അഞ്ചാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 61 മുതൽ 75 വരെ

സൂറത്തുല്‍ ഖസ്വസ്വ് : 61-75

28:61
  • أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ ﴾٦١﴿
  • അപ്പോള്‍, ഏതൊരുവനോടു നാം നല്ലൊരു വാഗ്ദാനംചെയ്യുകയും, എന്നിട്ട് അവനതുകണ്ടെത്തി (അനുഭവി) ക്കുന്നവനായിരിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്‍റെ സുഖഭോഗം നാം അനുഭവിപ്പിച്ചുകൊടുക്കുകയും, പിന്നീട് ഖിയാമത്തുനാളില്‍ താന്‍ (ശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?!
  • أَفَمَن അപ്പോള്‍ ഒരുവനാണോ, ആരാണോ وَعَدْنَاهُ നാം അവനോടു വാഗ്ദാനം ചെയ്തു وَعْدًا حَسَنًا നല്ലൊരു വാഗ്ദാനം فَهُوَ എന്നിട്ടവന്‍ لَاقِيهِ അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ് كَمَن ഒരുവനെപ്പോലെ مَّتَّعْنَاهُ നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു مَتَاعَ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗം الدُّنْيَا ഐഹികമായ ثُمَّ هُوَ പിന്നെ അവന്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്

സ൯മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുമെന്ന് ഏറ്റിട്ടുള്ള മഹത്തായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും, അതിനര്‍ഹരായിത്തീരുകയും, അങ്ങിനെ അതു ലഭിക്കുവാന്‍ ഭാഗ്യമുണ്ടായിരിക്കുകയും ചെയ്യുന്നവരും – ക്ഷണികമായ ഐഹിക സൗഖ്യങ്ങളില്‍ അവരുടെ നില കേവലം മോശമായിരുന്നാലും ശരി – ഐഹികജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് ശിക്ഷാര്‍ഹരായിത്തീരുന്ന കേഡികളും ഒരിക്കലും സമമല്ല. സുഖസമ്പൂര്‍ണ്ണമായ ഐഹികജീവിതം അവസാനിച്ചതിനെത്തുടര്‍ന്ന് യാതൊരു തരത്തിലുള്ള ശിക്ഷാനടപടികളും ഭാവിയില്‍ അനുഭവപ്പെടുവാനില്ലെന്ന് സങ്കല്‍പ്പിച്ചാല്‍പോലും ഒടുക്കമില്ലാത്ത പരലോകജീവിതത്തിലെ സുഖാനുഭവങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ യത്നിക്കേണ്ടതുണ്ട്. എന്നിരിക്കെ, അവിടെവെച്ച് ശാശ്വതവും കഠിനകഠോരവുമായ ശിക്ഷാനടപടികൂടി നേരിടാനി രിക്കുന്ന സ്ഥിതിക്ക് തീര്‍ച്ചയായും അവന്‍ അതിനുള്ള മാര്‍ഗ്ഗം അവലംബിക്കേണ്ടതല്ലേ?! പരലോകത്തില്‍ ശിക്ഷാര്‍ഹരായുള്ളവര്‍ നേരിടേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങള്‍ ചുവടെ വിവരിക്കുന്നു:-

28:62
  • وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴾٦٢﴿
  • അവരെ അവന്‍ [അല്ലാഹു] വിളിച്ച് (ഇങ്ങനെ) പറയുന്ന ദിവസം (ഓര്‍ക്കുക); ‘നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നതായ എന്‍റെ പങ്കുകാര്‍ എവിടെ?!’
  • وَيَوْمَ يُنَادِيهِمْ അവരെ അവന്‍ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടവന്‍ പറയും أَيْنَ شُرَكَائِيَ എന്‍റെ പങ്കുകാര്‍ എവിടെ الَّذِينَ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്ന

