വെളിച്ചം റമദാൻ 2025 –ഡേ- 04 (മാർച്ച് 05)

സൂറ:ഫുസ്സിലത് : 25-32



  • വെളിച്ചം റമദാന്‍ ഡേ-04- സൂറ: ഫുസ്സിലത് പാര്‍ട്ട് 04 – ആയത്ത് 25 മുതല്‍ 32 വരെ
    • വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്

  1. സൂറ:ഫുസ്സിലത് : 25-32
    1. സൂറ; ഫുസ്‌-സ്വിലത്ത്‌ ( സൂറത്ത്‌ ഹാമീം സജദഃ : 25-32)
      1. വിഭാഗം – 4
      2. പരായണം-Spotify
      3. വിശദീകരണം-Spotify
      4. പരായണം-Youtube link
      5. വിശദീകരണം – Youtube Link

സൂറ; ഫുസ്‌-സ്വിലത്ത്‌ ( സൂറത്ത്‌ ഹാമീം സജദഃ : 25-32)

41:25

  • ۞ وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَٰسِرِينَ ﴾٢٥﴿
  • നാം അവർക്ക് ചില കൂട്ടാളികളെ നിശ്ചയിച്ചു; എന്നിട്ട്, അവർ അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും അവർക്ക് ഭംഗിയാക്കിക്കാണിച്ചു. ജിന്നുകളിൽ നിന്നും, മനുഷ്യരിൽ നിന്നും തങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ, അവരുടെമേൽ (ശിക്ഷയുടെ) വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെടുകയും ചെയ്തു. നിശ്ചയമായും അവർ നഷ്ടപ്പെട്ടവരായിരുന്നു.
  • وَ قَيَّضۡنَا നാം നിശ്ചയിച്ചു, നിയമിച്ചു لَهُمۡ അവർക്ക് قُرَنَاءَ ചില കൂട്ടാളികളെ, തുണകളെ فَزَيَّنُوا എന്നിട്ടവർ അലങ്കാരമാക്കി, ഭംഗിയാക്കിക്കാട്ടി لَهُمۡ അവർക്ക് مَا بَيۡنَ أَيۡدِيهِمۡ അവരുടെ മുമ്പിലുള്ളതിനെ وَمَا خَلۡفَهُمۡ അവരുടെ പിമ്പിലുള്ളതിനേയും وَحَقَّ عَلَيۡهِمُ അവരിൽ യാഥാർത്ഥമാകുക (സ്ഥിരപ്പെടുക)യും ചെയ്തു الۡقَوۡلُ വാക്ക് فِي أُمَمٍ സമുദായങ്ങളിലായിട്ട് (സമുദായങ്ങളുടെ കൂട്ടത്തിൽ) قَدۡ خَلَتۡ കഴിഞ്ഞുപോയിട്ടുള്ളمِنۡ قَبۡلِهِمۡ അവരുടെ മുൻപ് مِنَ الۡجِنِّ ജിന്നുകളിൽ നിന്ന് وَ الإِۡنۡسِ മനുഷ്യരിൽ നിന്നുംإِنَّهُمۡ كَانُوا നിശ്ചയമായും അവരായിരുന്നു خَاسِرِينَ നഷ്ടപ്പെട്ടവർ

സഹവാസവും കൂട്ടുകെട്ടും നിമിത്തം മനുഷ്യൻ നന്നായിത്തീരുവാനും, ദുഷിച്ചു പോകുവാനും ഇടവരുമെന്ന് പറയേണ്ടതില്ല. കൂട്ടാളികളായി സ്വീകരിക്കപ്പെടുന്നവർ ഏത് തരത്തിലുള്ളവരാണെന്നതാണ് ഇതിന്റെ പശ്ചാത്തലം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

المرءُ على دينِ خليلِه فلينظرْ أحدُكم مَن يُخاللُ – أحمد الترمذي و أبو داود و البيهقى

