സൂറത്തുല്‍ അഹ്ഖാഫ് : 01-10
- വെളിച്ചം റമദാന്‍ ഡേ-1 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 10 വരെ
- വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ
സൂറത്തുല്‍ അഹ്ഖാഫ് : 01-20
അഹ്ഖാഫ്
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 35 – വിഭാഗം (റുകുഅ്) 4
[10, 15, 35 എന്നീ വചനങ്ങള്‍ ‘മദനി’യാണെന്നും പക്ഷമുണ്ട്]
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
46:1
- حمٓ ﴾١﴿
- ‘ഹാ-മീം’.
- حم ‘ഹാ-മീം’
46:2
- تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾٢﴿
- (ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു പ്രതാപശാലിയായ, അഗധാജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
- تَنزِيلُ الْكِتَابِ വേദഗ്രന്ഥത്തിന്റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവില്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗധാജ്ഞനായ
46:3
- مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ ﴾٣﴿
- ആകാശങ്ങളെയും, ഭൂമിയെയും, അവയുടെ ഇടയിലുള്ളതിനെയും കാര്യം (ഗൗരവ)ത്തോടും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടുംകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
- مَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും إِلَّا بِالْحَقِّ കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَالَّذِينَ كَفَرُوا അവിശ്വസിച്ചവരോ عَمَّا أُنذِرُوا അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്
46:4
- قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ ﴾٤﴿
- (നബിയേ) പറയുക: ‘നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവര്‍ ഭൂമിയില്‍ നിന്നു സൃഷ്ടിച്ചിരി ക്കുന്നതെന്നു നിങ്ങള്‍ എനിക്കു കാട്ടിത്തരുവിന്‍! അതല്ലെങ്കില്‍, ആകാശങ്ങളില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?! ഇതിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ, അല്ലെങ്കില്‍ അറിവി(ന്റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ [പ്രമാണമോ] എനിക്കു നിങ്ങള്‍ കൊണ്ടുതരുവിന്‍, നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!
- قُلْ പറയുക أَرَأَيْتُم നിങ്ങള്‍ കണ്ടുവോ مَّا تَدْعُونَ നിങ്ങള്‍ വിളിക്കുന്നവയെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَرُونِي നിങ്ങളെനിക്കു കാട്ടിത്തരുവിന്‍ مَاذَا خَلَقُوا അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അല്ലെങ്കില്‍ അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ ائْتُونِي നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍ بِكِتَابٍ ഒരു ഗ്രന്ഥത്തെ مِّن قَبْلِ هَـٰذَا ഇതിനുമുമ്പുള്ള أَوْ أَثَارَةٍ അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും) مِّنْ عِلْمٍ അറിവില്‍നിന്നു (അറിവിന്റെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
ആകാശഭൂമികളെയും അവയിലെ സൃഷ്ടികളെയും ഗൗരവമേറിയ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടി സൃഷ്ടിച്ചതാണെന്നും, ഓരോന്നിനും പ്രത്യേക പരിധിയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ടെന്നും, അവയുടെ സൃഷ്ടിയിലോ കൈകാര്യ നടത്തിപ്പിലോ മറ്റാര്‍ക്കും യാതൊരു പങ്കും അധികാരവുമില്ലെന്നും ഉണര്‍ത്തിയശേഷം, ശിര്‍ക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കില്‍ കൊണ്ടുവരുവാന്‍ മുശ്രിക്കുകളെ വെല്ലുവിളിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നതു നിങ്ങള്‍ക്കു സ്വീകാര്യമല്ലെങ്കില്‍, ഖുര്‍ആനു മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അല്ലെങ്കില്‍ പ്രാമാണികമായ ഏതെങ്കിലും തെളിവോ അതിനെ ന്യായീകരിക്കുന്നതായി നിങ്ങള്‍ക്കു കാണിച്ചുതരുവാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ! എന്നു സാരം.
46:5
- وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ ﴾٥﴿
- ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
- وَمَنْ أَضَلُّ അധികം വഴിപിഴച്ചവരാരാണ് مِمَّن يَدْعُو വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَن لَّا يَسْتَجِيبُ ഉത്തരം നല്‍കാത്തവരെ لَهُ തനിക്കു إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍വരേക്കു وَهُمْ അവരോ عَن دُعَائِهِمْ ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി غَافِلُونَ അശ്രദ്ധരാണ്
46:6
- وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ ﴾٦﴿
- (മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുന്നവരുമായിരിക്കും.
