വെളിച്ചം റമദാൻ 2024 –ഡേ- 03 (മാർച്ച് 14)

സൂറത്തു സുഖ്റുഫ് : 26-35



  • വെളിച്ചം റമദാന്‍ ഡേ-03 – സൂറത്തു സുഖ്റുഫ് പാര്‍ട്ട് 03 – ആയത്ത് 26 മുതല്‍ 35 വരെ
    • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


പരായണം

വിശദീകരണം


സൂറത്തു സുഖ്റുഫ് : 26-35

വിഭാഗം – 3

43:26

  • وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ ﴾٢٦﴿
  • ഇബ്രാഹീം, തന്റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘നിശ്ചയമായും ഞാന്‍, നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും ഒഴിവായവനാണ്;
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ പിതാവിനോടു وَقَوْمِهِ തന്റെ ജനതയോടും إِنَّنِي നിശ്ചയമായും ഞാന്‍ بَرَاءٌ ഒഴിവായവനാണ് مِّمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതില്‍നിന്നു

43:27

  • إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ﴾٢٧﴿
  • -എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഒഴികെ. കാരണം, അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കുന്നതാണ്.
  • إِلَّا الَّذِي യാതൊരുവനൊഴികെ فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയ فَإِنَّهُ എന്നാല്‍ (കാരണം) അവന്‍ سَيَهْدِينِ (വഴിയെ) എന്നെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കും, മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കും

43:28

  • وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ ﴾٢٨﴿
  • അതു [ആ വാക്യം] അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ അവശേഷിക്കുന്ന ഒരു വാക്യമാക്കുകയും ചെയ്തു, അവര്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിയേക്കാമല്ലോ.
  • وَجَعَلَهَا അതിനെ ആക്കുകയും ചെയ്തു كَلِمَةً بَاقِيَةً അവശേഷിക്കുന്ന ഒരു വാക്യം فِي عَقِبِهِ തന്റെ പിന്‍ഗാമികളില്‍, പിന്‍തുടര്‍ച്ചക്കാരില്‍ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക

ഏകസൃഷ്ടാവായ അല്ലാഹുവിനെമാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിന്റെ മുദ്രാവാക്യം അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരയിലും നിലനിന്നുപോന്നു. ഇബ്രാഹീം നബി (عليه والسلام) തന്റെ മക്കളോടും, പൗത്രനായ യഅ്ഖൂബ് (عليه والسلام) തന്റെ മക്കളോടും ഇതിനെക്കുറിച്ച് ഒസ്യത്ത് ചെയ്തിട്ടുള്ളതായും, തങ്ങളുടെ പിതാക്കളായ ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് (عليهم والسلام) എന്നിവര്‍ സ്വീകരിച്ചുവന്ന ആ തൗഹീദിനെ തങ്ങള്‍ നിലനിറുത്തുമെന്നു യഅ്ഖൂബ് (عليه والسلام) ന്റെ മക്കള്‍, അദ്ദേഹത്തോടു സമ്മതിച്ചതായും സൂ : അല്‍ബഖറഃ (132, 133)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് യഅ്ഖൂബ് (عليه والسلام) ന്റെ സന്തതികളാകുന്ന വേദക്കാര്‍ മുഖേന അതു ലോകത്തു നിലനിന്നുംപോന്നു. അനന്തരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി ഇസ്മാഈല്‍ സന്തതികളായ അറബികള്‍ ആ മുദ്രാവാക്യത്തിന്റെ കൊടിവാഹകരായിത്തീരുകയും ചെയ്തു.

جَعَلَهَا كَلِمَةً بَاقِيَةً (അതിനെ അവശേഷിക്കുന്ന ഒരു വാക്യമാക്കി) എന്നതിലുള്ള ക്രിയയുടെ കര്‍ത്താവു ഇബ്രാഹീം (عليه والسلام) ആണെന്നും, അല്ലാഹു ആണെന്നും വരാം.അല്ലാഹുവാണെന്നു വെക്കുമ്പോള്‍ جَعَلَ എന്നതിനു ‘അവന്‍ ആക്കി’ എന്നും, ഇബ്രാഹീം (عليه والسلام) ആണെന്നുവെക്കുമ്പോള്‍ ‘അദ്ദേഹം ആക്കി’ എന്നും അര്‍ത്ഥം കല്‍പിക്കാം. രണ്ടായിരുന്നാലും ആശയം ഒന്നുതന്നെ.

