വെളിച്ചം റമദാൻ 2025 –ഡേ- 11 (മാർച്ച് 12)

സൂറ ശ്ശൂറാ : 22-27



  • വെളിച്ചം റമദാന്‍ ഡേ-11- സൂറ: ശ്ശൂറാ പാര്‍ട്ട് 04 – ആയത്ത് 22 മുതല്‍ 27 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ


  1. സൂറ ശ്ശൂറാ : 22-27
    1. സൂറത്ത് ശ്ശൂറാ : 22-27
      1. പരായണം – Spotify
      2. വിശദീകരണം- Spotify
      3. പരായണം-Youtube link
      4. വിശദീകരണം – Youtube Link

സൂറത്ത് ശ്ശൂറാ : 22-27

42:22

  • تَرَى ٱلظَّٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ ﴾٢٢﴿
  • (ഈ) അക്രമികളെ , അവർ സമ്പാദിച്ചു വെച്ചതിനെപറ്റി ഭയപ്പെടുന്നവരായി നിനക്ക് കാണാവുന്നതാണ്. അത് [ആ ശിക്ഷ] അവരിൽ സംഭവിക്കുന്നതാണ് താനും. വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലുമായിരിക്കും. അവർ എന്തുദ്ദേശിക്കുന്നുവോ അത് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ അവർക്കുണ്ട്. അതു തന്നെയാണ് വലുതായ അനുഗ്രഹം (അഥവാ ശ്രേഷ്‌ഠത).
  • تَرَى الظّالِمِينَ അക്രമികളെ നിനക്ക് കാണാം, നീ കാണും مُشْفِقِينَ ഭയപ്പെടുന്നവരായി مِمّاكَسَبُوا അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെപ്പറ്റി وَهُوَوَاقِعٌ അത് സംഭവിക്കുന്നതുമാണ് بِهِمْ അവരിൽ وَالّذِينَ آمَنُوا വിശ്വസിച്ചവർ وَعَمِلو الصّالِحَاتِ സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത فِي رَوْضَاتِ തോപ്പുകളിലായിരിക്കും الجَنّاتِ സ്വർഗ്ഗങ്ങളിലെ لَهُمْ അവർക്കുണ്ട് مَا يَشَاءونَ അവരുദ്ദേശിക്കുന്നതു عِندَرَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذَالِكَ هُوَ അതുതന്നെയാണ് الفَضْلُ അനുഗ്രഹം, ശ്രേഷ്ഠത الكَبِير വലിയ

അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവ വിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തുവാൻ വേണ്ടി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കുകയാണ്: ഒരു പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാത്ത പുത്തൻ മതനിയമങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന മറ്റു വല്ല ദൈവങ്ങളും – മനുഷ്യരിൽ നിന്നോ ജിന്നുകളിൽ നിന്നോ – അവർക്കുണ്ടോ, അഥവാ അതുകൊണ്ടാണോ അവർ ഈ നില സ്വീകരിച്ചിരിക്കുന്നതു എന്ന്? ഉത്തരം വ്യക്തമാണല്ലോ. ന്യായവിസ്താരവും ശിക്ഷാനടപടികളും പരലോകത്തുവെച്ചായിരിക്കുമെന്നു അല്ലാഹു മുമ്പേ തീരുമാനിച്ചുവെച്ചതാക കൊണ്ടാണ് ഇപ്പോൾ അവർ ശിക്ഷിക്കപ്പെടാത്തതെന്നും, വഴിയെ അതവർക്ക് നേരിടേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യുന്നു. അതോടൊപ്പം, സൽക്കർമ്മികളായ സത്യവിശ്വാസികളുടെ ഭാവി എന്തായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