(മനുഷ്യൻ അവന്റെ ചങ്ങാതിയുടെ മതത്തിലായിരിക്കും നിലകൊള്ളുക. അത് കൊണ്ട് നിങ്ങളിൽ ഓരോരുത്തനും ആരോടാണ് താൻ ചങ്ങാത്തം സ്വീകരിക്കേണ്ടതെന്ന് നോക്കിക്കൊള്ളട്ടെ. (അ;തി:ദാ:ബ.) ഇമാം മാലിക് (رحمه الله) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ അല്ലാഹു പ്രസ്താവിച്ചതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയുന്നു: എന്റെ വിഷയത്തിൽ അന്യോന്യം സ്നേഹിക്കുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൂടിയിരിക്കുന്നവർക്കും, എന്റെ വിഷയത്തിൽ  അന്യോന്യം സന്ദർശനം നടത്തുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൊടുക്കുന്നവർക്കും എന്റെ സ്നേഹം നിർബന്ധമായും ലഭിക്കുന്നതാണ്.

വിഭാഗം – 4

41:26

  • وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ ﴾٢٦﴿
  • അവിശ്വസിച്ചവർ പറയുകയാണ്: ‘നിങ്ങൾ ഈ ഖുർആനിലേക്ക് ചെവികൊടുക്കരുത്; നിങ്ങൾ അതിൽ (ബഹളംകൂട്ടി) ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിൻ, നിങ്ങൾ ജയം നേടിയേക്കാം.’
  • وَ قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവർ പറയുകയാണ്, പറയും لاَ تَسۡمَعُوا നിങ്ങൾ കേൾക്കരുതു (ചെവികൊടുക്കരുതു) لِهَٰذَا ٱلْقُرْءَانِ ഈ ഖുർആനിലേക്കു وَالۡغَوۡ فِيهِ അതിൽ നിങ്ങൾ ഒച്ചപ്പാടുണ്ടാക്കുക (തിരക്കുകൂട്ടുക)യും ചെയ്യുവിൻ لَعَلَّكُمۡ നിങ്ങളായേക്കാം, ആകുവാൻവേണ്ടി تَغْلِبُون നിങ്ങൾ ജയിക്കും, മികച്ചുനിൽക്കുന്ന (വർ)

തെളിവ്, ന്യായം, മർദ്ദനം, ഉപായം എന്നിവകൊണ്ടൊന്നും ക്വുർആന്റെ വശ്യശക്തിയെ മറികടക്കുവാൻ ഖുറൈശീ മുശ്രിക്കുകൾക്കു കഴിയാതിരുന്നപ്പോൾ അവർ പ്രയോഗിച്ച മറ്റൊരായുധമാണിത്. ഖുർആൻ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അനാവശ്യ സംസാരം, ചൂളംവിളി, കൈമുട്ടുപോലെയുള്ള എന്തെങ്കിലും ശബ്ദകോലാഹളങ്ങൾ വഴി ബഹളംകൂട്ടുക. എന്നാൽ മറ്റുള്ളവർക്ക് അതു കേൾക്കുവാൻ സാധിക്കാതെ വരുമല്ലോ. ഇങ്ങിനെ, ആ സംരംഭത്തെ പരാജയപ്പെടുത്തി തങ്ങൾക്കു വിജയം നേടാമെന്നാണവരുടെ വ്യാമോഹം. പക്ഷെ, ഖുർആന്റെ അമാനുഷികമായ സ്വാധീനശക്തിയെ വെല്ലുവാൻ അവർക്കുണ്ടോ കഴിയുന്നു?!