43:29

  • بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ ﴾٢٩﴿
  • എങ്കിലും, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും ഞാന്‍ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥവും സ്പഷ്ടമായ (അഥവാ സ്പഷ്ടമാക്കുന്ന) ഒരു റസൂലും വന്നു.
  • بَلْ എങ്കിലും مَتَّعْتُ ഞാന്‍ സുഖഭോഗം നല്‍കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്കു وَآبَاءَهُمْ അവരുടെ പിതാക്കള്‍ക്കും حَتَّىٰ جَاءَهُمُ അവര്‍ക്കു വരുവോളം, അങ്ങിനെ അവര്‍ക്കു വന്നു الْحَقُّ യഥാര്‍ത്ഥം وَرَسُولٌ ഒരു റസൂലും (ദൈവദൂതനും) مُّبِينٌ പ്രത്യക്ഷനായ, സ്പഷ്ടമാക്കുന്ന

43:30

  • وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ ﴾٣٠﴿
  • അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോഴാകട്ടെ, അവര്‍ പറഞ്ഞു: ‘ഇതൊരു ജാലമാണ്; ഞങ്ങള്‍ ഇതില്‍ അവിശ്വസിക്കുന്നവരാണ്’ എന്നു!
  • وَلَمَّا جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് وَإِنَّا بِهِ ഞങ്ങള്‍ അതില്‍ كَافِرُونَ അവിശ്വാസികളാണ്

വളരെക്കാലത്തോളം, ധനം,നേതൃത്വം, സ്വാധീനം മുതലായവ നല്‍കി ഇവരെയും ഇവരുടെ പൂര്‍വ്വികന്മാരെയും അല്ലാഹു സുഖജീവിതം അനുഭവിക്കുവാന്‍ വിട്ടു. അവരുടെ ദുര്‍മ്മാര്‍ഗ്ഗത്തിന്റെയും, ശിര്‍ക്കിന്റെയും പേരില്‍ അല്ലാഹു നടപടി എടുത്തില്ല. ഒടുക്കം യഥാര്‍ത്ഥം തുറന്നുകാട്ടുന്ന വേദഗ്രന്ഥവും (ഖുര്‍ആനും) സ്പഷ്ടമായ തെളിവുകള്‍ സഹിതം റസൂലിനെയും അയച്ചുകൊടുത്തു. ഈ അനുഗ്രഹത്തിനു നന്ദികാണിക്കുന്നതിനു പകരം, അതു ജാലമാണെന്നു പറഞ്ഞുതള്ളുകയും നിഷേധിക്കുകയുമാണവര്‍ ചെയ്തത്.

43:31

  • وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ ﴾٣١﴿
  • അവര്‍ (ഇങ്ങിനെയും) പറഞ്ഞു: ‘ഈ ഖുര്‍ആന്‍ (ഈ) രണ്ടു രാജ്യങ്ങളില്‍നിന്നുള്ള മഹാനായ ഒരു പുരുഷന്റെ മേല്‍ ഇറക്കപ്പെട്ടുകൂടേ?!
  • وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, ഇറക്കപ്പെട്ടുകൂടേ هَـٰذَا الْقُرْآنُ ഈ ഖുര്‍ആന്‍ عَلَىٰ رَجُلٍ ഒരു പുരുഷന്റെ (മനുഷ്യന്റെ) മേല്‍ مِّنَ الْقَرْيَتَيْنِ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള عَظِيمٍ മഹാനായ

