വെളിച്ചം റമദാൻ 2025 –ഡേ- 08 (മാർച്ച് 09)

സൂറ ശ്ശൂറാ : 01-08



  • വെളിച്ചം റമദാന്‍ ഡേ-08- സൂറ: ശ്ശൂറാ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 08 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ


  1. സൂറ ശ്ശൂറാ : 01-08
    1. സൂറത്ത് ശ്ശൂറാ : 01-08
      1. വിഭാഗം – 1
      2. പരായണം – Spotify
      3. വിശദീകരണം- Spotify
      4. പരായണം-Youtube link
      5. വിശദീകരണം – Youtube Link

സൂറത്ത് ശ്ശൂറാ : 01-08

ശൂറാ (കൂടിയാലോചന)

(23 മുതല്‍ 27 വരെ ആയത്തുകള്‍ മദനീയാണെന്നും അഭിപ്രായമുണ്ട്‌)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 53 – വിഭാഗം (റുകൂഉ്) 5

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

വിഭാഗം – 1

42:1

  • حمٓ ﴾١﴿
  • ഹാ-മീം
  • حمٓ ‘ഹാ-മീം’

42:2

  • عٓسٓقٓ ﴾٢﴿
  • ‘ഐന്‍-സീന്‍-ഖ്വാഫ്‌’
  • عٓسٓقٓ ‘ഐൻ-സീൻ-ഖ്വാഫ്’

ഈ അക്ഷരങ്ങള്‍ രണ്ടു ആയത്തുകളായിട്ടാണ് എണ്ണപ്പെട്ടിരിക്കുന്നത്. ഇതുപോലെയുള്ള കേവലാക്ഷരങ്ങളുടെ സാക്ഷാല്‍ ഉദ്ദേശ്യം എന്താണെന്നു നമുക്കറിവില്ല. കൂടുതല്‍ വിവരം നാം മുമ്പു പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

42:3

  • كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ﴾٣﴿
  • (നബിയേ,) നിനക്കും, നിന്റെ മുമ്പുള്ളവർക്കും പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹു ഇപ്രകാരം ‘വഹ്‌യ്‌’ (ദിവ്യബോധനം) നൽകി വരുന്നു.
  • كَذَٰلِك അപ്രകാരം, ഇതുപോലെ يُوحِي إِلَيْكَ നിനക്കു വഹ്‍യു നൽകുന്നു وَإِلَى الَّذِين യാതൊരുവർക്കും مِن قَبْلِك നിന്റെ മുമ്പുള്ള اللَّـهُ الْعَزِيزُ പ്രതാപശാലിയായ അല്ലാഹു الْحَكِيمُ അഗാധജ്ഞനായ

ഈ അദ്ധ്യായത്തില്‍ പല പ്രധാന തത്വങ്ങളും നിനക്കു ബോധനം നല്‍കിയിട്ടുള്ളതുപോലെ, നിനക്കും മുന്‍ പ്രവാചകന്‍മാര്‍ക്കും അല്ലാഹു പല സന്ദേശങ്ങളും നല്‍കിവരുന്നുവെന്ന് സാരം.

42:4

  • لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ ﴾٤﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അവനുള്ളതാണ്, അവൻ ഉന്നതനാണ്, മഹാനാണ്.
  • لَهُ അവന്നാണ്, അവന്റേതാണ് مَا فِي السَّمَاوَات ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَهُوَ الْعَلِيُّ അവൻ ഉന്നതൻ الْعَظِيمُ മഹത്തായവൻ

