വെളിച്ചം റമദാൻ 2024 –ഡേ- 06 (മാർച്ച് 17)

സൂറത്തു സുഖ്റുഫ് : 57-67



  • വെളിച്ചം റമദാന്‍ ഡേ-06 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 06 – ആയത്ത് 57 മുതല്‍ 67 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 57-67

വിഭാഗം – 6

43:57

  • وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ ﴾٥٧﴿
  • (നബിയേ) മര്‍യമിന്റെ മകന്‍ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍, അപ്പോഴതാ നിന്റെ ജനത അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്ത് വിളിക്കുന്നു!
  • وَلَمَّا ضُرِبَ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോള്‍ ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ مَثَلًا ഒരു ഉപമ (ഉദാഹരണം, മാതൃക) യായി إِذَا قَوْمُكَ അപ്പോഴതാ നിന്റെ ജനത مِنْهُ അതിനെപ്പറ്റി, അതിനാല്‍ يَصِدُّونَ ആര്‍ത്തുവിളിക്കുന്നു

43:58

  • وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴾٥٨﴿
  • അവര്‍ പറയുകയും ചെയ്തു: ‘ഞങ്ങളുടെ ആരധ്യന്മാരാണോ ഉത്തമം, അതോ അദ്ദേഹമോ?!’ നിന്നോടു ഒരു തര്‍ക്കമായിട്ടല്ലാതെ അതിനെ അവര്‍ ആക്കുന്നില്ല. പക്ഷെ, (അത്രയുമല്ല) അവര്‍ തര്‍ക്കശീലന്മാരായ ഒരു ജനതയാകുന്നു.
  • وَقَالُوا അവര്‍ പറഞ്ഞു, പറയുന്നു أَآلِهَتُنَا ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യന്മാരോ خَيْرٌ ഉത്തമം أَمْ هُوَ അതോ അദ്ദേഹമോ مَا ضَرَبُوهُ അതിനെ അവര്‍ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല لَكَ നിന്നോടു إِلَّا جَدَلًا ഒരു തര്‍ക്കമായിട്ടു (തര്‍ക്കത്തിനു) അല്ലാതെ بَلْ هُمْ പക്ഷേ (എന്നാല്‍) അവര്‍ قَوْمٌ خَصِمُونَ തര്‍ക്കശീലരായ ഒരു ജനതയാണ്

43:59

  • إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ ﴾٥٩﴿
  • അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാനല്ലാതെ (മറ്റൊന്നും) അല്ല; ഇസ്രാഈല്‍ സന്തതികള്‍ക്കു അദ്ദേഹത്തെ നാം ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു.
  • إِنْ هُوَ അദ്ദേഹമല്ല إِلَّا عَبْدٌ ഒരു അടിയാന്‍ (അടിമ) അല്ലാതെ أَنْعَمْنَا നാം അനുഗ്രഹം ചെയ്ത عَلَيْهِ അദ്ദേഹത്തിന്റെമേല്‍ وَجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തിരിക്കുന്നു مَثَلًا ഒരു മാതൃക, ഉപമ لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു

43:60

  • وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ ﴾٦٠﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്കു) പകരം വരുമാറ് നിങ്ങളില്‍നിന്നുതന്നെ മലക്കുകളെ നാം ഏര്‍പ്പെടുത്തുമായിരുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَا നാം ഉണ്ടാക്കു(ഏര്‍പ്പെടുത്തു)മായിരുന്നു مِنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു (പകരം) مَّلَائِكَةً മലക്കുകളെ فِي الْأَرْضِ ഭൂമിയില്‍ يَخْلُفُونَ പകരം വരുന്ന, പിന്‍ഗമിക്കുന്നവരായിട്ടു

‘നിങ്ങളും, അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനവുമാകുന്നു’

(إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ – سورة الأنبياء : ٩٨)

