സൂറ ശ്ശൂറാ : 36-43
- വെളിച്ചം റമദാന്‍ ഡേ-13- സൂറ: ശ്ശൂറാ പാര്‍ട്ട് 06 – ആയത്ത് 36 മുതല്‍ 43 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്ത് ശ്ശൂറാ : 36-43
42:36
- فَمَآ أُوتِيتُم مِّن شَىْءٍ فَمَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٣٦﴿
- എന്നാൽ, നിങ്ങൾക്ക് വല്ല വസ്തുവും നൽകപ്പെട്ടിട്ടുണ്ടെങ്കിലത് ഐഹിക ജീവിതത്തിന്റെ ഉപകരണമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളതാകട്ടെ, കൂടുതൽ ഉത്തമവും, കൂടുതൽ ശേഷിക്കുന്നതുമാകുന്നു. (അത് ആർക്കാണെന്നോ?-) വിശ്വസിക്കുകയും തങ്ങളുടെ റബ്ബിന്റെ മേൽ (കാര്യങ്ങളെ) ഭരമേല്പിക്കുകയും ചെയ്യുന്നവർക്കും;
- فَمَا أُوتِيتُم എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് مِّن شَيْءٍ വല്ല വസ്തുവും فَمَتَاعُ الْحَيَاةِ ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു الدُّنْيَا ഐഹിക, ഇഹത്തിന്റെ وَمَا عِندَ اللَّـهِ അല്ലാഹുവിങ്കലുള്ളതാകട്ടെ خَيْرٌ ഉത്തമമായതാണ് وَأَبْقَىٰ അധികം ശേഷിക്കുന്നതും لِلَّذِينَ آمَنُوا വിശ്വസിച്ചവർക്ക് وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേൽ يَتَوَكَّلُونَ അവർ ഭരമേൽപ്പിക്കുകയും ചെയ്യും
42:37
- وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ ﴾٣٧﴿
- മഹാപാപങ്ങളെയും, നീചവൃത്തികളെയും വിട്ടകന്നു നിൽക്കുന്നവർക്കും; ദേഷ്യം വരുമ്പോൾ അവർ പൊറുത്തുകൊടുക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
- والّذِينَ يَجتَنِبُون വിട്ടകന്നു നിൽക്കുന്നവർക്കും كَبَائِرَ الإثمِ പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ) وَالْفَوَاحِشَ നീചവൃത്തികളെയും وَإِذَا مَاغَضِبُوا അവർ കോപിച്ചാൽ, ദേഷ്യം പിടിച്ചാൽ هُمْ يَغْفِرُونَ അവർ പൊറുക്കുകയും ചെയ്യും
42:38
- وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴾٣٨﴿
- തങ്ങളുടെ റബ്ബിന് ഉത്തരം നൽകുകയും, നമസ്കാരം നിലനിർത്തുകയും ചെയ്തവർക്കും; തങ്ങളുടെ കാര്യം തങ്ങൾക്കിടയിൽ കൂടിയാലോചിക്കപെടുന്നതായിരിക്കും, നാം തങ്ങൾക്ക് നല്കിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
- والّذِينَ اسْتَجابُوا ഉത്തരം നൽകിയവരും لِرَبِّهِم തങ്ങളുടെ റബ്ബിന് وَأَقَامُوا നിലനിർത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وأَمْرُهُم അവരുടെ കാര്യം شُورَىٰ കൂടിയാലോചിക്കപ്പെടുന്നതുമാണ് بَيْنَهُم തങ്ങൾക്കിടയിൽ ومِمّا رَزَقناهُم നാമവർക്ക് നൽകിയതിൽ നിന്ന് يُنفِقون അവർ ചിലവഴിക്കുകയും ചെയ്യും
42:39
- وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ ﴾٣٩﴿
- തങ്ങൾക്ക് (വല്ലവരിൽ നിന്നും) അതിക്രമം ബാധിച്ചാൽ, (സ്വയം) രക്ഷാനടപടി എടുക്കുന്നവർക്കും.
