വെളിച്ചം റമദാൻ 2023 –ഡേ- 15 (റമളാൻ 16)

സൂറത്തുൽ ഹുജുറാത്ത് : 13-18



  • വെളിച്ചം റമദാന്‍ ഡേ-15 – സൂറത്തുൽ ഹുജുറാത്ത് : പാർട്ട് 03 – ആയത്ത് 13 മുതല്‍ 18 വരെ
    • വിശദീകരണം ബഹു. സഹ്ൽ ഹാദി ഹാദി, ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്


പരായണം

വിശദീകരണം



സൂറത്തുൽ ഹുജുറാത്ത് : 13-18

49:13

  • يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ١٣
  • ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.
  • يَا أَيُّهَا النَّاس ഹേ മനുഷ്യരേ إِنَّا خَلَقْنَاكُم നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن ذَكَرٍ ഒരു ആണിൽ നിന്ന് وَأُنثَىٰ ഒരു പെണ്ണിൽനിന്നും وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു شُعُوبًا ശാഖകൾ وَقَبَائِلَ ഗോത്രങ്ങളും لِتَعَارَفُوا നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ إِنَّ أَكْرَمَكُمْ നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ, മാന്യൻ عِندَ اللَّـهِ അല്ലാഹുവിങ്കൽ أَتْقَاكُمْ നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി) ഉള്ളവനാണ് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ് خَبِيرٌ സൂക്ഷ്മജ്ഞാനിയാണ്

കഴിഞ്ഞ ആയത്തുകൾ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ടുള്ളതായിരുന്നു. ഈ ആയത്താകട്ടെ, മനുഷ്യലോകത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ടാണുള്ളത്. ലോകരാഷ്ട്രങ്ങൾ അൽപം ദശവർഷങ്ങൾക്ക് മുമ്പു മാത്രം പ്രഖ്യാപനം ചെയ്യാൻ ധൈര്യപ്പെട്ടതും, പ്രഖ്യാപിച്ചവർക്കുപോലും ശരിക്ക് പ്രായോഗികരംഗത്ത്‌ വരുത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമായ ഒരു തത്വം, ഈ വിശുദ്ധവചനം മുഖേന ഖുർആൻ ആയിരത്തിനാനൂറ് കൊല്ലംമുമ്പ് ജനമദ്ധ്യേ തുറന്ന ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്: മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്; ആദമിന്റെയും ഹവ്വാഇന്റെയും സന്തതികളാണ്- നിങ്ങൾക്കിടയിൽ ആഭിജാത്യത്തിന്റെ പേരിലോ, തൊലിവർണത്തിന്റെ പേരിലോ മറ്റോ ഉച്ചനീചത്വമില്ല. എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികളും ഒരേ കുടുംബത്തിലെ പൗരൻമാരുമാണ്. അതേസമയത്ത്‌ അല്ലാഹു നിങ്ങളെ ചില ശാഖകളും ഗോത്രങ്ങളുമാക്കിവെച്ചിട്ടുണ്ട്. ഇത് ഉൽകൃഷ്ടതയുടെയോ, നികൃഷ്ടതയുടെയോ അടിസ്ഥാനത്തിലല്ല, നിങ്ങൾ അന്യോന്യം തിരിച്ചറിയുവാനും പരിചയപ്പെടുവാനുംവേണ്ടി മാത്രമാകുന്നു. പക്ഷേ, നിങ്ങൾക്കിടയിൽ ഉയർച്ചയും താഴ്ചയും കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമുണ്ട്. അത് ‘തഖ്‌വാ’ യാകുന്നു. അതെ, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരാരോ അവർ ഉന്നതൻമാരും, അല്ലാത്തവർ അധമൻമാരും, ഏറ്റവും ഭയഭക്തൻ ആരോ അവനാണ് അവന്റെ അടുക്കൽ ഏറ്റവും ആദരണീയൻ.

ഈ വചനത്തിന്റെ ആശയം വിശദീകരിക്കുന്ന പല നബിവചനങ്ങളും ഹദീഥുഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ഉദാഹരണാർത്ഥം ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:

1) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും, സ്വത്തുക്കളിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നോക്കുന്നു.’ (മു.)

