സൂറ:ഫുസ്സിലത് : 40-48
- വെളിച്ചം റമദാന്‍ ഡേ-06- സൂറ: ഫുസ്സിലത് പാര്‍ട്ട് 06 – ആയത്ത് 40 മുതല്‍ 48 വരെ
- വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 40-48)-Ebook
41:40
- إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ ﴾٤٠﴿
- നമ്മുടെ ‘ആയത്തു’കളിൽ [ലക്ഷ്യദൃഷ്ടാന്തങ്ങളിൽ] വക്രത കാണിക്കുന്നവർ നമുക്കു (കാണ്‍മാൻ കഴിയാതെ) നിശ്ചയമായും മറഞ്ഞുപോകുന്നതല്ല. എന്നാൽ, നരകത്തിൽ ഇടപ്പെടുന്ന ഒരുവനോ ഉത്തമൻ, അതല്ല ഖിയാമത്തു നാളിൽ നിർഭയനായ നിലയിൽ വരുന്നവനോ?! (ഹേ വക്രൻമാരേ) നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക! നിശ്ചയമായും അവൻ [അല്ലാഹു] നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُلْحِدُونَ വക്രതകാണിക്കുന്ന, കുത്തിപ്പറയുന്ന, തെറ്റിക്കളയുന്ന فِي آيَاتِنَا നമ്മുടെ ആയത്തുകളിൽ لَا يَخْفَوْنَ അവർ മറഞ്ഞുപോകയില്ല, അജ്ഞാതമല്ല عَلَيْنَا നമ്മുടെ മേൽ, നമുക്കു أَفَمَنۡ അപ്പോൾ (എന്നാൽ) യാതൊരുവനോ يُلْقَى فِي النَّارِ നരകത്തിൽ ഇടപ്പെടുന്ന خَيْرٌ ഉത്തമം أَمۡ مَنۡ അതോ ഒരുവനോ يَأْتِي അവൻ വരും آمِنًا നിർഭയനായിക്കൊണ്ടു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളിൽ اعْمَلُوا നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക مَا شِئْتُمْ നിങ്ങൾ ഉദ്ദേശിച്ചതു إِنَّهُ بِمَا تَعْمَلُونَ നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ بَصِيرٌ കണ്ടറിയുന്നവനാണ്
41:41
- إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ﴾٤١﴿
- (ഈ ഖുർആനാകുന്ന) സന്ദേശം തങ്ങൾക്കുവന്നെത്തിയപ്പോൾ അതിൽ അവിശ്വസിച്ചിട്ടുള്ളവർ നിശ്ചയമായും…! [അവർ അങ്ങേഅറ്റം കഷ്ടനഷ്ടത്തിൽ തന്നെ!] അതാകട്ടെ, പ്രബലമായ (അഥവാ വീര്യപ്പെട്ട) ഒരു ഗ്രന്ഥം തന്നെയാകുന്നു;-
- إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവർ بِالذِّكۡرِ (ഈ) സന്ദേശത്തിൽ, പ്രമാണത്തിൽ لَمَّا جَاءَهُمۡ അതവർക്കു വന്നപ്പോൾ وَإِنَّهُ അതാകട്ടെ, നിശ്ചയമായും അതു لَكِتَابٌ ഒരു ഗ്രന്ഥം തന്നെ عَزِيزٌ വീര്യപ്പെട്ട, പ്രബലമായ
41:42
- لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ﴾٤٢﴿
- അതിന്റെ മുന്നിൽകൂടിയാകട്ടെ, അതിന്റെ പിന്നിൽകൂടിയാകട്ടെ, മിഥ്യയായുള്ളതു അതിൽ വന്നുചേരുന്നതല്ല, അഗാധജ്ഞനും, സ്തുത്യർഹനുമായുള്ള ഒരുവന്റെ [അല്ലാഹുവിന്റെ] അടുക്കൽനിന്നുള്ള അവതരണമാണ് (അത്).
