സൂറത്തു സുഖ്റുഫ് : 79-89
- വെളിച്ചം റമദാന്‍ ഡേ-07 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 08 – ആയത്ത് 79 മുതല്‍ 89 വരെ
- വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
പരായണം
വിശദീകരണം
സൂറത്തു സുഖ്റുഫ് : 79-89
വിഭാഗം – 7
43:79
- أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ ﴾٧٩﴿
- അതല്ല (-ഒരുപക്ഷെ) അവര്‍ വല്ല കാര്യവും [പരിപാടിയും] ഉറപ്പിച്ചുവെച്ചിരിക്കുന്നുവോ?! എന്നാല്‍, നിശ്ചയമായും നാമും (ചിലതു) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.
- أَمْ أَبْرَمُوا അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ أَمْرًا വല്ല കാര്യവും فَإِنّا എന്നാല്‍ നാം مُبْرِمُونَ ഉറപ്പിക്കുന്നവരാണ്
43:80
- أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴾٨٠﴿
- അതല്ലെങ്കില്‍, അവര്‍ വിചാരിക്കുന്നുണ്ടോ, അവരുടെ രഹസ്യവും, (സ്വകാര്യ) മന്ത്രവും നാം കേള്‍ക്കുന്നില്ലെന്നു?! ഇല്ലാതെ! (കേള്‍ക്കുന്നുണ്ട്). നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതിക്കൊണ്ടുമിരിക്കുന്നു.
- أَمْ يَحْسَبُونَ അതല്ല അവര്‍ വിചാരിക്കുന്നു (കണക്കാക്കുന്നു) വോ أَنَّا لَا نَسْمَعُ നാം കേള്‍ക്കയില്ലെന്നു سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُم അവരുടെ മന്ത്രവും, ഗൂഢഭാഷണവും بَلَىٰ അല്ലാതെ, ഇല്ലാതേ (ഉണ്ടു) وَرُسُلُنَا നമ്മുടെ ദൂതന്മാര്‍ لَدَيْهِمْ അവരുടെ അടുക്കല്‍ يَكْتُبُونَ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു
സത്യപ്രബോധനത്തെ പരാജയപ്പെടുത്തുവാനുള്ള വല്ല പരിപാടിയോ കുതന്ത്രമോ നടത്തുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ക്കു നല്ലതിനല്ല; അവരുടെമേല്‍ തക്ക നടപടി എടുക്കുവാനുള്ള പരിപാടി അല്ലാഹുവും എടുക്കും; അല്ലാഹുവിന്റെ നടപടി വിജയിക്കാതിരിക്കയില്ല. രഹസ്യമായി വല്ലതും നടത്തിക്കളയാമെന്ന ധാരണയും വേണ്ട. അവരുടെ ഏതു രഹസ്യവും അല്ലാഹു അറിയാത്തതായിട്ടില്ല. മാത്രമല്ല, അവരുടെ ചെയ്തികളെല്ലാം രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ അവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് എന്നു സാരം.
43:81
- قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ ﴾٨١﴿
- (നബിയേ) പറയുക: ‘പരമകാരുണികന് വല്ല സന്താനവും ഉണ്ടെന്നു വരികില്‍, ഞാന്‍ (അതിന്റെ) ആരാധകന്മാരില്‍ ഒന്നാമത്തേവനായിരിക്കും.’
- قُلْ പറയുക إِن كَانَ ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ لِلرَّحْمَـٰنِ റഹ്മാന്നു وَلَدٌ വല്ല സന്താനവും, മക്കളും فَأَنَا എന്നാല്‍ ഞാന്‍ أَوَّلُ الْعَابِدِينَ ആരാധിക്കുന്നവരില്‍ ഒന്നാമാത്തേവനായിരിക്കും
43:82
- سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾٨٢﴿
- ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് – അതായത്, ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] റബ്ബ് – അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു എത്രയോ പരിശുദ്ധന്‍!
- سُبْحَٰنَ മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു رَبِّ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ وَٱلْأَرْضِ ഭൂമിയുടെയും رَبِّ ٱلْعَرْشِ അര്‍ശിന്റെ റബ്ബ് عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു)
മക്കളെ സ്വീകരിക്കുക, മക്കള്‍ ജനിക്കുക എന്നിങ്ങിനെ സൃഷ്ടികളുടേതായ സകലഗുണവിശേഷങ്ങളില്‍നിന്നും പരിശുദ്ധനാണവന്‍. അതൊന്നും പരമോന്നതനായ അവന്റെ മഹത്വത്തിനു യോജിച്ചതല്ല.