2) മക്കാവിജയ ദിവസം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഹേ, മനുഷ്യരേ, മനുഷ്യർ രണ്ടുതരം ആളുകളാണ്: പുണ്യവാനും, സൂക്ഷ്മതയുള്ളവനും, അല്ലാഹുവിങ്കൽ ആദരണീയനുമായവൻ ഒന്ന്. ദുഷ്ടനും, ദുർമാർഗിയും അല്ലാഹുവിങ്കൽ നിന്ദ്യനുമായുള്ളവൻ മറ്റൊന്ന്. എല്ലാവരും ആദമിന്റെ സന്താനങ്ങളാണ്. ആദമിനെ അല്ലാഹു മണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു’. പിന്നീട് തിരുമേനി ഈ ആയത്ത് ഓതുകയും ചെയ്തു. (തി; ബ.)

3) തിരുമേനിയുടെ ഒടുക്കത്തെ ഹജ്ജിൽ ചെയ്ത പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു: ‘മനുഷ്യരേ, അറിഞ്ഞേക്കുക: നിങ്ങളുടെ റബ്ബ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനെക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന് അറബിയെക്കാളും ഇല്ല; കറുത്തവന് ചുവന്നവനെ (വെള്ളക്കാരനെ)ക്കാളും ഇല്ല; ചുവന്നവന് കറുത്തവനെക്കാളും ഇല്ല- ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു.’ (ബ)

4) ‘നിശ്ചയമായും ജാഹിലിയ്യാ കാലത്തിലെ ഡംഭും, പിതാക്കളുടെ പേരിലുള്ള ഗർവും നാട്യവും അല്ലാഹു നിങ്ങളിൽ നിന്നു എടുത്തു കളഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും ആദമിനും ഹവ്വാഇന്നും ഉള്ളവരത്രെ.’ (ബ.)

മനുഷ്യപിതാവ് ആദം നബി (അ)യാണോ അല്ലേ? മനുഷ്യരെയെല്ലാം ഒരേ ദേഹത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു (خَلَقْنَاكُم مِّن نَّفْسٍ وَاحِدَةٍ) എന്നു വേറെ സ്ഥലങ്ങളിൽ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളതും,ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചു (خَلَقْنَاكُم مِنْ ذَكَرٍ وَأُنْثَى) എന്ന്‌ പ്രസ്താവിച്ചിട്ടുള്ളതും തമ്മിൽ വല്ല പൊരുത്തക്കേടും ഉണ്ടോ? ഇതിനെപ്പറ്റിയും, ഈ വിഷയത്തിൽ ചിലർക്കുള്ള ആശയകുഴപ്പങ്ങളെപ്പറ്റിയും സൂറത്ത്- സുമർ, 6–ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചു പറഞ്ഞിട്ടുള്ളത് ഓർക്കുക.

49:14
  • قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ١٤
  • ‘അഅ്റാബികൾ’ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ‘ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു’ എന്ന്. പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല. എങ്കിലും, ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ [കീഴ്പ്പെട്ടിരിക്കുന്നു] എന്ന് നിങ്ങൾ പറഞ്ഞേക്കുക. നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം (ഇതുവരെയും) പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • قَالَتِ പറഞ്ഞു, പറയുന്നു الْأَعْرَابُ മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ آمَنَّا ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു قُل പറയുക لَّمْ تُؤْمِنُوا നിങ്ങൾ വിശ്വസിച്ചിട്ടല്ല وَلَـٰكِن قُولُوا എങ്കിലും നിങ്ങൾ പറഞ്ഞേക്കുക, أَسْلَمْنَا ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു وَلَمَّا يَدْخُلِ പ്രവേശിച്ചിട്ടേയില്ല الْإِيمَانُ സത്യവിശ്വാസം فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَإِن تُطِيعُوا നിങ്ങൾ അനുസരിക്കുന്ന പക്ഷം اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും لَا يَلِتْكُم അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം) വരുത്തുകയില്ല مِّنْ أَعْمَالِكُمْ നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് شَيْئًا യാതൊന്നും, ഒട്ടും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

