വെളിച്ചം റമദാൻ 2025 –ഡേ- 12 (മാർച്ച് 13)

സൂറ ശ്ശൂറാ : 28-35



  • വെളിച്ചം റമദാന്‍ ഡേ-12- സൂറ: ശ്ശൂറാ പാര്‍ട്ട് 05 – ആയത്ത് 28 മുതല്‍ 35 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ


  1. സൂറ ശ്ശൂറാ : 28-35
    1. സൂറത്ത് ശ്ശൂറാ : 28-35
      1. വിഭാഗം – 4
      2. പരായണം – Spotify
      3. വിശദീകരണം- Spotify
      4. പരായണം-Youtube link
      5. വിശദീകരണം – Youtube Link

സൂറത്ത് ശ്ശൂറാ : 28-35

42:28

  • وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ ﴾٢٨﴿
  • അവൻ തന്നെയാണ് അവർ [ജനങ്ങൾ] നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവനും. സ്തുത്യർഹനായ കൈകാര്യകർത്താവും അവൻ തന്നെ.
  • وَهُوَ الَّذِي അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ يُنَزِّلُ الْغَيْثَ മഴ ഇറക്കുന്ന مِن بَعْدِ ശേഷം مَا قَنَطُوا അവർ നിരാശപ്പെട്ടതിന്റെ وَيَنشُرُ അവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു رَحْمَتَهُ തന്റെ കാരുണ്യം وَهُوَ الْوَلِيُّ അവനത്രെ കൈകാര്യ കർത്താവും الْحَمِيدُ സ്തുത്യർഹൻ, സ്തുതിക്കപ്പെടുന്നവൻ

42:29

  • وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ ﴾٢٩﴿
  • അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, ആകാശങ്ങളെയും ഭൂമിയെയും, ജീവജന്തുക്കളായി അവരണ്ടിലും അവൻ വിതരണം ചെയ്‌തിട്ടുള്ളതിനേയും സൃഷ്ട്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് خَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ചത് وَالْأَرْضِ ഭൂമിയെയും وَمَا بَثَّ فِيهِمَا അവ രണ്ടിലും അവൻ വിതരണം ചെയ്‌തതിനെയും (വ്യാപിപ്പിച്ചതിനെയും) مِن دَابَّةٍ ജീവജന്തുവായിട്ട് وَهُوَ അവൻ عَلَىٰ جَمْعِهِمْ അവരെ ഒരുമിച്ച് കൂട്ടുവാൻ إِذَا يَشَاءُ അവൻ ഉദ്ദേശിക്കുന്ന പക്ഷം, ഉദ്ദേശിക്കുമ്പോൾ قَدِيرٌ കഴിവുള്ളവനാണ്

دَابَّةٍ (ദാബ്ബത്ത്) എന്ന വാക്ക് ചരിക്കുന്ന എല്ലാ ജീവികള്‍ക്കും പറയപ്പെടുന്നതാണ്. മനുഷ്യന്‍, ജിന്ന്‌, മലക്കുകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയ എല്ലാ ജീവികള്‍ക്കും ആ വാക്ക് ഉപയോഗിക്കാം. ആകാശഗോളങ്ങളിലും മലക്കുകള്‍ക്കും പുറമേ പലതരം ജീവികള്‍ ഉണ്ടായിരിക്കാമെന്നാണ് ഈ വചനത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്. അല്ലാഹുവിനറിയാം. അവയുടെ പ്രകൃതിസ്വഭാവങ്ങളെപ്പറ്റിയോ മറ്റോ നമുക്കൊന്നും തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഭൂമിയിലെ പലതരം ജീവികളെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നൂര്‍ 45-ല്‍ പറയുന്നു: يَخْلُقُ اللَّهُ مَا يَشَاء അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കും) ആടു – മാട് – ഒട്ടകം – കഴുത – കുതിര മുതലായവയെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നഹ്‍ല് 8 ല്‍ ഇങ്ങിനെ പറയുന്നു: وَيَخْلُقُ مَالَا تَعْلَمُونَ (നിങ്ങള്‍ക്ക് അറിയാത്തതിനെ അവന്‍ സൃഷ്ടിക്കും) ആഗോള നിരീക്ഷകരായ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഉപരിഗോളങ്ങളില്‍ ജീവജാലങ്ങളുള്ളതായി മനസ്സിലാക്കുവാന്‍ കഴിയാത്തത് കൊണ്ടോ, ഏതെങ്കിലും ചില ഗോളങ്ങളില്‍ ജീവികള്‍ ഇല്ലെന്ന് അവരുടെ നിരീക്ഷണങ്ങള്‍ തെളിയിച്ചതുകൊണ്ടോ ഇപ്പറഞ്ഞതിന് തടസ്സം നേരിടുന്നില്ല. മനുഷ്യന്റെ കഴിവും നിരീക്ഷണവും എത്രമേല്‍ പുരോഗമിച്ചാലും ശരി, അല്ലാഹുവിന്റെ സൃഷ്ടിരഹസ്യങ്ങളെ സംബന്ധിച്ചിടത്തോളം വന്‍സമുദ്രങ്ങളിലെ ഒരു തുള്ളിക്കണക്കിന് പോലും അവ എത്തിച്ചേരുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, ശാസ്ത്രത്തിന്റെ ഭാവിപുരോഗമനംവഴി, ഇന്നുവരെ നാം അറിഞ്ഞിട്ടില്ലാത്ത ഉപരിലോക ജീവികളെപ്പറ്റി കുറച്ചെന്തെങ്കിലും വിവരങ്ങള്‍ നമുക്ക് വഴിയെ അറിയുവാന്‍ സാധിച്ചെന്നുവരാം. അത്രമാത്രം.