രണ്ടു രാജ്യങ്ങള്‍ എന്നു പറഞ്ഞതു മക്കായും, ത്വാഇഫുമാകുന്നു. മക്കായില്‍നിന്നു ഏതാണ്ട് നാല്‍പതു നാഴികയോളം കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും, വളരെ ഫലഭൂയിഷ്ഠവുമായ ഒരു രാജ്യമാണ് ത്വാഇഫ്. മിക്ക കാര്‍ഷികോല്പന്നങ്ങളും കൃഷിരഹിതമായ മക്കാനിവാസികള്‍ക്കു എത്തിച്ചുകൊടുക്കുന്നതു ആ രാജ്യമത്രെ. ഖുര്‍ആന്‍ മഹത്തായ ഒരു ഗ്രന്ഥമാണെങ്കില്‍, ഈ രണ്ടിലൊരു രാജ്യത്തു തലയെടുപ്പുള്ള ഏതെങ്കിലും ഒരു മഹാന്റെ മേലല്ലേ അതു അവതരിപ്പിക്കേണ്ടത്?! കേവലം ഒരു അനാഥബാലനായി വളര്‍ന്ന ഈ സാധുവായ മുഹമ്മദിന്റെ മേല്‍ അവതരിച്ചതു എന്തുകൊണ്ടാണ്?! എന്നാണവര്‍ പറയുന്നത്. ഇതിനു അല്ലാഹുവിന്റെ മറുപടി ഇതാണ്:-

43:32

  • أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ ﴾٣٢﴿
  • (നബിയേ) അവരാണോ നിന്റെ റബ്ബിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹികജീവിതത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗം അവര്‍ക്കിടയില്‍ നാംതന്നെ ഭാഗിച്ചിരിക്കുകയാണ്. അവരില്‍ ചിലരെ ചിലര്‍ക്കുമീതെ നാം പല പടികള്‍ ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. [അതിനു വേണ്ടിയാണത്]. നിന്റെ റബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍ ഉത്തമമാകുന്നു.
  • أَهُمْ അവരോ يَقْسِمُونَ ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നതു رَحْمَتَ رَبِّكَ നിന്റെ റബ്ബിന്റെ കാരുണ്യം نَحْنُ قَسَمْنَا നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു بَيْنَهُم അവര്‍ക്കിടയില്‍ مَّعِيشَتَهُمْ അവരുടെ ജീവിതമാര്‍ഗ്ഗം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ فَوْقَ بَعْضٍ ചിലരുടെമേല്‍ دَرَجَاتٍ പല പദവികള്‍, പടികള്‍ لِّيَتَّخِذَ ആക്കുവാന്‍വേണ്ടി بَعْضُهُم അവരില്‍ ചിലര്‍ بَعْضًا ചിലരെ سُخْرِيًّا കീഴ്പെടുത്തപ്പെട്ട(വര്‍), വിധേയമായവര്‍ وَرَحْمَتُ رَبِّكَ നിന്റെ റബ്ബിന്റെ കാരുണ്യം خَيْرٌ ഉത്തമമാണ്, നല്ലതാണ് مِّمَّا يَجْمَعُونَ അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍.

ഈ വചനത്തില്‍നിന്നു പ്രധാനപ്പെട്ട പല സംഗതികളും മനസ്സിലാക്കാവുന്നതാണ്. 1). കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ച അവിശ്വാസികളുടെ ചോദ്യത്തിനുള്ള മറുപടിയാണിത്‌. മറുപടിയുടെ ചുരുക്കം ഇതാകുന്നു: ‘നുബുവ്വത്തും’ ‘രിസാലത്തും’ (പ്രവാചകത്വവും, ദിവ്യദൗത്യവും) അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം ലഭിക്കുന്നതാണ്. അവന്റെ അനുഗ്രഹങ്ങള്‍ വിഹിതിച്ചുകൊടുക്കുന്നതു- വ്യക്തികള്‍ക്കാകട്ടെ, സമുദായത്തിനാകട്ടെ – അവന്‍ മാത്രമാകുന്നു. അതില്‍ മുന്‍ഗണന നല്‍കേണ്ടതും, ഏറ്റക്കുറവു വരുത്തേണ്ടതും ആര്‍ക്കെല്ലാമാണ്‌, എങ്ങിനെയൊക്കെയാണ് എന്നൊക്കെ കണക്കാക്കുന്നതും അവന്‍തന്നെ. പ്രത്യക്ഷത്തിൽ, മനുഷ്യന്റെ പ്രവര്‍ത്തനംമൂലം സിദ്ധിക്കുന്ന ജീവിതമാര്‍ഗ്ഗങ്ങള്‍പോലും വാസ്തവത്തില്‍ അല്ലാഹു നല്‍കുന്ന അനുഗ്രഹമത്രെ. പരക്കെ എല്ലാവര്‍ക്കും സിദ്ധിക്കുന്ന അനുഗ്രഹംപോലും അവന്‍ ഉദ്ദേശിച്ചപ്രകാരം ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ തോതിലാണു അവന്‍ വിഹിതിച്ചിട്ടുള്ളത്. എന്നിരിക്കെ, മനുഷ്യന്റെ ആഗ്രഹത്തിനോ, പ്രയത്നത്തിനോ, സാമര്‍ത്ഥ്യത്തിനോ ഒന്നുംതന്നെ പങ്കില്ലാത്ത ആ അനുഗ്രഹം – പ്രാവചകത്വവും ദൗത്യവും – ഇവര്‍ ഉദ്ദേശിക്കുന്നവര്‍ക്കു നല്‍കാത്തതു എന്തുകൊണ്ടാണെന്നു ആക്ഷേപിക്കുവാന്‍ ഇവര്‍ ആരാണ്? ഇവരാണോ അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓഹരി ചെയ്തുകൊടുക്കുന്നവര്‍?! (أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ)

