വെളിച്ചം റമദാൻ 2025 –ഡേ- 05 (മാർച്ച് 06)

സൂറ:ഫുസ്സിലത് : 33-39



  • വെളിച്ചം റമദാന്‍ ഡേ-05- സൂറ: ഫുസ്സിലത് പാര്‍ട്ട് 05 – ആയത്ത് 33 മുതല്‍ 39 വരെ
    • വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


  1. സൂറ:ഫുസ്സിലത് : 33-39
    1. സൂറ; ഫുസ്‌-സ്വിലത്ത്‌ ( സൂറത്ത്‌ ഹാമീം സജദഃ : 33-39)-Ebook
    2. വിഭാഗം – 5
      1. പരായണം – Spotify
      2. വിശദീകരണം- Spotify
      3. പരായണം-Youtube link
      4. വിശദീകരണം – Youtube Link
സൂറ; ഫുസ്‌-സ്വിലത്ത്‌ ( സൂറത്ത്‌ ഹാമീം സജദഃ : 33-39)-Ebook
വിഭാഗം – 5

41:33

  • وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ ﴾٣٣﴿
  • അല്ലാഹുവിലേക്കു ക്ഷണിക്കുകയും, സൽക്കർമ്മം പ്രവർത്തിക്കുകയും, നിശ്ചയമായും ഞാൻ ‘മുസ്‌ലിം’ കളിൽപെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാൾ നല്ല വാക്കു പറയുന്നവൻ ആരാണുള്ളത്?! [ആരുമില്ലതന്നെ.]
  • وَمَنْ ആരാണ് أَحْسَنُ അധികം നല്ലവൻ قَوْلًا വാക്കു, വാക്കിൽ مِمَّنۡ دَعَا വിളിച്ച (ക്ഷണിച്ച) വനെക്കാൾ إِلَى اللَّـهِ അല്ലാഹുവിലേക്ക് وَعَمِلَ صَالِحًا സൽക്കർമ്മം (നല്ലതു) പ്രവർത്തിക്കുകയും ചെയ്ത وَقَالَ പറയുകയും ചെയ്തു إِنَّنِي നിശ്ചയമായും ഞാൻ مِنَ الْمُسْلِمِينَ മുസ്‌ലിംകളിൽപെട്ട(വനാണ്)

മനുഷ്യർ പലതും പറയുന്നു, പ്രഖ്യാപിക്കുന്നു, പ്രചാരവേല ചെയ്യുന്നു, പലതിലേക്കും ക്ഷണിക്കുന്നു. ഇവരിൽവെച്ച് ഏറ്റവും നല്ല വക്താവു ഏതാണ്? മൂന്നു കാര്യങ്ങൾ ആരിൽ സമ്മേളിച്ചിട്ടുണ്ടോ അവരാണ് അതെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

1) അല്ലാഹുവിലേക്കു ക്ഷണിക്കുക. അതായതു തൗഹീദിലേക്കും, ഇസ്‌ലാമിലേക്കും ക്ഷണിക്കുകയും, അതിനുവേണ്ടി ഉപദേശവും പ്രചാരവും നടത്തുകയും ചെയ്യുക.

2) സൽകർമ്മം ചെയ്യുക. അന്യരെ ക്ഷണിക്കുകയും, ഉപദേശിക്കുകയും ചെയുന്നവൻ നിഷ്കളങ്കനും, മാതൃകായോഗ്യനുമായിരിക്കേണ്ടതാണല്ലോ. അതു കൊണ്ട് അവൻ സ്വന്തം നിലക്കും, മറ്റുളവരുടെ ഉപദേശകനെന്ന നിലക്കും സദ്‌വൃത്തനായിത്തീരേണ്ടതുണ്ട്. അല്ലാത്തപക്ഷം അവൻ വഞ്ചകനും, കപടനുമായിരിക്കും.