42:5

  • تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٥﴿
  • ആകാശങ്ങൾ അവയുടെ മുകളിൽ നിന്നു പൊട്ടിപ്പിളരുമാറാകുന്നു; മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്‌തുതിച്ചുകൊണ്ട് ‘തസ്ബീഹു’ [സ്‌തോത്രകീർത്തനം] നടത്തിക്കൊണ്ടുമിരിക്കുന്നു; ഭൂമിയിലുള്ളവർക്കുവേണ്ടി അവർ പാപമോചനവും തേടുന്നു. അല്ലാ! (അറിയുക) നിശ്ചയമായും അല്ലാഹുതന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
  • تَكَادُ السَّمَاوَات ആകാശങ്ങൾ ആകാറാകുന്നു يَتَفَطَّرْن പൊട്ടിപ്പിളരുക مِن فَوْقِهِنَّ അവയുടെ മുകളിൽ (മീതെ) നിന്നു وَالْمَلَائِكَة മലക്കുകൾ يُسَبِّحُونَ തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ وَيَسْتَغْفِرُونَ അവർ പാപമോചനം തേടുകയും ചെയ്യുന്നു لِمَن فِي الْأَرْضِ ഭൂമിയിലുള്ളവർക്കു أَلَا അല്ല, അറിഞ്ഞേക്കുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ الْغَفُورُ അവൻതന്നെ വളരെ പൊറുക്കുന്നവൻ الرَّحِيمُ കരുണാനിധി

‘ആകാശങ്ങള്‍ പൊട്ടിപ്പിളരുമാറാകുന്നു’വെന്ന് പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെ മഹത്വവും ശക്തി പ്രഭാവവും അത്രമേല്‍ വമ്പിച്ചതാകുന്നുവെന്ന് കാണിക്കുകയാണ്. സൂ: മര്‍യം 90, 91ല്‍ പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നും മറ്റും മുശ്‍രിക്കുകള്‍ വാദിക്കുന്നതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുകയാണുദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (കൂടുതല്‍ വിവരം സൂ: മര്‍യമില്‍ നോക്കുക) മലക്കുകള്‍ ഭൂമിയിലുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി സൂ: മുഅ്മിന്‍ 7-10ല്‍ വിവരിച്ചു പറഞ്ഞിരിക്കുന്നുവല്ലോ. ‘ഭൂമിയിലുള്ളവര്‍ക്കു വേണ്ടി’ (لِمَن فِي الأَرْضِ) എന്നു സാമാന്യമായിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ളതെങ്കിലും സത്യവിശ്വാസികളാണ് അതുകൊണ്ടു വിവക്ഷിക്കപ്പെടുന്നതെന്ന് അവിടെ നിന്നു മനസ്സിലാക്കാവുന്നതാണ്.

42:6

  • وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍ ﴾٦﴿
  • അവനു പുറമെ (മറ്റുള്ളവരെ) കാര്യകർത്താക്കളാക്കുന്നവരാകട്ടെ, അവരെപ്പറ്റി അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാകുന്നു. (നബിയേ) നീ അവരെപ്പറ്റി (ബാധ്യത) ഏൽപിക്കപ്പെട്ടവനല്ലതാനും.
  • وَالَّذِينَ اتَّخَذُوا ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ مِن دُونِهِ അവനു പുറമെ أَوْلِيَاءَ കാര്യകർത്താക്കളെ, രക്ഷാധികാരികളെ اللَّـهُ حَفِيظٌ അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാണ് عَلَيْهِمْ അവരെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരുടെമേൽ بِوَكِيلٍ ഏൽപിക്കപ്പെട്ടവൻ (ഉത്തരവാദി, അധികാരപ്പെട്ടവൻ)

