സൂറത്തുൽ ഹുജുറാത്ത് : 07-12
- വെളിച്ചം റമദാന്‍ ഡേ-14 – സൂറത്തുൽ ഹുജുറാത്ത് : പാർട്ട് 02 – ആയത്ത് 07 മുതല്‍ 12 വരെ
- വിശദീകരണം ബഹു. സഹ്ൽ ഹാദി ഹാദി, ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്
പരായണം
വിശദീകരണം
സൂറത്തുൽ ഹുജുറാത്ത് : 07-12
49:7
- وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ ﴾٧﴿
- അല്ലാഹുവിന്റെ റസൂൽ നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്കു ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്കു വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള) അക്കൂട്ടർതന്നെയാണു തന്റേടമുള്ളവർ [സന്മാർഗ്ഗികൾ];-
- وَاعْلَمُوا നിങ്ങൾ അറിയുക أنّ فيكُمْ നിങ്ങളിലുണ്ടെന്നു رَسُولَ اللهِ അല്ലാഹുവിന്റെ റസൂൽ لَوْ يُطِيعُكُمْ അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ في كَثِيرٍ പലതിലും, مِنَ الأمْرِ കാര്യത്തിൽനിന്നു لَعَنِتُّمْ നിങ്ങൾ വിഷമിക്കുമായിരുന്നു, കഷ്ടപ്പെട്ടിരുന്നു وَلَٰكنَّ اللهَ എങ്കിലും അല്ലാഹു حَبَّبَ إلَيْكُمُ നിങ്ങൾക്കു ഇഷ്ടപ്പെടുത്തിത്തന്നിരിക്കുന്നു ٱلْإِيمَٰنَ സത്യവിശ്വാസം وَزَيَّنَهُ അതിനെ അലങ്കാരമാക്കുകയും ചെയ്തു في قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَكَرَّهَ إلَيْكُمُ നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു الكُفرَ അവിശ്വാസം وَالفُسُوقَ ദുർമ്മാർഗ്ഗവും, ദുർന്നടപ്പും, തോന്നിയവാസവും وَالعِصْيَانَ അനുസരണക്കേടും أُولَٰئِكَ هُمُ അക്കൂട്ടർ തന്നെയാണ്, الرّاشِدُون തന്റേടമുള്ളവർ, നേർമ്മാര്‍ഗ്ഗികൾ
49:8
- فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ ٨
- അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങിനെ ചെയ്തത്). അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
- فَضْلًا ദയവായിട്ടു, ഔദാര്യമായികൊണ്ടു مِّنَ اللهِ അല്ലാഹുവിൽനിന്നുള്ള وَ نعْمَةً അനുഗ്രഹവും وَاللهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് حَكِيم അഗാധജ്ഞനാണ്, യുക്തിമാനാണ്
അല്ലാഹുവിന്റെ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമുണ്ട്. നിങ്ങളുടെ നന്മ ഏതിലാണു സ്ഥിതി ചെയ്യുന്നതെന്നു നിങ്ങളെക്കാൾ അറിയുക അദ്ദേഹത്തിന്നാണ്. നേരെമറിച്ച് നിങ്ങളുടെ ഇഷ്ടത്തിനോ ആവശ്യത്തിനോ അദ്ദേഹം വഴങ്ങണമെന്നു കരുതിയാൽ അതു പലപ്പോഴും നിങ്ങൾക്കു തന്നെ ആപത്തായിത്തീർന്നേക്കുമെന്നു നിങ്ങൾ മനസ്സിലാക്കണം. സത്യവിശ്വാസത്തിൽ നിങ്ങൾക്കു പ്രേമവും, അവിശ്വാസത്തിലും ദുർന്നടപ്പിലും വെറുപ്പും ജനിപ്പിച്ചു തന്നതു അല്ലാഹുവാണ്. അതു അവന്റെ അനുഗ്രഹവും ദയവും നിമിത്തം നിങ്ങൾക്കു സിദ്ധിച്ച മഹാഭാഗ്യമത്രെ. എന്നിരിക്കെ, റസൂലിന്റെ ഹിതത്തിനും കല്‍പനക്കും എതിരായി ഒരു താൽപര്യവും നിങ്ങള്‍ക്കു ഉണ്ടായിക്കൂടാത്തതാണ് എന്നൊക്കെയാണ് അല്ലാഹു ഉണർത്തുന്നത്. وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ -المؤمنون: ٧١ (യഥാർത്ഥം അവരുടെ ഇച്ഛകളെ അനുസരിച്ചുകൊണ്ടായിരുന്നെങ്കിൽ ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. സൂ: മുഅ്‌മിനൂൻ – 71).
യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നു: മനസ്സുകൊണ്ടുള്ള വിശ്വാസം, (تصديق بالقلب) രണ്ട്: നാവുകൊണ്ടു അതു ഏറ്റുപറയലും പ്രഖ്യാപിക്കലും (إقرار باللسان), മൂന്ന്: വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ (عمل بالأركان). ഈ മൂന്നിന്റെയും മറുവശങ്ങളാണ് അവിശ്വാസം, ദുർന്നടപ്പു, അനുസരണക്കേട് (ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ) എന്നിവ സൂചിപ്പിക്കുന്നത്. ഈ മൂന്നു കാര്യങ്ങളോടും വെറുപ്പുണ്ടാകുമ്പോഴാണ് സത്യവിശ്വാസം സാക്ഷാൽകൃതമാകുന്നത്. ഈ നില പ്രാപിച്ചവരാണ് തന്റേടം തികഞ്ഞവരും നേർമ്മാർഗ്ഗികളും (أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ). അനസ് (رضي الله عنه) പ്രസ്താവിച്ചതായി അഹ്‌മദ് (رحمه الله) നിവേദനം ചെയ്യുന്നു. ‘ഇസ്‌ലാം’ പരസ്യവും, ‘ഈമാൻ’ ഹൃദയത്തിലുമാകുന്നു എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയാറുണ്ടായിരുന്നു. പിന്നീടു നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘തഖ്‌വാ’ ഇവിടെയാണു എന്നു മൂന്നു പ്രാവശ്യം പറയുകയും ചെയ്തിരുന്നു. 15-ാം വചനത്തിൽ കൂടുതൽ വിവരം കാണാം. إن شاء اللّه.
അടുത്ത വചനങ്ങളിൽ സത്യവിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന പല സാമൂഹ്യമര്യാദകളും വിവരിക്കുന്നു:-
49:9
- وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ٩
- സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാക്കുവിൻ. എന്നിട്ടു, അവയിലൊന്നു മറ്റേതിന്റെമേൽ അതിക്രമം നടത്തിയെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയിലേക്കു മടങ്ങി [ഒതുങ്ങി] വരുന്നതുവരെ നിങ്ങൾ അതിനോടു സമരം നടത്തുവിൻ. അങ്ങനെ, അതു മടങ്ങിയെങ്കിൽ, അപ്പോൾ അവ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നന്നാക്കിത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
- وَإن എങ്കിൽ, പക്ഷം, طائِفَتَان രണ്ടു വിഭാഗങ്ങൾ, مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽ നിന്ന്, اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ), فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ, بَيْنَهُمَا അവ രണ്ടും തമ്മിൽ, فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ, إحْداهُمَا ആ രണ്ടിലൊന്ന്, على الأُخْرَى മറ്റേതിന്റെ മേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ, الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോട്, حَتَّى تَفِيئَ അത് മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്നത് വരെ, إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്ക്, فَإن فَاءتْ ഇനി അത് മടങ്ങിയാൽ, فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാകുവിൻ, بَيْنَهُمَا രണ്ടിനുമിടയിൽ, بِالعَدْلِ നീതിയനുസരിച്ചു, وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ, إنَّ اللهَ നിശ്ചയമായും അല്ലാഹു, يُحِبُّ ഇഷ്ടപ്പെടുന്നു,സ്നേഹിക്കും, المُقْسِطِين നീതിമുറ പാലിക്കുന്നവരെ
وَإن എങ്കിൽ,….പക്ഷം طائِفَتَان രണ്ടുവിഭാഗങ്ങൾ مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽനിന്നു اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ) فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ بَيْنَهُمَا അവ രണ്ടുംതമ്മിൽ فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ إحْداهُمَا ആ രണ്ടിലൊന്നു على الأُخْرَى മറ്റേതിന്റെമേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോടു حَتَّى تَفِيئَ അതു മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്ന വരെ إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്കു فَإن فَاءتْ ഇനി അത് മടങ്ങിയാൽ فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാക്കുവിൻ بَيْنَهُمَا രണ്ടിനുമിടയിൽ بِالعَدْلِ നീതിയനുസരിച്ചു وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ إنَّ اللهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും المُقْسِطِين നീതിമുറ പാലിക്കുന്നവരെ
49:10
- إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ١٠
- നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ്. അതിനാൽ, നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം.
- إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ إِخْوَةٌ സഹോദരങ്ങൾതന്നെ, (മാത്രമാണു) فَأَصْلِحُوا ആകെയാൽ നിങ്ങൾ നന്നാക്കുവിൻ بَيْنَ أَخَوَيْكُمْ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ وَاتَّقُوا اللَّـهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാൻ تُرْحَمُونَ കരുണ ചെയ്യപ്പെടും
രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവർ – നേതാക്കൾ വിശേഷിച്ചും – അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുന്നതു അവരുടെ കടമയാണ്. നല്ല വാക്കു പറഞ്ഞും, സദുപദേശം നൽകിയും, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഓർമ്മിപ്പിച്ചും ഇതു നിർവ്വഹിക്കാം. എത്ര പരിശ്രമിച്ചിട്ടും ഒരു വിഭാഗക്കാർ നീതിക്കും നിയതിക്കും വഴങ്ങാതെ ആക്രമം തുടരുകയാണെങ്കിൽ – അതല്ലെങ്കിൽ ഇരുവിഭാഗവും തമ്മിൽ നന്നായിപ്പിരിഞ്ഞശേഷം ഒരു വിഭാഗം വീണ്ടും അക്രമത്തിനു മുതിരുന്നപക്ഷം – നീതിനിയമങ്ങൾ അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ അക്രമവിഭാഗത്തിനെതിരിൽ മറ്റുള്ളവർ പൊരുതുകയും ചെയ്യണം. അങ്ങിനെ, സത്യത്തിന്റെയും നീതിയുടെയും പക്ഷത്തിനു സഹായം നൽകണം. രണ്ടു കക്ഷികളും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുവാൻ സമുദായത്തിനു പാടില്ല. ഇങ്ങിനെ ചെയ്താൽ അക്രമത്തിന്റെ കക്ഷി സത്യത്തിനു വഴങ്ങുവാൻ നിർബന്ധിതമാകും. അപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നീതിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുണ്ടാക്കി നന്നാക്കി പിരിച്ചുവിടണം. അക്രമത്തിനു മുതിർന്നതിന്റെ പേരിൽ ആ കക്ഷിക്കു നീതി നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. ഏതൊരു കാര്യത്തിലും – ആരോടും – നീതിമുറ പാലിക്കുന്നതു സത്യവിശ്വാസികളുടെ കടമയത്രെ. ഏതെങ്കിലും വിധേന കക്ഷികളെ യോജിപ്പിച്ചാൽപോരാ, ഓരോ ഇടപെടലും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കു യോജിച്ചതാണോ, നീതിയുക്തമാണോ എന്നുകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ളവരെ അല്ലാഹുവിനു വളരെ ഇഷ്ടമാകുന്നു.
സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ്യേഷ്ഠാനുജൻമാരാണ്. ഒരേ സൃഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഒന്നാണ് – ഒന്നായിരിക്കണം. അതുകൊണ്ടു ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ടു സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. വല്ലതും ഉണ്ടായിക്കഴിഞ്ഞാൽ, മറ്റുള്ളവർ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയുവുമാണത്. പക്ഷേ, ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും, സംഘങ്ങൾ തമ്മിലും, സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുവാനും, നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് ഇന്നു കൂടുതൽ ആളെ കാണുന്നത്. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം!
