സൂറത്തു ഫാത്വിര്‍ : 08-13
- വെളിച്ചം റമദാന്‍ ഡേ-02- സൂറ: ഫാത്വിര്‍ പാര്‍ട്ട് 02 – ആയത്ത് 08 മുതല്‍ 13 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്തു ഫാത്വിര്‍ : 08-13
വിഭാഗം – 2
35:8
- أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ ﴾٨﴿
- അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! [ഇവനുണ്ടോ സല്‍ക്കര്‍മ്മശാലികളെപ്പോലെ പ്രതിഫലം ലഭിക്കുന്നു?!] എന്നാല്‍, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താല്‍ അവരുടെ പേരില്‍ [അവരെചൊല്ലി] നിന്‍റെ ആത്മാവ് പോകാതിരുന്നുകൊള്ളട്ടെ! നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്.
- أَفَمَن അപ്പോള്‍ യാതൊരുവനോ زُيِّنَ لَهُ അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ فَرَآهُ എന്നിട്ടവന്‍ അതിനെ കണ്ടു حَسَنًا നല്ലതായി فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي നേര്‍വഴിയിലുമാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ فَلَا تَذْهَبْ അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ نَفْسُكَ നിന്‍റെ ജീവന്‍, നിന്‍റെ ദേഹം عَلَيْهِمْ അവരുടെപേരില്‍ (അവരാല്‍) حَسَرَاتٍ സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി
ഐഹികജീവിതത്തിന്‍റെയും, പിശാചിന്‍റെയും വഞ്ചനകള്‍ക്കു പാത്രമാകുന്നവര്‍ക്കു യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കുവാനും, നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും സാധിക്കാതെവരും. അങ്ങനെ, തങ്ങള്‍ സ്വീകരിക്കുന്ന ദുര്‍ന്നടപ്പുകളുടെ കൊള്ളരുതായ്മ അവര്‍ക്കു അജ്ഞാതമായിത്തീരുകയും,അവ സല്‍പ്രവൃത്തികളായി ഗണിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇത്രയും ദുഷിച്ചുപോയ ഇവര്‍ എങ്ങിനെയാണ് അല്ലാഹുവിന്‍റെ പാപമോചനത്തിനും, പ്രതിഫലങ്ങള്‍ക്കും അര്‍ഹരാവുക?! എങ്ങിനെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു ഇവരെ ഉള്‍പ്പെടുത്തുക?! തങ്ങളുടെ നടപടികള്‍ ചീത്തയാണെന്ന ബോധമെങ്കിലും അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അവരെപ്പറ്റി വല്ല പ്രതീക്ഷക്കും വഴിയുണ്ടാകുമായിരുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവരുടെ കാര്യത്തില്‍ സങ്കടപ്പെട്ടു സ്വയം കഷ്ടപ്പെടേണ്ടതില്ല. അല്ലാഹു അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നുണ്ട്. അവന്‍ തക്ക നടപടി വഴിയെ എടുക്കുകയും ചെയ്യും. എന്നു സാരം.
35:9
- وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَسُقْنَٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ ﴾٩﴿
- അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവന്‍ [ചലിപ്പിക്കുന്നവന്‍]. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം [അല്ലാഹു] അതിനെ നിര്‍ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അതു നിര്‍ജീവമായതിനുശേഷം നാം ജീവിപ്പിക്കുകയായി. ഇതുപോലെ (ത്തന്നെ) യാണ് പുനരുത്ഥാനം!.
- وَاللَّـهُ الَّذِي അല്ലാഹുവത്രെ أَرْسَلَ അയച്ചവന്‍ الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘം, മഴക്കാറ് فَسُقْنَاهُ എന്നിട്ടു നാമതിനെ തെളിക്കും, കൊണ്ടുപോകും إِلَىٰ بَلَدٍ വല്ല നാട്ടിലേക്കും مَّيِّتٍ നിര്‍ജ്ജീവമായ فَأَحْيَيْنَا بِهِ എന്നിട്ടു അതുകൊണ്ടു നാം ജീവിപ്പിക്കും الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന്‍റെ (നിര്‍ജ്ജീവതയുടെ) ശേഷം كَذَٰلِكَ അപ്രകാരമാണ് النُّشُورُ എഴുന്നേല്‍പ്പു (പുനരുത്ഥാനം)
അതിമഹത്തായ ഒരു അനുഗ്രഹവും, നിത്യസത്യമായ ഒരു ദൃഷ്ടാന്തവും എടുത്തുകാട്ടി മരണാനന്തരജീവിതത്തിന്‍റെ സാധ്യത തെളിയിക്കുകയാണ്. അതതു നാടുകളിലേക്കു മേഘം നീങ്ങുന്നതിലും, അതില്‍നിന്നു മഴ വര്‍ഷിച്ചു നിര്‍ജ്ജീവമായ ഭൂമി ഉല്‍പാദനയോഗ്യമായി ത്തീരുന്നതിലും അടങ്ങിയ ഗഹനമായ രഹസ്യങ്ങളിലേക്കുള്ള സൂചനയാണത്, വാചകഘടനയില്‍ ഇടക്കുവെച്ചു ‘അവന്‍’ എന്നതിന്‍റെ സ്ഥാനത്തു ‘നാം’ എന്ന മദ്ധ്യമപ്രയോഗം. ഈ പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പും നാം ഉണര്‍ത്തിയിട്ടുണ്ട്.
