അഞ്ചാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 43 മുതൽ 60 വരെ

സൂറത്തുല്‍ ഖസ്വസ്വ് : 43-60

  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴾٤٣﴿
  • പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശമായും, കാരുണ്യമായുംകൊണ്ട് നാം മൂസാക്ക് വേദഗ്രന്ഥം നല്‍കുകയുണ്ടായി; അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
  • وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം مِن بَعْدِ ശേഷമായി مَا أَهْلَكْنَا നാം നശിപ്പിച്ചതിന്‍റെ الْقُرُونَ തലമുറകളെ, കാലക്കാരെ الْأُولَىٰ പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ بَصَائِرَ ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശ നമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُمْ അവരായേക്കാം يَتَذَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന

മൂസാ (അ) നബിക്കു മുമ്പും എത്രയോ പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആ പ്രവാചകന്‍മാരുടെ സമുദായങ്ങള്‍ക്കാവശ്യമായ ദൈവീകസന്ദേശങ്ങളും, മാര്‍ഗ്ഗദര്‍ശനങ്ങളും ആ പ്രവാചകന്‍മാര്‍ മുഖാന്തരം നല്‍കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനുമുമ്പുള്ള ഒരു സമുദായത്തിനും ‘ശരീഅത്താ’കുന്ന നിയമസംഹിത (الشريعة) എന്ന നിലക്കു ഒരു വേദഗ്രന്ഥം നല്‍കപ്പെട്ടതായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിനുമുമ്പ് ഇസ്‌ലാമിന്‍റെ പേരില്‍ ധര്‍മ്മസമരം (ജിഹാദ്) നടന്നിരുന്നതായും അറിയപ്പെടുന്നില്ല. അറിയപ്പെട്ടിടത്തോളം, ഒന്നാമത്തെ ശരീഅത്ത് നിയമഗ്രന്ഥമത്രെ തൗറാത്ത്. അതുമുതല്‍ക്കാണ് ജിഹാദ് ആരംഭിച്ചിട്ടുള്ളതും, മുന്‍സമുദായങ്ങളില്‍ ഉണ്ടായതുപോലെ പ്രവാചകനെ ധിക്കരിക്കുകമൂലം ഒരു സമുദായം ആകമാനം നാശമടയത്ത ക്ക ഉന്‍മൂലശിക്ഷ (عذاب الاستئصال) തൗറാത്തിനുശേഷം സംഭവിക്കുകയും ഉണ്ടായിട്ടില്ല.

വേദഗ്രന്ഥം അവതരിച്ചതിന്‍റെ ഉദ്ദേശ്യങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ ഉണര്‍ത്തിയിരിക്കുന്നു:

1) അത് മനുഷ്യന് ഉള്‍ക്കാഴ്ച – അഥവാ അന്തര്‍ബോധം – നല്‍കുന്നു. അതായത്: ഹൃദയമാകുന്ന കണ്ണുകൊണ്ടു നോക്കി (ചിന്തിച്ചു) യഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഉതകുന്നതാണ്.

2) അതു മാര്‍ഗ്ഗദര്‍ശനമാണ്. അതായത്: സത്യാസത്യങ്ങള്‍ ഇന്നതാണെന്നു അതു കാട്ടികൊടുക്കുന്നു.

3) അതു അല്ലാഹുവിന്‍റെ കാരുണ്യമാകുന്നു. മനുഷ്യനു അവന്‍റെ സൃഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് അറിയുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ അവന്‍റെ മുമ്പില്‍ പലതുമുണ്ട്. അവന് വിശേഷബുദ്ധിയും, വിവേചന ശക്തിയും നല്‍കപ്പെട്ടിട്ടുണ്ട്. എന്നിരിക്കെ അതിനുപുറമെ മനുഷ്യന്‍റെ ജയാപജയമാര്‍ഗ്ഗങ്ങളും ഗുണദോഷഫലങ്ങളും സ്പഷ്ടമായി തുറന്നുകാണിച്ചു കൊടുക്കുന്ന ഒരു പ്രമാണം കൂടി അവന് നല്‍കുകയെന്നത് അല്ലാഹുവിന്‍റെ മഹത്തായ കാരുണ്യവും വമ്പിച്ച അനുഗ്രഹവും തന്നെ. സംശയമില്ല.

28:44
  • وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ ﴾٤٤﴿
  • (നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര്‍ പര്‍വ്വതത്തിന്‍റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനുമായിരുന്നില്ല.
  • وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍ إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്‍പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവരില്‍ (പെട്ടവന്‍)
28:45
  • وَلَـٰكِنَّآ أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ ﴾٤٥﴿
  • എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു. മദ്‌യൻകാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്‍കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു.
  • وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍ فِي أَهْلِ مَدْيَنَ മദ്‌യൻകാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍ وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍

28:46

  • وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ ﴾٤٦﴿
  • ത്വൂര്‍ (പര്‍വതത്തി)ന്‍റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ.
  • وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും

ത്വൂര്‍ മലയുടെ പടിഞ്ഞാറുഭാഗത്തുവെച്ച് മൂസാ (അ) നബിയെ അല്ലാഹു വിളിച്ച് സംഭാഷണം നടത്തുകയും അദ്ദേഹത്തെ റസൂലായി നിയോഗിക്കുകയും മറ്റും ഉണ്ടായപ്പോള്‍ നബി (സ്വ) തിരുമേനി അവിടെ ഉണ്ടായിരുന്നതുകൊണ്ടോ, പ്രസ്തുത സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായിരുന്നതു കൊണ്ടോ ഒന്നുമല്ല ആ സംഭവങ്ങള്‍ ഇത്രയും സൂക്ഷമമായും, വ്യക്തമായും അവിടുന്നു വിവരിക്കുന്നത്. അതുപോലെത്തന്നെ, മദ്-യനിലെ സംഭവങ്ങള്‍ വിവരിക്കുവാന്‍ സാധിച്ചത് അന്നവിടെ -ഇന്ന് മക്കായിലെന്നതുപോലെ- ആ രാജ്യക്കാര്‍ക്കു അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ട് അവര്‍ക്കിടയില്‍ നബി (സ്വ) താമസിച്ചു വന്നിരുന്നതുകൊണ്ടും അല്ല. ചുരുക്കത്തില്‍, നബി (സ്വ)യുടെ എത്രയോ മുമ്പുകഴിഞ്ഞ മേല്‍ പ്രസ്താവിച്ച സംഭവങ്ങള്‍ അവിടുന്നു വിവരിക്കുന്നത് ആ സംഭവങ്ങളൊന്നും അവിടുന്നു കണ്ടറിഞ്ഞതുകൊണ്ടല്ല.

പക്ഷേ, മൂസാ (അ) നബിക്കുശേഷം പല തലമുറകളും ഉല്‍ഭവിക്കുകയും നശിക്കുകയും ചെയ്തു. ദീര്‍ഘമായ കാലവും കഴിഞ്ഞുപോയി. കാലപ്പഴക്കത്തില്‍ അദ്ദേഹത്തിന്‍റെ ചരിത്രയാഥാര്‍ത്ഥ്യങ്ങളും, അദ്ദേഹത്തിന്‍റെ അധ്യാപനതത്വങ്ങളും ജനങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടു. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമായി അവ അവശേഷിച്ചു. ഈ തലമുറയുടെ റസൂലായി നബി (സ്വ) നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇടക്കിടെ റസൂലുകളെ അയക്കുന്നതു അല്ലാഹുവിന്‍റെ പതിവുമായിരുന്നു. അങ്ങിനെ, അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് വഹ്‌യുമൂലം നബി (സ്വ)ക്ക് അറിയി ച്ചുകൊടുക്കുന്നതാണ് ഈ വിവരങ്ങളെല്ലാം. നബി (സ്വ)യുടെ ജനതയാകുന്ന ഖുറൈശീ അറബിക ളാകട്ടെ, യഹൂദരെയും, ക്രിസ്ത്യാനികളെയുംപോലെ – വേദഗ്രന്ഥങ്ങളുമായോ, പ്രവാചകന്‍മാരു മായോ പരിചയപ്പെടാത്തവരാണ്. വേദക്കാരെ സംബന്ധിച്ചിടത്തോളം – അനേകം നീക്കു പോക്കു കളോടുകൂടിയാണെങ്കിലും – ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരുടെ പക്കല്‍ ഏതാനും ചില അറിവുകള്‍ ഉണ്ടായിരിക്കും. ഈ ജനതക്ക് അതിന് അവസരമുണ്ടായിട്ടില്ല. അതുകൊണ്ട് മുന്‍ പ്രവാചകന്‍മാരുടെയും, അവരുടെ ജനതകളുടെയും ചരിത്രങ്ങള്‍ അവയ്ക്ക് ദൃക്സാക്ഷിയായിരുന്ന ഒരാളെപ്പോലെ ശരിക്ക് വിവരിച്ചുകൊടുത്ത് അവരെ താക്കീതുചെയ്യുവാന്‍ വേണ്ടിയാണ് ഇതെല്ലാം നബി (സ്വ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളത്‌. ഇത്തരം സംഭവങ്ങള്‍ കേട്ടറിയുമ്പോള്‍ അവര്‍ക്ക് ചിന്തിക്കുവാനും, തങ്ങളുടെ കാര്യത്തില്‍ ഉറ്റാലോചിക്കുവാനും അതു കാരണമായത്തീരുമല്ലോ. ഇതാണ് ഈ വചനങ്ങളുടെ താല്‍പര്യം. അടുത്ത ആയത്തില്‍ നബി (സ്വ) തിരുമേനിയെ ഈ സമുദായത്തിലേക്ക് റസൂലായി നിയോഗിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നു:-

28:47
  • وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾٤٧﴿
  • അവരുടെ കരങ്ങള്‍ മുന്‍ ചെയ്തിട്ടുള്ളതിന്‍റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും ബാധിക്കുകയും, അപ്പോള്‍ അവര്‍ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നിന്നെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല); ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാല്‍ ഞങ്ങള്‍ നിന്‍റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍ പെട്ടവരാകുകയും ചെയ്യുമായിരുന്നുവല്ലോ.’
  • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تُصِيبَهُم അവര്‍ക്കു ബാധിക്കുക مُّصِيبَةٌ വല്ല വിപത്തും, ബാധയും بِمَا قَدَّمَتْ മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍, കൈകള്‍ فَيَقُولُوا അപ്പോള്‍ അവര്‍ പറയുകയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ لَوْلَا أَرْسَلْتَ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല إِلَيْنَا ഞങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൈവദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു آيَاتِكَ നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَنَكُونَ ഞങ്ങളാകുകയും ചെയ്യുമായിരുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട (വര്‍)

അവിശ്വാസം, ദുര്‍ന്നടപ്പ് മുതലായവ നിമിത്തം പല വിപത്തുകളും അനുഭവിക്കുവാന്‍ അവകാശപ്പെട്ടവരാണ് വാസ്തവത്തില്‍ അവര്‍. അങ്ങനെ വല്ലതും അനുഭവപ്പെടുമ്പോള്‍, തങ്ങളിലേക്ക് ഒരു റസൂലിനെ – ദൈവദൂതനെ – അയച്ചുതരാത്തതു കൊണ്ടാണ് തങ്ങള്‍ ഈ ശിക്ഷക്ക് അര്‍ഹരാകേണ്ടി വന്നതെന്നും, ഒരു റസൂല്‍ തങ്ങളില്‍ വന്നിരുന്നുവെങ്കില്‍ തങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെന്നും ന്യായവാദം ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ് അവരിലേക്കു റസൂലിനെ അയച്ചത് എന്നു സാരം. എന്നാല്‍, അവര്‍ക്കൊരു റസൂല്‍ വന്നപ്പോള്‍ അവര്‍ ചെയ്തതെന്താണ്?-

28:48
  • فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّ كَـٰفِرُونَ ﴾٤٨﴿
  • എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്‌: ‘മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!’ എന്ന്. മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: ‘പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. ‘നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്’ എന്നും അവര്‍ പറയുന്നു!
  • فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്‍കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്‍കപ്പെട്ടതില്‍ مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്

കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച കാരണത്താലാണ്, അല്ലാഹുവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥ സത്യമാകുന്ന ഖുര്‍ആനുംകൊണ്ട് നബി (സ്വ) നിയുക്തനായതു. അപ്പോഴത്തെ ആക്ഷേപം: മൂസാനബി ക്കു വടി, കൈ, മുതലായ ദൃഷ്ടാന്തങ്ങള്‍ ലഭിച്ചതുപോലെ ‘എന്തുകൊണ്ട് മുഹമ്മദിനുണ്ടായില്ല’ എന്നായിരുന്നു! എന്നാല്‍, അതേ മൂസാനബിയില്‍ ഇവരും ഇവരുടെ മുന്‍ഗാമികളും വിശ്വസിച്ചിരു ന്നുവോ? അതുമില്ല. മൂസായും ഹാറൂനും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു ജാലവിദ്യ ക്കാരാണെന്ന് ഇവരുടെ പൂര്‍വ്വികന്‍മാര്‍ അന്നു പറഞ്ഞു ‘മൂസായും മുഹമ്മദും രണ്ടുപേരും ഒരേ തരത്തിലുള്ള രണ്ടു ജാലവിദ്യക്കാരാണ്, രണ്ടാളും കൊണ്ടുവന്നിട്ടുള്ളതും ജാലവിദ്യയാണ്‌. രണ്ടി ലും വിശ്വസിക്കുവാന്‍ ഞങ്ങള്‍ തയ്യാറില്ല എന്ന് ഇപ്പോള്‍ ഇവരും പറയുന്നു.

سِحْرَانِ എന്നതിനു പകരം ساحْرَانِ എന്നും വായനയുണ്ട്. അപ്പോള്‍ ساحْرَانِ تَظَاهَرَا എന്നതിന് ‘പരസ്പരം പിന്തുണ നല്‍കുന്ന രണ്ട് ജാലവിദ്യക്കാര്‍’ എന്നര്‍ത്ഥമായിരിക്കും. രണ്ടായാലും ഉദ്ദേശ്യം ഒന്നുതന്നെ.

28:49
  • قُلْ فَأْتُوا۟ بِكِتَـٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ ﴾٤٩﴿
  • (നബിയേ) പറയുക: ‘എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം – അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് – നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കാണട്ടെ)!’
  • قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യവാദികള്‍

‘അവ രണ്ടും’ എന്നു പറഞ്ഞതു രണ്ടു നബിമാരും കൊണ്ടുവന്ന വേദഗ്രന്ഥങ്ങളെ – ഖുര്‍ആനെയും തൗറാത്തിനെയും – ഉദ്ദേശിച്ചാകുന്നു. മാര്‍ഗ്ഗദര്‍ശനത്തില്‍ രണ്ടിനെയും കവച്ചുവെക്കുന്ന ഒരു ദൈവീകഗ്രന്ഥം കൊണ്ടുവന്നു തങ്ങളുടെ വാദം സ്ഥാപിക്കുവാന്‍ അവരെ അല്ലാഹു വെല്ലുവിളിക്കുകയാണ്.

വിഭാഗം – 6

28:50

  • فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥٠﴿
  • എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
  • فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്

28:51

  • وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ ﴾٥١﴿
  • തീര്‍ച്ചയായും, (ഈ) വചനം നാം അവര്‍ക്ക് (ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തു വിവരിച്ചിട്ടുണ്ട് – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.
  • وَلَقَدْ وَصَّلْنَا (ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് لَهُمُ അവര്‍ക്ക് الْقَوْلَ വചനം, വാക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന(വര്‍)

‘വചനം’ (الْقَوْلَ) കൊണ്ടുദ്ദേശ്യം ഖുര്‍ആനാകുന്നു. ഖുര്‍ആന്‍റെ അവതരണം ഒരു പ്രാവശ്യമായിട്ടല്ല, അനേകം ഗഡുക്കളിലായിട്ടാണുള്ളത്. അതിലെ വിഷയങ്ങളാകട്ടെ, വിവിധ രൂപത്തില്‍ വിവരിച്ചു വിശദീകരിക്കുകയും, ആവര്‍ത്തിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, ഗ്രഹിക്കുവാനും, ചിന്തിക്കുവാനും, വേണ്ടുന്ന മാര്‍ഗ്ഗങ്ങളെല്ലാം അതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

28:52
  • ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ ﴾٥٢﴿
  • ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍തന്നെയും ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നു.
  • الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം مِن قَبْلِهِ ഇതിനുമുമ്പ് هُم അവരാകട്ടെ (അവര്‍തന്നെ) بِهِ അതില്‍ يُؤْمِنُونَ വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു

28:53

  • وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ ﴾٥٣﴿
  • ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: ‘ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ ‘മുസ്‌ലിം’കളായി [അനുസരണമുള്ളവരായി]രിക്കുന്നു.’
  • وَإِذَا يُتْلَىٰ ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു قَالُوا അവര്‍ പറയും آمَنَّا بِهِ ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു إِنَّهُ നിശ്ചയമായും ഇതു الْحَقُّ യഥാര്‍ത്ഥമാണ് مِن رَّبِّنَا നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു مِن قَبْلِهِ ഇതിനുമുമ്പായി مُسْلِمِينَ മുസ്ലിംകള്‍

28:54

  • أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٥٤﴿
  • അക്കൂട്ടര്‍ക്ക് – അവര്‍ ക്ഷമിച്ചതു നിമിത്തം – അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയായി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു; നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും

28:55

  • وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ ﴾٥٥﴿
  • വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍, അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുകയും (ഇങ്ങിനെ) പറയുകയും ചെയ്യുന്നതാണ്: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍; നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു ‘സലാം!’ ഞങ്ങള്‍ മൂഢന്‍മാരെ ആവശ്യപ്പെടുന്നില്ല.’
  • وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ اللَّغْوَ വ്യര്‍ത്ഥമായത്, അനാവശ്യം أَعْرَضُوا അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും عَنْهُ അതില്‍നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്യും لَنَا ഞങ്ങള്‍ക്കു أَعْمَالُنَا ഞങ്ങളുടെ കര്‍മ്മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കു أَعْمَالُكُمْ നിങ്ങളുടെ കര്‍മ്മങ്ങളും سَلَامٌ സലാം, ശാന്തി, സമാധാനം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ لَا نَبْتَغِي ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) الْجَاهِلِينَ അജ്ഞന്‍മാരെ, മൂഢന്‍മാരെ

ഒരുനിലക്ക് വേദക്കാരായ യഹൂദന്‍മാരെയും, ക്രിസ്ത്യാനികളെയും അപേക്ഷിച്ച് ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ വേഗം മുമ്പോട്ടു വരേണ്ടതു ഖുറൈശീ അറബികളാണ്. കാരണം, വേദക്കാരു ടെ കയ്യില്‍ നാമമാത്രമാണെങ്കിലും വേദഗ്രന്ഥം – തൗറാത്തും ഇഞ്ചീലും – ഉണ്ട്. ഖു൪ആനാണെങ്കില്‍ അവര്‍ക്കു പ്രത്യേകമായി അവതരിച്ചതുമല്ല, എന്നിട്ടും ഖുര്‍ആന്‍ കേട്ടമാത്രയില്‍ അതില്‍ വിശ്വസിക്കുവാന്‍ – അതിന്‍റെ സത്യസാക്ഷ്യങ്ങളുടെ ബഹുലതയും വ്യക്തതയും കാരണമായി – അവരില്‍ പലരും മുന്നോട്ടുവരുന്നു. അബീസീനിയാ, ശാം മുതലായ രാജ്യങ്ങളില്‍ നിന്നുപോലും വേദക്കാരായ പലരും വന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കയുണ്ടായി. ഇവരില്‍ പലരും മതപുരോഹിതന്‍മാരും പണ്ഡിതന്‍മാരുമായിരുന്നു. അബീസീനിയായിലെ ചക്രവര്‍ത്തിയായ നജ്ജാശീ (നെഗാശീ) എഴുപതു പേരടങ്ങിയ ഒരു നിവേദകസംഘത്തെ അയക്കുകയും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് സൂറത്തുയാസീന്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് ഇസ്ലാമിനെ ആശ്ലേഷിക്കുകയും ചെയ്തു. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ്‌ ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അല്ലാഹു പറയുന്നു:-

وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ – آل عمران

(നിശ്ചയമായും, വേദക്കാരിലുണ്ട് ചിലര്‍, അവര്‍ അല്ലാഹുവിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും, അവര്‍ക്ക് ഇറക്കപ്പെട്ടതിലും അല്ലാഹുവിന് ഭക്തി അര്‍പ്പിച്ചുകൊണ്ട് വിശ്വസിക്കുന്നു. അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുന്നില്ല. അക്കൂട്ടര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലമുണ്ട്. (ആലു- ഇംറാന്‍ -199).

തങ്ങളുടെ വേദഗ്രന്ഥത്തില്‍നിന്നും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിയോഗവാര്‍ത്ത അറിഞ്ഞ ഉടനെ അവര്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ, നേരത്തെത്തന്നെ അവര്‍ മുസ്ലിംകളായിത്തീര്‍ന്നിരുന്നു. ആദ്യത്തില്‍ അവരുടെ വേദത്തിലും, അനന്തരം ഖുര്‍ആനിലും വിശ്വസിച്ചതിനാല്‍ അല്ലാഹു അവര്‍ക്കു ഇരട്ടി പ്രതിഫലം നല്‍കുന്നതാണ്. രണ്ടു ഗ്രന്ഥവും സ്വീകരിക്കുവാനും, അനുഷ്ഠാനത്തില്‍ വരുത്തുവാനും, അതിന്‍റെ പേരില്‍ ശത്രുക്കളില്‍നിന്നുണ്ടാകുന്ന മര്‍ദ്ദനങ്ങള്‍ അവഗണിക്കുവാനുമുള്ള അവരുടെ സഹനവും, ക്ഷമയുമാണതിനു കാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരീ (റ) പറയുന്നു:-

ثَلاَثَةٌ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ: رَجُلٌ مِنْ أَهْلِ الكتاب آمَنَ بِنَبِيِّهِ ثُمَّ آمن بي وَعَبْدٌ مَمْلُوكٌ أَدَّى حَقَّ الله وَحَقَّ مواليه ، وَرَجُلٌ كَانَتْ لَهُ أَمَةٌ فأدبها فَأَحْسَنَ تأديبها ثُمَّ أَعْتَقَهَا فتزجَهَا :متفق عليه

സാരം: മൂന്നാളുകള്‍ക്കു അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം നല്‍കപ്പെടുന്നതാണ്. ഒന്ന്: തന്‍റെ പ്രവാചകനില്‍ (ആദ്യം) വിശ്വസിക്കുകയും പിന്നീട് എന്നില്‍ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യന്‍. മറ്റൊന്ന്: അല്ലാഹുവിനോടുള്ള ബാധ്യതയും, തന്‍റെ യജമാനന്‍മാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ. വേറൊന്ന്: ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവള്‍ക്കു നല്ലപോലെ മര്യാദ പഠിപ്പിക്കുക (ശിക്ഷണം നല്‍കുക)യും, പിന്നീട് അവളെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച്‌ വിവാഹം ചെയ്ത മനുഷ്യന്‍. (ബു. മു).

മേല്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരായ വേദക്കാരുടെ ഗുണങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു കാട്ടുന്നു. ഓരോ ഗുണവും നമുക്ക് മാതൃകയായിരിക്കേണ്ടതാകുന്നു.

(1) അവര്‍ തിന്‍മകളെ നന്‍മകൊണ്ടു തടുക്കുന്നു. അഥവാ തിന്‍മയെ തടുക്കുവാന്‍ തിന്‍മ ഉപയോഗിക്കുകയില്ല. സഹനം, ക്ഷമ, മാപ്പ്, ഉപകാരം, വിട്ടുവീഴ്ച ഇത്യാദി ഗുണങ്ങളായിരിക്കും അവരുടെ ആയുധങ്ങള്‍. മുസ്‌ലിം (റ) നിവേദനംചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ഒരാള്‍ ഇങ്ങിനെ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് ചില കുടുംബങ്ങളുണ്ടു: ഞാനവരോടു കുടുംബബന്ധം പാലിക്കുന്നു. അവര്‍ ബന്ധം മുറിക്കുകയും ചെയ്യുന്നു; ഞാന്‍ അവര്‍ക്ക് നന്‍മചെയ്യുന്നു, അവര്‍ എന്നോടു തിന്‍മചെയ്യുന്നു; ഞാന്‍ അവരെക്കുറിച്ചു സഹനമവലംബിക്കുന്നു, അവരെന്നോട് വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നു (ഞാന്‍ എന്തുചെയ്യണം)?’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘താന്‍ പറഞ്ഞപ്രകാരമാണ് തന്‍റെ സ്ഥിതിയെങ്കില്‍, അവര്‍ക്കു താന്‍ ചുടുവെണ്ണീര്‍ തീറ്റുന്ന (*) മാതിരിയുണ്ടല്ലോ! താന്‍ അതേ സ്ഥിതിയില്‍ നിലകൊള്ളുമ്പോഴെല്ലാം അവര്‍ക്കെതിരില്‍ (തന്നെ സഹായിക്കുവാന്‍) അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു പിന്തുണ തന്നോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.’

(لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ المَلَّ، وَلا يَزَالُ معكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلكَ – رواه مسلم)


(*). ചുടുവെണ്ണീര്‍ തിന്നുന്നവര്‍ക്ക് വേദന അനുഭവിക്കേണ്ടിവരുന്നതുപോലെ, അവര്‍ക്ക് നിന്‍റെ ഉപകാരം മൂലം പാപം അനുഭവിക്കേണ്ടി വരുമല്ലോ എന്നു സാരം. (رياض الصالحين).


(2). അവര്‍ക്കു അല്ലാഹു നല്‍കിയ കഴിവുകളില്‍നിന്ന് (നല്ലകാര്യങ്ങളില്‍) അവര്‍ ചിലവഴിക്കുന്നു. അഥവാ സക്കാത്തുപോലെയുള്ള നിര്‍ബ്ബന്ധ കടമകള്‍ മാത്രമല്ല, സാധുക്കള്‍ക്കും കഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കുക, അല്ലാഹുവിന്‍റെ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കുക മുതലായവയും അവര്‍ ചെയ്യുന്നു.

(3). വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും. ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങള്‍!

വേദക്കാരായ ആളുകള്‍, ഒറ്റയായും, കൂട്ടായും – ദൂരദേശങ്ങളില്‍നിന്നുപോലും – വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്ന വസ്തുത വിവരിച്ചശേഷം, സ്വജനതയില്‍നിന്നും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നിഷേധത്തിലും, കടുത്ത ശത്രുതയിലും വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമാധാനിപ്പിക്കുന്നതാണ് അടുത്ത വചനം.

28:56
  • إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾٥٦﴿
  • (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
  • إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും, സ്വന്തം പിതാവിന്‍റെ സ്ഥാനം ഏറ്റെടുത്തു പോറ്റിവളര്‍ത്തിയ പിതാവുമായ അബൂത്വാലിബിന്‍റെ സംഭവമാണ് ഈ ആയത്തിന്‍റെ അവതരണത്തിനു സന്ദര്‍ഭമായിരുന്നതെന്ന് ബുഖാരീ (റ), മുസ്‌ലിം (റ) മുതലായ പലരും ഉദ്ധരിക്കുന്ന ഹദീസുകളില്‍നിന്ന് സ്പഷ്ടമാകുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് ‘എന്‍റെ പിതൃവ്യരേ! അല്ലാഹുവിന്‍റെ അടുക്കല്‍ താങ്കള്‍ക്കുവേണ്ടി ഞാന്‍ സാക്ഷ്യം വഹിക്കത്തക്കവണ്ണം ഒരു വാക്ക് (لااله الاالله എന്ന തൗഹീദിന്‍റെ കലിമഃ) താങ്കള്‍ ഉച്ചരിക്കണം!’ എന്നിങ്ങനെ അപാരമായ വികാരാവേശത്തോടുകൂടി പറയുകയുണ്ടായി. പക്ഷേ, ഖുറൈശികളില്‍ നിന്നുണ്ടായേക്കാവുന്ന പരിഹാസത്തിനാണദ്ദേഹം മുന്‍ഗണന നല്‍കിയതു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം ഖേദകരമാണെന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്ന് വരുമ്പോള്‍ അതിന്‍റെ ഉള്ളടക്കത്തിന്‍റെ ഗൗരവവും, അഗാധതയും ഏറെക്കുറെ നമുക്കു ഊഹിക്കാവുന്നതാണ്.

ചില ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു : ‘താങ്കള്‍ സത്യത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം; പക്ഷേ, താങ്കളെ പിന്‍പറ്റിയാല്‍ അറബികള്‍ ഞങ്ങളെ റാഞ്ചിക്കൊണ്ടു പൊയ്ക്കളഞ്ഞേക്കും. (ബഹിഷ്കരിക്കും)’ എന്ന് പറയുകയുണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടും, ഇതുപോലെ ജനഭയം മുന്‍നിറുത്തി ഇസ്‌ലാമിനെ കൈവെടിയുന്നവരെ താക്കീതു ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:-

28:57
  • وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٥٧﴿
  • അവര്‍ പറയുന്നു: ‘(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും.’ എന്നു! നാം [അല്ലാഹു] ഒരു നിര്‍ഭയമായ ‘ഹറം’ [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.
  • وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല

മക്കാ ഹറമില്‍വെച്ച് യുദ്ധം രക്തച്ചൊരിച്ചല്‍ തുടങ്ങിയ യാതൊന്നും പാടില്ലാത്തതാകുന്നു. അവിടെ അഭയം പ്രാപിച്ചവരുടെ നേരെ കയ്യേറ്റം ചെയ്‌വാനും പാടില്ല. ഈ നിയമം ഇസ്ലാമിലും, ഇസ്ലാമിനുമുമ്പ് അറബികള്‍ക്കിടയിലും അംഗീകരിക്കപ്പെട്ടതാണ്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുകയും, അവിടത്തെ പിന്‍പറ്റുകയും ചെയ്തതുനിമിത്തം അവിടെ നിവസിക്കുന്നവരെ ആരെങ്കിലും പുറത്താക്കുമെന്നോ കയ്യേറ്റം നടത്തുമെന്നോ പറയുന്നതില്‍ ന്യായമില്ല. മക്കാ പരിസരങ്ങള്‍ കേവലം ഭക്ഷ്യോല്‍പാദക കേന്ദ്രമല്ലെങ്കിലും നാനാഭാഗങ്ങളില്‍ നിന്നുമായി – പ്രത്യേകിച്ച് ത്വാഇഫില്‍നിന്നു – എല്ലാ ആവശ്യ വസ്തുക്കളും അവിടെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാ൪ത്ഥ്യമത്രെ ഇത്. എന്നിരിക്കെ, ശത്രുക്കളുടെ ആക്രമണവും, ഉപരോധവും ഖുറൈശികള്‍ക്കു ഭയപ്പെടേണ്ടതായിട്ടുമില്ല. പക്ഷേ, മിക്കവരും തങ്ങളുടെ ഭാവിനന്മയും, വിജയമാര്‍ഗ്ഗവും മനസ്സിലാക്കാതിരിക്കുകയാണ്.

28:58
  • وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ ﴾٥٨﴿
  • ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാതെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീരുകയും ചെയ്തു.
  • وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ്‌ കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായിട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍

ജനങ്ങള്‍ ഐഹിക സുഖങ്ങളില്‍ മതിമറന്നുപോകുക നിമിത്തം അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കു വിധേയരാകുകയും, അങ്ങിനെ ശിക്ഷമൂലം രാജ്യക്കാര്‍ മുഴുവനും നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പലതും മുമ്പ് ഉണ്ടായിട്ടുണ്ട്. നശിപ്പിക്കപ്പെട്ട രാജ്യങ്ങള്‍ ഇന്നുവരെ – ചുരുങ്ങിയ തോതിലൊഴികെ – ജനവാസമില്ലാതെ ശൂന്യമായി കിടക്കുകയാണ്. അല്ലാഹുവല്ലാതെ അവയ്ക്കൊന്നും അവകാശപ്പെടുവാന്‍ പിന്‍ഗാമികളില്ലാതെ അവ ശൂന്യമായിത്തീര്‍ന്നു. എന്നാല്‍, അങ്ങനെ പല രാജ്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നതു തക്കതായ ന്യായം കൂടാതെയാണോ? ഒരിക്കലുമല്ല. കാരണം;-

28:59
  • وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ ﴾٥٩﴿
  • (നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല.
  • وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍
28:60
  • وَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ ﴾٦٠﴿
  • വസ്തുവഹകളായി നിങ്ങള്‍ക്കു എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമമായതും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്തുചിന്തി)ക്കുന്നില്ലേ?!
  • وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നിന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവിന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

ഭൗതികമായ സുഖസൗകര്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നതു തങ്ങളുടെ ഏറ്റവും വലിയ നേട്ടമായും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നുള്ളതിന്‍റെ നാന്ദിയായും പലരും കരുതാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ഈ ജീവിതത്തില്‍ വെച്ചു ലഭിക്കുന്ന ഏതു സുഖഭോഗമാര്‍ഗ്ഗങ്ങളും – അവ എത്രതന്നെ ഉന്നത തരമായിരുന്നാലും ശരി – നശ്വരമായ ഈ ജീവിതത്തില്‍മാത്രം ഉപയോഗപ്പെടുന്നതും, വെറും താല്‍ക്കാലികങ്ങളുമാകുന്നു. പരലോകത്തുവെച്ചു ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങളാകട്ടെ, ഏതു നിലക്കും അവയെക്കാള്‍ എത്രയോ ഉന്നതവും, ഉത്കൃഷ്ടവുമായിരിക്കും. അവ നാശത്തിനു വിധേയമാകാതെ എന്നെന്നും നിലനില്‍ക്കുന്നതുമായിരിക്കും.

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 09 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 22 മുതൽ 42 വരെ

സൂറത്തുല്‍ ഖസ്വസ്വ് : 22-44

വിഭാഗം – 3

28:22

  • وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ ﴾٢٢﴿
  • അദ്ദേഹം മദ്‌യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം.’
  • وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്‌യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച്‌ തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്
28:23
  • وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ﴾٢٣﴿
  • മദ്‌യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു.
    അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?’ അവര്‍ പറഞ്ഞു: ‘ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു.
  • وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്‌യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്)

മൂസാ (അ) യാത്രതിരിച്ചത് മദ്‌യനിലേക്കായിരുന്നു. (*). ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊ ണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം – അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും – വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായിരിക്കും മദ്‌യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്‌യനിലെത്തിയപ്പോള്‍ അനുഭവപ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അനുകമ്പ തോന്നി. വിവരം അന്വേഷിച്ചു. മറ്റുള്ളവര്‍ അവരുടെ ആടുകള്‍ക്കു വെള്ളംകാട്ടി തിരിച്ചുകൊണ്ടുപോയതിനുശേഷമേ തങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളുവെന്നും, അതിനു കാത്തുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു. മാത്രമല്ല, തങ്ങളുടെ വീട്ടില്‍നിന്ന് ആടുകളേയുംകൊണ്ടു പോരുവാന്‍ പറ്റിയ ആള്‍ വേറെയില്ലെന്നും തങ്ങള്‍ക്കൊരു പിതാവുണ്ടെങ്കിലും അദ്ദേഹം വലിയൊരു വൃദ്ധനാണെന്നും അവര്‍ തെര്യപ്പെടുത്തി.


(*). മദ്‌യന്‍റെ പേര്‍ ‘മിദിയന്‍’ എന്നും ‘മിദ്യാന്‍’ എന്നും ചരിത്രഭൂപടങ്ങളില്‍ എഴുതിക്കാണാം. ഭൂപടം 4ഉം മറ്റും നോക്കുക.

28:24
  • فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ﴾٢٤﴿
  • അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: ‘എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!’
  • فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്

ആ പാവപ്പെട്ട സ്ത്രീകളുടെ ആടുകള്‍ക്ക് വെള്ളം കോരിക്കൊടുത്ത്  അദ്ദേഹം അവരെ സഹായിച്ചു. പക്ഷേ, അദ്ദേഹം ക്ഷീണിതനും നിരാശ്രയനുമാണ്. എവിടെയാണ്, എങ്ങനെയാണ് തനിക്കൊരു അവലംബം ലഭിക്കുക എന്നൊന്നും നിശ്ചയമില്ല. ഒരു തണലില്‍ ചെന്നു വിശ്രമിച്ചു കൊണ്ട് അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയായി; ‘റബ്ബേ! ഏതെങ്കിലും വിധേന നിന്‍റെ അനുഗ്രഹം ലഭിക്കേണ്ടുന്ന അടിയന്തിരഘട്ടത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്.’ അക്ഷമയുടെയും, നിരാശയുടെയും കണികപോലുമില്ലാതെ ഹൃദയം സ്പര്‍ശിച്ചുകൊണ്ടുള്ള ആ ദുആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാവി സുരക്ഷിതവും, സമാധാനപരവുമായിത്തീരത്തക്ക ഒരു മാര്‍ഗ്ഗം അല്ലാഹു തുറന്നുകൊടുത്തു.

28:25
  • فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢٥﴿
  • അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നുണ്ട്.’ അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: ‘ഭയപ്പെടേണ്ട – അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!’
  • فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട്‌ قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ

സ്ത്രീകള്‍ രണ്ടാളും വീട്ടില്‍ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങള്‍ക്കു ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി. മൂസാ (അ)നെ വിളിക്കുവാന്‍ അവരില്‍ ഒരുവളെത്തന്നെ അയച്ചു. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയും, സുശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. മൂസാ (അ) ക്ഷണം സ്വീകരിച്ച് വൃദ്ധന്‍റെ അടുക്കല്‍ വന്നു. സംഭാഷണത്തില്‍ മൂസാ (അ) തന്‍റെ ചരിത്രം വിവരിച്ചു. ഫിര്‍ഔന്‍മാരുടെ അക്രമമൊന്നും ഇവിടെ ഭയപ്പെടുവാനില്ല; അവരുടെ അധികാരം ഈ നാട്ടില്‍ നടക്കുന്നുമില്ല എന്നൊക്കെപ്പറഞ്ഞു വൃദ്ധന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.

