സൂറത്തുല്‍ ഖസ്വസ്വ് : 43-60
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴾٤٣﴿
- പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശമായും, കാരുണ്യമായുംകൊണ്ട് നാം മൂസാക്ക് വേദഗ്രന്ഥം നല്‍കുകയുണ്ടായി; അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
- وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം مِن بَعْدِ ശേഷമായി مَا أَهْلَكْنَا നാം നശിപ്പിച്ചതിന്‍റെ الْقُرُونَ തലമുറകളെ, കാലക്കാരെ الْأُولَىٰ പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ بَصَائِرَ ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശ നമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُمْ അവരായേക്കാം يَتَذَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന
മൂസാ (അ) നബിക്കു മുമ്പും എത്രയോ പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആ പ്രവാചകന്‍മാരുടെ സമുദായങ്ങള്‍ക്കാവശ്യമായ ദൈവീകസന്ദേശങ്ങളും, മാര്‍ഗ്ഗദര്‍ശനങ്ങളും ആ പ്രവാചകന്‍മാര്‍ മുഖാന്തരം നല്‍കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനുമുമ്പുള്ള ഒരു സമുദായത്തിനും ‘ശരീഅത്താ’കുന്ന നിയമസംഹിത (الشريعة) എന്ന നിലക്കു ഒരു വേദഗ്രന്ഥം നല്‍കപ്പെട്ടതായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിനുമുമ്പ് ഇസ്‌ലാമിന്‍റെ പേരില്‍ ധര്‍മ്മസമരം (ജിഹാദ്) നടന്നിരുന്നതായും അറിയപ്പെടുന്നില്ല. അറിയപ്പെട്ടിടത്തോളം, ഒന്നാമത്തെ ശരീഅത്ത് നിയമഗ്രന്ഥമത്രെ തൗറാത്ത്. അതുമുതല്‍ക്കാണ് ജിഹാദ് ആരംഭിച്ചിട്ടുള്ളതും, മുന്‍സമുദായങ്ങളില്‍ ഉണ്ടായതുപോലെ പ്രവാചകനെ ധിക്കരിക്കുകമൂലം ഒരു സമുദായം ആകമാനം നാശമടയത്ത ക്ക ഉന്‍മൂലശിക്ഷ (عذاب الاستئصال) തൗറാത്തിനുശേഷം സംഭവിക്കുകയും ഉണ്ടായിട്ടില്ല.
വേദഗ്രന്ഥം അവതരിച്ചതിന്‍റെ ഉദ്ദേശ്യങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ ഉണര്‍ത്തിയിരിക്കുന്നു:
1) അത് മനുഷ്യന് ഉള്‍ക്കാഴ്ച – അഥവാ അന്തര്‍ബോധം – നല്‍കുന്നു. അതായത്: ഹൃദയമാകുന്ന കണ്ണുകൊണ്ടു നോക്കി (ചിന്തിച്ചു) യഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഉതകുന്നതാണ്.
2) അതു മാര്‍ഗ്ഗദര്‍ശനമാണ്. അതായത്: സത്യാസത്യങ്ങള്‍ ഇന്നതാണെന്നു അതു കാട്ടികൊടുക്കുന്നു.
3) അതു അല്ലാഹുവിന്‍റെ കാരുണ്യമാകുന്നു. മനുഷ്യനു അവന്‍റെ സൃഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് അറിയുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ അവന്‍റെ മുമ്പില്‍ പലതുമുണ്ട്. അവന് വിശേഷബുദ്ധിയും, വിവേചന ശക്തിയും നല്‍കപ്പെട്ടിട്ടുണ്ട്. എന്നിരിക്കെ അതിനുപുറമെ മനുഷ്യന്‍റെ ജയാപജയമാര്‍ഗ്ഗങ്ങളും ഗുണദോഷഫലങ്ങളും സ്പഷ്ടമായി തുറന്നുകാണിച്ചു കൊടുക്കുന്ന ഒരു പ്രമാണം കൂടി അവന് നല്‍കുകയെന്നത് അല്ലാഹുവിന്‍റെ മഹത്തായ കാരുണ്യവും വമ്പിച്ച അനുഗ്രഹവും തന്നെ. സംശയമില്ല.
28:44
- وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ ﴾٤٤﴿
- (നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര്‍ പര്‍വ്വതത്തിന്‍റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനുമായിരുന്നില്ല.
- وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍ إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്‍പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവരില്‍ (പെട്ടവന്‍)
28:45
- وَلَـٰكِنَّآ أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ ﴾٤٥﴿
- എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു. മദ്‌യൻകാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്‍കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു.
- وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍ فِي أَهْلِ مَدْيَنَ മദ്‌യൻകാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍ وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍
28:46
- وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ ﴾٤٦﴿
- ത്വൂര്‍ (പര്‍വതത്തി)ന്‍റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ.
- وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും
ത്വൂര്‍ മലയുടെ പടിഞ്ഞാറുഭാഗത്തുവെച്ച് മൂസാ (അ) നബിയെ അല്ലാഹു വിളിച്ച് സംഭാഷണം നടത്തുകയും അദ്ദേഹത്തെ റസൂലായി നിയോഗിക്കുകയും മറ്റും ഉണ്ടായപ്പോള്‍ നബി (സ്വ) തിരുമേനി അവിടെ ഉണ്ടായിരുന്നതുകൊണ്ടോ, പ്രസ്തുത സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായിരുന്നതു കൊണ്ടോ ഒന്നുമല്ല ആ സംഭവങ്ങള്‍ ഇത്രയും സൂക്ഷമമായും, വ്യക്തമായും അവിടുന്നു വിവരിക്കുന്നത്. അതുപോലെത്തന്നെ, മദ്-യനിലെ സംഭവങ്ങള്‍ വിവരിക്കുവാന്‍ സാധിച്ചത് അന്നവിടെ -ഇന്ന് മക്കായിലെന്നതുപോലെ- ആ രാജ്യക്കാര്‍ക്കു അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ട് അവര്‍ക്കിടയില്‍ നബി (സ്വ) താമസിച്ചു വന്നിരുന്നതുകൊണ്ടും അല്ല. ചുരുക്കത്തില്‍, നബി (സ്വ)യുടെ എത്രയോ മുമ്പുകഴിഞ്ഞ മേല്‍ പ്രസ്താവിച്ച സംഭവങ്ങള്‍ അവിടുന്നു വിവരിക്കുന്നത് ആ സംഭവങ്ങളൊന്നും അവിടുന്നു കണ്ടറിഞ്ഞതുകൊണ്ടല്ല.
പക്ഷേ, മൂസാ (അ) നബിക്കുശേഷം പല തലമുറകളും ഉല്‍ഭവിക്കുകയും നശിക്കുകയും ചെയ്തു. ദീര്‍ഘമായ കാലവും കഴിഞ്ഞുപോയി. കാലപ്പഴക്കത്തില്‍ അദ്ദേഹത്തിന്‍റെ ചരിത്രയാഥാര്‍ത്ഥ്യങ്ങളും, അദ്ദേഹത്തിന്‍റെ അധ്യാപനതത്വങ്ങളും ജനങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടു. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമായി അവ അവശേഷിച്ചു. ഈ തലമുറയുടെ റസൂലായി നബി (സ്വ) നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇടക്കിടെ റസൂലുകളെ അയക്കുന്നതു അല്ലാഹുവിന്‍റെ പതിവുമായിരുന്നു. അങ്ങിനെ, അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് വഹ്‌യുമൂലം നബി (സ്വ)ക്ക് അറിയി ച്ചുകൊടുക്കുന്നതാണ് ഈ വിവരങ്ങളെല്ലാം. നബി (സ്വ)യുടെ ജനതയാകുന്ന ഖുറൈശീ അറബിക ളാകട്ടെ, യഹൂദരെയും, ക്രിസ്ത്യാനികളെയുംപോലെ – വേദഗ്രന്ഥങ്ങളുമായോ, പ്രവാചകന്‍മാരു മായോ പരിചയപ്പെടാത്തവരാണ്. വേദക്കാരെ സംബന്ധിച്ചിടത്തോളം – അനേകം നീക്കു പോക്കു കളോടുകൂടിയാണെങ്കിലും – ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരുടെ പക്കല്‍ ഏതാനും ചില അറിവുകള്‍ ഉണ്ടായിരിക്കും. ഈ ജനതക്ക് അതിന് അവസരമുണ്ടായിട്ടില്ല. അതുകൊണ്ട് മുന്‍ പ്രവാചകന്‍മാരുടെയും, അവരുടെ ജനതകളുടെയും ചരിത്രങ്ങള്‍ അവയ്ക്ക് ദൃക്സാക്ഷിയായിരുന്ന ഒരാളെപ്പോലെ ശരിക്ക് വിവരിച്ചുകൊടുത്ത് അവരെ താക്കീതുചെയ്യുവാന്‍ വേണ്ടിയാണ് ഇതെല്ലാം നബി (സ്വ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ കേട്ടറിയുമ്പോള്‍ അവര്‍ക്ക് ചിന്തിക്കുവാനും, തങ്ങളുടെ കാര്യത്തില്‍ ഉറ്റാലോചിക്കുവാനും അതു കാരണമായത്തീരുമല്ലോ. ഇതാണ് ഈ വചനങ്ങളുടെ താല്‍പര്യം. അടുത്ത ആയത്തില്‍ നബി (സ്വ) തിരുമേനിയെ ഈ സമുദായത്തിലേക്ക് റസൂലായി നിയോഗിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നു:-
