സൂറത്തുല്‍ ഫത്ത്ഹ് : 18-26
- വെളിച്ചം റമദാന്‍ ഡേ-11 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 03 – ആയത്ത് 18 മുതല്‍ 26 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം
പരായണം
വിശദീകരണം
സൂറത്തുല്‍ ഫത്ത്ഹ് : 18-26
വിഭാഗം – 3
ഹുദൈബിയായില്‍വെച്ചു ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌വാന്‍ പ്രതിജ്ഞയെടുത്ത സഹാബികളെ പ്രശംസിച്ചുകൊണ്ടും, അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു :-
48:18
- لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا ١٨
- (ആ) വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ [‘ബൈഅത്തു’] ചെയ്യുമ്പോള്‍ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.
- لَّقَدْ رَضِيَ തീര്‍ച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് اللَّـهُ അല്ലാഹു عَنِ الْمُؤْمِنِينَ സത്യവിശ്വാസികളെക്കുറിച്ചു إِذْ يُبَايِعُونَكَ അവര്‍ നിന്നോടു ബൈഅത്തു ചെയ്യുമ്പോള്‍ تَحْتَ الشَّجَرَةِ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചു فَعَلِمَ അപ്പോള്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളതു فَأَنزَلَ അതിനാല്‍ (എന്നിട്ടു) അവന്‍ ഇറക്കി السَّكِينَةَ ശാന്തത, അടക്കം, സമാധാനം عَلَيْهِمْ അവരില്‍ وَأَثَابَهُمْ അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു فَتْحًا قَرِيبًا ആസന്നമായ (അടുത്ത) ഒരു വിജയം
48:19
- وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ١٩
- (കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ ‘ഗനീമത്തു’കളും! അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
- وَمَغَانِمَ ‘ഗനീമത്തു’കളെയും كَثِيرَةً വളരെ يَأْخُذُونَهَا അവര്‍ പിടിച്ചെടുക്കുന്ന, അവരതു എടുക്കും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞനായ
‘ആസന്നവിജയം’, ഖൈബര്‍ വിജയവും, ‘വളരെ ഗനീമത്തുകള്‍’ ഖൈബറിലെ യഹൂദികളില്‍നിന്നു ലഭിച്ച സ്വത്തുക്കളുമാകുന്നു. മുസ്‌ലിംകളില്‍ പതിനഞ്ചു പേര്‍ ‘ശഹീദാ’ (രക്തസാക്ഷിയാ) യെങ്കിലും, ശത്രുക്കളുടെ ഏറ്റവും വലിയ കോട്ടയും കേന്ദ്രവുമായിരുന്ന ആ രാജ്യം അവര്‍ ഉപേക്ഷിച്ചുപോകേണ്ടിവന്നു. വമ്പിച്ച കോട്ടകളും, വളരെ കൃഷിസ്ഥലങ്ങളും അടക്കം ധാരാളം സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയും ചെയ്തു. ഈ വിജയം മാത്രമല്ല, ഭാവിയില്‍ സത്യവിശ്വാസികള്‍ക്കു എനിയും പല വിജയങ്ങള്‍ ലഭിക്കുവാനുണ്ടെന്നുകൂടി അടുത്ത വചനത്തില്‍ അവരെ അല്ലാഹു അറിയിക്കുന്നു:
48:20
- وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا ٢٠
- നിങ്ങള്‍ (പിന്നീടു) പിടിച്ചെടുക്കുന്ന വളരെ ‘ഗനീമത്തുകളെ’ അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, ഇതു അവന്‍ നിങ്ങള്‍ക്കു വേഗമാക്കിത്തന്നിരിക്കുകയാണ്.
ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്നു അവന്‍ തടുക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നിങ്ങളെ ചൊവ്വായ പാതയില്‍ നയിക്കുവാനും കൂടിയാകുന്നു (ഇതെല്ലാം). - وَعَدَكُمُ اللَّـهُ അല്ലാഹു നിങ്ങളോടു (നിങ്ങള്‍ക്കു) വാഗ്ദാനം ചെയ്തിരിക്കുന്നു مَغَانِمَ كَثِيرَةً വളരെ ഗനീമത്തുകള്‍ تَأْخُذُونَهَا നിങ്ങള്‍ പിടിച്ചെടുക്കുന്ന, നിങ്ങളതു എടുക്കും فَعَجَّلَ എന്നാല്‍ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു لَكُمْ هَـٰذِهِ നിങ്ങള്‍ക്കു ഇതു وَكَفَّ അവന്‍ തടുക്കുക (തടയുക)യും ചെയ്തു أَيْدِيَ النَّاسِ ജനങ്ങളുടെ കൈകളെ عَنكُمْ നിങ്ങളില്‍ നിന്നു وَلِتَكُونَ അതു (ഇതു) ആകുവാനും آيَةً لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തം وَيَهْدِيَكُمْ നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا പാത, വഴി مُّسْتَقِيمًا ചൊവ്വായ, നേരായ
നിഷ്കളങ്കമായ ത്യാഗത്തിനും, സേവനത്തിനും തയ്യാറുള്ളപക്ഷം, എല്ലാ സത്യവിശ്വാസികള്‍ക്കും ഇതുപോലെയുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരുമെന്നും, ഇതു അതിനൊരു ദൃഷ്ടാന്തമാണെന്നും അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. ‘വളരെ ഗനീമത്തുകളെ വാഗ്ദാനം ചെയ്തിരിക്കുന്നു’വെന്നു പറഞ്ഞതു മുസ്‌ലിംകള്‍ക്കു ഭാവിയില്‍ കൈവരുവാനിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ‘ഇതു വേഗമാക്കിത്തന്നിരിക്കുകയാണു’ എന്നു പറഞ്ഞതു ഹുദൈബിയാ വിജയത്തെ ഉദ്ദേശിച്ചോ, ഖൈബര്‍ വിജയത്തെക്കുറിച്ചോ ആയിരിക്കാം. ഹുദൈബിയായില്‍ വെച്ചു മുശ്രിക്കുകള്‍ ഏറ്റുമുട്ടുവാനുള്ള സാഹചര്യം ഒഴിവാക്കിയത്, ഖൈബറിലേക്കു മുസ്‌ലിംകള്‍ പടയെടുത്തു പോയിരുന്നപ്പോള്‍ മദീനാ പരിസരങ്ങളിലുള്ള യഹൂദികള്‍ മദീനായെ ആക്രമിക്കുവാന്‍ മുതിരാതിരുന്നത്, വമ്പിച്ച ആയുധസജ്ജീകരണങ്ങളും വന്‍ കോട്ടകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഒരു ഘോരസമരം നടത്തുവാന്‍ ഖൈബറിലെ യഹൂദര്‍ക്കു ധൈര്യമില്ലാതാക്കിയത്, ഇതെല്ലാം അല്ലാഹുവിന്റെ കാവല്‍ മാത്രമായിരുന്നു. وَكَفَّ أَيْدِيَ النَّاسِ عَنكُمْ (ജനങ്ങളുടെ കൈകളെ അവന്‍ നിങ്ങളില്‍നിന്നു തടുക്കുകയും ചെയ്തു.) എന്ന വാക്യത്തില്‍ ഇതൊക്കെ ഉള്‍പ്പെടുന്നു.