ഈ മാന്യവൃദ്ധന്‍ ആരായിരുന്നു? ശുഐബ് (شعيب ع) നബിയാണെന്നു പലരും പറയുന്നു. ശുഐബ് (അ) മദ്‌യനിലെ റസൂലായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ കാലം ലൂത്തു (അ) നബിയുടെ ശേഷമായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂ: ഹൂദ്‌ 89ല്‍ ശുഐബ് (അ) മദ്‌യന്‍ നിവാസികളോടു ‘ലൂത്തിന്‍റെ ജനത നിങ്ങളില്‍നിന്നു വിദൂരമായതല്ലല്ലോ (وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ : هود: ٨٩) എന്നു പ്രസ്താവിച്ചിട്ടുള്ളതു കാണാം. ഇബ്രാഹീം (അ) നബിയുടെ സമകാലീനനായിരുന്നു ലൂത്ത്വ് (അ) നബി. മൂസാ (അ) നബിക്കും അവര്‍ക്കുമിടയില്‍ ഏകദേശം 400ല്‍ പരം കൊല്ലം ഉണ്ടെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ എപ്പോഴായിരുന്നു ശുഐബ് (അ) നബിയുടെ ജീവിതകാലം എന്നു പറയത്തക്ക തെളിവുകളൊന്നും കാണുന്നില്ല. എന്നിരിക്കെ, പ്രസ്തുത മാന്യ വൃദ്ധന്‍ ശുഐബ് (അ) തന്നെയാണെന്നോ അല്ലെന്നോ, തീര്‍ത്തുപറയുക സാധ്യമല്ല. അതേ സമയത്തു വൃദ്ധന്‍റെ പേര്‍ യഥിറുന്‍ (*) എന്നാണെന്നും, ഇദ്ദേഹം ശുഐബു (അ) നബിയുടെ കുടുംബത്തില്‍പെട്ടവനാണെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നത്. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഈ വൃദ്ധന്‍ ഒരു സാധാരണക്കാരന്‍ മാത്രമല്ല. ഒരു മഹാനും ഭക്തനുമായിരുന്നുവെന്ന് ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാക്കാം.


(*). يثرو – او يثرون


ബൈബ്ളില്‍ ഈ സംഭവം വിവരിക്കുന്നതു ഇപ്രകാരമാകുന്നു: – ‘മോശെ ഫറവോന്‍റെ സന്നിധിയി ല്‍നിന്നു ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു: അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതനു ഏഴു പുത്രിമാരുണ്ടായിരുന്നു. അവര്‍ വന്നു അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറച്ചു. എന്നാല്‍ ഇടയന്‍മാര്‍ അവരെ ആട്ടിക്കളഞ്ഞു. അപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു. അവര്‍ തങ്ങളുടെ അപ്പനായ (**) റെഗുവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍ നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു….. അവന്‍ പുത്രിമാരോട് : അവന്‍ എവിടെ?.. ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി. അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറ (***)യെ കൊടുത്തു… മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോ (****) വിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു…..'(പുറപ്പാട് : അദ്ധ്യായം 2,3).


(**).رعوئيل
(***). صبوراء
(****). يثرى


രണ്ടു സ്ത്രീകളായിരുന്നു ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ വന്നതെന്നു ഖുര്‍ആന്‍ വ്യക്തമായി പ്പറഞ്ഞ സ്ഥിതിക്ക് ഏഴു പുത്രിമാര്‍ വന്നിരുന്നുവെന്നു ബൈബ്ളില്‍ കാണുന്നതു സ്വീകാര്യമല്ല. ഇതുപോലെത്തന്നെ, രണ്ടാമത്തെ ദിവസം ശണ്ഠകൂടിയതു രണ്ടു എബ്രേയര്‍ (ഇസ്രാഈല്യര്‍) തമ്മിലാണെന്നാണ് ബൈബ്ള്‍ പറയുന്നതു. ഇതും ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കുന്നതല്ല. ഇതുപോലെ എത്രയോ വിഷയങ്ങളില്‍ ബൈബ്ള്‍ ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കാത്തതായി കാണാം. അതുകൊണ്ടു തന്നെയാണ് അതിനെ ആസ്പദമാക്കി സംഭവങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലാതെ വന്നതും. എന്നിരിക്കെ, നമ്മുടെ മാന്യവൃദ്ധന്‍റെ പേരും മറ്റും ഈ ഉദ്ധരണിയെ ആസ്പദമാക്കി തീരുമാനിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. വേറെ തെളിവുകളും നമ്മുടെ മുമ്പിലില്ല. അതറിയുന്നതില്‍ പ്രത്യേകം വല്ല ഗുണവുമുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ തന്നെ അതു വ്യക്തമാക്കുമായിരുന്നു.

  • قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ﴾٢٦﴿
  • ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ (പിതാവിനോടു) പറഞ്ഞു: ‘പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്.’
  • قَالَتْ إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു يَا أَبَتِ എന്‍റെ ബാപ്പാ, പിതാവേ اسْتَأْجِرْهُ ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക إِنَّ خَيْرَ നിശ്ചയമായും നല്ലവന്‍, ഉത്തമന്‍ مَنِ اسْتَأْجَرْتَ നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍ الْقَوِيُّ ശക്തിമാനാണ്, കഴിവുള്ളവനാണ്‌ الْأَمِينُ വിശ്വസ്തനായ, വിശ്വസ്തനാണ്

തങ്ങളുടെ കാലികളെ മേയ്ക്കാന്‍ കൊള്ളാവുന്ന ഒരു കൂലിക്കാരനെ കിട്ടുന്നത് ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമായിരിക്കുമല്ലോ. അല്‍പമാത്രമായ പരിചയത്തില്‍നി ന്നു മൂസാ (അ) ആ ജോലിക്കു കൊള്ളാവുന്ന ആളാണെന്നും, ആരോഗ്യവാനും സത്യസന്ധനുമാ ണെന്നും അവള്‍ക്കു മനസ്സിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കൂലിക്കാരനായി നിശ്ചയിക്കുവാന്‍ അവള്‍ പിതാവിനോട് ശുപാര്‍ശ ചെയ്യുന്നത്.

കൂലിക്കാരനുണ്ടായിരിക്കേണ്ടുന്ന രണ്ടു പ്രധാന ഗുണങ്ങള്‍ ആ സ്ത്രീ രത്നം ചൂണ്ടിക്കാട്ടിയതു ശ്രദ്ധേ യമാണ്. കൂലിവേലക്കാരനു മാത്രമല്ല, ഏതു വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും, ശമ്പളക്കാര്‍ക്കും – വാസ്തവത്തില്‍ ഇവരെല്ലാം ഓരോതരം കൂലിവേലക്കാര്‍ തന്നെയാണുതാനും – ആ രണ്ടു ഗുണങ്ങളും അനിവാര്യമാണ്. കൂലിക്കാരാകട്ടെ, ശമ്പളക്കാരാകട്ടെ, ഉദ്യോഗസ്ഥാനുദ്യോഗസ്ഥ മേധാവികളാകട്ടെ – ആരായിരുന്നാലും – അഴിമതിയുടെയും, കൊള്ളരുതായ്മയുടെയും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും സങ്കേതങ്ങളാണവരില്‍ മിക്കവരും എന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇന്ന്. ഇതിനു കാരണം പരിശോധിക്കുന്നപക്ഷം, എല്ലാറ്റിന്‍റേയും യഥാര്‍ത്ഥ കാരണം ഒന്നായിരിക്കും. അതെ, ആ സ്ത്രീ ചൂണ്ടിക്കാട്ടിയ രണ്ടു വാക്കുകളുടെ അഭാവം തന്നെ. ‘കൂലിക്കു വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍ മിടുക്കനും വിശ്വസ്തനുമാണ്‌’ എന്ന അവളുടെ തത്വ ശാസ്ത്രം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്. തല്‍സ്ഥാനത്ത് ജോലികള്‍ക്കും തസ്തികകള്‍ക്കു മുള്ള യോഗ്യത ഇക്കാലത്ത് സ്വാധീനം, ശുപാര്‍ശ, കക്ഷിതാല്‍പര്യം എന്നിവയും, സാങ്കേതിക സാക്ഷ്യപത്രങ്ങളുമായിക്കലാശിച്ചിരിക്കുന്നു! ഒരാളെ ഒരു ജോലിക്കു ഏല്‍പിക്കുമ്പോള്‍ ആ ജോലിക്കു അയാള്‍ യഥാര്‍ത്ഥത്തില്‍ കഴിവും, പ്രാപ്തിയും ഉള്ളവനാണോ എന്ന് ഒന്നാമതായി പരിശോധിക്കണം. അയാള്‍ക്ക് ബിരുദമോ, സാക്ഷ്യപത്രമോ ഉണ്ടായിക്കൊള്ളട്ടെ, ഇല്ലാതിരിക്ക ട്ടെ. രണ്ടാമതായി അയാള്‍ വിശ്വസ്തനും നിഷ്കളങ്കനുമാണോ എന്നാണ് ആലോചിക്കേണ്ടത്. അയാളുടെ കക്ഷിയോ. സ്വാധീനമോ അല്ല. വിശ്വസ്ഥനല്ലെങ്കില്‍ ശക്തിയും പ്രാപ്തിയുമുണ്ടായിട്ടു കാര്യമില്ലെന്നു മാത്രമല്ല, പലപ്പോഴും അവനെക്കൊണ്ട് ദോഷം സംഭവിക്കുകയും ചെയും. പ്രാപ്തനല്ലെങ്കില്‍ വിശ്വസ്തതകൊണ്ടും വലിയ ഗുണമൊന്നും ലഭിക്കാനില്ല.

ജോലിക്കാരന്‍ കഴിവുള്ളവനും, വിശ്വസ്തനും (الْقَوِيُّ الْأَمِينُ) ആയിരിക്കുക എന്ന തത്വം ഇത്രയും പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് തന്നെയാണ് കേവലം ഒരു സ്ത്രീയുടെ ആ വാക്ക് അല്ലാഹു ഇവിടെ ഉദ്ധരിച്ചതും. സുലൈമാന്‍ നബി (അ) ബില്‍ഖീസിന്‍റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്‌) എന്ന്. നാം മനസ്സിരുത്തേണ്ടതിനും, അനുഷ്ഠാനത്തില്‍ കൊണ്ടു വരേണ്ടതിനും വേണ്ടി പലരുടെയും വാക്കുകള്‍ ഇതുപോലെ ഖുര്‍ആനില്‍ ഓരോ സന്ദര്‍ഭങ്ങളില്‍ അല്ലാഹു ഉദ്ധരിച്ചുകാണാം.

പിതാവ് മകളുടെ ശുപാര്‍ശ സ്വീകരിച്ചുവെന്നുമാത്രമല്ല, അതിനെക്കാള്‍ ഉപരിയായ ഒരു സ്ഥാനം കൂടി മൂസാ (അ)ക്ക് നല്‍കുവാനാണ് ആഗ്രഹിച്ചത്.

28:27
  • قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ ﴾٢٧﴿
  • അദ്ദേഹം [വൃദ്ധന്‍] പറഞ്ഞു: ‘താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്‍റെ പേരില്‍ എന്‍റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്.’ എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്.
  • قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി)
28:28
  • قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ ﴾٢٨﴿
  • അദ്ദേഹം [മൂസാ] പറഞ്ഞു: ‘അത് എന്‍റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ’. [നാം തമ്മിലുള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന്‍ നിറവേറ്റിയാലും എന്‍റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു.’
  • قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്‍റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്

അങ്ങനെ, ചുരുങ്ങിയതു എട്ടുകൊല്ലം – അധികരിച്ചാല്‍ പത്തുകൊല്ലം കൂലിവേല ചെയ്തുകൊടുക്കാമെന്ന നിശ്ചയത്തിന്‍മേല്‍ മൂസാ (അ) നബി വിവാഹിതനായി.

വിഭാഗം – 4

28:29

  • فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ ﴾٢٩﴿
  • എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്‍റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുകയും ചെയ്തപ്പോള്‍, ‘ത്വൂര്‍’ (പര്‍വ്വതത്തി)ന്‍റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു. അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു: ‘നിങ്ങള്‍ (ഇവിടെ) നില്‍ക്കുക- ഞാന്‍ ഒരു തീ ദര്‍ശിച്ചിരിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!’
  • فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ ‘ത്വൂറി’ന്‍റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി

ഇരുട്ടിയ രാത്രി, അതിശൈത്യം, വഴി അറിയായ്മ, എല്ലാം കൂടി ഗതിമുട്ടിയ അവസരത്തിലാണദ്ദേഹം അകലെ ഒരു തീ കണ്ടാനന്ദിക്കുന്നത്. വീട്ടുകാരെ പറഞ്ഞാശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം അങ്ങോട്ടുപോയി.

28:30
  • فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ ﴾٣٠﴿
  • അങ്ങനെ, അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍, അനുഗ്രഹീതമായ (ആ) പ്രദേശത്തുള്ള താഴ്‌വരയുടെ വലത്തെ തീരത്തു നിന്ന് – വൃക്ഷത്തില്‍നിന്ന് – അദ്ദേഹത്തോടു വിളിച്ചുപറയപ്പെട്ടു: ‘ഹേ, മൂസാ! നിശ്ചയമായും ഞാന്‍ ലോകരുടെ രക്ഷിതാവായ അല്ലാഹുവത്രെ’ എന്ന്.
  • فَلَمَّا أَتَاهَا അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു) مِن شَاطِئِ الْوَادِ താഴ്‌വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു الْأَيْمَنِ വലത്തേ فِي الْبُقْعَةِ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള الْمُبَارَكَةِ അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട مِنَ الشَّجَرَةِ വൃക്ഷത്തില്‍ നിന്നു أَن يَا مُوسَىٰ ഹേ മൂസാ എന്ന് إِنِّي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവ ത്രെ رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ

28:31

  • وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ ﴾٣١﴿
  • ‘നിന്‍റെ വടി (നിലത്ത്) ഇടുക’ എന്നും (പറയപ്പെട്ടു). എന്നിട്ടത് ഒരു (ചെറു) സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു (പോലു)മില്ല. (അല്ലാഹു പറഞ്ഞു:) ‘ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ! നിശ്ചയമായും, നീ നി൪ഭയന്‍മാരില്‍ [സുരക്ഷിതരില്‍]പെട്ടവനാകുന്നു’.
  • وَأَنْ أَلْقِ നീ ഇടുക എന്നും عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി كَأَنَّهَا جَانٌّ അതൊരു ചെറുസര്‍പ്പമെന്നോണം وَلَّىٰ അദ്ദേഹം തിരിഞ്ഞു مُدْبِرًا പിന്നിട്ടുകൊണ്ട് (പിന്നോക്കം) وَلَمْ يُعَقِّبْ പിമ്പോട്ടു നോക്കിയതുമില്ല, തിരിഞ്ഞുനോക്കിയതുമില്ല يَا مُوسَىٰ ഹേ മൂസാ أَقْبِلْ മുന്നോട്ടുവരുക وَلَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ مِنَ الْآمِنِينَ നിര്‍ഭയന്‍മാരില്‍ (സുരക്ഷിതരില്‍) പെട്ടവനാണ്

തീ പ്രകാശിച്ചു കണ്ട ആ വൃക്ഷത്തെപ്പറ്റി ‘ഒരു മുള്‍പ്പടര്‍പ്പ്’ എന്ന് ബൈബ്ളിലും, (*) ഒരു മുള്ളുമരം എന്നും മറ്റും ചില വ്യാഖ്യാതാക്കളും പറഞ്ഞുകാണാം. വാസ്തവം അല്ലാഹുവിനറിയാം. അതിന്‍റെ പേരറിയുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും ഇല്ലല്ലോ. മൂസാ (അ) അവിടെ ദര്‍ശിച്ച തീയാകട്ടെ, അതു സാധാരണ അറിയപ്പെടുന്ന തീയല്ലായിരുന്നു. അതിന്‍റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനേ അറിയുകയുള്ളു. അവിടെവെച്ചാണ് മറ്റാര്‍ക്കും ലഭിക്കാത്ത ആ ഭാഗ്യം – അല്ലാഹുവിന്‍റെ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യം – മൂസാ (അ) നബിക്കു സിദ്ധിച്ചതു എന്നുമാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ. മൂസാ (അ) നബിയെ അഭിമുഖീകരിച്ച് സൂ: അഅ്റാഫ്‌ : 144ല്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:

يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي – الأعراف

(മൂസാ, എന്‍റെ ദൗത്യങ്ങള്‍കൊണ്ടും, എന്‍റെ സംസാരംകൊണ്ടും ഞാന്‍ നിന്നെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠമാക്കിയിരിക്കുന്നു.) സൂ: മര്‍യം 52ലും ഇതിനെക്കുറിച്ച്‌ സൂചനയുണ്ട്. തന്‍റെ അപേക്ഷ പ്രകാരം സ്വസഹോദരന്‍ ഹാറൂന്‍ (അ) നബിയെ തനിക്കു സഹായകനെന്ന നിലയില്‍ റസൂലായി നിയോഗിച്ചതും മൂസാ (അ) നബിക്കു സിദ്ധിച്ച ഒരു പ്രത്യേക ഭാഗ്യംതന്നെയാണ്. ഇവിടേക്കാവശ്യമായ പല വിവരവും സൂ: ത്വാഹയില്‍ കഴിഞ്ഞുപോയിട്ടുള്ളത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. വടി സര്‍പ്പമായി മാറുന്നതു കാണിച്ചശേഷം അല്ലാഹു മൂസാ (അ) നബിയോടു പറയുന്നു: –


(*) പുറപ്പാട് 3:2

28:32
  • ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾٣٢﴿
  • ‘നിന്‍റെ കൈ നിന്‍റെ കുപ്പായാത്തിന്‍റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്‍റെ പാര്‍ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു.’
  • اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ (കുപ്പായത്തിന്‍റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

‘ഭയപ്പാടിന് നീ നിന്‍റെ പാര്‍ശ്വത്തെ നിന്നിലേക്കു കൂട്ടിപ്പിടിക്കുക’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം  ഇതാണ്: വടി പാമ്പായിത്തീരുമ്പോഴോ, കൈ വെള്ളനിറം പൂണ്ടു പ്രത്യക്ഷപ്പെടുമ്പോഴോ, ഫിര്‍ഔന്‍റെ അടുക്കല്‍ ചെല്ലുമ്പോഴോ ഒന്നും തന്നെ നീ ഭയപ്പെടേണ്ടതില്ല. ഭയം തോന്നുന്നപ ക്ഷം, അതിനു പരിഹാരമായി നീ നിന്‍റെ പാര്‍ശ്വം – അഥവാ കൈ – നിന്‍റെ നെഞ്ഞില്‍ ചേര്‍ത്തു വെച്ച് കൂട്ടിപ്പിടിക്കുക. എന്നാല്‍ ആ ഭയം നീങ്ങിക്കൊള്ളും. വടി പാമ്പായി മാറിയപ്പോള്‍ മൂസാ (അ) നബിക്കു വലിയ ഭയം അനുഭവപ്പെട്ടുവല്ലോ. മേലില്‍ അങ്ങിനെ സംഭവിക്കുന്നപക്ഷം ഇപ്രകാരം ചെയ്‌താല്‍ മതിയെന്ന് അല്ലാഹു ഉപദേശിക്കുകയാണ്. ഈ ഉപദേശം മൂസാ (അ) നബിയെ സംബന്ധിച്ചിടത്തോളം പ്രത്യേകം ഫലവത്തായിരിക്കുമെന്നു പറയേണ്ടതില്ല. അല്ലാഹു സഹായിച്ച് ഭയവേളയില്‍, ഹൃദയത്തിനുമീതെ കൈവെച്ചുകൊണ്ട് – ഇബ്നുകഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ – നമുക്കും ഇതു ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുമൂലം ഭയത്തിനു അല്‍പമെങ്കിലും  ലാഘവം കൂടുമെന്നതു ഏറെക്കുറെ അനുഭവങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതുമാണ്.

28:33
  • قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ ﴾٣٣﴿
  • അദ്ദേഹം [മൂസാ] പറഞ്ഞു: ‘എന്‍റെ രക്ഷിതാവേ! അവരില്‍പെട്ട ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്; അതിനാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ, രക്ഷിതാവേ إِنِّي قَتَلْتُ ഞാന്‍ കൊന്നിട്ടുണ്ടു مِنْهُمْ അവരില്‍നി ന്നു نَفْسًا ഒരാളെ فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു
28:34
  • وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴾٣٤﴿
  • ‘എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ, എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ച്) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
  • وَأَخِي هَارُونُ എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ هُوَ അവന്‍, അദ്ദേഹം أَفْصَحُ مِنِّي എന്നെക്കാള്‍ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് لِسَانًا സംസാരം, ഭാഷ, നാവ് فَأَرْسِلْهُ അതുകൊണ്ട് അദ്ദേഹത്തെ അയക്കണേ, നിയോഗിക്കണേ مَعِيَ എന്നോടൊപ്പം رِدْءًا സഹായകനായിട്ട്, ഉതവിയായി يُصَدِّقُنِي അവന്‍ എന്നെ സത്യപ്പെടുത്തും (എന്‍റെ സത്യത സ്ഥാപിക്കും) إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു

വാക്ചാതുര്യം , അഥവാ സംസാരവൈഭവം തന്നെക്കാള്‍ സഹോദരനു കൂടുതലുള്ളതുകൊണ്ട് താന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളും, തെളിവുകളും കൂടുതല്‍ വ്യക്തവും യുക്തവുമായ നിലയില്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനും, അതുവഴി തന്‍റെ സത്യതക്ക് കൂടുതല്‍ ദൃഢീകരണം ലഭിക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ മൂസാ നബി (അ) സഹോദരനെക്കൂടി റസൂലായി നിയോഗിച്ചയച്ചുകൊടുക്കുവാന്‍ അപേക്ഷിക്കുന്നതു: മൂസാ (അ) നബിക്കു സംസാരത്തില്‍ അല്‍പം വിഷമം ഉണ്ടായിരുന്നതിനെക്കുറിച്ച് സൂ: ത്വാഹായിലും, ശുഅറാഇലും പ്രസ്താവിച്ചിട്ടുണ്ട്. ഫിര്‍ഔന്‍ ഒരിക്കല്‍ മൂസാ (അ) നബിയെ പരിഹസിച്ചു പറയുന്ന മദ്ധ്യെ ഇങ്ങിനെ പറഞ്ഞതായി സൂ: സുഖ്റൂഫ് 52ല്‍ കാണാം. وَلَا يَكَادُ يُبِينُ : الزخرف (അവന്‍ വ്യക്തമായി സംസാരിച്ചേക്കുന്നതുമല്ല). ഇതിനും പുറമെ, ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഒരു പഴയ കൊലപാതകിയുമാണല്ലോ മൂസാനബി (അ). ആ നിലക്കും സഹോദരന്‍റെ സഹായവും വാചാലതയും പ്രയോജനപ്പെടുമല്ലോ.

28:35
  • قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ ﴾٣٥﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: ‘നിന്‍റെ സഹോദരനെക്കൊണ്ട് നിന്‍റെ തോള്‍ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്‍തുടര്‍ന്നവരും ആയിരിക്കും വിജയികള്‍.’
  • قَالَ അവന്‍ പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്‍റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്‍റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്‍തുടര്‍ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍

സഹോദരന്‍ മുഖേന നിന്‍റെ കരങ്ങള്‍ക്ക് – അഥവാ പ്രവര്‍ത്തനങ്ങള്‍ക്ക് – നാം ശക്തിയും ബലവും നല്‍കുകയും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ പക്ഷത്ത് തെളിവും പ്രാബല്യവും തന്ന് നിങ്ങളെ സഹായിക്കുകയും ചെയ്യും. അവര്‍ക്ക് നിങ്ങളെ കയ്യേറ്റം ചെയ്യാനും, നിങ്ങളെ പരാജയപ്പെടുത്തുവാനും സാധിക്കുന്നതല്ല. നാം കൽപിച്ചു തന്ന ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. അതുവഴി, നിങ്ങളും നിങ്ങളുടെ അനുയായികളും തന്നെയായിരിക്കും വിജയം വരിക്കുക. ശത്രുക്കള്‍ പരാജയമടയുക തന്നെ ചെയ്യും എന്നു സാരം.

ഈ വാഗ്ദാനങ്ങള്‍ അല്ലാഹു അവര്‍ക്കു തികച്ചും നിറവേറ്റിക്കൊടുത്തിട്ടുമുണ്ട്. അധികാരപ്രമത്ത തയുടെയും, ധിക്കാരഭരണത്തിന്‍റെയും പരമകാഷ്ഠയിലെത്തിയ ഫിര്‍ഔന്‍റെ ഭരണാതി൪ത്തിക്കുള്ളില്‍വെച്ച് – ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ് എന്നും, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി എനിക്കറിവില്ല എന്നും നിസ്സങ്കോചം വീരവാദംചെയ്ത ആ ഏകാധിപതിയുടെ മുമ്പില്‍വെച്ച് – തരിമ്പുപോലും തലകുനിക്കാതെ, അണുഅളവും പതറാതെ, തൗഹീദിന്‍റെ പ്രബോധനം അവര്‍ നടത്തി. പതിനായിരക്കണക്കിലോ, ലക്ഷക്കണക്കിലോ ജനസംഖ്യ വരുന്ന ഇസ്രാഈല്‍ ജനതയെ അത്യത്ഭുതകരമാംവിധം അവര്‍ രക്ഷപ്പെടുത്തി. ആ വമ്പിച്ച ജനതക്ക് ഒരു പുതിയ ജീവിതവും ജീവിതക്രമവും നല്‍കി. ഇതെല്ലാം അല്ലാഹുവിന്‍റെ ആ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണം ഒന്നുമാത്രമാണ്.

28:36
  • فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٣٦﴿
  • അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല.’
  • فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടിട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച്‌ فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുന്‍കഴിഞ്ഞ

28:37

  • وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ ﴾٣٧﴿
  • മൂസാ പറഞ്ഞു: ‘എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്; അവന്‍റെ പക്കല്‍നിന്നുള്ള സന്‍മാര്‍ഗ്ഗവും കൊണ്ടുവന്നിട്ടുള്ളവ൯ ആരാണെന്നും, ഈ (ഇഹലോകമാകുന്ന) ഭവനത്തിന്‍റെ (ശുഭ) പര്യവസാനം ആര്‍ക്കാണുണ്ടായിരിക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമികള്‍ നിശ്ചയമായും വിജയിക്കുകയില്ല.’
  • وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണു بِمَن جَاءَ വന്നവനെപ്പറ്റി, ആരാണ് വന്നതെന്നു بِالْهُدَىٰ സന്‍മാര്‍ഗ്ഗവും കൊണ്ടു مِنْ عِندِهِ അവന്‍റെ പക്കല്‍നിന്നു وَمَن ഒരുവനെപ്പറ്റിയും, ആരാണെന്നും تَكُونُ لَهُ അവന്നുണ്ടായിരിക്കും عَاقِبَةُ (ശുഭമായ) പര്യവസാനം الدَّارِ ഭവനത്തിന്‍റെ (ഈ ലോകത്തിന്‍റെ) إِنَّهُ നിശ്ചയമായും കാര്യം لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍

ഇതൊന്നും ചിന്തിക്കുവാന്‍ ശ്രമിക്കുകയല്ല ഫിര്‍ഔന്‍ ചെയ്തത്. അവന്‍റെ അഹങ്കാരവും ധിക്കാരവും അങ്ങേഅറ്റം മുഴക്കുകയാണുണ്ടായത്.

28:38
  • وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ ﴾٣٨﴿
  • ഫിര്‍ഔന്‍ പറഞ്ഞു: ‘പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല. അതുകൊണ്ട് ഓ ഹാമാന്‍! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്.’
  • وَقَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതുകൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്‍മേല്‍ فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരിക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു

ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി ഞാന്‍ അറിയുന്നില്ലെന്നും, (79:24ല്‍ പറയുന്നതുപോലെ) ഞാന്‍ നിങ്ങളുടെ അത്യുന്നതനായ റബ്ബാണെന്നും ഫിര്‍ഔന്‍ പ്രഖ്യാപിച്ചതുകൊണ്ട് ഈ ആകാശഭൂമികള്‍ സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്നവന്‍ താന്‍ തന്നെയാണെന്നു ഫിര്‍ഔന്‍ വാദി ക്കുന്നതായി കരുതേണ്ടതില്ല. ഇമാംറാസീ (റ)യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ, ആ വാദം പുറപ്പെടുവിക്കുവാന്‍മാത്രം ഭോഷനല്ലായിരുന്നു ഫിര്‍ഔനെന്നും, ഒരു പക്ഷേ അതവന്‍ പറഞ്ഞാല്‍ തന്നെയും അല്‍പം ബുദ്ധിയുള്ള ഏവരും അതു സമ്മതിക്കുകയില്ലെന്നും വ്യക്തമാണ്. നാട്ടിനെയും, പ്രജകളെയും സ്വേച്ഛയനുസരിച്ച് ഭരിച്ചു നിയന്ത്രിച്ചുപോരുന്ന ഏറ്റവും വലിയ രക്ഷിതാവും, അവരുടെ എല്ലാവിധ ആരാധനാ വണക്കങ്ങള്‍ക്കും അവകാശിയായഎകാരാധ്യനും താനാണെ ന്നും അതിനാല്‍ വേറൊരു റബ്ബിനെയും, ഇലാഹിനെയും (രക്ഷിതാവിനെയും ആരാധ്യനെയും) അവിടെ അവതരിപ്പിക്കുവാന്‍ പാടില്ലെന്നുമാണ് അവന്‍റെ വാദം. രാജാക്കള്‍ ആരാധ്യപുരുഷന്‍മാ രായി ഗണിക്കപ്പെടുകയും, അവരില്‍ ദിവ്യത്വം കല്‍പിക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്ത കാലംവരെ പല നാട്ടിലും നടപ്പുള്ളതായിരുന്നു. ഫിര്‍ഔനെ സംബന്ധിച്ചിടത്തോളം ഈ നില കൂടുതല്‍ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നുവെന്നുമാത്രം.

ജനമദ്ധ്യെ മൂസാ (അ) നബിയെ പരിഹസിക്കുവാനും, തൗഹീദിന്‍റെ പ്രബോധനത്തില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും, സംശയവും ഉളവാക്കാനുംവേണ്ടി ഫിര്‍ഔന്‍ പ്രയോഗിക്കുന്ന ഒരു സൂത്രമത്രെ തന്‍റെ മന്ത്രി ഹാമാനെ വിളിച്ചുകൊണ്ടുള്ള ആ കല്‍പന. കളിമണ്ണ്‍ കൊണ്ട് ഇഷ്ടികയുണ്ടാ ക്കി ചൂളവെച്ച് ചുട്ടെടുത്താണല്ലോ മിക്ക നാട്ടിലും കെട്ടിടങ്ങളുണ്ടാക്കുന്നത്. വേഗം കുറെ ഇഷ്ടികയുണ്ടാക്കി ഒരു ഉന്നതമായ സൗധം കെട്ടിപ്പൊക്കണം. ഭൂമിയിലെവിടെയും ഞാനല്ലാതെ ഒരു ഇലാഹില്ലാത്ത സ്ഥിതിക്ക് മൂസായുടെ പുതിയ ഇലാഹിനെ ആകാശത്തൊന്നു പരിശോധിച്ചുനോ ക്കണം എന്നാണവന്‍ പറയുന്നത്. ഇങ്ങനെ ഒരു സൗധം ഫിര്‍ഔന്‍ ഉണ്ടാക്കിയതായോ അതില്‍ കേറി നോക്കിയതായോ യാതൊരു തെളിവുമില്ല. വേറൊരു ഇലാഹും ഉള്ളതായി താന്‍ അറിയു ന്നില്ല എന്നും, മൂസാ കളവു പറയുന്നവനാണെന്നാണു താന്‍ ധരിക്കുന്നതെന്നും പറഞ്ഞതു താനൊരു നിഷ്പക്ഷവാദിയും സത്യാന്വേഷിയുമാണെന്നു വരുത്തിത്തീര്‍ക്കുവാനാകുന്നു. വാസ്തവത്തില്‍ ഇത്രയും കടുത്ത ധിക്കാരത്തിനും, നിഷേധത്തിനും ഫിര്‍ഔനും കക്ഷിയും ഒരുമ്പെടു വാനുള്ള കാരണമെന്താണെന്ന് അല്ലാഹു വ്യക്തമാക്കുന്നു: –

28:39
  • وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ ﴾٣٩﴿
  • അവനും അവന്‍റെ സൈന്യങ്ങളും നാട്ടില്‍ ന്യായരഹിതമായി അഹങ്കാരം നടിച്ചു;
    നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു.
  • وَاسْتَكْبَرَ അവന്‍ അഹങ്കാരം (ഗര്‍വ്വു) നടിച്ചു هُوَ അവന്‍ وَجُنُودُهُ അവന്‍റെ സൈന്യങ്ങളും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) بِغَيْرِ الْحَقِّ ന്യായം കൂടാതെ, ന്യായരഹിതമായി وَظَنُّوا അവര്‍ ധരിക്കുകയും ചെയ്തു أَنَّهُمْ നിശ്ചയമായും അവര്‍ إِلَيْنَا നമ്മുടെ അടുക്കലേക്കു لَا يُرْجَعُونَ മടക്കപ്പെടുകയില്ല (എന്ന്)

28:40

  • فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ ﴾٤٠﴿
  • അതിനാല്‍, അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക!
  • فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്‍റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം

28:41

  • وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ ﴾٤١﴿
  • നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല.
  • وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്‍മാര്‍, മുമ്പന്മാര്‍ يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല

28:42

  • وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ ﴾٤٢﴿
  • ഈ ഐഹികലോകത്ത് നാം അവര്‍ക്കു (പിന്നാലെ) ശാപം തുടര്‍ത്തുകയും ചെയ്തു. ഖിയാമത്തുനാളിലാകട്ടെ, അവര്‍ വഷളാക്കപ്പെട്ട [ശപിക്കപ്പെട്ട]വരുടെ കൂട്ടത്തിലുമായിരിക്കും.
  • وَأَتْبَعْنَاهُمْ നാം അവരെ അനുഗമിച്ചു, പിന്‍തുടര്‍ത്തുകയും ചെയ്തു فِي هَـٰذِهِ الدُّنْيَا ഈ ഐഹിക ലോകത്തു لَعْنَةً ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ هُم അവര്‍ مِّنَ الْمَقْبُوحِينَ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും

അവനെയും, അവന്‍റെ സൈന്യങ്ങളെയും പിടിച്ച്  കടലില്‍ എറിഞ്ഞു എന്ന പ്രയോഗത്തില്‍, ആ സംഭവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ ഒരു നടപടിയായിരുന്നുവെന്ന് സൂചന കാണാം. 6-ാം വചനത്തില്‍ ദുര്‍ബ്ബലരായ ഇസ്രാഈല്യരെപ്പറ്റി അവരെ നേതാക്കന്മാരാക്കുവാന്‍ നാം ഉദ്ദേശിക്കുന്നുവെന്നും മറ്റും അല്ലാഹു പറഞ്ഞുവല്ലോ. എന്നാല്‍ ഇതേവരെയും നേതാക്കളായി ഗണിക്കപ്പെട്ടിരുന്നവര്‍ ഫിര്‍ഔനും അവന്‍റെ ആള്‍ക്കാരും തന്നെയായിരുന്നു. അവരുടെ നേതൃത്വത്തിന്‍റെ സ്വഭാവമാണ് 41-ാം വചനത്തില്‍ നാം കാണുന്നത്. അതെ, അവര്‍ നേതാക്കളായിരുന്നു പക്ഷേ, നരകത്തിലേക്കു ജനങ്ങളെ ക്ഷണിക്കുന്നതിലായിരുന്നു അവരുടെ നേതൃത്വം. അധികാരപ്രമത്തതയിലും ഭൗതികമായ നേട്ടങ്ങളിലും അഹങ്കരിച്ചുകൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചുവരുന്ന എല്ലാവരും ഫിര്‍ഔനെയും, അവന്‍റെ ആള്‍ക്കാരെയും മാതൃകയാക്കുക യാണ് ചെയ്യുന്നതെന്ന സൂചനയും ഈ വചനത്തില്‍ കാണാവുന്നതാണ്.

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 08 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 01 മുതൽ 21 വരെ

സൂറത്തുല്‍ ഖസ്വസ്വ് : 01-21

ഖസ്വസ്വ് (കഥാകഥനം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 88 – വിഭാഗം (റുകുഅ്) 9

(52 മുതല്‍ 55 വരെ ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും 85-ആം വചനം മദീനായിലേ ക്കുള്ള ഹിജ്ര മദ്ധ്യേ ജുഹ്ഫയില്‍ അവതരിച്ചതാണെന്നും മുഖാത്തില്‍ (റ) പ്രസ്താവിച്ചിരിക്കുന്നു)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

28:1

  • طسٓمٓ ﴾١﴿
  • ‘ത്വാ -സീന്‍ – മീം’ (*)
  • طسٓمٓ ‘ത്വാ – സീന്‍ – മീം’

28:2

  • تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • ഇവ സ്പഷ്ടമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു
  • تِلْكَ ഇവ, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് الْمُبِينِ സ്പഷ്ടമായ, വ്യക്തമായ

28:3

  • نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ ﴾٣﴿
  • വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി, മൂസായുടെയും, ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍നിന്നു (ചിലത്) യഥാര്‍ത്ഥ നിലയില്‍ നിനക്ക് നാം ഓതിത്തരുന്നു.
  • نَتْلُو നാം ഓതിത്തരുന്നു عَلَيْكَ നിനക്കു مِن نَّبَإِ مُوسَىٰ മൂസായുടെ വൃത്താന്തത്തില്‍ നിന്നു وَفِرْعَوْنَ ഫിര്‍ഔന്‍റെയും بِالْحَقِّ യഥാര്‍ത്ഥനിലയില്‍, മുറപ്രകാരം لِقَوْمٍ ഒരു ജനതക്കുവേണ്ടി يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു

(*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്.