42:23

  • ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ ﴾٢٣﴿
  • അതത്രെ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരായ തന്റെ അടിയാന്മാരോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നത്. (നബിയേ) പറയുക: ‘ഞാൻ നിങ്ങളോടു ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, അടുത്ത ബന്ധത്തിലുള്ള(സ്നേഹ) താൽപര്യം എന്നല്ലാതെ. ആരെങ്കിലും, ഒരു നന്മ [പുണ്യം] പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ, നാം അവനു അതിൽ നന്മ[ഗുണം] വർദ്ദിപ്പിച്ചു കൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനും ആണ്.
  • ذَٰلِكَ الّذِي അതത്രെ യാതൊന്നു يُبَشِّرُاللهُ അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന عِبَادَهُ തന്റെ അടിയാന്മാർക്കു الّذِينَ آمَنُوا വിശ്വസിച്ചവരായ وَعَمِلُو الصّالِحَاتِ സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത قُلْ നീ പറയുക لا أسْألُكُمْ ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ അതിന്റെ (ഇതിന്റെ) പേരിൽ أجْرًا ഒരു പ്രതിഫലവും إلا المَوَدَّةَ താൽപര്യം (സ്നേഹം) അല്ലാതെ فِي القُرْبَى അടുത്ത ബന്ധത്തിലുള്ള وَمَن يَقْتَرِفْ ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ حَسَنَةً വല്ല നന്മയും, പുണ്യകർമ്മം نَزِدْلَهُ അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും فِيهَا അതിൽ حُسْنًا നന്മ, ഗുണം, മെച്ചം إنَّ اللهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് شَكُور നന്ദിയുള്ളവനാണ്

സത്യമത പ്രബോധനം ചെയ്യുന്നതിന്റെ പേരിൽ, മുഹമ്മദ് നബിതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യാകട്ടെ, മറ്റേതെങ്കിലും പ്രവാചകന്മാരാകട്ടെ, ജനങ്ങളിൽനിന്ന് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്ന് നിരുപാധികം പ്രസ്താവിക്കുന്ന വളരെയധികം ഖുർആൻ വചനങ്ങൾ കാണാം. പലതും ഇതിനുമുമ്പ് നാം വായിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബന്ധത്തിലുള്ള താൽപ്പര്യമല്ലാതെ (إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰ) എന്ന് കൂടി ഈ വചനത്തിൽ കൂടുതലായി പ്രസ്താവിച്ചിരിക്കുന്നു. الْقُرْبٙى എന്ന വാക്കിന് ‘കുടുംബബന്ധം, അടുപ്പം, പുണ്യകർമ്മം’ എന്നിങ്ങിനെ പല അർത്ഥവും വരാവുന്നതുകൊണ്ട് ഇതിന് ഒന്നിലധികം വ്യാഖ്യാനങ്ങൾ കാണുവാൻ കഴിയും. അവയിൽ ഏത് വ്യാഖ്യാനം സ്വീകരിച്ചാലും ശരി, അത് കൊണ്ടുള്ള ഉദ്ദേശ്യം, പ്രബോധനത്തിന്റെ പേരിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളോട് എന്തെങ്കിലും ഒരു പ്രതിഫലം യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നുണ്ടെന്നല്ല. പ്രസ്തുത വ്യാഖ്യാനങ്ങളുടെ ചുരുക്കം ഇതാണ്:

1) നാം തമ്മിലുള്ള കുടുംബബന്ധംനിമിത്തം നിങ്ങളെന്നോട് സ്നേഹം കാണിക്കണമെന്ന് മാത്രമേ ഞാനാവശ്യപ്പെടുന്നുള്ളൂ. അഥവാ, എന്റെ ദൗത്യനിർവ്വഹണത്തിൽ നിങ്ങൾ ഉൽസുകരല്ലെങ്കിൽ ഇരിക്കട്ടെ, നമ്മുടെ കുടുംബബന്ധം ഓർത്ത് നിങ്ങൾ എന്നെ തടസ്സപ്പെടുത്താതിരിക്കണം : കുടുംബബന്ധം പാലിക്കൽ എല്ലാവരുടെയും കടമയാണല്ലോ എന്ന് സാരം. ഖുറൈശികളെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കുടുംബബന്ധമുള്ളവരാണ് താനും. ഇബ്നു കഥീർ (رحمه الله) മുതലായ പ്രധാന മുഫസ്സിറുകൾ പലരും സ്വീകരിച്ചതും, ഇബ്നു അബ്ബാസ് (رضي الله عنه) ൽ നിന്ന് ബുഖാരി (رحمه الله) ഉദ്ധരിച്ചതുമാണ് ഈ വ്യാഖ്യാനം.

