വെളിച്ചം റമദാൻ 2026 –ഡേ- 01 (ഫെബ്രുവരി 21)

സൂറത്തു ഫാത്വിര്‍ : 01-07




  • വെളിച്ചം റമദാന്‍ ഡേ-01- സൂറ: ഫാത്വിര്‍ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 07 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ

  1. സൂറത്തു ഫാത്വിര്‍ : 01-07
    1. പരായണം – Spotify
    2. വിശദീകരണം- Spotify
    3. പരായണം-Youtube link
    4. വിശദീകരണം – Youtube Link

വിഭാഗം – 1

സൂറത്തു ഫാത്വിര്‍ : 01-07

ഫാത്വിർ (സ്രഷ്ടാവ്)

സൂറത്തുല്‍ – മലാഇക : (മലക്കുകള്‍) എന്നും ഇതിനു പേരുണ്ട്.

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകുഅ്) 5

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

വിഭാഗം – 1

35:1

  • ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു. (അതായതു) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവ്; മലക്കുകളെ ഈരണ്ടും മുമ്മൂന്നും നന്നാലും പക്ഷങ്ങള്‍ [ചിറകുകള്‍] ഉള്ള ദൂതന്‍മാരാക്കിയിട്ടുള്ളവന്‍: സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ദ്ധിപ്പിക്കുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
  • الْحَمْدُ സ്തുതി (യെല്ലാം) لِلَّـهِ അല്ലാഹുവിനാണ് فَاطِرِ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടികര്‍ത്താവ് وَالْأَرْضِ ഭൂമിയുടെയും جَاعِلِ الْمَلَائِكَةِ മലക്കുകളെ ആക്കിയവന്‍ رُسُلًا ദൂതന്മാര്‍ أُولِي أَجْنِحَةٍ ചിറകു (പക്ഷം) കളുള്ള مَّثْنَىٰ ഈരണ്ട് وَثُلَاثَ മുമ്മൂന്നും وَرُبَاعَ നന്നാലും يَزِيدُ അവന്‍ വര്‍ദ്ധിപ്പിക്കും فِي الْخَلْقِ സൃഷ്ടിയില്‍ مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനാണ്‌

الْحَمْدُ لِلَّـهِ (സ്തുതി അല്ലാഹുവിനാണ്) എന്ന വാക്യംകൊണ്ടു ആരംഭിക്കുന്ന സൂറത്തുകളില്‍ അവസാനത്തെതാണിത്. സ്തുതികീര്‍ത്തനങ്ങളുടെ അര്‍ഹതയും, അവകാശവും അല്ലാഹുവിനാണെന്നും, സൃഷ്ടികളെല്ലാം അവനു സ്തുതികീര്‍ത്തനം ചെയ്‌വാന്‍ കടപ്പെട്ടവരാണെന്നും കാണിക്കുന്ന ചില ഗുണവിശേഷങ്ങളും ഈ വാക്യത്തെത്തുടര്‍ന്നു ഓരോ സ്ഥലത്തും പറഞ്ഞിരിക്കുന്നതു കാണാം. അങ്ങിനെയുള്ള രണ്ടു ഗുണവിശേഷങ്ങള്‍ ഇവിടെയും പറഞ്ഞിരിക്കുന്നു. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടികര്‍ത്താവ് – അഥവാ ആകാശഭൂമികള്‍ക്കും അവയിലടങ്ങിയ സര്‍വ്വ ചരാചരങ്ങള്‍ക്കും അതതിന്‍റെ പ്രകൃതം നല്‍കി നൂതനമായി സൃഷ്ടിച്ചുണ്ടാക്കിയ കര്‍ത്താവ് – ഇതാണ് ഒന്നാമത്തേത്. പലതരത്തിലുള്ള മലക്കുകളെ ദൂതന്മാരാക്കി നിശ്ചയിച്ചവന്‍ എന്നത്രെ രണ്ടാമത്തേത്. ആദ്യത്തേതു അവന്‍റെ നിര്‍മ്മാണമഹാത്മ്യത്തെയും, ഒടുവിലത്തേതു അവന്‍റെ പരിപാലനപരിപാടികളില്‍ ചിലതിനെയും കുറിക്കുന്നു.