- لاَ يَأۡتِيهِ അതിൽ വരികയില്ല الۡبَاطِلُ മിഥ്യ, നിരർത്ഥം (അനാവശ്യം) مِنۡ بَيۡنِ يَدَيۡهِ അതിന്റെ മുമ്പിൽക്കൂടി وَلَا مِنۡ خَلۡفِهِ അതിന്റെ പിമ്പിൽക്കൂടിയും ഇല്ല تَنۡزِيلٌ അവതരിപ്പിച്ചതാണ് مِنۡ حَكِيمٍ ഒരു അഗാധജ്ഞനിൽ (യുക്തിമാനിൽ) നിന്നു حَمِيدٍ സ്തുത്യാർഹനായ, സ്തുതിക്കപ്പെടുന്ന
ٱلَّذِينَ يُلۡحِدُونَ എന്ന വാക്കിനാണ് ‘വക്രത കാണിക്കുന്നവർ’ എന്നു നാം അർത്ഥം കൽപിച്ചത്. കുത്തിപ്പറയുക, മാറ്റിമറിക്കുക, വളച്ചുതിരിക്കുക, ദുർവ്യാഖ്യാനം നടത്തുക മുതലായ വിക്രിയകൾ മുഖേന നേരായ മാർഗ്ഗത്തിൽനിന്നു തെറ്റിപ്പോയവര്‍ എന്നാണതുകൊണ്ടു ഉദ്ദേശ്യം. അതുകൊണ്ടാണ് നിർമ്മതവാദികൾക്കും മതകാര്യങ്ങളില്‍ താന്തോന്നിത്തരം പറയുന്നവർക്കും ملحد (മുൽഹിദ്) എന്നു പറയുന്നത്. യുക്തിവാദങ്ങളും, ദുർന്യായങ്ങളും വഴി അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെയും, വേദവാക്യങ്ങളെയും വിമർശിച്ചു തള്ളുന്നവരും, ദുർവ്യാഖ്യാനംവഴി സത്യത്തെ അലങ്കോലപ്പെടുത്തി പ്രദർശിപ്പിക്കുന്നവരും അല്ലാഹു നൽകിയ ഈ കനത്ത താക്കീതുകൾക്കു പാത്രങ്ങളാകുന്നു. ആദ്യം അര്‍ത്ഥഗർഭമായ ഒരു താക്കീതു നൽകി. അതായതു, അവർ നമ്മുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞുപോകയില്ല എന്ന്. അവർ നരകത്തിൽ ഇടപ്പെടുമെന്നും ഖിയാമത്തുനാളിൽ അവർക്കു ഒരു രക്ഷയുമില്ല എന്നും തുടർന്നു ചൂണ്ടിക്കാട്ടി. ഇതുകൊണ്ടും അവസാനിപ്പിക്കാതെ, ‘ഹേ കൂട്ടരേ, നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചേക്കുവിൻ, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്’ (ٱعۡمَلُواْ مَا شِئۡتُمۡۖ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ) എന്നു ശക്തിയായ ഭാഷയിൽ നാലാമതു നേരിട്ടൊരു താക്കീതും! അല്ലാഹുവിന്റെ ആയത്തുകളിൽ വക്രത കാണിക്കുന്നവരെക്കുറിച്ച് അവന്നുള്ള വെറുപ്പിന്റെയും, അമർഷത്തിന്റെയും കാഠിന്യത്തെയാണ് ഇതെല്ലാം കാണിക്കുന്നത്.
41-ാം വചനത്തിന്റെ ആരംഭത്തിൽ, ഖുർആൻ തങ്ങൾക്കു വന്നുകിട്ടിയശേഷം അതിൽ വിശ്വസിക്കാതെ -നിഷേധിച്ചോ വക്രതകാണിച്ചോ – പുറം തള്ളിക്കളയുവർക്കു മൗനരൂപത്തിൽ – എന്നാൽ ആഴമേറിയതും അർത്ഥഗർഭവുമായ – മറ്റൊരു താക്കീതുകൂടി അടങ്ങുന്നു. ആ വാചകത്തിന്റെ ബാക്കിഭാഗം മുഴുമിക്കാതെ അല്ലാഹു വിട്ടുകളഞ്ഞിരിക്കുകയാണ്. ഓരോരുത്തനും അവന്റെ ബുദ്ധിയുടെയും ചിന്തയുടെയും തോതുപോലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻവേണ്ടിയാകുന്നു അത്. ഖുർആന്റെ വിഷയത്തിൽ ഇത്രയധികം ഊന്നിപ്പറയുവാനുള്ള കാരണവും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു:
1) അതു പ്രബലവും വീര്യപ്പെട്ടതുമായ ഒരു ഗ്രന്ഥമാണ്. (وَإِنَّهُۥ لَكِتَٰبٌ عَزِيزٌ) ലോകോത്തമമായ ശാശ്വതമൂല്യങ്ങൾ നിറഞ്ഞതും, മറ്റേതെങ്കിലും ഗ്രന്ഥത്തിനോ, എതിരാളികൾക്കോ വെല്ലാൻ കഴിയാത്തതുമാണത്.
