സൂറത്തുല്‍ മുഹമ്മദ് : 20-28
- വെളിച്ചം റമദാന്‍ ഡേ-7 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 03- ആയത്ത് 20 മുതൽ 28 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം
പരായണം
വിശദീകരണം
സൂറത്തുല്‍ മുഹമ്മദ് : 20-28
വിഭാഗം – 3
47:20
- وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ ٢٠
- വിശ്വസിച്ചവര്‍ പറയുന്നു: ‘ഒരു ‘സൂറത്തു’ [അദ്ധ്യായം] അവതരിപ്പിക്കപ്പെടാത്തതെന്താണ്?!’ എന്നാല്‍, (വ്യക്തമായി) നിയമം വിവരിക്കപ്പെട്ട ഒരു ‘സൂറത്തു’ അവതരിപ്പിക്കപ്പെടുകയും, അതില്‍ യുദ്ധത്തെക്കുറിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്‌താല്‍, ഹൃദയങ്ങളില്‍ വല്ല രോഗമുള്ളവരെ (നബിയേ) നിനക്കു കാണാം; മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍ നോക്കും പ്രകാരം നിന്റെ അടുക്കലേക്കു അവര്‍ നോക്കുന്നതായിട്ടു്. എന്നാല്‍, അവര്‍ക്കു വേണ്ടതു [യോജിച്ചതു] തന്നെയാണ് (അതു)!
- وَيَقُولُ പറയും, പറയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ لَوْلَا نُزِّلَتْ അവതരിപ്പിക്കപ്പെടാത്തതെന്താണ് سُورَةٌ ഒരു സൂറത്തു, അദ്ധ്യായം فَإِذَا أُنزِلَتْ എന്നാല്‍ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ مُّحْكَمَةٌ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം وَذُكِرَ فِيهَا അതില്‍ പ്രസ്താവിക്കപ്പെടുകയും الْقِتَالُ യുദ്ധം, യുദ്ധത്തെപ്പറ്റി رَأَيْتَ നീ (നിനക്കു) കാണും الَّذِينَ فِي قُلُوبِهِم തങ്ങളുടെ ഹൃദയങ്ങളിലുള്ളവരെ مَّرَضٌ വല്ല രോഗവും, ഒരു രോഗം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്റെ അടുക്കലേക്കു نَظَرَ الْمَغْشِيِّ عَلَيْهِ ബോധക്ഷയം, പിടിപെട്ടവന്റെ നോട്ടം مِنَ الْمَوْتِ മരണത്താല്‍ فَأَوْلَىٰ അപ്പോള്‍ വേണ്ടപ്പെട്ടതാണ് (കൂടുതല്‍ യോജിച്ചതാണ്) لَهُمْ അവര്‍ക്കു
47:21
- طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ ٢١
- അനുസരണവും, ഉചിതമായ (നല്ല) വാക്കും. (അതാണ് വേണ്ടതു). എനി, കാര്യം (ഉറപ്പിച്ച്) തീര്‍ച്ചയായിക്കഴിഞ്ഞാലോ, അപ്പോള്‍, അല്ലാഹുവിനോടു അവര്‍ (പറഞ്ഞ) സത്യം പാലിച്ചിരുന്നെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു.