28:47
- وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾٤٧﴿
- അവരുടെ കരങ്ങള്‍ മുന്‍ ചെയ്തിട്ടുള്ളതിന്‍റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും ബാധിക്കുകയും, അപ്പോള്‍ അവര്‍ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നിന്നെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല); ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാല്‍ ഞങ്ങള്‍ നിന്‍റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍ പെട്ടവരാകുകയും ചെയ്യുമായിരുന്നുവല്ലോ.’
- وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تُصِيبَهُم അവര്‍ക്കു ബാധിക്കുക مُّصِيبَةٌ വല്ല വിപത്തും, ബാധയും بِمَا قَدَّمَتْ മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍, കൈകള്‍ فَيَقُولُوا അപ്പോള്‍ അവര്‍ പറയുകയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ لَوْلَا أَرْسَلْتَ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല إِلَيْنَا ഞങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൈവദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു آيَاتِكَ നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَنَكُونَ ഞങ്ങളാകുകയും ചെയ്യുമായിരുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട (വര്‍)
അവിശ്വാസം, ദുര്‍ന്നടപ്പ് മുതലായവ നിമിത്തം പല വിപത്തുകളും അനുഭവിക്കുവാന്‍ അവകാശപ്പെട്ടവരാണ് വാസ്തവത്തില്‍ അവര്‍. അങ്ങനെ വല്ലതും അനുഭവപ്പെടുമ്പോള്‍, തങ്ങളിലേക്ക് ഒരു റസൂലിനെ – ദൈവദൂതനെ – അയച്ചുതരാത്തതു കൊണ്ടാണ് തങ്ങള്‍ ഈ ശിക്ഷക്ക് അര്‍ഹരാകേണ്ടി വന്നതെന്നും, ഒരു റസൂല്‍ തങ്ങളില്‍ വന്നിരുന്നുവെങ്കില്‍ തങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെന്നും ന്യായവാദം ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ് അവരിലേക്കു റസൂലിനെ അയച്ചത് എന്നു സാരം. എന്നാല്‍, അവര്‍ക്കൊരു റസൂല്‍ വന്നപ്പോള്‍ അവര്‍ ചെയ്തതെന്താണ്?-
28:48
- فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّ كَـٰفِرُونَ ﴾٤٨﴿
- എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്: ‘മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!’ എന്ന്. മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: ‘പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. ‘നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്’ എന്നും അവര്‍ പറയുന്നു!
- فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്‍കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്‍കപ്പെട്ടതില്‍ مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്
കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച കാരണത്താലാണ്, അല്ലാഹുവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥ സത്യമാകുന്ന ഖുര്‍ആനുംകൊണ്ട് നബി (സ്വ) നിയുക്തനായതു. അപ്പോഴത്തെ ആക്ഷേപം: മൂസാനബി ക്കു വടി, കൈ, മുതലായ ദൃഷ്ടാന്തങ്ങള്‍ ലഭിച്ചതുപോലെ ‘എന്തുകൊണ്ട് മുഹമ്മദിനുണ്ടായില്ല’ എന്നായിരുന്നു! എന്നാല്‍, അതേ മൂസാനബിയില്‍ ഇവരും ഇവരുടെ മുന്‍ഗാമികളും വിശ്വസിച്ചിരു ന്നുവോ? അതുമില്ല. മൂസായും ഹാറൂനും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു ജാലവിദ്യ ക്കാരാണെന്ന് ഇവരുടെ പൂര്‍വ്വികന്‍മാര്‍ അന്നു പറഞ്ഞു ‘മൂസായും മുഹമ്മദും രണ്ടുപേരും ഒരേ തരത്തിലുള്ള രണ്ടു ജാലവിദ്യക്കാരാണ്, രണ്ടാളും കൊണ്ടുവന്നിട്ടുള്ളതും ജാലവിദ്യയാണ്. രണ്ടി ലും വിശ്വസിക്കുവാന്‍ ഞങ്ങള്‍ തയ്യാറില്ല എന്ന് ഇപ്പോള്‍ ഇവരും പറയുന്നു.
