടാമത്തെ സംഭവത്തെക്കുറിച്ചു അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു.

53:13

  • وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ﴾١٣﴿
  • തീര്‍ച്ചയായും അദ്ദേഹം [നബി] വേറെ ഒരു പ്രാവശ്യത്തി(ലെ വരവി)ലും അദ്ദേഹത്തെ [ജിബ്‌രീലിനെ] കണ്ടിട്ടുണ്ട്;-
  • وَلَقَدْ رَآهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് نَزْلَةً ഒരു പ്രാവശ്യം,
    ഒരു ഇറക്കത്തില്‍ (വരവില്‍) أُخْرَىٰ വേറെ, മറ്റൊരു

53:14

  • عِندَ سِدْرَةِ ٱلْمُنتَهَىٰ ﴾١٤﴿
  • ‘സിദ്റത്തുല്‍ മുന്‍തഹാ’യുടെ [അറ്റത്തെ ഇലന്തമരത്തിന്റെ] അടുക്കല്‍ വെച്ച്.
  • عِندَ سِدْرَةِ ഇലന്തയുടെ അടുക്കല്‍ വെച്ചു الْمُنتَهَىٰ അറ്റത്തെ, ഒടുക്കത്തെ

53:15

  • عِندَهَا جَنَّةُ ٱلْمَأْوَىٰٓ ﴾١٥﴿
  • അതിന്റെ അടുക്കലാണ് ആവാസത്തിന്റെ സ്വര്‍ഗ്ഗം.
  • عِندَهَا അതിന്നടുക്കലുണ്ടു, അടുക്കലാണ് جَنَّةُ الْمَأْوَىٰ ആവാസ (വാസസ്ഥല) ത്തിന്റെ സ്വര്‍ഗ്ഗം

53:16

  • إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ﴾١٦﴿
  • അതായതു, (ആ) ഇലന്തമരത്തെ ആവരണം ചെയ്തതു (ഒക്കെ) ആവരണം ചെയ്തിരുന്നപ്പോള്‍. [അപ്പോഴാണതുണ്ടായത്.]
  • إِذْ يَغْشَى ആവരണം ചെയ്തിരുന്നപ്പോള്‍, മൂടിയ സന്ദര്‍ഭം السِّدْرَةَ ഇലന്തയെ مَا يَغْشَىٰ
    ആവരണം ചെയ്തതു, മൂടിയതു (ഒക്കെ)

53:17

  • مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ ﴾١٧﴿
  • (നബിക്കു) കാഴ്ച തെറ്റിപ്പോയില്ല; അതു ക്രമം വിട്ടതുമില്ല.
  • مَا زَاغَ തെറ്റിയിട്ടില്ല, വക്രത ബാധിച്ചില്ല الْبَصَرُ കണ്ണു, കാഴ്ച, ദൃഷ്ടി وَمَا طَغَىٰ ക്രമം

53:18

  • لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ ﴾١٨﴿
  • തീര്‍ച്ചയായും അദ്ദേഹത്തിന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്നും (പലതും) അദ്ദേഹം കാണുകയുണ്ടായി.
  • لَقَدْ رَأَىٰ തീര്‍ച്ചയായും അദ്ദേഹം കണ്ടിട്ടുണ്ട് مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നു رَبِّهِ തന്റെ റബ്ബിന്റെ الْكُبْرَىٰ അതിമഹത്തായ, ഏറ്റം വലുതായ

രണ്ടാം പ്രാവശ്യം ‘മിഅ്റാജി’ല്‍ (വാനയാത്രയില്‍) വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീലിനെ (عليه السلام) സാക്ഷാല്‍ രൂപത്തില്‍ കണ്ട സംഭവമാണിത്. ‘സിദ്റത്തുല്‍ മുന്‍തഹാ’(سِدْرَةِ الْمُنتَهَىٰ) എന്നാല്‍ അറ്റത്തെ ഇലന്തവൃക്ഷം എന്നു വാക്കര്‍ത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം ഇതു അദൃശ്യലോകത്തെ വൃക്ഷമായതുകൊണ്ട് ഖുര്‍ആനിലോ ഹദീസിലോ കണ്ടതില്‍ കവിഞ്ഞു അതിനെപ്പറ്റി അഭിപ്രായമൊന്നും പറയുവാന്‍ സാധ്യമല്ല. സജ്ജനങ്ങളുടെ ആവാസമാകുന്ന –നിവാസകേന്ദ്രമായ – സ്വര്‍ഗ്ഗം (جَنَّةُ الْمَأْوَىٰ) അതിന്റെ അടുക്കലാണെന്നു അല്ലാഹു പ്രസ്താവിച്ചതില്‍ നിന്ന് അതു ഈ ഭൗതിക ലോകത്തിലെ വൃക്ഷമല്ല എന്നു സ്പഷ്ടമാണ്.

‘മിഅ്റാജി’ന്റെ സംഭവം മുസ്‌ലിംകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله ) തുടങ്ങിയ മഹാന്മാരെല്ലാം പല മാര്‍ഗ്ഗങ്ങളില്‍ കൂടി ഉദ്ധരിച്ച പല ഹദീസുകളിലും അതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ജിബ്‌രീല്‍ (عليه السلام)  നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൂട്ടിക്കൊണ്ടു ഓരോ ആകാശത്തും ചെന്നതും, അവിടെ വെച്ചുണ്ടായ സംഭവങ്ങളും, കണ്ട ദൃഷ്ടാന്തങ്ങളും അവയില്‍ പ്രസ്താവിച്ചു കാണാം. അക്കൂട്ടത്തില്‍ ഏഴാമത്തെ ആകാശത്തില്‍ വെച്ചുണ്ടായ സംഗതികള്‍ വിവരിക്കുന്ന മദ്ധ്യേ ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

ثم رُفِعَتْ إِليَّ سِدْرَةُ المنتهى فإذا نبقُها مثلُ قِلال هَجَر، واذا وَرَقُها مِثْلُ آذَانِ الفِيلَةِ فَلَمَّا غَشيهَا مِنْ أمر ربى ما غَشيهَا تغيرت فما أحد من خلق الله يستطيع أن ينعتها من حسنها – متفق عليه

(സാരം: പിന്നീടു എന്നെ ‘സിദ്റത്തുല്‍ മുന്‍തഹാ’യിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി. നോക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ ഹജറി (*) ലെ വലിയ തോല്‍ കുടങ്ങളെപ്പോലെയും, അതിന്റെ ഇലകള്‍ ആനയുടെ ചെവികള്‍പോലെയുമിരിക്കുന്നു! എന്റെ റബ്ബിന്റെ കല്‍പന – അഥവാ കാര്യം – കളില്‍ നിന്നും അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരിക്കയാല്‍ അതിനു സ്ഥിതിമാറ്റം വന്നിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ആര്‍ക്കും തന്നെ, അതിന്റെ നന്മ – അഥവാ സൗന്ദര്യം – നിമിത്തം അതിനേ വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല. (ബു. മു.) മറ്റൊരു നിവേദനത്തില്‍ ‘അതിനെ പല വര്‍ണ്ണങ്ങളും ആവരണം ചെയ്‌തിരിക്കുന്നു. അവ എന്തൊക്കെയാണെന്നു എനിക്കറിഞ്ഞു കൂടാ’ (وغشيها ألوان لا أدري ما هي الخ – متفق) എന്നും പറഞ്ഞിരിക്കുന്നു. മുസ്‌ലിമും (رحمه الله) മറ്റും നിവേദനം ചെയ്ത ഒരു ഹദീസില്‍, മുകളില്‍ നിന്നു കീഴ്പ്പോട്ടു ഇറങ്ങുന്ന കാര്യങ്ങളും, അടിയില്‍ നിന്നു മേല്‍പ്പോട്ടു കയറുന്ന കാര്യങ്ങളും ചെന്നവസാനിക്കുന്ന ഒരു കേന്ദ്രമാണ് അതെന്നു പ്രസ്താവിച്ചു കാണാം. വേറെ ചില ഹദീസുകളില്‍ മലക്കുകള്‍ അതിനെ ആവരണം ചെയ്തിട്ടുള്ള തായും പ്രസ്താവിച്ചിട്ടുണ്ട്. (ദീര്‍ഘിച്ചുപോകുന്നതു കൊണ്ടു ഹദീസുകള്‍ ഉദ്ധരിക്കുന്നില്ല.)


(*) ഒരു രാജ്യമാണ് ‘ഹജര്‍’. മദീനയുടെ അടുത്തും, യമനിലും മറ്റും ഇതേപേരിലുള്ള രാജ്യങ്ങളുണ്ടായിരുന്നു. ഇവിടെ ഏതാണ് ഉദ്ദേശ്യമെന്നു തീര്‍ത്തുപറയുവാന്‍ പ്രയാസമുണ്ട്.


മേല്‍ ഉദ്ധരിച്ചതില്‍ നിന്നു നമുക്കു മനസ്സിലാക്കാം:

(1) ‘സിദ്റത്തുല്‍ മുന്‍തഹാ’ ഭൂമിയിലെ ഏതെങ്കിലും ഒരു വൃക്ഷമല്ല; അലങ്കാരരൂപത്തില്‍ പറയപ്പെട്ടതുമല്ല; ആകാശലോകത്ത് സ്ഥിതി ചെയ്യുന്ന ഒരു യഥാര്‍ത്ഥ വൃക്ഷമാണത്.

(2) പല വന്‍കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നതും, വിവിധ ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു മഹത്തായ കേന്ദ്രമാണത്. അതുകൊണ്ടായിരിക്കാം അതിനു ‘അറ്റത്തെ ഇലന്തമരം’ എന്ന അര്‍ത്ഥത്തിലുള്ള ആ പേര്‍ നല്‍കപ്പെട്ടത്‌

(3) 16-ാം വചനത്തിന്റെ ഒരു സാമാന്യ വ്യാഖ്യാനമായി ആ വൃക്ഷത്തെപ്പറ്റി പ്രസ്‌തുത ഹദീസുകളില്‍ കണ്ട വിവരങ്ങളെ നമുക്കു സ്വീകരിക്കാവുന്നതാണ്.

മേല്‍ സൂചിപ്പിച്ചതുപോലെ, അല്ലാഹുവിനും റസൂലിനും മാത്രം അറിയാവുന്ന എത്രയോ വമ്പിച്ച ദൃഷ്ടാന്തങ്ങളും കാഴ്ചകളും അന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി കണ്ടറിഞ്ഞിട്ടുണ്ട്. ആ കാഴ്ചകള്‍ നിമിത്തം അവിടുത്തേക്ക്‌ എന്തെങ്കിലും പാകപ്പിഴവോ, അമളിയോ പിണഞ്ഞിട്ടില്ല. അവിടുന്നു എല്ലാം ശരിക്കു ഗ്രഹിച്ചിരിക്കുന്നു. എന്നൊക്കെയാണ് 17, 18 വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ‘മിഅ്റാജി’ന്റെ സംഭവത്തെക്കുറിച്ചും, അതില്‍ യുക്തിവാദക്കാര്‍ക്കു അനുകൂലിക്കുവാന്‍ കഴിയാത്ത ഭാഗങ്ങളെക്കുറിച്ചും സൂറത്തുല്‍ ഇസ്രാഈല്‍ വെച്ചു നാം സംസാരിച്ചിട്ടുണ്ട്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു യാതൊരു പിഴവും പറ്റിയിട്ടില്ല, അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള വഹ്‌യു പ്രകാരമാണ് അവിടുന്നു പ്രബോധനം നടത്തുന്നത്. വഹ്‌യു ലഭിക്കുന്ന മാര്‍ഗ്ഗം ഇന്നതാണ്, മറ്റാരും പ്രാപിച്ചിട്ടില്ലാത്ത പല ഉന്നത പദവികളും സിദ്ധിച്ച മഹാനാണ് തിരുമേനി, എന്നൊക്കെ പ്രസ്താവിച്ചശേഷം, അതെല്ലാം വ്യാജമാക്കി നിഷേധിക്കുന്ന മുശ്‌രിക്കുകളെ അഭിമുഖീകരിച്ചു കൊണ്ടു അല്ലാഹു പറയുന്നു:

53:19

  • أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ ﴾١٩﴿
  • എന്നാല്‍, നിങ്ങള്‍ കണ്ടുവോ ‘ലാത്ത’യെയും ‘ഉസ്സാ’യെയും.
  • أَفَرَأَيْتُمُ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ കണ്ടുവോ اللَّاتَ ‘ലാത്ത’യെ وَالْعُزَّىٰ ‘ഉസ്സാ’യെയും

53:20

  • وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ ﴾٢٠﴿
  • മറ്റേ മൂന്നാമത്തേതായ ‘മനാത്തി’നെയും?!
  • وَمَنَاةَ ‘മനാത്തി’നെയും الثَّالِثَةَ മൂന്നാമത്തേതായ الْأُخْرَىٰ മറ്റേ, വേറെ

മേല്‍ വിവരിച്ച യാഥാര്‍ത്ഥ്യങ്ങളെ മുമ്പില്‍ വെച്ചു കൊണ്ട് നിങ്ങള്‍ ആരാധ്യ ദൈവങ്ങളായി സ്വീകരിച്ച ഇവയെപ്പറ്റി നിങ്ങളൊന്ന്‍ ആലോചിച്ചു നോക്കുവിന്‍. നിങ്ങള്‍ക്കെന്താണ് ഇവയെപ്പറ്റി പറയുവാനുള്ളത്? കേള്‍ക്കട്ടെ! എന്നു സാരം.

അറബികള്‍ ആരാധ്യദൈവങ്ങളായി സ്വീകരിച്ചു വന്നിരുന്ന നിരവധി ദൈവങ്ങളില്‍ കൂടുതല്‍ പ്രസിദ്ധിയുള്ള മൂന്നെണ്ണമാണ് ഇവ. ‘ലാത്ത’ (اللات) ഥഖീഫ് (ثقيف) ഗോത്രക്കാരുടെ വക ത്വാഇഫിലെ ഒരു വിഗ്രഹമാണ്‌. മുന്‍കാലത്തു ഹജ്ജിനു പോകുന്നവര്‍ക്കു ഗോതമ്പത്തരികൊണ്ടു ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത്. ‘ഉസ്സാ’ (العزى) ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിന്‍മേല്‍ ഒരു ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിരുന്നു. മക്കായുടെയും, ത്വാഇഫിന്റെയും ഇടയില്‍ നഖ്‌ലഃ എന്ന സ്ഥലത്തുള്ള അതിനെ ഖുറൈശികള്‍ ആരാധിച്ചു വന്നിരുന്നു. മക്കായുടെയും മദീനായുടെയും ഇടയില്‍ മുശല്ലല്‍ എന്ന സ്ഥലത്തായിരുന്നു മനാത്ത് (مناة) ഹുദൈല്‍, ഖൂസാഅഃ ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു അത്. ‘മറ്റേ മൂന്നാമത്തേതു’ എന്ന വിശേഷണം അവയെ നിന്ദിച്ചുകൊണ്ടുള്ള ഒരു പ്രയോഗമാണ്. ഇങ്ങിനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുകളുടെ പ്രതിഷ്ഠക ളാണെന്നും, മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നുമായിരുന്നു മുശ്രിക്കുകളുടെ സങ്കല്‍പം. അതുകൊണ്ട് അല്ലാഹു അവരോടു ചോദിക്കുന്നു: –

53:21

  • أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ ﴾٢١﴿
  • നിങ്ങള്‍ക്ക് ആണും, അവനു (അല്ലാഹുവിനു) പെണ്ണുമോ?!
  • أَلَكُمُ നിങ്ങള്‍ക്കോ الذَّكَرُ ആണ് وَلَهُ അവനു الْأُنثَىٰ പെണ്ണും

53:22

  • تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ ﴾٢٢﴿
  • അതു – എന്നാല്‍ (അങ്ങിനെയാണെങ്കില്‍) – നീതികെട്ട ഒരു ഓഹരിയത്രെ!
  • تِلْكَ അതു إِذًا അപ്പോള്‍, എന്നാല്‍, അങ്ങിനെയെങ്കില്‍ قِسْمَةٌ ഒരോഹരിയാണ്, പങ്കാണ് ضِيزَىٰ നീതികെട്ട, അക്രമപരമായ

വ്യാജവാദങ്ങള്‍ പുറപ്പെടുവിക്കുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! എനി, ആ വിഗ്രഹങ്ങളുടെ യഥാര്‍ത്ഥനില എന്താണെന്നോ? –

53:23

  • إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ ﴾٢٣﴿
  • അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. അവര്‍ [ആ മുശ്‌രിക്കുകള്‍] ഊഹത്തെയും, (സ്വന്തം) മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിന്‍പറ്റുന്നില്ല. (വാസ്‌തവത്തില്‍) തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‍ അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം വന്നിട്ടുണ്ടുതാനും. [എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല!]
  • إِنْ هِيَ അവയല്ല إِلَّا أَسْمَاءٌ ചില പേരുകളല്ലാതെ سَمَّيْتُمُوهَا നിങ്ങളവക്കു നാമകരണം ചെയ്തു, പേരുവെച്ചതായ أَنتُمْ وَآبَاؤُكُم നിങ്ങളും നിങ്ങളുടെ പിതാക്കളും مَّا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല بِهَا അതിനു, അതിനെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതലക്ഷ്യവും, പ്രമാണവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَمَا تَهْوَى ഇച്ഛിക്കുന്നതിനെയും الْأَنفُسُ മനസ്സുകള്‍ وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുമുണ്ട് مِّن رَّبِّهِمُ അവരുടെ റബ്ബിങ്കല്‍ നിന്നു الْهُدَىٰ നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം

53:24

  • أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ ﴾٢٤﴿
  • അതല്ല, മനുഷ്യന് അവന്‍ വ്യാമോഹിക്കുന്നതു (ഒക്കെ) ഉണ്ടെന്നോ?!
  • أَمْ لِلْإِنسَانِ അതല്ല മനുഷ്യനുണ്ടോ مَا تَمَنَّىٰ അവന്‍ വ്യാമോഹിച്ചതു, കൊതിച്ചതു

53:25

  • فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ ﴾٢٥﴿
  • എന്നാല്‍, അല്ലാഹുവിന്റേതാണ് പരലോകവും, ആദ്യലോക [ഇഹലോക]വും.
  • فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْآخِرَةُ അവസാനത്തെ (പര) ലോകം وَالْأُولَىٰ ആദ്യത്തെ (ഇഹ)ലോകവും

ഇവരുടെ നയം കണ്ടാല്‍, മനുഷ്യന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യാം, അവന്‍ വ്യാമോഹിക്കുന്നതെല്ലാം അവനു നേടാം എന്നാണ് തോന്നുക. പക്ഷേ, ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ ഉടമാധികാരങ്ങളും അല്ലാഹുവിനുള്ളതാണ്. അവന്‍ കൽപിച്ചതനുസരിച്ചേ മനുഷ്യനു എന്തും ചെയ്‌വാന്‍ അധികാരമുള്ളൂ. അവന്‍ നല്‍കുന്നതേ ആര്‍ക്കും ലഭിക്കുകയുമുള്ളൂ എന്നു സാരം. വിഗ്രഹങ്ങള്‍ മലക്കുകളുടെ പ്രതീകങ്ങളാണ്, അവ തങ്ങള്‍ക്കു ശുപാര്‍ശയും രക്ഷയും നല്‍കും  എന്നാണല്ലോ അവരുടെ വാദം. അതിന്റെ നിരര്‍ത്ഥത അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു: –

വിഭാഗം – 2

53:26

  • وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ ﴾٢٦﴿
  • ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ടു, അവരുടെ ശുപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിനു ശേഷമല്ലാതെ.
  • وَكَم എത്രയോ ഉണ്ട്, എത്രയാണുള്ളതു مِّن مَّلَكٍ മലക്കുകളായിട്ടു فِي السَّمَاوَاتِ ആകാശങ്ങളില്‍ لَا تُغْنِي ഉപകരിക്കയില്ല, പര്യാപ്തമാകയില്ല شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും, ഒട്ടും إِلَّا مِن بَعْدِ ശേഷമല്ലാതെ أَن يَأْذَنَ അനുവാദം കൊടുക്കുന്നതിനു اللَّـهُ അല്ലാഹു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَرْضَىٰ അവന്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന

ആകാശത്തു കണക്കറ്റ മലക്കുകളുണ്ട്. അവര്‍ അല്ലാഹുവിന്റെ ആദരണീയരായ അടിയാന്മാരുമാണ്. (بَلْ عِبَادٌ مُّكْرَمُونَ) എന്നാലും, അല്ലാഹുവിന്റെ അനുവാദം കൂടാതെ -അവരുടെ ഇഷ്ടം പോലെ- ആര്‍ക്കും ശുപാര്‍ശ ചെയ്‌വാന്‍ അവര്‍ക്കു സാദ്ധ്യമല്ല. അല്ലാഹു ഉദ്ദേശിക്കുകയും, തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കും, അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു വേണ്ടിയും അല്ലാതെ ശുപാര്‍ശ ചെയ്‌വാന്‍ അവന്‍ ആരെയും അനുവദിക്കയില്ല. അനുവാദമില്ലാത്ത ശുപാര്‍ശ കൊണ്ടു ഫലവുമില്ല. എന്നിരിക്കെ, ആ മലക്കുകളുടെ പേരില്‍ കെട്ടിച്ചമക്കപ്പെട്ട വിഗ്രഹങ്ങളുണ്ടോ അവര്‍ക്കു ശുപാര്‍ശ ചെയ്തു രക്ഷ നല്‍കുന്നു?!

53:27

  • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ﴾٢٧﴿
  • നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, പെണ്‍വര്‍ഗ്ഗത്തിന്റെ നാമകരണം (പോലെ) മലക്കുകള്‍ക്കു നാമകരണം ചെയ്തുവരുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും ഒരുകൂട്ടര്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ لَيُسَمُّونَ അവര്‍ നാമകരണം ചെയ്യുന്നു, പേരു വെക്കുന്നു الْمَلَائِكَةَ മലക്കുകള്‍ക്കു تَسْمِيَةَ الْأُنثَىٰ പെണ്ണിന്റെ നാമകരണം, പെണ്ണിനു പേരുവെക്കുന്ന പ്രകാരം

53:28

  • وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ﴾٢٨﴿
  • അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവും ഇല്ലതാനും, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും തന്നെ ഉപകരിക്കുന്നതുമല്ല.
  • وَمَا لَهُم അവര്‍ക്കു ഇല്ലതാനും بِهِ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَإِنَّ الظَّنَّ നിശ്ചയമായും ഊഹമാകട്ടെ لَا يُغْنِي പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല) مِنَ الْحَقِّ യഥാര്‍ത്ഥത്തെ സംബന്ധിച്ചു, കാര്യത്തിനു شَيْئًا ഒന്നും, യാതൊന്നും

ആ മുശ്‌രിക്കുകള്‍ ആദ്യമേ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അതോടൊപ്പം മലക്കുകളെ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും, അവര്‍ സ്ത്രീകളാണെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളുടെതായ നാമവിശേഷണങ്ങള്‍ അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. ഒരു ന്യായത്തെയും അടിസ്ഥാന മാക്കിയല്ല, ഊഹത്തെ മാത്രം അടിസ്ഥാനമാക്കിയാണു താനും അതു. സൂ: സുഖ്റുഫില്‍ അല്ലാഹു പറയുന്നു: ‘പരമകാരുണികന്റെ അടിയാന്‍മാരാകുന്ന മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കുകയും ചെയ്‌തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ സാക്ഷ്യം വഹിച്ചിരുന്നുവോ? അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടു കയും ചെയ്യുന്നതാണ്.

(وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ الخ – الزخرف 19)

إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا (ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല) എന്ന വാക്യം വളരെ ശ്രദ്ധേയമായ ഒരു പൊതുതത്വമാകുന്നു. ഒരു കാര്യത്തിന്റെ യഥാര്‍ത്ഥം മനസ്സിലാക്കുന്നതിനും, ഒരു കാര്യത്തെക്കുറിച്ചു വിശ്വാസം ഉറപ്പിക്കുന്നതിനും തക്കതായ രേഖയും ലക്ഷ്യവും തന്നെ വേണം. അഥവാ ഊഹമോ ധാരണയോ പോര. കാരണം ഊഹങ്ങളില്‍ മിക്കതും അടിസ്ഥാനരഹിതമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

إيَّاكُمْ وَالظَّنَّ، فإنَّ الظَّنَّ أكذَبُ الحَدِيثِ (നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. കാരണം ഊഹം വര്‍ത്തമാനത്തില്‍ വെച്ച് ഏറ്റവും കളവായതാകുന്നു. (ബു)

53:29

  • فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا ﴾٢٩﴿
  • (നബിയേ) എന്നാല്‍, നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും, ഐഹിക ജീവിതമല്ലാതെ ഉദ്ദേശം വെക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നു നീ ഒഴിഞ്ഞു മാറിക്കൊള്ളുക.
  • فَأَعْرِضْ എന്നാല്‍ (ആകയാല്‍) നീ വിട്ടു (ഒഴിഞ്ഞു) മാറുക عَن مَّن تَوَلَّىٰ തിരിഞ്ഞു പോയവരില്‍ നിന്നു عَن ذِكْرِنَا നമ്മുടെ സ്മരണ(ഓര്‍മ്മ) യില്‍ നിന്നു وَلَمْ يُرِدْ ഉദ്ദേശിക്കുകയും ചെയ്യാത്ത إِلَّا الْحَيَاةَ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ, ഇഹത്തിലെ

53:30

  • ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ ﴾٣٠﴿
  • അതു, അറിവില്‍ നിന്നുള്ള അവരുടെ ആകെത്തുകയത്രെ. നിശ്ചയമായും, നിന്റെ
    റബ്ബ് തന്നെയാണ് അവന്റെ മാര്‍ഗ്ഗം വിട്ട് തെറ്റിപ്പോയവരെക്കുറിച്ചു കൂടുതല്‍ അറിയുന്നവന്‍. നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിയുന്നവനും അവനത്രെ.
  • ذَٰلِكَ അതു مَبْلَغُهُم അവര്‍ എത്തിച്ചേര്‍ന്നതാണ്, അവരുടെ ആകെത്തുകയാണ് مِّنَ الْعِلْمِ അറിവില്‍ നിന്നു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَمُ അവനത്രെ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവന്‍ بِمَن ضَلَّ തെറ്റിയ (പിഴച്ച) വരെപ്പറ്റി عَن سَبِيلِهِ തന്റെ മാര്‍ഗ്ഗം വിട്ടു وَهُوَ أَعْلَمُ അവന്‍ തന്നെ കൂടുതല്‍ അറിയുന്നവന്‍ بِمَنِ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി

അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും ബോധവുമില്ലാതെയും, ഐഹിക ജീവിതത്തെ ഏകലക്ഷ്യമായി സ്വീകരിച്ചുകൊണ്ടുമിരിക്കുന്നവരെ ഉപദേശിച്ചിട്ടു യാതൊരു ഫലവും ഉണ്ടാകുകയില്ല. അതുകൊണ്ടു അങ്ങിനെയുള്ളവരെ അവഗണിച്ചു തള്ളിക്കളയുവാന്‍ അല്ലാഹു ഉപദേശിക്കുന്നു. കാരണം, അവരുടെ അറിവിന്റെ ആകെത്തുക ഐഹികജീവിതവും, അതിലെ സുഖഭോഗങ്ങളും മാത്രമാ യിരിക്കും. അതിനപ്പുറം അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കുവാനോ ആഗ്രഹിക്കുവാനോ ഉണ്ടായിരിക്കയില്ല. അവരുടെ സര്‍വ്വസ്വവും അതായിരിക്കും. അവരുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നതി യുമെല്ലാം അതിലേ അവര്‍ ആലോചിക്കുകയും ചിന്തിക്കുകയുമുള്ളു.

അവയെക്കുറിച്ചല്ലാത്ത ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതല്ല. അനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്ന ഒരു പരമാര്‍ത്ഥമാണ്‌ ഇത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാർത്ഥിച്ചിരുന്നതായി ഹദീസില്‍ വന്നിട്ടുള്ള ഈ പ്രാര്‍ത്ഥന നാമും പ്രാര്‍ത്ഥിക്കുക.‘അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ; ഞങ്ങളുടെ അറിവിന്റെ ആകെത്തുകയും ആക്കരുതേ!’

(اللَّهُمَّ لاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا)

53:31

  • وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ﴾٣١﴿
  • അല്ലാഹുവിന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) തിന്‍മ ചെയ്തവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പ്രതിഫലം നല്‍കുവാനും, നന്‍മ ചെയ്തവര്‍ക്കു ഏറ്റവും നല്ലതു പ്രതിഫലം നല്‍കുവാനും വേണ്ടിയത്രെ. (അതു)
  • وَلِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി الَّذِينَ أَسَاءُوا തിന്‍മ ചെയ്തവര്‍ക്കു بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു, പ്രവര്‍ത്തിച്ചതിനു وَيَجْزِيَ പ്രതിഫലം നല്‍കുവാനും الَّذِينَ أَحْسَنُوا നന്‍മ (സുകൃതം) ചെയ്തവര്‍ക്കു بِالْحُسْنَى ഏറ്റവും നല്ലതിനെ

ഏറ്റവും നല്ലതു (الْحُسْنَى) കൊണ്ടുദ്ദേശ്യം സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ തന്നെ. നന്മ ചെയ്യുന്നവരുടെ സ്വഭാവം എപ്രകാരമായിരിക്കുമെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നതു കാണുക.

53:32

  • ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ﴾٣٢﴿
  • (അതെ) വലിയ പാപങ്ങളും, നീചവൃത്തികളും (തീരെ) വിട്ടകന്നു നില്‍ക്കുന്നവര്‍. [ഇവരാണ് നന്മചെയ്യുന്നവര്‍]. നിസ്സാരമായതൊഴികെ [അതു സംഭവിച്ചേക്കാം]. നിശ്ചയമായും, നിന്റെ റബ്ബ് (പാപം) പൊറുക്കുന്നതില്‍ വിശാലനാകുന്നു. നിങ്ങളെ ഭൂമിയില്‍നിന്നു ഉത്ഭവിപ്പിച്ച അവസരത്തിലും, നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരിക്കുമ്പോഴും (എല്ലാം തന്നെ) അവന്‍ നിങ്ങളെക്കുറിച്ചു ഏറ്റവും അറിയുന്നവനാകുന്നു. എന്നിരിക്കെ, നിങ്ങള്‍ നിങ്ങളെ സ്വയം (പരിശുദ്ധരാക്കി) വളര്‍ത്തിക്കാട്ടരുത്. സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ചു അവന്‍ ഏറ്റവും അറിയുന്നവനാകുന്നു.
  • الَّذِينَ يَجْتَنِبُونَ വര്‍ജ്ജിക്കുന്ന (വിട്ടകലുന്ന)വര്‍ كَبَائِرَ الْإِثْمِ വലിയ പാപങ്ങളെ وَالْفَوَاحِشَ നീച (ദുഷ്ട) വൃത്തികളെയും إِلَّا اللَّمَمَ നിസ്സാരമായ (തുച്ഛമായ)തു ഒഴികെ…അല്ലാത്ത إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് وَاسِعُ الْمَغْفِرَةِ പാപമോചനം വിശാലമായവനാണ് هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِكُمْ നിങ്ങളെക്കുറിച്ചു إِذْ أَنشَأَكُم നിങ്ങളെ ഉത്ഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദര്‍ഭത്തില്‍ مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَإِذْ أَنتُمْ നിങ്ങളായിരിക്കുമ്പോഴും أَجِنَّةٌ ഗര്‍ഭസ്ഥശിശുക്കള്‍ فِي بُطُونِ വയറുകളില്‍ أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ فَلَا تُزَكُّوا എന്നിരിക്കെ നിങ്ങള്‍ വളര്‍ത്തരുതു, പരിശുദ്ധമാക്കിക്കാട്ടരുതു, പ്രശംസിച്ചു പറയരുതു أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِمَنِ اتَّقَىٰ സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ)പ്പറ്റി

നിങ്ങളുടെ ഉത്ഭവം, വളര്‍ച്ച, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ ആദിയായവയും, നിങ്ങളുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിരിക്കെ, നിങ്ങളുടെ നന്മകളും പരിശുദ്ധതയും എടുത്തുകാട്ടി ആത്മപ്രശംസ ചെയ്‌വാനും, വളര്‍ത്തിക്കാട്ടുവാനും മുതിരരുത് എന്നു സാരം. അബൂസലമഃയുടെ മകള്‍ സൈനബി (زينب بنت ابى سلمة – رض) നു അവരുടെ വീട്ടുകാര്‍ ‘ബര്‍-റ:’ (برة =പുണ്യവതി) എന്നു നാമകരണം ചെയ്തപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുകയുണ്ടായി:  لاَ تُزَكُّوا أَنْفُسَكُمُ اللَّهُ أَعْلَمُ بِأَهْلِ الْبِرِّ مِنْكُمْ – مسلم (നിങ്ങള്‍ നിങ്ങളെ സ്വയം വളര്‍ത്തിപ്പറയരുത്. നിശ്ചയമായും നിങ്ങളിലുള്ള പുണ്യവാന്‍മാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.) ഞങ്ങള്‍ എന്താണ് അവള്‍ക്കു പേരു നല്‍കേണ്ടതെന്നു ചോദിച്ചപ്പോള്‍ തിരുമേനി ‘സൈനബ’ എന്നു നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു. (മുസ്‌ലിം) ഒരു മനുഷ്യന്‍ ഉസ്‌മാന്‍ (رضي الله عنه) ന്റെ അടുക്കല്‍ വന്ന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി അദ്ദേഹത്തെ പുകഴത്തിപ്പറയുകയുണ്ടായി. അപ്പോള്‍ മിഖ്ദാദ് (مِقْدَادِ بْنِ الأَسْوَد – رض) അയാളുടെ മുഖത്തു മണ്ണു വാരിയിട്ടുകൊണ്ടു ഇങ്ങിനെ പറഞ്ഞു: ‘അധികപ്രശംസ നടത്തുന്നവരെ കണ്ടാല്‍, അവരുടെ മുഖത്തു മണ്ണുവാരിയിടുവാന്‍ ഞങ്ങളോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിരിക്കുന്നു.’ (മുസ്‌ലിം.)

അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല പ്രതിഫലം ലഭിക്കുന്ന സുകൃതവാന്മാരുടെ സവിശേഷതയായി അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയ ഭാഗം പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. മനുഷ്യ സഹജമായ വല്ല നിസാര തെറ്റുകുറ്റങ്ങളും അവരുടെ പക്കല്‍ വന്നു പോയേക്കുമെന്നല്ലാതെ വലിയ പാപങ്ങളോ, നീചവൃത്തികളോ ആയ യാതൊന്നും അവര്‍ ചെയ്കയില്ല. അതില്‍ നിന്നെല്ലാം അവര്‍ തീരെ അകന്നു നില്‍ക്കുന്നവരായിരിക്കും. ഇതാണത്: പ്രത്യേകം താക്കീതു ചെയ്യപ്പെട്ടതോ, കര്‍ശനമായി വിരോധിച്ചതോ ആയ എല്ലാ കാര്യങ്ങളും വലിയ പാപങ്ങളി (كَبَائِرَ الْإِثْمِ) ലും, നീചമോ നികൃഷ്ടമോ ആയി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും നീചവൃത്തികളി (الْفَوَاحِشَ) ലും ഉള്‍പ്പെടുന്നു. പൊതുവില്‍ വിരോധിക്കപ്പെട്ടതാണെങ്കിലും മനുഷ്യന്റെ പക്കല്‍ സാധാരണഗതിയില്‍ വന്നു പിണഞ്ഞേക്കുന്ന ലഘുവായ തെറ്റുകുറ്റങ്ങളാണ് നിസ്സാരപാപങ്ങള്‍ (اللَّمَمَ) കൊണ്ടുദ്ദേശ്യം. മഹാ പാപങ്ങളിലും, നീചവൃത്തികളിലും അകപ്പെടാതെ സൂക്ഷിച്ചു പോരുന്നവരുടെ പക്കല്‍ വന്നേക്കാവുന്ന ചെറുപാപങ്ങളെ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും എന്നു താല്‍പര്യം. ഈ ആശയം മറ്റൊരു വചനത്തില്‍ അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു:

إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا – النساء: ٣١

(സാരം: നിങ്ങളോടു വിരോധിക്കപ്പെടുന്ന വലിയ കാര്യങ്ങളെ നിങ്ങള്‍ വിട്ടകന്നു നില്‍ക്കുന്നപക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങള്‍ക്കു നാം മൂടിവെച്ചു -പൊറുത്തു- തരുകയും, നിങ്ങളെ മാന്യമായ പ്രവേശന സ്ഥാനത്തു നാം പ്രവേശിപ്പിക്കുകയും ചെയ്യും. (4:31). പൊറുത്തുകൊടുക്കുമെന്നു മാത്രമല്ല, മാന്യമായ സ്ഥാനത്തു പ്രവേശിപ്പിക്കുമെന്നു കൂടി ഇതില്‍ അല്ലാഹു വാഗ്ദാനം ചെയ്‌തിരിക്കുന്നു. പാപം പൊറുക്കുന്ന കാര്യത്തില്‍ വളരെ വിശാലത കാണിക്കുന്നവനാണ് നിന്റെ റബ്ബ് (إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ) എന്നു ഇവിടെയും ഉണര്‍ത്തിയിരിക്കുന്നുവല്ലോ. പരമകാരുണികനായ അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തുതരട്ടെ. ആമീന്‍.

വെളിച്ചം റമദാൻ 2022 – റമദാൻ 05

സൂറത്തു-ത്ത്വൂര്‍ : 29-49



  • റമദാന്‍ 5 – സൂറത്തു-ത്ത്വൂര്‍ – പാര്‍ട്ട് 02 – ആയത്ത് 29 മുതല്‍ 49 വരെ
    • വിശദീകരണം ബഹു. സഹ്ല്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്



സൂറത്തു-ത്ത്വൂര്‍ : 29-49

വിഭാഗം – 2

52:29

  • فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ ﴾٢٩﴿
  • ആകയാല്‍, (നബിയേ) നീ ഓര്‍മ്മിപ്പിക്കുക [ഉല്‍ബോധനം ചെയ്യുക]. എന്നാല്‍, നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്നക്കാരനുമല്ല, ഭ്രാന്തനുമല്ല.
  • فَذَكِّرْ ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക فَمَا أَنتَ എന്നാല്‍ നീ അല്ല بِنِعْمَتِ رَبِّكَ നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു بِكَاهِنٍ പ്രശ്നക്കാരന്‍ وَلَا مَجْنُونٍ ഭ്രാന്തനുമല്ല

സ്ഥിതിഗതികളുടെ യാഥാര്‍ത്ഥ്യം മുകളില്‍ വിവരിച്ചതാണ്. എന്നിരിക്കെ, സത്യനിഷേധികളുടെ ആരോപണങ്ങളുടെയും പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളുടെയും നേരെ കണ്ണടച്ചുകൊണ്ട് സത്യപ്രബോധനം തുടര്‍ന്നുകൊള്ളുവാനും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു അവയില്‍ നിന്നെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരിശുദ്ധനാണെന്നു സമാധാനിച്ചുകൊള്ളുവാനും അല്ലാഹു തിരുമേനിയെ ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ ഏകത്വം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വം, പരലോകജീവിതം എന്നീ മൂന്നു വിഷയങ്ങളാണല്ലോ അവിശ്വാസികളെ ഏറ്റവും അരിശം കൊള്ളിക്കുന്ന മൗലികപ്രധാനമായ വിഷയങ്ങള്‍. ഇവയെ സംബന്ധിച്ചാണ് ശത്രുക്കളില്‍നിന്നു പ്രകടമാകാറുള്ള പേക്കൂത്തുകളധികവും. അവയില്‍ പലതും എടുത്തുദ്ധരിച്ചുകൊണ്ട് അടുത്ത കുറെ വചനങ്ങളില്‍ അല്ലാഹു അവര്‍ക്ക് കനത്ത താക്കീതുകള്‍ നല്‍കുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മര്‍ക്കടമുഷ്ടിയും, ധിക്കാരമനസ്ഥിതിയും കൈമുതലായി സ്വീകരിച്ചിട്ടില്ലാത്ത ഏവരുടെയും ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന ചോദ്യങ്ങള്‍! വീണ്ടുവിചാരമുള്ളവരെ രോമാഞ്ചം കൊള്ളിക്കുന്ന വാചകങ്ങള്‍! ചിന്താശക്തിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന പ്രസ്താവനകള്‍! അല്ലാഹു ചോദിക്കുന്നു:-

52:30

  • أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ ﴾٣٠﴿
  • അതല്ല, അവര്‍ പറയുന്നുവോ: ‘(അവന്‍) ഒരു കവിയാണ്; അവനില്‍ കാല (വിപ)ത്തിന്റെ ആശങ്ക (ബാധിക്കുന്നതു) നമുക്കു കാത്തിരിക്കാം’ എന്ന്?!
  • أَمْ അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ) يَقُولُونَ അവര്‍ പറയുന്നു (വോ) شَاعِرٌ കവിയാണ്‌ (എന്നു) نَّتَرَبَّصُ بِهِ അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം رَيْبَ ആശങ്കയെ (വിപത്തിനെ) الْمَنُونِ കാലത്തിന്റെ, മരണത്തിന്റെ

52:31

  • قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ ﴾٣١﴿
  • പറയുക: ‘നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍!- എന്നാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്’.
  • قُلْ പറയുക تَرَبَّصُوا നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍ فَإِنِّي مَعَكُم എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു مِّنَ الْمُتَرَبِّصِينَ കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ്

മുഹമ്മദ് ജോല്‍സ്യക്കാരനാണ്, പ്രശ്നക്കാരനാണ്, ഭ്രാന്തനാണ് എന്നൊക്കെ പറയുന്ന അതേ നാവുകള്‍ ചിലപ്പോള്‍ ഇങ്ങിനെ പറയും: അവന്‍ ഒരു കവിയാണ്‌; ഏതെങ്കിലും കാലവിപത്തുകളില്‍പെട്ടു ഏറെത്താമസിയാതെ അവന്റെ കഥ അവസാനിച്ചുകൊള്ളും; അപ്പോള്‍ നമുക്കു അവനെകൊണ്ടുള്ള ശല്യവും ഇല്ലാതാകും; അതുവരെ നാം കാത്തിരിക്കുക എന്നൊക്കെ. ഇതിനു ഇങ്ങിനെ മറുപടി പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: എന്റെ നാശം നിങ്ങള്‍ കാത്തിരിക്കുന്നതുപോലെ നിങ്ങളുടെ നാശം ഞാനും കാത്തിരിക്കുന്നു. ഇവയില്‍ ഏതാണ് സംഭവിക്കുവാന്‍ പോകുന്നതെന്നു നമുക്കു കണ്ടറിയാമല്ലോ.

52:32

  • أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ ﴾٣٢﴿
  • അതല്ല, അവരുടെ ബുദ്ധികള്‍ അവരോടു ഇപ്രകാരം കല്‍പിക്കുകയാണോ?! അതല്ല, അവര്‍ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?!
  • أَمْ تَأْمُرُهُمْ അതല്ല അവരോടു കല്‍പിക്കുന്നുവോ أَحْلَامُهُم അവരുടെ ബുദ്ധികള്‍ بِهَـٰذَا ഇതിനു, ഇതുകൊണ്ടു أَمْ هُمْ അതല്ല അവര്‍ قَوْمٌ طَاغُونَ അതിക്രമി (ധിക്കാരി)കളായ ഒരു ജനത(യാണോ)

52:33

  • أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ ﴾٣٣﴿
  • അതല്ല, അവര്‍ പറയുന്നുവോ: ‘അവനതു (സ്വയം കെട്ടി) പറഞ്ഞുണ്ടാക്കിയിരിക്കുകയാണ്’ എന്ന്?! പക്ഷേ, അവര്‍ വിശ്വസിക്കുന്നില്ല. [അതാണ്‌ ഇതിനൊക്കെ കാരണം.]
  • أَمْ يَقُولُونَ അതല്ല അവര്‍ പറയുന്നുവോ تَقَوَّلَهُ അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി بَل പക്ഷേ, എങ്കിലും, എന്നാല്‍ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല

52:34

  • فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ ﴾٣٤﴿
  • എന്നാല്‍, (അങ്ങിനെയാണെങ്കില്‍) ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്‍!
  • فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِحَدِيثٍ ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി مِّثْلِهِ അതുപോലെയുള്ള إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വയം കെട്ടിപ്പറയുന്നതാണ് ഖുര്‍ആന്‍ എന്നു അവര്‍ വാദിക്കുന്നുവെങ്കില്‍ – യഥാര്‍ത്ഥത്തില്‍ അവരങ്ങിനെ വാദിക്കുന്നുണ്ടു – അതുപോലെ ഒന്നു അവര്‍ കൊണ്ടു വരട്ടെ. അവര്‍ പറയുന്നതു സത്യമാണെങ്കില്‍ അതൊന്നു കാണാമല്ലോ എന്നു അവരെ വെല്ലുവിളിക്കുകയാണ്. ഖുര്‍ആന്നു സമമായി ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ ഖുര്‍ആന്‍ പരസ്യമായി ഒന്നിലധികം പ്രാവശ്യം വെല്ലുവിളിക്കുകയും, അതവര്‍ക്ക് സാധ്യമല്ലെന്നു ഉറപ്പിച്ചു പറയുകയും ചെയുതിട്ടുള്ളതാണല്ലോ.

52:35

  • أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ ﴾٣٥﴿
  • അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവര്‍ (സ്വയം അങ്ങു) സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?! അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?!
  • أَمْ خُلِقُوا അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ مِنْ غَيْرِ شَيْءٍ യാതൊരു വസ്തുവുമില്ലാതെ أَمْ هُمُ അതല്ല അവരൊ الْخَالِقُونَ സ്രഷ്ടാക്കള്‍

ഏതൊരു നിരീശ്വരവാദിയെയും – അവന്നു ബുദ്ധിയും മനസ്സാക്ഷിയുമുണ്ടെങ്കില്‍ – ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് ഈ വചനത്തിലുള്ളത്. മനുഷ്യന്റെ – മനുഷ്യന്റെ മാത്രമല്ല എല്ലാ വസ്തുക്കളുടെയും തന്നെ – ഉത്ഭവത്തെക്കുറിച്ചു ഒരു പ്രകൃതിവാദി എത്രതന്നെ സമര്‍ത്ഥിച്ചാലും, അതിന്റെ അവസാനം അതൊരു പരമ ശൂന്യാവസ്ഥയില്‍ ചെന്നവസാനിക്കാതെ നിവൃത്തിയില്ല. പരമശൂന്യതയില്‍ നിന്നു അസ്തിത്വം നല്‍കിയ ഒരു സൃഷ്ടികര്‍ത്താവ് അനിവാര്യമാണെന്നു അവന്‍ സമ്മതിക്കേണ്ടിവരും. സമ്മതിക്കാത്തപക്ഷം, അതു സ്വയം ഉണ്ടായതാണെന്നു അവന്‍ ശഠിക്കേണ്ടിവരും. അങ്ങിനെയാണെങ്കില്‍ ഈ ലോകത്തു ചില വസ്തുക്കള്‍ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങളാല്‍ രൂപംകൊണ്ടതും മറ്റു ചിലതു യാതൊരു കാരണവും കൂടാതെ സ്വയം രൂപം പൂണ്ടതുമാണെന്നു വിശേഷബുദ്ധിയുണ്ടെങ്കില്‍ – അവന്‍ സമ്മതിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. അതോടെ പ്രകൃതിയാണ് എല്ലാത്തിന്റെയും കര്‍ത്താവ് എന്നുള്ള അവന്റെ വാദം പൊളിയുന്നു.

52:36

  • أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ﴾٣٦﴿
  • അതല്ല, ആകാശങ്ങളെയും, ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?! പക്ഷേ, (അതൊന്നുമല്ല) അവര്‍ (ഒന്നും) ദൃഡമായി വിശ്വസിക്കുന്നില്ല.
  • أَمْ خَلَقُوا അതല്ല അവര്‍ സൃഷ്ടിച്ചുവോ السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും
    بَل പക്ഷേ لَّا يُوقِنُونَ അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല

52:37

  • أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ﴾٣٧﴿
  • അതല്ല, നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?!
  • أَمْ عِندَهُمْ അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ خَزَائِنُ ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍ رَبِّكَ നിന്റെ റബ്ബിന്റെ أَمْ هُمُ അതല്ല അവരോ, അവരാണോ الْمُصَيْطِرُونَ അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍

ജുബൈറുബ്നു മുത്വ്ഇം (جبير بن مطعم – رضي الله عنه) പറയുകയാണ്‌ : മഗ്രിബ് നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂഃ ത്വൂര്‍ ഓതുന്നതു ഞാന്‍ കേള്‍ക്കയുണ്ടായി. അവിടുന്നു أَمْ خُلِقُوا എന്നു തുടങ്ങി الْمُصَيْطِرُونَ വരെ, (35, 36, 37 വചനങ്ങള്‍) എത്തിയപ്പോള്‍ എന്റെ ഹൃദയം പറന്നുപോകാറായി.’ (ബു:മു.) അവയിലടങ്ങിയ ചോദ്യങ്ങള്‍ കേട്ട് അദ്ദേഹം സ്തംഭിച്ചുപോയി എന്നു അര്‍ത്ഥം. ബദ്ര്‍ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവര്‍ക്കുവേണ്ടി മോചനമൂല്യം കൊടുക്കുവാനായി മദീനയില്‍ വന്നതായിരുന്നു അന്നു ജുബൈര്‍ (رضي الله عنه). അന്നു അദ്ദേഹം വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടു വിശ്വസിക്കുവാനുള്ള ഒരു കാരണം അതായിരുന്നു. الْمُصَيْطِرُونَ എന്ന വാക്കു ‘സ്വാദി’നു പകരം ‘സീന്‍’ (ചേര്‍ത്തു الْمُسَيْطِرُونَ എന്നും വായനയുണ്ട്. അര്‍ത്ഥത്തില്‍ മാറ്റമില്ല.

