സൂറ:ഫുസ്സിലത് : 09-14
- വെളിച്ചം റമദാന്‍ ഡേ-02- സൂറ: ഫുസ്സിലത് പാര്‍ട്ട് 02 – ആയത്ത് 09 മുതല്‍ 14 വരെ
- വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 09-14)
വിഭാഗം – 2
41:9
- ۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَٰلَمِينَ ﴾٩﴿
- (നബിയേ) പറയുക: ‘രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചുണ്ടാക്കിയവനിൽ അവിശ്വസിക്കുകയും, അവനു സമന്മാരെ ആക്കുകയും തന്നെയാണോ നിങ്ങൾ ചെയ്യുന്നത്?! അതാ (അവനാ)ണ് ലോകരുടെ രക്ഷിതാവ്!
- قُلْ നീ പറയുക أَئِنَّكُمْ നിശ്ചയമായും നിങ്ങളാണോ لَتَكْفُرُونَ അവിശ്വസിക്കുക തന്നെ بِالَّذِي യാതൊരുവനിൽ خَلَقَ الْأَرْضَ ഭൂമിയെ സൃഷ്ടിച്ച فِي يَوْمَيْنِ രണ്ടു ദിവസങ്ങളിലായി وَتَجْعَلُونَ لَهُ അവന് നിങ്ങൾ ആക്കുക (ഉണ്ടാക്കുക) യും أَنۡدَادًا സമന്മാരെ (പങ്കുകാരെ) ذَلِكَ അത്, അവനാണ് رَبُّ الْعَالَمِينَ ലോക(രുടെ) രക്ഷിതാവ്
41:10
- وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ ﴾١٠﴿
- അതിന്റെ [ഭൂമിയുടെ] മുകളിൽകൂടി (ഇളകാതെ) ഉറച്ചു നിൽക്കുന്ന മലകളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു; അതിൽ (നന്മകൾ വർദ്ധിപ്പിച്ച്) അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരവസ്തുക്കൾ അതിൽ (വ്യവസ്ഥ ചെയ്ത്) നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; (എല്ലാംകൂടി) നാലു ദിവസങ്ങളിൽ,(അതെ) ചോദിക്കുന്ന (അഥവാ അന്വേഷിക്കുന്ന) വർക്ക് ശരിക്കും (നാലുദിവസം)!
- وَجَعَلَ فِيهَا അതിൽ അവൻ ആക്കുകയും ചെയ്തു رَوَاسِيَ ഉറച്ചു നിൽക്കുന്നവയെ (പർവ്വതങ്ങളെ) مِنۡ فَوْقِهَا അതിന്റെ മുകളിൽ കൂടി (ഉപരിഭാഗത്തു) وَبَارَكَ فِيهَا അതിൽ അവൻ ബർക്കത്ത് (അഭിവൃദ്ധി-നന്മ) ഉണ്ടാക്കുകയും ചെയ്തു وَقَدَّرَ فِيهَا അതിൽ നിർണ്ണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു أَقْوَاتَهَا അതിലെ അന്നങ്ങളെ, ആഹാരങ്ങളെ فِي أَرْبَعَةِ أَيَّامٍ നാല് ദിവസങ്ങളിലായി. سَوَاءً ശരിക്ക്, ശരിയായി, അനുയോജ്യമായി, തക്കതായി لِلسَّائِلِينَ ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്നവർക്ക്, ആവശ്യപ്പെടുന്നവർക്ക്)
ഭൂലോകം സൃഷ്ടിക്കുകയും അതിൽ മനുഷ്യനും ഇതരജീവികൾക്കും വേണ്ടതെല്ലാം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ളത് അല്ലാഹുവാണ്. അതിൽ മറ്റാർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, ലോകരക്ഷിതാവായ അവനുപുറമേ, മറ്റുചിലരെ അവനു പങ്കാളികളായി ഗണിക്കുന്നതിന്റെ അർത്ഥ ശൂന്യത ചൂണ്ടിക്കാട്ടുകയാണ്.
