സൂറ ശ്ശൂറാ : 09-14
- വെളിച്ചം റമദാന്‍ ഡേ-09- സൂറ: ശ്ശൂറാ പാര്‍ട്ട് 02 – ആയത്ത് 09 മുതല്‍ 14 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
സൂറത്ത് ശ്ശൂറാ : 09-14
42:9
- أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٩﴿
- അതല്ല, അവനുപുറമെ അവർ വല്ല രക്ഷാകര്‍ത്താക്കളെയും സ്വീകരിച്ചിരിക്കയാണോ?! എന്നാൽ (വാസ്തവത്തിൽ) അല്ലാഹുവത്രെ, രക്ഷാകർത്താവ്. അവൻതന്നെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.
- أَمِ اتَّخَذُوا അതല്ല (അഥവാ) അവർ ഉണ്ടക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ) مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകർത്താക്കളെ, രക്ഷാധികാരികളെ فَاللَّـهُ هُوَ എന്നാൽ അല്ലാഹുതന്നെയാണ് الْوَلِيُّ രക്ഷാധികാരി, കാര്യകർത്താവു وَهُوَ അവൻതന്നെ يُحْيِي الْمَوْتَىٰ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു وَهُوَ അവൻ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
മുശ്‍രിക്കുകൾ തങ്ങളുടെ നിലപാടിനെപ്പറ്റി ചിന്തിച്ചുനോക്കുവാൻ വേണ്ടി -അവരുടെ സ്ഥിതിഗതികൾ മുഴുവനും അറിയാത്ത ഭാവേന- അവരുടെ ശ്രദ്ധയെ തട്ടിഉണർത്തുകയാണ് ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം.
വിഭാഗം – 2
42:10
- وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ﴾١٠﴿
- ഏതൊരു കാര്യത്തിലുംതന്നെ, നിങ്ങൾ ഭിന്നാഭിപ്രായത്തിലായാൽ, അതിന്റെ വിധി (നിശ്ചയിക്കുവാനുള്ള അധികാരം) അല്ലാഹുവിങ്കലാണ് (അങ്ങിനെയുള്ള) അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെമേൽ ഞാൻ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവനിലേക്കുതന്നെ ഞാൻ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്യുന്നു.
- وَمَا ഏതൊന്നും اخْتَلَفْتُمْ فِيهِ അതിൽ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) مِن شَيْءٍ ഏതൊരു കാര്യവും فَحُكْمُهُ എന്നാലതിന്റെ വിധി, നിയമം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് ذَٰلِكُمُ اللَّـهُ അത (അവന)ത്രെ അല്ലാഹു رَبِّي എന്റെ റബ്ബായ عَلَيْهِ അവന്റെമേൽ تَوَكَّلْتُ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു وَإِلَيْهِ അവനിലേക്കുതന്നെ أُنِيبُ ഞാൻ (മനസ്സു) മടങ്ങുകയും ചെയ്യുന്നു
ഭിന്നാഭിപ്രായമുള്ള കാര്യത്തിന്റെ വിധി അല്ലാഹുവിങ്കലാണ് എന്നു പറഞ്ഞതിനു രണ്ടു തരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്.
1) മതകാര്യങ്ങളിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കുറിച്ച് അല്ലാഹുവാണ് ഖിയാമത്തുനാളിൽ വിധികൽപിച്ചു തീരുമാനിക്കുന്നതു എന്നും.
2) മതസംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളിൽ വിധികൽപിക്കുവാനുള്ള യഥാർത്ഥ അധികാരം അല്ലാഹുവിനുമാത്രമാണ് എന്നും. ഈ രണ്ടു വ്യാഖ്യാനങ്ങളിലും അടങ്ങിയ തത്വങ്ങൾ തർക്കമറ്റതാണുതാനും. മതകാര്യങ്ങളിലുള്ള വിധികർത്തൃത്വം അല്ലാഹുവിനു മാത്രമായിരിക്കുമ്പോൾ, മറ്റാർക്കുംതന്നെ – പണ്ഡിതന്മാർക്കോ, പുരോഹിതൻമാർക്കോ, പ്രവാചകന്‍മാർക്കു പോലുമോ – സ്വന്തം വകയായി യാതൊരു നിയമവും മതത്തിൽ ആവിഷ്കരിക്കുവാൻ പാടില്ലെന്നു വ്യക്തമാണ്. പക്ഷെ, അല്ലാഹുവിന്റെ പ്രതിനിധിയെന്ന നിലക്കും, ദൗത്യവാഹകൻ എന്ന നിലക്കും റസൂലിന്റെ വിധിയും, തീരുമാനവും അനുസരിക്കുവാൻ നാം കടമപ്പെടുന്നു. അതുകൊണ്ടാണ് നിങ്ങൾ വല്ല കാര്യത്തിലും അന്യോന്യം പിണങ്ങിയാൽ – ഭിന്നിപ്പുണ്ടായാൽ – അതു അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം.
(فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ – النساء : ٥٩)
എന്നു അല്ലാഹു കൽപിച്ചിരിക്കുന്നതും. അല്ലാഹുവിങ്കൽനിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ റസൂൽ സ്വന്തം വകയായി ഒന്നും വിധികൽപിക്കുകയില്ലെന്നു തീർച്ചതന്നെ. (وَمَا يَنطِقُ عَنِ الْهَوًى – النجم : ٣)
42:11
- فَاطِرُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١١﴿
- (അവൻ) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടികർത്താവാകുന്നു. നിങ്ങൾക്കുവേണ്ടി നിങ്ങളിൽനിന്നു തന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു; കാലികളിലും തന്നെ, ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽകൂടി [അതുവഴി] അവൻ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കുന്നു. അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
- فَاطِرُ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടികർത്താവു وَالْأَرْضِ ഭൂമിയുടെയും جَعَلَ لَكُم നിങ്ങൾക്കു അവൻ ഉണ്ടാക്കിത്തന്നു مِّنْ أَنفُسِكُمْ നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ أَزْوَاجًا ഇണകളെ وَمِنَ الْأَنْعَامِ ആടുമാടൊട്ടകം (കാലി)കളില്‍ നിന്നും أَزْوَاجًا ഇണകളെ يَذْرَؤُكُمْ നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു فِيهِ അതിൽ (കൂടി) لَيْس ഇല്ല كَمِثْلِهِ അവനെപ്പോലെ, (അവനു തുല്യമായി) شَيْءٌ യാതൊരു വസ്തുവും وَهُو അവൻ السَّمِيعُ കേൾക്കുന്നവനാണ് الْبَصِيرُ കാണുന്നവനാണ്
ഇസ്‌ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെപ്പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽകൃഷ്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിലാകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ അവനെപ്പോലെ – അവനു തുല്യമായോ, കിടയൊത്തോ – യാതൊന്നുംതന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോടു തുല്യതയോ, സമത്വമോ കൽപിക്കുന്നതിനാണ് ‘ശിർക്ക്’ (പങ്കുചേർക്കൽ – അഥവാ ബഹുദൈവവിശ്വാസം) എന്നു പറയുന്നത്. അതുകൊണ്ട് സൃഷ്ടികളെ സംബന്ധിച്ചു ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവിനോടു ബന്ധപ്പെടുത്തിക്കൊണ്ടു ഖുർആനിലോ ഹദീസിലോ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അതു ഭാഷയുടെയും, വാച്യാർത്ഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ദേശ്യത്തിലും യാഥാർത്ഥ്യത്തിലും അവ വ്യത്യസ്തമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്.
