സൂറത്തുല്‍ അഹ്ഖാഫ് : 29-35
- വെളിച്ചം റമദാന്‍ ഡേ-4 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 04 – ആയത്ത് 29 മുതല്‍ 35 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ
പരായണം
വിശദീകരണം
സൂറത്തുല്‍ അഹ്ഖാഫ് : 29-35
46:29
- وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ٢٩
- (നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, ‘നിശ്ശബ്ദമായിരിക്കുവിന്‍’ എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി.
- وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി
പത്തില്‍ കുറഞ്ഞ സംഘത്തിനാണ് نَفَر (നഫര്‍) എന്ന വാക്കു അധികവും ഉപയോഗിക്കാറുള്ളത്. ഈ സംഘത്തില്‍ എത്ര ആളുകളുണ്ടായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതില്‍ ആവേശഭരിതരാകുക മാത്രമല്ല, സ്വജനങ്ങളില്‍ ചെന്നു – അടുത്ത വചനങ്ങളില്‍ കാണുന്നതുപോലെ – അവരെ അതുവഴി സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നും ഖുര്‍ആന്‍ കേട്ടമാത്രയില്‍, മനുഷ്യേതരവര്‍ഗ്ഗമായ ജിന്നുകള്‍ക്കുപോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാല്‍ സ്വവര്‍ഗ്ഗവും സ്വന്തം ജനതയുമായ അറബി മുശ്രിക്കുകള്‍ അതേ ഖുര്‍ആന്റെ നേരെ സ്വീകരിച്ച നിലപാടു എത്ര ശോചനീയം! ജിന്നുകള്‍ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക:
46:30
- قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ٣٠
- അവര്‍ പറഞ്ഞു: ‘നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അതു വഴികാട്ടുന്നു.’
- قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും
‘മൂസാ (عليه السلام) നബിയുടെ ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം’ എന്നു പറഞ്ഞതില്‍നിന്ന് ആ ജിന്നുകള്‍ തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കുവാന്‍ ന്യായമുണ്ട്. ഇവര്‍ യഹൂദരായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടുകാണുന്നതും ഇതുകൊണ്ടായിരിക്കും. മുന്‍ വേദഗ്രന്ഥങ്ങളില്‍ – ഒരു ‘ശരീഅത്തു’ നിയമസംഹിത എന്ന നിലക്കും മറ്റും – തൗറാത്തിനുള്ള മുന്‍ഗണനനിമിത്തമാണ് അങ്ങിനെ പറഞ്ഞതെന്നും വരാന്‍ സാധ്യതയുണ്ട്. الله أعلم
ജിന്നുകള്‍ തുടരുന്നു:
46:31
- يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ٣١
- ‘ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്.
- يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ.
46:32
- وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ ٣٢
- ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു.
- وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ
അഹ്മദ്, ബുഖാരീ, മുസ്ലിം, തിര്‍മദീ, നസാഈ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്: ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ചില സഹാബികളൊന്നിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സൂഖുഉക്കാള്വി’ (سوق عكاظ)ലേക്കു പോയി. പിശാചുക്കള്‍ ആകാശത്തുനിന്നു കട്ടുകേള്‍ക്കുന്നതു അഗ്നിജ്വാല മൂലം തടയപ്പെട്ടിട്ടുണ്ടായിരുന്നു.’ ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടു ജിന്നുകളില്‍ പലരും പല ഭാഗത്തേക്കും പോകുകയുണ്ടായി. തിഹാമഃ (*) യുടെ ഭാഗത്തേക്കു പോയിരുന്ന ജിന്നുകള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും നഖ്‌ലഃ (نخلة)യിലെത്തിയിരുന്നപ്പോള്‍ അവിടെ അവരുമായി ഒത്തുകൂടി. നമസ്കാരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ ഓതുന്നതു അവര്‍ കേട്ടു. ഇതുതന്നെയാണ് (അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞതാണ്) തങ്ങള്‍ ആകാശത്തു നിന്നും തടയപ്പെടുവാന്‍ കാരണമെന്നു അവര്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു അവരെ വിവരമറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഈ വിവരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിഞ്ഞതു വഹ്‌യുമൂലമായിരുന്നു.’
