നാലം ഘട്ടം – ക്യാമ്പയിൻ 8 – സൂറത്തു ശുഅറാഉ് – ആയത്ത് 70 മുതൽ 104 വരെ

സൂറത്തു ശുഅറാഉ് : 70-104

വിഭാഗം – 5

26:70

  • وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ ﴾٧٠﴿
  • [നബിയേ] ഇബ്രാഹീമിന്‍റെ വൃത്താന്തവും അവരില്‍ ഓതിക്കേള്‍പ്പിക്കുക;-
  • وَاتْلُ നീ ഓതി ക്കൊടുക്കുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ വൃത്താന്തം, വര്‍ത്തമാനം

26:71

  • إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ ﴾٧١﴿
  • അതായത്: അദ്ദേഹം തന്‍റെ പിതാവിനോടും, ജനങ്ങളോടും ‘നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്’ എന്ന് ചോദിച്ച സന്ദര്‍ഭം.
  • إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു, ബാപ്പയോടു وَقَوْمِهِ തന്‍റെ ജനങ്ങളോടും مَا تَعْبُدُونَ നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത്
26:72
  • قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَـٰكِفِينَ ﴾٧٢﴿
  • അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്.’
  • قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു أَصْنَامًا ചില ബിംബങ്ങളെ فَنَظَلُّ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു لَهَا അവയ്ക്കു, അവയുടെ അടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍

26:73

  • قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ ﴾٧٣﴿
  • അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുമ്പോള്‍ അവര്‍ നിങ്ങളെ (പ്രാര്‍ത്ഥിക്കുന്നതായി) കേള്‍ക്കുമോ? ‘അല്ലെങ്കില്‍, അവര്‍ നിങ്ങള്‍ക്ക് (എന്തെങ്കിലും) ഉപകാരം ചെയ്യുകയോ, ഉപദ്രവം ചെയ്യുകയോ ചെയ്യുമോ?’
  • قَالَ അദ്ദേഹം പറഞ്ഞു هَلْ يَسْمَعُونَكُمْ അവര്‍ നിങ്ങളെ കേള്‍ക്കുമോ إِذْ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വിളിക്കുമ്പോള്‍ أَوْ يَنفَعُونَكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ أَوْ يَضُرُّونَ അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ

26:74

  • قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ ﴾٧٤﴿
  • അവര്‍ പറഞ്ഞു: (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്നുമാത്രം).
  • قَالُوا അവര്‍ പറഞ്ഞു بَلْ وَجَدْنَا പക്ഷേ, ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ كَذَٰلِكَ അപ്രകാരം, അങ്ങിനെ يَفْعَلُونَ അവര്‍ ചെയ്യുന്നതായി

മൂസാ (عليه الصلاة والسلام) നബിയുടെ കഥയെത്തുടര്‍ന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ചില വൃത്താന്തങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിക്കറിയാത്തതല്ല. അതിന്‍റെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട് ഭജനമിരിക്കയും ചെയ്യാറുണ്ടെന്നും അവര്‍ അറിയിച്ചു. ആ ഉത്തരം തന്നെയാണ് അദ്ദേഹത്തിന് അവരില്‍നിന്ന് ലഭിക്കേണ്ടതും. ശരി, അത്രയെല്ലാം അവയ്ക്ക് നിങ്ങള്‍ സ്ഥാനം കൽപിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും അവര്‍ സാധിപ്പിച്ചു തരേണ്ടതാണല്ലോ. അവ അതൊക്കെ കേള്‍ക്കുമോ? അതില്ലെങ്കില്‍, അവ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരം ചെയ്യുമോ? അതുമില്ലെങ്കില്‍, എന്തെങ്കിലും ഉപദ്രവം ചെയ്‌വാനെങ്കിലും അവയ്ക്ക് കഴിയുമോ എന്നെല്ലാമാണ് അദ്ദേഹം തുടര്‍ന്നു ചോദിക്കുന്നത്. ‘ഇല്ല, ഇല്ല’ എന്നു മാത്രമാണവരുടെ ഉത്തരം. പക്ഷേ, ഈ ഉത്തരംകൊണ്ട് മതിയാക്കിയാല്‍ അവരുടെ മതം പൊളിഞ്ഞുപോകുമല്ലോ. അതുകൊണ്ട് അവര്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളെ ശരണം പ്രാപിക്കുകയാണ്. ഞങ്ങളുടെ പിതാക്കള്‍ അവയെ ആരാധിച്ചു വരുന്നത് കണ്ടു. ഞങ്ങളും അതനുകരിച്ചു വന്നു. ഒരു കാര്യവുമില്ലാതെ, അവരങ്ങനെ ചെയ്യുമോ? ഇതാണവരുടെ ന്യായീകരണം! ഇബ്രാഹീം (عليه الصلاة والسلام) നബി തുടര്‍ന്നു:

26:75
  • قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ ﴾٧٥﴿
  • അദ്ദേഹം പറഞ്ഞു: ‘എന്നാല്‍, നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയിട്ടുണ്ടോ) – നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ –
  • قَالَ അദ്ദേഹം പറഞ്ഞു أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (മനസ്സിലാക്കിയോ – ഒന്നു പറയുവിന്‍) مَّا كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ
26:76
  • أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ ﴾٧٦﴿
  • ‘[അതെ] നിങ്ങളും, നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും (ആരാധിക്കുന്നതിനെ)ത്തന്നെ?!-
  • أَنتُمْ നിങ്ങള്‍തന്നെ وَآبَاؤُكُمُ നിങ്ങളുടെ പിതാക്കളും الْأَقْدَمُونَ മുന്‍കഴിഞ്ഞവരായ, പൗരാണികരായ

26:77

  • فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَـٰلَمِينَ ﴾٧٧﴿
  • ‘അവര്‍ [ആ ആരാധ്യന്‍മാര്‍] എനിക്കു ശത്രുക്കളാണ് – ലോകരക്ഷിതാവൊഴികെ.’
  • فَإِنَّهُمْ എന്നാല്‍ അവര്‍ عَدُوٌّ لِّي എനിക്കു ശത്രുവാണ് إِلَّا رَبَّ الْعَالَمِينَ ലോകരക്ഷിതാവൊഴികെ

ലക്ഷ്യമൊന്നും നോക്കാതെ, പൂര്‍വ്വികന്‍മാരെ അനുകരിക്കല്‍ (التقليد) മതത്തില്‍ അംഗീകൃതമല്ലെന്നുള്ളതിന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഈ വചനം മതിയായ തെളിവാണ്. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചറിയുന്നതില്‍ വിരോധമില്ല. അതാവശ്യമാണു താനും. പക്ഷേ, ഏതെങ്കിലും ചിലര്‍ ചെയ്യുന്നതോ പറയുന്നതോ മാത്രം ആസ്പദമാക്കി അത് സ്വീകരിക്കുക, അതിന്‍റെ ന്യായവും ലക്ഷ്യവും നോക്കാതിരിക്കുക, എതിരായ ലക്ഷ്യം കണ്ടാല്‍പോലും അത് കൈവിടാതിരിക്കുക, ഇതാണ് ആക്ഷേപിക്കപ്പെട്ട അനുകരണം. ഒരു കാര്യം പുതിയതോ, പഴക്കമുള്ളതോ എന്നോ, അതിന്‍റെ അനുകൂലികള്‍ കുറവോ, അധികമോ എന്നോ ഉള്ളത് അക്കാര്യം ശരിയോ, തെറ്റോ ആണെന്നതിന് തെളിവല്ല. അത് ന്യായമാണോ, അംഗീകൃതമാണോ, ലക്ഷ്യമുള്ളതാണോ, ഇതൊക്കെയാണ് അതിന് മാനദണ്ഡമാക്കേണ്ടത്. ഈ വസ്തുതയത്രെ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മറുപടിയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.

താന്‍ ഏക ആരാധ്യനായി സ്വീകരിച്ച ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, അവനെ മാത്രം സ്വീകരിക്കുവാനുള്ള കാരണങ്ങള്‍ എന്താണെന്നും ഇബ്രാഹീം (عليه الصلاة والسلام) നബി തുടര്‍ന്ന് വിവരിക്കുന്നു:-

26:78
  • ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ ﴾٧٨﴿
  • ‘എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ [അവന്‍]. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു;
  • الَّذِي خَلَقَنِي എന്നെ സൃഷ്‌ടിച്ചവനാണ് فَهُوَ എന്നിട്ടു അവന്‍ يَهْدِينِ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാണിക്കുന്നു

26:79

  • وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ ﴾٧٩﴿
  • ‘അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ (വെള്ളം) തരുകയും ചെയ്യുന്നു – അങ്ങിനെയുള്ളവനുമാകുന്നു;
  • وَالَّذِي യാതൊരുവനുമാണ് هُوَ അവന്‍ يُطْعِمُنِي എനിക്കു ഭക്ഷണം നല്‍കുന്നു وَيَسْقِينِ എനിക്കു കുടിക്കുവാന്‍ തരുകയും ചെയ്യുന്നു

26:80

  • وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴾٨٠﴿
  • ‘എനിക്ക് രോഗം ബാധിച്ചാല്‍, എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു;
  • وَإِذَا مَرِضْتُ എനിക്കു രോഗം പിടിച്ചാല്‍ فَهُوَ എന്നാലവന്‍ يَشْفِينِ എന്നെ സുഖപ്പെടുത്തുന്നു

26:81

  • وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ ﴾٨١﴿
  • ‘എന്നെ മരണപ്പെടുത്തുകയും, പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ്;
  • وَالَّذِي يُمِيتُنِي എന്നെ മരിപ്പിക്കുന്നവനുമാണ് ثُمَّ പിന്നെ يُحْيِينِ എന്നെ ജീവിപ്പിക്കുന്നു
26:82
  • وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ ﴾٨٢﴿
  • പ്രതിഫല നടപടിയുടെ ദിവസം [അന്ത്യനാളില്‍] എന്‍റെ തെറ്റ് എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നവനുമത്രെ [അവന്‍].’
  • وَالَّذِي യാതൊരുവനുമാണ് أَطْمَعُ ഞാന്‍ ആശിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ അവന്‍ പൊറുത്തുതരുമെന്നു, പൊറുത്തുതരുവാന്‍ لِي എനിക്കു خَطِيئَتِي എന്‍റെ തെറ്റ്, പിഴവ്, അബദ്ധം يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദിവസം

മനുഷ്യന്‍റെ സൃഷ്ടി മുതല്‍ പരലോകജീവിതംവരെയുള്ള എല്ലാ പ്രധാന വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു വിവരണമാണ് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഈ പ്രസ്താവനയിലുള്ളത്. ഇവ ഓരോന്നിലും മറ്റാര്‍ക്കും യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ലാത്ത സ്ഥിതിക്ക് മറ്റാരെയും ആരാധ്യനായി സ്വീകരിക്കുവാന്‍ യാതൊരു ന്യായവുമില്ല എന്നാണ് അദ്ദേഹം താല്‍പര്യമാക്കുന്നത്. അല്ലാഹുവിന്‍റെ ഈ മഹല്‍ഗുണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, അതോടൊപ്പം തന്‍റെ ഇഹപരനന്‍മകള്‍ക്കുവേണ്ടി അവനോട് ദുആ (പ്രാര്‍ത്ഥന) ചെയ്യാതിരിക്കുവാന്‍ ഭക്തിനിര്‍ഭരമായ അദ്ദേഹത്തിന്‍റെ ഹൃദയത്തിന് സാധിക്കുന്നില്ല. അദ്ദേഹം ദുആ ചെയ്യുന്നു:-

26:83
  • رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ ﴾٨٣﴿
  • ‘രക്ഷിതാവേ, എനിക്ക് വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോടു ചേര്‍ത്തുതരുകയും വേണമേ!’
  • رَبِّ എന്‍റെ റബ്ബേ هَبْ لِي എനിക്ക് പ്രദാനം ചെയ്യണേ حُكْمًا വിജ്ഞാനം, വിധി وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും വേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്‌വൃത്തരോടു

26:84

  • وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ ﴾٨٤﴿
  • ‘പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍ക്കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ!’
  • وَاجْعَل لِّي എനിക്കു ഉണ്ടാക്കിത്തരുകയും വേണമേ لِسَانَ صِدْقٍ സല്‍കീര്‍ത്തി, സത്യത്തിന്‍റെ കീര്‍ത്തി فِي الْآخِرِينَ പിന്‍ഗാമികളില്‍, പിന്നീടുള്ളവരില്‍

26:85

  • وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴾٨٥﴿
  • ‘എന്നെ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗാവകാശികളില്‍ ആക്കിത്തരുകയും വേണമേ!’
  • وَاجْعَلْنِي എന്നെ ആക്കുകയും വേണമേ مِن وَرَثَةِ അനന്തരാവകാശികളില്‍ (പെട്ടവന്‍) جَنَّةِ النَّعِيمِ സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗത്തിന്‍റെ

26:86

  • وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ﴾٨٦﴿
  • ‘എന്‍റെ പിതാവിന് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ചയമായും, അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തില്‍ ആയിരിക്കുകയാണ്!
  • وَاغْفِرْ പൊറുത്തുകൊടുക്കുകയും ചെയ്യണേ لِأَبِي എന്‍റെ പിതാവിന് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു مِنَ الضَّالِّينَ വഴി പിഴച്ചവരില്‍

26:87

  • وَلَا تُخْزِنِى يَوْمَ يُبْعَثُونَ ﴾٨٧﴿
  • ‘അവര്‍ (മനുഷ്യര്‍) ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം, എന്നെ അപമാനത്തിലാക്കരുതേ!-
  • وَلَا تُخْزِنِي എന്നെ അപമാനിക്കയും ചെയ്യരുതേ يَوْمَ يُبْعَثُونَ അവര്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം
26:88
  • يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴾٨٨﴿
  • ‘അതായത്: സ്വത്താകട്ടെ, മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം;-
  • يَوْمَ لَا يَنفَعُ ഉപകാരം ചെയ്യാത്ത ദിവസം مَالٌ സ്വത്ത്, ഒരു മുതലും وَلَا بَنُونَ മക്കളും (ഉപകാരം ചെയ്യാത്ത)

26:89

  • إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴾٨٩﴿
  • ‘നിര്‍ദ്ദോഷമായ (അന്യൂനമായ) ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ (മറ്റാര്‍ക്കും ഉപകരിക്കാത്ത ദിവസം).’
  • إِلَّا ഒരുവന്നൊഴികെ مَنْ أَتَى اللَّـهَ അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു بِقَلْبٍ ഹൃദയത്തോടുകൂടി, ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ

ഈ മഹത്തായ പ്രാര്‍ത്ഥനയില്‍ അഞ്ചാറ് കാര്യങ്ങളാണ് ഇബ്രാഹീം (عليه الصلاة والسلام) നബി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ പ്രാര്‍ത്ഥന നാമും സദാ ചെയ്യേണ്ടതാകുന്നുവെന്ന് പറയേണ്ടതില്ല. 1-ാമത്തേത് വിജ്ഞാനം ലഭിക്കുവാനുള്ള അപേക്ഷയാണല്ലോ. ഈ അപേക്ഷ സ്വീകരിച്ച് അല്ലാഹു അദ്ദേഹത്തിന് വിജ്ഞാനം കൊടുത്തിട്ടുണ്ടെന്ന് ഖുര്‍ആനില്‍നിന്നും മറ്റും ധാരാളം വ്യക്തമാണ്. 2-ാമതായി സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തുവാനുള്ള അപേക്ഷയാണ്. ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആനില്‍ തന്നെ കാണാം. وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ – النحل: ١٢٢ …. (അദ്ദേഹം പരലോകത്ത് സജ്ജനങ്ങളില്‍ പെട്ടവനാകുന്നു) എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. 3-ാമത്തേത് പിന്‍ഗാമികളില്‍ സല്‍കീര്‍ത്തി നിലനിര്‍ത്തണമെന്നുള്ളതാകുന്നു. ഇതിനെക്കുറിച്ചും ഖുര്‍ആനില്‍ പലേടത്തും കാണുവാന്‍ കഴിയും. അദ്ദേഹത്തിനു മാത്രമല്ല, പുത്രനായ ഇസ്ഹാഖ് (عليه الصلاة والسلام) നബിയെയും പൗത്രന്‍ യഅ്ഖൂബ് (عليه الصلاة والسلام) നബിയെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരിടത്തു ഇങ്ങിനെ പറയന്നു:… وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا – مريم: ٥٠ (അവര്‍ക്ക് നാം ഉന്നതമായ സല്‍ക്കീര്‍ത്തി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു). ദൈവിക വേദക്കാരായ ഏതു മതസ്ഥരും ഇബ്രാഹീം (عليه الصلاة والسلام) നബിയെ ബഹുമാനിക്കാത്തവരായിട്ടില്ല. പരലോകത്തുവെച്ച് സാധിക്കേണ്ടതായുള്ള രണ്ടു പ്രാര്‍ത്ഥനകളും – സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുത്തുവാനും, പുനരുത്ഥാന ദിവസം അപമാനത്തിലാക്കാതിരിക്കുവാനുമുള്ള അപേക്ഷകളും – തന്നെ അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍ വചനം സാക്ഷ്യം നല്‍കുന്നു. ‘അദ്ദേഹം പരലോകത്ത് സജ്ജനങ്ങളില്‍ പെട്ടവനാണ്’ എന്ന പ്രസ്താവനയില്‍ നിന്ന് ഇത് സ്പഷ്ടമാണല്ലോ.

പിതാവിന് പാപമോചനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് എനി ബാക്കിയുള്ളത്. പിതാവിനോട് അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദാനമനുസരിച്ചാണ് ഈ പ്രാര്‍ത്ഥന അദ്ദേഹം ചെയ്തിരുന്നതെന്നും, പിന്നീട് പിതാവ് അല്ലാഹുവിന്‍റെ ശത്രുതന്നെയാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുകളയുകയുണ്ടായെന്നും സൂ: തൗബഃ 114-ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അവിടെയും സൂ: മര്‍യമിലും നാം ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്.

നിര്‍ദ്ദോഷമായ – അഥവാ അവിശ്വാസത്തിന്‍റെ കറ ബാധിക്കാത്തതും, പാപപങ്കിലമല്ലാത്തതുമായ – സുരക്ഷിത ഹൃദയത്തോടുകൂടി അല്ലാഹുവിങ്കല്‍ വന്നവര്‍ക്കു മാത്രമേ സ്വത്തുക്കളും മക്കളും പരലോകത്തുവെച്ച് ഉപയോഗപ്പെടുകയുള്ളുവെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രാര്‍ത്ഥനയില്‍ കൂടി അല്ലാഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെയുള്ളവര്‍, തങ്ങളുടെ സ്വത്തുക്കള്‍ നല്ല മാര്‍ഗ്ഗത്തില്‍ മാത്രം വിനിയോഗിക്കുന്നവരും, തങ്ങളുടെ മക്കളെ സല്‍പന്ഥാവില്‍ നയിക്കുവാന്‍ കഴിവതെല്ലാം ചെയ്യുന്നവരുമായിരിക്കുക സ്വാഭാവികമാണ്. മനുഷ്യന്‍റെ മരണശേഷവും അവശേഷിക്കുന്ന മൂന്നു സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ് സദ്-വൃത്തരായ മക്കളും നിലനിന്നുവരുന്ന ദാനധര്‍മ്മങ്ങളും എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ള ഒരു ഹദീസില്‍ വന്നിട്ടുണ്ടല്ലോ. (ഹദീസിന്‍റെ പൂര്‍ണ്ണരൂപം സൂ: ഫൂര്‍ഖാന്‍ 74-ാം ആയത്തിന്‍റെ വിവരണത്തില്‍ കാണാം). നേരെമറിച്ച്, പാപികളും അക്രമികളുമായ ആളുകള്‍ക്ക് പരലോകത്തില്‍ അവ രണ്ടുകൊണ്ടും ഗുണം ലഭിക്കുവാനില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദോഷം വരുവാന്‍തന്നെ കാരണമായേക്കുകയും ചെയ്യും. സ്വത്തുക്കളും മക്കളും മാത്രമല്ല, ഭൂമിയിലുള്ളവരെ മുഴുവനുംതന്നെ ബലികൊടുത്തിട്ടെങ്കിലും രക്ഷകിട്ടിയാല്‍ കൊള്ളാമെന്നായിരിക്കും അന്ന് കുറ്റവാളികള്‍ കൊതിച്ചുപോകുക! (معاذ الله). ആ വമ്പിച്ച ദിവസത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ അല്ലാഹു തുടര്‍ന്ന് പ്രസ്താവിക്കുന്നു:-

26:90
  • وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ﴾٩٠﴿
  • (ആ ദിവസം) ഭയഭക്തന്‍മാര്‍ക്ക് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നതാണ്.
  • وَأُزْلِفَتِ അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവര്‍ക്കു

26:91

  • وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ﴾٩١﴿
  • ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് നരകം (മുന്നില്‍) വെളിവാക്കപ്പെടുകയും ചെയ്യും.
  • وَبُرِّزَتِ വെളിവാക്കപ്പെടുകയും ചെയ്യും, പ്രത്യക്ഷമാക്കപ്പെടും الْجَحِيمُ നരകം, കത്തിജ്വലിക്കുന്ന അഗ്നി لِلْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികള്‍ക്കു, വഴികെട്ടവര്‍ക്കു

26:92

  • وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ﴾٩٢﴿
  • അവരോട് [ദുര്‍മ്മാര്‍ഗ്ഗികളോട്] പറയപ്പെടും: ‘നിങ്ങള്‍ ആരാധിച്ചുവന്നിരുന്നവര്‍ എവിടെ?
  • وَقِيلَ لَهُمْ അവരോടു പറയപ്പെടും أَيْنَ എവിടെയാണ് مَا യാതൊന്നു് كُنتُمْ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന

26:93

  • مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ﴾٩٣﴿
  • ‘അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നിരുന്നവര്‍)?! അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ, അല്ലെങ്കില്‍ അവര്‍ (സ്വയം) സഹായ നടപടി എടുക്കുന്നുണ്ടോ?!’
  • مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ هَلْ يَنصُرُونَكُمْ അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ أَوْ يَنتَصِرُونَ അല്ലെങ്കില്‍ അവര്‍ക്കു സഹായം ലഭിക്കുന്നുണ്ടോ, സ്വയം സഹായ നടപടി എടുക്കുന്നുവോ

26:94

  • فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ ﴾٩٤﴿
  • അങ്ങനെ, അവരും [ആരാധ്യവസ്തുക്കളും] ദുര്‍മ്മാര്‍ഗ്ഗികളും അതില്‍ [നരകത്തില്‍] കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്; –
  • فَكُبْكِبُوا അങ്ങനെ (അപ്പോള്‍) അവര്‍ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും فِيهَا അതില്‍ هُمْ അവര്‍, അവരും തന്നെ وَالْغَاوُونَ ദുര്‍മാര്‍ഗ്ഗികളും, വഴികെട്ടവരും

26:95

  • وَجُنُودُ إِبْلِيسَ أَجْمَعُونَ ﴾٩٥﴿
  • ‘ഇബ്ലീസി’ന്‍റെ സൈന്യങ്ങള്‍ മുഴുവനുംതന്നെ (തള്ളിയിടപ്പെടും).
  • وَجُنُودُ إِبْلِيسَ ഇബ്ലീസിന്‍റെ സൈന്യങ്ങളും أَجْمَعُونَ മുഴുവനും, എല്ലാവരും

26:96

  • قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ ﴾٩٦﴿
  • അതില്‍വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: –
  • قَالُوا അവര്‍ പറയും وَهُمْ അവരായിരിക്കെ فِيهَا അതില്‍ يَخْتَصِمُونَ തര്‍ക്കിച്ചുകൊണ്ടിരിക്കും, വഴക്കിട്ടുകൊണ്ടിരിക്കും

26:97

  • تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍ مُّبِينٍ ﴾٩٧﴿
  • ‘അല്ലാഹുവാണ (സത്യം)! നിശ്ചയമായും, ഞങ്ങള്‍ പ്രത്യക്ഷമായ വഴിപിഴവില്‍ തന്നെയായിരുന്നു;
  • تَاللَّـهِ അല്ലാഹുവാണ (സത്യം) إِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ പ്രത്യക്ഷമായ, തനി

26:98

  • إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ ﴾٩٨﴿
  • ‘- ലോകരക്ഷിതാവിനോട് നിങ്ങളെ ഞങ്ങള്‍ സമപ്പെടുത്തിയിരുന്നപ്പോള്‍!’
  • إِذْ نُسَوِّيكُم ഞങ്ങള്‍ നിങ്ങളെ സമപ്പെടുത്തിയിരുന്നപ്പോള്‍ بِرَبِّ الْعَالَمِينَ ലോകരക്ഷിതാവിനോട്

[നിങ്ങളെ ലോകരക്ഷിതാവായ അല്ലാഹുവിനോട് സമമാക്കി സങ്കല്പിച്ചുകൊണ്ട് ഞങ്ങള്‍ ആരാധിച്ചുവന്നപ്പോള്‍, – അല്ലാഹുവാണ – നിശ്ചയമായും ഞങ്ങള്‍ തനി വഴിപിഴവില്‍ തന്നെയായിരുന്നു!]

26:99
  • وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴾٩٩﴿
  • ‘(ആ) മഹാപാപികളല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല!’
  • وَمَا أَضَلَّنَا ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല إِلَّا الْمُجْرِمُونَ മഹാപാപികളൊഴികെ, കുറ്റവാളികളല്ലാതെ

26:100

  • فَمَا لَنَا مِن شَـٰفِعِينَ ﴾١٠٠﴿
  • ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ഷകന്‍മാരായി (ഒരാളും) ഇല്ല!’
  • فَمَا لَنَا എനി (ഇപ്പോള്‍) ഞങ്ങള്‍ക്കില്ല مِن شَافِعِينَ ശുപാര്‍ശകന്മാരില്‍ നിന്ന് (ഒരാളും)

26:101

  • وَلَا صَدِيقٍ حَمِيمٍ ﴾١٠١﴿
  • ‘അനുകമ്പയുള്ള ഒരു ചങ്ങാതിയുമില്ല!’
  • وَلَا صَدِيقٍ ഒരു ചങ്ങാതിയും ഇല്ല, സ്നേഹിതനുമില്ല حَمِيمٍ ചൂടുള്ള (അനുകമ്പയുള്ള, അനുഭാവം കാണിക്കുന്ന)

26:102

  • فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾١٠٢﴿
  • ‘ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍! എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ!’
  • فَلَوْ أَنَّ لَنَا എനി (അതുകൊണ്ട്) ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً ഒരു മടക്കം فَنَكُونَ എന്നാല്‍ ഞങ്ങളായിരുന്നേനെ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ (പെട്ടവര്‍)

26:103

  • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٠٣﴿
  • നിശ്ചയമായും അതില്‍ (മേല്‍പറഞ്ഞതില്‍) ഒരു (വലുതായ) ദൃഷ്ടാന്തമുണ്ട്:
    അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും, മിക്ക ആളുകളും مُّؤْمِنِينَ സത്യവിശ്വാസികള്‍, വിശ്വസിക്കുന്നവര്‍

26:104

  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٠٤﴿
  • നിശ്ചയമായും, നിന്‍റെ രക്ഷിതാവ് തന്നെയാണ്, പ്രതാപശാലിയും കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ഇതാണ് അന്നത്തെ ദിവസം ഉണ്ടാവാനിരിക്കുന്ന ചില സ്ഥിതിഗതികള്‍. ഈ ദിവസം അപമാനത്തിലകപ്പെടാതെ രക്ഷ നല്‍കണേ എന്നത്രെ ഇബ്രാഹീം (عليه الصلاة والسلام) നബി ദുആ ചെയ്യുന്നത്. അന്ന് രക്ഷയും, മോക്ഷവും നല്‍കി അനുഗ്രഹിക്കപ്പെടുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

നൂഹ് (عليه الصلاة والسلام) നബിയുടെ വൃത്താന്തമാണ് അടുത്ത വചനങ്ങളില്‍ വരുന്നത്. തുടര്‍ന്നുകൊണ്ട് വേറെ ചില നബിമാരുടെ കഥകളും. അവയിലെല്ലാം ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ചില ഭാഗങ്ങള്‍ കാണാം. അതും, ഓരോ നബിമാരോടും അവരുടെ സമുദായങ്ങള്‍ പെരുമാറിവന്ന രീതിയും, അവര്‍ നടത്തിവന്ന കുതര്‍ക്കങ്ങളും പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. മതവിശ്വാസവും, ഭയഭക്തിയും കുറഞ്ഞു വരുന്ന ഇക്കാലത്ത് പലരില്‍നിന്നും പ്രകടമായിക്കാണാറുള്ള കടുത്ത മനോഭാവങ്ങളും, മതനിയമങ്ങള്‍ക്കെതിരില്‍ അവരാല്‍ ഉന്നയിക്കപ്പെടാറുള്ള യുക്തിവാദങ്ങളും കാണുമ്പോള്‍, ആ പൗരാണിക സമുദായങ്ങളുടെ തനി അനുകരണങ്ങളാണ് അവയെല്ലാം എന്ന് തോന്നിപ്പോകുന്നു!

നാലം ഘട്ടം – ക്യാമ്പയിൻ 7 – സൂറത്തു ശുഅറാഉ് – ആയത്ത് 34 മുതൽ 69 വരെ

സൂറത്തു ശുഅറാഉ് : 34-69

സൂറത്തു ശുഅറാഉ് : 34-69

വിഭാഗം – 3

26:34

  • قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ ﴾٣٤﴿
  • തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫി൪ഔന്‍) പറഞ്ഞു: ‘നിശ്ചയമായും, ഇവന്‍ അറിവുള്ള (നിപുണനായ) ഒരു ജാലവിദ്യക്കാരന്‍തന്നെ!
  • قَالَ അവന്‍ പറഞ്ഞു لِلْمَلَإِ പ്രമുഖരോടു, പ്രധാനികളോടു حَوْلَهُ തന്‍റെ ചുറ്റുമുള്ള إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ لَسَاحِرٌ ഒരു ജാലവിദ്യക്കാരന്‍ തന്നെ عَلِيمٌ അറിവുള്ളവനായ

26:35

  • يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ ﴾٣٥﴿
  • ‘അവന്‍ തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അതിനാല്‍, [അവനെപ്പറ്റി] നിങ്ങള്‍ എന്തു നിര്‍ദ്ദേശിക്കുന്നു!’.
  • يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍നിന്നു, നാട്ടില്‍ നിന്നു بِسِحْرِهِ അവന്‍റെ ജാലവിദ്യകൊണ്ടു فَمَاذَا അതിനാല്‍ എന്താണ് تَأْمُرُونَ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു, കല്‍പിക്കുന്നു

26:36

  • قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ ﴾٣٦﴿
  • അവര്‍ പറഞ്ഞു: ‘അവനും, അവന്‍റെ സഹോദരനും ഇടകൊടുക്കുക; നഗരങ്ങളില്‍, ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുകയും ചെയ്യുക;-
  • قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവന്നു ഒഴിവുകൊടുക്കുക, സാവകാശം കൊടുക്കുക وَأَخَاهُ അവന്‍റെ സഹോദരന്നും وَابْعَثْ നിയോഗിക്കുകയും ചെയ്യുക فِي الْمَدَائِنِ നഗരങ്ങളില്‍, പട്ടണങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ

26:37

  • يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ ﴾٣٧﴿
  • അവര്‍, എല്ലാ അറിവുള്ള [നിപുണന്‍മാരായ] ജാലവിദ്യക്കാരേയും അങ്ങയുടെ അടുക്കല്‍ കൊണ്ടുവരട്ടെ.’
  • يَأْتُوكَ അവര്‍ തനിക്ക് (അങ്ങേക്ക്) കൊണ്ടുവരട്ടെ, വരട്ടെ بِكُلِّ سَحَّارٍ എല്ലാ സിഹ്റന്‍മാരെയും കൊണ്ടു, എല്ലാ ജാലവിദ്യക്കാരെയും عَلِيمٍ അറിവുള്ള (നിപുണരായ)

മൂസാ കാണിച്ചത് ഒരു ദിവ്യദൃഷ്ടാന്തമൊന്നുമല്ല – ജാലവിദ്യ (*) മാത്രമാണ് – പക്ഷേ അവനതില്‍ നിപുണനാണ്; അതുവഴി ജനങ്ങളെ വശീകരിച്ച് നാട്ടില്‍നിന്ന് പുറത്ത് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫി൪ഔന്‍ സമര്‍ത്ഥിച്ചു. എങ്കിലും, എനി എന്തു വേണമെന്നറിയാതെ കുഴങ്ങി. ദര്‍ബാറിലുള്ളവരോട് നിര്‍ദ്ദേശം തേടി. തല്‍ക്കാലം മൂസാ (അ) നബിയെയും, സഹോദരന്‍ ഹാറൂന്‍ (അ) നബിയെയും ഒഴിവാക്കിവിടുവാനും നാട്ടിലെല്ലാമുള്ള സമര്‍ത്ഥരായ ജാലവിദ്യക്കാരെ ശേഖരിച്ചുകൊണ്ടുവന്ന് ഒരു മത്സരം നടത്തുവാനും അവര്‍ അഭിപ്രായപ്പെട്ടു. പെട്ടെന്ന് മൂസാ (അ) നബിയെ കൊലചെയ്യുകയോ മറ്റോ ചെയ്താല്‍, അത് ജനങ്ങളില്‍ ആശയക്കുഴപ്പവും, ആശങ്കയും ഉളവാക്കിയേക്കുമെന്ന് അവര്‍ കരുതിയിരിക്കാം. ഏതായാലും വമ്പിച്ച ഒരു ജനാവലിയുടെ മുമ്പില്‍വെച്ച് പരസ്യമായിത്തന്നെ അത് നടക്കണമെന്ന് അല്ലാഹുവും ഉദ്ദേശിച്ചു.


(*). ‘ജാലവിദ്യ’ എന്നര്‍ത്ഥം കല്‍പിച്ച ‘സിഹ്ര്‍’ (السحر) എന്ന വാക്കില്‍ പല ഇനങ്ങളും ഉള്‍പ്പെടുമെന്ന് സൂ: അല്‍ബഖറ 102ന്‍റെയും ത്വാഹാ 68-ന്‍റെയും വിവരണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

26:38
  • فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوْمٍ مَّعْلُومٍ ﴾٣٨﴿
  • അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
  • فَجُمِعَ السَّحَرَةُ അങ്ങനെ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു لِمِيقَاتِ يَوْمٍ ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്കു مَّعْلُومٍ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട)

26:39

  • وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ ﴾٣٩﴿
  • ജനങ്ങളോട് ചോദിക്കപ്പെട്ടു: ‘നിങ്ങള്‍ സമ്മേളിക്കുന്നുണ്ടോ?-
  • وَقِيلَ പറയപ്പെട്ടു لِلنَّاسِ മനുഷ്യരോട് هَلْ أَنتُم നിങ്ങളാണോ مُّجْتَمِعُونَ സമ്മേളിക്കുന്നവര്‍ (ഒരുമ്മിച്ചുകൂടുന്നുവോ)

26:40

  • لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَـٰلِبِينَ ﴾٤٠﴿
  • ‘ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍, നമുക്ക് അവരെ പിന്‍തുടര്‍ന്നേക്കാമല്ലോ!’
  • لَعَلَّنَا نَتَّبِعُ നമുക്കു പിന്‍പറ്റാം, തുടര്‍ന്നേക്കാം السَّحَرَةَ ജാലവിദ്യക്കാരെ إِن كَانُوا അവര്‍ ആയിരുന്നാല്‍ هُمُ അവര്‍ തന്നെ الْغَالِبِينَ ജയിച്ചവര്‍, വിജയികള്‍

അങ്ങനെ, ഉത്സവദിവസം പൂര്‍വ്വാഹ്നസമയത്തേക്ക് എല്ലാവരും സമ്മേളിച്ചു. അനേകം ജാലവിദ്യക്കാരും – ആയിരക്കണക്കിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു – ധാരാളം പ്രേക്ഷകരും! രാജകീയമായ പ്രചാരണം മുറക്കു നടന്നിരിക്കുമല്ലോ. മിക്കവാറും ജാലവിദ്യക്കാര്‍ക്കുതന്നെയാണ് വിജയമുണ്ടാകുകയെന്നാണവരുടെ പ്രതീക്ഷ.