3) താനൊരു മുസ്ലിമാണ് – അഥവാ അല്ലഹുവിന്റെ വിധി വിലക്കുകളനുസരിച്ചു ജീവിക്കുന്നവനാണ് – എന്നു പറയുക. അതെ, പരസ്യമായും, ധൈര്യസമേതവും അതു തുറന്നു പ്രഖ്യാപിക്കുകയും, അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക. അതവന്റെ വിശ്വാസദാർഢ്യത്തെയും, കർമ്മധീരതയെയും, സ്ഥിരചിത്തതയെയും കുറിക്കുന്നു.

ഒരാൾക്കു നല്ല വിശ്വാസവും, ഉൽകൃഷ്ടമായ ആദർശവും ഉണ്ടായാൽ മാത്രം പോരാ, അവനതു പ്രകാരം ആചരിച്ചാലും പോരാ, അതു പ്രഖ്യാപിക്കുകയും, അതിലേക്കു മറ്റുള്ളവരെ ക്ഷണിക്കുകയും കൂടി വേണ്ടതുണ്ടെന്നു ഈ വചനത്തിൽനിന്നു മനസ്സിലാക്കാം. ഈ മൂന്നു ഗുണങ്ങളും സമ്മേളിച്ച വ്യക്തികൾ ഇന്നു മുസ്‌ലിം സമുദായത്തിൽ വളരെ വിരളമാണെന്നു അത്യധികം വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായത്തിനു ഇന്നുള്ള അധഃപതനത്തിന്റെ കാരണവും ഇതൊന്നു മാത്രമാണെന്നു പറയാം. താനൊരു മുസ്‌ലിമാണെന്നു ധൈര്യത്തോടും അഭിമാനത്തോടുംകൂടി ഏതു രംഗങ്ങളിലും തുറന്നു പ്രഖ്യാപിക്കുന്നതു പോകട്ടെ, തനൊരു മുസ്‌ലിമാണെന്ന വസ്തുത മറ്റുള്ളവർ അറിയുന്നതുപോലും, ലജ്ജയോ, ഭീരുത്വമോ ആയിത്തീർന്നിട്ടുള്ള ധാരാളം മുസ്‌ലിം നാമധാരികളെ ഇന്നു കാണാവുന്നതാണ്. ഇതുനിമിത്തം, തങ്ങളുടെ പേരും വേഷവും ഇസ്‌ലാമീകമല്ലെന്നു തോന്നിക്കുന്ന ഏതെങ്കിലും വികൃതരൂപം സ്വീകരിക്കുവാനും ചിലർ തയ്യാറാകുന്നു. ഇത്തരക്കാർ, തങ്ങൾ മുസ്ലിങ്ങളല്ലെന്നു തുറന്നുപറയുന്നതായിരിക്കും വാസ്തവത്തിൽ അവർക്കും മുസ്ലിംകള്‍ക്കും  ഗുണം. പാരമ്പര്യമായി ഇസ്ലാമിക നാമത്തിൽ അറിയപ്പെട്ടുവെന്നല്ലാതെ, ഇസ്ലാമിനെകുറിച്ചുള്ള അറിവോ, ബോധമോ തൊട്ടുതീണ്ടിയിട്ടില്ലെന്നുള്ളതാണ് ഇതിനെല്ലാം യഥാർത്ഥ കാരണം. പോരാത്തത്‌ – മറ്റേതെങ്കിലും പേരിൽ ജാതിവ്യത്യാസം അംഗീകരിക്കപ്പെടാമെങ്കിലും – മതത്തിന്റെ പേരിൽ ജാതിവ്യതാസം കണക്കാക്കുന്നതു ഇന്നത്തെ ആധുനിക പരിഷ്കാരത്തിനു വിരുദ്ധവുമാണല്ലോ. അല്ലാഹുവിൽ ശരണം!