سِحْرَانِ എന്നതിനു പകരം ساحْرَانِ എന്നും വായനയുണ്ട്. അപ്പോള്‍ ساحْرَانِ تَظَاهَرَا എന്നതിന് ‘പരസ്പരം പിന്തുണ നല്‍കുന്ന രണ്ട് ജാലവിദ്യക്കാര്‍’ എന്നര്‍ത്ഥമായിരിക്കും. രണ്ടായാലും ഉദ്ദേശ്യം ഒന്നുതന്നെ.
28:49
- قُلْ فَأْتُوا۟ بِكِتَـٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ ﴾٤٩﴿
- (നബിയേ) പറയുക: ‘എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം – അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് – നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കാണട്ടെ)!’
- قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യവാദികള്‍
‘അവ രണ്ടും’ എന്നു പറഞ്ഞതു രണ്ടു നബിമാരും കൊണ്ടുവന്ന വേദഗ്രന്ഥങ്ങളെ – ഖുര്‍ആനെയും തൗറാത്തിനെയും – ഉദ്ദേശിച്ചാകുന്നു. മാര്‍ഗ്ഗദര്‍ശനത്തില്‍ രണ്ടിനെയും കവച്ചുവെക്കുന്ന ഒരു ദൈവീകഗ്രന്ഥം കൊണ്ടുവന്നു തങ്ങളുടെ വാദം സ്ഥാപിക്കുവാന്‍ അവരെ അല്ലാഹു വെല്ലുവിളിക്കുകയാണ്.
വിഭാഗം – 6
28:50
- فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥٠﴿
- എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
- فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്
28:51
- وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ ﴾٥١﴿
- തീര്‍ച്ചയായും, (ഈ) വചനം നാം അവര്‍ക്ക് (ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തു വിവരിച്ചിട്ടുണ്ട് – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.
- وَلَقَدْ وَصَّلْنَا (ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് لَهُمُ അവര്‍ക്ക് الْقَوْلَ വചനം, വാക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന(വര്‍)
‘വചനം’ (الْقَوْلَ) കൊണ്ടുദ്ദേശ്യം ഖുര്‍ആനാകുന്നു. ഖുര്‍ആന്‍റെ അവതരണം ഒരു പ്രാവശ്യമായിട്ടല്ല, അനേകം ഗഡുക്കളിലായിട്ടാണുള്ളത്. അതിലെ വിഷയങ്ങളാകട്ടെ, വിവിധ രൂപത്തില്‍ വിവരിച്ചു വിശദീകരിക്കുകയും, ആവര്‍ത്തിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, ഗ്രഹിക്കുവാനും, ചിന്തിക്കുവാനും, വേണ്ടുന്ന മാര്‍ഗ്ഗങ്ങളെല്ലാം അതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.
28:52
- ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ ﴾٥٢﴿
- ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍തന്നെയും ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നു.
- الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം مِن قَبْلِهِ ഇതിനുമുമ്പ് هُم അവരാകട്ടെ (അവര്‍തന്നെ) بِهِ അതില്‍ يُؤْمِنُونَ വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു
28:53
- وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ ﴾٥٣﴿
- ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: ‘ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ ‘മുസ്‌ലിം’കളായി [അനുസരണമുള്ളവരായി]രിക്കുന്നു.’