28:4
  • إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ ﴾٤﴿
  • നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ – അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു.
  • إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ عَلَا പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു أَهْلَهَا അതിലെ ആളുകളെ شِيَعًا പല കക്ഷികള്‍ يَسْتَضْعِفُ അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയിരുന്നു طَائِفَةً مِّنْهُمْ അവരില്‍നിന്നൊരു വിഭാഗത്തെ يُذَبِّحُ അറുകൊല ചെയ്തുകൊണ്ടു أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ وَيَسْتَحْيِي ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു نِسَاءَهُمْ അവരുടെ പെണ്ണുങ്ങളെ إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു مِنَ الْمُفْسِدِينَ കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍)

ഉപദേശം കേട്ടു ഗ്രഹിക്കുവാനും, ദൃഷ്ടാന്തങ്ങള്‍ ചിന്തിച്ചു പാഠം പഠിക്കുവാനും മുന്നോട്ടു വരുന്നതു വിശ്വാസികളായ ആളുകളായിരിക്കുന്നതുകൊണ്ടാണ് ‘വിശ്വസിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ഓതിത്തരുന്നു’ എന്നു പറഞ്ഞത്. വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകുകയില്ലല്ലോ.

പ്രജാധിപത്യത്തിന്‍റെയും, ജനാധിപത്യത്തിന്‍റെയും യുഗമെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തു പോലും സ്വജനപക്ഷപാതവും സാധുമര്‍ദ്ധനവും നടമാടുന്നതു സാധാരണമാണല്ലോ. എന്നിരിക്കെ, സ്വേച്ഛാധിപതിയായ ഫിര്‍ഔന്‍റെ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയേണ്ടതുണ്ടോ?! ഈജിപ്തിലെ പൂര്‍വ്വനിവാസികളായ ഖിബ്ത്തി (കൊപ്ത്തി)കള്‍ ഭരണകക്ഷിയായ ഉന്നതവര്‍ഗ്ഗ മെന്നും, യൂസുഫ് (അ) നബിയുടെ കാലം മുതല്‍ അവിടെ കുടിയേറിപ്പാര്‍ത്തുവന്ന ഇസ്രാഈല്യര്‍ കേവലം അടിമകളായ അധമവര്‍ഗ്ഗമെന്നും വിഭജിക്കപ്പെട്ടിരുന്നു. ഇസ്രാഈല്യര്‍ കാലാന്തരത്തില്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളായ യഅ്ഖൂബ് (അ) നബിയുടെയും, യൂസുഫ് (അ) നബിയുടെയും മാര്‍ഗ്ഗത്തില്‍ നിന്ന് വളരെ അധികം വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും ഖിബ്ത്തി കളില്‍ നിന്നും ഏറെക്കുറെ വ്യത്യസ്തമായ മതാചാരങ്ങളും സംസ്കാരപാരമ്പര്യവുമായിരുന്നു അവര്‍ക്കുള്ളത്. വര്‍ഗ്ഗവിവേചനത്തിന് ഇതും കാരണമായിരുന്നു. അങ്ങനെ, ഇസ്രാഈല്യര്‍ വെറും മൃഗതുല്യരായി ഗണിക്കപ്പെടുകയും, അനേകം അക്രമമര്‍ദ്ദനങ്ങള്‍ക്കു അവര്‍ വിധേയരാവുകയും ചെയ്തു. അതേസമയത്ത് ഇസ്രാഈല്യരുടെ സംഖ്യാ വര്‍ദ്ധനവ് ഖിബ്ത്തികളില്‍ അസൂയയും ഭയവും ഉളവാക്കി. ഭാവിയില്‍ തങ്ങളുടെ ഭരണം തന്നെ നഷ്ടപ്പെടുവാന്‍ അത് കാരണമായേക്കുമോ എന്നായി. ഒടുക്കം ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല ചെയ്യാന്‍ ഫിര്‍ഔന്‍ കല്‍പിച്ചു.

ബൈബ്ള്‍ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ‘യോസേഫും സഹോദരന്‍മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു. യിസ്രായേല്‍ മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയൊരു രാജാവ് മിസ്രയീമില്‍ ഉണ്ടായി. അവന്‍ തന്‍റെ ജനത്തോട്: യിസ്രായേല്‍ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകിട്ട് ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോട് ചേര്‍ന്ന് നമ്മോട് പൊരുതി ഈ രാജ്യം വിട്ടുപോയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്ന് നാം അവരോട് ബുദ്ധിയായി പെരുമാറുക. അങ്ങനെ, കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്ന്‍ അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി…. എന്നാല്‍ അവര്‍ പീഡിപ്പിക്കുംതോറും ജനം പെരുകിവര്‍ദ്ധിച്ചു.. സൂതികര്‍മ്മിണികളോടു എബ്രായ സ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിനു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം. പെണ്ണാകുന്നു എങ്കില്‍ ജീവനോടിരി ക്കട്ടെ എന്നു കല്‍പിച്ചു…’ (പുറപ്പാടു, അദ്ധ്യായം 1)

എന്നാല്‍ അല്ലാഹുവിന്‍റെ ഉദ്ദേശ്യം നേരെ മറിച്ചായിരുന്നു:-

28:5
  • وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ ﴾٥﴿
  • നാട്ടില്‍ ബലഹീനരായി ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാമും ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്‌വാനും (ഉദ്ദേശിക്കുന്നു);
  • وَنُرِيدُ നാം ഉദ്ദേശിക്കുകയും ചെയ്യുന്നു أَن نَّمُنَّ നാം ദാക്ഷിണ്യം (ഉപകാരം, നന്‍മ) ചെയ്‌വാന്‍ عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് اسْتُضْعِفُوا അവര്‍ ബലഹീനമാക്കപ്പെട്ടു, അവശരാക്കപ്പെട്ടു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَنَجْعَلَهُمْ അവരെ ആക്കുവാനും أَئِمَّةً മുമ്പന്‍മാര്‍, നേതാക്കള്‍ وَنَجْعَلَهُمُ അവരെ ആക്കുവാനും الْوَارِثِينَ അനന്തരാവകാശികള്‍

28:6

  • وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ﴾٦﴿
  • നാട്ടില്‍ അവര്‍ക്കു സ്വാധീനം നല്‍കുകയും, ഫിര്‍ഔന്നും, ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും തങ്ങള്‍ അവരില്‍നിന്ന് ഏതൊന്നിനെക്കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം (അനുഭവത്തില്‍) കാണിച്ചുകൊടുക്കുകയും ചെയ്‌വാനും (നാം ഉദ്ദേശിക്കുന്നു).
  • وَنُمَكِّنَ നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَنُرِيَ നാം കാട്ടിക്കൊടുക്കുവാനും فِرْعَوْنَ ഫിര്‍ഔന്നു وَهَامَانَ ഹാമാന്നും وَجُنُودَهُمَا അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും مِنْهُم അവരില്‍നിന്ന് مَّا യാതൊന്ന് (ഒരു കാര്യം) كَانُوا يَحْذَرُونَ അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന

അല്ലാഹു ലോകത്തു നടത്താറുള്ള ഒരു പൊതുനടപടിക്രമമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. അതായത്, അക്രമവും, ധികാരവും അതിരുകവിഞ്ഞ ജനതയെ നശിപ്പിച്ച് മര്‍ദ്ദിതരും പാവപ്പെട്ടവരുമായി കഴിയുന്ന ജനതക്ക് പ്രതാപവും സ്വാധീനവും നല്‍കുക. ഇതിനു ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഫിര്‍ഔന്‍റെ മന്ത്രിയായിരുന്നു ഹാമാന്‍.

28:7
  • وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ ﴾٧﴿
  • മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: ‘അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും, അവനെ ‘മുര്‍സലു’കളില്‍ (ദൈവദൂതന്‍മാരില്‍) പെട്ടവനാക്കുന്നതുമാകുന്നു.’
  • وَأَوْحَيْنَا നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി إِلَىٰ أُمِّ مُوسَىٰ മൂസായുടെ മാതാവിനു أَنْ أَرْضِعِيهِ നീ അവന് മുലകൊടുക്കുക എന്ന് فَإِذَا خِفْتِ എന്നിട്ടു നീ പേടിച്ചാല്‍ عَلَيْهِ അവനെക്കുറിച്ചു فَأَلْقِيهِ അപ്പോള്‍ നീ അവനെ ഇടുക فِي الْيَمِّ നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍ وَلَا تَخَافِي നീ ഭയപ്പെടരുത് وَلَا تَحْزَنِي നീ വ്യസനിക്കയും അരുത് إِنَّا നിശ്ചയമായും നാം رَادُّوهُ അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്) إِلَيْكِ നിനക്ക്, നിന്നിലേക്ക്‌ وَجَاعِلُوهُ അവനെ ആക്കുന്നവരുമാണ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട (വന്‍)

ഇസ്രാഈല്യരുടെ ആണ്‍കുട്ടികളെ കണ്ടമാനം കൊന്നൊടുക്കിയിരുന്ന കാലത്താണ് മൂസാ (അ) നബിയുടെ ജനനം. മാതാവിനു തന്‍റെ കുഞ്ഞിനെപ്പറ്റി കഠിന ഭയമുണ്ടായിരിക്കുമെന്നു പറയേണ്ടതില്ല. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു മേല്‍കണ്ടപ്രകാരം തോന്നിപ്പിച്ചുകൊണ്ട്‌ അവര്‍ക്കു മനസ്സമാധാനം നല്‍കുന്നത്. അവര്‍ കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയിലിട്ടു.

28:8
  • فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ ﴾٨﴿
  • എന്നിട്ട്, തങ്ങള്‍ക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാന്‍വേണ്ടി, ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ അവനെ (നദിയില്‍നിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഫിര്‍ഔനും, ഹാമാനും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു.
  • فَالْتَقَطَهُ എന്നിട്ട് അവനെ കണ്ടെടുത്തു آلُ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ لِيَكُونَ അവന്‍ ആയിരിക്കുവാന്‍ لَهُمْ അവര്‍ക്ക് عَدُوًّا ശത്രു وَحَزَنًا വ്യസനവും, ദുഃഖവും إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ وَهَامَانَ ഹാമാനും وَجُنُودَهُمَا അവരുടെ സൈന്യങ്ങളും كَانُوا അവരായിരുന്നു خَاطِئِينَ പിഴച്ചവര്‍, അബദ്ധം പിണഞ്ഞവര്‍

അവരും അവരുടെ സര്‍വസ്വവും നശിക്കുവാനും, അവരെ തീരാദുഃഖത്തിലാഴ്ത്തുവാനും കാരണഭൂതനായി കലാശിക്കുന്ന ആ കുഞ്ഞിനെ അവരുടെ കൈക്കു തന്നെ അല്ലാഹു രക്ഷപ്പെടുത്തി. നൈല്‍നദിയിലൂടെ ഒഴുകിപ്പോകുകയായിരുന്ന ആ കുട്ടിയെ എടുത്തു രക്ഷപ്പെടുത്തുകവഴി അവര്‍ തങ്ങള്‍ക്കു തന്നെ വമ്പിച്ച ആപത്തു വലിച്ചിടുകയാണ് ചെയ്തത്. ആ കുട്ടി ഇസ്രാഈല്യരില്‍ പെട്ടവനായിരിക്കാമെന്നും, അവനെ കൊലപ്പെടുത്തണമെന്നും ഫിര്‍ഔന്‍ ഉത്തരവിടാതിരുന്നില്ല. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചത് ഫിര്‍ഔന്‍റെ ലാളനയില്‍ തന്നെ കുട്ടി വളരണമെന്നായിരുന്നു.

28:9
  • وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا وَهُمْ لَا يَشْعُرُونَ ﴾٩﴿
  • ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്; ‘ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം.’ അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല.
  • وَقَالَتِ പറഞ്ഞു امْرَأَتُ فِرْعَوْنَ ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ) قُرَّتُ عَيْنٍ കണ്‍കുളിര്‍മ്മയാണ്‌ (മനസ്സന്തോഷമാണ്) لِّي എനിക്ക് وَلَكَ അങ്ങേക്കും, നിനക്കും لَا تَقْتُلُوهُ നിങ്ങളവനെ കൊലപ്പെടുത്തരുത് عَسَىٰ أَن يَنفَعَنَا അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം وَلَدًا സന്താനമായി, കുട്ടിയായി وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിഞ്ഞിരുന്നില്ല

കുട്ടിയെ കണ്ടപ്പോള്‍ ഫിര്‍ഔന്‍റെ ഭാര്യക്ക് അലിവും ആവേശവും തോന്നി. തങ്ങള്‍ക്ക് അവനെ ലാളിച്ചും ഓമനിച്ചും കൊണ്ടിരിക്കാം. ഒരു പോറ്റുകുട്ടിയായി വളര്‍ത്താം. അവന്‍ മുഖാന്തരം ഭാവിയില്‍ വല്ല ഗുണവും കിട്ടിയേക്കാം, ഏതായാലും അവനെ വധിച്ചുകൂടാ എന്നൊക്കെയായിരുന്നു രാജ്ഞിയുടെ പക്ഷം. അങ്ങനെ മൂസാ (അ) വധത്തില്‍നിന്നു രക്ഷപ്പെട്ടു. സംഭവിക്കുവാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിഞ്ഞുകൂടല്ലോ!

28:10
  • وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ ﴾١٠﴿
  • മൂസായുടെ മാതാവിന്‍റെ ഹൃദയം (അസ്വാസ്ഥ്യം നിമിത്തം) ശൂന്യമായിത്തീര്‍ന്നു. അവളുടെ മനസ്സിന് നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അവള്‍ അതു [ആ രഹസ്യം] വെളിപ്പെടുത്തിയേക്കുമായിരുന്നു! അവള്‍ വിശ്വസിക്കുന്നവരില്‍പെട്ടവളാകുവാന്‍ വേണ്ടിയത്രെ (നാം അങ്ങിനെ ചെയ്തത്).
  • وَأَصْبَحَ ആയിത്തീര്‍ന്നു فُؤَادُ أُمِّ مُوسَىٰ മൂസായുടെ മാതാവിന്‍റെ ഹൃദയം فَارِغًا ഒഴിഞ്ഞതു, ശൂന്യമായതു إِن كَادَتْ നിശ്ചയമായും അവള്‍ ആയേക്കുമായിരുന്നു لَتُبْدِي بِهِ അതു വെളിപ്പെടുത്തുക തന്നെ لَوْلَا أَن رَّبَطْنَا നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ عَلَىٰ قَلْبِهَا അവളുടെ മനസ്സിന് لِتَكُونَ അവള്‍ ആകുവാന്‍ വേണ്ടി مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വള്‍)

28:11

  • وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍ وَهُمْ لَا يَشْعُرُونَ ﴾١١﴿
  • അവള്‍ അവന്‍റെ [മൂസായുടെ] സഹോദരിയോട്‌ : ‘നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക’ എന്നു പറഞ്ഞു. എന്നിട്ട്, അവള്‍ അവനെപ്പറ്റി അകലെനിന്ന് കണ്ടു മനസ്സിലാക്കി; അവരാകട്ടെ അറിഞ്ഞിരുന്നതുമില്ല.
  • وَقَالَتْ അവള്‍ പറഞ്ഞു لِأُخْتِهِ അവന്‍റെ സഹോദരിയോടു قُصِّيهِ നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക, فَبَصُرَتْ എന്നിട്ടവള്‍ കണ്ടറിഞ്ഞു بِهِ അവനെപ്പറ്റി عَن جُنُبٍ അകലെനിന്ന്, ദൂരത്തായിക്കൊണ്ട് وَهُمْ അവര്‍ لَا يَشْعُرُونَ അറിഞ്ഞിരുന്നതുമില്ല

28:12

  • وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ ﴾١٢﴿
  • (സഹോദരി വരുന്നതിനു) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവനു നിരോധിക്കുകയും ചെയ്തു. അപ്പോള്‍, അവള്‍ പറഞ്ഞു: ‘നിങ്ങള്‍ക്കുവേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ ക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിവു തരട്ടെയോ? അവര്‍ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്.’
  • وَحَرَّمْنَا നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു عَلَيْهِ അവന്ന്, അവന്‍റെ മേല്‍ الْمَرَاضِعَ മുലകൊടുക്കുന്ന സ്ത്രീകളെ مِن قَبْلُ മുമ്പ് فَقَالَتْ അപ്പോള്‍ അവള്‍ പറഞ്ഞു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ أَهْلِ بَيْتٍ ഒരു വീട്ടുകാരെക്കുറിച്ച് يَكْفُلُونَهُ അവനെ ഏറ്റെടുക്കുന്ന لَكُمْ നിങ്ങള്‍ക്കുവേണ്ടി وَهُمْ അവരാകട്ടെ لَهُ അവനു نَاصِحُونَ ഗുണകാംക്ഷികളുമായിരിക്കും

കുട്ടിയെ നദിയിലിട്ടതുമുതല്‍ മാതാവിനു എത്രമാത്രം അസ്വാസ്ഥ്യം ഉണ്ടാകുമെന്നു പറയേണ്ടതില്ല. ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ കുട്ടിയെ കണ്ടെടുത്തിട്ടുണ്ടെന്നുകൂടി അറിയുമ്പോള്‍ അത് കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യുമല്ലോ. അങ്ങനെ, കുഞ്ഞിനെ സംബന്ധിച്ച ഏക വിചാരമല്ലാതെ മറ്റൊന്നും ആ ഹൃദയത്തില്‍ പ്രവേശിക്കാതായി. അല്ലാഹു അവരുടെ ഹൃദയത്തിനു ദൃഢതയും ശക്തിയും നല്‍കിയിരുന്നില്ലെങ്കില്‍ അവരില്‍നിന്നു രഹസ്യം പുറത്തായേക്കുമായിരുന്നു. പക്ഷേ, അല്ലാഹു കാത്തുസൂക്ഷിച്ചു. അവന്‍ അവര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം സത്യമാണെന്നു അനന്തര സംഭവങ്ങള്‍ തെളിയിക്കുകയും ചെയ്തു.

കുട്ടിയുടെ സ്ഥിതിയെപ്പറ്റി ഗൂഢമായി അന്വേഷിക്കുവാന്‍ മൂസാ (അ) നബിയുടെ മൂത്ത സഹോദരിയെ മാതാവ് ഏര്‍പ്പാട് ചെയ്തിരുന്നു. കുട്ടി രാജകൊട്ടാരത്തിലെത്തിയ വിവരം അവള്‍ക്കറിയാന്‍ കഴിഞ്ഞു. മാത്രമല്ല, കുട്ടി ആരുടെയും മുലകുടിക്കുവാന്‍ കൂട്ടാക്കാതെ കൊട്ടാരവാസികള്‍ വിഷമിക്കുന്നതായി കാണുകയും, ആ സന്ദര്‍ഭം സാമര്‍ത്ഥ്യപൂര്‍വ്വം അവള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആ കൊട്ടാരക്കുഞ്ഞിനെ ഏറ്റുവാങ്ങി വേണ്ടത്ര പരിഗണനയോടു കൂടി വളര്‍ത്തുവാന്‍ പറ്റിയ ഒരുവീട്ടുകാര്‍ തന്‍റെ പാട്ടിലുണ്ടെന്നു ഉണര്‍ത്തിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതോടുകൂടി കുട്ടിയെ മാതാവിനു തിരിച്ചുകിട്ടുക മാത്രമല്ല സംഭവിക്കുന്നതു. കൊട്ടാരത്തില്‍നിന്നുള്ള പല ആനുകൂല്യങ്ങളും, നല്ല വേതനവും മാതാവിനു ലഭിക്കുകകൂടി ചെയ്യുമല്ലോ.

28:13
  • فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾١٣﴿
  • അങ്ങനെ, അവന്‍റെ മാതാവിന്‍റെ കണ്‍കുളിര്‍ക്കുകയും, അവള്‍ വ്യസനിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥം തന്നെയാണെന്ന് അവള്‍ അറിയേണ്ട തിനായും അവനെ നാം അവള്‍ക്ക് തിരി ച്ചുകൊടുത്തു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുമായിരുന്നില്ല.
  • فَرَدَدْنَاهُ അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു إِلَىٰ أُمِّهِ അവന്‍റെ മാതാവിലേക്കു, كَيْ تَقَرَّ കുളിര്‍ക്കുവാന്‍വേണ്ടി عَيْنُهَا അവളുടെ കണ്ണ് وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَلِتَعْلَمَ അവള്‍ അറിയുവാനും أَنَّ وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്ന് حَقٌّ യഥാര്‍ത്ഥം, സത്യം وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരിലധികമാളുകളും لَا يَعْلَمُونَ അറിഞ്ഞിരുന്നില്ല

സഹോദരിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടതനുസരിച്ച് കുട്ടിയെ മാതാവിനു തന്നെ തിരിച്ചു കിട്ടുവാന്‍ അവസരമുണ്ടാകുകയും, അങ്ങനെ, അല്ലാഹു അവരോടു ചെയ്ത വാഗ്ദാനം യഥാര്‍ത്ഥ മായിത്തീരുകയും ചെയ്തു. സൃഷ്ടികള്‍ അറിയുകയോ അനുമാനിക്കുകയോ ചെയ്യാത്ത മാര്‍ഗ്ഗങ്ങ ളില്‍കൂടി അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. അവ നടപ്പില്‍ വന്നു കാണു മ്പോഴേ മനുഷ്യനു അവ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു.

വിഭാഗം – 2

28:14

  • وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١٤﴿
  • അദ്ദേഹം [മൂസാ] തന്‍റെ ശക്തി പ്രാപിക്കുകയും, പാകതയെത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തിന് വിജ്ഞാനവും (അഥവാ വിധികര്‍തൃത്വവും) അറിവും നല്‍കി. അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
  • وَلَمَّا بَلَغَ അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍ أَشُدَّهُ തന്‍റെ ശക്തിയില്‍, (യൗവനദശയില്‍) وَاسْتَوَىٰ ശരിയായ നിലക്കെത്തുകയും, പാകത വരുകയും آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിധി, വിജ്ഞാനം وَعِلْمًا അറിവും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു

ഒരാളുടെ ശാരീരികമായ ശക്തിയും വളര്‍ച്ചയും പൂര്‍ത്തിയാകുമ്പോള്‍ – അഥവാ യൗവനപ്രായ ത്തിങ്കലെത്തുമ്പോള്‍ بَلَغَ أَشُدَّهُ (അവന്‍ തന്‍റെ ശക്തി പ്രാപിച്ചു) എന്നും, ബുദ്ധിക്ക് പക്വതയും, പാകതയും വരുമ്പോള്‍ اسْتَوَىٰ (ശരിയായ നിലയിലെത്തി) എന്നും പറയുന്നു. പരിതസ്ഥിതികള്‍ക്കനുസരിച്ച് രണ്ടിനും വയസ്സ് വ്യത്യാസപ്പെട്ടേക്കാം. بَلَغَ أَشُدَّهُ എന്ന് പറയപ്പെടുക 18നും 30നും ഇടയ്ക്കാണെന്നു ചിലരും 30നും 40നും ഇടയ്ക്കാണെന്നു ചിലരും പ്രസ്താവിച്ചു കാണാം. حُكْم (ഹുക്മു) എന്ന വാക്കിന് വിജ്ഞാനം, വിധി, വിധികര്‍തൃത്വം, വിധിക്കുവാനുള്ള അധികാരം എന്നൊക്കെ അര്‍ത്ഥം വരാം. മൂസാ (അ) നബിക്കു പ്രവാചകത്വം ലഭിക്കുന്നതു എനിയും കുറെ കഴിഞ്ഞ ശേഷമാണെന്ന് താഴെ വചനങ്ങളില്‍ നിന്നും മറ്റും മനസ്സിലാക്കാം. എന്നിരിക്കെ, പ്രവാചകനെന്ന നിലക്കുള്ള അറിവും, വിധികര്‍തൃത്വവും ആയിരിക്കുകയില്ല ഇവിടെ ഉദ്ദേശ്യം എന്നാണ് കരുതേണ്ടത്. ഭാവിയില്‍ ലഭിക്കുവാനിരിക്കുന്ന പ്രവാചകത്വമാണിവിടെ ഉദ്ദേശ്യമെന്നും ചിലര്‍ പ്രസ്താവിച്ചിട്ടുണ്ട്. الله اعلم. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുണ്ടായ ഒരു സംഭവമാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്.

28:15
  • وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ ﴾١٥﴿
  • പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു അദ്ദേഹം അതില്‍ [പട്ടണത്തില്‍] പ്രവേശിച്ചു; അപ്പോള്‍, അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാള്‍ [രണ്ടിലൊരുവന്‍] തന്‍റെ കക്ഷിയില്‍ പെട്ടവനും, ഇയാള്‍ [മറ്റേവന്‍] തന്‍റെ ശത്രുക്കളില്‍പെട്ടവനുമാണ്. അങ്ങനെ, തന്‍റെ കക്ഷിയില്‍പെട്ടവന്‍, ശത്രുക്കളില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍, മൂസാ അവനെ (മുഷ്ടിചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്‍റെ പണിതീര്‍ത്തു [കഥ കഴിച്ചു]! അദ്ദേഹം പറഞ്ഞു: ‘ഇത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്; നിശ്ചയമായും, അവന്‍ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!’
  • وَدَخَلَ അദ്ദേഹം പ്രവേശിച്ചു الْمَدِينَةَ പട്ടണത്തില്‍ عَلَىٰ حِينِ غَفْلَةٍ ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍ مِّنْ أَهْلِهَا അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള فَوَجَدَ അപ്പോള്‍ അദ്ദേഹം കണ്ടെത്തി فِيهَا അതില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാരെ يَقْتَتِلَانِ ശണ്ഠ കൂടുന്നതായി هَـٰذَا ഇവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍ പെട്ടവനാണ് وَهَـٰذَا ഇവന്‍ (മറ്റേവന്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ് فَاسْتَغَاثَهُ അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി الَّذِي യാതൊരുവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍പെട്ട عَلَى الَّذِي യാതൊരുവന്‍റെമേല്‍ (എതിരില്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍പ്പെട്ട فَوَكَزَهُ അപ്പോള്‍ അവനെ ഇടിച്ചു مُوسَىٰ മൂസാ فَقَضَىٰ عَلَيْهِ അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِنْ عَمَلِ الشَّيْطَانِ പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ് إِنَّهُ നിശ്ചയമായും അവന്‍ عَدُوٌّ ശത്രുവാണ് مُّضِلٌّ വഴിപിഴപ്പിക്കുന്ന مُّبِينٌ വ്യക്തമായ, പ്രത്യക്ഷമായ

ഇസ്രാഈല്യരുടെ വാസസ്ഥലം പട്ടണത്തില്‍ നിന്നു അല്‍പം അകലെയായിരുന്നു മൂസാ നബി (അ) ഒരിക്കല്‍ പട്ടണത്തില്‍ വന്നപ്പോഴാണ് യാദൃച്ഛികമായി ആ സംഭവമുണ്ടായത്. പട്ടണവാസികളുടെ ശ്രദ്ധ തിരിയാന്‍ ഇടയാകാത്ത ഒരവസരമായിരുന്നു അത്. ഉച്ചസമയത്തെ ഉഷ്ണാവസ്ഥയാണതിനു കാരണമെന്നും, അതല്ല സന്ധ്യാസമയത്തെ ഇരുട്ടാണെന്നും പറയപ്പെടുന്നു. ഇസ്രാഈല്‍ക്കാരനെ ക്കൊണ്ടു ഖിബ്ത്തി വര്‍ഗ്ഗക്കാരന്‍ കഠിനജോലി ചെയ്യിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ശണ്ഠ ഉത്ഭവിച്ചതെന്നും ചിലര്‍ പറഞ്ഞുകാണുന്നു. അല്ലാഹുവിനറിയാം. ഏതായാലും ഇസ്രാഈല്‍ക്കാരന്‍റെ സഹായാര്‍ത്ഥനയനുസരിച്ച് ആരോഗ്യഗാത്രനായ മൂസാ (അ) ഖിബ്ത്തിയെ ശക്തിയായൊന്നുകൊടുത്തു. അതിലവന്‍റെ കഥ കഴിഞ്ഞുപോയി. അവിചാരിതമായിട്ടാണെ ങ്കിലും, അവിവേകമായിത്തീര്‍ന്ന ആ കൃത്യത്തെപ്പറ്റി അദ്ദേഹം വളരെ ഖേദിച്ചു.

28:16
  • قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾١٦﴿
  • അദ്ദേഹം പറഞ്ഞു: ‘റബ്ബേ! ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!’ ആകയാല്‍, അവന്‍ [റബ്ബ്] അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ ظَلَمْتُ ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു نَفْسِي എന്നോട്, എന്‍റെ ആത്മാവിനോട് فَاغْفِرْ لِي അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ فَغَفَرَ അപ്പോള്‍ അവന്‍ പൊറുത്തു لَهُ അദ്ദേഹത്തിനു إِنَّهُ നിശ്ചയമായും അവന്‍ هُوَ الْغَفُورُ അവന്‍ വളരെ പൊറുക്കുന്നവനത്രെ الرَّحِيمُ കരുണാനിധിയായ

28:17

  • قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ ﴾١٧﴿
  • അദ്ദേഹം പറഞ്ഞു: ‘റബ്ബേ! നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് എനി ഞാന്‍ കുറ്റവാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല.’
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ بِمَا أَنْعَمْتَ നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു عَلَيَّ എന്‍റെമേല്‍, എനിക്കു فَلَنْ أَكُونَ എനി ഞാന്‍ ആയിരിക്കുകയേ ഇല്ല ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, സഹായി لِّلْمُجْرِمِينَ കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക്

അദ്ദേഹം ഖേദിച്ചുമടങ്ങുകയും, പാപമോചനം തേടുകയും ചെയ്തു. മേലില്‍ ഇത്തരം അബദ്ധത്തില്‍ കുടുങ്ങുകയില്ലെന്ന് ദൃഢനിശ്ചയവും ചെയ്തു. ഏതായാലും, സംഭവം വെളിക്കുവന്നാല്‍ വമ്പിച്ച പ്രത്യാഘാതമുണ്ടാകും. കൊല്ലപ്പെട്ടവന്‍ ഭരണകക്ഷിയില്‍ പെട്ടവനും കൊലചെയ്തവന്‍ ഇസ്രാഈലിയുമാണല്ലോ.

28:18
  • فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ ﴾١٨﴿
  • അങ്ങനെ, അദ്ദേഹം പട്ടണത്തില്‍ പേടിച്ച് (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചും കൊണ്ടിരിക്കുകയായി. അപ്പോഴതാ, തലേദിവസം സഹായമര്‍ത്ഥിച്ചവന്‍ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോടു (സഹായത്തിനു) നിലവിളികൂട്ടുന്നു, മൂസാ അവനോടു പറഞ്ഞു: ‘നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുര്‍മാര്‍ഗ്ഗിതന്നെയാണ്.’
  • فَأَصْبَحَ അങ്ങനെ അദ്ദേഹം ആയി فِي الْمَدِينَةِ പട്ടണത്തില്‍ خَائِفًا പേടിച്ചവന്‍ يَتَرَقَّبُ പ്രതീക്ഷിച്ചു (വീക്ഷിച്ചു – കാത്തു) കൊണ്ട് فَإِذَا അപ്പോഴതാ الَّذِي اسْتَنصَرَهُ തന്നോടു സഹായത്തിനര്‍ത്ഥിച്ചവന്‍ بِالْأَمْسِ ഇന്നലെ, തലേദിവസം يَسْتَصْرِخُهُ അദ്ദേഹത്തോടു നിലവിളികൂട്ടുന്നു, സഹായത്തിനു വിളിക്കുന്നു قَالَ لَهُ അവനോടു പറഞ്ഞു مُوسَىٰ മൂസാ إِنَّكَ നിശ്ചയമായും നീ لَغَوِيٌّ ഒരു ദുര്‍മാര്‍ഗ്ഗി തന്നെ, തോന്നിയവാസിതന്നെ مُّبِينٌ സ്പഷ്ടമായ, പ്രത്യക്ഷമായ
28:19
  • فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ ﴾١٩﴿
  • എന്നിട്ട്, അദ്ദേഹം അവര്‍ രണ്ടാളുടെയും ശത്രുവായുള്ളവനില്‍ കയ്യൂക്കു നടത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍, – അവന്‍ പറഞ്ഞു: ‘മൂസാ! താന്‍ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാന്‍ ഉദ്ദേശിക്കുകയാണോ?! നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാനല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാന്‍ നീ ഉദ്ദേശിക്കുന്നില്ലതാനും.
  • فَلَمَّا أَنْ أَرَادَ എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ أَن يَبْطِشَ കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍ بِالَّذِي യതൊരുവനില്‍ هُوَ عَدُوٌّ അവന്‍ ശത്രുവാണ് لَّهُمَا അവര്‍ക്കു രണ്ടാള്‍ക്കും قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ أَتُرِيدُ നീ ഉദ്ദേശിക്കുന്നുവോ أَن تَقْتُلَنِي എന്നെ കൊല്ലുവാന്‍ كَمَا قَتَلْتَ നീ കൊന്നതുപോലെ نَفْسًا ഒരാളെ, ആത്മാവിനെ بِالْأَمْسِ ഇന്നലെ إِن تُرِيدُ നീ ഉദ്ദേശിക്കുന്നില്ല إِلَّا أَن تَكُونَ നീ ആകുവാനല്ലാതെ جَبَّارًا ഒരു സ്വേച്ഛാധികാരി (ധിക്കാരി) فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَمَا تُرِيدُ നീ ഉദ്ദേശിക്കുന്നുമില്ല أَن تَكُونَ നീ ആകുവാന്‍ مِنَ الْمُصْلِحِينَ നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍

ഇന്നലത്തെ സംഭവം തന്‍റെ പക്കല്‍ കൈതെറ്റു വന്നുപോയതാണെങ്കിലും, അതൊരു കൊലപാത കമാണല്ലോ. എന്തൊക്കെയാണ് അതുമൂലം നേരിടാനിരിക്കുന്നതെന്നറിയാതെ അദ്ദേഹം ഭയത്തിലും, ആശങ്കയിലും കഴിയുകയാണ്. ഈ അവസരത്തിലാണ് വീണ്ടും അതേ മാതിരി വേറൊരു ഘട്ടവും തന്നെ അഭിമുഖീകരിക്കുന്നത്. തലേ ദിവസം സഹായത്തിനപേക്ഷിച്ചവന്‍ ഇന്നും അതാ വിളിച്ചു നിലവിളിക്കുന്നു! ഇന്ന് അവനും മറ്റൊരു ഖിബ്ത്തിയും കൂടി ശണ്ഠകൂടുകയാണ്. രണ്ടാളുടെയും ശത്രുവെന്നു പറഞ്ഞതു ഖിബ്ത്തിയെ ഉദ്ദേശിച്ചാകുന്നു. ഇന്നലെ ഒരു കൊലപാതകത്തിലേക്ക് തന്നെ എത്തിക്കുകയും, അതേമാതിരി ഒരു രംഗം ഇന്നും ആവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണ് മൂസാ (അ) അവനോടു ‘നീ ഒരു ദുര്‍മാര്‍ഗ്ഗിതന്നെയാണ്’ എന്നു പറയുന്നത്. അതേ സമയത്ത് ഖിബ്ത്തിയാണെങ്കില്‍ രണ്ടാളുടെ ശത്രുവും. ഇസ്രാഈല്യരെ താല്‍പര്യപൂര്‍വ്വം മര്‍ദ്ദിക്കുന്നവരാണല്ലോ ഖിബ്ത്തികള്‍. അതുകൊണ്ട് ഏതായാലും ഖിബ്ത്തിയെ നിലക്കുനിര്‍ത്തുവാന്‍തന്നെ അദ്ദേഹം നിശ്ചയിച്ചു. ഈ അവസരത്തിലാണ് ‘മൂസാ, ഇന്നലെ ഒരാളെ കൊന്നതു പോലെ ഇന്നു എന്നെയും കൊല്ലുവാനാണോ ഉദ്ദേശം?’ എന്നും മറ്റും അദ്ദേഹത്തോടു പറയപ്പെട്ടത്.

ഇതു പറഞ്ഞ ആള്‍ – അഥവാ قَالَ (പറഞ്ഞു) എന്ന ക്രിയയുടെ കര്‍ത്താവായ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശിക്കപ്പെട്ട ആള്‍ – ഖിബ്ത്തിയോ ഇസ്രാഈലിയോ എന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇസ്രാഈല്‍ക്കാരനാണെന്നാണ് അധികമാളും പറയുന്നത്. തലേദിവസത്തെ ഘാതകന്‍ മൂസാ(അ) ആണെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല, ‘നീ ഒരു ദുര്‍മ്മാര്‍ഗ്ഗി തന്നെ’ എന്നു ഇസ്രാഈലിയോടു കയര്‍ത്തുംകൊണ്ടു മൂസാ(അ) ഖിബ്ത്തിയുടെ നേരെ തിരിയാനുള്ള ശ്രമം കണ്ടപ്പോള്‍, അദ്ദേഹം തന്‍റെ നേര്‍ക്ക് തിരിയുവാനാണ് ഭാവമെന്ന് അവന്‍ തെറ്റിദ്ധരിച്ചു; അപ്പോഴാണ്‌ അവന്‍ ആ വാക്ക് പറഞ്ഞതു എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. മറ്റൊരു വിഭാഗക്കാര്‍ പറയുന്നതു ഖിബ്ത്തിയാണ് ആ വാക്കുകളുടെ വക്താവ് എന്നത്രെ. വാചകത്തിന്‍റെ സ്വഭാവം നോക്കുമ്പോള്‍ ഈ അഭിപ്രായത്തിനാണ് കൂടുതല്‍ വ്യക്തത കാണുന്നത്. തലേദിവസത്തെ ഘാതകന്‍ മൂസാ (അ) നബിയാണെന്നു വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കിലും, വല്ല കിംവദന്തിയെയോ ഊഹത്തെയോ അടിസ്ഥാനമാക്കി അവനതു പറഞ്ഞതായിരിക്കാമല്ലോ. الله اعلم . ഏതായാലും മൂസാ (അ) നബിയുടെ ഭയം ഈ വാക്കുമൂലം വര്‍ദ്ധിച്ചിരിക്കുക സ്വാഭാവികമാണ്. വാസ്തവത്തില്‍ അണിയറയില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടായിരുന്നുതാനും.