2). മനുഷ്യരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ അവരവര്‍ക്കു വിഹിതിച്ചുകൊടുക്കുന്നതു – ഭൂമിയില്‍ മനുഷ്യന്‍ വളരെ കുറവായിരുന്ന മുന്‍കാലങ്ങളിലും, ജനപ്പെരുപ്പംകൊണ്ടു മനുഷ്യസമുദായം പട്ടിണി കിടന്നു ചാവേണ്ടിവരുമെന്നു അവിശ്വാസികളും അല്പവിശ്വാസികളും ഭയപ്പെട്ട് അസ്വസ്ഥരായിത്തീര്‍ന്നേക്കുന്ന പില്‍ക്കാലങ്ങളിലും തന്നെ – യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ്. മനുഷ്യന്‍ അതിനുവേണ്ടി അന്വേഷണം നടത്തുന്നു. പ്രയത്നിക്കുന്നു. അവനാല്‍ കഴിയുന്ന സാമര്‍ത്ഥ്യങ്ങളെല്ലാം പ്രയോഗിക്കുന്നു. അതു ആവശ്യമാണുതാനും. പക്ഷേ, അതുകൊണ്ടു മാത്രം കാര്യം അവസാനിക്കുന്നില്ലെന്നു കാണാം. കാരണം, ഓരോരുവനും ലഭിക്കുന്നതിന്റെ അളവ് അവന്റെ ആഗ്രഹത്തിന്റെയോ, പ്രവര്‍ത്തനത്തിന്റെയോ, സാമര്‍ത്ഥ്യത്തിന്റെയോ തോതനുസരിച്ചല്ല. അല്ലാഹു കണകാക്കുന്ന തോതനുസരിച്ചു മാത്രമായിരിക്കും. ബുദ്ധിയിലും, സാമര്‍ത്ഥ്യത്തിലും വളരെ പിന്നോക്കമുള്ള ചിലര്‍ക്കു സമ്പല്‍ സമൃദ്ധിയും, വമ്പിച്ച സുഖസൌകര്യങ്ങളും ലഭിക്കുന്നതും, വലിയ ബുദ്ധിമതികളും അതിസമര്‍ത്ഥരുമായ ചിലര്‍ക്കു ശുഷ്കിച്ച ജീവിതമാര്‍ഗ്ഗം മാത്രം ലഭിക്കുന്നതും, ഒരേ കണക്കിനു മുതല്‍മുടക്കം, ഒരേതരത്തില്‍ പ്രവര്‍ത്തനവും ഉപയോഗപ്പെടുത്തി ആസൂത്രിതമായി നടത്തിയാല്‍പോലും രണ്ടുപേരുടെ അദ്ധ്വാനഫലങ്ങള്‍ പരസ്പരം വ്യത്യസ്തമായിത്തീരുന്നതുമെല്ലാം ഇതുകൊണ്ടാകുന്നു. അതെ, യഥാര്‍ത്ഥത്തില്‍ ഐഹികജീവിതത്തിലെ ജീവിതമാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കുന്നതു അല്ലാഹുതന്നെ. (نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا)