2) ഏതെങ്കിലും മാർഗ്ഗേണ അതിൽ അന്യായമോ, അസത്യമോ നിരർത്ഥമോ ആയ മിഥ്യകളൊന്നും കടന്നുകൂടുന്നതല്ല. (لَّا يَأۡتِيهِ ٱلۡبَٰطِلُ الخ) സത്യസമ്പൂർണ്ണവും കാര്യമാത്ര പ്രസക്തവും കാലദേശവ്യത്യാസമില്ലാതെ സർവ്വത്ര പ്രായോഗികവും, ഇരുലോക നന്മകളുടെ ഉറവിടവുമാണത്. അതെ, ആ ഗ്രന്ഥം അപ്രകാരമല്ലാതെ ആയിരിക്കുവാൻ നിവർത്തിയില്ല താനും. കാരണം:
3) അഗാധജ്ഞനും, അങ്ങേഅറ്റത്തെ തത്വജ്ഞാനിയും, പരമയുക്തിമാനും ആയ – പ്രശംസനീയമായ സർവ്വ കാര്യങ്ങളുടെയും, എല്ലാവിധ അനുഗ്രഹങ്ങളുടെയും കേന്ദ്രവും സകലവിധ പുകഴ്ചക്കും സ്തുതിക്കും അവകാശപ്പെട്ടവനുമായ – അല്ലാഹുവാണു അതിനെ അവതരിപ്പിച്ചിരിക്കുന്നത്. (تَنزِيلٌ مِّنۡ حَكِيمٍ حَمِيدٍ).
41:43
- مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ ﴾٤٣﴿
- (നബിയേ) നിന്റെ മുമ്പുണ്ടായിരുന്ന ‘റസൂലു’ കളോടു പറയപ്പെടുകയുണ്ടായിട്ടുള്ളതല്ലാതെ (പുതുതായൊന്നും) നിന്നോടു പറയപ്പെടുന്നില്ല. നിശ്ചയമായും നിന്റെ റബ്ബ് പാപമോചനം നൽകുന്നവനും, വേദനയേറിയ ശിക്ഷ നൽകുന്നവനും ആകുന്നു.
- مَا يُقاَلُ പറയപ്പെടുന്നില്ല, പറയപ്പെടുകയില്ല لَكَ നിന്നോടു إِلَّا مَا യാതൊന്നല്ലാതെ قَدۡ قِيلَ പറയപ്പെട്ടിട്ടുളള لِلرُّسُلِ റസൂലുകളോടു مِنۡ قَبۡلِكَ നിന്റെ മുമ്പുളള إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَذُو مَغۡفِرَۃٍ പാപമോചനം ഉളള (നൽകുന്ന)വനാണ് وَذُو عِقَابٍ ശിക്ഷയുളള (ശിക്ഷിക്കുന്ന)വനുമാണ് أَلِيمٍ വേദനയേറിയ
മുൻകഴിഞ്ഞുപോയ, ദൈവദൂതൻമാരോട് അവരുടെ എതിരാളികളായ നിഷേധികൾ പറഞ്ഞിരുന്ന അതേ തരത്തിലുള്ള ആക്ഷേപങ്ങളും, ദുർന്യായങ്ങളും തന്നെയാണ് ഇക്കൂട്ടർ തന്നോടും പറയുന്നത്. ഇതൊന്നും പുത്തരിയല്ല, അതുകൊണ്ടു ക്ഷമിച്ചുകൊള്ളുക. അല്ലാഹു പൊറുക്കേണ്ടവർക്കു