സൂറത്തു ഫാത്വിര്‍ : 14-26
- വെളിച്ചം റമദാന്‍ ഡേ-03- സൂറ: ഫാത്വിര്‍ പാര്‍ട്ട് 03 – ആയത്ത് 14 മുതല്‍ 26 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്തു ഫാത്വിര്‍ : 14-26
35:14
- إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴾١٤﴿
- നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരംചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) ‘ശിര്‍ക്കി’നെ അവര്‍ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള ഒരാള്‍ നിനക്കു വര്‍ത്തമാനമറിയിക്കുവാനില്ല
- إِن تَدْعُوهُمْ നിങ്ങളവരെ വിളിക്കുന്നപക്ഷം لَا يَسْمَعُوا അവര്‍ കേള്‍ക്കയില്ല دُعَاءَكُمْ നിങ്ങളുടെ വിളി وَلَوْ سَمِعُوا അവര്‍ കേട്ടാലും مَا اسْتَجَابُوا അവര്‍ ഉത്തരം ചെയ്യില്ല لَكُمْ നിങ്ങള്‍ക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ يَكْفُرُونَ അവര്‍ അവിശ്വസിക്കും (നിഷേധിക്കും) بِشِرْكِكُمْ നിങ്ങളുടെ ശിര്‍ക്കില്‍, ശിര്‍ക്കിനെ وَلَا يُنَبِّئُكَ നിനക്കു വര്‍ത്തമാനം അറിയിക്കയില്ല مِثْلُ خَبِيرٍ സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള (ഒരു)വന്‍
യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശിര്‍ക്കു’ (شِرْكِكُمْ) എന്നു പറഞ്ഞതു അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല. ഇതുസംബന്ധിച്ചു സൂ: മര്‍യം 49, 50 എന്നീ വചനങ്ങളുടെ വിവരണത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അതു ശിര്‍ക്കുതന്നെയാണെന്നു കഴിഞ്ഞ സൂറ: 40, 41ലും അവയുടെ വ്യാഖ്യാനത്തിലും നാം കാണുകയും ചെയ്തു. അടുത്ത വചനവും താഴെ 22-ാം വചനവും പരിശോധിച്ചുനോക്കിയാലും മതിയാകും. എന്നിരിക്കെ, മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാമോ, അവരതു കേള്‍ക്കുമോ, ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോധിക്കുകയോ അതിനു ന്യായീകരണം ഉണ്ടാക്കുകയോ ചെയ്യുന്നതു ഖുര്‍ആനെ ധിക്കരിക്കല്‍ മാത്രമാകുന്നു. ഈ ആയത്തിലെ അവസാനവാക്യം (وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) അങ്ങിനെയുള്ളവര്‍ക്കു വമ്പിച്ചൊരു താക്കീതാണ് നല്‍കുന്നത്. മേല്‍പറഞ്ഞ വസ്തുതകള്‍ വിവരിച്ചുതരുന്നതു അല്ലാഹുവാണ്; അവന്‍ എല്ലാം സസൂക്ഷ്മം അറിയുന്നവനാണ്: അറിഞ്ഞുംകൊണ്ടുതന്നെയാണിതെല്ലാം പറയുന്നതും; ഇത്രയും വ്യക്തമായും വസ്തുനിഷ്ഠമായും ഇവയെക്കുറിച്ചു നിങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ വേറെ ആളില്ല; എന്നിരിക്കെ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നതും ന്യായീകരിക്കുന്നതും ആപത്താണ് എന്നൊക്കെയാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്.
