സൂറ:ഫുസ്സിലത് : 01-08
- വെളിച്ചം റമദാന്‍ ഡേ-01 – സൂറ: ഫുസ്സിലത് പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 08 വരെ
- വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 01-08)
ഹാ-മീം സജദഃ
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകൂഉ്) 6
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
സൂറത്ത് ‘ഫുസ്-സ്വിലത്ത്’’ എന്നും ഇതിന് പേരുണ്ട്.
ഇമാം ബൈഹഖീ, ഹാകിം (رحمهما الله) മുതലായ പല ഹദീഥ് പണ്‌ഡിതന്‍മാരും നിവേദനം ചെയ്‌തിട്ടുള്ള ഒരു സംഭവമാണ് ചുവടെ ചേര്‍ക്കുന്നത്:-
ഒരിക്കല്‍ ഖുറൈശികള്‍ ഒരു യോഗം ചേര്‍ന്ന് ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: `നമുക്കിടയില്‍ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (നബിയുടെ) അടുക്കല്‍ ചെന്ന് ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയില്‍ സമര്‍ത്ഥനായ ഒരാള്‍ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതില്‍നിന്ന് പിന്‍മാറ്റുവാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ. `ഇതിനായി ഉത്ത്ബത്തുബ്‌നു റബീഅഃ (عتبة بن ربيعة) യെ അവര്‍ പറഞ്ഞയച്ചു. ഉത്ത്ബത്തു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) fയുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: `മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്‌ദുല്ലയോ ഉത്തമന്‍?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ത്ബത്ത്: `അല്ലെങ്കില്‍ നീയോ (നിന്റെ പിതാമഹന്‍) അബ്‌ദുല്‍ മുത്വലിബോ ഉത്തമന്‍?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ത്ബത്ത് തുടര്‍ന്നു. `ഇവരെല്ലാം നിന്നെക്കാള്‍ ഉത്തമന്‍മാരായിരുന്നുവെങ്കില്‍, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാള്‍ ഉത്തമന്‍ നീയാണെന്ന് പറയുന്നുവെങ്കില്‍ നീയൊന്ന് സംസാരിക്കൂ, ഞങ്ങള്‍ കേള്‍ക്കട്ടെ!’
ഉത്ത്ബത്ത് തുടര്‍ന്നു: ‘അല്ലാഹുവാണ സത്യം! ഈ ജനതയില്‍ നിന്നെക്കാള്‍ ലക്ഷണം കെട്ടവന്‍ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി: ഞങ്ങളുടെ കാര്യങ്ങള്‍ നീ താറുമാറാക്കി: മതത്തെ നീ കുറ്റപ്പെടുത്തി: അറബികളുടെ മുമ്പില്‍ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക് (സാമ്പത്തികമായ) വല്ല ആവശ്യവുമാണുള്ളതെങ്കില്‍, ഞങ്ങള്‍ നിനക്ക് ധനം ശേഖരിച്ചുതന്ന് നിന്നെ ക്വുറൈശികളില്‍ വലിയ ഒരു ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കില്‍, നീ ഇഷ്‌ടപ്പെടുന്ന സ്‌ത്രീയെ നിനക്ക് വിവാഹം ചെയ്‌തുതരാം. വേണമെങ്കില്‍ പത്തുപേരെ വിവാഹം കഴിച്ചുതരാം.’
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: `താങ്കള്‍ പറഞ്ഞ് കഴിഞ്ഞുവോ?’ ഉത്ത്ബത്ത്: ‘അതെ,’ ‘എന്നാല്‍ കേള്‍ക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തിരുമേനി ‘ഹാ- മീം സജദഃയുടെ ‘ബിസ്‌മില്ലാഹി’ മുതല്‍ 13-ാം വചനം തീരുന്നതുവരെ (من بسم الله – الى قوله : مثل صاعقة عاد و ثمود) ഉത്ത്ബത്തിനെ ഓതികേള്‍പ്പിച്ചു.കൈകള്‍ പിന്നോക്കം കെട്ടിനിന്ന് അതെല്ലാം കേട്ട ഉത്ത്ബത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിച്ചു: ‘മതി!മതി!! ഉത്ത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ഖുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാള്‍ മടങ്ങിപ്പോയത്.