28:20
  • وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ ﴾٢٠﴿
  • പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ (മൂസായോടു) പറഞ്ഞു: ‘മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികള്‍ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്തുനിന്നും) പുറത്തുപോയിക്കൊള്ളുക! നിശ്ചയമായും, ഞാന്‍ നിനക്ക് ഗുണകാംക്ഷയുള്ളവരില്‍പ്പെട്ടവനാണ്’.
  • وَجَاءَ വന്നു رَجُلٌ ഒരു പുരുഷന്‍ مِّنْ أَقْصَى الْمَدِينَةِ പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് يَسْعَىٰ ഓടിക്കൊണ്ട് قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِنَّ الْمَلَأَ നിശ്ചയമായും പ്രധാനികള്‍ يَأْتَمِرُونَ അവര്‍ ആലോചന നടത്തുന്നു بِكَ നിന്നെപറ്റി لِيَقْتُلُوكَ നിന്നെ കൊല്ലുവാന്‍ فَاخْرُجْ അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക إِنِّي നിശ്ചയമായും ഞാന്‍ لَكَ നിനക്ക് مِنَ النَّاصِحِينَ ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്

28:21

  • فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢١﴿
  • അങ്ങനെ, അദ്ദേഹം പേടിച്ച് വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: ‘എന്‍റെ റബ്ബേ! അക്രമികളായ ജനങ്ങളില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!’
  • فَخَرَجَ അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി مِنْهَا അവിടെനിന്നു خَائِفًا പേടിച്ചവനായി يَتَرَقَّبُ വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ مِنَ الْقَوْمِ ജനതയില്‍നിന്ന് الظَّالِمِينَ അക്രമികളായ

ആപത്തുകള്‍ നേരിട്ടേക്കാനിടയുള്ള സാഹചര്യങ്ങളില്‍ അവനവനാല്‍ കഴിയുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും, അതോടൊപ്പം രക്ഷക്കുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണമെന്നുള്ളതിന് ഇതില്‍ മാതൃകയുണ്ട്. ഒരു നിലക്ക് ഭവിഷ്യത്തിനെക്കുറിച്ച് മൂസാ (അ) നബിക്ക് ഭയപ്പാടുണ്ടായിരുന്നുവെങ്കിലും, അല്ലാഹുവിന്‍റെ സഹായത്തില്‍ അദ്ദേഹത്തിനു തികച്ചും പ്രതീക്ഷയുമുണ്ടായിരുന്നു എന്ന് അടുത്ത വചനത്തില്‍ നിന്നു വ്യക്തമാണ്.

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 07 – സൂറത്തുന്നംല്‍ : ആയത്ത് 83 മുതൽ 93 വരെ

സൂറത്തുന്നംല്‍ : 83-93

വിഭാഗം – 7

27:83

  • وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ ﴾٨٣﴿
  • എല്ലാ സമുദായത്തില്‍നിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! എന്നിട്ട്, അവര്‍ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതാകുന്നു.
  • وَيَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും فَوْجًا ഓരോ സമൂഹത്തെ, കൂട്ടത്തെ مِّمَّن يُكَذِّبُ വ്യാജമാക്കുന്നവരില്‍പെട്ട بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ فَهُمْ എന്നിട്ടു അവര്‍ يُوزَعُونَ തടഞ്ഞു നിയന്ത്രിക്കപ്പെടും

അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാത്ത ഓരോ സമൂഹത്തെയും തടഞ്ഞുവെച്ച് ഒരുമിച്ചു കൂട്ടി നിന്ദ്യമായ നിലയില്‍ ഒന്നടങ്കം അന്ന് വിചാരണ നിലയത്തിലേക്ക് കൊണ്ടുവരുന്നതാണ്.

27:84
  • حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ ﴾٨٤﴿
  • അങ്ങനെ, അവര്‍ വന്നാല്‍ അവന്‍ [അല്ലാഹു] പറയും: ‘എന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?! അതല്ലെങ്കില്‍, നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?!
  • حَتَّىٰ إِذَا جَاءُوا അങ്ങനെ അവര്‍ വന്നാല്‍ قَالَ അവന്‍ പറയും أَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കിയോ بِآيَاتِي എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلَمْ تُحِيطُوا بِهَا നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ عِلْمًا അറിവ് (സൂക്ഷ്മമായറിയാതെ) أَمَّاذَا അതല്ലെങ്കില്‍ എന്താണ് كُنتُمْ നിങ്ങളായിരുന്നത് تَعْمَلُونَ പ്രവര്‍ത്തിക്കുക

27:85

  • وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ ﴾٨٥﴿
  • അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ (ശിക്ഷയുടെ) വാക്ക് സംഭവിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ (ഒരക്ഷരവും) ഉരിയാടുകയില്ല.
  • وَوَقَعَ സംഭവിക്കുകയും ചെയ്യുന്നതാണ് الْقَوْلُ വാക്ക് عَلَيْهِمഅവരില്‍, അവര്‍ക്ക് بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് فَهُمْ അപ്പോള്‍ അവര്‍ لَا يَنطِقُونَ മിണ്ടുകയില്ല, ഉരിയാടുകയില്ല

അവരുടെ കണ്മുമ്പില്‍ തന്നെ സ്ഥിതിചെയ്തിരുന്ന അനേകം ലക്ഷ്യങ്ങളെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കുവാനും, അതുവഴി അല്ലാഹുവിലും അവന്‍റെ നിര്‍ദ്ദേശങ്ങളിലും വിശ്വസിക്കുവാനും തയ്യാറാകാതെ, അവയെ അപ്പാടെ നിഷേധിച്ചു വന്നവരോട് അല്ലാഹു തന്‍റെ സന്നിധിയില്‍വെച്ച് സഗൗരവം ചോദിക്കുന്ന ചോദ്യങ്ങളാണത്. എന്ത് മറുപടിയാണവര്‍ക്ക് പറയുവാനുണ്ടാകുക?!   അതിഭയങ്കരമായ ആ വിപല്‍ ഘട്ടത്തില്‍ ഒരക്ഷരം പോലും മിണ്ടുവാന്‍ അവര്‍ക്ക് സാധ്യമല്ല. അല്ലാഹു നമ്മെ കാക്കട്ടെ. آمين

27:86
  • أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٨٦﴿
  • അവര്‍ക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ണു കാണത്തക്കനിലയില്‍ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവര്‍ കണ്ടിട്ടില്ലേ?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് (പല) ദൃഷ്ടാന്തങ്ങളുണ്ട്.
  • أَلَمْ يَرَوْا അവര്‍ കണ്ടിട്ടില്ലേ أَنَّا جَعَلْنَا നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് اللَّيْلَ രാത്രിയെ لِيَسْكُنُوا അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കവണ്ണം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു

ഉറങ്ങുവാനും, വിശ്രമിക്കുവാനും തക്കവണ്ണം രാത്രിയെ ശാന്തമയമായും, ജോലി ചെയ്‌വാനും, ഉപജീവന മാര്‍ഗ്ഗമന്വേഷിക്കുവാനും ഉപയുക്തമായ നിലയില്‍ പകലിനെ വെളിച്ചം നിറഞ്ഞതായും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഓരോരുവനും, നിത്യം കണ്ടനുഭവിച്ചു വരുന്നതാണല്ലോ. ഇതെല്ലം എങ്ങിനെ, ആര്‍, എന്തിനായി ഏര്‍പ്പെടുത്തിയെന്നൊന്നും ചിന്തിക്കാത്തതിനെപ്പറ്റി അവരെ ആക്ഷേപിക്കുകയാണ്.

27:87
  • وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ ﴾٨٧﴿
  • കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (ഓര്‍ക്കുക)! അപ്പോള്‍, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (എല്ലാംതന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്.
    എല്ലാവരും അവന്‍റെ അടുക്കല്‍ എളിയവരായ നിലയില്‍ ചെല്ലുകയും ചെയ്യും.
  • وَيَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَفَزِعَ അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും إِلَّا مَن യാതൊരു കൂട്ടരൊഴികെ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ച وَكُلٌّ എല്ലാവരും أَتَوْهُ അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും دَاخِرِينَ എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട്

ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന ഒന്നാമത്തെ കാഹളമൂത്താണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനു ശേഷം‍ വീണ്ടും രണ്ടുപ്രാവശ്യംകൂടി കാഹളത്തില്‍ ഊതപ്പെടുമെന്നും, അതില്ല- ഒരു പ്രാവശ്യം മാത്രമേ ഊതപ്പെടുകയുള്ളുവെന്നും മഹാന്മാര്‍ക്കിടയില്‍ രണ്ട് പക്ഷം കാണാം. കാഹളത്തില്‍ ഊതപ്പെടുന്ന സന്ദര്‍ഭത്തില്‍ താഴെ പറയുന്ന സംഭവങ്ങള്‍ നടക്കുന്നതായി ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നും ഹദീസുകളില്‍നിന്നും മനസ്സിലാക്കാം. 1) അപ്പോള്‍ എല്ലാവരും ഭയവിഹ്വലരും, പരിഭ്രമചിത്തരുമായിത്തീരുന്നു. 2) അപ്പോള്‍ എല്ലാവരും നാശമടഞ്ഞുപോകുന്നു. 3) അപ്പോള്‍ എല്ലാവരും രണ്ടാമത്തെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അഥവാ പുനരെഴുന്നേല്‍പിക്കപ്പെടുന്നു. ആകയാല്‍, ഭയവിഹ്വലതയുടെ ഊത്ത് (نَفْخَة الفَزَعُ) എന്നും, മരണത്തിന്‍റെ ഊത്ത് (نَفْخَةُ الصَّعِقُ) എന്നും, എഴുന്നേല്‍പ്പിന്‍റെ ഊത്ത് (نفخة القيام ) എന്നും, ഇങ്ങനെ മൂന്ന് ഊത്തുകള്‍ ഉണ്ടാകുമെന്നാണ് പല മഹാന്മാരും പറയുന്നത്. മറ്റൊരു വിഭാഗം പറയുന്നത്: ഭയവിഹ്വലതയുടെയും, നാശത്തിന്‍റെയും ഊത്തുകള്‍ വെവ്വേറെയല്ല – രണ്ടും ഒന്നുതന്നെയാണ് – എന്നാകുന്നു. الله اعلم വാസ്തവം ഏതായിരുന്നാലും ശരി, ഈ ആയത്തില്‍ പ്രസ്താവിച്ച ഊത്ത് ഒന്നാമത്തേതുതന്നെ. സൂറത്തു – സുമറില്‍ അല്ലാഹു പറയുന്നു:-

وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ – سورة الزمر : ٦٨

(കാഹളത്തില്‍ ഊതപ്പെടും; അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ബോധംകെട്ട് സ്തംഭിക്കുന്നതാണ്- അഥവാ നാശമടയുന്നതാണ്- എന്നിട്ട് മറ്റൊരു പ്രാവശ്യം അതില്‍ ഊതപ്പെടും. അപ്പോഴതാ, അവര്‍ എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.) ഇടിമിന്നലോ മറ്റോ ഏറ്റു പെട്ടെന്ന് ബോധരഹിതമാകുന്നതിനും, മരണമടയുന്നതിനും ഉപയോഗിക്കുന്ന വാക്കാണ്‌ صَعِقَ എന്നുള്ളത്. സൂ: സുമറിലെ ഈ ആയത്തില്‍ പറഞ്ഞ ആദ്യത്തെ ഊത്തും, നാം വായിച്ചുകൊണ്ടിരിക്കുന്ന ആയത്തില്‍ കാണുന്ന ഭയവിഹ്വലതയുടെ ഊത്തും ഓരോന്നും പ്രത്യേകം വെവ്വേറെ ഉണ്ടാകുന്നതാണോ അല്ലേ എന്നതിലാണ് അഭിപ്രായവ്യത്യാസമുള്ളത്. ഏതായാലും, അവസാനത്തെ ഊത്ത് പുനരെഴുന്നേല്‍പ്പിന്നുള്ളതു തന്നെ. സൂ: സുമറില്‍വെച്ച് കൂടുതല്‍ വിവരം കാണാം. ان شاء الله

صُور (സ്വൂര്‍) എന്ന വാക്കിനാണ് കാഹളം എന്നര്‍ത്ഥം കൊടുത്തത്. കൊമ്പ് എന്നും അര്‍ത്ഥം ഉണ്ട്. ഇസ്രാഫീല്‍ (عليه السلام) എന്ന മലക്കാണ് കാഹളത്തില്‍ ഊതുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ കാഹളം എങ്ങിനെയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ നമുക്കറിഞ്ഞുകൂടാ. കാഹളത്തില്‍ ഊതുമ്പോള്‍, ഭയവിഹ്വലതയും, നാശവും ബാധിക്കാത്ത ചിലരുണ്ടായിരിക്കുമെന്ന് ഈ രണ്ട് ആയത്തുകളിലും  إِلَّا مَن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) എന്നു പറഞ്ഞതില്‍നിന്ന് വ്യക്തമാണ്. ഇവര്‍ ആരായിരിക്കുമെന്നുള്ളതും തിട്ടപ്പെടുത്തിപറയുവാന്‍ നമുക്ക് സാധ്യമല്ല. 89-ാം വചനത്തില്‍ കാണുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തിത്തന്ന് അന്നത്തെ ഭയങ്കരതകളില്‍നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ അമീന്‍. ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന മറ്റൊരു സംഭവവികാസത്തെപ്പറ്റി അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:-

27:88
  • وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ ﴾٨٨﴿
  • പര്‍വ്വതങ്ങളെ നിനക്കു കാണാം- അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്.
    എല്ലാ വസ്തുക്കളെയും വ്യവസ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം! നിശ്ചയമായും, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞനാകുന്നു.
  • وَتَرَى നീ കാണും, നിനക്കു കാണാം, നീ കാണുന്നു الْجِبَالَ പര്‍വ്വതങ്ങളെ تَحْسَبُهَا നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും جَامِدَةً നിശ്ചലമെന്ന്, ഇളകാത്തതായി وَهِيَ അവ, അവയാകട്ടെتَمُرُّ ചലിക്കും, ചലിക്കുന്നു, നടക്കും مَرَّ السَّحَابِ മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ) صُنْعَ اللَّـهِ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം الَّذِي أَتْقَنَ വ്യവസ്ഥാപിതമാക്കിയ كُلَّ شَيْءٍ എല്ലാ വസ്തുവെയും إِنَّهُ നിശ്ചയമായും അവന്‍ خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَفْعَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ

നിശ്ചലമായിക്കാണുന്ന ഈ വമ്പിച്ച പര്‍വ്വതങ്ങള്‍ ഖിയാമത്തുനാളില്‍ അടിപുഴങ്ങി മേഘംപോലെ അതിവേഗതയില്‍ ഓടിക്കറങ്ങുന്നതാണ്. വളരെ വലിപ്പമുള്ള വസ്തുക്കള്‍ ഒരേ രേഖയില്‍ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, അവ ഒരിടത്ത് നിശ്ചലമായി നിലകൊള്ളുകയാണെന്ന് തോന്നുമല്ലോ. ഖിയാമത്തുനാളില്‍ മലകളില്‍ ഉണ്ടാകുന്ന ഈ സ്ഥിതിമാറ്റത്തെക്കുറിച്ച് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുള്ളതാണ്;

وَتَسِيرُ الْجِبَالُ سَيْرًا – سورة الطور : ١٠

(മലകള്‍ ഒരു നടത്തം നടക്കും)

وَيَوْمَ نُسَيِّرُ الْجِبَالَ- سورة الكهف : ٤٧

(മലകളെ നാം നടത്തുന്ന ദിവസം)

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا – سورة النبإ : ٢٠

(മലകള്‍ നടത്തപ്പെടുകയും ചെയ്യും, എന്നിട്ട്, അവ കാനല്‍പോലെയാകുന്നതാണ്.)

എന്നൊക്കെയുള്ള വചനങ്ങള്‍ ഇതിനെക്കുറിച്ചാകുന്നു. സൂ: ത്വാഹാ 105- 107 ഉം അവയുടെ വ്യാഖ്യാനവും നോക്കുക. പര്‍വ്വതങ്ങളടക്കമുള്ള എല്ലാ വസ്തുക്കളെയും, അതിസമര്‍ത്ഥമാംവണ്ണം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുന്ന അതേ ലോകനിയന്താവായ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം തന്നെയാണ് അന്നത്തെ ദിവസം പര്‍വ്വതങ്ങളില്‍ ഈ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതും. അല്ലാതെ, അവന്‍റെ പ്രവര്‍ത്തനത്തിലോ, വ്യവസ്ഥയിലോ എന്തെങ്കിലും ക്രമക്കേടോ, ന്യൂനതയോ സംഭവിക്കുന്നതുകൊണ്ടല്ല ഇത് ഉണ്ടാകുന്നത് എന്നുകൂടി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

മലകളുടെ ചലനത്തെപ്പറ്റി ഇവിടെ പ്രസ്താവിച്ചത് ഖിയാമത്തുനാളിലെ സംഭവമെന്ന നിലക്കല്ലെന്നും, നിലവിലുള്ള അവസ്ഥ വിവരിച്ചതാണെന്നും ചില വ്യഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്. അതായത്: ഭൂമി സദാ അതിവേഗത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു അതിനെത്തുടര്‍ന്ന് ഭൂമിയിലുള്ള പര്‍വ്വതങ്ങളും – ഇതര വസ്തുക്കളെപ്പോലെത്തന്നെ- അതോടൊപ്പം ചുറ്റിത്തിരിയുന്നതിനെയാണ് ഈ വചനം കുറിക്കുന്നതെന്നു സാരം. അവയുടെ ഈ ചലനം കാഴ്ചയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് അവ നിശ്ചലമാണെന്ന് തോന്നുമല്ലോ. ആയത്തിലെ تَرَى ,تَحْسَبُ,تَمُرُّ എന്നീ ക്രിയാരൂപങ്ങള്‍ ഓരോന്നും ഭാവികാലത്തെയും, വര്‍ത്തമാനകാലത്തെയും (المستقبل والحال ) കുറിക്കുവാന്‍ ഉതകുന്ന രൂപത്തില്‍ ( مضارع ) ആകകൊണ്ട് രണ്ടാമത് പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞുകൂടാത്തതാണ്. صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ( എല്ലാ വസ്തുവെയും വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം) എന്ന വാക്യമാവട്ടെ, ഈ രണ്ടഭിപ്രായത്തിനും എതിരാകുന്നുമില്ല. പക്ഷെ, മറ്റു ചില വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ഈ വചനം, ഖിയാമത്തുനാളിലുണ്ടാകുന്ന സ്ഥിതിമാറ്റത്തെത്തന്നെയാണ് ഉദ്ദേശിക്കുന്നതെന്നു വെക്കുവാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്നത് കാണാം.

ഒന്നാമതായി ഇവിടത്തെ സന്ദര്‍ഭം അന്ത്യനാളിനെക്കുറിച്ചുള്ള വിവരണമാണ്. 82 മുതല്‍ 87 കൂടിയ ആയത്തുകളും, തുടര്‍ന്നുള്ള 89, 90 എന്നീ ആയത്തുകളും നോക്കുക. അപ്പോള്‍ ഇടക്കുവെച്ച് ഈയൊരു വചനം അതില്‍നിന്ന് അടര്‍ത്തിയെടുക്കുവാന്‍ ന്യായം കാണുന്നില്ല. അതേ സമയത്ത് ഖിയാമത്തുനാളില്‍ പര്‍വ്വതങ്ങള്‍ തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെടുമെന്നും, തട്ടിത്തകര്‍ത്തപ്പെടുമെന്നും, പൊടിപാറ്റപ്പെടുമെന്നും മറ്റുമുള്ള അനേകം വിവരങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയാറുള്ളതുമാണ്. 2-ാമതായി ഖുര്‍ആന്‍റെ അവതരണ കാലത്ത് ഭൂമിയുടെ ചലനത്തെക്കുറിച്ച് പൊതുവില്‍ ആര്‍ക്കും അറിവില്ലായിരുന്ന സ്ഥിതിക്ക് പിന്നീട് സ്ഥാപിക്കപ്പെട്ട ഈ ശാസ്ത്രതത്വത്തെപ്പറ്റിയാണ്‌ ഈ വചനത്തില്‍ പ്രസ്താവിക്കുന്നതെന്ന് അന്നുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ വിഷമമുണ്ടാവുക സ്വാഭാവികമാണ്. മുമ്പുള്ള മഹാന്മാര്‍ ആരും അങ്ങിനെ മനസ്സിലാക്കുകയോ, പറയുകയോ ചെയ്തതായി അറിയില്ല. പില്‍ക്കാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട ചില ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ ഖുര്‍ആന്‍ സൂചിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യാറുണ്ടെങ്കിലും ഖുര്‍ആന്‍റെ അവതരണകാലത്തുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതും, പില്‍ക്കാലക്കാര്‍ക്ക് മാത്രം ഗ്രഹിക്കുവാന്‍ സാധിക്കുന്നതുമായ പ്രസ്താവനകള്‍ ഖുര്‍ആനില്‍ കാണപ്പെടാറില്ല. അത് കേവലം യുക്തിവിരുദ്ധവുമാണ്. വിശദാംശം ഗ്രഹിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാകുന്നതാണെങ്കിലും, ഖുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്ന ജനതക്ക് അതിലെ ആശയങ്ങള്‍ മുഴുവനും ഗ്രാഹ്യമാകണമല്ലോ. 3-ാമതായി ഭൂമി ചലിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം അതിനെത്തുടര്‍ന്ന് ചലിക്കുന്ന മലകള്‍ മാത്രമല്ല, ഭൂമിയൊന്നിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന അതിലെ സകല വസ്തുക്കളും നമ്മുടെ ദൃഷ്ടിയില്‍ നിശ്ചലമായിത്തന്നെയാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍, ഒരു മണിക്കൂറില്‍ ഏറെക്കുറെ 1000 നാഴിക വേഗതയില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി തന്നെയും നമ്മുടെ ദൃഷ്ടിയില്‍ നിശ്ചലമായിട്ടാണ് തോന്നുന്നത്. എന്നിരിക്കെ, അവയെക്കുറിച്ചൊന്നും പറയാതെ, ആപേക്ഷികചലനം ചെയ്യുന്ന മലകളെക്കുറിച്ച് മാത്രം എടുത്തുപറയുന്നതില്‍ വലിയ പാഠമൊന്നും കാണപ്പെടുന്നില്ല. الله ٲعلم

27:89
  • مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ ﴾٨٩﴿
  • ആര്‍ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. അവര്‍, അന്നത്തെ ദിവസം ഭയവിഹ്വലതയില്‍ നിന്നും നിര്‍ഭയന്മാരുമായിരിക്കും.
  • مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയും കൊണ്ടു فَلَهُ എന്നാല്‍ അവന്നുണ്ടുخَيْرٌ ഉത്തമമായതു مِّنْهَا അതിനെക്കാള്‍, അതുനിമിത്തം وَهُم അവര്‍, അവരാകട്ടെ مِّن فَزَعٍ ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി يَوْمَئِذٍ അന്നു, ആ ദിവസം آمِنُونَ നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ്

27:90

  • وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٩٠﴿
  • ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. ‘നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?! (എന്ന് അവരോട് പറയപ്പെടും.)
  • وَمَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയുമായി فَكُبَّتْ എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ هَلْ تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ إِلَّا مَا യാതൊന്നിന്നല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَعْمَلُونَ (അതു) പ്രവര്‍ത്തിച്ചിരുന്നു

‘നന്മ’ (ٱلْحَسَنَة) കൊണ്ടുദ്ദേശ്യം സല്‍ക്കര്‍മ്മങ്ങളും, ‘തിന്മ’ (ٱلسَّيِّئَة) കൊണ്ടുദ്ദേശ്യം ദുഷ്കര്‍മ്മങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. എന്നാല്‍, അല്ലാഹുവിലും അവന്‍റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ്‌ എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത് എന്നും, അതില്ലാത്തപക്ഷം മറ്റുള്ള കാര്യങ്ങളൊന്നുംതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ പരിഗണിക്കപ്പെടുകയില്ലെന്നും പറയേണ്ടതില്ല. (സൂ: ഫുര്‍ഖാന്‍ 23 പോലുള്ള സ്ഥലങ്ങളില്‍) ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണിത്. തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാന്മാര്‍ ഇവിടെ ‘നന്മ’യെ തൗഹീദിന്‍റെ വാക്യം (كلمة التوحيد ) എന്നും, തിന്മയെ കുഫ്റിന്‍റെ വാക്യം (كلمة الكفر ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്‌. നന്മയുമായി വന്നിട്ടുള്ള സജ്ജനങ്ങള്‍ക്ക് അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ അളവില്‍ കവിഞ്ഞ തോതിലാണ് പ്രതിഫലം നല്‍കപ്പെടുന്നത്. മാത്രമല്ല ആ ഭയങ്കര ദിവസത്തില്‍ യാതൊരു പേടിയും പരിഭ്രമവും കൂടാതെ രക്ഷപ്പെടുന്നവരുമായിരിക്കും അവര്‍. فَلَهُ خَيْرٌ مِّنْهَا എന്ന വാക്യത്തിനാണ് ‘അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും’ എന്നു തര്‍ജ്ജമ കൊടുത്തതു. ഇതില്‍ مِّنْهَا എന്ന വാക്കിന് ‘അതിനെക്കാള്‍ എന്നും’ അതു നിമിത്തം എന്നും അര്‍ത്ഥം വരാവുന്നതാണ്. പല വ്യാഖ്യാതാക്കളും രണ്ടാമത്തെ അര്‍ത്ഥമാണിവിടെ സ്വീകരിച്ചിട്ടുള്ളതും.

ഏതായാലും, നന്മയുടെ പ്രതിഫലം, അതിന്‍റെ തോതില്‍ കവിഞ്ഞതായിരിക്കുമെന്നും, തിന്മയുടെ പ്രതിഫലം അതിന്‍റെ അളവനുസരിച്ചു മാത്രമായിരിക്കുമെന്നും അല്ലാഹു സ്പഷ്ടമാക്കിയിട്ടുള്ളതാകുന്നു. സൂ: അന്‍ആമില്‍ ഇപ്രകാരം പറയുന്നു:-

مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ – سورة الأنعام : ١٦٠ 

(ആര്‍ നന്മയും കൊണ്ടുവന്നുവോ അവന് അതിന്‍റെ പത്തത്രയുമുണ്ടായിരിക്കും. ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവന് അതിന്‍റെ അത്രയല്ലാതെ പ്രതിഫലം നല്‍കപ്പെടുകയില്ല. അവര്‍ അക്രമിക്കപ്പെടുന്നതുമല്ല. ) സൂ: ഖസ്വസ്വ് 84- ലും ഈ ആശയം കാണാം. ഈ പ്രസ്താവന പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാകുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് അവന്‍ കണക്കില്ലാതെ നല്‍കുന്നു.

(وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ – سورة النور)

ചരിത്രലക്ഷ്യങ്ങള്‍, പ്രകൃതിദൃഷ്ടാന്തങ്ങള്‍, ഖിയാമത്തുനാളിലെ സംഭവവികാസങ്ങള്‍, സന്മാര്‍ഗ്ഗികളുടെയും, ദുര്‍മ്മാര്‍ഗ്ഗികളുടെയും സ്ഥിതിഗതികള്‍ എന്നിങ്ങിനെ വിവിധ വിഷയകമായി പ്രതിപാദിച്ചശേഷം സംസാരഗതി മറ്റൊരു രൂപത്തിലേക്ക് മാറ്റിക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തിന്‍റെ നയവും, മാര്‍ഗ്ഗവും സംക്ഷിപ്തമായി അവസാനത്തെ വചനങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മനസ്സമാധാനം നല്‍കുന്നതോടൊപ്പം ദുര്‍മ്മാര്‍ഗികള്‍ക്ക് വളരെ കനത്ത ഒരു താക്കീതും അതില്‍ കാണാം:-

27:91
  • إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ ﴾٩١﴿
  • (നബിയേ, പറഞ്ഞേക്കുക:) ‘ഈ രാജ്യത്തെ അലംഘനീയ [പരിപാവന] മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്തുവും അവന്‍റേതത്രെ. ഞാന്‍ ‘മുസ്ലിം’ കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു.
  • إِنَّمَا أُمِرْتُ നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ (മാത്രം) رَبَّ هَـٰذِهِ الْبَلْدَةِ ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു) الَّذِي യാതൊരുവന്‍ حَرَّمَهَا അതിനെ അലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) وَلَهُ അവനുള്ളതാണ്, അവന്‍റേതാണ് كُلُّ شَيْءٍ എല്ലാ വസ്തുവും وَأُمِرْتُ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أَنْ أَكُونَ ഞാന്‍ ആയിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍(പെട്ടവന്‍)

27:92

  • وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ ﴾٩٢﴿
  • ‘ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും (കല്പിക്കപ്പെട്ടിട്ടുണ്ട്). എന്നാല്‍, ആരെങ്കിലും നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, അവന്‍ തനിക്ക് (ഗുണത്തിനു)വേണ്ടിത്തന്നെ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നു. (നബിയേ) ആരെങ്കിലും വഴിപിഴച്ചു പോകുന്നതായാല്‍, നീ പറഞ്ഞേക്കുക: ‘ഞാന്‍ മുന്നറിയിപ്പുനല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്’ എന്ന്.
  • وَأَنْ أَتْلُوَ ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും الْقُرْآنَ ഖുര്‍ആന്‍ فَمَنِ എന്നാല്‍, ആര്‍, ആരെങ്കിലും اهْتَدَىٰ സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍) فَإِنَّمَا يَهْتَدِي എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ فَقُلْ അപ്പോള്‍ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാന്‍ مِنَ الْمُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ്

27:93

  • وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴾٩٣﴿
  • (വീണ്ടും) പറയുക: ‘ അല്ലാഹുവിന് സര്‍വ്വ സ്തുതിയും ! അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ (അടുത്ത്)കാണിച്ചുതന്നേക്കുന്നതാണ്; അപ്പോള്‍ നിങ്ങള്‍ക്കത്
    മനസ്സിലായിക്കൊള്ളും!’ നിന്‍റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ.
  • وَقُلِ നീ പറയുകയും ചെയ്യുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് سَيُرِيكُمْ അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങള്‍ فَتَعْرِفُونَهَا അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും, അതറിഞ്ഞുകൊള്ളും وَمَا رَبُّكَ നിന്‍റെ റബ്ബല്ല بِغَافِلٍ (ഒട്ടും) അശ്രദ്ധന്‍ عَمَّا تَعْمَلُونَനിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു

‘ഈ രാജ്യം’ എന്നു പറഞ്ഞത് മക്കയെ ഉദ്ദേശിച്ചാകുന്നു. അല്ലാഹുവിനെ ആരാധിക്കുവാന്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ട കഅ്ബഃ എന്ന വിശുദ്ധ ദേവാലയം മക്കയിലാണ് സ്ഥിതിചെയ്യുന്നത്. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വസിക്കുന്നതും അവിടെത്തന്നെ. അതിന്‍റെ ചുറ്റുപാടുമുള്ള ജനതയെ തൗഹീദിലേക്ക് തിരുമേനി ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാലവുമാണത്. ഈ നിലക്കാണ് ‘ ഈ രാജ്യത്തിന്‍റെ റബ്ബ്’ എന്ന് പറഞ്ഞത്. ‘അതിനെ അലംഘനീയമാക്കി’ (حَرَّمَهَا) എന്നതിന്‍റെ താല്‍പര്യം, അവിടെവെച്ച് രക്തം ചിന്തുക, അക്രമം നടത്തുക, കയ്യേറ്റം ചെയ്യുക മുതലായവയെല്ലാം അതി കര്‍ശനമായി മുടക്കപ്പെടുകയും (‘ഹറാ’മാക്കുകയും) ഇതരരാജ്യങ്ങള്‍ക്കില്ലാത്ത ബഹുമാനം കല്‍പിക്കപ്പെടുകയും (‘ഹുര്‍മത്താ’ക്കുകയും) ചെയ്തിരിക്കുന്നുവെന്നത്രെ. ഈ അര്‍ത്ഥത്തില്‍ തന്നെയാണ് അതിന്ന് ‘ഹറം’ (الحرم) എന്നു പറയുന്നതും.

‘ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും’ (وَأَنْ أَتْلُوَ الْقُرْآنَ) എന്നു പറഞ്ഞതിന് രണ്ടു തരത്തില്‍ ഉദ്ദേശ്യം കല്പിക്കപ്പെട്ടുകാണാം.

ഒന്ന്: ഖുര്‍ആന്‍റെ സാരോദ്ദേശ്യങ്ങളും, തത്ത്വരഹസ്യങ്ങളും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ വേണ്ടി അതു എപ്പോഴും വായിക്കുവാന്‍ എന്നും, രണ്ട്: പ്രബോധനം എന്ന നിലക്ക് ജനങ്ങളില്‍ അത് ഓതികേള്‍പ്പിക്കുവാന്‍ എന്നുമാണത്. ഖുര്‍ആന്‍ നിത്യപാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെയും, ആവശ്യത്തെയും കുറിച്ച് നിരവധി ഖുര്‍ആന്‍ വാക്യങ്ങളും, നബിവചനങ്ങളും വന്നിട്ടുള്ളതാണ്.

ഈ സൂറത്തിലെ അവസാനത്തെ വാക്യം വളരെ ഗൗരവമേറിയ ഒരു വസ്തുത – എല്ലാവരും സദാസമയത്തും ഓര്‍മിച്ചുകൊണ്ടിരിക്കേണ്ടുന്നതും, എല്ലാവരുടെയും നന്മതിന്മകളുടെ ഏറ്റക്കുറവിന് നിദാനമായിരിക്കുന്നതുമായ ഒരു യാഥാര്‍ത്ഥ്യം – ചൂണ്ടിക്കാട്ടുന്നു. وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിന്‍റെ റബ്ബ് അശ്രദ്ധനല്ല തന്നെ.) ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (رحمه الله) സാധാരണ ചെല്ലാറുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെടുന്ന രണ്ടു മുറി പദ്യങ്ങള്‍ ഈ വാക്യത്തിന്‍റെ ഒരു വിവരണമത്രേ. :-

اِذا ما خلوْتَ الدَّهْرَ يَوْما فَلا تَقُلْ * خَلَوْتُ وَلاكِن قُلْ علَيَّ رَقيبٌ
وَلاَ تَحْسَبدنَّ اللهَ يغْفُلُ ساعةً * وَلاَ اَنَّ ماَ يَخْفىَ عَلَيهِ يَغيبُ

സാരം: വല്ലവേളയിലും, ആരുമില്ലാതെ നീ തനിച്ചായിരുന്നാല്‍ ഞാന്‍ തനിച്ചാണെന്ന് നീ കരുതിപ്പോകരുത്. എങ്കിലും നിന്നെ മേല്‍നോട്ടം ചെയ്യുന്ന ഒരാളുണ്ടെന്ന് ഓര്‍ത്തുകൊള്ളണം. ഒരു വിനാഴിക നേരമെങ്കിലും അല്ലാഹു അശ്രദ്ധനായിരിക്കുമെന്നോ, ഒളിച്ചുവെക്കുന്ന ഏതെങ്കിലും കാര്യം അവന്‍ അറിയാതെ പോകുമെന്നോ ഒരിക്കലും നീ ധരിച്ചേക്കുകയുമരുത്.

അല്ലാഹു നമ്മെ സല്‍പാതയില്‍ നടത്തിതരുകയും, നമ്മുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യട്ടെ. ആമീന്‍.

[كان الفراغ من تفسير هذه السورة بحمدالله يوم الثالث من ربيع الاول سنة ١٣٨١ ه الموفق ٦۱-۸-۱٦ م]

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുന്നംല്‍ : ആയത്ത് 70 മുതൽ 82 വരെ

സൂറത്തുന്നംല്‍ : 70-82

27:70

وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ ﴾٧٠﴿

  • (നബിയേ) അവരുടെമേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ (മനസ്സ്) ഇടുക്കത്തിലാകുകയും വേണ്ട.
  • وَلَا تَحْزَنْ നീ ദുഃഖിക്കേണ്ട, വ്യസനിക്കരുതു عَلَيْهِمْ അവരുടെ മേല്‍, അവരെപ്പറ്റി وَلَا تَكُن ആകുകയും വേണ്ട فِي ضَيْقٍ ഇടുക്കത്തില്‍ (വിഷമത്തില്‍) مِّمَّا يَمْكُرُونَ അവര്‍ കുതന്ത്രം നടത്തുന്നതിനെപ്പറ്റി

27:71

  • وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ ﴾٧١﴿
  • അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (നടപ്പില്‍വരുക)- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!’
  • وَيَقُولُونَ അവര്‍ പറയുന്നു, പറയും مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം, കരാര്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍

27:72

  • قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ ﴾٧٢﴿
  • പറയുക: ‘നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതില്‍ ചിലത് (ഒരു പക്ഷേ) നിങ്ങള്‍ക്ക് അടുത്തു (തന്നെ) വരുകയുണ്ടായേക്കാം.’
  • قُلْ പറയുക عَسَىٰ أَن يَكُونَ ആയേക്കാം, ഉണ്ടായേക്കാം رَدِفَ لَكُم നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക بَعْضُ ചിലതു الَّذِي تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍

ഖിയാമത്തുനാള്‍ വരുവാനിരിക്കുന്നു, മരണാനന്തരം എല്ലാവരും പുനര്‍ജ്ജീവിപ്പിക്കപ്പെടും. സത്യനിഷേധികള്‍ ഭയങ്കര ശിക്ഷക്ക് വിധേയരാകും എന്നിങ്ങിനെ പ്രവാചകന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യങ്ങളാണ് ‘ഈ വാഗ്ദാനം’ (هذا الوعد) എന്നതുകൊണ്ടുദ്ദേശ്യം. ഇതെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ അതൊന്നു കാണട്ടെ എന്നും മറ്റും പരിഹാസപൂര്‍വ്വം ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവിശ്വാസികള്‍. വേണ്ട, ധൃതികൂട്ടുന്നത് നല്ലതിനല്ല, ഒരു പക്ഷേ, അവയില്‍ ചിലത് താമസംവിനാ നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവന്നു വന്നേക്കും, അപ്പോള്‍ ഈ പരിഹാസവും, ധിക്കാരവും വേണ്ടിയിരുന്നില്ലെന്ന് നിങ്ങള്‍ക്ക് ശരിക്കും ബോധ്യപ്പെടും. എന്നൊക്കെ അവരോട് പറയുവാനാണ് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുന്നത്. അവര്‍ പരിഹാസപൂര്‍വ്വം ധൃതികൂട്ടിയിട്ടും തല്‍ക്ഷണം ശിക്ഷ നല്‍കപ്പെടാതിരിക്കുവാനുള്ള കാരണം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു.

