സൂറത്തു ഫാത്വിര്‍ : 33-37
- വെളിച്ചം റമദാന്‍ ഡേ-05- സൂറ: ഫാത്വിര്‍ പാര്‍ട്ട് 05 – ആയത്ത് 33 മുതല്‍ 37 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്തു ഫാത്വിര്‍ : 33-37
ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-
35:33
- جَنَّٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٣٣﴿
- (അതെ) നിത്യവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! അതിലവര്‍ പ്രവേശിക്കുന്നതാണ്. അവിടെ അവര്‍ക്ക് സ്വര്‍ണ്ണം കൊണ്ടുള്ള ചില (തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പു(വസ്ത്രം) പട്ടായിരിക്കും.
- جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ يَدْخُلُونَهَا അതിലവര്‍ പ്രവേശിക്കുന്നതാണ് يُحَلَّوْنَ فِيهَا അതില്‍ അവര്‍ക്കു അണിയിക്കപ്പെടും مِنْ أَسَاوِرَ വളകളില്‍നിന്നു مِن ذَهَبٍ സ്വര്‍ണ്ണത്താലുള്ള وَلُؤْلُؤًا മുത്തും وَلِبَاسُهُمْ فِيهَا അതിലവരുടെ ഉടുപ്പ്, വസ്ത്രം حَرِيرٌ പട്ടാകുന്നു
35:34
- وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ﴾٣٤﴿
- അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങളില്‍നിന്നു ദുഃഖം നീക്കിത്തന്നവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, ഞങ്ങളുടെ റബ്ബ് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുംതന്നെ
- وَقَالُوا അവര്‍ പറയുകയും ചെയ്യം الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي أَذْهَبَ പോക്കി (നീക്കി) ക്കളഞ്ഞ عَنَّا ഞങ്ങളില്‍ നിന്നു الْحَزَنَ ദുഃഖം إِنَّ رَبَّنَا നിശ്ചയമായും നമ്മുടെ റബ്ബ് لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ شَكُورٌ വളരെ നന്ദിയുള്ളവന്‍
35:35
- ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ ﴾٣٥﴿
- ‘അതായതു തന്റെ ദയാനുഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസത്തിന്റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കിത്തന്നിട്ടുള്ളവന്‍! യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല! യാതൊരു ക്ഷീണവും [അസഹ്യതയും] ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല!!’
- الَّذِي أَحَلَّنَا നമ്മെ ഇറക്കി (എത്തിച്ചു) തന്ന دَارَ الْمُقَامَةِ (സ്ഥിര) താമസത്തിന്റെ ഭവനത്തില്‍ (വീട്ടില്‍) مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, ദയവായി لَا يَمَسُّنَا നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല فِيهَا ഇതില്‍, ഇവിടെ نَصَبٌ ഒരു ഞെരുക്കവും, വിഷമവും وَلَا يَمَسُّنَا നമ്മെ സ്പര്‍ശിക്കയുമില്ല فِيهَا ഇതില്‍ لُغُوبٌ ഒരു അസഹ്യതയും, ക്ഷീണവും
29-ാം വചനത്തില്‍, ഒരിക്കലും നഷ്ടംവരാത്ത ലാഭകരമായ വ്യാപാരം നടത്തുന്നവരെപ്പറ്റി പറഞ്ഞതിനെത്തുടര്‍ന്ന്‍ അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുമാണെന്നു ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആ വാഗ്ദാനം തികച്ചും സത്യമായി തങ്ങള്‍ക്കു അനുഭവപ്പെട്ടിരിക്കുന്നു എന്നു ആ വ്യാപാരികള്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു ഇപ്പോള്‍ ഇതാ സന്തോഷപൂര്‍വ്വം പ്രഖ്യാപിക്കുകയാണ്: إِنَّ رَبَّنَا لَغَفُورٌ شَكُورٌ (നമ്മുടെ റബ്ബ് വളരെ പൊറുക്കുന്നവനും വളരെ നന്ദിയുള്ളവനും തന്നെ) എന്ന്. കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച മൂന്നു വിഭാഗക്കാര്‍ ഉള്‍ക്കൊള്ളുന്ന സത്യവിശ്വാസികള്‍ക്കു ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു ഈ വചനങ്ങളില്‍ പ്രസ്താവിച്ചുകാണുന്നത്. ഈ മൂന്നിലും ഉള്‍പ്പെടാത്ത അവിശ്വാസികളുടെ പ്രതിഫലം തുടര്‍ന്നുള്ള ആയത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്.