2) നിങ്ങൾ അല്ലാഹുവിനെ അനുസരിച്ച് അവന്റെ അടുപ്പം സമ്പാദിക്കുന്നതിലുള്ള താല്പര്യമാണ് എനിക്കുള്ളത്. ഇതല്ലാതെ മറ്റൊരു പ്രതിഫലവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല.

3) എന്റെ അടുത്ത കുടുംബത്തോട് നിങ്ങൾ സ്നേഹം കാണിക്കണമെന്നല്ലാതെ മറ്റൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാൽ സ്വാഭാവികമായും ഉണ്ടായിത്തീരുന്ന ഒന്നാണല്ലോ ഇത്. ഈ വ്യാഖ്യാനങ്ങളും, അതതിന്റെ ന്യായങ്ങളും, തെളിവുകളും വിവരിച്ചശേഷം ഇബ്നു കഥീർ (رحمه الله) പ്രസ്താവിക്കുന്ന ചില വരികൾ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: ഇമാം ബുഖാരി ഉദ്ധരിച്ചതുപോലെ, ഈ സമുദായത്തിലെ മഹാ പണ്ഡിതനും, ഖുർആന്റെ അഭിഭാഷകനുമായ ഇബ്നു അബ്ബാസ് (رضي الله عنه) നൽകിയ വ്യാഖ്യാനമാണ് യഥാർത്ഥ വ്യാഖ്യാനം. അഹ്‌ലുബൈത്തിനെ (നബി തിരുമേനിയുടെ വീട്ടുകാരെ അഥവാ കുടുംബത്തെ) സംബന്ധിച്ചുള്ള വസ്വിയ്യത്തും, അവരോട് ആദരവും നന്മയും കാണിക്കണമെന്ന കൽപ്പനയും നാം നിഷേധിക്കുന്നില്ല. പദവിയിലും ശ്രേഷ്ഠതയിലും ഏറ്റവും മാന്യമായ ഗൃഹത്തിൽനിന്നുത്ഭവിച്ച സന്തതികളാണല്ലോ അവർ. അബ്ബാസ് അദ്ദേഹത്തിന്റെ മക്കളും, അലിയും അദ്ദേഹത്തിന്റെ മക്കളും, വീട്ടുകാരും (رٙضِي الله عنهم) എന്നിങ്ങനെയുള്ള അവരുടെ മുൻഗാമികളെപ്പോലെ നബിചര്യകളെ പിൻപറ്റി നടക്കുന്നവരാണെങ്കിൽ വിശേഷിച്ചും! തുടർന്നുകൊണ്ട് ഈ വിഷയകമായി വന്നിട്ടുള്ള ചില ഹദീഥുകളും ഇബ്നു കഥീർ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. അവയിൽ ചിലത് ഇതാണ് :

1) അലി (رضي الله عنه) യോട് അബൂബക്കർ (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) നിവേദനം ചെയ്യുന്നു: എന്റെ കുടുംബം പാലിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റസൂൽതിരുമേനിയുടെ കുടുംബം പാലിക്കലാകുന്നു.

2) അൽപം ദീർഘമായ ഒരു ഹദീഥിൽ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ആവർത്തിച്ചു പറഞ്ഞതായി മുസ്‍ലിം (رحمه الله) മുതലായവർ ഉദ്ധരിക്കുന്നു : എന്റെ അഹ്‍ലുബൈത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ ഓർമ്മപ്പെടുത്തുന്നു: (أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي) ആരെല്ലാമാണ് അഹ്‌ലുബൈത്തിൽ ഉൾപ്പെടുന്നത് എന്നതിനെക്കുറിച്ച് സൂ: അഹ്സാബ് 33-ലും അതിന്റെ വ്യാഖ്യാനത്തിലും പ്രസ്താവിച്ചത് ഓർക്കുക.

