സൂറത്തുല്‍ മുഹമ്മദ് : 1-11
- വെളിച്ചം റമദാന്‍ ഡേ-5 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 01- ആയത്ത് 1 മുതൽ 11 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം
പരായണം
വിശദീകരണം
സൂറത്തുല്‍ മുഹമ്മദ് : 01-11
മുഹമ്മദ്
[സൂറത്തുല്‍ – ‘ഖിതാല്‍’ എന്നും ഇതിനു പേരുണ്ട്]
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 38 – വിഭാഗം (റുകൂഅ്) 4
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
47:1
- ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ ﴾١﴿
- അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.
- الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ
47:2
- وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ ٢
- വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്റെ മേല്‍ അവതരിക്കപ്പെട്ടതില്‍ – അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു – വിശ്വസിക്കുകയും ചെയ്തവരാകട്ടെ – അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും.
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടതില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:3
- ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ ٣
- (കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു.
- ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ
രണ്ടാം വചനത്തില്‍ ആദ്യം ‘വിശ്വസിച്ചു’ (ءَامَنُوا۟) എന്നു മൊത്തത്തില്‍ പറഞ്ഞ ശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിക്കപ്പെട്ടതിലും വിശ്വസിച്ചു എന്നു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. പൂര്‍വ്വവേദങ്ങളിലും അവയിലടങ്ങിയ തത്വങ്ങളിലും, മുന്‍പ്രവാചകന്‍മാരിലുമെല്ലാം ഓരോ സത്യവിശ്വാസിയും മൊത്തത്തില്‍ വിശ്വസിക്കേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിച്ച വേദഗ്രന്ഥമാകുന്ന ഖുര്‍ആനില്‍ പ്രത്യേകമായും വിശ്വസിക്കേണ്ടതുമുണ്ട്. ഇതാണ് അങ്ങിനെ പറയുവാന്‍ കാരണം.
സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതി ഗതികള്‍ മേല്‍വിവരിച്ച പ്രകാരമായിരിക്കെ രണ്ടു വിഭാഗക്കാരും തമ്മില്‍ ഒത്തിണങ്ങിക്കൊണ്ടു സമാധാനപരമായ ഒരന്തരീക്ഷം നിലനില്‍ക്കുവാന്‍ മാര്‍ഗ്ഗമില്ല. തമ്മില്‍ സംഘര്‍ഷവും, സംഘട്ടനവും അനിവാര്യമാണ്. അല്ല, ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സമരഘട്ടത്തില്‍ സ്വീകരിക്കേണ്ടുന്ന ചില നയങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു:-
47:4
- فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ ٤
- അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമായി] ക്കൊള്ളുവിന്‍. എന്നിട്ടു – പിന്നീടു – ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം [മോചന മൂല്യം] വാങ്ങിവിടുക; യുദ്ധം അതിന്റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ് (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല.
- فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്റെ ഭാരങ്ങളെ ذَٰلِكَ അതാണ് وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ
47:5
- سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ٥
- അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും’.
- سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:6
- وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ ٦
- അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു.
- وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നു لَهُمْ അവര്‍ക്കു
ഈ വചനങ്ങളില്‍ പ്രധാനപ്പെട്ട പല തത്വങ്ങളും നിയങ്ങളും അടങ്ങിയിരിക്കുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം:
1) ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാനാണ് ഇസ്‌ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തില്‍ അതു യുദ്ധത്തിനു തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതു വിഡ്ഢിത്തവും ആപല്‍കരവുമായിരിക്കുമല്ലോ.
2) ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍, പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. ബന്ധനത്തില്‍ നിന്ന് ഉപായത്തിലോ മറ്റോ രക്ഷപ്പെടുവാന്‍ സാധിക്കാത്തവിധം അതു കര്‍ശനമായ രൂപത്തിലായിരിക്കേണ്ടതുമാണ്. എന്നാല്‍, ശത്രുക്കളില്‍ കൊല മുഖേന ദൗര്‍ബ്ബല്യം നേരിടുന്നതിനു മുമ്പ് അവരെ ചിറപിടിച്ചു ബന്ധനത്തിലാക്കുന്ന നയം പാടില്ലാത്തതാകുന്നു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചു ശത്രുക്കളില്‍ പലരെയും ബന്ധനത്തിലാക്കുകയും മോചനമൂല്യം വാങ്ങി വിട്ടയക്കുകയും ചെയ്തതിനെപ്പറ്റി സൂഃ അന്‍ഫാല്‍ 67-68ല്‍ അല്ലാഹു ആക്ഷേപിച്ചുകൊണ്ടു ഇങ്ങിനെ പറഞ്ഞിരിക്കുന്നു:
مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا – إلى قوله : عَذَابٌ عَظِيمٌ – الأنفال
(സാരം : ഭൂമിയില്‍ – ശത്രുക്കളെ – നിര്‍ദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകന്നും തന്നെ കുറെ ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഐഹികവിഭവം ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മേടിച്ചതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുമായിരുന്നു. 8:67, 68 ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതുപോലെ, സൂഃ അന്‍ഫാലിലെ ഈ വചനമാണ് ആദ്യം അവതരിച്ചിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. الله أعلم
3) ബന്ധനത്തിലാക്കിക്കഴിഞ്ഞശേഷം, ബന്ധനത്തില്‍ അകപ്പെട്ടവരെ യുക്തമനുസരിച്ച് ഒന്നുകില്‍ ദയാദാക്ഷിണ്യം കാണിച്ചു നിരുപാധികം വിട്ടയക്കാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടുകൊടുക്കാം. രണ്ടില്‍ ഏതാണു വേണ്ടതു, മോചനമൂല്യം എന്തായിരിക്കണം. അതില്‍ എന്തെല്ലാം ഉപാധികള്‍ നിശ്ചയിക്കാം. ആദിയായ കാര്യങ്ങളെല്ലാം – സന്ദര്‍ഭവും പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടു – മുസ്‌ലിംകളുടെ നേതാവിനു തീരുമാനിക്കാവുന്നതാണ്.
4) ഈ നയം – യുദ്ധത്തില്‍വെച്ച് കഴിയുന്നതും നിര്‍ദ്ദയം ശത്രുക്കളെ കൊന്നൊടുക്കി പരാജയപ്പെടുത്തുക, പിന്നീടു കിട്ടിയവരെ ബന്ധനത്തിലാക്കുക, അതിനുശേഷം ദാക്ഷിണ്യമായി വിട്ടയക്കുകയോ, തെണ്ടം വാങ്ങി വിട്ടയക്കുകയോ ചെയ്യുക എന്ന സമ്പ്രദായം – യുദ്ധഭാരം അവസാനിക്കുന്ന കാലംവരെ തുടരേണ്ടതാണ്. അതായതു, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിനു കീഴടങ്ങുകയോ, മുസ്‌ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞു കൂടുകയോ ചെയ്യുകവഴി യുദ്ധത്തിന്റെ ആവശ്യമില്ലെന്നു വരുന്നതുവരെ ഈ നയം സ്വീകരിക്കേണ്ടതാണ്.
5) യുദ്ധംമുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അവരുടെ അക്രമങ്ങള്‍ക്കു പ്രതികാര നടപടി എടുത്ത് ഇസ്‌ലാമിനു വിജയം നല്‍കുവാനും അല്ലാഹുവിനു വേണമെങ്കില്‍ കഴിയും. പക്ഷേ, അവനതു ചെയ്യാത്തതു സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത ആദിയായ ഗുണങ്ങള്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാകുന്നു. ‘നിങ്ങളില്‍നിന്നും സമരം ചെയ്തവരെയും, ക്ഷമാശീലന്‍മാരെയും വേര്‍തിരിച്ചറിയാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? (أَمۡ حَسِبۡتُمۡ أَن تَدۡخُلُوا۟ ٱلۡجَنَّةَ وَلَمَّا یَعۡلَمِ ٱللَّهُ ٱلَّذِینَ جَـٰهَدُوا۟ مِنكُمۡ وَیَعۡلَمَ ٱلصَّـٰبِرِینَ) എന്നു സൂഃ ആലുഇംറാന്‍ 142ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. താഴെ 31-ാം വചനത്തിലും ഈ പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ട്.
6) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ കൊല്ലപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – തൗഹീദിന്റെ വാക്യം ഉന്നതിപ്പെടുത്തുവാനുള്ള ധര്‍മ്മയുദ്ധത്തില്‍ – രക്തസാക്ഷികളായവരുടെ കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കാതെ അവന്‍ തക്കതായ പ്രതിഫലം നല്‍കുകയും, അവരുടെ സ്ഥിതിഗതികള്‍ നന്നാക്കിത്തീര്‍ക്കുകയും, അവര്‍ക്കു നേരത്തെത്തന്നെ – ഖുര്‍ആന്‍വഴിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴിയും – പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശ്രേഷ്ടതയെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു തങ്ങളുടെ മരണം യാതൊരു തരത്തിലും നഷ്ടകരമല്ലെന്നു മാത്രമല്ല, വമ്പിച്ച ഭാഗ്യം കൂടിയായിരിക്കുന്നതാണ്.
യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകില്‍ ദയ നല്‍കി വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യത്തിന്‍മേല്‍ വിട്ടയക്കുക എന്നീ രണ്ടു കാര്യങ്ങളാണു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് : എന്നാല്‍, അതിനുപുറമെ, കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ടു കാര്യങ്ങള്‍കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ഖുലഫാഉറാശിദീന്റെയും കാലത്തു നടന്നിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായവ്യത്യാസങ്ങളും കാണാം. പ്രസ്തുത അഭിപ്രായങ്ങളും, ഓരോന്നിന്റെ തെളിവുകളും, വിശദീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതില്‍ വലിയ പ്രയോജനവും കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിരുപാധികം വിടുകയോ, മോചനമൂല്യം വാങ്ങിവിടുകയോ മാത്രമേ പാടുള്ളൂ – ഏതു പരിതസ്ഥിതിയിലും മറ്റൊരു മാര്‍ഗ്ഗവും സ്വീകരിച്ചുകൂടാ – എന്നു കര്‍ശനമായി ശാസിക്കുകയല്ല ഈ ആയത്തിന്റെ താല്‍പര്യമെന്നും, കേവലം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കലാണ് ഉദ്ദേശ്യമെന്നും, അതതു സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകള്‍ക്കു കൂടുതല്‍ ഗുണകരം ഏതാണോ അതു സ്വീകരിക്കുവാന്‍ നേതാവിനു സ്വാതന്ത്രമുണ്ടെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ചുകൊണ്ട് മര്‍ഹും സയ്യിദ് ഖുത്ത്ബ് (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയ ചില കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. അവയുടെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നതു പ്രയോജനകരമായിരിക്കും. അതിങ്ങിനെ വിവരിക്കാം:- യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ ഒന്നുകില്‍ ദാക്ഷിണ്യം കാണിച്ചു വിട്ടയക്കുക അല്ലെങ്കില്‍ മോചനമൂല്യം നിശ്ചയിച്ചു വിട്ടുകൊടുക്കുക (الفِدَآءً) എന്നീ രണ്ടു കാര്യം മാത്രമാണു ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ പൊതുനയം. മറ്റുള്ളതെല്ലാം, ബന്ധനത്തിലകപ്പെട്ടവരെ സംബന്ധിക്കുന്ന പ്രത്യേക പരിതസ്ഥിതികളെ മുന്‍നിറുത്തി മാത്രം അനുവര്‍ത്തിക്കപ്പെട്ട നടപടികളായിരുന്നു. അങ്ങിനെയുള്ള ഏതെങ്കിലും പരിതസ്ഥിതികള്‍ നേരിടുമ്പോള്‍, അവയില്‍ കരണീയവും യുക്തവുമായതു സ്വീകരിക്കാമെന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും, സഹാബികളുടെയും ചര്യകള്‍ കാട്ടിത്തരുന്നത്. അല്ലാതെ അവയൊന്നും ഇസ്‌ലാമിലെ സ്ഥിരമായ നയങ്ങളെന്ന നിലക്കല്ല. ഇസ്‌ലാമിന്റെ സ്ഥിരമായ പൊതുനിയമം ഈ ആയത്തില്‍ കാണുന്ന രണ്ടു കാര്യങ്ങളിലൊന്നു സ്വീകരിക്കുക എന്നുള്ളതാണ്. (ملخصا من ظلال القرآن)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സഹാബത്തിന്റെയും കാലത്തു ഈ രണ്ടു കാര്യങ്ങള്‍ക്കുപുറമെ ഉണ്ടായിട്ടുള്ള മറ്റു നടപടികളെപ്പറ്റി ശരിക്കു പരിശോധിക്കുമ്പോള്‍ ഈ സംഗതി ബോധ്യമാകുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കു