ഉത്ത്ബത്ത് മതം മാറിപ്പോയോ എന്ന് പോലും ഖുറൈശികള്‍ സംശയിച്ചു. അബൂ ജഹ്‌ല്‍ മുതലായവര്‍ അയാളെ വീട്ടില്‍ ചെന്ന് കണ്ടു. അയാള്‍ അവരോടിങ്ങനെ പറഞ്ഞു: ‘മുഹമ്മദില്‍ നിന്ന് ഞാന്‍ ചിലതെല്ലാം കേള്‍ക്കുകയുണ്ടായി, അത് ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അവസാനം അവന്‍ ‘ആദു-ഥമൂദി’ന്റെതു പോലെയുള്ള ശിക്ഷയെകുറിച്ചു നമ്മെ താക്കീതും ചെയ്കയുണ്ടായി. അപ്പോള്‍ ഞാനവന്റെ വായക്കുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടാണ് അവനത് നിറുത്തിയത്. നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ് കളവ് പറയാറില്ലെന്ന്. അതുകൊണ്ട് നമുക്ക് വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി!’
ഒരു നിവേദനത്തില്‍ ഉത്ത്ബത്തിന്റെ മറുപടിയില്‍ ഇപ്രകാരവും കാണാം: ‘മുഹമ്മദിനെയും, അവന്റെ കാര്യത്തെയും നിങ്ങള്‍ വിട്ടേക്കുക. നിശ്ചയമായും അവന്നൊരു ഭാവിയുണ്ട്. ഞാന്‍ ഇപ്പറയുന്നത് നിങ്ങള്‍ അനുസരിക്കണം. വേറെ ഏത് വാക്ക് നിങ്ങള്‍ നിരസിച്ചാലും വിരോധമില്ല. അറബികള്‍ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന് പ്രതാപം വര്‍ദ്ധിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ -ഖുറൈശികളുടെ- യും പ്രതാപമായിരിക്കും.’ ഉത്ത്ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളെ മനസ്സിരുത്തി വായിക്കുമ്പോള്‍ അറിയാം അവയിലടങ്ങിയ ആശയങ്ങളുടെ ഗൗരവം.
41:1
- حمٓ ﴾١﴿
- ‘ഹാ-മീം.’
- حم ഹാ മീം
41:2
- تَنزِيلٌ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ ﴾٢﴿
- പരമകാരുണികനും, കരുണാനിധിയുമായുള്ളവനിൽ നിന്നുള്ള അവതരണമാണ് (ഇത്) .
- تَنۡزِيلٌ അവതരിപ്പിക്കൽ مِنَ الرَّحْمَـنِ പരമകാരുണികനിൽ നിന്നുള്ള الرَّحِيمِ കരുണാനിധിയായ
41:3
- كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ﴾٣﴿
- അറബിഭാഷയിലുള്ള ഒരു ‘ഖുർആൻ’ [പാരായണ ഗ്രന്ഥം] എന്ന നിലയിൽ ‘ആയത്ത് ‘ [സൂക്തം]കൾ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം,അറിയുന്ന ജനങ്ങൾക്കു വേണ്ടി!-
- كِتَابٌ ഒരു ഗ്രന്ഥം(വേദഗ്രന്ഥം) فُصِّلَتْ വിശദീകരിക്കപ്പെട്ടിട്ടുണ്ട്,വേർതിരിച്ചു പറയപ്പെട്ട آيَاتُهُ അതിന്റെ ആയത്തുകൾ قُرْآنًا ഒരു ഖുർആൻ (പാരായണ ഗ്രന്ഥം) ആയിക്കൊണ്ട് عَرَبِيًّا അറബിയിലുള്ള لِّقَوْمٍ ഒരു ജനതക്കുവേണ്ടി يَعْلَمُونَ അറിയുന്ന
41:4
- بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ ﴾٤﴿
- സന്തോഷവാർത്ത അറിയിക്കുന്നതും, താക്കീതു നൽകുന്നതുമായികൊണ്ട്. എന്നാൽ, അവരിൽ അധികമാളും (അവഗണിച്ച്) തിരിഞ്ഞുകളഞ്ഞു. അങ്ങനെ, അവർ (ചെവികൊടുത്ത്) കേൾക്കുന്നില്ല.