എന്നു സൂ: അമ്പിയാഉ 98ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നുവല്ലോ. കിട്ടുന്ന സന്ദര്‍ഭമെല്ലാം കുതര്‍ക്കങ്ങള്‍ക്കു ഉപയോഗിക്കാറുള്ള ആ മുശ്രിക്കുകള്‍ ഇതുകേട്ടപ്പോള്‍, ഒരവസരം കണ്ടെത്തി, അങ്ങിനെയാണെങ്കില്‍, ചിലര്‍ മലക്കുകളെയും, ചിലര്‍ ഉസൈര്‍ (عليه السلام) നെയും, മറ്റു ചിലര്‍ ഈസാ (عليه السلام) നബിയെയും ആരാധിച്ചുവരുന്നുണ്ടല്ലോ; ഇവരെല്ലാവരും നരകത്തിന്റെ വിറകായിരിക്കേണ്ടതല്ലേ? അതേ സമയത്തു ഇവരെല്ലാം അല്ലാഹുവിങ്കല്‍ നല്ല ആളുകളാണെന്നു മുഹമ്മദു സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അക്കൂട്ടത്തില്‍ ഞങ്ങളും, ഞങ്ങള്‍ ആരാധിച്ചുവരുന്ന വസ്തുക്കളും നരകത്തില്‍ പോകുകയാണെങ്കില്‍ ആയിക്കൊള്ളട്ടെ.’ ഇതായിരുന്നു തര്‍ക്കം. ഇതിനുള്ള മറുപടി സൂ: അമ്പിയാഉ: 101ല്‍ തന്നെ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. ബഹുദൈവാരാധനയെ ഒരിക്കലും തൃപ്തിപ്പെടാത്ത സജ്ജനങ്ങള്‍ അതില്‍ നിന്നു ഒഴിവാണെന്നത്രെ ആ മറുപടിയുടെ സാരം. ഈസാ (عليه السلام) നബിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും, പ്രമുഖനായ ഒരു പ്രവാചകവര്യനാണെന്നു മുസ്ലിംകളും വിശ്വസിക്കുന്നു. ആ സ്ഥിതിക്കു അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കംകൊണ്ടു വരുവാന്‍ മുശ്രിക്കുകള്‍ കൂടുതല്‍ ശ്രമം നടത്തുമല്ലോ. ഇതിനെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

ഈസാ (عليه السلام) പിതാവില്ലാതെ ജനിച്ച ആളാണെന്നതുകൊണ്ടു അദ്ദേഹം ഒരു മനുഷ്യനല്ലാതാകുന്നില്ല. അല്ലാഹു പല അനുഗ്രഹങ്ങളും ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാന്‍ മാത്രമാണദ്ദേഹം, ഇസ്രാഈല്യര്‍ക്കു മാതൃകാപുരുഷനായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. എന്നല്ലാതെ, അദ്ദേഹം ഒരു ദൈവമോ, ദൈവപുത്രനോ, മലക്കോ ഒന്നുമല്ല. പിതാവില്ലാതെ മനുഷ്യനെ സൃഷ്ടിക്കുകയെന്നതു അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വമ്പിച്ച കാര്യമൊന്നുമല്ല. വേണമെങ്കില്‍, മനുഷ്യരില്‍ നിന്നുതന്നെ മലക്കുകളെ സൃഷ്ടിക്കുവാനും, മനുഷ്യര്‍ക്കു പകരം അവരെ ഭൂമിയിലെ പ്രതിനിധികളാക്കുവാനും അവനു കഴിയും. എന്നൊക്കെയാണ് 59, 60 എന്നീ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ഈസാ (عليه السلام) നെപ്പറ്റി വീണ്ടും പറയുന്നു:-

43:61

  • وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. ആകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. (ശരിക്കു) ചൊവ്വായ പാതയാണ് ഇത്.
  • وَإِنَّهُ നിശ്ചയമായും അദ്ദേഹം لَعِلْمٌ ഒരു അറിവു(അടയാളം) തന്നെയാണ് لِّلسَّاعَةِ അന്ത്യസമയത്തിനു فَلَا تَمْتَرُنَّ ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത് بِهَا അതിനെപ്പറ്റി وَاتَّبِعُونِ എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍ هَـٰذَا ഇതു صِرَاطٌ പാതയാണ് مُّسْتَقِيمٌ ചൊവ്വായ, നേരായ

43:62

  • وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٢﴿
  • പിശാചു നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു.
  • وَلَا يَصُدَّنَّكُمُ നിങ്ങളെ തടയാതിരിക്കട്ടെ الشَّيْطَانُ പിശാചു إِنَّهُ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കു അവന്‍ عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ, (തനി)