52:38

  • أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ ﴾٣٨﴿
  • അതല്ല, നിങ്ങള്‍ക്കു (കയറിച്ചെന്ന്) ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?! എന്നാല്‍, അവരില്‍ ചെവികൊടുത്തു കേള്‍ക്കുന്നവന്‍ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ!
  • أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ سُلَّمٌ വല്ല കോണിയും, ഏണി يَسْتَمِعُونَ അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന فِيهِ അതില്‍ (കേറിക്കൊണ്ടു) فَلْيَأْتِ എന്നാല്‍ വരട്ടെ مُسْتَمِعُهُم അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍ بِسُلْطَانٍ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി مُّبِينٍ വ്യക്തമായ

ആകാശത്തു കയറിച്ചെന്ന് അവിടെ നടക്കുന്ന ഉപരിലോകവാര്‍ത്തകള്‍ കേട്ടു മനസ്സിലാക്കിപ്പോരുവാനുള്ള വല്ല കോണിയും – അഥവാ മാര്‍ഗ്ഗവും – അവര്‍ക്കുണ്ടെന്നും, അതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു കളവാണെന്നു തെളിയിക്കുന്ന അധികൃതമായ രേഖ അവരുടെ പക്കലുണ്ടെന്നും അവര്‍ വാദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ രേഖയൊന്നു കാണട്ടെ എന്നു സാരം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആകാശത്തേക്കു കോണിവെച്ചോ മറ്റോ കയറിച്ചെല്ലുവാന്‍ സാധ്യമല്ലെന്നു വ്യക്തമാണ്. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ചു പറയുകയാണെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി അവര്‍ക്കും ആകാശത്തേക്കുള്ള പ്രവേശനം മുടക്കപ്പെട്ടിരിക്കുന്നു. എനി, മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ ഏതെങ്കിലും വിധേന ആകാശത്തേക്കു കയറിപ്പോകാമെന്നു സങ്കല്‍പിച്ചാല്‍ പോലും ഈ സത്യനിഷേധികളുടെ വാദം ശരിവെക്കുന്ന തെളിവ് അവര്‍ക്കു എവിടെ നിന്നു കിട്ടുവാനാണ്?!

മുന്‍കാലത്തു പിശാചുക്കള്‍ ആകാശത്തേക്കു കയറിച്ചെന്നു മലക്കുകളില്‍നിന്നു ചില വാര്‍ത്തകള്‍ കട്ടുകേട്ടിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തോടുകൂടി അതു നിശ്ശേഷം മുടക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും, അതിനെപ്പറ്റി ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതിന് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയും ചെയ്യുന്നവര്‍ ഈ ആയത്തു അവര്‍ക്കൊരു തെളിവായി ചൂണ്ടിക്കാട്ടാറുണ്ട്. ഇത് അവര്‍ക്കു തെളിവാകുന്നില്ലെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാം. ഈ വിഷയകമായി സൂഃ ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനകുറിപ്പില്‍ നാം വേണ്ടത്ര വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടുന്ന ആവശ്യമില്ല.

52:39

  • أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ ﴾٣٩﴿
  • അതല്ല, അവനു [അല്ലാഹുവിനു] പെണ്മക്കളും, നിങ്ങള്‍ക്കു ആണ്മക്കളുമാണോ ഉള്ളത്?!
  • أَمْ لَهُ അതല്ല അവനാണോ, അവനുണ്ടോ الْبَنَاتُ പെണ്മക്കള്‍ وَلَكُمُ നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ الْبَنُونَ ആണ്മക്കളും

മലക്കുകള്‍ അല്ലാഹുവിന്‍റെ പെൺമക്കളാണെന്നു പറയുകയും, അതേ സമയത്ത് തങ്ങള്‍ക്കു പെൺമക്കളുണ്ടാകുന്നപക്ഷം ക്ഷുഭിതരാകുകയും, അവരെ കൊന്നുകളയുവാന്‍ പോലും ധൃഷ്ടരാകുകയും ചെയ്യുന്ന മുശ്രിക്കുകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ ചോദ്യം.

52:40

  • أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ ﴾٤٠﴿
  • അതല്ല, (നബിയേ) അവരോടു നീ വല്ല പ്രതിഫലവും ചോദിച്ചിട്ട് (അതുമൂലം) അവര്‍ കടബാധ്യതയാല്‍ ഭാരപ്പെട്ടിരിക്കുന്നവരാണോ?
  • أَمْ تَسْأَلُهُمْ അതല്ല നീ അവരോടു ചോദിക്കുന്നുവോ أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ടു (അതിനാല്‍) അവര്‍ مِّن مَّغْرَمٍ കടബാധ്യതയില്‍ مُّثْقَلُونَ ഭാരപ്പെട്ടവരാകുന്നു(വോ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന തത്വങ്ങളെല്ലാം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നിട്ടും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാതിരിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ ആ പ്രബോധനത്തിന്റെ പേരില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു വമ്പിച്ച വല്ല പ്രതിഫലവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും, അങ്ങിനെ അവര്‍ക്കു താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും, അതു കൊണ്ടാണവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാന്‍ വൈമനസ്യം കാണിക്കുന്നതെന്നും തോന്നിപ്പോകും! അങ്ങിനെ വല്ലതും ഉണ്ടോ എന്നാണ് ചോദ്യം. അഥവാ അത്രക്കും ശോചനീയമാണവരുടെ നില എന്നു താല്‍പര്യം.

52:41

  • أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ ﴾٤١﴿
  • അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടായിട്ടു അവര്‍ (അതു) എഴുതുന്നുവോ?! [അതനുസരിച്ചാണോ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍?!]
  • أَمْ عِندَهُمُ അതല്ല അവരുടെ പക്കലുണ്ടോ الْغَيْبُ അദൃശ്യജ്ഞാനം , (മറഞ്ഞവിവരം) فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുക(യാണോ), എഴുതുന്നു(വോ)

52:42

  • أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ ﴾٤٢﴿
  • അതല്ല, അവര്‍ വല്ല തന്ത്രവും (നടത്തുവാന്‍) ഉദ്ദേശിക്കുന്നുവോ?! എന്നാല്‍, (ആ) അവിശ്വസിച്ചിട്ടുള്ളവര്‍ തന്നെയാണ് തന്ത്രത്തിലകപ്പെടുന്നവര്‍.
  • أَمْ يُرِيدُونَ അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ كَيْدًا വല്ല തന്ത്രവും, ഉപായവും, ചതിയും فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍ هُمُ അവര്‍ തന്നെയാണ് الْمَكِيدُونَ തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍)

ഏതെങ്കിലും കുയുക്തിയും, കുതന്ത്രവും ഉപയോഗിച്ച് സത്യപ്രബോധനം തടസ്സപ്പെടുത്തിക്കളയാമെന്ന് അവര്‍ക്ക് ഭാവമുണ്ടെങ്കിൽ, അതിനവര്‍ മിനക്കെടേണ്ടാ അതവര്‍ക്കു തന്നെയാണ് ആപത്തായിത്തീരുക എന്നു താല്‍പര്യം. ഉദാഹരണമായി; ഹിജ്റയുടെ മുമ്പ് അവതരിച്ചതാണ് ഈ അദ്ധ്യായം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്റ പുറപ്പെട്ട ആ രാത്രി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൊലപ്പെടുത്തുവാന്‍ അവര്‍ ഗൂഢമായി പരിപാടിയിട്ടു വീടുവളഞ്ഞതും, തിരുമേനി അല്ലാഹുവിന്‍റെ കാവല്‍കൊണ്ടു രക്ഷപ്പെട്ടതും പ്രസിദ്ധമാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ വമ്പന്‍മാരെല്ലാം ബദ്റില്‍വെച്ച് അത്ഭുതകരമാംവണ്ണം കൊല്ലപ്പെടുകയും ചെയ്തു.

52:43

  • أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٤٣﴿
  • അതല്ല, അവര്‍ക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും [ദൈവവും]?! (ഇല്ല-) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാ പരിശുദ്ധന്‍!
  • أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ إِلَـٰهٌ വല്ല ദൈവവും غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത سُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധന്‍ عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു

ആ മുശ്രിക്കുകളുടെ ഹൃദയങ്ങള്‍ എന്തുമാത്രം ദുഷിച്ചുപോയിട്ടുണ്ടെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

52:44

  • وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ ﴾٤٤﴿
  • ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ (നേരില്‍) കാണുന്നതായാലും അവര്‍ പറയും: ‘അട്ടിയിടപ്പെട്ട മേഘമാണ്‌’ എന്ന്!
  • وَإِن يَرَوْا അവര്‍ കാണുന്നതായാലും, കണ്ടാല്‍ كِسْفًا ഒരു കഷ്ണം, വല്ല കഷ്ണവും مِّنَ السَّمَاءِ ആകാശത്തുനിന്നു سَاقِطًا വീഴുന്നതായി, വീണതായി يَقُولُوا അവര്‍ പറയും سَحَابٌ മേഘം, മേഘമാണ്‌ مَّرْكُومٌ അട്ടിയാക്കപ്പെട്ട

എന്നിരിക്കെ അവരെങ്ങിനെ സന്മാര്‍ഗ്ഗം പ്രാപിക്കും?! അതെ, അവര്‍ സത്യത്തിലേക്കു മടങ്ങുമെന്നുള്ള പ്രതീക്ഷക്കു പഴുതില്ലാത്തവണ്ണം അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയിരിക്കുന്നു!

52:45

  • فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ ﴾٤٥﴿
  • ആകയാല്‍, (നബിയേ) അവര്‍ ബോധംകെട്ടു (അഥവാ മരണമടഞ്ഞു) പോകുന്ന ആ ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും അവരെ വിട്ടേക്കുക.
  • فَذَرْهُمْ ആകയാല്‍ അവരെവിട്ടേക്കുക حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരെ يَوْمَهُمُ الَّذِي അവരുടെ യാതൊരു ദിവസം فِيهِ അതില്‍ يُصْعَقُونَ അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും

52:46

  • يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ ﴾٤٦﴿
  • അതായതു, അവരുടെ തന്ത്രം ഒട്ടുംതന്നെ അവര്‍ക്കു ഉപകരിക്കാത്ത, അവര്‍ സഹായിക്കപ്പെടുന്നതുമല്ലാത്ത (ആ) ദിവസം!
  • يَوْمَ لَا يُغْنِي അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം عَنْهُمْ അവര്‍ക്കു كَيْدُهُمْ അവരുടെ തന്ത്രം شَيْئًا ഒട്ടും, യാതൊന്നും وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല

52:47

  • وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٤٧﴿
  • അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
  • وَإِنَّ لِلَّذِينَ നിശ്ചയമായും യാതൊരുവര്‍ക്കുണ്ട് ظَلَمُوا അക്രമം ചെയ്ത عَذَابًا ശിക്ഷ دُونَ ذَٰلِكَ അതു കൂടാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല

ബോധംകെട്ടു – അഥവാ മരണപ്പെട്ടു – മരവിച്ചുപോകുന്ന ദിവസം എന്നു പറഞ്ഞതു ഖിയാമാത്തുനാളിനെ ഉദ്ദേശിച്ചും അതു കൂടാതെയും ശിക്ഷയുണ്ട് എന്നു പറഞ്ഞതു ഇഹത്തില്‍വെച്ച് അവര്‍ക്കു അനുഭവപ്പെടുന്ന ശിക്ഷകളെ ഉദ്ദേശിച്ചുമാണ് എന്നത്രെ മനസ്സിലാകുന്നത് : ആദ്യത്തേതു ബദ്റില്‍ അവര്‍ക്കു ബാധിച്ച ശിക്ഷയെയും, രണ്ടാമത്തേതു അതിനുമുമ്പായി അവര്‍ക്കു ബാധിച്ചിരുന്ന – ഏഴുകൊല്ലത്തോളം നീണ്ടുനിന്ന – ക്ഷാമം പോലെയുള്ളതിനെയും ഉദ്ദേശിച്ചാണെന്നും, അതല്ല ആദ്യത്തേതു ഐഹിക ശിക്ഷയെയും, രണ്ടാമത്തേതു പരലോക ശിക്ഷയെയുമാണ് കുറിക്കുന്നതെന്നും ഇവിടെ അഭിപ്രായങ്ങളുണ്ട്. الله اعلم എതായാലും, ഇഹത്തിലും പരത്തിലും അവര്‍ക്കു ശിക്ഷയുണ്ടെന്ന കാര്യം തീര്‍ച്ചതന്നെ. دُونَ ذَلِكَ എന്ന വാക്കിനു ‘അതു കൂടാതെ’ എന്നും, ‘അതിനു താഴെ’ എന്നും, ‘അതിനിപ്പുറം’ എന്നുമൊക്കെ അര്‍ത്ഥം വരാവുന്നതാകുന്നു.

52:48

  • وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ ﴾٤٨﴿
  • (നബിയേ) നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. [നിന്നെ നാം കാത്തുരക്ഷിക്കും.] നീ എഴുന്നേല്‍ക്കുന്ന സമയത്തു നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക.
  • وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക لِحُكْمِ رَبِّكَ നിന്റെ റബ്ബിന്റെ വിധിക്കു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ بِأَعْيُنِنَا നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്) وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു حِينَ تَقُومُ നീ എഴുന്നേല്‍ക്കുമ്പോള്‍

52:49

  • وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ ﴾٤٩﴿
  • രാത്രിയില്‍ നിന്നും തന്നെ (കുറച്ചു സമയം) അവനു ‘തസ്ബീഹു’ നടത്തുക; നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുമ്പോഴും (നടത്തണം).
  • وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും فَسَبِّحْهُ നീ അവനു തസ്ബീഹു ചെയ്യുക وَإِدْبَارَ പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും) النُّجُومِ നക്ഷത്രങ്ങളുടെ

ശത്രുക്കളുടെ നാശം വിദൂരമല്ല. അവരുടെ കാര്യത്തില്‍ അല്ലാഹു വിധി നടത്തിക്കൊള്ളും, തല്‍ക്കാലം അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമ കൈകൊള്ളുക എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയും, തിരുമേനിക്കു അല്ലാഹുവിന്‍റെ പ്രത്യേക കാവലും സംരക്ഷണവും ഉണ്ടായിരിക്കുമെന്നു ഉണര്‍ത്തുകയും ചെയ്യുന്നു. അവസാനമായി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു തസ്ബീഹു നടത്തുവാനും ഉപദേശിക്കുന്നു. അല്ലാഹുവിന്‍റെ മഹത്വത്തെയും, പരിശുദ്ധതയെയും വാഴ്ത്തുക, അവനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുക എന്നൊക്കെയാണ് ‘തസ്ബീഹി’ന്‍റെ അര്‍ത്ഥം. ഇമാം റാഗിബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, മനസാ വാചാ കര്‍മ്മണാ ഉണ്ടാകുന്ന എല്ലാ ആരാധനകള്‍ക്കും പൊതുവായും, നമസ്കാരത്തിനു പ്രത്യേകമായും തസ്ബീഹു എന്നു പറയപ്പെടാറണ്ട്. ‘ദിക്റും തസ്ബീഹും.’ അല്ലെങ്കില്‍ ‘തസ്ബീഹും തക്ബീറും’ എന്നൊക്കെ പറയുമ്പോള്‍ നാവുകൊണ്ടുള്ള സ്തോത്രകീര്‍ത്തനങ്ങളായിരിക്കും മിക്കവാറും അതുകൊണ്ടുദ്ദേശ്യം. അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ ഏതവസരത്തിലായിരുന്നാലും, അതു മഹത്തായ പുണ്യകര്‍മ്മം തന്നെ. എങ്കിലും, ചില സമയങ്ങള്‍ പ്രത്യേകം പ്രധാന്യമര്‍ഹിക്കുന്നവയാണുതാനും. ഈ സമയങ്ങളെപ്പറ്റി ഖുര്‍ആനില്‍ പല സ്ഥലത്തും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. (സൂഃ റൂംഃ 17, 18 മുതലായവ നോക്കുക)

മൂന്നു സമയങ്ങളാണ് ഈ വചനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേത് حين تقوم (എഴുന്നേല്‍ക്കുന്ന സമയത്തു) എന്നത്രെ. ഈ സമയം കൊണ്ടുദ്ദേശ്യം ഏതാണെന്ന വിഷയത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. അവയില്‍ പ്രസക്തമായതു മൂന്നഭിപ്രായങ്ങളാകുന്നു.

(1) ഉറക്കില്‍നിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും,

(2) നമസ്കാരത്തിനു എഴുന്നേല്‍ക്കുമ്പോള്‍, അഥവാ നമസ്കാരത്തിന്റെ ആരംഭത്തില്‍ എന്നും,

(3) ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും. നബിചര്യകള്‍ പരിശോധിക്കുമ്പോള്‍ ഈ മൂന്നവസരങ്ങളിലും ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളതായി കാണാവുന്നതാകുന്നു. അതുകൊണ്ടു ഇവയില്‍ ഒന്നുമാത്രം സ്വീകരിച്ചു മറ്റുള്ളവ തള്ളിക്കളയേണ്ടുന്ന ആവശ്യം നേരിടുന്നില്ല. ആയത്തിലാകട്ടെ, ഒരു പ്രത്യേക സൂചന കാണപ്പെടുന്നുമില്ല. എങ്കിലും ഒന്നിനു മുന്‍ഗണന നല്‍കുന്നപക്ഷം, ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്ന അഭിപ്രായത്തിനായിരിക്കും നല്ലതെന്നാണ് മനസ്സിലാകുന്നത്. കാരണം, പ്രായോഗികമായി നോക്കുമ്പോള്‍ മറ്റുരണ്ടഭിപ്രായങ്ങളും അതിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. والله اعلم

രണ്ടാമത്തേത്: രാത്രിയില്‍ നിന്നും അല്‍പസമയം (من الليل) ആകുന്നു. രാത്രിയില്‍ നമസ്കാരം ദുആ മുതലായവക്കു പ്രേരിപ്പിക്കുന്ന ധാരാളം ഖുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും കാണാവുന്നതാണ്. മൂന്നാമത്തേത് : നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുന്ന സമയം (ادبار النجوم) ആകുന്നു. പ്രഭാതം പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ അസ്തമിച്ചുതുടങ്ങുമല്ലോ. ഈ സമയമാണ് ഇതുകൊണ്ടു വിവക്ഷ. മേല്‍പറഞ്ഞ ഓരോ അവസരത്തിന്‍റെയും പ്രാധാന്യം നബിചര്യയില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നു കാണിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണുക :-

1. നമസ്കാരത്തിന്‍റെ ആരംഭത്തില്‍ (തക്ബീറിനു ശേഷം) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇമാം അഹ്മദ് (رحمه الله) മുസ്‌ലിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു:

سُبْحَانَكَ اللهُمَّ وَبِحَمْدِكَ، تَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ – أحمد ومسلم وغيرهما

(സാരം : അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിന്റെ നാമം വളരെ മേന്മയേറിയതാണ്. നിന്‍റെ മഹത്വം വളരെ ഉന്നതമാണ്. നീയല്ലാതെ ആരാധ്യനേയില്ല.)

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു പോകുമ്പോള്‍ ഇങ്ങിനെ പറഞ്ഞിരുന്നു:

سُبْحَانَكَ اللَّهمَّ وَبِحَمْدِكَ، أَشْهَدُ أَنْ لا إِلَهََ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ – أبوداود و النسائى و الحاكم

(സാരം: അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീ അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോടു ഞാന്‍ പാപമോചനം തേടുകയും, നിന്റെ അടുക്കലേക്കു ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (അ; ദാ; ഹാ)

3. ആയിശാ (رضي الله عنها) പറയുന്നു : പ്രഭാതത്തിലെ രണ്ടു റക്അത്തിനെ (സുബ്ഹു നമസ്കാരത്തിന്റെ മുമ്പുള്ള സുന്നത്തു നമസ്കാരത്തെ) ക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂക്ഷ്മത കാണിക്കുന്ന അത്രയധികം സൂക്ഷ്മത മറ്റൊരു ഐഹിക (സുന്നത്തു) നമസ്കാരത്തെക്കുറിച്ചും അവിടുന്നു കാണിക്കാറുണ്ടായിരുന്നില്ല. (ബു; മു.)

4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു : ഹേ, മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, ഭക്ഷണദാനം ചെയ്യുവിന്‍, മനുഷ്യര്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ (രാത്രി) നമസ്കരിക്കുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു സമാധാനത്തോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തി.)

5. ആയിശാ (رضي الله عنها) പറയുന്നു : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രാത്രിയുടെ ആദ്യത്തില്‍ ഉറങ്ങുകയും അതിന്റെ അവസാനത്തില്‍ നമസ്കാരത്തിനു നില്‍ക്കുകയും ചെയ്തിരുന്നു. (ബു; മു.)

6. ‘ഒരു ജനത ഒരു സദസ്സില്‍ ഇരുന്നിട്ടു അതില്‍വെച്ചു തീരെ അല്ലാഹുവിന്റെ ദിക്ര്‍ (സ്മരണ) നടക്കാതെ അതില്‍നിന്നു എഴുന്നേറ്റു പോകുന്നപക്ഷം ആ സദസ്സു അവര്‍ക്കു ദോഷകരവും നഷ്ടകരവുമായിട്ടല്ലാതെ വരികയില്ല’. എന്നു അബൂദാവൂദും തിര്‍മദിയും (رحمهما الله) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു.

വെളിച്ചം റമദാൻ 2022 – റമദാൻ 04

സൂറത്തു-ത്ത്വൂര്‍ : 01-28



  • റമദാന്‍ 4 – സൂറത്തു-ത്ത്വൂര്‍ – പാര്‍ട്ട് 1 – ആയത്ത് 01 മുതല്‍ 28 വരെ
    • വിശദീകരണം ബഹു. സഹ്ല്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്



ത്വൂർ (ത്വൂർ പർവ്വതം)

മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 49 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

52:1

  • وَٱلطُّورِ ﴾١﴿
  • (ആ) പര്‍വ്വതം തന്നെയാണ (സത്യം)!
  • وَالطُّورِ പര്‍വ്വതം തന്നെയാണ

52:2

  • وَكِتَـٰبٍ مَّسْطُورٍ ﴾٢﴿
  • വരിയായി (ക്രമീകരിച്ച്) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ (സത്യം)!
  • وَكِتَابٍ ഗ്രന്ഥവും തന്നെയാണ مَّسْطُورٍ വരിയാക്കപ്പെട്ട, എഴുതപ്പെട്ട, ക്രമപ്പെടുത്തപ്പെട്ട

52:3

  • فِى رَقٍّ مَّنشُورٍ ﴾٣﴿
  • (അതെ, തുറന്നു) വിരുത്തിവെക്കപ്പെട്ട തോലില്‍ (എഴുതപ്പെട്ട ഗ്രന്ഥം).
  • فِي رَقٍّ തോലില്‍, താളില്‍ مَّنشُورٍ വിരുത്തപ്പെട്ട, തുറക്കപ്പെട്ട

52:4

  • وَٱلْبَيْتِ ٱلْمَعْمُورِ ﴾٤﴿
  • (നിത്യം) ആള്‍പെരുമാറ്റമുള്ള മന്ദിരം തന്നെയാണ (സത്യം)!
  • وَالْبَيْتِ മന്ദിരവും (വീടും) തന്നെയാണ الْمَعْمُورِ പെരുമാറപ്പെടുന്ന നിത്യോപയോഗമുള്ള)

52:5

  • وَٱلسَّقْفِ ٱلْمَرْفُوعِ ﴾٥﴿
  • ഉയര്‍ത്തപ്പെട്ട മേല്‍പ്പുര തന്നെയാണ (സത്യം)!
  • وَالسَّقْفِ മേല്‍പുരയുമാണ الْمَرْفُوعِ ഉയര്‍ത്തപ്പെട്ട

52:6

  • وَٱلْبَحْرِ ٱلْمَسْجُورِ ﴾٦﴿
  • നിറഞ്ഞ (മഹാ) സമുദ്രം തന്നെയാണ (സത്യം)!
  • وَالْبَحْرِ സമുദ്രവുമാണ الْمَسْجُورِ നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട)

52:7

  • إِنَّ عَذَابَ رَبِّكَ لَوَٰقِعٌ ﴾٧﴿
  • നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ സംഭവിക്കുന്നതു തന്നെ.
  • إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ

52:8

  • مَّا لَهُۥ مِن دَافِعٍ ﴾٨﴿
  • അതിനു യാതൊരു തടവുമില്ല.
  • مَّا لَهُ അതിന്നില്ല مِن دَافِعٍ തടുക്കണ (തടയുന്ന) ഒന്നും (ഒരു തടവും)

സത്യനിഷേധികള്‍ക്കു വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്നും, അതു തടുക്കുവാന്‍ യാതൊരു മാര്‍ഗ്ഗേണയും സാധ്യമല്ലെന്നും അല്ലാഹു അഞ്ചു വസ്തുക്കളാല്‍ ആണയിട്ടു ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ആ അഞ്ചു സത്യവാചകങ്ങളില്‍ ചിലതു ചരിത്ര പ്രധാനമായ ചില സംഭവങ്ങളെയും, മറ്റു ചിലതു മഹത്തായ ചില പ്രകൃതി ദൃഷ്ടാന്തങ്ങളെയും കുറിക്കുന്നവയാണ്.