(*) ഹിജാസിന്റെ പടിഞ്ഞാറെ കടലോരപ്രദേശങ്ങളാണ് തിഹാമഃ
പ്രസ്തുത ജിന്നുകളെക്കുറിച്ച് വഹ്‌യുമുഖേനയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാന്‍ കഴിഞ്ഞതെന്നാണല്ലോ ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെ മേലുദ്ധരിച്ച ഹദീസിലുള്ളത്. എന്നാല്‍ അഹ്മദു, തിര്‍മദീ, മുസ്ലിം, അബൂദാവുദ് (رحمهم الله) എന്നിവര്‍ അബ്ദുല്ലാഹിബ്നു മസ്ഊദു (رضي الله عنه) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണു: ‘തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിന്നുകളെ കണ്ട അവസരത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ഒരു രാത്രി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ കൂട്ടത്തില്‍നിന്നു കാണാതായി. ഞങ്ങള്‍ അന്വേഷിക്കുകയും, വിവരം കിട്ടാതെ പരിഭ്രമത്തിലാവുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിറാമലയുടെ ഭാഗത്തുനിന്നു വരികയുണ്ടായി. അവിടുന്നു പറഞ്ഞു: ‘ജിന്നുകളുടെ ദൂതന്‍ എന്റെ അടുക്കല്‍ വന്ന് എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്ന് അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിച്ചു. ‘പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവര്‍ വന്നതിന്റെ ചില അടയാളങ്ങള്‍ കാട്ടിത്തന്നു.’ കൂടാതെ, ഇബ്നു അബ്ബാസ് (رضي الله عنهما) ല്‍ നിന്നുതന്നെ, ഇബ്നു ജരീറും, ത്വബ്റാനീ (رحمهما الله) യും ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍, ആ ജിന്നുകള്‍ ‘നസ്വീബീന്‍’ ദേശക്കാരായിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അവരുടെ ജനതയിലേക്കു ഉപദേഷ്ടാക്കളായി അയച്ചുവെന്നും പ്രസ്താവിച്ചിട്ടുമുണ്ട്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന് ഖുര്‍ആന്‍ കേള്‍ക്കുകയോ, ഉപദേശം കേള്‍ക്കുകയോ ചെയ്തതിനെ സംബന്ധിക്കുന്ന വേറെയും ധാരാളം ഹദീസുകള്‍ ഉണ്ട്. അവ മിക്കതും ഇബ്നുകഥീര്‍ (رحمه الله) തന്റെ തഫ്സീറില്‍ ഉദ്ധരിച്ചുകാണാം. അതെല്ലാം പരിശോധിക്കുമ്പോള്‍, ജിന്നുകളുടെ വരവു ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തമായിരുന്നപ്പോഴും, അല്ലാത്തപ്പോഴും, വരവിനെപ്പറ്റി അറിഞ്ഞും, അറിയാതെയും ഉണ്ടായിട്ടുണ്ടെന്നും മനസ്സില്ലാക്കുവാന്‍ സാധിക്കും. സൂക്ഷ്മാന്വേഷികളായ പല മഹാന്മാരും പ്രസ്തുത ഹദീസുകളില്‍നിന്നു അതാണ് മനസ്സിലാക്കിയിട്ടുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന ജിന്നുകളുടെ എണ്ണത്തിലും അവരെ കണ്ട സ്ഥലത്തിലും ഹദീസുകളില്‍ വ്യത്യസ്ഥ പ്രസ്താവനകള്‍ ഉണ്ടാകുവാനുള്ള കാരണവും അതാണ്. ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. രണ്ടു പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ജിന്നുകള്‍ ചെന്നിട്ടുണ്ടെന്നു ഇബ്നു അബ്ബാസു (رضي الله عنهما) പ്രസ്താവിച്ചതായി ത്വബ്റാനീ (رحمه الله) ഉദ്ധരിച്ചിട്ടുമുണ്ട്. (رواه في الاوسط)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനെപ്പറ്റി ജിന്നുകള്‍ ആദ്യമായി അറിയാനിടവന്ന സംഭവത്തെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെ ഹദീസില്‍ പ്രസ്താവിച്ചതെന്നും, ആ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കണ്ടില്ലെന്നും (വഹ്‌യുമൂലമാണ് അതറിഞ്ഞതെന്നും), പിന്നീടു മറ്റൊരു പ്രാവശ്യം ജിന്നുകളുടെ ദൂതന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വന്നു ക്ഷണിച്ചതനുസരിച്ചു അവിടുന്നു അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിക്കുകയുണ്ടായെന്നും. അതാണ് ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിച്ച സംഭവമെന്നും ഇമാം ബൈഹഖീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. (كما في الفتح وابن كثير)