3) ഉപജീവനമാര്‍ഗ്ഗങ്ങളില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യര്‍ പരസ്പരം വ്യത്യസ്ത നിലക്കാരായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ധനം, സന്താനം, ആരോഗ്യം, യോഗ്യത, ബുദ്ധി, അറിവു, പെരുമാറ്റം എന്നിങ്ങിനെ ഏതെടുത്താലും ശരി, എണ്ണത്തിലോ, വണ്ണത്തിലോ, സ്വാഭാവത്തിലോ, ഉപയോഗത്തിലോ വ്യത്യാസം കാണാതിരിക്കയില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാനിലക്കും സമന്മാരായ വ്യക്തികളെ കണ്ടെത്തുക സാധ്യമല്ല. അതെ, അല്ലാഹു ചിലരെക്കാള്‍ ചിലരെ പല നിലക്കും ഉയര്‍ത്തിയാണ് വെച്ചിരിക്കുന്നത്. (وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ).

4) ഖുര്‍ആനില്‍ മറ്റു സ്ഥലങ്ങളിലൊന്നും ഇത്ര വ്യക്തമായി പ്രസ്താവിച്ചിട്ടില്ലാത്ത ഒരു വമ്പിച്ച യുക്തിതത്വമാണ് നാലാമത്തേത്. ഇങ്ങിനെ വ്യത്യസ്തമായ നിലയില്‍ മനുഷ്യര്‍ക്കു അവന്റെ അനുഗ്രഹങ്ങള്‍ വിഹിതിച്ചുകൊടുക്കുവാനും, ചിലരെ മറ്റുചിലരെക്കാള്‍ ഓരോ നിലക്കു ഉയര്‍ത്തിവെക്കുവാനുമുള്ള കാരണം- അഥവാ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന യുക്തി രഹസ്യം – അവരില്‍ ചിലര്‍ ചിലരെ കീഴ്പെടുത്തിവെക്കുകയാണ്. അതിനുവേണ്ടിയാണത്. (لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا).

സൂ:ശൂറാ 27ല്‍ പ്രസ്താവിച്ചതുപോലെ, എല്ലാവര്‍ക്കും ഇഷ്ടംപോലെ ഉപജീവനമാര്‍ഗ്ഗം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ മനുഷ്യന്‍ ഭൂമിയില്‍ അക്രമവും, കുഴപ്പവും നിറക്കുമായിരുന്നു. നേരെമറിച്ച് എല്ലാവര്‍ക്കും ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നാലത്തെ കഥയും അതുതന്നെ. മനുഷ്യരെല്ലാം ഒരേ നിലവാരത്തിലുള്ളവരാണെങ്കില്‍, ജോലി ചെയ്‌വാനും ചെയ്യിക്കാനും, തൊഴില്‍ശാലകള്‍ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അതു കേള്‍ക്കുവാനും, നേതൃത്വം കൊടുക്കുവാനും അതു സ്വീകരിക്കുവാനും, പഠിക്കുവാനും പഠിപ്പിക്കുവാനും ആളെക്കിട്ടുമോ? ദരിദ്രനില്ലെങ്കില്‍ ധനവാന്റെ ധനംകൊണ്ടോ, മൂഢനില്ലെങ്കില്‍ ബുദ്ധിമാന്റെ ബുദ്ധിശക്തികൊണ്ടോ, തൊഴിലാളിയില്ലെങ്കില്‍ മുതലാളിയുടെ മൂലധനംകൊണ്ടോ രോഗിയില്ലെങ്കില്‍ വൈദ്യന്റെ നൈപുണ്യംകൊണ്ടോ എന്താണ് പ്രയോജനം?! കര്‍ഷകനുവേണ്ടി തുണി നെയ്യുവാനും, കച്ചവടക്കാരനു ഭക്ഷണമെത്തിക്കുവാനും രോഗിക്കു ചികിത്സിക്കുവാനും ആളെക്കിട്ടുമോ?! ചുരുക്കിപ്പറഞ്ഞാല്‍, മനുഷര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായ സ്ഥിതിസമത്വമാണ് നല്‍കപ്പെട്ടിരിക്കുന്നതെങ്കില്‍, മാനുഷലോകമാസകാലം ഒരേ മൂശയില്‍ വാര്‍ത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങള്‍ കണക്കെ മറ്റെന്തോ ഒരു തരം ജീവിയായി മാറുമായിരുന്നേനെ!