42:24

  • أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٢٤﴿
  • അതല്ല (-പക്ഷെ,) അവൻ [നബി] അല്ലാഹുവിന്റെ പേരിൽ കളവു കെട്ടിച്ചമച്ചു എന്ന് അവർ പറയുന്നുവോ?! എന്നാൽ, അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, (നബിയെ,) നിന്റെ ഹൃദയത്തിനു അവൻ മുദ്ര വെക്കുന്നതാണ്. അല്ലാഹു മിഥ്യയായുള്ളതിനെ മായി (ചു നീ)ക്കുകയും, യാഥാർത്ഥമായുള്ളതിനെ തന്റെ വചനങ്ങൾ മൂലം യാഥാർത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും.നിശ്ചയമായും അവൻ നെഞ്ച് [ഹൃദയം] കളിലുള്ളതിനെക്കുറിച്ച് അറിയുന്നവനാണ്.
  • أمْ يَقُولونَ അതല്ല അവർ പറയുന്നുവോ افْتَرَى അവൻ കെട്ടിച്ചമച്ചുവെന്നു على اللهِ അല്ലാഹുവിന്റെ മേൽ كَذِبًا കളവു, വ്യാജം فَإن يَشَإاللهُ എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം يَخْتِمْ അവൻ മുദ്രവെക്കും عَلَى قَلْبِكَ നിന്റെ ഹൃദയത്തിനു وَيَمْحُ اللهُ അല്ലാഹു മായ്ക്കുകയും(തുടച്ചു നീക്കു)കയും ചെയ്യും البَاطِلَ മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ وَيُحِقُّ അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക) യും ചെയ്യും الحَقَّ യാഥാർത്ഥത്തെ, ന്യായത്തെ بِكَلِماتِهِ അവന്റെ വചനങ്ങൾ കൊണ്ട് إنّهُ عليمٌ നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدور നെഞ്ചുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ പേരിൽ യാതൊന്നും കളവ് പറഞ്ഞുണ്ടാക്കുന്നില്ലെന്നും, അവിടുത്തെ ഉൽബോധനങ്ങളെല്ലാം യഥാർത്ഥമാണെന്നും വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹൃദയത്തിന് അല്ലാഹു മുദ്രവെക്കുകയും, യഥാർത്ഥ സത്യം സ്ഥാപിക്കുന്നതിനുള്ള അനന്തര നടപടികളെടുക്കുകയും ചെയ്യുമായിരുന്നു എന്നു സാരം.

42:25

  • وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ ﴾٢٥﴿
  • അവനത്രെ, തന്റെ അടിയാന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പ് കൊടുക്കുകയും, നിങ്ങൾ ചെയ്തുവരുന്നത് അറിയുകയും ചെയ്യുന്നു.
  • وَهُوَ അവനത്രെ الّذِي يَقْبَلُ التَّوْبَةَ പശ്ചാത്താപം (ഖേദം) സ്വീകരിക്കുന്നവൻ عَن عِبَادِهِ തന്റെ അടിയാന്മാരിൽ നിന്ന് وَيَعْفُوا അവൻ മാപ്പു നൽകുകയും ചെയ്യുന്നു عَنِ السَّيِّئَاتِ തിന്മകൾക്ക് وَيَعْلَمُ അവൻ അറിയുകയും ചെയ്യും مَا تفْعَلُون നിങ്ങൾ ചെയ്യുന്നത്

42:26

  • وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَٰفِرُونَ لَهُمْ عَذَابٌ شَدِيدٌ ﴾٢٦﴿
  • വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും, അവർക്കു തന്റെ അനുഗ്രഹത്തിൽ (അഥവാ ദയവിൽ) നിന്നും വർദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികളാകട്ടെ, അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്.
  • وَيَسْتَجِيبُ അവൻ ഉത്തരം നൽകുന്നു الَّذِينَ آمَنُوا വിശ്വസിച്ചവർക്കു وَعَمِلُو الصَّالِحَاتِ സൽക്കര്‍മ്മമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَيَزِيدُهُمْ അവർക്കു വർദ്ധിപ്പിച്ചു കൊടുക്കും مِن فَضْلِهِ അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്നും وَالكَافِرُونَ അവിശ്വാസികളാകട്ടെ لَهُمْ അവർക്കുണ്ട് عَذَابٌ شَدِيد കഠിനശിക്ഷ

പശ്ചാത്താപത്തെയും, പാപമോചനത്തെയും സംബന്ധിച്ച് സൂ: സുമർ 53ലും, അതിന്റെ വ്യാഖ്യാനത്തിലും വിവരിച്ചത് ഓർക്കുക.