ഒന്നാമത്തെ സത്യം പര്‍വ്വതത്തെക്കൊണ്ടാകുന്നു. طور (ത്വൂര്‍) എന്നാല്‍ പര്‍വ്വതം എന്നു വാക്കര്‍ത്ഥം  الطور(അത-ത്വൂര്‍) എന്നു പറയുമ്പോള്‍ അതു ഒരു പ്രത്യേക പര്‍വതത്തെ ഉദ്ദേശിച്ചാണെന്നു വരുന്നു. അതായതു, മൂസാ (عليه السلام ) നബിക്കു പ്രവാചകത്വം സിദ്ധിച്ചതും, തൗറാത്തു ലഭിച്ചതുമായ ആ പ്രസിദ്ധ സീനാപര്‍വതം (طور سيناء) ചരിത്രപ്രധാനമായ നിരവധി സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒരു പര്‍വതമാണതെന്നു പറയേണ്ടതില്ല. ഈ പര്‍വതത്തെ ഉദ്ദേശിച്ചു الطور എന്നും പറയുക പതിവാണ്. ഇതേ വാക്കുതന്നെ പൊതുവില്‍ മറ്റു പര്‍വതങ്ങള്‍ക്കും പറയാവുന്നതുമാകുന്നു. ഇവിടെയും ഉദ്ദേശ്യം അങ്ങിനെ ആയിക്കൂടാ എന്നില്ല. والله أعلم. രണ്ടാമത്തെ സത്യം തുറന്നു വിരുത്തിവെക്കപ്പെട്ട തോലില്‍ ഭംഗിയില്‍ വരിവരിയായി ക്രമീകരിച്ചെഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥം (كِتَابٍ مَّسْطُورٍ ألح) കൊണ്ടാകുന്നു. ഇതു തൗറാത്തിനെ, അല്ലെങ്കില്‍ ഖുര്‍ആനും തൗറാത്തും ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങളെ സൂചിപ്പിക്കുന്നു. നേരിയ തോല്‍ക്കഷ്ണങ്ങളായിരുന്നു മുന്‍കാലത്തു എഴുതുവാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഉപകരണം എന്നുള്ളതു ഇവിടെ സ്മരണീയമാണ്. തുറന്നു വിരുത്തപ്പെട്ടതെന്ന വിശേഷണം, ആ ഗ്രന്ഥം ജനമദ്ധ്യേ പരസ്യമാക്കപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതുമാണെന്നും ധ്വനിപ്പിക്കുന്നു.

മൂന്നാമത്തെ സത്യം, നിത്യം പെരുമാറ്റപ്പെടുന്നതും, ഉപയോഗിക്കപ്പെട്ടുവരുന്നതുമായ മന്ദിരം (الْبَيْتِ الْمَعْمُورِ) കൊണ്ടാണ്. ഇതു വിശുദ്ധ കഅബഃയെ കുറിക്കുന്നു. അനേകം ആളുകൾ നിത്യവും ത്വവാഫ് (പ്രദക്ഷിണം), നമസ്കാരം തുടങ്ങിയ ആരാധനാകര്‍മ്മങ്ങള്‍ക്കായി ആ ഭവനത്തിങ്കല്‍ വന്നുപോയികൊണ്ടിരിക്കുകയാണല്ലോ. അതിന്റെ സ്ഥാപനകാലം മുതല്‍ ഇന്നോളം ഏറ്റക്കുറവോടെയാണെങ്കിലും ആ നില തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഇതേ (الْبَيْتِ الْمَعْمُورِ) എന്ന പേരില്‍, മലക്കുകളാല്‍ നിത്യവും ആരാധന നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മന്ദിരം ആകാശത്തു സ്ഥിതിചെയ്യുന്നതായി പല നബി വചനങ്ങളിലും വന്നിട്ടുണ്ട്. അതാണു ഇവിടെയും ഉദ്ദേശ്യമെന്നും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസില്‍, ഏഴാം ആകാശത്തുവെച്ചുണ്ടായ സംഭവങ്ങളെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിക്കുന്നു: ثم رفع بي إلى البيت المعمور، وإذا هو يدخله كل يوم سبعون ألفاً لا يعودون إليه-متفق عليه (പിന്നീടു എന്നെ ‘ബൈത്തുല്‍ – മഅ്മൂറി’ ലേക്കു ഉയര്‍ത്തപ്പെട്ടു. നോക്കുമ്പോള്‍, അതില്‍ ദിനംപ്രതി എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവര്‍ അതിലേക്ക് മടങ്ങി വരുന്നതല്ല. (ബു:മു.)

നാലാമത്തെ സത്യം, ഉയര്‍ത്തപ്പെട്ട മേല്‍പുര (السَّقْفِ المَرْفُوعِ) കൊണ്ടാണ്. ഇതു ആകാശത്തെയാണ് കുറിക്കുന്നത്. ആകാശത്തെപ്പറ്റി (21:32 ല്‍) സൂക്ഷിക്കപ്പെട്ട മേല്‍പുര (سَقْفاً مَّحْفُوظاً) എന്ന്‍ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. അഞ്ചാമത്തേതു, നിറക്കപ്പെട്ട – അഥവാ നിറഞ്ഞുനില്‍ക്കുന്ന – സമുദ്രം (البحار المسجور) കൊണ്ടാകുന്നു. ജലം, തിരമാല, മത്സ്യം മുതലായ ജന്തുക്കള്‍ തുടങ്ങി പലതും നിറഞ്ഞു നില്‍ക്കുന്നതാണല്ലോ മഹാ സമുദ്രങ്ങള്‍. തീയിനാല്‍ നിറക്കപ്പെട്ടതു എന്നും ഈ വാക്കിനു അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. ‘വിറകുനിറച്ചു കത്തിക്കപ്പെടുന്നതു, ജ്വലിപ്പിക്കപ്പെട്ടതു’ എന്നൊക്കെ المسجور എന്ന വാക്കിനു ഭാഷയില്‍ അര്‍ത്ഥമുണ്ടുതാനും. അന്ത്യനാളിലെ സംഭവ വികാസങ്ങളില്‍ സമുദ്രത്തിനുണ്ടാകുന്ന സ്ഥിതി മാറ്റത്തെയാണ് അതു സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം ആദ്യം പറഞ്ഞതാകുന്നു. والله اعلم ഭൂഗോളത്തിന്റെ അന്തര്‍ഭാഗം മുഴുവനും അത്യുഷ്ണമായ ദ്രാവകമായിട്ടാണിരിക്കുന്നതെന്നും, അതിന്റെ ബഹിര്‍ഭാഗം മാത്രമേ ഉറച്ചു കട്ടിയായിട്ടുള്ളുവെന്നും, അഗ്നിപര്‍വ്വതങ്ങള്‍ ക്ഷോഭിക്കുമ്പോള്‍ പുറത്തുവരുന്ന ലാവ പ്രസ്തുത ദ്രാവകത്തില്‍ നിന്നുള്ളതാണെന്നുമാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാരുടെ (ഭൂമിയുടെ അന്തര്‍ഭാഗത്തെ സ്ഥിതിഗതികളെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം – Geology) അഭിപ്രായം. ഭൂമിയുടെ ഉള്‍ഭാഗത്തു നിറഞ്ഞുനില്‍ക്കുന്ന ഈ ദ്രാവക സമുദ്രമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. പക്ഷേ, ഈ അടുത്ത കാലത്തുമാത്രം അറിയപ്പെടുന്ന ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആ വാക്കിനു അര്‍ത്ഥം കല്‍പിക്കപ്പെടുന്നതു ഉചിതമായിരിക്കയില്ല. ഖുര്‍ആന്റെ അവതരണകാലത്തുള്ളവര്‍ക്കു അര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയാത്തവാക്കുകള്‍ അതില്‍ ഉണ്ടായിരിക്കുമെന്നു പറയുന്നതു യുക്തമല്ലല്ലോ.

ഗൗരവമേറിയ പ്രസ്തുത സത്യവാചകങ്ങളില്‍ ആണയിട്ടുകൊണ്ടു അല്ലാഹു അവന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്യുകയും, അതില്‍നിന്നു സത്യവിശ്വാസവും സല്‍കര്‍മ്മവും വഴി രക്ഷനേടുവാന്‍ ആഹ്വാനം ചെയ്യുകയുമാണ് ചെയ്യുന്നത്. പാറപോലെ കട്ടിപിടിച്ചിട്ടില്ലാത്ത ഹൃദയങ്ങളിലേക്കു തുളച്ചു ചെല്ലത്തക്ക വാക്യങ്ങളാണവ. ഈ ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേട്ട അവസരത്തില്‍ ഉമര്‍ (رضي الله عنه) അതിന്റെ ഗൗരവം ഓര്‍ത്ത് പരവശനാകുകയും കുറെ നാളുകളോളം ക്ഷീണിതനായിരിക്കുകയും ഉണ്ടായതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. താക്കീതു ചെയ്യപ്പെടുന്ന ആ ശിക്ഷ എപ്പോഴായിരിക്കുമെന്നു അടുത്ത വചനത്തില്‍ പറയുന്നു:-

52:9

  • يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا ﴾٩﴿
  • ആകാശം ഒരു (ശക്തിയായ) പ്രകമ്പനം പ്രകമ്പിക്കുന്ന ദിവസം!-
  • يَوْمَ تَمُورُ വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം السَّمَاءُ ആകാശം مَوْرًا ഒരു വിറകൊള്ളല്‍…

52:10

  • وَتَسِيرُ ٱلْجِبَالُ سَيْرًا ﴾١٠﴿
  • മലകള്‍ ഒരു (ശക്തിയായ) സഞ്ചാരം സഞ്ചരിക്കുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് അതു സംഭവിക്കുക].
  • وَتَسِيرُ ചലിക്കുക (നടക്കുക, സഞ്ചരിക്കുക)യും ചെയ്യുന്ന الْجِبَالُ മലകള്‍ سَيْرًا ഒരു ചലനം…

ലോകാവസാനവേളയില്‍ ഉണ്ടാകുന്ന അതിഭയങ്കര സംഭവവികാസങ്ങളില്‍ ചിലതാണിത്. മനുഷ്യന്റെ ഊഹത്തിനും, അനുമാനത്തിനും അതീതമായ പലതും അന്നു സംഭവിക്കാനിരിക്കുന്നു. അവയില്‍ പലതും താഴെ അദ്ധ്യായങ്ങളില്‍ പ്രസ്താവിച്ചു കാണാം.

52:11

  • فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾١١﴿
  • എന്നാല്‍, വ്യാജമാ(ക്കി നിഷേധി)ക്കുന്നവര്‍ക്കത്രെ അന്നത്തെ ദിവസം (വമ്പിച്ച) നാശം.
  • فَوَيْلٌ അപ്പോള്‍ നാശം يَوْمَئِذٍ ആ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

52:12

  • ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ ﴾١٢﴿
  • അതായതു, അനാവശ്യത്തില്‍ (മുഴുകി) കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
  • الَّذِينَ യാതൊരു കൂട്ടര്‍ക്കു هُمْ അവര്‍ فِي خَوْضٍ അനാവശ്യത്തില്‍ (മുഴുകിക്കൊണ്ടു) يَلْعَبُونَ കളിച്ചുകൊണ്ടിരിക്കുന്ന

52:13

  • يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ﴾١٣﴿
  • (അതെ) നരകാഗ്നിയിലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്ന ദിവസം!
  • يَوْمَ يُدَعُّونَ അവര്‍ തള്ളപ്പെടുന്ന ദിവസം إِلَىٰ نَارِ جَهَنَّمَ ജഹന്നമി (നരകത്തി) ന്റെ അഗ്നിയിലേക്കു دَعًّا ഒരു തള്ളല്‍

52:14

  • هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ ﴾١٤﴿
  • (പറയപ്പെടും:) ‘ഇതു നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകമത്രെ.
  • هَـٰذِهِ النَّارُ ഇതു അഗ്നിയാണ്, നരകമത്രെ الَّتِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهَا അതിനെ تُكَذِّبُونَ കളവാക്കും, വ്യാജമാക്കും

52:15

  • أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ ﴾١٥﴿
  • ‘അപ്പോള്‍, ഇതു ജാലമാണോ?! അതല്ല, നിങ്ങള്‍ കാണുന്നില്ല എന്നുണ്ടോ?!
  • أَفَسِحْرٌ അപ്പോള്‍ ജാലമാണോ, മായയോ هَـٰذَا ഇതു أَمْ أَنتُمْ അതല്ല നിങ്ങള്‍ ആണോ لَا تُبْصِرُونَ നിങ്ങള്‍ കാണാതെ, കാണുന്നില്ല (എന്നോ)

52:16

  • ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾١٦﴿
  • ‘നിങ്ങളതില്‍ കടന്നു കരിയുവിന്‍! എന്നിട്ടു നിങ്ങള്‍ ക്ഷമിച്ചുകൊള്ളുക; അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക; (രണ്ടും) നിങ്ങള്‍ക്കു സമമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമാണു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നത്.’
  • اصْلَوْهَا നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക فَاصْبِرُوا എന്നിട്ടു ക്ഷമിക്കുക أَوْ لَا تَصْبِرُوا അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക سَوَاءٌ സമമാണ്, ഒരുപോലെയാണ് عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ إِنَّمَا تُجْزَوْنَ നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങളായിരുന്നതിനു (മാത്രം) تَعْمَلُونَ പ്രവര്‍ത്തിക്കും

യാതൊരു വിവരണവും കൂടാതെത്തന്നെ ആശയം വ്യക്തമാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സത്യവിശ്വാസികളായ ഭാഗ്യവാന്മാരുടെ പ്രതിഫലങ്ങളെക്കുറിച്ചു വിവരിക്കുന്നു:-

52:17

  • إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَعِيمٍ ﴾١٧﴿
  • നിശ്ചയമായും, ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും. സുഖാനുഗ്രഹങ്ങളിലുമായിരിക്കു;-
  • إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍, സൂക്ഷ്മതയുള്ളവര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍) ആയിരിക്കും وَنَعِيمٍ സുഖാനുഗ്രഹത്തിലും

52:18

  • فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ ﴾١٨﴿
  • അവരുടെ റബ്ബ് അവര്‍ക്കു നല്‍കിയതില്‍ സുഖമാസ്വദിച്ചുകൊണ്ട്. അവര്‍ക്കു
    തങ്ങളുടെ റബ്ബ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷ കാത്തുകൊടുക്കുകയും ചെയ്യുന്നതാണ്.
  • فَاكِهِينَ സുഖം അനുഭവിക്കുന്നവരായി بِمَا آتَاهُمْ അവര്‍ക്കു നല്‍കിയതുകൊണ്ടു رَبُّهُمْ അവരുടെ റബ്ബ് وَوَقَاهُمْ അവരെ (അവര്‍ക്കു) കാത്തുകൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ ശിക്ഷയെ

52:19

  • كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ ﴾١٩﴿
  • (പറയപ്പെടും:) ‘നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ മംഗളമായി തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുക!
  • كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, ആമോദത്തോടെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ട് تَعْمَلُونَ പ്രവര്‍ത്തിക്കുക

52:20

  • مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍ ﴾٢٠﴿
  • വരിവരിയാ(യി നിരത്തി വെ)ക്കപ്പെട്ട പര്യങ്കങ്ങളില്‍ ചാരിയിരുന്നു കൊണ്ടായിരിക്കും (അവര്‍). വിശാല നേത്രകളായ വെള്ള മെയ്യാമണികളെ അവര്‍ക്കു നാം ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.
  • مُتَّكِئِينَ ചാരിയിരുന്നുകൊണ്ടു عَلَىٰ سُرُرٍ കട്ടിലുക(പര്യങ്കങ്ങ)ളില്‍ مَّصْفُوفَةٍ നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഇണയാക്കി) കൊടുക്കയും ചെയ്യും بِحُورٍ സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ عِينٍ വിശാലനേത്രകളായ

حور عين എന്ന വാക്കിന്റെ അര്‍ത്ഥത്തെ സംബന്ധിച്ചു സൂഃ ദുഖാന്‍ 54ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങള്‍, ഭാര്യമാര്‍ മുതലായവയില്‍ സ്വര്‍ഗ്ഗസ്ഥരായ ഭാഗ്യവാന്മാരുടെ നില വിവരിച്ച ശേഷം, അവര്‍ക്കു സിദ്ധിക്കുന്ന മറ്റൊരു വമ്പിച്ച നേട്ടത്തെക്കുറിച്ചു പറയുന്നു:-

52:21

  • وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ ﴾٢١﴿
  • തങ്ങള്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങള്‍ സത്യവിശ്വാസത്തോടെ തങ്ങളെ പിന്തുടരുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവരുടെ സന്താനങ്ങളെ അവരോടു നാം ചേര്‍ത്തു കൊടുക്കുന്നതുമാണ്. അവരുടെ കര്‍മ്മ (ഫല)ത്തില്‍നിന്ന് യാതൊന്നും തന്നെ നാം അവര്‍ക്കു കുറവുവരുത്തുന്നതുമല്ല. എല്ലാ (ഓരോ) മനുഷ്യനും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَاتَّبَعَتْهُمْ തങ്ങളെ പിന്തുടരുകയും ചെയ്തു ذُرِّيَّتُهُم തങ്ങളുടെ സന്താനങ്ങൾ بِإِيمَانٍ വിശ്വാസത്തില്‍, വിശ്വസിച്ചുകൊണ്ടു أَلْحَقْنَا بِهِمْ അവരോടു നാം ചേര്‍ക്കും ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ وَمَا أَلَتْنَاهُم അവര്‍ക്കു നാം കുറവു വരുത്തു (നഷ്ടപ്പെടുത്തു) ന്നതല്ല مِّنْ عَمَلِهِم അവരുടെ കര്‍മ്മത്തില്‍ (പ്രവൃത്തിയില്‍) നിന്നു مِّن شَيْءٍ യാതൊന്നിനെയും كُلُّ امْرِئٍ എല്ലാ മനുഷ്യനും بِمَا كَسَبَ അവന്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينٌ പണയമാണ്, പണയം വെക്കപ്പെട്ടവനാണ്

സല്‍കര്‍മ്മരംഗത്തു തങ്ങളുടെ നിലപാടില്‍ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും സത്യവിശ്വാസികളായ നല്ലമക്കളെയും തങ്ങളൊന്നിച്ച് സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുവാന്‍ അല്ലാഹു അവര്‍ക്കു ഭാഗ്യമുണ്ടാക്കിക്കൊടുക്കും. ഇതുമൂലം അവരുടെ പ്രതിഫലത്തില്‍ അല്ലാഹു യാതൊരു കുറവും വരുത്തുന്നതുമല്ല. മാത്രമല്ല, നല്ലവരായ മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കള്‍ എന്നിവരേയും സ്വര്‍ഗ്ഗത്തില്‍ അല്ലാഹു അവരൊന്നിച്ചു ചേര്‍ത്തുകൊടുക്കുമെന്നു സൂഃ റഅ്ദു:23, സൂഃ മുഅ്മിന്‍ 7-9 എന്നിവിടങ്ങളില്‍ നിന്നു മനസ്സിലാക്കാം. സൂഃ മുഅ്മിനില്‍ വായിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുന്നതു നന്നായിരിക്കും. ‘സത്യവിശ്വാസിയായ മനുഷ്യന്റെ സന്താനങ്ങള്‍ അവനെക്കാള്‍ കര്‍മ്മത്തില്‍ താഴേക്കിടയിലുള്ളവരായിരുന്നാലും അവന്റെ കണ്‍കുളുര്‍മ്മക്കു – മനസ്സന്തോഷത്തിനു – വേണ്ടി അവരുടെ പദവി അവന്റെ പദവിയിലേക്കു അല്ലാഹു ഉയര്‍ത്തിക്കൊടുക്കും.’ എന്നു പറഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنه) ഈ ഖുര്‍ആന്‍ വചനം അതിനു തെളിവായി ഓതുകയുണ്ടായി. (ابن جرير وابن أبي حاتم والبرير وغير هم)

മാതാപിതാക്കള്‍ എത്ര ഉന്നത പദവിക്കാരായിരുന്നാലും ശരി, അക്കാരണം കൊണ്ടു അവിശ്വാസികളും ദുര്‍ന്നടപ്പുകാരുമായ അവരുടെ മക്കള്‍ക്കോ, അല്ലെങ്കില്‍ മറിച്ചോ യാതൊരു രക്ഷയും കിട്ടുകയില്ലെന്നും, അവനവന്‍ ചെയ്ത കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദിയെന്നും, ഓരോരുത്തന്റെ കടമ അവനവന്‍ തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിക്കാറുള്ളതാണ്. كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ (എല്ലാ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു പണയമാണ്) എന്ന വാക്യവും അതാണ്‌ ഉണര്‍ത്തുന്നത്. വാങ്ങിയ കടം കൊടുത്തുതീര്‍ക്കാത്തപക്ഷം ആ കടത്തിനുവേണ്ടി പണയംവെക്കപ്പെട്ട വസ്തുവില്‍ നിന്നാണല്ലോ അതു ഈടാക്കപ്പെടുക. അതു പോലെ, ഓരോ മനുഷ്യനും അവന്റെ കടമ നിര്‍വ്വഹിക്കാത്ത പക്ഷം അതിന് അവന്‍തന്നെ ഉത്തരവാദിയാണെന്നു സാരം. വിശ്വസിക്കുകയും അതോടൊപ്പം നിര്‍ബന്ധകടമകള്‍ നിറവേറ്റുകയും ചെയ്തിട്ടുള്ളവരെ അവരെക്കാള്‍ ഉന്നത സ്ഥാനം കൈവന്ന തങ്ങളുടെ മാതാപിതാക്കളുടെ സ്ഥാനത്തേക്കു ഉയരിത്തിക്കൊടുക്കുമെന്നേ മേല്‍പറഞ്ഞതിന്നു അര്‍ത്ഥമുള്ളൂ. മാതാപിതാക്കളോ മക്കളോ ഉന്നതസ്ഥാനക്കാരായതുകൊണ്ടു മറ്റുള്ളവര്‍ക്കു വല്ല രക്ഷയും കൈവരുമായിരുന്നുവെങ്കില്‍, നൂഹ് (عليه السلام) നബിയുടെ മകന്‍, ഇബ്രാഹിം (عليه السلام) നബിയുടെ പിതാവ്, ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പിതൃവ്യന്‍മാര്‍ മുതലായവര്‍ക്കു രക്ഷ കിട്ടേണ്ടതായിരുന്നുവല്ലോ. താണ പദവിയിലുള്ളവരെ ഉന്നതപദവിയിലേക്കു ഉയര്‍ത്തുന്നതു അല്ലാഹുവിന്റെ ഔദാര്യവും ദയവും (فضل الله) ആണെങ്കില്‍, അവരവരുടെ കുറ്റത്തിനു അവരവരെത്തന്നെ ഉത്തരവാദിയാക്കുന്നതു അവന്റെ നീതിന്യായവ്യവസ്ഥയും (عدل الله) ആകുന്നു. അല്ലാഹു തുടരുന്നു :-