- وَالّذينَ യാതൊരുവർക്കും إِذَا أَصَابَهُمُ അവർക്ക് ബാധിച്ചാൽ الْبَغْىُ അതിക്രമം (കയ്യേറ്റം) هُم അവർ يَنتَصِرُونَ രക്ഷാനടപടിയെടുക്കും
ഇങ്ങിനെയുള്ള സജ്ജനങ്ങൾക്കാണ് അല്ലാഹുവിങ്കൽ നിന്ന് – അഥവാ പരലോകത്തുവെച്ച് – ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷിക്കുന്നതും ആയിരിക്കുക. ഈ ഗുണങ്ങൾ നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിങ്കൽനിന്ന് ലഭിക്കുവാനിരിക്കുന്നത് ശിക്ഷയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം, ഇഹത്തിൽ തങ്ങൾക്ക് ലഭിച്ചതെന്തോ അത് മാത്രമേ അവർക്കുള്ളൂ. ഈ വചനങ്ങളിൽ സജ്ജനങ്ങളുടേതായ പത്ത് ഗുണങ്ങളെയാണ് അള്ളാഹു എടുത്ത് കാണിച്ചിരിക്കുന്നത്:
1) സത്യവിശ്വാസം: സത്യവിശ്വാസം സ്വീകരിക്കാത്തവർക്ക് പരലോകത്ത് യാതൊരു രക്ഷയുമില്ലെന്നും, അവിശ്വാസികളുടെ യാതൊരു കർമ്മവും അവിടെ സ്വീകാര്യമല്ലെന്നും അള്ളാഹു ഖുർആനിൽ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കെ, തുടർന്ന് പറയുന്ന മറ്റെല്ലാ ഗുണങ്ങളും സത്യവിശ്വാസത്തോടുകൂടി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂവെന്ന് പറയേണ്ടതില്ല.
2) കാര്യങ്ങൾ അല്ലാഹുവിൽ ഭാരമേല്പിക്കാൻ, അതായത്: അവനവന്റെ കഴിവിൽപെട്ടതെല്ലാം പ്രവർത്തിക്കുകയും, കഴിവിനപ്പുറമുള്ളതിൽ ശുഭപ്രതീക്ഷയോടും വിശ്വാസത്തോടും കൂടി അല്ലാഹുവിൽ ഭരമേല്പിച്ചു സമാധാനപ്പെടുകയും ചെയ്യുക. ഇതിനെപ്പറ്റിയും ഖുർആനിലും ഹദീഥിലും ധാരാളം പ്രസ്താവിക്കപ്പെടാറുള്ളതാണ്.
3, 4) മഹാപാപങ്ങളിൽ നിന്നും നീചവൃത്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കുക: കർശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും, ശിക്ഷാനിയമങ്ങൾക്ക് വിധേയമായതുമായ എല്ലാ പാപങ്ങളും മഹാപാപത്തിൽ ഉൾപ്പെടുന്നു. മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത നിന്ദ്യകൃത്യങ്ങളും, അന്യന് അപമാനവും മാനനഷ്ടവും വരുത്തുന്ന നീചകൃത്യങ്ങളുമാണ് الْفَوَاحِشْ (നീചവൃത്തികൾ) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. നിസ്സാരങ്ങളായ തെറ്റ്കുറ്റങ്ങൾ വന്നു പോകുക മനുഷ്യസഹജമാണ്. അതുകൊണ്ട് അല്ലാഹു അതിൽ വിട്ടുവീഴ്ച ചെയ്യുന്നതാകുന്നു. അല്ലാഹു പറയുന്നു:
إِنْ تَجْتَنِبُوا كَبَابِرَ مَاتُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلا كَرِيمًا – النساء :٣١
(നിങ്ങളോട് വിരോധിക്കപ്പെടുന്നതിൽ വൻകാര്യങ്ങളെ നിങ്ങൾ വിട്ടകന്ന് നിൽക്കുന്നപക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങൾക്ക് നാം മൂടിവെച്ച് – പൊറുത്ത് – തരുകയും, നിങ്ങളെ നാം മാന്യമായ പ്രവേശനം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.(സൂ. നിസാഉ് 31)