- وَإِذَا حُشِرَ ഒരുമിച്ചുകൂട്ടപ്പെട്ടാല്‍ النَّاسُ മനുഷ്യര്‍ كَانُوا അവരായിരിക്കും لَهُمْ أَعْدَاءً അവര്‍ക്കു ശത്രുക്കള്‍ وَكَانُوا അവരായിരിക്കയും ചെയ്യും بِعِبَادَتِهِمْ ഇവരുടെ ആരാധനയെ كَافِرِينَ നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ നിരര്‍ത്ഥതയാണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങള്‍ മാത്രമല്ല, അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ഖിയാമാത്തുനാള്‍ വരെ – ലോകാവസാനം വരെ- അവര്‍ ആ വിളിക്ക് ഉത്തരം ചെയ്കയില്ല. അതിരിക്കട്ടെ, വിളിക്കപ്പെടുന്നതു അവര്‍ അറിയുമോ? അതുമില്ല. ഇഹത്തിലെ സ്ഥിതിയാണിത്. എനി പരലോകത്തു എല്ലാവരും സമ്മേളിക്കുന്ന അവസരത്തിലോ? വിളിക്കപ്പെട്ടിരുന്നവര്‍ വിളിച്ചവരുടെ ശത്രുക്കളായിത്തീരുകയും, അവരുടെ ആ ആരാധനയെ – തങ്ങള്‍ അതറിയുകയോ അനുകൂലിക്കുകയോ ചെയ്യുന്നവരല്ലെന്നു – നിഷേധിച്ചു പറയുകയുമാണ് ചെയ്യുക! സൂ: അങ്കബൂത്ത് 25 ലും മറ്റും പ്രസ്താവിച്ച സംഗതികള്‍ ഇവിടെ അനുസ്മരിക്കുന്നതു നന്നായിരിക്കും.
46:7
- وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ ﴾٧﴿
- നമ്മുടെ ‘ആയത്തുകള്‍’ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, യഥാര്‍ത്ഥം തങ്ങള്‍ക്കു വന്നെത്തുന്ന അവസരത്തില്‍, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവര്‍ പറയും: ‘ഇതൊരു പ്രത്യക്ഷമായ ജാലമാണ്’ എന്ന്!
- وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല് عَلَيْهِمْ അവര്ക്കു, ഇവര്ക്കു ءَايَٰتُنَا നമ്മുടെ ആയത്തുകള് بَيِّنَاتٍ വ്യക്തങ്ങളായിട്ടു, തെളിവുകളായി قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവര് പറയും لِلْحَقِّ യഥാര്ത്ഥത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്ക്കു വന്ന അവസരം, വന്നപ്പോള് هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ പ്രത്യക്ഷമായ (തനി)
46:8
- أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٨﴿
- അതല്ല, ‘ഇതു അവന്‍ [നബി] കെട്ടിച്ചമച്ചിരിക്കയാണെന്നു അവര്‍ പറയുന്നുവോ? (അവരോടു) പറയണം: ‘ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെങ്കില്‍, അല്ലാഹുവില്‍ നിന്നു (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാന്‍) നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല. നിങ്ങള്‍ യാതൊന്നില്‍ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്. അവന്‍ മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്. അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവനുമത്രെ.
- أَمْ يَقُولُونَ അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍ فَلَا تَمْلِكُونَ എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല لِي എനിക്കു, എനിക്കുവേണ്ടി مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا യാതൊന്നിനും, ഒട്ടും هُوَ أَعْلَمُ അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു فِيهِ അതില്‍ كَفَىٰ بِهِ അവന്‍തന്നെ മതി شَهِيدًا സാക്ഷിയായി, കണ്ടറിയുന്നവനായി بَيْنِي എനിക്കിടയിലും وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَهُوَ അവന്‍, അവന്‍തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി
അല്ലാഹു എന്നെ യഥാര്‍ത്ഥത്തില്‍ റസൂലായി നിയോഗിച്ചതല്ല – ഞാന്‍ അവന്റെ പേരില്‍ കളവു കെട്ടിപ്പറയുകയാണ് – എന്നുവെക്കുക, എന്നാലവന്‍ തീര്‍ച്ചയായും എന്നെ അതികഠിനമായി ശിക്ഷിക്കാതിരിക്കയില്ല. അതു തടയുവാന്‍ നിങ്ങള്‍ക്കാവട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ കഴിയുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ നിലപാടാണ് ശിക്ഷാര്‍ഹമായിട്ടുല്ലത്. അല്ലാഹു അതു ശരിക്കും കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും. പക്ഷേ, നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം. നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യുന്നതാണ് എന്നു സാരം.