28:63

  • قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ ﴾٦٣﴿
  • (അന്ന്) ഏതൊരുത്തരുടെ മേല്‍ (ശിക്ഷയുടെ) വാക്ക് അവകാശപ്പെട്ടിരിക്കുന്നുവോ അവര്‍ പറയുന്നതാണ്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വഴി തെറ്റിച്ചിട്ടുള്ളവര്‍ (ഇതാ) ഇക്കൂട്ടരാണ്; ഞങ്ങള്‍ (സ്വയം) വഴി തെറ്റിയതു പോലെ, ഞങ്ങള്‍ അവരെയും വഴിതെറ്റിച്ചതാണ്. (അവരെ സംബന്ധിച്ച്) നിങ്കലേക്ക് ഞങ്ങള്‍ (ഇതാ) ഉത്തരവാദമൊഴിഞ്ഞുതന്നു; ഞങ്ങളെ അവര്‍ ആരാധിച്ചുവരികയായിരുന്നില്ല.’
  • قَالَ الَّذِينَ യാതൊരു കൂട്ടര്‍ പറയുന്നതാണ് حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടിരിക്കുന്നു الْقَوْلُ വാക്ക്, വാക്യം رَبَّنَا ഞങ്ങളുടെ റബ്ബേ هَـٰؤُلَاءِ ഇക്കൂട്ടരാണ് الَّذِينَ أَغْوَيْنَا ഞങ്ങള്‍ വഴിതെറ്റിച്ചവര്‍ أَغْوَيْنَاهُمْ അവരെ ഞങ്ങള്‍ വഴി തെറ്റിച്ചു كَمَا غَوَيْنَا ഞങ്ങള്‍ വഴി തെറ്റിയതുപോലെ تَبَرَّأْنَا ഞങ്ങള്‍ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു إِلَيْكَ നിങ്കലേക്ക്, നിന്‍റെ അടുക്കല്‍ مَا كَانُوا അവരായിരുന്നില്ല إِيَّانَا ഞങ്ങളെ يَعْبُدُونَ ആരാധിക്കും

28:64

  • وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ ﴾٦٤﴿
  • ‘നിങ്ങളുടെ (ആരാധ്യന്മാരായ) പങ്കുകാരെ വിളിക്കുവിന്‍!’ എന്നു പറയപ്പെടുകയും ചെയ്യും; അപ്പോള്‍ അവര്‍ അവരെ വിളി(ച്ചു നോ)ക്കും, എന്നാലവര്‍ തങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതല്ല; ശിക്ഷയെ അവര്‍ (അനുഭവത്തില്‍) കാണുകയും ചെയ്യുന്നതാണ്. ‘തങ്ങള്‍ സ൯മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു.’ (എന്നവര്‍ കൊതിക്കും)!
  • وَقِيلَ പറയപ്പെടുകയും ചെയ്യും ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا അപ്പോഴവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَرَأَوُا അവര്‍ കാണുകയും ചെയ്യും الْعَذَابَ ശിക്ഷ لَوْ أَنَّهُمْ كَانُوا അവരായിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിരുന്നു (എങ്കില്‍)

അല്ലാഹുവിന്‍റെ ശിക്ഷക്കു ബാധ്യസ്ഥരായ ശിര്‍ക്കിന്‍റെ നേതാക്കളും, പ്രചാരകന്‍മാരുമാണ് ‘വാക്കിന്നവകാശപ്പെട്ടവര്‍’ (الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം. ശിര്‍ക്കിന്‍റെ നേതാക്കളെയും, നീതന്‍മാരെയും വഷളാക്കുവാനായി, ആരാധകന്‍മാരോടു ചോദിക്കുന്ന ചോദ്യമാണ് 62-ാം വചനത്തില്‍ കാണുന്നത്. ഈ ചോദ്യം തന്നെ അവര്‍ക്കൊരു അസഹ്യമായ ശിക്ഷയായിരിക്കുമെന്നു പറയേണ്ടതില്ല. ഈ അവസരത്തില്‍ തങ്ങളുടെ കുറ്റത്തില്‍ വല്ല ഇളവും ലഭിച്ചെങ്കിലോ എന്ന ഭാവേന നേതാക്കളായ ആരാധ്യന്‍മാര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ബോധിപ്പിക്കുന്ന മറുപടിയാണ് 63-ാം വചനത്തിലുള്ളത്. ‘ഞങ്ങള്‍ ഏതായാലും സ്വയം പിഴച്ചുപോയി, അപ്രകാരം അവരും ആയിത്തീരട്ടെ എന്നുവെച്ചു അവരെയും ആ പിഴവിലേക്കു പ്രേരിപ്പിച്ചു, അതില്‍ കവിഞ്ഞു ഞങ്ങളൊന്നും ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ നിര്‍ബ്ബന്ധംകൊണ്ടും ശക്തി കൊണ്ടും വഴിപിഴച്ചതല്ല, വാസ്തവത്തില്‍ അവര്‍ ഞങ്ങളെ ആരാധിച്ചു വന്നിട്ടുമില്ല, അവര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം വിഗ്രഹങ്ങള്‍ തുടങ്ങിയ മറ്റു പലതിനെയുമാണ് ആരാധിച്ചിരുന്നതു, ‘അതുകൊണ്ട് അവരുടെ കുറ്റത്തിന് ഞങ്ങള്‍ ഉത്തരവാദപ്പെട്ടവരല്ല, ഞങ്ങളുടെ നിരപരാധിത്വം ഞങ്ങളിതാ ബോധിപ്പിക്കുന്നു.’ എന്നൊക്കെയാണ് അവരുടെ മറുപടിയുടെ സാരം.