ഉദാഹരണമായി: ‘അല്ലാഹു കാണുന്നവനാണ് (بَصِير)’ ‘അവൻ കേൾക്കുന്നവനാണ് (سَّمِيع)’ ‘അവൻ പറഞ്ഞു (قَال)’ ‘അവന്റെ കൈകൾ (يَدَاهُ)’ ‘അവന്റെ മുഖം (وَجْه اللّه)’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നുംതന്നെ, സൃഷ്ടികളുടെതുമായി താരതമ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്ഥ്യങ്ങളാണ് അവ ഉൾക്കൊള്ളുന്നതെന്നും ഓർമ്മിച്ചിരിക്കേണ്ടതാകുന്നു. ‘അല്ലാഹു അർശിൽ ആരോഹണം ചെയ്തിരിക്കുന്നു (اسْتَوَىٰ عَلَى الْعَرْشِ)’ എന്നതുപോലെയുള്ള വാക്യങ്ങളെപ്പറ്റി, ‘അവയുടെ അർത്ഥം നമുക്കറിയാം. പക്ഷേ അതെങ്ങിനെയാണെന്ന വസ്തുത നമുക്ക് അജ്ഞാതമാണ്’ എന്നു മുൻഗാമികളായ മഹാന്മാർ പറയാറുള്ളതും അതുകൊണ്ടത്രെ.
മനുഷ്യർക്കു സ്വന്തം വർഗ്ഗത്തിൽ നിന്നുതന്നെ ഇണകളെ ഏർപ്പെടുത്തികൊടുത്തതും അവരുടെ ഉപയോഗാർത്ഥം ആടുമാടൊട്ടകങ്ങളിലും അതുപോലെ ഇണകളുണ്ടാക്കിക്കൊടുത്തതും മനുഷ്യനു അല്ലാഹു ചെയ്ത രണ്ടു മഹത്തായ അനുഗ്രഹങ്ങളാണല്ലോ. തുടർന്നു പറഞ്ഞിട്ടുള്ള വാക്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. മനുഷ്യരെ ആണും പെണ്ണുമാകുന്ന ഇണകളാക്കി വെച്ചിട്ടുള്ളതിന്റെ പ്രധാന ലക്ഷ്യം, അഥവാ പ്രകൃതിപരമായ അതിന്റെ ആവശ്യം അല്ലാഹു ആ വാക്യം മുഖേന നമ്മെ ഉണർത്തിയിരിക്കുന്നു. അതെ, അതുവഴി മനുഷ്യവർഗ്ഗത്തെ വർദ്ധിപ്പിച്ചു പോഷിപ്പിക്കുവാനാണ് മനുഷ്യസൃഷ്ടാവ് അതുകൊണ്ടു ഉദ്ദേശിക്കുന്നത് (يَذْرَؤُكُمْ فِيهِ) സൂറത്തുൽ ബഖറ : 223 -ൽ ‘നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ വിളനിലമാണ് (نِسآؤُكُمْ حَرْثٌ لَّكُمْ) എന്നു പ്രസ്താവിച്ചിട്ടുള്ളതും ഈ തത്വം തന്നെയാണ് വ്യക്തമാക്കുന്നത്.