46:9
- قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ﴾٩﴿
- (നബിയേ) പറയുക: ‘ഞാന്‍ റസൂലുകളില്‍നിന്നും, (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാകട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ല. എനിക്കു ‘വഹ്യു’ [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
- قُلْ പറയുക مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല بِدْعًا ഒരു പുത്തന്‍, നവീനന്‍ مِّنَ الرُّسُلِ റസൂലുകളില്‍ നിന്നു وَمَا أَدْرِي എനിക്കറിയുകയുമില്ല مَا يُفْعَلُ بِي എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു وَلَا بِكُمْ നിങ്ങളെക്കൊണ്ടും ഇല്ല إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നിനെയല്ലാതെ يُوحَىٰ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെടുന്ന وَمَا أَنَا ഞാനല്ലതാനും إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ
ഞാന്‍ ഒന്നാമതായി രംഗപ്രവേശം ചെയ്ത ഒരു റസൂലല്ല. എന്റെ മുമ്പ് എത്രയോ റസൂലുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരെല്ലാം പ്രബോധനം ചെയ്ത തത്വം തന്നെയാണ് ഞാനും പ്രബോധനം ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നുവെച്ച് എല്ലാ കാര്യവും എനിക്കറിയുമെന്നു ധരിക്കരുത്, എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തൊക്കെയാണ് ചെയ്യപ്പെടുക – നമ്മില്‍ എന്തൊക്കെ സംഭവിക്കുവാനിരിക്കുന്നു – എന്നൊന്നും എനിക്കറിവില്ല. അതെല്ലാം അറിയുന്നതുകൊണ്ടല്ല ഞാന്‍ ഇതിനു മുതിര്‍ന്നിട്ടുള്ളതും. അല്ലാഹുവില്‍ നിന്നു എനിക്കു വഹ്യു ലഭിക്കാറുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി നിങ്ങളെ മുന്‍കൂട്ടി താക്കീതുചെയ്യുന്ന ഒരാള്‍ മാത്രമാണ് ഞാന്‍. അധികാരവും കൈകാര്യവുമെല്ലാം അല്ലാഹുവിനാണുള്ളത്. എന്നൊക്കെയാണ് മേല്‍പ്പറഞ്ഞതിന്റെ താല്‍പര്യം.
ഉമ്മുല്‍ അലാഉ് (ام العلاء) എന്ന വനിതാസഹാബി (റ)യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്:- ‘അവര്‍ പറയുന്നു: ഉസ്മാനുബ്നു മള്ഊന് (عثمان بن مظعون – رضي الله عنه) മരണം (*) പ്രാപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. താങ്കളെ തീര്‍ച്ചയായും അല്ലാഹു ആദരിച്ചിരിക്കുന്നു.’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നുവെന്നു തനിക്കു എന്തറിയാം? അദ്ദേഹത്തിനു മരണം വന്നുകഴിഞ്ഞു; അദ്ദേഹത്തിനു നന്മയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹുവാണ! ഞാന്‍ അവന്റെ റസൂലായിരിക്കെ, എനിക്കറിഞ്ഞുകൂടാ, എന്നെക്കൊണ്ട് എന്തു ചെയ്യപ്പെടുമെന്നു!’.അപ്പോള്‍ ഞാന്‍ പറഞ്ഞു : ‘എനി ഒരിക്കലും, ഒരാളെക്കുറിച്ചും, ഞാന്‍ വളര്‍ത്തിപ്പറയുകയില്ല. (ബുഖാരി).
(*).മദീനായില്‍വെച്ചു മരണപ്പെട്ട ഒന്നാമത്തെ സഹാബിയായിരുന്നു ഉസ്മാനുബ്നു മള്ഉന്‍ (റ).
അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ക്കും, സത്യവിശ്വാസികള്‍ക്കും അല്ലാഹു സഹായവും രക്ഷയും നല്‍കുമെന്നും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് അറിഞ്ഞുകൂടേ? സഹാബികളില്‍പെട്ട ചില വ്യക്തികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗസ്ഥരായിരിക്കുമെന്നുപോലും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായിട്ടില്ലേ? സത്യവിശ്വാസികളുടെ വിജയവും അവിശ്വാസികളുടെ പരാജയവും സംബന്ധിച്ചു പല വാഗ്ദാനങ്ങളും ഖുര്‍ആനില്‍തന്നെ വന്നിട്ടില്ലേ? എന്നിരിക്കെ, وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ (എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്തു ചെയ്യപ്പെടുമെന്നു എനിക്കറിഞ്ഞുകൂടാ.). എന്നു പറയുന്നതിന്റെ രഹസ്യമെന്തായിരിക്കും? ഇതിനു ഉത്തരം കാണുവാന്‍ പ്രയാസമില്ല. മേല്‍പറഞ്ഞതുപോലെയുള്ള പലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാമെന്നതു ശരിയാണ്, പക്ഷെ, അവയില്‍ പലതിന്റെയും വിശദവിവരമോ, സൂക്ഷ്മവിവരമോ തിരുമേനിക്കു അറിയുകയില്ല. അദൃശ്യകാര്യങ്ങളില്‍ ഏതൊന്നിനെക്കുറിച്ചും അല്ലാഹുവില്‍നിന്നു വഹയുമൂലം ലഭിക്കുന്ന വിവരമല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കാകട്ടെ, മറ്റാര്‍ക്കുമാകട്ടെ, യാതൊന്നും അറിയുകയില്ല. ഉദാഹരണമായി: ആരെല്ലാം വിശ്വസിക്കും, അല്ലെങ്കില്‍ വിശ്വസിക്കുകയില്ല, ഓരോ വ്യക്തിയും എത്രകണ്ടു നല്ലവനോ ചീത്തപ്പെട്ടവനോ ആയിരിക്കും, അവര്‍ക്കു ഈ ലോകത്തു എന്തെല്ലാം സംഭവിക്കും, പരലോകത്തു ഓരോരുത്തരുടെയും പ്രതിഫലം എങ്ങിനെയെല്ലാമായിരിക്കും, സത്യനിഷേധികള്‍ക്കു എന്തെല്ലാം ആപത്തുകള്‍ വരാനിരിക്കുന്നു, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സത്യവിശ്വാസികളും ഈ ലോകത്തു എന്തെല്ലാം അനുഭവിക്കും, എപ്പോള്‍ മരിക്കും, അതെങ്ങിനെയായിരിക്കും എന്നിത്യാദി എത്രയോ കാര്യങ്ങളെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയുകയില്ലല്ലോ. പ്രത്യേകിച്ചു വ്യക്തികളെ സംബന്ധിച്ച് അവരുടെ പര്യവസാനം സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്നൊന്നും വഹ്യു കൊണ്ടല്ലാതെ അറിയുവാന്‍ മാര്‍ഗ്ഗമില്ല. ചുരുക്കം ചില സഹാബികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചുകാണുന്നത് ശരിയാണ്. ഇതു വഹ്യുമുഖേന അറിവായതുകൊണ്ടായിരിക്കുവാനോ മാര്‍ഗ്ഗമുള്ളു. ഉസ്മാനുബ്നു മള്ഊന്‍ (റ) ന്റെ കാര്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് സല്‍പ്രതീക്ഷയാണുള്ളതെങ്കിലും അവിടുന്ന് ഒന്നും തീര്‍ത്തു പറയാതിരുന്നതു ആ വിഷയത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പ്രത്യേകമായ അറിവു ലഭിച്ചിട്ടില്ലാത്തതുകൊണ്ടുമായിരിക്കും. والله اعلم
46:10
- قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٠﴿
- (നബിയേ) പറയുക: ‘ നിങ്ങള്‍ കണ്ടുവോ, ഇതു [ഖുര്‍ആന്‍] അല്ലാഹുവിന്റെ പക്കല്‍നിന്നായിരിക്കുകയും, അതില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണെങ്കില്‍, ഇതു പോലെയുള്ളതില്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ അതില്‍ വിശ്വസിക്കുകയും, നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും, ചെയ്തു (വെങ്കില്‍)? അപ്പോള്‍ നിങ്ങള്‍ തനിഅക്രമികളല്ലേ?!].