ആകാശഭൂമികളെ സൃഷ്ടിച്ചത് ആറു ദിവസങ്ങളിലായിട്ടാണെന്ന് ഖുർആൻ പലപ്പോഴും ആവർത്തിച്ചു പറയാറുള്ളതാണ്. അതിന്റെ ഒരു വിശദീകരണം ഈ ആയത്തിൽ നിന്നും അടുത്ത ആയത്തിൽ നിന്നും കൂടി ലഭിക്കുന്നു. ഭൂമിയെ സൃഷ്ടിച്ചത് രണ്ടു ദിവസം കൊണ്ടാണെന്നും അതിൽ പർവതങ്ങൾ സ്ഥാപിച്ചതും ആഹാരത്തിനുള്ള വകകളും മറ്റും വ്യവസ്ഥപ്പെടുത്തിയതും വേറെ രണ്ടുദിവസം കൊണ്ടാണെന്നും അങ്ങനെ ഭൂമിയുടെ സൃഷ്ടികാര്യങ്ങൾ നാലുദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കി. ആകാശത്തിന്റെ കാര്യം പൂർത്തിയാക്കിയത് രണ്ടുദിവസം കൊണ്ടാണെന്ന് അടുത്ത വചനത്തിലും പറയുന്നുണ്ട്. ഇങ്ങനെയാണ് ആറു ദിവസം പൂർത്തിയാകുന്നതെന്നു മനസ്സിലാക്കാം. എന്നാൽ, ‘ദിവസം’ (يوم) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്കു പരിചയപ്പെട്ട രാവും പകലും ചേർന്ന ദിവസമായിരിക്കയില്ല. ചില പ്രത്യേക തരത്തിലുള്ള കാലഘട്ടമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സൂ: സജദ 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും ഇതിനു മുൻപ് നാം ഇതിനെപ്പറ്റി വിവരിച്ചിട്ടുള്ളത് ഓർക്കുക.
മനുഷ്യരടക്കം ഭൂമിയിലുള്ള കോടാനുകോടി ജീവികൾക്ക് ജനിക്കുവാനും ജീവിക്കുവാനും അതതിന്റേതായ ജീവിതാവശ്യങ്ങൾ നിർവ്വഹിക്കുവാനും ഉപയുക്തമായ വിധത്തിൽ അന്നപാനാദി നൂറുനൂറായിരം കാര്യങ്ങൾ ഇവിടെ നേരത്തേതന്നെ സജ്ജീകരിച്ച് ക്രമപ്പെടുത്തി വെച്ചിരിക്കുകയാണല്ലോ അല്ലാഹു. وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا (അതിൽ ബർക്കത്ത് – അഭിവൃദ്ധി – ഉണ്ടാക്കുകയും അതിലെ ആഹാരവസ്തുക്കൾ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു)എന്ന് പറഞ്ഞത് ഇതെല്ലാം ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. ഒരു വിത്ത് ഭൂമിയിൽ നിക്ഷേപിച്ചാൽ അത് അനേകം ഇരട്ടിയാക്കി അത് തിരിച്ച്തരുന്നു. അതിന്റെ ഉപരിഭാഗത്ത് ഇടതടവില്ലാതെ മനുഷ്യൻ വിവിധ മർദ്ദനപരാക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം അത് സഹിക്കുന്നു. സഹിക്കുക മാത്രമല്ല അതിന്റെ ഉള്ളിൽ നിന്നു അതേ മർദ്ദകർക്ക് വേണ്ട ഉൽപന്നങ്ങൾ അത് ഉൽപാദിപ്പിച്ച്കൊടുക്കുകയും ചെയ്യുന്നു. എന്തെല്ലാം മാലിന്യങ്ങളും മ്ലേഛങ്ങളും കൊണ്ടാണ് മനുഷ്യൻ ഭൂമിയെ നിത്യേന അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നതെന്നു കയ്യും കണക്കുമില്ല. പക്ഷെ, അതെല്ലാം വളമയും പശിമയുമാക്കി മാറ്റിക്കൊടുക്കുകയാണ് അത് ചെയ്യുന്നത്. ഇതെല്ലാം ഭൂമിയിൽ അല്ലാഹു നൽകിയ എണ്ണമറ്റ ബർക്കത്തുകളിൽ ചിലതത്രേ.
