അഞ്ചാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു ന്നംല്‍ : ആയത്ത് 01 മുതൽ 14 വരെ

സൂറത്തു ന്നംല്‍ : 01-14

നംൽ (ഉറുമ്പ്)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

27:1

  • طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ١
  • ‘ത്വാ-സീന്‍.’ (*) ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു [വചനങ്ങളാകുന്നു].
  • طسٓ ത്വാ-സീന്‍ تِلْكَ അവ, ഇവ ءَايَٰتُ ٱلْقُرْءَانِ ഖുര്‍ആന്റെ ആയത്തുകളാണ് وَكِتَابٍ വേദഗ്രന്ഥത്തിന്റെയും مُّبِينٍ സ്പഷ്ടമായ, സുവ്യക്തമായ

27:2

  • هُدًى وَبُشْرَىٰ لِلْمُؤْمِنِينَ٢
  • (അവ) സത്യവിശ്വാസികള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാകുന്നു.
  • هُدًى മാര്‍ഗ്ഗദര്‍ശനം وَبُشْرَىٰ സന്തോഷവാര്‍ത്തയും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു

27:3

  • ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ٣
  • അതായത്, നമസ്കാരം നിലനിറുത്തുകയും, ‘സകാത്ത്’ കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്.)
  • الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِالْآخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു

(*) ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്.

27:4
  • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ ٤
  • നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കു തങ്ങളുടെ പ്രവൃത്തികള്‍ നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുകയാണ്. അതിനാല്‍, അവര്‍ അന്ധാളിച്ചു (പരിഭ്രമചിത്തരായി)ക്കൊണ്ടിരിക്കുന്നു.
  • إِنَّ الَّذِينَ لَا يُؤْمِنُونَ നിശ്ചയമായും വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ زَيَّنَّا നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَهُمْ അതിനാല്‍ അവര്‍ يَعْمَهُونَ അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു

27:5

  • أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ٥
  • കഠിന ശിക്ഷയുണ്ടായിരിക്കുന്നവരത്രെ അക്കൂട്ടര്‍. അവര്‍ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ.
  • أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَهُمْ അവര്‍ക്കാണ് سُوءُ الْعَذَابِ കഠിനശിക്ഷ, കടുത്ത ശിക്ഷ وَهُمْ അവരാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ الْأَخْسَرُونَ ഏറ്റം നഷ്ടപ്പെട്ടവര്‍

27:6

  • وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ ٦
  • നിശ്ചയമായും, അഗാധജ്ഞനും, സര്‍വ്വജ്ഞനുമായുള്ള ഒരുവന്‍റെ പക്കല്‍നിന്ന് നിനക്കു ഖുര്‍ആന്‍ ഏറ്റു തരപ്പെട്ടുകൊണ്ടിരിക്കുന്നു.
  • وَإِنَّكَ നിശ്ചയമായും നീ لَتُلَقَّى നിനക്കു ഏറ്റു തരപ്പെടുന്നു الْقُرْآنَ ഖുര്‍ആന്‍ مِن لَّدُنْ പക്കല്‍നിന്നു, അടുക്കല്‍ നിന്നു حَكِيمٍ ഒരു അഗാധജ്ഞന്‍റെ عَلِيمٍ സര്‍വ്വജ്ഞനായ

പരലോകജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താല്‍, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ഒരു ധാരണ അല്ലാഹു അവരില്‍ ഉളവാക്കിയിരിക്കുകയാണ്. അതിനാല്‍, തങ്ങളുടെ ഭാവിയെക്കുറിച്ചോ, ഭാവിക്കുവേണ്ടി പരിശ്രമിക്കുന്നതിനെക്കുറിച്ചോ അവര്‍ക്ക് ഒട്ടും ശ്രദ്ധയില്ല. അങ്ങനെ, അവര്‍ ദുര്‍ന്നടപ്പിലും  ദുര്‍മാര്‍ഗ്ഗത്തിലും മുഴുകി മതിമറന്നുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടുക, ബന്ധനത്തില്‍ അകപ്പെടുക മുതലായ കടുത്ത ശിക്ഷകള്‍ അവര്‍ക്കു ഇഹത്തില്‍ വെച്ചുതന്നെ അനുഭവപ്പെടും. പരലോകത്താകട്ടെ, ഏറ്റവും വമ്പിച്ച നാശനഷ്ടങ്ങള്‍ക്ക് അവര്‍ പാത്രമാണുതാനും. സര്‍വ്വജ്ഞനും, അഗാധജ്ഞനുമായ അല്ലാഹുവില്‍നിന്നും നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍റെ പ്രബോധനം സ്വീകരിക്കുക ഒന്നു മാത്രമാണ് അവര്‍ക്കുള്ള രക്ഷാമാര്‍ഗ്ഗം