എല്ലാറ്റിനെയും സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്ന അല്ലാഹുവിന് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ മുഴുവനും ഒരു സ്ഥലത്ത് ഒരുമിച്ച്കൂട്ടുവാനും കഴിയുന്നതാണ്. അതെ, ഖിയാമാത്തുനാളില്‍ അത് സംഭവിക്കുന്നതുമാകുന്നു നിശ്ചയം അവന്‍ ഉദ്ദേശിക്കുന്നപക്ഷം, ഭൗതികജീവിയായ മനുഷ്യനും, വാനജീവികളായ മറ്റേതെങ്കിലും ജീവികളും തമ്മില്‍ സന്ധിക്കുവാനും തടസ്സമൊന്നുമില്ലതന്നെ. അങ്ങിനെ, അവന്‍ ഉദ്ദേശിക്കുന്നപക്ഷം – അടുത്ത കാലത്ത് ചന്ദ്രനില്‍പോയി തിരിച്ചു പോരുവാന്‍ വേണ്ടുന്ന മാര്‍ഗദര്‍ശനവും സജ്ജീകരണവും നല്‍കി മനുഷ്യനെ സഹായിച്ചതുപോലെ-മറ്റൊരിക്കല്‍ അതിനുള്ള മാര്‍ഗവും മനുഷ്യന് അവന്‍ തുറന്ന്‌ കൊടുത്തേക്കാം. الله اعلم

വിഭാഗം – 4

42:30

  • وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ ﴾٣٠﴿
  • നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു.
  • وَمَا أَصَابَكُم നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത് مِّن مُّصِيبَةٍ ആപത്തായിട്ട്, വല്ല ബാധയും فَبِمَا كَسَبَتْ സമ്പാദിച്ച (പ്രവർത്തിച്ച)തു കൊണ്ടാണ് أَيْدِيكُمْ നിങ്ങളുടെ കരങ്ങൾ, കൈകൾ وَيَعْفُوا അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു عَن كَثِيرٍ പലതിനെ സംബന്ധിച്ചും, മിക്കതിനെയും

മനുഷ്യൻ ഓർത്തിരിക്കേണ്ടുന്ന ഒരു യാഥാർത്ഥ്യമാണിത്. അതെ, മനുഷ്യനു ബാധിക്കുന്ന ഓരോ ആപത്തും മനുഷ്യ പ്രവർത്തനത്തിന്റെ അനന്തരഫലമായിരിക്കുമെന്ന്. എന്നാൽ, മനുഷ്യന്റെ എല്ലാ പ്രവർത്തികൾക്കും അതതിന്റേതായ ദോഷഫലങ്ങൾ അനുഭവപ്പെടുന്നില്ലതാനും. പലതും അല്ലാഹു മാപ്പാക്കി വിട്ടുകൊടുത്തു കൊണ്ടിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ അവസ്ഥ അതിഭയാനകമായിത്തീരുമായിരുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് നോക്കുക:

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى – النحل – ٦١

(മനുഷ്യരുടെ അക്രമത്തിനനുസരിച്ച് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ, അതിന്റെ -ഭൂമിയുടെ- മീതെ യാതൊരു ജീവജന്തുവെയും അവൻ ബാക്കിവച്ചേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധിവരേക്കും അവൻ അവരെ ഒഴിവാക്കിവെക്കുകയാണ് ചെയ്യുന്നത്. (സൂ: നഹ്ൽ, 61).