52:22

  • وَأَمْدَدْنَـٰهُم بِفَـٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ ﴾٢٢﴿
  • അവര്‍ ആശിക്കുന്നതില്‍നിന്നുള്ള പഴവര്‍ഗ്ഗവും, മാംസവും അവര്‍ക്കു നാം (യഥേഷ്ടം) അയച്ചിട്ടു കൊടുക്കുകയും ചെയ്യുന്നതാണ്.
  • وَأَمْدَدْنَاهُم അവര്‍ക്കു നാം അയച്ചു (ഇഷ്ടം പോലെ) കൊടുക്കും بِفَاكِهَةٍ പഴവര്‍ഗ്ഗത്തെ وَلَحْمٍ മാംസവും مِّمَّا يَشْتَهُونَ അവര്‍ ആശിക്കുന്ന (ഇച്ഛിക്കുന്ന)തില്‍ നിന്നു

52:23

  • يَتَنَـٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ ﴾٢٣﴿
  • (മദ്യം നിറക്കപ്പെട്ട) കോപ്പക്ക് അവിടെ അവര്‍ പിടികൂടി (കൈമാറി)ക്കൊണ്ടിരിക്കും. യാതൊരു അനാവശ്യവും അതിലില്ല; കുറ്റകരമായുള്ളതും ഇല്ല.
  • يَتَنَازَعُونَ അവര്‍ അന്യോന്യം പിടികൂടും. (കൈമാറിക്കൊണ്ടിരിക്കും) فِيهَا അതില്‍, അവിടത്തില്‍ كَأْسًا (നിറ) കോപ്പ, കോപ്പക്ക്‌ لَّا لَغْوٌ അനാവശ്യം ഇല്ല فِيهَا അതില്‍ وَلَا تَأْثِيمٌ കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല

52:24

  • وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ ﴾٢٤﴿
  • അവര്‍ക്കുവേണ്ടിയുള്ള ബാലന്‍മാര്‍ അവരില്‍ ചുറ്റിത്തിരിഞ്ഞു (സേവനം ചെയ്തു)കൊണ്ടിരിക്കുന്നതാണ്. അവര്‍ ആ [ബാലന്മാര്‍] ഒളിച്ചുവെക്കപ്പെട്ട മുത്തെന്നപോലെയിരിക്കും!
  • وَيَطُوفُ ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും عَلَيْهِمْ അവരില്‍ غِلْمَانٌ ബാലന്‍മാര്‍, ആണ്‍കുട്ടികള്‍ لَّهُمْ അവരുടെ, അവര്‍ക്കുവേണ്ടിയുള്ള كَأَنَّهُمْ അവരാണെന്നപോലെയിരിക്കും لُؤْلُؤٌ മുത്തു مَّكْنُونٌ (ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു)വെക്കപ്പെട്ട

ലഹരിയും മത്തും ഉണ്ടാക്കുന്നതാണല്ലോ ഇഹത്തിലെ കള്ള്. അനാവശ്യങ്ങളും, അക്രമങ്ങളും കള്ളുകുടിയുടെ കൂടെപ്പിറവിയുമാണ്‌. സ്വര്‍ഗ്ഗത്തിലെ കള്ളു അത്തരത്തില്‍പെട്ടതല്ല. നാമമാത്രസാദൃശ്യമേ അവതമ്മിലുള്ളു. ആനന്ദവും സന്തോഷവും ഉളവാക്കുകയല്ലാതെ, യാതൊരുവിധ ദോഷവും അതു നിമിത്തം ഉണ്ടാകുവാനില്ല. കള്ളു കുടിയന്മാര്‍ തമ്മില്‍ അടിപിടിയും വഴക്കും പതിവായതുപോലേ, അവിടെ അവര്‍ക്കിടയില്‍ കശപിശയോ മറ്റോ ഉണ്ടാകുകയില്ല. പക്ഷേ, ആഹ്ലാദത്തോടും സ്നേഹത്തോടുംകൂടി കള്ളുനിറച്ച കോപ്പകള്‍ക്കുവേണ്ടി ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നാ ഭാവത്തില്‍ തമാശയായി അവര്‍ പിടികൂടിയും കൈമാറിയുംകൊണ്ടിരിക്കും. അവര്‍ക്കുവേണ്ടുന്ന സേവനങ്ങള്‍ നടത്തുവാന്‍വേണ്ടി സ്വര്‍ഗ്ഗീയ ബാലന്മാര്‍ അവരെ ചുറ്റിപ്പറ്റിക്കൊണ്ടു സദാ തയ്യാറുണ്ടായിരിക്കും. കേവലം ഭ്രുത്യന്‍മാരായ ആ ബാലന്‍മാരാകട്ടെ, ചിപ്പികളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്ന മുത്തുമണികള്‍ പുറത്തെടുത്തതാണെന്നു തോന്നുമാറ് അത്രയും വടിവും, വെടുപ്പും, സൗന്ദര്യവും തികഞ്ഞവരായിരിക്കും. ഭൃത്യന്‍മാരുടെ ഉപമ ഇതാണെങ്കില്‍, അവരുടെ യജമാനന്‍മാരുടെ ഉപമ എന്തായിരിക്കും? അതെ – ഒരു ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടതു പോലെ – പൗര്‍ണ്ണമിയുടെ രാത്രിയിലെ ചന്ദ്രനും, ഇതര നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം കണക്കെയിരിക്കും. (حكاه ابن جرير وابن المنذر) ഈ ബാലൻമാരെപ്പറ്റി 56:17-18; 76:19 മുതലായ സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു കാണാം. അടുത്തവചനങ്ങളിൽ  സ്വഗ്ഗക്കാര്‍ തമ്മില്‍ നടക്കുന്ന ചില സംഭാഷണങ്ങളെയും, സന്തോഷസല്ലാപങ്ങളെയും ചൂണ്ടിക്കാട്ടുന്നു:-

52:25

  • وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴾٢٥﴿
  • അവര്‍ പരസ്പരം (പലതും) ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ മുന്നിട്ടുവരും.
  • وَأَقْبَلَ മുന്നിടും, മുമ്പോട്ടുവരും, നേരിടും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരുടെമേല്‍ يَتَسَاءَلُونَ പരസ്പരം ചോദിച്ചുകൊണ്ടു

52:26

  • قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ ﴾٢٦﴿
  • അവര്‍ പറയും; ‘നാം, മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു.
  • قَالُوا അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും നാമായിരുന്നു قَبْلُ മുമ്പു فِي أَهْلِنَا നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍ مُشْفِقِينَ ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍

52:27

  • فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ﴾٢٧﴿
  • ‘അതിനാല്‍ അല്ലാഹു നമ്മളില്‍ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷയില്‍ നിന്നു അവന്‍ നമ്മെ കാത്തുതരുകയും ചെയ്തു.
  • فَمَنَّ اللَّـهُ അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവു, ഉപകാരം) ചെയ്തു عَلَيْنَا നമ്മുടെമേല്‍ وَوَقَانَا അവന്‍ നമ്മെ കാക്കുകയും ചെയ്തു عَذَابَ ശിക്ഷയെ, ശിക്ഷയില്‍നിന്നു السَّمُومِ സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്റെ (അത്യുഷ്ണമായ അഗ്നിയുടെ)

52:28

  • إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ ﴾٢٨﴿
  • ‘നാം മുമ്പേ അവനെ (വിളിച്ചു) പ്രാര്‍ത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവന്‍
    തന്നെ പുണ്യം നല്‍കുന്നവനും, കരുണാനിധിയുമായുള്ളവന്‍’.
  • إِنَّا كُنَّا നാം ആയിരുന്നു مِن قَبْلُ മുമ്പ്, മുമ്പേ نَدْعُوهُ നാമവനെ വിളിച്ചിരുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْبَرُّ പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍ الرَّحِيمُ കരുണാനിധിയായ

അവര്‍ അന്യോന്യം പലതും സംസാരിച്ചും ചോദ്യോത്തരങ്ങള്‍ നടത്തിയും കൊണ്ടിരിക്കുമ്പോള്‍, തങ്ങള്‍ ഐഹിക ജീവിതത്തില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കിടയില്‍ കഴിഞ്ഞു കൂടിയ കാലത്തു അല്ലാഹുവിനെ ഭയന്നും, അവന്റെ ശിക്ഷയെ പേടിച്ചും, അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്കു ഈ ഉന്നത പദവികളെല്ലാം ലഭിച്ചതെന്നു അനുസ്മരിച്ചു സന്തോഷിക്കുകയാണ്. സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും പര്യവസാനങ്ങള്‍ വിവരിച്ചശേഷം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു പറയുന്നു :

വെളിച്ചം റമദാൻ 2022 – റമദാൻ 03

സൂറത്തു ദ്ദാരിയാത്ത് : 47-60



  • റമദാന്‍ 3 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 3 – ആയത്ത് 47 മുതല്‍ 60 വരെ
    • വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍



സൂറത്തു ദ്ദാരിയാത്ത് : 47-60

വിഭാഗം – 3

51:47

  • وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ ﴾٤٧﴿
  • ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും.
  • وَالسَّمَاءَ ആകാശത്തെ بَنَيْنَاهَا നാമതിനെ സ്ഥാപിച്ചിരിക്കുന്നു بِأَيْدٍ കരങ്ങളാൽ (ശക്തിയോടെ) وَإِنَّا നിശ്ചയമായും നാം لَمُوسِعُونَ (വിപുലമായ) കഴിവുള്ളവര്‍ തന്നെ, വിശാലപ്പെടുത്തുന്ന

51:48

  • وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ ﴾٤٨﴿
  • ഭൂമിയാകട്ടെ, നാമതിനെ (പരത്തി) വിരിച്ചിരിക്കുന്നു. അപ്പോള്‍ ആ (വിരിപ്പു) വിതാനിച്ചവര്‍ വളരെ നന്നായിട്ടുണ്ടു!
  • وَالْأَرْضَ ഭൂമിയെ فَرَشْنَاهَا നാമതിനെ വിരിച്ചു, വിരിപ്പാക്കി فَنِعْمَ അപ്പോൾ വളരെ നന്നായിരിക്കുന്നു الْمَاهِدُونَ വിതാനിച്ചവര്‍, (തൊട്ടിലാക്കി) സൗകര്യപ്പെടുത്തിയവര്‍

51:49

  • وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ﴾٤٩﴿
  • എല്ലാ വസ്തുക്കളില്‍നിന്നും തന്നെ, രണ്ടു ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ ഉറ്റാലോചിക്കുവാൻ വേണ്ടി.
  • وَمِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تَذَكَّرُونَ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും

51:50

  • فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴾٥٠﴿
  • (പറയുക:) ആകയാല്‍ നിങ്ങൾ അല്ലാഹുവിങ്കലേക്കു (അഭയാര്‍ത്ഥം) ഓടിചെല്ലുവിന്‍. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
  • فَفِرُّوا ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക (അഭയം തേടുക) إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു إِنِّي لَكُم നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു مِّنْهُ അവങ്കൽ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ താക്കീതുകാരനാണ്

51:51

  • وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴾٥١﴿
  • അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
  • وَلَا تَجْعَلُوا നിങ്ങള്‍ ആക്കരുതു, ഏര്‍പ്പെടുത്തരുതു مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ إِنِّي لَكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു مِّنْهُ അവങ്കല്‍ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ തക്കീതുകാരനാണ്

‘കരം’ അഥവാ ‘കൈ’ എന്നര്‍ത്ഥമായ يد എന്ന പദത്തിന്റെ ബഹുവചനമാണ് ايدى എന്ന വാക്ക്. ‘ശക്തി, ഊക്ക് മുതലായ അര്‍ത്ഥങ്ങളിലും അതു ഉപയോഗിക്കാറുണ്ട്. വളരെ ശക്തിയോടും, നൈപുണ്യത്തോടും കൂടി അതിഭീമമായ ആകാശങ്ങളെ സ്ഥാപിച്ചതും, വളരെ സൗകര്യത്തോടെ വിഹരിക്കത്തക്കവണ്ണം ഭൂമിയെ പരത്തി വിതാനിച്ചതും, അവയിലെ വസ്തുക്കളെയെല്ലാം ഇണകളും തുണകളുമാക്കി സൃഷ്ടിച്ചതും ഓര്‍മിപ്പിച്ചുകൊണ്ട് അവയുടെയെല്ലാം സ്രഷ്ടാവും കര്‍ത്താവുമായ അല്ലാഹുവിങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങി അഭയം പ്രാപിക്കുവാനും, അവനെമാത്രം ആരാധ്യനായി സ്വീകരിക്കുവാനും അല്ലാഹു ആഹ്വാനം ചെയ്യുകയാണ്. ഈ ദൗത്യം നിര്‍വ്വഹിക്കുവാനും, അതിനെ ധിക്കരിക്കുന്നവര്‍ക്കു നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുക്കളെപ്പറ്റി മുന്നറിയിപ്പു നല്‍കുവാനും വേണ്ടി അവൻ നിയോഗിച്ചയച്ച താക്കീതുകാരനാണ് – റസൂലാണ് – നബി (عليه السلام) തിരുമേനി എന്നു ആവര്‍ത്തിച്ചുണര്‍ത്തുകയും ചെയ്യുന്നു.

അല്ലാഹു ഏകനാണ്, അവനു ഇണയില്ല, തുണയില്ല, അവനെപ്പോലെ മറ്റൊന്നും ഇല്ല. സൃഷ്ടികളാകട്ടെ, എല്ലാം ഇണയും തുണയുമായിട്ടാണുള്ളത്. നോക്കുക: സൂര്യനും ചന്ദ്രനും, രാവും പകലും, നല്ലതും ചീത്തയും, ആകാശവും ഭൂമിയും, ചെറുതും വലുതും, ആണും പെണ്ണും, കാടനും നാടനും, കരയും കടലും, ജീവിതവും മരണവും, ഇഹവും പരവും…. ഇങ്ങനെ ഒന്നിനൊന്നു ഇണയും, ഒന്നിനൊന്നു തുണയും ഇല്ലാത്തതില്ല. നിശ്ചയമായും ഉറ്റാലോചിക്കുന്നവര്‍ക്കു ഇതിലെല്ലാം വളരെ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. നിശ്ചയം.

51:52

  • كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ ﴾٥٢﴿
  • അപ്രകാരം (തന്നെ) ഇവരുടെ മുമ്പുള്ളവര്‍ക്കു ഒരു റസൂലും തന്നെ വരികയുണ്ടായില്ല ‘(ഇവന്‍) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഭ്രാന്തനാണ്’ എന്നു അവര്‍ പറയാതെ!
  • كَذَٰلِكَ അതുപോലെ, അപ്രകാരം مَا أَتَى ചെന്നിട്ടില്ല الَّذِينَ مِن قَبْلِهِم അവരുടെ മുമ്പുള്ളവര്‍ക്കു مِّن رَّسُولٍ ഒരു റസൂലും إِلَّا قَالُوا അവർ പറയാതെ سَاحِرٌ ജാലവിദ്യക്കാരനാണു أَوْ مَجْنُونٌ അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)

51:53

  • أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴾٥٣﴿
  • ഇതിനെപ്പറ്റി അവർ അന്യോന്യം ഒസ്യത്ത് (അഥവാ സദുപദേശം) ചെയ്തിരിക്കുകയാണോ?! (ഇല്ല) എങ്കിലും അവര്‍ അതിക്രമികളായ ജനങ്ങളാകുന്നു.
  • أَتَوَاصَوْا അവരന്യോന്യം ഒസ്യത്ത് (ഉപദേശം, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നുവോ بِهِ ഇതിനെപ്പറ്റി بَلْ هُمْ എങ്കിലും അവർ قَوْمٌ ഒരു ജനതയാണ്, ജനങ്ങളാണ് طَاغُونَ അതിക്രമികളായ, ധിക്കാരികളായ

51:54

  • فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ ﴾٥٤﴿
  • ആകയാല്‍, നീ അവരില്‍നിന്നു (തിരിഞ്ഞു) മാറിക്കൊള്ളുക. എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ല.
  • فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുപോരുക, വിട്ടുമാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ടു فَمَا أَنتَ എന്നാല്‍ നീ അല്ല بِمَلُومٍ ആക്ഷേപിക്കപ്പെട്ടവൻ

51:55

  • وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ ﴾٥٥﴿
  • (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുകയും ചെയ്യുക. നിശ്ചയമായും ഓര്‍മിപ്പിക്കൽ [ഉപദേശം] സത്യവിശ്വാസികള്‍ക്കു ഫലം ചെയ്യും.
  • وَذَكِّرْ ഓര്‍മ്മിപ്പിക്കുക (ഉപദേശിക്കുക)യും ചെയ്യുക فَإِنَّ الذِّكْرَىٰ നിശ്ചയമായും ഓര്‍മ്മിപ്പിക്കല്‍, ഉപദേശം تَنفَعُ ഉപകരിക്കും, ഫലം ചെയ്യും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

സാരം: മേല്‍ ചൂണ്ടിക്കാട്ടിയ സമുദായങ്ങളെല്ലാം അവരവര്‍ക്കു വന്നിരുന്ന റസൂലുകളെ നിഷേധിക്കാതെയും, അവര്‍ ജാലവിദ്യക്കാരാണെന്നും ഭ്രാന്തന്മാരാണെന്നും പറയാതെയും വിട്ടിട്ടില്ല. അതുപോലെ ഈ അവിശ്വാസികളും പറയുന്നുവെന്നേയുള്ളൂ. ഇവരുടെ ഐകരൂപ്യം കണ്ടാല്‍, ഓരോ സമുദായവും തങ്ങളുടെ പിന്‍ഗാമികള്‍ക്കു അങ്ങിനെ ചെയ്‌വാൻ ഒസ്യത്തും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നുതോന്നും. പക്ഷേ, അതൊന്നുമില്ല. എല്ലാവരും ധിക്കാരികളും അതിക്രമികളുമാണെന്നു മാത്രം. അതുകൊണ്ടാണവർ ഉപദേശം ചെവിക്കൊള്ളാത്തത്. ആകയാല്‍ നീ അവരുടെ കാര്യത്തില്‍ മനസ്സുമുട്ടി വിഷമിക്കേണ്ടതില്ല. അവരെ വിട്ടുമാറി നിന്നുകൊള്ളുക. എന്നാലും ഉപദേശം തുടര്‍ന്നു ചെയ്തുകൊണ്ടിരിക്കണം. അവര്‍ക്കതു ഫലം ചെയ്തില്ലെങ്കിലും സത്യവിശ്വാസം സ്വീകരിച്ചവര്‍ക്കും, സ്വീകരിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്കും ഫലം ചെയ്യുന്നതാണ്.

51:56

  • وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ﴾٥٦﴿
  • ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
  • وَمَا خَلَقْتُ ഞാന്‍ സൃഷ്ടിച്ചിട്ടില്ല الْجِنَّ ജിന്നിനെ (ഭൂതവര്‍ഗ്ഗത്തെ) وَالْإِنسَ ഇന്‍സിനെ (മനുഷ്യ വര്‍ഗ്ഗത്തെ)യും إِلَّا لِيَعْبُدُونِ അവരെന്നെ ആരാധിക്കുവാനല്ലാതെ

51:57

  • مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ ﴾٥٧﴿
  • അവരില്‍നിന്നു യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്കു ഭക്ഷണം നല്‍കുവാനും ഞാൻ ഉദ്ദേശിക്കുന്നില്ല.
  • مَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല مِنْهُم അവരില്‍നിന്നു مِّن رِّزْقٍ ഒരു ഉപജീവനവും, ആഹാരവും وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല أَن يُطْعِمُونِ അവരെനിക്കു ഭക്ഷണം നല്‍കുവാൻ

51:58

  • إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ ﴾٥٨﴿
  • നിശ്ചയമായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവൻ, ശക്തിയുള്ളവൻ, ബലവത്തായുള്ളവന്‍.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവന്‍ തന്നെ الرَّزَّاقُ ഉപജീവനം (ആഹാരം) നല്‍കുന്നവൻ ذُو الْقُوَّةِ ശക്തിയുള്ളവൻ الْمَتِينُ ബലപ്പെട്ടവന്‍, ബലവത്തായവൻ

ഈ ലോകത്തു അല്ലാഹു കണക്കറ്റ വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ജീവവസ്തുക്കളും അല്ലാത്തവയും ഉള്‍പ്പെടുന്നു. ഓരോന്നിന്റെ അസ്തിത്വത്തിനും, നിലനില്‍പ്പിനും ആവശ്യമായ ചില പ്രകൃതിനിയമങ്ങളും അവന്‍തന്നെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ജീവവര്‍ഗ്ഗങ്ങളിൽ ബുദ്ധിജീവികളായ രണ്ട് വര്‍ഗ്ഗമാണ് ‘ജിന്ന്‍’ എന്ന ഭൂതവര്‍ഗ്ഗവും, ‘ഇന്‍സ്’എന്ന മനുഷ്യവര്‍ഗ്ഗവും. അവരും അവരുടെതായ ചില പ്രകൃതിനിയമങ്ങള്‍ക്കു വിധേയർ തന്നെ. ആ നിയമങ്ങളെ അതിലംഘിക്കുവാൻ അവര്‍ക്കും സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിശേഷബുദ്ധി (العقل)യും, വേണ്ടതു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യം (الاختيار) വും അവരുടെ സവിശേഷതയാണ്. ബുദ്ധിയുടെ പോരായ്മയും, സ്വാതന്ത്ര്യത്തില്‍വരുന്ന പാകപ്പിഴവുകളും പരിഹരിക്കുന്നതിനായി, നന്മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും, തിന്മയുടെ മാര്‍ഗ്ഗം ഇന്നതാണെന്നും പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു അല്ലാഹു വിവരിച്ചുകൊടുത്തിട്ടുമുണ്ട്. ഇക്കാരണത്താല്‍, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് ഇതരജീവികളെപ്പോലെതന്നെ വിധേയരാകുവാൻ നിര്‍ബന്ധിതരാണെന്നുള്ളതിനുപുറമെ, പ്രവാചകന്മാര്‍ മുഖേനയുള്ള നിയമനിര്‍ദ്ദേശങ്ങള്‍ക്കുകൂടി വിധേയരാകുവാൻ ജിന്നും മനുഷ്യനും ബാധ്യസ്ഥരായിത്തീരുന്നു.

മനുഷ്യനും ജിന്നും ഇതരജീവികള്‍ക്കില്ലാത്ത പ്രകൃതി സ്വഭാവത്തോടുകൂടിയവരാകകൊണ്ട് അവയില്‍ നിന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഒരു ലക്ഷ്യം ആ രണ്ടുകൂട്ടരുടേയും സൃഷ്ടിപ്പില്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കണമല്ലോ. ആ ലക്ഷ്യമാണ്‌ 56-ാം വചനത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത്. അതെ ജിന്നിനെയും ഇന്‍സിനെയും അവൻ സൃഷ്ടിച്ചിരിക്കുന്നത് അവർ അവനു ആരാധന (ഇബാദത്തു) ചെയ്‌വാൻ വേണ്ടിയല്ലാതെ മറ്റൊന്നുമല്ല. ഇതല്ലാതെ, അവരില്‍നിന്നു ആഹാരമോ മറ്റു വല്ല കാര്യമോ അവന്‍ ഉദ്ദേശിക്കുന്നില്ല, അതിനു അവനു ആവശ്യവുമില്ല എന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ എടുത്തുപറയുകയും ചെയ്തിരിക്കുന്നു. സൂറത്തു ഇബ്രാഹീം 8ല്‍ അല്ലാഹു പറയുന്നു:

 إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّـهَ لَغَنِيٌّ حَمِيدٌ – ابراهيم

(നിങ്ങളും ഭൂമിയിലുള്ളവര്‍ മുഴുവനും അവിശ്വസിക്കുന്നതായാലും നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനും തന്നെയാകുന്നു.)