26:41
  • فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ ﴾٤١﴿
  • അങ്ങിനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍ അവര്‍ ഫി൪ഔനോട് പറഞ്ഞു: ‘ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും വല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?’
  • فَلَمَّا جَاءَ അങ്ങിനെ വന്നപ്പോള്‍ السَّحَرَةُ ജാലവിദ്യക്കാര്‍ قَالُوا അവര്‍ പറഞ്ഞു لِفِرْعَوْنَ ഫി൪ഔനോടു أَئِنَّ തീര്‍ച്ചയായും ഉണ്ടോ لَنَا ഞങ്ങള്‍ക്കു لَأَجْرًا പ്രതിഫലം, കൂലി إِن كُنَّا ഞങ്ങളായിരുന്നാല്‍, ആണെങ്കില്‍ نَحْنُ ഞങ്ങള്‍ തന്നെ الْغَالِبِينَ വിജയികള്‍

26:42

  • قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ ﴾٤٢﴿
  • അവന്‍ പറഞ്ഞു: ‘അതെ,അപ്പോള്‍, നിശ്ചയമായും നിങ്ങള്‍ (നമ്മുടെ സന്നിധിയില്‍) സാമീപ്യം നല്‍കപ്പെടുന്നവരില്‍ പെട്ടവരുമായിരിക്കും.’
  • قَالَ അവന്‍ പറഞ്ഞു نَعَمْ അതെ, ഉവ്വ് وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا അപ്പോള്‍, എന്നാല്‍ لَّمِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെടുന്നവരില്‍പെട്ടവരുമാണു (അടുത്ത ആളുകളായിരിക്കും)
26:43
  • قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ﴾٤٣﴿
  • മൂസാ അവരോടു [ജാലവിദ്യക്കാരോട്] പറഞ്ഞു: ‘നിങ്ങള്‍ക്ക് ഇടുവാനുള്ളത് ഇട്ടേക്കൂ.’
  • قَالَ لَهُم مُّوسَىٰ അവരോടു മൂസാ പറഞ്ഞു أَلْقُوا നിങ്ങള്‍ ഇടുക, പ്രയോഗിക്കുക مَا യാതൊന്നു أَنتُم مُّلْقُونَ നിങ്ങള്‍ (അതു) ഇടുന്നവരാകുന്നു

26:44

  • فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ ﴾٤٤﴿
  • അപ്പോള്‍, അവര്‍ തങ്ങളുടെ കയറുകളും, വടികളും (നിലത്ത്) ഇട്ടു. അവര്‍ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഫി൪ഔന്‍റെ വീര്യംകൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍!’
  • فَأَلْقَوْا അങ്ങനെ അവര്‍ ഇട്ടു حِبَالَهُمْ അവരുടെ കയറുകള്‍ وَعِصِيَّهُمْ അവരുടെ വടികളും وَقَالُوا അവര്‍ പറയുകയും ചെയ്തു بِعِزَّةِ വീര്യംകൊണ്ട്, പ്രതാപംകൊണ്ട്, മഹത്വത്താല്‍ فِرْعَوْنَ ഫി൪ഔന്‍റെ إِنَّا നിശ്ചയമായും ഞങ്ങള്‍ لَنَحْنُ ഞങ്ങള്‍തന്നെയാണു الْغَالِبُونَ വിജയികള്‍, ജയിക്കുന്നവര്‍

26:45

  • فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ﴾٤٥﴿
  • അനന്തരം മൂസാ തന്‍റെ വടി ഇട്ടു. അപ്പോഴതാ, അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതിനെ (മുഴുവനും) അതു വിഴുങ്ങിക്കളയുന്നു!
  • فَأَلْقَىٰ مُوسَىٰ അനന്തരം മൂസാ ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അതു تَلْقَفُ വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതു, കൃത്രിമം ചെയ്തിരുന്നതു

26:46

  • فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ ﴾٤٦﴿
  • അപ്പോള്‍, ജാലവിദ്യക്കാര്‍ ‘സുജൂദാ’യി വീഴ്ത്തപ്പെട്ടു [സാഷ്ടാംഗം നിലംപതിച്ചു].
  • فَأُلْقِيَ അപ്പോള്‍ ഇടപ്പെട്ടു (നിലംപതിച്ചു) السَّحَرَةُ ജാലവിദ്യക്കാര്‍ سَاجِدِينَ സുജൂദ്‌ ചെയ്യുന്നവരായ നിലയില്‍, സുജൂദ്‌ ചെയ്തുകൊണ്ട്

26:47

  • قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ ﴾٤٧﴿
  • അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ലോകരക്ഷിതാവില്‍ വിശ്വസിച്ചു,-
  • قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ الْعَالَمِينَ ലോകരക്ഷിതാവില്‍

26:48

  • رَبِّ مُوسَىٰ وَهَـٰرُونَ ﴾٤٨﴿
  • ‘അതായത്, മൂസായുടേയും, ഹാറൂന്‍റെയും രക്ഷിതാവില്‍!’
  • رَبِّ مُوسَىٰ മൂസായുടെ റബ്ബ് وَهَارُونَ ഹാറൂന്‍റെയും

എന്തോ ചില രഹസ്യപ്രയോഗങ്ങളുടെയോ മറ്റോ സഹായത്താല്‍ പൊതുജനദൃഷ്ടിയില്‍ പാമ്പുകളാണെന്ന് തോന്നിക്കുന്നവിധം ജാലവിദ്യക്കാര്‍ നടത്തിയ പ്രദര്‍ശനം പാടെ പരാജയപ്പെട്ടു. അവര്‍ നിലത്തിട്ടിരുന്ന കയറുകളും വടികളുമാകുന്ന കൃത്രിമപ്പാമ്പുകളെയെല്ലാം മൂസാ (അ) നബിയുടെ വടിയാകുന്ന ഭയങ്കരനായ ആ പെരുമ്പാമ്പ് വിഴുങ്ങിക്കളഞ്ഞു. അവര്‍ പരാജയം പരാജയം സമ്മതിച്ചു. അത് ദൈവിക ദൃഷ്ടാന്തം തന്നെയാണെന്ന് അവര്‍ക്ക് ശരിക്കും ബോധ്യപ്പെട്ടു. അവര്‍ ലോകരക്ഷിതാവില്‍ വിശ്വസിക്കയും അവന് സുജൂദായി നിലംപതിക്കയും ചെയ്തു. തങ്ങളുടെ വിശ്വാസം ഒട്ടും ധൈര്യക്ഷയം കൂടാതെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഫി൪ഔന്ന് ഇത് വമ്പിച്ച അടിയാണെന്ന് പറയേണ്ടതില്ലല്ലോ.

26:49
  • قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ﴾٤٩﴿
  • അവന്‍ [ഫി൪ഔന്‍] പറഞ്ഞു: ‘നിങ്ങള്‍ക്ക് ഞാന്‍ സമ്മതം നല്‍കും മുമ്പായി അവനെ നിങ്ങള്‍ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവുതന്നെയാണ്. അതുകൊണ്ട് അടുത്തുതന്നെ നിങ്ങള്‍ക്കറിയാറാകും;-
  • قَالَ അവന്‍ പറഞ്ഞു ءَامَنتُمْ لَهُ നിങ്ങള്‍ അവനെ വിശ്വസിച്ചു (അല്ലേ) قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം നല്‍കുന്നതിനുമുമ്പ് لَكُمْ നിങ്ങള്‍ക്കു إِنَّهُ لَكَبِيرُكُمُ നിശ്ചയമായും അവന്‍ നിങ്ങളുടെ വലിയവന്‍ (നേതാവു) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നവനായ السِّحْرَ ജാലവിദ്യ فَلَسَوْفَ ആകയാല്‍ വഴിയെ (അടുത്തുതന്നെ) تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം

26:50

  • لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ ﴾٥٠﴿
  • നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്തമായനിലയില്‍ ഞാന്‍ മുറിപ്പിച്ചുകളയും; നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിപ്പിക്കുകയും ചെയ്യും.’
  • لَأُقَطِّعَنَّ നിശ്ചയമായും ഞാന്‍ മുറിപ്പിക്കും, ധാരാളം മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായ നിലയില്‍ وَلَأُصَلِّبَنَّكُمْ നിശ്ചയമായും ഞാന്‍ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും أَجْمَعِينَ മുഴുവനും

26:51

  • قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴾٥١﴿
  • അവര്‍ പറഞ്ഞു: ‘ഒരു ദോഷവുമില്ല [വിരോധവുമില്ല]; നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു.
  • قَالُوا അവര്‍ പറഞ്ഞു لَا ضَيْرَ ദോഷമില്ല, വിരോധമില്ല إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു مُنقَلِبُونَ മടങ്ങിച്ചെല്ലുന്നവര്‍തന്നെ, തിരിച്ചെത്തുന്നവരാണ്

26:52

  • إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ ﴾٥٢﴿
  • ‘ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു’.
  • إِنَّا نَطْمَعُ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ പൊറുത്തുതരുമെന്നു لَنَا ഞങ്ങള്‍ക്കു رَبُّنَا ഞങ്ങളുടെ റബ്ബ് خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍, പിഴവുകള്‍ أَن كُنَّا ഞങ്ങള്‍ ആയതിനാല്‍ أَوَّلَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ ആദ്യത്തേവര്‍, പ്രഥമവിശ്വാസികള്‍

ഫി൪ഔന്‍ ക്രോധിച്ചു. തന്‍റെ അനുമതികൂടാതെ ജാലവിദ്യക്കാര്‍ അല്ലാഹുവില്‍ വിശ്വസിച്ചത് വമ്പിച്ച തെറ്റായി അവന്‍ ചിത്രീകരിച്ചു. അവരങ്ങിനെ ചെയ്‌വാന്‍ കാരണം, മൂസാ (അ) നബി അവരുടെ നേതാവും, ഗുരുവും ആയതാണെന്ന് പറഞ്ഞ് തന്‍റെ പരാജയം മറച്ചുവെക്കുവാന്‍ ശ്രമിച്ചു. ആ ശുദ്ധാത്മാക്കളായ സത്യവിശ്വാസികളുടെ കൈകാലുകള്‍ – ഒരു പുറത്തെ കാലും മറുപുറത്തെ കയ്യുമായി – മുറിച്ചും, അവരെ കുരിശില്‍ തറച്ചും മൃഗീയമായി ശിക്ഷിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു. എന്നാല്‍, സത്യവിശ്വാസത്തില്‍ ഉറച്ചുകഴിഞ്ഞ അവര്‍ അതൊന്നും വിലവെച്ചില്ല. യാതൊരു വിരോധവുമില്ല; ഞങ്ങള്‍ ഏതായാലും അല്ലാഹുവിങ്കലേക്ക്‌ മടങ്ങിച്ചെല്ലുന്നവര്‍ തന്നെയാണ്; മരണം ഒരിക്കല്‍ അനിവാര്യമാണ്; അതുകൊണ്ട് തന്‍റെ ശിക്ഷയൊന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. മാത്രമല്ല, ഞങ്ങള്‍ ദൃഷ്ടാന്തം കണ്ട ഉടനെത്തന്നെ ആദ്യമായി വിശ്വസിച്ചവരായതുകൊണ്ട് അല്ലാഹു ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുമുണ്ട്‌.’ എന്നിങ്ങനെയാണവര്‍ ഫി൪ഔന്ന് സധീരം മറുപടി കൊടുത്തത്. ഫി൪ഔന്‍റെ വിധിക്ക് ഈജിപ്തില്‍ മറുകൈ ഇല്ലല്ലോ. അങ്ങനെ അവരെല്ലാം തൗഹീദിന്‍റെ രക്തസാക്ഷികളായിത്തീര്‍ന്നു.

പിന്നീട് കുറേകാലം മൂസാ (അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല അമാനുഷിക ദൃഷ്ടാന്തങ്ങളും അല്ലാഹു അദ്ദേഹത്തിന്‍റെ കൈക്ക് കാണിച്ചുകൊടുത്തു. ഫി൪ഔനും അവന്‍റെ ജനതയും അവരുടെ പഴയ നിലപാടില്‍തന്നെ ഉറച്ചുനിന്നു. ഇസ്രാഈല്യരില്‍പെട്ട കുറെ ആളുകള്‍ മാത്രം തൗഹീദില്‍ വിശ്വസിച്ചു. മൂസാ (അ) നബി പ്രബോധനം ചെയ്തു തുടങ്ങിയതുമുതല്‍ ഇസ്രാഈല്‍ ഗോത്രക്കാര്‍ കൂടുതല്‍ മര്‍ദ്ദനത്തിന്നിരയായിരുന്നു. അവര്‍ മൂസാ (അ) നബിയെ പൊറുതിമുട്ടിക്കുകയായി. അവരെ രക്ഷിക്കുവാനായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയായി, അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു.

വിഭാഗം – 4

26:53

  • وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ ﴾٥٣﴿
  • നാം മൂസാക്ക്‌ ‘വഹ്‌യു’ (ബോധനം) നല്‍കി: ‘എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫി൪ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും).’
  • وَأَوْحَيْنَا നാം ബോധനം നല്‍കി, വഹ്‌യ്‌ കൊടുത്തു إِلَىٰ مُوسَىٰ മൂസാക്ക് أَنْ أَسْرِ നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് بِعِبَادِي എന്‍റെ അടിയാന്‍മാരുമായി إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരായിരിക്കും

26:54

  • فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَـٰشِرِينَ ﴾٥٤﴿
  • അപ്പോള്‍, (വിവരമറിഞ്ഞ്) ഫി൪ഔന്‍ നഗരങ്ങളില്‍ (ജനങ്ങളെ) ശേഖരിക്കുന്ന ആളുകളെ അയച്ചു (അവര്‍ ഇങ്ങിനെ പ്രചാരം ചെയ്തു):-
  • فَأَرْسَلَ فِرْعَوْنُ അപ്പോള്‍ ഫി൪ഔന്‍ അയച്ചു فِي الْمَدَائِنِ നഗരങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ, ഒരുമിച്ചുകൂട്ടുന്നവരെ

26:55

  • إِنَّ هَـٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ ﴾٥٥﴿
  • ‘നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ.
  • إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَشِرْذِمَةٌ ഒരു സംഘംതന്നെയാണ്, കൂട്ടംതന്നെ قَلِيلُونَ കുറഞ്ഞആളുള്ള, കുറഞ്ഞവരായ

26:56

  • وَإِنَّهُمْ لَنَا لَغَآئِظُونَ ﴾٥٦﴿
  • അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്.
  • وَإِنَّهُمْ നിശ്ചയമായും അവര്‍ لَنَا നമ്മെ لَغَائِظُونَ അരിശംകൊള്ളിക്കുന്നവരുമാണ്

26:57

  • وَإِنَّا لَجَمِيعٌ حَـٰذِرُونَ ﴾٥٧﴿
  • ‘നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു.’
  • وَإِنَّا നിശ്ചയമായും നാം لَجَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടക്കാര്‍തന്നെ حَاذِرُونَ ജാഗരൂകരായ, ഉണര്‍വുള്ള

വഹ്‌യ്‌ അനുസരിച്ച് മൂസാ (അ) നബിയും ഇസ്രാഈല്യരും രാത്രി പുറപ്പെട്ടു. ഫി൪ഔന്‍ എങ്ങിനെയോ വിവരമറിഞ്ഞു. ഉടനടി പല ഭാഗത്തേക്കും ആളയച്ച് സൈന്യസജ്ജീകരണം ചെയ്തു. ഇസ്രാഈല്‍ ജനത നന്നെക്കുറച്ചേയുള്ളു. അവരെ പിടിക്കുവാന്‍ നമുക്ക് പ്രയാസമില്ല. അവര്‍ മുമ്പേതന്നെ നമ്മെ അരിശം കൊള്ളിച്ചുവന്ന ജനതയാണ്. അവരെ നാമെപ്പോഴും ജാഗരൂകരായും ഗൗനിച്ചും തന്നെയാണ് കഴിഞ്ഞുകൂടുന്നതും, എന്നിങ്ങിനെ പ്രഖ്യാപനം നടത്തി. ഒരു വമ്പിച്ച സേന തയ്യാറായി.

حَاذِرُونَ എന്ന വാക്കിന് പകരം حَذرُونَ എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നാം ജാഗ്രതയെടുത്തവരാണ് – അഥവാ ആയുധസാമഗ്രികള്‍ മുതലായ മുന്‍കരുതല്‍ ചെയ്തിട്ടുള്ളവരാണ് – എന്ന് സാരമാകുന്നു.

26:58
  • فَأَخْرَجْنَـٰهُم مِّن جَنَّـٰتٍ وَعُيُونٍ ﴾٥٨﴿
  • അങ്ങനെ, നാം അവരെ തോപ്പുകളില്‍ നിന്നും, (നദി മുതലായ) നീരുറവകളില്‍നിന്നും പുറത്തിറക്കി;
  • فَأَخْرَجْنَٰهُم അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി مِّن جَنَّاتٍ തോപ്പുകളില്‍നിന്ന് وَعُيُونٍ നീരുറവകളില്‍നിന്നും, അരുവികളില്‍ നിന്നും

26:59

  • وَكُنُوزٍ وَمَقَامٍ كَرِيمٍ ﴾٥٩﴿
  • ഭണ്ഡാരങ്ങളില്‍നിന്നും, മാന്യമായ സ്ഥാനത്തു നിന്നും (പുറത്തിറക്കി – അവര്‍ ഇസ്രാഈല്യരെ പിന്‍തുടര്‍ന്നു).
  • وَكُنُوزٍ ഭണ്ഡാരങ്ങളില്‍നിന്നും وَمَقَامٍ സ്ഥാനത്തുനിന്നും كَرِيمٍ മാന്യമായ

26:60

  • كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ ﴾٦٠﴿
  • അപ്രകാരമാണ് (സംഭവിച്ചത്). അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു.
  • كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ

ഉല്പന്നസമൃദ്ധങ്ങളായ തോട്ടങ്ങള്‍, ജലാശയങ്ങള്‍ക്കരികെ പരന്നുകിടക്കുന്ന വിശാലമായ വയല്‍പാടങ്ങള്‍, നീലനദിയും ഉപനദികളും തുടങ്ങിയ ജലാശയങ്ങള്‍, കണക്കില്ലാത്ത സ്വര്‍ണ്ണനിക്ഷേപങ്ങള്‍, അന്തരീക്ഷത്തില്‍ തല പൊക്കിനില്‍ക്കുന്ന കൊട്ടാരങ്ങള്‍. അതിവിസ്തൃതമായ രമ്യഹര്‍മ്മ്യങ്ങള്‍ എന്നിങ്ങിനെ ഈജിപ്തില്‍ തങ്ങള്‍ക്കുള്ള സര്‍വ്വസ്വവും പിന്നില്‍ വിട്ടേച്ചുകൊണ്ട് ഫി൪ഔനും സൈന്യവും പുറത്തുവന്നു – അല്ലാഹു അവരെ പുറത്തിറക്കി, അങ്ങിനെയാണ് അക്കഥ സംഭവിച്ചത്. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങള്‍ പിന്നീട് അല്ലാഹു ഇസ്രാഈല്യര്‍ക്ക് ഫലസ്തീനില്‍ വെച്ച് നല്‍കുകയുണ്ടായി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തി’ എന്ന് പറഞ്ഞത്. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ടശേഷം ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് മടങ്ങിയതായി ചരിത്രം കാണുന്നില്ല.

26:61
  • فَأَتْبَعُوهُم مُّشْرِقِينَ ﴾٦١﴿
  • എന്നിട്ട് അവര്‍ (ഫി൪ഔനും സൈന്യവും) ഉദയവേളയിലായിക്കൊണ്ട് അവരുടെ പിന്നാലെ വന്നു.
  • فَأَتْبَعُوهُم َ എന്നിട്ടു അവര്‍ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു مُّشْرِقِين അവര്‍ ഉദയവേളയിലായിക്കൊണ്ട്. (ഉദയസമയത്ത്)

26:62

  • فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَـٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ ﴾٦٢﴿
  • അങ്ങനെ, രണ്ടു സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ ആള്‍ക്കാര്‍ പറഞ്ഞു: ‘നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!’
  • فَلَمَّا تَرَاءَى അങ്ങനെ അന്യോന്യം കണ്ടപ്പോള്‍, കാണാറായപ്പോള്‍ الْجَمْعَانِ രണ്ടു സംഘവും قَالَ പറഞ്ഞു أَصْحَابُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ إِنَّا لَمُدْرَكُونَ നാം പിടിയില്‍പെടുന്നവര്‍തന്നെ

26:63

  • قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ ﴾٦٣﴿
  • അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഒരിക്കലുമില്ല, ‘എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്; അവന്‍ എനിക്ക് (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.’
  • قَالَ അദ്ദേഹം പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല إِنَّ مَعِيَ നിശ്ചയമായും എന്‍റെ കൂടെയുണ്ട് رَبِّي എന്‍റെ റബ്ബ് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കികൊള്ളും, എനിക്കു വഴികാട്ടും

ഫി൪ഔനും പട്ടാളസംഘവും ഉദയസമയത്ത് തങ്ങളുടെ അടുത്തെത്താറായിക്കണ്ടപ്പോള്‍, ഇസ്രാഈല്യര്‍ മുറവിളി കൂട്ടുകയായി. അവര്‍ ചെങ്കടലിനടുത്തെത്തിയിരിക്കുന്നു. പിന്നാലെ ശത്രുക്കളും, മുന്നില്‍ സമുദ്രവും! മൂസാ (അ) നബിക്കറിയാം, അല്ലാഹു തങ്ങളെ രക്ഷിക്കുമെന്ന്. അദ്ദേഹം അവരെ സമാധാനിപ്പിച്ചു.

26:64
  • فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴾٦٤﴿
  • അപ്പോള്‍, ‘നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക’ എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു.
  • فَأَوْحَيْنَا അപ്പോള്‍ നാം വഹ്‌യു (ബോധനം) നല്‍കി إِلَىٰ مُوسَىٰ മൂസാക്ക് أَنِ اضْرِب അടിക്കുക എന്ന് بِّعَصَاكَ നിന്‍റെ വടികൊണ്ട് الْبَحْرَ സമുദ്രത്തില്‍, സമുദ്രത്തിനു فَانفَلَقَ അപ്പോളതു പിളര്‍ന്നു فَكَانَ എന്നിട്ടു ആയി كُلُّ فِرْقٍ എല്ലാ പിളര്‍പ്പും كَالطَّوْدِ മലന്തിണ്ണപോലെ الْعَظِيمِ വമ്പിച്ച

26:65

  • وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴾٦٥﴿
  • അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു.
  • وَأَزْلَفْنَا നാം അടുപ്പിക്കയും ചെയ്തു, അണയിച്ചു ثَمَّ അവിടെ വെച്ചു الْآخَرِينَ മറ്റേവരെ, മറ്റേകൂട്ടരെ

26:66

  • وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴾٦٦﴿
  • മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു مُوسَىٰ മൂസായെ وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും

26:67

  • ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ ﴾٦٧﴿
  • പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു.
  • ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു الْآخَرِينَ മറ്റേവരെ

26:68

  • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾٦٨﴿
  • നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വലിയ) ദൃഷ്ടാന്തം وَمَا كَانَ ആയിട്ടില്ല, ഇല്ല, അല്ല أَكْثَرُهُم അവരില്‍ അധികമാളും مُّؤْمِنِينَ വിശ്വാസികള്‍, വിശ്വസിക്കുന്നവര്‍

26:69

  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٦٩﴿
  • നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി, വീര്യപ്പെട്ടവ൯ الرَّحِيمُ കരുണാനിധി

വഹ്‌യ്‌ കിട്ടിയ പ്രകാരം മൂസാ (അ) നബി തന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചതോടെ സമുദ്രം ഇരുപുറങ്ങളിലേക്കും മാറി നിന്നു. ഇസ്രാഈല്യര്‍ക്ക് സസുഖം കടന്നുപോകുമാറ് വിശാലമായ മാര്‍ഗ്ഗം തുറക്കപ്പെട്ടു. ഇരുപുറങ്ങളിലും വമ്പിച്ച മലപോലെ ജലം ഉയര്‍ന്ന് ചിറച്ചു നില്‍ക്കുന്നതിന്നിടയില്‍ക്കൂടി അവര്‍ മറുകരപറ്റി രക്ഷപ്പെട്ടു. അപ്പോഴേക്കും അവരെ പിടികൂടുവാന്‍ വേണ്ടി പിന്‍തുടര്‍ന്നു വരുന്ന ഫി൪ഔനും കൂട്ടരും ആ വിശാലമായ സമുദ്രകവാടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഉടനെ വെള്ളം തമ്മില്‍ കൂട്ടിമുട്ടുകയും അവര്‍ ആകമാനം മുങ്ങിനശിക്കുകയും ചെയ്തു.

മേലുദ്ധരിച്ച ആ വമ്പിച്ച സമുദ്രത്തില്‍, അല്ലാഹുവിന്‍റെ ഏകത്വത്തിനും, ശക്തിമാഹാത്മ്യത്തിനും, മൂസാ (അ) നബിയുടെ സത്യതക്കുമെല്ലാംതന്നെ മതിയായ ദൃഷ്ടാന്തങ്ങളുണ്ട്. അതേ വിശ്വാസത്തിലേക്കാണ് മുഹമ്മദ്‌ (സ്വ) നബിയും ജനങ്ങളെ ക്ഷണിക്കുന്നത്. എന്നിരിക്കെ, അദ്ദേഹത്തില്‍ വിശ്വസിക്കുവാനും ഈ സംഭവം തെളിവായിത്തീരുന്നു. എന്നാല്‍ മനുഷ്യരില്‍ അധികമാളുകളും ചിന്തിക്കുന്നില്ല, വിശ്വസിക്കുന്നുമില്ല.

67,68 എന്നീ ആയത്തുകളിലെ അതേ വാചകങ്ങള്‍ 8ഉം 9ഉം ആയത്തുകളിലും നാം കണ്ടുവല്ലോ. സസ്യലതാദികളുടെ ഉല്‍പാദനത്തിലടങ്ങിയ ദൃഷ്ടാന്തം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അവിടെ അത് പ്രസ്താവിച്ചത്. ഇവിടെ മൂസാ (അ) നബിയുടെയും, ഫി൪ഔന്‍റെയും കഥയെത്തുടര്‍ന്നാണ്. എനിയും, ഈ സൂറത്തിൽ തുടർന്നു വരുന്ന ഓരോ നബിമാരുടെ കഥക്കുശേഷവും ആ വാക്യങ്ങൾ കാണാവുന്നതാണ്. അങ്ങിനെ, ഈ സൂറത്തില്‍ അത് എട്ടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിരിക്കയാണ്. പ്രസ്തുത ദൃഷ്ടാന്ത സംഭവങ്ങള്‍ എല്ലാംതന്നെ മനുഷ്യസാധ്യമല്ലാത്തതും, സാധാരണ ഗതിക്കതീതമായതുമാണെന്ന് ആ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഖുര്‍ആനില്‍ ഇങ്ങിനെയുള്ള സൂചനകള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയത്രെ. നമ്മെ ചിന്തിപ്പിക്കുവാനാണ് അതെന്ന് പറയേണ്ടതില്ല.

അല്ലാഹു പ്രതാപശാലിയാണ്, (الْعَزِيزُ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, മനുഷ്യന്‍ എത്ര അനുസരണമില്ലാത്തവനും, ധിക്കാരിയുമായിരുന്നാല്‍പോലും, അവന്‍റെ പ്രതാപത്തിനും, മഹത്വത്തിനും യാതൊരു കോട്ടവും നേരിടുവാനില്ലെന്നും, അതിന്‍റെ നാശം മനുഷ്യന്‍തന്നെയാണ് അനുഭവിക്കേണ്ടിവരികയെന്നും ഓര്‍മ്മപ്പെടുത്തുകയാകുന്നു. അതോടൊന്നിച്ചുതന്നെ ‘കരുണാനിധി’ (الرَّحِيمُ) യാണ് എന്നും ഉണര്‍ത്തിയിടുള്ളത് നോക്കുക. മനുഷ്യന്‍ എന്ത് തെറ്റുകുറ്റം ചെയ്താലും ശരി, ഖേദിച്ചു മടങ്ങുന്നപക്ഷം അത് പൊറുത്തുകൊടുത്ത് കരുണചെയ്യുവാന്‍ അല്ലാഹു തയ്യാറാണെന്നത്രെ അത് കാണിക്കുന്നത്. അപ്പോള്‍, മനുഷ്യന്‍ എല്ലാ സമയത്തും അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെട്ടും. അവന്‍റെ കാരുണ്യത്തെ പ്രതീക്ഷിച്ചും കൊണ്ടിരിക്കേണ്ടതാകുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. നബി (സ്വ) തിരുമേനി ഇപ്രകാരം പ്രസ്താവിക്കുന്നു:-

لَوْ يَعْلَمُ الْمُؤْمِنُ مَا عِنْدَ اللَّهِ مِنَ الْعُقُوبَةِ مَا طَمِعَ بِجَنَّتِهِ أَحَدٌ ، وَلَوْ يَعْلَمُ الْكَافِرُ مَا عِنْدَ اللَّهِ مِنَ الرَّحْمَةِ مَا قَنَطَ مِنْ الرَّحْمَةِ أَحَدٌ : رواه مسلم

(സത്യവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്‍റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ച് (പൂര്‍ണ്ണമായി) അറിഞ്ഞിരുന്നുവെങ്കില്‍, അവന്‍റെ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഒരാളുംതന്നെ പ്രതീക്ഷിക്കുന്നതല്ല. അവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്‍റെ പക്കലുള്ള കാരുണ്യത്തെക്കുറിച്ച് (ശരിക്ക്) അറിയുമായിരുന്നെങ്കില്‍, അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒരാളുംതന്നെ നിരാശപ്പെടുന്നതുമല്ല.) ഓരോന്നും അത്രയും വിശാലവും ശക്തിമത്തുമാണെന്ന് സാരം.

നാലം ഘട്ടം – ക്യാമ്പയിൻ 6 – സൂറത്തു ശുഅറാഉ് – ആയത്ത് 01 മുതൽ 33 വരെ

സൂറത്തു ശുഅറാഉ് : 01-33

ശുഅറാ (കവികൾ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 227 – വിഭാഗം (റുകുഅ്) 11

(അവസാനത്തെ 4 വചനങ്ങള്‍ മദീനായില്‍ അവതരിച്ചത്)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

26:1

  • طسٓمٓ ﴾١﴿
  • ‘ത്വാ-സീന്‍-മീം.’ (*)
  • طسٓمٓ ‘ത്വാ-സീന്‍-മീം’

26:2

  • تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • (താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു.
  • تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ് الْمُبِينِ സുവ്യക്തമായ, സ്പഷ്ടമായ

26:3

  • لَعَلَّكَ بَـٰخِعٌ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ ﴾٣﴿
  • അവര്‍ വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം! (അത് വേണ്ടാ.)
  • لَعَلَّكَ നീ ആയേക്കാം, ആയിരിക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍ نَّفْسَكَ നിന്‍റെ ആത്മാവിനെ, ജീവനെ, നിന്നെത്തന്നെ أَلَّا يَكُونُوا അവര്‍ ആകാത്തതിനാല്‍ مُؤْمِنِينَ വിശ്വാസികള്‍, വിശ്വസിച്ചവര്‍

26:4

  • إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةً فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ ﴾٤﴿
  • നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ആകാശത്തുനിന്നും നാം ഇറക്കുന്നതാണ്; അപ്പോള്‍ അവരുടെ പിരടികള്‍ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല).
  • إِن نَّشَأْ നാം ഉദ്ദേശിക്കുന്നപക്ഷം نُنَزِّلْ നാം ഇറക്കും, അവതരിപ്പിക്കും عَلَيْهِم അവരുടെമേല്‍, അവരില്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന് آيَةً ഒരു ദൃഷ്ടാന്തം فَظَلَّتْ അപ്പോള്‍ ആയിത്തീരുന്നതാണ് أَعْنَاقُهُمْ അവരുടെ പിരടികള്‍ لَهَا അതിന്, അതിലേക്ക് خَاضِعِينَ കീഴൊതുങ്ങുന്നവ

(*). ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഇതിനുമുമ്പ് പലപ്രാവശ്യം സംസാരിച്ചിട്ടുള്ളതാണ്.

26:5
  • وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ ﴾٥﴿
  • പരമകാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ – അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ – അവര്‍ക്ക് വരുന്നില്ല! (ഏതുതന്നെ വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു).
  • وَمَا يَأْتِيهِم അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല مِّن ذِكْرٍ ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും مِّنَ الرَّحْمَـٰنِ റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന് مُحْدَثٍ പുതുതായി നല്‍കപ്പെട്ട, പുത്തനായ إِلَّا كَانُوا അവര്‍ ആയിട്ടല്ലാതെ, ആകാതെ عَنْهُ അതിനെപ്പറ്റി, അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍

26:6

  • فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٦﴿
  • അങ്ങനെ, അവര്‍ വ്യാജമാക്കിയിരിക്കുകയാണ്; അതിനാല്‍, ഏതൊന്നില്‍ അവര്‍ പരിഹാസം കൊള്ളുന്നുവോ അതിന്‍റെ [ആ ശിക്ഷയുടെ] വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നുകൊള്ളും.
  • فَقَدْ كَذَّبُوا അങ്ങനെ അവര്‍ വ്യാജമാക്കിക്കളഞ്ഞു فَسَيَأْتِيهِمْ അതിനാല്‍ അവര്‍ക്ക് വന്നുകൊള്ളും, വരും أَنبَاؤُا مَا യതൊന്നിന്‍റെ വൃത്താന്തങ്ങള്‍ كَانُوا അവരാകുന്നു, ആയിരിക്കുന്നു بِهِ അതുകൊണ്ട്, അതിനെപ്പറ്റി يَسْتَهْزِئُونَ പരിഹാസംകൊള്ളുക, പുച്ഛിക്കുന്ന(വര്‍)

മുശ്രിക്കുകളുടെ ഉപദ്രവം അതിന്‍റെ പാരമ്യത്തിലെത്തിയിരുന്ന ഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ സൂറത്തും. കഴിയുന്നത്ര അപവാദങ്ങളും, ആക്ഷേപങ്ങളും അവര്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നിനു മറുപടി കൊടുക്കുമ്പോള്‍, അവര്‍ വേറെ ഒന്നു മുന്നോട്ടു കൊണ്ടുവരും. ചിലപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ‘നീ പ്രവാചകനാണെങ്കില്‍ ആ മലകള്‍ ഇങ്ങോട്ടു കൊണ്ടുവരുക, അല്ലെങ്കില്‍ ഇവിടെ ഒരു പുഴയുണ്ടാക്കൂ’ എന്നിങ്ങിനെ തനി ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാണെങ്കില്‍, അവ൪ വിശ്വസിച്ചുകാണുവാനുള്ള അത്യാഗ്രഹത്തിനും, അവരുടെ മര്‍ക്കടമുഷ്ടിയിലുള്ള വ്യസനത്തിനും കണക്കുമില്ല. അവരിലാകട്ടെ, മത്സരവും, വാശിയും കൂടിക്കൊണ്ടുമിരിക്കുന്നു. ഈ അവസരത്തില്‍ ഈ സൂറത്തു മുഖേന അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ മനസ്സമാധാനപ്പെടുത്തി ആശ്വസിപ്പിക്കുകയാണ്. അത്രയൊന്നും വ്യാകുലപ്പെട്ട് വിഷമിക്കേണ്ടതില്ല, ദൗത്യം നിര്‍വ്വഹിക്കല്‍ മാത്രമാണ് തന്‍റെ ചുമതല. അവരെ സംബന്ധിച്ചുള്ള നടപടി ഞാന്‍ ആയിക്കൊള്ളാം; മുന്‍കഴിഞ്ഞ പ്രവാചകന്‍മാര്‍ക്കും അവരുടെ ജനങ്ങള്‍ക്കുമിടയിലും ഇപ്രകാരമൊക്കെ ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ – പല നബിമാരുടെയും കഥകള്‍ തുടര്‍ന്ന് വിവരിച്ചുകൊണ്ട് – അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഇതു മുഖേന സാന്ത്വനപ്പെടുത്തുന്നു.

26:7
  • أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴾٧﴿
  • ഭൂമിയിലേക്ക്‌ അവര്‍ നോക്കുന്നില്ലേ – എല്ലാ(തരം) ഉല്‍കൃഷ്ടമായ ഇണവസ്തുക്കളില്‍ നിന്നുമായി – എത്രയാണ് നാമതില്‍ മുളപ്പിച്ചിട്ടുള്ളത് എന്ന്?!
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, നോക്കുന്നില്ലേ إِلَى الْأَرْضِ ഭൂമിയിലേക്ക്‌ كَمْ എത്രയാണ് (എത്രയോ) أَنبَتْنَا നാം മുളപ്പിച്ചിരിക്കുന്നു, ഉല്‍പാദിപ്പിച്ചിരിക്കുന്നു فِيهَا അതില്‍ مِن كُلِّ زَوْجٍ എല്ലാ ഇണകളുമായിട്ട്, ഇണകളില്‍ നിന്നും كَرِيمٍ മാന്യമായ, ഉല്‍കൃഷ്ടമായ
26:8
  • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾٨﴿
  • നിശ്ചയമായും, അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തം ഉണ്ട്. (എങ്കിലും) അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • .إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വമ്പിച്ച) ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍

26:9

  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٩﴿
  • നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ചരിത്രപരമായ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനു മുമ്പായി പ്രകൃതിപരമായ ഒരു ദൃഷ്ടാന്തം – എല്ലാവ൪ക്കും സദാ കണ്ടറിയാവുന്ന ഒരു ദൃഷ്ടാന്തം – അല്ലാഹു ചൂണ്ടിക്കാട്ടുന്നു: വിവിധ വര്‍ഗ്ഗങ്ങളും, അനേകതരം ജാതികളും ഉള്‍കൊള്ളുന്ന സസ്യലോകം! അവയുടെ ഉല്‍പാദനം, കൗതുകം, ഉപയോഗം, ഘടനാക്രമം ആദിയായവയിലും, മുളച്ച് തഴച്ച് വളര്‍ച്ചയെത്തിയശേഷം നാശോന്‍മുകമായിത്തീര്‍ന്ന്‍ വീണ്ടും ഉല്‍പാദിതമായിക്കൊണ്ടിരിക്കുന്നതിലും ബുദ്ധികൊടുത്തു ആലോചിക്കുന്നപക്ഷം, ഈ അവിശ്വാസികള്‍ക്ക്‌ വേറെ ദൃഷ്ടാന്തങ്ങള്‍ അന്വേഷിക്കേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിലും മരണാനന്തരജീവിത്തതിലും വിശ്വസിക്കുവാന്‍ ഉപയുക്തമായ ധാരാളം തെളിവുകള്‍ അതില്‍തന്നെയുണ്ട്‌. പക്ഷേ, അതില്‍ ചിന്തിക്കാത്തതുകൊണ്ട് മിക്കവരും സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറില്ലാതിരിക്കുകയാണ്. വാസ്തവത്തില്‍ – അവര്‍ വിശ്വസിക്കാത്തതിന്‍റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നല്ലാതെ – അല്ലാഹുവിന്‍റെ ശക്തിപ്രതാപങ്ങള്‍ക്കോ, അവന്‍റെ മഹത്വത്തിനോ അതുമൂലം യാതൊരു കോട്ടവും ബാധിക്കുന്നതല്ലതന്നെ. അവന്‍ തികച്ചും പ്രതാപശാലിതന്നെയാണ്. അതേ സമയത്ത് കരുണാനിധിയുമാകുന്നു എന്നിങ്ങിനെ അവിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് അടുത്ത വചനം മുതല്‍ പല ചരിത്രസംഭവങ്ങലിലേക്കും അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വിഭാഗം – 2

26:10

  • وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٠﴿
  • (നബിയേ) നിന്‍റെ രക്ഷിതാവ് മൂസായോട്‌ (ആ) അക്രമികളായ ജനങ്ങളുടെ അടുക്കല്‍ ചെല്ലുക എന്ന് വിളിച്ചുകല്‍പിച്ച സന്ദര്‍ഭം (ഓര്‍ക്കുക);
  • وَإِذْ نَادَىٰ വിളിച്ചു പറഞ്ഞ (കല്‍പിച്ച) സന്ദര്‍ഭം, വിളിച്ചപ്പോള്‍ رَبُّكَ നിന്‍റെ റബ്ബ് مُوسَىٰ മൂസായെ أَنِ ائْتِ ചെല്ലണമെന്ന് الْقَوْمَ ജനങ്ങളുടെ അടുക്കല്‍ الظَّالِمِينَ അക്രമികളായ

26:11

  • قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ ﴾١١﴿
  • അതായത്, ഫി൪ഔന്‍റെ ജനതയുടെ അടുക്കല്‍ – അവര്‍ സൂക്ഷിക്കുകയില്ലേ (എന്ന് നോക്കുക)?!
  • قَوْمَ فِرْعَوْنَ അതായതു ഫി൪ഔന്‍റെ ജനത أَلَا يَتَّقُونَ അവര്‍ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ്
26:12
  • قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴾١٢﴿
  • അദ്ദേഹം പറഞ്ഞു: ‘രക്ഷിതാവേ, എന്നെ അവര്‍ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു:
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَخَافُ ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു

26:13

  • وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ ﴾١٣﴿
  • ‘എന്‍റെ മനസ്സ് ഇടുങ്ങിപ്പോയേക്കും, എനിക്കു നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാല്‍, ഹാറൂന്‍റെ അടുക്കലേക്ക്‌ നീ (ദൂതനെ) അയച്ചാലും!
  • وَيَضِيقُ ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം صَدْرِي എന്‍റെ നെഞ്ഞ് (മനസ്സ്) وَلَا يَنطَلِقُ ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും لِسَانِي എന്‍റെ നാവ് فَأَرْسِلْ ആകയാല്‍ നീ അയക്കുക (ദൂതനെ) إِلَىٰ هَارُونَ ഹാറൂന്‍റെ അടുക്കലേക്ക്‌

26:14

  • وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ ﴾١٤﴿
  • ‘(മാത്രമല്ല) എന്‍റെമേല്‍ അവര്‍ക്കു ഒരു കുറ്റവും (ആരോപിക്കുവാന്‍) ഉണ്ട്. അതിനാല്‍, അവര്‍ എന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
  • وَلَهُمْ അവര്‍ക്കുണ്ട് عَلَيَّ എന്‍റെ മേല്‍, എന്‍റെ പേരില്‍ ذَنبٌ ഒരു കുറ്റം, തെറ്റ് فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു, കൊല്ലുന്നതിനെ

മൂസാ (അ) നബിയുടെ കഥ കുറെ വിശദീകരിച്ചു പറഞ്ഞിട്ടുള്ള സൂറത്തുകളില്‍ ഒന്നാണ് ഇതും. സൂ: ത്വാഹായില്‍ കൂടുതല്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഓരോ വശത്തിന്‍റെയും ആവശ്യമായ വ്യാഖ്യാനത്തോടുകൂടി അവിടെ നാം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതാവ൪ത്തിച്ച് ദീ൪ഘിപ്പിക്കാതെ അത്യാവശ്യ വിവരണംകൊണ്ട് മതിയാക്കുകയാണ്.