35:10
- مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُو۟لَٰٓئِكَ هُوَ يَبُورُ ﴾١٠﴿
- ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (കടുത്ത) ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക
- مَن كَانَ ആരെങ്കിലും ആണെങ്കില്‍ يُرِيدُ الْعِزَّةَ പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْعِزَّةُ പ്രതാപം جَمِيعًا മുഴുവനും إِلَيْهِ അവങ്കലേക്കത്രെ يَصْعَدُ കയറിപ്പോകുന്നതു الْكَلِمُ വാക്കു, വാക്കുകള്‍ الطَّيِّبُ നല്ല, ശുദ്ധമായ وَالْعَمَلُ الصَّالِحُ സല്‍ക്കര്‍മ്മമാകട്ടെ يَرْفَعُهُ അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു وَالَّذِينَ يَمْكُرُونَ കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിന ശിക്ഷ وَمَكْرُ أُولَـٰئِكَ അക്കൂട്ടരുടെ കുതന്ത്രം هُوَ അതു (തന്നെ) يَبُورُ നാശമടയും, നഷ്ടപ്പെടും
മൂന്നുനാലു കാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. 1) പ്രതാപം മുഴുവനും അല്ലാഹുവിനുള്ളതാണ്. ആര്‍ക്കെങ്കിലും പ്രതാപം സിദ്ധിക്കേണമെന്നുണ്ടെങ്കില്‍ അതു അവനില്‍നിന്നു ലഭിക്കേണ്ടതും, അതിന് അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വഴി അവനോടു ആവശ്യപ്പെടേണ്ടതുമാണ്. അവന്‍ നല്‍കുന്ന പ്രതാപമേ സാക്ഷാല്‍ പ്രതാപമായിരിക്കയുള്ളു. അവന്‍ പ്രതാപം നല്‍കാതെ അവഗണിക്കുന്നവര്‍ക്കു മാന്യതയും, യശസ്സും ലഭിക്കുകയില്ല. (وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ) എന്നാല്‍ – പലരും ധരിക്കുന്നതു പോലെ – യശസ്സ് അല്ലെങ്കില്‍ പ്രതാപം എന്നു പറയുന്നതു കുറെ ധനശക്തിയോ, തോന്നിയതുപോലെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യമോ, മറ്റുള്ളവരെ കീഴ്പ്പെടുത്തി കയ്യൂക്കു നടത്തുവാനുള്ള സ്വാധീനമോ ഒന്നുമല്ല. സത്യവും നീതിയും അന്യനു അടിയറ വെക്കാതെ, അക്രമവും അനീതിയും അവലംബമാക്കാതെ – സല്‍സ്വഭാവം, ഹൃദയശുദ്ധി, മാനമര്യാദ, സല്‍ക്കര്‍മ്മം മുതലായവവഴി -സിദ്ധിക്കുന്ന അന്തസ്സും മനസ്സമാധനവുമാണ് സാക്ഷാല്‍ യശസ്സ് (الْعِزَّةُ). ഇങ്ങിനെയുള്ളവന് അല്ലാഹുവിനെ മാത്രമേ ഭയപ്പെടേണ്ടിവരികയുള്ളു. അവന്‍റെ സര്‍വ്വാശ്രയവും അവന്‍തന്നെ. ഇതോടൊപ്പം ജനമദ്ധ്യെ അവനു വിലയും നിലയും താനെ ഉണ്ടായിത്തീരുന്നു. യശസ്സു ലഭിക്കുവാനുള്ള മാര്‍ഗ്ഗം അടുത്ത വാക്യത്തില്‍ കണ്ടെത്താവുന്നതുമാണ്. ‘പ്രതാപം’ എന്നു നാം അര്‍ത്ഥം നല്‍കിയതു عِزَّة എന്ന വാക്കിനാണ്. ‘യശസ്സ്, വീര്യം, യോഗ്യത, അന്തസ്സ്’ എന്നൊക്കെ സന്ദര്‍ഭോചിതം അതിനു അര്‍ത്ഥം പറയാം.