41:34

  • وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴾٣٤﴿
  • നന്മയും തിന്മയും സമമാകുകയില്ല തന്നെ. കൂടുതൽ നല്ലതേതോ അതുകൊണ്ടു നീ (തിന്മയെ) തടുത്തുകൊള്ളുക. എന്നാൽ, നിന്റെയും യാതൊരുവന്റെയും ഇടയിൽ വല്ല ശത്രുതയുമുണ്ടോ അവൻ, ഒരു ഉറ്റബന്ധുവെന്ന പോലെ ആയിരിക്കുന്നതാണ്.
  • وَلَا تَسْتَوِي സമമാവുകയില്ല الْحَسَنَةُ നന്മ وَلَا السَّيِّئَةُ തിന്മയും ഇല്ല ادْفَعْ നീ തടുക്കുക ,തട്ടുക بِالَّتِي യാതൊന്നുകൊണ്ടു هِيَ أَحْسَنُ അതു കൂടുതൽ നല്ലതാണ് فَإِذَا എന്നാലപ്പോൾ الَّذِي യാതൊരുവൻ بَيْنَكَ وَبَيْنَهُ നിന്റെയും അവന്റെയും ഇടയിലുണ്ടു عَدَاوَةٌ വല്ല ശത്രുതയും كَأَنَّهُ وَلِيٌّ അവനൊരു ബന്ധുവെന്നപോലെയിരിക്കും حَمِيمٌ ചൂടുപിടിച്ച (ഉറ്റ, അടുത്ത)

41:35

  • وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴾٣٥﴿
  • ക്ഷമ (അഥവാ സഹനം) കൈക്കൊണ്ടവർക്കല്ലാതെ ഇതു [ഇക്കാര്യം] എത്തപ്പെടുകയില്ല; വമ്പിച്ച ഭാഗ്യവാനുമല്ലാതെ ഇതു എത്തപ്പെടുന്നതല്ല.
  • وَمَا يُلَقَّاهَا അതു കണ്ടെത്തിക്കപ്പെടുകയില്ല (എത്തപ്പെടുക – ലഭിക്കുക – യില്ല) إِلَا ഒഴികെ الَّذِينَ صَبَرُوا ക്ഷമിച്ചവർ, സഹിച്ചവർ وَمَا يُلَقَّاهَا അതു കണ്ടെത്തപ്പെടുന്ന (ലഭിക്കുന്ന) തുമല്ല إِلَّا ذُو حَظٍّ ഭാഗ്യമുള്ളവനല്ലാതെ عَظِيمٍ വമ്പിച്ച, മഹത്തായ

വളരെ മഹത്തായ ഒരു തത്വമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. ‘നന്മയും തിന്മയും സമമാവുകയില്ല’ (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ) എന്നതാണ് ആ തത്വത്തിന്റെ അടിത്തറ. നന്മക്കു അതിന്റേതായ നല്ല ഗുണങ്ങളും, തിന്മക്കു അതിന്റേതായ ചീത്ത ഗുണങ്ങളുമാണുള്ളത്. നന്മ വരുത്തുവാൻ തിന്മക്കു സാധ്യമല്ല. ഒരു തിന്മ പലപ്പോഴും പല തിന്മകൾ ചെയ്‍വാൻ കാരണമായേക്കും. അതുകൊണ്ടു തിന്മയെ തടുക്കുവാനും, മുടക്കുവാനും ഏറ്റവും നല്ല ആയുധം നന്മയാകുന്നു. പക്ഷേ, നയപൂർവ്വം അതു പ്രയോഗിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ഫലം അനുഭവപ്പെട്ടെന്നു വരികയുള്ളൂ. ‘കൂടുതൽ നല്ലതു ഏതോ അതുകൊണ്ടു തിന്മയെ തടയണം’ (ادْفَعْ بِالَّتِي هِيَ أَحْسَنُ) എന്നു അല്ലാഹു ഉപദേശിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, പ്രതികാരമനസ്ഥിതി ഉപേക്ഷിക്കുക മുതലായവയാണ്‌ ഇതിനുള്ള മാർഗ്ഗങ്ങൾ. ഈ മാർഗ്ഗം സ്വീകരിക്കുന്നപക്ഷം തമ്മിൽ ശത്രുതയോടെ വർത്തിക്കുന്നവർ പരസ്പരം ഉറ്റബന്ധുക്കളായി മാറുമെന്നു തീർച്ചയാണ്. (فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ)