48:21
- وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ٢١
- വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. [സൂക്ഷ്മമായി അറിയുന്നുണ്ട്.] അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَأُخْرَىٰ വേറെയും (ചിലതു) لَمْ تَقْدِرُوا നിങ്ങള്‍ക്കു കഴിവുണ്ടായിട്ടില്ല عَلَيْهَا അതിനു, അവയ്ക്കു قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് اللَّـهُ അല്ലാഹു بِهَا അവയെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും , എല്ലാ വസ്തുവിന്റെ മേലും قَدِيرًا കഴിവുള്ളവന്‍
‘വേറെ ചിലതും’ (وَأُخْرَىٰ) എന്നു പറഞ്ഞത് ഏറെത്താമസിയാതെ മുസ്‌ലിംകള്‍ക്കു കൈവരുവാനിരിക്കുന്ന ചില നേട്ടങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍ അവര്‍ക്കു അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടില്ലെങ്കിലും, അടുത്ത ഭാവിയില്‍ അതവര്‍ നേടിയെടുക്കാതിരിക്കുകയില്ലെന്ന സന്തോഷവാര്‍ത്ത അല്ലാഹു മുന്‍കൂട്ടി അറിയിക്കുകയാണ്. ഹിജ്റ 8-ാം കൊല്ലത്തില്‍ നടന്ന ഹുനൈന്‍ യുദ്ധത്തെയും, ആ യുദ്ധത്തില്‍ ഹവാസിന്‍ (هَوَازِن) ഗോത്രക്കാരില്‍ നിന്നു ലഭിച്ച വമ്പിച്ച ‘ഗനീമത്തു’കളെയും ഉദ്ദേശിച്ചായിരിക്കാം ഈ വാഗ്ദാനം. അല്ലെങ്കില്‍ ഉമര്‍ (رضي الله عنه) ന്റെ ഖിലാഫത്തു കാലത്തു കൈവന്ന പേര്‍ഷ്യന്‍ വിജയങ്ങളെയും മറ്റും ഉദ്ദേശിച്ചും ആകാവുന്നതാണ്. ഏതായാലും, ഈ വാഗ്ദാനവും, സന്തോഷവാര്‍ത്തയും സത്യവിശ്വാസികള്‍ക്കു കൂടുതല്‍ പ്രോത്സാഹനവും ആവേശവും നല്‍കുന്നതാണെന്നു പറയേണ്ടതില്ല. പേര്‍ഷ്യന്‍ സാമ്രാജ്യവും, റോമാ സാമ്രാജ്യവും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ലെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അവര്‍ക്കു പലപ്പോഴും സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍, ശരിക്കും അതെല്ലാം സംഭവിക്കുകയും ഉണ്ടായി.
48:22
- وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا ٢٢
- (ആ) അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍തന്നെ, അവര്‍ പിന്‍തിരിഞ്ഞുപോകുമായിരുന്നു. പിന്നീടു, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ) യാകട്ടെ, ഒരു സഹായകനെയാകട്ടെ, അവര്‍ കണ്ടെത്തുന്നതല്ല.
- وَلَوْ قَاتَلَكُمُ നിങ്ങളോടു യുദ്ധം ചെയ്തിരുന്നെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوَلَّوُا അവര്‍ തിരിക്കും الْأَدْبَارَ പിന്‍പുറങ്ങള്‍ (പിന്‍തിരിഞ്ഞു പോകും) ثُمَّ لَا يَجِدُونَ പിന്നീടവര്‍ കണ്ടെത്തുകയില്ല (കിട്ടുകയില്ല) وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ (ബന്ധുവെയും) وَلَا نَصِيرًا സഹായകനെയും ഇല്ല
48:23
- سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ٢٣
- (അതെ) മുമ്പുമുതല്‍ക്കേ (നടന്നു) കഴിഞ്ഞിട്ടുള്ള അല്ലാഹുവിന്റെ നടപടിക്രമം! അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ.
- سُنَّةَ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമം, ചട്ടം, വഴക്കം الَّتِي قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ളതായ مِن قَبْلُ മുമ്പേ, മുമ്പുമുതല്‍ وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്റെ നടപടിക്രമത്തിനു تَبْدِيلًا ഒരു മാറ്റത്തിരുത്തവും, മാറ്റലും
പ്രവാചകന്മാരുടെ ചേരിയും, ശത്രുക്കളുടെ ചേരിയും – സത്യവിശ്വാസികളും അവിശ്വാസികളും – തമ്മില്‍ നടക്കുന്ന ധര്‍മ്മസമരങ്ങളില്‍, പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും കക്ഷിക്കായിരിക്കും അന്ത്യവിജയമെന്നതു അല്ലാഹു മുമ്പേ നടപ്പിലാക്കിവന്നിട്ടുള്ള ഒരു നടപടിക്രമമാണ്. അതില്‍ മാറ്റം വരുന്നതല്ല. എന്നിരിക്കെ, ഹുദൈബിയായിലോ, ഖൈബറിലോ മറ്റോ അവര്‍ മുസ്‌ലിംകളുമായി നേരിട്ടു യുദ്ധം നടത്തിയിരുന്നാല്‍ തന്നെയും അവര്‍ ഒടുക്കം പിന്‍തിരിഞ്ഞു പരാജയപ്പെടാതിരിക്കയില്ല എന്നു സാരം.
48:24
- وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ٢٤
- മക്കായുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും, നിങ്ങളുടെ കൈകളെ അവരില്‍നിന്നും (പരസ്പരം ഏറ്റുമുട്ടാതെ) തടുത്തുവെച്ചവനും അവനത്രെ; നിങ്ങള്‍ക്കു അവരുടെമേല്‍ ജയം നല്‍കിയതിനുശേഷം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- وَهُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് كَفَّ أَيْدِيَهُمْ അവരുടെ കൈകളെ തടുത്ത, തടഞ്ഞ عَنكُمْ നിങ്ങളില്‍നിന്നു وَأَيْدِيَكُمْ നിങ്ങളുടെ കൈകളെയും عَنْهُم അവരില്‍നിന്നു بِبَطْنِ مَكَّةَ മക്കായുടെ ഉള്ളില്‍വെച്ചു مِن بَعْدِ ശേഷം, പിന്നീടായി أَنْ أَظْفَرَكُمْ നിങ്ങളെ ജയിപ്പിച്ച (നിങ്ങള്‍ക്കു ജയം നല്‍കിയ) തിന്റെ عَلَيْهِمْ അവരോടു, അവരുടെമേല്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍
ഹുദൈബിയായിലെ സന്ധി പൂര്‍ത്തിയാകുന്നതിനുമുമ്പു അവിടെവെച്ചു ഒരു ഏറ്റുമുട്ടലിന്റെ വക്കോളം എത്തുന്ന ചില സംഭവങ്ങള്‍ നടക്കുകയുണ്ടായി. ആയുധധാരികളായ ഒരു സൈന്യസംഘം വന്നു മുസ്‌ലിംകളുടെ നേരെ അക്രമത്തിനു മുതിര്‍ന്നു. സഹാബികള്‍ക്കു അവരെ പിടിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ സാധിച്ചു. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്കു മാപ്പുനല്‍കി വിടുകയാണുണ്ടായത്. അങ്ങിനെ, മക്കായുടെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് ഒരു യുദ്ധം കൂടാതെ അല്ലാഹു കാത്തു. വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു ‘ബൈഅത്തു-രിള്വ്-വാന്‍’ (അല്ലാഹുവിന്റെ തൃപ്തി ലഭിച്ച ആ പ്രതിജ്ഞ) കഴിഞ്ഞശേഷം പൂര്‍വ്വാധികം ധീരതയും മനക്കരുത്തും കൈവന്ന സഹാബികളുടെ ഭാഗത്തുനിന്നും, കേവലം നിരായുധരായ ആ 1400 ആളുകളുടെ നേരെ സുശക്തമായ ഒരു ആക്രമണം നടത്തിനോക്കുവാന്‍ കെല്‍പുള്ള ഖുറൈശികളുടെ ഭാഗത്തുനിന്നും ഒരു യുദ്ധത്തിനു തുടക്കമുണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്നു. അതും സംഭവിച്ചില്ല. അങ്ങിനെ, പരിശുദ്ധ മക്കായില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുവാന്‍ ഹേതുവായില്ല. മക്കായില്‍നിന്നു അല്‍പമാത്രം നാഴിക അകലെയായി തൊട്ടുകിടക്കുന്ന സ്ഥലമാണ് ഹുദൈബിയാ. അതിന്റെ കുറെ ഭാഗം മക്കാ ഹറമില്‍ പെട്ടതാണെന്നും പറയപ്പെടുന്നു.