പരദൈവാരാധകന്‍മാരുടെ നിസ്സഹായതയും, വഷളത്തവും കൂടുതല്‍ സ്പഷ്ടമാക്കത്തക്കവണ്ണം അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചപേക്ഷിക്കുവാന്‍ അവരോടു കല്‍പിക്കപ്പെടുമെന്നും, അതിരില്ലാത്ത പരിഭ്രമത്തിലും, ദുഃഖത്തിലും മുഴുകിയ അവര്‍ അവയെ വിളിച്ചുനോക്കുമ്പോള്‍ അവ ഉത്തരം നല്‍കുകപോലും ചെയ്കയില്ലെന്നുമാണ് 64-ാം വചനം കാണിക്കുന്നത്. ഇവിടെ വെച്ച് ഇരുകൂട്ടരും – ആരാധകരും നീതരുമായുള്ളവരും, നേതാക്കളും ആരാധ്യന്‍മാരുമായുള്ളവരും എല്ലാം തന്നെ – കൊതിച്ചുപോകും: ഹാ! തങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്.

അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ വിചാരണക്കായി എല്ലാവരും ഹാജറാക്കപ്പെടുന്ന അതിഗുരുതരമായ ഘട്ടത്തില്‍ – സജ്ജനങ്ങള്‍, ദുര്‍ജ്ജനങ്ങള്‍, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെയുള്ള എല്ലാ വിഭാഗക്കാരും, പ്രവാചകന്‍മാരും, സാക്ഷികളും ഒന്നടങ്കം സമ്മേളിപ്പിക്കപ്പെടുന്ന ആ വമ്പിച്ച മഹാസദസ്സില്‍ – അല്ലാഹു ചോദിക്കുന്ന മറ്റൊരു ചോദ്യം തുടര്‍ന്നു പറയുന്നു:

28:65
  • وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ ﴾٦٥﴿
  • അവരെ വിളിച്ച് ‘എന്താണ് നിങ്ങള്‍ മുര്‍സലുകള്‍ക്ക് ഉത്തരം നല്‍കിയത്?’ എന്ന് അവന്‍ [അല്ലാഹു] പറയുന്ന ദിവസം (ഓര്‍ക്കുക)!-
  • وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയും مَاذَا എന്താണ്, എന്തൊന്നാണ് أَجَبْتُمُ നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി الْمُرْسَلِينَ മുര്‍സലുകള്‍ക്കു

28:66

  • فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍ فَهُمْ لَا يَتَسَآءَلُونَ ﴾٦٦﴿
  • അന്നത്തെ ദിവസം, വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് അന്ധമായിരിക്കുന്നതാണ്; അതിനാല്‍, അവര്‍ അന്യോന്യം (യാതൊന്നും) ചോദിച്ചറിയുകയില്ല.
  • فَعَمِيَتْ അപ്പോള്‍ അന്ധമായിരിക്കുന്നതാണ് عَلَيْهِمُ അവര്‍ക്ക്, അവരില്‍ الْأَنبَاءُ വര്‍ത്തമാനങ്ങള്‍ يَوْمَئِذٍ അന്ന്, ആദിവസം فَهُمْ അതിനാല്‍ അവര്‍ لَا يَتَسَاءَلُونَ അവരന്യോന്യം ചോദിച്ചറിയുകയില്ല

28:67

  • فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ ﴾٦٧﴿
  • എന്നാല്‍, ആര്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവന്‍, വിജയികളില്‍ പെട്ടവനായേക്കാവുന്നതാണ്.
  • فَأَمَّا مَن تَابَ എന്നാല്‍ ആര്‍ പശ്ചാത്തപിച്ചുവോ, പശ്ചാത്തപിച്ചവന്‍ وَآمَنَ വിശ്വസിക്കയും وَعَمِلَ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍കര്‍മ്മം, നല്ലതു فَعَسَىٰ أَن يَكُونَ അവനായേക്കാം مِنَ الْمُفْلِحِينَ വിജയികളില്‍, ഭാഗ്യവാന്‍മാരില്‍ (പെട്ടവന്‍)

പ്രവാചകന്‍മാരെ നിഷേധിച്ചു വന്ന അവര്‍ക്കു അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള ഈ ചോദ്യത്തിന് ഉത്തരമായി ഒരക്ഷരം ഉരിയാടുവാനാകട്ടെ, തങ്ങള്‍ അനുവര്‍ത്തിച്ചുവന്ന നയത്തിന് എന്തെങ്കിലും ന്യായീകരണമോ, ഒഴിവുകഴിവോ സമര്‍പ്പിക്കുവാനാകട്ടെ സാധ്യമാകുന്നതല്ല. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടാതെ അവര്‍ കുഴങ്ങുന്നതാണ്. ഐഹികജീവിതത്തിലെ പതിവനുസരിച്ച് ആരോടെങ്കിലും വല്ലതും ചോദിക്കുവാനോ, അന്വേഷിക്കുവാനോ, അപേക്ഷിക്കുവാനോ സാധ്യമാകുമോ? അതും സാധ്യമല്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടരായ പ്രവാചകന്‍മാര്‍പോലും വമ്പിച്ച പരിഭ്രമത്തിലായിത്തീരുന്ന ആ ഘട്ടത്തില്‍, സൃഷ്ടികളില്‍വെച്ച് ഏറ്റവും നികൃഷ്ടരായ ആ മഹാപാപികള്‍ക്കു വല്ല മനസ്സമാധാനത്തിനും അവകാശമുണ്ടാകുന്നതെങ്ങനെ?! പ്രവാചകന്‍മാരുടെ അന്നത്തെ നിലയെ സംബന്ധിച്ച് അല്ലാഹു സൂറത്തുല്‍ മാഇദയില്‍ ഇപ്രകാരം പറയുന്നു:-

