സൂറത്തു യാസീൻ : 01-12
- വെളിച്ചം റമദാന്‍ 2026 ഡേ-07 – വിശദീകരണം- സൂറ: യാസീൻ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 12 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി, മുൻ ദാഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ജിദ്ദ
സൂറത്തു യാസീന്‍ : 01-27
യാസീൻ
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 83 – വിഭാഗം (റുകുഅ്) 5
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം – 1
മഅഖലുബ്നുയസാര്‍ (റ) പറയുകയാണ് : ‘യാസീന്‍’ ഖുര്‍ആന്‍റെ ഹൃദയമാണ്.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു. അതു അതിന്റെ ഒരു പേരായി തിരുമേനി എണ്ണുകയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.)
ഖിയാമത്ത് നാളിനേയും, അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും കുറിച്ച് ഈ അധ്യായത്തില്‍ കൂടുതല്‍ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന്ന് ‘ഖുര്‍ആന്‍റെ ഹൃദയം’ (قلب القرآن) എന്നു പറഞ്ഞതെന്നു ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിരിക്കുന്നു.
36:1
- يسٓ ﴾١﴿
- ‘യാ_സീന്‍’
- يس ‘യാ-സീന്‍’
36:2
- وَٱلْقُرْءَانِ ٱلْحَكِيمِ ﴾٢﴿
- വിജ്ഞാനപൂര്‍ണ്ണമായ ഖുര്‍ആന്‍ തന്നെയാണെ (സത്യം)!
- وَالْقُرْآنِٰ ഖുര്‍ആന്‍ തന്നെയാണെ الْحَكِيم വിജ്ഞാനപ്രദമായ, തത്വപൂര്‍ണമായ, ബലവത്തായ
36:3
- إِنَّكَ لَمِنَ ٱلْمُرْسَلِينَ ﴾٣﴿
- നിശ്ചയമായും നീ ‘മുര്‍സലുകളില്‍ [ദൈവദൂതന്മാരില്‍] പെട്ടവന്‍ തന്നെ.
- إنَّكَ നിശ്ചയമായും നീ لَمِنَ الْمُرْسَلِين മുര്‍സലുകളില്‍ പെട്ടവന്‍ തന്നെ
36:4
- عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤﴿
- (നേരെ) ചൊവ്വായ ഒരു പാതയിലാകുന്നു (നീ).
- عَلَى صِرَطٍ ഒരു പാതയിലാകുന്നു, മാര്‍ഗ്ഗത്തിലാകുന്നു مُسْتَقِيمٍ ചൊവ്വായ, നേരായ
36:5
- تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ ﴾٥﴿
- കരുണാനിധിയായ പ്രതാപശാലി അവതരിപ്പിച്ചതു!
- تَنْزِيلَ الْعَزِيزِ പ്രതാപശാലി അവതരിപ്പിച്ചതു الرَّحِيمِ കരുണാനിധിയായ
36:6
- لِتُنذِرَ قَوْمًا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَٰفِلُونَ ﴾٦﴿
- ഒരു ജനതയെ നീ താക്കീതു ചെയ്‌വാന്‍ വേണ്ടി(യാണത്): അവരുടെ പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെടുകയുണ്ടായിട്ടില്ല; അതിനാല്‍ അവര്‍ അശ്രദ്ധരാകുന്നു.