വിഭാഗം – 3
35:15
- ۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾١٥﴿
- ഹേ, മനുഷ്യരേ, അല്ലാഹുവിങ്കലേക്കു ആശ്രയമുള്ളവരത്രെ നിങ്ങള്‍. അല്ലാഹുവാകട്ടെ, അവന്‍ (അന്യാശ്രയമില്ലാത്ത) ധന്യനാണ്; സ്തുത്യര്‍ഹനാണ്
- يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ أَنتُمُ الْفُقَرَاءُ നിങ്ങള്‍ ആശ്രയക്കാരാണ് إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ അല്ലാഹുവോ هُوَ الْغَنِيُّ ഞാന്‍ ധന്യനാണ്, അന്യാശ്രയനാണ് الْحَمِيدُ സ്തുത്യര്‍ഹനാണ്
35:16
- إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ ﴾١٦﴿
- അവന്‍ (വേണമെന്നു) ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി [നശിപ്പിച്ചു] കളയുകയും, ഒരു പുതിയ സൃഷ്ടിയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്
- إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്നപക്ഷം يُذْهِبْكُمْ നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും) وَيَأْتِ വരുകയും ചെയ്യും بِخَلْقٍ جَدِيدٍ പുതിയൊരു സൃഷ്ടിയുംകൊണ്ടു
35:17
- وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ ﴾١٧﴿
- അതു അല്ലാഹുവിന്‍റെ മേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട] കാര്യമല്ലതാനും
- وَمَا ذَٰلِكَ അതല്ലതാനും عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ട (പ്രയാസമായ) കാര്യം
മനുഷ്യന്‍റെ – അവന്‍ എത്ര ദുര്‍ബ്ബലനോ യോഗ്യനോ ആവട്ടെ – ഓരോ ചലനവും, ഓരോ അടക്കവും അല്ലാഹുവിന്‍റെ സഹായത്തെ മാത്രം ആശ്രയിക്കുന്നവയാണ്. അല്ലാഹുവില്‍നിന്നുള്ള സഹായം കൂടാതെ ഒരു വിരല്‍പോലും അനക്കുവാനും, മടക്കുവാനും അവനു സാധ്യമല്ല. അല്ലാഹുവിനാകട്ടെ ആരുടെയും യാതൊരു സഹായവും ആവശ്യവുമില്ല. എന്നിരിക്കെ മനുഷ്യന്‍ അവന്‍റെ എല്ലാ അപേക്ഷകളും പ്രാര്‍ത്ഥനകളും അല്ലാഹുവില്‍ മാത്രമാണ് അര്‍പ്പിക്കേണ്ടത്. ഒരു ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പുറകിലായി ഒരു വാഹനപ്പുറത്തു പോകുമ്പോള്‍ തന്നോടു ഇപ്രകാരം അവിടുന്നു പറഞ്ഞതായി ഇബ്നു അബ്ബാസ് (رحمه الله) ഉദ്ധരിക്കുന്നു:
يا غلام اني اعلمك كلمات : اخفظ الله يخفظك . اخفظ الله تجده تجاهك. اذا سألت فأسأل الله. واذا استغت فاستغن بالله. واعلم ان الامة لو اجتمعت على ان ينفعوك بشيء لم تنفعوك الا يشيء قد كتبه الله لك. وان اجتمعو على ان يضروك بشيء لم يضروك الا بشيء قد كتب الله عليك الخ – رواه الترمدي
സാരം: ‘കുട്ടി, ഞാന്‍ നിനക്കു ചില വാക്യങ്ങള്‍ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക – അവന്‍ നിന്നെ സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവനെ നിന്‍റെ മുമ്പില്‍ നീ കണ്ടെത്തും. നീ വലതും ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ വല്ല സഹായാഭ്യര്‍ത്ഥനയും ചെയ്യുന്നപക്ഷം അല്ലാഹുവിനോടു സഹായാഭ്യര്‍ത്ഥനചെയ്യുക. നീ അറിഞ്ഞേക്കൂ: നിനക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്‌വാന്‍ വേണ്ടി സമുദായം ഒന്നിച്ചു ചേര്‍ന്നാലും അല്ലാഹു നിനക്കു നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപകാരം ചെയ്കയില്ല. നിനക്കു ഏതെങ്കിലും ഒരു ഉപദ്രവം ചെയ്‌വാന്‍ അവര്‍ ഒരുമിച്ചുചേര്‍ന്നാലും അവന്‍ നിന്റെ പേരില്‍ നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപദ്രവം ചെയ്കയില്ല’. (തി).
