സൂറത്തു ഫാത്വിര്‍ : 38-45
- വെളിച്ചം റമദാന്‍ ഡേ-06- സൂറ: ഫാത്വിര്‍ പാര്‍ട്ട് 06 – ആയത്ത് 38 മുതല്‍ 39 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്തു ഫാത്വിര്‍ : 38-45
വിഭാഗം – 5
35:38
- إِنَّ ٱللَّهَ عَٰلِمُ غَيْبِ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٣٨﴿
- നിശ്ചയമായും, അല്ലാഹു ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യത്തെ അറിയുന്നവനാണ്; നിശ്ചയമായും, അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാണ്.
- إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَالِمُ അറിയുന്നവനാണ് غَيْبِ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യം وَالْأَرْضِ ഭൂമിയിലെയും إِنَّهُ عَلِيمٌ അവന്‍ അറിവുള്ളവനാണ് بِذَاتِ الصُّدُورِ നെഞ്ചു(ഹൃദയം)കളിലുള്ളതിനെപ്പറ്റി
35:39
- هُوَ ٱلَّذِى جَعَلَكُمْ خَلَٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ إِلَّا خَسَارًا ﴾٣٩﴿
- നിങ്ങളെ ഭൂമിയില്‍ (മുന്‍കഴിഞ്ഞവരുടെ) പിന്‍ഗാമികളാക്കിയവനത്രെ അവന്‍. അതിനാല്‍, ആരെങ്കിലും അവിശ്വസിച്ചാല്‍ അവന്റെ അവിശ്വാസം അവന്റെ മേല്‍ തന്നെയാണ് (ദോഷം ചെയ്യുക). അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ കഠിനകോപ മല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല; അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല
- هُوَ الَّذِي അവന്‍ യാതൊരുവനാണ് جَعَلَكُمْ നിങ്ങളെ ആക്കിയ خَلَائِفَ പിന്‍ഗാമികള്‍, പ്രതിനിധികള്‍ فِي الْأَرْضِ ഭൂമിയില്‍ فَمَن كَفَرَ അതിനാല്‍ ആര്‍ അവിശ്വസിച്ചുവോ فَعَلَيْهِ എന്നാലവന്റെ മേലാണ് كُفْرُهُ അവന്റെ അവിശ്വാസം وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കുകയില്ല كُفْرُهُمْ അവരുടെ അവിശ്വാസം عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ إِلَّا مَقْتًا കഠിനകോപ (ക്രോധ)ത്തെയല്ലാതെ وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കയില്ല كُفْرُهُمْ അവരുടെ അവിശ്വാസം إِلَّا خَسَارًا നഷ്ടമല്ലാതെ
ഒരു സമുദായത്തിനുശേഷം മറ്റൊരു സമുദായമെന്ന നിലക്കു മുമ്പുള്ളവരുടെ പിന്നാലെ വരുന്നവര്‍ എന്നാണ് خَلَائِف എന്ന വാക്കുകൊണ്ടുദ്ദേശ്യം. ‘പിന്‍തുടര്‍ച്ചക്കാര്‍, പ്രതിനിധികള്‍, അനന്തരക്കാര്‍’ എന്നൊക്കെ ആ വാക്കിനു അര്‍ത്ഥം പറയാം
35:40
- قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ أَمْ ءَاتَيْنَٰهُمْ كِتَٰبًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا ﴾٤٠﴿
- (നബിയേ) പറയുക: ‘നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്ന നിങ്ങളുടെ പങ്കുകാരെ?! (ഇവരെപ്പറ്റി നിങ്ങളെന്തു പറയുന്നു?) ഭൂമിയില്‍നിന്നു അവര്‍ എന്തൊരു വസ്തുവാണ് സൃഷ്ടിച്ചുണ്ടാക്കിയതെന്നു എനിക്ക് കാട്ടിത്തരുവിന്‍! അല്ലാത്തപക്ഷം, അവര്‍ക്കു ആകാശങ്ങളില്‍ വല്ല പങ്കും ഉണ്ടോ?! അതല്ലെങ്കില്‍, അവര്‍ക്കു നാം വല്ല (പ്രത്യേക) വേദഗ്രന്ഥവും കൊടുത്തിട്ട് അതില്‍ നിന്നുള്ള വല്ല തെളിവിന്‍മേലുമാണോ അവര്‍ (നിലകൊള്ളുന്നത്)?! (അതൊന്നുമല്ല). പക്ഷെ, അക്രമികള്‍ – ചിലര്‍ ചിലരോടു – വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്യുന്നില്ല.
- قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ شُرَكَاءَكُمُ നിങ്ങളുടെ പങ്കുക്കാരെ الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَرُونِي എനിക്കു കാണിച്ചുതരുവിന്‍ مَاذَا خَلَقُوا അവരെന്തു സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ أَمْ آتَيْنَاهُمْ അതല്ലെങ്കില്‍ നാമവര്‍ക്കു കൊടുത്തിട്ടുണ്ടോ كِتَابًا വല്ല ഗ്രന്ഥവും فَهُمْ എന്നിട്ടവര്‍ عَلَىٰ بَيِّنَتٍ വല്ല തെളിവിന്‍മേലുമാണ് مِّنْهُ അതില്‍നിന്നു بَلْ പക്ഷെ إِن يَعِدُ വാഗ്ദാനം ചെയ്യുന്നില്ല الظَّالِمُونَ അക്രമികള്‍ بَعْضُهُم بَعْضًا അവരില്‍ ചിലര്‍ ചിലരോടു إِلَّا غُرُورًا വഞ്ചന (ചതി, കൃത്രിമം) അല്ലാതെ
അല്ലാഹുവിനു പങ്കുകാരാണെന്നു ഗണിച്ചുകൊണ്ടു അവര്‍ വിളിച്ചാരാധിച്ചുവരുന്ന ദൈവങ്ങള്‍ ഭൂമിയില്‍ വല്ലതും സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ആകാശങ്ങളില്‍ എന്തെങ്കിലും ഒരു കൂട്ടവകാശം അവര്‍ക്കുണ്ടോ? അല്ലെങ്കില്‍ തങ്ങളുടെ നിലപാടിനു തെളിവു നല്‍കത്തക്കവണ്ണം വല്ല വേദഗ്രന്ഥവും അവര്‍ക്കു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചു ബോധ്യപ്പെടുത്തുക എന്നു അവരെ വെല്ലുവിളിക്കുന്നു. അതൊന്നും ഇല്ലാത്ത സ്ഥിതിക്കു തങ്ങളുടെ ആരാധനയെയും, ആരാധ്യരെയും കുറിച്ചു അവര്‍ തമ്മതമ്മില്‍ ചെയ്യുന്ന പ്രസ്ഥാവനകളെല്ലാം തനികൃത്രിമവും വഞ്ചനയുമാണെന്നു സാരം
35:41
- ۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا ﴾٤١﴿
- നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തല്‍സ്ഥാനം വിട്ടു) നീങ്ങുന്നതിനു [നീങ്ങാതിരിക്കുവാന്‍] അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു
- إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُمْسِكُ പിടിച്ചുനിറുത്തുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും أَن تَزُولَ അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍ وَلَئِن زَالَتَا അവരണ്ടും നീങ്ങിപ്പോയെങ്കിലോ إِنْ أَمْسَكَهُمَا അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല مِنْ أَحَدٍ ഒരാളും തന്നെ مِّن بَعْدِهِ അവനുപുറമെ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെപൊറുക്കുന്നവന്‍
ആകാശഭൂമികളുടെ സൃഷ്ടിയില്‍ വേറെ ആര്‍ക്കും പങ്കില്ലാത്തതുപോലെ, അവയുടെ നിലനില്‍പിന്റെ കാര്യത്തിലും ആര്‍ക്കും കയ്യില്ല. അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണവ സ്ഥിതിചെയ്യുന്നത്. ഭൂമിയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടാകാറുള്ള കമ്പനത്തിനോ, ഇളക്കത്തിനോപോലും പരിഹാരം ഉണ്ടാക്കാന്‍ മറ്റാര്‍ക്കും കഴിയാത്ത സ്ഥിതിക്ക് ആകാശഭൂമികള്‍ ഒന്നാകെ നിലതെറ്റിയാല്‍ ആര്‍ക്കാണവയെ പിടിച്ചു നിറുത്തുവാന്‍ കഴിയുക – അല്ലാഹുവിനല്ലാതെ?!
