സൂറത്തുല്‍ മുഹമ്മദ് : 12-19
- വെളിച്ചം റമദാന്‍ ഡേ-6 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 05- ആയത്ത് 12 മുതൽ 19 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം
പരായണം
വിശദീകരണം
വിഭാഗം – 2
47:12
- إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ ١٢
- നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു; നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും.
- إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു
കന്നുകാലികളെപ്പോലെ, മരണപ്പെടുവോളം തിന്നണം, കുടിക്കണം, സുഖഭോഗങ്ങളനുഭവിക്കണം എന്നതില്‍ കവിഞ്ഞു അവിശ്വാസികള്‍ക്കു ജീവിതലക്ഷ്യമായി ഒന്നുമില്ല. അതവര്‍ക്കു തല്‍ക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ പരലോകത്തു നരകമാണ് ആധാരം.
47:13
- وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ ١٣
- (നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്നു അവ (എന്നിട്ടും) നാം അവരെ [ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല.
- وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു
47:14
- أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم ١٤
- എന്നാല്‍, തന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?!
- أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ
‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യം’ എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്നു ജനിച്ചു വളര്‍ന്നതുമായ മക്കയാകുന്നു. സ്വന്തം ജനതയായ ആ നാട്ടുകാരുടെ അക്രമമര്‍ദ്ദനങ്ങളാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സഹാബികളെയും ആ നാടുവിടുവാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. മക്കാ വിട്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായുടെ ഭാഗത്തേക്കു തിരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: ‘നീയാണു അല്ലാഹുവിന്റെ രാജ്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് – നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. മുശ്രിക്കുകള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല.’ (ابن أبي حاتم) എന്നാല്‍, ഇവരെക്കാള്‍ ശക്തന്മാരും, പ്രബലന്മാരുമായിരുന്ന പല നാട്ടുകാരും തങ്ങളുടെ അക്രമം നിമിത്തം അല്ലാഹുവിന്റെ വമ്പിച്ച ശിക്ഷകള്‍ക്കു വിധേയരായിട്ടുണ്ട്; അതില്‍നിന്നു അവരെ ആരും രക്ഷപ്പെടുത്തുവാനുണ്ടായില്ല; അതുപോലെ ഇവര്‍ക്കും വല്ല ശിക്ഷയും ബാധിച്ചേക്കുന്നത് ഇവര്‍ സൂക്ഷിച്ചുകൊള്ളട്ടെ എന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്. മദീനായില്‍ വന്നശേഷം, അവിടെയും മുസ്‌ലിംകള്‍ക്കു സ്വൈരജീവിതം അസാധ്യമാക്കിക്കൊണ്ടു ഖുറൈശികള്‍ യുദ്ധസംരഭങ്ങള്‍ നടത്തിവരുന്ന അവസരത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിലേക്കു ഹിജ്റ പോരുംമദ്ധ്യെ വഴിയില്‍വെച്ചാണ് ഈ (13-ാം) വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍, ആ സന്ദര്‍ഭം ഈ താക്കീതിന്ന് കൂടുതല്‍ അനുയോജ്യവുമായിരിക്കുമല്ലോ.
സത്യവിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള താരതമ്യമാണ് 14-ാം വചനത്തില്‍ കാണുന്നത്. സത്യ വിശ്വാസികളുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാംതന്നെ അല്ലാഹുവിങ്കല്‍നിന്നുള്ള തെളിവും ലക്ഷ്യവും അനുസരിച്ചുള്ളതാണ്. അവരുടെ ഇച്ഛകള്‍ക്കു അതില്‍ സ്ഥാനമില്ല. നേരെമറിച്ച് അവിശ്വാസികളാകട്ടെ, അവര്‍ ചെയ്യുന്നതെന്തും അവര്‍ക്കു ഭൂഷണം; ഏതു ദുഷ്ചെയ്തിയും അവര്‍ക്കു അലങ്കാരം. അവരുടെ ഏകാവലംബം അവരുടെ ഇച്ഛകള്‍തന്നെ. എന്നിരിക്കെ, ഈ രണ്ടുകൂട്ടരും എങ്ങിനെ സമമാകും?! എങ്ങിനെ യോജിക്കും?! ഐഹികജീവിതത്തില്‍ ഇരുവരും തമ്മില്‍ വൈരുദ്ധ്യമുള്ളതുപോലെ, പാരത്രിക ജീവിതത്തിലും അവരുടെ നില പരസ്പര വിരുദ്ധമായിരിക്കും. അല്ലാഹു പറയുന്നു:-
47:15
- مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ ١٥
- സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതാണ്): അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്റെ അരുവികളുണ്ട്; രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളുമുണ്ട്; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവികളുമുണ്ട്; ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ(വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.]
- مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട് مِّن مَّاءٍ വെള്ളത്താലുള്ള വെള്ളത്തിന്റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ يهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നു كَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ
സ്വര്‍ഗ്ഗീയ വസ്തുക്കളെല്ലാം, നമ്മുടെ ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേയുള്ളൂവെന്നും, അവയെപ്പറ്റി നമുക്കറിയുന്ന പേരുകളില്‍ വിശേഷിപ്പിക്കുവാനേ നിവൃത്തിയുള്ളൂവെന്നും ഇതിനുമുമ്പു ചിലപ്പോഴെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവിശ്വാസികളെയും, അവിശ്വാസികളെയും കുറിച്ചു പലതും പ്രസ്താവിച്ചശേഷം, അടുത്ത വചനങ്ങളില്‍, ഇരുമുഖന്മാരായി വര്‍ത്തിക്കുന്ന കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു:-
47:16
- وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ١٦
- അവരിലുണ്ടു, നിന്റെ അടുക്കലേക്കു ചെവികൊടുക്കുന്ന ചിലര്‍; അങ്ങനെ, നിന്റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!’ തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
- وَمِنْهُم അവരിലുണ്ട് مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ
47:17
- وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ ١٧
- നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മ്മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്.
- وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി
മദീനയില്‍ ഇസ്‌ലാമിന്റെ വൈരികളായ മുനാഫിഖു (കപടവിശ്വാസി) കളുടെ ചില സ്വഭാവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ ഇവര്‍ മുസ്‌ലിംകളെപ്പോലെ പെരുമാറും. വിട്ടു പോയാല്‍ പരിഹാസവും, കുസൃതിയും, അട്ടിമറി പ്രവര്‍ത്തനങ്ങളും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍ ചെന്നു അവിടുത്തെ സംസാരങ്ങളും, ഉപദേശങ്ങളും മുസ്‌ലിംകളെപ്പോലെ ഇവരും ചെവികൊടുത്തു കേള്‍ക്കും. പക്ഷേ, മനസ്സില്‍ അവഗണനയും, പരിഹാസവുമായിരിക്കുമല്ലോ. പറയുന്ന കാര്യം ശരിക്കും ഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. സദസ്സു വിട്ടശേഷം, കാര്യം ശരിക്കു കേട്ടു ഗ്രഹിച്ച സത്യവിശ്വാസികളോടു ചോദിക്കും : ‘അല്ലാ, എന്താണദ്ദേഹം അല്‍പം മുമ്പ് ആ പറഞ്ഞത്?!’ ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. നല്ല വഴിയെപ്പറ്റി അന്വേഷിക്കുന്നതിലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിലോ താല്‍പര്യമില്ലാത്തതുകൊണ്ടു കേട്ട സംസാരം വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നുള്ളതാണ് ഒന്ന്. മനസ്സിലായാല്‍ തന്നെയും, അതിനുനേരെയുള്ള പരിഹാസപ്രകടനം മറ്റൊന്ന്. ഇത്തരം ദുഷ്ടഹൃദയങ്ങളിലേക്കു പിന്നെ എങ്ങിനെയാണ് നന്മ പ്രവേശിക്കുക?! അവരില്‍നിന്ന് എങ്ങിനെയാണ് നന്മ പുറത്തുവരുക?! അവരെ നയിക്കുവാന്‍ അവരുടെ ദേഹേച്ഛകളും, സ്ഥാപിത താല്‍പര്യങ്ങളുമല്ലാതെ മറ്റെന്തുണ്ടു?! അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി ഹൃദയത്തിനു മുദ്രവെച്ചു എന്നും മറ്റും അല്ലാഹു പറഞ്ഞതും. നേരെമറിച്ചു പറയുന്നതു ശ്രദ്ധിച്ചുകേട്ടും, നല്ലതിനെ പിന്‍പറ്റിയുംകൊണ്ടു സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധരായ സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു മേല്‍ക്കുമേല്‍ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചുകൊണ്ടിരിക്കുകയും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവര്‍ക്കു അവന്‍ പ്രദാനം ചെയ്കയും ചെയ്യുന്നു.
