അഞ്ചാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുന്നംല്‍ : ആയത്ത് 59 മുതൽ 69 വരെ

സൂറത്തുന്നംല്‍ : 59-69

വിഭാഗം – 5

27:59

  • قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ ﴾٥٩﴿
  • (നബിയേ) പറയുക: ‘സര്‍വ്വസ്തുതിയും അല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ ‘സലാമും’ [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?!
  • قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത്

27:60

  • أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ ﴾٦٠﴿
  • അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (-ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു!
  • أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന

മേല്‍ ഉദ്ധരിച്ച മഹല്‍കൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. പരമാര്‍ത്ഥം ഇതായിരുന്നിട്ടും അവര്‍ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവര്‍ യഥാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു.

قَوْمٌ يَعْدِلُونَ എന്ന വാക്കിന് ‘ സമപ്പെടുത്തുന്ന ജനത’ എന്നും, തെറ്റിപ്പോകുന്ന ജനത’ എന്നും അര്‍ത്ഥം വരാം, ആദ്യത്തെ അര്‍ത്ഥപ്രകാരം നേര്‍വഴി വിട്ട് വക്രവഴിയിലേക്ക് തെറ്റിപോകുന്ന ജനത എന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്ന ജനത എന്നും താല്പര്യമായിരിക്കും.

27:61
  • أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٦١﴿
  • അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!)
    എന്നാല്‍, അധികമാളുകളും അറിയുന്നില്ല!
  • أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
27:62
  • أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾٦٢﴿
  • അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തു വരുന്നവനോ (-ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
  • أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًا അല്‍പ മാത്രമേ مَّا تَذَكَّرُونَ
    നിങ്ങള്‍ ആലോചിക്കുന്നു(ള്ളു)

രണ്ട് സമുദ്രങ്ങള്‍ എന്ന് പറഞ്ഞത് ഉപ്പുജലവും, ശുദ്ധജലവുമാണെന്നും, അവ അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയില്‍ അല്ലാഹു ഒരു തടസ്സം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂ: ഫുര്‍ഖാന്‍ 53-ല്‍ വെച്ച് പ്രസ്താവിച്ചത് ഇവിടെയും ഓര്‍ക്കുക. ഏതെങ്കിലും ആപത്തുകളില്‍ പെട്ട് കഷ്ടപ്പെട്ടവന്‍റെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന വസ്തുത അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബിവചനങ്ങളില്‍നിന്നും അറിയപ്പെട്ടിട്ടുള്ളതാണിത്. രക്ഷാമാര്‍ഗ്ഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവന്‍ മനസ്സാന്നിദ്ധ്യത്തോടും,വിശ്വാസത്തോടുംകൂടി അവന്‍റെ സങ്കടം അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നപക്ഷം, നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവില്‍നിന്ന് രക്ഷ ലഭിക്കുന്നതാകുന്നു- പ്രാര്‍ത്ഥിക്കുന്നവന്‍ കേവലം പാപിയാണെങ്കില്‍ പോലും.

യമനിലെ സക്കാത്ത് വസൂലാക്കുവാനും മറ്റും മുആദ് (معاذ بن جبل  -رض) നെ നിയോഗിച്ചയച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട് ഇങ്ങിനെ ഉപദേശിക്കുകയുണ്ടായി:

واتق دعوة المظلوم فليس بينها و بين الله حجاب – مسلم….

(……..ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിച്ചുകൊള്ളുകയും വേണം. കാരണം, അതിനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയും ഇല്ല.) വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു.

ثلاث دعوات مستجابات لا شك فيهن دعوة الوالد و دعوة المسافر و دعوة المظلوم – الترمذي و ابوداود

(മൂന്ന് പ്രാര്‍ത്ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അവയുടെ കാര്യത്തില്‍ സംശയമില്ല: മാതാപിതാക്കളുടെ (സന്താനങ്ങളെ സംബന്ധിച്ച) പ്രാര്‍ത്ഥനയും, യാത്രക്കാരന്‍റെ പ്രാര്‍ത്ഥനയും, ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയും.) അല്ലാഹു വീണ്ടും തുടര്‍ന്ന് ചോദിക്കുന്നു:-

27:63
  • أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ ﴾٦٣﴿
  • അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷ വാര്‍ത്തയായി അയക്കാറുള്ളവനുമാണോ (-ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു!
  • أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

27:64

  • أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ ﴾٦٤﴿
  • അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു (നശിച്ച ശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ – പറയൂ!) (നബിയേ) പറയുക: ‘നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!’
  • أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