‘ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക’ എന്ന അപലപനീയമായ ഈ അടവ് ഖുറൈശികൾ മാത്രമല്ല സ്വീകരിക്കാറുള്ളത്. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരായി ശബ്ദം ഉയർത്തുന്നവരുടെ നേരെ ചില പാമര വിഡ്ഢികളും, അവരെ ചൂഷണം ചെയ്യുന്ന ദുഷ്ടനേതാക്കളും ഉപയോഗിച്ചുവരാറുള്ളതാണ്. നമ്മുടെ രാഷ്ട്രീയ വേദികളിലും നിയമസഭായോഗങ്ങളിലുമെല്ലാം തന്നെ ഇന്നു ഇതു പ്രചാരത്തിൽ വന്നിരിക്കയാണല്ലോ. 1400 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സത്യനിഷേധികളായ ആ അപരിഷ്കൃത അറബികൾ അന്നു ക്വുർആന്റെ നേരെ സ്വീകരിച്ച അതേ പൈശാചിക അടവ് ഇന്നു ഉൽബുദ്ധരെന്നു അവകാശപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽപോലും അനുകരിക്കപ്പെടുന്നതു കാണുമ്പോൾ, മനുഷ്യഹൃദയമുള്ളവർക്കു ലജ്ജയും വിസ്മയവും തോന്നിപ്പോകും!

അതിൽ ഒച്ചപ്പാടുണ്ടാക്കുവിൻ (وَٱلْغَوْا۟ فِيهِ) എന്ന വാക്യത്തിനു ഇമാം ബൈള്വാവീ (رحمه الله) നൽകിയ വ്യാഖ്യാനം ശ്രദ്ധേയമാകുന്നു.

وعاوضوه بالخرافات أو ارفعوا أصواتكم بها لتشوشوه على القارئ

(സാരം: വായിക്കുന്നവനു ശല്യമുണ്ടാക്കുവാനായി അടിസ്ഥാനരഹിതമായ വാർത്തകൾകൊണ്ടു നിങ്ങളതിനെ എതിർക്കുവിൻ. അല്ലെങ്കിൽ, അവ മുഖേന നിങ്ങൾ ശബ്ദം ഉയർത്തുവിൻ). ചെണ്ടമുട്ടിയും, കൂക്കിവിളിച്ചും, ഗാനാലാപങ്ങൾ നടത്തിയും, അനാവശ്യമായി സംസാരിച്ചും -എന്നു വേണ്ട മറ്റേതുവിധേനയും- സത്യം കേൾക്കുന്നതിൽനിന്നു മറ്റുള്ളവരെ തടയുവാൻ പ്രതിയോഗികൾ ഉണ്ടാക്കുന്ന ശല്ല്യങ്ങളെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു.

41:27

  • فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ ﴾٢٧﴿
  • എന്നാൽ, (ആ) അവിശ്വസിച്ചവർക്ക് നിശ്ചയമായും കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിലെ തിന്മ (കൾ)ക്കു അവർക്കു നാം പ്രതിഫലം നൽകുകയും തന്നെ ചെയ്യും.
  • فَلَنُذِيقَنَّ എന്നാൽ നിശ്ചയമായും നാം ആസ്വദിപ്പിക്കും (അനുഭവിപ്പിക്കും) الَّذِينَ كَفَرُوا അവിശ്വസിച്ചവർക്കു عَذَاباً شَدِيدًا കഠിനമായ ശിക്ഷ وَلَنَجْزِيَنَّهُمْ അവർക്കു നാം പ്രതിഫലം കൊടുക്കുകയും തന്നെ ചെയ്യും أَسْوَأَالَّذِي യാതൊന്നിലെ തിന്മക്കു كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചിരുന്ന

41:28

  • ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ ﴾٢٨﴿
  • അതാ, അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലം – നരകം! അവർക്കതിൽ സ്ഥിരവാസത്തിന്റെ ഭവനമുണ്ട്; നമ്മുടെ (ലക്ഷ്യ) ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചിരുന്നതിനു് പ്രതിഫലമായിട്ട്.
  • ذَلِكَ جَزَاءُ അതു (അതാ) പ്രതിഫലം أَعْدَاءِ اللَّـهِ അല്ലാഹുവിന്റെ ശത്രുക്കളുടെ النَّارُ നരകം لَهُمْ فِيهَا അതിൽ അവർക്കുണ്ട് دَارُ الْخُلْدِ സ്ഥിരവാസത്തിന്റെ വീടു (ഭവനം) جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവരായിരുന്നതിനു بِآيَاتِنَا നമ്മുടെ ആയത്തുകളെ يَجْحَدُونَ നിഷേധിക്കും