5) കോപം വന്നാൽ പൊറുത്തു കൊടുക്കൽ: സഹിഷ്ണുതയില്ലായ്മയിൽനിന്നും, പ്രതികാരവാഞ്ചയില്‍ നിന്നുമാണ് കോപം ഉണ്ടാകുന്നത്. അപ്പോൾ, കോപം അനുഭവപ്പെടുന്നവൻ തന്റെ പ്രതിയോഗിയുടെ നേരെ മാപ്പും വിട്ടുവീഴ്ചയും കൈക്കൊള്ളുന്ന പക്ഷം, അതവന്റെ മാന്യതയും ഹൃദയശുദ്ധിയും പരിപക്വതയുമാണ് കാണിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:
لَيْسَ الشَّدِيدُ بالصُّرَعَةِ إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْعَضَبِ – متفق عليه
സാരം: ‘മൽപിടുത്തതിൽ ആളെ വീഴ്‌ത്തുന്നതു കൊണ്ടല്ല, ഊക്കനാകുന്നത്, ദേഷ്യം വരുമ്പോൾ മനസ്സിനെ സ്വാധീനപ്പെടുത്തുന്നവനാണ് ഊക്കൻ’.
6) റബ്ബിന് ഉത്തരം ചെയ്യൽ: അതായത് അല്ലാഹുവും അവന്റെ റസൂലും ഏത് കാര്യത്തിലേക്ക് ക്ഷണിച്ചാലും ആ ക്ഷണം സ്വീകരിക്കുകയും – അത് തന്റെ ഇച്ഛക്കും ഇഷ്ടത്തിനും അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ – അതിനെ നിരുപാധികം പിൻപറ്റി അനുസരിക്കുകയും ചെയ്യുക.
7) നമസ്കാരം നിലനിറുത്തൽ: ഈ രണ്ടു ഗുണങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് വിശേഷിച്ചൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ.
8) കാര്യങ്ങളിൽ അന്യോന്യം കൂടിയാലോചനനടത്തൽ: മനുഷ്യന്റെ പാരത്രികമോ, മതപരമോ ആയ വശങ്ങളിൽ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങളിൽ പോലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തർക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും, പൊതുകാര്യങ്ങളും, നടപ്പാക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളിൽ യോജിപ്പ് വരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്നങ്ങളെ നേരിടുന്നതിലുമെല്ലാം തന്നെ കൂടിയാലോചന എത്രമാത്രം പ്രയോജനകരമാണെന്നു എടുത്ത് പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങൾ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കൽ നിന്ന് വഹ്‌യ് ലഭിക്കുന്ന ആളായിരുന്നിട്ട് പോലും, പ്രധാന വിഷയങ്ങൾ നേരിടുമ്പോഴെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതിവായിരുന്നു.
وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكٌلْ عَلَى اللَّهِ – ال عمران ١٠٩
(നീ അവരുമായി കാര്യത്തിൽ കൂടിയാലോചന നടത്തുക, എന്നിട്ടു നീ തീർച്ചയാക്കിക്കഴിഞ്ഞാൽ അപ്പോൾ അല്ലാഹുവിന്റെമേൽ ഭരമേല്പിച്ചുകൊള്ളുക) എന്ന് അല്ലാഹു നബിയോട് കൽപിക്കുകയും ചെയ്തിരുന്നു. കൂടിയാലോചനയുടെ പ്രാധാന്യത്തെയും, സ്വാഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതിന്റെ ഭവിഷ്യത്തുകളെയും ചൂണ്ടിക്കാട്ടുന്ന പല ഹദീഥുകളും കാണാവുന്നതാണ്. ഇമാം തിർമദീ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥ് – ഇക്കാലത്ത് വിശേഷിച്ചും – പ്രത്യേകം ശ്രദ്ധാർഹമാകുന്നു:
إِذَا كَانَ أُمَرَاؤُكُمْ خِيَارَكُمْ وَأَغْنِيَاؤُكُمْ سُمَحَاءَكُمْ وَأُمُورُكُمْ شُورَى بَيْنَكُمْ فَظَهْرُ الأَرْضِ خَيْرٌ لَكُمْ مِنْ بَطْنِهَا وَإِذَا كَانَ أُمَرَاؤُكُمْ شِرَارَكُمْ وَأَغْنِيَاؤُكُمْ بُخَلاَءَكُمْ وَأُمُورُكُمْ إِلَى نِسَائِكُمْ فَبَطْنُ الأَرْضِ خَيْرٌ لَكُمْ مِنْ ظَهْرِهَا – ترمذي
(നിങ്ങളുടെ അധികാരസ്ഥന്മാർ നിങ്ങളിൽ ഉത്തമന്മാരും നിങ്ങളുടെ ധനികന്മാർ നിങ്ങളിൽ ഔദാര്യവാന്മാരും നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്കിടയിൽ കൂടിയാലോചിക്കപ്പെടുന്നവരും ആണെങ്കിൽ നിങ്ങൾക്ക് ഭൂമിയുടെ ഉൾഭാഗത്തേക്കാൾ അതിന്റെ ഉപരിഭാഗം ഉത്തമമായിരിക്കും. നിങ്ങളുടെ അധികാരസ്ഥന്മാർ നിങ്ങളിൽ മോശക്കാരും, നിങ്ങളുടെ ധനികന്മാർ നിങ്ങളിൽ പിശുക്കന്മാരും, നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടെ സ്ത്രീകളുടെ അടുക്കലും ആയിരുന്നാൽ അപ്പോൾ, ഭൂമിയുടെ ഉപരിഭാഗത്തേക്കാൾ അതിന്റെ ഉൾഭാഗം നിങ്ങൾക്ക് ഉത്തമമായിരിക്കും) ഹാ! ഈ ഹദീഥും ഇന്നത്തെ നമ്മുടെ പൊതുനിലയും കൂടി ഒന്ന് ആലോചിച്ച് നോക്കുക. اللٌه اكبر
9) അല്ലാഹു നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കൽ: അല്ലാഹു നൽകിയതല്ലാതെ മനുഷ്യന്റെ പക്കൽ എന്താണുള്ളത്? ഭൂവിഭവങ്ങളെല്ലാം ഉൽപാദിക്കുന്നതും, മനുഷ്യന്റെ അദ്ധ്വാനം ഫലവത്താകുന്നതും, അവനു അദ്ധ്വാനിക്കുവാൻ കഴിവുണ്ടാക്കുന്നതും അതിനു തോന്നിക്കുന്നത് പോലും – അല്ലാഹുവിന്റെ വകയാണല്ലോ. എന്നിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ അത് വിനിയോഗിക്കുന്നത് മനുഷ്യന്റെ കടമയും, അല്ലാഹുവിനോട് നന്ദി കാണിക്കലുമാണ്. അല്ലാഹു നൽകിയതെല്ലാം ചിലവഴിക്കണമെന്ന് അല്ലാഹു നിർബന്ധിക്കുന്നില്ല. നൽകിയതിൽ നിന്ന് ചിലവഴിക്കുക – അതായതു കഴിവിന്റെ തോതും, വിനിയോഗിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും അനുസരിച്ചു ചിലവഴിക്കുക – എന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ.
10) അന്യരിൽ നിന്ന് അതിക്രമം നേരിട്ടാൽ സ്വയം രക്ഷാനടപടി എടുക്കൽ: അതായത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ മാപ്പു നൽകുവാൻ പ്രോൽസാഹനം നൽകികൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്. വ്യക്തിപരമായ കാര്യവും പൊതുകാര്യവും തമ്മിലും മാപ്പു നൽകിയാൽ അതിനു കുറവുണ്ടാകുന്ന മാന്യനും കൂടുതൽ ധിക്കാരത്തിന് മുതിരുന്ന ദുഷ്ടനും തമ്മിലും, മാപ്പിനെ ദുർബ്ബലതയായി കണക്കാക്കുന്ന പ്രതിയോഗിയും ഔദാര്യമായി ഗണിക്കുന്ന പ്രതിയോഗിയും തമ്മിലും വ്യത്യാസമുണ്ടായിരിക്കും. ഒന്ന് ധീരതയാണെങ്കിൽ മറ്റേത് ഔദാര്യമാകുന്നു. ഒരു കവി ഈ തത്വമാണ് ചൂണ്ടിക്കാട്ടുന്നത്.