ഒരാള്‍ തനിക്കുവേണ്ടി സമ്പാദിച്ചു കുന്നുകൂട്ടുവാനായി മറ്റൊരുവനെക്കൊണ്ടു വേലചെയ്യിക്കുന്നു; വേലക്കാരന്‍ അവന്റെ അന്നത്തെ പട്ടിണിക്കു പരിഹാരത്തിനായി അവനു വേലയെടുക്കാന്‍ മുമ്പോട്ടു വരുന്നു: ഒരാള്‍ തന്റെ ഉപജീവനാര്‍ത്ഥം മരുന്നുണ്ടാക്കി വില്‍പന നടത്തുന്നു; വേറൊരുവന്‍ തന്റെ രോഗശമനത്തിനായി അതു തേടിച്ചെന്നു വില കൊടുത്തു മേടിക്കുന്നു: ഒരാള്‍ അധികാരമോഹത്താല്‍ നേതാവായി രംഗത്തിറങ്ങുന്നു; വേറൊരാള്‍ അയാളുടെ ചില താല്പര്യങ്ങളെ മുന്‍നിറുത്തി അയാള്‍ക്കു വഴങ്ങുന്നു… ഇങ്ങിനെ പരസ്പരഭിന്നങ്ങളായ ഉദ്ദേശ്യങ്ങളില്‍, പരസ്പരഭിന്നമായ സ്വഭാവത്തോടുകൂടി, ആളുകള്‍ തമ്മതമ്മില്‍ ഇണക്കത്തിലും വണക്കത്തിലും കഴിഞ്ഞുകൂടുന്നു.

പ്രഥമവീക്ഷണത്തില്‍ നോക്കുമ്പോള്‍ ദരിദ്രന്റെ മുമ്പില്‍ ധനികനും, പ്രജയുടെ മുമ്പില്‍ രാജാവും, തൊഴിലാളിയുടെ മുമ്പില്‍ മുതലാളിയും, സാധാരണക്കാരന്റെ മുമ്പില്‍ നേതാവും വലിയവരായിരിക്കാം. എങ്കിലും, അല്പം ഉള്ളോട്ടു കടന്നു ആലോചിച്ചാല്‍, അവരുടെ വലുപ്പവും, യോഗ്യതയും മറ്റേവരെ ആശ്രയിച്ചാണിരിക്കുന്നതെന്നു കാണാവുന്നതാണ്. അതെ, ഒരു തുലാസ്സിന്റെ രണ്ടുതട്ടുകളെന്നോണം, മനുഷ്യസമുദായത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളുടെ തട്ടുകളെയും അല്ലാഹു പാകപ്പെടുത്തിവെച്ചിരിക്കുകയാണ്. മനുഷ്യപ്രകൃതിക്കു അനുയോജ്യമായി അല്ലാഹു നിശ്ചയിച്ചരുളിയ ഈ പ്രകൃതിനിയമത്തെ മാറ്റി തല്‍സ്ഥാനത്തു പരിപൂര്‍ണ്ണമായ ഒരു സ്ഥിതിസമത്വം സ്ഥാപിക്കുവാന്‍ ഏതൊരു ‘ഇസ’ത്തിനോ ‘ഇസക്കാര്‍’ക്കോ സാധ്യമല്ലതന്നെ. وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا (അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.) .