ഈരണ്ടും, മുമ്മൂന്നും, നന്നാലും ചിറകുകളുള്ളവര്‍ എന്നു പറഞ്ഞതു മലക്കുകളുടെ രൂപവ്യതാസത്തെയോ, സ്ഥാനപദവികളെയോ എടുത്തുകാട്ടിയതായിരിക്കാം. ഈ ചിറകുകള്‍ എങ്ങിനെയുള്ളവയാണെന്ന യഥാര്‍ത്ഥ്യം നമുക്കറിയുവാന്‍ നിവൃത്തിയില്ല. നമ്മുടെ ദൃഷ്ടിക്കു ഗോചരമല്ലാത്ത ആത്മീയ ജീവികളാണല്ലോ മലക്കുകള്‍. മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി മുസ്‌ലിമും, അഹ്മദും (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ വന്നിട്ടുണ്ട്. എങ്കിലും, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, ചില പ്രത്യേക രൂപങ്ങളിലായി മനുഷ്യര്‍ക്കു കാണത്തക്കവിധം മലക്കുകള്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നു ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മനസ്സിലാക്കാം. ഇബ്രാഹീം നബി (عليه السلام), ലൂത്ത് നബി (عليه السلام), മര്‍യം (അ) എന്നിവരുടെ അടുക്കല്‍ ദൈവദൂതന്മാരായി മലക്കുകള്‍ ചെന്ന വിവരം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ജിബ്രീല്‍ (عليه السلام) നെ കണ്ടിട്ടുള്ളതും പ്രസിദ്ധമാണ്. എന്നാല്‍, മലക്കിന്‍റെ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നപക്ഷം അതു മനുഷ്യപ്രകൃതിക്കു താങ്ങാനാവാത്ത കാഴ്ചയായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി രണ്ടുപ്രാവശ്യം ജിബ്രീല്‍ (عليه السلام) നെ സാക്ഷാല്‍ രൂപത്തില്‍ കണ്ടിട്ടുള്ളതായി ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിറാ ഗുഹയില്‍ച്ചുണ്ടായ ഒന്നാമത്തെ ആ കാഴ്ച വിവരിച്ചതില്‍, ‘ഞാന്‍ എന്നെപ്പറ്റി ഭയപ്പെട്ടുപോയി’ (لقد خشيت على نفسى)എന്നും, രണ്ടാമത്തെ കാഴ്ച്ചയുടെ വിവരണത്തില്‍ ‘ഞാന്‍ പേടിച്ചു നടുങ്ങി നിലത്തേക്കു വീഴാന്‍ പോയി’ ( فجثت منه رعبا حتى هويت الى الارض) എന്നും മറ്റും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു.

സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ അവസരത്തില്‍ ജിബ്രീല്‍ (عليه السلام) നു ആറു നൂറു ചിറകുകള്‍ ഉണ്ടായിരുന്നുവെന്നും ഇബ്നുമസ്ഊദു (رحمه الله) പ്രസ്താവിച്ചതായി മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഉദരത്തിലും, രണ്ടും നാലും കാലുകളിലും നടക്കുന്ന ജീവികളെക്കുറിച്ചു പറഞ്ഞശേഷം സൂ: നൂര്‍ 45ല്‍ ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്നു പറഞ്ഞുവല്ലോ. അതുപോലെ, ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളെപ്പറ്റി പറഞ്ഞശേഷം ‘സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ധിപ്പിക്കുന്നു’ (يَزِيدُ فِي الْخَلْقِ مَا يَشَاءُ) എന്നു ഇവിടെയും പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. കൂടാതെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഉണര്‍ത്തിയിരിക്കുന്നു. മലക്കുകളില്‍ ഈ മൂന്നു തരക്കാര്‍ക്കുപുറമെ വേറെയും പല തരക്കാരുണ്ടാവാമെന്നും, ചിറകുകളുടെ ആധിക്യം അനുസരിച്ച് അവരുടെ പദവികളിലും വ്യത്യാസമുണ്ടാവമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. الله اعلم