പൊറുത്തുകൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തുകൊളളും എന്നു സാരം. ഒരുപക്ഷേ, ആയത്തിന്റെ താൽപര്യം ഇപ്രകാരവും വരാം: മുമ്പുള്ള പ്രവാചകൻമാരോടു പറയപ്പെട്ട കാര്യങ്ങൾ – അല്ലാഹുവിങ്കൽനിന്നു അവർക്കു നൽകപ്പെട്ടിരുന്ന സന്ദേശങ്ങളും നിയമനിർദ്ദേശങ്ങളും – തന്നെയാണ് നിന്നോടും പറയപ്പെടുന്നത്. എന്നിരിക്കെ, നീയൊരു നവീനവാദിയാണെന്നും, മുമ്പില്ലാത്ത ഒരു പുത്തൻ മതത്തിന്റെ സ്ഥാപകനാണെന്നുമുള്ള ഇവരുടെ ആരോപണങ്ങൾ നിരർത്ഥമാണ്. الله أعلم
സത്യദീക്ഷയോ, വീണ്ടുവിചാരമോ, ഇല്ലാത്തവർ സത്യത്തിനുനേരെ നടത്തുന്ന ആരോപണങ്ങൾ കഴമ്പുള്ളതായിക്കൊള്ളണമെന്നില്ലല്ലോ. ഇത്തരത്തിൽപ്പെട്ട ഒരാക്ഷേപമാണു, എന്തുകൊണ്ട് ക്വുർആൻ അറബിയല്ലാത്ത ഭാഷയിൽ ആയില്ല എന്ന ആക്ഷേപം. അറബിയായ മുഹമ്മദു ഒരു അറബിഗ്രന്ഥം കൊണ്ടുവരുന്നതു സ്വാഭാവികമാണ്. അതിലൊരു പ്രത്യേകതയുമില്ല. അല്ലാഹുവിങ്കൽനിന്നുള്ളതാണെങ്കിൽ എന്തുകൊണ്ട് അതു മറെറാരു ഭാഷയിൽ ആയിക്കൂടാ? അല്ലാഹുവിനു എല്ലാ ഭാഷയും ഒരുപോലെയല്ലേ? ഇതാണവരുടെ ന്യായം. അടുത്ത ആയത്തിൽ ഇതിനു അല്ലാഹു മറുപടി പറയുന്നു:-
41:44
- وَلَوْ جَعَلْنَٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ ﴾٤٤﴿
- നാം അതിനെ അറബിയല്ലാത്ത ‘ഖുർആൻ’ ആക്കിയിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും: ‘അതിന്റെ ‘ആയത്തു’കൾ [സൂക്തങ്ങൾ] വിശദീകരിച്ചു പറയപ്പെടാത്തതെന്താണ്?! (ഗ്രന്ഥം) ഒരു അനറബിയും, (പ്രവാചകൻ) ഒരു അറബിയുമോ [ഇതെന്തു കഥ]?!’ പറയുക: ‘വിശ്വസിച്ചവർക്ക് അത് മാർഗ്ഗദർശനവും (രോഗ) ശമനവും (അഥവാ ആശ്വാസപ്രദവും) ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരു (തരം) കട്ടിയുണ്ട്; അത് അവർക്ക് ഒരു (തരം) അന്ധതയുമാണ്.’ അക്കൂട്ടർ ഒരു വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുകയാണ്.