‘ഹാറൂന്‍റെ അടുക്കലേക്ക്‌ ദൂതനെ – അഥവാ മലക്കിനെ – അയക്കുക’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം തനിക്ക് ഒരു സഹായകന്‍ എന്ന നിലക്ക് അദ്ദേഹത്തെ റസൂലായി നിയോഗിച്ചു തരണമെന്നായിരുന്നു. ‘എന്‍റെ മേല്‍ അവര്‍ക്ക് ഒരു കുറ്റം ആരോപിക്കുവാനുണ്ട്’ എന്ന് പറഞ്ഞത്, അദ്ദേഹം മുമ്പ് ഒരു ഖിബ്ത്തിയെ കൊലപ്പെടുത്തിയ സംഭവത്തെ ഉദ്ദേശിച്ചാണ്‌. മൂസാ (അ) നബിയുടെ അപേക്ഷ അല്ലാഹു അനുവദിച്ചുകൊടുത്തു.

26:15
  • قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ ﴾١٥﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: ‘ഒരിക്കലുമില്ല; എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടു കൊണ്ടിരിക്കുന്നതാണ്. (ഞാന്‍ നിങ്ങളെ സഹായിക്കും.).
  • قَالَ അവന്‍ പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ فَاذْهَبَا എന്നാല്‍ രണ്ടാളും പോകുക بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് إِنَّا നിശ്ചയമായും നാം مَعَكُم നിങ്ങളുടെകൂടെ, ഒന്നിച്ച് مُّسْتَمِعُونَ കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്‌
26:16
  • فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ ﴾١٦﴿
  • ‘എന്നിട്ട് നിങ്ങള്‍ ഫി൪ഔന്‍റെയടുക്കല്‍ ചെന്ന് ഞങ്ങള്‍ രണ്ടുപേരും ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണ് എന്നു പറയുക;
  • فَأْتِيَا എന്നിട്ടു രണ്ടുപേരും ചെല്ലുവിന്‍ فِرْعَوْنَ ഫി൪ഔന്‍റെ അടുക്കല്‍ فَقُولَا എന്നിട്ടു പറയുവിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولُ ദൂതന്‍മാരാണ് رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ

26:17

  • أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ ﴾١٧﴿
  • ‘-ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചു തരേണമെന്ന്. (ഇതാണ് ദൗത്യം).
  • أَنْ أَرْسِلْ നീ വിട്ടയച്ചു തരണമെന്നു مَعَنَا ഞങ്ങളുടെകൂടെ, ഒപ്പം بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ (ഗോത്രത്തെ)

തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമപ്രധാനമായ കടമ. ഇതിനുപുറമെ, ധാര്‍മ്മികമായും, സദാചാരപരമായുമുള്ള നിയമനിര്‍ദ്ദേശങ്ങളും അവര്‍ അറിയിച്ചു കൊടുക്കേണ്ടതുണ്ട്. എന്നാല്‍, അതതു ജനങ്ങളുടെ പരിതസ്ഥിതിയനുസരിച്ച് ചില പ്രവാചകന്‍മാര്‍ക്ക് പ്രത്യേകമായി ചില കടമകളും നിര്‍വ്വഹിക്കേണ്ടതുണ്ടായിരിക്കും. ഈ സൂറത്തില്‍ തുടര്‍ന്നുവരുന്ന നബിമാരുടെ കഥകളില്‍നിന്നും മറ്റും ഇത് മനസ്സിലാക്കാം. ഫി൪ഔന്‍റെയും, ഇസ്രാഈല്‍ ഗോത്രക്കാരുടെയും പ്രത്യേക പരിതസ്ഥിതി നിമിത്തം, ഇസ്രാഈല്യരെ ഫി൪ഔനില്‍ നിന്ന് മോചിപ്പിക്കുകയെന്നത് മൂസാ (അ) നബിയെ സംബന്ധിച്ചിടത്തോളം, വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേക കര്‍ത്തവ്യമായിരുന്നു. ഇസ്രാഈല്‍ ജനത ഏറെക്കുറെ 400 കൊല്ലത്തോളമായി ഖിബ്ത്തികളുടെ (ഈജിപ്തുകാരുടെ) അടിമകളും ഭൃത്യന്‍മാരുമായി കഴിഞ്ഞുകൂടുകയാണ്. അതികഠിനമായ മര്‍ദ്ദനങ്ങള്‍ സഹിച്ചു കൊണ്ടാണവര്‍ ഈജിപ്തില്‍ ജീവിച്ചുവരുന്നത്. അവരില്‍ മുന്‍കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്‍മാരാല്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഫലസ്തീന്‍ പ്രദേശത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി രക്ഷപ്പെടുത്തുവാന്‍ അവരെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് മൂസാ (അ) ഫി൪ഔനോട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം ആവശ്യപ്പെടുന്നത്. അവനുണ്ടോ അതിന് സമ്മതിക്കുന്നു?!-

26:18
  • قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ ﴾١٨﴿
  • അവന്‍ [ഫി൪ഔന്‍] പറഞ്ഞു: ‘കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?! നിന്‍റെ ആയുഷ്കാലത്തില്‍നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?!’
  • قَالَ അവന്‍ പറഞ്ഞു أَلَمْ نُرَبِّكَ ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ فِينَا ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍ وَلِيدًا കുട്ടിയായിരിക്കെ, ശിശുവായിരിക്കെ وَلَبِثْتَ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു فِينَا ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍ مِنْ عُمُرِكَ നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു سِنِينَ കുറെ കൊല്ലങ്ങള്‍

26:19

  • وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ ﴾١٩﴿
  • ‘നീ ചെയ്തിട്ടുള്ള (ആ ദുഷ്‌)പ്രവൃത്തിയും നീ ചെയ്തു. ‘നീ കൃതഘ്നന്‍മാരില്‍ പെട്ടവന്‍തന്നെ!’
  • وَفَعَلْتَ നീ പ്രവര്‍ത്തിക്കയും ചെയ്തു فَعْلَتَكَ നിന്‍റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ الَّتِي فَعَلْتَ നീ ചെയ്ത, പ്രവര്‍ത്തിച്ച وَأَنتَ നീ, നീയാകട്ടെ مِنَ الْكَافِرِينَ നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ, കൃതഘ്നരില്‍ പെട്ടവനാണ്

മൂസാ (അ) നബിയെ ഒരു കുറ്റവാളിയും, നന്ദികെട്ടവനും, ധിക്കാരിയുമായി ചിത്രീകരിക്കുവനാണ്, ഫി൪ഔന്‍ ഇതൊക്കെപ്പറയുന്നത്. നീ ഒരു ചോരക്കുഞ്ഞായിരുന്നപ്പോള്‍, ഞങ്ങള്‍ നിന്നെ നദിയില്‍നിന്ന് രക്ഷപ്പെടുത്തി; ഞങ്ങള്‍ ലാളിച്ചുവളര്‍ത്തി; വളരെക്കാലം നീ ഞങ്ങളുടെ ഇടയില്‍ സുഖസമ്പൂര്‍ണ്ണനായി കഴിഞ്ഞുകൂടി. ഇതെല്ലാം ഇരിക്കവെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ നീ കൊലചെയ്ത് നാടുവിടുകയും ചെയ്തു. ഇത്രയും നന്ദികേട് കാട്ടിയ ശേഷം – ഇപ്പോഴിതാ – ഒരു പുതിയ മതവും, വാദവുമായി വന്നിരിക്കുന്നു! എന്നത്രെ ഫി൪ഔന്‍റെ ആക്ഷേപം.

മൂസാ (അ) നബി അവരുടെ കൂട്ടത്തില്‍ 18 കൊല്ലമാണ് കഴിഞ്ഞുകൂടിയതെന്നും അതല്ല 30 കൊല്ലമാണെന്നും പറയപ്പെടുന്നു. ദിവ്യദൗത്യവുമായി ഈജിപ്തില്‍ വന്നശേഷം ഒരു കൊല്ലത്തെ പരിശ്രമം കൊണ്ടാണ് ഫി൪ഔന്‍റെ സന്നിധിയില്‍ അഭിമുഖസംഭാഷണത്തിന് അവസരം ലഭിച്ചതെന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم

26:20
  • قَالَ فَعَلْتُهَآ إِذًا وَأَنَا۠ مِنَ ٱلضَّآلِّينَ ﴾٢٠﴿
  • അദ്ദേഹം പറഞ്ഞു: ‘ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി; ഞാന്‍ (സന്‍മാര്‍ഗ്ഗമറിയാതെ) പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു.
  • قَالَ അദ്ദേഹം പറഞ്ഞു فَعَلْتُهَا അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു إِذًا അപ്പോള്‍, ആ അവസരത്തില്‍ وَأَنَا ഞാനാകട്ടെ, ഞാന്‍ مِنَ الضَّالِّينَ (അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു

26:21

  • فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًا وَجَعَلَنِى مِنَ ٱلْمُرْسَلِينَ ﴾٢١﴿
  • ‘അങ്ങനെ, നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു; എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
  • فَفَرَرْتُ അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി مِنكُمْ നിങ്ങളില്‍ നിന്നു لَمَّا خِفْتُكُمْ ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ فَوَهَبَ അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു لِي എനിക്കു رَبِّي എന്‍റെ റബ്ബ് حُكْمًا വിജ്ഞാനം, വിധി, അധികാരം وَجَعَلَنِي എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു مِنَ الْمُرْسَلِينَ മുര്‍സലുകളില്‍

26:22

  • وَتِلْكَ نِعْمَةٌ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ ﴾٢٢﴿
  • ‘അതാകട്ടെ, ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാല്‍, എന്‍റെമേല്‍ നീ എടുത്തു പറയുന്ന ഒരനുഗ്രഹമത്രെ’.
  • وَتِلْكَ അതു,അതാകട്ടെ نِعْمَةٌ ഒരു അനുഗ്രഹമാണ് تَمُنُّهَا അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു عَلَيَّ എന്‍റെമേല്‍ أَنْ عَبَّدتَّ നീ അടിമകളാക്കിയതിനാല്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍, സന്തതികളെ

മൂസാ (അ) ആദ്യമായി കുറ്റം സമ്മതിക്കുകയും, ആ കൈതെറ്റ് വന്നുപോയ പരിതസ്ഥിതി വിവരിക്കുകയും ചെയ്തു. ഇന്ന് എനിക്ക് ലഭിച്ചിട്ടുള്ള അറിവും, ബോധവും അന്നെനിക്കുണ്ടായിരുന്നില്ല; എന്‍റെ പക്കല്‍ അബദ്ധത്തില്‍ വന്നുപോയ ആ കുറ്റത്തിന് നിങ്ങളെന്നെ കൊന്നുകളയുമെന്ന് പേടിച്ച് ഞാന്‍ നാടുവിടുകയാണുണ്ടായത്. ഇപ്പോള്‍, അല്ലാഹു എനിക്ക് വിജ്ഞാനവും, പ്രവാചകത്വവും നല്‍കിയിരിക്കുന്നു, ആ നിലക്കാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ അവന്‍റെ ദൗത്യവും കൊണ്ടു വന്നിരിക്കുന്നത്. പിന്നെ, നിങ്ങള്‍ എനിക്ക് ചെയ്ത ചില അനുഗ്രഹങ്ങള്‍ എടുത്തുപറയുകയുണ്ടായി. വാസ്തവത്തില്‍ അത് നിങ്ങളുടെ ഒരു അനുഗ്രഹമായി എടുത്തുദ്ധരിക്കുവാന്‍ സംഗതിയായത്‌ ഇസ്രാഈല്യരെ ആകമാനം നീ അടിമകളാക്കി നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിച്ചുവന്നതുകൊണ്ടാണല്ലോ. അതില്ലായിരുന്നുവെങ്കില്‍, മറ്റു കുട്ടികളെപ്പോലെ ഞാനും എന്‍റെ വീട്ടില്‍ എന്‍റെ കുടുംബത്തിന്‍റെ കീഴില്‍ തന്നെ വളര്‍ന്നുവരുമായിരുന്നു. ആ സ്ഥിതിക്ക് അതൊരു ദയാദാക്ഷിണ്യമായി എടുത്തു പറയാനില്ല. എന്നൊക്കെയാണ് മൂസാ (അ) നബി മറുപടി പറയുന്നത്.

‘ഞങ്ങള്‍ ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണെന്ന്’ മൂസാ (അ) പറഞ്ഞുവല്ലോ. ഫി൪ഔന് അത് സഹിക്കാന്‍ കഴിഞ്ഞില്ല.

26:23
  • قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ ﴾٢٣﴿
  • ഫി൪ഔന്‍ പറഞ്ഞു: ‘എന്താണ് ലോകരക്ഷിതാവ് (എന്നു പറയുന്നത്)?!’
  • قَالَ فِرْعَوْنُ ഫി൪ഔന്‍ പറഞ്ഞു وَمَا എന്താണ്, ഏതാണ് رَبُّ الْعَالَمِينَ ലോകരക്ഷിതാവ്, ലോകരുടെ റബ്ബ്

26:24

  • قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴾٢٤﴿
  • അദ്ദേഹം പറഞ്ഞു: ‘ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാണ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍!’
  • قَالَ അദ്ദേഹം പറഞ്ഞു رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ഉറപ്പിക്കുന്നവര്‍, ദൃഢമായി വിശ്വസിക്കുന്നവര്‍

ഇത് കേട്ടപ്പോള്‍ അവന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. താനല്ലാതെ മറ്റൊരു റബ്ബും, ഇലാഹും ഇല്ലെന്ന് വാദം മുഴക്കിയിരുന്ന അവന്‍ അത് പരിഹാസ്യമാക്കുവാന്‍ ശ്രമം നടത്തി.

26:25
  • قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ ﴾٢٥﴿
  • അവന്‍ തന്‍റെ ചുറ്റുമുള്ളവരോടു പറഞ്ഞു: ‘നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ (-ഇവന്‍ പറയുന്നത്)?!’
  • قَالَ അവന്‍ പറഞ്ഞു لِمَنْ യാതൊരുവരോടു حَوْلَهُ അവന്‍റെ ചുറ്റുമുള്ള أَلَا تَسْتَمِعُونَ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ

26:26

  • قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴾٢٦﴿
  • അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവും തന്നെ.’
  • قَالَ അദ്ദേഹം പറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ, ആദ്യത്തേവരായ

ഇങ്ങിനെ, മൂസാ (അ) നബി കാര്യം ഒന്നുകൂടി വ്യക്തമാക്കി. പക്ഷേ, ഫി൪ഔന്‍ പരിഹാസം വിട്ട് ശുണ്ഠിയിലേക്ക് നീങ്ങി.

26:27
  • قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ ﴾٢٧﴿
  • അവന്‍ (സദസ്യരോടു) പറഞ്ഞു: ‘നിങ്ങളുടെ അടുക്കലേക്ക്‌ അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്.!’
  • قَالَ അവന്‍ പറഞ്ഞു إِنَّ رَسُولَكُمُ നിശ്ചയമായും നിങ്ങളുടെ റസൂല്‍ الَّذِي أُرْسِلَ അയക്കപ്പെട്ടവനായ إِلَيْكُمْ നിങ്ങളിലേക്ക് لَمَجْنُونٌ ഭ്രാന്തന്‍തന്നെ

26:28

  • قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ ﴾٢٨﴿
  • അദ്ദേഹം പറഞ്ഞു: ‘ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും റബ്ബാകുന്നു (അവന്‍) -നിങ്ങള്‍ മനസ്സിരുത്തുന്നുണ്ടെങ്കില്‍!’
  • قَالَ അദ്ദേഹം പറഞ്ഞു رَبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ റബ്ബാണ് وَالْمَغْرِبِ അസ്തമനസ്ഥാനത്തിന്‍റെയും وَمَا بَيْنَهُمَا രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍

ഫി൪ഔന്ന് ഔദ്ധത്യം വര്‍ദ്ധിച്ചു. ന്യായത്തില്‍കൂടി സംസാരിക്കുവാന്‍ അവന്‍ വഴി കാണുന്നില്ല. അങ്ങനെ ശക്തി ഉപയോഗിക്കുവാന്‍ മുതിര്‍ന്നു ഗര്‍ജ്ജിക്കുകയായി.

26:29

  • قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ ﴾٢٩﴿
  • അവന്‍ പറഞ്ഞു: ‘ഞാനല്ലാത്ത വല്ല ഇലാഹിനെയും നീ സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ തടവുകാരുടെ കൂട്ടത്തിലാക്കുക തന്നെ ചെയ്യും.’
  • قَالَ അവന്‍ പറഞ്ഞു لَئِنِ اتَّخَذْتَ നീ സ്വീകരിക്കുന്നപക്ഷം, ഏര്‍പ്പെടുത്തിയാല്‍ إِلَـٰهًا غَيْرِي ഞാനല്ലാത്ത ഒരു ഇലാഹിനെ لَأَجْعَلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ ആക്കുകതന്നെ ചെയ്യും مِنَ الْمَسْجُونِينَ തടവുകാരില്‍, ബന്ധനത്തിലാക്കപ്പെട്ടവരില്‍

26:30

  • قَالَ أَوَلَوْ جِئْتُكَ بِشَىْءٍ مُّبِينٍ ﴾٣٠﴿
  • അദ്ദേഹം പറഞ്ഞു: ‘ഞാന്‍ സുപ്രത്യക്ഷമായ ഒരു കാര്യം [ദൃഷ്ടാന്തം] നിനക്ക് കൊണ്ടുവന്നാലോ?! (നീ സമ്മതിക്കുകയില്ലേ?)’
  • قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ جِئْتُكَ ഞാന്‍ നിനക്കു വന്നുവെങ്കിലോ بِشَيْءٍ ഒരു വസ്തുവുംകൊണ്ട് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

26:31

  • قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٣١﴿
  • അവന്‍ പറഞ്ഞു: ‘എന്നാല്‍, നീ അതു കൊണ്ടുവരുക. നീ സത്യവാന്‍മാരില്‍പെട്ടനവാണെങ്കില്‍!’
  • قَالَ അവന്‍ പറഞ്ഞു فَأْتِ എന്നാല്‍ നീ വാ بِهِ അതുംകൊണ്ട് إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍

26:32

  • فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ ﴾٣٢﴿
  • അങ്ങനെ, അദ്ദേഹം തന്‍റെവടി (താഴെ) ഇട്ടു; അപ്പോഴതാ, അതൊരു പ്രത്യക്ഷമായ പാമ്പ്!
  • فَأَلْقَىٰ അങ്ങനെ അദ്ദേഹം ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അത് ثُعْبَانٌ ഒരു പാമ്പ്, സര്‍പ്പം مُّبِينٌ പ്രത്യക്ഷമായ

26:33

  • وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ ﴾٣٣﴿
  • അദ്ദേഹം തന്‍റെ കൈ (കക്ഷത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോഴതാ – നോക്കുന്നവര്‍ക്ക് – അതൊരു വെളുത്ത വസ്തു!
  • وَنَزَعَ അദ്ദേഹം പുറത്തെടുത്തു, ഊരിഎടുത്തു يَدَهُ തന്‍റെ കൈ فَإِذَا هِيَ അപ്പോഴതാ അത് بَيْضَاءُ ഒരു വെളുത്തവസ്തു, വെളുത്തതാകുന്നു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്

ഫി൪ഔന്‍ ശക്തി ഉപയോഗിക്കുവാനുള്ള ഭാവമാണെന്ന് കണ്ടപ്പോള്‍, മൂസാ (അ) ന്യായവാദത്തില്‍ നിന്നും ദൃഷ്ടാന്തത്തിലേക്കു തിരിഞ്ഞു. കണ്ടാല്‍ ആരും സമ്മതിക്കത്തക്ക ദൃഷ്ടാന്തം കാട്ടിത്തന്നാല്‍ സമ്മതിക്കുമോ, എന്നായി. എന്നാലതൊന്ന് കാണട്ടെ, എന്ന് ഫി൪ഔനും, പക്ഷേ, മൂസാ (അ) വടിയുടെയും, കയ്യിന്‍റെയും ദൃഷ്ടാന്തങ്ങള്‍ കാണിച്ചപ്പോള്‍ ജാലവിദ്യയെന്നു പറഞ്ഞു തള്ളുവാനും, ദുര്‍വ്യാഖ്യാനം ചെയ്‌വാനും ഫി൪ഔന്‍ മുതിരുകയായി;-

നാലം ഘട്ടം – ക്യാമ്പയിൻ 5 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 68 മുതൽ 77 വരെ

സൂറത്തുല്‍ ഫുര്‍ഖാന്‍ : 68-77

25:68

  • وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴾٦٨﴿
  • അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി) ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:-
  • وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ)
25:69
  • يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ﴾٦٩﴿
  • അതായതു, ‘ഖിയാമത്തു’ നാളില്‍ അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും; നിന്ദ്യനായ നിലയില്‍ അതിലവന്‍ ശാശ്വതനായിരിക്കയും ചെയ്യും.
  • يُضَاعَفْ ഇരട്ടിക്കപ്പെടും لَهُ അവനു الْعَذَابُ ശിക്ഷ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَيَخْلُدْ അവന്‍ ശാശ്വതമായിരിക്കയും ചെയ്യും فِيهِ അതില്‍ مُهَانًا നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു

പാപങ്ങില്‍വെച്ച് ഏറ്റവും വമ്പിച്ചതും, ഏറ്റവും ശിക്ഷാര്‍ഹവുമാണ് ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന്‍ പാപങ്ങള്‍. ഒരു സാധാരണക്കാരനില്‍ നിന്നുപോലും അവ ഒരിക്കലും ഉണ്ടാകാവതല്ല. എന്നിരിക്കെ, റഹ്മാന്റെ അടിയാന്‍മാരായ സജ്ജനങ്ങളില്‍ നിന്ന് ഇത്തരം പാപങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുന്നതല്ലല്ലോ. അപ്പോള്‍ ഇക്കാര്യങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞതില്‍നിന്ന് ഒരു സംഗതി നമുക്ക് മനസ്സിലാക്കാം. മുകളില്‍ പ്രസ്താവിച്ച അഞ്ച് ഗുണങ്ങളും പ്രത്യക്ഷത്തില്‍ ഒരുവനില്‍ ഉള്ളതോടുകൂടിത്തന്നെ അവന്‍ ഈ മൂന്നില്‍ ഏതെങ്കിലും ഒരു പാപത്തില്‍ ഒരുപക്ഷേ അകപ്പെട്ടുകൂടായ്കയില്ല. ഒരാള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ വേറെ വല്ലതിനെയും ആരാധിച്ചും, പ്രാര്‍ത്ഥിച്ചുംകൊണ്ടിരുന്നേക്കാം. അല്ലാഹുവിനോടുകൂടെ വേറെ ഒരു ഇലാഹിനെയും വിളിക്കുകയില്ല’ (لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ) എന്ന് പറഞ്ഞതില്‍നിന്ന് ഈ സംഗതി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അതുപോലെത്തന്നെ, കേവലം സല്‍ഗുണവാനായ മനുഷ്യന്‍, ചിലപ്പോള്‍ മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ക്ക് വിധേയനായി കൊലയിലോ വ്യഭിചാരത്തിലോ ചെന്നുപെട്ടേക്കാം. ഈ മൂന്ന് വന്‍കുറ്റങ്ങളിലും അകപ്പെടാതിരിക്കുന്നതിന് പുറമെയാണ് വാസ്തവത്തില്‍ റഹ്മാന്റെ അടിയാന്‍മാരുടെ മറ്റു ഗുണങ്ങള്‍ ഇവിടെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഇവരും മനുഷ്യരാണല്ലോ. മനുഷ്യന്റെ പക്കല്‍ അബദ്ധം പിണഞ്ഞേക്കും. അവന്റെ മനസ്ഥിതിയില്‍ മാറ്റം വന്നേക്കും. അങ്ങനെ, ഈ വന്‍കുറ്റങ്ങളില്‍ ഏതെങ്കിലും ഒന്ന് അവന്‍ പ്രവര്‍ത്തിച്ചുപോയാല്‍ പിന്നീട് അവന് രക്ഷാമാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനെപ്പറ്റി അടുത്ത വചനത്തില്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. ഈ പാപങ്ങളുടെ ഭയങ്കരത കാണിക്കുകയാണ് ഈ ആയത്തു ചെയ്യുന്നത്.

ശിര്‍ക്കിലും, (ആരാധനയിലും, പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നതിലും) വ്യഭിചാരത്തിലും അനുവദനീയമായ ഒരു ഇനവുമില്ല. കൊലയിലാകട്ടെ, ചിലത് അനുവദിക്കപ്പെട്ടതും, ചിലത് ആവശ്യമായതുമുണ്ടായിരിക്കും. പ്രതികാരശിക്ഷാനിയമം നടത്തേണ്ടി വരുക, ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുക, അപ്പോള്‍ അത് ചെയ്യേണ്ടതായിവരും. അതുകൊണ്ടാണ് കൊലയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ ‘ന്യായപ്രകാരമല്ലാതെ’ (إِلَّا بِالْحَقِّ) എന്ന് പറഞ്ഞിരിക്കുന്നത്. ഈ മൂന്ന് മഹാപാപങ്ങളുടെ ഗൗരവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുവാന്‍, അവയുടെ ശിക്ഷയെക്കുറിച്ച് ഇതേ വചനങ്ങളില്‍ തന്നെ അല്ലാഹു പറഞ്ഞ വാക്കുകള്‍ മാത്രം മതിയാകും. അതിന് ഒരു വിശദീകരണം ആവശ്യമില്ല. എന്നാല്‍, ഈ മൂന്നു മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും നികൃഷ്ടമായ ഇനങ്ങള്‍ ഏതാണെന്ന് ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) വിവരിക്കുന്നത് നോക്കുക:-

عَن عبدِ اللَّهِ بن مسعودٍ قالَ : قلتُ : يا رسولَ اللَّهِ ، أيُّ الذَّنبِ أعظمُ ؟ قالَ : أن تجعَلَ للَّهِ ندًّا وَهوَ خلقَكَ ، قالَ : فقلتُ : ثمَّ أيٌّ ؟ قالَ : أن تقتُلَ ولدَكَ مخافةَ أن يأكلَ معَكَ ، قالَ : قلتُ : ثمَّ أيٌّ ؟ قالَ : أن تُزانيَ حليلةَ جارِكَ ، قالَ : وأنزلَ اللَّهُ تعالى تَصديقَ قولِ النَّبيِّ صلَّى اللَّهُ علَيهِ وسلَّمَ : (وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ) الآيةَ – رواه الشيخان

ഇബ്നുമസ്ഊദ് (رضي الله عنه) പറയുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, പാപത്തില്‍വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്?’ അവിടുന്ന് (صلّى الله عليه وسلّم) പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്, എന്നിരിക്കെ, നീ അവന് സമനെവെച്ച് പ്രാര്‍ത്ഥിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സന്താനം നിന്റെ ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്ന് പേടിച്ച് നീ അതിനെ കൊലപ്പെടുത്തുന്നതാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നീ നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ്.’ അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവല്‍ക്കരണമായിക്കൊണ്ട് وَالَّذِينَ لَا يَدْعُونَ എന്നു തുടങ്ങുന്ന (നാമിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന) ആയത്ത് അവതരിച്ചു. (ബു; മു).

അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്ന ഏതുതരം ആരാധനയും, അവരോട് ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനയും, ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍, അല്ലാഹുവാണ് സൃഷ്ടാവെന്ന് അറിയുന്ന ഒരാള്‍, അവന് മാത്രം പ്രത്യേകമായുള്ള അധികാരാവകാശങ്ങളിലോ, വിശിഷ്ട ഗുണങ്ങളിലോ, മറ്റാരെയെങ്കിലും അവനോട് സമമായി കല്പിച്ച് അവരോട് പ്രാര്‍ത്ഥന നടത്തുന്നത് – പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കഴമ്പ് – ഏറ്റവും വലിയ ശിര്‍ക്കാകുന്നു. അതുപോലെത്തന്നെ, നിയമപ്രകാരമല്ലാത്ത എല്ലാ കൊലയും വന്‍കുറ്റം തന്നെ. അത് സ്വന്തം മക്കളെയാകുമ്പോള്‍ ഗൗരവം കൂടുന്നു. അതോടൊപ്പം കൊലയുടെ ഉദ്ദേശ്യം തന്റെ സന്താനത്തിന് ഭക്ഷണം കൊടുക്കേണ്ടുന്ന ഭാരവും കൂടി വഹിക്കേണ്ടി വരുമല്ലോ എന്ന ഭയം (ദാരിദ്ര്യഭയം) ആകുമ്പോള്‍ അതിലും കൂടുതല്‍ ഗൗരവപ്പെട്ടതാകുന്നു. കാരണം, ഈ ഭൂമിയില്‍ ഉണ്ടാകുന്ന ഓരോ ജീവിക്കുമുള്ള ഉപജീവനമാര്‍ഗ്ഗം ഈ ഭൂമിയില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്‌. അക്കാര്യം അവന്‍ ഏറ്റുപറയുകയും ചെയ്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തുകയും, അതിന് പരിശ്രമിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ചുമതലയാണ്. ഈ ചുമതല കഴിയുംവണ്ണം നിറവേറ്റുകയും, അതിന്റെ ലാഭനഷ്ടങ്ങള്‍ അനുഭവിക്കുകയുമല്ലാതെ, മക്കളെ വധിച്ചതുകൊണ്ട് അതിനു പരിഹാരമുണ്ടാകുന്നതല്ല. ഒന്നോ രണ്ടോ മാത്രം മക്കളുള്ളവരും, തീരെ മക്കളില്ലാത്തവരും ദരിദ്രന്‍മാരായും, ധാരാളം മക്കളുള്ളവര്‍ ധനികന്‍മാരായും നാം സദാ കാണുന്നുണ്ടല്ലോ. ദാരിദ്ര്യത്തെ ഭയന്ന് സന്താനങ്ങളെ (ജനിച്ചതും, ജനിക്കാനിരിക്കുന്നതും) നശിപ്പിക്കുന്നതിന്റെ അര്‍ത്ഥം സൃഷ്ടാവിനെയും, അവന്റെ വാഗ്ദാനത്തെയും, അവന്റെ കഴിവിനെയും, സര്‍വ്വജ്ഞതയെയുമെല്ലാം തന്നെ നിഷേധിക്കലാകുന്നു. ഇവിടെ സന്ദര്‍ഭം മറ്റൊന്നായതുകൊണ്ട് ഇതിനെപ്പറ്റി കൂടുതല്‍ വിവരിക്കേണ്ടതില്ല. മൂന്നാമത്തെ മഹാപാപം വ്യഭിചാരമാണ്. എല്ലാ വ്യഭിചാരവും വമ്പിച്ച കുറ്റമാകുന്നു. എന്നാല്‍, അന്യന്റെ ഭാര്യയായിരിക്കുക, മാത്രമല്ല, തന്റെ എല്ലാവിധ ഗുണകാംക്ഷക്കും ബന്ധപ്പെട്ടവനായ അയല്‍ക്കാരന്റേതു കൂടിയായിരിക്കുക, അപ്പോള്‍ വ്യഭിചാരത്തിന്റെ ഇനങ്ങളില്‍വെച്ച് ഇത് കൂടുതല്‍ നികൃഷ്ടമായിത്തീരുന്നു.

ഏറ്റവും വമ്പിച്ച പാപമേതാണെന്നാണല്ലോ ഇബ്നുമസ്ഊദ് (رضي الله عنه) ചോദിച്ചത്. അതുകൊണ്ടാണ് ഓരോന്നിലും വെച്ച് കൂടുതല്‍ നീചമായ ഇനങ്ങളെ നബി (صلّى الله عليه وسلّم) എടുത്തുപറഞ്ഞതും. ഈ വന്‍കുറ്റങ്ങള്‍ ചെയ്‌താല്‍ തന്നെയും, അവര്‍ക്ക് നിരാശപ്പെടേണ്ടതില്ലെന്നും, അതിനു പരിഹാരമുണ്ടെന്നും അടുത്ത വചനങ്ങളില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു:-

25:70
  • إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَـٰلِحًا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٧٠﴿
  • പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു

25:71

  • وَمَن تَابَ وَعَمِلَ صَـٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا ﴾٧١﴿
  • ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും, അവന്‍ അല്ലാഹുവിങ്കലേക്ക്‌ ശരിക്ക് പശ്ചാത്തപിച്ച്‌ മടങ്ങുകയാണ് ചെയ്യുന്നത്.
  • وَمَن تَابَ ആര്‍ പശ്ചാത്തപിച്ചുവോ وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَتُوبُ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَتَابًا ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം)

ചെയ്തതിനെപ്പറ്റി മനഃപ്പൂര്‍വ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തല്‍ ചെയ്ത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുക, ഇതാണ് ‘തൌബഃ’ അല്ലെങ്കില്‍ പശ്ചാത്താപം (التوبة) എന്നു പറയുന്നത്. പശ്ചാത്താപം ശരിയായിട്ടുള്ളതാകേണമെങ്കില്‍, പിന്നീടതിന്റെ അടയാളം പ്രവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെടേണ്ടതാകുന്നു. അതുകൊണ്ടാണ് ഇവിടെയെന്നപോലെ മറ്റു പലേടത്തും തൌബഃയെക്കുറിച്ച് പറയുമ്പോള്‍ അതിനെത്തുടര്‍ന്ന് സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നതിനെയും ഖുര്‍ആന്‍ സാധാരണ പറഞ്ഞുകാണുന്നത്. ഈ ആയത്തില്‍ സല്‍ക്കര്‍മ്മത്തിനു പുറമെ ‘വിശ്വസിക്കുകയും’ എന്നുകൂടി പറഞ്ഞിരിക്കുകയാണ്. മേല്‍പ്രസ്താവിച്ച മൂന്ന് മഹാപാപങ്ങളില്‍ ഒന്നാമത്തേത് ശിര്‍ക്കാണല്ലോ. യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസമുള്ളവരില്‍ നിന്ന് ശിര്‍ക്ക് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ആകയാല്‍ ശിര്‍ക്കില്‍നിന്ന് മോചനം ലഭിക്കേണ്ടതിനും പശ്ചാത്താപം സ്വീകരിക്കേണ്ടതിനും ഒന്നാമതായി അവന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്. തുടര്‍ന്നു പറഞ്ഞ രണ്ടു പാപങ്ങള്‍ (കൊലയും വ്യഭിചാരവും) ചെയ്തവന് വിശ്വാസം അടിയോടെ നഷ്ടപ്പെട്ടുവെന്ന് പറയാവതല്ലെങ്കിലും, അവന്റെ വിശ്വാസം കേവലം ദുര്‍ബ്ബലമാണെന്ന് തീര്‍ച്ചയാണ്. അത്രയും ഭയങ്കരങ്ങളാണല്ലോ അവ രണ്ടും. ആകയാല്‍ അവന്റെ വിശ്വാസം ഒന്നു ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഇതുകൊണ്ടായിരിക്കാം ഇവിടെ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا (പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്. الله أعلم

ഇപ്രകാരം പശ്ചാത്താപം ചെയ്തവരുടെ പാപങ്ങള്‍ പൊറുക്കുക മാത്രമല്ല, നന്‍മകളായി മാറ്റുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് വളരെ ശ്രദ്ധേയവും, ആവേശജനകവുമാകുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം?! തിന്‍മകളെ നന്‍മകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ചെയ്ത പാപങ്ങള്‍ക്കു പുണ്യഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകള്‍ ഒഴിവാക്കപ്പെടുകയും, പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നു. കൂടാതെ, പശ്ചാത്തപിക്കുന്നതിനു മുമ്പ് ചെയ്തുവന്നിരുന്ന തിന്‍മയുടെ സ്ഥാനത്ത് നന്‍മകള്‍ പ്രവര്‍ത്തിച്ച്‌ പുണ്യം നേടുവാന്‍ സഹായം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് ഉദ്ദേശ്യം. ശിര്‍ക്കിനും അവിശ്വാസത്തിനും വേണ്ടി അടരാടിയിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ എത്രയോ ആളുകള്‍, അതില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങിയശേഷം തൌഹീദിനും സത്യവിശ്വാസത്തിനും വേണ്ടി അതിലുമധികം സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങള്‍ ധാരാളം ഇസ്‌ലാമിലുണ്ട്. ഉമര്‍ (رضي الله عنه), ഖാലിദുബ്നുല്‍വലീദ് (رضي الله عنه) തുടങ്ങി വഹ്ശീ (رضي الله عنه) മുതലായവരുടെ ചരിത്രങ്ങള്‍ പരിശോധിച്ചു നോക്കുക.

‘ഒരു നന്‍മ ചെയ്‌വാന്‍ ഒരാള്‍ക്ക് ഉദ്ദേശമുണ്ടായിട്ട് അത് പ്രവര്‍ത്തനത്തില്‍ വരുത്തുവാന്‍ കഴിയാതെ വന്നാലും, ഒരു നന്‍മയുടെ പ്രതിഫലം അല്ലാഹു അവന് നല്‍കും. അത് പ്രവര്‍ത്തനത്തില്‍ വരുത്തുന്നപക്ഷം, ചുരുങ്ങിയത് പത്തിരട്ടിയും, (പത്തു നന്‍മയുടെ പ്രതിഫലം) ചിലപ്പോള്‍ 700 ഇരട്ടി വരെയും, അതിലധികവും പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍, ഒരാള്‍ ഒരു തിന്‍മ ചെയ്‌വാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ പേരില്‍ യാതൊരു നടപടിയും എടുക്കപ്പെടുകയില്ല. അത് പ്രവര്‍ത്തിച്ചാല്‍ ഒരേഒരു തിന്‍മയുടെ കുറ്റം മാത്രം നല്‍കപ്പെടും.’ എന്നിങ്ങിനെ നബി (صلّى الله عليه وسلّم) ഒരു ഹദീസില്‍ അരുളിച്ചെയ്തിട്ടുള്ളതായി ഇമാം ബുഖാരിയും, മുസ്‌ലിമും (رحمة الله عليهما) രേഖപ്പെടുത്തിയിരിക്കുന്നു.