وَإِنَّهُ لَعِلْمٌ لِّلسَّاعَةِ (അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിവുമാകുന്നു.) എന്ന വാക്യത്തിന്റെ സാരം, അന്ത്യനാളിന്റെ ആസന്നതയെക്കുറിക്കുന്ന ഒരു അടയാളമാണ് ഈസാ നബി (عليه السلام) എന്നത്രെ. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ അംഗീകരിച്ച വ്യാഖ്യാനം ഇതാകുന്നു. عَلَمٌ (അലമുന്‍) എന്നും ഇവിടെ വായനയുണ്ട്. ‘അടയാളം’ എന്നാണു ആ വാക്കിനര്‍ത്ഥം. ഇതു ഈ അഭിപ്രായത്തിനു ബലം നല്‍കുന്നുമുണ്ട്: കൂടാതെ, ലോകാവസാനത്തിനുമുമ്പ് ഈസാ നബി (عليه السلام) ഭൂമിയില്‍ ഇറങ്ങിവരുമെന്നു പ്രബലമായ പല ഹദീസുകളാലും സ്ഥാപിതമായതാണ്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടത്രെ ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ അര്‍ത്ഥവ്യാഖ്യാനം സ്വീകരിച്ചിരിക്കുന്നത്. ഈ അഭിപ്രായപ്രകാരം (‘അതു’ എന്നും, ‘അദ്ദേഹം’ എന്നും അര്‍ത്ഥം വരാവുന്ന) وَإِنَّهُ എന്ന വാക്കിലെ സര്‍വ്വനാമം (ضمير) ഈസാ (عليه السلام) നബിയെക്കുറിച്ചാകുന്നു. ആ സര്‍വ്വനാമം, ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണെന്നും ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടു കാണാം. എങ്കിലും ആ അഭിപ്രായത്തിനു പ്രസക്തിയില്ല. കാരണം, 57-ാം വചനം മുതല്‍ ഇതുവരേക്കുമുള്ള സംസാരം ഈസാ (عليه السلام) നബിയെക്കുറിച്ചാണല്ലോ. ഇടയ്ക്കു വെച്ചു എവിടെയെങ്കിലും ഇവ രണ്ടിനെക്കുറിച്ചും ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ല. അതിന്റെ മുമ്പാകട്ടെ, മൂസാ (عليه السلام) നബിയെയും അദ്ദേഹത്തിന്റെ ജനതയെയും സംബന്ധിച്ചായിരുന്നു സംസാരിച്ചിരുന്നതും.

മുമ്പ് ആരും പറഞ്ഞുകാണാത്ത ഒരു വിചിത്രമായ അഭിപ്രായം ഈയിടെയായി ചിലര്‍ പുറപ്പെടുവിച്ചു കാണുന്നു. ലോകാവസാനഘട്ടത്തെയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയുമാണ്‌ ആ സര്‍വ്വനാമം കുറിക്കുന്നതു എന്നത്രെ അത്. وَإِنَّهُ لَعِلْمٌ لِّلسَّاعَةِ الخ എന്ന വാക്യത്തിനു ഇവര്‍ കൊടുക്കുന്ന അര്‍ത്ഥവ്യാഖ്യാനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതു – മുമ്പു പറഞ്ഞതു – അന്ത്യസമയത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനം തന്നെയാകുന്നു. അഥവാ അല്ലാഹു അങ്ങിനെ പറഞ്ഞിരിക്കുന്നതു അവന്റെ സൂക്ഷ്മജ്ഞാനത്തില്‍നിന്നു എടുത്തു പറഞ്ഞതാണ്. അതില്‍ സംശയിക്കേണ്ടതില്ല’. പത്തിരുപതു ആയത്തുകള്‍ക്കുമുമ്പ് (38, 39ല്‍) മാത്രം ഒരിടത്തു അന്ത്യനാളില്‍ ബഹുദൈവവിശ്വാസികളുടെ സ്ഥിതിയെപ്പറ്റി ഒരു പരാമര്‍ശമുണ്ടെന്നതു ശരിയാണ്. അതൊഴിച്ചാല്‍, ആ വിഷയകമായി ഈ സൂറത്തില്‍ എവിടെയും തന്നെ കാര്യമായൊന്നും പ്രസ്താവിക്കുന്നില്ല തന്നെ. എന്നിരിക്കെ, ഈ വ്യാഖ്യാനം ഒട്ടും സ്വീകാര്യമല്ല. ഈസാ (عليه السلام) ജീവിച്ചിരിപ്പുണ്ടെന്നും, അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവരുമെന്നും ഇവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാത്തതാണ് യാതൊരടിസ്ഥാനവുമില്ലാത്ത ഈ പുതിയ വ്യാഖ്യാനത്തിനു മുതിരുവാന്‍ വാസ്തവത്തില്‍ ഇവരെ പ്രേരിപ്പിച്ചത്. (ഈസാ (عليه السلام) നബിയുടെ വരവിനെയും, ജീവിച്ചിരിപ്പിനെയും സംബന്ധിച്ചും, അവയെ നിഷേധിക്കുന്നവരെ സംബന്ധിച്ചും കൂടുതല്‍ വിവരം സൂ: ആലുഇംറാനിലും, സൂ: നിസാഇലും വെച്ച് പ്രതിപാദിച്ചിട്ടുണ്ട്).

