മൂന്നാം ഘട്ടം – ക്യാമ്പയിൻ 7 – സൂറത്തു-ന്നൂര്‍ – ആയത്ത് 01 മുതൽ 10 വരെ

നൂർ (പ്രകാശം)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 64 – വിഭാഗം (റുകൂഅ്) 9

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

24:1

  • سُورَةٌ أَنزَلْنَـٰهَا وَفَرَضْنَـٰهَا وَأَنزَلْنَا فِيهَآ ءَايَـٰتٍۭ بَيِّنَـٰتٍ لَّعَلَّكُمْ تَذَكَّرُونَ ﴾١﴿
  • ഒരു (പ്രധാന) അദ്ധ്യായം! നാം അത് അവതരിപ്പിക്കുകയും, നിയമമാക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ളതാണത്.) നിങ്ങള്‍ ഓര്‍മ്മിക്കുവാന്‍വേണ്ടി, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതില്‍ നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
  • سُورَةٌ ഒരു അദ്ധ്യായമാണ്‌ (ഇതു), ഒരു സൂറത്താണ് أَنزَلْنَاهَا നാമതു അവതരിപ്പിച്ചിരിക്കുന്നു وَفَرَضْنَاهَا നാമതു നിയമമാക്കിയിരിക്കുന്നു وَأَنزَلْنَا فِيهَا നാമതില്‍ അവതരിപ്പിക്കുകയും ചെയ്തു آيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ, തെളിവുകളായ لَّعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, നിങ്ങളായേക്കാം تَذَكَّرُونَ ഓര്‍മ്മിക്കും, ഉറ്റാലോചിക്കും

ആചാരമര്യാദകള്‍, ശിക്ഷാനിയമങ്ങള്‍ വ്യക്തിപരമായ കടമകള്‍, സാമൂഹ്യബാധ്യതകള്‍ എന്നിങ്ങിനെ പല തുറകളിലുമുള്ള മതനിയമങ്ങള്‍ വളരെയധികം വിവരിച്ചിട്ടുള്ള ഒരു അദ്ധ്യായമാണ്‌ ഈ സൂറത്ത്. ഈ വസ്തുത സൂചിപ്പിച്ചു കൊണ്ടാണ് ‘നാം അത് നിയമമാക്കുകയും ചെയ്തു’ എന്ന് പറഞ്ഞത്. കൂടാതെ, അല്ലാഹുവിന്റെ സൃഷ്ടിമഹാത്മ്യവും ഏകത്വവും സ്ഥാപിക്കുന്ന പല പ്രകൃതിദൃഷ്ടാന്തങ്ങളും ഈ സൂറത്തില്‍ വിവരിച്ചു കാണാം. പുരുഷന്‍മാരെയും സ്ത്രീകളെയും വെവ്വേറെയും, കൂട്ടായും ബാധിക്കുന്ന വളരെ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഈ സൂറത്തിന്റെ ഒരു വിശേഷതയാകുന്നു. താരതമ്യേന സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് – ഉമര്‍ (رضي الله عنه) മുജാഹിദ് (رحمه الله) മുതലയാവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതു പോലെ – സ്ത്രീകള്‍ സൂറത്തു-ന്നൂര്‍ പഠിപ്പിക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്.

24:2

  • ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُوا۟ كُلَّ وَٰحِدٍ مِّنْهُمَا مِا۟ئَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ ﴾٢﴿
  • വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ – അവരില്‍ ഓരോരുത്തരെയും – നിങ്ങള്‍ നൂറു അടി അടിക്കുവിന്‍! അല്ലാഹുവിന്റെ മതനടപടിയില്‍, അവരെ സംബന്ധിച്ചു യാതൊരു ദയയും. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ – നിങ്ങള്‍ക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗമാളുകള്‍ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.
  • الزَّانِيَةُ വ്യഭിചാരം ചെയ്യുന്നവള്‍ وَالزَّانِي വ്യഭിചാരം ചെയ്യുന്നവനും فَاجْلِدُوا നിങ്ങള്‍ അടിക്കുവിന്‍ كُلَّ وَاحِدٍ എല്ലാ ഓരോരുവരെയും مِّنْهُمَا അവര്‍ രണ്ടാളില്‍നിന്നും مِائَةَ جَلْدَةٍ നൂറടി (വീതം) وَلَا تَأْخُذْكُم നിങ്ങള്‍ക്കു പിടിപെടരുതു بِهِمَا അവരെ രണ്ടാളെയും സംബന്ധിച്ചു رَأْفَةٌ ഒരു ദയയും, കൃപയും فِي دِينِ اللَّـهِ അല്ലാഹുവിന്റെ മതനടപടിയില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ تُؤْمِنُونَ വിശ്വസിക്കുന്ന(വര്‍) بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَلْيَشْهَدْ സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ عَذَابَهُمَا അവരുടെ ശിക്ഷയുടെ (ശിക്ഷനടത്തുന്നതിന്റെ) അടുക്കല്‍ طَائِفَةٌ ഒരു വിഭാഗം, ഒരു കൂട്ടര്‍ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നുള്ള

വ്യഭിചാരത്തെയും, അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കാര്യങ്ങളെയും കുറിച്ചാണ് ഈ സൂറത്തിലെ അധികഭാഗവും വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി പ്രസ്താവിക്കുന്നത് വ്യഭിചാരത്തിന്റെ ശിക്ഷാനിയമമാകുന്നു. ശിര്‍ക്കും, കൊലയും കഴിച്ചാല്‍ പിന്നെ, ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും ഭയങ്കരമായ പാപം വ്യഭിചാരമാകുന്നു. സൂ: ഫുര്‍ഖാന്‍ 68ലും മറ്റും ഇത് കാണാം. ഇഹത്തില്‍ അതുമൂലമുണ്ടാകുന്ന ആപത്തുകളും, പരത്തില്‍ ഉണ്ടാകുന്ന ശിക്ഷയും ഭീമമായതാകുന്നു. ഖുര്‍ആനിലും, ഹദീസിലും ഇതിനെപ്പറ്റി ധാരാളക്കണക്കില്‍ വിവരിച്ചിരിക്കുന്നത് കാണാം. ഇമാം ബൈഹഖി (رحمه الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിന്റെ രത്നചുരുക്കം ഉള്‍കൊള്ളുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കം. നബി (صلّى الله عليه وسلّم) പറയുകയാണ്:-

يا معشر الناس اتقوا الزنا فإن فيه ست خصال ثلاث في الدنيا وثلاث في الآخرة ، فأما التي في الدنيا ، فتذهب البهاء ، وتورث الفقر ، وتنقص العمر ، وأما التي في الآخرة فتوجب السخطة ، وسوء الحساب والخلود في النار – البيهقي وغيره

സാരം: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൂന്നെണ്ണം ഇഹത്തിലും, മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു. ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍: അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു, ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു, ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും) ക്രോധത്തെയും, കഠിനമായ വിചാരണയെയും, നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’

നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം. കുടുംബബന്ധങ്ങളും, പിതൃബന്ധങ്ങളും താറുമാറാക്കുന്ന ഒരു വമ്പിച്ച മൃഗീയ നീചവൃത്തിയത്രെ വ്യഭിചാരം. ഇത്രയും നീചവും നികൃഷ്ടവുമായ ഒരു പാപമായതു കൊണ്ടുതന്നെയാണ്, ഒരാളെപ്പറ്റി വ്യഭിചാരരോപണം പറയുന്നവന് – നാല് സാക്ഷികള്‍ മുഖാന്തരം അവനത് തെളിയിക്കാത്തപക്ഷം – 80 അടി ശിക്ഷ നല്‍കപ്പെടണമെന്നും, മറ്റും 4-ാം വചനത്തില്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതും.

ഒരാള്‍ ഈ നീചവൃത്തി ചെയ്തതായി ഒന്നോ, രണ്ടോ, മൂന്നോ പേര്‍ അറിഞ്ഞാല്‍പോലും അത് രഹസ്യമാക്കി വെക്കണമെന്നു് ഇതുകൊണ്ട് വരുന്നു. അത് ഗോപ്യമാക്കിവെക്കാതെ, അവന്റെമേല്‍ ജനമദ്ധ്യേ ദുഷ്കീര്‍ത്തിയുണ്ടാക്കരുതെന്നാണ് ഇതിന്റെ അര്‍ത്ഥം. ഒരു പക്ഷേ, അവന്‍ സ്വയം ഖേദിച്ചു മടങ്ങിയേക്കാം. അല്ലെങ്കില്‍ അല്ലാഹു അവന്റെമേല്‍ നടപടി എടുത്തുകൊള്ളും എന്നു് സമാധാനിക്കാം. എനി, നാലോ അധികമോ പേര്‍ കാണുകവഴി അത് പരസ്യപ്പെടുന്നപക്ഷം, അപ്പോള്‍ അതിന് തക്കശിക്ഷ നല്‍കപ്പെടാതിരുന്നാല്‍ അതു് ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ചീത്തപ്പേരാണെന്നു് മാത്രമല്ല, സമുദായത്തിന്റെ അച്ചടക്കത്തിനും, സാമൂഹ്യനന്മക്കും, നിയമത്തിന്റെ ഭദ്രതക്കും ദോഷകരവുമായിരിക്കും. അതുകൊണ്ട് എനിയത് അഗണ്യമാക്കുവാന്‍ വയ്യ. ചുരുക്കിപ്പറഞ്ഞാല്‍, ഒരാളില്‍ വല്ല നീചവൃത്തിയും കണ്ടാല്‍ കഴിയുന്നതും അത് പരസ്യമാക്കാതിരിക്കണം. അത് രംഗത്തു വന്നു് തെളിഞ്ഞുകഴിഞ്ഞാല്‍ അതിന് തക്ക നടപടി എടുക്കാതെ വിട്ടുകളയുകയും ചെയ്യരുത്. ഇതാണ് ശിക്ഷാനടപടികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ പൊതുനില. വ്യഭിചാരം ചെയ്തതായി സ്വയം ഏറ്റുപറയുകയും, ശിക്ഷാനടപടി നടത്തിക്കൊള്ളുവാന്‍ സ്വയം ആവശ്യപ്പെടുകയും ചെയ്ത ചിലരോട്, ആദ്യത്തില്‍ നബി (صلّى الله عليه وسلّم) കേട്ടഭാവം നടിക്കാതെ കണ്ണടക്കുകയും, വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ മാത്രം ശിക്ഷ വിധിക്കുകയും ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തതായി ഹദീസില്‍ കാണാം.

تَعَافَوُا الْحُدُودَ فِيمَا بَيْنَكُمْ فَمَا بَلَغَنِي مِنْ حَدٍّ فَقَدْ وَجَبَ – ابوداود والنسائي

സാരം: ‘നിങ്ങള്‍ക്കിടയില്‍ ‘ഹദ്ദു’കളെ (ശിക്ഷാനിയമത്തിന്നു് വിധേയമായ കുറ്റങ്ങളെ) അന്യോന്യം വിട്ടുവീഴ്ച ചെയ്യുവിന്‍. എന്നാല്‍, എന്റെ അടുക്കല്‍ വല്ല ‘ഹദ്ദും’ എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് (ശിക്ഷാനടപടി എടുക്കല്‍) നിര്‍ബ്ബന്ധമായി.’ അതായത്: അധികൃതസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ തെളിവനുസരിച്ച് ശിക്ഷിക്കാതിരിക്കുവാന്‍ പാടില്ല. കഴിയുന്നതും അതവിടെ എത്താതിരിക്കത്തക്കവണ്ണം അഗണ്യമാക്കുവാന്‍ ശ്രമിക്കേണ്ടതാണ് എന്ന് താല്‍പര്യം.

നമ്മുടെ സ്ഥിതിയോ? ആരെങ്കിലും, എന്തെങ്കിലും ഒരു ദുഷ്പ്രവൃത്തി ചെയ്തതായോ, ചെയ്‌വാന്‍ ഭാവമുള്ളതായോ വല്ല കേട്ടുകേള്‍വിയും ലഭിക്കേണ്ട താമസം, അത് ഏറ്റുപാടുകയും, പറഞ്ഞു പരത്തുകയും ചെയ്യുക സാധാരണമാകുന്നു. എനി, ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേസ്സുകള്‍ എത്തിയാലത്തെ കഥയാണെങ്കില്‍, അവിടെ സത്യത്തിനോ, നീതിക്കോ, നിയമത്തിനോ അല്ല – സ്വാര്‍ത്ഥത്തിനും, ശുപാര്‍ശക്കും, കക്ഷിമനസ്ഥിതിക്കുമാണ് – പ്രാബല്യം കാണപ്പെടുന്നതും. അതോടൊപ്പം, ഇന്നു് നിലവിലുള്ള ശിക്ഷാനിയമങ്ങളാകട്ടെ, വേദന തീണ്ടാത്തതും, ബുദ്ധിമുട്ട് കൂടാതെ അനുഭവിക്കാവുന്നതും! അങ്ങനെ, സമുദായമാകമാനം ധാര്‍മ്മികമായ ഒരുതരം അരാജകത്വത്തിലേക്ക് ദിനംപ്രതി നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യസനകരം!

നബി (صلّى الله عليه وسلّم) തിരുമേനിയുടെ പ്രിയപ്പെട്ട പോറ്റുപുത്രന്‍ ഉസാമത്തുബ്നുസൈദ്‌ (رضي الله عنه) ഒരിക്കല്‍ ഒരു ഭേദപ്പെട്ട സ്ത്രീ മോഷണം ചെയ്ത കേസ്സില്‍ ശുപാര്‍ശ നടത്തുകയുണ്ടായി. മറ്റാരും തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ശുപാര്‍ശക്ക് ചെല്ലുവാന്‍ ധൈര്യപ്പെടാതിരുന്നതുകൊണ്ട് കേവലം ചെറുപ്പകാരനും, തിരുമേനി(صلّى الله عليه وسلّم)യുടെ വാത്സല്യപാത്രവുമായ ഉസാമഃ (رضي الله عنه) യെ പ്രതിഭാഗം തിരഞ്ഞെടുത്തയച്ചതായിരുന്നു. ‘അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?!’ എന്നു് ദേഷ്യപ്പെട്ടുകൊണ്ട് ആക്ഷേപിക്കുകയും അതിനെത്തുടര്‍ന്നു് ഒരു പ്രസംഗം തന്നെ നടത്തുകയുമാണ് തിരുമേനി (صلّى الله عليه وسلّم) ചെയ്തത്. അതില്‍ അവിടുന്നു് ഇപ്രകാരം പറഞ്ഞിരുന്നു: ‘പ്രമാണിമാര്‍ കളവ് നടത്തിയാല്‍ വിട്ടുകളയുകയും, അബലരായ ആളുകള്‍ കളവ് നടത്തിയാല്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ്, നിങ്ങള്‍ക്ക് മുമ്പുള്ളവരെ (വേദക്കാരെ) നാശത്തിലാക്കിയത്. അല്ലാഹു തന്നെയാണ് സത്യം! മുഹമ്മദിന്റെ മകള്‍ ഫാത്തിമഃ തന്നെ കളവ് നടത്തിയാലും ഞാന്‍ അവളുടെ കൈ മുറിച്ചു കളയും!’ (ولَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا). ഈ ഹദീസ് ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ളതാണ്.

ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളെപ്പറ്റി, ‘പഴഞ്ചന്‍, അപരിഷ്കൃതം, നിര്‍ദ്ദയം’ എന്നൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. ‘പരിഷ്കൃതാശയക്കാരെ’ന്നഭിമാനിക്കുന്ന ചില മുസ്‌ലിംകള്‍പോലും ഈ അഭിപ്രായക്കാരാണോ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. മനഃശാസ്ത്രത്തെയും, പരിഷ്കൃത യുഗത്തെയും ചൊല്ലി, മതനിയമങ്ങളെ ആക്ഷേപിക്കുന്ന ആളുകളാല്‍ നിര്‍മ്മിതങ്ങളായ ഇന്നത്തെ ശിക്ഷാനിയമങ്ങളാകട്ടെ, കുറ്റങ്ങളെ കുറക്കുവാനും, അച്ചടക്കവാസനയുണ്ടാക്കുവാനും പര്യാപ്തങ്ങളല്ലെന്നു് നിത്യാനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ നാട്ടില്‍തന്നെ, ഗവര്‍മ്മെണ്ട് അതിന്റെ പരാജയം സമ്മതിക്കേണ്ടി വന്ന പല നിയമങ്ങളും നിലവിലുള്ളത് നമുക്കറിയാമല്ലോ. കൊലശിക്ഷ എടുത്ത് കളഞ്ഞശേഷം വീണ്ടും അത് നടപ്പിലാക്കുവാന്‍ ചില രാഷ്ട്രങ്ങള്‍ നിര്‍ബ്ബന്ധിതമായ പല വാര്‍ത്തകളും നാം കേട്ടുകൊണ്ടിരിക്കുന്നു. ചിന്തകന്‍മാരായ പല വ്യക്തികളും ഇതിന്റെയെല്ലാം പശ്ചാത്തലം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ഭരണച്ചെങ്കോലുകള്‍ കൈവശം വെക്കുന്നവരുടെഗതി പിന്നെപ്പിന്നെ അധഃപതനത്തിലേക്കാണെന്നു് പറയേണ്ടിയിരിക്കുന്നു. വ്യഭിചാരവിഷയകമായി നോക്കുകയാണെങ്കില്‍, ബലാല്‍സംഗം മാത്രമാണ് ഇന്നത്തെ നിയമപ്രകാരം പല രാഷ്ട്രങ്ങളിലും ശിക്ഷാര്‍ഹമായിട്ടുള്ളതെന്നു പറയാം. നിയമപരമായി നോക്കുമ്പോള്‍ വ്യഭിചാരത്തിന് പ്രോത്സാഹനമോ, നിര്‍ബ്ബന്ധമോ എവിടെയും നിലവിലില്ല എന്നത് ശരിയാണ്. എങ്കിലും, പല കലാവിനോദങ്ങളും, പുതുതായി നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും സര്‍ക്കാര്‍ നിയമങ്ങളും ഇക്കാലത്ത് വ്യഭിചാരവൃത്തിക്ക് തികച്ചും പ്രോത്സാഹനം നല്‍കുന്നുവെന്നത് ഒരു വാസ്തവം മാത്രമാണ്. മനുഷ്യത്വത്തെയും, ധാര്‍മ്മികത്വത്തെയും നിലനിറുത്തേണമെങ്കില്‍, മനുഷ്യസൃഷ്ടാവിനാല്‍ നിയമക്കിപ്പെട്ട ധാര്‍മ്മിക നടപടികള്‍ സ്വീകരിച്ചേ തീരൂ.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാമിക കര്‍മ്മശാസ്ത്ര (الفقه الإسلامي) പണ്ഡിതന്‍മാരും വളരെയധികം വിസ്തരിച്ചു വിവരിച്ചിട്ടുള്ള ഒരു ആയത്താണ് നാം വായിച്ചത്. ഈ ആയത്തില്‍ നിന്നും, അതിനോട് ബന്ധപ്പെട്ട ഹദീസുകളില്‍ നിന്നുമായി അനവധി സംഗതികള്‍ ഇവിടെ അവര്‍ വിവരിച്ചു കാണാം. അവയില്‍ മുഖ്യമായ ഒന്ന് രണ്ട് സംഗതികള്‍ ഇവിടെ ചുരുക്കി പ്രസ്താവിക്കുന്നത് ആവശ്യമാകുന്നു. അതിനുമുമ്പായി, ഇസ്‌ലാമിന്റെ ഒരു അടിസ്ഥാനതത്വം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ഖുര്‍ആനും, ഹദീസുമാകുന്നു. വേദഗ്രന്ഥവും, സാക്ഷാല്‍ അടിസ്ഥാനവും ഖുര്‍ആന്‍ തന്നെ. നബി (صلّى الله عليه وسلّم) തിരുമേനിയുടെ വചനങ്ങളും, മാതൃകാപ്രവര്‍ത്തനങ്ങളുമാകുന്ന സുന്നത്ത് – അല്ലെങ്കില്‍ ഹദീസ് – അതിന്റെ വ്യാഖ്യാനവുമാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഖുര്‍ആന്റെ വ്യാഖ്യാതാവാണ് നബി (صلّى الله عليه وسلّم) തിരുമേനി. അവിടുത്തെ വ്യാഖ്യാനത്തിന് നിരക്കാത്ത ഏത് വ്യാഖ്യാനവും സ്വീകാര്യമല്ല തന്നെ. ഇതിന് തെളിവായി പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും, അല്‍പം ചില ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് നമുക്ക് ഇവിടെ മതിയാക്കാം:-

1.وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ: سورة النحل: ٤٤
2.وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾: سورة النجم
3.وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ: سورة الحشر:٧

സാരങ്ങള്‍:

1. ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ അവര്‍ക്ക് നീ വിവരിച്ചു കൊടുക്കുവാനാണ് നിനക്ക് നാം ‘ദിക്റി’നെ ഇറക്കിയിട്ടുള്ളത്. 16:44. (ഇവിടെ ദിക്ര്‍’ (ذِّكْر) എന്ന പദത്തിന് ‘ബോധനം, സ്മരണ, ഉപദേശം’ എന്നിങ്ങനെയുള്ള ഏത് വാക്കര്‍ത്ഥം കൊടുത്താലും ശരി, ഖുര്‍ആന്‍ മാത്രമോ, അല്ലെങ്കില്‍ ഖുര്‍ആന്‍ അടക്കമുള്ള ദിവ്യബോധനങ്ങളോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും, നബി (صلّى الله عليه وسلّم) യെ അഭിമുഖീകരിച്ചുകൊണ്ടാണിത് പറഞ്ഞിട്ടുള്ളതെന്ന കാര്യത്തിലും സംശയമില്ല.).

2. അദ്ദേഹം നബി – തന്നിഷ്ടപ്രകാരം മിണ്ടുകയില്ല. (സംസാരിക്കുകയില്ല). അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന ‘വഹ്-യല്ലാതെ മറ്റൊന്നുമല്ല. 53:3,4.

3. റസൂല്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുവിന്‍; അദ്ദേഹം നിങ്ങളോട് ഏതൊന്നിനെപ്പറ്റി വിരോധിച്ചുവോ അത് നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുവിന്‍! 59:7. (സ്വീകരിക്കുവാന്‍ പറയുന്നിടത്ത് അദ്ദേഹം ‘കല്‍പിച്ചത്‌’ എന്ന് പറയാതെ, അദ്ദേഹം കൊണ്ടുവന്നത് (َمَا آتَاكُمُ) എന്ന് പറഞ്ഞ ഭാഗം പ്രത്യേകം ഗൗനിക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും മാതൃകയുണ്ടെന്നാണത് കാണിക്കുന്നത്.).
ഉദ്ദേശ്യം വിവരിക്കുക, സാമാന്യമായിപ്പറഞ്ഞതിനെ വിസ്തരിച്ചു കാണിക്കുക, സൂചനകള്‍ വെളിപ്പെടുത്തുക, പരിധികളും ഉപാധികളും നിര്‍ണ്ണയിക്കുക, മൊത്തമായിപ്പറഞ്ഞതിനെ വിശദീകരിക്കുക മുതലായതിനാണല്ലോ വ്യാഖ്യാനമെന്ന് പറയുന്നത്. (*)


(*). മുഖവുര നാലാം ഖണ്ഡികയില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സംബന്ധിച്ച് നാം വിവരിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കാം. കര്‍മ്മശാസ്ത്രനിദാനഗ്രന്ഥങ്ങളിലും (أصول الفقه) ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്ര ഗ്രന്ഥങ്ങളിലും (علوم التفسير) ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.


الزَّانِيَةُ وَالزَّانِي (വ്യഭിചാരം ചെയ്തവളും വ്യഭിചാരം ചെയ്തവനും) എന്ന വാക്കുകള്‍ വിവാഹം കഴിഞ്ഞവര്‍ക്കും, വിവാഹം കഴിയാത്തവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഹദീസില്‍, വ്യഭിചാരം ചെയ്യുന്നവരെ ‘മുഹ്സ്വന്‍’ (المحصن) എന്നും, ‘മുഹ്സ്വന്‍’ അല്ലാത്തവന്‍ (غير المحصن) എന്നും വിഭജിച്ചിരിക്കുന്നു. ‘മുഹ്സ്വന്‍’ എന്ന വാക്ക് ഒന്നിലധികം അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടാറുണ്ട്. അതിനെപ്പറ്റി 4-ാം വചനത്തിന്റെ വിവരണത്തില്‍ കാണാം. അംഗീകരിക്കപ്പെട്ട വിവാഹം വഴി, ഭാര്യാഭര്‍ത്തൃസഹവാസം നടന്നിട്ടുള്ള സ്വതന്ത്രനായ – അടിമയല്ലാത്ത – ആള്‍ എന്നാണ് ഇവിടെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടില്ലാത്തവരും, അംഗീകൃത വിവാഹം കഴിയാത്തവരും, അടിമകളും ‘മുഹ്സ്വന’ല്ലാത്തവരില്‍ ഉള്‍പ്പെടുന്നു.

ആയത്തില്‍ പ്രസ്താവിച്ച അടിശിക്ഷ ‘മുഹസ്വന’ല്ലാത്തവനുള്ളതാണെന്നും, ‘മുഹ്സ്വന്റെ’ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നും നബി (صلّى الله عليه وسلّم) തിരുമേനി വാക്കു മുഖേനയും, പ്രവൃത്തി മുഖേനയും വ്യക്തമാക്കിയിരിക്കുകയാണ്. നിഷ്പക്ഷഹൃദയനായ ഏതൊരു മുസ്ലിമിനും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ബലവത്തായ അനേകം ഹദീസുകള്‍വഴി ഇതു സ്ഥാപിതമായിട്ടുണ്ട്. അബൂബക്കര്‍, ഉമര്‍, അലി, ജാബിര്‍, അബൂസഈദില്‍ ഖുദ്-രീ, അബൂഹുറൈറ, സൈദുബ്നു ഖാലിദ്, ബുറൈദത്തുല്‍ അസ്ലമീ (رضي الله عنهم) തുടങ്ങിയ പല സഹാബികളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും, ബുഖാരീ, മുസ്‌ലിം (رحمة الله عليهما) തുടങ്ങിയ എല്ലാ പ്രധാന ഹദീസു പണ്ഡിതന്‍മാരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് അവ. ഒരൊറ്റ സഹാബിയോ, താബിഈ (സഹാബികളുടെ പിന്‍ഗാമി) യോ, ഇമാമോ ഇതില്‍ എതിരഭിപ്രായക്കാരുമില്ല. നബി (صلّى الله عليه وسلّم) തിരുമേനി തന്നെ, എറിഞ്ഞുകൊല്ലുവാന്‍ വിധി നടത്തിയ സംഭവങ്ങള്‍ മൂന്നെണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഖുലഫാഉറാശിദീന്റെ കാലത്തും അതു നടന്നിരിക്കുന്നു. അവ മുഴുവനുമോ, ഏതാനുമോ ഇവിടെ വിവരിക്കുന്നപക്ഷം ഈ വിവരണം വളരെ ദീര്‍ഘിച്ചുപോകുന്നതുകൊണ്ടും, ആര്‍ക്കും അന്വേഷിച്ചറിയാവുന്നവിധം അവ ശ്രുതിപ്പെട്ടതാകകൊണ്ടും ഇവിടെ അവ ഉദ്ധരിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, മേല്‍കാണിച്ചതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും, നബി (صلّى الله عليه وسلّم)യുടെ സുന്നത്ത് (വാക്കും പ്രവൃത്തിയും) ഖുര്‍ആന്റെ വിവരണമായി അംഗീകരിക്കുന്ന ആര്‍ക്കും ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം – അഥവാ, എല്ലാതരം വ്യഭിചാരികള്‍ക്കുമുള്ള ശിക്ഷ നൂറ് അടി മാത്രമാണ് എന്നുള്ള വാദം – ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല. ഇതേവരെ അങ്ങിനെ ഉണ്ടായിട്ടുമില്ല. മുന്‍കാലത്ത് ഈ വിഷയത്തില്‍ എതിരഭിപ്രായം ഉണ്ടായിട്ടുള്ളത് ‘ഖവാരിജ്’ എന്ന പേരില്‍ അറിയപ്പെടുന്ന കക്ഷി (*)ക്കു മാത്രമാണ്. അടിസ്ഥാനപരമായിത്തന്നെ മുസ്ലിംകളുമായി ഭിന്നിച്ചുനിന്ന ഒരു കക്ഷിയാണത്. ഈ അഭിപ്രായത്തില്‍ അവരെ അനുകരിക്കുന്ന ചില വ്യക്തികള്‍ പിന്നീടും ചുരുക്കത്തില്‍ ഇല്ലാതില്ല. ഒന്നുകില്‍ അവര്‍, ആദര്‍ശപരമായി ‘ഖവാരിജി’നോട് യോജിക്കുന്നവരായിരിക്കും. അല്ലെങ്കില്‍, ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ ലക്ഷ്യപ്രമാണമായുള്ളൂവെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ വാദിച്ചുകൊണ്ട്‌ സുന്നത്തിനെ നിഷേധിച്ചുകളയുന്ന ‘അഹ്ലുല്‍ ഖുര്‍ആന്‍’ വിഭാഗത്തില്‍പെട്ടവരായിരിക്കും. അതുമല്ലെങ്കില്‍, ആധുനിക ലഹരിനിമിത്തം ഇസ്‌ലാമിക വിധികളെ ജനഹിതത്തിനൊത്തും, കാലത്തിനൊത്തും ചിത്രീകരിക്കുവാന്‍ മുതിരുന്നവരായിരിക്കും. മറ്റാര്‍ക്കും അതിനുള്ള ആവശ്യമോ ധൈര്യമോ ഉണ്ടാകുന്നതല്ല.


(*). ഖവാരിജ് (الخوارج): ഖിലാഫത്തിനെതിരായി വമ്പിച്ച വിപ്ളവമുണ്ടാക്കിയ ഒരു കക്ഷിയാണ് ഇത്. അലി (رضي الله عنه) യുടെ കാലത്താണ് ഇവരുടെ ഉല്‍ഭവം. ഇവര്‍ക്ക് സ്വന്തമായ പല അഭിപ്രായങ്ങളും ആദര്‍ശങ്ങളുമുണ്ടായിരുന്നു. ഇന്ന് ഈ കക്ഷി നിലവിലില്ല. ഇവരുടെ ചരിത്രം പ്രസിദ്ധമാണ്.


നബി (صلّى الله عليه وسلّم) തിരുമേനിയും, ഉമര്‍ (رضي الله عنه) മുതലായ ചില മഹാന്‍മാരും ഇങ്ങനെയുള്ളവരെപ്പറ്റി മുമ്പേ ചെയ്തിട്ടുള്ള പ്രവചനങ്ങള്‍ കാണുമ്പോള്‍, ചിന്തിക്കുന്ന സത്യവിശ്വാസികള്‍ക്കു വിശ്വാസവര്‍ദ്ധനവുണ്ടാകുകയാണ് ചെയ്യുക. നബി (صلّى الله عليه وسلّم) പറയുന്നു:-

لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الْأَمْرُ مِنْ أَمْرِي مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ: لَا أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ – احمد وابوداود والترمذي وابن ماجة والبيهقي

സാരം: നിങ്ങളിലൊരാള്‍ അവന്റെ സോഫായില്‍ – അഥവാ അലംകൃതമായ കട്ടിലില്‍ – ചാരിയിരുന്ന് (സുഖിച്ചു) കൊണ്ടിരിക്കെ, ഞാന്‍ കൽപിച്ചതോ, വിരോധിച്ചതോ ആയ എന്റെ നിര്‍ദ്ദേശത്തില്‍പ്പെട്ട ഒരു കാര്യം അവന്റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍ ഇങ്ങിനെ പറയുന്നതു ഞാന്‍ കാണാതിരിക്കട്ടെ: ‘എനിക്ക് അതറിഞ്ഞുകൂടാ, അല്ലാഹുവിന്റെ കിതാബില്‍ കണ്ടതേതോ അതു നമുക്ക് പിന്‍പറ്റാം.’). ഖുര്‍ആനും, സുന്നത്തും വേണ്ടതുപോലെ ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യാത്ത സുഖിയന്‍മാരെയും, മടിയന്‍മാരെയും സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി (صلّى الله عليه وسلّم) ഇത് അരുളിചെയ്യുന്നതെന്നത്രെ, ‘സോഫായില്‍ ചാരിയിരുന്നുകൊണ്ട്’ (مُتَّكِئًا عَلَى أَرِيكَتِهِ) എന്ന വാക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വിഷയകമായി വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. വ്യഭിചാരിയെ എറിഞ്ഞുകൊല്ലുന്നതിനെ നിഷേധിക്കുന്നവരെപ്പറ്റി ഉമര്‍ (رضي الله عنه) പറയുന്നത് നോക്കുക:-

قَالَ عُمَرُ ” لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ ، حَتَّى يَقُولَ قَائِلٌ : لَا نَجِدُ الرَّجْمَ فِي كِتَابِ اللَّهِ ، فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ ، أَلَا وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى ، وَقَدْ أَحْصَنَ إِذَا قَامَتِ الْبَيِّنَةُ ، أَوْ كَانَ الْحَبَلُ ، أَوِ الِاعْتِرَافُ “: البخاري ومسلم وغيره

സാരം: ജനങ്ങളില്‍ കുറേകാലം ദീര്‍ഘിക്കുമ്പോള്‍ വല്ലവരും: ‘അല്ലാഹുവിന്റെ കിത്താബില്‍ ‘റജ്മു’ (എറിഞ്ഞുകൊല്ലല്‍) നാം കാണുന്നില്ലല്ലോ’ എന്ന് പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ, അതുമൂലം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിര്‍ബ്ബന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവര്‍ പിഴച്ചുപോയേക്കും. അല്ലാ! (അറിയുക): എറിഞ്ഞുകൊല്ലുക (الرَّجْم) എന്നത് ‘മുഹ്സ്വനാ’യ നിലയില്‍ വ്യഭിചാരം ചെയ്തവന്റെ പേരില്‍ നടത്തല്‍ കടമയാകുന്നു – തെളിവ് സ്ഥാപിതമാകുകയോ, അല്ലെങ്കില്‍ ഗര്‍ഭമോ കുറ്റം സമ്മതിക്കലോ ഉണ്ടാവുകയോ ചെയ്‌താല്‍. (ബു; മു; മുതലായ പലരും). ഉമര്‍ (رضي الله عنه)ന്റെ ദീര്‍ഘദൃഷ്ടി നോക്കുക! അദ്ദേഹത്തിന്റെ കാലത്ത് ‘റജ്മി’നെ നിഷേധിക്കുന്നവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും, കാലാന്തരത്തില്‍ അങ്ങനെ ഒരു കൂട്ടര്‍ ഉടലെടുക്കുമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികൊണ്ട് അദ്ദേഹം മനസ്സിലാക്കി. അവരെ താന്‍ മുന്‍കൂട്ടി താക്കീതും ചെയ്തു. നബി (صلّى الله عليه وسلّم) ക്കുശേഷം പ്രവാചകന്‍മാരുണ്ടാകുമായിരുന്നുവെങ്കില്‍ ‘ഉമര്‍ പ്രവാചകനാകുമായിരുന്നു’വെന്ന് കാണിക്കുന്ന നബിവചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു.

ഉമര്‍ (رضي الله عنه) ന്റെ പ്രസ്താവനയില്‍നിന്ന് ചില സംഗതികള്‍ മനസ്സിലാക്കുവാനുണ്ട്: (1). ‘മുഹ്സ്വനാ’യ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന വിധി നബി (صلّى الله عليه وسلّم) യുടേയോ മറ്റോ അഭിപ്രായമല്ല – അല്ലാഹുവില്‍നിന്ന് വഹ്-യുമൂലം അവതരിച്ചതുതന്നെയാണ്. അതാണ്‌ ‘അല്ലാഹു അവതരിപ്പിച്ചിട്ടുള്ള നിര്‍ബ്ബന്ധനിയമം’ (فَرِيضَةٍ أَنْزَلَهَا اللَّهُ) എന്ന പ്രയോഗം കാണിക്കുന്നത്. ഈ വാസ്തവവും, ആ അവതരിച്ച വഹ്-യിന്റെ വാക്യങ്ങളും വേറെ ഹദീസുകളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. (2) കുറ്റവാളിയുടെ മേല്‍ ശിക്ഷ നടത്തണമെങ്കില്‍ മൂന്നിലൊരു കാര്യം കൂടാതെ കഴിയുകയില്ല; ഒന്നുകില്‍ സാക്ഷിമൂലം തെളിയുക, അല്ലെങ്കില്‍ കുറ്റവാളി കുറ്റം സമ്മതിക്കുക, അല്ലെങ്കില്‍ സ്ത്രീക്ക് ഗര്‍ഭം പ്രത്യക്ഷത്തില്‍ കാണുക. ഒന്നാമത്തേതിനെക്കുറിച്ച് നാലാം വചനത്തില്‍ കാണാം. രണ്ടാമത്തേതിന്റെ അടിസ്ഥാനത്തിലാണ് നബി (صلّى الله عليه وسلّم) യുടെ കാലത്തു നടന്ന ശിക്ഷകള്‍ നടത്തപ്പെട്ടത്. ശിക്ഷാര്‍ഹമായ മാര്‍ഗ്ഗേണ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്കു മാത്രം ബാധകമായതാണ് മൂന്നാമത്തേത്. ഉമര്‍ (رضي الله عنه) ഇപ്രകാരം കൂടി പറഞ്ഞതായി ചില ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്:-

لو لا ان يقول زاد عمر في الكتاب الله لكتبها على جائبة المصحف – ابوداود وغيره

(അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളില്‍ ഉമര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെട്ടേക്കുമായിരുന്നില്ലെങ്കില്‍ ഞാന്‍ ഇത് – എറിഞ്ഞുകൊല്ലലിനെ സംബന്ധിച്ച വാക്യങ്ങള്‍ – ‘മുസ്വഹഫി’ന്റെ ഓരത്തില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു.)