43:83
- فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ ﴾٨٣﴿
- ആകയാല്‍ അവരെ വിട്ടേക്കുക; അവരോടു താക്കീതു ചെയ്യപ്പെട്ടുവരുന്ന അവരുടെ (ആ) ദിവസവുമായി കണ്ടുമുട്ടുന്നതുവരേക്കും അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും, കളിച്ചുംകൊണ്ടിരിക്കട്ടെ!
- فَذَرْهُمْ ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകട്ടെ, മുഴുകുമാറു وَيَلْعَبُوا വിളയാടുകയും, കളിക്കുകയും حَتَّىٰ يُلَاقُوا അവര്‍ കണ്ടെത്തുന്നതുവരെ يَوْمَهُمُ അവരുടെ ദിവസം الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന
43:84
- وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌ وَفِى ٱلْأَرْضِ إِلَـٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ ﴾٨٤﴿
- അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവന്‍. അവന്‍തന്നെയാണ്, അഗാധജ്ഞനും, സര്‍വ്വജ്ഞനും.
- وَهُوَ الَّذِي അവന്‍ യാതൊരുവനാണ് فِي السَّمَاءِ إِلَـٰهٌ ആകാശത്തില്‍ ആരാധ്യനായ (ദൈവമായ) وَفِي الْأَرْضِ إِلَـٰهٌ ഭൂമിയിലും ആരാധ്യനായ وَهُوَ الْحَكِيمُ അവന്‍തന്നെ അഗാധജ്ഞന്‍ الْعَلِيمُ സര്‍വ്വജ്ഞന്‍
43:85
- وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ ﴾٨٥﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും, അവക്കിടയിലുള്ളതിന്റെയും രാജാധിപത്യം യാതൊരുവന്നുള്ളതാണോ അവന്‍, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനുമാകുന്നു. അവന്റെ അടുക്കലാണ് അന്ത്യസമയത്തിന്റെ അറിവുള്ളതും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
- وَتَبَارَكَ الَّذِي യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) ഏറിയവനുമാകുന്നു لَهُ അവനാണ് مُلْكُ السَّمَاوَاتِആകാശങ്ങളുടെ ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിന്നിടയിലുള്ളതിന്റെയും وَعِندَهُ അവന്റെ അടുക്കലാണുതാനും عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
43:86
- وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ ﴾٨٦﴿
- അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്‌വാന്‍ അധികാരം (അഥവാ കഴിവ്) ഉണ്ടാകുന്നതല്ല; തങ്ങള്‍ അറിഞ്ഞുകൊണ്ടു യഥാര്‍ത്ഥത്തിനു സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ.
- وَلَا يَمْلِكُ സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല الَّذِينَ يَدْعُونَ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ الشَّفَاعَةَ ശുപാര്‍ശക്ക് إِلَّا مَن شَهِدَ സാക്ഷ്യം വഹിച്ചവരല്ലാതെ بِالْحَقِّ യഥാര്‍ത്ഥത്തിനു وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ടു
അല്ലാഹു അല്ലാത്ത ആരാധ്യന്മാര്‍ക്ക് തങ്ങളുടെ ആരാധകന്മാര്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌വാനോ, സ്വാധീനം ചെലുത്തുവാനോ സാധിക്കുന്നതല്ല. പക്ഷേ, തൗഹീദിനെപ്പറ്റി ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് അതിനു സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി (عليه السلام), ഉസൈര്‍ (عليه السلام), മലക്കുകള്‍ മുതലായവര്‍ അതില്‍നിന്നു ഒഴിവാകുന്നു. തങ്ങളെ ആരാധിച്ചുവന്നിരുന്നവരുടെ ആരാധനയെക്കുറിച്ച് അവര്‍ ഒന്നും അറിയുന്നതല്ല. അതിനെ അനുകൂലിക്കുന്നവരുമല്ല അവര്‍. ഇങ്ങിനെയുള്ളവര്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം സജ്ജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്തെന്നു വരാം
يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَرَضِيَ لَهُ قَوْلًا : سورة طه : ١٠٩
(അന്നത്തെ ദിവസം, പരമകാരുണികന്‍ യാതൊരാള്‍ക്കു അനുമതി നല്‍കുകയും, അവന്നുവേണ്ടി പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തുവോ അങ്ങിനെയുള്ളവനല്ലാതെ ശുപാര്‍ശ ഫലം ചെയ്കയില്ല.).
وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء : ٢٨
(അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കുവേണ്ടിയല്ലാതെ അവര്‍ -മലക്കുകള്‍- ശുപാര്‍ശ ചെയ്കയില്ല.)
43:87
- وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٨٧﴿
- ആരാണ്, അവരെ സൃഷ്ടിച്ചതെന്നു അവരോടു നീ ചോദിച്ചെങ്കില്‍, അവര്‍ നിശ്ചയമായും പറയും: ‘അല്ലാഹു’ എന്ന്. അപ്പോള്‍, എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നു) തെറ്റിക്കപ്പെടുന്നത്?!
- وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു
സൃഷ്ടാവു അല്ലാഹുവാണെന്നു ബോധ്യമുള്ള സ്ഥിതിക്കു അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതു യുക്തിക്കും, ന്യായത്തിനും നിരക്കാത്ത ഒരപരാധമാണ്; വൈരുദ്ധ്യം നിറഞ്ഞതും ആശ്ചര്യകരവുമാണ്.
43:88
- وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ ﴾٨٨﴿
- അദ്ദേഹത്തിന്റെ [റസൂലിന്റെ] വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്): ‘എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!’
- وَقِيلِهِ അദ്ദേഹത്തിന്റെ വാക്കും (അദ്ദേഹം പറയുന്നതും) يَا رَبِّ എന്റെ റബ്ബേ إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ قَوْمٌ لَّا يُؤْمِنُونَ വിശ്വസിക്കാത്ത ഒരു ജനതയാണ്
وَعِندَهُ عِلْمُ السَّاعَةِ (അന്ത്യസമയത്തെക്കുറിച്ചുള്ള അറിവു അല്ലാഹുവിങ്കലാണ്) എന്നു 85-ാം വചനത്തില്‍ പറഞ്ഞുവല്ലോ. അതിനോടു ചേര്‍ന്നതാണ് ഈ വചനവും. അതായതു, ജനങ്ങളെ സത്യത്തിലേക്കു വളരെയധികം ക്ഷണിച്ചിട്ടും അവരതു സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അല്ലാഹുവിനോടു സങ്കടപ്പെടുന്നതും അല്ലാഹു അറിയുന്നുണ്ടെന്നു സാരം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സാന്ത്വനപ്പെടുത്തിക്കൊണ്ടും, അതേസമയം വിശ്വസിക്കാത്തവരെ താക്കീതുചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:
43:89
- فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌ ۚ فَسَوْفَ يَعْلَمُونَ ﴾٨٩﴿
- എന്നാല്‍, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക, (അവരോടു) പറഞ്ഞേക്കുകയും ചെയ്യുക: ‘സലാം’! അവര്‍ വഴിയേ അറിഞ്ഞുകൊള്ളും!
- فَاصْفَحْ ആകയാല്‍ തിരിഞ്ഞു (മാറി) കളയുക عَنْهُمْ അവരെവിട്ടു, അവരില്‍നിന്നു وَقُلْ പറയുകയും ചെയ്യുക سَلَامٌ സലാം എന്നു فَسَوْفَ എന്നാല്‍ പിന്നീട്, വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്
തല്‍ക്കാലം അവരില്‍നിന്നു സമാധാനപൂര്‍വ്വം സലാം പറഞ്ഞു പിരിഞ്ഞ് ക്ഷമ കൈക്കൊള്ളുക, അധികം താമസിയാതെ അവരുടെ ധിക്കാരത്തിന്റെ ഫലം അവര്‍ക്കറിയാറാകും എന്നു താല്‍പര്യം. ഈ വചനം അവതരിച്ച് അല്‍പ വര്‍ഷങ്ങള്‍ക്കകം ഈ വാഗ്ദാനം പുലര്‍ന്നുകാണുവാനുള്ള മഹാഭാഗ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ലഭിക്കുകയും ചെയ്തു. ശത്രുക്കള്‍ അമ്പേ പരാജയപ്പെടുകയും, ജനങ്ങള്‍ കൂട്ടംകൂട്ടമായി സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുകയും ചെയ്തു.
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْسَلِينَ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
