സൂറത്തു സുഖ്റുഫ് : 36-45
- വെളിച്ചം റമദാന്‍ ഡേ-04 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 04 – ആയത്ത് 36 മുതല്‍ 45 വരെ
- വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്
പരായണം
വിശദീകരണം
സൂറത്തു സുഖ്റുഫ് : 36-45
വിഭാഗം – 4
43:36
- وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًا فَهُوَ لَهُۥ قَرِينٌ ﴾٣٦﴿
- പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും.
- وَمَن يَعْشُ ആരെങ്കിലും ചരിഞ്ഞു (തിരിഞ്ഞു) പോകുന്നതായാല്‍ عَن ذِكْرِ الرَّحْمَـٰنِ റഹ്മാന്റെ സ്മരണ (ഓര്‍മ്മ)യില്‍നിന്നു نُقَيِّضْ لَهُ അവനു നാം നിയോഗിക്കും, ഏര്‍പ്പെടുത്തും شَيْطَانًا ഒരു പിശാചിനെ فَهُوَ لَهُ എന്നിട്ടു അവന്‍ അവനു قَرِينٌ ഇണ (തുണ)യായിരിക്കും, കൂട്ടാളിയാണ്
43:37
- وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴾٣٧﴿
- അവര്‍ [പിശാചുക്കള്‍] ആകട്ടെ, അവരെ (യഥാര്‍ത്ഥ) മാര്‍ഗ്ഗത്തില്‍നിന്നു തടയുന്നതുമാകുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യും.
- وَإِنَّهُمْ നിശ്ചയമായും അവര്‍ لَيَصُدُّونَهُمْ അവരെ തടയും, തടുക്കും عَنِ السَّبِيلِ വഴിയില്‍ നിന്നു وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും أَنَّهُم مُّهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു
അല്ലാഹുവിനെ ഭയപ്പെടാതെയും, അവന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ വിലവെക്കാതെയും ഇരിക്കുന്നവര്‍ക്കു ലഭിക്കുന്ന കൂട്ടാളികള്‍ പിശാചുക്കളായിരിക്കും. പിശാചുക്കള്‍ മനുഷ്യരെ വഴിപിഴപ്പിക്കുകയും, എല്ലാ തോന്നിയവാസങ്ങളും ഭൂഷണമാക്കി കാണിച്ചു കൊടുക്കുകയുമാണു ചെയ്യുക എന്നു പറയേണ്ടതില്ല. തങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് കൂടുതല്‍ നല്ല മാര്‍ഗ്ഗമെന്ന ധാരണ വന്നു കഴിഞ്ഞാല്‍ പിന്നെ എന്തിനും ധൃഷ്ടരാവുകയാണല്ലോ അതിന്റെ ഫലം. ഈ പിശാചുക്കള്‍ മനുഷ്യവര്‍ഗ്ഗത്തിലും, ജിന്നുവര്‍ഗ്ഗത്തിലുമുള്ള പിശാചുക്കളായിരിക്കാവുന്നതാണ്. (സൂ: ഹാമീം സജദഃ 25ഉം വിവരണവും ഓര്‍ക്കുക). പരലോകത്തു ചെല്ലുമ്പോള്‍ ഈ കൂട്ടാളികളും അവരും തമ്മില്‍ പിണങ്ങുന്നതുമാണ്:-
43:38
- حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ ﴾٣٨﴿
- അങ്ങനെ, നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്‍ (കൂട്ടാളിയോടു) പറയും: ‘അയ്യോ! എന്റെയും നിന്റെയും ഇടയ്ക്ക് ഉദയാസ്തമനങ്ങളുടെ (അത്ര) ദൂരമുണ്ടായിരുന്നെങ്കില്‍ നന്നായേനെ!’ അപ്പോള്‍, (ആ) കൂട്ടുകാരന്‍ എത്രയോ ചീത്ത!
- حَتَّىٰ إِذَا جَاءَنَا അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍ قَالَ അവന്‍ പറയും يَا لَيْتَ അയ്യോ ഉണ്ടായെങ്കില്‍ നന്നായേനെ بَيْنِي وَبَيْنَكَ എന്റെയും നിന്റെയും ഇടയില്‍ بُعْدَ الْمَشْرِقَيْنِ ഉദയാസ്തമനങ്ങളുടെ അകലം, ദൂരം فَبِئْسَ അപ്പോള്‍ എത്ര ചീത്ത الْقَرِينُ ഇണ, കൂട്ടുകാരന്‍
43:39
- وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ ﴾٣٩﴿
- ഹേ, (കൂട്ടരേ,) നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിങ്ങള്‍ (ഇരുക്കൂട്ടരും) ശിക്ഷയില്‍ പങ്കു ചേരുന്നവരാണെന്നുള്ളതു അന്നു നിങ്ങള്‍ക്കു ഉപകാരം ചെയ്യുന്നതല്ലതന്നെ.