അനസ് (رضي الله عنه) പ്രസ്താവിക്കുന്നു:- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” ഞാൻ ചോദിച്ചു: ‘റസൂലേ, ഇതാ, അക്രമിക്കപ്പെട്ടവനായിരിക്കെ എനിക്കവനെ സഹായിക്കാം. എന്നാൽ, അവൻ അക്രമിയായിരിക്കെ ഞാൻ എങ്ങിനെ അവനെ സഹായിക്കും?’ തിരുമേനി പറഞ്ഞു: ‘നീ അവനെ അക്രമത്തിൽ നിന്നു തടയണം. അതാണ് നീ അവനു ചെയ്യുന്ന സഹായം’. (ബു.) മറ്റൊരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നീതിപാലകന്മാരായ ആളുകൾ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും. അതായതു, തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തിലും, തങ്ങൾക്കു അധികാരം നല്കപ്പെട്ടിട്ടുള്ള വിഷയത്തിലും വിധി കല്പിക്കുന്നതിൽ നീതി പ്രവർത്തിക്കുന്ന ആളുകൾ.’ (മു.). മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യബന്ധത്തെ വിശദീകരിക്കുന്ന നബിവചനകൾ ധരാളം ഇവിടെ ഉദ്ധരിക്കുവാനുണ്ട്. ഒന്നു രണ്ടു വചനങ്ങളെങ്കിലും ഈ സന്ദർഭത്തിൽ നാം ഓർമ്മിക്കുക:-
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-
1). “നിങ്ങൾ പരസ്പരം അസൂയപ്പെടരുത്, അന്യോന്യം (മത്സരിച്ച് ചരക്കുകൾക്കു) വില കയറ്റരുതു. അന്യോന്യം ഈർഷ്യത വെക്കരുതു, അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുതു്. ചിലർ ചിലരുടെ കച്ചവടത്തിനുമീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ സഹോദരന്മാരായിരിക്കുവിൻ! മുസ്ലിം, മുസ്ലിമിന്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കുകയില്ല, അവനെ കൈവെടിയുകയില്ല, അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്കു ചൂണ്ടികാട്ടിക്കൊണ്ടു) ‘തഖ്‌വാ’ (ഭയഭക്തി) ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്. ഒരു മനുഷ്യൻ അവന്റെ മുസ്ലിം സഹോദരനെ അവഗണിക്കുന്നതുതന്നെ മതി, അവനു ആപത്തിനു! (കൂടുതലൊന്നും വേണ്ടാ) മുസ്ലിമിന്റെ സർവ്വസ്വവും മുസ്ലിമിനു ‘ഹറാം‘ (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും, അവന്റെ ധനവും, അവന്റെ മാനവും. (മു.)
2). ‘നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിനു എന്തു ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവൻ സത്യവിശ്വാസിയാവുകയില്ല.’ (ബു, മു.)
അൽപം ആലോചിച്ചുനോക്കിയാൽ, മുസ്ലിംകളുടെ സാമുദായികവും, സാമൂഹ്യവുമായ കടമകളെല്ലാം ഉൾകൊള്ളുന്നതാണ് ഈ ഹദീസ് എന്നു കാണാം.
‘രണ്ടു വിഭാഗങ്ങൾ സമരത്തിലായാൽ’ (وَإِن طَآئِفَتَانِ الخ) എന്നു പറഞ്ഞിരിക്കകൊണ്ടു ഓരോ വശത്തും ഒന്നിലധികം ആളുകളുണ്ടാകുമ്പോൾ മാത്രമേ അവർ തമ്മിൽ നന്നാക്കുവാൻ ശ്രമിക്കേണ്ടതുള്ളൂ എന്നർത്ഥമില്ല. രണ്ടു വ്യക്തികൾ തമ്മിൽ ശണ്ഠകൂടിയാലും ഈ കല്പന ബാധകം തന്നെ. ഇമാം ബുഖാരി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, തൊട്ടടുത്തവചനത്തിൽ ‘നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ നിങ്ങൾ നന്നാക്കുവിൻ’ (فَأَصْلِحُوا بَيْنَ أَخَوَيْكُمْ) എന്നു പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇതു വ്യക്തമാണ്. സത്യവിശ്വാസികളുടെ സൽക്കർമ്മങ്ങൾ മുഖേന സത്യവിശ്വാസം ശക്തിപ്പെടുകയും, ദുഷ്കർമ്മങ്ങൾ മുഖേന അതു ക്ഷയിച്ചു പോകുകയും ചെയുന്നു. പക്ഷേ ‘കുഫ്‌റോ, ശിർക്കോ’ (അവിശ്വാസമോ ബഹുദൈവവിശ്വാസമോ) അല്ലാത്ത ഏതെങ്കിലും പാപം ചെയ്തതിന്റെ പേരിൽ ഒരാളെപ്പറ്റി – ചില തൽപരകക്ഷികൾ പറയുന്നതുപോലെ – അയാൾ ഇസ്‌ലാമിനു പുറത്തു പോയെന്നോ, അവിശ്വാസിയാണെന്നോ പറയുവാൻ പാടില്ലെന്നും ഈ വചനങ്ങളിൽനിന്നും മനസിലാക്കാം. പരസ്പരം കൊലവരെയുള്ള സമരം നടത്തുന്ന രണ്ടു വിഭാഗക്കാർക്കിടയിൽ നന്നാക്കണമെന്നു പറഞ്ഞപ്പോൾ, രണ്ടു കൂട്ടരെയും ‘സത്യവിശ്വാസികളിൽപെട്ടവർ’ (مِنَ الْمُؤْمِنِينَ) എന്നാണല്ലോ അല്ലാഹു വിശേഷിപ്പിച്ചത്. തുടർന്നുകൊണ്ട് അവർ സഹോദരങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
വിഭാഗം – 2
49:11
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ١١
- ഹേ, വിശ്വസിച്ചവരേ, ഒരു ജനത (വേറെ) ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവർ [പരിഹസിക്കപ്പെടുന്നവർ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്. ഇവർ [പരിഹസിക്കപ്പെടുന്ന സ്ത്രീകൾ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ [തമ്മതമ്മിൽ] കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര് (ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികൾ.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا يَسْخَرْ പരിഹസിക്കരുത്, കളിയാക്കരുത് قَوْمٌ ഒരു ജനത, ചില പുരുഷന്മാർ مِّن قَوْمٍ ഒരു ജനതയെ عَسَىٰ أَن يَكُونُوا അവർ ആയിരുന്നേക്കാം خَيْرًا مِّنْهُمْ അവരെക്കാൾ ഉത്തമം, നല്ലവർ وَلَا نِسَاءٌ സ്ത്രീകളും അരുത് مِّن نِّسَاءٍ സ്ത്രീകളെപ്പറ്റി عَسَىٰ أَن يَكُنَّ അവർ ആയിരുന്നേക്കാം خَيْرًا مِّنْهُنَّ അവരെക്കാൾ ഉത്തമം وَلَا تَلْمِزُوا നിങ്ങൾ കുറവാക്കുക (അപമാനിക്കുക, കുത്തിപ്പറയുക)യും അരുത് أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ وَلَا تَنَابَزُوا അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത് بِالْأَلْقَابِ അർത്ഥപ്പേര് (സ്ഥാനപ്പേര്)കൾ കൊണ്ട് بِئْسَ വളരെ ചീത്ത, എത്ര മോശം الِاسْمُ الْفُسُوقُ ദുഷ്ടപ്പേർ ചീത്ത നാമം, തോന്ന്യാസപ്പേർ بَعْدَ الْإِيمَانِ സത്യ വിശ്വാസത്തിന് ശേഷം وَمَن لَّمْ يَتُبْ ആർ പശ്ചാത്തപിച്ചില്ലയോ فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الظَّالِمُونَ അക്രമികൾ
قوم (കൗമ്) എന്ന വാക്കിന് ജനത, ജനങ്ങൾ എന്നൊക്കെയാണ് വാക്കർത്ഥം. പക്ഷേ, പുരുഷന്‍മാരെമാത്രം ഉദ്ദേശിച്ചും, സ്ത്രീകളെയും കൂടി ഉദ്ദേശിച്ചും, അത് ഉപയോഗിക്കപ്പെടാറുണ്ട്. ഒരാൾക്ക് എന്തെങ്കിലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം. അതേ സമയത്ത് അയാൾക്ക് മറ്റ് ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഒരാൾ പ്രത്യക്ഷത്തിൽ, കുറ്റമറ്റവനാണെങ്കിലും, യഥാർത്ഥത്തിൽ ദുഷിച്ചവനായിരിക്കാം. ചുരുക്കത്തിൽ, ആരെല്ലാമാണ് ഉത്തമരെന്നും, ആരെല്ലാമാണ് അധമരെന്നും തീർച്ചപ്പെടുത്തുവാൻവയ്യ. അതുകൊണ്ട് പുരുഷനായാലും, സ്ത്രീയായാലും ഒരാൾക്ക് ഒരാളെ പരിഹസിക്കുവാൻ അർഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.
സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരൻമാരുമാണെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഒരേ ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീഥിൽ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളെ ഉപമിച്ചിരിക്കുന്നത്. എന്നിരിക്കെ, ഒരാൾ മറ്റേയാളെ പരിഹസിക്കുകയോ, അപമാനിക്കുകയോ ചെയ്യുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു. ‘നിങ്ങൾ നിങ്ങളെത്തന്നെ കുറവാക്കരുത്’ (لَا تَلْمِزُوا أَنفُسَكُمْ) എന്ന പ്രയോഗം വഴി ഇങ്ങനെയുള്ള വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയർച്ചയോ താഴ്ച്ചയോ കുറിക്കുന്ന പേരുകൾക്കാണ് الألقاب (അർത്ഥപ്പേരുകൾ) എന്ന് പറയുന്നത്. ഹാസ്യനാമങ്ങൾ, പരിഹാസപ്പേരുകൾ മുതലായവ ഉപയോഗിച്ച് നിന്ദിക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. നേരെമറിച്ച് യോഗ്യതയെയോ, സ്നേഹത്തെയോ കുറിക്കുന്ന പേരുകൾ ഉപയോഗിക്കുന്നതിന് വിരോധമില്ല. അത് നല്ലതും കൂടിയാകുന്നു.
സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ് (بِئْسَ الِاسْم الْفُسُوق بَعْد الْإِيمَان) എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ല; ഇസ്‌ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല; ‘ജാഹിലിയ്യാ’ സമ്പ്രദായമാണ്; സംസ്കാര വിരുദ്ധവുമാണ്; മുസ്‌ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോ, മുസ്‌ലിംകളെപറ്റി അവ ഉപയോഗിക്കുകയോ ചെയ്തുകൂടാ എന്നൊക്കെയാണ് അതിന്റെ താൽപര്യം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നു: لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلَا اللَّعَّانِ وَلَا الْفَاحِشِ وَلَا الْبَذِيءِ – الترمذي والبيهقي (സാരം: ‘സത്യവിശ്വാസി കുത്തിപ്പറയുന്നവനായിരിക്കില്ല, ശപിച്ചു പറയുന്നവനുമായിരിക്കയില്ല. ദുഷ്ടനുമായിരിക്കയില്ല, അസഭ്യം പുലമ്പുന്നവനുമായിരിക്കയില്ല’. (തി; ബ.) ഒരാളുടെ പക്കൽനിന്ന് അങ്ങനെ വല്ല വീഴ്ചയും വന്നുപോയാൽ ഉടനെ പശ്ചാത്തപിച്ചുമടങ്ങണം. എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കും. മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാർഹവുമാണ് എന്നൊക്കെ അവസാനത്തെ വാക്യം ഓർമിപ്പിക്കുന്നു
49:12
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ١٢
- ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിനു നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അതു നിങ്ങൾ വെറുക്കുന്നു. [അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اجْتَنِبُوا നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക كَثِيرًا മിക്കതും, പലതും, അധികം, مِّنَ الظَّنِّ ഊഹത്തിൽ (ധാരണയിൽ) നിന്ന് إِنَّ بَعْضَ الظَّنِّ നിശ്ചയമായും ഊഹത്തിൽ ചിലത് إِثْمٌ കുറ്റമാണ്, പാപമാണ് وَلَا تَجَسَّسُوا നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത് وَلَا يَغْتَب (അഭാവത്തിൽ) ദൂഷണം പറയുകയും അരുത് بَّعْضُكُم നിങ്ങളിൽ ചിലർ بَعْضًا ചിലരെക്കുറിച്ച് أَيُحِبُّ ഇഷ്ടപ്പെടുമോ أَحَدُكُمْ നിങ്ങളിലൊരാൾ أَن يَأْكُلَ അവൻ തിന്നുവാൻ لَحْمَ أَخِيهِ തന്റെ സഹോദരന്റ മാംസം مَيْتًا മരണപ്പെട്ടവനായ (ശവമായ) നിലയിൽ فَكَرِهْتُمُوهُ എന്നാലത് നിങ്ങൾ വെറുക്കുന്നു وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽ ഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാണിത്.
നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:
إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا – متفق عليه
(നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (ബു; മു.) ഉമർ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്നു പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.’ (ابن كثير)
തെറ്റായധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുതലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത് പര്യാപ്തമാകുകയുള്ളു. അൽപം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനു മുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്‌ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. والله موفق
സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലും കണ്ടേക്കുന്നതുമായ ഒരു ദുസ്വഭാവമത്രെ ‘ഗീബത്തു’ (الغيبة) അഥവാ പരദൂഷണം. ഗീബത്തു എന്നാലെന്താണെന്നു സ്വഹാബികൾക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചുകൊടുത്തത് ഇങ്ങിനെയാണ്: ذِكرُكَ أَخَاكَ بما يَكرَهُ (നീ നിന്റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യം പ്രസ്താവിക്കലാണ്.) ‘എന്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉണ്ടായിരുന്നാലോ?’ എന്നു ചോദിക്കപ്പെട്ടപ്പോൾ തിരുമേനി പറഞ്ഞു:
إنْ كَانَ فِيهِ مَا تَقُولُ فَقَدْ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ – مسلم
(നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ ‘ഗീബത്തു’ പറഞ്ഞു. അതവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ചു നുണ കെട്ടിപ്പറഞ്ഞു. (മുസ്‌ലിം.) ഒരാൾ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിനു തുല്യമാണ് പരദൂഷണം എന്നു അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. എത്ര ഭയങ്കര പാപമാണ് അതെന്ന് ഈ ഉപമയിൽനിന്നു മനസ്സിലാക്കാം. മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞതു ഇപ്രകാരമായിരുന്നു: الْمُسْلِمُ مَنْ سَلَمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ – متفق عليه (ഏതൊരുവന്റെ നാവിൽ നിന്നും, കയ്യിൽ നിന്നും മുസ്‌ലിംകൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്. (ബു: മു)
ഒന്നിലധികം മാർഗങ്ങളിൽകൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ വായിക്കാം: ‘അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാൾ സംസാരിക്കുമ്പോൾ, അതിനു ഒരു നിലയും വിലയും ഉള്ളതായി അവൻ ധരിച്ചിരിക്കയില്ല. എങ്കിലും അതുമൂലം അല്ലാഹു അവനു പല പദവികൾ ഉയർത്തികൊടുക്കുന്നതായിരിക്കും. ഒരാൾ അല്ലാഹു കോപിക്കുന്ന ഒരു വാക്കു സംസാരിക്കുമ്പോൾ, അയാൾ അതിനു ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല, എങ്കിലും അതുമൂലം അവൻ നരകത്തിൽ ആഴ്ന്നുപോയേക്കും’. വാചകങ്ങളിൽ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും, മുസ്‌ലിമും (رحمهما الله ) മറ്റും ഈ ഹദീഥ് ഉദ്ധരിച്ചുകാണാം. സംസാരത്തിൽ പൊതുവെയും, മറ്റൊരാളെപ്പറ്റി ഗുണദോഷിക്കുമ്പോൾ പ്രത്യേകിച്ചും വളരെ ഗൗനിക്കേണ്ടതുണ്ടെന്നു ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതാകുന്നു. ഒരിക്കൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രിയപത്നി ആയിശഃ (رضي الله عنها) തന്റെ സഹകളത്രയായ ഹഫ്സ്വഃ (رضي الله عنها) യെപ്പറ്റി ‘കുറിയവൾ’ (قصيرة) എന്നു കൈകൊണ്ടു ആംഗ്യം കാണിച്ചപ്പോൾ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓർമിച്ചിരിക്കേണ്ടതാണ്;
لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ – أبو داودو الترمذي (സമുദ്രജലത്തിൽ കലർത്തിയാൽ അതിനെ കുലുക്കുമാറുള്ള ഒരു വാക്കാണ് നീ പറഞ്ഞത്!) ഇങ്ങിനെയുള്ള വസ്തുതകളാണ് واتقوا الله (അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം സൂചിപ്പിക്കുന്നത്. തുടർന്നുകൊണ്ടു പശ്ചാത്താപത്തിന്റെ കാര്യവും ഓർമിപ്പിച്ചിരിക്കുന്നു.