49:15

  • إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ ١٥
  • നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു. അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ.
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ الَّذِينَ آمَنُوا വിശ്വസിച്ചവരത്രെ بِاللَّـهِ അല്ലാഹുവിൽ وَرَسُولِهِ അവന്റെ റസൂലിലും ثُمَّ പിന്നെ എന്നിട്ട് لَمْ يَرْتَابُوا അവർ സന്ദേഹം (സംശയം) വെച്ചതുമില്ല وَجَاهَدُوا അവർ സമരവും ചെയ്തു بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കൾ കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങളും (കൊണ്ട്) فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ أُولَـٰئِكَ هُمُ അക്കൂട്ടർ തന്നെയാണ് الصَّادِقُونَ സത്യവാൻമാർ, സത്യം പറഞ്ഞവർ

മദീനഃയുടെ വെളിപ്രദേശങ്ങളിൽ പാർക്കുന്ന മരുഭൂവാസികളായ ‘അസദ്‘ ഗോത്രത്തിൽ പെട്ട കുറെ ആളുകൾ തങ്ങൾക്കു ക്ഷാമം പിടിപെട്ട അവസരത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിക്കുകയുണ്ടായി. പല അറബി ഗോത്രങ്ങളും ചെയ്തതുപോലെ തങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല; അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് തങ്ങൾ ചെയ്ത ഔദാര്യമായിരുന്നു; തങ്ങൾ ഇപ്പോൾ വളരെ പ്രാരാബ്ധത്തിലും വിഷമത്തിലും അകപ്പെട്ടിരിക്കുകയാണ് എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അവർ ഉണർത്തുകയും, വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുസ്വത്തിൽനിന്ന് തങ്ങൾക്കു വല്ലതും തന്നു സഹായിക്കണമെന്നായിരുന്നു അവരുടെ വരവിന്റെ ആവശ്യം, ഇവരെപ്പറ്റിയാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. വിശ്വാസം നാവുകൊണ്ട് പ്രകടമാക്കിയാൽ പോരാ, അത് ഹൃദയത്തിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയത്തിൽ ഇതുവരെയും വിശ്വാസം പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. പക്ഷെ, നിങ്ങൾ ഇസ്‌ലാമിനെതിരിൽ സമരം നടത്താതെ അടങ്ങിയിരുന്ന സ്‌ഥിതിക്ക്‌ أَسْلَمْنَا ( ഞങ്ങൾ കീഴൊതുങ്ങി) എന്ന് പറയാമെന്നല്ലാതെ آمِنًا (ഞങ്ങൾ വിശ്വസിച്ചു) എന്ന് പറയുവാൻ നിങ്ങൾക്ക് അവകാശമില്ല. യാതൊരു സന്ദേഹത്തിനും ഇടമില്ലാത്തവണ്ണം അല്ലാഹുവിലും റസൂലിലും മനപൂർവ്വം വിശ്വസിക്കണം. മനസ്സിൽ വിശ്വസിച്ചുവെച്ചാലും പോരാ, അത് പ്രവർത്തനത്തിൽ പ്രകടമാക്കുകയും അങ്ങിനെ അല്ലാഹുവിന്റെ മാർഗത്തിൽ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുകയും വേണ്ടതുണ്ട്. എന്നാൽ മാത്രമേ നിങ്ങൾ യഥാർത്ഥ വിശ്വാസികളാവുകയുള്ളൂ, എന്നൊക്കെയാണ് അവരെ ഉൽബോധിപ്പിക്കുന്നത്.