5). ഐഹികമായ അനുഗ്രഹങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന കൂട്ടത്തില്‍ പാരത്രികകാര്യങ്ങളെയും ഓര്‍മ്മിപ്പിക്കുകയെന്നതു ഖുര്‍ആന്റെ പതിവാണ്. അതു ഇവിടെയും കാണാം. ഐഹികജീവിതമാര്‍ഗ്ഗങ്ങളെപ്പറ്റിയാണിവിടെ സംസാരം: അവ കഴിവതും സമ്പാദിക്കുവാനും, അതിനുവേണ്ടുന്ന പരിശ്രമം നടത്തുവാനും – വളരെ പ്രോത്സാഹനമൊന്നും കൂടാതെത്തന്നെ – മനുഷ്യന്‍ സ്വയം പ്രേരിതനാണ്. അവനവന്റെ കണക്കില്‍ അല്ലാഹു ഉദ്ദേശിച്ചതു ലഭിക്കുകയും ചെയ്യും. പക്ഷേ, ഒരു കാര്യം അവന്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (നിന്റെ റബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചുണ്ടാക്കുന്നതിനെക്കാള്‍ ഉത്തമമാണ്). എന്നത്രെ അത്. ഇവിടെ കാരുണ്യം – അഥവാ അനുഗ്രഹം (رَحْمَة) എന്നു പറഞ്ഞതുകൊണ്ടു ഉദ്ദേശ്യം മനുഷ്യന്‍ സാധാരണ സമ്പാദിക്കാറുള്ള അനുഗ്രഹങ്ങളല്ല – ഇതിനുമുമ്പത്തെ വാക്യങ്ങളിലെ സംസാരവിഷയമായ പ്രവാചകത്വമാകുന്ന അനുഗ്രഹവും, അതുമുഖേന ലഭിക്കുവാനിരിക്കുന്ന അനുഗ്രഹങ്ങളുമാകുന്നു. എന്നുവെച്ചാല്‍, ശാരീരികവും, ഐഹികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു; വാസ്തവത്തില്‍ അതിനെക്കാള്‍ ആവശ്യമായിട്ടുള്ളതു ആത്മീയവും പാരത്രികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ പരിശ്രമിക്കുകയാണ്; കാരണം, അതത്രെ മറ്റേതിനെക്കാള്‍ ഉത്തമം എന്നു താല്‍പര്യം. الله أعلم . അടുത്ത വചനങ്ങളില്‍നിന്നു ഇപ്പറഞ്ഞതു കൂടുതല്‍ വ്യക്തമാകുന്നതാണ്:-

43:33

  • وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ ﴾٣٣﴿
  • മനുഷ്യര്‍ (എല്ലാവരും) ഒരേ ഒരു സമുദായമായിത്തീരുകയില്ലായിരുന്നുവെങ്കില്‍, പരമകാരുണികനില്‍ [അല്ലാഹുവില്‍] അവിശ്വസിക്കുന്നവര്‍ക്കു നാം ഉണ്ടാക്കികൊടുക്കുമായിരുന്നു, അവരുടെ വീടുകള്‍ക്കു വെള്ളികൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്കു (മേല്പോട്ടു) കയറിപോകാനുള്ള കോണികളും,-
  • وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن يَكُونَ ആയിരിക്കല്‍ النَّاسُ മനുഷ്യര്‍ أُمَّةً وَاحِدَةً ഒരു (ഏക) സമുദായം لَّجَعَلْنَا നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു لِمَن يَكْفُرُ അവിശ്വസിക്കുന്നവര്‍ക്കു بِالرَّحْمَـٰنِ പരമകാരുണികനില്‍ لِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു سُقُفًا മേല്‍പുരകള്‍ مِّن فِضَّةٍ വെള്ളിയാല്‍, വെള്ളികൊണ്ടു وَمَعَارِجَ കോണിപ്പടികളും عَلَيْهَا അവയില്‍കൂടി, അതിന്മേല്‍ يَظْهَرُونَ അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന

43:34

  • وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ ﴾٣٤﴿
  • അവരുടെ വീടുകള്‍ക്കു (വെള്ളി കൊണ്ടുള്ള) വാതിലുകളും, അവര്‍ക്കു ചാരിയിരിക്കുവാനുള്ള കട്ടിലുകളും.
  • وَلِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു أَبْوَابًا വാതിലുകളും وَسُرُرًا കട്ടിലുകളും عَلَيْهَا അവയില്‍, അതിന്മേല്‍ يَتَّكِئُونَ അവര്‍ ചാരിയിരിക്കും

43:35

  • وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ ﴾٣٥﴿
  • (കൂടാതെ) സ്വര്‍ണ്ണാലങ്കാരവും! (വാസ്തവത്തില്‍) അതെല്ലാം, ഐഹികജീവിതത്തിന്റെ ഉപകരണമല്ലാതെ (മറ്റൊന്നും) അല്ലതന്നെ. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ പരലോകം (സൂക്ഷിക്കുന്ന) ഭയഭക്തന്മാര്‍ക്കാകുന്നു.
  • وَزُخْرُفًا സ്വര്‍ണ്ണവും, അലങ്കാരവും, തങ്കവും, മോടിയും وَإِن كُلُّ ذَٰلِكَ അവയെല്ലാം തന്നെ, അവയെല്ലാം അല്ല لَمَّا مَتَاعُ ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ وَالْآخِرَةُ പരലോകമാകട്ടെ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്കാണ്, ഭയഭക്തന്മാര്‍ക്കാണ്