27:7
  • إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ ٧
  • മൂസാ തന്‍റെ വീട്ടുകാരോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘നിശ്ചയമായും, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; അതിനടുത്തുനിന്ന് വല്ലവര്‍ത്തമാനവും ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം; അല്ലെങ്കില്‍ (അതില്‍നിന്നു) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങള്‍ക്കു കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
  • إِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭം لِأَهْلِهِ തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു إِنِّي آنَسْتُ നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ سَآتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു, അവിടെ നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ آتِيكُم അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും بِشِهَابٍ ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട് قَبَسٍ കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത لَّعَلَّكُمْ നിങ്ങള്‍ക്കാവാം تَصْطَلُونَ തീ കായും, ശൈത്യശമനം വരുത്തും

മൂസാ (അ) നബി ഭാര്യാസമേതം മദ്‌യനില്‍നിന്ന് സ്വദേശത്തേക്ക് പോകും മദ്ധ്യേ സീനാതാഴ്വരയില്‍ എത്തിയിരിക്കുകയാണ്. രാത്രിയും, തണുപ്പും, വഴി അറിയായ്കയും – എല്ലാം കൂടി – വിഷമത്തില്‍ പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് അങ്ങകലെ ഒരു തീ അദ്ദേഹം കാണുന്നത്. സൂ: ത്വാഹായിലും മറ്റും ഈ സംഭവം ഇതിനു മുമ്പ് പ്രസ്താവിച്ചുപോയിട്ടുള്ളതാകുന്നു.

27:8
  • فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ ٨
  • അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ‘(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ‘ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
  • فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ

27:9

  • يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ٩
  • ‘മൂസാ, നിശ്ചയമായും (കാര്യം): പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവത്രെ ഞാന്‍.’
  • يَا مُوسَىٰ മൂസാ إِنَّهُ നിശ്ചയമായും അത് (കാര്യം) أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയായ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

‘തീയില്‍ ഉള്ളവരും – അഥവാ അതിനടുത്തുള്ളവരും – അതിന്‍റെ പരിസരത്തുള്ളവരും’ എന്നു പറഞ്ഞതില്‍ മൂസാ (അ) നബിയും, അവിടെ സന്നിഹിതരായ മലക്കുകളും, ആ പരിശുദ്ധ താഴ്‌വരയുടെ പരിസരപ്രദേശങ്ങളായ ഫലസ്തീന്‍, ശാം മുതലായ സ്ഥലങ്ങളിലുള്ളവരും ഉള്‍പ്പെട്ടിരിക്കും. കേവലം അഭൗതികമായ ആ തീ, അപ്രമേയമായ ദിവ്യവെളിപാടിന്‍റെ മഹത്തായ ഒരു പ്രകാശനമായിരുന്നു. അത് അല്ലാഹുവല്ല. നമുക്ക് പരിചയപ്പെട്ട തീയുമല്ല. അതില്‍നിന്ന് മൂസാ (അ) നബി കേട്ട സംസാരവും തന്നെ, നമ്മുടെ ഊഹത്തിനും, ധാരണക്കും അതീതമായ സ്വഭാവത്തിലുള്ളതായിരിക്കും. നമ്മുടെ അനുമാനത്തിനും, രൂപനിര്‍ണ്ണയത്തിനും, ഇവിടെ സ്ഥാനമില്ല. ലോകരക്ഷിതാവായ അല്ലാഹു നമ്മുടെ ഊഹങ്ങളില്‍നിന്നും അനുമാനങ്ങളില്‍നിന്നുമെല്ലാം വളരെ പരിശുദ്ധനത്രെ. (وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ) അല്ലാഹു മൂസാ (അ) നബിയോട് പറഞ്ഞു:-

27:10
  • وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ ١٠
  • ‘നിന്‍റെ വടി (നിലത്ത്) ഇടുക!’ (അദ്ദേഹം അത് ഇട്ടു.) അനന്തരം, അതൊരു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍, അദ്ദേഹം പിന്തിരിഞ്ഞോടി – പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു:) ‘മൂസാ നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ ‘മുര്‍സലു’കള്‍ ഭയപ്പെടുന്നതല്ല;-
  • وَأَلْقِ ഇടുക (എന്നും) عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി كَأَنَّهَا جَانٌّ അതൊരു സര്‍പ്പമെന്നപോലെ وَلَّىٰ അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി مُدْبِرًا പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു وَلَمْ يُعَقِّبْ അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല يَا مُوسَىٰ ഹേ മൂസാ لَا تَخَفْ നീ ഭയപ്പെടേണ്ട إِنِّي നിശ്ചയമായും ഞാന്‍ لَا يَخَا فُ ഭയപ്പെടേണ്ടതില്ല لَدَيَّ എന്‍റെ അടുക്കല്‍ الْمُرْسَلُونَ മുര്‍സലുകള്‍