സർവ്വജ്ഞനായ സൃഷ്ടാവ് -എല്ലാ വസ്തുവെയും സൃഷ്ടിച്ച് അതതിന്റെതായ പ്രകൃതി വിശേഷങ്ങളും അതതിന്റെ നിലനില്‍പ്പിനും വളർച്ചക്കും വേണ്ടുന്ന മാർഗ്ഗദർശനങ്ങളും നൽകിയ ലോകനിയന്താവു – മനുഷ്യരെ പുരുഷനും, സ്ത്രീയുമാക്കി ഇണചേർത്തതു മനുഷ്യവംശത്തെ വർദ്ധിപ്പിക്കുവാനാണെന്നു പറയുമ്പോൾ, ‘ജനപ്പെരുപ്പത്തിന്റെ പൊട്ടിത്തെറി’യെ ഭയന്ന് – മനുഷ്യ ജനനം തടഞ്ഞു നിർത്തുവാൻ വേണ്ടി – മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുമാറ് പ്രകൃതിവിരുദ്ധവും, സദാചാരവിരുദ്ധവുമായ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും, അതിനുവേണ്ടി നാടൊട്ടുക്കും മുറവിളി കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നതു എത്രമാത്രം ധിക്കാരവും, വിഡ്ഢിത്തവുമായിരിക്കും?! ഈ ധിക്കാരത്തിന്റെ ദുരന്തഫലം അതിന്റെ വൈതാളികന്മാർ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കാതിരിക്കയില്ല; നിശ്ചയം. പ്രയോജനപ്പെടാത്ത അവസരത്തിലായിരിക്കും ഒരു പക്ഷേ അതു ബോധ്യപ്പെടുക. ജനവർദ്ധനവു നിമിത്തം ഭക്ഷണക്ഷാമവും, പാര്‍പ്പിട ദൗർല്ലഭ്യവും നേരിടേണ്ടി വരുമെന്നു കണക്കു കൂട്ടിപ്പറയുന്ന ശാസ്ത്രപടുക്കൾക്കു – സർവജ്ഞനും, സർവ്വശക്തനുമായ ഒരു ലോകനിയന്താവിൽ അവർ വിശ്വസിക്കുന്നപക്ഷം – അടുത്ത വചനത്തിൽതന്നെ അതിനു മറുപടി കാണാവുന്നതാണ്:-
42:12
- لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ ﴾١٢﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും, (ഖജനാക്കളുടെ) താക്കോലുകൾ അവന്റേതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ ഉപജീവനം [ആഹാരം] വിശാലപ്പെടുത്തിക്കൊടുക്കുന്നു; (അവൻ ഉദ്ദേശിക്കുന്നവർക്കു) അവൻ കുടുസ്സാക്കുകയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്.
- لَهُ അവന്നാണ്, അവന്റേതാണ് مَقَالِيدُ താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ) السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും يَبْسُطُ الرِّزْقَ അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു لِمَن يَشَاءُ താൻ ഉദ്ദേശിക്കുന്നവർക്കു وَيَقْدِرُ കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു إِنَّهُ നിശ്ചയമായും അവൻ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്
ഈ ആയത്തിലെ ആശയം ഖുർആനിൽ അല്ലാഹു ആവർത്തിച്ചു പറയാറുള്ളതാണ്. (സൂ: ഖസ്വസ്വ് :82; റൂം: 37; സുമർ: 52; സബഉ്: 36,39; അങ്കബൂത്ത്: 62. എന്നിവയും മറ്റും നോക്കുക). മനുഷ്യനെ സൃഷ്ടിക്കുകയും, അവന്റെ വർഗ്ഗപരിപോഷണത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും, അവന്റെ ഉപജീവനമാർഗ്ഗങ്ങൾ ഒരുക്കുകയും ചെയ്ത അതേ രക്ഷിതാവ് മനുഷ്യന്റെ ജീവിതത്തിൽ അവൻ കൈകൊള്ളേണ്ടുന്ന നിയമവ്യവസ്ഥയും അവനു നിശ്ചയിച്ചു കൊടുക്കാതിരുന്നിട്ടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടു അടുത്ത വചനത്തിൽ പറയുന്നു:
42:13
- ۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ ﴾١٣﴿
- നൂഹിനോടു അവൻ [അല്ലാഹു] കൽപിച്ചരുളിയതും, നിനക്കു നാം ‘വഹ്‌യ്’ നൽകിയിട്ടുള്ളതും, ഇബ്രാഹീമിനോടും, മൂസായോടും ഈസായോടും നാം കൽപിച്ചരുളിയതും (എന്താണോ അതു തന്നെ) അവൻ നിങ്ങൾക്കു മതമായി നിയമിച്ചു തന്നിരിക്കുന്നു; അതായതു, (ഈ) മതത്തെ നിങ്ങൾ നിലനിറുത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചുപോകരുത് എന്ന് . ബഹുദൈവവിശ്വാസികളെ ഏതൊന്നിലേക്കു നീ വിളിക്കുന്നുവോ അതവർക്കു വമ്പിച്ച [ഭാരപ്പെട്ട] തായിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തന്റെ അടുക്കലേക്കു അവൻ തിരഞ്ഞെടുക്കുന്നു. (വിനയപ്പെട്ടു) മടങ്ങുന്നവർക്കു അവൻ തന്റെ അടുക്കലേക്കു മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു.