47:18
- فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ ١٨
- എനി, അന്ത്യസമയത്തെ – അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് – അതവര്‍ക്കു വന്നാല്‍ – അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?!
- فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശ്ഛികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം
മേല്‍പ്പറഞ്ഞ പ്രകാരം ഹൃദയം ദുഷിച്ചു മരവിച്ചവര്‍ക്കു ബോധം വരുന്നതിനു എനി വല്ലതും കാത്തിരിക്കുവാനുണ്ടെങ്കില്‍ അതു ലോകാവസാനഘട്ടമല്ലാതെ മറ്റെന്താണുള്ളത്?! അതാണെങ്കില്‍, യാതൊരുമുന്നറിയിപ്പും കൂടാതെ, വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. അതിനു എനി വളരെയൊന്നും കാലതാമസവുമില്ല. അടുത്തെത്തിയിരിക്കുന്നു. അതു സമീപിച്ചതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, അതങ്ങു സംഭവിക്കുമ്പോള്‍ അവര്‍ക്കു ഉപദേശവും, ബോധവും എവിടെനിന്നു കിട്ടുവാനാണ്?! അതെങ്ങിനെ ഫലപ്പെടുവാനാണ്?! എന്നു സാരം.
അന്ത്യപ്രവാചകനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനംതന്നെ ലോകാവസാനം അടുത്തതിന്റെ ഒരു പ്രധാന അടയാളമാണ്. അതുകൊണ്ടാണ് അവിടുന്നു ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ടു ഇങ്ങിനെ അരുളിച്ചെയ്തതും.: ‘ഞാനും അന്ത്യസമയവും ഈ രണ്ടുവിരലുകള്‍പോലെ അടുത്തതായിട്ടാണു എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ . وَأَشَارَ أَبُو دَاوُدَ بِالسَّبَّابَةِ وَالْوُسْطَى – متفق) ഇതു മാത്രമല്ല, വേറെയും പല കാര്യങ്ങള്‍ ഖിയാമത്തിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതു കാണാവുന്നതാണ്. പലതും നാം കണ്ടും അനുഭവിച്ചും വരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ധാര്‍മ്മികമൂല്യങ്ങളെയും, മാനുഷികമൂല്യങ്ങളെയും പരസ്യമായി പരിഹാസ്യമാക്കിക്കൊണ്ടുള്ള ലോകഗതി ആ മഹാപ്രളയത്തിലേക്കു ലോകം എത്താറായതിന്റെ സൂചനകളാണ്. ഏതു ദിവസവും, ഏതു നിമിഷവും അതു സംഭവിക്കാം. എപ്പോഴാണ്, ഏതു നിമിഷമാണ് എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അതിനെപ്പറ്റി തരിമ്പുപോലും അറിയുന്നതല്ല.
47:19
- فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ ١٩
- (അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്.
- فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും.