- وَلَوۡ جَعَلۡناَهُ നാമതിനെ ആക്കിയിരുന്നെങ്കിൽ قُرۡآنًا أَعۡجَمِيًّا അനറബി (അറബിയല്ലാത്ത) ഭാഷയിലുളള ഖുർആൻ لَقَالُوا അവർക്ക് പറയുകതന്നെ ചെയ്യും لَوۡلَا فُصِّلَتۡ എന്തുകൊണ്ടു വിശദീകരിക്കപ്പെട്ടില്ല, വിവരിച്ചു പറയപ്പെടാത്തതെന്താണ് آيَاتُهُ അതിലെ ആയത്തു (സൂക്തം)കൾ أَأَعۡجَمِيٌّ ഒരു അനറബിയോ وَعَرَبِيٌ ഒരു അറബിയുമോ قُلۡ هُوَ പറയുക അതു لِلَّذِينَ آمَنُوا വിശ്വസിച്ചവർക്കു هُدًی മാർഗ്ഗദർശനമാണ് وَشِفاءٌ ശമനവും, ആശ്വാസവും وَالَّذِينَ لَا يُؤۡمِنُونَ വിശ്വാസിക്കാത്തവരാകട്ടെ في آذَانِهِمۡ അവരുടെ കാതുകളിലുണ്ട് وَقۡرٌ ഒരു കട്ടി, ഭാരം وَهُوَ അതു عَلَيۡهِمۡ അവരിൽ, അവർക്കു عَمًی ഒരു അന്ധതയുമാണ് أُولَئِكَ അക്കൂട്ടർ يُنَادَونَ അവർ വിളിക്കപ്പെടുന്നു مِنۡ مَكَانٍ ഒരു സ്ഥലത്തുനിന്നു بَعِيد ദൂരമായ
വളരെ ദൂരത്തുനിന്നു ഒരാളെ വിളിച്ചാൽ അയാൾക്കതു കേൾക്കുവാനോ അതിനു ഉത്തരം നൽകുവാനോ സാധിക്കുകയില്ലല്ലോ. ഉപദേശിക്കുന്ന കാര്യം മനസ്സിലാക്കാതെയും ഗൗനിക്കാതെയും ഇരിക്കുന്നവരെ അങ്ങിനെയുള്ളവരോടു സാദൃശ്യപ്പെടുത്തിക്കൊണ്ട് ഉപമാരൂപത്തിൽ പറയപ്പെടുന്നതാണ് ‘അവർ വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുന്നു’ എന്ന വാക്യം.
ക്വുർആൻ എന്തുകൊണ്ട് അറബിയല്ലാത്ത മറ്റൊരു ഭാഷയിൽ ആയില്ല എന്നതിനുള്ള മറുപടിയാണ് ഈ വചനത്തിലുള്ളത്. അറബികളായ ഞങ്ങൾക്കു മറ്റൊരു ഭാഷയിൽ ഉപദേശം നൽകിയിട്ടെന്താണു ഫലം?! ഞങ്ങളുടെ ഭാഷയിൽ എന്തുകൊണ്ടു ഞങ്ങൾക്കു കാര്യങ്ങൾ വിവരിച്ചു തന്നുകൂടാ?! ഇതിന്റെ പ്രബോധകനാണെങ്കിൽ അറബി. അദ്ദേഹം അറബികളായ ഞങ്ങളുമായിട്ടാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതും, എന്നിരിക്കെ, അദ്ദേഹത്തിനു നൽകപ്പെടുന്ന വേദഗ്രന്ഥം ഒരന്യ ഭാഷയിലാകുന്നതു ഒരിക്കലും ന്യായമല്ലല്ലോ എന്നൊക്കെ അവർ വാദിച്ചേക്കും. ഈ വാദം ന്യായവുമാണ്. അതുകൊണ്ടാണ് ഖുർആൻ അറബിഭാഷയിലാക്കിയതു എന്നു സാരം.
ഖുർആനിലേക്കു മനസ്സുകൊടുത്തു ശ്രദ്ധിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കു അതു മാർഗ്ഗദർശനം നൽകുന്നു. മാനസികമായ രോഗങ്ങൾക്കു -അഥവാ സംശയങ്ങൾക്കും, വിശ്വാസവൈകല്യങ്ങൾക്കും- അതു ശമനവും നൽകുന്നു. നേരെമറിച്ച് അതിലേക്കു ശ്രദ്ധകൊടുക്കാതെ നിഷേധിക്കുന്നവർക്കു അതുമൂലം യാതൊരു നന്മയും സിദ്ധിക്കുന്നില്ലെന്നു മാത്രമല്ല, നിഷേധം നിമിത്തം അവർ നഷ്ടം മാത്രം സമ്പാദിക്കുകയും ചെയ്യും. وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا – بنوا اسرائيل (അക്രമികൾക്കു അതു -ഖുർആൻ- നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല.) ക്വുർആന്റെ നേരെ അവർ കേവലം ബധിരൻമാരും, അന്ധൻമാരുമായി ചമഞ്ഞതാണു അതിനു കാരണം. അല്ലാതെ ക്വുർആന്റെ പോരായ്മയോ കൊള്ളരുതായ്മയോ അല്ല. അവർ കണ്ണ് തുറന്നുനോക്കുകയോ, ചെവികൊടുത്തു കേൾക്കുകയോ ചെയ്തിരുന്നെങ്കിൽ ഈ ക്വുർആൻ അവർക്കും മാർഗ്ഗദർശനവും ശമനവും നൽകുമായിരുന്നു.