പക്ഷേ, ഈ മഹത്തായ തത്വം പ്രായോഗികമാക്കുന്നവർ എത്ര ചുരുക്കം?! നന്മ ചെയ്തവരോടുപോലും തിന്മ ചെയ്യുന്നവർ, ഒരു തിന്മക്കു പകരം ഒന്നിലധികം തിന്മ ചെയ്യുന്നവർ, ഇങ്ങിനെയുള്ളവരാണ് അധികവും നന്മക്കു നന്മയും, തിന്മക്കു അതേ അളവിൽ കവിയാത്ത തിന്മയും ചെയ്യുകയെന്ന നീതീബോധമെങ്കിലും ഉള്ളവർ തുലോം കുറവായിരിക്കും. എന്നിരിക്കെ, തിന്മയെ തടയുവാൻ നന്മയെ മാത്രം ഉപയോഗപ്പെടുത്തുകയും, അതു കൂടുതൽ പ്രായോഗികമായ രീതിയിലാകുവാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ കാര്യം പറയുവാനുണ്ടോ?! അതു കൊണ്ടുതന്നെയാണ്, ക്ഷമയും സഹനവുമുള്ളവർക്കും, മഹാഭാഗ്യവാന്മാരായ ആളുകൾക്കും അല്ലാതെ ഇതു സാധിച്ചു കിട്ടുന്നതല്ല (وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ) എന്നു അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നതും. ഈ മഹാ ഭാഗ്യവാന്മാരായ സഹനശീലന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിന്റെ സാരം ഇതാണ്: ‘ഇങ്ങോട്ടു ചെയ്തതുപോലെ അങ്ങോട്ടും – സമത്തിനു സമമായി – പ്രവർത്തിക്കുന്നവനല്ല ബന്ധം പാലിക്കുന്നവൻ. പക്ഷേ, തന്നോടുള്ള ബന്ധം മുറിക്കപ്പെട്ടാൽ അങ്ങോട്ട്‌ ആ ബന്ധം പാലിക്കുന്നവനാണ് ‘ബന്ധം പാലിക്കുന്നവൻ’. (ليسَ الواصِلُ بالمُكافِئِ الخ) ഉമർ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘നിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ കല്പനക്കെതിരായി പ്രവർത്തിക്കുന്ന ആളോട് അവന്റെ കാര്യത്തിൽ അല്ലാഹു കൽപിച്ചതനുസരിച്ചു പ്രവർത്തിക്കുന്നതിനു തുല്യമായി മറ്റൊരു പ്രതികാരനടപടിയും നിനക്കു എടുക്കുവാനില്ല.’ (حكاه ابن كثير) ഒരു കവി പറയുന്നു:-

 وما شيءٍ أحبُّ إلى سفيه ¤ إذا سب الكريمَ من الجوابِ

متاركةً السفية بلا جوابٍ ¤ أشدُّ على السفية من السبابِ

(സാരം: ഭോഷനായ ഒരാൾ മാന്യനായ ഒരാളെ ചീത്ത പറയുമ്പോൾ അയാളിൽനിന്നു അതിനു മറുപടി ലഭിക്കുന്നതിനെക്കാൾ തൃപ്തികരമായി അവനു മറ്റൊന്നുമുണ്ടായിരിക്കയില്ല. ഭോഷനോടു മറുപടി പറയാതെ വിട്ടേക്കുന്ന നയം, അവനോടു ചീത്ത പറയുന്നതിനെക്കാൾ അവനു അസഹനീയമായിരിക്കും). മറ്റൊരു കവി ആയത്തിലെ ആശയം അദ്ദേഹത്തിന്റെ ഭാഷയിൽ ഇങ്ങിനെ വിവരിക്കുന്നു:

إنّ العداوة تستحيل مودّة … بتدارك الهفوات بالحسنات

(അബദ്ധങ്ങൾക്കു നന്മകൾവഴി പരിഹാരം ഉണ്ടാക്കുന്നതായാൽ നിശ്ചയമായും ശത്രുത സ്നേഹബന്ധമായി മാറും എന്നു സാരം).