ചില ഹദീസുകളില്‍ വന്നിട്ടുള്ളതുപ്രകാരം, ‘മുഹ്സ്വന’ല്ലാത്തവനു 100 അടിക്കു പുറമെ ഒരു കൊല്ലം നാടുകടത്തല്‍ കൂടി ശിക്ഷ നല്‍കേണ്ടതുണ്ടോ എന്നതിലും, ‘മുഹ്സ്വനാ’യവനെ എറിയുന്നതിനുമുമ്പ് അടിശിക്ഷ കൂടി നടത്തേണ്ടതുണ്ടോ എന്നതിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഒന്നാമത്തേതില്‍, അതു വേണ്ടതില്ലെന്നും, ഭരണകര്‍ത്താവിന്റെ യുക്തംപോലെ ചെയ്യാമെന്നുമാണ് ഒരഭിപ്രായം. രണ്ടാമത്തേതില്‍, എറിഞ്ഞുകൊല്ലപ്പെടേണ്ടവനു അടിശിക്ഷ ഇല്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. ഓരോ അഭിപ്രായങ്ങള്‍ ഉടലെടുക്കുവാനുള്ള കാരണവും ന്യായവും വിസ്തരിക്കുന്ന പക്ഷം അതു വളരെ ദീര്‍ഘിച്ചുപോയേക്കും.

‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ മതനടപടി നിര്‍വ്വഹിക്കുന്നതില്‍ അവരെക്കുറിച്ച് യാതൊരു ദയയും നിങ്ങളെ പിടികൂടരുത്’ എന്നു അല്ലാഹു ചെയ്ത താക്കീത് വളരെ ഗൗരവമുള്ളതാകുന്നു. രക്തബന്ധമോ, സ്നേഹബന്ധമോ നിമിത്തം, പ്രകൃത്യാ തോന്നിയേക്കുന്ന അനുകമ്പയെക്കുറിച്ചല്ല ഇവിടെ വിലക്കുന്നത്, ശിക്ഷ ഇല്ലാതാക്കുകയോ, ഇളവു ചെയ്തുകൊടുക്കുകയോ ചെയ്‌വാന്‍ പാടില്ല എന്നത്രെ താല്‍പര്യം. ഒരുകൂട്ടം സത്യവിശ്വാസികളുടെ മുമ്പാകെ വെച്ചായിരിക്കണം ശിക്ഷ നടത്തുന്നത് എന്ന കല്‍പനയും, ഈ കുറ്റത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു. മേലില്‍ ഇത്തരം വമ്പിച്ച നീചകൃത്യത്തില്‍ അകപ്പെട്ടുപോകാതിരിക്കുവാന്‍ ജനങ്ങള്‍ക്ക് അത് പാഠം നല്‍കണമെന്ന് അതുമൂലം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരം എത്രമാത്രം കടുത്ത പാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നതെന്ന് ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എങ്കിലും, അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്‌. ഓരോ കുറ്റത്തിനും അവന്‍ പശ്ചാത്താപം നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഖേദിച്ചുമടങ്ങുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുമെന്ന് അവന്‍ വാഗ്ദാനവും ചെയ്തിരിക്കുന്നു. (സൂ: ഫുര്‍ഖാന്‍ : 70 മുതലായ സൂക്തങ്ങളില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നതു കാണാം.). നബി (صلّى الله عليه وسلّم)യുടെ കാലത്തു എറിഞ്ഞുകൊല്ലപ്പെട്ട ഒരുവനെപ്പറ്റി തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറയുകയുണ്ടായി: ‘അവന്‍ ഒരു പശ്ചാത്താപം പശ്ചാത്തപിച്ചിട്ടുണ്ട്: മദീനാനിവാസികള്‍ (മുഴുവനുംകൂടി) അത്ര പശ്ചാത്തപിക്കുന്നപക്ഷം അവരില്‍നിന്നും അതു സ്വീകരിക്കപ്പെടുന്നതാണ്.’

(لَقَدْ تَابَ تَوْبَةً لَوْ تَابَهَا أَهْلُ الْمَدِينَةِ لَقُبِلَ مِنْهُمْ ‏ – الترمذي وابوداود)

24:3

  • ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ ﴾٣﴿
  • വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവളെയോ, അല്ലെങ്കില്‍ ബഹുദൈവവിശ്വാസിക്കാരിയെയോ അല്ലാതെ വിവാഹം ചെയ്യാറില്ല. വ്യഭിചാരിണിയാകട്ടെ വ്യഭിചാരിയോ, ബഹുദൈവവിശ്വാസിയോ അല്ലാതെ അവളെ വിവാഹം ചെയ്യാറുമില്ല.. അതു സത്യവിശ്വാസികളുടെമേല്‍ വിരോധിക്കപ്പെട്ടിരിക്കുകയാണ്.
  • الزَّانِي വ്യഭിചാരി لَا يَنكِحُ അവന്‍ വിവാഹം ചെയ്യുകയില്ല إِلَّا زَانِيَةً വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ أَوْ مُشْرِكَةً അല്ലെങ്കില്‍ ബഹുദൈവവിശ്വാസക്കാരിയെ وَالزَّانِيَةُ വ്യഭിചാരിണി لَا يَنكِحُهَا അവളെ വിവാഹം ചെയ്യുകയില്ല إِلَّا زَانٍ വ്യഭിചാരി ഒഴികെ أَوْ مُشْرِكٌ അല്ലെങ്കില്‍ ബഹുദൈവവിശ്വാസി وَحُرِّمَ വിരോധിക്കപ്പെട്ടിരിക്കുന്നു ذَٰلِكَ അതു عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍

നീചപ്രവൃത്തികളും തോന്നിയവാസങ്ങളും പതിവാക്കിയ ആളുകളും, സദ്‌വൃത്തരായ ആളുകളും തമ്മില്‍ യോജിപ്പും ഇണക്കവും ഉണ്ടാവുകയില്ലല്ലോ. നേരെമറിച്ച് ദുര്‍വൃത്തന്‍മാര്‍ തമ്മതമ്മിലും, സദ്‌വൃത്തന്‍മാര്‍ തമ്മതമ്മിലും ഇണക്കത്തോടും യോജിപ്പോടുംകൂടി വര്‍ത്തിക്കുക സ്വാഭാവികമാണ്. ചീത്ത പുരുഷന്‍മാര്‍ നല്ല സ്ത്രീകളെയും, നല്ല പുരുഷന്‍മാര്‍ ചീത്ത സ്ത്രീകളെയും വിവാഹം കഴിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. സ്ത്രീകളുടെ നിലയും ഇതുപോലെത്തന്നെ. ‘ഇണ ഇണയോട് ചേരു’മല്ലോ. സാധാരണക്കെതിരായി എപ്പോഴെങ്കിലും ഇതിന് വിപരീതമായ ഉദാഹരണങ്ങള്‍ ഉണ്ടായിക്കൂടാ എന്നു് ഇതിന്നര്‍ത്ഥമില്ല. ഏതായാലും ദുര്‍ജ്ജനങ്ങളുമായുള്ള കൂട്ട്-കെട്ടു പലനിലക്കും മനുഷ്യനെ ദുഷിപ്പിക്കുന്നതാകകൊണ്ട് തോന്നിയവാസികളുമായും അവിശ്വാസികളുമായുമുള്ള വൈവാഹികകൂട്ടുകെട്ടില്‍നിന്നു് അകന്നു നില്‍ക്കുവാന്‍ സത്യവിശ്വാസികളോട് അല്ലാഹു നിര്‍ദ്ദേശിക്കുകയാണ്. മേല്‍പറഞ്ഞ തത്വം 26-ാം വചനത്തിലും പ്രതിപാദിക്കപ്പെട്ടുകാണാം. സജ്ജനങ്ങളുമായുള്ള വൈവാഹികകൂട്ടുകെട്ടിനെ 32-ാം വചനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

സ്വദേശം വിട്ടുപോന്ന ‘മുഹാജിറു’കളായ ചില സഹാബികള്‍, ദാരിദ്ര്യം മൂലം വിവാഹം കഴിപ്പാന്‍ നിവൃത്തിയില്ലാതെവന്നപ്പോള്‍ തോന്നിയവാസികളായി അറിയപ്പെട്ടിരുന്ന ചില സ്ത്രീകളെ വിവാഹം ചെയ്‌വാന്‍ മുതിര്‍ന്നതിനെത്തുടര്‍ന്നാണ് ഈ ആയത്ത് അവതരിച്ചതെന്നു പറയപ്പെടുന്നു. الله أعلم

24:4

  • وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَـٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَـٰدَةً أَبَدًا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٤﴿
  • ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ (വ്യഭിചാര) ആരോപണം ചെയ്യുകയും പിന്നീട് (അതിനു) നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി (വീതം) അടിക്കുവിന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിയവാസികള്‍;-
  • وَالَّذِينَ يَرْمُونَ ആരോപണം ചെയ്യുന്നവര്‍, അപവാദം പറയുന്നവര്‍ الْمُحْصَنَاتِ ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവരെ ثُمَّ لَمْ يَأْتُوا പിന്നെ അവര്‍ കൊണ്ടുവന്നതുമില്ല بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെ فَاجْلِدُوهُمْ അവരെ നിങ്ങള്‍ അടിക്കുക ثَمَانِينَ جَلْدَةً എണ്‍പതു അടി وَلَا تَقْبَلُوا നിങ്ങള്‍ സ്വീകരിക്കുകയും അരുതു لَهُمْ അവരുടെ شَهَادَةً സാക്ഷ്യം أَبَدًا ഒരിക്കലും, എന്നും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

24:5

  • إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٥﴿
  • അതിനുശേഷം പശ്ചാത്തപിക്കുകയും (സ്ഥിതി) നന്നാക്കുകയും ചെയ്തവരൊഴികെ. കാരണം, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • إِلَّا الَّذِينَ യാതൊരുകൂട്ടരൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِ ذَٰلِكَ അതിനുശേഷം وَأَصْلَحُوا അവര്‍ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَإِنَّ اللَّـهَ കാരണം നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

مُحْصَنَة (‘മുഹ്സ്വനത്ത്‌’) എന്ന വാക്ക് ‘വിവാഹം കഴിഞ്ഞവള്‍, പതിവ്രത, ചാരിത്ര ശുദ്ധിയുള്ളവള്‍, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഉപയോഗിക്കപ്പെടുന്നതാണ്. സ്വതന്ത്രകളും പ്രായപൂര്‍ത്തി എത്തിയവരുമായ പതിവ്രതകള്‍ക്കാണ് മിക്കപ്പോഴും ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ചാരിത്ര ശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തുന്നവരുടെ ശിക്ഷയാണ് മേല്‍കണ്ടത്. പുരുഷന്‍മാരെ ആരോപണം ചെയ്യുന്നവരും ഈ ശിക്ഷക്ക് വിധേയര്‍ തന്നെ. എങ്കിലും വ്യഭിചാരാരോപണം നിമിത്തമുണ്ടാകുന്ന ദുഷ്കീര്‍ത്തിയും അതിന്റെ പ്രത്യാഘാതവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ്, സ്ത്രീകളെ ആരോപിക്കുന്നവരെക്കുറിച്ചു പ്രത്യേകം എടുത്തുപറയുന്നത്. മുമ്പ് നാം സൂചിപ്പിച്ചതുപോലെ, ഇസ്ലാം വ്യഭിചാരത്തിന് കല്‍പിക്കുന്ന വെറുപ്പിന്റെയും, അറപ്പിന്റെയും കാഠിന്യമാണ് ഈ ശിക്ഷാനിയമവും കാണിക്കുന്നത്. ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ നാലു സാക്ഷികള്‍ മുഖേന തെളിയിക്കപ്പെടാത്തപക്ഷം, അന്യനെപ്പറ്റി വ്യഭിചാരാരോപണവാക്കുകള്‍ പറയുന്നവരെ – അവര്‍ എത്രപേരുണ്ടായാലും ശരി – ഓരോരുത്തനെയും 80 അടി വീതം അടിക്കണമെന്നു പറയുമ്പോള്‍ ഈ ആരോപണം എത്രമേല്‍ ഭയങ്കരമായിരിക്കണം?! പിന്നീട് ഒരുകാലത്തും ഒരു കേസ്സിലും അവരെ സാക്ഷികളായി സ്വീകരിപ്പാന്‍ പാടില്ലെന്നും അല്ലാഹു കല്‍പിക്കുന്നു. سبحان الله . വ്യഭിചാരത്തിനു ധാരാളം അനുകൂലവും പ്രചാരവും സിദ്ധിക്കുന്ന ഇക്കാലത്ത് മാന്യന്മാരായ ആളുകളെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ ആരോപണങ്ങള്‍ പുറപ്പെടുവിക്കുവാനും, അത് കേട്ടമാത്രയില്‍ പരസ്യമായി ഏറ്റുപറയുവാനും ആളുകള്‍ മുതിരുന്നതില്‍ അത്ഭുതപ്പെടുവാനില്ല. എന്നാല്‍, അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

‘അവര്‍തന്നെയാണ് തോന്നിയവാസികള്‍’ എന്ന വാക്യം വളരെ ശ്രദ്ധേയമാണ്. തോന്നിയവാസികളായതു കൊണ്ടാണ് സജ്ജനങ്ങളുടെ ചാരിത്രശുദ്ധിയെ കളങ്കം വരുത്തുവാന്‍ അവര്‍ മുതിരുന്നതെന്നും, അവരുടെ ഈ പ്രവൃത്തി അവര്‍ തോന്നിയവാസികളാണെന്നതിന്റെ ലക്ഷണമാണെന്നും അതു കാണിക്കുന്നു. സംഭവം തെളിയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, ഒരുപക്ഷേ, ആരോപിക്കപ്പെട്ട സംഗതി വാസ്തവത്തില്‍ ശരിയായിരുന്നുകൂടേ, എന്നു ചോദിക്കപ്പെട്ടേക്കാം. അതെ, ശരിയാവാം. എന്നാലും മാന്യവനിതകളായി കരുതപ്പെടുന്നവര്‍ക്കു മാനഭംഗം വരുത്തുവാനും, ഒളിഞ്ഞുകിടക്കുന്ന അവരുടെ രഹസ്യം പുറത്ത് ചോര്‍ത്ത് സമുദായമദ്ധ്യേ ദുഷ്പ്രചാരമുണ്ടാക്കുവാനും ധൈര്യപ്പെട്ടതുതന്നെ അതിനു തെളിവാണല്ലോ. മറ്റുള്ളവരുടെ കുറ്റവും കുറവും വെളിപ്പെടുത്തുന്നത് മാന്യന്‍മാര്‍ക്കു യോജിച്ചതല്ലെന്നും, ശിക്ഷാര്‍ഹമാണെന്നും ആയത്തു – ഹദീസുകളില്‍നിന്ന് പരക്കെ അറിയപ്പെടുന്നതും, ആലോചിച്ചറിയാവുന്നതുമാണ്.

ഏതു പാപം ചെയ്താലും, അതിനെപ്പറ്റി ഖേദിച്ചു മടങ്ങുന്നവന് അല്ലാഹു പൊറുക്കുന്നതാണ്. ഈ ഭയങ്കര കുറ്റം ചെയ്തവര്‍ക്കും ഈ നിയമം ബാധകം തന്നെ. പക്ഷേ, ഖേദിച്ചുമടങ്ങിയെന്നു പറഞ്ഞതുകൊണ്ടാവില്ല, അവന്റെ സ്ഥിതിഗതികളില്‍നിന്ന് അവന്‍ നന്നായിത്തീര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാവുകകൂടി വേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പിന്നീട് അവന്റെ സാക്ഷ്യം സ്വീകരിക്കുവാന്‍ പാടുള്ളൂ. ‘അവര്‍ തങ്ങളുടെ സ്ഥിതി നന്നാക്കുകയും’ എന്ന വാക്ക് ഇതാണ് കാണിക്കുന്നത്. വ്യഭിചാരാരോപണത്തില്‍ ശിക്ഷക്കു വിധേയനായവന്റെ സാക്ഷ്യം ഒരു കാരണത്താലും സ്വീകരിക്കപ്പെടുകയില്ലെന്നും, പൊറുത്തുകൊടുക്കുമെന്ന വാഗ്ദാനം പരലോക ശിക്ഷയെ സംബന്ധിച്ചു മാത്രമാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാണ്. أَبَدًا (ഒരിക്കലും) എന്നും മറ്റും ഊന്നിപ്പറഞ്ഞിട്ടുള്ളതിന്റെ ഗൗരവം അതാണ്‌ മനസ്സിലാക്കുന്നത് എന്നത്രെ അവര്‍ പറയുന്നത്.

ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വ്യഭിചാരാരോപണം ചെയ്താലുള്ള ശിക്ഷയും മേല്‍പറഞ്ഞതു തന്നെ. എന്നാല്‍, ഒരാള്‍ തന്റെ ഭാര്യ ദുര്‍ന്നടപ്പുകാരിയാണെന്നു കണ്ടുകഴിഞ്ഞാല്‍, അതിനു നാല് ദൃക്സാക്ഷികളെ സമ്പാദിക്കുക മിക്കപ്പോഴും പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സംഭവം വെളിക്കു വരുത്തിയാല്‍ 80 അടിയും, വമ്പിച്ച വഷളത്തവുമാണ് ലഭിക്കുക. മൗനമവലംബിക്കുകയാണെങ്കിലോ, അതെത്രമാത്രം ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതുമില്ല. ദുര്‍ന്നടപ്പുകാരിയായ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നതിലുള്ള വിഷമങ്ങള്‍ ഇരിക്കട്ടെ, അവനില്‍നിന്നല്ലാതെ ജനിക്കുന്ന അവളുടെ കുട്ടിയെ അവന്‍ ഏറ്റെടുക്കുക തുടങ്ങിയ പലതും അതിനാല്‍ നേരിടുകയും ചെയ്യുമല്ലോ. അസഹനീയമായ ഈ ധര്‍മ്മസങ്കടത്തില്‍പെട്ടു ഗതിമുട്ടുന്ന ഭാര്യാഭര്‍ത്താക്കളില്‍ കൈക്കൊള്ളേണ്ടുന്ന ഇസ്‌ലാമിക നിയമമാണ് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നത്:-

24:6

  • وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَـٰدَةُ أَحَدِهِمْ أَرْبَعُ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴾٦﴿
  • തങ്ങളുടെ ഭാര്യമാരെ (വ്യഭിചാര) ആരോപണം ചെയ്യുകയും, തങ്ങള്‍ക്കു തങ്ങള്‍ തന്നെയല്ലാതെ (മറ്റു) സാക്ഷികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാകട്ടെ,- അവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം: ‘നിശ്ചയമായും, താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ്’ എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് (വട്ടം സത്യ) സാക്ഷ്യം നിര്‍വ്വഹിക്കലാകുന്നു.
  • وَالَّذِينَ യാതൊരു കൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യുന്നു أَزْوَاجَهُمْ തങ്ങളുടെ ഭാര്യമാരെ وَلَمْ يَكُن لَّهُمْ അവര്‍ക്കു ഇല്ലതാനും شُهَدَاءُ സാക്ഷികള്‍ إِلَّا أَنفُسُهُمْ തങ്ങള്‍ തന്നെയല്ലാതെ فَشَهَادَةُ എന്നാല്‍ സാക്ഷ്യം أَحَدِهِمْ അവരില്‍ ഒരാളുടെ أَرْبَعُ شَهَادَاتٍ നാലു സാക്ഷ്യങ്ങളാണു (സത്യസാക്ഷ്യം പറയലാണു) بِاللَّـهِ അല്ലാഹുവിന്റെപേരില്‍ (സത്യം ചെയ്തുകൊണ്ടു) إِنَّهُ നിശ്ചയമായും താന്‍ لَمِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെ (സത്യം പറയുന്നവനാണു)

24:7

  • وَٱلْخَـٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَـٰذِبِينَ ﴾٧﴿
  • അഞ്ചാമത്തേത് ‘താന്‍ കളവ് പറയുന്നവരില്‍പെട്ടവനാണെങ്കില്‍, തന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഭവിക്കട്ടെ!’ എന്നാകുന്നു (പറയേണ്ടത്).
  • وَالْخَامِسَةُ അഞ്ചാമത്തേത് أَنَّ لَعْنَتَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ ശാപം عَلَيْهِ തന്റെ മേല്‍ ഭവിക്കട്ടെ (എന്നാണ്) إِن كَانَ താന്‍ ആണെങ്കില്‍ مِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍

അധികാരപ്പെട്ടവരുടെ മുഖേന ഇപ്രകാരം അഞ്ചുപ്രാവശ്യം,അല്ലാഹുവിനെ മുന്‍നിറുത്തി സ്വയം സാക്ഷി മൊഴികൊടുക്കുന്നപക്ഷം, പുരുഷന്റെ ഭാഗത്തുനിന്ന് ആരോപിച്ച കുറ്റം നിയമപരമായി അവന്‍ സ്ഥാപിച്ചു കഴിഞ്ഞു. അവളുടെ പേരില്‍ വ്യഭിചാരത്തിന്റെ കുറ്റപത്രം തയ്യാറാവുകയും ചെയ്തു. പക്ഷേ, പുരുഷന്റെ അത്രതന്നെ അവള്‍ക്കും നിയമപരമായ അവകാശം ഉണ്ട്. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ (അവരുടെ – സ്ത്രീകളുടെ – മേലുള്ളതു പോലെ അവര്‍ക്കും അവകാശമുണ്ട്‌.) എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതാണ്. ആകയാല്‍ അവളുടെ ഭാഗം അവള്‍ക്കും തെളിയിക്കാം:-

24:8

  • وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَـٰذِبِينَ ﴾٨﴿
  • ‘നിശ്ചയമായും അവന്‍ [ഭര്‍ത്താവു] കളവു പറയുന്നവരില്‍ പെട്ടവന്‍ തന്നെയാണ്’ എന്നു് അല്ലാഹുവിന്റെ പേരില്‍ (സത്യം ചെയ്തു) നാലു സാക്ഷ്യവചനങ്ങള്‍ അവള്‍ പറയുന്നതു, അവളില്‍നിന്നു ശിക്ഷയെ തടഞ്ഞുകളയുന്നതാണ്.
  • وَيَدْرَأُ തടഞ്ഞുകളയും, തട്ടിക്കളയും عَنْهَا അവളില്‍നിന്നു الْعَذَابَ ശിക്ഷയെ أَن تَشْهَدَ അവള്‍ സാക്ഷ്യംപറയല്‍ أَرْبَعَ شَهَادَاتٍ നാലു സാക്ഷ്യങ്ങള്‍ بِاللَّـهِ അല്ലാഹുവിന്റെ പേരില്‍ إِنَّهُ നിശ്ചയമായും അവന്‍ لَمِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍തന്നെ

24:9

  • وَٱلْخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ ﴾٩﴿
  • ‘അവന്‍ സത്യം പറയുന്നവരില്‍ പെട്ടവനാണെങ്കില്‍, അല്ലാഹുവിന്റെ കോപം തന്റെമേല്‍ ഭവിക്കട്ടെ!’ എന്ന് അഞ്ചാമത്തേതും (പറയണം).
  • وَالْخَامِسَةَ അഞ്ചാമത്തേതും أَنَّ غَضَبَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ കോപം عَلَيْهَا അവളുടെ (തന്റെ) മേല്‍ ഭവിക്കട്ടെ എന്നു് إِن كَانَ അവനാണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവന്‍ (സത്യവാന്‍)

ഓരോരുത്തരും നല്‍കേണ്ടുന്ന സാക്ഷ്യമൊഴികള്‍ അവനവന്റെ സത്യതയും നിരപരാധിത്വവും, മറ്റേയാളുടെ അസത്യതയും അപരാധിത്വവും സ്ഥാപിക്കുന്നതാകുന്നു. അഞ്ച് സാക്ഷ്യമൊഴികള്‍ അവളും കൊടുക്കുന്നപക്ഷം അവളുടെ ഭാഗം അവളും സ്ഥാപിച്ചു. ഇപ്പോള്‍ രണ്ടില്‍ ഒരാളെ മാത്രം കുറ്റക്കാരനാക്കുവാന്‍ നിവൃത്തിയില്ല. എങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടിലൊരാള്‍ കുറ്റക്കാരനും മറ്റേയാള്‍ നിരപരാധിയുമായിരിക്കുമെന്നു തീര്‍ച്ചയുമാണ്. സൂ: അല്‍ കഹ്ഫ്‌ 72 ന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യമായ തെളിവുകള്‍ അനുസരിച്ച് നീതിന്യായം പാലിക്കുവാനേ ഈ ലോകത്തു മനുഷ്യര്‍ക്കു നിവൃത്തിയുള്ളു. രഹസ്യവും യാഥാര്‍ത്ഥ്യവും അനുസരിച്ചുള്ള വിധി അല്ലാഹു പിന്നീട് നടത്തിക്കൊള്ളും. ഏതായാലും, ഇരു ഭാഗക്കാരും അന്യോന്യം ഇപ്രകാരം തെളിവു സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്കു് എനി അവര്‍ യോജിച്ചു കഴിയുകയെന്നത് ന്യായവും സാധ്യവുമല്ല. അതുകൊണ്ട് അവര്‍ തമ്മിലുള്ള ബന്ധം ഇതുമുതല്‍ നിറുത്തലാക്കപ്പെടുന്നതും, നിയമാനുസൃതമല്ലാത്ത നിലയില്‍ ജനിച്ചേക്കാവുന്ന കുട്ടി അവന്റേതല്ലെന്നു തീരുമാനിക്കപ്പെടുന്നതുമാകുന്നു.

ഇരു കക്ഷികളും ഇത്രയും ധൈര്യത്തോടെ അയ്യഞ്ചുവട്ടം സത്യമൊഴി കൊടുക്കുമ്പോള്‍, വാസ്തവത്തില്‍ അവരില്‍ ഒരാള്‍ നിഷ്ഠൂരവും നീചവുമായ മനസ്ഥിതിയുള്ള ആളായിരിക്കണമല്ലോ. ആകയാല്‍, ഈ സാക്ഷിമൊഴികള്‍ കൊടുക്കുവാന്‍ മുന്നോട്ടുവരുന്നത് വളരെ ഗൗരവപൂര്‍വ്വം ആലോചിച്ചു ചെയ്യേണ്ടതാണ്; ഐഹികശിക്ഷയെക്കാള്‍ വളരെ വമ്പിച്ചതാണ് പരലോകശിക്ഷ എന്നു് ഓര്‍ക്കേണ്ടതുണ്ട്; തല്‍ക്കാലം രഹസ്യം പുറത്താക്കാതെ മൂടി വെക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് എന്നൊക്കെ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

24:10

  • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ﴾١٠﴿
  • അല്ലാഹുവിന്റെ ദാക്ഷിണ്യവും അവന്റെ കാരുണ്യവും, നിങ്ങളില്‍ ഉണ്ടായിരിക്കുകയും, അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ജ്ഞാനയുക്തനുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (- ഹാ, നിങ്ങള്‍ക്കു കാണാമായിരുന്നു)!
  • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദാക്ഷിണ്യം, അനുഗ്രഹം, ദയവ് عَلَيْكُمْ നിങ്ങളില്‍ وَرَحْمَتُهُ അവന്റെ കാരുണ്യം وَأَنَّ اللَّـهَ അല്ലാഹുവാണെന്നതും تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ حَكِيمٌ അഗാധജ്ഞാനിയും, ജ്ഞാനയുക്തനും

മൂന്നാം ഘട്ടം – ക്യാമ്പയിൻ 6 – സൂറത്തുല്‍ മുഅ്മിനൂന്‍ : വ്യാഖ്യാനക്കുറിപ്പ്‌

വ്യാഖ്യാനക്കുറിപ്പ്‌ – 1

സൂറത്തുല്‍ മുഅ്മിനൂന്‍ 6ലും മറ്റു പല ഖുര്‍ആന്‍ വചനങ്ങളിലും ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നാല്‍ ആരാണ്? {” معنى ” مَا مَلَكَتْ أَيْمَانُهُمْ}


സ്ഥാപിതതാല്പര്യത്തിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കാറുള്ള ചിലര്‍ مَا مَلَكَتْ أَيْمَانُهُمْ (മാ മലക്കത്ത് – ഐമാനുഹും) എന്ന വാക്കിന് ‘അവരുടെ നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’ എന്ന് അര്‍ത്ഥം കൊടുത്തു കാണുന്നു. ഇങ്ങിനെയാണ്‌ ഈ വാക്കിന് അര്‍ത്ഥം നല്‍കേണ്ടതെന്നും അവര്‍ പ്രസ്താവിക്കുന്നു. ഇതിന് കാരണമായി രണ്ട് വാദങ്ങളാണ് അവര്‍ കൊണ്ടുവരുന്നത്. 1) അതൊരു അലങ്കാരപ്രയോഗം (മജാസ് – المجاس) ആണെന്നും 2) ഇസ്‌ലാമില്‍ ഒരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കപ്പെട്ടിട്ടില്ല (ആകയാല്‍ അടിമത്വം ധ്വനിക്കുന്ന അര്‍ത്ഥം കൊടുക്കാവതല്ല) എന്നും. എങ്കിലും, ഇതേ കൂട്ടര്‍തന്നെ ഈ വാക്കിന് ചിലപ്പോള്‍ അവരുടെ കൃതികളില്‍ സൂറത്തുന്നിസാഉ് 3,24,25 എന്നീ ആയത്തുകളില്‍) കൊടുത്തുകാണുന്നത് നാം കല്‍പിച്ചിട്ടുള്ള അതേ അര്‍ത്ഥം തന്നെയാണ് താനും. ഒരിടത്ത്: ‘ഉടമസ്ഥതയില്‍ വന്നുചേര്‍ന്നിട്ടുള്ള സ്ത്രീകള്‍’ എന്നും, മറ്റൊരിടത്ത്: ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും, മൂന്നാമതൊരിടത്ത് : ‘ഉടമപ്പെടുത്തിയിട്ടുള്ള അടിമ സ്ത്രീകള്‍’ എന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഈ വാക്കുകള്‍ തമ്മില്‍ അല്പാല്പം അക്ഷരവ്യത്യാസം ഉണ്ടെങ്കിലും സാരത്തില്‍ വ്യത്യസ്തങ്ങളല്ല. എന്തോ കാരണത്താല്‍ അവിടങ്ങളില്‍ അങ്ങിനെയെല്ലാം ആലോചിക്കാതെ മുമ്പ് പറഞ്ഞുപോയതുകൊണ്ടായിരിക്കാം, ‘ഒരു പ്രകാരത്തില്‍ ആ വാക്കിന് ‘വലംകൈകള്‍ ഉടമപ്പെടുത്തിയത്’ എന്നും തര്‍ജ്ജമകൊടുക്കാമെന്ന് ഇവിടെ എത്തിയപ്പോള്‍ അവര്‍ പതുക്കെ സമ്മതിച്ചു കാണുന്നത്. ‘ഏതായാലും അധീനത്തില്‍ കീഴില്‍ ജീവിക്കുന്നവര്‍’ എന്നാണു പോല്‍ ശരിയായ തര്‍ജ്ജമ?! ഭാര്യമാരില്‍പ്പെട്ട ഒരു വിഭാഗം തന്നെയാണ് ഈ വാക്കുകൊണ്ടുദ്ദേശമെന്നും ഇവര്‍ വാദിക്കുന്നു.

ഇതൊരു അലങ്കാരപ്രയോഗം (‘മജാസ്’) ആകുന്നുവെന്നുള്ളത് ശരിതന്നെ. സാക്ഷാല്‍ അര്‍ത്ഥം ഉദ്ദേശിക്കപ്പെടുവാന്‍ തരമില്ലാതെ അതുമായി ബന്ധപ്പെട്ട മറ്റൊരു അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ക്കാണല്ലോ ‘മജാസ്’ – അഥവാ അലങ്കാരപ്രയോഗം – എന്ന് പറയുന്നത്. എന്നാല്‍, ഈ വാക്ക് ‘മജാസാ’ണു എന്നു പറയുന്നതിന്റെ താല്പര്യമെന്താണെന്നും, ഈ വാക്കില്‍ എവിടെയാണ് ഈ അലങ്കാരം അടങ്ങിയിട്ടുള്ളതെന്നും നോക്കേണ്ടതുണ്ട്. مَلَكَتْ (മലക്കത്ത്) എന്ന ക്രിയയിലാണോ? അല്ല. ‘ഉടമപ്പെടുത്തി’ അല്ലെങ്കില്‍, ‘ഉടമയാക്കി’ എന്നാണതിന്റെ അര്‍ത്ഥം. ഈ ക്രിയയിലാണ് ‘മജാസു’ള്ളതെങ്കില്‍ അതിന്റെ അര്‍ത്ഥം ‘അധീനത്തിന്‍ കീഴില്‍ ജീവിച്ചു’ എന്നോ മറ്റോ ആണെന്ന് വാദിക്കാമായിരുന്നു. ‘ഐമാന്‍’ ( أَيْمَان) എന്ന വാക്കിലാണോ മജാസുള്ളത്? അതുമല്ല. അതിന് വലങ്കൈകള്‍ എന്ന അസ്സല്‍ അര്‍ത്ഥം തന്നെയാണുള്ളതും. പിന്നെയോ? വാസ്തവത്തില്‍, ‘ഐമാന്‍’ എന്ന നാമത്തെ ‘മലകത്ത്’ എന്ന ക്രിയയുടെ കര്‍ത്താവാക്കിയതിലാണ് ‘മജാസുള്ളത്’ (*) കാരണം: ‘ഐമാന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം വലങ്കൈകള്‍ എന്നാണല്ലോ. ഉടമപ്പെടുത്തുക എന്ന കാര്യം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ് – വലങ്കൈകളുടെ പ്രവൃത്തിയല്ല അതു കൊണ്ട് മാത്രമാണ് ഇവിടെ ‘മജാസു’ണ്ടെന്നു പറയേണ്ടി വന്നത്. അപ്പോള്‍ ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തി’ (مَلَكَتْ الايْمَانْ) എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമാകുന്ന അലങ്കാരാര്‍ത്ഥം (المعنى المجازى) ‘അവര്‍ ഉടമപ്പെടുത്തി’ എന്നാകുന്നു. ഇതാണ് ഈ വാക്ക് അലങ്കാരപ്രയോഗമാണെന്ന്‍ പറഞ്ഞതിന്റെ താല്പര്യം. ‘അവന്‍ പ്രവര്‍ത്തിച്ചു’ എന്ന ഉദ്ദേശ്യത്തില്‍ ‘അവന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗം അറബിയിലെന്നപോലെ മലയാളത്തിലും കാണാവുന്നതാണ്‌. ഇവിടെ ‘പ്രവര്‍ത്തിച്ചു’ എന്ന ക്രിയയുടെയോ ‘കരങ്ങള്‍’ എന്ന നാമത്തിന്റെയോ അര്‍ത്ഥത്തിലല്ല അലങ്കാരം നടക്കുന്നത്. ‘കരങ്ങളെ’ ആ ക്രിയയുടെയോ കര്‍ത്താവാക്കിയതിലാണ്. അറബിസാഹിത്യശാസ്ത്രത്തില്‍ (علم البلاغة) അല്‍പം പരിചയമുള്ളവര്‍ക്ക് ഇപ്പറഞ്ഞത് വേഗം മനസ്സിലാക്കുവാന്‍ കഴിയും.


(*).يعني ان المجازهنا في اسناد ملكت الى الا يمان على انها فاعل ملكت لا في “ملكت” ولا في “الا يمان”.


മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ് : ‘അവരുടെ ഭാര്യമാര്‍’ (أَزْوَاجهِمْ) എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണല്ലോ ഖുര്‍ആനില്‍ ഇവിടെയും മറ്റു പലസ്ഥലത്തും أَوْ مَا مَلَكَتْ أَيْمَانُهُمْ (അല്ലെങ്കില്‍ അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍) എന്ന് അല്ലാഹു പറയുന്നത്: അപ്പോള്‍ ‘ഭാര്യമാര്‍’ (أَزْوَاج) എന്ന വാക്കില്‍ ഉള്‍പ്പെടാത്ത മറ്റൊരു വിഭാഗം സ്ത്രീകളെക്കുറിച്ചാണ് ഇത് പറഞ്ഞിട്ടുള്ളതെന്ന് അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും – ഇക്കൂട്ടര്‍ക്കൊഴികെ. ഇക്കൂട്ടര്‍ക്ക് ഇത് മനസ്സിലാക്കുവാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. കാരണം: ‘ജിന്നും മനുഷ്യനും’ (اَلْجِنُّ وَالْاِنْسُ) എന്നോ, ‘ജിന്നുകളും മനുഷ്യരും’ (اَلْجنَّةُ وَالنَّاسُ) എന്നോ, പറയുന്നിടത്തെല്ലാം ജിന്നും മനുഷ്യരും ഒന്നുതന്നെയാണെന്നോ, മനുഷ്യരില്‍പെട്ട ഒരു പ്രത്യേക തരക്കാരാണ് ജിന്നുകളെന്നോ അര്‍ത്ഥമാക്കി വ്യാഖ്യാനിക്കുന്നത് ഇവരുടെ സാധാരണ പതിവാണ്. അതേ പതിവ് ഇവിടെയും ആവര്‍ത്തിച്ചുവെന്നേയുള്ളു. അങ്ങനെ, ‘വലങ്കൈകള്‍’ ഉടമപ്പെടുത്തിയവര്‍’ (അല്ലെങ്കില്‍ ‘നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’) എന്ന് പറഞ്ഞത് ‘ഭാര്യമാരി’ല്‍പെട്ട ഒരു പ്രത്യേക വര്‍ഗ്ഗത്തെപ്പറ്റിയാണെന്ന് ഇവര്‍ ഇവിടെയും വാദിച്ചിരിക്കുന്നത്. ഈ പ്രത്യേകവര്‍ഗ്ഗം കൊണ്ടുദ്ദേശ്യം ‘യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ടവരാണ്’ എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ആയത്തില്‍ (أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ എന്ന്) പറഞ്ഞതിന്റെ സാരം: അവരുടെ ഭാര്യമാരെയോ അല്ലെങ്കില്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ട പ്രത്യേകവര്‍ഗ്ഗം ഭാര്യമാരെയോ’ എന്നായിത്തീരുമല്ലോ. ഇത് പറഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്കുതന്നെ ചില സംശയങ്ങള്‍ ഉദിക്കുന്നു:-

ആ സംശയങ്ങളുടെയും, അതിന് അവര്‍ തന്നെ നല്‍കുന്ന മറുപടിയുടെയും ചുരുക്കം ഇതാണ്: ‘അപ്പോള്‍ രണ്ടുതരം ഭാര്യമാര്‍ക്കും (അധീനത്തില്‍ ജീവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും) വേണം, നികാഹും മഹ്റും. വിവാഹം കഴിക്കേണമെങ്കില്‍ ഇരുകൂട്ടരുടെയും രക്ഷിതാക്കളുടെ അനുമതിയും വേണം. പിന്നെയെന്താണ് രണ്ടുകൂട്ടരും തമ്മില്‍ വ്യത്യാസം? ഉണ്ട് – വ്യത്യാസമുണ്ട്. സ്വതന്ത്രകളായ (അധീനത്തില്‍ ജീവിക്കുന്നവരല്ലാത്ത) സ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രബോധവും ഉല്‍കൃഷ്ടചിന്തയും ഉള്ളവരായിരിക്കും. അന്യരുടെ നിയന്ത്രണത്തിന്‍ കീഴില്‍ വല്ല ‘കാലിത്തൊഴുത്തിലോ മറ്റോ’ ജീവിച്ച സ്ത്രീകളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ പതിതസ്വഭാവക്കാരുമായിരിക്കും’ ഇതാണ് ഇവര്‍ പറയുന്നത്. തനി ബാലിശവും കണ്ണു ചിമ്മി ഇരുട്ടാക്കുന്നതുമായ ഈ തത്വശാസ്ത്രം ചരിത്രത്തിന്റെ വെളിച്ചത്തില്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാന്‍ നാം ഇവിടെ മിനക്കെടേണ്ടതില്ല. പക്ഷേ, ഇക്കാരണത്തെ മുന്‍നിര്‍ത്തി ഈ പ്രത്യേക വര്‍ഗ്ഗത്തെ ‘ഭാര്യമാരു’ടെ ( أَزْوَاجُهِمْ) കൂട്ടത്തില്‍ അല്ലാഹു ഉള്‍പ്പെടുത്താതിരുന്നതാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ഇവരുടെ ധൈര്യം കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. ‘തനിക്ക് ലജ്ജയില്ലെങ്കില്‍ താനുദ്ദേശിച്ചത് ചെയ്തുകൊള്ളുക’ (إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت) എന്ന നബിവചനമാണ് ഓര്‍മ്മവരുന്നത്.

ഈ വാക്കിന്റെ (مَا مَلَكَتْ أَيْمَانُهُمْ) അര്‍ത്ഥം മാറ്റുവാനും, അതിന് ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കുവാനുമുള്ള ഒന്നാമത്തെ കാരണത്തെക്കുറിച്ചാണ് നാം ഇതുവരെ സംസാരിച്ചത്. ഇത്രയെല്ലാം പാടുപെട്ടും, വളച്ചുതിരിച്ചും, ലജ്ജാവഹമായ ന്യായം പറയുവാന്‍ സാഹസപ്പെട്ടതു വാസ്തവത്തില്‍ രണ്ടാമത്തെ കാരണത്തിന്റെ സ്ഥാപനത്തിന് വേണ്ടി മാത്രമാണ്. കാലത്തിന്റെ ഒഴുക്കും, ആധുനികലോകത്തിന്റെ ഹിതവും അനുസരിച്ച് പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും, അതിനോട് യോജിപ്പിച്ച് ഖുര്‍ആനെയും, ഇസ്‌ലാമിനെയും തങ്ങളുടെ വശത്താക്കുവാനും ശ്രമിക്കുന്ന ഒരു പതിവ് ഇന്ന് പലരിലും കാണാറുള്ളതാണ്. ഇസ്ലാം ശരീഅത്ത് പുനപരിശോധിച്ച് പരിഷ്ക്കരിപ്പിക്കുവാനും നാളിതുവരെ ഒരൊറ്റ മുസ്ലിമിന്നും ഭിന്നാഭിപ്രായം തോന്നാത്ത ചില മതനിയമങ്ങള്‍ക്കു രൂപഭേദം വരുത്തുവാനും മുസ്‌ലിം സമുദായത്തില്‍ തന്നെ ഉള്‍പ്പെടുന്ന ചിലരുടെ ‘ശുദ്ധീകരണ പ്രസ്ഥാനങ്ങള്‍’ ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നമുക്കറിയാമല്ലോ. അക്കൂട്ടത്തില്‍ ഒന്നത്രെ ഇസ്‌ലാമില്‍ യാതൊരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കുകപ്പെടുകയുണ്ടായിട്ടില്ല എന്നും, ഇത് സംബന്ധമായി ഖുര്‍ആനില്‍ കാണപ്പെടുന്ന പ്രസ്താവനകളത്രയും ഇതുവരെ മുസ്ലിംകള്‍ പൊതുവില്‍ മനസ്സിലാക്കിയിട്ടില്ല എന്നുമുള്ള വാദങ്ങളും.

അടിമത്ത സമ്പ്രദായത്തെ ഇസ്ലാം അങ്ങേയറ്റം നിയന്ത്രിച്ചിട്ടുണ്ട്. അടിമത്വം കല്‍പിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിമത്തത്തെ അത് നിരുത്സാഹപ്പെടുത്തുകയും, അടിമകള്‍ സ്വതന്ത്രരാക്കപ്പെടുവാന്‍ പല മാര്‍ഗ്ഗങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അടിമത്തത്തെ അടിയോടെ, അത് നിയമവിരുദ്ധമാക്കിയിട്ടില്ല. ഇതാണ് വാസ്തവം. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് നാം സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് സൂ: അഹ്സാബിലും, അതിനെത്തുടര്‍ന്നുള്ള വ്യാഖ്യാനക്കുറിപ്പിലും, സൂ: മുഹമ്മദിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നതുമാണ്. إن شاء الله


വ്യാഖ്യാനക്കുറിപ്പ്‌ – 2

സൂറത്തുല്‍ മുഅ്മിനൂന്‍ 112, 113 പോലെയുള്ള ഏതെങ്കിലും ഖുര്‍ആന്‍ വചനങ്ങള്‍ ‘ഖബ്റി’ലെ ശിക്ഷയെ നിഷേധിക്കുന്നുവോ?!


മനുഷ്യന്‍, മരണശേഷം ഖബ്റുകളില്‍വെച്ച് ചോദ്യം ചെയ്യപ്പെടും; സത്യവിശ്വാസികള്‍ ചോദ്യത്തിന് ശരിക്ക് മറുപടികൊടുക്കും; അനന്തരം അവര്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും; അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും മറുപടി പറയുവാന്‍ സാധിക്കയില്ല; അങ്ങിനെ അവര്‍ പലവിധ ശിക്ഷകളും അനുഭവിക്കേണ്ടിവരികയും ചെയ്യും എന്നീ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ – യുക്തിവാദികളായ ചില കക്ഷിക്കാര്‍ക്കൊഴികെ – ആര്‍ക്കും ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ സ്പഷ്ടമായ ഭാഷയില്‍ പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും ഏറെക്കുറെ അത് സംബന്ധമായ പല സ്പര്‍ശനങ്ങളും വന്നിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹദീസുകളിലാണെങ്കില്‍, അനിഷേധ്യവും സുവ്യക്തവുമായ അനേകം തെളിവുകള്‍ കാണാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ്, നാം നമസ്കാരത്തിലും മറ്റും اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ (അല്ലാഹുവേ! ഞാന്‍ നിന്നോട് ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷതേടുന്നു) എന്ന് അല്ലാഹുവോട് ദുആ ചെയ്‌വാന്‍ ഉപദേശിക്കപ്പെട്ടതും, നാം അത് നിത്യം ചെയ്തുവരുന്നതും.

ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്ന കൂട്ടര്‍, ഖുര്‍ആനില്‍നിന്ന് തങ്ങള്‍ക്ക് തെളിവായി എടുത്തുകാട്ടുന്ന ഒരു ആയത്ത് സൂ: യാസീന്‍ 52-ാം വചനമാണ്. ‘സ്വൂറില്‍ (കാഹളത്തില്‍) ഊതപ്പെട്ട് ജനങ്ങളെല്ലാം പുനരെഴുന്നേല്പ്പിക്കപ്പെടുമ്പോള്‍ അവിശ്വാസികള്‍ يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا (ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ ആരാണ് എഴുന്നേല്‍പ്പിച്ചത്?!) എന്ന് പറയുമെന്ന് ആ ആയത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. ഖബ്റുകളില്‍ കഴിച്ചുകൂട്ടിയകാലം യാതൊരുവിധത്തിലുള്ള ശിക്ഷാനുഭവങ്ങളും (സന്തോഷാനുഭവങ്ങളും തന്നെ) കൂടാതെ തനി ഉറക്കുപോലെ ആയിരുന്നുവെന്നാണ് ഈ വചനം കുറിക്കുന്നത്. അതുകൊണ്ട് ഖബ്റില്‍ വെച്ച് ശിക്ഷയോ, സുഖാനുഭവമോ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല എന്നാണിവരുടെ വാദം. മറ്റൊന്ന്; സൂറത്തുല്‍ മുഅ്മിനൂന്‍ 112- 113 വചനങ്ങളിലെ ആശയം ഉള്‍കൊള്ളുന്ന (ബനൂഇസ്രാഈല്‍ :51; യൂനുസ് :45; ത്വാഹാ :103; റൂം:55; അഹ്ഖ്വാഫ് :35; നാസിആത്ത് :46 മുതലായ) ഖുര്‍ആന്‍ വചനങ്ങളാകുന്നു. ഖിയാമത്ത് നാളില്‍ പുനരെഴുന്നേല്‍പ്പിക്കപ്പെടുന്നതിന് മുമ്പ് തങ്ങള്‍ എത്രകാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് തിട്ടപ്പെടുത്തുവാന്‍ മരണപ്പെട്ടവര്‍ക്ക് കഴിയുകയില്ലെന്ന് ഈ വചനങ്ങളില്‍നിന്ന് വ്യക്തമാകുന്നു. ആകയാല്‍ അവര്‍ അതേവരെ ശിക്ഷയോ മറ്റോ കൂടാതെ നിദ്രയില്‍ കിടക്കുകയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ഈ വാദങ്ങള്‍ക്കെതിരായി വരുന്നതും, ഖബ്റിലെ ചോദ്യം, ശിക്ഷ മുതലായവയെ സ്ഥാപിക്കുന്നതുമായ ഹദീസുകളെ ഇവര്‍ അവഗണിക്കുക മാത്രമല്ല, പരിഹാസേന പുറം തള്ളുകയും ചെയ്തുവരുന്നു.

വാസ്തവത്തില്‍, ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നുതന്നെ, ഇവരുടെ വാദം തികച്ചും തെറ്റാണെന്ന് നിഷ്പക്ഷബുദ്ധിയോടെ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഖിയാമത്ത് നാളിലെ അതിഭയാനകങ്ങളായ അനുഭവങ്ങളും, പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത ദൈര്‍ഘ്യവും കാണുമ്പോള്‍, അതിന്റെ മുമ്പ് തങ്ങള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള കാലത്തെയും, അനുഭവങ്ങളെയും അതെത്ര ക്ലേശകരമോ, സന്തോഷകരമോ, നീണ്ടുനിന്നതോ ആയിരുന്നുകൊള്ളട്ടെ – അവര്‍ (കുറ്റവാളികളായുള്ളവര്‍) തൃണവല്‍ക്കരിക്കുകയും, നിസ്സാരമായിക്കാണുകയും ചെയ്യുന്നു. അഥവാ, പരലോകത്തിലെ കഠിന യാതനകളനുഭവിച്ചു വരുന്ന ആ ഘട്ടത്തില്‍, അവര്‍ക്ക് അതിനെപ്പറ്റി തിട്ടമായൊന്നും പറയുവാന്‍ സാധ്യമാകാതെ വരുന്നു. പരലോകാനുഭാവങ്ങളെ അപേക്ഷിച്ച് അത് കേവലം ഉറങ്ങിക്കിടക്കുന്ന അവസ്ഥപോലെ മാത്രമാണെന്ന് അവര്‍ക്ക് തോന്നിപ്പോകുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. അല്ലാതെ, മരണശേഷം പുനര്‍ജീവിതസമയം വരെ അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് അവര്‍ക്ക് അതിനുമുമ്പ് കഴിഞ്ഞകാലത്തെക്കുറിച്ച് സൂക്ഷ്മമായി ഒന്നും അറിയാതിരുന്നതെന്നും അല്ല ആയത്തുകളുടെ ഉദ്ദേശ്യം. കാരണം:

(1). പുനരുത്ഥാനത്തിന് മുമ്പ് തങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ള കാലം എത്രയാണെന്ന് പറയുവാന്‍ കഴിയാതെ വരുന്നതും, അത് അല്‍പകാലം മാത്രമായിരുന്നുവെന്ന് മറുപടി പറയുന്നതും അവിശ്വാസികളും കുറ്റവാളികളുമായ ആളുകളാണെന്ന് ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ചില ആയത്തുകളില്‍ അത് വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചിലതിന്റെ മുമ്പും പിമ്പും പ്രസ്താവിച്ചിട്ടുള്ള സംഗതികളില്‍നിന്നും അത് ഗ്രഹിക്കുവാന്‍ കഴിയും. സൂ: റൂം 55, 56-ല്‍ ഈ വസ്തുത വളരെ സ്പഷ്ടമായ ഭാഷയില്‍ തന്നെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:

﴾وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ﴿٥٥﴾ وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّـهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَـٰذَا يَوْمُ الْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ ﴿٥٦

(അന്ത്യസമയം ലോകാവസാനഘട്ടം – നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്തു പറയും: അവര്‍ ഒരു നാഴിക നേരമല്ലാതെ താമസിച്ചിട്ടില്ല എന്ന്. അപ്രകാരമാണ് അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്. അറിവും സത്യവിശ്വാസവും നല്‍കപ്പെട്ടവര്‍ പറയും: നിങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (നിശ്ചയപ്രകാരം) പുനരുത്ഥാനദിവസം വരേക്കും തീര്‍ച്ചയായും താമസിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുനരുത്ഥാന ദിവസമാണ്! പക്ഷേ, നിങ്ങള്‍ അറിയാതിരിക്കുകയായിരുന്നു.) കുറ്റവാളികളാണ് ഖിയാമത്തു നാളില്‍ ഇപ്രകാരം പറയുകയെന്നും, സത്യവിശ്വാസികള്‍ അവരുടെ തെറ്റ് തിരുത്തകയാണ് ചെയ്യുന്നതെന്നും ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ. മരണപ്പെട്ടവരെല്ലാം അതേവരെ ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സത്യവിശ്വാസികളും അവിശ്വാസികളും തമ്മില്‍ വ്യത്യാസം ഉണ്ടാകുവാന്‍ പാടില്ലല്ലോ. അവിശ്വാസികള്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരുമായുണ്ടാകുന്ന ചോദ്യോത്തരങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് സൂ: അഹ്ഖാഫ് 35-ല്‍ അല്ലാഹു പറയുന്നു: ‘അവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ (ശിക്ഷയെ) അവര്‍ കാണുന്ന ദിവസം, പകലില്‍നിന്നുമുള്ള ഒരു നാഴിക സമയമല്ലാതെ അവര്‍ (മുമ്പ്) കഴിച്ചുകൂട്ടിയിട്ടില്ലാത്തതു പോലെയിരിക്കും.’ (كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَار)

കുറ്റവാളികളും അവിശ്വാസികളുമായുള്ളവര്‍ പരലോകശിക്ഷ കാണുമ്പോഴുണ്ടാകുന്ന പരിഭ്രമവും ഭയവും നിമിത്തം ഐഹികജീവിതകാലം എത്രയായിരുന്നുവെന്ന് അവര്‍ക്ക് തിട്ടപ്പെടുത്തിപ്പറയുവാന്‍ കഴിയാതെവരികയും, അത് കേവലം ഒരു നാഴിക സമയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നിപ്പോകുകയുമാണ് ചെയ്യുന്നതെന്ന് ഈ ആയത്തുകളില്‍നിന്ന് ആര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളില്‍ ‘ഒരു നാഴിക’ (ساعة) എന്നതിന് പകരം ‘പത്തുദിവസം’ (عشرا) എന്നും ചിലതില്‍ ‘ഒരു സായാഹ്നം അല്ലെങ്കില്‍ അതിന്റെ പൂര്‍വ്വാഹ്നം’ (عشية أو ضحها) എന്നുമൊക്കെ – വ്യത്യസ്തവാക്കുകളില്‍ – പറഞ്ഞുകാണുന്നതും. ദീര്‍ഘഭയംകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.

2.) മേല്‍പ്പറഞ്ഞ ആയത്തുകളില്‍ ‘അല്പമല്ലാതെ താമസിച്ചിട്ടില്ല’. ‘ഒരു നാഴികയല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല’ എന്നൊക്കെപ്പറഞ്ഞത് അവര്‍ മരണശേഷം ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് ഇക്കൂട്ടര്‍ വരുത്തിത്തീര്‍ക്കുന്നതും വാസ്തവവിരുദ്ധമാകുന്നു. ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലവും, മരണത്തിനു മുമ്പ് ജീവിതത്തില്‍ കഴിഞ്ഞ കാലവുമെന്ന വ്യത്യാസമില്ലാതെ, മൊത്തത്തില്‍ മുമ്പ് കഴിഞ്ഞ കാലത്തെപ്പറ്റിയാണ് യഥാര്‍ത്ഥത്തില്‍ ആ പ്രസ്താവനകള്‍ ഉള്ളത്. ഈ രണ്ടില്‍ ഒന്നിനെപ്പറ്റി മാത്രമാണെന്നു വെക്കുകയാണെങ്കില്‍ തന്നെ, അത് മരണത്തിന് മുമ്പ് ഭൂമിയില്‍ ജീവിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. നാം ഇപ്പോള്‍ വായിച്ചുതീര്‍ന്ന സൂറത്തുല്‍ മുഅ്മിനൂന്‍ 112-ാം വചനത്തില്‍ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ (നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ കഴിച്ചുകൂട്ടി?) എന്നാണല്ലോ ചോദിച്ചിട്ടുള്ളത്. നേരെമറിച്ച് ‘മരണശേഷം എത്ര കൊല്ലം’ എന്നോ, ‘ഖബ്റുകളില്‍ എത്രകൊല്ലം’ എന്നോ അല്ല. ‘ഭൂമിയില്‍ (فِي الْأَرْضِ) എന്ന വാക്ക് ഖബ്റുകളില്‍ കഴിഞ്ഞ കാലത്തെയും ഉള്‍പ്പെടുത്തിയേക്കാമെങ്കിലും, ഖബ്റുകളില്‍ വാസം തുടങ്ങുന്നതിന്റെ മുമ്പത്തെ ജീവിതത്തെയാണ് അത് ഒന്നാമതായി ബാധിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അപ്പോള്‍ ഈ ചോദ്യത്തിന്റെ താല്‍പര്യം ഒന്നുകില്‍ ‘നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു’ എന്നായിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ഭൂമിയില്‍ മരണം വരെയും, മരണശേഷം ഖബ്റുകളിലും കൂടി എത്രകാലം താമസിച്ചു എന്നാവണം. ഈ രണ്ടിലൊന്നല്ലാതെ, മരണശേഷം ഖബ്റുകളില്‍ മാത്രം എത്ര താമസിച്ചു എന്നായിരിക്കയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ‘ഭൂമിയില്‍’ എന്നുള്ളതിന് ‘ഖബ്റുകളി’ല്‍ എന്നര്‍ത്ഥമില്ല. സൂ: യൂനുസ് 45ല്‍ അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം പകലില്‍നിന്നുള്ള ഒരു നാഴികയല്ലാതെ അവര്‍ കഴിച്ചുകൂട്ടിയിട്ടില്ലെന്നപോലെ ഇരിക്കും.’ (وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ) എന്നാണ് പറയുന്നത്. ‘ഖബ്റില്‍’ ‘ഉറങ്ങി’ കിടക്കുന്നതിനെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെങ്കില്‍ ‘രാത്രിയില്‍നിന്നുള്ള ഒരു നാഴിക’ എന്നല്ലേ പറയുവാന്‍ കൂടുതല്‍ ന്യായമുള്ളത്?’ ഇതുപോലെത്തന്നെ, സൂ: നാസിആത്ത് النازعات) 46) ല്‍ ഒരു സായാഹ്നം അല്ലെങ്കില്‍ ഒരു പൂര്‍വ്വാഹ്നം (عشية او ضحها) – അഥവാ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം – എന്ന് പറഞ്ഞിരിക്കുന്നു. ഇതും തന്നെ ഖബ്റുകളിലെ കാലത്തെക്കുറിച്ചോ, അതല്ല മരണത്തിനുമുമ്പുള്ള കാലത്തെക്കുറിച്ചോ – ഏതായിരിക്കുന്നതാണ്- കൂടുതല്‍ യോജിപ്പ് എന്ന് വായനക്കാര്‍ ചിന്തിക്കുക.

ഖിയാമത്തുനാളിലെ പരിഭ്രമംകൊണ്ടല്ല, അതുവരെ ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അവിശ്വാസികള്‍ മേല്‍പ്പറഞ്ഞ (സൂക്ഷ്മരഹിതമായ) മറുപടി പറയുന്നതെന്നാണല്ലോ ഇക്കൂട്ടരുടെ വാദം. തല്‍ക്കാലം അത് സമ്മതിച്ചേക്കുക. അപ്പോള്‍, ‘ഭൂമിയില്‍ നിങ്ങള്‍ എത്ര താമസിച്ചു’വെന്ന ചോദ്യത്തിന് ‘മരിക്കുന്നതിനുമുമ്പ് ഭൂമിയില്‍ എത്രകാലം താമസിച്ചു’ എന്നു് അര്‍ത്ഥമാക്കുന്നപക്ഷം അവരുടെ മറുപടി ‘ഞങ്ങള്‍ ഭൂമിയില്‍ ഇത്രകാലം താമസിച്ചിട്ടുണ്ട്’ എന്നു് (കാലം തിട്ടപ്പെടുത്തികൊണ്ടുതന്നെ) ആവണമല്ലോ. എനി ആ ചോദ്യത്തിന് മരണംവരെ ജീവിച്ച കാലവും മരണശേഷം ഖബ്റുകളിലുംകൂടി എത്ര താമസിച്ചു’ എന്നാണര്‍ത്ഥം കല്‍പിക്കുന്നതെങ്കില്‍ അതിന്റെ മറുപടി ഏതാണ്ടിങ്ങിനെയായിരിക്കേണ്ടതാണ്: ‘ മരണത്തിനുമുമ്പ് ഇത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ട്; മരണശേഷം ഖബ്റുകളില്‍ എത്രകാലം കഴിഞ്ഞുകൂടി എന്നു് ഞങ്ങള്‍ക്കറിവില്ല. (കാരണം ഞങ്ങള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവല്ലോ – പടച്ചവനേ!)’

ഇങ്ങിനെയുള്ള മറുപടികളൊന്നും പറയാതെ, ഞങ്ങള്‍ ഒരുദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിരിക്കുന്നു, എണ്ണം അറിയുന്നവരോട് ചോദിച്ചുനോക്കുക’ എന്നിങ്ങിനെ പറയുന്നത് ശിക്ഷമൂലമുള്ള പരിഭ്രമത്തെയല്ല, ഖബ്റിലെ ഉറക്കിനെയാണ് കാണിക്കുന്നതെന്നു് സമര്‍ത്ഥിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ മറുപടിയെ ഉദ്ധരിച്ചതിനെത്തുടര്‍ന്ന് (മുഅ്മിനൂന്‍ 114 – 115-ല്‍) അല്ലാഹു പ്രസ്താവിക്കുന്നതെന്താണെന്നു വായനക്കാരൊന്ന്‍ മനസ്സിരുത്തിനോക്കുക: ‘നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല എന്നത് ശരിയാണ്, പക്ഷേ, ഐഹികജീവിതം വളരെ ദീര്‍ഘിച്ചതും നിങ്ങളുടെ ഇഷ്ടംപോലെ കഴിച്ചുകൂട്ടാവുന്നതുമാണെന്നു നിങ്ങള്‍ കരുതിവശായി. ഈ കടുത്ത അനുഭവങ്ങളെയും അറ്റമില്ലാത്ത ജീവിതത്തെയും നേരിടേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ നേരത്തെകൂട്ടി മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് വന്നെത്തുകയില്ലായിരുന്നു’ എന്നല്ലേ ആ പ്രസ്താവനയുടെ സാരം?!

ചുരുക്കത്തില്‍, മേല്‍ കാണിച്ച ആയത്തുകളൊന്നുംതന്നെ, ഖബ്റുകളില്‍ മനുഷ്യന്‍ ഉറങ്ങിക്കിടക്കുകയാണെന്നല്ല കാണിക്കുന്നത്. പരലോകജീവിതത്തിന്റെ ഭയങ്കരതയോടും, ദൈര്‍ഘ്യത്തോടും താരതമ്യം ചെയ്യുമ്പോള്‍, അതിന്റെ മുമ്പുകഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ കേവലം നിസ്സാരമായിത്തോന്നുമെന്ന് മാത്രമാണ് കാണിക്കുന്നത്. മേല്‍പ്പറഞ്ഞ പ്രസ്താവനകളൊന്നുംതന്നെ ഖബ്റുകളില്‍ താമസിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. പരമാര്‍ത്ഥം ഇതായിരിക്കെ, അനേകം ഹദീസുകളില്‍ ഖബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പ്രസ്താവിച്ചിട്ടുള്ളതിനെ ഉന്നംവെച്ചുകൊണ്ട് ഇക്കൂട്ടര്‍: ‘തല്ലിന്റെയും കുത്തിന്റെയും കഥ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല’ എന്നും,
‘ഖബ്റിലെ ജീവിതം തല്ലും കുത്തുമായിട്ടാണ് കഴിഞ്ഞുകൂടുകയെങ്കില്‍ ഈ പ്രസ്താവനക്ക് അവകാശമില്ല’ എന്നും പരിഹാസപൂര്‍വ്വം ആവര്‍ത്തിച്ച് പറയുന്നത് എത്രമാത്രം കടുത്തതും ധിക്കാരപരവുമാണെന്ന് ആലോചിച്ചുനോക്കുക! ‘തല്ലും കുത്തും’ എന്ന് പ്രയോഗിച്ചുകൊണ്ടുള്ള ഈ പരിഹാസത്തിന് പാത്രമാകുന്നത്, കേവലം ചില പണ്ഡിതന്‍മാരോ മുന്‍കഴിഞ്ഞുപോയ സഹാബത്ത് തുടങ്ങിയുള്ള മഹാന്‍മാരോ അല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാണെന്നുള്ളതാണ് എത്രയും ശോചനീയം! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഖബ്റുകളിലെ അനുഭവങ്ങളെപ്പറ്റി മുസ്ലിംകള്‍ വിശ്വസിക്കുന്നത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളെ കണ്ണടക്കുകയും, ഗോപ്യമായ നിലയില്‍ പരിഹസിക്കുകയും ചെയ്തുകൊണ്ട്, ‘തല്ലിന്റെയും കുത്തിന്റെയും കഥ ഖുര്‍ആന്‍ അംഗീകരിച്ചിട്ടില്ലെ’ന്ന്‍ പറഞ്ഞ ഇവര്‍ സൂറത്തുല്‍ മുഅ്മിന്‍ 46-ാം ആയത്തിനെക്കുറിച്ച് അറിയാത്ത ഭാവത്തില്‍ മൗനമവലംബിക്കുന്നത് കാണാം. ഫിര്‍ഔന്റെ കൂട്ടര്‍ക്ക് ഭൂലോകത്തു വെച്ചുണ്ടായ ശിക്ഷയെപ്പറ്റി പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു: النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا – المؤمن: 46 (നരകം! രാവിലേയും വൈകുന്നേരവും അതിങ്കല്‍ അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.) തുടര്‍ന്നുകൊണ്ട്, ഖിയാമത്തുനാളില്‍ അവരെ അതികഠിനമായ ശിക്ഷയില്‍ അകപ്പെടുത്തുവാന്‍ കല്‍പിക്കുന്നതാണ്(وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ) എന്നും പ്രസ്താവിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക്, മരണത്തിനും പുനരുത്ഥാനത്തിനുമിടയില്‍ ഒരുതരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഈ ആയത്ത് മതിയായ തെളിവ് നല്‍കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു നമുക്ക് കാണാം. മരണശേഷം ഖബ്റില്‍വെച്ചുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുള്ള പല സംഗതികളും സൂ: യാസീനില്‍വെച്ചും സംസാരിക്കാം. إن شاء الله تعالى

മൂന്നാം ഘട്ടം – ക്യാമ്പയിൻ 6 – സൂറത്തുല്‍ മുഅ്മിനൂന്‍ : 101-118

23:101

  • فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ ﴾١٠١﴿
  • എനി, കാഹളത്തില്‍ ഊതപ്പെട്ടാല്‍ പിന്നെ – അന്ന് – അവര്‍ക്കിടയില്‍ യാതൊരു കുടുംബബന്ധങ്ങളും ഉണ്ടായിരിക്കയില്ല; അവരന്യോന്യം ചോദിക്കയുമില്ല.
  • فَإِذَا نُفِخَ എനി ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَلَا أَنسَابَ അപ്പോള്‍ കുടുംബബന്ധങ്ങളില്ല بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَئِذٍ അന്നത്തെ ദിവസം وَلَا يَتَسَاءَلُونَ അവരന്യോന്യം ചോദിക്കുന്നതുമല്ല

ഖിയാമത്തുനാളില്‍ എല്ലാവരെയും ഖബ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള ഊത്താണ് ‘കാഹളത്തില്‍ ഊതപ്പെട്ടാല്‍’ എന്നതുകൊണ്ടുദ്ദേശ്യം. ആത്മാക്കളും ജഡങ്ങളും തമ്മില്‍ കൂടിച്ചേര്‍ന്നു രണ്ടാമത്തെ ജീവിതത്തില്‍ പ്രവേശിക്കുവാനുള്ള ക്ഷണത്തിന്റെ കാഹളമത്രെ അത്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം’ എന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞ ആ ദിവസമാണിത്. അത് വന്നെത്തിയാല്‍ പിന്നെ, ഓരോരുത്തനും അവനവന്റെ കാര്യത്തില്‍ മാത്രം ചിന്താകുലനായിരിക്കും. ബന്ധുമിത്രാദികളെപ്പറ്റിയോ മറ്റൊ യാതൊരു അന്വേഷണമാകട്ടെ, വിചാരമാകട്ടെ ഉണ്ടാവുകയില്ല. അതെ, ‘തന്റെ സഹോദരന്‍, തന്റെ മാതാവ്, തന്റെ പിതാവ്, തന്റെ സഹധര്‍മ്മിണി, തന്റെ മക്കള്‍ എന്നിവരില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം! അന്നത്തെ ദിവസം അവരില്‍ ഓരോ മനുഷ്യന്നും അവനെ മതിയാക്കുന്ന – മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാന്‍ ഒഴിവില്ലാത്ത – ഓരോ കാര്യം ഉണ്ടായിരിക്കും!’.

(يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧:عبس)

23:102

  • فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٠٢﴿
  • അപ്പോള്‍ ആരുടെ (സല്ക്കര്‍മ്മത്തിന്റെ) തൂക്കങ്ങള്‍ ഘനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികള്‍!
  • فَمَن അപ്പോള്‍ ആര്‍, ഏതൊരുവന്‍ ثَقُلَتْ ഘനമുള്ളതായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവര്‍ തന്നെ വിജയികള്‍

23:103

  • وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ ﴾١٠٣﴿
  • ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ – (അതായത്:) നരകത്തില്‍ സ്ഥിരവാസികള്‍!
  • وَمَنْ ആര്‍, ഏതൊരുവര്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളുടെ ദേഹങ്ങളെ فِي جَهَنَّمَ നരകത്തില്‍ خَالِدُونَ സ്ഥിരവാസികളാണ്

23:104

  • تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ ﴾١٠٤﴿
  • നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും; അവരതില്‍ മുഖം ചുളിച്ച് (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും.
  • تَلْفَحُ എരിക്കും, കരിക്കും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം وَهُمْ അവരാകട്ടെ فِيهَا അതില്‍ كَالِحُونَ മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും

അഗ്നിയുടെ കാഠിന്യം നിമിത്തം അവരുടെ അധരങ്ങള്‍ രണ്ടും പിളര്‍ന്നും, പല്ലുകള്‍ ഇളിഞ്ഞും, മുഖം ചുളിഞ്ഞുംകൊണ്ടിരിക്കും. അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും:-

23:105

  • أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ ﴾١٠٥﴿
  • ‘എന്റെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ വ്യാജമാക്കിക്കളയുകയായിരുന്നുവല്ലോ!’
  • أَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ) عَلَيْكُمْ നിങ്ങള്‍ക്ക് فَكُنتُم بِهَا അപ്പോള്‍ നിങ്ങളായിരുന്നു تُكَذِّبُونَ അവയെ വ്യാജമാക്കിയിരുന്നു

23:106

  • قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ ﴾١٠٦﴿
  • അവര്‍ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി! ഞങ്ങള്‍ വഴിപിഴച്ച ജനതയുമായിരുന്നു!
  • قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ غَلَبَتْ കവിഞ്ഞുപോയി, ജയിച്ചടക്കി عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ شِقْوَتُنَا ഞങ്ങളുടെ ദൗര്‍ഭാഗ്യം وَكُنَّا ഞങ്ങളായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത ضَالِّينَ പിഴച്ചവരായ, വഴിതെറ്റിയ

23:107

  • رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ ﴾١٠٧﴿
  • ‘ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇതില്‍ നിന്ന് പുറത്താക്കിത്തരേണമേ! എനി, ഞങ്ങള്‍ (ഈ നില) ആവര്‍ത്തിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ നിശ്ചയമായും, അക്രമികളായിരിക്കും! (ഇക്കുറി മാപ്പ് നല്‍കേണമേ!)’.
  • رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ مِنْهَا ഇതില്‍നിന്നു فَإِنْ عُدْنَا എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ ظَالِمُونَ അക്രമികളാണ്

മരണവേളയില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, ഇപ്പോള്‍ വീണ്ടും തങ്ങളെ ഭൂമിയിലേക്ക് മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും ഞങ്ങളുടെ പക്കല്‍ ഒരിക്കല്‍ അബദ്ധം വന്നുപോയി, മേലില്‍ ഒരിക്കലും ഞങ്ങള്‍ ആ നില ആവര്‍ത്തിക്കുകയില്ല, ആ നിലതന്നെ ഞങ്ങള്‍ തുടര്‍ന്നേക്കുന്ന പക്ഷം ഞങ്ങളെ അക്രമികളായിക്കരുതാം, എന്നാണവര്‍ അപേക്ഷിക്കുന്നത്. അല്ലാഹുവിന്റെ മറുപടി:-

23:108

  • قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ ﴾١٠٨﴿
  • അവന്‍ [അല്ലാഹു] പറയും: ‘നിങ്ങള്‍ അതില്‍ നിന്ദ്യമായിക്കഴിയുവിന്‍! എന്നോട് നിങ്ങള്‍ സംസാരിക്കുകയും അരുത്!’
  • قَالَ അവന്‍ പറയും اخْسَئُوا നിങ്ങള്‍ നിന്ദ്യമായിക്കഴിയുവിന്‍ فِيهَا അതില്‍ وَلَا تُكَلِّمُونِ നിങ്ങള്‍ എന്നോടു സംസാരിക്കയും ചെയ്യരുത്

23:109

  • إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١٠٩﴿
  • ‘നിശ്ചയമായും, എന്റെ അടിയാന്മാരില്‍നിന്നു ഒരു കക്ഷി പറഞ്ഞു വന്നിരുന്നു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങള്‍ക്ക് കരുണചെയ്യുകയും വേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
  • إِنَّهُ നിശ്ചയമായും കാര്യം كَانَ ഉണ്ടായിരുന്നു, ആയിരുന്നു فَرِيقٌ ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം مِّنْ عِبَادِي എന്റെ അടിയാന്‍മാരില്‍നിന്നു يَقُولُونَ പറഞ്ഞുവന്നിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ وَارْحَمْنَا ഞങ്ങള്‍ക്ക് കരുണയും ചെയ്യേണമേ وَأَنتَ നീ, നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് (അല്ലോ)

23:110

  • فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ﴾١١٠﴿
  • ‘അപ്പോള്‍, നിങ്ങള്‍ അവരെ പരിഹാസ്യമാക്കിത്തീര്‍ക്കുകയുണ്ടായി; അങ്ങനെ, അവര്‍ [അവരെ പരിഹസിക്കുന്നജോലി] എന്റെ ഓര്‍മ്മയെ, നിങ്ങളെ മറപ്പിച്ചുകളഞ്ഞു. നിങ്ങള്‍ അവരെ സംബന്ധിച്ച് (പുച്ഛമായി) ചിരിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
  • فَاتَّخَذْتُمُوهُمْ അപ്പോള്‍ നിങ്ങള്‍ അവരെ ആക്കിത്തീര്‍ത്തു سِخْرِيًّا പരിഹാസ്യം حَتَّىٰ أَنسَوْكُمْ അങ്ങനെ അവര്‍ നിങ്ങളെ മറപ്പിച്ചു (നിങ്ങള്‍ മറക്കുവാന്‍ കാരണമായി) ذِكْرِي എന്റെ സ്മരണയെ, ഓര്‍മ്മയെ وَكُنتُم നിങ്ങള്‍ ആകുകയും ചെയ്തിരുന്നു مِّنْهُمْ അവരെപ്പറ്റി تَضْحَكُونَ ചിരിച്ചുകൊണ്ടിരിക്കുക

23:111

  • إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ ﴾١١١﴿
  • നിശ്ചയമായും, അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ട് ഇന്ന് ഞാന്‍ അവര്‍ക്ക് – ‘അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍ എന്ന് – പ്രതിഫലം നല്‍കിയിരിക്കുന്നു.’
  • إِنِّي നിശ്ചയമായും ഞാന്‍ جَزَيْتُهُمُ അവര്‍ക്കു പ്രതിഫലം നല്‍കി الْيَوْمَ ഇന്നു بِمَا صَبَرُوا അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ടു, സഹിച്ചതുകൊണ്ടു أَنَّهُمْ അവര്‍ ആണെന്നു هُمُ الْفَائِزُونَ ഭാഗ്യവാന്മാര്‍ (വിജയികള്‍) അവര്‍തന്നെ (എന്നു)

എന്റെ സത്യവിശ്വാസികളായ അടിയാന്മാര്‍ തങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും ചെയ്തിരുന്നത് നിമിത്തം, നിങ്ങള്‍ അവരെ പരിഹസിക്കുകയും, പുച്ഛിക്കുകയും പതിവായിരുന്നു. അതേ ജോലിയില്‍ നിങ്ങള്‍ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, നിങ്ങള്‍ എന്നെപ്പറ്റി ഒട്ടും ഓര്‍മ്മിക്കാത്തവരായിത്തീര്‍ന്നു. നിങ്ങളുടെ പരിഹാസമര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് സത്യവിശ്വാസം മുറുകെപ്പിടിച്ചുപോന്നത് നിമിത്തം ഇന്നു് അവര്‍ക്ക് ഞാന്‍ ശാശ്വതവിജയം പ്രതിഫലമായി കൊടുത്തിരിക്കുന്നു. എന്നു സാരം.

99-ാം വചനം മുതല്‍ക്കുള്ള ആയത്തുകള്‍ മുശ്രിക്കുകളെയോ, അവിശ്വാസികളെയോ മാത്രം ബാധിക്കുന്നതാണെന്നു് ധരിക്കാവതല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലവെക്കാത്ത മഹാപാപികളായ വിശ്വാസികളെയും ബാധിക്കുന്നവയാണ് അവയെന്നു് അതിലെ ഉള്ളടക്കങ്ങളെ പരിശോധിച്ചാല്‍ കാണാവുന്നതാകുന്നു. അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാന്‍മാരില്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

23:112

  • قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ﴾١١٢﴿
  • അവന്‍ (അല്ലാഹു) പറയും: ‘നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ താമസിക്കുകയുണ്ടായി?’
  • قَالَ അവന്‍ പറയും كَمْ لَبِثْتُمْ നിങ്ങള്‍ എത്ര താമസിച്ചു فِي الْأَرْضِ ഭൂമിയില്‍ عَدَدَ سِنِينَ എണ്ണം, കൊല്ലങ്ങള്‍, കൊല്ലങ്ങളുടെ എണ്ണം

23:113

  • قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ﴾١١٣﴿
  • അവര്‍ പറയും: ‘ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ (അല്‍പ) ഭാഗമോ താമസിച്ചിട്ടുണ്ടാവും; എണ്ണം കണക്കാക്കിയവരോട് ചോദിച്ചുനോക്കുക. (ഞങ്ങള്‍ക്കറിവില്ല.)’
  • قَالُوا അവര്‍ പറയും لَبِثْنَا ഞങ്ങള്‍ താമസിച്ചു, പാര്‍ത്തു يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം فَاسْأَلِ എന്നാല്‍ ചോദിച്ചുകൊള്ളുക الْعَادِّينَ എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട്

23:114

  • قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴾١١٤﴿
  • അവന്‍ പറയും: ‘നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല; നിങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍! (എന്നാല്‍ ഈ ദുരവസ്ഥയില്‍ നിങ്ങള്‍ അകപ്പെടുമായിരുന്നില്ല.)
  • قَالَ അവന്‍ പറയും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا قَلِيلًا അല്‍പമല്ലാതെ لَّوْ أَنَّكُمْ നിങ്ങള്‍ ആയിരുന്നുവെങ്കില്‍ كُنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് അറിയുമായിരുന്നു (എങ്കില്‍)

ഇഹലോകത്തെജീവിതത്തെ സര്‍വ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തില്‍വെച്ച് അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില ചോദ്യങ്ങളും, അടക്കവയ്യാത്ത സങ്കടത്തോടുകൂടി അതിന് അവര്‍ നല്‍കുന്ന മറുപടിയുമാണിത്. ഭൂമിയില്‍ നിങ്ങള്‍ എത്രവര്‍ഷം താമസിച്ചിട്ടുണ്ടെന്ന ചോദ്യത്തിന്, ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി. പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത കാലദൈര്‍ഘ്യവും, അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ കാഠിന്യങ്ങളും കണ്ടപ്പോള്‍ – ഐഹിക ജീവിതത്തെ അതുമായി താരതമ്യപ്പെടുത്തുന്ന പക്ഷം – അത് കേവലം അങ്ങേഅറ്റം പരിമിതമായിരുന്നുവെന്നു് അവര്‍ സമ്മതിക്കുന്നു. മനുഷ്യരുടെ നന്മതിന്‍മകളെല്ലാം എഴുതി രേഖപ്പെടുത്തിയിരുന്ന മലക്കുകള്‍ക്കോ മറ്റോ അല്ലാതെ, ഞങ്ങള്‍ക്കത് ശരിക്ക് അറിഞ്ഞുകൂടാ എന്നും അവര്‍ പറയുന്നു. അല്ലാഹുവിന്റെ പ്രത്യുത്തരം ഇതാണ്: ‘ശരി, അവിടെ കുറഞ്ഞകാലം മാത്രമേ നിങ്ങള്‍ വസിച്ചിട്ടുള്ളുവെന്നത് നേരാണ്. ആ ജീവിതം ഇത്രയും നിസ്സാരമാണെന്നു് നിങ്ങള്‍ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കില്‍, ഈ ശാശ്വതമായ കഠിനശിക്ഷക്ക് നിങ്ങള്‍ വിധേയരാകുമായിരുന്നില്ല. ആ അല്‍പകാലജീവിതം നിങ്ങള്‍ പാഴാക്കിക്കളഞ്ഞതുകൊണ്ട് നിങ്ങളുടെ ഈ കാലാകാലജീവിതമത്രയും നിങ്ങള്‍ അപകടത്തിലാക്കിയിരിക്കയാണ്.’

ഖബറുകളില്‍ വെച്ചുണ്ടാകുന്ന ശിക്ഷയെ നിഷേധിക്കുന്ന ചിലര്‍ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനെ സംബന്ധിച്ച് സൂറത്തിന് ശേഷം കൊടുത്തിട്ടുള്ള പ്രത്യേക വ്യാഖ്യാനക്കുറിപ്പില്‍ വിവരിക്കുന്നതാണ്. إن شاء الله

23:115

  • أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴾١١٥﴿
  • അപ്പോള്‍, നിങ്ങളെ നാം വൃഥാ സൃഷ്‌ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?!
  • أَفَحَسِبْتُمْ അപ്പോള്‍ നിങ്ങള്‍ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ أَنَّمَا خَلَقْنَاكُمْ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്നു عَبَثًا വൃഥാ, വെറുതെ وَأَنَّكُمْ നിങ്ങള്‍ ആണെന്നും إِلَيْنَا നമ്മുടെ അടുക്കലേക്കു لَا تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുകയില്ല (എന്നും)

23:116

  • فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ ﴾١١٦﴿
  • എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള രാജാവായ അല്ലാഹു അത്യുന്നതനാകുന്നു; – അവനല്ലാതെ ആരാധ്യനേ ഇല്ല; ബഹുമാനപ്പെട്ട ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] നാഥനാണ് (അവന്‍).
  • فَتَعَالَى എന്നാല്‍ അത്യുന്നതനാകുന്നു اللَّـهُ അല്ലാഹു الْمَلِكُ രാജാവായ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്റെ നാഥനാണ് الْكَرِيمِ ബഹുമാനപ്പെട്ട

23:117

  • وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ ﴾١١٧﴿
  • ആരെങ്കിലും അല്ലാഹുവിനോടൊപ്പം വേറെ ഒരു ആരാധ്യനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതായാല്‍ – അവന്ന് അതിന്ന് യാതൊരു രേഖയുമില്ല – അവന്റെ വിചാരണ അവന്റെ റബ്ബിന്റെ അടുക്കല്‍വെച്ചു തന്നെയായിരിക്കും. നിശ്ചയമായും കാര്യം: അവിശ്വാസികള്‍ വിജയിക്കുകയില്ല.
  • وَمَن يَدْعُ ആരെങ്കിലും വിളിച്ചാല്‍, പ്രാര്‍ത്ഥിച്ചാല്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം إِلَـٰهًا آخَرَ വേറെ ഇലാഹിനെ لَا بُرْهَانَ രേഖയില്ല, തെളിവില്ല لَهُ അവന് بِهِ അതിന് فَإِنَّمَا حِسَابُهُ എന്നാല്‍ അവന്റെ വിചാരണ عِندَ رَبِّهِ അവന്റെ റബ്ബിന്റെ അടുക്കല്‍ തന്നെയായിരിക്കും إِنَّهُ നിശ്ചയമായും അത് (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الْكَافِرُونَ അവിശ്വാസികള്‍

23:118

  • وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١١٨﴿
  • (നബിയേ!) പറയുക: ‘എന്റെ റബ്ബേ! പൊറുത്തുത്തരുകയും, കാരുണ്യം നല്‍കുകയും ചെയ്യേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
  • وَقُل പറയുക رَّبِّ റബ്ബേ, രക്ഷിതാവേ اغْفِرْ പൊറുത്തുതരേണമേ وَارْحَمْ കരുണയും ചെയ്യേണമേ وَأَنتَ നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ്

അവിശ്വാസികളുടെ സ്ഥിതിഗതികള്‍ പലതും കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചുവല്ലോ. കാര്യം അപ്രകാരമായിരിക്കെ, ഭൂമിയില്‍ നിങ്ങളെ വ്യഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതില്‍ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങള്‍ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അല്‍പകാലജീവിതം, കേവലം പ്രവര്‍ത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും, സാക്ഷാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉല്‍ബോധിപ്പിച്ചിട്ടും നിങ്ങള്‍ അത് വിലവെക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കണം: അനശ്വരവും യഥാര്‍ത്ഥവുമായ അസ്തിത്വമുള്ളവനും, സര്‍വ്വാധിരാജനും, ഏക ഇലാഹുമായുള്ളവന്‍ അല്ലാഹു മാത്രമാണ്; അഖിലാണ്ഡത്തിന്റെ സിംഹാസനാധിപതിയും അവന്‍തന്നെ. എന്നിരിക്കെ മറ്റൊരു ആരാധ്യനെ – ഇലാഹിനെ – സ്വീകരിക്കുന്ന പക്ഷം അത് തികച്ചും നിരര്‍ത്ഥവും, അന്യായവുമായിരിക്കും. ആര്‍തന്നെ അത് പ്രവര്‍ത്തിച്ചാലും, അവന്‍ തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ യാഥാര്‍ത്ഥ്യത്തെ ലംഘിക്കുന്ന അവിശ്വാസികള്‍ ഒരിക്കലും വിജയിക്കുകയില്ല.

ഈ സൂറത്തിന്റെ ആരംഭം, തീര്‍ച്ചയായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (قَدْ أَفْلَحَ الْمُؤْمِنُونَ) എന്നാണല്ലോ. അത് അവസാനിപ്പിക്കുന്നതോ ‘നിശ്ചയമായും അവിശ്വാസികള്‍ വിജയിക്കുകയില്ല (إِنَّهُ لَا يُفْلِحُ الْكَافِرُونَ) എന്നുമാണ്. എടുപ്പും വെപ്പും തമ്മിലുള്ള പൊരുത്തം നോക്കുക! ഏറ്റവും അവസാനമായി, അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, കാരുണ്യത്തിനും അപേക്ഷിച്ചുകൊണ്ട്‌ അവനിലേക്കുമാത്രം പ്രാര്‍ത്ഥന അര്‍പ്പിക്കുവാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് ഉപദേശിക്കുകയാണ്. ഏതൊരു പ്രാര്‍ത്ഥന നിമിത്തം അവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹാസപാത്രമാക്കിയിരുന്നുവെന്നു് 109, 110 വചനങ്ങളില്‍ പ്രസ്താവിച്ചുവോ അതേ പ്രാര്‍ത്ഥന (ദുആ) തന്നെ നടത്തികൊള്ളുവാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നാമും ദുആ ചെയ്യുക: رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ (രക്ഷിതാവേ! പൊറുത്തുതരുകയും കരുണചെയ്യുകയും വേണമേ! നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണചെയ്യുന്നവനാണേ!) آمين

മൂന്നാം ഘട്ടം – ക്യാമ്പയിൻ 5 – സൂറത്തുല്‍ മുഅ്മിനൂന്‍ : 78-100

വിഭാഗം – 5

23:78

  • وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴾٧٨﴿
  • അവനാണ് (അല്ലാഹുവാണ്) നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചയും, ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍, നിങ്ങള്‍ അല്‍പ്പമാത്രമേ നന്ദിചെയ്യുന്നുള്ളു.
  • وَهُوَ അവനാണ് الَّذِي أَنشَأَ ഉണ്ടാക്കിയിട്ടുള്ളവന്‍ لَكُمُ നിങ്ങള്‍ക്ക് السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്‍പമാത്രമേ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യുന്നു(ള്ളു)

23:79

  • وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ ﴾٧٩﴿
  • അവന്‍ തന്നെയാണ്, നിങ്ങളെ ഭൂമിയില്‍ വര്‍ദ്ധിപ്പിച്ചുണ്ടാക്കിയവനും; അവന്റെ അടുക്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.
  • وَهُوَ അവന്‍ തന്നെ الَّذِي ذَرَأَكُمْ നിങ്ങളെ വര്‍ദ്ധിപ്പിച്ചിട്ടുള്ളവന്‍ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവങ്കലേക്കു തന്നെ تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും

23:80

  • وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ ﴾٨٠﴿
  • അവന്‍ തന്നെയാണ്, ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവനും; രാവും, പകലും വ്യത്യാസപ്പെടുന്നതും അവന്റെ വകയാണ്. അപ്പോള്‍, നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?!
  • وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവന്‍) وَلَهُ അവന്റെ വകയാണ്, അവന്റേതാണ് اخْتِلَافُ اللَّيْلِ രാവുവ്യത്യാസപ്പെടുന്നതു وَالنَّهَارِ പകലും أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ മനസിരുത്തുന്നില്ലേ

23:81

  • بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ ﴾٨١﴿
  • എന്നാല്‍, പൂര്‍വ്വികന്‍മാര്‍ പറഞ്ഞ (അതേ) മാതിരി അവര്‍ പറയുകയാണ്‌;-
  • بَلْ എന്നാല്‍, പക്ഷേ قَالُوا അവര്‍ പറയുകയാണ്‌ مِثْلَ مَا قَالَ പറഞ്ഞതുപോലെ الْأَوَّلُونَ പൂര്‍വ്വികന്‍മാര്‍, മുമ്പുള്ളവര്‍

23:82

  • قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴾٨٢﴿
  • അവര്‍ പറയുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുമായിത്തീരുകയും ചെയ്‌താല്‍, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരായിരിക്കുമെന്നോ?! (അത് സംഭവ്യമല്ല.).
  • قَالُوا അവര്‍ പറയുന്നു أَإِذَا مِتْنَا നാം മരണപ്പെട്ടിട്ടാണോ وَكُنَّا നാം ആയിത്തീരുകയും تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَإِنَّا لَمَبْعُوثُونَ നിശ്ചയമായും നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാകുന്നത്?

23:83

  • لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَٰذَا مِن قَبْلُ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ﴾٨٣﴿
  • ‘ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദത്തം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ (വേറെ) ഒന്നുമല്ല.
  • لَقَدْ وُعِدْنَا نَحْنُ തീര്‍ച്ചയായും ഞങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും هَـٰذَا ഇതു, ഇക്കാര്യം مِن قَبْلُ മുമ്പു, മുമ്പുതന്നെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പഴങ്കഥകളല്ലാതെ, പുരാണ കഥകളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ

‘മരണാനന്തരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണെന്നു് ഇപ്പോള്‍ ഞങ്ങളോടെന്നപോലെ, ഞങ്ങളുടെ മുന്‍ഗാമികളോടും ചിലര്‍ – തങ്ങള്‍ ദൈവദൂതന്‍മാരാണെന്നു നടിച്ചുകൊണ്ട്‌ – ഉറപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങിനെ പറഞ്ഞുതുടങ്ങിയിട്ട് കാലം കുറേയായി. എനിയും അതു് സംഭവിച്ചു കാണുന്നില്ല. ആരോ പറഞ്ഞുണ്ടാക്കിയ ചില പഴഞ്ചന്‍ വര്‍ത്തമാനം മാത്രമാണിത്.’ എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇതുപോലെ, പരലോകത്തില്‍ വിശ്വസിക്കാത്ത ആളുകളില്‍നിന്നു് ഇന്നും നാം കേള്‍ക്കാറുള്ളതാണല്ലോ. പക്ഷേ, അന്നത്തെ മുശ്രിക്കുകള്‍ മിക്കവാറും സൃഷ്ടാവിനെ നിഷേധിക്കുന്നവരായിരുന്നില്ല. ആകാശഭൂമികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണെന്നതും അവര്‍ നിഷേധിച്ചിരുന്നില്ല, എന്നുമാത്രം. അല്ലാഹു പറയുന്നത് നോക്കുക:-

23:84

  • قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ ﴾٨٤﴿
  • (നബിയേ!) ചോദിക്കുക: ‘ഭൂമിയും, അതിലുള്ളവരും ആരുടേതാണ് – നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)?!’
  • قُل പറയുക, ചോദിക്കുക لِّمَنِ ആര്‍ക്കാണ്, ആരുടേതാണ് الْأَرْضُ ഭൂമി وَمَن فِيهَا അതിലുള്ളവരും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം (എന്നുണ്ടെങ്കില്‍)

23:85

  • سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴾٨٥﴿
  • അവര്‍ പറഞ്ഞുകൊള്ളും: ‘അല്ലാഹുവിന്റേതാണ്’ എന്ന്. പറയുക: ‘എന്നാല്‍ നിങ്ങള്‍ ആലോചിക്കുന്നില്ലേ?!’
  • سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും, പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക أَفَلَا تَذَكَّرُونَ എന്നാല്‍ ആലോചിക്കുന്നില്ലേ, ഓര്‍ക്കുന്നില്ലേ

23:86

  • قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ﴾٨٦﴿
  • ചോദിക്കുക: ഏഴ് ആകാശങ്ങളുടെ നാഥനും, മഹത്തായ ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] നാഥനും ആരാണ്?!’
  • قُلْ പറയുക, ചോദിക്കുക مَن ആരാണ് رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ്, നാഥന്‍ السَّبْعِ ഏഴ്, ഏഴായ وَرَبُّ الْعَرْشِ അര്‍ശിന്റെ റബ്ബും الْعَظِيمِ മഹത്തായ, വമ്പിച്ച

23:87

  • سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ﴾٨٧﴿
  • അവര്‍ പറഞ്ഞുകൊള്ളും: (‘അതും) അല്ലാഹുവിന്റേതാണ്’ എന്ന്. പറയുക: ‘എന്നാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’
  • سَيَقُولُونَ അവര്‍ പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക, ചോദിക്കുക أَفَلَا تَتَّقُونَ എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ

23:88

  • قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴾٨٨﴿
  • ചോദിക്കുക: ‘എല്ലാ വസ്തുവിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്, അവനാണ് രക്ഷ നല്‍കുന്നത്, അവനെതിരില്‍ രക്ഷ നല്‍കപ്പെടുകയുമില്ല – ഇങ്ങിനെയുള്ള ഒരുവന്‍ ആരാണ്?- നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)!’
  • قُلْ പറയുക, ചോദിക്കുക مَن ആരാണുള്ളതു بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ ഭരണാധികാരം, രാജാധിപത്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ يُجِيرُ അവന്‍ രക്ഷ നല്‍കുകയും ചെയ്യും وَلَا يُجَارُ രക്ഷ നല്‍കപ്പെടുകയുമില്ല عَلَيْهِ അവന്റെമേല്‍ (അവന്നെതിരില്‍) إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)

23:89

  • سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴾٨٩﴿
  • അവര്‍ പറഞ്ഞുകൊള്ളും: ‘(അതെല്ലാം) അല്ലാഹുവിനുള്ളതാണ്’ എന്ന്. പറയുക: ‘എന്നാല്‍ എങ്ങിനെയാണ്, നിങ്ങള്‍ മായത്തിലകപ്പെട്ടു പോകുന്നത്?!’
  • سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക فَأَنَّىٰ എന്നാല്‍ എങ്ങിനെയാണ് تُسْحَرُونَ നിങ്ങള്‍ മായത്തിലകപ്പെടുന്നു (മയക്കപ്പെടുന്നു)

23:90

  • بَلْ أَتَيْنَٰهُم بِٱلْحَقِّ وَإِنَّهُمْ لَكَٰذِبُونَ ﴾٩٠﴿
  • പക്ഷേ, (വാസ്തവത്തില്‍) നാം അവര്‍ക്കു യഥാര്‍ത്ഥവുംകൊണ്ട് ചെന്നിരിക്കുകയാണ്; നിശ്ചയമായും അവരാകട്ടെ, കള്ളവാദികളുമാണ്.
  • بَلْ എന്നാല്‍, പക്ഷേ أَتَيْنَاهُم നാം അവര്‍ക്കു ചെന്നിരിക്കുന്നു بِالْحَقِّ സത്യവുമായി, യഥാര്‍ത്ഥവും കൊണ്ടു وَإِنَّهُمْ നിശ്ചയമായും അവരാകട്ടെ لَكَاذِبُونَ കള്ളവാദികളുമാണ്, കളവു പറയുന്നവര്‍ തന്നെ

ആകാശഭൂമികളും, അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹുവിന്റേതാണ്, അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവയുടെ മുഴുവന്‍ നിയന്ത്രണവും, കൈകാര്യവും അവന്റെ പക്കലാണ് എന്നെല്ലാം മുശ്രിക്കുകളും വിശ്വസിക്കുന്നു. എന്നിട്ട് പിന്നെയും അവര്‍, വിഗ്രഹങ്ങള്‍ മുതലായ സൃഷ്ടികളെ ആരാധിച്ചും, അവരോട് പ്രാര്‍ത്ഥിച്ചുംകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഈ അബദ്ധത്തെ സംബന്ധിച്ചു – ഇതില്‍പരം വമ്പിച്ച വഴിപിഴവ് വേറെ ഇല്ലതന്നെ – അവര്‍ ഒട്ടും ചിന്തിക്കാത്തതിനെയാണ് അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. ഓരോ ചോദ്യത്തിനും, ശരിക്കുള്ള മറുപടിയാണ് അവര്‍ക്ക് പറയുവാനുള്ളത്. അവ ഓരോന്നും ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുവാന്‍ പോരുന്നവയുമാണ്. അതുകൊണ്ടാണ്, ഓരോ ചോദ്യത്തെയും തുടര്‍ന്നുകൊണ്ടു, ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ; നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ’ എന്നിങ്ങനെ അല്ലാഹു ആവര്‍ത്തിച്ച് പറയുന്നത്.

ചോദ്യങ്ങളുടെ ഉത്തരത്തില്‍ യാതൊരു ഭിന്നാഭിപ്രായവും ഇല്ലാതിരിക്കെ, അതോടൊപ്പം അല്ലാഹു അല്ലാത്തവരെ ആരാധ്യന്‍മാരായി സ്വീകരിക്കുവാന്‍ അവര്‍ മുതിരുമ്പോള്‍, അവരുടെ ബുദ്ധിക്ക് എന്തോ അമളി പിണഞ്ഞിരിക്കണമല്ലോ. അതെ, പൂര്‍വ്വീകന്‍മാരുടെ നടപടികള്‍ പരമ്പരാഗതമായി കണ്ടുവരികയും, അവയെ ന്യായീകരിച്ചു കൊണ്ടുള്ള അവാസ്തവപ്രസ്താവനകള്‍ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതില്‍ അവര്‍ മയങ്ങിപ്പോയിരിക്കുകയാണ്. അതിനെപ്പറ്റി പുനരാലോചന ചെയ്യുവാന്‍ അവര്‍ തയ്യാറില്ലാതിരിക്കുകയാണ്. പക്ഷേ, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളായിരിക്കെ, അവരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന വിഷയം – തൗഹീദ് മുതലായവ – തികച്ചും ന്യായവും, സത്യവുമാണെന്നും, അവരുടെ വാദം തനി കള്ളവും, പൊള്ളയും ആണെന്നും സ്പഷ്ടമാണ്.

23:91

  • مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴾٩١﴿
  • അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; അവനോടൊപ്പം യാതൊരു ഇലാഹും ഇല്ലതാനും. (ഉണ്ട്) എന്ന് വരികില്‍, ഓരോ ഇലാഹും അവന്‍ സൃഷ്ടിച്ചതും കൊണ്ടുപോകുകയും, അവരില്‍ ചിലര്‍ ചിലരുടെ മേല്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ വര്‍ണ്ണിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അല്ലാഹു മഹാപരിശുദ്ധന്‍!
  • مَا اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല مِن وَلَدٍ യാതൊരു സന്താനത്തെയും وَمَا كَانَ ഇല്ലതാനും مَعَهُ അവനോടൊപ്പം مِنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും إِذًا എന്നു വരികില്‍, അങ്ങിനെയാണെങ്കില്‍ لَّذَهَبَ പോകുമായിരുന്നു كُلُّ إِلَـٰهٍ ഓരോ ഇലാഹും بِمَا خَلَقَ താന്‍ സൃഷ്ടിച്ചതും കൊണ്ടു وَلَعَلَا പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നത്യം കാണിക്കയും ചെയ്യും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍, ചിലരോടു سُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധന്‍ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍ നിന്നു

23:92

  • عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَتَعَٰلَىٰ عَمَّا يُشْرِكُونَ ﴾٩٢﴿
  • അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ് (അവന്‍). അപ്പോള്‍, അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ മഹോന്നതനാകുന്നു.
  • عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും فَتَعَالَىٰ അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു

അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കുക, സന്താനങ്ങളെ കല്‍പിക്കുക എന്നീ രണ്ടുതരം ശിര്‍ക്കിനെയും ഖണ്ഡിക്കുകയാണ് ഈ വചനങ്ങള്‍ ചെയ്യുന്നത്. അവന്‍ മക്കളെ സ്വീകരിച്ചിട്ടുമില്ല, അവനോടൊപ്പം വേറെ ഇലാഹുമില്ല, അവനല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടായിരിക്കുവാന്‍ നിവൃത്തിയുമില്ല. കാരണം: അവനെക്കൂടാതെ മറ്റുവല്ല ഇലാഹും ഉണ്ടാകുന്നപക്ഷം അവര്‍ തമ്മില്‍ അധികാരവടംവലിയും, അവകാശത്തര്‍ക്കവും അനിവാര്യമാണ്. ഇതൊന്നും കൂടാതെ, ലോകമൊട്ടുക്കും ഒരേ വ്യവസ്ഥയിന്‍ കീഴില്‍ നിലകൊള്ളുന്നത് ആര്‍ക്കും കാണാവുന്നതാണല്ലോ. ‘പരമകാരുണികനായുള്ളവന്റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുന്നതല്ല.’ 67:3 (مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ). അല്ലാഹുവാണെങ്കില്‍ എല്ലാ രഹസ്യപരസ്യങ്ങളും, ദൃശ്യാദൃശ്യങ്ങളും അറിയുന്നവനാണ്. എന്നിരിക്കെ അവന്റെ അറിവില്‍ പെടാത്ത ഒരു ഇലാഹു ഉണ്ടായിരിക്കാമെന്ന് സങ്കല്‍പ്പിക്കുകപോലും സാധ്യമല്ലതന്നെ.

വിഭാഗം – 6

23:93

  • قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ ﴾٩٣﴿
  • (നബിയേ,) പറയുക: ‘റബ്ബേ! ഇവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ [ശിക്ഷയെ] വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,-
  • قُل പറയുക رَّبِّ എന്റെ റബ്ബേ إِمَّا تُرِيَنِّي നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍ مَا يُوعَدُونَ അവരോടു താക്കീതു ചെയ്യപ്പെടുന്നതു

23:94

  • رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّٰلِمِينَ ﴾٩٤﴿
  • എന്റെ റബ്ബേ – അപ്പോള്‍ എന്നെ (ഈ) അക്രമികളായ ജനങ്ങളില്‍ നീ പെടുത്തരുതേ!’
  • رَبِّ എന്റെ റബ്ബേ, രക്ഷിതാവേ فَلَا تَجْعَلْنِي അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) فِي الْقَوْمِ ജനങ്ങളില്‍ الظَّالِمِينَ അക്രമികളായ

23:95

  • وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَٰدِرُونَ ﴾٩٥﴿
  • നിശ്ചയമായും നാമാകട്ടെ; അവരോട് നാം താക്കീത് ചെയ്യുന്നതിനെ നിനക്ക് കാട്ടിത്തരുവാന്‍ കഴിവുള്ളവര്‍ തന്നെയാകുന്നു.
  • وَإِنَّا നിശ്ചയമായും നാമാകട്ടെ عَلَىٰ أَن نُّرِيَكَ നിനക്കു കാണിച്ചുതരുവാന്‍ مَا نَعِدُهُمْ നാം അവരോടു താക്കീതു ചെയ്യുന്നതിനെ لَقَادِرُونَ കഴിവുള്ളവര്‍ തന്നെയാണ്

പരലോകനിഷേധം, അല്ലാഹുവിന് സമന്മാരേയും മക്കളെയും സങ്കല്‍പിക്കല്‍, ആദിയായ ഓരോന്നും, അവരെ താക്കീതുചെയ്തുവരുന്ന ശിക്ഷ ഉടനെത്തന്നെ നടപ്പില്‍വരുത്തുവാന്‍ തികച്ചും മതിയായ കാരണങ്ങളത്രെ. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണെത്തന്നെ – അവിടുന്ന് ജീവിച്ചുകൊണ്ടിരിക്കെത്തന്നെ – അത് സംഭവിക്കുകയാണെങ്കില്‍ അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ രക്ഷിച്ചു തരേണമെന്ന് പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉപദേശിക്കുകയാണ്. ശിക്ഷ തല്‍ക്ഷണം തന്നെ നടപ്പില്‍ വരുത്തുവാന്‍ അല്ലാഹുവിന് ധാരാളം കഴിവുണ്ട്. പക്ഷേ, അവന്‍ തന്റെ അതിയായ അനുഗ്രഹം നിമിത്തം അത് നടപ്പാക്കാതിരിക്കുകയും, ഒരു നിശ്ചിത അവധിവരേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് സാരം. ഇവരെപ്പോലെയുള്ള കടുത്ത ജനങ്ങളുമായി ഇടപെടുമ്പോള്‍, അവരുടെ ദുഷ്ചെയ്തികളാകുന്ന രോഗങ്ങള്‍ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അടുത്ത വചനങ്ങളില്‍ രണ്ട് പ്രധാന ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു:-

23:96

  • ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴾٩٦﴿
  • ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
  • ادْفَعْ നീ തടുക്കുക, തടയുക بِالَّتِي യാതൊരു കാര്യംകൊണ്ടു هِيَ أَحْسَنُ അതു ഏറ്റവും നല്ലതാണു السَّيِّئَةَ തിന്‍മയെ نَحْنُ നാം أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِمَا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി

23:97

  • وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ﴾٩٧﴿
  • (ഇങ്ങിനെ) പറയുകയും ചെയ്യുക: ‘എന്റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു രക്ഷതേടുന്നു;
  • وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَعُوذُ ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു بِكَ നിന്നോടു, നിന്നില്‍ مِنْ هَمَزَاتِ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന് الشَّيَاطِينِ പിശാചുക്കളുടെ

23:98

  • وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴾٩٨﴿
  • ‘അവര്‍, എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നും – റബ്ബേ – ഞാന്‍ നിന്നോട് രക്ഷതേടുന്നു.’
  • وَأَعُوذُ ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു بِكَ നിന്നോട് رَبِّ എന്റെ റബ്ബേ أَن يَحْضُرُونِ അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തില്‍ നിന്ന്

ഒന്നാമത്തെ ഉപദേശം, തിന്‍മകളെ ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്‍മ ചെയ്തവനോട്‌ അങ്ങോട്ട്‌ നന്മചെയ്യുക മുതലായവയാണ് ‘ഏറ്റവും നല്ല കാര്യം’ കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:-

ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ – حم السجدة

സാരം: (ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു ഉറ്റബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. 41:34.) ഹാ! എത്ര ഫലപ്രദമായ ഔഷധമാണിത്! ഈ ആയത്തിന്റെ സാരത്തില്‍ അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരാള്‍ തന്റെ സഹോദരനെക്കുറിച്ച് അവനില്‍ ഇല്ലാത്ത (കുറ്റം) വല്ലതും പറയുന്നതായാല്‍ അവന്‍ അവനോട് ഇങ്ങിനെ പറയണം: നീ കളവ് പറയുകയാണെങ്കില്‍ നിനക്ക് പൊറുത്ത് തരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു. നീ നേര് പറയുകയാണെങ്കില്‍ എനിക്ക് പൊറുത്തുതരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു.’