إِذَا أَنْتَ أَكْرَمْتَ الكَرِيمَ مَلَكْتَهُ ** وَإِنْ أَنْتَ أَكْرَمْتَ الَلَّئِيمَ تَمَرَدا
وَوَضْعُ النَّدَى فِي مَوْضِعِ السَّيْفِ بِالعُلا ** مُضِرٌّ كَوَضْعِ السَّيْفِ في مَوْضِعِ النَّدَى
(സാരം: മാന്യനെ നീ മാനിച്ചാൽ നിനക്കവനെ സ്വാധീനിക്കാം, ദുഷ്ടനെ മാനിച്ചാൽ അവൻ ധിക്കാരം പ്രവർത്തിക്കയാണ് ചെയ്യുക. അതുകൊണ്ടു വാൾ ഉപയോഗിക്കേണ്ട സ്‌ഥാനത്ത് ഔദാര്യം പ്രയോഗിക്കുന്നത് ഔദാര്യത്തിന്റെ സ്‌ഥാനത്ത് വാൾ പ്രയോഗിക്കുന്നത് പോലെത്തന്നെ, ഉപദ്രവകരമാകുന്നു)
മർഹൂം അല്ലാമ: സയ്യിദ് ക്വുതുബ് അദ്ദേഹത്തിന്റെ തഫ്സീറിൽ ചൂണ്ടിക്കാണിച്ചത് പോലെ, ഈ അദ്ധ്യായം അവതരിച്ചത് മക്കീ കാലഘട്ടത്തിലാണല്ലോ. മുസ്‌ലിങ്ങൾക്ക് തങ്ങളുടെ ശത്രുക്കളോട് പ്രതികാരവും രക്ഷാനടപടിയും കൈക്കൊള്ളുവാൻ സാധിക്കാത്ത, ക്ഷമയും സഹനവും മാത്രം അവലംബമായിരുന്ന കാലമായിരുന്നു അത്. അപ്പോൾ, മുസ്‌ലിം സമുദായത്തിൽ സ്‌ഥിരപ്രതിഷ്ഠിതമായി നിലകൊള്ളേണ്ടിയിരിക്കുന്നതും, സമുദായത്തിന്റെ നിലനില്പിനും വളർച്ചക്കും അവശ്യം ആവശ്യമായിട്ടുള്ളതുമായ ഒരു സ്വഭാവം എന്ന നിലക്കുകൂടിയാണ് അല്ലാഹു – ഇക്കാര്യം – അതിക്രമം ബാധിച്ചാൽ അതിനെതിരെ രക്ഷാനടപടി സ്വീകരിക്കുക എന്ന നയം- മുസ്‌ലിംകളെ പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. മാപ്പു നൽകുന്നതിനെക്കുറിച്ചും പ്രതികാരനടപടി എടുക്കുന്ന പക്ഷം അതെങ്ങിനെയായിരിക്കണമെന്നും അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നു.
42:40
- وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ ﴾٤٠﴿
- ഒരു തിന്മയുടെ പ്രതിഫലം, അതുപോലെയുള്ള ഒരു തിന്മയാകുന്നു. എന്നാൽ, ആരെങ്കിലും മാപ്പുനൽകുകയും നന്നാക്കുക (അഥവാ നല്ലത് പ്രവർത്തിക്കുക)യും ചെയ്‌താൽ, അവന്റെ കൂലി അല്ലാഹുവിന്റെ മേൽ (ബാധ്യതപ്പെട്ടത്) ആകുന്നു. നിശ്ചയമായും, അവൻ അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല.