ഈസാ (عليه السلام) ലോകവസാനത്തിനു മുമ്പായി ഭൂമിയില്‍ ഇറങ്ങിവരുമെന്നു കാണിക്കുന്ന ഹദീസുകള്‍, പ്രധാനപ്പെട്ട എല്ലാ ഹദീസു പണ്ഡിതന്മാരും അവരവരുടെ ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവ മിക്കവാറും പരക്കെ അറിയപ്പെട്ടതുമാകുന്നു. ഇവിടെ അവ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അന്ത്യനാളിനു മുമ്പായി അദ്ദേഹം ഇറങ്ങിവരുമെന്നും, നീതിമാനായ ഒരു വിധികര്‍ത്താവെന്ന നിലക്കു ഇസ്ലാമിക വിധിവിലക്കുകള്‍ നടപ്പിലാക്കുമെന്നും, ഇസ്ലാമികബോധം വളര്‍ത്തുമെന്നുമാണ് അവയുടെ രത്നച്ചുരുക്കം. ഈ വിഷയകമായി ഇമാം ബുഖാരീ (رحمه الله) യും, മുസ്ലിമും (رحمه الله) യും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിനു തെളിവായി സൂ: നിസാഇലെ ഈ വചനം ഉദ്ധരിച്ചിരിക്കുന്നത് കാണാം:

وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ : سورة النساء: ١٥٩

(സാരം: വേദക്കാരില്‍ ഒരാളും അദ്ദേഹത്തിന്റെ – ഈസാനബിയുടെ – മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല.)

43:63

  • وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾٦٣﴿
  • വ്യക്തമായ തെളിവുകളും കൊണ്ടു ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നതില്‍ ചിലതു നിങ്ങള്‍ക്കു വിവരിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (വന്നിരിക്കുന്നതു). ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • وَلَمَّا جَاءَ عِيسَىٰ ഈസാ വന്നപ്പോള്‍ بِالْبَيِّنَاتِ തെളിവുകളുമായി قَالَ അദ്ദേഹം പറഞ്ഞു قَدْ جِئْتُكُم തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു بِالْحِكْمَةِ വിജ്ഞാനം കൊണ്ടു وَلِأُبَيِّنَ لَكُم നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലതു تَخْتَلِفُونَ فِيه അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

43:64

  • إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦٤﴿
  • ‘നിശ്ചയമായും, അല്ലാഹു തന്നെയാണ് എന്റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍, നിങ്ങള്‍ അവനെ ആരാധിക്കണം. ഇതു (ശരിക്കും) നേരായ പാതയാകുന്നു.’
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ ആകയാല്‍ നിങ്ങളവനെ ആരാധിക്കണം هَـٰذَا ഇതു صِرَاطٌ مُّسْتَقِيمٌ നേരായ (ചൊവ്വായ പാതയാണ്)