(إن كنتَ كاذبا فإني أسأل الله أن يغفر لك، وإن كنت صادقا فإني أسأل الله أن يغفر لي)

രണ്ടാമത്തെ ഉപദേശം: പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്നാകുന്നു. ആദ്യത്തേത് പുറമേ ഉപയോഗിക്കുവാനുള്ള ഔഷധമാണെങ്കില്‍ ഇത്, അകത്തേക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന് പറയാം. പിശാചില്‍ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകളും, അത് നിമിത്തം മറ്റുള്ളവരില്‍ നിന്ന് ഉളവാകുന്ന തിന്‍മകളുമെല്ലാം ‘ദുര്‍ബ്ബോധനങ്ങള്‍’ (هَمَزَات) എന്ന് പറഞ്ഞതില്‍ അടങ്ങുന്നു. പിശാചുക്കള്‍ അടുത്ത് വരുവാന്‍പോലും ഇടയാകാതെ രക്ഷിക്കേണമേ, എന്നാണ് പ്രാര്‍ത്ഥനയിലെ രണ്ടാം വാക്യം കുറിക്കുന്നത്. ദുര്‍ബ്ബോധനങ്ങളും, ദുര്‍മ്മന്ത്രങ്ങളും നടത്തുന്ന മനുഷ്യപ്പിശാചുക്കളും, ജിന്‍പിശാചുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഉറങ്ങുവാന്‍ പോകുമ്പോള്‍ താഴെ കാണുന്ന ‘ദുആ’ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികള്‍ക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (رحمه الله) മുതലായ പലരും രിവായത്ത് ചെയ്യുന്നു:-

بِسْمِ اللهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ : رواه أحمد وابوداود والتومذي والبيهقي رحمهم الله

സാരം: (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്റെ കോപത്തില്‍നിന്നും, അവന്റെ ശിക്ഷാനടപടിയില്‍നിന്നും, അവന്റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.)

അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയവരും, അവിശ്വാസികളും മരണത്തിന് മുമ്പായി അവരുടെ നിലപാടില്‍ മാറ്റം വരുത്താതിരിക്കുന്നപക്ഷം, മരണവേളയില്‍ അവരുടെ അന്ത്യാവസ്ഥ എങ്ങിനെയിരിക്കുമെന്ന് അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:-

23:99

  • حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ﴾٩٩﴿
  • അങ്ങനെ, (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: ‘റബ്ബേ! എന്നെ മടക്കിത്തരുവിന്‍,-
  • حَتَّىٰ അങ്ങനെ (ഇതുവരെക്കും) إِذَا جَاءَ വന്നാല്‍, വരുമ്പോള്‍ أَحَدَهُمُ അവരില്‍ ഒരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ ارْجِعُونِ എന്നെ മടക്കിത്തരുവിന്‍

23:100

  • لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴾١٠٠﴿
  • ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം!’ എന്നു. ഒരിക്കലുമില്ല! അതൊരുവാക്യം – അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു ( – അത്രമാത്രം). അവരുടെ അപ്പുറം, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു (തരം) വേലിമറയുമുണ്ട്. [അതവരെ മടങ്ങിപ്പോകുവാന്‍ വിടുന്നതല്ല.]
  • لَعَلِّي أَعْمَلُ ഞാന്‍ പ്രവര്‍ത്തിച്ചേക്കാം صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فِيمَا تَرَكْتُ ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍ كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ إِنَّهَا നിശ്ചയമായും അതു كَلِمَةٌ ഒരു വാക്യം, വാക്കു هُوَ അവന്‍ قَائِلُهَا അതു പറയുന്നവനാണ് (അതുപറയുന്നു) وَمِن وَرَائِهِم അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് بَرْزَخٌ ഒരുമറ, വേലിമറ, തടവ് إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന

മരണസമയം എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിനശിക്ഷകള്‍ കാണുമാറാകുകയും ചെയ്യുമ്പോള്‍, തങ്ങളെ ഭൂമിയിലേക്ക്‌ ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാകട്ടെ, كَلَّا (അതൊരിക്കലുമില്ല) എന്നുമാത്രം! അല്ലാഹു പറയുന്നു: അത് കേവലം ഒരു വാക്യമെന്നുമാത്രം – അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആ വാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കില്‍ അതിനും സാധ്യമല്ല. കാരണം, ഖിയാമാത്തുനാളില്‍ എല്ലാവരും ‘ഖബ്റു’കളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതുവരെ പുറത്തുപോകുവാന്‍ നിവൃത്തിയില്ലാത്തവിധം അവര്‍ ബന്ധനത്തിലുമായിരിക്കും. പിന്നത്തെ സ്ഥിതിയാണെങ്കില്‍ അതിലേറെ ആപല്‍ക്കരവും!

മരണവേളയില്‍ മാത്രമല്ല, ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോഴും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോഴും, നരകം കാണിക്കപ്പെടുമ്പോഴും, നരകത്തില്‍വെച്ചും എല്ലാം തന്നെ അവിശ്വാസികള്‍, തങ്ങളെ ഒന്നുകൂടി മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുന്നതാണെന്ന് ഖുര്‍ആന്റെ പല പ്രസ്താവനകളില്‍ നിന്നുമായി മനസ്സിലാക്കാം. ഈ അപേക്ഷ തീര്‍ച്ചയായും സ്വീകരിക്കപ്പെടുകയില്ലെന്ന് അവര്‍ക്കറിയാമെങ്കിലും, ശിക്ഷയുടെ കാഠിന്യം മൂലം അവരത് പറഞ്ഞുപോകുകയാണ്! معاذ الله (അല്ലാഹു കാക്കട്ടെ!).

മൂന്നാം ഘട്ടം – ക്യാമ്പയിൻ 4 – സൂറത്തുല്‍ മുഅ്മിനൂന്‍ : 62-77

23:62

  • وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ ﴾٦٢﴿
  • ഒരു ദേഹത്തോടും, അതിന് കഴിവുള്ളതല്ലാതെ നാം ശാസിക്കുകയില്ല; യഥാര്‍ത്ഥം തുറന്നുപറയുന്ന ഒരു ഗ്രന്ഥം [രേഖ] നമ്മുടെ അടുക്കല്‍ ഉണ്ട്; അവര്‍ അക്രമിക്കപ്പെടുന്നതല്ല.
  • وَلَا نُكَلِّفُ നാം ശാസിക്കുകയില്ല, നിര്‍ബ്ബന്ധിക്കുകയില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളോടും إِلَّا وُسْعَهَا അതിന് കഴിവുള്ളതല്ലാതെ وَلَدَيْنَا നമ്മുടെ അടുക്കലുണ്ട് كِتَابٌ ഒരു ഗ്രന്ഥം يَنطِقُ അത് തുറന്നു പറയും, മൊഴിയും بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുന്നതുമല്ല

മൂന്ന് സംഗതികളാണ് ഈ ആയത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നത്.

1). ഏതൊരാളുടെയും കഴിവനുസരിച്ചുള്ളതല്ലാതെ അവനോട്‌ ശാസിക്കുകയില്ല. ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഒരു മൗലികതത്വമാണിത്. ശാരീരികവും, മാനസികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാവിധ കഴിവുകളും ഇതില്‍ പരിഗണിക്കപ്പെടുന്നു. ആരാധനാ കാര്യങ്ങളില്‍ മാത്രമല്ല, മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടുന്ന എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. നമസ്കാരത്തിലും, നോമ്പിലും മാത്രമല്ല, സാധുക്കളെ സഹായിക്കുന്നതിലും സമുദായസേവനത്തിലും, മതപ്രബോധനത്തിലുമെല്ലാംതന്നെ ഈ നിയമം ബലത്തിലുണ്ട്. അപ്പോള്‍, സല്‍ക്കര്‍മ്മം ചെയ്ത് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മാര്‍ഗ്ഗം ഒട്ടും കുടുസ്സല്ല. ദുഷ്കര്‍മ്മത്തിലും, തോന്നിയവാസത്തിലും നിരതരായവര്‍ക്ക് സത്യത്തിന്റെ മാര്‍ഗ്ഗം ഇടുങ്ങിയതാണെന്നോ, മതശാസനകള്‍ അസഹ്യമാണെന്നോ പറയുവാന്‍ ന്യായവുമില്ല.

2). സല്‍ക്കര്‍മ്മികളുടെയും ദുഷ്കര്‍മ്മികളുടെയുമെന്ന വ്യത്യാസമില്ലാതെ, എല്ലാവരുടെ ചെയ്തികളും, കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയ ഒരു രേഖാഗ്രന്ഥം അല്ലാഹുവിങ്കലുണ്ട്.

3). സജ്ജനങ്ങളുടെ സല്‍ഫലങ്ങളില്‍ വല്ല കുറവും വരുത്തിയോ, ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളില്‍ വല്ലതും അധികരിപ്പിച്ചോ, ആരോടും അക്രമം ചെയ്യപ്പെടുകയില്ല. എല്ലാവരുടെയും നന്മതിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം ഹാജറാക്കിക്കൊണ്ടു ഖിയാമത്തുനാളില്‍ ഇപ്രകാരം പറയപ്പെടുന്നതാകുന്നു: ‘ഇതാ നമ്മുടെ – നാം രേഖപ്പെടുത്തിവെച്ച – ഗ്രന്ഥം! അത് നിങ്ങള്‍ക്കു യഥാര്‍ത്ഥം തുറന്നുപറഞ്ഞു തരുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.’

(هَـٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ : سورة الجاثية :٢٩)

23:63

  • بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَٰذَا وَلَهُمْ أَعْمَٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَٰمِلُونَ ﴾٦٣﴿
  • എങ്കിലും, അവരുടെ [അവിശ്വാസികളുടെ] ഹൃദയങ്ങള്‍ ഇതിനെക്കുറിച്ച്‌ അന്ധതയിലാകുന്നു. അവര്‍ക്ക് അത് [മേല്‍ പറഞ്ഞത്] കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്; അത് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്;-
  • بَلْ എങ്കിലും, പക്ഷെ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ فِي غَمْرَةٍ അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ് مِّنْ هَـٰذَا ഇതിനെക്കുറിച്ചു وَلَهُمْ അവര്‍ക്കുണ്ട് أَعْمَالٌ ചില പ്രവൃത്തികള്‍ مِّن دُونِ ذَٰلِكَ അതുകൂടാതെ هُمْ അവര്‍ لَهَا അതു, അവയെ عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണ്

23:64

  • حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ ﴾٦٤﴿
  • അങ്ങനെ, അവരിലുള്ള സുഖിയന്‍മാരെ ശിക്ഷമൂലം നാം പിടിക്കുന്നതായാല്‍, അപ്പോഴതാ, അവര്‍ നിലവിളി കൂട്ടുന്നു!
  • حَتَّىٰ إِذَا أَخَذْنَا അങ്ങനെ നാം പിടിക്കുന്നതായാല്‍ مُتْرَفِيهِم അവരിലുള്ള സുഖിയന്‍മാരെ بِالْعَذَابِ ശിക്ഷകൊണ്ട്, ശിക്ഷമൂലം إِذَا هُمْ അപ്പോള്‍ അവരതാ يَجْأَرُونَ നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു

23:65

  • لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ ﴾٦٥﴿
  • (അവരോട് പറയപ്പെടും:) ‘ഇന്ന് നിങ്ങള്‍ നിലവിളി കൂട്ടേണ്ടാ [അതുകൊണ്ട് ഫലമില്ല]! നിശ്ചയമായും നിങ്ങള്‍ക്ക്, നമ്മില്‍നിന്ന് സഹായം നല്‍കപ്പെടുകയില്ല;-
  • لَا تَجْأَرُوا നിങ്ങള്‍ നിലവിളി കൂട്ടേണ്ട الْيَوْمَ ഇന്ന് إِنَّكُم നിശ്ചയമായും നിങ്ങള്‍ مِّنَّا നമ്മില്‍ നിന്നു لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല

23:66

  • قَدْ كَانَتْ ءَايَٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَٰبِكُمْ تَنكِصُونَ ﴾٦٦﴿
  • തീര്‍ച്ചയായും, എന്റെ (വേദ) ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു വന്നിരുന്നു; അപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ മടമ്പുകാലുകളില്‍ (വന്നപാടെ) തന്നെ മടങ്ങിപ്പോകുകയായിരുന്നു ചെയ്തത്;-
  • قَدْ كَانَتْ തീര്‍ച്ചയായും ആയിരുന്നു آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നു فَكُنتُمْ അപ്പോള്‍ നിങ്ങളായിരുന്നു عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളിലായി تَنكِصُونَ മടങ്ങി (പിന്‍വാങ്ങി) പ്പോകുക (യായിരുന്നു)

23:67

  • مُسْتَكْبِرِينَ بِهِۦ سَٰمِرًا تَهْجُرُونَ ﴾٦٧﴿
  • അഹങ്കാരികളായ നിലയില്‍ – അതില്‍ [വേദഗ്രന്ഥത്തില്‍] രാക്കഥയുമായി – നിങ്ങള്‍ പിച്ചുപറഞ്ഞും കൊണ്ടിരിക്കുന്നവരായിരുന്നു’.
  • مُسْتَكْبِرِينَ അഹങ്കാരികളായ നിലയില്‍, അഹംഭാവം നടിച്ചുകൊണ്ട്‌ بِهِ سَامِرًا അതില്‍ രാക്കഥ പറഞ്ഞുകൊണ്ട് تَهْجُرُون നിങ്ങള്‍ പിച്ചുപറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞു കൊണ്ട്

സാരം: മനുഷ്യന് അനുഷ്ഠിക്കുവാന്‍ കഴിയാത്ത ശാസനകളൊന്നും അല്ലാഹു അവരില്‍ ചുമത്തിയിട്ടില്ല; അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, അവിശ്വാസികള്‍ അതൊന്നും ഗൗനിക്കാതെ അന്ധതയിലും, അശ്രദ്ധയിലും കഴിഞ്ഞുകൂടുകയാണ്. 57 – 60ല്‍ പ്രസ്താവിച്ചതു പോലെയുള്ള സല്‍ക്കര്‍മ്മങ്ങളൊന്നും അവര്‍ ചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനു നേരെ വിപരീതമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ഖുര്‍ആനെപ്പറ്റി ആക്ഷേപിക്കുക, നബിയെ പരിഹസിക്കുക, സത്യവിശ്വാസികളെ ഉപദ്രവിക്കുക മുതലായവയാണ് അവരുടെ ജോലി. അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള സുഖസൗകര്യങ്ങളില്‍ വഞ്ചിതരായി തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന നിഗമനത്തിലാണ് അവരുള്ളത്. എന്നാല്‍ ഈ നില അധികം തുടര്‍ന്നുപോകയില്ല. താമസിയാതെ ആ സുഖ സൗകര്യങ്ങളില്‍നിന്നും അവര്‍ പിടിച്ചു ശിക്ഷിക്കപ്പെടും. അപ്പോള്‍ അവര്‍ക്കു തന്റേടം വരും. അവര്‍ വിളിച്ചു നിലവിളിക്കാന്‍ തുടങ്ങും. പക്ഷേ, ഫലമെന്ത്?!

ആ നിലവിളിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും മറുപടി ലഭിക്കുക ഇപ്രകാരമായിരിക്കും: ‘ഇന്നു നിലവിളികൂട്ടിയിട്ട് കാര്യമില്ല; യാതൊരു രക്ഷയും നിങ്ങള്‍ക്ക് ഇവിടെ കിട്ടുവാന്‍ പോകുന്നില്ല. എന്റെ ആയത്തുകള്‍ റസൂല്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളത് കേട്ടതുമില്ല. ചിന്തിച്ചതുമില്ല. കേള്‍ക്കുമ്പോഴേക്കും നിങ്ങള്‍ പിന്നോക്കം പോകുകയായിരുന്നു ചെയ്തിരുന്നത്: മാത്രമല്ല, ഞങ്ങള്‍ ഖുറൈശികളാണ്, കഅ്-ബഃയുടെ സംരക്ഷകന്‍മാരാണ് എന്നും മറ്റും പറഞ്ഞുകൊണ്ട്, അഹങ്കാരം നടിക്കുകയും, കഅ്-ബഃയുടെ പരിസരങ്ങളില്‍ കൂട്ടം കൂടി ഖുര്‍ആനെക്കുറിച്ചും, നബിയെക്കുറിച്ചും പരിഹാസപൂര്‍വ്വം രാക്കഥകളും, തോന്നിയവാസവും പറഞ്ഞു കാലം കഴിക്കുകയുമാണ് ചെയ്തത്. എനി, ഇപ്പോള്‍ നിലവിളിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.’

23:68

  • أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ ﴾٦٨﴿
  • (പറയുന്ന) വാക്ക് [ഖുര്‍ആന്‍] അവര്‍ ഉറ്റാലോചിക്കുന്നില്ലേ?! അഥവാ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്തതൊന്ന് ഇവര്‍ക്ക് വന്നിരിക്കുന്നുവോ?!
  • أَفَلَمْ يَدَّبَّرُوا എന്നാല്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقَوْلَ വാക്ക്, പറയുന്നത് أَمْ جَاءَهُم അഥവാ തങ്ങള്‍ക്ക് വന്നിരിക്കുന്നുവോ مَّا لَمْ يَأْتِ വന്നിട്ടില്ലാത്തത് آبَاءَهُمُ അവരുടെ പിതാക്കള്‍ക്ക് الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുമ്പുള്ളവരായ

23:69

  • أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ ﴾٦٩﴿
  • അതല്ലെങ്കില്‍, അവര്‍ തങ്ങളുടെ റസൂലിനെ അറിഞ്ഞിട്ടില്ല – അതിനാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?!
  • أَمْ لَمْ يَعْرِفُوا അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലെയോ رَسُولَهُمْ അവരുടെ റസൂലിനെ فَهُمْ അതിനാല്‍ അവര്‍ لَهُ അദ്ദേഹത്തെ مُنكِرُونَ നിഷേധിക്കുന്നവരാണ് (എന്നുണ്ടോ)

23:70

  • أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَٰرِهُونَ ﴾٧٠﴿
  • അല്ലെങ്കില്‍, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് അവര്‍ പറയുന്നുവോ?! എന്നാല്‍, (വാസ്തവത്തില്‍,) അദ്ദേഹം അവരുടെ അടുക്കല്‍ യഥാര്‍ത്ഥം കൊണ്ടുവന്നിരിക്കുകയാണ്; അവരില്‍ അധികമാളുകളും, യഥാര്‍ത്ഥത്തെ വെറുക്കുന്നവരുമാകുന്നു.
  • أَمْ يَقُولُونَ അല്ലെങ്കില്‍ അവര്‍ പറയുന്നുവോ بِهِ അദ്ദേഹത്തിനുണ്ട് (എന്ന്) جِنَّةٌ ഭ്രാന്ത് بَلْ എന്നാല്‍, എങ്കിലും جَاءَهُم അദ്ദേഹം അവര്‍ക്ക് വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട് وَأَكْثَرُهُمْ അവരില്‍ അധികമാളുകളും لِلْحَقِّ യഥാര്‍ത്ഥത്തെ كَارِهُونَ വെറുക്കുന്നവരാണ്

ഒന്നാമതായിപ്പറഞ്ഞ ആക്ഷേപം അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ല എന്നുള്ളതാണ്. ഈ ആക്ഷേപം പലപ്പോഴും അല്ലാഹു ആവര്‍ത്തിച്ചു പറയാറുള്ളതാണ്. കാരണം അവര്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന പക്ഷം അതിന്റെ സത്യതയും പരിശുദ്ധതയും അവര്‍ക്കു് ബോധ്യപ്പെടാതിരിക്കുകയില്ല. പിന്നീട് പറഞ്ഞ ആക്ഷേപങ്ങളുടെ സാരം, അവര്‍ റസൂലിനെപ്പറ്റി മനസ്സിലാക്കുന്നില്ലെന്നുള്ളതാകുന്നു. മുമ്പില്ലാത്ത ഒരു പുതിയ വാദം അദ്ദേഹം കൊണ്ടുവന്നിട്ടില്ല, മുമ്പും പല നബിമാരും ഇതേ സത്യപ്രബോധനവുമായി വന്നിട്ടുണ്ടായിരുന്നു. നബിയെ സംബന്ധിച്ചിടത്തോളം, ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ മുഴുവന്‍ ചരിത്രവും, അദ്ദേഹത്തിന്റെ പരിശുദ്ധമായ സ്വഭാവപ്രകൃതിയും, സത്യസന്ധതയുമെല്ലാം അവര്‍ക്കറിയാവുന്നതാണ്. അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് അവരുടെ മനഃസാക്ഷിയെ മൂടിവെച്ചുകൊണ്ടല്ലാതെ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കാത്തതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയും സ്വഭാവവും ഗൗനിക്കാതിരുന്നതുമാണ് അവിശ്വാസികളെപ്പറ്റി ഇവിടെ പറഞ്ഞ ആക്ഷേപങ്ങളുടെ ചുരുക്കം.

അപ്പോള്‍, ഖുര്‍ആനും, നബിചര്യയും അവഗണിച്ചുകൊണ്ട് ‘ഇന്നവനും ഇന്നവനും പറഞ്ഞതുമാത്രം സ്വീകരിക്കുക’ എന്ന നയം – അതെ, ചില പണ്ഡിതന്‍മാരുടെയോ നേതാക്കളുടെയോ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ച് ഖുര്‍ആനും സുന്നത്തും ഗൗനിക്കാതെയുള്ള ഇന്നത്തെ മുസ്ലിംകളുടെ പൊതുനില – എത്രമാത്രം ആക്ഷേപകരവും, ആപല്‍ക്കരവുമാണെന്ന് ആലോചിച്ചു നോക്കുക!

23:71

  • وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ ﴾٧١﴿
  • യഥാര്‍ത്ഥം അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു വന്നിരുന്നുവെങ്കില്‍, ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും (എല്ലാം തന്നെ) കുഴപ്പത്തിലാകുമായിരുന്നു! പക്ഷേ, നാം അവരുടെ അടുക്കല്‍ അവര്‍ക്കുള്ള ഉപദേശവുംകൊണ്ട് ചെന്നിരിക്കുകയാണ്; എന്നാല്‍ അവരാകട്ടെ, അവരുടെ (ആ) ഉപദേശത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
  • وَلَوِ اتَّبَعَ അനുസരിച്ചു വന്നിരുന്നുവെങ്കില്‍ الْحَقُّ യഥാര്‍ത്ഥം, സത്യം أَهْوَاءَهُمْ അവരുടെ ഇച്ഛകളെ لَفَسَدَتِ നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും بَلْ പക്ഷെ أَتَيْنَاهُم നാം അവരുടെ അടുക്കല്‍ ചെന്നിരിക്കുന്നു بِذِكْرِهِمْ അവര്‍ക്കുള്ള ഉപദേശവും കൊണ്ടു فَهُمْ എന്നാല്‍ അവര്‍ عَن ذِكْرِهِم അവരുടെ ഉപദേശത്തില്‍ നിന്നു مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്

അവര്‍ക്ക് സത്യോപദേശങ്ങള്‍ സ്വീകാര്യമാകേണമെങ്കില്‍, അവരുടെ ഇച്ഛകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുകൊണ്ടായിരിക്കണം യാഥാര്‍ത്ഥ്യങ്ങള്‍ നിലകൊള്ളുന്നത്. അഥവാ, ആരാധ്യന്‍മാര്‍ പലതുണ്ടായിരിക്കണം, ദൈവത്തിന് സന്താനമുണ്ടായിരിക്കണം, അക്രമവും അനീതിയും ന്യായമായിരിക്കണം, പാപങ്ങള്‍ പുണ്യങ്ങളായിരിക്കണം. (معاذ الله). ഇങ്ങിനെയാണ്‌ യഥാര്‍ത്ഥത്തിലുള്ളതെങ്കില്‍, ധാര്‍മ്മികവ്യവസ്ഥയും, ലോകവ്യവസ്ഥയും – ലോകത്തിന്റെ നിലനില്‍പുതന്നെയും – അവതാളത്തിലായിപ്പോകുമായിരുന്നുവെന്ന് വ്യക്തമാണ്. ‘ആകാശഭൂമികളില്‍ അല്ലാഹു അല്ലാതെ വല്ല ഇലാഹുകളും ഉണ്ടായിരുന്നുവെങ്കില്‍, അതുരണ്ടും നാശമടയുമായിരുന്നു!’ (لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا)

23:72

  • أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٧٢﴿
  • (നബിയേ,) ഒരു പക്ഷേ, നീ അവരോട് വല്ല പുറപ്പാടും [ആദായവും] ചോദിക്കുന്നുണ്ടോ?! – എന്നാല്‍, നിന്റെ റബ്ബിന്റെ (പക്കല്‍നിന്നുള്ള) പുറപ്പാട് ഏറ്റവും നല്ലതാകുന്നു. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഏറ്റവും നല്ലവനത്രെ.
  • أَمْ അതല്ല, ഒരു പക്ഷേ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നുവോ خَرْجًا വല്ല പുറപ്പാടും, ആദായവും فَخَرَاجُ رَبِّكَ എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു

23:73

  • وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٧٣﴿
  • നിശ്ചയമായും, നീ അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയാകുന്നു.
  • وَإِنَّكَ നിശ്ചയമായും നീ لَتَدْعُوهُمْ നീ അവരെ ക്ഷണിക്കുന്നു إِلَىٰ صِرَاطٍ മാര്‍ഗ്ഗത്തിലേക്ക് مُّسْتَقِيمٍ നേരായ, ചൊവ്വായ

23:74

  • وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ ﴾٧٤﴿
  • പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, (ആ) മാര്‍ഗ്ഗം വിട്ടുതെറ്റിപ്പോകുന്നവര്‍ തന്നെയാണ്.
  • وَإِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ عَنِ الصِّرَاطِ മാര്‍ഗ്ഗം വിട്ടു لَنَاكِبُونَ തെറ്റിപ്പോകുന്നവര്‍ തന്നെയാണ്

സാരം: നബിയേ! അല്ലാഹുവിന്റെ ദൗത്യം എത്തിച്ചു കൊടുക്കുന്നതിന് താന്‍ അവരുടെ പക്കല്‍നിന്ന് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടെന്ന കാരണം കൊണ്ടാണോ അവര്‍ വിശ്വസിക്കാതിരിക്കുന്നത്? അല്ല, താന്‍ അവരില്‍നിന്ന് ഒന്നും ഇച്ഛിക്കുന്നില്ല; അതിന് ആവശ്യവുമില്ല. തനിക്ക് അല്ലാഹുവിങ്കലുള്ള മഹത്തായ പ്രതിഫലം തന്നെ മതി. താന്‍ അവരെ യാതൊരു വളവും വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗത്തിലേക്ക് തന്നെയാണ് ക്ഷണിക്കുന്നതും. പക്ഷേ, പരലോകത്തില്‍ വിശ്വാസമില്ലാത്ത അവര്‍ ആ സത്യമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാവമില്ലാതെ തെറ്റിപ്പോകുക മാത്രമാണ്.

23:75

  • ۞ وَلَوْ رَحِمْنَٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَٰنِهِمْ يَعْمَهُونَ ﴾٧٥﴿
  • നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവര്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധാളിച്ചുകൊണ്ട് ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യുന്നതാണ്.
  • وَلَوْ رَحِمْنَاهُمْ നാം അവര്‍ക്കു കരുണ ചെയ്തിരുന്നുവെങ്കില്‍ وَكَشَفْنَا നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും مَا بِهِم അവരിലുള്ളതിനെ مِّن ضُرٍّ വിഷമമായിട്ടു لَّلَجُّوا അവര്‍ ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിക്രമത്തില്‍ يَعْمَهُونَ അന്ധാളിച്ചുകൊണ്ടു, പരിഭ്രമിച്ചുകൊണ്ടു

23:76

  • وَلَقَدْ أَخَذْنَٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ ﴾٧٦﴿
  • നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവര്‍ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങിയില്ല; അവര്‍ (അവനോട്) താഴ്മ കാണിക്കുന്നുമില്ല!-
  • وَلَقَدْ أَخَذْنَاهُم തീര്‍ച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി بِالْعَذَابِ ശിക്ഷകൊണ്ട് فَمَا اسْتَكَانُوا എന്നിട്ടു അവര്‍ കീഴൊതുങ്ങിയില്ല لِرَبِّهِمْ അവരുടെ റബ്ബിന് وَمَا يَتَضَرَّعُونَ അവര്‍ താഴ്മ കാണിക്കുന്നുമില്ല

23:77

  • حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ ﴾٧٧﴿
  • കഠിന ശിക്ഷയുടെതായ ഒരു കവാടം അവരില്‍ നാം തുറക്കുന്നതായാല്‍ – അപ്പോഴതാ, അവര്‍ അതില്‍ ആശയറ്റ് പോകുന്നവരായിരിക്കും – അതുവരെക്കും (അവര്‍ ഈ നില തുടരും).
  • حَتَّىٰ إِذَا فَتَحْنَا അങ്ങനെ നാം തുറക്കുമ്പോള്‍ عَلَيْهِم അവരില്‍ بَابًا ഒരു കവാടം (വാതില്‍), ഒരുവകുപ്പു ذَا عَذَابٍ ശിക്ഷയുടേതായ شَدِيدٍ കഠിനമായ إِذَا هُمْ അപ്പോഴതാ അവര്‍ فِيهِ അതില്‍ مُبْلِسُونَ ആശയറ്റവരാകുന്നു, നിരാശപ്പെട്ടവരാകുന്നു (അതുവരേക്കും)

ആദ്യത്തെ ആയത്തില്‍ مَا بِهِم مِّن ضُرٍّ (അവരിലുള്ള വിഷമം) എന്ന് പറഞ്ഞത് പരലോക ശിക്ഷയാണെന്നാണ് ചിലര്‍ പറയുന്നത്. അതായത്: പരലോകശിക്ഷ കാണുമ്പോള്‍ അവര്‍ നിലവിളി കൂട്ടുന്നതനുസരിച്ച് അവരെ ഭൂമിയിലേക്ക് വീണ്ടും മടക്കി ശിക്ഷ ഒഴിവാക്കിക്കൊടുത്താല്‍ പോലും, അവര്‍ പഴയപടി ദുര്‍ന്നടപ്പില്‍ ശഠിച്ചുനില്‍ക്കുകയാണുണ്ടാവുക എന്ന് സാരം. وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ : الأنعام:٢٨ (അവര്‍ – ഭൂമിയിലേക്ക് – മടക്കപ്പെട്ടാലും, അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവര്‍ വീണ്ടും പോകുകതന്നെ ചെയ്യുന്നതാണ്.) എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ‘വിഷമം’ (ضُرٍّ) കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഖുറൈശികളില്‍ ബാധിക്കുകയുണ്ടായ ക്ഷാമവും പട്ടിണിയുമാണെന്നും അഭിപ്രായമുണ്ട്. അധിക മുഫസ്സിറുകളുടെയും അഭിപ്രായം ഇതാണ്. ഖുറൈശികളില്‍ രണ്ട് പ്രാവശ്യം ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും, ഥമാമഃ (رَضِيَ اللهُ تَعَالَى عَنْه) നിമിത്തമുണ്ടായ ക്ഷാമമാണ് ഇവിടെ ഉദ്ദേശമെന്നത്രെ അധികപക്ഷവും പറയുന്നത്. പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:-

മുഹമ്മദ്‌ബ്നു മസ്-ലമഃ (محمد بن مسلمة -رَضِيَ اللهُ تَعَالَى عَنْهُ) യുടെ നേതൃത്വത്തില്‍ അയക്കപ്പെട്ട ഒരു സൈന്യസംഘം ഥുമാമഃ (ثمامة بن أثال -رَضِيَ اللهُ تَعَالَى عَنْهُ)യെ ബന്ധനസ്ഥനാക്കി മദീനായില്‍ കൊണ്ടുവന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ പള്ളിയില്‍ തടങ്ങലില്‍ വെച്ചു. മൂന്ന് ദിവസം ഇസ്ലാമുമായുള്ള പരിചയം അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. അദ്ദേഹം മുസ്ലിമായിക്കൊണ്ട് മക്കായില്‍ ‘ഉംറഃ’ കര്‍മ്മം (العمرة) ചെയ്‌വാന്‍ ചെന്നു. യമാമഃയിലെ നേതാവായ അദ്ദേഹം, മുസ്ലിമായതില്‍ ഖുറൈശികള്‍ അതിയായ വെറുപ്പ്‌ പ്രകടിപ്പിക്കുകയും, അദ്ദേഹത്തെ കഠിനമായി ആക്ഷേപിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! യമാമഃയില്‍നിന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഉത്തരവ് കൂടാതെ ഒറ്റമണി ധാന്യം എനി നിങ്ങള്‍ക്ക് വരികയില്ല. മക്കായിലേക്ക് ധാന്യം ഇറക്കുമതി ചെയ്തിരുന്ന പ്രധാന കേന്ദ്രമായിരുന്നു അന്ന് യമാമഃ പ്രദേശങ്ങള്‍. അങ്ങനെ, അദ്ദേഹം അത് നിറുത്തല്‍ ചെയ്തു. ഇത് നിമിത്തം മക്കക്കാര്‍ക്ക് വമ്പിച്ച പട്ടിണിയായി. ‘ഇല്‍ഹിസ്‌’ (علهز) പോലും അവര്‍ ഭക്ഷിക്കേണ്ടിവന്നു. (പട്ടിണിക്കാലത്ത് രോമവും രക്തവും ചേര്‍ത്തുണ്ടാക്കപ്പെടുന്ന ഒരു സാധനമാണത്.). ഖുറൈശികള്‍ ഒടുക്കം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിച്ചു. ‘മുഹമ്മദേ! നീ ലോകര്‍ക്ക് കരുണയായി അയക്കപ്പെട്ടവനാണെന്നല്ലേ പറയുന്നത്? ഞങ്ങളുടെ പിതാക്കളെ നീ (ബദ്റില്‍ വെച്ച്) വാളിനിരയാക്കി; ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിയിട്ടും കൊല്ലുവാനാണോ വിചാരിക്കുന്നത്? കുടുംബബന്ധം പാലിക്കണമെന്ന് നീ പറയാറുണ്ടല്ലോ, ഇത് കുടുംബം മുറിക്കലല്ലേ?’ എന്നിങ്ങിനെ ആവലാതിപ്പെട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉടനെത്തന്നെ, ‘എന്റെ നാട്ടുകാര്‍ക്ക് ഭക്ഷണം വിട്ടുകൊടുക്കണം’ എന്ന് ഥുമാമഃ (رَضِيَ اللهُ تَعَالَى عَنْهُ)ക്ക് കത്തെഴുതി. പിന്നീട് പഴയപടി തുടരുകയും ചെയ്തു.

രണ്ടാമത്തെ ആയത്തില്‍ وَلَقَدْ أَخَذْنَاهُم بِالْعَذَابِ (നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി) എന്ന് പറഞ്ഞത് ഈ സംഭവത്തെ ഉദ്ദേശിച്ചാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബദര്‍യുദ്ധത്തില്‍ 70 ഖുറൈശി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് അധികമാളുകളുടെയും അഭിപ്രായം. മൂന്നാമത്തെ ആയത്തില്‍ ‘കഠിന ശിക്ഷയുടേതായ കവാടം’ (بَابًا ذَا عَذَابٍ شَدِيدٍ) എന്ന് പറഞ്ഞത് പരലോകശിക്ഷയെക്കുറിച്ചുതന്നെ. മേല്‍കാണിച്ച ഏത് അഭിപ്രായം നാം സ്വീകരിച്ചാലും, ആയത്തുകളുടെ സാരം വ്യക്തമാണ്; ആ അവിശ്വാസികളിലുള്ള വിഷമങ്ങള്‍ നീക്കി കരുണ ചെയ്താലും അതിന് നന്ദി കാണിക്കുകയോ, തങ്ങളുടെ ധിക്കാരത്തില്‍ നിന്നു് പിന്‍വാങ്ങുകയോ അവര്‍ ചെയ്കയില്ല. അവര്‍ പാഠം പഠിക്കുകയുമില്ല. ഖിയാമത്ത്നാളിലെ ശിക്ഷ അനുഭവപ്പെടുമ്പോഴാണ് അവര്‍ കണ്ണ് തുറക്കുക. പക്ഷേ അത് കൊണ്ട് ഫലം ഉണ്ടാകുന്നതുമല്ല.

ഇത്രയും പറഞ്ഞതില്‍നിന്ന്, ഈ മൂന്ന് ആയത്തുകളും മദീനയില്‍ അവതരിച്ചതായിരിക്കണമെന്ന് വ്യക്തമാണല്ലോ. ഈ സൂറത്ത് മക്കീ സൂറത്തുകളില്‍പെട്ടതാണെന്ന് മിക്കവാറും മുഫസ്സിറുകള്‍ സൂറത്തിന്റെ ആരംഭത്തില്‍ പറഞ്ഞുകാണാമെങ്കിലും, ഈ മൂന്ന്‍ വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്ന് ചില മഹാന്‍മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ രേഖപ്പെടുത്താത്തവരും, വിവരണത്തില്‍ മേല്‍ കണ്ട നില കൈകൊള്ളുകയും ചെയ്തുകാണാം.