പട്ടാപ്പകല്‍പ്പോലെ സുവ്യക്തവും, ശകലം ബുദ്ധിയും ചിന്തയും ഉള്ളവര്‍ക്കെല്ലാം അറിയാവുന്നതുമായ ചില നിത്യസത്യങ്ങള്‍ നിരത്തിവെച്ചുകൊണ്ട് അല്ലാഹുവിനോട് സമത്വം കല്‍പിക്കപ്പെടുവാന്‍ അര്‍ഹതയുള്ള വല്ലവരും ഉണ്ടോ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ച ശേഷം, ഉണ്ടെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജറാക്കുവാന്‍ അവിശ്വാസികളെ അല്ലാഹു വെല്ലുവിളിക്കുകയാണ്. സകല വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, ആരാധ്യനുമായുള്ളവന്‍ അല്ലാഹു മാത്രമാണ്. ഇതിന്‍റെ അനിവാര്യ ഫലമത്രെ, അദൃശ്യജ്ഞാനം അവന് മാത്രമാണെന്നുള്ള വസ്തുത. ആകയാല്‍, അല്ലാഹു അല്ലാത്ത വല്ലവര്‍ക്കും അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിയുമെന്നു കരുതുന്നത് തനി വിഡ്ഢിത്തമാണെന്ന് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:)

27:65
  • قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴾٦٥﴿
  • (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.
  • قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു)

അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍ സാധ്യമല്ല. പിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?!  ആയിശാ (റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘നാളെ ഉണ്ടാകുന്ന കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുമെന്ന് ആരെങ്കിലും ജല്‍പിക്കുന്നപക്ഷം, അവന്‍ അല്ലാഹുവിന്‍റെ മേല്‍ വമ്പിച്ച നുണ പറഞ്ഞുപോയി. കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്.

(من زعم ان النبي صلى الله عليه و سلم يعلم ما يكون في غدفقد اعلم القرية على الله لان الله يقول قل لا يعلم من في السموات والارض الغيب الاالله – ابن جرير و غيره)

27:66
  • بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ ﴾٦٦﴿
  • എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
  • بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي الْآخِرَةِ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ്

മൂന്ന് വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തിന്‍റെ താല്‍പര്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഒന്നിലധികം രൂപം കൈകൊണ്ടിട്ടുള്ളത് കാണാം.

(1) അദൃശ്യകാര്യങ്ങള്‍ അറിയാവതല്ലെങ്കിലും, പരലോകത്തെക്കുറിച്ച് ഉറപ്പിക്കുവാന്‍ വേണ്ടുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവിശ്വാസികള്‍ക്ക്‌ പൂര്‍ണ്ണമായും സിദ്ധിച്ചിട്ടുണ്ട്. എന്നിട്ടും അവരതില്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്. അത്രയുമല്ല, അതില്‍ സംശയംപോലും ജനിക്കാതിരിക്കത്തക്കവണ്ണം അതിനെക്കുറിച്ച് തീരെ അന്ധരും അശ്രദ്ധരുമാണ്.

(2) ആദ്യത്തെ വാക്യം – പരലോക വിഷയത്തില്‍ അവരുടെ അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞത് – അല്ലാഹു അവരെപ്പറ്റി പരിഹസിച്ചു പറഞ്ഞതാണ്. അതായത്: അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ അറിയുകയില്ലെങ്കിലും, പരലോകത്തിന്‍റെ കാര്യത്തില്‍ അവിശ്വാസികള്‍ക്കുള്ള അറിവ് അങ്ങേഅറ്റം പരിപൂര്‍ണ്ണമാണ് എന്ന് ആദ്യം പറഞ്ഞ ശേഷം, അവരുടെ യഥാര്‍ത്ഥനില ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എന്ന് താല്‍പര്യം.

(3) അവരുടെ അറിവ് പരിപൂര്‍ണ്ണത പ്രാപിച്ചു എന്നു പറഞ്ഞതിന്‍റെ വിവക്ഷ, അതിന് പുരോഗതിയില്ലാതെ വളര്‍ച്ചമുട്ടി നാശപ്രായമായിരിക്കുന്നു എന്നാണ്.

ادَّارَكَ (ഇദ്ദാറക) എന്നതിന് പകരം ادرك (അദ്റക) എന്നും ഇവിടെ വായനയുണ്ട്. ഈ വായന അനുസരിച്ചാണ് മൂന്നാമത് പറഞ്ഞ അഭിപ്രായം.

വിഭാഗം – 6

27:67

  • وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ ﴾٦٧﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: ‘ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.)
  • وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തു കൊണ്ടുവരപ്പെടുന്നവര്‍
27:68
  • لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾٦٨﴿
  • ‘ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും) അല്ല.’
  • لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ

27:69

  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ ﴾٦٩﴿
  • പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!’
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ

മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും, പ്രവാചകന്മാരെ വ്യാജമാക്കുകയും ചെയ്ത പല സമുദായങ്ങളുടെയും ശിക്ഷാനുഭവങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടറിയുവാന്‍ സാധിക്കും. അങ്ങിനെയുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും ബാധിച്ചേക്കുന്നത് സൂക്ഷിച്ചുകൊള്ളുക എന്ന് സാരം.

Leave a comment