ലോകത്തിന്‍റെ നന്മക്കും, മനുഷ്യന്‍റെ വിജയത്തിനും ആവശ്യമായ ദൈവിക സന്ദേശങ്ങളെ നബിമാര്‍ക്കു അല്ലാഹു മലക്കുകള മുഖേന എത്തിച്ചുകൊടുക്കുന്നു. കൂടാതെ മറ്റുപല കാര്യങ്ങളും മലക്കുകള്‍ മുഖേന ലോകത്തു നടത്തപ്പെടുന്നുണ്ടെന്നു ഖുര്‍ആനില്‍ പലപ്പോഴും കാണാറുള്ളതാണ്. മലക്കുകളെ ദൂതന്മാരാക്കുക എന്നു പറഞ്ഞത് ഇതെല്ലം ഉള്‍പ്പെടുത്തിക്കൊണ്ടാകുന്നു. അല്ലാഹുവിന്‍റെ കല്പനയനുസരിച്ച് ഓരോ മലക്കും അവനവന്‍റെ കൃത്യം നിര്‍വ്വഹിക്കുമെന്നല്ലാതെ, അല്ലാഹുവിന്‍റെ ഏതെങ്കിലും അധികാരാവകാശങ്ങളില്‍ അവര്‍ക്കു വല്ല പങ്കും ഉണ്ടെന്നു ഇതിനര്‍ത്ഥമില്ല. അവര്‍ അല്ലാഹുവിന്‍റെ ആദരിക്കപ്പെട്ട അടിയാന്മാര്‍ മാത്രമാകുന്നു. അവന്‍ (بَلْ عِبَادٌ مُّكْرَمُونَ:سورة الأنبياء) അവരോടു എന്തു കല്പിച്ചുവോ അതിന് അവര്‍ എതിരു പ്രവര്‍ത്തിക്കുകയില്ല. അവരോട് കല്പിക്കപ്പെട്ടതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ : سورة التحريم :٦) സൂ: അമ്പിയാഉ്, 26-29 എന്നീ ആയത്തുകളും അവയുടെ വിവരണവും നോക്കുക.

മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കാത്തവര്‍ മലക്കുകളുടെ അസ്തിത്വം നിഷേധിക്കുക സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തിനുള്ളില്‍തന്നെ ചില ‘യുക്തിവാദി’കളുണ്ട്. മലക്കുകള്‍ എന്നു പറയപ്പെടുന്നതു വിദ്യുച്ഛക്തിപോലെയുള്ള എന്തോ ഒരു ശക്തിയായിരിക്കുമെന്നാണവരുടെ ധാരണയും, പ്രസ്താവനകളും. ധാരാളക്കണക്കിലുള്ള ഖുര്‍ആന്‍ വചനങ്ങളുടെയും, നബിവചനങ്ങളുടെയും പരസ്യമായ നിഷേധമാണത്. അല്ലാമാ ഫരീദു വജ്ദീ പറഞ്ഞതുപോലെ, മലക്കുകളെ തങ്ങള്‍ക്കു കാണുവാന്‍ സാധിച്ചിട്ടില്ല എന്നല്ലാതെ, അവര്‍ക്കു യാതൊരു തെളിവും അതിനില്ല. മനുഷ്യരില്‍വെച്ച് ഏറ്റവും സത്യവാന്മാരും, ചിന്തകന്മാരും, ബുദ്ധിമാന്മാരുമാണെന്നു സമ്മതിക്കപ്പെട്ട പ്രവാചകന്മാരും, പുണ്യാത്മാക്കളായ ചില മഹാന്മാരും മലക്കുകളെ കണ്ടിട്ടുണ്ടുതാനും. ഇവര്‍ മുഖാന്തരമാണ് സന്മാര്‍ഗ്ഗത്തിന്‍റെ ആധാരങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നതും. എന്നിരിക്കെ, അതിനെ നിഷേധിക്കുവാന്‍ ആര്‍ക്കാണധികാരം?!