അല്ലാഹു എടുത്തുകാട്ടിയ ആ മഹാഭാഗ്യം നേടുന്നതിനു പ്രധാന തടസ്സം, മനുഷ്യന്റെ കോപവും, അവന്റെ പ്രതികാരവാഞ്ഛയുമാകുന്നു. മനുഷ്യപ്പിശാചുക്കളും, ജിൻപിശാചുക്കളും അവനെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ, മനുഷ്യപ്പിശാചുക്കളുടെ ദുഷ്പ്രേരണകളിൽനിന്ന് രക്ഷപ്പെടുവാനുള്ള മാർഗ്ഗത്തെപ്പറ്റി മനുഷ്യനു ഏറെക്കുറെ ആലോചിച്ചു രൂപം കാണുവാൻ സാധിച്ചേക്കും. ജിൻപിശാചുക്കളുടെ ദുഷ്പ്രേരണകളിൽനിന്നു രക്ഷപ്പെടുവാൻ അവനു പ്രത്യക്ഷത്തിൽ മാർഗ്ഗമൊന്നുമില്ലല്ലോ. അതിനുള്ള മാർഗ്ഗമാണ് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.

41:36

  • وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٣٦﴿
  • പിശാചിൽനിന്ന് വല്ല ദുഷ്പ്രേരണയും (എപ്പോഴെങ്കിലും) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോൾ നീ അല്ലാഹുവിനോടു ശരണംതേടുകയും ചെയ്തുകൊള്ളുക. നിശ്ചയമായും, അവനത്രെ, (എല്ലാം) കേൾക്കുന്നവനും അറിയുന്നവനും.
  • وَإِمَّا يَنۡزَغَنَّكَ നിന്നെ (വല്ലപ്പോഴും – വല്ല വിധത്തിലും) ഇളക്കിവിടുന്നപക്ഷം (ദുഷ്‌പ്രേരണ ഉണ്ടാക്കിയാൽ) مِنَ الشَّيْطَانِ പിശാചിൽനിന്നു نَزْغٌ വല്ല ഇളക്കിവിടലും (ദുഷ്‌പ്രേരണയും) فَاسْتَعِذْ അപ്പോൾ നീ ശരണം (കാവൽ) തേടുക بِاللَّـهِ അല്ലാഹുവിനോടു إِنَّهُ هُوَ നിശ്ചയമായും അവൻ തന്നെ السَّمِيعُ (എല്ലാം) കേൾക്കുന്നവൻ الْعَلِيمُ അറിയുന്നവൻ

കഴിഞ്ഞ ആയത്തിലെയും ഈ ആയത്തിലെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില വചനങ്ങളും അവയുടെ വിവരണവും സൂ : മുഅ്‌മിനൂൻ 96-98ൽ കഴിഞ്ഞുപോയിട്ടുള്ളത് ഓർമ്മിക്കുക. കൂടാതെ, സൂ : അഅ്‌റാഫ് 199-200 ലും ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. പിശാചിന്റെ ദുഷ്പ്രേരണകളെയും ദുർബോധനങ്ങളെയും ഗൗരവപൂർവ്വം കണക്കിലെടുത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും, കേവലം അദൃശ്യശക്തിയായ അവന്റെ ഉപദ്രവത്തിൽ നിന്നു രക്ഷപെടേണ്ടതിനു അല്ലാഹുവിൽ ശരണം തേടുകയും, അവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നും ഇതുപോലെയുള്ള ഖുർആൻ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പിശാചിന്റെ നാശത്തിൽനിന്നു മുക്തി ലഭിക്കുവാനുള്ള മാർഗ്ഗം അല്ലാഹുവിനോടുള്ള പ്രാർത്ഥനയായിരിക്കുവാൻ കാരണമെന്താണെന്നും ഈ വചനത്തിലെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതെ, രഹസ്യപരസ്യമെന്നോ, ചെറുതുവലുതു എന്നോ വ്യത്യാസമില്ലാതെ എല്ലാം കേൾക്കുന്നവനും അറിയുന്നവനും അവൻ മാത്രമാണല്ലോ. (إِنَّهُ هُوَ السَّمِيعُ الْعَلِيمُ) അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ പിശാചിനെക്കുറിച്ചു രക്ഷക്കപേക്ഷിക്കുമ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞിരുന്നത് : أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ (എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവിനോടു ആട്ടപ്പെട്ട പിശാചിൽനിന്നു ഞാൻ രക്ഷ തേടുന്നു).