ഇവിടെയും, സൂ: ഇസ്റാഉ് 82ലും ക്വുർആനെപ്പറ്റി شِفَآءٌ (രോഗശമനം – അല്ലെങ്കിൽ ആശ്വാസം) എന്നു പറഞ്ഞതിന്റെ താൽപര്യം ശാരീരികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലല്ല. സംശയം, വിശ്വാസവൈകല്യം മുതലായ മാനസികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലാകുന്നു. സൂ: യൂനുസ് 57ൽ وَشِفَآءٌ لِّمَا فِى ٱلصُّدُورِ (ഹൃദയങ്ങളിൽ ഉള്ളതിനു ശമനവും) എന്നു അല്ലാഹു അതു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു.
വിഭാഗം – 6
41:45
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾٤٥﴿
- മൂസാക്ക് നാം വേദഗ്രന്ഥം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റബ്ബിന്റെ പക്കൽനിന്ന് ഒരു വാക്കു മുമ്പുണ്ടായിട്ടില്ലാതിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയമായും അവർ, ഇതിനെ [ഖുർആനെ] ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ.
- وَلَقَدۡ آتَيۡنَا നാം കൊടുത്തിട്ടുണ്ടു مُوسَی الۡكِتَابَ മൂസാക്കു ഗ്രന്ഥം فَاخۡتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) فِيهِ അതിൽ وَلَوۡلاَ كَلِمَۃٌ ഒരു വാക്കു ഇല്ലായിരുന്നുവെങ്കിൽ سَبَقَتْ മുൻകഴിഞ്ഞ, മുമ്പുണ്ടായി مِنۡ رَبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നു لَقُضِيَ വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു بَيۡنَهُمۡ അവർക്കിടയിൽ وَإِنَّهُمۡ നിശ്ചയമായും അവർ لَفِي شَكٍّ സംശയത്തിൽ തന്നെയാണു مِنۡهُ അതിനെപ്പറ്റി مُرِيبٍ സന്ദേഹകരമായ, ആശങ്കാജനകമായ
41:46
- مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ ﴾٤٦﴿
- ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു (അതിന്റെ ഗുണം). ആരെങ്കിലും തിൻമചെയ്താലും തന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ല തന്നെ.
- مَنۡ عَمِلَ ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحاً നല്ലതു (സൽക്കർമ്മം) فَلِنَفۡسِهِ എന്നാൽ (അതു) തനിക്കു (തന്റെ ദേഹത്തിനു) തന്നെ وَمَنۡ أَسَاءَ ആരെങ്കിലും തിന്മ ചെയ്താൽ فَعَلَيۡهَا തന്റെ (അതിന്റെ) മേൽ തന്നെ وَمَا رَبُّكَ നിന്റെ റബ്ബ് അല്ല بِظَلاَّمٍ അക്രമകാരി لِلۡعَبِيدِ അടിമകളോടു
മുൻപുണ്ടായിട്ടുള്ള വാക്ക് (كَلِمَةٌ سَبَقَتْ) എന്നു പറഞ്ഞതു, ഐഹികജീവിതത്തിൽ വെച്ചു ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ ശിക്ഷ പരലോകത്തുവെച്ചാണ് നൽകുക എന്ന നിശ്ചയത്തെ ഉദ്ദേശിച്ചാകുന്നു. ഈ വചനങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നൽകുന്നതും, അതേസമയത്തു അവിശ്വാസികൾക്കു താക്കീതു ഉൾക്കൊള്ളുന്നതുമാകുന്നു.
ജുസ്ഉ് – 25
41:47
- ۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٍ ﴾٤٧﴿
- അവങ്കലേക്കാണ് അന്ത്യസമയത്തിന്റെ [ലോകാവസാനഘട്ടത്തിന്റെ] അറിവ് മടക്കപ്പെടുന്നത്. ഏതു ഫലങ്ങളുംതന്നെ, അവയുടെ (കുലകളിലുള്ള) പോളകളിൽനിന്നു പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല; പ്രസവിക്കുന്നുമില്ല; അവന്റെ അറിവോടുകൂടിയല്ലാതെ! ‘എന്റെ പങ്കുകാർ എവിടെ?!’ എന്നു അവൻ അവരെ വിളി (ച്ചു ചോദി) ക്കുന്ന ദിവസം, അവൻ പറയും: ‘ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, ഞങ്ങളിൽ (അതിനു) സാക്ഷ്യം വഹിക്കുന്ന ഒരാളുമില്ലെന്നു!’