വിധിച്ചവരുടെ കാര്യം എടുക്കുക: യുദ്ധത്തില്‍ പങ്കെടുത്തവരെന്ന നിലക്കും ബന്ധനത്തിലകപ്പെട്ടവരെന്ന നിലക്കും മാത്രമല്ല അവരെ വധിച്ചതെന്നു കാണാം. വധിക്കപ്പെട്ട ഓരോ വ്യക്തിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്‌ലാമിനും എതിരില്‍ പ്രകോപനപരവും കടുത്തതുമായ ഉപദ്രവത്തില്‍ പേരെടുത്തവരായിരുന്നു. യുദ്ധത്തിലല്ലാതെ മറ്റു പ്രകാരത്തില്‍ പിടി കിട്ടിയാലും അവര്‍ വധിക്കപ്പെടേണ്ടവരുമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കുവിധിച്ച നള്വ്-ര്‍, ഉഖ്ബഃ, ഇബ്നു ഖത്വല്‍ കവിയായിരുന്നു അബൂഅസ്സഃ (نضر بن الحارث, عقبة بن ابي معيط, ابن خطل, ابو عزة الشاعر) മുതലായി കൊല്ലപ്പെട്ട ഓരോരുത്തരുടെയും ചരിത്രത്തില്‍ നിന്നു ഇതു വ്യക്തമായി മനസ്സിലാക്കാം. ഖുറൈളഃ ഗോത്രക്കാരായ യഹൂദികളാകട്ടെ, കരാറുലംഘനം, കുതന്ത്രം, അട്ടിമറി ആദിയായവ പതിവാക്കിയവരായിരുന്നു. മാത്രമല്ല, അവരുടെ ആവശ്യപ്രകാരം അവര്‍തന്നെ സ്വീകരിച്ച ഒരു മദ്ധ്യസ്ഥന്‍ (സഅ്ദുബ്നു മുആദ്-(رضي الله عنه)) തീരുമാനിച്ച വിധി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തതും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, ഖുലഫാഉറാശിദീനാകട്ടെ, യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ, കൊലക്കു വിധിച്ചിട്ടുള്ള ഏതൊരു സംഭവം നോക്കിയാലും യുദ്ധത്തില്‍ പങ്കെടുത്തതല്ലാത്ത ഒരു പ്രത്യേക കാരണം അതിനു പിന്നിലുണ്ടായിരിക്കുന്നതാണ്. യുദ്ധക്കളത്തില്‍നിന്നു പിന്തിരിഞ്ഞോടുന്നവരെയും, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെയും കൊല്ലരുതെന്നും, യുദ്ധത്തില്‍ മുറിയേറ്റു കിടക്കുന്നവരെ ജീവഹാനി വരുത്തരുതെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കര്‍ശനമായി വിരോധിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.
ബന്ധനത്തില്‍പെട്ടവരെ അടിമകളാക്കിയ പരിതസ്ഥിതികള്‍ പരിശോധിച്ചാലും അങ്ങിനെത്തന്നെ. യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരുന്നു. മുസ്‌ലിംകളില്‍നിന്നു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കള്‍ അടിമകളാക്കുന്ന ആ പരിതസ്ഥിതി നിലവിലുള്ളപ്പോള്‍, ശത്രുക്കളില്‍നിന്നു പിടിക്കപ്പെടുന്ന ചിലരിലും അതു അനുവര്‍ത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി, അവരില്‍ നിന്നു ബന്ധനത്തിലകപ്പെട്ടവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താവ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനികനയം മറുഭാഗക്കാരില്‍ ഇല്ലാത്തപക്ഷം മുസ്‌ലിംകളും അതു ഉപയോഗിക്കുന്നതല്ല. അതേസമയത്തു യുദ്ധശാലികളല്ലാത്തവരെ – സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരെ – യാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷിക്കുന്നവരായിരിക്കും അവര്‍. ആ സ്ഥിതിക്കു അവരെ അടിമകളാക്കുക എന്നതിന്റെ അര്‍ത്ഥം ഒരു കണക്കിനു അവരുടെ രക്ഷാകര്‍ത്തൃത്വം മുസ്‌ലിംകള്‍ ഏറ്റെടുക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണു അനുഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതും, പൂര്‍വ്വ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതിയുമാണതിനു കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തുതയാണ് ഇത്. ‘ജാഹിലിയ്യ’ത്തില്‍ സ്വതന്ത്രരായിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനെക്കാള്‍ മെച്ചമായിട്ടാണ് മുസ്‌ലികളുടെ കീഴില്‍ അവര്‍ അടിമകളെന്ന പേരില്‍ ജീവിച്ചുവന്നിട്ടുള്ളതെന്നതു ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂര്‍വ്വം അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുവാനുള്ള സുഗമമാര്‍ഗ്ഗങ്ങളാകട്ടെ, ഇസ്ലാമില്‍ കുറച്ചൊന്നുമല്ലതാനും. ഇവിടെ അതൊന്നും വിവരിക്കേണ്ടുന്ന