- وَإِذَا يُتْلَىٰ ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു قَالُوا അവര്‍ പറയും آمَنَّا بِهِ ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു إِنَّهُ നിശ്ചയമായും ഇതു الْحَقُّ യഥാര്‍ത്ഥമാണ് مِن رَّبِّنَا നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു مِن قَبْلِهِ ഇതിനുമുമ്പായി مُسْلِمِينَ മുസ്ലിംകള്‍
28:54
- أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٥٤﴿
- അക്കൂട്ടര്‍ക്ക് – അവര്‍ ക്ഷമിച്ചതു നിമിത്തം – അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയായി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു; നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു.
- أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും
28:55
- وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ ﴾٥٥﴿
- വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍, അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുകയും (ഇങ്ങിനെ) പറയുകയും ചെയ്യുന്നതാണ്: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍; നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു ‘സലാം!’ ഞങ്ങള്‍ മൂഢന്‍മാരെ ആവശ്യപ്പെടുന്നില്ല.’
- وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ اللَّغْوَ വ്യര്‍ത്ഥമായത്, അനാവശ്യം أَعْرَضُوا അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും عَنْهُ അതില്‍നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്യും لَنَا ഞങ്ങള്‍ക്കു أَعْمَالُنَا ഞങ്ങളുടെ കര്‍മ്മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കു أَعْمَالُكُمْ നിങ്ങളുടെ കര്‍മ്മങ്ങളും سَلَامٌ സലാം, ശാന്തി, സമാധാനം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ لَا نَبْتَغِي ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) الْجَاهِلِينَ അജ്ഞന്‍മാരെ, മൂഢന്‍മാരെ
ഒരുനിലക്ക് വേദക്കാരായ യഹൂദന്‍മാരെയും, ക്രിസ്ത്യാനികളെയും അപേക്ഷിച്ച് ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ വേഗം മുമ്പോട്ടു വരേണ്ടതു ഖുറൈശീ അറബികളാണ്. കാരണം, വേദക്കാരു ടെ കയ്യില്‍ നാമമാത്രമാണെങ്കിലും വേദഗ്രന്ഥം – തൗറാത്തും ഇഞ്ചീലും – ഉണ്ട്. ഖു൪ആനാണെങ്കില്‍ അവര്‍ക്കു പ്രത്യേകമായി അവതരിച്ചതുമല്ല, എന്നിട്ടും ഖുര്‍ആന്‍ കേട്ടമാത്രയില്‍ അതില്‍ വിശ്വസിക്കുവാന്‍ – അതിന്‍റെ സത്യസാക്ഷ്യങ്ങളുടെ ബഹുലതയും വ്യക്തതയും കാരണമായി – അവരില്‍ പലരും മുന്നോട്ടുവരുന്നു. അബീസീനിയാ, ശാം മുതലായ രാജ്യങ്ങളില്‍ നിന്നുപോലും വേദക്കാരായ പലരും വന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കയുണ്ടായി. ഇവരില്‍ പലരും മതപുരോഹിതന്‍മാരും പണ്ഡിതന്‍മാരുമായിരുന്നു. അബീസീനിയായിലെ ചക്രവര്‍ത്തിയായ നജ്ജാശീ (നെഗാശീ) എഴുപതു പേരടങ്ങിയ ഒരു നിവേദകസംഘത്തെ അയക്കുകയും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് സൂറത്തുയാസീന്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് ഇസ്ലാമിനെ ആശ്ലേഷിക്കുകയും ചെയ്തു. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അല്ലാഹു പറയുന്നു:-
وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ – آل عمران
(നിശ്ചയമായും, വേദക്കാരിലുണ്ട് ചിലര്‍, അവര്‍ അല്ലാഹുവിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും, അവര്‍ക്ക് ഇറക്കപ്പെട്ടതിലും അല്ലാഹുവിന് ഭക്തി അര്‍പ്പിച്ചുകൊണ്ട് വിശ്വസിക്കുന്നു. അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുന്നില്ല. അക്കൂട്ടര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലമുണ്ട്. (ആലു- ഇംറാന്‍ -199).