- إِلَيْهِ يُرَدُّ അവങ്കലേക്കത്രെ മടക്കപ്പെടുക عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَمَا تَخْرُجُ പുറപ്പെടുന്നില്ല, പുറത്തുവരികയില്ല مِنۡ ثَمَرَاتٍ ഫലങ്ങളിൽനിന്നു (യാതൊന്നും) مِنْ أَكْمَامِهَا അവയുടെ പാള (പോള, പൊതുമ്പു) കളിൽനിന്നു وَمَا تَحْمِلُ ഗർഭം ധരിക്കുന്നുമില്ല مِنْ أُنۡثَى ഒരു സ്ത്രീയും وَلَا تَضَعُ അവൾ പ്രസവിക്കുന്നുമില്ല إِلَّا بِعِلْمِهِ അവന്റെ അറിവോടെയല്ലാതെ وَيَوْمَ يُنَادِيهِمْ അവൻ അവരെ വിളിക്കുന്ന (വിളിച്ചു ചോദിക്കുന്ന) ദിവസം أَيْنَ شُرَكَائِي എന്റെ പങ്കുകാർ എവിടെ قَالُوا അവർ പറയും آذَنَّاكَ ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, അറിയിപ്പു നൽകുന്നു مَا مِنَّا ഞങ്ങളില്‍നിന്ന് (ആരും) ഇല്ല مِنۡ شَهِيدٍ സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
41:48
- وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ ﴾٤٨﴿
- അവർ മുമ്പു വിളിച്ചു (പ്രാർത്ഥിച്ചു) വന്നിരുന്നവ അവരിൽനിന്നു തെറ്റി (മറഞ്ഞു) പോകയും ചെയ്യും. ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്കു ഇല്ലെന്നു അവർക്കു വിചാരം [ഉറപ്പു] വരുകയും ചെയ്യും.
- وَضَلَّ പിഴച്ചു (തെറ്റി, മറഞ്ഞു) പോകയും ചെയ്യും عَنْهُمۡ അവരെ വിട്ടു مَا كَانُوا അവരായിരുന്നതു يَدْعُونَ അവർ വിളിക്കുക, പ്രാർത്ഥിക്കുക مِنۡ قَبْلُ മുമ്പു وَظَنُّوا അവർക്കു വിചാരമുണ്ടാകുക (അവർ ധരിക്കുക, ഉറപ്പിക്കുക)യും ചെയ്യും مَا لَهُمۡ അവർക്കില്ല എന്നു مِنۡ مَحِيصٍ ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള) ഒരു സ്ഥലവും
ലോകാവസാന സമയമാകുന്ന ആ അന്ത്യനിമിഷത്തെപ്പറ്റി അല്ലാഹുവിനു മാത്രമേ അറിഞ്ഞുകൂടൂ. അതിനെപ്പറ്റി ആരോടു ചോദിച്ചാലും, അതു അല്ലാഹുവിനറിയാമെന്നു പറഞ്ഞ് അല്ലാഹുവിങ്കലേക്കു മടക്കുവാനേ സാധിക്കുകയുള്ളു. മനുഷ്യരിൽനിന്നോ, മലക്കുകളിൽനിന്നോ ഉള്ള ദൈവദൂതന്മാർക്കുപോലും അതറിയുകയില്ല. മനുഷ്യരിൽവെച്ച് ഏറ്റവും ഉന്നതനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു, മലക്കുകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ (عليه والسلام) അതിനെപ്പറ്റി ചോദിച്ചപ്പോൾ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊടുത്ത മറുപടി
مَا الْمَسْؤُولُ عَنْهَا بِأَعْلَمَ بِهَا مِنَ السَّائِلِ (അതിനെക്കുറിച്ചു ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനേക്കാൾ അറിയുന്നവനല്ല) എന്നാണല്ലോ. (*)
(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നവിധം സ്വഹാബികൾക്കു മനസ്സിലാക്കി കൊടുപ്പാനായി ജിബ്‌രീൽ (عليه والسلام) മനുഷ്യരൂപത്തിൽ വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പല ചോദ്യോത്തരങ്ങൾ നടത്തിയ സംഭവം വിവരിക്കുന്നതും, ഇമാം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധ ഹദീഥിലെ ഒരു വാചകമാണിത്.