- وَجَزَاءُ سَيِّئَةٍ ഒരു തിന്മയുടെ പ്രതിഫലം سَيِّئَةٌ مِّثْلُهَا അതുപോലെയുള്ള ഒരു തിന്മയാണ് فَمَن عَفا എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ وَأصْلَحَ നന്നാക്കുകയും, നല്ലതു പ്രവർത്തിക്കുകയും فأَجرُهُ എന്നാലവന്റെ കൂലി, പ്രതിഫലം عَلَى اللَّـهِ അല്ലാഹുവിന്റെ മേലാകുന്നു إِنَّهُ لَا يُحِبُّ നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല الظَّالِمِينَ അക്രമികളെ
42:41
- وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ ﴾٤١﴿
- തന്നെ ആക്രമിച്ചതിന് ശേഷം ആരെങ്കിലും രക്ഷാനടപടി എടുക്കുന്നതായാൽ, അക്കൂട്ടരുടെ മേൽ [അവർക്കെതിരെ വല്ലതും പ്രവർത്തിക്കുവാൻ] യാതൊരു മാർഗ്ഗവുമില്ല.
- ولَمَنِ انتَصَرَ ആരെങ്കിലും രക്ഷാനടപടിയെടുത്താൽ بَعْدَ ظُلْمِهِ തന്നെ അക്രമിച്ചതിനു ശേഷം فَأُولَٰئِكَ എന്നാൽ അക്കൂട്ടർ ما عَلَيهِم അവരുടെമേൽ ഇല്ല مِّن سَبِيل യാതൊരു മാർഗ്ഗവും, വഴിയും
42:42
- إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴾٤٢﴿
- നിശ്ചയമായും മാർഗ്ഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും, ന്യായമല്ലാത്ത വിധേന ഭൂമിയിൽ അതിക്രമം നടത്തുകയും ചെയ്യുന്നവരുടെ മേൽമാത്രമാണ്. അക്കൂട്ടർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
- إِنَّمَا السَّبِيلُ നിശ്ചയമായും മാർഗ്ഗമുള്ളത് عَلَى الَّذِينَ യാതൊരുവരുടെ മേൽ മാത്രമാണ് يَظْلِمُونَ النَّاسَ ജനങ്ങളെ അക്രമിക്കുന്ന وَيَبْغُونَ അതിക്രമം നടത്തുകയും ചെയ്യുന്ന في الأرْضِ ഭൂമിയിൽ بِغيرِ الْحقِّ ന്യായമില്ലാതെ أُولَٰئِكَ അക്കൂട്ടർ لَهُم അവർക്കുണ്ട് عذابٌ أليم വേദനയേറിയ ശിക്ഷ
42:43
- وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ ﴾٤٣﴿
- ആരെങ്കിലും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്താൽ, നിശ്ചയമായും അത് (മനോ) ദാർഢ്യതയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു.
- وَلَمَن صَبَرَ ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ وَغَفَرَ പൊറുക്കുകയും إِنَّ ذَٰلِكَ നിശ്ചയമായും അത് لَمِن عَزمِ الأُمُور ദൃഢതയുള്ള (സുദൃഢമായ – വേണ്ടപ്പെട്ട) കാര്യങ്ങളിൽ പെട്ടതുതന്നെ
ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ; അതിൽ കവിയുവാൻ പാടില്ല. തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാണ്. (وَجَزَاءُ سَيِّئَةٍ سيِّئَةٌ مِثۡلُهَا) എന്ന് പറഞ്ഞതിന്റെ താൽപര്യം അതാണ്.
(وَاِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُو قِبۡتُم بِهِ وَلَئِن صَبَرۡتُم لَهُوَخَيۡرٌ لِّلصَّابِرينَ – النحل :١٢٦
(നിങ്ങൾ പ്രതികാര നടപടി എടുക്കുകയാണെങ്കിൽ നിങ്ങളോട് എടുക്കപ്പെട്ട നടപടിപോലെയുള്ളത് കൊണ്ട് നടപടിയെടുക്കുവിൻ, നിങ്ങൾ ക്ഷമിക്കുന്നെങ്കിലോ, നിശ്ചയമായും അത് ക്ഷമിക്കുന്നവർക്ക് ഉത്തമമാകുന്നു. (സൂ :നഹ്ൽ)
فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْۚ وَٱتَّقُوا۟ اللَّهَ – البقرة :١٩٤
(ആരെങ്കിലും നിങ്ങളോട് അതിര് വിട്ട് പ്രവർത്തിച്ചാൽ നിങ്ങളോടവൻ അതിരു വിട്ടതുപോലെയുള്ളതുകൊണ്ടു -അങ്ങോട്ടും അതിര് കടന്നുകൊള്ളുവിൻ, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. (അൽബക്വറഃ) എന്നീ വചനങ്ങൾ ഈ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, പല്ലിന് പല്ല്, എന്നിങ്ങനെ കൃത്യമായിട്ടായിരിക്കണം പ്രതികാരം എന്നുള്ളത് ഇസ്‌ലാമിലെ ഖണ്ഡിതമായ നിയമമാണ്. പ്രതികാരം എടുക്കുന്നത് അക്രമി ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിലായിരിക്കയാൽ രണ്ട് ഭാഗക്കാരുടെ പ്രവർത്തനവും ഒരേ രീതിയിലുള്ളതായിരിക്കുമല്ലോ. അതു കൊണ്ടാണ് രണ്ടിനെക്കുറിച്ചും ‘തിന്മ’ എന്നും ‘അതിക്രമം’ എന്ന് (سَيِّئَة، ٱعْتَدَىٰ) അല്ലാഹു പറഞ്ഞിരിക്കുന്നത്.
കൂടാതെ, പ്രധാനപ്പെട്ട ഒരു സൂചനയും അതിൽ അന്തർഭവിച്ചിരിക്കുന്നത് കാണാം. അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്രമവും തിന്മയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത് മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളത്. ഇതാണാ സൂചന اللّه ٲعلم.
അക്രമിക്ക് മാപ്പ് നൽകുകയെന്നത് അക്രമിക്കപ്പെട്ടവന്റെ ഭാഗത്തുനിന്നുള്ള ഔദാര്യവും, മാന്യതയുമായതുകൊണ്ടുതന്നെയാണ് അല്ലാഹു അതിനെപ്പറ്റി പല സ്ഥലത്തും ശക്തിയായ ഭാഷയിൽ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും. മാപ്പ് നൽകിയതുകൊണ്ട് മതിയാക്കാതെ, നിലവിലുള്ള ശത്രുതാമനഃസ്ഥിതി അവസാനിപ്പിക്കുകയും നല്ലപെരുമാറ്റം വഴി സ്നേഹബന്ധം സ്ഥാപിക്കുകയും ചെയ്യുമ്പോൾ പ്രസ്‌തുത ഗുണം കൂടുതൽ മെച്ചപ്പെട്ടതായിത്തീരുകയും, പ്രതിയോഗിക്ക് അതൊരു ഗുണപാഠമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് മാപ്പ് നൽകുകയും, നന്നാക്കുകയും ചെയ്‌താൽ അതിന് പ്രതിഫലം നൽകൽ അല്ലാഹുവിന്റെ ബാധ്യതയാണ് (فَمَنْ عَفَا وَأَصْلَحَ الخ) എന്ന് പ്രത്യേകം പ്രസ്‌താവിക്കുന്നതും. (ഹാമീം സജദ : 34, 35 മുതലായ വചനങ്ങൾ ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും). അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (إِنّهُ لا يُحِبُّ الظَالِمِين) എന്ന വാക്യത്തിൽ ആദ്യമായി അക്രമം നടത്തിയവൻ മാത്രമല്ല, പ്രതികാര നടപടിയിൽ അതിര് കവിഞ്ഞവനും ഉൾപ്പെടുന്നു. രണ്ട് പേർ അന്യോന്യം പഴി പറയുമ്പോൾ അക്രമത്തിന് വിധേയനായവൻ അങ്ങോട്ടുള്ള മറുപടിയിൽ അതിര് വിട്ട് പറയാത്തപക്ഷം, രണ്ട് പേരും, അന്യോന്യം പറഞ്ഞതിന്റെ കുറ്റം മുഴുവനും ആദ്യം പറയുവാൻ തുടങ്ങിയവന്റെ പേരിലായിരിക്കുമെന്നും ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്‌തിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുള്ളത് ഇവിടെ പ്രസ്‌താവ്യമാണ്.