‘ഈമാൻ’ എന്നത് വിശ്വാസത്തെ കുറിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ് ‘ഇസ്‌ലാം’. ഈമാൻ കൂടാതെയുള്ള ഇസ്‌ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഈമാന്റെ അനിവാര്യ ഫലമത്രെ ഇസ്‌ലാം. അതേസമയത്ത് ഇസ്‌ലാം ഉണ്ടായതുകൊണ്ട് ഈമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് ‘അഅ്റാബി‘ കളോട് ഈമാൻ സ്വീകരിച്ചു എന്ന് പറയരുതെന്നും ഇസ്‌ലാം സ്വീകരിച്ചു എന്ന് പറഞ്ഞാൽ മതിയെന്നും കല്പിച്ചത്. കപടവിശ്വാസികൾ എന്ന ഒരു വിഭാഗം ആളുകളുണ്ടാകുന്നതും ഇതുകൊണ്ടാണ്. പക്ഷെ, ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്നറിയുവാൻ മനുഷ്യനു സാധ്യമല്ല. അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളൂ. എങ്കിലും, ഇസ്‌ലാമിനെ അംഗീകരിച്ചു കാണുന്ന ഏവരെക്കുറിച്ചും അവർ മുസ്‌ലിമും മുഅ്മിനും ആണെന്നു – അഥവാ ഇസ്‌ലാമും ഈമാനും കൂടിയുണ്ടെന്നു – വിധി കൽപിക്കുവാനെ നമുക്ക് നിർവ്വാഹമുള്ളൂ. ഇസ്ലാമിന്റെ നിയമവും അത് തന്നെ. ലക്ഷ്യവും, തെളിവും വർദ്ധിക്കുന്തോറും ഈമാൻ ശക്തിപ്പെട്ടുകൊണ്ടിരിക്കും. സൽക്കർമങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്യും. നേരെമറിച്ച് ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഈമാനെ ക്ഷയിപ്പിക്കുകയും, ദുഷ്ക്കർമങ്ങൾ അതിനു തേയ്മാനം വരുത്തുകയും ചെയ്യും. ഈമാനും ഇസ്‌ലാമും ഒന്ന് തന്നെയാണെന്ന് ചില തൽപ്പര കക്ഷികൾ വാദിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഖുർആനിൽ നിന്നും ഹദീസിൽനിന്നും വേറെ പല തെളിവുകളാൽ ആ വാദം ശരിയല്ലെന്ന് സ്‌ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ അതിനെപ്പറ്റി കൂടുതൽ സ്പർശിക്കുന്നില്ല.

സത്യവിശ്വാസികളുടെ ഗുണങ്ങൾ വിവരിച്ചകൂട്ടത്തിൽ, വിശ്വസിച്ചിട്ട് പിന്നെ സന്ദേഹപ്പെട്ടതുമില്ല (ثُمَّ لَمْ يَرْتَابُوا) എന്ന് പറഞ്ഞുവല്ലോ. തെളിവുകൾ മുഖേന – യാതൊരുസംശയത്തിനും പഴുതില്ലാത്തവിധം – ഒരുവിഷയത്തിൽ വിശ്വാസം ഉണ്ടായിത്തീർന്നശേഷം വീണ്ടും പുതിയ തെളിവുകൾ ലഭിക്കുകയോ, വിശ്വസിക്കപ്പെട്ട കാര്യം നേരിൽ കണ്ടു അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ആ വിശ്വാസം പൂർവ്വാധികം ശക്തിപ്പെടുമെന്നും, മനസ്സിന് കൂടുതൽ സമാധാനവും, സംതൃപ്തിയും ഉണ്ടായിത്തീരുമെന്നും പറയേണ്ടതില്ല. ഇതുകൊണ്ട് മുമ്പത്തെ വിശ്വാസം സംശയാസ്പദമായിരുന്നുവെന്നോ, അപൂർണ്ണമായിരുന്നുവെന്നോ വരുന്നില്ലതാനും. (സൂ: ജാഥിയ: 3 – 5 ലും വിവരണത്തിലും വിശ്വാസത്തിന്റെ ഇനങ്ങളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.) ആകാശത്തിലൂടെ പറന്ന്‍ പായുന്ന വിമാനം കണ്ടിട്ടില്ലാത്തതുകൊണ്ട് ഇന്ന് അതിനെ ആരും നിഷേധിക്കുകയോ, അതിൽസംശയിക്കുകയോ ഇല്ല. അങ്ങനെ ഒന്നില്ലെന്ന്‍ പറഞ്ഞാൽ ആരും അത് സമ്മതിക്കുകയുമില്ല. പക്ഷെ, കണ്ണിൽ കണ്ടു കഴിയുമ്പോൾ ഉണ്ടാകുന്ന മനഃസ്സമാധാനവും സംതൃപ്തിയും അതിന്റെ മുമ്പ് അവർക്ക് തീർച്ചയായും ഉണ്ടായിരിക്കയില്ല. ഓരോ മുസ്‌ലിമും മലക്കുകളിൽ വിശ്വസിക്കുന്നു. പക്ഷേ മലക്കിനെ കണ്ടിട്ടുള്ള പ്രവാചകനും അല്ലാത്തവരും ഒരു പോലെയാണോ?!

മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ ആശങ്കയോ സംശയമോ കൂടാതെ, പരിപൂർണ്ണമായും വിശ്വസിച്ച പ്രവാചകവര്യനാണ് ഇബ്റാഹീം നബി(عليه السلام) എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അദ്ദേഹം അല്ലാഹുവിനോട് ‘ മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നത് എന്ന്‍ എനിക്ക് കാണിച്ചു തരേണമേ!‘ (رَبِّ أَرِنِي كَيْفَ تُحْيِ الْمَوْتَى) എന്ന്‍ പ്രാർത്ഥിച്ചതായി സൂ: അൽബക്വറഃ 260ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇതിനുള്ള കാരണം മേൽപറഞ്ഞതിൽനിന്ന് മനസ്സിലാക്കാം. മാത്രമല്ല, “നീ വിശ്വസിച്ചിട്ടില്ലേ?” (أَوَلَمْ تُؤْمِن) എന്ന് അല്ലാഹു അദ്ദേഹത്തോട് ചോദിച്ചതായും, അദ്ദേഹം, ‘ഇല്ലാതെ! എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാണ്.‘ (بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِي) എന്ന് അദ്ദേഹം ഉത്തരം പറഞ്ഞതായും അവിടെ തുടർന്ന് പറഞ്ഞിരിക്കുന്നു. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിച്ചു കണ്ടെങ്കിലേ താനത് വിശ്വസിക്കുകയുള്ളൂവെന്ന അർത്ഥത്തിലോ, ജീവിപ്പിക്കുന്നതിനെപ്പറ്റി തനിക്ക് അൽപമെങ്കിലും സംശയം തോന്നിയതുകൊണ്ടോ അല്ല ഇബ്റാഹീം (അ) ഈ പ്രാർത്ഥന ചെയ്തതെന്ന് വക്രബുദ്ധികളല്ലാത്ത ഏവർക്കും വ്യക്തമാണ്.

എന്നിരിക്കെ, 15-ാം വചനത്തിലെ ثُمَّ لَمْ يَرْتَابُوا (പിന്നെ അവർ സന്ദേഹപ്പെട്ടതുമില്ല) എന്ന വാക്കിന്റെ മറവുപിടിച്ചുംകൊണ്ട് ‘അല്ലാഹു മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുമെന്നതിൽ ഇബ്റാഹീം നബി (عليه السلام) ക്കു വിശ്വാസമുണ്ടായിരുന്നില്ലേ, അദ്ദേഹത്തിന് അതിനുമുമ്പ് ആ വിഷയത്തിൽ മനസ്സമാധാനമില്ലാതെ സംശയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവോ എന്നൊക്കെ പരിഹാസപൂർവ്വം ചിലർ ചോദിക്കുന്നതിന്റെ രഹസ്യം ആർക്കും അജ്ഞാതമല്ല. തങ്ങളുടെ ഭൗതികശാസ്ത്രങ്ങൾക്ക് അനുകൂലിക്കുവാൻ കഴിയാത്ത ഏതൊരു കാര്യവും ഖുർആനിലോ മറ്റോ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചുകണ്ടാൽ, മനസ്സുകൊണ്ട് അതിനെ വെറുക്കുകയും, നാവുകൊണ്ട് അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഒപ്പിക്കുകയും ചെയ്യാൻ മിനക്കെടുന്നവരാണ് ഈ ചോദ്യകർത്താക്കൾ. മരണപ്പെട്ടവരെ ഈ ലോകത്തുവെച്ച് ജീവിപ്പിക്കുകയെന്ന കാര്യം ഇവരുടെ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാകകൊണ്ട് (أَرِنِي كَيْفَ تُحْيِي الموتى) (മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാട്ടിത്തരണേ!) എന്ന വാക്യത്തിന് ‘നിർജ്ജീവമായ ഹൃദയങ്ങളെ എങ്ങനെയാണ് നീ ഉദ്ധരിക്കുക എന്ന് കാട്ടിത്തരണം‘ എന്നത്രെ ഇവർ കൽപ്പിക്കുന്ന അർത്ഥം. ليطمئن قلبي (എന്റെ മനസ്സ് സമാധാനമടയുവാൻ) എന്ന വാക്കിന് എന്റെ സംശയവും അസ്വാസ്ഥ്യവും തീർന്ന്‍ എന്റെ മനസ്സിന് സമാധാനം ലഭിക്കുവാൻ എന്നാണ് ഇവർ നൽകുന്ന വ്യാഖ്യാനം. ഖുർആനിൽ അല്ലാഹു ഉപയോഗിച്ച പല വാക്കുകളും അസ്‌ഥാനത്തായിപ്പോയിട്ടുണ്ടെന്നായിരിക്കും ഇവരുടെ ഇത്തരം ചില അർത്ഥവ്യാഖ്യാനം കാണുമ്പോൾ തോന്നിപ്പോകുക! الله اكبر സന്ദർഭവശാൽ ഈ വിഷയം ഇവിടെ സ്പർശിച്ചുവെന്നേയുള്ളൂ. ഇതിനെപ്പറ്റി സൂ: അൽബക്വറഃയിൽ വെച്ച് കൂടുതൽ വിവരിച്ചിട്ടുണ്ട്.