يَوْمَ يَجْمَعُ اللَّـهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنتَ عَلَّامُ الْغُيُوبِ : سورة المائدة : ١٠٩

(അല്ലാഹു റസൂലുകളെ ഒരുമിച്ചുകൂട്ടുന്ന ദിവസം! എന്നിട്ടവരോട് അവന്‍ പറയും: ‘നിങ്ങള്‍ക്ക് എന്താണ് ഉത്തരം നല്‍കപ്പെട്ടതു?’ അവര്‍ പറയുന്നതാണ്: ‘ഞങ്ങള്‍ക്ക് അറിവില്ല. നിശ്ചയമായും നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ ധാരാളം അറിയുന്നവന്‍) എന്നിരിക്കെ മറ്റുള്ളവരുടെ പരിഭ്രമത്തെക്കുറിച്ചു പറയേണ്ടതുണ്ടോ?!!

ഏതു ഭയങ്കര കുറ്റം ചെയ്തവനാകട്ടെ, പശ്ചാത്തപിച്ചു മടങ്ങുകയും, സത്യവിശ്വാസം കൈക്കൊള്ളുകയും, നല്ല കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു രക്ഷയുണ്ട്. അങ്ങിനെയുള്ളവര്‍ സല്‍ഭാഗ്യവാന്മാരാണ്. വിജയികളാണ്. പരമകാരുണികനും അത്യുദാരനുമായ അല്ലാഹു ‘ആയേക്കാം’ (عَسَىٰ أَن يَكُونَ) എന്നു പറഞ്ഞാല്‍ അക്കാര്യം സുദൃഢം തന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. അന്നത്തെ ദിവസം അവന്‍ നമുക്കെല്ലാം വിജയവും, രക്ഷയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

28:68
  • وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٦٨﴿
  • നിന്‍റെ റബ്ബ്, അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് [സൃഷ്ടികള്‍ക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ!
  • وَرَبُّكَ നിന്‍റെ റബ്ബ്, രക്ഷിതാവ് يَخْلُقُ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيَخْتَارُ തിരഞ്ഞെടുക്കുകയും ചെയ്യുന്നു مَا كَانَ لَهُمُ അവര്‍ക്കില്ല, അവര്‍ക്കു ആകാവതല്ല (അവകാശമില്ല) الْخِيَرَةُ തിരഞ്ഞെടുക്കല്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍ وَتَعَالَىٰ അവന്‍ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്

എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണത് സൃഷ്ടിക്കേണ്ടത്, ഏതെല്ലാം കാര്യങ്ങളാണു നടപ്പില്‍ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടത്, എന്നിങ്ങിനെയുള്ള ഒന്നിലുംതന്നെ, അവന്‍റെ ഉദ്ദേശമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയല്ലാതെ, അതില്‍ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ലതന്നെ. എന്നിരിക്കെ, അവനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ മറ്റൊരാളെ പങ്കാളിയായി ഗണിക്കുന്ന പ്രശ്നമേ ഇല്ല. അങ്ങിനെയുള്ള ഏതു സങ്കല്‍പ്പത്തിനും അവന്‍ അതീതനാകുന്നു, പരിശുദ്ധനാകുന്നു, അത്യുന്നതനാകുന്നു. ഒരു അറബിക്കവി പറഞ്ഞതെത്ര വാസ്തവം:-

” الْعَبْدُ ذُو ضَجَرٍ، وَالرَّبُّ ذُو قَدَرٍ * وَالدَّهْرُ ذُو دُوَلٍ، وَالرِّزْقُ مَقْسُومُ
وَالْخَيْرُ أَجْمَعُ فِيمَا اخْتَارَ خَالِقُنَا * وَفِي اخْتِيَارِ سِوَاهُ اللَّوْمُ وَالشُّومُ “

(സാരം:- അടിയാന്‍ മടുപ്പ് ബാധിക്കുന്നവനത്രെ; റബ്ബാകട്ടെ, എല്ലാം നിര്‍ണ്ണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്‍മ മുഴുവനും സ്ഥിതിചെയ്യുന്നതു നമ്മുടെ സൃഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്.)