ഹുദൈബിയാ സന്ധിയാണല്ലോ മക്കാവിജയത്തിനു കളം ഒരുക്കിയത്. ഖുറൈശികളില്‍നിന്നു സന്ധി ലംഘനം ഉണ്ടായപ്പോള്‍ പതിനായിരം വരുന്ന സഹാബികളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായില്‍ പ്രവേശിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ അവരെ വലയം ചെയ്തു. അതുവരെയുള്ള ചരിത്രം നോക്കിയാലും, അപ്പോഴത്തെ പരിതസ്ഥിതികള്‍ ആലോചിച്ചാലും അവിടെ ഒരു ഘോരയുദ്ധം നടക്കുവാനുള്ള കാരണങ്ങളുണ്ടായിരുന്നു. അതു സംഭവിക്കാതെ മക്കാ ജയിച്ചടക്കുവാന്‍ സാധ്യമായതിനെ ഉദ്ദേശിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നതു എന്നത്രെ ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. പക്ഷേ, ഈ അദ്ധ്യായം അവതരിച്ചതു മക്കാവിജയത്തിനു മുമ്പാണെന്ന വസ്തുത അതിനു അനുകൂലമല്ല.
48:25
- هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا ٢٥
- അവിശ്വസിക്കുകയും, ‘മസ്ജിദുല്‍ഹറാമി’ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു നിങ്ങളെ തടയുകയും ചെയ്തവരത്രെ അവര്‍; ബലിമൃഗം അതിന്റെ നിശ്ചിതസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍, അതായതു, നിങ്ങള്‍ അവരെ ചവിട്ടി [അപകടപ്പെടുത്തി]യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തില്‍ അവര്‍മൂലം നിങ്ങള്‍ക്കു വല്ല അനിഷ്ടവും [തെറ്റുകുറ്റവും] പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കില്‍). [എന്നാല്‍ ഇരുകൂട്ടരെയും അവന്‍ കൂട്ടിമുട്ടിക്കുമായിരുന്നു.] (അതെ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടിയാണ് (കൂട്ടിമുട്ടിക്കാതിരുന്നത്). അവര്‍ (വേറിട്ടു) നീങ്ങി നിന്നിരുന്നുവെങ്കില്‍, അവരില്‍ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു.