43:65

  • فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ ﴾٦٥﴿
  • എന്നിട്ട് അവര്‍ക്കിടയില്‍നിന്ന് (പല) കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!
  • فَاخْتَلَفَ എന്നിട്ടു ഭിന്നിപ്പിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവര്‍ക്കിടയില്‍നിന്നു فَوَيْلٌ അതിനാല്‍ നാശം, കഷ്ടം لِّلَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു مِنْ عَذَابِ ശിക്ഷമൂലം, ശിക്ഷയാല്‍ يَوْمٍ أَلِيمٍ വേദനയേറിയ ഒരു ദിവസത്തെ

43:66

  • هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٦٦﴿
  • അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നുവോ? അതായതു, അവര്‍ (ബോധപൂര്‍വ്വം) അറിയാതിരിക്കെ, പെട്ടെന്ന്‍ അതവര്‍ക്കു വന്നെത്തുന്നതിനെ(യല്ലാതെ)!.
  • هَلْ يَنظُرُونَ അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതായതു അതവര്‍ക്കു വരുന്നതു بَغْتَةً പെട്ടെന്നു, യാദൃശ്ചികമായി وَهُمْ لَا يَشْعُرُونَ അവര്‍ അറിയാതിരിക്കെ

43:67

  • ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ ﴾٦٧﴿
  • അന്നത്തെ ദിവസം, ചങ്ങാതിമാര്‍ – അവരില്‍ ചിലര്‍ ചിലര്‍ക്ക് – ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
  • الْأَخِلَّاءُ ചങ്ങാതിമാര്‍ يَوْمَئِذٍ ആ ദിവസം بَعْضُهُمْ لِبَعْضٍ അവരില്‍ ചിലര്‍ ചിലര്‍ക്കു عَدُوٌّ ശത്രുവായിരിക്കും إِلَّا الْمُتَّقِينَ സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ

ഈസാ (عليه السلام) നബിയെ ക്രിസ്ത്യാനികള്‍ ആരാധിച്ചുവരുന്നതിന്റെ പേരില്‍ മുശ്രിക്കുകള്‍ കൊണ്ടുവന്ന കുതര്‍ക്കങ്ങളെപ്പറ്റി മുമ്പു പറഞ്ഞുവല്ലോ. എന്നാല്‍, ഈസാ (عليه السلام) നബിയുടെ നില എന്തായിരുന്നു? അദ്ദേഹം അവരെ ഉപദേശിച്ചതു എന്തായിരുന്നു? എന്നൊക്കെ ഈ വചനങ്ങളില്‍ വിവരിക്കുന്നു. അതായതു: അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ് തന്നെ ഇസ്റാഈല്യര്‍ സത്യമാര്‍ഗ്ഗത്തില്‍നിന്നു പിഴച്ചുപോയിരുന്നു. അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നതിനാവശ്യമായ വേദവിജ്ഞാനങ്ങളും, ദൃഷ്ടാന്തങ്ങളും കൊണ്ടാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. അദ്ദേഹം ഉപദേശിച്ചതാകട്ടെ, യഥാര്‍ത്ഥ തൌഹീദും അതിന്റെ അടിസ്ഥാനത്തിലുള്ള നേര്‍മ്മാര്‍ഗ്ഗവുമായിരുന്നു. പക്ഷേ, അവരില്‍ വീണ്ടും ഭിന്നിപ്പും ഛിദ്രവും ഉടലെടുക്കുകയും, നേര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ വ്യതിചലിക്കുകയുമാണുണ്ടായത്. അങ്ങിനെ, ഖിയാമത്തുനാളില്‍ വമ്പിച്ച ശിക്ഷക്കു അവര്‍ കാരണഭൂതരായിരിക്കുകയാണ്. ഇന്ന് അക്രമത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും അന്യോന്യം സഹായിച്ചും സഹകരിച്ചും വര്‍ത്തിക്കുന്ന മിത്രങ്ങളെല്ലാം അന്നു പരസ്പരം ശത്രുക്കളായി മാറും. സജ്ജനങ്ങളായ ഭയഭക്തന്മാര്‍മാത്രമേ ഇതില്‍നിന്നൊഴിവാകുകയുള്ളു. അവരോടു ഇപ്രകാരം പറയപ്പെടും:-