49:16
  • قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ١٦
  • (നബിയേ) പറയുക: നിങ്ങളുടെ മത (വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.
  • قُلْ നീ പറയുക أَتُعَلِّمُون നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ اللَّـهَ അല്ലാഹുവിനെ بِدِينِكُمْ നിങ്ങളുടെ മതത്തെ പറ്റി وَاللَّـهُ അല്ലാഹുവാകട്ടെ يَعْلَمُ അവൻ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ അറിവുള്ളവനാണ്

49:17

  • يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ ١٧
  • അവർ ‘ഇസ്‌ലാം’ സ്വീകരിച്ചത് [കീഴൊതുങ്ങിയത്], നിന്റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു)കാട്ടുന്നു. പറയുക: ‘നിങ്ങളുടെ ഇസ്ലാമിനെ [കീഴൊതുക്കത്തെ] എന്റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്. പക്ഷേ, നിങ്ങൾക്ക് സത്യവിശ്വാസത്തിലേക്ക് മാർഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ.’
  • يَمُنُّون അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു عَلَيْكَ നിൻെറ മേൽ, നിന്നോട് أَنْ أَسْلَمُوا അവർ ഇസ്ലാം സ്വീകരിച്ചത് قُل നീ പറയുക, لَّا تَمُنُّوا നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല عَلَىَّ എൻെറ മേൽ إِسْلَامَكُم നിങ്ങളുടെ ഇസ്ലാമിനെ بَلِ اللَّـهُ എങ്കിലും (പക്ഷേ) അല്ലാഹു يَمُنُّ عَلَيْكُمْ നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു أَنْ هَدَاكُمْ അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തത്, വഴികാട്ടിയത് لِلْإِيمَانِ സത്യവിശ്വാസത്തിലേക്ക് إِن كُنتُمْ നിങ്ങളാണെങ്കിൽ صَادِقِينَ സത്യവാൻമാർ, സത്യം പറയുന്നവർ

49:18

  • إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ ١٨
  • നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു غَيْبَ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്) وَالْأَرْضِ ഭൂമിയിലെയും وَاللَّـهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി

14-ാം വചനത്തിൽ പ്രസ്താവിച്ച ആ അഅ്റാബികളെ സംബന്ധിച്ചാണ് പറയുന്നത്. അവരുടെ പ്രസ്താവനകളും ഭാവവും കണ്ടാൽ, അല്ലാഹുവിന് അവരുടെ സ്ഥിതിഗതികൾ ഒന്നും അറിയുകയില്ല, അവർ മുസ്ലിംകളാണെന്നും വിശ്വസിച്ചിട്ടുണ്ടെന്നും അവർ അല്ലാഹുവിനെ പറഞ്ഞു പഠിപ്പിക്കുകയാണ് എന്നും തോന്നിപ്പോകും. ആകാശഭൂമികളിലുള്ള എല്ലാ കാര്യവും അറിയുന്നവനാണ് അല്ലാഹു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് അവരുടെ സംസാരം. മാത്രമല്ല, അവർ ഇസ്ലാമിനെ അംഗീകരിക്കുന്നതും, ശത്രുപക്ഷത്ത് ചേർന്ന് യുദ്ധത്തിനൊരുങ്ങാതിരുന്നതും അവർ ചെയ്ത ദയാദാക്ഷിണ്യമാണെന്നും, അതിന്റെ പേരിൽ അല്ലാഹുവും റസൂലും അവരോട് കടപ്പെട്ടിട്ടുണ്ടെന്നുമാണ് അവരുടെ നില. സത്യവിശ്വാസം സ്വീകരിച്ചുവെന്നും, തങ്ങൾ മുസ്‌ലിംകളാണെന്നും അവർ പറയുന്നത് വാസ്തവമാണെങ്കിൽ, കാര്യം നേരെ മറിച്ചാണുള്ളത്. കാരണം, അതിനുള്ള പ്രചോദനവും മനഃസ്ഥിതിയും അവരിൽ ഉളവാക്കി സത്യത്തിലേക്ക് നയിച്ചത് അല്ലാഹുവാണ്. അതിന്റെ ഫലം അവർക്കുതന്നെയാണ് താനും. എന്നിരിക്കെ, അല്ലാഹു അവർക്ക് അങ്ങോട്ടാണ് ദാക്ഷിണ്യം ചെയ്ത് കൊടുത്തിരിക്കുന്നത്. അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുകയാണ്. അവരോട് യാതൊരു കടപ്പാടും അല്ലാഹുവിന്നാകട്ടെ, റസൂലിന്നാകട്ടെ ഇല്ല എന്ന് സാരം. തങ്ങളുടെ പ്രവൃത്തികളടക്കമുള്ള എല്ലാ രഹസ്യ പരസ്യങ്ങളും- ചെറുതും, വലുതുമെന്ന വ്യത്യാസം കൂടാതെ- അല്ലാഹു അറിയുമെന്ന ബോധമില്ലാത്തത്കൊണ്ടാണല്ലോ ഇത്തരം ധാരണകളും പ്രസ്താവനകളും അവരിൽനിന്ന് ഉണ്ടായിത്തീരുന്നത്. അതുകൊണ്ട് അവസാനത്തെ വചനത്തിൽ, അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണെന്ന് ഒന്നുകൂടി ഊന്നി പറഞ്ഞിരിക്കുകയാണ്.

ഹുനൈൻ യുദ്ധത്തിൽ ലഭിച്ച ‘ഗനീമത്ത്’ സ്വത്തുകൾ ഭാഗിച്ചപ്പോൾ, ചില പ്രത്യേക കാരണങ്ങളെ മുൻനിർത്തി ചില ആളുകൾക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൂടുതൽ കൊടുക്കുകയുണ്ടായി. ഇത് ‘അൻസ്വാരി’കൾക്കിടയിൽ അൽപമൊരു മുറുമുറുപ്പിന് കാരണമായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിളിച്ചു കൂട്ടി ഉപദേശിക്കുകയും സംഗതി വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോൾ, തങ്ങളുടെ പക്കൽവന്നുപോയ അബദ്ധത്തിൽ അവരെല്ലാം വ്യസനിക്കുകയും, കരയുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് സംസാരിച്ച കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ഹേ, അൻസ്വാരികളെ നിങ്ങൾ വഴിപിഴച്ചവരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർമാർഗത്തിലാക്കിയില്ലേ? നിങ്ങൾ ദരിദ്രൻമാരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം നിങ്ങളെ ധന്യരാക്കിയില്ലേ? നിങ്ങൾ ശത്രുക്കളായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളുടെ മനസ്സുകൾക്കിടയിൽ ഇണക്കിച്ചേർത്തില്ലേ? ألم أجدكم ضلالاً فهداكم الله بي، وعالة فأغناكم الله بي، واعداء فالف بين قلوبكم بي ഈ ഓരോന്നിലും അൻസ്വാരികൾ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അതെ, അല്ലാഹുവും, അവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ചെയ്തവർ’ (الله ورسوله أمن)

اللهم لك الحمد ولك الفضل والمنة

[التبىض ليلة الإثنين ٢٨ جمادي الأخرى ١٣٩٠ها٧٠/٨/٣٠ والسويد ٦٢/٦/٣ م]