- بَشِيرًا സന്തോഷവാർത്ത അറിയിക്കുന്നതായി وَنَذِيرًا താക്കീത് നൽകുന്നതും. فَأَعْرَضَ എന്നാൽ (എന്നിട്ട്) തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു أَكْثَرُهُمْ അവരിലധികവും فَهُمْ അങ്ങനെ അവർلَا يَسْمَعُونَ കേൾക്കുന്നില്ല,ചെവി കൊടുക്കുന്നില്ല
ബാഹ്യവും ആന്തരികവുമായ എല്ലാതരം കാരുണ്യങ്ങളുടെയും പരമകേന്ദ്രമായ അല്ലാഹു അവന്റെ അടിയന്മാരുടെ ശാശ്വത നന്മയ്ക്കുവേണ്ടി അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമത്രെ വിശുദ്ധ ഖുർആൻ. നിഷ്‌പ്രയാസം പാരായണം ചെയ്‍വാനും, ഗ്രഹിച്ചു മനസ്സിലാക്കുവാനും വേണ്ടി അതിലെ സൂക്തങ്ങൾ ഓരോന്നും വെവ്വേറെ പിരിച്ചു വേർതിരിച്ചും, അതാതിലെ ആശയങ്ങൾ വിശദീകരിച്ചുംകൊണ്ടു അറബി ഭാഷയിലുള്ള ഒരു നിത്യപാരായണഗ്രന്ഥമായിട്ടാണ് അതു അവതരിപ്പിക്കുന്നത്. കാര്യങ്ങൾ ഗ്രഹിക്കുന്ന – വസ്തുതകളെപ്പറ്റി ആലോചിക്കുന്ന ആളുകൾക്ക് അതു പ്രയോജനപ്പെടാതിരിക്കുകയില്ല. സത്യത്തിൽ വിശ്വസിക്കുന്നവർക്ക് അതു സന്തോഷവാർത്തയും, അവിശ്വസിക്കുന്നവർക്കു അതു താക്കീതും നൽകുന്നു.
‘വിവരിക്കപ്പെട്ടു, വേർതിരിക്കപ്പെട്ടു’ എന്നൊക്കെ അർത്ഥം വരാവുന്ന വാക്കാണ് فصلت (ഫുസ് -സ്വിലത്ത്). അതുകൊണ്ടു രണ്ടുതരത്തിലുള്ള വ്യാഖ്യാനങ്ങൾ അതിനു നല്കപ്പെട്ടുകാണാം.
1. ഖുർആന്റെ ആയത്തുകളാകുന്ന വചനങ്ങൾ – അല്ലെങ്കിൽ (*) അദ്ധ്യായങ്ങൾ -ഓരോന്നിനും സൗകര്യപൂർവ്വം പ്രത്യേക തരത്തിലുള്ള പ്രാരംഭവും സമാപനവും നൽകിക്കൊണ്ട് ഹൃദ്യവും, ആകർഷണീയവുമായ ശൈലിയിലാണ് ഖുർആൻ ഉള്ളത്.