ഐഹികവിഭവങ്ങളും, സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ അടുക്കല്‍ ഒട്ടും വിലപ്പെട്ടതല്ല. വേണമെങ്കില്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത എല്ലാവര്‍ക്കും അവരുടെ വീടും ഉപകരണങ്ങളുമെല്ലാം വെള്ളിയും സ്വര്‍ണ്ണവും ആകുമാറു വമ്പിച്ച തോതില്‍ സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു മുടക്കുമില്ല. പക്ഷേ, അതു കണ്ടു മറ്റുള്ളവര്‍ വഞ്ചിതരായി വഴിപിഴച്ചുപോകുകയും, അങ്ങിനെ എല്ലാവരും ഒരുപോലെ ആയിത്തീരുകയും ചെയ്‌വാന്‍ കാരണമാകും. അതുകൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്. അല്ലാതെ, ഐഹിക സുഖസൗകര്യങ്ങള്‍ക്കു വില കല്പിച്ചതുകൊണ്ടല്ല. അവ എത്ര തന്നെ ഉന്നതതരമായിരുന്നാലും ശരി, താല്‍ക്കാലികവും നശ്വരവുമാകുന്നു. നേരെമറിച്ചു പരലോകവിഭവങ്ങളാകട്ടെ, അവയെക്കാള്‍ എത്രയോ ഉയര്‍ന്നതും, നശിച്ചുപോകാത്തതുമാണ്. അതാണെങ്കില്‍, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തന്മാര്‍ക്കുള്ളതുമാണുതാനും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : ‘നിങ്ങള്‍ സ്വര്‍ണ്ണത്തിന്റെയും, വെള്ളിയുടെയും പാത്രങ്ങളില്‍ കുടിക്കുകയും, അവയുടെ തളികകളില്‍ തിന്നുകയും, ചെയ്യരുത്. കാരണം, അതു ഇഹത്തില്‍ അവര്‍ക്കു – അവിശ്വാസികള്‍ക്കു – ഉള്ളതാകുന്നു. പരലോകത്തില്‍ നമുക്കും – സത്യവിശ്വാസികള്‍ക്കും.’ (ബു; മു). വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇഹലോകം അല്ലാഹുവിന്റെ അടുക്കല്‍ ഒരു കൊതുവിന്റെ ചിറകിനു സമാനമുണ്ടായിരുന്നുവെങ്കില്‍, അതില്‍നിന്ന് ഒരിക്കലും ഒരു അവിശ്വാസിക്കു ഒരു മുറുക്കു വെള്ളം അവന്‍ കുടിക്കുവാന്‍ കൊടുക്കുമായിരുന്നില്ല.’ (തി; ജ.). ഈ ലോകത്തു ഒരാള്‍ക്കു എന്തുതന്നെ സമ്പാദിക്കുവാന്‍ കഴിഞ്ഞാലും അവന്‍ അതില്‍നിന്നു യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നതു എത്രമാത്രമായിരിക്കുമെന്നു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുള്ളതു നോക്കുക: ‘എന്റെ ധനം! എന്റെ ധനം! എന്നു മനുഷ്യന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്റെ ധനത്തില്‍നിന്നു അവനുള്ളതു മൂന്നെണ്ണമാണ്: അവന്‍ തിന്നു നശിപ്പിച്ചത്, അല്ലെങ്കില്‍ അവന്‍ ഉടുത്തു പഴക്കിയത്, അല്ലെങ്കില്‍ അവന്‍ (ധര്‍മ്മം) കൊടുത്തു (പിന്നേക്കു) സൂക്ഷിച്ചുവെച്ചത്. ഇവയല്ലാത്തതെല്ലാം പോയിപ്പോകുന്നതും, അവന്‍ ജനങ്ങള്‍ക്കായി വിട്ടേക്കുന്നതുമാകുന്നു. (മു).