42:27

  • ۞ وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ ﴾٢٧﴿
  • അല്ലാഹു അവന്റെ അടിയാന്മാർക്ക് ഉപജീവനം [ആഹാരം] വിശാലമാക്കി കൊടുത്തിരുന്നുവെങ്കിൽ, അവർ ഭൂമിയിൽ അതിക്രമം നടത്തുമായിരുന്നു. പക്ഷെ, അവൻ താൻ ഉദ്ദേശിക്കുന്ന ഒരു തോത് [വ്യവസ്ഥ] അനുസരിച്ച് ഇറക്കികൊടുക്കുകയാണ്, നിശ്ചയമായും, അവൻ തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയും, കണ്ടറിയുന്നവനുമാകുന്നു.
  • وَلَوْ بَسَطَ اللَّـهُ അല്ലാഹു വിശാലമാക്കിയിരുന്നെങ്കിൽ الرِّزْقَ ഉപജീവനം, ആഹാരം لِعِبَادِهِ തന്റെ അടിയാൻമാർക്ക് لَبَغَوْا അവർ അതിക്രമം (കുഴപ്പം) നടത്തുമായിരുന്നു فِي الْأَرْضِ ഭൂമിയിൽ وَلَـٰكِن يُنَزِّلُ എങ്കിലും അവൻ ഇറക്കുന്നു بِقَدَرٍ ഒരു തോത്(അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം مَّا يَشَاءُ അവൻ ഉദ്ദേശിക്കുന്നത് إِنَّهُ بِعِبَادِهِ നിശ്ചയമായും അവൻ തന്റെ അടിയാന്മാരെപ്പറ്റി خَبِيرٌ സൂക്ഷ്മജ്ഞാനിയാണ് بَصِيرٌ കണ്ടറിയുന്നവനാണ്

വളരെ ശ്രദ്ധേയമായ ഒരു യാഥാർത്ഥ്യമാണ് ഈ വചനത്തിലൂടെ അല്ലാഹു അറിയിച്ചു തരുന്നത്. എല്ലാവർക്കും അവരുടെ ഇഷ്ടം പോലെ ജീവിതമാർഗ്ഗങ്ങൾ വിശാലമാക്കിക്കൊടുത്താൽ മനുഷ്യർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കുകയാണ് ചെയ്യുക. അതുകൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്ന ഒരു തോതനുസരിച്ചാണ് അതു നൽകിക്കൊണ്ടിരിക്കുന്നത്. തന്റെ അടിയാന്മാരായ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവന് സസൂക്ഷ്‍മം അറിയാമല്ലോ. സുഖസൗകര്യങ്ങൾ വർദ്ധിച്ചാലും, കുറഞ്ഞാലും അവരുടെ സ്ഥിതിഗതികൾ എപ്രകാരമായിരിക്കും? അവ ഏത് തോതിൽ നൽകുന്നതിലാണ് പൊതുനൻമ? ഇത്യാദി എല്ലാ കാര്യങ്ങളും അവന് തികച്ചും അറിയാം എന്നൊക്കെയാണ് ഈ വചനം ഉണർത്തുന്നത്. തുറന്ന ഹൃദയത്തോടുകൂടി മനുഷ്യചരിത്രം പരിശോധിക്കുന്ന ഏവർക്കും ഈ യാഥാർത്ഥ്യം വേഗം മനസ്സിലാക്കാവുന്നതാണ്. വ്യക്തികളാകട്ടെ, ജനതകളാകട്ടെ, രാഷ്ട്രങ്ങളാകട്ടെ, ഉയർന്ന ജീവിത നിലവാരത്തിൽ എത്തിക്കഴിഞ്ഞാൽ, മാനുഷികമൂല്യങ്ങളും, ധാർമ്മികബോധവും നശിച്ച്, പൈശാചികവും മൃഗീയവുമായ ജീവിതം നയിക്കുന്നതായിട്ടാണ് അനുഭവം. ഇന്നത്തെ സമ്പന്ന വിഭാഗങ്ങളുടെ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഈ വാസ്‌തവം മനസ്സിലാക്കാം.