41:37

  • وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾٣٧﴿
  • അവന്റെ [അല്ലാഹുവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നാകട്ടെ, ചന്ദ്രന്നാകട്ടെ, നിങ്ങൾ ‘ സുജൂദ് ’ [സാഷ്ടാംഗവണക്കം] ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിനു നിങ്ങൾ ‘ സുജൂദ് ’ ചെയ്യുകയും ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് اللَّيْلُ രാത്രി وَالنَّهَارُ പകലും وَالشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും لَا تَسْجُدُوا നിങ്ങൾ സുജൂദു ചെയ്യരുതു لِلشَّمْسِ സൂര്യനു وَلَا لِلْقَمَرِ ചന്ദ്രനും അരുതു وَاسْجُدُوا നിങ്ങൾ സുജൂദു ചെയ്യുകയും ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു الَّذِي خَلَقَهُنَّ അവയെ സൃഷ്ടിച്ചവനായ إِنۡ كُنۡتُمْ നിങ്ങളാണെങ്കിൽ إِيَّاهُ تَعْبُدُونَ അവനെത്തന്നെ ആരാധിക്കും

41:38

  • فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩ ﴾٣٨﴿
  • എനി, അവർ അഹംഭാവം നടിക്കുകയാണെങ്കിൽ, എന്നാൽ (നബിയേ) നിന്റെ റബ്ബിന്റെ അടുക്കലുള്ളവർ [മലക്കുകൾ ] രാത്രിയിലും പകലിലും അവന്നു ‘തസ്ബീഹു’ [സ്തോത്രകീർത്തനം] നടത്തിക്കൊണ്ടിരിക്കുന്നു. അവരാകട്ടെ, മടി കാട്ടുകയുമില്ല.
  • فَإِنِ اسْتَكْبَرُوا എനി (എന്നാൽ) അവർ അഹംഭാവം നടിച്ചാൽ فَالَّذِينَ عِنۡدَ رَبِّكَ എന്നാൽ നിന്റെ റബ്ബിന്റെ അടുക്കൽ ഉള്ളവർ يُسَبِّحُونَ لَهُ അവനു അവർ തസ്ബീഹു ചെയ്യുന്നു بِاللَّيْلِ وَالنَّهَارِ രാത്രിയും പകലും وَهُمْ അവരാകട്ടെ لَا يَسْأَمُونَ മടിക്കുകയില്ല, മടുക്കുകയില്ല, ക്ഷീണിക്കുകയില്ല

ഓതുമ്പോൾ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകളിൽ ഒന്നാണ് ഈ ആയത്തും. ഇതു നിമിത്തമാണ് ഈ സൂറത്തിന്നു حم السجده (സുജൂദുള്ള ‘ഹാമീം’) എന്നു പേർ പറയുന്നതു.

സൂര്യചന്ദ്രന്മാർ വമ്പിച്ച ചില വസ്തുക്കളാണെന്ന കാരണത്താലാണ് അവയെ പലരും ആരാധിച്ചുവരുന്നത്. അവ എത്രതന്നെ വമ്പിച്ചതാണെങ്കിലും അവയെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളും, അവന്റെ നിയന്ത്രണത്തിനു വിധേയങ്ങളുമാണല്ലോ. അപ്പോൾ യഥാർത്ഥത്തിൽ ആരാധിക്കേണ്ടതു ആ സൃഷ്ടാവിനെയല്ലേ?! മറ്റൊരാളെക്കൂടി പങ്കുചേർത്തുകൊണ്ടുള്ള ആരാധന അവങ്കൽ സ്വീകാര്യവുമല്ല. അതുകൊണ്ടു അവനെ ആരാധിക്കുവാൻ തയ്യാറുള്ളവർ അവനെ മാത്രമേ ആരാധിച്ചുകൂടൂ. എനി – എണ്ണംകൊണ്ടും, വണ്ണംകൊണ്ടുമെല്ലാം – നിസ്സാര സൃഷ്ടിയായ മനുഷ്യൻ അവനെ ആരാധിക്കുവാൻ തയ്യാറില്ലാതെ അഹംഭാവം നടിക്കുകയാണെങ്കിൽ അതുമൂലം അവനു എന്തെങ്കിലും പോരായ്മയോ ദോഷമോ ബാധിക്കാനില്ലതാനും. അതേസമയത്ത്, രാപ്പകൽ വ്യത്യാസമെന്യെ,  ലവലേശം മടിയോ മടുപ്പോ ക്ഷീണമോ ബാധിക്കാതെ, അവന്റെ വൻ സൃഷ്ടികളായ എണ്ണമറ്റ മലക്കുകൾ ഉപരിലോകങ്ങളിൽവെച്ച് സദാസമയവും അവനു ആരാധനാവണക്കങ്ങളും, സ്തോത്രകീർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ടുതാനും.