‘അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’ എന്ന വാക്യം കൊണ്ടാണല്ലോ 70-ാം വചനം അവസാനിപ്പിച്ചിരിക്കുന്നത്. ഇതുപോലെയുള്ള സമാപനവാക്യങ്ങള്‍ മറ്റു പലേടത്തും ഖുര്‍ആനില്‍ കാണാം. അതിലെല്ലാംതന്നെ, മേല്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള ചില യാഥാര്‍ത്ഥ്യങ്ങളുടെ സൂചനയാണ് അടങ്ങിയിട്ടുള്ളത്. റഹ്മാന്റെ അടിയാന്‍മാരുടെ 7-ാമതു ഗുണം ഇതാണ്:-

25:72
  • وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ﴾٧٢﴿
  • (അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും; വ്യര്‍ത്ഥമായ കാര്യത്തിനരികെകൂടി പോകുന്നതായാല്‍, അവര്‍ മാന്യന്‍മാരായ നിലയില്‍ പോകുകയും ചെയ്യുന്നതാണ്.
  • وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَشْهَدُونَ അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല الزُّورَ കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം) وَإِذَا مَرُّوا അവര്‍ പോയാല്‍, നടന്നാല്‍ بِاللَّغْوِ വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ مَرُّوا അവര്‍ പോകുന്നതാണ്, നടക്കുന്നതാണ് كِرَامًا മാന്യന്‍മാരായിട്ട്

‘കൃത്രിമം’ എന്നര്‍ത്ഥം കല്‍പിച്ചത്‌ ‘സൂര്‍’ (زُّور) എന്ന പദത്തിനാണ്. ‘അക്രമം, അനീതി, കളവ്, അസത്യം, തോന്നിയവാസം’ ഇത്യാദി അര്‍ത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടും. ‘യശ്ഹദൂന’ (يَشْهَدُونَ) എന്ന വാക്കിനാകട്ടെ, ‘സാക്ഷ്യം വഹിക്കുക, സാക്ഷിപറയുക, ഹാജരാകുക, കാണുക’ എന്നിങ്ങിനെയും പല അര്‍ത്ഥങ്ങളുണ്ട്. കൃത്രിമമായുണ്ടാക്കപ്പെട്ട കാര്യങ്ങള്‍ക്ക് ‘മുസവ്വര്‍’ (مُزَوَّر) എന്ന് പറയുന്നു. ആകയാല്‍, യാതൊരു അക്രമങ്ങള്‍ക്കും, അസത്യത്തിനും അവര്‍ അരുനില്‍ക്കുകയും, അതില്‍ ഭാഗഭാക്കാക്കുകയും ചെയ്കയില്ലെന്നും സിദ്ധിക്കുന്നു. കള്ളസാക്ഷി (شهادة الزور) പറയലും, അത് ഏറ്റെടുക്കലും പ്രത്യേകിച്ചും അതില്‍ ഉള്‍പ്പെടുന്നു. കള്ളസാക്ഷ്യത്തെ ഏഴു മഹാപാപങ്ങളില്‍ ഒന്നായി നബി (صلّى الله عليه وسلّم) എണ്ണിയിരിക്കുന്നത് പരക്കെ അറിയാവുന്നതാണല്ലോ. കള്ളസാക്ഷി പറഞ്ഞ ഒരാള്‍ക്ക് നാല്‍പ്പത് അടിക്ക് പുറമെ, മുഖത്ത് അടയാളം വെക്കുക, തലമുടികളയിച്ച് അങ്ങാടിയില്‍കൂടി നടത്തുക എന്നീ ശിക്ഷകള്‍ കൂടി ഉമര്‍ (رضي الله عنه) നല്‍കുകയുണ്ടായിട്ടുണ്ടെന്ന്‍ ചിലര്‍ രേഖപ്പെടുത്തിക്കാണുന്നു.

‘വ്യര്‍ത്ഥമായ കാര്യങ്ങളെ’ (اللَّغْو) ക്കുറിച്ച് സൂറത്തുല്‍ മുഅ്മിനീന്റെ ആദ്യഭാഗങ്ങളില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം അതില്‍ പെടുന്നു. മഹാനായ അബ്ദുല്‍ ഹഖ് ദഹ്‌ലവി (عبد الحق الدهلوي) പ്രസ്താവിച്ചിട്ടുള്ളതു പോലെ ഇന്നത്തെ നൃത്തം, സിനിമ, നാടകം തുടങ്ങിയ കലാവിനോദങ്ങളെന്ന പേരിലറിയപ്പെടുന്ന എല്ലാ തോന്നിയവാസങ്ങളും, അവിശ്വാസികളായ ജനങ്ങളുടെ പലതരം ഉത്സവാദികോലാഹലങ്ങളും, ബിദ്അത്തുകാരുടെ (മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടിയവരുടെ) പല ചടങ്ങുകളും, മാമൂലുകളും – എല്ലാം തന്നെ – വര്‍ജ്ജിക്കപ്പെടേണ്ടവയാകുന്നു.

അല്ലാഹുവിന്റെ പ്രിയപ്പെട്ട ഈ അടിയാന്‍മാര്‍ വ്യര്‍ത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോള്‍ മാന്യന്‍മാരായ നിലയില്‍ പോകുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതില്‍ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതില്‍ താല്‍പര്യം തോന്നുകയോ, ശ്രദ്ധപതിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂര്‍വ്വം തിരിഞ്ഞുപോകുമെന്നാകുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്ന് ഇത് മനസ്സിലാക്കാം:-

وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ – سورة القصص : ٥٥

സാരം: വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും! നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’.

8-ാമത് ഗുണം ഇതാണ്:-

25:73
  • وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا ﴾٧٣﴿
  • (അവര്‍) യാതൊരുകൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ ‘ആയത്തു’കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ബധിരന്‍മാരും, അന്ധന്‍മാരുമായ നിലയില്‍ അതിന്‍മേല്‍ അവര്‍ വീഴുകയില്ല.
  • وَالَّذِينَ യാതൊരു കൂട്ടരുമാണു إِذَا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ بِآيَاتِ ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന رَبِّهِمْ അവരുടെ റബ്ബിന്റെ لَمْ يَخِرُّوا അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല عَلَيْهَا അതിനു മീതെ صُمًّا ബധിരന്‍മാരായി وَعُمْيَانًا അന്ധന്‍മാരായും

അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ – അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ – അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും ചെയ്‌വാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക. ചില ആളുകള്‍ തെറ്റിദ്ധരിച്ചതുപോലെ – അല്ലെങ്കില്‍ താല്‍പര്യപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്തതുപോലെ – അല്ലാഹുവിന്റെ ആയത്തുകള്‍ കൊണ്ട് ഉപദേശിക്കപ്പെടുമ്പോള്‍ അത് കണ്ണടച്ച് വിശ്വസിക്കാതെ, വിമര്‍ശനബുദ്ധ്യാ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അത് സ്വീകരിക്കുകയുള്ളു എന്നല്ല ഈ വചനത്തിന്റെ സാരം. സാധാരണക്കാര്‍ നല്‍കുന്ന ഉപദേശങ്ങളില്‍ ഇതാവശ്യംതന്നെ. എന്നാല്‍ അല്ലാഹുവിന്റെ ആയത്തുകള്‍ വിമര്‍ശനപൂര്‍വ്വം പരിശോധിച്ചേ സ്വീകരിക്കാവൂ എന്ന് പറയുന്നത് കേവലം അസംബന്ധവും അതിര്കവിച്ചലുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക:-

1).إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ – سورة السجدة :١٥
2). إِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا – سورة مريم:٧٣

സാരം: 1. യാതൊരുകൂട്ടര്‍ മാത്രമേ നമ്മുടെ ആയത്തുകളില്‍ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവകൊണ്ട് ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ അവര്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായുംകൊണ്ട് വീഴുകയും, തങ്ങളുടെ റബ്ബിന് സ്തോത്രം ചെയ്തുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുകയും ചെയ്യുന്നതാണ്‌. അവര്‍ അഹംഭാവം നടിക്കുകയുമില്ല. (സൂ: സജദഃ : 15).
2. അവര്‍ക്ക് (ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട പ്രവാചകന്‍മാര്‍ക്ക്) റഹ്മാന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍, സുജൂദ് ചെയ്യുന്നവരായും, കരയുന്നവരായുംകൊണ്ട് നിലം പതിക്കുന്നതാണ്. (സൂ: മര്‍യം: 73). ഇവിടെ വിമര്‍ശനത്തിനും, പരിശോധനക്കും സ്ഥാനമുണ്ടോ എന്ന് ആലോചിച്ചുനോക്കുക! സജ്ജനങ്ങളുടെ 9-ാമത് ഗുണത്തെപ്പറ്റി അല്ലാഹു പറയുന്നു:-

25:74
  • وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا ﴾٧٤﴿
  • (അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!’
  • وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക)

അവര്‍ തങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താല്‍പര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. കുടുംബജീവിതത്തില്‍നിന്നും, സാമൂഹ്യജീവിതത്തില്‍നിന്നും അകന്ന് ഏകാന്തത സ്വീകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്. അതുകൊണ്ട് തങ്ങളുടെ പത്നികളും സന്തതികളും സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും അവര്‍ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. (*). മാത്രമല്ല, ഇസ്‌ലാമിക നടപടിക്രമങ്ങള്‍ ശരിക്കും ആചരിച്ചു വരുന്ന ഭയഭക്തന്‍മാര്‍ക്ക് തങ്ങളും, തങ്ങളുടെ പത്നികളും സന്താനങ്ങളും മുമ്പന്‍മാരായിരിക്കുവാനും – അഥവാ മാതൃകയായിരിക്കത്തക്കവണ്ണം മുന്നണിയില്‍ നില്‍കുന്നവരായിത്തീരുവാനും – അവര്‍ പ്രാര്‍ത്ഥന ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും.


(*). പ്രാര്‍ത്ഥനകളില്‍ കഴിവതും, ഖുര്‍ആനിലും ഹദീസിലും കാണപ്പെടുന്ന പ്രാര്‍ത്ഥനാവാക്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നത് നല്ലതാണ്.


നബി (صلّى الله عليه وسلّم) പറയുന്നു:

ذَا مَاتَ ابنُ آدم انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثٍ : وَلَدٍ صَالِحٍ يَدْعُو لَهُ، وعِلْمٍ يُنْتَفَعُ بِهِ، صَدَقَةٍ جَارِيَةٍ – رَوَاهُ مُسْلِمٌ

(ആദമിന്റെ മകന്‍ – മനുഷ്യന്‍ – മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍, മൂന്നു കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞുപോകുന്നതാണ്, അതായത്, തനിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മക്കള്‍, തന്റെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്, സ്ഥായിയായ ദാനധര്‍മ്മം എന്നിവ. (മു). റഹ്മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിച്ചശേഷം അവര്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് തുടര്‍ന്നു പറയുന്നു:-

25:75
  • أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا ﴾٧٥﴿
  • അവര്‍ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് മണിമേടകള്‍ പ്രതിഫലം നല്‍കപ്പെടുന്നതാണ്; അഭിവാദ്യത്തോടും, സമാധാനസന്ദേശത്തോടും (കൂടി) അതില്‍വെച്ച് അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യുന്നതാണ്.
  • أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ يُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും الْغُرْفَةَ ഉന്നതമാളിക, മണിമാടം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ടു, ക്ഷമിച്ചതു നിമിത്തം وَيُلَقَّوْنَ അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും فِيهَا അതില്‍വെച്ചു تَحِيَّةً അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം وَسَلَامًا സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും

25:76

  • خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴾٧٦﴿
  • അതില്‍ അവര്‍ നിത്യവാസികളായ നിലയിലായിരിക്കും (വസിക്കുക). വളരെ നല്ല ഭവനവും, പാര്‍പ്പിടവും!
  • خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു فِيهَا അതില്‍ حَسُنَتْ വളരെ നല്ലതാണു, എത്ര നല്ലതു مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും

അവര്‍ ഒരിക്കലും അതില്‍നിന്ന് പുറത്തു പോകേണ്ടിവരികയോ, അതില്‍വെച്ച് മരണമടയുകയോ ചെയ്യുന്നതല്ല. അവര്‍ സ്വര്‍ഗ്ഗത്തില്‍ ശാശ്വതരായിരിക്കും. വസിക്കുവാനും സുഖിക്കുവാനും അതില്‍പരം നല്ല ഭവനം വേറെയൊന്നില്ല എന്നുസാരം. നരകശിക്ഷയില്‍നിന്ന് തങ്ങളെ ഒഴിവാക്കുവാനായി ഇവര്‍ ചെയ്യുന്ന ‘ദുആ’ (പ്രാര്‍ത്ഥന)യില്‍ നരകം വളരെ മോശപ്പെട്ട ഭവനവും പാര്‍പ്പിടവുമാണെന്ന് പ്രസ്താവിച്ചിരുന്നുവല്ലോ, അതുകൊണ്ട് അതിന്നു നേരെ വിപരീതമായി, സ്വര്‍ഗ്ഗത്തിലെ മണിമാടങ്ങള്‍ വളരെ നല്ല ഭവനങ്ങളും വളരെ നല്ല പാര്‍പ്പിടങ്ങളുമാണെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിച്ചിരിക്കയാണ്.

അവസാനമായി, അവിശ്വാസികള്‍ക്ക്‌ കനത്ത ഒരു താക്കീത് നല്‍കുവാന്‍ നബി (صلّى الله عليه وسلّم) യോട് കല്‍പിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-

25:77

  • قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا ﴾٧٧﴿
  • (നബിയേ) പറയുക: ‘നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല). എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്.’
  • قُلْ പറയുക مَا يَعْبَأُ എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല بِكُمْ നിങ്ങളെപ്പറ്റി رَبِّي എന്റെ റബ്ബ് لَوْلَا دُعَاؤُكُمْ നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍ فَقَدْ എന്നാല്‍ തീര്‍ച്ചയായും كَذَّبْتُمْ നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു فَسَوْفَ ആകയാല്‍, വഴിയെ يَكُونُ അതായിത്തീരും, ആകും لِزَامًا അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്

അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ വചനത്തിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഓരോന്നിന്റെയും ചുരുക്കം ഇപ്രകാരമാകുന്നു:-

1). നിങ്ങള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നുവെന്ന് മാത്രമല്ല, അവരോട് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അല്ലാഹുവിനോടല്ലാതെയുള്ള ഈ പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളെപ്പറ്റി അവന്‍ വളരെയൊന്നും വകവെക്കുമായിരുന്നില്ല; ഇത്ര ഗൗരവത്തോടെ വീക്ഷിക്കുകയും ചെയ്യുമായിരുന്നില്ല. നിങ്ങളാണെങ്കില്‍ ഇതിനും പുറമെ സത്യപ്രബോധാനത്തെ കളവാക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്ക് ശിക്ഷ അനിവാര്യമായിരിക്കുന്നു. അത് താമസിയാതെ സംഭവിക്കുകയും ചെയ്യും.

2).നിങ്ങള്‍ ആരാധനയിലും പ്രാര്‍ത്ഥനയിലും ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നവരാണ്. എങ്കിലും, ചുരുക്കം ചില സന്നിഗ്ധഘട്ടങ്ങളിലെങ്കിലും അല്ലാഹുവിനോട് നിങ്ങള്‍ നിഷ്കളങ്കമായി പ്രാര്‍ത്ഥന ചെയ്യാറുണ്ട്. അതുകൊണ്ടാണ് അവന്‍ നിങ്ങളെ ഇപ്പോള്‍ ശിക്ഷിക്കാത്തത്. എന്നാല്‍, നിങ്ങള്‍ സത്യത്തെ കളവാക്കി നിഷേധിച്ചിരിക്കക്കൊണ്ട് ശിക്ഷ നിങ്ങള്‍ക്ക് അധികം താമസിയാതെ അനുഭവപ്പെടുകതന്നെ ചെയ്യും. അതിന് ഒഴിവുണ്ടാകുകയില്ല. (കപ്പല്‍ യാത്രകളില്‍വെച്ചും മറ്റും കഠിനമായ ആപല്‍ഘട്ടം നേരിടുമ്പോള്‍ ബഹുദൈവാരാധകരായ മുശ്രിക്കുകള്‍, അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കാതെ, അല്ലാഹുവിനോടുതന്നെ നിഷ്കളങ്കമായ പ്രാര്‍ത്ഥന നടത്തുമെന്നും, ആപത്ത് നീങ്ങി രക്ഷപ്പെട്ടാല്‍ വീണ്ടും പഴയപടി ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നതാണെന്നും ഖുര്‍ആന്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ളത് (*) ഇവിടെ സ്മരണീയമാണ്.) മനുഷ്യന്‍ പൊതുവില്‍ എത്രതന്നെ ധിക്കാരം പ്രവര്‍ത്തിച്ചാലും, ഇടയ്ക്കെങ്കിലും ചിലര്‍ അല്ലാഹുവിനെ വിളിച്ചും പ്രാര്‍ത്ഥിച്ചും വരുന്നതുകൊണ്ടാണ് അവന്‍ അവരെ ഒന്നാകെ ശിക്ഷിച്ചു നശിപ്പിക്കാത്തത് എന്നത്രെ ഇതിലടങ്ങിയ തത്വം.


(*). സൂ: അന്‍ആം: 63,64; നഹ്ല്‍: 53,54; യൂനുസ്: 22, 23 മുതലായവയില്‍ കാണാം.


‘അല്ലാഹുവേ, (മുഹമ്മദ്‌ പ്രബോധനം ചെയ്യുന്ന) ഇതാണ് നിന്റെ പക്കല്‍നിന്നുള്ള യഥാര്‍ത്ഥ (സത്യ)മെങ്കില്‍, നീ ഞങ്ങളുടെമേല്‍ കല്ലുമഴ വര്‍ഷിപ്പിച്ചേക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനയേറിയ വല്ല ശിക്ഷയും കൊണ്ടുവന്നേക്കുക!’ എന്ന് ധൈര്യസമേതം പ്രാര്‍ത്ഥിക്കുമാറ് ധിക്കാരികളായ മുശ്രിക്കുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക:- وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ – سورة الأنفال:٣٣ (നബിയേ, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുവാന്‍ തയ്യാറില്ല, അവര്‍ പാപമോചനം തേടാറുള്ള സ്ഥിതിക്കും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല എന്നു സാരം.). നബി തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം പറയുന്നു: هل تُنصَرونَ وتُرزَقونَ إلا بضُعَفائِكم – البخاري (നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും, ആഹാരം നല്‍കപ്പെടുന്നതും നിങ്ങളുടെ അബലന്‍മാര്‍ നിമിത്തമല്ലാതെ മറ്റു വല്ലതുകൊണ്ടുമാണോ?) ഈ തത്വം ഒരു കവി മനുഷ്യലോകത്തെ നോക്കിപ്പറഞ്ഞതെത്ര വാസ്തവം!-

لَوْلَا شُيُوخٌ لِلْإلَهِ رُكَّـعُ … وَصِبْيَةٌ مِنَ الْيَتَـامَى رُضَّعٌ
وَمُهْمَلَاتٌ فِي الْفَلَاةِ رُتَّعٌ … صَبَّ عَلَيْكُمُ الْعَذَابُ الْاوْجَعُ

സാരം: അല്ലാഹുവിന്ന് ‘റുകുഉ’ (കുമ്പിട്ട്‌ നമസ്കാരകര്‍മ്മം) ചെയ്തുവരുന്ന ചില വൃദ്ധന്‍മാരും, അനാഥകളില്‍പെട്ട മുലകുടി പ്രായക്കാരായ ചില ശിശുക്കളും, മരുഭൂമിയില്‍ അവഗണിക്കപ്പെട്ട് മേഞ്ഞു നടന്നുകൊണ്ടിരിക്കുന്ന കുറെ ജീവജന്തുക്കളും ഇല്ലായിരുന്നുവെങ്കില്‍ (മനുഷ്യലോകമേ) നിങ്ങളുടെമേല്‍ വളരെ വേദനപ്പെട്ട ശിക്ഷ ചൊരിയപ്പെടുമായിരുന്നു!

3) دُعَاؤُكُمْ എന്ന വാക്കിന് നിങ്ങളുടെ പ്രാര്‍ത്ഥന എന്ന് അര്‍ത്ഥം കല്പിച്ചുകൊണ്ടാണ് മേല്‍കണ്ട രണ്ട് വ്യാഖ്യാനങ്ങള്‍ ഉള്ളത്. എന്നാല്‍ دُعَاء (ദുആ) എന്ന വാക്കിന് ‘വിളി, ക്ഷണം’ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം കല്‍പ്പിച്ചുകൊണ്ടാണ് മൂന്നാമത്തെ വ്യാഖ്യാനം. അതിങ്ങിനെയാണ്: റസൂല്‍ നിങ്ങളെ തൌഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ ഈ പ്രബോധനകൃത്യം നിലവില്‍ നടന്നുകൊണ്ടിരിക്കയുമാണ് അതില്ലായിരുന്നുവെങ്കില്‍, അല്ലാഹു നിങ്ങളെപ്പറ്റി ഒട്ടും വില വെക്കുമായിരുന്നില്ല. നിങ്ങള്‍ പ്രബോധനത്തെ കളവാക്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് നിങ്ങള്‍ ശിക്ഷക്ക് അവകാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, അതു വഴിയെ അനുഭവപ്പെടുന്നതുമാണ്.

മേല്‍കണ്ട മൂന്നഭിപ്രായങ്ങള്‍ക്ക് പുറമെ വേറെയും ചില അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. ഏതായാലും ഇത്രയും ചെറിയ ഒരു വചനം, പരസ്പര വൈരുദ്ധ്യം ഇല്ലാത്തതും, സാരവത്തായതുമായ പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കത്തക്കവണ്ണം വിശാലമായ അര്‍ത്ഥം ഉള്‍കൊള്ളുന്നത് വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യേകത തന്നെയാകുന്നു.

اللهم اجعلنا من عبادك الصالحين واجعلنا للمتقين إماما

والحمدلله أولا وأخرا

നാലം ഘട്ടം – ക്യാമ്പയിൻ 4 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 53 മുതൽ 67 വരെ

സൂറത്തുല്‍ ഫുര്‍ഖാന്‍ : 53-67

വിഭാഗം – 4

25:53

  • وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا ﴾٥٣﴿
  • രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
  • وَهُوَ الَّذِي അവന്‍ തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ)

‘രണ്ടു സമുദ്രങ്ങള്‍’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന് ശുദ്ധജലം കുടിക്കുവാനും ദാഹം തീര്‍ക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത് കഠിനമായ ഉപ്പുരസം നിമിത്തം കയ്പുള്ളതും കുടിക്കുവാന്‍ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവങ്ങളുള്ള രണ്ട് ജലങ്ങളും ഭൂമിയില്‍ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ, അവ അന്യോന്യം തൊട്ടും കൂടിച്ചേര്‍ന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ച്‌ പരാജയപ്പെടുത്തുകയോ, തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ, ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച് ഉപ്പുജലം അതിരുകടന്ന് ശുദ്ധജലം ഇല്ലാതാക്കുകയും ചെയ്യുന്നില്ല, ഏതോ ഒരു അദൃശ്യമഹാശക്തി അതിന് തടസ്സമായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ് (القدرة) ഒന്നുമാത്രമാണത്.

സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും (الإيمان والكفر) ഇടക്കുള്ള അവസ്ഥയും ഇതുതന്നെ. ഒന്ന് മറ്റേതില്‍ ലയിക്കുന്നതല്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരമനസ്ഥിതിയാകുന്ന മറ സത്യവിശ്വാസികളില്‍ നിലനില്‍ക്കുന്ന കാലത്തോളം, സത്യവിശ്വാസമാകുന്ന ശുദ്ധജലസമുദ്രവും, അവിശ്വാസമാകുന്ന ഉപ്പുജലസമുദ്രവും തമ്മില്‍ സംയോജനം സാധ്യമല്ല. അഞ്ചാമത്തെ ദൃഷ്ടാന്തം ഇതാകുന്നു:-

25:54

  • وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا ﴾٥٤﴿
  • അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
  • وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധം, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)

ജലവംശത്തില്‍പ്പെട്ട ഒരു പ്രത്യേക ഇനമാകുന്ന മനുഷ്യബീജത്തെയാണ്‌ ഇവിടെ ‘ജലം’ (الْمَاء) കൊണ്ട് ഉദ്ദേശിക്കുന്നത്. തീ, വെള്ളം, മണ്ണ്, വായു, ജീവന്‍ എന്നീ പഞ്ചഭൂതങ്ങളില്‍ ഒന്നായ വെള്ളമാണ് ഉദ്ദേശ്യമെന്നും വരാവുന്നതാണ്.

മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഒന്ന് കുലത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തില്‍. ഒരാളുടെ പിതൃപരമ്പരയും, ഗോത്രപ്പേരും കണക്കാക്കുന്നത് ഈ ബന്ധത്തെ ആസ്പദമാക്കിയാണ്. മറ്റൊന്ന് വിവാഹത്താല്‍ ഉളവാകുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷന്‍ വഴിക്കും സ്ത്രീ വഴിക്കുമാണ് മനുഷ്യര്‍ തമ്മില്‍ ബന്ധുക്കളാവുന്നത്. ഒരേ ബീജത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഇങ്ങിനെ രണ്ട് വിഭാഗമായതും, ഓരോ വിഭാഗത്തിലെ വ്യക്തികള്‍ പരസ്പരം വ്യത്യസ്തമായ ആകൃതിയിലും പ്രകൃതിയിലുമായതും അല്ലാഹുവിന്റെ മഹാശക്തിയുടെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ. ഒരേ പിതാവില്‍നിന്നും, ഒരേ മാതാവില്‍നിന്നുമായി ഉത്ഭവിച്ചു തുടങ്ങിയ മനുഷ്യവംശം ക്രമേണ പെറ്റു പെരുകിപ്പെരുകി കോടാനുകോടികളായിത്തീര്‍ന്നതും അതിന്റെ ദൃഷ്ടാന്തം തന്നെ.

25:55

  • وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا ﴾٥٥﴿
  • അല്ലാഹുവിനു പുറമെ, തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവെ അവര്‍ ആരാധിക്കുന്നു! അവിശ്വാസി, തന്റെ രക്ഷിതാവിനെതിരായി (ദുര്‍മ്മാര്‍ഗത്തിന്) പിന്‍തുണ നല്‍കുന്നവനായിരിക്കുകയാണ്.
  • وَيَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُهُمْ അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّهُمْ അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത وَكَانَ الْكَافِرُ അവിശ്വാസിയാകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّهِ തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍) ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍

25:56

  • وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا ﴾٥٦﴿
  • (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (താക്കീത് നല്‍കുന്ന) മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
  • وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതുകാരനും, മുന്നറിയിപ്പു നല്‍കുന്നവനും

25:57

  • قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا ﴾٥٧﴿
  • പറയുക: ‘ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
  • قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി

ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അതുമൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തതുകൊണ്ട് ഏതെങ്കിലും ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും, ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്‌. സൃഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്റെ – മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള – എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ടു തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്റെയും, അവന്റെ കക്ഷിക്കാരുടെയും പക്ഷത്തുചേര്‍ന്ന് അവരുടെ മാര്‍ഗ്ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്‍തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.

ബലം പ്രയോഗിച്ച് നിര്‍ബ്ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബി (صلّى الله عليه وسلّم) നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബി (صلّى الله عليه وسلّم) ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم) തിരുമേനി ആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്‌. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ – എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട്‌ അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്റെ പേരില്‍ – എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനി (صلّى الله عليه وسلّم) ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു. ഈ വസ്തുത അവരെ ഓര്‍മ്മപ്പെടുത്തുവാനാണ് 57-ാം വചനം നബി (صلّى الله عليه وسلّم) യെ ഉപദേശിക്കുന്നത്. തുടര്‍ന്നുള്ള വചനം തിരുമേനി (صلّى الله عليه وسلّم)ക്ക് കൂടുതല്‍ മനശ്ശാന്തിയും ധൈര്യവും നല്‍കുന്നു –

25:58

  • وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا ﴾٥٨﴿
  • (നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
  • وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു

25:59

  • ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا ﴾٥٩﴿
  • ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവന്‍). പിന്നീട്, അവന്‍ ‘അര്‍ശി’ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. (അവന്‍) പരമകാരുണികന്‍! ആകയാല്‍, അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക.
  • الَّذِي خَلَقَ സൃഷ്‌ടിച്ചവനാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയ്ക്കുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു عَلَى الْعَرْشِ സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍ الرَّحْمَـٰنُ പരമകാരുണികനാണ് فَاسْأَلْ ആകയാല്‍ (എന്നാല്‍) ചോദിക്കുക بِهِ അവനെപ്പറ്റി, ഇതിനെക്കുറിച്ചു خَبِيرًا ഒരു സൂക്ഷ്മജ്ഞാനിയോടു

അവിശ്വാസികളുടെ എതിര്‍പ്പുകളിലും, നിഷേധത്തിലും അക്ഷമനാകാതെ,എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച്, സ്ഥിരചിത്തനായിരുന്നുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم)യെ ഉപദേശിക്കുന്നു. ഭരമേല്‍പിക്കപ്പെടുന്നതിനാസ്പദമായ അവന്റെ ചില ഗുണവൈശിഷ്ട്യങ്ങളും അതോടൊപ്പം എടുത്തു പറഞ്ഞിരിക്കുന്നു: 1) അവന്‍ ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. 2) അവന്‍ തന്റെ അടിയാന്‍മാരുടെ – അവന്റെ അടിയാന്‍മാരല്ലാതെ ഒരാളും ഇല്ലതാനും – പ്രവര്‍ത്തനങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവനാണ് അഥവാ, അതിനെപ്പറ്റി വേണ്ടുന്ന നടപടികള്‍ എടുക്കുവാന്‍ മറ്റാരുടെയെങ്കിലും തെളിവോ, സഹായമോ, മാദ്ധ്യസ്ഥമോ, ഇടപെടലോ ഒന്നും തന്നെ അവന് ആവശ്യമില്ല. 3) ആകാശഭൂമികളടക്കമുള്ള സകല വസ്തുവിന്റെയും സൃഷ്ടാവും സിംഹാസനാധിപതിയും അവനാണ്. എന്നിരിക്കെ മറ്റാരിലും ഭരമേല്‍പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല.

‘അവന്‍ ‘അര്‍ശി’ല്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്ന് പറഞ്ഞതിനെ സംബന്ധിച്ച് സൂ: ത്വാഹാ 5-ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. ആറ് ദിവസങ്ങളിലാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. ഒരു രാവും പകലും ചേര്‍ന്ന 24 മണിക്കൂര്‍ സമയത്തിനാണ് നാം സാധാരണ ‘ദിവസം’ (يَوْمٌ) എന്ന് പറയുന്നത്. തികച്ചും, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങള്‍, ആകാശഭൂമികളെ സൃഷ്ടിക്കുകയും, നിലവിലുള്ള ഈ വ്യവസ്ഥ നല്‍കിക്കഴിയുകയും ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരിക്കയില്ലല്ലോ. ‘നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലത്തിന് സമമാണ് നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ : سورة الحج : ٤٧ എന്ന് സൂ: ഹജ്ജില്‍ പറയുന്നു. (ഇതിന്റെ വിവരണം അവിടെ നോക്കുക). അന്ത്യനാളിനെക്കുറിച്ച് ‘അമ്പതിനായിരം കൊല്ലത്തെ അളവിലുള്ള ഒരു ദിവസം (فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ : سورة المعارج :٤) എന്ന് ഒരിടത്ത് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതേ നാളിനെ ഉദ്ദേശിച്ച് ‘അന്ത്യദിനം (اَلْيَوْمُ الأخِر) എന്നും പറയുന്നു. ‘ആകാശഭൂമികളെ സൃഷ്‌ടിച്ച ദിവസം തന്നെ, അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്’: (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا …الح : سورة التوبة : ٣٦) എന്നും ഖുര്‍ആന്‍ പറയുന്നു.

അപ്പോള്‍, 24 മണിക്കൂര്‍ സമയം എന്നോ, നമ്മുടെ രാവും പകലും ചേര്‍ന്ന സമയമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇവിടെ ‘ആറു ദിവസങ്ങള്‍’ (سِتَّةِ أَيَّامٍ) എന്ന് പ്രസ്താവിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ആകാശഭൂമികളുടെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന്റെ അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍, ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ ഉള്ള കാലംകൊണ്ടാണവ ഇന്നത്തെ നിലയില്‍ വന്നിട്ടുള്ളതെന്ന് കാണുന്നു. ഈ നീണ്ട കാലഘട്ടങ്ങളില്‍, വ്യത്യസ്തങ്ങളായ, ആറു ഉപകാലഘട്ടങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കഭിപ്രായമുണ്ട്. ശാസ്ത്രീയാഭിപ്രായങ്ങള്‍ ഒരിക്കലും മാറാത്ത ഉറച്ച അഭിപ്രായങ്ങളല്ല. എങ്കിലും, പ്രസ്തുത അഭിപ്രായങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചെയ്തിട്ടുള്ള ഈ പ്രസ്താവനക്ക് വിരുദ്ധമാകുന്നില്ല എന്നുമാത്രം. അല്ലാഹു അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്താണെന്ന് സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല.

59-ാം വചനത്തിന്റെ അന്ത്യത്തില്‍ ‘സൂക്ഷ്മജ്ഞാനിയായ ഒരുവനോട് അതിനെപ്പറ്റി ചോദിച്ചുകൊള്ളുക’ (فَاسْأَلْ بِهِ خَبِيرًا) എന്നുള്ള വാക്യം വളരെ ശ്രദ്ധാര്‍ഹവും അര്‍ത്ഥവത്തും ആകുന്നു. കൂടുതല്‍ വിവരമുള്ള വല്ല മനുഷ്യനോടും ചോദിച്ചറിയുവാനുള്ള ഒരാഹ്വാനമല്ല ഇത്. ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചും, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവന്‍ അവന്‍ ഒരുവന്‍ മാത്രാമാണുള്ളതെന്നും, അതിനെപ്പറ്റി ശരിക്കുശരിയും സസ്സൂക്ഷ്മവുമായ അറിവ് അവനില്‍നിന്നല്ലാതെ അന്വേഷിച്ചിട്ടു ഫലമില്ലെന്നുമാണ് ആ വാക്യത്തിന്റെ താല്‍പര്യം. അപ്പോള്‍, സത്യവിശ്വാസിയായ ഏതൊരുവനും, ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനക്കെതിരായ ശാസ്ത്രീയസിദ്ധാന്തത്തില്‍ വിശ്വസിക്കുവാന്‍ നിവൃത്തിയില്ല. ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയോട് ഒപ്പിച്ചുകൊണ്ട് ആ സിദ്ധാന്തത്തിന് വ്യാഖ്യാനം നല്‍കുകയല്ലാതെ, അതിനൊപ്പിച്ച്‌ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് ന്യായവും യുക്തവുമല്ല. ഖുര്‍ആന്റെ വാക്യങ്ങള്‍ സ്പഷ്ടമായി കാട്ടിത്തരുന്ന പരിധി തെറ്റാതെ, കൂടുതല്‍ അറിവിനായി പരിശ്രമിക്കുകയും, ‘റബ്ബേ! എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ!’ (رَبِّ زِدْنِي عِلْمًا) എന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ആകാശഭൂമികളുടെയും, അവയിലുള്ള സര്‍വ്വവസ്തുക്കളുടെയും സൃഷ്ടാവും, സിംഹാസനാധിപതിയുമാണ് അല്ലാഹു എന്നിരിക്കുമ്പോള്‍, അവന്‍ അവയുടെ സര്‍വ്വാധിപതിയും ഏകാധിപതിയുമായിരിക്കുക സ്വാഭാവികമാണ്. അതേ സമയത്ത് അവന്‍ പരമകാരുണികനും (الرَّحْمَـٰنُ) ആകുന്നുവെന്ന്‍ ഉണര്‍ത്തുന്നു. പാപികളായുള്ളവര്‍ക്ക് പശ്ചാത്തപിച്ച്‌ മടങ്ങുവാനും, പുണ്യവാന്‍മാര്‍ക്ക് കൂടുതല്‍ ആവേശവും, പ്രോത്സാഹനവും വര്‍ദ്ധിക്കുവാനും വേണ്ടിയാണത്. എന്നാല്‍, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിലും ഒരു ആശയക്കുഴപ്പം! അതാണ്‌ അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.

25:60

  • وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩ ﴾٦٠﴿
  • നിങ്ങള്‍ ‘റഹ്മാന്നു’ (പരമകാരുണികനായുള്ളവന്നു) ‘സുജൂദ്’ (വണക്കം) ചെയ്യുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: ‘എന്താണ് റഹ്മാന്‍’?! നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ ‘സുജൂദ്’ ചെയ്യുകയോ?!’ അത് [ആ വാക്ക്] അവര്‍ക്ക് വെറുപ്പ്‌ അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോടു اسْجُدُوا നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍ لِلرَّحْمَـٰنِ റഹ്മാന്നു (പരമകാരുണികന്) قَالُوا അവര്‍ പറയും, പറയുന്നു وَمَا الرَّحْمَـٰنُ എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍ أَنَسْجُدُ ഞങ്ങള്‍ സുജൂദു ചെയ്കയോ لِمَا تَأْمُرُنَا നീ ഞങ്ങളോടു കല്‍പിക്കുന്നതിനു وَزَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും نُفُورًا വെറുപ്പ്‌, അറപ്പ്, മിരട്ട്

ഈ ആയത്ത് ഓതിയാല്‍ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാകുന്നു.

അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളെ വിശേഷിപ്പിക്കുന്ന പല തിരുനാമങ്ങളില്‍ ഒന്നാണ് ‘റഹ്മാന്‍’ (الرَّحْمَـٰنُ) എന്ന നാമവും, ‘അല്ലാഹു’ (الله) എന്ന നാമത്തെക്കഴിച്ചാല്‍ ഇതിനാണ് ഖുര്‍ആനില്‍ മറ്റേതിനേക്കാളും പ്രാധാന്യം കല്‍പിച്ചു കാണുന്നത്. അവന്റെ അപാരമായ കൃപാകടാക്ഷത്തെയും അതിയായ ദയാശീലത്തെയും അത് ദ്യോതിപ്പിക്കുന്നു. പരമകാരുണികന്‍ എന്നാണല്ലോ അതിന്റെ അര്‍ത്ഥം. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആവേശവും മോഹവും ഉള്ളവരായിരിക്കണമെന്നും, ഏതു മഹാപാപിയായിരുന്നാലും അവന്‍ പശ്ചാത്തപിക്കുന്നപക്ഷം, നിരാശപ്പെടേണ്ടതില്ലെന്നും, ഓര്‍മ്മിപ്പിക്കുവാനാണ് ഇതുപോലെയുള്ള പല സന്ദര്‍ഭങ്ങളിലും – സ്വതന്ത്രനാമമായി കൊണ്ടും, അല്ലാഹു എന്ന നാമത്തിന്റെ വിശേഷണമായിക്കൊണ്ടും – ‘റഹ്മാന്‍’ എന്ന് ഉപയോഗിക്കപ്പെടുന്നത്.

അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ നാമത്തിന്റെ അര്‍ത്ഥം അറിയാമെങ്കിലും, അല്ലാഹുവിന്റെ നാമമായി അതിനെ ഉപയോഗിക്കുന്നത് അവര്‍ക്ക് സുപരിചിതമല്ലായിരുന്നു. അതുകൊണ്ടാണ് ‘റഹ്മാന്നു സുജൂദ് ചെയ്യുവിന്‍’ എന്ന് അവരോട് പറയപ്പെട്ടപ്പോള്‍ അവര്‍ ‘എന്താണ് റഹ്മാന്‍’ എന്നു ചോദിക്കുവാന്‍ കാരണമെന്നത്രെ പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഹുദൈബ്ബിയ്യായിലെ സന്ധിപത്രത്തിന്റെ ആരംഭത്തില്‍ ‘ബിസ്മില്ലാഹിറഹ്മാനി റഹീം’ എന്നെഴുതുവാന്‍ നബി (صلّى الله عليه وسلّم) എഴുത്തുകാരനോട്‌ പറഞ്ഞുകൊടുത്തപ്പോള്‍, ഖുറൈശികള്‍ അതിന് വിസമ്മതിക്കുകയുണ്ടായി. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് റഹ്മാനും റഹീമും പരിചയമില്ല. (പഴയ പതിവനുസരിച്ച്) മുമ്പ് എഴുതാറുള്ളതുപോലെ ‘ബിസ്മികല്ലാഹുമ്മ’ (باسمك اللهم = അല്ലാഹുവേ നിന്റെ നാമത്തില്‍) എന്നെഴുതണം.’ ഇതേ കാരണം – ഈ പേര്‍ അല്ലാഹുവിനും ഉപയോഗിക്കുക പതിവില്ലായ്ക – തന്നെയാണ് ഇവിടെയും അവര്‍ ‘റഹ്മാന്‍’ എന്താണ്’ എന്ന് ചോദിച്ചതെന്ന് ഇബ്നു കഥീറും (رحمة الله عليه) പ്രസ്താവിച്ചിരിക്കുന്നു.

മൂസാ (عليه الصلاة والسلام) നബിയോട് ഫിര്‍ഔന്‍ ‘എന്താണ് ലോകരക്ഷിതാവ്?!’ (قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ:سورة الشعراء:٢٣) എന്ന് ചോദിക്കുകയുണ്ടായതു പോലെ, അഹങ്കാരപൂര്‍വ്വം മുശ്രിക്കുകള്‍ ചോദിച്ചതാണ് ഇതെന്ന് വേറൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. മറ്റുചിലര്‍ പറയുന്നതിങ്ങിനെയാകുന്നു: ‘അല്ലാഹുവിനെ ഒരു ക്രൂരനും കഠിനനുമായിട്ടല്ലാതെ – കാരുണ്യവാനായും ദയാലുവായും പൗരാണികജനങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല, പരമകാരുണികന്‍ എന്നര്‍ത്ഥമായ ‘റഹ്മാന്‍’ എന്ന പേര്‍ കേട്ടപ്പോള്‍ അവര്‍ക്കത് ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. അതാണ്‌ ഈ ചോദ്യത്തിന് കാരണം’. പക്ഷേ, താഴെ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒന്നാമത്തെ അഭിപ്രായമാണ് ഈ മൂന്നില്‍വെച്ച് സ്വീകാര്യമായതെന്നു കാണാം. സൂ: ബനൂഇസ്രാഈലില്‍ അല്ലാഹു പറയുന്നു:-

قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا : سورة الإسراء(بنو إسرائيل):١١٠

(പറയുക: നിങ്ങള്‍ ‘അല്ലാഹു’ എന്ന് വിളിച്ചേക്കുക, അല്ലെങ്കില്‍ ‘റഹ്മാന്‍’ എന്ന് വിളിച്ചേക്കുക, ഏതു തന്നെ നിങ്ങള്‍ വിളിക്കുന്നതായാലും അവന് അത്യുത്തമമായ നാമങ്ങളുണ്ട്.). പ്രത്യുത നാമങ്ങളില്‍ ഏതും ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നു സാരം.

വിഭാഗം – 6

25:61

  • تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا ﴾٦١﴿
  • ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
  • تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ

25:62

  • وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا ﴾٦٢﴿
  • അവന്‍തന്നെയാണ് – ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി – രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും.
  • وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍

ദീപം (سِرَاجًا) എന്ന് പറഞ്ഞത് സൂര്യനെ ഉദ്ദേശിച്ചാകുന്നു. സൂര്യന്‍ അതിന്റെ ഉപഗ്രഹമായ ഭൂമിക്കും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും വെളിച്ചം നല്‍കുന്നതും, സ്വയം പ്രകാശിക്കുന്നതുമാകകൊണ്ട് അതിനെ ‘ദീപം’ എന്ന് വിശേഷിപ്പിച്ചതാവാം. സൂര്യപ്രകാശം എല്‍ക്കാതിരിക്കുന്നപക്ഷം ഭൂമിയും, ചന്ദ്രനും ഇരുളടഞ്ഞതാകുമായിരുന്നു. സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന പ്രകാശം ഭൂമിയിലേക്ക്‌ തിരിച്ചടിക്കുന്നതാണ് നിലാവെളിച്ചം. സ്വയം പ്രകാശിതങ്ങളായ ഗോളങ്ങള്‍ക്കെല്ലാംതന്നെ ‘ശംസു’കള്‍ (الشموس) സൂര്യന്‍മാര്‍ എന്നും, ചന്ദ്രനെപ്പോലുള്ള ഉപഗ്രഹങ്ങള്‍ക്ക് ‘ഖമറുകള്‍’ (الاقمار) എന്നും അറബിയില്‍ പറയാറുണ്ട്‌. ‘ഗ്രഹമണ്ഡലങ്ങള്‍’ എന്നും ‘രാശിമണ്ഡലങ്ങള്‍’ എന്നും അര്‍ത്ഥം കല്‍പിച്ചത്‌ ‘ബുറൂജ്’ (بُرُوجا) എന്ന വാക്കിനാണ്. ഏകവചനം ‘ബുര്‍ജ്’ (بُرْج) എന്നത്രെ. ഇതിന് ‘കൊത്തളം, ഉന്നതമായ മാളിക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. വലിയ ഗ്രഹമണ്ഡലങ്ങള്‍ക്കും, സപ്തഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗങ്ങളായ പന്ത്രണ്ട് രാശിമണ്ഡലങ്ങള്‍ക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.

വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തില്‍ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുന്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദര്‍ശിനി)കളുടെ സഹായത്താല്‍ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങള്‍ അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാര്‍ഗ്ഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും, അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണവണ്ണവും അവയുടെ സൃഷ്ടാവായ സര്‍വ്വജ്ഞനു മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളു.

സപ്തഗ്രഹങ്ങള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍ എന്നിവയെ സംബന്ധിച്ച് സൂറത്തുല്‍ അമ്പിയാഉ് 33-ാം വചനത്തിന്റെ വിവരണത്തില്‍ നാം പലതും വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടതില്ല. രാശിമണ്ഡലങ്ങള്‍ മാസത്തിന് ഒന്നുവീതം12 രാശികളായി കണക്കാക്കപ്പെട്ടിരിക്കുന്നു. മേടം തുടങ്ങി മീനം വരെയുള്ള 12 മലയാള മാസപ്പേരുകള്‍ അതത് മാസത്തിലെ രാശിനാമങ്ങളും കൂടിയാകുന്നു. (*). ഓരോ രാശിമാര്‍ഗ്ഗത്തിലൂടെയും സൂര്യന്‍ സഞ്ചരിക്കുന്ന കാലത്തിനാണ് സൂര്യമാസങ്ങള്‍ എന്ന് പറയുന്നത്. ഓരോന്നിലും സഞ്ചരിക്കുന്ന കാലയളവില്‍ അല്‍പം ഏറ്റക്കുറവുള്ളതുകൊണ്ടാണ് ചില മാസങ്ങളില്‍ ദിവസങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നത്.


(*). അറബിയില്‍ പന്ത്രണ്ട് രാശികളുടെ പേരുകള്‍ ക്രമപ്രകാരം ഇവയാകുന്നു:-

الحمل, الثور, الجوزاء, السرطان, الاسد, السنبلة, الميزان, العقرب, القوس, الجدى, الدلو, الحوت


രാവോ, പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി ‘മാറിമാറി വരുന്നത്’ (خِلْفَةً) എന്ന് പ്രസ്താവിച്ചത്. ഈ മാറ്റങ്ങളും, അതിന് കാരണമാകുന്ന ഗോളചലനങ്ങളുടെ നിയന്ത്രണവും, ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ധാരാളം വകനല്‍കുന്നു. അതുവഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓര്‍ക്കുവാനും, അവനോടു നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കണ്‍മുമ്പില്‍ എന്തുതന്നെ കണ്ടാലും, അവനില്‍ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവന്‍ രാത്രി ഉറങ്ങുവാനും, പകല്‍ ദേഹേച്ഛകള്‍ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം. വീണ്ടുവിചാരവും, ഉപകാരസ്മരണയുമുള്ള ഭാഗ്യവാന്‍മാരാകട്ടെ, രാപ്പകലുകളില്‍ ഓരോന്നിന്റെയും – അതതിന്റെ സ്വഭാവവിശേഷത കണക്കിലെടുത്തുകൊണ്ട് – ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കും. പകല്‍ ചെയ്തുപോയ തെറ്റിനെപ്പറ്റി രാത്രിയിലും, രാത്രിയില്‍ വന്നുപോയ കുറ്റത്തെപ്പറ്റി പകലിലും അവന് വീണ്ടുവിചാരവും ഖേദവും വരുന്നു. അതത് സമയത്തിനനുയോജ്യമായ സല്‍പ്രവൃത്തികളും അവന്‍ ചെയ്യുന്നു. അങ്ങിനെ രാവും പകലും അവന് ഗുണകരമായി അവന്‍ ഉപയോഗപ്പെടുത്തും. والله الموفق. നബി (صلّى الله عليه وسلّم) അരുളിച്ചെയ്ത ഒരു ഹദീസ് ഇവിടെ ഓര്‍മ്മിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. അവിടുന്ന് പറയുന്നു:-

إِنَّ اللَّهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا : رواه مسلم

സാരം: പകലില്‍ തിന്മചെയ്തവന്‍ ഖേദിച്ചു മടങ്ങുന്നത് സ്വീകരിക്കുവാനായി അല്ലാഹു രാത്രിയില്‍ അവന്റെ കൈ നീട്ടുന്നു; രാത്രിയില്‍ തിന്‍മ ചെയ്തവന്‍ പശ്ചാത്തപിക്കുന്നത് സ്വീകരിക്കുവാനായി അവന്‍ പകലിലും കൈനീട്ടുന്നു. (ലോകാവസാനത്തില്‍വെച്ച്) സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദയം ചെയ്യുന്ന കാലംവരെ ഇതുണ്ടാകും. (മു). അവിശ്വാസികളും, കൃതഘ്നരുമായ ജനങ്ങളുടെ പല സ്ഥിതിഗതികള്‍ വിവരിച്ചകഴിഞ്ഞശേഷം, അല്ലാഹുവില്‍ ശരിക്ക് വിശ്വസിക്കുന്ന സജ്ജനങ്ങളുടെ ചില സവിശേഷഗുണങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

25:63

  • وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا ﴾٦٣﴿
  • ‘റഹ്മാനായുള്ളവന്റെ’ [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്.
  • وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു

‘റഹ്മാന്റെ അടിയാന്‍മാര്‍’ എന്ന് വിശേഷിപ്പിച്ചതുതന്നെ ഈ ഭാഗ്യവാന്‍മാരുടെ ശ്രേഷ്ഠതക്ക് മകുടം ചാര്‍ത്തുന്നു. ഇവര്‍ പിശാചിന്റെയോ, ദേഹേച്ഛയുടെയോ, ഐഹികസുഖത്തിന്റെയോ, പരദൈവങ്ങളുടെയോ അടിമകളാകാതെ, പരമകാരുണികന്റെ സാമീപ്യത്തിനും അപാരമായ കരുണക്കും പാത്രവാന്‍മാരായിട്ടുള്ളവരാണെന്ന് ആ പേരുതന്നെ സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷണങ്ങളായി ഒമ്പത് സല്‍ഗുണങ്ങള്‍ അല്ലാഹു ഇവിടെ എടുത്തുപറയുന്നത് കാണാം:-

1-ാമത് : അവര്‍ ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. അഥവാ – ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടതുപോലെ – അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും. മന്ദംമന്ദം നടന്നുപോകണമെന്നല്ല, ആയത്തിന്റെ താല്പര്യം. നബി (صلّى الله عليه وسلّم) തിരുമേനിയുടെ നടത്തത്തെക്കുറിച്ച് വിവരിക്കുന്ന ഹദീസുകളില്‍ അവിടുന്ന് വേഗംവേഗം കാലടികള്‍ പൊക്കിയെടുത്ത് നടക്കുകയും, ഒരു കുന്നിന്‍ചരുവില്‍ കൂടി ഇറങ്ങിവരുന്ന പ്രകാരം (എളുപ്പത്തില്‍) നടക്കുകയും പതിവായിരുന്നുവെന്ന് കാണാം.

2-ാമത്: അജ്ഞന്‍മാരായ – കാര്യവിവരമില്ലാത്ത – ആളുകള്‍ അവരുമായി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ സമാധാനപരമായ വാക്കുകള്‍ ഉപയോഗിക്കും. അവര്‍ ഇങ്ങോട്ട് ഉപയോഗിക്കുന്നതരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട്‌ പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നര്‍ത്ഥം. ഈ രണ്ട് ഗുണങ്ങളില്‍നിന്ന് ഇവരുടെ സ്വഭാവഗുണം പൊതുവിലും, ജനങ്ങളുമായുള്ള പെരുമാറ്റക്രമം വിശേഷിച്ചും മനസ്സിലാക്കാമല്ലോ. എന്നാല്‍, അല്ലാഹുവുമായുള്ള കാര്യങ്ങളില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കുക:-

25:64

  • وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا ﴾٦٤﴿
  • തങ്ങളുടെ രക്ഷിതാവിന് ‘സുജൂദു’ [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു.
  • وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും)

25:65

  • وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴾٦٥﴿
  • (ഇപ്രകാരം) പറയാറുള്ളവരുമാണ്: ‘ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:-
  • وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു

25:66

  • إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴾٦٦﴿
  • ‘നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!’
  • إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്‌, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും

സുജൂദും, നിറുത്തവും, നമസ്കാരകര്‍മ്മത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാകുന്നു. സുജൂദ് ഇതര ആരാധനാകര്‍മ്മങ്ങളില്‍വെച്ച് കൂടുതല്‍ ഭക്തി പ്രകടമാക്കുന്നതും, കൂടുതല്‍ പ്രധാനപ്പെട്ടതുമത്രെ. രാത്രിയില്‍ വളരെയേറെ സമയം ഇവര്‍ നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുമെന്നു സാരം. രാത്രിനമസ്കാരത്തെപ്പറ്റി ഖുര്‍ആനിലും ഹദീസിലും ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്, നബി (صلّى الله عليه وسلّم) ചിലപ്പോള്‍, കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘസമയം രാത്രിനമസ്കാരത്തില്‍ മുഴുകിയിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടതാണല്ലോ. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു: ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിക്കുള്ളില്‍ ചെയ്യുന്ന നമസ്കാരമാകുന്നു.’ (أفضلُ الصلاةِ ، بعدَ الفريضَةِ ، صلاةُ فِي جَوْفِ الليلِ- رواه أحمد) സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന മദ്ധ്യെ ഖുര്‍ആനില്‍ ഒരിടത്ത് ഇപ്രകാരം പറയുന്നു: ‘രാത്രിയില്‍ അവര്‍ ഉറങ്ങുന്നത് കുറവായിരുന്നു, നിശാന്ത്യസമയങ്ങളില്‍ (പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.’

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ ١٨﴾ – سورة الذاريات

റഹ്മാന്റെ അടിയാന്‍മാര്‍, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലന്‍മാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും നരകശിക്ഷയില്‍ നിന്നും ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈ വാക്കുകള്‍ ഉരുവിട്ടു പറയുകയല്ല. നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്നപക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനസ്സിലാക്കിക്കൊണ്ടും ഓര്‍ത്തുകൊണ്ടും തന്നെയാണവരുടെ പ്രാര്‍ത്ഥന.

ഇവരുടെ 3-ാമതും, 4-ാമതും ഗുണങ്ങളാണ് ഈ രണ്ടു വചനങ്ങളില്‍ നാം കണ്ടത്. 5-ാമതു ഗുണം ധനപരമായ കാര്യങ്ങളിലുള്ളതാകുന്നു. അല്ലാഹു പറയുന്നു:-

25:67

  • وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴾٦٧﴿
  • തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്).
  • وَالَّذِينَ യാതൊരുകൂട്ടരും إِذَا أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്‌ധ് (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത്

യാതൊന്നും ചിലവഴിക്കാത്ത ആളുകളുണ്ടാകുകയില്ല. ചിലവഴിക്കുന്നതിലുള്ള ഏറ്റക്കുറവ്, ചിലവഴിക്കുന്ന വിഷയത്തിന്റെ ഗുണദോഷം, ചിലവഴിക്കുന്നവന്റെ പരിതസ്ഥിതി എന്നിവ നോക്കിയിട്ടാണ് ഒരാളുടെ ലുബ്ധതയും, അമിതത്വവും കണക്കാക്കുന്നത്. മിക്കജനങ്ങളും ഈ രണ്ടിലൊരു തരത്തില്‍ പെട്ടവരായിരിക്കും. ഇക്കൂട്ടരാകട്ടെ, രണ്ടുതരത്തിലും ഉള്‍പ്പെടുന്നില്ല. അവര്‍ എല്ലാ നിലക്കും മിതത്വം പാലിക്കുന്നവരായിരിക്കും.

മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തില്‍ ദാനധര്‍മ്മാദിവിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണുതാനും. മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മല (*) യോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു’. 6-ാമത് ഗുണവിശേഷം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-


(*). മക്കായിലെ ഒരു മലയാണ് അബൂഖുബൈസ് (ابوقبيس)

നാലം ഘട്ടം – ക്യാമ്പയിൻ 3 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 35 മുതൽ 52 വരെ

സൂറത്തുല്‍ ഫുര്‍ഖാന്‍ : 35-52

വിഭാഗം – 4

25:35

  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا ﴾٣٥﴿
  • മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
  • وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും നൽകി مُوسَى നല്‍കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന്‍ ഹാറൂനെ وَزِيرًا സഹായി, സഹായകനായി

25:36

  • فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا ﴾٣٦﴿
  • എന്നിട്ട് നാം (അവരോട്) പറഞ്ഞു: ‘നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക.’ (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, അവരെ നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
  • فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍

‘നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനത’ എന്ന് പറഞ്ഞത് ഫിര്‍ഔനെയും അവന്റെ ജനങ്ങളെയും ഉദ്ദേശിച്ചാണ്. അവരുടെ സംഭവം പ്രസിദ്ധമാണ്. സൂ: ത്വാഹായില്‍ അത് നാം സവിസ്തരം വായിച്ചുവല്ലോ.

25:37
  • وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا ﴾٣٧﴿
  • നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക്‌ നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക്‌ വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
  • وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്‌, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക്‌ عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ

25:38

  • وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا ﴾٣٨﴿
  • ‘ആദി’നെയും, ‘ഥമൂദി’നെയും, ‘റസ്സ്’കാരെയും, അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്).
  • وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَأَصْحَابَ الرَّسِّ റസ്സുകാരെയും وَقُرُونًا തലമുറകളെയും, കാലക്കാരെയും بَيْنَ ذَٰلِكَ അതിന്നിടയില്‍ كَثِيرًا വളരെ, അനേകം

25:39

  • وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا ﴾٣٩﴿
  • എല്ലാവര്‍ക്കുംതന്നെ, നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു;) എല്ലാവരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു.
  • وَكُلًّا എല്ലാവര്‍ക്കും ضَرَبْنَا لَهُ അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു الْأَمْثَالَ ഉദാഹരണങ്ങള്‍, ഉപമകള്‍ وَكُلًّا എല്ലാവരെയും تَبَّرْنَا നാം നശിപ്പിച്ചു, താറുമാറാക്കി تَتْبِيرًا ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍

ഹൂദ്‌ (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ആദ്’ ജനത. സ്വാലിഹ് (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ഥമൂദ്’ ജനത. ‘റസ്സ്’കാര്‍ (أَصْحَابَ الرَّسِ) എന്നു പറഞ്ഞത്‌ ഏത് ജനതയെ ഉദ്ദേശിച്ചാണെന്ന് ഖണ്ഡിതമായി നമുക്ക് പറയുവാന്‍ വയ്യ. ‘റസ്സ്’ എന്ന വാക്കിന് മതില്‍ കെട്ടപ്പെടാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്: ഒരു കിണറ്റിനരികെ (വെള്ളത്താവളത്തില്‍) വസിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ പേരു വന്നതെന്നു ചിലര്‍ പറയുന്നു. യമാമഃയിലോ മറ്റോ ഉള്‍പ്പെട്ട ഒരു രാജ്യമാണ് ‘റസ്സ്’ എന്നും, ആ രാജ്യക്കാരാണ് ഇവരെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. الله أعلم . ഏതായാലും, നൂഹ് (عليه الصلاة والسلام) നബിയുടെ കാലം തുടങ്ങി മുഹമ്മദ്‌ (صلّى الله عليه وسلّم) നബിയുടെ കാലത്തിനിടയ്ക്കു മേല്‍ പറഞ്ഞവരും, അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന വളരെ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. പല ജനതയും അവരുടെ നബിമാരെ നിഷേധിക്കുകയും, അക്കാരണത്താല്‍ അല്ലാഹുവിന്റെ കോപത്തിനും ഭയങ്കര ശിക്ഷകള്‍ക്കും പാത്രമാകുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ഈ വസ്തുത ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നു ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഈ ആയത്തുകളുടെ താല്‍പര്യം.

എല്ലാവര്‍ക്കും ഉദാഹരണങ്ങള്‍ (الْأَمْثَال) വിവരിച്ചു കൊടുത്തുവെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപമകളും ലക്ഷ്യങ്ങളും സഹിതം ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയെന്നാകുന്നു. അത് നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തതു മൂലമാണ് എല്ലാവരും ശിക്ഷക്ക് വിധേയരായതും. എന്നാല്‍, എല്ലാ സമുദായങ്ങളിലെയും അംഗങ്ങള്‍ മുഴുവനും ശിക്ഷമൂലം നശിക്കുകയുണ്ടായെന്ന് ധരിച്ചുകൂടാ. മിക്ക സമുദായത്തിലും അതത് നബിമാരില്‍ വിശ്വസിച്ച ഭാഗ്യവാന്‍മാര്‍ ഏറെക്കുറെ ഉണ്ടായിട്ടുണ്ട്. അവരെല്ലാം പൊതുശിക്ഷകളില്‍നിന്ന് രക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വസ്തുത ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ച് കാണാവുന്നതാണ്. നൂഹിന്റെ ജനത ‘റസൂലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചന രൂപത്തില്‍) പറഞ്ഞത് ഒരു പ്രത്യേക റസൂലിനെ വ്യാജമാക്കുന്നതും, എല്ലാ റസൂലുകളെയും വ്യാജമാക്കുന്നതും ഒരുപോലെയായതുകൊണ്ടാകുന്നു. കാരണം, എല്ലാ പ്രവാചകന്‍മാരുടെയും പ്രബോധനതത്വം ഒന്നാണല്ലോ. ആ അടിസ്ഥാനത്തില്‍ തന്നെയാണ്, എല്ലാ റസൂലുകളിലും വിശ്വസിക്കല്‍ നമുക്ക് നിര്‍ബ്ബന്ധമാക്കപ്പെട്ടിരിക്കുന്നതും.

മേലെ പേരെടുത്ത് ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങള്‍ ഹിജാസിലെ അറബികളെ സംബന്ധിച്ചിടത്തോളം വളരെ പരിചയം ഇല്ലാത്തവയായിരിക്കാം. എന്നാല്‍, ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ സമുദായത്തിന്റെ സംഭവം അങ്ങനെയല്ല. അതിന്റെ അറികുറികളും, ദൃഷ്ടാന്തങ്ങളും ഇന്നും വ്യക്തമാംവണ്ണം അവശേഷിക്കുന്നുണ്ട്. അറബികള്‍ അവരുടെ ഉഷ്ണകാലത്തെ (ശാമിലേക്കുള്ള) യാത്രകളില്‍ അത് കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആകയാല്‍, ആ സംഭവത്തെ ഇവിടെ പ്രത്യേകം ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു:-

25:40
  • وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا ﴾٤٠﴿
  • നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
  • وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ

ലൂത്ത് (عليه الصلاة والسلام) നബിയുടെ ജനത നശിപ്പിക്കപ്പെടുകയും അവരുടെ രാജ്യം അടിമേലായി മറിക്കപ്പെടുകയും ചെയ്തതിനെയാണ് ഇവിടെ സൂചിപ്പിച്ചത്. അവരില്‍ അഗ്നിയാലുള്ള ഒരു ശരവര്‍ഷം ഉണ്ടായതും മറ്റും സൂറത്തുല്‍ അമ്പിയാഇല്‍ നാം വിവരിച്ചിരിക്കുന്നു. ഈ ശരവര്‍ഷത്തെപ്പറ്റിയാണ്‌ ‘ചീത്തമഴ’ (مَطَرَ السَّوْء) എന്ന് പറഞ്ഞത്.

25:41
  • وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا ﴾٤١﴿
  • (നബിയേ) അവര്‍ നിന്നെ കാണുമ്പോള്‍, നിന്നെ ഒരു പരിഹാസപാത്രമല്ലാതെ അവര്‍ ആക്കുന്നില്ല; ‘ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍’?!-
  • وَإِذَا رَأَوْكَ അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസം (പരിഹാസപാത്രം) അല്ലാതെ أَهَـٰذَا ഇവനാണോ الَّذِي യതൊരുത്തന്‍ بَعَثَ اللَّـهُ അല്ലാഹു നിയോഗിച്ചിട്ടുള്ള رَسُولًا റസൂലായി, ദൂതനായി

25:42

  • إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا ﴾٤٢﴿
  • ‘നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് – നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ – ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!’ (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
  • إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി

അവിശ്വാസികള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്ന പല അപവാദങ്ങളുടെയും, ആക്ഷേപങ്ങളുടെയും മാതൃകകള്‍ ഇതിനുമുമ്പ് അല്ലാഹു വിവരിച്ചു. അവകൊണ്ടൊന്നും അവര്‍ മതിയാക്കുന്നില്ല. നബി (صلى الله عليه وسلّم) തിരുമേനിയെ പരിഹസിക്കുകയും, തെറി പറയുകയും അവരുടെ സ്വഭാവമാണ്. ആ ഇനത്തില്‍പെട്ട ഒരു ഉദാഹരണമത്രെ ഈ വചനങ്ങളില്‍ കാണുന്നത്. എത്രത്തോളം പുച്ഛത്തിലും, അവഹേളന രൂപത്തിലുമാണ് അവര്‍ തിരുമേനി (صلّى الله عليه وسلّم)യോട് പെരുമാറിയതെന്ന് ഈ ഒരേ ഉദാഹരണത്തില്‍നിന്നും, അവര്‍ പ്രയോഗിച്ച വാക്കുകളില്‍നിന്നും അനുമാനിക്കാവുന്നതാണ്. അതേ സമയത്തു തന്നെ, മറ്റൊരു യാഥാര്‍ത്ഥ്യവും അതില്‍ നിഴലിച്ചുകൊണ്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ തൗഹീദിലേക്കുള്ള ക്ഷണം വളരെയധികം ഊര്‍ജ്ജിതമായിരുന്നുവെന്നും, അവരില്‍ അത് ധാരാളം അമ്പരപ്പും, കോളിളക്കവും ഉളവാക്കിയിരുന്നുവെന്നും അതില്‍നിന്ന് ധ്വനിക്കുന്നു. എന്തുതന്നെ വന്നാലും, തങ്ങളുടെ ദൈവങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്ന ഒരേ വാശിയും, സത്യം സ്വീകരിക്കുകയില്ലെന്ന മര്‍ക്കട മുഷ്ടിയുംകൊണ്ട് മാത്രമാണ് അവര്‍ നബി (صلّى الله عليه وسلّم)യില്‍ വിശ്വസിക്കാത്തത് എന്നാണല്ലോ ‘നാം അവയില്‍ സ്ഥിരചിത്തത കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍’ (لَوْلَا أَن صَبَرْنَا عَلَيْهَا) എന്ന വാക്കുകൊണ്ട് മനസ്സിലാക്കുന്നത്. ആശ്ചര്യംതന്നെ! മര്‍ക്കടമുഷ്ടിക്കുണ്ടോ വല്ല ചികില്‍സയും?!

25:43
  • أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴾٤٣﴿
  • തന്റെ ഇച്ഛയെ തന്റെ ‘ഇലാഹാ’ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
  • أَرَأَيْتَ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിയവനെ إِلَـٰهَهُ തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു هَوَاهُ തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ أَفَأَنتَ അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ تَكُونُ ആകുന്നു (നീ ആകുമോ) عَلَيْهِ അവന്ന്, അവന്റെ മേല്‍ وَكِيلًا ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍
25:44
  • أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا ﴾٤٤﴿
  • അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
  • أَمْ അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ تَحْسَبُ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ أَنَّ أَكْثَرَهُمْ അവരില്‍ അധികമാളും ആണെന്ന് يَسْمَعُونَ അവര്‍ കേള്‍ക്കുന്നു (എന്ന്) أَوْ يَعْقِلُونَ അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു) إِنْ هُمْ അവരല്ല إِلَّا كَالْأَنْعَامِ കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ بَلْ هُمْ എങ്കിലും (അത്രയുമല്ല) അവര്‍ أَضَلُّ കൂടുതല്‍ പിഴച്ചവരാണ് سَبِيلًا വഴി, മാര്‍ഗ്ഗം

പ്രമാണങ്ങളും, ലക്ഷ്യങ്ങളും വകവെക്കാതെ, ദേഹേച്ഛയും, തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവന്‍ അതിനെ ഒരു തരത്തില്‍ തന്റെ ദൈവമാക്കി വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ളവരെ സംസ്കരിക്കുവാനോ, അവരുടെ ചുമതല ഏറ്റെടുത്തു നടത്തുവാനോ സാധ്യമാകുന്നതല്ല. കാരണം – തുടര്‍ന്ന് പറയുന്നതുപോലെ – അവര്‍ക്ക് മനസ്സാക്ഷിയും, മനുഷ്യത്വപരമായ വിവേചനവും നഷ്ടപ്പെട്ട് തനി മൃഗതുല്യരായിരിക്കുകയാണ്.

‘ജാഹിലിയ്യാ’ കാലത്ത് (ഇസ്‌ലാമിനുമുമ്പ് അജ്ഞാനകാലത്ത്) ചില ആളുകള്‍, കുറേകാലം ഒരു കല്ലിനെ ആരാധ്യവസ്തുവായി വെച്ചുകൊണ്ടിരിക്കെ അതിനെക്കാള്‍ നല്ലതായ വേറൊരു കല്ല്‌ കാണുമ്പോള്‍, ആദ്യത്തേതിനെ ഉപേക്ഷിച്ച് ആ പുതിയ കല്ല്‌ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുക പതിവുണ്ടായിരുന്നു. ഇത്തരം സമ്പ്രദായത്തെ ഉദ്ദേശിച്ചാണ് ‘ഇച്ഛയെ ഇലാഹാക്കി’ എന്ന് പ്രസ്താവിച്ചിരിക്കുന്നത് എന്നത്രെ ഇബ്നു അബ്ബാസ്‌ (رضي الله عنه) മുതലായവരുടെ അഭിപ്രായം. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു ജരീര്‍ (رحمة الله عليه) ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളതും. അപ്പോള്‍, തത്വദീക്ഷയുംവിവേചന ബുദ്ധിയും കൂടാതെ ആരാധ്യവസ്തുക്കളെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, പ്രതിമകളോ, ഭൂതങ്ങളോ, ചിഹ്നങ്ങളോ ഏതായാലും ശരി – സ്വീകരിക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയരാകുന്നു.

ഇമാം ഇബ്നുകഥീര്‍ (ابن كثير -رحمة الله عليه) ഇതിനെക്കാള്‍ വിപുലമായ ഒരര്‍ത്ഥത്തിലാണ് ഈ വാക്യം വ്യാഖ്യാനിച്ചിരിക്കുന്നത്. ‘ഏതെങ്കിലും ഒരു കാര്യം ഒരാള്‍ക്ക്‌ നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തില്‍ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍, ആ കാര്യം തന്റെ മതവും, ആദര്‍ശവുമായി കണക്കാക്കുക.’ ഇതാണ് അദ്ദേഹം ‘ഇച്ഛയെ ഇലാഹാക്കുക’ എന്നതിനു കൊടുത്ത വ്യാഖ്യാനം. ഇച്ഛക്കൊത്ത ആശയാദര്‍ശങ്ങളും, തന്നിഷ്ടത്തിനനുകൂലമായ പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരും, സൗഖ്യജീവിതം, ആഡംബരം, സമ്പത്ത്, പ്രേമം, കാമം, വിനോദം, പന്തയം ആദിയായവയില്‍ മനം ലയിച്ചവരും ഈ രണ്ടാമത്തെ വ്യാഖ്യാനപ്രകാരം അതതിനെ ഇലാഹാക്കിയവരാണെന്ന് പറയാം. ഇതേ അടിസ്ഥാനത്തില്‍തന്നെയാണ് നബി (صلّى الله عليه وسلّم) ഇങ്ങിനെ അരുളിച്ചെയ്തതും: تَعِسَ عبدُ الدينارِ ، وعبدُ الدرهمِ ، وعبدُ الخميصةِ ، إن أُعْطِي رَضِيَ ، وإن لم يُعْطَ سَخِطَ …. الح – رواه البخاري : പൊന്‍പണത്തിന്റെ അടിമയും, വെള്ളിപ്പണത്തിന്റെ അടിമയും, പട്ടുപുതപ്പിന്റെ (സുഖപ്രിയനായ) അടിമയും കഷ്ടനഷ്ടത്തില്‍ പെട്ടുപോയി. അവന് (ഉദ്ദേശിച്ചത്) കിട്ടിയാല്‍ തൃപ്തിപ്പെടും, കിട്ടിയില്ലെങ്കില്‍ കുപിതനാകും…. എന്ന് സാരം.

രണ്ടാമത്തെ വചനം, ഇത്തരക്കാര്‍ വാസ്തവത്തില്‍ മനുഷ്യപ്രായരല്ലെന്നും, മൃഗപ്രായരാണെന്നും അത്രയുമല്ല, അതിനെക്കാള്‍ നികൃഷ്ടരാണെന്നുതന്നെ – സമര്‍ത്ഥിക്കുകയാണ്. പ്രത്യക്ഷത്തില്‍ അവര്‍ക്ക് വിശേഷ ബുദ്ധിയുണ്ട്. കേള്‍ക്കുന്ന കാതുകളുമുമുണ്ട്. പക്ഷെ, ഉപദേശങ്ങളും, ദൃഷ്ടാന്തങ്ങളും അവര്‍ ചെവിക്കൊണ്ട് ഗ്രഹിക്കുന്നില്ല. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും ചിന്തിച്ച് മനസ്സിലാക്കുന്നുമില്ല. ഈ നിലക്ക് അവര്‍ ആടുമാടുകള്‍ക്ക് സമമാണ്. എന്നാല്‍, അല്പംകൂടി മുന്നോട്ടുപോയി ആലോചിക്കുന്നതയാല്‍, മൃഗങ്ങള്‍ താരതമ്യേന ഇവരിലും ഭേദമാകുന്നു. എന്തുകൊണ്ടെന്നാല്‍, അവക്ക് വിശേഷബുദ്ധിയും, വിവേചനശക്തിയുമില്ല. എന്നിട്ടുപോലും, അവയുടെ നിത്യവൃത്തികള്‍ അവ യഥാവിധി നിര്‍വ്വഹിക്കുന്നു; അവയുടെ പ്രകൃതിക്ക് യോജ്യമാംവണ്ണം ഓരോന്നും, അതതിന്റെ രക്ഷാമാര്‍ഗ്ഗം തേടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു; അതതിനെ പോറ്റുന്ന യജമാനന്റെ ആജ്ഞയനുസരിച്ച് വര്‍ത്തിക്കുകയും ചെയ്യുന്നു. അവ സത്യവിശ്വാസികളല്ലെങ്കില്‍ സത്യനിഷേധികളുമല്ല. അതേ സമയത്ത് ഈ ഇച്ഛാപൂജകന്‍മാരാകട്ടെ, അവരുടെ സൃഷ്ടാവും, അന്നദാതാവും, നിയന്താവും, രക്ഷിതാവുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ മാനിക്കുന്നുമില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല; വരുവാനിരിക്കുന്ന മഹാവിപത്തുകളെപ്പറ്റി ചിന്തിക്കുന്നുമില്ല. അപ്പോള്‍, നിശ്ചയമായും അവര്‍ കന്നുകാലിമൃഗങ്ങളെക്കാള്‍ വഴിപിഴച്ചവരാണെന്നുള്ളതില്‍ സംശയമില്ല.