- هُمُ അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് وَصَدُّوكُمْ നിങ്ങളെ തടയുക (മുടക്കുക)യും ചെയ്ത عَنِ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍നിന്നു وَالْهَدْيَ ബലിമൃഗത്തെയും مَعْكُوفًا മുടക്കപ്പെട്ട (തടസ്സം ചെയ്യപ്പെട്ട) നിലയില്‍ أَن يَبْلُغَ അതു എത്തിച്ചേരുന്നതു مَحِلَّهُ അതിന്റെ നിശ്ചിത സ്ഥലത്തു, എത്തേണ്ട സ്ഥാനത്തു وَلَوْلَا رِجَالٌ ചില പുരുഷന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ مُّؤْمِنُونَ സത്യവിശ്വാസികളായ وَنِسَاءٌ مُّؤْمِنَاتٌ വിശ്വാസിനികളായ സ്ത്രീകളും لَّمْ تَعْلَمُوهُمْ നിങ്ങളവരെ അറിഞ്ഞിട്ടില്ലാത്ത أَن تَطَئُوهُمْ അതായതു നിങ്ങളവരെ ചവിട്ടിയേക്കുന്നതു (നശിപ്പിക്കുന്നതു) فَتُصِيبَكُم അങ്ങനെ (അതിനാല്‍) നിങ്ങള്‍ക്കു ബാധിക്കുക (പിണയുക)യും مِّنْهُم അവര്‍ മൂലം, അവരാല്‍ مَّعَرَّةٌ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യതയും) بِغَيْرِ عِلْمٍ അറിയാതെ لِّيُدْخِلَ اللَّـهُ അല്ലാഹു പ്രവേശിപ്പിക്കുവാന്‍വേണ്ടി فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ لَوْ تَزَيَّلُوا അവര്‍ നീങ്ങി (വേറിട്ടു) നിന്നിരുന്നുവെങ്കില്‍ لَعَذَّبْنَا നാം ശിക്ഷിക്കുക തന്നെ ചെയ്തിരുന്നു الَّذِينَ كَفَرُوا مِنْهُمْ അവരില്‍ അവിശ്വസിച്ചവരെ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
പരിശുദ്ധ കഅബായും അതിന്റെ പരിസരപ്രദേശങ്ങളുമാണു ‘മസ്ജിദുല്‍ ഹറാം’ (مَسْجِدُ الْحَرَامِ) കൊണ്ടുദ്ദേശ്യം. അനാദരിക്കുവാന്‍ പാടില്ലാത്ത അലംഘനീയമായ പള്ളി എന്നു വാക്കര്‍ത്ഥം. മക്കയിലേക്കു ബലികര്‍മ്മം നടത്തുവാന്‍ കൊണ്ടുപോകുന്ന മൃഗങ്ങള്‍ക്കാണു ‘ഹദ് യു’ (الْهَدْي) എന്നു പറയുന്നത്. ബലി നടത്തപ്പെടേണ്ടുന്ന സ്ഥലം മിനാ (منى)യാണ്. അതാണ് നിശ്ചിതസ്ഥാനം (مَحِلّ) എന്നു പറഞ്ഞത്. എഴുപതു ഒട്ടകങ്ങളെ ബലിക്കായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ന് കൂടെ കൊണ്ടുപോയിട്ടുണ്ടായിരുന്നു. ആയത്തിന്റെ സാരം ഇതാണ്:
മുശ്രിക്കുകളുടെ നില നോക്കുകയാണെങ്കില്‍, നിശ്ചയമായും അവര്‍ മുസ്‌ലിംകളുടെ കരങ്ങളാല്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. കാരണം, അവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നില്ല; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും മുസ്‌ലിംകളെയും പരിശുദ്ധ ഹറമിലേക്കു പ്രവേശിക്കുവാനോ, അവിടെവെച്ച് ചെയ്യേണ്ടുന്ന ബലികര്‍മ്മം നിര്‍വ്വഹിക്കുവാനോ സമ്മതിക്കുന്നുമില്ല. പക്ഷേ, മറ്റു ചില സംഗതികളുണ്ട്: ഹുദൈബിയാ സംഭവം നടക്കുന്ന അവസരത്തില്‍, സത്യവിശ്വാസം സ്വീകരിച്ച കൂറെ പുരുഷന്മാരും സ്ത്രീകളും മക്കായിലുണ്ട്. തങ്ങളുടെ വിശ്വാസം തുറന്നു പ്രഖ്യാപിക്കുവാനോ, നാടു വിട്ടു (ഹിജ്റ) പോകുവാനോ നിവൃത്തിയില്ലാതിരിക്കുകയാണവര്‍. അവര്‍ മുശ്രിക്കുകളുടെ മര്‍ദ്ദനം ഭയന്നുകൊണ്ടു അവര്‍ക്കിടയില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. ആരൊക്കെയാണതെന്നും മറ്റും മുസ്‌ലിംകള്‍ക്കു അറിഞ്ഞുകൂടാ. ഒരു പൊതുസംഘട്ടനം നടക്കുമ്പോള്‍ – മനപൂര്‍വ്വമല്ലെങ്കിലും – അതുമൂലം ആ പാവങ്ങള്‍ക്കും പലവിധ ആപത്തുകള്‍ നേരിടും. അതിനു മുസ്‌ലിംകള്‍ ഉത്തരവാദികളാകരുതല്ലോ. മാത്രമല്ല, അല്ലാഹുവിന്റെ കാരുണ്യത്തിനു വിധേയരാകുന്ന സജ്ജനങ്ങള്‍ എനിയും മക്കായില്‍ ഉണ്ടാകണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഇതെല്ലാം കാരണമായിട്ടാണു ഒരു യുദ്ധം കൂടാതെ അവന്‍ കലാശിപ്പിച്ചത്. നേരെമറിച്ച് ആ സത്യവിശ്വാസികള്‍ മുശ്രിക്കുകളില്‍ നിന്നു പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കൊണ്ടായിരുന്നു ഉള്ളതെങ്കില്‍, അല്ലാഹു അവര്‍ക്കു അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമായിരുന്നു.
48:26
- إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ٢٦
- (ആ) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം! അപ്പോള്‍, അല്ലാഹു അവന്റെ റസൂലിന്റെമേലും, സത്യവിശ്വാസികളുടെ മേലും അവന്റെ (വക) ശാന്തത ഇറക്കിക്കൊടുത്തു. സൂക്ഷ്മതയുടെ വാക്യം (മുറുകെ പിടിക്കുവാന്‍) അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അവര്‍, അതിനു കൂടുതല്‍ അര്‍ഹതയുള്ളവരും, അതിന്റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാകുന്നു.
- إِذْ جَعَلَ ആക്കിയ (വെച്ചു കൊണ്ടിരുന്ന)പ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْحَمِيَّةَ ചൂടു (ദുരഭിമാനം, കോപത്തള്ളല്‍) حَمِيَّةَ الْجَاهِلِيَّةِ അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ചൂടു (ദുരഭിമാനം) فَأَنزَلَ اللَّـهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്റെ (വക) ശാന്തത, സമാധാനം عَلَىٰ رَسُولِهِ തന്റെ റസൂലിന്റെ മേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَلْزَمَهُمْ അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു كَلِمَةَ التَّقْوَىٰ സൂക്ഷ്മതയുടെ വാക്യം وَكَانُوا അവരായിരുന്നു (ആകുന്നു) താനും أَحَقَّ بِهَا അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍ وَأَهْلَهَا അതിന്റെ ആള്‍ക്കാരും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും عَلِيمًا അറിവുള്ളവന്‍
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഉംറാ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വേണ്ടിമാത്രം വന്നതാണെന്നു മനസ്സിലായിട്ടു പോലും ഖുറൈശി മുശ്രിക്കുകള്‍ അവരെ മക്കായില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ‘കണ്ണു കാണുന്ന ഒരാള്‍ ഞങ്ങളിലുള്ള കാലം ഞങ്ങളതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവരുടെ വാശി. അതുകാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്നു ഉംറ നിര്‍വ്വഹിക്കേണ്ടി വന്നു. സന്ധിപത്രം എഴുതിയപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ (بسم الله) എന്നു ആരംഭിക്കുവാന്‍പോലും അവര്‍ വിസമ്മതിച്ചു. ഇതെല്ലാം, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചൊടിയും വെമ്പലും ഉണ്ടാക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികള്‍ പതറിയില്ല. ഇത്തരം സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടുന്നവരും, തൌഹീദിന്റെ മുദ്രാവാക്യത്തില്‍ അടിയുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവര്‍. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കി അവരെ ശാന്തരാക്കി.