الْمُسْتَبَّانِ ما قالا فَعَلَى البادِئِ، ما لَمْ يَعْتَدِ المَظْلُومُ – أَخْرَجَهُ مُسْلِمٌ
അക്രമത്തിനും കയ്യേറ്റത്തിനും വിധേയനായവൻ നിയമാനുസൃതം രക്ഷാനടപടി എടുക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നത് തടയുവാനും, അതിനെപ്പറ്റി ആക്ഷേപിക്കുവാനും, അതിന്റെ പേരിൽ അവനെ അക്രമിക്കുവാനും പാടില്ല. നേരെമറിച്ച് വ്യക്തികളെ ആക്രമിക്കുക, നാട്ടിൽ അതിക്രമവും കുഴപ്പവും ഉണ്ടാക്കുക മുതലായവ ചെയ്യുന്ന ദ്രോഹികൾക്കെതിരിൽ മാത്രമേ അതെല്ലാം ചെയ്യാവൂ. ഇഹത്തിൽ വെച്ചുള്ള നടപടികൾക്ക് പുറമെ, അല്ലാഹുവിന്റെ അടുക്കൽ വെച്ചു അതികഠിനമായ ശിക്ഷക്ക് ഇവർ വിധേയരായിരിക്കും. എന്നതൊക്കെയാണ് 41, 42 എന്നീ ആയത്തുകളിൽ പ്രസ്‌താവിക്കുന്നത്. 43-ാം വചനത്തിൽ ക്ഷമയുടെയും, മാപ്പ് നൽകുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ആവർത്തിച്ചുണർത്തിയിരിക്കുകയാണ്. അത് മനോദാർഢ്യതയിൽനിന്ന് ഉളവാകുന്ന ഒരു മഹത്തായ ഗുണമാണെന്നും അല്ലാഹുവിന്റെ അടുക്കൽ അത് നിസ്സാരമല്ല-വളരെ വീര്യപ്പെട്ടതാണ് – എന്നുകൂടി ഊന്നിപ്പറയുന്നു.
അഹ്‌മദ് (رحمه الله), അബൂദാവൂദ് (رحمه الله) എന്നിവർ നിവേദനം ചെയ്‌ത ഒരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കൽ അബൂബക്കർ (رضي الله عنه) നോട് ഇപ്രകാരം പറഞ്ഞതായി കാണാം: മൂന്ന് കാര്യങ്ങൾ തികച്ചും പരമാർത്ഥമാണ്: ഏതൊരു അടിയാനും ഒരു അക്രമത്തിന് വിധേയനായിട്ട് അവൻ അല്ലാഹുവിന് വേണ്ടി അതിനെപ്പറ്റി കണ്ണടക്കുന്ന പക്ഷം, അത് മൂലം അല്ലാഹു അവന് പ്രതാപം നൽകുകയും, സഹായിക്കുകയും ചെയ്യാതിരിക്കയില്ല. ഏതൊരു മനുഷ്യനും ചാർച്ചബന്ധം ചേർക്കുന്നതിനെ ഉദ്ദേശിച്ചുകൊണ്ട് ഒരു സംഭാവനയുടെ വാതിൽ (മാർഗ്ഗം) തുറക്കുന്നപക്ഷം, അല്ലാഹു അത് മൂലം അവന് വർദ്ധനവ് നൽകാതിരിക്കയില്ല. ഏതൊരു മനുഷ്യനും തന്നെ (ഉള്ളതിൽ കൂടി) വർദ്ധിച്ചു കിട്ടുവാൻ ഉദ്ദേശിച്ചു കൊണ്ട് ചോദ്യത്തിന്റെ വാതിൽ (യാചനമാർഗ്ഗം) തുറക്കുന്ന പക്ഷം, അത് മൂലം അവന് കുറവ് (നഷ്ടം) അധികരിപ്പിക്കാതിരിക്കയുമില്ല.