തുടര്‍ന്നുള്ള കുറെ ആയത്തുകളില്‍, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെയും നിത്യാനുഗ്രഹങ്ങളെയും സ്ഥാപിക്കുന്ന അഞ്ച് പ്രധാന പ്രകൃതിദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. അവ ഓരോന്നും, അല്‍പമെങ്കിലും ബുദ്ധികൊടുത്ത് ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന പരമാര്‍ത്ഥങ്ങളാകുന്നു. ഒന്നാമത്തേത്:-

വിഭാഗം – 5

25:45

  • أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا ﴾٤٥﴿
  • (മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക്‌ – എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് – നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
  • أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു

25:46

  • ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا ﴾٤٦﴿
  • പിന്നീട്, നമ്മുടെ അടുക്കലേക്ക്‌ നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടുവരുകയും ചെയ്യുന്നു.
  • ثُمَّ قَبَضْنَاهُ പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു إِلَيْنَا നമ്മിലേക്ക്‌ قَبْضًا ഒരു പിടുത്തം يَسِيرًا കുറേശ്ശെ, ലഘുവായി, അല്പമായ

الظِّلّ (ള്വില്ല്) എന്ന പദത്തെയാണ് ‘നിഴല്‍’ എന്ന് വിവര്‍ത്തനം ചെയ്തത്. ‘തണല്‍, ഛായ, പ്രതിച്ഛായ, പ്രതിബിംബം എന്നൊക്കെ അതിന് അര്‍ത്ഥം വരും. പ്രഭാതം മുതല്‍ സൂര്യോദയം വരെ ഭൂമിയില്‍ വ്യാപകമായി തണലുണ്ടായിരിക്കും. ഉദയത്തോടുകൂടി തണല്‍ നീങ്ങി വെയില്‍ പ്രത്യക്ഷമാകുന്നു. അപ്പോഴാണ്‌ അതിനു മുമ്പത്തെ അവസ്ഥാവിശേഷം തികച്ചും വേര്‍തിരിച്ചറിയുവാന്‍ കഴിയുക. ഒന്നിന്റെ എതിരുവശം കാണുമ്പോഴാണല്ലോ മുന്‍സ്ഥിതി കൂടുതല്‍ വ്യക്തമാകുന്നത്. (*). അനന്തരം – ഉദയം കഴിഞ്ഞാല്‍ അസ്തമനം വരെ – സ്ഥൂലവസ്തുക്കള്‍ക്കെല്ലാം നിഴല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സൂര്യനില്ലായിരുന്നുവെങ്കില്‍ അതറിയപ്പെടുമായിരുന്നില്ല. ഈ രണ്ടിനും പുറമെ മൂന്നാമതൊരു തരം നിഴലും നാം കണ്ടുകൊണ്ടിരിക്കുന്നു. അതത്രെ, കൂടുതല്‍ വ്യാപകമായത്. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന്, നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു. അഥവാ രാത്രിയായിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതോടൊപ്പം രാത്രിയാകുന്ന നിഴലും പകലും തമ്മില്‍ വേര്‍തിരിയുന്നു. ഏതുതരം നിഴലോ തണലോ ആയിരുന്നാലും ശരി, അതിനെ കാഴ്ചയില്‍ വേര്‍തിരിച്ചു കാട്ടിത്തരുന്ന ലക്‌ഷ്യം സൂര്യനത്രെ. സൂര്യനില്ലായിരുന്നെങ്കില്‍, ലോകം സദാ ഒരേ അവസ്ഥയില്‍ത്തന്നെ നിഴല്‍മൂടി അവശേഷിക്കുമായിരുന്നു. മേല്‍പ്പറഞ്ഞതിനെക്കാള്‍ വിപുലമായ ഒരു നിഴലും ഇവിടെ വിഭാവനം ചെയ്യാവുന്നതാണ്. ഭൂമിയെയും, ചന്ദ്രനെയും പോലെ സ്വയം പ്രകാശിതമല്ലാത്ത ഗോളങ്ങള്‍ വാസ്തവത്തില്‍ ഇരുളും, നിഴലും നിറഞ്ഞവയാണ്. നമ്മുടെ സൂര്യനടക്കം നഭോമണ്ഡലത്തിലുള്ള അനേകായിരം സൂര്യഗോളങ്ങള്‍ സ്വയംപ്രകാശിതങ്ങളുമാണ്. നമ്മുടെ സൂര്യനില്‍ നിന്നാണ് നമ്മുടെ ഭൂമിക്കും മറ്റുചില ഗോളങ്ങള്‍ക്കും വെളിച്ചം കിട്ടുന്നത്. സൂര്യനില്ലാത്തപക്ഷം, ഭൂമിയും ചന്ദ്രനുമെല്ലാം നമുക്ക് ഗോചരങ്ങളാകുമായിരുന്നില്ല.


(*). وبِضِدّها تَتَبَيّنُ الأشْياءُ (എതിരുവശം കൊണ്ടാണ് വസ്തുക്കള്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയുന്നത്‌) എന്നൊരു കവി പറഞ്ഞത് വാസ്തവം.


സൂര്യന്‍ ഇല്ലെന്നോ, അതിന് സഞ്ചാരമില്ലെന്നോ, അല്ലെങ്കില്‍ പ്രകാശമില്ലെന്നോ സങ്കല്പിക്കുക, അതുമല്ലെങ്കില്‍ ഭൂമിയും സൂര്യനെപ്പോലെ പ്രകാശമയമാണെന്ന് വെക്കുക: എന്നാല്‍ ഈ ലോകപ്രകൃതിയില്‍ നേരിടാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും?! ആലോചിച്ച് നോക്കുക. മനുഷ്യരാല്‍ അത് നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. രാപ്പകല്‍ ഇല്ലാതാകുന്നു. ചൂടും തണുപ്പും വ്യത്യാസപ്പെടുന്നു. സമയനിര്‍ണ്ണയം അസാദ്ധ്യമാകുന്നു. അങ്ങിനെ പലതും. ചുരുക്കത്തില്‍ ലോകവ്യവസ്ഥ പാടെ വ്യത്യാസപ്പെടും. അതുപോലെത്തന്നെ, കറുത്തിരുണ്ട അര്‍ദ്ധരാത്രി മാറി ഒരു നൊടിയിടയില്‍ പെട്ടന്ന് പ്രകാശം തിളങ്ങുന്ന മദ്ധ്യാഹ്നം അനുഭവപ്പെടുകയോ, അല്ലെങ്കില്‍ മറിച്ചോ സംഭവിക്കുന്നുവെന്ന് സങ്കല്‍പിക്കുക! വിവിധ രംഗങ്ങളില്‍ സ്വൈര്യവിഹാരം കൊള്ളുന്ന – അനേകതരം ജോലിത്തിരക്കുകളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന – ജനകോടികളുടെ ജീവിതത്തില്‍ അതെന്തുമാത്രം സംഭ്രമജനകമായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാന്‍ പോലും പ്രയാസം. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അതിനെ (നിഴലിനെ) നിശ്ചലമാക്കുമായിരുന്നു’ എന്നും, പിന്നീട് നമ്മുടെ അടുക്കലേക്ക് അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുകയും ചെയ്യുന്നു എന്നും അല്ലാഹു പറഞ്ഞതിന്റെ രഹസ്യം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉറ്റാലോചിക്കുമ്പോഴാണ്, ഈ സൂറത്തിലെ 2-ാം വചനത്തില്‍ ‘എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ശരിയായ നിര്‍ണ്ണയം ചെയ്തിരിക്കുന്നു’ (وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا) എന്നതു പോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ അന്തരംഗത്തിന്റെ വിശാലതയും, അര്‍ത്ഥവ്യാപ്തിയും നമുക്ക് ഏറെക്കുറെ ഗ്രഹിക്കുവാന്‍ സാധ്യമാകുക. والله الموفق. അടുത്ത വചനത്തില്‍ രണ്ടാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-

25:47
  • وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا ﴾٤٧﴿
  • അവനത്രെ, നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവന്‍. പകലിനെ അവന്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു.
  • وَهُوَ الَّذِي അവനാണു യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്ക് اللَّيْلَ രാത്രിയെ لِبَاسًا വസ്ത്രം, ഉടുപ്പ് وَالنَّوْمَ ഉറക്കിനെ سُبَاتًا വിശ്രമം, ആശ്വാസം, നിശ്ചലാവസ്ഥ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു النَّهَارَ പകലിനെ نُشُورًا എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്

വസ്ത്രം മനുഷ്യന് നഗ്നത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നു. അതുപോലെത്തന്നെ രാത്രിയും നമുക്ക് മറവും രക്ഷയും നല്‍കുന്നു. വസ്ത്രം അത് ധരിച്ച വ്യക്തിക്കുമാത്രം ഉപകരിക്കുന്നുവെങ്കില്‍, രാത്രിയാകുന്ന വസ്ത്രം പൊതുവില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നു. ഉറക്കാകട്ടെ, അതൊരു വിശ്രമമാണ്. ഒരു കണക്കില്‍ അത് ഒരുതരം മരണമാണെന്നു പറയാം. കുറെ നേരത്തേക്ക് അത് നമ്മുടെ ചലനങ്ങളും, പ്രവര്‍ത്തനങ്ങളും, ഗ്രഹണേന്ദ്രിയങ്ങളും അടക്കിവെച്ച് നമ്മെ നിശ്ചേഷ്ടരാക്കുന്നു. ഈ അവസരത്തില്‍ നമുക്ക് പദാര്‍ത്ഥലോകവുമായി ബോധപൂര്‍വ്വമായ ഒരു ബന്ധവുമില്ലാതാകുന്നു. വല്ല ബന്ധവും ഉണ്ടെങ്കില്‍ അത് സ്വപ്നം വഴി ആത്മീയലോകത്തോടായിരിക്കും. ഈ നിലക്ക് നിദ്ര ഒരു മരണം തന്നെ. മുമ്പുണ്ടായിരുന്ന ശാരീരികവും മാനസികവുമായ ക്ഷീണവും തളര്‍ച്ചയും മാറ്റി ഒരു പുതിയ ഉന്മേഷവും ചൈതന്യവും വീണ്ടെടുക്കുവാനും, പരിഹാരം കാണാതെ തലയിലേറ്റി നടക്കുന്ന എത്രയോ വിചാരവികാരാദിശല്യങ്ങളെ അല്‍പനേരം ഒരു അത്താണിയില്‍ ഇറക്കിവെച്ച് ആത്മാവിന് സ്വൈര്യവിഹാരം നടത്താനും നിദ്ര സഹായിക്കുന്നു – അല്ല, നിര്‍ബ്ബന്ധിക്കുന്നു. ഈ നിലക്ക് അതൊരു വമ്പിച്ച വിശ്രമവും ആകുന്നു. കുറച്ചു ദിവസമോ, മണിക്കൂറുകളോ ഉറങ്ങുവാന്‍ കഴിയാതെ വന്നാലത്തെ ദുരവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഉറങ്ങുവാന്‍ പറ്റിയ മറവും, സ്വസ്ഥതയും, അനുകൂലമായ പൊതു പരിതസ്ഥിതികളും രാത്രിയിലാണുള്ളത്. അങ്ങനെ, അല്ലാഹു നമുക്ക് രാത്രിയെ വസ്ത്രവും, നിദ്രയെ വിശ്രമവുമാക്കിത്തന്നിരിക്കുകയാണ്.

മനുഷ്യന്‍ – ഇതരജീവികളെപ്പോലെത്തന്നെ – അവന്റെ ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതുണ്ട്. അല്ല, അവന് ആയിരമായിരം തുറകളില്‍ വ്യാപരിക്കുകയും, വിഹരിക്കുകയും വേണം – വിശ്രമിച്ചാല്‍ മാത്രം പോര. അതുകൊണ്ട് സമയമെല്ലാം രാത്രിയായിരുന്നാല്‍ അവന് ജീവിക്കുക സാദ്ധ്യമല്ല. അവന്റെ ആവശ്യങ്ങള്‍ ഭൂമി മുഴുവനും പരന്നുകിടക്കുകയാണ്. അല്ല, അന്തരീക്ഷത്തിലും ഉപരിയാകാശത്തും അവന് സഞ്ചരിക്കേണ്ടിവരും. ഇതിനായി അല്ലാഹു അവന് പകലിനെ പ്രദാനംചെയ്യുകയും, അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുമാറ് അതിനെ പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ അനുദിനം രാത്രിയില്‍ നിദ്രയാകുന്ന മരണവിശ്രമം ആസ്വദിച്ചശേഷം അതില്‍ നിന്ന് പ്രഭാതവേളയില്‍ അവന്‍ പുനരെഴുന്നേല്‍ക്കുകയും, അടുത്ത രാത്രിവരെ ജീവിതയാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. മൂന്നാമത്തെ ദൃഷ്ടാന്തം ഇതാണ്:-

25:48
  • وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا ﴾٤٨﴿
  • തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
  • وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ

25:49

  • لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا ﴾٤٩﴿
  • നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
  • لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം

25:50

  • وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ﴾٥٠﴿
  • അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
  • وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു, കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ

അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അതിമഹത്തായ ഒരനുഗ്രഹമത്രെ മഴവര്‍ഷം. അതുകൊണ്ടാണ് മഴയെ ഉദ്ദേശിച്ച് ‘അവന്റെ കാരുണ്യം’ (رَحْمَتِه) എന്ന് പറഞ്ഞത്. മഴ വര്‍ഷിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയെന്നോണം, മഴക്കുമുമ്പായി കാറ്റുവീശുക പതിവാണല്ലോ. മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളുള്ളതില്‍ പ്രധാനമായ മൂന്നു ഗുണങ്ങളെ അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നു.

1). അത് വളരെ ശുദ്ധമായത് (طَهُورًا) ആകുന്നു. വൈദ്യശാസ്ത്രത്തിലും, ജീവശാസ്ത്രത്തിലും, ആരോഗ്യരംഗത്തുമെല്ലാം ശുദ്ധജലത്തിനുള്ള സ്ഥാനം വമ്പിച്ചതാകുന്നു. പ്രായോഗിക രംഗത്ത് ഇതരവസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ ശുദ്ധത കവിഞ്ഞു നില്‍ക്കുന്നു. ആകയാല്‍, ബാഹ്യമായ മാലിന്യങ്ങളില്‍നിന്നും, ആന്തരികമായ മാലിന്യങ്ങളില്‍നിന്നും, ശുദ്ധി വരുത്തുന്ന ഒരു പദാര്‍ത്ഥമത്രെ വെള്ളം. ഭൂവിഭവങ്ങളില്‍ മറ്റൊന്നിനും തന്നെ ഈ ശുദ്ധീകരണശക്തി കാണപ്പെടുന്നില്ല. മുഖവും കൈകാലുകളും ഒന്ന് കഴുകിയാല്‍ അഴുക്കും ചെളിയും നീങ്ങുന്നതുപോലെത്തന്നെ, ക്ഷീണം, കോപം, താപം ആദിയായവയും നീങ്ങി ഉന്മേഷവും, പ്രസന്നതയും, മനസ്സമാധാനവും അനുഭവപ്പെടുന്നു. ‘വുദു’വും, കുളിയും (الوضوء والغسل) ശാരീരിക ശുദ്ധിയോടൊപ്പം ആത്മീയ ശുദ്ധിയും ഉണ്ടാകുമെന്ന് ഹദീസുകളിലും മറ്റും  കാണാവുന്നത് സ്മരണീയമാണ്. അനുഭവങ്ങളും അതിനെ സാക്ഷീകരിക്കുന്നു. 2) ജീവചൈതന്യം, അഥവാ ഉല്‍പാദനയോഗ്യതയില്ലാത്ത ഭൂമിയെ അത് ചൈതന്യവും ജീവസ്സുമുള്ളതാക്കുന്നു. 3) മനുഷ്യകോടികള്‍ക്കും, അവരുടെ കൃഷി ഉപകരണവും ഭക്ഷ്യവസ്തുവമായ കാലിസമ്പത്തുകള്‍ക്കും കുടിക്കാനും, കുളിക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കും അത് അനിവാര്യമാകുന്നു. ഈയൊരനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചറിയുവാന്‍ ഇടവരാത്തവരുണ്ടെങ്കില്‍, ദാഹവേളയില്‍ അല്‍പനേരത്തേക്ക് വെള്ളം കിട്ടാതിരുന്നാല്‍ അവര്‍ക്കത് ബോധ്യപ്പെടുന്നതാണ്.

എല്ലാവര്‍ക്കും പൊതുവില്‍ സുഭിക്ഷം ലഭിക്കത്തക്കവണ്ണം – ഓരോ നാട്ടിന്റെയും സ്വഭാവ വിശേഷതക്കനുസരിച്ച് – അല്ലാഹു മഴ വര്‍ഷത്തെ വിഹിതം ചെയ്ത് കൈകാര്യം നടത്തിവരുന്നു. ചിലേടങ്ങളില്‍ കൊല്ലത്തില്‍ ആറുമാസം, ചിലേടങ്ങളില്‍ രണ്ടുമൂന്ന് മാസം. മറ്റു ചിലേടത്ത് കൊല്ലത്തില്‍ ഒരു പ്രാവശ്യം – ഇങ്ങിനെ വിവിധ തരത്തില്‍ – അവന്‍ മഴ വര്‍ഷിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റേയും പക്വതയും, പാകതയും, ആവശ്യവും നോക്കി വിഹിതം ചെയ്തിരിക്കയാണ്. ഭൂലോകത്ത് ഈ അനുഗ്രഹങ്ങള്‍ സര്‍വ്വോപരി ആസ്വദിച്ചും ഉപയോഗപ്പെടുത്തിയും വരുന്ന ഏക ബുദ്ധിജീവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അതില്‍ വകയുണ്ട്. അവന്‍ അതിന് കടമപ്പെട്ടവനുമത്രെ. അതിന്റെ പേരില്‍ മാത്രം അവന്‍ അല്ലാഹുവിനോട് വളരെ നന്ദിയും കൂറും കാണിക്കേണ്ടതുണ്ട്. വല്ലപ്പോഴും മഴയുടെ ആധിക്യമോ, പോരായ്മയോ കാരണം അവന് ദോഷം ഭവിക്കുന്ന പക്ഷം – അതിന് ഏറെക്കുറെ കാരണം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരിക്കുന്നതുമാണ് – ആയവസരത്തില്‍ അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ പശ്ചാത്തപിച്ച് വിനയപൂര്‍വ്വം കൈമലര്‍ത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.

പക്ഷേ, ചിലര്‍ അതെല്ലാം പ്രകൃതിയുടെ കനിവോ, കോപമോ ആയി വ്യാഖ്യാനിക്കുന്നു. ചിലര്‍ ഗ്രഹഫലവും, ഗ്രഹപ്പിഴയുമായി – അല്ലെങ്കില്‍ ഞാറ്റുവേലയുടെ ഗുണദോഷങ്ങളായി – വിശ്വസിക്കുന്നു മറ്റു ചിലര്‍ കണ്ണടച്ചുംകൊണ്ട് എല്ലാം ചില ആകസ്മിക സംഭവങ്ങളായോ, അല്ലെങ്കില്‍ പരിഗണനീയമല്ലാത്ത നിസ്സാര സംഭവങ്ങളായോ ധരിച്ചുപോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഈ മഹല്‍പ്രവര്‍ത്തങ്ങളുടെ പിന്നില്‍ സ്ഥിതി ചെയ്യുന്ന അപാരമായ – അദൃശ്യമായ – ആ മഹാശക്തിയെപ്പറ്റി മിക്ക മനുഷ്യരും ആലോചിക്കുന്നില്ല. അവനോട് നന്ദിയും ഭക്തിയും കാണിക്കുന്നുമില്ല. (فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا). നമ്മെയെല്ലാം അല്ലാഹു, അവനോട് നന്ദിയും ഭക്തിയുമുള്ള സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

രാത്രിയില്‍ ഒരു മഴ പെയ്തതിനെത്തുടര്‍ന്ന് രാവിലെ സുബ്ഹ് (الصبح) നമസ്കാരാനന്തരം – ഹുദൈബിയ്യയില്‍വെച്ച് – ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി (صلّى الله عليه وسلّم) തിരുമേനി ചോദിക്കുകയുണ്ടായി: ‘നിങ്ങളുടെ റബ്ബ് എന്ത് പറയുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിനും, അവന്റെ റസൂലിനും അറിയാം,’ അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തു:

قَالَ : أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ بِي ، فَأَمَّا مَنْ قَالَ : مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ ، وَأَمَّا مَنْ قَالَ : مُطِرْنَا بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ – متفق عليه

സാരം: അല്ലാഹു പറയുന്നു: നേരം പുലര്‍ന്നപ്പോള്‍ എന്റെ അടിയാന്‍മാരില്‍, എന്നില്‍ വിശ്വസിക്കുന്നവരും എന്നില്‍ അവിശ്വസിക്കുന്നവരും ഉണ്ടായിത്തീര്‍ന്നിരിക്കുന്നു. അതായത്: ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും, കാരുണ്യംകൊണ്ടും മഴ പെയ്തുകിട്ടി എന്നു പറയുന്നതാരോ അവര്‍ എന്നില്‍ വിശ്വസിക്കുന്നവരും, നക്ഷത്രങ്ങളില്‍ അവിശ്വസിക്കുന്നവരുമാകുന്നു. ഞങ്ങള്‍ക്ക് ഇന്നിന്ന ഞാറ്റുവേല – അഥവാ ഗ്രഹപകര്‍ച്ച – മൂലം മഴ പെയ്തുവെന്ന് പറയുന്നതാരോ അവര്‍ എന്നില്‍ അവിശ്വസിച്ചവരും, നക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരുമത്രെ. (ബു. മു).

‘നാം അതിനെ കൈകാര്യം ചെയ്തു’ (صَرَّفْنَاهُ) എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം മഴവെള്ളമാണെന്ന അടിസ്ഥാനത്തിലാണ് നാം ഈ വിവരണം നല്‍കിയിട്ടുള്ളത്. മേല്‍ പ്രസ്താവിക്കപ്പെട്ട കാര്യം – അഥവാ മുകളില്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ – ആണ് ഇവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. വേറെ ചിലര്‍ ഖുര്‍ആനാണ് ഉദ്ദേശ്യമെന്നും പറയുന്നുണ്ട്. ഈ രണ്ടഭിപ്രായമനുസരിച്ചും ഈ വാക്കിന്റെ അര്‍ത്ഥം ‘നാം ആവര്‍ത്തിച്ച് വിവരിച്ചു’ എന്നായിരിക്കും. ഈ പദത്തിന് അങ്ങിനെയും അര്‍ത്ഥം വരാം. الله أعلم

25:51
  • وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا ﴾٥١﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
  • وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ

25:52

  • فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا ﴾٥٢﴿
  • ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
  • فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ

സാരം: നബിയേ, അവിശ്വാസികള്‍ക്ക്‌ നമ്മുടെ ശിക്ഷയെ താക്കീതുചെയ്യുന്ന പ്രവാചകന്‍മാരെ ഓരോ നാട്ടിലേക്കും പ്രത്യേകം പ്രത്യേകം അയക്കുവാന്‍ നാം ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊട്ടും നമുക്കു പ്രയാസകരവുമല്ലായിരുന്നു. പക്ഷേ, എല്ലാ നാട്ടിലും, എല്ലാ ജനവിഭാഗത്തിനും താക്കീതു നല്‍കുവാനായിക്കൊണ്ട് തന്നെത്തന്നെ നിയോഗിക്കുവാനാണ് നാം ഉദ്ദേശിച്ചത്. ആ നിലക്ക് കുറേ വിഷമങ്ങള്‍ താന്‍ സഹിക്കേണ്ടതുണ്ടെങ്കിലും, അതിന് വമ്പിച്ച പ്രതിഫലവും തനിക്ക് നാം തയ്യാറാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ അവിശ്വാസികളുടെ അഭീഷ്ടങ്ങള്‍ക്കൊന്നും വഴിപ്പെട്ടുകൊടുക്കാതെ, വിശുദ്ധ ഖുര്‍ആനുമായി അവരോട് സധീരം സമരം നടത്തിക്കൊള്ളുക.

മഴവെള്ളമാകുന്ന ഭൗതികാനുഗ്രഹത്തെ ഓര്‍മ്മിപ്പിച്ചതിനെത്തുടര്‍ന്ന് പ്രവാചകത്വമാകുന്ന ആത്മീയാനുഗ്രഹത്തെക്കുറിച്ചു പ്രസ്താവിക്കുന്നതില്‍ ഒരു സൂചന കാണാം: മഴവെള്ളം ഓരോ നാട്ടിലും വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, പ്രവാചകത്വത്തെയും എല്ലാ ഇടത്തിലും സദാ വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതു ഈ ലോകപ്രകൃതി വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല എന്നത്രെ ആ സൂചന. അടുത്ത വചനത്തില്‍ നാലാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-

നാലം ഘട്ടം – ക്യാമ്പയിൻ 2 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 21 മുതൽ 34 വരെ

സൂറത്തുല്‍ ഫുര്‍ഖാന്‍ : 21-44

ജുസ്ഉ് – 19
വിഭാഗം – 3

25:21

  • وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا ﴾٢١﴿
  • നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: ‘നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം (നേരില്‍) കാണുകയോ ചെയ്തുകൂടേ?!’ എന്ന്. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ മനസ്സില്‍ (സ്വയം) ഗര്‍വ്വ്‌നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്!
  • وَقَالَ പറയുന്നു, പറയുകയും ചെയ്തു الَّذِينَ لَا يَرْجُونَ പ്രതീക്ഷിക്കാത്തവര്‍ لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതു, നമ്മെ കാണുന്നതു لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെ മേല്‍ الْمَلَائِكَةُ മലക്കുകള്‍ أَوْ نَرَىٰ അല്ലെങ്കില്‍ ഞങ്ങള്‍ക്കു (നമുക്ക്) കണ്ടുകൂടേ رَبَّنَا ഞങ്ങളുടെ റബ്ബിനെ, നമ്മുടെ രക്ഷിതാവിനെ لَقَدِ اسْتَكْبَرُوا തീര്‍ച്ചയായും അവര്‍ ഗര്‍വ്വ് നടിച്ചിരിക്കയാണു فِي أَنفُسِهِمْ അവരുടെ സ്വന്തം നിലയില്‍, മനസ്സില്‍ وَعَتَوْا അവര്‍ ധിക്കരിക്കയും ചെയ്തിരിക്കയാണു, അതിരുകവിയുകയും ചെയ്തിരിക്കുന്നു عُتُوًّا كَبِيرًا വലിയ ധിക്കാരം

25:22

  • يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا ﴾٢٢﴿
  • മലക്കുകളെ അവര്‍ കാണുന്ന ദിവസം – (ആ) കുറ്റവാളികള്‍ക്ക് അന്ന് – സന്തോഷ വാര്‍ത്തയേ ഇല്ല. അവര്‍ പറയുകയും ചെയ്യും: ‘ഭദ്രമായ തടസ്സം!’ എന്ന്.
  • يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം الْمَلَائِكَةَ മലക്കുകളെ لَا بُشْرَىٰ സന്തോഷ വാര്‍ത്തയേ ഇല്ല يَوْمَئِذٍ അന്ന്, ആ ദിവസം لِّلْمُجْرِمِينَ കുറ്റവാളികള്‍ക്കു, പാപികള്‍ക്കു وَيَقُولُونَ അവര്‍ പറയുകയും ചെയ്യും حِجْرًا തടസ്സം, തടവു, മുടക്കം مَّحْجُورًا തടസ്സപ്പെട്ട, മുടക്കപ്പെട്ട, തടയപ്പെട്ട (ഭദ്രമായ)

പരലോകത്തിലും, മരണാനന്തരജീവിതത്തിലും വിശ്വാസമില്ലായ്ക നിമിത്തം, അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന പ്രതീക്ഷയോ, അവന്റെ മുമ്പില്‍ തങ്ങളുടെ ചെയ്തികളെക്കുറിച്ച് സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന ഭയമോ ഇല്ലാത്തവരാണ് ആ അവിശ്വാസികള്‍. അതുകൊണ്ട് നിരര്‍ത്ഥങ്ങളായ ആക്ഷേപങ്ങളും ചോദ്യങ്ങളും പുറപ്പെടുവിക്കുന്നതില്‍ അവര്‍ക്ക് ഒരു ലക്കുംലഗാനുമില്ല. നബി (صلّى الله عليه وسلّم) യുടെ ഒന്നിച്ച് ഒരു മലക്കിനെ അയക്കാത്തതെന്തു കൊണ്ടാണെന്ന് അവര്‍ ചോദിച്ചത് നാം മുകളില്‍ കണ്ടു. ഇപ്പോള്‍ അവര്‍ കുറേകൂടി മുന്നോട്ട് കടന്ന് ചോദിക്കുന്നു: ‘എന്തുകൊണ്ടാണ് മലക്കുകള്‍ ഞങ്ങളുടെ അടുക്കല്‍ നേരെ വന്ന് മുഹമ്മദിന്റെ വാദം സത്യമാണെന്ന് സാക്ഷ്യപ്പെടുത്താത്തത്?!’ ധിക്കാരം അവിടംകൊണ്ടും അവസാനിക്കുന്നില്ല. ‘അല്ലെങ്കില്‍ അല്ലാഹുതന്നെ ഞങ്ങളുമായി നേരില്‍ കണ്ട് ഉപദേശിക്കുകയോ, ഇവന് സാക്ഷ്യം നല്‍കുകയോ ചെയ്തുകൂടേ!’ ഇതാണ് അടുത്ത ചോദ്യം. തനി അഹങ്കാരത്തില്‍ നിന്നും, ധിക്കാരത്തില്‍നിന്നും മാത്രം ഉടലെടുക്കുന്ന ഈ ചോദ്യങ്ങളൊന്നും വാസ്തവത്തില്‍ മറുപടി അര്‍ഹിക്കുന്നവയല്ലതന്നെ.

എന്നാല്‍ ഈ ധിക്കാരികള്‍ ഒരു യാഥാര്‍ത്ഥ്യം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. അതവരുടെ ഗുണത്തിനു തന്നെ ഒഴിച്ചുകൂടാത്തതാണ്. അതായത്, മലക്കുകളെ അവര്‍ ശരിക്ക് കാണുന്ന ഒരു ദിവസമുണ്ട്. അത് വന്നു കഴിഞ്ഞാല്‍ ഇവരുടെ ഈ ധിക്കാരവും, പരിഹാസവുമെല്ലാം അപ്രത്യക്ഷമാകും. ശാപകോപങ്ങളുടെ വാര്‍ത്തകളും, ശിക്ഷാവകുപ്പുകളുടെ അനുഭവങ്ങളുമല്ലാതെ – സന്തോഷത്തിന്റെയും അനുമോദനത്തിന്റെയും കണികപോലും – അവര്‍ക്ക് മലക്കുകളില്‍ നിന്നോ മറ്റോ ലഭിക്കുവാനുണ്ടായിരിക്കയില്ല. ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.

حِجْرًا مَّحْجُورًا എന്ന വാക്കിന്റെ ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്കാണ് ‘ഭദ്രമായ തടസം’ എന്ന് അതിന് നാം തര്‍ജ്ജമ നല്‍കിയത്. സൂ: മര്‍യം 23-ാം വചനത്തിലെ نَسْيًا مَّنْسِيًّا എന്ന പ്രയോഗത്തെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അവിടെ നാം ചില സംഗതികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അതേ തരത്തിലുള്ള ഒരു പ്രയോഗം തന്നെയാണിതും. ‘മുടക്കപ്പെട്ട മുടക്കം, വിലക്കപ്പെട്ട വിലക്കം, തടയപ്പെട്ട തടസ്സം’ എന്നും മറ്റും ഇതിന് വാക്കര്‍ത്ഥം കൊടുക്കാം. ശക്തിയായ അല്ലെങ്കില്‍ ഭദ്രമായ തടസ്സം എന്നുദ്ദേശ്യം. ഈ വാക്ക് പറയുന്നവര്‍ – അഥവാ يَقُولُونَ എന്ന ക്രിയയുടെ കര്‍ത്താവ് – മലക്കുകളാണെന്നും, കുറ്റവാളികളാണെന്നും വരാന്‍ സാധ്യതയുണ്ട്. മലക്കുകള്‍ പറയുന്ന വാക്കാണെന്നുള്ളതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. അപ്പോള്‍ അതിന്റെ വിവക്ഷ, നിങ്ങള്‍ക്കിവിടെ യാതൊരു രക്ഷയുമില്ല, എല്ലാവിധ സന്തോഷവും ഭദ്രമാംവണ്ണം നിങ്ങള്‍ക്ക് തടയപ്പെട്ടിരിക്കുന്നു എന്നായിരിക്കും. എനി, അത് അവിശ്വാസികളാകുന്ന കുറ്റവാളികളുടെ വാക്കാണെന്ന് വെക്കുന്നപക്ഷം, അതിന്റെ താല്‍പര്യം ഇപ്രകാരമായിരിക്കും: ‘ഞങ്ങള്‍ക്കും ശിക്ഷക്കുമിടയില്‍ ഭദ്രമായ തടസ്സം (ശരിയായ തടവ്‌) ഏര്‍പ്പെടുത്തിത്തന്നു ഞങ്ങളെ രക്ഷിക്കണേ!’

25:23

  • وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَـٰهُ هَبَآءً مَّنثُورًا ﴾٢٣﴿
  • അവര്‍ [അവിശ്വാസികള്‍] കര്‍മ്മമായിട്ട് (എന്തെങ്കിലും) പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്ന് അതിനെ നാം ചിതറിയ ധൂളി (പോലെ) യാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
  • وَقَدِمْنَا നാം ചെല്ലുന്നതാണു, മുന്നിടുന്നതാണു إِلَىٰ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്കു مِنْ عَمَلٍ കര്‍മ്മമായിട്ടു, വല്ല പ്രവര്‍ത്തനവും فَجَعَلْنَاهُ എന്നിട്ടു നാമതിനെ ആക്കുന്നതാണു هَبَاءً ധൂളി, പൊടിപടലം مَّنثُورًا വിതറപ്പെട്ട, ചിതറിയ

25:24

  • أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ﴾٢٤﴿
  • സ്വര്‍ഗ്ഗവാസികള്‍ അന്നേ ദിവസം, ഭവനം നല്ലവരും, വിശ്രമസ്ഥലം കൂടുതല്‍ മെച്ചപ്പെട്ടവരുമായിരിക്കും.
  • أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാര്‍, സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ يَوْمَئِذٍ അന്നു خَيْرٌ ഉത്തമമാണു, നല്ലവരായിരിക്കും مُّسْتَقَرًّا ഭവനം, താവളം, വാസസ്ഥലം وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടവരും, ഭംഗിയുള്ളവരും مَقِيلًا വിശ്രമസ്ഥലം

ദാനധര്‍മ്മങ്ങള്‍ കുടുംബബന്ധം പാലിക്കല്‍ മുതലായ വല്ല സല്‍ക്കര്‍മ്മങ്ങളും അവര്‍ – അവിശ്വാസികള്‍ – ഇഹത്തില്‍വെച്ച് ചെയ്തിട്ടുണ്ടെങ്കില്‍, അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ല. അഥവാ പരലോകത്തില്‍ അതുകൊണ്ട് അവര്‍ക്ക് ഒരു നന്‍മയും സിദ്ധിക്കുകയില്ല എന്നത്രെ അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ഇഹലോകത്തില്‍വെച്ച് ലഭിച്ചേക്കുന്ന ഗുണങ്ങളല്ലാതെ, പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ അതിന് തീരെ പരിഗണന നല്‍കപ്പെടുകയില്ലെന്ന, വസ്തുത ഖുര്‍ആന്‍ പലേടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.

25:25

  • وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا ﴾٢٥﴿
  • മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും, മലക്കുകള്‍ ഒരു (ശക്തിമത്തായ) ഇറക്കപ്പെടല്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം,-
  • وَيَوْمَ تَشَقَّقُ പൊട്ടിപ്പിളരുന്ന (പിളര്‍ന്നുപോകുന്ന) ദിവസം السَّمَاءُ ആകാശം بِالْغَمَامِ മേഘപടലവും കൊണ്ടു, കാര്‍മേഘത്തോടെ وَنُزِّلَ ഇറക്കപ്പെടുകയും ചെയ്യുന്ന الْمَلَائِكَةُ മലക്കുകള്‍ تَنزِيلًا ഒരു തരം ഇറക്കപ്പെടല്‍ (ശക്തിയേറിയ ഇറക്കല്‍)

25:26

  • ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًا ﴾٢٦﴿
  • അന്ന് യഥാര്‍ത്ഥമായ രാജാധിപത്യം പരമകാരുണികനത്രെ: അത് അവിശ്വാസികള്‍ക്ക്‌ പ്രയാസമേറിയ ഒരു ദിവസമായിരിക്കുന്നതുമാണ്.
  • الْمُلْكُ രാജത്വം, ആധിപത്യം يَوْمَئِذٍ അന്ന്, ആ ദിവസം الْحَقُّ യഥാര്‍ത്ഥമായ, സ്ഥിരമായുള്ള لِلرَّحْمَـٰنِ പരമകാരുണികന്നാണു (അല്ലാഹുവിന്നാണു) وَكَانَ അതാകുന്നു, അതായിരിക്കും يَوْمًا ഒരു ദിവസം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ عَسِيرًا പ്രയാസമേറിയ, ഞെരുക്കമായ

സൂര്യചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളടക്കമുള്ള വാനമണ്ഡലങ്ങളും, അവയില്‍ സ്ഥിതിചെയ്യുന്ന ചരാചരങ്ങളുമെല്ലാം തന്നെ, ഇന്നത്തെ ഈ ഘടനാവ്യവസ്ഥകള്‍ മാറി മറ്റൊരു പുതിയ വ്യവസ്ഥാരൂപത്തിന് വിധേയമായിത്തീരുന്ന ഒരു ദിവസം – അഥവാ അന്ത്യനാള്‍ – വരുവാനിരിക്കുന്നു. അന്നത്തെ ദിവസം, സാക്ഷികളായി, നന്‍മ തിന്‍മകളുടെ രേഖകള്‍ സമര്‍പ്പിക്കുന്നവരായി, വിചാരണനിലയത്തിലേക്ക് എല്ലാവരെയും ശേഖരിച്ചു കൂട്ടുന്നവരായി – ഇങ്ങിനെ പല പ്രകാരത്തില്‍ – മലക്കുകള്‍ കൂട്ടംകൂട്ടമായി ഇറക്കപ്പെടുന്നു. സൃഷ്ടികളെല്ലാം ഭയവിഹ്വലരായിക്കൊണ്ട് ഒരേ വേദിയില്‍ സമ്മേളിപ്പിക്കപ്പെടുന്ന ആ മഹാപ്രളയദിനത്തില്‍, രാജാവെന്നോ, നേതാവെന്നോ, ഉന്നതനെന്നോ, യോഗ്യനെന്നോ – പ്രത്യക്ഷത്തിലാകട്ടെ, പരോക്ഷത്തിലാകട്ടെ – വാദിക്കുവാന്‍ ആരുംതന്നെ ഉണ്ടായിരിക്കയില്ല. പരിപൂര്‍ണ്ണവും, യഥാര്‍ത്ഥവുമായ രാജാധിപത്യം രാജാധിരാജാവായ അല്ലാഹുവിന് മാത്രമായിരിക്കും. അവനെ ചോദ്യം ചെയ്‌വാനോ, സ്വാധീനപ്പെടുത്തുവാനോ ഒരാള്‍ക്കും സാധ്യമല്ല. സദ്‌വൃത്തരായ അടിയാന്‍മാര്‍ക്ക് മാത്രം അവിടെ രക്ഷ ലഭിക്കും. കുറ്റവാളികളായ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ആ ദിവസത്തെ തരണം ചെയ്യുകയെന്നത് അങ്ങേഅറ്റം പ്രയാസകരവുമായിരിക്കും.