- وَلَن يَنفَعَكُمُ നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതേയല്ല الْيَوْمَ അന്നു, ആ ദിവസം إِذ ظَّلَمْتُمْ നിങ്ങള്‍ അക്രമം ചെയ്തിരിക്കെ أَنَّكُمْ നിങ്ങളാണെന്നുള്ളതു فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്ക് ചേരുന്നവര്‍
الْمَشْرِق (ഉദയസ്ഥാനം) എന്നതിന്റെ ദ്വിവചനമാണ് الْمَشْرِقَيْنِ എന്ന വാക്ക്. ഏതെങ്കിലും തുല്യസ്ഥാനമുള്ള രണ്ടെണ്ണത്തെ ഉദ്ദേശിച്ചു ആ രണ്ടിലൊന്നിന്റെ ഏകവചനത്തിനു ദ്വിവചന (تثنية) രൂപം നല്‍കി ഉപയോഗിക്കുന്ന ഒരു സമ്പ്രദായം അറബിഭാഷയിലുണ്ട്. മാതാക്കളെ ഉദ്ദേശിച്ച് (ابوان (രണ്ടു പിതാക്കള്‍) എന്നും, സൂര്യചന്ദ്രന്മാരെ ഉദ്ദേശിച്ചു قمران (രണ്ടു ചന്ദ്രന്മാര്‍) എന്നും മറ്റും പറയാറുള്ളതു ഇതനുസരിച്ചാകുന്നു. ഇഹത്തില്‍വെച്ച് അക്രമ പ്രവര്‍ത്തനങ്ങളില്‍ അവര്‍ കൂട്ടാളികളായിരുന്നതുപോലെ, പരലോകശിക്ഷയിലും അവര്‍ കൂട്ടുകാരായിരിക്കും. എന്നാല്‍ മുമ്പത്തെ സ്നേഹബന്ധത്തിനു പകരം അന്നു അവര്‍ക്കിടയില്‍ അങ്ങേഅറ്റം അറപ്പും വെറുപ്പുമായിരിക്കും ഉണ്ടായിരിക്കുക.
43:40
- أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍ مُّبِينٍ ﴾٤٠﴿
- എന്നാല്‍, (നബിയേ) ബധിരന്‍മാരെ നീ കേള്‍പ്പിക്കുമോ? അല്ലെങ്കില്‍, അന്ധന്‍മാരെയും, സ്പഷ്ടമായ വഴിപിഴവിലായവരെയും നീ നേര്‍മ്മാര്‍ഗ്ഗം കാട്ടുമോ?!
- أَفَأَنتَ تُسْمِعُ അപ്പോള്‍ (എന്നാല്‍) നീ കേള്‍പ്പിക്കുമോ الصُّمَّ ബധിരന്മാരെ, ചെവി കേള്‍ക്കാത്തവരെ أَوْ تَهْدِي അല്ലെങ്കില്‍ നീ വഴി കാട്ടുമോ الْعُمْيَ അന്ധന്മാര്‍ക്കു وَمَن كَانَ ആയവനെയും فِي ضَلَالٍ مُّبِينٍ സ്പഷ്ടമായ വഴിപിഴവില്‍
43:41
- فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ ﴾٤١﴿
- എനി, നിന്നെ നാം (ഇവിടെനിന്നു) കൊണ്ടു പോകുകയാണെങ്കില്‍, അവരോടു നിശ്ചയമായും നാം ശിക്ഷാനടപടി എടുക്കുന്നവരാകുന്നു.
- فَإِمَّا نَذْهَبَنَّ بِكَ എനി, (എന്നാല്‍) നിന്നെ നാം കൊണ്ടുപോകുകയാണെങ്കില്‍, കൊണ്ടുപോയാല്‍ فَإِنَّا مِنْهُم എന്നാല്‍ നിശ്ചയമായും നാം അവരോടു مُّنتَقِمُونَ പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്
43:42
- أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ ﴾٤٢﴿
- അല്ലെങ്കില്‍, അവരോടു നാം താക്കീതു ചെയ്തതു [ശിക്ഷ] നിനക്കു കാട്ടിത്തരുകയാണെങ്കിലും, നിശ്ചയമായും നാം അവരോടു (അതിനു) കഴിവുള്ളവരാകുന്നു.
- أَوْ نُرِيَنَّكَ അല്ലെങ്കില്‍ നിനക്കു നാം കാട്ടിത്തരുന്നുവെങ്കില്‍ الَّذِي وَعَدْنَاهُمْ നാമവരോടു താക്കീതു (വാഗ്ദത്തം) ചെയ്തതു فَإِنَّا عَلَيْهِم എന്നാല്‍ നിശ്ചയമായും നാം അവരുടെമേല്‍ (അവരോടു) مُّقْتَدِرُونَ കഴിവുള്ളവരാണ്
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചരമം പ്രാപിച്ചാലും, അവരില്‍ അല്ലാഹു ശിക്ഷാനടപടി എടുക്കാതിരിക്കയില്ല; അല്ലെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരിക്കെത്തന്നെ വേണമെങ്കിലും അല്ലാഹുവിനു അതിനു കഴിവുണ്ട് എന്നു സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ കൊടി അവിടെ പറക്കുകയും, അവര്‍ നിശ്ശേഷം പരാജയമടഞ്ഞ് കീഴടങ്ങുകയും ചെയ്തുവല്ലോ.