തങ്ങളുടെ വേദഗ്രന്ഥത്തില്‍നിന്നും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിയോഗവാര്‍ത്ത അറിഞ്ഞ ഉടനെ അവര്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ, നേരത്തെത്തന്നെ അവര്‍ മുസ്ലിംകളായിത്തീര്‍ന്നിരുന്നു. ആദ്യത്തില്‍ അവരുടെ വേദത്തിലും, അനന്തരം ഖുര്‍ആനിലും വിശ്വസിച്ചതിനാല്‍ അല്ലാഹു അവര്‍ക്കു ഇരട്ടി പ്രതിഫലം നല്‍കുന്നതാണ്. രണ്ടു ഗ്രന്ഥവും സ്വീകരിക്കുവാനും, അനുഷ്ഠാനത്തില്‍ വരുത്തുവാനും, അതിന്‍റെ പേരില്‍ ശത്രുക്കളില്‍നിന്നുണ്ടാകുന്ന മര്‍ദ്ദനങ്ങള്‍ അവഗണിക്കുവാനുമുള്ള അവരുടെ സഹനവും, ക്ഷമയുമാണതിനു കാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരീ (റ) പറയുന്നു:-
ثَلاَثَةٌ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ: رَجُلٌ مِنْ أَهْلِ الكتاب آمَنَ بِنَبِيِّهِ ثُمَّ آمن بي وَعَبْدٌ مَمْلُوكٌ أَدَّى حَقَّ الله وَحَقَّ مواليه ، وَرَجُلٌ كَانَتْ لَهُ أَمَةٌ فأدبها فَأَحْسَنَ تأديبها ثُمَّ أَعْتَقَهَا فتزجَهَا :متفق عليه
സാരം: മൂന്നാളുകള്‍ക്കു അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം നല്‍കപ്പെടുന്നതാണ്. ഒന്ന്: തന്‍റെ പ്രവാചകനില്‍ (ആദ്യം) വിശ്വസിക്കുകയും പിന്നീട് എന്നില്‍ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യന്‍. മറ്റൊന്ന്: അല്ലാഹുവിനോടുള്ള ബാധ്യതയും, തന്‍റെ യജമാനന്‍മാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ. വേറൊന്ന്: ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവള്‍ക്കു നല്ലപോലെ മര്യാദ പഠിപ്പിക്കുക (ശിക്ഷണം നല്‍കുക)യും, പിന്നീട് അവളെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് വിവാഹം ചെയ്ത മനുഷ്യന്‍. (ബു. മു).
മേല്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരായ വേദക്കാരുടെ ഗുണങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു കാട്ടുന്നു. ഓരോ ഗുണവും നമുക്ക് മാതൃകയായിരിക്കേണ്ടതാകുന്നു.
(1) അവര്‍ തിന്‍മകളെ നന്‍മകൊണ്ടു തടുക്കുന്നു. അഥവാ തിന്‍മയെ തടുക്കുവാന്‍ തിന്‍മ ഉപയോഗിക്കുകയില്ല. സഹനം, ക്ഷമ, മാപ്പ്, ഉപകാരം, വിട്ടുവീഴ്ച ഇത്യാദി ഗുണങ്ങളായിരിക്കും അവരുടെ ആയുധങ്ങള്‍. മുസ്‌ലിം (റ) നിവേദനംചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ഒരാള്‍ ഇങ്ങിനെ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് ചില കുടുംബങ്ങളുണ്ടു: ഞാനവരോടു കുടുംബബന്ധം പാലിക്കുന്നു. അവര്‍ ബന്ധം മുറിക്കുകയും ചെയ്യുന്നു; ഞാന്‍ അവര്‍ക്ക് നന്‍മചെയ്യുന്നു, അവര്‍ എന്നോടു തിന്‍മചെയ്യുന്നു; ഞാന്‍ അവരെക്കുറിച്ചു സഹനമവലംബിക്കുന്നു, അവരെന്നോട് വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നു (ഞാന്‍ എന്തുചെയ്യണം)?’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘താന്‍ പറഞ്ഞപ്രകാരമാണ് തന്‍റെ സ്ഥിതിയെങ്കില്‍, അവര്‍ക്കു താന്‍ ചുടുവെണ്ണീര്‍ തീറ്റുന്ന (*) മാതിരിയുണ്ടല്ലോ! താന്‍ അതേ സ്ഥിതിയില്‍ നിലകൊള്ളുമ്പോഴെല്ലാം അവര്‍ക്കെതിരില്‍ (തന്നെ സഹായിക്കുവാന്‍) അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു പിന്തുണ തന്നോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.’
(لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ المَلَّ، وَلا يَزَالُ معكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلكَ – رواه مسلم)
(*). ചുടുവെണ്ണീര്‍ തിന്നുന്നവര്‍ക്ക് വേദന അനുഭവിക്കേണ്ടിവരുന്നതുപോലെ, അവര്‍ക്ക് നിന്‍റെ ഉപകാരം മൂലം പാപം അനുഭവിക്കേണ്ടി വരുമല്ലോ എന്നു സാരം. (رياض الصالحين).
