സൂറത്തുല്‍ അഹ്ഖാഫ് : 21-28
- വെളിച്ചം റമദാന്‍ ഡേ-3 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 03 – ആയത്ത് 21 മുതല്‍ 28 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ
പരായണം
വിശദീകരണം
സൂറത്തുല്‍ അഹ്ഖാഫ് : 21-28
വിഭാഗം – 3
46:21
- وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ٢١
- ആദ്(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, ‘അഹ്ഖാഫി’ല്‍വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു’ എന്ന്.
- وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച
യമനിന്റെയും, ഹളര്‍മൗത്തിന്റെയും ഇടയ്ക്കു അറേബ്യായുടെ തെക്കേ കടലോരപ്രദേശങ്ങളില്‍ (*) പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികളാണ് അഹ്ഖാഫ് (الْأَحْقَاف) ഹൂദ് (عليه السلام) നബിയുടെ ജനതയായ ആദ് ഗോത്രത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റു പല പ്രവാചകന്മാരും ചെയ്തതുപോലെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ വിവരിക്കുന്നത്. (ആദിനെക്കുറിച്ച് സൂ: ശുഅറാഉ് 123 – 140 വചനങ്ങളില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക.)
(*) ഭൂപടം 8 നോക്കുക.
46:22
- قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ٢٢
- അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക – നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!’
- قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍
46:23
- قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ٢٣
- അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും, (അതിന്റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു’.
- قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന
ഹൂദ് (عليه السلام) നബിയുടെ ഉപദേശത്തിന്റെയും, അതിനു അവരില്‍നിന്നുണ്ടായ പ്രതികരണത്തിന്റെയും രത്നച്ചുരുക്കമാണിത്. അവര്‍ക്കു ഭവിച്ച ശിക്ഷയെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, ഒരു കാര്‍മേഘം ചക്രവാളത്തില്‍ പൊന്തിവരുന്നതു അവര്‍ കാണുകയുണ്ടായി. ഇതവരുടെ ശിക്ഷയുടെ മുന്നോടിയായിരുന്നു.
46:24
- فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ٢٤
- അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!’ ‘(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്!
- فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
46:25
- تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ٢٥
- ‘(ആ കാറ്റ്) അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!’ അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
- تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക്
ഏഴു രാവും എട്ടു പകലും നീണ്ടുനിന്ന അത്യുഗ്രമായ ആ കൊടുങ്കാറ്റ് അവരെ മുഴുവനും നാമാവശേഷമാക്കി; അവരുടെ വാസസ്ഥലമായ ആ പ്രദേശം ഒഴിച്ചു മറ്റെല്ലാം നശിച്ചുപോയി എന്നു സാരം. ആയിശാ (رضي الله عنها) നിവേദനം ചെയ്യുന്നു: ശക്തിയായി കാറ്റടിച്ചു തുടങ്ങിയാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നു:
اللَّهمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيْهَا، وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوْذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيْهَا، وَشَرِّ مَا أُرْسِلَتْ بِهِ
(അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇതു അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു.) അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, തിരുമേനിക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക് ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്നു ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ!’ (മു; തി; ന.) ആപല്‍സാധ്യതയുള്ള വല്ല സംഭവങ്ങളും കാണുമ്പോള്‍, ആപത്തിനെ ഭയപ്പെടുകയും, വിനയത്തോടും ഭക്തിയോടുംകൂടി അല്ലാഹുവോടു രക്ഷക്കപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ആപത്തുകള്‍, എപ്പോഴാണു, എങ്ങിനെയൊക്കെയാണു സംഭവിക്കുകയെന്നു നമുക്കറിയുകയില്ലല്ലോ. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-
46:26
- وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ٢٦
- നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്റെ ‘ആയത്തു’ [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
- وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും
സാരം: കയ്യൂക്ക്, മെയ്യൂക്ക്, സാമ്പത്തികാഭിവൃദ്ധി മുതലായ പലതിലും നിങ്ങളെക്കാള്‍ മികച്ചവരായിരുന്നു അവര്‍. കാര്യങ്ങള്‍ കണ്ടറിയുവാനുള്ള കണ്ണും കരുത്തും ബുദ്ധി ശക്തിയുമെല്ലാം അവര്‍ക്കുണ്ടായിരുന്നു. അതൊന്നും അവര്‍ വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയില്ല. നമ്മുടെ സന്ദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ നിഷേധിച്ചു. അവയെപ്പറ്റി ചിന്തിച്ചതേയില്ല. താക്കീതുകളെ പരിഹസിക്കയും ചെയ്തു. അങ്ങനെ, അവര്‍ക്കു താക്കീതു ചെയ്യപ്പെട്ട ശിക്ഷ അവരെ വലയം ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങള്‍ നിങ്ങള്‍ക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു.
വിഭാഗം – 4
46:27
- وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ٢٧
- നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, ‘ആയത്തു’ [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ് കാരണം.]
- وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ
46:28
- فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ ٢٨
- അല്ലാഹുവിനുപുറമെ (അവങ്കലേക്ക്) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കെട്ടിച്ചമചിരുന്നതുമത്രെ.
- فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും
ഹിജാസിന്റെ തെക്കു ഭാഗത്തായിരുന്ന അഹ്ഖാഫിലെ നിവാസികളായ ആദിന്റെ ശിക്ഷയെക്കുറിച്ചു മുകളില്‍ പ്രസ്താവിച്ചുവല്ലോ. കൂടാതെ, ഹിജാസിനും ശാമിനും ഇടയില്‍, അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം, ഫലസ്തീനിലെ സോദോം (സദൂം) നിവാസികളായിരുന്ന ലൂത്ത്വ് (عليه السلام) നബിയുടെ ജനത, യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍ മുതലായവരെല്ലാമാണ് ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ (مَا حَوْلَكُم) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൈവങ്ങള്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ സാമീപ്യസ്ഥാനം അവ നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളെല്ലാം വാദിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘സാമീപ്യകര്‍മ്മമായി ആരാധ്യ വസ്തുക്കളെ സ്വീകരിച്ച്’ (قُرْبَانًا آلِهَةً) എന്നു പറഞ്ഞത്. എന്നാല്‍, ശിക്ഷ വന്നപ്പോള്‍ ആ ദൈവങ്ങളുടെ യാതൊരു സഹായവും അവര്‍ക്കു ലഭിച്ചില്ലെന്നു മാത്രമല്ല, അവരെ ആ ഘട്ടത്തില്‍ കണ്ടെത്താന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. അപ്പോള്‍ ആ വാദം തനി കള്ളവും നുണയുമാണെന്നു തീര്‍ച്ച തന്നെ.
മനുഷ്യ വര്‍ഗ്ഗത്തില്‍ സത്യവിശ്വാസികളും, സത്യനിഷേധികളുമുള്ളതുപോലെത്തന്നെ, ജിന്നുവര്‍ഗ്ഗത്തിലുമുണ്ട്. അവരും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധ്യസ്ഥരാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യം ഒരു പ്രകാരത്തില്‍ അവരിലേക്കും ഉണ്ടായിരുന്നു. എന്നിങ്ങനെയുള്ള പല കാര്യങ്ങളും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ് അടുത്ത ആയത്തുകളില്‍ അല്ലാഹു ഉദ്ധരിക്കുന്നത്;-