35:42
- وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا ﴾٤٢﴿
- അവര്‍ [അവര്‍ മുശ്രിക്കുകള്‍] തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവിനെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു: ‘തങ്ങള്‍ക്കു ഒരു താക്കീതുകാരന്‍ [റസൂല്‍] വന്നുവെങ്കില്‍, (മറ്റുള്ള) സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും നിശ്ചയമായും തങ്ങള്‍ കൂടുതല്‍ സന്‍മാര്‍ഗ്ഗികളായിത്തീരും’ എന്നു. എന്നിട്ട് അവര്‍ക്കു താക്കീതുക്കാരന്‍ വന്നപ്പോഴാകട്ടെ, (സത്യത്തില്‍ നിന്നു) വിരണ്ടോടുകയല്ലാതെ (മറ്റൊന്നും) അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല;
- وَأَقْسَمُوا അവര്‍ സത്യം ചെയ്തു بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍വെച്ച് ഞെരുങ്ങിയതു (കഴിയും പ്രകാരമുള്ളതു) لَئِن جَاءَهُمْ അവര്‍ക്കു വന്നുവെങ്കില്‍ نَذِيرٌ ഒരു താക്കീതുകാരന്‍ لَّيَكُونُنَّ നിശ്ചയമായും അവര്‍ ആയിരിക്കുമെന്നു أَهْدَىٰ കൂടുതല്‍ സന്മാര്‍ഗ്ഗികള്‍ مِنْ إِحْدَى الْأُمَمِ സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും فَلَمَّا جَاءَهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ نَذِيرٌ ഒരു താക്കീതുകാരന്‍ مَّا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല إِلَّا نُفُورًا വിരണ്ടോട്ടമല്ലാതെ, വെറുത്തുപോക്കല്ലാതെ
35:43
- ٱسْتِكْبَارًا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا ﴾٤٣﴿
- – ഭൂമിയില്‍ ഗര്‍വ്വു നടിക്കുകയും, ദുഷിച്ച [കടുത്ത] കുതന്ത്രം പ്രയോഗിക്കുകയും ചെയ്തതിനാല്‍. (വാസ്തവത്തില്‍) ദുഷിച്ച കുതന്ത്രം അതിന്റെ ആള്‍ക്കാരിലല്ലാതെ വന്നു ഭവിക്കുകയുമില്ല. എന്നിരിക്കെ, പൂര്‍വ്വികന്‍മാരുടെ (മേലുണ്ടായ) നടപടിച്ചട്ടത്തെയല്ലാതെ (മറ്റുവല്ലതും ഇവര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നുണ്ടോ?! എന്നാല്‍, അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു മാറ്റത്തിരുത്തവും നീ കണ്ടെത്തുന്നതല്ല. അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
- اسْتِكْبَارًا ഗര്‍വ്വ് നടിച്ചതിനാല്‍, അതായതു ഗര്‍വ്വ് നടിക്കല്‍ (അല്ലാതെ) فِي الْأَرْضِ ഭൂമിയില്‍ وَمَكْرَ السَّيِّئِ ദുഷിച്ച കുതന്ത്രവും وَلَا يَحِيقُ വന്നു ഭവിക്കയില്ല الْمَكْرُ السَّيِّئُ ദുഷിച്ച (കടുത്ത) കുതന്ത്രം إِلَّا بِأَهْلِهِ അതിന്റെ ആള്‍ക്കാരിലല്ലാതെ فَهَلْ يَنظُرُونَ എന്നിരിക്കെ ഇവര്‍ നോക്കുന്നു (പ്രതീക്ഷിക്കുന്നു)ണ്ടോ إِلَّا سُنَّتَ നടപടി(ചട്ടം, മാര്‍ഗ്ഗം) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ فَلَن تَجِدَ എന്നാല്‍ നീകണ്ടെത്തുകയില്ല തന്നെ لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്ക് تَبْدِيلًا ഒരു മാറ്റവും, പകരം വരുത്തലും وَلَن تَجِدَ നീ കാണുകയുമില്ല لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്കു تَحْوِيلًا ഒരു ഭേദഗതി, ഭേദപ്പെടുത്തല്‍
ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് ജൂതന്മാരും ക്രിസ്ത്യാനികളുമാണ് വേദക്കാരെന്ന നിലയില്‍ അറേബ്യയിലുണ്ടായിരുന്നത്. ഈ രണ്ടു സമുദായങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പും വഴക്കുമാണുള്ളത്. തങ്ങളുടെ മാര്‍ഗ്ഗമാണ് ശരിയായതെന്നും, മറ്റേവര്‍ പിഴച്ചവരാണെന്നും ഇരുകൂട്ടരും വാദിക്കുക പതിവായിരുന്നു. ഇതെല്ലം കാണുമ്പോള്‍ ബഹുദൈവവിശ്വാസികളായ അറബികള്‍ ഗൗരവമേറിയ സത്യവാചകങ്ങള്‍ ഉപയോഗിച്ചുകൊണ്ടു പറയും: ‘തങ്ങള്‍ക്കു ഒരു റസൂല്‍ വന്നിരുന്നെങ്കില്‍ തങ്ങള്‍ മറ്റു സമുദായക്കാരെപ്പോലെ വഴിപിഴക്കാതെ, അവരെക്കാള്‍ സന്മാര്‍ഗ്ഗികളായിത്തീരുമായിരുന്നു.’ അങ്ങനെ, അവരില്‍ നിന്നുതന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റസൂലായി നിയോഗിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുന്നതിനുപകരം, പൂര്‍വ്വാധികം ധിക്കാരികളായിത്തീരുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ കടുത്ത കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയുമാണ് അവര്‍ ചെയ്തത്. ഇവരുടെ മുന്‍ഗാമികളായ ധിക്കാരികള്‍ അനുഭവിച്ചതുപോലെ, ഇവരുടെ ധിക്കാരഫലം ഇവരും അനുഭവിക്കാതിരിക്കുകയില്ലെന്നും, അതു അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണെന്നും, ആ നടപടിക്രമങ്ങള്‍ക്കു ഒരിക്കലും മാറ്റമോ ഭേദഗതിയോ ഉണ്ടാകുകയില്ലെന്നും അല്ലാഹു അവരെ താക്കീതു ചെയ്യുന്നു.
ശാം, യമന്‍, ഇറാഖ് മുതലായ ദൂരരാജ്യങ്ങളിലേക്കു ഇവര്‍ നടത്താറുള്ള കച്ചവടയാത്രകളില്‍, വഴിമദ്ധ്യെവെച്ച് ഇവരേക്കാള്‍ ഊക്കന്മാരായിരുന്ന മുന്‍സമുദായങ്ങള്‍ അനുഭവിച്ച ശിക്ഷകളുടെ പല അടയാളങ്ങളും, നശിച്ചുപോയ അവരുടെ പല അവശിഷ്ടങ്ങളും ഇവര്‍ക്കു കണ്ടു പാഠം പഠിക്കുവാനുണ്ടല്ലോ എന്നു അടുത്ത വചനത്തില്‍ അല്ലാഹു അവരെ ഉണര്‍ത്തുന്നു:-
35:44
- أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا ﴾٤٤﴿
- ഇവര്‍ ഭൂമിയില്‍കൂടി സഞ്ചരിക്കാറില്ലേ? ഇവര്‍ക്കു മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് അപ്പോള്‍ ഇവര്‍ക്കു നോക്കിക്കാണാമല്ലോ! -അവര്‍ ഇവരെക്കാള്‍ ശക്തിയില്‍ ഊക്കന്മാരായിരുന്നുതാനും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, യാതൊരു വസ്തുവും അല്ലാഹുവിനെ (തോല്‍പിച്ച്) അസാധ്യമാക്കുവാനില്ല തന്നെ. നിശ്ചയമായും, അവന്‍ സര്‍വ്വജ്ഞനാകുന്നു; സര്‍വ്വശക്തനാകുന്നു.