- شَرَعَ لَكُم നിങ്ങൾക്കു അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു مِّنَ الدِّينِ മതത്തിൽ നിന്നു, മതമായി مَا وَصَّىٰ بِهِ അവൻ കൽപിച്ചരുളിയതു نُوحًا നൂഹിനോടു وَالَّذِي أَوْحَيْنَا നാം വഹ്‌യു നൽകിയതും إِلَيْكَ നിനക്കു وَمَا وَصَّيْنَا بِهِ നാം കൽപിച്ചരുളിയതും إِبْرَاهِيمَ ഇബ്റാഹീമിനോടും وَمُوسَىٰ وَعِيسَىٰ മൂസായോടും ഈസായോടും أَنْ أَقِيمُوا നിങ്ങൾ നിലനിറുത്തണമെന്നു الدِّينَ മതത്തെ وَلَا تَتَفَرَّقُوا നിങ്ങൾ ഭിന്നിക്കരുതെന്നും فِيهِ അതിൽ كَبُرَ വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു عَلَى الْمُشْرِكِينَ മുശ്‌രിക്കുകൾക്കു مَا تَدْعُوهُمْ إِلَيْهِ നീ അവരെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അത് اللَّـهُ يَجْتَبِي അല്ലാഹു തിരഞ്ഞെടുക്കുന്നു إِلَيْهِ അവനിലേക്കു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു إِلَيْهِ തന്നിലേക്കു, അവനിലേക്കു مَن يُنِيبُ വിനയപ്പെട്ടു (മനസ്സു) മടങ്ങുന്നവരെ
മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായമായ ഈ സമുദായത്തിനു അല്ലാഹു കൽപിച്ചരുളിയിരിക്കുന്ന ഈ മതം ഒരു പുതിയ മതമൊന്നുമല്ല. നൂഹ് (عليه والسلام), ഇബ്രാഹിം (عليه والسلام), മൂസാ (عليه والسلام), ഈസാ (عليه والسلام)മുതലായ മുൻപ്രവാചകവര്യൻമാരോടു കൽപിക്കപ്പെട്ടിരുന്നതും, മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ബോധനം ലഭിച്ചിട്ടുള്ളതുമെല്ലാം ഈ ഒരേ മതം തന്നെയാകുന്നു. ഈ മതം – അതെ, തൗഹീദിൽ അധിഷ്ഠിതമായ ഇസ്ലാം മതം – പ്രബോധനം ചെയ്‌വാനും, അതിൽ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കാതെ നിലനിറുത്തുവാനും തന്നെയാണ് എല്ലാവരോടും കൽപിക്കപ്പെട്ടിട്ടുള്ളതും. പക്ഷേ, ശിർക്കിൽ അടിയുറച്ച ബഹുദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം – അവരുടെ ചിരകാലപാരമ്പര്യത്തിനു വിരുദ്ധമാണെന്ന കാരണത്താൽ- മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന ഈ മതം പുത്തൻമതമാണെന്നാണ് അവരുടെ ധാരണ. തന്നിമിത്തം അതു സ്വീകരിക്കുന്നതു അവർക്കു അസഹ്യമായിത്തോന്നുകയാണ്. എന്നാൽ, ഹൃദയം മരവിച്ചിട്ടില്ലാത്ത സഹൃദയന്മാരാകട്ടെ, ഈ മതം അംഗീകരിക്കുന്നതും, അതുവഴി അല്ലാഹുവിന്റെ കാരുണ്യത്തിനും, സാമീപ്യത്തിനും അവർ അർഹരായിത്തീരുന്നതുമാകുന്നു എന്നു സാരം. ആദം (عليه والسلام) നബിക്കുശേഷം ഒരു സമുദായത്തിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ റസൂലാണ് നൂഹ് (عليه والسلام). അന്ത്യപ്രവാചകനായ മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും അദ്ദേഹത്തിനുമിടയിൽ കഴിഞ്ഞുപോയ മുർസലുകളിൽ പ്രധാനികളാണ് മറ്റു മൂന്നു മുർസലുകളും.