മനുഷ്യന്റെ ശരീരാരോഗ്യസംബന്ധമായ കാര്യങ്ങളിൽപോലും മനുഷ്യൻ നിത്യേന ചെയ്‌തു കൊണ്ടിരിക്കുന്ന തെറ്റുകൾക്കനുസരിച്ച് പ്രത്യാഘാതം സംഭവിക്കുന്നുണ്ടായിരുന്നുവെങ്കിൽ, നിശ്ചയമായും ആരോഗ്യത്തോടുകൂടി ജീവിക്കുന്ന മനുഷ്യനെ ലോകത്ത് കാണുവാൻ വളരെ പ്രയാസമാണ്. സ്വഭാവത്തിലും, പെരുമാറ്റത്തിലും, ധാർമികതുറകളിലുമെല്ലാം മനുഷ്യൻ – വ്യക്തിപരമായും സാമൂഹ്യമായും – ചെയ്‌തുവരുന്ന അനീതികളെപ്പറ്റിയും, അവമൂലം നേരിടാവുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ഈ ഖുര്‍ആന്‍ വചനം മുമ്പിൽവെച്ചുകൊണ്ട് ഒന്നാലോചിച്ചുനോക്കുക! അല്ലാഹുവിന്റെ സഹനവും, അവൻ മനുഷ്യനു നല്‍കുന്ന മാപ്പും എത്രയെത്ര മഹത്തരം! മനുഷ്യൻ ചെയ്‌തുകൂട്ടുന്ന കണക്കറ്റ തെറ്റുകുറ്റങ്ങളുടെ അനന്തരഫലങ്ങൾ മിക്കതും സംഭവിക്കാതെ അല്ലാഹു കാത്തുരക്ഷിക്കുന്നു. എത്രയോ തെറ്റുകളുടെ ആപൽഫലങ്ങളിൽ അവൻ അയവ് വരുത്തി ലഘൂകരിക്കുന്നു. മറ്റു ചിലതിന്റെ പ്രതികരണം സാക്ഷാൽരൂപത്തിൽ പ്രത്യക്ഷപ്പെടുത്താതെ, വേറെ ഏതെങ്കിലും എളുതായ മാർഗത്തിൽകൂടി മാത്രം അനുഭവപ്പെടുത്തി കഴിച്ചലാക്കുന്നു. ഇതിനെല്ലാം പുറമേ, ഇഹത്തിൽ വെച്ച് നടപടിയെടുക്കാതെ, പരത്തിലേക്ക് നീക്കിവെക്കുന്ന തെറ്റുകുറ്റങ്ങൾ വേറെയും. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ പ്രവൃത്തിദോഷങ്ങൾ മുഴുവനും അനുഭവത്തിൽ വരുത്താതെ പലതും അല്ലാഹു മാപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ് (وَيَعْفُوا۟ عَن كَثِيرٍ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: എന്തെങ്കിലും ഒരു ബുദ്ധിമുട്ടാകട്ടെ, വിഷമമാകട്ടെ, വ്യസനമാകട്ടെ, ഉപദ്രവമാകട്ടെ, സങ്കടമാകട്ടെ – ഒരുമുള്ള്‍ കുത്തുന്നതു പോലും – ഒരു മുസ്ലിമിന് സംഭവിക്കുന്നതായാല്‍, അത് നിമിത്തം അല്ലാഹു അവന്റെ തെറ്റുകൾ പൊറുത്തുകൊടുക്കാതിരിക്കുകയില്ല. (ബു;മു.)

42:31

  • وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾٣١﴿
  • ഭൂമിയിൽ നിങ്ങൾ (അല്ലാഹുവിനെ) അസാധ്യമാക്കുന്നവരല്ല; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കാര്യകർത്താവുമില്ല, ഒരു സഹായകനുമില്ല.
  • وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ فِي الْأَرْضِ ഭൂമിയിൽ وَمَا لَكُم നിങ്ങൾക്കില്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും وَلَا نَصِيرٍ ഒരു സഹായകനുമില്ല

42:32

  • وَمِنْ ءَايَٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَٰمِ ﴾٣٢﴿
  • അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, മലകളെപോലെ (ഉയർന്നു കൊണ്ട്) സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലുകൾ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് الْجَوَارِ സഞ്ചരിക്കുന്നവ (കപ്പലുകൾ) فِي الْبَحْرِ സമുദ്രത്തിൽ كَالْأَعْلَامِ (പൊന്തിക്കാണുന്ന) മലകളെപ്പോലെ