പകല്‍സമയം വിവിധ ജോലികള്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന അവസരത്തിലും, രാതിസമയം അടങ്ങി ഒതുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലും നിങ്ങളുടെ പൂര്‍ണ്ണവിവരം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു സാരം. അല്ലെങ്കില്‍, ഐഹികജീവിതത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ വിവരവും, പാരത്രികജീവിതത്തില്‍ എത്തിചേര്‍ന്നാലത്തെ സ്ഥിതികളും അറിയാം എന്നും ഉദ്ദേശ്യമായിരിക്കാവുന്നതാണ്. الله أعلم
തൗഹീദില്‍ ഉറച്ചു നിന്നുകൊണ്ട് അതിന്റെ മുദ്രാവാക്യം ഉയര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും, എതിരാളികളുടെ ചെയ്തികളെ അവഗണിക്കുവാനും ഉണര്‍ത്തിയശേഷം, സ്വന്തം ദേഹത്തിനും, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയും പാപമോചനം തേടുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു. പ്രവാചകന്‍മാര്‍ സാധാരണ ജനങ്ങളെപ്പോലെ പാപം ചെയുന്നവരല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തിരിക്കുന്നുവെന്നു സൂഃ ഫത്ത്ഹിന്റെ ആരംഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇവിടെ പാപങ്ങള്‍ എന്നു പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനകളെ അനുസരിക്കാതിരിക്കുക എന്നതായിരിക്കുവാന്‍ തരമില്ല. പ്രവാചകന്‍മാരുടെ പദവി എത്ര ഉന്നതവും പരിശുദ്ധവുമാണെങ്കിലും അവര്‍ അല്ലാഹുവിന്റെ അടിമകളും, അല്ലാഹുവിനോടു കൂടുതല്‍ ഉത്തരവാദിത്വമുള്ളവരൂമാണല്ലോ. ആ സ്ഥിതിക്ക് കേവലം വളരെ നിസ്സാരമായ ചില സംഗതികള്‍പോലും – മറ്റുള്ളവരെ അപേക്ഷിച്ച് അവ പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയില്ലെങ്കിലും – അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കാം. ഏതു നിലക്കു നോക്കിയാലും അല്ലാഹുവിന്റെ അടിയാന്മാര്‍ അവനോടു പാപമോചനത്തിനും മാപ്പിനും അപേക്ഷിക്കുന്നതു അവന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കലാണെന്നു പറയേണ്ടതില്ല. കൂടാതെ, പ്രവാചകന്മാരാകട്ടെ എല്ലാ കാര്യത്തിലും ജനങ്ങള്‍ക്കു മാതൃക കാണിക്കേണ്ടുന്നവരുമാണ്. ഈ വസ്തുത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.
ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു: ‘ഹേ, മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിങ്കലേക്കു പാശ്ചാത്തപിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍. ഞാന്‍തന്നെ, അവനോടു ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു’. (മുസ്‌ലിം). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചിരുന്നതായി അബൂമൂസല്‍ ആശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു ഈ പ്രാര്‍ത്ഥന നാം ഒരോരുത്തരും സദാ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരെത്രെ. അതിലെ വാചകങ്ങള്‍ ഇതാണ്:
اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ – متفق عليه
(സാരം : അല്ലാഹുവേ! എന്റെ പിഴവും, എന്റെ അജ്ഞതയും, എന്റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടിചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു)
സജ്ജനങ്ങളുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമല്ലോ. എന്നിരിക്കെ, നബിമാര്‍ – അതും തങ്ങളുടെ ജനതയുടെ നന്മക്കുവേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമെന്നു പറയേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു അതു മനസ്സമാധാനം നല്‍കുന്നതും, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിത്തീരുന്നതുമായിരിക്കും. ഒരു സംഭവത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിധി സ്വീകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന കപടവിശ്വാസികളെക്കുറിച്ചു പറയുന്ന മദ്ധ്യേ സൂഃ നിസാഉ് 64ല്‍ അല്ലാഹു പറയുന്നു : ‘അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ച അവസരത്തില്‍, അവര്‍ നിന്റെ അടുക്കല്‍ വരുകയും, എന്നിട്ട് അല്ലാഹുവിനോടു പാപമോചനം തേടുകയും. അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുമായിരുന്നു.’
(وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا – سورة النساء 64)