الدِّينِ (മതം) എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത് ഇസ്ലാംമതത്തിന്റെ മൗലിക സിദ്ധാന്തങ്ങളാകുന്നു. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നതും അതേ സിദ്ധാന്തങ്ങളായിരുന്നു: إِنَّ الدِّينَ عِندَ اللَّهِ الإِسْلاَمُ : آل عمران : ١٩ (അല്ലാഹുവിന്റെ അടുക്കൽ മതം ഇസ്ലാമാണ്).
وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَل مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ – آل عمران : ٨٥
(ആരെങ്കിലും ഇസ്ലാമിനെയല്ലാതെ മതമായി അന്വേഷിക്കുന്നപക്ഷം അതു അവനിൽനിന്നു സ്വീകരിക്കപ്പെടുന്നേതേയല്ല. പരലോകത്തു അവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കും) എന്നിങ്ങിനെയുള്ള ഖുർആൻ വചനങ്ങൾ ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രസ്തുത മൗലിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള കർമ്മപരവും, ശാഖാപരവുമായ കാര്യങ്ങളിൽ, സമുദായങ്ങൾക്കിടയിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ സ്വീകരിക്കപ്പെട്ടിരുന്നുവെന്നു മാത്രം.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا – المائدة : ٥١
(നിങ്ങളിൽ – വേദത്തിന്റെ ആൾക്കാരിൽ-പെട്ട എല്ലാവര്‍ക്കും നാം ഓരോ നിയമമാർഗ്ഗവും രീതിയും ഏർപ്പെടുത്തിയിരിക്കുന്നു) എന്ന വചനം അതാണ് വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ സമുദായമായ ഈ സമുദായത്തിനു ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളിൽവെച്ച് ഏറ്റവും പരിപൂർണ്ണവും ലോകാവസാനംവരെ നിലവിലിരിക്കുന്നതുമായ അന്തിമരൂപം അല്ലാഹു നിശ്ചയിച്ചുകൊടുത്തിരിക്കുകയാണ്.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الإِسْلاَمَ دِينًا – المائدة : ٤
(ഇന്നേദിവസം നിങ്ങൾക്കു നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു. നിങ്ങളില്‍ എന്റെ അനുഗ്രഹം ഞാന്‍ പരിപൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കു ഞാൻ ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു) പരമാർത്ഥം ഇങ്ങിനെയിരിക്കെ, ദൈവികമതമായ ഈ ഏകമതത്തിൽ ഭിന്ന കക്ഷികൾ എങ്ങിനെ ഉടലെടുത്തുവെന്ന് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
42:14
- وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾١٤﴿
- തങ്ങൾക്ക് അറിവ് വന്നെത്തിയശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ലതാനും; (അതെ ) അവർക്കിടയിലുള്ള ധിക്കാരം നിമിത്തം. നിർണ്ണയം ചെയ്യപ്പെട്ട ഒരു (നിശ്ചിത) അവധിവരേക്കും (ബാധകമായ) ഒരു വാക്ക് നിന്റെ റബ്ബിങ്കലിൽനിന്നു മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ വിധി നിശ്ചയിക്കപ്പെടുകതന്നെ ചെയ്തിരുന്നു. അവർക്കുശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവരാകട്ടെ, നിശ്ചയമായും അതിനെക്കുറിച്ച് ആശങ്കാപരമായ സംശയത്തിലുമാകുന്നു.