41:39

  • وَمِنْ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٣٩﴿
  • അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയാണ് ഭൂമിയെ അടങ്ങി (ഇറുകി)യതായി നീ കാണുന്നതും. എന്നിട്ടു അതിൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (കുതിർന്നു) ഇളകുകയും, ചീർക്കുകയും ചെയ്യുന്നു. അതിനു ജീവസ്സു നൽകുന്നവൻ, നിശ്ചയമായും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെയാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് أَنَّكَ تَرَى നീ കാണുന്നുവെന്നുള്ളതു الْأَرْضَ ഭൂമിയെ خَاشِعَةً (ഭയപ്പെട്ടമാതിരി) അടങ്ങിയതായി فَإِذَا أَنۡزَلْنَا എന്നിട്ടു നാം ഇറക്കിയാൽ عَلَيْهَا അതിൽ, അതിൻമേൽ الْمَاءَ വെള്ളം اهْتَزَّتْ അതു കിളറും (കുതിരും, തരിക്കും, ഇളകും) وَرَبَتْ ചീർക്കുക (പൊന്തുക)യും ചെയ്യും إِنَّ നിശ്ചയമായും الَّذِي أَحْيَاهَا അതിനെ ജീവിപ്പിച്ചവൻ لَمُحْيِي ജീവിപ്പിക്കുന്നവൻ തന്നെ الْمَوْتَى മരണപ്പെട്ടവരെ إِنَّهُ നിശ്ചയമായും അവൻ عَلَى كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്

കഴിഞ്ഞ ആയത്തുകളിൽ വാനസംബന്ധമായ ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് തൗഹീദിലേക്കു ക്ഷണിച്ചു. ഈ ആയത്തിൽ ഭൗമികമായ ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടു പുനരുത്ഥാനത്തെ സ്ഥാപിക്കുകയാണ്. പച്ച മുളക്കാതെ അടങ്ങിയൊതുങ്ങി നിർജ്ജീവമായി കിടക്കുന്ന തരിശുഭൂമിയിൽ അല്ലാഹു മഴ വർഷിപ്പിക്കുമ്പോൾ, മണ്ണു കുതിർന്നു കിളറുകയും, ചീർക്കുകയും, അങ്ങിനെ അതിൽ സസ്യലതാദികൾ ഉത്പാദിക്കുകയും ചെയ്യുന്നു. ഇതുപോലെ, മരിച്ചു മണ്ണായ ശരീരങ്ങളെ അല്ലാഹു വീണ്ടും ജീവിപ്പിക്കുന്നു. അപ്പോൾ, മേലോട്ടു നോക്കിയാലും കീഴോട്ടു നോക്കിയാലും ചുറ്റുപാടിൽ നോക്കിയാലും എല്ലാംതന്നെ ധാരാളം ദൃഷ്ടാന്തങ്ങൾ നിലവിലുണ്ട്. എന്നിരിക്കെ, അവയുടെ നേരെ കണ്ണടച്ചും, അവയെ അന്യഥാ വ്യാഖ്യാനിച്ചും കഴിഞ്ഞുകൂടുന്നവരുടെ സ്ഥിതി എത്ര ശോചനീയം! അല്ലാഹു പറയുന്നു:

പരായണം – Spotify

വിശദീകരണം- Spotify