‘ഇബാദത്ത്’ (العبادة) എന്നാൽ അങ്ങേഅറ്റം താഴ്മയും ഭക്തിയും പ്രകടമാക്കുക (اظهار غاية التذلل والخشوع) എന്നത്രെ. ഈ അര്‍ത്ഥം ഉദ്ദേശിച്ചാണു നാം-മുസ്‌ലിംകള്‍- ‘ഇബാദത്തു’ എന്ന അറബിവാക്കും ‘ആരാധന’ എന്ന മലയാളവാക്കും സാധാരണ ഉപയോഗിച്ചു വരുന്നതും. ഖുര്‍ആന്റെ പ്രത്യേക നിഘണ്ടുവായ ‘അല്‍മുഫ്റദാത്തി’ല്‍ ഇമാംറാഗിബ് (റ) പ്രസ്താവിച്ചിട്ടുള്ള ചിലവരികള്‍ ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു: العبودية (അതേ ധാതുവിന്റെ മറ്റൊരു രൂപമായ ‘ഉബൂദിയത്ത്’) എന്നാല്‍ താഴ്മ പ്രകടമാക്കുക (اظهار التذلل) എന്നാണ്. അതിനെക്കാള്‍ അര്‍ത്ഥവത്തായതാണ് العبادة (‘ഇബാദത്തു’ എന്ന രൂപം). കാരണം, അതു അങ്ങേഅറ്റത്തെ താഴ്മ പ്രകടിപ്പിക്കല്‍ (غاية التذلل) ആകുന്നു.അങ്ങേഅറ്റത്തെ അനുഗ്രഹങ്ങള്‍ ചെയ്യുന്ന ആളേ അതിനു അവകാശപ്പെടുകയുമുള്ളു. ഇതാകട്ടെ, അല്ലാഹുവാണുതാനും. അതുകൊണ്ടാണ് അവനല്ലാതെ ഇബാദത്തു ചെയ്യരുതെന്നു പറഞ്ഞിരിക്കുന്നത്. ഇബാദത്തു രണ്ടുതരം ഉണ്ട്. ഒന്നു: കീഴ്പ്പെടുത്തല്‍ (പ്രകൃതി നിയമങ്ങള്‍ക്കു വിധേയമായിരിക്കൽ)മുഖേനയുള്ള ഇബാദത്ത് (عبادة بالتسخير) ഇതിനെപ്പറ്റി ‘സുജൂദി’ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിരിക്കുന്നു. (ഈ ഇബാദത്തു മനുഷ്യര്‍ക്കു മാത്രമുള്ളതല്ല, എല്ലാ ജീവികള്‍ക്കും, നിര്‍ജ്ജീവ വസ്തുക്കള്‍ക്കും പൊതുവെ ഉള്ളതാണ് എന്നാണ് അവിടെ താന്‍ പ്രസ്താവിച്ചിരിക്കുന്നത്.) മറ്റൊന്നു: സ്വേച്ഛപ്രകാരം ഉണ്ടാകുന്ന ഇബാദത്ത് (عبادة بالاختيار) ഇതു ബുദ്ധിജീവികളാരോ അവര്‍ക്കുള്ളതാണ്‌. ‘നിങ്ങളുടെ റബ്ബിനു ഇബാദത്തു ചെയ്യുവിന്‍’ എന്നും, ‘അല്ലാഹുവിനു ഇബാദത്തു ചെയ്യണം’ എന്നും (اعْبُدُوا رَبَّكُمُ ، وَاعْبُدُوا اللَّهَ) മറ്റുമുള്ള വാക്യങ്ങളില്‍ ഈ ഇബാദത്തിനാണ് കല്പിച്ചിരിക്കുന്നത്. (المفردات)

ഈ ഉദ്ദരണിയുടെ വെളിച്ചത്തിൽ ചില സംഗതികൾ നമുക്കു ഇവിടെ മനസ്സിലാക്കാം:

(1) ഉബൂദിയത്തും (العبودية) ഇബാദത്തും (العبادة) ഒന്നല്ല. രണ്ടും രണ്ടാണ്.

(2) ഇബാദത്തില്‍ രണ്ടു വിഭാഗമുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കു വിധേയമായിരിക്കുക എന്ന അര്‍ത്ഥത്തിലുള്ളതും, എല്ലാ സൃഷ്ടികളും പൊതുവില്‍ സ്വയം അംഗീകരിക്കുവാൻ നിര്‍ബ്ബന്ധമായിട്ടുള്ളതുമാണ് ഒന്ന്.

(3) ബുദ്ധിജീവികളില്‍നിന്നു അവരുടെ ഇച്ഛപ്രകാരം ഉണ്ടായിത്തീരേണ്ടുന്നതും, അങ്ങേഅറ്റം താഴ്മയും ഭക്തിയും പ്രകടിപ്പിക്കുന്ന തരത്തിലുള്ളതുമാണ് മറ്റൊന്ന്.

(4) ‘ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണപൂര്‍വ്വമോ നിര്‍ബ്ബന്ധപൂര്‍വ്വമോ അല്ലാഹുവിനു സാഷ്ടാംഗ നമസ്കാരം ചെയ്യുന്നു’

وَلِلَّـهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُم بِالْغُدُوِّ وَالْآصَالِ – الرعد : ١٥

എന്ന ഖുര്‍ആൻ വാക്യം ആദ്യം പറഞ്ഞ (കീഴ്പെടുത്തല്‍ കൊണ്ടുള്ള) ഇബാദത്താണ്‌ ചൂണ്ടിക്കാട്ടുന്നത്.

(5) ഈ സൂറത്തിലെ 56-ാം വചനത്തിലും അല്ലാഹുവിനു ഇബാദത്തു ചെയ്‌വാൻ കല്‍പിക്കുന്ന മറ്റു വചനങ്ങളിലും ഉദ്ദേശിക്കപ്പെടുന്ന ഇബാദത്തു രണ്ടാമതു പറഞ്ഞ (ഇച്ഛയനുസരിച്ചു ചെയ്യുന്ന) ഇബാദത്തുമാകുന്നു.

‘ഉബൂദിയത്തി’നു ‘അടിമത്തം’ എന്നും, ആദ്യത്തെ വിഭാഗം ‘ഇബാദത്തി’നു ‘കീഴ്പെടുക’ എന്നും, രണ്ടാമത്തെ വിഭാഗം ‘ഇബാദത്തി’നു ‘ആരാധന’ എന്നുമാണ് വിവര്‍ത്തനം നല്‍കപ്പെടാറുള്ളതും, പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും. എന്നാല്‍, ആരാധനയാകുന്ന ഇബാദത്തിനും ചിലര്‍, ‘അടിമത്ത്വം, കീഴ്പെടൽ, അനുസരിക്കല്‍, എന്നൊക്കെ അര്‍ത്ഥം നല്‍കികാണാറുണ്ട്. ഭാഷാപരമായി മാത്രം നോക്കുമ്പോള്‍ ഇതു തെറ്റാണെന്നു സ്ഥാപിക്കുവാന്‍ പ്രയാസമുണ്ടെങ്കിലും, അതു ഖുര്‍ആന്റെയും ഇസ്‌ലാമിക പ്രമാണങ്ങളുടെയും താല്പര്യങ്ങള്‍ക്കു നിരക്കാത്തതാണെന്നുള്ളതിൽ സംശയമില്ല. ഈ വസ്തുത മനസ്സിരുത്താതെയോ അറിയാതെയോ ആണ് പലരും ഇങ്ങിനെയുള്ള അര്‍ത്ഥങ്ങൾ ഇബാദത്തിനു കല്‍പിക്കാറുള്ളതെങ്കിലും മറ്റു ചിലർ തങ്ങളുടെ ആശയപരമായ താല്‍പര്യങ്ങൾ സാധിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലക്കായിരിക്കും അതു സ്വീകരിക്കുന്നത്. (ഇബാദത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചു സൂ: ഫാത്തിഹയുടെ വ്യാഖ്യാനത്തിലും മറ്റും നാം വിശദമായി വിവരിച്ചിട്ടുണ്ട്.

ആരാധനയാകുന്ന ഇബാദത്തു അല്ലാഹുവിനു മാത്രമേ പാടുള്ളു. ഇതാണ് ഖുര്‍ആൻ അടിക്കടി പ്രതിപാദിച്ചുകൊണ്ടിരിക്കുന്ന തൗഹീദു, അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും, അവനെക്കുറിച്ചുള്ള അറിവും, അവനോടുള്ള ഭക്തിയും കൂടാതെ ഇബാദത്തു സാക്ഷാല്‍കരിക്കപ്പെടുന്നതുമല്ല. അതുകൊണ്ടാണ് 56-ാം വചനത്തില്‍ لِيَعْبُدُونِ (അവര്‍ എന്നെ ആരാധിക്കുവാന്‍വേണ്ടി) എന്ന വാക്കിനു ചില മുഫസ്സിറുകള്‍ ليعرفون (എന്നെ അറിയുവാന്‍ വേണ്ടി) എന്നും വേറെ ചിലര്‍ ليوحدونى (എന്നെ മാത്രം ആരാധിക്കുവാൻ) എന്നും, മറ്റു ചിലര്‍ ليخضعوالى (എനിക്കു താഴ്മ ചെയ്‌വാന്‍) എന്നുമൊക്കെ വ്യാഖ്യാനം കൊടുത്തു കാണുന്നതു ഇതൊന്നും ഇബാദത്തിന്റെ അര്‍ത്ഥത്തിലുള്ള അഭിപ്രായവ്യത്യാസമോ ഭിന്നിപ്പോ അല്ല മേൽ വിവരിച്ച രണ്ടുതരം ഇബാദത്തും ഉള്‍ക്കൊള്ളുന്നതാണ് ആ വാക്കു എന്നു ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുമെങ്കിലും അതിനു ന്യായീകരണം കാണുന്നില്ല. കാരണം, ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതു എന്തിനു വേണ്ടിയാണെന്നാണല്ലോ ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. മറ്റു വസ്തുക്കളെപ്പറ്റി ഇവിടെ പറയാത്ത സ്ഥിതിക്കു അവരെ രണ്ടു കൂട്ടരെയും സൃഷ്ടിച്ചതില്‍ അടങ്ങിയ പ്രത്യേക ഉദ്ദേശ്യം എന്താണെന്നു മാത്രം വിവരിക്കേണ്ട സന്ദര്‍ഭമാണിത്. അതാകട്ടെ, ആരാധനയുമാകുന്നു.

51:59

  • فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ ﴾٥٩﴿
  • എന്നാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും തങ്ങളുടെ കൂട്ടാളികളുടെ വിഹിതം പോലെയുള്ള വിഹിതം ഉണ്ട്. അതിനാല്‍, എന്നോടവര്‍ ധൃതികൂട്ടാതിരിക്കട്ടെ!
  • فَإِنَّ لِلَّذِينَ എന്നാല്‍ നിശ്ചയമായും യാതൊരു കൂട്ടര്‍ക്കുണ്ടു ظَلَمُوا അക്രമം ചെയ്ത ذَنُوبًا വെള്ളപ്പാത്രം, കൊട്ടക്കോരി (പങ്കു, വിഹിതം) مِّثْلَ ذَنُوبِ വെള്ളപ്പാത്രം (വിഹിതം) പോലെ أَصْحَابِهِمْ അവരുടെ ആള്‍ക്കാരുടെ (കൂട്ടാളികളുടെ) فَلَا يَسْتَعْجِلُونِ അതിനാല്‍ അവർ എന്നോടു ധൃതി കൂട്ടാതിരിക്കട്ടെ

51:60

  • فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ ﴾٦٠﴿
  • അപ്പോള്‍, അവിശ്വസിച്ചവര്‍ക്കു തങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു)ചെയ്യപ്പെടുന്ന (ആ) ദിവസം നിമിത്തം നാശം!
  • فَوَيْلٌ അപ്പോള്‍ നാശം, കഷ്ടം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن يَوْمِهِمُ അവരുടെ ദിവസം നിമിത്തം, ദിവസത്താല്‍ الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതായ

ഇവരുടെ മുമ്പ് ഇവരെപ്പോലെ അക്രമികളായിരുന്ന പല ജനതയെക്കുറിച്ചും, അവര്‍ക്കു ബാധിച്ചതും ബാധിക്കുവാനിരിക്കുന്നതുമായ ശിക്ഷകളെക്കുറിച്ചും മുമ്പു പ്രസ്താവിച്ചുവല്ലോ. അവര്‍ക്കു ലഭിച്ച ശിക്ഷയിൽ ഒട്ടും കുറയാത്ത പങ്കു ഈ അക്രമികള്‍ക്കും ലഭിക്കാതിരിക്കുകയില്ല. അതിനു ധൃതികൂട്ടി പരിഹസിക്കുന്നതു അവര്‍ക്കു അത്രനന്നല്ല. അവരോടു വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിവസം -ഖിയാമാത്തുനാൾ- വരുമ്പോഴായിരിക്കും അവിശ്വാസികളുടെ ഏറ്റവും വമ്പിച്ച നാശം എന്നു സാരം.

വലിയ വെള്ളപ്പാത്രം (ബക്കറ്റ്) എന്നാണ് ذَنُوب എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം. കിണറുകളിൽ വെള്ളം കുറയുമ്പോൾ അറബികൾ പ്രസ്തുത പാത്രങ്ങള്‍കൊണ്ടു ഓരോരുത്തര്‍ക്ക് ഇത്രപാത്രം എന്നു വിഹിതം ചെയ്യാറുണ്ടായിരുന്നു. ക്രമേണ ആ വാക്കിനു വിഹിതം, അല്ലെങ്കില്‍ ഓഹരി എന്നു അര്‍ത്ഥം കല്‍പിക്കപ്പെട്ടുവന്നു.

اللهم لك الحمد ولك المنة والفضل

വെളിച്ചം റമദാൻ 2022 – റമദാൻ 02

സൂറത്തു ദ്ദാരിയാത്ത് : 24-46



  • റമദാന്‍ 2 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 2 – ആയത്ത് 24 മുതല്‍ 46 വരെ
    • വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍



വിഭാഗം – 2

51:24

  • هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴾٢٤﴿
  • ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വര്‍ത്തമാനം നിനക്കു വന്നിട്ടുണ്ടോ?-
  • هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം, വിഷയം, വൃത്താന്തം ضَيْفِ إِبْرَاهِيمَ ഇബ്രാഹീമിന്റെ അതിഥികളുടെ الْمُكْرَمِينَ ആദരിക്കപ്പെട്ടതായ (മാന്യരായ)

51:25

  • إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ قَوْمٌ مُّنكَرُونَ ﴾٢٥﴿
  • അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ ‘സലാം’ എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘സലാം; അപരിചിതരായ ആളുകള്‍!’
  • إِذْ دَخَلُوا അതായതു അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا സലാം എന്നു قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം قَوْمٌ ഒരു ജനത (ആളുകള്‍) مُّنكَرُونَ അറിയപ്പെടാത്ത, അപരിചിതരായ

ഇബ്രാഹീം (عليه السلام) നബിയുടെ അതിഥികളുടെ സംഭവം ഇവിടെയും, സൂ: ഹിജ്റി (الحجر) ലും അല്ലാഹു സംക്ഷിപ്തമായിട്ടാണ് വിവരിച്ചിരിക്കുന്നത്. സൂ: ഹൂദില്‍, സംഭവം കുറെ കൂടി വിശദമായി വിവരിച്ചിരിക്കുന്നു. അതിഥികള്‍ മലക്കുകളായിരുന്നു. മനുഷ്യരൂപത്തിലായിരുന്നു അവര്‍ വന്നത്. വരവിന്റെ ഉദ്ദേശ്യം അടുത്ത വചനങ്ങളില്‍ കാണാം. ഇസ്‌ലാമിലെ ഉപചാരവാക്യമായ സലാമോടുകൂടിയാണ് അവര്‍ വീട്ടില്‍ പ്രവേശിച്ചത്. ഇബ്രാഹീം നബി (عليه السلام) സലാം മടക്കി. ആഗതര്‍ ആരാണെന്നും, വരവിന്റെ ഉദ്ദേശ്യമെന്താണെന്നും വ്യക്തമാകുന്നതിനു മുമ്പുതന്നെ, അതിഥി സല്‍ക്കാരത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം അവരെ സല്‍ക്കരിക്കുവാനുള്ള ഏര്‍പ്പാടിനെപ്പറ്റിയാണ്‌ ശ്രദ്ധ പതിച്ചത്.

51:26

  • فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ﴾٢٦﴿
  • ഉടനെ, അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്കു പതുങ്ങിച്ചെന്നു. എന്നിട്ടു (തടിച്ചു) കൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
  • فَرَاغَ അപ്പോള്‍ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തില്‍ തിരിഞ്ഞു, സൂത്രത്തില്‍ ചെന്നു إِلَىٰ أَهْلِهِ തന്റെ വീട്ടുകാരിലേക്കു فَجَاءَ എന്നിട്ടദ്ദേഹം വന്നു بِعِجْلٍ ഒരു പശുക്കുട്ടിയുമായി, മൂരിക്കുട്ടനെക്കൊണ്ടു سَمِينٍ കൊഴുത്ത, തടിച്ച

51:27

  • فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴾٢٧﴿
  • അങ്ങനെ, അതു അവരുടെ അടുക്കലേക്കു അടുപ്പിച്ചു [കൊണ്ടുവന്നു]വെച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തിന്നുകയല്ലേ?!’
  • فَقَرَّبَهُ എന്നിട്ടു അതിനെ അണപ്പിച്ചു (അടുത്തു കൊണ്ടുചെന്നു) إِلَيْهِمْ അവരിലേക്കു قَالَ അദ്ദേഹം പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നുകൂടേ

അതിഥികളെ മാന്യമായ നിലയില്‍ സ്വീകരിച്ചിരുത്തേണ്ട താമസം, പതുക്കെ ഉപായത്തില്‍ വീട്ടുകാരുടെ അടുക്കല്‍ചെന്നു സദ്യവട്ടം തയ്യാറാക്കുവാന്‍ ഏര്‍പ്പാടുചെയ്തു. ആ കാലത്തും, ആ പ്രദേശത്തും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്ന ഒന്നാണ് പശുക്കുട്ടി –അഥവാ മൂരിക്കുട്ടന്‍, ക്ഷണനേരം കൊണ്ടു തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ പാകം ചെയ്തു തയ്യാറാക്കി. ഭക്ഷണം ഒരിടത്തു വെച്ചു അതിഥികളെ അങ്ങോട്ടു വിളിച്ചു ബുദ്ധിമുട്ടിക്കാതെ അവര്‍ ഇരിക്കുന്നിടത്തേക്കു അങ്ങോട്ടു കൊണ്ടുചെന്നു. ‘ഇതു കഴിച്ചേക്കണം’എന്നോ മറ്റോ നിര്‍ബന്ധിച്ചുപറയാതെ, ‘തിന്നുകയല്ലേ’ എന്നു പറഞ്ഞുകൊണ്ട് സാദരം അവരെ ഭക്ഷിക്കുവാന്‍ ക്ഷണിച്ചു. പക്ഷെ സൂ: ഹൂദ് ‌70ല്‍ കാണാവുന്നതുപോലെ, അതിഥികള്‍ ഭക്ഷണം കഴിക്കുവാന്‍ കൈ നീട്ടുന്നില്ല. അപ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു സംശയവും ഭയവും തോന്നി. ഈ അവസരത്തില്‍, അതിഥികള്‍ തങ്ങളെപ്പറ്റി അദ്ദേഹത്തിനു പരിചയപ്പെടുത്തി. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാരാണെന്നും, തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഇന്നതാണെന്നും അറിയിച്ചു. ഇതിനെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്.

അതിഥികളെ സ്വീകരിക്കുന്നതിലും, അവരോടു പെരുമാറുന്നതിലും, അവരെ സല്‍ക്കരിക്കുന്നതിലും കൈക്കൊള്ളേണ്ടുന്ന പല മര്യാദകള്‍ക്കും ഇബ്രാഹീം (عليه السلام) നബിയുടെ ഈ പെരുമാറ്റത്തില്‍ നമുക്കു മാതൃകയുണ്ട്. അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ, മറഞ്ഞകാര്യം പ്രവാചകന്മാര്‍ക്കുപോലും അറിയുകയില്ലെന്നുള്ളതിനു വ്യക്തമായ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. മലക്കുകള്‍ വ്യക്തമാക്കുന്നതിനു മുമ്പ് അദ്ദേഹം അവരെ അറിഞ്ഞില്ലല്ലോ.

51:28

  • فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍ ﴾٢٨﴿
  • അപ്പോള്‍, അവരെക്കുറിച്ചു അദ്ദേഹത്തിന് (മനസ്സില്‍ ) പേടിതോന്നി. അവര്‍ പറഞ്ഞു; ‘പേടിക്കേണ്ട!’ അദ്ദേഹത്തിനു ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
  • فَأَوْجَسَ അപ്പോള്‍, അദ്ദേഹം ഒളിച്ചുവെച്ചു (മനസ്സില്‍തോന്നി) مِنْهُمْ അവരെക്കുറിച്ചു خِيفَةً പേടി, ഒരു ഭയം قَالُو അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَبَشَّرُوهُ അവര്‍ അദ്ദേഹത്തിനു സന്തോഷമറിയിക്കയും ചെയ്തു بِغُلَامٍ ഒരു ചെറുക്കനെ (ആണ്‍കുട്ടിയെ)പ്പറ്റി عَلِيمٍ ജ്ഞാനിയായ, അറിവാളനായ

തങ്ങള്‍ മലക്കുകളാണെന്നും, അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്നും മനസ്സിലാക്കിയശേഷം, താങ്കള്‍ക്കു ഒരു ജ്ഞാനിയായ ആണ്‍കുട്ടി ജനിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയുംകൊണ്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളതെന്നും അവര്‍ അറിയിച്ചു. വീട്ടുനായകനും അതിഥികളും തമ്മില്‍ നടക്കുന്ന സംഭാഷണം കേട്ടുകൊണ്ടിരുന്ന വീട്ടുനായിക- ഇബ്രാഹീം (عليه السلام) നബിയുടെ പത്നിയായ സാറാ (അ)- ഇതുകേട്ടു ആശ്ചര്യപ്പെട്ടു.

51:29

  • فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ ﴾٢٩﴿
  • അപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ(ഉച്ചത്തില്‍) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവള്‍ അവളുടെ മുഖത്തടിച്ചു; (ഇങ്ങിനെ) പറയുകയും ചെയ്തു: ‘വന്ധ്യയായ ഒരു കിഴവി! [എനി ഞാന്‍ പ്രസവിക്കുകയോ?!]
  • فَأَقْبَلَتِ അപ്പോള്‍ മുമ്പോട്ടുവന്നു امْرَأَتُهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) فِي صَرَّةٍ ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ) فَصَكَّتْ എന്നിട്ടവള്‍ അടിച്ചു, തല്ലി وَجْهَهَا അവളുടെ മുഖത്തു وَقَالَتْ പറയുകയും ചെയ്തു عَجُوزٌ ഒരു കിഴവി, വൃദ്ധ عَقِيمٌ വന്ധ്യയായ, മച്ചിയായ

51:30

  • قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ ﴾٣٠﴿
  • അവര്‍ പറഞ്ഞു : ‘അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്, നിശ്ചയമായും, സര്‍വ്വജ്ഞനായ യുക്തിമാന്‍ അവന്‍ തന്നെ.’
  • قَالُوا അവര്‍ പറഞ്ഞു كَذَٰلِكِ അപ്രകാരം (തന്നെ) قَالَ رَبُّكِ നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍ الْعَلِيمُ സര്‍വ്വജ്ഞനായ

സൂ: ഹൂദില്‍ ഈ രംഗം വിവരിച്ചിരിക്കുന്നതു ഇങ്ങിനെയാണ്‌: ‘ അവള്‍ പറഞ്ഞു: കഷ്ടമേ! (ആശ്ചര്യം!) ഞാന്‍ പ്രസവിക്കുകയോ?! ഞാനൊരു കിഴവി. ഇതാ വൃദ്ധനായിക്കൊണ്ട് എന്റെ ഭര്‍ത്താവും. ഇതൊരു ആശ്ചര്യകരമായ വസ്തുത തന്നെ. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ കൽപനയെക്കുറിച്ചു നീ ആശ്ചര്യപ്പെടുകയോ?! അല്ലാഹുവിന്റെ കാരുണ്യവും, അവന്റെ ആശീര്‍വ്വാദങ്ങളും നിങ്ങളിലുണ്ട്. വീട്ടുകാരേ! നിശ്ചയമായും അവന്‍ സ്തുത്യര്‍ഹനും, മഹത്വമേറിയവനുമാകുന്നു.’ (ഹൂദ്‌: 72 , 73) ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പുത്രന്‍ ഇസ്ഹാഖ് (عليه السلام) നബിയാകുന്നു. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യഅ്ഖൂബ് (عليه السلام) നബിയെക്കുറിച്ചും ഇബ്രാഹീം (عليه السلام) നബിക്കു സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയുണ്ടായി. (ഹൂദ്‌:71.) ഇസ്മാഈല്‍ (عليه السلام) നബിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിനെപ്പറ്റി  സൂ: സ്വാഫ്-ഫാത്ത്; 101 ലും പ്രസ്താവിച്ചിരിക്കുന്നു. മലക്കുകളുടെ വരവില്‍ വേറെയും ലക്‌ഷ്യം ഉണ്ടായിരിക്കാമെന്നു ഇബ്രാഹീം (عليه السلام) നബിക്കുതോന്നിയിരിക്കണം.