35:2

  • مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢﴿
  • കാരുണ്യമായുള്ള ഏതൊന്നിനെയും അല്ലാഹു മനുഷ്യര്‍ക്കു തുറന്നുകൊടുക്കുന്നപക്ഷം, അതിനെ പിടിച്ച് വെക്കുന്നവനില്ല; അവന്‍ എന്തെങ്കിലും പിടിച്ച് വെക്കുന്നതായാല്‍, അതിനുശേഷം അതിനെ (തുറന്നു) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി
  • مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി

എന്നിരിക്കെ, അല്ലാഹു അല്ലാത്ത ഏതൊന്നിനെയും – അതു മലക്കുകളോ, പ്രവാചകന്മാരോ, പുണ്യാത്മാക്കളോ, ഗോളങ്ങളോ, പ്രതിമകളോ എന്തുതന്നെ ആയാലും ശരി – ആരാധിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഫലമില്ല. ആര്‍ക്കും അതിനു അര്‍ഹതയുമില്ല. നമസ്കാരത്തിലും പുറത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതായി പല ഹദീസു ഗ്രന്ഥങ്ങളിലും കാണാം:

اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد

(അല്ലാഹുവേ, നീ കൊടുക്കുന്നതിനെ മുടക്കുന്നവനില്ല; നീ മുടക്കിയതിനെ കൊടുക്കുന്നവനുമില്ല; ഐശ്വര്യക്കാരന് നിന്നെ സംബന്ധിച്ച് ഐശ്വര്യം ഉപയോഗം ചെയ്യുന്നതുമല്ല.)

35:3

  • يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣﴿
  • ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്‌?!
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍ هَلْ مِنْ خَالِقٍ വല്ല സൃഷ്ടാവുമുണ്ടോ غَيْرُ اللَّـهِ അല്ലാഹു അല്ലാതെ يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന مِّنَ السَّمَاءِ ആകാശത്തുനിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും لَا إِلَـٰهَ ഒരാരാധ്യനേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ فَأَنَّىٰ എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു

35:4

  • وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٤﴿
  • (നബിയേ) ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, നിനക്കുമുമ്പും ‘റസൂലു’ കള്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.
  • وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ വ്യാജമാക്കുന്നുവെങ്കില്‍ فَقَدْ كُذِّبَتْ എന്നാല്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ പല റസൂലുകള്‍ مِّن قَبْلِكَ നിനക്കുമുമ്പ് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു تُرْجَعُ തന്നെ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

പ്രവാചകന്മാരെ വ്യാജമാക്കള്‍ ഇപ്പോള്‍ മാത്രമുള്ളതല്ല. മുമ്പും അതു പതിവാണ്. എല്ലാ കാര്യങ്ങളുടെയും കലാശവും, തീരുമാനവും അല്ലാഹുവിങ്കലാണല്ലോ. വ്യാജവാദികളുടെമേല്‍ അവന്‍ നടപടി എടുത്തുകൊള്ളും. അതുകൊണ്ടു മുന്‍ പ്രവാചകന്മാരെപ്പോലെ ക്ഷമയും സ്ഥിരചിത്തതയും കൈക്കൊള്ളണം. എന്നു താല്‍പര്യം.

35:5

  • يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ﴾٥﴿
  • ഹേ, മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!!
  • يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ് فَلَا تَغُرَّنَّكُمُ ആകയാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, വഞ്ചിക്കരുതു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِاللَّـهِ അല്ലാഹുവിനെ സംബന്ധിച്ചു الْغَرُورُ മഹാ വഞ്ചകന്‍, ചതിയന്‍