27:73
  • وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ﴾٧٣﴿
  • നിശ്ചയമായും, നിന്‍റെ റബ്ബ് മനുഷ്യരുടെ മേല്‍ അനുഗ്രഹമുള്ളവനത്രെ. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَذُو فَضْلٍ അനുഗ്രഹമുള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ നന്ദി കാണിക്കുന്നില്ല

27:74

  • وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ ﴾٧٤﴿
  • നിശ്ചയമായും,നിന്‍റെ റബ്ബ് അവരുടെ ഹൃദയങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നു.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَيَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും

27:75

  • وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍ مُّبِينٍ ﴾٧٥﴿
  • ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാതെയില്ല.
  • وَمَا مِنْ غَائِبَةٍ യാതൊരു മറഞ്ഞ കാര്യവുമില്ല فِي السَّمَاءِ ആകാശത്തില്‍ وَالْأَرْضِ ഭൂമിയിലും إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

വലുത്, ചെറുത്, പ്രധാനം, അപ്രധാനം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും കൂടാതെ, ആകാശഭൂമികളുടെ സൃഷ്ടിയുടെ ആരംഭംതൊട്ട് എന്നെന്നേക്കും ഉണ്ടാകുന്ന സകല കാര്യങ്ങളും, സവിസ്തരമായും, സസൂക്ഷ്മമായും അല്ലാഹു അറിയുന്നു; അതെല്ലാം അവന്‍റെ അടുക്കല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ﴿٥٢﴾ وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ﴿٥٣﴾ – سورة القمر

(അവര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്. എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തിവെക്കപ്പെട്ടതുമാണ്.)

27:76
  • إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ ﴾٧٦﴿
  • നിശ്ചയമായും, ഈ ഖുര്‍ആന്‍ ഇസ്രഈല്‍ സന്തതികള്‍ക്ക്, അവര്‍ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും (യഥാര്‍ത്ഥരൂപത്തില്‍) വിവരിച്ചുകൊടുക്കുന്നു.
  • إِنَّ هَـٰذَا الْقُرْآنَ നിശ്ചയമായും ഈ ഖുര്‍ആന്‍ يَقُصُّ വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَكْثَرَ الَّذِي യാതൊന്നില്‍ മിക്കഭാഗവും هُمْ അവര്‍ فِيهِ അതില്‍ يَخْتَلِفُونَ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു

27:77

  • وَإِنَّهُۥ لَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴾٧٧﴿
  • നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു.
  • وَإِنَّهُ നിശ്ചയമായും അതു لَهُدًى മാര്‍ഗ്ഗദര്‍ശനം തന്നെ, وَرَحْمَةٌ കാരുണ്യവും, അനുഗ്രഹവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

27:78

  • إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ ﴾٧٨﴿
  • നിന്‍റെ റബ്ബ് അവര്‍ക്കിടയില്‍, തന്‍റെ വിധി (നിയമം) കൊണ്ട് തീര്‍പ്പ്‌ കല്പിക്കുന്നതാണ്. അവനത്രെ സര്‍വ്വജ്ഞനായ പ്രതാപശാലി.
  • إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു بَيْنَهُم അവര്‍ക്കിടയില്‍ بِحُكْمِهِ അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം وَهُوَ അവനത്രെ الْعَزِيزُ പ്രതാപശാലി الْعَلِيمُ സര്‍വ്വജ്ഞനായ

27:79

  • فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ ﴾٧٩﴿
  • അതിനാല്‍, നീ അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും, നീ സ്പഷ്ടമായ പരമാര്‍ത്ഥത്തില്‍ തന്നെയാണ്(നിലകൊള്ളുന്നത്).
  • فَتَوَكَّلْ അതിനാല്‍ നീ ഭരമേല്‍പിക്കുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ إِنَّكَ നിശ്ചയമായും നീ عَلَى الْحَقِّ പരമാര്‍ത്ഥ (സത്യ – ന്യായ)ത്തിലാണ് الْمُبِينِ വ്യക്തമായ, സ്പഷ്ടമായ

വേദക്കാരാകുന്ന ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ എത്രയോ വിഷയങ്ങളില്‍ ഭിന്നിപ്പുകളുള്ളതായി കാണാം. ജൂതരും, ക്രിസ്ത്യാനികളും ഒരു വശത്ത്‌. ക്രിസ്ത്യാനികളില്‍ തന്നെയുള്ള വിഭാഗങ്ങള്‍ വേറൊരു വശത്തും. അങ്ങിനെയുള്ള മിക്ക വിഷയത്തിലും – പ്രധാന വിഷയങ്ങളിലെല്ലാം തന്നെ- പരമാര്‍ത്ഥം ഇന്ന പ്രകാരമാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ മൂലസിദ്ധാന്തങ്ങളും, പല ശാഖാവിഷയങ്ങളും, ചരിത്രസംഭവങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഈ ഇനത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നത്രെ ഈസാ (അ)നബിയുടെ കാര്യം. യഹൂദികള്‍ അദ്ദേഹത്തെ വ്യഭിചാരപുത്രനും, ആഭിചാരിയുമായി കണക്കാക്കുന്നു. അതേ സമയത്ത് ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന് കല്‍പിക്കുന്നത് ദിവ്യത്വമാണ്. സാക്ഷാല്‍ ദൈവമെന്നും, ദൈവപുത്രനെന്നും, ത്രിയേകദൈവമെന്നുമുള്ള വ്യത്യസ്ത വിശ്വാസക്കാര്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ത്തന്നെ വേറെയും. യഥാര്‍ത്ഥം അതൊന്നുമല്ല, അദ്ദേഹം അല്ലാഹുവിന്‍റെ അടിയാനും പ്രവാചകനുമാണ് എന്ന് ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ തുറന്നുകാട്ടിയിരിക്കുന്നു.( ഇതിനെപ്പറ്റി നാം സൂ: മര്‍യമില്‍വെച്ച് വിശദമായി വിവരിച്ചിട്ടുണ്ട്) ഇതുപോലെത്തന്നെ, കുരിശുസംഭവത്തിലും, മറ്റു പലതിലും ഇതിന് ഉദാഹരണങ്ങള്‍ കാണാം.

ബഹുദൈവ വിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, ഖുര്‍ആനെയും സംബന്ധിച്ചു കൈകൊണ്ട നിലപാടുകളെ പുരസ്കരിച്ചായിരുന്നു മുന്‍ ആയത്തുകളില്‍ പ്രതിപാദിച്ചിരുന്നത്. ഈ ആയത്തുകള്‍, ഖുര്‍ആന്‍റെ മറ്റൊരു ശത്രുവിഭാഗക്കാരായ വേദക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നവയാകുന്നു. അവരുടെ ഭിന്നിപ്പുകളും, ആശയകുഴപ്പങ്ങളും അവസാനിപ്പിച്ച് യഥാര്‍ത്ഥ സത്യത്തിലേക്ക് മടങ്ങുവാനുള്ള മാര്‍ഗ്ഗം ഖുര്‍ആനിലുണ്ടെന്നും, അതില്‍ വിശ്വസിക്കുന്നവരെ അത് സന്മാര്‍ഗ്ഗത്തിലേക്കും, ദൈവകാരുണ്യത്തിലേക്കും നയിക്കുമെന്നും ഉണര്‍ത്തുന്നു. അതിനവര്‍ തയ്യാറില്ലാത്തപക്ഷം, അവരെ സംബന്ധിച്ച് അല്ലാഹു അവന്‍റെ നിയമാനുസൃതമായ തീരുമാനം എടുത്തുകൊള്ളുമെന്ന് താക്കീതും നല്‍കുന്നു. 79-ാം വചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് മനസ്സമാധാനവും, ധൈര്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്ത വചനങ്ങളില്‍ സത്യനിഷേധികളുടെ നിലപാട് എത്രമാത്രം അധഃപതനത്തിലെത്തിയിട്ടുണ്ടെന്ന് കാണിക്കുന്നു:-

27:80
  • إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ ﴾٨٠﴿
  • (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും – അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ – നീ വിളികേള്‍പ്പിക്കുന്നതല്ല.
  • إِنَّكَ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവര്‍ക്കു وَلَا تُسْمِعُ നീ കേള്‍പ്പിക്കുന്നതല്ല الصُّمَّ ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞു(മാറി)പോയാല്‍ مُدْبِرِينَ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി

27:81

  • وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ ﴾٨١﴿
  • അന്ധന്മാര്‍ക്ക് അവരുടെ വഴിപിഴവുവിട്ട് നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കു(വാന്‍ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ ‘മുസ്‌ലിം’ കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുകയില്ല.
  • وَمَا أَنتَ നീ അല്ല താനും بِهَادِي الْعُمْيِ അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന് إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ക്കല്ലാതെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ فَهُم അങ്ങിനെ (എന്നിട്ട്)അവര്‍ مُّسْلِمُونَ മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്

യാഥാര്‍ത്ഥ്യത്തെപ്പറ്റി ചിന്തിച്ചുനോക്കുവാനും, ലക്ഷ്യങ്ങളും ന്യായങ്ങളും കണ്ടോ, കേട്ടോ ഗ്രഹിക്കുവാനും തയ്യാറില്ലാത്ത അവിശ്വാസികളെ മരണപ്പെട്ടു കിടക്കുന്ന ശവങ്ങളോടും, ബധിരന്മാരോടും, അന്ധന്മാരോടും സാദൃശ്യപ്പെടുത്തിയിരിക്കുകയാണ്. സത്യം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ നിവൃത്തിയില്ലാത്തവണ്ണം അത് മരവിച്ച് നിര്‍ജ്ജീവമായിപ്പോയിരിക്കുന്നു. എനി അതിന്ന് ജീവചൈതന്യം ഉണ്ടാവാന്‍ വഴിയില്ല. സത്യത്തിലേക്കു ശ്രദ്ധ കൊടുക്കുവാന്‍ അവരുടെ കാതിനും, ദ്ദൃഷ്ടാന്തങ്ങള്‍ കണ്ട് പാഠം പഠിക്കുവാന്‍ അവരുടെ കണ്ണിനും കഴിയാതായിരിക്കുന്നു. അതോടുകൂടി അവരുടെ ശ്രദ്ധയും, ദൃഷ്ടിയും മറുവശത്തേക്ക് മാത്രം തിരിയുകയും ചെയ്തിരിക്കയാണ്. എങ്കില്‍ പിന്നെ, എങ്ങിനെയാണവരെ സത്യോപദേശവും ദൃഷ്ടാന്തങ്ങളും ഗ്രഹിപ്പിക്കുക?! ചുരുക്കത്തില്‍, അവരുടെ പ്രകൃതിതന്നെ അങ്ങേഅറ്റം ദുഷിച്ചുപോയി. അതുകൊണ്ട് അവര്‍ എനി, സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുമ്പോട്ട് വരുമെന്ന് പ്രതീക്ഷിക്കുവാനില്ല. ഉപദേശിച്ചിട്ട് ഫലവുമില്ല. ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അത് പ്രാവര്‍ത്തികമാക്കി അല്ലാഹുവിന് കീഴൊതുങ്ങുവാന്‍ – ഇസ്‌ലാമിനെ അംഗീകരിക്കുവാന്‍ – തയ്യാറാകുകയും ചെയ്യുന്നവരെ മാത്രമെ ഉപദേശം കേള്‍പ്പിക്കുവാനും, അത് ഫലപ്രദമാക്കുവാനും സാധ്യമാകുകയുള്ളൂ.

ഏതെങ്കിലും വിഷയത്തില്‍ ഒരു വസ്തുവെ മറ്റൊരു വസ്തുവോട് സദൃശ്യപ്പെടുത്തി (التشبيه) പറയുമ്പോള്‍, സാദൃശ്യത്തിന് നിദാനമാക്കപ്പെടുന്ന കാര്യം (وجه الشبه) അവ രണ്ടിലും ഉണ്ടായിരിക്കണം. ഏതിനോടാണോ സാദൃശ്യപ്പെടുത്തുന്നെതെങ്കില്‍ അതില്‍ (به المشبه യില്‍) അക്കാര്യം കൂടുതല്‍ വ്യക്തമായും പരിപൂര്‍ണ്ണമായും ഉണ്ടായിരിക്കണമെന്നും സ്പഷ്ടമത്രെ. അറബിസാഹിത്യശാസ്ത്ര (علم البلاغة)ത്തില്‍ ഇതൊരു അംഗീകൃതതത്വമാകുന്നു. അപ്പോള്‍, മേല്പറഞ്ഞ വാക്യങ്ങളില്‍, മരണപ്പെട്ടുപോയവര്‍ക്കും, ബധിരന്മാര്‍ക്കും കേള്‍പ്പിക്കുവാന്‍ കഴിവില്ലെന്നും, അന്ധന്മാര്‍ക്ക് വഴികാണിക്കുവാന്‍ സാധ്യമല്ലെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞത്, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉപമാലങ്കാരരൂപത്തില്‍ പറഞ്ഞതാണെങ്കിലും യഥാര്‍ത്ഥത്തില്‍ മരണമോ, അന്ധതയോ, ബധിരതയോ ബാധിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അത് അലങ്കാരാര്‍ത്ഥത്തിലല്ല- സാക്ഷാല്‍ അര്‍ത്ഥത്തില്‍തന്നെയാണ്- ഉള്ളത്. മരണപ്പെട്ടവര്‍ക്കും കാതുകേള്‍ക്കാത്തവര്‍ക്കും കേള്‍പ്പിക്കുവാനും, അന്ധന്മാര്‍ക്ക് വഴികാണിച്ചുകൊടുക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കോ മറ്റോ കഴിയുമായിരുന്നുവെങ്കില്‍, ഈ ഉപമക്ക് വിശേഷിച്ച അര്‍ത്ഥമൊന്നും ഉണ്ടാകുകയില്ലല്ലോ.

ഇത്- മരണപ്പെട്ടവര്‍ക്കും ബധിരന്മാര്‍ക്കും കേള്‍ക്കുകയില്ലെന്നും, അന്ധന്‍മാര്‍ക്ക് കാണുകയില്ലെന്നും പറഞ്ഞത്- ഈ പ്രകൃതിലോകത്തിലെ സാധാരണ നിയമമാകുന്നു. ഇതിനെതിരായി, വല്ല പ്രത്യേകസംഭവമോ, സന്ദര്‍ഭമോ ഉണ്ടാകുവാന്‍ ഒരിക്കലും പാടില്ലെന്ന് ധരിച്ചുകൂടാ. അങ്ങിനെ വല്ലതും സംഭവിച്ചതായോ, സംഭവിക്കുന്നതായോ, ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടു കാണുന്നപക്ഷം നാമത് നിരുപാധികമായി വിശ്വസിക്കേണ്ടതുമാകുന്നു.

എന്നാല്‍, മരിച്ചുപോയവരെക്കുറിച്ച് വല്ല സന്ദര്‍ഭത്തിലും അവര്‍ കേള്‍ക്കുമെന്നോ, കാണുമെന്നോ ഖുര്‍ആനിലോ ഹദീസിലോ പറയുമ്പോള്‍ അതിന്‍റെ താല്‍പര്യം, ജീവിച്ചിരിക്കുന്ന നമ്മെപ്പോലെത്തന്നെയുള്ള കേള്‍വിയും കാഴ്ചയും അവര്‍ക്കുണ്ടെന്നാണെന്ന് കരുതുന്നതു ശരിയല്ല. അങ്ങിനെയാണെങ്കില്‍, അവര്‍ മരണപ്പെട്ടുവെന്ന് പറയുന്നത് നിരര്‍ത്ഥമായിരിക്കുമല്ലോ. മാത്രമല്ല, കാതും, കണ്ണും, ഗ്രഹണശക്തിയും അവശേഷിക്കുകയും വേണം. പക്ഷേ, ആത്മീയ ലോകത്ത് അവര്‍ക്ക് ഒരുതരം കാഴ്ചയും കേള്‍വിയുമെല്ലാം ഉണ്ടായിരിക്കുമെന്നാണതിന്‍റെ താല്‍പര്യം. അതെങ്ങിനെയുള്ളതാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് ഇപ്പോള്‍ അറിയുക സാധ്യമല്ല. ശബ്ദം കേള്‍ക്കാതെ ബധിരന്മാരും, വര്‍ണ്ണവും രൂപവും കാണാതെ അന്ധന്മാരും ഏറെക്കുറെ പലതിനെപ്പറ്റിയും മനസ്സിലാക്കാറുണ്ടല്ലോ. ചുരുക്കത്തില്‍, ജഢം നശിക്കുകയോ, അത് നിര്‍ജ്ജീവമായിത്തീരുകയോ ചെയ്താലും ആത്മാക്കള്‍ക്ക് ചില കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിച്ചേക്കും അഥവാ അല്ലാഹു സാധിപ്പിക്കും. ഇതിന്‍റെ സാധ്യതക്ക് നമ്മുടെ ഉറക്കവും സ്വപ്നവും തന്നെ തെളിവാകുന്നു. الله اعلم

അല്ലാഹുവിന്‍റെ അപാരമായ ശക്തിമാഹാത്മ്യങ്ങളെയും, അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഈ ബാഹ്യപ്രകൃതി നിയമങ്ങള്‍ക്കതീതമായ ചില സംഭവങ്ങളെ അവന്‍ വെളിപ്പെടുത്താറുള്ളതിനെയും സാക്ഷീകരിക്കുന്ന പല ചരിത്ര ദൃഷ്ടാന്തങ്ങളും ഇതിനുമുമ്പ് ഈ സൂറത്തില്‍ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും, ഖുര്‍ആന്‍റെയും സത്യത സ്ഥാപിച്ചുകൊണ്ടും, പരലോകം, അന്ത്യനാള്‍, പുനരുത്ഥാനം ആദിയായവയെ പരാമര്‍ശിച്ചുകൊണ്ടും പലതും പ്രസ്താവിച്ചു. അടുത്ത ആയത്തില്‍, ഖിയാമത്തുനാളിനു മുമ്പായി സംഭവിക്കുന്ന ഒരു അസാധാരണ അടയാളത്തെക്കുറിച്ചും, തുടര്‍ന്നുകൊണ്ട് അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന പല സംഭവവികാസങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നു. മിണ്ടാപ്രാണികളായ ചില ജീവികളുടെ സംസാരത്തെയും, കാര്യഗ്രഹണശക്തിയെയും സ്ഥാപിക്കുന്ന ചില സംഭവകഥകള്‍ വിവരിച്ചിട്ടുള്ള ഏക അദ്ധ്യായമാണ്‌ ഈ സൂറത്ത്. ലോകാവസാനമടുക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്ന അത്തരത്തില്‍പെട്ട വേറൊരു സംഭവത്തെക്കുറിച്ചുള്ള പ്രസ്താവനയും ഈ സൂറത്തില്‍തന്നെ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അല്ലാഹു പറയുന്നു:-

27:82
  • وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ ﴾٨٢﴿
  • അവരുടെമേല്‍ (ആ) വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ലക്ഷ്യങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാണെന്ന് അതവരോട് സംസാരിക്കുന്നതാകുന്നു.
  • وَإِذَا وَقَعَ സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍ الْقَوْلُ വാക്ക് عَلَيْهِمْ അവരില്‍ أَخْرَجْنَا നാം പുറപ്പെടുവിക്കും لَهُمْ അവര്‍ക്ക് دَابَّةً ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു تُكَلِّمُهُمْ അതവരോട് സംസാരിക്കും أَنَّ النَّاسَ ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു كَانُوا അവരാകുന്നു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ لَا يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നില്ല

ഖിയാമത്തുനാളിന്‍റെ മുന്നോടിയായി പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണിത്. ‘വാക്കു സംഭവിക്കുമ്പോള്‍’ (وَإِذَا وَقَعَ الْقَوْلُ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഖിയാമത്തുനാള്‍, പുനരുത്ഥാനം, ശിക്ഷ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ സമയം ആസന്നമാകുമ്പോള്‍ എന്നത്രെ. അല്ലാഹുവിന്‍റെ കല്പനകള്‍ ധിക്കരിച്ചുകൊണ്ട് ജനങ്ങള്‍ തോന്നിയവാസത്തില്‍ മുഴുകുന്ന ഒരവസരത്തിലായിരിക്കും അല്ലാഹു ഈ ജീവിയെ പ്രത്യക്ഷപ്പെടുത്തുക. മനുഷ്യന്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ശരിക്ക് വിശ്വസിക്കുന്നില്ല- അവര്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിയിരിക്കുകയാണ്- എന്ന് ആ ജീവി അവരോട് സംസാരിക്കും. ഈ മൃഗം എങ്ങനെയായിരിക്കും? അതിന്‍റെ സംസാരം ഏത് ഭാഷയില്‍ -അല്ലെങ്കില്‍ ഏതു രൂപത്തില്‍- ആയിരിക്കും? ജനങ്ങളെപ്പറ്റി അതെങ്ങിനെ അറിയും? ഇതൊന്നും സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല. അതൊന്നും വിവരിച്ചു കാണിക്കുന്ന ബലവത്തായ ഹദീസുകളും കാണപ്പെടുന്നില്ല. ഖിയാമത്തുനാളിന്‍റെ അടയാളങ്ങളില്‍ ഒന്നായി ഈ ജീവിയെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിരിക്കുന്നു. ഒന്നിലധികം ബലവത്തായ ഹദീസുകളില്‍ ഇതിനെക്കുറിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിരിക്കുന്നു. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാകുന്നു:-

عن عبد الله بن عمر رض قال حفظت من رسول الله ص حديثا لم انسه بعد سمعت رسول الله ص يقول ان اول الايات خروجا طلوع الشمس من مغربها و خروج الدابة على الناس ضحى وايتهما كانت قبل صاحبها فالاخرى على اثرها قريبا – مسلم

(അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്നു: ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍നിന്ന് ഒരു വര്‍ത്തമാനം പഠിച്ചുവെച്ചിട്ടുണ്ട്. പിന്നെ ഇതുവരെയും ഞാനത് വിസ്മരിച്ചിട്ടില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: (അന്ത്യനാളിന്‍റെ അടയാളമായി) പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളില്‍ ആദ്യമായുണ്ടാകുന്നത് സൂര്യന്‍ അതിന്‍റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യലും, ഒരു പൂര്‍വ്വാഹ്ന സമയത്ത് ജനങ്ങളില്‍ മൃഗം – അഥവാ ജീവി- പ്രത്യക്ഷപ്പെടലുമാകുന്നു. ഈ രണ്ടില്‍വെച്ച് ഏതൊന്ന് അതിന്‍റെ തുണയുടെ മുമ്പുണ്ടായോ ഉടനെ അടുത്തു തന്നെ മറ്റേതും അതിനെത്തുടന്നുണ്ടാകുന്നതാണ്.) ഈ രണ്ട് ദൃഷ്ടാന്തങ്ങള്‍ക്കു പുറമെ വേറെയും ചില സംഭവങ്ങള്‍ ഖിയാമത്തിന്‍റെ ആസന്നതയുടെ അടയാളമായി ഹദീസുകളില്‍ വന്നിട്ടുണ്ട്.

ഈ സൂറത്തില്‍ മുമ്പ് പ്രസ്താവിച്ച ഉറുമ്പിന്‍റെയും, മരക്കൊത്തിയുടെയും സംഭവങ്ങളെ നിഷേധിക്കുന്ന യുക്തിവാദക്കാര്‍ ഈ ആയത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനങ്ങളിലും അവരുടേതായ ചില പ്രസ്താവനകള്‍കൊണ്ട് സ്വയം തൃപ്തിയടഞ്ഞിരിക്കുകയാണ്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്കിന്‍റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥംകൊണ്ട് തൃപ്തി അടയുവാനോ,അതിനെ കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ക്ക് അല്‍പമെങ്കിലും പരിഗണന നല്‍കുവാനോ അവര്‍ തയ്യാറില്ല. ഒരിക്കല്‍ അതിനെപ്പറ്റി ‘ജന്തു’ എന്നും, വേറൊരിക്കല്‍ ‘എന്തോ ഒരു ഭയങ്കര വസ്തു’ എന്നും, പിന്നീട് ‘അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കല്‍പോലെയുള്ള സംഭവം’ എന്നും മറ്റും പരസ്പര വിരുദ്ധമായ വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടു അവര്‍ അന്യഥാ വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് ‘ദാബ്ബത്ത്’ (دابة) എന്നത്രെ. ഭൂമിയില്‍കൂടി ചലിക്കുന്ന ജീവി- അല്ലെങ്കില്‍ ജന്തു- എന്നാണതിന്‍റെ അര്‍ത്ഥം. എങ്കിലും സാധാരണമായി മൃഗം എന്നര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. ഏതായാലും, അത് ഭൂകമ്പമോ മറ്റോ അല്ല തന്നെ. (*) അതുകൊണ്ട് അല്ലാഹുവും അവന്‍റെ റസൂലും പറഞ്ഞതിനെ അതേ രൂപത്തില്‍ തന്നെ നമുക്കു വിശ്വസിക്കുക. അതാണ്‌ സത്യവിശ്വാസികളുടെ ചുമതലയും, സത്യവിശ്വാസത്തിന്‍റെ ലക്ഷണവും.


(*) الدابة مادب من الحيوان وغلب على ما يركب و يحمل (‘ദാബ്ബത്ത്’) എന്നാല്‍ ചലിക്കുന്ന ജീവി എന്നാണ്. യാത്രക്കും, സാമാനം ചുമക്കുവാനും ഉപയോഗിക്കുന്ന ജീവിക്കാണ് അധികം ഉപയോഗിക്കാറുള്ളത്. എന്ന് ‘മുന്‍ജിദില്‍’ കാണാം. دابة الارض من اشراط الساعة (‘ദാബ്ബത്തുല്‍ അര്‍ള്വ്’ – എന്നത് ഖിയാമത്തിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്) എന്ന് ‘ഖ്വാമൂസില്‍’ പ്രത്യേകം കാണിച്ചിട്ടുണ്ട്. ഇതേ പ്രകാരം തന്നെ ‘അല്‍ഫറാഇദു- ദുരിയ്യഃ എന്ന അറബി – ഇംഗ്ലിഷ് നിഘണ്ടുവും രേഖപ്പെടുത്തുന്നു. അതിലെ വാചകം ഇതാണ്: The beast of the earth said to appear near the end of the world) ലോകാവസാനത്തിനടുത്ത കാലത്ത് പ്രത്യക്ഷപ്പെടുമെന്ന് പറയപ്പെടുന്ന ഭൂമിയിലെ മൃഗം.)


മേലുദ്ധരിച്ച ഹദീസില്‍, ഭൂമിയില്‍ നിന്നുള്ള മൃഗം പ്രത്യക്ഷപ്പെടുന്നതിന്‍റെ തുണയായിക്കൊണ്ട് പ്രസ്താവിച്ച മറ്റൊരു കാര്യം, സൂര്യന്‍ അസ്തമന ദിക്കില്‍നിന്ന് ഉദയം ചെയ്യലാണല്ലോ. ഇതിനെപ്പറ്റി ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ ഓര്‍ക്കുന്നത് നന്നായിരിക്കും. തിരുമേനി പറഞ്ഞതായി അബുഹുറൈറ (റ) പറയുന്നു: ‘ സൂര്യന്‍ അതിന്‍റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യുന്നതുവരെ അന്ത്യസമയം (ലോകാവസാനം) സംഭവിക്കുകയില്ല. അങ്ങനെ, അത് ഉദയം ചെയ്യുകയും ജനങ്ങള്‍ അത് കാണുകയും ചെയ്യുമ്പോള്‍, അവര്‍ എല്ലാവരും തന്നെ വിശ്വസിക്കും. അതാകട്ടെ, ഒരു ദേഹത്തിനും അതിന്‍റെ (അപ്പോഴുണ്ടാകുന്ന) വിശ്വാസം ഫലം ചെയ്യാത്ത സമയമായിരിക്കും.’ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: അന്‍ആമിലെ 158-ാംവചനം ഓതിക്കാണിക്കുകയും ചെയ്തു (ബു.) അല്ലാഹുവിന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തതോ, അല്ലെങ്കില്‍ ഒരു നന്മയും ചെയ്തിട്ടില്ലാത്തതോ ആയ ഒരു ദേഹത്തിനും അതിന്‍റെ വിശ്വാസം ഫലംചെയ്കയില്ല എന്നത്രെ ആ ആയത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.

(يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا ……. – سورة الأنعام) തുടര്‍ന്നുള്ള വചനങ്ങളില്‍ ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു:-

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുന്നംല്‍ : ആയത്ത് 59 മുതൽ 69 വരെ

സൂറത്തുന്നംല്‍ : 59-69

വിഭാഗം – 5

27:59

  • قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ ﴾٥٩﴿
  • (നബിയേ) പറയുക: ‘സര്‍വ്വസ്തുതിയും അല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ ‘സലാമും’ [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?!
  • قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത്

27:60

  • أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ ﴾٦٠﴿
  • അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (-ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു!
  • أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന

മേല്‍ ഉദ്ധരിച്ച മഹല്‍കൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. പരമാര്‍ത്ഥം ഇതായിരുന്നിട്ടും അവര്‍ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവര്‍ യഥാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു.

قَوْمٌ يَعْدِلُونَ എന്ന വാക്കിന് ‘ സമപ്പെടുത്തുന്ന ജനത’ എന്നും, തെറ്റിപ്പോകുന്ന ജനത’ എന്നും അര്‍ത്ഥം വരാം, ആദ്യത്തെ അര്‍ത്ഥപ്രകാരം നേര്‍വഴി വിട്ട് വക്രവഴിയിലേക്ക് തെറ്റിപോകുന്ന ജനത എന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്ന ജനത എന്നും താല്പര്യമായിരിക്കും.

27:61
  • أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٦١﴿
  • അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!)
    എന്നാല്‍, അധികമാളുകളും അറിയുന്നില്ല!
  • أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
27:62
  • أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾٦٢﴿
  • അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തു വരുന്നവനോ (-ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
  • أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًا അല്‍പ മാത്രമേ مَّا تَذَكَّرُونَ
    നിങ്ങള്‍ ആലോചിക്കുന്നു(ള്ളു)

രണ്ട് സമുദ്രങ്ങള്‍ എന്ന് പറഞ്ഞത് ഉപ്പുജലവും, ശുദ്ധജലവുമാണെന്നും, അവ അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയില്‍ അല്ലാഹു ഒരു തടസ്സം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂ: ഫുര്‍ഖാന്‍ 53-ല്‍ വെച്ച് പ്രസ്താവിച്ചത് ഇവിടെയും ഓര്‍ക്കുക. ഏതെങ്കിലും ആപത്തുകളില്‍ പെട്ട് കഷ്ടപ്പെട്ടവന്‍റെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന വസ്തുത അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബിവചനങ്ങളില്‍നിന്നും അറിയപ്പെട്ടിട്ടുള്ളതാണിത്. രക്ഷാമാര്‍ഗ്ഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവന്‍ മനസ്സാന്നിദ്ധ്യത്തോടും,വിശ്വാസത്തോടുംകൂടി അവന്‍റെ സങ്കടം അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നപക്ഷം, നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവില്‍നിന്ന് രക്ഷ ലഭിക്കുന്നതാകുന്നു- പ്രാര്‍ത്ഥിക്കുന്നവന്‍ കേവലം പാപിയാണെങ്കില്‍ പോലും.

യമനിലെ സക്കാത്ത് വസൂലാക്കുവാനും മറ്റും മുആദ് (معاذ بن جبل  -رض) നെ നിയോഗിച്ചയച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട് ഇങ്ങിനെ ഉപദേശിക്കുകയുണ്ടായി:

واتق دعوة المظلوم فليس بينها و بين الله حجاب – مسلم….

(……..ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിച്ചുകൊള്ളുകയും വേണം. കാരണം, അതിനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയും ഇല്ല.) വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു.

ثلاث دعوات مستجابات لا شك فيهن دعوة الوالد و دعوة المسافر و دعوة المظلوم – الترمذي و ابوداود

(മൂന്ന് പ്രാര്‍ത്ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അവയുടെ കാര്യത്തില്‍ സംശയമില്ല: മാതാപിതാക്കളുടെ (സന്താനങ്ങളെ സംബന്ധിച്ച) പ്രാര്‍ത്ഥനയും, യാത്രക്കാരന്‍റെ പ്രാര്‍ത്ഥനയും, ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയും.) അല്ലാഹു വീണ്ടും തുടര്‍ന്ന് ചോദിക്കുന്നു:-

27:63
  • أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ ﴾٦٣﴿
  • അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷ വാര്‍ത്തയായി അയക്കാറുള്ളവനുമാണോ (-ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു!
  • أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

27:64

  • أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ ﴾٦٤﴿
  • അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു (നശിച്ച ശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ – പറയൂ!) (നബിയേ) പറയുക: ‘നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!’
  • أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

പട്ടാപ്പകല്‍പ്പോലെ സുവ്യക്തവും, ശകലം ബുദ്ധിയും ചിന്തയും ഉള്ളവര്‍ക്കെല്ലാം അറിയാവുന്നതുമായ ചില നിത്യസത്യങ്ങള്‍ നിരത്തിവെച്ചുകൊണ്ട് അല്ലാഹുവിനോട് സമത്വം കല്‍പിക്കപ്പെടുവാന്‍ അര്‍ഹതയുള്ള വല്ലവരും ഉണ്ടോ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ച ശേഷം, ഉണ്ടെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജറാക്കുവാന്‍ അവിശ്വാസികളെ അല്ലാഹു വെല്ലുവിളിക്കുകയാണ്. സകല വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, ആരാധ്യനുമായുള്ളവന്‍ അല്ലാഹു മാത്രമാണ്. ഇതിന്‍റെ അനിവാര്യ ഫലമത്രെ, അദൃശ്യജ്ഞാനം അവന് മാത്രമാണെന്നുള്ള വസ്തുത. ആകയാല്‍, അല്ലാഹു അല്ലാത്ത വല്ലവര്‍ക്കും അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിയുമെന്നു കരുതുന്നത് തനി വിഡ്ഢിത്തമാണെന്ന് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:)

27:65
  • قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴾٦٥﴿
  • (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.
  • قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു)

അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍ സാധ്യമല്ല. പിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?!  ആയിശാ (റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘നാളെ ഉണ്ടാകുന്ന കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുമെന്ന് ആരെങ്കിലും ജല്‍പിക്കുന്നപക്ഷം, അവന്‍ അല്ലാഹുവിന്‍റെ മേല്‍ വമ്പിച്ച നുണ പറഞ്ഞുപോയി. കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്.

(من زعم ان النبي صلى الله عليه و سلم يعلم ما يكون في غدفقد اعلم القرية على الله لان الله يقول قل لا يعلم من في السموات والارض الغيب الاالله – ابن جرير و غيره)

27:66
  • بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ ﴾٦٦﴿
  • എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
  • بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي الْآخِرَةِ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ്

മൂന്ന് വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തിന്‍റെ താല്‍പര്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഒന്നിലധികം രൂപം കൈകൊണ്ടിട്ടുള്ളത് കാണാം.

(1) അദൃശ്യകാര്യങ്ങള്‍ അറിയാവതല്ലെങ്കിലും, പരലോകത്തെക്കുറിച്ച് ഉറപ്പിക്കുവാന്‍ വേണ്ടുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവിശ്വാസികള്‍ക്ക്‌ പൂര്‍ണ്ണമായും സിദ്ധിച്ചിട്ടുണ്ട്. എന്നിട്ടും അവരതില്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്. അത്രയുമല്ല, അതില്‍ സംശയംപോലും ജനിക്കാതിരിക്കത്തക്കവണ്ണം അതിനെക്കുറിച്ച് തീരെ അന്ധരും അശ്രദ്ധരുമാണ്.

(2) ആദ്യത്തെ വാക്യം – പരലോക വിഷയത്തില്‍ അവരുടെ അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞത് – അല്ലാഹു അവരെപ്പറ്റി പരിഹസിച്ചു പറഞ്ഞതാണ്. അതായത്: അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ അറിയുകയില്ലെങ്കിലും, പരലോകത്തിന്‍റെ കാര്യത്തില്‍ അവിശ്വാസികള്‍ക്കുള്ള അറിവ് അങ്ങേഅറ്റം പരിപൂര്‍ണ്ണമാണ് എന്ന് ആദ്യം പറഞ്ഞ ശേഷം, അവരുടെ യഥാര്‍ത്ഥനില ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എന്ന് താല്‍പര്യം.

(3) അവരുടെ അറിവ് പരിപൂര്‍ണ്ണത പ്രാപിച്ചു എന്നു പറഞ്ഞതിന്‍റെ വിവക്ഷ, അതിന് പുരോഗതിയില്ലാതെ വളര്‍ച്ചമുട്ടി നാശപ്രായമായിരിക്കുന്നു എന്നാണ്.

ادَّارَكَ (ഇദ്ദാറക) എന്നതിന് പകരം ادرك (അദ്റക) എന്നും ഇവിടെ വായനയുണ്ട്. ഈ വായന അനുസരിച്ചാണ് മൂന്നാമത് പറഞ്ഞ അഭിപ്രായം.

വിഭാഗം – 6

27:67

  • وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ ﴾٦٧﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: ‘ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.)
  • وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തു കൊണ്ടുവരപ്പെടുന്നവര്‍
27:68
  • لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾٦٨﴿
  • ‘ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും) അല്ല.’
  • لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ

27:69

  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ ﴾٦٩﴿
  • പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!’
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ

മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും, പ്രവാചകന്മാരെ വ്യാജമാക്കുകയും ചെയ്ത പല സമുദായങ്ങളുടെയും ശിക്ഷാനുഭവങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടറിയുവാന്‍ സാധിക്കും. അങ്ങിനെയുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും ബാധിച്ചേക്കുന്നത് സൂക്ഷിച്ചുകൊള്ളുക എന്ന് സാരം.