42:33

  • إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ ﴾٣٣﴿
  • അവൻ ഉദ്ദേശിക്കുന്നപക്ഷം, കാറ്റിനെ അവൻ അടക്കിനിര്‍ത്തുകയും, അങ്ങിനെ അവ അതിന്റെ [സമുദ്രത്തിന്റെ] മുകളിൽ (നിശ്ചലമായും) തങ്ങിനിൽക്കുന്നവയായിത്തീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും, അതിൽ, ക്ഷമാലുക്കളും നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
  • إِن يَشَأْ അവൻ ഉദ്ദേശിക്കുന്ന പക്ഷം يُسْكِنِ الرِّيحَ കാറ്റിനെ അവൻ അടക്കിനിർത്തും فَيَظْلَلْنَ എന്നിട്ടവ ആയിത്തീരും رَوَاكِدَ തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ عَلَىٰ ظَهْرِهِ അതിന്റെ മുകളിൽ, പുറത്ത് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ നന്ദിയുള്ളവരായ

42:34

  • أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍ ﴾٣٤﴿
  • അല്ലെങ്കിൽ, അവർ [ജനങ്ങൾ] പ്രവർത്തിച്ചുവെച്ചതിന്റെ കാരണമായി അവയെ [കപ്പലുകളെ] അവൻ നശിപ്പിച്ചു കളഞ്ഞേക്കുന്നതാണ്. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യും.
  • أَوْ يُوبِقْهُنَّ അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും بِمَا كَسَبُوا അവർ പ്രവർത്തിച്ചത് നിമിത്തം وَيَعْفُ അവൻ മാപ്പ് ചെയ്യുകയും ചെയ്യും عَن كَثِيرٍ പലതിനെയും

42:35

  • وَيَعْلَمَ ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٍ ﴾٣٥﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ അറിഞ്ഞുകൊള്ളുകയും ചെയ്യും; അവർക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ല എന്ന്. [അതിന്നുംകൂടിയാണ് അങ്ങിനെ ചെയ്തേക്കുന്നത്].
  • وَيَعْلَمَ അറിയുവാനും الَّذِينَ يُجَادِلُونَ തർക്കം നടത്തുന്നവർ فِي آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളിൽ مَا لَهُم അവർക്കില്ല مِّن مَّحِيصٍ ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും

മുൻകാലത്ത് യന്ത്ര കപ്പലുകൾ ഇല്ലാതിരുന്നതുകൊണ്ട് പായകപ്പലുകളെപ്പറ്റിയാണ് ഖുര്‍ആനില്‍ പ്രസ്താവിക്കാറുള്ളത്. എങ്കിലും ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പായക്കപ്പലുകൾമാത്രമല്ല, പരിഷ്കരിച്ച വൻകപ്പലുകളും ഉൾപ്പെടുന്നുതാനും. സാധാരണനിലയിൽ യന്ത്രക്കപ്പലുകൾക്ക് കാറ്റിന്റെ ഗതിവിഗതികള്‍ ഒരു പ്രശ്നമല്ലെങ്കിലും, അമിതമായ കാറ്റും കോളും അവക്കും പേടിക്കേണ്ടതുണ്ടെന്നതിൽ സംശയമില്ല. ആഞ്ഞടിച്ചും വെള്ളത്തിൽ മുങ്ങിയും, കടലിലെ പാറകളിലും മലകളിലും ചെന്നിടിച്ചും, മണലിൽപൂന്തിയും, യന്ത്രം തകരാറിലായും ഇങ്ങിനെ പലവിധത്തിലുള്ള അപായസാധ്യതകളിൽ നിന്ന് അവയും ഒഴിവല്ല. മനുഷ്യൻ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ കാരണം അവയെ പല നിലക്കും അപകടപ്പെടുത്തി നടപടിയെടുക്കുവാൻ അല്ലാഹുവിന്‌ കഴിയും. അങ്ങിനെയുള്ള ദുരന്തഘട്ടങ്ങളിൽ അല്ലാഹുവിങ്കൽ നിന്നല്ലാതെ രക്ഷാമാർഗ്ഗമില്ലെന്ന് സത്യനിഷേധികൾക്ക് പോലും ബോധ്യപ്പെടുകയും ചെയ്യും. പക്ഷേ മുപ്പതാംവചനത്തിൽ പറഞ്ഞതുപോലെ, പലതും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും കൊണ്ടിരിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് മനുഷ്യന് സമാധാനപൂർവ്വം ഉദ്ദേശിച്ചതു പോലെ സമുദ്ര സഞ്ചാരം നടത്തുവാൻ സൗകര്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങളിൽ ക്ഷമാപൂർവ്വം, കൃതജ്ഞതാബുദ്ധിയോടുകൂടി, ആലോചിച്ച് നോക്കുന്നവർക്ക് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെയും, അപാരമായ കഴിവുകളെയും, അവന്റെ കൈകാര്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന യുക്തിമഹത്വങ്ങളെയും സാക്ഷീകരിക്കുന്ന ദൃഷ്ടാന്തങ്ങൾ പലതും കണ്ടെത്താവുന്നതാണ്. واللّه الموفق

പരായണം – Spotify

വിശദീകരണം- Spotify