സൂറത്തുന്നംല്‍ : 45-58
വിഭാഗം – 4
27:45
- وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ﴾٤٥﴿
- ‘ഥമൂദ്’ (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍’ എന്നു (പറഞ്ഞുകൊണ്ട്).
അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു! - وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ്
ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന
27:46
- قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴾٤٦﴿
- അദ്ദേഹം പറഞ്ഞു: ‘എന്‍റെ ജനങ്ങളെ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്?!
അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ!’ - قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ എന്തിന് تَسْتَعْجِلُونَ നിങ്ങള്‍ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു بِالسَّيِّئَةِ തിന്മക്ക് قَبْلَ الْحَسَنَةِ നന്മയുടെ മുമ്പ് لَوْلَا تَسْتَغْفِرُونَ നിങ്ങള്‍ പാപമോചനം തേടാത്തതെന്താണ്, തേടിക്കൂടേ اللَّـهَ അല്ലാഹുവോട് لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُرْحَمُونَ കരുണ ചെയ്യപ്പെടുന്ന (വര്‍)
27:47
- قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ ﴾٤٧﴿
- അവര്‍ പറഞ്ഞു: ‘(സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ. മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു.’
- قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
സ്വാലിഹ് (عليه السلام) നബിയില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത്. നിഷേധവിഭാഗക്കാര്‍ കടുത്ത അക്രമികളും ധിക്കാരബുദ്ധികളുമായിരുന്നുവെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചുകാണാം. സ്വാലിഹ്(عليه السلام) നബിയും അവരും തമ്മില്‍ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തില്‍ ചിലതാണ് ഈ ആയത്തുകളില്‍ കാണുന്നത്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപരനന്മകള്‍ക്കുവേണ്ടി പരിശ്രമിക്കുന്നതിനു പകരം, ‘ഹേ സ്വാലിഹേ! നീ ദൈവദൂതന്മാരില്‍ പെട്ടവനാണെങ്കില്‍, ഞങ്ങളോട് നീ താക്കീതു ചെയ്യുന്ന ആ ശിക്ഷ കൊണ്ടുവാ!’ (يَا صَالِحُ ائْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الْمُرْسَلِينَ : الأعراف) എന്നും മറ്റും തിന്മക്കുവേണ്ടി അവര്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അദ്ദേഹം ആക്ഷേപിക്കുകയാണ്. അവരുടെ മറുപടിയാകട്ടെ, സ്വാലിഹ് (عليه السلام) നബിയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരും നിമിത്തം തങ്ങള്‍ക്ക് ശകുനപ്പിഴ ബാധിച്ചിരിക്കുകയാണെന്നും, നിലവിലുള്ള ക്ഷാമം, വരള്‍ച്ച, കക്ഷിത്തം ആദിയായവക്കെല്ലാം കാരണം അതാണെന്നുമായിരുന്നു. വാസ്തവം നേരെമറിച്ചാണെന്നും, അവരുടെ ദുഷ്ചെയ്തികള്‍ കാരണമായി അവര്‍ അല്ലാഹുവിന്‍റെ പരീക്ഷണത്തിന് വിധേയരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ, അവരുടെ ധിക്കാരം വര്‍ദ്ധിക്കുകയാണുണ്ടായത്:-
27:48
- وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ ﴾٤٨﴿
- (ആ) നഗരത്തില്‍ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു; അവര്‍ നാട്ടില്‍ നന്മയുണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയായിരുന്നു.
- وَكَانَ ഉണ്ടായിരുന്നു فِي الْمَدِينَةِ നഗരത്തില്‍, രാജ്യത്തില്‍ تِسْعَةُ رَهْطٍ ഒരു സംഘത്തിലെ ഒമ്പതാളുകള്‍ (ഒമ്പതാളുള്ള സംഘം) يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَلَا يُصْلِحُونَ അവര്‍ നന്മയുണ്ടാക്കുകയുമില്ല (നന്മയുണ്ടാക്കാതെ)
27:49
- قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ ﴾٤٩﴿
- അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം:
‘നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും’. - قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.