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുന്നംല്‍ : ആയത്ത് 45 മുതൽ 58 വരെ

സൂറത്തുന്നംല്‍ : 45-58

വിഭാഗം – 4

27:45

  • وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ﴾٤٥﴿
  • ‘ഥമൂദ്’ (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍’ എന്നു (പറഞ്ഞുകൊണ്ട്).
    അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു!
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ്
    ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന

27:46

  • قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴾٤٦﴿
  • അദ്ദേഹം പറഞ്ഞു: ‘എന്‍റെ ജനങ്ങളെ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്?!
    അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ!’
  • قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ എന്തിന് تَسْتَعْجِلُونَ നിങ്ങള്‍ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു بِالسَّيِّئَةِ തിന്മക്ക് قَبْلَ الْحَسَنَةِ നന്മയുടെ മുമ്പ് لَوْلَا تَسْتَغْفِرُونَ നിങ്ങള്‍ പാപമോചനം തേടാത്തതെന്താണ്, തേടിക്കൂടേ اللَّـهَ അല്ലാഹുവോട് لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُرْحَمُونَ കരുണ ചെയ്യപ്പെടുന്ന (വര്‍)

27:47

  • قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ ﴾٤٧﴿
  • അവര്‍ പറഞ്ഞു: ‘(സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ. മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു.’
  • قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന

സ്വാലിഹ് (عليه السلام) നബിയില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത്. നിഷേധവിഭാഗക്കാര്‍ കടുത്ത അക്രമികളും ധിക്കാരബുദ്ധികളുമായിരുന്നുവെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചുകാണാം.  സ്വാലിഹ്(عليه السلام) നബിയും അവരും തമ്മില്‍ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തില്‍ ചിലതാണ് ഈ ആയത്തുകളില്‍ കാണുന്നത്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപരനന്മകള്‍ക്കുവേണ്ടി പരിശ്രമിക്കുന്നതിനു പകരം, ‘ഹേ സ്വാലിഹേ! നീ ദൈവദൂതന്മാരില്‍ പെട്ടവനാണെങ്കില്‍, ഞങ്ങളോട് നീ താക്കീതു ചെയ്യുന്ന ആ ശിക്ഷ കൊണ്ടുവാ!’ (يَا صَالِحُ ائْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الْمُرْسَلِينَ : الأعراف) എന്നും മറ്റും തിന്മക്കുവേണ്ടി അവര്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അദ്ദേഹം ആക്ഷേപിക്കുകയാണ്. അവരുടെ മറുപടിയാകട്ടെ, സ്വാലിഹ് (عليه السلام) നബിയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരും നിമിത്തം തങ്ങള്‍ക്ക് ശകുനപ്പിഴ ബാധിച്ചിരിക്കുകയാണെന്നും, നിലവിലുള്ള ക്ഷാമം, വരള്‍ച്ച, കക്ഷിത്തം ആദിയായവക്കെല്ലാം കാരണം അതാണെന്നുമായിരുന്നു. വാസ്തവം നേരെമറിച്ചാണെന്നും, അവരുടെ ദുഷ്ചെയ്തികള്‍ കാരണമായി അവര്‍ അല്ലാഹുവിന്‍റെ പരീക്ഷണത്തിന് വിധേയരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ, അവരുടെ ധിക്കാരം വര്‍ദ്ധിക്കുകയാണുണ്ടായത്:-

27:48
  • وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ ﴾٤٨﴿
  • (ആ) നഗരത്തില്‍ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു; അവര്‍ നാട്ടില്‍ നന്മയുണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയായിരുന്നു.
  • وَكَانَ ഉണ്ടായിരുന്നു فِي الْمَدِينَةِ നഗരത്തില്‍, രാജ്യത്തില്‍ تِسْعَةُ رَهْطٍ ഒരു സംഘത്തിലെ ഒമ്പതാളുകള്‍ (ഒമ്പതാളുള്ള സംഘം) يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَلَا يُصْلِحُونَ അവര്‍ നന്മയുണ്ടാക്കുകയുമില്ല (നന്മയുണ്ടാക്കാതെ)

27:49

  • قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ ﴾٤٩﴿
  • അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം:
    ‘നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും’.
  • قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.

ഥമൂദ്‌ ഗോത്രത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവര്‍ കുതികാല്‍ വെട്ടി അറുത്തുകളയുകയുണ്ടായി. അതിനെത്തുടര്‍ന്ന് എനി അവര്‍ക്ക് മൂന്നുദിവസത്തെ അവധി മാത്രമേയുള്ളുവെന്ന് സ്വാലിഹ് (عليه السلام) അവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. (٦٥:هود) ഈ അവസരത്തിലായിരുന്നു അദ്ദേഹത്തെയും കൂടെയുള്ള സത്യവിശ്വാസികളെയും രാക്കൊല നടത്തുവാന്‍ അവര്‍ തമ്മില്‍ ഗൂഢമായി പരിപാടിയിട്ടത്. അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഏറ്റവും വലിയ ധിക്കാരികളെക്കുറിച്ചാണ് ഒമ്പത് പേരുള്ള ഒരു സംഘം എന്ന് പറഞ്ഞത്. ഇവരില്‍ ഏറ്റവും നികൃഷ്ടനായ ഒരാളായിരുന്നു ഒട്ടകത്തിന്‍റെ നേരെ കയ്യേറ്റം നടത്താന്‍ ധൈര്യപൂര്‍വ്വം മുമ്പോട്ടു വന്നത്. അങ്ങനെ, ഗൂഢമായി സ്വാലിഹ് (عليه السلام) നബിയെയും കൂട്ടുകാരെയും ഏകോപിച്ചു കൊലചെയ്‌വാനും, അദ്ദേഹത്തിന്‍റെ സ്വന്തക്കാരോട് കുറ്റം നിഷേധിക്കുവാനും അവര്‍ പരസ്പരം ശപഥം ചെയ്തു തീരുമാനിച്ചു. പക്ഷേ, അല്ലാഹുവിന്‍റെ നിശ്ചയത്തിന്നെതിരില്‍ ആരുടെ ഗൂഢതന്ത്രവും നടക്കുകയില്ലല്ലോ. അല്ലാഹു പറയുന്നു:-

27:50
  • وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴾٥٠﴿
  • അവര്‍ ഒരു (ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
  • وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല
27:51
  • فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ ﴾٥١﴿
  • എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു;
    അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?!
  • فَانظُرْ എന്നാല്‍ നോക്കുക كَيْفَ كَانَ എങ്ങിനെയായി, എപ്രകാരമുണ്ടായി عَاقِبَةُ مَكْرِهِمْ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം أَنَّا دَمَّرْنَاهُمْ അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു وَقَوْمَهُمْ അവരുടെ ജനതയെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും

27:52

  • فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ ﴾٥٢﴿
  • എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
  • فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന

27:53

  • وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٥٣﴿
  • വിശ്വസിക്കുകയും സൂക്ഷിച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ സൂക്ഷിച്ചുവരുകയും ചെയ്ത

സൂ: ശുഅറാഇലും മറ്റും ഥമൂദിന്‍റെ സംഭവം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. അടുത്ത ആയത്തില്‍ ലൂത്ത്വ് (عليه السلام) നബിയുടെ സംഭവം വിവരിക്കുന്നു:-

27:54
  • وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ ﴾٥٤﴿
  • ലൂത്ത്വിനെയും (പ്രസ്താവിക്കുക); അതായതു, അദ്ദേഹം തന്‍റെ ജനങ്ങളോടു പറഞ്ഞപ്പോള്‍: ‘നിങ്ങള്‍ കണ്ടുംകൊണ്ടു തന്നെ (ഈ) ദുഷ്ടപ്രവൃത്തി ചെയ്യുകയാണോ?!’
  • وَلُوطًا ലൂത്ത്വിനെയും (പ്രസ്താവിക്കുക) إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ) الْفَاحِشَةَ ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ تُبْصِرُونَ കണ്ടുംകൊണ്ടു

‘നിങ്ങള്‍ കണ്ടുകൊണ്ടു തന്നെ’ എന്ന വാക്ക് രണ്ട് പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അതായത്: ദുഷ്ടതയും നീചത്വവുമാണെന്ന് കണ്ടറിഞ്ഞുംകൊണ്ട് എന്നും, പരസ്പരം ഗോപ്യമാക്കുവാന്‍പോലും ശ്രമിക്കാതെ പരസ്യമായി അന്യോന്യം നോക്കിക്കൊണ്ട് തന്നെ എന്നും, ദുഷ് കൃത്യങ്ങളുടെ കൊള്ളരുതായ്മയെപ്പറ്റി അറിയാതെ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ വമ്പിച്ച തെറ്റാണല്ലോ അറിഞ്ഞുംകൊണ്ട് കല്‍പിച്ചുകൂട്ടി അതിന് മുതിരുന്നത്. അതുപോലെത്തന്നെ, പരസ്യമായും നിസ്സങ്കോചമായും ചെയ്യുന്ന അപരാധം, സ്വകാര്യമായും മറ്റുള്ളവര്‍ അറിയുന്നതില്‍ സങ്കോചപ്പെട്ടുകൊണ്ടും ചെയ്യുന്നതിനെക്കാളും വമ്പിച്ച ധിക്കാരമായിത്തീരുന്നു. മനുഷ്യന് ലജ്ജയില്ലാത്ത പക്ഷം ഏതു നീചകൃത്യവും ചെയ്‌വാന്‍ മടിയുണ്ടാവുകയില്ല. സൂ: അങ്കബൂത്തില്‍ ഇവരെ അഭിമുഖീകരിച്ചുകൊണ്ട് ലൂത്ത്വ് (عليه السلام) നബി ഇങ്ങിനെ പറഞ്ഞതായി കാണാം:  وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ : العنكبوت (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍വെച്ച് ദുഷ് പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. (ഇവിടെ ദുഷ്ടപ്രവൃത്തി (الْفَاحِشَةَ) കൊണ്ടുള്ള ഉദ്ദേശ്യം അടുത്ത വചനത്തില്‍നിന്ന് മനസ്സിലാക്കാം. ലൂത്ത്വ് (عليه السلام) തുടര്‍ന്ന് പറയുന്നു.

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തു ന്നംല്‍ : ആയത്ത് 32 മുതൽ 44 വരെ

സൂറത്തു ന്നംല്‍ : 32-44
വിഭാഗം – 3

27:32

  • قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ ﴾٣٢﴿
  • അവള്‍ പറഞ്ഞു: ‘ ഹേ, പ്രധാനികളേ! എന്‍റെ കാര്യത്തില്‍ (ഞാന്‍ എന്തു വേണമെന്ന്) നിങ്ങള്‍ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ, ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല.’
  • قَالَتْ അവള്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ أَفْتُونِي നിങ്ങള്‍ എനിക്കു തീരുമാനം പറഞ്ഞുതരണം. فِي أَمْرِي എന്‍റെ കാര്യത്തില്‍ مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല قَاطِعَةً ഖണ്ഡിതമായി തീരുമാനിക്കുന്നവള്‍, ഉറപ്പിച്ചു പറയുന്നവള്‍ أَمْرًا ഒരു കാര്യവും حَتَّىٰ تَشْهَدُونِ നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവാതെ

27:33

  • قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍ وَأُو۟لُوا۟ بَأْسٍ شَدِيدٍ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ ﴾٣٣﴿
  • അവര്‍ പറഞ്ഞു: ‘ നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാല്‍, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു) നോക്കുക.’
  • قَالُوا അവര്‍ പറഞ്ഞു نَحْنُ നാം ഞങ്ങള്‍ أُولُو قُوَّةٍ പ്രാബല്യം (ശക്തി) ഉള്ളവരാണ് وَأُولُو بَأْسٍ സമരവീര്യം (ആക്രമണശക്തി) ഉള്ളവരും شَدِيدٍ ശക്തിമത്തായ وَالْأَمْرُ അധികാരം, കാര്യം إِلَيْكِ അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് فَانظُرِي അതുകൊണ്ടു (ആലോചിച്ചു)നോക്കുക مَاذَا എന്തൊന്നാണ് تَأْمُرِينَ അങ്ങുന്നു കല്‍പിക്കുന്നത്

വേണമെങ്കില്‍ ഒരു യുദ്ധത്തിനുള്ള കഴിവും, കോപ്പും നമുക്കുണ്ട്. നാമെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുന്നുതന്നെയാണ്. അവിടുത്തെ കല്‍പന ഏതും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നത്രെ ഉപദേശകസമിതിയുടെ മറുപടി. ഇതില്‍ ഒരു സമരസൂചനയുണ്ടെന്ന് റാണിക്ക് തോന്നിയിരിക്കാം.

27:34
  • قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ﴾٣٤﴿
  • അവള്‍ പറഞ്ഞു: ‘ നിശ്ചയമായും, രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍, അവരതിനെ നാശപ്പെടുത്തുകയും, അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക.
  • قَالَتْ അവള്‍ പറഞ്ഞു إِنَّ الْمُلُوكَ നിശ്ചയമായും രാജാക്കള്‍ إِذَا دَخَلُوا അവര്‍ പ്രവേശിച്ചാല്‍ قَرْيَةً ഒരു രാജ്യത്ത്, നാട്ടില്‍ أفْسَدُوهَا അവരതു നശിപ്പിക്കും, കുഴപ്പപ്പെടുത്തും وَجَعَلُوا അവര്‍ ആക്കുകയും ചെയ്യും أَعِزَّةَ أَهْلِهَا അതിലെ ആളുകളില്‍ പ്രതാപശാലികളെ أَذِلَّةً നിന്ദ്യന്മാര്‍, നിസ്സാരന്മാര്‍ وَكَذَٰلِكَ അപ്രകാരമത്രെ يَفْعَلُونَ അവര്‍ ചെയ്യുക

27:35

  • وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ ﴾٣٥﴿
  • ‘ഞാന്‍ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവും കൊണ്ട് ആളയക്കുകയാണ്; എന്നിട്ട് എന്തു (വിവരവും) കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്.’
  • وَإِنِّي നിശ്ചയമായും ഞാന്‍ مُرْسِلَةٌ അയക്കുന്നവളാണ് (അയക്കുകയാണ്) إِلَيْهِم അവരുടെ അടുക്കലേക്കു بِهَدِيَّةٍ ഒരു സമ്മാനവും കൊണ്ടു فَنَاظِرَةٌ എന്നിട്ടു നോക്കുന്നവളാണ് (പരിശോധിക്കുകയാണ്) بِمَ يَرْجِعُ എന്തുംകൊണ്ടു മടങ്ങുന്നു എന്ന് الْمُرْسَلُونَ ദൂതന്‍മാര്‍, അയക്കപ്പെട്ടവര്‍

ഒരു നാട്ടിനെ ആക്രമിക്കുമ്പോള്‍ അവിടെ പലവിധ നാശനഷ്ടങ്ങളും വരുത്തലും, അവിടെയുള്ള പ്രധാനികളുടെ നേരെ കയ്യേറ്റം നടത്തലും രാജാക്കളുടെ സാധാരണ പതിവാണ്. അതുകൊണ്ട് ഈ എഴുത്തയച്ചവര്‍ നമ്മുടെ നാട്ടിനെ അങ്ങനെ നശിപ്പിക്കാന്‍ ഇടവരുത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്‍റെ എല്ലാ സ്ഥിതിഗതികളും മനസ്സിലാക്കിവരത്തക്കവണ്ണം തല്‍ക്കാലം കുറെ സമ്മാനങ്ങളുമായി ഒരു ദൗത്യസംഘത്തെ അയക്കാനും, അവര്‍ മടങ്ങിവന്നശേഷം വേണ്ടത് ചെയ്‌വാനുമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതായിരുന്നു റാണിയുടെ അഭിപ്രായം. അനന്തരം, വളരെ വിലപിടിച്ച ഒരു രാജകീയ സമ്മാനവുമായി ഒരു സംഘത്തെ റാണി ശാമിന്‍റെ തലസ്ഥാനമായ ബൈത്തുല്‍ മുഖദ്ദസ്സിലേക്കയച്ചു. (*)


(*) റാണി സുലൈമാന്‍ (عليه السلام) നബിയുടെ കീര്‍ത്തികേട്ട് അദ്ദേഹത്തെ പരിശോധിക്കാന്‍ ചെന്നപ്പോള്‍ അനവധി സ്വര്‍ണ്ണവും, രത്നങ്ങളും, സുഗന്ധദ്രവ്യങ്ങളും ഒട്ടകങ്ങളില്‍ കയറ്റിക്കൊണ്ടുവന്നിരുന്നുവെന്ന് ബൈബിളില്‍ (1 രാജാക്കള്‍ 10-ലും മറ്റും) പ്രസ്താവിച്ചു കാണാം.

27:36
  • فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴾٣٦﴿
  • അങ്ങനെ, അവന്‍ [ദൂതന്‍] സുലൈമാന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ എനിക്കു ധനം കൊണ്ട് സഹായം നല്‍കുകയാണോ?! എന്നാല്‍, (അറിഞ്ഞേക്കുക:) എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സമ്മാനം മൂലം സന്തോഷംകൊള്ളുന്നു (എന്നുമാത്രം)
  • فَلَمَّا جَاءَ അങ്ങനെ അവന്‍ വന്നപ്പോള്‍ سُلَيْمَانَ സുലൈമാന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു أَتُمِدُّونَن നിങ്ങള്‍ എനിക്കു സഹായം നല്‍കുകയാണോ بِمَالٍ ധനംകൊണ്ടു فَمَا آتَانِيَ اللَّـهُ എന്നാല്‍ അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് خَيْرٌ ഉത്തമമാകുന്നു, നല്ലതാണ് مِّمَّا آتَاكُم നിങ്ങള്‍ക്കവന്‍ നല്‍കിയതിനെക്കാള്‍ بَلْ പക്ഷേ, എങ്കിലും أَنتُم നിങ്ങള്‍ بِهَدِيَّتِكُمْ നിങ്ങളുടെ സമ്മാനംകൊണ്ട് تَفْرَحُونَ നിങ്ങള്‍ സന്തോഷിക്കുന്നു
27:37
  • ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَـٰغِرُونَ ﴾٣٧﴿
  • ‘നീ അവരുടെ [നിന്നെ അയച്ചവരുടെ] അടുക്കലേക്കു മടങ്ങിക്കൊള്ളുക; തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് – നിന്ദ്യന്മാരായ നിലയില്‍ – അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും’.
  • ارْجِعْ നീ മടങ്ങിപ്പോകുക إِلَيْهِمْ അവരുടെ അടുക്കലേക്കു فَلَنَأْتِيَنَّهُم എന്നാല്‍ തീര്‍ച്ചയായും നാമവരുടെ അടുക്കല്‍ വരും بِجُنُودٍ സൈന്യങ്ങളുമായി لَّا قِبَلَ നേരിടുവാന്‍ കഴിവില്ലാത്ത لَهُم അവര്‍ക്കു بِهَا അതിനെ وَلَنُخْرِجَنَّهُم നാമവരെ തീര്‍ച്ചയായും പുറത്താക്കയുംചെയ്യും مِّنْهَا അവിടെനിന്നു أَذِلَّةً നിന്ദ്യന്മാരായി وَهُمْ അവര്‍ صَاغِرُونَ നിസ്സാരന്മാര്‍ (എളിയവര്‍) ആയിട്ടു

കുറെ ധനം തന്ന് തൃപ്തിപ്പെടുത്തി എന്നെ പാട്ടിലാക്കാമെന്ന് കരുതേണ്ട: നിങ്ങളെക്കാള്‍ എത്രയോ ഉന്നതമായ നിലയില്‍ യശസ്സും, സമ്പത്തുമെല്ലാം അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സമ്മാനങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് സന്തോഷിക്കാമെങ്കിലും എനിക്കതിന് ആവശ്യമില്ല എന്നൊക്കെയാണ് ആദ്യത്തെ വചനത്തില്‍ സുലൈമാന്‍ (عليه السلام) പറഞ്ഞതിന്‍റെ സാരം.

സമ്മാനം കൊണ്ടുവന്ന ദൗത്യസംഘത്തില്‍നിന്നും, അവരുടെ കൈവശം റാണി സ്വാഭാവികമായും ഏല്‍പ്പിച്ചയച്ചിരിക്കാനിടയുള്ള ദൗത്യങ്ങളില്‍നിന്നും സബഉകാരെക്കുറിച്ച് അദ്ദേഹം ചില വസ്തുതകള്‍ മനസ്സിലാക്കിയിരിക്കുമല്ലോ. കൂടാതെ, 33-ാം വചനത്തില്‍ ‘നാം പ്രാബല്യവും ശക്തിമത്തായ സമരവീര്യവും ഉള്ളവരാണെ’ന്ന്  റാണിയുടെ ഉപദേശകസമിതി അഭിമാനപൂര്‍വ്വം റാണിയോട് പ്രസ്താവിച്ചതും, വേണ്ടിവന്നാല്‍ ഒരു യുദ്ധത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ചതും സുലൈമാന്‍ (عليه السلام) ഇതിനകം അറിഞ്ഞിരിക്കുകയും ചെയ്തിരിക്കും. കത്ത് കൊടുത്തയച്ചപ്പോള്‍, കത്ത് കൊണ്ടുപോയി അവള്‍ക്ക് ഇട്ടുകൊടുത്തശേഷം അവരില്‍നിന്ന് മാറിനിന്ന് അവരുടെ മറുപടി എന്താണെന്ന് നോക്കിവരാന്‍ അദ്ദേഹം മരക്കൊത്തിയെ ഏല്‍പിച്ചതും സ്മരണീയമാണ്. ചുരുക്കത്തില്‍, തൗഹീദിന്‍റെ രാഷ്ട്രമായ അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തോട് ശിര്‍ക്കിന്‍റെ സാമ്രാജ്യമായ സബഉരാഷ്ട്രം ഒരു സമരത്തിന് പുറപ്പെടുവാന്‍ ഭാവമുണ്ടെന്ന് അദ്ദേഹം കണ്ടു. ആ ഭാവം മുളയില്‍തന്നെ അദ്ദേഹം നുള്ളിക്കളയുന്നതാണ് 37-ാം വചനത്തില്‍ കാണുന്നത്. അങ്ങിനെ, ദൗത്യസംഘം തിരിച്ചുപോയി. ബില്‍ഖീസും സൈന്യവും മുസ്ലിംകളായിക്കൊണ്ട് തന്‍റെ അടുക്കല്‍ വരുമെന്ന് വഹ് യുമൂലമോ മറ്റോ അദ്ദേഹത്തിന് മനസ്സിലായി.

27:38
  • قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ ﴾٣٨﴿
  • അദ്ദേഹം (തന്‍റെ ആളുകളോടു) പറഞ്ഞു: ‘ ഹേ, പ്രധാനികളേ! നിങ്ങളില്‍ ഏതൊരുവനാണ്, അവര്‍ എന്‍റെ അടുക്കല്‍ ‘മുസ്‌ലിംകളാ’യി വരുന്നതിനുമുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരുക?’
  • قَالَ അദ്ദേഹം പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ أَيُّكُمْ നിങ്ങളില്‍ ഏതാളാണ്, ആരാണ് يَأْتِينِي എനിക്കു കൊണ്ടുവന്നുതരുക بِعَرْشِهَا അവളുടെ സിംഹാസനത്തെ قَبْلَ أَن يَأْتُونِي അവര്‍ എന്‍റെ അടുക്കല്‍ വരുംമുമ്പ് مُسْلِمِينَ മുസ്‌ലിംകളായി, അനുസരണമുള്ളവരായി
27:39
  • قَالَ عِفْرِيتٌ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌ ﴾٣٩﴿
  • ജിന്നുകളില്‍പെട്ട ഒരു ‘ ഇഫ്‌രീത്ത്’ [മല്ലന്‍] പറഞ്ഞു: ‘ അങ്ങയുടെ (ഈ) സ്ഥാനത്തുനിന്നും അങ്ങുന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാന്‍ അത് അങ്ങേക്ക് കൊണ്ടുവന്നു തരാം. നിശ്ചയമായും, ഞാന്‍ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്.’
  • قَالَ عِفْرِيتٌ ഒരു മല്ലന്‍ (ഭൂതത്താന്‍)പറഞ്ഞു مِّنَ الْجِنِّ ജിന്നുകളില്‍പെട്ട أَنَا آتِيكَ താങ്കള്‍ക്കു ഞാന്‍ വരാം بِهِ അതുംകൊണ്ടു قَبْلَ أَن تَقُومَ താങ്കള്‍ എഴുന്നേല്‍ക്കും മുമ്പു مِن مَّقَامِكَ താങ്കളുടെ സ്ഥാനത്തുനിന്നു وَإِنِّي നിശ്ചയമായും ഞാന്‍ عَلَيْهِ അതിനു, അതിന്മേല്‍ لَقَوِيٌّ ശക്തന്‍ (കഴിവുള്ളവന്‍) തന്നെ أَمِينٌ വിശ്വസ്തനായ, വിശ്വസ്തനുമാണ്‌

27:40

  • قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ ﴾٤٠﴿
  • തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍നിന്നു ഒരു ജ്ഞാനം ഉണ്ടായിരുന്നവന്‍ പറഞ്ഞു: ‘ താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് താങ്കള്‍ക്കു കൊണ്ടുവന്നു തരാം.
    അങ്ങനെ, അത് [സിംഹാസനം] തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദേഹം പറഞ്ഞു: ‘ ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്) ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്.
  • قَالَ الَّذِي യാതൊരുവന്‍ പറഞ്ഞു عِندَهُ തന്‍റെ പക്കലുണ്ട് عِلْمٌ ഒരു അറിവ് مِّنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു أَنَا آتِيكَ ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം بِهِ അതിനെ قَبْلَ أَن يَرْتَدَّ മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു إِلَيْكَ താങ്കള്‍ക്കു, താങ്കളിലേക്കു طَرْفُكَ താങ്കളുടെ ദൃഷ്ടി, കണ്ണ് فَلَمَّا رَآهُ അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍ مُسْتَقِرًّا സ്ഥിതി ചെയ്യുന്നതായി عِندَهُ തന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِن فَضْلِ അനുഗ്രഹത്തില്‍പെട്ടതാണ് رَبِّي എന്‍റെ റബ്ബിന്‍റെ لِيَبْلُوَنِي എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി أَأَشْكُرُ ഞാന്‍ നന്ദി കാണിക്കുമോ أَمْ അഥവാ, അതല്ലെങ്കില്‍ أَكْفُرُ താന്‍ നന്ദികേടു കാണിക്കുമോ (എന്നു) وَمَن شَكَرَ വല്ലവനും നന്ദി കാണിച്ചാല്‍ فَإِنَّمَا يَشْكُرُ എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَمَن كَفَرَ വല്ലവനും നന്ദികേടു കാണിച്ചാല്‍ فَإِنَّ رَبِّي എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ് غَنِيٌّ അനാശ്രയനാണ്, ധന്യനാണ് كَرِيمٌ മാന്യനാണ്, ഉല്‍കൃഷ്ടനാണ്

‘ദുസ്സാമര്‍ത്ഥ്യക്കാരന്‍, പോക്കിരി, ഊക്കന്‍, മല്ലന്‍, ദുഷ്ടന്‍ എന്നിങ്ങിനെ അര്‍ത്ഥങ്ങള്‍ വരാവുന്ന ഒരു വാക്കാണ്‌ عِفْرِيتٌ (ഇഫ്‌രീത്ത്) മനുഷ്യര്‍ക്ക് കഴിയാത്ത പല കാര്യങ്ങള്‍ക്കും കഴിവുള്ളവരാണല്ലോ ജിന്നുവര്‍ഗ്ഗം. ജിന്നുകളുടെ കൂട്ടത്തില്‍ തന്നെ കൂടുതല്‍ ശക്തിയും, സാമര്‍ത്ഥ്യവുമുള്ള ഒരു മല്ലന്‍ – അഥവാ ഭൂതത്താന്‍ – എന്നത്രെ ഇവിടെ ഉദ്ദേശ്യം. ‘ അങ്ങയുടെ സ്ഥാനത്തുനിന്ന് ‘എഴുന്നേല്‍ക്കും മുമ്പ്’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അങ്ങുന്ന് പതിവ് പ്രകാരം രാജസഭയില്‍നിന്ന് പിരിഞ്ഞുപോകാറുള്ള സമയത്തിനു മുമ്പ് എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഇത്രയും വേഗത്തില്‍ ആ സിംഹാസനം ഇവിടെ എത്തിക്കുവാന്‍ വേണ്ടുന്ന കഴിവുണ്ടെന്നു മാത്രമല്ല, അതില്‍ യാതൊരു ക്രമക്കേടും വഞ്ചനയും കൂടാതെ, തികച്ചും വിശ്വസ്തമായ നിലയില്‍ അത് നിര്‍വ്വഹിക്കുകയും ചെയ്തുകൊള്ളാമെന്നും അയാള്‍ സുലൈമാന്‍ (عليه السلام) നബിയെ ഉണര്‍ത്തി. പക്ഷേ അതിനെക്കാള്‍ വേഗത്തില്‍ സിംഹാസനം തന്‍റെ മുമ്പില്‍ എത്തിക്കാണണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് ഞാന്‍ നിര്‍വ്വഹിച്ചുകൊള്ളാമെന്ന് രണ്ടാമതൊരാള്‍ ഏറ്റുപറയുന്നു.

ഈ രണ്ടാമന്‍ ആരാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ‘തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍ നിന്ന് – അഥവാ കിതാബില്‍നിന്ന് – ഒരു ജ്ഞാനം ഉണ്ടായിരുന്ന ആള്‍’ എന്നാണ് ഇദ്ദേഹത്തെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ‘കിതാബ്’ എന്ന് പറഞ്ഞത് ഏതിനെ ഉദ്ദേശിച്ചാണ്? അതില്‍നിന്നും അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ആ ജ്ഞാനം എന്തായിരുന്നു? എന്നൊന്നും ഇവിടെ പറയുന്നില്ല. ‘കിതാബ്’ കൊണ്ടുദ്ദേശ്യം പൊതുവിലുള്ള ദൈവിക വേദഗ്രന്ഥങ്ങള്‍ എന്നാണെന്നും, സുലൈമാന്‍ (عليه السلام) നബിക്ക് പ്രത്യേകം നല്‍കപ്പെട്ടിരുന്ന ദൈവികഗ്രന്ഥമാണെന്നും പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ജ്ഞാനംകൊണ്ടുദ്ദേശ്യം, അതിവേഗത്തില്‍ സിംഹാസനം കൊണ്ടുവരാന്‍ കഴിയത്തക്കവണ്ണമുള്ള ഒരാത്മീകശക്തി സിദ്ധിക്കുവാനുപകരിക്കുന്ന ഏതെങ്കിലും വിജ്ഞാനമായിരിക്കാം അത്. ഒന്നും തീര്‍ത്തുപറയുവാന്‍ നമുക്ക് തെളിവുകളില്ല. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഉത്തരം കിട്ടുന്ന അവന്‍റെ
അതിമഹത്തായ ചില തിരുനാമങ്ങള്‍ ( اسم الله الاظيم )അവന്നുണ്ടെന്ന് ഹദീസുകളില്‍ വന്നിടുണ്ട്. അതാണ്‌ ഇവിടെ ആ പ്രത്യേകജ്ഞാനംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നു. വാസ്തവം അല്ലാഹുവിനറിയാം. ‘താങ്കളുടെ ദൃഷ്ടി താങ്കള്‍ക്കു തിരിച്ചുവരുംമുമ്പായി ഞാന്‍ കൊണ്ടുവരാം’ എന്നാണല്ലോ ഇദ്ദേഹം പറഞ്ഞത്. ഈ വാക്കിന്‍റെ താല്പര്യം, താങ്കള്‍ കണ്ണുചിമ്മി മിഴിക്കുന്നതിനിടക്ക് കൊണ്ടുവരാമെന്നാണെന്നും, താങ്കള്‍ ഏതെങ്കിലും ഒരു വസ്തുവിലേക്ക് ദൃഷ്ടി പതിച്ചശേഷം, അതില്‍നിന്ന് കണ്ണെടുക്കുമ്പോഴേക്കു – അഥവാ- തുറന്ന കണ്ണടുക്കുമ്പോഴേക്കു- കൊണ്ടുവരാമെന്നാണെന്നും വരാം. ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ ഈ വാക്കിനും അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നു. ഏതര്‍ത്ഥമായിരുന്നാലും, ഒട്ടും താമസംകൂടാതെ – തല്‍ക്ഷണം തന്നെ- കൊണ്ടുവരാമെന്നാണ് അതുകൊണ്ട് വിവക്ഷ.

ഇത് പറഞ്ഞ വ്യക്തി ഒരുപക്ഷേ, ആദ്യം മുമ്പോട്ടുവന്ന ‘ഇഫ്‌രീത്തി’നെക്കാള്‍ യോഗ്യനായ ഒരു ജിന്നോ മറ്റോ ആയിരിക്കാനിടയുണ്ട്. ഒരു മലക്കായിരുന്നുവെന്നും, ജിബ്രീല്‍ (അ) എന്ന മലക്കായിരുന്നുവെന്നും, സുലൈമാന്‍ (عليه السلام) നബിയുടെ ഒരു മന്ത്രിയായിരുന്നുവെന്നും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഈ വക്താവ് സുലൈമാന്‍ (عليه السلام) നബി തന്നെയായിരുന്നുവെന്നും, അദ്ദേഹം ആദ്യം പറഞ്ഞ ‘ഇഫ്‌രീത്തി’നോട്‌ അങ്ങോട്ടു പറഞ്ഞ വാക്കാണിതെന്നുമത്രെ ഇമാം റാസി (رحمه الله) മുതലായ ചിലരുടെ ബലമായ അഭിപ്രായം (الله اعلم). ഒരു രാജാവും പ്രവാചകവര്യനും കൂടിയായ അദ്ദേഹത്തിന് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ചില ജ്ഞാനങ്ങള്‍ വേദഗ്രന്ഥത്തില്‍നിന്ന് ലഭിച്ചിരിക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ല. എങ്കിലും, അദ്ദേഹത്തിന്‍റെ കൈക്ക് വെളിപ്പെട്ട ചില അസാധാരണ സംഭവങ്ങളെ വിവരിച്ചുകൊണ്ടുള്ള ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ പേര്‍ – വ്യക്തമായോ, സൂചനയായോ – പ്രസ്താവിക്കാതിരിക്കാനും, ‘വേദഗ്രന്ഥത്തില്‍ നിന്നും ഒരു ജ്ഞാനമുണ്ടായിരുന്ന ആള്‍’ എന്നിങ്ങനെ അവ്യക്തമായ രൂപത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുവാനും കാരണം കാണുന്നില്ല. (*)


كما ذكره المرحوم الشيخ السيد قطب في تفسيرة , في ظلال القران (*)


എത്ര സമയംകൊണ്ടാണ്, ഏതു വിധേനയാണ് സിംഹാസനം കൊണ്ടുവരപ്പെട്ടതെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടില്ല. എങ്കിലും, കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് – അഥവാ തുറന്ന കണ്ണ് അടക്കുമ്പോഴേക്ക് – തന്നെ അത് എത്തിക്കഴിഞ്ഞുവെന്നാണ്, ‘അങ്ങനെ അതു തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍’ എന്ന വാചകത്തില്‍നിന്ന് വ്യക്തമാകുന്നത്. അല്ലാഹു സുലൈമാന്‍ (عليه السلام) നബിക്കു ചെയ്തുകൊടുത്തിട്ടുള്ള പ്രത്യേകാനുഗ്രഹങ്ങളില്‍പെട്ട ഒന്നാണ് ഈ സംഭവമെന്ന് അദ്ദേഹം തുടര്‍ന്നു പ്രസ്താവിക്കുന്നു. മാത്രമല്ല, അതില്‍ അദ്ദേഹത്തിന്‍റെ കൃതജ്ഞതയും, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കേണ്ടതിന്‍റെ ആവശ്യകതയും, നന്ദികേട് കാണിക്കുന്നതിന്‍റെ കെടുതലും ആ പ്രസ്താവനയില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സംഭവം വിവരിക്കുന്നത് അല്ലാഹു, വിവരണമാകട്ടെ വ്യക്തമായ ഭാഷയിലും, സംഭവമാണെങ്കില്‍, അനിതരസാധാരണമായ അനേകം അനുഗ്രഹങ്ങളും, കഴിവുകളും നല്‍കപ്പെട്ട പ്രവാചകവര്യനും, മഹാരാജാവുമായ സുലൈമാന്‍ (عليه السلام) നബിയെ സംബന്ധിക്കുന്നതും. ഒരു ചരിത്രവിവരണമെന്ന നിലക്കല്ല – കേവലം ഒറ്റപ്പെട്ട പ്രധാന സംഭവങ്ങളെന്നനിലക്കും അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യത്തിന്‍റെ
ദൃഷ്ടാന്തമെന്നനിലക്കുമാണ് – അതു ഉദ്ധരിക്കുന്നതും. എന്നിരിക്കെ, ഖുര്‍ആനില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അതിന്‍റെ വ്യക്തമായ പ്രസ്താവനകളെ അന്യഥാ വ്യാഖ്യാനിക്കുവാന്‍ പാടുള്ളതല്ല തന്നെ, ഖുര്‍ആന്‍റെ വാചകങ്ങളെ അവയുടെ പാട്ടിനു വിട്ടാല്‍ ഗ്രാഹ്യമാകുന്നതെന്തോ അതപ്പടി സ്വീകരിക്കുക, ഇതാണ് ഒരോരുത്തന്‍റെയും കടമ.