ശിര്‍ക്കും ദൈവനിഷേധവും പുലര്‍ത്തിപ്പോരുന്ന മനുഷ്യസമുദായത്തെ നശിപ്പിച്ച് പകരം, തികച്ചും അനുസരണവും കൂറും ഭക്തിയുമുള്ള ഒരു ജനസമുദായത്തെ ഇവിടെ സ്ഥാപിക്കുവാന്‍ അല്ലാഹുവിനു കഴിയും. മനുഷ്യവര്‍ഗ്ഗത്തെത്തന്നെ നാമാവശേഷമാക്കി വേറൊരു വര്‍ഗ്ഗത്തെ ഭൂമിയില്‍ കൊണ്ടുവരുവാനും അവനു കഴിയും. അതൊന്നും അവനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ട കാര്യമല്ല. പക്ഷേ, അവന്‍ അതിനു ഉദ്ദേശിച്ചിട്ടില്ല. മഹത്തായ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ട് നിശ്ചിത അവധിവരെ അവരെ അവന്‍ അവശേഷിപ്പിക്കുകയാണ്.
35:18
- وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾١٨﴿
- കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല. ഭാരം പിടിപ്പെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുന്നതിനു് (മറ്റൊരാളെ) വിളിക്കുന്നപക്ഷം അതില്‍നിന്നു യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അതു അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റബ്ബിനെ (നേരില്‍ കാണാതെ) അദൃശ്യനിലയില്‍ ഭയപ്പെടുകയും, നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളു. ആര്‍ (ആത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍, തനിക്കു (ഗുണത്തിനു) വേണ്ടിതന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലല്‍.
- وَلَا تَزِرُ കുറ്റം വഹിക്കയില്ല وَازِرَةٌ ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും) وِزْرَ أُخْرَىٰ മറ്റൊന്നിന്‍റെ കുറ്റം وَإِن تَدْعُ വിളിച്ചാല്‍, ക്ഷണിച്ചാല്‍ مُثْقَلَةٌ ഒരു ഭാരം പിടിപെട്ട ദേഹം إِلَىٰ حِمْلِهَا അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍) لَا يُحْمَلْ വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല مِنْهُ شَيْءٌ അതില്‍നിന്നു യാതൊന്നും وَلَوْ كَانَ അതു (അവന്‍) ആയിരുന്നാലും ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ إِنَّمَا تُنذِرُ നീ താക്കീതു ചെയ്യേണ്ടതുള്ളു الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവരെ (മാത്രം) رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യനിലയില്‍, കാണാതെ وَأَقَامُوا الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്ത وَمَن ആര്‍, ആരെങ്കിലും تَزَكَّىٰ പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി فَإِنَّمَا يَتَزَكَّىٰ എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചുചെല്ലല്‍
ഒരാളുടെ കുറ്റം മറ്റൊരാള്‍ ഏറ്റെടുക്കുകയോ, മറ്റൊരാളുടെമേല്‍ ചുമത്തപ്പെടുകയോ, രണ്ടും അല്ലാഹുവിന്‍റെ കോടതിയില്‍ സംഭവിക്കുകയില്ല. കുറ്റഭാരം താങ്ങാന്‍ വയ്യാത്തവര്‍, തങ്ങളുടെ ഭാരത്തില്‍നിന്നൊരു പങ്കു വഹിക്കുവാന്‍ തങ്ങളുടെ ഏറ്റവും ഉറ്റ ബന്ധുക്കളോടുപോലും അപേക്ഷിച്ചാല്‍, ആ അപേക്ഷ സ്വീകരിക്കുവാന്‍ ആളെ കിട്ടുകയുമില്ല. കാരണം, ഓരോരുത്തര്‍ക്കും മതിയാവോളം കാര്യം അവരവര്‍ക്കുതന്നെ ഉണ്ടായിരിക്കും. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ) ഒരാള്‍ അതിനു സമ്മതിച്ചുവെന്നു സങ്കല്‍പിച്ചാല്‍തന്നെ അതു നടപ്പിലാക്കുകയുമില്ല. കാരണം, ഓരോരുത്തനും ചെയ്യുന്ന പ്രവൃത്തിയുടെ ഗുണത്തിനും ദോഷത്തിനും ഉത്തരവാദി അവന്‍തന്നെയാണെന്നാണ് അല്ലാഹുവിങ്കലുള്ള നീതിനിയമം. (لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ) അപ്പോള്‍ ‘അതിന്‍റെ കുറ്റം ഞാന്‍ ഏറ്റുകൊള്ളാം, അതു പ്രവൃത്തിച്ചു കൊള്ളുക’ എന്നു ചിലര്‍ ചിലസന്ദര്‍ഭങ്ങളില്‍ പറയാറുള്ളത് വെറും പാഴ് വാക്കാണെന്നു പറയേണ്ടതില്ല. (സൂ: അങ്കബൂത്ത് 12ഉം, 13ഉം, വിവരണവും ഓര്‍ക്കുക.)