ഇന്നത്തെ ‘പുരോഗമന’ വാദക്കാരുടെ ‘പരിഷ്കൃതാശയ’ങ്ങളില്‍ ഒന്നാണല്ലോ ജിന്നുവര്‍ഗ്ഗത്തിന്റെ നിഷേധം. ജിന്നുകള്‍ എന്നു പറയുന്നതു ചില അപരിഷ്കൃത മനുഷ്യവര്‍ഗ്ഗമാണെന്നാണ് അവരുടെ വാദം. ഈ വാദത്തിനു വേണ്ടി വളരെ ഖുര്‍ആന്‍ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാനും, നിരവധി ഹദീസുകളെ കണ്ണു ചിമ്മി നിഷേധിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നതും നാം കാണാറുണ്ട്. അക്കൂട്ടത്തില്‍, ഇവിടെ (29-ാം വചനത്തില്‍) പ്രസ്താവിച്ച ജിന്നുകളുടെ സംഘം (نَفَرًا مِّنَ الْجِنِّ) കൊണ്ടുദ്ദേശ്യവും മനുഷ്യര്‍ തന്നെയാണെന്നു ഇവര്‍ പറയുന്നു. മക്കാമുശ്രിക്കുകളുടെ ഉപദ്രവത്തെ ഭയന്നു പട്ടണത്തിലേക്കു വരുവാന്‍ ധൈര്യപ്പെടാത്ത ഏതോ അന്യദേശക്കാരായിരുന്നു അതെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പട്ടണത്തിനു വെളിയില്‍വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തുകയാണ് അവര്‍ ചെയ്തിരുന്നതെന്നും, ആ സംഭവമാണ് ഇവിടെ പ്രസ്താവിച്ചതെന്നുമാണ് അവരില്‍ ചിലരുടെ പുതിയ കണ്ടുപിടുത്തം. എന്നാല്‍, സൂ: ജിന്നിലെ ആദ്യവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതിനെപ്പറ്റി പറയുന്നതു ഇങ്ങിനെയാണ്: قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ (ജിന്നുകളില്‍ നിന്നൊരു കൂട്ടര്‍ ശ്രദ്ധിച്ചു കേട്ടുവെന്നു എനിക്കു വഹ്‌യു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറയുക). അപ്പോള്‍, ജിന്നുകള്‍ ഖുര്‍ആനിലേക്കു ശ്രദ്ധകൊടുത്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുന്നതു വഹ്‌യു മുഖേനയാണല്ലോ. ഈ സംഗതി ഇബ്നു മസ്ഊദ് (رضي الله عنه) ല്‍ നിന്നു നാം ഒന്നാമതായി ഉദ്ധരിച്ച ഹദീസിലും പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെങ്കില്‍, ആ സംഭവത്തെക്കുറിച്ചുതന്നെയാണ് ഈ പറഞ്ഞിരിക്കുന്നത്. അതല്ല – ഹദീസുകളില്‍നിന്നും മഹാന്മാരുടെ പ്രസ്താവനകളില്‍നിന്നും മനസ്സിലാകുന്നതുപോലെ – ഒന്നിലധികം പ്രാവശ്യം അതു സംഭവിച്ചിട്ടുണ്ടെങ്കില്‍, അവയില്‍ ആദ്യത്തേതിനെക്കുറിച്ചായിരിക്കും ഈ പറഞ്ഞിരിക്കുന്നത്. ഇവര്‍ ജല്‍പ്പിക്കുന്നതുപോലെ, ജിന്നുകളുടെ സംഘം എന്നു പറഞ്ഞതിന്റെ വിവക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ഏതോ ഒരു വിഭാഗം മനുഷ്യന്മാരായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കാണാതിരിക്കുന്നതെങ്ങിനെ?! ഒരു സംഘം മനുഷ്യന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കൂടിക്കാഴ്ച നടത്തുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആന്‍ കേള്‍ക്കുകയും, അവര്‍ നാട്ടില്‍ ചെന്നു അതുപ്രകാരം പ്രബോധനം നടത്തുകയും ചെയ്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വന്നപ്പോള്‍ മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളുവെന്നു പറയുവാന്‍ ബുദ്ധിയുള്ളവരാരെങ്കിലും മുതിരുമോ?!
ചുരുക്കത്തില്‍, ജിന്നു എന്നു ഒരു പ്രത്യേക വര്‍ഗ്ഗമില്ലെന്ന ഇവരുടെ വാദത്തില്‍ നിന്നു ഉത്ഭവിച്ച അനേകം പൊള്ളയായ വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ് ഇതും. അതുകൊണ്ടു അതിനെപ്പറ്റി ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ച് ഖുര്‍ആന്റെയും , ഹദീസിന്റെയും പ്രസ്താവനകള്‍ക്കു എതിരായി ഈ ‘പുരോഗമനക്കാര്‍’ ഇറക്കുമതി ചെയ്തിട്ടുള്ള എല്ലാ നവീനവാദങ്ങളെയും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം ശക്തിയുക്തം ഖണ്ഡിച്ചു കഴിഞ്ഞതാണ്. ഖുര്‍ആനിലും ഹദീസിലും യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഏതൊരു സത്യാന്വേഷിക്കും മതിയായ തെളിവുസഹിതം ജിന്നുകളെ സംബന്ധിച്ച പല വിവരങ്ങളും അതില്‍ നാം ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അവിടെ നോക്കുക.