- أَوَلَمْ يَسِيرُوا ഇവര്‍ (അവര്‍) സഞ്ചരിക്കാറില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോള്‍ അവര്‍ക്കു നോക്കാമല്ലോ, കാണാം كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ പര്യവസാനം مِن قَبْلِهِمْ ഇവരുടെ മുമ്പുള്ള وَكَانُوا അവര്‍ ആയിരുന്നുതാനും أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കുള്ളവര്‍, കഠിനമായവര്‍ قُوَّةً ശക്തിയാല്‍, ബലം കൊണ്ടു وَمَا كَانَ اللَّـهُ അല്ലാഹു അല്ല (ഇല്ല) لِيُعْجِزَهُ അവനെ അസാധ്യമാക്കാന്‍ مِن شَيْءٍ യാതൊന്നും തന്നെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല إِنَّهُ كَانَ തീര്‍ച്ചയായും അവനാകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ قَدِيرًا (എല്ലാറ്റിനും) കഴിവുള്ളവന്‍, സര്‍വ്വജ്ഞന്‍
35:45
- وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا ﴾٤٥﴿
- മനുഷ്യര്‍ പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ,-
അതിന്റെ പുറഭാഗത്തു [ഭൂമുഖത്തു] ഒരു ജന്തുവെയും അവന്‍ (ബാക്കി) വിടുമായിരുന്നില്ല.
പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവന്‍ അവര്‍ക്കു (കാല) താമസം ചെയ്തുകൊടുക്കുകയാണ്. അങ്ങനെ, അവരുടെ അവധിവന്നാല്‍, നിശ്ചയമായും അപ്പോള്‍, അല്ലാഹു തന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും) - وَلَوْ يُؤَاخِذُ പിടികൂടുകയാണെങ്കില്‍ اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِمَا كَسَبُوا അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു مَا تَرَكَ അവന്‍ വിട്ടേക്കുകയില്ല عَلَىٰ ظَهْرِهَا അതിന്റെ പുറത്തു, വെളിയില്‍ مِن دَابَّةٍ ഒരു ജന്തുവെയും وَلَـٰكِن പക്ഷേ يُؤَخِّرُهُمْ അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَإِنَّ اللَّـهَ അപ്പോള്‍ അല്ലാഹു كَانَ ആകുന്നു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍
മനുഷ്യസമുദായം ചെയ്തുകൂട്ടുന്ന പാപങ്ങളും, അക്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ ഭൂമുഖത്തു ഒരു ജീവിപോലും ഇല്ലാതാവത്തക്കവണ്ണം – മഴവര്‍ഷിപ്പിക്കാതെയോ, മറ്റേതെങ്കിലും വിധത്തിലോ – എല്ലാവരെയും, അല്ലാഹു നശിപ്പിക്കേണ്ടതാണ്. അത്രയും കടുത്തതും വമ്പിച്ചതുമാണവ. പക്ഷെ, അല്ലാഹു ക്ഷമാശീലനാണ്. കാരുണ്യവാനാണ്. അവന്‍ അവര്‍ക്കു – ഓരോരുത്തര്‍ക്കും പ്രത്യേകവും, എല്ലാവര്‍ക്കും പൊതുവായും – ഒരവധി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതുവരെ അവരെ ഒഴിവാക്കിവിട്ടിരിക്കയാണ്. ആ അവധി വന്നാല്‍ ഓരോരുത്തരിലും എടുക്കേണ്ട നടപടി എന്താണെന്ന് അവനു നല്ലപോലെ അറിയാം. അവന്‍ എടുക്കുകയും ചെയ്യും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അബൂമൂസല്‍ അശ്അരി (رضي الله عنه) ഉദ്ധരിക്കുന്നു:
مَا أَحَدٌ أَصْبَرَ عَلَى أَذًى يَسْمَعُهُ مِنَ اللهِ يَدَّعُونَ لَهُ الْوَلَدَ، ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ – متفق عليه
സാരം : ശല്യവാക്കുകള്‍ കേട്ടിട്ട് അതിനെപ്പറ്റി അല്ലാഹുവിനെക്കാള്‍ ക്ഷമിക്കുന്ന ഒരാളുംതന്നെ ഇല്ല. ജനങ്ങള്‍ അവനു മക്കളുണ്ടെന്നു വാദിക്കുന്നു. എന്നിട്ട് പിന്നെയും അവന്‍ അവര്‍ക്ക് ആരോഗ്യവും ആഹാരവും നല്‍കുന്നു: (ബു; മു).
അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അവന്റെ സദ്‌വൃത്തരായ അടിയാന്മാരില്‍ നമ്മെ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ. ആമീന്‍.
[ولله الحمد والمنة]