27:41
  • قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ ﴾٤١﴿
  • അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം (രൂപ) മാറ്റം വരുത്തിവിന്‍; അവള്‍ (യഥാര്‍ത്ഥം മനസ്സിലാക്കി) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ, അഥവാ (മനസ്സിലാകാതെ) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്തവരില്‍പെട്ടവളായിത്തീരുമോ എന്നു നമുക്കുനോക്കാം.’
  • قَالَ അദ്ദേഹം പറഞ്ഞു نَكِّرُوا നിങ്ങള്‍ മാറ്റം വരുത്തുവിന്‍, അപരിചിതമാക്കുവിന്‍ لَهَا അവള്‍ക്കു عَرْشَهَا അവളുടെ സിംഹാസനം نَنظُرْ നമുക്കു നോക്കാം, നാം നോക്കുക أَتَهْتَدِي അവള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ ( യഥാര്‍ത്ഥം കണ്ടെത്തുമോ) أَمْ تَكُونُ അതല്ല (അഥവാ) അവള്‍ ആയിത്തീരുമോ مِنَ الَّذِينَ യാതൊരുകൂട്ടരില്‍ പെട്ട(വള്‍) لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്ത (യഥാര്‍ത്ഥം കണ്ടെത്താത്ത)

ബില്‍ഖീസ് രാജ്ഞി തന്‍റെ അടുക്കല്‍ വരുമ്പോള്‍, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും, അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള പ്രവാചകത്വം തുടങ്ങിയ വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കണമെന്നും സുലൈമാന്‍ (عليه السلام) നബി ഉദ്ദേശിച്ചു. അതിനായി, അവള്‍ക്കു വേഗത്തില്‍ തിരിച്ചറിയാതിരിക്കത്തക്കവണ്ണം സിംഹാസനത്തിന്‍റെ ബാഹ്യരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം തന്‍റെ സേവകന്മാരോടാവശ്യപ്പെട്ടു. ഒരു പക്ഷേ, സ്വാഭാവികമായും ആ സിംഹാസനത്തില്‍ ഉണ്ടായേക്കാവുന്ന അനിസ്‌ലാമിക കലാവൈഭവത്തിന്‍റെ പ്രതീകങ്ങളായ വശങ്ങളില്‍ മാറ്റം വരുത്തുകയായിരിക്കും ചെയ്തിരിക്കുക. الله اعلم

27:42
  • فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ ﴾٤٢﴿
  • എന്നിട്ട് അവള്‍ വന്നപ്പോള്‍(അവളോട്‌) ചോദിക്കപ്പെട്ടു: ‘നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?’ അവള്‍ പറഞ്ഞു: ‘ഇതു അതു തന്നെയാണെന്ന് തോന്നുന്നു. ഇതിനു [ഈ സംഭവത്തിനു] മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ‘മുസ്‌ലിംകളാ’കുകയും ചെയ്തിരിക്കുന്നു’
  • فَلَمَّا جَاءَتْ എന്നിട്ടു അവള്‍ വന്നപ്പോള്‍ قِيلَ പറയപ്പെട്ടു أَهَـٰكَذَا ഇപ്രകാരമാണോ عَرْشُكِ നിന്‍റെ (നിങ്ങളുടെ) സിംഹാസനം قَالَتْ അവള്‍ പറഞ്ഞു كَأَنَّهُ ഇതാണെന്ന പോലെയുണ്ട്, ഇതാണെന്നു തോന്നുന്നു هُوَ അതു وَأُوتِينَا ഞങ്ങള്‍ക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു الْعِلْمَ അറിവു, ജ്ഞാനം مِن قَبْلِهَا ഇതിനു മുമ്പു തന്നെ وَكُنَّا ഞങ്ങളാകുകയും ചെയ്തിരിക്കുന്നു مُسْلِمِينَ മുസ്‌ലിംകള്‍, അനുസരണമുള്ളവര്‍

താന്‍ യമനില്‍ തന്‍റെ കോട്ടക്കകത്ത് സൂക്ഷിച്ചിട്ടുള്ള അതേ സിംഹാസനംതന്നെയാണിതെന്ന് അവള്‍ക്ക് ബോദ്ധ്യമായി. എങ്കിലും, ഒരു പക്ഷേ, ഏതാണ്ട് അതേ രൂപത്തിലുള്ള മറ്റൊന്നും ആവാന്‍ സാധ്യതയുണ്ടല്ലോ. ആകയാല്‍ ‘ഇത് അതുതന്നെ’ (انه هو) എന്ന് പറയാതെ, ഇത് അതുതന്നെയാണെന്ന് തോന്നുന്നു’ (كَأَنَّهُۥ هُوَ) എന്നുത്തരം പറഞ്ഞു. മാത്രമല്ല, അല്ലാഹുവിന്‍റെ അപാരമായ ശക്തി, സുലൈമാന്‍ (عليه السلام) നബിയുടെ പ്രവാചകത്വം, അദ്ദേഹത്തിന് അല്ലാഹു കൊടുത്തനുഗ്രഹിച്ചിട്ടുള്ള വമ്പിച്ച അനുഗ്രഹങ്ങള്‍, അദ്ദേഹത്തിന്‍റെ ശക്തിപ്രതാപം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇവിടെ എത്തിച്ചേരുന്നതിന് മുമ്പുതന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും, ഞങ്ങള്‍ ഞങ്ങളുടെ ബഹുദൈവ വിശ്വാസം ഉപേക്ഷിച്ച് മുസ്‌ലിംകളായിക്കഴിഞ്ഞിട്ടുണ്ടെന്നും, അറിയിക്കുകയും ചെയ്തു. (‘മുസ്‌ലിംകള്‍’ എന്ന പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പ് നാം സംസാരിച്ചു. കൂടുതല്‍ വിവരം 44-ാം വചനത്തിന്‍റെ വിവരണത്തിലും കാണാം.)

സുലൈമാന്‍ (عليه السلام) നബിയുടെ കത്തില്‍നിന്നും, സമ്മാനവുമായി അയക്കപ്പെട്ട ദൗത്യസംഘത്തിന്‍റെ നേരിട്ടുള്ള അനുഭവങ്ങളില്‍നിന്നും ഏറെക്കുറെ സ്ഥിതിഗതികള്‍ അവള്‍ക്ക് മുമ്പേ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പരീക്ഷണത്തില്‍നിന്ന് രാജ്ഞി ബുദ്ധിമതിയും, സദ്‌വിചാരക്കാരിയുമാണെന്നും വ്യക്തമായി. എന്നാല്‍, അവള്‍ ഇതേവരെ സത്യമാര്‍ഗ്ഗം സ്വീകരിക്കാതെ കഴിഞ്ഞുകൂടുവാനുള്ള കാരണം എന്തായിരുന്നു? ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നു:-

27:43
  • وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَـٰفِرِينَ ﴾٤٣﴿
  • അവള്‍ അല്ലാഹുവിനുപുറമെ (സൂര്യന്‍ മുതലായവയെ) ആരാധിച്ചുവന്നിരുന്നത് അവളെ തടഞ്ഞുകളഞ്ഞതാണ്; (കാരണം) നിശ്ചയമായും അവള്‍ അവിശ്വാസികളായ ഒരു ജനതയില്‍ പെട്ടവളായിരുന്നു.
  • وَصَدَّهَا അവളെ തടഞ്ഞുകളഞ്ഞു مَا كَانَت تَّعْبُدُ അവള്‍ ആരാധിച്ചുവന്നിരുന്നത് مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ (പുറമെ) إِنَّهَا كَانَتْ നിശ്ചയമായും അവളായിരുന്നു مِن قَوْمٍ ഒരു ജനതയില്‍പെട്ട(വള്‍) كَافِرِينَ അവിശ്വാസികളായ

ബില്‍ഖീസിനെ സ്വീകരിക്കുവാന്‍ സ്ഫടികം കൊണ്ടുള്ള ഒരു കൊട്ടാരം സുലൈമാന്‍ (عليه السلام) തയ്യാറാക്കിയിരുന്നു. അതിന്‍റെ അടിഭാഗത്ത് വെള്ളം നിറച്ച് അതില്‍ മത്സ്യങ്ങളും മറ്റും അടക്കം ചെയ്ത് മീതെ സ്ഫടികം കൊണ്ട് വിതാനം ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു.

27:44
  • قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴾٤٤﴿
  • ‘കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് അവളോടു പറയപ്പെട്ടു. എന്നിട്ട് അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് അവള്‍ കണക്കാക്കുകയും, അവളുടെ ഇരുകണങ്കാലുകളില്‍നിന്നും (വസ്ത്രം പൊക്കി) നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘ ഇതു പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ.’ അവള്‍ പറഞ്ഞു: രക്ഷിതാവേ! ഞാന്‍ എന്‍റെ ആത്മാവിനോട് (എന്നോടുതന്നെ) അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. (ഇതാ ഇപ്പോള്‍) സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാന്‍ കീഴ്പ്പെടുകയും [മുസ്‌ലിമാവുകയും] ചെയ്തിരിക്കുന്നു’.
  • قِيلَ لَهَا അവളോടു പറയപ്പെട്ടു ادْخُلِي നീ പ്രവേശിക്കുക, കടക്കുക الصَّرْحَ കൊട്ടാരത്തില്‍ فَلَمَّا رَأَتْهُ അവള്‍ അതു കണ്ടപ്പോള്‍ حَسِبَتْهُ അവളതിനെ കണക്കാക്കി, ധരിച്ചു لُجَّةً ഒരു ജലാശയമാണെന്നു وَكَشَفَتْ അവള്‍ നീക്കുകയും (വെളിവാക്കുകയും)ചെയ്തു عَن سَاقَيْهَا അവളുടെ ഇരുകണങ്കാലുകളില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ صَرْحٌ നിശ്ചയമായും അതു ഒരു കൊട്ടാരമാകുന്നു مُّمَرَّدٌ മിനുസ്സമായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട مِّن قَوَارِيرَ പളുങ്കുകളാല്‍, സ്ഫടികങ്ങളാല്‍ قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ റബ്ബേ, രക്ഷിതാവേ إِنِّي ظَلَمْتُ നിശ്ചയമായും ഞാന്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു نَفْسِي എന്‍റെ ആത്മാവിനോടു, എന്നോടുതന്നെ وَأَسْلَمْتُ ഞാന്‍ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു مَعَ سُلَيْمَانَ സുലൈമാനോടൊപ്പം لِلَّـهِ അല്ലാഹുവിനു رَبِّ الْعَالَمِينَ ലോകരക്ഷിതാവായ

മുമ്പുതന്നെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഞങ്ങള്‍ മുസ്‌ലിംകളായിട്ടുണ്ടെന്നും ബില്‍ഖീസ് സന്ദര്‍ഭവശാല്‍ ആദ്യമേ (42-ാം വചനത്തില്‍) പ്രസ്താവിച്ചിരുന്നല്ലോ. അത് അവള്‍ സുലൈമാന്‍ (عليه السلام) നബിയുടെ അടുക്കല്‍ എത്തിയ ഉടനെയായിരുന്നു. സ്വീകരണം കഴിഞ്ഞ് അതിഥിയുടെ ഔദ്യോഗിക വാസസ്ഥലത്ത് – അവള്‍ക്കായി തയ്യാറാക്കപ്പെട്ട പളുങ്കുകൊട്ടാരത്തില്‍ – പ്രവേശിച്ച ശേഷമുള്ള പ്രഖ്യാപനമാണ് ഈ ആയത്തിന്‍റെ അവസാനത്തില്‍ കാണുന്നത്. താന്‍ ഇതിനു മുമ്പ് ശിര്‍ക്കിന്‍റെ മതം അനുഷ്ടിച്ചു വന്നത് നിമിത്തം തന്നോടുതന്നെ അക്രമം പ്രവര്‍ത്തിക്കയാണ് ചെയ്തിട്ടുള്ളതെന്ന് തനിക്ക് ബോധ്യമാണ്., ഇപ്പോള്‍ ആ മതം വിട്ടേച്ച് സുലൈമാന്‍ (عليه السلام) ഏതൊരു മതത്തിലേക്ക് ക്ഷണിക്കുന്നുവോ ആ മതം – ഇസ്‌ലാമാകുന്ന തൗഹീദിന്‍റെ മതം – സ്വീകരിച്ചു മുസ്‌ലിമായിക്കഴിഞ്ഞിട്ടുണ്ട്, എന്നൊക്കെയത്രെ ഈ പ്രഖ്യാപനത്തില്‍ ബില്‍ഖീസ് ചൂണ്ടിക്കാട്ടുന്നത്.

أَسْلَمْتُ (അസ് ലംതു) എന്ന വാക്കിന് ‘ഞാന്‍ അനുസരിച്ചു, ഞാന്‍ കീഴൊതുങ്ങി’ എന്നിങ്ങനെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന് കീഴൊതുങ്ങി എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ (الله എന്നുകൂടി പറഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍) ആ വാക്കിന്‍റെ ഉദ്ദേശ്യം, സുലൈമാന്‍ (عليه السلام) നബിക്ക് കീഴൊതുങ്ങി എന്നും ആകാമായിരുന്നു. ‘അല്ലാഹുവിന് എന്നു വ്യക്തമാക്കിയതുകൊണ്ട് ഞാന്‍ മുസ്‌ലിമായി – അഥവാ അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് കീഴൊതുങ്ങി- എന്ന് മാത്രമേ അതിന് വിവക്ഷ നല്‍കാവൂ. എന്നാല്‍, ഇസ്‌ലാമിനെ അംഗീകരിക്കുന്നതോടൊപ്പം തന്നെ സുലൈമാന്‍ (عليه السلام) നബിയുടെ പ്രവാചകത്വത്തില്‍ (നുബുവ്വത്തില്‍) വിശ്വസിക്കലും, അദേഹത്തിന്‍റെ ദിവ്യദൗത്യത്തെ (രിസാലത്തിനെ) അനുസരിക്കലും, അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന് കീഴൊതുങ്ങലും സ്വാഭാവികമായി ഉണ്ടായിത്തീരുന്നു. مسلم (മുസ്‌ലിം) എന്ന പദം ഇതേ ക്രിയയില്‍ നിന്നുള്ള കര്‍ത്തൃനാമം (اسم الفاعل) ആകുന്നു. അതുകൊണ്ടാണ് 38,42 എന്നീ വചനങ്ങളിലെ ‘മുസ്‌ലിംകള്‍’ എന്ന വാക്കിനും ഇതേ വിവക്ഷ നല്‍കേണ്ടതാണെന്ന് നാം അവിടെ പ്രസ്താവിച്ചത്.

പിന്നീട് തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എന്തൊക്കെയാണ്, ബില്‍ഖീസ് സ്വരാജ്യത്തേക്ക് തിരിച്ചുപോയി രാജ്യഭരണം തുടര്‍ന്നു നടത്തിയൊ, അല്ലെങ്കില്‍ സുലൈമാന്‍ (عليه السلام) നബിയോ മറ്റോ അവളെ വിവാഹം കഴിച്ചിരുന്നുവോ, എന്നൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അതിന് വിശ്വസനീയമായ ചരിത്രം കാണപ്പെടുന്നുമില്ല. ബൈബിളില്‍ ബില്‍ഖീസിന്‍റെ സംഭവത്തെക്കുറിച്ചു പറഞ്ഞുകാണുന്നതിന്‍റെ രത്നചുരുക്കം ഇപ്രകാരമാണ്:- ‘ശേബാരാജ്ഞി (സബഇലെ രാജ്ഞി) യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്നുള്ള (സുലൈമാന്‍ നബിക്കുള്ള) കീര്‍ത്തി കേട്ടിട്ട് പരീക്ഷിക്കേണ്ടതിനായി വന്നു. മഹത്തായ പരിവാരത്തോടും, സുഗന്ധവര്‍ഗ്ഗവും, പൊന്നും, രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടി യരൂശലേമില്‍ (ബൈത്തുല്‍മുഖദ്ദസ്സില്‍) വന്നു. തന്‍റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. സകല ചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു. അവന്‍റെ ജ്ഞാനം, അരമന, ഭക്ഷണം, ഭൃത്യന്‍മാര്‍, അവരുടെ ഉടുപ്പ്, പാനപാത്രവാഹകന്മാര്‍, യഹോവയുടെ ആലയത്തിലേക്കുള്ള എഴുന്നെള്ളത്ത് എന്നിവ കണ്ടിട്ട് അവള്‍ അമ്പരന്നു. അവള്‍ പറഞ്ഞു: ‘ ഞാന്‍ എന്‍റെ ദേശത്തുവെച്ച് കേട്ട വര്‍ത്തമാനം സത്യം തന്നെ. ഞാന്‍ വന്നു കാണുന്നതുവരെ അത് വിശ്വസിച്ചില്ല. പാതി പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. കേട്ട കീര്‍ത്തിയേക്കാള്‍ അധികമാണ് ഉള്ളത്. നിന്‍റെ ഭാര്യമാരും നിന്‍റെ ജ്ഞാനം കേള്‍ക്കുന്ന ഭൃത്യന്‍മാരും ഭാഗ്യവാന്‍മാര്‍. നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍………….’ ശലോമോന്‍ രാജാവ് സ്വമേധയാ ശേബാരാജ്ഞിക്ക് രാജൌചിത്യംപോലെ കൊടുത്തത് കൂടാതെ അവള്‍ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം കൊടുത്തു. അങ്ങനെ അവള്‍ ഭൃത്യന്‍മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.’ (1 രാജാക്കള്‍ 10 ല്‍ 1-13 നോക്കുക.) الله اعلم

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തു ന്നംല്‍ : ആയത്ത് 15 മുതൽ 31 വരെ

സൂറത്തു ന്നംല്‍ : 15-31

വിഭാഗം – 2

27:15

  • وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ ﴾١٥﴿
  • തീര്‍ച്ചയായും, ദാവൂദിനും സുലൈമാനും, നാം ജ്ഞാനം നല്‍കുകയുണ്ടായി.
    രണ്ടാളും പറയുകയും ചെയ്തു: ‘സത്യവിശ്വാസികളായ തന്‍റെ അടിയാന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയവനായ അല്ലാഹുവിന് സര്‍വ്വസ്തുതിയും!
  • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി دَاوُودَ وَسُلَيْمَانَ ദാവൂദിനും സുലൈമാന്നും عِلْمًا ജ്ഞാനം وَقَالَا അവര്‍ (രണ്ടാളും) പറയുകയും ചെയ്തു الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي فَضَّلَنَا ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ عَلَىٰ كَثِيرٍ മിക്കവരെക്കാളും, അധികമാളുകളെക്കാളും مِّنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു الْمُؤْمِنِينَ സത്യവിശ്വാസികളായ

പ്രവാചകവര്യന്‍മാരും, അതോടൊപ്പം അനിതരസാധാരണമായ പ്രതാപശക്തിയും, അതിശക്തമായ ഭരണാധികാരവും ഒത്തിണങ്ങിയ രണ്ടു മഹാരാജാക്കളും കൂടിയായിരുന്നു ദാവൂദ് നബിയും, സുലൈമാന്‍ നബിയും (അ). മുമ്പുള്ളവര്‍ക്ക് അപരിചിതമായിരുന്ന പടയങ്കിനിര്‍മ്മാണം, ഇരുമ്പുകൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം, പര്‍വ്വതങ്ങളുടെ ‘തസ്ബീഹും’ (സ്തുതികീര്‍ത്തനങ്ങള്‍) പക്ഷിമൃഗാദികളുടെ സംസാരവും മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ് ഇങ്ങിനെ പലതും ഈ രണ്ട് പ്രവാചകശ്രേഷ്ഠന്‍മാരുടെ സവിശേഷതകളാകുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും ‘…..മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’ എന്ന് രണ്ടുപേരും പറഞ്ഞത്. അടുത്ത വചനവും നോക്കുക:-

27:16
  • وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ ﴾١٦﴿
  • സുലൈമാന്‍ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ‘ഹേ മനുഷ്യരെ, നമുക്ക് പക്ഷികളുടെ സംസാരം [ഭാഷണം] പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാ (ആവശ്യമായ) വസ്തുക്കളില്‍നിന്നും (വേണ്ടുന്നത്ര) നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം.)
  • وَوَرِثَ അവകാശമെടുത്തു, അനന്തരാവകാശിയായി سُلَيْمَانُ സുലൈമാന്‍ دَاوُودَ ദാവൂദിനെ, ദാവൂദിന്ന് وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ عُلِّمْنَا നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു مَنطِقَ الطَّيْرِ പക്ഷികളുടെ സംസാരം (ഭാഷണം) وَأُوتِينَا നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْفَضْلُ യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ് الْمُبِينُ സ്പഷ്ടമായ

ദാവൂദ് (അ) നബിയെപ്പോലെ അദ്ദേഹത്തിന്‍റെ പുത്രനായ സുലൈമാന്‍ (അ) നബിയും പ്രവാചകനും, രാജാവുമായി. രാജാവെന്ന നിലക്ക് കൂടുതല്‍ ഖ്യാതിയും അദ്ദേഹത്തിനുണ്ടായി. ഖത്താദഃ (قتادة رض) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു:- ‘പിതാവായ ദാവൂദ് നബിയില്‍നിന്നും അദ്ദേഹം പ്രവാചകത്വവും, രാജത്വവും അറിവും അനന്തരമെടുത്തു. (അഥവാ, ഈ കാര്യങ്ങള്‍ പിതാവിനെപ്പോലെ പുത്രന്നും ഉണ്ടായിരുന്നു). ദാവൂദ് നബിക്ക് നല്‍കപ്പെട്ടതെല്ലാം അദ്ദേഹത്തിനും കൊടുക്കപ്പെട്ടിരുന്നു. കൂടുതലായി, പിശാചുക്കളെയും കാറ്റിനെയും അദ്ദേഹത്തിന് വിധേയമാക്കുകയും ചെയ്തു. ഭരണസ്ഥലത്തിന്‍റെ വൈപുല്യത്തിലും, ന്യായാധിപത്യവിഷയത്തിലും അദ്ദേഹം പിതാവിനെക്കാള്‍ യോഗ്യനായിരുന്നു. സുലൈമാന്‍ (അ) നബിയെക്കാള്‍ ഇബാദത്തില്‍ മുഴുകിയ ആളും, അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ള ആളുമായിരുന്നു പിതാവ്’.

തങ്ങള്‍ക്കുമാത്രം അപൂര്‍വ്വമായി സിദ്ധിച്ചിട്ടുള്ള പ്രത്യേക അനുഗ്രഹങ്ങളെ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യുക വഴി, അദ്ദേഹം അല്ലാഹുവിനോട് തനിക്കുള്ള നന്ദി പ്രകാശിപ്പിക്കുകയും, അവന്‍റെ ദയാദാക്ഷിണ്യം സ്മരിക്കുകയും ചെയ്യുകയാണ്. ഓരോ ജീവിക്കും അതിന്‍റെ വിചാരവികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ചില ശബ്ദങ്ങളോ, ചേഷ്ടകളോ അല്ലാഹു നല്‍കിയിരിക്കും. അത് മനസ്സിലാക്കുവാന്‍ സുലൈമാന്‍ (അ) നബിക്ക് അവന്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കും. എന്നിങ്ങനെയാണ് ഇമാം ബൈള്വാവീ (القاضى البيضاوى – رح) യെപ്പോലുള്ള ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. الله اعلم

ഈ ‘പുരോഗമനയുഗ’ത്തില്‍പോലും – ജന്തുശാസ്ത്ര വിദഗ്ദന്‍മാരുടെ സുദീര്‍ഘമായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം – വളരെ ചുരുക്കം ജീവികളുടെ മാത്രം ചില ഇംഗിതങ്ങളും, ശബ്ദവ്യത്യാസങ്ങളും മനസ്സിലാക്കുവാനേ ഇതഃപര്യന്തം സാധിതമായിട്ടുള്ളു. തുടര്‍ന്നുവരുന്ന പരിശ്രമഫലമായി കൂടുതല്‍ മനസ്സിലാക്കുവാന്‍ അവര്‍ക്ക് ഏറെക്കുറെ സാധിച്ചെന്നുവന്നേക്കാം. എന്നാല്‍, സുലൈമാന്‍ (അ) നബിക്കും, ദാവൂദ് (അ) നബിക്കും ഈ തുറയില്‍ ലഭിച്ച അറിവ് അത്തരത്തില്‍ പെട്ടതല്ല. അത് തനി ദൈവികവും, തികച്ചും സൂക്ഷ്മവും വ്യക്തവുമായിട്ടുള്ളതും ആയിരുന്നുവെന്ന് താഴെ വചനങ്ങളില്‍നിന്നു നമുക്ക് കാണുവാന്‍ കഴിയും. സര്‍വ്വശക്തനായ അല്ലാഹു അവന്‍റെ പ്രവാചകന്മാര്‍ മുഖേന വെളിപ്പെടുത്തുന്ന ഇതുപോലെയുള്ള അസാധാരണ കാര്യങ്ങളെ വളച്ചുതിരിച്ച് വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് പരമ വിഡ്ഢിത്തവും അവന്‍റെ ശക്തിമാഹാത്മ്യത്തെയും, മഹാനുഗ്രഹങ്ങളെയും കുറിച്ചുള്ള വിശ്വാസക്കുറവുമാകുന്നു. സുലൈമാന്‍ (അ) നബിക്ക് ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളില്‍ ചിലത് തുടര്‍ന്നുള്ള ആയത്തുകളില്‍ വിവരിക്കുന്നു:-

27:17
  • وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ ﴾١٧﴿
  • സുലൈമാന്ന് ജിന്ന്, മനുഷ്യന്‍, പക്ഷി എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവര്‍ [സൈന്യങ്ങള്‍] തടഞ്ഞു നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്;-
  • وَحُشِرَ ശേഖരിക്കപ്പെട്ടു, ഒരുമിച്ചു കൂട്ടപ്പെട്ടു لِسُلَيْمَانَ സുലൈമാന്നു جُنُودُهُ അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ مِنَ الْجِنِّ ജിന്നുകളില്‍നിന്നുള്ള وَالْإِنسِ മനുഷ്യരില്‍നിന്നും وَالطَّيْرِ പക്ഷികളില്‍നിന്നും فَهُمْ എന്നിട്ട് അവര്‍ يُوزَعُونَ തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടുകൊണ്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ്

27:18

  • حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ ﴾١٨﴿
  • അങ്ങനെ, അവര്‍ ഉറുമ്പിന്‍ താഴ്വരയില്‍ കൂടി ചെന്നപ്പോള്‍, ഒരു ഉറുമ്പ് പറഞ്ഞു: ‘ഹേ! ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല.
  • حَتَّىٰ إِذَا أَتَوْا അങ്ങനെ അവര്‍ ചെന്നപ്പോള്‍ عَلَىٰ وَادِ النَّمْلِ ഉറുമ്പിന്‍ താഴ്വരയിലൂടെ قَالَتْ പറഞ്ഞു نَمْلَةٌ ഒരു ഉറുമ്പ് يَا أَيُّهَا النَّمْلُ ഹേ, ഉറുമ്പുകളേ ادْخُلُوا പ്രവേശിക്കുവിന്‍ مَسَاكِنَكُمْ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ لَا يَحْطِمَنَّكُمْ നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ سُلَيْمَانُ സുലൈമാന്‍ وَجُنُودُهُ തന്‍റെ സൈന്യങ്ങളും وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിയുന്നതുമല്ല, അവര്‍ ഗ്രഹിക്കുകയുമില്ല

സുലൈമാന്‍ നബി (അ) യുടെ സൈന്യത്തില്‍ മനുഷ്യവിഭാഗം മാത്രമല്ല, ജിന്നുകളും, പക്ഷികളുമുണ്ട്. എന്നാല്‍ ജിന്നുവിഭാഗത്തെയും, പക്ഷിവിഭാഗത്തെയും ഏതെല്ലാം തരത്തിലുള്ള സൈനികസേവനങ്ങള്‍ക്കാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഇവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ജിന്നുകളെയും, പിശാചുക്കളെയും സുലൈമാന്‍ (അ) നബിക്ക് അല്ലാഹു കീഴ്പ്പെടുത്തിയിരുന്നുവെന്നും, മനുഷ്യന് കേവലം പ്രയാസപ്പെട്ട പല ഭാരിച്ച പ്രവര്‍ത്തനങ്ങളും അവരെക്കൊണ്ട് അദ്ദേഹം നടത്തിവന്നിരുന്നുവെന്നും, ഖുര്‍ആന്‍ (21:82; 34:12, 13; 38:37 മുതലായ) പലേടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. 39-ാം വചനത്തില്‍, ബില്‍ഖീസ് റാണിയുടെ സിംഹാസനം സബഇല്‍നിന്നും അതിവേഗം കൊണ്ടുവരുവാന്‍ ഒരു ജിന്ന് സന്നദ്ധത പ്രകടിപ്പിച്ച വിവരം പ്രസ്താവിച്ചിരിക്കുന്നതും കാണാം. ചിലതരം പക്ഷികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കി അവ മുഖാന്തരം വാര്‍ത്തകളും, ദൗത്യങ്ങളും ദൂരദിക്കുകളിലേക്ക് എത്തിക്കുന്ന സമ്പ്രദായം മുന്‍കാലത്തുവിശേഷിച്ചും നടപ്പുണ്ടായിരുന്നു. സുലൈമാന്‍ (അ) നബിയുടെ പക്ഷീ സൈന്യവിഭാഗത്തില്‍ ഒരു മരംകൊത്തിപ്പക്ഷിയും ഉണ്ടായിരുന്നതായും, ആ പക്ഷി സബഇലെ ജനങ്ങളെയും ബില്‍ഖീസ് റാണിയെയും സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചതായും, അതിന്‍റെ പക്കല്‍ തന്നെ റാണിക്ക് ഒരു കത്ത് കൊടുത്തയച്ചതായും അടുത്ത ചില വചനങ്ങളിലും കാണാം. പക്ഷികളുടെ ഭാഷ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് അല്ലാഹു ഇതിനു മുമ്പ് പ്രസ്താവിച്ചു കഴിഞ്ഞതാണ്. ആ നിലക്ക് അദ്ദേഹം പക്ഷി വിഭാഗത്തെ പല പ്രകാരത്തിലും ഉപയോഗപ്പെടുത്തിയേക്കുന്നതിലും അസാംഗത്യമില്ല.

ഇബ്നു അബ്ബാസും (റ) മറ്റും പ്രസ്താവിച്ചതായി മുജാഹിദ് (റ), സഈദുബ്നു ജുബൈര്‍ (റ) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍ പ്രസ്തുത മരക്കൊത്തിയെക്കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചു പ്രസ്താവിക്കുന്നു: മരുഭൂമിയില്‍ കൂടി യാത്രചെയ്യുമ്പോള്‍ സുലൈമാന്‍ നബിക്ക് വെള്ളത്തിന്‍റെ ആവശ്യം നേരിടുന്ന പക്ഷം, ഭൂമിക്കടിയില്‍ വെള്ളം സ്ഥിതിചെയ്യുന്ന സ്ഥാനം ആ പക്ഷി അറിയിച്ചുകൊടുത്തിരുന്നു; അപ്പോള്‍ അദ്ദേഹം ജിന്നുകളെക്കൊണ്ട് യഥാസ്ഥാനത്തു കുഴിപ്പിച്ച് വെള്ളം എടുത്തിരുന്നു; അങ്ങനെ ഒരു ദിവസം വെള്ളത്തിന്‍റെ സ്ഥാനം പരിശോധിക്കേണ്ടുന്ന ഘട്ടം നേരിട്ടപ്പോഴാണ് (20-ാം വചനത്തില്‍ പ്രസ്താവിക്കുന്നതുപോലെ) മരക്കൊത്തിയെ അന്വേഷിച്ചതും, അതിനെ കാണാതായതും. ഇതാണ് പ്രസ്തുത നിവേദനത്തിലുള്ളത്.

സുലൈമാന്‍ (അ) നബി തന്‍റെ സൈന്യസമേതം ഒരു യാത്രയിലാണ്. അതിന്‍റെ ബഹുലതയും, വിഭാഗ വൈവിധ്യവും നിമിത്തം അതിലെ ഓരോ സംഘവും, ഓരോ വിഭാഗവും നീങ്ങുന്നതും, ചലിക്കുന്നതുമെല്ലാം ക്രമം തെറ്റാതെ ചിട്ടയനുസരിച്ച് വേണമല്ലോ. അതിനായി ഇന്നിന്നവര്‍ ഇന്നിന്നപ്രകാരമെന്നുള്ള ശരിയായ ഒരു നിയന്ത്രണത്തോടെയാണ് സൈന്യം നീങ്ങുന്നത്. അതിനിടക്ക് ഒരു ഉറുമ്പിന്‍ നഗരത്തിന്‍റെ അടുക്കല്‍ സൈന്യം എത്തിച്ചേര്‍ന്നു. അപ്പോഴാണ്‌ ഒരു ഉറുമ്പ് തന്‍റെ കൂട്ടുകാരെ – അല്ലാഹു പ്രസ്താവിച്ചതു പോലെ – താക്കീത് ചെയ്യുന്നത്. ആ പട്ടാളസംഘം അക്രമമായി തങ്ങളെ ഉപദ്രവിക്കുമെന്ന് ഉറുമ്പിന് അഭിപ്രായമില്ല. പക്ഷേ, സൈന്യം അതിന്‍റെ തിരക്കുകോലാഹലങ്ങള്‍ക്കിടയില്‍ ആ പാവങ്ങളുടെ സ്ഥിതിഗതികളെപ്പറ്റി ഗൗനിക്കാതെ – തങ്ങളെ ചവിട്ടിത്തേക്കുവാന്‍ കാരണമായേക്കുമെന്നാണതിന്‍റെ ഭയം. എന്നാല്‍, സുലൈമാന്‍ (അ) നബി ഒരു സാധാരണ രാജാവല്ല. അദ്ദേഹത്തിന്‍റെ സൈന്യവിഭാഗം തന്നെ അതിന് തെളിവാണ്. ഉറുമ്പിന്‍റെ താക്കീത് അദ്ദേഹം കേട്ടു.

27:19
  • فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ ﴾١٩﴿
  • അപ്പോള്‍, അതിന്‍റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങിനെ) പറയുകയും ചെയ്തു:- ‘റബ്ബേ, എനിക്കും, എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തിത്തരുകയും വേണമേ!’
  • فَتَبَسَّمَ അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ضَاحِكًا ചിരിച്ചുംകൊണ്ട് مِّن قَوْلِهَا അതിന്‍റെ വാക്കു നിമിത്തം وَقَالَ അദ്ദേഹം പറയുകയും ചെയ്തു رَبِّ റബ്ബേ أَوْزِعْنِي എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ أَنْ أَشْكُرَ ഞാന്‍ നന്ദി കാണിക്കുവാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്തിട്ടുള്ള عَلَيَّ എനിക്കു, എന്‍റെ മേല്‍ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കള്‍ക്കും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَدْخِلْنِي എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ بِرَحْمَتِكَ നിന്‍റെ കാരുണ്യംകൊണ്ടു فِي عِبَادِكَ നിന്‍റെ അടിയാന്മാരില്‍ الصَّالِحِينَ സദ്‌വൃത്തരായ, നല്ലവരായ

ഉറുമ്പിന്‍റെ സംസാരവും, താക്കീതും കേട്ടതോടെ, ഉറുമ്പിന്‍ കൂട്ടത്തെ രക്ഷിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അതിനേക്കാള്‍ വലിയ ഒരു മാതൃകാ സ്വഭാവമാണ് നമുക്കിവിടെ അദ്ദേഹത്തില്‍നിന്ന് പഠിക്കുവാനുള്ളത്. ഉറുമ്പിന്‍റെ സംസാരം മനസ്സിലാക്കുവാന്‍ കഴിഞ്ഞതിലുള്ള അഭിമാനമോ, കേവലം നിസ്സാര ജന്തുവായ അതിന്‍റെ താക്കീതിനെക്കുറിച്ചുള്ള അവഗണനയോ ഒന്നുമല്ല അദ്ദേഹത്തില്‍നിന്ന് പ്രകടമായത്. അത് മനസ്സിലാക്കുവാന്‍ സാധിച്ചത് അല്ലാഹു തനിക്ക് ചെയ്ത വലിയ ഒരനുഗ്രഹമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമാണ്. അതിലും, അതുപോലെയുള്ള മറ്റു പല അനുഗ്രഹങ്ങളിലും അദ്ദേഹം അല്ലാഹുവോട് നന്ദി കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ കടമ നിര്‍വ്വഹിക്കുവാന്‍ വേണ്ടുന്ന പ്രചോദനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ്. തനിക്കു മാത്രമല്ല, തന്‍റെ മാതാപിതാക്കള്‍ക്കു സിദ്ധിച്ച അനുഗ്രഹങ്ങളും അദ്ദേഹം വിസ്മരിക്കുന്നില്ല. ഇതാണ് അല്ലാഹു ഇവിടെ ആ പ്രാര്‍ത്ഥന പ്രത്യേകം എടുത്തുദ്ധരിച്ചതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.

ഉറുമ്പിന്‍റെ സംഭവത്തില്‍നിന്ന് നമുക്ക് മറ്റൊരു പാഠവും കൂടി ലഭിക്കുന്നുണ്ട്. ആ ഉറുമ്പിന്‍റെ – മിക്കവാറും ഉറുമ്പിന്‍കൂട്ടത്തിലെ വീട്ടുനായികയായിരിക്കാം അത്- ദീര്‍ഘദൃഷ്ടിയും, ഉത്തരവാദിത്വബോധവും, മറ്റുള്ളവരുടെ കാര്യത്തില്‍ അതിനുള്ള താല്‍പര്യവും നോക്കുക! കാര്യങ്ങളില്‍ ചിട്ട, സ്ഥിരോത്സാഹം, സഹകരണം ആദിയായവയില്‍ ഉറുമ്പ് മനുഷ്യരെ കവച്ചുവെക്കുന്നു. ഒരു ഉറുമ്പുമാളം പരിശോധിച്ചാല്‍, ഭൂമിക്കുള്ളില്‍ പല അറകളും, നിലകളും, തെരുവുകളും കാണാം. വേനല്‍ക്കാലത്തേക്കും, മഴക്കാലത്തേക്കുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കപ്പെട്ടിരിക്കും. നനവ് പറ്റിയ ധാന്യങ്ങള്‍ വെയിലുള്ളപ്പോള്‍ പുറത്തുകൊണ്ടുവന്നു ഉണക്കി വീണ്ടും സൂക്ഷിക്കും. മുളച്ചു നഷ്ടപ്പെടുവാന്‍ ഇടയാകുന്ന വിത്തുകള്‍ക്ക് തുളയുണ്ടാക്കിവെച്ചിരിക്കും. മഴവെള്ളം കുത്തനെ ഉള്ളില്‍ വീഴാതിരിക്കുവാനായി ഉള്ളറകള്‍ തിരിഞ്ഞും വളഞ്ഞും താണും പൊന്തിയും കൊണ്ടായിരിക്കും തയ്യാറാക്കപ്പെട്ടിരിക്കുക. ഉറുമ്പിന്‍റെ ഘ്രാണശക്തിയാണെങ്കില്‍, ആശ്ചര്യമാംവണ്ണം വമ്പിച്ചതാണ്. വളരെ ദൂരത്തുള്ള വസ്തുക്കള്‍പോലും മണത്തറിഞ്ഞ് അതിവേഗം ഉറുമ്പിന്‍കൂട്ടം വരിവരിയായി അങ്ങോട്ട്‌ ഘോഷയാത്ര നടത്തുന്നത് നാം സാധാരണ കാണാറുള്ളതാണ്. ഇതുപോലെത്തന്നെ ഇതരജീവികളില്‍നിന്നും നമുക്ക് അനേകം പാഠങ്ങള്‍ ലഭിക്കുവാനുണ്ട്. ഓരോന്നിനും അതിന്‍റേതായ സവിശേഷതയും, സാമര്‍ത്ഥ്യവും സര്‍വ്വശക്തനാല്‍ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു.