- لِتُنْذِرَ നീ താക്കീതു ചെയ്‌വാന്‍ قَوْمًا ഒരു ജനതയെ مَا أُنْذِرَ താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത آبَاؤُهُمْ അവരുടെ പിതാക്കള്‍ فَهُمْ അതിനാല്‍ അവര്‍ غَافِلُونَ അശ്രദ്ധരാണ്
‘യാ-സീന്‍’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഒന്നിലധികം സ്ഥലത്ത് സംസാരിച്ചിട്ടുണ്ട്. അവയെക്കുറിച്ച് പല മഹാന്മാരും പലതും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കപ്പെട്ടതു എന്താണെന്നു നമുക്ക് തിട്ടമായി അറിഞ്ഞുകൂടാ എന്നാണതിന്റെ ചുരുക്കം ‘യാസീന്‍’ എന്നാല്‍ ‘ഹേ, മനുഷ്യാ’(يا انسان) എന്നാണര്‍ത്ഥമെന്നു ഇബ്നു അബ്ബാസ് (റ), ഇക്‌രിമഃ (റ), ഹസന്‍ (റ), സുഫ്‌യാൻ (റ) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഏതായാലും, അതു ഈ അധ്യായത്തിന്റെ പേരാണെന്നു നാം മേല്‍ ഉദ്ദരിച്ച ഹദീസില്‍ കണ്ടുവല്ലോ.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ റസൂലാണെന്നും, അവിടുന്നു സ്വീകരിച്ചിട്ടുള്ള മാര്‍ഗം യാതൊരു വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗമാണെന്നും, അതു അല്ലാഹു അവതരിപ്പിച്ചതു തന്നെയാണെന്നും ഖുര്‍ആന്‍ മുഖേന സത്യം ചെയ്തു കൊണ്ടാണ് അല്ലാഹു ഈ സൂറത്തു ആരംഭിക്കുന്നത്.
പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത ജനത എന്നു പറഞ്ഞതു വേദക്കാരല്ലാത്ത അറബികളെക്കുറിച്ചാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മുന്‍പ് അടുത്ത കാലത്തൊന്നും അവരില്‍ ദൈവദൂതന്മാര്‍ നിയോഗിക്കപ്പെടുകയുണ്ടായിട്ടില്ല. അതുകൊണ്ട് വേദഗ്രന്ഥത്തെക്കുറിച്ചോ, ദൈവികമതത്തെക്കുറിച്ചോ അറിയാത്തവരാണവര്‍. സൂ:സബഉ 28ലും മറ്റു പലേടത്തും പ്രസ്‌താവിക്കപ്പെട്ടിട്ടുള്ളതു പോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യലോകത്തിനു ആകമാനമുള്ള റസൂല്‍ തന്നെ. എങ്കിലും, അവിടുന്നു ജനിച്ചുവളര്‍ന്നതും, ഇപ്പോള്‍ -ഈ സൂറത്തും മറ്റു മക്കീസൂറത്തുകളും അവതരിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍- ജീവിച്ചുവരുന്നതും അവര്‍ക്കിടയിലാണ്. തല്‍സമയം പ്രബോധന കൃത്യം നടന്നുകൊണ്ടിരിക്കുന്നതും അവരില്‍ തന്നെ. അതുകൊണ്ടാണ് ഇവിടെയും, മക്കീസൂറത്തുകളില്‍പെട്ട മറ്റുചില ആയത്തുകളിലും അറബികളെ -വിശേഷിച്ചും ഖുറൈശികളെ- താക്കീതു ചെയ്യുന്നതിനെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു കാണുന്നത്.
36:7
- لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ ﴾٧﴿
- തീര്‍ച്ചയായും അവരില്‍ അധികമാളുകളുടെ മേലും വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എനി അവര്‍ വിശ്വസിക്കുകയില്ല.