42:7

  • وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ ﴾٧﴿
  • അപ്രകാരം, അറബിഭാഷയിലുള്ള ഒരു ഖുർആൻ നാം നിനക്ക് ‘വഹ്‌യു’ [ബോധനം] നൽകിയിരിക്കുന്നു; ‘ഉമ്മുൽഖുറാ’യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ)യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീതു ചെയ്‌വാനും, (എല്ലാവരെയും) ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ – അതിൽ യാതൊരു സന്ദേഹവുമില്ല – താക്കീതു ചെയ്‌വാനും വേണ്ടി. (അന്ന്) ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും.
  • وَكَذَٰلِكَ അപ്രകാരം أَوْحَيْنَا إِلَيْكَ നിനക്കു നാം വഹ്‌യുതന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുർആൻ لِّتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍വേണ്ടി أُمَّ الْقُرَىٰ രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ) وَمَنْ حَوْلَهَا അതിന്റെ ചുറ്റുവശമുള്ളവരെയും وَتُنذِرَ നീ താക്കീതു ചെയ്‌വാനും يَوْمَ الْجَمْعِ ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ لَا رَيْبَ فِيهِ അതിൽ സന്ദേഹമേ ഇല്ല فَرِيقٌ ഒരു കക്ഷി, സംഘം, വിഭാഗം فِي الْجَنَّةِ സ്വർഗ്ഗത്തിലായിരിക്കും وَفَرِيقٌ ഒരു കക്ഷി فِي السَّعِيرِ ജ്വലിക്കുന്ന നരകത്തിലുമായിരിക്കും

أُمّ الْقُرَىٰ (ഉമ്മുൽഖുറാ) എന്നാൽ രാജ്യങ്ങളുടെ മാതാവു അഥവാ കേന്ദ്രം എന്നർത്ഥം, മക്കാരാജ്യമാണ് ഉദ്ദേശ്യം. ചരിത്രപരമായും, ഇസ്ലാമികമായും നോക്കുമ്പോൾ മക്കായുടെ പ്രാധാന്യവും, ആ രാജ്യത്തെ കേന്ദ്രമാക്കിക്കൊണ്ടു ഇതരരാജ്യങ്ങൾക്കുള്ളതും, ഉണ്ടായിരുന്നതുമായ ബന്ധവും പ്രസിദ്ധമാണ്. മക്കാപ്രദേശങ്ങളിലാണ് ആദ്യം ജനവാസം ഉണ്ടായിട്ടുള്ളതെന്നു ചില ചരിത്രകാരന്മാരുടെ പ്രസ്താവനകളും സ്മരണീയമാകുന്നു. മക്കായെ അഭിമുഖികരിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കൽ ഇങ്ങിനെ പറയുകയുണ്ടായി: “അല്ലാഹുവാണ (സത്യം!) നിശ്ചയമായും നീ, അല്ലാഹുവിന്റെ ഭൂമിയിൽവെച്ച് ഉത്തമമായതും, അല്ലാഹുവിലേക്കു ഏറ്റവും പ്രിയപ്പെട്ടതും തന്നെ. നിന്നിൽ നിന്നും ഞാൻ പുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ പുറത്തു പോകയില്ലായിരുന്നു” (തി; ജ; ന). മക്കക്കാരുടെ മർദ്ദനം നിമിത്തം തിരുമേനി മദീനായിലേക്കു ഹിജ്റ പോകേണ്ടിവന്നതിനെ ഉദ്ദേശിച്ചാണ് ‘ഞാൻ പുറത്താക്കപ്പെട്ടു’ എന്നു പറഞ്ഞത്.

ആദ്യവും, ഒന്നാമതുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യേണ്ടിയിരുന്നതു മക്കാനിവാസികളിലാണല്ലോ. അതിനു ശേഷമായിരുന്നു ചുറ്റുപാടുമുള്ള  മറ്റു രാജ്യക്കാരിലേക്കു പ്രബോധനം വികസിപ്പിക്കേണ്ടത്. ഈ സൂറത്തു മക്കീ കാലഘട്ടത്തിൽ അവതരിച്ചതുമാണ്. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജന്മദേശവും, രാജ്യങ്ങളുടെ കേന്ദ്രസ്ഥാനവുമായ മക്കായെ (അതിലെ നിവാസികളെ) താക്കീതു ചെയ്യുന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. وَمَنْ حَوْلَهَا (അതിന്റെ ചുറ്റുപാടുമുള്ളവരെയും) എന്നു പറഞ്ഞതിൽ മക്കാനിവാസികളല്ലാത്ത എല്ലാ ജനതയും ഉൾപ്പെടുന്നു. പക്ഷേ, കൂടുതൽ അടുത്ത പരിസരങ്ങളിലിലുള്ളവർക്കു ആദ്യമാദ്യവും, ദൂരപരിസരങ്ങളിലുള്ളവർക്കു ക്രമേണയായും പ്രബോധനം എത്തിക്കപ്പെടുമെന്നു മാത്രം.