ജുസ്ഉ് – 27

51:31

  • قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ ﴾٣١﴿
  • അദ്ദേഹം പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ (പ്രധാന) വിഷയം എന്താണ്, ഹേ, ദൂതന്‍മാരേ?’
  • قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ കാര്യം, പ്രധാനവിഷയം أَيُّهَا الْمُرْسَلُونَ ഹേ ദൂതന്മാരേ

51:32

  • قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ ﴾٣٢﴿
  • അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്കു അയക്കപ്പെട്ടിരിക്കുന്നു;-
  • قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا നിശ്ചയമായും ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്കു مُّجْرِمِينَ കുറ്റവാളി (തോന്നിയവാസി)കളായ

51:33

  • لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ ﴾٣٣﴿
  • ‘ഞങ്ങള്‍ അവരുടെമേല്‍ കളിമണ്ണു കൊണ്ടുള്ള കല്ലുകള്‍ വിടുവാന്‍വേണ്ടി;-
  • لِنُرْسِلَ ഞങ്ങള്‍അയക്കുവാന്‍ (വിടുവാന്‍) വേണ്ടി عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن طِينٍ കളിമണ്ണിനാലുള്ള

51:34

  • مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ ﴾٣٤﴿
  • അതിരുകവിഞ്ഞ ആളുകള്‍ക്കായി നിന്റെ റബ്ബിന്റെ അടുക്കല്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതായ (കല്ലുകള്‍).’
  • مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ട عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُسْرِفِينَ അതിരു വിട്ടവര്‍ക്കു

ലൂത്ത്വ് (عليه السلام) നബിയുടെ ജനതയാണ് ‘കുറ്റവാളികളായ ജനത’ (قَوْمٍۢ مُّجْرِمِينَ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം. ആ ജനതയേയും അവര്‍ക്ക് ബാധിച്ച ശിക്ഷയേയും കുറിച്ച് സൂ:ശുഅറാഉ് (160 -173) മുതലായ സ്ഥലങ്ങളില്‍ വിവരിച്ചിരിക്കുന്നു. പ്രസ്തുത ശിക്ഷയെക്കുറിച്ചു സൂ : ഹൂദിലെ വാചകം ഇപ്രകാരമാകുന്നു. ‘അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, അതിന്റെ – ആ രാജ്യത്തിന്റെ – മുകള്‍ഭാഗം നാം താഴ്ഭാഗമാക്കിക്കളഞ്ഞു. അട്ടിയായ ചൂളക്കല്ലുകളെ അതിന്റെമേല്‍ നാം വര്‍ഷിപ്പിക്കുകയും ചെയ്തു.’

(فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ – هود : ٨٢)

അവര്‍ക്കായി പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ഒരുതരം കല്ലുകളായിരുന്നു അവരില്‍  വര്‍ഷിച്ചതു – അഥവാ സാധാരണ കല്ലുകളായിരുന്നില്ല- എന്നാണ് 34-ാം വചനത്തില്‍നിന്നും, സൂ: ഹൂദ്‌ 83ല്‍ നിന്നും മനസ്സിലാകുന്നത്. الله اعلم

51:35

  • فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ ﴾٣٥﴿
  • അങ്ങനെ, അവിടത്തില്‍ സത്യവിശ്വാസികളില്‍ പെട്ടവരായി ഉണ്ടായിരുന്നവരെ (മുഴുവനും) നാം പുറത്താക്കി (രക്ഷപ്പെടുത്തി)
  • فَأَخْرَجْنَا എന്നിട്ടു നാം പുറത്താക്കി, വെളിയിലാക്കി مَن كَانَ ഉണ്ടായിരുന്നവരെ فِيهَا അതില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു

51:36

  • فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ ﴾٣٦﴿
  • എന്നാല്‍ ‘മുസ്‌ലിം’കളില്‍ നിന്നുമുള്ള ഒരു വീടല്ലാതെ അവിടത്തില്‍ നാം കണ്ടെത്തിയില്ല.
  • فَمَا وَجَدْنَا എന്നാല്‍ നാം കണ്ടെത്തിയില്ല فِيهَا അതില്‍ غَيْرَ بَيْتٍ ഒരു വീടല്ലാതെ مِّنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ നിന്നുള്ള

51:37

  • وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ ﴾٣٧﴿
  • വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു ഒരു ദൃഷ്ടാന്തം നാം അതില്‍ അവശേഷിപ്പിക്കുകയും ചെയ്തു.
  • وَتَرَكْنَا فِيهَا അതില്‍ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം, അടയാളം لِّلَّذِينَ يَخَافُونَ പേടിക്കുന്നവര്‍ക്കു الْعَذَابَ الْأَلِيمَ വേദനയേറിയ ശിക്ഷ

ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം കീഴ്മേലായി മറിഞ്ഞതും, അതിനു പ്രത്യക്ഷസാക്ഷ്യം വഹിച്ചുകൊണ്ട് ലൂത്ത്വ് കടലും (ചാവുകടല്‍) പരിസരങ്ങളും ഇന്നും നിലകൊള്ളുന്നതും അല്ലാഹുവിനെയും പരലോകശിക്ഷയെയും ഭയപ്പെടുന്നവര്‍ക്കു വമ്പിച്ച ഒരു ദൃഷ്ടാന്തമാണെന്നു പറയേണ്ടതില്ല. ഒരു ജനതക്കു പൊതുശിക്ഷ വരുമ്പോള്‍, ആ ജനതയിലുള്ള പ്രവാചകനെയും സത്യവിശ്വാസികളെയും രക്ഷിക്കുക അല്ലാഹുവിന്റെ പതിവാകുന്നു. പക്ഷെ, ആ രാജ്യത്തു സത്യവിശ്വാസികളുടെ വീടു ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു ലൂത്ത്വ് (عليه السلام) ന്റേതല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഒരു വൃദ്ധസ്ത്രീ പോലും അവിശ്വാസികളുടെ പക്ഷക്കാരിയായിരുന്നുവെന്നും, അവളും ശിക്ഷയില്‍ അകപ്പെട്ടുവെന്നും അല്ലാഹു (26:171 ലും മറ്റും) പ്രസ്താവിച്ചിരിക്കുന്നു.

ഈമാനും ഇസ്‌ലാമും (الإيمان والإسلام) ഒന്നുതന്നെയാണോ അല്ലേ എന്ന അഭിപ്രായ വ്യത്യാസത്തേയും, രണ്ടും തമ്മിലുള്ള വ്യത്യാസം മുതലായവയേയും സംബന്ധിച്ചു സൂ: ഹുജുറാത്തില്‍വെച്ചു നാം സംസാരിക്കുകയുണ്ടായല്ലോ. രണ്ടും ഒന്നുതന്നെയാണെന്ന വാദക്കാര്‍ 35, 36 എന്നീ വചനങ്ങള്‍ തങ്ങള്‍ക്കു തെളിവായി എടുത്തു കാണിക്കാറുണ്ട്. ലൂത്ത്വ് (عليه السلام) നബിയുടെ വീട്ടുകാരെപ്പറ്റിയാണല്ലോ മുഅ്മിനുകള്‍ (സത്യവിശ്വാസികള്‍) എന്നു 35-ാം വചനത്തിലും, മുസ്‌ലിംകള്‍ എന്നു 36–ാം വചനത്തിലും പ്രസ്താവിച്ചിരിക്കുന്നത്. ഇതാണവരുടെ ന്യായം. യഥാര്‍ത്ഥമായ ഈമാനുള്ളവരെല്ലാം മുസ്‌ലിംകളായിരിക്കുമെന്നു തീര്‍ച്ചയാണ്. പക്ഷെ, ഇസ്‌ലാമുള്ളവരെല്ലാം യഥാര്‍ത്ഥ ഈമാനുള്ളവരായിക്കൊള്ളണമെന്നില്ല. അവരില്‍ കപടന്മാരും ഉണ്ടാകാവുന്നതാണ്. ഈമാന്‍ ഹൃദയത്തിലുള്ള വിശ്വാസവും, ഇസ്‌ലാം ആ വിശ്വാസമനുസരിച്ചുള്ള പ്രവര്‍ത്തനവുമാകുന്നു. എന്നിരിക്കെ ഈ ന്യായം ശരിയല്ല. (കൂടുതല്‍ വിവരം ഹുജുറാത്ത് 14ലും, അതിന്റെ വിവരണത്തിലും നോക്കുക.)

51:38

  • وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍ مُّبِينٍ ﴾٣٨﴿
  • മൂസായിലുമുണ്ടു (ദൃഷ്ടാന്തം). അതായതു, സ്പഷ്ടമായ (അധികൃത) ലക്ഷ്യത്തോടുകൂടി നാം അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്കു അയച്ച സന്ദര്‍ഭം.
  • وَفِي مُوسَىٰ മൂസായിലുമുണ്ടു إِذْ أَرْسَلْنَاهُ അദ്ദേഹത്തെ നാം അയച്ച സന്ദര്‍ഭം إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു بِسُلْطَانٍ (അധികൃത)ലക്ഷ്യവുമായി, പ്രമാണത്തോടെ مُّبِينٍ സ്പഷ്ടമായ

51:39

  • فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌ ﴾٣٩﴿
  • എന്നിട്ടു അവന്‍ അവന്റെ (ശക്തി ) ഘടകവുമായി തിരിഞ്ഞുകളഞ്ഞു. അവന്‍ പറയുകയും ചെയ്തു: ‘(മൂസാ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഒരു ഭ്രാന്തനാണു എന്നു.
  • فَتَوَلَّىٰ എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി بِرُكْنِهِ അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി وَقَالَ പറയുകയും ചെയ്തു سَاحِرٌ ഒരു ജാലവിദ്യക്കാരന്‍ أَوْ مَجْنُونٌ അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)

51:40

  • فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ ﴾٤٠﴿
  • അതിനാല്‍, അവനെയും, അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു അവരെ സമുദ്രത്തില്‍ എറിഞ്ഞു. അവന്‍, ആക്ഷേപാര്‍ഹന്‍ (അഥവാ ആക്ഷേപകരമായതു പ്രവര്‍ത്തിച്ചവന്‍) ആയിരുന്നുതാനും.
  • فَأَخَذْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം പിടിച്ചു وَجُنُودَهُ അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും فَنَبَذْنَاهُمْ എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ وَهُوَ അവന്‍, അവനാകട്ടെ مُلِيمٌ ആക്ഷേപാര്‍ഹനാണു (താനും)

‘പാര്‍ശ്വം, ഭാഗം, പ്രധാനഭാഗം, ഘടകം, ശക്തി’എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ് ركن (റുക്ന്‍) എന്ന വാക്ക്. ഫിര്‍ഔന്‍ തന്റെ സൈന്യങ്ങള്‍  തുടങ്ങിയ ശക്തിപ്രഭാവത്തില്‍ അഹങ്കരിച്ചുകൊണ്ട് പിന്തിരിഞ്ഞു എന്നോ, അല്ലെങ്കില്‍ അവനും അവന്റെ ആള്‍ക്കാരും പിന്തിരിഞ്ഞു എന്നോ താല്‍പര്യം. എല്ലാവരേയും വഴിപിഴപ്പിച്ചതിലുള്ള കാരണക്കാരന്‍ അവനാകകൊണ്ടു ഏറ്റവും വലിയ ആക്ഷേപാര്‍ഹന്‍ അവനാണല്ലോ.

51:41

  • وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ ﴾٤١﴿
  • ‘ആദ്’ (ജനതയി) ലുമുണ്ടു (ദൃഷ്ടാന്തം). അതായതു, അവരില്‍ വന്ധ്യയായ [ഒട്ടും ഗുണകരമല്ലാത്ത] കാറ്റിനെ അയച്ച സന്ദര്‍ഭം.
  • وَفِي عَادٍ ആദിലുമുണ്ട് إِذْ أَرْسَلْنَا നാം അയച്ച സന്ദര്‍ഭം عَلَيْهِمُ അവരില്‍ لرِّيحَ കാറ്റിനെ الْعَقِيمَ വന്ധ്യയായ (ഗുണകരമല്ലാത്ത, നാശകരമായ)

51:42

  • مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ ﴾٤٢﴿
  • അതു ഏതൊരു വസ്തുവില്‍ ചെന്നെത്തിയോ അതിനെ (പഴകി ദ്രവിച്ച) തുരുമ്പു പോലെ ആക്കാതെ അതു വിട്ടുകളഞ്ഞിരുന്നില്ല.
  • مَا تَذَرُ അതു വിട്ടിരുന്നില്ല مِن شَيْءٍ ഒരു വസ്തുവെയും أَتَتْ അതു ചെന്നതായ عَلَيْهِ അതില്‍, അതിന്മേല്‍ إِلَّا جَعَلَتْهُ അതിനെ ആക്കാതെ كَالرَّمِيمِ തുരുമ്പു (പഴകി ദ്രവിച്ച വസ്തു) പോലെ

51:43

  • وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍ ﴾٤٣﴿
  • ‘ഥമൂദ്’ (ജനതയി)ലുമുണ്ട് (ദൃഷ്ടാന്തം). അതായത്, ‘ഒരു സമയംവരേക്കു നിങ്ങള്‍ സുഖഭോഗമെടുത്തുകൊള്ളുവിന്‍’ എന്നു അവരോടു പറയപ്പെട്ട സന്ദര്‍ഭം.
  • وَفِي ثَمُودَ ഥമൂദിലുമുണ്ട് إِذْ قِيلَ لَهُمْ അവരോടു പറയപ്പെട്ട സന്ദര്‍ഭം تَمَتَّعُوا നിങ്ങള്‍ സുഖഭോഗമെടുക്കുവിന്‍, സുഖിക്കുവിന്‍ حَتَّىٰ حِينٍ ഒരു സമയംവരേക്കു

51:44

  • فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ ﴾٤٤﴿
  • എന്നിട്ടു അവര്‍, തങ്ങളുടെ റബ്ബിന്റെ കല്‍പന വിട്ടേച്ചു ധിക്കരിച്ചു. അതിനാല്‍, അവര്‍ നോക്കിക്കൊണ്ടിരിക്കവെ അവരെ ഇടിത്തീ പിടികൂടി.
  • فَعَتَوْا എന്നിട്ടവര്‍ ധിക്കരിച്ചു, ഗര്‍വ്വ്‌ കാട്ടി عَنْ أَمْرِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെകല്‍പന വിട്ടു فَأَخَذَتْهُمُ അതിനാല്‍, (അപ്പോള്‍)അവരെ പിടിച്ചു, പിടികൂടി الصَّاعِقَةُ ഇടിത്തീ (ഘോരശബ്ദം) وَهُمْ അവര്‍ يَنظُرُونَ നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു

51:45

  • فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍ وَمَا كَانُوا۟ مُنتَصِرِينَ ﴾٤٥﴿
  • അപ്പോള്‍ അവര്‍ക്കു എഴുന്നേല്‍ക്കുവാന്‍ [രക്ഷപ്പെടുവാന്‍] കഴിവുണ്ടായില്ല; അവര്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരായതുമില്ല.
  • فَمَا اسْتَطَاعُوا അപ്പോള്‍ അവര്‍ക്കു കഴിവുണ്ടായില്ല مِن قِيَامٍ എഴുന്നേല്‍ക്കുന്നതിനു وَمَا كَانُوا അവരായതുമില്ല مُنتَصِرِينَ രക്ഷാനടപടി എടുക്കുന്നവര്‍, സ്വയം രക്ഷപ്പെടുന്നവര്‍

51:46

  • وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٤٦﴿
  • മുമ്പ് നൂഹിന്റെ ജനതയെയുംതന്നെ ( നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവര്‍ ദുര്‍നടപ്പുകാരായ ഒരു ജനതയായിരുന്നു.
  • وَقَوْمَ نُوحٍ നൂഹിന്റെ ജനതയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ, തോന്നിയവാസികളായ

ഹൂദ്‌ (عليه السلام) നബിയുടെ ജനതയായ ആദുജനതക്കു ബാധിച്ച ശിക്ഷ ഏഴുരാവും എട്ടു പകലും നീണ്ടുനിന്ന ഭയങ്കരകാറ്റായിരുന്നു. (69:7) അവരെ സംബന്ധിച്ചിടത്തോളം ഒട്ടും ഗുണകരമല്ലാത്തതും, അങ്ങേഅറ്റം നാശകരവുമായിരുന്നതുകൊണ്ടാണ് ആ കാറ്റിനെപ്പറ്റി ‘വന്ധ്യയായ കാറ്റ് (الرِّيحَ الْعَقِيمَ) എന്നു പറഞ്ഞത്. സ്വാലിഹു (عليه السلام) നബിയുടെ ജനതയായ ഥമൂദു ഗോത്രക്കാര്‍ക്കു ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവര്‍ അറുത്തു കളഞ്ഞു. അതിനുശേഷം മൂന്നുദിവസത്തേക്കു അവര്‍ക്കു അവധികൊടുത്തു. അതിനെപ്പറ്റിയാണ് ഇവിടെ ‘ഒരു സമയം വരേക്കു’ (حَتَّىٰ حِينٍ) എന്നു പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കു ബാധിച്ച ശിക്ഷയെപ്പറ്റി 11:67 ല്‍ ഘോരശബ്ദം (الصيحة) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇടിത്തീ (الصَّاعِقَةُ) എന്നു ഇവിടെ പറഞ്ഞിട്ടുള്ളതും അതിനെക്കുറിച്ചുതന്നെയാകുന്നു. ഈ രണ്ടു ജനതയെ സംബന്ധിച്ചും, നൂഹ് (عليه السلام) നബിയുടെ ജനതയെക്കുറിച്ചും ഇതിനുമുമ്പ് പലപ്പോഴും നാം വായിച്ചു കഴിഞ്ഞതാണ്.

വെളിച്ചം റമദാൻ 2022 – റമദാൻ 01

സൂറത്തു ദ്ദാരിയാത്ത് : 01-23



  • റമദാന്‍ 1 – സൂറത്ത് ദാരിയാത്ത് – പാര്‍ട്ട് 1 – ആയത്ത് 1 മുതല്‍ 23 വരെ
    • വിശദീകരണം ബഹു. മുനീര്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമാം & ജുബൈല്‍



ദാരിയാത്ത് (വിതറുന്നവ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

51:1

  • وَٱلذَّٰرِيَـٰتِ ذَرْوًا ﴾١﴿
  • (ശക്തിയായ) പാറ്റല്‍ പാറ്റി (വിതറി)ക്കൊണ്ടിരിക്കുന്നവ തന്നെയാണ (സത്യം)!
  • وَالذَّارِيَاتِ പാറ്റുന്ന (വിതറുന്ന)വ തന്നെയാണ ذَرْوًا ഒരു (ശക്തിയായ) പാറ്റല്‍

മണ്ണു മുതലായ വസ്തുക്കളെ പാറ്റിപ്പറപ്പിച്ചുകൊണ്ടിരിക്കുന്ന കാറ്റുകളെക്കൊണ്ടു അല്ലാഹു സത്യം ചെയ്യുന്നു.

51:2

  • فَٱلْحَـٰمِلَـٰتِ وِقْرًا ﴾٢﴿
  • എന്നിട്ട്, ഭാരം വഹി(ച്ചുനട)ക്കുന്നവയാണ (സത്യം)!
  • فَالْحَامِلَاتِ എന്നിട്ടു വഹിക്കുന്നവ തന്നെയാണ وِقْرًا ഭാരം, കനം

പിന്നെ, നീരാവിയും, മഴവെള്ളവും വഹിച്ചു സഞ്ചരിക്കുന്ന മേഘങ്ങള്‍കൊണ്ടു സത്യം ചെയ്യുന്നു.

51:3

  • فَٱلْجَـٰرِيَـٰتِ يُسْرًا ﴾٣﴿
  • എന്നിട്ടു, നിഷ്‌പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണ(സത്യം)!
  • فَالْجَارِيَاتِ എന്നിട്ടു നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ يُسْرًا എളുതായിട്ടു (നിഷ്‌പ്രയാസം)

പിന്നെ, ജലമാര്‍ഗ്ഗങ്ങളിലൂടെ അതിവേഗം ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്ന കപ്പലുകളെക്കൊണ്ടു സത്യം ചെയ്യുന്നു.

51:4

  • فَٱلْمُقَسِّمَـٰتِ أَمْرًا ﴾٤﴿
  • എന്നിട്ടു, കാര്യം വിഭജിച്ചുകൊടുക്കുന്നവ തന്നെയാണ (സത്യം)!
  • فَالْمُقَسِّمَاتِ എന്നിട്ടു ഭാഗിക്കുന്ന (വിഭജിക്കുന്ന)വ തന്നെയാണ أَمْرً കാര്യം

പിന്നെ, അല്ലാഹുവിന്റെ കൽപനപ്രകാരം സൃഷ്ടികള്‍ക്കിടയില്‍ കാര്യങ്ങളെ ഭാഗിച്ചുകൊടുക്കുന്ന മലക്കുകളെക്കൊണ്ടു സത്യം ചെയ്യുന്നു.

51:5

  • إِنَّمَا تُوعَدُونَ لَصَادِقٌ ﴾٥﴿
  • നിശ്ചയമായും,നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ.
  • إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَصَادِقٌ സത്യമായതുതന്നെ

51:6

  • وَإِنَّ ٱلدِّينَ لَوَٰقِعٌ ﴾٦﴿
  • നിശ്ചയമായും, പ്രതിഫലനടപടി സംഭവിക്കുന്നതും തന്നെ.
  • وَإِنَّ الدِّينَ നിശ്ചയമായും നടപടി (എടുക്കല്‍), പ്രതിഫലം لَوَاقِعٌ സംഭവിക്കുന്നതു തന്നെ

കാറ്റുകള്‍, മേഘങ്ങള്‍, കപ്പലുകള്‍, മലക്കുകള്‍ എന്നിവയെക്കൊണ്ടു അല്ലാഹു സത്യം ചെയ്തു പറയുന്നതു രണ്ടു കാര്യങ്ങളത്രെ. ഒന്ന്: രക്ഷാശിക്ഷകള്‍, സ്വര്‍ഗ്ഗനരകങ്ങള്‍ മുതലായ വാഗ്ദാനങ്ങളും, താക്കീതുകളുമെല്ലാം യഥാര്‍ത്ഥങ്ങളാണെന്ന്. രണ്ട്: മരണാനന്തരം ഓരോരുത്തന്റെ ഗുണദോഷകര്‍മ്മങ്ങള്‍ പരിശോധിച്ചു തക്കതായ നടപടി എടുക്കുകയും, പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണെന്ന്. അഥവാ, അവയൊന്നും വെറും ഭീഷണിയോ, ചിലര്‍ തട്ടിമൂളിക്കാറുള്ളതുപോലെ, സന്മാര്‍ഗ്ഗത്തിലേക്കുള്ള പ്രോത്സാഹനാര്‍ത്ഥം പറയപ്പെടുന്ന അതിശയോക്തികളോ ഒന്നുമല്ല. എല്ലാം തികച്ചും സംഭവിക്കുവാന്‍ പോകുന്ന സത്യയാഥാര്‍ത്ഥ്യങ്ങളാകുന്നു എന്ന് സാരം.

മേല്‍കണ്ട നാലു സത്യവാചകങ്ങള്‍ക്കും നാം മുകളില്‍കൊടുത്ത വ്യാഖ്യാനങ്ങളാണ് മുന്‍ഗാമികളായ പല മഹാന്മാരും നല്‍കുന്നത്. അലി (رضي الله عنه), ഉമര്‍ (رضي الله عنه), ഇബ്നു അബ്ബാസ് (رضي الله عنه), ഇബ്നുഉമര്‍ (رضي الله عنه), മുതലായ സഹാബീവര്യന്‍മാരില്‍ നിന്നും, മുജാഹിദു (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله), ഖത്താദ: (رحمه الله), സുദ്ദീ (رحمه الله), ഹസന്‍ (رحمه الله) മുതലായ പല മഹാന്മാരില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതാണവ. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇബ്നുജരീറും, ഇബ്നു അബീഹാതിമും (رحمهما الله) – അവരുടെ സാധാരണ പതിവിന്‍പടി – ഇതല്ലാതെ വേറെ അഭിപ്രായങ്ങള്‍ ഇവിടെ പ്രസ്താവിച്ചിട്ടുമില്ല. (كما في ابن كثير) പക്ഷേ, റാസീ (رحمه الله) മുതലായ ചിലര്‍ അഭിപ്രായപ്പെടുന്നതു പ്രസ്തുത വാചകങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതെല്ലാം കാറ്റു തന്നെയാണെന്നാകുന്നു. ആദ്യവചനത്തില്‍ നീരാവി പാറ്റിപ്പരത്തി മേഘമുണ്ടാക്കുന്ന കാറ്റുകള്‍, രണ്ടാമത്തേതില്‍ മേഘഭാരം വഹിക്കുന്ന കാറ്റുകള്‍, മൂന്നാമത്തേതില്‍ മേഘവുമായി അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന കാറ്റുകള്‍, നാലാമത്തേതില്‍ വിവിധ ഭാഗങ്ങളില്‍ മേഘങ്ങളെ എത്തിച്ചു മഴ ഭാഗിച്ചുകൊടുക്കുന്ന കാറ്റുകള്‍ എന്നിങ്ങനെയാണ് അവരുടെ വ്യാഖ്യാനം.വേറെയും ചില അഭിപ്രായങ്ങള്‍ കാണാം. പക്ഷേ, മേല്‍കണ്ടതുപോലെ പല സഹാബികളും, താബിഉകളും അടങ്ങുന്ന പൗരാണിക മഹാന്മാരുടെ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തിയുള്ളതു എന്നു തീര്‍ച്ചയാണ്.