2,3) വിശ്വാസം കൊണ്ടും, ആത്മാര്‍ത്ഥതകൊണ്ടും പരിശുദ്ധമായ ഹൃദയത്തില്‍ നിന്നു ഉടലെടുത്ത് നാവില്‍കൂടി വെളിക്കുവരുന്ന നല്ല വാക്കുകള്‍ – ദിക്ര്‍, ദുആ, ഖുര്‍ആന്‍, സദുപദേശം മുതലായ എല്ലാ സംസാരങ്ങളും – അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നു. അവന്‍ അവയെ സ്വീകരിച്ച് തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. നല്ല വാക്കുകളി (الْكَلِمُ الطَّيِّبُ)ല്‍ തൗഹീദിന്‍റെ സാക്ഷ്യവാചകമായ لا اله الا الله (അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല) എന്ന ‘കലിമഃ’ക്കാണ് പ്രഥമസ്ഥാനമുള്ളതെന്നു പറയേണ്ടതില്ല. സല്ക്കര്‍മ്മങ്ങളെയെല്ലാം – അവ ചെറുതോ വലുതോ, സ്വകാര്യമോ പരസ്യമോ ഏതാവട്ടെ – അല്ലാഹു ഉയര്‍ത്തുകയും അവയെ രേഖപ്പെടുത്തി യഥായോഗ്യം പ്രതിഫലം നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍, നല്ല വാക്കുകളോ പ്രവൃത്തികളോ ഒന്നുംതന്നെ അല്ലാഹു പാഴാക്കുകയില്ല.
وَالْعَمَلُ الصَّالِحُ يَرْفَعُهُ എന്ന വാക്യത്തിനു നാം വായിച്ച അര്‍ത്ഥം ഓര്‍മ്മിക്കുക. ‘അതിനെ അവന്‍ ഉയര്‍ത്തുന്നു’ ( يَرْفَعُهُ) എന്നതിലെ കര്‍ത്താവിന്‍റെ സ്ഥാനത്തു ‘അല്ലാഹു’വും, അതില്‍ കര്‍മ്മമായി നില്‍ക്കുന്നതു ‘ സല്‍ക്കര്‍മ്മവു’മാണല്ലോ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ച അഭിപ്രായമാണിത്. മറ്റൊരുവിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ ഈ ക്രിയയുടെ കര്‍ത്താവു ‘സല്‍കര്‍മ്മ’ (الْعَمَلُ الصَّالِحُ)വും, കര്‍മ്മം ‘നല്ല വാക്കും’ (الْكَلِمُ الطَّيِّبُ) ആകുന്നു. (*). അപ്പോള്‍, ഈ വാക്കിന്‍റെ അര്‍ത്ഥവിവര്‍ത്തനം ഇപ്രകാരം വരും : ‘സല്‍ക്കര്‍മ്മമാകട്ടെ, അതിനെ – നല്ല വാക്കിനെ – ഉയര്‍ത്തുകയും ചെയ്യും.’ അതായത് നല്ല വാക്കുകള്‍ ഉന്നതങ്ങളാകുന്നതും, ഫലപ്രദമാകുന്നതും സല്‍ക്കര്‍മ്മങ്ങള്‍ നിമിത്തമാണ് എന്നു സാരം.
‘നല്ല വാക്കുകള്‍ കയറിപ്പോകു’മെന്നും, ‘സല്‍ക്കര്‍മ്മം ഉയര്‍ത്തു’മെന്നും പറഞ്ഞതിന്‍റെ താല്പര്യം അല്ലാഹു അവയെ സ്വീകരിക്കുമെന്നോ, അറിയുമെന്നോ മാത്രമാണെന്നു കരുതേണ്ടതില്ല. വസ്തുതകള്‍ വസ്തുക്കളായി രൂപാന്തരപ്പെടുന്ന ഓരോ ലോകമാണ് (عالم يتجسد فيه المعاني) ആത്മീയലോകം – അഥവാ പരലോകം. അല്ലാഹുവിന്‍റെ കഴിവില്‍പെടാത്തതൊന്നുമില്ല. മാത്രമല്ല, പല ഹദീസുകളിലും ഇതിനു തെളിവുകള്‍ കാണാം. ഇന്നത്തെ ചില ശാസ്ത്രീയസിദ്ധാന്തങ്ങളും ഇതിനു ഉപോല്‍ബലങ്ങളായുണ്ടുതാനും.