അപ്പോള്‍, ഇവിടെ ചില സംശയങ്ങള്‍ക്കവകാശമുണ്ട്. മൂന്നു വിഭാഗക്കാരും തമ്മില്‍ വളരെ വ്യത്യസ്തമായ നിലപാടാണല്ലോ കര്‍മ്മരംഗങ്ങളില്‍ ഉണ്ടായിരുന്നത്. എന്നിരിക്കെ, എല്ലാവര്‍ക്കും ഒരേ പ്രതിഫലംതന്നെ ലഭിക്കുന്നതെങ്ങിനെ? അതു ന്യായമാണോ? സത്യവിശ്വാസിയാണെങ്കിലും അവരില്‍ കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതില്ലേ? അപ്പോള്‍ എല്ലാവരെയും ഒന്നിച്ചു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമോ? ഇതാണ് സംശയം. ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൂന്നു വിഭാഗക്കാര്‍ക്കും പൊതുവില്‍ ലഭിക്കുന്ന പ്രതിഫലം തന്നെ. പക്ഷെ, ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിഭവങ്ങളുടെയും, സുഖസൗകര്യങ്ങളുടെയും തോത് അതതു വ്യക്തിയുടെ വ്യത്യസ്ത നിലപാടനുസരിച്ചായിരിക്കും. അനേകം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും, നബി വചനങ്ങള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണിത്. കൂടാതെ, സത്യവിശ്വാസികളായ ആളുകള്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷമേ അവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയുമുള്ളു. സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടിക്കഴിഞ്ഞാല്‍ അവരുംതന്നെ ഈ പറഞ്ഞ സ്വര്‍ഗ്ഗീയസുഖസൗകര്യങ്ങളില്‍ പങ്കാളികളായിരിക്കും. മറ്റെവരെ അപേക്ഷിച്ചു താഴെ കിടയിലായിരിക്കും അവര്‍ക്കു ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ എന്നുമാത്രം. ഈ വസ്തുതയും ഖുര്‍ആനില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ധാരാളം ഹദീസുകളില്‍ വ്യക്തമായിത്തന്നെ അതു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഒരു ഹദീസു മാത്രം ഉദാഹരണത്തിന് ഉദ്ധരിക്കാം:-
നരകത്തിലെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷം ഏറ്റവും അവസാനമായി, നരകത്തില്‍നിന്നു രക്ഷകിട്ടി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുന്നവന്റെ കഥ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുള്ള സ്വല്‍പം ദീര്‍ഘമായ ഒരു ഹദീസില്‍, ഇപ്രകാരം കാണാം: (അവന്‍ സ്വര്‍ഗ്ഗത്തിലെത്തിയശേഷം) അല്ലാഹു അവനോടു പറയും : ‘നീ മോഹിച്ചുകൊള്ളുക!’ അപ്പോള്‍ അവന്‍ (പലതും പലതും) മോഹിച്ചു മോഹിച്ചുകൊണ്ടിരിക്കും. എന്നിട്ട് അല്ലാഹു ചോദിക്കും: ‘നീ മോഹിച്ചുകഴിഞ്ഞുവോ?’ അവന്‍ ‘അതെ’ എന്നു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘അതെല്ലാം നിനക്കുണ്ട്. അതോടൊപ്പം അത്രയും കൂടിയുണ്ട്…..’ ഇമാം ബുഖാരി, മുസ്‌ലിം മുതലായവര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടിയും ഉദ്ധരിച്ചിട്ടുള്ളതാണ് ഈ ഹദീസ്.
ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൊത്തത്തില്‍ മേല്‍പറഞ്ഞ മൂന്നു വിഭാഗക്കാര്‍ക്കും ബാധകമല്ലെന്നും, അതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ (ظَالِمٌ لِّنَفْسِهِ) തീരെ രക്ഷക്കവകാശപ്പെട്ടവരല്ലെന്നും ചിലര്‍ പ്രസ്താവിക്കാറുണ്ട്: നിഷിദ്ധമായ ഏതെങ്കിലും പാപം ചെയ്യുന്നവന്‍ അതോടെ സത്യവിശ്വാസത്തില്‍നിന്നു തെറ്റിപ്പോയെന്നും ചിലര്‍ വാദിക്കാറുണ്ട്. നിരവധി ഹദീസുകളുടെ വ്യക്തമായ പ്രസ്താവനകള്‍ക്കുപുറമെ, 32-ാം വചനത്തില്‍ മൂന്നുകൂട്ടരെപ്പറ്റിയും പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ടു 33-ാം വചനത്തില്‍ ആരെയും ഒഴിവാക്കാതെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (يَدْخُلُونَهَا) എന്നു പറഞ്ഞതും ഈ അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നു. മാത്രമല്ല, അടുത്ത വചനത്തില്‍ അവിശ്വാസികളാകട്ടെ, അവര്‍ക്കു നരകത്തിന്റെ അഗ്നിയാണ് (وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ) എന്നു എടുത്തുപറയുന്നതും കാണാം; 32-ാം വചനത്തില്‍ പറഞ്ഞ മൂന്നുതരം ആളുകളും, 33-ാം വചനത്തില്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരും അല്ലാത്തവര്‍ – അഥവാ ഖുര്‍ആന്റെ അനന്തരാവകാശം എറ്റുവാങ്ങാതിരിക്കുകയോ, ഏറ്റു വാങ്ങിയ ശേഷം പാടെ പുറംതള്ളുകയോ ചെയ്ത അവിശ്വാസികള്‍ മാത്രമാണിതുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. ഇമാം ഇബ്നുജരീര്‍ (رحمه الله), ഇബ്നുകഥീര്‍ (رحمه الله) എന്നീ മഹാന്മാര്‍ ഈ സംഗതി പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. والله المواقف للصواب
35:36
- وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ ﴾٣٦﴿
- അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു ‘ജഹന്നമി’ന്റെ അഗ്നിയുണ്ടായിരിക്കും. അവരില്‍ (മരണം) വിധിക്കപ്പെടുകയില്ല – എന്നാലവര്‍ക്കു മരണപ്പെട്ടു പോകാമായിരുന്നു! അതിന്റെ ശിക്ഷയില്‍നിന്നു അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല. അപ്രകാരമാണ്, എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുക.
- وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ لَهُمْ അവര്‍ക്കുണ്ട് نَارُ جَهَنَّمَ ‘ജഹന്നമി’ന്റെ അഗ്നി لَا يُقْضَىٰ عَلَيْهِمْ അവരുടെമേല്‍ വിധിക്കപ്പെടുകയില്ല فَيَمُوتُوا എന്നാലവര്‍ക്കു മരണപ്പെടാമായിരുന്നു وَلَا يُخَفَّفُ عَنْهُم അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല مِّنْ عَذَابِهَا അതിന്റെ ശിക്ഷയില്‍ നിന്നു (ഒട്ടും) كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം കൊടുക്കും كُلَّ كَفُورٍ എല്ലാ നന്ദികെട്ടവര്‍ക്കും
35:37
- وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ﴾٣٧﴿
- അവര്‍ അതില്‍വെച്ചു അലമുറയിട്ടുകൊണ്ടിരിക്കും: ‘ഞങ്ങളുടെ റബ്ബേ! ഞങ്ങളെ (ഒന്നു്) പുറത്താക്കിത്തരേണമേ!- ഞങ്ങള്‍ (മുമ്പ്) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതല്ലാത്ത സല്‍കര്‍മ്മം ഞങ്ങള്‍ ചെയ്തുകൊള്ളാം!'(എന്ന്). ‘ഉറ്റാലോചിക്കുന്നവര്‍ക്കു ഉറ്റാലോചിക്കാവുന്നത്ര (കാലം) നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയിരുന്നില്ലേ!? – മുന്നറിയിപ്പു നല്‍കുന്നവര്‍ നിങ്ങള്‍ക്കു വരുകയും ചെയ്തിരുന്നു (വല്ലോ). അതുകൊണ്ട്, (ശിക്ഷ) ആസ്വദിച്ചു കൊള്ളുവിന്‍! എനി, അക്രമികള്‍ക്കു യാതൊരു സഹായകനും [രക്ഷകനും] ഇല്ല’. (ഇതായിരിക്കും അവര്‍ക്കു മറുപടി).