سواء (‘സവാഅൻ’) എന്നാൽ ‘ശരിക്ക്’ എന്നും ‘സമമായിട്ട്’ എന്നും അർത്ഥം വരാം. للسائلين (ലി-സ്സാഇലീൻ) എന്നതിന് ‘ചോദിക്കുന്ന_അഥവാ അന്വേഷിക്കുന്ന_വർക്ക്’ എന്നും അർത്ഥം. വ്യാകരണപരമായി നോക്കുമ്പോൾ ‘ക്കു’ എന്നർത്ഥം കൊടുക്കപ്പെട്ട അവ്യയം (ل) അതിന്റെ തൊട്ടുമുൻപുള്ള (فِىٓ أَرۡبَعَةِ أَيَّامٍ എന്ന) വാചകവുമായി ബന്ധപ്പെട്ടു നിൽക്കുന്നതായും, മുമ്പു പറഞ്ഞ (وَقَدَّرَ فِيهَا أَقْوَاتَهَا എന്ന) വാചകവുമായി ബന്ധപ്പെട്ടതായും വരാം. അതുകൊണ്ടു ഇവിടെ രണ്ടുപ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെടാറുണ്ട്;
1) ലോകസൃഷ്ടിയെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ശരിക്കും നാലു ദിവസം. അവർക്ക് അറിയുവാൻ വേണ്ടിയാണ് നാലു ദിവസം എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത് എന്നു സാരം. سواء എന്ന വാക്കിനു ഇകാരം (الكسرًة) കൊടുത്ത് ‘സവാഇൻ’ എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ‘ശരിയായ നാലു ദിവസം എന്നേ അതിന് അർത്ഥം വരികയുള്ളൂ.
2) ചോദിക്കുന്നവർക്കു വേണ്ടി അല്ലാഹു അതിൽ ആഹാര വസ്തുക്കൾ വ്യവസ്ഥപ്പെടുത്തിവെച്ചിരിക്കുന്നു. അഥവാ ആഹാരം അന്വേഷിക്കുന്നവരുടെ ആവശ്യാർത്ഥമാണ് അവ അതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്
41:11
- ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ ﴾١١﴿
- പിന്നെ (അതിനുപുറമെ) അവൻ ആകാശത്തിലേക്കു തിരിഞ്ഞു – അതു ഒരു (തരം) പുകയായിരുന്നു, എന്നിട്ട് അതിനോടും, ഭൂമിയോടും അവൻ പറഞ്ഞു: ‘നിങ്ങൾ രണ്ടും അനുസരണപൂർവ്വമോ അല്ലെങ്കിൽ നിർബന്ധിതമായോ വരുക!’ അവ രണ്ടും പറഞ്ഞു: ‘ഞങ്ങൾ അനുസരിച്ചുകൊണ്ടു (തന്നെ ഇതാ) വന്നിരിക്കുന്നു.’
- ثُمَّ പിന്നെ(അതിനു പുറമെ) اسْتَوَى അവൻ തിരിഞ്ഞു (ചെന്നു) إِلَى السَّمَاءِ ആകാശത്തിലേക്ക് وَهِيَ അത്, അതായിരിക്കെ دُخَانٌ പുകയായിരുന്നു,ഒരു പുക فَقَالَ എന്നിട്ടവൻ പറഞ്ഞു لَهَا അതിനോട് وَلِلْأَرْضِ ഭൂമിയോടും ائْتِيَا നിങ്ങൾ രണ്ടും വരുവിൻ طَوْعًا അനുസരണ പൂർവ്വം, വഴിപ്പെട്ടുകൊണ്ട് (സ്വമനസ്സാലെ) أَوْ كَرْهًا അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ) قَالَتَا അവരണ്ടും പറഞ്ഞു أَتَيْنَا ഞങ്ങൾ വന്നിരിക്കുന്നു طَائِعِينَ അനുസരിക്കുന്നവരായിട്ട്
41:12
- فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾١٢﴿
- അങ്ങനെ, അവയെ [ആകാശങ്ങളെ] രണ്ടു ദിവസങ്ങളിലായി അവൻ ഏഴാകാശങ്ങളാക്കി (സൃഷ്ടിപ്പ്) പൂർത്തീകരിച്ചു. എല്ലാ (ഓരോ) ആകാശത്തിലും അതതിൻെറ കാര്യം ബോധനം (നൽകി അറിയിച്ചു) കൊടുക്കുകയും ചെയ്തു. (ഭൂമിയുമായി) അടുത്ത ആകാശത്തെ ചില വിളക്കുകൾകൊണ്ട് നാം അലങ്കരിക്കുകയും ചെയ്തു. ഒരു കാവലും (ആക്കിവെച്ചിരിക്കുന്നു). സർവ്വജ്ഞനായ പ്രതാപശാലിയായുള്ളവൻ (വ്യവസ്ഥ ചെയ്തു) കണക്കാക്കിയതത്രെ അതു (ഒക്കെയും).