- لَقَدْ حَقَّ സ്ഥിരപ്പെട്ടിട്ടുണ്ട്, യഥാര്‍ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം عَلَىٰ أَكْثَرِهِمْ അവരിലധികമാളുകളുടെ മേല്‍ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നതല്ല
‘വാക്കു’ സ്ഥിരപ്പെട്ടു’ (حَقَّ الْقَوْلُ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മേലില്‍ ഹൃദയപരിവര്‍ത്തനം വന്ന് നന്നായിത്തീരുവാന്‍ മാര്‍ഗമില്ലാത്തവിധം അവരുടെ ഹൃദയങ്ങള്‍ ദുഷിച്ചുപോയിട്ടുണ്ടെന്നും, അതിനാല്‍ ശിക്ഷയെ സംബന്ധിച്ച താക്കീതു അവരില്‍ ബാധകമായികഴിഞ്ഞിട്ടുണ്ടെന്നും ആകുന്നു. സൂ: സജദഃ 13ഉം, അതിന്റെ വ്യാഖ്യാനവും നോക്കുക. അവര്‍ എത്രമാത്രം ദുഷിച്ചുപോയെന്നു അടുത്ത വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നു:-
36:8
- إِنَّا جَعَلْنَا فِىٓ أَعْنَٰقِهِمْ أَغْلَٰلًا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ ﴾٨﴿
- നിശ്ചയമായും, നാം അവരുടെ കഴുത്തുകളില്‍ ചില ആമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകള്‍ വരേക്കുമുണ്ട്; അതിനാല്‍ അവര്‍ തലപൊക്കപ്പെട്ടവരാകുന്നു.
- إنَّا جَعَلْنَا നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളില്‍ أَغْلَالًا ചില ആമങ്ങളെ, കുടുക്കുകളെ فَهِيَ എന്നിട്ടവ إِلَى الْأَذْقَانِ താടിയെല്ലുകള്‍വരെയുണ്ട് فَهُمْ അതിനാലവര്‍ مُّقْمَحُونَ തല പൊക്കപ്പെട്ടവരാണ്
36:9
- وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَٰهُمْ فَهُمْ لَا يُبْصِرُونَ ﴾٩﴿
- അവരുടെ മുമ്പില്‍കൂടി ഒരു (തരം) തടവും, അവരുടെ പിമ്പില്‍കൂടി ഒരു (തരം) തടവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്. അതിനാല്‍ അവര്‍ കണ്ടറിയുകയില്ല.
- وَجَعَلْنَا നാം ആക്കുകയും ചെയ്തു مِنْ بَيْنِ أَيْدِيهِمْ അവരുടെ മുമ്പില്‍ക്കൂടി سَدًّا ഒരു തടവു, അണ, മറ وَمِنْ خَلْفِهِمْ അവരുടെ പിമ്പില്‍കൂടിയും سَدًّا ഒരു തടവ് فَأَغْشَيْنَاهُمْ അങ്ങനെ നാമവരെ മൂടി فَهُمْ അതിനാലവര്‍ لَا يُبْصِرُون കണ്ടറിയുന്നതല്ല
കൈകള്‍ കഴുത്തിലേക്കു കൂട്ടിബന്ധിക്കുന്ന ഒരുതരം ആമങ്ങള്‍- അഥവാ വിലങ്ങുകള്‍ക്കാണ് (أغلال) എന്നു പറയുന്നത്. കൈകള്‍ താടിയെല്ലിനു താഴെ കൂട്ടിച്ചേര്‍ത്തു വെച്ചായിരിക്കും ഈ ആമങ്ങള്‍ കഴുത്തില്‍ കുടുക്കുന്നത്. അതുകൊണ്ട് ആമം വെക്കപ്പെട്ടവന് തലതാഴ്ത്തുവാനോ, യഥേഷ്ടം നോക്കിക്കാണുവാനോ സാധിക്കാത്ത വണ്ണം തലപ്പൊക്കിപ്പിടിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനായിരിക്കും. ‘തടവ്, മറ, മലന്തിട്ട, അണക്കെട്ട്’എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കാണ്. سَدًّا