മൂന്നാം ഘട്ടം – ക്യാമ്പയിൻ 3 – സൂറത്തുല്‍ മുഅ്മിനൂന്‍ : 45-61

23:45

  • ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلْطَٰنٍ مُّبِينٍ ﴾٤٥﴿
  • പിന്നീട്, മൂസായെയും, അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും, നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ അധികൃതരേഖയോടും കൂടി നാം അയക്കുകയുണ്ടായി.
  • ثُمَّ أَرْسَلْنَا പിന്നെ, നാം അയച്ചു مُوسَىٰ മൂസയെ وَأَخَاهُ هَارُونَ അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ അധികൃത രേഖയുമായും مُّبِينٍ വ്യക്തമായ, സ്പഷ്ടമായ

23:46

  • إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ ﴾٤٦﴿
  • ഫിര്‍ഔന്റെയും അവന്റെ പ്രമുഖസംഘത്തിന്റെയും അടുക്കലേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്; അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.
  • إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് وَمَلَئِهِ അവന്റെ പ്രമുഖസംഘത്തിന്റെയും, പ്രധാനികളുടെയും فَاسْتَكْبَرُوا എന്നിട്ട് അവര്‍ അഹംഭാവം നടിച്ചു وَكَانُوا അവരായിരുന്നു قَوْمًا ഒരു ജനത عَالِينَ പൊങ്ങച്ചക്കാരായ (ഔന്നത്യം കാട്ടുന്ന)

23:47

  • فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَٰبِدُونَ ﴾٤٧﴿
  • അതിനാല്‍, അവര്‍ പറഞ്ഞു: ‘നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരെ – അവരുടെ ജനങ്ങളാകട്ടെ, നമ്മുടെ ആരാധകന്‍മാരുമാണ് – നാം വിശ്വസിക്കുകയോ?!’
  • فَقَالُوا അതിനാല്‍ അവര്‍ പറഞ്ഞു أَنُؤْمِنُ നാം വിശ്വസിക്കുകയോ, വിശ്വസിക്കുമോ لِبَشَرَيْنِ രണ്ടു മനുഷ്യരെ مِثْلِنَا നമ്മെപ്പോലെയുള്ള وَقَوْمُهُمَا അവരുടെ ജനങ്ങളാകട്ടെ لَنَا നമ്മുക്ക്, നമ്മുടെ عَابِدُونَ ആരാധകന്‍മാരാണ്

23:48

  • فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ ﴾٤٨﴿
  • അങ്ങനെ അവര്‍, രണ്ടുപേരെയും വ്യാജമാക്കി; തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു!
  • فَكَذَّبُوهُمَا അങ്ങനെ രണ്ടാളെയും അവര്‍ കളവാക്കി فَكَانُوا അതിനാല്‍ അവര്‍ ആയി مِنَ الْمُهْلَكِينَ നശിപ്പിക്കപ്പെട്ടവരില്‍

23:49

  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ لَعَلَّهُمْ يَهْتَدُونَ ﴾٤٩﴿
  • മൂസാക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുമുണ്ട് – അവര്‍ [അദ്ദേഹത്തിന്റെ ജനത] സന്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി.
  • وَلَقَدْ آتَيْنَا നാം നല്‍കുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും നല്‍കി مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം لَعَلَّهُمْ അവര്‍ ആകുവാന്‍വേണ്ടി, ആയേക്കാം يَهْتَدُونَ സന്‍മാര്‍ഗ്ഗം പ്രാപിക്കും

പ്രവാചകന്‍മാര്‍ മനുഷ്യരായിരുന്ന കാരണം പറഞ്ഞു നിഷേധിക്കുന്ന നയം, ഫിര്‍ഔന്റെ കൂട്ടരിലും നാം കാണുന്നു. അവിശ്വാസികളായ സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം, ഇതുപോലെ പല സാമ്യങ്ങളും കാണാവുന്നതാണ്. അതുകൊണ്ടാണ് അവരെ സംബന്ധിച്ച് അല്ലാഹു ഒരിടത്ത് ഇങ്ങിനെ പറഞ്ഞത്: ‘അവര്‍ ഇതിനെപ്പറ്റി പരസ്പരം ഒസ്യത്ത് ചെയ്തിരിക്കുകയാണോ? – അല്ല – എങ്കിലും, അവര്‍ ധിക്കാരികളായ ഒരു ജനതയാണ്.’

أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ : الذاريات:٥٣

(ഫിര്‍ഔനും കൂട്ടരും സമുദ്രത്തില്‍മുക്കി നശിപ്പിക്കപ്പെട്ട ശേഷമാണ് മൂസാ (عليه السلام) നബിക്കു തൗറാത്തു നല്‍കപ്പെട്ടത്‌. അതിനുമുമ്പ് അങ്ങിനെയുള്ള ഒരു ന്യായപ്രമാണഗ്രന്ഥം അവതരിച്ചിട്ടുള്ളതായി അറിയില്ല. മുന്‍സമുദായങ്ങളില്‍ കഴിഞ്ഞതുപോലെ, തൗറാത്തിനുശേഷം, ഒരു സമുദായം ഒന്നാകെ നശിപ്പിക്കപ്പെട്ടതായും അറിയില്ല. മൂസാനബിയുടെ കാലം മുതല്‍ക്ക് അവിശ്വാസികള്‍ക്കെതിരായി ധര്‍മ്മസമരം (ജിഹാദ്) നടന്നുവന്നതായി കാണപ്പെടുന്നുമുണ്ട്. അല്ലാഹു പറയുന്നു:-

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ : القصص :٤٣

(പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് അന്തര്‍ബോധങ്ങളായും, മാര്‍ഗ്ഗദര്‍ശനമായും കാരുണ്യമായുംകൊണ്ട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട് – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.).

ഫിര്‍ഔനും കൂട്ടുകാരും, മൂസാ (عليه السلام) നബിയെയും, ഹാറൂന്‍ (عليه السلام) നബിയെയും വെറും സാധാരണക്കാരാണെന്നു പറഞ്ഞു തരംതാഴ്ത്തിയെന്നു മാത്രമല്ല, അതിനും പുറമെ അവരുടെ ജനങ്ങള്‍ തങ്ങളുടെ ആരാധകന്‍മാരുമാണ് وَقَوْمُهُمَا لَنَا عَابِدُونَ എന്നുകൂടി പറയുന്നു. ഫിര്‍ഔന്റെ ആള്‍ക്കാര്‍ ‘ഖിബ്ത്ത്വീ’ (കൊപ്തീ) വര്‍ഗ്ഗവും, മൂസാ നബിയുടെ ആള്‍ക്കാര്‍ ഇസ്രാഈല്‍ വര്‍ഗ്ഗവുമാണ്. ഖിബ്ത്ത്വീവര്‍ഗ്ഗം ഇസ്രാഈല്യരെ അടിച്ചമര്‍ത്തി അടിമകളാക്കിവെച്ചതിനെ ഉദ്ദേശിച്ചുകൊണ്ടാണിതു പറയുന്നത്. മാത്രമല്ല, ഫിര്‍ഔനാണെങ്കില്‍, താന്‍ ഇലാഹാണെന്നും, റബ്ബാണെന്നും (ആരാധ്യനും, രക്ഷിതാവുമാണെന്ന്) വാദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ 47-ാം വചനത്തിന്റെ സാരം ഇപ്രകാരമാണ്: ‘നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരാണ് മൂസായും, ഹാറൂനും. വാസ്തവത്തില്‍ നമ്മളെപ്പോലെ എന്നും പറഞ്ഞുകൂടാ – നമ്മുടെ ചൊല്പടിയില്‍ മാത്രം കഴിഞ്ഞുകൂടുന്ന നമ്മുടെ ആരാധകന്‍മാരായ ഒരു കീഴ്വര്‍ഗ്ഗത്തില്‍പെട്ടവരാണ്. എന്നിരിക്കെ, ഇവര്‍ രണ്ടാളും ഇറക്കുമതി ചെയ്യുന്ന ഈ പുതിയ സിദ്ധാന്തത്തില്‍ നാം എങ്ങിനെ അവരെ വിശ്വസിക്കും!? ഇതാണവരുടെ വാദം.

عَابِدُونَ (ആബിദൂന്‍) എന്ന വാക്കിനാണ് ‘ആരാധകന്‍മാര്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഏകവചനം عَابِد (ആബിദ്) എന്നാകുന്നു. عِبَادَة (ഇബാദത്ത്) ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള കര്‍ത്തൃനാമം (إسم الفاعل) ആണത്. ഇബാദത്തിന് സാധാരണമായ അര്‍ത്ഥം എന്താണെന്നു കഴിഞ്ഞ സൂറത്ത് 77-ാം വചനത്തിന്റെ വിവരണത്തില്‍ നാം കണ്ടുവല്ലോ. ഇവിടെ മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹ 5-ാം ആയത്തിന്റെ വിവരണത്തില്‍ കാണാം.

23:50

  • وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ ﴾٥٠﴿
  • ‘ഇബ്നു മര്‍യമി’നെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു;
    നിവാസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്ക് (എത്തിച്ച്) രണ്ടുപേര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.
  • وَجَعَلْنَا നാം ആക്കി ابْنَ مَرْيَمَ ഇബ്നുമര്‍യമിനെ (മര്‍യമിന്റെ മകനെ) وَأُمَّهُ തന്റെ ഉമ്മയെയും آيَةً ഒരു ദൃഷ്ടാന്തം وَآوَيْنَاهُمَا രണ്ടാള്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു إِلَىٰ رَبْوَةٍ ഒരു മേടു പ്രദേശത്തേക്ക് ذَاتِ قَرَارٍ നിവാസയോഗ്യമായ, താമസിക്കാന്‍ പറ്റിയ وَمَعِينٍ ഒഴുക്കുജലമുള്ളതുമായ

പിതാവില്ലാതെ മര്‍യമില്‍ നിന്നുമാത്രം ഈസാ (عليه السلام) ജനിച്ചതിനെ ഉദ്ദേശിച്ചാണ് രണ്ടുപേരെയും കൂടി ‘ഒരു ദൃഷ്ടാന്തം’ (آيَة) ആക്കി എന്നു പറഞ്ഞത്. പലപ്പോഴും പിതാവിന്റെ പേരോടുച്ചേര്‍ത്തും, ചിലപ്പോള്‍ മാതാവിന്റെ പേരോട് ചേര്‍ത്തും, ഇന്നാളുടെ മകന്‍ എന്ന് ആളുകളെ നാമകരണം ചെയ്യുന്നത് അറബിഭാഷയില്‍ പതിവാണ്. ഇതിന്നു كنية (ഓമനപ്പേര്‍ – മറുപേര്‍ – വീട്ടുപേര്‍) എന്നു പറയപ്പെടും. ‘ഇബ്നുഅബ്ബാസ്‌, ഇബ്നു ഉമര്‍’ മുതലായ പേരുകള്‍ ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഈസാ (عليه السلام) നബിക്കു പിതാവില്ലാത്തതുകൊണ്ട് ‘ഇബ്നു മര്‍യം’ (മര്‍യമിന്റെ മകന്‍) എന്ന് ഓമനപ്പേര്‍ വന്നു. ഇതുകൊണ്ടുതന്നെയാണ് ഖുര്‍ആനില്‍ അദ്ദേഹത്തെപ്പറ്റി ‘ഈസബ്നുമര്‍യം’ (മര്‍യമിന്റെ മകന്‍ ഈസാ) എന്നു പറയുന്നതും.

മര്‍യമിനും പുത്രനും അഭയം നല്‍കിയ മേടുപ്രദേശം ഏതാണെന്നുള്ളതില്‍ മുന്‍ഗാമികള്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ കാണാം. ദിമശ്ഖി (ഡമസ്ക്സി)ലാണെന്നും, ബൈത്തുല്‍ മുഖദ്ദസിലാണെന്നും, ഈജിപ്തിലാണെന്നും, ഫലസ്തീനിലെ റംലഃയിലാണെന്നും പക്ഷങ്ങളുണ്ട്. ഇബ്നുസൈദ്‌ (رحمه الله), ഇബ്നു മുസയ്യബ് (رحمه الله) (*) എന്നിവര്‍ പറഞ്ഞ പ്രകാരം, ഈജിപ്തിലായിരുന്നുവെന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായിരിക്കുവാന്‍ ന്യായം കാണുന്നത്. ഇഞ്ചീലില്‍ ഇങ്ങനെ കാണാം: ‘അവന്‍ (യോസേഫ്) എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍തന്നെ കൂട്ടികൊണ്ട് പുറപ്പെട്ട് മിസ്രയീമിലേക്ക് (ഈജിപ്തിലേക്ക്) പോയി. ഹെരോദാവിന്റെ മരണത്തോളം അവിടെ പാര്‍ത്തു. (മത്തായി 2-ല്‍ 14, 15). മെസീഹാ (ഈസാ) യുടെ ജനനത്തെക്കുറിച്ചു ജോത്സ്യന്‍മാരില്‍ നിന്ന് യഹൂദന്‍മാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്ന് അറിവുകിട്ടിയതനുസരിച്ച് ഹിരോദസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചതാണ് ഇതിനു കാരണമെന്നും, രണ്ടുവയസ്സിനു താഴെയുള്ള വളരെ കുട്ടികള്‍ ഇക്കാരണത്താല്‍ ബെത്ത്-ലെഹേമില്‍ (**) بيت لحم കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ പ്രസ്താവിച്ചു കാണാം.


(*) عبد الرحمان بن زيدبن أسلم وسعيد بن المسعيب رحمهما الله

(**) പടം 3 നോക്കുക.


പല നബിമാരുടെയും, സമുദായങ്ങളുടെയും കഥകള്‍ ചൂണ്ടിക്കാണിച്ചശേഷം – ഖുര്‍ആനില്‍ പല സ്ഥലത്തും പതിവുള്ളതുപോലെ – ഏകമതം, ഏകസമുദായം എന്ന അടിസ്ഥാന തത്വത്തെ ഓര്‍മ്മപ്പെടുത്തുന്നു. മുന്‍കഴിഞ്ഞ നബിമാര്‍ക്കെല്ലാം അവതരിപ്പിക്കപ്പെട്ട അദ്ധ്യാപനങ്ങളുടെ രത്നച്ചുരുക്കം അല്ലാഹു ഇങ്ങനെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു:-

വിഭാഗം – 4

23:51

  • يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ ﴾٥١﴿
  • ‘ഹേ, ദൂതന്‍മാരേ [റസൂലുകളേ]! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്നു് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍! നിശ്ചയമായും നിങ്ങള്‍ എന്തു പ്രവര്‍ത്തിക്കുന്നുവോ അതിനെപ്പറ്റി ഞാന്‍ അറിയുന്നവനാകുന്നു.
  • يَا أَيُّهَا الرُّسُلُ ഹേ റസൂലുകളേ كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنَ الطَّيِّبَاتِ വിശിഷ്ട (നല്ല) വസ്തുക്കളില്‍നിന്നു് وَاعْمَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന് عَلِيمٌ അറിയുന്നവനാണ്

23:52

  • وَإِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ ﴾٥٢﴿
  • നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം – ഏകസമുദായം! ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു; ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍!’ (ഇതായിരുന്നു എല്ലാവരോടും കല്‍പിക്കപ്പെട്ടിരുന്നത്).
  • وَإِنَّ هَـٰذِهِ നിശ്ചയമായും ഇത്, ഇതാണ് أُمَّتُكُمْ നിങ്ങളുടെ സമുദായം أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاتَّقُونِ അതിനാല്‍ എന്നോട് ഭക്തികാണിക്കുവിന്‍, എന്നെ സൂക്ഷിക്കുവിന്‍

23:53

  • فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ ﴾٥٣﴿
  • എന്നാല്‍, അവര്‍ (ജനങ്ങള്‍) തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമായി മുറിച്ചെടുത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതുകൊണ്ട് സംതൃപ്തരാണ്.
  • فَتَقَطَّعُوا എന്നാല്‍ അവര്‍ മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ زُبُرًا കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി كُلُّ حِزْبٍ എല്ലാ കക്ഷിയും بِمَا لَدَيْهِمْ തങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട്, ഉള്ളതില്‍ فَرِحُونَ സംതൃപ്തരാണ്, സന്തുഷ്ടരാണ്

ഒരേ റബ്ബില്‍ വിശ്വസിച്ച്, അവനെമാത്രം ആരാധിച്ച്, അവന്റെ ഏകമതം സ്വീകരിച്ച്, ഏകസമുദായമായി കഴിയേണ്ട മനുഷ്യര്‍ വിഭിന്ന കക്ഷികളായിത്തീര്‍ന്നു. മാത്രമല്ല, ഓരോ കക്ഷിയും, തന്റേതാണ് ശരിയെന്നുകരുതി തൃപ്തിയടയുകയും ചെയ്തു. സൂ: അമ്പിയാഇല്‍ ഏതാണ്ട് ഇതുപോലെ, 92 – 93ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ വിവരണത്തില്‍ വായിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക.

الطَّيِّبَات എന്ന വാക്കിനാണ് ‘വിശിഷ്ടവസ്തുക്കള്‍’ എന്നു് അര്‍ത്ഥം കൊടുത്തത്. ‘നല്ലതു്‌, ഹൃദ്യമായത്, പരിശുദ്ധമായത്, വിശിഷ്ടമായത്’ എന്നൊക്കെ അതിനു അര്‍ത്ഥം വരാം. വിരോധിക്കപ്പെട്ടിട്ടില്ലാത്തതും, മ്ലേച്ഛമല്ലാത്തതും, ഹൃദ്യമായതുമായ വസ്തുക്കള്‍ ഭക്ഷിച്ചുകൊള്ളുവാന്‍ എല്ലാ റസൂലുകളോടും അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, അതോടൊപ്പം സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണമെന്നു് കല്‍പിച്ചിട്ടുണ്ടെന്നുമാണ് ആയത്തിന്റെ താല്‍പര്യം. മതത്തില്‍ അനുവദിക്കപ്പെടാത്ത (ഹലാലല്ലാത്ത) ഭക്ഷണസാധനങ്ങള്‍ – അത് എത്ര നല്ലതായിരുന്നാലും ശരി – ഉപയോഗിക്കാതിരിക്കുന്നത്, അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിനുള്ള ഒരു ഉപാധിയാണെന്നുകൂടി ആയത്തിന്റെ ഘടനയില്‍നിന്നു് ഗ്രഹിക്കാവുന്നതാണ്. താഴെകാണുന്ന ഹദീസുകളില്‍ നിന്നു് അത് വ്യക്തമായിത്തന്നെ മനസ്സിലാക്കുകയും ചെയ്യാം:-

(1) عن جابر بن عبد الله رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ وكلُّ لحمٍ نَبَتَ مِنْ سُحْتٍ إِلَّا كَانَتْ النَّارُ أَوْلَى بِهِ – أحمد والدارمي والبيهقي

സാരം: 1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ജാബിര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ഹറാമായ (വിരോധിക്കപ്പെട്ട) ഭക്ഷണത്തില്‍നിന്നു് വളര്‍ന്നുണ്ടായ മാംസം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഹറാമില്‍നിന്നു വളര്‍ന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് നരകത്തിനാകുന്നു. (അ; ബൈ; ദാരിമീ).

(2) عَنْ أَبِي هُرَيْرَةَ رَضِيَ اللهُ تَعَالَى عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَيُّهَا النَّاسُ ؛ إِنَّ اللَّهَ تَعَالى طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللَّهَ تَعَالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ : يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ، وَقَالَ: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ – ثُمَّ ذَكَرَ: الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ أَغْبَرَ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، يَمُدُّ يَدَيْهِ إِلَى السَّمَاءِ، يَا رَبِّ، يَا رَبِّ، فَأَنَّى يُسْتَجَابُ لَهُ –
[مسلم، الترمذي، وغيرهما]

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുകയുണ്ടായെന്ന്‍ അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ഹേ, മനുഷ്യരേ! അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതിനെയല്ലാതെ അവന്‍ സ്വീകരിക്കുകയുമില്ല. നിശ്ചയമായും അവന്‍ മുര്‍സലുകളോട് കല്പിച്ചതുപ്രകാരം തന്നെ സത്യവിശ്വാസികളോടും കല്പിച്ചിട്ടുണ്ട്. മുര്‍സലുകളോട് അവന്‍ ഇങ്ങിനെ പറയുന്നു: ‘ഹേ, ദൂതന്‍മാരേ! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്ന് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കയും ചെയ്യുവിന്‍. നിശ്ചയമായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു എന്താണെന്നു അറിയുന്നവനാകുന്നു. സത്യവിശ്വാസികളോട് അവന്‍ പറയുന്നു: ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍…. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്‌: മനുഷ്യന്‍, ജടമുടിയും പൊടിയാടിയും കൊണ്ട് (മുഷിഞ്ഞു മിനക്കെട്ടു) ദീര്‍ഘയാത്ര ചെയ്യുന്നു; അവന്റെ ഭക്ഷണമാകട്ടെ, ഹറാമായിരിക്കും; പാനീയവും ഹറാമായിരിക്കും: വസ്ത്രങ്ങളും ഹറാമായിരിക്കും; അവന്‍ ഹറാമുകൊണ്ട് വളര്‍ത്തപ്പെടുകയും ചെയ്തിരിക്കും. അവന്‍ ആകാശത്തേക്ക് കൈകള്‍ നീട്ടി (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കും: ‘എന്റെ റബ്ബേ! എന്റെ റബ്ബേ!’ എന്ന്. എന്നാല്‍, അതിന് അവന് എവിടെനിന്നു ഉത്തരം കിട്ടുവാനാണ്?! (മു; തി;)

ഈ ഹദീസില്‍ ഉദ്ധരിച്ച പ്രവാചകന്‍മാരോടുള്ള കല്‍പന നമ്മുടെ 51-ാം വചനം തന്നെ. സത്യവിശ്വാസികളോടുള്ള കല്‍പന സൂ: അല്‍ബഖറഃ 172-ാം വചനമാകുന്നു. അതിന്റെ ബാക്കിഭാഗം وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍, അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍!) എന്നാകുന്നു. എത്ര ഗൗരവമേറിയ കല്‍പനയാണിതെന്നു ആലോചിച്ചുനോക്കുക!

മുസ്ലിം സഹോദരന്‍മാരേ, ചിന്തിക്കുക! നമ്മുടെ ഇന്നത്തെ നിലയൊന്നു പരിശോധിച്ചു നോക്കുക! നമ്മുടെ ഭക്ഷണപാനീയങ്ങളിലാകട്ടെ, ഇതര വസ്തുക്കളിലാകട്ടെ, ഹറാമിന്റെ കലര്‍പ്പും, പാപത്തിന്റെ കറയും കലരാത്തവരായി നമ്മില്‍ എത്ര പേരുണ്ടായിരിക്കും? മിക്കവാറും ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇന്ന് വല്ല നിഷ്കര്‍ഷയുമുണ്ടോ? അഹോ, സങ്കടം! അതു മാത്രമോ? നാം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഹറാമോ ഹലാലോ എന്ന് ചിന്തിക്കുകയെന്നത് ഇന്നൊരു പ്രശ്നംപോലുമല്ലാതായിരിക്കുകയാണ്! നമ്മുടെ സാമുദായിക വശമെടുത്ത് നോക്കിയാലോ? ‘അവര്‍ തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടം തുണ്ടമാക്കി’ (فَتَقَطَّعُوا أَمْرَهُم بَيْنَهُمْ) എന്ന് 53-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ച അതേ നിലപാടുതന്നെ! ഇതരസമുദായങ്ങളുടെ കഥ എന്തെങ്കിലുമായികൊള്ളട്ടെ, നാം ഇന്ന് എത്ര കക്ഷികളായിപ്പിരിഞ്ഞു? എത്രയായിപ്പിരിയുന്നു? ഓരോ കക്ഷിയും മറ്റേ കക്ഷിയുമായി എത്രമാത്രം ഭിന്നിപ്പിലും വൈരത്തിലുമാണുള്ളത്? അല്ലാഹുവിന്റെ വേദഗ്രന്ഥവും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ചര്യയും നമ്മുടെ മുമ്പിലുണ്ട് – നമ്മുടെ കൈവശം തന്നെയുണ്ട്‌. എന്നിട്ടും അവയെ അവലംബിക്കാതെ, ഓരോ കക്ഷിയും തന്റെ കക്ഷിയുടേതു മാത്രമാണ് ശരിയെന്ന് യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശഠിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്! മുസ്ലിം സമുദായമേ! നമുക്കുള്ളത് ഒരേ റബ്ബ്, ഒരേ നബി, ഒരേ വേദഗ്രന്ഥം, ഒരേ മതം, ഒരേ ഉന്നം ഇവയാണല്ലോ! സമുദായമേ, നിനക്ക് ബുദ്ധിയില്ലേ! ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ നീ കാണുന്നില്ലേ, വായിക്കുന്നില്ലേ, അവയെപ്പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹുവേ! മുസ്ലിം സമുദയാത്തിന് സല്‍ബുദ്ധി തോന്നിച്ചാലും! آمين

സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയ ഭിന്നകക്ഷികളെയെല്ലാം, യാതൊരു നടപടിയും എടുക്കാതെ അല്ലാഹു വെറുതെ വിട്ടുകളയുമെന്ന് ആരും ധരിക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു:-

23:54

  • فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ ﴾٥٤﴿
  • (നബിയേ!) കുറച്ചു കാലംവരെ അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക!
  • فَذَرْهُمْ എന്നാല്‍ അവരെ വിട്ടേക്കുക فِي غَمْرَتِهِمْ അവരുടെ വിഡ്ഢിത്തത്തില്‍, മൂഢതയില്‍, അശ്രദ്ധയില്‍, അന്ധതയില്‍ حَتَّىٰ حِينٍ കുറച്ചുകാലം വരെ

23:55

  • أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ ﴾٥٥﴿
  • അവര്‍ വിചാരിക്കുന്നുണ്ടോ – ധനവും, മക്കളുമായി നാം അവര്‍ക്ക് സഹായം നല്‍കുന്നത്, –
  • أَيَحْسَبُونَ അവര്‍ വിചാരിക്കുന്നുണ്ടോ أَنَّمَا നിശ്ചയമായും യാതൊന്ന്‍ ആണെന്നു نُمِدُّهُم بِهِ നാം അവര്‍ക്കു അതു മൂലം സഹായം നല്‍കുന്നു (അങ്ങിനെയുള്ള) مِن مَّالٍ ധനമായിട്ടും وَبَنِينَ മക്കളായിട്ടും

23:56

  • نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ ﴾٥٦﴿
  • നന്മകളുടെ കൂട്ടത്തില്‍ അവര്‍ക്ക് നാം ബദ്ധപ്പെട്ട് നല്‍കുകയാണെന്ന്?! പക്ഷേ, അതൊരു പരീക്ഷണം മാത്രമാണെന്ന (പരമാര്‍ത്ഥം) അവര്‍ ഗ്രഹിക്കുന്നില്ല.
  • نُسَارِعُ നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്) لَهُمْ അവര്‍ക്ക് فِي الْخَيْرَاتِ നന്മകളില്‍, നല്ല കാര്യങ്ങളില്‍ بَل പക്ഷേ, എന്നാല്‍ لَّا يَشْعُرُونَ അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല

സാരം: നാം അവര്‍ക്ക് പല നന്മകളും ചെയ്‌വാന്‍ തയ്യാറാണ്, തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിട്ടുള്ള സ്വത്തുക്കള്‍ മക്കള്‍ മുതലായവയെല്ലാം അതിലേക്ക് മുന്‍കൂറായി നേരത്തെവന്നു കിട്ടിയതാണ്, എനിയും വര്‍ദ്ധിച്ച നന്മകള്‍ കിട്ടിക്കൊണ്ടിരിക്കും എന്നൊക്കെയുള്ള ഒരു ഭാവമാണ് അവരില്‍ പ്രകടമാകുന്നത്. വാസ്തവം അവര്‍ മനസ്സിലാക്കുന്നില്ല. അതെല്ലാം വെറും പരീക്ഷണങ്ങളാണ്. അവര്‍ക്കു നേരിടുവാനുള്ള യഥാര്‍ത്ഥ അനുഭവങ്ങള്‍ വരുന്ന കാലം ഇതാ – അടുത്തായിരിക്കുന്നു. അതുവരെ അവരുടെ അജ്ഞതാന്ധകാരത്തിലും, അശ്രദ്ധയിലും അവര്‍ മുഴുകി നടന്നുകൊള്ളട്ടെ!

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം രിവായത്ത് ചെയ്യപ്പെടുന്നു: ‘അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വിഹിതിച്ചുതന്നിട്ടുള്ളതുപോലെ, നിങ്ങള്‍ക്കിടയില്‍ സ്വഭാവങ്ങളും അവന്‍ വിഹിതിച്ചു തന്നിരിക്കുന്നു. അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും അവന്‍ ‘ദുന്‍യാവ്’ (ഐഹികസുഖം) കൊടുക്കുന്നു. എന്നാല്‍, അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ ‘ദീന്‍’ (മതനിഷ്ഠ) കൊടുക്കുന്നതല്ല. അല്ലാഹു ആര്‍ക്ക് ‘ദീന്‍’ കൊടുത്തുവോ, അവനെ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു.’

23:57

  • إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴾٥٧﴿
  • നിശ്ചയമായും, തങ്ങളുടെ റബ്ബിനെ പേടിച്ചതു നിമിത്തം ഭയപ്പാടുള്ളവരായ ആളുകളും;
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ هُم അവര്‍ مِّنْ خَشْيَةِ പേടിച്ചതു നിമിത്തം رَبِّهِم തങ്ങളുടെ റബ്ബിനെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവര്‍)

23:58

  • وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمْ يُؤْمِنُونَ ﴾٥٨﴿
  • തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരായ ആളുകളും;
  • وَالَّذِينَ ഒരു കൂട്ടരും هُم അവര്‍ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു

23:59

  • وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ﴾٥٩﴿
  • തങ്ങളുടെ റബ്ബിനോട് (യാതൊന്നും) പങ്കുചേര്‍ക്കാത്ത ആളുകളും;
  • وَالَّذِينَ യാതൊരു കൂട്ടരും هُم അവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോട് لَا يُشْرِكُونَ പങ്കുചേര്‍ക്കുകയില്ല

23:60

  • وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ ﴾٦٠﴿
  • തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ – അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ – ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
  • وَالَّذِينَ യാതൊരു കൂട്ടരും يُؤْتُونَ അവര്‍ കൊടുക്കും مَا آتَوا തങ്ങള്‍ കൊടുക്കുന്നത് وَّقُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ ആയിക്കൊണ്ട്‌ وَجِلَةٌ നടുങ്ങിയവ, പേടിച്ചവ أَنَّهُمْ അവര്‍ ആണെന്നതിനാല്‍ إِلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കലേക്കു رَاجِعُونَ മടങ്ങിച്ചെല്ലുന്നവര്‍ (എന്നതിനാല്‍)

23:61

  • أُو۟لَٰٓئِكَ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَٰبِقُونَ ﴾٦١﴿
  • അങ്ങിനെയുള്ളവര്‍, നല്ലകാര്യങ്ങളില്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്; അവര്‍ അതിലേക്ക് മുന്‍കടക്കുന്നവരുമാകുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍, അങ്ങിനെയുള്ളവര്‍ يُسَارِعُونَ ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു فِي الْخَيْرَاتِ നല്ലകാര്യങ്ങളില്‍ وَهُمْ അവര്‍ لَهَا അതിനു, അതിലേക്കു سَابِقُونَ മുന്‍കടക്കുന്നവരാണു, മുന്നോട്ടു വരുന്നവരാണു (താനും)

ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മേല്‍കണ്ട ഗുണങ്ങളോടു കൂടിയവര്‍, സല്‍ക്കാര്യങ്ങളില്‍ വളരെ ഉല്‍സാഹപൂര്‍വ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാന്‍ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും. ഇതാണ് ഒടുവിലത്തെ വചനം കാട്ടിത്തരുന്നത്.

മൂന്നാം ഘട്ടം – ക്യാമ്പയിൻ 2 – സൂറത്തുല്‍ മുഅ്മിനൂന്‍ : 23-44

വിഭാഗം – 2

23:23

  • وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٢٣﴿
  • നൂഹിനെ, നാം അദ്ദേഹത്തിന്റെ ജനതയുടെ അടുക്കലേക്കു് അയക്കുകയുണ്ടായി; എന്നിട്ട്, അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] ഇല്ല; അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!?’
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്കു فَقَالَ എന്നിട്ടു അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا تَتَّقُونَ അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.

23:24

  • فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةً مَّا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٢٤﴿
  • അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു് അവിശ്വസിച്ചവരായ പ്രമുഖസംഘം പറഞ്ഞു: ‘(ജനങ്ങളേ!) ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്കു നിങ്ങളുടെമേല്‍ ശ്രേഷ്ഠത ലഭിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ(ത്തന്നെ) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ്വികന്മാരായ പിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല.
  • فَقَالَ الْمَلَأُ അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ തന്റെ ജനതയില്‍നിന്നു مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتَفَضَّلَ അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍ عَلَيْكُمْ നിങ്ങളുടെമേല്‍ وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَأَنزَلَ അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു مَلَائِكَةً മലക്കുകളെ مَّا سَمِعْنَا നാം കേട്ടിട്ടില്ല بِهَـٰذَا ഇതിനെപ്പറ്റി فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്മാരായ.

23:25

  • إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ ﴾٢٥﴿
  • ‘ഇവന്‍, ഭ്രാന്തുള്ള ഒരു പുരുഷന്‍ എന്നല്ലാതെ (ഒന്നും) അല്ല. ആകയാല്‍, അവനെ സംബന്ധിച്ചു കുറച്ചുകാലംവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍!’
  • إِنْ هُوَ ഇവനല്ല, അവനല്ല إِلَّا رَجُلٌ ഒരു പുരുഷനല്ലാതെ بِهِ جِنَّةٌ അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള) فَتَرَبَّصُوا അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍ بِهِ അവനെസംബന്ധിച്ചു حَتَّىٰ حِينٍ കുറച്ചു കാലംവരെ.

കുറെ കഴിയുമ്പോള്‍ അവന്‍ ഈ പുതിയ സംരംഭത്തില്‍നിന്ന് മടങ്ങിക്കൊള്ളും, അല്ലെങ്കില്‍ മരണപ്പെട്ടു പോകയോ മറ്റോ ചെയ്യും. അപ്പോള്‍ അവനെക്കൊണ്ടുള്ള ശല്യം നമുക്കു നീങ്ങിക്കിട്ടും, അതുവരെ ക്ഷമിക്കുക എന്നര്‍ത്ഥം. മേല്‍കണ്ട സംഭാഷണങ്ങള്‍ പെട്ടെന്ന് ഒരിക്കല്‍ നടന്ന സംഭവമല്ല. 950 കൊല്ലത്തോളം നൂഹ് നബി (عليه السلام) അദ്ദേഹത്തിന്റെ ജനതയെ സത്യദീനിലേക്ക് – തൗഹീദിലേക്ക് – ക്ഷണിച്ചുകൊണ്ടിരുന്നിട്ട് അവരില്‍നിന്നുണ്ടായ മറുപടിയുടെ രത്നച്ചുരുക്കമാണത്. അങ്ങനെ, അവരില്‍നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കുവാനില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി:-

23:26

  • قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٢٦﴿
  • അദ്ദേഹം പറഞ്ഞു: ‘എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ!’
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ انصُرْنِي എന്റെ റബ്ബേ എന്നെ സഹായിക്കേണമേ, രക്ഷിക്കേണമേ بِمَا كَذَّبُونِ അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു.

23:27

  • فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ ﴾٢٧﴿
  • അപ്പോള്‍, അദ്ദേഹത്തിന്നു നാം (ഇങ്ങിനെ) വഹ്-യു നല്‍കി: ‘നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമനുസരിച്ചും നീ കപ്പല്‍ പണിയുക; എന്നിട്ടു, നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും ചെയ്‌താല്‍. അപ്പോള്‍, എല്ലാ വസ്തുവില്‍നിന്നും ഈരണ്ട് ഇണകളെയും, നിന്റെ ആള്‍ക്കാരെയും അതില്‍ പ്രവേശിപ്പിച്ചു കൊള്ളുക – അവരില്‍ യാതൊരു കൂട്ടരുടെമേല്‍ മുമ്പ് (ശിക്ഷയുടെ) വാക്കു കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ – (അവരെ പ്രവേശിപ്പിക്കരുത്). അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, നീ എന്നെ അഭിമുഖീകരിക്കരുത്; നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.’
  • فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു നല്‍കി إِلَيْهِ അദ്ദേഹത്തിന് أَنِ اصْنَعِ പണിയുക (ഉണ്ടാക്കുക) എന്നു الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍ وَوَحْيِنَا നമ്മുടെ വഹ്-യനുസരിച്ചും فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَمْرُنَا നമ്മുടെ കല്‍പന وَفَارَ ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍ التَّنُّورُ അടുപ്പ് فَاسْلُكْ അപ്പോള്‍ പ്രവേശിപ്പിക്കുക فِيهَا അതില്‍ مِن كُلٍّ എല്ലാ വസ്തുവില്‍ നിന്നും زَوْجَيْنِ اثْنَيْنِ ഈരണ്ടു ഇണകളെ وَأَهْلَكَ നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും إِلَّا مَن ഒരു കൂട്ടരൊഴികെ سَبَقَ മുമ്പ് കഴിഞ്ഞിരിക്കുന്നു عَلَيْهِ അവരുടെമേല്‍, അവരെ സംബന്ധിച്ചു الْقَوْلُ വാക്ക് مِنْهُمْ അവരില്‍നിന്ന് وَلَا تُخَاطِبْنِي നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു) فِي الَّذِينَ യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍) ظَلَمُوا അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്.