2. ഖുർആനിലെ ഓരോ വചനവും, ഓരോ അദ്ധ്യായവും, അതതിലെ ആശയങ്ങൾ ജനങ്ങൾക്ക് വേണ്ടത് പോലെ ഗ്രഹിക്കുമാറ് സമർത്ഥമായ രീതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, ഈ രണ്ടു വ്യാഖ്യാനവും ഖുർആനെ സംബന്ധിച്ചിടത്തോളം തികച്ചും യാഥാർത്ഥവുമാണ്. പക്ഷെ എന്നിട്ടും ജനങ്ങളിൽ മിക്കവരും അതിന്റെ നേരെ അവഗണനയാണ് കാണിക്കുന്നത്. മാത്രമല്ല ;-
(*) ഖുർആൻ സൂക്തങ്ങൾക്കും അദ്ധ്യായങ്ങൾക്കും ‘ആയത്തുകൾ ‘ എന്നു പറയാമെന്നു കഴിഞ്ഞ അദ്ധ്യായത്തിൽ വെച്ചു നാം കണ്ടുവല്ലോ.
41:5
- وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَٰمِلُونَ ﴾٥﴿
- അവർ പറയുകയും ചെയ്യുന്നു: ‘(മുഹമ്മദേ) നീ യാതൊന്നിലേക്കു ഞങ്ങളെ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടികളിലാണുള്ളത്; ഞങ്ങളുടെ കാതുകളിലുമുണ്ട് (ഒരു തരം) കട്ടി. ഞങ്ങളുടെയും നിന്റെയും ഇടക്കു (യോജിക്കാത്തവണ്ണം) ഒരു മറയുമുണ്ട്.ആകയാൽ (നീ കണ്ടതു) നീ പ്രവർത്തിച്ചു കൊള്ളുക; നിശ്ചയമായും ഞങ്ങൾ (കണ്ടതു ഞങ്ങളും) പ്രവർത്തിക്കുന്നവരാണ്!’
- وَقَالُوا അവർ പറയുകയും ചെയ്തു (ചെയ്യുന്നു) قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങൾ فِي أَكِنَّةٍ (ചില) മൂടികളിലാണ് مِمَّا യാതൊന്നിനെപ്പറ്റി تَدْعُونَا നീ ഞങ്ങളെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക് وَفِي آذَانِنَا ഞങ്ങളുടെ കാതുകളിലുമുണ്ട് وَقْرٌ ഒരു കട്ടി,ഭാരം وَمِنۡ بَيْنِنَا ഞങ്ങളുടെ ഇടയിലുണ്ട് وَبَيْنِكَ നിന്റെ ഇടയിലും حِجَابٌ ഒരു മറ (തടസ്സം) فَاعْمَلْ ആകയാൽ പ്രവർത്തിച്ചു കൊള്ളുക إِنَّنَا നിശ്ചയമായും ഞങ്ങൾ عَامِلُونَ പ്രവർത്തിക്കുന്നവരാണ്
ഞങ്ങൾ സത്യം ചെവിക്കൊള്ളുവാൻ ഒരിക്കലും തയ്യാറില്ലെന്നും, നാം തമ്മിൽ യോജിച്ചു പോവുക സാധ്യമല്ലെന്നും നിസ്സങ്കോചം ദുരഭിമാനം കൊള്ളുവാൻ അവർ ധൃഷ്ടരായിരിക്കുകയാണ്. എന്നിട്ടും, സൗമ്യമായ രീതിയിൽ അവരോടു മറുപടി പറയുവാൻ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു:-
41:6
- قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ ﴾٦﴿
- (നബിയേ) പറയുക: ‘ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രം; നിങ്ങളുടെ ഇലാഹു [ആരാധ്യൻ] ഒരേ ഒരു ഇലാഹാണെന്നു എനിക്കു ‘വഹ്‌യു’ [ഉൽബോധനം] നൽകപ്പെടുന്നു. ആകയാൽ, നിങ്ങൾ അവങ്കലേക്കു ചൊവ്വായി നിലകൊള്ളുവിൻ; അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ.’ ബഹുദൈവവിശ്വാസികൾക്ക് നാശം.