മുശ്‌രിക്കുകള്‍ ഹൃദയങ്ങള്‍ എത്രമാത്രം കടുത്തു കഠിനമായിപ്പോയിരിക്കുന്നുവെന്നു കാണിക്കുന്ന രണ്ടു ഉപമകളാണ് ഈ വചനങ്ങളിലുള്ളത്. മേല്‍പറഞ്ഞ തരത്തിലുള്ള ആമങ്ങളാല്‍ ബന്ധിക്കപ്പെടുകയും, അതോടുകൂടി മുമ്പിലും പിമ്പിലുമെല്ലാം വമ്പിച്ച മറകളാല്‍ വലയം ചെയ്യപ്പെടുകയും ചെയ്തതുപോലെയാണ് ഇവരുടെ സ്ഥിതി. ഇവര്‍ക്ക് വെളിയില്‍ നടക്കുന്ന സംഭവങ്ങളൊന്നും നോക്കിക്കാണുവാന്‍ നിവൃത്തിയില്ല. സത്യം കണ്ടറിഞ്ഞേക്കുമെന്നോ അതിനെക്കുറിച്ച് ചിന്തിചേക്കുമെന്നോ ഇനിയവരെപറ്റി പ്രതീക്ഷിക്കുവാന്‍ പോലും മാര്‍ഗ്ഗമില്ല എന്ന് സാരം. അടുത്ത വചനം നോക്കുക:
36:10
- وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴾١٠﴿
- നീ അവരെ താക്കീതു ചെയ്തുവോ. അല്ലെങ്കില്‍ താക്കീതു ചെയ്തില്ലയോ അവരില്‍ (രണ്ടും) സമമാകുന്നു; അവര്‍ വിശ്വസിക്കുകയില്ല.
- وسواء സമമാണ് عليهم അവരില്‍ أ أنذرتهم നീ അവരെ താകീതു ചെയ്തുവോ أم لمتنذرهم അഥവാ അവരെ താക്കീത് ചെയ്തില്ലയോ لا يؤمنون അവര്‍ വിശ്വസിക്കുകയില്ല
അതുകൊണ്ട് അവരെ താക്കീതുചെയ്യാന്‍ മിനക്കെടെണ്ടതില്ലെന്നു താല്‍പര്യം, താക്കീതു ചെയ്യേണ്ടത് ആരെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-
36:11
- إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ ﴾١١﴿
- പ്രബോധനത്തെ (അഥവാ പ്രമാണത്തെ) പിന്‍തുടരുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനായുള്ളവനെ ഭയപ്പെടുകയും ചെയ്യുന്നതാരോ അവനെ മാത്രമേ നീ താക്കീതു ചെയ്യേണ്ടതുള്ളു. എന്നാലവനു പാപമോചനത്തെയും, മാന്യമായ പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
- إنَّمَا تُنْذِرُ നീ താക്കീതു مَنِ اتَّبَعَ പിന്‍തുടര്‍ന്നവനെ (മാത്രം) الذِّكْرَ പ്രമാണത്തെ, സ്മരണയെ, ഉപദേശം وَخَشِيَ الرَّحْمَٰنَ പരമകാരുണികനെ ഭയപ്പെടുകയും ചെയ്ത بِالْغَيْبِ അദൃശ്യത്തില്‍, കാണാതെ فَبَشِّرْهُ എന്നാലവനു സന്തോഷമറിയിക്കുക بِمَغْفِرَةٍ പാപമോചനം കൊണ്ടു وَأَجْرٍ كَرِيم മാന്യമായ പ്രതിഫലവും (കൊണ്ട്)
അല്ലാഹുവിനെ നേരില്‍ കാണാതെതന്നെ – ദൃഷ്ടാന്തങ്ങള്‍ വഴി – അവനില്‍ വിശ്വസിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യാത്തവരെയും, പ്രമാണങ്ങളും സദുപദേശങ്ങളും ചെവിക്കൊള്ളാത്തവരെയും താക്കീതു ചെയ്തിട്ടു ഫലമുണ്ടാകുന്നതല്ലല്ലോ.