27:11

  • إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ ١١
  • ‘പക്ഷേ, ആരെങ്കിലും, അക്രമം പ്രവര്‍ത്തിക്കുകയും,പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാല്‍,- അപ്പോള്‍, നിശ്ചയമായും ഞാന്‍ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.’
  • إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

27:12

  • وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ١٢
  • ‘നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട്) പുറത്തു വരുന്നതാണ്;- ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് (ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു.’
  • وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ

വലുപ്പത്തില്‍ പെരുമ്പാമ്പുപോലെയും, കുതിച്ചോട്ടത്തിലും, ശക്തിയിലും ചെറുസര്‍പ്പം പോലെയുമായിരുന്നതു കൊണ്ടാണ് ഈ പാമ്പിനെപ്പറ്റി ചിലപ്പോള്‍ ثعبان (പെരുമ്പാമ്പ്‌) എന്നും, ചിലപ്പോള്‍ كانها جان (സര്‍പ്പമെന്നപോലെ) എന്നും അല്ലാഹു പ്രസ്താവിച്ചത്. വേഗത്തില്‍ കുതിച്ചുപായുന്ന സര്‍പ്പങ്ങള്‍ക്ക് جان (ജാന്ന്) എന്നു പറയാറുണ്ട്.

ഫിര്‍ഔനിനും ജനതക്കും അല്ലാഹുവിന്‍റെ പക്കല്‍നിന്ന് മൂസാ (അ) നബി കൈക്ക് വെളിപ്പെട്ട ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പ്രധാനമായ രണ്ടെണ്ണമായിരുന്നു വടി പാമ്പാകുന്നതും, കൈ വെളുത്ത് പ്രകാശിതമാകുന്നതും. ഈജിപ്തില്‍ വെച്ചുണ്ടായ മറ്റു ദൃഷ്ടാന്തങ്ങള്‍ ജലപ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം, മഴയില്ലായ്മ നിമിത്തമുണ്ടായ വരള്‍ച്ച, ഉൽപന്നങ്ങളുടെ ദൗര്‍ല്ലഭ്യം എന്നിവയായിരുന്നു. (സൂ: അഅ് റാഫ്: 130-133). ഫിര്‍ഔനും ജനതയും നശിപ്പിക്കപ്പെടുന്നതിന് മുമ്പുണ്ടായതാണ് ഇതെല്ലാം. പിന്നീട് ഇസ്രാഈല്യരില്‍ വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

27:13
  • فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ ١٣
  • അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്‌’ എന്ന്!
  • فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌ مُّبِينٌ പ്രത്യക്ഷമായ, തനി

27:14

  • وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ١٤
  • തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ – അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് – അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
  • وَجَحَدُوا بِهَا അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു وَاسْتَيْقَنَتْهَا അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ أَنفُسُهُمْ അവരുടെ മനസ്സുകള്‍ ظُلْمًا അക്രമമായിട്ടു وَعُلُوًّا പൊങ്ങച്ചമായും, ഔന്നത്യമായും فَانظُرْ തന്‍നിമിത്തം നോക്കുക كَيْفَ كَانَ എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശകാരികളുടെ

സംശയത്തിനു പഴുതില്ലാത്തവിധം അവരുടെ മനസ്സിന് ബോധ്യം വന്നിട്ടുപോലും ആ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞു. പൊങ്ങച്ചവും അക്രമമനസ്ഥിതിയും മാത്രമാണിതിന് അവരെ പ്രേരിപ്പിച്ചത്. അതിന്‍റെ ഫലമോ? ഏറ്റവും കടുത്തതുതന്നെ. ചിരകാലമായി അവര്‍ ആസ്വദിച്ചുവന്നിരുന്ന എല്ലാ സുഖസൗകര്യങ്ങളും, സകലവിധ പ്രതാപങ്ങളും വിട്ടേച്ച് അതിദാരുണമായ നിലയില്‍ ഈ ജീവിതത്തോട് യാത്ര പറയേണ്ടിവന്നു. ആകമാനം സമുദ്രത്തില്‍ മുക്കിനശിപ്പിക്കപ്പെട്ടു. പരലോകശിക്ഷയാകട്ടെ, എല്ലാറ്റിനേക്കാള്‍ വമ്പിച്ചതും!

അടുത്ത ആയത്ത് മുതല്‍ സുലൈമാന്‍ (അ) നബിയുടെ വൃത്താന്തം ആരംഭിക്കുന്നു:-

Leave a comment