- فَقَضَاهُنَّ അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു) سَبْعَ سَمَاوَاتٍ ഏഴാകാശങ്ങൾ فِي يَوْمَيْنِ രണ്ടു ദിവസങ്ങളിൽ وَأَوْحَى അവൻ ബോധനം നൽകുകയും ചെയ്തു فِي كُلِّ سَمَاءٍ എല്ലാ ആകാശത്തിലും أَمْرَهَا അതിന്റെ കാര്യം وَزَيَّنَّا നാം അലങ്കരിക്കുക(ഭംഗിയാക്കുക)യും ചെയ്തു السَّمَاءَ الدُّنْيَا ഏറ്റം അടുത്ത (ഐഹികമായ) ആകാശം بِمَصَابِيحَ ചില വിളക്കുകളാൽ وَحِفْظًا ഒരു കാവലും ذَلِكَ അത് تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ നിർണ്ണയം (വ്യവസ്ഥ,കണക്കാക്കൽ) ആകുന്നു الْعَلِيمِ സർവ്വജ്ഞനായ
ثُمَّ اسْتَوَى إِلَى السَّمَاءِ (പിന്നെ ആകാശത്തിലേക്ക് തിരിഞ്ഞു) എന്നു പറഞ്ഞിരിക്കകൊണ്ട് ഭൂമി സൃഷ്ടിച്ചശേഷം പിന്നീടാണ് അല്ലാഹു ആകാശത്തിന്റെ സൃഷ്ടിയിലേക്ക് തിരിഞ്ഞത് എന്ന് ധരിച്ചുകൂടാത്തതാണ്. കാരണം, ആകാശത്തെ ഉയർത്തി സ്ഥാപിച്ചതിനേയും, ഇരുട്ടും വെളിച്ചവും ഏർപ്പെടുത്തിയതിനേയും സംബന്ധിച്ചു പ്രസ്താവിച്ചശേഷം, സൂ: നാസിആത്തി (النازعات) ൽ അല്ലാഹു ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: وَالْأَرْض بَعْد ذَلِكَ دَحَاهَا – النازعات (അതിനുശേഷം ഭൂമിയെ അവൻ പരത്തുകയും ചെയ്തു). നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാർക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയുവാൻ സാധിച്ചിട്ടില്ലെങ്കിലും ഉപരിലോകത്തെ നക്ഷത്രങ്ങൾക്കാണ് ഭൂമിയേക്കാൾ കൂടുതൽ കാലപ്പഴക്കമെന്നാണ് മൊത്തത്തിൽ അവരുടേയും നിഗമനം. അതുകൊണ്ട് ثم (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കുവാനുള്ളതല്ല, ഒരു വിഷയത്തിനുശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.