35:6

  • إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ ﴾٦﴿
  • നിശ്ചയമായും, നിങ്ങള്‍ക്കു ശത്രുവാകുന്നു പിശാച്. ആകയാല്‍, നിങ്ങളവനെ ശത്രുവാക്കിവെക്കുവിന്‍! അവന്‍ തന്‍റെ കക്ഷിയെ ക്ഷണിക്കുന്നതു അവര്‍ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരായിരിക്കുവാന്‍ വേണ്ടി മാത്രമാണ്‌
  • إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് فَاتَّخِذُوهُ അതുകൊണ്ട് നിങ്ങളവനെ ആക്കുവിന്‍ عَدُوًّا ശത്രു إِنَّمَا يَدْعُو നിശ്ചയമായും അവന്‍ ക്ഷണിക്കുന്നു, ക്ഷണിക്കുന്നുള്ളു حِزْبَهُ അവന്‍റെ കക്ഷിയെ لِيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി (മാത്രം) مِنْ أَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍

മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ മുതലായവയാണ് അല്ലാഹുവിന്‍റെ വാഗ്ദാനംകൊണ്ടു ഉദ്ദേശ്യം. ഇവയെക്കുറിച്ചുള്ള വിശ്വാസത്തിനും, ഭാവിജീവിതത്തിലേക്കുള്ള മുന്‍കരുതലിനും മനുഷ്യനു വിഘാതമായി നിലകൊള്ളുന്ന രണ്ടു വന്‍ ശത്രുക്കളെക്കുറിച്ചാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ഒന്ന്, ഐഹികജീവിതം, മറ്റൊന്നു പിശാച്. ഐഹിക ജീവിതത്തില്‍ നിന്നാണ് മനുഷ്യന്‍ പാരത്രിക ജീവിതത്തിലേക്കു സമ്പാദിക്കേണ്ടതുള്ളത്. പക്ഷേ, ഐഹിക ജീവിതത്തെത്തന്നെ ജീവിതലക്ഷ്യമാക്കുകയോ, അതിനു അതിന്റേതിൽ കവിഞ്ഞ പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പക്ഷം, അതു അവന്‍റെ ശത്രുവും നാശഹേതുവുമായി കലാശിക്കുന്നു. പിശാചാണെങ്കില്‍, മനുഷ്യന്‍റെ വര്‍ഗ്ഗശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയെന്നതു അവന്‍റെ ലക്ഷ്യം മാത്രമാണ്. അതുകൊണ്ടു രണ്ടിനെക്കുറിച്ചും സദാ ജാഗരൂകരായിരിക്കുവാനും, ശത്രുതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുവാനില്ലാത്ത പിശാചിന്‍റെ അദൃശ്യവലകളെപ്പറ്റി പ്രത്യേകം സൂക്ഷിച്ചുകൊള്ളുവാനും അല്ലാഹു മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നു. പിശാചിനെപ്പറ്റി മഹാവഞ്ചകന്‍ എന്നും, അവന്‍ നിങ്ങള്‍ക്കു ശത്രുവാണെന്നും, അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കണമെന്നും, അവന്‍ തന്‍റെ ആള്‍ക്കാരെ നരകത്തിലേക്കു മാത്രമാണ് ക്ഷണിക്കുന്നതെന്നും അല്ലാഹു ആവര്‍ത്തിച്ചു നല്‍കിയ താക്കീതുകള്‍ നാം പ്രത്യേകം ഓര്‍മ്മവെക്കേണ്ടതുണ്ട്. പിശാചിന്‍റെ വഞ്ചനയുടെ കടുപ്പവും ഗൗരവവുമാണതു ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍.

35:7

  • ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌ شَدِيدٌ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴾٧﴿
  • യാതൊരുകൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്കു കഠിനമായ ശിക്ഷയുണ്ട്‌; യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കു പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ടായിരിക്കും.
  • الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിനശിക്ഷ وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَأَجْرٌ كَبِيرٌ വലിയ (വമ്പിച്ച) പ്രതിഫലവും

മനുഷ്യന്‍ കഠിന ശിക്ഷക്കര്‍ഹനായിത്തീരുവാന്‍ കാരണം അവിശ്വാസമാണ്. അവിശ്വാസത്തോടുകൂടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല നേരെമറിച്ച് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കാണ് പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

പരായണം – Spotify
വിശദീകരണം- Spotify