(*). الكلم എന്ന വാക്കിനു ഏകവചനത്തിന്‍റെയും ബഹുവചനത്തിന്‍റെയും അര്‍ത്ഥം വരാവുന്നതാണ്.
4) ഉപായങ്ങളും, കാപട്യങ്ങളും പ്രയോഗിച്ചു നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ. എന്നാല്‍, അതു കടുത്തതും ദുഷ്ടതരവുമാകുമ്പോള്‍ കൂടുതല്‍ശിക്ഷാര്‍ഹമായിത്തീരുന്നതാണ്. മാത്രമല്ല, അതു അതിന്‍റെ കര്‍ത്താക്കളില്‍തന്നെ തിരിച്ചടിച്ച് നാശമായിക്കലാശിക്കുകയും ചെയ്യും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ കൊലപ്പെടുത്തുകയോ, പിടിച്ചു ബന്ധനത്തിലാക്കുകയോ, നാടുകടത്തി വിടുകയോ ചെയ്‌വാന്‍ ഖുറൈശികള്‍ ദാറുന്നദുവത്തി’ല്‍വെച്ചു ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടുവളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും, അവയുടെ അനന്തരഫലങ്ങളും അന്നും ഇന്നും ചരിത്രത്തില്‍ ധാരാളം കാണാവുന്നതാണ്. അതെ, കഠിനകുതന്ത്രം അതിന്‍റെ ആള്‍ക്കാരില്‍തന്നെ പിണയുന്നതായിരിക്കും. ((وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ
35:11
- وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١١﴿
- അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീടു ഇന്ദ്രീയത്തുള്ളിയില്‍നിന്നുമായി സൃഷ്ടിച്ചു; പിന്നെ, അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവോടെയല്ലാതെ യാതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. (ദീര്‍ഘിച്ച) ആയുസ്സു നല്‍കപ്പെട്ടിട്ടുള്ള എതൊരാള്‍ക്കും ആയുസ്സ് നല്‍കപ്പെടുന്നതാകട്ടെ, (ആര്‍ക്കെങ്കിലും) അവന്‍റെ ആയുസ്സില്‍ നിന്നും കുറക്കപ്പെടുന്നതാകട്ടെ, ഒരു (രേഖാ)ഗ്രന്ഥത്തില്‍ ഇല്ലാതില്ല. നിശ്ചയമായും, അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാണ്
- وَاللَّـهُ അല്ലാഹു خَلَقَكُم നിങ്ങളെ സൃഷ്ടിച്ചു مِّن تُرَابٍ മണ്ണില്‍നിന്നു, മണ്ണിനാല്‍ ثُمَّ പിന്നെ مِن نُّطْفَةٍ ഒഴുകുന്ന ജലത്തില്‍ (ഇന്ദ്രീയത്തുള്ളിയില്‍) നിന്നു ثُمَّ جَعَلَكُمْ പിന്നെ നിങ്ങളെ അവന്‍ ആക്കി أَزْوَاجًا ഇണകള്‍ (ഭാര്യാഭര്‍ത്താക്കള്‍) وَمَا تَحْمِلُ ഗരഭംധരിക്കുന്നില്ല مِنْ أُنثَىٰ ഒരു പെണ്ണും സ്ത്രീയും وَلَا تَضَعُ അവള്‍ പ്രസവിക്കുന്നുമില്ല. إِلَّا بِعِلْمِهِ അവന്‍റെ അറിവോടെയല്ലാതെ وَمَا يُعَمَّرُ ആയുസ്സു നല്‍കപ്പെടുന്നതുമല്ല مِن مُّعَمَّرٍ ഒരു ആയുസ്സു നല്‍കപ്പെട്ടവന്നും وَلَا يُنقَصُ കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല مِنْ عُمُرِهِ അവന്‍റെ ആയുസ്സില്‍ (വയസ്സില്‍)നിന്നു إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرٌ നിസ്സാരമാണ്, ലഘുവായതാണ്
അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തില്‍ മാത്രമേ അറിയുന്നുള്ളുവെന്നും, ഓരോ കാര്യത്തിന്‍റെയും വിശദവിവരം അവന്‍ അറിയുകയില്ലെന്നും പറയുന്ന ധിക്കാരികളും, അതു ശരിയാണെന്നു ധരിച്ചുവശായ പാമരന്മാരും, മനസ്സിരുത്തി വായിക്കേണ്ടുന്ന ഖുര്‍ആന്‍വചനങ്ങളാണ് ഇതും, സൂറത്തുസബഇലെ 2ഉം 3ഉം പോലുള്ള മറ്റുചില വചനങ്ങളും. ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഓരോരുത്തന്‍റെ ആയുഷ്കാലത്തിന്‍റെ ഏറ്റക്കുറവുമെല്ലാം കൃത്യമായും സൂക്ഷമമായും അറിയുകയും, രേഖപെടുത്തുകയും ചെയ്യുന്നവനത്രെ അല്ലാഹു. ഓരോ കാര്യവും അവന്‍റെ അടുക്കല്‍ ഒരു തോതനുസരുച്ചാണുള്ളത്. (وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ) മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കും ആഹാരംകൊടുക്കുന്നകാര്യം അവന്‍ ഏല്‍ക്കുകയും ചെയ്തിരിക്കുന്നു. ( وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا) മനുഷ്യന്‍ അതു ആരാഞ്ഞു തിരഞ്ഞുപിടിക്കുകയേ വേണ്ടൂ. എന്നിരിക്കെ, കുറച്ചുകാലം കഴിയുമ്പോഴേക്കു ഈ ലോകത്തു ജനപ്പെരുപ്പംമൂലം ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാതെ പട്ടിണികിടന്നു മനുഷ്യന്‍ നശിച്ചുപോകുമെന്നു ഭയപ്പെട്ടുകൊണ്ടിരിക്കുവാന്‍ സത്യവിശ്വാസമുള്ള ഒരാള്‍ക്കും അവകാശമില്ല. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ (അതൊക്കെ അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമാണ്) എന്നുള്ള ഒടുവിലത്തെ വാക്യം ബുദ്ധിയും, വിശ്വാസവും ഉള്ളവര്‍ ചിന്തിച്ചു നോക്കട്ടെ!
35:12
- وَمَا يَسْتَوِى ٱلْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٢﴿
- രണ്ട് സമുദ്രങ്ങള്‍ [ജലാശയങ്ങള്‍] സമമാവുകയില്ല, ഇതാ ഒന്ന് കുടിക്കുവാനെളുപ്പമുള്ളതായ സ്വച്ഛജലം; മറ്റേതു കൈപ്പുരസമായ ഉപ്പുജലവും! ഓരോന്നില്‍നിന്നും നിങ്ങള്‍ പുതിയ മാംസം തിന്നുകയും നിങ്ങള്‍ ധരിക്കുന്ന ആഭരണവസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. അവന്‍റെ അനുഗ്രഹത്തില്‍നിന്നു നിങ്ങള്‍ അന്വേഷിക്കുവാന്‍വേണ്ടി അതില്‍ [സമുദ്രത്തില്‍] കൂടി ഭേദിച്ചുകൊണ്ട് കപ്പലുകള്‍ (സഞ്ചരിക്കുന്നതു) നിനക്കു കാണാം; നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്തേക്കാമല്ലോ.