- وَمَا تَفَرَّقُوا അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവർക്കു വന്നതിന്റെ الْعِلْمُ അറിവു بَغْيًا ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ അവർക്കിടയിലുള്ള وَلَوْلَا ഇല്ലായിരുന്നെങ്കിൽ كَلِمَةٌ ഒരു വാക്കു سَبَقَتْ മുൻകഴിഞ്ഞ, കഴിഞ്ഞുപോയ مِن رَّبِّكَ നിന്റെ റബ്ബിങ്കൽനിന്നു إِلَىٰ أَجَلٍ ഒരു അവധിവരേക്കു مُّسَمًّى നിർണ്ണയിക്കപ്പെട്ട, പേരു പറയപ്പെട്ട لَّقُضِيَ വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു بَيْنَهُمْ അവർക്കിടയിൽ وَإِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ أُورِثُوا الْكِتَابَ വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട مِن بَعْدِهِمْ അവരുടെ ശേഷം لَفِي شَكٍّ സംശയത്തിൽ തന്നെയാണ് مِّنْهُ അതിനെക്കുറിച്ചു مُرِيبٍ ആശങ്കാപരമായ, സന്ദേഹകരമായ
സത്യം ഇന്നതാണെന്നു അറിയാതെയല്ല സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായത്. നേരെമറിച്ച് വേണ്ടത്ര അറിവും മാർഗ്ഗദർശനവും എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സ്വാർത്ഥം, അസൂയ, മാത്സര്യം, ധിക്കാരം തുടങ്ങിയ അതിരുകവിച്ചൽ മാത്രമാണ് ഭിന്നിപ്പിന് കാരണമായത്. ആ നിലക്ക് അവർ തികച്ചും ശിക്ഷാർഹരാകുന്നു. പക്ഷെ, ശിക്ഷാനടപടി എടുക്കൽ പരലോകത്തു വെച്ചാണെന്ന് അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കയാണ്. അല്ലായിരുന്നുവെങ്കിൽ തൽക്ഷണംതന്നെ ശിക്ഷ അവർക്കു അനുഭവപ്പെടുമായിരുന്നു. മുൻഗാമികളായ വേദക്കാരുടെ കഥയാണ് ഇപ്പറഞ്ഞത്. എന്നാൽ, അവരുടെശേഷം വേദഗ്രന്ഥത്തിന്റെ അനുയായികളും അവകാശികളുമായിത്തീർന്ന നിലവിലുള്ള – ജൂതരും ക്രിസ്ത്യാനികളുമാകുന്ന – വേദക്കാരുടെ സ്ഥിതിയോ? അവർ തങ്ങളുടെ പിതാക്കളെയും മുൻഗാമികളെയും പിന്തുടർന്നു വരുന്നുവെന്നല്ലാതെ, തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്ന അധികൃതമായ തെളിവോ ലക്ഷ്യമോ ഒന്നും അവർക്കില്ല. തങ്ങൾ സ്വീകരിച്ചുവരുന്ന വിശ്വാസാചാരങ്ങളെ സംബന്ധിച്ചിടത്തോളം അവ പരിശുദ്ധങ്ങളാണെന്ന ബോധ്യവും ഉറപ്പും അവർക്കുണ്ടോ? അതുമില്ല. വാസ്തവത്തിൽ അതിലവർ സംശയാലുക്കളും പരിഭ്രമചിത്തരുമാകുന്നു. പാരമ്പര്യവും അനുകരണവുമാണല്ലോ അവരുടെ അവലംബം.