68-ാം ആയത്തിന്‍റെ വെളിച്ചത്തില്‍ അല്‍പം ചിന്തിച്ചുനോക്കുക. വരാനിരിക്കുന്ന കാര്യങ്ങളെയോ, മറഞ്ഞ സംഗതികളെയോ അറിയേണ്ടതിനും, കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ദേശങ്ങള്‍ സാധിക്കേണ്ടതിനുംവേണ്ടി, പലതരം പ്രശ്നക്കാരെ – അവര്‍ ഏതുപേരില്‍ അറിയപ്പെട്ടാലും ശരി – സമീപിക്കുന്നതും, അവരില്‍ വിശ്വാസമര്‍പ്പിക്കുന്നതും വമ്പിച്ച വിഡ്ഢിത്തം മാത്രമല്ല, മഹാപാപംകൂടിയാണെന്നു കാണാം. ‘അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അല്ലാഹു മഹാ പരിശുദ്ധനും പരമോന്നതനുമാണ്’ എന്നു ആയത്തിന്‍റെ അവസാനത്തില്‍ പറഞ്ഞതു നോക്കുമ്പോള്‍, ഇത്തരം പ്രവര്‍ത്തികള്‍ ശിര്‍ക്കിന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടേക്കുമെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രശ്നക്കാരെസംബന്ധിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെ താക്കീതുകള്‍ നല്‍കുന്നതും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി മുസ്‌ലിം റ) രേഖപ്പെടുത്തിയിരിക്കുന്നു:

مَنْ أتى عَرَّافًا فَسَأَلهُ عَنْ شَئٍ لم تقْبَل لَهُ صَلاةُ أربعينَ ليلةً : مسلم

(ആരെങ്കിലും ഒരു ‘അ൪-റാഫി’ന്‍റെ – അഥവാ പ്രശ്നക്കാരന്‍റെ – അടുക്കല്‍ ചെന്ന് അവനോട് വല്ല കാര്യത്തെക്കുറിച്ചും ചോദിക്കുന്നപക്ഷം നാല്‍പതു ദിവസത്തെ നമസ്കാരം അവന് സ്വീകരിക്കപ്പെടുന്നതല്ല.) മറഞ്ഞ കാര്യങ്ങളോ, ഭാവികാര്യങ്ങളോ ഏതെങ്കിലും പ്രകാരത്തില്‍ ഗണിച്ചുപറയുന്ന എല്ലാവര്‍ക്കും ഉപയോഗിക്കുന്ന പേരാണ് ‘അ൪-റാഫ്’ (عَرَّاف). മറഞ്ഞ കാര്യങ്ങള്‍ അറിയാമെന്നു കരുതപ്പെടുന്ന പുരോഹിതന്‍മാരായ ഗണിതക്കാര്‍ക്ക് ‘കാഹിന്‍’ (كاهن) എന്നും പറയപ്പെടും. ‘കാഹിനി’ന്‍റെ അടുക്കല്‍ പോകുകയും, അവന്‍ പറഞ്ഞതു വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അവതരിപ്പിക്കപ്പെട്ടതില്‍നിന്നും ബന്ധമറ്റുപോകുന്നതാണ്’ എന്ന് ഇമാം അഹ്മദും (റ) അബൂദാവൂദും (റ) രിവായത്ത് ചെയ്തിട്ടുള്ള ഒരു ഹദീസിലും വന്നിട്ടുണ്ട്.

വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാന്‍ ഉദ്ദേശിക്കുന്നവന്‍, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവനു മനസ്സമാധാനം ലഭിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’ (الاستخارة). ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ വാക്കിന്‍റെ വിവക്ഷ. ഇസ്തിഖാറത്തിന്‍റെ ഏറ്റവും നല്ല രൂപം ഇമാം ബുഖാരീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്കു പഠിപ്പിച്ചുതന്നിരിക്കുന്നു. അതിപ്രകാരമാണ്‌:-