- طَاعَةٌ അനുസരണമാണ് وَقَوْلٌ വാക്കും مَّعْرُوفٌ ഉചിതമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട فَإِذَا عَزَمَ എനി തീര്‍ച്ചപ്പെട്ടാല്‍, നിശ്ചയമായാല്‍ الْأَمْرُ കാര്യം فَلَوْ صَدَقُوا അപ്പോഴവര്‍ സത്യം പറയുകയാണെങ്കില്‍ (സത്യം പാലിച്ചാല്‍) اللَّـهَ അല്ലാഹുവിനോടു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഗുണം, ഉത്തമം
ശത്രുക്കളാല്‍ പൊറുതിമുട്ടുകയും, മദീനയില്‍ ഇസ്‌ലാമിനു കുറെയൊക്കെ സ്വീകരണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍, യുദ്ധസംബന്ധമായ വല്ല വഹ് യുകളും ലഭിച്ചാല്‍ കൊള്ളാമെന്നു സത്യവിശ്വാസികള്‍ ആഗ്രഹം പ്രകടിപ്പിക്കും. പ്രത്യക്ഷത്തില്‍ അവരോടൊപ്പം കപടവിശ്വാസികളും ഉണ്ടായിരിക്കുമല്ലോ. അങ്ങിനെ വല്ല വഹ്യുകളും അല്ലാഹുവില്‍നിന്നു വന്നുകഴിഞ്ഞാല്‍ കപടവിശ്വാസികളുടെ മട്ടുമാറും. അവര്‍ മരണ ഗോഷ്ടികള്‍ കാട്ടുവാന്‍ തുടങ്ങും. അതു സ്വാഭാവികവുമാണ്. നേരെമറിച്ച് കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുകയും, നല്ല വാക്കു പറയുകയുമാണവര്‍ ചെയ്യേണ്ടിയിരുന്നത്. യുദ്ധം ചെയ്യേണ്ടുന്ന സന്ദര്‍ഭം നേരിട്ടുകഴിഞ്ഞാല്‍ പിന്നെ, യാതൊരു പരിഭ്രമമോ, പ്രതിഷേധമോ കൂടാതെ അതില്‍ പങ്കെടുക്കുകയും, മുമ്പ് പ്രകടിപ്പിച്ചിരുന്ന സന്നദ്ധത പ്രായോഗികമായി തെളിയിക്കുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യുന്നപക്ഷം, അതു അവര്‍ക്കു തന്നെ ഗുണമായിരിക്കുന്നതുമാണ് എന്നു സാരം.
فَأَوْلَىٰ لَهُمْ (അവര്‍ക്കു വേണ്ടതുതന്നെ) എന്ന വാക്യം രണ്ടുമൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്.
1) യുദ്ധത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ അവതരിക്കുമ്പോള്‍ അവരില്‍നിന്നു അത്തരം പ്രതികരണം ഉണ്ടാകുന്നത് അവരുടെ സ്ഥിതിക്കു യോജിച്ചതും സ്വാഭാവികവുമാണെന്ന്.
2) അവരുടെ സ്വഭാവം അനുരസിച്ചു അവര്‍ക്കു വേണ്ടതുണ്ട്, അഥവാ നാശമാണവര്‍ക്കുള്ളതു എന്ന്. ഈ രണ്ടു വ്യാഖ്യാനമനുസരിച്ചും ആ വാക്യം അതോടെ അവസാനിക്കുന്നതും, തൊട്ട (21-ാം) വചനവുമായി ഘടനയില്‍ ബന്ധമില്ലാത്തതുമായിരിക്കും.
3) അവരില്‍ ഉണ്ടായിരിക്കേണ്ടതു അനുസരണവും നല്ല വാക്കുകളുമാണ്. അഥവാ പരിഭ്രമമോ വെറുപ്പോ അല്ല എന്ന്. ഇതനുസരിച്ച് ഈ വാക്യം അപൂര്‍ണ്ണവും, തുടര്‍ന്നുള്ള ആയത്തുമായി ഘടനാബന്ധം ഉള്ളതുമായിരിക്കും. അതിന്റെ പൂര്‍ണ്ണ രൂപം فَأَوْلَى لَهُمْ طَاعَةٌ وَقَوْلٌ مَعْرُوفٌ (അപ്പോള്‍ അവര്‍ക്കു വേണ്ടതു അനുസരണവും ഉചിതമായ വാക്കുമാകുന്നു.) എന്നുമായിരിക്കും. കപടവിശ്വാസികളെ ഉന്നംവെച്ചു കൊണ്ടു അല്ലാഹു ചോദിക്കുന്നു:-
47:22
- فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ ﴾٢٢﴿
- എന്നാല്‍, നിങ്ങള്‍ കൈകാര്യം നേടിയാല്‍, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേക്കുമോ?!