يَوْمَ الْجَمْعِ (ഒരുമിച്ചുകൂട്ടുന്ന ദിവസം) എന്നു പറഞ്ഞതു ഖിയാമത്തു നാളാകുന്നു. ഈ ദിവസത്തെക്കുറിച്ചാണല്ലോ പ്രവാചകന്മാർക്കു പ്രധാനമായും താക്കീതു ചെയ്‍വാനുള്ളത്. മനുഷ്യരടക്കമുള്ള സൃഷ്ടികളെല്ലാം ഒരേ സദസ്സിൽ സമ്മേളിപ്പിക്കപ്പെടുന്നതും, ഒരു വിഭാഗം ആളുകൾ -സജ്ജനങ്ങൾ- സ്വർഗ്ഗീയസുഖം അനുഭവിക്കുന്ന ഭാഗ്യവാൻമാരും, മറ്റൊരു വിഭാഗം – ദുർജ്ജനങ്ങൾ – അതികഠിനമായ നരകശിക്ഷക്കു വിധേയരാകുന്ന ദുർഭാഗ്യവാന്മാരും ആയി വേർതിരിയുന്നതും അന്നാണല്ലോ.

42:8

  • وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةً وَٰحِدَةً وَلَٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّٰلِمُونَ مَا لَهُم مِّن وَلِىٍّ وَلَا نَصِيرٍ ﴾٨﴿
  • അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവരെ [മനുഷ്യരെ] അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷേ, അവൻ ഉദ്ദേശിക്കുന്നവരെ, അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നു. അക്രമികൾക്കാകട്ടെ, അവർക്ക് യാതൊരു രക്ഷാകർത്താവുമില്ല, സഹായകനുമില്ല.
  • وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ لَجَعَلَهُمْ അവരെ അവൻ ആക്കുമായിരുന്നു أُمَّةً وَاحِدَةً ഒരേ സമുദായം وَلَـٰكِن പക്ഷേ, എങ്കിലും يُدْخِلُ അവൻ പ്രവേശിപ്പിക്കുന്നു مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തിൽ وَالظَّالِمُونَ അക്രമികൾ مَا لَهُم അവർക്കില്ല مِّن وَلِيٍّ ഒരു രക്ഷകർത്താവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല

മനുഷ്യരെല്ലാം സന്മാർഗ്ഗികളായിക്കൊണ്ടുള്ള – അല്ലെങ്കിൽ ദുർമ്മാർഗ്ഗികളായിക്കൊണ്ടുള്ള-ഒരേ ഒരു സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അങ്ങിനെയല്ല അവൻ ഉദ്ദേശിച്ചിരിക്കുന്നത്. അവർ രണ്ടു തരക്കാരാവണം, അഥവാ അവന്റെ കൽപനാനിർദ്ദേശങ്ങൾക്കനുസരിച്ച് അവന്റെ കാരുണ്യത്തിനു വിധേയരാകുന്ന സന്മാർഗ്ഗികളും, അക്രമജീവിതം കൈകൊണ്ട് അവന്റെ ശിക്ഷക്കു പാത്രങ്ങളാകുന്ന ദുർമാർഗ്ഗികളും എന്നിങ്ങനെ രണ്ടു തരക്കാരായിരിക്കും എന്നത്രെ അവൻ നിശ്ചയിച്ചിരിക്കുന്നത്. 7ആം വചനത്തിൽ, ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി നരകത്തിലും (فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ) എന്നു പറഞ്ഞതും ഈ രണ്ടു വിഭാഗക്കാരെക്കുറിച്ചുതന്നെ. ഈ അടിസ്ഥാനത്തിലാണ് മനുഷ്യനു വിവേചനബുദ്ധിയും, ഇച്ഛാസ്വാതന്ത്ര്യവും, പ്രവാചകന്‍മാർ മുഖേനയുള്ള മാർഗ്ഗദർശനങ്ങളും നൽകപ്പെട്ടിരിക്കുന്നതും. لَجَعَلَهُمْ أُمَّةً وَٰحِدَةً (ഒരേ സമുദായം ആക്കുമായിരുന്നു) എന്നതിന്റെ സാരം, സൻമാർഗ്ഗത്തിന്റെ സമുദായം (أُمَّةً هِدَايَة) ആക്കുമായിരുന്നുവെന്നാണെന്നും, അതല്ല ദുർമാർഗ്ഗത്തിന്റെ സമുദായം (أُمَّةً ضَلَالَة) ആക്കുമായിരുന്നുവെന്നാണെന്നും- ഇങ്ങിനെ രണ്ടു പ്രകാരത്തിലും വ്യാഖ്യാതാക്കൾ പറഞ്ഞുകാണാം രണ്ടിനും ചില ന്യായങ്ങളും അവർ പറയാറുണ്ട്. ഈ രണ്ടഭിപ്രായവും തത്വത്തിൽ ഒന്നുതന്നെ എന്നു പറയാം. പക്ഷേ, ആദ്യത്തെ അഭിപ്രായമാണ് മറ്റുചില ആയത്തുകളോടു കൂടുതൽ യോജിച്ചുകാണുന്നത്. കാരണം, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരെയും സൻമാർഗ്ഗത്തിലാക്കുമായിരുന്നു എന്നു വ്യക്തമായിത്തന്നെ (സൂ: സജദഃ 13; ആൻആം 35, 149 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു പറഞ്ഞുകാണാം. ഏതായാലും, നിലവിലുള്ളതു, രണ്ടു വിഭാഗക്കാരായിട്ടാണെന്നു വ്യക്തമാണല്ലോ.

ഇവിടെ ‘ഒരേ സമുദായം’ (أُمَّةً وَاحِدَةً) എന്നു പറഞ്ഞതിന് ‘പക്ഷിമൃഗങ്ങളെപ്പോലെ ഒരേതരം ജീവിതരീതി കൈകൊണ്ടു ജീവിക്കുന്ന സമുദായം’ എന്നത്രെ ചില പുത്തൻ വ്യാഖ്യാനക്കാർ ഉദ്ദേശ്യമാക്കികാണുന്നത്. ഈ ആയത്തും, ഇതിന്റെ തൊട്ടുമുമ്പത്തെ ആയത്തും മാത്രം പരിശോധിച്ചാൽതന്നെ ഈ അർത്ഥകൽപന ശരിയല്ലെന്നും, നാം മുകളിൽ ചൂണ്ടിക്കാട്ടിയതാണ് വാസ്തവമെന്നും മനസ്സിലാക്കാം. കൂടാതെ സൂ: സജദഃയിലെ 13-ാം വചനം പോലെയുള്ള മറ്റുപല ആയത്തുകളിൽനിന്നും ഈ സംഗതി കൂടുതൽ വ്യക്തമാകുകയും ചെയ്യും. ചില സ്ഥാപിത താൽപര്യങ്ങളാണ് വാസ്തവത്തിൽ ഈ വ്യാഖ്യാനത്തിനു പിന്നിലുള്ളത്. അതിനെപ്പറ്റി ഈ സന്ദർഭത്തിൽ നാം സ്പർശിക്കുവാൻ മിനക്കെടുന്നില്ല.

പരായണം – Spotify

വിശദീകരണം- Spotify