വേണ്ടാ, അൽപമൊന്ന് ആലോചിച്ചുനോക്കുക: ഭൂമിയിൽ എല്ലാവർക്കും വേണ്ടത്ര ജീവിതസൗകര്യങ്ങൾ നല്കപ്പെട്ടുവെന്നു വിചാരിക്കുക. ഒരാൾ മറ്റൊരാളെ അനുസരിക്കുമോ? മറ്റൊരാൾക്ക് കീഴൊതുങ്ങുമോ? കീഴൊതുക്കുവാൻ സാധ്യമാകുമോ? തൊഴിലും ജോലിയും ചെയ്യുവാൻ ആളെ കിട്ടുമോ? അന്യോന്യം തട്ടിക്കയറുവാനും കയ്യേറ്റം ചെയ്യുവാനുമല്ലാതെ സഹായത്തിനോ സഹകരണത്തിനോ ആളുണ്ടാകുമോ?….. എല്ലാവരും ജീവിതക്ലേശം അനുഭവിക്കുന്നതായാലത്തെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെയായിരിക്കുന്നതാണ്. അതു കൊണ്ടുതന്നെയാണ് ഉപജീവനമാർഗ്ഗത്തിൽ അല്ലാഹു ചിലരെ ഉയർത്തിയും, മറ്റുചിലരെ താഴ്ത്തിയും വെച്ചിരിക്കുന്നതും. അപ്പോഴേ മനുഷ്യജീവിതമാകുന്ന തുലാസ്സിന്റെ സമനില (ബാലൻസ്) ശരിപ്പെടുകയുള്ളൂ. അടുത്ത അദ്ധ്യായം 32-ാം വചനത്തിൽ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. താരതമേന്യ നോക്കുമ്പോൾ, ജീവിതസൗകര്യം കുറവാകുന്നതു കൊണ്ട് ഉളവാകുന്ന ദോഷത്തെക്കാൾ അതിന്റെ ആധിക്യംകൊണ്ടാണ് ലോകത്ത്‌ ദോഷം സംഭവിക്കുന്നതെന്ന് കാണാം. ഭൗതിക വീക്ഷണത്തിലൂടെ മാത്രം ഗുണദോഷങ്ങൾ വിലയിരുത്തുന്നവർക്കുമാത്രമേ ഈ വാസ്‌തവം സമ്മതിക്കുവാൻ പ്രയാസം തോന്നുകയുള്ളൂ. മനുഷ്യന്റെ ഏക ജീവിതലക്ഷ്യം ക്ഷണികമായ ഈ ഭൗതിക സുഖഭോഗം മാത്രമായിരിക്കുമല്ലോ അവരുടെ ദൃഷ്ടിയിൽ, നേരെമറിച്ച് അതിനെക്കാൾ ഉപരിയായ – ശാശ്വതമായ – സുഖസൗകര്യങ്ങളാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്നും, ആകയാൽ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളുടെ സുരക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അറിയുന്നവർക്ക് ഈ പ്രസ്‌താവനയിൽ അണുവോളം സംശയം തോന്നുകയില്ല.

അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്‌താവിച്ചത്‌:

إنَّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا

(സാരം: എന്റെ ശേഷം നിങ്ങളെപ്പറ്റി ഞാൻ ഭയപ്പെടുന്ന ഒരു കാര്യമാണ്. ഇഹലോകജീവിതത്തിന്റെ മോടിയും അലങ്കാരവും നിങ്ങൾക്ക് തുറന്നുകിട്ടുന്നത്. (ബു.മു) ഈ പ്രവചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ശേഷം ഏറെത്താമസിയാതെത്തന്നെ പുലർന്നു കാണുവാനും തുടങ്ങി. മുസ്‌ലിംകളുടെ മതപരവും, ധാർമികവുമായ അധഃപതനത്തിൽ മാത്രമല്ല, ഭരണരംഗത്തും, സാമൂഹ്യ രംഗത്തുമെല്ലാം തന്നെ അവരുടെ യശസ്സ് നഷ്‌ടപ്പെടുവാനും ഒടുക്കം അത് കാരണമായിത്തീരുകയും ചെയ്‌തു..

പരായണം – Spotify

വിശദീകരണം- Spotify