41:29

  • وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ ﴾٢٩﴿
  • അവിശ്വസിച്ചവർ (അവിടെവെച്ച്) പറയും; ‘ഞങ്ങളുടെ റബ്ബേ! ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങൾക്ക് കാട്ടിത്തരേണമേ; രണ്ടു കൂട്ടരും ഏറ്റവും അധമന്മാരുടെ കൂട്ടത്തിലായിത്തീരുവാൻ വേണ്ടി, ഞങ്ങൾ അവരെ ഞങ്ങളുടെ കാലടികൾക്കു താഴെയാ(ക്കി ചവിട്ടിയേ)ക്കട്ടെ.’
  • وَقَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവർ رَبَّنَا أَرِنَا ഞങ്ങളുടെ റബ്ബേ ഞങ്ങൾക്കു കാട്ടിത്തരണം الَّذَيْنِ യാതൊരു രണ്ടുകൂട്ടരെ أَضَلانَا ഞങ്ങളെ വഴിപിഴപ്പിച്ച مِنَ الْجِنِّ ജിന്നിൽനിന്നു وَالإِنۡسِ മനുഷ്യരിൽനിന്നും نَجْعَلْهُمَا രണ്ടുകൂട്ടരെയും ഞങ്ങൾ ആക്കട്ടെ تَحْتَ أَقْدَامِنَا ഞങ്ങളുടെ കാലടികൾക്കു താഴെ لِيَكُونَا അവർ ആയിത്തീരുവാൻ مِنَ الأَسْفَلِينَ ഏറ്റവും അധമൻമാരിൽ, താണവരിൽ

തങ്ങളെ വഴിപിഴപ്പിക്കുന്നതിൽ പങ്കുവഹിച്ച മനുഷ്യപ്പിശാചുക്കളെയും, ജിന്‍പിശാചുക്കളെയും ചവിട്ടിമെതിച്ചു നിന്ദിച്ചുകൊണ്ടു പകപോക്കുവാൻ ഒരവസരം നൽകണേ എന്നു അവർ അപേക്ഷിക്കുകയാണ്. തങ്ങൾ അതികഠിനമായ ഈ ശിക്ഷകൾക്കു വിധേയരായതിനു കാരണക്കാരാണല്ലോ അവർ. ഇഹത്തിൽവെച്ചു അവരോടുണ്ടായിരുന്ന സ്നേഹാദരവുകളും ഇണക്കവണക്കങ്ങളുമെല്ലാം ഇപ്പോൾ അസ്തമിച്ചുപോയി. ഇപ്പോൾ അവരാണ് ഇവരുടെ ഏറ്റവും വെറുക്കപ്പെട്ട ശത്രുക്കൾ.

കഴിഞ്ഞ കുറെ ആയത്തുകളിൽ അവിശ്വാസികളുടെ സ്വഭാവങ്ങളും, ശിക്ഷകളുമായിരുന്നു സംസാരവിഷയം: തുടർന്നുള്ള ഏതാനു വചനങ്ങളിൽ – ഖുർആന്റെ സാധാരണ പതിവുപോലെ സത്യവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു:-