- فَهَلْ عَسَيْتُمْ അപ്പോള്‍ (എന്നാല്‍) നിങ്ങളായേക്കുമോ إِن تَوَلَّيْتُمْ നിങ്ങള്‍ കൈകാര്യം (അധികാരം) നേടിയാല്‍ أَن تُفْسِدُوا നിങ്ങള്‍ കുഴപ്പമുണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَتُقَطِّعُوا മുറിച്ചുകളയുവാനും أَرْحَامَكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍
അതെ, നിങ്ങളുടെ സ്ഥിതി മേല്‍ചൂണ്ടിക്കാട്ടിയതുപോലെയായിരിക്കെ, നിങ്ങളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നു കഴിഞ്ഞാല്‍, നിങ്ങള്‍ ചെയ്തേക്കുക നാട്ടില്‍ പലതും കുഴപ്പവും വഴക്കും ഉണ്ടാക്കലായിരിക്കും എന്നു താല്‍പര്യം. അല്ലാഹു പറയുന്നു:
47:23
- أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ ٢٣
- അക്കൂട്ടര്‍, അല്ലാഹു ശപിച്ചിട്ടുള്ളവരത്രെ. അങ്ങനെ അവന്‍ അവര്‍ക്കു ബധിരത
നല്‍കുകയും, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു. - أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّـهُ അല്ലാഹു
فَأَصَمَّهُمْ അങ്ങനെ അവര്‍ക്കു ബധിരത (കേട്ടുകൂടായ്മ) യുണ്ടാക്കി وَأَعْمَىٰ അന്ധമാക്കുകയും ചെയ്തു أَبْصَارَهُمْ അവരുടെ കണ്ണുകളെ, കാഴചകളെ
47:24
- أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ ٢٤
- അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! [എന്നാലവര്‍ക്കു കാര്യം
ഗ്രഹിക്കാമല്ലോ] അതല്ല, (ഒരുപക്ഷേ) വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍
ഉണ്ടോ?! - أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ
أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍
ബധിരന്‍മാരാക്കി എന്നും അന്ധന്മാരാക്കി എന്നും പറഞ്ഞതും, ഹൃദയങ്ങള്‍ക്കു പൂട്ടുവെച്ചിട്ടുണ്ടോ എന്നു ചോദിച്ചതും, ആ കപടവിശ്വാസികളുടെ ഹൃദയങ്ങളിലേക്കു നന്മ പ്രവേശിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം അവ ദുഷിച്ചുപോയിരിക്കുന്നുവെന്നു കാണിക്കുകയാണ്. ‘അവരുടെ ഹൃദയങ്ങളില്‍ പൂട്ടുകളുണ്ടോ’ എന്നു ചോദിക്കേണ്ടുന്ന സ്ഥാനത്ത് ‘വല്ല ഹൃദയങ്ങളിലും പൂട്ടുകളുണ്ടോ’ എന്നു ചോദിച്ചതു അവരുടെ സ്ഥിതിയെക്കുറിച്ചു ആശ്ചര്യം പ്രകടിപ്പിച്ചതുമാകുന്നു.
47:25
- إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ٢٥
- നിശ്ചയമായും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍, അവര്‍ക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവര്‍ക്കവര്‍ (വ്യാമോഹങ്ങളെ) അയച്ചിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ ارْتَدُّوا തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ عَلَىٰ أَدْبَارِهِم തങ്ങളുടെ പിന്നോട്ടു (പിന്‍തിരിഞ്ഞു) مِّن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَى സന്മാര്‍ഗ്ഗം الشَّيْطَانُ പിശാചു سَوَّلَ لَهُمْ അവര്‍ക്കു അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു وَأَمْلَىٰ അയച്ചു കൊടുക്കുക (നീട്ടിക്കൊടുക്കുക) യും ചെയ്തു لَهُمْ അവര്‍ക്കു
47:26
- ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ ٢٦
- അത്, അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവരോടു അവര്‍ പറഞ്ഞതുനിമിത്തമത്രെ: ‘ചില കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം’ എന്ന്. അല്ലാഹുവാകട്ടെ, അവര്‍ രഹസ്യമാക്കുന്നതു അറിയുകയും ചെയ്യുന്നു.