- قُلْ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാൻ بَشَرٌ ഒരു മനുഷ്യൻ (മാത്രം) مِثْلُكُمْ നിങ്ങളെപ്പോലുള്ള يُوحَی إِلَيَّ എനിക്ക് വഹ്‌യു നൽകപ്പെടുന്നു أَنَّمَا إِلَـهُكُمْ നിങ്ങളുടെ ഇലാഹാണെന്നു إِلَهٌ وَاحِدٌ ഏകനായ (ഒരേ) ഇലാഹ് فَاسْتَقِيمُوا അതുകൊണ്ട് നിങ്ങൾ ചൊവ്വായി(നേരെ) നിലകൊള്ളുവിൻ إِلَيْهِ അവങ്കലേക്ക് وَاسْتَغْفِرُوهُ അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ وَوَيْلٌ കഷ്ടം, നാശം لِلْمُشْرِكِينَ മുശ്രിക്കുകൾക്കാണ്
41:7
- ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ كَٰفِرُونَ ﴾٧﴿
- ‘സക്കാത്ത്’ കൊടുക്കാത്തവർ; പരലോകത്തെക്കുറിച്ചാകട്ടെ, അവർ അവിശ്വാസികളുമാണ് (അങ്ങിനെയുള്ള മുശ്‌രിക്കുകൾക്ക് നാശം).
- الَّذِينَ لَا يُؤْتُونَ കൊടുക്കാത്തവരായ الزَّكَاةَ സകാത്ത്, ധർമ്മം وَهُمۡ അവർ, അവരാകട്ടെ بِالْآخِرَةِ പരലോകത്തെപ്പറ്റി هُمْ അവർ كَافِرُونَ അവിശ്വാസികളാണ് (താനും)
മാനുഷികമായ പ്രകൃതിയിൽ ഞാനും നിങ്ങളെപ്പോലെയുള്ള ഒരുവൻതന്നെ. എങ്കിലും, അല്ലാഹുവിൽ നിന്നു ദൗത്യസന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവാചകനും, ആരാധ്യൻ അല്ലാഹു മാത്രമാണെന്ന തത്വം പ്രബോധനം ചെയ്‍വാൻ നിയുക്തനായവനുമത്രെ ഞാൻ. അതുകൊണ്ടാണ് ഞാൻ നിങ്ങളെ അതിലേക്കു വിട്ടുവീഴ്ച കൂടാതെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും, ആ അടിസ്ഥാനതത്വത്തിൽ നീക്കുപോക്കു വരുത്തുവാൻ തയ്യാറില്ലാത്തതും എന്നു സാരം.
മുശ്‌രിക്കുകളുടെ സ്വഭാവങ്ങളായി രണ്ടു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. ഒന്ന് അവർ ‘സകാത്തു ‘ കൊടുക്കുന്നില്ലെന്നും, മറ്റൊന്ന് അവർ പരലോകത്തിൽ വിശ്വസിക്കാത്തവരാണെന്നും. പരലോകത്തിൽ – അഥവാ മരണാനന്തര ജീവിതത്തിലും, പ്രതിഫലത്തിലും – വിശ്വസിക്കാത്തവരാണ് മുശ്‌രിക്കുകൾ എന്നു വ്യക്തം തന്നെ. എന്നാൽ, ‘സകാത്തു കൊടുക്കാത്തവർ‘ (الّذِينَ لا يُؤتُونَ الزَّكَاة) എന്ന വിശേഷണം പ്രത്യേകം ശ്രദ്ധാർഹമാണ്. സകാത്തിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യം എന്തുമാത്രമുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാക്കേണ്ടതുണ്ട്. പരലോകത്തിൽ വിശ്വസിക്കാത്തതും സകാത്തു കൊടുക്കാത്തതുമാണ് മുശ്‌രിക്കുകളുടെ നാശഹേതു എന്നു വരുമ്പോൾ, ഇസ്ലാമിൽ സകാത്തിന്റെ സ്ഥാനം കേവലം ഒരു നിർബന്ധകർമം എന്നതിലും എത്രയോ ഉയർന്നതാണെന്നു വ്യക്തമാണല്ലോ. അതുകൊണ്ടു തന്നെയായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്തു കൊടുപ്പാൻ വിസമ്മതിച്ചപ്പോൾ അബൂബക്കർ (رضي الله عنها) അവരോടു പരസ്യമായി യുദ്ധം നടത്തിയതും.