ആകാശത്തിന്റെ സൃഷ്‌ടിയിലേക്കു തിരിഞ്ഞപ്പോൾ അത് ഒരു തരം പുകയായിരുന്നു (وَهِيَ دُخَانٌ) എന്നു പറഞ്ഞതിന്റെ താൽപര്യം എന്താണെന്നു നമുക്കു സൂക്ഷ്‌മമായി പറയുവാൻ തെളിവുകളില്ല. ശാസ്ത്രത്തിന്റെ അഭിപ്രായമനുസരിച്ച് ഉപരിഗോളങ്ങളെല്ലാം ഒരുകാലത്ത് ഒരുതരം മേഘപടലം (السحاب) അല്ലെങ്കിൽ ധൂമപടലം (الدخان) അഥവാ ഒരുതരം ആവി (البخار) യോ വാതകമോ ആയിരുന്നു എന്നും അതിദീർഘമായ കാലങ്ങൾക്കുശേഷമാണ് അവ നിലവിലുള്ള പദാർത്ഥലോകങ്ങളായി പരിണമിച്ചിരിക്കുന്നതെന്നുമാണ് കാണുന്നത്. (*). അങ്ങിനെയുള്ള ഏതെങ്കിലും അവസ്ഥയേക്കുറിച്ചായിരിക്കാം ‘അത് പുകയായിരുന്നു’ (وَهِيَ دُخَانٌ) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന്നറിയാം. ഭൂമിയേയും ആകാശത്തേയും അഭിമുഖീകരിച്ചുകൊണ്ട് അനുസരണപൂർവ്വമോ നിർബന്ധിതമായോ വരുവാൻ കൽപിച്ചുവെന്നും അവ അനുസരണപൂർവം തന്നെ വന്നുവെന്നും പറഞ്ഞിട്ടുള്ളത് കേവലം ഒരു ഉപമാലങ്കാരപ്രയോഗമാകുന്നു. അവയും അവയിലുള്ള സർവവസ്‌തുക്കളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും വ്യവസ്ഥകൾക്കും പരിപൂർണ്ണമായും വിധേയമാണെന്നും അതിൽ എന്തെങ്കിലും വിഘ്നം വരുത്തുവാൻ അവക്ക് സാധ്യമല്ലെന്നും സാരം.
(*) സൂ: കഹ്‌ഫിന്റെ 109-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വിവരം കഴിഞ്ഞുപോയിട്ടുണ്ട്.
‘പുക’യായിരുന്ന വസ്തുവെ അല്ലാഹു ഏഴാകാശങ്ങളാക്കി സൃഷ്ടി പൂർത്തിയാക്കി (فَقَضَاهُنَّ سَبعَ سَمَاوَاتٍ) എന്നു പറഞ്ഞുവല്ലോ. ആ പുക എന്തായിരുന്നു? അതെവിടെനിന്നുണ്ടായി? അതിനുമുൻപ് അത് എന്തായിരുന്നു? കേവലം ചില ശാസ്ത്രീയ നിഗമനങ്ങളല്ലാതെ യഥാർത്ഥവും ഖണ്ഡിതവുമായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ. ഒരു കാര്യം ബുദ്ധി നമുക്കു കാട്ടിത്തരുന്നുണ്ട്. എല്ലാറ്റിന്റെയും ആദ്യത്തെ ഉത്ഭവസ്ഥാനം ശുദ്ധശൂന്യതയാണെന്നത്രേ അത്. ശുദ്ധശൂന്യതയിൽ നിന്ന് എന്തെങ്കിലും ഒരു വസ്തുവിന് അസ്തിത്വം നൽകുവാൻ അദൃശ്യമായ ഒരു പരമശക്തിക്കല്ലാതെ (അല്ലാഹുവിന്നല്ലാതെ) മറ്റേതൊരു ശക്തിക്കും കഴിവില്ല തന്നെ. ഏതു പ്രകൃതിവാദിയും ഏതു നിരീശ്വരവാദിയും ഇവിടെ മുട്ടുകുത്താതെ നിവൃത്തിയില്ല. രണ്ടുദിവസങ്ങളിൽ (فِي يَوْمَيْنِ) അഥവാ രണ്ടു ഘട്ടങ്ങളിൽ ആയിട്ടാണ് ആകാശങ്ങളേയും സൃഷ്ടിച്ചതെന്നു പറഞ്ഞുവല്ലോ. കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ച നാലു ദിവസത്തിനു പുറമേയാണിത്. അങ്ങനെ ആകാശഭൂമികളുടെ സൃഷ്ടി ആറു ദിവസം കൊണ്ട് പൂർത്തിയായി. (ഏഴ് ആകാശങ്ങളെക്കുറിച്ച് സൂ: മുഅമിനൂൻ 17-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചതു ഓർക്കുക).