- وَمَا يَسْتَوِي സമമാവുകയില്ല الْبَحْرَانِ രണ്ടു സമുദ്ര (ജലാശയ)ങ്ങള്‍ هَـٰذَا ഇതു(ഒന്നു) عَذْبٌ നല്ല വെള്ളമാണ് فُرَاتٌ ശുദ്ധമായ سَائِغٌ കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്) شَرَابُهُ അതിലെ പാനീയം وَهَـٰذَا ഇതു (മറ്റേതു) مِلْحٌ ഉപ്പ് (ഉപ്പുരസമുള്ളതു) ആകുന്നു أُجَاجٌ കയ്പായ (ഉപ്പു കവിഞ്ഞ) وَمِن كُلٍّ എല്ലാറ്റില്‍നിന്നും تَأْكُلُونَ നിങ്ങള്‍ തിന്നുന്നു لَحْمًا മാംസം طَرِيًّا പുത്തനായ (പഴക്കമില്ലാത്ത) وَتَسْتَخْرِجُونَ നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു حِلْيَةً ആഭരണം, അലങ്കാര വസ്തു تَلْبَسُونَهَا നിങ്ങള്‍ ധരിക്കുന്ന وَتَرَى നീ കാണുന്നു, നിനക്കു കാണാം الْفُلْكَ കപ്പലുകള്‍ فِيهِ അതില്‍ مَوَاخِرَ ഭേദിച്ച് (മുറിച്ചു) പോകുന്നതായി لِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാന്‍ (തേടുവാന്‍) വേണ്ടി مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, ആയേക്കാം تَشْكُرُونَ നന്ദികാണിക്കും
അല്ലാഹു മനുഷ്യര്‍ക്കു ചെയ്തുകൊടുത്തിട്ടുള്ള ചില അനുഗ്രഹങ്ങളെയും, അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെയും ഓര്‍മ്മിപ്പിക്കുകയാണ്. സുഖമായി കുടിക്കുവാനും, ഉപയോഗിക്കുവാനും ഉതകുമാറ് രുചിയും, ശുചിയും തികഞ്ഞ ശുദ്ധജലാശയങ്ങളും, ചവര്‍പ്പും പുളിപ്പും കവിഞ്ഞ് കൈപ്പുരസമായിത്തീര്‍ന്നിട്ടുള്ള ഉപ്പുജലാശയങ്ങളും പ്രകൃത്യാ വ്യത്യസ്തങ്ങളാണല്ലോ. മുത്തു, ചിപ്പി, പവിഴം തുടങ്ങിയ പല വിഭവങ്ങളും അവയില്‍ നിന്നു ലഭിക്കുന്നു. മനുഷ്യരുടെ അലങ്കാരവസ്തുക്കളായും മറ്റും അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൂരസഞ്ചാരം ചെയ്തും, ചരക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്തും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തേടിത്തിരഞ്ഞുകൊണ്ട് മനുഷ്യന്‍ സമുദ്രത്തില്‍ കപ്പല്‍ യാത്ര നടത്തുന്നു. സമുദ്രജലം ഭേദിച്ചുകൊണ്ടും, തിരമാലകളെ പിന്നിട്ടുകൊണ്ടും കപ്പലുകള്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യന്‍റെ ഐഹികജീവിതാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്ന അല്ലാഹുവിനു അവന്‍ നന്ദിചെയ്യേണ്ടതില്ലയോ?! നിശ്ചയമായും ഉണ്ട്. അതവന്‍റെ ഭാവിജീവിത വിജയത്തിലേക്കുള്ള മൂലധനമായി വകയിരുത്തപ്പെടുകയും ചെയ്യും.
35:13
- يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ ﴾١٣﴿
- അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല
- يُولِجُ അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും കടത്തുന്നു فِي اللَّيْلِ രാത്രിയില്‍ وَسَخَّرَ അവന്‍ കീഴ്പ്പെടുത്തി (വിധേയമാക്കി)ത്തരുകയും ചെയ്തു الشَّمْسَ وَالْقَمَرَ സൂര്യനെയും ചന്ദ്രനെയും كُلٌّ എല്ലാം, ഓരോന്നും يَجْرِي സഞ്ചരിക്കുന്നു لِأَجَلٍ ഒരു അവധിവരെക്കു مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട ذَٰلِكُمُ അവന്‍ (അങ്ങിനെയുള്ളവന്‍) اللَّـهُ رَبُّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവാണ് لَهُ അവന്നാണ് الْمُلْكُ രാജത്വം, രാജാധികാരം وَالَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ مَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമപ്പെടുത്തുന്നില്ല مِن قِطْمِيرٍ ഒരു ഈത്തപ്പാടയും
ഉണങ്ങിയ ഉള്ളിത്തൊലിപോലെ, ഈത്തക്കുരുവെ പൊതിഞ്ഞുനില്‍ക്കുന്ന നേരിയ പാടയാണ് قِطْمِيرٍ.അവര്‍ക്ക് ഒട്ടും സ്വാധീനമില്ല എന്നു സാരം. സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തിയതിനെ സംബന്ധിച്ചു പലപ്പോഴും നാം വിവരിച്ചിട്ടുള്ളതാണ്.(*).
(*).ഇന്നിതാ മനുഷ്യന്‍ ചന്ദ്രഗോളത്തില്‍ ഇറങ്ങി തിരിച്ചു പോരുവാന്‍ തുടങ്ങിയിരിക്കുന്നു. എനിയും, ചന്ദ്രനിലും മറ്റും എന്തെല്ലാമോ അവന്‍ കൈകാര്യം ചെയ്‌വാന്‍ പോകുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ഈ പ്രസ്താവന നാള്‍ക്കുനാള്‍ പുലര്‍ന്നുവരികയാണ്.