ഇതുപോലെ ഖുര്‍ആനില്‍ കാണപ്പെടുന്ന എല്ലാ സത്യവാചകങ്ങളിലും നാം പ്രത്യേകം മനസ്സിരുത്തേണ്ടതു രണ്ടു കാര്യങ്ങളാണ്.

1) സത്യം ചെയ്തു കൊണ്ടു പറയപ്പെട്ടിട്ടുള്ള കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവും.

2) ഏതൊന്നിന്റെ പേരിലാണോ സത്യം ചെയ്യപ്പെട്ടതെങ്കില്‍ അതിലടങ്ങിയിട്ടുള്ള രഹസ്യങ്ങളും സൂചനകളും.

ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കു സാധ്യതയുണ്ടാകുമ്പോള്‍ ഇതു കൂടുതല്‍ മനസ്സിരുത്തേണ്ടതാകുന്നു. ഖുര്‍ആനിലെ സത്യവാചകങ്ങളില്‍ അടങ്ങിയ തത്വരഹസ്യങ്ങളെക്കുറിച്ചു പല മഹാന്മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ചുരുക്കം ചിലതെല്ലാം സന്ദര്‍ഭമനുസരിച്ചു നാമും ചിലപ്പോള്‍ ചൂണ്ടിക്കാട്ടാറുമുണ്ട്. അടുത്ത വചനം നോക്കുക:

51:7

  • وَٱلسَّمَآءِ ذَاتِ ٱلْحُبُكِ ﴾٧﴿
  • (പല) മാര്‍ഗ്ഗങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)!
  • وَالسَّمَاءِ ആകാശംതന്നെയാണ് ذَاتِ الْحُبُكِ മാര്‍ഗ്ഗങ്ങളുള്ള, കെട്ടുറപ്പുള്ള

51:8

  • إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ ﴾٨﴿
  • നിശ്ചയമായും, നിങ്ങള്‍ ഭിന്നമായ വാക്കിലാണ് [ഭിന്നാഭിപ്രായത്തിലാണ്] ഉള്ളത്.
  • إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي قَوْلٍ വാക്കില്‍തന്നെയാണ് مُّخْتَلِفٍ വ്യത്യസ്തമായ, ഭിന്നമായ

51:9

  • يُؤْفَكُ عَنْهُ مَنْ أُفِكَ ﴾٩﴿
  • തെറ്റിക്കപ്പെടുന്നവര്‍ അതിനാല്‍ തെറ്റിക്കപ്പെടുന്നു.
  • يُؤْفَكُ തെറ്റിക്ക(തിരിക്ക)പ്പെടുന്നു عَنْهُ അതിനാല്‍, അതില്‍നിന്നു مَنْ أُفِكَ തെറ്റിക്കപ്പെട്ടവര്‍

കണക്കറ്റ നക്ഷത്രഗോളങ്ങളും വന്‍ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ആകാശത്തു അവയുടെ സഞ്ചാരപഥങ്ങളും, ഭ്രമണമാര്‍ഗ്ഗങ്ങളുമായി വിവിധതരത്തിലുള്ള അസംഖ്യം മാര്‍ഗ്ഗങ്ങള്‍ സ്ഥിതി ചെയ്യുന്നു. അവയെല്ലാം വ്യവസ്ഥാപിതവും അതിസമര്‍ത്ഥവുമായ രീതിയില്‍ അല്ലാഹു സ്ഥാപിച്ചു നിയന്ത്രിച്ചുവരുന്നു. ഉപരിഗോളങ്ങളെ സംബന്ധിച്ചു മനുഷ്യന്റെ അറിവു എത്രതന്നെ പുരോഗമിചിട്ടുണ്ടെങ്കിലും ശരി, ഉപരിമണ്ഡലത്തു സ്ഥിതി ചെയ്യുന്ന അതിരറ്റ യാഥാര്‍ത്ഥ്യങ്ങളുടെ പടിവാതില്‍ക്കലെത്തിച്ചേരുവാന്‍ എനിയും ബഹുദൂരം അവന്‍ സഞ്ചരിക്കേണ്ടതുണ്ട്. ഉപരിയാകാശ സംബന്ധമായി ഇന്നോളം മനുഷ്യനു സൂക്ഷ്മമായി സിദ്ധിച്ചു കഴിഞ്ഞിട്ടുള്ള ഓരോ അറിവും തന്നെ, ലോകസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ മഹത്വത്തെ വിളിച്ചോതുന്നവ മാത്രമാകുന്നു. الحبك എന്ന വാക്കിനു മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചതുപോലെ ‘മാര്‍ഗ്ഗങ്ങള്‍’ എന്നു അര്‍ത്ഥം കല്‍പിച്ചു കൊണ്ടാണ് നാം ഈ വിവരണം നല്‍കിയത്. എന്നാല്‍, ആ വാക്കിനു ‘കെട്ടുറപ്പ്, ഭംഗി, അഴക്, ദൃഢത’ എന്നിങ്ങിനെ വേറെയും അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. എന്നാലും, ഈ അര്‍ത്ഥങ്ങളെല്ലാം വിരല്‍ചൂണ്ടുന്നതും, അവയെ ആധാരമാക്കിയുള്ള വ്യാഖ്യാനങ്ങള്‍ എത്തിച്ചേരുന്നതും ഒരേ വസ്തുതയിലേക്കുതന്നെ. അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്കും, കലാ വൈദഗ്ദ്ധ്യത്തിലേക്കും തന്നെ! ഈ വഴിക്കു മനുഷ്യചിന്തയെ തിരിച്ചുവിടുവാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് 7-ാം വചനത്തിലെ സത്യവാചകം.

സത്യനിഷേധികളുടെ നിഷേധം ഏക സ്വരത്തിലുള്ളതല്ല, ഐകരൂപ്യമോ, സ്വഭാവസ്ഥിരതയോ അതിനില്ല. അതു വിഭിന്ന രീതിയിലും, വ്യത്യസ്ത രൂപത്തിലുമാണ്. ജാലം, കവിത, ജോത്സ്യം, ഭ്രാന്തു എന്നിങ്ങിനെ പലപ്പോഴും പലതും അവര്‍ പറയും. സത്യദീക്ഷയില്ലാത്ത ചിന്താശൂന്യന്മാരായ ആളുകള്‍ അതുകേട്ടു സത്യത്തില്‍നിന്നു തെറ്റിപ്പിഴച്ചുപോകുന്നു. എന്നല്ലാതെ, സത്യാന്വേഷികളായ ആളുകളൊന്നും അതുമൂലം തെറ്റിപ്പോകുകയില്ല എന്നൊക്കെയാണ് ഈ വചനങ്ങളില്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞതിന്റെ താല്‍പര്യം.

51:10

  • قُتِلَ ٱلْخَرَّٰصُونَ ﴾١٠﴿
  • (ആ) മതിപ്പിട്ട് (കള്ളം) പറയുന്നവര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]! –
  • قُتِلَ കൊല്ലപ്പെടട്ടെ (ശപിക്കപ്പെടട്ടെ) الْخَرَّاصُونَ മതിപ്പിട്ടു (കള്ളം) പറയുന്നവര്‍

51:11

  • ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ ﴾١١﴿
  • അതായതു, വിഡ്ഢിത്തത്തില്‍ (മുഴുകി) അശ്രദ്ധരായവര്‍.
  • الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ فِي غَمْرَةٍ വിഡ്ഢിത്തത്തില്‍,(അജ്ഞതയുടെ)മൂടലില്‍ سَاهُونَ അശ്രദ്ധരാണു, ബോധരഹിതരാണു

‘നശിക്കട്ടെ’, ‘തുലയട്ടെ’ എന്നൊക്കെ പറയാറുള്ളതുപോലെയുള്ള ഒരു ശാപവാക്യമാണ് قتل (കൊല്ലപ്പെടട്ടെ) എന്ന വാക്ക്. യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ഊഹിച്ചും മതിപ്പിട്ടും കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണവര്‍. അജ്ഞതയിലും വിഡ്ഢിത്തത്തിലും മുഴുകി അവരുടെ തന്റേടവും ബോധവും നശിക്കുകയും ചെയ്തിരിക്കുന്നു. അങ്ങിനെ, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു അവര്‍ പാത്രമായിരിക്കുന്നു.

51:12

  • يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ ﴾١٢﴿
  • അവര്‍ ചോദിക്കുന്നു: ‘ഏതവസരത്തിലാണ് (ഈ) പ്രതിഫലനടപടിയുടെ ദിവസം?’എന്ന്.
  • يَسْأَلُونَ അവര്‍ ചോദിക്കുന്നു أَيَّانَ എതവസരത്തിലാണ്, എപ്പോഴാണു يَوْمُ الدِّينِ നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം

51:13

  • يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ ﴾١٣﴿
  • (നരക) അഗ്നിക്കുമീതെ അവര്‍ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമത്രെ (അതുണ്ടാവുക)
  • يَوْمَ ദിവസം هُمْ അവര്‍ عَلَى النَّارِ അഗ്നിയുടെ മീതെ, നരകത്തില്‍ يُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന

51:14

  • ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ ﴾١٤﴿
  • (പറയപ്പെടും) ‘നിങ്ങളുടെ പരീക്ഷണം [ശിക്ഷ] നിങ്ങള്‍ ആസ്വദിക്കുവിന്‍! നിങ്ങള്‍ യാതൊന്നിനു ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ അതാണിത്’,
  • ذُوقُوا ആസ്വദിക്കുവിന്‍, രുചിനോക്കുവിന്‍ فِتْنَتَكُمْ നിങ്ങളുടെ പരീക്ഷണം هَـٰذَا الَّذِي ഇതു യാതൊന്നാണ്, ഇതത്രെ യാതൊന്നു كُنتُم നിങ്ങളായിരുന്നു بِهِ تَسْتَعْجِلُونَ അതിനു നിങ്ങള്‍ ധൃതികൂട്ടും

‘എപ്പോഴാണ് പ്രതിഫലനടപടി എടുക്കുന്ന ദിവസം?!’ എന്ന് അവിശ്വാസികള്‍ പരിഹാസപൂര്‍വ്വം ധൃതികൂട്ടിക്കൊണ്ടു ചോദിക്കുന്നതാണ്. അതുകൊണ്ടാണ് അല്ലാഹു ഇങ്ങിനെ മറുപടി പറഞ്ഞതും.

51:15

  • إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ ﴾١٥﴿
  • നിശ്ചയമായും ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും, അരുവികളിലുമായിരിക്കും; –
  • إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍)ആയിരിക്കും وَعُيُونٍ അരുവി(നീരുറവു)കളിലും

51:16

  • ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ﴾١٦﴿
  • തങ്ങളുടെ രക്ഷിതാവു തങ്ങള്‍ക്കു നല്‍കിയതിനെ (ഏറ്റു) വാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു.
  • آخِذِينَ എടുത്തുകൊണ്ടു(ഏറ്റുവാങ്ങിക്കൊണ്ടു) مَا آتَاهُمْ അവര്‍ക്കു നല്‍കിയതിനെ رَبُّهُمْ അവരുടെ റബ്ബ് إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُحْسِنِينَ സുകൃതം ചെയ്യുന്നവര്‍, നന്മ ചെയ്യുന്നവര്‍

محسن (മുഹ്സിന്‍) എന്നാല്‍ ‘സുകൃതവാന്‍, നന്മ ചെയ്യുന്നവന്‍, പുണ്യം ചെയ്യുന്നവന്‍’ എന്നൊക്കെ വാക്കര്‍ത്ഥം. മറ്റൊരാള്‍ക്കു നന്മ ചെയ്യുന്നവനും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവനും ഈ വാക്കു ഉപയോഗിക്കപ്പെടും. ഇതിന്റെ ധാതുപദമാകുന്ന احسان (ഇഹ്സാന്‍) എന്നതിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയിട്ടുള്ള നിര്‍വ്വചനം ഇതാകുന്നു.

(أنْ تَعْبُدَ اللَّهَ كَأنَّكَ تَرَاهُ، فإنْ لَمْ تَكُنْ تَرَاهُ فإنَّه يَرَاكَ (مسلم

(നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മു.)സുകൃതവാന്‍മാരുടെ ഗുണങ്ങളും അവര്‍ക്കു സ്വര്‍ഗ്ഗവും മറ്റും ലഭിക്കുവാനുള്ള കാരണവും അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിര്‍വ്വചനത്തിനു ചില ഉദാഹരണങ്ങളും കൂടി അതില്‍ കാണാം.

51:17

  • كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴾١٧﴿
  • അല്പ (സമയ)മായിരുന്നു രാത്രിയില്‍നിന്ന് അവര്‍ ഉറങ്ങാറുള്ളത്.
  • كَانُوا അവരായിരുന്നു قَلِيلًا അല്പം, കുറച്ചു مِّنَ اللَّيْلِ രാത്രിയില്‍നിന്നു مَا يَهْجَعُونَ അവര്‍ ഉറങ്ങുന്നതു

51:18

  • وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴾١٨﴿
  • നിശാന്ത്യസമയങ്ങളിലാകട്ടെ, അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.
  • وَبِالْأَسْحَارِ നിശാന്ത്യങ്ങളില്‍, രാത്രി അവസാന യാമങ്ങളില്‍ هُمْ يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്യും

51:19

  • وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ﴾١٩﴿
  • അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവന്നും, (ചോദിക്കുന്നതിനു) തടസ്സം ബാധിച്ചവര്‍ക്കും അവകാശവുമുണ്ടായിരിക്കും.
  • وَفِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ അവകാശം (ഓഹരി) لِّلسَّائِلِ ചോദിക്കുന്നവന്നു وَالْمَحْرُومِ തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും

മിക്കവരും ചെയ്യുന്നതുപോലെ, അവര്‍ രാത്രി മുഴുവന്‍ നിദ്രയിലാണ്ടു സമയം കഴിച്ചിരുന്നില്ല. പലരേയുംപോലെ വിനോദശാലകളിലോ ദുര്‍ന്നടപ്പുകേന്ദ്രങ്ങളിലോ സമയം ചിലവഴിച്ചിരുന്നുമില്ല. രാത്രി അവര്‍ ഉറങ്ങും, പക്ഷേ അല്പസമയം മാത്രം. ബാക്കി സമയം നമസ്കാരം, ദിക്ര്‍, ദുആ മുതലായ ആരാധനാകര്‍മ്മങ്ങളിലാണവര്‍ കഴിച്ചുകൂട്ടുന്നത്. രാത്രിയുടെ അന്ത്യയാമത്തിലാണല്ലോ എല്ലാവരും സുഖനിദ്ര കൂടുതല്‍ ആസ്വദിക്കുന്നത്. ഈ അവസരത്തില്‍ അവരുടെ ശ്രദ്ധ അല്ലാഹുവിനോടു – നമസ്കാരത്തിലോ അല്ലാതെയോ – പാപമോചനം തേടുന്നതിലാണ്. ആരാധനാകര്‍മ്മങ്ങളില്‍ കേവലം കൊള്ളാവുന്ന ആളുകളില്‍പോലും കണ്ടേക്കുന്ന ഒരു കുറ്റമത്രെ ലുബ്ധത. ഇവരെ ആ ദോഷവും തീണ്ടിയിട്ടില്ല. സാധുക്കള്‍ക്കും, പാവപ്പെട്ടവര്‍ക്കും അവരുടെ ധനത്തില്‍ പങ്കുണ്ട്. പങ്കുണ്ടെന്നു മാത്രമല്ല, അതവര്‍ക്കു അവകാശപ്പെട്ടതാണെന്നും, തങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടുന്ന കടമയാണെന്നും അവര്‍ കരുതുന്നു. ചോദിച്ചു വരുന്നവര്‍ക്കു മാത്രമല്ല, ബുദ്ധിമുട്ടും ഞെരുക്കവുമുള്ളതോടൊപ്പം ചോദിച്ചുവാങ്ങാന്‍ കഴിയാതെയോ, അഭിമാനം അനുവദിക്കാതെയോ മുടങ്ങിനില്‍ക്കുന്നവര്‍ക്കും തങ്ങളുടെ ധനത്തില്‍ നിന്ന് അവര്‍ പങ്ക് നല്‍കും. അങ്ങിനെ, തങ്ങളുടെ സ്രഷ്ടാവിനോടുള്ള ബാധ്യതയിലും, സഹസൃഷ്ടികളോടുള്ള ബാധ്യതയിലും അവര്‍ തികച്ചും ബോധവാന്മാരാകുന്നു.

ചോദിച്ചുവരുന്ന ആള്‍ (السائل) ക്കു അവന്‍ ചോദിച്ച കാരണം കൊണ്ടുതന്നെ സഹായം നല്‍കേണ്ടതുണ്ട്. ചോദിച്ചുവാങ്ങലും, യാചിക്കലും മാന്യമായ ഒരു ഏര്‍പ്പാടല്ലെന്നു പരക്കെ എല്ലാവര്‍ക്കും അറിയാം. ഇസ്‌ലാമാകട്ടെ, അതിനെ വളരെ ശക്തിയായി വെറുക്കുകയും ചെയ്യുന്നു. പക്ഷേ, ചോദിക്കപ്പെടുന്ന ആള്‍ തന്റെ അന്തസ്സും മാന്യതയും പാലിക്കേണ്ടതുണ്ടല്ലോ. ചോദ്യകര്‍ത്താവിന്റെ സ്ഥിതികള്‍ ചുഴിഞ്ഞന്വേഷണം നടത്തുന്നതു ഭൂഷണമല്ല. ‘ചോദിച്ചുവരുന്നവന്‍ കുതിരപ്പുറത്തു വന്നാലും ശരി, അവന്നൊരു അവകാശമുണ്ട്.’ (لِلسَّائِلِ حَقٌّ وَإِنْ جَاءَ عَلَى فَرَسٍ) എന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത്. (അ; ദാ)

ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടെങ്കിലും അതു അന്യനെ അറിയിക്കാതെ അഭിമാനം സംരക്ഷിച്ചുകൊണ്ടു വിഷമം സഹിക്കുന്നവരുണ്ട്. മറ്റു ചിലര്‍ക്കു അന്യനോടു സഹായമര്‍ത്ഥിക്കുന്നതില്‍ മടിതോന്നിയില്ലെങ്കിലും – രോഗം മുതലായ ഏതെങ്കിലും കാരണത്താല്‍ – തന്റെ വിഷമാവസ്ഥ മറ്റു സഹോദരന്മാരെ അറിയിക്കുവാന്‍ സാധിക്കാതെ വരുന്നവരുമുണ്ട്. ഇവര്‍ക്കാണ് المحروم ( മുടക്കം ബാധിച്ചവന്‍ അഥവാ ചോദിക്കുന്നതിനു തടസ്സമുള്ളവന്‍)എന്നു പറയുന്നത്. ഉപജീവനമാര്‍ഗ്ഗം തടയപ്പെട്ടവന്‍ എന്നും ഈ വാക്കിനു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്ത ഒരു ഹദീസിന്റെ സാരം ഇതാണ്: ‘മിസ്കീന്‍’ എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ യാചിച്ചുനടക്കുന്നവനും ഒരു പിടിയോ, രണ്ടുപിടിയോ, ഒരു കാരക്കയോ, രണ്ടു കാരക്കയോ (കൊടുത്തു) മടക്കിവിടാവുന്നവനുമല്ല. ‘മിസ്കീന്‍’ എന്നാല്‍, പരാശ്രയം വേണ്ടാതിരിക്കത്തക്ക ധനം ഇല്ലാതെയും, തനിക്കു ധര്‍മ്മം കിട്ടത്തക്കവണ്ണം തന്റെ സ്ഥിതി (മറ്റുള്ളവര്‍ക്കു) അറിയപ്പെടാതെയും ഇരിക്കുന്നവനാകുന്നു. (ബു;മു.) വാസ്തവത്തില്‍ ഇങ്ങിനെയുള്ളവരെല്ലാം ഉള്‍പ്പെടുന്ന ഒരു വാക്കാണ്‌ محروم എന്നത്. ഈ വകക്കാരെക്കുറിച്ചു മനസ്സിലാക്കുകയും അവര്‍ക്കു ആശ്വാസം നല്‍കുകയും ചെയ്യുകയെന്നതു വളരെ പ്രധാനപ്പെട്ട ഒരു പുണ്യകര്‍മ്മമാണെന്നു പറയേണ്ടതില്ല. ഉത്തരവാദപ്പെട്ടവരുടെയും കഴിവുള്ളവരുടെയും കടമയുമാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഹേ മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍, രക്തബന്ധം പാലിക്കുകയും ചെയ്യുവിന്‍, ജനങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ (രാത്രി) നമസ്കാരം നടത്തുകയും ചെയ്യുവിന്‍, നിങ്ങള്‍ക്കു ശാന്തമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.’(തി.)

51:20

  • وَفِى ٱلْأَرْضِ ءَايَـٰتٌ لِّلْمُوقِنِينَ ﴾٢٠﴿
  • ദൃഢവിശ്വാസമുള്ളവര്‍ക്കു ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
  • وَفِي الْأَرْضِ ഭൂമിയിലുണ്ടു آيَاتٌ ദൃഷ്ടാന്തങ്ങള്‍ لِّلْمُوقِنِينَ ദൃഢവിശ്വാസികള്‍ക്കു, ഉറപ്പിക്കുന്നവര്‍ക്കു

51:21

  • وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ﴾٢١﴿
  • നിങ്ങളില്‍ തന്നെയുമുണ്ട് (ദൃഷ്ടാന്തങ്ങള്‍). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
  • وَفِي أَنفُسِكُمْ നിങ്ങളില്‍ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ടു أَفَلَا تُبْصِرُونَ എന്നിട്ടു (അപ്പോള്‍)നിങ്ങള്‍ കണ്ടറിയുന്നില്ലേ

51:22

  • وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ ﴾٢٢﴿
  • ആകാശത്തില്‍ നിങ്ങളുടെ ആഹാരവും [ഉപജീവനമാര്‍ഗ്ഗവും], നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും ഉണ്ട്.
  • وَفِي السَّمَاءِ ആകാശത്തിലുണ്ടു, ആകാശത്തിലാണ് رِزْقُكُمْ നിങ്ങളുടെ ആഹാരം,ഉപജീവനം وَمَا تُوعَدُونَ നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും

51:23

  • فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ ﴾٢٣﴿
  • എന്നാല്‍, ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവു തന്നെയാണ (സത്യം)! നിശ്ചയമായും, ഇതു, നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നതുപോലെ ഒരു യഥാര്‍ത്ഥംതന്നെയാണ് (എന്നു ഓര്‍മിക്കുക)
  • فَوَرَبِّ എന്നാല്‍ റബ്ബ് തന്നെയാണ السَّمَاءِ ആകാശത്തിന്റെ وَالْأَرْضِ ഭൂമിയുടെയും إِنَّهُ നിശ്ചയമായും അതു لَحَقٌّ യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ مِّثْلَ مَا أَنَّكُمْ നിങ്ങള്‍ ആണെന്നതുപോലെ تَنطِقُونَ നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)

മഴയെ ആശ്രയിച്ചാണല്ലോ മനുഷ്യന്റെ ആഹാരം നിലകൊള്ളുന്നത്. മഴ ആകാശത്തുനിന്നു ലഭിക്കുന്നതുമാണ്. പ്രത്യക്ഷത്തില്‍ ആഹാരത്തിന്റെ പ്രധാന ഉപാധിയാണ് മഴയെങ്കിലും, അതിനുപുറമെ അല്ലാഹുവില്‍നിന്നുള്ള അദൃശ്യമായ അനുഗ്രഹങ്ങള്‍ വേറെയും ആവശ്യമാകുന്നു. ‘നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു’ എന്നതുകൊണ്ടുദ്ദേശ്യം മരണശേഷമുള്ള രക്ഷാശിക്ഷകള്‍ മുതലായവയാണ്’. മനുഷ്യന്‍ സംസാരിക്കുന്നുവെന്നതു എപ്രകാരം പരമാര്‍ത്ഥമാണോ അപ്രകാരം യാതൊരു സംശയത്തിനും അവകാശമില്ലാത്ത പരമാര്‍ത്ഥം തന്നെയാണ് ഇപ്പറയുന്ന കാര്യങ്ങളും എന്നു അല്ലാഹു അവനില്‍ ആണയിട്ടു ഓര്‍മ്മിപ്പിക്കുന്നു. ഹസന്‍ (رحمه الله) പറഞ്ഞതുപോലെ, ഇത്രയും ശക്തിയായ ഭാഷയില്‍ അല്ലാഹു ആണയിട്ടുപറഞ്ഞിട്ടും അതു വിശ്വസിക്കാത്ത മനുഷ്യര്‍ ശപിക്കപ്പെട്ടവര്‍തന്നെ!