നിശ്ചയമായും, അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല.’ - قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن كَانَ ഇതായിരുന്നാല്‍ مِنْ عِندِ اللَّـهِ അല്ലാഹുവിന്റെ പക്കല്‍നിന്നു وَكَفَرْتُم بِهِ നിങ്ങളതില്‍ അവിശ്വസിക്കുകയും وَشَهِدَ സാക്ഷ്യം വഹിക്കുകയും شَاهِدٌ ഒരു സാക്ഷി, വല്ല സാക്ഷിയും مِّن بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍നിന്നു عَلَىٰ مِثْلِهِ ഇതുപോലെയുള്ളതില്‍ فَآمَنَ എന്നിട്ടു അയാള്‍ വിശ്വസിച്ചു وَاسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ
സാരം: വാസ്തവത്തില്‍ : ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. എന്നിരിക്കെ, നിങ്ങളതില്‍ വിശ്വസിക്കാത്തത് അക്രമമാണ് അതോടുകൂടി, വേദഗ്രന്ഥങ്ങളുമായി പരിചയമുള്ള ഇസ്രാഈല്‍ ജനതയില്‍പെട്ട ചിലരും ഖുര്‍ആന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു സാക്ഷ്യം വഹിക്കുകയും, അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. വേദഗ്രന്ഥവുമായി പരിചയമില്ലാത്ത നിങ്ങള്‍ വിശ്വസിക്കാതെ ഗര്‍വ്വു നടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു ഒരിക്കലും ന്യായമല്ല. എന്നു നിങ്ങള്‍ക്കുതന്നെ ആലോചിച്ചറിയാവുന്ന വസ്തുതയാണ്. ഇങ്ങിനെ, മനപ്പൂര്‍വ്വം സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
شَاهِدٌ مِّن بَنِي إِسْرَائِيلَ (ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള സാക്ഷി) കൊണ്ടുദ്ദേശ്യം ആരാണെന്നു ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അബ്ദുല്ലാഹിബ്നു സലാമാണ് (റ) ഉദ്ദേശ്യമെന്നാണ് പലരും പറയുന്നത്. അദ്ദേഹം യഹൂദി പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായ ഒരാളായിരുന്നു. അറബികളില്‍ വരുവാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് തൗറാത്തില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴി യഥാര്‍ത്ഥമായി പുലര്‍ന്നു കണ്ടതുകൊണ്ടാണ് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചതെന്ന കാര്യം പ്രസിദ്ധമാണ്. ഇദ്ദേഹത്തെ സംബന്ധിച്ചാണ് ഈ വചനം അവതരിച്ചിരിക്കുന്നതെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. പക്ഷേ, ഈ സൂറത്തു മക്കീസൂറത്തുകളില്‍ പെട്ടതും, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച സംഭവം മദീനായില്‍വെച്ചു നടന്നതുമാകുന്നു. അതുകൊണ്ടാണ് സൂറത്തു മക്കീയാണെങ്കിലും, ഈ ആയത്ത് മദനീയാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതും. ഈ സാക്ഷി കൊണ്ടുദ്ദേശ്യം, അബ്ദുല്ലാഹിബ്നു സലാമോ (റ) മറ്റേതെങ്കിലും പ്രത്യേക വ്യക്തിയോ അല്ല, അദ്ദേഹത്തെപ്പോലെ തൗറാത്തിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിരുന്ന എല്ലാ വേദക്കാരും അതില്‍ സാമാന്യമായി ഉള്‍പ്പെടും എന്നാണ് മറ്റൊരാഭിപ്രായം. ഇതാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്. അബ്ദുല്ലഹിബ്നു സലാം (റ)നെ സംബന്ധിച്ചാണ് ഈ ആയത്തു അവതരിച്ചതെന്നു ഹദീസില്‍ വന്നിട്ടുള്ളതിന്റെ താല്‍പര്യം, അദ്ദേഹത്തെപ്പോലെ തൗറാത്തു പഠിച്ചറിഞ്ഞ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുവാന്‍ മുമ്പോട്ടു വന്നവരുടെ വിഷയത്തില്‍ അവതരിച്ചു എന്നായിരിക്കാം. മറ്റു ചില ആയത്തുകളുടെ അവതരണ ഹേതുക്കള്‍ വിവരിക്കുമ്പോഴും ഇത്തരം പ്രയോഗങ്ങള്‍ ഹദീസുകളിലും, സഹാബികളുടെ പ്രസ്താവനകളിലും കാണാറുള്ളതാണ്. ഇതിനെപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. الله اعلم