عن جابِرٍبن عبد الله رضيَ اللَّه عنه قال : كانَ النبي صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُنَا الاسْتِخَارَةَ في الأُمُور كُلِّهَا كما يعلمنا السُّورَةِ منَ القُرْآنِ ، يَقُولُ إِذا هَمَّ أَحَدُكُمْ بالأمر ، فَليَركعْ رَكعتَيْنِ مِنْ غَيْرِ الفرِيضَةِ ثم ليقُلْ : اللَّهُم إِني أَسْتَخِيرُكَ بعِلْمِكَ ، وأستقدِرُكَ بقُدْرِتك ، وأَسْأَلُكَ مِنْ فضْلِكَ العَظِيم ، فإِنَّكَ تَقْدِرُ ولا أَقْدِرُ ، وتعْلَمُ ولا أَعْلَمُ ، وَأَنتَ علاَّمُ الغُيُوبِ . اللَّهُمَّ إِنْ كنْتَ تعْلَمُ أَنَّ هذا الأمرَ خَيْرٌ لي في دِيني وَمَعَاشي وَعَاقِبَةِ أَمْرِي ، فاقْدُرْهُ لي وَيَسِّرْهُ لي، ثمَّ بَارِكْ لي فِيهِ ،اللَّهُمَّ إِن كُنْتَ تعْلمُ أَنَّ هذَا الأَمْرَ شرٌّ لي في دِيني وَمَعاشي وَعَاقبةِ أَمَرِي ، فاصْرِفهُ عَني ، وَاصْرفني عَنهُ، وَاقدُرْ لي الخَيْرَ حَيْثُ كانَ ، ثُمَّ رَضِّني بِهِ » قال : ويسمِّي حاجته . رواه البخاري.

(സാരം: ജാബിര്‍ (റ) പറയുന്നു: ഖുര്‍ആനിലെ സൂറത്തു പഠിപ്പിച്ചു തരുന്നതുപോലെ – അത്ര പ്രാധാന്യം കല്‍പിച്ചുകൊണ്ടു – എല്ലാ കാര്യങ്ങളിലും ‘ഇസ്തിഖാറത്ത്’ – നല്ലതിനെ തേടല്‍- ചെയ്യേണ്ട ക്രമം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങള്‍ക്കു പഠിപ്പിച്ചുതന്നിരുന്നു. അവിടുന്ന് ഇങ്ങിനെ പറഞ്ഞിരുന്നു: ‘നിങ്ങളില്‍ ഒരാള്‍ ഒരു കാര്യത്തിന്ന് ഉദ്ദേശിച്ചാല്‍ അവന്‍ ‘ഫ൪ള്വ്’ (നിര്‍ബ്ബന്ധ) നമസ്ക്കാരമല്ലാത്ത രണ്ടു റക്അത്ത് നമസ്കരിച്ചുകൊള്ളട്ടെ. പിന്നീട് …..اللَّهُم إِني أَسْتَخِيرُكَ എന്നു (തുടങ്ങി അവസാനം വരെയുള്ള ദുആ) പറഞ്ഞുകൊള്ളുകയും ചെയ്യട്ടെ. അതോടുകൂടി അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം.’ (ബു). ഈ പ്രാര്‍ത്ഥന എല്ലാവരും പഠിക്കേണ്ടതും അര്‍ത്ഥം ഗ്രഹിച്ചിരിക്കേണ്ടതും ആവശ്യമാകുന്നു.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം:- ‘അല്ലാഹുവേ, നിന്‍റെ അറിവുനിമിത്തം ഞാന്‍ നിന്നോട് ഗുണത്തിനപേക്ഷിക്കുന്നു. നിന്‍റെ കഴിവുനിമിത്തം ഞാന്‍ നിന്നോട് കഴിവിന്നപേക്ഷിക്കയും ചെയ്യുന്നു. നിന്‍റെ മഹത്തായ അനുഗ്രഹത്തില്‍നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു. കാരണം, നിശ്ചയമായും നിനക്കു കഴിവുണ്ട്. എനിക്കു കഴിവില്ല; നിനക്കറിയാം, എനിക്കറിയുകയില്ല; നീ അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവനാണല്ലോ. അല്ലാഹുവേ! (എന്‍റെ ഉദ്ദേശത്തിലിരിക്കുന്ന) ഇക്കാര്യം, എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (ഭാവിയിലും) എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എനിക്കു നീ സാധിപ്പിച്ചുതരുകയും, അതെനിക്കു നിഷ്പ്രയാസമാക്കിത്തരുകയും ചെയ്യേണമേ! അനന്തരം അതില്‍ എനിക്കു ‘ബര്‍ക്കത്തും’ (അഭിവൃദ്ധിയും) നല്‍കേണമേ! അല്ലാഹുവേ! ഇക്കാര്യം എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും എനിക്കു ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എന്നില്‍ നിന്ന് നീ തിരിച്ചുവിടേണമേ! എന്നെ അതില്‍നിന്നും തിരിച്ചു തരേണമേ! നന്‍മ സ്ഥിതിചെയ്യുന്നതു എവിടെയായിരുന്നാലും നീ അതെനിക്ക് നിശ്ചയിച്ചുതരുകയും, പിന്നീട് എനിക്കതില്‍ തൃപ്തി വരുത്തിത്തരുകയും വേണമേ!’

ഈ പ്രാര്‍ത്ഥനയില്‍ ‘എന്‍റെ ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും’ (وَمَعَاشي وَعَاقِبَةِ أَمْرِي) എന്നതിന്‍റെ സ്ഥാനത്ത് ‘എന്‍റെ കാര്യത്തിന്‍റെ താല്‍ക്കാലികാവസ്ഥയിലും, ഭാവിയി ലും’ (في عَاجِلِ أَمْرِي وَآجِله) എന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുന്നവന്‍റെ യുക്തംപോലെ രണ്ടിലൊന്നു ഉപയോഗിക്കാവുന്നതാണ്.