നബി (സ) അരുളി ചെയ്തതായി ഇമാം അഹ്മദ് (റ) മുതലായവര്‍ ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ‘സുലൈമാന്‍ (അ) (*) നബി മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെടുകയുണ്ടായി. അപ്പോള്‍ ഒരു ഉറുമ്പ് മലര്‍ന്നുകിടന്ന് അതിന്‍റെ കാലുകള്‍ ആകാശത്തിനുനേരെ പൊക്കിപ്പിടിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നതായി അദ്ദേഹം കണ്ടു. ‘അല്ലാഹുവേ, ഞങ്ങളും നിന്‍റെ സൃഷ്ടികള്‍ തന്നെ. ഞങ്ങള്‍ക്ക് നീ വെള്ളം കുടിക്കുവാന്‍ തരാതെ ഞങ്ങള്‍ക്ക് നിവൃത്തിയില്ല’. (اللَّهُمَّ إنّا خَلْقٌ مِن خَلْقِكَ لَيْسَ بِنا غِنًى عَنْ سُقْياكَ) അപ്പോള്‍ അദ്ദേഹം (കൂടെയുള്ളവരോട്) പറഞ്ഞു: ‘നിങ്ങള്‍ക്കു മടങ്ങാം. മറ്റുള്ളവരുടെ പ്രാര്‍ത്ഥനമൂലം നിങ്ങള്‍ക്ക് വെള്ളം കിട്ടിപ്പോയി!’

(ارْجِعُوا فَقَدْ سُقِيتُمْ بِدَعْوَةِ غَيْرِكُمْ – رواه احمد و صححه الحاكم)

സാധാരണക്കെതിരായി ഖുര്‍ആനില്‍ കാണപ്പെടുന്ന എല്ലാ സംഭവങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ താല്പര്യപൂര്‍വ്വം മിനക്കെടാറുള്ളവര്‍ മേല്‍ പ്രസ്താവിച്ച ഉറുമ്പിന്‍റെ കഥയിലും, തുടര്‍ന്നു വരുന്ന മരക്കൊത്തിപ്പക്ഷിയുടെ കഥയിലും – എന്നുവേണ്ട ഈ സൂറത്തിലെ പല പ്രസ്താവനകളിലും – അവരുടേതായ ദുര്‍വ്യാഖ്യാനങ്ങളും വ്യാജപ്രസ്താവനകളും ഇറക്കുമതി ചെയ്ത് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അവയെക്കുറിച്ചുള്ള നിരൂപണം ഈ സൂറത്തിന്‍റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാം. അത് സശ്രദ്ധം വായിച്ചറിയേണ്ടതാകുന്നു.


(*) ദാറുഖ്വുത്ത്നീ (റ)യുടെ രിവായത്തില്‍ ഒരു ‘പ്രവാചകന്‍’ ( نبي من الانبياء ) എന്നാണുള്ളത്.


സുലൈമാന്‍ (അ) നബിയുടെ യാത്രയിലുണ്ടായ മറ്റൊരു പ്രധാന സംഭവം അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-

27:20
  • وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ ﴾٢٠﴿
  • അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്താണെനിക്ക്? (ആശ്ചര്യം തന്നെ;) മരക്കൊത്തി(പ്പക്ഷി)യെ കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തില്‍ ആയിരിക്കയാണോ?
  • وَتَفَقَّدَ അദ്ദേഹം പരിശോധിച്ചു الطَّيْرَ പക്ഷികളെ فَقَالَ അപ്പോള്‍ (എന്നിട്ടു) പറഞ്ഞു مَا لِيَ എനിക്കെന്താണ് لَا أَرَى ഞാന്‍ കാണുന്നില്ല الْهُدْهُدَ മരക്കൊത്തിയെ أَمْ كَانَ അഥവാ അതായിരിക്കുന്നുവോ مِنَ الْغَائِبِينَ ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍
27:21
  • لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍ مُّبِينٍ ﴾٢١﴿
  • ‘സത്യമായിട്ടും, ഞാന്‍ അതിനെ കഠിനമായ ശിക്ഷ ശിക്ഷിക്കും; അല്ലെങ്കില്‍ അതിനെ അറുത്തു (കൊന്നു)കളയും. അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്‍റെ അടുക്കല്‍ വരുകതന്നെ വേണം’.
  • لَأُعَذِّبَنَّهُ സത്യമായും ഞാനതിനെ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ أَوْ അല്ലെങ്കില്‍ لَأَذْبَحَنَّهُ ഞാനതിനെ തീര്‍ച്ചയായും അറുക്കും أَوْ لَيَأْتِيَنِّي അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ) بِسُلْطَانٍ ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി مُّبِينٍ വ്യക്തമായ

സുലൈമാന്‍ (അ) തന്‍റെ സൈന്യത്തിലെ പക്ഷിവിഭാഗം പരിശോധിച്ചപ്പോള്‍ മരക്കൊത്തിപ്പക്ഷിയെ കണ്ടില്ല. നിയമപ്രകാരം അതും ഹാജറുണ്ടാകേണ്ടിയിരുന്നു. അതിന്‍റെ അഭാവത്തിന്ന് കാരണം മനസ്സിലായതുമില്ല. അതുകൊണ്ട് തക്കതായ ന്യായമില്ലാത്തപക്ഷം, സൈന്യത്തില്‍ ഹാജറില്ലാത്തതിന്‍റെ പേരില്‍ അതിനെ അറുത്ത് കൊലചെയ്തോ മറ്റോ കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് പുറപ്പെടുവിച്ചു. പക്ഷേ, കാര്യം അദ്ദേഹം ഊഹിച്ചപോലെയായിരുന്നില്ല. അത് ഹാജറില്ലാതിരിക്കുവാന്‍ മതിയായ കാരണം – പ്രവാചകവര്യനും, മഹാരാജാവുമായിരുന്ന അദ്ദേഹത്തിന്ന് അജ്ഞാതമായിരുന്ന ഒരു വമ്പിച്ച വര്‍ത്തമാനം – അതിന്ന് പറയുവാനുണ്ടായിരുന്നു.

27:22
  • فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍ يَقِينٍ ﴾٢٢﴿
  • അങ്ങനെ, അത് [മരക്കൊത്തി] വിദൂരമല്ലാത്തവണ്ണം (അല്‍പം) താമസിച്ചു. എന്നിട്ട് (വന്ന് ഇങ്ങിനെ) പറഞ്ഞു: ‘അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു; ‘സബഇ’ല്‍ നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
  • فَمَكَثَ അങ്ങനെ അതു താമസിച്ചു غَيْرَ بَعِيدٍ വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം) فَقَالَ എന്നിട്ടു അതു പറഞ്ഞു أَحَطتُ ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു بِمَا യാതൊരു കാര്യത്തെക്കുറിച്ചു لَمْ تُحِطْ بِهِ അങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല وَجِئْتُكَ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു مِن سَبَإٍ സബഇല്‍നിന്നു بِنَبَإٍ ഒരു വാര്‍ത്തയുംകൊണ്ടു يَقِينٍ ദൃഢമായ, ഉറപ്പായ

27:23

  • إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ ﴾٢٣﴿
  • ‘നിശ്ചയമായും, അവരെ [സബഉകാരെ] ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ വസ്തുക്കളില്‍നിന്നും (ആവശ്യമായത്ര) അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്.’
  • إِنِّي നിശ്ചയമായും ഞാന്‍ وَجَدتُّ ഞാന്‍ കണ്ടെത്തിയിരിക്കുന്നു امْرَأَةً ഒരു സ്ത്രീയെ تَمْلِكُهُمْ അവള്‍ അവരെ ഭരിക്കുന്നു وَأُوتِيَتْ അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍ നിന്നും وَلَهَا അവള്‍ക്കുണ്ടുതാനും عَرْشٌ ഒരു സിംഹാസനം عَظِيمٌ വമ്പിച്ച, മഹത്തായ

അറേബ്യാഅര്‍ദ്ധദ്വീപിന്‍റെ തെക്കുപടിഞ്ഞാറെ മൂലയിലായി യമനിലാണ് ‘സബഉ്’ (سبأ) സാമ്രാജ്യം സ്ഥിതിചെയ്തിരുന്നത്. വമ്പിച്ച ഒരു പ്രാചീന അറബി ഗോത്രമാണ് സബഉ്. അബീസീനിയക്കാര്‍ എന്നറിയപ്പെടുന്ന ഹബ്ശഃ ഗോത്രങ്ങള്‍ (الحبشة) ഇവരില്‍ നിന്നും അബീസീനിയയില്‍ കുടിയേറിപ്പാര്‍ത്തവരാണെന്നാണ് കരുതപ്പെടുന്നത്. തെക്കേകടല്‍ തീരത്തിന്നും, അബീസീനിയായുടെ വടക്കുകിഴക്കേ കടല്‍തീരത്തിന്നുമിടയില്‍ ചെങ്കടലിന് 12 നാഴിക മാത്രമേ വീതിയുള്ളൂ. ഈ കടലിടുക്കാണ് ബാബുല്‍മന്‍ദബ് (باب المنذب ) എന്നു പറയപ്പെടുന്നത്. ക്രിസ്താബ്ദത്തിന് 10-11 നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യായില്‍ നിന്ന് അബീസീനിയയിലേക്ക് ആക്രമണങ്ങള്‍ നടത്തപ്പെട്ടിരുന്നുവത്രെ. സുലൈമാന്‍ (അ) നബിയുടെ ഭരണകാലം ക്രിസ്താബ്ദത്തിന്ന് മുമ്പ് 992 മുതല്‍ 952വരെയുള്ള 40 കൊല്ലക്കാലമായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബീസീനിയായിലെ ഭാഷയായ എത്തോപ്യന്‍ ഭാഷയുടെ അക്ഷരമാല, സബഇയന്‍ അക്ഷരമാല – അഥവാ ഹിംയരിയന്‍ അക്ഷരങ്ങള്‍ (الحروف الحميرية) – തന്നെയായിരുന്നു.

അനേകം ശാഖോപശാഖകള്‍ ഉള്‍ക്കൊണ്ടിരുന്ന സബഉ് ഗോത്രത്തിന്‍റെ ജനയിതാവ് യശ്ജൂബ് മകന്‍ സബഉ് (سبأ بن يشجب) ആയിരുന്നു. അറേബ്യന്‍ ഗോത്രങ്ങളുടെ പതിവനുസരിച്ച് സബഇന്‍റെ സന്താനപരമ്പരകള്‍ അതേപേരില്‍തന്നെ അറിയപ്പെട്ടു. മആരിബിലെ അണക്കെട്ട് (سدمآرب) എന്ന ചരിത്രപ്രസിദ്ധമായ പ്രാചീന അണക്കെട്ട് സബഉ് നിര്‍മ്മിച്ചതാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ അണക്കെട്ടിനെ സംബന്ധിക്കുന്ന ഒരു ചരിത്രപാഠം സൂറത്തു-സബഇല്‍ പ്രസ്താവിച്ചിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചാല്‍ നമുക്ക് അവിടെവെച്ച് കാണാവുന്നതാണ്. തുബ്ബഉ് രാജാക്കള്‍ (التبابعة) എന്ന പേരില്‍ അറിയപ്പെടുന്ന ഹിംയരീ രാജവംശമായിരുന്നു അവിടുത്തെ നാടുവാഴികള്‍. ഇവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍, വളരെ പ്രതാപത്തോടുകൂടി നാടുവാണിരുന്ന ഒരു റാണിയെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്, ബില്‍ഖീസ് (بلقيس) എന്ന പേരിലാണ് ഈ റാണി അറിയപ്പെടുന്നത്.

ബൈബിളില്‍ സബഇലെ (ശേബായിലെ) രാജ്ഞി സുലൈമാന്‍ (അ) നബിയുടെ അടുക്കല്‍ ചെന്നതും, അദ്ദേഹത്തിന്‍റെ ജ്ഞാനവും, പ്രതാപവും കണ്ട് വളരെയധികം പ്രശംസിച്ചതും വിവരിച്ചിരിക്കുന്നത് കാണാം. (1. രാജാക്കള്‍, അ: 10; 2. ദിനവൃത്താന്തം, അ; 9 നോക്കുക) പക്ഷെ, ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ള ഈ സംഭവങ്ങള്‍ അതില്‍ പ്രതിപാദിച്ചു കാണുന്നില്ല.

ഒരു മഹാരാജാവിനുണ്ടായിരിക്കേണ്ടുന്ന എല്ലാവിധ ശക്തികളും, വിഭവങ്ങളും, അവള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അനിതരസാധാരണമായ ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ടെന്നും ഉണര്‍ത്തിച്ചുകൊണ്ടുള്ള ആ ചെറുവിവരണം വഴി, ബില്‍ഖീസിന്‍റെ രാജകീയ പ്രതാപങ്ങളും, ഭൗതിക യശസ്സും മരക്കൊത്തി സുലൈമാന്‍ (അ) നബിയെ തെര്യപ്പെടുത്തി. തുടര്‍ന്നുകൊണ്ട് ആ ജനതയുടെ മതപരമായ നിലപാടും വിവരിക്കുന്നു:-

27:24
  • وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ ﴾٢٤﴿
  • ‘അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന്നു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു അവരെ (നേരായ) മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല;
  • وَجَدتُّهَا ഞാനവളെകണ്ടെത്തി وَقَوْمَهَا അവളുടെ ജനതയെയും يَسْجُدُونَ അവര്‍ സുജൂദു ചെയ്യുന്നു لِلشَّمْسِ സൂര്യനു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَزَيَّنَ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ فَصَدَّهُمْ എന്നിട്ടു അവരെ തടഞ്ഞു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്ന് فَهُمْ അതിനാല്‍ അവര്‍ لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല
27:25
  • أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴾٢٥﴿
  • ‘(പിശാച് അവരെ തടയുന്നത്) ആകാശങ്ങളിലും, ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നതിനെ വെളിക്കു കൊണ്ടുവരുകയും, നിങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യാതിരിക്കുവാനത്രെ.
  • أَلَّا يَسْجُدُوا അവര്‍ സുജൂദ് ചെയ്യാതിരിക്കുവാന്‍ لِلَّـهِ അല്ലാഹുവിന് الَّذِي يُخْرِجُ വെളിക്കു വരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന الْخَبْءَ ഒളിഞ്ഞു കിടക്കുന്നതിനെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അറിയുകയും ചെയ്യുന്നു مَا تُخْفُونَ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും

27:26

  • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩ ﴾٢٦﴿
  • ‘അല്ലാഹുവാകട്ടെ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല; മഹത്തായ ‘അര്‍ശി’ [സിംഹാസനത്തി]ന്‍റെ നാഥനാണ് (അവന്‍).’
  • اللَّـهُ അല്ലാഹുവാകട്ടെ لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്‍റെ റബ്ബാണ്, സിംഹാസനത്തിന്‍റെ നാഥനാണ് (ഉടമസ്ഥനാണ്) الْعَظِيمِ മഹത്തായ

മരക്കൊത്തിയുടെ നിലപാടും, പ്രസ്താവനയും മുമ്പില്‍വെച്ച് നോക്കുമ്പോള്‍ 25, 26 എന്നീ ആയത്തുകളില്‍ അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളായി പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെ പ്രത്യേകം അര്‍ത്ഥവത്താണെന്നുകാണാം. ഇബ്നു അബ്ബാസ് (റ) പറഞ്ഞതുപോലെ, ഭൂമിക്കടിയില്‍ വെള്ളത്തിന്‍റെ സ്ഥാനം സുലൈമാന്‍ (അ) നബിക്ക് അറിയിച്ചുകൊടുക്കുക ഈ മരക്കൊത്തിയുടെ ജോലിയാണല്ലോ. സബഇലെ റാണിയെക്കുറിച്ചും മറ്റും അദ്ദേഹത്തിന് അജ്ഞാതമായിരുന്ന ചില കാര്യങ്ങള്‍ അത് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. എന്നാല്‍, സുലൈമാന്‍ (അ) നബിക്കോ, മരക്കൊത്തിക്കോ- മറ്റാര്‍ക്കും തന്നെയുമോ ആകാശഭൂമികളില്‍ ഒളിഞ്ഞു കിടപ്പുള്ള എല്ലാ കാര്യങ്ങളും, എല്ലാ രഹസ്യപരസ്യങ്ങളും അറിയുക സാദ്ധ്യമല്ല തന്നെ. അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളു. അല്ലാഹു ചിലര്‍ക്കു ചില കാര്യങ്ങള്‍ അറിയിച്ചുകൊടുക്കുന്നത് മാത്രമേ അവര്‍ക്കറിയുവാന്‍ സാധിക്കുകയുള്ളു. എന്നിങ്ങനെയുള്ള സൂചനകള്‍ 25-ാം ആയത്തില്‍ അടങ്ങുന്നു. സബഇലെ റാണിക്ക് ഒരു വമ്പിച്ച സിംഹാസനമുണ്ടെന്ന് പറഞ്ഞുവല്ലോ. ആ സിംഹാസനമാകട്ടെ, മറ്റേത് രാജകീയ സിംഹാസനമാകട്ടെ, അതിനെക്കാളെല്ലാം മഹത്തരമായ ഒരു സിംഹാസനം വേറെയുണ്ട്. അതായത്, അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവും ഭരണാധിപനുമായ അല്ലാഹുവിന്‍റെ സിംഹാസനം (‘അര്‍ശ്’) അതിനെ അപേക്ഷിച്ച് മറ്റെല്ലാ സിംഹാസനങ്ങളും കേവലം നാമമാത്രങ്ങളാകുന്നു. എന്നൊക്കെ 26-ാം വചനത്തിലും സൂചനയുണ്ട്.

27:27
  • قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ ﴾٢٧﴿
  • അദ്ദേഹം [സുലൈമാന്‍] പറഞ്ഞു: ‘നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം:
  • قَالَ അദ്ദേഹം പറഞ്ഞു سَنَنظُرُ നാം നോക്കാം أَصَدَقْتَ നീ സത്യം പറഞ്ഞിരിക്കയാണോ أَمْ كُنتَ അഥവാ നീ ആയിരിക്കുന്നുവോ مِنَ الْكَاذِبِينَ വ്യാജകാരന്‍മാരില്‍പെട്ട (വന്‍)
27:28
  • ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ ﴾٢٨﴿
  • ‘എന്‍റെ ഈ എഴുത്തുംകൊണ്ട് നീ പോകുക; എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ (അതിനെപ്പറ്റി) എന്തു മറുപടി പറയുന്നുവെന്ന്നോക്കുക.’
  • اذْهَب നീ പോകുക بِّكِتَابِي هَـٰذَا എന്‍റെ ഈ എഴുത്തുംകൊണ്ടു فَأَلْقِهْ എന്നിട്ടതു ഇട്ടേക്കുക إِلَيْهِمْ അവര്‍ക്കു, അവരിലേക്കു ثُمَّ تَوَلَّ പിന്നീടു നീ പിന്‍മാറിക്കൊള്ളുക عَنْهُمْ അവരില്‍നിന്നു فَانظُرْ എന്നിട്ടു നോക്കുക مَاذَا എന്തൊന്നാണ് يَرْجِعُونَ അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)

എഴുത്തുകള്‍ കൊടുത്തയക്കുവാനും മറ്റും പരിശീലിപ്പിക്കപ്പെടാറുള്ള സാധാരണ പക്ഷികളെപ്പോലെ ഒരു പക്ഷിയല്ല സുലൈമാന്‍ (അ) നബിയുടെ മരക്കൊത്തിയെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. കാരണം, കത്ത് കൊണ്ടുപോയി കൊടുക്കുവാന്‍ മാത്രമല്ല, അത് കൊടുത്തശേഷം മാറിനിന്ന് അവിടെയുണ്ടാകുന്ന പ്രതികരണം മനസ്സിലാക്കി വരുവാനും കൂടി അദ്ദേഹം അതിനെ ചുമതലപ്പെടുത്തുന്നു. സുലൈമാന്‍ (അ) നബിക്ക് അതിന്‍റെ ഭാഷ മനസ്സിലാകുന്നതുപോലെ, അദ്ദേഹത്തിന്‍റെ ഭാഷ അതിനും മനസ്സിലായിരുന്നുവെന്നും ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇതിലെല്ലാം അടങ്ങിയ രഹസ്യം അല്ലാഹുവിനു മാത്രമേ അറിയൂ.

മരക്കൊത്തി കത്തുമായ് പറന്ന് യമനിലെത്തി. എങ്ങിനെയോ റാണിയുടെ മുമ്പില്‍ കത്തിട്ടു. അവള്‍ ദ്വിഭാഷികള്‍ മുഖേന അത് വായിച്ചറിഞ്ഞു. ഉള്ളടക്കം കണ്ട് പരിഭ്രമിച്ചു. തന്‍റെ കാര്യാലോചന സഭ വിളിച്ചുകൂട്ടി ആലോചന നടത്തി.

27:29
  • قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌ كَرِيمٌ ﴾٢٩﴿
  • അവള്‍ പറഞ്ഞു: ‘ഹേ, പ്രധാനികളേ! നിശ്ചയമായും, എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു!
  • قَالَتْ അവൾ പറഞ്ഞു يَٰٓأَيُّهَا ٱلْمَلَؤُا۟ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ إِنِّىٓ നിശ്ചയമായും ഞാൻ أُلْقِىَ إِلَى എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു كِتَٰبٌ ഒരെഴുത്ത് كَرِيمٌ മാന്യമായ, ബഹുമാനപ്പെട്ട

27:30

  • إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ﴾٣٠﴿
  • ‘അതു സുലൈമാനില്‍ നിന്നുള്ളതാണ്. അത്: പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍;-
  • إِنَّهُ നിശ്ചയമായും അതു مِن سُلَيْمَانَ സുലൈമാനില്‍ നിന്നുള്ളതാണ് وَإِنَّهُ നിശ്ചയമായും അത് بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തില്‍ الرَّحْمَـٰنِ പരമകാരുണികനായ الرَّحِيمِ കരുണാനിധിയായ

27:31

  • أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ ﴾٣١﴿
  • ‘എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്; നിങ്ങള്‍ ‘മുസ്‌ലിംകളായി’ക്കൊണ്ട് എന്‍റെ അടുക്കല്‍ വരുകയും ചെയ്യുക. എന്നത്രെ.’
  • أَلَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (മേന്‍മ-യോഗ്യത) കാണിക്കരുതെന്നാണ് عَلَيَّ എന്‍റെ മേല്‍ – എന്നോട് وَأْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുകയും ചെയ്യണം مُسْلِمِينَ മുസ്‌ലിംകളായിക്കൊണ്ടു, അനുസരിക്കുന്നവരായിട്ടു

സബഉകാരുടെ മതപരവും, രാജകീയവുമായ നിലപാട് മരക്കൊത്തിയുടെ പ്രസ്താവനയില്‍ നിന്ന് സുലൈമാന്‍ (അ) മനസ്സിലാക്കിയ ശേഷം, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം അയച്ച ആ കത്തിലെ ഉള്ളടക്കമാണിത്. ഇബ്രാഹിം (അ) നബിയും, മൂസാ (അ) നബിയും അവരവരുടെ കാലത്തെ രാജാക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരുന്നുവല്ലോ. നബി (സ) തിരുമേനിയുടെ കാലത്തുള്ള പല രാജാക്കള്‍ക്കും അവിടുന്നും ഇങ്ങിനെ കത്തുകള്‍ അയച്ചിട്ടുള്ളത് പ്രസിദ്ധമാണ്.

‘മുസ്‌ലിംകള്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘അനുസരണമുള്ളവര്‍, കീഴൊതുങ്ങിയവര്‍’ എന്നൊക്കെയാണ്, ഈ വാക്കര്‍ത്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇവിടെ രണ്ട് പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. സുലൈമാന്‍ നബിക്ക് കീഴൊതുങ്ങിക്കൊണ്ട് വരണം എന്നും, അല്ലാഹുവിനോട് അനുസരണമുള്ളവരായി – അഥവാ ഇസ്‌ലാമിനെ അംഗീകരിച്ചുകൊണ്ട് -വരണം എന്നുമാണത്. എന്നാല്‍ 44-ാം വചനത്തില്‍ ‘ഞാന്‍ സുലൈമാനോടൊപ്പം ലോകരക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു’വെന്ന് രാജ്ഞി സുലൈമാന്‍ (അ) നബിയുടെ മുമ്പില്‍വെച്ച് പ്രസ്താവിച്ചിട്ടുള്ളത്‌ കാണാം. എന്നിരിക്കെ, ഇവിടെയും 38, 42 എന്നീ വചനങ്ങളിലും ‘മുസ്‌ലിംകള്‍’ എന്ന വാക്കിന് ഈ അര്‍ത്ഥം കല്‍പിക്കുവാനാണ് ന്യായമുള്ളത്. (കൂടുതല്‍ വിവരം വഴിയെ വരും).

അഞ്ചാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു ന്നംല്‍ : ആയത്ത് 01 മുതൽ 14 വരെ

സൂറത്തു ന്നംല്‍ : 01-14

നംൽ (ഉറുമ്പ്)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

27:1

  • طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ١
  • ‘ത്വാ-സീന്‍.’ (*) ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു [വചനങ്ങളാകുന്നു].
  • طسٓ ത്വാ-സീന്‍ تِلْكَ അവ, ഇവ ءَايَٰتُ ٱلْقُرْءَانِ ഖുര്‍ആന്റെ ആയത്തുകളാണ് وَكِتَابٍ വേദഗ്രന്ഥത്തിന്റെയും مُّبِينٍ സ്പഷ്ടമായ, സുവ്യക്തമായ

27:2

  • هُدًى وَبُشْرَىٰ لِلْمُؤْمِنِينَ٢
  • (അവ) സത്യവിശ്വാസികള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാകുന്നു.
  • هُدًى മാര്‍ഗ്ഗദര്‍ശനം وَبُشْرَىٰ സന്തോഷവാര്‍ത്തയും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

27:3

  • ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ٣
  • അതായത്, നമസ്കാരം നിലനിറുത്തുകയും, ‘സകാത്ത്’ കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്.)
  • الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِالْآخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു

(*) ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്.

27:4
  • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ ٤
  • നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കു തങ്ങളുടെ പ്രവൃത്തികള്‍ നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുകയാണ്. അതിനാല്‍, അവര്‍ അന്ധാളിച്ചു (പരിഭ്രമചിത്തരായി)ക്കൊണ്ടിരിക്കുന്നു.
  • إِنَّ الَّذِينَ لَا يُؤْمِنُونَ നിശ്ചയമായും വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ زَيَّنَّا നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَهُمْ അതിനാല്‍ അവര്‍ يَعْمَهُونَ അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു

27:5

  • أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ٥
  • കഠിന ശിക്ഷയുണ്ടായിരിക്കുന്നവരത്രെ അക്കൂട്ടര്‍. അവര്‍ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ.
  • أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَهُمْ അവര്‍ക്കാണ് سُوءُ الْعَذَابِ കഠിനശിക്ഷ, കടുത്ത ശിക്ഷ وَهُمْ അവരാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ الْأَخْسَرُونَ ഏറ്റം നഷ്ടപ്പെട്ടവര്‍

27:6

  • وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ ٦
  • നിശ്ചയമായും, അഗാധജ്ഞനും, സര്‍വ്വജ്ഞനുമായുള്ള ഒരുവന്‍റെ പക്കല്‍നിന്ന് നിനക്കു ഖുര്‍ആന്‍ ഏറ്റു തരപ്പെട്ടുകൊണ്ടിരിക്കുന്നു.
  • وَإِنَّكَ നിശ്ചയമായും നീ لَتُلَقَّى നിനക്കു ഏറ്റു തരപ്പെടുന്നു الْقُرْآنَ ഖുര്‍ആന്‍ مِن لَّدُنْ പക്കല്‍നിന്നു, അടുക്കല്‍ നിന്നു حَكِيمٍ ഒരു അഗാധജ്ഞന്‍റെ عَلِيمٍ സര്‍വ്വജ്ഞനായ

പരലോകജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താല്‍, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ഒരു ധാരണ അല്ലാഹു അവരില്‍ ഉളവാക്കിയിരിക്കുകയാണ്. അതിനാല്‍, തങ്ങളുടെ ഭാവിയെക്കുറിച്ചോ, ഭാവിക്കുവേണ്ടി പരിശ്രമിക്കുന്നതിനെക്കുറിച്ചോ അവര്‍ക്ക് ഒട്ടും ശ്രദ്ധയില്ല. അങ്ങനെ, അവര്‍ ദുര്‍ന്നടപ്പിലും  ദുര്‍മാര്‍ഗ്ഗത്തിലും മുഴുകി മതിമറന്നുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടുക, ബന്ധനത്തില്‍ അകപ്പെടുക മുതലായ കടുത്ത ശിക്ഷകള്‍ അവര്‍ക്കു ഇഹത്തില്‍ വെച്ചുതന്നെ അനുഭവപ്പെടും. പരലോകത്താകട്ടെ, ഏറ്റവും വമ്പിച്ച നാശനഷ്ടങ്ങള്‍ക്ക് അവര്‍ പാത്രമാണുതാനും. സര്‍വ്വജ്ഞനും, അഗാധജ്ഞനുമായ അല്ലാഹുവില്‍നിന്നും നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍റെ പ്രബോധനം സ്വീകരിക്കുക ഒന്നു മാത്രമാണ് അവര്‍ക്കുള്ള രക്ഷാമാര്‍ഗ്ഗം

27:7
  • إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ ٧
  • മൂസാ തന്‍റെ വീട്ടുകാരോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘നിശ്ചയമായും, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; അതിനടുത്തുനിന്ന് വല്ലവര്‍ത്തമാനവും ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം; അല്ലെങ്കില്‍ (അതില്‍നിന്നു) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങള്‍ക്കു കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
  • إِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭം لِأَهْلِهِ തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു إِنِّي آنَسْتُ നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ سَآتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു, അവിടെ നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ آتِيكُم അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും بِشِهَابٍ ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട് قَبَسٍ കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത لَّعَلَّكُمْ നിങ്ങള്‍ക്കാവാം تَصْطَلُونَ തീ കായും, ശൈത്യശമനം വരുത്തും

മൂസാ (അ) നബി ഭാര്യാസമേതം മദ്‌യനില്‍നിന്ന് സ്വദേശത്തേക്ക് പോകും മദ്ധ്യേ സീനാതാഴ്വരയില്‍ എത്തിയിരിക്കുകയാണ്. രാത്രിയും, തണുപ്പും, വഴി അറിയായ്കയും – എല്ലാം കൂടി – വിഷമത്തില്‍ പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് അങ്ങകലെ ഒരു തീ അദ്ദേഹം കാണുന്നത്. സൂ: ത്വാഹായിലും മറ്റും ഈ സംഭവം ഇതിനു മുമ്പ് പ്രസ്താവിച്ചുപോയിട്ടുള്ളതാകുന്നു.

27:8
  • فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ ٨
  • അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ‘(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ‘ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
  • فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ

27:9

  • يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ٩
  • ‘മൂസാ, നിശ്ചയമായും (കാര്യം): പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവത്രെ ഞാന്‍.’
  • يَا مُوسَىٰ മൂസാ إِنَّهُ നിശ്ചയമായും അത് (കാര്യം) أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയായ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

‘തീയില്‍ ഉള്ളവരും – അഥവാ അതിനടുത്തുള്ളവരും – അതിന്‍റെ പരിസരത്തുള്ളവരും’ എന്നു പറഞ്ഞതില്‍ മൂസാ (അ) നബിയും, അവിടെ സന്നിഹിതരായ മലക്കുകളും, ആ പരിശുദ്ധ താഴ്‌വരയുടെ പരിസരപ്രദേശങ്ങളായ ഫലസ്തീന്‍, ശാം മുതലായ സ്ഥലങ്ങളിലുള്ളവരും ഉള്‍പ്പെട്ടിരിക്കും. കേവലം അഭൗതികമായ ആ തീ, അപ്രമേയമായ ദിവ്യവെളിപാടിന്‍റെ മഹത്തായ ഒരു പ്രകാശനമായിരുന്നു. അത് അല്ലാഹുവല്ല. നമുക്ക് പരിചയപ്പെട്ട തീയുമല്ല. അതില്‍നിന്ന് മൂസാ (അ) നബി കേട്ട സംസാരവും തന്നെ, നമ്മുടെ ഊഹത്തിനും, ധാരണക്കും അതീതമായ സ്വഭാവത്തിലുള്ളതായിരിക്കും. നമ്മുടെ അനുമാനത്തിനും, രൂപനിര്‍ണ്ണയത്തിനും, ഇവിടെ സ്ഥാനമില്ല. ലോകരക്ഷിതാവായ അല്ലാഹു നമ്മുടെ ഊഹങ്ങളില്‍നിന്നും അനുമാനങ്ങളില്‍നിന്നുമെല്ലാം വളരെ പരിശുദ്ധനത്രെ. (وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ) അല്ലാഹു മൂസാ (അ) നബിയോട് പറഞ്ഞു:-

27:10
  • وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ ١٠
  • ‘നിന്‍റെ വടി (നിലത്ത്) ഇടുക!’ (അദ്ദേഹം അത് ഇട്ടു.) അനന്തരം, അതൊരു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍, അദ്ദേഹം പിന്തിരിഞ്ഞോടി – പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു:) ‘മൂസാ നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ ‘മുര്‍സലു’കള്‍ ഭയപ്പെടുന്നതല്ല;-
  • وَأَلْقِ ഇടുക (എന്നും) عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി كَأَنَّهَا جَانٌّ അതൊരു സര്‍പ്പമെന്നപോലെ وَلَّىٰ അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി مُدْبِرًا പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു وَلَمْ يُعَقِّبْ അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല يَا مُوسَىٰ ഹേ മൂസാ لَا تَخَفْ നീ ഭയപ്പെടേണ്ട إِنِّي നിശ്ചയമായും ഞാന്‍ لَا يَخَا فُ ഭയപ്പെടേണ്ടതില്ല لَدَيَّ എന്‍റെ അടുക്കല്‍ الْمُرْسَلُونَ മുര്‍സലുകള്‍

27:11

  • إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ ١١
  • ‘പക്ഷേ, ആരെങ്കിലും, അക്രമം പ്രവര്‍ത്തിക്കുകയും,പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാല്‍,- അപ്പോള്‍, നിശ്ചയമായും ഞാന്‍ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.’
  • إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

27:12

  • وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ١٢
  • ‘നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട്) പുറത്തു വരുന്നതാണ്;- ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് (ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു.’
  • وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ

വലുപ്പത്തില്‍ പെരുമ്പാമ്പുപോലെയും, കുതിച്ചോട്ടത്തിലും, ശക്തിയിലും ചെറുസര്‍പ്പം പോലെയുമായിരുന്നതു കൊണ്ടാണ് ഈ പാമ്പിനെപ്പറ്റി ചിലപ്പോള്‍ ثعبان (പെരുമ്പാമ്പ്‌) എന്നും, ചിലപ്പോള്‍ كانها جان (സര്‍പ്പമെന്നപോലെ) എന്നും അല്ലാഹു പ്രസ്താവിച്ചത്. വേഗത്തില്‍ കുതിച്ചുപായുന്ന സര്‍പ്പങ്ങള്‍ക്ക് جان (ജാന്ന്) എന്നു പറയാറുണ്ട്.

ഫിര്‍ഔനിനും ജനതക്കും അല്ലാഹുവിന്‍റെ പക്കല്‍നിന്ന് മൂസാ (അ) നബി കൈക്ക് വെളിപ്പെട്ട ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പ്രധാനമായ രണ്ടെണ്ണമായിരുന്നു വടി പാമ്പാകുന്നതും, കൈ വെളുത്ത് പ്രകാശിതമാകുന്നതും. ഈജിപ്തില്‍ വെച്ചുണ്ടായ മറ്റു ദൃഷ്ടാന്തങ്ങള്‍ ജലപ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം, മഴയില്ലായ്മ നിമിത്തമുണ്ടായ വരള്‍ച്ച, ഉൽപന്നങ്ങളുടെ ദൗര്‍ല്ലഭ്യം എന്നിവയായിരുന്നു. (സൂ: അഅ് റാഫ്: 130-133). ഫിര്‍ഔനും ജനതയും നശിപ്പിക്കപ്പെടുന്നതിന് മുമ്പുണ്ടായതാണ് ഇതെല്ലാം. പിന്നീട് ഇസ്രാഈല്യരില്‍ വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

27:13
  • فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ ١٣
  • അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്‌’ എന്ന്!
  • فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌ مُّبِينٌ പ്രത്യക്ഷമായ, തനി

27:14

  • وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ١٤
  • തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ – അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് – അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
  • وَجَحَدُوا بِهَا അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു وَاسْتَيْقَنَتْهَا അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ أَنفُسُهُمْ അവരുടെ മനസ്സുകള്‍ ظُلْمًا അക്രമമായിട്ടു وَعُلُوًّا പൊങ്ങച്ചമായും, ഔന്നത്യമായും فَانظُرْ തന്‍നിമിത്തം നോക്കുക كَيْفَ كَانَ എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശകാരികളുടെ

സംശയത്തിനു പഴുതില്ലാത്തവിധം അവരുടെ മനസ്സിന് ബോധ്യം വന്നിട്ടുപോലും ആ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞു. പൊങ്ങച്ചവും അക്രമമനസ്ഥിതിയും മാത്രമാണിതിന് അവരെ പ്രേരിപ്പിച്ചത്. അതിന്‍റെ ഫലമോ? ഏറ്റവും കടുത്തതുതന്നെ. ചിരകാലമായി അവര്‍ ആസ്വദിച്ചുവന്നിരുന്ന എല്ലാ സുഖസൗകര്യങ്ങളും, സകലവിധ പ്രതാപങ്ങളും വിട്ടേച്ച് അതിദാരുണമായ നിലയില്‍ ഈ ജീവിതത്തോട് യാത്ര പറയേണ്ടിവന്നു. ആകമാനം സമുദ്രത്തില്‍ മുക്കിനശിപ്പിക്കപ്പെട്ടു. പരലോകശിക്ഷയാകട്ടെ, എല്ലാറ്റിനേക്കാള്‍ വമ്പിച്ചതും!

അടുത്ത ആയത്ത് മുതല്‍ സുലൈമാന്‍ (അ) നബിയുടെ വൃത്താന്തം ആരംഭിക്കുന്നു:-