അമ്പതിനായിരം കൊല്ലത്തോളം ദൈര്‍ഘ്യം വരുന്ന ആ ഭയങ്കരദിവസത്തില്‍, അല്ലാഹുവിന്റെ മുമ്പില്‍ മനുഷ്യന്‍ എങ്ങിനെയാണ് കഴിച്ചുകൂട്ടുകയെന്നു നബി (صلّى الله عليه وسلّم) തിരുമേനിയോട് ചോദിക്കപ്പെടുകയുണ്ടായി. അതിന് തിരുമേനി (صلّى الله عليه وسلّم) നല്‍കിയ ഉത്തരം: സത്യവിശ്വാസികളായ ആളുകള്‍ക്ക് ഒരു നിര്‍ബ്ബന്ധ (‘ഫര്‍ള്വു’) നമസ്കാരം നമസ്കരിക്കുന്നത്ര സമയംപോലെയായി അത് ലഘൂകരിക്കപ്പെടുന്നതായിരിക്കും എന്നായിരുന്നു. (رواه البيهقي عن ابي سعيد للخدرى (رضي الله عنه). നബി (صلّى الله عليه وسلّم)യിലും, അവിടുത്തെ പ്രബോധനത്തിലും വിശ്വസിക്കാതെ, പരന്മാരുടെ ദുര്‍ബോധനങ്ങളില്‍ കുടുങ്ങി വഴിപിഴച്ചുപോയവരെക്കുറിച്ച് അടുത്ത ആയത്തുകളില്‍ പറയുന്നത് നോക്കുക:-

25:27

  • وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ﴾٢٧﴿
  • അക്രമകാരിയായുള്ളവന്‍ (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസം, അവന്‍ പറയും; ‘അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!’
  • وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം الظَّالِمُ അക്രമി (പാപി) عَلَىٰ يَدَيْهِ തന്റെ കൈകളെ يَقُولُ അവന്‍ പറയും يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) مَعَ الرَّسُولِ റസൂലിന്റെകൂടെ سَبِيلًا ഒരു വഴി, മാര്‍ഗ്ഗം

25:28

  • يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ﴾٢٨﴿
  • ‘എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ!’
  • يَا وَيْلَتَىٰ എന്റെ കഷ്ടമേ, നാശമേ لَيْتَنِي ഞാനായിരുന്നെങ്കില്‍ നന്നായേനെ لَمْ أَتَّخِذْ ഞാന്‍ സ്വീകരിച്ചില്ല فُلَانًا ഇന്ന ആളെ, ഇന്നവനെ خَلِيلًا ചങ്ങാതി, സുഹൃത്ത്

25:29

  • لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا ﴾٢٩﴿
  • ‘എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ!’ പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.
  • لَّقَدْ أَضَلَّنِي തീര്‍ച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു عَنِ الذِّكْرِ ബോധനത്തില്‍, ഉപദേശത്തില്‍, പ്രമാണത്തില്‍ നിന്ന് بَعْدَ إِذْ جَاءَنِي അതെനിക്കു വന്നതിനു ശേഷം وَكَانَ الشَّيْطَانُ പിശാചാകുന്നു لِلْإِنسَانِ മനുഷ്യനെ, മനുഷ്യന് خَذُولًا കൈവെടിയുന്നവന്‍

ഇവിടെ ‘അക്രമകാരി’ (الظَّالِمُ) എന്നും, ‘ഇന്നവന്‍’ (فُلَانًا) എന്നും പറഞ്ഞത് ചില പ്രത്യേകവ്യക്തികളെ ഉദ്ദേശിച്ചല്ല. സത്യപ്രബോധനത്തിന് ചെവികൊടുക്കാതെ, അന്യരുടെ ദുര്‍ബ്ബോധനങ്ങള്‍ക്കും ചൊല്പടിക്കും വശംവദരായി വഴിപിഴച്ചവരെല്ലാം ‘അക്രമകാരി’കളില്‍ ഉള്‍പ്പെടുന്നു. ഏതൊരു കൂട്ടരുടെ ദുര്‍ബ്ബോധനം, അലെങ്കില്‍ അനുകരണം അവരെ വഴിപിഴപ്പിച്ചുവോ – അത് വ്യക്തിയോ, കക്ഷിയോ, മനുഷ്യനോ, ജിന്നോ, ആരെങ്കിലുമാകട്ടെ – അക്കൂട്ടരെ ഉദ്ദേശിച്ചാണ് ‘ഇന്നവന്‍’ എന്നു പറഞ്ഞത്. വഴിപിഴക്കുവാന്‍ കാരണം പ്രത്യക്ഷത്തില്‍ ആരായിരുന്നാലും ശരി, അതിന്റെ പിന്നില്‍ പ്രവര്‍ത്തനം നടത്തുന്ന ഒരു ദുശ്ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. അതെ, പിശാച്. മനുഷ്യന്റെ രക്ഷാമാര്‍ഗ്ഗം മുഴുവന്‍ തടയപ്പെടുകയും, ഭാവിജീവിതം അമ്പെ നഷ്ടപ്പെടുകയും ചെയ്യുന്നതുവരെ പിശാച് ഒരിക്കലും തൃപ്തി അടയുന്നതല്ല. അത് സാധിച്ചുകഴിഞ്ഞാല്‍ അവന്റെ ‘സുഹൃല്‍ബന്ധ’ത്തില്‍ നിന്നും അവന്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അവനെക്കുറിച്ച് മനുഷ്യന്‍ ജാഗരൂകനായിരിക്കേണ്ടതുണ്ടെന്നത്രെ ‘പിശാച് മനുഷ്യനെ കൈവെടിയുന്നവനാണ്’ എന്ന വാക്യം മുഖേന അല്ലാഹു ഉണര്‍ത്തുന്നത്.

ഈ ആയത്തുകളുടെ അവതരണഹേതുവായി പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ചു കാണുന്ന ഒരു സംഭവം, അവയുടെ ഉള്ളടക്കം ഉദാഹരണസഹിതം മനസ്സിലാക്കുവാന്‍ സഹായകമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്:- അബൂമുഐത്തിന്റെ മകന്‍ ഉഖ്ബത്ത് (عقبة ابن ابي معيط) നബി (صلّى الله عليه وسلّم)യുടെ അടുക്കല്‍ സാധാരണ ചെല്ലാറുണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തിരുമേനി (صلّى الله عليه وسلّم)യെ വിരുന്നിന് ക്ഷണിച്ചു. അയാള്‍ നബി (صلّى الله عليه وسلّم) യില്‍ വിശ്വസിക്കാത്ത സ്ഥിതിക്ക് അയാളുടെ ഭക്ഷണം സ്വീകരിക്കുന്നതില്‍ നബി (صلّى الله عليه وسلّم) വിസമ്മതം പ്രകടിപ്പിച്ചു. അപ്പോള്‍ അയാള്‍ ഇസ്ലാമിന്റെ സാക്ഷ്യവാക്യങ്ങള്‍ (‘ശഹാദത്ത് കലിമകള്‍’) ഉച്ചരിച്ചു. ഉബയ്യുബ്നു ഖലഫ് (ابي بن خلف) ഉഖ്ബത്തിന്റെ ഒരു ചങ്ങാതിയായിരുന്നു. ഉബയ്യ്‌ അതിനെപ്പറ്റി ആക്ഷേപിച്ചു. അതിന് ഉഖ്ബത്തിന്റെ മറുപടി: ‘ഞാന്‍ മതം മാറിയതൊന്നുമല്ല, മുഹമ്മദ്‌ എന്റെ ഭക്ഷണം കഴിപ്പാന്‍ വിസമ്മതിച്ചത് എനിക്ക് ലജ്ജയായിത്തോന്നി; അതുകൊണ്ട് അങ്ങിനെ ചെയ്തുവെന്നു മാത്രമേയുള്ളു’ എന്നായിരുന്നു. ഉബയ്യ്‌ ഇങ്ങിനെ പ്രത്യുത്തരം പറഞ്ഞു: ‘ശരി, എന്നാല്‍ നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്ന് അവന്റെ പിരടിക്ക് ചവിട്ടുകയും, അവന്റെ മുഖത്ത് തുപ്പുകയും ചെയ്യാതെ ഞാന്‍ തൃപ്തിപ്പെടുകയില്ല.’ ഉഖ്ബത്ത് അപ്രകാരം പ്രവര്‍ത്തിക്കയും ചെയ്തു! ഈ അവസരത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനി ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘താന്‍ മക്കായില്‍നിന്ന് വെളിയില്‍പോകുന്നപക്ഷം, തന്റെ തലക്കുമീതെ വാള്‍ വീഴാതെ ഞാന്‍ കാണുകയുണ്ടാവുകയില്ല’. തിരുമേനി (صلّى الله عليه وسلّم) യുടെ ഈ പ്രവചനം ശരിയായിരുന്നു. ഉഖ്ബത്ത് ബദ്റു യുദ്ധത്തില്‍ ചിറപിടിക്കപ്പെടുകയും, അലി (رضي الله عنه) അയാളെ കൊലപ്പെടുത്തുകയും ഉണ്ടായി. ഉബയ്യാകട്ടെ, ഉഹദ് യുദ്ധത്തില്‍ തിരുമേനി (صلّى الله عليه وسلّم) യുടെ കരങ്ങളാല്‍ കുന്തംകൊണ്ട് കിട്ടിയ കുത്തുനിമിത്തം നരകാവകാശിയായി മരണപ്പെടുകയും ചെയ്തു.

നബി (صلّى الله عليه وسلّم) അരുളിച്ചെയ്തതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: ‘മനുഷ്യന്‍ അവന്റെ ചങ്ങാതിയുടെ മതത്തിലായി ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഓരോരുവനും, താന്‍ ആരെയാണ് ചങ്ങാതിയായി – സുഹൃത്തായി – വെക്കേണ്ടതെന്നു നോക്കിക്കൊള്ളട്ടെ.’

(يحشر المرء على دين خليله فلينظر أحدكم من يخالل – رواه أبوداود والترمذي)

25:30

  • وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًا ﴾٣٠﴿
  • റസൂല്‍ പറയുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!’.
  • وَقَالَ الرَّسُولُ റസൂല്‍ പറയുന്നു, പറയുകയും ചെയ്തു يَا رَبِّ എന്റെ റബ്ബേ, രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്റെ ജനത اتَّخَذُوا അവര്‍ ആക്കിയിരിക്കുന്നു هَـٰذَا الْقُرْآنَ ഈ ഖുര്‍ആനെ مَهْجُورًا വര്‍ജ്ജിക്കപ്പെട്ടതു, പുറം തള്ളപ്പെട്ടതു, വെടിയപ്പെട്ടതു

25:31

  • وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا ﴾٣١﴿
  • അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ഓരോ (തരം) ശത്രുവെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗ്ഗദര്‍ശകനായും, സഹായകനായും നിന്റെ രക്ഷിതാവു തന്നെ മതി.
  • وَكَذَٰلِكَ അപ്രകാരം جَعَلْنَا നാം ആക്കിയിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ നബിമാര്‍ക്കും عَدُوًّا ഓരോ ശത്രുവെ مِّنَ الْمُجْرِمِينَ കുറ്റവാളികളില്‍ പെട്ട وَكَفَىٰ بِرَبِّكَ നിന്റെ റബ്ബ് തന്നെ മതി هَادِيًا മാര്‍ഗ്ഗദര്‍ശകനായിട്ടു وَنَصِيرًا സഹായകനായും

തൗഹീദിലേക്കും, ഖുര്‍ആനിലേക്കും എല്ലാവിധേനയും ക്ഷണിച്ചുനോക്കിയിട്ടും ജനങ്ങള്‍ മര്‍ക്കടമുഷ്ടി കൈവിടാതിരിക്കുന്നതു കണ്ട് റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അല്ലാഹുവിനോട് സങ്കടപ്പെടുകയാണ്: ‘റബ്ബേ! എന്നെ നീ ഏതൊരു ജനതയിലേക്ക്‌ നിയോഗിച്ചിരിക്കുന്നുവോ അവര്‍ – എന്റെ സ്വന്തം ജനത – ഈ മഹത്തായ ഖുര്‍ആനെ പാടെ അവഗണിച്ച് പുറം തള്ളിയിരിക്കുകയാണേ.’ നിന്റെ വാഗ്ദാനങ്ങളും, താക്കീതുകളും അവര്‍ വിലവെക്കുന്നില്ല…..’

ഈ സങ്കടാവസ്ഥയില്‍ നബി (صلّى الله عليه وسلّم) ക്ക് അല്ലാഹു ഇങ്ങിനെ ആശ്വാസം നല്‍കുന്നു: ‘ഇത്തരം ശത്രുക്കള്‍ – നബിയേ – തനിക്ക് മാത്രമല്ല. പാപകൃത്യങ്ങളിലും, കുറ്റകരങ്ങളായ അഴിമതികളിലും മുഴുകിയിരുന്ന ഓരോ തരം ശത്രുക്കള്‍ എല്ലാ നബിമാര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും, അവസാനം വിജയവും രക്ഷയും ലഭിക്കുന്നത് നബിമാര്‍ക്കും അവരുടെ അനുയായികള്‍ക്കും തന്നെയായിരിക്കും. അതുകൊണ്ട് തല്‍ക്കാലം ക്ഷമ കൈകൊള്ളുക. പ്രബോധന വിഷയത്തിലാകട്ടെ, മറ്റു തുറകളിലാകട്ടെ, തനിക്കാവശ്യമായ സഹായം നല്‍കുവാനും തന്റെ രക്ഷിതാവായ ഞാന്‍ മാത്രം മതി. മറ്റാരും അതിനാവശ്യമില്ല. യഥാര്‍ത്ഥമായ മാര്‍ഗ്ഗദര്‍ശനവും, സഹായവും നല്‍കുവാന്‍ മറ്റാര്‍ക്കും സാധ്യവുമല്ല.’

25:32

  • وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًا ﴾٣٢﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: ‘അദ്ദേഹത്തിന് [നബിക്ക്] ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തതെന്താണ്?’ എന്ന്! അപ്രകാരം (പല പ്രാവശ്യമായി അവതരിച്ചതു) തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടിയാകുന്നു (അത്). നാം അതു ശരിക്ക് സാവകാശക്രമം ഓതിത്തരുകയും ചെയ്തിരിക്കുകയാണ്.
  • وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അദ്ദേഹത്തിനു الْقُرْآنُ ഖുര്‍ആന്‍ جُمْلَةً ഒട്ടാകെ, മൊത്തമായി وَاحِدَةً ഒന്നായി, ഒരേ ഒരു كَذَٰلِكَ അപ്രകാരംതന്നെ لِنُثَبِّتَ നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി بِهِ അതുകൊണ്ടു فُؤَادَكَ നിന്റെ ഹൃദയത്തെ وَرَتَّلْنَاهُ നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു تَرْتِيلًا ഒരുതരം (ശരിക്കുള്ള) സാവകാശക്രമം

നബി (صلّى الله عليه وسلّم) യുടെയും, ഖുര്‍ആന്റെയും നേരെ, കിട്ടുന്ന അവസരങ്ങളെല്ലാം ആക്ഷേപത്തിനും കുതര്‍ക്കത്തിനും ഉപയോഗപ്പെടുത്തുക പതിവാക്കിയിരുന്ന ആ അവിശ്വാസികള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യമാണിത്: ഖുര്‍ആന്‍ എന്തുകൊണ്ടാണ് പല പ്രാവശ്യങ്ങളിലായി കുറേശ്ശെ മാത്രം അവതരിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് അത് ഒന്നായി ഒരേ പ്രാവശ്യം അവതരിക്കുന്നില്ല? ഈ ആക്ഷേപത്തില്‍ യഹൂദര്‍ക്കും പ്രത്യേകം പങ്കുണ്ടായിരുന്നു. തൗറാത്തു മുതലായ വേദഗ്രന്ഥങ്ങള്‍ ഒരേ പ്രാവശ്യമായിട്ടാണ് അവതരിച്ചിട്ടുള്ളതെന്നാണ് അവര്‍ അതിന് ആസ്പദ്മാക്കുന്നത്. വാസ്തവത്തില്‍, തൗറാത്തും ഇതര വേദഗ്രന്ഥങ്ങളും ഒരേ പ്രാവശ്യമായിത്തന്നെ അവതരിച്ചു കഴിഞ്ഞിട്ടുണ്ടെന്നുള്ളതിന് ഖണ്ഡിതമായ തെളിവ് കാണുന്നില്ല. വാസ്തവം അല്ലാഹുവിനറിയാം. ഖുര്‍ആന്‍ സന്ദര്‍ഭോചിതം കുറേശ്ശെ കുറേശ്ശെയായി അവതരിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണമാണ് നമുക്ക് പരിശോധിക്കേണ്ടതുള്ളത്. അതിവിടെ ചുരുങ്ങിയ വാക്കില്‍ അല്ലാഹു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ‘നിന്റെ ഹൃദയത്തെ അതുകൊണ്ട് സ്ഥിരപ്പെടുത്തേണ്ടതിന് വേണ്ടിയാണ്’ എന്ന് പറഞ്ഞുവല്ലോ. സൂറത്തുല്‍ ഇസ്രാഈലില്‍ ഇപ്രകാരം കാണാം:

وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا – الإسراء: ١٠٦

ഖുര്‍ആനെ പല പ്രാവശ്യമായി വേറിട്ടവതരിപ്പിച്ചിരിക്കുന്നത് നീ അത് ജനങ്ങള്‍ക്ക്‌ സാവധാനത്തില്‍ ഓതിക്കൊടുക്കുവാന്‍ വേണ്ടിയാകുന്നു എന്ന് സാരം. ഈ രണ്ടു വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ വെളിച്ചത്തില്‍ ആലോചിക്കുമ്പോള്‍, ഖുര്‍ആന്‍ ഒരേ പ്രാവശ്യത്തില്‍തന്നെ മുഴുവന്‍ ഭാഗവും അവതരിക്കാതെ പല ഗഡുക്കളായി അവതരിച്ചുകൊണ്ടിരുന്നതില്‍ താഴെ കാണുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്:

1) നബി (صلّى الله عليه وسلّم) എഴുത്തും വായനയും അറിയാത്ത ആളായ സ്ഥിതിക്ക് ഖുര്‍ആന്‍ പഠിക്കുവാനും, മനഃപാഠമാക്കുവാനും അത് സഹായകമാകുന്നു.

2) മറവിയോ, അബദ്ധമോ, അവസരക്കുറവോ പിണയാതെ സൂക്ഷിക്കുവാന്‍ സൗകര്യം ലഭിക്കുന്നു.

3) ഒറ്റപ്രാവശ്യമായി അവതരിക്കുന്ന പക്ഷം, ഖുര്‍ആനിലടങ്ങിയ നിയമങ്ങളെല്ലാം തന്നെ ജനങ്ങള്‍ ഒരടിയായി അനുഷ്ഠിക്കുകയും, നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായി വരും. ഇത് നബി (صلّى الله عليه وسلّم)ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വിഷമമുളവാക്കുമെന്ന് വ്യക്തമാണ്. ഈ ദോഷം ഇല്ലാതാകുന്നു.

4) അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഇടക്കിടെ ലഭിച്ചുകൊണ്ടിരിക്കലും, അതുമായി ജിബ്‌രീല്‍ (عليه السلام) ഇടക്കിടെവന്ന്‍ നബി (صلّى الله عليه وسلّم) യുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കലും നബി (صلّى الله عليه وسلّم) യുടെ ഹൃദയദാര്‍ഢ്യത്തിനും, മനസ്സമാധാനത്തിനും ഉപയുക്തമാകുന്നു.

5) ജനങ്ങളില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ക്കും, അപ്പപ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും അതതവസരത്തില്‍തന്നെ ദിവ്യസന്ദേശങ്ങള്‍ മുഖേന പരിഹാരമാര്‍ഗ്ഗം ലഭിക്കുന്നത് ജനങ്ങളില്‍ കൂടുതല്‍ ഫലവും ശുഷ്കാന്തിയും, പ്രചോദനവും ഉളവാക്കുന്നു.

6) ദീര്‍ഘകാലമായി അടിയുറച്ചു കഴിഞ്ഞിട്ടുള്ള ചില ആചാരങ്ങളും, വഴക്കങ്ങളും സമുദായത്തില്‍നിന്ന് പെട്ടെന്ന് നിറുത്തലാക്കുവാന്‍ പ്രയാസമായിരിക്കും. അവയില്‍ താല്‍ക്കാലിക നിയമങ്ങള്‍വഴി ക്രമേണ അയവ് വരുത്തിയശേഷം, സ്ഥിരവും കണിശവുമായ നിയമ നടപടി അവതരിപ്പിക്കുകയും, പുതിയ ആചാരവും വഴക്കവും നിലവില്‍ വരുത്തുകയും ചെയ്‌വാന്‍ എളുപ്പമായിത്തീരുന്നു.

7) ഖുര്‍ആനോട് കിടനില്‍ക്കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അതിന്റെ ശത്രുക്കളെ അത് വെല്ലുവിളിക്കുന്ന സ്ഥിതിക്കു ആ വെല്ലുവിളിയെ നേരിടുവാന്‍ വല്ലവരും മുതിരുന്ന പക്ഷം, അവര്‍ക്ക് അതിനുള്ള അവസരം നീണ്ടുനില്‍ക്കുവാനും, അവരുടെ പരാജയം കൂടുതല്‍ ബോധ്യപ്പെടുവാനും സഹായമായിത്തീരുന്നു.

ഇങ്ങിനെ, പല ഉദ്ദേശ്യങ്ങളും, ഗുണങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ടാണ്, ഖുര്‍ആന്‍ ഒറ്റപ്രാവശ്യത്തിലായി അവതരിക്കാതെ – അവസരത്തിനും, സന്ദര്‍ഭത്തിനും അനുസരിച്ച് കുറേശ്ശെയായി – സാവകാശത്തില്‍ അവതരിച്ച് 23 കൊല്ലക്കാലംകൊണ്ട് പൂര്‍ത്തിയാക്കപ്പെട്ടത്‌. വിശുദ്ധഖുര്‍ആന്റെ പ്രത്യേകതകളില്‍ ഒന്നാണതും.

25:33

  • وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا ﴾٣٣﴿
  • (നബിയേ) അവര്‍ നിന്റെ അടുക്കല്‍ ഏതൊരു മാതൃകയും [ഏതുതരം പ്രശ്നവും] കൊണ്ടുവരുന്നതായാലും, നിനക്ക് യഥാര്‍ത്ഥവും, ഏറ്റവും നല്ലവിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല.
  • وَلَا يَأْتُونَكَ അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല بِمَثَلٍ ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) إِلَّا جِئْنَاكَ നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി وَأَحْسَنَ ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും تَفْسِيرًا വ്യാഖ്യാനം, വിവരണത്താല്‍

25:34

  • ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا ﴾٣٤﴿
  • തങ്ങളുടെ മുഖങ്ങളിലായി [തല കീഴായി] നരകത്തിലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങനെയുള്ളവര്‍, സ്ഥാനം ഏറ്റവും ചീത്തപ്പെട്ടവരും, മാര്‍ഗ്ഗം ഏറ്റവും പിഴച്ചവരുമത്രെ.
  • الَّذِينَ യാതൊരു കൂട്ടര്‍ يُحْشَرُونَ ഒരുമിച്ചുകൂട്ടപ്പെടും عَلَىٰ وُجُوهِهِمْ തങ്ങളുടെ മുഖങ്ങളിലായി إِلَىٰ جَهَنَّمَ(ജഹന്നമാകുന്ന) നരകത്തിലേക്കു أُولَـٰئِكَ അക്കൂട്ടര്‍ شَرٌّ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ ഏറ്റവും പിഴച്ചവരുമാണ് سَبِيلًا വഴി, മാര്‍ഗ്ഗത്താല്‍

അവിശ്വാസികളുടെ പല ആരോപണങ്ങളെ സംബന്ധിച്ചും പ്രസ്താവിച്ചുവല്ലോ. തുടര്‍ന്നുകൊണ്ട് അവര്‍ രംഗത്തിറക്കുന്ന ഏതുതരം ആരോപണമാതൃകകളെയും, അവര്‍ മുന്നോട്ടുകൊണ്ടുവരുന്ന ഏതുതരം പ്രശ്നങ്ങളെയും സത്യവും ന്യായവുമായ മാര്‍ഗ്ഗേണ തട്ടിത്തകര്‍ക്കുമാറ് ഏറ്റവും നല്ല വിവരണവും വ്യാഖ്യാനവും നാം നല്‍കുന്നതാണെന്ന് നബി (صلّى الله عليه وسلّم)ക്ക് അല്ലാഹു ഉറപ്പുകൊടുക്കുന്നു. ആ മല്‍സരബുദ്ധികളുടെ പര്യവസാനം നരകത്തിലേക്കാണെന്നും, അവരെ അതിലേക്കു കൊണ്ടുവരപ്പെട്ടത്‌ ഏറ്റവും നിന്ദ്യരായ നിലയില്‍ മുഖംകുത്തി കിഴുക്കാന്തുക്കായ സ്ഥിതിയിലായിരിക്കുമെന്നും, അവര്‍ അങ്ങേഅറ്റം വഴിപിഴച്ചു ദുഷിച്ചുപോയിരിക്കയാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (صلّى الله عليه وسلّم) പ്രസ്താവിച്ചതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘ഖിയാമത്തുനാളില്‍ ജനങ്ങള്‍ മൂന്നു തരക്കാരായി ഒരുമിച്ചു കൂട്ടപ്പെടും: ഒരു തരക്കാര്‍ കാല്‍നടക്കാരായി, മറ്റൊരു തരക്കാര്‍ വാഹനപ്പുറത്തായി, വേറൊരു തരക്കാര്‍ മുഖംകുത്തിയവരായി.’ അപ്പോള്‍ ചോദിക്കപ്പെട്ടു: ‘റസൂലേ, എങ്ങിനെയാണ് മുഖങ്ങളില്‍ നടക്കുക?’ തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘അവരെ അവരുടെ കാലുകളില്‍ നടത്തിയവന്നു് നിശ്ചയമായും അവരുടെ മുഖങ്ങളില്‍ നടത്തുവാനും കഴിവുള്ളവനാണ്. എന്നാല്‍, (അറിഞ്ഞേക്കുക – അങ്ങിനെ മുഖംകുത്തി നടക്കുമ്പോള്‍) എല്ലാ കല്ലുംമുള്ളും അവര്‍ തങ്ങളുടെ മുഖംകൊണ്ടുതന്നെ സൂക്ഷിക്കുന്നതാണ്.’ (തിര്‍മദീ). ഇമാം ബുഖാരിയും മുസ്‌ലിമും (رحمة الله عليهما) അനസ് (رضي الله عنه) വഴി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘എങ്ങിനെയാണ് അവിശ്വാസിയെ അവന്റെ മുഖത്തിന്‍മേലായി ഒരുമിച്ചു കൂട്ടുക?’ എന്നു നബി (صلّى الله عليه وسلّم) യോട് ചോദിക്കപ്പെട്ടു. നബി (صلّى الله عليه وسلّم) ഇങ്ങിനെ ഉത്തരം പറഞ്ഞു:

أليس الذى أمشاه على الرجلين فى الدنيا قادرا على أن يمشيه على وجهه يوم القيامة – متفق عليه

(ഇഹലോകത്തില്‍ അവനെ രണ്ടുകാലില്‍ നടത്തിയിട്ടുള്ളവന്‍, ഖിയാമത്തുനാളില്‍ അവനെ അവന്റെ മുഖത്തിന്‍മേല്‍ നടത്തുവാന്‍ കഴിവുള്ളവനല്ലയോ?!).

‘ഇഹലോകത്തില്‍ കാലിന്‍മേല്‍ നടത്തി’ എന്നും, ‘ഖിയാമത്തുനാളില്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍’ എന്നും ഈ ഹദീസില്‍ നബി (صلّى الله عليه وسلّم) പ്രയോഗിച്ചതില്‍ ഒരു തത്വം ഒളിഞ്ഞുകിടപ്പുണ്ടെന്നു മനസ്സിലാക്കാം: ഈ ലോകത്തെ പ്രകൃതിചട്ടങ്ങളും, പരലോകത്തെ പ്രകൃതിചട്ടങ്ങളും ഒരേ മാനദണ്ഡംകൊണ്ട് അളന്നുകൂടാത്തതാണ്, ഭൗതിക നടപടിക്രമങ്ങളില്‍നിന്നും വളരെ വ്യത്യസ്തമായ നടപടികളും അവിടെ നടക്കുവാനിരിക്കുന്നുണ്ട് എന്നത്രെ അത്. ഇങ്ങിനെയുള്ള ഒരു സൂചനയുടെ ഉദ്ദേശമില്ലെങ്കില്‍ – അല്ലാഹുവിന്റെ കഴിവിനെ മാത്രം സൂചിപ്പിച്ചുകൊണ്ട് – ‘കാലുകളിന്‍മേല്‍ നടത്തിയവന്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍ കഴിയുന്നവനല്ലയോ’ എന്നുമാത്രം പറയാമായിരുന്നുവല്ലോ. ചുരുക്കത്തില്‍, അല്ലാഹുവിന്റെ കഴിവും, പരലോകത്തിലെ നടപടിക്രമങ്ങളും നോക്കുമ്പോള്‍ മുഖംകൊണ്ട് നടക്കുകയെന്നത് കേവലം അസംഭവ്യമൊന്നുമല്ല എന്നു താല്‍പര്യം. അടുത്ത വചനങ്ങളില്‍, ചില പ്രവാചകന്‍മാരുടെയും അവരെ നിഷേധിച്ച ജനങ്ങളുടെയും കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.

നാലം ഘട്ടം – ക്യാമ്പയിൻ 1 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 01 മുതൽ 20 വരെ

സൂറത്തുല്‍ ഫുര്‍ഖാന്‍ : 01-20

ഫുർഖാൻ (സത്യാസത്യ വിവേചനം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 77 – വിഭാഗം (റുകുഅ്) 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

25:1

  • تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا ﴾١﴿
  • ലോകര്‍ക്ക് താക്കീതു നല്‍കുന്നവനായിരിക്കുവാന്‍ വേണ്ടി തന്‍റെ അടിയാന്‍റെ മേല്‍ ‘ഫുര്‍ഖാന്‍’ (വിവേചന പ്രമാണം) അവതരിപ്പിച്ചിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു.
  • تَبَارَكَ വളരെ നന്‍മ (മഹത്വം, മേന്‍മ, അനുഗ്രഹം) ഉള്ളവനായി الَّذِي نَزَّلَ അവതരിപ്പിച്ചിട്ടുള്ളവന്‍ الْفُرْقَانَ വിവേചനപ്രമാണം عَلَىٰ عَبْدِهِ തന്‍റെ അടിയാന്‍റെമേല്‍ لِيَكُونَ അദ്ദേഹം ആകുവാന്‍വേണ്ടി لِلْعَالَمِينَ ലോകര്‍ക്കു نَذِيرًا താക്കീതു ചെയ്യുന്നവന്‍, മുന്നറിയിപ്പുകാരന്‍, ഭയവാര്‍ത്ത അറിയിക്കുന്നവന്‍

25:2

  • ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا ﴾٢﴿
  • ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവനത്രെ (അവന്‍). അവന്‍ സന്താനം സ്വീകരിച്ചിട്ടുമില്ല; ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയും ഉണ്ടായിട്ടുമില്ല; എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ഒരു (ശരിയായ) നിര്‍ണ്ണയം നല്‍കുകയും ചെയ്തിരിക്കുന്നു.
  • الَّذِي യാതൊരുവന്‍ لَهُ അവന്നാണു, അവന്‍റേതാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ ആധിപത്യം, രാജത്വം وَالْأَرْضِ ഭൂമിയുടെയും وَلَمْ يَتَّخِذْ അവന്‍ സ്വീകരിച്ചിട്ടുമില്ല, ഏര്‍പ്പെടുത്തിയിട്ടുമില്ല وَلَدًا മക്കളെ, സന്താനത്തെ وَلَمْ يَكُن ഉണ്ടായിട്ടുമില്ല, ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കുകാരനും فِي الْمُلْكِ ആധിപത്യത്തില്‍ وَخَلَقَ അവന്‍ സൃഷ്ടിക്കയും ചെയ്തു كُلَّ شَيْءٍ എല്ലാ വസ്തുവെയും فَقَدَّرَهُ എന്നിട്ടു അതിനു നിര്‍ണ്ണയം നല്‍കി, അതിനെ നിര്‍ണ്ണയിച്ചു, കണക്കാക്കി تَقْدِيرًا ഒരു (ശരിയായ) നിര്‍ണ്ണയം

കഴിഞ്ഞ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ നിരുപാധികമായി പിന്‍പറ്റുന്നത് സത്യവിശ്വാസികളുടെ നിര്‍ബ്ബന്ധകടമയാണെന്നും, അവിടുത്തെ കല്‍പനക്ക്‌ വിപരീതം പ്രവര്‍ത്തിക്കുന്നത് വലിയ ആപത്തുകള്‍ക്കും ശിക്ഷക്കും കാരണമാണെന്നും പ്രസ്താവിച്ചു. നബി(صلى الله عليه وسلم) യെ അനുസരിക്കുന്നവരെ പ്രശംസിക്കുകയും, അനുസരിക്കാത്തവരെ കഠിനമായി താക്കീതുചെയ്യുകയും ചെയ്തു. അതിന് നിദാനമായ കാരണമെന്നോണം ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ ലോകര്‍ക്കാകമാനം മുന്നറിയിപ്പും താക്കീതും നല്‍കുവാന്‍വേണ്ടിയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് വിശുദ്ധഖുര്‍ആനാകുന്ന ‘വിവേചന പ്രമാണം’ (الْفُرْقَان) അവതരിപ്പിച്ചിട്ടുള്ളതെന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയാണ്. അല്ലാഹു ലോകര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അതിമഹത്തായ ഒന്നത്രെ അത്. ഇതിന്‍റെ പേരില്‍ അല്ലാഹു അവനെത്തന്നെ സ്തുതിച്ചുകൊണ്ടാണ് സൂറത്തിന്‍റെ തുടക്കം.

تَبَارَكَ (‘തബാറക’) എന്ന വാക്ക് വളരെ അര്‍ത്ഥവൈപുല്യം നിറഞ്ഞ ഒരു ക്രിയയാണ്. വളരെ നന്‍മയും, മേന്മയും, മഹത്വവും, അനുഗ്രഹവും സമ്മേളിച്ചുവെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അതിന്‍റെ അര്‍ത്ഥം ശരിക്ക് പ്രകാശിപ്പിക്കുന്ന ഒരു ക്രിയാപദം മലയാളത്തില്‍ കാണുന്നില്ല. الْفُرْقَان (‘ഫുര്‍ഖാന്‍’) എന്നാല്‍ ‘വിവേചനം’ എന്നും ‘വിവേചനം ചെയ്യുന്നത്’ എന്നും അര്‍ത്ഥമാകുന്നു. വിശുദ്ധ ഖുര്‍ആന്‍ സത്യാസത്യങ്ങള്‍ക്കും, നന്മതിന്മകള്‍ക്കുമിടയില്‍ വിവേചനം ചെയ്യുന്ന പ്രമാണമാകകൊണ്ട് അതിന് ‘ഫുര്‍ഖാന്‍’ എന്നും പേരു പറയപ്പെടുന്നു.

ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ളതുപോലെ, ദൈവദൂതന്‍മാര്‍ (മുര്‍സലുകള്‍) താക്കീതു നല്‍കുന്നവര്‍ (نَذِير) മാത്രമായിട്ടല്ല – സുവിശേഷം അറിയിക്കുന്നവരും (بَشِير) കൂടിയായിട്ടാണ് – നിയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, താക്കീതു നല്‍കുകയെന്ന കൃത്യമാണ് താരതമ്യേന കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. (സൂറത്തുല്‍ കഹ്ഫിന്‍റെ ആരംഭത്തില്‍ നാം ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്). ഖുര്‍ആന്‍, പ്രവാചകന്മാര്‍, അന്ത്യദിനം എന്നിവയെ നിഷേധിക്കുകയും, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നു് വാദിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചാണ് ഈ സൂറത്തില്‍ കൂടുതല്‍ പ്രതിപാദിക്കുന്നത്. ആ നിലക്ക് താക്കീതും, ഭയവാര്‍ത്തയും നല്‍കുന്നതിന് ഇവിടെ കൂടുതല്‍ പ്രസക്തിയുള്ളതുകൊണ്ടാണ് ‘ലോകര്‍ക്കു താക്കീതു നല്‍കുന്നവനായിരിക്കുവാന്‍വേണ്ടി’ എന്നു പ്രസ്താവിച്ചത്.

അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്‍റെ സൃഷ്ടിയാകുന്നു. അവന്‍ എല്ലാറ്റിന്‍റെയും സൃഷ്ടാവും, നിയന്താവും, ഉടമസ്ഥനുമത്രെ. അവന്‍റെ യുക്തിക്കും, ഉദ്ദേശത്തിനും അനുസരിച്ച് ഓരോന്നിന്‍റെയും ആകൃതി, പ്രകൃതി, കഴിവ്, പ്രവര്‍ത്തനപരിപാടി തുടങ്ങിയ എല്ലാകാര്യങ്ങളും അവന്‍ നിര്‍ണ്ണയം ചെയ്യുകയും ചെയ്തിരിക്കയാണ്. (*). അതിലൊന്നും ആര്‍ക്കും പങ്കില്ല. എന്നിരിക്കെ, സൃഷ്ടികളില്‍പെട്ട ഏതെങ്കിലും ഒരു വസ്തുവെ – അത് മനുഷ്യനോ, ജിന്നോ, മലക്കോ മറ്റോ ആകട്ടെ – അവന്‍റെ സന്താനമെന്നോ, കൂട്ടാളിയെന്നോ കരുതുന്നതില്‍പരം നിരര്‍ത്ഥവും, നിന്ദ്യവുമായിട്ടുള്ളതെന്താണ്?! അല്‍പമെങ്കിലും ചിന്തിക്കുന്ന ഒരു ഹൃദയത്തിന് അതൊരിക്കലും ന്യായീകരിക്കുക സാധ്യമല്ല. പക്ഷേ, സ്പഷ്ടമായ ഈ പരമാര്‍ത്ഥത്തില്‍ നിന്നും അവിശ്വാസികള്‍ വ്യതിചലിക്കുകയാണ് ചെയ്തിരിക്കുന്നത്:-


(*). ഈ ആശയം സൂ: ത്വാഹാ 50-ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളതു ഇവിടെ അനുസ്മരിക്കുന്നത്‌ നന്നായിരിക്കും.