36:12
- إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ ﴾١٢﴿
- നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുൻചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂലരേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
- إنَّا നിശയമായും നാം نَحْنُ നാംതന്നെ نُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു وَنَكْتُبُ നാം എഴുതുക(രേഖപ്പെടുത്തുക)യും ചെയ്യുന്നു مَا قَدَّمُوا അവര്‍ മുന്ചെയ്തതിനെ وَآثَارَهُمْ അവരുടെ അവശിഷ്ട(പ്രവര്‍ത്തനഫല) ങ്ങളെയും وَكُلَّ شَيْءٍ എല്ലാ കാര്യവും أَحْصَيْنَاهُ നാം അതിനെ കണക്കാക്കി (ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു فِي إِمَامٍ ഒരു മൂലരേഖയില്‍,കേന്ദ്ര ഗ്രന്ഥത്തില്‍ مُبِينٍ സ്പഷ്ടമായ, വ്യക്തമായ
മരണത്തിനു മുന്‍പ് ഓരോരുത്തനും ചെയ്ത എല്ലാ കര്‍മ്മങ്ങളും -അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ- ‘അവര്‍ മുന്ചെയ്തു വെച്ചത് (مَا قَدَّمُوا) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. പ്രസ്തുത കര്‍മ്മങ്ങളുടെ ഫലമായി അവശേഷിക്കുന്ന എല്ലാ നന്മകളും, തിന്മകളും ‘അവരുടെ അവശിഷ്ടങ്ങള്‍, അഥവാ പ്രവര്‍ത്തന ഫലങ്ങള്‍ (آثَارَهُمْ) എന്ന് പറഞ്ഞതിലും ഉള്‍പ്പെടുന്നു. മനുഷ്യന്‍ മരണപ്പെടുന്നതിനു മുന്‍പ് ചെയ്തു കഴിഞ്ഞ പ്രവര്‍ത്തികള്‍ മാത്രമല്ല, അവന്റെ മരണ ശേഷം അവനു പുണ്യം ലഭിക്കുവാന്‍ ഉതകുന്ന എല്ലാ സല്‍പ്രവര്‍ത്തനഫലങ്ങളും, നേരമറിച്ചു അവനു ദോഷം ബാധിക്കുവാന്‍ കാരണമായിത്തീരുന്ന എല്ലാ ദുഷ്പ്രവര്‍ത്തന ഫലങ്ങളും -ഒന്നൊഴിയാതെ- അല്ലാഹു രേഖപ്പെടുത്തി വെക്കുന്നു. ഈ രേഖയെ കുറിച്ചാണ് صحيفة الأعمال (കര്‍മ്മങ്ങളുടെ ഏട്) എന്ന് പറയപ്പെടുന്നത് .ഇതിനുപുറമെ മനുഷ്യ കര്‍മ്മങ്ങളടക്കമുള്ള എല്ലാകാര്യങ്ങളും രേഖപ്പെടുത്തപെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതത്രേ إمام مبين (സ്പഷ്ടമായ മൂലരേഖ) സൂ; ഖമറില്‍ അല്ലാഹു പറയുന്നു;
وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ – القمر
(അവര്‍ ചെയ്യുന്ന എല്ലാ കാര്യവും ഏടുകളിലുണ്ട്, എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹില്‍ ബജലി (റ) ഉദ്ധരിക്കുന്നു; ‘ഒരാളൊരു നല്ല നടപടി ക്രമം നടപ്പിലാക്കിയാല്‍,അവനു അതിന്റെ പ്രതിഫലവും, അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും – അവരുടെ പ്രതിഫലങ്ങളില്‍ ഒട്ടും കുറവ് വരാതെത്തന്നെ- ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാല്‍, അവനു അതിന്റെ കുറ്റവും, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും – അവരുടെ കുറ്റങ്ങളില്‍ ഒട്ടും കുറവ് വരാതെ തന്നെ- ഉണ്ടായിരിക്കുന്നതുമാണ്.’ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ എന്ന് (ഈ ആയത്ത്) ഓതുകയും ചെയ്തു.’ (أخرجه ابن ابي حاتم)