സന്ദര്‍ഭമല്ലാത്തതുകൊണ്ടു ദീര്‍ഘിപ്പിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍, യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരുടെ കാര്യത്തില്‍ ഇസ്‌ലാമിന്റെ സ്ഥിരമായ നിയമവും, പൊതുനിയമവും അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതാണ്. അതായതു ഒന്നുകില്‍ ദയാപൂര്‍വ്വം വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങിവിടുക. എനി, വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നന്മയോ നോക്കുമ്പോള്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു മറ്റു രണ്ടു നയങ്ങളും – വധവും അടിമത്തവും – സ്വീകരിക്കുവാന്‍ നേതാവിനു വിരോധമില്ലാത്തതുമാകുന്നു. الله أعلم സത്യവിശ്വാസികളോടു അല്ലാഹു പറയുന്നു:-
47:7
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ٧
- ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ
അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. അബൂമൂസല്‍ അശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിക്കപ്പെട്ടു: മനുഷ്യന്‍ ധീരത നിമിത്തം യുദ്ധം ചെയ്യുന്നു: രോഷം നിമിത്തം യുദ്ധം ചെയ്യുന്നു; ശ്രുതിക്കുവേണ്ടി യുദ്ധം ചെയ്യുന്നു; ഇതില്‍ ഏതാണു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ളതു? തിരുമേനി പറഞ്ഞു : അല്ലാഹുവിന്റെ വാക്യം ഉന്നതമായതാകുവാന്‍ വേണ്ടി ആര്‍ യുദ്ധം ചെയ്തുവോ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്.’ (ബു; മു.)
47:8
- وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ ٨
- അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
- وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
47:9
- ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ ﴾٩﴿
- അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
- ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ
അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ പ്രീതിയെ ലക്ഷ്യമാക്കാതെയുമുള്ള കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമാക്കിയിട്ടുള്ളതാണ്.
47:10
- أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا ١٠
- അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.
- أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട് أَمْثَالُهَا അവപോലുള്ളത്
47:11
- ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ ١١
- അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതു കൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു.
- ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു
ഉഹ്ദുയുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കു പരാജയം പിണഞ്ഞപ്പോള്‍ മുശ്രിക്കുകള്‍ വിളിച്ചു പറയുകയുണ്ടായി: يَوْمٌ بِيَوْمِ : لَنَا العُزَّى وَلاَ عُزَّى لَكُمْ (ഒരു ദിവസത്തിനൊരു ദിവസം! ഞങ്ങള്‍ക്കു ‘ഉസ്സാ’യുണ്ട്. നിങ്ങള്‍ക്കു ‘ഉസ്സാ’ ഇല്ലതാനും.) അതായത്, ബദ്റില്‍ ഞങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഉഹ്ദില്‍ ഞങ്ങള്‍ വിജയിച്ചു. ഞങ്ങളെ സഹായിക്കുവാന്‍ ഞങ്ങളുടെ ‘ഉസ്സാ’ എന്ന ദൈവം (വിഗ്രഹം) ഉണ്ട്. നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ല. എന്നു താല്‍പര്യം. ഈ അവസരത്തില്‍ അതിനു മറുപടിയായി ഇങ്ങിനെ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളോടു കല്‍പിച്ചു : اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ (അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും.) ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചതെന്നു ഖത്താദഃ (رحمه الله) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