ഇസ്‌ലാമിൽ നിലവിലുള്ള സകാത്തുനിയമം നടപ്പിലായതു ഹിജ്‌റ രണ്ടാം കൊല്ലത്തിലാണ്. ഈ അദ്ധ്യായമാകട്ടെ, മക്കീ കാലഘട്ടത്തിൽ അവതരിച്ചതുമാകുന്നു. അതുകൊണ്ട് ഇവിടെ ‘സകാത്തു’ കൊണ്ടുദ്ദേശ്യം മതത്തിലെ സാങ്കേതിക അർത്ഥത്തിലുള്ള നിർബന്ധധർമം അല്ലെന്നും (‘പരിശുദ്ധി’, ആത്‌മീയ ശുദ്ധത’ മുതലായവ) ഭാഷാർത്ഥത്തിലുള്ള സകാത്തോ, അല്ലെങ്കിൽ പൊതുവിലുള്ള ദാനധർമങ്ങളോ ആണെന്നുമത്രെ ചില മഹാന്മാരുടെ അഭിപ്രായം. പക്ഷെ – ഇബ്നുകഥീർ (رحمه الله) മുതലായവർ സൂചിപ്പിച്ചിട്ടുള്ളതുപോലെ – നിലവിലുള്ള സകാത്തു നിയമം വരുന്നതിനുമുമ്പ് – പ്രവാചകത്വത്തിന്റെ ആദ്യഘട്ടങ്ങളിൽ – മറ്റൊരു തരത്തിലുള്ള സകാത്തു നിർബന്ധമുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. വിളവുകൾ കൊയ്തെടുക്കുന്ന അവസരത്തിൽ അതിന്റെ കടമ കൊടുത്തു തീർക്കേണ്ടതാണ്.
(وَ آتُواْ حَقَّهُ يَومَ حَصَادِهِ – الأنعام ۱٤۱) എന്നു മക്കീ സൂറത്തുകളിലൊന്നായ സൂ. ആൻആമിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൂടാതെ, കഴിവുള്ളവർ അടിയന്തരഘട്ടങ്ങളിൽ ദരിദ്രന്മാർക്കും പാവപ്പെട്ടവർക്കും സാമ്പത്തികസഹായം നൽകണമെന്നുള്ളതു ഒരു പ്രധാന കടമയായി എല്ലാ കാലത്തും പൊതുവിൽ അംഗീകരിക്കപ്പെട്ടതുമാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഇന്നു നിലവിലുള്ള സകാത്തു വിശദാംശത്തിൽ വ്യത്യസ്തമായിരുന്നാലും മറ്റൊരു തരത്തിലുള്ള സകാത്തു അന്നും നിർബന്ധമുണ്ടായിരുന്നു. അതു അനുഷ്ടിക്കാത്തതിന്റെ പേരിലാണ് ‘സകാത്തു കൊടുക്കാത്ത മുശ്‌രിക്കുകൾ’ എന്നു അല്ലാഹു ഇവിടെ ആക്ഷേപിച്ചിരിക്കുന്നതു എന്നു വെക്കുവാനാണ് ന്യായം കാണുന്നത്. ‘സകാത്തു കൊടുക്കാത്ത’ (لَا يُؤۡتُونَ ٱلزَّكَوٰةَ) എന്ന പ്രയോഗവും ഇതിനാണ് കൂടുതൽ അനുകൂലമാകുന്നത്. اللّه أعلم
41:8
- إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴾٨﴿
- നിശ്ചയമായും, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്കു മുറിഞ്ഞുപോകാത്ത പ്രതിഫലം ഉണ്ടായിരിക്കും.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുവർ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത لَهُمْ أَجْرٌ അവർക്കുണ്ട് പ്രതിഫലം غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത)