ഥമൂദ് ഗോത്രത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവര്‍ കുതികാല്‍ വെട്ടി അറുത്തുകളയുകയുണ്ടായി. അതിനെത്തുടര്‍ന്ന് എനി അവര്‍ക്ക് മൂന്നുദിവസത്തെ അവധി മാത്രമേയുള്ളുവെന്ന് സ്വാലിഹ് (عليه السلام) അവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. (٦٥:هود) ഈ അവസരത്തിലായിരുന്നു അദ്ദേഹത്തെയും കൂടെയുള്ള സത്യവിശ്വാസികളെയും രാക്കൊല നടത്തുവാന്‍ അവര്‍ തമ്മില്‍ ഗൂഢമായി പരിപാടിയിട്ടത്. അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഏറ്റവും വലിയ ധിക്കാരികളെക്കുറിച്ചാണ് ഒമ്പത് പേരുള്ള ഒരു സംഘം എന്ന് പറഞ്ഞത്. ഇവരില്‍ ഏറ്റവും നികൃഷ്ടനായ ഒരാളായിരുന്നു ഒട്ടകത്തിന്‍റെ നേരെ കയ്യേറ്റം നടത്താന്‍ ധൈര്യപൂര്‍വ്വം മുമ്പോട്ടു വന്നത്. അങ്ങനെ, ഗൂഢമായി സ്വാലിഹ് (عليه السلام) നബിയെയും കൂട്ടുകാരെയും ഏകോപിച്ചു കൊലചെയ്‌വാനും, അദ്ദേഹത്തിന്‍റെ സ്വന്തക്കാരോട് കുറ്റം നിഷേധിക്കുവാനും അവര്‍ പരസ്പരം ശപഥം ചെയ്തു തീരുമാനിച്ചു. പക്ഷേ, അല്ലാഹുവിന്‍റെ നിശ്ചയത്തിന്നെതിരില്‍ ആരുടെ ഗൂഢതന്ത്രവും നടക്കുകയില്ലല്ലോ. അല്ലാഹു പറയുന്നു:-
27:50
- وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴾٥٠﴿
- അവര്‍ ഒരു (ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
- وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല
27:51
- فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ ﴾٥١﴿
- എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു;
അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?! - فَانظُرْ എന്നാല്‍ നോക്കുക كَيْفَ كَانَ എങ്ങിനെയായി, എപ്രകാരമുണ്ടായി عَاقِبَةُ مَكْرِهِمْ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം أَنَّا دَمَّرْنَاهُمْ അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു وَقَوْمَهُمْ അവരുടെ ജനതയെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും
27:52
- فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ ﴾٥٢﴿
- എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
- فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന
27:53
- وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٥٣﴿
- വിശ്വസിക്കുകയും സൂക്ഷിച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
- وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ സൂക്ഷിച്ചുവരുകയും ചെയ്ത
സൂ: ശുഅറാഇലും മറ്റും ഥമൂദിന്‍റെ സംഭവം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. അടുത്ത ആയത്തില്‍ ലൂത്ത്വ് (عليه السلام) നബിയുടെ സംഭവം വിവരിക്കുന്നു:-
27:54
- وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ ﴾٥٤﴿
- ലൂത്ത്വിനെയും (പ്രസ്താവിക്കുക); അതായതു, അദ്ദേഹം തന്‍റെ ജനങ്ങളോടു പറഞ്ഞപ്പോള്‍: ‘നിങ്ങള്‍ കണ്ടുംകൊണ്ടു തന്നെ (ഈ) ദുഷ്ടപ്രവൃത്തി ചെയ്യുകയാണോ?!’
- وَلُوطًا ലൂത്ത്വിനെയും (പ്രസ്താവിക്കുക) إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ) الْفَاحِشَةَ ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ تُبْصِرُونَ കണ്ടുംകൊണ്ടു
‘നിങ്ങള്‍ കണ്ടുകൊണ്ടു തന്നെ’ എന്ന വാക്ക് രണ്ട് പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അതായത്: ദുഷ്ടതയും നീചത്വവുമാണെന്ന് കണ്ടറിഞ്ഞുംകൊണ്ട് എന്നും, പരസ്പരം ഗോപ്യമാക്കുവാന്‍പോലും ശ്രമിക്കാതെ പരസ്യമായി അന്യോന്യം നോക്കിക്കൊണ്ട് തന്നെ എന്നും, ദുഷ് കൃത്യങ്ങളുടെ കൊള്ളരുതായ്മയെപ്പറ്റി അറിയാതെ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ വമ്പിച്ച തെറ്റാണല്ലോ അറിഞ്ഞുംകൊണ്ട് കല്‍പിച്ചുകൂട്ടി അതിന് മുതിരുന്നത്. അതുപോലെത്തന്നെ, പരസ്യമായും നിസ്സങ്കോചമായും ചെയ്യുന്ന അപരാധം, സ്വകാര്യമായും മറ്റുള്ളവര്‍ അറിയുന്നതില്‍ സങ്കോചപ്പെട്ടുകൊണ്ടും ചെയ്യുന്നതിനെക്കാളും വമ്പിച്ച ധിക്കാരമായിത്തീരുന്നു. മനുഷ്യന് ലജ്ജയില്ലാത്ത പക്ഷം ഏതു നീചകൃത്യവും ചെയ്‌വാന്‍ മടിയുണ്ടാവുകയില്ല. സൂ: അങ്കബൂത്തില്‍ ഇവരെ അഭിമുഖീകരിച്ചുകൊണ്ട് ലൂത്ത്വ് (عليه السلام) നബി ഇങ്ങിനെ പറഞ്ഞതായി കാണാം: وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ : العنكبوت (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍വെച്ച് ദുഷ് പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. (ഇവിടെ ദുഷ്ടപ്രവൃത്തി (الْفَاحِشَةَ) കൊണ്ടുള്ള ഉദ്ദേശ്യം അടുത്ത വചനത്തില്‍നിന്ന് മനസ്സിലാക്കാം. ലൂത്ത്വ് (عليه السلام) തുടര്‍ന്ന് പറയുന്നു.

Leave a comment