ഓരോ ആകാശത്തിലേയും മലക്കുകൾ മുതലായ നിവാസികൾ, വിഭവങ്ങൾ, നടപടിക്രമങ്ങൾ, പ്രകൃതിവിശേഷങ്ങൾ ആദിയായ എല്ലാ കാര്യങ്ങളും നിശ്ചയിച്ചു വേണ്ടുന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നത്രേ وَأَوْحَى فِي كُلِّ سَمَاءٍ أَمْرَهَا (എല്ലാ ആകാശത്തിലും അതിന്റെ കാര്യത്തെക്കുറിച്ച് ബോധനം നൽകി) എന്നു പറഞ്ഞതിന്റെ താൽപര്യം. നക്ഷത്രഗോളങ്ങൾ ഓരോന്നും നമ്മുടെ ഭൂമിയേക്കാൾ എത്രയോ മടങ്ങു വലുതാണെങ്കിലും നമ്മുടെ ദൃഷ്ടിയിൽ അവ ഒരു മേൽപുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുതവിളക്കുകൾ പോലെയാണല്ലോ. അതുകൊണ്ടാണ് وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ (കൂടുതൽ അടുത്ത ആകാശത്തെ വിളക്കുകൾ കൊണ്ട് അലങ്കരിച്ചു) എന്നു പറഞ്ഞിരിക്കുന്നത്.
തുടർന്നുകൊണ്ട് و حفظا (ഒരു കാവലും) എന്നു പറഞ്ഞതിന്റെ താൽപര്യം രണ്ടു പ്രകാരത്തിൽ ആയിരിക്കാനിടയുണ്ട്. രണ്ടായാലും സ്ഥലത്തേക്കു യോജിച്ച ഒരു ക്രിയാരൂപം (فعل) ഇവിടെ ലോപിച്ചിരിക്കൽ വ്യാകരണനിയമപ്രകാരം അനിവാര്യമാണ്. അതിങ്ങനെ വിവരിക്കാം.
1) أي وحفظناها حفظاً (അവയെ – ആകാശത്തെ – നാം ഒരു കാവൽ കാക്കുകയും ചെയ്തിരിക്കുന്നു). അഥവാ ആകാശത്തിന്റെ രക്ഷക്കാവശ്യമായ എല്ലാ ഏർപ്പാടും നാം ചെയ്തിരിക്കുന്നു.
2) وَجَعَلْنَاهَا حفظاً (അവയെ – ആ വിളക്കുകളാകുന്ന നക്ഷത്രങ്ങളെ – നാം ഒരു കാവൽ ആക്കുകയും ചെയ്തിരിക്കുന്നു). നക്ഷത്രങ്ങളെ അടുത്ത ആകാശത്തിനു ഒരു അലങ്കാരമാണെന്ന പോലെത്തന്നെ, ആകാശത്തേക്കു പിശാചുക്കളുടെ വരവിനെ തടയുക വഴി ആകാശത്തിന് അവയെ ഒരു കാവലായും ഏർപ്പെടുത്തിയിരിക്കുന്നു എന്നു സാരം. നക്ഷത്രങ്ങൾ കൊണ്ട് ആകാശത്തെ അലങ്കരിച്ചവിവരം പറയുന്നതോടൊപ്പം തന്നെ അവയെ പിശാചുക്കളിൽ നിന്ന് കാവലും ആക്കിയിരിക്കുന്നുവെന്ന് (സൂ: ഹിജ്ർ 16, 17; സ്വാഫാത്ത് 6, 7; മുൽക് 5 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചതാണല്ലോ. അതാണ് ഈ വ്യാഖ്യാനത്തിന് അവലംബം. (കൂടുതൽ വിവരം സൂ: ഹിജ്‌റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നോക്കുക). ഇതെല്ലാം സൃഷ്ടിച്ച് വ്യവസ്ഥപ്പെടുത്തി നിയന്ത്രിച്ചും പരിപാലിച്ചും പോരുന്ന മഹാ ശക്തി പ്രതാപത്തിന്റെയും ജ്ഞാനത്തിന്റെയും പരമകേന്ദ്രം തന്നെ. (ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ)
9 മുതൽ 12 കൂടി വചനങ്ങളിലെ ഉള്ളടക്കം ഓർത്തുകൊണ്ടു ഈ വചനത്തിലെ താക്കീതിന്റെ ആഴം ഒന്നാലോചിച്ചുനോക്കുക! മുൻപ് പ്രസ്താവിച്ചതുപോലെ ആ കടുത്ത മുശ്‌രിക്കായ ഉത്ത്ബത്തിന്റെ മുഖഭാവം മാറിയതും കരിങ്കല്ലു പോലെ ഉറച്ചു കടുത്തിരുന്ന ആ ഹൃദയത്തിനു ചാഞ്ചല്യം നേരിട്ടതും ഈ താക്കീതിന്റെ ഗൗരവം നിമിത്തമാണല്ലോ. صاعقة (ഇടിത്തീ) എന്ന വാക്കു കൊണ്ട് ഘോരമായ ശിക്ഷ എന്നാണിവിടെ വിവക്ഷ. ആദു – ഥമൂദിന്റെ ശിക്ഷകളെക്കുറിച്ച് തുടർന്നു വിവരിക്കുന്നുണ്ട്.