28:69
  • وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ ﴾٦٩﴿
  • നിന്‍റെ രക്ഷിതാവ് അവരുടെ നെഞ്ചുകള്‍ [ഹൃദയങ്ങള്‍] ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നതാണ്.
  • وَرَبُّكَ നിന്‍റെ രക്ഷിതാവ്, റബ്ബ് يَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും

28:70

  • وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ ﴾٧٠﴿
  • അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോകത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധികര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • وَهُوَ അവനത്രെ, അവനാണ് اللَّـهُ അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ لَهُ അവന്നാണ്‌ الْحَمْدُ സ്തുതികീര്‍ത്തനം, പുകഴ്ച്ച فِي الْأُولَىٰ ആദ്യത്തേതില്‍ (ഇഹത്തില്‍) وَالْآخِرَةِ അവസാനത്തേതിലും (പരത്തിലും) وَلَهُ അവനു തന്നെയാണ് الْحُكْمُ വിധികര്‍തൃത്വം, അധികാരം وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

ഈ വചനത്തില്‍ പ്രസ്താവിച്ച നാലു യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ആസ്പദങ്ങളായ ചില ഉദാഹരണങ്ങള്‍ തുടര്‍ന്നുള്ള വചനങ്ങളില്‍ കാണാം:-

28:71
  • قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ ﴾٧١﴿
  • (നബിയേ) പറയുക: ‘നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കിയിട്ടുണ്ടോ?] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങള്‍ കേട്ടറിയുന്നില്ലേ?!’.
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളില്‍ اللَّيْلَ രാത്രിയെ سَرْمَدًا സദാസമയത്തും, നിത്യമായും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുന്നതു بِضِيَاءٍ ഒരു വെളിച്ചം, പ്രഭ أَفَلَا تَسْمَعُونَ എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ

28:72

  • قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ ﴾٧٢﴿
  • പറയുക: ‘നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കുന്നുവോ]? ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു പകല്‍ (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്കു ശാന്തമായിരിക്കാവുന്ന ഒരു രാത്രി നിങ്ങള്‍ക്കു കൊണ്ടുവന്നുതരുക?! എന്നിരിക്കെ, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!’.
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍ النَّهَارَ പകലിനെ سَرْمَدًا സദാസമയത്തും, നിത്യം إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുക بِلَيْلٍ ഒരു രാത്രി യെ تَسْكُنُونَ നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന فِيهِ അതില്‍ أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ

28:73

  • وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾٧٣﴿
  • അവന്‍റെ കാരുണ്യത്താലത്രെ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നതു; നിങ്ങള്‍ക്കതില്‍ ശാന്തമായിരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും (ജീവിതമാര്‍ഗ്ഗം) അന്വേഷിച്ചുണ്ടാക്കുവാനും വേണ്ടി. (മാത്രമല്ല) നിങ്ങള്‍ നന്ദിചെയ്യുവാന്‍ വേണ്ടിയും.
  • وَمِن رَّحْمَتِهِ അവന്‍റെ കാരുണ്യത്താലാണ് جَعَلَ അവന്‍ ഉണ്ടാക്കിയത്, ഏര്‍പ്പെടുത്തിയത് لَكُمُ നിങ്ങള്‍ക്കു اللَّيْلَ രാത്രി وَالنَّهَارَ പകലും لِتَسْكُنُوا നിങ്ങള്‍ ശാന്തമായിരിക്കുവാന്‍, അടങ്ങിയിരിക്കു വാന്‍ فِيهِ അതില്‍ وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹ ത്തില്‍ നിന്ന് وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്‌വാനും