ലോകത്തു നടക്കുന്ന സകല കാര്യങ്ങളും ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, സൂക്ഷ്‌മമായും, കൃത്യമായും, അല്ലാഹു അറിയുന്നു. സംഭവിക്കുമ്പോൾ മാത്രമല്ല, അതിനു മുമ്പുതന്നെ അവനറിയാം. ചില ആളുകൾ – ഇവരിൽ മുസ്‍ലിം സമുദായത്തിലുള്ള ചില വിഡ്ഢികളെയും കാണാം – അല്ലാഹുവിന്റെ അറിവ് കേവലം മൊത്തക്കണക്കിലാണെന്നും, ഓരോ കാര്യത്തെയും സംബന്ധിച്ച വിശദവിവരം അവനില്ലെന്നും ജൽപിക്കാറുണ്ട്. വാസ്തവത്തിൽ അവരുടെ കുടുസ്സായ ചിന്താഗതിയും, അല്ലാഹുവിന്റെ മഹൽഗുണങ്ങളുടെ പരിപൂർണ്ണതയെക്കുറിച്ചുള്ള അജ്ഞതയുമാണതിനു കാരണം. 47-ാം വചനത്തിൽ കാണുന്ന മൂന്നു ഉദാഹരണങ്ങളിൽനിന്നു നിഷ്പക്ഷബുദ്ധികൾക്കു ഈ വാസ്തവം കണ്ടെത്താവുന്നതാണ്. ഇതുമാത്രമല്ല, ഇതുപോലെയും, ഇതിനെക്കാൾ വ്യക്തമായും ഖുർആൻ പലേടത്തും ഈ വാസ്തവം തുറന്നു പ്രസ്താവിച്ചിട്ടുള്ളതാണ്. ഇവിടെ അതിനെപ്പറ്റി കൂടുതൽ വിവരിക്കുന്നില്ല. ഉദാഹരണമായി, സൂറ: സബഉ്: 3, 4; ഫാത്വിർ: 11; അൻആം: 59 മുതലായവ നോക്കുക.
അല്ലാഹുവിന്റെ അധികാരവകാശങ്ങളിലും, ഗുണഗണങ്ങളിലും, സമത്വം കൽപിച്ചുകൊണ്ടു പരദൈവങ്ങളെ സ്വീകരിച്ചുവന്നിരുന്ന മുശ്‌രിക്കുകളെ ആക്ഷേപിച്ചും, പരിഹസിച്ചും കൊണ്ടു മഹ്ശറിൽവെച്ച് അല്ലാഹു ചോദിക്കുന്ന ചോദ്യവും, അവരുടെ മറുപടിയുമാണ് 47-ാം വചനത്തിൽ കാണുന്നത്. ആ മറുപടിയുടെ താൽപര്യം രണ്ടുമൂന്നു പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്:
1) ഞങ്ങൾ മുമ്പ് അബദ്ധത്തിൽ അവരെ പങ്കുകാരാക്കി വെച്ചിരുന്നെങ്കിലും, ഇപ്പോഴതിൽനിന്നു ഞങ്ങൾ ഒഴിഞ്ഞുമാറിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ അതിനു സാക്ഷ്യം നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണത്.
2) ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ല, അവർ നിന്റെ പങ്കുകാരാണെന്നു ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുമില്ല എന്നുള്ള വ്യാജപ്രസ്താവനയാണത്.
3) അവർ എവിടെപ്പോയെന്നു ഞങ്ങൾക്കറിഞ്ഞു കൂടാ. ഞങ്ങളാരുംതന്നെ അവരെ കാണുന്നില്ല എന്നു അറിയിക്കുകയാണ്. ഒടുവിലത്തെ അഭിപ്രായമാനുസരിച്ചു شَهِيد എന്ന വാക്കിനു ‘കാണുന്നവൻ’ എന്നായിരിക്കും അർത്ഥം.