46:33
- أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ٣٣
- അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവന്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
- أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതുകൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്
46:34
- وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ٣٤
- അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) ‘ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!’
അവര്‍ പറയും: ‘(അതെ) അല്ലാതേ – ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!’ അവന്‍ [റബ്ബ്] പറയും: ‘എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!’. - وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവന്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക
സത്യനിഷേധികളുടെ പര്യവസാനം മേല്‍വിവരിച്ച പ്രകാരമായിരിക്കും. എങ്കിലും, തല്‍ക്കാലം ഭൂമിയില്‍ വെച്ച് അവര്‍ മൂലം സത്യവിശ്വാസികള്‍ക്കു കുറെ സ്വൈര്യക്കേടും ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കുമല്ലോ. അതു കൊണ്ടു ക്ഷമ കൈക്കൊള്ളുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുന്നു:-
46:35
- فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ ٣٥
- ആകയാല്‍, ‘റസൂലു’കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല].
- فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ …. പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത (പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
أُولُو الْعَزْمِ (ദൃഢമനസ്കതയുള്ളവര്‍) എന്ന വിശേഷണം എല്ലാ മുര്‍സലുകളെയും പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, മുര്‍സലുകളില്‍ പ്രധാനികളായ ചിലരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും വരാം. ഇങ്ങിനെ രണ്ടഭിപ്രായങ്ങളും ഇവിടെയുണ്ട്. ഒന്നാമത്തേതനുസരിച്ച് مِنَ الرُّسُلِ (‘മിന-ര്‍-റുസൂലി’) എന്ന വാക്കിനു ‘റസൂലുകളാകുന്ന’ എന്നും, രണ്ടാമത്തേതനുസരിച്ച് ‘റസൂലുകളില്‍ നിന്നുള്ള’ എന്നും അര്‍ത്ഥമാക്കുന്നതു നന്നായിരിക്കും. രണ്ടര്‍ത്ഥത്തിനും സാധ്യതയുണ്ടുതാനും. രണ്ടാമത്തെ അഭിപ്രായക്കാരില്‍ ചിലര്‍ പറയുന്നത്, സൂ: അന്‍ആം 83 – 90ല്‍ പേരു പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ‘ദൃഢമനസ്കരായ റസൂലുകള്‍’ (أُولُو الْعَزْمِ مِنَ الرُّسُلِ) എന്നാകുന്നു. വേറെ ചില അടിസ്ഥാനത്തില്‍ മറ്റു ചിലര്‍, ഒമ്പതെന്നും , ആറെന്നും , അഞ്ചെന്നും പറയുന്നവരുമുണ്ട്. അഞ്ചു പേരാണെന്ന അഭിപ്രായ പ്രകാരം നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസ (عليهم السلام) എന്നിവരുമാണത്. സൂ: ശൂറാ 13-ാം വചനത്തിലും, സൂ: അഹ്സാബ് 7-ാം വചനത്തിലും ഈ അഞ്ചു പേരെപ്പറ്റിയും അവരുടെ പേരു പറഞ്ഞുകൊണ്ടു പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിനാണു കൂടുതല്‍ ന്യായം കാണുന്നത്. الله أعلم
പരലോകജീവിതത്തിലെ ശിക്ഷകളും ഒടുക്കമില്ലാത്ത അനുഭവങ്ങളും കാണുമ്പോള്‍ മുമ്പ് തങ്ങള്‍ക്കു കഴിഞ്ഞു പോയ ഐഹികജീവിതം എത്രയോ തുച്ഛമായിരുന്നതായി അവര്‍ക്കു തോന്നും. അതെ, ഒരു പകലിന്റെ ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ഭൂമിയില്‍ താമസിച്ചിട്ടുള്ളുവെന്നപോലെ അനുഭവപ്പെടും. സൂറത്തിന്റെ അവസാനത്തിലെ ചോദ്യം വളരെ അര്‍ത്ഥഗര്‍ഭമാകുന്നു. അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് ദുര്‍ന്നടപ്പിലും, തോന്നിയവാസത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്കു കനത്ത ഒരു താക്കീതാണത്.
[اللهم لك الحمد ولك المنة والفضل]