41:13
- فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ ﴾١٣﴿
- എന്നിരിക്കെ, അവർ (ശ്രദ്ധിക്കാതെ) തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: ‘ആദിന്റെയും, ഥമൂദിൻെറയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ [വമ്പിച്ച ശിക്ഷയെ]ക്കുറിച്ചു ഞാൻ (ഇതാ) നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു!’
- فَإِنْ أَعْرَضُوا എന്നിരിക്കെ(അപ്പോൾ) അവർ തിരിഞ്ഞാൽ, അവഗണിച്ചാൽ فَقُلْ എന്നാൽ നീ പറയുക أَنۡذَرْتُكُمْ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ്(താക്കീത്)തരുന്നു صَاعِقَةً ഒരു ഇടിത്തീ, ഘോര ശിക്ഷ مِثْلَ صَاعِقَةِ ഇടിത്തീ പോലെയുള്ള عَادٍ وَثَمُودَ ആദിന്റെയും ഥമൂദിന്റെയും
41:14
- إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ﴾١٤﴿
- അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും അവരുടെ അടുക്കൽ റസൂലുകൾ ചെ (ന്ന് ഉപദേശിച്ചു കൊണ്ടിരു)ന്നപ്പോൾ, അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നു; അവർ പറഞ്ഞു: ‘ഞങ്ങളുടെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ (ഞങ്ങളിലേക്കു) ‘മലക്കു’കളെ ഇറക്കുമായിരുന്നു. അതുകൊണ്ട്, നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിശ്ചയമായും ഞങ്ങൾ അവിശ്വാസികളാണ്.’
- إِذْجَاءَتْهُمُ അവർക്ക് വന്നപ്പോൾ الرُّسُلُ റസൂലുകൾ (ദൂതൻമാർ) مِنْ بَيْنِ أَيْدِيهِمْ അവരുടെ മുമ്പിൽകൂടി وَمِنْ خَلْفِھِمْ അവരുടെ പിമ്പിൽകൂടിയും أَلاتَعْبُدُوا നിങ്ങൾ ആരാധിക്കരുതെന്ന് إِلااللَّهَ അല്ലാഹുവിനെയല്ലാതെ قَالُوا അവർ പറഞ്ഞു لَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കിൽ رَبُّنَا നമ്മുടെ റബ്ബ് لأَنْزَلَ അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ് مَلاىِٕكَةً മലക്കുകളെ فَإِنَّا ആകയാൽ നിശ്ചയം ഞങ്ങൾ بِمَا യാതൊന്നിൽ أُرْسِلْتُمْ بِهِ അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശാസികളാണ്
മുൻപിൽകൂടിയും പിമ്പിൽകൂടിയും റസൂലുകൾ ചെന്നുവെന്നു പറഞ്ഞതിന്റെ താൽപര്യം, അവരുടെ വരവും ഉപദേശവും തുടർന്നുകൊണ്ടിരുന്നു എന്നാകുന്നു. ആദിന്റെയും ഥമൂദിന്റെയും പൊതുനിലയാണ് ഈ വചനത്തിൽ ചുരുക്കിപ്പറഞ്ഞത്. തുടർന്നുള്ള വചനങ്ങളിൽ അതിന്റെ വിശദീകരണം കാണാം.