41:30

  • إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ﴾٣٠﴿
  • ‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു എന്നു പറയുകയും, പിന്നീടു (അതനുസരിച്ചു) ചൊവ്വായി നിലകൊള്ളുകയും ചെയ്തിട്ടുള്ളവർ, അവരിൽ മലക്കുകൾ (സന്തോഷ വാർത്തയുമായി) ഇറങ്ങിവരുന്നതാണ്: അതായതു: ‘നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ടു നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുവിൻ!
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുവർ قَالُوا അവർ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്നു ثُمَّ اسْتَقَامُوا പിന്നെ അവർ ചൊവ്വിന്നു നിന്നു, നേരെനിന്നു تَتَنَزَّلُ ഇറങ്ങിവരും عَلَيْهِمُ അവരിൽ المَلَائِكَةُ മലക്കുകൾ أَلا تَخَافُوا നിങ്ങൾ ഭയപ്പെടരുതു എന്നു (പറഞ്ഞുകൊണ്ടു) وَلَا تَحْزَنُوا നിങ്ങൾ വ്യസനിക്കുകയും ചെയ്യരുതു وَأَبْشِرُوا നിങ്ങൾ സന്തോഷപ്പെടുകയും ചെയ്യുവിൻ بِالْجَنَّةِ الَّتِي യാതൊരു സ്വർഗ്ഗംകൊണ്ടു كُنۡتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന

41:31

  • نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴾٣١﴿
  • ‘ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ. നിങ്ങൾക്കു അവിടത്തിൽ [പരലോകത്തു] നിങ്ങളുടെ മനസ്സുകൾ എന്തു ഇച്ഛിക്കുന്നുവോ അതു (മുഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെവെച്ച് എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും;-
  • نَحْنُ ഞങ്ങൾ أَوْلِيَاؤُكُمْ നിങ്ങളുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിൽ وَفِي الْآخِرَةِ പരലോകത്തിലും وَلَكُمْ فِيهَا അതിൽ നിങ്ങൾക്കുണ്ടുതാനും مَاتَشْتَهِي ഇച്ഛിക്കുന്നതു, ആശിക്കുന്നതു أَنۡفُسُكُمْ നിങ്ങളുടെ മനസ്സുകൾ وَلَكُمْ فِيهَا അതിൽ നിങ്ങൾക്കുണ്ടു مَا تَدَّعُونَ നിങ്ങൾ വിളിച്ചാവശ്യപ്പെടുന്നതും

41:32

  • نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴾٣٢﴿
  • വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ ഒരുവനിൽ [അല്ലാഹുവിൽ] നിന്നുള്ള സൽക്കാരമായികൊണ്ട് !’
  • نُزُلًا വിരുന്നു (ആതിഥ്യം) ആയിക്കൊണ്ടു مِنْ غَفُورٍ വളരെ പൊറുക്കുന്ന ഒരുവനിൽനിന്നുള്ള رَحِيمٍ കരുണാനിധിയായ

അല്ലാഹുവിൽ ശരിക്കും വിശ്വസിക്കുകയും, അതു പ്രഖ്യാപിക്കുകയും, അതിന്റെ താല്‍പര്യമനുസരിച്ചു നേർമാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവരുടെ അടുക്കൽ ഐഹീകവും പാരത്രീകവുമായ സന്തോഷവാർത്തകളുമായി മലക്കുകൾ ഇറങ്ങിവന്നു അവരെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുമെന്നാണ് ഈ വചനങ്ങൾ മുഖേന അല്ലാഹു അറിയിക്കുന്നത്. പ്രസ്തുത സന്തോഷവാർത്തക്കു പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം ഇങ്ങിനെ സംഹ്രഹിക്കാം:

‘നിങ്ങൾ പരലോകത്തു വരുമ്പോൾ നിങ്ങൾക്കവിടെ പേടിക്കേണ്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. നിങ്ങൾ ഇഹലോകത്തു വിട്ടുപോകുന്ന മക്കൾ, കുടുംബങ്ങൾ മുതലായവയെപ്പറ്റി നിങ്ങൾ വ്യസനിക്കേണ്ടതുമില്ല. അല്ലാഹുവിന്റെ റസൂലുകൾ മുഖാന്തരം സല്‍ക്കർമ്മശാലികൾക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗം നിങ്ങൾക്കു ലഭിക്കുന്നതാണ്. ഞങ്ങളാകട്ടെ ഇരുലോകത്തും നിങ്ങളുടെ മിത്രങ്ങളും ഗുണകാംക്ഷികളുമാകുന്നു . ഐഹിക ജീവിതത്തിൽ നിങ്ങൾക്കു കാണ്മാൻ കഴിയാത്ത പല സഹായങ്ങളും ഞങ്ങൾ നൽകുന്നുണ്ട്. നിങ്ങൾക്കു സൽക്കർമ്മം ചെയ്‌വാനുള്ള പ്രചോദനം നൽകുക, നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക മുതലായവ ഞങ്ങൾ ചെയ്തുവരുന്നു. ഖബറിലെ ജീവിതത്തിലും, പുനരുത്ഥാനത്തിന്റെ ഭയങ്കര ഘട്ടങ്ങളിലുമെല്ലാം ഞങ്ങൾ നിങ്ങൾക്കു മനസ്സമാധാനം നല്കിക്കൊണ്ടിരിക്കും. സ്വർഗ്ഗത്തിലാണെങ്കിൽ, നിങ്ങൾ ഇച്ഛിക്കുന്നതും, നിങ്ങൾ ആവശ്യപെടുന്നതുമെല്ലാം നിങ്ങൾക്കവിടെ തയ്യാറുണ്ടായിരിക്കുന്നതുമാകുന്നു. വളരെ പൊറുക്കുന്നവനും വളരെ കാരുണ്യവാനുമായ അല്ലാഹു നിങ്ങൾക്കായി ഒരുക്കിവെച്ചിട്ടുളള വിരുന്നു സൽക്കാരമായിരിക്കും അത്.’

സജ്ജനങ്ങളായ ആളുകൾക്കു മലക്കുകളിൽനിന്നു ഈ സന്തോഷവാർത്തകൾ ലഭിക്കുന്നതു എപ്പോഴായിരിക്കും? ഇതിനെക്കുറിച്ചു ചില നിവേദനങ്ങളും അഭിപ്രായങ്ങളും ഉദ്ധരിച്ചുകൊണ്ടു ‌ഇമാം ഇബ്നു കഥീർ (رحمه الله) പറയുന്നു : ‘മരണസമയത്തും, ഖബ്റിൽവെച്ചും, പുനരുത്ഥാനസമയത്തും, മലക്കുകൾ സന്തോഷവാർത്ത അറിയിക്കുമെന്ന് സൈദുബ്നു അസ്‍ലം (رحمه الله) പറഞ്ഞതായി ഇബ്‌നു അബീഹാതിം (رحمه الله) നിവേദനം ചെയ്തിരിക്കുന്നു. ഈ പ്രസ്താവന മുൻപറഞ്ഞ എല്ലാ അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇതു വളരെ നല്ല അഭിപ്രായവും യാഥാർത്ഥമായിട്ടുള്ളതുമാകുന്നു.’

ഇമാം മുസ്‌ലിം (رحمه الله) മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: ‘സുഫ്-യാനുബ്‌നു അബ്ദില്ലാ (رضي الله عنه) റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അവിടുത്തേക്കുശേഷം മറ്റാരോടും ഞാൻ (കൂടുതൽ) ചോദിച്ചറിയേണ്ടി വരാത്ത ഒരു വാക്കു് ഇസ്ലാമിനെക്കുറിച്ച് എനിക്കു പറഞ്ഞു തന്നേക്കണം. തിരുമേനി പറഞ്ഞു: ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്നു നീ പറയുക. പിന്നീട് നീ ചൊവ്വായി നിലകൊള്ളുക.’ (قُلْ: آمَنْتُ بِاللهِ ثُمَّ اسْتَقِمْ) പിന്നീടദ്ദേഹം, താൻ ഏറ്റവുമധികം സൂക്ഷിക്കേണ്ട കാര്യമെന്താണെന്നു ചോദിച്ചു. തിരുമേനി, നാവിലേക്കു ചൂണ്ടിക്കാട്ടിക്കൊണ്ട്  ‘ഇതാണ് ‘ എന്നു ഉത്തരം പറഞ്ഞു.’

പരായണം-Spotify
വിശദീകരണം-Spotify