അല്‍പമൊന്നു ചിന്തിച്ചുനോക്കുക! മുഴുവന്‍ സമയവും ഭൂലോകമാകെ രാത്രിയായിരുന്നുവെ ങ്കില്‍, അല്ലെങ്കില്‍ മുഴുവന്‍ സമയവും പകലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ?! പകല്‍വെളിച്ചത്തില്‍ വിവിധ രംഗങ്ങളില്‍ വ്യാപരിച്ചും, അത്യദ്ധ്വാനം ചെയ്തും പോരുന്ന മനുഷ്യന് സ്വൈരപൂര്‍വ്വം വിശ്രമംകൊള്ളുവാന്‍ ഉതകുന്ന – അല്ല; അതിനു നിര്‍ബ്ബന്ധിതനാകുന്ന – രാത്രിയും, ശാന്തമായ വിശ്രമത്തിനുശേഷം തിരിച്ചുകിട്ടിയ ഉണര്‍വ്വും, ഉന്മേഷവും ഉപയോഗപ്പെ ടുത്തികൊണ്ട് ആയിരമായിരം കാര്യങ്ങളില്‍ വിഹരിക്കേണ്ടതിന് അനിവാര്യമായ പകലും മാറി മാറി ലഭിക്കാത്ത ഒരു ഭൂലോകത്തെപ്പറ്റി സങ്കല്‍പ്പിച്ചുനോക്കുക! മനുഷ്യനെന്നുവേണ്ടാ, ഇതരജീവികള്‍ക്കുപോലും ഇവിടെ ജീവിക്കുവാന്‍ സാദ്ധ്യമാകുമോ?! ഒരിക്കലുമില്ല! ഈ ഒരേ അനുഗ്രഹത്തിന്‍റെ പേരില്‍ മാത്രം രാവും പകലും മനുഷ്യന്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനോട് നന്ദിയുള്ളവനായിരിക്കുവാനും കടപ്പെട്ടവനത്രെ.

28:74
  • وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴾٧٤﴿
  • അവന്‍ [അല്ലാഹു] അവരെ വിളിപ്പിച്ച് ‘നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്‍റെ പങ്കുക്കാര്‍ എവിടെ?’ എന്നു ചോദിക്കുന്ന ദിവസം (ഓര്‍ക്കുക)!
  • وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയുകയും أَيْنَ എവിടെയാണ് شُرَكَائِيَ എന്‍റെ പങ്കുകാര്‍ الَّذِينَ യാതൊരു കൂട്ടരായ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദിച്ചിരുന്നു, ധരിച്ചിരുന്നു

28:75

  • وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٧٥﴿
  • എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: ‘നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍’ എന്നു! അപ്പോള്‍ അവര്‍ക്കറിയാം, ന്യായം അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്.
  • وَنَزَعْنَا നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും مِن كُلِّ أُمَّةٍ എല്ലാ സമുദായത്തി ല്‍നിന്നും شَهِيدًا ഒരു സാക്ഷിയെ فَقُلْنَا എന്നിട്ടു നാം പറയും هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് فَعَلِمُوا അപ്പോള്‍ അവര്‍ അറിയുന്നതാണ് أَنَّ الْحَقَّ നിശ്ചയമായും ന്യായം لِلَّـهِ അല്ലാഹുവിനാണ് (എന്ന്) وَضَلَّ വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപ്പോകും عَنْهُم അവരെവിട്ട്, അവരില്‍നിന്ന് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരാണ് ഇവിടെ സാക്ഷികൊണ്ടുദ്ദേശ്യം. ഓരോ സമുദായവും അവരവരുടെ നബിമാരുടെ പ്രബോധനത്തില്‍ എന്തു നില കൈക്കൊണ്ടുവെന്നു അവരുടെ മുമ്പാകെ വെച്ചു തെളിവു കൊടുക്കുന്നതിനാണ് അവരെ സാക്ഷികളായി കൊണ്ടുവരുന്നത്. അല്ലാഹു എല്ലാം അറിയുന്നവനാണെങ്കിലും, അവന്‍റെ നീതിന്യായപാലനം അവരെ ബോദ്ധ്യപ്പെടുത്തുവാനായിട്ടത്രെ സാക്ഷികളും, തെളിവുകളും ഹാജറാക്കപ്പെടുന്നത്. തങ്ങളുടെ നിലപാട് ന്യായീകരിക്കുവാനുള്ള തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ അല്ലാഹു അവിശ്വാസികളെ ആഹ്വാനം ചെയ്യുമെങ്കിലും അവര്‍ക്കുണ്ടോ അതിന്നു സാദ്ധ്യമാകുന്നു?! അപ്പോള്‍ ഏക ഇലാഹായിരിക്കുവാനുള്ള അവകാശവും, അര്‍ഹതയും എല്ലാം തന്നെ അല്ലാഹുവിന്നാണുള്ളതെന്ന് അവര്‍ക്ക് തികച്ചും ബോദ്ധ്യപ്പെടും.

സമ്പല്‍സമൃദ്ധിയും, സുഖസൗകര്യങ്ങളും വാസ്തവത്തില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹമാണ്. പക്ഷേ, അവ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവ മനുഷ്യനെ ഉന്‍മത്തനും ധിക്കാരിയുമാ ക്കിത്തീര്‍ക്കുന്നു. അങ്ങനെ, അവന്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് അവകാശിയാകുകയും ചെയ്യുന്നു. ഇങ്ങിനെ അല്ലാഹുവിന്‍റെ ശാപകോപത്തിന്ന് ഇരയായ ഒരു മുഴുത്ത ധിക്കാരിയായിരുന്നു ഖാറൂന്‍. അവന്‍റെ കഥയാണ് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നതു:-

Leave a comment