(2). അവര്‍ക്കു അല്ലാഹു നല്‍കിയ കഴിവുകളില്‍നിന്ന് (നല്ലകാര്യങ്ങളില്‍) അവര്‍ ചിലവഴിക്കുന്നു. അഥവാ സക്കാത്തുപോലെയുള്ള നിര്‍ബ്ബന്ധ കടമകള്‍ മാത്രമല്ല, സാധുക്കള്‍ക്കും കഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കുക, അല്ലാഹുവിന്‍റെ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കുക മുതലായവയും അവര്‍ ചെയ്യുന്നു.
(3). വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും. ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങള്‍!
വേദക്കാരായ ആളുകള്‍, ഒറ്റയായും, കൂട്ടായും – ദൂരദേശങ്ങളില്‍നിന്നുപോലും – വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്ന വസ്തുത വിവരിച്ചശേഷം, സ്വജനതയില്‍നിന്നും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നിഷേധത്തിലും, കടുത്ത ശത്രുതയിലും വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമാധാനിപ്പിക്കുന്നതാണ് അടുത്ത വചനം.
28:56
- إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾٥٦﴿
- (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
- إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും, സ്വന്തം പിതാവിന്‍റെ സ്ഥാനം ഏറ്റെടുത്തു പോറ്റിവളര്‍ത്തിയ പിതാവുമായ അബൂത്വാലിബിന്‍റെ സംഭവമാണ് ഈ ആയത്തിന്‍റെ അവതരണത്തിനു സന്ദര്‍ഭമായിരുന്നതെന്ന് ബുഖാരീ (റ), മുസ്‌ലിം (റ) മുതലായ പലരും ഉദ്ധരിക്കുന്ന ഹദീസുകളില്‍നിന്ന് സ്പഷ്ടമാകുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് ‘എന്‍റെ പിതൃവ്യരേ! അല്ലാഹുവിന്‍റെ അടുക്കല്‍ താങ്കള്‍ക്കുവേണ്ടി ഞാന്‍ സാക്ഷ്യം വഹിക്കത്തക്കവണ്ണം ഒരു വാക്ക് (لااله الاالله എന്ന തൗഹീദിന്‍റെ കലിമഃ) താങ്കള്‍ ഉച്ചരിക്കണം!’ എന്നിങ്ങനെ അപാരമായ വികാരാവേശത്തോടുകൂടി പറയുകയുണ്ടായി. പക്ഷേ, ഖുറൈശികളില്‍ നിന്നുണ്ടായേക്കാവുന്ന പരിഹാസത്തിനാണദ്ദേഹം മുന്‍ഗണന നല്‍കിയതു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം ഖേദകരമാണെന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്ന് വരുമ്പോള്‍ അതിന്‍റെ ഉള്ളടക്കത്തിന്‍റെ ഗൗരവവും, അഗാധതയും ഏറെക്കുറെ നമുക്കു ഊഹിക്കാവുന്നതാണ്.
ചില ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു : ‘താങ്കള്‍ സത്യത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം; പക്ഷേ, താങ്കളെ പിന്‍പറ്റിയാല്‍ അറബികള്‍ ഞങ്ങളെ റാഞ്ചിക്കൊണ്ടു പൊയ്ക്കളഞ്ഞേക്കും. (ബഹിഷ്കരിക്കും)’ എന്ന് പറയുകയുണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടും, ഇതുപോലെ ജനഭയം മുന്‍നിറുത്തി ഇസ്‌ലാമിനെ കൈവെടിയുന്നവരെ താക്കീതു ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:-
28:57
- وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٥٧﴿
- അവര്‍ പറയുന്നു: ‘(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും.’ എന്നു! നാം [അല്ലാഹു] ഒരു നിര്‍ഭയമായ ‘ഹറം’ [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.
- وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല
മക്കാ ഹറമില്‍വെച്ച് യുദ്ധം രക്തച്ചൊരിച്ചല്‍ തുടങ്ങിയ യാതൊന്നും പാടില്ലാത്തതാകുന്നു. അവിടെ അഭയം പ്രാപിച്ചവരുടെ നേരെ കയ്യേറ്റം ചെയ്‌വാനും പാടില്ല. ഈ നിയമം ഇസ്ലാമിലും, ഇസ്ലാമിനുമുമ്പ് അറബികള്‍ക്കിടയിലും അംഗീകരിക്കപ്പെട്ടതാണ്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുകയും, അവിടത്തെ പിന്‍പറ്റുകയും ചെയ്തതുനിമിത്തം അവിടെ നിവസിക്കുന്നവരെ ആരെങ്കിലും പുറത്താക്കുമെന്നോ കയ്യേറ്റം നടത്തുമെന്നോ പറയുന്നതില്‍ ന്യായമില്ല. മക്കാ പരിസരങ്ങള്‍ കേവലം ഭക്ഷ്യോല്‍പാദക കേന്ദ്രമല്ലെങ്കിലും നാനാഭാഗങ്ങളില്‍ നിന്നുമായി – പ്രത്യേകിച്ച് ത്വാഇഫില്‍നിന്നു – എല്ലാ ആവശ്യ വസ്തുക്കളും അവിടെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാ൪ത്ഥ്യമത്രെ ഇത്. എന്നിരിക്കെ, ശത്രുക്കളുടെ ആക്രമണവും, ഉപരോധവും ഖുറൈശികള്‍ക്കു ഭയപ്പെടേണ്ടതായിട്ടുമില്ല. പക്ഷേ, മിക്കവരും തങ്ങളുടെ ഭാവിനന്മയും, വിജയമാര്‍ഗ്ഗവും മനസ്സിലാക്കാതിരിക്കുകയാണ്.
28:58
- وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ ﴾٥٨﴿
- ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാതെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീരുകയും ചെയ്തു.
- وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ് കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായിട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍
ജനങ്ങള്‍ ഐഹിക സുഖങ്ങളില്‍ മതിമറന്നുപോകുക നിമിത്തം അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കു വിധേയരാകുകയും, അങ്ങിനെ ശിക്ഷമൂലം രാജ്യക്കാര്‍ മുഴുവനും നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പലതും മുമ്പ് ഉണ്ടായിട്ടുണ്ട്. നശിപ്പിക്കപ്പെട്ട രാജ്യങ്ങള്‍ ഇന്നുവരെ – ചുരുങ്ങിയ തോതിലൊഴികെ – ജനവാസമില്ലാതെ ശൂന്യമായി കിടക്കുകയാണ്. അല്ലാഹുവല്ലാതെ അവയ്ക്കൊന്നും അവകാശപ്പെടുവാന്‍ പിന്‍ഗാമികളില്ലാതെ അവ ശൂന്യമായിത്തീര്‍ന്നു. എന്നാല്‍, അങ്ങനെ പല രാജ്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നതു തക്കതായ ന്യായം കൂടാതെയാണോ? ഒരിക്കലുമല്ല. കാരണം;-
28:59
- وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ ﴾٥٩﴿
- (നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല.
- وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍
28:60
- وَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ ﴾٦٠﴿
- വസ്തുവഹകളായി നിങ്ങള്‍ക്കു എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമമായതും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്തുചിന്തി)ക്കുന്നില്ലേ?!
- وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നിന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവിന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ
ഭൗതികമായ സുഖസൗകര്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നതു തങ്ങളുടെ ഏറ്റവും വലിയ നേട്ടമായും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നുള്ളതിന്‍റെ നാന്ദിയായും പലരും കരുതാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ഈ ജീവിതത്തില്‍ വെച്ചു ലഭിക്കുന്ന ഏതു സുഖഭോഗമാര്‍ഗ്ഗങ്ങളും – അവ എത്രതന്നെ ഉന്നത തരമായിരുന്നാലും ശരി – നശ്വരമായ ഈ ജീവിതത്തില്‍മാത്രം ഉപയോഗപ്പെടുന്നതും, വെറും താല്‍ക്കാലികങ്ങളുമാകുന്നു. പരലോകത്തുവെച്ചു ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങളാകട്ടെ, ഏതു നിലക്കും അവയെക്കാള്‍ എത്രയോ ഉന്നതവും, ഉത്കൃഷ്ടവുമായിരിക്കും. അവ നാശത്തിനു വിധേയമാകാതെ എന്നെന്നും നിലനില്‍ക്കുന്നതുമായിരിക്കും.

Leave a comment