25:3

  • وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا ﴾٣﴿
  • അവനു പുറമെ പല ആരാധ്യന്മാരെയും അവര്‍ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ (ആ ആരാധ്യന്മാര്‍) യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയുമാകുന്നു. തങ്ങള്‍ക്കുതന്നെയും, വല്ല ഉപദ്രവമാകട്ടെ, അവര്‍ സ്വാധീനമാക്കുന്നുമില്ല; അവര്‍ മരണത്തെയാകട്ടെ, ജീവിതത്തെയാകട്ടെ, പുനരുത്ഥാനത്തെയാകട്ടെ, അധീനപ്പെടുത്തുന്നുമില്ല.
  • وَاتَّخَذُوا അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു مِن دُونِهِ അവനു പുറമെ آلِهَةً (പല) ദൈവങ്ങളെ, ആരാധ്യന്‍മാരെ لَّا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല شَيْئًا യാതൊന്നും, ഒരു വസ്തുവും وَهُمْ അവരാകാട്ടെ, അവരോ يُخْلَقُونَ സൃഷ്ടിക്കപ്പെടുന്നു وَلَا يَمْلِكُونَ അവര്‍ അധീനപ്പെടുത്തുന്നുമില്ല لِأَنفُسِهِمْ തങ്ങള്‍ക്കുതന്നെ ضَرًّا ഉപദ്രവം, ദ്രോഹം وَلَا نَفْعًا ഉപകാരവും ഇല്ല وَلَا يَمْلِكُونَ അവര്‍ അധീനമാക്കുന്നുമില്ല مَوْتًا മരണത്തെ وَلَا حَيَاةً ജീവിതത്തെയും ഇല്ല وَلَا نُشُورًا പുനരുത്ഥാനത്തെയും ഇല്ല

അല്ലാഹു അല്ലാത്തവരെ ദൈവമാക്കുന്നതിന്‍റെ നിരര്‍ത്ഥതക്ക് നാല് കാരണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ നാലില്‍പെട്ട ഏതെങ്കിലും ഒന്നില്‍നിന്നു് ആ ദൈവങ്ങള്‍ ഒഴിവായിരുന്നുവെങ്കില്‍, ആ അപവാദത്തെ ഒരു വിധത്തിലെങ്കിലും ന്യായീകരിച്ച് നോക്കാമായിരുന്നു. 1). അവയൊന്നുപോലും, വല്ലതിനെയും സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിവുള്ളവയല്ല. ആരാധ്യവസ്തുക്കള്‍ സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിവുള്ളവരായിരിക്കേണ്ടതാണ്. 2). അവയാണെങ്കില്‍, സൃഷ്ടികളാണ്. സൃഷ്ടികളെല്ലാം അന്യാശ്രയം കൂടാതെ കഴിയാത്തവരുമത്രെ. ആരാധ്യന്‍മാര്‍ക്ക് അന്യാശ്രയം ഒട്ടും അനുയോജ്യവുമല്ല. 3). മറ്റുള്ളവരുടെ കാര്യം ഇരിക്കട്ടെ, സ്വന്തം കാര്യത്തിലെങ്കിലും പരസഹായം കൂടാതെ ഒരു ഉപകാരപ്രദമായ സംഗതി ചെയ്യാന്‍ സാധ്യമാണോ? അതുമില്ല. എന്നാല്‍ പിന്നെ, സ്വന്തം നിലക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ കഴിയുമോ? അതും ഇല്ല. അല്ലാഹുവിന്‍റെ ഉദ്ദേശവും സഹായവും കൂടാതെ അവക്കു് ഒന്നിന്നും കഴിവില്ല. ഇങ്ങിനെയുള്ള വസ്തുക്കളെ ദൈവമാക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! 4). ജീവനുള്ളതിന്‍റെ മരണവിഷയമോ, ജീവനില്ലാത്തതിന്‍റെ ജീവിതകാര്യമോ ഒന്നുംതന്നെ അവയുടെ അധീനത്തില്‍ പെട്ടതല്ല. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുവാനും അവക്കു് സാധിക്കുകയില്ല. ഇതെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലും നിയന്ത്രണത്തിലും മാത്രം ഉള്‍പ്പെട്ടതാകുന്നു. എന്നിരിക്കെ, അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാന്‍ പാടുള്ളു. അതിനു മാത്രമേ ന്യായവുമുള്ളു.

25:4

  • وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًا وَزُورًا ﴾٤﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: ‘ഇത് ഒരു നുണയല്ലാതെ (മറ്റൊന്നും) അല്ല; അവന്‍ (നബി) അതു കെട്ടിയുണ്ടാക്കിയിരിക്കുകയാണ്; മറ്റു ചില ജനങ്ങള്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, (ഇതുമൂലം) അവര്‍ അക്രമവും, വ്യാജവുമായി വന്നിരിക്കുകയാണ്.
  • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا إِفْكٌ നുണയല്ലാതെ, കളവല്ലാതെ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കിയിരിക്കുന്നു وَأَعَانَهُ അവനെ സഹായിക്കയും ചെയ്തിരിക്കുന്നു عَلَيْهِ അതിന്നു, അതില്‍ قَوْمٌ آخَرُونَ വേറെ ഒരു ജനത, വേറെ ആളുകള്‍ فَقَدْ جَاءُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ വന്നിരിക്കുന്നു ظُلْمًا അക്രമവുമായി, അക്രമംകൊണ്ടു وَزُورًا വ്യാജവുമായും, കള്ളവും കൊണ്ടും

25:5

  • وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا ﴾٥﴿
  • അവര്‍ പറയുന്നു: ”പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണ് (അത്); അവന്‍ അതെഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ, രാവിലെയും, വൈകുന്നേരവും അതവന് വായിച്ച് കേള്‍പ്പിക്കപ്പെടുന്നു’ (എന്ന്).
  • وَقَالُوا അവര്‍ പറയുന്നു أَسَاطِيرُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണു, പഴങ്കഥകളാണു اكْتَتَبَهَا അവനതു എഴുതിച്ചെടുത്തിരിക്കുന്നു فَهِيَ എന്നിട്ടതു تُمْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നു, വായിച്ചുകൊടുക്കപ്പെടുന്നു عَلَيْهِ അവനു بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും

25:6

  • قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًا رَّحِيمًا ﴾٦﴿
  • പറയുക (നബിയേ): ‘ആകാശങ്ങളിലും, ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്.’ നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • قُلْ പറയുക أَنزَلَهُ അതിനെ അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിയിരിക്കയാണ് الَّذِي يَعْلَمُ അറിയുന്നവന്‍ السِّرَّ രഹസ്യത്തെ فِي السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു, ആയിരിക്കുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധിയും

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന മുശ്രിക്കുകളുടെ ചില ജല്‍പനങ്ങളും അതിന്‍റെ മറുപടിയുമാണിത്. ഇവരുടെ ആക്ഷേപം രണ്ടു തരത്തിലാണുള്ളത്: ഖുര്‍ആനെക്കുറിച്ചും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചും, ഖുര്‍ആനെ സംബന്ധിച്ച ചില വാദങ്ങളാണ് ഈ വചനങ്ങളില്‍ കണ്ടത്.

നള്വറുബ്നു ഹര്‍ഥ് (نضر بن الحرث) ആയിരുന്നു ഈ വാദം പുറപ്പെടുവിച്ച ആള്‍. ഹുവൈത്ത്വബു്, യസാര്‍, അബൂഫുകൈഹത്ത്, (حُوَيْطِب بن عبد العزى, يسار – مولى العلاء بن الحضرمي , أبو فكيهة الرومي) എന്നിങ്ങിനെ വേദക്കാരായ ചിലര്‍ തൗറാത്തു വായിക്കലും, അതിലെ കഥകള്‍ വിവരിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അവരുമായുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നള്വ്-ര്‍ ഈ വാദം ഉന്നയിച്ചത്. ‘മുഹമ്മദ്‌ ഓതികേള്‍പ്പിക്കുന്ന ഈ ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതാണെന്ന് അവര്‍ വ്യഥാ വ്യാജം പറയുകയാണ്‌; മേല്‍പറഞ്ഞവരെപോലെയുള്ള ചില ആളുകളുടെ സഹായത്തോടുകൂടി, ഒരു പ്രത്യേക ശൈലിയിലും രൂപത്തിലുമായി അവനത്‌ കെട്ടിയുണ്ടാക്കിയതാണ്, യഹൂദന്മാരില്‍നിന്നും മറ്റുമായി പല കഥകളും, ഇതിഹാസങ്ങളും കൂട്ടിയിണക്കി എഴുതിച്ചു വാങ്ങി അവന്‍ പഠിച്ചതാണ്; എഴുത്തും വായനയും അറിയാത്തവനാകകൊണ്ട് അത് അവന് സദാ വായിച്ചു കേള്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.’ എന്നാണ് ഈ വാദത്തിന്‍റെ സാരം.

ഖുര്‍ആനോട് ഏതെങ്കിലും നിലക്ക് കിടയൊക്കുന്ന ഒരു ഗ്രന്ഥം രചിക്കുവാന്‍ യഹൂദര്‍ക്കോ, നള്വ്-റിനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞിട്ടില്ല – കഴിയുകയുമില്ല. എന്നിരിക്കെ, ഈ ജല്‍പനം എത്രമാത്രം അനീതിയും പൊള്ളയുമാണ്‌?! അനിതരസാധാരണമായ സവിശേഷതകളും, മഹല്‍ഗുണങ്ങളും നിറഞ്ഞ ഈ വിവേചനപ്രമാണഗ്രന്ഥം (വിശുദ്ധ ഖുര്‍ആന്‍) അവതരിപ്പിച്ചത് ആകാശഭൂമികളിലെ പരസ്യങ്ങള്‍ മാത്രമല്ല, എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹുവത്രെ. അതില്‍ മറ്റാരുടെ കൈകടത്തലോ, പങ്കെടുക്കലോ ഉണ്ടായിട്ടില്ല എന്നുള്ളത് അവന്നറിയാം. തികച്ചും സ്പഷ്ടമായ ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നതിന്‍റെ ഗൗരവം നോക്കുമ്പോള്‍, അതിനുള്ള ശിക്ഷ വളരെ അടിയന്തരമായിത്തന്നെ നല്‍കപ്പെടേണ്ടതാണ്. എങ്കിലും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണല്ലോ. إِنَّهُ كَانَ غَفُورًا رَّحِيمًا അടുത്ത വചനങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയ സംബന്ധിച്ച അവരുടെ ചില അപവാദങ്ങള്‍ ഉദ്ധരിക്കുന്നു:-

25:7

  • وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا ﴾٧﴿
  • അവര്‍ പറയുന്നു: ‘എന്താണ് ഈ റസൂലിന്? അദ്ദേഹം ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍കൂടി നടക്കുകയും ചെയ്യുന്നു! (ഇങ്ങിനെയാണോ റസൂലുകള്‍?!) ‘അദ്ദേഹത്തിങ്കലേക്ക് ഒരു ‘മലക്ക്’ ഇറക്കിക്കൊടുക്കപ്പെടുകയും, എന്നിട്ട് (ആ മലക്ക്) തന്‍റെ ഒന്നിച്ച് ഒരു താക്കീതുകാരനായിരിക്കുകയും ചെയ്യരുതോ?!’
  • وَقَالُوا അവര്‍ പറയുന്നു مَا എന്താണ് (അത്ഭുതം തന്നെ) لِهَـٰذَا الرَّسُولِ ഈ റസൂലിന്, ദൈവദൂതന് يَأْكُلُ അദ്ദേഹം തിന്നുന്നു, കഴിക്കുന്നു الطَّعَامَ ഭക്ഷണം وَيَمْشِي നടക്കുകയും (സഞ്ചരിക്കയും) ചെയ്യുന്നു فِي الْأَسْوَاقِ അങ്ങാടികളില്‍ لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ إِلَيْهِ അദ്ദേഹത്തിങ്കലേക്കു مَلَكٌ ഒരു മലക്ക് فَيَكُونَ എന്നിട്ടു അദ്ദേഹം ആയിരിക്കുക مَعَهُ അദ്ദേഹമൊന്നിച്ച്, തന്‍റെ കൂടെ نَذِيرًا ഒരു താക്കീതുകാരന്‍

25:8

  • أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾٨﴿
  • ‘അതല്ലെങ്കില്‍, അദ്ദേഹത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടുക്കപ്പെടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടായിരിക്കുകയോ ചെയ്യരുതോ?!’ (ഈ) അക്രമികള്‍ പറയുകയാണ്‌: ‘ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല’ എന്ന്!
  • أَوْ يُلْقَىٰ അല്ലെങ്കില്‍ ഇട്ടുകൊടുക്കപ്പെടുക (അരുതോ) إِلَيْهِ അദ്ദേഹത്തിനു, അദ്ദേഹത്തിങ്കലേക്കു كَنزٌ വല്ല നിക്ഷേപവും, ഒരു നിധി أَوْ تَكُونُ അല്ലെങ്കില്‍ ഉണ്ടാകുക (അരുതോ) لَهُ അദ്ദേഹത്തിനു, തനിക്കു جَنَّةٌ ഒരു തോപ്പ്, തോട്ടം يَأْكُلُ അദ്ദേഹത്തിനു തിന്നാവുന്ന, കഴിക്കുമാറ് مِنْهَا അതില്‍നിന്ന് وَقَالَ പറയുകയും ചെയ്തു, പറയുന്നു الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല, തുടരുന്നില്ല إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ, (ഒരാളെയല്ലാതെ) مَّسْحُورًا ആഭിചാര ബാധിതനായ, മാരണം ചെയ്യപ്പെട്ടവനായ

25:9

  • ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا ﴾٩﴿
  • നോക്കുക: (നബിയേ) അവര്‍ നിന്നെക്കുറിച്ച് ഉപമകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്?! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയി; ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗവും (കണ്ടെത്തുവാന്‍) സാധ്യമാകുകയില്ല.
  • انظُرْ നോക്കുക كَيْفَ എങ്ങിനെയാണ് ضَرَبُوا അവര്‍ വിവരിച്ചു, ആക്കി لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ فَضَلُّوا അങ്ങനെ അവര്‍ വഴിപിഴച്ചിരിക്കുന്നു فَلَا يَسْتَطِيعُونَ ആകയാല്‍ (എനി) അവര്‍ക്കു സാധ്യമാകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, വഴിയും

സാധാരണമനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുക, അങ്ങാടിയില്‍കൂടി നടക്കുക മുതലായവ റസൂലുകള്‍ക്ക് (ദൈവദൂതന്‍മാര്‍ക്ക്) യോജിച്ചതല്ലെന്നും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെയുള്ള ആളായതുകൊണ്ട് അവിടുന്ന് റസൂലായിരിക്കുവാന്‍ അര്‍ഹനല്ലെന്നുമാണ് അവര്‍ പറയുന്നത്. റസൂലായിരിക്കണമെങ്കില്‍, മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഈ ധാരണ കേവലം അബദ്ധമാണെന്ന് 20-ാം വചനത്തില്‍ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. അവരുടെ ബുദ്ധിഹീനതയും ആലോചനക്കുറവുമാണിതു കുറിക്കുന്നത്. സാധാരണക്കാരും പ്രവാചകന്‍മാരും തമ്മിലുള്ള വ്യത്യാസം മനുഷ്യസാധാരണമായ ബാഹ്യപ്രകൃതിഗുണങ്ങളിലല്ല – ആത്മീകവും മാനസികവുമായ ഗുണവിശേഷങ്ങളിലാണ് – എന്ന വസ്തുത ഇവര്‍ മനസ്സിലാക്കുന്നില്ല. മുസ്ലിംകളില്‍തന്നെ അല്‍പജ്ഞാനികളായ പലര്‍ക്കും ഈ വിഷയത്തില്‍ അബദ്ധധാരണകള്‍ പിണയാറുണ്ട്. ഇതിനെപ്പറ്റി സൂ: അല്‍കഹ്ഫിന്‍റെ അവസാനത്തില്‍വെച്ച് നാം വിവരിച്ചിട്ടുണ്ട്.

‘മുഹമ്മദിന്ന് ഒരു സഹായകനും, സാക്ഷിയുമെന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്‍റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അവന് സുഖമായി കഴിഞ്ഞുകൂടത്തക്കവണ്ണം ഒരു തോട്ടം ഉണ്ടാവരുതോ, അതുമല്ലെങ്കില്‍ അവന് അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!’ എന്നിങ്ങിനെയുള്ള ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പിക്കുകയാണ്: ‘മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് – മാരണം ബാധിച്ച് – ബുദ്ധി ഭ്രമിച്ചു പോയിരിക്കുന്നു, അതു നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്, അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല’ എന്നൊക്കെ. ഇത്യാദി വിഡ്ഢിത്തങ്ങളും, നിരര്‍ത്ഥങ്ങളായ ആരോപണങ്ങളുംകേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാശ്വസിപ്പിക്കുകയാണ് 9-ാം വചനം ചെയ്യുന്നത്.

വിഭാഗം – 2

25:10

  • تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًا مِّن ذَٰلِكَ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا ﴾١٠﴿
  • യാതൊരുവന്‍ നന്‍മയേറിയവനാകുന്നു, – അവന്‍ ഉദ്ദേശിക്കുന്ന പക്ഷം (അവര്‍ പറയുന്ന) അതിനെക്കാള്‍ ഉത്തമമായത് – താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന തോപ്പുകള്‍ – നിനക്കു ഉണ്ടാക്കിത്തരുകയും, നിനക്കു മണിമാളികകള്‍ ഉണ്ടാക്കിത്തരുകയും ചെയ്യുന്നതാണ് (അങ്ങിനെയുള്ളവന്‍).
  • تَبَارَكَ നന്മയേറിയവനായി, മഹത്വമേറിയവനായിരിക്കുന്നു الَّذِي യാതൊരുവന്‍ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍, വേണമെന്നുവെച്ചാല്‍ جَعَلَ ആക്കിത്തരും, ഉണ്ടാക്കുന്നതാണ് لَكَ നിനക്കു خَيْرًا ഉത്തമമായതു, നല്ലതു مِّن ذَٰلِكَ അതിനെക്കാള്‍ جَنَّاتٍ (അതായതു) തോപ്പുകള്‍, തോട്ടങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ وَيَجْعَل لَّكَ അവന്‍ നിനക്ക് ഉണ്ടാക്കിത്തരുകയും ചെയ്യും قُصُورًا മണിമാളികകള്‍

അവിശ്വാസികള്‍ ഉന്നയിച്ചതും, വേണമെങ്കില്‍ അതിനെക്കാള്‍ എത്രയോ മടങ്ങ്‌ ഉത്തമമായതും നല്‍കുവാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. പക്ഷേ, ഇഹലോകത്തുവെച്ച് കുറെ ജീവിതസൗകര്യങ്ങളും, സുഖാഡംബര സാമഗ്രികളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഏര്‍പ്പെടുത്തിക്കൊടുക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ)ക്ക് നല്‍കുന്ന പ്രതിഫലം പരലോകത്തു വെച്ചായിരിക്കുവാനാണ് അവന്‍ നിശ്ചയിച്ചിട്ടുള്ളത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, വിശുദ്ധ ഖുര്‍ആനെയും മാത്രമല്ല മുശ്രിക്കുകള്‍ നിഷേധിക്കുന്നത്. പുനര്‍ജീവിതത്തിലും, അന്ത്യനാളില്‍ രക്ഷാശിക്ഷകള്‍ നല്‍കുന്നതിലും അവര്‍ വിശ്വസിക്കുന്നില്ല. ഇതാണവരുടെ നിഷേധത്തിന്‍റെ പശ്ചാത്തലം. അല്ലാഹു പറയുന്നു:-

25:11

  • بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا ﴾١١﴿
  • എന്നാല്‍, (അത്രയുമല്ല) അവര്‍ അന്ത്യസമയത്തെ വ്യാജമാക്കിയിരിക്കുകയാണ്. അന്ത്യസമയത്തെ വ്യാജമാക്കിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • بَلْ എന്നാല്‍, എങ്കിലും, പക്ഷെ, അത്രയുമല്ല كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالسَّاعَةِ അന്ത്യസമയത്തെ, അന്ത്യഘട്ടത്തെ وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لِمَن كَذَّبَ വ്യാജമാക്കിയവര്‍ക്കു بِالسَّاعَةِ അന്ത്യസമയത്തെ سَعِيرًا കത്തിജ്വലിക്കുന്ന (നരകത്തെ), ജ്വലിക്കുന്ന അഗ്നി

25:12

  • إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا ﴾١٢﴿
  • ദൂരസ്ഥലത്തുനിന്നു അതവരെ കാണുമ്പോള്‍, അതിന് ഒരു (തരം) കോപം വമിക്കലും, ഇരമ്പലും അവര്‍ക്കു കേള്‍ക്കാവുന്നതാണ്.
  • إِذَا رَأَتْهُم അതവരെ കണ്ടാല്‍ مِّن مَّكَانٍ ഒരു സ്ഥലത്തു നിന്ന് بَعِيدٍ ദൂരമായ سَمِعُوا അവര്‍ കേള്‍ക്കുന്നതാണ് لَهَا അതിനു تَغَيُّظًا കോപം വമിക്കല്‍, ക്രോധഭാവം وَزَفِيرًا ഇരമ്പലും, ദീര്‍ഘശ്വാസവും, മുഴക്കവും

25:13

  • وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا ﴾١٣﴿
  • അതില്‍നിന്നും ഒരു ഇടുങ്ങിയ സ്ഥലത്ത് (ചങ്ങലകളില്‍) ബന്ധിക്കപ്പെട്ടവരായ നിലയില്‍ അവരെ ഇടുമ്പോള്‍, അവിടെ വെച്ച് അവര്‍ നാശം വിളിച്ചു പറയുന്നതാണ്.
  • وَإِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ مِنْهَا അതില്‍നിന്ന് مَكَانًا ഒരു സ്ഥലത്ത് ضَيِّقًا ഇടുങ്ങിയ, കുടുസ്സായ مُّقَرَّنِينَ ബന്ധിക്കപ്പെട്ടവരായി, കൂട്ടികെട്ടപ്പെട്ടവരായി دَعَوْا അവര്‍ വിളിക്കുന്നതാണ്, വിളിച്ചു പറയും هُنَالِكَ അവിടെവെച്ച് ثُبُورًا നാശത്തെ

25:14

  • لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًا وَٰحِدًا وَٱدْعُوا۟ ثُبُورًا كَثِيرًا ﴾١٤﴿
  • ‘ഇന്ന് നിങ്ങള്‍ ഒരു നാശത്തെ (മാത്രം) വിളിക്കേണ്ടതില്ല, അനേകം നാശത്തെ വിളിച്ചുകൊള്ളുക’. (ഇതായിരിക്കും അവര്‍ക്കു് മറുപടി.).
  • لَّا تَدْعُوا നിങ്ങള്‍ വിളിക്കേണ്ട, (വിളിക്കേണ്ടതില്ല) الْيَوْمَ ഇന്ന് ثُبُورًا وَاحِدًا ഒരുനാശത്തെ وَادْعُوا നിങ്ങള്‍ വിളിച്ചുകൊള്ളുവിന്‍ ثُبُورًا كَثِيرًا അനേകം (വളരെ) നാശത്തെ

വളരെ അകലത്ത്‌ പ്രത്യക്ഷപ്പെടുമ്പോഴേക്കും കേള്‍ക്കത്തക്കവണ്ണം അതികഠിനതരമായിരിക്കും, നരകത്തിലെ അഗ്നിജ്വാലയുടെ വമിപ്പും, അതിന്‍റെ ഊക്കേറിയ ഇരമ്പലും. അതില്‍ അവരെ പ്രവേശിപ്പിക്കപ്പെടുന്നത് ചങ്ങലകളിലും, ആമങ്ങളിലും ബന്ധിക്കപ്പെട്ടു കൊണ്ടുമായിരിക്കും. അതും കുടുസ്സായ ചില സ്ഥലങ്ങളില്‍! ഈ അവസരത്തില്‍ സഹിക്കവയ്യാത്ത ദീനരോദനങ്ങളോടുകൂടി അവര്‍ ‘നാശമേ!’, ‘കഷ്ടമേ!’ എന്നിങ്ങിനെ നിലവിളിച്ചു കൊണ്ടിരിക്കും. പക്ഷേ, ഈ വിളികേട്ട് സഹതപിക്കുവാനോ, ആശ്വാസം നല്‍കുവാനോ ആരും ഉണ്ടായിരിക്കയില്ല. ‘നിങ്ങള്‍ ഒരു നാശത്തെമാത്രം വിളിക്കേണ്ടതില്ല, അനേകനാശങ്ങളെത്തന്നെ വിളിച്ചേക്കുക; അഥവാ, നിങ്ങള്‍ ഇവിടെ അനുഭവിക്കേണ്ടുന്ന കഷ്ടപ്പാടുകള്‍ വളരെ അധികമാണ്.’ എന്നിങ്ങിനെയുള്ള മറുപടിയായിരിക്കും അവര്‍ക്ക് ലഭിക്കുക! معاذ الله

25:15

  • قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا ﴾١٥﴿
  • (നബിയേ) പറയുക: ‘അതാണോ ഉത്തമം, അഥവാ ഭയഭക്തര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗ്ഗമോ?’ അത് (സ്വര്‍ഗ്ഗം) അവര്‍ക്ക് പ്രതിഫലവും മടങ്ങിച്ചെല്ലുന്ന ഭവനവും ആയിരിക്കുന്നതാണ്.
  • قُلْ പറയുക, ചോദിക്കുക أَذَٰلِكَ അതാണോ خَيْرٌ ഉത്തമം, നല്ലതു, ഗുണകരം أَمْ അഥവാ, അതല്ല, അതോ جَنَّةُ الْخُلْدِ ശാശ്വതസ്വര്‍ഗ്ഗം, സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗം (ആണോ) الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ ഭയഭക്തര്‍ക്ക്‌, സൂക്ഷ്മതയുള്ളവരോട് كَانَتْ അതാകുന്നു, ആയിരിക്കുന്നു لَهُمْ അവര്‍ക്കു جَزَاءً പ്രതിഫലം وَمَصِيرًا മടങ്ങുന്ന സ്ഥലവും, പ്രാപ്യസ്ഥാനവും

25:16

  • لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْـُٔولًا ﴾١٦﴿
  • നിത്യവാസികളായിരിക്കുന്ന നിലയില്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതൊന്നും അവര്‍ക്കതില്‍ ഉണ്ടായിരിക്കുന്നതാണ്. അക്കാര്യം, നിന്‍റെ റബ്ബിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്ദാനമാകുന്നു.
  • لَّهُمْ അവര്‍ക്കുണ്ട് فِيهَا അതില്‍, അവിടത്തില്‍ مَا യാതൊന്ന് يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്ന خَالِدِينَ നിത്യവാസികളായിട്ടു, ശാശ്വതരായ നിലയില്‍ كَانَ അതു (അക്കാര്യം) ആകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെമേല്‍ وَعْدًا വാഗ്ദാനം, കരാര്‍ مَّسْئُولًا ചോദ്യം ചെയ്യപ്പെടാവുന്ന (ഉത്തരവാദപ്പെട്ട)

അവിശ്വാസികള്‍ക്ക്‌ നരകത്തില്‍വെച്ച് അനുഭവിക്കേണ്ടിവരുന്ന കടുത്ത ശിക്ഷയുടെ സ്വഭാവം ചുരുക്കി വിവരിച്ചതിനുശേഷം, സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും മുഖേന ദോഷബാധയെ സൂക്ഷിച്ചുവരുന്ന ഭയഭക്തര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗീയസൗഭാഗ്യം ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടില്‍ ഏതാണ് കൂടുതല്‍ ഉത്തമം, ഏതാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ചിന്തിച്ചു നോക്കുമാറ് അവിശ്വാസികളുടെ മനസ്സാക്ഷികളെ തട്ടി ഉണര്‍ത്തുകയും ചെയ്യുന്നു. ‘അക്കാര്യം – ഭയഭക്തന്‍മാര്‍ക്കുള്ള പ്രതിഫലം ശാശ്വതസ്വര്‍ഗ്ഗമാണെന്ന കാര്യം- അല്ലാഹുവിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്നവിധം ഉത്തരവാദപ്പെട്ട ഒരു വാഗ്ദാനമാണ് എന്ന് പറഞ്ഞത് സജ്ജനങ്ങളായ ആളുകളെ ആവേശംകൊള്ളിക്കുന്നതത്രെ.

അല്ലാഹുവിന് പുറമെ ഇതരവസ്തുക്കളെ ആരാധ്യവസ്തുക്കളായി സ്വീകരിച്ചവര്‍ക്ക് അവരുടെ ആരാധ്യവസ്തുക്കളില്‍നിന്ന് പരലോകത്തുവെച്ചുണ്ടാകുന്ന അനുഭവം എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

25:17

  • وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ ﴾١٧﴿
  • അവരെയും, അല്ലാഹുവിനു പുറമെ അവര്‍ ആരാധിച്ചുവരുന്നതിനെയും അവന്‍ [അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം, എന്നിട്ട് അവന്‍ (ആരാധ്യവസ്തുക്കളോട്) ചോദിക്കും: ‘എന്‍റെ ഈ അടിയാന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ, അഥവാ അവര്‍ തന്നെ വഴിതെറ്റിപ്പോയതോ?!’
  • وَيَوْمَ ദിവസം يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചുകൂട്ടും وَمَا യാതൊന്നിനെയും, യാതൊരുവരെയും يَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَقُولُ എന്നിട്ടു പറയും, ചോദിക്കും أَأَنتُمْ നിങ്ങളോ أَضْلَلْتُمْ വഴിപിഴപ്പിച്ചു عِبَادِي എന്‍റെ അടിയാന്‍മാരെ هَـٰؤُلَاءِ ഇക്കൂട്ടരായ (ഈ) أَمْ അതോ, അഥവാ هُمْ അവര്‍ തന്നെ ضَلُّوا പിഴച്ചിരിക്കുന്നു(വോ) السَّبِيلَ വഴി, മാര്‍ഗ്ഗം

25:18

  • قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا ﴾١٨﴿
  • അവര്‍ [ആരാധ്യവസ്തുക്കള്‍] പറയും: ‘നീ വളരെ പരിശുദ്ധന്‍!’ നിനക്കു പുറമെ യാതൊരുവിധ രക്ഷാകര്‍ത്താക്കളെയും സ്വീകരിക്കുന്നത് ഞങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല. പിന്നെ, ഞങ്ങളെങ്ങിനെ അവരെ അതിന് പ്രേരിപ്പിക്കും?! പക്ഷേ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തിരിക്കയാണ്.’
  • قَالُوا അവര്‍ പറയും سُبْحَانَكَ നീ വളരെ പരിശുദ്ധന്‍, നിനക്കു സ്തോത്ര കീര്‍ത്തനം, നിന്‍റെ പരിശുദ്ധി വാഴ്ത്തുന്നു مَا كَانَ يَنبَغِي അനുയോജ്യമായിരുന്നില്ല, യോജിക്കുന്നതല്ല, (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّتَّخِذَ ഞങ്ങള്‍ സ്വീകരിക്കുന്നതു,ഏര്‍പ്പെടുത്തുന്നതു مِن دُونِكَ നിനക്കുപുറമെ, നിന്നെക്കൂടാതെ مِنْ أَوْلِيَاءَ യാതൊരു രക്ഷാകര്‍ത്താക്കളെയും, ബന്ധുമിത്രങ്ങളെയും وَلَـٰكِن പക്ഷേ, എങ്കിലും مَّتَّعْتَهُمْ നീ അവര്‍ക്കു സുഖഭോഗം നല്‍കി, അവരെ സൗഖ്യത്തിലാക്കി وَآبَاءَهُمْ അവരുട പിതാക്കളെയും حَتَّىٰ نَسُوا അങ്ങനെ അവര്‍ മറന്നുകളഞ്ഞു, മറക്കുന്നതുവരെ, വിസ്മരിക്കുമാറ് الذِّكْرَ ഉല്‍ബോധനം, പ്രമാണം, സ്മരണ, ഉപദേശം وَكَانُوا അവരായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത بُورًا നശിച്ച, നാശമടഞ്ഞ

25:19

  • فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا ﴾١٩﴿
  • (അല്ലാഹു പറയും:) ‘ഇപ്പോള്‍ (ഇതാ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ കളവാക്കിക്കഴിഞ്ഞു. എനി, (ശിക്ഷയെ) തിരിച്ചുകളയുവാനാകട്ടെ, സഹായം ലഭിക്കുവാനാകട്ടെ നിങ്ങള്‍ക്ക് സാധ്യമാകുന്നതല്ല. ആര്‍ നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിക്കുന്നുവോ അവനെ നാം വലുതായ ശിക്ഷ ആസ്വദിപ്പിക്കുന്നതാകുന്നു.’
  • فَقَدْ كَذَّبُوكُم ഇപ്പോള്‍ (എന്നാല്‍) അവര്‍ നിങ്ങളെ കളവാക്കിക്കളഞ്ഞു بِمَا تَقُولُونَ നിങ്ങള്‍ പറയുന്നതില്‍ فَمَا تَسْتَطِيعُونَ ആകയാല്‍ (എനി) നിങ്ങള്‍ക്കു സാധ്യമാകയില്ല صَرْفًا തിരിച്ചുകളയുന്നതിനു, മാറ്റുന്നതിനു وَلَا نَصْرًا സഹായത്തിനും, സഹായം കിട്ടുവാനും (ഇല്ല) وَمَن ആരെങ്കിലും, വല്ലവരും يَظْلِم അക്രമം ചെയ്യുന്നതായാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു نُذِقْهُ നാം അവന്നു ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും عَذَابًا ശിക്ഷ كَبِيرًا വലുതായ

ഈ ചോദ്യങ്ങളില്‍നിന്ന് മനസ്സിലാകുന്നത്‌ ആരാധ്യന്‍മാരെക്കൊണ്ട് ഇവിടെ ഉദ്ദേശ്യം, ചില വിഭാഗക്കാര്‍ ആരാധിച്ചുവന്ന നബിമാര്‍, മലക്കുകള്‍ മുതലായവരാണെന്നാണ്. അവരുടെ മറുപടി നോക്കുക, അല്ലാഹുവിന്‍റെ പരിശുദ്ധതയെ വാഴ്ത്തിക്കൊണ്ട് അവര്‍ നല്‍കുന്ന ആ മറുപടിയുടെ താല്‍പര്യം ഇതാണ്: ‘നീ അല്ലാത്ത ആരെയും രക്ഷാകര്‍ത്താക്കളും, കൈകാര്യക്കാരുമായി സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് നിവൃത്തിയില്ലല്ലോ. എന്നിരിക്കെ, ഞങ്ങളെ ആരാധിക്കുവാനും, രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുവാനും ഞങ്ങളെങ്ങിനെ ആവശ്യപ്പെടും?! പക്ഷെ, സംഭവം മറ്റൊന്നാണ്: ഈ അവിശ്വാസികള്‍, അവര്‍ക്കും അവരുടെ മുന്‍ഗാമികള്‍ക്കും ലഭിച്ച ലൌകീകസുഖങ്ങളില്‍ ലയിച്ചു സത്യോപദേശത്തെയും, ദിവ്യോല്‍ബോധനത്തെയും വിസ്മരിച്ചു കളഞ്ഞു. അങ്ങിനെ, അവര്‍ സ്വയം വഴിപിഴച്ച് നാശമടയുകയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളെ അവര്‍ ആരാധിച്ചുവന്നതില്‍ ഞങ്ങള്‍ നിരപരാധികളാകുന്നു….’. തങ്ങള്‍ ആരാധിച്ചുവന്നിരുന്നവരില്‍നിന്ന് – അവര്‍ ആരുതന്നെ ആയിരുന്നാലും – ഈ മറുപടി കേള്‍ക്കുമ്പോള്‍, ആ ആരാധകന്‍മാരുടെ നിരാശയും, വ്യസനവും എത്രമാത്രമായിരിക്കും?! ഈ അവസരത്തില്‍ സര്‍വ്വാധിനാഥനായ അല്ലാഹു അവരെ അഭിമുഖീകരിച്ച് പറയുന്ന വാക്കുകളാണ് 19-ാം വചനത്തില്‍ കാണുന്നത്.

25:20

  • وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا ﴾٢٠﴿
  • (നബിയേ) നിനക്കു മുമ്പ് ‘മുര്‍സലു’കളില്‍ [ദൈവദൂതന്‍മാരില്‍] ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍ സഞ്ചരിക്കുകയും ചെയ്യാറുള്ള നിലയില്‍ തന്നെയല്ലാതെ (ആരെയും) നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങളില്‍ ചിലരെ (മറ്റു) ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് – നിങ്ങള്‍ സഹിക്കുമോ എന്ന്. നിന്‍റെ രക്ഷിതാവ് (എല്ലാം) വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
  • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല قَبْلَكَ നിനക്കുമുമ്പ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ നിന്ന് (ആരെയും) إِلَّا إِنَّهُمْ നിശ്ചയമായും അവര്‍ ആയിട്ടല്ലാതെ لَيَأْكُلُونَ തിന്നുന്ന, കഴിക്കുന്ന നിലയില്‍തന്നെ الطَّعَامَ ഭക്ഷണം وَيَمْشُونَ അവര്‍ നടക്കുകയും, സഞ്ചരിക്കുകയും فِي الْأَسْوَاقِ അങ്ങാടികളില്‍ وَجَعَلْنَا നാം ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ لِبَعْضٍ ചിലര്‍ക്കു فِتْنَةً പരീക്ഷണം, കുഴപ്പം أَتَصْبِرُونَ നിങ്ങള്‍ ക്ഷമിക്കുമോ, സഹിക്കുമോ (എന്ന്) وَكَانَ رَبُّكَ നിന്‍റെ റബ്ബ് ആകുന്നു بَصِيرًا വീക്ഷിക്കുന്നവന്‍, കണ്ടറിയുന്നവന്‍

‘മുര്‍സല്‍’ (الْمُرْسَلِ) എന്നാല്‍ അയക്കപ്പെട്ടവന്‍ എന്ന് വാക്കര്‍ത്ഥമാകുന്നു. ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൗത്യം എത്തിച്ചുകൊടുക്കുവാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ക്കാണ് ‘റസൂല്‍’ എന്നും ‘മുര്‍സല്‍’ എന്നും സാധാരണ പറയുന്നത്. ദൗത്യം എത്തിക്കുവാന്‍വേണ്ടി അയക്കപ്പെടുന്ന എല്ലാവര്‍ക്കും ഭാഷയില്‍ ഈ വിശേഷണ നാമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

7-ാം വചനത്തില്‍, അവിശ്വാസികള്‍ പുറപ്പെടുവിച്ച ചില ആക്ഷേപങ്ങളെപ്പറ്റി പ്രസ്താവിച്ചുവല്ലോ. എന്തുകൊണ്ടാണ് ഈ റസൂല്‍ (മുഹമ്മദ്‌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭക്ഷണം കഴിക്കുകയും അങ്ങാടിയില്‍ കൂടി സഞ്ചരിക്കുകയും ചെയ്യുന്നത് എന്നുള്ള ആ ആക്ഷേപത്തിന് മറുപടിയാണ് ഈ വചനത്തില്‍ കാണുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മുമ്പുള്ള എല്ലാ മുര്‍സലുകളും ഇതുപോലെ ഭക്ഷണം കഴിച്ചും, ആവശ്യമുള്ളപ്പോള്‍ അങ്ങാടികളില്‍ പോയിക്കൊണ്ടും തന്നെയാണ് ജീവിച്ചിരുന്നത്, ഇത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരു പ്രത്യേകതയൊന്നുമല്ല, ദൈവദൂതന്‍മാര്‍ക്ക് ഇതൊന്നും യോജിച്ചതല്ലെന്നോ പാടില്ലെന്നോ ഒരു നിയമവും ഇല്ല എന്നാണ് മറുപടിയുടെ താല്‍പര്യം. ചിലരെ ചിലര്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ഉപദേഷ്ടാക്കളും പ്രബോധകന്‍മാരുമായ ആളുകള്‍ക്ക് എതിരാളികള്‍ ഉണ്ടായിരിക്കലും, പല തരത്തിലുള്ള എതിര്‍പ്പുകളും, വിഷമങ്ങളും നേരിടലും സ്വാഭാവികമാണെന്നും, അതിലെല്ലാം ക്ഷമയും, സഹനവും കൈക്കൊണ്ട് – നിരാശപ്പെടാതെ – അവര്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നുമാണ് ആ വാക്യം ധ്വനിപ്പിക്കുന്നത്. അല്ലാഹു എല്ലാം വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന് അവസാനം ഉണര്‍ത്തിയിട്ടുള്ളത് അവര്‍ക്ക് മനസ്സമാധാനത്തിനും, ആശക്കും വക നല്‍കുകയും ചെയ്യുന്നു.