23:28

  • فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾٢٨﴿
  • അങ്ങനെ, നീയും, നിന്റെ കൂടെയുള്ളവരും കപ്പലില്‍കയറി ശരിപ്പെട്ടാല്‍, നീ പറയുക: ‘അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും!’
  • فَإِذَا اسْتَوَيْتَ അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍ أَنتَ നീ وَمَن مَّعَكَ നിന്റെ കൂടെയുള്ളവരും عَلَى الْفُلْكِ കപ്പലില്‍ (കയറി) فَقُلِ അപ്പോള്‍ നീ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് الَّذِي نَجَّانَا നമ്മെ രക്ഷപ്പെടുത്തിയവനായ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ.

23:29

  • وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ ﴾٢٩﴿
  • ‘എന്റെ റബ്ബേ! അനുഗ്രഹീതമായ ഒരു താവളത്തില്‍, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!’ എന്നും പറയുക.
  • وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَنزِلْنِي നീ എന്നെ ഇറക്കിത്തരേണമേ مُنزَلًا ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍ مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട وَأَنتَ നീയാകട്ടെ, നീ خَيْرُ الْمُنزِلِينَ ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്.

23:30

  • إِنَّ فِى ذَٰلِكَ لَءَايَٰتٍ وَإِن كُنَّا لَمُبْتَلِينَ ﴾٣٠﴿
  • നിശ്ചയമായും അതില്‍ (ആ സംഭവത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ وَإِن كُنَّا നിശ്ചയമായും നാം ആകുന്നു لَمُبْتَلِينَ പരീക്ഷിക്കുന്നവര്‍.

കപ്പല്‍ നിര്‍മ്മിക്കേണ്ടുന്നവിധം എങ്ങിനെയാണെന്ന് അല്ലാഹു നൂഹ് (عليه السلام) നബിക്ക് അറിയിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിനു അത് മുമ്പ് പരിചയമില്ലല്ലോ. കപ്പല്‍ പണിതു കൊണ്ടിരിക്കുമ്പോള്‍, അവിശ്വാസികള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നതായി സൂറത്ത് ഹൂദില്‍ (38ല്‍) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദ്ദേശത്തോടും, പ്രത്യേക കാവലോടുംകൂടി ഉണ്ടാക്കുക എന്നാണ് ‘നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ‘അടുപ്പു ഒഴുകി’ എന്ന അര്‍ത്ഥം കൊടുത്തത് فَارَ التَّنُّورُ എന്ന വാക്യത്തിനാണ്. فَارَ എന്ന ക്രിയക്ക് കവിഞ്ഞൊഴുകി, കിളറി, വമിച്ചു, പൊട്ടിഒഴുകി എന്നൊക്കെ അര്‍ത്ഥം വരാം. تَنُّور എന്നാല്‍ ചൂള, അടുപ്പ്, അപ്പക്കൂട് (അപ്പച്ചൂള) എന്നും അര്‍ത്ഥം. ഈ വാക്യത്തിനു ഒന്നിലധികം സാരം കല്‍പിക്കപ്പെട്ടു കാണാം. ‘അടുപ്പില്‍ കൂടി ഉറവുപൊട്ടി ഒഴുകിയാല്‍’ എന്ന സാരമാണ് അധിക വ്യാഖ്യാതാക്കളും നല്‍കുന്നത്. ‘ഭൂമുഖം ഉറവു പൊട്ടി ഒഴുകിയാല്‍’ എന്നും ചിലര്‍ സാരം കല്‍പിക്കുന്നു. ‘യുദ്ധം മൂര്‍ദ്ധന്യത്തിലെത്തി’ എന്ന ഉദ്ദേശ്യത്തില്‍ حي الوطيس (അടുപ്പ് പതച്ചു) എന്നു പറയാറുണ്ട്‌. ഇതുപോലെ, ‘കാര്യം ഗൗരവത്തിലെത്തിയാല്‍’ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചതാണ് ആ വാക്യമെന്ന് വേറെ ചില വ്യാഖ്യാതാക്കളും പറയുന്നു. വാസ്തവത്തില്‍ ഈ മൂന്ന് അഭിപ്രായവും താല്‍പര്യത്തില്‍ വ്യത്യസ്തങ്ങളല്ല കാരണം: ജലപ്രളയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ അപ്പോള്‍ കപ്പലില്‍ കയറിക്കൊള്ളണമെന്നാണ് ഈ മൂന്നു വ്യാഖ്യാനവും കാണിക്കുന്നത്. ഭൂമിയില്‍ ഒന്നായി ഉറവുപൊടിയുകയോ, ആകാശത്തുനിന്നു അതിവര്‍ഷമുണ്ടാകുകയോ ചെയ്യുമ്പോള്‍, ഭൂമുഖവും അടുപ്പം വെള്ളം വമിക്കുകയും, കാര്യം ഗൗരവത്തിലെത്തുകയും ചെയ്യുമെന്ന് വ്യക്തമാണല്ലോ. കപ്പലില്‍ കയറേണ്ടുന്ന സമയത്തിന് ഒരു പ്രത്യേക അടയാളമായി നിശ്ചയിക്കപ്പെട്ടിരുന്നതാണ് അടുപ്പില്‍നിന്നും ഉറവുപൊടിയല്‍ എന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم

എല്ലാ ജീവികളില്‍നിന്നും ഈരണ്ട് ഇണകള്‍ ഓരോ ആണും പെണ്ണും – വീതവും, തന്റെ ആള്‍ക്കാരായ സത്യവിശ്വാസികളെയും കപ്പലില്‍ കയറ്റിക്കൊള്ളുവാന്‍ നൂഹ് നബി (عليه السلام) യോട് അല്ലാഹു കല്‍പിച്ചു. അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നുവെന്നും, തന്റെ ഒരു മകനും ഭാര്യയും അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷക്ക് പാത്രങ്ങളാണെന്നു മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെപ്പറ്റിയാണ്‌ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ (മുമ്പ് വാക്ക് കഴിഞ്ഞുപോയവരൊഴികെ) എന്ന് പ്രസ്താവിച്ചത്, ‘അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കരുത്’ എന്നു പറഞ്ഞതും അവരെപ്പറ്റിത്തന്നെ. അവര്‍ക്കു രക്ഷ നല്‍കുവാന്‍ അപേക്ഷിക്കരുതെന്നു സാരം. കപ്പലില്‍, അദ്ദേഹത്തിന്റെ മക്കളായ, സാം, ഹാം, യാഫേഥ് (سام, حام, يافث) എന്നിവരും, അവരുടെ ഭാര്യമാരും, തന്റെ ഒരു ഭാര്യയും അടക്കം ആകെ 80 പേരാണുണ്ടായിരുന്നതെന്നും, പിന്നീടുള്ള മനുഷ്യരെല്ലാം ഇവരുടെ സന്തതികളായി പിറന്നവരാണെന്നും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: الله أعلم

ജലപ്രളയം അവസാനിക്കുകയും, അവിശ്വാസികള്‍ നശിക്കുകയും ചെയ്തശേഷം, കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുവാനും അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നതാണ് 28ഉം 29ഉം വചനങ്ങളില്‍ കാണുന്നത്. കപ്പല്‍ ചെന്നണഞത് ജൂദീമല (الجودي)യിലാണെന്നും സൂ: ഹൂദ്‌ 44ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇത് പേര്‍ഷ്യന്‍ ഇറാഖിനും, തുര്‍ക്കിക്കും ഇടയില്‍ അറാറാത്ത് പ്രദേശങ്ങളിലാകുന്നു. (*). അവസാനമായി, ഈ ചരിത്രസംഭവത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ 30-ാം വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.


(*). അറാറാത്ത് പ്രദേശം പടം 6ല്‍ കാണാം. ഇപ്പോള്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ചില ഗവേഷണങ്ങളാല്‍ നൂഹ് (عليه السلام) നബിയുടെ കപ്പലിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഈയിടെ ലഭിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രസംക്ഷേപത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.


23:31

  • ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴾٣١﴿
  • പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉല്‍ഭവിപ്പിച്ചു;-
  • ثُمَّ أَنشَأْنَا പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി مِن بَعْدِهِمْ അവരുടെശേഷം قَرْنًا ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) آخَرِينَ വേറെ, വേറെ ആളുകളായ.

23:32

  • فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٣٢﴿
  • എന്നിട്ട്, അവരില്‍നിന്നുതന്നെ ഒരു റസൂലിനെ അവരില്‍ നാം അയച്ചു: ‘നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍, നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’ എന്നു (അദ്ദേഹം പറഞ്ഞു).
  • فَأَرْسَلْنَا എന്നിട്ടു നാം അയച്ചു فِيهِمْ അവരില്‍ رَسُولًا مِّنْهُمْ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ, അവനല്ലാത്ത أَفَلَا تَتَّقُونَ എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.

നൂഹ് നബി (عليه السلام)യുടെ കാലത്തുണ്ടായ ജലപ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ ജനതയല്ലാതെ വേറെ ജനത ഭൂമുഖത്തുണ്ടായിരുന്നുവോ? ഇതിനെപ്പറ്റി ഖണ്ഡിതമായ തീരുമാനമെടുക്കുവാന്‍ ലക്ഷ്യങ്ങളില്ല. നൂഹ് (عليه السلام) നബിയുടെ ജനത അധിവസിച്ചിരുന്നത് പ്രാചീന ഇറാഖിലെ ബാബിലോണ്യ (*) യിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആകയാല്‍ ജലപ്രളയം അവിടെമാത്രം ബാധിച്ചിരിക്കുവാനാണ് കൂടുതല്‍ ഹിതമുള്ളത്. ഖുര്‍ആന്റെ (37:77; 10:73 എന്നീ) പ്രസ്താവനകളില്‍ നിന്നു് അദ്ദേഹത്തിന്റെ ഒന്നിച്ചു കപ്പലില്‍ രക്ഷപ്പെട്ടവരില്‍നിന്നാണ് പിന്നീട് ജനസമുദായങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു് അനുമാനിക്കുവാനിടയുണ്ട്. ഇവിടെ 31-ാം വചനത്തിന്റെ സാരവും അതായിക്കൂടെന്നില്ല. അല്ലാഹുവിനറിയാം. ബാബിലോണ്യാ പ്രദേശങ്ങളിലാണ് ആദ്യം ജനവാസമുണ്ടായിട്ടുള്ളതെന്നു ചരിത്രകാരന്‍മാരില്‍ ചിലര്‍ക്ക് അഭിപ്രായമുള്ളതും ഇവിടെ സ്മരണീയമാണ്. ഏതായാലും ഒരു സമുദായമെന്ന നിലക്ക് നൂഹ് (عليه السلام) നബിയുടെ മുമ്പ് ഒരു ജനത ഉണ്ടായിരുന്നതായി ഖുര്‍ആനില്‍ നിന്നു് മനസ്സിലാവുന്നില്ല. പൂര്‍വ്വകാലനബിമാരുടെയും, സമുദായങ്ങളുടെയും ചരിത്രങ്ങള്‍ വിവരിക്കുമ്പോള്‍ അധികസ്ഥലത്തും, നൂഹ് (عليه السلام)ന്റെ ചരിത്രംകൊണ്ട് തുടങ്ങി ഈസാ (عليه السلام) യുടെ ചരിത്രം കൊണ്ടവസാനിക്കുക ഖുര്‍ആന്റെ പതിവാണ്. ഈ സൂറത്തിലും അങ്ങിനെയാണുള്ളത്.


(*). പടം 6 നോക്കുക.


قَرْن എന്ന വാക്കിനാണ് ‘തലമുറ’ എന്നു് അര്‍ത്ഥം കല്‍പിച്ചത്‌. ‘നൂറ്റാണ്ട്, ദീര്‍ഘകാലം’ എന്നും മറ്റും അതിന് അര്‍ത്ഥങ്ങളുണ്ട്‌. എങ്കിലും, ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍, ഒരു പ്രത്യേക സംസ്കാരവും സ്വഭാവവുമുള്ള സമുദായം എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചു കാണുന്നത്. നൂഹ് നബി (عليه السلام) യുടെ ശേഷം ഉല്‍ഭവിച്ചതായി ഈ വചനത്തില്‍ പ്രസ്താവിച്ച തലമുറ – അല്ലെങ്കില്‍ സമുദായം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. സൂ: അഅ്റാഫ് 69-ല്‍, ‘ആദു’ ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ പ്രവാചകനായ ഹൂദ്‌ നബി (عليه السلام) ഇങ്ങിനെ പറയുന്നു: ‘നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്കുശേഷം പിന്‍ഗാമികളാക്കിയിട്ടുള്ളത് ഓര്‍ക്കുവിന്‍’ ( وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ). അതുകൊണ്ട്, ഇവിടെയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആദ് സമുദായവും ഹൂദ്‌ (عليه السلام) നബിയും ആണെന്നു മനസ്സിലാക്കാം. ഇവരുടെ വാസസ്ഥലം യമന്‍ പ്രദേശങ്ങളില്‍ (*) അഹ്ഖാഫ് (الاحقاف) എന്ന പേരില്‍ അറിയപ്പെടുന്നു. പരലോകജീവിതത്തില്‍ വിശ്വാസമില്ലാത്തവരും, ബഹുദൈവാരാധകന്‍മാരുമായിരുന്നു ആ ജനത. അവരും തങ്ങളുടെ പൂര്‍വ്വികന്‍മാരുടെ നിലതന്നെ കൈകൊണ്ടു:-

വിഭാഗം – 3

23:33

  • وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْءَاخِرَةِ وَأَتْرَفْنَٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ ﴾٣٣﴿
  • അദ്ദേഹത്തിന്റെ ജനതയില്‍നിന്ന്, അവിശ്വസിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും ഐഹിക ജീവിതത്തില്‍ നാം സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ളവരായ പ്രമുഖസംഘം (ഇപ്രകാരം) പറഞ്ഞു: ‘ഇവന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും തന്നെ) അല്ല: നിങ്ങള്‍ തിന്നുന്നതില്‍നിന്നു അവന്‍ തിന്നുകയും, നിങ്ങള്‍ കുടിക്കുന്നതില്‍നിന്ന് അവന്‍ കുടിക്കുകയും ചെയ്യുന്നു.’
  • وَقَالَ الْمَلَأُ പ്രമുഖസംഘം പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് الَّذِينَ كَفَرُوا അവിശ്വസിച്ചവരായ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِلِقَاءِ الْآخِرَةِ പരലോകത്തെ കാണുന്നതിനെ وَأَتْرَفْنَاهُمْ നാം അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ള فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يَأْكُلُ അവന്‍ തിന്നുന്നു مِمَّا യാതൊന്നില്‍ നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു مِنْهُ അതില്‍ നിന്നു (അങ്ങിനെയുള്ളതില്‍നിന്നു) وَيَشْرَبُ അവന്‍ കുടിക്കുകയും ചെയ്യുന്നു مِمَّا تَشْرَبُونَ നിങ്ങള്‍ കുടിക്കുന്നതില്‍നിന്നു

23:34

  • وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَٰسِرُونَ ﴾٣٤﴿
  • ‘നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിശ്ചയമായും അപ്പോള്‍ നിങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണ്.’
  • وَلَئِنْ أَطَعْتُم നിങ്ങള്‍ അനുസരിച്ചുവെങ്കില്‍ بَشَرًا ഒരു മനുഷ്യനെ مِّثْلَكُمْ നിങ്ങളെപ്പോലെയുള്ള إِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا എന്നാല്‍, അപ്പോള്‍ لَّخَاسِرُونَ നഷ്ടക്കാര്‍ തന്നെ

23:35

  • أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَٰمًا أَنَّكُم مُّخْرَجُونَ ﴾٣٥﴿
  • ‘നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാലും, നിങ്ങള്‍ (രണ്ടാമതും) പുറത്തു കൊണ്ടുവരപ്പെടുന്നവരാണെന്നു അവന്‍ നിങ്ങളോട് താക്കീതു നല്‍കുന്നുവോ?!’
  • أَيَعِدُكُمْ അവന്‍ നിങ്ങളോട് താക്കീതു ചെയ്യുന്നുവോ أَنَّكُمْ നിങ്ങളാണെന്ന് إِذَا مِتُّمْ നിങ്ങള്‍ മരണപ്പെട്ടാല്‍ وَكُنتُمْ നിങ്ങള്‍ ആകുകയും (ചെയ്‌താല്‍) تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَنَّكُم مُّخْرَجُونَ നിശ്ചയമായും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നവരാണെന്ന്

23:36

  • ۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴾٣٦﴿
  • ‘നിങ്ങളോട് താക്കീതു നല്‍കപ്പെടുന്നകാര്യം വളരെ വിദൂരം, വിദൂരം!’
  • هَيْهَاتَ വിദൂരം (അസംഭവ്യം) هَيْهَاتَ വിദൂരം لِمَا تُوعَدُونَ നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം

23:37

  • إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴾٣٧﴿
  • ‘അത് [ജീവിതമെന്നത്] നമ്മുടെ ഐഹിക ജീവിതമല്ലാതെ (ഒന്നും) ഇല്ല;’ നാം മരിക്കുന്നു, ജീവിക്കുകയും ചെയ്യുന്നു – നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ!
  • إِنْ هِيَ അതല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കയും ചെയ്യുന്നു وَمَا نَحْنُ നാമല്ലതന്നെ بِمَبْعُوثِينَ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍

23:38

  • إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ ﴾٣٨﴿
  • ‘ഇവന്‍ അല്ലാഹുവിന്റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ (ഒന്നും) അല്ല; നാം അവനെ വിശ്വസിക്കുന്നവരല്ല തന്നെ.’
  • إِنْ هُوَ അവന്‍ അല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ അല്ലാതെ افْتَرَىٰ കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ് وَمَا نَحْنُ നാം അല്ലതന്നെ لَهُ അവനെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍

നാം ജനിച്ചുണ്ടാകുന്നു, കുറെകഴിയുമ്പോള്‍ മരിക്കുകയും ചെയ്യുന്നു, മറ്റൊരു കൂട്ടര്‍ വീണ്ടും ജനിക്കുന്നു. എന്നല്ലാതെ, മരിച്ചശേഷം ജീവിക്കുക എന്ന പ്രശ്നമേയില്ല; ഇവന്‍ എന്തൊക്കെയോ കെട്ടിപ്പറയുകയാണ്; അവനെ വിശ്വസിക്കാന്‍ നിവൃത്തിയില്ല. എന്നാണവര്‍ പറയുന്നത്. ഇങ്ങിനെ, തന്റെ ജനത വിശ്വസിക്കുവാന്‍ ഭാവമില്ലെന്നും, നിഷേധത്തിലും അവിശ്വാസത്തിലും ഉറച്ചു നില്‍ക്കുവാന്‍തന്നെ തീര്‍ച്ചയാക്കിയിരിക്കുകയാണെന്നും ഹൂദ്‌ നബി (عليه السلام) ക്ക് ബോധ്യമായി:

23:39

  • قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٣٩﴿
  • അദ്ദേഹം പറഞ്ഞു: ‘റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നതുകൊണ്ട് നീ എന്നെ സഹായിക്കേണമേ!’
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ, റബ്ബേ انصُرْنِي നീ എന്നെ സഹായിക്കണേ بِمَا كَذَّبُونِ ഇവര്‍ എന്നെ വ്യാജമാക്കിയതുകൊണ്ട്

23:40

  • قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَٰدِمِينَ ﴾٤٠﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: ‘നിശ്ചയമായും, അല്‍പ കാലംകൊണ്ട് അവര്‍ ഖേദിക്കുന്നവരായിത്തീരുന്നതാണ്.’
  • قَالَ അവന്‍ പറഞ്ഞു عَمَّا قَلِيلٍ അല്‍പകാലം കൊണ്ടു, കുറഞ്ഞകാലത്തില്‍ لَّيُصْبِحُنَّ നിശ്ചയമായും അവര്‍ ആയിത്തീരും نَادِمِينَ ഖേദിക്കുന്നവര്‍

23:41

  • فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّٰلِمِينَ ﴾٤١﴿
  • അങ്ങനെ, (നീതി) മുറയനുസരിച്ച് (ആ) കഠോര ശബ്ദം അവരെ പിടികൂടി; എന്നിട്ട് നാം അവരെ ചണ്ടിയാക്കി (നശിപ്പിച്ചു) കളഞ്ഞു. ആകയാല്‍, അക്രമികളായ ജനതക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത:
  • فَأَخَذَتْهُمُ അങ്ങനെ അവരെ പിടികൂടി, പിടിപെട്ടു الصَّيْحَةُ കഠോരശബ്ദം, അട്ടഹാസം بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തില്‍ فَجَعَلْنَاهُمْ അങ്ങനെ നാം അവരെ ആക്കി غُثَاءً ചണ്ടി, ചവര്‍ فَبُعْدًا അപ്പോള്‍ (ആകയാല്‍) വിദൂരം, വിദൂരത لِّلْقَوْمِ ജനതക്ക് الظَّالِمِينَ അക്രമികളായ

‘കഠോരശബ്ദം, അട്ടഹാസം, പെട്ടെന്നുണ്ടാകുന്ന ഭയങ്കരനാശം’ എന്നിങ്ങനെ അര്‍ത്ഥങ്ങളുള്ള പദമാണ് صَّيْحَة. ‘ആദ്’ സമുദായത്തിനു ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്ന് ഈ പദംകൊണ്ട് സ്പഷ്ടമാകുന്നില്ല. ജിബ്രീല്‍ (عليه الصلاة والسلام) വമ്പിച്ച ഒരു ശബ്ദമിട്ടതുമൂലമാണ് അവര്‍ നശിപ്പിക്കപ്പെട്ടതെന്നു പല മഹാന്‍മാരും പറഞ്ഞുകാണുന്നു. ഭൂകമ്പം പോലെയുള്ള ഒരു പൊട്ടിത്തെറിയായിരുന്നു അതെന്നും ചിലര്‍ പ്രസ്താവിക്കുന്നുണ്ട്. അല്ലാഹുവിന്നറിയാം. 31 മുതല്‍ ഇതുവരെയുള്ള ആയത്തുകള്‍ സ്വാലിഹു (عليه السلام) നബിയെയും, അവരുടെ സമുദായമായ ഥമൂദിനെ (ثمود) യും കുറിച്ചാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. غُثَاء എന്ന പദം, മലവെള്ളം ഒഴുകി വരുമ്പോള്‍ അതിലുണ്ടാകുന്ന ചണ്ടിചവറുകള്‍ക്കാണ് സാക്ഷാല്‍ ഉപയോഗിക്കപ്പെടുന്നത്. എല്ലാവരും ചത്തൊടുങ്ങി ഛിന്നഭിന്നമായി പോയി എന്നു സാരം. بُعْدًا എന്നാല്‍ ‘ദൂരം, അകലം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് വളരെ അകലപ്പെട്ട് ശാപകോപങ്ങള്‍ക്കു പാത്രമായ ദൗര്‍ഭാഗ്യത്തെയാണ്‌ കുറിക്കുന്നത്.

23:42

  • ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ ﴾٤٢﴿
  • പിന്നീട്, അവരുടെ ശേഷമായി പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു;-
  • ثُمَّ أَنشَأْنَا പിന്നെ നാം ഉത്ഭവിപ്പിച്ചു مِن بَعْدِهِمْ അവരുടെ ശേഷമായി قُرُونًا തലമുറകളെ آخَرِينَ വേറെ ആളുകളായ

23:43

  • مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ ﴾٤٣﴿
  • ഒരു സമുദായവും തന്നെ, അതിന്റെ അവധിയെ മുന്‍കടക്കുന്നതല്ല; (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല.
  • مَا تَسْبِقُ മുന്‍കടക്കുന്നില്ല, മുന്‍കടന്നിരുന്നില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധി وَمَا يَسْتَأْخِرُونَ പിന്നിലായിപ്പോകുന്നുമില്ല

23:44

  • ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ ﴾٤٤﴿
  • പിന്നീട്, നാം നമ്മുടെ ദൂതന്മാരെ [റസൂലുകളെ] തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിനും, അതിന്റെ ദൂതന്‍ വരുമ്പോഴെല്ലാം അവര്‍, അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ, അവരില്‍ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു. [ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു]. അവരെ (മുഴുവനും) നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിക്കാതിരിക്കുന്ന ജനങ്ങള്‍ക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത!
  • ثُمَّ أَرْسَلْنَا പിന്നെ നാം അയച്ചു رُسُلَنَا നമ്മുടെ റസൂലുകളെ تَتْرَىٰ തുടര്‍ച്ചയായി, തുടരെത്തുടരെ كُلَّ مَا جَاءَ വരുമ്പോഴെല്ലാം أُمَّةً ഒരു സമുദായത്തിന് رَّسُولُهَا അതിന്റെ റസൂല്‍ كَذَّبُوهُ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَتْبَعْنَا അങ്ങനെ നാം അനുഗമിപ്പിച്ചു, തുടര്‍ത്തിവിട്ടു بَعْضَهُم അവരില്‍ ചിലരെ بَعْضًا ചിലരോടു وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു أَحَادِيثَ വര്‍ത്തമാനങ്ങള്‍, കഥാവിഷയങ്ങള്‍ فَبُعْدًا അപ്പോള്‍ വിദൂരത لِّقَوْمٍ ഒരു ജനങ്ങള്‍ക്കു لَّا يُؤْمِنُونَ വിശ്വസിക്കാത്ത

നൂഹ് (عليه السلام) നബിയുടെ ശേഷമുണ്ടായ ഒരു തലമുറയെപ്പറ്റിയാണ് 31-ാം വചനത്തില്‍ പറഞ്ഞിരുന്നത്. പിന്നീടും പല തലമുറകള്‍ ഉയര്‍ന്നു വരികയും, അവരിലെല്ലാം അല്ലാഹു റസൂലുകളെ അയച്ചുകൊണ്ടിരിക്കയും ചെയ്തിട്ടുണ്ടെന്നും, റസൂലുകളെ കളവാക്കിയവര്‍ക്ക് അല്ലാഹുവില്‍നിന്ന് ശിക്ഷകള്‍ ബാധിച്ചുവെന്നും മൊത്തത്തില്‍ പ്രസ്താവിക്കുകയാണ് ഈ ആയത്തുകള്‍. നൂഹ് (عليه السلام) ന്റെ ജനതയെയും, ആദു – ഥമൂദ് വര്‍ഗ്ഗങ്ങളെയും കുറിച്ച് പ്രസ്താവിച്ചശേഷം സൂ: ഇബ്രാഹീം 9-ല്‍ ഇപ്രകാരം പറയുന്നു:

 وَالَّذِينَ مِن بَعْدِهِمْ لَا يَعْلَمُهُمْ إِلَّا اللَّـه – سورة ابراهيم 9

(അവര്‍ക്ക് ശേഷമുള്ളവരും – അവരെക്കുറിച്ച് അല്ലാഹു അല്ലാതെ അറിയുകയില്ല). അപ്പോള്‍, നമുക്ക് വിവരം ലഭിച്ചിട്ടില്ലാത്ത എത്രയോ തലമുറകള്‍ അതിനുശേഷം കഴിഞ്ഞുപോയിട്ടുണ്ടെന്ന് അനുമാനിക്കാമല്ലോ. അടുത്ത ആയത്തില്‍ മൂസാ (عليه السلام) നബിയെയും ജനതയെയും സംബന്ധിച്ചു വിവരിക്കുന്നുമുണ്ട്. ആകയാല്‍ ആദു- ഥമൂദിനും, മൂസാ (عليه السلام) നബിയുടെ ജനതക്കും ഇടയില്‍ കഴിഞ്ഞുപോയിട്ടുള്ള അനവധി സമുദായങ്ങളെ സംബന്ധിച്ച ഒരു സൂചനയാണ് 42-ാം വചനത്തിലുള്ളത്. ആ സമുദായങ്ങളുടെ ചരിത്രത്തിന്റെ ആകെ സാരം തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവര്‍ അവന്റെ ദൗത്യത്തെയും അവന്റെ ദൂതന്‍മാരെയും കളവാക്കി നിഷേധിച്ചു; അതുനിമിത്തം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അവര്‍ പാത്രമായിത്തീര്‍ന്നു. ഇതാണത്.

ഈ സമുദായങ്ങളുടെയെല്ലാംതന്നെ, നിഷേധത്തില്‍ രണ്ടു വാദഗതികള്‍ അടങ്ങിയിട്ടുള്ളതു കാണാം: (1). നമ്മെപ്പോലെയുള്ള ഒരു മനുഷ്യന്‍ ദൈവദൂതനാകുന്നതെങ്ങിനെ? (2). മരണാനന്തരം വീണ്ടും ജീവിപ്പിക്കപ്പെടുമെന്ന് പറയുന്നതു സംഭവ്യമാണോ? എന്നാല്‍, ലോകസൃഷ്ടാവിന്റെ ആസ്തിക്യത്തില്‍ അവരാരും നിഷേധം പുറപ്പെടുവിച്ചതായി കാണുന്നില്ല. അതേ സമയത്ത് ആരാധന പലര്‍ക്കും ചെയ്യുകയും ചെയ്യും. പരസ്പരവിരുദ്ധമായ ഈ നിലപാട് അവര്‍ സ്വീകരിച്ചത് കാര്യം മനസ്സിലാകാതെയല്ല – ഗര്‍വ്വും ധിക്കാരവും മൂലമായിരുന്നു – എന്നു് ഖുര്‍ആന്‍ പലപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതാണ്. ധിക്കാരം അതിരുകവിയുമ്പോള്‍, ഓരോ സമുദായവും അതതിന് നിശ്ചയിക്കപ്പെട്ട കൃത്യസമയത്തുതന്നെ, ഓരോതരം ശിക്ഷയില്‍ അകപ്പെട്ടു നാമാവശേഷമായിപ്പോകുന്നു. അങ്ങനെ, അവരുടെ പഴങ്കഥകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

മൂന്നാം ഘട്ടം – ക്യാമ്പയിൻ 1 – സൂറത്തുല്‍ മുഅ്മിനൂന്‍ : 01-22

മുഅ്മിനൂൻ (സത്യവിശ്വാസികൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 118 – വിഭാഗം (റുകുഅ്) 6
[75,76,77 എന്നീ ആയത്തുകള്‍ മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

ജുസ്ഉ് – 18

വിഭാഗം – 1

23:1

  • قَدْ أَفْلَحَ ٱلْمُؤْمِنُونَ ﴾١﴿
  • തീര്‍ച്ചയായും, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു;-
  • قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു الْمُؤْمِنُونَ സത്യവിശ്വാസികള്‍.

23:2

  • ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ﴾٢﴿
  • അതായത്: തങ്ങളുടെ നമസ്കാരത്തില്‍ ഭക്തി കാണിക്കുന്നവര്‍;
  • الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ فِي صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ خَاشِعُونَ ഭക്തി കാണിക്കുന്നവരാണ് (അങ്ങിനെയുള്ളവര്‍).

23:3

  • وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ﴾٣﴿
  • വ്യര്‍ത്ഥമായ കാര്യത്തില്‍ നിന്നു തിരിഞ്ഞു കളയുന്നവരും;
  • وَالَّذِينَ യാതൊരുകൂട്ടരും هُمْ അവര്‍ عَنِ اللَّغْوِ വ്യര്‍ത്ഥമായതില്‍ നിന്ന്, അനാവശ്യത്തില്‍നിന്ന് مُعْرِضُونَ തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ്.

23:4

  • وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ﴾٤﴿
  • ‘സകാത്ത്’ (വിശുദ്ധധര്‍മ്മം) ചെയ്യുന്നവരും;
  • وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِلزَّكَاةِ സകാത്തിനെ فَاعِلُونَ ചെയ്യുന്നവരാണ്, നിര്‍വ്വഹിക്കുന്നവരാണ്.

23:5

  • وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴾٥﴿
  • തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചു വരുന്നവരും;
  • وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِفُرُوجِهِمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ സൂക്ഷിച്ചുവരുന്നവരാണ്, കാക്കുന്നവരാണ്.

23:6

  • إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴾٦﴿
  • തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരെയോ സംബന്ധിച്ച് ഒഴികെ. കാരണം, നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു;-
  • إِلَّا عَلَىٰ أَزْوَاجِهِمْ അവരുടെ ഭാര്യമാരെ സംബന്ധിച്ചു ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരെ أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) നിശ്ചയമായും അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെട്ടു കൂടാത്തവരാണ്, ആക്ഷേപാര്‍ഹരല്ലാത്തവരാണ്, കുറ്റപ്പെടുത്തപ്പെടാത്തവരാണ്.

23:7

  • فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴾٧﴿
  • എന്നാല്‍ അതിനപ്പുറം ആരെങ്കിലും തേടുന്നതായാല്‍, അക്കൂട്ടര്‍ തന്നെയാണ് അതിരു വിട്ടവര്‍;
  • فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ഉദ്ദേശിച്ചാല്‍ وَرَاءَ ذَٰلِكَ അതിനപ്പുറം فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْعَادُونَ അവര്‍ തന്നെയാണ് അതിരു വിട്ടവര്‍.

23:8

  • وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ﴾٨﴿
  • തങ്ങളുടെ ‘അമാനത്ത്’ (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചു വരുന്നവരും;
  • وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്തുകളെ, വിശ്വസ്തതകളെ وَعَهْدِهِمْ തങ്ങളുടെ കരാറിനെയും, ഉടമ്പടിയെയും رَاعُونَ പാലിക്കുന്നവരാണ്, ഗൗനിക്കുന്നവരാണ്.

23:9

  • وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ﴾٩﴿
  • തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചുപോരുന്നവരും. (ഇങ്ങിനെയുള്ള സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.).
  • وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ عَلَىٰ صَلَوَاتِهِمْ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി يُحَافِظُونَ സൂക്ഷിച്ചു പോരുന്നതാണ് (അങ്ങിനെയുള്ളവരും).

23:10

  • أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ﴾١٠﴿
  • അക്കൂട്ടര്‍ തന്നെയാണ്, അനന്തരാവകാശികള്‍;-
  • أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْوَارِثُونَ അനന്തരാവകാശികള്‍.

23:11

  • ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ﴾١١﴿
  • അതായത്; ‘ഫിര്‍ ദൗസി’നെ (ഉന്നത സ്വര്‍ഗ്ഗത്തെ) അനന്തരാവകാശമെടുക്കുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കുന്നതാണ്.
  • الَّذِينَ يَرِثُونَ അതായത് അനന്തരാവകാശമെടുക്കുന്നവര്‍ الْفِرْدَوْسَ ഫിര്‍ദൗസിനെ, ഉന്നത സ്വര്‍ഗ്ഗത്തെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരായിരിക്കും.

കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍, സത്യവിശ്വാസികള്‍ക്ക് വിജയം സിദ്ധിക്കുവാനുള്ള ചില ഉപദേശ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു നല്‍കി. ആ ഉപദേശങ്ങള്‍ അനുസരിച്ചു പോരുന്നവരുടെ ലക്ഷണങ്ങളും, അവരില്‍ ആവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും ഈ സൂറത്തിന്റെ ആദ്യത്തില്‍ വിവരിക്കുന്നു. പ്രസ്തുത ഗുണങ്ങളുള്ള സത്യവിശ്വാസികളുടെ വിജയം തീര്‍ച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നു് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പ്രസ്താവനയുടെ അവസാനത്തില്‍ (10ഉം 11ഉം വചനങ്ങളില്‍) ആ വിജയം എന്താണെന്നു് വ്യക്തമാക്കുകയും ചെയ്യുന്നു. ഈ മഹാഭാഗ്യത്തിനു അര്‍ഹരായിത്തീരുന്ന സത്യവിശ്വാസികളുടെ ഏഴ് സവിശേഷതകളാണ് ഇതില്‍ എടുത്തുപറഞ്ഞിരിക്കുന്നതു്:-

1. നമസ്കാരത്തില്‍ ഭക്തികാണിക്കുക. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍ നമസ്കാരത്തിന് കല്‍പിക്കപ്പെട്ട പ്രാധാന്യം നാം കണ്ടുവല്ലോ. അതേ നമസ്കാരത്തെപ്പറ്റിത്തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ സൂറത്തിലെ 77-ാം വചനത്തില്‍ നമസ്കാരം നിര്‍വ്വഹിക്കുവാനും, 78-ല്‍ അതിനെ നിലനിറുത്തിപ്പോരുവാനുമായിരുന്നു ഉണര്‍ത്തിയത്. ഇവിടെ ആദ്യമായി – 2-ാം വചനത്തില്‍ – നമസ്കാരം നടത്തുന്നത് ഭക്തിയോടുകൂടി ആയിരിക്കണമെന്നു് ഉണര്‍ത്തുന്നു. പിന്നീട് – 9-ാം വചനത്തില്‍ – അതിനെപ്പറ്റി സൂക്ഷിച്ചുപോരണമെന്നും ഓര്‍മ്മിപ്പിക്കുന്നു. സത്യവിശ്വാസികളുടെ സവിശേഷതകളില്‍ ഒന്നാമത്തേതായി ഇവിടെ പ്രസ്താവിച്ചതും നമസ്കാരത്തിന്റെ കാര്യംതന്നെ. നമസ്കാരം എത്രമാത്രം പ്രധാനപ്പെട്ട ഒരു കടമയും പുണ്യകര്‍മ്മവുമാണെന്നും, ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനം എത്ര മഹത്തായതാണെന്നും ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം.