43:43
- فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤٣﴿
- ആകയാല്‍, നിനക്കു ബോധനം നല്‍കപ്പെട്ടിട്ടുളളതിനെ [ഖുര്‍ആനെ] നീ മുറുകെ പിടിച്ചുകൊള്ളുക. നീ (ശരിക്കു) നേരായ പാതയില്‍ തന്നെയാകുന്നു.
- فَاسْتَمْسِكْ ആകയാല്‍ നീ മുറുകെ പിടിക്കുക بِالَّذِي أُوحِيَ വഹ്‌യു (ബോധനം) നല്‍കപ്പെട്ടതിനെ إِلَيْكَ നിനക്കു إِنَّكَ നിശ്ചയമായും നീ عَلَىٰ صِرَاطٍ പാത (വഴി) യിലാണ് مُّسْتَقِيمٍ നേരായ, ചൊവ്വായ
43:44
- وَإِنَّهُۥ لَذِكْرٌ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ ﴾٤٤﴿
- അതാകട്ടെ നിനക്കും, നിന്റെ ജനതക്കും നിശ്ചയമായും ഒരു കീര്‍ത്തിയാകുന്നു. വഴിയെ നിങ്ങളോടു (അതിനെപ്പറ്റി) ചോദിക്കപ്പെടുകയും ചെയ്യും.
- وَإِنَّهُ നിശ്ചയമായും അതു لَذِكْرٌ لَّكَ നിനക്കു ഒരു കീര്‍ത്തി (സ്മരണ) തന്നെ وَلِقَوْمِكَ നിന്റെ ജനതക്കും وَسَوْفَ വഴിയെ, പിന്നീടു تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുകയും ചെയ്യും
ذِكْرٌ (ദിക്ര്‍) എന്ന വാക്കിനു ‘സ്മരണ, കീര്‍ത്തി, ഉപദേശം, പ്രശസ്തി, സന്ദേശം, പ്രസ്താവന’ എന്നിങ്ങിനെ സന്ദര്‍ഭോചിതം പല അര്‍ത്ഥങ്ങളും വരാവുന്നതാണ്. കീര്‍ത്തി, പ്രശസ്തി എന്നിങ്ങിനെയുള്ള അര്‍ത്ഥമാണ് ഇവിടെ പല മഹാന്മാരും സ്വീകരിച്ചിട്ടുള്ളത്. ഖുര്‍ആന്റെ അനുയായികളായിരിക്കുന്ന കാലത്തോളം, മുസ്ലിംകള്‍ക്കു പൊതുവിലും, അറബികള്‍ക്കു പ്രത്യേകിച്ചും അതൊരു കീര്‍ത്തി തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.
43:45
- وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةً يُعْبَدُونَ ﴾٤٥﴿
- നിന്റെ മുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് ചോദി(ച്ചു നോ)ക്കുക: പരമകാരുണികനു പുറമെ, ആരാധിക്കപ്പെടുന്ന വല്ല ദൈവങ്ങളെയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു?!
- وَسْـَٔلْ ചോദിക്കുക مَنْ أَرْسَلْنَا നാം അയച്ചവരോടു مِن قَبْلِكَ നിന്റെ മുമ്പായി مِن رُّسُلِنَا നമ്മുടെ ദൂതന്മാരില്‍നിന്നു أَجَعَلْنَا നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു) مِن دُونِ الرَّحْمَـٰنِ പരമകാരുണികനെ കൂടാതെ (പുറമെ) ءَالِهَةً വല്ല ദൈവങ്ങളെ (ആരാധ്യന്മാരെ)യും يُعْبَدُونَ ആരാധിക്കപ്പെടുന്ന
മുന്‍കഴിഞ്ഞുപോയ റസൂലുകളോടു ചോദിച്ചുനോക്കുക എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മുന്‍വേദഗ്രന്ഥങ്ങള്‍ പരിശോധിക്കുകയും, അവയെപ്പറ്റി അറിയുന്നവരോടു അന്വേഷിക്കുകയും ചെയ്യുക എന്നത്രെ. മുന്‍കഴിഞ്ഞ ഒരു റസൂലും, ഒരു വേദഗ്രന്ഥവും, തൗഹീദല്ലാതെ പ്രബോധനം ചെയ്തിട്ടില്ലെന്നു താല്‍പര്യം.