- ذَٰلِكَ അതു بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതുകൊണ്ടത്രെ لِلَّذِينَ كَرِهُوا വെറുത്തവരോടു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയതിനെ سَنُطِيعُكُمْ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം فِي بَعْضِ الْأَمْرِ ചില കാര്യത്തില്‍ وَاللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു إِسْرَارَهُمْ അവരുടെ രഹസ്യമാക്കല്‍, രഹസ്യം പറയല്‍
അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്നു പറഞ്ഞതു ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെക്കുറിച്ചാകുന്നു. അവരുമായി സ്വകാര്യ കൂട്ടുകെട്ടുകള്‍ പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ് കപടവിശ്വാസികള്‍ ചെയ്യുന്നത്. ഞങ്ങള്‍ വെളിയില്‍ മുസ്‌ലിംകളുടെ കൂടെയാണെങ്കിലും, എല്ലാ വിഷയത്തിലും അവരുമായി ഞങ്ങള്‍ യോജിക്കുന്നില്ല, ചില കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരാണ് എന്നിങ്ങിനെ അവര്‍ അവിശ്വാസികളെ ധരിപ്പിക്കുകയും, അതിനാവശ്യമായ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുകയും അവരുടെ പതിവാണ്. യുദ്ധസംബന്ധമായ കാര്യങ്ങളിലാണ് ഇത്തരം ഗൂഢപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അവര്‍ നടത്തുക. ഇതൊന്നും അല്ലാഹുവിന് അജ്ഞാതമല്ല, അവരുടെ എല്ലാ രഹസ്യങ്ങളും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നു അവരെ അല്ലാഹു താക്കീതു ചെയ്യുന്നു.
47:27
- فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ ٢٧
- (ഇങ്ങിനെയൊക്കെയാണ് കാര്യം.) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കുമ്പോള്‍ [മരണപ്പെടുത്തുമ്പോള്‍] എങ്ങിനെയിരിക്കും അവരുടെ സ്ഥിതി?!
- فَكَيْفَ എന്നാല്‍ എങ്ങിനെയിരിക്കും إِذَا تَوَفَّتْهُمُ അവരെ പൂര്‍ണ്ണമായി പിടിക്കുമ്പോള്‍ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചുകൊണ്ടു وُجُوهَهُمْ അവരുടെ മുഖങ്ങളെ, മുഖത്തു وَأَدْبَارَهُمْ പിന്‍ പുറങ്ങളെയും, പുറത്തും
47:28
- ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ ٢٨
- അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും, അവന്റെ പ്രീതിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ ഫലശൂന്യമാക്കിയിരിക്കുന്നു.
- ذَٰلِكَ അതു بِأَنَّهُمُ اتَّبَعُوا അവര്‍ പിന്‍പറ്റിയതുകൊണ്ടാണ് مَا أَسْخَطَ اللَّـهَ അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം وَكَرِهُوا അവര്‍ വെറുക്കുകയും (ചെയ്തതു) رِضْوَانَهُ അവന്റെ പ്രീതി, പൊരുത്തം فَأَحْبَطَ അതിനാല്‍ അവന്‍ ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ
പരലോകജീവിതത്തിന്റെ മാത്രമല്ല, മരണവേളയില്‍ മലക്കുകളില്‍നിന്നു അവര്‍ക്കു ചില ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നും, അതിനുള്ള കാരണമെന്താണെന്നുമാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. മനുഷ്യന്റെ മരണവേളയില്‍ മലക്കുകള്‍ വരുമെന്നും, സജ്ജനങ്ങളുടെ അടുക്കല്‍ അവരുടെ സമീപനം വളരെ സന്തോഷകരമായ രൂപത്തിലും, ദുര്‍ജ്ജനങ്ങളുടെ അടുക്കല്‍ വളരെ കഠിനമായ രൂപത്തിലും ആയിരിക്കുമെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. (32: 11; 41: 30; 6: 93. മുതലായവ നോക്കുക) تَوَفَّى എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം ‘മരണപ്പെടുത്തി’ എന്നല്ലെന്നും, ‘പൂര്‍ണ്ണമായെടുത്തു’ എന്നും മറ്റുമാണെന്നും സൂഃസുമര്‍ 42ന്റെ വിവരണത്തില്‍ വായിച്ചതു ഇവിടെയും സ്മരണീയമാകുന്നു.