സര്‍വ്വജ്ഞനും, സര്‍വ്വാധികാരിയുമായ അല്ലാഹുവിന്റെ മുമ്പിലാണ്, അവന്റെ എളിയ അടിയാനായ താന്‍ നില്‍ക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അര്‍പ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയില്‍ നമസ്കാരം നിര്‍വ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി (خشوع). ഖിബ്‌ലഃയുടെ നേര്‍ക്കും, കീഴപോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേല്‍പോട്ടും, ഇതര ഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ചൊല്ലുന്ന ദിക്റുകളുടെയും അര്‍ത്ഥം ഓര്‍ത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തിമഹാത്മ്യങ്ങളെയും ഓര്‍ക്കുക, അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയശേഷം നമസ്ക്കാരത്തില്‍ പ്രവേശിക്കുക, കണ്ണിനും, കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്കരിക്കുവാന്‍ നില്‍ക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു. അതുകൊണ്ടാണ്, ഇത്തരം കാര്യങ്ങളെപ്പറ്റി നബിവചനങ്ങളിലും, മഹാന്‍മാരുടെ വാക്കുകളിലും പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടു കാണുന്നതും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യകാലത്തു നമസ്കാരത്തില്‍ ആകാശത്തേക്കു നോക്കാറുണ്ടായിരുന്നുവെന്നും, ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചതോടെ അതു നിറുത്തല്‍ചെയ്തു സുജൂദിന്റെ (തല നിലത്തുവെക്കുന്ന) സ്ഥാനത്തേക്കു നോക്കി വന്നിരുന്നുവെന്നും ഹാകിം (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. മുസ്‌ലിം (رحمه الله) നിവേദനം ചെയ്യുന്ന വേറെ ഒരു ഹദീസില്‍, നമസ്കാരത്തില്‍ മേല്‍പോട്ടു നോക്കുന്നതിനെ കര്‍ശനമായി വിരോധിച്ചിട്ടുമുണ്ട്. നമസ്കാരത്തില്‍ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുകയെന്നതു നമസ്കാരത്തില്‍ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകലാണെന്നു ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) ഉദ്ധരിക്കുന്ന ഒരു ഹദീസിലും കാണാം. ഇതുപോലെ, ശ്രദ്ധയെ തിരിച്ചുകളയുന്ന പലതിനെപ്പറ്റിയും ഹദീസുകളില്‍ വിരോധിച്ചിട്ടുണ്ട്.

صلاة بلا خشوع جسد بلا روح (ഭക്തി കൂടാതെയുള്ള നമസ്കാരം ആത്മാവില്ലാത്ത ശരീരമാണ്) എന്നുപോലും ചില മഹാന്‍മാര്‍ പറയുന്നു. ഒരടിയായി വേഗത്തിലങ്ങു നിര്‍വ്വഹിച്ചേക്കുവാന്‍ സാധിക്കുന്ന ഒരു കാര്യമല്ല, ഭക്തിപൂര്‍വ്വം നമസ്കരിക്കുകയെന്നുള്ളത്. കഴിയുന്നതും ഭക്തി പ്രകടമാക്കണമെന്ന ദൃഢനിശ്ചയത്തോടുകൂടിയും, അതിനായി അല്ലാഹുവോടു സഹായമര്‍ത്ഥിച്ചുകൊണ്ടും നമസ്കരിക്കുമ്പോള്‍, ഏറെക്കുറെ അതു സാധ്യമാകാതിരിക്കയില്ല. നമസ്കാരത്തിന്റെ കടമ നിര്‍വ്വഹിച്ചുവെന്നും, നിര്‍ബ്ബന്ധം നിറവേറ്റി എന്നും വരുവാന്‍ ഈ ഭക്തമനഃസ്ഥിതി (خشوع) ഒരു നിബന്ധനയായി ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ എണ്ണി വരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും, നമസ്കാരത്തിന്റെ മഹത്തായ ഫലങ്ങളും ലഭിക്കുവാന്‍ അതു അനിവാര്യമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസവുമില്ല. നമസ്കാരത്തിന്റെ ആവശ്യംതന്നെ അല്ലാഹു പറഞ്ഞിട്ടുള്ളത്. وَأَقِمِ الصَّلَاةَ لِذِكْرِي (എന്നെ സ്മരിക്കുവാന്‍വേണ്ടി നമസ്കാരം നിലനിറുത്തുക) എന്നാണ്.

2-ാമത്തെ ഗുണമായി അല്ലാഹു പറഞ്ഞതു: വ്യര്‍ത്ഥമായ (لَغْو) കാര്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു. അതായതു: വിജയികളായ സത്യവിശ്വാസികള്‍, നമസ്കാരത്തില്‍ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും, നമസ്കാരത്തിനു പുറത്ത് വ്യര്‍ത്ഥമായ എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിട്ടവരായിരിക്കും. നമസ്കാരം ശരിക്കു നിര്‍വ്വഹിക്കുവാനുള്ള കഴിവും, പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു. ‘ഒരു മനുഷ്യന്‍, അവന് ആവശ്യമായി ഭവിക്കാത്ത കാര്യത്തെ ഉപേക്ഷിക്കുന്നതു അവന്റെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ്’ എന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ പറയുന്നത്. (مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ : أحمد ومالك وغير هما).

കാര്യങ്ങള്‍ കളിയായും, കളികള്‍ കാര്യങ്ങളായും, അനാവശ്യങ്ങള്‍ അത്യാവശ്യങ്ങളായും, വിനോദങ്ങള്‍ കലകളായും മാറി രൂപാന്തരപ്പെട്ടിട്ടുള്ള ഇക്കാലത്ത് വ്യര്‍ത്ഥം, വിനോദം (اللَّغْو وَاللَّـهْو) എന്നിങ്ങിനെയുള്ളതിന് നിര്‍വ്വചനവും, ഉദാഹരണവും കാണിക്കുവാന്‍ വളരെ വിഷമമായിത്തീര്‍ന്നിരിക്കുകയാണ്. സത്യവിശ്വാസികളും, സല്‍ക്കര്‍മ്മികളുമായുള്ളവര്‍ക്കു അവയുടെ വൃത്തം വളരെ വിശാലമായും, അല്ലാത്തവര്‍ക്കു – അവരവരുടെ തോതനുസരിച്ചു – അതിന്റെ വൃത്തം വളരെ കുടുസ്സായും ഇരിക്കുമെന്നു തീര്‍ച്ചയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വന്നു് പുണ്യത്തെയും പാപത്തെയും (البر والاثم) കുറിച്ചു ചോദിച്ച ഒരു സഹാബിയോടു അവിടുന്നു പറഞ്ഞ മറുപടി ഇവിടെ സ്മരണീയമാകുന്നു: اسْتَفْتِ قَلْبك، وَإنْ أفْتاكَ النَّاسُ وَأفْتَوْكَ – ثلاثا(സാരം: ജനങ്ങള്‍ നിനക്കു എന്തു വിധി തന്നാലും ശരി – നീ നിന്റെ ഹൃദയത്തോടുതന്നെ വിധി ചോദിക്കുക!) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വാക്യം മൂന്നുവട്ടം ആവര്‍ത്തിച്ചു പറഞ്ഞു.

3-ാമത്തേതായി പറഞ്ഞതു: അവര്‍ സകാത്ത് എന്ന വിശുദ്ധധര്‍മ്മം ചെയ്യുന്നവരായിരിക്കുമെന്നാണ്. സകാത്തിനെപ്പറ്റി അധികമൊന്നും പ്രസ്താവിക്കേണ്ടതില്ല. ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനവും, അതുകൊണ്ടു സമുദായത്തിനുള്ള ഗുണവും പരക്കെ അറിയപ്പെട്ടതാണ്. زَكَوٰةً (സകാത്ത്) എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ‘പരിശുദ്ധി, ആത്മശുദ്ധി, വളര്‍ച്ച’ എന്നൊക്കെയാണ്. ധാര്‍മ്മികമായ വളര്‍ച്ചയും, ആത്മീയമായ പരിശുദ്ധിയും അതുമൂലം ലഭിക്കുന്നു. ‘ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن زَكَّاهَا) എന്നും, ‘ആത്മപരിശുദ്ധി ലഭിച്ചവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن تَزَكَّىٰ) എന്നും ഖുര്‍ആനില്‍ പറയുന്നു. ധര്‍മ്മം മൂലമുണ്ടാകുന്ന പരിശുദ്ധിയാണ് ഇവിടങ്ങളില്‍ ഉദ്ദേശ്യമെന്നു ചില മഹാന്‍മാര്‍ വ്യാഖ്യാനിക്കുന്നതു ഇതുകൊണ്ടാകുന്നു. ‘സകാത്ത്’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥത്തെ മുന്‍നിറുത്തിക്കൊണ്ട്, ആത്മപരിശുദ്ധിക്കു നിദാനമായ എല്ലാ കാര്യവും പ്രവര്‍ത്തിക്കുന്നതു 4-ാം വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. الله أعلم

4-ാമത്തേതു: ഗുഹ്യസ്ഥാനം സൂക്ഷിക്കലാണ്. സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവര്‍ ചെയ്കയില്ലെന്നര്‍ത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്. നാലു ഭാര്യമാരെയും, അതിനുപുറമെ അടിമ ധര്‍മ്മിണികളെയും – ആവശ്യംവന്നാല്‍ സ്വീകരിച്ചുകൊള്ളുവാന്‍ – ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധമായ വിശദനിയമങ്ങളും, നിബന്ധകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളിലും ഫിഖ്ഹിന്റെ (കര്‍മ്മശാസ്ത്രത്തിന്റെ) ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ബഹുഭാര്യത്വം പഴഞ്ചനും, അപരിഷ്കൃതവഴക്കവുമാണെന്നു ഘോഷിച്ചുകൊണ്ടോ, അല്ലെങ്കില്‍ നാട്ടാചാരമോ മതാചാരമോ അനുവദിക്കായ്ക നിമിത്തമോ അനഭിലഷണീയമായ പ്രേമബന്ധങ്ങളെയും, വ്യഭിചാര ശാലകളെയും അഭയം പ്രാപിക്കുവാന്‍ നിര്‍ബ്ബന്ധിമാകുന്ന ഇന്നത്തെ ആധുനിക ലോക സമ്പ്രദായം, ഇസ്‌ലാമിക നിയമത്തെ കൂടുതല്‍ യുക്ത്മാക്കിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്.

مَا مَلَكَتْ أَيْمَانُهُمْ എന്ന വാക്കിനാണ് ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു തര്‍ജ്ജമ കൊടുത്തത്. അവര്‍ ഉടമപ്പെടുത്തി എന്ന ഉദ്ദേശ്യത്തിലുള്ള ഒരു അലങ്കാര പ്രയോഗം (مجاز) ആണിത്. യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം, അടിമകളാക്കി അധീനത്തില്‍ വെക്കപ്പെട്ടവര്‍ക്കു – സ്ത്രീയായാലും പുരുഷനായാലും – ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു പറയപ്പെടും. ഇതു ഖുര്‍ആനിലും, മറ്റു പലേടത്തും സാധാരണ കാണപ്പെടുന്ന ഒരു പ്രയോഗ ശൈലിയാകുന്നു. അവരുടെ ഉടമസ്ഥാവകാശമെന്ന അര്‍ത്ഥത്തില്‍ ملك اليمين (വലങ്കൈയിന്റെ ഉടമസ്ഥത) എന്നും അറബിയില്‍ പറയപ്പെടുന്നതാണ്. കൂടുതല്‍ വിവരം ഈ സൂറയുടെ അവസാനം ചേര്‍ത്ത 1-ാം വ്യാഖ്യാനക്കുറിപ്പില്‍ കാണാം.

5ഉം 6ഉം ഗുണങ്ങളായി പ്രസ്താവിച്ചതു: വിശ്വസ്തതകളെയും, കരാറുകളെയും അവര്‍ പാലിക്കുമെന്നുള്ളതാണ്. മറ്റുള്ളവര്‍ ഏല്‍പിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്നു മറ്റുള്ളവരാല്‍ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം أَمَانَات (വിശ്വസ്തതകള്‍) എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. അതുപോലെത്തന്നെ, മനുഷ്യര്‍ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതില്‍ അടങ്ങുന്നു. മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം عَهْد (ഉടമ്പടി) എന്ന വാക്കിലും ഉള്‍പ്പെടും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-

آيَةُ الْمُنَافِقِ ثَلاثٌ : إِذَا حَدَّثَ كَذَبَ ، وَإِذَا وَعَدَ أَخْلَفَ ، وَإِذَا ائْتُمِنَ خَانَ : البجاري وغيره

(കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്: അവന്‍ സംസാരിക്കുമ്പോള്‍ കളവു പറയും, വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, വിശ്വസിക്കപ്പെട്ടാല്‍ ചതിക്കും). ഇവ മൂന്നും പരസ്പരബന്ധമുള്ള കാര്യങ്ങാണല്ലോ.

7-ാമത്തെ ഗുണമായി നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവര്‍ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്നു്. നമസ്കാരത്തില്‍ ആചരിക്കേണ്ടുന്ന കാര്യങ്ങള്‍ സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതില്‍ അനുഷ്ഠിക്കേണ്ടുന്ന മര്യാദകള്‍ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോടുകൂടിയും അനുഷ്ഠിക്കുക – ചുരുക്കത്തില്‍ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കര്‍മ്മവുമാണെന്ന ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക – ഇതെല്ലാമാണ് നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു:-

اعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلاةُ , وَلا يُحَافِظُ عَلَى الْوُضُوءِ إِلا مُؤْمِنٌ : مالك وأحمد

(നിങ്ങള്‍ കര്‍മ്മം ചെയ്യുവിന്‍. നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതു നമസ്കാരമാകുന്നു. സത്യവിശ്വാസിയല്ലാതെ ‘വുള്വു’വിന്റെ കാര്യത്തില്‍ സൂക്ഷിച്ചു പോരുകയില്ല). ‘വുള്വു’ ചെയ്യുകയെന്നതു നമസ്കാരത്തിന് ഒഴിച്ചുകൂടാത്തതാണല്ലോ. അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറയുന്നു:

سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فقُلْتُ : يا رسولُ الله أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ الصَّلَاةُ عَلَى وَقْتِهَا قُلْتُ : ثُمَّ أَيٌّ قَالَ بِرُّ الْوَالِدَيْنِ قُلْتُ : ثُمَّ أَيٌّ قَالَ الْجِهَادُ فِي سَبِيلِ اللَّهِ – رواه الشيخان

(ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഇങ്ങിനെ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിങ്കല്‍ അധികം ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘നമസ്കാരം അതിന്റെ സമയത്തു ചെയ്യലാണ്. ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘മാതാപിതാക്കള്‍ക്കു ഗുണം ചെയ്യലാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.’)

മേല്‍ കണ്ട ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി ‘അക്കൂട്ടരാണ് അനന്തരാവകാശികള്‍’ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വര്‍ഗ്ഗലോകത്തുവെച്ച് ഏറ്റവും ഉന്നതമായ ‘ഫിര്‍ദൗസ്’ (പറുദീസാ) എന്ന സ്വര്‍ഗ്ഗത്തിന് അര്‍ഹരായവര്‍. അവരതില്‍ നിത്യവാസികളാണ്, ആ മഹാ വിജയം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിനു വിരാമമില്ല. സ്വര്‍ഗ്ഗം നശിക്കുകയാകട്ടെ, അവര്‍ മരണപ്പെടുകയാകട്ടെ – ഒന്നുംതന്നെ – സംഭവിക്കുകയില്ല. ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍.

23:12

  • وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴾١٢﴿
  • തീര്‍ച്ചയായും, മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തുകൊണ്ടു സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;
  • وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി الْإِنسَانَ മനുഷ്യനെ مِن سُلَالَةٍ സത്തില്‍നിന്നു مِّن طِينٍ കളിമണ്ണില്‍നിന്നുള്ള.

23:13

  • ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴾١٣﴿
  • പിന്നീടു, നാം അവനെ ഭദ്രമായ ഒരു ഭവനത്തില്‍ (ഗര്‍ഭാശയത്തില്‍) ശുക്ലബിന്ദുവാക്കി വെച്ചു;
  • ثُمَّ جَعَلْنَاهُ പിന്നെ നാം അവനെ ആക്കി نُطْفَةً ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി فِي قَرَارٍ ഒരു ഭവനത്തില്‍, താവളത്തില്‍ مَّكِينٍ ഭദ്രമായ, ഉറപ്പുള്ള.

23:14

  • ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴾١٤﴿
  • പിന്നെ, ശുക്ലബിന്ദുവെ രക്തപിണ്ഡമാക്കി സൃഷ്ടിച്ചു; പിന്നീടു രക്തപിണ്ഡത്തെ മാംസ്പിണ്ഡമായും സൃഷ്ടിച്ചു; പിന്നെ, മാംസപിണ്ഡത്തെ നാം എല്ലുകളാക്കി (അസ്ഥികൂടമായി) സൃഷ്ടിച്ചു; അനന്തരം എല്ലുകള്‍ക്കു നാം മാംസം ധരിപ്പിച്ചു; പിന്നീടു, നാം അതിനെ മറ്റൊരു സൃഷ്ടിയായി ഉത്ഭവിപ്പിച്ചു. അപ്പോള്‍, ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു.
  • ثُمَّ خَلَقْنَا പിന്നെ നാം സൃഷ്ടിച്ചു النُّطْفَةَ ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ عَلَقَةً രക്തപിണ്ഡമായി, രക്തക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْعَلَقَةَ രക്തപിണ്ഡത്തെ مُضْغَةً മാംസപിണ്ഡമായി, മാംസക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْمُضْغَةَ മാംസപിണ്ഡത്തെ عِظَامًا എല്ലുകളായി فَكَسَوْنَا എന്നിട്ടു നാം ധരിപ്പിച്ചു الْعِظَامَ എല്ലുകള്‍ക്കു لَحْمًا മാംസം, ഇറച്ചി ثُمَّ أَنشَأْنَاهُ പിന്നെ അവനെ നാം ഉത്ഭവിപ്പിച്ചു, ഉണ്ടാക്കി خَلْقًا آخَرَ മറ്റൊരു സൃഷ്ടിയായി فَتَبَارَكَ അപ്പോള്‍ അനുഗ്രഹ സമ്പൂര്‍ണ്ണനായി, നന്മയേറിയവനായി, മേന്മയേറിയവനായി اللَّـهُ അല്ലാഹു أَحْسَنُ الْخَالِقِينَ സൃഷ്ടാക്കളില്‍ ഏറ്റവും നല്ലവനായ (ഏറ്റവും നല്ല സൃഷ്ടാവായ).

23:15

  • ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴾١٥﴿
  • പിന്നീടു, നിശ്ചയമായും നിങ്ങള്‍, അതിനുശേഷം മൃതദേഹങ്ങളാകുന്നു.
  • ثُمَّ إِنَّكُم പിന്നെ നിശ്ചയമായും നിങ്ങള്‍ بَعْدَ ذَٰلِكَ അതിനുശേഷം لَمَيِّتُونَ മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവര്‍ തന്നെയാണ്.

23:16

  • ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ﴾١٦﴿
  • പിന്നെയും ഖിയാമത്തുനാളില്‍, നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്.
  • ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ تُبْعَثُونَ നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു.

സൂറത്തുല്‍ ഹജ്ജ് 5-ാം വചനത്തില്‍ കണ്ടതുപോലെ, മനുഷ്യസൃഷ്ടിയെ സംബന്ധിച്ചുള്ള ഒരു വിവരണമാണ് ഇവിടെയുമുള്ളത്. അതിന്റെ വിശദീകരണം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി അവിടെ ‘മണ്ണില്‍നിന്നു’ ( مِّن تُرَابٍ) എന്നാണ് പറഞ്ഞത്. ഇവിടെ ‘കളിമണ്ണിന്റെ സത്തില്‍നിന്ന്’ (مِن سُلَالَةٍ مِّن طِينٍ) എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദം (عليه الصلاة والسلام) നബിയെ മണ്ണില്‍ നിന്നുതന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരു തരം സത്തില്‍ നിന്ന് ആദം (عليه الصلاة والسلام) സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോല്‍പാദനം രൂപംകൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലം പിടിക്കുന്നതിനെയാണ് ‘ഭദ്രമായ താവളത്തില്‍വെച്ചു’ എന്നു പറഞ്ഞത്. മാംസപിണ്ഡത്തില്‍ ക്രമേണ അസ്ഥിക്കൂടം രൂപപ്പെടുത്തുകയും, അസ്ഥികളില്‍ മാംസം ധരിപ്പിച്ച് ഒരു പുതിയ സൃഷ്ടിയായി – അംഗങ്ങളും, ഇന്ദ്രിയശക്തികളും തികഞ്ഞ ഒരു പൂര്‍ണ്ണമനുഷ്യനായി – പുറത്തുകൊണ്ടുവരികയും ചെയ്തതിനെപ്പറ്റി സൂ: ഹജ്ജില്‍ പ്രസ്താവിച്ചത് ثُمَّ نُخْرِجُكُمْ طِفْلًا (പിന്നെ നാം, നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു) എന്നായിരുന്നു. ഏതായാലും മുന്‍കാലങ്ങളില്‍ മിക്കവാറും അജ്ഞാതമായിരുന്നതും, ക്രിസ്താബ്ദം 19-ാം നൂറ്റാണ്ടിലെ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയതുമായ ഗര്‍ഭശാസ്ത്രവിജ്ഞാനങ്ങള്‍, ഖുര്‍ആന്‍ മുമ്പേ പ്രസ്താവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രസ്താവനയില്‍ വല്ല വ്യത്യാസവും ഉള്ളതായി ശാസ്ത്രത്തിനു കണ്ടുപിടിക്കുവാനോ തെളിയിക്കുവാനോ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

അനേകം സ്ഥിതിമാറ്റങ്ങള്‍ക്ക് വിധേയമായ മനുഷ്യോല്‍ഭവചരിത്രം വിവരിച്ചതില്‍നിന്ന് അവന്റെ മരണാനന്തരജീവിതത്തിലേക്കു അവനു പാഠം ലഭിക്കേണ്ടതുണ്ടെന്ന് അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു. വീണ്ടും അവന്റെ സൃഷ്ടിമാഹാത്മ്യങ്ങള്‍ക്കുള്ള പല ദൃഷ്ടാന്തങ്ങളും എടുത്തുകാണിക്കുകയും ചെയ്യുന്നു:-

23:17

  • وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَٰفِلِينَ ﴾١٧﴿
  • തീര്‍ച്ചയായും, നിങ്ങള്‍ക്കുമീതെ നാം ഏഴു മാര്‍ഗ്ഗങ്ങള്‍ (വാനങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല.
  • وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു فَوْقَكُمْ നിങ്ങളുടെ മീതെ سَبْعَ طَرَائِقَ ഏഴു മാര്‍ഗ്ഗങ്ങളെ وَمَا كُنَّا നാം ആയിരുന്നില്ല, നാം അല്ല عَنِ الْخَلْقِ സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.

طَرَائِق എന്ന പദത്തിനാണ് ‘മാര്‍ഗ്ഗങ്ങള്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഖുര്‍ആനില്‍ ആകാശങ്ങളുടെ സൃഷ്ടിയെപ്പറ്റി സൂറത്തുല്‍ മുല്‍ക് 3ലും, സൂറത്ത് നൂഹ് 15ലും سَبْعَ سَمَاوَاتٍ طِبَاقًا (അടുക്കായി – അല്ലെങ്കില്‍ തട്ടുതട്ടായി – ഏഴാകാശങ്ങള്‍) എന്നു പറയുന്നു. 65:12; 41:12 മുതലായ പല സ്ഥലങ്ങളിലും سَبْعَ سَمَاوَات (ഏഴു ആകാശങ്ങള്‍) എന്നു പറഞ്ഞുകാണാം. ‘ഏഴു ഗ്രഹമാര്‍ഗ്ഗങ്ങളായിരുന്നു (*) മുന്‍കാലത്തുള്ളവര്‍ക്കു അറിയപ്പെട്ടിരുന്നത്, അതനുസരിച്ചാണ് ‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പ്രസ്താവിച്ചത്, ഇപ്പോള്‍ കൂടുതല്‍ ഗ്രഹമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ – അഥവാ ആകാശങ്ങള്‍ – ഉണ്ടെന്നു വന്നിരിക്കുന്നു.’ എന്നിങ്ങിനെയാണ് ചിലര്‍ പറയുന്നത്. ഇതൊരു സ്വീകാര്യമായ വ്യാഖ്യാനമായി എടുക്കുവാന്‍ തരമില്ല തന്നെ. ഈ ആയത്തില്‍ ‘മാര്‍ഗ്ഗങ്ങള്‍’ (طَرَائِق) എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇവിടെ ഒരുപക്ഷെ അങ്ങനെ ഒരു വ്യാഖ്യാനം കൊടുക്കാമെന്നു സമ്മതിച്ചേക്കുക, എന്നാല്‍:-


(*).ഇതിനെപ്പറ്റി സൂറ: അമ്പിയാഇല്‍ വിവരിച്ചിട്ടുണ്ട്.


‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പലപ്രാവശ്യം പ്രസ്താവിക്കുകയും, ചിലേടത്തു ‘അടുക്കുകളായ നിലയില്‍ ഏഴു ആകാശങ്ങള്‍’ എന്നു വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ ഒന്നിനെപ്പറ്റി السَّمَاءَ الدُّنْيَا (ഏറ്റവും അടുത്ത ആകാശം) എന്നും (67:5; 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം (بِنَاء) പോലെയാണെന്നും (40:64; 2:22) അതു പറയുന്നു. ഇതെല്ലാം മുമ്പില്‍വെച്ചുകൊണ്ടു മേല്‍പറഞ്ഞതുപോലെയുള്ള ഒരു വ്യാഖ്യാനം ഈ ആയത്തുകള്‍ക്കെല്ലാം നല്‍കുന്നത് കേവലം കണ്ണടച്ചു ഇരുട്ടാക്കുന്നതിനു സമമാണ്. ശാസ്ത്രത്തിനു അതതു കാലത്തു ലഭിക്കുന്ന അറിവിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ തുനിയുന്നതു പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ നമുക്കു മനസ്സിലായിട്ടില്ല. അതിന്റെ യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം എന്നു പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം കേവലം അലങ്കാരപ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നതു തനി ബാലിശമാകുന്നു. ഖുര്‍ആന്‍ പ്രഖ്യാപിച്ച എത്രയോ കാര്യങ്ങള്‍, ആദ്യകാലങ്ങളില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സൃഷ്ടാവിന്റെ വചനങ്ങള്‍ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്രനിരീക്ഷണങ്ങളും, അതിന്റെ നേട്ടങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും അതു കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ചയാണല്ലോ. ലോകാവസാന കാലത്തോളം അതു അവസാനിക്കയുമില്ല. ആകയാല്‍;-

ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേര്‍ന്നിട്ടില്ലാത്ത, അല്ലെങ്കില്‍ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴു ആകാശങ്ങള്‍. ഒന്നിനു മീതെ ഒന്നായിക്കൊണ്ട് – സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാം. ‘ഏറ്റവും (ഭൂമിയോട്) അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിട്ടുള്ള’തായി ഖുര്‍ആന്‍ (67:5; 37:6) പ്രസ്താവിക്കുന്നു. ഇതില്‍നിന്നു, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി – അതിനും ഉപരിയിലായി – വേറെയും ആകാശങ്ങളുണ്ടെന്നു വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നുവരെയും അവയില്‍ ഒരു ആകാശത്തിന്റെ അവസാന അതിര്‍ത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസതുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാന്‍ മനുഷ്യന് എങ്ങിനെ കഴിയും?! ഏതു ശാസ്ത്രജ്ഞനും ഉപരിയായി അതിമഹാനായ ഒരു ശാസ്ത്രജ്ഞന്‍ നിലകൊള്ളുന്നുണ്ട് – അല്ലാഹു! വാസ്തവം അവന്നറിയാം. (وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ) ഈ ആയത്തിന്റെ അന്ത്യത്തില്‍തന്നെ ഇപ്പറഞ്ഞതിലേക്കുള്ള സൂചന കാണാം. ആകാശങ്ങള്‍, അവയിലുള്ള വസ്തുക്കള്‍ തുടങ്ങിയ സകല സൃഷ്ടികളുടെയും കാര്യങ്ങള്‍ ഗൗനിച്ചും, അറിഞ്ഞുംകൊണ്ടും തന്നെയാണ്, അവ സൃഷ്ടിച്ചിട്ടുള്ളത് എന്നത്രെ, وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ (സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല) എന്ന വാക്യം കുറിക്കുന്നത്.

23:18

  • وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَٰدِرُونَ ﴾١٨﴿
  • ഒരു (നിശ്ചിത) അളവില്‍ നാം ആകാശത്തുനിന്നു വെള്ളം (മഴ) ഇറക്കി അതിനെ ഭൂമിയില്‍ തങ്ങിനിറുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, അതു കൊണ്ടുപോകുവാന്‍ (വറ്റിച്ചു കളയുവാന്‍) നാം കഴിവുള്ളവരുമാകുന്നു.
  • وَأَنزَلْنَا നാം ഇറക്കുകയും ചെയ്തിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്ന് مَاءً വെള്ളം (മഴ) بِقَدَرٍ ഒരു അളവു (തോതു, കണക്കു) അനുസരിച്ചു فَأَسْكَنَّاهُ എന്നിട്ടു നാം അതിനെ തങ്ങിനിറുത്തി, അടക്കി നിറുത്തി فِي الْأَرْضِ ഭൂമിയില്‍ وَإِنَّا നിശ്ചയമായും നാം عَلَىٰ ذَهَابٍ بِهِ അതിനെ കൊണ്ടുപോകുവാന്‍, പോക്കിക്കളയുവാന്‍ لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.

23:19

  • فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾١٩﴿
  • അങ്ങനെ, അതുകൊണ്ടു നാം നിങ്ങള്‍ക്കു ഈത്തപ്പനയുടെയും,മുന്തിരികളുടെയും തോട്ടങ്ങള്‍ ഉത്ഭവിപ്പിച്ചുതന്നു; അവയില്‍ നിങ്ങള്‍ക്കു ധാരാളം കായ്കനികളുണ്ട്; അവയില്‍നിന്നു നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു;-
  • فَأَنشَأْنَا അങ്ങനെ നാം ഉണ്ടാക്കി لَكُم നിങ്ങള്‍ക്കു بِهِ അതുകൊണ്ടു, അതിനാല്‍ جَنَّاتٍ തോട്ടങ്ങള്‍ مِّن نَّخِيلٍ ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള وَأَعْنَابٍ മുന്തിരികളുടെയും لَّكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അതില്‍ فَوَاكِهُ കായ്കനികള്‍, പഴവര്‍ഗ്ഗങ്ങള്‍ كَثِيرَةٌ ധാരാളം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു.

23:20

  • وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْءَاكِلِينَ ﴾٢٠﴿
  • സീനാപര്‍വ്വതത്തില്‍ നിന്നു ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉത്ഭവിപ്പിച്ചു); – അത് എണ്ണയും, തിന്നുന്നവര്‍ക്ക് കറിയുമായി ഉല്പാദിപ്പിക്കുന്നു.
  • وَشَجَرَةً ഒരു വൃക്ഷവും تَخْرُجُ അതു ഉണ്ടാകും, പുറത്തുവരും مِن طُورِ سَيْنَاءَ സീനാപര്‍വ്വതത്തില്‍നിന്നു تَنبُتُ അതു ഉല്‍പാദിപ്പിക്കുന്നു بِالدُّهْنِ എണ്ണയുമായി وَصِبْغٍ കറിയും (കൂട്ടാനും), ചായവും لِّلْآكِلِينَ തിന്നുന്നവര്‍ക്കു, ഭക്ഷിക്കുന്നവര്‍ക്കു.

ഒലിവു (‘സൈത്തൂന്‍’) മരമാണ് ഈ വൃക്ഷം കൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവുസ്ഥലം സീനാപ്രദേശമാകുന്നു. ‘സൈത്തെണ്ണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒലിവെണ്ണ നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ (തേങ്ങായെണ്ണ)യെപ്പോലെ ആ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിനു കറിയായും, (കൂട്ടാനായും), വിളക്കെണ്ണയായും അത് ഉപയോഗിക്കുന്നു.

23:21

  • وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾٢١﴿
  • നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്കു ചിന്താപാഠമുണ്ട്; അവയുടെ ഉദരങ്ങളില്‍നിന്നു നിങ്ങള്‍ക്കു നാം (പാല്‍) കുടിക്കുവാന്‍ തരുന്നു; നിങ്ങള്‍ക്കു അവയില്‍ വളരെ ഉപയോഗങ്ങളുണ്ട്; നിങ്ങള്‍ അവയില്‍ നിന്നു (ഭക്ഷണം) തിന്നുകയും ചെയ്യുന്നു;-
  • وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട്‌ فِي الْأَنْعَامِ കന്നുകാലികളില്‍ لَعِبْرَةً ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുന്നു, കുടിപ്പിക്കുന്നു مِّمَّا യാതൊന്നില്‍നിന്നു فِي بُطُونِهَا അവയുടെ ഉദരങ്ങളില്‍ (വയറുകളില്‍) ഉള്ള وَلَكُمْ നിങ്ങള്‍ക്കുണ്ടു فِيهَا അവയില്‍ مَنَافِعُ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ كَثِيرَةٌ വളരെ, അധികം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.

23:22

  • وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴾٢٢﴿
  • അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങള്‍ (യാത്രയില്‍) വഹിക്കപ്പെടുകയും ചെയ്യുന്നു.
  • وَعَلَيْهَا അവയുടെ മേലും وَعَلَى الْفُلْكِ കപ്പലുകളിലും تُحْمَلُونَ നിങ്ങള്‍ വഹിക്കപ്പെടുന്നു (നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു).

അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങള്‍, ഈ ലോകവ്യവസ്ഥയിലടങ്ങിയ യുക്തിരഹസ്യങ്ങള്‍, പരലോക ജീവിതം ആദിയായവയ്ക്കുള്ള തെളിവുകള്‍ മൂന്നു മാര്‍ഗ്ഗങ്ങളില്‍കൂടി മനുഷ്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. മനുഷ്യന്റെ ആദ്യന്തമുള്ള അസ്തിത്വത്തിന്റെ ചരിത്രം, അഥവാ ശരീരലോകം (عالم الانفس) തന്നെ അതിനു തെളിവാകുന്നു. അവന് പുറമെയുള്ള മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ബഹിര്‍ലോകവും (عالم الافاق) ആ സത്യങ്ങളുടെ സാക്ഷികളത്രെ. ബഹിര്‍ലോക സാക്ഷ്യങ്ങളില്‍ പ്രപഞ്ചവസ്തുക്കളുടെയും, അവയിലടങ്ങിയ പ്രകൃതിയുടെയും ലക്ഷ്യങ്ങളാകുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങളാ(الآيات الكافية)ണ് മറ്റൊന്നു്. ഇതാണ് രണ്ടാമത്തേത്. കഴിഞ്ഞുപോയ ജനതകളുടെ സ്ഥിതിഗതികളും, അനുഭവങ്ങളും അടങ്ങുന്ന ചരിത്രലക്ഷ്യങ്ങളത്രെ മൂന്നാമത്തേത്. ഇതിനെക്കുറിച്ച്‌ أَيَّام اللَّـهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍ – അഥവാ പ്രവര്‍ത്തനങ്ങള്‍) എന്നു البراهين العملية (പ്രാവര്‍ത്തിക ലക്ഷ്യങ്ങള്‍) എന്നും പറയാറുണ്ട്‌. ഈ മൂന്നുവിധത്തിലുള്ള തെളിവുകളും ഖുര്‍ആനില്‍ മാറിമാറി വിവരിക്കപ്പെടുന്നതു കാണാം. 12 മുതല്‍ 16 വരെയുള്ള വചനങ്ങള്‍ മനുഷ്യന്റെ സ്വന്തം സൃഷ്ടികാര്യത്തെക്കുറിച്ചു ചിന്തിക്കുവാനും, 17 മുതല്‍ 22വരെ വചനങ്ങള്‍ പ്രപഞ്ചലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും ഉല്‍ബോധിപ്പിക്കുന്നു. 23 തുടങ്ങി 50 വരെയും ചരിത്രസംഭവങ്ങളെയാണ് വിവരിക്കുന്നത്. ഇങ്ങിനെ, ആവര്‍ത്തിച്ചാവര്‍ത്തിച്ചും, മാറ്റിമാറ്റിയുംകൊണ്ടു ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുന്നതു നമ്മുടെ ബുദ്ധിയെയും, ചിന്തയെയും തട്ടിയുണര്‍ത്തുവാനല്ലാതെ മറ്റൊന്നിനുമല്ല.