- وَهُمْ يَصْطَرِخُونَ അവര്‍ മുറവിളി കൂട്ടും, അലമുറയിടും فِيهَا അതില്‍വെച്ച് رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ نَعْمَلْ صَالِحًا ഞങ്ങള്‍ നല്ലതു (സല്‍ക്കര്‍മ്മം) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാതെ كُنَّا نَعْمَلُ ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന أَوَلَمْ نُعَمِّرْكُم നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയില്ലേ مَّا يَتَذَكَّرُ ഉറ്റാലോചിക്കാവുന്നതു (അത്രകാലം) فِيهِ അതില്‍ مَن تَذَكَّرَ ഉറ്റാലോചിക്കുന്നവര്‍ وَجَاءَكُمُ നിങ്ങള്‍ക്കു വരുകയും ചെയ്തു النَّذِيرُ മുന്നറിയിപ്പുകാരന്‍ فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ فَمَا لِلظَّالِمِينَ എനി അക്രമികള്‍ക്കില്ല مِن نَّصِيرٍ ഒരു രക്ഷകനും, സഹായിയും
‘ജഹന്നം’ (جَهَنَّم) എന്നുള്ളതു നരകത്തിന്റെ പേരുകളില്‍ ഒന്നത്രെ. ശിക്ഷയുടെ കാഠിന്യംകൊണ്ടോ, കാലാവധി അവസാനിക്കുന്നതുകൊണ്ടോ മരണം അവിടെ സംഭവിക്കുകയില്ല. പരലോകജീവിതം -സ്വര്‍ഗ്ഗീയമാകട്ടെ നരകീയമാകട്ടെ- ശാശ്വതമാണ്. ഏതെങ്കിലും വിധേന മരണപ്പെട്ടുകിട്ടിയാല്‍ ഈ ശിക്ഷയില്‍നിന്നൊരു വിശ്രമം കിട്ടുമല്ലോ എന്നവര്‍ മോഹിക്കും. പക്ഷെ അതു സംഭവിക്കുകയില്ല. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ അവര്‍ നിലവിളി കൂടുന്നതും, അവര്‍ക്കു അപ്പോള്‍ ലഭിക്കുന്ന മറുപടിയുമാണ് അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീന്‍.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി ഇബ്നുഅബ്ബാസ് (رضي الله عنه) നിവേദനം ചെയ്യുന്നു. ‘നരക്കാരില്‍വെച്ച് ഏറ്റവും എളിയ ശിക്ഷ അനുഭവിക്കുന്നവന്‍, അഗ്നികൊണ്ടുള്ള രണ്ടു ചെരുപ്പുകളും (ചെരുപ്പിന്റെ) രണ്ടു വാറും ഉള്ളവനായിരിക്കും. അവ രണ്ടുംനിമിത്തം അവന്റെ തലച്ചോറു (അടുപ്പത്തുവെച്ചു) കുടുക്ക തിളച്ചുമറിയും പോലെ തിളച്ചുമറിയുന്നതായിരിക്കും. അവനെക്കാള്‍ കഠിനമായ ശിക്ഷയുള്ളവന്‍ വേറെ ഉണ്ടെന്നു അവനു തോന്നുകയില്ല. അവനാകട്ടെ, അവരില്‍ ഏറ്റവും എളിയ ശിക്ഷകാരനാണുതാനും!’. (ബു;മു.)