35:19
- وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ﴾١٩﴿
- അന്ധനും, കാഴ്ചയുള്ളവനും സമമാവുകയില്ല;
- وَمَا يَسْتَوِي സമമാവുകയില്ല الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും
35:20
- وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ﴾٢٠﴿
- അന്ധകാരങ്ങളും, പ്രകാശവുമാകട്ടെ, (അവയും സമമാവുക) ഇല്ല.
- وَلَا الظُّلُمَاتُ അന്ധകാരങ്ങളും (ഇരുട്ടുകളും) ഇല്ല وَلَا النُّورُ പ്രകാശവും ഇല്ല
35:21
- وَلَا ٱلظِّلُّ وَلَا ٱلْحَرُورُ ﴾٢١﴿
- തണലും, സൂര്യോഷ്ണവും (അഥവാ ഉഷ്ണക്കാറ്റും) ആകട്ടെ, (സമമാവുക) ഇല്ല.
- وَلَا الظِّلُّ തണലുമില്ല وَلَا الْحَرُورُ സൂര്യോഷ്ണവുമില്ല, ഉഷ്ണക്കാറ്റുമില്ല
35:22
- وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ ﴾٢٢﴿
- ജീവിച്ചിരിക്കുന്നവരും, മരണമടഞ്ഞവരുമാകട്ടെ സമമാവുകയില്ല. നിശ്ചയമായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കും. ‘ഖബ്റു’ (ശ്മശാനം)കളില്‍ ഉള്ളവരെ നീ കേള്‍പ്പിക്കുന്നവനല്ല.
- وَمَا يَسْتَوِي സമമാവുകയില്ല الْأَحْيَاءُ ജീവിച്ചിരിക്കുന്നവര്‍ وَلَا الْأَمْوَاتُ മരണപ്പെട്ടവരുമില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسْمِعُ കേള്‍പ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا أَنتَ നീ അല്ല بِمُسْمِعٍ കേള്‍പ്പിക്കുന്നവന്‍ مَّن فِي الْقُبُورِ ഖബറുകളിലുള്ളവരെ
35:23
- إِنْ أَنتَ إِلَّا نَذِيرٌ ﴾٢٣﴿
- നീ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
- إِنْ أَنتَ നീ അല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ
സത്യവിശ്വാസവും സത്യനിഷേധവും തമ്മിലും, വിശ്വാസികളും അവിശ്വാസികളും തമ്മിലും – ഒരിക്കലും സന്ധിയും യോജിപ്പും ഉണ്ടാകാത്തവിധം – പരസ്പരം വൈരുദ്ധ്യമാണുള്ളതെന്നു ചില ഉദാഹരണങ്ങളാണ് ഇവ എന്നു മൊത്തത്തില്‍ പറയാം. ഓരോ ഉപമയെപ്പറ്റിയും ചിന്തിക്കുന്നവര്‍ക്കു ഓരോന്നിലും അടങ്ങിയ പ്രത്യേകത ഏറെക്കുറെ മനസ്സിലാക്കുവാന്‍ കഴിയുന്നതുമാണ്. ‘ഖബ്റുകളിലുള്ളവരെ നീ കേള്‍പ്പിക്കുകയില്ല’ എന്നതിനെക്കുറിച്ചു സൂ: നംല് 80ല്‍ വിവരിച്ചതു ഇവിടെയും സ്മരിക്കേണ്ടതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം സത്യവിശ്വാസംസ്വീകരിപ്പിക്കുവാന്‍ ബാദ്ധ്യസ്ഥനല്ല, അവരെ വേണ്ടപോലെ താക്കീതു ചെയ്‌താല്‍മതി എന്നാണ് 23-ാം വചനത്തിന്‍റെ താല്‍പര്യം. അല്ലാതെ, സന്തോഷവാര്‍ത്ത അറിയിക്കേണ്ടതില്ല എന്നല്ല ഉദ്ദേശ്യം. അടുത്ത വചനം നോക്കുക.
